സ്വാഗതം
WELCOME

News Update..

Saturday, January 12, 2013

സമരക്കാര്‍ക്ക് ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ കാണാമെന്ന് കെ.എം മാണി Madhyamam News Feeds

സമരക്കാര്‍ക്ക് ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ കാണാമെന്ന് കെ.എം മാണി Madhyamam News Feeds

Link to

സമരക്കാര്‍ക്ക് ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ കാണാമെന്ന് കെ.എം മാണി

Posted: 11 Jan 2013 10:56 PM PST

Image: 

തിരുവനന്തപുരം: പണിമുടക്ക് നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ നേതാക്കള്‍ക്ക് ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ വന്നുകാണാമെന്ന് ധനമന്ത്രി കെ.എം.മാണി. ഞായറാഴ്ച രാത്രി എട്ട് മണിക്ക് മുഖ്യമന്ത്രിക്ക് മറ്റ് തിരക്കുകളുണ്ടാകില്ലെന്നും ഈ സമയത്ത് ആവശ്യമെങ്കില്‍ സമരക്കാര്‍ക്ക് മുഖ്യമന്ത്രിയെ കാണാമെന്നും അദ്ദേഹം പറഞ്ഞു.

സമരസമിതി നേതാക്കളെ വീണ്ടും ചര്‍ച്ചക്ക് വിളിക്കില്ലെന്ന മുഖ്യമന്ത്രയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
 

അനൂപിന്റെ വകുപ്പുമാറ്റാന്‍ കോണ്‍ഗ്രസില്‍ നീക്കം

Posted: 11 Jan 2013 10:10 PM PST

Image: 

ആലുവ: മന്ത്രി അനൂപ് ജേക്കബില്‍ നിന്ന് ഭക്ഷ്യ സിവില്‍ സപൈ്ളസ് വകുപ്പ് മാറ്റാന്‍ കോണ്‍ഗ്രസില്‍ ആലോചന. വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ പക്വത കാട്ടുന്നില്ലെന്ന പരാതി നിലനില്‍ക്കെ വിജിലന്‍സ് അന്വേഷണത്തിന് കോടതി നിര്‍ദേശിക്കുക കൂടി ചെയ്തതോടെയാണ്   കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്ന് ഇത്തരത്തില്‍ നീക്കം തുടങ്ങിയത്. മറ്റു ഘടക കക്ഷികള്‍ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്നാണ് സൂചന.
കേരള കോണ്‍ഗ്രസ്-ജേക്കബില്‍ തുടരുന്ന കലഹമാണ് ജനശ്രദ്ധയിലുള്ള വകുപ്പിനെ വഷളാക്കുന്നതെന്ന് വിലയിരുത്തിക്കൂടിയാണ് അനൂപിനെ മാറ്റാന്‍ നീക്കം നടക്കുന്നത്.  കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ഇക്കാര്യത്തില്‍ ആശയ വിനിമയം നടത്തിയതായി സൂചനയുണ്ട്. യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനെ സമീപിച്ച് ചില കോണ്‍ഗ്രസ് നേതാക്കള്‍ വകുപ്പുമാറ്റ ആവശ്യം ഉന്നയിച്ചതായും അറിയുന്നു.
ഭക്ഷ്യ വകുപ്പിന്‍െറ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ കുഴപ്പത്തിലാകുമെന്ന കോണ്‍ഗ്രസ് എം.എല്‍.എ മാരുടെയും കെ.പി.സി.സിയുടെയും മുന്നറിയിപ്പ് നിലനില്‍ക്കെയാണ് വകുപ്പുമന്ത്രിയും പാര്‍ട്ടി നേതൃത്വം ഒന്നടങ്കവും സബ്സിഡി അരി കരിഞ്ചന്തയിലേക്ക് ഒഴുക്കിയെന്നതടക്കം ആരോപണങ്ങള്‍ക്ക് പ്രതിക്കൂട്ടിലായിരിക്കുന്നത്.  അരി വിലക്കയറ്റം കൈകാര്യം ചെയ്യുന്നതില്‍ വകുപ്പിന് വീഴ്ച പറ്റിയെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍. വകുപ്പിന്‍െറ പ്രവര്‍ത്തനം  കാര്യക്ഷമമല്ലെന്ന് കോണ്‍ഗ്രസും വിലയിരുത്തുന്നു. എ.പി.എല്‍-ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് നാമമാത്ര വിലയ്ക്ക് അരി ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കിയിട്ടും അരിയുടെ മാര്‍ക്കറ്റ് വില അടുത്തനാളില്‍ കുതിച്ചു കയറിയത് പൂഴ്ത്തി വെപ്പിന്‍െറ ഫലമാണ്. ഇത് മുന്‍കൂട്ടി കണ്ട് നടപടിയെടുക്കുന്നതില്‍ വകുപ്പ് പരാജയപ്പെട്ടു.
കേന്ദ്രത്തില്‍ നിന്ന് ഉദാരമായി ഭക്ഷ്യധാന്യം കിട്ടിയിട്ടും  ഇത് വിനിയോഗിക്കുന്നതിലും വില പിടിച്ചു നിര്‍ത്താനും സംസ്ഥാനത്തെ ഭക്ഷ്യ-സിവില്‍ സപൈ്ളസ് സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് അഭിപ്രായമുള്ള കേന്ദ്ര ഭക്ഷ്യസഹമന്ത്രി കെ.വി. തോമസിനടക്കം അനൂപിന്‍െറ വകുപ്പുമാറ്റത്തില്‍ താല്‍പ്പര്യമുണ്ടെന്നാണ് സൂചന. മര്യാദക്ക് ഭരിക്കാന്‍  മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദം മൂലം അനൂപിന് കഴിയുന്നില്ല.
 പാര്‍ട്ടിയില്‍ രൂക്ഷമായ ഭിന്നത നിലനില്‍ക്കുന്നതും ഉയര്‍ന്ന നേതാക്കള്‍ പോലും പക്വത പ്രകടിപ്പിക്കാത്തവരായതുമാണ് വകുപ്പ് പ്രതിക്കൂട്ടിലാകാന്‍ മുഖ്യകാരണം.
 റേഷന്‍ സബ്സിഡി നല്‍കാന്‍ 750 കോടി അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്നതടക്കമാണ് വിജിലന്‍സ് കോടതി മുമ്പാകെയുള്ള ആരോപണം. മന്ത്രിയുടെ പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരും  ജനറല്‍ സെക്രട്ടറി ബിജു മറ്റപ്പിള്ളിയും  മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമടക്കം പ്രതിചേര്‍ക്കപ്പെട്ടത് ഗൗരവം വര്‍ധിപ്പിക്കുന്നു.

അഫ്ഗാന്‍ സൈനികരെ പ്രധാന സുരക്ഷാ ചുമതലകള്‍ ഏല്‍പ്പിക്കും- ഒബാമ

Posted: 11 Jan 2013 09:58 PM PST

Image: 

വാഷിങ്ടണ്‍: അഫ്ഗാനിസ്താനിലെ പ്രധാന സുരക്ഷാ ചുമതലകള്‍ അഫ്ഗാന്‍ സൈനികരെത്തന്നെ ഏല്‍പ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. ഇക്കാര്യത്തില്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയുമായി ധാരണയിലെത്തിയതായും ഒബാമ വ്യക്തമാക്കി. ഇതനുസരിച്ച് അഫ്ഗാനിസ്താനിലെ അമേരിക്കന്‍ സേനയെ ഫെബ്രുവരി പകുതിയോടെ പിന്‍വലിക്കും. വൈറ്റ് ഹൗസില്‍ നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഒബാമയും കര്‍സായിയും ഇക്കാര്യങ്ങള്‍ അറിയിച്ചത്.

അഫ്ഗാന്‍ സേനക്ക് വേണ്ട പരിശീലനവും സാങ്കേതിക സഹായവും അമേരിക്ക നല്‍കും. നിലവില്‍ അഫ്ഗാനിസ്താനിലുള്ള അമേരിക്കന്‍ സൈനികരുടെ എണ്ണം കുറച്ചിട്ടുണ്ടെന്നും ഒബാമ പറഞ്ഞു.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബുധനാഴ്ച രാവിലെയാണ് കര്‍സായി അമേരിക്കയിലെത്തിയത്. അഫ്ഗാന്‍ വിദേശകാര്യമന്ത്രി സല്‍മായ് റസൂല്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റങ്കീണ്‍ ദദ്ഫര്‍, പ്രതിരോധമന്ത്രി ബിസ്മില്ലാ മുഹമ്മദി, ധനകാര്യമന്ത്രി ഹസ്‌റത് ഉമര്‍ സക്കീല്‍വാല്‍ തുടങ്ങിയവരും കര്‍സായിയോടൊപ്പമുണ്ട്.
 

വീണ്ടും കരിഓയില്‍ പ്രയോഗം; നാലാംദിനവും കശപിശ

Posted: 11 Jan 2013 09:56 PM PST

തിരുവനന്തപുരം: ഇടത് അധ്യാപകരുടെയും ജീവനക്കാരുടെയും പണിമുടക്കിന്‍െറ നാലാംദിനത്തില്‍ അങ്ങിങ്ങ് കശപിശ. വെള്ളല്ലൂര്‍ ഗവ. എല്‍.പി സ്കൂള്‍, തേക്കിന്‍കാട് വി.എസ്.എല്‍.പി.എസ് എന്നിവിടങ്ങളില്‍ അധ്യാപികമാരെ കരി ഓയില്‍ ഒഴിച്ചു.
വെള്ളിയാഴ്ച 11 ഓടെയായിരുന്നു സംഭവം. കിളിമാനൂര്‍ വെള്ളല്ലൂര്‍ ഗവ. എല്‍.പി.എസിലെ കലാ അനിരുദ്ധന്‍, തേക്കിന്‍കാട് വി.എസ്.എല്‍.പി.എസിലെ പ്രധാനാധ്യാപിക സുജൈത എന്നിവരാണ് സമരക്കാരുടെ കരിഓയില്‍ പ്രയോഗത്തിനിരയായത്. ഇവരെത്തി സ്കൂള്‍ തുറന്നതാണത്രെ പ്രകോപനകാരണം. പൊലീസ് കേസെടുത്തു.
യുവജന സംഘടനകളും വിദ്യാര്‍ഥി സംഘടനകളും  സമരത്തിനിറങ്ങിയത് നെയ്യാറ്റിന്‍കരയില്‍ മണിക്കൂറുകള്‍ സംഘര്‍ഷത്തിനിടയാക്കി.
എസ്.എഫ്.ഐ നടത്തിയ സമരം തടയാന്‍ ശ്രമിച്ച കെ.എസ്.യു വിദ്യാര്‍ഥികളെ നീക്കാന്‍ പൊലീസ് ലാത്തിവീശിയതില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ കെ.എസ്.യു ടൗണ്‍ സെക്രട്ടറി കിരണിന്‍െറ കൈയൊടിഞ്ഞു.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയ എസ്.എഫ്.ഐ ഇന്നലെ സ്കൂളുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. പേരൂര്‍ക്കട ഗവ. സ്കൂളില്‍ സമരംചെയ്ത 17 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത് സംഘര്‍ഷത്തില്‍ കലാശിച്ചു. എയ്ഡഡ് സ്കൂളിലടക്കം സമരക്കാരെത്തിയിരുന്നു.  സെക്രട്ടേറിയറ്റിന് മുന്നില്‍ രാവിലെ മുതല്‍ സംഘര്‍ഷാത്മക സാഹചര്യമായിരുന്നു. ഗേറ്റിന് മുന്നില്‍ കൂടിനിന്ന് മുദ്രാവാക്യം വിളിക്കുകയും ജോലിക്ക് പ്രവേശിച്ചവരെ കൂകിവിളിക്കുകയും ചെയ്തു. സമരഗേറ്റടക്കം പൊലീസ് പൂട്ടിയതോടെ വേലുത്തമ്പി ദളവയുടെ പ്രതിമക്ക് മുന്നിലുള്ള ചെറിയ ഗേറ്റിലൂടെയാണ് ജീവനക്കാര്‍ അകത്തുകയറിയത്. ഉച്ചയോടെ സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘര്‍ഷാത്മക സ്ഥിതിയായി. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സമരത്തിന് പിന്തുണപ്രഖ്യാപിച്ച് മാര്‍ച്ച് നടത്തിയതോടെ എം.ജി റോഡില്‍ ഗതാഗതം സ്തംഭിച്ചു. ആദ്യം പണിമുടക്കിയ ജീവനക്കാരുടെ പ്രകടനമാണ് നടന്നത്.  സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍, സി.പി.ഐ അസിസ്റ്റന്‍റ് സെക്രട്ടറി കെ. പ്രകാശ് ബാബു എന്നിവര്‍ സംസാരിച്ചു. ജീവനക്കാരുടെ പ്രകടനത്തിന് പിന്നാലെ എസ്.എഫ്.ഐ പ്രകടനവുമെത്തി. ഇവര്‍ കുറെനേരം സെക്രട്ടേറിയറ്റിന് മുന്നില്‍ നിലയുറപ്പിച്ചെങ്കിലും പിന്നീട് യൂനിവേഴ്സിറ്റി കോളജ് ഭാഗത്തേക്ക് മടങ്ങിപ്പോയി. പിന്നാലെവന്ന ഡി.വൈ.എഫ്.ഐയുടെ മാര്‍ച്ച് കൂടുതല്‍ പ്രകോപനം നിറഞ്ഞതായിരുന്നു. പൊലീസുമായി ഏറെനേരം ഉന്തുംതള്ളും നടന്നു. നേതാക്കള്‍ പ്രസംഗിച്ച ശേഷവും സമാനസ്ഥിതി ആവര്‍ത്തിച്ചു.
ഹൗസിങ് ബോര്‍ഡില്‍ കെട്ടിടസമുച്ചയത്തില്‍ ജോലിക്കെത്തിയവരെ തടഞ്ഞത് സംഘര്‍ഷം സൃഷ്ടിച്ചു. വികാസ്ഭവനിലടക്കം ചെറിയ കശപിശയുണ്ടായി. ആര്യങ്കോട് സ്കൂളിലെ പണിമുടക്കുമായി ബന്ധപ്പെട്ട സംഘര്‍ഷം കഴിഞ്ഞദിവസം കൈയാങ്കളിയില്‍ കലാശിച്ചിരുന്നു.
ജില്ലയില്‍ ഇന്നലെ 75.50 ശതമാനം ജീവനക്കാരും ജോലിക്ക് കയറി. വ്യാഴാഴ്ച ഇത് 75.05 ശതമാനമായിരുന്നു. 0.45 ശതമാനത്തിന്‍െറ വര്‍ധനയാണ് ഉണ്ടായത്. നിയമസഭയില്‍ ആകെയുള്ള 1162ല്‍ 837 പേരും ജോലിക്ക് ഹാജരായി. സെക്രട്ടേറിയറ്റില്‍ ആകെയുള്ള 4854 ജീവനക്കാരില്‍ 3623 പേരും ജോലിക്കെത്തി. പണിമുടക്കുമായി ബന്ധപ്പെട്ട് ഇന്നലെയും പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നാലാംദിനം ചാണകമേറും അക്രമവും

Posted: 11 Jan 2013 09:34 PM PST

കൊല്ലം: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിന്‍െറ നാലാംദിവസം ജില്ലയുടെ ചില ഭാഗങ്ങളില്‍ സംഘര്‍ഷവും ജീവനക്കാര്‍ക്കുനേരെ ചാണകമേറും സ്ഥാപനങ്ങള്‍ക്കുനേരെ അക്രമവും. ജോലിക്ക് ഹാജരായ കടയ്ക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ചരിത്ര അധ്യാപകന്‍ ഷിയാദ്ഖാനെ പഞ്ചായത്ത് വൈസ്പ്രസിഡന്‍റിന്‍െറ നേതൃത്വത്തിലുള്ള സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ചുണ്ടിനും മുഖത്തും സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസത്തെ ഹാജര്‍നിലയായ 73 ശതമാനത്തില്‍നിന്ന് 77 ശതമാനമായി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. തുടര്‍ച്ചയായ രണ്ട് അവധിദിവസങ്ങള്‍ക്കുമുമ്പുള്ള പ്രവൃത്തിദിനമായിരുന്നതിനാലാണ് ഹാജര്‍നിലയില്‍ വര്‍ധനക്കിടയാക്കിയതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സര്‍ക്കാര്‍ പുറത്തുവിടുന്നത് കള്ളക്കണക്കുകളാണെന്ന് സമരസമിതി നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ശാസ്താംകോട്ടയില്‍ കല്ലട പദ്ധതിയുടെ സിനിമാപറമ്പ് സെക്ഷന്‍ ഓഫിസിലേക്കും ഓവര്‍സിയര്‍ പ്രസന്നയുടെ നേര്‍ക്കും സമരാനുകൂലികള്‍ ചാണകമെറിഞ്ഞു. മറ്റ് ജീവനക്കാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. കൊട്ടാരക്കരയില്‍ കെ.ഐ.സി ജീവനക്കാരനും എന്‍.ജി.ഒ അസോസിയേഷന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ രാജേന്ദ്രനെ സമരാനുകൂലികള്‍ മര്‍ദിച്ചു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അരമണിക്കൂര്‍ ദേശീയപാത ഉപരോധിച്ചു.
കൊട്ടാരക്കരയില്‍ വിവിധ സ്ഥാപനങ്ങള്‍ക്കുനേരെയുണ്ടായ അക്രമത്തില്‍ ജീവനക്കാരി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. മണ്ണ് സംരക്ഷണ ഓഫിസില്‍ കയറി ഫയലുകള്‍ വലിച്ചെറിയുകയും ചെയ്തു. എ.ഐ.എസ്.എഫ്- എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊല്ലം കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. കലക്ടറേറ്റില്‍ 222 ജീവനക്കാരില്‍ 151 പേര്‍ ജോലിക്ക് ഹാജരായി. വിവിധ താലൂക്കുകളിലെയും സ്ഥാപനങ്ങളിലെയും ഹാജര്‍നില ചുവടെ. കൊട്ടാരക്കര 78 (62), കൊല്ലം 82 (45), പത്തനാപുരം 71 (41), കരുനാഗപ്പള്ളി 64 (34), കുന്നത്തൂര്‍ 42 (26), ജില്ലാട്രഷറി 72 (34), ജില്ലാ വ്യവസായകേന്ദ്രം 44 (31), ഡെവലപ്മെന്‍റ് വകുപ്പ് 382 (243).
സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എ.ഐ.എസ്.എഫ്-എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും പ്രകടനവും നടത്തി. മുഖ്യമന്ത്രിയുടെ കോലംകത്തിക്കുകയും ചെയ്തു. പടിഞ്ഞാറേ ഗേറ്റില്‍ പ്രവര്‍ത്തകരെ തടഞ്ഞതിനെതുടര്‍ന്ന് പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. എ.ഐ.വൈ.എഫ് സംസ്ഥാന ജോയന്‍റ് സെക്രട്ടറി ജി. ഉദയകുമാര്‍, ജില്ലാസെക്രട്ടറി അഡ്വ. ആര്‍. സജിലാല്‍, പ്രസിഡന്‍റ് എസ്. സുനില്‍കുമാര്‍, എ.ഐ.എസ്.എഫ് ജില്ലാസെക്രട്ടറി എം. മനോജ്, പ്രസിഡന്‍റ് പി. പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു. കൂടുതല്‍ പേര്‍ പണിമുടക്കിലേക്ക് വരികയാണെന്ന് എന്‍.ജി.ഒ യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. ജില്ലാപ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍നായര്‍, സെക്രട്ടറി ബി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സമരം നാലാംനാളില്‍ കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുകയാണെന്ന് അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി ജില്ലാകമ്മിറ്റി. സമരകേന്ദ്രത്തില്‍ ചേര്‍ന്ന യോഗം എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന വൈസ്പ്രസിഡന്‍റ് കെ. ശശീന്ദ്രന്‍ ഉദ്ഘാടനംചെയ്തു. അധ്യാപക സര്‍വീസ് സംഘടന സമരസമിതി ജില്ലാകണ്‍വീനര്‍ എസ്. സുനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു.

ഹാജര്‍നില 83 %

Posted: 11 Jan 2013 09:29 PM PST

തൊടുപുഴ/ചെറുതോണി/പീരുമേട്/മൂന്നാര്‍/നെടുങ്കണ്ടം: ജില്ലയില്‍ വെള്ളിയാഴ്ച 83 ശതമാനം പേര്‍ ജോലിക്കെത്തി. റവന്യൂ ഡിപ്പാര്‍ട്ടുമെന്‍റ് കൂടാതെ 3,947 ജീവനക്കാരാണുള്ളത്. കലക്ടറേറ്റില്‍ ലഭ്യമായ വിവരമനുസരിച്ച് 3,272 പേര്‍ ഹാജരായി. റവന്യൂ ഡിപ്പാര്‍ട്ടുമെന്‍റില്‍ 1,082 ജീവനക്കാരാണ് ജില്ലയില്‍ മൊത്തമുള്ളത്. ഇതില്‍ 814 പേര്‍ ജോലിക്ക് കയറി. ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ 134 പേരില്‍ 97 പേര്‍ ജോലിക്കെത്തി. കലക്ടറേറ്റില്‍ 118 പേരില്‍ 99 പേര്‍ ജോലിക്കെത്തിയതായി കലക്ടര്‍ അറിയിച്ചു.
എന്നാല്‍, ഹൈറേഞ്ച് മേഖലയിലടക്കം കൂടുതല്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്തതായി സംയുക്ത സമരസമിതി അവകാശപ്പെട്ടു. ഓഫിസ് ജോലികളില്‍ പ്രാവീണ്യമില്ലാത്ത ദിവസ വേതനക്കാരെയും പാര്‍ട്ടൈം ജീവനക്കാരെയും വെച്ച് ഓഫിസുകള്‍ നടത്തിക്കൊണ്ടുപോകാന്‍ എന്‍.ജി.ഒ അസോസിയേഷന്‍ നേതാക്കള്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ചില ഓഫിസ് മേധാവികള്‍ ഓഫിസ് നടത്തിക്കൊണ്ട് പോകാനാകാതെ ബുദ്ധിമുട്ടുകയാണ്. ജില്ലയില്‍ 70 ശതമാനത്തിലധികം ജീവനക്കാര്‍ പണിമുടക്കില്‍ അണിചേര്‍ന്നുവെന്ന് സമരസമിതി കണ്‍വീനര്‍ എ.എന്‍. ചന്ദ്രബാബു പ്രസ്താവനയില്‍ പറഞ്ഞു.
പണിമുടക്കിയ ജീവനക്കാര്‍ തൊടുപുഴയില്‍ പി.ഡബ്ള്യു.ഡി കോംപ്ളക്സ്, വിദ്യാഭ്യാസ കോംപ്ളക്സ്, ഡി.ഡി.പി ഓഫിസ്, സര്‍വേ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഓഫിസ്, ജോയന്‍റ് ആര്‍.ടി. ഓഫിസ് എന്നിവിടങ്ങളിലേക്ക് മാര്‍ച്ച് നടത്തി. പീരുമേട്, കുമളി, നെടുങ്കണ്ടം, കട്ടപ്പന, ഇടുക്കി, അടിമാലി, ദേവികുളം എന്നിവിടങ്ങളിലും പ്രകടനവും യോഗവും നടത്തി.
തൊടുപുഴ താലൂക്കില്‍ വെള്ളിയാഴ്ച കൂടുതല്‍ ജീവനക്കാര്‍ ഓഫിസുകളിലെത്തി. തുടര്‍ച്ചയായി വരുന്ന മൂന്നുദിവസത്തെ ശമ്പളം നഷ്ടപ്പെടാതിരിക്കാനാണ് പലരും പണിമുടക്ക് ഉപേക്ഷിച്ചത്. തൊടുപുഴ താലൂക്കോഫിസില്‍ എട്ടുപേര്‍ ഒഴികെ എല്ലാവരും വെള്ളിയാഴ്ച ജോലി ചെയ്തുവെന്നാണ് സര്‍ക്കാര്‍ കണക്ക്.
ഇതിനിടെ പണിമുടക്കിന് ഐക്യദാര്‍ഢ്യവുമായി എസ്.എഫ്.ഐ, സി.ഐ.ടി.യു സംഘടനകള്‍ രംഗത്ത് വന്നു. എസ്.എഫ്.ഐ നേതൃത്വത്തില്‍ പഠിപ്പ് മുടക്കും പ്രകടനങ്ങളും നടന്നു. സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ പ്രകടനം നടത്തി. പണിമുടക്കില്‍ ഏര്‍പ്പെട്ട ജീവനക്കാര്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്ന ഓഫിസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
പീരുമേട് താലൂക്ക് ആസ്ഥാനത്ത് 85 ശതമാനം ജീവനക്കാര്‍ ജോലിക്കെത്തി. തുടര്‍ച്ചയായ അഞ്ചാം ദിവസവും ഫുഡ് സേഫ്ടി, ഡെപ്യൂട്ടി ലേബര്‍ ഓഫിസുകള്‍ അടഞ്ഞുകിടന്നു. വെള്ളിയാഴ്ച പീരുമേട് വില്ലേജ് ഓഫീസും പൂട്ടിയിട്ടു. സമരാനുകൂലികളും ഇടതുപക്ഷ സംഘടന  പ്രവര്‍ത്തകരും ഓഫിസുകളില്‍ ജോലി ചെയ്യാനെത്തുന്നവരെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് മിക്ക ഓഫിസുകളിലും പൊലീസ് സംരക്ഷണം നല്‍കി.
ദേവികുളം താലൂക്കോഫിസിലും ആര്‍. ഡി.ഒ ഓഫിസിലും വെള്ളിയാഴ്ച ഹാജര്‍ നില മെച്ചപ്പെട്ടു. താലൂക്കോഫിസിലെ ആകെയുള്ള ജീവനക്കാരില്‍  10 പേര്‍ അവധിയിലായിരുന്നു. ബാക്കിയുള്ളവരില്‍ 32 പേര്‍ ജോലിക്ക് ഹാജരായി. മുന്‍ ദിവസങ്ങളില്‍ 20ല്‍ താഴെയായിരുന്നു ഹാജര്‍ നില. തഹസില്‍ദാര്‍ അഡീഷനല്‍ തഹസില്‍ദാര്‍ എന്നിവര്‍ ഓഫിസിലെത്തി. ആര്‍.ഡി ഓഫിസില്‍ രണ്ടുപേര്‍ മാത്രമാണ് സമരത്തിനുള്ളത്. ഇവിടുത്തെ ഓഫിസ് നടപടികള്‍ മുടങ്ങിയില്ല.
പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ 40 ജീവനക്കാരില്‍ 35 പേര്‍ ജോലിക്ക് കയറിയതായി പ്രിന്‍സിപ്പല്‍ അബ്ദുല്‍ മജീദ് അറിയിച്ചു. സമരക്കാര്‍ സ്കൂളിനുള്ളില്‍ കടന്ന് പ്രശ്നം സൃഷ്ടിക്കാതിരിക്കാന്‍ മുന്‍വശത്തെ വാതില്‍ പൂട്ടിയാണ് ക്ളാസുകള്‍ നടത്തിയത്. മറിച്ചുള്ള പ്രചാരണം ശരിയല്ലെന്നും ഇത് സമരക്കാര്‍ മനപ്പൂര്‍വം പ്രശ്നങ്ങളുണ്ടാക്കാന്‍ നടത്തുന്ന പ്രചാരണമാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് വെള്ളിയാഴ്ച നെടുങ്കണ്ടത്ത് സമാധാനപരമായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പണിമുടക്കില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ കുറച്ച് ജീവനക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. താലൂക്കോഫിസിലെ റവന്യൂ റിക്കവറി ഓഫിസിലെ 22 ജീവനക്കാരില്‍ മൂന്നുപേര്‍ മാത്രമാണ് വെള്ളിയാഴ്ച ഉച്ചക്ക് ഉണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ പണിമുടക്കില്‍ പങ്കെടുത്തതായാണ് സമരക്കാര്‍ അവകാശപ്പെടുന്നത്.
 

പണിമുടക്ക് കലുഷിതം; അങ്ങിങ്ങ് അക്രമം

Posted: 11 Jan 2013 09:24 PM PST

പത്തനംതിട്ട: പങ്കാളിത്ത പെ ന്‍ഷന്‍ പദ്ധതിക്കെതിരെ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ ജില്ലയില്‍ അങ്ങിങ്ങ് അക്രമം . കോഴഞ്ചേരിക്കടുത്ത് കോയിപ്രം പഞ്ചായത്ത്, പന്തളം തട്ട സ്കൂള്‍, അടൂര്‍ പി.ഡബ്ള്യു.ഡി ഓഫിസ്, പെരിങ്ങര ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് അക്രമം നടന്നത്. പെരിങ്ങര ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ വ്യാഴാഴ്ച രാത്രി തറയില്‍ കരിഓയില്‍ ഒഴിച്ചു.
പിന്നീട് ഇത് കഴുകി വൃത്തിയാക്കിയ ശേഷമാണ് പഞ്ചായത്തംഗങ്ങളടക്കം ഓഫിസില്‍ കടന്നത്. തട്ട സ്കൂളില്‍ പഠിപ്പ് മുടക്കാനെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്ളാസിലുണ്ടായിരുന്ന  വിദ്യാര്‍ഥികളെ  ആക്രമിച്ചു.
 അക്രമത്തില്‍ എസ്.എഫ്.ഐ, എ.ബി.വി.പി പ്രവര്‍ത്തകരായ എട്ടുപേര്‍ക്ക് പരിക്കേറ്റു. അടൂര്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന്  മുഖംമൂടി  ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം വനിതാ ജീവനക്കാള്‍ ഉള്‍പ്പെടെ നാലുപേരുടെ ദേഹത്ത് കരിഓയില്‍ ഒഴിച്ചു. കോയിപ്രത്ത് മുട്ടയേറും നടന്നു.
ഭരണ-പ്രതിപക്ഷ യുവജന വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തുവന്നതോടെയാണ് ജില്ലയില്‍ അക്രമസംഭവങ്ങള്‍ തുടങ്ങിയത്. ജില്ലയില്‍ ശനി, ഞായര്‍, തിങ്കള്‍ എന്നീ മൂന്ന് ദിവസങ്ങള്‍ തുടര്‍ച്ചയായി അവധി ആയതിനാല്‍ ഇനി ചൊവ്വാഴ്ചയോടെ മാത്രമേ സമരം ചൂടുപിടിക്കൂ.  ജോലിക്ക് എത്തുന്നവരെ തടഞ്ഞാല്‍ അത് നേരിടുമെന്നുതന്നെയാണ് യൂത്ത്കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരുടെ നിലപാട്.
വിദ്യാലയങ്ങളില്‍ പഠിപ്പുമുടക്കിക്കൊണ്ടാണ് എസ്.എഫ്.ഐ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പഠിപ്പു മുടക്കിനെ തുടര്‍ന്ന് വെള്ളിയാഴ്ച ജില്ലയിലെ സ്കൂളുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.  പത്തനംതിട്ട ഉപജില്ലയിലെ എല്‍.പി, യു.പി അധ്യാപകരില്‍ 330 പേരില്‍ 270 പേര്‍ വെള്ളിയാഴ്ച ഹാജരായി.കോന്നി ഉപജില്ലയില്‍ ആകെ 287 അധ്യാപകരില്‍ 262 പേര്‍ ഹാജരായി. കോഴഞ്ചേരിയില്‍ 231 പേരില്‍ 20 പേര്‍ മാത്രമാണ് പണിമുടക്കിയത്.പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ എച്ച്.എസ് വിഭാഗത്തില്‍ 2271 അധ്യാപകരില്‍ 1937 പേര്‍ ഹാജരായി. തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ എച്ച്.എസ് വിഭാഗം അധ്യാപകരില്‍ 1426 പേരില്‍ 1398 പേര്‍ ഹാജറായതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.
അടൂര്‍: സര്‍ക്കാര്‍ ഓഫിസില്‍ ജോലിക്ക് ഹാജരായ വനിതകള്‍ ഉള്‍പ്പെടെ നാല് ജീവനക്കാരുടെ മേല്‍ ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തിയ മൂന്നുപേര്‍ കരിഓയില്‍ ഒഴിച്ചു. പൊതുമരാമത്ത് നിരത്ത് വിഭാഗം അടൂര്‍ അസി. എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം മൂന്നിനാണ് സംഭവം. റെയ്നാ റഷീദ്, ഷംലാമോള്‍, സിദ്ദീഖ്, രാജേന്ദ്രന്‍ എന്നിവരുടെ മേലാണ് കരിഓയില്‍ ഒഴിച്ചത്. ബൈക്ക് ഓഫിസിലേക്കുള്ള വഴിയില്‍ ഒതുക്കിനിര്‍ത്തിയിട്ട് പിന്നിലിരുന്ന രണ്ടുപേരാണ് ഓഫിസില്‍ പതുങ്ങിയെത്തി ജീവനക്കാരുടെ മേല്‍ കരിഓയില്‍ ഒഴിച്ച് ബൈക്കില്‍ കടന്നത്.
എന്‍.ജി.ഒ യൂനിയന്‍ പ്രവര്‍ത്തകരായ രവിചന്ദ്രന്‍, മനോജ് കുമാര്‍, അഭിലാഷ് എന്നിവര്‍ വ്യാഴാഴ്ച ഇവിടെയെത്തി ജോലിക്ക് വന്നാല്‍ കരിഓയില്‍ ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി  അക്രമത്തിനിരയായ ജീവനക്കാര്‍ അടൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
കോഴഞ്ചേരി: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോയിപ്രം ഗ്രാമപഞ്ചായത്തോഫിസിലെ പണിമുടക്കാതിരുന്ന ജീവനക്കാരുടെ നേരെ അക്രമം നടത്തി. പഞ്ചായത്തോഫിസിലെ കമ്പ്യൂട്ടറുകള്‍, ട്യൂബ് ലൈറ്റുകള്‍, ക്യാബിനുകളുടെ ഗ്ളാസുകള്‍ എന്നിവ തകര്‍ത്തു. ഓഫിസിനുള്ളില്‍ മുട്ട എറിഞ്ഞു, ചാണകം കലക്കിയ വെള്ളം ഒഴിച്ചു.15 ജീവനക്കാരുള്ള പഞ്ചായത്തില്‍ നാലുപേര്‍ അവധിയെടുത്തത് കഴിച്ച്  വനിത ജീവനക്കാരുള്‍പ്പെടെ 11 പേര്‍  ജോലി ചെയ്യുന്നതിനിടെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ പത്തംഗ സംഘം പഞ്ചായത്തോഫിസില്‍ ഭീതി പരത്തിയത്. കോയിപ്രം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്  അവരെത്തിയ ശേഷമാണ് അക്രമികള്‍ പിരിഞ്ഞുപോയത്.  അക്രമിസംഘത്തിലെ  ആളുകളുടെ പേരില്‍ കോയിപ്രം പൊലീസ് കേസെടുത്തു.
 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ അക്രമം ജനാധിപത്യമര്യാദക്ക വിരുദ്ധമാണെന്നും ആവര്‍ത്തിക്കരുതെന്നും പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല മാത്യൂസ് ആവശ്യപ്പെട്ടു.
 

പണിമുടക്ക് കടുത്തില്ല; രണ്ടിടത്ത് അക്രമം

Posted: 11 Jan 2013 09:15 PM PST

കോട്ടയം: സര്‍ക്കാര്‍ ജീവനക്കാരുടെ സമരം വെള്ളിയാഴ്ച കൂടുതല്‍ കടുത്തില്ല. ജില്ലയില്‍ ചങ്ങനാശേരിയിലും കോട്ടയം മെഡിക്കല്‍ കോളജിലും അക്രമസംഭവങ്ങള്‍ അരങ്ങേറി. എന്നാല്‍, കലക്ടറേറ്റില്‍ ഉള്‍പ്പെടെ ജോലിക്കെത്തിയവരെ തടയാന്‍ ശ്രമമുണ്ടായില്ല.
കോട്ടയത്ത് രാവിലെ പത്തോടെ കലക്ടറേറ്റിന്‍െറ പിന്‍വശത്തെ ഗേറ്റിലാണ് എന്‍.ജി.ഒ യൂനിയന്‍െറ പ്രകടനം ആരംഭിച്ചത്. മുന്‍വശത്തെ കവാടത്തിലൂടെ അകത്തേക്ക് കയറാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതി പിന്‍വശത്തെ ഗേറ്റിലെത്തിയവര്‍ ഇതുമൂലം അങ്കലാപ്പിലായി. പ്രകടനം തുടങ്ങിയപ്പോള്‍ത്തന്നെ പൊലീസ് ഗേറ്റ് അടച്ചിരുന്നു.എന്നാല്‍, ഓഫിസില്‍ കയറാന്‍ എത്തിയവരെ പ്രകടനക്കാര്‍ തടഞ്ഞില്ല. തുടര്‍ന്ന് പ്രകടനം പ്രധാന കവാടത്തിലേക്ക് നീങ്ങി, നഗരത്തിലൂടെ ചുറ്റി തിരുനക്കരയില്‍ സമാപിച്ചു.
യൂനിയന്‍ നേതാക്കളായ അജയന്‍ സി.മേനോന്‍, ഡോ.കെ.എം. ദിലീപ്, പ്രകാശന്‍ കങ്ങഴ എന്നിവര്‍ നേതൃത്വം നല്‍കി. കെ.എസ്.യുവിനെതിരെയായിരുന്നു മുദ്രാവാക്യങ്ങളില്‍ ഏറെയും. സമ്മേളനം അജയന്‍ കെ. മേനോന്‍ ഉദ്ഘാടനം ചെയ്തു. ടി.എസ്.എന്‍. ഇളയത്, എന്‍.രഘുനാഥന്‍ എന്നിവര്‍ സംസാരിച്ചൂ. ജില്ലയിലെ പ്രധാന ഓഫിസുകളിലായി 67.5 ശതമാനം പേര്‍ പണിമുടക്കിയതായി എന്‍.ജി.ഒ യൂനിയന്‍ ഭാരവാഹികള്‍ അവകാശപ്പെട്ടു. കലക്ടറുടെ ഓഫിസില്‍ 182ല്‍ 45 പേര്‍ മാത്രമാണ് ഹാജരായത്.
വൈക്കം താലൂക്കോഫിസില്‍ 25 പേര്‍, കോട്ടയം താലൂക്കോഫിസില്‍ 15, കോട്ടയം ആര്‍.ഡി.ഒ ഓഫിസില്‍ നാല്, വയസ്കരയിലെ വിദ്യാഭ്യാസ ഓഫിസുകളില്‍ 59, നാഗമ്പടം സെയില്‍സ് ടാക്സ് കോംപ്ളക്സില്‍ 46, ജില്ലാ ട്രഷറിയില്‍ 24, കോട്ടയം ജലഗതാഗത ഓഫിസില്‍ 33, പി.എസ്.സി ഓഫിസില്‍ 44, ചങ്ങനാശേരി റവന്യൂ ടവറില്‍ 70 പേര്‍ എന്നിങ്ങനെയാണ് ഹാജര്‍ നിലയെന്ന് അവര്‍ പറഞ്ഞു. അതേസമയം, കലക്ടറേറ്റില്‍ 74.54 പേര്‍ ജോലിക്ക് ഹാജരായതായി കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് ബി. മോഹനചന്ദ്രന്‍ അറിയിച്ചു. 1257 ജീവനക്കാരില്‍ 885 പേര്‍ ജോലിക്ക് കയറി. 52 പേര്‍ അവധി അപേക്ഷ സമര്‍പ്പിച്ചു. മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ സമരാനുകൂലികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു.
പൊന്‍കുന്നം: കെ.എസ്.ടി.എ ജില്ലാപ്രസിഡന്‍റ് ബി. ശ്രീകുമാര്‍ അധ്യാപകനായ ചിറക്കടവ് എസ്.ആര്‍.വി.എന്‍.എസ്.എസ്.വി.എച്ച്.എസ്.എസില്‍ വെള്ളിയാഴ്ച മൂന്ന് ജീവനക്കാര്‍ പണിമുടക്കി. ഹൈസ്കൂളില്‍ രണ്ടുപേരും ഹയര്‍സെക്കന്‍ഡറിയില്‍ ഒരാളുമാണ് പണിമുടക്കിയത്.ആകെ 42 ജീവനക്കാരുള്ള സ്കൂളില്‍ 39 പേര്‍ വെള്ളിയാഴ്ച ഹാജരായെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അംബികാ ദേവി അറിയിച്ചു.

പാണാവള്ളി പഞ്ചായത്തില്‍ 4.63 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി

Posted: 11 Jan 2013 09:09 PM PST

പൂച്ചാക്കല്‍: പാണാവള്ളി ഗ്രാമപഞ്ചായത്തില്‍ 2012-13 സാമ്പത്തികവര്‍ഷം 4.63 കോടിയുടെ  ജനകീയാസൂത്രണപദ്ധതികള്‍ക്ക്  ജില്ലാ ആസൂത്രണസമിതി അംഗീകാരം  നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്‍റ് എം. രജനി അറിയിച്ചു. സ്പില്‍ഓവര്‍ ഉള്‍പ്പെടെ 151 പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
പട്ടികജാതിക്കാരുടെ ഉന്നമനത്തിനായ പദ്ധതികള്‍ക്ക് 79.47 ലക്ഷം രൂപയും പട്ടികവര്‍ഗക്കാര്‍ക്ക്  2.14 ലക്ഷവും  ജനറല്‍ വിഭാഗത്തില്‍ 3.81കോടി രൂപയുമാണ് നീക്കിവെച്ചിട്ടുള്ളത്.
ആകെ അടങ്കല്‍ തുകയില്‍ 1.76 കോടി വികസന ഫണ്ടും 61.17 ലക്ഷം  13ാം ധനകാര്യ കമീഷന്‍ ഗ്രാന്‍റും 37.10 ലക്ഷം രൂപ ലോകബാങ്ക് സഹായവും 39.60 ലക്ഷം മെയിന്‍റനന്‍സ് ഫണ്ടും 75.35 ലക്ഷം രൂപ തനത് ഫണ്ടുമാണ്.
വനിതാ കയര്‍ തൊഴിലാളികള്‍ക്ക് കയര്‍നിര്‍മാണ യൂനിറ്റ്, കുടുംബശ്രീകള്‍ക്ക് സ്വയംതൊഴില്‍ എന്നിവക്ക് തുക വകയിരുത്തി.  പെരുമ്പളം കവലയിലെ കാത്തിരിപ്പുകേന്ദ്രത്തിന് 65,000 രൂപയും അനുവദിച്ചിട്ടുണ്ട്. പശ്ചാത്തലമേഖലയില്‍ 63 പദ്ധതിക്ക് 1.44 കോടിയും റോഡ് പുനരുദ്ധാരണത്തിന് ഒരു വാര്‍ഡില്‍ അഞ്ചുലക്ഷം രൂപ വീതവും തെരുവുവിളക്ക് അറ്റകുറ്റപ്പണിക്ക് മൂന്നുലക്ഷവുമാണ് വകയിരുത്തിയിട്ടുള്ളത്.
പഠനത്തിനോ ഉദ്യോഗത്തിനോ വിദേശത്ത് പോകുന്ന പട്ടികജാതി വിഭാഗക്കാര്‍ക്ക് വിമാനക്കൂലി നല്‍കുന്ന പദ്ധതിക്ക് രണ്ടുലക്ഷവും വകയിരുത്തി. വീടിന് കല്ലുകെട്ട്, വെള്ളക്കെട്ട് നിവാരണം, സൗജന്യ കുടിവെള്ള കണക്ഷന്‍, വിവാഹ ധനസഹായം, ഡ്രൈവിങ് പരിശീലനം, വനിതകള്‍ക്ക് ഓട്ടോറിക്ഷ, ആയുര്‍വേദ മരുന്ന് എന്നിവയാണ് മറ്റ് പട്ടികജാതി പദ്ധതികള്‍. പട്ടികവര്‍ഗക്കാര്‍ക്ക് പോഷകാഹാരം നല്‍കുന്ന പദ്ധതിക്കും ചെറുപ്പക്കാര്‍ക്ക് സൗജന്യ ഹെവി ഡ്രൈവിങ് പരിശീലനം നല്‍കുന്ന പദ്ധതിക്കും അംഗീകാരം ലഭിച്ചതായി വാര്‍ഷിക പദ്ധതി വിശദീകരിച്ച് പ്രസിഡന്‍റ് പറഞ്ഞു.
യോഗത്തില്‍ വൈസ് പ്രസിഡന്‍റ് സൈതലവി കോയ തങ്ങള്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എസ്. രാജേഷ്, വസന്തകുമാരി, സാല്‍ബി സൈജു എന്നിവരും പങ്കെടുത്തു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP