സ്വാഗതം
WELCOME

News Update..

Thursday, January 31, 2013

അധികാരത്തിനായുള്ള പരക്കംപാച്ചില്‍ അവസാനിപ്പിക്കണം -ചെന്നിത്തല Madhyamam News Feeds

അധികാരത്തിനായുള്ള പരക്കംപാച്ചില്‍ അവസാനിപ്പിക്കണം -ചെന്നിത്തല Madhyamam News Feeds

Link to

അധികാരത്തിനായുള്ള പരക്കംപാച്ചില്‍ അവസാനിപ്പിക്കണം -ചെന്നിത്തല

Posted: 31 Jan 2013 12:19 AM PST

കണ്ണൂര്‍: രാഷ്ട്രീയ പ്രവര്‍ത്തകര്‍ അധികാരത്തിനുവേണ്ടിയുള്ള പരക്കംപാച്ചില്‍ അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല.
കണ്ണൂരില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്മൃതിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തനശൈലിയില്‍ സ്വയം പരിവര്‍ത്തനത്തിന് തയാറാകണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
മഹാത്മാഗാന്ധി ഒരിക്കലും അധികാരത്തിനു പിന്നാലെയായിരുന്നില്ല. ഗാന്ധിജിയുടെ ഓര്‍മപുതുക്കുമ്പോള്‍ നമുക്ക് ചില കടമകള്‍ നിറവേറ്റാനുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ അധികാരത്തിനു പിന്നാലെയുള്ള പരക്കംപാച്ചില്‍ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു. അധികാരം ജനാധിപത്യ വ്യവസ്ഥിതിയില്‍ ആവശ്യമാണ്. പക്ഷേ, അധികാരത്തിനുവേണ്ടി എന്തുംചെയ്യുന്ന സമീപനം പൊതുപ്രവര്‍ത്തന രംഗത്തെയും ജനാധിപത്യത്തെയും കൂടുതല്‍ ദുഷിപ്പിക്കും. അത് അഴിമതിക്ക് വഴിതെളിക്കും.
പൊതുപ്രവര്‍ത്തന രംഗത്ത് അധികാരം മാത്രമാകരുത് ലക്ഷ്യം. വിവിധ ജനവിഭാഗങ്ങളുടെ ക്ഷേമവും ലക്ഷ്യമാകണം. ഗാന്ധിജിയുടെ മാര്‍ഗത്തിലൂടെ പൂര്‍ണമായി സഞ്ചരിക്കാനോ എല്ലാവര്‍ക്കും ഗാന്ധിജിയാവാനോ കഴിയില്ലെങ്കിലും അദ്ദേഹത്തിന്‍െറ ചില മൂല്യങ്ങളെങ്കിലും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയണം.
വികസനം കോര്‍പറേറ്റുകള്‍ ഉള്‍പ്പെടുന്ന ഒരു പിടിയാളുകള്‍ക്ക് മാത്രം വേണ്ടിയുള്ളതാകരുത്. എല്ലാവിഭാഗം ജനങ്ങള്‍ക്കും പുരോഗതിയുടെ ഗുണം കിട്ടണം. ഏറ്റവും പാവപ്പെട്ടവരുടെ പാര്‍ട്ടി കോണ്‍ഗ്രസാണ്. കുഞ്ഞിന് ഒരു കുപ്പി പാല് വാങ്ങിക്കൊടുക്കാന്‍ പോലും കഴിവില്ലാത്ത പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ശമ്പളം നല്‍കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വയം മാറണമെന്നും ചെന്നിത്തല പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ. സുധാകരന്‍ എം.പി, യു.ഡി.എഫ് ചെയര്‍മാന്‍ അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, എ.പി.അബ്ദുല്ലക്കുട്ടി എം.എല്‍.എ, സുമ ബാലകൃഷ്ണന്‍, പി.എം. സുരേഷ്ബാബു, സതീശന്‍ പാച്ചേനി, അഡ്വ. സജീവ് ജോസഫ് എന്നിവര്‍ സംസാരിച്ചു.  നഗരസഭ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജ, എബി ജോസഫ് വരച്ച ഗാന്ധിജിയുടെ ഛായാചിത്രം കെ.പി.സി.സി പ്രസിഡന്‍റിന് സമ്മാനിച്ചു. പ്രഫ. എ.ഡി. മുസ്തഫ, എം. നാരായണന്‍കുട്ടി, കെ.സി. കടമ്പൂരാന്‍, മമ്പറം ദിവാകരന്‍ എന്നിവര്‍ സംബന്ധിച്ചു. ഒ. നാരായണന്‍ സ്വാഗതവും എം.പി. മുരളി നന്ദിയും പറഞ്ഞു. മഹാത്മാഗാന്ധിയുടെ 65ാം ചരമവാര്‍ഷിക ദിനത്തില്‍ ജില്ലയിലെ 97 മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ ഗാന്ധി സ്മൃതിജ്യോതി പ്രയാണത്തിന് സമാപനം കുറിച്ചാണ് സ്റ്റേഡിയം കോര്‍ണറില്‍ ഗാന്ധിസ്മൃതി സംഗമം സംഘടിപ്പിച്ചത്.
വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ജ്യോതിപ്രയാണ വാഹനങ്ങള്‍ സെന്‍റ്മൈക്കിള്‍ സ്കൂള്‍ മൈതാനിയില്‍ കേന്ദ്രീകരിച്ചശേഷം സ്റ്റേഡിയം കോര്‍ണറില്‍ സംഗമിക്കുകയായിരുന്നു.

 

മാലിന്യ സംസ്കരണരംഗത്ത് മാതൃകയായി പൊന്നാനി ഫെയ്സ്ബുക്ക് കൂട്ടായ്മ

Posted: 31 Jan 2013 12:14 AM PST

പൊന്നാനി: മാലിന്യം കൊണ്ട് പൊറുതിമുട്ടുന്ന പൊന്നാനി നഗരസഭയിലെ വീടുകളില്‍ സൗജന്യ പൈപ്പ് കമ്പോസ്റ്റ് യൂനിറ്റ് (ബയോ പെഡസ്റ്റല്‍ കോളം) സ്ഥാപിച്ച് ഫെയ്സ്ബുക്ക് കൂട്ടായ്മ മാതൃകയാവുന്നു.
ആദ്യഘട്ടത്തില്‍ പത്ത് വീടുകളിലും രണ്ടാം ഘട്ടത്തില്‍ 50 വീടുകളിലും ഇവര്‍ പൈപ്പ് കമ്പോസ്റ്റ് യൂനിറ്റ് സ്ഥാപിച്ചു.
ഒരു യൂനിറ്റിന് 500 രൂപയോളം ചെലവ്വരും. മൂന്നാംഘട്ടത്തില്‍ 500 വീടുകളില്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്ന് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന പി.പി. മുഹമ്മദ് ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു. ആറിഞ്ച് നീളവും നാലടി ഉയരവുമുള്ള പി.വി.സി പൈപ്പ് കുഴിയെടുത്ത് അതില്‍ മെറ്റലിട്ട് മണ്ണില്‍ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. മാലിന്യം ഈ പൈപ്പില്‍ നിക്ഷേപിക്കും. പ്ളാസ്റ്റിക്, കുപ്പിച്ചില്ല് തുടങ്ങിയവ ഒഴികെയുള്ള ഗാര്‍ഹിക മാലിന്യങ്ങള്‍ നിക്ഷേപിക്കാം. എളുപ്പം വിഘടിക്കാന്‍ ബയോകള്‍ച്ചര്‍ സ്പ്രേ ചെയ്യും. ഇതും സൗജന്യമായാണ് നല്‍കുന്നത്.
ഒരുവീട്ടില്‍ രണ്ട് പൈപ്പ് കമ്പോസ്റ്റ് സ്ഥാപിക്കണം. ഒരു യൂനിറ്റ് അഞ്ച് മാസത്തോളം ഉപയോഗിക്കാം. രണ്ടാമത്തെ യൂനിറ്റ് ഉപയോഗിക്കുമ്പോഴേക്കും ആദ്യത്തേത് കമ്പോസ്റ്റായിട്ടുണ്ടാവും.
20 അംഗ കമ്മിറ്റിയാണ് നിയന്ത്രിക്കുന്നത്. അംഗങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് കാശെടുത്താണ് പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ചുകൊടുക്കുന്നത്. ഒരുവര്‍ഷം മുമ്പ് പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എയാണ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തത്.
മുഹമ്മദ് അനീഷ്, കെ. സുധീര്‍, ഫഹദ് ബിന്‍ ഖാലിദ്, അലി പൊന്നാനി, കെ. നിസാര്‍, അഹമ്മദ് ഷിബിലി തുടങ്ങിയവരും ജനകീയ പദ്ധതിക്ക് നേതൃത്വം നല്‍കുന്നു.
കൂട്ടായ്മയില്‍ 2500ലധികം സജീവ അംഗങ്ങളുണ്ട്. ബഹ്റൈന്‍, ദുബൈ, ഖത്തര്‍ എന്നിവിടങ്ങളില്‍ ഇവര്‍ പൊന്നാനിക്കാരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയുടെ സംഗമം നടത്തി. 11 നിര്‍ധന രോഗികള്‍ക്ക് സാമ്പത്തിക സഹായവും നല്‍കി. പൈപ്പ് കമ്പോസ്റ്റ് യൂനിറ്റ് ഒന്നും രണ്ടും ഘട്ടങ്ങള്‍ വിജയിച്ചതിന്‍െറ സന്തോഷത്തിലാണ് കൂട്ടായ്മ.
 

സൂര്യനെല്ലി കേസിലെ ഹൈകോടതി വിധി റദ്ദാക്കി

Posted: 30 Jan 2013 11:28 PM PST

Image: 

ന്യൂദല്‍ഹി: സൂര്യനെല്ലി പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട കേരള ഹൈകോടതിയുടെ വിധി സുപ്രീംകോടതി റദ്ദാക്കി. പ്രതികളുടെ ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി മുഴുവന്‍ പ്രതികളും മൂന്നാഴ്ചയ്ക്കകം കീഴടങ്ങണമെന്നും കേസ് ആറുമാസത്തിനകം തീര്‍പ്പാക്കണമെന്നും വിധിച്ചു.

ഹൈകോടതി വിധി ഞെട്ടിക്കുന്നതാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, കേസ് ഹൈകോടതി വീണ്ടും പരിഗണിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

1996 ജനുവരി 16ന് വിവാഹവാഗ്ദാനം നല്‍കി സ്കൂള്‍ ഹോസ്റ്റലില്‍ നിന്ന് ബസ് കണ്ടക്ടര്‍ തട്ടിക്കൊണ്ടുപോയ 16കാരിയെ 42 പേര്‍ കൂട്ടബലാത്സംഗം ചെയ്തശേഷം ഉപേക്ഷിച്ച കേസില്‍ 2000 സെപ്തംബറില്‍ 36 പ്രതികളെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഹൈകോടതിയെ സമീപിച്ചു. 2005ല്‍ ഒന്നൊഴികെ മറ്റെല്ലാ പ്രതികളെയും വെറുതെ വിട്ട ഹൈകോടതി, മുഖ്യപ്രതിയുടെ ജീവപര്യന്തം ശിക്ഷ അഞ്ചു വര്‍ഷമായി ചുരുക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ സമ്മതത്തോടെയുള്ള ലൈംഗീക വേഴ്ചയാണ് നടന്നതെന്നായിരുന്നു ഹൈകോടതിയുടെ കണ്ടെത്തല്‍.

ഇതിനെതിരെ പെണ്‍കുട്ടിയും സംസ്ഥാന സര്‍ക്കാറും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍, കേരളത്തില്‍ ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കുകയും ഇടതുമുന്നണിക്ക് അധികാരത്തിലേക്കുള്ള വഴിയൊരുക്കുകയും ചെയ്ത സൂര്യനെല്ലി കേസിലെ അപ്പീല്‍ ഏഴു വര്‍ഷം സുപ്രീംകോടതിയില്‍ കെട്ടിക്കിടന്നു. 2005 മുതല്‍ കോടതിയുടെ ആഴ്ചതോറുമുള്ള അന്യായപ്പട്ടികയില്‍ വരാറുള്ള കേസ് ഏഴു വര്‍ഷമായിട്ടും പരിഗണിക്കാതെ മാറ്റിവെക്കാറായിരുന്നു പതിവ്. അപ്പീല്‍ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം സുപ്രീംകോടതി പരിഗണിച്ചപ്പോള്‍സൂര്യനെല്ലി കേസ് ഇനിയും നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാറും കേസിലെ പ്രതികളും 2013 ജനുവരി 21ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം സുപ്രീംകോടതി ബെഞ്ച് തള്ളുകയായിരുന്നു.

കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടത് ചൊട്ടുവിദ്യയല്ല

Posted: 30 Jan 2013 11:26 PM PST

Image: 

ഡീസല്‍ വിലവര്‍ധനയുടെ പേരില്‍ കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസോ ഷെഡ്യൂളോ വെട്ടിക്കുറക്കാന്‍ അനുവദിക്കില്ലെന്ന് യു.ഡി.എഫ് നേതൃയോഗത്തിനുശേഷം കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ നടത്തിയ പ്രസ്താവനയില്‍നിന്നുതന്നെ സംസ്ഥാന സര്‍ക്കാറും മുന്നണി നേതൃത്വവും ഈ വിഷയത്തെ എത്ര ലാഘവത്തോടെയാണ് കാണുന്നതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതിനകം 1400 ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുകയും ദിനേന ഓരോ ജില്ലയിലും നിരവധി ബസുകള്‍ പുതുതായി കട്ടപ്പുറത്ത് കയറ്റുകയും ചെയ്യുന്നതിനിടയിലാണ് മുന്നണി കണ്‍വീനറുടെ ഈ വാചാടോപം. കെ.എസ്.ആര്‍.ടി.സി എന്ന പൊതുമേഖലാ സ്ഥാപനം എന്നെന്നേക്കുമായി അടച്ചുപൂട്ടണോ വേണ്ടേ എന്ന ഗൗരവമാര്‍ന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
കടുത്ത സാമ്പത്തികഭാരം താങ്ങാനാവാതെ മുട്ടിട്ടിഴയുന്നതിനിടയിലാണ് ഡീസല്‍ ഇരട്ടവിലയുടെ അധികബാധ്യത കൂടി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ മുതുകില്‍ കയറ്റിവെക്കപ്പെട്ടത്. ഈ പ്രതിസന്ധി മറികടക്കാന്‍ രണ്ടു മാസത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ 28 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും അതൊന്നുംതന്നെ ഈ താപ്പാനയെ മുന്നോട്ടു നടത്താന്‍ പര്യാപ്തമല്ല.  ഡീസലിന് വര്‍ധിപ്പിച്ച അധിക നിരക്ക് ഒഴിവാക്കിക്കിട്ടാന്‍ മുന്നണി നേതാക്കള്‍ ഉടന്‍ ദല്‍ഹിയിലേക്ക് വിമാനം കയറുമത്രെ. നല്ലത്. എന്നാല്‍, കേന്ദ്ര സര്‍ക്കാറിന്‍െറ മുന്നില്‍ കേരളത്തിന്‍െറ വിലപേശല്‍ ശേഷി അങ്ങേയറ്റം ക്ഷയിച്ചിട്ടുണ്ട് എന്നാണ് സമീപകാല അനുഭവങ്ങളെല്ലാം സമര്‍ഥിക്കുന്നത്. ‘എയര്‍ കേരള’യുടെ കാര്യത്തില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ പ്രദര്‍ശിപ്പിച്ച ആരംഭശൂരത്വം ദല്‍ഹിയിലെത്തിയപ്പോള്‍ ബാഷ്പീകരിച്ചുപോയത് നാം കണ്ടതാണ്. എണ്ണക്കമ്പനികള്‍ക്ക് ലാഭംകൊയ്യാനുള്ള സകല മാര്‍ഗങ്ങളും തുറന്നുകൊടുക്കുന്നതില്‍ പ്രതിജ്ഞാബദ്ധരായ മന്‍മോഹന്‍ സിങ് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് കേരളത്തിനു മാത്രമായി ഒരിളവ് പ്രതീക്ഷിക്കുന്നതുതന്നെ പോഴത്തമായിരിക്കാം. ഈ വിഷയത്തില്‍ നമ്മുടെ അയല്‍സംസ്ഥാനങ്ങളിലെ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍ സ്വീകരിച്ച പ്രായോഗിക മാര്‍ഗം എന്തുകൊണ്ട് നമുക്ക് പരീക്ഷിച്ചുകൂടാ? സ്വകാര്യ പമ്പുകളില്‍നിന്ന് ഡീസല്‍ അടിക്കുന്നത് മൂലം തമിഴ്നാട് സര്‍ക്കാറിന് പ്രതിദിനം 1.56 കോടി രൂപ ലാഭിക്കാന്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഡീസല്‍ വിലവര്‍ധന മാത്രമല്ല നമ്മുടെ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനെ ഈ പ്രതിസന്ധിയിലെത്തിച്ചത്. പൊതുവെ ദുര്‍ബലമായ ഒരു സ്ഥാപനം അധികഭാരത്തിന്‍െറ ഗര്‍ഭംകൂടി ധരിച്ചതോടെ മരണശയ്യയിലെത്തി എന്നതാണ് നേര്. ചൊട്ടുവിദ്യകള്‍കൊണ്ട് കെ.എസ്.ആര്‍.ടി.സിയെ  രക്ഷിച്ചെടുക്കാന്‍ കഴിയില്ല എന്ന് സമ്മതിച്ചാവണം ഇനിയുള്ള നീക്കങ്ങള്‍. അനിവാര്യമായി വന്നിരിക്കുന്നത് കായചികിത്സയാണ്. അതിനു വേണ്ടത് അങ്ങേയറ്റത്തെ രാഷ്ട്രീയ ഇച്ഛാശക്തിയും ഭാവനയുമാണ്. അത് രണ്ടുകൊണ്ടും അനുഗൃഹീതമല്ലാത്ത കൈകളിലാണ് സ്ഥാപനം ഇന്ന് എത്തപ്പെട്ടിരിക്കുന്നത്. കത്തുന്ന മേല്‍ക്കൂരയില്‍നിന്ന് കഴുക്കോല്‍ ഊരിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പ്രതിപക്ഷത്തിന്‍െറ മാത്രം ആരോപണമല്ല ഇത്. കെ.എസ്.ആര്‍.ടി.സിയുടെ ഷെഡ്യൂളുകള്‍ റദ്ദാക്കുന്ന മുറക്ക് ആ റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് താല്‍ക്കാലികം എന്ന് പറഞ്ഞ് പെര്‍മിറ്റ് നല്‍കുന്ന കുതൂഹലമാണെങ്ങും. യാത്രാപ്രശ്നം പരിഹരിക്കുന്നതിലപ്പുറം മറ്റു താല്‍പര്യങ്ങളാണ് അതിന് പ്രചോദനമാകുന്നത് എന്ന് ആരെങ്കിലും ആരോപിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ മേലാളന്മാരുടെയും ഒത്താശയോടെ ദേശസാല്‍കൃത റൂട്ടുകളില്‍പോലും സ്വകാര്യ ബസുകള്‍ ലാഭംകൊയ്യുമ്പോള്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ മാത്രം എന്തുകൊണ്ട് കുത്തുപാള എടുക്കുന്നു എന്ന ചോദ്യത്തിന് ഉത്തരവാദപ്പെട്ടവര്‍ മറുപടി തരില്ല.
 ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ പ്രതിമാസം 90 കോടിയുടെ നഷ്ടത്തിലാണത്രെ കുതിക്കുന്നത്. 35 കോടി രൂപ പെന്‍ഷന്‍ ഇനത്തില്‍ മാത്രം നല്‍കണം. പലിശ ഇനത്തില്‍ 25 കോടിയും. അതിനിടയിലാണ് ഡീസല്‍ അധികവിലയുടെ പേരില്‍ 16 കോടിയുടെ ബാധ്യതകൂടി ഏറ്റെടുക്കേണ്ടിവന്നത്. എന്നും നഷ്ടത്തിലോടുന്ന ഒരു സ്ഥാപനം തൊഴിലാളികളുടെ പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കുമ്പോള്‍ മുന്‍പിന്‍ ചിന്തിക്കാത്തതിന്‍െറ ദുരന്തഫലമാണ് ശ്വാസംമുട്ടി മരിക്കുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്. ഷെഡ്യൂളുകള്‍ മുടങ്ങിയതോടെ വരുമാനം ഗണ്യമായി കുറയുകയും നഷ്ടം കുന്നുകൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ വേറെ മാര്‍ഗം കണ്ടെത്തണം. തൊഴിലാളി യൂനിയനുകളും ഉദ്യോഗസ്ഥരും ഭരണനേതൃത്വവും പരസ്പരം പഴിചാരിയും ആരോപണങ്ങള്‍ ഉന്നയിച്ചും സമയം പാഴാക്കുന്ന ഇന്നത്തെ അവസ്ഥ തുടര്‍ന്നാല്‍ കെ.എസ്.ആര്‍.ടി.സി എന്ന സ്ഥാപനം ചരിത്രത്തിലേക്ക് താനേ വിലയം പ്രാപിക്കും. അതോടെ, സ്വകാര്യ ബസുകള്‍ കേരളത്തിലെ റോഡുകളില്‍ ആധിപത്യം സ്ഥാപിക്കുന്നതുകൊണ്ട് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെങ്കിലും ആയിരക്കണക്കിന് തൊഴിലാളികളുടെ കുടുംബങ്ങളാവും വഴിയാധാരമാകാന്‍ പോകുന്നത്. അചിന്തനീയമാണീ സ്ഥിതിവിശേഷം.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച ചേരും

Posted: 30 Jan 2013 11:12 PM PST

Image: 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ വിവാദ അഭിമുഖത്തിന്‍െറ പശ്ചാത്തലത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച ചേരും. യോഗത്തില്‍ ലാവ് ലിന്‍ കേസ് സംബന്ധിച്ച് വി.എസ് നടത്തിയ വിമര്‍ശങ്ങള്‍ ചര്‍ച്ചയാകും.

നിയമസഭാ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഫെബ്രുവരി 11നാണ്  സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ലാവ് ലിന്‍ കേസില്‍ പിണറായിക്കെതിരെയും പാര്‍ട്ടി നേതൃത്വത്തിനെതിരെയും വി.എസിന്‍െറ രൂക്ഷ വിമര്‍ശം വന്നതോടെ സെക്രട്ടേറിയറ്റ് നേരത്തെ ചേരാന്‍ തീരുമാനിക്കുകയായിരുന്നു.

ലാവ് ലിന്‍ ഇടപാടില്‍ അഴിമതി നടന്നുവെന്ന സി.എ.ജിയുടെ കണ്ടെത്തല്‍ ശരിയാണെന്ന് വി.എസ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലാവ് ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ പണം കൈപ്പറ്റിയിട്ടില്ല എന്നത് ഒരു സാക്ഷിയുടെ മൊഴി മാത്രമാണ്. കുഴപ്പം കാണിച്ചില്ലങ്കെില്‍ പിണറായി എങ്ങനെ പ്രതിയായി? ലാവ് ലിന്‍ കേസില്‍ അഴിമതി നടന്നു എന്ന നിലപാട് മാറ്റാന്‍ തയ്യറാകാത്തതിനാലാണ് 24 വര്‍ഷം അംഗമായിരുന്ന പോളിറ്റ് ബ്യൂറോയില്‍നിന്ന് തന്നെ ഒഴിവാക്കിയതെന്നും വി.എസ് തുറന്നടിച്ചിരുന്നു.
 

കൊയിലാണ്ടിയില്‍ 300 കിലോ സ്ഫോടകവസ്തുകൂടി പിടികൂടി

Posted: 30 Jan 2013 11:10 PM PST

കൊയിലാണ്ടി: കഴിഞ്ഞദിവസം വന്‍ സ്ഫോടകവസ്തുശേഖരം പിടികൂടിയ ബീച്ച്റോഡിലെ അയ്യപ്പാസ് ട്രേഡേഴ്സില്‍നിന്ന് ബുധനാഴ്ച 300 കിലോ കൂടി പിടിച്ചെടുത്തു. പടക്കനിര്‍മാണത്തിനും കമ്പിത്തിരിക്കും ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് കണ്ടെടുത്തത്. കുറച്ചുദിവസത്തെ പരിശോധനക്കിടെ തന്നെ വിവിധ ഭാഗങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്ഫോടകവസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്. അനധികൃത പടക്കനിര്‍മാണശാലകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ പലപ്പോഴും രംഗത്തുവന്നിരുന്നു.
വടകര സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സുബ്രഹ്മണ്യന്‍ പ്രത്യേക നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നിര്‍മാണകേന്ദ്രങ്ങളിലും സംഭരണസ്ഥലങ്ങളിലും പരിശോധന നടന്നത്. താലൂക്കിന്‍െറ വിവിധ കേന്ദ്രങ്ങളില്‍ അനധികൃത പടക്കനിര്‍മാണകേന്ദ്രങ്ങള്‍ നിരവധിയാണ്. ലൈസന്‍സുള്ളവര്‍ തന്നെ പരിധിയില്‍ കൂടുതല്‍ സാധനങ്ങളാണ് സംഭരിക്കുന്നത്. ജനവാസകേന്ദ്രങ്ങളില്‍പോലും സംഭരണകേന്ദ്രങ്ങളുണ്ട്.
 

തെലുങ്കാന: അഞ്ച് കോണ്‍ഗ്രസ് എം.പിമാര്‍ പര്‍ട്ടി വിട്ടു

Posted: 30 Jan 2013 10:50 PM PST

Image: 

ന്യൂദല്‍ഹി: തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കുന്നതിന് സമ്മര്‍ദ്ദം ശക്തമാക്കാന്‍ ആന്ധ്രാപ്രദേശിലെ അഞ്ച് കോണ്‍ഗ്രസ് എം.പിമാര്‍ പര്‍ട്ടി വിട്ടു. തെലുങ്കാന മേഖലയില്‍ നിന്നുള്ള മാണ്ഡ ജഗന്നാഥന്‍, പൊന്നം പ്രഭാകര്‍, എസ് രാജയ്യ, വിവേക് റെഡ്ഡി, സുരീന്ദര്‍ റെഡ്ഡി എന്നിവരാണ് ബുധനാഴ്ച രാത്രി രാജിവെച്ചത്.

തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് എസ്. രാജയ്യ എം.പി പറഞ്ഞു. തെലുങ്കാന രൂപീകരിക്കുമെന്ന് കേന്ദ്രം വാഗ്ദാനം നല്‍കിയതാണ്. ഇക്കാര്യത്തില്‍  പിന്നോട്ടുപോകില്ല. എല്ലാ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ പിന്തുണ നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് നല്‍കിയ പ്രതീക്ഷ നിറവേറ്റണമെന്നും അദ്ദേഹം പറഞ്ഞു.

രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചിട്ടുണ്ടെന്ന് എം.പിമാര്‍ അറിയിച്ചു.

തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കുന്നതിന് പാര്‍ട്ടി എതിരല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തെലുങ്കാന വിഷയത്തില്‍ തീരുമാനമെടുക്കുന്ന പ്രക്രിയ തുടരുകയാണെന്നും അതിന് ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും പാര്‍ട്ടി വക്താവ് പി.സി. ചാക്കോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആശ്വാസവാക്ക് വിലവെക്കാതെയാണ് എം.പിമാരുടെ രാജി.

 

കേരളം കുതിപ്പു തുടരുന്നു: പോള്‍വാള്‍ട്ടില്‍ വിഷ്ണു ഉണ്ണിക്ക് സ്വര്‍ണം

Posted: 30 Jan 2013 10:18 PM PST

Image: 

ഇറ്റാവ: ദേശീയ സ്കൂള്‍ കായിക മേളയില്‍ പ്രായതട്ടിപ്പ് വിവാദത്തെ തുടര്‍ന്ന് ഹരിയാനയുടെ താരത്തെ അയോഗ്യനാക്കി.  സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ റെക്കോഡ് സ്വര്‍ണം നേടിയ ഹരിയാനയുടെ സോനു സൈനിയെയാണ് അയോഗ്യനാക്കിയത്. ഇതോടെ ഈ ഇനത്തില്‍  വെള്ളി നേടിയ കേരളത്തിന്റെതാരം വിഷ്ണു ഉണ്ണി ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടി.
 സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ കേരളത്തിന്റെതാരങ്ങളായ വിഷ്ണു ഉണ്ണി, എബിന്‍ സണ്ണി എന്നിവര്‍ക്കായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങള്‍.
കഴിഞ്ഞദിവസം നടന്ന മത്സരങ്ങളില്‍ വിജയികളായവരില്‍ ചിലരെ നാഡയുടെ ആറംഗസംഘം പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് പ്രായം കുറച്ചുകാണിച്ച് തട്ടിപ്പ് നടത്തിയ സോനു സൈനിയെ അയോഗ്യനാക്കിയത്.
 സ്വന്തമായൊരു പോള്‍വാള്‍ട്ടില്ലാതെ പരിശീലനം നേടി, കായികാധ്യാപകന്‍ കടം വാങ്ങി നല്‍കിയ പോള്‍വാള്‍ട്ടിലൂടെ  ഉയരത്തിലേക്ക് കുതിച്ച് വെള്ളി നേടി തൃപ്തനായ വിഷ്ണുവിനെ തേടി സ്വര്‍ണമെത്തിയതോടെ കേരളത്തിന്റെസ്വര്‍ണനേട്ടം ഏഴായി.
കേരളത്തിന്റെഅഭിമാന താരം പി.യു ചിത്രയുടെ ട്രിപിള്‍ സ്വര്‍ണവും, 3000 മീറ്ററ നടത്തത്തില്‍ കെ.ടി നീനയുടെ സ്വര്‍ണനേട്ടവും കേരളത്തെ 71 പോയിന്റേടെ ഒന്നാമതെത്തിച്ചിട്ടുണ്ട്.
 

ബാങ്ക് ഇടപാടുകാരെ കൊള്ളയടിക്കുന്നത് പതിവാക്കിയ ഏഷ്യക്കാരന്‍ അറസ്റ്റില്‍

Posted: 30 Jan 2013 09:59 PM PST

Image: 

ദോഹ: ബാങ്കില്‍ നിന്നും എ.ടി.എം കൗണ്ടറുകളില്‍ നിന്നും പണവുമായി മടങ്ങുന്നവരെ കൊള്ളയടിക്കുന്നത് പതിവാക്കിയ ഏഷ്യക്കാരനെ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ക്രമിനില്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് (സി.ഐ.ഡി) അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് ഒന്നരലക്ഷം റിയാലും പിടിച്ചെടുത്തിട്ടുണ്ട്.
തങ്ങള്‍ ബാങ്കില്‍ നിന്നും എ.ടി.എം കൗണ്ടറില്‍ നിന്നും പണവുമായി മടങ്ങുന്ന വഴി  വാഹനത്തിന്‍െറ ഗ്ളാസ് തകര്‍ത്ത് കവര്‍ച്ച നടത്തുന്നതായി ഒട്ടേറെ സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നും സി.ഐ.ഡിക്ക് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേകസംഘം രൂപവത്കരിച്ച് സി.ഐ.ഡി നടത്തിവന്ന അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഒരു വാഹനത്തില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്തുടര്‍ന്നെത്തിയ സി.ഐ.ഡി സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇടപാടുകാര്‍ ബാങ്കില്‍ നിന്നും എ.ടി.എം കൗണ്ടറില്‍ നിന്നും ഇറങ്ങുന്നത് രഹസ്യമായി മനസ്സിലാക്കിയ ശേഷം അവരെ പിന്തുടരുകയും അവര്‍ എന്തെങ്കിലും ആവശ്യത്തിനായി വാഹനം നിര്‍ത്തി പുറത്തിറങ്ങുമ്പോള്‍ ഗ്ളാസ് തകര്‍ത്ത് വാഹനത്തില്‍ നിന്ന് പണം മോഷ്ടിച്ച് വിദഗ്ധമായി കടന്നുകളയുകയുമായിരുന്നു ഇയാളുടെ പതിവ്.  ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. സ്വദേശികളും വിദേശികളുമായ പലരുടെയും വാഹനങ്ങളില്‍ നിന്ന് കവര്‍ന്നെടുത്ത് കൈവശം സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം റിയാലാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. തുടര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി പ്രതിയെ ക്യാപിറ്റല്‍ സുരക്ഷാ വകുപ്പിന് കൈമാറി.
പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും വാഹനത്തില്‍ സൂക്ഷിച്ച് പുറത്തുപോകരുതെന്ന് സി.ഐ.ഡി അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

സ്മാര്‍ട്ട് സിറ്റി: ഒന്നാം ഘട്ടം രണ്ടു വര്‍ഷത്തിനകം -മുഖ്യമന്ത്രി

Posted: 30 Jan 2013 09:27 PM PST

Image: 

കൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധതി ഒന്നാം ഘട്ടം രണ്ടു വര്‍ഷത്തിനകം പ്രവര്‍ത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ മാസ്റ്റര്‍ പ്ളാനിന് രൂപം നല്‍കുന്നതിനുള്ള രണ്ടാമത്തെ ശില്‍പശാല നെടുമ്പാശ്ശേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

അപേക്ഷ നല്‍കി 45 ദിവസത്തിനകം പാരിസ്ഥിതികാനുമതി നല്‍കും. പദ്ധതി ആറു വര്‍ഷം വൈകിയതിന്റെഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. സ്മാര്‍ട്ട് സിറ്റിക്ക് പുതിയ സി.ഇ.ഒയെ നിയമിക്കുന്ന കാര്യത്തില്‍ കമ്പനിയുടെ ഏത് തീരുമാനവും സര്‍ക്കാരിന് സ്വാഗതാര്‍ഹമാണ്. ടീകോമിന് സര്‍ക്കാറിന്‍െറ പൂര്‍ണ്ണ പിന്തുണ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയുടെ ആദ്യ കെട്ടിടം ആറു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് എം.ഡി ബാജു ജോര്‍ജ് പറഞ്ഞു.

Wednesday, January 30, 2013

സിറിയയില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി Madhyamam News Feeds

സിറിയയില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി Madhyamam News Feeds

Link to

സിറിയയില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Posted: 30 Jan 2013 01:02 AM PST

Image: 

അലപ്പൊ: സിറിയയില്‍ കൂട്ടക്കൊല ചെയ്യപ്പെട്ട നൂറു കണക്കിനാളുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കുട്ടികളുടേതുള്‍പ്പെടെ 65ഓളം പേരുടെ മൃതദേഹങ്ങള്‍ ദക്ഷിണ നഗര കേന്ദ്രമായ ബുസ്താന്‍ അല്‍ ഖസ്രില്‍ ഖുവൈക്ക് നദിയിലാണ് കണ്ടെത്തിയതെന്ന് ബ്രിട്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘടന റിപോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ അധികവും യുവാക്കളാണ്. ഇവരുടെ കൈകള്‍ പിന്നിലേക്ക് ബന്ദിച്ച് തലയില്‍ വെടിയേറ്റ നിലയിലാണുള്ളത്. ഔദ്യാഗിക സേനയുടെ നിയന്ത്രണത്തിലുള്ള വടക്കന്‍ മേഖലയേയും വിമതരുടെ സാന്നിധ്യമുള്ള കിഴക്കന്‍ മേഖലേയും വേര്‍തിരിക്കുന്ന പ്രദേശമാണ് ബുസ്താന്‍ അല്‍ ഖസ്ര്.

കൂട്ടക്കൊലയുടെ ഉത്തരവാദികള്‍ ആരെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയുണ്ടായിരുന്നതും നദിയിയെ ഒഴുക്ക് ശക്തമായതും കാരണം നിരവധി മൃതദേഹങ്ങള്‍ ഒലിച്ച് പോയിട്ടുണ്ടാകുമെന്നാണ് സൂചന. മരണസംഖ്യ ഇതിലും കൂടുമെന്ന് ഫ്രീ സിറിയന്‍ ആര്‍മി ക്യാപ്റ്റന്‍ അബു സദ പറഞ്ഞു. വിമത സേനയുടെ നിയന്ത്രണത്തിലുള്ള മേഖലകളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇനിയും നിരവധി മൃതദേഹങ്ങള്‍ നദിയില്‍ നിന്ന് പുറത്തേക്കെടുക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുസ്താന്‍ അല്‍ ഖസ്ര് പ്രദേശത്ത് നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, 'ഭീകര സംഘങ്ങളാണ് ' കൂട്ടക്കൊലക്ക് പിന്നിലെന്ന് സിറിയന്‍ ഔ്യാഗിക വൃത്തങ്ങള്‍ പ്രതികരിച്ചു. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി.
 

മതേതര ഇടമില്ലെങ്കില്‍ രാജ്യം വിടും- കമല്‍ഹാസന്‍

Posted: 29 Jan 2013 11:46 PM PST

Image: 

ചെന്നൈ: ജീവിക്കാന്‍ മതേതര ഇടമില്ലെങ്കില്‍ രാജ്യം വിടേണ്ടി വരുമെന്ന് കമല്‍ഹാസന്‍. എനിക്ക് ജീവിക്കാന്‍ മതേതരസ്ഥലം വേണം. വിവാദ ചിത്രം വിശ്വരൂപത്തിനെതിരായി വിധിയുണ്ടായാല്‍ തമിഴ്‌നാടിന് പുറത്ത് കശ്മീര്‍ മുതല്‍ കേരളം വരെ അത്തരം സ്ഥലം ലഭിക്കുമോയെന്ന് അന്വേഷിക്കും. ഇന്ത്യയില്‍ അത്തരം സ്ഥലങ്ങളില്ലെങ്കില്‍ വിഖ്യാത ചിത്രകാരന്‍ എം.എഫ് ഹുസൈനെ പോലെ രാജ്യം വിടേണ്ടി വരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കമലിന്റെ വിവാദ ചിത്രമായ വിശ്വരൂപത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധം മദ്രാസ് ഹൈകോടതി കഴിഞ്ഞദിവസം നീക്കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ വീണ്ടും ഹരജി നല്‍കിയ സാഹചര്യത്തിലാണ് കമല്‍ വാര്‍ത്താസമ്മേളനം നടത്തിയത്.

എന്റെ എല്ലാ സ്വത്തുക്കളും ഈടുവെച്ചാണ് വിശ്വരൂപം നിര്‍മിച്ചത്. സിനിമയുടെ റിലീസ് വൈകിയതോടെ എന്റെ വീട് നഷ്ടമായി. ചിത്രത്തില്‍ പറയുന്നത് അഫ്ഗാനിസ്താനിലെ കഥയാണ്. അത് എങ്ങനെ ഇന്ത്യന്‍ മുസ്ലീങ്ങളെ ബാധിക്കും. മുസ്ലീം സുഹൃത്തുക്കളെ പോലെ ഞാനും ആരുടെയോ ഉപകരണമാക്കപ്പെടുകയാണ്. ഇതിന്റെ പിന്നില്‍ ആരാണ് കളിക്കുന്നതെന്നറിയില്ല. ഇന്ത്യ പോലൊരു രാജ്യത്തിന്റെ മതേതരത്വത്തെ ഒരു ചിത്രം എങ്ങനെയാണ് തകര്‍ക്കുകയെന്ന് മനസ്സിലാവുന്നില്ല.

തമിഴകം എന്നെ പുറത്താക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് തോന്നുന്നു. മതേതര സംസ്ഥാനത്ത് മാത്രമേ ഞാന്‍ ജീവിക്കുകയുള്ളൂ. ഇതിനര്‍ത്ഥം ഞാന്‍ തമിഴ്ചിത്രങ്ങള്‍ ചെയ്യില്ലെന്നല്ല. എന്റെ ജനങ്ങളോട് എനിക്ക് ദേഷ്യമില്ല. ഒരു മതത്തെ മാത്രം കുറ്റപ്പെടുത്തില്ല. ആരാധകര്‍ സമാധാനം പാലിക്കണം. ആരാധകരിലും ഒരുപാട് മുസ്ലീങ്ങളുണ്ട്. എന്റെ മുസ്ലീം സഹോദരങ്ങള്‍ക്ക് ചിത്രം കാണിച്ചുകൊടുക്കണം. നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണവിശ്വാസമുണ്ട്- കമല്‍ പറഞ്ഞു.
 

മഹാരാഷ്ര്ടയില്‍ ഉദ്ദവ് -രാജ് താക്കറെ സഖ്യത്തിന് നീക്കം

Posted: 29 Jan 2013 11:17 PM PST

Image: 

മുംബൈ: മഹാരാഷ്ര്ടയിലെ പ്രമുഖ പാര്‍ട്ടികളായ ശിവസേനയും രാജ് താക്കറെയുടെ മഹാരാഷ്ര്ട നവ നിര്‍മാണ്‍ സേന(എം.എന്‍.എസ്)യും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ബാല്‍ താക്കറെയുടെ മരണത്തിന് ശേഷം പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത മകന്‍ ഉദ്ദവ് താക്കറെ പാര്‍ട്ടി വിട്ടു പോയ രാജ് താക്കറെയുമായി സഖ്യമുണ്ടാക്കുന്നതില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ശിവസേനയുമായി സഖ്യമുണ്ടാക്കാന്‍ രാജ് താക്കറെക്ക് താല്‍പര്യമുണ്ടെങ്കില്‍ സ്വാഗതം ചെയ്യുമെന്ന് ഉദ്ദവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശിവസേനയുടെ മുഖപത്രമായ സാംനക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. താത്പര്യമുള്ള ആരുമായും സഖ്യമുണ്ടാക്കാന്‍ ശിവ സേന തയാറാണെന്നും ഉദ്ദവ് വ്യക്തമാക്കിയിട്ടുണ്ട്.

ഉദ്ദവിന്റെഭിപ്രായം പാര്‍ട്ടിയുടെ തീരുമാനമാണെന്ന് ശിവസേന വക്താവ് സഞ്ജയ് റൗത്ത് പ്രതികരിച്ചു.

ശിവസേനയും എം.എന്‍.എസും സഖ്യമുണ്ടാക്കുകയാണെങ്കില്‍ 2014ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്പ് മഹാരാഷ്ര്ടയില്‍ വലിയ രാഷ്ര്ടീയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ഉദ്ദവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് 2006ല്‍ രാജ് ശിവസേന വിട്ട് എം.എന്‍.എസ് രൂപീകരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം നടത്താന്‍ എം.എന്‍.എസിന് കഴിഞ്ഞിട്ടുണ്ടെിലും മഹാരാഷ്ര്ടയില്‍ ശിവസേനയുടെ അടിത്തറയെയാണ് ഇത് ബാധിച്ചത്. മഹാരാഷ്ര്ടയില്‍ പത്ത് വര്‍ഷമായി അധികാരത്തിലുള്ള കോണ്‍ഗ്രസ്-എന്‍ സി പി സഖ്യത്തിന് ശിവസേനയിലെ ഭിന്നത നന്നായി ഗുണംചെയ്തിരുന്നു.

കൊച്ചി മെട്രോ: എം.ജി റോഡും ബാനര്‍ജി റോഡിന്‍െറ തെക്കുവശവും കൈമാറി

Posted: 29 Jan 2013 11:09 PM PST

കൊച്ചി: കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തിനു മുന്നോടിയായി എം.ജി റോഡും ബാനര്‍ജി റോഡിന്‍െറ തെക്കുവശവും ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന് ജില്ലാ ഭരണകൂടം കൈമാറി. വ്യാഴാഴ്ച ഡി.എം.ആര്‍.സി ഈ പ്രദേശങ്ങള്‍ ഏറ്റെടുക്കും. പദ്ധതിക്കായി സൗത് റെയില്‍വേ സ്റ്റേഷന്‍ റോഡ് അടുത്ത മാസം  15നും കൈമാറും.
പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നഗരത്തിലെ ഗതാഗതം തിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കാന്‍ കഴിഞ്ഞ ദിവസം  ഉന്നതതലയോഗം ചേര്‍ന്നു. അടുത്തയാഴ്ചമുതല്‍ ബാനര്‍ജി റോഡ് പൊളിച്ചുതുടങ്ങും. ഡി.എം.ആര്‍.സി തയാറാക്കിയ പരിഷ്കരിച്ച രൂപരേഖ സംസ്ഥാന സര്‍ക്കാറിന് കൈമാറി ക്കഴിഞ്ഞു.   
സൗത് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കൊച്ചി കോര്‍പറേഷന്‍െറ കെട്ടിടത്തിലും ഭൂമിക്ക് മതിയായ വില നല്‍കി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇടപ്പള്ളി ഒഴികെയുള്ള  മെട്രോയുടെ സ്റ്റേഷനുകളും  അതിര്‍ത്തികളുടെയും നിര്‍ണയം പൂര്‍ത്തിയായി.   ബാക്കിയുള്ള 15 മെട്രോ സ്റ്റേഷനുകളുടെ രൂപരേഖ ഫെബ്രുവരി 15ന് മുമ്പ് ഡിസ്ട്രിക്ട് പര്‍ച്ചേസിങ് കമ്മിറ്റി (ഡി.എല്‍.പി.സി) സംസ്ഥാന സര്‍ക്കാറിന് കൈമാറും. മുട്ടത്തെ നിര്‍ദിഷ്ട മെട്രോ യാര്‍ഡിനായി  ഡി.എല്‍.പി.സി ബുധനാഴ്ച വര്‍ക്ക് ഓര്‍ഡര്‍ ക്ഷണിക്കും.
  ഇവിടത്തെ സ്ഥലം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നുമുണ്ട്.  കലക്ടര്‍ ഷെയ്ഖ് പരീതിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  കെ.എം.ആര്‍.എല്‍ ജനറല്‍ മാനേജര്‍ (സിവില്‍) എസ്.ചന്ദ്രബാബു, ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.പി.മോഹന്‍ദാസ് പിള്ള, ഡി.എം.ആര്‍.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.ജെ.ജോസഫ് തുടങ്ങിയവരും ഡി.എം.ആര്‍.സി, റവന്യൂ എന്നിവയുടെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് ബില്‍ കൊണ്ടുവരും -മന്ത്രി തിരുവഞ്ചൂര്‍

Posted: 29 Jan 2013 10:56 PM PST

കണ്ണൂര്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കാന്‍ കഴിയുന്നവിധത്തിലുള്ള ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി കണ്ണൂരില്‍ നടത്തിയ ജില്ലാതല സെമിനാറിന്‍െറയും പൊലീസ് സേനാംഗങ്ങള്‍ക്കുള്ള സൗജന്യ ആരോഗ്യ പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് സംവിധാനത്തില്‍ ചില മാറ്റങ്ങളെകുറിച്ച് ആലോചിക്കുന്നുണ്ട്. കേരളത്തിന്‍െറ മാതൃകയായി പറയാന്‍ പറ്റുന്ന ബില്ലിന്‍െറ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പാര്‍ലമെന്‍റ് ആലോചിക്കുന്നതിനുമുമ്പ് ഇക്കാര്യം നമ്മള്‍ ചിന്തിച്ചുതുടങ്ങി. പൊലീസ് സമീപനത്തിന്‍െറ കാര്യത്തില്‍ കേരളം ഇന്ത്യക്ക് മാതൃകയാണെങ്കിലും ചിലപ്പോള്‍ അങ്ങനെയല്ല. കേസന്വേഷണത്തിന്‍െറ കാര്യത്തില്‍ ചില അപര്യാപ്തതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് സേനയില്‍ പുതിയ തലമുറ വളര്‍ന്നുവരുന്നുണ്ട്. അവര്‍ക്ക് വഴികാട്ടേണ്ടവര്‍ വഴിതെറ്റരുതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പൊലീസ് സേനാംഗങ്ങള്‍ക്കുള്ള ആരോഗ്യ പദ്ധതി ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. സായുധ പൊലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി ഡോ. ബി. സന്ധ്യ ജനമൈത്രി പദ്ധതി വിശദീകരണം നടത്തി. കെ.എം. ഷാജി എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള, നഗരസഭ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജ, ജില്ല കലക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍, സബ് കലക്ടര്‍ അമിത് മീണ, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. രമേഷ് ആര്‍., കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ ജില്ല സെക്രട്ടറി എം.ജി. ജോസഫ്, പൊലീസ് അസോസിയേഷന്‍ ജില്ല സെക്രട്ടറി കെ.ജെ. മാത്യു, ടി.പി. ഭാസ്കര പൊതുവാള്‍ എന്നിവര്‍ സംസാരിച്ചു. ജില്ല പൊലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍ സ്വാഗതവും ജനമൈത്രി ജില്ല നോഡല്‍ ഓഫിസര്‍ പി.സി. ബാബു നന്ദിയും പറഞ്ഞു. ജനമൈത്രി പദ്ധതി ജില്ലയിലെ ആദിവാസി മേഖലകള്‍ ഉള്‍പ്പെട്ട ഏഴ് പൊലീസ് സ്റ്റേഷനുകളിലേക്കുകൂടി വ്യാപിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് ജില്ലതല സെമിനാര്‍ സംഘടിപ്പിച്ചത്.

രാത്രികാല പാര്‍ക്കിംഗ് ജനപങ്കാളിത്തത്തോടെ നിര്‍ത്തും, പ്രത്യേക ഉത്തരവ് ഇറക്കില്ല

Posted: 29 Jan 2013 10:46 PM PST

കല്‍പറ്റ: ദേശീയപാത 212ന്‍െറ ഇരുവശങ്ങളിലുമായി രാത്രികാലത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് പ്രത്യേക ഉത്തരവിലൂടെ നിരോധിക്കില്ല. ജനപങ്കാളിത്തത്തോടെ ചര്‍ച്ചചെയ്ത് ബോധവത്കരണം നടത്തി നിലവിലുള്ള വനനിയമങ്ങള്‍തന്നെ ഉപയോഗിച്ച് പാര്‍ക്കിങ് ഒഴിവാക്കാനും തീരുമാനം.
ചൊവ്വാഴ്ച വനംമന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തത്ത്വത്തില്‍ തീരുമാനമായത്. ദേശീയപാത 212ല്‍ കര്‍ണാടക വനപ്രദേശത്തെ രാത്രികാല ഗതാഗത നിരോധത്തില്‍ കുടുങ്ങുന്ന മൈസൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ രാത്രി ഒമ്പതിനുശേഷം കേരള വനപ്രദേശത്ത് മുത്തങ്ങ മുതല്‍ സംസ്ഥാന അതിര്‍ത്തിവരെ നിര്‍ത്തിയിടുകയാണ് ചെയ്യുന്നത്. ഇത് കലക്ടര്‍ ഉത്തരവിലൂടെ നിരോധിച്ചെങ്കിലും ജനരോഷത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.
വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് വന്യജീവികള്‍ക്ക് ഭീഷണിയാണെന്നും ഇതിന്‍െറ വീഡിയോ അടക്കമുള്ള തെളിവുകള്‍ സുപ്രീംകോടതിയുടെ മുന്നിലുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് രാത്രിയാത്രാനിരോധം സാധൂകരിക്കാന്‍ തക്ക കാരണമായി കോടതി പരിഗണിക്കും. ഇതിനാല്‍, ജനപങ്കാളിത്തത്തോടെ വാഹനപാര്‍ക്കിങ് ഇല്ലാതാക്കുകയാണ് ജില്ലക്ക് നല്ലത്. എന്നാല്‍, പ്രത്യേക ഉത്തരവിലൂടെ പാര്‍ക്കിങ് നിരോധിക്കില്ല -മന്ത്രി പറഞ്ഞു.

ഐസ്‌ക്രീം കേസ്: വി.എസിന് രേഖകള്‍ നല്‍കാമെന്ന് സര്‍ക്കാര്‍

Posted: 29 Jan 2013 10:32 PM PST

Image: 

കൊച്ചി: ഐസ്‌ക്രീം അട്ടിമറിക്കേസില്‍  പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് രേഖകള്‍ നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വി.എസിന് നല്‍കരുതെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. വി.എസിന് അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്ന കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയത്.

നേരത്തെ കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ ഹൈകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രേഖകള്‍ വി.എസിന് കൈമാറുന്നതിനെ സര്‍ക്കാര്‍ എന്തിനാണ് എതിര്‍ക്കുന്നതെന്നും കേസില്‍ സര്‍ക്കാരിന് പ്രത്യേക താത്പര്യമെന്താണെന്നും കോടതി ആരാഞ്ഞിരുന്നു. എന്നാല്‍ ക്രിമിനല്‍ നടപടി ചട്ടപ്രകാരം രേഖകള്‍ മൂന്നാമൊതരാള്‍ക്ക് നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇത് കോടതി തള്ളി. പൊതുതാല്‍പര്യമുള്ള വിഷയമായതിനാല്‍ മൂന്നാമതൊരാള്‍ക്ക് അന്വേഷണ രേഖകള്‍ നല്‍കാന്‍ ചട്ടമുണ്ടെന്നും കോടതി നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.
 

ഫൈസല്‍ അവാര്‍ഡ് റാഇദ് സലാഹിന്

Posted: 29 Jan 2013 09:45 PM PST

Image: 

റിയാദ്: ഇസ്ലാമിക സേവനത്തിനുള്ള ഈ വര്‍ഷത്തെ കിങ് ഫൈസല്‍ അവാര്‍ഡ് ഫലസ്തീന്‍ പണ്ഡിതനും ഇസ്ലാമിക പ്രസ്ഥാന നേതാവുമായ ശൈഖ് റാഇദ് സലാഹിന് ലഭിച്ചു. ഇസ്ലാമിക പഠനത്തിനുള്ള അവാര്‍ഡ് യോഗ്യരെ കണ്ടെത്താനാവാത്തതിനാല്‍ ഈ വര്‍ഷം സമ്മാനിക്കുന്നതല്ലെന്ന് അവാര്‍ഡ് അതോറിറ്റി മേധാവിയും മക്ക മേഖല ഗവര്‍ണറുമായ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ അറിയിച്ചു. ഇസ്ലാമിക പഠനത്തില്‍ കുറ്റകൃത്യങ്ങളെക്കുറിച്ച കര്‍മശാസ്ത്രത്തിനാണ് ഈ വര്‍ഷം അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചിരുന്നത്. അറബി ഭാഷാ, സാഹിത്യ സേവനത്തിനുള്ള അവാര്‍ഡ് കെയ്റോയിലെ അറബി ഭാഷാ കോംപ്ളക്സിന് ലഭിച്ചു. വൈദ്യരംഗത്തെ സംഭാവനകള്‍ക്കുള്ള അവാര്‍ഡ് അമേരിക്കയിലെ രണ്ട് ഡോക്ടര്‍മാര്‍ പങ്കിട്ടു. ഡോ. ജഫ്രി മൈക്കിള്‍, ഡോ. ഡഗ്ളസ് ലിയോനാര്‍ഡ് കോള്‍മാന്‍ എന്നിവരാണ് ‘പൊണ്ണത്തടിയുടെ പാരമ്പര്യ ഘടങ്ങള്‍’ എന്ന വിഷയത്തില്‍ പുരസ്കാരം നേടിയത്. സയന്‍സ് വിഭാഗത്തിനുള്ള അവാര്‍ഡ് കാനഡയിലെ ഡോ. പോള്‍ കര്‍കം, ആസ്ത്രിയയിലെ ഫ്രങ്ക് ക്രോസ് എന്നിവര്‍ പങ്കിട്ടു.
സൗദി ഉന്നത പണ്ഡിതസഭാംഗവും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവുമായ ഡോ. സാലിഹ് ഹുമൈദ്, ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഡോ. അക്മലുദ്ദീന്‍ ഇഹ്സാനോഗ്ലു, റാബിത്വത്തുല്‍ ആലമില്‍ ഇസ്ലാമി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ല അബ്ദുല്‍മുഹ്സിന്‍ അത്തുര്‍ക്കി എന്നിവരുടെ സാന്നിധ്യത്തില്‍ അല്‍ഫൈസലിയ്യ സെന്‍ററിലെ അല്‍ഖുസാമ ഹോട്ടലില്‍ ചേര്‍ന്ന യോഗത്തിലാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. ഫൈസലിയ്യ സെന്‍ററില്‍ ചേരുന്ന പ്രത്യേക സമ്മേളനത്തില്‍ വെച്ച് അവാര്‍ഡുകള്‍ സമ്മാനിക്കും.

 

കായികദിനം: സ്ഥാപനങ്ങളും മന്ത്രാലയങ്ങളും പരിപാടികള്‍ പ്രഖ്യാപിച്ചു

Posted: 29 Jan 2013 09:44 PM PST

Image: 

ദോഹ: ദേശീയകായികദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 12ന് സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് വിവിധ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും അന്തിമരൂപം നല്‍കി. ഇതുവരെ പൊതു, സ്വകാര്യ മേഖലകളില്‍ നിന്നായി ഇരുപതിലധികം സ്ഥാപനങ്ങള്‍ കായികദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് കരുതുന്നു. കായികദിന പരിപാടികള്‍ക്ക് പ്രവാസി സംഘടനകളും ഒരുക്കം തുടങ്ങി.
ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമായി അല്‍ ജസീറ അക്കാദമിയില്‍ ടെന്നീസ്, ഓട്ടം, വോളിബാള്‍, ഫുട്ബാള്‍ തുടങ്ങിയ പരിപാടികളാണ് ഖത്തര്‍ എയര്‍വെയ്സ് സംഘടിപ്പിക്കുന്നത്. അഹ്മദ് ഹസന്‍ ബിലാല്‍ ഗ്രൂപ്പ് തങ്ങളുടെ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് വെസ്റ്റ്ബെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് നടത്തും. നീതിന്യായം, മുനിസിപ്പല്‍, ഊര്‍ജം, വ്യവസായം, ആഭ്യന്തരം, വിദേശകാര്യം എന്നീ മന്ത്രാലയങ്ങളുടെയും പബ്ളിക് വര്‍ക്സ് അതോറിറ്റിയുടെയും (അശ്ഗാല്‍) പരിപാടികള്‍ അല്‍ റെഫ സ്ട്രീറ്റില്‍ നടക്കും.
കൂട്ടനടത്തം, ടേബിള്‍ ടെന്നിസ്, ബേബി ഫൂട്ട്, ബീച്ച് വോളിബാള്‍, ബാസ്കറ്റ് ബാള്‍, വിദഗ്ധ പരിശീലകരുമൊത്തുള്ള കായിക പരിശീലനം തുടങ്ങിയവയാണ് സുപ്രീം ആരോഗ്യ കൗണ്‍സില്‍ ഒരുക്കുന്നത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ഖത്തരി ഡോക്ടേഴ്സ് അസോസിയേഷന്‍, പ്രാഥമികാരോഗ്യ കോര്‍പറേഷന്‍, വെയ്ല്‍കോര്‍ണല്‍ കോളജ്, അഹ്ലി ആശുപത്രി, അല്‍ഇമാദി ആശുപത്രി എന്നിവയുമായി സഹകരിച്ചാണ് കൗണ്‍സില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സ്കൂളുകള്‍ക്കായി സുപ്രീം വിദ്യാഭ്യാസ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ അസ്പെയര്‍ സോണില്‍ നടക്കും.
കുട്ടികളില്‍ സ്പോര്‍ട്സിലൂടെ ആരോഗ്യകരമായ ജീവിതശൈലി വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. ദേശീയ കായികദിനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും www.sportday.qa എന്ന സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അല്‍ റെഫാ സ്ട്രീറ്റിലും സ്ഥലസൗകര്യം അനുവദിക്കും.

ലാവ്‌ലിനില്‍ അഴിമതി നടന്നു -വി.എസ്

Posted: 29 Jan 2013 09:30 PM PST

Image: 

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടി നിലപാട് തള്ളി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. ലാവ്‌ലിന്‍ ഇടപാടില്‍ അഴിമതി നടന്നുവെന്ന സി.എ.ജിയുടെ കണ്ടെത്തല്‍ ശരിയാണെന്നും ആരെയും തകര്‍ക്കാനായി കെട്ടിച്ചമച്ച കേസല്ലെന്നും വി.എസ് അച്യുതാനന്ദന്‍. മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വി.എസിന്റെ വിവാദ വെളിപ്പെടുത്തല്‍.

ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ പണം കൈപ്പറ്റിയിട്ടില്ല എന്നത് ഒരു സാക്ഷിയുടെ മൊഴി മാത്രമാണ്. കുഴപ്പം കാണിച്ചില്ലെങ്കില്‍ പിണറായി എങ്ങനെ പ്രതിയായി. അദ്ദേഹത്തെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കേണ്ടതല്ലേ- വി.എസ്.ചോദിച്ചു.

താന്‍ സത്യത്തിന്റെ കൂടെയേ നിലകൊള്ളൂ. ലാവ്‌ലിന്‍ കേസില്‍ അഴിമതി നടന്നു എന്ന നിലപാട് മാറ്റാന്‍ തയ്യാറാകാത്തതിനാലാണ് തന്നെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കിയതെന്നും വി.എസ് തുറന്നടിച്ചു. തന്നെ വിശ്വാസമില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കട്ടെയെന്നും വി.എസ് വെല്ലുവിളിക്കുന്നു.

പേഴ്‌സണല്‍ സ്റ്റാഫിന്റെ പേരില്‍ തന്നെയാണ് ലക്ഷ്യം വെക്കുന്നത്. തന്റെ സെക്രട്ടറിമാരെ മാറ്റി ആശ്രിതരെ വെക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് വി.എസിനെതിരെ കരുണാകരന്‍ കമ്മിറ്റി റിപോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ ഗുരുതര പരാമര്‍ശങ്ങളുമായി വി.എസ് രംഗത്തെത്തിയത്. പാര്‍ട്ടിയില്‍ ഏറെ കോളിളക്കങ്ങള്‍ ഉണ്ടാക്കിയേക്കാവുന്നതാണ് വി.എസിന്റെ പരാമര്‍ശങ്ങള്‍.

പാര്‍ട്ടിയുടെ നിലപാടിന് തികച്ചും വിരുദ്ധമായാണ് വി.എസ് അഭിമുഖത്തില്‍ പ്രതികരിച്ചത്. ലാവ്‌ലിന്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു കേന്ദ്ര കമ്മിറ്റിയുടെ നിലപാട്. പിണറായി വ്യക്തിപരമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നായിരുന്നു പി.ബിയുടെയും കേസ് അന്വേഷിച്ച സി.ബി.ഐയുടെയുടെ പ്രാഥമിക നിഗമനം.
 

Tuesday, January 29, 2013

വായ്പാ നയം: അടിസ്ഥാന നിരക്ക് കുറയില്ല; ഭവന, വാഹന വായ്പാ നിരക്ക് കുറഞ്ഞേക്കും Madhyamam News Feeds

വായ്പാ നയം: അടിസ്ഥാന നിരക്ക് കുറയില്ല; ഭവന, വാഹന വായ്പാ നിരക്ക് കുറഞ്ഞേക്കും Madhyamam News Feeds

Link to

വായ്പാ നയം: അടിസ്ഥാന നിരക്ക് കുറയില്ല; ഭവന, വാഹന വായ്പാ നിരക്ക് കുറഞ്ഞേക്കും

Posted: 29 Jan 2013 01:06 AM PST

Image: 

മുംബൈ: സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി റിസര്‍വ് ബാങ്ക് റിപ്പോ നിരക്കും കരുതല്‍ ധന അനുപാതവും വീണ്ടും കുറച്ചെങ്കിലും പലിശ നിരക്കുകള്‍ പൊടുന്നനെ കുറഞ്ഞേക്കില്ല. അതേസമയം പുതിയ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കില്‍ ചെറിയ കുറവ് വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം. എന്നാല്‍ ബാങ്കുകളുടെ അടിസ്ഥാന പലിശ നിരക്കില്‍ മാറ്റമുണ്ടാവാന്‍ ഇടയില്ലാത്തതിനാല്‍ നിലവിലുള്ള ഭവന, വാഹന വായ്പാ ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കാന്‍ സാധ്യതയില്ല.

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അത്യാവശ്യ ഘട്ടങ്ങളില്‍ നല്‍കുന്ന വായ്പക്ക് ചുമത്തുന്ന പലിശയായ റിപ്പോ നിരക്ക് എട്ട് ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായാണ് കുറച്ചത്. അതേസമയം ബാങ്കുകളുടെ കൈവശമുള്ള അധിക പണം റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്നതിന് നല്‍കുന്ന പലിശ നിരക്കായ റിവേഴ്‌സ് റിപ്പോയില്‍ കുറവ് വരുത്തിയിട്ടുമില്ല. ഇതിനൊപ്പം വാണിജ്യ ബാങ്കുകള്‍ നിര്‍ബന്ധമായും റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധന അനുപാതം (സി.ആര്‍.ആര്‍) 4.25 ശതമാനന്മില്‍ നിന്ന് നാലു ശതമാനവുമാക്കി.

റിവേഴ്‌സ് റിപ്പോയില്‍ കുറവ് ഇല്ലാത്തത് വാണിജ്യ ബാങ്കുകളെ വായ്പകള്‍ കൂടുതലായി അനുവദിക്കാന്‍ പ്രേരിപ്പിക്കില്ല. എന്നാല്‍ സി.ആര്‍.ആര്‍ കുറച്ചതോടെ വായ്പകള്‍ അനുവദിക്കാന്‍ കൂടുതല്‍ പണം വാണിജ്യ ബാങ്കുകളുടെ കൈവശം എത്തും. ഇതുവഴി പണവിപണിയില്‍ 18000 കോടി രൂപ അധികമായി എത്തുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഈ തുക സുരക്ഷിതത്വം കൂടുതലുള്ള ഭവന, വാഹന വായ്പകള്‍ കൂടുതല്‍ അനുവദിച്ച് ബിസിനസ് വര്‍ധിപ്പിക്കാനാവും ബാങ്കുകള്‍ ശ്രമിക്കുക. ഇത് പുതിയ വായ്പകളുടെ നിരക്ക് കുറയാന്‍ കാരണമായേക്കും.

എന്നാല്‍ അടിസ്ഥാന വായ്പ നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ വാണിജ്യ ബാങ്കുകള്‍ തിടുക്കത്തില്‍ തീരുമാനമെടുക്കില്ലെന്ന് ഖൊടാക്ക് സെക്യൂരിറ്റീസിലെ ദീപന്‍ ഷാ വിലയിരുത്തുന്നു. നിക്ഷേപങ്ങള്‍ക്കുള്ള ചിലവ് കുറഞ്ഞാലേ അടിസ്ഥാന നിരക്കില്‍ കുറവ് പ്രതീക്ഷിക്കാനാവൂ. അതായത് നിക്ഷേപങ്ങള്‍ക്കുള്ള നിരക്ക് നിരക്ക് കുറയ്ക്കാന്‍ കഴിയണം. എന്നാല്‍ നിലവില്‍ വായ്പാ നിക്ഷേപ അനുപാതം 102 ശതമാനമാണെന്ന കാര്യം പരിഗണിക്കുമ്പോള്‍ നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് കുറയ്ക്കുന്നത് പ്രായോഗികമല്ലെന്ന് അദ്ദേഹം പറഞ്ഞു.
 

തനിക്കെതിരെ ആസൂത്രിത നീക്കം- രമേശ് ചെന്നിത്തല

Posted: 29 Jan 2013 01:00 AM PST

Image: 

തിരുവനന്തപുരം: തനിക്കെതിരെ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇതിന്റെ മൂലകാരണം മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ച് കണ്ടുപിടിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇതെന്റെ സംശയമാണ്. അതു ബലപ്പെട്ട് വരുന്നു. ആരുടെയെങ്കിലും പ്രസ്താവന കൊണ്ട് ഇല്ലാതാകുന്നതല്ല എന്റെ മതേതരത്വം. സമുദായസംഘടനകള്‍ക്കും നേതാക്കള്‍ക്കും അഭിപ്രായം പറയാം. എന്നാല്‍ കോണ്‍ഗ്രസിന്റെ കാര്യം തീരുമാനിക്കേണ്ടത് കെ.പി.സി.സിയും ഹൈക്കമാന്‍ഡുമാണ്.സ്വീകരിക്കേണ്ടവ പാര്‍ട്ടി സ്വീകരിക്കും. തള്ളേണ്ടവ തള്ളും.

സമുദായ നേതാക്കള്‍ അതിര്‍വരമ്പ് ലംഘിക്കരുത്. എന്‍.എസ്.എസുമായി കെ.പി.സി.സി ധാരണ ഉണ്ടാക്കിയിട്ടില്ല. താനിപ്പോഴും താക്കോല്‍ സ്ഥാനത്താണ് ഇരിക്കുന്നത്. സുകുമാരന്‍ നായരുടെ നിലപാട് അദ്ദേഹത്തിന്റേത് മാത്രമാണ്. പ്രസംഗത്തില്‍ അദ്ദേഹം എന്നെ വലിച്ചിഴക്കേണ്ടിയിരുന്നില്ല. ആരെങ്കിലും വിചാരിച്ചാല്‍ തകരുന്ന മതേതര പ്രതിച്ഛായയല്ല തന്റേതെന്നും ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരില്‍ ചേരാന്‍ താനില്ലെന്ന് അസന്നിഗ്ധമായി അദ്ദേഹം വ്യക്തമാക്കി. ഇതു പുതിയ തീരുമാനമല്ല. നേരത്തെ എടുത്തതാണ്. പാര്‍ട്ടിയെ നയിക്കുകയാണ് തന്റെ കടമ. അതില്‍ അണുവിട വ്യത്യാസമില്ല. തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ഹൈക്കമാന്‍ഡ് പറഞ്ഞിട്ടാണ്. മന്ത്രിയാകാനില്ലെന്നത് വ്യക്തിപരമായ തീരുമാനമാണ്. തന്റെ ഈ തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിച്ചതില്‍ നന്ദിയുണ്ട്.

 

രാജേന്ദ്രന്‍ വകതിരിവില്ലാത്തവന്‍; പിണറായിക്ക് സേവ പിടിച്ചു -വി.എസ്

Posted: 28 Jan 2013 11:28 PM PST

Image: 

തിരുവനന്തപുരം: തനിക്കെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയ മുന്‍ പ്രൈവറ്റ് സെക്രട്ടറി എസ്.രാജേന്ദ്രന്‍ വകതിരിവില്ലാത്തവനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനനന്ദന്‍. മുഖ്യമന്ത്രിയായിരിക്കെ തന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രാജേന്ദ്രനെ സ്ഥാനത്തുനിന്ന് പുറത്താക്കേണ്ടിവന്നു. അതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയതെന്നും വി.എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പിണറായി വിജയന് സേവ പിടിക്കാന്‍ രാജേന്ദ്രന്‍ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ കാണാന്‍ വരുന്നവരെ കാണിക്കാതെ തിരിച്ചയച്ചു. രാജേന്ദ്രന്റെ പരാതി അന്വേഷിച്ച പി.കരുണാകരന്‍ കമ്മീഷന്‍ തന്റെ ഭാഗം കേട്ടില്ല. വിജയന്‍ ഉള്‍പ്പെട്ട ലാവ്‌ലിന്‍ കേസുമായി നടക്കുന്നത് ക്രൈം നന്ദകുമാറാണ്. ക്രൈം നന്ദകുമാറാണ് ടി.ജി നന്ദകുമാറെന്ന് വിജയന്‍ തെറ്റിദ്ധരിക്കുകയോ വിജയനെ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തതാണ്. ശിവരാജ് പാട്ടീലിനെ കാണാന്‍ താന്‍ പോയത് കിളിരൂര്‍-കവിയൂര്‍ കേസിലെ സി.ബി.ഐ അന്വേഷണത്തെക്കുറിച്ച് പറയാനാണ്. ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രിയെ കണ്ടതില്‍ അസ്വാഭാവികതയില്ല.

വിവാദമായ ആയുധക്കരാറിനെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് വി.എസ് ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്. എസ്.രാജേന്ദ്രന്‍ ഇപ്പോള്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്.

 

ബണ്ടി ചോറിനെ റിമാന്റ് ചെയ്തു

Posted: 28 Jan 2013 10:25 PM PST

Image: 

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടില്‍ നടത്തിയ കവര്‍ച്ചയെ തുടര്‍ന്ന് അറസ്റ്റിലായ ഹൈടെക് മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിങിനെ അടുത്തമാസം 12 വരെ റിമാന്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ കേരളത്തിലെത്തിച്ച ബണ്ടിയെ ചൊവ്വാഴ്ച രാവിലെ വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ ചേമ്പറിലാണ് ഹാജരാക്കിയത്.

രാവിലെ ഒന്‍പതു മണിയോടെയാണ് ബണ്ടിയെയും കൊണ്ട് പൊലീസ് മജിസ്‌ട്രേറ്റിന്റെ ചേമ്പറിലെത്തിയത്. പൊലീസ് തന്നെ മര്‍ദ്ദിച്ചെന്ന് ബണ്ടി മജിസ്‌ട്രേറ്റിന് മുന്‍പാകെ പരാതി പറഞ്ഞു. തുടര്‍ന്ന് ബണ്ടിയെ വൈദ്യപരിശോധനക്കായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
 

റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു; വായ്പ പലിശ നിരക്ക് കുറയും

Posted: 28 Jan 2013 09:57 PM PST

Image: 

ന്യൂദല്‍ഹി: വായ്പ എടുത്തവര്‍ക്ക് ആശ്വാസം നല്‍കി റിസര്‍വ് ബാങ്ക് മൂന്നാം പാദ വര്‍ഷ വായ്പ നയം പ്രഖ്യാപിച്ചു.  ഹ്രസ്വകാല പലിശ നിരക്കിലും വാണിജ്യ ബാങ്കുകള്‍ നിര്‍ബന്ധമായും റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനാനുപാത നിരക്കിലും(സി.ആര്‍.ആര്‍) കാല്‍ ശതമാനം വീതം കുറവ് വരുത്തി. പുതിയ നിരക്കുകള്‍ ഫെബ്രുവരി 9 ന് നിലവില്‍ വരും.

റിപ്പോ നിരക്കുകള്‍ 8ല്‍ നിന്ന്് 7.75 ശതമാനമായാണ് കുറച്ചത്. സി.ആര്‍.ആര്‍ 4.25ല്‍ നിന്ന് 4ആയാണ് കുറച്ചിരിക്കുന്നത്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയാണ് റിപ്പോ. റിപ്പോ നിരക്കുകള്‍ കുറച്ചതോടെ ഭവന,വാഹന,വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കുറയും. പണലഭ്യത ഉറപ്പ് വരുത്താന്‍ വേണ്ടിയാണ് റിസര്‍വ്് ബാങ്ക് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. വളര്‍ച്ച ലക്ഷ്യമാക്കിയാണ് പുതിയ വായ്പ നയമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി. സുബ്ബറാവു പറഞ്ഞു. പുതിയ പ്രഖ്യാപനം വ്യവസായ മേഖലയ്ക്ക് ഉണര്‍വ് നല്‍കുമെന്നാണ് സൂചന.

2012 ഏപ്രില്‍ 17നാണ് അവസാനമായി റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തിയത്. പണപ്പെരുപ്പം മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതോടെയാണ് വായ്പ നിരക്ക് കുറക്കാന്‍ റിസര്‍വ് ബാങ്ക് തയാറായത്.

ദമ്പതികളെ ആക്രമിച്ച് ആഭരണ കവര്‍ച്ച; രണ്ടുപേര്‍ അറസ്റ്റില്‍

Posted: 28 Jan 2013 09:34 PM PST

തിരുവനന്തപുരം: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു.
വഞ്ചിയൂര്‍ വില്ലേജില്‍ ബാര്‍ട്ടണ്‍ഹില്‍ കോളനിയില്‍ ടി.സി 12/832ല്‍ ജിജോ (27), ബാര്‍ട്ടണ്‍ഹില്‍ കോളനി പാര്‍ക്കിന് സമീപം ടി.സി 12/921ല്‍ വിപിന്‍ (24) എന്നിവരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. തേക്കുംമൂട് സ്വദേശികളായ ലാലുവിനും ഭാര്യക്കുമാണ് ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിപിന്‍ അടുത്തകാലത്താണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ട വട്ടപ്പാറ ബിനുവിന്‍െറ സഹായികളായി പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ സമീപകാലത്ത് ബിനുവുമായി തെറ്റിപ്പിരിഞ്ഞിരുന്നു. ബിനുവിന്‍െറ അടുത്ത ബന്ധുക്കളായ ദമ്പതികളെയാണ് ഇവര്‍ ആക്രമിച്ചത്. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട പിടികിട്ടാപ്പുള്ളിയായ ജീവന്‍ എന്നയാളിന്‍െറ സഹോദരനാണ് ജിജോ.
മെഡിക്കല്‍ കോളജ് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. പ്രമോദ് കുമാര്‍, എസ്.ഐ. ഷാജി മോന്‍, ഗ്രേഡ് എസ്.ഐ മുഹമ്മദ് ഷാ, സി.പി.ഒമാരായ വിനുകുമാര്‍, ശ്രീ ഹരി വസന്തന്‍, ശ്രീകണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
 

ദേശീയപാത വികസനം: പ്രതിഷേധത്തെത്തുടര്‍ന്ന് കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തി

Posted: 28 Jan 2013 09:33 PM PST

കഴക്കൂട്ടം: പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ദേശീയപാത വികസിപ്പിക്കുന്നതിനായി കല്ലിടുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
തിങ്കളാഴ്ച രാവിലെ ഒമ്പതോടെ കോരാണിയില്‍ നിന്ന് കല്ലിടല്‍ ആരംഭിച്ചു.10ഓടെ ചെമ്പകമംഗലത്തുനിന്ന് സംഘടിച്ച് പ്രകടനമായെത്തിയ 300ഓളം പേരടങ്ങുന്ന ആക്ഷന്‍ കൗണ്‍സില്‍ കല്ലുകള്‍ സ്ഥാപിക്കുന്നത് തടഞ്ഞു. വന്‍ പൊലീസ് ബന്തവസിലാണ് കല്ലിടല്‍ ആരംഭിച്ചത്.
ഡെപ്യൂട്ടി കലക്ടര്‍ ഓമനയുടെ നേതൃത്വത്തില്‍ 50ഓളം റവന്യു ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരും തൊഴിലാളികളും അടങ്ങുന്ന സംഘമാണ് കല്ലിടാനെത്തിയത്. നിരവധി വീടുകളും കച്ചവടസ്ഥാപനങ്ങളും പൂര്‍ണമായും അതിലേറെ ഭാഗികമായും ഒഴിപ്പിക്കപ്പെടും.
നേരത്തേയുള്ള അലൈന്‍മെന്‍റിന് വ്യത്യസ്തമായി റോഡിന്‍െറ ഇരുവശത്തുനിന്നുമാണ് മാമംവരെ ഭൂമി അളന്നെടുത്തിരുന്നത്. എന്നാല്‍ കോരാണി, കഴക്കൂട്ടം മേഖലയില്‍ മിക്ക സ്ഥലങ്ങളിലും ഒരുവശത്ത് നിന്നുമാത്രമേ ഭൂമി ഏറ്റെടുക്കുന്നുള്ളൂവെന്നും അലൈന്‍മെന്‍റിന് വ്യത്യാസം വരുത്തിയിട്ടില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
കുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍വരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ട അധികൃതരും നിസ്സഹായത അറിയിച്ചതോടെ പ്രതിഷേധം ശക്തമായി.
ബന്ധപ്പെട്ട അധികൃതര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തണമെന്നും അതിനുശേഷമേ കല്ലിടല്‍ തുടരാവൂ എന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഹൈവേ ആക്ഷന്‍ഫോറം, ദേശീയപാത ഐക്യ സമരസമിതി, കഴക്കൂട്ടം-കോരാണി ആക്ഷന്‍ കൗണ്‍സില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധവുമായി എത്തിയത്.
റോഡിന് ഇരുവശത്തുനിന്നും ഭൂമി ഏറ്റെടുക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് വി. ശശി എം.എല്‍.എ  സ്ഥലത്തെത്തി പ്രതിഷേധക്കാരും ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. ഒടുവില്‍ കലക്ടറുമായി എം.എല്‍.എ ഫോണില്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ബി.കെ. പ്രശാന്തന്‍, കഴക്കൂട്ടം സി.ഐ വിനോദ്, മംഗലപുരം എസ്.ഐ ചന്ദ്രദാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
 

നഗരത്തില്‍ വെള്ളമില്ലാതായിട്ട് നാലുനാള്‍

Posted: 28 Jan 2013 09:30 PM PST

കൊല്ലം: നഗരത്തില്‍ വെള്ളമെത്തിയിട്ട് നാലുദിവസം. നാല് ദിവസത്തിന് ശേഷം വിവിധ സ്ഥലങ്ങളില്‍ ലഭിച്ചതാകട്ടെ ഒരു ബക്കറ്റ് വെള്ളം.  ജലലഭ്യത കുറഞ്ഞതിനാല്‍ ഒന്നിടവിട്ട ദിവസങ്ങളിലേ ജലവിതരണം ഉണ്ടാകൂവെന്നാണ്  വാട്ടര്‍ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്. ചൊവ്വാഴ്ച ജലവിതരണം വൈകിട്ടേ ഉണ്ടാവുകയുള്ളൂ. ഇതിനിടെ  നഗരത്തിലെ രൂക്ഷമായ കുടിവെള്ളപ്രതിസന്ധി പരിഹരിക്കാന്‍ അഞ്ചിടങ്ങളില്‍ കുഴല്‍ക്കിണറുകള്‍ കുഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ശാസ്താംകോട്ട കായലില്‍  ഇരുപത് ദിവസത്തേക്ക് ആവശ്യത്തിനുള്ള വെള്ളം പോലുമില്ലെന്നാണ് അറിയുന്നത്.
ശാസ്താംകോട്ട കായലിലെ വെള്ളത്തിന്‍െറ അളവിലുണ്ടായ കുറവാണ് കുടിവെള്ളപ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായതെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ വിശദീകരണം. എന്നാല്‍ വിവിധയിടങ്ങളില്‍ കേടായിക്കിടക്കുന്ന പമ്പുകള്‍, പൈപ്പുകള്‍ എന്നിവ നന്നാക്കാത്തതും പ്രതിസന്ധിക്ക് ആക്കംകൂട്ടുന്നുണ്ട്. ഹൈസ്കൂള്‍ ജങ്ഷന്‍ ഉള്‍പ്പെടെ ഇരുമ്പുപാലത്തിന് സമീപത്തെ പലയിടങ്ങളിലും രണ്ട് ദിവസത്തിനുശേഷം തിങ്കളാഴ്ച ലഭിച്ചത് ഒരു ബക്കറ്റ് വെള്ളത്തില്‍ താഴെയാണ്. സ്കൂളുകള്‍ ,ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ജലം ലഭിക്കാത്തത് മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്.  കോളനികളാണ് കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്.
ജലക്ഷാമം രൂക്ഷമായതോടെയാണ് ജില്ലാ കലക്ടര്‍ ഇടപെട്ട് അഞ്ചിടങ്ങളില്‍ കുഴല്‍ക്കിണര്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. ഉളിയക്കോവിലിലെ പഴയ പമ്പ്ഹൗസ്, ജില്ലാ ആശുപത്രിക്കുസമീപത്തെ ആര്‍.എം.ഒ പമ്പ്ഹൗസ്, കാരിച്ചിറ ക്ഷേത്രം, പുന്തലത്താഴത്തെ പഴയ പമ്പ്ഹൗസ്, തങ്കശ്ശേരി കാവല്‍ പഴയ പമ്പ്ഹൗസ് എന്നിവിടങ്ങളിലാണ് കിണര്‍ കുഴിക്കുന്നത്.കലക്ടറുടെ ഇടപെടലിനെതുടര്‍ന്ന് ജലഅതോറിറ്റി കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിയേയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
പുന്തലത്താഴം പഴയ പമ്പ്ഹൗസിനുസമീപം കുഴല്‍ക്കിണര്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഇത് പൂര്‍ത്തിയായ ശേഷമേ ബാക്കിയുള്ളവയുടെ നിര്‍മാണം ആരംഭിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്. സമയബന്ധിതമായി തീര്‍ക്കുന്നതിനുവേണ്ടി ഒരെണ്ണം ടെന്‍ഡര്‍ നല്‍കിയതായും അധികൃതര്‍ വിശദീകരിച്ചു.            ഈ പ്രദേശങ്ങളില്‍ പാറ ഉള്‍പ്പെടെയുള്ളവയുടെ സാന്നിധ്യം കൂടുതലായതിനാല്‍ 45 മുതല്‍ 60 ദിവസം കൊണ്ടേ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് അധികൃത ഭാഷ്യം. എന്നാല്‍ ജില്ലകളിലെ  കുടിവെള്ളപ്രതിസന്ധി പരിഹരിക്കുന്നതിന്  ഓരോ മന്ത്രിമാരെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ജില്ലയില്‍ ആരും എത്തിയിട്ടില്ലെന്ന് എ.എ. അസീസ് എം.എല്‍.എ പറഞ്ഞു.  
വെള്ളമെത്തിക്കാനുള്ള ചുമതല കോര്‍പറേഷനാണെന്ന നിലപാടിലാണ് ജില്ലാ പഞ്ചായത്ത്. കേടായിക്കിടക്കുന്ന മോട്ടോര്‍ ഉള്‍പ്പെടെയുള്ള യന്ത്രങ്ങള്‍ നന്നാക്കാന്‍ പണമില്ലെന്ന നിലപാടാണ് ജില്ലാ ഭരണകൂടവും വാട്ടര്‍ അതോറിറ്റിയും സ്വീകരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധമുയരുമെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ള പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡി.സി.സി മെംബര്‍ ഡി. സ്യമന്തഭദ്രന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.
 

ജില്ലയില്‍ എ -ഐ ഗ്രൂപ്പുകളി രൂക്ഷം

Posted: 28 Jan 2013 09:25 PM PST

തൊടുപുഴ: ജില്ലയില്‍ എ ഗ്രൂപ് നേതാക്കളുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ് ഭാരവാഹികള്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയാണെന്നും ഇതിനെ ശക്തമായി നേരിടാനും കോണ്‍ഗ്രസ് ഐ നേതൃയോഗം തീരുമാനിച്ചു. മുരിക്കാശേരിയില്‍ ഡി.സി.സി സെക്രട്ടറി വിജയകുമാര്‍ മറ്റക്കര, ബ്ളോക് പഞ്ചായത്തംഗം കെ.കെ. സുബി, മറ്റ് പാര്‍ട്ടി ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെ പാര്‍ട്ടി മണ്ഡലം പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ നടന്ന കൈയേറ്റത്തെ  ഗൗരവമായി കാണും . കാന്തല്ലൂരില്‍ ഡി.സി.സി സെക്രട്ടറി ബേബി ചീമ്പാറയെ മണ്ഡലം പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ സാമൂഹിക വിരുദ്ധര്‍ ആക്രമിച്ച കേസിലും കെ.പി.സി.സി എക്സിക്യൂട്ടീവംഗം സി.പി. മാത്യുവിന്‍െറ വാഹനം യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു ജില്ലാ പ്രസിഡന്‍റുമാരുടെ നേതൃത്വത്തില്‍ തല്ലിത്തകര്‍ത്ത കാര്യത്തിലും ഡി.സി.സി പ്രസിഡന്‍റ് അക്രമികള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
ഉപ്പുതോട്ടില്‍ എം.പിയുടെ വീട്ടില്‍ നടന്ന ഗ്രൂപ് യോഗത്തിന്‍െറ പിറ്റേന്നാണ് വിജയകുമാറിന് നേരെ കൈയേറ്റമുണ്ടായതെന്നത് സംഭവത്തിന്‍െറ ഗൗരവം വര്‍ധിപ്പിക്കുന്നു. എതിര്‍ ഗ്രൂപ്പുകാരനെ കുടുക്കുന്നതിന് സ്വന്തം ഭാര്യയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പരാതി നല്‍കി കേസെടുപ്പിക്കുന്ന പഞ്ചായത്തംഗത്തിന്‍െറ തരംതാണ നീക്കത്തിന് പിന്തുണ നല്‍കുന്ന പാര്‍ട്ടി നേതൃത്വത്തെ പുച്ഛത്തോടെയാണ് ജനം വീക്ഷിക്കുന്നത്.  തൊടുപുഴയില്‍ കടകള്‍ തല്ലിത്തകര്‍ത്ത കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ എ.ഐ.സി.സി നേതൃത്വത്തോട് യോഗം ഫാക്സ് സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് മെംബര്‍ഷിപ്പില്‍ കൃത്രിമം കാണിക്കുന്നതിനുള്ള ശ്രമങ്ങളെ ചെറുത്തതിനാണ് സി.പി. മാത്യുവിന്‍െറ വാഹനം തല്ലിത്തകര്‍ത്തതും അക്രമപ്രവര്‍ത്തനങ്ങള്‍ അഴിച്ചുവിട്ടതും. വണ്ടന്മേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെ മാറ്റണമെന്ന കെ.പി.സി.സി പ്രസിഡന്‍റിന്‍െറ നിര്‍ദേശം ഗ്രൂപ് താല്‍പ്പര്യത്തിന്‍െറ പേരില്‍ നടപ്പാക്കാതിരിക്കുന്നത് പാര്‍ട്ടിയില്‍ അസ്ഥിരത ഉണ്ടാക്കും. കൈയൂക്കിന്‍െറ അടിസ്ഥാനത്തില്‍ പാര്‍ട്ടിയെ കൈയടക്കുന്നതിനുള്ള ശ്രമവും ക്രിമിനല്‍വത്കരണവും അനുവദിക്കില്ല. അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത വാത്തിക്കുടി മണ്ഡലം പ്രസിഡന്‍റിനെ ആ സ്ഥാനത്തുനിന്ന് മാറ്റിയില്ലെങ്കില്‍ സമാന്തര മണ്ഡലം കമ്മിറ്റിക്ക് രൂപം നല്‍കാന്‍ യോഗം തീരുമാനിച്ചു.
സി.പി. മാത്യു അധ്യക്ഷത വഹിച്ചു. അഡ്വ. ഇ.എം. ആഗസ്തി, അഡ്വ. ജോയി തോമസ്, ഇബ്രാഹിംകുട്ടി കല്ലാര്‍, സി.എന്‍. സോമരാജന്‍, ജോര്‍ജ് കരിമറ്റം, അഡ്വ.എസ്. അശോകന്‍, ജോയി വെട്ടിക്കുഴി, ബേബി ചീമ്പാറ, ജോണി കുളമ്പള്ളി, വി.കെ. വാസു, പി.ഡി. ശോശാമ്മ, അഡ്വ. ജോര്‍ജി ജോര്‍ജ്, അഡ്വ.കെ.ടി. മൈക്കിള്‍, ജി. രാജു, സി.എന്‍. വിജയന്‍, പി.എസ്. സെബാസ്റ്റ്യന്‍, കെ.ആര്‍. സുകുമാരന്‍നായര്‍, തോമസ് മാത്യു കക്കുഴി, സി.പി. കൃഷ്ണന്‍, പി.ആര്‍. അയ്യപ്പന്‍, ടി.എച്ച്. സിദ്ദീഖ്, ഇന്‍ഫന്‍റ് തോമസ്, ചാര്‍ളി ആന്‍റണി, ജോമോന്‍ പുഷ്പക്കണ്ടം എന്നിവര്‍ പങ്കെടുത്തു.
 

വിവാദ പരാമര്‍ശം: ആശിഷ് നന്ദിയെ പൊലീസ്‌ ചോദ്യം ചെയ്യും

Posted: 28 Jan 2013 09:24 PM PST

Image: 

ന്യൂദല്‍ഹി: അഴിമതി സംബന്ധിച്ച് വിവാദ പരാമര്‍ശം നടത്തിയ പ്രമുഖ രാഷ്ര്ടീയ നിരൂപകന്‍ ആശിഷ് നന്ദിയെ പൊലീസ്‌ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു വേണ്ടി ഹാജരാകണമെന്ന് ജയ്പൂര്‍ സിറ്റി പൊലീസ് നന്ദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെഅന്വേഷണം പൂര്‍ത്തിയാകുന്നത് വരെ നഗരം വിട്ടു പോകരുതെന്ന് സാഹിത്യോത്സവ സംഘാടകരോടും പൊലീസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആശിഷ് നന്ദിയുടെ പ്രസ്താവനയടങ്ങിയ ഡി.വി.ഡിയും പകര്‍പ്പൂം പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് സാഹിത്യോത്സവ സംഘാടകനായ സഞ്ജയ് റോയ് പറഞ്ഞു.

സാഹിത്യോത്സവ പാനല്‍ ചര്‍ച്ചയില്‍ അഴിമതിക്കാരില്‍ അധികവും പട്ടിക ജാതി, പട്ടിക വര്‍ഗ്ഗക്കരും പിന്നാക്ക വിഭാഗക്കാരുമാണെന്ന നന്ദിയുടെ  പരാമര്‍ശമാണ് വിവാദമായത്. എന്നാല്‍ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് അദ്ദഹേം സ്വകാര്യ വാര്‍ത്താചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ 'റിപബ്ളിക് ഓഫ് ഐഡിയാസ്' എന്ന ചര്‍ച്ചക്കിടെയാണ് ആഷിശ് നന്ദി ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്.

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP