സ്വാഗതം
WELCOME

News Update..

Monday, December 31, 2012

മഅ്ദനിയുടെ ആരോഗ്യനില: കര്‍ണാടകയോട് പുതിയ മെഡിക്കല്‍ റിപോര്‍ട്ട് ആവശ്യപ്പെടും Madhyamam News Feeds

മഅ്ദനിയുടെ ആരോഗ്യനില: കര്‍ണാടകയോട് പുതിയ മെഡിക്കല്‍ റിപോര്‍ട്ട് ആവശ്യപ്പെടും Madhyamam News Feeds

Link to

മഅ്ദനിയുടെ ആരോഗ്യനില: കര്‍ണാടകയോട് പുതിയ മെഡിക്കല്‍ റിപോര്‍ട്ട് ആവശ്യപ്പെടും

Posted: 30 Dec 2012 10:27 PM PST

Image: 

തിരുവനന്തപുരം: പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനില സംബന്ധിച്ച് കര്‍ണാടക സര്‍ക്കാരിനോട് പുതിയ മെഡിക്കല്‍ റിപോര്‍ട്ട് ആവശ്യപ്പെടും. മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മഅ്ദനിക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗത്തില്‍ ധാരണയായി. മുഖ്യമന്ത്രിക്ക് പുറമെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ സംബന്ധിച്ചു.

മഅ്ദനിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ഇല്ലെങ്കില്‍ കേരളത്തിലെ ജയിലിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത പി.ഡി.പി നേതാവ് പൂന്തുറ സിറാജ് ആവശ്യപ്പെട്ടു.

മഅ്ദനിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. നിരവധി സംഘടനകള്‍ നിവേദനവുമായി സര്‍ക്കാറിനെ സമീപിച്ചു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാന്‍ തുടങ്ങുന്നത്. ജനുവരി മൂന്നിന് കര്‍ണാടക മുഖ്യമന്ത്രിയുമായി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മഅ്ദനിയുടെ ജാമ്യം, ചികിത്സ തുടങ്ങിയവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും.
 

ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഇറങ്ങിപ്പോകണം- വി.എസ്‌

Posted: 30 Dec 2012 09:43 PM PST

Image: 

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ നയങ്ങളാണ് വിലക്കയറ്റത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. വിലക്കയറ്റത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ എല്‍.ഡി.എഫ് നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇറങ്ങിപോകുകയാണ് വേണ്ടതെന്നും വി.എസ് പറഞ്ഞു.

തമ്മില്‍ തല്ലുന്ന കോണ്‍ഗ്രസിന് വിലക്കയറ്റം നിയന്ത്രിക്കാന്‍ സമയമില്ല. കേരളത്തിന് ആവശ്യമായ റേഷന്‍ സാധനങ്ങള്‍ വീഴ്ച കൂടാതെ എത്തിക്കാമെന്ന് ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ കാലത്തു തന്നെ കേന്ദ്രം ഉറപ്പു നല്‍കിയതാണ്. കാലാകാലങ്ങളില്‍ സംസ്ഥാനം ഇത് കണക്കുപറഞ്ഞ് വാങ്ങാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്നും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ നിസംഗത പുലര്‍ത്തുകയാണ്. വിലക്കയറ്റം തടഞ്ഞില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.  

രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് ഉപവാസം. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, സി. ദിവാകരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, മാത്യു ടി.തോമസ്, പി.സി.തോമസ്, എന്‍.കെ പ്രേമചന്ദ്രന്‍,  തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
              

 

സ്ഥാനാരോഹണത്തിന്‍െറ ഏഴാം വാര്‍ഷികം: ശൈഖ് മുഹമ്മദ് തൊഴിലാളികള്‍ക്കൊപ്പം

Posted: 30 Dec 2012 09:26 PM PST

Image: 

ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ദുബൈയുടെ ഭരണാധികാരം ഏറ്റെടുത്തതിന്‍െറ ഏഴാം വാര്‍ഷികം തൊഴിലാളികള്‍ക്കൊപ്പം ചെലവഴിക്കുന്നു. എല്ലാ മേഖലകളിലും യു.എ.ഇയുടെ, പ്രത്യേകിച്ച് ദുബൈയുടെ പുരോഗതിക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കുകയും തികഞ്ഞ ആത്മാര്‍ഥതയോടെ രാജ്യത്തെ സേവിക്കുകയും ചെയ്ത തൊഴിലാളികള്‍ക്കൊപ്പമാണ് താനെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ആഘോഷ ചടങ്ങുകള്‍ നടത്തരുതെന്ന് നിര്‍ദേശിച്ച അദ്ദേഹം, ഇതിനുപകരം ദുബൈയിലെ എല്ലാ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും മറ്റും സ്ഥാനാരോഹണ ദിനമായ ജനുവരി നാലിന് തൊഴിലാളികള്‍ക്ക് പരമാവധി ആനുകൂല്യങ്ങളും സഹായങ്ങളും സമ്മാനങ്ങളും നല്‍കണമെന്ന് നിര്‍ദേശിച്ചു. ട്വിറ്ററിലൂടെയാണ് ശൈഖ് മുഹമ്മദ് ഈ സന്ദേശം നല്‍കിയത്. കഴിഞ്ഞ വര്‍ഷം അദ്ദേഹം അനാഥര്‍ക്കൊപ്പമായിരുന്നു.
‘വീട്ടുവേലക്കാര്‍, സെക്യൂരിറ്റി ജീവനക്കാര്‍, പൊതു ഗതാഗത ഡ്രൈവര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, പൂന്തോട്ട ജോലിക്കാര്‍, നിര്‍മാണത്തൊഴിലാളികള്‍, ഓഫിസുകളില്‍ സഹായികളായി ജോലി ചെയ്യുന്നവര്‍, മറ്റു വിവിധ വിഭാഗങ്ങളിലെ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ഞാന്‍ ഈ വര്‍ഷത്തെ സ്ഥാനാരോഹണ ദിനം സമര്‍പ്പിക്കുന്നു. ഇങ്ങനെ ചെയ്യാന്‍ എല്ലാവരോടും ആവശ്യപ്പെടുന്നു’-അദ്ദേഹം പറഞ്ഞു.
‘തൊഴിലാളികളില്‍ പലരും നീണ്ട വര്‍ഷങ്ങളായി ഇവിടെ ജീവിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്നു. വീട്ടുവേലക്കാരും സെക്യൂരിറ്റി ജീവനക്കാരും നിര്‍മാണത്തൊഴിലാളികളും ഉള്‍പ്പെടുന്നവര്‍ നമ്മുടെ സമൂഹത്തില്‍ സജീവ സാന്നിധ്യമാണ്. അതിനാല്‍, ഈ അവസരത്തില്‍ അവര്‍ പ്രത്യേക നന്ദിയും അനുമോദനവും അര്‍ഹിക്കുന്നു. നമ്മുടെ ഈ വര്‍ഷത്തെ ആഘോഷം അവര്‍ക്കൊപ്പമാകണം. നമ്മുടെ ജീവിതം ഏറെ മെച്ചപ്പെട്ട രീതിയില്‍ എത്തിച്ചതിന് അവര്‍ ഏറെ ബഹുമാനം അര്‍ഹിക്കുന്നു’-ട്വിറ്റര്‍ സന്ദേശത്തില്‍ ശൈഖ് മുഹമ്മദ് പറഞ്ഞു.
‘തൊഴിലാളികളോട് നല്ല രീതിയില്‍ പെരുമാറുക, ദയയും സ്നേഹവും കാണിക്കുക തുടങ്ങിയ കാര്യങ്ങള്‍ നമ്മുടെ സമൂഹത്തിന്‍െറ ഉയര്‍ന്ന മൂല്യങ്ങളെ മാത്രമല്ല പ്രതിഫലിപ്പിക്കുന്നത്. അവര്‍ നല്‍കുന്ന മികച്ച സേവനങ്ങളെ അംഗീകരിക്കുകയെന്ന ഇസ്ലാമിക തത്ത്വങ്ങളുടെ പ്രതിഫലനം കൂടിയാണ്’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥാനാരോഹണത്തിന്‍െറ ഏഴാം വാര്‍ഷികത്തില്‍ എല്ലാവരും തൊഴിലാളികളെ ആദരിക്കുകയും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ഇതിന്‍െറ ഫോട്ടോകള്‍ ട്വിറ്ററിലും മറ്റു സോഷ്യല്‍ മീഡിയകളിലും പോസ്റ്റ് ചെയ്യാനും തന്‍െറ അക്കൗണ്ടില്‍ (@HHShkMohd) ഷെയര്‍ ചെയ്ത് നമ്മുടെ സമൂഹത്തിന്‍െറ ദയ, കാരുണ്യം, സ്നേഹം തുടങ്ങിയ ഗുണങ്ങള്‍ പ്രചരിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
 

ചാവെസിന്റെ ആരോഗ്യനില 'കൂടുതല്‍ സങ്കീര്‍ണ'മായതായി വൈസ് പ്രസിഡന്റ്

Posted: 30 Dec 2012 09:20 PM PST

Image: 

കാറക്കസ്: ക്യൂബയില്‍ അര്‍ബുദ ചികിത്സയില്‍ കഴിയുന്ന വെനസ്വേലന്‍ പ്രസിഡന്റ് ഊഗോ ചാവെസിന്റെ നില കൂടുതല്‍ സങ്കീര്‍ണമായതായി വൈസ് പ്രസിഡന്റ് നിക്കോളസ് മദുരോ അറിയിച്ചു. അര്‍ബുദ രോഗത്തിന് നടത്തിയ നാലാമത്തെ ശസ്ത്രക്രിയക്കു ശേഷമാണ് ചാവെസിന്റെ നില കൂടുതല്‍ വഷളായതെന്ന് അദ്ദേഹം പറഞ്ഞു. ടെലിവിഷനിലൂടെയാണ് മദുരോ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ചാവെസിന്റെ നാലാം ശസ്ത്രക്രിയ ഡിസംബര്‍ 11നാണ് ക്യൂബയില്‍ നടന്നത്. ഇതിനു ശേഷം ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ മദുരോ തയ്യാറായില്ല.

2011 ജൂണിലാണ് ചാവേസിന് അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്. 1999 മുതല്‍ വെനസ്വേലയിലെ ഭരണാധിപനായ ചാവെസ് ഒക്‌ടോബറില്‍ നടന്ന തെരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു.
 

ജാബിര്‍ സ്റ്റേഡിയം പൂര്‍ണസജ്ജം; ഉദ്ഘാടനം ഫെബ്രുവരിയില്‍

Posted: 30 Dec 2012 09:09 PM PST

Image: 

കുവൈത്ത് സിറ്റി: ഗള്‍ഫ് മേഖലയിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നായ ജാബിര്‍ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിന്‍െറ ഉദ്ഘാടനം അടുത്ത ഫെബ്രുവരിയില്‍ അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്വബാഹ് നിര്‍വഹിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍, യുവജനകാര്യമന്ത്രി ശൈഖ് സല്‍മാന്‍ സ്വബാഹ് സാലിം അല്‍ ഹമൂദ് അസ്വബാഹ് അറിയിച്ചു. വിവിധ മന്ത്രിമാരൊടൊപ്പം സ്റ്റേഡിയം ചുറ്റിക്കണ്ട ശേഷം കുവൈത്ത് ന്യൂസ് ഏജന്‍സിയോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പ്രാദേശിക മത്സരങ്ങള്‍ക്ക് പുറമെ രാജ്യാന്തര നിലവാരത്തിലുള്ള മല്‍സരങ്ങള്‍ നടത്തുന്നതിനും ഇപ്പോള്‍ സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. രാജ്യത്തിന് അഭിമാനമായ നിലയില്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതില്‍ അശ്രാന്ത പരിശ്രമം നടത്തിയ തദ്ദേശീയരും അല്ലാത്തവരുമായ എഞ്ചിനീയര്‍മാരെയും ഉദ്യേഗസ്ഥരെയും തൊഴിലാളികളെയും മന്ത്രി അഭിനന്ദിച്ചു.  ഈ വര്‍ഷാവസാനത്തോടെ തന്നെ സ്റ്റേഡിയം പദ്ധതി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
2005ല്‍ അര്‍ദിയയില്‍ നിര്‍മാണമാരംഭിച്ച ശൈഖ് ജാബിര്‍ സ്റ്റേഡിയ നിര്‍മാണം 2009ല്‍ ഏറക്കുറെ പൂര്‍ത്തിയായിരുന്നു. അതോടെ സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും അനുബന്ധ ജോലികള്‍ പലതും പൂര്‍ത്തീകരിക്കാനുള്ളതുകൊണ്ടാണ് ഔദ്യാഗിക ഉദ്ഘാടനം നീണ്ടത്. നാലു തട്ടുകളായി നിര്‍മിച്ചിരിക്കുന്ന സ്റ്റേഡിയത്തിലെ ഗാലറിയില്‍ 68,000 പേര്‍ക്കിരിക്കാം.
54 കോര്‍പറേറ്റ് ബോക്സുകളുമുള്ള സ്റ്റേഡിയത്തോടനുബന്ധിച്ച് 6,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ധനകാര്യമന്ത്രി മുസ്തഫ അല്‍ ശിമാലി, മുനിസിപ്പല്‍ കാര്യമന്ത്രി മുഹമ്മദ് അല്‍ അബ്ദുല്ല അല്‍ മുബാറക് അസ്വബാഹ്, പാര്‍ലമെന്‍ററികാര്യമന്ത്രി റോള ദശ്തി, ആരോഗ്യമന്ത്രി ഡോ. മുഹമ്മദ് ബര്‍റാക് അല്‍ ഹൈഫി എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റു മന്ത്രിമാര്‍.
 

മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു

Posted: 30 Dec 2012 09:05 PM PST

Image: 

മസ്കത്ത്: രാജ്യത്തെ വിവിധ മുനിസിപ്പാലിറ്റി കൗണ്‍സിലുകളുടെയും ചെയര്‍മാന്‍മാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മസ്കത്ത്, ദോഫാര്‍ മുനിസിപ്പാലിറ്റികളുടെ നിലവിലെ ചെയര്‍മാന്‍മാരും മറ്റിടങ്ങളില്‍ ഗവര്‍ണറര്‍മാരുമാണ് മുനിസിപ്പാലിറ്റി കൗണ്‍സില്‍ ചെയര്‍മാനായി ചുമതലേറ്റത്. മസ്കത്തില്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എഞ്ചിനീയര്‍ സുല്‍ത്താന്‍ ബിന്‍ ഹംദൂന്‍ ബിന്‍ സെയ്ഫ് ആല്‍ഹാര്‍ത്തി ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ സൗദ് ആല്‍ബുസൈദിക്ക് മുന്നില്‍ പ്രതിജ്ഞ ചൊല്ലി. മുനിസിപ്പല്‍ മേധാവി ശൈഖ് സലിം ബിന്‍ ഉഫൈത് അല്‍ഷന്‍ഫാരി ദോഫാര്‍ ഗവര്‍ണറും സ്റ്റേറ്റ് മന്ത്രിയുമായ സയ്യിദ് മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ ആല്‍ബുസൈദിക്ക് മുന്നിലാണ് പ്രതിജ്ഞയെടുത്തത്.  
മറ്റു ഗവര്‍ണര്‍മാര്‍ ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ബുസൈദിക്ക് മുന്നിലാണ് പ്രതിഞ്ജ ചൊല്ലിയത്. വടക്കന്‍ ശര്‍ഖിയ ഗവര്‍ണര്‍ ശൈഖ് യഹ്യ ബിന്‍ ഹമൂദ് ബിന്‍ ഹമദ് അല്‍മഅ്മറി, മുസന്തം ഗവര്‍ണര്‍ സയ്യിദ് ഖലീഫ ബിന്‍ അല്‍ മുര്‍ദാസ് ബിന്‍ അഹമ്മദ് ആല്‍ബുസൈദി, ബുറൈമി ഗവര്‍ണര്‍ സയ്യിദ് ഇബ്രാഹിം ബിന്‍ സഈദ് ബിന്‍ ഇബ്രാഹിം ആല്‍ബുസൈദി, ദാഖിലിയ ഗവര്‍ണര്‍ ശൈഖ് ഡോ. ഖലീഫ ബിന്‍ ഹമദ് ബിന്‍ ഹിലാല്‍ ആല്‍സഅ്ദി, വടക്കന്‍ ബാതിന ഗവര്‍ണര്‍ ശൈഖ് മുഹാന ബിന്‍ സൈഫ് ബിന്‍ സലിം അല്‍ലംകി, തെക്കന്‍ ബാതിന ഗവര്‍ണര്‍ ശൈഖ് ഹിലാല്‍ ബിന്‍ സഈദ് ബിന്‍ ഹംദാന്‍ അല്‍ഹജ്രി, തെക്കന്‍ ശര്‍ഖിയ ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ മുസ്തഹൈല്‍ ബിന്‍ സലിം ശമ്മാസ്, ദാഹിറ ഗവര്‍ണര്‍ ശൈഖ് സൈഫ് ബിന്‍ ഹാമിയര്‍ ബിന്‍ മുഹമ്മദ് അല്‍ശൂഹി, വുസ്ത ഗവര്‍ണര്‍ ശൈഖ് മുതഹിദ് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ യഅ്ഖൂബി എന്നിവരും സത്യപ്രതിഞ്ജ ചെയ്തു. മുഴുവന്‍ കൗണ്‍സിലുകളും രൂപവത്കരിച്ച ശേഷം ഡെപ്യൂട്ടി ചെയര്‍മാന്‍മാരെ തെരഞ്ഞെടുക്കും.

സൗദി നയതന്ത്ര ഉദ്യോഗസ്ഥനെ വധിച്ച ബംഗ്ളാദേശികള്‍ക്ക് വധശിക്ഷ

Posted: 30 Dec 2012 09:01 PM PST

Image: 

റിയാദ്: ബംഗ്ളാദേശിലെ സൗദി എംബസി അണ്ടര്‍ സെക്രട്ടറിയായിരുന്ന ഖലഫ് അല്‍അലിയെ വധിച്ച കേസിലെ അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് ബംഗ്ളാദേശ് കോടതി ഉത്തരവായി. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് 45 കാരനായ ഖലഫിനെ ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയിലെ നയതന്ത്രകാര്യാലയങ്ങളുടെ സമീപം വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യമായി നടന്ന നയതന്ത്ര പ്രതിനിധിയുടെ വധം നാടിനെ ഞെട്ടിച്ചിരുന്നു. കൊള്ളയടിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് ഖലഫിനെ സംഘം കൊലപ്പെടുത്തിയതെന്ന് ജഡ്ജി മുഹമ്മദ് മുത്വഹിര്‍ ഹുസൈന്‍ കുറ്റപത്രത്തില്‍ വായിച്ചു. കൊലപ്പെടുത്തിയ സംഘത്തില്‍ ആറു പേരുണ്ടായിരുന്നു. ഒരാളെ ഇനിയും പിടികിട്ടാനുണ്ട്.
നയതന്ത്ര പ്രതിനിധിയുടെ ഘാതകര്‍ക്ക് വധശിക്ഷ നല്‍കിയതിലൂടെ ബംഗ്ളാദേശ് കോടതിയില്‍നിന്ന് നീതി ലഭിച്ചതില്‍ സൗദി വിദേശകാര്യ സഹമന്ത്രി അമീര്‍ ഖാലിദ് ബിന്‍ സുഊദ് സംതൃപ്തി രേഖപ്പെടുത്തി. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷിബന്ധം ഇതിലൂടെ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കാലവിളംബം കൂടാതെ ഖലഫിന്‍െറ ഘാതകരെ പിടികൂടാനും ശിക്ഷ വിധിക്കാനും നടത്തിയ ശ്രമങ്ങള്‍ക്ക് ശക്തി പകര്‍ന്ന ബംഗ്ളാദേശിലെ സൗദി നയതന്ത്ര പ്രതിനിധികളെ അദ്ദേഹം അനുമോദിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ശക്തമായ ഉഭയകക്ഷി ബന്ധമാണ് നിലനിന്നിരുന്നത്. അടുത്തകാലം വരെ ബംഗ്ളാദേശ് തൊഴിലാളികളുടെ കുത്തൊഴുക്കുണ്ടായിരുന്ന സൗദി തൊഴില്‍മേഖലയില്‍ സുരക്ഷാസംബന്ധമായ കാരണങ്ങളാല്‍ പിന്നീട് പുതിയ വിസകള്‍ ഇഷ്യുചെയ്യുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം ഇപ്പോഴും തുടരുകയാണ്.
 

ജി.സി.സി ഉച്ചകോടി തീരുമാനങ്ങള്‍ സ്വാഗതം ചെയ്തു

Posted: 30 Dec 2012 08:57 PM PST

Image: 

മനാമ: 33ാമത് ജി.സി.സി ഉച്ചകോടി തീരുമാനങ്ങള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം സ്വാഗതം ചെയ്തു. ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ അധ്യക്ഷത വഹിച്ചു. ബഹ്റൈനില്‍ സംഘടിപ്പിച്ച  ഉച്ചകോടി അതിന്‍െറ മുഴുവന്‍ അര്‍ഥത്തിലും വിജയകരമായതായി മന്ത്രിസഭ വിലയിരുത്തി. ഉച്ചകോടിക്ക് സമാപനം കുറിച്ചുകൊണ്ടുള്ള സഖീര്‍ പ്രഖ്യാപനം ജി.സി.സി രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ സുദൃഢമായ സഹകരണത്തിനും ബന്ധത്തിനും ആഹ്വാനം നല്‍കുന്നതായിരുന്നു. സംയുക്ത സുരക്ഷാ കരാര്‍ ഇതില്‍ വളരെ പ്രധാനമായിരുന്നു. സംയുക്ത സൈനിക നേതൃത്വം, സാമ്പത്തിക രംഗത്തെ ഗുണകരമായ നടപടികള്‍ എന്നിവ സ്വാഗതാര്‍ഹമായ തീരുമാനങ്ങളാണെന്ന് മന്ത്രിസഭ വിലയിരുത്തി.
രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സുരക്ഷാ രംഗത്തെ മാറിവരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുവാനും കൂട്ടായ തീരുമാനങ്ങളെടുക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ ജി.സി.സി നേതൃത്വത്തിലുള്ള ഭരണാധികാരി കിംഗ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ കാഴ്ച്ചപ്പാടുകളും ശക്തമായ ഇഛാശക്തിയും ഉച്ചകോടിയെ വിജയത്തിലെത്തിച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പുതിയ വര്‍ഷത്തേക്ക് പ്രവേശിക്കുന്ന സാഹചര്യത്തില്‍ എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍ നേരുകയും നന്മയുടെയും സമാധാനത്തിന്‍െറയും പാതയിലൂടെ ലോകത്തിന് പുതിയ മുന്നേറ്റം നടത്താന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ജി.സി.സി വികസന സഹായ പദ്ധതിയുടെ ഭാഗമായി സൗദിയുടെ പ്രത്യേക സഹായം ബഹ്റൈനിലെ ആറ് പദ്ധതികള്‍ക്ക് ലഭ്യമാകുന്നതിനെ കാബിനറ്റ് സ്വാഗതം യെ്തു. പദ്ധതികളുടെ കരാറിലൊപ്പിടാനും എത്രയും വേഗം നടപ്പിലാക്കാനും സാധിക്കട്ടെയെന്ന് ആശംസിച്ചു. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ ദയാവായ്പും ബഹ്റൈന് നല്‍കിക്കൊണ്ടിരിക്കുന്ന പ്രത്യേക പരിഗണനയും അങ്ങേയറ്റം നന്ദിയോടെ സ്മരിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
മാര്‍ക്കറ്റുകളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പരമ്പരാഗത മാര്‍ക്കറ്റുകളില്‍ സുരക്ഷാ കാമറകള്‍ സ്ഥാപിക്കാനും അവിടെയെത്തുന്നവര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താനും സാധിക്കണം. സിവില്‍ ഡിഫന്‍സ് വിഭാഗവുമായി സഹകരിച്ച് സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിര്‍ദേശിച്ചു. ഈസ ടൗണിലെ പരമ്പരാഗത മാര്‍ക്കറ്റ് കത്തി നശിച്ച പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വെച്ച നിര്‍ദേശം പരിഗണിച്ചാണ് പ്രധാനമന്ത്രി ഇതിന് നിര്‍ദേശം നല്‍കിയത്. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് ലേബര്‍ ക്യാമ്പുകള്‍ പരിശോധിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. മുനിസിപ്പാലിറ്റികളില്‍ നിന്നുള്ള പ്രത്യേക കമ്മിറ്റിയായിരിക്കും ലേബര്‍ ക്യാമ്പുകള്‍ പരിശോധിച്ച് സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. അപകടകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിക്കുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പവരുത്തലുമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇത് നടപ്പാക്കുന്നതായിനായി ആഭ്യന്തര മന്ത്രിക്ക് കീഴില്‍ പ്രത്യേക ഉപസമിതി രൂപവത്കരിക്കും. മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവയില്‍ നിന്നുള്ള പ്രതിനിധികളും കമ്മിറ്റിയിലുണ്ടാവും.
തൊഴിലാളികളെ താമസിപ്പിച്ചിട്ടുള്ള ഇടങ്ങള്‍ അതിനായി ഒരുക്കിയിട്ടുള്ളതാണോയെന്നും നിര്‍ണിത സ്ഥലങ്ങളില്‍ തന്നെയാണോ ഉള്ളതെന്നും സുരക്ഷാ നിയമങ്ങള്‍ കെട്ടിടങ്ങള്‍ പാലിച്ചിട്ടുണ്ടോ തുടങ്ങിയുള്ള കാര്യങ്ങളായിരിക്കും പരിശോധിക്കുക. അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഉറപ്പുവരുത്താനും പത്രങ്ങളും വാര്‍ത്താ മാധ്യമങ്ങളും നിര്‍ണയിക്കപ്പെട്ടിട്ടുള്ള നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും മന്ത്രിസഭ തീരുമാനിച്ചു. മാധ്യമ പ്രവര്‍ത്തന മേഖലയില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളും രാജ്യത്തിന്‍െറ നിയമങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിന് തുരങ്കം വെക്കാതിരിക്കുക, വിഭാഗീയത ഇല്ലാതാക്കുക, മതങ്ങളെ ആദരിക്കുക, സംസ്കാര ചിത്തതയോടെ പ്രതികരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഭരണഘടനാ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഏവരെയും സന്നദ്ധരാക്കും.
സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് ഏകീകൃത സാങ്കേതിക, എഞ്ചിനീയറിംഗ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്‍െറ സാധ്യത മന്ത്രിസഭ ചര്‍ച്ച ചെയ്തു. പൊതുമുതലുകള്‍ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ രാജ്യത്തിന്‍െറ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിനുമാണ് ഈ നിര്‍ദേശങ്ങള്‍. അറബ് ടൂറിസത്തിന്‍െറ തലസ്ഥാനമായി ബഹ്റൈനെ മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും കാബിനറ്റ് തീരുമാനിച്ചു. സാംസ്കാരിക മന്ത്രാലയം വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് ഇതിന്‍െറ സാധ്യതകള്‍ ആരായുകയും നടപ്പാക്കുകയും ചെയ്യും.

പച്ചയുടെ മാനങ്ങള്‍

Posted: 30 Dec 2012 08:10 PM PST

Image: 

കേരളത്തെ പച്ചനിറമാക്കി മാറ്റുന്നു എന്ന വിവാദം കത്തിനിന്ന സമയം. ഞാന്‍ പഠിച്ച സ്കൂളിലും മാസങ്ങള്‍ക്കു മുന്‍പ് സമാനസ്വഭാവത്തിലുളള ഒരു സംഭവമുണ്ടായി.

ചേര്‍ത്തലയിലെ കടക്കരപ്പളളി യു.പി.ജി.എസ് നൂറു വര്‍ഷത്തിലേറെ പഴക്കമുളള സ്കൂളാണ്. സാധാരണക്കാരായ ഒരുപാട് പേരുടെ മക്കള്‍ പഠിക്കുന്ന സ്കൂള്‍. സ്കൂളിന്റെശോചനീയാവസ്ഥ കണ്ട് സര്‍വ ശിക്ഷാ അഭിയാനില്‍ നിന്നും കിട്ടിയ തുക ചിലവഴിച്ച് ചെറിയ അറ്റകുറ്റപ്പണികളും പെയിന്‍്റിങ്ങും നടത്തി പഴയ സ്കൂളിനെ ഒന്നു പുതുക്കാന്‍ തീരുമാനിച്ചു. പി.ടി.എ പ്രസിഡന്‍്റായ ഡോ. പ്രേം കുമാര്‍ നാട്ടി പ്രസിദ്ധനായ ഹോമിയോ ഡോക്ടറാണ്. മക്കളെ ഗവണ്‍മെന്‍്റ് സ്കൂളില്‍ തന്നെ പഠിപ്പിക്കണമെന്ന് നിര്‍ബന്ധബുദ്ധിയുളള ആളും!

ഒരു ദിവസം എല്ലാവരും ചേര്‍ന്ന് മേല്‍ക്കൂരയിലെ പഴയ ഓടുകള്‍ താഴെയിറക്കി കഴുകി വൃത്തിയാക്കി വെച്ചു. ദ്രവിച്ച പട്ടികകള്‍ മാറ്റി. പുതിയ പെയിന്‍്റടിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഹെഡ്മിസ്ട്രസ് കുട്ടികളോട് അഭിപ്രായം ആരാഞ്ഞു. സ്കൂളിന്റെകിഴക്കുവശത്തെ കെട്ടിടത്തിനു നീലയും തെക്കുവശത്തെ കെട്ടിടത്തിന്റെഓടുകള്‍ക്ക് പച്ചയും കൊടുക്കുവാന്‍ കുട്ടികള്‍ ഒന്നടങ്കം ആഗ്രഹം പ്രകടിപ്പിച്ചു. പ്രകൃതിയോട് കൂടുതല്‍ അടുപ്പമുളള പച്ചനിറം -ഹരിതവര്‍ണ്ണം- പച്ച പെയിന്‍്റ് വാങ്ങുവാന്‍ അധികൃതര്‍ തീരുമാനിച്ചു. ചേര്‍ത്തല ടൗണിലുളള കടയില്‍ നിന്നും നീല പെയിന്‍്റും പച്ച പെയിന്‍്റും വാങ്ങി. പെയിന്‍്റ് കടക്കാരനും സന്തോഷമായി. കാരണം പച്ചക്കളര്‍ വിറ്റുപോകാന്‍ വളരെ പാടാണ്. അതിനാല്‍ പ്രത്യേക ഡിസ്കൗണ്ടും നല്കി.

ചുളുവിലയില്‍ പെയിന്‍്റ് കിട്ടിയ സന്തോഷത്തോടെ ചുമതലക്കാര്‍ സ്കൂളിലെത്തി. കിഴക്കുവശത്തെ കെട്ടിടത്തിന് നീല പെയിന്‍്റടിച്ചു പണിപൂര്‍ത്തീകരിച്ചു. സ്കൂളിന്റെതെക്കുവശത്തുളള കെട്ടിടത്തിന്റെനിലത്തിറക്കി വെച്ചിരുന്ന പഴയ ഓടിന് ഓരോന്നിനും പച്ചക്കളര്‍ അടിച്ച് മേല്‍ക്കൂരയില്‍ കയറ്റി. ഏകദേശം മുക്കാല്‍ ഭാഗത്തോളം പണി പൂര്‍ത്തീകരിച്ചു. പുതിയ കളര്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും
ഒരുപോലെ ഇഷ്ടമായി. എന്നാല്‍ സന്തോഷം അധിക സമയം നീണ്ടില്ല. പണി തീരാന്‍ രണ്ടു ദിവസം ബാക്കിയുളളപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ക്ക് പച്ചക്കളര്‍ അടിച്ചതിന്റെഅകംപൊരുളിനെ കുറിച്ച് സംശയം തോന്നി. പരക്കെ തെറ്റിദ്ധാരണ പടര്‍ന്നു. വിദ്യാഭ്യാസമന്ത്രിയുടെ പ്രത്യേകനിര്‍ദ്ദേശപ്രകാരമാണ് പച്ചനിറം അടിച്ചതെന്ന് പ്രചരിപ്പിച്ചു. കേരളത്തെ പച്ചനിറത്തില്‍ മുക്കുക എന്ന അജണ്ടയാണ് ഇതിനു പിന്നിലത്രെ.

പച്ച ബ്ളൗസ് വിവാദം നടന്നതിന് രണ്ടാഴ്ചയ്് ശേഷമാണ് ഈ സംഭവം. പച്ചയുടെ നിറംപിടിപ്പിച്ച പല കഥകളും പുറത്തിറങ്ങി. സംഭവത്തിന് വര്‍ഗീയനിറം ലഭിച്ചു. തിരിച്ചു പ്രതികരിക്കാന്‍ ആളില്ലായിരുന്നു. വിഷയം ചൂടുളള ചര്‍ച്ചയ്ക്ക് വഴി വച്ചു. പത്രങ്ങളില്‍ നിറംപിടിപ്പിച്ച വാര്‍ത്തയായി. പി.ടി.എ ചുമതലക്കാരും ഹെഡ് മിസ്ട്രസും സ്റ്റാഫും വിഷമ വൃത്തത്തിലായി.

പച്ചനിറത്തിന്റെരാഷ്ട്രീയമാനങ്ങളെക്കുറിച്ച് എല്ലാവരും ചിന്തിച്ചുതുടങ്ങി. പാവം നാട്ടുകാര്‍ ഒരു എത്തും പിടിയും കിട്ടാതെ നിസഹായരായി നോക്കി നിന്നു. പ്രശ്നം ഗുരുതരമായതോടെ പച്ചയോടുകള്‍ വളരെ പണിപ്പെട്ട് താഴെയിറക്കി. മേല്‍ക്കൂര ദ്രവിച്ചിരിക്കുന്നതുകൊണ്ട് അത് വളരെ ശ്രമകരമായ ജോലിയായിരുന്നു. ഇങ്ങനെ സംഭവം പുലിവാലായതോടെ ഓടിന് സ്വാഭാവികമായ പഴയ നിറം തന്നെ പൂശാന്‍ തീരുമാനിച്ചു. ഇരട്ടി അധ്വാനവും വേണ്ടിവന്നു. ഒടുവില്‍ ഓടുകള്‍ക്ക് സ്വാഭാവിക നിറത്തോടെ മുകളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. പരക്കെയുണ്ടായ തെറ്റിദ്ധാരണകള്‍ക്കും ഭരണകൂടത്തിന്റെകുത്സിതശ്രമം എന്ന വ്യാഖ്യാനത്തിനും അങ്ങനെ വിരാമമായി. വിവാദത്തോടൊപ്പം അധികം ആരും അറിയാതിരുന്ന എന്റെസ്കൂള്‍ പക്ഷെ പ്രശസ്തമായി.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് നടന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ യോഗത്തില്‍ ഈ വിഷയം അല്പം തമാശ കലര്‍ത്തി മന്ത്രിയുടെ സന്നിധ്യത്തില്‍ പ്രസംഗമധ്യേ ഞാന്‍ അവതരിപ്പിച്ചു. ഒന്നുമറിയാതെ പഴികേള്‍ക്കേണ്ടി വന്നത് പാവം വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ്! അപ്പോഴാണ് അദ്ദേഹം ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയുന്നത്. പ്രസംഗം
കഴിഞ്ഞപ്പോള്‍ മന്ത്രിയില്‍ നിന്നും ഒരു സത്യം ഞാന്‍ അറിഞ്ഞു. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന് ചേര്‍ത്തലയിലുളള മൂന്നു പേരെ മാത്രമെ അടുത്തറിയൂ: എ.കെ ആന്‍്റണി, വയലാര്‍ രവി, വെളളാപ്പള്ളി നടേശന്‍ എന്നിവരെ മാത്രം!

(ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറിയാണ് ലേഖകന്‍)
ഇ മെയില്‍: os@santhigiriashram.org

ഈ രക്തസാക്ഷ്യം വെറുതെയാവില്ല

Posted: 30 Dec 2012 07:38 PM PST

Image: 

മാനവികതയുടെ മുന്നില്‍ മാനം കെട്ട് ഇന്ത്യ തലകുനിച്ചു നില്‍ക്കെ, പൈശാചികത തല്ലിക്കെടുത്തിയ ആ താരുണ്യം നാടിന്‍െറ രക്തസാക്ഷ്യചരിത്രത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ അധ്യായം രചിച്ച് ഞായറാഴ്ച സ്വന്തം ചിതയിലമര്‍ന്നു. എന്നാല്‍, ആ പേരറിയാ പെണ്‍മകളുടെ ബലിദാനമുയര്‍ത്തിയ നൊമ്പരത്തീക്കാറ്റ് അത്ര പെട്ടെന്നു കെട്ടടങ്ങാനിടയില്ല; അങ്ങനെ കെട്ടടങ്ങിക്കൂടാ. സ്വതന്ത്ര ഇന്ത്യയില്‍ പിച്ചിച്ചീന്തിയെറിയപ്പെട്ട പെണ്‍ജീവിതങ്ങളുടെ അനേകായിരം അണയാക്കനലുകള്‍ ആളിക്കത്തിച്ചാണ് ദല്‍ഹിയിലെ 23കാരിയുടെ ജീവത്യാഗം. പൊന്നുമോള്‍ നഷ്ടമായെങ്കിലും അവളുടെ മരണം ഇന്ത്യയെ പെണ്‍സുരക്ഷിത രാജ്യമാക്കട്ടെ എന്ന ആ കുടുംബത്തിന്‍െറ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനയില്‍ നമുക്കും പങ്കുചേരാം, നിസ്സഹായമായ ആ പ്രാര്‍ഥനയെ ഫലവത്താക്കി മാറ്റാനുള്ള പ്രതിജ്ഞയോടെ. ഇന്ത്യയുടെ മഹിമയും ഗരിമയും സംബന്ധിച്ച് കെട്ടിയുയര്‍ത്തിയ എല്ലാ ഊറ്റത്തിന്‍െറയും കാറ്റഴിച്ചുവിട്ട ദിനങ്ങളാണ് കടന്നുപോയത്. അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശം പൗരന്മാര്‍ക്ക് ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ഇനിയും ഇന്ത്യക്ക് വിജയിക്കാനായില്ലെന്നു മാലോകരെ ബോധ്യപ്പെടുത്തുന്നതായിരുന്നു തലസ്ഥാനനഗരിയില്‍ നടന്ന അധമസംഭവം. ഒറ്റപ്പെട്ടതല്ല, ഒരായിരം സംഭവങ്ങളുടെ തുടര്‍ച്ച മാത്രമായിരുന്നു അത്. അതുകൊണ്ടുതന്നെ പഴയ വീഴ്ചകളെ ചൂണ്ടുന്നതോടൊപ്പം, അളമുട്ടിയപ്പോള്‍ കെട്ടുപൊട്ടി വന്ന ഇപ്പോഴത്തെ പ്രതിഷേധത്തെ അംഗീകരിച്ചേ മതിയാവൂ. അമേരിക്കയില്‍ ചായകുടി പോലെ എന്ന പഴയ നായനാര്‍ഫലിതത്തിന്‍െറ ദുരന്താവര്‍ത്തനമായി ഇന്ത്യയില്‍ പെണ്‍വേട്ട മാറിക്കഴിഞ്ഞിരിക്കെ പെണ്‍മയുടെ പരിരക്ഷക്കു വേണ്ടി ഒരു രാഷ്ട്രത്തെ ഒന്നിച്ചുറക്കെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് അധികാരത്തിന്‍െറ അരക്കില്ലങ്ങളെ ഭേദിച്ച ഈ പ്രതിഷേധമാണല്ലോ. ആ വികാരത്തിനു വേലി കെട്ടാന്‍ ലോകത്തെ ഏറ്റവും വലിയ സൈനികശക്തികളിലൊന്നിന് വലിയ അധ്വാനമൊന്നും വേണ്ടിവന്നില്ല. എന്നാല്‍, സ്വന്തം മൂക്കിനു താഴെ പെണ്‍മക്കള്‍ക്ക് സുരക്ഷിതത്വം തീര്‍ക്കാന്‍ ഉപയുക്തമാകാത്ത ഈ കരുത്ത് ജനകീയപ്രതികരണങ്ങള്‍ക്ക് ചിറകെട്ടാന്‍ ജാഗരൂകമായത് സൈനികജണ്ടയും ജനാധിപത്യഭരണവും തമ്മിലെന്തു വ്യത്യാസം എന്ന ലോകത്തിന്‍െറ പരിഹാസത്തിനിടയാക്കി. രാജ്യത്തിന്‍െറ നാലുപാടു നിന്നുമുയരുന്ന പൗരന്മാരുടെ പ്രതിശബ്ദങ്ങളെ അടക്കിപ്പിടിച്ചു നിറുത്തുന്നതെങ്ങനെ എന്നും അതുവഴി ഇന്ത്യ ലോകത്തിനു കാണിച്ചുകൊടുത്തു. നിരപരാധരായ പൗരന്മാരെ സംശയത്തിന്‍െറ പേരില്‍ വേട്ടയാടാന്‍ രാജ്യരക്ഷാസംവിധാനങ്ങളുടെ ഭീമഭാഗം ചെലവിടുന്ന ഒരു രാജ്യത്ത് പെണ്ണുങ്ങള്‍ക്ക് നടുറോഡിലിറങ്ങിയോ വാഹനത്തില്‍ കയറിയോ യാത്രചെയ്യാനുള്ള സുരക്ഷാമാര്‍ഗം ഒരുക്കാന്‍ കഴിയാതെ പോകുന്നതെന്തുകൊണ്ട് എന്നു നാം ലോകത്തെ മൂക്കത്തു വിരല്‍വെപ്പിച്ചു.  ഈ രക്തസാക്ഷിത്വവും അതുയര്‍ത്തിയ പ്രതികരണക്കൊടുങ്കാറ്റും പാഴാവില്ലെന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുമൊക്കെ പറഞ്ഞുകഴിഞ്ഞു. അവരും അവരെ തുടര്‍ന്നു രംഗത്തുവന്ന ഇതര രാഷ്ട്ര, രാഷ്ട്രീയനേതാക്കന്മാരുമൊക്കെ സ്വന്തം പെണ്‍മക്കളെ പിടിച്ച് ആണയിട്ടാണിത് പറഞ്ഞത്. രാഷ്ട്രീയക്കാരുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കാനാവില്ലെന്ന മുന്നനുഭവങ്ങളില്‍ നിന്നാണ് ജനം രാജ്പഥിലേക്കും വിജയ് ചൗക്കിലേക്കുമൊക്കെ ഇരച്ചുകയറിയതെന്ന വസ്തുത അവര്‍ വിസ്മരിക്കില്ലെന്നു കരുതുക.
കേന്ദ്രഭരണത്തിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ പുതിയ ബില്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണത്രെ. സോണിയ ഗാന്ധിയുടെ താല്‍പര്യത്തില്‍ തയാറാകുന്ന നിര്‍ദിഷ്ട ബില്ലില്‍ ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് 30 വര്‍ഷത്തെ തടവുശിക്ഷയും നിര്‍ബന്ധ ഷണ്ഡീകരണവും വരെ ശിപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍, നിയമം ഇല്ലാത്തതല്ല, അതു നടപ്പാക്കേണ്ട രാഷ്ട്രീയ, ഭരണനേതൃത്വങ്ങള്‍ക്കു ബാധിച്ച ഷണ്ഡത്വത്തിന് ആര് ആരെ ചികിത്സിക്കും? ദല്‍ഹിയില്‍ മാത്രം 2012ല്‍ 635 മാനഭംഗക്കേസുകളില്‍ ഒരാള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് തന്നെ പറയുന്നു. ബാക്കിയുള്ളതില്‍ പകുതിയുടെ അന്വേഷണം നടന്നുവരുന്നേയുള്ളൂ. ഇത് സാധാരണ കേസുകളുടെ ഗതി. മാനഭംഗം കലാപങ്ങളില്‍ ഉപാധിയാക്കുന്നതിനും സംഘര്‍ഷപ്രദേശങ്ങളില്‍ ജനങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആയുധമാക്കുന്നതിനുമെതിരെ നടപടിയെടുക്കാന്‍ രാഷ്ട്രീയനേതൃത്വത്തിനാവുമോ? ഛത്തിസ്ഗഢില്‍ സോണി സോറിയെ പൊലീസിന്‍െറ കാമവെറിക്കെറിഞ്ഞു കൊടുത്ത അങ്കിത് ഗാര്‍ഗ് എന്ന എസ്.പിക്ക് പൊലീസ് മെഡല്‍ നല്‍കിയ, കശ്മീരില്‍ കൂട്ടമാനഭംഗക്കേസില്‍ നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയ ഡിവൈ.എസ്.പി അല്‍താഫ് ഖാന് രാഷ്ട്രപതിയുടെ മെഡലണിയിച്ച അധികാരികള്‍ക്ക് അതിന് ത്രാണിയുണ്ടാവുമോ? സായുധസേന പ്രത്യേകാധികാര നിയമം പോലെ ഭാരതസ്ത്രീകളുടെ മേല്‍ പാഞ്ഞുകയറാന്‍ സൈനികര്‍ക്കു സ്വാതന്ത്ര്യം നല്‍കുന്ന കാടന്‍നിയമങ്ങളില്‍ വല്ല പരിഷ്കരണവും വരുത്തുമോ? അത് സൈന്യത്തിന്‍െറ മനോവീര്യം കെടുത്തുമെന്നു പറഞ്ഞ സേനാനായകന്‍ വി.കെ. സിങ് റിട്ടയര്‍ ചെയ്തപ്പോള്‍ മുഖം മിനുക്കി ദല്‍ഹിയിലെ പ്രതിഷേധറാലിയില്‍ അണിനിരന്നതു കണ്ടുകൂടിയാവണം സൈനികരുടെ പെണ്‍വേട്ടയില്‍ പ്രതിഷേധിക്കാത്തവര്‍ക്കെതിരെ അരുന്ധതിറോയ് ആഞ്ഞടിച്ചത്. ഇങ്ങനെ ഒരു മെഴുകുതിരിയും തെളിയാത്ത ഇരുണ്ട മൂലകള്‍ ഇന്ത്യയില്‍ ഇനിയുമുണ്ട്. എങ്കിലും ആ രോഷങ്ങളെല്ലാം ഇപ്പോള്‍ ആളിക്കത്തിയ  പ്രതിഷേധത്തിന് ആവാഹിക്കാനാവും. ശബ്നം ഹാശ്മി പറഞ്ഞതുപോലെ ഭരണകൂടത്തെ കൊണ്ട് ചിലതു ചെയ്യിക്കാനാവും എന്നു വരുത്തിയ ഈ  പുതിയ തെരുവുവസന്തത്തിന്‍െറ ഇടിമുഴക്കം നിലനിറുത്താനായാല്‍ ഈ രക്തസാക്ഷിത്വം വെറുതെയാവില്ല. സാമൂഹികസുരക്ഷിതത്വത്തിന് നിയമം പരമപ്രധാനമാണ്. അതു ഏട്ടില്‍ പോരാ, നാട്ടില്‍ പുലരുക തന്നെ വേണം. പൊതുബോധത്തെ സ്വാധീനിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നിയമസംവിധാനങ്ങള്‍ക്കു കഴിയും എന്നതിനു ലോകം തന്നെ സാക്ഷി. സ്ത്രീകള്‍ക്കു സമൂഹത്തിലും അതിനെ നിയന്ത്രിക്കുന്ന അധികാരശ്രേണിയിലും ലഭിക്കുന്ന പങ്കാളിത്തവും പ്രധാനഘടകമാണ്. സ്ത്രീസംവരണത്തില്‍ ഇനിയും ഒളിച്ചുകളി തുടരുകയാണ് രാഷ്ട്രീയക്കാര്‍.
ലിംഗപരമായ വേര്‍തിരിവുകളെ വിവേചനത്തിനുള്ള ആയുധമാക്കി മാറ്റുന്ന പ്രവണതക്ക് തടയിടാന്‍ വ്യക്തിതല ശാക്തീകരണവും കൂടിയേ തീരൂ. പുതിയ കാലത്തെയും ലോകത്തെയും ഔിത്യപൂര്‍വം അഭിമുഖീകരിക്കാനും സാഹചര്യങ്ങളെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ നിശ്ചയദാര്‍ഢ്യത്തോടെ നേരിടാനുമുള്ള കരുത്ത് തലമുറക്ക് പകര്‍ന്നുകൊടുക്കണം. പിച്ചയൂന്നിയ മണ്ണില്‍ പുലരാന്‍ പടച്ചതമ്പുരാന്‍ നല്‍കിയ ജന്മാവകാശം മറ്റാര്‍ക്കും വിട്ടുകൊടുക്കാതിരിക്കാനും മറ്റാരുടേതും കവരാതിരിക്കാനുമുള്ള വീറും വിവേകവും ചെറുപ്പം തൊട്ടേ ശീലമാക്കണം. അതിനുതകുന്ന മാനവസൗഹൃദാന്തരീക്ഷം വെര്‍ച്വല്‍ മീഡിയപ്രതലങ്ങള്‍ക്കു വിട്ടുകൊടുക്കാതെ, മാതാപിതാക്കളുടെയും മക്കളുടെയും മുന്‍കൈയില്‍ വീടകങ്ങളില്‍ തന്നെ പണിതുയര്‍ത്തണം. അങ്ങനെ ഓരോരുത്തരും സ്വന്തം കാവലാളായി മാറുമ്പോള്‍ അപരന്‍ കൂടി രക്ഷപ്പെടും. മക്കളും മാതാപിതാക്കളും സഹോദരങ്ങളും ദമ്പതികളുമായി ഓരോരുത്തരും മനുഷ്യത്വം പ്രാപിക്കുമ്പോള്‍ മാത്രമേ മൃഗീയതകളില്‍നിന്ന് എല്ലാവര്‍ക്കും രക്ഷ നേടാനാവൂ.

Sunday, December 30, 2012

ഗുരുദേവന്റെ ദര്‍ശനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി Madhyamam News Feeds

ഗുരുദേവന്റെ ദര്‍ശനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി Madhyamam News Feeds

Link to

ഗുരുദേവന്റെ ദര്‍ശനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

Posted: 29 Dec 2012 11:55 PM PST

Image: 

വര്‍ക്കല: ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അടുത്ത അധ്യായനവര്‍ഷം മുതല്‍ ഇത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. മലയാളം, സാമൂഹ്യപാഠം പുസ്തകങ്ങളിലായിരിക്കും ദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തുക. ഇതിന്റെ ഉത്തരവ് സെപ്റ്റംബര്‍ 29ന് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 80ാം ശിവഗിരി തീര്‍ത്ഥാടനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തിന്റെ പല ഭാഗത്തും അസ്വസ്ഥതകളുണ്ടാകുമ്പോഴും കേരളത്തില്‍ അതൊന്നുമുണ്ടാകില്ലെന്ന ആത്മവിശ്വാസം പകരുന്നത് ഗുരുദേവന്റെ ദര്‍ശനങ്ങളിലെ വിശ്വാസവും കരുത്തുമാണ്. നാട് കൂടുതല്‍ ശാന്തിയിലേക്കും സമാധാനത്തിലേക്കും സഹവര്‍ത്തിത്തത്തിലേക്കും നടന്നുപോവേണ്ടതുണ്ട്. ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്- മുഖ്യമന്ത്രി ക്ൂട്ടിച്ചേര്‍ത്തു.

ദല്‍ഹിയില്‍ ബസില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഗുരുദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
 

ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ യുവാവിന്റെ കൊലപാതകം: അമേരിക്കന്‍ യുവതി അറസ്റ്റില്‍

Posted: 29 Dec 2012 10:48 PM PST

Image: 

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ യുവാവിനെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ യു.എസ് വനിത അറസ്റ്റില്‍. എറിക മെനന്‍ഡേസ് (31) എന്ന യുവതിയാണ് ന്യുയോര്‍ക്കില്‍ സ്ഥിരതാമസക്കാരനായ സുനന്ദോ സെന്‍ (46)നെ കഴിഞ്ഞ വ്യാഴാഴ്ച കൊലപ്പെടുത്തിയത്.
തനിക്ക് ഹിന്ദുക്കളോടും മുസ്ലീംങ്ങളോടുമുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. 2001ലെ വേള്‍ഡ് ട്രെയിഡ്സെന്‍്റര്‍ ആക്രമണത്തിന് ശേഷം തനിക്ക് ഹിന്ദുക്കളോടും മുസ്ലീങ്ങളോടും കടുത്ത വെറുപ്പാണ്. അതാണ് കൊലപാതകത്തിന് കാരണമെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
ക്വീന്‍സ് സബ്വേയിലെ റെയില്‍വേ സ്റ്റേഷന്‍ പ്ളാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന സെന്നിനെ ട്രെയിന്‍ വരുമ്പോള്‍ യുവതി പാളത്തിലേക്ക് തള്ളിയിടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു.
പ്രിന്‍്റിങ് ബിസിനസ് നടത്തി വരികയായിരുന്നു സെന്‍. ട്രെയിന്‍ സബ്വേകളില്‍ വീണ് ഒരുമാസത്തിനിടയില്‍ സംഭവിച്ച രണ്ടമത്തെ മരണമാണിത്.
സെന്നിന്‍െറ കൊലപതാകത്തെകുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ന്യൂയോര്‍ക്ക് പൊലീസ് വക്താവ് അറിയിച്ചു.

ഡി.എസ്.എഫ്: 6,000 വ്യാപാര സ്ഥാപനങ്ങളും 70 വാണിജ്യ കേന്ദ്രങ്ങളും പങ്കെടുക്കും

Posted: 29 Dec 2012 10:34 PM PST

Image: 

ദുബൈ: ജനുവരി മൂന്നു മുതല്‍ ഫെബ്രുവരി മൂന്നു വരെ നടക്കുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവലില്‍ 6,000 വ്യാപാര സ്ഥാപനങ്ങളും 70 വാണിജ്യ കേന്ദ്രങ്ങളും പങ്കെടുക്കും. ചില സ്ഥാപനങ്ങള്‍ വിവിധ ഇനങ്ങള്‍ക്ക് 75 ശതമാനം വരെ വിലക്കിഴിവ് നല്‍കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മേളയില്‍ പങ്കാളികളാകുന്ന കടകളുടെയും വ്യാപാര കേന്ദ്രങ്ങളുടെയും എണ്ണം വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ ഉടന്‍ ബന്ധപ്പെടണം.
ദുബൈ ഈവന്‍സ് ആന്‍ഡ് പ്രമോഷന്‍സ് എസ്റ്റാബ്ളിഷ്മെന്‍സ് (ഡി.ഇ.പി.ഇ) അംഗീകാരത്തോടെയാണ് വ്യാപാര സ്ഥാപനങ്ങള്‍ ഇളവുകള്‍ പ്രഖ്യാപിക്കേണ്ടത്. രണ്ടു തരത്തിലുള്ള പാക്കേജുകളാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത്. ആദ്യത്തേത് 62 ദിവസത്തേക്കാണ്. ഡിസംബര്‍ 19 മുതല്‍ ഫെബ്രുവരി 18 വരെയാണിത്. രണ്ടാമത്തെ പാക്കേജ് 32 ദിവസത്തേക്കാണ്. ജനുവരി മൂന്നു മുതല്‍ ഫെബ്രുവരി മൂന്നു വരെയാണ് കാലാവധി.
2012ലെ ഷോപ്പിങ് ഫെസ്റ്റിവലിന് 4.36 ദശലക്ഷം പേരാണ് എത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒമ്പത് ശതമാനം വര്‍ധനവുണ്ടായ മേളയിലൂടെ 14.7 ബില്യന്‍ ദിര്‍ഹം വരുമാനമുണ്ടായി. 2011ല്‍ 3.98 ദശലക്ഷം പേരാണ് മേളക്കെത്തിയത്.
വളരെ വിപുലമായ ഒരുക്കങ്ങളോടെയാണ് പതിനെട്ടാമത് മേള നടത്തുന്നതെന്നും അതിനാല്‍ ഇത്തവണ സന്ദര്‍ശകരുടെയും വ്യാപാരത്തിന്‍െറയും കാര്യത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നും ദുബൈ ഈവന്‍സ് ആന്‍ഡ് പ്രമോഷന്‍സ് എസ്റ്റാബ്ളിഷ്മെന്‍സ് സി.ഇ.ഒ ലൈല മുഹമ്മദ് സുഹൈല്‍ പറഞ്ഞു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തമുണ്ടെന്നും അവര്‍ പറഞ്ഞു. 2012ലെ മേള വന്‍ വിജയമായിരുന്നുവെന്നും 2013ല്‍ കൂടുതല്‍ മികച്ച വിജയം ഉണ്ടാകുമെന്നും ദുബൈ ഈവന്‍സ് ആന്‍ഡ് പ്രമോഷന്‍സ് എസ്റ്റാബ്ളിഷ്മെന്‍സിലെ ഫെസ്റ്റിവല്‍സ് കോ-ഓഡിനേറ്റര്‍ ജനറല്‍ ഇബ്രാഹിം സാലിഹ് പറഞ്ഞു.

60 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഖത്തര്‍ എയര്‍വെയ്സ് നിയമനടപടിക്ക്

Posted: 29 Dec 2012 10:26 PM PST

Image: 

ദോഹ: പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ നിര്‍മാണം കരാറനുസരിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ചവരുത്തിയ നിര്‍മാണ കമ്പനിക്കെതിരെ 60 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിമാനത്താവളത്തിന്‍െറ നടത്തിപ്പുകാരായ ഖത്തര്‍ എയര്‍വെയ്സ് നിയമനടപടിക്ക്. ജര്‍മന്‍ കമ്പനിയായ ലിന്‍ഡ്നര്‍ എ.ജിയുടെയും ദുബൈ ആസ്ഥാനമായ ദേപ യുനൈറ്റഡ് ഗ്രൂപ്പിന്‍െറയും സംയുക്ത സംരംഭമായ ലിന്‍ഡ്നര്‍-ദേപ ഇന്‍റീരിയേഴ്സ് (എല്‍.ഡി.ഐ) എന്ന നിര്‍മാണ കമ്പനിയാണ് നിയമനടപടി നേരിടുന്നത്.
പുതിയ വിമാനത്താവളത്തില്‍ 19 ലോഞ്ചുകള്‍ നിര്‍മിക്കാന്‍ 25 കോടി ഡോളറിനാണ് എല്‍.ഡി.ഐക്ക് കരാര്‍ നല്‍കിയത്. ഈ വര്‍ഷം വേനല്‍ക്കാലത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, ഈ വ്യവസ്ഥ പാലിക്കാന്‍ എല്‍.ഡി.ഐക്ക് ആയില്ല. ഇതുമൂലം വിമാനത്താവളത്തിന്‍െറ ഉദ്ഘാടനം ഒരു വര്‍ഷത്തോളം നീണ്ടുപോയെന്ന് ചൂണ്ടിക്കാട്ടിയാണ് ഖത്തര്‍ എയര്‍വെയ്സ് കേസ് ഫയല്‍ ചെയ്യുന്നത്. ഈ വര്‍ഷം മധ്യത്തോടെ വിമാനത്താവളം ഉദ്ഘാടനം ചെയ്യാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. പിന്നീട് ഡിസംബര്‍ 12ലേക്ക് മാറ്റി.എന്നിട്ടും ലോഞ്ച് നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ ഇപ്പോള്‍ 2013 മധ്യത്തിലാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.
ഉദ്ഘാടനം വൈകിയത് വിമാനത്താവളത്തിന്‍െറ വിപുലീകരണ പദ്ധതികളെ പ്രതികൂലമായി ബാധിച്ചെന്ന് ഖത്തര്‍ എയര്‍വെയ്സ് ചൂണ്ടിക്കാട്ടുന്നു. എല്‍.ഡി.ഐയുടെ വീഴ്ച വന്‍ വരുമാന നഷ്ടത്തിനും നിര്‍മാണച്ചെലവ് ഗണ്യമായി ഉയരാനും ഇടയാക്കിയെന്നും യാത്രക്കാര്‍ക്ക് അസൗകര്യങ്ങള്‍ സൃഷ്ടിച്ചെന്നുമാണ് എയര്‍വെയ്സിന്‍െറ ആരോപണം.
പദ്ധതി പൂര്‍ത്തിയാക്കുന്നതില്‍ ഗുരുതരമായി വീഴ്ച വരുത്തതിയതിനാല്‍ എല്‍.ഡി.ഐയുമായുള്ള കരാര്‍ റദ്ദാക്കി കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഖത്തര്‍ എയര്‍വെയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ എല്‍.ഡി.ഐയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ തികച്ചും നിരാശാജനകമാണ്. വിമാനത്താവളം സമയത്ത് തുറക്കാന്‍ കഴിയാത്തതിനാല്‍ ഓര്‍ഡര്‍ ചെയ്ത പല പുതിയ വിമാനങ്ങളും കൈപ്പറ്റാനായില്ല. പുതിയ റൂട്ടുകളില്‍ സര്‍വീസ് തുടങ്ങുന്നതും നീട്ടിവെക്കേണ്ടിവന്നു. അനുബന്ധ വിഭാഗങ്ങളായ ഖത്തര്‍ ഡ്യൂട്ടി ഫ്രീ, ഫുഡ് ഔ്ലറ്റുകള്‍, ഗ്രൗണ്ട് ഹാന്‍റ്ലിംഗ് എന്നിവയുടെയെല്ലാം വരുമാനത്തെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലവിലുള്ള വിമാനത്താവളത്തിന്‍െറ ശേഷി പൂര്‍ണമായും പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. പുതിയ വിമാനത്താവളം തുറക്കുന്നതിനുള്ള മറ്റ് ഒരുക്കങ്ങളെല്ലാം ഈ വര്‍ഷം മധ്യത്തോടെ ആരംഭിച്ചെങ്കിലും ലോഞ്ചുകള്‍ പൂര്‍ത്തിയാകാത്തത് തിരിച്ചടിയായെന്ന് അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.
 എല്‍.ഡി.ഐയുടെ വീഴ്ച മൂലം നഷ്ടം സംഭവിച്ച മറ്റ് ചില സ്ഥാപനങ്ങളും നിയമനടപടിക്കൊരുങ്ങുന്നതായാണ് സൂചന. 1550 കോടി റിയാല്‍ ചെലവില്‍ നിര്‍മിക്കുന്ന വിമാനത്താവളം 2018ല്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ പ്രതിവര്‍ഷം 280 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയും.

ഒമാനില്‍ ബി.സി. 2000ന് മുമ്പുള്ള മനുഷ്യവാസ മേഖല കണ്ടെത്തി

Posted: 29 Dec 2012 10:09 PM PST

Image: 

മസ്കത്ത്: ക്രിസ്തുവിന് മുമ്പ് 2000 വര്‍ഷം പഴക്കം കണക്കാക്കുന്ന മനുഷ്യവാസ മേഖല ഒമാനിലെ ഷിനാസില്‍ കണ്ടെത്തി. ഒമാന്‍ പാരമ്പര്യ-സാംസ്കാരിക മന്ത്രാലയത്തിന് കീഴിലെ പുരാവസ്തു ഗവേഷകര്‍ പ്രദേശത്ത് നടത്തുന്ന സര്‍വേക്കിടയിലാണ് ഗള്‍ഫ് മേഖലയുടെ പഴയകാല ചരിത്രത്തിലേക്ക് വെളിച്ചം വീശിയേക്കാവുന്ന നിര്‍ണായക മനുഷ്യവാസ മേഖലയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായത്.
ഷിനാസിലെ ഒമാന്‍-യു.എ.ഇ അതിര്‍ത്തി മേഖലയായ അസ്വദ് ചെക്ക്പോയന്‍റിനടുത്താണ് അതിപുരാതനമായ വാസസ്ഥലവും ശ്മശാനവും സ്ഥിതിചെയ്യുന്നത്. ഇവിടെ കൂടുതല്‍ തെളിവുകള്‍ക്കായി ഉദ്ഖനനം പുരോഗമിക്കുകയാണ്. വാദി സൂഖ് യുഗത്തിലേതെന്ന് കരുതുന്ന ശവകുടീരങ്ങളും മറ്റ് പുരാവസ്തുക്കളും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുകയാണ് വിദഗ്ധര്‍.
ഇംഗ്ളീഷില്‍ U എന്ന അക്ഷരത്തിന്‍െറ മാതൃകയില്‍ തീര്‍ത്ത നിരവധി ശവകുടീരങ്ങളാണ് ഇവിടെയുള്ളത്. വാദി സൂഖ് യുഗത്തിലാണ് ഇത്തരം ശവകുടീരങ്ങള്‍ നിര്‍മിച്ചിരുന്നതെന്ന് ഗഷേകര്‍ പറ
യുന്നു.
കല്ലറകളില്‍ നിന്ന് മനുഷ്യശരീത്തിന്‍െറ അവശിഷ്ടങ്ങള്‍, ആയുധങ്ങളായ അമ്പിന്‍െറ തലപ്പ്, കഠാരകള്‍, കത്തികള്‍, സൂചികള്‍, പിച്ചള കൊണ്ട് നിര്‍മിച്ച ആഭരണങ്ങള്‍, പാത്രങ്ങള്‍, കൈലുകള്‍ അക്കാലത്ത് വിദേശത്ത് നിന്ന് കൊണ്ടുവന്നുവെന്ന് കണക്കാക്കുന്ന വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ എന്നിവയും കണ്ടെത്താനായിട്ടുണ്ട്. ഇവിടെ ഉദ്ഖനനത്തിന് മുന്നോടിയായ നടത്തിയ സര്‍വേയില്‍ തന്നെ നിര്‍ണായകമായ നിരവധി വസ്തുക്കള്‍ കണ്ടെത്താനായതിനാല്‍ തുടര്‍ ഗവേഷണങ്ങളില്‍ ഇനിയും വിലപ്പെട്ട തെളിവുകള്‍ പലതും ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് മന്ത്രാലയം പ്രതിനിധികള്‍ പറയുന്നു. കണ്ടെത്തിയ തെളിവുകളും മറ്റും രേഖപ്പെടുത്തുന്ന ജോലികള്‍ പുരോഗമിക്കുകയാണ് ഇപ്പോള്‍.

ചരിത്ര ബജറ്റുമായി സൗദി അറേബ്യ പുതുവര്‍ഷത്തിലേക്ക്

Posted: 29 Dec 2012 09:53 PM PST

Image: 

റിയാദ്: സൗദി അറേബ്യയുടെ ചരിത്രത്തിലെ ഭീമന്‍ ബജറ്റിന് മന്ത്രിസഭ ഇന്നലെ അംഗീകാരം നല്‍കി. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ അധ്യക്ഷതയില്‍ കൊട്ടാരത്തില്‍ പ്രത്യേകം വിളിച്ചുചേര്‍ത്ത മന്ത്രിസഭയാണ് ധനമന്ത്രി ഡോ. ഇബ്രാഹീം അല്‍അസ്സാഫ് അവതരിപ്പിച്ച മേഖലയിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നല്‍കിയത്. നടപ്പുവര്‍ഷത്തെ ബജറ്റിനേക്കാള്‍ 127 ബില്യണ്‍ റിയാല്‍ വരവും 130 ബില്യണ്‍ റിയാല്‍ കൂടുതല്‍ ചെലവും പ്രതീക്ഷിക്കുന്നതാണ് 2013ലേക്കുള്ള ബജറ്റ്. ബജറ്റില്‍ ഒമ്പത് ബില്യണ്‍ റിയാല്‍ മിച്ചവും ധനമന്ത്രാലയം പ്രതീക്ഷിക്കുന്നു.

രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വികസന പദ്ധതികള്‍ക്കാണ് ബജറ്റില്‍ കൂടുതല്‍ സംഖ്യ വകയിരുത്തിയിരിക്കുന്നത്. വികസന പദ്ധതികള്‍ക്ക് 285 ബില്യണ്‍ റിയാല്‍ നീക്കിവെച്ചു. തുക ഉപയോഗിച്ച് ഭീമന്‍ പദ്ധതികള്‍ താമസം കൂടാതെ നടപ്പാക്കാന്‍ അബ്ദുല്ല രാജാവ് നിര്‍ദേശിച്ചു. നടപ്പുവര്‍ഷത്തില്‍ 265 ബില്യണുണ്ടായിരുന്ന വികസന പദ്ധതികളുടെ വിഹിതം 285 ബില്യണായി ഉയര്‍ത്തിയതോടെ ഏറ്റവും കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന നിര്‍മാണമേഖലയില്‍ തൊഴിലവസരങ്ങള്‍ ക്രമാതീതമായി വര്‍ധിക്കും.
204 ബില്യണ്‍ റിയാല്‍ വകയിരുത്തിയ വിദ്യാഭ്യാസത്തിനാണ് ബജറ്റില്‍ രണ്ടാം പരിഗണന. 2012ലേതിനേക്കാള്‍ 36 ബില്യണ്‍ റിയാല്‍ ഈ ഇനത്തില്‍ കൂടുതലായി ചെലവഴിക്കും. 539 സ്കൂളുകള്‍ ബജറ്റ് വര്‍ഷത്തില്‍ പുതുതായി നിര്‍മിക്കും. ആരോഗ്യ മേഖലക്ക് 100 ബില്യണ്‍, തദ്ദേശ ഭരണ, സേവന മേഖലക്ക് 36 ബില്യണ്‍, ഗതാഗത മേഖലയിലെ പദ്ധതികള്‍ക്ക് 65 ബില്യണ്‍, കാര്‍ഷിക-വ്യവസായ-ജല മേഖലക്ക് 57 ബില്യണ്‍ എന്നിങ്ങനെയാണ് ബജറ്റ് വിഹിതം അനുവദിച്ചിരിക്കുന്നത്.
ആരോഗ്യ മേഖലയില്‍ വകയിരുത്തിയ 100 ബില്യണില്‍ നിര്‍മാണത്തിലിരിക്കുന്ന 102 ആശുപത്രികളുടെ പൂര്‍ത്തീകരണം, 2013ല്‍ പുതുതായി 29 ആശുപത്രികളുടെ കൂടി നിര്‍മാണം എന്നിവ ഉള്‍പ്പെടും. ദേശീയ എയര്‍ലൈനായ സൗദി എയര്‍ലൈന്‍സിന് 24.69 ബില്യണ്‍, ഉപ്പുജല ശുദ്ധീകരണത്തിന് 15.69 ബില്യണ്‍, റയില്‍വെക്ക് രണ്ട് ബില്യണ്‍, ജുബൈല്‍-യാമ്പു റോയല്‍ കമീഷന് ഒമ്പത് ബില്യണ്‍, സൗദി അറേബ്യന്‍ സ്റ്റാന്‍ഡേഡ് ഓര്‍ഗനൈസേഷന്‍ (സാസോ) 190 ദശലക്ഷം, സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ് അതോറിറ്റി(സാഗിയ)ക്ക് 179 ദശലക്ഷം റിയാല്‍ എന്നിങ്ങനെയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
702 ബില്യണ്‍ റിയാല്‍ വരവ് പ്രതീക്ഷിച്ചിരുന്ന നടപ്പ് ബജറ്റ് അവസാനിക്കുമ്പോള്‍ യഥാര്‍ഥ വരവ് 1,239 ബില്യണില്‍ എത്തുമെന്നാണ് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ മന്ത്രിസഭ അംഗീകരിച്ച ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 77 ശതമാനം വരവുണ്ടാക്കിയതിന്‍െറ 92 ശതമാനം പങ്കും പെട്രോള്‍ ഉല്‍പന്നങ്ങള്‍ക്കാണ്. നടപ്പ് ബജറ്റ് അവസാനിക്കുമ്പോള്‍ ചെലവിനത്തില്‍ പ്രതീക്ഷിച്ച 690 ബില്യണ്‍ 23.6 ശതമാനം വര്‍ധനവില്‍ 853 ബില്യണ്‍ായി ഉയരുമെന്നാണ് ധന മന്ത്രാലയത്തിന്‍െറ പ്രതീക്ഷ.

യാത്രാ ദുരിതം: ഒരുമയുടെ കരുത്ത് തെളിയിച്ച് ജനകീയ കണ്‍വെന്‍ഷന്‍

Posted: 29 Dec 2012 09:37 PM PST

Image: 

മനാമ: പ്രവാസികളുടെ ഐക്യവും ഒരുമയും പ്രകടമാക്കി ‘യാത്ര’ അവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ ശ്രദ്ധേയമായി. നിര്‍ത്തലാക്കിയ ബഹ്റൈന്‍-തിരുവനന്തപുരം എയര്‍ ഇന്ത്യ എക്സ്പ്രസ് ഉടന്‍ പുന:സ്ഥാപിക്കണമെന്നും പ്രവാസികളുടെ യാത്രാ ദുരിതം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കണ്‍വെന്‍ഷന്‍. സൗത്ത് പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെയും സംഘടനാ പ്രതിനിധികളുടെയും സാന്നിധ്യമുണ്ടായി. പ്രവാസി യാത്രാ ദുരിതത്തിനറുതി വരുത്താന്‍ ക്രിയാത്മക ഇടപെടലുകള്‍ക്കായി കഴിഞ്ഞ മാസാവസാനം രൂപവത്കരിച്ച ‘യാത്ര’യുടെ ആദ്യ ജനകീയകണ്‍ വെന്‍ഷനായിരുന്നു ഇത്. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെയും ഒപ്പു ശേഖരണം നടത്തി പ്രധാന ആവശ്യങ്ങളടങ്ങിയ നിവേദനം ഭാരവാഹികള്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാലിന് സമര്‍പ്പിച്ചു.
പ്രവാസികളുടെ ശക്തമായ ഇടപെടലും യോജിച്ച മുന്നേറ്റവും അനിവാര്യമായ സന്ദര്‍ഭത്തിലാണ് ‘യാത്ര’ രൂപവത്കരിക്കപ്പെട്ടതെന്നും ഈ കൂട്ടായ്മ കൊണ്ട് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുമെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സമിതി രക്ഷാധികാരിയും ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാനുമായ എബ്രഹാം ജോണ്‍ പറഞ്ഞു. സമിതി മുന്നോട്ട് വെക്കുന്ന ആവശ്യങ്ങളുടെ കരട് രേഖ ജനറല്‍ കണ്‍വീനര്‍ ഇ.പി. അനില്‍കുമാര്‍ അവതരിപ്പിച്ചു. പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ സംരക്ഷിക്കപ്പെടേണ്ടതിന്‍െറ ആവശ്യകത സി.സി.ഐ.എ ചെയര്‍മാന്‍ ഡോ.പി.വി. ചെറിയാന്‍ ചൂണ്ടിക്കാട്ടി. നിവേദനത്തില്‍ ആദ്യം ഒപ്പു വെച്ച് ഒപ്പു ശേഖരണം അദ്ദേഹം ഉദ്ഘാടനം ചെയ്തു.
നിര്‍ത്തലാക്കിയ തിരുവനന്തപുരം സര്‍വീസ് പുന:സ്ഥാപിക്കേണ്ടതിന്‍െറ അനിവാര്യത വൈസ് ചെയര്‍മാന്‍ കെ.ആര്‍ നായര്‍ വിശദീകരിച്ചു. പൊതുനന്മക്ക് വേണ്ടിയുള്ള ജനങ്ങളുടെ കൂട്ടായ്മ ശക്തമായി മുന്നോട്ട് പോകണമെന്ന് സമിതിയുടെയും ഒ.ഐ.സി.സിയുടെയും രക്ഷാധികാരിയായ ജെയിംസ് കൂടല്‍ പറഞ്ഞു. മുഹമ്മദ് മാസ്റ്റര്‍ (കെ.എം.സി.സി), സേവി മാത്തുണ്ണി(കെ.സി.എ), സഈദ് റമദാന്‍ നദ്വി(കെ.ഐ.ജി), ഫൈസല്‍ നാഗത്ത്(അല്‍ അന്‍സാര്‍ സെന്‍റര്‍), ജ്യോതിമേനോന്‍, ഡോ.ഖമറുദ്ദീന്‍, മനോ മോഹനന്‍, വി.കെ.കുഞ്ഞിരാമന്‍, അജയ് ക്യഷ്ണന്‍, എന്‍.കെ. മുഹമ്മദലി, എന്നിവര്‍ സംസാരിച്ചു. അഡ്വ.ലതീഷ് ഭരതന്‍, ലതീഫ് ആയഞ്ചേരി, സോവിച്ചന്‍ ചേനാട്ടുശ്ശേരി, നാസര്‍ മഞ്ചേരി, മനോജ് മയ്യന്നൂര്‍, റഷീദ് മാഹി, ചന്ദ്രബോസ്, വി.കെ.സൈതാലി, എം.എച്ച്.സയീദ് അലി, എസ്.എം.അബ് ദുല്‍ വാഹിദ്, സി.ഖാലിദ്, മുഹമ്മദ് അഷ്റഫ്, എം.എം. സുബൈര്‍എന്നിവര്‍ സന്നിഹിതരായിരുന്നു. ഒപ്പുശേഖരണത്തിന് സമിതി ജോ. കണ്‍വീനര്‍ റഫീഖ് അബ്ദുല്ല നേതൃത്വം നല്‍കി. കെ.വി. പ്രകാശ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങള്‍ അവതരിപ്പിച്ചു. സമിതി ചെയര്‍മാന്‍ ഇ.കെ. സലീം അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ കെ.ടി.സലീം സ്വാഗതവും ട്രഷറര്‍ പി.പി. ബഷീര്‍ നന്ദിയും പറഞ്ഞു. ചര്‍ച്ചയിലുയര്‍ന്ന നിര്‍ദേശങ്ങള്‍ സിറാജ് പള്ളിക്കര ക്രോഡീകരിച്ച് അവതരിപ്പിച്ചു.

മൊബൈല്‍ ലോട്ടറി തട്ടിപ്പ് ശ്രമം വീണ്ടും

Posted: 29 Dec 2012 09:08 PM PST

Image: 

കുവൈത്ത് സിറ്റി: മൊബൈല്‍ നമ്പറില്‍ വിളിച്ച് വന്‍ തുക ലോട്ടറിയടിച്ചിട്ടുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള തട്ടിപ്പ് ശ്രമം വീണ്ടും. ഇടക്കിടെ തലക്കെുന്ന ഈ തട്ടിപ്പിന്‍െറ വലയില്‍നിന്ന് കഴിഞ്ഞദിവസം മലയാളി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മുന്‍ കാലങ്ങളില്‍ വ്യാപകമായുണ്ടായിരുന്ന ഇമെയില്‍, എസ്.എം.എസ് തട്ടിപ്പുകള്‍ക്ക് സമാനമായ രീതിയില്‍ അരങ്ങേറുന്ന ഇത്തരം തട്ടിപ്പിന് ഇതിനടക്കം മലയാളികളടക്കം നിരവധി പേര്‍ ഇരയായതായാണ് അറിയുന്നത്.
മൊബൈല്‍ കമ്പനി ഓഫീസില്‍നിന്നാണ് വിളിക്കുന്നതെന്നും കമ്പനി  വരിക്കാര്‍ക്കിടയില്‍ നടത്തിയ നറുക്കെടുപ്പില്‍ താങ്കള്‍ക്ക് വന്‍ തുക സമ്മാനം ലഭിച്ചിരിക്കുന്നുവെന്നും പറഞ്ഞ് ഫോണ്‍ വരുന്നതോടെയാണ് തട്ടിപ്പിന്‍െറ തുടക്കം. വിളിക്കുന്നയാള്‍ ഫോണിന്‍െറ സിം കാര്‍ഡിന്‍െറ സീരിയല്‍ നമ്പര്‍ കൃത്യമായി പറയുന്നതോടെ ഉപഭോക്താവ് ചൂണ്ടയില്‍കൊത്തുന്നു. തുടര്‍ന്ന് വലിയ തുകക്കുള്ള ഒരു റീചാര്‍ജ് കൂപ്പണും വാങ്ങി ഏതെങ്കിലും മണി എക്സ്ചേഞ്ചിന്‍െറ സമീപത്തെത്തിയ ശേഷം തന്നെ തിരിച്ചുവിളിക്കാനാണ് ഇയാള്‍ ആവശ്യപ്പെടുക.
അവിടെ വെച്ച് ലോട്ടറിയടിച്ച വന്‍തുക നല്‍കുമെന്നാണ് വാഗ്ദാനം. ഇത് വിശ്വസിച്ച് റീചാര്‍ജ് കൂപ്പണും വാങ്ങിയെത്തുന്നവരോട് കൂപ്പണ്‍ വാങ്ങിയ ശേഷം ഉടന്‍ പണവുമായി എത്താമെന്ന് പറഞ്ഞ് മുങ്ങുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. ഇതോടെ റീ ചാര്‍ജ് കൂപ്പണ്‍ വാങ്ങിയ വകയിലെ തുക ഉപഭോക്താവിന് നഷ്ടമാവുന്നു.
അല്ലെങ്കില്‍ മൊബൈല്‍ നമ്പറുമായി എക്സ്ചേഞ്ചില്‍ എത്തിയാല്‍ ലോട്ടറിയടിച്ച തുക നല്‍കുമെന്നും കൂടുതല്‍ വിവരം പിന്നീട് വിളിച്ചറിയിക്കാമെന്നും പറയുന്നു. എക്സ്ചേഞ്ചിലെത്തുന്നതിനുമുമ്പ് വീണ്ടും വിളിച്ച് ഒരു അക്കൗണ്ട് നമ്പറിലേക്ക് നൂറ് ദീനാറില്‍ കുറയാത്ത തുക അയക്കണമെന്നും പറയും. ഇത് അടച്ച രസീതിയുമായി നേരത്തേ പറഞ്ഞ എക്സ്ചേഞ്ചിലെത്തിയാല്‍ ലോട്ടറിയടിച്ച വന്‍ തുക സ്വീകരിക്കാം എന്നായിരിക്കും വാഗ്ദാനം.
കഴിഞ്ഞ ദിവസം കുവൈത്ത് സിറ്റി ശര്‍ഖിലെ ഹോട്ടലില്‍ ചെയ്യുന്ന കണ്ണൂര്‍ മുട്ടം സ്വദേശി ഹംസ ഇത്തരം തട്ടിപ്പില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. സൗദി നമ്പറായ 00966538158824 ല്‍നിന്ന് പാക് സ്വദേശിയെന്ന് പരിചയപ്പെടുത്തിയയാള്‍ വിളിച്ച് വതനിയ കമ്പനിയുടെ നറുക്കെടുപ്പില്‍ ഹംസയുടെ നമ്പറിന് 20,000 ദീനാറിന്‍െറ ലോട്ടറിയടിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പിന്‍െറ തുടക്കം. താങ്കളുടെ സിം കാര്‍ഡിന്‍െറ സീരിയല്‍ നമ്പര്‍ പറഞ്ഞ് അത് കൃത്യമാണെന്ന് പരിശോധിക്കാന്‍ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. ഹംസ അത് പരിശോധിച്ചപ്പോള്‍ സിം കാര്‍ഡ് സീരിയല്‍ നമ്പര്‍ അയാള്‍ പറഞ്ഞതുതന്നെ.
വീണ്ടും വിളിച്ച പാകിസ്താനിയോട് ഇക്കാര്യം സ്ഥിരീകരിച്ചതോടെ അല്‍ മുല്ല എക്സ്ചേഞ്ചിന്‍െറ ഏതെങ്കിലും ശാഖയില്‍ചെന്ന് മൊബൈല്‍ നമ്പര്‍ പറഞ്ഞാല്‍ ലോട്ടറിയടിച്ച തുക കിട്ടുമെന്നും അതിനുമുമ്പ് 150 ദീനാര്‍ ദുബൈയിലുള്ള മുഹമ്മദ് ബിലാല്‍ അഹ്മദ് അലി എന്നയാളുടെ അക്കൗണ്ടിലേക്ക് അയക്കണമെന്നും പറഞ്ഞു. ഈ സമയം തട്ടിപ്പിനുള്ള സാധ്യത മണത്ത ഹംസയും സുഹൃത്തും ഇത് തട്ടിപ്പാണെന്നും പൊലീസിനെ കൊണ്ട് പിടിപ്പിക്കുമെണന്നും പറഞ്ഞതോടെ പാകിസ്താനി കോള്‍ കട്ട് ചെയ്തു.
രണ്ടുമാസം മുമ്പ് കണ്ണൂര്‍ ചാല സ്വദേശിയായ അബ്ദുല്‍ അസീസും സമാനമായ തട്ടിപ്പില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. അന്നും വതനിയ ഹെഡ് ഓഫീസില്‍നിന്നാണെന്നും 20,000 ദീനാര്‍ ലോട്ടറിയടിച്ചിട്ടുണ്ടെന്നും എക്സ്ചേഞ്ചിലെത്തി പണം കൈപ്പറ്റണമെന്നുമാണ് പറഞ്ഞത്. മൊബൈല്‍ സിം കാര്‍ഡിന്‍െറ പിറകിലെ സീരിയല്‍ നമ്പര്‍ കൃത്യമായി പറഞ്ഞ വിളിച്ചയാള്‍ വരുമ്പോള്‍ 60 ദീനാറിന്‍െറ റീചാര്‍ജ് കൂപ്പണും കൊണ്ടുവരണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. തട്ടിപ്പ് മനസ്സിലായ രീതിയില്‍ അസീസ് സംസാരിച്ചപ്പോള്‍ മറുതലക്കല്‍ ഫോണ്‍ ഡിസ്കണക്റ്റ് ആവുകയായിരുന്നു.
നേരത്തേ ഇമെയിലിലൂടെയും എസ്.എം.സിലുടെയും അരങ്ങേറിയിരുന്ന ലോട്ടറി തട്ടിപ്പ് അതേകുറിച്ച് ആളുകള്‍ ഏറക്കുറെ ബോധവാന്മാരായപ്പോള്‍ നേരിട്ട് വിളിച്ചുകൊണ്ടുള്ള രീതിയിലേക്ക് മാറിയിരിക്കുകയാണ്. ഗള്‍ഫ് മേഖലയിലെ വിവിധ രാജ്യങ്ങളില്‍ ഇത്തരം തട്ടിപ്പ് അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട്. ഇത്തരത്തില്‍ ലോട്ടറിയടിച്ചതായി സന്ദേശങ്ങള്‍ കിട്ടുകയോ ഫോണ്‍ വരികയോ ചെയ്യുമ്പോള്‍ ക്ഷണനേരം കൊണ്ട് ലക്ഷങ്ങള്‍ സ്വന്തമാക്കാമെന്ന വ്യാമോഹത്തില്‍ ആരെയും അറിയിക്കാതെ എടുത്തുചാടുന്നവരാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുങ്ങുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ഫോണ്‍കോളും സന്ദേശങ്ങളും ലഭിക്കുമ്പോള്‍ സൂക്ഷിച്ച് മാത്രം പ്രതികരിക്കുകയാണ് തട്ടിപ്പിനിരയാവാതിരിക്കാനുള്ള മാര്‍ഗം.
 

ഈ രക്തസാക്ഷിത്വം തിരിച്ചറിവിന്

Posted: 29 Dec 2012 08:14 PM PST

Image: 

ഒടുവില്‍ ആ രക്തസാക്ഷിത്വം സംഭവിച്ചിരിക്കുന്നു. കുടുംബത്തിന്‍െറ ദു$ഖത്തില്‍ പങ്കുചേരുക മാത്രമാണ് നമുക്ക് മുന്നിലുള്ള വഴി. അതേസമയം, അവള്‍ക്കുവേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും തെരുവിലിറങ്ങിയവര്‍ക്കും ഇനിയാണ് ചെയ്യാനുള്ളത്. നാലുനാളത്തെ അലയൊലികള്‍ അവസാനിച്ചാല്‍ അവളോട് നീതി ചെയ്തുവെന്ന് നമുക്ക് പറയാനാവില്ല. മരിച്ച പെണ്‍കുട്ടിയുടെ ആത്മാവിനോട് നീതി ചെയ്യണമെങ്കില്‍ ഈ മുന്നേറ്റം സ്ത്രീകേന്ദ്രീകൃതവും നിഷ്പക്ഷവുമായി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. ഒരു പുതിയ തരത്തിലുള്ള മുന്നേറ്റത്തിനാണ് പോയ നാളുകളില്‍ ദല്‍ഹി സാക്ഷ്യംവഹിച്ചത്. രാജ്യത്തിന് പരിചിതമല്ലാത്ത ഒരു രീതിയായിരുന്നു ഇത്. മാധ്യമങ്ങള്‍ നല്‍കിയ അഭൂതപൂര്‍വമായ പ്രചാരണത്തിന് പുറമെ സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളും ഈ മുന്നേറ്റത്തില്‍ പങ്കാളികളായി. സ്ത്രീപീഡകര്‍ക്കെതിരെ രാജ്യമെമ്പാടും ഒരേ തരത്തിലുള്ള വികാരം സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നത് ശുഭകരമാണ്. ആരും ദിശ നിര്‍ണയിക്കാത്ത, ആരും നേതൃത്വം നല്‍കാനില്ലാത്ത ഒരു പോക്കായിരുന്നു അത്.  പല തരക്കാര്‍ ഈ മുന്നേറ്റത്തിന്‍െറ ഭാഗമായിരുന്നു. സ്ത്രീസമത്വത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി വാദിക്കുന്ന വനിതാ വിമോചന സംഘടനകള്‍ മുതല്‍ എ.ബി.വി.പി, ഭഗത് സിങ് ക്രാന്തി സേന പോലുള്ള ഫാഷിസ്റ്റ് ശക്തികള്‍ വരെ ജന്തര്‍മന്തറിലും ഇന്ത്യാഗേറ്റിലും രാഷ്ട്രപതിഭവന് മുന്നിലും നടന്ന സമരങ്ങളിലുണ്ടായിരുന്നു. ഇവരുടെ ആവശ്യങ്ങളിലും ഈ വ്യത്യാസം പ്രതിഫലിച്ചു. ആവേശത്തിനും വികാരപ്രകടനത്തിനുമപ്പുറം എന്താണ് നിങ്ങളുടെ ആവശ്യമെന്ന് ചോദിച്ചാല്‍ സമരക്കാരില്‍ ഓരോരുത്തര്‍ക്കും പറയാനുണ്ടായിരുന്നത് വിഭിന്നങ്ങളായ മറുപടികളായിരുന്നു. കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ ദല്‍ഹി മുഖ്യമന്ത്രിയും പൊലീസ് കമീഷണറും രാജിവെക്കണമെന്നാണ് മറ്റൊരു വിഭാഗം ആവശ്യപ്പെട്ടത്. സ്ത്രീകളുടെ മഹത്വമുയര്‍ത്തിപ്പിടിക്കാന്‍ സ്ത്രീസംഘടനകളും സഹജീവിക്ക് പറ്റിയ ദുരന്തമെന്ന നിലയില്‍ സര്‍വകലാശാലാ വിദ്യാര്‍ഥികളും അണിനിരന്നു.
ദിശാബോധമില്ലാത്ത  വികാരത്തള്ളിച്ചകള്‍ക്കും ആവേശപ്രകടനങ്ങള്‍ക്കും അല്‍പായുസ്സേയുള്ളൂ എന്നാണ് ഞാന്‍ കരുതുന്നത്. ഇങ്ങനെ നാലുനാളത്തെ സമരംകൊണ്ട് അവസാനിപ്പിക്കേണ്ട ഒരു വിഷയമല്ലിത്. എല്ലാ നിയമവ്യവസ്ഥകളെയും വെല്ലുവിളിച്ചും നിഷേധിച്ചും ഇത്തരത്തിലൊരു പ്രക്ഷോഭം മുന്നോട്ടുപോകുകയുമില്ല. താല്‍പര്യക്കാര്‍ക്ക് ഹൈജാക് ചെയ്യാനുള്ള അവസരമാണിതിലൂടെ ലഭിക്കുക. ശനിയാഴ്ച രാവിലെ ജന്തര്‍മന്തറിലുണ്ടായ സംഭവം തന്നെയെടുക്കുക. ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ ജന്തര്‍മന്തറില്‍ ഭഗത് സിങ് ക്രാന്തിസേനയുടെ ആളുകള്‍ തടഞ്ഞു. ആര്‍ക്കും ഹൈജാക് ചെയ്യാവുന്ന തരത്തില്‍ ഈ പ്രതിഷേധം മുന്നോട്ടുപോയാല്‍ അരാജകത്വത്തിലാണ് കലാശിക്കുക. അതുകൊണ്ടാര്‍ക്കും ഒരു ഗുണവും ലഭിക്കുകയുമില്ല.
 അരാഷ്ട്രീയമായി ഈ സമരത്തെ കൊണ്ടുപോകുന്നതിന് പകരം സ്ത്രീകളെ രാഷ്ട്രീയബോധമുള്ളവരാക്കി മാറ്റണം. ജന്മം നിഷേധിക്കപ്പെടുന്ന ഭ്രൂണഹത്യയില്‍ തുടങ്ങി വിവാഹം വരെയുള്ള വിഷയങ്ങളിലെ സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റാന്‍കൂടി ഈ ചര്‍ച്ച പ്രയോജനപ്പെടേണ്ടതുണ്ട്. സര്‍ക്കാറിന്‍െറ നയരൂപവത്കരണവേദികളില്‍ സ്ത്രീകള്‍ക്ക് മതിയായ പങ്കാളിത്തവും പ്രാതിനിധ്യവും ഇല്ലാത്തിടത്തോളം കാലം സാമൂഹിക മനോഭാവം മാറില്ല. മതിയായ രാഷ്ട്രീയ പ്രാതിനിധ്യം ലഭിക്കുന്നതിലൂടെ മാത്രമേ നയരൂപവത്കരണങ്ങളില്‍ സ്വാധീനം സൃഷ്ടിക്കാന്‍ കഴിയൂ. 33 ശതമാനം വനിതാസംവരണമെന്ന ആവശ്യത്തെ പിന്തുണക്കേണ്ടിവരുന്നത് ഇതുകൊണ്ടാണ്. അതിനുവേണ്ടി കൂടിയായിരിക്കണം നമ്മുടെ തുടര്‍മുന്നേറ്റങ്ങള്‍.
ദല്‍ഹിയില്‍ അടച്ചിട്ട ഒരു സ്വകാര്യബസില്‍ സംഭവിച്ചതാണിത്. എന്നാല്‍, 2002ല്‍ ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയാണ് 300 സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്യാന്‍ അവസരമൊരുക്കിക്കൊടുത്തത്. കൂട്ടബലാത്സംഗത്തിനിരയായവരില്‍ 50 പേരെ നേരില്‍ കണ്ട ഹതഭാഗ്യയാണ് ഞാന്‍. ഇവരില്‍ മൂന്ന് സ്ത്രീകളുടെ കാര്യത്തില്‍ മാത്രമാണ് നിയമനടപടിയുണ്ടായത്. ദല്‍ഹിയിലെ പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് കമ്പി കുത്തിക്കയറ്റിയതുപോലെയാണ് ഗുജറാത്തില്‍ ബലാത്സംഗം ചെയ്തശേഷം ത്രിശൂലങ്ങള്‍ കയറ്റിയത്. അതേസമയം, ബസില്‍ സംഭവിച്ച ബലാത്സംഗത്തിന് ദല്‍ഹി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന മാധ്യമങ്ങള്‍ 300 സ്ത്രീകളുടെ ബലാത്സംഗത്തിന് കാരണക്കാരനായ മോഡിയെ നായകനാക്കി ഉയര്‍ത്തിക്കാണിക്കുകയാണ് ചെയ്യുന്നത്.
പ്രതിഷേധരംഗത്തിറങ്ങിയ ബോളിവുഡ് താരങ്ങളോടും സംവിധായകരോടുമുണ്ട് ചിലത് പറയാന്‍. സ്ത്രീത്വത്തെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതില്‍ തങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് ഒരു ആത്മപരിശോധനക്ക് അവര്‍ തയാറാകണം. വെള്ളിത്തിരയില്‍ നടന്‍ നായികയുടെ ഉടുതുണിയുരിയുന്നതും ബലാത്സംഗം ചെയ്യുന്നതും നിര്‍ലജ്ജം സംവിധാനിക്കുന്നവര്‍ക്ക് സ്ത്രീയെ അവഹേളിക്കുന്നതിനെക്കുറിച്ച് വിലപിക്കാന്‍ ധാര്‍മികമായ അവകാശമില്ല. ഇത്തരത്തിലുപയോഗിക്കേണ്ട ഒരു സാധനമാക്കി സ്ത്രീയെ അവതരിപ്പിക്കുന്നതിലൂടെ അപകടകരമായ സന്ദേശമാണ് ഇവര്‍ രാജ്യത്തെ ചെറുപ്പക്കാര്‍ക്ക് നല്‍കുന്നത്. അതിനാല്‍ മരണമടഞ്ഞ പെണ്‍കുട്ടിയോടുള്ള ഐക്യദാര്‍ഢ്യം സാര്‍ഥകമാകണമെങ്കില്‍ വെള്ളിത്തിരയില്‍ തുണിയുരിഞ്ഞും ബലാത്സംഗം ചെയ്തും സ്ത്രീത്വത്തെ അപമാനിക്കുന്ന സിനിമാപ്രവര്‍ത്തകരും ഒരു വീണ്ടുവിചാരത്തിന് തയാറാകേണ്ടതുണ്ട്.
ദല്‍ഹി മാത്രം സുരക്ഷിതമാക്കിയാല്‍ തീരുന്നതല്ല പ്രശ്നം. ദല്‍ഹിയിലെ ബലാത്സംഗങ്ങള്‍ മാത്രവുമല്ല പ്രശ്നം. ഗുജറാത്തിലും കശ്മീരിലും മണിപ്പൂരിലും സംഭവിച്ചതും ഇതുപോലെ ശിക്ഷയര്‍ഹിക്കുന്ന അതിക്രമങ്ങളാണ്. ഒരു സ്വകാര്യ ബസില്‍ നടന്ന ഈ സംഭവത്തിന്‍െറ പേരില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന മാധ്യമങ്ങളും വനിതാ വിമോചക സംഘടനകളും രാജ്യത്തിന്‍െറ മറുഭാഗത്ത് നടന്ന സമാന സംഭവങ്ങളില്‍ മൗനം പാലിക്കുന്നത് കാപട്യമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.  ഈ പെണ്‍കുട്ടിയുടെ രക്തസാക്ഷിത്വം അത്തരത്തിലുള്ള അവബോധത്തിന് നിമിത്തമാവട്ടെ എന്നാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്.
(തയാറാക്കിയത് ഹസനുല്‍ ബന്ന)
l

സര്‍ക്കാര്‍ വിരണ്ടു; പക്ഷേ...

Posted: 29 Dec 2012 08:11 PM PST

Image: 

സ്ത്രീയുടെ മാനത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും വേവുന്ന ഒരുപാട് ചിന്തകള്‍ സമൂഹത്തിന് നല്‍കിയാണ് 23കാരി പെണ്‍കുട്ടി മരിച്ചത്. ചാനലുകളും സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളും അടക്കമുള്ള മാധ്യമങ്ങള്‍ വഴി പടര്‍ന്ന പ്രതിഷേധാഗ്നിയില്‍ ഭരണകൂടം വിരണ്ടു. ദല്‍ഹി പൊലീസും അവരുടെ സഹകരണം കിട്ടിപ്പോരുന്ന സാമൂഹികവിരുദ്ധരും  പേടിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ജനവികാരം അക്കൂട്ടരെ എളുപ്പത്തില്‍ ബാധിക്കില്ല. അവര്‍ക്ക് ജനത്തെ പേടിക്കേണ്ടതില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ അമരത്തും മന്ത്രിക്കസേരകളിലുമുള്ളവര്‍ക്ക് അങ്ങനെ പറ്റില്ല. ഇപ്പോഴത്തെ വൈകാരിക വര്‍ത്തമാനങ്ങള്‍ നില്‍ക്കട്ടെ. ജനവികാരമടക്കാന്‍ തീവ്രശ്രമം നടത്തുന്ന അവരുടെ ആത്മാര്‍ഥതയുടെ ആഴം ഭാവിയിലാണ് അളക്കേണ്ടത്. പ്രതിഷേധത്തിന്‍െറ തീ കെടുത്താനുള്ള ശ്രമങ്ങള്‍ക്കപ്പുറം, നമ്മുടെ സംവിധാനം നേരെയാക്കാന്‍ എത്രത്തോളം ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടാവുമെന്ന് കാത്തിരുന്നുകാണേണ്ടിയിരിക്കുന്നു. കൂട്ടമാനഭംഗം ഇത് ആദ്യത്തേതല്ല. അവസാനത്തേതാക്കാനും നിര്‍ഭാഗ്യവശാല്‍, കഴിയില്ല. പക്ഷേ, സാമൂഹിക തിന്മകള്‍ക്കെതിരെ പൊതുബോധം ഉണര്‍ത്താന്‍ കഴിഞ്ഞ 13 ദിവസത്തെ സംഭവവികാസങ്ങള്‍ക്ക് സാധിച്ചു.
ഇന്ത്യാഗേറ്റിലെയും വിജയ്ചൗക്കിലെയും സമരവിലക്കുകള്‍ വകവെക്കാതെ യുവജനങ്ങള്‍ അധികാരകേന്ദ്രങ്ങള്‍ക്കു നേരെ മുഷ്ടി ചുരുട്ടിയത്, നമ്മുടെ സംവിധാനങ്ങളോടുള്ള വര്‍ധിച്ച രോഷമാണ് പ്രതിഫലിപ്പിച്ചത്. ചുട്ടുപഴുക്കുന്ന സമരങ്ങള്‍ പലതു നടക്കുന്ന ഇന്ത്യയില്‍, ഈ സമരവീര്യത്തെ, ചേമ്പിന്‍തണ്ടിന്‍െറ കാതല്‍ മാത്രമുള്ള മധ്യവര്‍ഗ സമരമെന്ന് വേണമെങ്കില്‍ പുച്ഛിക്കാം. ക്ഷുഭിതയൗവനത്തിന്‍െറ ഗ്രേഡ് സമരക്കാര്‍ക്ക് നല്‍കാന്‍ മടികാണിക്കാം. രാഷ്ട്രീയ പാര്‍ട്ടികളുടെ ആഹ്വാനങ്ങളല്ല, സുഹൃദ്വലയത്തിന്‍െറ ഫേസ്ബുക് പ്രേരണകളോ ചാനല്‍ചോദനകളോ ആണ് അവരെ ഇന്ത്യാഗേറ്റിലേക്ക് നയിച്ചതെന്ന് വിമര്‍ശിക്കാം. ഭരണകൂടം എഴുതിത്തള്ളിയ നഗര വെളിമ്പുറങ്ങളിലെയും സൈന്യവും പൊലീസും വാഴുന്ന മേഖലകളിലെയുമൊക്കെ കൊടിയ യാതനകള്‍ എന്താണെന്നുപോലും തിരക്കാത്ത പൊണ്ണന്മാരുടെ മുഷ്ടിചുരുട്ടലായും അവഗണിക്കാം. പക്ഷേ, മധ്യവര്‍ഗ-സമ്പന്ന കുടുംബങ്ങളില്‍നിന്നുള്ള യുവാക്കള്‍ ക്ഷോഭമടക്കാതെ തെരുവിലേക്ക് ഇറങ്ങുന്നത് ചെറിയ കാര്യമല്ല.
നേരത്തേയും ഇക്കൂട്ടര്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നു. ബഹുമുഖ അനീതികളോട് നിസ്സംഗമായിരുന്നവര്‍. അവരെ തെരുവിലേക്ക് ഇറക്കുന്നത്, ഭരണകൂട നിസ്സംഗതയാണ്. അത് സര്‍ക്കാറിന് പുതിയ പാഠമായി മാറുന്നുവെന്നാണ് 23കാരിയുടെ മരണത്തെതുടര്‍ന്ന സംഭവങ്ങള്‍ കാണിച്ചുതരുന്നത്. അവരുടെ സമരത്തില്‍ നിസ്സംഗഭരണകൂടത്തോടുള്ള വെല്ലുവിളിയുണ്ട്. അവര്‍ പ്രചാരണത്തിന്‍െറ പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ച് സംഘടിക്കുന്നു. നേതാവില്ലാത്ത സമരം സര്‍ക്കാര്‍ ആദ്യം കാണുകയാവണം. സമരക്കാരെ സംബന്ധിച്ചിടത്തോളം, നേതാവാര് എന്നത് വിഷയമായില്ല. അരക്ഷിതബോധത്തില്‍ ചാലിച്ച സാമൂഹികബോധമാണ് അവരെ ഭരിച്ചത്. സര്‍ക്കാറിന്‍െറ ഉള്‍പ്പേടി കഴിഞ്ഞ മന്ത്രിസഭാ യോഗത്തിനുശേഷം വ്യക്തമാക്കിയത് എക്സ് ഒഫീഷ്യോ ആഭ്യന്തരമന്ത്രി പി. ചിദംബരമാണ്. പൊടുന്നനെ ജനം തടിച്ചുകൂടി പ്രതിഷേധിക്കുന്ന പുതിയ പ്രതിഭാസമാണ് ദല്‍ഹിയില്‍ കണ്ടതെന്നും സര്‍ക്കാര്‍ സജ്ജമായിരുന്നില്ലെന്നും പാഠം പഠിച്ചുവെന്നും തുറന്നുപറച്ചില്‍ ശീലമല്ലാത്ത ചിദംബരം തുറന്നുപറഞ്ഞു. സര്‍ക്കാറിന്‍െറ പതിവുരീതികളിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്ന സോഷ്യല്‍ മീഡിയ-ചാനല്‍ വേഗം സര്‍ക്കാറിനെ അമ്പരപ്പിക്കുകയാണ്.
സര്‍ക്കാര്‍ പഠിക്കുന്ന പാഠങ്ങള്‍, ജനത്തെ എങ്ങനെ നല്ല നിലയില്‍ നയിക്കണമെന്നല്ല; എങ്ങനെ നേരിടണമെന്നാണ്. നേരിട്ടു. പക്ഷേ, ഇന്ത്യാഗേറ്റിലെത്തിയ പ്രതിഷേധക്കൂട്ടം ഒറ്റതിരിഞ്ഞവരല്ല, രാജ്യത്തെ ജനവികാരം അവര്‍ക്കു പിന്നിലുണ്ടെന്ന് കണ്ടതോടെ മാത്രമാണ്, മൂടിവെക്കാന്‍ ഇഷ്ടപ്പെട്ട കൂട്ടമാനഭംഗക്കേസില്‍ സര്‍ക്കാര്‍ തിരക്കിട്ട നടപടികളിലേക്ക് കടന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍, കൂട്ടമാനഭംഗ സംഭവത്തെക്കുറിച്ച ജുഡീഷ്യല്‍ കമീഷന്‍, അത്യപൂര്‍വ മാനഭംഗക്കേസുകളില്‍ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതി ശിപാര്‍ശ ചെയ്യാന്‍ മറ്റൊരു കമീഷന്‍, പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തല്‍, സ്ത്രീസുരക്ഷക്ക് പ്രത്യേക നടപടികള്‍ എന്നിവയൊക്കെ സര്‍ക്കാറിന്‍െറ കുറ്റബോധത്തിന്‍െറ പ്രകാശനമാണ്. ഒക്കെയും നേരത്തേ ചെയ്യാമായിരുന്ന, കഴിയുന്നത്ര വെച്ചുതാമസിപ്പിച്ച നടപടികള്‍. മാനഭംഗം ഇതാദ്യത്തേതല്ല എന്ന സമീപനത്തില്‍നിന്ന്, തിരുത്തല്‍ ഇവിടെ തുടങ്ങണം എന്ന ചിന്താഗതിയിലേക്ക് സര്‍ക്കാറിനെ എത്തിച്ചത് യുവതീയുവാക്കളുടെ രോഷപ്രകടനം തന്നെ.
ഡിസംബര്‍ 16നാണ് കുറ്റകൃത്യം നടന്നത്. അതിനുശേഷം നാലു ദിവസംകൂടി പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനം നടന്നു. സഭയില്‍ വിഷയം ഉയര്‍ത്തിയ എം.പിമാര്‍ക്ക് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഒഴുക്കന്‍ മറുപടികളാണ് നല്‍കിയത്. പാര്‍ലമെന്‍റ് സമ്മേളനം അവസാനിച്ച് രണ്ടാം ദിവസമാണ്  ജനരോഷം കാട്ടുതീയായി മാറിയത്. വിഷയത്തിന്‍െറ ഗൗരവം എം.പിമാരും സര്‍ക്കാറും വേണ്ടവിധം പാര്‍ലമെന്‍റില്‍ പ്രതിഫലിപ്പിച്ചിരുന്നെങ്കില്‍ ജനവികാരത്തിന് ഇത്രത്തോളം മൂര്‍ച്ച ഉണ്ടാകുമായിരുന്നില്ല. സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ യുവജനങ്ങള്‍ സംഘടിച്ച് ഇന്ത്യാഗേറ്റിലേക്കും രാഷ്ട്രപതിഭവനു മുന്നിലേക്കും നീങ്ങിയപ്പോള്‍, അവര്‍ക്കുനേരെ ബലപ്രയോഗമാണ് നടന്നത്. ആദ്യദിവസം കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും ജലപീരങ്കിയുമായി മുന്നേറിയ പൊലീസ് രണ്ടാം ദിവസം നേരിടലിന് വീര്യംകൂട്ടി. പ്രതിഷേധകരെ രാത്രിയോടടുത്ത നേരത്ത് ലാത്തിച്ചാര്‍ജ് ചെയ്ത് ഇന്ത്യാഗേറ്റും രാജ്പഥും സര്‍ക്കാര്‍ ‘തിരിച്ചുപിടിച്ചു’. കൂട്ടമാനഭംഗത്തിനെതിരായ പ്രതിഷേധക്കാരെ ഇങ്ങനെ കൈകാര്യം ചെയ്തേടത്ത് സര്‍ക്കാറിന്‍െറ പിഴവ് അവസാനിച്ചില്ല.
മൊഴിയെടുത്തതിലെ പൊലീസ് ഇടപെടലിനെക്കുറിച്ച് മുഖ്യമന്ത്രിയോട് പരാതിപ്പെട്ടത് മജിസ്ട്രേറ്റ് തന്നെയാണ്. യുവജനങ്ങളുടെ പ്രതിഷേധത്തെ ഏറ്റുമുട്ടലിലേക്ക് എത്തിച്ച സര്‍ക്കാറും പൊലീസും, ലാത്തിച്ചാര്‍ജിനോടുള്ള രോഷം പൊലീസുകാരന്‍െറ മരണത്തോടുള്ള അനുതാപംകൊണ്ട് മറികടക്കാന്‍ ശ്രമിച്ചത് മറ്റൊരു പിഴവ്. പൊലീസുകാരന്‍ സമരക്കാരുടെ മര്‍ദനമേറ്റല്ല, ഹൃദയസ്തംഭനം മൂലമാണ് യഥാര്‍ഥത്തില്‍ മരിച്ചതെന്ന വിവരം പുറത്തുവന്നത് അന്നേരമാണ്. യുവതിയുടെ ആയുസ്സ് മരുന്നിന്‍െറ ബലത്തില്‍ ഏതാനും ദിവസം കൂടി നീട്ടാമെന്നല്ലാതെ, ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവ് സാധ്യമല്ലെന്ന് നേരത്തേതന്നെ ഉറപ്പായിരുന്നു. അതിനിടയിലാണ്, വെന്‍റിലേറ്ററില്‍ മരണവുമായി മല്ലടിക്കുന്ന യുവതിയെ രായ്ക്കുരാമാനം സിംഗപ്പൂര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. അതൊരു രാഷ്ട്രീയ തീരുമാനം മാത്രമായിരുന്നു. കൊണ്ടുപോകുന്നവര്‍ക്കാര്‍ക്കും ജീവനോടെ തിരിച്ചെത്തിക്കാമെന്ന വിശ്വാസമുണ്ടായിരുന്നില്ല. മരണം സംഭവിക്കുകതന്നെ ചെയ്തു.
സര്‍ക്കാറിനെ രാഷ്ട്രീയമായി പൊള്ളിക്കുന്ന ഒന്നായി കൂട്ടമാനഭംഗവും ഇരയുടെ മരണവും മാറുന്നതുകൊണ്ടാണ് സ്ത്രീസുരക്ഷക്ക് ഉതകുന്ന കുറെ കാര്യങ്ങള്‍ ചെയ്യുമെന്ന വാഗ്ദാനവും, ഒപ്പം കുറ്റബോധം നിറഞ്ഞ വര്‍ത്തമാനങ്ങളുമൊക്കെ സര്‍ക്കാറില്‍നിന്ന് ഉണ്ടാകുന്നത്. നിയമങ്ങള്‍ ഇല്ലാത്തതല്ല, അത് ഫലപ്രദമായി നടപ്പാക്കാന്‍ മനസ്സുവെക്കാത്തതാണ് യഥാര്‍ഥ പ്രശ്നം. വേഗത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാകുന്നുവെന്നും നീതി നടപ്പാകുന്നുവെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നുവെന്നും ഉറപ്പുവരുത്തുകയാണ് യഥാര്‍ഥത്തില്‍ വേണ്ടത്. പ്രശ്നക്കുരുക്ക് അഴിച്ചെടുക്കേണ്ട സന്ദര്‍ഭത്തില്‍ മാത്രമല്ല നിയമവാഴ്ച ഉറപ്പാക്കാന്‍ ശ്രമിക്കേണ്ടത്. ജനകീയ രോഷം അടക്കാനാണെങ്കില്‍ക്കൂടി, സ്ത്രീസുരക്ഷക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ നടപ്പാകുന്നുവെങ്കില്‍ രാഷ്ട്രീയ നേതാക്കളുടെ അനുശോചനങ്ങള്‍ക്ക് അര്‍ഥം കൈവരുന്നുണ്ട്. മറ്റു പല ക്രൂരതകളെയും കാണാത്തമട്ടില്‍ വിടുന്ന നഗരജനതയുടെ സാമൂഹികബോധം ദൃഢമാക്കി നിര്‍ത്താന്‍ ഉപകരിക്കുന്നുവെങ്കില്‍ 23കാരിയുടെ ഏറ്റുവാങ്ങിയ മൃഗീയതയോട് സമൂഹം പകരം ചോദിക്കുന്നുണ്ട്.
l

Saturday, December 29, 2012

പച്ചയുടെ മാനങ്ങള്‍ Madhyamam News Feeds

പച്ചയുടെ മാനങ്ങള്‍ Madhyamam News Feeds

Link to

പച്ചയുടെ മാനങ്ങള്‍

Posted: 29 Dec 2012 12:58 AM PST

Image: 

കേരളത്തെ പച്ചനിറമാക്കി മാറ്റുന്നു എന്ന വിവാദം കത്തിനിന്ന സമയം. ഞാന്‍ പഠിച്ച സ്കൂളിലും മാസങ്ങള്‍ക്കു മുന്‍പ് സമാനസ്വഭാവത്തിലുളള ഒരു സംഭവമുണ്ടായി.

ചേര്‍ത്തലയിലെ കടക്കരപ്പളളി യു.പി.ജി.എസ് നൂറു വര്‍ഷത്തിലേറെ പഴക്കമുളള സ്കൂളാണ്. സാധാരണക്കാരായ ഒരുപാട് പേരുടെ മക്കള്‍ പഠിക്കുന്ന സ്കൂള്‍. സ്കൂളിന്റെശോചനീയാവസ്ഥ കണ്ട് സര്‍വ ശിക്ഷാ അഭിയാനില്‍ നിന്നും കിട്ടിയ തുക ചിലവഴിച്ച് ചെറിയ അറ്റകുറ്റപ്പണികളും പെയിന്‍്റിങ്ങും നടത്തി പഴയ സ്കൂളിനെ ഒന്നു പുതുക്കാന്‍ തീരുമാനിച്ചു. പി.ടി.എ പ്രസിഡന്‍്റായ ഡോ. പ്രേം കുമാര്‍ നാട്ടി പ്രസിദ്ധനായ ഹോമിയോ ഡോക്ടറാണ്. മക്കളെ ഗവണ്‍മെന്‍്റ് സ്കൂളില്‍ തന്നെ പഠിപ്പിക്കണമെന്ന് നിര്‍ബന്ധബുദ്ധിയുളള ആളും!

ഒരു ദിവസം എല്ലാവരും ചേര്‍ന്ന് മേല്‍ക്കൂരയിലെ പഴയ ഓടുകള്‍ താഴെയിറക്കി കഴുകി വൃത്തിയാക്കി വെച്ചു. ദ്രവിച്ച പട്ടികകള്‍ മാറ്റി. പുതിയ പെയിന്‍്റടിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഹെഡ്മിസ്ട്രസ് കുട്ടികളോട് അഭിപ്രായം ആരാഞ്ഞു. സ്കൂളിന്റെകിഴക്കുവശത്തെ കെട്ടിടത്തിനു നീലയും തെക്കുവശത്തെ കെട്ടിടത്തിന്റെഓടുകള്‍ക്ക് പച്ചയും കൊടുക്കുവാന്‍ കുട്ടികള്‍ ഒന്നടങ്കം ആഗ്രഹം പ്രകടിപ്പിച്ചു. പ്രകൃതിയോട് കൂടുതല്‍ അടുപ്പമുളള പച്ചനിറം -ഹരിതവര്‍ണ്ണം- പച്ച പെയിന്‍്റ് വാങ്ങുവാന്‍ അധികൃതര്‍ തീരുമാനിച്ചു. ചേര്‍ത്തല ടൗണിലുളള കടയില്‍ നിന്നും നീല പെയിന്‍്റും പച്ച പെയിന്‍്റും വാങ്ങി. പെയിന്‍്റ് കടക്കാരനും സന്തോഷമായി. കാരണം പച്ചക്കളര്‍ വിറ്റുപോകാന്‍ വളരെ പാടാണ്. അതിനാല്‍ പ്രത്യേക ഡിസ്കൗണ്ടും നല്കി.

ചുളുവിലയില്‍ പെയിന്‍്റ് കിട്ടിയ സന്തോഷത്തോടെ ചുമതലക്കാര്‍ സ്കൂളിലെത്തി. കിഴക്കുവശത്തെ കെട്ടിടത്തിന് നീല പെയിന്‍്റടിച്ചു പണിപൂര്‍ത്തീകരിച്ചു. സ്കൂളിന്റെതെക്കുവശത്തുളള കെട്ടിടത്തിന്റെനിലത്തിറക്കി വെച്ചിരുന്ന പഴയ ഓടിന് ഓരോന്നിനും പച്ചക്കളര്‍ അടിച്ച് മേല്‍ക്കൂരയില്‍ കയറ്റി. ഏകദേശം മുക്കാല്‍ ഭാഗത്തോളം പണി പൂര്‍ത്തീകരിച്ചു. പുതിയ കളര്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും
ഒരുപോലെ ഇഷ്ടമായി. എന്നാല്‍ സന്തോഷം അധിക സമയം നീണ്ടില്ല. പണി തീരാന്‍ രണ്ടു ദിവസം ബാക്കിയുളളപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ക്ക് പച്ചക്കളര്‍ അടിച്ചതിന്റെഅകംപൊരുളിനെ കുറിച്ച് സംശയം തോന്നി. പരക്കെ തെറ്റിദ്ധാരണ പടര്‍ന്നു. വിദ്യാഭ്യാസമന്ത്രിയുടെ പ്രത്യേകനിര്‍ദ്ദേശപ്രകാരമാണ് പച്ചനിറം അടിച്ചതെന്ന് പ്രചരിപ്പിച്ചു. കേരളത്തെ പച്ചനിറത്തില്‍ മുക്കുക എന്ന അജണ്ടയാണ് ഇതിനു പിന്നിലത്രെ.

പച്ച ബ്ളൗസ് വിവാദം നടന്നതിന് രണ്ടാഴ്ചയ്് ശേഷമാണ് ഈ സംഭവം. പച്ചയുടെ നിറംപിടിപ്പിച്ച പല കഥകളും പുറത്തിറങ്ങി. സംഭവത്തിന് വര്‍ഗീയനിറം ലഭിച്ചു. തിരിച്ചു പ്രതികരിക്കാന്‍ ആളില്ലായിരുന്നു. വിഷയം ചൂടുളള ചര്‍ച്ചയ്ക്ക് വഴി വച്ചു. പത്രങ്ങളില്‍ നിറംപിടിപ്പിച്ച വാര്‍ത്തയായി. പി.ടി.എ ചുമതലക്കാരും ഹെഡ് മിസ്ട്രസും സ്റ്റാഫും വിഷമ വൃത്തത്തിലായി.

പച്ചനിറത്തിന്റെരാഷ്ട്രീയമാനങ്ങളെക്കുറിച്ച് എല്ലാവരും ചിന്തിച്ചുതുടങ്ങി. പാവം നാട്ടുകാര്‍ ഒരു എത്തും പിടിയും കിട്ടാതെ നിസഹായരായി നോക്കി നിന്നു. പ്രശ്നം ഗുരുതരമായതോടെ പച്ചയോടുകള്‍ വളരെ പണിപ്പെട്ട് താഴെയിറക്കി. മേല്‍ക്കൂര ദ്രവിച്ചിരിക്കുന്നതുകൊണ്ട് അത് വളരെ ശ്രമകരമായ ജോലിയായിരുന്നു. ഇങ്ങനെ സംഭവം പുലിവാലായതോടെ ഓടിന് സ്വാഭാവികമായ പഴയ നിറം തന്നെ പൂശാന്‍ തീരുമാനിച്ചു. ഇരട്ടി അധ്വാനവും വേണ്ടിവന്നു. ഒടുവില്‍ ഓടുകള്‍ക്ക് സ്വാഭാവിക നിറത്തോടെ മുകളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. പരക്കെയുണ്ടായ തെറ്റിദ്ധാരണകള്‍ക്കും ഭരണകൂടത്തിന്റെകുത്സിതശ്രമം എന്ന വ്യാഖ്യാനത്തിനും അങ്ങനെ വിരാമമായി. വിവാദത്തോടൊപ്പം അധികം ആരും അറിയാതിരുന്ന എന്റെസ്കൂള്‍ പക്ഷെ പ്രശസ്തമായി.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് നടന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ യോഗത്തില്‍ ഈ വിഷയം അല്പം തമാശ കലര്‍ത്തി മന്ത്രിയുടെ സന്നിധ്യത്തില്‍ പ്രസംഗമധ്യേ ഞാന്‍ അവതരിപ്പിച്ചു. ഒന്നുമറിയാതെ പഴികേള്‍ക്കേണ്ടി വന്നത് പാവം വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ്! അപ്പോഴാണ് അദ്ദേഹം ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയുന്നത്. പ്രസംഗം
കഴിഞ്ഞപ്പോള്‍ മന്ത്രിയില്‍ നിന്നും ഒരു സത്യം ഞാന്‍ അറിഞ്ഞു. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന് ചേര്‍ത്തലയിലുളള മൂന്നു പേരെ മാത്രമെ അടുത്തറിയൂ: എ.കെ ആന്‍്റണി, വയലാര്‍ രവി, വെളളാപ്പള്ളി നടേശന്‍ എന്നിവരെ മാത്രം!

(ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറിയാണ് ലേഖകന്‍)
ഇ മെയില്‍: os@santhigiriashram.org

തൊഴിലുറപ്പില്‍ മിനിമം വേതനം 200 രൂപയാക്കും -കെ.സി. ജോസഫ്

Posted: 28 Dec 2012 10:38 PM PST

പോത്തന്‍കോട്: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള ഭാരത് നിര്‍മാണ്‍ രാജീവ് ഗാന്ധിസേവാകേന്ദ്രം നിര്‍മാണ ഉദ്ഘാടനവും ഭരണസമിതിയുടെ രണ്ടാം വാര്‍ഷികാഘോഷവും ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് നിര്‍വഹിച്ചു.
തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ദിനങ്ങള്‍ നൂറില്‍നിന്ന് 150 ദിവസമാക്കി ഉയര്‍ത്തുമെന്നും മിനിമം വേതനം 200 രൂപയാക്കുമെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ സമയം ഒമ്പത് മുതല്‍ നാല് വരെ ക്രമീകരിക്കാനും കയര്‍-ക്ഷീരകര്‍ഷക തൊഴിലാളികളെ കൂടി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പരിശീലനം പുര്‍ത്തിയാക്കിയ തൊഴിലുറപ്പ് മേറ്റ് മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍, കേരളോത്സവ വിജയികള്‍ക്കുള്ള ട്രോഫികള്‍ എന്നിവ വിതരണം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് വനിതാ ക്യാന്‍റീന്‍ ഉദ്ഘാടനം കഴക്കൂട്ടം എം.എല്‍.എ എം.എ. വാഹിദ് നിര്‍വഹിച്ചു. പാലോട് രവി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എം. മുനീര്‍ സ്വാഗതം പറഞ്ഞു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം എം.ആര്‍. രവി, ബ്ളോക്ക് വൈസ് പ്രസിഡന്‍റ് സീനാരാജന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ പറമ്പില്‍പാലം നിസാര്‍, അഡ്വ. വി.ജോയി, കവിത, ബ്ളോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.എസ്. അജിത്കുമാര്‍, എ. നൗഷാദ്, ജോളി പത്രോസ്, ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി സാംഫ്രാങ്ക്ളിന്‍, ബ്ളോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. ജോയന്‍റ് ബി.ഡി.ഒ ജയകുമാരന്‍ നന്ദി പറഞ്ഞു.
 

സൈറസ് മിസ്ത്രി ടാറ്റാ ഗ്രൂപ്പിന്റെ പുതിയ തേരാളി

Posted: 28 Dec 2012 10:35 PM PST

Image: 

രണ്ടു പതിറ്റാണ്ടിനിടെ ടാറ്റാ ഗ്രൂപ്പിനെ ആഗോള ബിസിനസ് രംഗത്ത് നിര്‍ണായക ശക്തിയാക്കി മാറ്റിയ രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി  സൈറസ് മിസ്ത്രി. ടാറ്റാ ഗ്രൂപ്പിന്‍െറ നയങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കില്‍  ഇനി 31 വര്‍ഷം ലോകത്ത് ഏറ്റവും അറിയപ്പെടുന്ന ഇന്ത്യന്‍ ബ്രാന്‍ഡായ  ടാറ്റ ഈ 44കാരന്‍െറ നിയന്ത്രണത്തിലായിരിക്കും.
എന്നാല്‍, രത്തന്‍ ടാറ്റയുടെ സ്വപ്ന പദ്ധതിയായ ‘നാനോ’ ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുകയെന്നതിനൊപ്പം പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുകയെന്നതും സൈറസ് മിസ്ത്രി വരുംനാളുകളില്‍ ഏറ്റെടുക്കേണ്ട വെല്ലുവിളിയായിരിക്കും.
ഒരു സ്വതന്ത്ര പാനല്‍ 18 മാസം ടാറ്റാ ഗ്രൂപ്പിലെ വിവിധ കമ്പനികളുടെ  മേധാവികള്‍ക്കിടയില്‍ നടത്തിയ പരിശോധനക്കൊടുവിലാണ് ഒരു വര്‍ഷം മുമ്പ് സൈറസിനെ രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി കണ്ടെത്തുന്നത്. രത്തന്‍ ടാറ്റ ജെ.ആര്‍.ഡി ടാറ്റയുടെ പിന്‍ഗാമിയായി  ചുമതലയേറ്റയുടന്‍ മുതിര്‍ന്ന എക്സിക്യൂട്ടിവുകള്‍ ഉയര്‍ത്തിയ  വെല്ലുവിളികള്‍ക്ക് സമാനമായ പ്രശ്നങ്ങള്‍  സൈറസ് നേരിടേണ്ടിവരുമോയെന്നാണ് വ്യവസായ ലോകം ഉറ്റുനോക്കുന്നത്. ഉണ്ടായാല്‍ തന്നെ റൂസി മോഡി ഉള്‍പ്പെടെയുള്ള അതികായരെ രത്തന്‍ ടാറ്റാ ഒതുക്കിയ മാതൃക അദ്ദേഹത്തിനു മുന്നിലുണ്ട്.
പിന്നെ വരുന്നു മറ്റുചില തലവേദനകള്‍. ബ്രിട്ടനില്‍ ഏറ്റെടുത്ത സ്റ്റീല്‍ കമ്പനി കോറസ് തുടര്‍ച്ചയായി ഉണ്ടാക്കുന്ന നഷ്ടമാണ് ഇതില്‍ പ്രധാനം.  
ടാറ്റാ സണ്‍സിന്‍െറ  ഏറ്റവും വലിയ ഓഹരി ഉടമയും  കണ്‍സ്ട്രക്ഷന്‍ രംഗത്തെ അതികായനുമായ  പാലോണ്‍ജി മിസ്ത്രിയുടെ മകനാണ് സൈറസ് മിസ്ത്രി. എന്നാല്‍,  ഇതായിരുന്നില്ല ടാറ്റാ ഗ്രൂപ്പിന്‍െറ തലപ്പത്ത് അദ്ദേഹത്തെ എത്തിച്ച യോഗ്യത. മുംബൈ സര്‍വകലാശാലയില്‍നിന്ന് കോമേഴ്സില്‍ ബിരുദമെടുത്ത സൈറസ് പിന്നീട് ലണ്ടനിലെ ഇംപീരിയല്‍ കോളജില്‍നിന്ന് എന്‍ജിനീയറിങ് ബിരുദം നേടി.  ലണ്ടന്‍ സ്കൂള്‍ ഓഫ് ബിസിനസില്‍നിന്ന്  മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദവും. 1991ല്‍ പിതാവിന്‍െറ ഷാപൂര്‍ജി പല്ലോന്‍ജി കമ്പനിയുടെ ഡയറക്ടറായി. മൂന്നു വര്‍ഷത്തിനു ശേഷം  ഗ്രൂപ്പിന്‍െറ എം.ഡിയും.
സൈറസിന്‍െറ നേതൃത്വത്തില്‍ ഷാപൂര്‍ജി പല്ലോന്‍ജി കമ്പനിയുടെ വിറ്റുവരവ് 110 കോടിയില്‍നിന്ന് 8000 കോടി രൂപയിലേറെയായി ഉയര്‍ന്നു. കമ്പനിയെ എണ്ണ-പ്രകൃതി വാതകം, റെയില്‍ തുടങ്ങിയ മേഖലകളിലെ നിര്‍മാണങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതും സൈറസിന്‍െറ  കീഴിലാണ്. കമ്പനിയുടെ സാന്നിധ്യം ഗള്‍ഫ് മേഖലയിലും  ആഫ്രിക്കയിലും എത്തിക്കുന്നതിലും സൈറസ് വിജയിച്ചു.
പിന്നീട് ടാറ്റാ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡില്‍ എത്തിയ അദ്ദേഹം ടാറ്റാ ഇലക്സി, ടാറ്റാ പവര്‍ തുടങ്ങിയ ടാറ്റാ ഗ്രൂപ് കമ്പനികളുടെ ചുമതലക്കാരനുമായിരുന്നു. യു.ടി.വി ടൂണ്‍സ് ഇന്ത്യ, കണ്‍വേര്‍ജന്‍സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃനിരയിലും സൈറസ് പ്രവര്‍ത്തിച്ചു.
വിഭിന്നങ്ങളായ മേഖലകളില്‍ പരിചിതനാണ് സൈറസ് എന്ന് വ്യക്തം.  ഉപ്പു മുതല്‍ സോഫ്റ്റ്വെയര്‍ വരെ ഉല്‍പാദിപ്പിക്കുന്ന ഒരു ഗ്രൂപ്പിന്‍െറ മേധാവിക്ക്  ഉണ്ടായിരിക്കേണ്ട പരിചയ സമ്പന്നത തന്നെ.
രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി  എത്തുമെന്ന് പരക്കേ കരുതിയിരുന്ന  രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരന്‍ നോയല്‍ ടാറ്റ വിവാഹം കഴിച്ചത് സൈറസ് മിസ്ത്രിയുടെ സഹോദരിയെയാണ്.  അതീവ വിനയത്തോടെ ആളുകളുമായി ഇടപഴകുകയും  മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ കാര്യമായ താല്‍പര്യമില്ലാത്തയാളും കൂടിയാണ് ടാറ്റാ ഗ്രൂപ്പിന്‍െറ മേധാവി. പുതിയ വെല്ലുവിളികള്‍ അദ്ദേഹം എങ്ങനെ നേരിടുമെന്ന് അറിയാനാണ് വ്യവസായലോകം ഉറ്റുനോക്കുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തില്‍  രത്തന്‍ ടാറ്റയോട് ഉന്നയിക്കപ്പെട്ട ഒരു ചോദ്യം തന്‍െറ പിന്‍ഗാമിക്ക് നല്‍കാനുള്ള ഉപദേശം എന്ത് എന്നതായിരുന്നു. ‘വ്യക്തിത്വമുള്ളവനായിരിക്കുക, സ്വയം തീരുമാനമെടുക്കുക, എന്ത് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് സ്വയം തീരുമാനിക്കുക’ -ടാറ്റാ ഗ്രൂപ്പിനെ അടിമുടി മാറ്റിയെടുത്ത ഒരു മേധാവിയില്‍നിന്ന് ഒരു ഭീമന്‍ വ്യവസായ സാമ്രാജ്യത്തിന്‍െറ ചെങ്കോല്‍ ഏറ്റെടുക്കുമ്പോള്‍  സൈറസിന്‍െറ  കാതില്‍  ഈ ഉപദേശം മുഴങ്ങുന്നുണ്ടാവും. കാരണം രത്തന്‍ ടാറ്റയുടെ  വിജയമന്ത്രവും അതായിരുന്നു.
 

നാടിന് ദു$ഖവെള്ളി; നാട്ടുകാര്‍ വിറങ്ങലിച്ചു

Posted: 28 Dec 2012 10:30 PM PST

കടയ്ക്കല്‍: അമലിനെ എഴുത്തിനിരുത്താന്‍ മൂകാംബികയിലേക്ക് പോയവര്‍ ജീവിതത്തില്‍നിന്ന് മടങ്ങിയത് വീടിന് വിളിപ്പാടകലത്തില്‍വെച്ച്. വീടുകളിലെത്താന്‍ കിലോമീറ്ററുകള്‍ മാത്രം ശേഷിക്കെയാണ് മരണം ഇവരെ കൂട്ടിക്കൊണ്ടുപോയത്. അമലിനെ മൂകാംബികയില്‍തന്നെ എഴുത്തിനിരുത്തണമെന്ന ആഗ്രഹത്തെതുടര്‍ന്നാണ് ബന്ധുക്കള്‍ ബുധനാഴ്ച ട്രെയിന്‍മാര്‍ഗം കര്‍ണാടകയിലേക്ക് പോയത്. വാനില്‍ പോകാമെന്ന് ആദ്യം തീരുമാനിച്ചെങ്കിലും പിന്നീട് ട്രെയിനിനെ ആശ്രയിക്കുകയായിരുന്നു. എഴുത്തിനിരുത്തിയ വിശേഷങ്ങളെല്ലാം ബന്ധുക്കളെ വിളിച്ചറിയിച്ചിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം അജിത്ത് ബന്ധുവായ മനീഷിനെ വിളിച്ച് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തണമെന്ന് പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് മനീഷ് ക്വാളിസുമായി പുലര്‍ച്ചെ തിരുവനന്തപുരത്തേക്ക് തിരിച്ചത്. ഭാര്യാ സഹോദരന്‍ ജിനുവിനെയും കൂട്ടി. അപകടത്തില്‍ മരണപ്പെട്ട ഉഷാകുമാരിയുടെ സഹോദരിയുടെ മകനാണ് മനേഷ്. ഭരതന്നൂര്‍ സ്റ്റാന്‍ഡില്‍ ടാക്സി ഡ്രൈവറായിരുന്ന മനേഷ്  കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വാഹനം ഓടിക്കുകയായിരുന്നു. ബന്ധുക്കളുടെ ആവശ്യമായതിനാലാണ് ക്വാളിസുമായി യാത്രക്കിറങ്ങിയത്. രാത്രി മറ്റൊരു ഓട്ടമുണ്ടായിരുന്നതിനാല്‍ മനീഷ് ഉറങ്ങിയിരുന്നില്ലെന്നും പറയുന്നു. അപകടത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു. മിക്ക മൃതദേഹങ്ങളുടെയും മുഖങ്ങള്‍ തിരിച്ചറിയാനാകാത്തവിധത്തിലായിരുന്നു. അപകടവിവരമറിഞ്ഞ് സംഭവസ്ഥത്തേക്കും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്കും ജനങ്ങള്‍ ഒഴുകിയെത്തി. വന്നവരെ ഉള്‍ക്കൊള്ളാനാകാതെ ആശുപത്രി പരിസരം വീര്‍പ്പുമുട്ടി. ഉച്ചയോടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ അഞ്ച് മൃതദേഹങ്ങള്‍ നാല് ആംബുലന്‍സുകളിലായി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ചരിപ്പറമ്പ് ഗവ. യു.പി.എസില്‍ എത്തിച്ചു. അവിടെ കാത്തുനിന്ന ആയിരങ്ങള്‍ മൃതദേഹങ്ങളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ആ ഗ്രാമംതന്നെ കണ്ണീരൊഴുക്കി. ബന്ധുക്കളുടെയും നാട്ടുകാരുടെയും നൊമ്പരം കണ്ടുനിന്നവരെയും ഈറനണിയിച്ചു.  ഭാര്യയും മകനും മരുമകളും കൊച്ചുമകനും മരണത്തിന്‍െറ ആഴങ്ങളിലേക്ക് പോയതോടെ ചരിപ്പറമ്പ് ശശിഭവനില്‍ ഇനി കൊച്ചുനാരായണപിള്ള മാത്രമായി ബാക്കി. സകലതും നഷ്ടപ്പെട്ട കൊച്ചുനാരായണപിള്ളയെ ആശ്വസിപ്പിക്കാന്‍പോലും കൂടിനിന്നവര്‍ക്ക് കഴിഞ്ഞിരുന്നില്ല.
ഒരു മണിക്കൂര്‍ നേരത്തെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹങ്ങള്‍ വയക്കലെ സ്വകാര്യ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ അജിത്തിന്‍െറയും ഉഷാകുമാരിയുടെയും മൃതദേഹങ്ങള്‍ വൈകുന്നേരത്തോടെ വയക്കലിലേക്ക് മാറ്റി. ശനിയാഴ്ച വീട്ടുവളപ്പുകളില്‍ സംസ്കരിക്കും. ഗുജറാത്തില്‍ ജോലിനോക്കുന്ന സുനിഷയുടെ പിതാവ് വരാനാണ് സംസ്കാരം ശനിയാഴ്ചത്തേക്ക് മാറ്റിയത്.

വാഗമണില്‍ എ.എസ്.ഐയെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ കേസെടുക്കാത്തത് വിവാദമാകുന്നു

Posted: 28 Dec 2012 10:22 PM PST

പീരുമേട്: വാഗമണില്‍ പൊലീസുകാര്‍ ഉള്‍പ്പടെയുള്ള മദ്യപ സംഘം എ.എസ്.ഐയെ മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുക്കാതെ വിട്ടയച്ചത് വിവാദമായി. ഉപ്പുതറ സ്റ്റേഷനില്‍ നിന്ന് പ്രത്യേക പട്രോളിങ്ങിനെത്തിയ എ.എസ്.ഐയെ മര്‍ദിക്കുന്നതിനിടെ രണ്ട് പൊലീസുകാരെയും ഒരു ബി.എസ്.എഫ് ജവാനെയും പൊതുപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പാലക്കാട് ഷോളയാര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ സെന്തില്‍കുമാര്‍, സഞ്ചുമോന്‍, ബി.എസ്.എഫ് ജവാന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. എന്നാല്‍, മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിന് ബി.എസ്.എഫ് ജവാന്‍െറ പേരില്‍ കേസെടുത്ത് വിട്ടയച്ചു. റോഡില്‍ വെച്ച് എ.എസ്.ഐയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് അപമര്യാദയായി പെരുമാറിയ പൊലീസുകാരെ വെറുതെവിട്ടത് പരാതിക്ക് ഇടവരുത്തി. കഴിഞ്ഞ ദിവസം വാഗമണ്‍ ഔ്പോസ്റ്റ് ആക്രമിച്ച് പൊലീസുകാരെ പരിക്കേല്‍പ്പിച്ച ഏലപ്പാറ, ബോണാമി സ്വദേശികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ഉപയോഗിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എ.എസ്.ഐയെ ചവിട്ടിവീഴ്ത്തി തല്ലിയ പൊലീസുകാര്‍ക്കെതിരെ കേസെടുക്കാതിരിക്കാന്‍ ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദം ഉണ്ടായതായും ആരോപണം ഉയര്‍ന്നു. പൊലീസുകാര്‍ അക്രമം കാണിക്കുമ്പോള്‍ വെറുതെവിടുന്ന പൊലീസ് നടപടിയില്‍ നാട്ടുകാരിലും പ്രതിഷേധം ശക്തമാണ്.
 

അടൂരില്‍ വ്യാജ ഐസ്ക്രീം വ്യാപകം

Posted: 28 Dec 2012 10:11 PM PST

അടൂര്‍: വൃത്തിഹീനമായ ചുറ്റുപാടില്‍ നിര്‍മിക്കുന്ന വ്യാജ ഐസ്ക്രീം അടൂരിലും പരിസര പ്രദേശങ്ങളിലും വിറ്റഴിക്കുന്നുവെന്ന് ആക്ഷേപം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു വന്നവരാണ്  ഐസ്ക്രീം നിര്‍മിച്ച് വിതരണം ചെയ്യുന്നതെന്നാണ് പരാതി. പാലിനു പകരം മൈദമാവാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഒപ്പം പേരിനു മാത്രം പാല്‍ ചേര്‍ക്കും. ഗുണമേന്മയില്ലാത്ത കവര്‍പാലാണ് ഉപയോഗിക്കുന്നതും. മൈദയും പാലും പഞ്ചസാരയും സാക്രീനും സ്വീറ്റ് താളും ചേര്‍ത്ത് കലക്കി സിലിണ്ടര്‍ രൂപത്തിലുള്ള പാത്രത്തില്‍ നിറച്ച് മറ്റൊരു പെട്ടിയിലാക്കി  അമോണിയ ചേര്‍ന്ന ഐസും ഉപ്പും കുത്തിനിറച്ചാണ് കട്ടിയാക്കുന്നത്. ഇങ്ങനെ ഒരു കപ്പ് ഐസ് നിര്‍മിക്കാന്‍ രണ്ട് രൂപയേ ചെലവു വരൂ.
ഇത് 10 രൂപക്കാണ് വില്‍ക്കുന്നത്. പേപ്പര്‍ ഗ്ളാസിലും സ്റ്റിക്ക് രൂപത്തിലും  ലഭിക്കും.    വ്യാജ ഐസ് നിര്‍മാതാക്കളെയും വിതരണക്കാരെയും  നിയമപാലകര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
 

വാഗമണ്‍ റോഡില്‍ ജനുവരി ഒന്നുമുതല്‍ ഗതാഗത നിയന്ത്രണം

Posted: 28 Dec 2012 10:06 PM PST

ഈരാറ്റുപേട്ട: പൊതുമരാമത്ത് റോഡില്‍ വികസനപ്രവര്‍ത്തനം നടക്കുന്നതിനാല്‍ ഈരാറ്റുപേട്ട-പീരുമേട് ഹൈവേയില്‍ തീക്കോയി മുതല്‍ വാഗമണ്‍ വരെയുള്ള പ്രദേശത്ത് ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ പകല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ജനുവരി ഒന്നുമുതല്‍ അറിയിപ്പുണ്ടാകുന്നതു വരെ രാവിലെ 11 മുതല്‍ മൂന്നുവരെ ഈ വഴിയുള്ള ഗതാഗതം  പൂര്‍ണമായും  നിരോധിക്കും.  ആംബുലന്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ സര്‍വീസുകള്‍ക്ക് നിരോധം ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അറിയിപ്പ് ബോര്‍ഡുകള്‍ ഏലപ്പാറ, വാഗമണ്‍, ഈരാറ്റുപേട്ട, തീക്കോയി എന്നിവിടങ്ങളില്‍ സ്ഥാപിക്കും. കൂടാതെ കെ.എസ്.ആര്‍.ടി.സി, പ്രദേശത്തെ ഹോസ്പിറ്റലുകള്‍, ആംബുലന്‍സ് സര്‍വീസുകള്‍ എന്നീ കേന്ദ്രങ്ങളില്‍ പൊതുമരാമത്ത് പ്രത്യേക  നോട്ടീസുകള്‍ നല്‍കും.
തീക്കോയി മുതല്‍ വാഗമണ്‍ വരെയുള്ള റോഡിന് വീതി കൂട്ടുന്നതിന് ഭാഗമായി പാറ പൊട്ടിക്കുന്നതിനാണ് ഗതാഗതം നിയന്ത്രിക്കുന്നത്. പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ ആറുമാസം  വേണ്ടി വരുമെന്ന് കരുതുന്നു. രാവിലെ 11ന് മുമ്പ് റോഡിലൂടെ കടന്നു പോയാല്‍  മൂന്ന്  മണിക്കുശേഷം തിരിച്ചു വരാന്‍ കഴിയുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 11.30 നും ഉച്ചക്ക് ഒന്നിനും പാറക്ക് വെടി പൊട്ടിക്കാനാണ് തീരുമാനം. പൊട്ടിച്ചെടുക്കുന്ന കല്ലുകള്‍ മൂന്ന് മണിക്ക് മുമ്പ് റോഡില്‍ നിന്ന് മാറ്റും. ടിപ്പറുകള്‍ക്ക് പകല്‍  നിയന്ത്രണം ഉള്ളതിനാല്‍ ഇക്കാര്യത്തില്‍ കലക്ടറുടെ പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ടെന്ന് അസി.എന്‍ജിനീയര്‍ ജാഫര്‍ഖാന്‍ പറഞ്ഞു. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും അസൗകര്യമുണ്ടാകാതിരിക്കാന്‍ പൊലീസ് സഹായം തേടിയിട്ടുണ്ടെന്നും നിലവിലുള്ള ചെക് പോസ്റ്റുകളും ഔ് പോസ്റ്റും വിനിയോഗിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു.
 

മണ്ണഞ്ചേരിയില്‍ യുവാവിനെ ആറംഗസംഘം വെട്ടി

Posted: 28 Dec 2012 09:57 PM PST

മണ്ണഞ്ചേരി: മാരകായുധങ്ങളുമായി വാനിലെത്തിയ ആറംഗസംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തടയാന്‍ ചെന്ന യുവാവിനെയും ആക്രമിച്ചു. മണ്ണഞ്ചേരി പൊന്നാട് ഇടപ്പറമ്പില്‍ അബ്ദുല്‍ റഹ്മാന്‍ കുഞ്ഞിന്‍െറ (സ്രാങ്ക്) മകന്‍ നാസറിനെയാണ്  (37)വെട്ടിയത്. ഇയാളെ ആലപ്പുഴ മെഡിക്കല്‍  കോളജ് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആക്രമണം തടയാന്‍ ശ്രമിച്ച മണ്ണഞ്ചേരി 16 ാം വാര്‍ഡ് നേതാജി  വെളി കോളനിയില്‍ റഹീമിന് (22) വെട്ടേറ്റു. ഇടതുകൈ വിരലുകള്‍ക്ക് പരിക്കേറ്റ ഇയാളെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ 6.15 ഓടെ അമ്പനാകുളങ്ങര ജങ്ഷന് തെക്കുവശമായിരുന്നു സംഭവം. തേങ്ങ വ്യാപാരിയായ നാസര്‍  തേങ്ങയുമായി വണ്ടിയില്‍ ആലപ്പുഴക്ക് പോകുന്നതിനിടെ അമ്പനാകുളങ്ങരയിലെ ജയരാജിന്‍െറ കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. കടയുടെ ഉള്ളിലേക്ക് കടയുടമ പോയ സമയത്ത് പുറംതിരിഞ്ഞു നില്‍ക്കുകയായിരുന്ന നാസറിനെ മാരകായുധങ്ങള്‍ കൊണ്ട് സംഘം തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. പതിനെട്ടോളം വെട്ടുകള്‍ ഏറ്റിട്ടുണ്ട്. ഇരുകാലിനും കൈകള്‍ക്കും ഗുരുതര പരിക്കേറ്റ് റോഡില്‍ വീണ നാസറിനെ മണ്ണഞ്ചേരി പൊലീസ് എത്തി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പാര്‍ട്ടി പ്രവര്‍ത്തകനല്ലാത്ത നാസറിനെ ആളുമാറി ആക്രമിച്ചതാണെന്ന് പറയപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെയും KL04 Y 1192  നമ്പറിലെ വെള്ള വാനും മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
 

ജില്ലയെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം

Posted: 28 Dec 2012 09:48 PM PST

കൊച്ചി: ജില്ലയെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിക്കാന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യുമെന്ന് മന്ത്രി കെ. ബാബു. ജില്ലയിലെ ജലക്ഷാമം പരിഹരിക്കാന്‍ സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ അവലോകനം ചെയ്യുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍  സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ല രൂക്ഷ വരള്‍ച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ക്ക് സജ്ജരാകാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളോടും തദ്ദേശ സ്ഥാപനങ്ങളോടും മന്ത്രി അഭ്യര്‍ഥിച്ചു. വിവിധ ജലവിതരണ പദ്ധതികളുടെ ഭാഗമായ പൈപ്പ് ശൃംഖല വരള്‍ച്ചാസാധ്യതയുള്ള മേഖലകളിലേക്ക് അടിയന്തരമായി നീട്ടാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പമ്പിങ് ഷിഫ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണം. കേടായ മോട്ടോറുകള്‍ പുന$സ്ഥാപിക്കാനും അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനും ബദല്‍ മോട്ടോറുകള്‍ ഒരുക്കാനും യോഗം തീരുമാനിച്ചു. ഇതിനാവശ്യമായ തുക ജില്ലാ കലക്ടറുടെ വരള്‍ച്ച ദുരിതാശ്വാസ ഫണ്ടില്‍നിന്ന് നല്‍കും.
ഹ്രസ്വകാലാടിസ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലും നടപ്പാക്കാവുന്ന കുടിവെള്ള, ജലസേചന പദ്ധതികള്‍ തയാറാക്കി ഉടന്‍ സമര്‍പ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കാലഹരണപ്പെട്ടതും പൊട്ടിയൊലിക്കുന്നതുമായ പൈപ്പുകള്‍ മാറ്റണം. കനാലുകളുടെ അറ്റകുറ്റപ്പണി, ഭൂഗര്‍ഭ ജല വിനിയോഗത്തിനുള്ള കുഴല്‍ക്കിണറുകളുടെ നിര്‍മാണം എന്നിവയും ഉടന്‍ നടപ്പാക്കണം. ചെറുകിട ജലസേചന പദ്ധതികളുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കേണ്ട പമ്പു സെറ്റുകള്‍ മാര്‍ച്ചിനകം കമീഷന്‍ ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പദ്ധതികളിലെ തടസ്സം നീക്കാനും കരാര്‍ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും നടപടി സ്വീകരിക്കണം. ടാങ്കറുകളിലെ കുടിവെള്ള വിതരണത്തെക്കുറിച്ച് ഈ ഘട്ടത്തില്‍ ആലോചിക്കുന്നതിന് പകരം ജലസ്രോതസ്സുകള്‍ മെച്ചപ്പെടുത്താനും വിതരണം കാര്യക്ഷമമാക്കാനുമാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടത്. ജലവിതരണവുമായി ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും പരാതികള്‍ ജില്ലാ കലക്ടറെ കൂടി അറിയിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ജില്ലയിലെ ക്വാറികളിലെ ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിനുള്ള  പൈലറ്റ് പദ്ധതി തൃക്കാക്കരയിലെ അമ്പലപ്പാറയില്‍ നടപ്പാക്കുമെന്ന് കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് അറിയിച്ചു. ലിറ്ററിന് പത്തു പൈസ നിരക്കില്‍ ജലം ശുദ്ധീകരിക്കാനാകുന്നതാണ് ഈ പദ്ധതി. തൃപ്പൂണിത്തുറ നഗരസഭയിലെ ഇരിമ്പനം പേടിക്കാട്ട് ക്വാറിയില്‍ പദ്ധതി നടപ്പാക്കണമെന്ന് ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍ അഭ്യര്‍ഥിച്ചു.
ചൊവ്വര പദ്ധതിയുടെ വൈപ്പിന്‍ എക്സ്റ്റന്‍ഷന്‍ പൈപ്പ്ലൈന്‍ പള്ളിപ്പുറം, നായരമ്പലം, കുഴുപ്പിള്ളി എന്നിവിടങ്ങളിലേക്കെത്തിക്കാനുള്ള  തടസ്സം നീക്കണമെന്ന് എസ്. ശര്‍മ എം.എല്‍.എ ആവശ്യപ്പെട്ടു. റോഡുകള്‍ കുത്തിപ്പൊളിക്കാതെ പൈപ്പ് സ്ഥാപിക്കാനുള്ള ബദല്‍ മാര്‍ഗം തേടാനാകുമെന്ന നിര്‍ദേശം അടിയന്തരമായി പരിഗണിക്കണമെന്നും ശര്‍മ നിര്‍ദേശിച്ചു. ആലുവ മേഖലയില്‍ പമ്പിങ്ങിന്‍െറ മര്‍ദം കൂടുമ്പോള്‍ പൈപ്പുകള്‍  പൊട്ടുന്നത് ആവര്‍ത്തിക്കുകയാണെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ പറഞ്ഞു. മട്ടാഞ്ചേരി മേഖലയിലെ പഴയ പൈപ്പുകള്‍ മാറ്റുന്നതിന് മൂന്നു കോടി രൂപ അനുവദിച്ചിട്ട് എട്ടു വര്‍ഷമായെങ്കിലും  പദ്ധതി പ്രാവര്‍ത്തികമായിട്ടില്ലെന്ന് ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ പറഞ്ഞു.  കുന്നത്തുനാട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുന്നതിന് ലോകബാങ്ക് സഹായത്തോടെ പദ്ധതി നടപ്പാക്കിയെങ്കിലും വാഴക്കുളം, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലേക്കുള്ള പൈപ്പ്ലൈനിലൂടെ ഇനിയും വെള്ളമൊഴുക്കിയിട്ടില്ലെന്ന് വി.പി. സജീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ജനുവരി 15നകം പൈപ്പുകള്‍ ചാര്‍ജ് ചെയ്യണമെന്ന് മന്ത്രി കെ. ബാബു നിര്‍ദേശിച്ചു. മുളവൂര്‍ പദ്ധതിയില്‍ നിന്നുള്ള പൈപ്പ് ശൃംഖല പൂര്‍ത്തീകരിക്കണമെന്ന് ടി.യു. കുരുവിള, സാജു പോള്‍ എന്നിവര്‍ ആവശ്യപ്പെട്ടു. മൂവാറ്റുപുഴ മേഖലയിലെ പമ്പ് ഹൗസുകളില്‍ വോള്‍ട്ടേജ് ക്ഷാമം മൂലം പമ്പിങ് മുടങ്ങുകയാണെന്ന് ജോസഫ് വാഴക്കന്‍ എം.എല്‍.എ പറഞ്ഞു. കാനകളിലൂടെ പോകുന്ന പൈപ്പ്ലൈനുകളിലെ ചോര്‍ച്ച പരിഹരിച്ചില്ലെങ്കില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ലൂഡി ലൂയിസ് എം.എല്‍.എ പറഞ്ഞു.
കൊച്ചി മേയര്‍ ടോണി ചമ്മണി, നഗരസഭ അധ്യക്ഷന്മാരായ പി.ഐ. മുഹമ്മദാലി (തൃക്കാക്കര), ടി.കെ. ദേവരാജന്‍ (മരട്), വത്സല പ്രസന്നകുമാര്‍  (പറവൂര്‍), കളമശേരി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ. ബഷീര്‍, മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്‍െറ പ്രതിനിധി അഷ്റഫ് മൂപ്പന്‍, എ.ഡി.എം ബി. രാമചന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍ സി.സി. ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.
 

ഞാറുനട്ടും ഓലമെടഞ്ഞും തെങ്ങുകയറിയും അവര്‍ മണ്ണിലെ താരങ്ങളായി

Posted: 28 Dec 2012 09:22 PM PST

തൃശൂര്‍: കേരളോല്‍സവത്തിലെ കാര്‍ഷിക മത്സരങ്ങളില്‍ യുവതലമുറ നൂറുമേനി വിളയിച്ചു. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നടന്ന ഞാറുനടീല്‍, തെങ്ങുകയറ്റം, പാടം കിളയ്ക്കല്‍, ഓലമെടയല്‍ മത്സരങ്ങള്‍ അത്യന്തം വാശിയേറിയതായിരുന്നു. ഞാറ് എടുത്തു കൊടുത്ത് മന്ത്രി പി.കെ.ജയലക്ഷ്മി കാര്‍ഷികമത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു.  
അഞ്ച് മിനിറ്റ് കൊണ്ട് ഒന്നര ഓല മെടഞ്ഞ ഓലമെടയല്‍ മത്സരത്തില്‍ പുരുഷവിഭാഗത്തില്‍ കാസര്‍കോട് ജില്ലയിലെ എ.ഗണേശന്‍ ഒന്നാമതായി. കഴിഞ്ഞ തവണയും ഒന്നാമനായ ഗണേശന്‍ സ്റ്റേഷനറി കട നടത്തുകയാണ്. പാടം കിളയ്ക്കല്‍ മത്സരത്തില്‍ കണ്ണൂരിലെ വി.കെ.സനാതനന്‍ ഒന്നാമനായി. ഒരു മീറ്റര്‍ വീതിയും അഞ്ച് മീറ്റര്‍ നീളവുമുള്ള പ്ളോട്ട് കിളച്ചു മറിച്ച് തട്ടി നിരപ്പാക്കിയിടുന്ന പാടം കിളയ്ക്കല്‍ മത്സത്തില്‍ ഒന്നാമനായ ഇദ്ദേഹം കൃഷിപ്പണിക്കാരനാണ്. ഇതാദ്യമായി കേരളോത്സവത്തില്‍ പങ്കെടുക്കുന്ന സനാതനന് ഞാറു നടീല്‍ മത്സരത്തില്‍ മൂന്നാം സ്ഥാനമുണ്ട്.  
തെങ്ങുകയറ്റത്തില്‍ കാസര്‍കോട് നിന്നുള്ള കെ.അനീഷിനാണ് ഒന്നാം സ്ഥാനം . 11 മീറ്റര്‍ ഉയരമുളള തെങ്ങില്‍ വെറും 9 സെക്കന്‍ഡ് കൊണ്ട് കയറിയിറങ്ങി ഈ മിടുക്കന്‍ വിസ്മയമായി .കഴിഞ്ഞ തവണ തെങ്ങ് കയറ്റത്തില്‍ രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന അനീഷ് ഇത്തവണ  ഒന്നാം സ്ഥാനം നേടി മധുരമായി പകരം വീട്ടി.  രാവിലെ തെങ്ങുകയറ്റവും വൈകീട്ട് ഓട്ടോഡ്രൈവറുടെ വേഷവുമാണ് അനീഷിന്. ഓലമെടയലില്‍ വനിത വിഭാഗത്തില്‍ പാലക്കാട് നിന്നുള്ള പ്രേമ ചന്ദ്രന്‍ ഒന്നാമതായി. ഞാറു നടീലില്‍ പാലക്കാടിന്‍െറ ആര്‍.മണികണ്ഠനാണ് ഒന്നാമതെത്തിയത്. മുന്‍ കേരളോത്സവങ്ങളില്‍ പാടം കിളയ്ക്കല്‍, തെങ്ങുകയറ്റം എന്നീ ഇനങ്ങളില്‍ മണികണ്ഠന്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. കാര്‍ഷിക മത്സരങ്ങളെല്ലാം ഒന്നിനൊന്ന് വാശിയേറിയതായിരുന്നൂവെന്ന് മത്സരാര്‍ഥികള്‍ പറഞ്ഞു. സെക്കന്‍ഡുകളുടെനേരിയ വ്യത്യാസത്തിനുമാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ മാറി മറിഞ്ഞത്.
 കാര്‍ഷിക മേഖലയുമായി യുവജനങ്ങളെ കൂടുതല്‍ ബന്ധപ്പെടുത്താന്‍ കേരളോത്സവം സഹായിക്കുമെന്ന് കാര്‍ഷിക മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കവെ മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു.പരമ്പരാഗത കൃഷിരീതികളെ ജനങ്ങളിലെത്തിക്കാനാണ് ഇത്തരം മത്സരങ്ങള്‍ കേരളോത്സവത്തില്‍ ഉള്‍പ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്. പ്രശാന്ത്, യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങളായ യൂജിന്‍ മൊറേലി, റിയാസ് മുക്കോളി, എ. ഷിയാലി, സി.കെ. സുബൈര്‍, ഷോണ്‍ ജോര്‍ജ്, ഒ.ശരണ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
 

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP