സ്വാഗതം
WELCOME

News Update..

Thursday, April 30, 2015

കുരുമുളക് കൃഷി പ്രോത്സാഹന പദ്ധതി സ്പൈസസ് ബോര്‍ഡ് നിര്‍ത്തലാക്കി Madhyamam News Feeds

കുരുമുളക് കൃഷി പ്രോത്സാഹന പദ്ധതി സ്പൈസസ് ബോര്‍ഡ് നിര്‍ത്തലാക്കി Madhyamam News Feeds

Link to

കുരുമുളക് കൃഷി പ്രോത്സാഹന പദ്ധതി സ്പൈസസ് ബോര്‍ഡ് നിര്‍ത്തലാക്കി

Posted: 30 Apr 2015 12:28 AM PDT

പുല്‍പള്ളി: വയനാട്ടില്‍ കുരുമുളക് കൃഷി പ്രോത്സാഹനത്തിനുള്ള പദ്ധതികള്‍ സ്പൈസസ് ബോര്‍ഡ് നിര്‍ത്തലാക്കി.
ബോര്‍ഡ് മുഖേന വയനാട്ടില്‍ കുരുമുളക് കൃഷി വികസനത്തിന് അഞ്ചുവര്‍ഷം മുമ്പ് പദ്ധതി നടപ്പാക്കിയിരുന്നു. കോടിക്കണക്കിന് രൂപ സഹായ പദ്ധതികള്‍ക്കായി വിനിയോഗിച്ചു. വന്‍തുക ചെലവഴിച്ചിട്ടും പദ്ധതിയുടെ പ്രയോജനം ഉദ്ദേശിച്ച തരത്തില്‍ ലഭിച്ചില്ല. നടീല്‍ വസ്തുക്കളും വളങ്ങളും കര്‍ഷകര്‍ക്ക് നല്‍കി. സാമ്പത്തിക സഹായവും അനുവദിച്ചു. മറ്റ് ജില്ലകളില്‍ ഉല്‍പാദിപ്പിച്ച കൂട തൈകളാണ് വിതരണം ചെയ്തത്. ഇത് ജില്ലയുടെ കാലാവസ്ഥക്ക് അനുയോജ്യമല്ലാത്തവയായിരുന്നു. ഇതിനാല്‍ പലയിടത്തും നട്ടയുടന്‍ തൈകള്‍ കരിഞ്ഞുണങ്ങി.
കുരുമുളക് വള്ളിത്തലകള്‍ നട്ടവര്‍ക്ക് ഓരോവര്‍ഷവും സാമ്പത്തികസഹായം നല്‍കിയിരുന്നു.
രോഗ കീടബാധകള്‍ മൂലം നട്ട ചെടികള്‍ വ്യാപകമായി നശിച്ചു. ഇതോടെ പദ്ധതിവഴി ചെലവിട്ട കോടികള്‍ പാഴാവുകയും ചെയ്തു.
വയനാട്ടില്‍ കുരുമുളക് കൃഷി കൂടുതലുള്ളത് പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലായിരുന്നു. ഇവിടെ സ്പൈസസ് ബോര്‍ഡിന്‍െറ ഓഫിസും പ്രവര്‍ത്തിച്ചിരുന്നു. പദ്ധതികള്‍ നിലച്ചതോടെ ഓഫിസ് അടച്ചുപൂട്ടി.
താങ്ങുമരത്തിന്‍െറ അഭാവമാണ് കുരുമുളക് കര്‍ഷകരെ ഏറെ ബാധിക്കുന്നത്. മുരിക്കിനുണ്ടായ രോഗബാധ കൃഷിയെ ദോഷകരമായി ബാധിച്ചു.
അത്യുല്‍പാദന ശേഷിയുള്ളതും രോഗപ്രതിരോധ ശേഷിയുള്ളതുമായ കുരുമുളക് കൂട തൈകള്‍ കര്‍ഷകര്‍ക്ക് നല്‍കണമെന്നാണ് ആവശ്യം. ഇതിനായി ദീര്‍ഘകാല പദ്ധതിയും നടപ്പാക്കണം. എന്നാല്‍, മാത്രമേ കുരുമുളക് കൃഷിയുടെ പുനര്‍ജീവനം സാധ്യമാവുകയുള്ളൂവെന്നും കര്‍ഷകര്‍ പറയുന്നു. രോഗ കീടബാധകളാല്‍ അവശേഷിക്കുന്ന കുരുമുളക് കൃഷിയും നശിക്കുകയാണ്. അവശേഷിക്കുന്ന കൃഷി സംരക്ഷിക്കാന്‍ പദ്ധതികളുണ്ടാകണം. സര്‍ക്കാര്‍ സഹായത്തോടെ കുരുമുളക് കൃഷി പുനരുദ്ധാരണത്തിനായി ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
കുരുമുളകിന് ഉയര്‍ന്നവില നിലനില്‍ക്കുമ്പോഴും അതിന്‍െറ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. കൃഷി വ്യാപകമായി നശിച്ചതാണ് ഇതിനുകാരണം. ജില്ലയില്‍ ഉല്‍പാദനം നാലിലൊന്നായി കുറഞ്ഞിട്ടുമുണ്ട്.

വിദര്‍ഭയില്‍ രാഹുലിന്‍റെ പദയാത്ര

Posted: 29 Apr 2015 11:18 PM PDT

Image: 

ന്യൂഡല്‍ഹി: കാര്‍ഷിക കലവറയായ പഞ്ചാബിലെ കര്‍ഷക പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കാനായി  കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി നടത്തുന്ന പദയാത്രക്ക് തുടക്കം. അമരാവതിയില്‍ നിന്നും ഇന്നു രാവിലെയാണ് പദയാത്ര ആരംഭിച്ചത്. രാഹുല്‍ അഞ്ചു കര്‍ഷഗ്രാമങ്ങളിലായി  15 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും.  കര്‍ഷക ആത്മഹത്യകള്‍ ആവര്‍ത്തിക്കുന്ന പ്രദേശമാണ് മഹാരാഷ്ട്രയിലെ വിദര്‍ഭ. വിളവ് നഷ്ടത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പ്രദേശത്തെ കര്‍ഷകരുടെ വസതികള്‍ രാഹുല്‍ സന്ദര്‍ശിക്കും. മഴ മൂലം കനത്ത വിള നഷ്ടമുണ്ടായ കര്‍ഷകരെ നേരിട്ട് കാണുന്നുണ്ട്. വിദര്‍ഭയിലെ ഗന്‍ജി ഗ്രാമത്തിലാണ് രാഹുല്‍ ആദ്യം സന്ദര്‍ശനം നടത്തിയത്.

കഴിഞ്ഞ ദിവസം പഞ്ചാബ് സന്ദര്‍ശിക്കുന്നതിന് ട്രെയിനില്‍ സ്ളീപര്‍ ക്ളാസിലാണ് രാഹുല്‍ പോയത്.  പഞ്ചാബിലെ ധാന്യ വിപണന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും കര്‍ഷകരുമായി സംസാരിക്കുകയും ചെയ്തിരുന്നു.
മറ്റ് സംസ്ഥാനങ്ങളിലും കര്‍ഷക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാഹുല്‍ പര്യടനത്തിന് ഒരുങ്ങുകയാണ്. തഴത്തേട്ടിലുള്ള ജനങ്ങളുമായി കോണ്‍ഗ്രസിന്‍െറ ബന്ധം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് പദയാത്രകള്‍.

 

നേതൃമാറ്റം അജണ്ടയിലില്ലെന്ന്‌ രമേശ് ചെന്നിത്തല

Posted: 29 Apr 2015 11:15 PM PDT

Image: 

തിരുവനന്തപുരം: സംസ്ഥാനത്ത് നേതൃമാറ്റത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നേതൃമാറ്റം അജണ്ടയിലി െല്ലന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഭരിക്കുമ്പോള്‍ തെറ്റുകള്‍ സ്വാഭാവികമാണ്. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോയാല്‍ ഭരണത്തുടര്‍ച്ചയുണ്ടാകും. ജനവിശ്വാസം വര്‍ധിപ്പിക്കാന്‍ നടപടികള്‍ എടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.  

ബാര്‍ കോഴക്കേസില്‍ മന്ത്രിയാണോ എന്ന് നോക്കിയല്ല വിജിലന്‍സ് മുന്നോട്ടുപോകുന്നത്. സത്യമുണ്ടോ എന്ന് പരിശോധിക്കാനാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ രാജിവെക്കേണ്ട കാര്യമില്ല. ആരോപണം ഉയര്‍ന്നപ്പോള്‍ സ്ഥാനത്തുനിന്ന് മാറിയവരും മാറാത്തവരും ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ചട്ടങ്ങള്‍ അനുസരിച്ച് മാത്രമേ വിജിലന്‍സിന് മുന്നോട്ടുപോവാന്‍ സാധിക്കൂ. മാണിക്കും ബാബുവിനും രണ്ട് നീതിയാണെന്ന് മാധ്യമങ്ങള്‍ എഴുതിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ബാര്‍ കോഴ ആരോപിക്കുമ്പോള്‍ ഐ ഗ്രൂപ്പുകാരെ ഒഴിവാക്കി എന്ന ചോദ്യത്തോട്, അത് ബിജു രമേശ് മറുപടി പറയേണ്ട കാര്യമാണെന്ന് ചെന്നിത്തല പ്രതികരിച്ചു.

സംസ്ഥാനത്തെ നേതൃമാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ചെന്നിത്തല കഴിഞ്ഞദിവസം ഒഴിഞ്ഞുമാറിയിരുന്നു. സോളാര്‍, ബാര്‍ കോഴ എന്നിവ വിഷയമാക്കി ഐ ഗ്രൂപ്പ് നേതൃമാറ്റത്തിന് ശ്രമിക്കുന്നു എന്ന് കഴിഞ്ഞദിവസങ്ങളില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സര്‍ഫ്രാസിനെ നമിച്ച് കോഹ് ലി

Posted: 29 Apr 2015 11:09 PM PDT

Image: 

ബാംഗ്ളൂര്‍: ഐ.പി.എല്ലില്‍ ഇന്നലെ നടന്ന രാജസ്ഥാന്‍ റോയല്‍സ്^ ബാംഗ്ളൂര്‍ റോയല്‍ ചാലഞ്ചേഴ്സ് മത്സരം മഴ കാരണം ഉപേക്ഷിച്ചെങ്കിലും ഒരു കൗമാര പ്രതിഭയെ കൂടി ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിക്കുകയായിരുന്നു. 21 പന്തില്‍ 45 റണ്‍സടിച്ച് പുറത്താകാതെ നിന്ന 17 വയസ്സുകാരനായ സര്‍ഫ്രാസാണ് ബാംഗ്ളൂര്‍ ബാറ്റിങ് നിരയില്‍ ഇന്നലെ താരമായത്. 214.28 സ്ട്രൈക്ക് റേറ്റില്‍ ആറ് ഫോറും ഒരു സിക്സുമടങ്ങുന്നതായിരുന്നു ആറാമാനായി ഇറങ്ങിയ സര്‍ഫ്രാസി ന്‍െറ ഇന്നിങ്സ്.

മത്സരം അവസാനിച്ച് സര്‍ഫ്രാസ് ഗ്യാലറിയിലേക്ക് മടങ്ങുമ്പോള്‍ ബാംഗ്ളൂര്‍ നായകനും ഇന്ത്യന്‍ ഉപനായകനുമായ വിരാട് കോഹ്ലി സര്‍ഫ്രാസിനെ പാതി കളിയായും പാതി കാര്യമായും താണുതൊഴുതു. കൊച്ചു താരത്തെ അഭിനന്ദിക്കാന്‍ ടീമംഗങ്ങളെല്ലാം ഗ്രൗണ്ടിലെത്തിയിരുന്നു.

അതുല്യപ്രതിഭയാണ് ഈ പതിനേഴുകാരനെന്ന് മുന്‍ ഇംഗ്ളണ്ട് ക്യാപ്റ്റന്‍ മൈക്കേല്‍ വോന്‍ ട്വീറ്റ് ചെയ്തു. അണ്ടര്‍ 19 ലോകകപ്പില്‍ 70.30 ശരാശരിയോടെ 211 റണ്‍സ് നേടിയതാണ് സര്‍ഫ്രാസിനെ ശ്രദ്ധേയനാക്കിയത്.
 

പ്രവാസി വ്യവസായി തമ്പി നാരായണന്‍ നിര്യാതനായി

Posted: 29 Apr 2015 10:55 PM PDT

Image: 

ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായി ആലപ്പുഴ നൂറനാട് സ്വദേശി തമ്പി നാരായണന്‍ (61) നിര്യതനായി. ഒരാഴ്ചയായി ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച ഉച്ചയോടെ ഹമദ് ആശുപത്രിയില്‍ വെച്ചാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
ആലുടെക് മാനേജിങ് ഡയറക്ടര്‍ ആണ്. ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍്റര്‍ സ്ഥാപക നേതാക്കളിലൊരാളാണ്. ഖത്തറില്‍ സ്വന്തമായി വീടുള്ള ഇന്ത്യക്കാരില്‍ ഒരാളാണ് തമ്പി നാരായണന്‍. മുപ്പതിലേറെ വര്‍ഷങ്ങളായി ഖത്തറിലുള്ള തമ്പി നാരായണന് നാട്ടില്‍ സ്വന്തമായി സ്കൂള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങളുണ്ട്. ഭാര്യ: ജയശ്രീ തമ്പി. മക്കള്‍: സൂരജ് തമ്പി, ലക്ഷ്മി തമ്പി (അമേരിക്ക). മരുമക്കള്‍: സജിത, ഗോപകുമാര്‍ (അമേരിക്ക).

ഒമാനില്‍ മലയാളി യുവാവിനെ കഴുത്തറുത്ത് കൊന്നു

Posted: 29 Apr 2015 09:58 PM PDT

Image: 
Subtitle: 
സംഭവം കവര്‍ച്ചാ ശ്രമത്തിനിടെ

മസ്കത്ത്: ഒമാനിലെ ബുറൈമിയില്‍ മലയാളി യുവാവിനെ കഴുത്തറുത്ത് കൊന്നു. പത്തനംതിട്ട റാന്നി സ്വദേശി പ്രജിത്ത് മുരളീധരന്‍ (26) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവം നടന്ന് വൈകുന്നേരത്തോടെ പ്രതിയെന്ന് സംശയിക്കുന്ന ബംഗ്ളാദേശ് സ്വദേശി പിടിയിലായി. ഒമാന്‍ യുനൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരനായിരുന്നു  പ്രജിത്ത് മുരളീധരന്‍. അവിവാഹിതനാണ്. ബുറൈമിയില്‍നിന്ന് 20 കി.മീറ്റര്‍ അകലെ ജബല്‍ മക്സൂസില്‍ കമ്പനി ഓഫിസില്‍ ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടത്തെിയത്. കവര്‍ച്ചാശ്രമത്തിനിടെയായിരുന്നു കൊലപാതകം. കൃത്യം നടത്തിയ ശേഷം വന്‍തുകയുമായാണ് പ്രതി രക്ഷപ്പെട്ടത്. വൈകുന്നേരം മഹ്ദയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പാണ് പ്രജിത്ത് മസ്കത്തില്‍ നിന്ന് ബുറൈമി ജബല്‍മക്സൂസിലെ ശാഖയില്‍ സ്ഥലം മാറിയത്തെിയത്. ബുധനാഴ്ച ഉച്ചക്ക് മറ്റ് ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴായിരുന്നു സംഭവം.
 പ്രജിത്ത് ഓഫിസില്‍ ഒറ്റക്കായ ഈ സമയത്താണ് കവര്‍ച്ച ലക്ഷ്യമിട്ട് പ്രതി ഓഫിസിലത്തെിയത്.  പ്രജിത്തിന്‍െറ കഴുത്തിന് വെട്ടിയ ശേഷം ഇയാള്‍ പണവുമായി കടക്കുകയായിരുന്നു. മല്‍പിടിത്തത്തിന്‍െറ സൂചനകള്‍ ഓഫിസിലുണ്ട്. ഉച്ച മുതല്‍ ബംഗ്ളാദേശ് സ്വദേശി പരിസരത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് കണ്ടവരുണ്ട്. ഇയാള്‍ സമീപത്തെ ഗ്രോസറിയില്‍നിന്ന് കത്തി വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇതുപയോഗിച്ചാണ് കഴുത്തറുത്തതെന്നാണ് കരുതുന്നത്.
 സംഭവം അറിഞ്ഞയുടന്‍ ആര്‍.ഒ.പി ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി. ഓഫിസ് അടച്ച് സീല്‍വെച്ച പൊലീസ് തൊട്ടടുത്ത ഗ്രോസറിയിലെ ജീവനക്കാരുടെ മൊഴിയെടുത്തു. കസ്റ്റഡിയിലെടുത്ത ബംഗ്ളാദേശ് സ്വദേശിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. പ്രജിത്തിന്‍െറ അമ്മാവന്‍ മുരളീധരന്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് തുടര്‍നടപടികള്‍ പുരോഗമിക്കുന്നത്. കവര്‍ച്ചയും പിടിച്ചുപറിയും ബുറൈമിയില്‍ മുമ്പും നടന്നിട്ടുണ്ടെങ്കിലും ഇത്ര കൂരമായ കൊലപാതകം ഇതാദ്യമാണ്.
 

ഓടുന്ന ബസില്‍ നിന്നും അക്രമികള്‍ പുറത്തെറിഞ്ഞ പെണ്‍കുട്ടി മരിച്ചു

Posted: 29 Apr 2015 09:36 PM PDT

Image: 
Subtitle: 
മാതാവ് ഗുരുതരാവസ്ഥയില്‍

ചണ്ഡീഗഡ്: പഞ്ചാബില്‍ പീഡനശ്രമം ചെറുത്തതില്‍ പ്രതിഷേധിച്ച് ഓടുന്ന ബസില്‍ നിന്നും അക്രമികള്‍ പുറത്തേക്കെറിഞ്ഞ പെണ്‍കുട്ടി മരിച്ചു. മാതാവ് ഗുരുതരാവസ്ഥയില്‍. മോഗ ജില്ലയില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഗുരുദ്വാര സന്ദര്‍ശത്തിന് പോവുകയായിരുന്ന കുടുംബത്തെ ബസില്‍ ഒരു സംഘം പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അക്രമം ചെറുത്ത പെണ്‍കുട്ടിയെയും മാതാവിനെയും സംഘം ഓടി കൊണ്ടിരിക്കുന്ന ബസില്‍ നിന്നും പുറത്തെറിഞ്ഞു. റോഡിലേക്ക് തെറിച്ചു വീണ പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. മാതാവ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

അക്രമി സംഘം ബസ് ജീവനക്കാരുടെ സുഹൃത്തുക്കളായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. കണ്ടക്ടറും പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചു. ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ബസ് നിര്‍ത്തിയില്ളെന്നും അവര്‍ വ്യക്തമാക്കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ബസ് കണ്ടക്ടറും ക്ളീനറുമുള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിലായി.

മൂന്ന് ഗോള്‍ ജയം; സ്പാനിഷ് ലീഗില്‍ റയല്‍ രണ്ടാമത്

Posted: 29 Apr 2015 09:27 PM PDT

Image: 

മഡ്രിഡ്: സ്പാനിഷ് ലീഗില്‍ കിരീടപ്പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. അല്‍മേരിയക്കെതിരെ നേടിയ 3^0ന്‍െറ വിജയത്തോടെ റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗില്‍ ബാഴ്സലോണക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. 34 കളികളില്‍ നിന്ന് ബാഴ്സലോണക്ക് 84 പോയന്‍റുള്ളപ്പോള്‍ അത്രയും കളികളില്‍ നിന്ന് റയലിന് 82 പോയിന്‍റാണുള്ളത്.  നാലു മത്സരങ്ങളാണ് ഇരുടീമുകള്‍ക്കും ഇനി ബാക്കിയുള്ളത്. 75 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുള്ള അത് ലറ്റികോ മഡ്രിഡ് ബഹുദൂരം പിന്നിലാണ്.

ഹാമിസ് റോഡ്രിഗ്വസ്, അര്‍ബലോ എന്നിവരുടെ ഗോളിന് പുറമെ അല്‍മേരിയയുടെ മോറോ ഡോസ് സാന്‍േറാസ് വഴങ്ങിയ സെല്‍ഫ് ഗോളിന്‍െറയും സഹായത്തോടെയാണ് റയല്‍ മൂന്ന് ഗോള്‍ ജയം നേടിയ്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 44ാം മിനിറ്റിലായിരുന്നു കൊളംബിയന്‍ താരം റോഡ്രിഗ്വസിന്‍െറ ലോങ് റേഞ്ച് വോളി ഗോള്‍. ജര്‍മന്‍ താരം ടോണി ക്രൂസിന്‍െറ മനോഹരമായ ക്രോസ് ആണ് റോഡ്രിഗ്വസ് ഗോളാക്കി മാറ്റിയത്. രണ്ടാം പകുതിയില്‍ കളി ആരംഭിച്ച് അഞ്ചാം മിനിറ്റിലായിരുന്നു ദോസ് സാന്‍േറാസിന്‍െറ സെല്‍ഫ് ഗോള്‍. 84ാം മിനിറ്റില്‍ സ്പെയിന്‍ താരം അല്‍വാരോ അര്‍ബലോ റയലിന്‍െറ പട്ടിക തികച്ചു.

കഴിഞ്ഞ ദിവസം ഗെറ്റാഫെക്കെതിരെ ബാഴ്സലോണ ആറ് ഗോളിന്‍െറ ഉജ്ജ്വല വിജയം നേടിയിരുന്നു. ഈ ജയത്തോടെ റയലുമായുള്ള പോയന്‍റ് വ്യത്യാസം ബാഴ്സ അഞ്ചാക്കി വര്‍ധിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പൊരുതാനുറച്ച് റയല്‍ മഡ്രിഡ് ഇറങ്ങിയത്. കരീം ബെന്‍സിമ, ഗാരത് ബെയ് ലി, ലൂകാ മോഡ്രിച് എന്നിവരെ കൂടാതെയാണ് റയല്‍ കളിച്ചത്.

റയലിന്‍െറ അടുത്ത മത്സരം ശനിയാഴ്ച സെവിയ്യയുമായാണ്. പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് സെവിയ്യ. പട്ടികയില്‍ ഏറ്റവും താഴെയുള്ള കൊര്‍ദോബയാണ് ബാഴ്സയുടെ അടുത്ത എതിരാളി.

വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന മറ്റൊരു മത്സരത്തില്‍ അത് ലറ്റികോ മഡ്രിഡ് വിയ്യാ റയലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. ഫെര്‍ണാണ്ടോ ടോറസാണ് സ്കോറര്‍.

അഴിമതിക്കേസ് വിചാരണ ഇനി രണ്ടു വര്‍ഷത്തിനകം

Posted: 29 Apr 2015 08:58 PM PDT

Image: 

ന്യൂഡല്‍ഹി: അഴിമതിക്കാര്‍ക്കെതിരായ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്ന നിയമഭേദഗതികള്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. അഴിമതിക്കേസുകളില്‍ വിചാരണ രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് പാര്‍ലമെന്‍റില്‍ കൊണ്ടുവരുന്ന നിയമഭേദഗതി ബില്ലിലെ ഒരുവ്യവസ്ഥ. കോഴ കൊടുക്കുന്നവനും വാങ്ങുന്നവനുമുള്ള ശിക്ഷ വര്‍ധിപ്പിച്ചു. പക്ഷേ, വിരമിച്ച ഉദ്യോഗസ്ഥനെ കുറ്റവിചാരണ ചെയ്യാനും ഇനി സര്‍ക്കാറിന്‍െറ മുന്‍കൂര്‍ അനുമതി വേണം.
ലോക്പാലില്‍നിന്നോ ലോകായുക്തയില്‍നിന്നോ മുന്‍കൂര്‍ അനുമതി വാങ്ങാതെ അന്വേഷണം പറ്റില്ല. അഴിമതി നിരോധ നിയമപ്രകാരമുള്ള തടവുശിക്ഷയുടെ കാലാവധി അഞ്ചില്‍നിന്ന് ഏഴുവര്‍ഷമാക്കി. വ്യക്തികള്‍ക്കു പുറമെ, അഴിമതിക്കു പ്രേരിപ്പിക്കുന്നവരുടെ പട്ടികയില്‍ വാണിജ്യ സ്ഥാപനങ്ങളെക്കൂടി കൊണ്ടുവന്നു. കോഴ തടയുന്നതില്‍ ഈ സ്ഥാപനങ്ങള്‍ പരാജയപ്പെട്ടെന്നു കണ്ടാല്‍ പിഴ, ശിക്ഷ എന്നിവയുണ്ടാവും. അഴിമതി കേസില്‍ വസ്തുവകകള്‍ കണ്ടുകെട്ടാന്‍ ജില്ലാ കോടതിക്കുപുറമെ പ്രത്യേകവിചാരണ കോടതിക്കും അധികാരംനല്‍കി.
അഴിമതിവിരുദ്ധ നടപടികള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവസരം നല്‍കുന്നതിനും നിയമഭേദഗതി വഴിയൊരുക്കും. രാജ്യസഭയുടെ പരിഗണനയിലുള്ള അഴിമതിവിരുദ്ധ നിയമഭേദഗതി ബില്ലില്‍ പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നതിനാണ് മന്ത്രിസഭാ തീരുമാനം. 2013ല്‍ യു.പി.എ സര്‍ക്കാര്‍ അഴിമതി നിരോധ നിയമഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍, പാസാക്കാന്‍ കഴിഞ്ഞില്ല. സ്റ്റാന്‍ഡിങ് കമ്മിറ്റി മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍, നിയമകമീഷന്‍െറ അഭിപ്രായം എന്നിവ കൂടി ഉള്‍ക്കൊള്ളിച്ചാണ് ഇപ്പോള്‍ പുതിയ ഭേദഗതികള്‍ മോദി സര്‍ക്കാര്‍ കൊണ്ടുവരുന്നത്.  
അഴിമതി നിരോധ നിയമപ്രകാരമുള്ള കേസുകളില്‍ ശരാശരി വിചാരണക്കാലം നാലു മുതല്‍ എട്ടു വര്‍ഷം വരെയാണ്. ഇതാണ് രണ്ടുവര്‍ഷമാക്കി കുറച്ചത്. അവിഹിത സ്വത്ത് സമ്പാദനം അഴിമതിയായി കണ്ട് നടപടി സ്വീകരിക്കും.

അവധിയെടുക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മധുസൂദനന്‍ ഇന്ന് വിരമിക്കുന്നു

Posted: 29 Apr 2015 07:51 PM PDT

Image: 
Subtitle: 
31 വര്‍ഷത്തിനിടെ ഞായറാഴ്ച ഉള്‍പ്പെടെ ഒറ്റ അവധി ദിവസംപോലും ഓഫിസില്‍ എത്താതിരുന്നിട്ടില്ല

തളിപ്പറമ്പ് (കണ്ണൂര്‍): അവധിദിനങ്ങളെ ആഹ്ളാദത്തോടെ വരവേല്‍ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്ന് തികച്ചും വ്യത്യസ്തനായ ഒരാള്‍ ഇന്ന് സേവനത്തിന്‍െറ പടിയിറങ്ങുന്നു. തളിപ്പറമ്പ് കൃഷി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ഓഫിസിലെ യു.ഡി ക്ളര്‍ക് മധുസൂദനനാണ് അവധിയെടുക്കാത്ത ഒൗദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിക്കുന്നത്.

ചിറക്കല്‍ സ്വദേശിയായ ഇദ്ദേഹം 1984 സെപ്റ്റംബര്‍ മൂന്നിന് വയനാട്ടിലെ പനമരം കൃഷി വികസന ഓഫിസില്‍ എല്‍.ഡി ക്ളര്‍ക്കായാണ് ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്. 31 വര്‍ഷത്തെ തന്‍െറ സര്‍വിസിനിടയില്‍ ഞായറാഴ്ചകള്‍ ഉള്‍പ്പെടെ ഒറ്റ അവധി ദിവസംപോലും മധുസൂദനന്‍ ഓഫിസില്‍ എത്താതിരുന്നിട്ടില്ല. ഇതിനൊരപവാദം ഒരിക്കല്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സക്കായി നാലുമാസം മെഡിക്കല്‍ ലീവ് എടുത്തതും വിവാഹത്തിന് അഞ്ചുദിവസം അവധിയെടുത്തതും മാത്രമാണ്. ഇതൊഴികെ ബാക്കി സേവനകാലത്ത് ഞായറാഴ്ചയും രണ്ടാം ശനിയും ഉള്‍പ്പെടെയുള്ള പൊതുഅവധി ദിവസങ്ങളിലെല്ലാം ഇദ്ദേഹം കര്‍മനിരതനായി. ഓണം, വിഷു തുടങ്ങിയ ആഘോഷ ദിവസങ്ങളും ചെലവഴിച്ചത് ഓഫിസില്‍തന്നെ.

വയനാട്ടിലെ രണ്ടുവര്‍ഷത്തെ സേവനത്തിനുശേഷം 17 വര്‍ഷം കാസര്‍കോട്ടായിരുന്നു. 2003ല്‍ തളിപ്പറമ്പ് കൃഷി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ഓഫിസില്‍ ചുമതലയേറ്റു. സ്ഥലംമാറ്റം ഒഴിവാക്കാന്‍ അര്‍ഹതപ്പെട്ട ഉദ്യോഗക്കയറ്റംപോലും വേണ്ടെന്നുവെച്ചു.
സംസ്ഥാനത്തെ ഏറ്റവും വലിയ വികസന ബ്ളോക്കായ തളിപ്പറമ്പില്‍ ഈ ഓഫിസിന് കീഴില്‍ 11 കൃഷിഭവനുകളാണുള്ളത്. ടൈപ്പിസ്റ്റ് ഉള്‍പ്പെടെ മൂന്നു ജീവനക്കാര്‍ മാത്രമുള്ള ഓഫിസില്‍ കടുത്ത ജോലിഭാരമുണ്ടെന്ന് മധുസൂദനന്‍ പറയുന്നു. അതുകൊണ്ടുതന്നെ അവധിയെകുറിച്ച് ആലോചിക്കാന്‍പോലും സാധിച്ചില്ല. രാവിലെ 9.30ന് ഓഫിസിലത്തെുന്ന ഇദ്ദേഹം രാത്രി എട്ടരയോടെയാണ് തിരിച്ചു പോകാറുള്ളത്.

മുന്‍കൂട്ടി അറിയുന്ന ഹര്‍ത്താലിന് തലേദിവസം രാത്രി ഓഫിസില്‍ തങ്ങിയാണ് ജോലി ചെയ്തിരുന്നത്. ഇതിനിടയില്‍ സ്വന്തം വീട്ടിലെയും ബന്ധുവീട്ടിലെയും ചടങ്ങുകള്‍ക്ക് ജോലി തടസ്സപ്പെടാത്ത രീതിയില്‍ പങ്കെടുത്തു. ഇന്ന് ജോലിയില്‍നിന്ന് വിരമിക്കുന്നതോടെ തുടര്‍ന്നുള്ള ജീവിതത്തെകുറിച്ച് മധുസൂദനന് ആശങ്കയുണ്ട്. അധികൃതര്‍ അനുവദിക്കുകയാണെങ്കില്‍ തന്‍െറ കസേരയില്‍ പുതിയ അവകാശി എത്തുന്നതുവരെ ജോലി ചെയ്യാന്‍ തയാറാണ്. ജീവിതത്തില്‍ ഇന്നുവരെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ളെന്നതും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ഇന്ന് വാഹന പണിമുടക്കായതിനാല്‍ ഇന്നലെ സഹപ്രവര്‍ത്തകര്‍ മധുസൂദനന് യാത്രയയപ്പ് നല്‍കി.
കണ്ണപുരത്തെ പരേതരായ മാധവന്‍^കല്യാണി ദമ്പതികളുടെ മകനായ മധുസൂദനന്‍െറ ഭാര്യ ഉഷാദേവിയാണ്. മക്കള്‍: ഋഷിപ്രസാദ്, സുകന്യ, സുനിത.
 

കുവൈത്ത്–തുര്‍ക്കി സഹകരണം ശക്തിപ്പെടുത്താന്‍ ധാരണ

Posted: 29 Apr 2015 07:32 PM PDT

Image: 

കുവൈത്ത് സിറ്റി: കുവൈത്തും തുര്‍ക്കിയും തമ്മിലുളള സഹകരണം ശക്തിപ്പെടുത്താന്‍ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹും തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനം. അമീറിന്‍െറ ഒൗദ്യോഗിക ക്ഷണപ്രകാരം കുവൈത്തിലത്തെിയ ഉര്‍ദുഗാനുമായി ബയാന്‍ പാലസില്‍ നടന്ന ചര്‍ച്ചയിലാണ് ഇരു രാഷ്ട്ര നേതാക്കളും സഹകരണം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. അറബ്രാഷ്ട്രങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന തീവ്രവാദ ഭീഷണികള്‍  ഒരുമിച്ച് നേരിടുമെന്ന് അമീര്‍ പറഞ്ഞു.
സിറിയയിലും യമനിലും നടക്കുന്ന ആഭ്യന്തര പ്രശ്നങ്ങള്‍ മേഖലയുടെ മൊത്തം പ്രശ്നമാണെന്നും ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണല്‍ എല്ലാ അറബ് രാഷ്ട്രങ്ങളുടെയും ബാധ്യതയാണെന്നും സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്നും അമീര്‍ പറഞ്ഞു. കുവൈത്തുമായുള്ള വ്യാപാര, വ്യവസായ മേഖലകളിലെ ബന്ധം വര്‍ധിപ്പിക്കും. കുവൈത്ത് അറബ് രാഷ്ട്രങ്ങളുടെ പ്രവേശ കവാടമാണെന്നും അറബ് മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അമീറിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ ശ്ളാഘനീയമാണെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. കുവൈത്തില്‍ തുര്‍ക്കി കൂടുതല്‍ നിക്ഷേപം ഇറക്കും. കുവൈത്തും തുര്‍ക്കിയും തമ്മിലുള്ള ബന്ധം പുരാതനമാണെന്നും കുവൈത്തിന്‍െറ സുരക്ഷ തുര്‍ക്കിയുടെയും സുരക്ഷയാണെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
അറബ് രാഷ്ട്രങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ളെന്നും തങ്ങളുടെ കഴിവുപയോഗിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അറബ് രാജ്യങ്ങള്‍ക്ക് കഴിയുമെന്നും  ഇരുനേതാക്കളും പറഞ്ഞു.  ഇരുരാഷ്ട്രങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ കുവൈത്തിനെ പ്രതിനിധാനംചെയ്ത് കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹ്, വിദേശകാര്യമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ഹമദ് അസ്സബാഹ് എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. കരാറുകള്‍ ഇരുരാജ്യങ്ങളിലെയും വ്യാപാര വാണിജ്യ രംഗത്തിന് ഉണര്‍വാകുമെന്ന് പ്രതീക്ഷിക്കുന്നു. കയറ്റുമതി, ഇറക്കുമതി രംഗത്തിനും നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും പുതിയ കരാറുകള്‍ സഹായകമാകും.
കുവൈത്തും തുര്‍ക്കിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
 

പാര്‍ട്ടി ജനങ്ങളിലേക്ക് തിരിച്ചുപോകണം

Posted: 29 Apr 2015 07:19 PM PDT

Image: 

സി.പി.എം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തെരഞ്ഞെടുക്കപ്പെട്ടത് ഇടതുപക്ഷ രാഷ്ട്രീയത്തില്‍ പുതിയ പ്രതീക്ഷകള്‍ വളര്‍ത്തിയിരിക്കുന്നു

സീതാറാം യെച്ചൂരിയുടെ പുതിയ സ്ഥാനലബ്ധി ശ്രദ്ധേയമായ സംഭവവികാസമാണെന്ന് ഞാന്‍ കരുതുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ് സി.പി.എം എന്നതുകൊണ്ടല്ല യെച്ചൂരിയുടെ പുതിയ നിയോഗം ശ്രദ്ധയാകര്‍ഷിക്കുന്നത്. ദശകങ്ങളുടെ ചരിത്രമുള്ള ഇന്ത്യന്‍ കമ്യൂണിസം നിര്‍ണായക ദശാസന്ധിയിലേക്ക് പ്രവേശിച്ച ചരിത്രസന്ദര്‍ഭത്തിലാണ് യെച്ചൂരി പാര്‍ട്ടി സെക്രട്ടറി ജനറലായി അവരോധിക്കപ്പെട്ടിരിക്കുന്നത് എന്നതാണ് ഈ ഭാരവാഹിത്വത്തിന്‍െറ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്.
ജനസമ്മതിയില്‍ പിന്നിലായിക്കഴിഞ്ഞ സി.പി.എമ്മിന് നവജീവന്‍ പകരാന്‍ യെച്ചൂരി എത്രമാത്രം പ്രാപ്തനാണ് എന്നതാണ് ഇപ്പോള്‍ പ്രസക്തമായ ചോദ്യം. അദ്ദേഹത്തിന്‍െറ നേതൃവൈഭവം ഇടതുരാഷ്ട്രീയത്തെ മാത്രമല്ല, ഇന്ത്യന്‍ ജനാധിപത്യത്തെ ഒന്നടങ്കം സ്വാധീനിക്കാതിരിക്കില്ല.

പ്രസരിപ്പാര്‍ന്ന വ്യക്തിത്വം, സമര്‍ഥനായ പാര്‍ലമെന്‍േററിയന്‍, ബഹുഭാഷാ പ്രാവീണ്യം, സാര്‍വദേശീയ ബന്ധങ്ങള്‍ എന്നിവ യെച്ചൂരിയുടെ സ്വീകാര്യത ബലപ്പെടുത്തിയ ഘടകങ്ങളാണ്. എന്നാല്‍, സെക്രട്ടറി ജനറല്‍ പദവിയിലേക്ക് മത്സരിക്കെ എസ്. രാമചന്ദ്രന്‍ പിള്ള ഉയര്‍ത്തിയ വെല്ലുവിളി യെച്ചൂരിയുടെ സാധ്യതക്ക് മങ്ങലേല്‍പിച്ചതായി വിലയിരുത്തപ്പെടുകയുണ്ടായി. എസ്.ആര്‍.പി പിന്മാറിയയോടെ ഏകകണ്ഠമായി യെച്ചൂരി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ ഇതര പാര്‍ട്ടികളെക്കാള്‍ സി.പി.എമ്മിന് ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നിലനിര്‍ത്താന്‍ സാധിക്കുന്നു എന്നാണ് ഇത് നല്‍കുന്ന സൂചന.

ജനകീയാടിത്തറ തകര്‍ന്ന സന്ദര്‍ഭത്തിലാണ് പാര്‍ട്ടിയുടെ നായകദൗത്യം ഏറ്റെടുക്കാന്‍ യെച്ചൂരി നിയുക്തനായിരിക്കുന്നത്. ലോക്സഭയിലെ പാര്‍ട്ടി അംഗബലം ഒമ്പതില്‍ പരിമിതപ്പെട്ടിരിക്കുന്നു. ബംഗാളില്‍  പാര്‍ട്ടി പൂര്‍ണമായി തൂത്തെറിയപ്പെട്ടു. കേരളത്തിലും ഭരണം നഷ്ടമായി. കൊച്ചു ത്രിപുര മാത്രമാണ് ചൊല്‍പ്പടിയില്‍.

സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷത്തിന്‍െറ മോശം പ്രകടനത്തിനു പിന്നിലെ നിമിത്തങ്ങള്‍ നിരവധി. അതിന് സംഘടനാപരവും പ്രത്യയശാസ്ത്രപരവും സമീപനപരവുമായ തലങ്ങളുണ്ട്. അടിസ്ഥാന വര്‍ഗത്തിന്‍െറ പിന്തുണ നഷ്ടപ്പെട്ടതും അംഗങ്ങളുടെ കൊഴിഞ്ഞുപോക്കും പാര്‍ട്ടിക്ക് കനത്ത പ്രഹരമേല്‍പിച്ചെന്ന യാഥാര്‍ഥ്യം സി.പി.എം സംഘടനാ റിപ്പോര്‍ട്ട് വഴി പുറത്തുവിടുകയുണ്ടായി. ആത്മപരിശോധനക്കും പുനരവലോകനത്തിനും തയാറാവുകയാണ് സ്വയം കരുത്ത് വീണ്ടെടുക്കാന്‍ ഇടതുകക്ഷികള്‍ ഈ സന്ദര്‍ഭത്തില്‍ വേണ്ടത്. ദരിദ്ര വിഭാഗത്തിന്‍െറ പ്രാതിനിധ്യം അവകാശപ്പെടാറുണ്ടെങ്കിലും യഥാര്‍ഥത്തില്‍ ഇടതുപക്ഷം പിന്നാക്ക വിഭാഗങ്ങളെ തഴയുന്നതായാണ് അനുഭവങ്ങള്‍.

സാമ്പത്തികസമത്വം ഉറപ്പുവരുത്തുകയും സമഗ്ര സാമൂഹികവിമോചനം യാഥാര്‍ഥ്യമാക്കുകയും രാഷ്ട്രീയാവകാശങ്ങള്‍ വ്യാപകമാക്കുകയും ചെയ്യാന്‍ ഇച്ഛാശക്തിയുള്ള വീറുറ്റ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനേ ഇന്ത്യന്‍ ജനാധിപത്യത്തെ രക്ഷിക്കാന്‍ കഴിയൂ.
ഇത്തരം അജണ്ടകള്‍ ആവിഷ്കരിക്കുന്ന പാര്‍ട്ടികള്‍ക്കു മാത്രമേ ബഹുസ്വരത നിലനിര്‍ത്തുന്ന മനുഷ്യത്വത്തിനെയും പാരിസ്ഥിതിക ഭദ്രതയെയും മാനിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതിക്ക് നേതൃത്വം വഹിക്കാനാകൂ. മുതലാളിത്ത വ്യവസ്ഥ ഏതായാലും ഇത്തരം സാമൂഹിക മേന്മകള്‍ ഉയര്‍ത്തിപ്പിടിക്കാറില്ല.

തെളിഞ്ഞ കാഴ്ചപ്പാടും പ്രബുദ്ധമായ അജണ്ടകളും സമൂഹമധ്യത്തില്‍ അവതരിപ്പിക്കാന്‍ നേരത്തേ ഇടതുപക്ഷത്തിന് സാധിച്ചിരുന്നു. ബുദ്ധിജീവികളും കലാകാരന്മാരും എഴുത്തുകാരും നാടകപ്രവര്‍ത്തകരും ഇതര പ്രതിഭകളും ഇടത് ആശയങ്ങളില്‍ ആകൃഷ്ടരായി ജനസേവന പ്രവര്‍ത്തനങ്ങളില്‍ നിരതരായത് അതുകൊണ്ടായിരുന്നു. വീഴ്ചകളില്‍നിന്നും തെറ്റുകളില്‍നിന്നും കരകയറാനും ഇവരുടെ പിന്‍ബലം ഇടതു പാര്‍ട്ടികള്‍ക്ക് സഹായകമായിത്തീര്‍ന്നു. എന്നാല്‍, ഇടതുമുന്നണി കാലിടറിയതിന്‍െറ കഥകള്‍ക്കാണ് സമീപകാല ഇന്ത്യ സാക്ഷ്യംവഹിച്ചത്. എന്തുകൊണ്ട് ഈ പ്രതാപനഷ്ടമെന്ന് സ്വയംചോദിക്കാന്‍ ഇടതുപക്ഷം, വിശേഷിച്ച് സി.പി.എം തയാറാകണം. മുന്നണി തന്ത്രങ്ങള്‍ക്ക് എവിടെയെല്ലാമാണ് ചുവടുപിഴച്ചത്? ഭരണത്തില്‍ റെക്കോഡ് സ്ഥാപിക്കാന്‍ സാധ്യമായിട്ടുപോലും പശ്ചിമ ബംഗാളില്‍ എന്തുകൊണ്ട് അധികാരനഷ്ടം സംഭവിച്ചു?

സമൂലമാറ്റം നടപ്പാക്കാന്‍ തയാറാകാതിരുന്നതാണ് ബംഗാളില്‍ പാര്‍ട്ടിക്ക് സംഭവിച്ച പ്രധാനവീഴ്ച. ഭൂപരിഷ്കരണം നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും രേഖകളും അവകാശങ്ങളും ഇല്ലാതെ കുടിയാന്മാര്‍ വലഞ്ഞു. ഭൂരഹിത തൊഴിലാളികളെ സംഘടിപ്പിക്കാന്‍ പാര്‍ട്ടി ശ്രമിച്ചതേയില്ല. പഞ്ചായത്തീരാജ് നടപ്പാക്കിയെങ്കിലും കാര്യക്ഷമതയുടെ അഭാവം മുഴച്ചുനിന്നു. വിദ്യാഭ്യാസ മേഖലയില്‍ രാഷ്ട്രീയ താല്‍പര്യങ്ങളോടെയുള്ള മാറ്റങ്ങള്‍ക്കായിരുന്നു ഊന്നല്‍ ലഭിച്ചത്. രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ ആക്രമണപാത തെരഞ്ഞെടുത്തു.
1990കളോടെ സി.പി.എമ്മിനെ കോര്‍പറേറ്റ് വ്യാമോഹം കടന്നുപിടിച്ചു. അഥവാ ബിഗ് ബിസിനസ് പ്രീണനലക്ഷ്യം സാക്ഷാത്കരിക്കാന്‍ കര്‍ഷകരെ ആട്ടിയിറക്കി ബംഗാളിലെ ഇടതുസര്‍ക്കാര്‍ കൃഷിഭൂമികള്‍ പിടിച്ചെടുത്തു. സിംഗൂര്‍-നന്ദിഗ്രാം പ്രതിസന്ധികള്‍ പാര്‍ട്ടിയുടെ പരാജയങ്ങള്‍ എന്നതിനെക്കാള്‍ രോഗലക്ഷണങ്ങളായിരുന്നു. നവകൊളോണിയല്‍ കാഴ്ചപ്പാടുകള്‍ക്ക് പാര്‍ട്ടി വിധേയപ്പെട്ടതിന്‍െറ പ്രത്യാഘാതങ്ങള്‍. ജാതിപ്രശ്നങ്ങളും ലിംഗസമത്വ പ്രശ്നങ്ങളും മുസ്ലിംവിരുദ്ധ വിവേചനം ഉയര്‍ത്തുന്ന പ്രശ്നങ്ങളും പരിഹരിക്കുന്നതില്‍ ബംഗാള്‍ ഘടകം അമ്പേ പരാജയപ്പെട്ടു.

കേരളത്തിലും പാര്‍ട്ടി ഒറ്റപ്പെട്ടു. ദരിദ്ര ജനവിഭാഗങ്ങളെ സംരക്ഷിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചു. വിഭാഗീയത പാര്‍ട്ടിയുടെ ശക്തിക്ഷയിപ്പിച്ചു. ടി.പി. ചന്ദ്രശേഖരന്‍െറ വധം വന്‍ തിരിച്ചടിക്ക് കാരണമായി. രംഗബോധമില്ലാതെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനുവേണ്ടി നിലകൊണ്ടതും വിനയായി.  ഇത്തരം വീഴ്ചകളില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയാറാകണം. ജനാധിപത്യത്തെ വിശകലനം ചെയ്ത് സ്വയം പുനര്‍നിര്‍മിക്കാനും പുന$സംഘടിപ്പിക്കാനുമുള്ള സന്നദ്ധതയും പ്രകടിപ്പിക്കണം.
സോവിയറ്റ് കമ്യൂണിസ്റ്റ് വ്യവസ്ഥിതിയുടെ ശൈഥില്യവും പാര്‍ട്ടി അനുഭവ പാഠമാക്കേണ്ടതുണ്ട്. ജനാധിപത്യത്തിന്‍െറ അഭാവവും വികലമായ ആസൂത്രണരീതികളുമാണ് സോവിയറ്റ് വ്യവസ്ഥിതിയെ തകിടംമറിച്ചത്. അതിനാല്‍,  ജനാധിപത്യത്തിന് ഊന്നല്‍ നല്‍കുന്ന, പരിസ്ഥിതി സൗഹൃദമായ, അടിസ്ഥാന ജനതയുമായി ബന്ധംനിലനിര്‍ത്തുന്ന പുതുസമീപനം സ്വീകരിക്കാന്‍ ഇടതുകക്ഷികള്‍ തയാറാകേണ്ട സവിശേഷ ചരിത്ര സന്ദര്‍ഭം ഇതാണ്.

മതംമാറ്റത്തെ എങ്ങനെ നിരോധിക്കും?

Posted: 29 Apr 2015 06:59 PM PDT

Image: 

‘മതംമാറ്റത്തെക്കുറിച്ചും ഘര്‍ വാപസിയെക്കുറിച്ചും ചിലപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വരുന്നു. അത്തരം സംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ക്കശ നടപടി സ്വീകരിക്കണം. അതേസമയം, പാര്‍ലമെന്‍റിനോട് എനിക്ക് ഒന്നു കൂടി അഭ്യര്‍ഥിക്കാനുണ്ട്. സമുദായ സൗഹാര്‍ദം മുന്‍നിര്‍ത്തി, മതംമാറ്റ നിരോധ നിയമം പാസാക്കണം. എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം. ജനസംഖ്യാ രീതിക്ക് ഭീഷണി ഉയര്‍ത്തുംവിധം മതംമാറ്റത്തെ ഒരു രാജ്യവും അനുവദിക്കില്ല. മതേതര രാജ്യമായതു കൊണ്ട് ഇന്ത്യയില്‍ മാത്രമേ ഇതിനെല്ലാം കഴിയൂ’- ഏപ്രില്‍ 28ന് ആഭ്യന്തര മന്ത്രാലയത്തിന്‍െറ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറഞ്ഞു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്‍റില്‍ നടത്തിയ പ്രഭാഷണത്തില്‍നിന്നാണ് മേല്‍ കാര്യങ്ങള്‍. സാമുദായിക സൗഹാര്‍ദത്തെ പോറലേല്‍പിക്കുന്ന തരത്തില്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സംഘ്പരിവാര്‍ നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രഭാഷണങ്ങളെക്കുറിച്ചും വിധ്വംസക പ്രവര്‍ത്തനങ്ങളെക്കുറിച്ചും സഭാംഗങ്ങളില്‍ ചിലര്‍ പാര്‍ലമെന്‍റിന്‍െറ ശ്രദ്ധ ക്ഷണിച്ചതിന്‍െറ കൂടി പശ്ചാത്തലത്തിലായിരുന്നു രാജ്നാഥ് സിങ്ങിന്‍െറ പ്രഭാഷണം. ഇത്തരം പ്രവര്‍ത്തനങ്ങളെ എത്ര ലാഘവത്തോടെയാണ് ആഭ്യന്തര മന്ത്രാലയം കാണുന്നതെന്ന് തെളിയിക്കുന്നതാണ് മന്ത്രിയുടെ മറുപടി പ്രസംഗം.
ഓരോ പൗരനും അവനിഷ്ടപ്പെടുന്ന മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഭരണഘടന വിഭാവന ചെയ്യുന്ന അഭിപ്രായ, വിശ്വാസ സ്വാതന്ത്ര്യമെന്ന അടിസ്ഥാന നിലപാടിന്‍െറ ഭാഗമാണത്. ലോകത്താര്‍ക്കും എടുത്തുകളയാന്‍ കഴിയാത്ത മൗലികാവകാശത്തിന്‍െറ ഭാഗവുമാണത്. ആ സ്വാതന്ത്ര്യം ഹനിക്കുന്ന നിയമം നിര്‍മിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൂട്ടായി ആലോചിക്കണമെന്ന്, ഭരണഘടന പിടിച്ച് സത്യപ്രതിജ്ഞ ചെയ്ത, ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്താന്‍ ബാധ്യതപ്പെട്ട മന്ത്രി തന്നെ ആവശ്യപ്പെടുമ്പോള്‍ അത് അപകടകരമാംവിധം ഗൗരവപ്പെട്ട കാര്യമാണ്. ലളിതമായി പറഞ്ഞാല്‍, മൗലികാവകാശം നിഷേധിക്കുന്ന ഒരു നിയമം ബഹുമാന്യരായ പാര്‍ലമെന്‍റംഗങ്ങള്‍ ചേര്‍ന്ന് ചുട്ടെടുക്കണം എന്നാണ് അദ്ദേഹം പറയാതെ പറഞ്ഞിരിക്കുന്നത്. വിശ്വാസ സ്വാതന്ത്ര്യം എന്ന പുരോഗമന മൂല്യത്തോടുള്ള ബി.ജെ.പി സര്‍ക്കാറിന്‍െറ പുച്ഛം അദ്ദേഹത്തിന്‍െറ വാക്കുകളില്‍ പ്രകടം. ആഭ്യന്തരമന്ത്രി തന്നെ ഇത്തരത്തിലാണ് ചിന്തിക്കുന്നതെങ്കില്‍ നാട്ടില്‍ ഭ്രാന്തന്‍ പ്രസംഗങ്ങളുമായി പാഞ്ഞുനടക്കുന്ന സംഘ് പരിവാര്‍ നേതാക്കളുടെ മനോഗതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മത പരിവര്‍ത്തനം രാജ്യത്തിന്‍െറ ജനസംഖ്യാ രീതിക്ക് ഭീഷണി ഉയര്‍ത്തുന്നെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഒന്നാമതായി, 85 ശതമാനം ജനങ്ങളും ഹിന്ദുമതവിശ്വാസം പുലര്‍ത്തുന്ന രാജ്യത്ത് മതപരിവര്‍ത്തനത്തിലൂടെ അങ്ങനെയൊന്ന് സംഭവിക്കുമെന്ന് ചിന്തിക്കുന്നത് അത്യന്തം കൗതുകകരമായ കാര്യമാണ്. ഇനി, ജനസംഖ്യയില്‍ നിശ്ചിത ശതമാനം ഏതെങ്കിലുമൊരു പ്രത്യേക വിഭാഗമായിരിക്കണം എന്ന് ആരും നിശ്ചയിച്ചിട്ടില്ല. ഭൂരിപക്ഷമാവട്ടെ, ന്യൂനപക്ഷമാവട്ടെ, ഏത് വിശ്വാസി സമൂഹത്തിനും അവിശ്വാസി സമൂഹത്തിനും തുല്യമായ അവകാശങ്ങളും ബാധ്യതകളുമുള്ളതാണ് പൗരത്വത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച നമ്മുടെ ഭരണഘടനാ വിഭാവന. അത്തരമൊരു വ്യവസ്ഥയില്‍ ആരാണ് ഭൂരിപക്ഷം, ആരാണ് ന്യൂനപക്ഷം എന്നത് ഒരു പരിഗണനാ വിഷയമേ ആവേണ്ട കാര്യമല്ല. എന്നാല്‍, രാജ്യത്തിന്‍െറ നിലവിലെ മത ജനസംഖ്യാ ഘടന അങ്ങനെ തന്നെ നിലനിര്‍ത്തല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ ബാധ്യതയാണെന്ന മട്ടിലാണ് മന്ത്രിയുടെ പ്രഭാഷണം.
ഏതെങ്കിലും വിശ്വാസം സ്വീകരിക്കുകയോ ഉള്ള വിശ്വാസങ്ങള്‍ മുഴുവന്‍ കൈയൊഴിക്കുകയോ ചെയ്യുകയെന്നത് പൗരന്‍െറ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. രാജ്നാഥ് സിങ് ആഗ്രഹിക്കുന്നതുപോലെ, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് അതങ്ങ് നിരോധിക്കാന്‍ തീരുമാനിച്ചാല്‍ തന്നെ, പ്രായോഗികമായി അത് സാധ്യമാണോ? ഓരോ ആളുടെയും വിശ്വാസത്തെ പിന്തുടര്‍ന്ന് അത് മാറുന്നുണ്ടോ അതല്ല, സ്ഥിരമായി നില്‍ക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് നടപടിയെടുക്കാന്‍ ഏത് ഭരണകൂടത്തിനാണ് സാധിക്കുക? ഇനി അതല്ല, പൗരന്‍െറ ഭക്ഷണ കാര്യത്തില്‍ വരെ ഇടപെട്ട് നിരോധങ്ങള്‍ അടിച്ചേല്‍പിക്കുന്ന ബി.ജെ.പി ഭരണകൂടം മനുഷ്യന്‍െറ മനസ്സിലും ആത്മാവിലും കടന്ന് പുതിയ നിരോധങ്ങള്‍ കൊണ്ടുവരാനാണോ ഉദ്ദേശിക്കുന്നത്? അത്യന്തം അപകടകരമായ സമഗ്രാധിപത്യമാണ് കേന്ദ്ര ഭരണകൂടം ലക്ഷ്യം വെക്കുന്നതെന്നതിന്‍െറ സൂചനകളാണ് ഓരോ ദിവസവും പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ജനാധിപത്യവാദികള്‍ അത്യന്തം ജാഗ്രത പാലിക്കേണ്ട സന്ദര്‍ഭങ്ങളിലൂടെയാണ് നാം കടന്നുപോവുന്നത്. പണം കൊടുത്തും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ആരെങ്കിലും മതംമാറ്റം സംഘടിപ്പിക്കുന്നുണ്ടെങ്കില്‍ അത് കര്‍ക്കശമായി കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്. അതിനാവശ്യമായ നിയമങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്. ഇങ്ങനെ ആളുകളെ തങ്ങളുടെ മതത്തില്‍ കൂട്ടിയതുകൊണ്ട് എന്ത് കാര്യമെന്ന് ഇത്തരം ആളെക്കൂട്ടല്‍ സംഘങ്ങളും ആലോചിക്കണം. മതംമാറ്റത്തെ വ്യവസായമായി കണ്ട്, മാറിയവരുടെ എണ്ണം പറഞ്ഞ് വിദേശത്തുനിന്ന് കമീഷന്‍ പറ്റുന്ന പരിപാടി അങ്ങേയറ്റം അശ്ളീലമായ ഏര്‍പ്പാടാണ് എന്നതില്‍ തര്‍ക്കമില്ല. സമൂഹത്തിന് ഒരു ഗുണവും ചെയ്യാത്ത, സമുദായ ബന്ധങ്ങളില്‍ ഉലച്ചിലുണ്ടാക്കുന്ന അത്തരം ചെയ്തികള്‍ക്കെതിരെ വിരലുയര്‍ത്തിയേ മതിയാവൂ. എന്നാല്‍ അതിന്‍െറ പേരില്‍ പൗരന്‍െറ മൗലികാവകാശങ്ങള്‍ ഹനിക്കുന്ന ഏത് നീക്കത്തെയും എതിര്‍ത്തുതോല്‍പിക്കുകയും വേണം.

വാഹനപണിമുടക്ക് ആരംഭിച്ചു

Posted: 29 Apr 2015 06:42 PM PDT

Image: 

തിരുവനന്തപുരം: റോഡ് ട്രാന്‍സ്പോര്‍ട്ട് സുരക്ഷാ ബില്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര ട്രേഡ് യൂനിയനുകള്‍ സംയുക്തമായി രാജ്യവ്യാപകമായി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ വാഹന പണിമുടക്ക് ആരംഭിച്ചു. വ്യാഴാഴ്ച അര്‍ധരാത്രിവരെയാണ് സമരം.
സംസ്ഥാനത്ത് കാര്‍, ബൈക്ക് തുടങ്ങിയ സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ എന്നിവ സര്‍വീസ് നടത്തുന്നില്ല. ഇത് ജനങ്ങള്‍ക്ക് യാത്രാപ്രശ്നം സൃഷ്ടിക്കുന്നുണ്ട്. വാഹനങ്ങളെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയും പണിമുടക്ക് ബാധിക്കും.

പാല്‍, പത്രം, ആശുപത്രി, വിവാഹവാഹനങ്ങള്‍ എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ തടയാന്‍ തീരുമാനിച്ചിട്ടില്ളെന്നും സമരസമിതി അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയിലെ മിക്ക യൂനിയനുകളും പണിമുടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഓട്ടോ, ടാക്സി, ടെമ്പോ^ട്രക്കര്‍, ലോറി, മിനിലോറി അടക്കം തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, ബി.എം.എസ്, യു.ടി.യു.സി, എച്ച്.എം.എസ്, എസ്.ടി.യു, കെ.ടി.യു.സി എന്നീ തൊഴിലാളി യൂനിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.


 

മഹാരാഷ്ട്രയില്‍ മാട്ടിറച്ചി നിരോധത്തിന് സ്റ്റേ ഇല്ല

Posted: 29 Apr 2015 06:00 PM PDT

Image: 

മുംബൈ: മഹാരാഷ്ട്രയില്‍ മാട്ടിറച്ചി നിരോധ നിയമത്തിന് സ്റ്റേ നല്‍കാന്‍ ബോംബെ ഹൈകോടതി വിസമ്മതിച്ചു. നിരോധിച്ച മാട്ടിറച്ചി കൈവശം വെക്കുന്നവര്‍ക്കെതിരെ മൂന്നുമാസത്തേക്ക് നടപടി കൈക്കൊള്ളരുതെന്ന് കോടതി സര്‍ക്കാറിന് നിര്‍ദേശംനല്‍കി. പശുവിനൊപ്പം പോത്തൊഴിച്ചുള്ള മാടുകളെ കൊല്ലുന്നതും മാംസം സൂക്ഷിക്കുന്നതും ഭക്ഷിക്കുന്നതും നിരോധിക്കുന്ന 1995ലെ മഹാരാഷ്ട്ര അനിമല്‍ പ്രിസര്‍വേഷന്‍ (ഭേദഗതി) ബില്ലിനെതിരെയും അനുകൂലമായും വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ ഒരുകൂട്ടം പൊതുതാല്‍പര്യ ഹരജികളില്‍ വാദം കേട്ട ജസ്റ്റിസുമാരായ വി.എം. കനാഡെ, എം.എസ്. സോനക് എന്നിവരുടെ ബെഞ്ചാണ് ബുധനാഴ്ച സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്. പരിശോധനയുടെ പേരില്‍ ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറ്റമരുതെന്ന മുന്നറിയിപ്പും കോടതി നല്‍കി.

സംസ്ഥാനത്തിന്‍െറ പുറത്തുനിന്നുള്ള മാട്ടിറച്ചി കൈവശം വെക്കുന്നത് നിരോധിക്കുന്ന, മഹാരാഷ്ട്ര അനിമല്‍ പ്രിസര്‍വേഷന്‍ (ഭേദഗതി) നിയമത്തിലെ 5 ഡി വകുപ്പിനെതിരെയും അനുകൂലിച്ചുമുള്ള പൊതുതാല്‍പര്യ ഹരജികളില്‍ വാദം കേള്‍ക്കുന്നത് കോടതി തുടരും. ഈ ഹരജികളുമായി ബന്ധപ്പെട്ട് ഒരുമാസത്തിനകം വിശദസത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചശേഷം രണ്ടാഴ്ചക്കകം ഹരജിക്കാരും സത്യവാങ്മൂലം സമര്‍പ്പിക്കണം. ജൂണ്‍ 25ന് വാദംകേള്‍ക്കല്‍ തുടരും.  അനുമാനത്തിന്‍െറ പേരില്‍ പ്രാരംഭഘട്ടത്തിലുള്ള നിയമത്തിന് സ്റ്റേ നല്‍കാതെ അനുയോജ്യമായ സംയമനം പാലിക്കുന്നുവെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.
 

ഋഷി ജീവിതത്തിലേക്ക്; 82 മണിക്കൂറിനുശേഷം

Posted: 29 Apr 2015 10:44 AM PDT

Image: 
Subtitle: 
കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ മൃതദേഹങ്ങള്‍ക്കൊപ്പം കഴിഞ്ഞത് നാലു നാള്‍

കാഠ്മണ്ഡു: ഫ്രഞ്ച്, നേപ്പാളി രക്ഷാ പ്രവര്‍ത്തക സംഘത്തിന്‍െറ കരങ്ങള്‍തന്നെ തേടിയത്തെുമ്പോള്‍ ഋഷി ഖനാല്‍ എന്ന 28 കാരന് സ്വയം വിശ്വസിക്കാനായില്ല താന്‍ ജീവിതത്തിലേക്ക് മടങ്ങുകയാണെന്നത്.
നേപ്പാള്‍ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ മൃതദേഹങ്ങള്‍ക്കൊപ്പം 82 മണിക്കൂര്‍ കുടുങ്ങിക്കിടന്നശേഷമാണ് ചൊവ്വാഴ്ച മൂന്നു മൃതദേഹങ്ങള്‍ക്കൊപ്പം ഇയാളെയും പുറത്തെടുത്തത്. തെരച്ചില്‍ നടത്തുന്ന സംഘം ഇയാളുടെ നിലവിളി ശബ്ദം കേട്ടതിനെ തുടര്‍ന്ന് കൂടുതല്‍ തെരച്ചിലിന് തയാറാവുകയായിരുന്നു. അടുത്തത്തെുന്തോറും നേപ്പാളിയിലുള്ള ചോദ്യങ്ങള്‍ക്ക് ഇയാള്‍ മറുപടി പറഞ്ഞുകൊണ്ടിരുന്നത് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി.

ശനിയാഴ്ച ഉച്ചമുതല്‍ ഭക്ഷണവും വെള്ളവും ശുദ്ധവായുവും കിട്ടാതെ അവശനായിരുന്നെങ്കിലും കാലിനേറ്റ പൊട്ടലൊഴിച്ചാല്‍ കാര്യമായ പരിക്കുകളൊന്നും ഋഷിക്കുണ്ടായിരുന്നില്ളെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
ഏഴുനിലക്കെട്ടിടത്തിന്‍െറ രണ്ടാം നിലയിലായിരുന്നു ദുരന്തസമയത്ത് ഋഷി. മുകള്‍ നിലകള്‍ക്ക് കേടുപറ്റാതിരുന്ന കെട്ടിടത്തിന്‍െറ മുകള്‍ ഭാഗത്തുനിന്ന് തുരന്നിറങ്ങി അഞ്ച് മണിക്കൂര്‍കൊണ്ടാണ് രക്ഷാപ്രവര്‍ത്തകര്‍ ഇയാള്‍ക്കടുത്തത്തെിയത്. മനക്കരുത്ത് ഒന്നുകൊണ്ട് മാത്രമാണ് ഇയാള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

17,700 അടി ഉയരത്തില്‍ ഡോ. റിതേഷ് രക്ഷകനായി, 80 പേര്‍ക്ക്

Posted: 29 Apr 2015 10:39 AM PDT

Image: 

കാഠ്മണ്ഡു: ഭൂകമ്പസമയത്ത് എവറസ്റ്റ് കൊടുമുടിയിലെ ബേസ് ക്യാമ്പില്‍ 17,700 അടി ഉയരത്തില്‍ ഡോ. റിതേഷ് ഗോയലും ഇന്ത്യന്‍ സൈന്യത്തിന്‍െറ 30 അംഗ സംഘവും രക്ഷകരായത് 80 പേര്‍ക്ക്.

രക്ഷാദൗത്യവുമായി സൈന്യത്തിന്‍െറ ഹെലികോപ്ടര്‍ എത്തുന്നതുവരെ 14 മണിക്കൂര്‍ തലക്ക് ഗുരുതര പരിക്കേറ്റ എട്ടു പേരുള്‍പ്പെടെയുള്ളവര്‍ക്ക് പ്രഥമശുശ്രൂഷയുമായി ആശ്വാസം പകര്‍ന്നത് ഗോയലായിരുന്നു. ആറുവര്‍ഷം മുമ്പ് സൈന്യത്തില്‍ ചേര്‍ന്ന ബംഗളൂരു സ്വദേശിയായ ക്യാപ്റ്റന്‍ റിതേഷ് ഗോയല്‍ 30 അംഗ സൈനിക പര്യവേക്ഷണ സംഘത്തിനൊപ്പമാണ് എവറസ്റ്റിലത്തെിയത്. നേപ്പാളിനെ തകര്‍ത്ത ഭൂകമ്പത്തത്തെുടര്‍ന്ന് ഹിമാലയത്തില്‍ മഞ്ഞിടിച്ചിലുണ്ടാവുമ്പോള്‍ സംഘം ബേസ് ക്യാമ്പിന് 300 അടി മുകളില്‍ കുംഭു ഐസ്ഫാളിലേക്കുള്ള ട്രെക്കിങ്ങിലായിരുന്നു. മൂന്നു മഞ്ഞിടിച്ചിലുകളില്‍നിന്ന് തലനാരിഴക്ക് രക്ഷപെട്ട സംഘം അപകടം തിരിച്ചറിഞ്ഞ് ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുകയായിരുന്നു.

ബേസ് ക്യാമ്പിലുണ്ടായിരുന്ന കൂടാരങ്ങള്‍ എല്ലാം തകര്‍ന്നപ്പോഴും മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന കൂടാരം മാത്രം തകരാതിരുന്നത് രക്ഷപ്രവര്‍ത്തനത്തിന് സഹായമായി. വിദേശ പര്‍വതാരോഹകരും ഷേര്‍പ്പകളുമുള്‍പ്പെടെയുള്ളവര്‍ക്കാണ് ഇവര്‍ ആശ്വാസംപകര്‍ന്നത്. മഞ്ഞിച്ചിലില്‍ അകപ്പെട്ട നിരവധി പേര്‍ക്ക് കൈ-കാലുകളുടെ എല്ലിന് ഒടിവും മറ്റുമുണ്ടായിരുന്നു. 15ഓളം മൃതദേഹങ്ങളും ഇവിടെനിന്ന് കണ്ടത്തെി.

ഒരു സൈനികനും സംഭവത്തില്‍ പരിക്കുണ്ട്. അപകട സമയത്ത് 1000ത്തോളം പേരാണ് ബേസ്ക്യാമ്പിലുണ്ടായിരുന്നത്. ഇവരില്‍ 100ഓളം പേര്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. ഇവരെയും രണ്ട്-മൂന്ന് ദിവസത്തിനുള്ളില്‍ ഇവിടെനിന്ന് നീക്കുമെന്ന് സൈന്യം അറിയിച്ചു.

നേപ്പാള്‍: പൂഴ്ത്തിവെപ്പും കരിഞ്ചന്തയും പ്രതിസന്ധി

Posted: 29 Apr 2015 10:28 AM PDT

Image: 

കാഠ്മണ്ഡു: ഭൂചലനം തകര്‍ത്തെറിഞ്ഞ നേപ്പാളിന് പുതിയ പ്രതിസന്ധിയായി പൂഴ്ത്തിവെപ്പും കരിഞ്ചന്തയും. ചെറുകിട കച്ചവടക്കാരും മൊത്തക്കച്ചവടക്കാരും ടാക്സി-റിക്ഷ ഡ്രൈവര്‍മാരും ഹോട്ടലുകാരും ഉള്‍പ്പെടെ എല്ലാവരും തോന്നിയ വില ഈടാക്കിത്തുടങ്ങിയതോടെ കിടപ്പാടം വരെ നഷ്ടപ്പെട്ടവര്‍ പട്ടിണിയുടെ പടിവാതില്‍ക്കലാണ്. അന്യായ നിരക്കുകളാണ് ഈടാക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും പ്രതിരോധിക്കാനോ നടപടിയെടുക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഇരകളും സര്‍ക്കാറും. ബിസ്ക്കറ്റ്, പാല്‍, കുപ്പിവെള്ളം, ന്യൂഡ്ല്‍സ്, തുടങ്ങിയവക്കായി തുറന്ന കടകള്‍ക്ക് മുന്നില്‍ ജനം തടിച്ചുകൂടുകയാണ്. എന്നാല്‍, പലര്‍ക്കും വെറും കൈയോടെ മടങ്ങേണ്ട ഗതികേടാണ്.

പാല്‍ ഏറക്കുറെ ലഭ്യമല്ലാതായതോടെ നഗരത്തിലുള്ളവരുടെ ആശ്രയമായി മാറിയ പാല്‍പൊടി പാക്കറ്റിന് 400 രൂപയിലധികമാണ് കച്ചവടക്കാര്‍ ഈടാക്കുന്നത്. 212 രൂപയെന്ന പരമാവധി ചില്ലറ വിലക്ക് മുകളില്‍ പുതിയ വില സ്വയം പതിപ്പിച്ചാണ് വില്‍പന. കുടിവെള്ളം കുപ്പിക്ക് 300 രൂപയിലധികം ഈടാക്കുന്നതായി നേരത്തേതന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൃത്രിമക്ഷാമമുണ്ടാക്കുന്നവര്‍ക്കും കൊള്ള വില ഈടാക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒരു പ്രതികരണവും സൃഷ്ടിക്കാനായില്ല. വിമാനത്താവളത്തില്‍നിന്ന് താമേല്‍ വരെയുള്ള യാത്രക്ക് ടാക്സി ഡ്രൈവര്‍മാര്‍ 5000 രൂപ വരെയാണ് ഈടാക്കുന്നത്. 800 രൂപ മാത്രം കൊടുക്കേണ്ടയിടത്താണിത്. എന്നാല്‍, ഇന്ധനത്തിന് ഒരു ക്ഷാമവുമില്ളെന്നും അമിതനിരക്ക് ഈടാക്കാനുള്ള സാഹചര്യവുമില്ളെന്നും അധികൃതര്‍ പറയുന്നു. പച്ചക്കറി വിലകളും കുതിച്ചുയരുകയാണ്. മിക്കതിനും ഇപ്പോള്‍തന്നെ 50 ശതമാനത്തിന് മുകളില്‍ വിലയുയര്‍ന്നു. മാംസം ലഭ്യമാകുന്ന ചുരുങ്ങിയ ഇടങ്ങളില്‍ അതിനും കൊള്ളവിലയാണ് ഈടാക്കുന്നത്.

അതേസമയം, കരിഞ്ചന്തക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അവശ്യസാധനങ്ങളുടെ ലഭ്യത കണക്കെടുക്കാനും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി ലീല മണി പൗഡേല്‍ പറഞ്ഞു.  
മൊത്തവിതരണക്കാരുടെ ഭാഗത്തുനിന്ന് സാധനങ്ങള്‍ ലഭ്യമാക്കുന്നതിലുണ്ടാകുന്ന വീഴ്ചയാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് ചെറുകിട കച്ചവടക്കാര്‍ പറയുന്നത്. എന്നാല്‍, മൊത്തവിതരണക്കാര്‍ ഇത് നിഷേധിക്കുന്നു. 1934ലെ ഭൂകമ്പത്തത്തെുടര്‍ന്ന് വിലക്കയറ്റം രൂക്ഷമായപ്പോള്‍ പിടിക്കപ്പെടുന്നവരുടെ തലവെട്ടുമെന്ന് അന്നത്തെ പ്രധാനമന്ത്രി ജങ് ബഹാദൂര്‍ റാണ പ്രഖ്യാപിച്ചിരുന്നു.
 

മിതത്വത്തിന്‍െറ അപ്പോസ്തലന്‍

Posted: 29 Apr 2015 09:59 AM PDT

Image: 

ഏറെനേരം നീണ്ടുനില്‍ക്കുന്ന ചാറ്റല്‍ മഴപോലെയാണ് അജിന്‍ക്യ രഹാനെയുടെ ബാറ്റിങ്. ഇടിയും മിന്നലുമുണ്ടാകില്ല. വീശിയടിക്കുന്ന കൊടുങ്കാറ്റുമുണ്ടാകില്ല. എല്ലാം ശാന്തം. ഇന്നിങ്സ് അവസാനിക്കുമ്പോഴാകട്ടെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഓര്‍ത്തുവെക്കാന്‍ മനോഹരമായ അനുഭവം ഈ 26 കാരന്‍ കുറിച്ചിരിക്കും.

ഐ.പി.എല്‍ സീസണ്‍ ആരംഭിക്കുമ്പോള്‍ ഗെയ്ലും ഡിവില്ലിയേഴ്സും മക്കല്ലവും കോഹ്ലിയും റെയ്നയും വാഴുന്ന പിച്ചില്‍ രഹാനെയുടെ സ്ഥാനത്തിന് വലിയ പ്രാധാന്യമൊന്നും കല്‍പ്പിച്ചിരുന്നില്ല. തികച്ചും സാധാരണക്കാരനായ ബാറ്റ്സ്മാന്‍.
എന്നാല്‍, കളി തുടങ്ങിയപ്പോള്‍ കാര്യം മാറി. അഗ്രസിവ് ക്രിക്കറ്റ് എന്നത് സ്ളെഡ്ജിങ്ങും പത്രസമ്മേളനങ്ങളും നോക്കിപ്പേടിപ്പിക്കലുമല്ളെന്ന് തെളിയിച്ചു. ചടുലതയുടെ ഭാവമായ ട്വന്‍റി20യിലും തന്‍െറ ശാന്തതക്കും പക്വതക്കും സ്ഥാനമുണ്ടെന്ന് തെളിയിച്ചു. വലിയ താരനിരകളും അവകാശ വാദങ്ങളുമില്ലാതെ കളത്തിലിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്‍െറ വിജയങ്ങളില്‍ ഈ മുംബൈക്കാരന്‍െറ റോള്‍ സാമ്യതകളില്ലാത്തതാണ്. സീസണ്‍ പകുതി പിന്നിട്ടപ്പോള്‍ കൂറ്റനടിക്കാരെയെല്ലാം പിന്നിലാക്കി കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് രഹാനെയുടെ തലയില്‍ ഭദ്രം. ഏഴ് മത്സരങ്ങളില്‍നിന്ന് 122.81 സ്ട്രൈക്ക് റേറ്റുമായി 53.83 ശരാശരിയില്‍ 323 റണ്‍സാണ് രഹാനെ നേടിയത്.  ഇന്ത്യന്‍ ക്രിക്കറ്റില്‍ മാന്യതയുടെ ആള്‍രൂപമായ രാഹുല്‍ ദ്രാവിഡിന്‍െറ പിന്‍ഗാമി എന്ന വിശേഷണവുമായാണ് രഹാനെ ക്രീസിലത്തെിയത്. ഓരോമത്സരം കഴിയുമ്പോഴും മൂര്‍ച്ചകൂടുന്ന ടെക്നിക്. വിദേശത്തും ഉപഭൂഖണ്ഡ പിച്ചുകളിലും റണ്‍സ് കണ്ടത്തൊനുള്ള മിടുക്ക്, സമ്മര്‍ദ ഘട്ടങ്ങളില്‍ ശക്തിയാര്‍ജിക്കുന്ന ബാറ്റിങ് എന്നിവ രഹാനെയെ ദ്രാവിഡിന്‍െറ പിന്‍ഗാമിയാക്കുന്നു. സ്വഭാവ സവിശേഷതയിലും രഹാനെക്ക് സാമ്യന്‍ ദ്രാവിഡ് തന്നെ.

പൂജ്യത്തോടെയായിരുന്നു രഹാനെ  ഈ സീസണില്‍ തുടങ്ങിയത്. എന്നാല്‍, പിന്നീട് കണ്ടത് ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ 47 റണ്‍സെടുത്ത് ടീമിന്‍െറ വിജയത്തില്‍ നിര്‍ണായകമായി. മൂന്നാമത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 46 റണ്‍സെടുത്തും രഹാനെ ഫോമിലേക്കുയര്‍ന്നു. പിന്നീട് തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറികള്‍. വിശാഖപട്ടണത്ത് സണ്‍റൈസേഴ്സിനെതിരെ 62 റണ്‍സ് നേടിയപ്പോള്‍ അഹമ്മദാബാദില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ 76 ഉം തൊട്ടടുത്ത മത്സരത്തില്‍ പഞ്ചാബിനെതിരെ 74 ഉം റണ്‍സെടുത്ത് മിടുക്ക് തെളിയിച്ചു. കൊട്ടിഘോഷിപ്പുകളും ആര്‍പ്പുവിളികളുമില്ലാതെയാണ് രഹാനെയും രാജസ്ഥാന്‍ റോയല്‍സും ഈ സീസണില്‍ ഇറങ്ങിയത്. കളിക്കളത്തില്‍ സംഭവിക്കുന്ന നേരെ മറിച്ചാണ്. വാഴ്ത്തപ്പെടുന്നവര്‍ വീഴുന്നിടത്ത് രഹാനെയും റോയല്‍സും മുന്നേറുകയാണ്.

ഗുജറാത്തില്‍ 15 വയസ്സിനുള്ളില്‍ വിവാഹിതരായവര്‍ 1.76 ലക്ഷം

Posted: 29 Apr 2015 08:44 AM PDT

Image: 

അഹ്മദാബാദ്: കുരുന്നുപ്രായത്തില്‍ വിവാഹിതരാവുന്ന 15 വയസ്സാവും മുമ്പേ ദാമ്പത്യത്തിലേക്ക് കടന്നവരാണ്. ഈ വിഭാഗത്തില്‍ 27,247 പെണ്‍കുട്ടികള്‍ക്ക് രണ്ടു വീതവും 8665 പേര്‍ക്ക് ഓരോന്നുവീതവും മക്കളുണ്ട്. ഇന്ത്യയില്‍ നിലവിലുള്ള വിവാഹനിയമമനുസരിച്ച് പുരുഷന്മാര്‍ 21 വയസ്സിന് മുമ്പും സ്ത്രീകള്‍ 18 വയസ്സിന് മുമ്പും വിവാഹിതരാകാന്‍ പാടില്ല.
15നും 19നും ഇടയില്‍ പ്രായക്കാരായ 2,30,491 ആണ്‍കുട്ടികളും ഇതേ പ്രായത്തില്‍ 3,97,211 പെണ്‍കുട്ടികളുമാണ് വിവാഹിതരായത്. ഈ പെണ്‍കുട്ടികളില്‍ 30,331 പേര്‍ക്ക് മൂന്നിലേറെയാണ് മക്കള്‍.10നും 14നുമിടയില്‍ ദാമ്പത്യമാരംഭിച്ച 811 പെണ്‍കുട്ടികള്‍ വിവാഹമോചിതരായി. 1596 പേര്‍ ഭര്‍ത്താക്കന്മാരില്‍നിന്ന് അകന്നുജീവിക്കുന്നു. 4183 ബാലികമാര്‍ 14ാം വയസ്സില്‍ വിധവകളായി.
ഗ്രാമീണ മേഖലയിലാണ് ശൈശവവിവാഹം കൂടുതലെന്ന് ഗജപഗിന ഗ്രാമാധികാരി മണിഭായ് വങ്കര്‍ പറഞ്ഞു. 15ല്‍ താഴെ പ്രായത്തില്‍ വിവാഹിതരായ1.06 ലക്ഷം പെണ്‍കുട്ടികളില്‍ 57,432 പേര്‍ ഗ്രാമീണരാണ്.
പരമ്പരാഗത ആചാരങ്ങള്‍ പിന്തുടരുന്നതാണ് ശൈശവ വിവാഹം വര്‍ധിക്കാന്‍ കാരണമെന്ന് മറ്റൊരു ഗ്രാമാധികാരി പറഞ്ഞു.

ബാള്‍ട്ടിമോര്‍ കലാപം:പ്രതിഷേധമൊടുങ്ങുന്നില്ല; സംഘര്‍ഷം; വെടിവെപ്പ്

Posted: 29 Apr 2015 08:32 AM PDT

Image: 
Subtitle: 
രണ്ടുപേര്‍ക്ക് വെടിയേറ്റു

വാഷിങ്ടണ്‍: യു.എസിലെ ബാള്‍ട്ടിമോറില്‍ പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രിക്കാന്‍ തെരുവിലിറങ്ങിയ പൊലീസും അക്രമികളും വീണ്ടും ഏറ്റുമുട്ടി. കലാപകാരികളെ ഒതുക്കാന്‍ രണ്ടാം ദിവസമായ ചൊവ്വാഴ്ച ആയിരക്കണക്കിന് പൊലീസുകാരാണ് തെരുവിലിറങ്ങിയത്. നാഷനല്‍ ഗാര്‍ഡ് സേനയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അക്രമികളെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകവും കുരുമുളക് പൊടി സ്പ്രേയും പ്രയോഗിച്ചു. പൊലീസ് നടപടിയില്‍ രണ്ടു പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു.
എന്നിരുന്നാലും നൂറോളം പേര്‍ കര്‍ഫ്യൂ അവഗണിച്ച് നഗരത്തില്‍ ഏറ്റവും കൂടുതല്‍ കൊള്ള നടന്ന ജങ്ഷനില്‍ തടിച്ചുകൂടി. ഇവരെ റബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് പിരിച്ചുവിട്ടു. ഏഴു പേരെ ഇവിടെനിന്നും മൂന്നു പേരെ നഗരത്തിന്‍െറ വ്യത്യസ്തയിടങ്ങളില്‍നിന്നും അറസ്റ്റ് ചെയ്തു. ബോട്ടിലുകളും ഗ്യാസ് നിറച്ച കുപ്പികളും പൊലീസിനുനേര്‍ക്ക് എറിഞ്ഞാണ് പലരും പ്രതിഷേധം പ്രകടിപ്പിച്ചത്. പൊലീസിന്‍െറ ക്രൂരമായ നടപടികള്‍ അവസാനിപ്പിക്കുക എന്ന പോസ്റ്ററുകള്‍ ഉയര്‍ത്തിയും കറുത്ത വര്‍ഗക്കാരുടെ ജീവനും പ്രധാനമാണ് എന്ന ഗാനം ആലപിച്ചും പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി. നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനാല്‍ ഹെലികോപ്ടറുകളില്‍ വ്യോമനിരീക്ഷണവും സായുധ വാഹനങ്ങളില്‍ റോഡുകളിലും പൊലീസ് കര്‍ശന പരിശോധന നടത്തുകയാണ്. വൈകീട്ട് 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് കര്‍ഫ്യൂ. കര്‍ഫ്യൂ കാരണം കാര്യമായ ആക്രമണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കലാപം നിയന്ത്രണ വിധേയമാക്കിയതായാണ് സൂചന. മേരിലാന്‍ഡ് സ്റ്റേറ്റിലെ വിവിധ ഭാഗങ്ങളില്‍നിന്ന് 1000ത്തോളം പൊലീസുകാരും 2000ത്തിലേറെ നാഷനല്‍ ഗാര്‍ഡ് സേനയുമാണ് നഗരത്തിലിറങ്ങിയത്. ന്യൂജഴ്സി, കൊളംബിയ ജില്ലയില്‍നിന്നും പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി.  
ചിലര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടതൊഴിച്ചാല്‍, കര്‍ഫ്യൂ കാരണം ജനങ്ങളാരും പുറത്തിറങ്ങിയില്ല. കൊള്ളയും ആക്രമണങ്ങളും സംയുക്തസേന വെച്ചുപൊറുപ്പിക്കില്ളെന്ന് ഗവര്‍ണര്‍ ലാറി ഹൊഗാന്‍ പറഞ്ഞു. കര്‍ഫ്യൂ ശക്തമായി നടപ്പാക്കുന്നുണ്ടെന്നും പൊലീസ്, നാഷനല്‍ ഗാര്‍ഡ് സേന നഗരത്തില്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.  
കറുത്തവര്‍ഗക്കാരനായ യുവാവ് ഫ്രെഡി ഗ്രേ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്നാണ് നിരവധി വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം ബാള്‍ട്ടിമോറില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്. തിങ്കളാഴ്ച ആയിരക്കണക്കിന് യുവാക്കള്‍ തെരുവിലിറങ്ങി പൊലീസിനുനേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. 20 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. 19 കെട്ടിടങ്ങള്‍ക്ക് തീവെച്ചു.  മൊത്തം 6,20,000 ജനങ്ങളുള്ള ബാള്‍ട്ടിമോറില്‍ കാല്‍ഭാഗവും ദാരിദ്ര്യരേഖക്ക് താഴെയാണ്.

ഗെറ്റാഫയെ ഗോളില്‍ മുക്കി ബാഴ്സ

Posted: 29 Apr 2015 05:50 AM PDT

Image: 
Subtitle: 
മെസ്സിക്കും സുവാരസിനും ഇരട്ടഗോള്‍ •മെസ്സി-സുവാരസ് -നെയ്മര്‍ ത്രയത്തിന് സീസണില്‍ ഗോള്‍ സെഞ്ച്വറി

ബാഴ്സലോണ: നൗക്യാംപില്‍ ഗെറ്റാഫെ വലയില്‍ ഗോള്‍ മഴയായിരുന്നു. ബാഴ്സലോണയുടെ സൂപ്പര്‍ താരങ്ങള്‍ ‘ഗോള്‍ പരിശീലനം’ നടത്താന്‍ തീരുമാനിച്ചതുപോലെ ഒരുമ്പെട്ടിറങ്ങിയപ്പോള്‍ ഗെറ്റാഫെ വാങ്ങിക്കൂട്ടിയത് ആറ് എണ്ണം പറഞ്ഞ ഗോളുകള്‍. തിരികെ ഒന്നും നല്‍കാനുമായില്ല. സ്പാനിഷ് ലീഗില്‍ കിരീടപ്പോരാട്ടത്തില്‍ നിലവില്‍ ഒന്നാമതുള്ള ബാഴ്സക്ക് അങ്ങനെ നിര്‍ണായക മത്സരത്തില്‍ 6-0ത്തിന്‍െറ തകര്‍പ്പന്‍ ജയം. ലയണല്‍ മെസ്സിയും ലൂയിസ് സുവാരസും എതിര്‍വലയില്‍ രണ്ടുതവണ വീതം തീകോരിയിട്ടപ്പോള്‍ നെയ്മറും സാവിയുമാണ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയ മറ്റ് രണ്ട് സ്കോറര്‍മാര്‍. ഗോള്‍ അടിച്ചവരെല്ലാം പരസ്പരം അസിസ്റ്റ് ചെയ്ത് പിറന്ന ഗോളുകള്‍ എന്ന പ്രത്യേകതയും ഗെറ്റാഫെയുടെ വലയിലത്തെിയ ആറെണ്ണത്തിനും അവകാശപ്പെടാനുണ്ട്.

ഗെറ്റാഫെക്കെതിരായ വേട്ടയിലൂടെ മെസ്സി^നെയ്മര്‍^സുവാരസ് ത്രയം സീസണില്‍ ‘ഗോള്‍ സെഞ്ച്വറി’ പൂര്‍ത്തിയാക്കുകയും ചെയ്തു. ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ്, കോപ ഡെല്‍ റെ എന്നിവയിലായി 102 ഗോളുകളാണ് മൂവര്‍സംഘം ഈ സീസണില്‍ അടിച്ചുകൂട്ടിയത്. ജയത്തോടെ 34 മത്സരങ്ങളില്‍നിന്ന് 84 പോയന്‍റായ ബാഴ്സക്ക്, 33 മത്സരം കളിച്ച് രണ്ടാമതുള്ള റയല്‍ മഡ്രിഡുമായുള്ള വ്യത്യാസം അഞ്ച് പോയന്‍റാണ്. മൂന്നാമതുള്ള അത്ലറ്റികോ മഡ്രിഡിന് 72 പോയന്‍റ് മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ കിരീടം പിടിക്കാനുള്ള പോരാട്ടം രണ്ടു സീസണുകള്‍ക്ക് ശേഷം ഒന്നാമതത്തൊന്‍ കൊതിക്കുന്ന ബാഴ്സയും മൂന്നു സീസണുകള്‍ക്ക് ശേഷം കിരീടം മോഹിക്കുന്ന റയലും തമ്മിലാണ്. ഇനി ലിഗയില്‍ ഇരുടീമുകള്‍ക്കും ശേഷിക്കുന്ന ഓരോ മത്സരവും നിര്‍ണായകമാകും.

കഴിഞ്ഞ ഡിസംബറില്‍ തങ്ങളുടെ തട്ടകത്തില്‍ ബാഴ്സയെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയതിന്‍െറ ആത്മവിശ്വാസവുമായാണ് ഗെറ്റാഫെ നൗക്യാംപിലെ സിംഹമടയിലത്തെിയത്. എന്നാല്‍, ആദ്യ പകുതിയിലെ 5-0 സ്കോര്‍ തന്നെ ഉറപ്പിച്ചു, ഗെറ്റാഫെയുടെ മടക്കം ദുരിതം പേറിയാകുമെന്ന്. അന്ന് ഗോള്‍ നേടാന്‍ കഴിയാത്തതിന്‍െറ നിരാശ മാറ്റാനെന്നവണ്ണം ലൂയിസ് എന്‍റികിന്‍െറ കുട്ടികള്‍ എതിര്‍നിരയെ വിറപ്പിച്ചു.

ഒമ്പതാം മിനിറ്റില്‍ മെസ്സിയാണ് വേട്ടക്ക് തുടക്കമിട്ടത്.അനായാസം വലയില്‍ കയറിയൊരു പെനാല്‍റ്റി. 25ാം മിനിറ്റില്‍ ലീഡ് 2^0 ആക്കി ഉയര്‍ത്തിക്കൊണ്ട് മെസ്സിയുടെ സഹായം സ്വീകരിച്ച് മനോഹരമായൊരു വോളിയിലൂടെ സുവാരസിന്‍െറ വക വലകുലുക്കല്‍ അരങ്ങേറി. തന്‍െറ രണ്ട് സൂപ്പര്‍ സഹപ്രവര്‍ത്തകരും എതിര്‍വല മുത്തമിട്ട് നില്‍ക്കുമ്പോള്‍ നെയ്മര്‍ക്ക് പിന്നാക്കം പോകാനാകില്ലല്ളോ. മൂന്നു മിനിറ്റിനപ്പുറം സുവാരസിന്‍െറ അസിസ്റ്റില്‍ നെയ്മറും സ്വന്തമാക്കി അസ്സലൊരു ഗോള്‍. ആ ഗോളോടെ മൂവര്‍സംഘം ഗോള്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. അസിസ്റ്റിങ് കണ്ണി മുറിയാതെ കാത്ത നെയ്മറുടെ പാസില്‍ നിന്ന് 30ാം മിനിറ്റില്‍ സാവിയും വലകുലുക്കി. ആദ്യ 30 മിനിറ്റിനുള്ളില്‍ 4^0 ത്തിന് ബാഴ്സ മുന്നില്‍. 10 മിനിറ്റിനപ്പുറം സുവാരസിന്‍െറ വക രണ്ടാം ഗോളത്തെി. അസിസ്റ്റായത് സാവി. അഞ്ചു ഗോളുകളുടെ മികവുമായി ആദ്യപകുതിക്ക് പിരിഞ്ഞ ബാഴ്സ തിരിച്ചത്തെിയിട്ടും ആക്രമണ സ്വഭാവത്തില്‍ മാറ്റമൊന്നുമുണ്ടായില്ല. 47ാം മിനിറ്റില്‍ തന്നെ മെസ്സി രണ്ടാമതും വലകുലുക്കിയതോടെ 6^0 എന്ന അനിഷേധ്യ നിലയിലേക്ക് ബാഴ്സ ഉയര്‍ന്നു. സുവാരസിന്‍െറ വകയായിരുന്നു ഇത്തവണ അസിസ്റ്റ്. മെസ്സിയുടെ ഈ സീസണിലെ 38ാം ലീഗ് ഗോളാണിത്. ആറുതവണ എതിര്‍പ്രതിരോധത്തെ തകര്‍ത്തെറിഞ്ഞ ബാഴ്സ പിന്നീട് ‘വിശ്രമിച്ചതോടെ’ കൂടുതല്‍ നാണക്കേടില്ലാതെ ഗെറ്റാഫെ നൗക്യാംപിന്‍െറ പടിയിറങ്ങി. ലാ ലിഗയില്‍ തുടര്‍ച്ചയായ 10ാം മത്സരമാണ് ബാഴ്സ തോല്‍വിയറിയാതെ പിന്നിട്ടത്.

കാല്‍നൂറ്റാണ്ടിനിപ്പുറത്തും ഖല്‍ബാണ് കാല്‍പ്പന്ത്

Posted: 29 Apr 2015 05:01 AM PDT

Image: 
Subtitle: 
കേരള പൊലീസിന്‍െറ പ്രഥമ ഫെഡറേഷന്‍ കപ്പ് നേട്ടത്തിന് ഇന്നേക്ക് 25 വര്‍ഷം

മലപ്പുറം: ഇന്ന് ഏപ്രില്‍ 29. കൃത്യം 25 വര്‍ഷം മുമ്പാണ് എക്കാലത്തെയും മികച്ച നേട്ടങ്ങളിലൊന്നിലേക്ക് ഫുട്ബാള്‍ കേരളം പന്തുതട്ടിയത്. 1990ല്‍ തൃശൂരില്‍ നടന്ന ഫെഡറേഷന്‍ കപ്പ്  ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ സാല്‍ഗോക്കര്‍ ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് കേരള പൊലീസ് ടീം കിരീടം ചൂടി.

തൊട്ടടുത്ത വര്‍ഷം കണ്ണൂരിലും നേട്ടം ആവര്‍ത്തിച്ചെങ്കിലും പിന്നീടിങ്ങോട്ട് പൊലീസിനോ മറ്റേതെങ്കിലും കേരള ടീമിനോ കപ്പിലേക്ക് എത്തിനോക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. 1990ല്‍ പൊലീസ് സംഘത്തെ നയിച്ച കുരികേശ് മാത്യുവും പ്രതിരോധം കാത്ത സി. ജാബിറും മലബാര്‍ പ്രീമിയര്‍ ലീഗിന്‍െറ കിരീടപ്പോരാട്ടത്തിനിറങ്ങിയ എം.എസ്.പി ഡെല്‍റ്റ ഫോഴ്സിനൊപ്പം ചൊവ്വാഴ്ച വൈകീട്ട് കോട്ടപ്പടി മൈതാനത്ത് നില്‍ക്കുമ്പോള്‍ മനസ്സ് നിറയെ കാല്‍നൂറ്റാണ്ട് മുമ്പത്തെ ഓര്‍മകളായിരുന്നു.

കരുത്തിന്‍െറ കാര്യത്തില്‍ പൊലീസിനേക്കാള്‍ ഒരുപടി മുന്നിലായിരുന്നു അന്ന് സാല്‍ഗോക്കര്‍. ബ്രൂണോ കുട്ടിന്യോ, റോയി ബാരറ്റോ, ഡെറിക് പെരേര, സാവിയോ മെഡേര, ഗോള്‍ കീപ്പര്‍ ബ്രഹ്മാനന്ദ് തുടങ്ങിയ വിഖ്യാതരുടെ സംഘം. പക്ഷേ, സി.വി. പാപ്പച്ചനെന്ന മുന്നേറ്റനിരക്കാരന്‍ കളിയുടെ ഗതിമാറ്റി. 20, 75 മിനിറ്റുകളില്‍ പാപ്പച്ചന്‍ നേടിയ ഗോളുകള്‍ പൊലീസ് ടീമിന് ചരിത്രജയം. സാല്‍ഗോക്കറിന്‍െറ ഏകഗോള്‍ സന്‍റണ്‍ കോളോക്കയുടെ വകയും. കണ്ണൂരില്‍ എതിരില്ലാത്ത രണ്ട് ഗോളിന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെ തോല്‍പ്പിച്ചായിരുന്നു രണ്ടാമത്തെയും അവസാനത്തെയും കിരീടം.1990ലെ വിജയത്തെ ജീവിതത്തിലെ ഏറ്റവും നിറമുള്ള ഓര്‍മകളുടെ ഗണത്തിലാണ് ഇപ്പോള്‍ എം.എസ്.പി ഡെപ്യൂട്ടി കമാന്‍ഡന്‍റായ കുരികേശ് എണ്ണുന്നത്.
ഫെഡറേഷന്‍ കപ്പ് ഓരോ നിമിഷവും മനസ്സില്‍നിന്ന് മായാതിരിക്കാന്‍ ഏതാനും നാള്‍ക്ക് ശേഷം മകള്‍ ജനിച്ചപ്പോള്‍ അവള്‍ക്ക് ഫെഡ്രീന എന്നും പേരിട്ടു. 1990ലെ ഫെഡറേഷന്‍ കപ്പിലൂടെയാണ് ജാബിര്‍ അരങ്ങേറ്റം കുറിച്ചത്.

ഗാലറിയിലെ ഇരമ്പിയാര്‍ക്കുന്ന ജനക്കൂട്ടം നല്‍കിയ ഊര്‍ജമായിരുന്നു വിജയത്തിന്‍െറ രഹസ്യമെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ ജാബിര്‍ പറയുന്നു. ഫെഡറേഷന്‍ കപ്പ് നിര്‍ത്തിവെക്കുന്നുവെന്ന വാര്‍ത്തകള്‍ ശുഭകരമല്ളെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. മലബാര്‍ പ്രീമിയര്‍ ലീഗില്‍ എം.എസ്.പി ഡെല്‍റ്റ ഫോഴ്സ് ടീമിന്‍െറ സെലബ്രിറ്റി ഗെസ്റ്റാണ് കുരികേശ്, ജാബിര്‍ മാനേജറും. ഫെഡറേഷന്‍ കപ്പ് ടീമിലെ പ്രമുഖര്‍ എം.പി.എല്ലിനായി മലപ്പുറത്തത്തെിയിരുന്നു.
ഐ.എം. വിജയനാണ് ഐക്കണ്‍ ഓഫ് എം.പി.എല്‍ അന്ന് പൊലീസിന്‍െറ ഗോള്‍വല കാത്ത കെ.ടി. ചാക്കോ, സ്കോര്‍ ചെയ്ത സി.വി. പാപ്പച്ചന്‍, യു. ഷറഫലി എന്നിവര്‍ വിവിധ ടീമുകളുടെ സെലബ്രിറ്റി ഗെസ്റ്റുകളായി. സത്യന്‍, ആന്‍സണ്‍, ബാബുരാജ്, അലക്സ് എബ്രഹാം, തോബിയാസ്, കലാധരന്‍, ഹബീബ് റഹ്മാന്‍, രാജേന്ദ്രന്‍, ലിസ്റ്റണ്‍ തുടങ്ങിയവരും അന്നത്തെ കേരള പൊലീസ് ടീമിലുണ്ടായിരുന്നു. എ.എം. ശ്രീധരനും ടി.കെ. ചാത്തുണ്ണിയുമായിരുന്നു പരിശീലകര്‍.

മാലിന്യം കൊണ്ട് നിറഞ്ഞു; ബംഗളൂരുവില്‍ തടാകം പതഞ്ഞുപൊങ്ങി

Posted: 29 Apr 2015 04:05 AM PDT

Image: 

ബംഗളൂരു: അലക്കു യന്ത്രത്തില്‍ കണക്കില്ലാതെ ഡിറ്റര്‍ജന്‍റ് പൊടി ഇട്ടാലെന്നവണ്ണം ആയിരുന്നു ആ കാഴ്ച! വാര്‍ത്തൂര്‍ തടാകം പതഞ്ഞുപൊങ്ങിക്കൊണ്ടിരുന്നു. കണ്ടു നിന്നവര്‍ അന്തം വിട്ടു. അഞ്ച് അടിയിലേറെ ഉയര്‍ന്ന ഈ പത സമീപത്തെ റോഡിലേക്കു വരെ കയറിയത്തെി. 445.14 ഏക്കറില്‍  പരന്നുകിടക്കുന്ന തടാകം ആ സ്ഥലവും പോരാഞ്ഞ് കരയിലേക്ക് കയറിയെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?
എന്തായാലും അങ്ങനെ സംഭവിച്ചു. അതിനിടയാക്കിയതാവട്ടെ ലക്കും ലഗാനുമില്ലാതെ തടാകത്തിലേക്ക് എത്തുന്ന നഗരമാലിന്യവും.

ഇത് ആദ്യത്തെ തവണയല്ല, തടാകം പതഞ്ഞു പൊങ്ങുന്നത്. എന്നാല്‍ കരയിലേക്ക് കയറുന്നത് തങ്ങള്‍  ആദ്യമായാണ് കണ്ടതെന്ന് വാര്‍ത്തൂര്‍ തടാകത്തിന്‍റെ വീണ്ടെടുപ്പിനായി ശബ്ദമുയര്‍ത്തുന്ന ‘വൈറ്റ്ഫീല്‍ഡ് റൈസിങ്ങി’ന്‍റെ ഇളങ്കോവന്‍ പറയുന്നു. തടാകത്തില്‍ തള്ളുന്ന രാസാംശങ്ങള്‍ അടങ്ങിയ മാലിന്യങ്ങളില്‍ ആണ് പതഞ്ഞു നുരക്കലിന് കാരണമായതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ യെല്ലപ്പ റെഡ്ഡി പറഞ്ഞു. ഇതുമൂലം തടാകത്തിലെ ഓക്സിജന്‍റെ അളവ് കുറയുകയും അമോണിയം, ഫോസ്ഫേറ്റ് തുടങ്ങിയവയുടെ അംശം വളരെ കൂടുകയും ചെയ്തു. ഇത് തടാകത്തിന്‍റെ ക്രമേണയുള്ള അന്ത്യത്തിലേക്കു വരെ നയിക്കുമെന്നും യെല്ലപ്പ റെഡ്ഡി ചൂണ്ടിക്കാട്ടുന്നു.

ടോയ് ലറ്റ് വൃത്തിയാക്കുന്നതും വാഷിംങ് മെഷീനില്‍ നിന്നു പുറന്തള്ളുന്നതുമായ വെള്ളം തടാകത്തിലേക്ക് ക്രമാതീതമായി ഒഴുക്കിവിടുന്നുണ്ട്. വെള്ളം ചൂടുപിടിച്ചപ്പോള്‍ ഡിറ്റര്‍ജന്‍റുകളും മറ്റു രാസഘടകങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിച്ചതാവാം ഈ പ്രതിഭാസത്തിന് കാരണമായതെന്ന് കര്‍ണാടക സ്റ്റേറ്റ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കായലിന്‍റെ പത്ത് ഏക്കറോളം കയ്യേറിയതായി കഴിഞ്ഞ മാര്‍ച്ച് 28ന് ഇവിടെ സന്ദര്‍ശിച്ച ഉപലോകായുക്ത സുഭാഷ് ബി ആദി കണ്ടത്തെിയിരുന്നു.

മാണിയുടെ ഒൗദ്യോഗിക വസതിയില്‍ വിജിലന്‍സ് പരിശോധന

Posted: 29 Apr 2015 03:56 AM PDT

Image: 

തിരുവനന്തപുരം: ബാര്‍ കോഴ കേസിന്‍െറ അന്വേഷണ ഭാഗമായി വിജിലന്‍സ് ധനമന്ത്രി മാണിയുടെ ഒൗദ്യോഗിക വസതിയില്‍ പരിശോധന നടത്തി. മഹസര്‍ തയാറാക്കുന്നതിന്‍െറ ഭാഗമായി ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അന്വേഷണസംഘം പ്രശാന്തിലത്തെി തെളിവെടുത്തത്. വിജിലന്‍സ് നടപടികള്‍ അരമണിക്കൂര്‍ നീണ്ടു.

പരിശോധനയില്‍ വസതിയില്‍ ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശിന്‍െറ വാഹനം എത്തിയതിന് തെളിവ് കണ്ടത്തെി. മാണിക്ക് കോഴ നല്‍കാന്‍ ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് രാജ്കുമാര്‍ ഉണ്ണി തന്‍െറ കാറില്‍ പോയെന്നാണ് ബിജു വിജിലന്‍സിന് നല്‍കിയ മൊഴി. ഇത് സാധൂകരിക്കുന്ന സാഹചര്യത്തെളിവാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. മാണിയുടെ ഒൗദ്യോഗിക വസതിയായ പ്രശാന്തിലെ വാഹനരജിസ്റ്ററിലാണ് ബിജുവിന്‍െറ കാര്‍ നമ്പര്‍ കണ്ടത്തെിയത്. 2014 ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ ആറരയോടെ നന്ദന്‍കോട് ക്ളിഫ്ഹൗസ് കോമ്പൗണ്ടിലെ ‘പ്രശാന്തി’യിലേക്ക് കെ.എല്‍ 01ബി.ബി 7878 നമ്പര്‍ ഇന്നോവ കാര്‍ എത്തിയതായാണ് ഗാര്‍ഡ് റൂമിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. രജിസ്റ്റര്‍ വിജിലന്‍സ് അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്.

അടച്ചുപൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി ആവശ്യപ്പെട്ട തുകയിലെ മൂന്നാംഗഡുവായ 35 ലക്ഷം കൈമാറിയ രാജ്കുമാര്‍ ഉണ്ണി, ഭാരവാഹിയായ കൃഷ്ണദാസ് എന്നിവരെ മന്ത്രിമന്ദിരത്തിലത്തെിച്ചത് താനാണെന്ന് ബിജുവിന്‍െറ ഡ്രൈവര്‍ അമ്പിളി (വിജയകുമാര്‍) വിജിലന്‍സിന് മൊഴിനല്‍കിയിരുന്നു. പെട്ടിയിലുള്ള 35 ലക്ഷം മന്ത്രിക്ക് നല്‍കാനാണെന്ന് കാറിലിരുന്നവര്‍ പറഞ്ഞെന്നും മന്ത്രിയെ കണ്ട് തിരിച്ചത്തെിയപ്പോള്‍ പെട്ടിയുണ്ടായിരുന്നില്ളെന്നും പണം നല്‍കിയതായി ആരെയൊക്കെയോ ഫോണില്‍ വിളിച്ചറിയിച്ചെന്നും അമ്പിളിയുടെ മൊഴിയിലുണ്ട്. ഇത് സ്ഥിരീകരിക്കുകയായിരുന്നു വിജിലന്‍സിന്‍െറ ലക്ഷ്യം. വീടിനുപുറത്തും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇതിനുശേഷമാണ് വാഹനരജിസ്റ്റര്‍ പിടിച്ചെടുത്തത്. ബിജുവും മറ്റൊരു ബാര്‍ ഉടമയായ സജി ഡൊമനിക്കും മാത്രമാണ് മാണിക്കെതിരായി മൊഴി നല്‍കിയിട്ടുള്ളത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം പുരോഗമിക്കുന്ന അന്വേഷണത്തില്‍ വാഹനരജിസ്റ്റര്‍ നിര്‍ണായകമായേക്കും.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ആര്‍. സുകേശന്‍ മാണിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നെന്ന് ആരോപിച്ച് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് രാജ്കുമാര്‍ ഉണ്ണി വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിന് പരാതി നല്‍കി. ബിജുവും സുകേശനും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. മൊഴി രേഖപ്പെടുത്തുന്നത് കാമറയില്‍ പകര്‍ത്തുന്നുണ്ട്. എന്നാല്‍, മാണിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ കാമറ ഓഫ് ചെയ്യുന്നു. ഇക്കാര്യം അന്വേഷിക്കണം. ബാര്‍ ഉടമകളെ നുണപരിശോധന നടത്തുന്നതിനുമുമ്പ് ബിജു രമേശിനെയും ഡ്രൈവര്‍ അമ്പിളിയെയും നുണപരിശോധനക്ക് വിധേയരാക്കണമെന്നും പരാതിയില്‍ പറയുന്നു.

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP