സ്വാഗതം
WELCOME

News Update..

Sunday, August 9, 2015

ഇടനിലക്കാരായത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനും ബ്ളോക് പഞ്ചായത്തംഗവും Madhyamam News Feeds

ഇടനിലക്കാരായത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനും ബ്ളോക് പഞ്ചായത്തംഗവും Madhyamam News Feeds

Link to

ഇടനിലക്കാരായത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനും ബ്ളോക് പഞ്ചായത്തംഗവും

Posted: 08 Aug 2015 11:34 PM PDT

കഴക്കൂട്ടം: കഠിനംകുളം കായലോരത്തെ വിവാദ ഭൂമി ഇടപാടില്‍ ഇടനിലക്കാരായത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനും ബ്ളോക് പഞ്ചയത്തംഗവും. കഠിനംകുളം വില്ളേജ് ഓഫിസ് പരിധിയിലെ കരിച്ചാറയില്‍ കഠിനംകുളം കായലോരത്തെ രണ്ടര ഏക്കര്‍ ഭൂമിയുടെ വില്‍പനയും ഇതോടനുബന്ധിച്ച പുറമ്പോക്ക് കൈയേറ്റവുമാണ് വിവാദമായത്. ഇടപാടില്‍ ഇടനിലക്കാരായത് കണിയാപുരം സ്വദേശിയായ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനും പോത്തന്‍കോട് ബ്ളോക് പഞ്ചായത്തിലെ വനിതാ നേതാവുമാണ്.
മുരുക്കുംപുഴ സ്വദേശികളും ചിറ്റാറ്റുമുക്കില്‍ താമസക്കാരുമായ സഹോദരങ്ങളുടെ രണ്ടരഏക്കര്‍ വസ്തുവാണ് ഒരുമാസം മുമ്പ് പ്രവാസികളായ സംഘം വിലക്കുവാങ്ങിയത്. ഈ ഭൂമിയോട് ചേര്‍ന്ന 65 സെന്‍റ് കായല്‍ പുറമ്പോക്ക് കൈയേറാനും ശ്രമം നടന്നു. ഈ പുറമ്പോക്ക് കൂടി കൈവശപ്പെടുത്തിയാല്‍ മാത്രമേ വാങ്ങിയ വസ്തുവില്‍ ഉടമകള്‍ക്ക് പുതിയ സംരംഭം നടപ്പാക്കാന്‍ കഴിയുകയുള്ളൂ. നിരവധി തവണ കൈയേറ്റ ശ്രമം നാട്ടുകാര്‍ ചൂണ്ടിക്കാണിച്ചിട്ടും അധികൃതര്‍ നടപടിയെടുത്തില്ല. റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ കൈയേറ്റ ഇടപാടില്‍ പങ്കുള്ളതായാണ് വിവരം. കൈയേറ്റവിവരം ഒതുക്കിത്തീര്‍ക്കാന്‍ ജനപ്രതിനിധികളിലേക്കും ഉദ്യോഗസ്ഥരിലേക്കും ഒഴുക്കിയത് അരക്കോടിയിലേറെ രൂപയാണ്.
പ്രതിഷേധവുമായി രംഗത്തത്തെിയ കോണ്‍ഗ്രസ് പ്രാദേശിക നേതാവും ഇടനിലക്കാരുമായി ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞതും വിവാദം രൂക്ഷമാക്കി. അണ്ടൂര്‍ക്കോണം പഞ്ചായത്തിലെയും പോത്തന്‍കോട് ബ്ളോക്കിലെയും ചില ജനപ്രതിനിധികളും ജില്ലയിലെ ഒരു പ്രമുഖ നേതാവും ഇടനിലക്കാരും വസ്തു ഉടമകളും ചേര്‍ന്നാണ് പ്രാദേശിക നേതാവുമായി ചര്‍ച്ചനടത്തിയത്. ചര്‍ച്ചയില്‍ വിവാദ വസ്തു വില്‍പനക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനും പങ്കെടുത്തു. സംഭവം വിവാദമായിട്ടും ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് പഞ്ചായത്ത്-റവന്യൂ അധികൃതര്‍ നടത്തുന്നത്. കഠിനംകുളം കായലിന്‍െറ ഇരുകരകളിലുമായി ഏക്കര്‍കണക്കിന് സ്ഥലമാണ് കൈയേറിയിട്ടുള്ളത്.
ചേരമാന്‍തുരുത്തില്‍ കഠിനംകുളം കായല്‍ തീരത്തെ ഏക്കര്‍കണക്കിന് സ്ഥലം കൈയേറുന്നതായി 2014 സെപ്റ്റംബര്‍ ഒന്നിന് ഡി.സി.സി ട്രഷറര്‍ എം.എ. ലത്തീഫ് റവന്യൂ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന് ഡെപ്യൂട്ടികലക്ടര്‍ക്ക് (വിജിലന്‍സിന് )പരാതി കൈമാറുകയും വിശദ വിവരത്തിനും അടിയന്തര റിപ്പോര്‍ട്ടിനും മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, റവന്യൂ അധികൃതര്‍ നിഷേധാത്മകനിലപാടാണ് സ്വീകരിച്ചതെന്ന് ലത്തീഫ് ആരോപിക്കുന്നു. കഠിനംകുളം കായലിന്‍െറ വ്യാപ്തി കുറയുന്നതായി പല പഠനങ്ങളും വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍, കായല്‍ പുറമ്പോക്കിന്‍െറ സംരക്ഷണം പഞ്ചായത്തിന്‍െറ ഉത്തരവാദിത്തമാണെന്ന് റവന്യൂ ഉദ്യോഗസ്ഥരും പുറമ്പോക്ക് എത്രയെന്ന് അറിയില്ളെന്നും റവന്യൂ വകുപ്പാണ് അളന്ന് തിട്ടപ്പെടുത്തി സര്‍വേകല്ലുകള്‍ സ്ഥാപിക്കേണ്ടതെന്ന് പഞ്ചായത്തും പരസ്പരം പഴിചാരി ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയാണ്.

ഭക്ഷണശാലകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് വെള്ളം പരിശോധിക്കാതെ

Posted: 08 Aug 2015 11:31 PM PDT

തൃശൂര്‍: ജില്ലയിലെ ചെറുതും വലുതുമായ ഭക്ഷണ വില്‍പനശാലകളില്‍ ഉപയോഗിക്കുന്ന വെള്ളം ആരോഗ്യവകുപ്പ് പരിശോധിക്കുന്നില്ല. പതിനായിരക്കണക്കിന് ഭക്ഷണ വില്‍പനശാലകളുള്ളപ്പോള്‍ ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 30 വരെ പരിശോധിച്ചത് 350 എണ്ണത്തില്‍ മാത്രം. അതില്‍ 200ലും ബാക്ടീരിയ-കോളിഫോം അംശം പരിധിയിലധികമുണ്ട്. വിവരാവകാശ അപേക്ഷ പ്രകാരം കേരള ഹോട്ടല്‍ ഭക്ഷണ ഉപഭോക്തൃ സംഘടനക്ക് വാട്ടര്‍ അതോറിറ്റിയുടെ ഗുണനിലവാര പരിശോധന വിഭാഗം അസി. എന്‍ജിനീയര്‍ നല്‍കിയ മറുപടിയിലാണ് ഞെട്ടിക്കുന്ന ഈ വിവരം.
ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ഇത്തരം സ്ഥാപനങ്ങള്‍ തദ്ദേശ ഭരണസ്ഥാപനത്തില്‍ നിന്ന് പ്രവര്‍ത്തനാനുമതി ലൈസന്‍സും ഭക്ഷ്യസുരക്ഷാ വകുപ്പില്‍നിന്ന് അനുമതി പത്രവും വാങ്ങുന്നത്.
വെള്ളത്തിന്‍െറ പരിശോധനാ ഫലം ഇല്ലാതെ തന്നെ ഇത്രയും സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ മറുപടിയില്‍നിന്ന് വ്യക്തമാവുന്നത്.
ഭക്ഷണ പദാര്‍ഥങ്ങള്‍ ഉണ്ടാക്കാന്‍ വെള്ളം ഉപയോഗിക്കുന്ന ഹോട്ടല്‍, റസ്റ്റാറന്‍റ്, ടീ ഷോപ്പ്, കാന്‍റീന്‍, കാറ്ററിങ് സര്‍വീസ്, ബേക്കറി, പാക്ക് ചെയ്ത ഭക്ഷ്യോല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന യൂനിറ്റ് എന്നീ ഗണത്തില്‍പ്പെട്ട 65,000 സ്ഥാപനങ്ങള്‍ ജില്ലയില്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇതില്‍പെടാത്ത വഴിയോര തട്ടുകടകളുമുണ്ട്.
ഇത്തരം സ്ഥാപനങ്ങള്‍ ആറുമാസത്തിലൊരിക്കല്‍ അംഗീകാരമുള്ള ലബോറട്ടറിയില്‍ വെള്ളം പരിശോധിച്ച് റിപ്പോര്‍ട്ട് സൂക്ഷിക്കണമെന്ന് പഞ്ചായത്ത്, നഗരസഭകളും ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളും വ്യവസ്ഥ ചെയതിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം ആദ്യത്തെ ആറുമാസത്തിനിടെ 350 സ്ഥാപനങ്ങള്‍ മാത്രമാണ് വെള്ളം പരിശോധിച്ചത്.
പരിശോധിച്ച 166 ഹോട്ടലുകളില്‍ 97ലും ഉപയോഗിക്കുന്ന വെള്ളത്തില്‍ ബാക്ടീരിയ-കോളിഫോം അളവ് അനുവദനീയമായതിലും കൂടുതലാണ്.
ബേബി ഫുഡ് ഫാക്ടറിയില്‍ പോലും വിഷാംശമുള്ള വെള്ളം ഉപയോഗിക്കുന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ ഗുരുതര വീഴ്ച വരുത്തുന്നെന്നാണ് പരിശോധനാ ഫലം തെളിയിക്കുന്നതെന്ന് സംഘടനാ പ്രതിനിധികളായ കെ. രാധാകൃഷ്ണന്‍, പി.കെ. ഡേവീസ്, സി.എസ്. ഇബ്രാഹിംകുട്ടി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഗോവിന്ദാപുരം വേയ്ബ്രിഡ്ജ് തകരാര്‍ പരിഹരിച്ചില്ല; നികുതിയിനത്തില്‍ വന്‍ നഷ്ടം

Posted: 08 Aug 2015 11:08 PM PDT

കൊല്ലങ്കോട്: ഗോവിന്ദാപുരം വാണിജ്യ നികുതി ചെക്പോസ്റ്റിലെ വേയ്ബ്രിഡ്ജിന്‍െറ തകരാര്‍ പരിഹരിക്കാത്തത് നികുതി നഷ്ടത്തിന് കാരണമാകുന്നു. സ്വകാര്യ ഏജന്‍സിയുടേതാണ് വേയ്ബ്രിഡ്ജ്. ആറ് മാസത്തിനിടെ ഇത് പലതവണ തകറാറിലായിരുന്നു. വൈദ്യുതി തടസ്സപ്പെടുമ്പോഴെല്ലാം പ്രവര്‍ത്തനം നിലക്കുന്നത് പ്രതിഷേധത്തിന് കാരണമായിരുന്നു. തുടര്‍ന്ന് ജനറേറ്റര്‍ സ്ഥാപിച്ചെങ്കിലും അതും തകരാറിലായി. കഴിഞ്ഞ ദിവസമാണ് വേയ്ബ്രിഡ്ജ് വീണ്ടും തകരാറിലായത്.
വൈദ്യുതി മുടങ്ങുന്ന സമയങ്ങളില്‍ വേയ്ബ്രിഡ്ജ് പ്രവര്‍ത്തിക്കാത്തതുമൂലം സര്‍ക്കാറിന് വന്‍ നഷ്ടമാണുണ്ടാകുന്നത്. ദിനംപ്രതി ആയിരത്തിലധികം ചെറുതും വലുതുമായ ചരക്കുവാഹനങ്ങള്‍ കടന്നുപോകുന്ന ചെക്പോസ്റ്റില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വേയ്ബ്രിഡ്ജ് സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. കിഴക്കന്‍ പുതൂര്‍-നീളിപ്പാറ, ചെമ്മണാമ്പതി പ്രദേശങ്ങളിലെ വാണിജ്യ നികുതി ചെക്പോസ്റ്റുകളില്‍ വേയ്ബ്രിഡ്ജ് സംവിധാനം ഇല്ലാത്തതിനാല്‍ ഭാരം തൂക്കാതെയാണ് നികുതി ചുമത്തുന്നത്. ഇതിനെതിരെ വാണിജ്യ നികുതി കമീഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല.

അക്രമ രാഷ്ട്രീയത്തിന് കോണ്‍ഗ്രസില്‍ സ്ഥാനമില്ല ^വി.എം സുധീരന്‍

Posted: 08 Aug 2015 11:05 PM PDT

Image: 

തിരുവനന്തപുരം: അക്രമ രാഷ്ട്രീയത്തിന് കോണ്‍ഗ്രസില്‍ സ്ഥാനമില്ളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. തൃശൂര്‍ ചാവക്കാട്ടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെങ്കിലും അപലപനീയമാണ്. ഒരു തലത്തിലും തെറ്റായ ശൈലികളും പ്രവണതകളും ഉണ്ടാകരുതെന്നും സുധീരന്‍ പറഞ്ഞു.

അക്രമ രാഷ്ട്രീയത്തിന്‍െറ പേരില്‍ സി.പി.എം അടക്കമുള്ള പാര്‍ട്ടികള്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പാഠമാകണം. അനഭിലഷണീയ പ്രവണതകള്‍ കോണ്‍ഗ്രസിലും വളര്‍ന്നു വരുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ അക്രമത്തിന്‍െറ ചെറിയ കണിക പോലും ഉണ്ടാകരുത്. പ്രവര്‍ത്തകര്‍ ആത്മപരിശോധന നടത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ചാവക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫയുടെ കൊലപാതകത്തിന്‍െറ പശ്ചാത്തലത്തിലാണ് സുധീരന്‍െറ പ്രതികരണം.

ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ് കാട്ടാനക്കൂട്ടം തകര്‍ത്തു

Posted: 08 Aug 2015 11:03 PM PDT

നിലമ്പൂര്‍: റബര്‍ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറ പുഞ്ചക്കൊല്ലി ഡിവിഷനിലെ ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സ് കെട്ടിടം കാട്ടാനക്കൂട്ടം തകര്‍ത്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് 18ഓളം കാട്ടാനകള്‍ കെട്ടിടം പാടെ തകര്‍ത്തത്. ഈ സമയം ജീവനക്കാരാരും ക്വാര്‍ട്ടേഴ്സിലുണ്ടായിരുന്നില്ല. ഒരു സ്ത്രീയുള്‍പ്പെടെ മൂന്ന് പേരാണ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നത്. പനി ബാധിച്ചതിനെ തുടര്‍ന്ന് തലേദിവസമാണ് ക്വാര്‍ട്ടേഴ്സിലുണ്ടായിരുന്ന ഇവര്‍ നാട്ടിലേക്ക് പോന്നത്.
അടുത്തിടെ നവീകരിച്ച ക്വാര്‍ട്ടേഴ്സാണ് തകര്‍ത്തത്. വാതിലുകളും ജനലുകളും ആസ്ബസ്റ്റോസ് ഷീറ്റുകളും തകര്‍ത്തു. കെട്ടിടത്തിനകത്തുണ്ടായിരുന്ന പാത്രങ്ങളും വസ്ത്രങ്ങളും നശിപ്പിച്ചിട്ടുണ്ട്. നേരത്തേ പത്താം കൂപ്പില്‍ ഇവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സ് കാട്ടാനകള്‍ തകര്‍ത്തതോടെയാണ് ഒന്നാം റെയ്ഞ്ചിലെ ചപ്പാത്തിയിലെ ക്വാര്‍ട്ടേഴ്സിലേക്ക് താമസം മാറ്റിയത്. ഈ ക്വാര്‍ട്ടേഴ്സ് കെട്ടിടമാണ് കഴിഞ്ഞ ദിവസം തകര്‍ത്തത്.
ജീവനക്കാര്‍ക്ക് താമസിക്കാനായി പത്തോളം ക്വാര്‍ട്ടേഴ്സുകളാണ് പ്ളാന്‍േറഷനകത്തുള്ളത്. ഇതില്‍ രണ്ടെണ്ണം ഒഴികെ മറ്റെല്ലാ കെട്ടിടങ്ങളും കാട്ടാനകള്‍ തകര്‍ത്തുകഴിഞ്ഞു.
കാട്ടാനകളുടെ ശല്യം കാരണം പ്രാണഭയത്തോടെയാണ് പ്ളാന്‍േറഷനിലെ തൊഴിലാളികളുടെ അന്തിയുറക്കം.
ഇത്രയൊക്കെയായിട്ടും തങ്ങളുടെ സുരക്ഷിതത്വത്തിന് കോര്‍പറേഷന്‍ ഒരു നടപടിയുമെടുക്കുന്നില്ളെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നുണ്ട്. പ്ളാന്‍േറഷന് ചുറ്റും സൗരോര്‍ജ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും തകരാറായി കിടക്കുകയാണ്. ഇത് നന്നാക്കാനുള്ള ഒരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. പ്ളാന്‍േറഷനും കാട്ടാനക്കൂട്ടത്തിന്‍െറ ഭീഷണിയിലാണ്.
പ്ളാന്‍േറഷനകത്തുണ്ടായിരുന്ന കവുങ്ങ് തോട്ടം പൂര്‍ണമായും കാട്ടാനക്കൂട്ടം നശിപ്പിച്ചു. പുതുതായി നട്ട റബര്‍ മരങ്ങളും നശിപ്പിച്ചിട്ടുണ്ട്.

പത്തനംതിട്ടയിലെ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ ജനങ്ങളെ വലക്കുന്നു

Posted: 08 Aug 2015 10:57 PM PDT

പത്തനംതിട്ട: കലക്ട്രേറ്റിലെ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറില്‍ നിരന്തരം ഉണ്ടാകുന്ന സാങ്കേതിക തകരാറും റിസര്‍വേഷന്‍ സമയം കുറച്ചതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിത്യവും നൂറുകണക്കിന് ആളുകളാണ് റിസര്‍വേഷനായി എത്തുന്നത്. കൗണ്ടറിലെ സാങ്കേതിക തകരാറുകള്‍ കാരണം മിക്കപ്പോഴും ആളുകള്‍ക്ക് കിലോ മീറ്ററുകളോളം സഞ്ചരിച്ച് ചെങ്ങന്നൂരോ തിരുവല്ലയിലോ എത്തി റിസര്‍വേഷന്‍ എടുക്കേണ്ട സ്ഥിതിയാണിപ്പോള്‍.
കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ റിസര്‍വേഷന്‍ മുടങ്ങിയ നിലയിലാണ്. പരാതി വര്‍ധിച്ചപ്പോള്‍ ശനിയാഴ്ചയാണ് തകരാര്‍ പരിഹരിക്കാന്‍ ശ്രമമുണ്ടായത്. നേരത്തെ ഒമ്പത് മണിക്കൂര്‍ പ്രവര്‍ത്തിച്ചിരുന്ന കൗണ്ടര്‍ കുറെക്കാലമായി ആറു മണിക്കൂറായി ചുരുക്കിയതും ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
രാവിലെ എട്ടുമുതല്‍ ഉച്ചക്ക് രണ്ട് വരെയും തുടര്‍ന്ന് 2.30 മുതല്‍ വൈകുന്നേരം 5.30 വരെയുമായിരുന്നു പ്രവര്‍ത്തനം. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഇത് രാവിലെ എട്ട് മുതല്‍ ഉച്ചക്ക് പന്ത്രണ്ട് വരെയും ഉച്ചക്ക് ശേഷം രണ്ട് മുതല്‍ നാലു വരെയുമാക്കി.
കൂടാതെ കഴിഞ്ഞ മാസം മുതല്‍ റെയില്‍വെ തത്കാല്‍ സ്ളീപ്പര്‍ ടിക്കറ്റ് കൊടുക്കുന്നത് രാവിലെ പതിനൊന്ന് മണി മുതലാക്കിയിരിക്കയുമാണ്.
ഇപ്പോള്‍ തത്ക്കാല്‍ ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങുമ്പോള്‍ സാധാരണ ടിക്കറ്റ് എടുക്കാന്‍ വരുന്നവര്‍ക്ക് അതിന് അവസരം ലഭിക്കാതെ വരുന്നു.
അവര്‍ക്ക് പിന്നീട് ഉച്ചക്ക് ശേഷമെ ടിക്കറ്റ് ലഭിക്കുകയുള്ളു. ഒരു ജീവനക്കാരന്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. വൈകുന്നേരത്തെ സമയം കുറച്ചതും ഏറെ പേരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. റെയില്‍വേ നേരിട്ട് നടത്തുന്ന റിസര്‍വേഷന്‍ സെന്‍ററായിട്ടും ഇതിനോട് അധിക്യതര്‍ക്ക് എന്നും അവഗണനയാണ്.
കോന്നി, ചിറ്റാര്‍, റാന്നി തുടങ്ങിയ മലയോര മേഖലകളില്‍ നിന്നുള്ളവരും ഈ കൗണ്ടറിനെയാണ് ആശ്രയിക്കുന്നത്.
കൂടാതെ പത്തനംതിട്ടയിലും പരിസര സ്ഥലങ്ങളിലും ജോലി ചെയ്യുന്ന നൂറുകണക്കിന് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവരൊക്കെ ടിക്കറ്റ് റിസര്‍വേഷനായി ഇവിടെയാണ് എത്തുന്നത്. റെയില്‍വേ ഈ റിസര്‍വേഷന്‍ കൗണ്ടറിനോട് കാണിക്കുന്ന അവഗണനക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികളുടെ നേത്യത്വത്തില്‍ പല സമരങ്ങളും നടന്നിട്ടുണ്ട്.

മെഡിക്കല്‍ കോളജില്‍ ആസൂത്രിത കവര്‍ച്ച

Posted: 08 Aug 2015 10:50 PM PDT

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരുടെ സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പൊലീസിന്‍െറ സമയോചിത ഇടപെടലില്‍ മോഷ്ടാവ് പിടിയിലായി.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഏഴാം വാര്‍ഡില്‍ യുവതിയുടെ ഒന്നര പവന്‍ സ്വര്‍ണവും 5000 രൂപയുമാണ് മോഷണം പോയത്. ചങ്ങനാശേരി കുന്നുംപുറം ഉഷയെയാണ് (30) മെഡിക്കല്‍ കോളജ് എയ്ഡ് പോസ്റ്റ് പൊലീസ് പിടികൂടിയത്.ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം.
കോട്ടയം പൂവന്‍തുരുത്ത് കൈതക്കാട്ട് താഴെ സിന്ധുവിന്‍െറ (34) മാലയും പണവുമാണ് മോഷ്ടിക്കപ്പെട്ടത്. മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ഭര്‍ത്താവിന്‍െറ ചികിത്സക്കായി എത്തിയതാണ് സിന്ധു. ഇതേ വാര്‍ഡില്‍ ഭര്‍തൃപിതാവിന്‍െറ പരിചരണത്തിന് എത്തിയതായിരുന്നു ഉഷ.
ഇതിനിടയില്‍ ഇരുവരും സൗഹൃദത്തിലാകുകയും ചെയ്തു. സംഭവദിവസം രാത്രിയില്‍ ഉറങ്ങാന്‍ സമയമായപ്പോള്‍ ഉഷ സിന്ധുവിനോട് മാല കഴുത്തില്‍ ഇടേണ്ടെന്നും രാത്രി കള്ളന്മാര്‍ മോഷ്ടിക്കുമെന്നും പറഞ്ഞു. ഇതുകേട്ട സിന്ധു മാല ഊരി പഴ്സില്‍ വെച്ചശേഷം ഉറങ്ങി. പുലര്‍ച്ചെ മൂന്നുമണിയായപ്പോള്‍ രോഗിയുടെ ആവശ്യപ്രകാരം സിന്ധു ഉണര്‍ന്നപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ടിരിക്കുന്നത്. ഉടന്‍ തന്നെ ഉഷയെയും കൂട്ടി അത്യാഹിത വിഭാഗത്തിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ എത്തി. പൊലീസത്തെി വാര്‍ഡില്‍ അന്വേഷണം നടത്തിയെങ്കിലും പഴ്സ് കണ്ടത്തെിയില്ല.
എന്നാല്‍, ഉഷയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ നിരീക്ഷിക്കാന്‍ തീരുമാനിച്ചു.
രാവിലെ ആറിന് എ.ആര്‍ ക്യാമ്പില്‍നിന്ന് ഡ്യൂട്ടിക്കത്തെിയ സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീജിത്ത് വാര്‍ഡിലത്തെിയ ശേഷം ഉഷയെ കുളിമുറിയില്‍ കയറ്റി ഒന്നു പരിശോധിക്കാന്‍ മാല നഷ്ടപ്പെട്ട യുവതിയോട് ആവശ്യപ്പെട്ടു. സിന്ധുവും മറ്റൊരു യുവതിയും ചേര്‍ന്ന് ഉഷയെ ബാത്റൂമില്‍ കയറ്റി പരിശോധിച്ചപ്പോഴാണ് ചുരിദാറിന്‍െറ ഉള്ളില്‍ പിന്നുകൊണ്ട് മാല കുത്തിയിരിട്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്.
ഉടന്‍ തന്നെ പുറത്തുകൊണ്ടുവന്ന ഉഷയെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് മാലയും പണവും മോഷ്ടിച്ച വിവരം സമ്മതിച്ചത്.
തുടര്‍ന്ന് ഗാന്ധിനഗര്‍ സ്റ്റേഷനിലത്തെിച്ച ഉഷയെ വനിതാ പൊലീസിന്‍െറ ചോദ്യം ചെയ്യലിന് ശേഷം മോഷണക്കുറ്റത്തിന് കേസെടുത്തു. ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ആല്‍പ്പാറയില്‍ നാശംവിതച്ച് കാട്ടാനക്കൂട്ടം

Posted: 08 Aug 2015 10:45 PM PDT

ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ ആല്‍പ്പാറയില്‍ കാട്ടാനക്കൂട്ടം കൃഷിഭൂമിയില്‍ നാശം വിതച്ചു. പൂക്കൂട്ടത്തില്‍ ചാണ്ടി, സൂട്ടര്‍ ജോര്‍ജ് പാലക്കീല്‍, പാലപ്പറമ്പില്‍ ബേബി, വക്കച്ചന്‍ വയലില്‍, ഭാസ്കരന്‍ നാറാണത്ത്, വിജയന്‍ കല്ലുറുമ്പില്‍, ബിനോയി കവളക്കാട്ട്, ജോണി മണിയാട്ട് എന്നിവരുടെ കൃഷികളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് അംഗം കൂടിയായ വക്കച്ചന്‍ വയലിന്‍െറ ആള്‍ത്താമസമില്ലാത്ത വീടാണ് ആന തകര്‍ത്തത്. ജാതി, ഏത്തവാഴ, കൊക്കോ, തെങ്ങ്, കുരുമുളക് തുടങ്ങിയവ ആനക്കൂട്ടം നശിപ്പിച്ചു.
ആല്‍പ്പാറയില്‍നിന്ന് രണ്ടര കിലോമീറ്റര്‍ അകലെയുള്ള പാല്‍ക്കുളം വനമേഖലയില്‍നിന്നാണ് മൂന്ന് ആനകള്‍ എത്തിയത്. കഴിഞ്ഞരാത്രി പത്തോടെ എത്തിയ ആനക്കൂട്ടത്തെ പുലര്‍ച്ചെ രണ്ടോടെയാണ് നാട്ടുകാര്‍ കണ്ടത്.
ആനക്കൂട്ടം എത്തിയ വിവരം അറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ച് തീ കൂട്ടിയും ബഹളംവെച്ചും വിരട്ടി ഓടിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമായി കഴിയുന്ന ആളുകളുടെ വീടിനുസമീപം ആനക്കൂട്ടമത്തെി നാശംവിതച്ചത് ജനങ്ങളെ ഭീതിയിലാഴ്ത്തി. കൃഷിഭൂമിയില്‍ കട്ടാനകളുടെ കടന്നുകയറ്റം തടയാന്‍ വൈദ്യുതിവേലി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും കലക്ടര്‍ക്കും നാട്ടുകാര്‍ ഒപ്പിട്ട് നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. മഴക്കാലം ആരംഭിച്ച ശേഷം ഇത് എട്ടാം തവണയാണ് കാട്ടാനകള്‍ കൃഷിനാശം വരുത്തുന്നത്. ഈ പ്രദേശങ്ങളില്‍ തെരുവുവിളക്ക് സ്ഥാപിക്കണമെന്ന് പഞ്ചായത്തിലാവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ളെന്ന് നാട്ടുകാര്‍ പറയുന്നു.

ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് ഉടന്‍ പ്രവര്‍ത്തന സജ്ജമാകും

Posted: 08 Aug 2015 10:19 PM PDT

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റിന് തനത് ഫണ്ടില്‍നിന്ന് തുക അനുവദിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല സമിതി അനുമതി നല്‍കി. ഇതോടെ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റ് എത്രയും വേഗം പ്രവര്‍ത്തന സജ്ജമാക്കാന്‍ സാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ശ്യാമളാദേവി അറിയിച്ചു.
ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി ലഭിച്ച രണ്ട് ഡയാലിസിസ് യൂനിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ഫണ്ട് ഇല്ലാത്തത് ഏറെ വിമര്‍ശത്തിനിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ഫണ്ട് അനുവദിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല സമിതിക്ക് ജില്ലാ പഞ്ചായത്ത് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് തീരുമാനം. ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ്, നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി എന്നിവരുടെയും വകുപ്പുതല പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുടെയും സാന്നിധ്യത്തില്‍ ആഗസ്റ്റ് ആറിന് തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് ഫണ്ട് അനുവദിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സമിതി അനുമതി നല്‍കിയത്. അനുമതി പ്രകാരം ജില്ലാ പഞ്ചായത്തിന് പത്ത് ലക്ഷം രൂപയും നഗരസഭകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും ബ്ളോക് പഞ്ചായത്തുകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ഗ്രാമപഞ്ചായത്തുകള്‍ക്ക് ഓരോ ലക്ഷം രൂപയും തനത് ഫണ്ടില്‍നിന്ന് അനുവദിക്കാനാകും.
ഫണ്ടിന്‍െറ അപര്യാപ്തതയെ തുടര്‍ന്ന് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി യോഗം ചേര്‍ന്ന് പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തനസജ്ജമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതിനിടെയാണ് വികേന്ദ്രീകൃത ആസൂത്രണസമിതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ഉപയോഗിക്കാനുള്ള അനുമതി നല്‍കിയത്. ഇത് ഡയാലിസിസ് പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ക്ക് വേഗം പകരും. പൊതുജനപങ്കാളിത്തത്തോടെയുള്ള ഫണ്ട് കൂടി ലഭ്യമായാല്‍ യൂനിറ്റിന്‍െറ ശേഷി വര്‍ധിപ്പിച്ച് കൂടുതല്‍ പേര്‍ക്ക് ഒരേസമയം ഡയാലിസിസ് നല്‍കാനുമാവും.
കാസര്‍കോട് മഹോത്സവത്തിന്‍െറ ഭാഗമായി ലഭിച്ച തുക ഉപയോഗിച്ച് രണ്ട് ഡയാലിസിസ് മെഷീനുകള്‍ കൂടി അനുവദിക്കാമെന്ന് ജില്ലാ കലക്ടര്‍ നേരത്തെ ജില്ലാ പഞ്ചായത്തിനെ അറിയിച്ചിരുന്നു. ഇതുകൂടി ലഭ്യമാകുന്നതോടെ ജില്ലാ ആശുപത്രിയിലെ നാല് ഡയാലിസിസ് യൂനിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള അനുബന്ധ ഉപകരണങ്ങള്‍ക്ക് മാത്രമായി 25 ലക്ഷം രൂപയാണ് ആവശ്യമായി വരുക. ഇതു കൂടാതെ വൈദ്യുതീകരണം, പ്ളംബിങ്, മറ്റ് അടിസ്ഥാന സൗകര്യവികസനവുമുള്‍പ്പെടെ പത്ത് ലക്ഷത്തോളം രൂപയുടെ ചെലവും വരും. വികേന്ദ്രീകൃത ആസൂത്രണ സമിതിയുടെ അനുമതി ലഭിച്ച സാഹചര്യത്തില്‍ അടുത്ത ബോര്‍ഡ് യോഗത്തില്‍ തന്നെ ജില്ലാ പഞ്ചായത്ത് ഡയാലിസിസ് യൂനിറ്റിനുള്ള പത്ത് ലക്ഷം രൂപ അനുവദിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. ഡയാലിസിസ് യൂനിറ്റിലേക്ക് രോഗികളെ എത്തിക്കുന്നതിനാവശ്യമായ റാമ്പ് നിര്‍മാണം ആശുപത്രിയില്‍ പുരോഗമിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ചാണ് റാമ്പ് നിര്‍മാണം നടക്കുന്നത്.
നഗരസഭകളുടെ വിഹിതമായ 15 ലക്ഷം രൂപയും ബ്ളോക് പഞ്ചായത്തുകളുടെ വിഹിതമായ 12 ലക്ഷം രൂപയും പഞ്ചായത്തുകളുടെ വിഹിതമായ ഓരോ ലക്ഷം രൂപയും ഉടന്‍ തന്നെ ലഭ്യമാക്കാനായാല്‍ യൂനിറ്റിന്‍െറ പ്രവര്‍ത്തനം എത്രയും പെട്ടെന്ന് ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. നിലവില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മാത്രമാണ് ജില്ലയില്‍ ഡയാലിസിസ് സൗകര്യമുള്ളത്. ജില്ലാ ആശുപത്രിയില്‍ കൂടി ഡയാലിസിസ് സൗകര്യമൊരുക്കുന്നതോടെ നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമാകും.

ഭവന നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിക്കുന്നു

Posted: 08 Aug 2015 10:16 PM PDT

ഇരിക്കൂര്‍: ദാരിദ്ര്യരേഖക്കു താഴെയുള്ളവര്‍ക്കായി കേന്ദ്ര സര്‍ക്കാറിന്‍െറ സഹായത്തോടെ നടപ്പാക്കുന്ന ഇന്ദിര ആവാസ് യോജന പദ്ധതിയിലെ നിരവധി വീടുകളുടെ നിര്‍മാണം ഫണ്ട് തുകയുടെ അപര്യാപ്തതമൂലം പാതിവഴിയില്‍ നിലക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും ത്രിതല പഞ്ചായത്തുകളും ചേര്‍ന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന രണ്ടു ലക്ഷം രൂപ ഇന്നത്തെ അവസ്ഥയില്‍ ഒരു വീട് നിര്‍മാണത്തിന് തികയാത്തതാണ് പദ്ധതി പ്രതിസന്ധിയിലാക്കുന്നത്. 2011 മുതല്‍ സംസ്ഥാനത്ത് അനുവദിച്ച 1,49,855 വീടുകളില്‍ 67,009 എണ്ണം മാത്രമാണ് പണി പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ മുഴുവന്‍ തുകയും വാങ്ങിയത്.
എല്ലാ സാമ്പത്തിക വര്‍ഷവും വീടുകള്‍ക്കായി മൂന്ന് ഗഡുക്കളായി നല്‍കുന്ന തുകയുടെ ആദ്യഗഡു മാത്രമാണ് ഗുണഭോക്താക്കള്‍ ഏറ്റുവാങ്ങുന്നത്. പിന്നീടുള്ള ഗഡുക്കള്‍ അതതു ഗ്രാമപഞ്ചായത്തുകളിലെ വില്ളേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍ വീടുപണി വിലയിരുത്തിയാണ് നല്‍കുക.
വീടിന്‍െറ അടിത്തറ നിര്‍മാണം, ലിന്‍റല്‍ വാര്‍പ്പ്, മേല്‍ക്കൂര ഉള്‍പ്പെടെയുള്ള പൂര്‍ത്തീകരണം എന്നിങ്ങനെയാണ് തുക മൂന്നു ഗഡുക്കളായി വിഭജിച്ചു നല്‍കുന്നത്. എന്നാല്‍, അടിത്തറയും ചുവര്‍ നിര്‍മാണവും പൂര്‍ത്തിയാക്കിയശേഷം താല്‍ക്കാലിക കൂരക്കു കീഴിലാണ് മിക്ക ഗുണഭോക്താക്കളും അന്തിയുറങ്ങുന്നത്. ഗ്രാമസഭ വഴിതെരഞ്ഞെടുക്കുന്ന ബി.പി.എല്‍ വിഭാഗക്കാര്‍ക്കാണ് ബ്ളോക് പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന പദ്ധതി പ്രകാരം വീട് ലഭിക്കുന്നത്. സാമ്പത്തികശേഷി കുറഞ്ഞവരും അല്‍പഭൂമിയുള്ളവരുമായ ഗുണഭോക്താക്കള്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം മാത്രം പ്രതീക്ഷിച്ചാണ് വീടുപണിക്ക് മുന്നിട്ടിറങ്ങുന്നത്. നിര്‍മാണ സാമഗ്രികളുടെ ഉയര്‍ന്ന വിലയും വര്‍ധിച്ച പണിക്കൂലിയും മൂലം അനുവദിച്ചുകിട്ടുന്ന തുക തീരെ അപര്യാപ്തമാകുന്നതാണ് ഇവരുടെ വീടെന്ന സ്വപ്നത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നത്.

ചിട്ടി ഉടമയും മാനേജറും മുങ്ങിയതായി പരാതി

Posted: 08 Aug 2015 10:11 PM PDT

പള്ളുരുത്തി: ചെറായി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അമൃതശ്രീ ചിട്ടിയുടെ പള്ളുരുത്തിയിലെ ശാഖയില്‍നിന്ന് ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത് ഉടമയും മാനേജറും മുങ്ങിയതായി പരാതി.
പള്ളുരുത്തിയിലെ ശാഖയില്‍നിന്നുള്ള നിക്ഷേപര്‍ക്ക് പണം ലഭിക്കാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഉടമയും മാനേജറും മുങ്ങിയതായി മനസ്സിലായത്. ഇതേതുടര്‍ന്ന് സ്ഥാപനത്തിലെ കലക്ഷന്‍ ഏജന്‍റുമാരാണ് പൊലീസിന് ആദ്യം പരാതി നല്‍കിയത്.
വിവരം അറിഞ്ഞ് അഞ്ഞൂറോളം പേരാണ് ശനിയാഴ്ച പള്ളുരുത്തി പൊലീസില്‍ പരാതി നല്‍കാനത്തെിയത്. പള്ളുരുത്തി ബ്രാഞ്ച് മാനേജര്‍ വൈപ്പിന്‍ സ്വദേശി സജീവന്‍, എം.ഡി. ശിവദാസന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്. പശ്ചിമകൊച്ചിയിലെ ആയിരക്കണക്കിന് ആളുകള്‍ ഇവിടെ നിക്ഷേപകരാണ്. കൂലിപ്പണിക്കാര്‍ മുതല്‍ കച്ചവടക്കാര്‍ വരെ ചിട്ടിക്കമ്പനിയില്‍ അംഗങ്ങളാണ്. ഇവരുടെ ആയിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെയാണ് നഷ്ടപ്പെട്ടിട്ടുള്ളത്.
നിക്ഷേപകര്‍ സ്റ്റേഷനില്‍ കൂട്ടത്തോടെയത്തെിയത് അല്‍പനേരം സംഘര്‍ഷത്തിനിടയാക്കി. പരാതിയെ തുടര്‍ന്ന് പൊലീസ് ചിട്ടിക്കമ്പനിയുടെ പള്ളുരുത്തിയിലെ ഓഫിസിലത്തെി പരിശോധന നടത്തി. പള്ളുരുത്തി സി.ഐ വി.ജി. രവീന്ദ്രനാഥിനാണ് അന്വേഷണച്ചുമതല.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് സി.ഐ പറഞ്ഞു.

അവഗണന; നഗരസഭ കൗണ്‍സിലര്‍മാര്‍ രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധിച്ചു

Posted: 08 Aug 2015 10:05 PM PDT

ആലപ്പുഴ: ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍മാരോട് ഉദ്യോഗസ്ഥര്‍ അവഗണന കാട്ടിയതില്‍ നെഹ്റു ട്രോഫി ജലമേളയുടെ വേദിയില്‍ പ്രതിഷേധം അലയടിച്ചു. വള്ളംകളിയുടെ ഉദ്ഘാടനത്തിന് അരമണിക്കൂര്‍ മുമ്പാണ് സംഭവം. വിശിഷ്ടാതിഥികള്‍ക്കുള്ള പ്രത്യേക ഇരിപ്പിടങ്ങളും അതിന് പിറകില്‍ ഉദ്യോഗസ്ഥരുടെ ഇരിപ്പിടങ്ങളും ഒരുക്കിയിരുന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ, കോണ്‍ഗ്രസ് അംഗങ്ങളായ ബി. മെഹബൂബ്, ബഷീര്‍ കോയാപറമ്പന്‍, ഇടത് അംഗങ്ങളായ അല്‍ത്താഫ്, രമേശന്‍ തുടങ്ങി നിരവധി വനിത കൗണ്‍സിലര്‍മാരും ആ ഭാഗത്തെ ഇരിപ്പിടങ്ങളില്‍ ഇരുന്നു.
എന്നാല്‍, കൗണ്‍സിലര്‍മാര്‍ക്ക് ഇരിക്കാനുള്ള സ്ഥലമല്ളെന്നും വിശിഷ്ടാതിഥികള്‍ക്കുള്ള ഭാഗത്ത് ഇരിക്കാന്‍ പാടില്ളെന്നും ആര്‍.ഡി.ഒ ബാലമുരളി നിര്‍ദേശിച്ചു. കലക്ടര്‍ എന്‍. പത്മകുമാറും കൗണ്‍സിലര്‍മാര്‍ ഈ ഭാഗത്തുനിന്ന് മാറണമെന്ന് ആവശ്യപ്പെട്ടു.
ഏറെ സമയമായി തങ്ങള്‍ ഇവിടെ അവഗണിക്കപ്പെട്ട് ആക്ഷേപത്തിന് ഇരയായി കഴിയുകയാണെന്നും ഇനി സഹിക്കാന്‍ കഴിയില്ളെന്നും പറഞ്ഞ് രാഷ്ട്രീയഭേദമന്യേ എല്ലാവരും ഒത്തുകൂടി. നെഹ്റു ട്രോഫി ജലമേള ആലപ്പുഴയിലെ കൗണ്‍സിലര്‍മാര്‍ ബഹിഷ്കരിക്കുകയാണെന്ന് അവര്‍ പ്രഖ്യാപിച്ചു. ഇടത്-വലത് ഭേദമന്യേ ഉറച്ചനിലപാടെടുത്ത അവര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്നും ആവശ്യപ്പെട്ടു. ബഹളം നിറഞ്ഞ സമയമായിരുന്നു അത്.
സംസ്ഥാനത്തിന് പുറത്തുനിന്നും വന്ന ഉയര്‍ന്ന ഉദ്യോഗസ്ഥരും കുടുംബങ്ങളും വിദേശത്തുനിന്ന് വന്ന പ്രമുഖരും വി.വി.ഐ.പി നിരയുടെ പിറകിലുണ്ടായിരുന്നു. കാര്യമെന്തെന്ന് അറിയാതെ അവര്‍ ബഹളംകേട്ട് അന്തംവിട്ടു. പൊലീസും ഉദ്യോഗസ്ഥന്മാരും കാര്യങ്ങള്‍ പറഞ്ഞിട്ടും കൗണ്‍സിലര്‍മാര്‍ വഴങ്ങിയില്ല.
പ്രതിഷേധിച്ച് ഇറങ്ങുകയാണെന്ന് ആവര്‍ത്തിച്ചെങ്കിലും വിഷയം ഒത്തുതീര്‍പ്പാക്കാന്‍ കലക്ടറും ശ്രമിച്ചില്ല. ചെയര്‍പേഴ്സണ് ഇരിക്കാനുള്ള ഇരിപ്പിടം മുന്നിലുണ്ടെന്നും മറ്റുസ്ഥലങ്ങളില്‍ ആരൊക്കെ ഇരിക്കണമെന്ന് നിശ്ചയിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സഹകരിക്കേണ്ട കൗണ്‍സിലര്‍മാര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവസ്ഥലത്ത് അകലെയിരുന്ന സി.കെ. സദാശിവന്‍ എം.എല്‍.എയും വിഷയത്തില്‍ ഇടപെട്ടില്ല. ജലമേളയുടെ തിരക്കുമൂലം മുമ്പ് തനിക്ക് സീറ്റുകിട്ടാതെ പോയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധവും ഭീഷണിയും വിലപ്പോവില്ളെന്ന് മനസ്സിലാക്കിയ കൗണ്‍സിലര്‍മാര്‍ അവസാനം കെ.സി. വേണുഗോപാല്‍ എം.പിയും കേന്ദ്രമന്ത്രിയും ഒക്കെ എത്തിയതോടെ അടങ്ങി. അവസാനം ഉള്ള സ്ഥലത്തിരുന്ന് അവര്‍ കളി കണ്ട് നേരത്തേ മടങ്ങി.

സി.പി.എമ്മിനും പിണറായിക്കും എതിരെ തുഷാര്‍ വെള്ളാപ്പള്ളിയുടെ ലേഖനം

Posted: 08 Aug 2015 10:05 PM PDT

Image: 

കൊല്ലം: സി.പി.എമ്മിനും പിബി അംഗം പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശവുമായി എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ലേഖനം. സി.പി.എം നേതാക്കള്‍ക്ക് ഹൈന്ദവതയോട് മാത്രമാണ് എതിര്‍പ്പെന്ന് തുഷാര്‍ ആരോപിക്കുന്നു. ന്യൂനപക്ഷ പ്രീണനം സി.പി.എം നടത്തുന്നു. മറ്റു മതങ്ങളെ പുണരുകയും അവരുടെ മതാചാരങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നു. ഈഴവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും പാര്‍ട്ടി തള്ളിപറയുന്നു. സി.പി.എമ്മിന്‍െറ ഭീഷണി കണ്ട് ഭയക്കുന്നവരല്ല എസ്.എന്‍.ഡി.പി എന്നും കേരളകൗമുദി ദിനപത്രത്തില്‍ 'രാഷ്ട്രീയ ജന്മിമാരുടെ വിലാപം' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ തുഷാര്‍ പറയുന്നു.

സി.പി.എം കഴിഞ്ഞ കാലങ്ങളില്‍ പാവപ്പെട്ടവരോടും പിന്നാക്കകാരോടും ആഭിമുഖ്യം പുലര്‍ത്തിയ പാര്‍ട്ടിയാണ്. ഭൂപരിഷ്കരണം അടക്കമുള്ള വിഷയങ്ങളില്‍ അതിന്‍െറ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിന്നീട് കോര്‍പറേറ്റുകളുടെ പാര്‍ട്ടിയായി സി.പി.എം മാറുന്നതാണ് കണ്ടത്. കശുവണ്ടി, കയര്‍, ചെത്ത് തൊഴിലാളി മേഖലകളുടെ പുനരുദ്ധാരണത്തിന് വേണ്ടി സി.പി.എം ഒന്നും ചെയ്യുന്നില്ല.

മംഗലാപുരത്തെ ക്ഷേത്രങ്ങളിലെ അനാചാരങ്ങളെകുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന പാര്‍ട്ടി പി.ബി അംഗം എന്തുകൊണ്ട് കേരളത്തിലെ അനാചാരങ്ങളെപ്പറ്റി പറയുന്നില്ളെന്ന് തുഷാര്‍ ചോദിക്കുന്നു. സംസ്ഥാനത്തിന്‍െറ പല ഭാഗങ്ങളിലും അയിത്താചാരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. പലയിടത്തും നടക്കുന്ന ബ്രാഹ്മണ ഭോജനം പോലുള്ള പരിപാടികളില്‍ സി.പി.എം നേതാക്കള്‍ പങ്കെടുക്കുന്നു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നില്‍ രാഷ്ട്രീയം ഇല്ലായിരുന്നു. ബി.ജെ.പിയോട് യാതൊരു താത്പര്യവും എസ്.എന്‍.ഡി.പിക്കില്ല. ബി.ജെ.പി പാളയത്തില്‍ യോഗത്തെ കെട്ടാനുള്ള നടപടി ഉണ്ടായിട്ടില്ല. സാമൂഹ്യനീതി എവിടെ നിന്നു ലഭിക്കുന്നോ അവരോടൊപ്പം നില്‍ക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ആലങ്കാവ് കാരശ്ശേരി വയലില്‍ കാട്ടാനക്കൂട്ടമിറങ്ങി

Posted: 08 Aug 2015 09:59 PM PDT

സുല്‍ത്താന്‍ബത്തേരി: മൂലങ്കാവ് കാരശ്ശേരി വയലില്‍ വെള്ളിയാഴ്ച രാത്രി കാട്ടാനക്കൂട്ടമിറങ്ങി വാഴത്തോട്ടം നശിപ്പിച്ചു.
പട്ടമന ഷിജോയുടെ നാനൂറോളം വിളവെടുക്കാറായ വാഴകളാണ് ഒറ്റരാത്രി ആനക്കൂട്ടം നശിപ്പിച്ചത്. ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായി. വന്യജീവിശല്യം അതിരൂക്ഷമായ മേഖലയാണ് കാരശ്ശേരി വയലും പരിസരപ്രദേശങ്ങളും. കാലികളെ കൊന്നുതിന്ന കടുവയെ കഴിഞ്ഞദിവസം ഇരുമ്പുകെണിയില്‍ കുടുക്കിയത് ഈ പ്രദേശത്താണ്. കരടി, കാട്ടുപോത്ത്, പുലി, മാന്‍, കുരങ്ങ്, കാട്ടുപന്നി, മലയണ്ണാന്‍ എന്നിവയുടെ ശല്യവും ഏറെ രൂക്ഷമാണ്. ഫലഭൂയിഷ്ഠമായ മണ്ണ് സ്വന്തമായി ഉണ്ടായിട്ടും കൃഷിയിറക്കാന്‍ ഭയപ്പെടുകയാണ് കര്‍ഷകര്‍. ചക്ക തിന്നാനാണ് കാട്ടാനകള്‍ മുഖ്യമായും കാടിറങ്ങുന്നതെന്നും പ്ളാവുകള്‍ വെട്ടിമാറ്റണമെന്നും വനംവകുപ്പ് വിശദീകരിച്ചിരുന്നു.
പട്ടിണിമാസങ്ങളില്‍ കര്‍ഷകകുടുംബങ്ങള്‍ക്ക് അത്താണിയായിരുന്ന പ്ളാവുകള്‍ കൂട്ടത്തോടെ മുറിച്ചുമാറ്റിയിട്ടും ആനശല്യത്തിന് കുറവില്ല. വയനാട് വന്യജീവി കേന്ദ്രത്തില്‍പെട്ട ബത്തേരി റെയ്ഞ്ചില്‍നിന്ന് കിടങ്ങ് ഇടിച്ചുനിരത്തിയാണ് ആനകള്‍
കൃഷിയിടങ്ങളിലിറങ്ങുന്നത്. കിടങ്ങുകള്‍ നികന്നും വൈദ്യുതി കമ്പിവേലി തകര്‍ന്നും കിടക്കുന്ന വനാതിര്‍ത്തി മറികടന്ന് നാട്ടിലിറങ്ങാന്‍ വന്യജീവികള്‍ക്ക് പ്രയാസമില്ല. താല്‍ക്കാലിക പ്രതിരോധത്തിനുവേണ്ടി ഒരുക്കുന്ന സംവിധാനങ്ങള്‍ അറ്റകുറ്റപ്പണി മുടങ്ങി ഉപയോഗരഹിതമാവുകയാണ്. വനംവകുപ്പും സര്‍ക്കാറും നിരന്തരം അവഗണിക്കുകയാണെന്നാണ് ജനങ്ങളുടെ പരാതി.

ഒരാഴ്ചക്കിടെ സംസ്ഥാന പാതയില്‍ മൂന്ന് അപകടങ്ങള്‍

Posted: 08 Aug 2015 09:51 PM PDT

ഉള്ള്യേരി: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയില്‍ വാഹനങ്ങളുടെ അമിതവേഗം തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാക്കുമ്പോഴും പൊലീസിന്‍െറ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികള്‍ ഉണ്ടാവുന്നില്ളെന്ന് പരാതി. ഉള്ള്യേരി പത്തൊമ്പതാം മൈലിനും പറമ്പിന്‍മുകളിനും ഇടയിലുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ ഒരാഴ്ചക്കുള്ളില്‍ നടന്ന മൂന്ന് അപകടങ്ങളില്‍ ഒരാള്‍ മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പറമ്പിന്‍മുകള്‍ അങ്ങാടിയില്‍ കഴിഞ്ഞ തിങ്കളാഴ്ച ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികയായ യുവതി മരിച്ചിരുന്നു. തൊട്ടടുത്ത ദിവസം ഇതിനു മീറ്ററുകള്‍ മാറിയുള്ള വളവില്‍ രണ്ടു ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരു വാഹനത്തിലെ ഡ്രൈവര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്നലെ നാല് വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടത്തില്‍ അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്.
ഇതില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. പറമ്പിന്‍മുകള്‍ അങ്ങാടി കഴിഞ്ഞുള്ള ഇറക്കത്തില്‍ കൊടുംവളവും തുടര്‍ന്ന് ഒരുകിലോമീറ്ററോളം നേരെയുള്ള റോഡും ആണ് ഈ ഭാഗത്ത്. അമിത വേഗത്തിലാണ് ഇതുവഴി വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. ഇറക്കം അവസാനിക്കുന്ന പൊയില്‍താഴത്ത് റോഡിലുള്ള വരമ്പാണ് വേഗം നിയന്ത്രിക്കാനുള്ള ഏക സംവിധാനം. ഈ ഭാഗത്ത് അടുത്ത കാലത്തായി നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടും ബന്ധപ്പെട്ടവരുടെ ശ്രദ്ധ ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ളെന്ന് വ്യാപകമായ പരാതിയുണ്ട്.

അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; സൈനികന്‍ കൊല്ലപ്പെട്ടു

Posted: 08 Aug 2015 09:44 PM PDT

Image: 

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റക്കാരുമായി ഉണ്ടായ  വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. പരിശോധനക്കിടെ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയ ജവാനാണ് വെടിവെപ്പില്‍ മരിച്ചത്. ആയുധങ്ങളുമായി ആറു തീവ്രവാദികളാണ് നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറിയത്. ശനിയാഴ്ച രാത്രി ടാങ്ധര്‍ സെക്ടറില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

പാകിസ്താനില്‍ നിന്ന് അതിര്‍ത്തി കടന്നെ ത്തിയ തീവ്രവാദികള്‍ പഞ്ചാബിലെ ഗുര്‍ദാസ് പുരിലും കശ്മീരിലെ ഉധംപുരിലും ആക്രമണം നടത്തിയിരുന്നു. ഗുര്‍ദാസ് പുരില്‍ ആറു പേരും ഉധംപുരില്‍ രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്. ഉധംപുരില്‍ ആക്രമണം നടത്തിയ രണ്ടു തീവ്രവാദികളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി സുരക്ഷാസേനക്ക് കൈമാറിയിരുന്നു.

ദുബൈയിലെ താമസകേന്ദ്രങ്ങളില്‍ ‘ഡിസ്ട്രിക്ട് കൂളിങ്’ വ്യാപകമാക്കുന്നു

Posted: 08 Aug 2015 09:40 PM PDT

ദുബൈ: ഊര്‍ജ സംരക്ഷണത്തിന്‍െറ ഭാഗമായി ദുബൈ വാട്ടര്‍ ആന്‍ഡ് ഇലക്ട്രിക്സിറ്റി വകുപ്പ് (ദീവ) വ്യാപകമാക്കാന്‍  പോകുന്ന ‘ഡിസ്ട്രിക്ട് കൂളിങ്’ സംവിധാനം   ദുബൈയിലെ  സാധാരണക്കാരായ   പ്രവാസികള്‍ക്ക് കൂനിന്മേല്‍ കുരുവാകും. പുതിയ സംവിധാനം പ്രാബല്യത്തിലാകുന്നതോടെ നിലവിലുള്ള ജല, വൈദ്യുതി ബില്ലിന് പുറമെ ചില്ലര്‍ ഫീ കൂടി നല്‍കേണ്ടിവരും. ഇത് തങ്ങളുടെ കീശ ചോര്‍ത്തുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍. ഒരു പ്രദേശത്തെ മൊത്തം കെട്ടിടങ്ങളെയും  ഒറ്റ കേന്ദ്രത്തില്‍ നിന്ന് ശീതീകരിക്കുന്ന സംവിധാനമാണ് ഡിസ്ട്രിക്ട് കൂളിങ്. നേരത്തെ ദുബൈയുടെ  പല പ്രധാന കേന്ദ്രങ്ങളിലും ഈ  സംവിധാനം പ്രാബല്യത്തിലുണ്ടെങ്കിലും ഇപ്പോള്‍ വിവിധ താമസ മേഖലകള്‍ പൂര്‍ണമായും ഇതിനു കീഴിലേക്ക് മാറ്റാനൊരുങ്ങുകയാണ്. പല ഭാഗങ്ങളിലും കെട്ടിട ഉടമകള്‍ക്ക് ഇത് സംബന്ധിച്ച് നോട്ടീസ് ലഭിച്ചതായാണ് വിവരം.പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്കെല്ലാം ഈ സംവീധാനം നഗരസഭ നിര്‍ബന്ധമാക്കിയിട്ടുണ്ട്. 
 നിലവില്‍ കെട്ടിടങ്ങള്‍ ശീതീകരിക്കുന്നതിന്  വേണ്ടിവരുന്ന ഊര്‍ജത്തിന്‍െറ പകുതി മാത്രമേ ഈ സംവിധാനത്തിനു വേണ്ടി വരൂവെന്നതാണ് ഇതിന്‍െറ ഏറ്റവും വലിയ പ്രയോജനം. വിവിധ മേഖലകളില്‍ ഡിസ്ട്രിക്ട് കൂളിങ് സജ്ജീകരിക്കുന്നതിന് പ്രത്യേകം കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ കമ്പനികള്‍ക്ക് ഇത് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ വൈദ്യുതിയും വെള്ളവും ‘ദീവ’ നല്‍കും. കമ്പനികള്‍ ദീവക്കു നല്‍കുന്ന തുകക്ക് അനുസരിച്ച് സ്വകാര്യ കമ്പനിക്കാരാണ്  ചില്ലര്‍ ഫീസ്  താമസക്കാരില്‍ നിന്ന് ഈടാക്കുക . 
ഈ സംവിധാനത്തിലേക്ക് മാറിയ പല കെട്ടിടങ്ങളിലെയും താമസക്കാര്‍ക്ക് മുമ്പ് എ.സി ഉപയോഗത്തിന് നല്‍കിയിരുന്ന വൈദ്യുതി നിരക്കിനേക്കാള്‍ വന്‍ തുകയാണ്  ചില്ലര്‍ ഫീസായി നല്‍കേണ്ടി വരുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 
നിലവില്‍ മാസ ശമ്പളത്തിന്‍്റെ പകുതിയിലേറെ താമസത്തിനും മറ്റുമായി ചെലവഴിക്കേണ്ടി വരുന്ന പ്രവാസിക്ക് തണുപ്പിക്കാന്‍ കൊടുക്കുന്ന ഫീസ്  ഇതോടെ പൊള്ളുന്നതായിരിക്കും . 
ഇപ്പോള്‍ ഈ സംവിധാനമുള്ള അപാര്‍ട്ട്മെന്‍റില്‍  താമസിക്കുന്ന ഉപഭോക്താവിന്  വാടകക്ക് പുറമേ കുറഞ്ഞത് 500 ദിര്‍ഹത്തോളം വെള്ളം, വൈദ്യുതി ഫീസായി നല്‍കണം.  അതിന്‍െറ അഞ്ചു ശതമാനം നഗരസഭക്കും അത്രത്തോളം റിയല്‍ എസ്റ്റേറ്റ് ഏജന്‍സിക്കും കൊടുക്കണം. ഇതിനു പുറമെയാണ്  ചില്ലര്‍ ഫീ എന്ന പേരില്‍ നല്ളൊരു തുക നല്‍കേണ്ടി വരുന്നത്.  പദ്ധതി വ്യാപകമാക്കുന്നതിന്‍െറ ഭാഗമായി  പല ഭാഗത്തും  കെട്ടിടങ്ങളില്‍ ഇത് പ്രവര്‍ത്തിപ്പിക്കാനുള്ള പണികള്‍ ആരംഭിച്ചു കഴിഞ്ഞു. നേരത്തെ ഇതിനുള്ളസൗകര്യം ഏര്‍പ്പെടുത്തിയ ഇടങ്ങളില്‍ മീറ്റര്‍ ഘടിപ്പിക്കുന്ന ജോലി പുരോഗമിക്കുകയാണ്.
2015 അവസാനത്തോടെ വിവിധ ഭാഗങ്ങളിലായി 225 കിലോമീറ്റര്‍ ദൂരത്തില്‍ ശീതീകരണ പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചതായി  പ്രമുഖ കൂളിങ് കമ്പനിയായ എം പവര്‍ കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. 
ജുമൈറ ഗ്രൂപ്പ് , ബിസിനസ് ബേ , ജുമൈറ ബീച്ച് റെസിഡന്‍സി , ഡി.ഐ.എഫ്.സി  , ഹെല്‍ത്ത് കെയര്‍  സിറ്റി , ജുമൈറ ലേക് ടവേഴ്സ് , പാം ജുമൈറ ,  ഡിസ്കവറി ഗാര്‍ഡന്‍സ്, ദുബൈ ഡിസൈന്‍ ഡിസ്ട്രിക്ട് തുടങ്ങിയ ഭാഗങ്ങളിലാണ് എം പവര്‍ കമ്പനി   പ്രവൃത്തികള്‍ക്ക് തുടക്കമിട്ടിട്ടുള്ളത്. 2030 ആവുമ്പോഴേക്കും 30 ശതമാനം ഊര്‍ജ ഉല്‍പാദനം കുറക്കാനാണ് ‘ദീവ’ പദ്ധതി. 
ഇതിനായി മുന്നോട്ട് വെക്കുന്ന എട്ടിന പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് ഡിസ്ട്രികട് കൂളിങ്.  എ.സിയുടെ ഉപയോഗം  ധാരാളം വൈദ്യുതി പാഴാക്കുന്നതായാണ് അധികൃതര്‍ സൂചിപ്പിക്കുന്നത് . ആകെ ഊര്‍ജത്തിന്‍െറ 60 ശതമാനമാണ് എ.സിക്കായി ചെലവഴിക്കേണ്ടി വരുന്നത്. 
സുസ്ഥിരമായ സാമ്പത്തിക വികസനത്തിനായി ഹരിത സാമ്പത്തികം എന്ന യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ആശയപ്രകാരമാണ് വൈവിധ്യമാര്‍ന്ന ഊര്‍ജ സ്രോതസുകളിലൂടെ ഊര്‍ജസംരക്ഷണത്തിന് ’ദീവ’ ശ്രമിക്കുന്നത്.

കടലില്‍ വെടിയേറ്റു മരിച്ച ആന്‍റണി അനീഷിന്‍െറ മൃതദേഹം കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ സജീവം

Posted: 08 Aug 2015 09:26 PM PDT

മനാമ: കടലില്‍ വെടിയേറ്റുമരിച്ച തമിഴ്നാട് സ്വദേശിയായ മത്സ്യത്തൊഴിലാളി ആന്‍റണി അനീഷ് ആന്‍ഡ്രൂസിന്‍െറ (21) മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങള്‍ നയതന്ത്രതലത്തില്‍ തുടങ്ങി. 
ഖത്തറില്‍ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട സംഘത്തില്‍ പെട്ട അനീഷ് ആന്‍ഡ്രൂസിന് വെടിയേറ്റ ശേഷം ഇയാളെ ബഹ്റൈനിലെ മുഹറഖിലുള്ള കിങ് ഹമദ് യൂനിവേഴ്സിറ്റി ആശുപത്രിയില്‍ എത്തിച്ചത് യു.എസ്. നാവികസേനയാണെന്നാണ് ഒടുവിലുള്ള വിവരം. മൃതദേഹം തിരിച്ചയക്കാനുള്ള നടപടികള്‍ക്കായി യുവാവിന്‍െറ കുടുംബത്തിന്‍െറ സമ്മതപത്രം കാത്തിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ബഹ്റൈന്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി രാംസിങ് പറഞ്ഞിരുന്നു. മൃതദേഹം തിരിച്ചയക്കുന്ന വിഷയത്തില്‍ ബഹ്റൈന്‍, ഖത്തര്‍ ഇന്ത്യന്‍ എംബസികള്‍ തമ്മില്‍ ബന്ധപ്പെടുന്നുണ്ട്. 
കഴിഞ്ഞ രണ്ടു ദിവസം അവധിയായതിനാലാണ് മൃതദേഹം കൊണ്ടുപോകുന്ന കാര്യത്തില്‍ കാര്യമായ പുരോഗതിയില്ലാതിരുന്നതെന്ന് ഈ വിഷയത്തില്‍ ഇടപെട്ട തിരുനെല്‍വേലിയില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകനായ എസ്.പദലിംഗം ‘ഗള്‍ഫ് മാധ്യമ’ത്തോടു പറഞ്ഞു. ആന്‍റണി അനീഷിന്‍െറ വീട്ടുകാര്‍ സമ്മതപത്രം ഇതിനകം അയച്ചിട്ടുണ്ടെന്നും ഇന്ന് കാര്യങ്ങളെക്കുറിച്ച് കൃത്യമായ ചിത്രം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരാണ് യുവാവിന് നേര്‍ക്ക് വെടിയുതിര്‍ത്തത് എന്ന കാര്യത്തില്‍ വ്യക്തയില്ല എന്നാണ് പദലിംഗം പറയുന്നത്. ഇവര്‍ മത്സ്യബന്ധനം നടത്തിയിരുന്നത് രാജ്യാതിര്‍ത്തികള്‍ക്കു പുറത്താണോ എന്നതും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വെടിയേറ്റ ശേഷം ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ യു.എസ് നാവികസേനയുമായി വയര്‍ലെസ് വഴി ബന്ധപ്പെടുകയായിരുന്നു. നാവികസേന എത്തിയപ്പോള്‍ ആന്‍റണി അനീഷിന് ജീവന്‍ നഷ്ടമായിട്ടില്ലായിരുന്നു. 
ആന്‍റണി അനീഷിന്‍െറ മരണവാര്‍ത്തയറിഞ്ഞ് കുടുംബം മാനസികമായി തകര്‍ന്ന നിലയിലാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ആന്‍റണി അനീഷിന്‍െറ ജ്യേഷ്ഠന്‍ ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു. ഇയാള്‍ക്ക് ഇനി രണ്ട് സഹോദരിമാര്‍ ആണുള്ളത്. ആന്‍റണി അനീഷ് ഖത്തറിലേക്ക് വന്നിട്ട് രണ്ടു വര്‍ഷമായി. 
കുടുംബത്തിന്‍െറ ഏക അത്താണിയാണ് ഈ ചെറുപ്പക്കാരന്‍െറ മരണത്തോടെ നഷ്ടമായത്. അതിനിടെ, കഴിഞ്ഞ മാസം നിര്യാതനായ ഇന്ത്യക്കാരനായ മത്സ്യബന്ധനത്തൊഴിലാളി ഖാജ മൊയ്തീന്‍ ഖാദര്‍ ഷാ(36)യുടെ മൃതദേഹം ബഹ്റൈനില്‍ തന്നെ ഖബറടക്കാനുള്ള സാധ്യതയാണ് തെളിയുന്നതെന്നും എസ്.പദലിംഗം പറഞ്ഞു. ഹൃദയാഘാതം മൂലം നിര്യാതനായ ഇയാളുടെ മൃതദേഹം തിരിച്ചറിയപ്പെടാതെ 10 ദിവസമാണ് സല്‍മാനിയ മെഡിക്കല്‍ സെന്‍റര്‍ മോര്‍ച്ചറിയില്‍ കിടന്നത്. അതീവ ദാരിദ്രത്തില്‍ കഴിയുന്ന ഖാദര്‍ ഷായുടെ കുടുംബത്തിന് രേഖകള്‍ ശരിയാക്കാനും മറ്റും ആരുമില്ളെന്നാണ് അറിയുന്നത്. 
 

സൗദിയില്‍ വിമാന സര്‍വീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തില്‍ വന്‍ വര്‍ധന

Posted: 08 Aug 2015 09:20 PM PDT

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെയും വിമാന സര്‍വീസുകളുടെയും എണ്ണത്തില്‍ ഈ വര്‍ഷം ജൂണ്‍ വരെ റെക്കോഡ് വര്‍ധനയെന്ന് സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി (ജി.എ.സി.എ). കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ കണക്കുമായി താരതമ്യം ചെയ്താണ് ഈ റിപ്പോര്‍ട്ട് ജി.എ.സി.എ പുറത്തുവിട്ടത്. ആഭ്യന്തര വിമാന സര്‍വീസുകളിലെ യാത്രക്കാരുടെ എണ്ണം 66 ലക്ഷവും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 130 ലക്ഷവുമായാണ് ഉയര്‍ന്നതെന്നും 2014ല്‍ ഇത് യഥാക്രമം 59 ലക്ഷവും 100ലക്ഷവും ആയിരുന്നെന്നും ജി.എ.സി.എ പ്രസിഡന്‍റ് സുലൈമാന്‍ ബിന്‍ അബ്ദുല്ല അല്‍ഹംദാന്‍ അറിയിച്ചു. 11.8 ശതമാനത്തിന്‍െറയും 17.9 ശതമാനത്തിന്‍െറയും പെരുപ്പമാണ് കുറഞ്ഞ കാലയളവിനുള്ളില്‍ സംഭവിച്ചത്.
ചാര്‍ട്ടര്‍ വിമാനങ്ങളില്‍ സഞ്ചരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 2014ലെ 180,028ല്‍ നിന്ന് 237,273 ആയി ഉയര്‍ന്നു. 19.8 ശതമാനം കൂടുതല്‍. വിമാന സര്‍വീസുകളുടെ എണ്ണത്തിലും പോയ വര്‍ഷത്തെ അപേക്ഷിച്ച് 9.1 ശതമാനം വര്‍ധനയുണ്ടായി. 60,085 വിമാനങ്ങളാണ് ഈ വര്‍ഷം ജൂണ്‍ വരെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളില്‍ സര്‍വീസ് നടത്തിയത്.
വര്‍ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങളില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്നും കൂടുതല്‍ വിദേശ വിമാന കമ്പനികള്‍ക്ക് പുതുതായി അനുമതി നല്‍കുമെന്നും ജി.എ.സി.എ പ്രസിഡന്‍റ് വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. 
ഈജിപ്തിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ നൈല്‍ എയറിന് കെയ്റോക്കും വടക്കന്‍ സൗദിയിലെ അല്‍ജൗഫിനുമിടയില്‍ ആഴ്ചയില്‍ രണ്ട് സര്‍വീസുകളും വടക്കുപടിഞ്ഞാറന്‍ മേഖലയിലെ തബൂക്കിനും ഷാര്‍ജക്കുമിടയില്‍ ആഴ്ചയില്‍ നാലു സര്‍വീസുകളും നടത്താന്‍ അനുമതി നല്‍കി കഴിഞ്ഞു. ആഗസ്റ്റ് 20 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. 
തബൂക്കിലെ അമീര്‍ സുല്‍ത്താന്‍ വിമാനത്താവളത്തിലും അല്‍ജൗഫ് വിമാനത്താവളത്തിലും നിലവില്‍ വേറെയും അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. നൈല്‍ എയര്‍ കൂടി വരുന്നതോടെ അല്‍ജൗഫിലെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നാലായി ഉയരും. നിലവില്‍ നസ്മ എയര്‍, അറേബ്യന്‍ എയര്‍ലൈന്‍സ്, ഫൈ്ള ദുബൈ എന്നിവയുടെ വിമാനങ്ങളാണുള്ളത്.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലേക്ക് കൂടുതല്‍ വിമാന കമ്പനികളെ ആകര്‍ഷിക്കാന്‍ അനുഗുണമായ ലൈസന്‍സിങ് സമ്പ്രദായമാണ് ഇപ്പോള്‍ നടപ്പാക്കി വരുന്നതെന്നും ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസ് മേഖലയില്‍ കൂടുതല്‍ കമ്പനികള്‍ കടന്നുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ വിമാനത്താവളങ്ങള്‍ക്ക് അന്താരാഷ്ട്ര പദവി നല്‍കും. ആഭ്യന്തര വ്യോമയാന വ്യവസായത്തിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ലൈസന്‍സിങ് കൂടുതല്‍ എളുപ്പമാക്കും. 

കോമണ്‍വെല്‍ത്ത് പാര്‍ലമെന്‍ററി സമ്മേളനം: നിലപാട് ആവര്‍ത്തിച്ച് പാകിസ്താന്‍

Posted: 08 Aug 2015 08:19 PM PDT

Image: 

ഇസ് ലാമാബാദ്: കോമണ്‍വെല്‍ത്ത് പാര്‍ലമെന്‍ററി യൂനിയന്‍ സമ്മേളനത്തിലേക്ക് ജമ്മു കശ്മീര്‍ നിയമസഭാ സ്പീക്കറെ ക്ഷണിക്കില്ളെന്ന നിലപാട് ആവര്‍ത്തിച്ച് പാകിസ്താന്‍. കശ്മീര്‍ സ്പീക്കറെ ഒരിക്കലും ക്ഷണിക്കില്ളെന്ന് പാക് വിദേശകാര്യ- സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് വ്യക്തമാക്കിയത്.

ഇന്ത്യയുടെ കൈവശമുള്ള കശ്മീരിലെ സ്പീക്കറെ സമ്മേളനത്തിന് ക്ഷണിച്ചാല്‍ ഇതുമായി ബന്ധപ്പെട്ട് പാക്കിസ്താന്‍ ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ വിട്ടുവീഴ്ച്ച ചെയ്യുന്നതിന് തുല്യമായിരിക്കും. പാര്‍ലമെന്‍റ് സമ്മേളനത്തിനുള്ള പരിപാടികള്‍ ക്രമീകരിക്കുകയാണ്. മുന്‍ നിശ്ചയിച്ച പ്രകാരം 70 ശതമാനം അംഗങ്ങള്‍ പങ്കെടുക്കുമെന്നും സര്‍താജ് പറഞ്ഞതായി ദ് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ജമ്മു കശ്മീര്‍ നിയമസഭാ സ്പീക്കറെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്‍ററി സമ്മേളനം ബഹിഷ്കരിക്കാന്‍ ഇന്ത്യ വെള്ളിയാഴ്ച തീരുമാനിച്ചിരുന്നു. തീരുമാനം ഏകകണ്ഠമായിരുന്നെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചിട്ടുണ്ട്. കശ്മീരിനെ ഒഴിവാക്കിയാല്‍ സമ്മേളനത്തില്‍ പങ്കെടുക്കില്ളെന്ന് കാണിച്ച് മറ്റു നിയമസഭാ സ്പീക്കര്‍മാര്‍ കോമണ്‍വെല്‍ത്ത് പാര്‍ലമെന്‍ററി യൂനിയന്‍ ചെയര്‍മാനും ബംഗ്ളാദേശ് പാര്‍ലമെന്‍റ് സ്പീക്കറുമായ ഡോ. ഷിറിന്‍ ചൗധരിക്ക് കത്തെഴുതാനും തീരുമാനിച്ചിട്ടുണ്ട്. 2007ല്‍ നടന്ന സമ്മേളനത്തില്‍ കശ്മീര്‍ പ്രതിനിധി പങ്കെടുത്തിരുന്നു.

സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ എട്ടുവരെ ഇസ്ലാമാബാദിലാണ് സമ്മേളനം നടക്കുന്നത്.
 

മുണ്ടക്കയത്ത് സര്‍ക്കാര്‍ ഭൂമി കൈയ്യേറി കുടില്‍ കെട്ടി

Posted: 08 Aug 2015 07:59 PM PDT

Image: 

മുണ്ടക്കയം: കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് സര്‍ക്കാര്‍ ഭൂമി കൈയ്യേറി നാട്ടുകാര്‍ കുടില്‍ കെട്ടി. അമരാവതിയിലെ മൂന്നേക്കര്‍ ഭൂമിയിലാണ് 18 കുടുംബങ്ങള്‍ കുടില്‍ കെട്ടിയത്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യാന്‍ റവന്യൂ വകുപ്പ് കണ്ടെത്തിയ ഭൂമിയാണിത്.

കൈയ്യേറ്റം നടത്തിയ കുടുംബങ്ങള്‍ക്ക് കോരുത്തോട് എന്ന സ്ഥലത്ത് സര്‍ക്കാര്‍ നേരത്തെ ഭൂമി അനുവദിച്ചിരുന്നു. എന്നാല്‍, വാസയോഗ്യമല്ലാത്ത ഭൂമിയാണ് അധികൃതര്‍ നല്‍കിയതെന്ന് ഇവര്‍ പറയുന്നു.

 

തദ്ദേശ തെരഞ്ഞെടുപ്പ്: നിലവിലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ആകാം ^കമീഷന്‍

Posted: 08 Aug 2015 07:30 PM PDT

Image: 
Subtitle: 
ഇത് അംഗീകരിച്ചാല്‍ പുതിയ പഞ്ചായത്തുകളും നഗരസഭകളും തെരഞ്ഞെടുപ്പിലുണ്ടാകില്ല

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വാര്‍ഡ് വിഭജനം പൂര്‍ത്തിയാകാത്തതിനാല്‍ നിലവിലുള്ള വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്താമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍. അടുത്തമാസം തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കണം. ഗ്രാമപഞ്ചായത്തുകളുടെ വിഭജനം ഏറക്കുറെ പൂര്‍ത്തിയായെങ്കിലും നഗരസഭകളുടെ വിഭജനം അനിശ്ചിതത്വത്തിലാണ്. ഒക്ടോബര്‍ രണ്ടാം വാരം തെരഞ്ഞെടുപ്പ് നടത്താനാണ് കമീഷന്‍ ആലോചിക്കുന്നത്.

കമീഷന്‍െറ അഭിപ്രായം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പുതിയ പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവ ഇത്തവണത്തെ തെരഞ്ഞെടുപ്പിലുണ്ടാകില്ല. വാര്‍ഡ് വിഭജനം പൂര്‍ത്തിയാകുംവരെ കാത്തിരുന്നാല്‍ നടപടിക്രമങ്ങള്‍ വൈകുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ സംസ്ഥാന സര്‍ക്കാറിനെയും ഗവര്‍ണറെയും അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട് കോര്‍പറേഷനുകള്‍ വിഭജിച്ച് പുതിയ മുനിസിപ്പാലിറ്റികള്‍ രൂപവത്കരിച്ചത് ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയാല്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാകുമെന്നാണ് കമീഷന്‍െറ വിലയിരുത്തല്‍.

ബ്ളോക് പഞ്ചായത്ത് വിഭജനം നീളുന്നതാണ് തല്‍സ്ഥിതി തുടരാന്‍ കമീഷനെ പ്രേരിപ്പിക്കുന്നത്. ബ്ളോക് പഞ്ചായത്തുകളുടെ പട്ടിക സമര്‍പ്പിച്ചെങ്കിലും വാര്‍ഡുകളും സംവരണക്രമവും നല്‍കിയിരുന്നില്ല. ബ്ളോക് വാര്‍ഡുകളുടെ പുനര്‍വിഭജനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മുതല്‍ പഞ്ചായത്ത് വാര്‍ഡുകളെ വരെ ബാധിക്കും. വോട്ടര്‍പട്ടികയിലും മാറ്റങ്ങള്‍ വേണ്ടിവരും. നവംബര്‍ ഒന്നിനാണ് പുതിയ ഭരണസമിതികള്‍ നിലവില്‍ വരേണ്ടത്. നിലവിലെ അവസ്ഥയില്‍ വരും ദിവസങ്ങളില്‍ വിഭജനം പൂര്‍ത്തിയാക്കിയാലും നടപടിക്രമങ്ങള്‍ക്ക് സമയമുണ്ടാവില്ല.

നാഗസാക്കിയുടെ മൂകസാക്ഷി

Posted: 08 Aug 2015 06:59 PM PDT

Image: 
Subtitle: 
ഇന്ന് ലോക നാഗസാക്കി ദിനം

നാഗസാക്കി: ആ കറുത്ത ദിനത്തിന്‍െറ ഓര്‍മകള്‍ അതികഠിനമായ വേദനയോടെയല്ലാതെ ജപ്പാന്‍കാരനായ സുമിതേരു തനിഗുച്ചിക്ക് ഒരിക്കലും ഓര്‍ക്കാനാവില്ല. കാരണം കഴിഞ്ഞ 70 വര്‍ഷമായി അയാള്‍ ആ വേദന തിന്നുകൊണ്ടിരിക്കുകയാണ്. ഒരിക്കലും നിവര്‍ത്താനാവാത്ത തന്‍െറ ഇടതുകൈ കുപ്പായത്തിന്‍െറ ഉള്ളില്‍നിന്ന് പുറത്തെടുത്ത് സന്ദര്‍ശകര്‍ക്ക് കാണിക്കുമ്പോള്‍ വിഷം വമിച്ച ബോംബിന്‍െറ കറുത്ത പുക അയാളുടെ കണ്ണിലൂടെ മിന്നിമറിയുന്നുണ്ടായിരുന്നു.

രണ്ടാം ലോകയുദ്ധത്തിന്‍െറ അന്ത്യംകുറിച്ച് ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക വര്‍ഷിച്ച ആറ്റംബോംബിന്‍െറ ജീവിച്ചിരിക്കുന്ന സാക്ഷികളിലൊരാളാണ് 86കാരനായ സുമിതേരു തനിഗുച്ചി. 1945 ആഗസ്റ്റ് ഒമ്പതിന് ലോകത്തെ ഞെട്ടിച്ച് 70,000 പേരെ ഒരു സുപ്രഭാതത്തില്‍ മൃതദേഹങ്ങളാക്കിയ മഹാദുരന്തം ഭൂമിയില്‍ പതിക്കുമ്പോള്‍ തനിഗുച്ചിക്ക് പ്രായം 16. സ്വകാര്യ കമ്പനിയില്‍ കത്തുകള്‍ എത്തിച്ചുകൊടുക്കുന്ന കൊറിയര്‍ ജീവനക്കാരനായിരുന്നു അയാള്‍. തോല്‍സഞ്ചിയില്‍ നിറവാര്‍ന്ന സന്ദേശങ്ങളുമായി സൈക്കിളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെയാണ് ശരീരത്തെ ജീവനോടെ പുഴുങ്ങുന്ന അതികഠിനമായ ചൂടനുഭവപ്പെട്ടത്. ആറ്റംബോംബ് വര്‍ഷിച്ച സ്ഥലത്തുനിന്ന് ഒന്നരക്കിലോമീറ്ററോളം അകലെയായിരുന്നു തനിഗുച്ചിയപ്പോള്‍. വേദന സഹിക്കാനാവാതെ സൈക്കിള്‍ ആഞ്ഞുചവിട്ടിയെങ്കിലും അന്തരീക്ഷത്തില്‍ അതിവേഗം പടര്‍ന്നുപിടിച്ച അത്യുഷ്ണംമൂലം ശരീരത്തിന്‍െറ പിന്‍ഭാഗം വെന്തുപോയിരുന്നു.

ഇപ്പോള്‍ ശരീരത്തിന്‍െറ പുറംഭാഗം ഏതാണ്ട് പൂര്‍ണമായും വ്രണംകൊണ്ട് മൂടിയിരിക്കുന്നു. മൂന്ന് വാരിയെല്ലുകള്‍ പകുതി അഴുകിയനിലയിലാണ്. ശ്വാസകോശത്തെയാണ് അത് ഏറെ ബാധിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സംസാരിക്കുമ്പോള്‍ ശ്വാസം വലിച്ചെടുക്കാന്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്. വ്രണങ്ങളില്‍നിന്ന് മണം പുറത്തുവരാതിരിക്കാനായി ഭാര്യ ഏതോ ഓയിന്‍റ്മെന്‍റുകള്‍ ഇടക്കിടെ പുരട്ടുന്നുണ്ട്. വേദന കടിച്ചമര്‍ത്തി പതിഞ്ഞ സ്വരത്തില്‍ ആ സംഭവം ഒരുവിധം പറഞ്ഞുനിര്‍ത്തി. ഒറ്റ ബോംബുകൊണ്ട് ലോകയുദ്ധം അവസാനിച്ചെങ്കിലും ഇനിയൊരിക്കലും തിരിച്ചുവരില്ളെന്ന ഉറപ്പ് ആര്‍ക്കും നല്‍കാനാവില്ല.

എങ്കിലും ഇത്തരമൊരു വേദന ആരും അനുഭവിക്കരുതെന്നാണ് പ്രാര്‍ഥന. ആണവായുധ നിരായുധീകരണ സംഘടനയുടെ പ്രവര്‍ത്തകനാണ് തനിഗുച്ചി. പ്രായാധിക്യത്തിനൊപ്പം അതികഠിനമായ വേദനകൂടി അനുഭവിക്കേണ്ടിവന്നതോടെ വീട്ടില്‍ മരണത്തെ കാത്തിരിക്കുകയാണീ നാഗസാക്കിയുടെ മൂകസാക്ഷി.

ഒറ്റക്കെട്ടായി നീങ്ങാന്‍ സി.പി.എം കേരള ഘടകത്തിന് പി.ബി നിര്‍ദേശം

Posted: 08 Aug 2015 06:57 PM PDT

Image: 
Subtitle: 
ഗ്രൂപ്പുപോര്: പി.ബി കമീഷന്‍ 'കട്ടപ്പുറത്ത്', എസ്.എന്‍.ഡി.പിയുടെ ബി.ജെ.പി ബാന്ധവം തുറന്നുകാട്ടും

ന്യൂഡല്‍ഹി: നിലവിലെ സാഹചര്യത്തില്‍ ഗ്രൂപ്പിസം മറന്ന് ഒറ്റക്കെട്ടായി പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സി.പി.എം സംസ്ഥാന ഘടകത്തിന് പി.ബി യോഗം നിര്‍ദേശം നല്‍കി. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ നിരന്തര പ്രക്ഷോഭം ആവിഷ്കരിക്കണം. ബി.ജെ.പി പക്ഷത്തേക്ക് ചായാനുള്ള എസ്.എന്‍.ഡി.പി നീക്കത്തിന്‍െറ അപകടം തുറന്നുകാട്ടി ഈഴവരെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താനുള്ള ഇടപെടലുകള്‍ക്കും കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തോട് നിര്‍ദേശിച്ചു.  

സംഘടനാ ദൗര്‍ബല്യം പരിഹരിക്കാന്‍ വിളിച്ച പ്ളീനത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ ചര്‍ച്ചക്കുവെക്കണമെന്ന ധാരണ രൂപപ്പെടുത്താനാണ് ശനിയാഴ്ച പാര്‍ട്ടി സെന്‍ററില്‍ യോഗം ചേര്‍ന്നത്. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നതിനാലും അരുവിക്കര തോല്‍വിക്ക് ശേഷമുള്ള പ്രതികൂല രാഷ്ട്രീയ സാഹചര്യം പരിഗണിച്ചും വിഭാഗീയതക്കിടയാക്കുന്ന വിഷയങ്ങള്‍ ഈ ഘട്ടത്തില്‍ പരിഗണിക്കേണ്ടതില്ളെന്നായിരുന്നു തീരുമാനം. അതിനാല്‍, സംസ്ഥാന ഘടകത്തിലെ വിഭാഗീയത പഠിക്കാനുള്ള പി.ബി കമീഷന്‍ പ്രവര്‍ത്തനം നീളുന്ന സാഹചര്യമാണുള്ളത്.

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി കേന്ദ്രനേതൃത്വം ശനിയാഴ്ച ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ പി.ബി കമീഷന്‍ വിഷയമായില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പും പ്ളീനവും കഴിയുന്നതിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് വരുമെന്നതിനാല്‍ അപ്പോഴും പി.ബി കമീഷന്‍ ഇടപെടലിന് സാധ്യത വിരളമാണ്. നവംബറില്‍ ചേരുന്ന പ്ളീനത്തിന് മുന്നോടിയായി പി.ബി കമീഷന്‍ യോഗം ചേരാനുള്ള സാധ്യതയും മങ്ങി.

 

നിലാക്കോഴിയും പൊരുന്നക്കോഴിയും

Posted: 08 Aug 2015 06:34 PM PDT

Image: 
Subtitle: 
നരേന്ദ്ര മോദിയുടെ രണ്ടു ദുരവസ്ഥകള്‍

വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനം അങ്ങനെ കുട്ടിച്ചോറായി. കഴിഞ്ഞ രണ്ടു സമ്മേളനങ്ങളില്‍ വിചിത്ര താരം രാഹുല്‍ ഗാന്ധിയായിരുന്നെങ്കില്‍ ഇക്കുറി നരേന്ദ്ര മോദിയാണ്. ഗോള്‍ പോസ്റ്റ് മാറി. പ്രതിപക്ഷത്തെ നയിക്കാന്‍ കെല്‍പില്ലാതെ രാജ്യം വിട്ടു മുങ്ങിയ രാഹുല്‍ ഗാന്ധിയുടെ ദുരവസ്ഥയെക്കുറിച്ച പരിഹാസമല്ല, 56 ഇഞ്ച് നെഞ്ചളവുള്ള നരേന്ദ്ര മോദിയുടെ ഊറ്റത്തെക്കുറിച്ചാണ് ഇപ്പോള്‍ പൊട്ടിച്ചിരി. ഈ സമ്മേളനകാലത്ത് സര്‍ക്കാര്‍ നടത്തിയെടുക്കാന്‍ മോഹിച്ചതൊക്കെ കട്ടപ്പുറത്ത്. പ്ളക്കാര്‍ഡും മുദ്രാവാക്യവുമായി ലോക്സഭയുടെ നടുത്തളത്തില്‍നിന്നവരും അല്ലാത്തവരുമായ 25 കോണ്‍ഗ്രസുകാരെ സ്പീക്കര്‍ ചെവിക്കുപിടിച്ചു പുറത്തേക്കു വിട്ടപ്പോള്‍, സഭാനടത്തിപ്പിന്‍െറ തന്ത്രം ഒരിക്കല്‍ക്കൂടി സര്‍ക്കാറിന് പിഴച്ചു. സഭക്കുള്ളില്‍ മുഴങ്ങിയതിനേക്കാള്‍ വീര്യത്തിലാണ് പ്രതിപക്ഷത്തിന്‍െറ പ്രതിഷേധം പുറത്തേക്ക് വ്യാപിച്ചത്. സഭ നടത്താതിരിക്കുന്ന പ്രതിപക്ഷ സമീപനത്തിന്‍െറ ശരിതെറ്റുകളേക്കാള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്, പ്രശ്നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ മാനേജര്‍മാര്‍ക്കുള്ള കഴിവില്ലായ്മയാണ്.

കലങ്ങിയത് പാര്‍ലമെന്‍റ് സമ്മേളനം മാത്രമല്ല. രണ്ടു ബി.ജെ.പി മുഖ്യമന്ത്രിമാരും വിദേശകാര്യ മന്ത്രിമാരും രാജി വെക്കണമെന്ന ആവശ്യം നടപ്പില്ളെങ്കിലും മോദിസര്‍ക്കാറിന്‍െറ പ്രതിച്ഛായ കലക്കുന്നതില്‍ പ്രതിപക്ഷം വിജയിച്ചു. ആം ആദ്മിക്കും പാവപ്പെട്ടവര്‍ക്കും എതിരാണ് ‘സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍’ എന്ന പ്രതീതിക്കൊപ്പം, വ്യവസായികള്‍ക്കും കടുത്ത നിരാശ. നിയമനിര്‍മാണങ്ങള്‍ക്കും അതിനൊത്ത ഭരണപരമായ തീരുമാനങ്ങള്‍ക്കും സര്‍ക്കാറിനുള്ള കെല്‍പ് ചോദ്യം ചെയ്യപ്പെടുന്ന മുഖംമാറ്റമാണ് വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനത്തോടെ ഉണ്ടായിരിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ നിയമം പഴയ രൂപത്തില്‍ പിന്തുടരാതെ രക്ഷയില്ളെന്നു വന്നു. അടുത്ത ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ കൊണ്ടുവരേണ്ട ചരക്കുസേവന നികുതി നിയമത്തിന്‍െറ ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കിയെടുക്കാനുള്ള വഴിയടഞ്ഞു. ‘ഇന്ത്യയില്‍ നിര്‍മിക്കാ’മെന്ന വാഗ്ദാന പദ്ധതി ഏറ്റെടുക്കാന്‍ വ്യവസായികളെ കിട്ടാത്ത ദുരവസ്ഥക്ക് പിന്നാലെയാണ് മോദിയുടെ കര്‍മശേഷി വ്യവസായ സമൂഹം ചോദ്യം ചെയ്തുതുടങ്ങിയത്. തൊഴില്‍നിയമ പരിഷ്കാരങ്ങള്‍ക്കെതിരെ ബി.എം.എസ് അടക്കം സകല ട്രേഡ് യൂനിയനുകളും ഒറ്റക്കെട്ട്. വ്യവസായികളുടെ കൈയടി കിട്ടാവുന്ന അജണ്ടകള്‍ വഴുതിപ്പോയി നിലാക്കോഴി പരുവത്തിലാണ് സര്‍ക്കാറിന്‍െറ നില്‍പ്.

യഥാര്‍ഥത്തില്‍ അതുതന്നെയാണ് വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനം മുടക്കിയ കോണ്‍ഗ്രസ് ലക്ഷ്യമിട്ടതെന്നും പറയാം. കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ എങ്ങനെയൊക്കെ ജനത്തിന് അനഭിമതരായി മാറിയോ, അതേ വഴികളിലൂടെ മോദിസര്‍ക്കാറിനെ ആട്ടിത്തെളിക്കുന്ന അജണ്ട, ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ ചാട്ടവാറിന്‍െറ  സഹായത്തോടെ കോണ്‍ഗ്രസ് ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. കോണ്‍ഗ്രസിന്‍െറ നാവില്‍ ഊറുന്നത് പ്രതികാരത്തിന്‍െറ മധുരമാണ്. 2ജി, കല്‍ക്കരി അഴിമതിക്കേസുകളുടെ കാലത്ത് കോണ്‍ഗ്രസ് നേരിട്ട പ്രതിസന്ധിയുടെ മറ്റൊരു പകര്‍പ്പാണ് മോദിയും ബി.ജെ.പിയും ഇപ്പോള്‍ അനുഭവിക്കുന്നത്. 2004ല്‍ സോണിയ ഗാന്ധി പ്രധാനമന്ത്രിയായേക്കുമെന്ന ഘട്ടം വന്നപ്പോള്‍ ‘വിദേശി’ നാടുഭരിച്ചാല്‍ തലമുണ്ഡനം ചെയ്ത് കാവിയുടുത്ത് രാഷ്ട്രീയ ജീവിതം മതിയാക്കി സന്യസിക്കാന്‍ പോകുമെന്ന് ഭീഷണിപ്പെടുത്തിയ സുഷമയുടെ കസേരയും പ്രതിച്ഛായ അപകടത്തിലാക്കിയതിലും ആ പകരംവീട്ടല്‍ തെളിഞ്ഞു കത്തുന്നുണ്ട്. ഭരണപരവും നയപരവുമായ സ്തംഭനാവസ്ഥ കൊണ്ട് ജനത്തിനെന്തു ഗുണമെന്ന കാര്യം ഇതിനിടയില്‍ ശബ്ദം നഷ്ടപ്പെട്ട ചോദ്യമാണ്. എങ്കിലും കേവല ഭൂരിപക്ഷത്തിന്‍െറ അഹങ്കാരം കൊണ്ട് തുടങ്ങിവെച്ച വികല പരിഷ്കാരങ്ങള്‍ക്ക് മൂക്കുകയര്‍ വീഴുന്നെങ്കില്‍, അതാണ് പൊതുസമൂഹത്തിന് കിട്ടുന്ന ഗുണം.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി ഒറ്റക്ക് കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നതിന് നിമിത്തമായത് പ്രധാനമായും നാലു കാര്യങ്ങളാണ്. കൊടികുത്തിയ അഴിമതിയും തലതിരിഞ്ഞ പരിഷ്കാരങ്ങളുമാണ് ഒന്നാം നമ്പര്‍ വിഷയമായത്. സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് ജനത്തിന് ആശ്വാസം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട്, ജനം വിലക്കയറ്റ കെടുതിയില്‍പെട്ടത് രണ്ടാമത്തെ കാരണം. അധികാരം പിടിക്കാന്‍ ആര്‍.എസ്.എസ് സംഘടിത പ്രവര്‍ത്തനം നടത്തിയതും വ്യവസായികള്‍ മോദിയുടെ നേതൃത്വത്തെ എല്ലാ നിലക്കും സഹായിച്ചതുമാണ് മറ്റൊരു കാരണം. വര്‍ഗീയതയുടെ കാവിക്കാറ്റില്‍ ഹിന്ദുത്വം ഹരം കൊള്ളുകയും മാറ്റത്തിനായി യുവാക്കള്‍ കൊതിക്കുകയും ചെയ്തു. വന്‍കിട മാറ്റങ്ങള്‍ താന്‍ ഉണ്ടാക്കാന്‍ പോകുന്നുവെന്ന് വേദികള്‍ തോറും പ്രലോഭിപ്പിച്ച മോദിയെക്കുറിച്ച കിനാവുകള്‍ പക്ഷേ, പൊലിഞ്ഞത് പെട്ടെന്നാണ്. ചെങ്കോലും പേരെഴുതിയ സ്വര്‍ണനൂല്‍ കോട്ടുമായി അഹങ്കരിക്കുന്ന മോദി വലുതായിട്ടൊന്നും സംഭാവന ചെയ്യാന്‍ പോകുന്നില്ളെന്ന അതൃപ്തിയാണ് നിറഞ്ഞുനില്‍ക്കുന്നത്. അത് പാര്‍ലമെന്‍റ് സമ്മേളനത്തോടെ ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതിലാണ് പ്രതിപക്ഷ ശ്രദ്ധ.

നരേന്ദ്ര മോദിക്ക് ഭരിക്കാന്‍ കിട്ടിയതിന്‍െറ നാലിലൊന്നു സമയം തീര്‍ന്നു. ഭരണമാറ്റത്തിന്‍െറ നല്ല ഫലങ്ങളൊന്നും ഇതിനിടയില്‍ കണ്ടില്ല. അധികാരം കിട്ടിയതിന്‍െറ ഹണിമൂണ്‍ കാലത്തെ ശുചിത്വ ഭാരതം മുതല്‍ മേക് ഇന്‍ ഇന്ത്യ വരെയുള്ള പരിപാടികള്‍ പൊളിഞ്ഞു നാനാവിധമായി. ജനാധിപത്യത്തില്‍ ഹണിമൂണിന് അനുവദിച്ചു കിട്ടുന്ന കാലം കുറവാണ്. എന്നിട്ടും പരമാവധി കാലാവധി നരേന്ദ്ര മോദി നീട്ടിയെടുത്തു. ചെയ്യാനുള്ള പ്രധാന ഉത്തരവാദിത്തങ്ങള്‍ മറന്ന് സ്റ്റേജ് മാനേജരായിത്തന്നെ തുടര്‍ന്നു. കേവല ഭൂരിപക്ഷം, അഹങ്കാരിക്കാനുള്ള ഒന്നായി മോദിയും ബി.ജെ.പിയും കണ്ടു. മോദിയുടെ കരുത്തിനെക്കുറിച്ച ഊതിപ്പെരുപ്പിച്ച കാഴ്ചപ്പാടുകള്‍ സ്വന്തം അണികള്‍ക്കിടയില്‍ തന്നെ പൊലിയുകയാണ്. വിലക്കയറ്റം നേരിടുന്നതിലും ജനാഭിമുഖ്യ നടപടികളിലുമൊക്കെ കോണ്‍ഗ്രസിനേക്കാള്‍ വീര്യത്തോടെ ജനത്തെ തളര്‍ത്താന്‍ മോദിസര്‍ക്കാര്‍ മത്സരിക്കുന്നുവെന്നാണ് 15 മാസത്തെ തിരിച്ചറിവുകള്‍. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ കടുംപിടിത്തം പ്രയോജനപ്പെടുത്തി, മോദിസര്‍ക്കാറിന്‍െറ ആം ആദ്മി-കര്‍ഷക വിരുദ്ധ സമീപനം തുറന്നു കാട്ടുകയാണ് പ്രതിപക്ഷം. മോദി സ്വയം തീര്‍ത്ത കവചത്തില്‍ കഴിയുമ്പോള്‍ത്തന്നെ, സംസ്ഥാനങ്ങളില്‍ ബി.ജെ.പി മുഖ്യമന്ത്രിമാര്‍ ദുര്‍ബലരായി മാറുകയും ചെയ്തിരിക്കുന്നു.

ഏതു സര്‍ക്കാറിനും ആദ്യത്തെ രണ്ടു വര്‍ഷങ്ങളാണ് കുതിപ്പിനുള്ള ചാന്‍സ്. അതിന്‍െറ കരുത്തിലാണ് അടുത്ത തെരഞ്ഞെടുപ്പിലേക്ക് സര്‍ക്കാറിനെയും പാര്‍ട്ടിയേയും സജ്ജമാക്കുന്നത്. പക്ഷേ, കിട്ടിയ ജനപിന്തുണയില്‍ തെറ്റിദ്ധരിക്കുകയും അഹങ്കരിക്കുകയും ചെയ്ത നരേന്ദ്ര മോദിക്ക് ആദ്യ രണ്ടുവര്‍ഷങ്ങളുടെ മുക്കാല്‍പങ്ക്  പാഴാവുകയൂം കാലിടറുകയും ചെയ്തിരിക്കുന്നു. ലോക്സഭയില്‍നിന്ന് ഭിന്നമായി രാജ്യസഭയില്‍ ഭൂരിപക്ഷമുള്ള പ്രതിപക്ഷത്തിന്‍െറ ഐക്യം മോദിയുടെ കണക്കുകൂട്ടലുകള്‍ തകിടം മറിക്കുകയാണ്. ഭൂമി, ജി.എസ്.ടി ബില്ലുകളുടെ ഗതി അതാണ് വിളിച്ചുപറയുന്നത്. പാര്‍ലമെന്‍റില്‍ സമവായ ശൈലി  ഉണ്ടായിരുന്നെങ്കില്‍ ജി.എസ്.ടി ബില്‍ പാസാക്കാന്‍ കഴിയാത്ത സ്ഥിതി വരില്ലായിരുന്നു. ഒട്ടുമിക്ക പാര്‍ട്ടികള്‍ക്കും ജി.എസ്.ടിയോട് ചില്ലറ വ്യവസ്ഥകളുടെ കാര്യത്തില്‍ മാത്രമാണ് വിയോജിപ്പ്. പക്ഷേ, പ്രതിപക്ഷത്തെ ലോക്സഭയില്‍ നേരിടുന്ന രീതിക്ക് രാജ്യസഭയില്‍ അവര്‍ കണക്കു തീര്‍ക്കുമ്പോള്‍ സര്‍ക്കാറിന് വെള്ളം കുടിക്കാതെ വയ്യ. ജഡ്ജി നിയമനത്തില്‍ കൊളീജിയം സമ്പ്രദായം മാറ്റി പ്രത്യേക കമീഷന്‍ രൂപവത്കരിക്കാനുള്ള ബില്‍ ഏറെ തര്‍ക്കങ്ങള്‍ക്ക് സാധ്യതയുള്ളതായിരുന്നു. മോദിക്കു മുമ്പില്‍ പ്രതിപക്ഷം അന്തിച്ചുനിന്ന ആദ്യമാസങ്ങളില്‍ അനായാസമായി ഈ ബില്‍ സര്‍ക്കാര്‍ പാസാക്കി. അതേസമയം, ജി.എസ്.ടി ബില്‍ കുടുങ്ങിപ്പോവുകയും ചെയ്തിരിക്കുന്നു. സഭാനടത്തിപ്പില്‍ സര്‍ക്കാര്‍ പരാജയമായി മാറിയതിന് ഇതില്‍പരം ഉദാഹരണം വേണ്ട.

സര്‍ക്കാറിന്‍െറ കര്‍മശേഷി പ്രകടമാക്കേണ്ട ആദ്യത്തെ രണ്ടു വര്‍ഷങ്ങളില്‍ കുതിപ്പ് നഷ്ടപ്പെട്ട  സര്‍ക്കാറിന് ഇനിയുള്ള കാലത്ത് കരുത്തുകാട്ടാന്‍ പ്രയാസമായിരിക്കും. പൊരുന്നക്കോഴി പരുവത്തില്‍ മുന്നോട്ടു പോകുന്നതാണ് അതിന്‍െറ സ്വാഭാവിക പരിണതി. മന്‍മോഹന്‍സിങ് സര്‍ക്കാറിന് സംഭവിച്ചത് മറ്റൊന്നല്ല. 2019ലെ രണ്ടാമൂഴം വഴി 10 വര്‍ഷത്തെ ഭരണമെന്ന മോദിയുടെ സ്വപ്നം അകാലത്തില്‍ പൊലിയുന്ന ലക്ഷണം തെളിയുന്നത് അവിടെയാണ്. അതിന്‍െറ പേരില്‍  അഹങ്കരിക്കാന്‍ 44 സീറ്റിലേക്ക് ഒതുങ്ങിയ കോണ്‍ഗ്രസിനോ, ഇതര പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ കെല്‍പ് ആയിട്ടുണ്ടോ എന്ന ചോദ്യമാണ് അതിനൊപ്പം ബാക്കിയാവുക. മോദിയെ വളര്‍ത്തുന്നതില്‍ വര്‍ഗീയതയുടെ കര്‍മശേഷി വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ, കാല്‍ച്ചുവട്ടിലെ മണ്ണ് ഇളകുന്ന സന്ദര്‍ഭത്തില്‍ പുറത്തെടുക്കാന്‍ സാധ്യതയുള്ള ആ കര്‍മശേഷിയെ ഇതിനെല്ലാമിടയില്‍ ഭയപ്പെടാതെ വയ്യ.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP