സ്വാഗതം
WELCOME

News Update..

Tuesday, April 14, 2015

അധ്യാപകന്റെ മരണം: വ്യാജരേഖ ചമച്ചതിന് ഡോക്ടര്‍ അറസ്റ്റില്‍ Madhyamam News Feeds

അധ്യാപകന്റെ മരണം: വ്യാജരേഖ ചമച്ചതിന് ഡോക്ടര്‍ അറസ്റ്റില്‍ Madhyamam News Feeds

Link to

അധ്യാപകന്റെ മരണം: വ്യാജരേഖ ചമച്ചതിന് ഡോക്ടര്‍ അറസ്റ്റില്‍

Posted: 14 Apr 2015 01:30 AM PDT

Image: 

കോഴിക്കോട്: മുന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ കെ.കെ. അനീഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ഡോക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് ചെറുവണ്ണൂര്‍ കോയാസ് ഹോസ്പിറ്റല്‍ എം.ഡി ഡോക്ടര്‍ എം.എ കോയയാണ് അറസ്റ്റിലായത്. അനീഷ്കുമാര്‍ പ്യൂണിനെ മര്‍ദിച്ചു എന്ന് ഡോക്ടര്‍ രേഖയുണ്ടാക്കിയിരുന്നു. എന്നാല്‍ ഇത് അധ്യാപകനെ ക്രിമിനല്‍ കേസില്‍ കുടുക്കാനും ജോലിയില്‍ നിന്ന് നീക്കം ചെയ്യാനുമായി വ്യാജമായി നിര്‍മിച്ചതാണെന്ന് പൊലിസ് കണ്ടത്തെുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത ഡോ.കോയയെ കോഴിക്കോട് പൊലിസ് കമ്മീഷണര്‍ ആസ്ഥാനത്ത് ചോദ്യം ചെയ്യുകയാണ്.

2013 ഫെബ്രുവരി അഞ്ചിന് എസ്.എസ.്എല്‍.സി ക്യാമ്പ് നടക്കുന്നതിനിടെ കെ.കെ.അനീഷ് സ്കൂളിലെ ലാബില്‍ ചെരുപ്പിട്ട് കയറുകയും, തുടര്‍ന്ന് അനീഷിനെ പ്യൂണ്‍ മുഹമ്മദ് അഷ്റഫ് അസഭ്യം പറയുകയും ചെയ്തിനത്തെുടര്‍ന്നുണ്ടായ സംഘര്‍ഷം അനീഷിനെതിരായി സ്കൂള്‍ മാനേജര്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. മുഹമ്മദ് അഷ്റഫിനെ അനീഷ് ബെഞ്ചിന്‍െറ മരക്കാല്‍ ഉപയോഗിച്ച് തലക്കടിച്ച് മുറിവുണ്ടാക്കിയെന്ന് കാണിച്ച് കോയാസ് ആശുപത്രിയില്‍ ചികിത്സ തേടുകയും ആ രീതിയില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുകയുമായിരുന്നു. ആശുപത്രി അധികൃതര്‍ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് അനീഷ്കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. തുടര്‍ന്ന് മലമ്പുഴയിലെ സ്വകാര്യ ലോഡ്ജില്‍ അധ്യാപകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്തെുകയായിരുന്നു.

സമീപത്ത് ഒട്ടേറെ നഴ്സിംഗ് ഹോമുകളും ആശുപത്രികളും ഉണ്ടായിട്ടും മുന്നിയൂരിയില്‍ നിന്ന് നാല്‍പത് കിലോമീറ്റര്‍ അകലെയുള്ള സ്കൂള്‍ മാനേജരുടെ ബന്ധുവിന്‍െറ ഉടമസ്ഥതയിലുള്ള കോയാസ് ആശുപത്രിയിലാണ് മുഹമ്മദ് അഷ്റഫ് ചികിത്സ തേടിയത് എന്ന് ആരോപണമുണ്ടായിരുന്നു.

 

പ്രഖ്യാപനങ്ങളിലൊതുങ്ങി കൊല്ലം തുറമുഖത്തെ കപ്പല്‍ പ്രതീക്ഷകള്‍

Posted: 14 Apr 2015 12:16 AM PDT

കൊല്ലം: പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും നടത്തി മാസങ്ങള്‍ പിന്നിടുമ്പോഴും കൊല്ലം തുറമുഖത്തേക്ക് കപ്പലുകള്‍ എത്തിയില്ല. തൂത്തുക്കുടി, ലക്ഷദ്വീപ്, മാലി എന്നിങ്ങനെ വിവിധ തുറമുഖങ്ങളില്‍നിന്ന് ഇവിടേക്ക് കപ്പല്‍ സര്‍വീസ് നടത്തുമെന്ന് മന്ത്രിയും ഉദ്യോഗസ്ഥരുമടക്കം പലരും പലതവണ പറഞ്ഞിരുന്നു.
ഇടക്കിടെ തുറമുഖ സന്ദര്‍ശനം നടത്തുന്നവര്‍ ഉടന്‍ സര്‍വീസ് തുടങ്ങുമെന്ന പതിവ് പ്രഖ്യാപനമാണ് നടത്തുന്നത്. തൂത്തുക്കുടി തുറമുഖത്തുനിന്ന് കൊല്ലം തുറമുഖത്തേക്ക് ഫെബ്രുവരി പകുതിയോടെ ഗതാഗതം തുടങ്ങുമെന്ന് തൂത്തുക്കുടി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എസ്. അനന്തചന്ദ്രബോസ് കൊല്ലത്ത് പ്രഖ്യാപിച്ചിരുന്നു. ചരക്ക് കപ്പലുകളാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. കശുവണ്ടിയും തടിയുമാണ് ആദ്യം കൊണ്ടുപോവുക. മറ്റ് ഉല്‍പന്നങ്ങള്‍ ഏതൊക്കെയാണെന്ന് പിന്നീട് തീരുമാനിക്കുമെന്നാണ് ചെയര്‍മാന്‍ അന്ന് പറഞ്ഞത്. പാസഞ്ചര്‍ സര്‍വീസും റോ-റോ സര്‍വീസും ആരംഭിക്കാനും തീരുമാനിച്ചിരുന്നു. തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങളില്‍ സംതൃപ്തനാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, തുടര്‍നടപടികള്‍ നീളുകയായിരുന്നു. തൂത്തുക്കുടി-കൊല്ലം തീരദേശ കപ്പല്‍ ഗതാഗതം വഴി ചരക്ക് കൊണ്ടുപോകുന്നതിന്‍െറ ചെലവുകള്‍ ഇരു തുറമുഖങ്ങളും കണക്കുകൂട്ടി കണ്ടത്തെിയിരുന്നു.
എന്നാല്‍, കപ്പല്‍ കമ്പനികള്‍ ഇത് അംഗീകരിച്ച് മുന്നോട്ടുവന്നിട്ടില്ല. ഇതിനാലാണ് ഗതാഗതം ആരംഭിക്കാന്‍ സാധിക്കാത്തതെന്നാണ് തുറമുഖ അധികൃതരുടെ വിശദീകരണം. കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന് പ്രധാന തടസ്സമായിരുന്ന ഇ.ഡി.ഐ (ഇലക്ട്രോണിക് ഡാറ്റാ ഇന്‍റര്‍ഫേസ് സിസ്റ്റം) 10 ലക്ഷം രൂപ ചെലവില്‍ കസ്റ്റംസ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, ചുമതലക്കായി കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇതുവരെ നിയമിച്ചിട്ടില്ല. ഇ.ഡി.ഐ പ്രവര്‍ത്തസജ്ജമാണെന്ന് തുറമുഖ അധികൃതര്‍ പറയുന്നു. പക്ഷേ, കൊല്ലത്തെ കസ്റ്റംസ് അധികൃതര്‍ ഡല്‍ഹി കസ്റ്റംസുമായി മെയിന്‍റനന്‍സ് കരാര്‍ ഒപ്പിടുന്നത് നീളുകയാണ്. ഇതിനുശേഷം മാത്രമെ ഇ.ഡി.ഐ സംവിധാനം പൂര്‍ണരീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂവെന്നും തുറമുഖ അധികൃതര്‍ പറയുന്നു. കൊല്ലം തുറമുഖത്തിന്‍െറ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായതോടെ അന്യസംസ്ഥാനത്തുനിന്ന് പലരും സംസ്ഥാനത്തത്തെുകയായിരുന്നു. അടുത്തിടെ ആന്ധ്രയില്‍ നിന്നത്തെിയ പോര്‍ട്ട് ട്രസ്റ്റ് ലാഭകരമായ വാഗ്ദാനങ്ങളാണ് കശുവണ്ടി വ്യവസായികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നല്‍കിയത്.
കയറ്റിറക്കും കമ്പനി നടത്താനുള്ള സൗകര്യവും വാഗ്ദാനം ചെയ്ത് നിരവധി അന്യസംസ്ഥാന കമ്പനികള്‍ ഇവിടേക്ക് വരുന്നുണ്ട്. ലാഭകരവും സൗകര്യപ്രദവുമായ തുറമുഖമെന്ന് ആദ്യഘട്ടത്തില്‍ വിലയിരുത്തിയ കൊല്ലം തുറമുഖത്തെ അവഗണിക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്നും സംശയമുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ മുന്നോട്ട് വരുന്നതുമില്ല.

ഇടതുപക്ഷ വിപുലീകരണത്തിന് നേതൃത്വം നല്‍കും ^പ്രകാശ് കാരാട്ട്

Posted: 14 Apr 2015 12:04 AM PDT

Image: 

വിശാഖപട്ടണം: മതേതര സംഘടനകളെ ഉള്‍പെടുത്തി ഇടതുപക്ഷ വിപുലീകരണത്തിന് നേതൃത്വം നല്‍കുമെന്ന് സി.പി.എം സെക്രട്ടറി പ്രകാശ് കാരാട്ട്. വര്‍ഗീയതക്കെതിരെ മതേതര ഐക്യം ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശാഖപട്ടണത്ത് നടക്കുന്ന 21ാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതരത്വം അട്ടിമറിക്കാന്‍ ബി.ജെ.പി-ആര്‍.എസ്.എസ് സഖ്യം ശ്രമിക്കുന്നു. ഒരുവര്‍ഷത്തെ ഭരണം കൊണ്ട് കുത്തകകള്‍ക്കുമാത്രമാണ് മെച്ചമുണ്ടായത്. ആവാസമേഖലകളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട ആദിവാസികളുടെ ശാക്തീകരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിജിയുടെ ഘാതകനായ ഗോഡ്സെയെ ഉയര്‍ത്തിക്കാണിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്‍്റെ അക്രമരാഷ്ട്രീയത്തെ ചെറുക്കുമെന്നും കാരാട്ട് വ്യക്തമാക്കി.

വിശാഖപട്ടണത്തെ പോര്‍ട്ട് സ്റ്റേഡിയത്തിലെ കലാവാണി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് രാവിലെ 10 മണിക്ക് പാര്‍ട്ടി കോണ്‍ഗ്രസിന് ഒൗദ്യോഗിക തുടക്കമായത്. മുന്‍ പി.ബി അംഗവും മുതിര്‍ന്ന നേതാവുമായ മുഹമ്മദ് അമീന്‍ പതാക ഉയര്‍ത്തി. പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ വി.എസ് അച്യുതാനന്ദനും പങ്കെടുത്തു. സമ്മേളനത്തിനു മുന്നോടിയായി രാവിലെ ദാബാ ഗാര്‍ഡനില്‍ ഡോ. ബി.ആര്‍ അംബേദ്കറുടെ പ്രതിമയില്‍ പ്രകാശ് കാരാട്ടും പി.ബി അംഗങ്ങളും പുഷ്പഹാരം അര്‍പ്പിച്ചു.

എസ്. രാമചന്ദ്രന്‍ പിള്ള ചെയര്‍മാനായുള്ള പ്രസീഡിയത്തില്‍ കേരളത്തില്‍ നിന്ന് എ.കെ ബാലനാണ് അംഗമായുള്ളത്. വൃന്ദ കാരാട്ടിന്‍െറ അധ്യക്ഷതയിലുള്ള പ്രമേയ കമ്മിറ്റിയില്‍ ഡോ. തോമസ് ഐസക് ഉള്‍പ്പെട്ടിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 749 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ഇതില്‍ 173 പേര്‍ കേരളത്തില്‍നിന്നാണ്. 73 നിരീക്ഷകര്‍, ഏഴ് പ്രത്യകേ ക്ഷണിതാക്കള്‍ എന്നിവരും കോണ്‍ഗ്രസില്‍ പങ്കടെുക്കുന്നു.
 

കോവളം ബാങ്ക് കവര്‍ച്ച : പ്രതികളെ തേടി ഝാര്‍ഖണ്ഡില്‍ പോയ പൊലീസ് വെറുംകൈയോടെ മടങ്ങി

Posted: 13 Apr 2015 11:44 PM PDT

തിരുവനന്തപുരം: മുത്തൂറ്റിന്‍െറ കോവളം ശാഖയില്‍ കവര്‍ച്ച നടത്തിയ സംഘത്തെ പിടികൂടാനാകാതെ കേരള പൊലീസ് സംഘം ഝാര്‍ഖണ്ഡില്‍നിന്ന് മടങ്ങി.
ഝാര്‍ഖണ്ഡിലെ മോഷ്ടാക്കളുടെ ഗ്രാമമായ സാഹിബ്ഗഞ്ചില്‍ എത്തിയ പത്തംഗ അന്വേഷണസംഘത്തിന് പ്രതികളുടെ വീടുകള്‍ കണ്ടത്തൊനായെങ്കിലും സ്ത്രീകളടക്കമുള്ള ജനക്കൂട്ടത്തിന്‍െറ പ്രതിഷേധങ്ങളെ തുടര്‍ന്ന് പിടികൂടാനായില്ല. ഈ സാഹചര്യത്തിലാണ് തമ്പാനൂര്‍ സി.ഐ സുരേഷ് വി. നായരും സംഘവും ഞായറാഴ്ച വൈകീട്ടോടെ മടങ്ങിയത്. ചതുപ്പ് പ്രദേശമായ അവിടെ അന്വേഷണസംഘത്തെ നേരിടാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ കല്ലും വടികളുമായി എത്തിയിരുന്നു.
പ്രതികളെ പിടികൂടുന്നത് സംഘര്‍ഷത്തിന് ഇടയാക്കുമെന്ന് ഝാര്‍ഖണ്ഡ് പൊലീസ് മുന്നറിയിപ്പ് നല്‍കി. രണ്ടുതവണ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ലോക്കല്‍ പൊലീസിന്‍െറയും പ്രദേശവാസികളുടെയും സഹകരണം ലഭിച്ചില്ല. സിറ്റി പൊലീസ് കമീഷണര്‍ എച്ച്. വെങ്കിടേഷ് ഝാര്‍ഖണ്ഡ് ഡി.ഐ.ജി, ബന്ധപ്പെട്ട എസ്.പി എന്നിവരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കാര്യമായ ഫലമുണ്ടായില്ല. തലസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ച പൂര്‍ണവിവരം ശേഖരിക്കാന്‍ പൊലീസ് തീരുമാനിച്ചു.
വരുംദിവസങ്ങളില്‍ വിവരശേഖരണം ആരംഭിക്കും. അന്യസംസ്ഥാന തൊഴിലാളികളില്‍ ചിലരെങ്കിലും അവരുടെ സ്ഥലത്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടശേഷം എത്തിയവരാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. കോടതി വാറണ്ടോടെ വീണ്ടും ഝാര്‍ഖണ്ഡില്‍ പോകാനാണ് തീരുമാനമെന്ന് സിറ്റി പൊലീസ് കമീഷണര്‍ പറഞ്ഞു.
കവര്‍ച്ചക്കാരെ മധുര ക്ഷേത്രത്തിന് സമീപംവരെ എത്തിച്ച വാഹനത്തിന്‍െറ ഡ്രൈവറെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഡ്രൈവറുടെ മൊഴിയില്‍നിന്നാണ് കവര്‍ച്ച സംഘം ഝാര്‍ഖണ്ഡ്കാരാണെന്ന് മനസ്സിലാക്കിയത്. മുത്തൂറ്റില്‍നിന്ന് 50 ലക്ഷത്തിന്‍െറ സ്വര്‍ണവും 1.60 ലക്ഷം രൂപയുമാണ് ഇവര്‍ കവര്‍ന്നത്.

മോദി ജര്‍മനിയിലെ നേതാജിയുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി

Posted: 13 Apr 2015 11:43 PM PDT

Image: 

ബെര്‍ലിന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജര്‍മനിയിലുള്ള ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി. നേതാജിയുടെ അനന്തരവന്‍്റെ മകന്‍ സൂര്യകുമാര്‍ ബോസിന്‍റെ നേതൃത്വത്തിലുള്ളവരുമായാണ് മോദി കൂടിക്കാഴ്ച നടത്തിയത്.

നേതാജിയെയും ബന്ധുക്കളെയും രഹസ്യാന്വേഷണ ഏജന്‍സി നിരീക്ഷിച്ചതായുള്ള രേഖകള്‍ രഹസ്യ പട്ടികയില്‍ നിന്ന് നീക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും  ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാമെന്ന് മോദി സമ്മതിച്ചിട്ടുണ്ടെന്നും കൂടിക്കാഴ്ചക്ക് ശേഷം സൂര്യകുമാര്‍ ബോസ് മാധ്യമങ്ങളോട് പറഞ്ഞു.

മോദി എല്ലാവരെയും ഇന്ത്യയിലേക്ക് ക്ഷണിച്ചു. സുഭാഷ് ചന്ദ്രബോസിന്‍്റെ കുടുംബത്തെ ജവഹര്‍ലാല്‍ നെഹ് റു സര്‍ക്കാര്‍ രഹസ്യമായി 1948 മുതല്‍ 1964 വരെ നിരീക്ഷച്ചതായുള്ള വാര്‍ത്തകള്‍ വിവാദമായിരുന്നു. നെഹ് റു സര്‍ക്കാറിനുവേണ്ടി രഹസ്യാന്വേഷണ ഏജന്‍സി നിരീക്ഷിച്ച നേതാജിയുടെ അനന്തിരവന്‍ അമിയ നാഥ് ബോസിന്‍റെ മകനാണ് 1972 മുതല്‍ ജര്‍മനിയില്‍ താമസിക്കുന്ന സൂര്യ. സാങ്കതേിക വിദഗ്ധനായ ഇദ്ദഹേം ജര്‍മനിയില്‍ ഒട്ടേറെ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. താന്‍ പ്രഭാഷണം നടത്തുന്നിടത്തെല്ലാം സദസ്സില്‍ 'റോ'യിലെ ഒരുദ്യോഗസ്ഥന്‍ ഉണ്ടായിരുന്നതായി ഇദ്ദേഹം പറഞ്ഞിരുന്നു.

തിരൂര്‍-പൊന്നാനി പുഴ: മാലിന്യം തള്ളുന്നവര്‍ക്ക് "ഫേസ്ബുക് കുരുക്ക്'

Posted: 13 Apr 2015 11:34 PM PDT

തിരൂര്‍: തിരൂര്‍-പൊന്നാനി പുഴയിലേക്ക് മാലിന്യം തള്ളുന്നവര്‍ ജാഗ്രതൈ. അധികൃതര്‍ സ്ഥാപിക്കുന്ന ഒളി കാമറകളല്ല ഇനി നിങ്ങളെ കുടുക്കുക, പൗരന്മാര്‍ പകര്‍ത്തുന്ന ദൃശ്യങ്ങളാകും. മാലിന്യം വലിച്ചെറിയുന്നവരെയും ഒഴുക്കുന്നവരെയും പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യൂ, നടപടി ഉറപ്പെന്ന വാഗ്ദാനവുമായി ജില്ലാ ഭരണകൂടമാണ് പുതിയ പരീക്ഷണത്തിന് തുടക്കമിടുന്നത്. പൊന്നാനിപ്പുഴ സംരക്ഷണത്തിന് നമ്മുടെ പുഴ എന്ന ഫേസ്ബുക് പേജ് ഉടന്‍ തുടങ്ങാനിരിക്കുകയാണ് ജില്ലാ ഭരണകൂടം.
പുഴയിലേക്ക് മാലിന്യം തള്ളുന്നത്, ഒഴുക്കിവിടുന്നത് തുടങ്ങിയവയുടെ വീഡിയോ ദൃശ്യങ്ങളോ ഫോട്ടോകളോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യാം. ജില്ലാ ഭരണകൂടം, തിരൂര്‍ ഡിവൈ.എസ്.പി, തിരൂര്‍ നഗരസഭ എന്നിവരാണ് ഫേസ്ബുക് പേജിന്‍െറ മേല്‍നോട്ടം വഹിക്കുക. നാട്ടുകാര്‍ അപ്ലോഡ് ചെയ്യുന്ന ദൃശ്യങ്ങള്‍ പരിശോധിച്ച് അതുമായി ബന്ധപ്പെട്ട വകുപ്പ് തുടര്‍നടപടിയെടുക്കും. അക്കാര്യവും ഫേസ്ബുക് പേജില്‍ അപ്ലോഡ് ചെയ്യും.
പുഴയുടെ പ്രതാപം വ്യക്തമാക്കുന്ന ഫോട്ടോകള്‍, മാപ്പ്, ചരിത്രം, പ്രാധാന്യം തുടങ്ങിയവ വിവരിക്കുന്നതാകും ഫേസ്ബുക് പേജ്. ഒരാഴ്ചക്കകം പേജ് പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി തിരൂര്‍ സബ്കലക്ടര്‍ ഡോ. അദീല അബ്ദുല്ല 'മാധ്യമ'ത്തോട് പറഞ്ഞു.
പുഴ മലിനീകരണം തടയാനുള്ള നടപടി വേണ്ടത്ര വിജയകരമാകാതെ വന്നതോടെയാണ് ജില്ലാ ഭരണകൂടത്തിന്‍െറ പുതിയ പരീക്ഷണം.
മലിനീകരണം തടയാന്‍ ഒളികാമറകള്‍ സ്ഥാപിക്കുക, ജനകീയ കൂട്ടായ്മകള്‍ രൂപവത്കരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം പരിശോധിച്ചിരുന്നു. പുഴ മലിനീകരണം രൂക്ഷമായി അനുഭവപ്പെട്ട 2013ല്‍ തിരൂര്‍ നഗരസഭയും ഒളികാമറ സ്ഥാപിക്കുന്നത് പരിഗണിച്ചിരുന്നു.
തിരൂര്‍ എം.എല്‍.എ സി. മമ്മുട്ടി മുന്‍കൈയെടുത്ത് സര്‍ക്കാറില്‍നിന്ന് 70 ലക്ഷം രൂപ തരപ്പെടുത്തുകയും 59 ലക്ഷം രൂപ ചെലവില്‍ താഴെപ്പാലം മുതല്‍ തലക്കടത്തൂര്‍ പാലം വരെ പുഴ നവീകരിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് സി. മമ്മുട്ടി എം.എല്‍.എ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15നായിരുന്നു പുഴ നവീകരണം തുടങ്ങിയത്.
മേയില്‍ ഉദ്ഘാടനം നടത്തിയെങ്കിലും ശക്തമായ മഴയെ തുടര്‍ന്ന് പ്രവൃത്തി തുടങ്ങാനായില്ല. പ്രവൃത്തി ഡിസംബറോടെ പൂര്‍ത്തിയായെങ്കിലും വൃത്തിയാക്കിയ പുഴ വീണ്ടും മലിനമായതോടെ സമര്‍പ്പണം മാറ്റി. മുഖ്യമന്ത്രിയുടെ സൗകര്യത്തിന് കാത്തുനിന്നതും സമര്‍പ്പണം വൈകാന്‍ കാരണമായി. ആതവനാട്ടുനിന്ന് തുടങ്ങി അറബിക്കടലില്‍ സംഗമിക്കുന്നതാണ് തിരൂര്‍-പൊന്നാനിപ്പുഴ. തിരൂര്‍ നഗരസഭയിലൂടെയും പത്തോളം പഞ്ചായത്തുകളിലൂടെയുമാണ് പുഴ ഒഴുകുന്നത്. പുഴയിലേക്ക് മാലിന്യം തള്ളുന്നത് തടയണമെന്ന് ഹരിത ട്രൈബ്യൂണല്‍ വിധിച്ചിരുന്നു.
ഇതു നടപ്പാക്കാന്‍ അധികൃതര്‍ എത്ര ശ്രമിച്ചിട്ടും വേണ്ടത്ര വിജയിച്ചിട്ടില്ല. അതിനിടയിലാണ് ഫേസ്ബുക് പേജെന്ന പുതിയ ശ്രമം.

ആദ്യ ലോ ഫ്ളോര്‍ ബസ് എത്തി; ഇനി മലപ്പുറത്തിനും സുഖയാത്ര

Posted: 13 Apr 2015 11:34 PM PDT

മലപ്പുറം: കെ.എസ്.ആര്‍.ടി.സി മലപ്പുറം ഡിപ്പോയിലേക്ക് അനുവദിച്ച ലോ ഫ്ളോര്‍ ബസുകളില്‍ ആദ്യത്തേത് തിങ്കളാഴ്ചയത്തെി. ജില്ലയില്‍ത്തന്നെ സര്‍വിസ് നടത്താനായി വോള്‍വോയുടെ എ.സി ബസാണ് ലഭിച്ചത്.
ഇതിന്‍െറ റൂട്ടും മറ്റു കാര്യങ്ങളും തീരുമാനിച്ചിട്ടില്ല. ജില്ലക്ക് അനുവദിച്ച ആദ്യ എ.സി-ലോ ഫ്ളോര്‍ ബസിന്‍െറ സര്‍വിസ് ഉദ്ഘാടനച്ചടങ്ങോടെ ആരംഭിക്കാനാണ് ആലോചന.
ജവഹര്‍ലാല്‍ നെഹ്റു ദേശീയ നഗര നവീകരണ പദ്ധതിയുടെ ഭാഗമായാണ് മലപ്പുറമുള്‍പ്പെടെയുള്ള ജില്ലകളിലേക്ക് ലോ ഫ്ളോര്‍ ബസുകള്‍ അനുവദിക്കുന്നത്. 10 എ.സി, 17 നോണ്‍ എ.സി എന്നിങ്ങനെ ആകെ 27 ബസുകളാണ് മലപ്പുറത്തേക്ക് ലഭിക്കുക. ആദ്യ ഘട്ടത്തില്‍ നാലെണ്ണം എത്തും.
മറ്റു മൂന്നെണ്ണത്തിന്‍െറ വരവ് സംബന്ധിച്ച് വ്യക്തതയുണ്ടായാല്‍ പ്രഥമ ബസിന്‍െറ സര്‍വിസ് കാര്യത്തില്‍ തീരുമാനമാവും. പെരിന്തല്‍മണ്ണ-കരിപ്പൂര്‍ എയര്‍പോര്‍ട്ട്, മലപ്പുറം-വഴിക്കടവ്, തിരൂര്‍-മഞ്ചേരി, പൊന്നാനി-മഞ്ചേരി എന്നീ റൂട്ടുകളിലായിരിക്കും ആദ്യ ഘട്ടത്തിലത്തെുന്ന ബസുകള്‍ സര്‍വിസ് നടത്തുക. എ.സി ബസില്‍ യാത്ര ചെയ്യണമെങ്കില്‍ സാധാരണ നിരക്കിന്‍െറ മൂന്നിരട്ടി നല്‍കേണ്ടിവരും. എന്നാല്‍ നോണ്‍ എ.സി ലോ ഫ്ളോറില്‍ വലിയ വ്യത്യാസമുണ്ടാകില്ല.

ഖാദി കുടുംബത്തിലെ ഇരട്ടമരണം നാദാപുരം ദു:ഖസാന്ദ്രമായി

Posted: 13 Apr 2015 11:21 PM PDT

നാദാപുരം: പേരാമ്പ്ര-നടുവണ്ണൂര്‍ സംസ്ഥാനപാതയിലെ വാഹനാപകടത്തില്‍ പൊലിഞ്ഞത് നാദാപുരത്തെ ഖാദി കുടുംബത്തിലെ രണ്ടു പ്രധാനികള്‍.
ഇരട്ടമരണത്തിന്‍െറ ആഘാതത്തില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് നാദാപുരം പ്രദേശമാകെ.
ഖാദിയെ നഷ്ടമായ കുമ്മങ്കോട് പ്രദേശവാസികളും ഖാദിയുടെ മരുമകന്‍െറ അകാലവിയോഗത്തില്‍ നാദാപുരത്തുകാരും തുല്യദു$ഖിതരാണ്.
കുമ്മങ്കോട് മഹല്ല് ഖാദിയും ബദരിയ്യ ജുമാമസ്ജിദ് ഖത്തീബുമായ പി.വി. മസ്ഊദ് മുസ്ലിയാര്‍ (55), മകള്‍ ത്വാഹിറയുടെ ഭര്‍ത്താവും നാദാപുരം വലിയ ജുമാമസ്ജിദ് ഖാദി പി. അഹമ്മദ് മൗലവിയുടെ മകനുമായ മുഹമ്മദ് ഖൈസുമാണ് (34) നടുവണ്ണൂരിനടുത്ത് വാഹനാപകടത്തില്‍ മരിച്ചത്.
മുഹമ്മദ് ഖൈസിന്‍െറ രണ്ടു മക്കളുമൊത്ത് ഇരുവരും കൊടുവള്ളിയിലെ രാമന്തളി തങ്ങളെ കാണാന്‍ പോവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറും ബസും കൂട്ടിയിടിച്ചാണ് അപകടം. 20ാം വയസ്സില്‍ കുമ്മങ്കോട് മഹല്ല് ഖാദിയായ മസ്ഊദ് മുസ്ലിയാര്‍ കുമ്മങ്കോട് എസ്.എസ് മദ്റസ അധ്യാപകന്‍ കൂടിയാണ്.
33 വര്‍ഷത്തിലധികമായി ഖാദി സ്ഥാനത്ത് തുടരുന്ന മസ്ഊദ് മുസ്ലിയാര്‍ മേഖലയില്‍ സര്‍വസമ്മതനാണ്.
വിഭാഗീയതകള്‍ക്കതീതമായി എല്ലാവിഭാഗം ആളുകളുമായി സൗഹൃദം നിലനിന്നിരുന്ന മസ്ഊദ് മുസ്ലിയാരുടെ സൗമ്യപ്രകൃതമാണ് അദ്ദേഹത്തെ ജനകീയനാക്കിയത്. സംസ്ഥാന ജംഇയ്യതുല്‍ ഉലമയുടെ സജീവ പ്രവര്‍ത്തകനും നേതാവുമായിരുന്നു. സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ് കൂടിയായ രാമന്തളി തങ്ങളെ കാണാന്‍ പോകുന്നതിനിടയിലാണ് അന്ത്യയാത്രയെന്നതും യാദൃച്ഛികം മാത്രം.
സംസ്ഥാന ജംഇയ്യതുല്‍ ഉലമയുടെ സംസ്ഥാന പ്രസിഡന്‍റും പ്രമുഖ മതപണ്ഡിതനുമായിരുന്ന കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ ചെറുമകളെയാണ് മസ്ഊദ് മുസ്ലിയാര്‍ വിവാഹം കഴിച്ചത്.
എല്ലാ മക്കള്‍ക്കും ഉയര്‍ന്ന മത-ഭൗതിക വിദ്യാഭ്യാസം നല്‍കിയും മസ്ഊദ് മൗലവി മാതൃക കാണിച്ചു. നാദാപുരം മേനക്കോത്ത് ഖാദി കുടുംബത്തിലെ ചെറുമകനാണ് മരിച്ച മുഹമ്മദ് ഖൈസ്. ഖത്തറില്‍നിന്ന് ഒരാഴ്ചമുമ്പാണ് നാട്ടിലത്തെിയത്. മക്കളായ ആയിശ റിദക്കും (അഞ്ച്) മുഹമ്മദ് നിഫാനും (മൂന്ന്) ഒപ്പമാണ് യാത്രതിരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇരുവരുടെയും മയ്യിത്തുകള്‍ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് നാദാപുരം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്യും.

ദേശീയപാതയിലെ രാത്രിയാത്രാ നിരോധം ; മുഖ്യമന്ത്രിമാരുടെ ചര്‍ച്ച നാളെ ബംഗളൂരുവില്‍

Posted: 13 Apr 2015 11:12 PM PDT

സുല്‍ത്താന്‍ ബത്തേരി: ദേശീയപാതയിലെ രാത്രിയാത്രാ നിരോധവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന കേരളത്തിന്‍െറ അപേക്ഷയില്‍ സുപ്രീംകോടതിയുടെ അനുമതി. ഇതോടെ ചൊവ്വാഴ്ച ബംഗളൂരുവില്‍ നടക്കാനിരിക്കുന്ന മുഖ്യമന്ത്രിമാരുടെ ചര്‍ച്ചയുടെ പ്രസക്തി വര്‍ധിച്ചു.
ഏപ്രില്‍ 15ന് കേരള, കര്‍ണാടക മുഖ്യമന്ത്രിമാര്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം യാത്രാ നിരോധ പ്രശ്നത്തില്‍ ചര്‍ച്ചനടത്തുന്ന പശ്ചാത്തലത്തില്‍ കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് കേരളത്തിന്‍െറ അഭിഭാഷകന്‍ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.
കേരള, തമിഴ്നാട്, കര്‍ണാടക അതിര്‍ത്തി ജില്ലകളിലെ പതിനായിരങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തില്‍ രാക്കുരുക്ക് തീര്‍ത്ത നിരോധം അവസാനിപ്പിക്കാന്‍ ഉന്നതതല ചര്‍ച്ചയിലൂടെ വഴിതെളിയുമെന്നാണ് വയനാടിന്‍െറ പ്രതീക്ഷ.
കേരളവും കര്‍ണാടകവും സംയുക്തമായി സ്വീകാര്യമായ പൊതുനിര്‍ദേശം സമര്‍പ്പിച്ചാല്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
നൂറ്റാണ്ടുകളായി ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാജവീഥികളായി നിലനിന്നിരുന്ന കൊല്ലഗല്‍-കോഴിക്കോട്, മൈസൂരു, ഊട്ടി ദേശീയപാതകളില്‍ അഞ്ചുവര്‍ഷം മുമ്പാണ് രാക്കുരുക്ക് വീണത്. കര്‍ണാടകയില്‍ യെദിയൂരപ്പ സര്‍ക്കാറിന്‍െറ കാലത്ത് അന്നത്തെ ചാമരാജ്നഗര്‍ ജില്ലാ കലക്ടറാണ് ബന്ദിപ്പൂര്‍ വനമേഖലയില്‍ രാത്രിഗതാഗതം നിരോധിച്ചത്. നിരോധത്തിനെതിരെ കര്‍ണാടക ഹൈകോടതിയില്‍ കേരളത്തിനനുകൂലമായ നിലപാടെടുക്കാമെന്ന് യെദിയൂരപ്പ ഉറപ്പ് നല്‍കിയെങ്കിലും കോടതിയില്‍ മലക്കം മറിഞ്ഞു.
കേരളത്തില്‍ കഴിഞ്ഞ ഇടതു സര്‍ക്കാറിന്‍െറ കാലത്ത് നിരോധത്തിനെതിരെ ചിലനീക്കങ്ങള്‍ നടന്നെങ്കിലും യു.ഡി.എഫ് സര്‍ക്കാര്‍ വന്നതോടെ കാര്യങ്ങള്‍ അനിശ്ചിതത്വത്തിലായി. 20 രൂപ പ്രോസസിങ് ചാര്‍ജ് അടക്കാത്തതിന്‍െറ പേരില്‍ കേസ് പരിഗണിക്കാനാവാതെ സുപ്രീംകോടതിയില്‍ ഒന്നര വര്‍ഷത്തിലധികം അനിശ്ചിതത്വത്തിലായി.
പിന്നീട് യു.ഡി.എഫ് നയംമാറ്റാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.
മുഖ്യമന്ത്രി രണ്ടുപ്രാവശ്യം ബംഗളൂരുവില്‍ ചര്‍ച്ചക്കത്തെി. പക്ഷേ, രാത്രിയാത്രാ നിരോധത്തിനുപിന്നില്‍ ചരടുവലിച്ച റിയല്‍ എസ്റ്റേറ്റ് ലോബിയാണ് മുഖ്യമന്ത്രിയെയടക്കം അതിഥേയത്വം വഹിച്ചതെന്ന് ആക്ഷേപമുയര്‍ന്നു.
ദേശീയപാത 212ലെ രാത്രിയാത്രാ നിരോധം അവസാനിപ്പിക്കുന്നതിന് ചര്‍ച്ചക്കുപോയ ഉമ്മന്‍ ചാണ്ടി ബദല്‍ റോഡ് പ്രഖ്യാപനവുമായാണ് മടങ്ങിയത്്. റിയല്‍ എസ്റ്റേറ്റ് ലോബിയുടെ ആവശ്യം മുഖ്യമന്ത്രി തന്നെ ഏറ്റുപിടിച്ചതായി വിമര്‍ശമുയര്‍ന്നു.
കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസിന്‍െറ ഭൂരിപക്ഷം മുന്‍പ്രാവശ്യത്തെ ഒന്നരലക്ഷത്തില്‍നിന്ന്, ഇരുപതിനായിരത്തിലേക്ക് കൂപ്പുകുത്തിയത് യു.ഡി.എഫിനെ ഞെട്ടിച്ചു.
തുടര്‍ന്ന് മുഖ്യമന്ത്രി തന്നെ വയനാട്ടിലത്തെി രാത്രിയാത്രാ നിരോധം പിന്‍വലിക്കാന്‍ നടപടി ഉറപ്പുനല്‍കിയിരുന്നു.
സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യത്തെ കേസ് ഏല്‍പിക്കുമെന്നും പ്രഖ്യാപനമുണ്ടായി. മാസങ്ങള്‍ പലതും കടന്നുപോയി.
സുപ്രീംകോടതി കേസ് പണിഗണിക്കുന്ന ജനുവരി 30ന്‍െറ തലേന്ന് മാത്രമാണ് അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യത്തെ കേസ് വാദിക്കാന്‍ ചുമതലപ്പെടുത്തിയത്.
കേസ് പഠിക്കാന്‍ സമയം കിട്ടാതിരുന്ന അഭിഭാഷകന്‍ ഉന്നതതല ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ കോടതിയില്‍ സാവകാശം ആവശ്യപ്പെടുകയായിരുന്നു. ഇതിന് എട്ടാഴ്ചത്തെ സമയമനുവദിച്ച് ജനുവരി 30ന് കോടതി ഉത്തരവിട്ടു.
പക്ഷേ, 10 ആഴ്ചകള്‍ പിന്നിടുമ്പോഴും തുടര്‍ നടപടികളുണ്ടായില്ല. അവസാനം ഏപ്രില്‍ 15ന് ബംഗളൂരുവില്‍ ഉന്നതതല ചര്‍ച്ചക്ക് വേദിയൊരുങ്ങുകയായിരുന്നു. ചര്‍ച്ചയില്‍ കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടൊപ്പം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചീഫ് സെക്രട്ടറി, എം.ഐ. ഷാനവാസ് എം.പി, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ എന്നിവരും പങ്കെടുക്കുന്നുണ്ട്.

കിംഗ്സ് ഇലവന്‍ വില്‍ക്കുന്നതായ വാര്‍ത്തകള്‍ അടിസ്ഥാന രഹിതം^ പ്രീതി സിന്‍റ

Posted: 13 Apr 2015 11:09 PM PDT

Image: 

ന്യൂഡല്‍ഹി: ഐ.പി.എല്‍ ടീമായ കിംഗ്സ് ഇലവന്‍ പഞ്ചാബ് വില്‍ക്കുന്നു എന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ടീമിന്‍െറ സഹഉടമയും ബോളിവുഡ് താരവുമായ പ്രീതി സിന്‍റ. ഇത്തരം വാര്‍ത്തകളില്‍ സത്യമില്ല. ഞങ്ങള്‍ ലാഭമുണ്ടാക്കുകയും ഞങ്ങളുടെ ടീം മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജയിക്കുന്നതും പരാജയപ്പെടുന്നതും കളിയുടെ ഭാഗമാണ്. കഴിഞ്ഞ വര്‍ഷം ഐ.പി.എല്‍ ഫൈനലിലത്തെിയ പഞ്ചാബ് ടീമിനെക്കുറിച്ച് വളരെ അഭിമാനമുണ്ട്. മികച്ച കളിയാണ് കഴിഞ്ഞ സീസണില്‍ ടീം കാഴ്ച വെച്ചത്. എന്നാല്‍ ഫൈനല്‍ ഞങ്ങള്‍ക്ക് മോശം ദിനമായിരുന്നെന്നും പ്രീതി സിന്‍റ വ്യക്തമാക്കി.

ഈ സീസണില്‍ നല്ളൊരു ടീമാണുള്ളത്. ടീമില്‍ ഈ വര്‍ഷം ആസ്ട്രേലിയന്‍ കളിക്കാര്‍ ധാരാളമുണ്ട്. ജോര്‍ജ് ബെയ്ലി, ഗ്ളെന്‍ മാക്സ്വെല്‍, മിച്ചല്‍ ജോണ്‍സണ്‍, ഷോണ്‍ മാര്‍ഷ് എന്നിവര്‍ ടീമിന് മുതല്‍ക്കൂട്ടാണ്. ഇന്ത്യന്‍ താരങ്ങളാണ് ടീമിന്‍െറ ബലം. വീരേന്ദര്‍ സെവാഗിന്‍്റെ സാന്നിദ്ധ്യം ഞങ്ങള്‍ക്ക് ശക്തി പകരുന്നു. കഴിഞ്ഞ വര്‍ഷം ക്വാര്‍ട്ടറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ സെവാഗിന്‍്റെ കളി ഞാന്‍ കണ്ട ഏറ്റവും മികച്ച ഐ.പി.എല്‍ വെടിക്കെട്ട് ആയിരുന്നെന്നും ബോളിവുഡ്  നടി വ്യക്തമാക്കി.

ഒരു കോണ്ടം കമ്പനിയുടെ പരസ്യമുള്ള ടീം ജഴ്സി അണിയാന്‍ താരങ്ങള്‍ വിസ്സമ്മതിച്ചതായ വാര്‍ത്ത തെറ്റാണെന്നും അവര്‍ വ്യക്തമാക്കി.

 

വിമതയോഗം: ബദല്‍രാഷ്ട്രീയത്തിന് തുടക്കമിടുമെന്ന് യോഗേന്ദ്ര യാദവ്

Posted: 13 Apr 2015 10:42 PM PDT

Image: 

ന്യൂഡല്‍ഹി: യോഗേന്ദ്ര യാദവിന്‍െറയും പ്രശാന്ത് ഭൂഷണിന്‍െറയും നേതൃത്വത്തില്‍ ആം ആദ്മിയിലെ വിമത വിഭാഗത്തിന്‍െറ യോഗം ഗുഡ്ഗാവില്‍ തുടങ്ങി. അധികാര രാഷ്ട്രീയത്തിനെതിരെയുള്ള ബദല്‍രാഷ്ട്രീയത്തിന് തുടക്കമിടുകയാണെന്ന് യോഗേന്ദ്ര യാദവ് യോഗത്തിന് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു. 'സ്വരാജ് സംവാദ്' എന്ന പേരിലാണ് യോഗംചേര്‍ന്നത്.

അംബദ്ക്കര്‍ ജയന്തിയായ ഇന്നുതന്നെ അതിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ അതീവസന്തോഷവും അഭിമാനവുമുണ്ട്.  മാധ്യമങ്ങളെ സാക്ഷിയാക്കിയാണ് യോഗം നടക്കുന്നത്. യോഗം സുതാര്യമാണെന്നതിന് തെളിവാണതെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. വിമതപക്ഷത്തെ അനുകൂലിക്കുന്നവരും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് പുറത്താക്കപ്പെട്ടവരും രാജിവെച്ചവരും യോഗത്തില്‍ പങ്കെടുത്തു.

ഇവരുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. അതേസമയം, വിമത സമ്മേളനം വിളിച്ച പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനൊരുങ്ങുകയാണ് ഓദ്യോഗിക പക്ഷം. പാര്‍ട്ടി അനുമതിയില്ലാതെയാണ് ഗുഡ്ഗാവില്‍ യോഗം ചേരുന്നതെന്നും വിമതര്‍ പാര്‍ട്ടിയില്‍ തുടരുന്നതിനേക്കാള്‍ നല്ലത് പുറത്ത് പോകുകയാണെന്നും എ.എ.പി നേതാവ് സഞ്ജയ് സിങ് പ്രതികരിച്ചു.

ആം ആദ്മി പാര്‍ട്ടിയുടെ രൂപീകരണ ലക്ഷ്യത്തില്‍ നിന്നും പിന്നോട്ട് പോയെന്നും കെജ്രിവാള്‍ ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും ആരോപിച്ചാണ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലില്‍ നിന്ന് പുറത്താക്കപ്പെട്ട യോഗേന്ദ്ര യാദവിന്‍റെയും പ്രശാന്ത് ഭൂഷന്‍റെയും നേതൃത്തത്തില്‍ വിമത നേതാക്കളുടെ യോഗം വിളിച്ചിരിക്കുന്നത്.  ആം ആദ്മി പാര്‍ട്ടി പിളര്‍പ്പിന്‍റെ ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ചേരുന്ന വിമത യോഗം പാര്‍ട്ടിയുടെ ഭാവി നിര്‍ണ്ണയിക്കും.

വെല്ലുവിളികള്‍ നേരിടാന്‍ ശക്തമായ നിയമങ്ങള്‍ ആവശ്യം -അല്‍ അതിയ്യ

Posted: 13 Apr 2015 10:25 PM PDT

Image: 

ദോഹ: ആഗോള സമൂഹം നേരിടുന്ന വെല്ലുവിളികള്‍ കാര്യക്ഷമമായി നേരിടാന്‍ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ ശക്തമായ നിയമ നടപടികള്‍ ആവശ്യമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ വ്യക്തമാക്കി. മനുഷ്യാവകാശവും വികസനവും നിയമസംവിധാനങ്ങളുമാണ് സംയുക്ത നടപടികളുടെ കേന്ദ്രബിന്ദുക്കളെന്നും അതിയ്യ കൂട്ടിച്ചേര്‍ത്തു. ഈ മൂന്ന് ലക്ഷ്യങ്ങളും അതിന്‍െറ എല്ലാ അര്‍ഥത്തിലും അന്താരാഷ്ട്ര സമൂഹത്തിന്‍െറ ശ്രദ്ധയും പിന്തുണയും സ്വീകാര്യതയും നേടിക്കൊണ്ടിരിക്കുന്നതായും ഇവയാണ് അന്താരാഷ്ട്ര സമാധാനത്തിന്‍െറയും സുരക്ഷയുടെയും പരിപാലനത്തില്‍ മുഖ്യപങ്ക് വഹിച്ച് പ്രതിനിധീകരിക്കുന്നതെന്നും അതിയ്യ ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്ര സഭയുടെ തത്വങ്ങളുടെയും ലക്ഷ്യങ്ങളുടെയും ആകത്തെുക ഇതാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.
ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ആരംഭിച്ച യു.എന്‍ ക്രൈം പ്രിവന്‍ഷന്‍ ആന്‍റ് ക്രിമിനല്‍ ജസ്റ്റിസ് കോണ്‍ഗ്രസിന്‍െറ ഉന്നത തല യോഗത്തില്‍ 2015-നപ്പുറത്തെ നിയമ വാഴ്ച, മനുഷ്യാവകാശം, വികസനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷന്‍ 2030 നോടനുബന്ധിച്ച് ഈ മൂന്ന് തത്വങ്ങളുടെയും അടിസ്ഥാനത്തില്‍ സാമ്പത്തിക വികസനവും സാമൂഹിക നീതിയും മനുഷ്യാവകാശങ്ങളുടെ സംരക്ഷണവും മുന്‍നിര്‍ത്തി വ്യക്തമായ പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യങ്ങള്‍ നടപ്പിലാക്കുന്ന നിയമത്തിന്‍െറ പ്രാധാന്യത്തെയും ആവശ്യത്തെയും  എല്ലാവരും മനസ്സിലാക്കണമെന്നും സമൂഹങ്ങളുടെ മുന്നേറ്റവും അതിന്‍െറ ശക്തിയും ദൗര്‍ബല്യവും നാഗരികതയുടെ നിര്‍മാണവും നിയമസംഹിതകളെ ആദരിക്കുന്നതിലുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണെന്നും അതിയ്യ ചൂണ്ടിക്കാട്ടി. ഈ ചട്ടക്കൂടില്‍ നിന്നുകൊണ്ട് മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തില്‍ സമാധാന പൂര്‍ണമായ പരിഹാരങ്ങള്‍ക്കിടയിലും രാഷ്ട്രീയ സംഭാഷണങ്ങള്‍ക്കിടയിലും അന്താരാഷ്ട്ര തലത്തിലും മേഖലാ തലത്തിലും നിയമ വാഴ്ചയെ എല്ലാ അര്‍ഥത്തിലും ഖത്തര്‍ ശക്തമായി പിന്തുണക്കുമെന്നും മന്ത്രിവ്യക്തമാക്കി.

കുവൈത്തില്‍ നഴ്സുമാര്‍ക്ക് ആഴ്ചയില്‍ രണ്ട് അവധി ഉടന്‍

Posted: 13 Apr 2015 10:18 PM PDT

Image: 

കുവൈത്ത് സിറ്റി: നഴ്സിങ് മേഖലയില്‍ ജോലിചെയ്യുന്നവരുടെ ഏറക്കാലത്തെ മുറവിളിക്ക് വിരാമമിട്ട് ആഴ്ചയില്‍ രണ്ട് അവധി (ഓഫ്) സംവിധാനം നടപ്പാവുന്നു. ഇക്കാര്യത്തില്‍ ആരോഗ്യ മന്ത്രാലയം തീരുമാനമെടുത്തുകഴിഞ്ഞതായും അടുത്തമാസം ആദ്യം മുതല്‍ ഇത് നടപ്പായിത്തുടങ്ങുമെന്നുമാണ് സൂചന. ഇതുസംബന്ധിച്ച തീരുമാനത്തിന് ആരോഗ്യമന്ത്രി ഡോ. അലി അല്‍ഉബൈദി അനുമതി നല്‍കിയതായി അണ്ടര്‍ സെക്രട്ടറി ഖാലിദ് അല്‍സഹ്ലാവിയെ ഉദ്ധരിച്ച് മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി. മറ്റു ജി.സി.സി രാജ്യങ്ങളിലടക്കം ലോകത്തിന്‍െറ മിക്ക ഭാഗങ്ങളിലും നഴ്സിങ് മേഖലയില്‍ ആഴ്ചയില്‍ രണ്ട് അവധികള്‍ ലഭിക്കുമ്പോള്‍ കുവൈത്തില്‍ കാലങ്ങളായി ഒന്നു മാത്രമാണ് നല്‍കുന്നത്. ഇതത്തേുടര്‍ന്ന്,  നഴ്സുമാര്‍ ആഴ്ചയില്‍ രണ്ടു ദിവസം അവധിക്കായി ഏറക്കാലമായി ആവശ്യപ്പെട്ടുവരുകയായിരുന്നു. കുവൈത്ത് നഴ്സിങ് അസോസിയേഷന്‍ ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രാലയത്തിന് പല തവണ നിവേദനം നല്‍കിയിരുന്നു. കുവൈത്തിലെ മുബാറക് അല്‍കബീര്‍ ആശുപത്രിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒന്നരവര്‍ഷം മുമ്പുതന്നെ ആഴ്ചയില്‍ രണ്ടു ദിവസം അവധി നടപ്പാക്കിയിരുന്നു. രണ്ടു മാസം ഇവിടെ നടപ്പാക്കി വിജയകരമാണെന്നുകണ്ടാല്‍ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും എന്ന് പറഞ്ഞെങ്കിലും മുബാറക് അല്‍കബീറില്‍ ഇത് തുടര്‍ന്നതല്ലാതെ മറ്റിടങ്ങളില്‍ നടപ്പാക്കുകയുണ്ടായില്ല.  
നിലവില്‍ ദിവസം മൂന്ന് ഷിഫ്റ്റുകളായാണ് കുവൈത്തിലെ ആശുപത്രികളില്‍ നഴ്സുമാരുടെ ജോലി. രാവിലെ ഏഴു മണി മുതല്‍ ഉച്ചക്ക് രണ്ടു മണി വരെ (ഏഴു മണിക്കൂര്‍), ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 10 വരെ (എട്ടു മണിക്കൂര്‍), രാത്രി 10 മുതല്‍ രാവിലെ ഏഴു വരെ (ഒമ്പതു മണിക്കൂര്‍) എന്നിങ്ങനെ. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം അഞ്ചു ദിവസങ്ങളില്‍ എട്ടു മണിക്കൂര്‍ വീതം ആഴ്ചയില്‍ പരമാവധി 40 മണിക്കൂറാണ് നഴ്സുമാരുടെ ജോലി സമയം.
എന്നാല്‍, കുവൈത്തില്‍ ഇത് ചുരുങ്ങിയത് 48 മണിക്കൂറെങ്കിലുമാവുന്നു. നൈറ്റ് ഡ്യൂട്ടി സമയം ഒമ്പതു മണിക്കൂര്‍ ആണെങ്കിലും ചിലപ്പോള്‍ അതിലും കൂടുതലാവുന്നു. ആഴ്ചയില്‍ രണ്ടു ദിവസം ഓഫ് എന്നത് നടപ്പാവുകയാണെങ്കില്‍ നഴ്സുമാരുടെ ജോലിഭാരം ഏറെ കുറയും.

മുഴുവന്‍ ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു

Posted: 13 Apr 2015 09:51 PM PDT

Image: 

മസ്കത്ത്: രാജ്യത്തെ മുഴുവന്‍ കമ്പനി ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ കഫറ്റീരിയ അടക്കം ചില മേഖലകളിലെ ജീവനക്കാര്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് നിര്‍ബന്ധം. ഇത് മുഴുവന്‍ മേഖലകളിലേക്കും വ്യാപിപ്പിക്കുകയാണ് ചെയ്യുക.
ക്ളിയറന്‍സിനും മറ്റു രേഖകള്‍ക്കുമൊപ്പം ഇന്‍ഷുറന്‍സ് രേഖകള്‍ കൂടി സമര്‍പ്പിച്ചാല്‍ മാത്രം പുതിയ വിസ അനുവദിക്കുന്ന രൂപത്തിലുള്ള നിയമനിര്‍മാണമാണ് പദ്ധതിയിടുന്നതെന്ന് ഒമാന്‍ മെഡിക്കല്‍ സ്പെഷാലിറ്റി ബോര്‍ഡ് പ്രസിഡന്‍റ് ഡോ. വലീദ് അല്‍സദ്ജാലി പറഞ്ഞു. ജി.സി.സി ആരോഗ്യമന്ത്രിമാരുടെ യോഗത്തിലെ തീരുമാനപ്രകാരം രാജ്യത്തെ മുഴുവന്‍ ജീവനക്കാര്‍ക്കും ആരോഗ്യഇന്‍ഷുറന്‍സ് നടപ്പാക്കാന്‍ നേരത്തേ നിര്‍ദേശമുണ്ടായിരുന്നു. അടുത്തിടെ നടന്ന മന്ത്രാലയം യോഗത്തിലാണ് മുഴുവന്‍ തൊഴിലാളികളുടെയും  ആരോഗ്യസുരക്ഷ കണക്കിലെടുത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കാന്‍ തീരുമാനമായത്. നിയമം നടപ്പാക്കുന്നതിനുള്ള അന്തിമ ചട്ടക്കൂടിന് രൂപം നല്‍കി വരുകയാണ്. ആദ്യം വലിയ കമ്പനികളില്‍ നിയമം നടപ്പാക്കിയ ശേഷം  മുഴുവന്‍ പേരിലേക്കുംഎത്തിക്കാനാണ് പദ്ധതി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി നടപ്പാക്കും. പല ജി.സി.സി രാഷ്ട്രങ്ങളും നിര്‍ബന്ധ ആരോഗ്യ  ഇന്‍ഷൂറന്‍സ് നടപ്പാക്കിയിട്ടുണ്ട്. മെഡിക്കല്‍ ഇന്‍ഷുറന്‍സില്ലാത്തതിനാല്‍ ആശുപത്രി ചെലവ് വഹിക്കാനാവാതെ തൊഴിലാളികള്‍  കുടുങ്ങുന്ന സാഹചര്യം മന്ത്രാലയത്തിന്‍െറ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികള്‍ക്ക് ചികിത്സാ ചെലവുകള്‍ കനത്ത സാമ്പത്തിക ഭാരമാണ് നല്‍കുന്നത്.
സ്പോണ്‍സര്‍മാര്‍ രോഗികളെ ആശുപത്രിയില്‍ ഉപേക്ഷിക്കുന്ന അവസ്ഥയും ഉണ്ട്. ഇത്തരക്കാരെ സാമൂഹിക സംഘടനകള്‍ ഏറ്റെടുത്ത് നാട്ടിലേക്ക് വിടുമ്പോള്‍ ചികില്‍സാ ചിലവുകളില്‍ ഭൂരിപക്ഷവും ആശുപത്രികള്‍ക്ക് എഴുതിതള്ളേണ്ട അവസ്ഥ ഉണ്ടാകുന്നുമുണ്ട്. ഇന്‍ഷുറന്‍സ് പരിരക്ഷയുടെ മറവില്‍ ആശുപത്രികള്‍ അനാവശ്യ ടെസ്റ്റുകള്‍ക്ക് രോഗികളെ വിധേയമാക്കുന്ന പ്രവണതയും മന്ത്രാലയം നിരീക്ഷിക്കുകയാണ്.
പുതിയ നിയമഭേദഗതിയോടെ ഇത്തരം പ്രവണതകള്‍ക്ക് അറുതിവരുമെന്നും ഡോ. സദ്ജാലി പറഞ്ഞു.

സമ്മേളന തലേന്ന് റിപ്പോര്‍ട്ട് ചോര്‍ന്നു; നാണക്കേടില്‍ സി.പി.എം

Posted: 13 Apr 2015 08:46 PM PDT

Image: 

വിശാഖപട്ടണം: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടനാ കരടു റിപ്പോര്‍ട്ട് സമ്മേളന തലേന്ന് ചോര്‍ന്നത് പാര്‍ട്ടിക്ക് തിരിച്ചടിയും നാണക്കേടുമായി. സി.പി.എമ്മിന്‍െറ ചരിത്രത്തില്‍ ആദ്യമായാണ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനു മുന്‍പ് പൂര്‍ണമായി ഏതാനും  മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം പ്ളീനം വിളിച്ചു ചര്‍ച്ച ചെയ്ത ശേഷം പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടാണിത്.

ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ട് ചോര്‍ന്നു കിട്ടിയതായി ചില ചാനലുകള്‍ അവകാശപ്പെടുകയും അതിന്‍െറ ഏതാനും പേജുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് കയ്യില്‍ കിട്ടിയ ശേഷം  സമ്മേളനഹാളില്‍ നിന്ന് ഏതോ പ്രതിനിധി മൊബൈല്‍ കാമറയില്‍ പകര്‍ത്തി വാട്ട്സ്ആപ്പിലൂടെ അയച്ചു കൊടുത്തതായിരുന്നു പ്രസ്തുത പേജുകള്‍ എന്ന് പിന്നീടു തെളിഞ്ഞു.  എന്നാല്‍,  പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ടിന്‍െറ പൂര്‍ണ രൂപമാണ് തിങ്കളാഴ്ച രാത്രി പുറത്തു വന്നത്. സമ്മേളനം തുടങ്ങും മുന്‍പ് അതു പുറത്തു പോയതിന്‍െറ ഉത്തരവാദിത്തം നേതൃത്വത്തിനാണ്.

മൂന്നു റിപ്പോര്‍ട്ടുകളാണ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിക്കുക. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരടു രാഷ്ട്രീയ പ്രമേയം, പാര്‍ട്ടിയുടെ പുതിയ അടവുനയം, രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട്  എന്നിവ. ഇതില്‍ മൂന്നാമത്തെതാണ് ചോര്‍ന്നത്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമുള്ള പാര്‍ട്ടിയുടെ അവസ്ഥ വിലയിരുത്തുന്നത് ഈ റിപ്പോര്‍ട്ടിലാണ് .

സി.പി.എമ്മിന്‍െറ രാഷ്ട്രീയ സംഘടനാ ശേഷിയും ജനകീയ അടിത്തറയും ശോഷിച്ചു  എന്നാണ്  റിപ്പോര്‍ട്ടില്‍  പറയുന്നത്. അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് ചില സംസ്ഥാനങ്ങളില്‍ ഗുരുതരമാണ്. പശ്ചിമ ബംഗാളില്‍ വലിയ തകര്‍ച്ച സംഭവിച്ചു. കേരളം പിടിച്ചു നില്‍ക്കുന്നു. വളര്‍ച്ച ചൂണ്ടിക്കാണിക്കാന്‍ പറ്റുന്നത് ചെറിയ സംസ്ഥാനമായ ത്രിപുരയില്‍ മാത്രമാണ്. മുന്‍പ് ശക്തികേന്ദ്രമായിരുന്ന ആന്ധ്രയില്‍ പാര്‍ട്ടി താഴേക്കു പോയി.
25 വയസ്സിനു താഴെയുള്ള പാര്‍ട്ടി അംഗങ്ങളുടെ എണ്ണം കുറവാണ് .മൊത്തം അംഗങ്ങളില്‍ ആറര ശതമാനം മാത്രമാണ് ഈ വിഭാഗത്തില്‍ ഉള്ളത്.  ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല എന്നതിന്‍െറ  തെളിവാണിത്. പുതിയ തലമുറ പാര്‍ട്ടിയിലേക്ക് വരുന്നില്ല.
20ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച തെറ്റുതിരുത്തല്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞില്ല. പാര്‍ട്ടി പ്രവര്‍ത്തകരില്‍ മദ്യപാനം അടക്കം ദുശീലങ്ങള്‍ നില നില്‍ക്കുന്നു. പലിശ ഇടപാട്, ഊഹക്കച്ചവടം, റിയല്‍ എസ്റ്റേറ്റ് തുടങ്ങി അനഭിലഷണീയമായ മേഖലകളില്‍ അംഗങ്ങള്‍ വ്യാപരിക്കുന്നു. പാര്‍ട്ടിയില്‍ പുരോഗമന മൂല്യം ഇടിയുകയും കമ്മ്യൂണിസ്റ്റ് തത്വങ്ങള്‍ ശോഷിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടു. സീറ്റുകളിലും വോട്ടിലും വലിയ ചോര്‍ച്ച സംഭവിച്ചു.
സാമൂഹിക പ്രശ്നങ്ങള്‍  ഏറ്റെടുക്കുന്നതിലും ജനങ്ങളെ അണി നിരത്തുന്നതിലും പാര്‍ട്ടി പരാജയപ്പെടുന്നുവെന്ന സ്വയം വിമര്‍ശം സംഘടനാ റിപ്പോര്‍ട്ടിലുണ്ട്.  പൊതുജനങ്ങള്‍ക്ക് പ്രതികൂലമായി വരുന്ന വിഷയങ്ങളില്‍ ചടുലതയോടെ ഇടപെടാനോ അതിനെതിരെ അടിയന്തിര സ്വഭാവത്തില്‍ സമരം സംഘടിപ്പിക്കാനോ കഴിയുന്നില്ല. സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിലും പാര്‍ട്ടി പിന്നാക്കം പോയി.

കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു  കേന്ദ്ര നേതൃത്വത്തിന്‍െറ ഇടപെടല്‍ ഉണ്ടായെങ്കിലും അത് പൂര്‍ണമായില്ളെന്ന കുറ്റസമ്മതം റിപ്പോര്‍ട്ടിലുണ്ട്. വിഭാഗീയത വലിയ അളവില്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞു. എന്നാല്‍ കേരള പ്രശ്നങ്ങള്‍ അന്വേഷിച്ചു പരിഹാരം നിര്‍ദേശിക്കാന്‍ നിയോഗിച്ച പി.ബി കമിഷന്‍ ജോലി പൂര്‍ത്തിയാക്കിയില്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗുന്തര്‍ ഗ്രാസ്: മാനവികതയുടെ ഇതിഹാസകാരന്‍

Posted: 13 Apr 2015 07:38 PM PDT

Image: 

നാസിയുഗത്തില്‍ വളര്‍ന്ന ജര്‍മന്‍ തലമുറയുടെ ശക്തനായ വക്താവായിരുന്നു തിങ്കളാഴ്ച വിടവാങ്ങിയ ജര്‍മന്‍ എഴുത്തുകാരന്‍ ഗുന്തര്‍ ഗ്രാസ്. അതുകൊണ്ടാണ് യുദ്ധാനന്തര ജര്‍മന്‍ സമൂഹത്തിന്‍െറ ധാര്‍മിക മന$സാക്ഷി എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്. ഓര്‍മകള്‍ ഉണ്ടായിരിക്കണം എന്നു പേര്‍ത്തും പേര്‍ത്തും പറഞ്ഞ അദ്ദേഹം മുന്‍കാല ചരിത്രം മറക്കാന്‍ ജര്‍മന്‍കാരെ ഒരിക്കലും അനുവദിച്ചില്ല. ‘നമ്മുടെ ഇന്നലെകളെയോര്‍ത്ത്, നമ്മുടെ പൂര്‍വികരെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നുവെന്ന് അദ്ദേഹം ഇടക്കിടെ പറയാറുണ്ടായിരുന്നു. 1985ല്‍ ജര്‍മന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോളും അമേരിക്കന്‍ പ്രസിഡന്‍റ് റൊണാള്‍ഡ് റീഗനും ബിറ്റ്സ്ബെര്‍ഗ് സെമിത്തേരിയില്‍, യുദ്ധത്തില്‍ മരിച്ച അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ പോയതിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. അതേ സെമിത്തേരിയില്‍ നാസി സൈനികരുടെ ശവകുടീരങ്ങള്‍ ഉണ്ടെന്നതിനാല്‍ ആ നടപടി തനിക്കു പൊറുക്കാവുന്നതല്ല എന്നായിരുന്നു അദ്ദേഹത്തിന്‍െറ ന്യായം.

ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കിയുള്ള സത്യസന്ധമായ ഏറ്റുപറച്ചിലാണ് ‘പീലിങ് ഒനിയന്‍സ്’ എന്ന ഓര്‍മക്കുറിപ്പുകളില്‍ അദ്ദേഹം നടത്തിയത്. 17ാം വയസ്സില്‍ ഹിറ്റ്ലറുടെ സൈനിക വിഭാഗമായ വാഫന്‍ എസ്.എസില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നായിരുന്നു കുറ്റസമ്മതം. കത്തോലിക്ക വിഭാഗത്തില്‍പെട്ട മാതാവും പ്രൊട്ടസ്റ്റന്‍റുകാരനായ പിതാവും വീട്ടില്‍ സൃഷ്ടിച്ച തടവുമുറിയില്‍നിന്ന് രക്ഷപ്പെടാന്‍ കണ്ടത്തെിയ വഴി തെറ്റിപ്പോയി എന്നു വിലപിക്കുകയായിരുന്നു ഗുന്തര്‍ ഗ്രാസ്. എന്നാല്‍, 30ാം വയസ്സു മുതല്‍ എഴുതിയ എല്ലാ രചനകളിലും നാസിസം തകര്‍ത്തെറിഞ്ഞ മാനവികതയുടെ ദൈന്യമുഖങ്ങള്‍ അദ്ദേഹം വരച്ചുചേര്‍ത്തിരുന്നു. ചരിത്രത്തെ നിര്‍ഭയം അഭിമുഖീകരിച്ച ആ രചനകള്‍ ഭ്രാന്തമായ ദേശീയതയുടെയും വംശശുദ്ധിയുടെ പേരിലുള്ള ക്രൂരമായ വിവേചനങ്ങളുടെയും അനുഭവഗാഥകള്‍ തീക്ഷ്ണമായി ആവിഷ്കരിച്ചു. നാസിസത്തിന്‍െറ തളര്‍ച്ചയായിരുന്നു ‘തകരച്ചെണ്ട’യുടെ പ്രമേയം. ധര്‍മം നശിച്ച നാഗരികതയില്‍ മൂന്നു വയസ്സിനുമേല്‍ വളരില്ളെന്നു തീരുമാനിച്ച ഓസ്കര്‍ മത്സരത്തേ് എന്ന കഥാപാത്രം നാസിജര്‍മന്‍ സ്വത്വത്തിന്‍െറ പ്രതീകമായിരുന്നു. ‘ആ ഹിറ്റ്ലറും മതിലും ഇപ്പോള്‍ എന്‍െറ മനസ്സിലില്ല. എന്നാല്‍, എനിക്കു ചുറ്റും ഇപ്പോള്‍ കുറെ ഹിറ്റ്ലര്‍മാര്‍ ജീവിക്കുന്നു. വലിയ വലിയ മതിലുകള്‍ ഉയരുന്നു. നവഫാഷിസം ലോകത്തെ കീഴടക്കാന്‍ പോവുകയാണ്. അണുബോംബിനെക്കാള്‍ ഭീകരമാണ് അത്’ എന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ചരിത്രത്തില്‍ ഏറ്റവും ക്രൂരമായി വേട്ടയാടപ്പെട്ട ജൂതജനത വര്‍ഷങ്ങള്‍ക്കിപ്പുറം നരവേട്ടക്കാരായി വേഷം മാറുമ്പോള്‍ മനുഷ്യസ്നേഹിയായ ഗുന്തര്‍ ഗ്രാസിന് നോക്കിനില്‍ക്കാനാവുമായിരുന്നില്ല. അതുകൊണ്ടാണ് മ്യൂണിക്കില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന സുഡറ്റ്ഷെ സൈതുന്‍ഗ് ദിനപത്രത്തിലെ കള്‍ചറല്‍ വിഭാഗത്തില്‍ ‘പറയാതെ വയ്യ’ എന്ന കവിതയിലൂടെ ഇസ്രായേലിനെ രൂക്ഷമായി വിമര്‍ശിച്ചത്. രാഷ്ട്രീയ പ്രസ്താവനയുടെ ശൈലിയിലാണ് സ്ഫോടനാത്മകമായ ഉള്ളടക്കമുള്ള ആ കവിത എഴുതപ്പെട്ടത്. അതോടെ, പലതവണ രാജ്യത്ത് സന്ദര്‍ശനം നടത്തിയിരുന്ന ഗ്രാസിന് ഇസ്രായേല്‍ വിസ നിഷേധിച്ചു. അനഭിമതനായി പ്രഖ്യാപിക്കുകയും ചെയ്തു. ‘ഇസ്രായേല്‍ ഓസ്ലോ കരാറിലേക്ക് തിരിച്ചുവരണം. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളില്‍നിന്ന് പിന്‍വലിയുകയും വേണം. ഒപ്പം ക്രിമിനല്‍ മാര്‍ഗേണ ആ പ്രദേശങ്ങളില്‍ ഉണ്ടാക്കിയ നിയമവിരുദ്ധ കോളനികള്‍ ഒഴിയുകയും വേണം. നാം സമാധാനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇതാണ് ചെയ്യേണ്ടത്’-ഇസ്രായേലിന്‍െറ ചെവിയില്‍ തകരച്ചെണ്ട കൊട്ടിക്കൊണ്ട് ഗുന്തര്‍ഗ്രാസ് ഇങ്ങനെ പറഞ്ഞു. എന്തുകൊണ്ട് ഈ കവിത ഈ പ്രായത്തില്‍ എന്ന ചോദ്യത്തിന് ‘പടിഞ്ഞാറിന്‍െറ കാപട്യം മടുത്തതിനാല്‍’ എന്ന് മറുപടിയും നല്‍കി. ‘ഇനി ഞാന്‍ മൗനിയാവില്ല’ എന്ന് പ്രഖ്യാപിച്ചാണ് കവിത അവസാനിപ്പിക്കുന്നത്.  നിരാലംബരായ ജനതയുടെ സഹനങ്ങള്‍ക്കുമേല്‍ നിശ്ശബ്ദത പാലിക്കുന്ന എല്ലാ എഴുത്തുകാര്‍ക്കുമുള്ള ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു അത്.

ഇന്ത്യയുമായി അപൂര്‍വമായ ആത്മബന്ധം പുലര്‍ത്തിയിരുന്നു ഗുന്തര്‍ ഗ്രാസ്. മൂന്നു തവണ ഇന്ത്യയില്‍ വന്നു. ഒരു വര്‍ഷം കൊല്‍ക്കത്തയിലായിരുന്നു താമസം. 1975ല്‍ കൊച്ചിയില്‍ വന്നപ്പോള്‍ മഹാരാജാസ് കോളജില്‍ വിദ്യാര്‍ഥികളെ അഭിസംബോധനചെയ്തു. കഥാകൃത്ത് ടി.ആര്‍ അദ്ദേഹവുമായി അഭിമുഖം നടത്തിയിരുന്നു.

മനുഷ്യര്‍ അതിജീവിച്ച ഇടവേളകള്‍

Posted: 13 Apr 2015 07:31 PM PDT

Image: 

ഇന്ത്യയെക്കുറിച്ച് അടുത്തറിഞ്ഞിരുന്ന ഗുന്തര്‍ ഗ്രാസ്,  ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരു നോവല്‍ എഴുതുക എന്ന ഉദ്ദേശ്യത്തോടെ, എണ്‍പതുകളുടെ തുടക്കത്തില്‍ കൊല്‍ക്കത്തയില്‍ ഒരുവര്‍ഷത്തോളം കഴിഞ്ഞു.  ഭാര്യയും ഒപ്പമുണ്ടായിരുന്നു.  
എന്നാല്‍, അഭിമുഖക്കാരുടെ ശല്യം നിമിത്തം നോവലെഴുതാന്‍ കഴിയാതെ തിരിച്ചുപോയി

രണ്ട് ലോകയുദ്ധങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ച ആ ‘തകരച്ചെണ്ട’ ഇടക്കിടെ ശബ്ദം മുഴക്കുമ്പോള്‍  ഭയത്താല്‍ അടിമുടി വിറച്ചുപോകും.
ചിലമ്പിച്ച ശബ്ദമാണ് അതില്‍നിന്ന് എല്ലാക്കാലത്തും വന്നുകൊണ്ടിരുന്നത്. പക്ഷേ, അത് അസാധാരണമായിരുന്നു. അപകടത്തെയും പ്രതിരോധത്തെയും അതിജീവനത്തെയും തകരച്ചെണ്ട ഒന്നിച്ച് ഒപ്പം കൊണ്ടുനടന്നു. അതെ, ഗുന്തര്‍ഗ്രാസിന്‍െറ തകരച്ചെണ്ട (ടിന്‍ഡ്രം) 19-20 നൂറ്റാണ്ടുകളിലെ മനുഷ്യചരിത്രത്തിലെ ഏറ്റവും വേദനജനകമായ മുഹൂര്‍ത്തങ്ങളെയാണ് ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. മൂന്നാം വയസ്സില്‍ കോണിപ്പടികളില്‍നിന്ന് വീണതിനത്തെുടര്‍ന്ന് ശരീരവളര്‍ച്ച നിലച്ചുപോയ ഓസ്കറിലൂടെ, അയാള്‍ക്ക് സമ്മാനമായി ലഭിച്ച തകരച്ചെണ്ടയിലൂടെ, എല്ലായ്പ്പോഴും ആവര്‍ത്തിക്കുന്ന യുദ്ധത്തിനും അപൂര്‍വമായി സമാധാനത്തിനും  ഇടയിലൂടെ സഞ്ചരിക്കുന്ന മനുഷ്യരാശിയുടെ ജീവിത ഭൂപടത്തെയാണ് ഗ്രാസ് തനിക്ക് നൊബേല്‍ സമ്മാനം നേടിക്കൊടുത്തആ വിഖ്യാത നോവലിലൂടെ ലോക സമക്ഷം അവതരിപ്പിച്ചത്. ഒരിക്കല്‍ നാസികളുടെ പ്രകടനത്തെ തകരച്ചെണ്ടയുടെ ശബ്ദം സ്തംഭിപ്പിച്ചു കളയുന്നുണ്ട് നോവലില്‍. ആ നോവല്‍ വായിച്ച് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നാസികള്‍ ആശയക്കുഴപ്പത്തിലാകുന്ന ആ  രംഗം ഓര്‍മയില്‍ നിന്നും മാഞ്ഞുപോകുന്നേയില്ല. അസാധാരണമായ ശബ്ദങ്ങള്‍ ഏത് ദുഷ്ടശക്തിയെയും അല്‍പനേരത്തേക്കാണെങ്കിലും ഒന്നു കുഴപ്പിക്കും ആ ചെറിയ ഇടവേളകള്‍കൊണ്ടുവേണം മനുഷ്യരാശിക്ക് അതിജീവിക്കാന്‍. ഗുന്തര്‍ ഗ്രാസ് എല്ലായ്പ്പോഴും ഇങ്ങനെയൊരാശയം പറയുവാനാണ് ശ്രമിച്ചതെന്ന് അദ്ദേഹത്തിന്‍െറ സാഹിത്യ ലോകത്തിലൂടെ കടന്നുപോകുമ്പോള്‍ വായനക്കാര്‍ക്ക് അനുഭവപ്പെടും.

ആ ചെറിയ ഇടവേളകളെക്കുറിച്ച് എഴുതാന്‍ എന്തുമാത്രം ദുരന്തങ്ങളെക്കുറിച്ച് കൂടി പറയണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.  യുദ്ധങ്ങളിലും  ദുരന്തങ്ങളിലും കൊടും ഭീകരതയിലും ഇല്ലാതായിപ്പോയവരുടെ ജീവിതമാണ് അതിജീവിച്ചവര്‍ വായിക്കുന്നത് എന്ന സത്യത്തിലേക്ക് അദ്ദേഹത്തിന്‍െറ സാഹിത്യം മിന്നല്‍പിണര്‍ വെളിച്ചം പായിച്ചുകൊണ്ടിരുന്നു. ദുഷ്കരമെങ്കിലും ഒരു വായനക്കാരന് ഗുന്തര്‍ ഗ്രാസിനെക്കുറിച്ച് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ഇങ്ങനെയായിരിക്കും പറയാനും വിശദമാക്കാനും സാധിക്കുക എന്നുതോന്നുന്നു.
‘പീലിങ് ദി ഒനിയന്‍’ എന്ന അദ്ദേഹത്തിന്‍െറ ആത്മകഥയുടെ ഓരോ താളിലും മനുഷ്യര്‍ അപ്രത്യക്ഷരായിപ്പോയ നിരവധി തമോഗര്‍ത്തങ്ങള്‍ക്കൊപ്പം വെളിച്ചം കുറഞ്ഞതാണെങ്കിലും അതിജീവിച്ച ഇടങ്ങളെക്കുറിച്ചുള്ള ആത്മനിശ്വാസങ്ങള്‍ കൂടി കാണാം. ഒരു പക്ഷേ, ഈ അവസ്ഥയെ കുറച്ചുകൂടി ലളിതമാക്കാന്‍ ഒരിക്കല്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: സാഹിത്യത്തില്‍ ഒത്തു തീര്‍പ്പുകളില്ല, ജീവിതത്തിലാകട്ടെ അതു മാത്രമേ ഉള്ളൂ! ഒത്തുതീര്‍പ്പ് ജീവിതങ്ങളുടെ ഒത്തുതീര്‍പ്പില്ലാത്ത ആവിഷ്കാരമാണ്  സാഹിത്യരചന എന്ന് ഇതില്‍ കൂടുതല്‍ ലളിതമായി പറയാന്‍ ഇനി കഴിയുമെന്ന് തോന്നുന്നില്ളെന്നും ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഗ്രാസ് പറയുകയുമുണ്ടായി.

ജര്‍മനിയുടെ ഭൂതകാലം കുഴിച്ചെടുക്കാനാണ് താന്‍ ഏറ്റവും കൂടുതലായി ആഗ്രഹിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കുഴിച്ചെടുക്കുമ്പോള്‍ അത് പുതിയ ലോകങ്ങളിലേക്ക് തന്നെ കൊണ്ടുപോകുന്നു, ഭൂതകാലം പല ശാഖകളിലേക്ക് പൊട്ടിപ്പടര്‍ന്നിരിക്കുന്നു, ഓരോ വഴികളും കുഴിച്ചും തുരന്നും നോക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഒരായുസ്സ് അതിനു മതിയാകും എന്ന് ഒരുറപ്പുമില്ല - നൊബേല്‍ സമ്മാനവേദിയില്‍ നടത്തിയ പ്രസംഗത്തില്‍ ഗ്രാസ് പറഞ്ഞു.

ഇന്ത്യയെക്കുറിച്ച് അടുത്തറിഞ്ഞിരുന്നു ഈ എഴുത്തുകാരന്‍. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരു നോവല്‍ എഴുതുക എന്ന ഉദ്ദേശ്യത്തോടെ, എണ്‍പതുകളുടെ തുടക്കത്തില്‍ അദ്ദേഹം കൊല്‍ക്കത്തയില്‍ ഒരുവര്‍ഷത്തോളം കഴിഞ്ഞു. ഭാര്യയും ഒപ്പമുണ്ടായിരുന്നു.  അഭിമുഖക്കാരുടെ ശല്യം നിമിത്തം നോവലെഴുതാന്‍ കഴിയാതെ ഞാന്‍ മടങ്ങുന്നുവെന്ന് പറഞ്ഞു തിരിച്ചുപോയ അദ്ദേഹത്തിന്‍െറ ഇന്ത്യയെക്കുറിച്ചുള്ള അഭിപ്രായം ‘മൈ ബ്രോക്കണ്‍ ലൗ: ഗുന്തര്‍ ഗ്രാസ് ഇന്‍ ഇന്ത്യ ആന്‍ഡ് ബംഗ്ളാദേശ്’ എന്ന പുസ്തകത്തില്‍ വായിക്കാം. കൊല്‍ക്കത്ത നരകമാണെന്ന് വിമര്‍ശിച്ചത് ഈ നഗരം നിങ്ങളുടേതുപോലെ എന്‍േറത് കൂടിയാണെന്ന് സത്യജിത് റായിയുമായി ഗ്രാസ് തര്‍ക്കിച്ചതില്‍നിന്നും ഇന്ത്യയോടുള്ള ഇഷ്ടം/ദാരിദ്ര്യത്തെക്കുറിച്ചുള്ള ഭീതി ഇത് രണ്ടും ഒരേസമയം പ്രത്യക്ഷപ്പെടുന്നത് വായനക്കാരന്‍ കാണുന്നു. ഗ്രാസ്  1970കളില്‍ കൊച്ചി സന്ദര്‍ശിച്ചിരുന്നു. അന്ന് കഥാകൃത്ത് ടി.ആര്‍ അദ്ദേഹത്തെ ഇന്‍റര്‍വ്യൂ ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ നിന്നിറങ്ങിയിരുന്ന ‘വായനശാല’ മാസികയിലാണ് ആ ഇന്‍റര്‍വ്യൂ വന്നത്.  (കെ.എന്‍. ഷാജി എഡിറ്റ് ചെയ്ത ടി.ആറിന്‍െറ വാക്കും വാഴ്വും എന്ന പുസ്തകത്തില്‍ ഇക്കാര്യം  പറഞ്ഞിട്ടുണ്ട്).  കൊല്‍ക്കത്തയില്‍ താമസിക്കുന്നതിനു പലവര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. ഒരിന്ത്യന്‍ നഗരത്തെ കേന്ദ്രീകരിച്ച് നോവലെഴുതുക എന്ന ആഗ്രഹമായിരുന്നു ഈ സന്ദര്‍ശനങ്ങള്‍ക്കെല്ലാം പിന്നിലെന്ന് മനസ്സിലാക്കാം.

സാഹിത്യത്തിലും ജീവിതത്തിലും തുറന്നുപറച്ചിലുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഗ്രാസ് ലോകത്തെ പഠിപ്പിച്ചു. ജര്‍മനിയുടെ നൃശംസതകളെയും നാസി ഭീകരതയെയും തന്‍െറ സാഹിത്യ ജീവിതത്തില്‍ തുറന്നുകാട്ടിയ അദ്ദേഹം 2006ല്‍, 78ാം വയസ്സില്‍ ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു: 17ാം വയസ്സില്‍, രണ്ടാം ലോകയുദ്ധവേളയില്‍ ഞാനും നാസി സൈന്യത്തിന്‍െറ റിക്രൂട്ടായിരുന്നു: ഒരു ആറു പതിറ്റാണ്ട് കാലം തന്നോടൊപ്പം കൊണ്ടുനടന്ന ഒരുപക്ഷേ, തനിക്കൊപ്പം കുഴിച്ചുമൂടപ്പെടുമായിരുന്ന ഒരുകാര്യം തുറന്നുപറഞ്ഞതിനെക്കുറിച്ച്, അതുസംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ക്കുശേഷം, ഒരു പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു, അത് പറഞ്ഞുകഴിഞ്ഞപ്പോള്‍ ഞാനല്‍പംകൂടി മനുഷ്യനായി എന്ന് തോന്നി!

2012ല്‍, കുറച്ചുനാളത്തെ മൗനത്തിനു ശേഷം ഇസ്രായേലിന്‍െറ യുദ്ധക്കൊതിയെക്കുറിച്ചും അവരുടെ ആണവ പദ്ധതിക്കുമെതിരായി അദ്ദേഹമെഴുതിയ What must be said എന്ന കവിതയില്‍ ഇങ്ങനെ വായിക്കാം-
Why I am silent, silent for too much time
how much is clear and we made it
in war games, where, as survivors,
we are just the foot notes...
യുദ്ധങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും ശേഷം അവശേഷിക്കുന്ന മനുഷ്യര്‍ അടിക്കുറിപ്പുകള്‍ മാത്രമാണെന്ന് ഈ വരികളിലൂടെ അദ്ദേഹം ലോകത്തെ ഓര്‍മിപ്പിച്ചു. മനുഷ്യര്‍ അതിജീവിച്ച ചെറിയ ഇടവേളകളുടെ അടിക്കുറിപ്പുകള്‍ മാത്രമാണ് സാഹിത്യമെന്നും.

ഗ്രീന്‍പീസ്: പ്രശ്നം വേറെയാണ്

Posted: 13 Apr 2015 07:17 PM PDT

Image: 

‘ഗ്രീന്‍പീസ് ഇന്ത്യ’യുടെ ഏഴു ബാങ്ക് അക്കൗണ്ടുകള്‍ ആറു മാസത്തേക്ക് മരവിപ്പിച്ച കേന്ദ്ര ആഭ്യന്തരവകുപ്പിന്‍െറ നടപടിയുടെ  ധ്വനികളും പ്രത്യാഘാതങ്ങളും വ്യാപകമായ ചര്‍ച്ച ആവശ്യപ്പെടുന്നു; പ്രത്യേകിച്ച് മോദി സര്‍ക്കാറും ഗ്രീന്‍പീസും തമ്മില്‍ മുമ്പുണ്ടായ ഏറ്റുമുട്ടലുകള്‍ക്കു പിന്നാലെയുള്ള പുതിയ നടപടി വൈരനിര്യാതനമാണെന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍. അതിനുമപ്പുറം ജനാധിപത്യപരമായ വിയോജിപ്പുകളെ അടിച്ചമര്‍ത്തുകയും കോര്‍പറേറ്റുകള്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കുന്നത് കുറ്റകൃത്യമായി കാണുകയും ചെയ്യുമെന്ന അപകടകരമായ സൂചനകൂടി സര്‍ക്കാര്‍ നീക്കം ഉള്‍ക്കൊള്ളുന്നുണ്ട്. ഗ്രീന്‍പീസ് എന്ന അന്താരാഷ്ട്ര എന്‍.ജി.ഒയെക്കുറിച്ച് അന്വേഷണങ്ങളാവാം; അതിന്‍െറ താല്‍പര്യങ്ങളെന്തെന്ന് പരിശോധിക്കാം; നിയമവിരുദ്ധമായ ചെയ്തികള്‍ കണ്ടാല്‍ നടപടിയെടുക്കാം. പക്ഷേ, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് അതല്ല, മുന്‍വിധിയും വൈരവും വെച്ചുള്ള വേട്ടയാണ്. സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന വാദങ്ങളും അവക്കാധാരമായ അന്വേഷണ റിപ്പോര്‍ട്ടും യുക്തിഭദ്രമല്ല. അതുകൊണ്ടുതന്നെ സര്‍ക്കാറിന് നിഗൂഢമായ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട് എന്ന് കരുതേണ്ടിവരുന്നു.
വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതു സംബന്ധിച്ച ചട്ടങ്ങള്‍ സംഘടന ലംഘിച്ചുവെന്നാണ് ഒരു ആരോപണം. ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നുവെന്നും സര്‍ക്കാര്‍ വാദിക്കുന്നു. രാഷ്ട്രത്തിന്‍െറ സാമ്പത്തിക താല്‍പര്യങ്ങളെ ഹനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഗ്രീന്‍പീസ് നടത്തുന്നുണ്ടത്രെ. അതേസമയം, തങ്ങളുടെ ഫണ്ടിന്‍െറ 70 ശതമാനവും ഇന്ത്യയില്‍നിന്ന് സ്വരൂപിക്കുന്നതാണെന്ന് ഗ്രീന്‍പീസ് പറയുന്നു. വിദേശത്തുനിന്നുള്ളതടക്കം ഫണ്ടുകളുടെ സമാഹരണത്തിലോ വിനിയോഗത്തിലോ ക്രമവിരുദ്ധമായി ഒന്നുമില്ല. സംഘടന ഇതുസംബന്ധിച്ച് വിശദമായ മറുപടി തയാറാക്കുന്നുണ്ടത്രെ. നിജസ്ഥിതി സര്‍ക്കാര്‍ പറയുന്നതായാല്‍ പോലും സംഘടനക്ക് വിശദീകരിക്കാനും മറുപടി നല്‍കാനുമുള്ള അവസരം നല്‍കേണ്ടിയിരുന്നു. തെറ്റു ചെയ്തതായി തെളിഞ്ഞാല്‍ ആനുപാതികമായ ശിക്ഷയാണ് ന്യായം.

സര്‍ക്കാറിന്‍െറ ഇപ്പോഴത്തെ നടപടി ശത്രുതാപരമെന്ന് പ്രത്യക്ഷത്തില്‍തന്നെ തോന്നുന്ന തരത്തിലാണ്. കുറച്ചുമുമ്പാണ് ഗ്രീന്‍പീസ് പ്രവര്‍ത്തക പ്രിയാ പിള്ളയെ ബ്രിട്ടനില്‍ പോകുന്നതില്‍നിന്ന് സര്‍ക്കാര്‍ തടഞ്ഞത്. മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും ഗ്രീന്‍പീസ് പരിസ്ഥിതിത്തകര്‍ച്ചക്ക് കാരണമാകുന്ന ‘വികസന’ ശ്രമങ്ങളെ തുറന്നെതിര്‍ക്കാറുണ്ട്. കോര്‍പറേറ്റുകള്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കാറുണ്ട്. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. ഇതിനോടെല്ലാം അസഹിഷ്ണുതാപരമായ നിലപാടാണ് നമ്മുടെ ഭരണകൂടങ്ങള്‍ അടുത്തകാലത്തായി സ്വീകരിച്ചുപോരുന്നത്. വന്‍ കോര്‍പറേറ്റുകള്‍ക്ക് ശല്യമുണ്ടാക്കുന്ന എല്ലാതരം ആക്ടിവിസത്തെയും ദുഷ്പ്രചാരണത്തിലൂടെ ഒതുക്കാന്‍ ശ്രമം നടന്നുവരുന്നുണ്ട്. ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തതടക്കം സന്നദ്ധ സംഘടനകളുടെ ‘കുറ്റകൃത്യ’ങ്ങളില്‍ എണ്ണിക്കൊണ്ടാണ് ഇന്‍റലിജന്‍സ് ബ്യൂറോ (ഐ.ബി) കഴിഞ്ഞവര്‍ഷം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത്. ആഗോള കോര്‍പറേറ്റുകള്‍ക്കുവേണ്ടിയുള്ള ജനവിരുദ്ധ ദാസ്യത്തെ ‘വികസന’മായും ജനപക്ഷ പ്രതിരോധത്തെ ‘വിദേശ സഹായം സ്വീകരിച്ചുകൊണ്ട് ഇന്ത്യയെ തകര്‍ക്കലാ’യും ചിത്രീകരിക്കുന്നത് പതിവാണ്. ഗ്രീന്‍പീസിനെ ഐ.ബി റിപ്പോര്‍ട്ട് പ്രത്യേകം എടുത്തുപറഞ്ഞ് വിമര്‍ശിച്ചിരുന്നു.

സര്‍ക്കാറിന്‍െറ കോര്‍പറേറ്റ് പ്രീണനത്തിനും ജനവിരുദ്ധ ‘വികസന’ത്തിനും തടസ്സമാകുന്നു എന്നതാണ് ഗ്രീന്‍പീസ് പോലുള്ളവയുടെ യഥാര്‍ഥ കുറ്റം. ഫണ്ട് മരവിപ്പിച്ചുകൊണ്ടുള്ള ആഭ്യന്തരവകുപ്പിന്‍െറ വിജ്ഞാപനത്തിനാധാരം കഴിഞ്ഞ സെപ്റ്റംബറിലെ ഒരു അന്വേഷണ റിപ്പോര്‍ട്ടാണ്. വരള്‍ച്ചബാധിത പ്രദേശത്ത് ജലസംരക്ഷണത്തിനായി ജനങ്ങളെ സംഘടിപ്പിച്ചതടക്കം ഗ്രീന്‍പീസിനെതിരായ ആരോപണങ്ങളില്‍ ഉള്‍പ്പെടും. മധ്യപ്രദേശിലെ മഹാന്‍ വനംപ്രദേശത്ത് എസ്സാര്‍ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതിനെതിരെയും ഗ്രീന്‍പീസ് ഇടപെട്ടിരുന്നു. അദാനി ഗ്രൂപ്പിന്‍െറയും കണ്ണിലെ കരടാണ് ഗ്രീന്‍പീസ്. ആസ്ട്രേലിയയില്‍ അദാനിയുടെ കല്‍ക്കരി പദ്ധതിക്കെതിരായി അവര്‍ നടത്തിയ ബോധവത്കരണംമൂലം ഒരു ഡസനോളം ബാങ്കുകള്‍ അതില്‍ മുതല്‍മുടക്കുന്നത് റദ്ദാക്കി.

ഗ്രീന്‍പീസിനെതിരായ അന്യായനീക്കം കഴിഞ്ഞ മാര്‍ച്ചില്‍ ജുഡീഷ്യറിയുടെ വിമര്‍ശത്തിനിരയായിട്ടുണ്ട്. മഹാനിലെ കല്‍ക്കരിപ്പാടത്തെ പരിസ്ഥിതി-മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നത് ഒഴിവാക്കാനാണ് പ്രിയാ പിള്ളയെ തടഞ്ഞുവെച്ചത്. ആ നടപടി മൗലികാവകാശ ലംഘനമാണെന്ന് ഡല്‍ഹി ഹൈകോടതി വിധിച്ചു. നിയമമോ ജനതാല്‍പര്യമോ ഒന്നുമല്ല ഗ്രീന്‍പീസിനും മറ്റുമെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍. കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതെല്ലാം നീക്കംചെയ്യുക, വിയോജിപ്പും ജനകീയ ചെറുത്തുനില്‍പും അടിച്ചമര്‍ത്തുക, രാജ്യസുരക്ഷയുടെയും ജനാധിപത്യത്തിന്‍െറയും പേരുപറഞ്ഞ് നേര്‍വിപരീതം പ്രവര്‍ത്തിക്കുക- ഇതൊക്കെയാണ് ഗ്രീന്‍പീസിനെതിരായ നടപടിയില്‍ തെളിഞ്ഞുകാണുന്നത്. അതുകൊണ്ടുതന്നെ ഇത് ഒരു സന്നദ്ധസംഘടനയുടെ മാത്രം പ്രശ്നമല്ല.

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയേറും

Posted: 13 Apr 2015 07:15 PM PDT

Image: 
Subtitle: 
തുറമുഖ നഗരി ഒരുങ്ങി •ഗുരുതരമായ പ്രശ്നങ്ങളില്ളെന്ന് വി.എസ്

വിശാഖപട്ടണം: തുറമുഖ നഗരിയില്‍ സി.പി.എമ്മിന്‍െറ 21ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയേറും. പോര്‍ട്ട് കലാവാണി ഓഡിറ്റോറിയത്തില്‍ ബംഗാളില്‍നിന്നുള്ള മുതിര്‍ന്ന നേതാവും സി.ഐ.ടി.യു മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് അമീന്‍ പതാക ഉയര്‍ത്തും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, പോളിറ്റ്ബ്യൂറോ അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കേരള സംഘം തിങ്കളാഴ്ച വിശാഖപട്ടണത്ത് എത്തി.  വിവിധ സംസ്ഥാനങ്ങളില്‍നിന്നായി  749  പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ഇതില്‍ 173 പേര്‍ കേരളത്തില്‍നിന്നാണ്.

ചരിത്രത്തിലാദ്യമായി ഇക്കുറി സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ എസ്.യു.സി.ഐ, സി.പി.ഐ (എം.എല്‍) പ്രതിനിധികള്‍ പങ്കെടുക്കും. എസ്.യു.സി.ഐ ജനറല്‍ സെക്രട്ടറി പ്രൊവാഷ് ഘോഷ്, സി.പി.ഐ (എം.എല്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ എന്നിവരാണ് ഉദ്ഘാടന സെഷനില്‍ സൗഹാര്‍ദ പ്രതിനിധികളായി പ്രസംഗിക്കുക. സി.പി.എം, സി.പി.ഐ, ഫോര്‍വേഡ് ബ്ളോക്, ആര്‍.എസ്.പി എന്നീ നാലു പാര്‍ട്ടികള്‍ക്ക് അപ്പുറമുള്ള കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെ മുഖ്യധാരയിലേക്ക് കൂട്ടി ഇടതുഐക്യം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടിയാണിത്.

രാവിലെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷമുള്ള സെഷനില്‍ കേന്ദ്ര കമ്മിറ്റി തയാറാക്കിയ കരട് രാഷ്ട്രീയ പ്രമേയം ചര്‍ച്ചക്കെടുക്കും.  കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടി സ്വീകരിച്ച അടവുനയങ്ങളുടെ കോട്ടവും നേട്ടവും വിശകലനം ചെയ്തു തയാറാക്കിയ അടവുനയ അവലോകന രേഖ, കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമുള്ള സംഘടനാ കാര്യങ്ങള്‍ വിശദീകരിക്കുന്ന സംഘടനാ റിപ്പോര്‍ട്ട് എന്നിവ തുടര്‍ന്നുള്ള നാലു ദിവസങ്ങളില്‍ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും.  പുതിയ കേന്ദ്ര കമ്മിറ്റിയുടെയും ജനറല്‍ സെക്രട്ടറിയുടെയും തെരഞ്ഞെടുപ്പ് 19ന് രാവിലെ നടക്കും. വൈകീട്ട് വന്‍ ബഹുജന റാലിയോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കുക.

ജനറല്‍ സെക്രട്ടറി കാരാട്ടിന്‍െറ നേതൃത്വത്തില്‍ തയാറാക്കിയ അടവുനയ അവലോകന രേഖക്ക് പി.ബി അംഗം സീതാറാം യെച്ചൂരി ബദല്‍ കുറിപ്പ് മുന്നോട്ടുവെച്ചത് ഏറെ ചര്‍ച്ചയായതാണ്. യെച്ചൂരിയുടെ ബദല്‍ കുറിപ്പിലെ വിലയിരുത്തല്‍കൂടി ഉള്‍പ്പെടുത്തി കേന്ദ്രകമ്മിറ്റി തിരുത്തിയ അവലോകന രേഖയാണ് പാര്‍ട്ടി കോണ്‍ഗ്രസിന്‍െറ മുന്നില്‍ വരുന്നത്.

 വി.എസ്. അച്യുതാനന്ദനെ പേരെടുത്ത് വിമര്‍ശിക്കുന്നതാണ് സംഘടനാ റിപ്പോര്‍ട്ട്. കേരളനേതൃത്വവുമായി നിരന്തരം ഉടക്കിയ വി.എസിനെ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കേന്ദ്ര കമ്മിറ്റി പലകുറി ശാസിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരന്തരം അച്ചടക്കലംഘനം നടത്തിയ വി.എസ് പാര്‍ട്ടിയുടെ അടിസ്ഥാന സംഘടനാതത്വം ലംഘിച്ചുവെന്ന കുറ്റപ്പെടുത്തലാണ് സംഘടനാ റിപ്പോര്‍ട്ടിലുള്ളത്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി വിശാഖപട്ടണത്ത് എത്തിയ വി.എസ് ഇതേക്കുറിച്ച് പ്രതികരിച്ചില്ല. പാര്‍ട്ടിയില്‍ ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ളെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് വി.എസിന്‍െറ മറുപടി. പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമേയുള്ളു. എല്ലാം രമ്യമായി പരിഹരിക്കുമെന്നും വി.എസ് പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് സി.പി.എമ്മിന് പുതിയ ഊര്‍ജവും ദിശയും പകരുമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഘടനാ പ്രശ്നങ്ങളില്‍ പ്രാഥമിക ചര്‍ച്ച മാത്രമേ പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുകയുള്ളൂവെന്ന് എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ തിങ്കളാഴ്ച വിശാഖപട്ടണത്ത് ചേര്‍ന്നു. സമ്മേളനം നിയന്ത്രിക്കേണ്ട അധ്യക്ഷ വേദി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ തീരുമാനമായി.
 

വാര്‍ണര്‍ ഷോയില്‍ സണ്‍റൈസേഴ്സ്

Posted: 13 Apr 2015 07:10 PM PDT

Image: 
Subtitle: 
ബാംഗ്ളൂരിനെതിരെ എട്ടു വിക്കറ്റ് ജയം •വാര്‍ണര്‍ക്കും ധവാനും ഫിഫ്റ്റി •വാര്‍ണര്‍ കളിയിലെ താരം

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂരിന്‍െറ സ്വന്തം മൈതാനത്ത് ഹൈദരാബാദ് സണ്‍റൈസേഴ്സ് ഉദിച്ചുയര്‍ന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എട്ടാം സീസണിലെ എട്ടാം മത്സരത്തില്‍ ബൗളര്‍മാരുടെ മികവിന് പിന്നാലെ, ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ ബാറ്റ് തീതുപ്പിയപ്പോള്‍ ഹൈദരാബാദിന് എട്ടു വിക്കറ്റിന്‍െറ ജയം. ബാംഗ്ളൂര്‍ ഉയര്‍ത്തിയ 167 റണ്‍സ് ലക്ഷ്യം 16 പന്തുകള്‍ ശേഷിക്കെയാണ് രണ്ടു വിക്കറ്റുകള്‍  മാത്രം നഷ്ടപ്പെടുത്തി സന്ദര്‍ശകര്‍ കീഴടക്കിയത്. ഓപ്പണര്‍മാരായ വാര്‍ണറും (57) ശിഖര്‍ ധവാനും (50*) ഫിഫ്റ്റിയുമായി ജയത്തിന് മാറ്റ് പകര്‍ന്നു. വാര്‍ണറാണ് കളിയിലെ കേമന്‍.

നാലാമനായത്തെിയ ലോകേഷ് രാഹുലും 44 റണ്‍സുമായി സ്കോര്‍ പിന്തുടരല്‍ അനായാസമാക്കി. 27 പന്തുകള്‍ നേരിട്ട ഇന്നിങ്സില്‍ ആറു ഫോറും നാലു സിക്സുമാണ് വാര്‍ണറുടെ ബാറ്റുതൊട്ട് പാഞ്ഞത്. 57 റണ്‍സെടുത്ത് ഓസീസ് താരം പുറത്താകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 7.5 ഓവറില്‍ 82 റണ്‍സത്തെിയിരുന്നു. യുസ്വേന്ദ്ര ചാഹല്‍ വാര്‍ണര്‍ക്ക് പുറത്തേക്കുള്ള വഴിതെളിയിച്ചതിന് പിന്നാലെ കെയ്ന്‍ വില്യംസണെയും (5) പറഞ്ഞയച്ചു.  ശേഷം 18ാം ഓവറിലെ രണ്ടാം പന്തില്‍ വിജയമത്തെും വരെയും സണ്‍റൈസേഴ്സിന് ഭീഷണിയുയര്‍ത്താന്‍ എതിര്‍പക്ഷത്തിന് കഴിഞ്ഞില്ല. 17ാം ഓവറില്‍ അഹ്മദിന്‍െറ നോബാള്‍ ഡെലിവറി സിക്സിന് പറത്തിയാണ് ധവാന്‍ ഫിഫ്റ്റി തികച്ചത്. 42 പന്തില്‍ നാലു ഫോറും രണ്ടു സിക്സും അടിച്ച് 50 റണ്‍സുമായി പുറത്താകാതെ ജയം പൂര്‍ത്തിയാക്കി  ഇന്ത്യന്‍ താരം തിരിച്ചുകയറി.
താരതമ്യേന നല്ലതുടക്കവും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും എ.ബി. ഡിവില്ലിയേഴ്സിന്‍െറയും കൂറ്റനടികളും ചേര്‍ന്ന് വന്‍ സ്കോറിലേക്ക് കുതിക്കുകയായിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂരിനെ സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ കുരുക്കിട്ടുനിര്‍ത്തുകയായിരുന്നു. തീപാറുന്ന പന്തുകളുമായി ന്യൂസിലന്‍ഡുകാരന്‍ ട്രെന്‍റ് ബോള്‍ട്ട് കുതിച്ചത്തെിയപ്പോള്‍ 19.5 ഓവറില്‍ 166 റണ്‍സിന് ബാംഗ്ളൂര്‍ ഓള്‍ഒൗട്ടായി. സന്ദര്‍ശകരായത്തെിയ സണ്‍റൈസേഴ്സിനൊപ്പമാണ് ടോസ് ഭാഗ്യം നിന്നത്.

എന്നാല്‍, ക്രിസ് ഗെയ്ലും വിരാട് കോഹ്ലിയും ചേര്‍ന്ന് ഓപണിങ് വിക്കറ്റ് ആക്രമണവുമായി കളംനിറഞ്ഞു. 16 പന്തുകള്‍ നേരിട്ട് മൂന്നു ഫോറും ഒരു സിക്സുമായി  21 റണ്‍സില്‍നിന്ന് ഗെയ്ലിനെ അഞ്ചാം ഓവറില്‍ പറഞ്ഞുവിടാന്‍ കഴിഞ്ഞതോടെയാണ് അവര്‍ക്ക് അല്‍പം ആശ്വസിക്കാനായത്.
പ്രവീണ്‍ കുമാറാണ് ആശിഷ് റെഡ്ഡിയുടെ കൈയിലത്തെിച്ച് ഗെയ്ല്‍ അപകടം ഒഴിവാക്കിയത്.  കീഴടങ്ങാതെനിന്ന വിരാടിന് ദിനേശ് കാര്‍ത്തികിന്‍െറ കൂട്ടുകിട്ടി. കാര്‍ത്തികിനെ(9) ടീം സ്കോര്‍ 77 റണ്‍സില്‍ നില്‍ക്കെ പുറത്താക്കി കരണ്‍ ശര്‍മ രണ്ടാം വിക്കറ്റ് സണ്‍റൈസേഴ്സിന് സമ്മാനിച്ചു.

രണ്ട് ഓവറിനപ്പുറം രവി ബൊപ്പാരയുടെ പന്തില്‍ കോഹ്ലിയുടെ വിക്കറ്റ് തെറിച്ചു. 37 പന്തില്‍ നാലു ഫോറും രണ്ടു സിക്സും അടിച്ച് 41 റണ്‍സെടുത്ത കോഹ്ലി മികച്ച ഫോമിലായിരുന്നു.
തൊട്ടടുത്ത പന്തില്‍ മന്‍ദീപ് സിങ്ങിനെയും (0) പുറത്താക്കി ബൊപ്പാര ആതിഥേയരെ പിന്നോട്ടടിപ്പിച്ചു. പിന്നീട് സമിയെ കൂട്ടുപിടിച്ച് ഡിവില്ലിയേഴ്സ്  സ്കോര്‍ 100 കടത്തി. സ്കോര്‍ 150 കടത്തിയ ഡിവില്ലിയേഴ്സിനെ ഫിഫ്റ്റിയടിക്കാന്‍ അനുവദിക്കാതെ ബോള്‍ട്ട് ആഞ്ഞടിച്ചു.  
28 പന്തില്‍ അഞ്ചു ഫോറും രണ്ടു സിക്സുമാണ് 46 റണ്‍സ് ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കക്കാരന്‍ സ്വന്തമാക്കിയത്.  പിന്നാലെ 14 റണ്‍സെടുത്ത സീന്‍ അബോട്ടിനെയും ഹര്‍ഷല്‍ പട്ടേലിനെയും (4) ബൗള്‍ട്ട് മടക്കി.

ബോള്‍ട്ട് നാല് ഓവറില്‍ 36 റണ്‍സ് നല്‍കി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 3.5 ഓവറില്‍ 30 റണ്‍സ് നല്‍കി ഭുവനേശ്വറും മൂന്ന് ഓവറില്‍ 31 റണ്‍സ് നല്‍കി ബൊപ്പാരയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

കോഴിക്കോട് ടൂറിസ്റ്റ് ബസ് ലോറിയിലിടിച്ച് മറിഞ്ഞ് മൂന്ന് മരണം

Posted: 13 Apr 2015 06:58 PM PDT

Image: 

കോഴിക്കോട്: രാമനാട്ടുകരയില്‍ ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ 2 .45 നു രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡ് ബൈപ്പാസ് ജങ്ഷനിലാണ് അപകടം. ഇടുക്കി നെടുകണ്ടം ചോറ്റുപാറ ചന്ദ്രശേഖരന്‍ (55) നെടുകണ്ടം മണേമല്‍ അനു (30) ഓച്ചറ മുത്തനാട് പറമ്പ് ജയലക്ഷ്മി (11) എന്നിവരാണ് മരണപെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലൂര്‍ മൂകാംബികയില്‍ നിന്ന് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. പാലക്കാട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച്‌ ബസ് മറിയുകയായിരുന്നു.

ഇടുക്കിയില്‍ നിന്നും 10ാം തിയതിയാണ് രണ്ട് ബസുകളിലായി മൂകാംബികയിലേക്ക് തീര്‍ഥാടക സംഘം പുറപ്പെട്ടത്. ഇതില്‍ ഒരു ബസാണ് അപകടത്തില്‍ പെട്ടത്. കോഴിക്കോട് നിന്നും മീഞ്ചന്തയില്‍ നിന്നും എത്തിയ അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ക്രെയിന്‍ എത്തി ബസ് പൊക്കിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

മീഡിയവണ്‍ ഗള്‍ഫ് ചാനലിന്‍െറ ലോഗോ പ്രകാശനം ചെയ്തു

Posted: 13 Apr 2015 06:23 PM PDT

Image: 

റിയാദ്: പ്രവാസി മലയാളികള്‍ക്കായി മീഡിയവണ്‍ കുടുംബത്തില്‍ നിന്നും ആരംഭിക്കുന്ന മീഡിയവണ്‍ ഗള്‍ഫ് ചാനലിന്‍്റെ ലോഗോ പ്രകാശനം ചെയ്തു. സൗദി തലസ്ഥാനമായ റിയാദിലെ മാരിയറ്റ് ഹോട്ടലില്‍ ഇന്നലെ രാത്രി നടന്ന ചടങ്ങില്‍ സൗദി ഓഡിയോ വിഷ്വല്‍ ജനറല്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഡോ.റിയാദ് കമാല്‍ നജൂം ലോഗോ പ്രകാശനം ചെയ്തു. ഈമാസം ഇരുപത്തിനാലിനാണ് ചാനല്‍ സംപ്രേഷണം ആരംഭിക്കുക.

സൗദിയിലെ വിവിധ മന്ത്രാലയ പ്രതിനിധികളും വാണിജ്യ വ്യവസായ പ്രതിനിധികളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. മീഡിയവണ്‍ മാനേജിംങ് ഡയറക്ടര്‍ ഡോ.അബ്ദുസ്സലാം അഹമ്മദ് ആമുഖ പ്രഭാഷണം നടത്തി. രണ്ട് വര്‍ഷത്തിനുളളില്‍  ഗള്‍ഫ് പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യതയാണ് സമ്പൂര്‍ണ ഗള്‍ഫ് ചാനല്‍ ആരംഭിക്കാന്‍ മീഡിയവണ്ണിനെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഗള്‍ഫിലെ പ്രവാസികളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും മീഡിയവണ്‍ ഗള്‍ഫിന് സാധിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. റിയാദ് നജൂം വ്യക്തമാക്കി.


 

ദേശീയ ജുഡീഷ്യല്‍ നിയമന കമീഷന് അംഗീകാരം

Posted: 13 Apr 2015 01:05 PM PDT

Image: 

ന്യൂഡല്‍ഹി: ജഡ്ജി നിയമനത്തിന് ദേശീയ ജുഡീഷ്യല്‍ നിയമന കമീഷന്‍ (എന്‍.ജെ.എ.സി) കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. തിങ്കളാഴ്ച പുതിയ സംവിധാനം പ്രാബല്യത്തില്‍ വന്നു. ജഡ്ജിമാരുടെ നിയമനങ്ങളില്‍ 22 വര്‍ഷമായി തുടരുന്ന കൊളീജിയം സംവിധാനത്തിനാണ് ഇതോടെ തിരശ്ശീല വീണത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കുന്ന കമീഷനായിരിക്കും ഇനി ഹൈകോടതി, സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനങ്ങളില്‍ തീരുമാനമെടുക്കുക. ജഡ്ജിമാരുടെ നിയമനത്തില്‍ കൊളീജിയം സംവിധാനംവഴി ജഡ്ജിമാരെ നിയമിക്കുന്നതിനെതിരെ രൂക്ഷമായ വിമര്‍ശം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ദേശീയ ജുഡീഷല്‍ നിയമന കമീഷന് രൂപംനല്‍കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഡിസംബര്‍ 31ന് കമീഷന് രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെയാണ് നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയത്. 27 ഹൈകോടതി ജഡ്ജിമാരെ നിയമിക്കുകയും രണ്ടുപേരെ സ്ഥലംമാറ്റുകയും ചെയ്ത പിന്നാലെയാണ് പുതിയ വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

 

കൊണ്ടുപോയത് കെട്ടിടം പണിക്ക്, പിന്നെ കേട്ടത് നടുക്കുന്ന വാര്‍ത്ത

Posted: 13 Apr 2015 12:12 PM PDT

Image: 
Subtitle: 
സേഷാചലം കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ടവര്‍ മനുഷ്യാവകാശ കമീഷന് മൊഴിനല്‍കി

ന്യൂഡല്‍ഹി: പൗരന്മാരുടെ ജീവന് സുരക്ഷ ഉറപ്പുവരുത്തേണ്ട നിയമപാലകരുടെ കൊലത്തോക്കിനു മുന്നില്‍നിന്ന് തലനാരിഴക്കു രക്ഷപ്പെട്ട സേഖറും (54) ബാലചന്ദ്രനും (29) തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലിരുന്നു വിറച്ചു. ചന്ദനക്കൊള്ളക്കാരെന്നാരോപിച്ച് കഴിഞ്ഞയാഴ്ച ആന്ധ്രയിലെ സേഷാചലം വനമേഖലയില്‍ പൊലീസ് കൊന്നുതള്ളിയവരില്‍ ഇവരുടെ ഉറ്റവരും നാട്ടുകാരുമുണ്ട്. ബാലചന്ദ്രന് നഷ്ടപ്പെട്ടത് സ്വന്തം പിതാവിനെ. കൂട്ടക്കൊലക്കിരയായില്ളെങ്കിലും തങ്ങളോടു ചെയ്ത കൊടിയ അരുതായ്മക്കെതിരെ നീതിതേടി ദേശീയ മനുഷ്യാവകാശ കമീഷനില്‍ മൊഴി നല്‍കാനത്തെിയതിന്‍െറ പേരില്‍ ഏതുസമയവും വേട്ടയാടപ്പെടുമെന്ന ഭയം ആവോളമുണ്ട് അവര്‍ക്ക്.

നിര്‍മാണ ജോലിക്ക് ആളെ വേണമെന്ന് ബന്ധുവും അയല്‍ക്കാരനുമായ മഹേന്ദ്രന്‍ പറയുന്നതു കേട്ടാണ് തിരുവണ്ണാമല ജില്ലയിലെ പുദൂര്‍ കൊല്ലമേട് ഗ്രാമത്തില്‍നിന്ന് സേഖര്‍ ചെന്നൈക്ക് വണ്ടികയറിയത്. കൂടെ മഹേന്ദ്രന്‍, മൂര്‍ത്തി, മുനിസ്വാമി എന്നിവരുമുണ്ടായിരുന്നു.
യാത്രക്കിടെ ബസ് ആര്‍ക്കോട് ബസ്സ്റ്റാന്‍ഡ് പിന്നിട്ടതോടെ കട്ടിമീശയും ഒത്ത ശരീരവുമുള്ള ഒരാള്‍ ബസില്‍ കയറി മഹേന്ദ്രനെ പിടിച്ചിറക്കി. പിന്നീട് മൂര്‍ത്തിയേയും മുനിസ്വാമിയേയും ബസില്‍ കാണാനില്ളെന്നറിഞ്ഞതോടെ പരിഭ്രാന്തനായ സേഖര്‍ വണ്ടിയിറങ്ങി നാട്ടിലേക്കു മടങ്ങി. പിറ്റേന്ന് വൈകുന്നേരം ഗ്രാമത്തിലത്തെിയ പൊലീസുകാരാണ് മഹേന്ദ്രനും സുഹൃത്തുക്കളും വെടിയേറ്റു മരിച്ചത് അറിയിച്ചത്. എം.എസ്സിക്കു പഠിക്കുന്ന മകളുടെയും ഡിപ്ളോമ കഴിഞ്ഞുനില്‍ക്കുന്ന മകന്‍െറയും നല്ലഭാവിക്കു വേണ്ടി അധ്വാനിക്കാന്‍ ആഗ്രഹിക്കുന്ന താന്‍ വനംകൊള്ളക്കാരനല്ളെന്നും അത്തരം നീക്കത്തെക്കുറിച്ച് അറിയുകപോലുമില്ളെന്നുമാണ് അദ്ദേഹം  വ്യക്തമാക്കിയത്.
പോണ്ടിച്ചേരിയില്‍ ജോലിയുണ്ടെന്നറിയിച്ച് പളനി എന്നൊരു ഏജന്‍റാണ് ബാലചന്ദ്രന്‍, പിതാവ് ഹരികൃഷ്ന്‍ എന്നിവരുള്‍പ്പെടെ ഒമ്പതുപേരെ കൊണ്ടുപോയത്.

യാത്രക്കിടെ പളനിക്കു പരിചയമുള്ള ഒരാള്‍കൂടി ഒപ്പം ചേര്‍ന്നു. ആര്‍കോട്ട് സ്റ്റാന്‍ഡില്‍ വെച്ച് മദ്യം വാങ്ങാന്‍ പോയ ബാലചന്ദ്രനും സുഹൃത്തും സംഘത്തില്‍നിന്ന് വേറിട്ടുപോയി. ഫോണില്‍ വിളിച്ചപ്പോള്‍ മറ്റൊരിടത്തേക്കു ചെല്ലാന്‍ നിര്‍ദേശം കിട്ടി. പിന്നീട് പളനി അറസ്റ്റിലായെന്നും മടങ്ങിപ്പോയില്ളെങ്കില്‍ നിങ്ങളും പിടിയിലാകുമെന്നും പളനിക്കൊപ്പം എത്തിയയാള്‍ ഫോണില്‍ പറഞ്ഞു.  വീട്ടിലേക്ക് മടങ്ങവെ ടി.വിയില്‍നിന്നാണ് തിരുപ്പതിയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട വിവരം അറിയുന്നത്. അതില്‍ തന്‍െറ പിതാവും ബന്ധുക്കളും ഉണ്ടെന്ന വിവരവും വൈകാതെ എത്തി.    
 

എഡ്വേര്‍ഡോ ഗലീനോ അന്തരിച്ചു

Posted: 13 Apr 2015 12:05 PM PDT

Image: 

മോണ്ടിവിദിയോ: ലോകപ്രശസ്ത ഉറൂഗ്വന്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ എഡ്വേര്‍ഡോ ഗലീനോ (74) അന്തരിച്ചു. ഉറുഗ്വായിലെ മോണ്ട വിഡിയോയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അര്‍ബുദരോഗത്തിന്‍െറ പിടിയിലായിരുന്നു. ലാറ്റിനമേരിക്കയിലെ സാമ്രാജ്യത്വവിരുദ്ധ മുന്നേറ്റങ്ങള്‍ക്കു ചുക്കാന്‍പിടിച്ച ഇടതുപക്ഷ ബുദ്ധിജീവികളില്‍ പ്രമുഖനാണ്.

1971ല്‍ പ്രസിദ്ധീകരിച്ച ‘ഓപണ്‍ വെയിന്‍സ് ഓഫ് ലാറ്റിനമേരിക്ക’യാണ് അദ്ദേഹത്തെ രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനാക്കിയത്. സ്പാനിഷ് അധിനിവേശകാലം മുതല്‍ വര്‍ത്തമാനകാലത്തെ അമേരിക്കയുടെ ഇടപെടല്‍ വരെയുള്ള അഞ്ചു നൂറ്റാണ്ടുനീണ്ട ഭൂഖണ്ഡ ചൂഷണത്തിന്‍െറ ചരിത്രംപറയുന്ന ഈ പുസ്തകം പുറത്തിറങ്ങിയതിനെ തുടര്‍ന്ന് ഗലീനോ അറസ്റ്റിലായി. ചിലി, അര്‍ജന്‍റീന, ഉറുഗ്വായ് എന്നിവിടങ്ങളിലെ പട്ടാളഭരണാധികാരികള്‍ ഗ്രന്ഥം നിരോധിച്ചു. 1973ല്‍ ഉറുഗ്വായിലെ പട്ടാള അട്ടിമറിയത്തെുടര്‍ന്ന് ഗലീനോയെ നാടുകടത്തി. മുന്‍ വെനിസ്വേലന്‍ പ്രസിഡന്‍റ് ഊഗോ ചാവെസ് ആണ് പുസ്തകം വീണ്ടും അന്താരാഷ്ട്ര ശ്രദ്ധയില്‍ എത്തിച്ചത്. 2009ലെ അമേരിക്കന്‍ ഉച്ചകോടിയില്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമക്ക് പുസ്തകം സമ്മാനിച്ചുകൊണ്ട് അത് വായിക്കാന്‍ ചാവെസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഗ്രന്ഥം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ചു. 20 ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

1940 സെപ്റ്റംബര്‍ മൂന്നിന് മോണ്ട വിഡിയോവില്‍ ജനിച്ചു. 60കളില്‍ മാര്‍ച്ച എന്ന വാരികയുടെ എഡിറ്ററായി പത്രപ്രവര്‍ത്തനരംഗത്ത് പ്രവേശിച്ചു. 1973ലെ പട്ടാള അട്ടിമറിയത്തെുടര്‍ന്ന് നാടുകടത്തപ്പെട്ട ഗലീനോ അര്‍ജന്‍റീനയില്‍ ക്രൈസിസ് എന്ന സാംസ്കാരിക മാസിക നടത്തി. 1976ല്‍ അര്‍ജന്‍റീനയിലെ പട്ടാള അട്ടിമറിയത്തെുടര്‍ന്ന് സ്പെയിനിലേക്ക് പലായനം ചെയ്തു. ‘മെമ്മറി ഓഫ് ഫയര്‍’ എന്ന ഓര്‍മക്കുറിപ്പുകളുടെ സമാഹാരം എഴുതുന്നത് അവിടെ വെച്ചാണ്. 1985ല്‍ ജന്മനാട്ടില്‍ മടങ്ങിയത്തെി. ഡേയ്സ് ആന്‍റ് നൈറ്റ്സ് ഓഫ് ലവ് ആന്‍ഡ് വാര്‍, ദ ബുക് ഓഫ് എംബ്രേസസ്, വി സേ നോ, ചില്‍ഡ്രന്‍ ഓഫ് ദ ഡേയ്സ്: എ കലണ്ടര്‍ ഓഫ് ഹ്യൂമന്‍ ഹിസ്റ്ററി, വോയ്സ് ഓഫ് ടൈം എന്നിവയാണ് പ്രമുഖ രചനകള്‍. ഹെലന വില്ലാഗ്രയാണ് ഭാര്യ.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP