സ്വാഗതം
WELCOME

News Update..

Thursday, April 2, 2015

തൃശൂര്‍ പൂരം: നാസിക് ധോലിനും ഹെലി കാമറക്കും നിരോധം Madhyamam News Feeds

തൃശൂര്‍ പൂരം: നാസിക് ധോലിനും ഹെലി കാമറക്കും നിരോധം Madhyamam News Feeds

Link to

തൃശൂര്‍ പൂരം: നാസിക് ധോലിനും ഹെലി കാമറക്കും നിരോധം

Posted: 02 Apr 2015 12:12 AM PDT

തൃശൂര്‍: പൂരത്തോടനുബന്ധിച്ച് ഭക്ഷണ പനീയങ്ങള്‍ വില്‍ക്കാന്‍ നഗരത്തില്‍ തല്‍ക്കാലിക ഷെഡുകളും കേന്ദ്രങ്ങളും നടത്തുന്നവര്‍ നിര്‍ബന്ധമായും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍ എടുക്കണമന്ന് കലക്ടര്‍ എം.എസ്. ജയ അറിയിച്ചു. പൂരത്തോടനുബന്ധിച്ച ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. നിര്‍ദിഷ്ട രജിസ്ട്രേഷന്‍ ഇല്ലാത്തവരെ വില്‍പനക്ക് അനുവദിക്കില്ല. പരിശോധനക്ക് ആരോഗ്യ വകുപ്പ് , ഭക്ഷ്യസുരക്ഷാ വിഭാഗം, തൃശൂര്‍ കോര്‍പറേഷന്‍ എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങുന്ന സ്ക്വാഡ് രൂപവത്കരിക്കും.
ഫുഡ് സേഫ്റ്റി രജിസ്ട്രേഷന് അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കച്ചവടക്കാര്‍ സര്‍ക്കാര്‍ നല്‍കുന്ന ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഒരു ഫോട്ടോയും സഹിതം അക്ഷയ കേന്ദ്രങ്ങളിലത്തെി 100 രൂപ ഫീസ് അടച്ച് അപേക്ഷ നല്‍കിയാല്‍ ഫുഡ് സേഫ്ടി രജിസ്ട്രേഷന്‍ ലഭിക്കും.
പൂരത്തിന് ആനകളെ എഴുന്നള്ളിപ്പിക്കുമ്പോള്‍ സര്‍ക്കാറും കോടതികളും പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. വന്‍തോതില്‍ ശബ്ദ മലിനീകരണം ഉണ്ടാകുന്ന 'ഹോയ്സാലാ' മാതൃകയിലുള്ള വിസില്‍, നാസിക് ധോല്‍ എന്നിവ പൂരം നാളില്‍ നഗരത്തിലും പരിസരത്തും നിരോധിക്കും. ജനക്കൂട്ടത്തിന് മുകളിലൂടെ പറന്ന് ചിത്രമെടുക്കുന്ന ഹെലി കാമറകളും നിരോധിക്കും. നഗര പരിധിയില്‍ അപകടാവസ്ഥയിലുള്ള കെട്ടിങ്ങളില്‍ കയറി പൂരം കാണുന്നത് ഒഴിവാക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. ഇത്തരം കെട്ടിടങ്ങളില്‍ ആളുകള്‍ കയറാതിരിക്കാന്‍ നടപടികയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.
പൂരം നാളുകളില്‍ നഗരത്തില്‍ ശുദ്ധജല ലഭ്യത ഉറപ്പു വരുത്താന്‍ വാട്ടര്‍ അതോറിറ്റിയും തൃശൂര്‍ കോര്‍പറേഷനും നടപടി സ്വീകരിക്കണം. പൊതുജനങ്ങള്‍ക്കും പൊലീസിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ ഇ-ടോയ്ലറ്റ് ഏര്‍പ്പെടുത്താന്‍ തൃശൂര്‍ കോര്‍പറേഷനെ ചുമതലപ്പെടുത്തി. നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പൂര്‍ണമായി സഞ്ചാര യോഗ്യമാക്കാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കും പൂരത്തോടനുബന്ധിച്ച ആരോഗ്യ സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും നിര്‍ദേശം നല്‍കി.
കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.വി. സരോജിനി, സിറ്റി പൊലീസ് കമീഷണര്‍ ആര്‍. നിശാന്തിനി, എ.ഡി.എം ഇ.വി. സുശീല, സബ് കലക്ടര്‍ മീര്‍ മുഹമ്മദ് അലി എന്നിവരും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികളും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു.

കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു

Posted: 02 Apr 2015 12:01 AM PDT

Image: 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയിലെ ടാങ്മാര്‍ഗില്‍ സുരക്ഷാ സൈനികരും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒരു ഗ്രാമീണനും ഒരു സൈനികനുമാണ് പരിക്കേറ്റത്. പോരാട്ടത്തിനിടെ തുടയില്‍ ബുള്ളറ്റ് തറച്ച ജവാനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്‍സൂര്‍ ഗ്രാമത്തില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്താനത്തെിയ പൊലീസിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ പൊലീസ് തിരിച്ചടിക്കുകയും പിന്നീട് സൈന്യം ഇവരോടൊപ്പം ചേരുകയുമായിരുന്നു.  
പ്രദേശത്തെ ഒരു വീട്ടില്‍ തമ്പടിച്ചാണ് രണ്ട് തീവ്രവാദികള്‍ ആക്രമണം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, കൂടുതല്‍ ഭീകരര്‍ ഗ്രാമത്തിന്‍െറ മറ്റു ഭാഗങ്ങളില്‍ ഒളിച്ചിരിക്കുന്നതായും സൂചനയുണ്ട്.

അരുവിക്കരയില്‍ സ്ഥാനാര്‍ഥി പോസ്റ്റര്‍: ഡി.സി.സി അന്വേഷണം തുടങ്ങി

Posted: 01 Apr 2015 11:40 PM PDT

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട അരുവിക്കര മണ്ഡലത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രമുള്ള പോസ്റ്റര്‍ പതിച്ച സംഭവത്തെപ്പറ്റി ഡി.സി.സി അന്വേഷണം തുടങ്ങി. മണ്ഡലത്തിലെ പാര്‍ട്ടിപ്രശ്നങ്ങളെക്കുറിച്ച് പരിശോധിക്കുന്നതിന് ഡി.സി.സി നിയോഗിച്ച എസ്.കെ. അശോക്കുമാര്‍, ബി.എന്‍. ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട കമീഷനാണ് പോസ്റ്റര്‍ വിഷയവും അന്വേഷിക്കുന്നത്.
സംഘടനാ പ്രശ്നങ്ങള്‍ പരിഹരിച്ച് പാര്‍ട്ടിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കുകയാണ് കമ്മിറ്റിക്ക് നല്‍കിയിട്ടുള്ള പ്രധാന ചുമതല. ഇടഞ്ഞുനില്‍ക്കുന്ന ചില മണ്ഡലം പ്രസിഡന്‍റുമാരുമായി കമീഷന്‍ അംഗങ്ങള്‍ ചര്‍ച്ച നടത്തി. സംഘടനാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. മണക്കാട് സുരേഷിന്‍െറയും അന്‍സജിത റസലിന്‍െറയും പോസ്റ്ററുകളാണ് മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇക്കാര്യം പരിശോധിച്ച കമീഷന്‍ സംഭവത്തില്‍ പാര്‍ട്ടി കമ്മിറ്റികള്‍ക്ക് പങ്കുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
ജി. കാര്‍ത്തികേയന്‍െറ വിശ്വസ്തനായ മണക്കാട് സുരേഷിന്‍െറ ചിത്രം സഹിതം പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കമ്മിറ്റി കരുതുന്നു. കാര്‍ത്തികേയന്‍െറ കുടുംബവുമായി അദ്ദേഹത്തെ അകറ്റാനുള്ള ഗൂഢശ്രമം ഉണ്ടോയെന്ന സംശയവുമുണ്ട്.
ഉപതെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുക്കങ്ങളുടെ ഭാഗമായി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ നേതൃത്വത്തില്‍ നേതാക്കള്‍ ബുധനാഴ്ച യോഗം ചേര്‍ന്ന് മണ്ഡലത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആലോചിച്ചു. മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രചാരണപരിപാടികള്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി. നടന്നുവരുന്ന വികസനപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കാന്‍ ഈ മാസം ഏഴിന് ബൂത്ത്-മണ്ഡലം പ്രസിഡന്‍റുമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

സോണിയക്കെതിരെ വംശീയ അധിക്ഷേപം: വിവാദം അവസാനിച്ചെന്ന് ബി.ജെ.പി

Posted: 01 Apr 2015 11:35 PM PDT

Image: 

കൊച്ചി: കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ബന്ധപ്പെട്ട വംശീയ അധിക്ഷേപ വിവാദം അവസാനിച്ചതായി ബി.ജെ.പി. കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് വിശദീകരണവുമായി രംഗത്തെ ത്തിയത്. ഗിരിരാജ് സിങ്ങിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്ന ആവശ്യം അംഗീകരിക്കില്ളെന്നും രാം മാധവ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സോണിയക്കെതിരായ വംശീയ അധിക്ഷേപത്തില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്. ഗിരിരാജ് സിങ്ങിന്‍െറ വസതിയായ വിത്തല്‍ ഭായ് പട്ടേല്‍ കെട്ടിട സമുച്ചയത്തിലേക്ക് ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ക്കെതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു.

ബുധനാഴ്ചയാണ് സോണിയക്കെതിരെ വംശീയ അധിക്ഷേപ പ്രസ്താവനയുമായി കേന്ദ്ര സഹമന്ത്രി ഗിരിരാജ് സിങ് രംഗത്തെത്തിയത്. സോണിയയുടെ നേതൃത്വം കോണ്‍ഗ്രസ് അംഗീകരിച്ചത് അവര്‍ വെളുത്ത വര്‍ഗക്കാരി ആയതു കൊണ്ടാണെന്നാണ് ഗിരരാജിന്‍െറ വിവാദ പ്രസ്താവന. ‘‘രാജീവ് ഗാന്ധി ഒരു നൈജീരിയന്‍ വനിതയെയോ വെളുത്ത വര്‍ഗക്കാരിയല്ലാത്ത സ്ത്രീയെയോ ആണ് വിവാഹം ചെയ്തിരുന്നതെങ്കില്‍ കോണ്‍ഗ്രസ് അവരുടെ നേതൃത്വം അംഗീകരിക്കുമായിരുന്നോ?’’എന്നാണ് ഹാജിപൂരില്‍ നടന്ന പരിപാടിക്കിടെ സിങ് പ്രസ്താവിച്ചത്.

റെയ്നയുടെ വിവാഹം നാളെ

Posted: 01 Apr 2015 11:16 PM PDT

Image: 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന നാളെ വിവാഹിതനാകും. ബാല്യകാല സുഹൃത്ത് പ്രിയങ്ക ചൗധരിയാണ് വധു. നെതര്‍ലന്‍ഡില്‍ ബാങ്കിങ് രംഗത്ത് ജോലി ചെയ്യുകയാണ് പ്രിയങ്ക. വിവാഹത്തിനു മുന്നോടിയായുള്ള ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇന്നലെ ഗാസിയാബാദില്‍ വെച്ച് നടന്നിരുന്നു.

ന്യൂഡല്‍ഹിയിലെ ആഢംബര ഹോട്ടലില്‍ വെച്ചാണ് നാളത്തെ വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. ക്രിക്കറ്റ് രംഗത്തു നിന്നും വ്യവസായ^രാഷ്ട്രീയ രംഗത്തു നിന്നും പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐ.പി.എല്ലിനു തൊട്ടു മുന്നോടിയായാണ് ചെന്നൈ സൂപ്പര്‍ കിങ്സ് താരമായ റെയ്നയുടെ വിവാഹം നടക്കുന്നത്.
 

മാഹിക്കാര്‍ ‘കുടിക്കുന്ന’ മദ്യത്തിന്‍െറ അളവ് വീണ്ടും കൂടും

Posted: 01 Apr 2015 11:04 PM PDT

കണ്ണൂര്‍: കേരളത്തില്‍ മദ്യലഭ്യത ഗണ്യമായി കുറയുമ്പോള്‍ മാഹിക്കാര്‍ 'കുടിക്കുന്ന' മദ്യത്തിന്‍െറ അളവ് വര്‍ധിക്കും. കേരളത്തില്‍ 300 ബാറുകള്‍ കൂടി പൂട്ടിയപ്പോള്‍ കണ്ണൂര്‍ ബാര്‍ രഹിത ജില്ലയും കോഴിക്കോട് ഏക ബാറുള്ള ജില്ലയുമായി. കോഴിക്കോട്ട് 30 ബാറുകളും കണ്ണൂരില്‍ 27 ബാറുകളുമാണ് പൂട്ടിയത്.
എന്നാല്‍, ഇതിന്‍െറ ഫലമായി മാഹിയില്‍ മദ്യം തേടി എത്തുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കും. കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളിലേക്കുള്ള കടത്തും കൂടും. മാഹിയില്‍ എത്ര മദ്യം വിറ്റഴിഞ്ഞാലും സ്ഥിതിവിവര കണക്കില്‍ അത് അവിടെയുള്ള ജനങ്ങള്‍ കഴിക്കുന്നതാണ്. മാഹിക്ക് പുറത്തേക്ക് ചില്ലറ മദ്യം പോലും കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണ്. അതിനാല്‍ തദ്ദേശീയര്‍ക്ക് വിറ്റുവെന്നാണ് രേഖകളില്‍ കാണിക്കുക. പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്‍െറ ഭാഗമായ മാഹിയുടെ വിസ്തൃതി വെറും ഒമ്പതര ചതുരശ്ര കിലോമീറ്ററാണ്. എന്നാല്‍, ഇവിടെ 64 മദ്യ വില്‍പന ശാലകളുണ്ട്. ഇതില്‍ 30 മൊത്തവ്യാപാര ഷോപ്പുകളും 34 ചില്ലറ വില്‍പന ഷോപ്പുകളുമാണുള്ളത്.
വ്യാപാര മേഖലയില്‍ സാധാരണ മൊത്തവില്‍പനകേന്ദ്രത്തിന്‍െറ എത്രയോ അധികമാണ് ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ ഉണ്ടാകാറുള്ളത്. എന്നാല്‍, മാഹിയില്‍ രണ്ടും ഏതാണ്ട് ഒരുപോലെയാണ്.
ഒരു മൊത്തവിതരണ കേന്ദ്രത്തിന് ഒരു ചില്ലറ വില്‍പന കേന്ദ്രം എന്നതാണ് നില. മൊത്തവില്‍പന കേന്ദ്രത്തില്‍നിന്ന് എങ്ങോട്ടാണ് മദ്യം ഒഴുകുന്നത് എന്നതില്‍ നിന്നാണ് അന്യജില്ലകളിലുള്ളവര്‍ ഉപയോഗിക്കുന്ന മദ്യത്തിന്‍െറ കണക്ക് ലഭിക്കുക. കേരള ഭാഗങ്ങളില്‍ മദ്യശാലകള്‍ കുറയുന്നതിന്‍െറ കാരണവും മറ്റൊന്നല്ല. 38,000 ജനസംഖ്യയുള്ള മാഹിയില്‍ വിറ്റഴിക്കുന്ന മദ്യത്തിന്‍െറ അളവ് പരിശോധിച്ചാല്‍ ഒരാള്‍ ഒരു ദിവസം രണ്ടര ലിറ്റര്‍ കഴിക്കുന്നുവെന്നാണ് കണക്കാക്കേണ്ടത്. എന്നാല്‍, ആകെ ജനസംഖ്യയുടെ 15 ശതമാനത്തില്‍ താഴെ മാഹിക്കാര്‍ മാത്രമേ മദ്യം കഴിക്കാറുള്ളൂവത്രേ. ഒരു ദിവസം ലക്ഷം ലിറ്റര്‍ മദ്യം വിറ്റഴിക്കുന്ന മാഹിയില്‍ പ്രതിമാസം നൂറുലോഡാണ് എത്തുന്നത്. കേരളത്തിലേക്ക് മാഹിയില്‍നിന്ന് മദ്യം കടത്തുന്നതിന് വിവിധ മാര്‍ഗങ്ങളുണ്ട്. പച്ചക്കറി വാങ്ങാന്‍ കിലോമീറ്ററുകള്‍ താണ്ടി മാഹിയിലത്തെും. വഴിയില്‍വെച്ച് പച്ചക്കറി വലിച്ചെറിഞ്ഞ് മദ്യവുമായി മടങ്ങും. ചെക്പോസ്റ്റുകളും പൊലീസ് പോസ്റ്റുകളും എത്ര കര്‍ശനമാക്കിയാലും മാഹിയില്‍ വിറ്റഴിക്കപ്പെടുന്ന മദ്യത്തിന്‍െറ അളവിന് കുറവുണ്ടാകാറില്ല.

ജനസമ്പര്‍ക്ക പരിപാടി: ധനസഹായ വിതരണം ബാങ്ക് അക്കൗണ്ടിലൂടെ മാത്രം

Posted: 01 Apr 2015 10:49 PM PDT

കൊച്ചി: ഈ മാസം 23ന് കലക്ടറേറ്റില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി 'കരുതല്‍-2015'ല്‍ സഹായത്തിന് രോഗികളെ ആംബുലന്‍സിലും മറ്റും എത്തിക്കേണ്ടതില്ല. ഇത്തരത്തിലുള്ളവരെ നേരില്‍ കണ്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ സബ് കലക്ടര്‍ എസ്. സുഹാസിനെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയായി നിയമിച്ചു.
തഹസില്‍ദാര്‍മാരും ബന്ധപ്പെട്ട സ്ഥലങ്ങളിലെ ഡോക്ടര്‍മാരും അടങ്ങിയ സംഘം ഈ മാസം ആറുമുതല്‍ എട്ടുവരെ അപേക്ഷകരെ നേരില്‍ കണ്ട് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കും. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ആവശ്യമായ സഹായം നല്‍കുമെന്ന് കലക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. കരുതല്‍-2015ന്‍െറ ഭാഗമായുള്ള ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിടപ്പുരോഗികള്‍ ഉള്‍പ്പെടെ 7500 അപേക്ഷകളാണ് മാര്‍ച്ച് 28വരെ ഓണ്‍ലൈനില്‍ ലഭിച്ചത്. ഇതില്‍ രോഗികളായവരെ നേരില്‍ കണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം ഇത്തരത്തിലുള്ളവര്‍ പുതുതായി അപേക്ഷിച്ചാല്‍ പ്രത്യേക കേസായി പരിഗണിക്കും.
ഈമാസം 10ന് അടുത്ത അവലോകനയോഗം സംഘടിപ്പിച്ചിട്ടുണ്ട്. അതിനകം ഓരോ വകുപ്പുകള്‍ക്കും ലഭിച്ച പരാതിയില്‍ നടപടി കലക്ടറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതിന്‍െറ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്ന 100 പേരെയായിരിക്കും മുഖ്യമന്ത്രി ജനസമ്പര്‍ക്കത്തില്‍ ആദ്യം നേരില്‍ കാണുക.
പദ്ധതിയുടെ നടത്തിപ്പിന് അഡീഷനല്‍ ജില്ലാമജിസ്ട്രേറ്റ് ബി. രാമചന്ദ്രനെ നോഡല്‍ ഓഫിസറായി നിയമിച്ചു. പരാതികളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കുണ്ടാകുന്ന സംശയങ്ങളും മറ്റും ദുരീകരിക്കാന്‍ അദ്ദേഹത്തെ ബന്ധപ്പെടണം. ഓണ്‍ലൈനായി കിട്ടിയ അപേക്ഷകളില്‍ 12നകം തീരുമാനമറിയിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. അതത് വകുപ്പുകളുമായി ബന്ധമില്ലാത്ത പരാതികള്‍ ഉടനടി കലക്ടറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണം.
ഇക്കുറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായം ഉള്‍പ്പെടെ അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ നല്‍കൂ. അതിനാല്‍ പരാതി നല്‍കിയവരും പുതിയ അപേക്ഷകരും തങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ഉറപ്പാക്കിയിരിക്കണമെന്ന് കലക്ടര്‍ പറഞ്ഞു. അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് അക്കൗണ്ട് തുറക്കാനുള്ള നിര്‍ദേശം ഉദ്യോഗസ്ഥരും നല്‍കണം. കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഈ നിബന്ധന ബാധകമാണ്.
കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയ ധനസഹായം ഉള്‍പ്പെടെ സഹായം ലഭിച്ചവരുടെ ഇന്നത്തെ സ്ഥിതിയും ഇതിനിടെ പരിശോധിക്കുന്നുണ്ട്. സര്‍ക്കാര്‍ സഹായം കൊണ്ടുണ്ടായ നേട്ടങ്ങള്‍ പഠിച്ച് ജില്ലാഇന്‍ഫര്‍മേഷന്‍ ഓഫിസ് റിപ്പോര്‍ട്ട് നല്‍കും. തീര്‍പ്പാകാത്ത പരാതിയും പരിശോധിക്കപ്പെടും. ഇത്തരത്തിലെ കേസുകള്‍ ശ്രദ്ധയില്‍പ്പെടുത്തേണ്ടതുണ്ടെങ്കില്‍ ജില്ലാഇന്‍ഫര്‍മേഷന്‍ ഓഫിസിലെ 0484 2354208 നമ്പറിലോ dio.ekm@gmail.com ഇ-മെയിലിലോ അറിയിക്കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല അറിയിച്ചു. അഡീഷനല്‍ ജില്ലാമജിസ്ട്രേറ്റ് ബി. രാമചന്ദ്രന്‍, സബ് കലക്ടര്‍ എസ്. സുഹാസ്, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പാലക്കാട് നഗരസഭയുടെ 150ാം വാര്‍ഷികം: ആഘോഷ പെരുമ്പറക്ക് അകമ്പടി വിവാദ പെരുമഴ

Posted: 01 Apr 2015 10:30 PM PDT

പാലക്കാട്: ഒക്ടോബറില്‍ കാലാവധി തീരും മുമ്പ് നഗരസഭയുടെ 150ാം വാര്‍ഷികാഘോഷം പൊലിമയാര്‍ന്ന അന്തരീക്ഷത്തില്‍ തുടങ്ങിവെക്കാനുള്ള ഭരണസമിതിയുടെ തീരുമാനവും അതിനായുള്ള ആസൂത്രണവും വിവാദപെരുമഴയോടൊപ്പം.
ലഭ്യമായ രേഖകളനുസരിച്ച് അടുത്ത വര്‍ഷം ആഗസ്റ്റ് മൂന്നിന് മാത്രമേ 150ാം വാര്‍ഷികം തികയൂവെന്ന പ്രചാരണം വകവെക്കാതെയുള്ള ആഘോഷ തയാറെടുപ്പുകള്‍ക്കിടയില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റിനെ മറ്റൊരു പദവിയുടെ പേരില്‍ കാര്യപരിപാടിയുടെ നോട്ടീസില്‍ വിശേഷിപ്പിച്ചത് പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷത്തിന് ഇടയാക്കി.
ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന പ്രാരംഭ ആഘോഷത്തിന് നിശ്ചയിച്ച കലാപരിപാടികളുടെ നോട്ടീസില്‍നിന്ന് ഒരു ചലച്ചിത്രനടിയുടെ പടം നീക്കം ചെയ്തത് മറ്റൊരു വിവാദത്തിന് വഴിതുറന്നു.
ഏപ്രില്‍ നാലിന് വൈകീട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
ഏപ്രില്‍ പത്തിന് സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി എന്നിവരും വിവിധ ദിവസങ്ങളിലെ സമ്മേളനങ്ങളുടെ ഉദ്ഘാടകരാണ്. ഏപ്രില്‍ എട്ടിന് വൈകീട്ട് നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരനാണ്.
എന്നാല്‍, സ്വാഗതസംഘം അച്ചടിച്ച് വിതരണം ചെയ്ത കാര്യപരിപാടി നോട്ടീസില്‍ മുരളീധരന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് അല്ല.
1999ല്‍ ചുമതലയൊഴിഞ്ഞ നെഹ്റു യുവകേന്ദ്ര ഡയറക്ടര്‍ പദവിയുടെ പേരിലാണ് അദ്ദേഹത്തെ ഉദ്ഘാടകനാക്കിയിട്ടുള്ളതെന്ന് സംഘാടകര്‍ വിശദീകരിക്കുന്നു.
പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് എന്ന പേരില്‍ വിളിച്ചാല്‍ മറ്റുപാര്‍ട്ടികളുടെ പ്രധാന ഭാരവാഹികളെയെങ്കിലും വിളിക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനാണ് ഇതെന്ന് അവര്‍ വിശദീകരിക്കുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കൂടിയായ നഗരസഭാ കൗണ്‍സിലര്‍ സി.കൃഷ്ണകുമാറാണ് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍.
ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്‍റായി മുരളീധരന്‍ തുടരുന്നിടത്തോളം കാലം ഇത്തരം പരിപാടികളില്‍ അതേ പേരില്‍ തന്നെയാണ് പങ്കെടുപ്പിക്കേണ്ടതെന്ന് പാര്‍ട്ടിയില്‍ ഒരുവിഭാഗം പറയുന്നു.
ഇക്കാര്യം പറഞ്ഞ് സംസ്ഥാന നേതൃത്വത്തിന് പരാതി അയക്കാനുള്ള പുറപ്പാടിലാണ് ഇവര്‍. കൗണ്‍സിലറെന്ന നിലയില്‍ മൂന്ന് പതിറ്റാണ്ടിന്‍െറ പ്രവര്‍ത്തന പാരമ്പര്യമുള്ള ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് എന്‍. ശിവരാജന്‍ ആഘോഷവുമായി ബന്ധപ്പെട്ട പരിപാടികള്‍ മുഴുവന്‍ ബഹിഷ്കരിച്ചു. ബുധനാഴ്ച നടന്ന വിളംബര യാത്രയില്‍നിന്ന് അദ്ദേഹം വിട്ടുനിന്നു. രേഖകള്‍ പ്രകാരം 2016 ആഗസ്റ്റ് മൂന്നിനാണ് നഗരസഭക്ക് 150 വര്‍ഷമാവുക എന്ന് ശിവരാജന്‍ പറയുന്നു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷമാണെങ്കില്‍പോലും അത് ആരംഭിക്കേണ്ട സമയം ഇതല്ല. ഒക്ടോബര്‍ 30 വരെയാണ് യു.ഡി.എഫ് നിയന്ത്രണത്തിലുള്ള ഈ ഭരണസമിതിയുടെ കാലാവധി.
അതിനുമുമ്പ് തിരക്കിട്ട് ഇത്തരത്തില്‍ ആഘോഷപരിപാടി തട്ടിക്കൂട്ടുന്നത് ശരിയല്ല.
തന്‍െറ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്‍റിനെ അതേനിലയില്‍ തന്നെ പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്ന അഭിപ്രായമുള്ള പ്രവര്‍ത്തകര്‍ ധാരാളമുണ്ടെന്ന് ശിവരാജന്‍ 'മാധ്യമ'ത്തോട് പറഞ്ഞു.
അതേസമയം, തികച്ചും സുതാര്യമായാണ് ആഘോഷപരിപാടികള്‍ ആവിഷ്കരിച്ചതെന്ന് നഗരസഭാ ചെയര്‍മാന്‍ പി.വി. രാജേഷ് 'മാധ്യമ'ത്തോട് പറഞ്ഞു.
സ്പോണ്‍സര്‍ഷിപ് വഴിയാണ് പരിപാടികള്‍ നടത്തുന്നത്. മറ്റുള്ള പിരിവുകള്‍ ഇല്ല.
രണ്ടേകാല്‍ കോടി രൂപയുടെ ബജറ്റാണ് വിവിധ പരിപാടികള്‍ക്കായി കണക്കാക്കിയിട്ടുള്ളത്.
എല്ലാ കൗണ്‍സിലര്‍മാരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നും ചെയര്‍മാന്‍ പറയുന്നു. ബി.ജെ.പി പ്രസിഡന്‍റിനെ നെഹ്റു യുവകേന്ദ്ര മുന്‍ ഡയറക്ടര്‍ എന്ന നിലയില്‍ ക്ഷണിച്ചതിനെയും അദ്ദേഹം ന്യായീകരിച്ചു.
ഇതിനിടെ കലാപരിപാടികള്‍ വിശദീകരിച്ചുകൊണ്ട് ഇറക്കിയ ബഹുവര്‍ണ ചിത്രങ്ങളോടെയുള്ള ബ്രോഷറിലുണ്ടായിരുന്ന നടിയുടെ ചിത്രം കഴിഞ്ഞ ദിവസം ഇറങ്ങിയ നോട്ടീസില്‍ പിന്‍വലിച്ചത് മറ്റൊരു ചര്‍ച്ചക്ക് വഴിവെച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെയും നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലിയുടെയും വര്‍ണചിത്രങ്ങള്‍ ഒന്നാം പേജില്‍ ഉള്‍പ്പെടുത്തി ഇറക്കിയ 16 പേജ് ബ്രോഷറിന്‍െറ അവസാനപുറത്തുണ്ടായിരുന്ന നടി ഷക്കീലയുടെ ചിത്രമാണ് ഏറ്റവും ഒടുവിലിറങ്ങിയ നോട്ടീസില്‍ നിന്ന് അപ്രത്യക്ഷമായത്.
സമാപന ദിനമായ ഏപ്രില്‍ പത്തിന് താരസന്ധ്യ എന്ന പേരില്‍ കോട്ടമൈതാനത്തെ വേദിയില്‍ നടക്കുന്ന പരിപാടിയില്‍, മനോജ് കെ. ജയന്‍, ബാബുരാജ്, ജഗദീഷ്, മാമുക്കോയ, സുരാജ് വെഞ്ഞാറമൂട്, രഞ്ജിനി ഹരിദാസ്, കല്‍പന, ഷംന കാസിം തുടങ്ങിയവരോടൊപ്പം ഷക്കീലയുടെ ചിത്രവും ഉണ്ടായിരുന്നു. അതാണ് നീക്കം ചെയ്തത്. പരിപാടിയില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ച നിലക്ക് നടിയുടെ ചിത്രം നീക്കം ചെയ്യുന്നത് ശരിയല്ളെന്ന വിമര്‍ശമാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉന്നയിക്കുന്നത്.

റഷ്യയില്‍ മത്സ്യബന്ധന കപ്പല്‍ മുങ്ങി; 54 മരണം

Posted: 01 Apr 2015 10:10 PM PDT

Image: 

പെനിന്‍സുല: റഷ്യയില്‍ മത്സ്യബന്ധന കപ്പല്‍ മുങ്ങി 54 പേര്‍ മരിച്ചു. 15 പേരെ കാണാതായി. 132 പേര്‍ സഞ്ചരിച്ച കപ്പലാണ് അപകടത്തില്‍പെട്ടത്. 63 പേരെ രക്ഷപ്പെടുത്തി. റഷ്യയുടെ കിഴക്കന്‍ പ്രദേശമായ കംചട്ക പെനിന്‍സുലയിലാണ് അപകടമുണ്ടായത്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.  24 കപ്പലുകളും ഒരു ഹെലികോപ്ടറും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. പൂജ്യം താപനിലയുള്ള സ്ഥലത്താണ് അപകടം നടന്നിരിക്കുന്നത്. ഇവര്‍ മഞ്ഞിലുറഞ്ഞു പോയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

ബുധനാഴ്ച രാത്രി റഷ്യന്‍ സമയം 6.30 നാണ് അപടമുണ്ടായത്. അപകട കാരണം വ്യക്തമല്ല. കപ്പല്‍ മഞ്ഞുകട്ടയില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നുണ്ട്. ആദ്യം എഞ്ചിന്‍ കമ്പാര്‍ട്ട്മെന്‍റിലേക്കാണ് വെള്ളം കയറിയത്. 15 മിനിറ്റിനകം കപ്പല്‍ പൂര്‍ണമായി മുങ്ങി. കപ്പലില്‍ 100 ടണ്‍ തൂക്കത്തില്‍ വലകള്‍ ഉണ്ടായിരുന്നതായും റഷ്യന്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുങ്ങുന്നതിന് മുമ്പ് കപ്പലില്‍ നിന്ന് അപായ സന്ദേശങ്ങളൊന്നും പുറത്തു പോയിട്ടില്ല.  

ശരീര താപനില വളരെ കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടിലാണ് രക്ഷപ്പെട്ടവരെല്ലാം. 78 റഷ്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. 54 പേര്‍ മ്യാന്‍മര്‍, യുക്രെയ്ന്‍, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു.

അന്യസംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളില്‍ രോഗങ്ങള്‍ പെരുകുന്നു

Posted: 01 Apr 2015 09:58 PM PDT

കോഴിക്കോട്: അന്യസംസ്ഥാന തൊഴിലിടങ്ങളില്‍ പകര്‍ച്ചവ്യാധി അടക്കമുള്ള രോഗങ്ങള്‍ വര്‍ധിക്കുമ്പോഴും സര്‍ക്കാര്‍ വകുപ്പുകളുടെ നടപടിയില്ല. സംസ്ഥാനത്തുനിന്ന് നിര്‍മാര്‍ജനം ചെയ്ത മലേറിയ അടക്കമുള്ള രോഗങ്ങള്‍ ജില്ലയില്‍ വര്‍ഷംപ്രതി വര്‍ധിക്കുമ്പോഴും പരിശോധന പേരിനുപോലും നടക്കുന്നില്ല.
വര്‍ഷാവര്‍ഷം ലഭിക്കുന്ന ഫണ്ടുകള്‍ കുത്തക ബില്‍ഡിങ് ഗ്രൂപ്പുകളുടെ തൊഴിലിടങ്ങളില്‍ മാത്രം ചെലവഴിച്ച് ബോധവത്കരണം വിഴിപാടാക്കുകയാണെന്ന സംശയം ശക്തമാണ്. ഈ വര്‍ഷം ഒന്നര ലക്ഷത്തോളം രൂപ മെഡിക്കല്‍ ക്യാമ്പിനും മരുന്ന് വിതരണത്തിനും ചെലവഴിച്ചുവെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും നഗരത്തിലെ ചില കേന്ദ്രങ്ങളില്‍ ഉള്ളവര്‍ക്ക് മാത്രമാണ് സൗകര്യം ലഭിച്ചത്. തൊഴില്‍- ആരോഗ്യ-റവന്യൂ വകുപ്പുകളുടെ ഏകോപിപ്പിച്ച പ്രവര്‍ത്തനമില്ലാത്തതിനാല്‍ വര്‍ഷംപ്രതി ജില്ലയില്‍ അന്യസംസ്ഥാനക്കാരുടെ ഇടയില്‍ പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍ കാണിക്കുന്നു.
സംസ്ഥാനത്ത് ഈ വര്‍ഷം ഫെബ്രുവരി അവസാനം വരെ മലേറിയ ബാധിച്ചവരുടെ എണ്ണം 117 ആണ്. കോഴിക്കോട് ജില്ലയില്‍ 12ഉം. 2013ല്‍ മലേറിയ ബാധിതരുടെ എണ്ണം 1634 ആയിരുന്നെങ്കില്‍, 2014ല്‍ ഇത് 1512 ആയി കുറഞ്ഞു.
എന്നാല്‍, ജില്ലയില്‍ 174ല്‍ നിന്ന് 196 ആയി ഉയരുകയാണ് ചെയ്തത്. പകര്‍ച്ചവ്യാധികളില്‍ പ്രധാനിയായ ഡെങ്കിപ്പനിയുടെ സ്ഥിതിയും സമാനമാണ്. സംസ്ഥാനത്ത് ഈ വര്‍ഷം രണ്ടു മാസങ്ങളിലായി 197 പേര്‍ക്ക് രോഗം ബാധിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തപ്പോള്‍ കോഴിക്കോട്ട് 12 പേരാണ് രോഗികളായത്.
2013ല്‍ ഡെങ്കി ബാധിതരുടെ എണ്ണം 7938 ആയിരുന്നത് 2014ല്‍ 2575 പേരായി കുറഞ്ഞെങ്കിലും കോഴിക്കോട്ട് ഇത് വര്‍ധിക്കുകയാണുണ്ടായത്. 2013ല്‍ 167 ആയിരുന്ന ഡെങ്കിബാധിതരുടെ എണ്ണം 2014ല്‍ 280 ആയാണ് ഉയര്‍ന്നത്. മാലിന്യവുമായി ബന്ധപ്പെട്ട രണ്ടു രോഗങ്ങളും കേരളത്തില്‍ സജീവമായത് അന്യസംസ്ഥാന തൊഴിലാളികളുടെ വര്‍ധിച്ച തോതിലുള്ള കടന്നുവരവോടെയാണെന്ന് ആരോഗ്യ രംഗത്തെ സന്നദ്ധപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
അത്യന്തം മലിനമായ സാഹചര്യത്തിലാണ് അന്യസംസ്ഥാന തൊഴിലാളികള്‍ കഴിയുന്നത് എന്ന് സര്‍ക്കാറിനു കീഴിലുള്ള ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്ത് 25 ലക്ഷത്തോളമുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ ജനസംഖ്യയുടെ എട്ടു ശതമാനത്തോളം വരും.
കോഴിക്കോട് നഗരത്തില്‍ മാത്രം അമ്പതിനായിരത്തോളം തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍, ഇവരുടെ കൃത്യമായ കണക്കുകള്‍ സര്‍ക്കാര്‍ വകുപ്പുകളുടെ കൈവശമില്ല. രോഗബാധിതരായാല്‍ പലപ്പോഴും സ്വകാര്യ ആശുപത്രികളെയോ സ്വയം ചികിത്സയെയോ ആശ്രയിക്കുന്നതിനാല്‍ രോഗ വിവരങ്ങളുടെ കൃത്യമായ വിവരവും ലഭ്യമല്ല.
കക്കൂസ് ഇല്ലാത്ത ഒറ്റമുറിയില്‍ നിലത്താണ് പലപ്പോഴും അന്യസംസ്ഥാന തൊഴിലാളികള്‍ കഴിയുന്നത്. പ്രാഥമിക കൃത്യങ്ങള്‍ പലപ്പോഴും വെളിപ്പറമ്പുകളിലോ പുഴയോരത്തോ മറ്റു പൊതു ഇടങ്ങളിലോ ആണ് നിര്‍വഹിക്കുന്നത്. എന്നാല്‍, തൊഴിലിടങ്ങള്‍ സന്ദര്‍ശിക്കാനോ കക്കൂസുകള്‍ നിര്‍മിക്കാന്‍ ഉടമകളോട് നിര്‍ദേശിക്കാനോ സര്‍ക്കാര്‍ വകുപ്പുകള്‍ തയാറല്ല.
രോഗബാധിതരായാല്‍ വിശ്രമസ്ഥലത്ത് തന്നെ സ്വയം ചികിത്സക്ക് വിധേയമാക്കി, ഭേദമാകുന്നില്ളെങ്കില്‍ നാട്ടിലേക്ക് കയറ്റിവിടുകയാണ് ചെയ്യുന്നത്. മലേറിയ അണുക്കള്‍ അന്യസംസ്ഥാനത്ത് നിന്നത്തെി പെറ്റുപെരുകി ഇപ്പോള്‍ തദ്ദേശീയ സ്വഭാവം സ്വീകരിച്ചുകഴിഞ്ഞതായി ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
തൊഴിലിടങ്ങളില്‍ സാമ്പത്തിക ചൂഷണങ്ങള്‍ക്കടക്കം വിധേയമാകുന്നുണ്ടെങ്കിലും ഇതേക്കുറിച്ച് പരാതിയില്ളെന്നാണ് തൊഴില്‍ വകുപ്പ് ഓഫിസര്‍മാരുടെ പ്രതികരണം.

പാക്കേജ് നീട്ടിയെന്ന് മന്ത്രി; ഇല്ളെന്ന് ബോര്‍ഡ്

Posted: 01 Apr 2015 09:49 PM PDT

കല്‍പറ്റ: ഭവന വായ്പാ പാക്കേജ് മാര്‍ച്ച് 31ന് അവസാനിച്ചെന്ന് സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ്. എന്നാല്‍, വയനാട് പാക്കേജ് സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിക്കാനും ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ടെന്ന് പട്ടികവര്‍ഗ ക്ഷേമ മന്ത്രിയുടെ വിശദീകരണം.
വായ്പ തിരിച്ചടക്കാന്‍ സാവകാശം ലഭിച്ചെന്ന് ജില്ലയിലെ 700ഓളം കുടുംബങ്ങള്‍ ആശ്വാസം കൊള്ളുന്നതിനിടെ പാക്കേജ് കാലാവധി നീട്ടിയിട്ടില്ളെന്ന വിശദീകരണവുമായി ഭവന നിര്‍മാണ ബോര്‍ഡ് രംഗത്തത്തെുകയായിരുന്നു.
പാക്കേജ് നീട്ടിയതായ ഉത്തരവൊന്നും തങ്ങള്‍ക്ക് ലഭിച്ചില്ളെന്നാണ് അവരുടെ വിശദീകരണം. ഇതോടെ വായ്പയെടുത്തവര്‍ കടുത്ത ആശയക്കുഴപ്പത്തിലാണിപ്പോള്‍. ഹൗസിങ് ബോര്‍ഡ് ലോണീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ മന്ത്രി ജയലക്ഷ്മിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് വയനാട് പാക്കേജ് സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിക്കാനും ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാനും കഴിഞ്ഞദിവസത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.
എന്നാല്‍, ഇതിനു കടകവിരുദ്ധമായ പ്രസ്താവനയുമായി ഭവന നിര്‍മാണ ബോര്‍ഡ് അധികൃതര്‍ പിറ്റേന്നുതന്നെ രംഗത്തുവന്നു.
പാക്കേജ് കാലാവധി നീട്ടുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ജില്ലയിലെ ഭവന വായ്പ കുടിശ്ശികക്കാര്‍ക്ക് പാക്കേജിന്‍െറ ആനുകൂല്യം മാര്‍ച്ച് 31 വരെ മാത്രമേ ലഭിക്കുകയുള്ളൂവെന്നുമായിരുന്നു ഭവന നിര്‍മാണ ബോര്‍ഡ് വയനാട് എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ വിശദീകരണം.
വയനാട് പാക്കേജ് നീട്ടിയതായി തങ്ങള്‍ക്ക് ഒരറിയിപ്പും കിട്ടിയിട്ടില്ളെന്ന് ഭവന നിര്‍മാണ ബോര്‍ഡ് വയനാട് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഇന്‍ചാര്‍ജ് ഷൈല 'മാധ്യമ'ത്തോട് പറഞ്ഞു. പാക്കേജ് ദീര്‍ഘിപ്പിച്ചതായി ഒരു ഉത്തരവും ലഭിച്ചിട്ടില്ല. തിരുവനന്തപുരത്തുനിന്ന് സ്റ്റേറ്റ് ചീഫ് റവന്യൂ ഓഫിസര്‍ പാക്കേജ് നീട്ടിയിട്ടില്ളെന്നാണ് അറിയിച്ചത്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാത്രമാണ് സെപ്റ്റംബര്‍ 30 വരെ നീട്ടിയത്. വയനാട് പാക്കേജ് അതില്‍ ഉള്‍പ്പെടില്ല. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ പിഴപ്പലിശ, മുടക്കപ്പലിശ തുടങ്ങിയവയുടെ നിശ്ചിത ശതമാനം മാത്രമാണ് ഇളവു നല്‍കുന്നത്. ചെറിയ ആനുകൂല്യം മാത്രമാണ് അതില്‍ ലഭിക്കുന്നത്. വയനാട് പാക്കേജില്‍ മുതലും പലിശയും മാത്രം അടച്ചാല്‍ മതിയാകും. വയനാട് പാക്കേജ് നീട്ടിയതായുള്ള വാര്‍ത്ത വന്നതോടെ തിരിച്ചടവില്‍ കുറവു വന്നിട്ടുണ്ട്. പാക്കേജിന്‍െറ ആനുകൂല്യം മാര്‍ച്ച് 31ന് അവസാനിച്ചെങ്കിലും അന്ന് ബാങ്കില്‍ തിരക്കായതിനാല്‍ അടക്കാന്‍ സന്നദ്ധമായി വന്ന ചിലര്‍ക്ക് അതിനു കഴിഞ്ഞിട്ടില്ല. അതുകാരണം ബുധനാഴ്ച അടക്കാനത്തെിയവരുടെ പണം സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ഇപ്പോള്‍ നിലവിലുള്ള സ്ഥിതി സെപ്റ്റംബര്‍ 30 വരെ തുടരുമെന്ന് മന്ത്രി ജയലക്ഷ്മി തങ്ങള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് ഹൗസിങ് ബോര്‍ഡ് ലോണീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ജോസഫ് അമ്പലവയല്‍ പറഞ്ഞു.
ജില്ലയില്‍ ഹൗസിങ് ബോര്‍ഡ് വായ്പ കുടിശ്ശികയാക്കിവര്‍ക്കെതിരായ ജപ്തി നടപടി നിര്‍ത്തിവെക്കാനും മാര്‍ച്ച് 31ന് അവസാനിക്കുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായാണ് വിവരം.
പാക്കേജ് നീട്ടിയാലും ഇല്ളെങ്കിലും ജില്ലയില്‍ ഹൗസിങ് ബോര്‍ഡ് അനുവദിച്ച രണ്ടുലക്ഷം രൂപ വരെയുള്ള വായ്പ പലിശ സഹിതം സര്‍ക്കാര്‍ എഴുതിത്തള്ളുന്നതുവരെ സമരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടുലക്ഷം രൂപക്ക് മുകളിലുള്ളവര്‍ക്ക് പലിശയും പിഴപ്പലിശയും അടക്കാന്‍ സാവകാശം നല്‍കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
ജില്ലയിലെ ഭവന വായ്പക്കാരുടേത് 18 വര്‍ഷമായി നിലനില്‍ക്കുന്ന പ്രശ്നമാണ്. പലിശയും പിഴപ്പലിശയും കൂട്ടുപലിശയും ചേര്‍ത്ത് തുക നാലിരട്ടിവരെ വര്‍ധിച്ചതിനാലാണ് പലരും കടക്കെണിയിലായത്.
ഭൂരിഭാഗം പേരും രണ്ടുലക്ഷം രൂപയില്‍ താഴെ മാത്രം വായ്പയെടുത്തവരാണ്. ഇപ്പോള്‍ എട്ടുലക്ഷത്തോളം മിക്കവര്‍ക്കും തിരിച്ചടക്കാനുണ്ട്.

ഐ.എ.എസ് ഓഫീസര്‍ അശോക് ഖേംകക്ക് 45ാം മത് സ്ഥാനചലനം

Posted: 01 Apr 2015 09:32 PM PDT

Image: 

ചണ്ഡിഗഡ്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ ഹരിയാനയിലെ ഭൂമിയിടപാട് റദ്ദാക്കിയ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംകക്ക് വീണ്ടും സ്ഥാന മാറ്റം.  23 വര്‍ഷത്തെ സേവനത്തിനിടെ 45 തവണയാണ് അശോക് ഖേംക സ്ഥാനമാറ്റ നടപടി നേരിടുന്നത്. 49കാരനായ ഖേംകയെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ആര്‍ക്കിയോളജി ആന്‍റ് മ്യൂസിയം വകുപ്പിലേക്കാണ്  മാറ്റിയിരിക്കുന്നത്.
ട്രാന്‍സ്പോര്‍ട്ട് വകുപ്പില്‍ നവീകരണങ്ങളും അഴിമതിക്കെതിരെയുള്ള നീക്കങ്ങളും നടത്തികൊണ്ടിരിക്കുന്നതിനിടെയാണ് 45ാമത്തെ സ്ഥാനചലനം. റോബര്‍ട്ട് വാദ്രക്കെതിരെയുള്ള പോരാട്ടത്തില്‍ പിന്തുണ നല്‍കിയ ബി.ജെ.പി അധികാരം ലഭിച്ചപ്പോള്‍ തനിക്കെതിരെ തിരിഞ്ഞത് വേദനയുണ്ടാക്കിയെന്ന് ഖേംക പ്രതികരിച്ചു. എന്നാല്‍ ചട്ടപ്രകാരമുള്ള സ്ഥാനമാറ്റമാണിതെന്നും ഖേംകയെ കൂടാതെ എട്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ കൂടി മാറ്റിയിട്ടുണ്ടെന്നുമാണ് ഹരിയാന സര്‍ക്കാറിന്‍റെ വാദം.

 

അടുത്ത അധ്യയനവര്‍ഷം പുതിയ 50 സ്വകാര്യ സ്കൂളുകള്‍

Posted: 01 Apr 2015 09:14 PM PDT

Image: 

ദോഹ: അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ 50 സ്വകാര്യ സ്കൂളുകള്‍ തുടങ്ങാന്‍ സുപ്രീം വിദ്യാഭ്യാസ കൗണ്‍സില്‍ അനുമതി നല്‍കിയതായി പ്രദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. പുതിയ സ്കൂളുകള്‍ തുടങ്ങാന്‍ 96 അപേക്ഷകളാണ് ഇത്തവണ സുപ്രീം കൗണ്‍സിലിന് ലഭിച്ചത്. ഇന്ത്യന്‍ അടക്കം വിവിധ അന്താരാഷ്ട്ര പാഠ്യപദ്ധതിയനുസരിച്ച് പ്രവര്‍ത്തിക്കാനാണ് ഇത്രയും അപേക്ഷകള്‍ ലഭിച്ചത്. ബ്രിട്ടീഷ് പാഠ്യപദ്ധതിയനുസരിച്ച് പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന സ്കൂളുകള്‍ക്കായാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത്. ബ്രിട്ടീഷ് സ്കൂള്‍ തുടങ്ങാന്‍ 33 അപേക്ഷകളാണ് ലഭിച്ചത്. ഖത്തറിലെ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാര്‍ക്കായി സ്കുളുകള്‍ തുടങ്ങാന്‍ അനുമതിയാവശ്യപ്പെട്ട് 16 അപേക്ഷകളാണ് ലഭിച്ചത്. അമേരിക്കന്‍ പാഠ്യപദ്ധതിയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെട്ട് 29 അപേക്ഷകളാണ് ലഭിച്ചത്. ഫ്രഞ്ച് സ്കൂളുകള്‍ക്കായി നാലും കനേഡിയന്‍ സ്കൂളുകള്‍ക്കായി മൂന്നും അപേക്ഷകള്‍ ലഭിച്ചു. ഈജിപ്ഷ്യന്‍ സ്കൂളിനായി അഞ്ചും ആസ്ട്രേലിയന്‍, ബംഗ്ളാദേശ്, തുര്‍ക്കിഷ്, ലബനീസ് പാഠ്യപദ്ധതിയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഓരോ അപേക്ഷകളും അനുമതി കാത്തിരിക്കുന്നവയില്‍ പെടും.
രാജ്യത്തെ 154 സ്വകാര്യസ്കൂളുകളിലായി പഠനം നടത്തുന്ന ഖത്തരി വിദ്യാര്‍ഥികളുടെ എണ്ണം 27,409 ആണ്. രാജ്യത്തെ എല്ലാ സ്വകാര്യ സ്കൂളുകളിലുമായി പഠിക്കുന്ന സ്വദേശി-വിദേശി വിദ്യാര്‍ഥികളുടെ എണ്ണം 145,252 ആണ്. ഇതില്‍ 117,943 പേര്‍ വിദേശികളാണ്.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ കോണ്‍ഫറന്‍സ് സന്നാഹ സമ്മേളനം

Posted: 01 Apr 2015 08:55 PM PDT

Image: 

ദുബൈ: കേരളത്തിന്‍െറ സമഗ്ര വികസനത്തിന് മലയാളി പ്രവാസി സമൂഹം ചെയ്യുന്ന സേവനം വിലപ്പെട്ടതാണെന്ന്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. വേള്‍ഡ് മലയാളി കൗണ്‍സില്‍ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 16,17,18 തിയതികളില്‍ ദുബൈയില്‍ നടക്കുന്ന ഗ്ളോബല്‍ കോണ്‍ഫറന്‍സിന് മുന്നോടിയായി നടന്ന സന്നാഹ സമ്മേളനത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമുമായുള്ള  കൂടിക്കാഴ്ചക്കിടയില്‍ മലയാളി സമൂഹത്തിന്‍െറ കഴിവുകളെയും നന്മകളെയും അദ്ദേഹം പ്രശംസിച്ചത് തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്നും ഇത് കേരളത്തിന് അഭിമാനിക്കാവുന്ന വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. ഈ അഭിമാനം കാത്തുസൂക്ഷിക്കേണ്ടത് ഓരോ മലയാളി പ്രവാസിയുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ട്രഷറര്‍ മൈക്കിള്‍ സ്റ്റീഫന്‍, വൈസ് പ്രസിഡന്‍റ്  വര്‍ഗീസ് പനക്കല്‍, വൈസ് ചെയര്‍പേഴ്സണ്‍ ശാന്താ പോള്‍, കൗണ്‍സില്‍ അംഗം പോള്‍ വടശ്ശേരി, മിഡിലീസ്റ്റ് പ്രസിഡന്‍റ് ജോണ്‍ സാമുവല്‍, ജനറല്‍ സെക്രട്ടറി സി.യു.മത്തായി, ദുബൈ പ്രസിഡന്‍റ് ഡോ.ജോര്‍ജ് കാളിയാടന്‍, ജിമ്മി, സണ്ണി അഗസ്റ്റിന്‍, വി.ജെ.തോമസ്, ചാള്‍സ് പോള്‍,പ്രദീപ് കുമാര്‍, സുരേന്ദ്രന്‍ നായര്‍, എം.ഷാഹുല്‍ ഹമീദ്, പ്രൊമിത്യൂസ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ഏപ്രില്‍ 16,17,18 തിയതികളില്‍ ദുബൈ അറ്റ്ലാന്‍റിസ് ഹോട്ടലിലാണ് ഗ്ളോബല്‍ കോണ്‍ഫറന്‍സ് നടക്കുന്നതെന്ന് മീഡിയ കമ്മിറ്റിക്ക് വേണ്ടി റോജിന്‍ പൈനുംമൂട്, പോള്‍ ജോര്‍ജ് പൂവത്തേരില്‍ എന്നിവര്‍  അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0506259941.

ഓരോ യാത്രയും രുചിഭേദങ്ങളിലേക്കുള്ള സഞ്ചാരം –നൗഷാദ്

Posted: 01 Apr 2015 08:52 PM PDT

Image: 

മനാമ: കൈപുണ്യം രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന പാചകക്കാരനാണ് നൗഷാദ്. മലയാളക്കരയില്‍ പുതുരുചികളുടെ വൈവിധ്യങ്ങള്‍ എത്തിച്ചവരില്‍ പ്രമുഖന്‍. പാരമ്പര്യമായി കിട്ടിയ പാചകവൈദഗ്ധ്യത്തില്‍ സ്വന്തം അഭിനിവേശവും കൂടിച്ചേര്‍ന്നപ്പോഴാണ് ഇന്ന് ലോകമറിയുന്ന ‘ഷെഫ് നൗഷാദ്’ രൂപപ്പെട്ടതെന്ന് അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ബഹ്റൈനിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ഏപ്രില്‍ 6വരെ ‘ലോകത്തിന്‍െറ രുചി’ എന്ന പേരില്‍ നടക്കുന്ന ഭക്ഷ്യമേളയുടെ ഭാഗമായി മനാമയില്‍ എത്തിയതായിരുന്നു അദ്ദേഹം.
നൗഷാദിന്‍െറ പിതാവിന് നേരത്തെ തിരുവല്ലയില്‍ ഹോട്ടലുണ്ടായിരുന്നു. നാടന്‍ ഭക്ഷണങ്ങള്‍ ചൂടോടെയും രുചിയോടെയും വിളമ്പുന്ന ഇടമെന്ന പേരെടുത്ത ആ ഹോട്ടലിലെ ഭക്ഷണം തേടി പലയിടത്തുനിന്നും ആളുകള്‍ എത്താറുണ്ടായിരുന്നു. നൗഷാദ് സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ആ ഹോട്ടലിന്‍െറ അടുക്കളയില്‍ കയറിയിട്ടുണ്ട്. അവിടെ കറികള്‍ക്ക് മസാലചേര്‍ക്കുന്നതും പൊറോട്ട നീട്ടിയടിക്കുന്നതും കണ്ടുനിന്നപ്പോള്‍ നൗഷാദ് ഉറപ്പിച്ചതാണ് തന്‍െറ വഴിയും മറ്റൊന്നല്ളെന്ന്.
80കളുടെ തുടക്കത്തില്‍ ബംഗളൂരുവില്‍ കാറ്ററിങ് കോഴ്സ് പഠിക്കാന്‍ പോയത് വഴിത്തിരിവായി. പലവിധ വിഭവങ്ങള്‍ കണ്ടും രുചിച്ചും ഉണ്ടാക്കിയും പരിശീലിച്ചു. അന്ന് കേരളത്തില്‍ ഒരു കാപ്സിക്കം പോലും കിട്ടില്ലായിരുന്നു എന്ന് നൗഷാദ് പറയുന്നു. ബംഗളൂരുവില്‍ നിന്ന് വീട്ടിലേക്ക് വരുമ്പോള്‍ സെലറിയും കാപ്സിക്കവും സ്പ്രിങ് ഒനിയനും മറ്റുമായാണ് അദ്ദേഹം എത്തിയിരുന്നത്. അത് സ്വന്തം കടയില്‍ പരീക്ഷിക്കും. തുടര്‍ന്ന് കോളജ് കഴിഞ്ഞ ഉടന്‍ ഹോങ് കോങിലേക്ക് ഒരു ട്രിപ്പ് പോയി. അവരുടെ പാചക രീതി കണ്ട് അത്ഭുതമായി. അത് തീര്‍ത്തും ഒരു കലയായാണ് അവര്‍ ചെയ്തുപോന്നത്. പച്ചക്കറി മുറിക്കുന്നതില്‍ പോലും അവര്‍ക്ക് ഒരു താളമുണ്ട്. ഇത് നാട്ടില്‍കാണാന്‍ കഴിയാത്ത കാര്യമാണ്.
ലോകത്ത് തന്നെ ഏറ്റവും പ്രിയപ്പെട്ട, എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഭക്ഷണമേതെന്ന് ചോദിച്ചാല്‍ അത് ചൈനീസ് ഭക്ഷണമാണെന്ന് ഉറപ്പിച്ച് പറയാം. അത് ഇന്ത്യക്കാരനും സായിപ്പിനും ഒരേ പോലെ ഇഷ്ടപ്പെടും. വൈവിധ്യവുമുണ്ട്. കേരളത്തിലും മറ്റും കിട്ടുന്നത് അല്‍പ്പം ‘ഇന്ത്യനൈസ്ഡ്’ ആയ ചൈനീസ് ആണെന്ന് നൗഷാദ് പറഞ്ഞു.
ഓരോ ദേശത്തേക്കുള്ള യാത്രയും ആ ജനതയുടെ രുചിഭേദങ്ങളിലേക്കുള്ള സഞ്ചാരമാണെന്ന് നൗഷാദ് അഭിപ്രായപ്പെട്ടു. കഴിയുമെങ്കില്‍ റോഡ് വഴി പോകാനാണ് നോക്കുക. ഇങ്ങിനെയാകുമ്പോള്‍ ആ വഴിക്കുള്ള പല വിധ ഭക്ഷണവൈവിധ്യങ്ങളും അറിയാനാകും. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് റോഡ് മാര്‍ഗം നടത്തിയ യാത്ര മറക്കാനാകില്ല. ആ റോഡരികില്‍ നിന്ന് കഴിച്ച ദാള്‍ ഫ്രൈക്കും ചപ്പാത്തിക്കും ലോകത്തെ ഏറ്റവും മികച്ച രുചികളോടൊപ്പം ഇടം നല്‍കാം. റോഡരികിലെ രുചിയുടെ മികവ് ഇപ്പോള്‍ പലരും തിരിച്ചറിഞ്ഞിട്ടുണ്ട്.
വളരെ വൈവിധ്യം നിറഞ്ഞ ഭക്ഷണമാണ് കേരളത്തിന്‍േറത്. കേരളത്തിലുള്ളതുപോലൊരു പ്രാതല്‍ മറ്റെവിടെയും കാണില്ല. ഒരുപക്ഷേ, ഇന്നെന്താണ് പ്രാതല്‍ എന്ന് നമ്മള്‍ മാത്രമേ ചോദിക്കുകയുള്ളൂ. പടിഞ്ഞാറന്‍ രാജ്യങ്ങളിലെല്ലാം ചോയ്സ് വളരെ കുറവാണ്. അതോടൊപ്പം നമ്മുടെ ഇഡ്ഡലി, പുട്ട് പോലുള്ള വിഭവങ്ങള്‍ ഒരു ആരോഗ്യപ്രശ്നവും ഉണ്ടാക്കാത്തതാണ്.കഴിച്ച ഭക്ഷണങ്ങളില്‍ ഏറ്റവും മികച്ചതായി തോന്നിയിട്ടുള്ളത് യെമനില്‍ നിന്നുള്ള പരമ്പരാഗത മന്തിയാണെന്ന് നൗഷാദ് പറയുന്നു. ഇതില്‍ ഒട്ടകത്തിന്‍െറ ഇറച്ചി ഉപയോഗിച്ചുണ്ടാക്കുന്ന മന്തിയുടെ രുചി പറഞ്ഞറിയിക്കാന്‍ പറ്റില്ല. നൂറു സ്ഥലങ്ങളില്‍ നൂറു തരം ബിരിയാണികളുണ്ട്. ഓരോന്നിനും അതിന്‍െറ തനത് സ്വഭാവവും ഉണ്ട്. ഇറച്ചിയും ചോറും തമ്മിലുള്ള ഒരു സൂക്ഷ്മമായ ബന്ധമാണ് ബിരിയാണി. ഇതറിഞ്ഞുവേണം പാചകം ചെയ്യാന്‍. ഇപ്പോള്‍ കാണുന്നത് ഇറച്ചിയും ചോറും വെവ്വേറെ വേവിച്ച് കലര്‍ത്തുന്ന ഒരു രീതിയാണ്. ഇത് യഥാര്‍ഥ ബിരിയാണിയല്ല. ബിരിയാണിയുടെ ഗുണം അരി തെരഞ്ഞെടുക്കുന്നതില്‍ തുടങ്ങുന്നതാണ്. ചെറിയൊരു പാളിച്ച എല്ലാം നശിപ്പിക്കും.
90കള്‍ക്ക് ശേഷം കേരളത്തിന്‍െറ ഭക്ഷണരീതികളില്‍ വളരെ മാറ്റം വന്നിട്ടുണ്ട്. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് പ്രവാസ ജീവിതമാണ്. മറ്റൊന്ന് ദൃശ്യമാധ്യമങ്ങളും. കേരളത്തിലെ ഒട്ടുമിക്കപേരും ഒരിക്കലെങ്കിലും പുറം നാടുകളില്‍ പോയവരാണ്. അതുകൊണ്ട് അവര്‍ക്ക് രുചിവൈവിധ്യങ്ങള്‍ അറിയാം. അത് നാട്ടില്‍ വരുക എന്നത് അവര്‍ക്ക് സന്തോഷമുള്ള കാര്യമാണ്. അതോടൊപ്പം ചാനലുകളില്‍ വന്ന ഫുഡ്ഷോകളും മറ്റും ഈ മേഖലയെ സജീവമാക്കി. പുറത്തുപോയി ഭക്ഷണം കഴിക്കുക എന്നത് മലയാളിയുടെ നിത്യജീവിതത്തിന്‍െറ ഭാഗമായി കഴിഞ്ഞു.
കേരളത്തിന്‍െറ എല്ലാ ഭക്ഷണവും കിട്ടുന്ന ഇടമായി ഗള്‍ഫ് മാറിക്കഴിഞ്ഞു. ദുബൈയിലെ മലയാളി റസ്റ്റോറന്‍റുകളില്‍ പുഴുക്ക് പോലും കിട്ടും. ഒരു പക്ഷേ ഇത് കേരളത്തില്‍ കിട്ടാന്‍ ഇടയില്ല. ഇ.കെ നായനാര്‍ മുതല്‍ മമ്മൂട്ടി വരെയുള്ളവര്‍ നൗഷാദിന്‍െറ കൈപ്പുണ്യം അറിഞ്ഞിട്ടുണ്ട്. കേരളത്തിലെ പ്രസാധനരംഗത്തെ കാരണവര്‍ സ്ഥാനമുള്ള ആളായിരുന്ന ഡി.സി കിഴക്കേമുറി ചിട്ടയായി ഭക്ഷണം കഴിക്കുന്നയാളായിരുന്നു. അത് കൊണ്ട് പുറത്തു നിന്ന് അദ്ദേഹം പലപ്പോഴും ഭക്ഷണം കഴിച്ചിരുന്നില്ല.  എന്നാല്‍ കല്ല്യാണത്തിനും മറ്റും പാചകക്കാരനായി നൗഷാദ് ആണ് ഉള്ളതെങ്കില്‍ ഡി.സി. ഇലക്കുമുന്നില്‍ ഇരിക്കുമായിരുന്നെന്ന് നൗഷാദ് ആദരവോടെ ഓര്‍ക്കുന്നു.
സാധാരണ സദ്യകളില്‍ പരമാവധി 300 പേര്‍ക്കുള്ള ബിരിയാണിയാണ് ഒരുമിച്ച് ഉണ്ടാക്കുക. അതിനപ്പുറത്തേക്ക് അധികമാരും പോകാറില്ല. എന്നാല്‍ നൗഷാദ് ഒരു പരീക്ഷണത്തിന് ഒരുങ്ങുകയാണ്. 5,000 പേര്‍ക്കുള്ള ബിരിയാണി ഒരുമിച്ച് പാചകം ചെയ്യാന്‍ സാധിക്കുമെന്നാണ് അദ്ദേഹം കരുതുന്നത്.ഇത് യാഥാര്‍ഥ്യമാകുന്നതോടെ പാചകപരീക്ഷണങ്ങളില്‍ നൗഷാദ് നടത്തിയ മുന്നേറ്റങ്ങളില്‍ വീണ്ടുമൊരു വിജയഗാഥകൂടി പുതുമണവുമായത്തെും.
ഇന്ന് ദാനാ മാളില്‍ വൈകീട്ട് 7മണിക്ക് നൗഷാദിന്‍െറ പാചക പ്രദര്‍ശനം നടക്കും. തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് നൗഷാദിനൊപ്പം ഫോട്ടോയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും അവസരമുണ്ട്. 3ന് കാലത്ത് 11.30 മുതല്‍ ബിരിയാണി മേള നടക്കും. നൗഷാദിന്‍െറ പ്രത്യേക മസാലക്കൂട്ടുകള്‍ ഉപയോഗിച്ച് തയാറാക്കുന്ന ബിരിയാണിക്കായി മുന്‍കൂട്ടി ഓര്‍ഡറുകള്‍ സ്വീകരിക്കും. 3ന് വൈകീട്ട് 7മണിക്ക് ഹിദ്ദ് ലുലുവിലും പാചക പ്രദര്‍ശനമുണ്ട്.

മക്കല്ലം 'ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍'

Posted: 01 Apr 2015 08:33 PM PDT

Image: 

ഓക്ലന്‍ഡ്: വെടിക്കെട്ട് ശൈലിയുമായി ലോകകപ്പ് കലാശപ്പോരിലേക്ക് രാജ്യത്തെ നയിച്ച നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന് 'ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍' പുരസ്കാരം. ഇതിഹാസ താരം സര്‍ റിച്ചാര്‍ഡ് ഹാഡ് ലിയുടെ പേരിലുള്ള രാജ്യത്തെ വലിയ പുരസ്കാരമാണു മക്കല്ലത്തെ തേടിയത്തെിയത്.

ആക്രമണാത്മക ബാറ്റിംഗ് ശൈലിയുമായി ന്യൂസിലന്‍ഡിനെ ആദ്യമായി ഐ.സി.സി ലോകകപ്പ് ക്രിക്കറ്റ് ഫൈനലിന്‍െറ വേദിയിലേക്ക് നയിച്ച പ്രകടനമാണ് 33 കാരനായ മക്കല്ലത്തെ പുരസ്കാരര്‍ഹനാക്കിയത്. യുവതാരം കെയ്ന്‍ വില്യംസണെ 'ബാറ്റ്സ്മാന്‍ ഓഫ് ദി ഇയറാ'യും ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമനായ ട്രെന്‍റ് ബോള്‍ട്ടിനെ 'ബൗളര്‍ ഓഫ് ദി ഇയറാ'യും തെരഞ്ഞെടുത്തു.

യമനില്‍ ആക്രമണം രൂക്ഷം; കൂട്ടപലായനം

Posted: 01 Apr 2015 08:19 PM PDT

Image: 
Subtitle: 
ഫാക്ടറിയില്‍ പൊട്ടിത്തെറി; 25 മരണം, ഓപറേഷന്‍ കാലദൈര്‍ഘ്യമുണ്ടാവില്ളെന്ന് സൗദി സ്ഥാനപതി

ജിദ്ദ: യമനിലെ ഹൂതി ^ അലിസാലിഹ് വിഭാഗം കലാപകാരികള്‍ക്കെതിരെ സൗദി നേതൃത്വത്തിലുള്ള ദശരാഷ്ട്രസഖ്യത്തിന്‍െറ ആക്രമണം ഒരാഴ്ച പിന്നിടുമ്പോഴും രൂക്ഷമായി തുടരുന്നതിനിടെ രാജ്യത്തിന്‍െറ പല ഭാഗത്തുനിന്നും ജനങ്ങള്‍ പലായനം തുടങ്ങി. വടക്കന്‍ യമനിലെ മന്‍സൂറയിലും കിഴക്ക് അരീശിലും ശബ്വയിലും മധ്യയമനിലെ ഖൂര്‍ മുകസ്സറിലും ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടം കാരണം സാധാരണജീവിതം ദുസ്സഹമായതിനാല്‍ ജനങ്ങള്‍ നാടും വീടും വിട്ടോടിപ്പോകുകയാണ്. കഴിഞ്ഞ ഒരാഴ്ചയോളമായി വീട്ടുതടങ്കലിലെന്ന പോലെ കഴിഞ്ഞിരുന്ന പലരും ഉള്ള ഭക്ഷ്യധാന്യങ്ങള്‍ തീര്‍ന്നതോടെ പട്ടിണിയിലേക്കു നീങ്ങുന്ന ഭീതിയിലാണ്. യമന്‍െറ സാമ്പത്തികനില തകര്‍ച്ചയുടെ വക്കിലാണെന്നും സംഘര്‍ഷം അടിയന്തരമായി അവസാനിപ്പിക്കാന്‍ എല്ലാവരും തയാറാകണമെന്നും അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഓക്സ്ഫാം മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം യു.എന്‍ 146 ദശലക്ഷം ഡോളര്‍ ഭക്ഷ്യസുരക്ഷക്കായി നീക്കിവെച്ച യമനില്‍ 60 ശതമാനം ജനങ്ങള്‍ അന്താരാഷ്ട്ര സഹായം പ്രതീക്ഷിച്ചാണ് കഴിയുന്നത്.

അതേസമയം യമനിലെ ഓപറേഷന്‍ യു.എന്‍, അറബ് ലീഗ് എന്നീ അന്താരാഷ്ട്ര വേദികളുടെ ചട്ടങ്ങള്‍ക്കനുസൃതമായി ലക്ഷ്യം കാണും വരെ തുടരുമെന്നും എന്നാല്‍ അതിന് കാലദൈര്‍ഘ്യമുണ്ടാവില്ളെന്നും ഐക്യരാഷ്ട്രസഭയിലെ സൗദി സ്ഥാനപതി ആദില്‍ ജുബൈര്‍ വ്യക്തമാക്കി. രാജ്യത്തെ രണ്ടു മര്‍മപ്രധാന കേന്ദ്രങ്ങളായ സന്‍ആയിലും ഏദനിലും പോരാട്ടത്തിനു രൂക്ഷതയേറുകയാണ്. സഖ്യസേനയുടെ ബോംബിങ്ങും അതിനെ പ്രതിരോധിക്കാന്‍ ഹൂതികളും അനുകൂലികളും വിക്ഷേപിക്കുന്ന ലോങ് റേഞ്ച് റോക്കറ്റുകളും മിസൈലുകളും ഇരുനഗരങ്ങളെയും യുദ്ധഭൂമിയാക്കി മാറ്റി. സൗദി സേനയുടെ ആക്രമണത്തിന്‍െറ ചുവടുപിടിച്ച് പ്രസിഡന്‍റ് ഹാദി മന്‍സൂറിന്‍െറ സേനയും ഗോത്രപ്പടകളും ഹൂതികളെയും വിമതകലാപകാരികളെയും തുരത്താന്‍ പൊരിഞ്ഞ പോരാട്ടമാണ് നടത്തുന്നത്. ഏദന്‍ വീഴ്ത്താന്‍ വന്ന ഹൂതികള്‍ പിന്മാറ്റം തുടങ്ങിയതായി ‘അല്‍അറേബ്യ’ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഹുദൈദ തുറമുഖനഗരത്തില്‍ സഖ്യസേനയുടെ ഫൈറ്റര്‍ വിമാനങ്ങള്‍ വന്‍തോതില്‍ ബോംബ് വര്‍ഷിച്ചു. ഹൂതികളുടെ വ്യോമപ്രതിരോധകേന്ദ്രങ്ങള്‍, സൈനിക വിമാനത്താവളം, 65 ാം എയര്‍ ബ്രിഗേഡിന്‍െറ താവളം, കിലോ ഏഴിലെ തീരദേശ സേനകേന്ദ്രം എന്നിവയെല്ലാം ബോംബിങ്ങില്‍ തകര്‍ന്നു.

അതിനിടെ ഹുദൈദ തുറമുഖത്തിനടുത്ത് ക്ഷീരോല്‍പാദക ഫാക്ടറി സ്ഫോടനത്തെ തുടര്‍ന്ന് കത്തിയമര്‍ന്ന് 25 പേര്‍ മരിച്ചു. ഫാക്ടറി സഖ്യസേനയുടെ ബോംബിങ്ങില്‍ തകര്‍ന്നതാണെന്ന് ഹൂതിപക്ഷം ആരോപിച്ചു. എന്നാല്‍ സമീപത്തെ സൈനികതാവളത്തില്‍  നിന്നു തൊടുത്ത മിസൈല്‍ ലക്ഷ്യം തെറ്റി ഫാക്ടറിക്കു മേല്‍ പതിക്കുകയായിരുന്നുവെന്ന് ‘റോയിട്ടേഴ്സി’ന്‍െറ റിപ്പോര്‍ട്ടില്‍ പറഞ്ഞു. മുന്‍പ്രസിഡന്‍റ് അലി അബ്ദുല്ല സാലിഹിന്‍െറ സൈനികക്യാമ്പിനടുത്തു സ്ഥിതിചെയ്യുന്നതാണ് ഫാക്ടറിയെന്നും എയര്‍ബേസില്‍ നിന്നുള്ള റോക്കറ്റ് ലക്ഷ്യം തെറ്റിവീണുണ്ടായ അപകടമാണെന്നും ആരോഗ്യ സന്നദ്ധപ്രവര്‍ത്തകരെ ഉദ്ധരിച്ച് ‘റോയിട്ടേഴ്സ്’ അറിയിച്ചു. തുറമുഖ നഗരത്തില്‍ ചൊവ്വാഴ്ച രാത്രി കനത്ത ആക്രമണം നടന്നിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

ഏദനിലും ഹുദൈദയിലും ഹൂതികള്‍ നടത്തുന്ന തിരിച്ചടിശ്രമങ്ങള്‍ പ്രദേശവാസികളുടെ ജീവനാശത്തിന് ഇടയാക്കുന്നതായി ഹാദി മന്‍സൂറിന്‍െറ ആളുകള്‍ കുറ്റപ്പെടുത്തി. അതിനിടെ യമനില്‍ കുടുങ്ങിയ ഇന്തോനേഷ്യ, തുര്‍ക്കി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ കരമാര്‍ഗം സൗദി രക്ഷപ്പെടുത്തി.

യമന്‍: കുട്ടികളുടെ മരണസംഖ്യ ഉയരുന്നതായി യുനിസെഫ്

Posted: 01 Apr 2015 07:12 PM PDT

Image: 

സനആ: യമനിലെ ആഭ്യന്തര യുദ്ധത്തില്‍ മരണപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്ന് യുനൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് (യുനിസെഫ്). കഴിഞ്ഞയാഴ്ച മാത്രം വിവിധ ആക്രമണങ്ങളില്‍ 62 കുട്ടികള്‍ മരിച്ചു. മനുഷ്യാവകാശ പ്രതിസന്ധി ഭക്ഷ്യ സുരക്ഷക്കും പോഷകാഹാരക്കുറവിനും വഴിവെക്കുമെന്ന് യമനിലെ യുനിഫെസ് പ്രതിനിധി ജൂലിയന്‍ ഹര്‍നീസ് വ്യക്തമാക്കി.

സിവിലിയന്മാരും സൈനികരും ഹൂതി വിമതരും അടക്കം 103 പേര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ 30ലധികം പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വടക്കന്‍ യമനിലെ അഭയാര്‍ഥി ക്യാമ്പിന് നേരെ നടന്ന വ്യോമാക്രമണം രാജ്യാന്തര നിയന്ത്രണങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും നഗ്നമായ ലംഘനമാണ്. സനആ അടക്കമുള്ള പട്ടണങ്ങളിലെ ഏറ്റുമുട്ടല്‍ മൂലം ഉയരുന്ന മരണനിരക്കും പരിക്കേറ്റവരുടെ എണ്ണത്തിലെ വര്‍ധനയും ആശങ്കയുളവാക്കുന്നതാണെന്നും യുനിസെഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

യമന്‍: സൗജന്യ യാത്ര ഏര്‍പ്പെടുത്തുമെന്ന് സെന്‍ട്രല്‍ റെയില്‍വേ

Posted: 01 Apr 2015 07:11 PM PDT

Image: 

മുംബൈ: യമനില്‍ നിന്നെ ത്തിയ പൗരന്മാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സൗജന്യ യാത്ര ഏര്‍പ്പെടുത്തിയതായി സെന്‍ട്രല്‍ റെയില്‍വേ. മലയാളികള്‍ അടക്കമുള്ളവരെ സൗജന്യമായി നാട്ടിലെ ത്തിക്കും. ഇതിന് കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയതായി സെന്‍ട്രല്‍ ജനറല്‍ മാനേജര്‍ മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം, യമനില്‍ നിന്ന് രക്ഷപ്പെട്ട മലയാളികളടങ്ങിയ പ്രവാസികളുമായി ആദ്യ വിമാനം പുലര്‍ച്ചെ രണ്ടോടെ കൊച്ചിയിലെ ത്തി. 17 തമിഴ്നാട് സ്വദേശികളും 151 മലയാളികളും അടക്കം 168 പേര്‍ നെടുമ്പാശേരിയിലും 190 പേര്‍ മുംബൈയിലും വിമാനമിറങ്ങി. ജിബൂട്ടിയില്‍ നിന്നു വ്യോമസേനാ വിമാനം സി 17 ഗ്ളോബ് മാസ്റ്ററിലാണ് ഇവര്‍ എത്തിയത്. ഇവരെ സ്വദേശങ്ങളില്‍ എത്തിക്കാന്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ സംസ്ഥാന സര്‍ക്കാര്‍ എര്‍പ്പെടുത്തി.

ഹാഷിംപുര കൂട്ടക്കൊല: പിന്നാമ്പുറ സത്യങ്ങള്‍

Posted: 01 Apr 2015 06:51 PM PDT

Image: 

1987 മേയ് 22നു 42 മുസ്ലിം ചെറുപ്പക്കാരെ ട്രക്കില്‍ കയറ്റിക്കൊണ്ടുപോയി വെടിവെച്ചുകൊന്ന് കനാലില്‍ തള്ളിയ ഹാഷിംപുര കൂട്ടക്കൊലയിലെ ജീവിക്കുന്ന 16 പ്രതികളെയും വെറുതെവിട്ട് ഡല്‍ഹിയിലെ തീസ്ഹസാരി കോടതി പുറപ്പെടുവിച്ച വിധികേട്ട് നടുങ്ങിയ ലോകത്തിന്‍െറ മുന്നില്‍ ഞെട്ടിക്കുന്ന മറ്റൊരു സത്യംകൂടി അനാവൃതമായിരിക്കുന്നു. കൂട്ടക്കൊല ആസൂത്രണംചെയ്തത്, ആര്‍.എസ്.എസുകാരനായ സ്വന്തം സഹോദരന്‍ കൊല്ലപ്പെട്ടതിനു പ്രതികാരമായി മേജര്‍ സതീഷ് ചന്ദ്ര കൗശിക് എന്ന സൈനിക ഉദ്യോഗസ്ഥനാണത്രെ. ‘ഒൗട്ട്ലുക് ’വാരികയുടെ ഒടുവിലത്തെ ലക്കത്തില്‍ ആധികാരിക സ്രോതസ്സുകളെ ഉദ്ധരിച്ചു പുറത്തുവിട്ട വിവരങ്ങള്‍ വര്‍ഗീയവത്കരിക്കപ്പെട്ട പട്ടാളവും പൊലിസ് സേനയും ഹതാശയരായ ഒരു ജനസമൂഹത്തോടു കാട്ടിയ കൊടുംക്രൂരത തുറന്നുകാട്ടുക മാത്രമല്ല, ചോര മരവിപ്പിക്കുന്ന ഒരു ദുരന്തം തങ്ങളുടെ മൂക്കിനുതാഴെ സംഭവിച്ചതറിഞ്ഞിട്ടും അത് ജനങ്ങളില്‍നിന്ന് മറച്ചുവെക്കാനും കുറ്റവാളികളെ രക്ഷിക്കാനും സംസ്ഥാന-കേന്ദ്ര ഭരണകൂടങ്ങള്‍ കാണിച്ച പക്ഷപാതപരമായ നിലപാടിന്‍െറ ജുഗുപ്സാവഹമായ ചിത്രം  നമ്മുടെ മുന്നില്‍ വരച്ചുകാട്ടുകയുമാണ്. 28 വര്‍ഷം മുമ്പ് സംഭവം അരങ്ങേറുമ്പോള്‍ സംസ്ഥാന ഭരണം കൈയാളിയിരുന്നത് കോണ്‍ഗ്രസ് നേതാവായിരുന്ന വീര്‍ബഹാദൂര്‍ സിങ്ങായിരുന്നു. ഡല്‍ഹിയുടെ ചെങ്കോല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജീവ് ഗാന്ധിയുടെ കൈകളിലും. റമദാന്‍െറ അവസാന വെള്ളിയാഴ്ച അമ്പതോളം യുവാക്കളെ പിടിച്ചുകൊണ്ടുപോയി അതിനിഷ്ഠുരമായി കൊലപ്പെടുത്തിയെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ഗൗരവത്തിലെടുത്തില്ളെന്നു മാത്രമല്ല, കുറ്റവാളികളെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥരും പൊലീസ് മേധാവികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നാണ് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്.

യു.പിയിലെ മീറത്തില്‍നിന്ന് രണ്ടു കി.മീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഹാഷിംപുര മൊഹല്ലയില്‍ 1987 മേയ് 22നു സന്ധ്യ കഴിഞ്ഞപ്പോള്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണ്? ആര്യസമാജിന്‍െറ കര്‍മഭൂമിയായ മീറത്തും സഹാറാന്‍പൂരും തരണ്‍തരണുമൊക്കെ സ്വാതന്ത്ര്യപൂര്‍വ കാലഘട്ടത്തില്‍പോലും വര്‍ഗീയധ്രുവീകരണത്തിലൂടെ പ്രക്ഷുബ്ധമായി നിലനിന്ന ഒരു മേഖലയാണ്. 1986ല്‍ ഒരു കോടതിവിധിയുടെ മറവില്‍ ബാബരി മസ്ജിദ് ഹിന്ദുക്കള്‍ക്ക് പൂജക്കായി തുറന്നുകൊടുക്കാന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ മുന്നോട്ടു വന്നതോടെയാണ് മീറത്തും പരിസരവും കൂടുതല്‍ സംഘര്‍ഷഭരിതമാവുകയും വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്തത്.  1987 മേയ് 19നു പ്രഭാത് കൗശിക് എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ തന്‍െറ അമ്മായിയും ബി.ജെ.പി പ്രദേശിക നേതാവുമായ ശകുന്തള കൗശികിന്‍െറ സുഭാഷ്നഗറിലെ വീടിനു മുകളില്‍ നില്‍ക്കുമ്പോള്‍ വെടിയേറ്റ് മരിക്കുന്നതോടെയാണ് ദുരന്തങ്ങള്‍ക്ക് തുടക്കമിടുന്നത്. കൊലക്കു പിന്നില്‍ ഹാഷിംപുരയിലെ മുസ്ലികളാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. അതോടെ, ഇയാളുടെ സഹോദരനും മീറത്തിലെ സൈനികോദ്യോഗസ്ഥനുമായ മേജര്‍ സതീഷ് ചന്ദ്ര കൗശിക് പ്രതികാരദാഹവുമായി രംഗത്തത്തെി. മേജര്‍ ബി.എസ്. പത്താനിയ, കേണല്‍ പി.പി. സിങ് എന്നിവരായിരുന്നു കൂട്ടിനുണ്ടായിരുന്നത്.

സഹോദരന്‍െറ സംസ്കാരം കഴിഞ്ഞ ഉടന്‍  ഇവര്‍ സൈന്യത്തിന്‍െറയും പി.എ.സി ജവാന്മാരുടെയും സഹായത്തോടെ വേട്ടക്കിറങ്ങുകയായിരുന്നു. നോമ്പുതുറന്ന് കുടിലുകളില്‍ വിശ്രമിക്കുകയായിരുന്ന മുഴുവന്‍ ആണ്‍തരികളെയും വീടുവീടാന്തരം കയറിയിറങ്ങി ഇവര്‍ പുറത്തേക്ക് കൊണ്ടുവന്നു പള്ളിക്കുമുന്നില്‍ കൂട്ടമായിനിര്‍ത്തി. അഞ്ഞൂറോളം വരുന്ന ആള്‍ക്കൂട്ടത്തില്‍നിന്ന് 18നും 25നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള അമ്പതോളം ചെറുപ്പക്കാരെ യു.ആര്‍.യു 1493 നമ്പര്‍ മഞ്ഞട്രക്കില്‍ കയറ്റിക്കൊണ്ടുപോയി. പൊലീസ് സ്റ്റേഷനിലേക്കായിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, നേരെ ചെന്നത് മുറാദാബാദ്^ഗാസിയാബാദ് റോഡില്‍ മുറാദ് നഗരിലെ അപ്പര്‍ ഗംഗാ കനാലിന്‍െറ തീരത്തേക്കാണ്. ഇരുട്ടിന്‍െറ മറവില്‍ വിജനതയില്‍ പിന്നീട് സംഭവിച്ചത് ബ്രിട്ടീഷ് കോളനിഭരണകാലത്തുപോലും കേട്ടുകേള്‍വിയില്ലാത്തതാണ്. ട്രക്കില്‍നിന്ന് കുറെ യുവാക്കളെ ചാക്കുകെട്ട് എന്നപോലെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഒരടി മുന്നോട്ടുവെക്കുന്നതിനു മുമ്പ്  അവര്‍ക്കുനേരെ തുരുതുരാ വെടിയുതിര്‍ത്തു. പ്രാണവേദനകൊണ്ട് എല്ലാവരും വെള്ളത്തിലേക്കു ചാടി. ഇരുളിന്‍െറ മറവില്‍ കൂട്ടനിലവിളിയോടെ അവര്‍ കനാലില്‍ മരിച്ചുവീണു. രണ്ടുപേര്‍ ബാക്കിയുള്ള ജീവനുമായി മരിച്ചവരുടെ കൂട്ടത്തില്‍ നിശ്ചേതനമായി കിടന്നു. ശേഷിക്കുന്നവരെയും കൊണ്ട് ഗാസിയാബാദിലെ മനക്പൂര്‍ ഗ്രാമത്തിലെ ഹിന്ദോണ്‍ നദിക്കരയിലേക്കാണ് ട്രക് കുതിച്ചത്. പഴയ അതേ കാപാലികത ആവര്‍ത്തിച്ചു. ട്രക്കില്‍നിന്നിറക്കി വെള്ളത്തില്‍ വെടിവെച്ചിട്ടു. നിഷഠുരത കണ്ട് ഞെട്ടിവിറച്ച രണ്ട് ചെറുപ്പക്കാര്‍ തലനാരിഴക്ക് വെടിയുണ്ടയില്‍നിന്ന് രക്ഷപ്പെട്ടപ്പോള്‍ മയ്യിത്തുകള്‍ക്കിടയില്‍ ജീവച്ഛവമായി കിടന്നു.

അതിനിടയില്‍ പ്രദേശത്ത് എന്തോ അസാധാരണമായത് സംഭവിച്ചിട്ടുണ്ട് എന്നറിഞ്ഞ ജില്ലാ പൊലീസ് മേധാവി വിഭൂതി നാരായണ്‍ റായ് ജില്ലാ കലക്ടര്‍ നസീം സൈദിയെയും കൂട്ടി ട്രക് പോയ വഴികളിലൂടെ സഞ്ചരിച്ചപ്പോഴാണ് മരണവക്രത്തില്‍നിന്ന് രക്ഷപ്പെട്ട ബാബുദ്ദീന്‍ എന്ന യുവാവിന്‍െറ ഞരക്കം കേള്‍ക്കുന്നത്. കൊലയാളികളാണെന്ന് തെറ്റിദ്ധരിച്ച് യുവാവ് വെള്ളത്തില്‍നിന്ന് കരകയറാന്‍ കൂട്ടാക്കിയില്ളെങ്കിലും തങ്ങള്‍ രക്ഷകരാണെന്ന് ഇരുട്ടില്‍ ആവര്‍ത്തിച്ചുപറഞ്ഞപ്പോള്‍ ഒരക്ഷരം ഉരിയാടാന്‍ ശേഷിയില്ലാതെ കാല്‍ക്കല്‍ വന്നുവീണു. ബാബുദ്ദീനില്‍നിന്നാണ് വിഭൂതി നാരായണ്‍ റായിക്ക് എന്താണ് അവിടെ സംഭവിച്ചതെന്ന് മനസ്സിലാക്കാനാവുന്നത്.  എന്നാല്‍, കുറ്റവാളികളെ പിടികൂടുന്നതിലോ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സമാശ്വസിപ്പിക്കുന്നതിലോ ആയിരുന്നില്ല സംസ്ഥാന ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രതികളെ രക്ഷിക്കാനും സംഭവത്തെക്കുറിച്ചുള്ള വാര്‍ത്ത തമസ്കരിക്കാനുമുള്ള പഴുത് തേടുകയായിരുന്നു. മേയ് 23 പുലര്‍ച്ചെ നാലുമണിക്ക് മീറത്ത് സര്‍ക്യൂട്ട് ഹൗസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രിയും 12 സീനിയര്‍ ഐ.എ.എസ് ഓഫിസര്‍മാരും ജില്ലാ അധികാരികളും പങ്കെടുക്കുകയുണ്ടായി.

പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും തെളിവുകള്‍ നശിപ്പിക്കുന്നതിന് മുമ്പ് ശേഖരിക്കണമെന്നും എസ്.പി വിഭൂതി നാരായണന്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിയും ഭൂരിപക്ഷം ഓഫിസര്‍മാരും അതിനോട് യോജിച്ചില്ലത്രെ. ഒരാളെയും അറസ്റ്റ് ചെയ്യേണ്ട എന്നായിരുന്നു യോഗതീരുമാനം. റായും ജില്ല കളക്ടര്‍ നസീം സൈദിയും പി.എ.സി ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ചെന്നപ്പോള്‍ യുവാക്കളെ കയറ്റിക്കൊണ്ടുപോയ മഞ്ഞ ട്രക് അവിടെ കിടക്കുന്നുണ്ടായിരുന്നു. വണ്ടിക്കകത്തെ കട്ട പിടിച്ച ചോര വെള്ളം കൊണ്ട് കഴുകിവൃത്തിയാക്കാന്‍ ശ്രമിച്ചതിന്‍െറ അടയാളം കാണാമായിരുന്നു. പക്ഷേ, ഭീകരമായൊരു കുറ്റകൃത്യത്തിനു മുന്നില്‍ തന്‍െറ കൈകള്‍ കെട്ടിയിട്ടിരിക്കുകയാണെന്ന് ബോധ്യംവന്നപ്പോഴേക്കും വിഭൂതി നാരായണ്‍ റായിയെ സ്ഥലമാറ്റിക്കഴിഞ്ഞിരുന്നു. മൂന്നുമാസത്തേക്ക് പോസ്റ്റ് പോലും കൊടുത്തില്ല. കേസ് സി.ഐ.ഡി ഏറ്റെടുത്തുവെന്നു കേട്ടപ്പോള്‍ സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് കരുതിയവര്‍ക്കും തെറ്റി. എന്നല്ല, സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും രാജ്യംകണ്ട ഏറ്റവും നികൃഷ്ടമായ ഭരണകൂട പൈശാചികതയുടെ വാര്‍ത്ത പുറംലോകം അറിഞ്ഞില്ല.

സംഭവത്തിന്‍െറ പിറ്റേദിവസംതന്നെ ജില്ലാ അധികാരികളില്‍നിന്ന് ‘നവഭാരത് ടൈംസി’ന് വാര്‍ത്ത ചോര്‍ന്നുകിട്ടിയിരുന്നു. പക്ഷേ, ഉന്നതതലത്തിലുള്ള ഇടപെടല്‍കൊണ്ട് എഡിറ്റര്‍ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ തയാറായില്ല. മേയ് 29നു ‘ചൗതി ദുനിയ’ എന്ന പ്രദേശിക പത്രം സംഭവത്തെ കുറിച്ചു ചില വിവരങ്ങള്‍ പുറത്തുവിട്ടതോടെയാണ് കുറെ മുസ്ലിം യുവാക്കള്‍ അതിദാരുണമായ അന്ത്യം കണ്ടുവെന്ന സത്യം ലോകമറിയുന്നത്. എന്നാല്‍, പി.എ.സിയുടെ വെടിയുണ്ടയില്‍നിന്ന് രക്ഷപ്പെട്ട് എങ്ങനെയോ ഡല്‍ഹിയിലത്തെിയ സുല്‍ഫിക്കര്‍ എന്ന ചെറുപ്പക്കാരന്‍ സയ്യിദ് ശഹാബുദ്ദീനോടൊപ്പം വാര്‍ത്താസമ്മേളനം നടത്തിയപ്പോഴാണ് സംഭവത്തിന്‍െറ ഗൗരവവും ദുരന്തത്തിന്‍െറ വ്യാപ്തിയും ജനമറിയുന്നത്. അതിനുശേഷം മാത്രമാണ് തങ്ങളുടെ ഉറ്റവരും ഉടയവരും നിയമപാലകരുടെ കരങ്ങളാല്‍ കൊല്ലപ്പെട്ടിരിക്കുകയാണെന്നും അവരുടെ മയ്യിത്തുകള്‍ പോലും കാണാന്‍ തങ്ങള്‍ക്ക് ഭാഗ്യമില്ളെന്നും ഹാഷിംപുര വാസികള്‍ അറിയുന്നത്.

തെളിവുകളുടെ അഭാവത്തില്‍, സംശയത്തിന്‍െറ ആനുകൂല്യം നല്‍കി പ്രതികളെ വിട്ടയക്കാനെന്ന വിചാരണ കോടതിയുടെ വിധി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ കറുത്ത ഒരധ്യായ മാവുന്നത് അഖണ്ഡനീയ തെളിവുകളുണ്ടായിട്ടും അവയൊന്നും ശേഖരിക്കാന്‍ അനുവദിച്ചില്ളെന്ന് മാത്രമല്ല, ലഭ്യമായ തെളിവുകള്‍വെച്ച് സത്യസന്ധമായി കേസ് കൈകാര്യം ചെയ്യാന്‍ നീതിപീഠം കൂട്ടാക്കിയതുമില്ല എന്നതു കൊണ്ടാണ്. പ്രധാനമന്ത്രിയുടെ ഓഫിസിന് ക്രൈംബ്രാഞ്ചും യു.പി ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്മെന്‍റും കൈമാറിയ റിപ്പോര്‍ട്ടില്‍ സംഭവസ്ഥലത്ത് കൊല ആസൂത്രണം ചെയ്ത മേജര്‍ കൗശിക് ഉണ്ടായിരുന്നതായി പറയുന്നുണ്ട്. സി.ഐ.ഡിയുടെ എസ്.പിയായിരുന്ന എസ്.കെ. റിസ്വി 1989 ജൂണ്‍22നു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍,  തനിക്കു നേരിടേണ്ടിവന്ന വ്യക്തിപരമായ നഷ്ടത്തിനു പ്രതികാരമായി  മേജര്‍ സതീഷ് ചന്ദ്ര കൗശിക് ആസൂത്രണ ചെയ്തതാണ് ഹാഷിംപുര നിവാസികളുടെ കൂട്ടക്കൊലയെന്ന് സംഭവം കഴിഞ്ഞ ഉടന്‍  പത്രവാര്‍ത്തയുണ്ടായിരുന്നതായി ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നിട്ടും മേജര്‍ കൗശികിന്‍െറ പേര് ഒരിക്കലും പ്രതിപ്പട്ടികയില്‍ വന്നില്ല. അന്വേഷണത്തിന്‍െറ ഒരു ഘട്ടത്തിലും അയാളുടെ മൊഴി എടുത്തില്ല. മുസ്ലിം യുവാക്കളുടെ കൂട്ടക്കൊല തന്‍െറ മരുമകനെ കൊന്നതിനുള്ള മാതൃകാപരമായ പകരംവീട്ടലാണെന്ന് മേജര്‍ കൗശികിന്‍െറ 75 വയസ്സുള്ള അമ്മായി രണ്ടുവര്‍ഷം മുമ്പ് വിഭൂതി നാരായണനോട് സമ്മതിക്കുകയുണ്ടായി. 42 യുവാക്കള്‍ കൊല്ലപ്പെട്ടതായി സമ്മതിക്കാന്‍ മുഖ്യമന്ത്രി വീര്‍ബഹാദൂര്‍ സിങ് ആദ്യം തയാറായിരുന്നില്ല. അതുകൊണ്ട് ഇവരുടെ മരണസര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാനും കൂട്ടാക്കിയില്ല. ഒടുവില്‍, പീപ്ള്‍സ് യൂനിയന്‍ ഫോര്‍ ഡമോക്രാറ്റിക് റൈറ്റ്സ് സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് ഡത്തെ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉത്തരവുണ്ടായത്.  ’96ല്‍ 19 പി.എ.സി ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടും ഒരാളെ അറസ്റ്റ് ചെയ്യാനോ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്താനോ ഭരണകൂടം ശുഷ്കാന്തി കാട്ടിയില്ല. എങ്ങനെ നിയമം അട്ടിമറിക്കാമെന്ന് സംസ്ഥാന-കേന്ദ്ര ഭരണകൂടം ലോകത്തിനു കാട്ടിക്കൊടുക്കുകയായിരുന്നു. കൂട്ടക്കുരുതി 28 വര്‍ഷം പിന്നിടുമ്പോള്‍  അന്ന് നീതിന്യായ വ്യവസ്ഥയെ വ്യഭിചരിച്ച ഭരണകൂടവും പാര്‍ട്ടിയും ഏറ്റവും നിന്ദ്യമായ പതനത്തില്‍ ആപതിച്ചുകിടക്കുന്നത് കാവ്യനീതിയായി വേണം കരുതാന്‍.

മദ്യമുക്ത കേരളത്തിനായി ഇതാ ഒരു കോടതിവിധി കൂടി

Posted: 01 Apr 2015 06:44 PM PDT

Image: 

കേരള സമൂഹത്തെ പടിപടിയായി മദ്യമുക്തമാക്കാനുള്ള  സര്‍ക്കാറിന്‍െറ മദ്യനയം  ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചിരിക്കുന്നു. ഭാവികേരളത്തെ ശുഭപ്രതീക്ഷയോടെ നോക്കിക്കാണുന്ന സുമനസ്സുള്ളവരെല്ലാം പൊതുവില്‍ അംഗീകരിക്കുന്ന മഹത്തായ വിധി. ഹൈകോടതി ഡിവിഷന്‍ ബെഞ്ച്, കേരളം മദ്യലഹരിയില്‍ മുങ്ങിത്താഴുന്നതില്‍ വ്യാകുലപ്പെടുന്നവരുടെ പക്ഷത്ത് നിലകൊള്ളുകയും മദ്യവിപുലീകരണത്തിന് സ്ഥിരം പറയുന്ന ന്യായങ്ങളുടെ കടക്കല്‍ കത്തിവെക്കുകയും ചെയ്തിരിക്കുന്നു. ഭരണഘടന അനുഛേദം 47 പ്രകാരം മദ്യനിരോധമടക്കമുള്ള സമീപനങ്ങള്‍ സ്വീകരിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാറിനായതിനാല്‍ സുപ്രീംകോടതി വിധി മദ്യലോബിക്ക് അനുകൂലമാകുകയില്ളെന്നാണ് നിയമവിദഗ്ധര്‍ നല്‍കുന്ന സൂചന. ഇത്  മുഖവിലക്കെടുത്താല്‍ കേരളത്തില്‍ ബാറുകള്‍ പഞ്ചനക്ഷത്രത്തില്‍ മാത്രമായി ഒതുങ്ങുകയാണ്.

മദ്യനയവുമായി ബന്ധപ്പെട്ട ഉത്തരവില്‍ ഹൈകോടതി നടത്തുന്ന പല നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്.  സമൂഹത്തിന്‍െറ നന്മ കണക്കിലെടുക്കുമ്പോള്‍ മദ്യലഭ്യത കുറക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ സ്വീകരിച്ച നയം ശരിയായ ദിശയിലുള്ളതാണെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടുന്നു. ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുകയെന്നത് ആരുടെയും മൗലികാവകാശങ്ങളുടെ ലംഘനമല്ല. കാരണം, മദ്യപാനവും വില്‍പനയും ആരുടെയും മൗലികാവകാശമല്ല. മദ്യത്തിന്‍െറ വിപത്കരമായ വ്യാപനം ന്യായീകരിക്കാന്‍ ടൂറിസത്തെ കൂട്ടുപിടിക്കരുത്. ടൂറിസം വളരാന്‍ മയക്കുമരുന്ന് അനിവാര്യമെങ്കില്‍ അത് അനുവദിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകുമോ? വരുമാനത്തോടൊപ്പം ജനക്ഷേമവും സര്‍ക്കാര്‍ പരിഗണിക്കേണ്ടതുണ്ട് തുടങ്ങിയ പരാമര്‍ശങ്ങള്‍ അവയില്‍ ചിലതാണ്. അവ അര്‍ഹിക്കുന്ന ഗൗരവത്തില്‍ സര്‍ക്കാറും പൊതുസമൂഹവും ചര്‍ച്ചചെയ്യുകയും ഏറ്റെടുക്കുകയും ചെയ്താല്‍ മാത്രമേ പത്ത് വര്‍ഷത്തിനുള്ളില്‍ മദ്യമുക്ത കേരളമെന്ന ലക്ഷ്യം അര്‍ഥപൂര്‍ണമായി സാക്ഷാത്കരിക്കാന്‍ നമുക്കാവൂ.

ദേശീയതലത്തില്‍ ഉല്‍പാദിപ്പിക്കുന്ന 30 കോടി ലിറ്റര്‍ മദ്യത്തിന്‍െറ പതിനാലു ശതമാനവും മോന്തി ഏറ്റവും വലിയ കള്ളുകുടിയന്മാരുടെ സംസ്ഥാനമെന്ന് ഒരു ദശാബ്ദത്തിലധികമായി നാം പേറുന്ന ചീത്തപ്പേര് കളയാന്‍ ഇതിലും മികച്ച സന്ദര്‍ഭമില്ല. മദ്യവര്‍ജനം കൊണ്ട് മദ്യരഹിത കേരളം സൃഷ്ടിക്കാമെന്ന് കരുതുന്നവര്‍ക്കുപോലും ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കഴിയുന്ന മികച്ച അവസരമാണ്  കോടതിവിധി നല്‍കുന്നത്. ബോധവത്കരണ സന്ദേശം കേള്‍ക്കാന്‍ ആളുകള്‍ക്ക് സാമാന്യബോധമുണ്ടാകുമല്ളോ മദ്യം അധികം കിട്ടാത്ത ഈ കാലയളവില്‍. 418 ബാറുകള്‍ അടച്ച രണ്ടു മാസങ്ങളില്‍ ഗാര്‍ഹിക പീഡനങ്ങളില്‍ 31 ശതമാനവും മദ്യം ഉപയോഗിച്ചുകൊണ്ടുള്ള സംഘര്‍ഷങ്ങളില്‍ 36 ശതമാനവും കുറവുണ്ടായി എന്നത് ഇതോട് ചേര്‍ത്തു വായിക്കേണ്ടതാണ്.

ജനഹിതത്തെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ അട്ടിമറിക്കുന്ന മുന്‍ അനുഭവങ്ങള്‍  ആവര്‍ത്തിക്കപ്പെടുന്നത്  അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകുമോ എന്നതാണ് വിധിക്കുശേഷമുയരുന്ന മൗലികമായ ചോദ്യം.  മദ്യനയത്തിലെ കാപട്യം അവസാനിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയേ മതിയാകൂ. കേരള സര്‍ക്കാര്‍ മദ്യവ്യവസായികളുടെ ഇംഗിതത്തിന് വിധേയമായിരിക്കുന്നുവെന്ന്  ഉറപ്പാകുന്ന വെളിപ്പെടുത്തലുകള്‍ നിര്‍ബാധം തുടരുകയാണ്. ധനമന്ത്രി ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നു. എക്സൈസ് മന്ത്രിയും സംശയത്തിന്‍െറ നിഴലിലാണ്. പേര് വെളിപ്പെടാത്ത രണ്ട് മന്ത്രിമാര്‍കൂടി അഴിമതി പട്ടികയിലുണ്ട്.  കേരളത്തെ മദ്യമുക്ത സംസ്ഥാനത്തിലേക്ക് നയിക്കാന്‍ സര്‍ക്കാറിന്‍െറ ആത്മാര്‍ഥത ജനങ്ങള്‍ക്ക് ബോധ്യപ്പെടണമെങ്കില്‍  മറികടക്കേണ്ട കടമ്പകള്‍ ധാരാളമുണ്ട്. ഇതിനകം ഉയര്‍ന്ന ആരോപണങ്ങളില്‍ സുതാര്യവും സമഗ്രവുമായ അന്വേഷണം പ്രഖ്യാപിക്കപ്പെടേണ്ടതുണ്ട്. അതുവരെ സംശയാസ്പദരായവരെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ തന്‍േറടം കാണിക്കുകയും വേണം. 

മദ്യവില്‍പനക്ക് ലൈസന്‍സുള്ള ക്ളബുകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ചങ്കൂറ്റം കാണിക്കണം. കേരളത്തില്‍ ഒഴുക്കാനായി ഒരുക്കി നിര്‍ത്തിയിരിക്കുന്ന വ്യാജ മദ്യവാണിഭത്തെ പൂര്‍ണമായി തടയാന്‍ നട്ടെല്ലുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കണം. അധികാരം തുലാസിലാടുന്ന സര്‍ക്കാറിന് ഇതിനുള്ള ചങ്കുറപ്പുണ്ടാകുമോ എന്നാണ് കേരള ജനത ഉറ്റുനോക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് ഇതൊരവസരമാണ് -ലഹരിയില്ലാ കേരളത്തെ സൃഷ്ടിച്ച് ജനഹിതം നിറവേറ്റാന്‍; അല്ളെങ്കില്‍ ഇതും അവസരവാദ രാഷ്ട്രീയത്തിന് ഉപയോഗിച്ച് ജനങ്ങള്‍ക്ക് നിരാശ സമ്മാനിക്കാന്‍. അതിന്‍െറ തിരിച്ചടി അറിയാന്‍ തെരഞ്ഞെടുപ്പിന് ഇനി  മാസങ്ങളേ ബാക്കിയുള്ളൂവെന്ന്  ഭരണാധികാരികളും പാര്‍ട്ടി നേതാക്കളും ഓര്‍ക്കുന്നത് നന്ന്.

രാജ്യസഭാ സീറ്റ്: തീരുമാനമെടുക്കാനാവാതെ ലീഗ് വിയര്‍ക്കുന്നു

Posted: 01 Apr 2015 06:30 PM PDT

Image: 
Subtitle: 
നാളെ നടക്കുന്ന പ്രവര്‍ത്തക സമിതിയില്‍ വിഭാഗീയത പ്രകടമാവും, സമ്മര്‍ദങ്ങളുമായി നേതാക്കള്‍ ചേരിതിരിഞ്ഞ് പാണക്കാട്ട്

കോഴിക്കോട്: നേതാക്കള്‍ക്കിടയിലെ കടുത്ത വിഭാഗീയതയും ഉള്‍പ്പോരും കാരണം രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാവാതെ മുസ്ലിംലീഗ് വിയര്‍ക്കുന്നു. അഞ്ചു വര്‍ഷത്തെ ഇടവേളക്കുശേഷം യു.ഡി.എഫില്‍ ലീഗിന് ലഭിച്ച സീറ്റിലേക്ക് സ്ഥാനാര്‍ഥി തീരുമാനം സംഘടനയില്‍ കീറാമുട്ടിയായിരിക്കുകയാണ്. കേരളത്തില്‍നിന്ന് ഒഴിവുവന്ന മൂന്നു രാജ്യസഭാ സീറ്റിലേക്ക് ഈ മാസം 20 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും കോണ്‍ഗ്രസും ആഴ്ചകള്‍ക്കുമുമ്പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എന്നാല്‍, സംഘടനാ ബലത്തില്‍ അഭിമാനം കൊള്ളുന്ന മുസ്ലിംലീഗില്‍ ഇതുവരെയും സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ കഴിഞ്ഞിട്ടില്ല.

പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, സംസ്ഥാന സെക്രട്ടറി പി.വി.എ. വഹാബ് എന്നിവരില്‍ ആരെ സ്ഥാനാര്‍ഥിയാക്കണമെന്നതാണ് ലീഗ് നേതൃത്വത്തെ കുഴക്കുന്നത്.  മജീദിനുവേണ്ടി പാര്‍ട്ടി നിയമസഭാ കക്ഷി ലീഡറും  അഖിലേന്ത്യാ ട്രഷററുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും വഹാബിനുവേണ്ടി അഖിലേന്ത്യാ പ്രസിഡന്‍റ് ഇ. അഹമ്മദുമാണ് ചരടുവലികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കുറച്ചു ദിവസങ്ങളായി ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി തങ്ങളുടെ വീട്ടില്‍ രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് നിരന്തരം കൂടിയാലോചനകളും ചര്‍ച്ചകളും നടന്നുവരുകയാണ്. ഇരു വിഭാഗവും കടുത്ത വാശിയിലായതിനാല്‍ സമവായത്തിനുള്ള സാധ്യത തെളിഞ്ഞിട്ടില്ല.

ലീഗിന്‍െറ പോഷക സംഘടനാ നേതാക്കള്‍, നിയമസഭാ കക്ഷി ഭാരവാഹികള്‍, ഉന്നതാധികാര സമിതി അംഗങ്ങള്‍, വിവിധ ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവരൊക്കെയും തങ്ങളുടെ അഭിപ്രായം ഹൈദരലി തങ്ങളെ അറിയിച്ചുവരുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ കെ.എം.സി.സി നേതാക്കള്‍ നേരിട്ടും ടെലഫോണ്‍ വഴിയും പാര്‍ട്ടി അധ്യക്ഷനുമായി ബന്ധപ്പെടുന്നുണ്ട്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റും ജനറല്‍ സെക്രട്ടറിയും എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളും കഴിഞ്ഞ ദിവസം പാണക്കാട്ട് എത്തി തങ്ങളുടെ അഭിപ്രായം അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് കോഴിക്കോട്ട് ലീഗ് ഹൗസില്‍ പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനു മുമ്പായി  രാജ്യസഭാ സ്ഥാനാര്‍ഥി കാര്യത്തില്‍ ധാരണയിലത്തൊനും യോഗത്തില്‍ പ്രഖ്യാപനം നടത്താനുമാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, മുതിര്‍ന്ന നേതാക്കളുടെ കടുംപിടിത്തം കാരണം കാര്യങ്ങള്‍ എളുപ്പമല്ളെന്നാണ് അറിയുന്നത്. ഇരു വിഭാഗവും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തങ്ങളുടെ വാദത്തിലുറച്ചുനില്‍ക്കുന്നത്. ഇതുകാരണം ലീഗ് അഞ്ചംഗ ഉന്നതാധികാര സമിതി പലതവണ യോഗം ചേര്‍ന്നെങ്കിലും  തീരുമാനമെടുക്കാനാവാതെ പിരിയുകയായിരുന്നു.

‘ആദ്യേം പൂത്യേ’മിന് ദേശീയ പുരസ്കാരം

Posted: 01 Apr 2015 06:24 PM PDT

Image: 

കോഴിക്കോട്: ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ‘ആദ്യേം പൂത്യേം’ സിനിമക്ക് ദേശീയ അവാര്‍ഡ്. എന്‍.സി.ഇ.ആര്‍.ടി.യും സി.ഐ.ഇ.ടിയും ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച 20ാമത് ഓള്‍ ഇന്ത്യ ചില്‍ഡ്രന്‍സ് എജുക്കേഷനല്‍ ഓഡിയോ വിഡിയോ ഫെസ്റ്റിവലില്‍ മികച്ച ചിത്രം, മികച്ച രചന എന്നിവക്കാണ് പുരസ്കാരം. 40,000 രൂപ വീതമാണ് അവാര്‍ഡ് തുക.

കുട്ടികള്‍ രക്ഷിതാക്കളില്‍നിന്നും നാട്ടുകാരില്‍നിന്നും സ്വരൂപിച്ച ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂളിലെ ചലച്ചിത്ര ക്ളബായ തിരയുടെ നേതൃത്വത്തില്‍ 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം നിര്‍മിച്ചത്. കൂട്ടുകെട്ടുകള്‍ക്കും ചങ്ങാത്തങ്ങള്‍ക്കും ആണ്‍-പെണ്‍ വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്ന സാമൂഹിക ചുറ്റുപാടുകളെ വിചാരണ ചെയ്യുന്നതാണ് ‘ആദ്യേം പൂത്യേം’. കെ. രഞ്ജിത്തിന്‍െറതാണ് രചന. മനീഷ് യാത്രയാണ് സംവിധായകന്‍.

റോഷന്‍, കൃഷ്ണേന്ദു, അശ്വന്ത്, അമല്‍രാജ്, അജയ്കുമാര്‍, മഞ്ജുനാഥ്, ദേവനാഥ്, ഹാഫിസ്, അഭിനവ്, അക്ഷയ്, ഷാരൂണ്‍ എന്നീ ഫിലിം ക്ളബ് മെംബര്‍മാരായ കുട്ടികള്‍ക്കൊപ്പം ജയകൃഷ്ണന്‍, സത്യന്‍ മുദ്ര, മുഹമ്മദ് എരവട്ടൂര്‍, ബാലചന്ദ്രന്‍ ന്യൂമന്‍സ്, രതീഷ് മലയില്‍, ഉഷ, ചന്ദ്രബാബു, സതി എന്നിവരും വേഷമിട്ടു.

മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍^ കാമറ: പ്രമോദ്ബാബു, എഡിറ്റിങ്: ആര്‍.പി. പ്രത്യൂഷ്, സംഗീതം: രാഗേഷ്റാം, ശബ്ദലേഖനം: ഹരീഷ് കൊയിലാണ്ടി, ശബ്ദമിശ്രണം: ലിജിത്ത് അഡാര്‍സ്, കലാസംവിധാനം: സദാനന്ദന്‍ സര്‍ഗ.
 

മുഹമ്മദാലി പറയുന്നു; ഇക്കൊല്ലം വിഷുവിന് വിഷമില്ലാ കണി

Posted: 01 Apr 2015 05:47 PM PDT

Image: 

കോഴിക്കോട്: ഈ മേടപ്പുലരിയില്‍ കണികാണാന്‍ വിഷം തൊട്ടില്ളെന്ന് ഉറപ്പുള്ള വെള്ളരി. കൊല്ലംതോറും ജില്ലയില്‍ ഏറ്റവുമധികം കണിവെള്ളരി കൃഷിചെയ്യുന്ന കുറ്റിക്കാട്ടൂരിനടുത്ത് പൈങ്ങോട്ടുപുറം വെള്ളക്കാട്ടില്‍ മുഹമ്മദാലിയുടെ നേതൃത്വത്തിലാണ് പെരുവഴിക്കടവ് പാടത്തും തൊട്ടടുത്ത പ്രദേശങ്ങളിലുമായി ആറേക്കറോളം സ്ഥലത്ത് രാസകീടനാശിനി തൊടാത്ത കൃഷിയിറക്കിയത്. ഏപ്രില്‍ ഒന്നാം തീയതിയായ ബുധനാഴ്ചതന്നെ മുഹമ്മദാലി കണിവെള്ളരി വിളവെടുപ്പും തുടങ്ങി. രണ്ടാഴ്ചകൊണ്ട് തോട്ടത്തില്‍ പറിച്ചുകൂട്ടുന്ന വെള്ളരി വാങ്ങാന്‍ കോഴിക്കോട്ടും വടകരയിലും തൃശൂരും നിന്നൊക്കെ ലോറികളത്തെും. ആഴ്ചകളോളം കേടുകൂടാതിരിക്കും എന്നതാണ് ഈ വെള്ളരിയുടെ പ്രത്യേകത.

പതിവായി കുറ്റിക്കാട്ടൂരില്‍ കൃഷിയിറക്കിയിരുന്ന മുഹമ്മദാലി ഇത്തവണ പെരുവഴിക്കടവ് തെരഞ്ഞെടുക്കുകയായിരുന്നു. കുന്ദമംഗലം കൃഷി ഓഫിസര്‍ എ.കെ. സിദ്ധാര്‍ഥന്‍െറ മാര്‍ഗനിര്‍ദേശത്തിലുള്ള പൈങ്ങോട്ടുപുറം പച്ചക്കറി ക്ളസ്റ്ററിലാണ് വിഷമില്ലാ കൃഷി. ക്ളസ്റ്റര്‍ കണ്‍വീനറായ മുഹമ്മദാലി ഒരേക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയിരിക്കുന്നത്. വിവിധ ഭാഗങ്ങളിലായി മറ്റു കൃഷിക്കാരും കണിവെള്ളരി നട്ടിട്ടുണ്ട്. പെട്ടെന്ന് പൂര്‍ണ ജൈവരീതിയിലേക്ക് മാറുമ്പോള്‍ വിളവെടുപ്പിലെ കുറവുകാരണം നഷ്ടം തട്ടാതിരിക്കാന്‍ ചെറിയ തോതില്‍ രാസവളം നല്‍കുന്നുവെങ്കിലും ഇലകള്‍ വഴി ചെടികളില്‍ നേരിട്ട് പ്രയോഗിക്കുന്നുവെന്നത് പ്രത്യേകതയാണ്.

രാസവസ്തുക്കള്‍ മണ്ണില്‍ കലരുന്നതും ജലാശയങ്ങളില്‍ ഒലിച്ചിറങ്ങുന്നതും തടയാമെന്നതാണ് മെച്ചം. എക്കാലക്സ്, മാലത്തിയോണ്‍ തുടങ്ങിയ രാസ കീടനാശിനിക്ക് പകരം സ്യൂഡോമോണസ്, ട്രൈക്കോഡര്‍മ തുടങ്ങി മിത്ര കുമിളകളും ജൈവകീടനാശിനികളുമാണ് പ്രയോഗിക്കുന്നത്. രാസവസ്തുക്കള്‍ ഇല്ലാത്തതുകൊണ്ട് ഒരു പ്രശ്നവുമില്ളെന്നതിന് വിളവെടുപ്പുതന്നെ തെളിവ്.

കഴിഞ്ഞ കൊല്ലം കിട്ടിയ എട്ട് ടണ്ണിനേക്കാളധികം ഇത്തവണയുണ്ടാകുമെന്നാണ് മുഹമ്മദാലിയുടെ പ്രതീക്ഷ. മുന്‍ വര്‍ഷം ശേഖരിച്ച വിത്ത്  ഫെബ്രുവരിയില്‍  4500ഓളം തടങ്ങളെടുത്ത് പാകിയുണ്ടാക്കിയ പാടം ഇലപോഷണം വഴി വളപ്രയോഗവും ജൈവ കീട-രോഗ നിയന്ത്രണവും നടത്തിയ പ്രദര്‍ശന തോട്ടമായി പ്രഖ്യാപിച്ചിരിക്കുകയാണ് കൃഷിവകുപ്പിപ്പോള്‍. കണിവെള്ളരികഴിഞ്ഞാല്‍ ഇതേ രിതിയില്‍ 25 ഏക്കറിലേറെ കൃഷിയിറക്കിയ മറ്റു പച്ചക്കറികള്‍, വാഴ, കപ്പ തുടങ്ങിയവയുടെ വിളവെടുപ്പും കുന്ദമംഗലം കൃഷിഭവനു കീഴില്‍ തുടങ്ങും.

ക്വാറി മാഫിയയെ തുരത്താന്‍ ‘കുട്ടിപ്പട്ടാളം’

Posted: 01 Apr 2015 05:44 PM PDT

Image: 

പത്തനംതിട്ട: കരിങ്കല്‍ ക്വാറി മാഫിയയെ  തുരത്തിയോടിക്കാന്‍ ‘ കുട്ടിപ്പട്ടാളം ’ രംഗത്ത്.  പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഫാന്‍റം പൈലിയെ വെല്ലുന്ന താരങ്ങളായി കുട്ടികള്‍ മാറിയത്. വി. കോട്ടയം വില്ളേജിലെ തുടുതുള്ളിപ്പാറയുടെ നെഞ്ചുകീറാന്‍ കച്ചകെട്ടിയവര്‍ ഇരമ്പിപ്പായിക്കുന്ന ടിപ്പറുകള്‍ക്ക് മുന്നില്‍ കുരുന്നുകള്‍ ഭയപ്പാടില്ലാതെ നിലയുറപ്പിച്ചുകഴിഞ്ഞു.

വര്‍ഷങ്ങളായി നടക്കുന്ന പാറഖനനം പരിസ്ഥിതി-ആരോഗ്യ-ഗതാഗത പ്രശ്നങ്ങളും ഏറെ സൃഷ്ടിച്ചു. 40 ഏക്കറോളം വരുന്ന ഇവിടെ ഈ അളവില്‍ ഖനനം തുടര്‍ന്നാല്‍ വര്‍ഷങ്ങള്‍ക്കകം മനോഹരമായ പാറക്കൂട്ടം അപ്രത്യക്ഷമാകും. ക്രഷര്‍ യൂനിറ്റിലേക്കുള്ള ടിപ്പറുകളുടെ മരണപ്പാച്ചിലില്‍ പ്രദേശത്തെ റോഡുകള്‍ തകര്‍ന്നു.

പൊടിശല്യം അസഹ്യമായി. വീടുകള്‍ക്ക് വിള്ളല്‍ വീണു. എല്ലാവിധത്തിലും സൈ്വരം നഷ്ടപ്പെട്ടതോടെയാണ് കുരുന്നുകള്‍ തെരുവിലിറങ്ങിയത്. ടിപ്പറുകള്‍ക്ക് മുന്നില്‍ നിന്ന് അവര്‍ ആ ഗാനം പാടി ‘ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ.?’ കുട്ടികള്‍ ഒരുമിച്ച് പാടിയപ്പോള്‍ അതിലെ സന്ദേശം വ്യക്തമായിരുന്നു ‘കുട്ടിപ്പട്ടാള’ത്തിന് പിന്തുണയുമായി നൂറുകണക്കിന് പേര്‍ ചേര്‍ന്നപ്പോള്‍ ആദ്യ ദിവസത്തെ ഉപരോധം ആവേശം നിറഞ്ഞതായി.

അതേസമയം, രാവിലെ ഉപരോധ സമരത്തിനിടെ ക്വാറിയില്‍നിന്നുള്ള ലോറികള്‍ ഇതുവഴി എത്തിയതോടെ ഡ്രൈവര്‍മാരും ഗ്രാമരക്ഷാസമിതി പ്രവര്‍ത്തകരും തമ്മില്‍ നേരിയതോതില്‍ വാക്കുതര്‍ക്കമുണ്ടായി. വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഒരു വര്‍ഷമായി വി. കോട്ടയം ഗ്രാമത്തിലെ ആളുകള്‍ ഗ്രാമരക്ഷാസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന്‍െറ തുടര്‍ച്ചയാണ് കുട്ടികളുടെ നേതൃത്വത്തില്‍ ബുധനാഴ്ച ആരംഭിച്ച ഉപരോധം. പാറമടക്ക് പ്രമാടം ഗ്രാമപഞ്ചായത്ത് നല്‍കിയ ഖനനാനുമതി മാര്‍ച്ച് 31ന് അവസാനിച്ചു. എന്നാല്‍,  ഉടമ കോടതിയില്‍നിന്ന് സ്റ്റേ ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചല്‍ പഞ്ചായത്ത് മൂക്കുന്നി മലയിലെ അനധികൃത പാറമടകള്‍ക്കെതിരെ സമരം നയിച്ച് വിജയം നേടിയ വീട്ടമ്മയായ വി.വി. വിജിതയാണ് ഉപരോധം ഉദ്ഘാടനം ചെയ്തത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP