സ്വാഗതം
WELCOME

News Update..

Friday, December 14, 2012

ഉദ്യോഗസ്ഥ അലംഭാവം; കൗണ്‍സിലില്‍ വീണ്ടും വിമര്‍ശം Madhyamam News Feeds

ഉദ്യോഗസ്ഥ അലംഭാവം; കൗണ്‍സിലില്‍ വീണ്ടും വിമര്‍ശം Madhyamam News Feeds

Link to

ഉദ്യോഗസ്ഥ അലംഭാവം; കൗണ്‍സിലില്‍ വീണ്ടും വിമര്‍ശം

Posted: 14 Dec 2012 01:03 AM PST

തിരുവനന്തപുരം: ഉദ്യോഗസ്ഥ അലംഭാവത്തെചൊല്ലി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വീണ്ടും വിമര്‍ശം. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഉദ്യാഗസ്ഥരില്‍ ചിലര്‍ക്ക് ഉപകാരപ്രദമല്ലാത്ത പദ്ധതികളോടാണ് താല്‍പര്യമെന്ന് ഭരണ- പ്രതിപക്ഷ ഭേദമെന്യേ കൗണ്‍സിലര്‍മാര്‍ ആക്ഷേപിച്ചു. ഇ-ഗവേണന്‍സ് പദ്ധതി നടപ്പാക്കുന്നതിന്‍െറ ഭാഗമായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐ.കെ.എം) ഗുണമേന്മയില്ലാത്ത സോഫ്റ്റ്വെയര്‍ ആണ് ഉപയോഗിക്കുന്നതെന്നും ഇതിന് ചില ഉദ്യോഗസ്ഥ താല്‍പര്യം കൂടി ഉണ്ടെന്നും കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി.
തൈക്കാട് ശാന്തികവാടത്തില്‍ ഫര്‍ണസ് മെയിന്‍റനന്‍സ് നടത്തുന്ന കമ്പനിയുടെ കരാര്‍ പുതുക്കുന്ന കാര്യത്തിലും ഉദ്യോഗസ്ഥ ചരടുവലി ഉണ്ടെന്നും ആക്ഷേപം ഉയര്‍ന്നു. ഓഫിസില്‍ ചില ഉദ്യോഗസ്ഥര്‍ ഉറക്കത്തിലാണെന്നും സോണല്‍ ഓഫിസുകളില്‍ കസേരകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മാലിന്യ സംസ്കരണം ഉള്‍പ്പെടെ കാര്യങ്ങള്‍ ഉദ്യോഗസ്ഥരാണ് ചെയ്യുന്നതെന്നും അവരെ ഒറ്റതിരിഞ്ഞ് ആക്ഷേപിക്കുന്നത് ശരിയല്ലെന്നും മേയര്‍  അറിയിച്ചു.
ഇ-ഗവേണന്‍സില്‍നിന്ന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനെ നീക്കണമെന്ന ആവശ്യം ബി.ജെ. പി കൗണ്‍സിലര്‍ പി.അശോക് കുമാറാണ് ഉന്നയിച്ചത്. കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് പാസാക്കാത്ത നഗരസഭയുടെ ധനകാര്യ പത്രിക ഐ.കെ എമ്മിന്‍െറ വെബ്സൈറ്റില്‍ ലഭ്യമാണ്. എന്നാല്‍ ഐ.കെ.എമ്മിനെ നിയമിച്ചത് സര്‍ക്കാറാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാറാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്നും വി.എസ് പത്മകുമാര്‍ പറഞ്ഞത് യു.ഡി.എഫിനെ ചൊടിപ്പിച്ചു. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്താണ് ഐ.കെ.എം സോഫ്റ്റ്വെയറുകള്‍ നഗരസഭ ഉപയോഗിച്ചു തുടങ്ങിയതും ആ സമയത്ത് തന്നെയാണ് ഐ.കെ.എം  ക്രമക്കേടുകള്‍ ആരംഭിച്ചതെന്നും മഹേശ്വരന്‍ നായര്‍ പറഞ്ഞു. അതിന് കൂട്ടു നിന്നത് വി.ശിവന്‍കുട്ടി എം. എല്‍.എ ആണെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാറാണ് ഐ.കെ.എമ്മിന്‍െറ പേര് ശിപാര്‍ശ ചെയ്തതെന്ന് ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.
തൈക്കാട് ശാന്തി കവാടത്തില്‍ അറ്റകുറ്റപ്പണികള്‍ മറ്റൊരു കമ്പനിക്ക് മാറ്റി നല്‍കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിമാസം 80,000 രൂപക്ക് എസ്കോ ഫര്‍ണസ് എന്ന കമ്പനിക്കാണ് കരാര്‍ നല്‍കിയിരുന്നത്. കരാര്‍ കാലാവധിക്കു ശേഷം ഓപണ്‍ ടെന്‍ഡര്‍ ക്ഷണിച്ച് എം.എച്ച്.ടി എന്‍ജിനീയേഴ്സ് എന്നൊരു പുതിയ കമ്പനിക്ക് 59,000 രൂപക്ക് നല്‍കി. എം.എച്ച്.ടി എന്ന കമ്പനി സാങ്കേതിക മികവുള്ള സ്ഥാപനമല്ലെന്നും കരാര്‍ ഉറപ്പിക്കും മുമ്പ് തന്നെ മെയിന്‍റനന്‍സ് ചുമതല ഏറ്റെടുത്ത് അവര്‍ നടത്തിവരികയാണെന്നും കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. എന്നാല്‍ നേരത്തേ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചചെയ്ത വിഷയമാണെന്നും അന്നെടുത്ത തീരുമാന പ്രകാരമാണ് ധാരണയിലെത്തിയതെന്നും  ഡെപ്യൂട്ടിമേയര്‍ ഹാപ്പികുമാര്‍ അറിയിച്ചു.
പരാതി ഉയര്‍ന്നതിന്‍െറ അടിസ്ഥാനത്തില്‍ പുതിയ കമ്പനിക്ക് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ശേഷിയുണ്ടോയെന്ന് പരിശോധിക്കാല്‍ ചീഫ് എന്‍ജിനീയറോടും സെക്രട്ടറിയോടും മേയര്‍ നിര്‍ദേശം നല്‍കി.  രാജീവ് ആവാസ് യോജന പദ്ധതിയുടെ അസിസ്റ്റന്‍റ് എക്സി. എന്‍ജിനീയറായ ഐ. മിനിയെക്കുറിച്ച് ദൃശ്യമാധ്യമത്തില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് മേയര്‍ പറഞ്ഞു. മിനിയുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ച് ഗുഡ് സര്‍വീസ് എന്‍ട്രിയും 3000 രൂപ കാഷ് അവാര്‍ഡ് നല്‍കാനും തീരുമാനിച്ചു.
 

ദേശീയപാത: ഭൂമി നല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരവും പാക്കേജും -മുഖ്യമന്ത്രി

Posted: 14 Dec 2012 12:58 AM PST

കൊല്ലം: ദേശീയപാത വികസനത്തിനായി ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും പാക്കേജും നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവിലെ അലൈന്‍മെന്‍റില്‍ മാറ്റംവരുത്താനാവില്ലെന്ന് ദേശീയപാത വിഭാഗം അറിയിച്ചതിനാല്‍ 45 മീറ്ററില്‍ തന്നെ വികസനം നടത്തേണ്ടിവരും. ആരാധനാലയങ്ങളെയും തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തേയും ബാധിക്കാതെ വികസനം നടപ്പാക്കുന്നകാര്യം പരിഗണിക്കാമെന്ന് ദേശീയപാത വിഭാഗം അറിയിച്ചിട്ടുണ്ട്.
കൊല്ലം ഇരുമ്പുപാലത്തിന് സമാന്തരമായി പുതിയ പാലത്തിന്‍െറ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നിലവിലുള്ള ദേശീയപാതയുടെ ഇരുവശത്തും തുല്യമായി ഏഴരമീറ്റര്‍ വീതം സ്ഥലമെടുത്ത് നല്‍കണമെന്ന നിര്‍ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ നിലവിലെ അലൈ ന്‍മെന്‍റില്‍ മാറ്റംവരുത്താന്‍ ദേശീയപാതാ വിഭാഗം തയാറായില്ല.  അലൈന്‍മെന്‍റ് മാറ്റിയാല്‍ പദ്ധതി നടപ്പാവാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന നിലപാടാണ് അവര്‍ അറിയിച്ചത്. സ്ഥലം ഏറ്റെടുത്ത് നല്‍കിയില്ലെങ്കില്‍ ദേശീയപാത വികസനം തടസ്സപ്പെടും. അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലക്ക് വീതി കൂട്ടേണ്ടിവരും. അതിന് പരിമിതികളുണ്ട്. ദേശീയപാത വികസനം നടക്കാത്തത് വിഷമമുള്ള കാര്യമാണ്. സ്ഥലവും ജനിച്ചുവളര്‍ന്ന വീടുമൊക്കെ വിട്ടു നല്‍കേണ്ടിവരുന്നവരുടെ ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ക്ക് മനസ്സിലാവും. എല്ലാവര്‍ക്കും സ്വീകാര്യമായ നഷ്ടപരിഹാരം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ നയം.
ദേശീയപാത വികസനത്തിനായി നിലവില്‍ തയാറാക്കിയിട്ടുള്ള അലൈന്‍മെന്‍റില്‍ അപാകതകളുണ്ടെന്ന് മന്ത്രി ഷിബു ബേബിജോണ്‍ കുറ്റപ്പെടുത്തി. മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അധ്യക്ഷതവഹിച്ചു. മേയര്‍ പ്രസന്നാ ഏണസ്റ്റ്, പി.കെ.ഗുരുദാസന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ആര്‍.ഗോപാലകൃഷ്ണപിള്ള, കലക്ടര്‍ പി.ജി.തോമസ്,  കൗണ്‍സിലര്‍ ജി. ആനന്ദന്‍ എന്നിവര്‍ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.കെ.രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചീഫ് എന്‍ജിനീയര്‍ എം.പെണ്ണമ്മ സ്വാഗതവും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. ബീന നന്ദിയും പറഞ്ഞു.

 

ആധാര്‍ കാര്‍ഡുകളില്‍ അച്ചടിപ്പിശക് വ്യാപകം

Posted: 14 Dec 2012 12:48 AM PST

അടിമാലി: ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ തയാറാക്കുന്ന യൂനിക് ഐഡന്‍റിറ്റി കാര്‍ഡുകളില്‍ അച്ചടിപ്പിശകും വികൃത മലയാളവും വരുന്നത് കാര്‍ഡ് ഉടമകള്‍ക്ക് ദുരിതമാകുന്നു. യൂനിക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ എന്ന കേന്ദ്ര ഏജന്‍സിയാണ് ആധാര്‍ യൂനിക് കാര്‍ഡുകള്‍ നടപ്പാക്കിവരുന്നത്.
 ജില്ലയില്‍ കാര്‍ഡുകളുടെ നിര്‍മാണത്തിനുള്ള നോഡല്‍ ഏജന്‍സി അക്ഷയയാണ്. അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷകള്‍ ശേഖരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
 അക്ഷയ കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളില്‍ ലിനക്സ് ഓപറേറ്റിങ് സിസ്റ്റമാണ് ആധാറിനായി ഉപയോഗിക്കുന്നത്.
 എന്നാല്‍, മറ്റുസംസ്ഥാനങ്ങളില്‍ വിന്‍ഡോസ് പ്ളാറ്റ്ഫോമിലാണ് ആധാര്‍ രജിസ്ട്രേഷന്‍ നടത്തുന്നത്. ലിനക്സ് ഒ.എസ് ഉപയോഗിക്കുന്നതുമൂലം യൂനികോഡ് മലയാളം അക്ഷരങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനാകാതെ വരികയാണ്.
യഥാസമയം വിന്‍ഡോസുകളില്‍ അപ്ഡേഷന്‍ പ്രക്രിയകള്‍ നടക്കുമ്പോള്‍ ലിനക്സില്‍ ഇവ നടക്കാറില്ലാത്തതാണ് വികൃത മലയാളത്തിന് പിന്നിലെന്ന് സാങ്കേതിക വിദഗ്ധര്‍ പറയുന്നു. കൂടാതെ അക്ഷയ കേന്ദ്രങ്ങളില്‍ നല്‍കിയിട്ടുള്ള സോഫ്റ്റ്വെയറുകളില്‍ ചില്ലക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാന്‍ കഴിയാതെ വരുന്നതും പ്രശ്നമാകുന്നുണ്ട്. കൂട്ടക്ഷരങ്ങളായ ട്ട, ണ്ട തുടങ്ങിയവയും ഈ സോഫ്റ്റ്വെയറുകളില്‍ ലഭ്യമല്ല.
 സംസ്ഥാനത്തിന്‍െറ പേരായ കേരളം എന്നതിനുപകരം ‘കേരല’യെന്നാണ് ജില്ലയില്‍ ലഭ്യമാകുന്ന ആധാര്‍ കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
 വിവിധ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഫോട്ടോ പതിച്ചുള്ള ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിക്കാമെന്ന ഉത്തരവിറങ്ങിയിരിക്കെ ഔദ്യാഗിക രേഖയാകേണ്ട കാര്‍ഡില്‍ വ്യാപക അക്ഷരത്തെറ്റുകളും വികൃത മലയാളവും കടന്നുകൂടിയത് അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
 പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ലഭിക്കുന്നതിന് തെറ്റുള്ള ആധാര്‍ കാര്‍ഡ് തെളിവായി നല്‍കിയാല്‍ ഇവയിലും തെറ്റുകള്‍ കടന്നുകൂടും.
 കൂടാതെ ഈ പാസ്പോര്‍ട്ട്  ഉപയോഗിച്ച് വിദേശത്തേക്ക് പോകുന്നതിന് സാധിക്കുകയില്ല. തെറ്റായ വിവരം നല്‍കി പാസ്പോര്‍ട്ട് സമ്പാദിച്ചതിന് പിഴയും തടവുശിക്ഷയും അനുഭവിക്കേണ്ടിയും വരും. ഇതോടെ തെറ്റായ ആധാര്‍ കാര്‍ഡുകള്‍ ലഭിച്ചവര്‍ ദുരിതത്തിലായിരിക്കുകയാണ്.

കോണ്‍ഗ്രസ് ഗ്രൂപ്പുപോര് തെരുവിലേക്ക്

Posted: 14 Dec 2012 12:45 AM PST

പത്തനംതിട്ട: ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജിന്‍െറ വീടാക്രമണത്തെ തുടര്‍ന്നുണ്ടായ ഗ്രൂപ്പുപോര് പരസ്യ പോര്‍വിളികളുമായി തെരുവിലെത്തി. ഡി. സി.സി പ്രസിഡന്‍റിനെ വിമര്‍ശിച്ച് മുദ്രാവാക്യവുമായി  യൂത്ത് കോണ്‍ഗ്രസ് ഐ ഗ്രൂപ്പും അനുകൂലിച്ച് എ ഗ്രൂപ്പും നഗര ത്തില്‍ പ്രകടനം നടത്തി.
എ ഗ്രൂപ് നേതാക്കളെയും പൊലീസിനെയും വിമര്‍ശിച്ച  പ്ളക്കാര്‍ഡുകളുമായി ഐ ഗ്രൂപ്പാണ് ആദ്യം പ്രകടനമായെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം 5.15 ന് ആരംഭിച്ച പ്രകടനം രൂക്ഷമായ മുദ്രാവാക്യം വിളികളുമായി അര മണിക്കൂറിലധികം നീണ്ടു.  പ്രസിഡന്‍റിനെ അവഹേളിക്കുന്ന മുദ്രാവാക്യങ്ങളായിരുന്നു പ്രകടനത്തിലുടനീളം.
ആറന്മുള വിമാനത്താവളത്തിനായി പണം പറ്റിയ യൂത്ത് നേതാവ് രാജിവെക്കുക, എ ഗ്രൂപ്പിന് വിടുപണി ചെയ്യുന്ന പൊലീസ് നടപടി അവസാനിപ്പിക്കുക തുടങ്ങിയ വാചകങ്ങളായിരുന്നു പ്ളക്കാര്‍ഡുകളില്‍.  നഗരം ചുറ്റി ആരംഭിച്ച പ്രകടനം സെന്‍റ് പീറ്റേഴ്സ് ജങ്ഷനിലെത്തി തിരികെ കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് മുന്നിലെത്തി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ചു. ഐ ഗ്രൂപ് പ്രകടനം കഴിഞ്ഞയുടന്‍ സെന്‍ട്രല്‍ ജങ്ഷനില്‍ ഒത്തുകൂടിയ എ ഗ്രൂപ് പ്രവര്‍ത്തകര്‍ ഡി.സി.സി പ്രസിഡന്‍റിനെയും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റിനെയും അനുകൂലിച്ച് മുദ്രാവാക്യം വിളികളുമായെത്തി.
ഐ ഗ്രൂപ്പിനെതിരെ രൂക്ഷ വിമര്‍ശമുണ്ടായി. അനിഷ്ടസംഭവങ്ങളൊഴിവാക്കാന്‍ വന്‍ പൊലീസ് സംഘം നഗര ത്തില്‍ കാവലുണ്ടായിരുന്നു. പ്രകോപനപരമായാണ് ഇരുപ്രകടനവും അവസാനിച്ചത്.
 

മൂവാറ്റുപുഴയാറില്‍ മണല്‍വാരല്‍ സജീവം

Posted: 14 Dec 2012 12:42 AM PST

വൈക്കം: മൂവാറ്റുപുഴയാറില്‍ മണല്‍വാരല്‍ വീണ്ടും സജീവമാകുന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മണല്‍ വാരല്‍ നടക്കുന്നത്. മുവാറ്റുപുഴയാറിന്‍െറ ചില സ്ഥലങ്ങള്‍ പഞ്ചായത്തിന്‍െറ അധീനതയിലാണെങ്കിലും ബാക്കി ഭാഗത്തിന്‍െറ ചുമതല റെവന്യൂ അധികൃതര്‍ക്കാണ്. പിറവത്തും സമീപ പ്രദേശത്തും മണല്‍വാരല്‍ പഞ്ചായത്തിന്‍െറ അധീനതയിലാണ്. എന്നാല്‍, പിറവത്തുനിന്ന് താഴോട്ടുള്ള തോന്നല്ലൂര്‍, വെള്ളൂര്‍,മുറിഞ്ഞപുഴ, ഇത്തിപ്പുഴ, ചെമ്മനാകരി മുതലായ ഭാഗങ്ങളില്‍ റെവന്യൂ അധികാരികള്‍ക്കാണ് ചുമതല. ഈ അധികാരമാണ് മണല്‍മാഫിയയുടെ വളര്‍ച്ചക്കും ഉദ്യോഗസ്ഥ മാഫിയാ കൂട്ടുകെട്ടിനും ഇടവരുത്തുന്നത്.
15 വര്‍ഷത്തിന് ശേഷം വെള്ളൂര്‍ പഞ്ചായത്തില്‍ മണല്‍ കടവുകള്‍ ലേലംചെയ്തു കൊടുക്കാന്‍ തുടങ്ങിയതോടെ അനധികൃത മണല്‍വാരല്‍ ഒരു പരിധിവരെ കുറഞ്ഞിരുന്നു. എന്നാല്‍, ഇതിനെതിരെ പരിസ്ഥിതിപ്രേമം നടിച്ച് മണല്‍മാഫിയ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. രാത്രിയിലാണ് പുഴമണല്‍ ഖനനം നടക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് പണവും ഉപഹാരങ്ങളും നല്‍കുന്നതിനാല്‍ കാര്യമായ നടപടി ഉണ്ടാകുന്നില്ല. പൊലീസ് ഇടക്കിടെ പരിശോധന നടത്തുന്നുണ്ടെങ്കിലും മണല്‍ വാരല്‍ തുടരുന്നു. വാഴമനയിലെ അനധികൃത മണല്‍ കേന്ദ്രത്തിലെ റെയ്ഡില്‍ കൂറ്റന്‍ മോട്ടോറുകളും പിടിച്ചെടുത്തിരുന്നു. വന്‍ മണല്‍ശേഖരമാണ് ഇവിടെനിന്ന ്പിടികൂടിയത്. മത്തുങ്കല്‍, മേക്കര, ചെമ്മനാകരി ഭാഗങ്ങളില്‍നിന്ന് പുഴമണലും കായല്‍ മണലിന്‍െറ വന്‍ ശേഖരവും പിടികൂടിയിട്ടുണ്ട്. വാഴമനയിലെ മണല്‍ഖനനം ഇതോടെ നിലച്ചു. എന്നാല്‍ ചെമ്പ് പഞ്ചായത്തിലെ തീരപ്രദേശങ്ങളായ മത്തുങ്കല്‍, ചെമ്മനാകരി എന്നിവിടങ്ങളില്‍ രാത്രിയില്‍ മണല്‍ഖനനംനടക്കുന്നുണ്ട്. പരിശോധന നടത്തുന്ന തിനായി ബോട്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ഗുണം ചെയ്യുന്നില്ല. മണല്‍ഖനനം മൂവാറ്റുപുഴയാറിന്‍െറ ആവാസസ്ഥിതി തകരുകയും പ്രകൃതി ദുരന്തവും ഉണ്ടാകുമെന്ന പഠന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് മണല്‍ക്കൊള്ള നടക്കുന്നത്.
 

കൈനകരി വെള്ളപ്പൊക്കത്തില്‍ത്തന്നെ; പകര്‍ച്ചവ്യാധി ആശങ്കയില്‍ ജനം

Posted: 14 Dec 2012 12:39 AM PST

ആലപ്പുഴ: കാര്‍ഷികമേഖലയായ കൈനകരിയിലെ വെള്ളപ്പൊക്കത്തിന്‍െറ ദുരിതത്തിന് അറുതിയായില്ല. വ്യാഴാഴ്ചയും ജലനിരപ്പ് അതേപോലെ നിലനിന്നതിനാല്‍ പഞ്ചായത്തിലെ തോട്ടുവാത്തല പ്രദേശങ്ങളിലെ ജനം കെടുതിമൂലം നട്ടംതിരിയുകയാണ്.
ഏക്കറുകണക്കിന് പാടശേഖരങ്ങളിലൂടെ ബണ്ട് പൊട്ടിയെത്തിയ വെള്ളത്തിന്‍െറ പാച്ചില്‍ പ്രദേശത്തെയാകെ ഒറ്റപ്പെടുത്തി. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടമോ കൃഷിവകുപ്പോ നടപടിയെടുത്തിട്ടില്ല.
ആയിരക്കണക്കിന് കുടുംബങ്ങള്‍ ഈ ഭാഗത്ത് സര്‍ക്കാറിന്‍െറ സഹായം കാത്ത് കഴിയുകയാണ്.വീടുകളില്‍ വെള്ളം കയറിയതിനാല്‍ ജനം അകലെയുള്ള ബന്ധുവീടുകളിലേക്ക് താമസം മാറ്റി. അതോടെ കരകൃഷി ആകെ നശിക്കുകയും ചെയ്തു.  ഇത്തരം അടിയന്തരഘട്ടങ്ങളില്‍ വെള്ളം പുറത്തേക്ക് തള്ളിവിടുന്നതിനുള്ള നടപടികളാണ് വേണ്ടിയിരുന്നത്. കൊയ്ത്ത് കഴിഞ്ഞതിനാല്‍ കാര്‍ഷികമേഖലയില്‍  വലിയ നഷ്ടം ഒഴിവായി. എങ്കിലും ജനം ഭീതിയിലാണ്. പാടശേഖരങ്ങളിലെ വിഷാംശം നിറഞ്ഞ മണ്ണും എക്കലും കലര്‍ന്ന വെള്ളം  ജലസ്രോതസ്സുകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്.
വെള്ളം വറ്റിത്തുടങ്ങിയാല്‍  പ്രദേശത്തെ കാത്തിരിക്കുന്നത് പകര്‍ച്ചവ്യാധികളാണ്. എന്നാല്‍, ആരോഗ്യവകുപ്പോ കൃഷിവകുപ്പോ പ്രദേശമാകെ വെള്ളം പൊങ്ങിയിട്ടും അനങ്ങിയിട്ടില്ല. ഗുരുതരകൃത്യവിലോപമാണ് ജനങ്ങളോട് ഭരണകൂടം കാണിക്കുന്നത്.ആയിരക്കണക്കിന് താറാവുകള്‍ ചത്തൊടുങ്ങി.
  ആടുമാടുകളുടെ അവസ്ഥയും പരിതാപകരമാണ്. കര്‍ഷകര്‍ വെള്ളം വറ്റിക്കാന്‍ സ്വയം നടപടി സ്വീകരിക്കട്ടെയെന്ന നിലപാടിലാണ് അധികാരികള്‍.  ആരോഗ്യവിഷയങ്ങളും ഗൗരവമായി കാണാന്‍ ആരും തയാറായിട്ടില്ലെന്ന് മാത്രമല്ല, ഈ ഭാഗത്തേക്ക് വകുപ്പ് അധികാരികളും സന്ദര്‍ശനം നടത്തിയിട്ടില്ല.
 

കായംകുളം നഗരസഭയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം

Posted: 14 Dec 2012 12:37 AM PST

കായംകുളം: നഗരത്തില്‍ നിര്‍മാണങ്ങളുടെ മറവില്‍ നടക്കുന്ന അഴിമതിക്ക് തടയിടാനുള്ള മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിലപാടിന് മുന്നില്‍ എന്‍ജിനീയറിങ് വിഭാഗം കീഴടങ്ങിയതോടെ ഒടുവില്‍ പദ്ധതിക്ക് അംഗീകാരമായി. സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദേശിച്ചത് പോലെ പദ്ധതി പുതുക്കി തയാറാക്കിയതോടെയാണ് മൂന്ന് കോടിയുടെ മരാമത്ത് വേലകള്‍ക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗീകാരം നല്‍കിയത്. സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ വാര്‍ഡുകളിലെ നിര്‍മാണങ്ങള്‍ ഗുണഭോക്തൃ കമ്മിറ്റിക്ക് കൈമാറണമെന്ന നിര്‍ദേശമാണ് സാങ്കേതിക ന്യായങ്ങള്‍ ചൂണ്ടിക്കാട്ടി എന്‍ജിനീയറിങ് വിഭാഗം അട്ടിമറിക്കാന്‍ ശ്രമിച്ചത്. ഒരു മാസം മുമ്പ് നല്‍കിയ നിര്‍ദേശത്തിന് പുല്ലുവില കല്‍പ്പിക്കാതെ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അംഗീകാരത്തിന് എന്‍ജിനീയറിങ് വിഭാഗം സമര്‍പ്പിച്ചത് ബുധനാഴ്ച കൂടിയ യോഗത്തില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. പദ്ധതിക്ക് അംഗീകാരം നിരാകരിച്ച യോഗത്തില്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന എന്‍ജിനീയറിങ് വിഭാഗത്തിന് എതിരെ കടുത്ത വിമര്‍ശമുയര്‍ന്നു. ഇതോടെ സാങ്കേതിക വാദങ്ങള്‍ ചൂണ്ടിക്കാട്ടി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളെ വശത്താക്കാന്‍ നടന്ന ശ്രമവും പരാജയപ്പെട്ടതോടെയാണ് പത്തിമടക്കി പദ്ധതി പുതുക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായത്. ബുധനാഴ്ച രാത്രി വൈകിയും ഓഫിസിലിരുന്നാണ് നടക്കില്ലെന്ന് പറഞ്ഞ പദ്ധതി ഉദ്യോഗസ്ഥര്‍ പുതുക്കിയത്. ഇതേതുടര്‍ന്ന് വ്യാഴാഴ്ച ഉച്ചക്ക് അടിയന്തരമായി കൂടിയ മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
നഗരസഭയില്‍ മരാമത്ത് പണികളില്‍ അഴിമതി വ്യാപകമാണെന്ന പരാതി ശക്തമായതോടെയാണ് ഇത് തടയാനുള്ള നിര്‍ദേശങ്ങള്‍ മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ഏകകണ്ഠമായി പാസാക്കിയത്. ബിനാമി കരാറുകാരുടെ അഴിമതിക്ക് എന്‍ജിനീയറിങ് വിഭാഗം കൂട്ടുനില്‍ക്കുകയാണെന്ന ആക്ഷേപവും ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ സാധ്യമാകുന്ന മരാമത്ത് വേലകള്‍ ഗുണഭോക്തൃ കമ്മിറ്റികള്‍ക്ക് കൈമാറുന്ന തരത്തില്‍ കാര്യങ്ങള്‍ രൂപപ്പെടുത്താനും നിര്‍മാണ മേല്‍നോട്ടത്തിന് മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനിച്ചിരുന്നു. തുടക്കമെന്ന നിലയിലാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ വാര്‍ഡുകളിലെ നിര്‍മാണങ്ങള്‍ ഗുണഭോക്തൃ കമ്മിറ്റികള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചത്. ഈ സാഹചര്യത്തില്‍ അഴിമതി സാധ്യത ഇല്ലാതാക്കുമെന്ന് മനസ്സിലാക്കിയ എന്‍ജിനീയറിങ് വിഭാഗം നടത്തിയ അട്ടിമറി നീക്കമാണ് മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ഉറച്ച നിലപാടിന് മുന്നില്‍ തകര്‍ന്നത്. സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കരുവില്‍ നിസാറിന്‍െറ അഭാവത്തില്‍ മുതിര്‍ന്ന അംഗമായ ദിവാകരന്‍െറ അധ്യക്ഷതയിലാണ് അടിയന്തര യോഗം ചേര്‍ന്നത്. അംഗങ്ങളായ എ.പി. ഷാജഹാന്‍, അഡ്വ. എ. ഷിജി, എസ്. ഷംസ്, സലീന എന്നിവര്‍ പങ്കെടുത്തു. തങ്ങളുടെ വാര്‍ഡുകളില്‍ മാതൃകാ നിര്‍മാണം നടത്തി അഴിമതിക്ക് തടയിടുമെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍  പറഞ്ഞു.
 

അനധികൃതമായി കടത്തിയ 206 ചാക്ക് ഗോതമ്പ് പിടിച്ചു

Posted: 14 Dec 2012 12:34 AM PST

മൂവാറ്റുപുഴ: കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കാന്‍ കൊണ്ടുപോയ 206 ചാക്ക് ഗോതമ്പ് ലോറി സഹിതം മൂവാറ്റുപുഴ പൊലീസ് പിടികൂടി. വ്യാഴാഴ്ച രാത്രി 7.30 ഓടെ പേഴക്കാപ്പിള്ളി പടിക്ക് സമീപത്തുനിന്നാണ് ഗോതമ്പ് പിടികൂടിയത്.
മൂവാറ്റുപുഴയിലെ റേഷന്‍ ഹോള്‍സെയില്‍ വ്യാപാരി ജോയി കുര്യാക്കോസിന്‍െറ ഗോഡൗണിലേക്ക് കൊണ്ടുപോകാനുള്ള ഗോതമ്പാണെന്നും വാഹനത്തിന് കേടുപറ്റിയതിനാല്‍ റോഡരികില്‍ നിര്‍ത്തിയിടുകയായിരുന്നെന്നുമാണ് പിടിയിലായ ഡ്രൈവര്‍ മാര്‍ട്ടിന്‍ പൊലീസിനോട് പറഞ്ഞത്.
എന്നാല്‍, ഇങ്ങനെയൊരു പേരില്‍ മൂവാറ്റുപുഴയില്‍ ഗോഡൗണില്ലെന്നും രണ്ട് വര്‍ഷം മുമ്പ് വെള്ളൂര്‍കുന്നത്തുണ്ടായിരുന്ന ഗോഡൗണ്‍ പൊളിച്ചെന്നും പൊലീസ് പറഞ്ഞു. അങ്കമാലി എഫ്.സി.ഐ ഗോഡൗണില്‍ നിന്നും എടുത്തിരിക്കുന്ന ഗോതമ്പിന്‍െറ ക്യാഷ് ബില്ലായ ഫോം 21ല്‍ സീലോ തീയതിയോ രേഖപ്പെടുത്തിയിട്ടില്ല. 206 ചാക്ക് ഗോതമ്പിന് അഞ്ച് ടണ്‍ മാത്രമാണ് തൂക്കം രേഖപ്പെടുത്തിയിരിക്കുന്നത്.
പെരുമ്പാവൂര്‍ പോഞ്ഞാശേരിയില്‍ വ്യാഴാഴ്ച ഉച്ചക്ക് ഒരു ലോഡ് ഗോതമ്പും പിടികൂടിയിരുന്നു. ഒരു മൈദ കമ്പനിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഗോതമ്പ്. ഇതിന്‍െറ തുടര്‍ച്ച ലോഡാണ് മൂവാറ്റുപുഴയില്‍ പിടിയിലായതെന്ന് കരുതുന്നു. പോഞ്ഞാശേരിയില്‍ ഗോതമ്പ് പിടിച്ച് വിവരമറിഞ്ഞ് വഴിവക്കില്‍ നിര്‍ത്തിയിട്ടതാണിതെന്ന നിഗമനത്തിലാണ് പൊലീസ്. ഡ്രൈവര്‍ കേടാണെന്ന് പറഞ്ഞ ലോറി മൂവാറ്റുപുഴ സ്റ്റേഷന്‍ വരെ കുഴപ്പമില്ലാതെ ഓടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
 

റോക്കറ്റ് വിക്ഷേപണം: ഉ.കൊറിയയില്‍ ആഘോഷം

Posted: 13 Dec 2012 10:57 PM PST

Image: 

പ്യോങ്യാങ്: ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് ദീര്‍ഘദൂര മിസൈല്‍ പരീക്ഷണം നടത്തിയ ഉത്തരകൊറിയയില്‍ വിജയാഘോഷം. തലസ്ഥാന നഗരമായ പ്യോങ്യാങിലെ ചത്വരത്തില്‍ ആയിരക്കണക്കിന് ഉ.കൊറിയന്‍ സൈനികരും സിവിലിയന്മാരും  ആഘോഷത്തില്‍ പങ്കെടുത്തു.

അതിനിടെ, മിസൈല്‍ പരീക്ഷണം ഉള്‍പ്പെടെ ബഹിരാകാശ രംഗത്തെ ഗവേഷണങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്ന് ഉ.കൊറിയ നേതാവ് കിം ജോങ് ഉന്‍ പ്രഖ്യാപിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്ത് രാഷ്ട്രം വന്‍ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നതെന്നും മുഴുവന്‍ രാജ്യങ്ങളുടെ എതിര്‍പ്പിനെ മറികടന്നും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ചത്തെ റോക്കറ്റ് പരീക്ഷണത്തിന്റെദൃശ്യങ്ങള്‍ ഔദ്യാഗിക ടെലിവിഷന്‍ ചാനല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. അധികാരം ഏറ്റെടുത്ത് ആദ്യ വര്‍ഷത്തില്‍ തന്നെ ഇത്തരമൊരു പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്  കിം ജോങ് ഉന്നിന്റെ  ഭരണമികവായാണ് ചാനല്‍ വിലയിരുത്തിയത്.
മൂന്ന് ഘട്ടങ്ങളിലായി പ്രവര്‍ത്തിച്ച് ഒരു കൃത്രിമോപഗ്രഹത്തെ ഉ.കൊറിയ ഇതാദ്യമായാണ് ഭ്രമണപഥത്തിലെത്തിക്കുന്നത്. ബഹിരാകാശ ഗവഷണത്തിന്റെഭാഗമായിട്ടാണ് തങ്ങള്‍ റോക്കറ്റ് പരീക്ഷണം നടത്തുന്നത് എന്നാണ് ഉ.കൊറിയയുടെ വിശദീകരണമെങ്കിലും ഇക്കാര്യം വിശ്വസിക്കാന്‍ അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളും ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ അയല്‍ രാജ്യങ്ങളും തയാറല്ല.പരീക്ഷണത്തെ വിമര്‍ശിച്ച് ഈ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രസ്താവനകളിറക്കിയിരുന്നു. പരീക്ഷണത്തെ യു.എന്നും അപലപിച്ചിരുന്നു.

 

മണല്‍ മാഫിയ തീരം വാഴുന്നു; നടപടിയെടുക്കാനാവാതെ പൊലീസ്

Posted: 13 Dec 2012 10:50 PM PST

പുന്നയൂര്‍ക്കുളം: മണല്‍ മാഫിയക്കെതിരെ സര്‍ക്കാര്‍ കര്‍ശന നിയമവുമായി രംഗത്തു വന്നിട്ടും കടല്‍ തീരത്തെ മണലെടുപ്പ് തടയാനാവാതെ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും പരസ്പരം പഴിചാരി ഒഴിഞ്ഞ് മാറുന്നു.തീരമണലെടുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമത്തില്‍ വകുപ്പില്ലെന്ന് പൊലീസ് വാദിക്കുന്നു.മണലായാലും മരമായാലും കൊള്ളയടിക്കുന്നത് പൊതുമുതലായാല്‍ പൊലീസിനു സ്വമേധയാ കേസെടുക്കാമെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നു. കടപ്പുറത്ത് മണല്‍ കടത്തുന്ന കാര്യം  ഇതുവരെ റവന്യൂ ഉദ്യോഗസ്ഥരറിഞ്ഞിട്ടില്ലെന്നാണ് അവരുടെ ഭാഷ്യം. അകലാട് രാജ ബീച്ചില്‍ മണലെടുക്കുന്ന ലോറികള്‍ക്ക് തീരത്തെത്താന്‍ തെങ്ങോല വെട്ടിയുണ്ടാക്കിയ ട്രാക്കിന്‍െറ നീളം അരക്കിലോമീറ്ററുണ്ട്. വിവരമറിയിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ജീപ്പില്ലാത്ത കാരണത്താല്‍ തഹസില്‍ദാരോ അഡീഷനല്‍ തഹസില്‍ദാരോ എത്തിയിട്ടില്ല.
 മണല്‍ കടത്താന്‍ ശ്രമിക്കുന്ന വിവരം അവരെ അറിയിക്കണമെങ്കില്‍ അറിയിക്കുന്നയാളിന്  മണലെടുക്കുന്ന സ്ഥലത്തിന്‍െറ ഭൂമിശാസ്ത്രം വ്യക്തമായറിയണം. അകലാട് രാജ ബീച്ചെന്നു പറഞ്ഞാല്‍ അധികൃതര്‍ക്ക് മലസ്സിലാവില്ല; പഞ്ചായത്ത്, വില്ലേജ്, അംശം, ദേശം തുടങ്ങി സ്വന്തം പേരും മേല്‍വിലാസവും കൂടി പറയണം. മണല്‍ മാഫിയക്കെതിരെ വിവരം നല്‍കുന്നവരെ വകവരുത്തുമെന്ന ഭീഷണിയുള്ളിടത്ത്  സ്വന്തം പേര് പറഞ്ഞ് വിളിക്കാന്‍ അധികമാരും തയാറാവില്ല.
മണല്‍ കടത്തുന്ന വിവരം പൊലീസില്‍ അറിയിക്കുന്നവര്‍ക്കും നിരാശയാണ് ഫലം. വിവരമറിഞ്ഞ് സ്റ്റേഷനില്‍ നിന്ന് പൊലീസ് പുറപ്പെടുന്നത് കൃത്യമായറിയിക്കാന്‍ പൊലീസുകാര്‍ക്കിടയില്‍  ചാരന്‍മാരുണ്ട്. അതുമല്ലെങ്കില്‍ പൊലീസ് വാഹനത്തിന്‍െറ നീക്കമറിയിക്കാന്‍ സ്റ്റേഷന്‍ പരിസരത്ത് മണല്‍ ലോബിക്കാളുകളുണ്ട്. മണലെടക്കുന്ന ആക്ഷേപമുയര്‍ന്നാല്‍ കുറച്ചു ദിവസം സജീവമാകുന്ന പൊലീസ് തീരത്തിറങ്ങി കുറെ മണല്‍ പിടികൂടിയെന്ന് വരുത്തി പത്രക്കാരെ വിളിച്ചറിയിക്കും. പത്രങ്ങളില്‍ വാര്‍ത്ത വന്നു കഴിഞ്ഞാല്‍ പിന്നെ കുറേക്കാലം അതുമതി. രാത്രിയില്‍ തീരം മണല്‍ മാഫിയയുടെ വാഴ്ച്ചയിലാണ്. മിക്ക രാഷ്ട്രീയ കക്ഷികളുടേയും പ്രവര്‍ത്തകരാണ് മണല്‍ കടത്തലില്‍ പ്രധാനികള്‍. തീരസംരക്ഷണത്തിനിറങ്ങിയവര്‍ക്കു പോലും  മണല്‍ മാഫിയയുമായി ബന്ധമുണ്ട്.
മലപ്പുറം ജില്ലയിലെ പടിഞ്ഞാറെക്കര മുതല്‍ തൃശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍ വരെയുള്ള തീരപ്രദേശം  മണല്‍ മാഫിയ കൈയടക്കിയിട്ട് വര്‍ഷങ്ങളായി. പൊന്നാനി അഴിമുഖത്തെ മത്സ്യ വില്‍പന കേന്ദ്രത്തിനടുത്ത്  പുഴയുടെയും കടലിന്‍െറയും ഇടക്ക് റോഡ് നിര്‍മിച്ചിട്ടുള്ളത് കടലിലേക്ക് മണ്ണൊലിപ്പ് തടയാന്‍ കെട്ടിയ   ചെറിയ ഭിത്തിയിലൂടെയാണ്. ഈ റോഡില്‍ നിന്ന് കടലിലേക്കുള്ള അകലം  25 മീറ്ററില്‍ കവിയില്ല. ശക്തമായ ഒരു വേലിയേറ്റം മതി ഇവിടം കടലും പുഴയുമൊന്നാവാന്‍. പെരിയമ്പലം മുതല്‍ എടക്കഴിയൂര്‍ വരെ മണലെടുത്തതുമൂലം കിടങ്ങുകളാണ് . മണ്ണൊലിപ്പ് തടയാന്‍ വനം വകുപ്പ് നട്ടുവളര്‍ത്തിയ കാറ്റാടിമരങ്ങള്‍ക്കിയില്‍ കുഴിച്ചെടുക്കുന്ന മണലിനു തരി കൂടുതലുള്ളതിനാല്‍ ആവശ്യക്കാരും ഏറെയാണ്. അടുത്തയിടെ അകലാട് ഒറ്റയിനി ബീച്ചില്‍ പിടികൂടി നശിപ്പിച്ച 500 ചാക്ക് മണല്‍ കുഴിച്ചെടുത്തത് കാറ്റാടി മരങ്ങള്‍ക്കിടയില്‍ നിന്നായിരുന്നു. തീരമണലിലെ ഉപ്പ് മോട്ടോര്‍ വെച്ച് കഴുകിക്കളയാന്‍ തയ്യാറുള്ള വീട്ടുകാരും ഈ മേഖലയില്‍ സജീവമാണ്. തീരത്ത് നിന്ന് സിമന്‍റ് ചാക്കുകളില്‍ നിറച്ചാണ്  മണല്‍ ലോറികളിലെത്തിക്കുന്നത്. ലോറികളില്‍ വെള്ളമടിച്ച് കയറ്റിയാണ് ഉപ്പ് കളയുന്നത്. ലോറിക്ക് അന്‍പതു രൂപ മുതല്‍ മേലോട്ടാണ് കഴുകുന്നതിനുള്ള ചാര്‍ജ്. ഇങ്ങനെ സ്ഥിരമായി കഴുകുന്നതുമൂലം പരിസരവാസികളുടെ കിണറുകളില്‍  ഉപ്പ് രസം കയറുന്നതായി ആക്ഷേപമുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP