സ്വാഗതം
WELCOME

News Update..

Sunday, April 5, 2015

പാര്‍ട്ടി തീരുമാനം മാനിക്കുന്നു; വഹാബിന് മുനവ്വറലി തങ്ങളുടെ ആശംസ Madhyamam News Feeds

പാര്‍ട്ടി തീരുമാനം മാനിക്കുന്നു; വഹാബിന് മുനവ്വറലി തങ്ങളുടെ ആശംസ Madhyamam News Feeds

Link to

പാര്‍ട്ടി തീരുമാനം മാനിക്കുന്നു; വഹാബിന് മുനവ്വറലി തങ്ങളുടെ ആശംസ

Posted: 05 Apr 2015 01:00 AM PDT

Image: 

കോഴിക്കോട്: പാര്‍ട്ടിയുടെ ഒറ്റക്കെട്ടായ തീരുമാനത്തെ മാനിക്കുന്നുവെന്നും രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട പി.വി അബ്ദുല്‍ വഹാബിന് ആശംസകള്‍ അര്‍പിക്കുന്നുവെന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. തന്‍റെ ഫേസ്ബുക്ക് പേജില്‍ ആണ് മുനവ്വറലി ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിരവധി വിഷയങ്ങളില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ അറിയാന്‍ സോഷ്യല്‍ മീഡിയ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. വളരെ സജീവമായി ഇതില്‍ പങ്കാളിത്തം വഹിക്കാറുള്ള ഞാന്‍ പല നിരീക്ഷണങ്ങളും വിശകലനങ്ങളും പങ്കുവെക്കാനുള്ള പ്ളാറ്റ്ഫോം ആയി ഇതിനെ  കാണുന്നു -എന്ന് തുടങ്ങുന്ന പോസ്റ്റില്‍ പാര്‍ലമെന്‍റ് സീറ്റിനെ കുറിച്ച് താന്‍ നേരത്തെ നടത്തിയ അഭിപ്രായ പ്രകടനത്തെ കുറിച്ചും പറയുന്നു.
‘ഒരു വ്യക്തിയെയും ലക്ഷ്യമിട്ട് എഴുതിയതായിരുന്നില്ല അത്. സ്വാഭാവികമായും സമ്മിശ്ര പ്രതികരണങ്ങള്‍ വന്നു. അത്തരത്തില്‍ ഒരു വ്യക്തി നടത്തുന്ന അഭിപ്രായ പ്രകടനം പാര്‍ട്ടി എടുക്കുന്ന കൂട്ടായ തീരുമാനത്തിന്‍റെ പ്രസക്തിയെ ഒട്ടും ബാധിക്കുന്നില്ല. ഞാന്‍ ഇട്ട പോസ്റ്റിന്‍റെ എല്ലാ ഉത്തരവാദിത്തവും എനിക്കു മാത്രമാണ്.’
പാരമ്പര്യത്തില്‍ നിന്നുള്ള വ്യതിയാനത്തെ കുറിച്ചും അത്തരം തെറ്റായ നീക്കങ്ങളെ കുറിച്ചും ഏറെ ബോധവാനാണ്. തെറ്റുകള്‍ അംഗീകരിക്കുകയും തുറന്ന് സമ്മതിക്കുകയും ചെയ്യുന്നിടത്താണ് വിജയം. ഏതൊരു കാര്യവും വിജയിക്കണമെങ്കില്‍ തുറന്ന മനസ്സും കാലത്തിനനുസരിച്ച് മാറ്റം ഉള്‍ക്കൊള്ളാനുള്ള സാഹചര്യവും വേണം. ബഹുമാനപ്പെട്ട അമ്മാവന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച പാര്‍ട്ടിയുടെ തീരുമാനത്തെ താന്‍ മാനിക്കുന്നു. പുതിയ ദൗത്യത്തില്‍ വഹാബിന് എല്ലാ വിധ ആശംസകളും നേരുന്നു- മുനവ്വറലി വ്യക്തമാക്കി.

നേരത്തെ രാജ്യ സഭാ സീറ്റ് വഹാബിന് നല്‍കുന്നതിനെതിരെ മുനവ്വറലി തന്‍റെ ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റ് വിവാദമാവുകയും അത് അദ്ദേഹം പിന്‍വലിക്കുകയും ചെയ്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പ്രതികരിക്കുകയും ചെയ്തു.

മുസ്ലിംലീഗ് ഉന്നതാധികാര സമിതിയോഗം ചേര്‍ന്ന് രാജ്യസഭാ സ്ഥാനാര്‍ഥിയായി അബ്ദുല്‍ വഹാബിനെ തെരഞ്ഞെടുത്തു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി തീരുമാനത്തിനനുകൂലമായി  മുനവ്വറലി പോസ്റ്റ് ഇട്ടത്.
 

ലോറി സമരം: വിപണികളില്‍ സപൈ്ള വിഭാഗം പരിശോധന നടത്തി

Posted: 05 Apr 2015 12:23 AM PDT

കൊല്ലം: സംസ്ഥാനത്ത് ലോറി സമരം തുടരുന്ന സാഹചര്യത്തില്‍ വിപണിയിലെ സ്റ്റോക് ലഭ്യതയും വിലനിലവാരവും പരിശോധിക്കുന്നതിന് ജില്ലാ സപൈ്ള വിഭാഗം വിപണികളില്‍ പരിശോധന നടത്തി. താലൂക്ക് സപൈ്ള ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായിട്ടായിരുന്നു പരിശോധന. ലോറി സമരം ജില്ലയില്‍ കാര്യമായി ബാധിച്ചിട്ടില്ലാത്തതിനാല്‍ എല്ലാ കമ്പോളങ്ങളിലും മതിയായ സ്റ്റോക്കുണ്ടായിരുന്നതായി ജില്ലാ സപൈ്ള ഓഫിസര്‍ പറഞ്ഞു.
ആര്യങ്കാവ് ചെക്പോസ്റ്റില്‍ സമരം ബാധിച്ചിട്ടില്ലാത്തതില്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എല്ലാ സാധനങ്ങളും മാര്‍ക്കറ്റില്‍ സുലഭമാണെന്നും വിലയില്‍ മാറ്റമൊന്നും വന്നിട്ടില്ളെന്നും കൊല്ലത്ത് പരിശോധനക്ക് നേതൃത്വം നല്‍കിയ താലൂക്ക് സപൈ്ള ഓഫിസര്‍ വൈ. ആസാദ് പറഞ്ഞു. അരിയും മറ്റ് നിത്യോപയോഗ സാധനങ്ങളും ഒരു മാസത്തേക്കുള്ള സ്റ്റോക് മൊത്ത വ്യാപാരികളുടെ പക്കലുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
ഏറിയകൂറും അരി വരുന്നത് വാഗണിലായതിനാല്‍ അരി ലഭ്യതയെ സമരം ബാധിക്കില്ല. അരിക്ക് ഏറ്റവും കുറഞ്ഞ ഇനത്തിന് 26 രൂപയും കൂടിയ ബ്രാന്‍ഡിന് 33 രൂപയുമാണ് ഹോള്‍സെയില്‍ വില. ജയഅരിയുടെ പുതിയ സീസണ്‍ രണ്ടാഴ്ചക്കുള്ളില്‍ ആരംഭിക്കുന്നതോടെ ഇനിയും വില കുറയുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.
കൊല്ലം കമ്പോളത്തിലേക്ക് വെള്ളി, ശനി ദിവസങ്ങളില്‍ പച്ചക്കറികള്‍ പതിവുപോലെ എത്തിയിട്ടുണ്ട്. പച്ചക്കറിയുടെ വില ഏതാനും ആഴ്ചയായി താഴ്ന്നു നില്‍ക്കുന്നത് തുടരുകയാണ്. ഏതെങ്കിലും ഇനത്തിന് വില വര്‍ധന വന്നാല്‍ അതിന്‍െറ വര്‍ധിച്ച വിലയ്ക്കുള്ള പര്‍ച്ചേസ് ബില്ല് വ്യാപാരികള്‍ സൂക്ഷിക്കേണ്ടതാണെന്ന് സപൈ്ള വിഭാഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശനിയാഴ്ചക്ക് പുറമെ അവധി ദിവസമായ വെള്ളിയാഴ്ചയും സപൈ്ള ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ വിപണികളില്‍ പരിശോധന നടന്നിരുന്നു.

സ്ഥലമുടമകളെ കബളിപ്പിച്ച് നഗരസഭ രേഖകള്‍ കൈക്കലാക്കിയെന്ന് ആക്ഷേപം

Posted: 05 Apr 2015 12:03 AM PDT

ഗുരുവായൂര്‍: നഗരസഭയുടെ ചൂല്‍പുറം ട്രഞ്ചിങ് ഗ്രൗണ്ടിന്‍െറ വിസ്തൃതി വര്‍ധിപ്പിക്കാന്‍ സ്ഥലമുടമകളെ കബളിപ്പിച്ച് നഗരസഭ രേഖകള്‍ കൈവശപ്പെടുത്തിയെന്ന് ആരോപണം.
ട്രഞ്ചിങ് ഗ്രൗണ്ടിന്‍െറ ചുറ്റുമുള്ള സ്ഥലത്ത് ക്രയവിക്രയത്തിനുള്ള വിലക്ക് നീക്കാന്‍ നഗരസഭ ഉദ്യോഗസ്ഥരെന്ന പേരില്‍ രണ്ടുപേര്‍ വീടുകളിലത്തെിയാണ് സമീപപ്രദേശത്തെ സ്ഥലം സംബന്ധിച്ച രേഖകള്‍ കൈവശപ്പെടുത്തിയത്. പിന്നീട് നഗരസഭ ബജറ്റില്‍ ട്രഞ്ചിങ് ഗ്രൗണ്ട് വിപുലീകരണത്തിന് സ്ഥലം ഏറ്റെടുക്കാന്‍ പണം വകയിരുത്തിയത് കണ്ടപ്പോഴാണ് തങ്ങള്‍ കബളിക്കപ്പെട്ടതായി മനസ്സിലായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ട്രഞ്ചിങ് ഗ്രൗണ്ടിനോട് ചേര്‍ന്ന 3.5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനാണ് പണം വകയിരുത്തിയിട്ടുള്ളത്. നേരത്തെ ആറേക്കര്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞിരുന്നു. ട്രഞ്ചിങ് ഗ്രൗണ്ട് വിസ്തൃതമാക്കുന്നതോടെ പ്രദേശത്തെ ദുരിതം ഇരട്ടിക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.
1995ല്‍ ഗുരുവായൂര്‍ നഗരസഭയായതു മുതല്‍ ചൂല്‍പുറത്ത് ഖരമാലിന്യ സംസ്കരണത്തിന് പ്ളാന്‍റ് സ്ഥാപിക്കുമെന്ന് പറഞ്ഞു കേള്‍ക്കുന്നുണ്ട്. 1998ല്‍ ഒരു പ്ളാന്‍റ് സ്ഥാപിച്ചെങ്കിലും അത് അധികകാലം പ്രവര്‍ത്തിച്ചില്ല. പിന്നീട് 2010ല്‍ അന്നത്തെ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി പ്ളാന്‍റിന്‍െറ നിര്‍മാണോദ്ഘാടനം വരെ നടത്തി.
അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും പ്ളാന്‍റിന്‍െറ കാര്യത്തില്‍ ഒരിഞ്ചുപോലും മുന്നോട്ട് പോകാന്‍ നഗരസഭക്ക് കഴിഞ്ഞിട്ടില്ല. മഴക്കാലത്ത് ട്രഞ്ചിങ് ഗ്രൗണ്ടില്‍നിന്ന് ഒലിച്ചിറിങ്ങുന്ന ദുര്‍ഗന്ധം വമിക്കുന്ന ജലവും വേനല്‍ക്കാലത്ത് മാലിന്യത്തിന് തീപിടിച്ചുണ്ടാകുന്ന പുകയും പരിസരവാസികളുടെ ജീവിതം ദുരിതത്തിലാക്കുന്നുണ്ട്. നഗരസഭയുടെ വാതക ശ്മശാനവും ഇവിടത്തെന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്‍െറ യന്ത്രത്തകരാറുകള്‍ മൂലം പലപ്പോഴും സംസ്കാര സമയത്ത് കടുത്ത ദുര്‍ഗന്ധം ഉണ്ട്. ഈ നരകയാതനകള്‍ക്കിടെയാണ് ട്രഞ്ചിങ് ഗ്രൗണ്ടിന് വിസ്തൃതി വര്‍ധിപ്പിക്കാന്‍ നഗരസഭ ദുരൂഹ നീക്കം നടത്തുന്നത്.
ആറ് മാസത്തിനകം സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കണമെന്ന് കോടതി ഉത്തരവുണ്ടായെങ്കിലും അതിനെ മറികടക്കാന്‍ നിയമത്തിന്‍െറ പഴുതുകള്‍ തേടുകയാണ് നഗരസഭ. വിസ്തൃതി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പതിനഞ്ചോളം ഭൂവുടമകളില്‍നിന്ന് രേഖകളുടെ പകര്‍പ്പ് വാങ്ങി. ട്രഞ്ചിങ് ഗ്രൗണ്ടിന്‍െറ വിസ്തൃതി ഇനിയും കൂട്ടിയാല്‍ ദുരിതം വ്യാപിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
നഗരമാലിന്യങ്ങള്‍ മുഴുവന്‍ ഏറ്റെടുക്കാന്‍ വിധിക്കപ്പെട്ട ചൂല്‍പുറം പ്രദേശത്തെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിയിടുകയാണ് നഗരസഭ ചെയ്യുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

ഡിസ്പെന്‍സറികളുടെ പ്രവര്‍ത്തനം അവതാളത്തില്‍; ഇടപെടാതെ എന്‍.ആര്‍.എച്ച്.എം

Posted: 04 Apr 2015 11:46 PM PDT

മഞ്ചേരി: ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി പ്രകാരം ജില്ലയില്‍ അനുവദിച്ച ആയുര്‍വേദം, യൂനാനി, ഹോമിയോ ഡിസ്പെന്‍സറികളുടെ പ്രവര്‍ത്തനം അവതാളത്തില്‍.
ഡിസ്പെന്‍സറികള്‍ തോന്നിയസമയത്ത് തുറക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. ഉയര്‍ന്ന ശമ്പളം നല്‍കിയാണ് എന്‍.ആര്‍.എച്ച്.എം ഡിസ്പെന്‍സറികളില്‍ ഡോക്ടര്‍മാരെ നിയമിച്ചത്. തദ്ദേശ സ്ഥാപനങ്ങള്‍ക്കാണിതിന്‍െറ ചുമതല. മരുന്നിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കും പണം അനുവദിക്കുന്നതും അറ്റന്‍ഡറെ നിയമിക്കുന്നതും തദ്ദേശ സ്ഥാപനങ്ങളാണ്. മഞ്ചേരി, തിരുവാലി, മാറാക്കര, വളവന്നൂര്‍, ചെറിയമുണ്ടം, വാഴക്കാട് എന്നിവിടങ്ങളിലാണ് ജില്ലയില്‍ യൂനാനി ഡിസ്പെന്‍സറികളുള്ളത്.
ആയുര്‍വേദം, യൂനാനി, സിദ്ധ, ഹോമിയോ എന്നിവ ആയുഷ് എന്ന പേരില്‍ ജില്ലാ ആയുര്‍വേദ ഓഫിസറുടെ നിയന്ത്രണത്തിലാണ്. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരുമണിവരെയും ഉച്ചക്ക് രണ്ടുമുതല്‍ മൂന്നുവരെയുമാണ് ഡിസ്പെന്‍സറികളുടെ പ്രവര്‍ത്തന സമയം. മഞ്ചേരിയില്‍ പഴയ ബസ് സ്റ്റാന്‍ഡിന് മുകളിലുള്ള ഡിസ്പെന്‍സറിയില്‍ ആഴ്ചയില്‍ മൂന്നുദിവസമേ മെഡിക്കല്‍ ഓഫിസര്‍ എത്താറുള്ളൂവെന്ന് രോഗികള്‍ പരാതിപ്പെടുന്നു.
തിരുവാലി ഡിസ്പെന്‍സറിയുടെ കൂടി ചുമതല നല്‍കിയിട്ടുണ്ടെന്നാണ് ഇതിന് കാരണമായി പറയുന്നത്.
എന്നാല്‍, തിരുവാലിയില്‍ പുതിയ ഡോക്ടറെ നിയമിച്ചിട്ട് ആഴ്ചകളായി. ചുമതലയുള്ള ഡോക്ടറോട് രോഗികള്‍ വിളിച്ച് അന്വേഷിച്ചാല്‍ കേന്ദ്രം തുറക്കാന്‍ അറ്റന്‍ഡറെ ഏല്‍പ്പിച്ചിട്ടുണ്ടെന്നാണ് മറുപടി. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം മൂന്നുവരെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ജില്ലാ എന്‍.ആര്‍.എച്ച്.എം പ്രോജക്ട് മാനേജറാണെന്നും ഇടക്ക് പരിശോധന നടത്താന്‍ അദ്ദേഹം തയാറാവണമെന്നും ശനിയാഴ്ച മഞ്ചേരി യൂനാനി ഡിസ്പെന്‍സറിയില്‍ എത്തിയവര്‍ പറഞ്ഞു.
മഞ്ചേരിയില്‍ ഡോക്ടര്‍ എല്ലാദിവസവും ഒ.പി നടത്താത്ത കാര്യം എന്‍.ആര്‍.എച്ച്.എം ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ. പ്രദീപിന്‍െറ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ആയുഷ് ജില്ലാ ഓഫിസര്‍ക്കുമാണ് ഇതിന്‍െറ ചുമതലയെന്നാണ് പ്രതികരിച്ചത്. ജില്ലാ ആയുഷ് ഓഫിസറുടെ ചുമതലയുള്ള ഡോ. പാര്‍വതിയോട് പറഞ്ഞപ്പോള്‍ എന്‍.ആര്‍.എച്ച്.എം ജില്ലാ പ്രോജക്ട് ഓഫിസര്‍ക്കാണെന്നും പറഞ്ഞു.
എന്‍.ആര്‍.എച്ച്.എം പദ്ധതിയില്‍ പണം ചെലവഴിക്കുന്ന എല്ലാ പദ്ധതികളുടെയും മേല്‍നോട്ടം ജില്ലാ പ്രോജക്ട് മാനേജര്‍ക്കുണ്ടെന്ന് ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാറിന്‍െറ ഓഫിസില്‍ നിന്ന് അറിയിച്ചു.
ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകളില്‍ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷരോട് അന്വേഷിച്ചപ്പോള്‍ വൈകുന്നേരം മൂന്നുവരെ കേന്ദ്രം പ്രവര്‍ത്തിക്കണമെന്ന വിവരം ഒരാള്‍ക്കുപോലും ഇല്ല.

യമന്‍: കൂടുതല്‍ ഇന്ത്യക്കാര്‍ നാട്ടിലേക്ക്

Posted: 04 Apr 2015 11:43 PM PDT

Image: 

ന്യൂഡല്‍ഹി: യമനില്‍ അല്‍ഖാഇദക്ക് സ്വാധീനമുള്ള മുക്കല്ലയില്‍ നിന്ന് 176 ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ തുടങ്ങി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പെട്രോ മോഫിയ എന്ന എണ്ണക്കമ്പനിയുടെ നേതൃത്വത്തിലാണ് 130 മലയാളികളടക്കമുള്ളവരെ ഒഴിപ്പിക്കുന്നത്. ഇവരില്‍ എട്ട് കുട്ടികളും 28 സ്ത്രീകളും ഉള്‍പ്പെടുന്നു. പ്രദേശത്ത തുറമുഖങ്ങള്‍ അല്‍ഖാഇദ നിയന്ത്രണത്തിലായതിനാല്‍ എണ്ണ കമ്പനിയുടെ തുറമുഖം വഴിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. എട്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന കമ്പനിയുടെ സ്പീഡ് ബോട്ടിലാണ് അരമണിക്കൂര്‍ യാത്ര ചെയ്ത് പുറംകടലിലെ കപ്പലിലേക്ക് പൗരന്മാരെ എത്തിക്കുന്നത്.

അതേസമയം, പോരാട്ടം രൂക്ഷമായ സാഹചര്യത്തില്‍ ഏദന്‍ തുറമുഖത്ത് അടുക്കാന്‍ സാധിക്കാത്ത ഐ.എന്‍.എസ് മുംബൈ ആറു കിലോമീറ്റര്‍ അകലെ പുറംകടലില്‍ നങ്കൂരമിട്ടിരിക്കുകയാണ്. 40 പേര്‍ക്ക് കയറാവുന്ന ചെറിയ വിമാനത്തിലാണ് ഏദനില്‍ നിന്നു 441 ഇന്ത്യക്കാരെ കപ്പലിലെത്തിക്കുക. ഇവരെ ജിബൂതിലെത്തിച്ച ശേഷം ഇന്ത്യയിലേക്ക് വിമാനത്തില്‍ അയക്കും. ഇന്ത്യക്കാരെ കൂടാതെ 17 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 179 പേരെയും ഐ.എന്‍.എസ് മുംബൈയില്‍ എത്തിച്ചിട്ടുണ്ട്.

അതേസമയം, കൊച്ചിയില്‍ നിന്നു പുറപ്പെട്ട രണ്ട് കപ്പല്‍ ഇന്ന് ജിബൂതിലെത്തും. ഈ കപ്പലുകളിലായി ബാക്കിയുള്ള 1300ഓളം പേരെ രക്ഷപ്പെടുത്താനാണ് ഇന്ത്യന്‍ അധികൃതരുടെ തീരുമാനം.

യമനില്‍ 4100ഓളം ഇന്ത്യക്കാരുണ്ടെ ന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍െറ കണക്ക്. ഇതില്‍ 1300ഓളം പേര്‍ നാട്ടിലെത്തിക്കഴിഞ്ഞു. ഏപ്രില്‍ ഒന്നു മുതല്‍ മൂന്നുവരെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ 337 മലയാളികള്‍ കേരളത്തിലെത്തിയിട്ടുണ്ട്.

താളം തെറ്റുന്ന മണ്‍സൂണ്‍: ദേശീയ നദീസംയോജന പദ്ധതി ഭീഷണിയെന്ന് പഠനറിപ്പോര്‍ട്ട്

Posted: 04 Apr 2015 11:16 PM PDT

പത്തനംതിട്ട: മണ്‍സൂണിന്‍െറ താളം തെറ്റലിനും ആവാസവ്യവസ്ഥക്ക് ഭീഷണിയുമാണ് ദേശീയ നദീസംയോജന പദ്ധതിയെന്ന് പഠനറിപ്പോര്‍ട്ട്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന മണ്‍സൂണിന് ഇത് വ്യതിയാനം ഉണ്ടാക്കുമെന്നാണ് പമ്പാ പരിരക്ഷണ സമിതി നടത്തിയ പഠനത്തിലെ കണ്ടത്തെല്‍. കാലാവസ്ഥ വ്യതിയാനത്തിനും ഇന്ത്യയില്‍ ലഭിക്കുന്ന മഴയുടെ ലഭ്യതയില്‍ കാര്യമായ കുറവിനും ഇടയാക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ദേശീയ നദീസംയോജനത്തിന്‍െറ ഭാഗമായി 37 നദികളെയാണ് ഗതിമാറ്റുന്നത്. ഇത് സമുദ്രവുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് പമ്പാ പരിരക്ഷണ സമിതി നടത്തിയ പഠനത്തിലെ കണ്ടത്തെല്‍. ബംഗാള്‍ ഉള്‍ക്കടലിലെ ഉപരിതല ഊഷ്മാവ് ക്രമീകരിക്കുന്നത് സമുദ്രത്തിലേക്ക് ഒഴുകിയത്തെുന്ന നദികളിലെ വെള്ളമാണ്. എന്നാല്‍, ഇത് ഇല്ലാതാകുന്നതോടെ ഉപ്പുരസം ഗണ്യമായി വര്‍ധിക്കുകയും മണ്‍സൂണിന്‍െറ കാലക്രമത്തെ കാര്യമായി ബാധിക്കുകയും ചെയ്യും. അതേസമയം, കേരളത്തിലെ പത്തനംതിട്ട വൈപ്പാര്‍ നദീസംയോജന പദ്ധതി നടപ്പായാല്‍ കേരളം വന്‍ പരിസ്ഥിതി ദുരന്തം നേരിടേണ്ടിവരുമെന്ന് ദേശീയ ജലവികസന ഏജന്‍സി നേരത്തേ നടത്തിയ പഠനത്തിലുണ്ട്. കേരളത്തിലെ അച്ചന്‍കോവില്‍-കല്ലാര്‍ നദികളില്‍ നിര്‍മിക്കുന്ന മൂന്ന് അണക്കെട്ടുകള്‍ മൂലം സഹ്യപര്‍വതനിരയില്‍ 658 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്തെ വെള്ളം ഇതോടെ പൂര്‍ണമായും തടയപ്പെടും. പമ്പയുടെ പ്രധാന പോഷകനദികളായ കല്ലാറിന്‍െറയും അച്ചന്‍കോവിലാറിന്‍െറയും ഉല്‍ഭവസ്ഥാനത്താണ് വൈപ്പാര്‍ പദ്ധതിക്കുവേണ്ടി അണക്കെട്ടുകള്‍ നിര്‍മിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിരുന്നത്.
ഇത് കേരളത്തിന്‍െറ മാത്രം കാര്യമാണെങ്കില്‍ നദീസംയോജനം രാജ്യത്തെമ്പാടും നടപ്പാക്കിയാലുള്ള സ്ഥിതി ഭീകരമായിരിക്കുമെന്ന് പഠനം വ്യക്തമാക്കുന്നുണ്ട്. മൂന്നരലക്ഷം ഹെക്ടര്‍ സ്ഥലം വെള്ളത്തിലാക്കുന്നതാണ് പദ്ധതി . ഇതില്‍ 1.2 ലക്ഷം ഹെക്ടര്‍ വനഭൂമിയാണ്. ഇതര സമുദ്രങ്ങളില്‍ ഉപരിതല ഊഷ്മാവ് ഒരു ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കാന്‍ ഒരു മാസം എടുക്കുമ്പോള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാല് ദിവസംകൊണ്ട് ഊഷ്മാവ് വര്‍ധിക്കും. എന്നാല്‍, 250 ഓളം വലിയ ഡാമുകള്‍ നിര്‍മിച്ച് നദീസംയോജനം നടപ്പാക്കുമ്പോള്‍ ഇതെല്ലാം നഷ്ടമാകും. കേരളം പോലെ മണ്‍സൂണിനെ അമിതമായി ആശ്രയിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഇത് വന്‍ തിരിച്ചടിയാണ്.
നദീസംയോജന പദ്ധതിയെ അനുകൂലിക്കുന്നവര്‍ പറയുന്നത് അധികജലം തിരിച്ചുവിടുന്നത് രാജ്യത്തെ വിവിധ ഭാഗങ്ങളിലെ വരള്‍ച്ചയും വെള്ളപ്പൊക്കവും ഇല്ലാതാക്കുമെന്നാണ്. എന്നാല്‍, കടലിലേക്ക് ശുദ്ധജലമൊഴുകുന്നത് തടയുന്നതാണ് പദ്ധതിയെന്നും കടലിലെ മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുമെന്നും പദ്ധതി നടപ്പാക്കുന്നതിന് വന്‍തോതില്‍ ജനങ്ങളെ കുടിയിറക്കേണ്ടിവരുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു.
ദേശീയ നദീസംയോജന പദ്ധതി സംസ്ഥാനങ്ങളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് നദികളെ ബന്ധിപ്പിക്കുകയെന്ന ആശയം ഇരുപതാം നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്നതാണ്.
വെള്ളപ്പൊക്കം, വരള്‍ച്ച നിയന്ത്രണമടക്കമുള്ള പദ്ധതി പല കാരണങ്ങളാല്‍ നടപ്പായില്ല. മധ്യതിരുവിതാംകൂറിലും കുട്ടനാട്ടിലും ഗുരുതര സാമൂഹിക, പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആശങ്ക വ്യാപകമായതിനാല്‍ കേരളം ഈ പദ്ധതിയെ ശക്തമായി എതിര്‍ത്തിരുന്നു.
പദ്ധതി യാഥാര്‍ഥ്യമായാല്‍, നദികള്‍ ഒഴുകിയിരുന്ന പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമവും കൃഷിനാശവും ഉണ്ടാകുമെന്ന് സെന്‍റര്‍ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്‍റ് ആന്‍ഡ് മാനേജ്മെന്‍റിന്‍െറ പഠനത്തിലുണ്ട്.
വേമ്പനാട്ട് കായലിന്‍െറയും കുട്ടനാടിന്‍െറയും ഘടനതന്നെ മാറുമെന്ന ആശങ്കയുമുണ്ട്. ഒരുലക്ഷത്തോളം മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തെയും ഇത് ദോഷകരമായി ബാധിക്കും.

22 റോഡുകളുടെ നിര്‍മാണത്തിന് ശിപാര്‍ശചെയ്തു –ആന്‍േറാ ആന്‍റണി എം. പി

Posted: 04 Apr 2015 11:12 PM PDT

പത്തനംതിട്ട: പ്രധാനമന്ത്രിയുടെ ഗ്രാമസഡക് യോജനയില്‍ (പി.എം.ജി.എസ്.വൈ) ഉള്‍പ്പെടുത്തി പത്തനംതിട്ട പാര്‍ലമെന്‍റ് മണ്ഡലത്തില്‍ 66 കി.മീറ്റര്‍ റോഡുകളുടെ നിര്‍മാണത്തിന് 22 പ്രവൃത്തികള്‍ ശിപാര്‍ശ ചെയ്തതായി ആന്‍േറാ ആന്‍റണി എം.പി. അറിയിച്ചു.
ഇതില്‍ 55 കിലോമീറ്റര്‍ പത്തനംതിട്ട ജില്ലയിലും 11 കിലോമീറ്റര്‍ പൂഞ്ഞാര്‍-കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലങ്ങളിലുമാണ്. ശിപാര്‍ശചെയ്ത റോഡുകളില്‍ പ്രഥമ പരിഗണന നല്‍കിയത് അറുവച്ചാംകുഴി-ഇടകടത്തി- കുരുമ്പന്‍മൂഴി-മണ്ണടിശാല റോഡിനാണ്.
കാരണം ജില്ലയില്‍ ശിപാര്‍ശചെയ്ത റോഡുകളില്‍ ഏറ്റവും ദൈര്‍ഘ്യമുള്ളത് ഇതാണ്. രണ്ട് പതിറ്റാണ്ടായി പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചാണ് ഈ റോഡിന്‍െറ പണി പൂര്‍ത്തീകരിക്കാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്ന് എം.പി. പറഞ്ഞു. പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. നിര്‍മാണം പൂര്‍ത്തീകരിച്ച് അഞ്ചുവര്‍ഷ കാലയളവില്‍ വരുന്ന എല്ലാ അറ്റകുറ്റപ്പണിയും പദ്ധതിയുടെ കരാറുകാരന്‍ നിര്‍വഹിക്കണമെന്നത് പദ്ധതിയുടെ പ്രത്യേകതയാണ്. റോഡുകളുടെ പേരും പഞ്ചായത്തും റോഡിന്‍െറ ദൈര്‍ഘ്യവും ചുവടെ.
അറുവച്ചാംകുഴി-ഇടകടത്തി-കുരുമ്പന്‍മൂഴി-മണ്ണടിശാല റോഡ്, വെച്ചൂച്ചിറ-10.00 കി.മീറ്റര്‍, കാട്ടൂര്‍-അന്ത്യാളന്‍കാവ് റോഡ്, നാരങ്ങാനം - 3.150 കി. മീറ്റര്‍, ഇടക്കാട് മാര്‍ക്കറ്റ്-ടി.കെ. റോഡ്, തോട്ടപ്പുഴശേരി - 6.217 കി. മീറ്റര്‍, അത്യാല്‍-വായ്പൂര് റോഡ്-കൊറ്റനാട്-3.822 കി. മീറ്റര്‍, പുതുമല-തേപ്പുപാറ റോഡ്-കൊടുമണ്‍-3.558 കി. മീറ്റര്‍, കൊക്കാത്തോട്- എസ്.എന്‍.ബി.സി-കൊട്ടംപാറ റോഡ് - അരുവാപ്പുലം-5.230 കി. മീറ്റര്‍, എസ്.ബി.ടി. ജങ്ഷന്‍-മുത്തന്‍കേരി ബ്രിഡ്ജ് റോഡ്-കടപ്ര-4.200 കി. മീറ്റര്‍,
ഐത്തല-കിസുമം റോഡ്-പെരുനാട്-3.437 കി. മീറ്റര്‍, തട്ടാരിപ്പടി-കൈലപ്പറമ്പ് റോഡ്- ഏഴംകുളം-3.558 കി. മീറ്റര്‍, യക്ഷിയമ്പലം-വട്ടയം റോഡ്-മെഴുവേലി-1.572 കി. മീറ്റര്‍, കല്ളേത്ത്-കനകക്കുന്ന്-കുന്നിട റോഡ്-ഏഴംകുളം-2.00 കി. മീറ്റര്‍, പുരയിടത്തുകാവ്-കാഞ്ഞിരിപ്പാറ റോഡ്-കോയിപ്രം-2.157 കി. മീറ്റര്‍, അട്ടച്ചാക്കല്‍-ഈസ്റ്റ് ജങ്ഷന്‍-എസ്.എ.എസ്. കോളജ് റോഡ്-കോന്നി-1. 048 കി. മീറ്റര്‍, പുത്തന്‍ചന്ത-തെങ്ങമം റോഡ്-പള്ളിക്കല്‍-1.151 കി. മീറ്റര്‍, കാഞ്ഞിരപ്പാറ-വെട്ടൂര്‍ റോഡ് - മലയാലപ്പുഴ-3.972 കി. മീറ്റര്‍.

യമനില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് റെഡ്ക്രോസ്

Posted: 04 Apr 2015 11:02 PM PDT

Image: 

സന്‍ആ: ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ റെഡ്ക്രോസ്. സംഘര്‍ഷ മേഖലയിലുള്ളവര്‍ക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിക്കാനാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതെന്ന് സന്‍ആയിലെ റെഡ്ക്രോസ് വക്താവ് മാരിക്ളെയര്‍ ഫെഗാലി പറഞ്ഞു. നിരവധി പേര്‍ ചികിത്സ ലഭിക്കാതെ കഷ്ടപ്പെടുകയാണ്. പരിക്കേറ്റവരെ കൊണ്ട് ആശുപത്രി നിറഞ്ഞിരിക്കുന്നു. മാനുഷിക പരിഗണനയുടെ പേരിലാണ് വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ടതെന്നും ഫെഗാലി  ചൂണ്ടിക്കാട്ടി.

അതിനിടെ, യമനില്‍ സമാധാന നീക്കത്തിന് യു.എന്‍ രക്ഷാസമിതി ഇടപെടണമെന്ന ആവശ്യവുമായി റഷ്യ രംഗത്തെ ത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി രക്ഷാസമിതിയില്‍ കരട് പ്രമേയം അവതരിപ്പിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണം. യുദ്ധക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സഹായം എത്തിക്കാനും നയതന്ത്ര പ്രതിനിധികളെ സുരക്ഷിതമായി തിരിച്ചെ ത്തിക്കാനും സാഹചര്യം ഒരുക്കണമെന്ന് പ്രമേയത്തില്‍ റഷ്യ ആവശ്യപ്പെടുന്നു.

ശനിയാഴ്ച സൗദി നയിക്കുന്ന സഖ്യസേന നടത്തിയ ആക്രമണത്തില്‍ തുറമുഖ നഗരമായ ഹുദൈദയിലെ വിമാനത്താവളം തകര്‍ന്നു. നാലു കുടുംബങ്ങളിലെ 12 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

യു.എന്‍ പുറത്തുവിട്ട കണക്കു പ്രകാരം ആക്രമണം തുടങ്ങി 10 ദിവസം പിന്നിട്ടപ്പോള്‍ കുട്ടികള്‍ അടക്കം 800ലധികം പേര്‍ കൊല്ലപ്പെട്ടു. 1700 പേര്‍ക്ക് പരിക്കേറ്റു.

പൊതുവിപണിയില്‍ സിവില്‍ സപൈ്ളസ് പരിശോധന: എട്ട് കടകള്‍ക്കെതിരെ നടപടി

Posted: 04 Apr 2015 10:56 PM PDT

തൊടുപുഴ: ലോറി സമരത്തിന്‍െറ പശ്ചാത്തലത്തില്‍ കൃത്രിമ വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാനുള്ള നടപടികളുടെ ഭാഗമായി ജില്ലയില്‍ സിവില്‍ സപൈ്ളസ് അധികൃതര്‍ പരിശോധന ഊര്‍ജിതമാക്കി. സിവില്‍ സപൈ്ളസ് കമീഷണറുടെ നിര്‍ദേശപ്രകാരം രണ്ട് ദിവസങ്ങളിലായി നാല് താലൂക്കുകളിലെ 41 കടകളില്‍ പരിശോധന നടത്തിയതായി ജില്ലാ സപൈ്ള ഓഫിസര്‍ എസ്. എഡിസണ്‍ അറിയിച്ചു.
വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ, സ്റ്റോക്കിന്‍െറ കണക്കുകള്‍ കൃത്യമായി സൂക്ഷിച്ചിട്ടുണ്ടോ, ഭക്ഷ്യ സിവില്‍ സപൈ്ളസ് വകുപ്പിന്‍െറ ലൈസന്‍സുണ്ടോ, അവശ്യസാധനങ്ങള്‍ക്ക് ക്ഷാമമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അറിയാനാണ് താലൂക്ക് സപൈ്ള ഓഫിസര്‍മാരുടെയും റേഷനിങ് ഇന്‍സ്പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ജില്ലയില്‍ തൊടുപുഴ, ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് താലൂക്കുകളില്‍ പരിശോധന നടന്നു. എട്ട് കടകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ളെന്ന് പരിശോധനയില്‍ കണ്ടത്തെി. വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും നിയമലംഘനം നടത്തിയ കടകളില്‍നിന്ന് പിഴ ഈടാക്കുമെന്നും ഡി.എസ്.ഒ അറിയിച്ചു.
ഈസ്റ്റര്‍, വിഷു ആഘോഷ വേളകളായതിനാല്‍ ലോറി സമരത്തിന്‍െറ പശ്ചാത്തലത്തില്‍ വ്യാപാരികള്‍ ഉല്‍പന്നങ്ങള്‍ പൂഴ്ത്തിവെച്ച് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിന്‍െറ അടിസ്ഥാനത്തിലാണ് സിവില്‍ സപൈ്ളസ് കമീഷണര്‍ പരിശോധനക്ക് നിര്‍ദേശം നല്‍കിയത്.

ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ പണിമുടക്കും

Posted: 04 Apr 2015 10:42 PM PDT

ചെറുവത്തൂര്‍: പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലിനെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ജീവനക്കാരും ഓഫിസര്‍മാരും ജില്ലയില്‍ 21, 22 തീയതികളില്‍ പണിമുടക്കും.
കോടിക്കണക്കിന് രൂപ വരുമാനമുണ്ടായിരുന്ന ബി.എസ്.എന്‍.എല്ലിന്‍െറ ഇപ്പോഴത്തെ സാമ്പത്തിക നഷ്ടത്തിന്‍െറ കാരണം കേന്ദ്ര സര്‍ക്കാറിന്‍െറയും മാനേജ്മെന്‍റിന്‍െറയും തെറ്റായ നിലപാടുകളാണ്.
സാമൂഹിക ബാധ്യത നിര്‍വഹിക്കുന്ന സ്ഥാപനമെന്ന പരിഗണന പോലും നല്‍കാതെ സ്വകാര്യ കമ്പനികളുമായുള്ള മത്സരത്തിനാണ് ബി.എസ്.എന്‍.എല്ലിനെ സര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നത്. സ്വകാര്യ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുത്തും ഈ പൊതുമേഖലാ സ്ഥാപനത്തെ തകര്‍ക്കാന്‍ സര്‍ക്കാരും കൂട്ടുനില്‍ക്കുകയാണ്. ഇത്തരം നടപടികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറുക, ബി.എസ്.എന്‍.എല്‍ വെട്ടിമുറിച്ച് വിവിധ കമ്പനികളാക്കാനുള്ള നീക്കം ചെറുക്കുക, ബി.എസ്.എന്‍.എല്‍-എം.ടി.എന്‍.എല്‍ ലയനം ഉപേക്ഷിക്കുക, ബി.എസ്.എന്‍.എല്ലിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുക എന്നീ മുദ്രാവാക്യമുയര്‍ത്തിയാണ് ബി.എസ്.എന്‍.എല്ലിലെ വിവിധ സംഘടനകള്‍ സംയുക്തമായി പണിമുടക്ക് സംഘടിപ്പിക്കുന്നത്.
പണിമുടക്കിന്‍െറ മുന്നോടിയായി വിവിധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ച് വരുകയാണ്. ഇതിന്‍െറ ഭാഗമായി ഫോറം ഓഫ് ബി.എസ്.എന്‍.എല്‍ യൂനിയന്‍സ്, ബി.എസ്.എന്‍.എല്‍ അസോസിയേഷന്‍ കണ്ണൂര്‍ എസ്.എസ്.എയുടെ നേതൃത്വത്തില്‍ ഏഴിന് രാവിലെ പത്തിന് ചെറുവത്തൂര്‍ പൂമാല ഓഡിറ്റോറിയത്തില്‍ ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. കണ്‍വെന്‍ഷനില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ സംബന്ധിക്കും. കണ്‍വെന്‍ഷന്‍ വിജയിപ്പിക്കണമെന്ന് പി.വി. രാജന്‍, യു. പ്രേമന്‍, രവീന്ദ്രന്‍ കൊടക്കാട്, കെ. രാജന്‍, വി. കരുണാകരന്‍, എം. ഭാസ്കരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മൂന്ന് പൊലീസുകാര്‍ക്ക് പരിക്ക്; പാനൂര്‍, കുന്നോത്തുപറമ്പ് മേഖലയില്‍ സംഘര്‍ഷം; പൊലീസിനെ ആക്രമിച്ചു

Posted: 04 Apr 2015 10:32 PM PDT

പാനൂര്‍: ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നാട്ടിയ ആര്‍.എസ്.എസ് കൊടിതോരണങ്ങള്‍ പൊലീസ് അഴിച്ചുമാറ്റിയതിനെ തുടര്‍ന്ന് പാനൂര്‍, കുന്നോത്തുപറമ്പ് മേഖലയില്‍ വ്യാപക സംഘര്‍ഷം. നേതാവിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പൊലീസിനുനേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തി.
കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുയിമ്പില്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച്് പരിസരത്ത് നാട്ടിയ കൊടിതോരണങ്ങളാണ് പാനൂര്‍ സി.ഐ വി.വി. ബെന്നിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ അഴിച്ചുമാറ്റിയത്. ഇതില്‍ പ്രതിഷേധിച്ച് ആര്‍.എസ്.എസ് കുന്നോത്തുപറമ്പ് പഞ്ചായത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
ഇതിനിടെ, പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ജീപ്പിനുനേരെ കൈവേലിക്കലില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കല്ളെറിഞ്ഞതിനെ തുടര്‍ന്ന് മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. എ.എസ്.ഐ രമേശന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബിജു, പ്രശാന്ത് എന്നിവര്‍ക്കാണ് മുഖത്ത് പരിക്കേറ്റത്. ഇവര്‍ തലശ്ശേരി ആശുപത്രിയില്‍ ചികിത്സ തേടി. കല്ളേറില്‍ പൊലീസ് ജീപ്പിനും കേടുപറ്റി.
സംഭവ സ്ഥലത്തുനിന്ന് ആര്‍.എസ്.എസ് നേതാവ് കെ.സി. വിഷ്ണുവിനെയും സംഘത്തെയും കസ്റ്റഡിയിലെടുത്തതോടെയാണ് സംഘര്‍ഷം പാനൂരിലേക്ക് വ്യാപിച്ചത്. തുടര്‍ന്ന് പാനൂരിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുകയും വഴിതടയുകയും ചെയ്തു. പാനൂര്‍-പുത്തൂര്‍ റോഡില്‍ വാഹനങ്ങള്‍ പൂര്‍ണമായി തടഞ്ഞു.
വിഷ്ണുവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ ഉള്‍പ്പെടെ നിരവധി ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ പാനൂര്‍ പൊലീസ് സ്റ്റേഷനിലത്തെി. പൊലീസും പ്രവര്‍ത്തകരും നേരിട്ട് ഏറ്റുമുട്ടുന്ന നിലയിലേക്ക് കാര്യങ്ങളത്തെിയെങ്കിലും നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി. പിന്നീട് പൊലീസുമായി നടത്തിയ ചര്‍ച്ചയില്‍ വിഷ്ണു ഒഴികെയുള്ളവരെ വിട്ടയച്ചു. സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പാനൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പി. സത്യപ്രകാശ്, വി.പി. ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.
സമാധാനപരമായി നടക്കുന്ന ക്ഷേത്രോത്സവം അലങ്കോലമാക്കുകയാണ് പൊലീസ് ചെയ്തതെന്ന് സംഘ്പരിവാര്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിക്കാന്‍ തിങ്കളാഴ്ച തലശ്ശേരി എ.എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. അതേസമയം, നേരത്തേ എടുത്ത സര്‍വകക്ഷി തീരുമാനത്തിന്‍െറ ഭാഗമായാണ് കൊടിതോരണങ്ങള്‍ നീക്കം ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

ജനസമ്പര്‍ക്കം: മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം പരാതികള്‍

Posted: 04 Apr 2015 10:25 PM PDT

കൊച്ചി: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി , കരുതല്‍-2015 ല്‍ ഇക്കുറി ലഭിച്ചത് കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം പരാതി. കഴിഞ്ഞവര്‍ഷം നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ 3500 പരാതികള്‍ ലഭിച്ച സ്ഥാനത്ത് ഇക്കുറി കിട്ടിയത് 7500 പരാതികളാണ്.
രോഗികള്‍ക്കും മറ്റും പ്രത്യേകമായി ഇനിയും പരാതി നല്‍കാന്‍ അവസരമൊരുക്കുമെന്ന ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. ഏപ്രില്‍ 23 ന് കലക്ടറേറ്റില്‍ നടക്കുന്ന കരുതല്‍ 2015 ല്‍ പരാതികള്‍ നല്‍കാമെന്നതിനാല്‍ പരാതി പ്രളയം തന്നെയാകുമെന്ന കണക്കുകൂട്ടലിലാണ് ജില്ലാ ഭരണകൂടം. മുഖ്യമന്ത്രിയുടെ സഹായത്തിന് രോഗികളെ നേരില്‍ക്കണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിയമിച്ചിട്ടുള്ള ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി സബ് കലക്ടര്‍ എസ്. സുഹാസും സംഘവും ഏപ്രില്‍ ആറ് ജില്ലയിലെ വിവിധ താലൂക്കുകളില്‍ സന്ദര്‍ശനം നടത്തും. തഹസില്‍ദാര്‍മാരും ബന്ധപ്പെട്ട സ്ഥലങ്ങളിലെ ഡോക്ടര്‍മാരും അടങ്ങിയതാണ് സംഘം. ഈമാസം എട്ടുവരെ രോഗികളെ നേരില്‍കാണും. ഇവരുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി നേരിട്ടുതന്നെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം അനുവദിക്കും വിധമാണ് ഇത്തവണത്തെ ക്രമീകരണം. മുന്‍വര്‍ഷത്തെ ജനസമ്പര്‍ക്കപരിപാടിയില്‍നിന്ന് വ്യത്യസ്തമായി ഇക്കുറി തെരഞ്ഞെടുക്കപ്പെടുന്ന 100 പരാതിക്കാര്‍ ഒഴികെയുള്ള ബാക്കിയെല്ലാ പരാതിക്കാരെയും മുഖ്യമന്ത്രി അവരവരുടെ ഇരിപ്പിടങ്ങള്‍ക്കരികിലത്തെി കാണും. കലക്ടറേറ്റിലെ പന്തല്‍ നിര്‍മാണം വിഷു കഴിഞ്ഞാലുടന്‍ ആരംഭിക്കും. എല്ലാ ജില്ലകളിലും കരുതല്‍ 2015 വേദി സംബന്ധിച്ച് പ്രത്യേക മാര്‍ഗനിര്‍ദേശമുണ്ട്.
മുഖ്യമന്ത്രിയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിക്കാണ് പന്തല്‍ ഉള്‍പ്പെടെയുള്ളവയുടെ ചുമതല. പന്തലിനോട് ചേര്‍ന്ന് മുഖ്യമന്ത്രിക്ക് വിശ്രമിക്കാന്‍ സൗകര്യമൊരുക്കുന്നതിനൊപ്പം എല്ലാ ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും ഇരിപ്പിടമൊരുക്കും. കരുതല്‍ 2015 സമാപിക്കും വരെ അതത് സ്ഥാനങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഉണ്ടാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കരുതല്‍ 2015 ല്‍ പരിഗണിക്കേണ്ട പരാതികളുടെ അന്തിമ പരിശോധന ഈമാസം 10 ന് കലക്ടറേറ്റില്‍ നടത്തും. ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.ബാബുവിന്‍െറ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ മുഴുവന്‍ പങ്കെടുക്കണമെന്ന് ജില്ല കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനകം ഓരോ വകുപ്പുകള്‍ക്കും ലഭിച്ച പരാതിയിലുള്ള നടപടി കലക്ടറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്ന 100 പേരെയായിരിക്കും മുഖ്യമന്ത്രി ജനസമ്പര്‍ക്കത്തില്‍ ആദ്യം നേരില്‍ കാണുക. 12 ന് മുഖ്യമന്ത്രി തന്നെ നേരിട്ട് വിഡിയോ കോണ്‍ഫറന്‍സ് വഴി വീണ്ടും ജില്ലകളിലെ പുരോഗതി വിലയിരുത്തും.

കൊച്ചീടെ ജെട്ടി പാലത്തില്‍ സൗരോര്‍ജ വിളക്ക് പദ്ധതി വൈകുന്നു

Posted: 04 Apr 2015 10:20 PM PDT

ആറാട്ടുപുഴ: മൂന്ന് വര്‍ഷത്തിലേറെയായി ഇരുട്ടില്‍ കിടക്കുന്ന കൊച്ചീടെ ജെട്ടി പാലത്തില്‍ വെളിച്ചം എത്തിക്കാന്‍ എന്‍.ടി.പി.സി ആവിഷ്കരിച്ച സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതി പഞ്ചായത്ത് അധികാരികളുടെ അലംഭാവം മൂലം വൈകുന്നു. പി.ഡബ്ള്യു.ഡി യുടെ അനുവാദം വാങ്ങി നല്‍കുന്ന പണി മാത്രമാണ് പദ്ധതി നടത്തിപ്പില്‍ പഞ്ചായത്തിനുള്ളത്.
ഇതിന് എന്‍.ടി.പി.സി. അധികൃതര്‍ പഞ്ചായത്തിന് നല്‍കിയ കത്ത് രണ്ടുമാസം കഴിഞ്ഞിട്ടും പരിഗണിച്ചിട്ടു പോലുമില്ല.എന്‍.ടി.പി.സി യുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതി പ്രകാരമാണ് പാലത്തില്‍ സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കുന്നതിന് 35 ലക്ഷം രൂപ അനുവദിച്ചത്. പാലത്തില്‍ വെളിച്ചവും, പഞ്ചായത്തിന് വരുമാനവും ലഭിക്കുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത് .30 കിലോ വാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന സൗരോര്‍ജ പാനലുകള്‍ തെരുവ് വിളക്കിന് പാലത്തില്‍ സ്ഥാപിക്കും. പാലത്തിലെ വിളക്ക് കത്തിക്കുന്നതിന് ഇത്രയും വൈദ്യുതിയുടെ ആവശ്യമില്ല. രാത്രി കാലത്ത് മാത്രമാണ് പാലത്തില്‍ വൈദ്യുതി ആവശ്യമായി വരുന്നത്. പകല്‍ സമയങ്ങളില്‍ സൗരോര്‍ജ പാനല്‍ വഴി ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ് .ഇ .ബി.യുടെ ഗ്രിഡിലേക്ക് നല്‍കുന്ന രീതിയിലാകും പദ്ധതി നടപ്പിലാക്കുന്നത്. രാത്രിയില്‍ ഗ്രിഡില്‍ നിന്നും വിളക്ക് കത്തുന്നതിന് ആവശ്യമായ വൈദ്യുതി നല്‍കും.
ഗ്രിഡിലേക്ക് ലഭിച്ച ശേഷിക്കുന്ന വൈദ്യുതിക്ക് കെ.എസ്.ഇ.ബി പഞ്ചായത്തിന് വില നല്‍കണം. പഞ്ചായത്തിന് നല്ളൊരു വരുമാനം ലഭിക്കുന്ന പദ്ധതിയാണിതെന്ന് എന്‍.ടി.പി.സി അധികൃതര്‍ പറഞ്ഞു. പദ്ധതിക്ക് നടത്തിപ്പിന് കെ.എസ്.ഇ. ബി.യുടെ അനുമതി ലഭിച്ചതായും അധികൃതര്‍ അറിയിച്ചു. പാലത്തില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതിന് പി.ഡബ്ള്യു.ഡി യുടെ അനുമതി മാത്രമാണ് ഇനി ലഭിക്കാനുള്ളത്. അനുമതി വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന് രണ്ടുമാസം മുമ്പ് കത്ത് നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ളെന്ന് അധികൃതര്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മലബാര്‍ സിമന്‍റ് പാലത്തില്‍ വിളക്ക് സ്ഥാപിക്കുന്നതിന് അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് അറിയിച്ചതായി പ്രസിഡന്‍റ് കെ.കരുണാകരന്‍ പറഞ്ഞു.ഇപ്പോള്‍ എന്‍.ടി.പി.സി. യും കത്ത് നല്‍കിയിട്ടുണ്ട്. ആരെ പരിഗണിക്കണമെന്നുള്ള കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ളെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, എന്‍.ടി.പി.സി.യുടെ പദ്ധതിയെക്കുറിച്ച് അന്വേഷിക്കാന്‍ പോലും പഞ്ചായത്ത് പ്രസിഡന്‍റ് മെനക്കെട്ടിട്ടില്ളെന്നാണ് മറുപടിയില്‍ നിന്നും വ്യക്തമാകുന്നത്. എന്‍.ടി.പി.സി യുടെ പദ്ധതിയെക്കുറിച്ചോ അവര്‍ നല്‍കിയ കത്തിനെക്കുറിച്ചോ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കോ അംഗങ്ങള്‍ക്കോ യാതൊരു വിവരവുമില്ല.
എന്‍.ടി.പി.സി നല്‍കിയ കത്ത് രണ്ട് മാസം കഴിഞ്ഞിട്ടും പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തിട്ടില്ളെന്നാണ് അറിയുന്നത്. പദ്ധതി നടത്തിപ്പുകളില്‍ പഞ്ചായത്ത് അധികാരികള്‍ തുടര്‍ന്ന് വരുന്ന അഴകൊഴമ്പന്‍ നിലപാടാണ് ഇക്കാര്യത്തിലും ഉണ്ടായിട്ടുള്ളത്.പഞ്ചായത്തിന് വരുമാനം ലഭിക്കുന്ന തരത്തില്‍ 35 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കാന്‍ എന്‍.ടി.പി.സി തയാറായി നില്‍ക്കുമ്പോള്‍ മലബാര്‍ സിമന്‍റ് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്ത കാര്യം പറഞ്ഞ് സമയം കളയുകയാണിവര്‍ . ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കകം പരിഹരിക്കാന്‍ കഴിയുന്ന കാര്യങ്ങളാണ് വിഷയത്തിന്‍െറ ഗൗരവം പോലും പരിഗണിക്കാതെ പഞ്ചായത്ത് അധികാരികള്‍ നീട്ടിക്കൊണ്ടു പോകുന്നത്.
കൊച്ചീടെ ജെട്ടി പാലത്തിലെ വിളക്കിന്‍െറ പ്രശ്നം പഞ്ചായത്ത് അധികാരികളുടെ അനാസ്ഥ ഒന്നുകൊണ്ടു മാത്രമാണ് മൂന്നു വര്‍ഷമായിട്ടും പരിഹരിക്കാതെ കിടക്കുന്നത്. പാലത്തിന്‍െറ ഇരുവശങ്ങളിലുമായി 60 വിളക്കുകളാണ് സ്ഥാപിച്ചിരുന്നത്. പാലം തുറന്ന് ഒരു വര്‍ഷം മാത്രമാണ് വിളക്കുകള്‍ കത്തിയത്. രാത്രികാലമായാല്‍ പാലം പൂര്‍ണമായും ഇരുട്ടിലാകും. ഇതുമൂലം പാലത്തിലൂടെയുള്ള യാത്ര ഭീതിജനകവും, അപകടകരവുമായി.
വിവിധ സ്ഥലങ്ങളില്‍നിന്ന് കായല്‍ കാഴ്ചകള്‍ കാണുന്നതിനും, കാറ്റ് കൊള്ളുന്നതിനുമായി എത്തിയിരുന്ന കുടുംബങ്ങള്‍ പാലം ഇരുട്ടിലായതോടെ ഇവിടേക്ക് എത്താതെയായി. ഇരുട്ടിന്‍െറ മറവില്‍ മാലിന്യങ്ങള്‍ കായലില്‍ നിക്ഷേപിക്കുന്ന അവസ്ഥയും ഉണ്ടായി. സാമൂഹിക വിരുദ്ധരുടെ താവളമായി പാലം മാറി. കേബിളിനുണ്ടായ തകരാറായിരുന്നു കാരണം.പാലത്തില്‍ വിളക്കുകള്‍ കത്തിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും പഞ്ചായത്ത് അധികാരികള്‍ കേട്ടഭാവം നടിച്ചില്ല.
പഞ്ചായത്തിന്‍െറ ഗുരുതരമായ അനാസ്ഥ തുടരുന്നതിനിടയില്‍ വിഷയത്തിന്‍െറ ഗൗരവം ബോധ്യപ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ പാലത്തില്‍ ഒരു മാസത്തിനുള്ളില്‍ വിളക്ക് തെളിക്കണമെന്ന് 2014 ജൂണില്‍ ഉത്തരവിറക്കി .തുടര്‍ന്നാണ് പാലത്തിലെ ഏതാനും വിളക്കുകള്‍ തെളിച്ച് പഞ്ചായത്ത് പേരിനെങ്കിലും നടപടിയെടുത്തത്. എന്നാല്‍, വിളക്കുകള്‍ക്കൊന്നും അധികനാള്‍ ആയുസ്സ് ഉണ്ടായില്ല. ഇപ്പോള്‍ പാലം പൂര്‍ണമായും ഇരുട്ടിലാണ്. എന്‍.ടി.പി.സിയുടെ പദ്ധതി യാഥാര്‍ഥ്യമായാല്‍ പാലത്തിന് മോക്ഷമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.

ഇംഹാന്‍സിന് ഒന്നേകാല്‍ കോടി നല്‍കി

Posted: 04 Apr 2015 10:14 PM PDT

കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്) സാമൂഹിക - മാനസികാരോഗ്യ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഒന്നേകാല്‍ കോടി രൂപ നല്‍കി. ഫണ്ടില്ലാതെ പദ്ധതികളുടെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ സഹായമെന്ന നിലക്ക് എന്‍.ആര്‍.എച്ച്.എമ്മില്‍നിന്ന് 160 ലക്ഷം നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, അതില്‍ 50 ലക്ഷം ഉടന്‍ നല്‍കിയെങ്കിലും ബാക്കി നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ബജറ്റിലും തുക അനുവദിക്കാതെ വന്നതോടെ പദ്ധതി പകുതിയും നിലച്ചു. നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞ തുകയിലായിരുന്നു ഇംഹാന്‍സ് അധികൃതര്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നത്. ജനുവരിയില്‍ നല്‍കുമെന്ന് പറഞ്ഞ തുകയാണ് ഇപ്പോള്‍ നല്‍കിയത്.
ഇംഹാന്‍സിന്‍െറ ചൈല്‍ഡ് ഡെവലപ്മെന്‍റ് ഡിസെബിലിറ്റി പ്രോഗ്രാമിനെ സാമൂഹിക സുരക്ഷാമിഷന്‍ ഏറ്റെടുക്കുമെന്നു വാഗ്ദാനം നല്‍കിയിട്ടുണ്ട്. അതിന് സുരക്ഷാ മിഷന് സമര്‍പ്പിക്കാനുള്ള പ്രൊജക്ട് തയാറാക്കിയിട്ടുണ്ട്. നാളെ തിരുവനന്തപുരത്ത് നടക്കുന്ന അവലോകന യോഗത്തില്‍ കാര്യങ്ങള്‍ തീരുമാനമാകുമെന്ന് അധികൃതര്‍ പറഞ്ഞു.
കമ്യൂണിറ്റി മെന്‍റല്‍ ഹെല്‍ത്ത് പ്രോഗ്രാം, ചൈല്‍ഡ് ഡെവലപ്മെന്‍റ് ഡിസെബിലിറ്റി പ്രോഗ്രാം, ചൈല്‍ഡ് ഡെവലപ്മെന്‍റ് സര്‍വീസ്, ഡിസ്ട്രിക്ട് മെന്‍റല്‍ ഹെല്‍ത്ത് പ്രോഗ്രാം തുടങ്ങിയ പദ്ധതികളാണ് പണമില്ലാത്തതിനാല്‍ അവതാളത്തിലായിരിക്കുന്നത്. കോഴിക്കോട്ട് 16, മലപ്പുറത്ത് 39, കാസര്‍കോട് 14, വയനാട് 12 സ്ഥലങ്ങളിലായാണ് ഇംഹാന്‍സിന്‍െറ കമ്യൂണിറ്റി പ്രോഗ്രാം നടന്നിരുന്നത്.

സൗദിയില്‍ പൊടിക്കാറ്റ് തുടരുന്നു

Posted: 04 Apr 2015 09:57 PM PDT

Image: 
Subtitle: 
വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്

റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച വീണ്ടും പൊടിക്കാറ്റ് വീശി. ബുധനാഴ്ചയുണ്ടായ അത്ര സാന്ദ്രതയും ശക്തിയുമില്ളെങ്കിലും രാജ്യവ്യാപകമായി രാവിലെ മുതല്‍ പൊടിപടലങ്ങള്‍ നിറഞ്ഞ് കാവി നിറം പൂണ്ട അവസ്ഥയിലാണ് അന്തരീക്ഷം. പൊടിക്കാറ്റിനെ കുറിച്ച് സൗദി കാലാവസ്ഥ നിരീക്ഷണ പരിസ്ഥിതി സംരക്ഷണ കേന്ദ്രം രാവിലെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പൊടിക്കാറ്റ് കാരണം ജീസാന്‍, നജ്റാന്‍ എന്നീ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അധികൃതര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. യുദ്ധം കാരണം കഴിഞ്ഞ ദിവസങ്ങളില്‍ ഈ മേഖലയിലെ ഏതാനും സ്കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. പൊടിക്കാറ്റ് ദൂരക്കാഴ്ച കുറക്കുമെന്നതിനാല്‍ ഹൈവേ സഞ്ചാരികളോടും യാത്രക്കാരോടും മുന്‍കരുതല്‍ സ്വീകരിക്കാന്‍ സിവില്‍ ഡിഫന്‍സ് അഭ്യര്‍ഥിച്ചു. പൊടിക്കാറ്റ് ഞായറാഴ്ചയും തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.
മധ്യപ്രവിശ്യയില്‍ റിയാദ് നഗരം, അല്‍ഖര്‍ജ്, ഹുത്ത ബനീ തമീം, ദിലം, ഹരീഖ്, ഹല്‍വ, അല്‍ഹൈതം, വാദി ദവാസിര്‍, സുലൈയില്‍, ദക്ഷിണ സൗദിയില്‍ അബഹ, ഖമീസ് മുശൈത്ത്, ബീഷ, നമാസ്, അല്‍ബാഹ, ജീസാന്‍, കിഴക്കന്‍ പ്രവിശ്യയില്‍ ഹഫറുല്‍ ബാതിന്‍, ഖയിസൂമ എന്നിവിടങ്ങളെയാണ് ശനിയാഴ്ച പൊടിക്കാറ്റ് വീണ്ടും പിടികൂടിയത്. അന്തരീക്ഷത്തിന് മണല്‍നിറമാണെങ്കിലും വലിയ തോതില്‍ പൊടിപടലങ്ങളില്ല. എന്നാല്‍ പലയിടങ്ങളിലും കാഴ്ചയില്‍ മങ്ങലുണ്ടാക്കിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ക്ക് കൂടുതല്‍ ശാരീരികാസ്വാസ്ഥ്യങ്ങള്‍ക്കിടയാക്കിയിട്ടുമുണ്ട്.
അതിനിടയില്‍ ബുധനാഴ്ചയുണ്ടായ പൊടിക്കാറ്റ് മൂലം താറുമാറായ വ്യാമഗതാഗതം ഏറെക്കുറെ സാധാരണനില പ്രാപിക്കുന്നു. അഞ്ഞൂറിലേറെ വിമാന സര്‍വീസുകള്‍ മുടങ്ങിയതുമൂലം റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടന്ന ലക്ഷത്തോളം യാത്രക്കാരുടെ പ്രതിസന്ധിക്കും അയവുവന്നിട്ടുണ്ട്. നിരവധി വിമാന കമ്പനികള്‍ സര്‍വീസുകള്‍ പുനഃക്രമീകരിച്ചു.
അതേസമയം ഗള്‍ഫ് എയര്‍ ഉള്‍പ്പെടെയുള്ള പല വിമാന കമ്പനികളുടെയും മുടങ്ങിയ സര്‍വീസുകളില്‍ ടിക്കറ്റെടുത്തിരുന്നവര്‍ അധികൃതരില്‍നിന്ന് കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ അനിശ്ചിതാവസ്ഥയില്‍ കഴിയുകയാണ്. സര്‍വീസുകള്‍ റദ്ദായ വിവരം കമ്പ്യൂട്ടറില്‍ അപ്ഡേറ്റ് ചെയ്യാത്തത് മൂലം ടിക്കറ്റ് റീഫണ്ട് ചെയ്യാനൊ ലഭ്യമായ മറ്റ് കമ്പനികളുടെ ടിക്കറ്റെടുക്കാനൊ കഴിയാത്ത അവസ്ഥയുണ്ടെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു.
അത്യാവശ്യമായി നാട്ടില്‍ പോകേണ്ടതുള്ളതിനാല്‍ മറ്റ് വിമാന കമ്പനിയില്‍ ടിക്കറ്റിന് ശ്രമിച്ചപ്പോള്‍ 750ഓളം റിയാലിന്‍െറ നഷ്ടമുണ്ടായെന്ന് കൊല്ലം കുളത്തുപ്പൂഴ സ്വദേശി അമാനുള്ള (തമ്പി) പറഞ്ഞു. ഒരു മാസത്തെ അവധിക്ക് നാട്ടില്‍ പോകാന്‍ അമാനുള്ള വെള്ളിയാഴ്ച രാത്രി 9.30ന് ബഹ്റൈന്‍ വഴി തിരുവനന്തപുരത്തേക്ക് പോകേണ്ടിയിരുന്ന ഗള്‍ഫ് എയര്‍ വിമാനത്തിലാണ് ടിക്കറ്റെടുത്തിരുന്നത്. എന്നാല്‍ ബുധനാഴ്ചയിലെ പൊടിക്കാറ്റ് പ്രശ്നങ്ങള്‍ ബാക്കി നിന്നതിനാല്‍ സര്‍വീസ് നടത്താനായില്ല. സര്‍വീസുകള്‍ താളം തെറ്റിയതിനാല്‍ ബഹ്റൈന്‍ വിമാനത്താവളത്തില്‍ ആളുകള്‍ കൂടികിടക്കുന്നതിനാല്‍ ഉടനെ പ്രതിസന്ധിക്ക് അയവുണ്ടാകാന്‍ സാധ്യതയില്ളെന്നും അത്യാവശ്യമുള്ളവര്‍ മറ്റ് വിമാനങ്ങളില്‍ ടിക്കറ്റ് നോക്കാനുമാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്ന് കിട്ടിയ ഉപദേശം.
എന്നാല്‍ ടിക്കറ്റ് റീഫണ്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ശനിയാഴ്ച വൈകീട്ടുവരെയും കമ്പ്യൂട്ടറില്‍ സര്‍വീസ് കാന്‍സലേഷന്‍ വിവരം എത്താത്തതിനാല്‍ അത് നടന്നില്ല. തുടര്‍ന്നാണ് 750ഓളം റിയാല്‍ അധികം ചെലവഴിച്ച് അതേ ക്ളാസ് ടിക്കറ്റ് തന്നെ മറ്റൊരു കമ്പനിയിലെടുത്തത്. ഞായറാഴ്ച രാത്രി മാത്രമേ പുറപ്പെടാനും കഴിയൂ. എണ്ണിച്ചുട്ട അപ്പം പോലുള്ള 30 ദിവസ അവധിയില്‍ മൂന്നുദിവസം നഷ്ടമാകുകയും ചെയ്തു. എന്നാല്‍ ശനിയാഴ്ച രാത്രിയോടെ ഗള്‍ഫ് എയറിന്‍െറ പ്രതിസന്ധിക്ക് അയവുവന്നെന്നും സര്‍വീസ് പുനഃക്രമീകരിച്ച് യാത്രക്കാരെ സ്വീകരിച്ചുതുടങ്ങിയെന്നും ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്ന് അറിവായി.
റിയാദ് കിങ് ഖാലിദ് എയര്‍പ്പോര്‍ട്ടില്‍ യാത്രപ്രതിസന്ധിക്ക് അയവുവന്നിട്ടുണ്ടെന്നും മിക്ക വിമാനങ്ങളും സര്‍വീസ് നടത്തിത്തുടങ്ങിയതിനാല്‍ യാത്രക്കാരുടെ തിരക്ക് കുറഞ്ഞിട്ടുണ്ടെന്നും എയര്‍ ഇന്ത്യയുടെ റിയാദ് എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി മാനേജര്‍ സിറാജ് ഓര്‍പായില്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
 

ടെന്‍റുകള്‍ മുനിസിപ്പാലിറ്റി പൊളിച്ചുനീക്കിത്തുടങ്ങി

Posted: 04 Apr 2015 09:37 PM PDT

Image: 
Subtitle: 
ശൈത്യകാലത്തിന് വിരാമം

കുവൈത്ത് സിറ്റി: രാജ്യത്ത് ശൈത്യകാലത്തിന് വിരാമമായതോടെ ടെന്‍റ് സീസണ് അന്ത്യമായി. ഇതോടെ, രാജ്യത്തിന്‍െറ വിവിധഭാഗങ്ങളില്‍ ഉയര്‍ന്ന ശൈത്യകാല ടെന്‍റുകള്‍ ഇനി താല്‍ക്കാലിക വിസ്മൃതിയിലേക്ക്. തണുപ്പുകാലം ആസ്വദിക്കുന്നതിനായി കെട്ടിയുയര്‍ത്തിയ ടെന്‍റുകള്‍ ഈ മാസാവസാനത്തോടെ പൊളിച്ചുനീക്കണമെന്നും അല്ളെങ്കില്‍ കര്‍ശന നടപടിയുണ്ടാവുമെന്നുമുള്ള മുന്നറിയിപ്പിന് പിന്നാലെ മുനിസിപ്പാലിറ്റി അധികൃതര്‍ നടപടി തുടങ്ങി.
 ഈമാസം ഒന്നാം തീയതിയായിരുന്നു ടെന്‍റുകള്‍ പൊളിച്ചുനീക്കാനുള്ള സമയപരിധി. ഇതിനകം പൊളിച്ചുമാറ്റാത്ത ടെന്‍റുകള്‍ മുനിസിപ്പാലിറ്റിയുടെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള വിഭാഗം ഏറ്റെടുത്ത് പൊളിച്ചുതുടങ്ങി. രാജ്യത്തിന്‍െറ വിവിധഭാഗങ്ങളിലെ ടെന്‍റുകള്‍ ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയിലെ പരിശോധനാ വിഭാഗങ്ങളാണ് പൊളിക്കുന്നത്. ടെന്‍റ് പൊളിക്കുമ്പോള്‍ അവിടെ അവശേഷിക്കുന്ന സാധനങ്ങള്‍ തിരിച്ചുകിട്ടണമെങ്കില്‍ പിഴ അടക്കേണ്ടിവരുമെന്നും മുനിസിപ്പാലിറ്റിയുടെ നിര്‍ദേശം പാലിക്കാത്ത നിയമലംഘനം നടത്തുന്ന ടെന്‍റുകള്‍ക്ക് ഇന്‍ഷുര്‍ തുക തിരിച്ചുനല്‍കില്ളെന്നും  അധികൃതര്‍ അറിയിച്ചിരുന്നു.
തണുപ്പുകാലം തുടങ്ങുന്ന നവംബര്‍ തുടക്കം മുതല്‍ മാര്‍ച്ച് അവസാനം വരെയാണ് മരുപ്രദേശങ്ങളിലും തുറന്ന സ്ഥലങ്ങളിലും ടെന്‍റുകള്‍ നിര്‍മിക്കാന്‍ അനുവാദമുള്ളത്. ഈ കാലയളവിന് മുമ്പോ ശേഷമോ ടെന്‍റുകള്‍ നിര്‍മിക്കുന്നത് കുറ്റകരമാണ്. ഇക്കാര്യത്തില്‍ സ്വദേശികളും വിദേശികളുമുള്‍പ്പെടെ രാജ്യനിവാസികള്‍ ജാഗ്രത കാണിക്കണമെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. തണുപ്പിന്‍െറ സുഖശീതളിമ ആസ്വദിച്ച് ഇഷ്ടവിഭവങ്ങള്‍ ആഹരിച്ച് കൂട്ടുകാര്‍ക്കൊപ്പം കളിതമാശകള്‍ പങ്കുവെച്ച് സജീവമാകുന്ന രാത്രികളാണ് കൊഴിഞ്ഞുവീഴുന്നത്. തണുപ്പ് ആസ്വദിക്കാനുള്ള ടെന്‍റ് ജീവിതം സ്വദേശി സമൂഹത്തിന്‍െറ ജീവിതശൈലിയുടെ ഭാഗമാണ്.
 എല്ലാ സംവിധാനങ്ങളുമുള്ള ആധുനിക ടെന്‍റുകള്‍ മുതല്‍ സാധാരണക്കാരുടെ സാദാ ടെന്‍റുകള്‍ വരെയുണ്ട്. താമസിക്കാനത്തെുന്നവരുടെ പേരും പെരുമയും അനുസരിച്ച് ക്യാമ്പില്‍ വൈദ്യുതിയും ഇലക്ട്രോണിക് ഉപകരണങ്ങളും നവീന പാചക സൗകര്യങ്ങളും ഹീറ്ററുകളുമെല്ലാമുണ്ടാകും. പ്രത്യേക ലൈസന്‍സ് മുനിസിപ്പാലിറ്റിയില്‍നിന്ന് കരസ്ഥമാക്കിയാണ് ടെന്‍റുകള്‍ കെട്ടുന്നത്.

 

എഞ്ചിനിയറുടെ മരണം: തമിഴ്നാട് മുന്‍ മന്ത്രി എസ്.എസ് കൃഷ്ണമൂര്‍ത്തി അറസ്റ്റില്‍

Posted: 04 Apr 2015 09:36 PM PDT

Image: 

ചെന്നൈ: എ.ഐ.എ.ഡി.എം.കെ നേതാവും മുന്‍മന്ത്രിയുമായ എസ്.എസ് കൃഷ്ണമൂര്‍ത്തിയെ തമിഴ്നാട് ക്രൈംബ്രാഞ്ച് സി.ഐ.ഡി വിഭാഗം അറസ്റ്റു ചെയ്തു. കൃഷി വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന മുത്തു കുമാരസ്വാമിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

തിരുനെല്‍വേലിയില്‍ എക്സിക്യുട്ടീവ് എഞ്ചിനീയറായിരുന്ന മുത്തു കുമാരസ്വാമി കഴിഞ്ഞ ഫെബ്രുവരി 20നാണ് ട്രെയിനില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. കൃഷി വകുപ്പ് മന്ത്രിയായ കൃഷ്ണമൂര്‍ത്തിയുടെ ഓഫീസ് സ്റ്റാഫ് 14 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ജില്ലാ കളക്ടര്‍ക്ക് കുമാരസ്വാമി പരാതി നല്‍കിയിരുന്നു.  ഇതെ തുടര്‍ന്ന് വകുപ്പില്‍ നിന്നുണ്ടായ ഭീഷണിയെ തുടര്‍ന്നാണ് കുമാരസ്വാമി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചിരുന്നു.

സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് മാര്‍ച്ച് ഏഴിന് കൃഷ്ണമൂര്‍ത്തി മന്ത്രിസ്ഥാനം രാജിവെക്കുകയും കേസ് സി.ബി.ഐ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കേസില്‍ കൃഷി വകുപ്പിലെ ചീഫ് എഞ്ചിനിയര്‍ സെന്തിള്‍ നേരത്തെ അറസ്റ്റിലായിരുന്നു.

പൊതുമാപ്പിന് എംബസികള്‍ തയാറെടുക്കുന്നു; ഈ ആഴ്ച പ്രഖ്യാപനമുണ്ടാവും

Posted: 04 Apr 2015 08:52 PM PDT

Image: 

മസ്കത്ത്: അനധികൃതമായി ഒമാനില്‍ തങ്ങുന്നവര്‍ക്ക് പിഴയൊന്നും നല്‍കാതെ രാജ്യം വീണ്ടും അവസരം ഒരുങ്ങുന്നു. വിസ, റെസിഡന്‍റ്സ് കാര്‍ഡ് തുടങ്ങിയ യാത്രാ രേഖകളില്ലാതെ ഒമാനില്‍ തങ്ങുന്ന വിദേശികള്‍ക്കാണ് ഒമാന്‍ രാജ്യം വിടാന്‍ അവസരം ഒരുക്കുന്നത്. വിഷയം ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ ചൊവ്വാഴ്ച വിവിധ എംബസികളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് ഈ ആഴ്ച മുതല്‍ പൊതുമാപ്പ് പ്രഖ്യാപിക്കുമെന്ന സൂചനകള്‍ ലഭിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ അനധികൃതമായി ഒമാനില്‍ തങ്ങുന്നവരെ നാട്ടിലയക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്.
അനധികൃതമായി തങ്ങുന്നവരെ നാട്ടിലയക്കാന്‍ അവസരം ഒരുക്കുമെന്ന് വിവിധ എംബസികളുടെ പ്രതിനിധികള്‍ അറിയിച്ചു. തങ്ങള്‍ പൊതുമാപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി ഒമാനിലെ പാകിസ്താന്‍ എംബസി പ്രതിനിധികള്‍ പറഞ്ഞു. അനധികൃതമായി തങ്ങുന്ന പാകിസ്താന്‍ സ്വദേശികളെ പ്രയാസരഹിതമായി നാട്ടിലയക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതായും വ്യാഴാഴ്ച മുതല്‍തന്നെ ഇത് ആരംഭിച്ചതായും എംബസി അധികൃതര്‍ പറഞ്ഞു. നിരവധി പേര്‍ ഇതിനായി എംബസിയെ സമീപിച്ചിട്ടുണ്ട്. ഇതിനായി നടപടി ക്രമങ്ങള്‍ തുടങ്ങുകയും ചെയ്തു.
അനധികൃതമായി ഒമാനില്‍ കഴിയുന്ന ഇന്തോനേഷ്യന്‍ സ്വദേശികള്‍ക്ക് നാട്ടില്‍ പോവാന്‍ അവസരം ഒരുക്കുന്നതായി ഇന്ത്യോനേഷ്യന്‍ എംബസി അധികൃതരും അറിയിച്ചു. ജൂണ്‍വരെ പൊതുമാപ്പ് തുടരും. അനധികൃതമായി ഒമാനില്‍  തങ്ങുന്ന ഇന്തോനേഷ്യന്‍ സ്വദേശികളുടെ വിവരങ്ങള്‍ ശേഖരിക്കുമെന്നും എംബസി വൃത്തങ്ങള്‍ പറഞ്ഞു. ഒമാനിലെ ബംഗ്ളാദേശ് എംബസിയും പൊതുമാപ്പിന് ഒരുങ്ങിക്കഴിഞ്ഞു. ഒരു നിയമ നടപടിയുമില്ലാതെ ഒമാനില്‍ തങ്ങുന്ന ബംഗ്ളാദേശ് സ്വദേശികളെ നാട്ടിലയക്കാന്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തുമെന്ന് ബംഗ്ളാദേശ് എംബസി അധികൃതര്‍ പറഞ്ഞു. അനധികൃതമായി താമസിക്കുന്നവര്‍ക്ക് ഫോറങ്ങള്‍ നല്‍കിത്തുടങ്ങിയതായും അധികൃതര്‍ പറഞ്ഞു. അനധികൃതമായി ഒമാനില്‍ തങ്ങുന്നവര്‍ക്ക് പിഴയോ മറ്റ് നിയമ നടപടികളോ ഇല്ലാതെ രാജ്യംവിടാനുള്ള സുവര്‍ണാവസരമാണിതെന്ന് ബംഗ്ളാദേശ് സോഷ്യല്‍ ക്ളബ് പ്രസിഡന്‍റ് മുഹമ്മദ് ശഫീഖുല്‍ ഇസ്ലാം ബുഹിയാന്‍ പറഞ്ഞു.
അനധികൃതമായി തങ്ങുന്നവര്‍ പാസ്പോര്‍ട്ടും ടിക്കറ്റുമായി എംബസിയെ സമീപിക്കണം. നേപ്പാളീസ് സാമൂഹിക പ്രവര്‍ത്തകരും ഫോറങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വിവിധ രാജ്യക്കാര്‍ക്ക് രാജ്യം വിമാനത്താവളത്തില്‍ പ്രത്യേക ദിവസങ്ങളാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് നോണ്‍ റെസിഡന്‍റ് നേപ്പാളി അസോസിയേഷന്‍ പ്രസിഡന്‍റ് അറിയിച്ചു.
2009 അവസാനമാണ് കഴിഞ്ഞ പൊതുമാപ്പ് പ്രഖ്യാപിച്ചത്. 2011 ആദ്യം വരെ പൊതുമാപ്പ് നീണ്ടുനിന്നിരുന്നു. വിവിധ രാജ്യക്കാരായ 50,000 പേര്‍ അന്ന് രാജ്യം വിട്ടിരുന്നു. എന്നാല്‍, പൊതുമാപ്പിന് രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാര്‍ അടക്കമുള്ള ആയിരങ്ങള്‍ അന്ന് രാജ്യ വിട്ടിരുന്നില്ല. എന്നാല്‍, ഈ പൊതുമാപ്പിനുശേഷവും രാജ്യം വിടാത്തവര്‍ കടുത്ത വില നല്‍കേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അടുത്തിടെ ഒമാന്‍ സര്‍ക്കാര്‍ അനധികൃതമായി ഒമാനില്‍ തങ്ങുന്നവരെയും തൊഴില്‍ നിയമം ലംഘിക്കുന്നവരെയും പിടികൂടാന്‍ പ്രത്യേക സ്ക്വാഡുകള്‍തന്നെ രൂപവത്കരിച്ചിരുന്നു. ഇക്കാരണത്താന്‍ വിവിധ എംബസി അധികൃതര്‍ ഒമാന്‍ സര്‍ക്കാറിനോട് പൊതുമാപ്പ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പൊതുമാപ്പ് പ്രഖ്യാപിച്ചാലും തൊഴില്‍ നിയമം ലംഘിക്കുന്നവരെയും അനധികൃതമായി തങ്ങുന്നവരെയും പിടികൂടാന്‍ പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
 

കേരളാ കോണ്‍ഗ്രസ് വിടില്ലെന്ന്‌ പി.സി ജോര്‍ജ്

Posted: 04 Apr 2015 08:33 PM PDT

Image: 

കോട്ടയം: കേരളാ കോണ്‍ഗ്രസ് വിടില്ളെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. കെ.എം മാണിക്ക് വേണമെങ്കില്‍ പാര്‍ട്ടിവിടാം. കേരളാ കോണ്‍ഗ്രസ് ഇപ്പോള്‍ പാര്‍ട്ടിയല്ല, കോണ്‍ഫെഡറേഷനാണ്. തന്നെ പുറത്താക്കാന്‍ മാണിക്ക് അവകാശമില്ല. കേരളാ കോണ്‍ഗ്രസ് ഭരണഘടനയില്ലാത്ത പാര്‍ട്ടിയാണെന്നും ജോര്‍ജ് പറഞ്ഞു.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യും. അവിശ്വാസം ഉണ്ടാകാതിരിക്കാന്‍ ഓപണ്‍ വോട്ടിന് സ്പീക്കറോട് അഭ്യര്‍ഥിക്കും. ആരെങ്കിലും വോട്ട് മാറ്റി ചെയ്താല്‍ തന്നെ തെറ്റിദ്ധരിക്കുമെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടി.

വോട്ട് മാറ്റി ചെയ്താല്‍ മാത്രമേ അയോഗ്യതയാകൂവെന്നും അയോഗ്യതയുടെ പേരു പറഞ്ഞ് ആരും പേടിപ്പിക്കേണ്ടെന്നും പി.സി ജോര്‍ജ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ക്രിസ്ത്യന്‍ സമൂഹം ഈസ്റ്റര്‍ ആഘോഷത്തില്‍

Posted: 04 Apr 2015 08:28 PM PDT

Image: 
Subtitle: 
50 ദിവസത്തെ ഉപവാസത്തിന് വിരാമം

അബൂദബി: 50 ദിവസത്തെ ഉപവാസത്തിന് വിരാമമിട്ട് യു.എ.ഇയിലെ ക്രൈസ്തവ സമൂഹം ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശുക്രിസ്തുവിന്‍െറ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച് യു.എ.ഇയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ വിവിധ ആരാധനകളും പ്രാര്‍ഥനകളും നടന്നു.
വിവിധ ദേശക്കാരായ ആയിരക്കണക്കിന് പേര്‍ ആരാധനകളിലും ഉയിര്‍പ്പുപെരുന്നാള്‍ ആഘോഷത്തിലും പങ്കെടുത്തു. രാത്രിയില്‍ മണിക്കൂറുകള്‍ നീണ്ട ആരാധനകള്‍ക്ക് ശേഷമാണ് വിശ്വാസികള്‍ വീടുകളിലേക്ക് മടങ്ങിയത്. പള്ളികളില്‍ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നും ആലിംഗനം ചെയ്തും വിശ്വാസികള്‍ ഉയിര്‍പ്പു
പെരുന്നാള്‍ ആഘോഷങ്ങളില്‍ മുഴുകി. പള്ളികളില്‍ കേക്കുകളും മധുര പലഹാരങ്ങളും ഒരുക്കുകയും ചെയ്തിരുന്നു. അബൂദബിയിലെയും അല്‍ഐനിലെയും ദുബൈയിലെയും ഫുജൈറയിലെയും ദേവാലയങ്ങളില്‍ ആരാധനകളും ആഘോഷങ്ങളും നടന്നു. അബൂദബി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്ന ഉയിര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത, വികാരി റവ. ഫാ. എം.സി. മത്തായി മാറാച്ചേരില്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ആയിരക്കണക്കിന് വിശ്വാസികളെ ഉള്‍ക്കൊള്ളുന്നതിന് പള്ളിയില്‍ സൗകര്യം ഒരുക്കിയിരുന്നു. കത്തീഡ്രല്‍ ട്രസ്റ്റി എ.ജെ. ജോയ്കുട്ടി, സെക്രട്ടറി സ്റ്റീഫന്‍ മല്ളേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കിയത്.
ദുബൈ സെന്‍റ്  തോമസ് ഓര്‍ത്തഡോക്സ്  കത്തീഡ്രലില്‍ ശനിയാഴ്ച രാത്രി നടന്ന ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക്  ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പൊലീത്ത മുഖ്യ കാര്‍മ്മികത്വം  വഹിച്ചു.
വി.ടി .തോമസ്  കോര്‍ എപ്പിസ്കോപ്പ , വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. ലാനി ചാക്കോ, ഫാ. പി.ടി. ജോര്‍ജ് എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു. വൈകിട്ട് 6.30 ന് തുടങ്ങിയ സന്ധ്യാ നമസ്കാരത്തെ തുടര്‍ന്നാണ് ശുശ്രൂഷകള്‍ ആരംഭിച്ചത്. ‘ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു’ എന്ന് മുഖ്യ കാര്‍മ്മികന്‍ പ്രഖ്യാപിച്ചപ്പോള്‍ ‘സത്യമായും ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു’ എന്ന് വിശ്വാസികള്‍ പ്രതിവാക്യമായി ഏറ്റു ചൊല്ലി. ഈ സമയം ദേവാലയ മണികള്‍ മുഴങ്ങി.
തുടര്‍ന്ന് പ്രദക്ഷിണവും സ്ളീബാ ആരാധനയും വിശുദ്ധ കുര്‍ബാനയും നടന്നു. ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ശുശ്രൂഷകള്‍ക്ക് ശേഷം ഈസ്റ്റര്‍ മുട്ട വിതരണം ചെയ്തു. 12,000 ത്തോളം മുട്ടകളാണ് ഇതിനുവേണ്ടി  തയാറാക്കിയിരുന്നത്.

വിശ്വാസത്തിന് വേണ്ടി ജീവിക്കാന്‍ മാര്‍പാപ്പയുടെ ആഹ്വാനം

Posted: 04 Apr 2015 08:21 PM PDT

Image: 

വത്തിക്കാന്‍സിറ്റി: ഭിന്നതകള്‍ ഇല്ലാതാക്കാന്‍ സത്യാന്വേഷികള്‍ക്കാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങില്‍ ഈസ്റ്റര്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അലസതയിലും അലംഭാവത്തിലും മുഴുകി പിന്നോട്ടടിക്കാതെ സുരക്ഷിത സ്ഥാനങ്ങളിലെത്തണം. സത്യം, സൗന്ദര്യം, സ്നേഹം എന്നിവയ്ക്കായി എല്ലാവരും പരിശ്രമിക്കണം. വിശ്വാസത്തിന് വേണ്ടി ജീവിക്കാന്‍ മാര്‍പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ക്രിസ്തുമത വിശ്വാസികള്‍ക്കെതിരായ ആക്രമണങ്ങളില്‍ മാര്‍പാപ്പ ആശങ്ക പ്രകടിപ്പിച്ചു.

വത്തിക്കാനിലെ ഈസ്റ്റര്‍ കുര്‍ബാനക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈദികരും വിശ്വാസികളും പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുത്തു. സഭയിലെത്തുന്ന മുതിര്‍ന്നവര്‍ക്ക് ജ്ഞാനസ്നാനം നല്‍കി. കെനിയയില്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കത്തോലിക്കരെ അനുസ്മരിച്ച് അവിടെ നിന്നുള്ള പത്തുപേരെ മാര്‍പാപ്പ ആശീര്‍വദിച്ചു.

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ നടപടി –മന്ത്രി അനില്‍കുമാര്‍

Posted: 04 Apr 2015 07:56 PM PDT

Image: 

മനാമ: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള ടൂറിസം പരിപോഷിപ്പിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് കേരള ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു. ബഹ്റൈന്‍ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സ്ഥാനാരോഹണ ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയതിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. ഇതിനായി ട്രാവല്‍ ഏജന്‍റുമാരും ടൂര്‍ ഓപറേറ്റര്‍മാരുമായി ചേര്‍ന്ന് പദ്ധതികള്‍ തയാറാക്കും. നിലവില്‍ കേരളത്തിലത്തെുന്ന ടൂറിസ്റ്റുകള്‍ ഏറെയും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. കേരളവുമായി അടുത്ത ബന്ധമുള്ള ഗള്‍ഫില്‍ നിന്നുള്ളവരെ എങ്ങിനെ ആകര്‍ഷിക്കാം എന്ന കാര്യമാണ് ആലോചനയിലുള്ളത്. ഗള്‍ഫിലുള്ളവര്‍ക്ക് ചുരുങ്ങിയ സമയം കൊണ്ട് എത്താവുന്ന ഇടം എന്ന നിലക്ക് കേരളത്തിന് ഒരു പ്രധാന യാത്രാഇടമായി മാറാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
ബഹ്റൈന്‍ ടൂറിസത്തിന് വലിയ പിന്തുണ നല്‍കുന്ന രാജ്യമാണ്. എന്നാല്‍ ഇവിടെ നിന്നുള്ള ടൂറിസ്റ്റുകളും കേരളത്തെ പരിഗണിക്കുന്നില്ല. ഇതിനായി കേരള ടൂറിസം വകുപ്പ് റോഡ് ഷോ ഉള്‍പ്പെടെ നടത്തും. ഗള്‍ഫ് രാജ്യങ്ങളില്‍ ദുബൈയില്‍ നിന്നാണ് കേരളത്തിലേക്ക് അധികം പേരും എത്തുന്നത്. ഈ സാധ്യത മറ്റുരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ മദ്യപാനം വലിയ സാമൂഹിക പ്രശ്നമായി മാറിയ സാഹചര്യത്തിലാണ് മദ്യനിരോധം എന്ന ആശയം സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. ഇതിന് ഹൈകോടതിയും അംഗീകാരം നല്‍കി. ഇത് നടപ്പാക്കുമ്പോള്‍ ഈ രംഗത്ത് തൊഴിലെടുക്കുന്നവരുടെ പ്രശ്നങ്ങളാണ് പലരും ഉന്നയിച്ചിരുന്നത്.
 അവരുടെ താല്‍പര്യം കൂടി മുന്‍നിര്‍ത്തിയാണ് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. സമ്പൂര്‍ണ മദ്യ നിരോധം തന്നെയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. അതുകൊണ്ട് ടൂറിസത്തിനുവേണ്ടി ഇതില്‍ വെള്ളം ചേര്‍ക്കില്ല.കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകൊണ്ട് കേരളം ടൂറിസം ഭൂപടത്തിലെ ഒരു പ്രധാന ഇടമായി മാറി. അത് ഇനിയും വികസിക്കേണ്ടതുണ്ട്. എന്നാല്‍ നമ്മുടെ സംസ്കാരം പരിഗണിച്ചുമാത്രമേ ഇത് സാധ്യമാകൂ. ഗോവയും ശ്രീലങ്കയും സ്വീകരിക്കുന്ന ടൂറിസ്റ്റ് നയം നമുക്ക് സ്വീകരിക്കാന്‍ സാധിക്കില്ല.
സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായമായി ടൂറിസം മാറി. ഇതില്‍ പ്രദേശവാസികളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇത് മുന്‍നിര്‍ത്തിയുള്ള ക്യാമ്പയിന്‍ തന്നെ ടൂറിസം വകുപ്പ് തുടങ്ങിയിട്ടുണ്ട്.
ഹൗസ്ബോട്ടുകളും മറ്റും ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്നം പഠിക്കാന്‍ സമിതിയെ നിയോഗിക്കുകയും അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിലെ നിര്‍ദേശങ്ങള്‍ പരിഗണിക്കും. യൂറോപിലും മറ്റുമുണ്ടായ സാമ്പത്തിക പ്രതിസന്ധി പോലും കേരളത്തിലെ ടൂറിസം രംഗത്തെ ബാധിച്ചിട്ടില്ല. കേരളത്തില്‍ ടൂറിസ്റ്റുകള്‍ക്ക് ഭാഷ ഒരു തടസമല്ല എന്നത് ഈ മേഖലക്ക് അനുകൂലമായ ഘടകമാണ്. കേരളത്തിലിപ്പോള്‍ 1000ത്തിലധികം ഹോംസ്റ്റേകള്‍ ഉണ്ട്. ഏത് വിധത്തില്‍ നോക്കിയാലും വരുമാനമുണ്ടാക്കുന്ന മേഖലയായി ടൂറിസം മാറി.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ആറു മാസം പോകില്ല എന്നാണ് പറഞ്ഞിരുന്നത്.
അത് കൊണ്ട് സര്‍ക്കാര്‍ കാലാവധി തികക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. പ്രശ്നങ്ങള്‍ വരികയും പോകകുകയും ചെയ്യും. അത് സര്‍ക്കാറിന്‍െറ നിലനില്‍പ്പിനെ ബാധിക്കില്ല. ദിശാബോധം നഷ്ടപ്പെട്ട രീതിയിലാണ് ഇടതുപക്ഷം പെരുമാറുന്നത്. അതാണ് നിയമസഭയില്‍ ഉള്‍പ്പെടെ കണ്ടത്. സമരം ഏതായാലും അത് ജനാധിപത്യ രീതിയിലാകണം.
വയലാര്‍ രവിക്ക് രാജ്യസഭാ സീറ്റ് നല്‍കിയത് വിവാദ വിഷയമാക്കേണ്ട കാര്യമില്ളെന്നും അനില്‍കുമാര്‍ പറഞ്ഞു.
യുവാക്കള്‍ക്ക് ഏറ്റവുമധികം പരിഗണന നല്‍കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ പാര്‍ലമെന്‍റില്‍ മുതിര്‍ന്ന നേതാക്കളെ പൂര്‍ണമായും മാറ്റി നിര്‍ത്തേണ്ട കാര്യമില്ളെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി പി.ടി അജയ മോഹന്‍, മുതിര്‍ന്ന ഒ.ഐ.സി.സി നേതാക്കള്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
 

വഹാബിനെ തുണച്ചത് സമുദായ സംഘടനകള്‍

Posted: 04 Apr 2015 07:33 PM PDT

Image: 
Subtitle: 
രണ്ട് ചേരിയില്‍നിന്ന് പ്രശ്നം സങ്കീര്‍ണമാക്കിയതാവാം തീര്‍ത്തും ജനാധിപത്യ സ്വഭാവത്തില്‍ ലീഗധ്യക്ഷന്‍ കരുക്കള്‍ നീക്കിയത്

കോഴിക്കോട്: മുസ്ലിം ലീഗിന്‍െറ രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തിന് പി.വി. അബ്ദുല്‍ വഹാബിന് തുണയായത് സമുദായസംഘടനകളുടെയും ലീഗിന്‍െറ പോഷകഘടകങ്ങളുടെയും പിന്തുണ. പാര്‍ട്ടിക്കകത്തും പുറത്തും ഉയര്‍ന്ന വിവാദ കോലാഹലങ്ങള്‍ക്ക് വിരാമമിട്ട്  ശനിയാഴ്ച രാവിലെയാണ്  ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ വഹാബിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. കെ.പി.എ. മജീദ്, പി.വി. അബ്ദുല്‍ വഹാബ് ഇവരില്‍ ആരെ സ്ഥാനാര്‍ഥിയാക്കണം എന്നത്  ലീഗില്‍  മുമ്പൊന്നുമുണ്ടാകാത്ത ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും അഭിപ്രായ രൂപവത്കരണത്തിനുമാണ് വഴിയൊരുക്കിയത്. മുതിര്‍ന്ന നേതാക്കള്‍ രണ്ട് ചേരിയില്‍നിന്ന് പ്രശ്നം സങ്കീര്‍ണമാക്കിയതാവാം പതിവിന് വ്യത്യസ്തമായി തീര്‍ത്തും ജനാധിപത്യ സ്വഭാവത്തില്‍ ലീഗധ്യക്ഷന്‍ കരുക്കള്‍ നീക്കിയത്. സ്ഥാനാര്‍ഥി വിഷയം ചര്‍ച്ചചെയ്യാനായി ഉന്നതാധികാര സമിതി നിരന്തരം യോഗം ചേര്‍ന്നു.  പാര്‍ട്ടി സെക്രട്ടേറിയറ്റിന്‍െറയും നിയമസഭാ കക്ഷിയുടെയും യോഗം ഇതിന് മാത്രമായി ചേരുകയുണ്ടായി. പുറമെ ഈ വിഷയം ചര്‍ച്ചചെയ്യാന്‍ ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയും വിളിച്ചുചേര്‍ത്തു. അവസാനം ഇന്നലെ കാലത്ത് വീണ്ടും പാര്‍ട്ടി ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

ലീഗിന്‍െറയും പോഷക സംഘടനകളുടെയും മാത്രമല്ല, ലീഗുമായി സഹകരിക്കുന്ന മതസംഘടനകളുടെ അഭിപ്രായവും നിലപാടും ഹൈദരലി തങ്ങള്‍ ആരാഞ്ഞു. ഇതില്‍ കേരളീയ മുസ്ലിം സമൂഹത്തില്‍ ഏറ്റവും ജനകീയാടിത്തറയുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കൂടാതെ കേരള നദ്വത്തുല്‍ മുജാഹിദീന്‍ എന്നീ സംഘടനകള്‍ വഹാബിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഗള്‍ഫ് വ്യവസായി എന്നനിലക്ക് കെ.എം.സി.സിയും വഹാബിനോടൊപ്പം നിന്നു. ലീഗിന്‍െറ പോഷക സംഘടനകളായ യൂത്ത്ലീഗിന്‍െറയും എം.എസ്.എഫിന്‍െറയും സാരഥികള്‍ നേരത്തെ പാണക്കാട്ടത്തെി ഹൈദരലി തങ്ങളുടെ ഏത് തീരുമാനത്തിനും പൂര്‍ണ പിന്തുണ അറിയിച്ചിരുന്നു.

പ്രവര്‍ത്തകസമിതി യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായപ്രകടനങ്ങളില്‍ കൂടുതലും മജീദിന് അനുകൂലമായിരുന്നു. തുടര്‍ന്ന് ഹൈദരലി തങ്ങള്‍ പാര്‍ട്ടിയുടെ വിവിധ ജില്ലാ ഭാരവാഹികളുടെ അഭിപ്രായം തേടിയപ്പോഴും മജീദിന്‍െറ പേര് മുന്നിട്ടുനിന്നു എന്നാണ് അറിയുന്നത്. എന്നാല്‍  ബാഹ്യ സമ്മര്‍ദങ്ങള്‍ക്കും പ്രോപഗണ്ടകള്‍ക്കും വഴങ്ങരുതെന്ന ഉറച്ച നിലപാടെടുത്താണ് ഹൈദരലി തങ്ങള്‍ വഹാബിന്‍െറ പേര് പ്രഖ്യാപിച്ചത്.
വഹാബ് സ്ഥാനാര്‍ഥിയാവുന്നത് തടയാന്‍ ലീഗിലെ ഒരുവിഭാഗം നടത്തിയ പ്രചാരണങ്ങള്‍ അവര്‍ക്കുതന്നെ വിനയാവുകയായിരുന്നു. വഹാബ് സി.പി.എം നേതാവ് പിണറായി വിജയനെ മലപ്പുറം ഗെസ്റ്റ്ഹൗസില്‍ ചെന്ന് കണ്ട് ചര്‍ച്ച നടത്തിയെന്നതായിരുന്നു ഇതിലൊന്ന്. വഹാബിനെതിരെ മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രവര്‍ത്തകസമിതി യോഗം തുടങ്ങുന്നതിന് മണിക്കൂര്‍ മുമ്പ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റായിരുന്നു മറ്റൊന്ന്. മാധ്യമങ്ങളെ ഉപയോഗിച്ച് ഈ രണ്ട് വിഷയവും വലിയ ചര്‍ച്ചയാക്കിയെങ്കിലും ഇതൊന്നും ലീഗധ്യക്ഷനെ സ്വാധീനിക്കുന്നതിന് പര്യാപ്തമായില്ല. മാത്രവുമല്ല, പല പ്രചാരണങ്ങളും തിരിച്ചടിയാവുകയാണുണ്ടായത്.  

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥിനിര്‍ണയത്തിന്‍െറ  സമയത്തും പാര്‍ട്ടിയില്‍ ഇതുപോലെ വലിയ കോലാഹലങ്ങള്‍ നടന്നിരുന്നു. അന്ന് മലപ്പുറത്ത് ഇ. അഹമ്മദിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കുന്നതിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് എതിര്‍പ്പ്. നേതൃത്വത്തിലെ ബഹുഭൂരിഭാഗവും തന്നെ കൈവെടിഞ്ഞിട്ടും പി.വി. അബ്ദുല്‍ വഹാബിനെ ചാവേറാക്കി ഇറക്കിയാണ് നഷ്ടപ്പെടുമെന്നായ സ്ഥാനാര്‍ഥിത്വം അഹമ്മദ് തിരിച്ചുപിടിച്ചത്. അഹമ്മദിനെ മാറ്റുകയാണെങ്കില്‍ മലപ്പുറത്ത് തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന് കുഞ്ഞാലിക്കുട്ടിയോട് തുറന്നടിച്ച വഹാബ് അല്ളെങ്കില്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും ഭീഷണിമുഴക്കി. കാര്യങ്ങള്‍ പന്തിയല്ളെന്ന് മനസ്സിലാക്കിയ ലീഗ് നേതൃത്വം അഹമ്മദിനുതന്നെ സീറ്റ് നല്‍കിയാണ് പ്രശ്നം പരിഹരിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വഹാബിന് സീറ്റ് നല്‍കാതിരുന്നത് രാജ്യസഭയിലേക്ക് അവസരം നല്‍കാമെന്ന് പറഞ്ഞായിരുന്നു. ഈ വാക്ക് പാലിക്കാനും ഹൈദരലി തങ്ങള്‍ ബാധ്യസ്ഥനായി. ഇത് ജനാധിപത്യ രീതിയിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയാണ് നിരന്തര ചര്‍ച്ചയും കൂടിയാലോചനകളും നടത്തിയത്. ലീഗില്‍ അധികാരകേന്ദ്രം ഒന്നേയുള്ളൂവെന്ന് തെളിയിക്കല്‍കൂടിയാണ് ഹൈദരലി ശിഹാബ് തങ്ങളുടെ ഈ നടപടി.

ഹാഷിംപുര കുരുതി: ഒരു നേര്‍സാക്ഷ്യം

Posted: 04 Apr 2015 06:54 PM PDT

Image: 
Subtitle: 
1987 മേയ് 22ന് യു.പിയിലെ മീറത്തിനടുത്തുള്ള ഹാഷിംപുര ഗ്രാമത്തില്‍ പി.എ.സി (പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി) എന്ന പൊലീസ് വിഭാഗം നിരപരാധികളായ 42 മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത ദാരുണ സംഭവം അന്നത്തെ ഗാസിയാബാദ് പൊലീസ് സൂപ്രണ്ടായിരുന്ന ലേഖകന്‍ ഓര്‍ത്തെടുക്കുന്നു

ഡല്‍ഹി^ഗാസിയാബാദ് അതിര്‍ത്തിയില്‍ മഖന്‍പൂര്‍ ഗ്രാമത്തിലൂടെ ഒഴുകുന്ന ആ തോടിന്‍െറ ഓരത്തെ കുറ്റിക്കാടുകളില്‍ ഞാന്‍ ചെലവഴിച്ച ആ രാത്രി (1987 മേയ് 22) ഒരു ദു$സ്വപ്നംപോലെ എന്‍െറ ഓര്‍മകളില്‍ ആഴ്ന്നുകിടക്കുകയാണ്. എന്‍െറ ടോര്‍ച്ചിന്‍െറ മങ്ങിയ വെളിച്ചത്തില്‍, ആ കുറ്റിക്കാടുകള്‍ക്കുള്ളില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങള്‍ക്കിടയില്‍ ജീവനുള്ള ഒരാത്മാവെങ്കിലും ബാക്കി കിടക്കുന്നുണ്ടോ എന്ന്  തിരയുകയായിരുന്നു ഞാന്‍. ഹാപൂരില്‍നിന്ന് രാത്രി 10.30ന് ഗാസിയാബാദില്‍ മടങ്ങിയത്തെിയിട്ടേയുണ്ടായിരുന്നുള്ളൂ ഞാന്‍. എന്‍െറ കൂടെ ജില്ലാ മജിസ്ട്രേറ്റ് നസീം സൈദിയുമുണ്ടായിരുന്നതിനാല്‍ പൊലീസ് വസതിയിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹത്തെ വീട്ടില്‍ കൊണ്ടുവിട്ടു. പൊലീസ് വസതിയുടെ കവാടത്തില്‍ എന്‍െറ കാറിന്‍െറ വെളിച്ചം വീണതേയുള്ളൂ, പേടിച്ചരണ്ട് ഒറ്റക്കുനിന്ന് പരുങ്ങുന്ന സബ് ഇന്‍സ്പെക്ടര്‍ ബി.ബി. സിങ്ങിനെയാണ് ഞാന്‍ കാണുന്നത്. ആ സമയത്ത്, അടുത്തുത്തന്നെയുള്ള ലിങ്ക് റോഡ് പൊലീസ് സ്റ്റേഷന്‍െറ ചുമതലയായിരുന്നു അദ്ദേഹത്തിന്. ഗൗരവമുള്ള എന്തോ അവിടെ സംഭവിച്ചുകഴിഞ്ഞിട്ടുണ്ടെന്ന് അനുഭവത്തില്‍നിന്ന് എനിക്ക് കണക്കുകൂട്ടാന്‍ കഴിഞ്ഞു. ഡ്രൈവറോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട് ഞാന്‍ പുറത്തിറങ്ങി. ഭീതിയിലായിരുന്നു ബി.ബി. സിങ്. ഭയംകാരണം കാര്യങ്ങള്‍ കൃത്യമായി പറയാന്‍പോലും അദ്ദേഹത്തിന് കഴിയുന്നുണ്ടായിരുന്നില്ല. വാക്കുകളിടറി, തീരെ ക്രമമില്ലാതെ അദ്ദേഹം പറഞ്ഞുതീര്‍ത്ത കാര്യങ്ങള്‍തന്നെ എന്നെ ആവോളം സ്തബ്ധനാക്കാന്‍ പോന്നവയായിരുന്നു. അദ്ദേഹത്തിന്‍െറ സ്റ്റേഷന്‍ പരിധിയിലെവിടെയോ പി.എ.സി കുറച്ച് മുസ്ലിംകളെ കൊലപ്പെടുത്തിയിരിക്കുന്നു.

എന്തിന്? എത്രപേരെ? എവിടെ? ഒന്നും വ്യക്തമല്ല. തനിക്കറിയാവുന്ന കാര്യങ്ങള്‍ അദ്ദേഹത്തെക്കൊണ്ട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയിപ്പിച്ച് സംഭവങ്ങളുടെ ഏകദേശ രൂപം അല്‍പാല്‍പമായി ഞാനുണ്ടാക്കിയെടുത്തു. ബി.ബി. സിങ്ങില്‍നിന്നും കൂട്ടിയോജിപ്പിച്ചു കിട്ടിയ വിവരങ്ങള്‍ പ്രകാരം സംഭവിച്ചതിതാണ്. അദ്ദേഹം തന്‍െറ ഓഫിസിലിരിക്കുമ്പോള്‍, ഏകദേശം ഒമ്പതുമണിയോടുകൂടി മഖന്‍പൂര്‍ ഭാഗത്തുനിന്ന് വെടിയൊച്ചകള്‍ കേട്ടു. അദ്ദേഹവും സ്റ്റേഷനിലെ മറ്റുള്ളവരും ഗ്രാമത്തില്‍ വല്ല കൊള്ളയും നടക്കുകയാവും എന്നാണ് കരുതിയത്. ഒരു ചെക് റോഡിലൂടെ തന്‍െറ മോട്ടോര്‍സൈക്കിളില്‍ ബി.ബി. സിങ് ഗ്രാമത്തിലേക്ക് പാഞ്ഞു. സ്റ്റേഷന്‍ ഓഫിസും ഒരു കോണ്‍സ്റ്റബിളും അദ്ദേഹത്തിന്‍െറ പിന്നിലിരുന്നു. ചെക് റോഡിലൂടെ അവര്‍ ഒരു നൂറുവാര പിന്നിട്ടില്ല, അപ്പോഴേക്കും എതിര്‍ദിശയില്‍നിന്ന് ഒരു ട്രക്ക് ചീറിപ്പാഞ്ഞ് വരുന്നതു കണ്ടു. ബി.ബി. സിങ് തന്‍െറ മോട്ടോര്‍സൈക്കിള്‍ റോഡില്‍നിന്ന് തെറ്റിച്ചില്ലായിരുന്നുവെങ്കില്‍ ആ ട്രക്ക് അവര്‍ക്കുമേല്‍ കയറിയിറങ്ങുമായിരുന്നു.
വാഹനം ബാലന്‍സ് തെറ്റാതെ നോക്കുന്നതിനിടയില്‍ അവര്‍ക്ക് കാണാന്‍ കഴിഞ്ഞത് ഇത്രമാത്രം: പിന്‍ഭാഗത്ത് 41 എന്ന നമ്പര്‍ എഴുതിയ ഒരു മഞ്ഞ ട്രക്കാണത്. കാക്കി ധരിച്ചവര്‍ പിന്‍സീറ്റിലിരിക്കുന്നതും അവര്‍ക്ക് കാണാന്‍ കഴിഞ്ഞു.

ഈ സമയത്ത് എന്തിനാവും  മഖന്‍പൂരില്‍നിന്ന് ഒരു പി.എ.സി ട്രക്ക് വരുന്നത്? നേരത്തേ കേട്ട വെടിവെപ്പിലെ നിഗൂഢതയെന്ത്? ഏതായാലും ബി.ബി. സിങ് വീണ്ടും ഗ്രാമത്തിലേക്കുതന്നെ ബൈക്ക് വിട്ടു. ഒരു മൈല്‍ അകലെയല്ലാതെ കണ്ടത്തെിയ കാഴ്ച അവരെ അടിമുടി നടുക്കിക്കളഞ്ഞു. ചെക് റോഡിനു കുറുകെ ഒഴുകുന്ന തോടിന്‍െറ പാലത്തിനുമുകളില്‍നിന്ന് ബി.ബി. സിങ് മോട്ടോര്‍ സൈക്കിളിന്‍െറ ഹെഡ്ലൈറ്റ് തോടിന്‍െറ കരകളിലേക്ക് തെളിച്ചപ്പോള്‍ നേരത്തേ കേട്ട വെടിയൊച്ചയുടെ സത്യാവസ്ഥ അവര്‍ക്ക് പിടികിട്ടി. അവിടമാകെ രക്തക്കറ പരന്നിരുന്നു. കരയിലും കുറ്റിക്കാടുകള്‍ക്കിടയിലും വെള്ളത്തിലും അല്‍പസമയം മുമ്പു മാത്രം പറ്റിയ മുറിവുകളോടുകൂടിയ മൃതദേഹങ്ങള്‍ കാണാമായിരുന്നു. ഇന്‍സ്പെക്ടറും സംഘവും പരിസരം പരിശോധിക്കുകയും  സംഭവിച്ചത് ഊഹിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആകെ അവര്‍ക്ക് കണക്കുകൂട്ടിയെടുക്കാന്‍ കഴിഞ്ഞത് ആ ശവശരീരങ്ങളും നേരത്തേ കടന്നുപോയ പി.എ.സി ട്രക്കും തമ്മില്‍ ബന്ധമുണ്ടാകണം എന്നതുമാത്രം. കോണ്‍സ്റ്റബിളിനെ അവിടെ നിര്‍ത്തി, വി.ബി. സിങ് തന്‍െറ കൂടെയുള്ള ഓഫിസറുമൊത്ത്, ഡല്‍ഹി-ഗാസിയാബാദ് റോഡില്‍ പൊലീസ് സ്റ്റേഷനടുത്ത് സ്ഥിതിചെയ്യുന്ന പി.എ.സി 41ാം ബറ്റാലിയന്‍െറ ആസ്ഥാനത്തേക്ക് തിരിച്ചു.

പ്രധാന കവാടം അടച്ചിരുന്നു. ഒരുപാട് തര്‍ക്കിച്ചെങ്കിലും അകത്തുകടക്കാന്‍ കാവല്‍നില്‍ക്കുന്ന സെന്‍ട്രി സമ്മതിച്ചില്ല. അങ്ങനെയാണ് വി.ബി. സിങ്, സോണല്‍ ഓഫിസില്‍ വന്ന് എന്നെ കാര്യങ്ങള്‍ അറിയിക്കുന്നത്. ആദ്യം  ഞാന്‍ ജില്ലാ മജിസ്ട്രേറ്റ് നസിം സൈദിയെ വിളിച്ചു. അദ്ദേഹം ഉറങ്ങാറായിരുന്നു. തുടര്‍ന്ന്, ജില്ലാ ആസ്ഥാനത്തെ അഡീഷനല്‍ എസ്.ഐയെയും കുറച്ച് ഡെപ്യൂട്ടി എസ്.പിമാരെയും മജിസ്ട്രേറ്റുമാരെയും വിളിച്ച് തയാറാവാന്‍ നിര്‍ദേശം കൊടുത്തു. 45 മിനിറ്റുകള്‍ക്കുള്ളില്‍ ഏഴെട്ടു കാറുകളിലായി ഞങ്ങള്‍ മഖന്‍പൂര്‍ ഗ്രാമത്തിലേക്ക് തിരിച്ചു.
തോടിനു കുറുകെയുള്ള പാലത്തിന് അല്‍പം മുമ്പായി കാറുകള്‍ പാര്‍ക്ക് ചെയ്തു. തോടിന് അപ്പുറമുള്ള ഗ്രാമത്തില്‍നിന്ന് ഒരാളും അവിടെ എത്തിച്ചേര്‍ന്നിട്ടില്ല. ഭീതി അവരെയെല്ലാം വീട്ടിനുള്ളില്‍ തളച്ചിട്ടിരിക്കുകയാണെന്ന് തോന്നി. ലിങ്ക്റോഡ് പൊലീസ് സ്റ്റേഷനിലെ ഏതാനും ഓഫിസര്‍മാര്‍ എത്തിയിരുന്നു. അവരുടെ ടോര്‍ച്ചുകളിലെ മങ്ങിയ വെളിച്ചത്തിന് ഇരുട്ടുമൂടിയ കുറ്റിക്കാടുകള്‍ക്കിടയിലെ ഒന്നിനെയും വ്യക്തമായി കാണിക്കാനായില്ല. കാറുകള്‍ തോടിനുനേരെ നിര്‍ത്തി. ഹെഡ്ലൈറ്റുകള്‍ ഓണ്‍ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടു. 100 വാരയോളം വിസ്താരത്തില്‍ വെളിച്ചംകിട്ടി. കാറുകളുടെ വെളിച്ചവും മതിയാകുമായിരുന്നില്ല. എല്ലാവരും ടോര്‍ച്ചുകളെടുത്തിരുന്നു. മൃതദേഹങ്ങളിലെ രക്തം ഉണങ്ങിയിട്ടുണ്ടായിരുന്നില്ല. അവയില്‍നിന്ന് അപ്പോഴും രക്തക്കറ ഇറ്റുന്നുണ്ടായിരുന്നു. ശവശരീരങ്ങള്‍ അട്ടിയിട്ട് കിടക്കുകയാണ്. ചിലത് കുറ്റിക്കാടുകളില്‍ കുടുങ്ങിക്കിടപ്പാണ്. മറ്റു ചിലത് വെള്ളത്തില്‍ പകുതി മുങ്ങിയ നിലയിലും.

ഞങ്ങള്‍ ഇരുപത് പേരുണ്ടായിരുന്നു. എല്ലാവരും ചുറ്റുപാടും തിരയാന്‍ തുടങ്ങി. വല്ല മറുപടിയും കിട്ടുമോ എന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ കൂടക്കൂടെ ഒച്ചയിട്ടു നോക്കും. ശത്രുക്കളല്ളെന്നും പരിക്കേറ്റവരെ ആശുപത്രിയിലാക്കാന്‍ എത്തിയവരാണെന്നും അറിയിക്കുകയായിരുന്നു ഞങ്ങള്‍. എന്നാല്‍, ഒരു മറുപടിയും കിട്ടിയില്ല. നിരാശരായി ചിലര്‍ പാലത്തിനടിയില്‍ ഇരുന്നു. ഇനി സമയം കളയുന്നതില്‍ കാര്യമില്ളെന്ന് ജില്ലാ മേധാവിയും ഞാനും തീരുമാനിച്ചു. അടുത്ത ദിവസത്തേക്കുള്ള നടപടിക്രമങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടായിരുന്നു. അതിനാല്‍, മൃതദേഹങ്ങള്‍ നീക്കുന്നതും കടലാസുപണികളും തല്‍ക്കാലം നിര്‍ത്താന്‍ തീരുമാനിച്ചു.  ഞങ്ങള്‍ ലിങ്ക് റോഡിലെ പൊലീസ് സ്റ്റേഷനിലേക്ക് നീങ്ങാന്‍ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് തോട്ടില്‍നിന്നും ഒരു ചുമയുടെ ശബ്ദം കേട്ടത്. ഞങ്ങള്‍ വിറങ്ങലിച്ചുപോയി.

എങ്കിലും ഞാന്‍ തോട്ടിലേക്ക് ചാടി. രക്ഷപ്പെട്ട ഒരാള്‍ കൂട്ടത്തിലുണ്ടെന്നും എന്നാല്‍ ഞങ്ങള്‍ രക്ഷകരാണെന്ന് അയാള്‍ വിശ്വസിക്കുന്നില്ളെന്നും വ്യക്തമായിരുന്നു. ഞങ്ങള്‍ ഒച്ചയുണ്ടാക്കി ഓരോ മൃതദേഹത്തിനു മുകളിലും വെളിച്ചമടിച്ചുനോക്കി. ഒടുവില്‍ ഇളകുന്ന ഒരു ശരീരം കാണാനായി. പകുതി വെള്ളത്തിലായി, കുറ്റിച്ചെടിയില്‍ തൂങ്ങിക്കിടക്കുന്ന ഒരു ശരീരം. സൂക്ഷ്മമായി പരിശോധിക്കാതെ അയാള്‍ക്ക് ജീവനുണ്ടോ എന്ന് പറയുക പ്രയാസമായിരുന്നു. ഞങ്ങള്‍ ഉപദ്രവിക്കാനല്ല, രക്ഷിക്കാനാണെന്നുപറഞ്ഞ് ഒരുപാട് ധൈര്യം കൊടുത്തതിനുശേഷം മാത്രം, ഭയന്നുവിറച്ചുണ്ടായ ദാരുണ സംഭവം അയാള്‍ വിവരിച്ചു. പേര് ബാബുദ്ദീന്‍. ഒരു ചെറിയ മുറിവേല്‍പിച്ച് ബുള്ളറ്റ് നേരിയ വ്യത്യാസത്തില്‍ അയാളെ കടന്നുപോവുകയായിരുന്നു. ബോധമറ്റ് അയാള്‍ കുറ്റിക്കാട്ടില്‍ വീണു. തിരക്കിനിടയില്‍ ഘാതകര്‍ അയാള്‍ മരിച്ചുവോ എന്ന് ഉറപ്പിക്കാന്‍ വിട്ടുപോയി. ശ്വാസമടക്കിപ്പിടിച്ച് പകുതിവെള്ളത്തിലും പകുതി കുറ്റിക്കാട്ടിലുമായി അയാള്‍ മരണത്തെ തോല്‍പിച്ചുകിടന്നു.

21 വര്‍ഷങ്ങള്‍ക്കുശേഷം ഹാഷിംപുരയെക്കുറിച്ച് പുസ്തകമെഴുതാന്‍ തയാറെടുത്ത ഞാന്‍ ബാബുദ്ദീനെ കണ്ടു (പി.എ.സി അയാളെ പൊക്കിയ അതേ സ്ഥലത്തുവെച്ച്). സംഭവദിവസം ഒരു കോണ്‍സ്റ്റബിളില്‍നിന്ന് വാങ്ങിയ ബീഡി ഞാന്‍ അദ്ദേഹത്തിന് കൊടുത്തത് അയാള്‍ ഓര്‍ത്തെടുത്തു. ബാബുദ്ദീന്‍െറ വിവരണപ്രകാരം, സാധാരണ പരിശോധനക്കിടയില്‍ അമ്പതോളം പേരെ പി.എ.സിക്കാര്‍ ട്രക്കില്‍ കയറ്റിയപ്പോള്‍ സ്റ്റേഷനിലേക്കോ ജയിലിലേക്കോ ആണ് കൊണ്ടുപോകുന്നതെന്നായിരുന്നു അവര്‍ കരുതിയത്. മഖന്‍പൂരില്‍നിന്ന് 45 മിനിറ്റ് ദൂരമകലെ പ്രധാന റോഡില്‍നിന്ന് മാറി ട്രക്ക് നിര്‍ത്തി അവരോട് ഇറങ്ങാന്‍ കല്‍പിച്ചു.

പകുതി പേര്‍ ഇറങ്ങിക്കഴിഞ്ഞില്ല, അപ്പോഴേക്കും പി.എസിക്കാര്‍ വെടിവെക്കാന്‍ തുടങ്ങി. ട്രക്കിലുള്ളവര്‍ ഉള്ളില്‍ ഒളിക്കാന്‍ നോക്കി. ബാബുദ്ദീന്‍ അവരില്‍ ഒരാളായിരുന്നു. ഇറങ്ങിയവര്‍ക്ക് എന്താണ് സംഭവിച്ചിരിക്കുക എന്ന് അയാള്‍ക്ക് ഊഹിക്കാന്‍ കഴിയുമായിരുന്നു. വെടിവെപ്പിന്‍െറ ശബ്ദം അയല്‍ഗ്രാമങ്ങളില്‍ കേട്ടതു കാരണം, അവിടെ നിന്ന് ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. പി.എ.സിക്കാര്‍ വീണ്ടും ട്രക്കില്‍ കയറി പിന്നാക്കമെടുത്ത് ഗാസിയാബാദിനു നേര്‍ക്ക് പാഞ്ഞു. വഴിയില്‍ മഖന്‍പൂരിലെ തോടിനടുത്ത് നിര്‍ത്തി വീണ്ടും ഉള്ളിലുള്ളവരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഇറങ്ങാന്‍ വിസമ്മതിച്ചവരെ വലിച്ച് പുറത്തിട്ട് വെടിവെച്ച് തോട്ടിലേക്കെറിഞ്ഞു. ട്രക്കിലിരുന്നവരെ അവിടത്തെന്നെ വെടിവെച്ചിട്ടു. ബാബുദ്ദീന്‍ ഈ വിവരങ്ങള്‍ നല്‍കവെ, ആദ്യ കൊലപാതകം നടന്ന സ്ഥലം ഏതെന്ന് നിര്‍ണയിക്കാന്‍ ശ്രമിക്കുകയായിരുന്നു ഞങ്ങള്‍. മീറത്ത്- ഗാസിയാബാദ് റോഡില്‍ മുറാദ് നഗര്‍ സ്റ്റേഷനരികിലൂടെ ഒഴുകുന്ന തോടിനടുത്താവും ഈ സ്ഥലമെന്ന് ആരോ അഭിപ്രായപ്പെട്ടു. ലിങ്ക് റോഡിലെ വയര്‍ലസ് വഴി ഞാന്‍ മുറാദ്നഗര്‍ സ്റ്റേഷനില്‍ വിളിച്ചന്വേഷിച്ചു. ഞങ്ങളുടെ ഊഹം ശരിയായിരുന്നു.
കടപ്പാട്: ഇന്ത്യ റെസിസ്റ്റ്സ്

ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥികളുടെ ഫോട്ടോ

Posted: 04 Apr 2015 12:34 PM PDT

Image: 

തിരുവനന്തപുരം: 2015 മേയ് മാസത്തിന് ശേഷം നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം ഫോട്ടോ കൂടി ചേര്‍ക്കേണ്ടതാണെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശം നല്‍കി. പോസ്റ്റല്‍ ബാലറ്റ് പേപ്പറിലും സാധാരണ ബാലറ്റ് പേപ്പറിലും വോട്ടിങ് യന്ത്രത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ബാലറ്റ് പേപ്പറിലും സ്ഥാനാര്‍ഥിയുടെ ഫോട്ടോ കൂടി അച്ചടിക്കും. സ്ഥാനാര്‍ഥിയുടെ പേര് അച്ചടിക്കുന്ന പാനലില്‍ പേരിനും ചിഹ്നത്തിനുമിടയിലാണ് ഫോട്ടോ ചേര്‍ക്കുക.രണ്ട് സെന്‍റിമീറ്റര്‍ വീതിയും 2.5 സെ.മീറ്റര്‍ ഉയരത്തിലുമായിരിക്കും ഫോട്ടോ അച്ചടിക്കുക.
മൂന്ന് മാസത്തിനകം എടുത്ത ഫോട്ടോ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രികയോടൊപ്പം വരണാധികാരിക്ക് നല്‍കണം. വെള്ള പശ്ചാത്തലത്തില്‍ മുഖം വ്യക്തമായി കാണത്തക്കവിധം ഭാവഭേദങ്ങളൊന്നും പ്രകടിപ്പിക്കാത്ത വിധത്തിലുള്ള ഫോട്ടോയാണ് സമര്‍പ്പിക്കേണ്ടത്. ഫോട്ടോയില്‍ യൂനിഫോം, തൊപ്പി, കറുത്ത കണ്ണട എന്നിവ ഒഴിവാക്കണം. നാമനിര്‍ദേശ പത്രികയോടൊപ്പമോ ഫോട്ടോ വരണാധികാരിക്ക് സമര്‍പ്പിക്കണമെന്നും ചീഫ് ഇലക്ടറല്‍ ഓഫിസര്‍ നളിനി നെറ്റോ അറിയിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP