സ്വാഗതം
WELCOME

News Update..

Friday, January 31, 2014

5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ പിടിയില്‍ Madhyamam News Feeds

5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ പിടിയില്‍ Madhyamam News Feeds

Link to

5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ പിടിയില്‍

Posted: 31 Jan 2014 12:34 AM PST

ശാസ്താംകോട്ട: താലൂക്കോഫിസ് പരിസരത്ത് സൂക്ഷിച്ചിരുന്ന കല്ലുവെട്ടുയന്ത്രം ഉടമക്ക് വിട്ടുകൊടുക്കുന്നതിനായി 5000 രൂപ നടുറോഡില്‍ വെച്ച് കൈക്കൂലിയായി വാങ്ങിയ ഡെപ്യൂട്ടി തഹസില്‍ദാരെ വിജിലന്‍സ് പിടികൂടി.
കുന്നത്തൂര്‍ താലൂക്കോഫിസിലെ ഹെഡ്ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ തേവലക്കര വടക്കുംതല കിഴക്കേച്ചേരി വേലംപറമ്പില്‍ രാജ്ഭവനില്‍ എസ്. ബാബു (49) വിനെയാണ് വ്യാഴാഴ്ച ഉച്ചക്ക് 12.45ന് ഡിവൈ.എസ്.പി മാരായ റെക്സ് ബോബി അര്‍വിന്‍. ആര്‍. സുകേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വിജിലന്‍സ് നമ്പര്‍ രേഖപ്പെടുത്തി നല്‍കിയ നോട്ടുകള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. മൈനാഗപ്പള്ളി കോവൂര്‍ ശ്രീനാരായണസദനത്തില്‍ വിനോദില്‍ നിന്നാണ് ശാസ്താംകോട്ട ധര്‍മശാസ്താക്ഷേത്രത്തിലേക്കുള്ള റോഡില്‍ വെച്ച് പണം കൈപ്പറ്റിയത്. വിനോദിന്‍െറ വക കല്ലുവെട്ടുയന്ത്രം കഴിഞ്ഞ വര്‍ഷം മേയില്‍ എസ്. ബാബു പിടികൂടിയിരുന്നു. ഇതിന് മഹസര്‍ തയാറാക്കുകയോ മറ്റ് നടപടിക്രമങ്ങള്‍ പാലിക്കുകയോ ചെയ്തിരുന്നില്ല. യന്ത്രം വിട്ടുകിട്ടുന്നതിനായി വിനോദ് സമീപിച്ചപ്പോള്‍ ജനുവരി ആദ്യ ആഴ്ചയിലെ ഒരു തീയതി വെച്ച് വ്യാജ മഹസ്സര്‍ തയാറാക്കി. തുടര്‍ന്ന് പണവുമായി എത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിനോദ് വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു.
വിജിലന്‍സ് നല്‍കിയ 5000 രൂപയുമായി എത്തി ക്ഷേത്ര റോഡില്‍ കാത്തുനിന്നശേഷം വിനോദ് ബാബുവിനെ ഫോണില്‍ വിളിച്ചുവരുത്തുകയായിരുന്നു. മിനിറ്റുകള്‍ക്കകം ബൈക്കില്‍ ഇവിടെയെത്തിയ ബാബു പണം കൈപ്പറ്റി. ഡിവൈ.എസ്.പി ആര്‍. സുകേശന്‍ ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുത്തു.
ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ ആറു മാസമായി നിരീക്ഷിച്ചുവരികയായിരുന്നെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം വിജിലന്‍സ് ട്രൈബ്യൂണല്‍ മുമ്പാകെ ഹാജരാക്കും. അഴിമതിക്ക് കുപ്രസിദ്ധി നേടിയ താലൂക്കോഫിസാണ് കുന്നത്തൂരിലേത്. അന്യജില്ലക്കാരായ ഉദ്യോഗസ്ഥര്‍വരെ സ്ഥലംമാറ്റം വാങ്ങാതെ ഇവിടെ പത്തുവര്‍ഷത്തോളമായി ജോലി നോക്കുന്നുണ്ട്.

ഇടതുമുന്നണിയും കോണ്‍ഗ്രസും ഉപവാസം തുടങ്ങി

Posted: 31 Jan 2014 12:30 AM PST

Subtitle: 
പീച്ചി റോഡ് സമരം

മണ്ണുത്തി: പീച്ചി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ നടക്കുന്ന സമരം നാലുനാള്‍ പിന്നിട്ടു. വ്യാഴാഴ്ച വാഹന ഗതാഗതം തടഞ്ഞുള്ള സമരം അവസാനിപ്പിച്ചു. സമരത്തിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇടതുമുന്നണി കണ്ണാറ ജങ്ഷനില്‍ നിരാഹാര സമരം തുടങ്ങി. ഈ വിഷയത്തില്‍ മൗനം പാലിച്ചിരുന്ന കോണ്‍ഗ്രസും ഇതോടെ സമരരംഗത്തേക്ക് വന്നു. പട്ടിക്കാട് പീച്ചി റോഡ് ജങ്ഷനില്‍ കോണ്‍ഗ്രസ് പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം ആരംഭിച്ചു.
ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനും വിലങ്ങന്നൂര്‍ പള്ളി വികാരിയുമായ മില്‍ട്ടന്‍ കാച്ചപ്പിള്ളിയെ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് ആക്ഷേപിച്ചുവെന്ന് ആരോപിച്ച് ബുധനാഴ്ച പഞ്ചായത്തോഫിസിലേക്ക് ആക്ഷന്‍ കൗണ്‍സില്‍ മാര്‍ച്ച് നടത്തിയിരുന്നു.
വികാരി മര്‍ദിച്ചുവെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് റോയ് കെ. പൗലോസ് ചികിത്സ തേടിയതോടെയാണ് സമരത്തിന്‍െറ ദിശ മാറിയത്. എം.എല്‍.എ എന്ന നിലയില്‍ എം.പി. വിന്‍സെന്‍റ് ഫലപ്രദമായി ഇടപെട്ടില്ലെന്ന പരാതിക്ക് അപ്പുറത്തേക്ക് കോണ്‍ഗ്രസിനെയോ യു.ഡി.എഫിനെയോ വിമര്‍ശിക്കാനോ കുറ്റപ്പെടുത്താനോ മുമ്പ് ആക്ഷന്‍ കൗണ്‍സില്‍ മുതിര്‍ന്നിരുന്നില്ല. സമരം തുടങ്ങിയിട്ടും എം.എല്‍.എ ഇടപെടാത്തതില്‍ പ്രതിഷേധിക്കുകയും ചെയ്തു.
എന്നാല്‍ വികാരിക്കും സമരസമിതിക്കുമെതിരെ കോണ്‍ഗ്രസ് പരസ്യമായി രംഗത്തെത്തിയതോടെ ഇടതുമുന്നണി സമരസമിതിക്കൊപ്പം ചേര്‍ന്നു.
ഇതിനിടയില്‍, റോഡ് നിര്‍മാണത്തിന് 2.59 കോടി രൂപ അനുവദിച്ചതായി എം.പി.വിന്‍സന്‍റ് എം.എല്‍.എയുടെ ഓഫിസ് അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫണ്ട് ഉടന്‍ പൊതുമരാമത്ത് വകുപ്പിന് കൈമാറുമെന്ന് മുഖ്യമന്ത്രി എം.എല്‍.എക്ക് ഉറപ്പ് നല്‍കി.
ഇടതുമുന്നണിയുടെ നിരാഹാര സമരം കണ്ണാറയില്‍ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം.എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി പഞ്ചായത്തംഗങ്ങളായ കെ.വി.ജോര്‍ജ്, വി.എ.മൊയ്തീന്‍ എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്. സി.പി.ഐ ജില്ലാ സെക്രട്ടറി സി.എന്‍.ജയദേവന്‍ മുഖ്യപ്രഭാഷണം നടത്തി. സി.പി.എം ഏരിയാ കമ്മിറ്റിയംഗം ഇ.എം.വര്‍ഗീസ് സി.പി.ഐ ഒല്ലൂര്‍ മണ്ഡലം കമ്മിറ്റി സെക്രട്ടറി ടി.ടി.ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു.
പ്രവൃത്തി ആരംഭിക്കുന്നതുവരെ സമരം തുടരുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും ഇടതുമുന്നണി നേതാക്കളും അറിയിച്ചു.
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നിരാഹാര സമരം മണ്ഡലം പ്രസിഡന്‍റ് ടി.പി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
 

ആഭ്യന്തരമന്ത്രി പാര്‍ട്ടി അധ്യക്ഷസ്ഥാനത്തു തുടരുന്നത് ശരിയല്ല -പിണറായി

Posted: 30 Jan 2014 11:44 PM PST

Image: 

തിരുവനന്തപുരം: രമേശ് ചെന്നിത്തല കെ.പി.സി പ്രസിഡന്‍്റ് സ്ഥാനവും ആഭ്യന്തരമന്ത്രി സ്ഥാനവും വഹിക്കുന്നത് ഉചിതമല്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സംസ്ഥാനത്തെ മന്ത്രി പാര്‍ട്ടി അധ്യക്ഷസ്ഥാനത്തു തുടരുന്നതു ശരിയല്ല. കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടാണ് ഇതുവരെ കെ.പി.സി.സി പ്രസിഡന്‍്റിനെ തീരുമാനിക്കാത്തത്. രമേശ് ചെന്നിത്തലയെ മന്ത്രിയാക്കിയതോടെയാണ് കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നം രൂക്ഷമായത്.  കെ.പി.സി.സി പ്രസിഡന്‍്റ് ആരാണെന്നു തീരുമാനിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 അധികാരത്തിലേറാന്‍ കോണ്‍ഗ്രസ് വര്‍ഗീയകക്ഷികളെ കൂട്ടുപിടിക്കുകയാണ്. എന്തപമാനം സഹിച്ചും മുഖ്യമന്ത്രി സ്ഥാനത്തു തുടരുമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പലതവണ കോടതി പരാമര്‍ശങ്ങള്‍ വന്നിട്ടും മുഖ്യമന്ത്രി സ്ഥാനത്ത് അദ്ദേഹം കടിച്ചു തൂങ്ങിക്കിടക്കുകയാണ്. അതു ജനാധിപത്യവിരുദ്ധമാണ്. നാടിന്‍്റെ നേട്ടങ്ങള്‍ പൂര്‍ണമായും തകര്‍ക്കുന്ന നിലപാടാണു യു.ഡി.എഫ് സര്‍ക്കാരിന്‍്റേത്. യു.പി.എ സര്‍ക്കാരില്‍ നിന്ന് എല്‍.ഡി.എഫ് നേടിയെടുത്ത കാര്യങ്ങള്‍ പോലും യുഡിഎഫിന് സാധിക്കുന്നില്ളെന്നു പിണറായി പറഞ്ഞു.

സര്‍ക്കാര്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു. തിരൂരില്‍ കഴിഞ്ഞദിവസം ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണം.  എസ്.ഡി.പി. ഐ നടത്തിയ അക്രമരാഷ്ട്രീയത്തിനു പിന്നില്‍ ആരാണെന്ന് അറിയേണ്ടതുണ്ട്.
ബി.ജെ.പി വിട്ടവരെ സി.പി.എം സ്വീകരിച്ചതില്‍ തെറ്റില്ല. ബി.ജെ.പി ആര്‍.എസ്.എസ് നിലപാടുകള്‍ തള്ളിക്കളഞ്ഞാണ് അവര്‍ പാര്‍ട്ടിയില്‍ എത്തിയത്. ബി.ജെ.പി വിമതരെ പാര്‍ട്ടി സ്വീകരിച്ചത് മതനിരപേക്ഷയുടെ ഭാഗമായി കാണണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
ഗൗരിയമ്മ കേരള രക്ഷാ യാത്രയില്‍ പങ്കെടുക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ളെന്നും പിണറായി അറിയിച്ചു. വിചാരണയ്ക്ക്  യോഗ്യമല്ളെന്നു കണ്ടാണ്  ലാവ് ലിന്‍ കേസ് വിചാരണക്കോടതി തള്ളിയത്. കോടതി വിധി ഇപ്പോഴും നിലനില്‍ക്കുകയാണെന്നും  വിധി സ്വീകരിക്കാന്‍ ബുദ്ധിമുട്ടുള്ളവരാണ് അപ്പീല്‍ നല്‍കിയിരിക്കുന്നതെന്നും പിണറായി പറഞ്ഞു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ രാജി നല്‍കി

Posted: 30 Jan 2014 11:43 PM PST

Image: 

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ രാജിക്കത്ത് സമര്‍പിച്ചു. ഗവര്‍ണര്‍ അസീസ് ഖുറൈശിക്കാണ് രാജിക്കത്ത് നല്‍കിയത്. കഴിഞ്ഞ വര്‍ഷം പ്രളയ ദുരന്തത്തിനിരയായവര്‍ക്ക് നല്‍കിയ ദുരിതാശ്വാസത്തില്‍ കൃത്രിമം നടത്തിയതായി ബഹുഗുണ സര്‍ക്കാറിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംഘടനാ തലത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന അഴിച്ചുപണിയുടെ ഭാഗമായാണ് രാജിയെന്നാണ് ഒൗദ്യോഗിക വിശദീകരണം. രാജസ്ഥാനിലും മധ്യപ്രദേശിലും പാര്‍ട്ടി നേതൃതലത്തില്‍ നേരത്തെ അഴിച്ചുപണി നടത്തിയിരുന്നു. കേന്ദ്രമന്ത്രി ഹരീഷ് റാവത്ത് ആയിരിക്കും പുതിയ മുഖ്യമന്ത്രി എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
 

വീട്ടമ്മമാര്‍ ജല അതോറിറ്റി എന്‍ജിനീയറെ വളഞ്ഞു

Posted: 30 Jan 2014 10:42 PM PST

Subtitle: 
അധികൃതരുടെ ഉറപ്പില്‍ പിരിഞ്ഞുപോയി

കാസര്‍കോട്: നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരാഴ്ചയാകുന്നു. ഇതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച നഗരപരിസരത്തെ വീട്ടമ്മമാര്‍ വിദ്യാനഗറിലെ ജല അതോറിറ്റി ഓഫിസിലെത്തി എക്സി. എന്‍ജിനീയറെ വളഞ്ഞു. നഗരത്തിലേക്കും സമീപ പഞ്ചായത്തുകളിലേക്കും കുടിവെള്ളമെത്തിക്കുന്ന ബാവിക്കര പമ്പ് ഹൗസിലെ നാല് മോട്ടോറുകള്‍ തകരാറിലായതാണ് ജലവിതരണം മുടങ്ങാന്‍ കാരണമായത്.
പമ്പ്ഹൗസിന് സമീപം പുതിയ കിണര്‍ കുഴിക്കുമ്പോള്‍ വൈദ്യുതി കേബിളുകള്‍ മുറിഞ്ഞതും പമ്പിങ് തടസ്സപ്പെടാന്‍ ഇടയാക്കി. ജലവിതരണം കാര്യക്ഷമമാക്കാന്‍ ബാവിക്കരയിലും വിദ്യാനഗറിലെ പമ്പിങ് സ്റ്റേഷനിലും 97 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് മോട്ടോറുകള്‍ സ്ഥാപിച്ചത് ഒരുവര്‍ഷം മുമ്പാണ്. ഇവയാണ് ഒന്നിച്ച് തകരാറിലായത്. നേരത്തെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന രണ്ട് മോട്ടോറുകള്‍ മാസങ്ങള്‍ക്ക് മുമ്പേ തകരാറിലായിരുന്നു. കേടായ പുതിയ മോട്ടോറിന്‍െറ ഭാഗങ്ങള്‍ ആലപ്പുഴയിലെ കമ്പനി അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുകൊണ്ടുപോയി. ഇത് തിരിച്ചെത്തിച്ച ശേഷം മാത്രമേ പമ്പിങ് പൂര്‍ണമായി പുനരാരംഭിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്.
നിലവില്‍ ഒരു മോട്ടോര്‍ ഉപയോഗിച്ച് ഭാഗികമായി പമ്പിങ് നടത്തുന്നുണ്ടെങ്കിലും ആവശ്യത്തിന് കുടിവെള്ളമെത്തിക്കാന്‍ ഇത് പര്യാപ്തമാകുന്നില്ല.
കാസര്‍കോട് നഗരസഭയിലെയും സമീപത്തെ നാല് പഞ്ചായത്തുകളിലെയും ജനങ്ങളില്‍ ഭൂരിഭാഗവും ബാവിക്കര പമ്പിങ് സ്റ്റേഷനില്‍നിന്ന് പൈപ്പ് വഴി ജല അതോറിറ്റി എത്തിക്കുന്ന കുടിവെള്ളത്തെയാണ് ആശ്രയിക്കുന്നത്. നഗരസഭയില്‍പ്പെട്ട തളങ്കര, സിറാമിക്സ് റോഡ്, ഹാഷിം സ്ട്രീറ്റ്, കെ.കെ പുറം, ഹൊന്നമൂല എന്നിവിടങ്ങളിലെ വീട്ടമ്മമാരാണ് പ്രതിഷേധവുമായി ജല അതോറിറ്റി ഓഫിസിലെത്തിയത്. യന്ത്രത്തകരാറ് നീക്കി അടുത്ത ദിവസം ജലവിതരണം പുന$സ്ഥാപിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ പിരിഞ്ഞുപോയത്.
ജലവിതരണം പുന$സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ജലവിഭവ മന്ത്രി പി.ജെ. ജോസഫ്, ജല അതോറിറ്റി മാനേജിങ് ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ജലവിതരണം തടസ്സപ്പെടാന്‍ കാരണമെന്ന് എം.എല്‍.എ ആരോപിച്ചു.
 

ലാവ് ലിന്‍ കേസ്: പിണറായിയെ ഒഴിവാക്കിയതിനെതിരെ സി.ബി.ഐ ഹരജി നല്‍കി

Posted: 30 Jan 2014 10:37 PM PST

Image: 

കൊച്ചി: എസ്.എന്‍. സി ലാവ്ലിന്‍ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെ ഏഴ് പ്രതികളെ കുറ്റ വിമുക്തരാക്കിയ തിരുവനന്തപുരം സി.ബി.ഐ കോടതി വിധിക്കെതിരെ സി.ബി.ഐ ഹൈകോടതിയില്‍ പുനപരിശോധന ഹരജി നല്‍കി. കീഴ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പുനപരിശോധന ഹരജി. കുറ്റപത്രത്തിലെ വസ്തുതകള്‍ പരിശോധിക്കാതേയും പ്രതികളെ വിചാരണ ചെയ്യാതെയുമാണ് സി.ബി.ഐ കോടതി വിധി പുറപ്പെടുവിച്ചിട്ടുളളതെന്ന് പുനപരിശോധന ഹരജിയില്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ മൂന്ന് വൈദ്യുത പദ്ധതികള്‍ നവീകരിക്കുന്നതിന് വേണ്ടി കനഡയിലെ എസ്.എന്‍. സി ലാവ്ലിന്‍ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നുവെന്നാണ് കേസ്. പിണറായി വിജയന്‍ വൈദ്യൂത മന്ത്രിയായിരിക്കെയാണ് കരാര്‍ നല്‍കിയത്.

അതിനിടെ, എസ്.എന്‍. സി ലാവ്ലിന്‍ കേസ് പരിഗണിക്കുന്നതിന് ഹൈകോടതിക്ക് പുതിയ ജഡ്ജിയെ കണ്ടെത്തേണ്ടി വരും. കേസ് പരിഗണിക്കുന്നതില്‍ നിന്ന് മൂന്ന് ജഡ്ജിമാര്‍ ഇതിനകം പിന്‍മാറിയിരുന്നു. പിണറായി വിജയനടക്കമുള്ളവരെ കുറ്റ വിമുക്തനാക്കിയതിനെതിരെ ടി.പി നന്ദ കുമാര്‍ നല്‍കിയ ഹരജിയും ഹൈകോടതിയൂടെ പരിഗണനയിലുണ്ട്്.

അതേസമയം, വിചാരണക്ക് പോലും യോഗ്യതയില്ലാത്ത കേസാണെന്ന് കോടതി കണ്ടത്തെിയ കേസാണിതെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു. സി.ബി.ഐ കോടതിയുടെ വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 

ജസ്റ്റിസ് വര്‍മയുടെ കുടുംബം പത്മഭൂഷണ്‍ നിരസിച്ചു

Posted: 30 Jan 2014 10:36 PM PST

Image: 

ന്യൂഡല്‍ഹി: പ്രമുഖ നിയമജ്ഞന്‍ ജസ്റ്റിസ് ജെ.എസ് വര്‍മക്ക്  സമ്മാനിച്ച പത്മഭൂഷണ്‍ ബഹുമതി അദ്ദേഹത്തിന്‍്റെ കുടംബം നിരസിച്ചു. കഴിഞ്ഞ ഏപ്രിലില്‍ അന്തരിച്ച ജസ്റ്റിസ് വര്‍മക്ക് മരണാനന്തര ബഹുമതിയായാണ് പരമോന്നത സിവിലിയന്‍ ബഹുമതി കഴിഞ്ഞ റിപ്പബ്ളിക് ദിനത്തില്‍ സമ്മാനിച്ചത്. എന്നാല്‍, പത്മഭൂഷണ്‍ സ്വീകരിക്കുന്നില്ളെന്ന് കാണിച്ച് ജസ്റ്റിസ് വര്‍മയുടെ പത്നി പുഷ്പ വര്‍മ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തെഴുതി.  തന്‍്റെ ഭര്‍ത്താവ് ഇന്നുവരെ ഇത്തരത്തിലുള്ള ഒന്നും സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍്റെ കുടുംബവും ഒന്നും സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഒരു ബഹുമതിയും അദ്ദേഹം ആഗ്രഹിച്ചിട്ടില്ളെന്നും ഒരിക്കലും സ്തുതിപാഠകരെ കൊണ്ടു നടന്നിരുന്നില്ളെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ മികച്ച നിയമജ്ഞരില്‍ ഒരാള്‍  എന്ന നിലയില്‍ തന്നെ അദ്ദേഹത്തിന് ജനമനസ്സുകളില്‍ സ്ഥാനം പടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍ എന്നും അദ്ദേഹം സംതൃപ്തനായിരുന്നുവെന്നും അവര്‍ എഴുതി.

രാജ്യത്തെ നടുക്കിയ ഡല്‍ഹി മാനഭംഗത്തിന്‍്റെ പശ്ചാത്തലത്തില്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ശക്തമായ നിയമത്തിന്‍്റെ രൂപരേഖ തയ്യാറാക്കിയ ജസ്റ്റിസ് വര്‍മ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍്റെ നേതൃത്വത്തിലുള്ള മൂന്നംഗ പാനല്‍ ആണ് അടിയന്തരമായി നടപ്പാക്കേണ്ട ബലാല്‍സംഗ വിരുദ്ധ നിയമത്തിന്‍്റെ കരട് തയ്യാറാക്കിയത്. 630 പേജുള്ള റിപ്പോര്‍ട്ട് 29 ദിവസം കൊണ്ട് ഈ സംഘം സമര്‍പിച്ചു. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ നാഴികക്കല്ലുകളായി വിശേഷിപ്പിക്കാന്‍ പാകത്തിലുള്ള നിയമ ശിപാര്‍കള്‍ ആയിരുന്നു അവ.

ഗാന്ധി രക്തസാക്ഷിദിനം ആചരിച്ചു

Posted: 30 Jan 2014 10:34 PM PST

കണ്ണൂര്‍: മഹാത്മാഗാന്ധിയുടെ 66ാം രക്തസാക്ഷിദിനാചരണം ജില്ലയിലെങ്ങും വിവിധ പാര്‍ട്ടികളും സംഘടനകളും വിപുലമായ പരിപാടികളോടെ നടത്തി. ഡി.സി.സി ഓഫിസില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എ.ഡി. മുസ്തഫ, മാര്‍ട്ടിന്‍ ജോര്‍ജ്, വി.വി. പുരുഷോത്തമന്‍, റഷീദ് കവ്വായി, സുധീപ് ജയിംസ്, ഇബ്രാഹിം പാറക്കണ്ടി, വി.ടി. ശ്രീലത, അമൃത രാമകൃഷ്ണന്‍, കെ. ബിനോജ്, വല്ലി ടീച്ചര്‍ എന്നിവര്‍ പുഷ്പാര്‍ച്ചനക്ക് നേതൃത്വം നല്‍കി.
എന്‍.സി.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രക്തസാക്ഷിദിനം ദേശീയ പുനരര്‍പ്പണദിനമായി ആചരിച്ചു. സ്റ്റേഡിയം കോര്‍ണറില്‍ നടന്ന സത്യഗ്രഹം സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ആലിക്കോയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് വി.വി. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. ബി. മുഹമ്മദ് അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.എ. ഗംഗാധരന്‍, പുഴക്കല്‍ വാസുദേവന്‍, കെ. വിനയരാജ്, കെ. സുരേഷ്, റഫീഖ് പാണപ്പുഴ എന്നിവര്‍ സംസാരിച്ചു.
ജില്ലാ ഗാന്ധി  സെന്‍റിനറി മെമ്മോറിയല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മഹാത്മ മന്ദിരത്തില്‍ പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ഥനയും നടത്തി. ടി. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.എ. റഹീം അധ്യക്ഷത വഹിച്ചു. ഫാ. ദേവസി ഈരത്തറ, പ്രഫ. എം. മുഹമ്മദ്, ടി.വി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

മലപ്പുറം നഗരവികസനപദ്ധതി കേന്ദ്ര പരിഗണനയില്‍ –ഇ. അഹമ്മദ്

Posted: 30 Jan 2014 10:28 PM PST

മലപ്പുറം: നഗരസഭയുടെ നഗര വികസനപദ്ധതി കേന്ദ്രസര്‍ക്കാര്‍ പരിഗണനയിലെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്. നഗരസഭയുടെ വികേന്ദ്രീകൃതാസൂത്രണം വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടിവെള്ളം, ജലസേചനം, അഴുക്കുചാല്‍ എന്നിവയുള്‍പ്പെടുന്നതാണ് നഗരസഭയുടെ 373 കോടിയുടെ പദ്ധതി. ഈ വിഷയം കേന്ദ്ര നഗരവികസന മന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സൂക്ഷ്മ പരിശോധന കഴിഞ്ഞ് നടപ്പിലാക്കുമ്പോള്‍ പദ്ധതി മലപ്പുറത്തിന് ലഭിക്കും.
നഗരസഭാധ്യക്ഷന്‍ കെ.പി. മുഹമ്മദ് മുസ്തഫ  അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍മാരായ പരി അബ്ദുല്‍ മജീദ്, ജമീല ടീച്ചര്‍, ഹഫ്സത്ത്, എന്‍.കെ. അബ്ദുല്‍ മജീദ്, അംഗങ്ങളായ വീക്ഷണം മുഹമ്മദ്, യൂസഫ് കൊന്നോല, കെ. മജ്നു എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ കെ.എം. ഗിരിജ സ്വാഗതം പറഞ്ഞു.
 

സഹ. ബാങ്ക് തെരഞ്ഞെടുപ്പ്: സി.പി.എമ്മും സി.പി.ഐയും ഇടയുന്നു

Posted: 30 Jan 2014 10:14 PM PST

മാനന്തവാടി: താലൂക്കിലെ വിവിധ സഹ. ബാങ്ക് തെരഞ്ഞെടുപ്പുകളെ ചൊല്ലി സി.പി.എമ്മും സി.പിഐയും ഇടയുന്നു. തവിഞ്ഞാല്‍ സര്‍വീസ് സഹ. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ സി.പി.ഐ പരസ്യമായി രംഗത്തുവന്നു.
സി.പി.ഐ നേതാക്കളായ പി. നാണു, ജോണി മറ്റത്തിലാനി എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ചത്.
കോണ്‍ഗ്രസ് ഭരിക്കുന്ന തലപ്പുഴ ക്ഷീരസംഘം തെരഞ്ഞെടുപ്പിലും പനമരം സഹ. ബാങ്ക് തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് പാനലായി മത്സരിക്കാന്‍ തയാറായ സി.പി.എം അവര്‍ ഭരിക്കുന്ന തവിഞ്ഞാല്‍ സഹ. ബാങ്കിലും തിരുനെല്ലി സഹ. ബാങ്കിലും സി.പി.ഐക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. തിരുനെല്ലിയില്‍ സി.പി.ഐ നല്‍കിയ പത്രിക സി.പി.എം തള്ളിക്കുകയായിരുന്നു.
തവിഞ്ഞാലില്‍ സി.പി.ഐ മൂന്ന് സീറ്റില്‍ മത്സരിക്കുന്നുണ്ട്. തവിഞ്ഞാലില്‍ സി.പി.ഐയോട് സി.പി.എം ധിക്കാരപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് സി.പി.ഐ നേതാക്കളുടെ ആരോപണം. വ
ാളാട് വനിതാ ബാങ്കിലെ അഴിമതി ചോദ്യം ചെയ്തതും വിരോധത്തിനിടയാക്കി. ഇരുപാര്‍ട്ടികളും തമ്മില്‍ താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന ഭിന്നത മറനീക്കി പുറത്തുവന്നതോടെ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേതെന്ന പോലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇരുവരും പ്രത്യേകം പ്രചാരണം നടത്തുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
സി.പി.ഐ ഭിന്നിച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞതവണ മാനന്തവാടിയിലും തവിഞ്ഞാലിലും സി.പി.എമ്മിന് പഞ്ചായത്ത് ഭരണം നഷ്ടമായത്.

Thursday, January 30, 2014

വാക്കേറ്റത്തിനിടെ റിട്ട. കേണല്‍ വെടിയുതിര്‍ത്തു, രണ്ടുപേര്‍ക്ക് പരിക്ക് Madhyamam News Feeds

വാക്കേറ്റത്തിനിടെ റിട്ട. കേണല്‍ വെടിയുതിര്‍ത്തു, രണ്ടുപേര്‍ക്ക് പരിക്ക് Madhyamam News Feeds

Link to

വാക്കേറ്റത്തിനിടെ റിട്ട. കേണല്‍ വെടിയുതിര്‍ത്തു, രണ്ടുപേര്‍ക്ക് പരിക്ക്

Posted: 30 Jan 2014 12:53 AM PST

തിരുവനന്തപുരം: കാറിന് സൈഡ് കൊടുക്കാത്തതില്‍ പ്രകോപിതനായ റിട്ട. കേണല്‍ നാട്ടുകാരായ രണ്ടുപേര്‍ക്കുനേരെ വെടിയുതിര്‍ത്തു. ഇവരില്‍ ഒരാളുടെ നിലഗുരുതരമാണ്.
വലിയവിള സ്വദേശികളായ വെങ്കിടേശ്വരറാവു (47), മനോജ് (35) എന്നിവര്‍ക്കാണ് വെടിയേറ്റത്. രണ്ടുപേരെയും മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണ് വെങ്കിടേശ്വര റാവു. അടിവയറിന് വെടിയേറ്റ  വെങ്കിടേശ്വര റാവുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. മനോജിന് തുടയ്ക്കാണ് വെടിയേറ്റത്.
തുടര്‍ച്ചയായി വെടിയുതിര്‍ത്ത വലിയവിള മൈത്രിനഗര്‍ അനുപമയില്‍ കേണല്‍ ബ്രെല്‍വിനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പൊലീസിന് കൈമാറി. നാട്ടുകാരുടെ മര്‍ദനത്തില്‍ ഇയാള്‍ക്ക് പരിക്കുണ്ട്. മദ്യലഹരിയിലാണ് ഇയാള്‍ വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു.
വലിയവിള ജംഗ്ഷനില്‍ ബുധനാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. വലിയവിളയില്‍നിന്ന് മൈത്രി നഗറിലേക്കുള്ള വഴിയിലൂടെ കാറിലെത്തിയ ബ്രെല്‍വിന് വഴിയില്‍ ഒരു ഓട്ടോയുണ്ടായിരുന്നതിനാല്‍ കടന്നുപോകാനായില്ല.
ഓട്ടോഡ്രൈവറോടും ഒപ്പമുണ്ടായിരുന്നവരോടും ഇയാള്‍ കയര്‍ത്തു. ഇതിനിടെ ഓട്ടോ മാറ്റിയതോടെ ബ്രെല്‍വിന്‍ കാറോടിച്ച് വീട്ടിലേക്ക് പോയി. അല്‍പസമയശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന റിവോള്‍വറും റൂള്‍തടിയുമായി തിരിച്ചെത്തി സ്ഥലത്തുണ്ടായിരുന്നവരോട് വഴക്കിട്ടു.
റൂള്‍തടി ഉപയോഗിച്ച് തല്ലാന്‍ ശ്രമിച്ചു. നാട്ടുകാരെ വിരട്ടുന്നതിനായി വെടി ഉതിര്‍ക്കുകയും ചെയ്തു. മനോജിന് വെടിയേറ്റതോടെ നാട്ടുകാര്‍ ഇയാളെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു.
 താഴെ വീണ ബ്രെല്‍വിന്‍ തുടര്‍ച്ചയായി വെടി ഉതിര്‍ക്കുന്നതിനിടെയാണ് വെങ്കിടേശ്വരറാവുവിന് വെടിയേറ്റത്. തുടര്‍ന്ന് നാട്ടുകാര്‍ റിവോള്‍വര്‍ കൈക്കലാക്കി.
തറയില്‍വീണ ബ്രെല്‍വിനെ നാട്ടുകാര്‍ പൊതിരെ തല്ലി. വലിച്ചിഴച്ച് റോഡിന് വശത്തേക്ക് മാറ്റി കൈയും കാലും കെട്ടിയിട്ടു. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ 108 ആംബുലന്‍സ് വിളിച്ചെങ്കിലും ലഭിച്ചില്ല.
 തുടര്‍ന്ന്  ഓട്ടോയിലും പിന്നീട് പൊലീസ് വാഹനത്തിലുമായി ഇവരെ  മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചു.
സ്ഥിരം ശല്യക്കാരനായ റിട്ടയേര്‍ഡ് കേണല്‍ മുമ്പും പലരെയും വെടിവെക്കാന്‍ ശ്രമിച്ചിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. വൈകുന്നേരങ്ങളില്‍ റോഡില്‍ നില്‍ക്കുന്ന കുട്ടികള്‍ക്കുനേരെ ഇയാള്‍ വെടിവെക്കാന്‍ ശ്രമിച്ചിട്ടുണ്ടത്രെ.
ഇയാള്‍ക്ക് തോക്ക് സൂക്ഷിക്കാനുള്ള അനുവാദം നല്‍കിയതില്‍ നാട്ടുകാരും സി.പി.എം പ്രവര്‍ത്തകരും വലിയവിളയില്‍ പ്രതിഷേധിച്ചു.
 ബ്രെല്‍വിന്‍െറ വീട്ടിന് നേരെ കല്ലേറും നടത്തി. പൊലീസ് നാട്ടുകാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ബ്രെല്‍വിനെ പൊലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നെന്നാരോപിച്ചാണ് പരിസരവാസികള്‍ സംഘടിച്ചത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബ്രെല്‍വിന്‍െറ വീട്ടില്‍ കൂടുതല്‍ ആയുധങ്ങള്‍ ഉള്ളതായി സംശയിച്ച് പൊലീസ് പരിശോധന നടത്തി.

വയനാട്ടിലെ അധ്യാപികമാരുടെ ശമ്പളം:15 ദിവസത്തിനകം തീരുമാനം -എ.ഡി.എം.ഒ

Posted: 29 Jan 2014 11:22 PM PST

Image: 

വയനാട്: ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് വയനാട് കലക്റ്ററേറ്റ് കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യക്കൊരുങ്ങിയ അധ്യാപികമാരുടെ കാര്യത്തില്‍ 15 ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍.

അതിനിടെ ആത്മഹത്യാ ഭീഷണി മുഴക്കിയ അധ്യാപികമാരില്‍ ഒരാള്‍  തലകറങ്ങി കെട്ടിടത്തില്‍ വീണു. ഇവരെ ആശുപത്രിയിലേക്ക്  മാറ്റി. മറ്റുള്ളവരും ഇവര്‍ക്കൊപ്പം ആശുപത്രിയില്‍ ഉണ്ട്. വയനാട് സ്വദേശികളായ ലിസി,പ്രതിഭ,സുജാത എന്നീ മൂന്നു പ്രി പ്രൈമറി ടീച്ചര്‍മാരാണ് ജീവനൊടുക്കാനായി കെട്ടിടത്തിന്‍്റെ മുകള്‍ നിലയില്‍ കയറിയത്.

 
2012 ആഗസ്റ്റ് മുതല്‍ ഇവര്‍ക്കുള്ള ശമ്പളം തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി അധ്യാപികമാര്‍ മാസങ്ങളായി സമരം നടത്തി വരികയാണ്. ഇതെ തുടര്‍ന്ന് ഇവര്‍ക്ക് പ്രതിമാസം 5000രൂപ ഓണറേറിയം നല്‍കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ശമ്പളക്കുടിശ്ശികയോ ഓണറേറിയമോ നല്‍കാത്തതിനെ തുടര്‍ന്നാണ് അധ്യാപികമാര്‍ കലക്റ്റേറ്റ് കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടാന്‍ തുനിഞ്ഞത്.

എ.ഡി.എം എം.ടി മാത്യുവിന്‍്റെ നേതൃത്വത്തില്‍ നടത്തിയ അനുനയ ചര്‍ച്ചയില്‍ ആണ്  ഇവരുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാവുമെന്ന് ഉറപ്പു നല്‍കിയത്. ഇന്നു തന്നെ ഇത്തരം അധ്യാപികമാരുടെ കാര്യം സര്‍ക്കാറിന്‍്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഹര്‍ത്താലിന് സമ്മിശ്ര പ്രതികരണം, ഹൈറേഞ്ചില്‍ പൂര്‍ണം

Posted: 29 Jan 2014 10:56 PM PST

Subtitle: 
വാഹനം തടയല്‍ ചിലയിടങ്ങളില്‍ അക്രമമായി, ഉദ്യോഗാര്‍ഥികളെ വലച്ചു

തൊടുപുഴ: പശ്ചിമഘട്ട സംരക്ഷണത്തിനായി വിജ്ഞാപനം ചെയ്ത പരിസ്ഥിതി ലോല മേഖലകള്‍ പുന$പരിശോധിക്കുമെന്ന നിലപാടില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നാക്കം പോയതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ജില്ലയില്‍ സമ്മിശ്ര പ്രതികരണം. ഹര്‍ത്താല്‍ ജില്ലയില്‍ സമാധാനപരമായിരുന്നെങ്കിലും ലോറേഞ്ചില്‍ ഹര്‍ത്താല്‍ കാര്യമായ ചലനം ഉണ്ടാക്കിയില്ല.
 കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. ജില്ലാ അതിര്‍ത്തിയായ അച്ചന്‍കവലയില്‍നിന്നാണ് ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസുകളടക്കം സര്‍വീസ് നടത്തിയത്. സ്വകാര്യവാഹനങ്ങളും ബൈക്കുകളും നിരത്തിലിറങ്ങി. ഗ്രാമങ്ങളില്‍ കടകമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചു.
കട്ടപ്പനയില്‍ പി.എസ്.സി പരീക്ഷക്കും മറ്റുമായി വന്ന വിദ്യാര്‍ഥികള്‍ ഗതാഗത സൗകര്യമില്ലാതെ വലഞ്ഞു. തേക്കടിയില്‍ ഹര്‍ത്താല്‍ കാര്യമായ ചലനം ഉണ്ടാക്കിയില്ല. വണ്ടിപ്പെരിയാര്‍, പീരുമേട് തോട്ടം മേഖലയില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ സ്തംഭിപ്പിച്ചു.
തൊടുപുഴയില്‍ ഇടതുമുന്നണി ആഭിമുഖ്യത്തില്‍ ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന പ്രതിഷേധ പ്രകടനം ഗാന്ധി സ്ക്വയറില്‍ നിന്നാരംഭിച്ച് ടൗണ്‍ ചുറ്റി മുനിസിപ്പല്‍ മൈതാനിയില്‍ സമാപിച്ചു. പ്രകടനം എല്‍.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ വി.വി. മത്തായി ഉദ്ഘാടനം ചെയ്തു. കെ. സലീംകുമാര്‍, പി.പി. ജോയി, ടി.ആര്‍. സോമന്‍, കെ.ആര്‍. ഷാജി, ആര്‍. പ്രശോഭ്, ടി.പി. കുഞ്ഞച്ചന്‍, വി.കെ. പുരുഷോത്തമന്‍നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 കട്ടപ്പന:  ഇടതുപക്ഷവും എസ്.എന്‍.ഡി.പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഹൈറേഞ്ചില്‍ പൂര്‍ണമായിരുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചതോടെ ബന്ദിന്‍െറ പ്രതീതിയാണ് ഹൈറേഞ്ചില്‍ അനുഭവപ്പെട്ടത്.
ഹൈറേഞ്ചിലെ പ്രധാന പട്ടണങ്ങളായ കട്ടപ്പന, കുമളി, നെടുങ്കണ്ടം, ഉപ്പുതറ, ചെറുതോണി, തങ്കമണി, അണക്കര തുടങ്ങിയ മേഖലകളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍-സ്വകാര്യസ്ഥാപനങ്ങളാന്നും പ്രവര്‍ത്തിച്ചില്ല. ഓഫിസുകളില്‍ ഹാജര്‍നില കുറവായിരുന്നു.
അത്യാവശ്യ സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളുമൊഴിച്ച് മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. തോട്ടം തൊഴിലാളികളും കര്‍ഷകരും പണിക്കിറങ്ങാതെ വിട്ടുനിന്നു.
ഹര്‍ത്താല്‍ അനുകൂലികള്‍ ഹൈറേഞ്ചിന്‍െറ വിവിധ മേഖലകളില്‍ പ്രതിഷേധ പ്രകടനം നടത്തി. കട്ടപ്പന, പുളിയന്മല, അണക്കര, നെടുങ്കണ്ടം മേഖലകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ രാവിലെ വാഹനങ്ങള്‍ തടഞ്ഞു.
കേന്ദ്രസര്‍ക്കാറിന്‍െറ നിലപാടില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാത്രി ഹൈറേഞ്ചിന്‍െറ വിവിധ മേഖലകളില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.
ബുധനാഴ്ച വൈകുന്നേരം മൂന്നിന് കട്ടപ്പന സെന്‍റ് ജോര്‍ജ് പാരിഷ് ഹാളില്‍ ചേര്‍ന്ന ഹൈറേഞ്ച് സംരക്ഷണ സമിതി കോര്‍ കമ്മിറ്റി യോഗം ശനിയാഴ്ച അഞ്ചിന് സമിതിയുടെ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് ഭാവി സമരപരിപാടികള്‍ ആലോചിക്കാന്‍ തീരുമാനിച്ചു.  സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ അധ്യക്ഷത വഹിച്ചു.
കട്ടപ്പന: ക്കും അഭിമുഖത്തിനുമെത്തിയ ഉദ്യോഗാര്‍ഥികള്‍ ഹര്‍ത്താലിനെ തുടര്‍ന്ന് ഭക്ഷണ-യാത്രാ സൗകര്യങ്ങളില്ലാതെ വലഞ്ഞു. റേഡിയോഗ്രാഫര്‍ തസ്തികയിലേക്കുള്ള ജില്ലാതല പരീക്ഷയും പ്രീപ്രൈമറി ടീച്ചര്‍ തസ്തികയിലേക്കുള്ള മുഖാമുഖവുമാണ് ഹര്‍ത്താല്‍ ദിനത്തില്‍ ജില്ലാ പി.എസ്.സി ഓഫിസില്‍ നടന്നത്. ഉദ്യോഗ കയറ്റത്തിനുള്ള  വകുപ്പുതല പരീക്ഷ (കെ.എസ്.ആര്‍ അക്കൗണ്ട് ടെസ്റ്റ്) ജില്ലയില്‍ അഞ്ചിടത്തും നടന്നു.
ഉദ്യോഗാര്‍ഥികള്‍ തലേദിവസം തന്നെ കട്ടപ്പനയിലും മറ്റിടങ്ങളിലും എത്തിയതിനാല്‍ റേഡിയോഗ്രാഫര്‍ പരീക്ഷയിലൊഴികെ ഹാജര്‍ നിലയില്‍ കാര്യമായ കുറവുണ്ടായില്ല.
വകുപ്പുതല പരീക്ഷ സെന്‍ററുകള്‍ തൊടുപുഴ, വാഴത്തോപ്പ്, കട്ടപ്പന, വെള്ളയാംകുടി, നെടുങ്കണ്ടം, പീരുമേട് എന്നിവിടങ്ങളിലാണ് നടന്നത്.
 തൊടുപുഴയിലും വാഴത്തോപ്പിലും ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലും കട്ടപ്പന, വെള്ളയാംകുടി സെന്‍റ് ജെറോംസ് സ്കൂളിലും നെടുങ്കണ്ടം ഗവ.വി.എച്ച്.എസ്.എസിലും പീരുമേട് ചിദംബരംപിള്ള മെമ്മോറിയല്‍ സ്കൂളിലുമായിരുന്നു പരീക്ഷ.റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് ജില്ലാതല പരീക്ഷയായിരുന്നുവെങ്കിലും സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പരീക്ഷയെഴുതാന്‍ എത്തിയിരുന്നു.
ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാല്‍ തലേദിവസം തന്നെ ഹാജര്‍ നില 36 ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പരീക്ഷക്കെത്തിയ ഉദ്യോഗാര്‍ഥികള്‍ യാത്രാസൗകര്യവും ഭക്ഷണവും കിട്ടാതെ വലഞ്ഞു.
കട്ടപ്പനയില്‍നിന്ന് സമീപ സ്ഥലങ്ങളിലേക്ക് എത്താന്‍ അതിരാവിലെ നടന്നുപോയവരാണ് ഏറെയും. സ്വകാര്യവാഹനങ്ങളെ ആശ്രയിച്ചവരും കുറവല്ല. കട്ടപ്പനയില്‍ പൊലീസ് കാന്‍റീനാണ് ഉദ്യോഗാര്‍ഥികള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം പകര്‍ന്നത്.
നെടുങ്കണ്ടം: ഹര്‍ത്താല്‍ നെടുങ്കണ്ടത്തും സമീപ പ്രദേശങ്ങളിലും പൂര്‍ണവും ശാന്തവുമായിരുന്നു. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ചുരുക്കം ചില ഇരുചക്ര വാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങളൊന്നും ഓടിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റിതര ഓഫിസുകളും പ്രവര്‍ത്തിച്ചില്ല. ഇടതുമുന്നണി രാവിലെ ടൗണില്‍ പ്രകടനം നടത്തി. ഹൈറേഞ്ചിലെ ജനങ്ങള്‍ക്ക് ആശങ്ക നിലനില്‍ക്കുന്ന കസ്തൂരിരംഗന്‍ വിഷയമായിരുന്നതിനാല്‍ എല്ലാ വിഭാഗം ജനങ്ങളും ഹര്‍ത്താലിനെ അനുകൂലിച്ചു. ചൊവ്വാഴ്ച രാത്രിയില്‍ വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി.
 

സുരക്ഷ ഉദ്യോഗസ്ഥര്‍ ‘മയക്ക’ത്തില്‍; അപകടങ്ങള്‍ തുടരുന്നു്.

Posted: 29 Jan 2014 10:43 PM PST

Subtitle: 
പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോ

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി  ഡിപ്പോയിലെ സുരക്ഷ ഉദ്യോഗസ്ഥരുടെ വീഴ്ചയെ തുടര്‍ന്നാണ് പത്തനംതിട്ട സ്റ്റാന്‍ഡില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്ന് ആക്ഷേപം.
ബുധനാഴ്ച രാവിലെ ഏഴോടെ അജ്ഞാതന്‍ ബസ് കയറി മരിച്ച ദാരുണ സംഭവം നടക്കുമ്പോഴും സുരക്ഷ ഉദ്യോഗസ്ഥര്‍ ഓഫിസില്‍ പാതിമയക്കത്തിലായിരുന്നു. ഡിപ്പോയില്‍ ആവശ്യത്തിന് സുരക്ഷ ജീവനക്കാരുണ്ട്. എട്ടോളം പേരുള്ള ഡിപ്പോയില്‍ ഒരേ സമയം രണ്ടുപേരെയാണ് ഡ്യൂട്ടിക്കിടുന്നത്. പകല്‍പോലും ഇവരെ പുറത്തുകാണാറില്ല. സ്റ്റാന്‍ഡിലെത്തുന്ന ബസുകള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാനും യാത്രക്കാരെ നിയന്ത്രിക്കേണ്ടതിന്‍െറയും ചുമതല ഇവര്‍ക്കാണ്.
സ്റ്റാന്‍ഡിലെ പൊടിശല്യത്തില്‍നിന്ന് രക്ഷതേടി ഇവര്‍ ഓഫിസില്‍ തന്നെ കഴിഞ്ഞുകൂടുകയാണ്.
പുതുക്കട ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യാനായി പിന്നിലേക്ക് എടുക്കവെയാണ് അജ്ഞാതന്‍ ബസ് തട്ടി താഴെ വീണ് ടയര്‍ ശരീരത്തിലൂടെ കയറിയത്.
 ഡ്രൈവര്‍ ബസ് പിന്നിലേക്ക് എടുക്കുമ്പോള്‍ അരിക് ശ്രദ്ധിക്കാന്‍ കണ്ടക്ടര്‍ ബസില്‍ ഇല്ലായിരുന്നു. ഇറക്കമായതിനാല്‍ ബസുകള്‍ അമിത വേഗത്തിലാണ് എത്തുന്നത്. ഡ്രൈവര്‍മാരുടെ അനാസ്ഥയെ യഥാസമയം നിയന്ത്രിച്ച് സുരക്ഷ ഉറപ്പു വരുത്തേണ്ടത് സുരക്ഷ ജീവനക്കാരാണ്.
രണ്ടുമാസത്തിനിടെ കാലിലൂടെ ബസ് കയറിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയെ പരിഗണിച്ച് ഇടക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ബസ് പാര്‍ക്കിങ് മാറ്റിയിരുന്നു.
 ഓഫിസിനോട് ചേര്‍ത്ത് ഏതാനും മണിക്കൂറുകള്‍ ബസ് നിര്‍ത്തിയിട്ടെങ്കിലും പിന്നീട് പഴയപടിയാക്കി.
സ്റ്റാന്‍ഡിലേക്കെത്തുന്ന ബസുകള്‍ പിന്നിലേക്ക് എടുക്കുന്ന സമയം യാത്രക്കാര്‍ ഓടിമാറുകയാണ് ചെയ്യുന്നത്. ഈ സമയം ഡ്രൈവര്‍ മാത്രമാകും ബസിലുണ്ടാകുന്നത്. ബസ് പുറപ്പെടാന്‍ നേരം മാത്രമാകും കണ്ടക്ടറും ബസില്‍ കയറുക.
സമീപത്തെ ബാറില്‍നിന്ന് എത്തുന്ന മദ്യപരുടെ അഴിഞ്ഞാട്ട കേന്ദ്രമായി  സ്റ്റാന്‍ഡ് മാറി. ഉടുതുണിപോലും ഇല്ലാതെയാണ് ഇവര്‍  സ്റ്റാന്‍ഡില്‍ കിടക്കുന്നത്. പൊലീസ് എത്തിയാണ്  പലപ്പോഴും  നീക്കം ചെയ്യുന്നത്.
 

ഷുമാക്കര്‍ ‘കോമ’ വിട്ടുണരാന്‍ തുടങ്ങിയെന്ന് ഫ്രഞ്ച് പത്രം

Posted: 29 Jan 2014 10:43 PM PST

Image: 

പാരിസ്: ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കിള്‍ ഷുമാക്കര്‍ കോമയില്‍ നിന്ന് ഉണരുമോ? ഫ്രഞ്ച് സ്പോര്‍ട്സ് ദിനപത്രമായ ‘എല്‍ എക്വിപ്’ ആണ് ഇതു സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്. ഷൂമാക്കര്‍ കോമയെ മറികടക്കുന്നതായും അദ്ദേഹത്തിനു നല്‍കി വരുന്ന അനസ്തേഷ്യയുടെ അളവ് ഡോക്ടര്‍മാര്‍ കുറക്കാന്‍ തുടങ്ങിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യത്തിന് സമ്പൂര്‍ണ സ്ഥിരീകരണം നല്‍കാന്‍ അദ്ദേഹത്തെ ചികില്‍സിക്കുന്ന ഗ്രനോബ്ള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തയ്യാറായിട്ടില്ല. കോമയില്‍ നിന്ന് ഉണരാന്‍ നിരവധി ദിവസങ്ങളോ ആഴ്ചകളോ എടുക്കുമെന്ന് ഡോക്ടര്‍ ഇമ്മാനുവല്‍ ഗേ പറഞ്ഞു.
ആല്‍പ്സ് മഞ്ഞുമലയില്‍ തെന്നിനീങ്ങുന്ന വിനോദത്തില്‍ ഏര്‍പ്പെട്ടിരിക്കെ പാറയില്‍ തലയിടിച്ച് വീണ ഷുമാക്കര്‍ ഒരു മാസമായി കോമ നിലയില്‍ ആണ്. തലക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ ഇനിയുള്ള കാലം കോമയില്‍ തുടര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍, വിദഗ്ധ സംഘത്തിന്‍്റെ മേല്‍നോട്ടത്തില്‍ ചികില്‍സ തുടരുകയാണ്. തലച്ചോറില്‍ കട്ടപിടിച്ച രക്തം നീക്കം ചെയ്യുന്നതിന്  അദ്ദേഹത്തെ ഇതിനകം രണ്ടു തവണ ശസ്ത്രക്രിയക്കു വിധേയനാക്കി.

ഏഴു തവണ ലോക ചാമ്പ്യനായ ഈ 45 കാരനുവേണ്ടി പ്രാര്‍ഥനയുമായി കാത്തിരിക്കുകയാണ് ആരാധക ലോകം. 16ഉം 14 ഉം വയസ്സുള്ള രണ്ടു മക്കളും ഭാര്യയും സദാ സമയം അദ്ദേഹത്തിന്‍്റെ കിടക്കക്കരികില്‍ തന്നെയുണ്ട്.

പരമ്പരാഗത കുടില്‍ വ്യവസായങ്ങള്‍ അപ്രത്യക്ഷമാകുന്നു

Posted: 29 Jan 2014 10:33 PM PST

Subtitle: 
ഒലിച്ചുപോകുന്നത് പ്രകൃതിയോടും ഗ്രാമീണതയോടും ബന്ധപ്പെട്ട ജീവിതസംസ്കാരം

കോട്ടയം: പരമ്പരാഗത കുടില്‍ വ്യവസായങ്ങള്‍ ജില്ലയില്‍ അപ്രത്യക്ഷമാകുന്നു. കളിമണ്‍പാത്ര നിര്‍മാണം, ഈറ്റയും പനയോലയും കൊണ്ടുള്ള ഗൃഹോപകരണ നിര്‍മാണം തുടങ്ങിയ കുടില്‍ വ്യവസായങ്ങളാണ് അധികൃതരുടെ അവഗണനയില്‍ എരിഞ്ഞമരുന്നത്.  
നിര്‍മാണത്തിനാവശ്യമായ അസംസ്കൃത സാധനങ്ങളുടെ ദൗര്‍ലഭ്യം, കുതിച്ചുയരുന്ന ഉല്‍പാദനച്ചെലവ്, ആനുപാതികമായി ഉല്‍പന്നത്തിന് വില കിട്ടാത്തത്, മധ്യവര്‍ത്തികളുടെ ചൂഷണം  എന്നിവയാണ് മേഖലയെ ഉലക്കുന്നത്. അലുമിനിയം, സ്റ്റെയിന്‍ലസ്, പ്ളാസ്റ്റിക് പാത്രങ്ങളുടെ തള്ളിക്കയറ്റത്തോടെയാണ് മണ്‍പാത്ര നിര്‍മാണ മേഖല തകര്‍ന്നത്. അതിലൂടെ അടഞ്ഞത് നൂറുകണക്കിനു കുടുംബങ്ങളുടെ വരുമാന മാര്‍ഗമാണ്.
ചങ്ങനാശേരി, കോട്ടയം ചന്തകളില്‍ ഒരു കാലത്ത് വിറ്റഴിക്കപ്പെട്ടിരുന്നത് ജില്ലയിലെ തന്നെ പരമ്പരാഗത തൊഴിലാളികളുടെ ഉല്‍പന്നങ്ങളായിരുന്നു. പരമ്പരാഗതമായി തൊഴില്‍ ചെയ്തിരുന്ന ചിലര്‍ പൂച്ചട്ടി നിര്‍മാണം മുഖ്യമാക്കിയാണ് തൊഴില്‍ മുന്നോട്ടു കൊണ്ടുപോകുന്നത്.
ഇതുകൊണ്ടും പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയായെന്നാണ് ഇവരുടെ വിലാപം. അടുക്കളയില്‍ ഒഴിച്ചുകൂടാനാകാത്ത ഉപകരണങ്ങളായിരുന്ന ഈറ്റ കൊണ്ടുള്ള കുട്ടകളും മുറങ്ങളും ഏറക്കുറെ പൂര്‍ണമായും അപ്രത്യക്ഷമായിരിക്കുകയാണ്. പ്ളാസ്റ്റിക്കിലും അലുമിനിയത്തിലും സ്റ്റീലിലും നിര്‍മിച്ച പകരക്കാരെത്തിയതോടെ ആ തൊഴിലും മുന്നോട്ടുകൊണ്ടുപോകാനാകാത്ത സ്ഥിയായി.
ഈറ്റയും പനയോലയും കൊണ്ട് പായ, മുറം, കുട്ട എന്നിവയുണ്ടാക്കി വില്‍പന നടത്തിയിരുന്ന സമൂഹവും തൊഴില്‍ പ്രതിസന്ധി നേരിടുകയാണ്. ഈ മേഖലകൊണ്ട് ഉപജീവനം കഴിച്ചിരുന്നവരുടെ പുതിയ തലമുറ മറ്റു തൊഴില്‍ തേടുകയാണ്. ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ നൂറു കണക്കിന് കുടുംബങ്ങളാണ് കരിപ്പെട്ടി നിര്‍മാണത്തിലേര്‍പ്പെട്ടിരുന്നത്.
പനകളില്‍നിന്ന് ലഭിച്ചിരുന്ന നീരയായിരുന്നു കരിപ്പെട്ടി നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തു.
പനകള്‍ തന്നെ ഇല്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കയറാന്‍ ആളെ കിട്ടാതെവന്നപ്പോള്‍ പനകള്‍ മുറിച്ചുമാറ്റാന്‍ വീട്ടുകാര്‍ നിര്‍ബന്ധിതരായി. പുറംതോട് കടഞ്ഞെടുത്താല്‍ ഈടും ബലവുമുള്ള ഗാര്‍ഹികോപകരണങ്ങള്‍ നിര്‍മിക്കാനാവുമെന്ന നില വന്നപ്പോള്‍ ഉള്ള പനകള്‍ വിറ്റു പോവുകയും ചെയ്തു. പുതുതലമുറ പനകയറ്റത്തിനും തയാറല്ല. കരിപ്പെട്ടിയുടെ പാകപ്പെടുത്തലിന് ആവശ്യമായ വിറകിന്‍െറ വില ഉയര്‍ന്നതും ഇന്ധനക്ഷാമവും ഉല്‍പാദനം തന്നെ അവസാനിപ്പിക്കേണ്ടി സ്ഥിതിയിലെത്തിച്ചു.
പരമ്പരാഗത തൊഴില്‍ മേഖലയെ രക്ഷിക്കുന്നതിന് നടപടി വേണമെന്ന് മുറവിളി ഉയരുന്നുണ്ടെങ്കിലും സര്‍ക്കാറുകള്‍ അവഗണിക്കുകയാണ്.
ആധുനിക സാഹചര്യങ്ങളുടെ തള്ളിക്കയറ്റത്തില്‍ ഒലിച്ചുപോകുന്നത് പ്രകൃതിയോടും ഗ്രാമീണതയോടും ബന്ധപ്പെട്ട ജീവിതസംസ്കാരമാണ്.

പണിമുടക്കും തൊഴില്‍ തര്‍ക്കവും; കൊച്ചി മെട്രോക്ക് നഷ്ടം 10 കോടി

Posted: 29 Jan 2014 10:26 PM PST

Subtitle: 
25 തൊഴില്‍ ദിനങ്ങള്‍ പൂര്‍ണതോതില്‍ നഷ്ടമായി

കൊച്ചി: പണിമുടക്കും തൊഴില്‍ തര്‍ക്കവും മൂലം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നഷ്ടപ്പെട്ട വകയില്‍ കൊച്ചി മെട്രോയുടെ നഷ്ടം 10 കോടി കവിഞ്ഞു. ആറുമാസത്തിനിടെ  25 തൊഴില്‍ ദിനങ്ങള്‍ പൂര്‍ണതോതില്‍ തടസ്സപ്പെട്ടതായാണ് ഡി.എം.ആര്‍.സിയുടെ കണക്ക്. ഒരുദിവസം നിര്‍മാണം തടസ്സപ്പെട്ടാല്‍ 40 ലക്ഷത്തിന്‍െറ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.  നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനകൂടി കണക്കിലെടുത്താല്‍ തുക  ഉയരും. നിര്‍മാണം തടസ്സപ്പെടുന്നത് ചെലവ് ഉയര്‍ത്തുന്നതിനൊപ്പം  നിശ്ചയിച്ച സമയത്ത്  പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയും വരും. വിവിധപ്രശ്നങ്ങളെ തുടര്‍ന്ന് ഒന്നരമാസം വൈകിയാണ് മെട്രോ ജോലികള്‍ ‘ഓടുന്നത്’.  ഇതിനിടെ കഴിഞ്ഞദിവസങ്ങളില്‍ വീണ്ടും പ്രാദേശിക തൊഴിലാളികളുടെ തര്‍ക്കത്തെ തുടര്‍ന്ന് പണി മുടങ്ങി.
ഓണക്കച്ചവടം നഷ്ടമാകുമെന്ന് കാട്ടി വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് എം.ജി റോഡിലെ നിര്‍മാണജോലികള്‍ ഒരുമാസത്തോളം വൈകിയാണ് ആരംഭിച്ചത്. ആദ്യഘട്ടങ്ങളില്‍സ്വീവേജ് പൈപ്പുകള്‍ സംബന്ധിച്ച് വ്യക്തതയില്ലാത്തതും പ്രശ്നം സൃഷ്ടിച്ചിരുന്നു. ഇതിനിടെ, മെല്ലെപ്പോക്കിനെ തുടര്‍ന്ന് വൈറ്റില  റീച്ചിലെ കരാറുകാരെ ഒഴിവാക്കുകയും ചെയ്തു. ഇതുമൂലം ഇവിടുത്തെ ജോലികള്‍ മുടങ്ങിയിരിക്കുകയാണ്. ഇത്തരം തടസ്സങ്ങള്‍ക്ക് പിന്നാലെയാണ് തൊഴില്‍ തര്‍ക്കങ്ങള്‍   ഉടലെടുക്കുന്നത്.  തടസ്സം പരിഹരിക്കാന്‍ കലക്ടര്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും താഴെ തട്ടിലുള്ള ജീവനക്കാരുടെ ഇടപെടല്‍ ഫലപ്രദമാകുന്നില്ലെന്ന് ഡി.എം.ആര്‍.സി അധികൃതര്‍ വ്യക്തമാക്കുന്നു. നിര്‍മാണത്തിന്‍െറ ഗൗരവം ഉള്‍ക്കൊള്ളാതെ ‘സര്‍ക്കാര്‍ രീതിയിലാണ്’ ഇവര്‍ കാര്യങ്ങള്‍ കൊണ്ടുപോകുന്നത്. സ്ഥലം ഏറ്റെടുക്കലിന്‍െറ കാര്യത്തിലും സമാനപ്രശ്നമുണ്ട്. ആദ്യ റീച്ചുകളില്‍ തൂണിന്‍െറ നിര്‍മാണം പൂര്‍ത്തിയായിട്ടും സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഇവര്‍ പറയുന്നു. സ്ഥലമേറ്റടുക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന്  പല തവണ ഡി.എം.ആര്‍.സി  ആവശ്യപ്പെട്ടെങ്കിലും ജില്ലാഭരണകൂടത്തിന്    കഴിഞ്ഞിട്ടില്ല. കഴിഞ്ഞവര്‍ഷം ജൂണ്‍ ഏഴിനാണ് മെട്രോ നിര്‍മാണം തുടങ്ങിയത്. മൂന്നുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ്  ഇ. ശ്രീധരന്‍ സംസ്ഥാന സര്‍ക്കാറിന് നല്‍കിയിരിക്കുന്ന ഉറപ്പ്. തര്‍ക്കങ്ങള്‍ തുടര്‍ന്നാല്‍  നിര്‍മാണം പറഞ്ഞ സമയത്ത് പൂര്‍ത്തിയാക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
 

പുനര്‍നിര്‍മാണ ടെന്‍ഡര്‍ വിളിച്ചശേഷമേ റോഡ് കുഴിക്കാവൂ –കലക്ടര്‍

Posted: 29 Jan 2014 10:20 PM PST

Subtitle: 
ആലപ്പുഴ കുടിവെള്ള പദ്ധതി

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലൂടെ കടന്നുപോകുന്ന റോഡിന്‍െറ പുനര്‍നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ വിളിച്ചശേഷമേ ആലപ്പുഴയുടെ കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിനായി റോഡ് കുഴിക്കാവൂവെന്ന് കലക്ടര്‍ എന്‍. പത്മകുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
 പറവൂര്‍ സ്കൂട്ടര്‍ ഫാക്ടറി മുതല്‍ പൂമീന്‍പൊഴിവരെയുള്ള നാല് കിലോമീറ്റര്‍ റോഡാണ് കുടിവെള്ള പൈപ് സ്ഥാപിക്കുന്നതിനായി കുഴിച്ചത്. ഏറെനാള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താത്തതിനെതുടര്‍ന്ന് പരാതിയുയര്‍ന്നതോടെയാണ് കലക്ടര്‍ യോഗം വിളിച്ചത്.
 പൂമീന്‍പൊഴി മുതല്‍ തെക്കോട്ടുള്ള 3.5 കിലോമീറ്റര്‍  റോഡാണ് പൈപ് സ്ഥാപിക്കുന്നതിനായി കുഴിക്കാനുള്ളത്.
 കുടിവെള്ള പൈപ് സ്ഥാപിക്കുന്നതോടൊപ്പംതന്നെ ജനങ്ങളുടെ സഞ്ചാരമാര്‍ഗം പരമാവധി നിലനിര്‍ത്താന്‍ ശ്രമിക്കണമെന്ന് കലക്ടര്‍ പറഞ്ഞു.  പൈപ്പിടല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ സ്കൂട്ടര്‍ ഫാക്ടറി മുതല്‍ പൂമീന്‍പൊഴി വരെയുള്ള റോഡിന്‍െറ മെറ്റലിങ് അതിവേഗം തീര്‍ക്കണമെന്നും മത്സ്യത്തൊഴിലാളികളുടെ ഏക യാത്രാമാര്‍ഗമായ റോഡെന്നതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പ്രത്യേകശ്രദ്ധവേണമെന്നും അദ്ദേഹം പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴയുടെ കുടിവെള്ള പദ്ധതി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് അടിയന്തര നടപടി സ്വീകരിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. അമ്പലപ്പുഴ നോര്‍ത്ത് പഞ്ചായത്ത് പ്രസിഡന്‍റ് വി. ധ്യാനസുതന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

ഫണ്ട് അനുവദിച്ചിട്ടും നൂറടി പാലത്തിന് ശാപമോക്ഷമില്ല

Posted: 29 Jan 2014 10:10 PM PST

Subtitle: 
ദുര്‍ബലാവസ്ഥയിലുള്ള പാലം പുതുക്കിപ്പണിയണമെന്ന് നിര്‍ദേശിച്ചിരുന്നു

നെല്ലിയാമ്പതി: അര നൂറ്റാണ്ടോളം പഴക്കമുള്ള നൂറടിപ്പാലം തകര്‍ന്നിട്ട് വര്‍ഷങ്ങളായെങ്കിലും നന്നാക്കാന്‍ നടപടികളൊന്നും ആയില്ല. മൂന്ന് മാസം മുമ്പ് നെന്മാറ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 1.23 കോടി രൂപ അനുവദിച്ചിരുന്നു. ടെന്‍ഡര്‍ സ്വീകരിച്ച് വരികയാണെന്ന് പൊതുമരാമത്ത് അധികൃതര്‍ പറയുന്നുണ്ടെങ്കിലും പണിയാരംഭിക്കാന്‍ ഇനിയും മാസങ്ങളാവുമെന്നാണ് സൂചന. 15 വര്‍ഷം മുമ്പാണ് പാലത്തില്‍ ചെറിയ വിള്ളല്‍ കണ്ടത്.  അന്ന് വിദഗ്ധര്‍ പരിശോധിച്ച് ദുര്‍ബലാവസ്ഥയിലുള്ള പാലം പുതുക്കിപ്പണിയണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതുവഴി വലിയ വാഹനങ്ങളുടെ സഞ്ചാരം പൂര്‍ണമായും നിരോധിച്ചു. പാടഗിരി, രാജാക്കാട്, പോത്തുപാറ, മീരാഫ്ളോര്‍ ഭാഗങ്ങളിലേക്ക് നേരത്തെയുണ്ടായിരുന്ന രണ്ട് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തി. നെല്ലിയാമ്പതി പാടഗിരി മേഖലയിലെ തോട്ടം തൊഴിലാളികളും ആദിവാസികളുമടങ്ങുന്ന ജനസമൂഹത്തിന്‍െറ യാത്രാ ദുരിതം ഇതോടെ ഇരട്ടിയായി. തകര്‍ന്ന പാലം നന്നാക്കാന്‍ നടപടി വേണമെന്ന് നാട്ടുകാരും രാഷ്ട്രീയ സംഘടനകളും ആവശ്യമുന്നയിച്ചിട്ടും പാലം നന്നാക്കാന്‍ അധികൃതര്‍ തുനിയുന്നില്ല. പൊലീസ് സ്റ്റേഷന്‍, വനം വകുപ്പ് ക്വാര്‍ട്ടേഴ്സ്, പോസ്റ്റ് ഓഫിസ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പാലത്തിനക്കരെയാണ് സ്ഥിതി ചെയ്യുന്നത്. ഇപ്പോള്‍ ഇരുചക്ര വാഹനങ്ങളും മറ്റ് ചെറുവാഹനങ്ങളും മാത്രമാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. നൂറടിപ്പാലം പുനര്‍നിര്‍മിച്ചാല്‍ മാത്രമേ ഗതാഗതം പഴയതുപോലെ പുനഃസ്ഥാപിക്കാന്‍ കഴിയൂ എന്നാണ് അധികൃതര്‍ പറയുന്നത്.
 

കുറ്റിപ്പാലയില്‍ പൊലീസ് അഴിഞ്ഞാടി; പത്തോളം പേര്‍ക്ക് പരിക്ക്

Posted: 29 Jan 2014 09:58 PM PST

എടപ്പാള്‍: കുറ്റിപ്പാലയില്‍ പൊലീസ് അതിക്രമത്തില്‍ പത്തോളം പേര്‍ക്ക് പരിക്ക്. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ഗുരുതര പരിക്കേറ്റ കുറ്റിപ്പാല സ്വദേശികളായ തോട്ടവളപ്പില്‍ അഷ്റഫ് (40), തറവട്ടത്ത് ബിജു (36) എന്നിവരെ എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ബുധനാഴ്ച ഉച്ചക്ക് 1.30ഓടെയാണ് വട്ടംകുളം ഗ്രാമപഞ്ചായത്തിലെ കുറ്റിപ്പാലയില്‍ പൊലീസ് നാട്ടുകാര്‍ക്കുനേരെ മുന്നറിയിപ്പില്ലാതെ ആക്രമണം അഴിച്ചുവിട്ടത്.
ഞായറാഴ്ച രാത്രി ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്ത കുറ്റിപ്പാല മാമ്പ്ര വളപ്പില്‍ മോഹനന്‍ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചിരുന്നു. കസ്റ്റഡിയില്‍ പൊലീസ് മര്‍ദിച്ചതിനെ തുടര്‍ന്നാണ് മോഹനന്‍ ഗുരുതരാവസ്ഥയിലായതെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് മോഹനന്‍ മരിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് കുറ്റിപ്പാല, എടപ്പാള്‍, നടുവട്ടം എന്നിവിടങ്ങളില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറി. രാത്രി 10ഓടെ നടുവട്ടത്ത് സംസ്ഥാനപാത ഉപരോധിച്ചവര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു.  മരണത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ചങ്ങരംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഹര്‍ത്താലിന്‍െറ ഭാഗമായി കുറ്റിപ്പാലയിലും വില്ലേജ് ഓഫിസിന് സമീപത്തും നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞെങ്കിലും മറ്റ് പ്രകോപനങ്ങളൊന്നുമുണ്ടായില്ല. മരിച്ച മോഹനന്‍െറ വീടിന് സമീപം നാട്ടുകാര്‍ കൂട്ടംകൂടി നില്‍ക്കുന്നതിനിടെയാണ് ബുധനാഴ്ച ഉച്ചക്ക് 1.30ഓടെ മൂന്ന് ജീപ്പുകളിലെത്തിയ പൊലീസ് സംഘം മുന്നറിയിപ്പില്ലാതെ ലാത്തിച്ചാര്‍ജ് നടത്തിയത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കൈയില്‍ കിട്ടിയവരെയെല്ലാം പൊലിസ് തല്ലിച്ചതച്ചു. പൊലീസ് നടപടിയിലുള്ള പ്രതിഷേധം, മോഹനന്‍ മരിച്ച കേസിന്‍െറ അന്വേഷണ ഭാഗമായി ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെത്തിയ  മധ്യമേഖല ഐ.ജി ഗോപിനാഥിനെ  രാഷ്ട്രീയ നേതാക്കള്‍ അറിയിച്ചു. ലാത്തിചാര്‍ജില്‍ ഗുരുതര പരിക്കേറ്റവരെ പി. ജ്യോതിഭാസ്, ടി. സത്യന്‍, ടി.പി. മുഹമ്മദ്, ഭാസ്കരന്‍ വട്ടംകുളം, ഇബ്രാഹിം മുതൂര്‍, എം. മുസ്തഫ, അഡ്വ. എം.ബി. ഫൈസല്‍, സി. രാഘവന്‍, കെ.വി. കുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഐ.ജിക്ക് മുന്നില്‍ ഹാജരാക്കി.
 

Wednesday, January 29, 2014

ഭാരതീപുരത്തെ കൊലപാതകം: ഒരാള്‍ പിടിയില്‍ Madhyamam News Feeds

ഭാരതീപുരത്തെ കൊലപാതകം: ഒരാള്‍ പിടിയില്‍ Madhyamam News Feeds

Link to

ഭാരതീപുരത്തെ കൊലപാതകം: ഒരാള്‍ പിടിയില്‍

Posted: 29 Jan 2014 01:05 AM PST

കുളത്തൂപ്പുഴ: ഭാരതീപുരത്ത് സത്യശീലനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളിലൊരാള്‍ പിടിയില്‍. മറ്റൊരാള്‍ വിദേശത്തേക്ക് കടന്നു. ഭാരതീപുരം വെള്ളില തെക്കുംകര വീട്ടില്‍ മുള്ളന്‍ സജി എന്നറിയപ്പെടുന്ന  സജിയാണ് (40) പൊലീസ് കസ്റ്റഡിയിലുള്ളത്. കൂടെയുണ്ടായിരുന്ന പൂവണത്തുംമൂട് റോഡരികത്ത് വീട്ടില്‍ പൊടിമോന്‍ എന്ന രഞ്ജിത് (32) സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്നതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ 24നാണ് ഭാരതീപുരം വെള്ളില ആര്യാഭവനില്‍ സത്യശീലന്‍ (42) തലക്ക് അടിയേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ അയല്‍വാസിയുടെ പുരയിടത്തില്‍ കണ്ടെത്തിയത്. സത്യശീലന്‍െറ നടപടികളെ ചോദ്യം ചെയ്യാനെത്തിയവരുമായുണ്ടായ സംഘട്ടനമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊല്ലപ്പെട്ട സത്യശീലന്‍ ഭാര്യയുടെ സഹോദരിയെയും ജേഷ്ഠപുത്രിയെയും പീഡിപ്പിച്ച കേസില്‍ രണ്ടുവര്‍ഷം തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്നതിനിടെയാണ് സംഭവം.  മൂന്നുമാസങ്ങള്‍ക്ക് മുമ്പ് അച്ഛന്‍െറ ജാമ്യത്തില്‍ ഇറങ്ങിയ സത്യശീലന്‍ വെള്ളിലയിലെ സഹോദരിയുടെ ആളൊഴിഞ്ഞ വീട്ടില്‍ വന്നുപോയിരുന്നതായും സ്ത്രീകളെ എത്തിച്ച് ഇവിടെ അനാശാസ്യം നടത്തിയിരുന്നതായും പിടിയിലായ പ്രതി പൊലീസിനോട് പറഞ്ഞു. ഇത് ചോദ്യം ചെയ്യാനായി സംഭവദിവസം രാത്രിയില്‍ വീട്ടിലെത്തിയ  സംഘം സത്യശീലന്‍െറ മുഖത്തേക്ക് ടോര്‍ച്ച് തെളിച്ച് പ്രകോപനം ഉണ്ടാക്കി. തുടര്‍ന്ന് സത്യശീലന്‍ പ്രതികള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. ഇതോടെ കൈയില്‍ കരുതിയിരുന്ന കമ്പുപയോഗിച്ച് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു.
തലക്ക് അടിയേറ്റ് ഓടിയ ഇയാളെ മരിച്ചനിലയില്‍ അയല്‍വാസിയുടെ പുരയിടത്തില്‍ കക്കൂസിന് പിന്നിലായി കമിഴ്ന്ന് ഇരിക്കുന്ന നിലയിലാണ് പിറ്റേന്ന് പുലര്‍ച്ചെ കണ്ടെത്തിയത്. സംഭവം അന്വേഷിക്കുന്നതിനായി ഓയില്‍പാം വക എണ്ണപ്പന തോട്ടത്തില്‍ നിന്ന് സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ പുനലൂര്‍ സി.ഐ മഞ്ജുലാലിന്‍െറ നേതൃത്വത്തില്‍ കുളത്തൂപ്പുഴ പൊലീസാണ് കഴിഞ്ഞ ദിവസം സജിയെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് രഞ്ജിത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. താനാണ് തലക്കടിച്ചതെന്നും സംഭവദിവസം കൃത്യത്തിനുശേഷം ഇയാളെ കണ്ടിട്ടില്ലെന്നുമാണ് സജി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. പൊലീസ് നടത്തിയ തിരച്ചിലില്‍ ഇക്കഴിഞ്ഞ 26ന് ഇയാള്‍ വിദേശത്തേക്ക് മടങ്ങിയതായി പൊലീസ് കണ്ടെത്തി. ഏറെ നാളായി വിദേശത്തായിരുന്ന രഞ്ജിത് അവധിക്ക് നാട്ടിലെത്തി ചെങ്ങന്നൂര്‍ സ്വദേശിനിയെ വിവാഹം കഴിച്ചു. കൊലപാതകത്തിനുശേഷം ഇയാള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഇരുചക്ര വാഹനം കുളത്തൂപ്പുഴ പൊലീസിന്‍െറ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ പൊലീസ് ഭാര്യാഗൃഹത്തില്‍ നിന്ന്  പിടിച്ചെടുത്തിട്ടുണ്ട്. മുള്ളന്‍ സജിക്കെതിരെ തിരുവനന്തപുരം, ഏരൂര്‍, കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. സജിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പുനലൂര്‍ ഡിവൈ.എസ്.പി എന്‍.എന്‍. ബൈജുവിന്‍െറ നിര്‍ദേശപ്രകാരം കുളത്തൂപ്പുഴ എസ്.ഐ സുധീഷ് കുമാര്‍, എ.എസ്.ഐ ഇബ്രാഹിം കുട്ടി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രാജേന്ദ്രന്‍, പത്മകുമാര്‍ സി.പി.ഒ സുമേഷ്, അജിത്, മനോജ്, ഹോംഗാര്‍ഡ് ഹരികുമാര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

വീട്ടുകാരെ ബോധംകെടുത്തി 13 പവനും 30000 രൂപയും കവര്‍ന്നു

Posted: 29 Jan 2014 12:34 AM PST

നെടുമങ്ങാട്: അരശുപറമ്പില്‍ വീട് കുത്തിത്തുറന്ന് 13 പവന്‍െറ സ്വര്‍ണാഭരണവും മുപ്പതിനായിരം രൂപയും മോഷ്ടിച്ചു. പൊലീസ് കോണ്‍സ്റ്റബിളിന്‍േറതടക്കം നാല് വീടുകളില്‍ മോഷണ ശ്രമം നടന്നു. നെടുമങ്ങാട് അരശുപറമ്പ് കൊപ്പം മുളമുക്ക് ക്ഷേത്രനട റോഡിനടുത്താണ് ചൊവ്വാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. സുനില്‍വിഹാറില്‍ സുനില്‍കുമാറിന്‍െറ വീടിന്‍െറ അടുക്കളവാതില്‍ കുത്തി ത്തുറന്ന് അകത്തുകയറിയാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 13 പവന്‍െറ സ്വര്‍ണാഭരണങ്ങളും മേശയില്‍ സൂക്ഷിച്ചിരുന്ന മുപ്പതിനായിരം രൂപയും മോഷ്ടിച്ചത്. സുനില്‍കുമാറും പിതാവുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ രാവിലെയാണ് മോഷണ വിവരം അറിഞ്ഞത്. എല്ലാ ദിവസവും പുലര്‍ച്ചെ നാലോടെ ഉണരുന്ന സുനില്‍കുമാറും പിതാവ് വേലായുധന്‍നായരും കഴിഞ്ഞ ദിവസം രാവിലെ വളരെ വൈകിയാണ് ഉണര്‍ന്നത്. വാതില്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് സുനില്‍കുമാറിനെയും പിതാവിനെയും ക്ളോറോഫോം ഉപയോഗിച്ച് മയക്കിയശേഷം മോഷണം നടത്തിയതാകാമെന്ന് സംശയിക്കുന്നു. സമീപത്തെ പൊലീസുകാരനായ  ഗോപകുമാര്‍, സുരേന്ദ്രന്‍നായര്‍, റഷീദ് എന്നിവരുടേതടക്കം നാല് വീടുകളില്‍ മോഷണ ശ്രമം നടത്തി. ഈ വീടുകളിലെല്ലാം പിന്‍ഭാഗത്തെ വാതിലുകള്‍ തകര്‍ത്ത് മോഷ്ടാവ് അകത്തുകടന്നെങ്കിലും ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ മോഷണം നടത്താനായില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡുമെത്തി തെളിവുകള്‍ ശേഖരിച്ചു. നെടുമങ്ങാട് പൊലീസ് കേസെടുത്തു.

മെഡിക്കല്‍ കോളജില്‍ മൃതദേഹം വെച്ച് വിലപേശിയെന്ന് പരാതി

Posted: 29 Jan 2014 12:16 AM PST

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജ് അനാട്ടമി വിഭാഗത്തില്‍ അന്യ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം എംബാം ചെയ്യുന്നതിന് 11,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയില്‍ ക്ളീനിങ് ജീവനക്കാരന്‍ പ്രദീപിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.
പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി രാജു മണ്ഡല്‍ (24) എന്നയാളുടെ മൃതദേഹമാണ് എംബാം ചെയ്യാനെത്തിയിരുന്നത്.
ചൊവ്വാഴ്ച 12 മണിയോടെ മൃതദേഹം അനാട്ടമി വിഭാഗത്തില്‍ എത്തിച്ച് മുന്നൂറ് രൂപ ചലാന്‍ അടച്ച് ബന്ധുക്കള്‍ എംബാം ചെയ്യുന്നതിനായി സമീപിച്ചപ്പോള്‍ ക്ളീനിങ് ജീവനക്കാരന്‍ പതിനൊന്നായിരത്തി അഞ്ഞൂറ് രൂപ ആവശ്യപ്പെടുകയും വിലപേശല്‍ നടത്തി 11,000 രൂപയെങ്കിലും ലഭിക്കണമെന്നാവശ്യപ്പെട്ട് ഷട്ടര്‍ അടച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. മൃതദേഹം വിമാനമാര്‍ഗം നാട്ടിലെത്തിക്കാന്‍ ഇവര്‍ ടിക്കറ്റെടുത്തിരുന്നു.
മൃതദേഹം എംബാം ചെയ്തുകിട്ടാന്‍ തടസം നേരിട്ടതോടെ ഇവര്‍ ആശങ്കയിലായി. സംഭവം വിവാദമായതോടെ ജനപ്രതിനിധികള്‍ ഇടപെട്ടു.
അവണൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് രാജേന്ദ്രന്‍ അരങ്ങത്ത്, അംഗം തോമസ് പുത്തരി, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പ്രിന്‍സിപ്പലിന്‍െറ മുറിയില്‍ കുത്തിയിരിപ്പു നടത്തി. പ്രിന്‍സിപ്പല്‍ ഫോണ്‍വഴി ആരോഗ്യ ഡയറക്ടറുമായി ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നാണ് ജീവനക്കാരനെതിരെ നടപടിയുണ്ടായത്.
 മിഷന്‍ ആശുപത്രി പരിസരത്ത് നിന്നെത്തിയ സ്വകാര്യ ആംബുലന്‍സ് ഡ്രൈവറുടെ സാക്ഷിമൊഴിയും ക്ളീനിങ് ജീവനക്കാരനെതിരെയായിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. കെ.ആര്‍. ഗിരിജ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കി.
എട്ട് മാസങ്ങള്‍ക്ക് മുമ്പ് അനാട്ടമി വിഭാഗത്തില്‍ മൃതദേഹം ക്ളീനിങ്ങിന് കൈക്കൂലി വാങ്ങിയെന്ന പരാതി വിജിലന്‍സിന്‍െറ പരിഗണനയിലാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി.
 

ഗ്വാണ്ടനാമോ ഈ വര്‍ഷം തന്നെ അടച്ചുപൂട്ടും - ഒബാമ

Posted: 28 Jan 2014 11:31 PM PST

Image: 

വാഷിംങ്ടണ്‍: സുപ്രധാന തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള വര്‍ഷമാണ് 2014 എന്ന് യു.എസ് പ്രസിഡന്‍്റ് ബറാക് ഒബാമ. കുപ്രസിദ്ധ പീഡന കേന്ദ്രമായ ഗ്വാണ്ടനാമോ യുദ്ധത്തടവറ ഈ വര്‍ഷം തന്നെ അടച്ചുപൂട്ടുമെന്നാണ് അതിലൊന്ന്. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ വാര്‍ഷിക പ്രഭാഷണത്തിലാണ് ഒമാബ ഇക്കാര്യം അറിയിച്ചത്.

ക്യൂബയിലെ ഗ്വാണ്ടനാമോ തടവറ എന്നെന്നേക്കുമായി അടക്കും, അഫ്ഗാനിസ്താനിലെ യു.എസ് സൈനികരുടെ സാന്നിധ്യം കുറക്കും എന്നിങ്ങനെ താന്‍ അഞ്ചു വര്‍ഷം മുമ്പ് അധികാരത്തിലേറുമ്പോള്‍ നല്‍കിയ രണ്ടു വാഗ്ദാനങ്ങളുടെ പ്രയോഗവല്‍ക്കരണത്തിനാണ് ഒബാമ ഇത്തവണത്തെ പ്രഭാഷണത്തില്‍ ഊന്നല്‍ നല്‍കിയത്.  പുറമെ, ഇറാനെതിരെ പുതിയ ഉപരോധം കൊണ്ടുവരികയാണെങ്കില്‍ അതിനെ വീറ്റോ ചെയ്യുമെന്നും  ഒബാമ അറിയിച്ചു.

രഹസ്യാന്വേഷണം, സൈനിക നടപടി എന്നിവയിലൂടെ മാത്രം തീവ്രവാദത്തെ പ്രതിരോധിക്കാന്‍ കഴിയില്ളെന്നും മറിച്ച് രാജ്യത്തെ ഭരണഘടനാപരമായ ആദര്‍ശങ്ങള്‍ നിലനിര്‍ത്തുകയും അതിന്‍്റെ അംശങ്ങള്‍ ലോകത്തിന്‍്റെ മറ്റു ഭാഗങ്ങളില്‍ കൊണ്ടുവരിക എന്നതുമാണ് ലക്ഷ്യമിടുന്നത്. ഗ്വാണ്ടനാമോ തടവറയിലെ തടവുകാരെ കൈമാറുന്നതില്‍ അവശേഷിക്കുന്ന തടസ്സങ്ങള്‍ നീക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2001സെപ്തംബര്‍ 11 ലെ ആക്രമണത്തിനുശേഷം പിടിക്കപ്പെട്ടവരില്‍ 155 പേരെയാണ് വിചാരണ കൂടാതെ ഇപ്പോള്‍ ഗ്വാണ്ടനാമോയില്‍ ഇട്ടിരിക്കുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ലോകത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തടവറ അടച്ചുപൂട്ടണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു.  

രാജ്യത്തെ സാരമായി ബാധിച്ചിരിക്കുന്ന സാമ്പത്തിക അസമത്വം ഇല്ലാതാക്കുമെന്നും യു.എസ് പ്രസിഡന്‍്റ് തന്‍്റെ പ്രഭാഷണത്തില്‍ പറഞ്ഞു. മിനിമം വേതനം അടക്കമുള്ള സൗകര്യങ്ങള്‍ കൂടുതല്‍ അമേരിക്കന്‍ കുടുംബങ്ങളിലേക്ക് എത്തിക്കുന്നതിന് നിയമത്തിനപ്പുറത്തുനിന്നും സാധ്യമായ നടപടികള്‍ കൈകൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ന് ജില്ലാ ഹര്‍ത്താല്‍; ഹെറേഞ്ചില്‍ ജനം തെരുവിലിറങ്ങി

Posted: 28 Jan 2014 11:11 PM PST

Subtitle: 
കസ്തൂരിരംഗന്‍,ഗാഡ്ഗില്‍: ഇടുക്കി വീണ്ടും പ്രക്ഷുബ്ധം

തൊടുപുഴ: സംസ്ഥാനത്തെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോലമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഗ്രീന്‍ ട്രൈബ്യൂണലില്‍ സത്യവാങ്മൂലം നല്‍കിയതോടെ ഇടുക്കി ജില്ല വീണ്ടും പ്രക്ഷുബ്ധമായി. ഇടത് മുന്നണി ഹര്‍ത്താലും പ്രഖ്യാപിച്ചതോടെ ജില്ല ബുധനാഴ്ച നിശ്ചലമാകും.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോലമായി അടയാളപ്പെടുത്തിയ 123 വില്ലേജില്‍ 43ഉം ഇടുക്കി ജില്ലയിലാണ്. ഈ കണ്ടെത്തല്‍ ഉറപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയ വിവരം പുറത്തു വന്നതോടെ ഹൈറേഞ്ചില്‍ പ്രതിഷേധം അണപൊട്ടി. പലേടത്തും ഹൈറേഞ്ച് സംരക്ഷണ സമിതി, ഇടതുമുന്നണി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. കട്ടപ്പനയില്‍ ഒരു വിഭാഗം ആളുകള്‍ റോഡ് ഉപരോധിച്ചു.
 

ചികിത്സ ലഭിക്കുന്നില്ല: മഅ്ദനിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Posted: 28 Jan 2014 11:07 PM PST

Image: 

ന്യുഡല്‍ഹി: സുപ്രീംകോടതി നിര്‍ദേശിച്ചിട്ടും കര്‍ണാടക സര്‍ക്കാര്‍ ചികിത്സ നിഷേധിക്കുന്നതായി കാണിച്ച് അബ്ദുന്നാസിര്‍ മഅ്ദനി നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മതിയായ ചികിത്സ ലഭിക്കാന്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് മഅ്ദനി നല്‍കിയ ഹരജിയാണ് സുപ്രീംകോടതി പരിഗണിക്കുക. എന്നാല്‍ ഹരജി കര്‍ണാടക സര്‍ക്കാര്‍ ഹരജി എതിര്‍ക്കും.

നേരത്തേ, ചികിത്സ തേടി മഅ്ദനി നല്‍കിയ ഹരജി പരിഗണിച്ച സുപ്രീംകോടതി ബംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കാന്‍ കര്‍ണാടക സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. കോടതി പറഞ്ഞിട്ടും രണ്ടാഴ്ചക്കുശേഷം മാത്രമാണ് മഅ്ദനിയെ ജയില്‍ അധികൃതര്‍ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലു ദിവസം മാത്രം ചികിത്സ നല്‍കി നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. മഅ്ദനിയുടെ രോഗാവസ്ഥ അതേപടി തുടരുകയാണ്. പ്രമേഹം, കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുത്തുന്ന ഡയബറ്റിക് റെറ്റിനോപ്പതി, ഹൈപര്‍ ടെന്‍ഷന്‍ തുടങ്ങിയ രോഗങ്ങള്‍ ഗുരുതരമായ നിലയിലാണ്.

മഅ്ദനി നേരത്തേ നല്‍കിയ ജാമ്യാപേക്ഷ സുപ്രീംകോടതിയില്‍ നിലവിലുണ്ട്. മഅ്ദനിക്ക് നല്‍കുന്ന ചികിത്സയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മണിപ്പാല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനകളുടെയും മറ്റും ചെലവ് നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ മഅ്ദനിക്ക് കത്ത് നല്‍കിയിരിക്കുകയാണ്. ഈ കത്തിന്‍െറ പകര്‍പ്പ് ഹരജിക്കൊപ്പം ഹാജരാക്കിയ മഅ്ദനി കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതി ഉത്തരവ് പാലിക്കുന്നില്ളെന്നും ചൂണ്ടിക്കാട്ടി. മഅ്ദനിയുടെ മാതാവ് അര്‍ബുദം ബാധിച്ച് അവശനിലയിലാണ്. മാതാവിനെ നാട്ടില്‍ചെന്നു കാണാന്‍ അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

പ്രതീക്ഷകള്‍ അസ്ഥാനത്ത്; ഇക്കൊല്ലവും കുടിവെള്ളം മുട്ടും

Posted: 28 Jan 2014 10:42 PM PST

Subtitle: 
തകരാറിലായ കുടിവെള്ള വിതരണ സംവിധാനം പുന$സ്ഥാപിക്കാനായില്ല

കോട്ടയം: കുളവും തോടും കിണറുകളും ഉള്‍പ്പെടെ ജലസ്രോതസ്സുകള്‍ വറ്റുന്ന വേനല്‍ക്കാലം കനത്തതോടെ ‘കോട്ടയ’ത്തുകാരുടെ മനസ്സില്‍ തീയാണ്. നാട്ടകം,കുമാരനെല്ലൂര്‍ പഞ്ചായത്തുകളെ കോട്ടയം നഗരസഭയിലേക്ക് കൂട്ടിച്ചേര്‍ത്തപ്പോള്‍ ജനങ്ങള്‍ക്ക് ഏറെപ്രതീക്ഷയായിരുന്നു. ഇനിയെങ്കിലും കുടിവെള്ളം മുട്ടില്ലെന്നായിരുന്നു അത്. എന്നാല്‍, പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി.  
റോഡ് വികസനത്തിന്‍െറ പേരില്‍ നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും തകരാറിലായ  കുടിവെള്ള വിതരണ സംവിധാനം പുന$സ്ഥാപിക്കാന്‍ ഇനിയും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രധാനവഴിയും ഉപവഴിയും ഇടവഴിയും വിടാതെ റോഡ് കുത്തി പ്പൊളിക്കുന്ന പി.ഡബ്ള്യു.ഡി ജനങ്ങളുടെ വെള്ളംകുടി മുട്ടിച്ചാണ് പൈപ്പുകള്‍ പൊട്ടിക്കുന്നത്.
യന്ത്രമുപയോഗിച്ച് മണ്ണുമാന്തുന്നതിനിടെ പൊട്ടുന്ന കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ നന്നാക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുന്നത് പൈപ്പുവെള്ളത്തെ മാത്രം ആശ്രയിക്കുന്ന നഗരവാസികളുടെ ജീവിതം മാറ്റിമറിക്കുന്നു. നാട്ടകത്തും  കുമാരനല്ലൂരും ജലക്ഷാമം അതിരൂക്ഷമാണ്. നാട്ടകം,മറിയപ്പള്ളി എന്നിവിടങ്ങളിലെ ജല അതോറിറ്റിയുടെ ഓവര്‍ഹെഡ്  ടാങ്കില്‍ ശേഖരിച്ച് വിതരണം ചെയ്യുന്ന ജലമാണ്  പ്രദേശവാസികളുടെ ഏക ആശ്രയം. ഇത് പലപ്പോഴും കിട്ടാറില്ല. നഗരസഭ  45ാം വാര്‍ഡിലെ ഉപഭോക്താക്കള്‍ ഡെപ്പോസിറ്റ് നല്‍കി വാട്ടര്‍ അതോറിറ്റി കണക്ഷന്‍ എടുത്തിട്ടും പൈപ്പിലൂടെ ജലം എത്താറേയില്ല.
നഗര വികസനത്തിന് മാതൃകയായ ‘കോടിമത നാലുവരിപ്പാത’യുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് തകര്‍ന്ന പൈപ് ലൈനുകള്‍ ഒരുവര്‍ഷമായിട്ടും  പുന$സ്ഥാപിച്ചിട്ടില്ല. സമീപപ്രദേശങ്ങളിലും കൊടൂരാറ്റിന് ഇരുകരകളിലും താമസിക്കുന്ന 450 കുടുംബങ്ങള്‍ ദാഹജലം തേടി അലച്ചിലിലാണ്. നഗരഹൃദയത്തിലൂടെ വാഹനങ്ങള്‍ ചീറിപ്പായുമ്പോള്‍ ഇവര്‍ പാടവരമ്പിലൂടെ കിലോമീറ്റര്‍ ചുറ്റി കുടിവെള്ളം ശേഖരിക്കുന്ന തിരക്കിലാണ്.  
വെള്ളത്താല്‍ ചുറ്റപ്പെട്ട കോടിമത, പാപ്പാല,നാടങ്കേരി,പാറേച്ചാല്‍,16ല്‍ചിറ,ചുങ്കത്ത്30, കളരിക്കല്‍ പ്രദേശങ്ങളിലെ കിണറുകള്‍പോലും വറ്റിവരണ്ടു. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നഗരസഭ ആവിഷ്കരിച്ച പല പദ്ധതികളും കാലാവധി കഴിഞ്ഞ് നാശമടയുന്ന സ്ഥിതിയിലാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മനസ്സുവെച്ചാല്‍ തീരാവുന്ന പലപദ്ധതികളും നിസ്സാര പ്രശ്നത്തിന്‍െറ പേരില്‍ നീണ്ടുപോകുകയാണ്.
ജനങ്ങള്‍ തെരുവിലിറങ്ങുംമുമ്പ്  ജില്ലയിലെ വരള്‍ച്ച നേരിടാന്‍ ഭരണകൂടം വിളിച്ചുചേര്‍ത്ത യോഗത്തില്‍ വാട്ടര്‍ അതോറിറ്റി പൈപ് ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ ഈമാസം 20നകം തീര്‍ക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. മാസം അവസാനിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ നിര്‍ദേശം നടപ്പായിട്ടില്ല. ഇതോടെ ഫ്രെബുവരി ഒന്ന് മുതല്‍ ജലവിതരണം സുഗമമാക്കുമെന്ന പ്രഖ്യാപനം ജലരേഖയാകും.
വെള്ളൂപ്പറമ്പില്‍ രണ്ട് പമ്പുകള്‍ സജ്ജീകരിച്ച് കുടിവെള്ള വിതരണത്തിലെ അപാകത  പരിഹരിക്കാനാണ് നിര്‍ദേശം. കുമാരനെല്ലൂര്‍ ഉള്‍പ്പെടെ ഉയര്‍ന്നപ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ നടപടിയെടുക്കാനും നിര്‍ദേശിച്ചിരുന്നു.
 

പാനൂരില്‍ സി.പി.എം പുതിയ സമവാക്യങ്ങള്‍ തേടുന്നു

Posted: 28 Jan 2014 10:32 PM PST

Image: 

കാസര്‍കോട്: പിണറായി വിജയന്‍ മുതല്‍ പി. ജയരാജന്‍ വരെ വിജയത്തിന്‍െറ ചെങ്കൊടിയുയര്‍ത്തിയ കൂത്തുപറമ്പ് മണ്ഡലത്തില്‍ ഇടതുമുന്നണി കൂപ്പുകുത്തിയതായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. ഘടക കക്ഷിയല്ലാതിരുന്നിട്ടും ഇടതുമുന്നണി ഇന്ത്യന്‍ നാഷനല്‍ ലീഗ് സംസ്ഥാന പ്രസിഡന്‍റ് എസ്.എ. പുതിയവളപ്പിലിന് നല്‍കിയ സീറ്റില്‍ നാലര പതിറ്റാണ്ടിന്‍െറ ചരിത്രം തിരുത്തി യു.ഡി.എഫ് സ്ഥാനാര്‍ഥി എസ്.ജെ.ഡിയുടെ കെ.പി. മോഹനനായിരുന്നു വിജയിച്ചത്. ഈ മണ്ഡലത്തിലെ പാനൂരില്‍ ബി.ജെ.പി വിട്ടവര്‍ക്ക് സ്വീകരണം നല്‍കി പുതിയ ചരിത്രം കുറിക്കുകയാണ് സി.പി.എം.

വടകര ലോക്സഭാ മണ്ഡലത്തിന്‍െറ ഭാഗമാണ് കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂര്‍. വടകര ലോക്സഭാ മണ്ഡലവും കൂത്തുപറമ്പ് നിയമസഭാ മണ്ഡലവും തിരിച്ചുപിടിക്കാനുള്ള സി.പി.എം നീക്കത്തിന്‍െറ ആദ്യ ചുവടുവെപ്പായി പാനൂര്‍ സ്വീകരണ പരിപാടിയെ വിലയിരുത്തുന്നവരുണ്ട്്. വടകരക്കടുത്ത ഏറാമല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം മുന്നണി ധാരണയുടെ അടിസ്ഥാനത്തില്‍ ജനതാദളിന് നല്‍കാന്‍ സി.പി.എം നേതൃത്വം തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് ആര്‍.എം.പിയുണ്ടായത്. ടി.പി വധക്കേസ് വിധിയെ തുടര്‍ന്ന് ആര്‍.എം.പിക്ക് ലഭിക്കുന്ന രാഷ്ട്രീയ നേട്ടം മറികടക്കാനുള്ള തന്ത്രമായും ഇതിനെ കാണാം.

സംസ്ഥാന രൂപവത്കരണശേഷം നടന്ന ആദ്യ (1957) തെരഞ്ഞെടുപ്പു മുതല്‍ 1967 വരെ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാക്കളായിരുന്ന പി.ആര്‍. കുറുപ്പും കെ.കെ. അബുവുമായിരുന്നു ഈ മണ്ഡലത്തില്‍ വിജയിച്ചത്. 1970ല്‍ പിണറായി വിജയനാണ് മണ്ഡലത്തിന്‍െറ ചരിത്രം മാറ്റി എഴുതിയത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ തായത്ത് രാഘവനെ 743 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു വിജയന്‍ വിജയക്കൊടി പാറിച്ചത്. പിണറായി, എം.വി. രാഘവന്‍, പി.വി. കുഞ്ഞിക്കണ്ണന്‍, കെ.പി. മമ്മു മാസ്റ്റര്‍, കെ.കെ. ശൈലജ ടീച്ചര്‍, പി. ജയരാജന്‍ എന്നിവര്‍ തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പുകളില്‍ സി.പി.എം പ്രതിനിധികളായി 2006 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2006 ല്‍ പി. ജയരാജന്‍ വിജയിച്ചതോടെ സി.പി.എമ്മിന്‍െറ പടയോട്ടം തല്‍ക്കാലം നിലച്ചു. ഇടതുമുന്നണിയുടെ ആശീര്‍വാദത്തോടെ  മല്‍സരത്തിനിറങ്ങിയ ഐ.എന്‍.എല്ലിന് പക്ഷേ ജയം തൊടാനായില്ല.

ഇക്കുറി ഐ.എന്‍. എല്‍ കൂടുമാറുമെന്ന് ഉറപ്പായിട്ടുണ്ട്. അവിടെ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ തേടുകയാണ് സി.പി.എം. വലതുപക്ഷ കാഴ്ചപ്പാട് മാറി സി.പി.എമ്മില്‍ ചേരുന്നവരെ കൂട്ടുപിടിച്ച് ഒഞ്ചിയത്ത് എത്താനുള്ള ഊടുവഴികള്‍പോലും അറിയാം വടകരയില്‍ പി. സതീദേവിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച  സഹോദരന്‍ കൂടിയായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്.

 

അലങ്കാരമത്സ്യ കയറ്റുമതി അഞ്ചു ശതമാനം വര്‍ധിപ്പിക്കണം -സെമിനാര്‍

Posted: 28 Jan 2014 10:23 PM PST

കൊച്ചി: ആഗോള അലങ്കാരമത്സ്യ കയറ്റുമതിയില്‍ 2020 ഓടെ ഇന്ത്യ അഞ്ചുശതമാനം വര്‍ധന ലക്ഷ്യമിടണമെന്ന് രാജ്യാന്തര അലങ്കാരമത്സ്യ സെമിനാര്‍ ഓര്‍ണമെന്‍റല്‍സ് കേരളയുടെ ശിപാര്‍ശ. സെമിനാറിന്‍െറ പ്ളീനറി സെഷനിലാണ് വിവിധ ചര്‍ച്ചകളിലൂടെ ക്രോഡീകരിച്ച നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്.
ഇതിന് ആവശ്യമായ ഭൗതിക സാഹചര്യം സൃഷ്ടിക്കണം. അന്താരാഷ്ട്ര വിപണിയില്‍ ഏറ്റവും ആവശ്യക്കാരുള്ള തനത് മത്സ്യങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിക്കാനും നടപടി സ്വീകരിക്കണം.
കൊച്ചിയെ സംസ്ഥാനത്തിന്‍െറ അലങ്കാരമത്സ്യ വിപണിയുടെ കേന്ദ്രമായി വികസിപ്പിക്കണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. അലങ്കാരമത്സ്യരംഗം മെച്ചപ്പെടുത്തുന്നതിന് രൂപം നല്‍കിയ കാവില്‍ (കേരള അക്വാവെഞ്ച്വര്‍സ് ഇന്‍റര്‍നാഷനല്‍ ലിമിറ്റഡ്) സംരംഭം കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുന്ന രീതിയില്‍ പുനരുജ്ജീവിപ്പിക്കണം.
അക്വാടെക്നോളജി, ഓഷ്യനോറിയം പോലുള്ള പദ്ധതികള്‍ നടപ്പാക്കാനും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും സെമിനാര്‍ നിര്‍ദേശിച്ചു. ഇന്തോനേഷ്യയിലെ കോണ്‍ക്രീറ്റ് കുളങ്ങള്‍, സിങ്കപ്പൂരിലെ മണ്‍ ടാങ്കുകള്‍, തായ്ലന്‍ഡിലെ കോയ് മത്സ്യ പ്രജനനരീതികള്‍ തുടങ്ങി വിദേശ രാജ്യങ്ങളിലെ മാതൃകകള്‍ ഇന്ത്യയും പിന്തുടരണം.
പ്രജനനം, രോഗനിര്‍ണയം, വിപണനം തുടങ്ങിയ മേഖലകള്‍ വികസിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ബന്ധം സ്ഥാപിക്കണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. പ്ളീനറി സെഷനില്‍ കുഫോസ് വൈസ്ചാന്‍സലറും ഓര്‍ണമെന്‍റല്‍സ് കേരള ചെയര്‍മാനുമായ ഡോ. ബി. മധുസൂദനക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ആന്ധ്രപ്രദേശ് ഫിഷറീസ് കമീഷണര്‍ കെ. പ്രവീണ്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. ഡോ. കെ.വി. ജയചന്ദ്രന്‍ സെമിനാറിന്‍െറ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. സെഷന്‍ അധ്യക്ഷന്മാരായിരുന്ന സെവിന്‍ ഫോസ, ഡോ. അലക്സ് പ്ളോഗ്, ഡോ. പാലിത കിഷ്തിരി, ഡോ. അലക്സ് ചാങ്, ഡോ. ആന്‍ഡ്രൂ ലിം എന്നിവര്‍ സംസാരിച്ചു. ഡോ. എന്‍.ജി.കെ. പിള്ള സ്വാഗതവും പി. സഹദേവന്‍ നന്ദിയും പറഞ്ഞു. 

കഞ്ഞിക്കുഴി മാര്‍ക്കറ്റില്‍ തീപിടിത്തം; അഞ്ച് കടകള്‍ കത്തിനശിച്ചു

Posted: 28 Jan 2014 10:17 PM PST

മാരാരിക്കുളം: കഞ്ഞിക്കുഴി മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. അഞ്ച് കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഒരുകോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം. ദേശീയപാതയില്‍നിന്ന് മാര്‍ക്കറ്റിലേക്ക് കയറുന്ന വഴിയുടെ ഭാഗത്തുള്ള കടകള്‍ക്കാണ് തീപിടിച്ചത്. കഞ്ഞിക്കുഴി എസ്.എല്‍ പുരം കരുണാലയത്തില്‍ കരുണാകര പണിക്കരുടെ പലചരക്കുകട, കഞ്ഞിക്കുഴി നാട്ടുകാട് ബാബുവിന്‍െറ സ്റ്റേഷനറി ഗോഡൗണ്‍, മാരാരിക്കുളം വടക്ക് കൊടിയേഴത്ത് വെളിയില്‍ നടേശന്‍റ വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കട, എസ്.എല്‍ പുരം ഇടത്തറയില്‍ രാധാമണിയുടെ പ്രസിന്‍െറ ഭാഗമായുള്ള മുറി എന്നിവയാണ് അഗ്നിക്കിരയായത്.
 കരുണാകര പണിക്കരുടെ രണ്ട് കടമുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. ബാബുവിന്‍െറ സ്റ്റേഷനറി സാധനങ്ങള്‍ മുഴുവന്‍ നശിച്ചു. ബാബുവിന്‍െറ കടക്ക് തീപിടിക്കുന്നത് ഇത് രണ്ടാംതവണയാണ്. കഴിഞ്ഞവര്‍ഷം ഇയാളുടെ കട പൂര്‍ണമായും കത്തിനശിച്ചിരുന്നു. നടേശന്‍െറ കടയിലുണ്ടായിരുന്ന വീട്ടുപകരണങ്ങളും മറ്റും പൂര്‍ണമായും നശിച്ചു. രാധാമണിയുടെ കടയിലെ പ്രസ് മെഷീന്‍ ഒഴികെയുള്ള സാധനങ്ങള്‍ അഗ്നിക്കിരയായി. റോഡിലൂടെ പോകുകയായിരുന്ന യാത്രക്കാരാണ് തീപിടിത്തം ആദ്യം അറിയുന്നത്. തുടര്‍ന്ന് മാരാരിക്കുളം പൊലീസും ചേര്‍ത്തലയില്‍ നിന്ന് മൂന്നും ആലപ്പുഴയില്‍നിന്ന് നാലും യൂനിറ്റ് ഫയര്‍ഫോഴ്സ് സംഘവും എത്തിയാണ് തീയണച്ചത്. ഓടിട്ട വരിവരിയായ കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. പലകകൊണ്ടുള്ള ഷട്ടര്‍ ആയതിനാല്‍ തീ പെട്ടെന്ന് പടര്‍ന്നു. മണിക്കൂറുകളോളം ദേശീയപാതയിലുള്‍പ്പെടെ വന്‍ പുകയും അഗ്നിഗോളങ്ങളും നിറഞ്ഞുനിന്നു. തീപിടിത്തത്തിന്‍െറ കാരണം വ്യക്തമായിട്ടില്ല. ഇത് നാലാം തവണയാണ് കഞ്ഞിക്കുഴി മാര്‍ക്കറ്റിലെ കടകളില്‍ അഗ്നിബാധയുണ്ടാകുന്നത്. പുറത്തുനിന്ന് ആരോ തീവെച്ചതാകാമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
മാര്‍ക്കറ്റില്‍ സെക്യൂരിറ്റി ജീവനക്കാരും ഇല്ല. കഴിഞ്ഞതവണ ഉണ്ടായ തീപിടിത്തം സെക്യൂരിറ്റി ജീവനക്കാരന്‍െറ  ഇടപെടല്‍മൂലം പെട്ടെന്നുതന്നെ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിരുന്നു.  കടമുറികളുമായി ബന്ധപ്പെട്ട് ഉടമകളുമായി തര്‍ക്കമുള്ളതായി പറയുന്നു.ആലപ്പുഴ ഫയര്‍സ്റ്റേഷന്‍ ഓഫിസര്‍ ജൂഡ് തദേവൂസ്, ചേര്‍ത്തല സ്റ്റേഷന്‍ ഓഫിസര്‍ സണ്ണി ചെറിയാന്‍, ഓഫിസര്‍മാരായ എം.എസ്. സന്തോഷ്കുമാര്‍, എം. ഷിജു, അലക്സ്, ശ്യാംമോഹന്‍, പി.ടി. ലാലു, ആര്‍. ഗിരീഷ്, ബൈജു പണിക്കര്‍, കുഞ്ഞുമോന്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
 

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP