സ്വാഗതം
WELCOME

News Update..

Friday, January 25, 2013

ശ്രീലേഖക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ Madhyamam News Feeds

ശ്രീലേഖക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ Madhyamam News Feeds

Link to

ശ്രീലേഖക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍

Posted: 25 Jan 2013 12:27 AM PST

Image: 

ന്യൂദല്‍ഹി: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അഡീഷ്ണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (വിജിലന്‍സ് & ആന്‍്റി കറപ്ഷന്‍) ആര്‍.ശ്രീലേഖ അര്‍ഹയായി. 2013 ലെ റിപ്പബ്ളിക് ദിനം പ്രമാണിച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

കേരളത്തിലെ ഏഴു പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക്  സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും ലഭിച്ചു. പി.അശോക് കുമാര്‍( എ.ഐ.ജി, ഹെഡ് ക്വാട്ടേഴ്സ്), വി.എം മുഹമ്മദ് റഫീക്ക്( അസി.കമ്മീഷണര്‍, ട്രാഫിക് ,കൊച്ചി), എം.ജെ മാത്യൂ(ഡി.വൈ.എസ്.പി നാര്‍ക്കോട്ടിക് സെല്‍,കോട്ടയം), വി.വിജയന്‍( ഡി.വൈ.എസ്.പി നാര്‍ക്കോട്ടിക് സെല്‍,ഇടുക്കി), ആര്‍. സുകേശന്‍( ഡി.വൈ.എസ്.പി വിജിലന്‍സ്, തിരുവനന്തപുരം), സി.കെ ചന്ദ്രന്‍( എസ്.ഐ വിജിലന്‍സ് ,തിരുവനന്തപുരം), കെ.സുരേന്ദ്രന്‍( എ.എസ്.ഐ വളാഞ്ചേരി, മലപ്പുറം).
രാഷ്ട്രപതിയുടെ സര്‍വീസ് മെഡലിന് സി.കെ ബാബുരാജന്‍(അസി.ജയിലര്‍,തലശ്ശേരി), കെ.ജെ തോമസ്( അസി.ജയിലര്‍,വിയ്യൂര്‍) എന്നിവരും അര്‍ഹരായി.

വിശിഷ്ട സേവാ മെഡല്‍ ലഭിച്ച ആര്‍.ശ്രീലേഖ 1987 ബാച്ച് ഐ.പി.എസുകാരിയാണ്.2004 ല്‍  മികച്ച സേവനത്തിനുള്ള   രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ നേടിയിട്ടുണ്ട്. കേരള സര്‍ക്കാറിന്റെ പൊലീസ് അവാര്‍ഡ്  2006 ല്‍ നേടി. കേരളത്തിലെ വിവിധ ജില്ലകളില്‍ എസ്.പിയായും ഡെപ്യൂട്ടേഷനില്‍ സി.ബി.ഐയിലും ജോലി ചെയ്തിട്ടുണ്ട്.
അറിയപ്പെടുന്ന എഴുത്തുകാരിയാണ്. പൊഫ: എന്‍ വേലായുധന്‍ നായര്‍, ബി. രാധമ്മ ദമ്പതികളുടെ മൂന്നാമത്തെ മകളാണ് ശ്രീലേഖ. ഭര്‍ത്താവ് ഡോ.എസ് സേതുനാഥ്, മകന്‍ ഗോകുല്‍ നാഥ്
 

കോഴിക്കോട്ട് ജ്വല്ലറിയില്‍ കവര്‍ച്ച

Posted: 24 Jan 2013 11:49 PM PST

Image: 

കോഴിക്കോട്: നഗരത്തിലെ ജ്വല്ലറിയില്‍ വന്‍കവര്‍ച്ച. എം.എം അലി റോഡില്‍ ചിന്താവളപ്പ് ജംങ്ഷനിലെ സുല്‍ത്താന ജ്വല്ലറിയില്‍ നിന്ന് 18.5 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയി.വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.  
 ജ്വല്ലറിയില്‍ ഡിസ്പ്ളേ ചെയ്ത സ്വര്‍ണം, വെള്ളി ആഭരണങ്ങളും ഒരു ലാപ്ടോപ്പുമാണ് മോഷണം പോയത്. ജ്വല്ലറിയുടെ പുറകുവശത്തെ ചുമര്‍ പിക്കാസുകൊണ്ട് തുരന്നാണ് മോഷ്ടാവ് അകത്തുകയറിയിരിക്കുന്നത്.

മോഷ്ടാവിന്റെ ദൃശ്യം സി.സി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ മെലിഞ്ഞ ശരീര പ്രകൃതിയുള്ള മോഷ്ടാവ് മുഖം ടവല്‍കൊണ്ട് മറച്ച നിലയിലാണ്. പൊലീസ് നായ മണം പിടിച്ച ശേഷം സമീപത്തെ അടഞ്ഞു കിടക്കുന്ന ഹോട്ടലിന്റെ സെക്യൂരിറ്റി മുറിയില്‍ കയറി. മോഷ്ടാവിനെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥലം സന്ദര്‍ശിച്ചു.കസബ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
 

‘വിശ്വരൂപം’ തീയേറ്റുകളിലെത്തി

Posted: 24 Jan 2013 09:56 PM PST

Image: 

കോഴിക്കോട്: വിവാദമായ കമലഹാസന്റെപുതിയ ചിത്രം ‘വിശ്വരൂപം’ കേരളത്തിലെ 71 തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. ചിത്രം മുസ്ലിം വിരുദ്ധമാണെന്ന വിവാദത്തെ തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ ‘വിശ്വരൂപം’ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചിരുന്നു. മതസൗഹാര്‍ദ്ദത്തെ പ്രതികൂലമായി ബാധിമെക്കുന്നതിനാല്‍ കര്‍ണാടകയിലും തീയേറ്റര്‍  റിലീസ് ഉണ്ടാകില്ല.

എന്നാല്‍ ചിത്രം മുസ്ളിം വിരുദ്ധമാണെന്ന പ്രചാരണത്തില്‍ ദു:ഖമുണ്ട്. രാഷ്ട്രീയശ്രദ്ധ പിടിച്ചുപറ്റുകയെന്ന ലക്ഷ്യത്തോടെ ചെറുസംഘടനകള്‍ തന്നെ കരുവാക്കുകയാണ്. ഇത്തരം സാംസ്കാരിക തീവ്രവാദം അവസാനിപ്പിക്കണം. വിലക്കിനെയും അതോടനുബന്ധിച്ച പ്രശ്നങ്ങളെയും നിയമപരമായി നേരിടുമെന്നും കമലഹാസന്‍ പ്രതികരിച്ചു.
നേരത്തെ തീയേറ്റര്‍ റിലീസിനോടൊപ്പം ചിത്രത്തിന്റെഡി.ടി.എച്ച് റിലീസും നടത്തുന്നതിനെ ചൊല്ലി വിവാദമുണ്ടായിരുന്നു.

മധുരപ്പതിനാറിലേക്ക് മംഗള യാത്ര

Posted: 24 Jan 2013 08:53 PM PST

Image: 

ജനറല്‍ സ്കൂളുകളുടെ കരുത്തില്‍ 16ാം തവണയും കിരീടം ലക്ഷ്യമിട്ട് കേരള ടീം  ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാനായി യാത്രതുടങ്ങി.  ഉത്തര്‍പ്രദേശിലെ ഇറ്റാവയിലെ സഫായിയില്‍ ഈമാസം 29 മുതല്‍ ഫെബ്രുവരി രണ്ടു വരെ നടക്കുന്ന മീറ്റില്‍ പങ്കെടുക്കാന്‍ കേരളത്തിന്‍െറ 123 കായികതാരങ്ങളുടെ സംഘമാണ് എറണാകുളത്തുനിന്ന് നിസാമുദ്ദീനിലേക്ക് മംഗള എക്സ്പ്രസില്‍ യാത്ര തിരിച്ചിരിക്കുന്നത്.  23 പരിശീലകരും ഒഫീഷ്യലുകളും ഇവരെ അനുഗമിക്കുന്നുണ്ട്. 60 ആണ്‍കുട്ടികളും 63 പെണ്‍കുട്ടികളുമടങ്ങുന്നതാണ് ടീം.
ലോങ്ജമ്പ് താരം ശ്രീഷ്മാരാജനും 800 മീറ്ററിലെ റെക്കോഡ് പ്രതീക്ഷയായ ലിജോമാണിയുമാണ് കേരളത്തെ നയിക്കുന്നത്. കഴിഞ്ഞതവണ ലുധിയാനയില്‍ നടന്ന മീറ്റില്‍ 29 സ്വര്‍ണവും 28 വെള്ളിയും 15 വെങ്കലവുമുള്‍പ്പെടെ 265 പോയന്‍റുമായി 15ാം കിരീടം ചൂടിയ കേരളം ഇക്കുറിയും കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ്. ദിവസങ്ങളായി എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കില്‍ കഠിനപരിശീലനത്തിനുശേഷം വ്യാഴാഴ്ച ഉച്ചക്ക് ഒന്നേകാലോടെയാണ് യാത്ര ആരംഭിച്ചത്. സെക്കന്‍ഡ് ക്ളാസിലെ മൂന്ന് കോച്ചുകളാണ് കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കുമായി ഒരുക്കിയിട്ടുള്ളത്. യാത്രയുടെ ആലസ്യം കുട്ടികളില്‍ പ്രകടമായിരുന്നില്ല. കളിപറച്ചിലും പാട്ടുമായി യാത്ര ആഹ്ളാദകരമാക്കുകയാണ് അവര്‍.
ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്‍ ഉള്‍പ്പെടെയുള്ളവര്‍ ടീമിനെ യാത്രയയക്കാന്‍ എത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ കൊടുംതണുപ്പ് ടീമിന്‍െറ പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്. എന്നാല്‍, കഴിഞ്ഞ തവണയും കൊടുംതണുപ്പില്‍തന്നെയാണ് കേരള ടീം മികച്ച പ്രകടനം കാഴ്ചവെച്ചതെന്നും അതിനാല്‍ അത്തരത്തിലുള്ള ആശങ്ക അസ്ഥാനത്താണെന്നും പരിചയസമ്പന്നരായ കായികാധ്യാപകര്‍ പറയുന്നു. തണുപ്പ് ദീര്‍ഘദൂര മത്സരങ്ങളെയാകും  കാര്യമായി  ബാധിക്കുകയെന്നും അവര്‍ ആശങ്കപ്പെടുന്നു. ചാട്ടമത്സരങ്ങളിലും ആ ആശങ്കയുണ്ട്. സ്പ്രിന്‍റ് ഇനങ്ങളിലാണ് ഏറെ പ്രതീക്ഷ പുലര്‍ത്തുന്നതും.
സ്പോര്‍ട്സ് ഡിവിഷനുകളുടെയും സ്പോര്‍ട്സ് സ്കൂളുകളുടെയും പരാജയം കണ്ട  സംസ്ഥാന സ്കൂള്‍ മീറ്റില്‍ ഇക്കുറിയും കരുത്ത് തെളിയിച്ച ജനറല്‍ സ്കൂളുകളുടെ മികവില്‍ കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് കേരളം. എറണാകുളം കോതമംഗലം സെന്‍റ് ജോര്‍ജ്സ്, മാര്‍ബേസില്‍, പാലക്കാട് മുണ്ടൂര്‍ എച്ച്.എസ്, പറളി, കല്ലടി  എന്നിവയുടെ താരങ്ങളുടെ പ്രകടനമാകും കേരളത്തിന്‍െറ കിരീടസ്വപ്നത്തിന് ആധാരം. തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 23 പുതിയ മീറ്റ് റെക്കോഡുകളാണ് പിറന്നത്. ഇതില്‍ എട്ടെണ്ണവും ദേശീയ സ്കൂള്‍ കായികമേളയുടെ റെക്കോഡ് ഭേദിക്കുന്ന പ്രകടനമായിരുന്നുവെന്നതാണ് കേരളത്തിന്‍െറ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 400 മീ., 200 മീ. റിലേ മത്സരം എന്നിവയില്‍ പങ്കെടുക്കുന്ന കോഴിക്കോട് പൂവമ്പായി എ.എം.എച്ച്.എസ്.എസിലെ കെ. സ്നേഹ, 600, 400 മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസിലെ ലിനറ്റ് ജോര്‍ജ്, 100, 200, 400 മീ. റിലേ എന്നിവയില്‍ കോഴിക്കോട് പൂവമ്പായി എ.എം.എച്ച്.എസ്.എസിലെ ഷഹര്‍ബാന സിദ്ദീഖ്, 100 മീ. 100 മീ. ഹര്‍ഡ്ല്‍സ് എന്നിവയില്‍ ആലപ്പുഴ സെന്‍റ് മൈക്കിള്‍സിന്‍െറ സൗമ്യ വര്‍ഗീസ്, 400, 800 മീറ്ററുകളില്‍ കല്ലടിയുടെ സി.  ബബിത, ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലോങ്ജമ്പ്, 100 മീ. എന്നിവയില്‍ കല്ലടിയുടെ എ.ജി. രഖില്‍, 100 മീ. ഹര്‍ഡ്ല്‍സ്, 800 മീ., 400 മീ. എന്നിവയില്‍ സെന്‍റ് ജോര്‍ജിന്‍െറ അനിലാഷ് ബാലന്‍, 3000, 1500, 800 മീറ്ററുകളില്‍ പാലക്കാട് പറളിയുടെ മുഹമ്മദ് അഫ്സല്‍, 200 മീ., 100 മീ. എന്നിവയില്‍ സെന്‍റ് ജോര്‍ജിന്‍െറ ആനന്ദ്രാജ് എന്നിവരിലാണ് കേരളം ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നത്. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹൈജമ്പില്‍ ശ്രീനിത്ത് മോഹന്‍, രാഹുല്‍രാജ്, 100, 200 മീറ്ററുകളില്‍ കല്ലടിയുടെ പി. മുഹമ്മദ് ഷെര്‍ഷാദ്, പോള്‍വാള്‍ട്ടില്‍ സെന്‍റ് ജോര്‍ജിന്‍െറ വിഷ്ണു ഉണ്ണി, എബിന്‍ സണ്ണി,  400 മീ., 800 മീറ്ററുകളില്‍  ലിജോമാണി, 800, 1500 മീ. എന്നിവയില്‍ മാര്‍ബേസിലിന്‍െറ എബിന്‍ ബേബി, സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ട്, ഹാമര്‍ത്രോ എന്നിവയില്‍ മാര്‍ബേസിലിന്‍െറ ആതിര മുരളീധരന്‍, ട്രിപ്ള്‍ജമ്പ്, ലോങ്ജമ്പ് എന്നിവയില്‍ തിരുവനന്തപുരം സായിയുടെ ജെനിമോള്‍ ജോയ്, 100, 400 മീ. ഹര്‍ഡ്ല്‍സ്, 400 മീറ്റര്‍ ഓട്ടം എന്നിവയില്‍ വി.വി. ജിഷ, പി. മെര്‍ലിന്‍, ദീര്‍ഘദൂര ഇനങ്ങളില്‍ പാലക്കാട് മുണ്ടൂരിന്‍െറ പി.യു. ചിത്ര, കെ.കെ. വിദ്യ എന്നിവരൊക്കെ കേരളത്തിന്‍െറ മെഡല്‍പ്രതീക്ഷയാണ്.  പലരും മീറ്റ് റെക്കോഡ് ഭേദിക്കുന്ന പ്രകടനമാകും കാഴ്ചവെക്കുക.
ദേശീയ സ്കൂള്‍ മീറ്റില്‍ ഉള്‍പ്പെടുത്തിയ ഗുസ്തിയില്‍ മത്സരിക്കുന്ന  പത്തംഗ ടീമും സംഘത്തിനൊപ്പമുണ്ട്. മികച്ച ടീമിനെ തന്നെയാണ് ഇക്കുറിയും അയക്കുന്നതെന്ന് സ്പോര്‍ട്സ് ഡെപ്യൂട്ടി ഡയറക്ടറും സംഘത്തലവനുമായ ചാക്കോ ജോസഫ് പറഞ്ഞു.  26ന് കേരള ടീം ആഗ്രയിലെത്തും.
 

ദേശാഭിമാനി യൂനിറ്റ് മാനേജര്‍മാര്‍ക്കെതിരായ സ്വഭാവദൂഷ്യ ആരോപണം തള്ളി

Posted: 24 Jan 2013 08:34 PM PST

Image: 
Subtitle: 
മണി വീണ്ടും സംസ്ഥാന സമിതിയില്‍

തിരുവനന്തപുരം: ദേശാഭിമാനി തിരുവനന്തപുരം, കൊച്ചി യൂനിറ്റ് മാനേജര്‍മാര്‍ക്കെതിരായ സ്വഭാവദൂഷ്യ ആരോപണങ്ങള്‍ അടങ്ങിയ പരാതി തള്ളാന്‍ സി.പി.എം സംസ്ഥാന സമിതി തീരുമാനം. തിരുവനന്തപുരം യൂനിറ്റ് മാനേജര്‍ കെ. വരദരാജനെതിരെ പരാതി നല്‍കിയ സംസ്ഥാന സമിതിയംഗമായ ജെ. മേഴ്സിക്കുട്ടിയമ്മയോട് അച്ചടക്കനടപടി എടുക്കാതിരിക്കാന്‍ വിശദീകരണവും തേടി.
കൊലവിളി പ്രസംഗത്തെ തുടര്‍ന്ന് സംസ്ഥാന സമിതിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത എം.എം. മണിയെ തിരിച്ചെടുക്കാനും വ്യാഴാഴ്ച സമാപിച്ച രണ്ട് ദിവസത്തെ സംസ്ഥാന സമിതിയില്‍ തീരുമാനമായി.

വരദരാജനും കൊച്ചി മാനേജര്‍ സി.എന്‍. മോഹനനുമെതിരെയാണ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയത്. ഇതന്വേഷിച്ച സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി, സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.വി. ദക്ഷിണാമൂര്‍ത്തി എന്നിവരടങ്ങിയ കമീഷന്‍ ഇരുവരെയും കുറ്റാരോപണങ്ങളില്‍നിന്ന് ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വരദരാജനെതിരായ പരാതിക്ക് പിന്നില്‍ ഗൂഡാലോചന നടന്നതായും കമീഷന്‍ കണ്ടെത്തി. ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജരായിരുന്ന വ്യക്തിയും മേഴ്സിക്കുട്ടിയമ്മയും ഗൂഢാലോചനയില്‍ പങ്കാളികളായി. മേഴ്സിക്കുട്ടിയമ്മയുടെ വീട്ടിലാണ് ഗൂഢാലോചന നടന്നത്. വരദരാജനെതിരെ ഊമക്കത്തായി പ്രചരിച്ചതാണ് പരാതിയായി നല്‍കിയതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കമീഷനംഗമായ പി.കെ. ശ്രീമതി റിപ്പോര്‍ട്ടിന്‍െറ ഭാഗമായും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ടി.എന്‍. സീമ സംസ്ഥാനസമിതിയിലും വരദരാജനനുകൂലമായി ശക്തമായ നിലപാടാണ് സ്വീകരിച്ചത്. രണ്ട് വനിതാ സംഘടനാ നേതാക്കള്‍ പ്രത്യക്ഷമായും അല്ലാതെയും അനുകൂല നിലപാടെടുത്തതോടെ നേതൃത്വം മേഴ്സിക്കുട്ടിയമ്മയെ പ്രതിക്കൂട്ടിലാക്കി.

എന്നാല്‍ അന്വേഷണ കമീഷന്‍െറ കണ്ടെത്തലുകളോട് കടുത്ത വിയോജിപ്പാണ് മേഴ്സിക്കുട്ടിയമ്മ സംസ്ഥാനസമിതിയില്‍ സ്വീകരിച്ചത്. താന്‍ ഉത്തമബോധ്യത്തോടെയാണ് പരാതിനല്‍കിയതെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു. വരദരാജന്‍ അധികാര ദുര്‍വിനിയോഗമാണ് നടത്തിയത്. പി.കെ. ശ്രീമതിയെയും അവര്‍ വിമര്‍ശിച്ചു. വനിതാ പീഡനങ്ങള്‍ക്കെതിരെ പ്രസ്താവന നടത്തുന്ന ശ്രീമതി ഉള്‍പ്പെട്ട കമീഷനില്‍നിന്ന് നീതിപൂര്‍വകമായ നിലപാട് ലഭിച്ചില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. തെളിവുകള്‍ തന്‍െറ കൈവശമുണ്ടെന്ന മേഴ്സിക്കുട്ടിയമ്മയുടെ വാദത്തിനെതിരെ സ്ത്രീ പുരുഷ സമത്വം ഉന്നയിച്ച് ശക്തമായ നിലപാടെടുത്ത സീമ മേഴ്സിക്കുട്ടിയമ്മയോട് കടുത്ത ഭാഷയിലാണ്  സംസാരിച്ചത്.
കൊലവിളി പ്രസംഗത്തിന് അച്ചടക്കനടപടിക്ക് വിധേയനായി സംസ്ഥാനസമിതിക്ക് പുറത്തായ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിയെ തിരിച്ചെടുക്കാനുള്ള നേതൃത്വത്തിന്‍െറ തീരുമാനത്തിനും യോഗം അംഗീകാരം നല്‍കി. മണിയുടെ തിരിച്ചുവരവിനെതിരെ സമിതിയില്‍ ഭിന്നാഭിപ്രായങ്ങള്‍  ഉയര്‍ന്നില്ല.
അടുത്ത സംസ്ഥാന സമിതിയില്‍ മണി പങ്കെടുക്കും. കഴിഞ്ഞവര്‍ഷം ജൂലൈ 25ന് ചേര്‍ന്ന സംസ്ഥാനസമിതിയാണ് മണിയെ ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷന്‍ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് തിരിച്ചെടുക്കുന്നത്. അഞ്ചേരി ബേബി വധക്കേസില്‍ 2012 മേയ് 25ന് തൊടുപുഴയിലെ മണക്കാടാണ് മണി കൊലവിളി പ്രസംഗം നടത്തിയത്. മണിയുടെ സംസ്ഥാനസമിതിയിലേക്കുള്ള തിരിച്ചുവരവിന് അരങ്ങൊരുങ്ങുന്നതായി ജനുവരി 21ന് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഷിന്‍ഡെക്കെതിരായ സമരം പാര്‍ലമെന്‍റിലേക്ക്

Posted: 24 Jan 2013 08:29 PM PST

Image: 

ന്യൂദല്‍ഹി: ആര്‍.എസ്.എസിനും ബി.ജെ.പിക്കും  ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെക്കെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് തുടക്കമിട്ടു. ഷിന്‍ഡെയെ പുറത്താക്കണമെന്നും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും മാപ്പുപറയണമെന്നും ആവശ്യപ്പെട്ട ബി.ജെ.പി അല്ലെങ്കില്‍ സമരം പാര്‍ലമെന്‍റിലേക്ക് വ്യാപിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
 ജന്തര്‍മന്തറില്‍ പ്രതിഷേധ സമരത്തില്‍ സംസാരിച്ച പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി അഖിലേന്ത്യാ പ്രസിഡന്‍റ് രാജ്നാഥ് സിങ് ഷിന്‍ഡെയെ മാറ്റുകയും സര്‍ക്കാര്‍ മാപ്പുപറയുകയും ചെയ്തില്ലെങ്കില്‍ തെരുവിലെ സമരം പാര്‍ലമെന്‍റിലേക്ക് നീങ്ങുമെന്ന് ഓര്‍മിപ്പിച്ചു. ഷിന്‍ഡെയുടെ പ്രസ്താവന തങ്ങളോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് കുറ്റപ്പെടുത്തി. കാവിയും ഭീകരതയും പരസ്പര വിരുദ്ധങ്ങളായ വാക്കുകളാണെന്ന് സുഷമ പറഞ്ഞു.
അതേസമയം, സംഘ് പരിവാറിനെതിരെ സംസാരിച്ച ആഭ്യന്തര മന്ത്രിയോട് അകലം പാലിച്ച കോണ്‍ഗ്രസ് വ്യാഴാഴ്ച ഷിന്‍ഡെയെ പിന്തുണച്ച് രംഗത്തെത്തി. സര്‍ക്കാറിനെതിരെ മറ്റൊരു വിഷയവുമില്ലാത്തതിനാലാണ് ബി.ജെ.പി ഈ വിഷയത്തില്‍ സമരം നടത്തുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സ്വന്തം പാര്‍ട്ടിയിലെ ആഭ്യന്തര കലഹത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ളതാണ് ബി.ജെ.പി സമരമെന്ന് കോണ്‍ഗ്രസ് വക്താവ് രേണുക ചൗധരി പറഞ്ഞു.  അദ്ദേഹത്തിന്‍െറ പക്കലുള്ള വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഷിന്‍ഡെ സംസാരിച്ചത്.
ഷിന്‍ഡെ മാപ്പുപറയണമെന്ന ആവശ്യം തള്ളിക്കളഞ്ഞ ദിഗ്വിജയ് സിങ് രാജ്നാഥ് സിങ്ങും എല്‍.കെ. അദ്വാനിയും ഉമാ ഭാരതിയുമാണ് മാപ്പു പറയേണ്ടതെന്ന് പറഞ്ഞു.  മാലേഗാവ് സ്ഫോടനക്കേസിലെ പ്രതികളായ പ്രജ്ഞാ സിങ് താക്കൂറിനെയും കേണല്‍ പുരോഹിതിനെയും  രാജ്നാഥ് സിങ് എന്തിനാണ് ജയിലില്‍ പോയി കണ്ടതെന്നും ദിഗ്വിജയ് സിങ് ചോദിച്ചു.

രാജ്യം പുരോഗമിക്കുമ്പോഴും ജാതിചിന്തയേറുന്നു -പ്രതിഭ റായി

Posted: 24 Jan 2013 08:16 PM PST

Image: 

കോഴിക്കോട്: രാജ്യത്ത് വിദ്യാഭ്യാസവും ഭൗതിക പുരോഗതിയും കൂടുമ്പോഴും ജാതിചിന്ത വര്‍ധിക്കുകയാണെന്ന് ജ്ഞാനപീഠ പുരസ്കാര ജേതാവും ഒറിയ എഴുത്തുകാരിയുമായ പ്രതിഭ റായ്. കോഴിക്കോട്ട് ഡി.സി ബുക്സ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിഭ ‘മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
കേരളത്തിലെ സ്ഥിതിയല്ല രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍. ഇപ്പോഴും താഴ്ന്ന ജാതിക്കാര്‍ക്ക് അവിടെ ക്ഷേത്രങ്ങളില്‍  പ്രവേശനമില്ല. കറുത്തവനെ അകറ്റിനിര്‍ത്തുന്ന ജാതിചിന്തയാണെവിടെയും. രാജ്യം പുരോഗമിക്കുമ്പോഴും ജാതീയത അവസാനിക്കാത്തതിനു കാരണം ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനമാണ്. വോട്ടിനുവേണ്ടി ജനങ്ങളെ ജാതീയമായി വേര്‍തിരിച്ചു നിര്‍ത്തേണ്ടത് രാഷ്ട്രീയക്കാരുടെ ആവശ്യമാണ്. ജാതീയതക്കെതിരെ കടുത്ത ഭാഷയില്‍ ഞാന്‍ പ്രതികരിക്കാറുണ്ട്. താഴ്ന്ന ജാതിക്കാരിക്ക് ക്ഷേത്രപ്രവേശം നിഷേധിച്ചതിനെതിരെ പ്രതികരിച്ചതിന്‍െറ പേരില്‍ ഒഡിഷ പൊലീസ് തന്‍െറ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ജയിലിലടച്ചിരുന്നതായും അവര്‍ പറഞ്ഞു.
ദല്‍ഹിയിലെ കൂട്ടമാനഭംഗം മാത്രം എന്തുകൊണ്ട് ചര്‍ച്ചചെയ്യപ്പെടുന്നു എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. രാജ്യത്ത് കാലാ കാലങ്ങളായി ഇത്തരം സംഭവങ്ങള്‍ നടക്കുന്നു. ദലിതരും പിന്നാക്കവിഭാഗക്കാരും എത്രയോ ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു.  അതേസമയം, ദല്‍ഹി സംഭവത്തെ ലഘുവായി കാണുകയല്ല. വളരെ ക്രൂരമായ സംഭവമാണിത്.
മദ്യമാണ് ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് പ്രേരണയാവുന്നതെന്ന് കരുതുന്നില്ല. പാശ്ചാത്യ രാജ്യങ്ങളില്‍ കുടിവെള്ളത്തിനു പകരം വോഡ്ക കഴിക്കുന്നവരാണേറെയും. എന്തുകൊണ്ട് അവര്‍ ഇത്ര ക്രൂരമായി പ്രവര്‍ത്തിക്കുന്നില്ല.
മദ്യവും സര്‍ഗാത്മകതയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് പ്രതിഭ പറഞ്ഞു. കേരളത്തില്‍ അങ്ങനെയൊരു തെറ്റിദ്ധാരണയുണ്ടെന്നു പറഞ്ഞപ്പോള്‍  എങ്ങനെയാണ് ഇതു രണ്ടും ചേരുന്നതെന്ന് അവര്‍ ചോദിച്ചു. മനസ്സില്‍ കലാപമുണ്ടാകുമ്പോഴാണ് നല്ല രചനകള്‍ പിറക്കുന്നത്. മദ്യം കഴിച്ചതുകൊണ്ടല്ല. യഥാര്‍ഥത്തില്‍ മദ്യം സര്‍ഗാത്മകതയെ നശിപ്പിക്കുമെന്ന് പ്രതിഭ അഭിപ്രായപ്പെട്ടു.
സാഹിത്യത്തിന് ആഴത്തില്‍ വേരുള്ള മണ്ണാണ് കേരളത്തിന്‍േറത്. എം.ടിയാണ് മലയാളത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്‍. എം.ടി.യുടെ ‘കാലം’ ഏറെ ഇഷ്ടപ്പെട്ടു. ഒ.എന്‍.വി എന്‍െറ മനസ്സില്‍ മഹാകവിയാണ്. ബഷീര്‍, തകഴി, ശങ്കരക്കുറുപ്പ് എന്നിവരുടെ കൃതികള്‍ വായിച്ചിട്ടുണ്ട്.
തീവ്രവാദത്തിന്‍െറ പേരില്‍ രാജ്യത്ത് നിരവധി നിരപരാധികള്‍ വിചാരണ കൂടാതെ ജയിലുകളില്‍ കഴിയുന്നുണ്ട്. അവര്‍ക്കുവേണ്ടി തൂലിക ചലിപ്പിക്കാറുണ്ട്. എത്രയോ കുറ്റവാളികള്‍ ജയിലിനു പുറത്ത് കഴിയുന്നു എന്നത് വിരോധാഭാസമാണെന്നും അവര്‍ പറഞ്ഞു.

ഇരകള്‍ രണ്ട്, വേട്ടക്കാര്‍ ഒന്ന്

Posted: 24 Jan 2013 08:12 PM PST

Image: 

ജനുവരി 18 ശനിയാഴ്ച പുലര്‍ച്ചെ, ബംഗളൂരു സൗഖ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് തലകറക്കം വന്നതിനെ തുടര്‍ന്ന് എം.ആര്‍.ഐ സ്കാനിങ്ങിനായി സമീപത്തെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ മുതല്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ടി.വി സ്ക്രീനില്‍ മിന്നി മറഞ്ഞു. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച മഅ്ദനിയെ രാവിലെതന്നെ മുറിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് ചാനലുകളിലും ഓണ്‍ലൈന്‍ പത്രങ്ങളിലും വാര്‍ത്തകള്‍ വന്നു. പിറ്റേദിവസം പത്രങ്ങളെല്ലാം മഅ്ദനിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന റിപ്പോര്‍ട്ടുകളുമായാണ് വെളിച്ചം കണ്ടത്. എന്നിട്ടും രാവിലെ മുതല്‍ മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകളിലേക്ക് എവിടെ നിന്നൊക്കെയോ കോളുകള്‍ പ്രവഹിക്കാന്‍ തുടങ്ങി. എല്ലാവര്‍ക്കും അറിയേണ്ടത് മഅ്ദനിക്കെന്ത് സംഭവിച്ചുവെന്നായിരുന്നു. മഅ്ദനിയുടെ ജീവന്‍ അപകടത്തിലാണെന്ന രീതിയില്‍ ആരോ പടച്ചുവിട്ട പ്രചാരണമായിരുന്നു ഈ ആശങ്കക്ക് അടിസ്ഥാനം. മഅ്ദനിക്ക് ഒരു കുഴപ്പവുമില്ലെന്ന് പിറ്റേന്ന് രാവിലെ വീണ്ടും ചാനലുകള്‍ വാര്‍ത്ത നല്‍കിയിട്ടും ഉച്ചവരെ ഈ ഫോണ്‍ വിളികള്‍ വന്നുകൊണ്ടിരുന്നു. ബംഗളൂരു സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജയില്‍ വാസം മൂന്നാം വര്‍ഷത്തിലേക്ക് കടന്ന സന്ദര്‍ഭത്തിലാണ് നിരവധി രോഗങ്ങളുള്ള അദ്ദേഹത്തിന് സ്വന്തം ചെലവിലെങ്കിലും ചികിത്സ നടത്താന്‍ അധികൃതര്‍ അനുവാദം നല്‍കുന്നത്. ചികിത്സക്കിടെ ബോധക്ഷയം വന്ന് അദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്തകള്‍ വന്നപ്പോള്‍  ജനങ്ങള്‍ക്ക് ആധിയുണ്ടായതില്‍ അദ്ഭുതമില്ല. കള്ളക്കേസില്‍ കുടുക്കിയാണ് മഅ്ദനിയെ പരപ്പന അഗ്രഹാര ജയിലില്‍ അടച്ചതെന്ന് ജനങ്ങളില്‍ മഹാഭൂരിപക്ഷവും വിശ്വസിക്കുന്നു. കാരണം, ഒമ്പതര വര്‍ഷത്തെ തടവിനുശേഷം നിരപരാധിയാണെന്ന് കണ്ടെത്തി കോയമ്പത്തൂര്‍ ജയില്‍ മോചിതനായ വ്യക്തിയെയാണ് മറ്റൊരു കേസില്‍ പിടിച്ചുകൊണ്ടുപോയി വിചാരണ തടവുകാരനാക്കിയിരിക്കുന്നത്. അതും ബി.ജെ.പി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കര്‍ണാടക പൊലീസ്. പിന്നെ ആശങ്ക പ്രകടിപ്പിക്കുന്നവരെ കുറ്റം പറയാനാവുമോ? 2008 ജൂലൈയിലാണ് സ്ഫോടനം നടക്കുന്നത്. മഅ്ദനി കോയമ്പത്തൂര്‍ ജയില്‍ മോചിതനാവുന്നത് 2007 ആഗസ്റ്റ് ഒന്നിന്. അതായത് മഅ്ദനി മോചിതനായി 11 മാസം കഴിഞ്ഞാണ് സ്ഫോടനമുണ്ടാവുന്നത്. ബംഗളൂരു നഗരത്തില്‍ ഒമ്പതിടങ്ങളില്‍ സ്ഫോടനം നടത്തണമെങ്കില്‍ ചെറിയ ആസൂത്രണമൊന്നും പോരല്ലോ. പൊലീസ് പറയുന്നത് ശരിയാണെങ്കില്‍ മഅ്ദനിയാണ് സംഭവത്തിന്‍െറ സൂത്രധാരന്‍. അപ്പോള്‍ നമ്മള്‍ വിശ്വസിക്കേണ്ടത് കോയമ്പത്തൂര്‍ ജയിലില്‍നിന്നിറങ്ങിയ മഅ്ദനി നേരെ ചെന്ന് തടിയന്‍റവിട നസീറിനെയും കൂട്ടാളികളെയും കൂട്ടി സ്ഫോടനത്തിന് പദ്ധതിയിട്ടുവെന്നാണ്. പക്ഷേ, അപ്പോഴുമുണ്ട് പ്രശ്നം. കോയമ്പത്തൂര്‍ ജയിലില്‍ നിന്നിറങ്ങിയ മഅ്ദനി ഇന്‍റലിജന്‍സ് രേഖപ്രകാരം രണ്ടുമാസം ഹജ്ജിനുവേണ്ടി സൗദിയിലേക്ക് പോയിട്ടുണ്ട്. ഒരാഴ്ച ദുബൈയിലായിരുന്നു. രണ്ടാഴ്ച നീണ്ട ഈജിപ്ത് സന്ദര്‍ശനവും നടത്തിയിട്ടുണ്ട്. ഒരു മാസത്തോളം പൊലീസ് കാവലില്‍ സംസ്ഥാനത്തിന് അകത്തും പുറത്തും യാത്രയിലായിരുന്നു. ആറ്റിക്കുറുക്കി നോക്കിയാല്‍ ജയില്‍ മോചിതനായി ബംഗളൂരു സ്ഫോടനം നടക്കുന്നതിനിടയിലുള്ള 11 മാസത്തിനിടയില്‍ നാലുമാസത്തോളമെങ്കിലും മഅ്ദനിക്ക് ഗൂഢാലോചനയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന് മനസ്സിലാവും. ബാക്കിയുള്ള ഏഴു മാസത്തിനിടയിലെപ്പോഴോ ആയിരിക്കണം ബി കാറ്റഗറി സുരക്ഷയുള്ള മഅ്ദനി കേരള പൊലീസിന്‍െറ കണ്ണുവെട്ടിച്ച് ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടാവുക. അത് നടന്നത് എന്തായാലും മടിക്കേരിയിലെ നസീറിന്‍െറ ഇഞ്ചി തോട്ടത്തിലാണെന്ന് പൊലീസ് തറപ്പിച്ചു പറയുന്നു. സ്ഫോടനത്തിന്‍െറ കാര്യമായ ആസൂത്രണം ഇവിടെവെച്ചാണ് നടന്നിരിക്കുന്നതത്രേ. അതുകൊണ്ടുതന്നെ മഅ്ദനിയുടെ മടിക്കേരി സന്ദര്‍ശനമാണ് കേസിലെ നിര്‍ണായക തെളിവ്. മഅ്ദനി അവിടെ ചെല്ലുന്നത് രണ്ടു പേര്‍ കണ്ടിട്ടുണ്ട്. ബി.ജെ.പി പ്രവര്‍ത്തകന്‍ യോഗാനന്ദയും നസീറിന്‍െറ തോട്ടത്തിലെ ജീവനക്കാരന്‍ റഫീഖും. അങ്ങനെ കഥകളൊക്കെ ഭംഗിയായി എഴുതി തയാറാക്കിയാണ് മഅ്ദനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. എല്ലാം തിരക്കഥയനുസരിച്ച് കൃത്യമായി നീങ്ങുന്നതിനിടെയാണ് തെഹല്‍ക ലേഖികയായിരുന്ന കെ.കെ. ഷാഹിന അപ്രതീക്ഷിതമായി ബാഗും തൂക്കി മടിക്കേരി ചുരം കയറി ചെന്നത്. അങ്ങനെയൊരു കഥാപാത്രത്തിന്‍െറ വരവ് തിരക്കഥയിലില്ലായിരുന്നു. മടിക്കേരി പൊലീസ് നിരുത്സാഹപ്പെടുത്തിയിട്ടും റഫീഖിനെയും യോഗാനന്ദയെയും ഷാഹിന തേടിപ്പിടിച്ചു. അപ്പോഴതാ കഥയില്‍ വീണ്ടും വഴിത്തിരിവ്. തന്നെ പൊലീസ് നിര്‍ബന്ധിച്ച് മൊഴി നല്‍കിപ്പിച്ചതാണെന്ന് റഫീഖും മഅ്ദനിയെ കണ്ടിട്ടില്ലെന്ന് യോഗാനന്ദയും തിരുത്തിപ്പറയുന്നു. ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തല്‍ 2010 നവംബര്‍ 16ന് തെഹല്‍ക പുറത്തുവിട്ടു. പിന്നെ പറയണോ പുകില്‍! ഒരു മാപ്പിള പെണ്ണ് ചുരംകയറി വന്ന് തങ്ങളുടെ കഥ വ്യാജമാണെന്ന് പറയാന്‍ ധൈര്യം കാണിക്കുകയോ? കര്‍ണാടക പൊലീസ് ഉണര്‍ന്നു. ഷാഹിനക്കെതിരെ ഉടന്‍ കേസുവന്നു. സാക്ഷികളെ ഭീഷണിപ്പെടുത്തി കാര്യം സാധിച്ചു, ഗൂഢാലോചന നടത്തി എന്നീ വകുപ്പുകളും  ചാര്‍ത്തി. 2011 ജൂലൈയില്‍ ഇത്തിരി കഷ്ടപ്പെട്ടാണെങ്കിലും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതുകൊണ്ട് അറസ്റ്റിലാവുന്നതില്‍നിന്ന് ഷാഹിന രക്ഷപ്പെട്ടു. അല്ലെങ്കില്‍ മറ്റൊരു വിചാരണ തടവുകാരി കൂടി കേരളത്തിന് ലഭിക്കുമായിരുന്നു. എന്നാല്‍, പിന്നെയും പൊലീസ് അടങ്ങിയിരുന്നില്ല. അവര്‍ കാര്യക്ഷമമായി കേസ് അന്വേഷിച്ച് നല്ലൊരു കുറ്റപത്രം തയാറാക്കി മടിക്കേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നു. പുറംലോകം കാണിക്കാത്ത രീതിലുള്ള വമ്പന്‍ വകുപ്പുകള്‍ ചുമത്തിയാണത് നല്‍കിയിരിക്കുന്നതെന്ന് പറയേണ്ടതില്ല. ഇനി വിചാരണയുടെ നാളുകളാണ്; നിയമപോരാട്ടത്തിന്‍െറയും. സാധാരണ കുറ്റങ്ങള്‍ക്കെതിരെയല്ല ഷാഹിനക്ക് പോരാടേണ്ടത്. ഇനി അഥവാ സെഷന്‍സ് കോടതിയെങ്ങാനും കേസ് തള്ളിയാലും കര്‍ണാടക പൊലീസ് വെറുതെയിരിക്കില്ല. അവര്‍ ഹൈകോടതിയില്‍ പോയെങ്കിലും കേസ് വിജയിപ്പിച്ചെടുക്കാന്‍ തീവ്രശ്രമം നടത്തും. കാരണം, ഷാഹിന ജയിച്ചാല്‍ പൊളിയുന്നത് പൊലീസ് കഥയാണ്. അങ്ങനെ വന്നാല്‍ മഅ്ദനിക്കെതിരായ സാക്ഷിമൊഴി വ്യാജമാണെന്ന് സമ്മതിക്കേണ്ടി വരും. സ്ഫോടന കേസ് വിചാരണ നടക്കുന്ന സന്ദര്‍ഭത്തില്‍ അത്തരമൊരു പരാജയം മഅ്ദനിയുള്‍പ്പെടെയുള്ള വിചാരണ തടവുകാര്‍ക്ക് കച്ചിത്തുരുമ്പാകും. എന്തു വിലകൊടുത്തും അത് തടയുന്നതിന് പ്രോസിക്യൂഷന്‍ ശ്രമിക്കും. അതിനവര്‍ ഏതറ്റം വരെയും പോകും. നീതി ബോധമുള്ളവര്‍ ഒന്നിക്കേണ്ട നിര്‍ണായക ഘട്ടമാണിത്. കാരണം, മഅ്ദനിയും ഷാഹിനയും വ്യത്യസ്ത ഇരകളാണെങ്കിലും വേട്ടക്കാര്‍ ഒന്നാണ്; അവരുടെ ലക്ഷ്യവും.

 

വി.എസിനെതിരായ ആരോപണം: കേന്ദ്രം തീരുമാനിക്കട്ടെയെന്ന് അന്വേഷണ കമീഷന്‍

Posted: 24 Jan 2013 08:10 PM PST

Image: 

തിരുവനന്തപുരം:  പിണറായി വിജയനെ എസ്.എന്‍.സി ലാവലിന്‍ കേസില്‍ കുടുക്കാന്‍ മുഖ്യമന്ത്രിയായിരിക്കെ വി.എസ്. അച്യുതാനന്ദന്‍ ദല്ലാള്‍ നന്ദകുമാറുമായി  കൂടിക്കാഴ്ച നടത്തിയെന്ന മുന്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ആരോപണത്തില്‍ കേന്ദ്ര കമ്മിറ്റി തീരുമാനമെടുക്കട്ടെയെന്ന് പി. കരുണാകരന്‍ കമീഷന്‍ റിപ്പോര്‍ട്ട്.  വി.എസിന്‍െറ മുന്‍ പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രന്‍ കഴിഞ്ഞവര്‍ഷമാണ് സംസ്ഥാന സമിതിയില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.  ഇവ പാര്‍ട്ടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി.എസ് കത്ത് നല്‍കി. ഇതിന് കേന്ദ്ര കമ്മിറ്റിയംഗമായ  പി. കരുണാകരനെ  സംസ്ഥാന സമിതി ചുമതലപ്പെടുത്തി.
 രാജേന്ദ്രന്‍െറ ആരോപണത്തില്‍ അന്വേഷണം വേണമോയെന്ന് കേന്ദ്ര കമ്മിറ്റി തീരുമാനിക്കണമെന്നാണ് കരുണാകരന്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. കമീഷന്‍െറ നിര്‍ദേശം കേന്ദ്ര കമ്മിറ്റിയുടെ ശ്രദ്ധയില്‍പെടുത്താന്‍ വ്യാഴാഴ്ച അവസാനിച്ച രണ്ട് ദിവസത്തെ സി.പി.എം സംസ്ഥാനസമിതി തീരുമാനിച്ചു.
കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇതുസംബന്ധിച്ച ധാരണ ഉരുത്തിരിഞ്ഞിരുന്നു. ഏപ്രിലില്‍ ചേരുന്ന അടുത്ത കേന്ദ്ര കമ്മിറ്റിയില്‍ അന്വേഷണമടക്കം ആവശ്യപ്പെടാനാണ് സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത്.   രാജേന്ദ്രന്‍െറ മൊഴി മാത്രമാണ് കമീഷന്‍ എടുത്തത്. രാജേന്ദ്രന്‍െറ ആരോപണങ്ങളില്‍ വി.എസിനെതിരെ ഒരു കുറ്റാരോപണ കണ്ടെത്തലും കമീഷന്‍ റിപ്പോര്‍ട്ടിലില്ലെന്നാണറിവ്. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് രാജേന്ദ്രന്‍ വി.എസിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ വിവാദമാക്കേണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റിലാണ് കരുണാകരന്‍ റിപ്പോര്‍ട്ട് പരിഗണനക്കുവെച്ചത്.  രാജേന്ദ്രന്‍െറ മൊഴികളാണ് റിപ്പോര്‍ട്ടില്‍ മുഴുവന്‍.  മുഖ്യമന്ത്രിയായിരിക്കെ വി.എസ്. അച്യുതാനന്ദന്‍ നന്ദകുമാറുമായി വിമാനത്തില്‍വെച്ച് കണ്ടെന്ന് രാജേന്ദ്രന്‍െറ മൊഴി ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.
 രാജേന്ദ്രന്‍റ ആരോപണങ്ങള്‍ വിവാദമാക്കേണ്ടതില്ലെന്ന കമീഷന്‍ നിര്‍ദേശം പരിഗണിച്ച സംസ്ഥാന സെക്രട്ടേറിയറ്റ,് നന്ദകുമാറുമായി വി.എസ് കൂടിക്കാഴ്ച നടത്തിയെന്ന ആക്ഷേപം  കേന്ദ്ര കമ്മിറ്റിയുടെ ശ്രദ്ധയില്‍പെടുത്തണമെന്ന് ധാരണയാവുകയായിരുന്നു. ഇന്നലത്തെ സംസ്ഥാന സമിതിയില്‍ കമീഷന്‍ റിപ്പോര്‍ട്ട് വായിച്ച് സെക്രട്ടേറിയറ്റിന്‍െറ തീരുമാനം അറിയിക്കുകയും അംഗീകരിക്കുകയുമായിരുന്നു.

ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം

Posted: 24 Jan 2013 08:10 PM PST

Image: 

ഇസ്രായേലി പാര്‍ലമെന്‍റിലേക്ക് (നെസറ്റ്) നടന്ന തെരഞ്ഞെടുപ്പിന്‍െറ അന്തിമ ഫലങ്ങള്‍ ബുധനാഴ്ച പുറത്തുവന്നു. ആകെയുള്ള 120 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ പ്രധാനമന്ത്രിയായ ബിന്യമിന്‍ നെതന്യാഹുവിന്‍െറ നേതൃത്വത്തിലുള്ള ലിക്കുഡ്- ഇസ്രായേല്‍ ബൈതുനാ വലതുപക്ഷ സഖ്യം 31 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ ബ്ളോക് ആയി. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവര്‍ നേടിയ 42 സീറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍ തിരിച്ചടിയാണ് നെതന്യാഹുവിനുണ്ടായിരിക്കുന്നത്. മുന്‍ ടെലിവിഷന്‍ അവതാരകന്‍ യാഇര്‍ ലാപിഡിന്‍െറ നേതൃത്വത്തില്‍ അടുത്തിടെ രൂപവത്കരിച്ച ‘യെശ് അദിത്’ പാര്‍ട്ടി ആദ്യ തെരഞ്ഞെടുപ്പില്‍തന്നെ 19 സീറ്റുകള്‍ നേടി ഏവരെയും അമ്പരപ്പിച്ചിരിക്കുന്നു. വന്‍ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന, നെഫ്താലി ബെന്നറ്റിന്‍െറ നേതൃത്വത്തിലുള്ള, ബെയ്ത് യഹൂദി എന്ന അതിതീവ്ര വലതുപക്ഷ പാര്‍ട്ടി 11 സീറ്റുകള്‍ മാത്രമേ നേടിയുള്ളൂവെന്നത് സമാധാനകാംക്ഷികളായ മനുഷ്യര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. യഹൂദ യാഥാസ്ഥിതിക കക്ഷികളായ ഷാസ്, യുനൈറ്റഡ് തോറ ജൂദായിസം എന്നിവ യഥാക്രമം 11, ഏഴ് സീറ്റുകള്‍ നേടി. ഇസ്രായേലി അറബികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിസ്റ്റ് അനുകൂല പാര്‍ട്ടിയായ യുനൈറ്റഡ് അറബ് ലിസ്റ്റ്, സോഷ്യലിസ്റ്റ് പാര്‍ട്ടിയായ ഹദശ്,  ലിബറല്‍ പാര്‍ട്ടിയായ ബലദ് എന്നിവ യഥാക്രമം അഞ്ച്, നാല്, മൂന്ന് സീറ്റുകള്‍ നേടി.  കാദിമ (രണ്ട്), ലേബര്‍ (15), മെരെറ്റ്സ് (ആറ്), ഹാതുനാ (ആറ്)  യെശ് അദിത് (19) എന്നീ മധ്യ-ഇടതു പാര്‍ട്ടികള്‍ ചേര്‍ന്ന് മൊത്തം 48 സീറ്റുകള്‍ നേടിയിട്ടുണ്ടെങ്കിലും അവര്‍ക്കിടയിലുള്ള രാഷ്ട്രീയ വിയോജിപ്പുകളും മുന്നണികള്‍ രൂപപ്പെടുത്താനുള്ള കഴിവില്ലായ്മയും കാരണം നെതന്യാഹു തട്ടിക്കൂട്ടുന്ന മുന്നണി തന്നെയായിരിക്കും ഇനിയും ഇസ്രായേല്‍ ഭരിക്കുക എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ഇസ്രായേലിന്‍െറ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിതറിയ വിധിയാണ് ഇത്തവണയുണ്ടായിരിക്കുന്നത്. രാജ്യത്തെ നയിക്കാന്‍ കെല്‍പുറ്റ കരുത്തും പ്രാപ്തിയുമുള്ള ഒറ്റ നേതാവും ഒറ്റ പാര്‍ട്ടിയുമില്ല എന്ന് ജനവിധി തെളിയിച്ചിരിക്കുന്നു. ഇസ്രായേലി സമൂഹം നേരിടുന്ന അനൈക്യ പ്രവണതയുടെ പ്രതിഫലനമായി തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നവരുണ്ട്. കടുത്ത അറബ്-ഫലസ്തീന്‍ വിരുദ്ധതയും യഹൂദ വംശീയതയും പ്രചരിപ്പിക്കുന്ന കക്ഷികള്‍ക്കായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മേല്‍ക്കൈ. ഇസ്രായേല്‍ കൂടുതല്‍ വലത്തോട്ട് സഞ്ചരിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. കഴിഞ്ഞ ഗസ്സ യുദ്ധത്തില്‍ ഹമാസിന് മുന്നില്‍ നാണംകെടേണ്ടിവന്നത്  നെതന്യാഹുവിനെതിരായ യഹൂദ രോഷം വര്‍ധിപ്പിക്കുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. നെതന്യാഹുവിന് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടായി എന്നതു ശരി തന്നെ. എന്നാല്‍, അല്‍പംകൂടി മധ്യമ നിലപാട് സ്വീകരിക്കുകയും സാമ്പത്തിക, തൊഴില്‍ പ്രശ്നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുകയും ചെയ്യുന്ന ‘യെശ് അദിത്’ പാര്‍ട്ടിയാണ് ജനങ്ങളുടെ നിരാശയെ ശരിക്കും വോട്ടാക്കി മാറ്റിയത്. മധ്യവര്‍ഗക്കാരും അരാഷ്ട്രീയക്കാരുമായ യുവാക്കള്‍ക്കിടയില്‍ ‘യെശ് അദിത്’ നല്ല സ്വാധീനം നേടി. ഫലസ്തീനികളുമായുള്ള സമാധാന ചര്‍ച്ച തുടരണമെന്ന അഭിപ്രായമുള്ള പാര്‍ട്ടിയാണ് ‘യെശ് അദിത്’.
യെശ് അദിതും നെതന്യാഹുവിന്‍െറ വലതുപക്ഷ മുന്നണിയും തീവ്രവാദിയായ ബെന്നറ്റിന്‍െറ നേതൃത്വത്തിലുള്ള ബെയ്ത് യെഹൂദും ചേര്‍ന്നുള്ള സഖ്യം ഭരണത്തിലേറുമെന്നാണ്  പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍, അത് എത്ര കാലം നിലനില്‍ക്കുമെന്നതിനെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകര്‍ക്ക് തികഞ്ഞ ആശങ്കയുമുണ്ട്. കൂടുതല്‍ ദുര്‍ബലമായൊരു രാഷ്ട്രീയ നേതൃത്വമായിരിക്കും ഇസ്രായേലിന് ഇനി വരാനിരിക്കുന്നതെന്നാണ് പൊതുവായ നിഗമനം. സാര്‍വദേശീയ തലത്തില്‍ ഇസ്രായേല്‍ ഏറ്റവും വലിയ നയതന്ത്ര ഒറ്റപ്പെടല്‍ അനുഭവിക്കുന്ന സന്ദര്‍ഭമാണിത്. ഫലസ്തീന്‍ രാഷ്ട്ര പ്രമേയം ഐക്യരാഷ്ട്ര സഭയില്‍ വന്നപ്പോള്‍ ഇത് കണ്ടതാണ്. ഒബാമ രണ്ടാമത് തെരഞ്ഞെടുക്കപ്പെടുന്നതിനെതിരെ ഏറ്റവും ശക്തമായി പ്രവര്‍ത്തിച്ച രാജ്യമാണ് ഇസ്രായേല്‍. എന്നാല്‍, ഇസ്രായേലി താല്‍പര്യത്തിന് വിരുദ്ധമായി അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നു. ഇസ്രായേല്‍ സന്ദര്‍ശിക്കാത്ത ഏക അമേരിക്കന്‍ പ്രസിഡന്‍റ് എന്ന സ്ഥാനം ഒബാമക്കാണെന്നോര്‍ക്കുക.  അറബ് മേഖലയിലാവട്ടെ, അറബ് വസന്തത്തിനു ശേഷമുള്ള രാഷ്ട്രീയ കാലാവസ്ഥ  ഇസ്രായേലിന് ഒട്ടും അനുകൂലമല്ല. ഇസ്രായേലിന്‍െറ ഏറ്റവും വലിയ ശത്രുവായ ഹമാസ് ദിനംദിനേ കൂടുതല്‍ ശക്തിപ്പെട്ടുവരുകയുമാണ്. പുതിയ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഈ ദൗര്‍ബല്യത്തെ കൂടുതല്‍ ത്വരിപ്പിക്കുകയും ചെയ്യും.
ഇസ്രായേലിന്‍െറ ശക്തി ക്ഷയത്തെക്കുറിച്ച ആലോചനകളും ഉത്കണ്ഠകളും ഏറ്റവും കൂടുതല്‍ നടക്കുന്നത് ഇസ്രായേലില്‍ തന്നെയാണ്. എന്നാല്‍, ഇതൊന്നുമറിയാതെ ഇസ്രായേല്‍ എന്തോ മഹാ കാര്യമാണെന്ന മട്ടില്‍ അവരുമായുള്ള ബന്ധങ്ങള്‍ നിരന്തരം ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ മുന്നേറുകയാണ് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ്. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഈയാഴ്ചയും തെല്‍അവീവ് സന്ദര്‍ശിക്കുകയുണ്ടായി. രാജ്യാന്തര തലത്തില്‍ ശത്രുക്കളെ മാത്രം നേടിത്തരുന്ന ഈ നയത്തെക്കുറിച്ച് ന്യൂദല്‍ഹിയിലെ നയവിദഗ്ധര്‍ ഒട്ടും ആലോചിക്കുന്നില്ലെന്ന് തോന്നുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP