സ്വാഗതം
WELCOME

News Update..

Tuesday, January 15, 2013

അനിശ്ചിതത്വം മാറുന്നു; ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കും Madhyamam News Feeds

അനിശ്ചിതത്വം മാറുന്നു; ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കും Madhyamam News Feeds

Link to

അനിശ്ചിതത്വം മാറുന്നു; ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കും

Posted: 15 Jan 2013 12:46 AM PST

തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവില്‍ മൊബൈല്‍ ഇന്‍സിനറേറ്റര്‍ ഇന്നുമുതല്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കും. നഗരത്തില്‍ വീണ്ടും മാലിന്യം കുന്നുകൂടിയ സാഹചര്യം കണക്കിലെടുത്താണ് അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി, ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
കിഴക്കേകോട്ട ചിത്തിരതിരുനാള്‍ പാര്‍ക്കില്‍ ഇപ്പോള്‍ കിടക്കുന്ന ഇന്‍സിനറേറ്റര്‍ ഈഞ്ചക്കലിലേക്ക് മാറ്റി മാലിന്യം സംസ്കരിച്ചുതുടങ്ങാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം യന്ത്രത്തിന്‍െറ പ്രവര്‍ത്തിപ്പിക്കലും അറ്റകുറ്റപ്പണിയും സംബന്ധിച്ച് കമ്പനിയുമായി നേരത്തേ ഉണ്ടാക്കിയ ധാരണയില്‍ മറ്റ് നടപടികള്‍ സ്വീകരിച്ചിട്ടില്ല. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ശുചിത്വമിഷനുവേണ്ടി 2.19 കോടിക്ക് സിഡ്കോയാണ് യന്ത്രം വാങ്ങി നല്‍കിയത്. കൂടാതെ മെയിന്‍റനന്‍സ് ആന്‍ഡ് ഓപറേഷന് 96 ലക്ഷവും അധികം നല്‍കണം.
ഒക്ടോബര്‍ 31ന് ഹൈദരാബാദില്‍ നിന്ന് കൊണ്ടുവന്ന യന്ത്രം പരീക്ഷണാര്‍ഥം ഒരുമാസത്തിലേറെ പ്രവര്‍ത്തിപ്പിച്ചശേഷം ചിത്തിരതിരുനാള്‍ പാര്‍ക്കില്‍ കൊണ്ടിട്ടിരിക്കുകയായിരുന്നു. യന്ത്രത്തിന്‍െറ സാങ്കേതിക മികവ് പരിശോധിക്കാനും മലിനീകരണം, ഇന്ധനക്ഷമത എന്നിവ അളക്കുന്നതിനുമാണ് പരീക്ഷണ പ്രവര്‍ത്തനം നടത്തിയത്.
എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയെങ്കിലും യന്ത്രം ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കാന്‍ ശുചിത്വമിഷന്‍ കാലതാമസംവരുത്തി. ഇന്ധനക്ഷമത താങ്ങാവുന്നതിലും അധികമാണെന്ന റിപ്പോര്‍ട്ട് ശുചിത്വമിഷനെ പിന്തിരിപ്പിച്ചു എന്നും വിവരമുണ്ട്. ദിവസം 50,000 ലധികം രൂപ ഡീസലിന് വേണ്ടിവരുമെന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് പ്രവര്‍ത്തനം അനിശ്ചിതമായി നീളുകയും യന്ത്രത്തെ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയരുകയും ചെയ്തു. ഇതിനിടെ യന്ത്രം നഗരസഭയെ ഏല്‍പ്പിക്കാനുള്ള അണിയറ ചര്‍ച്ചകളും നടന്നു. ഇത് മുന്നില്‍കണ്ട് കോര്‍പറേഷന്‍ യന്ത്രം ഏറ്റെടുക്കില്ലെന്ന് പ്രമേയവും പാസാക്കി.
കാര്യങ്ങള്‍ ഈവിധമായതോടെ  നഗരം വീണ്ടും മാലിന്യപ്രശ്നത്തില്‍ മുങ്ങി. പ്രതിസന്ധി രൂക്ഷമാണെന്ന് കണ്ടാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയും യന്ത്രം അടിയന്തരമായി പ്രവര്‍ത്തിപ്പിച്ച് തുടങ്ങാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തത്. യന്ത്രം ഏറ്റെടുത്ത് ആര് പ്രവര്‍ത്തിപ്പിക്കണം എന്ന കാര്യം പിന്നീട് തീരുമാനിക്കാമെന്നും സര്‍ക്കാര്‍ ബന്ധപ്പെട്ട വകുപ്പുകളോട് നിര്‍ദേശിച്ചതായാണ് അറിയുന്നത്.  
 പരീക്ഷണ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി ആദ്യം പാളയത്തും പിന്നീട് കിഴക്കേകോട്ടയിലുമാണ് യന്ത്രം പ്രവര്‍ത്തിപ്പിച്ചത്. ഈഞ്ചക്കലില്‍ കുറച്ച് നാള്‍ പ്രവര്‍ത്തിപ്പിച്ചശേഷം പിന്നീട് മറ്റൊരിടത്തേക്ക് മാറ്റും.
 

പമ്പ്ഹൗസ് കേടായി, കുടിവെള്ളക്ഷാമം രൂക്ഷം

Posted: 15 Jan 2013 12:43 AM PST

കൊട്ടിയം: ഉമയനല്ലൂര്‍ പടനിലത്തെ പമ്പ്ഹൗസ് കേടായതിനെതുടര്‍ന്ന് ഉമയനല്ലൂര്‍ കാഞ്ഞാത്തല പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായി. പമ്പ്ഹൗസിന്‍െറ പ്രവര്‍ത്തനം പുന$സ്ഥാപിച്ച് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് മൈനോറിറ്റി സെല്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് അമീനുദ്ദീന്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു.
 

പങ്കാളിത്ത പെന്‍ഷന്‍ കുത്തകകളുടെ താല്‍പര്യം പരിഗണിക്കാനാകരുത് - സുധീരന്‍

Posted: 15 Jan 2013 12:38 AM PST

കൊല്ലം: സംസ്ഥാനത്ത് പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കുന്നത് വന്‍കിട കുത്തകകളുടെ താല്‍പര്യം പരിഗണിക്കാന്‍ വേണ്ടിയാകരുതെന്ന് വി.എം. സുധീരന്‍. കേരളാ ഗസറ്റഡ് ഓഫിസേഴ്സ് യൂനിയന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യകമ്പനികളായ റിലയന്‍സ്, ടാറ്റാ തുടങ്ങിയവക്ക് പകരം പൊതുമേഖലാ സ്ഥാപനങ്ങളായ എസ്.ബി.ഐ, എല്‍. ഐ.സി തുടങ്ങിയവയെ ഫണ്ട് മാനേജരായി കൊണ്ടുവരണം. സാമ്പത്തികപരിഷ്കരണങ്ങള്‍ വളരെ ഗൗരവമായി ആലോചിച്ചേ നടപ്പാക്കാവൂ.
 അന്ധമായ സ്വകാര്യവത്കരണത്തിനുള്ള ശ്രമമായി അത് മാറരുത്. പങ്കാളിത്ത പെന്‍ഷന്‍സംബന്ധിച്ച് പാര്‍ലമെന്‍റ് തീരുമാനമെടുക്കുന്ന സമയത്ത് സംസ്ഥാനസര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. നയപരമായ കാര്യങ്ങളില്‍ വേണ്ടത്ര ചര്‍ച്ചയില്ലാതെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പെന്‍ഷന്‍  സംബന്ധിച്ച പി.എഫ്.ആര്‍.ഡി.എ ബില്‍ നിയമമാക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ തീരുമാനം എടുക്കേണ്ടതുണ്ടായിരുന്നോ? ജീവനക്കാരും ഇതിനെക്കുറിച്ച്   ചിന്തിക്കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇപ്പോഴത്തെ സംഘര്‍ഷം ഒഴിവാക്കാമായിരുന്നു.
സംസ്ഥാന സര്‍ക്കാറിന്‍െറ ആദ്യ വര്‍ഷത്തെ ഭരണം മികച്ചതായിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയൊരഭിപ്രായം പൊതുവായി ഇല്ല. സര്‍ക്കാര്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അട്ടിമറിക്കാന്‍ സര്‍ക്കാറില്‍  തന്നെ ചിലര്‍ ശ്രമിക്കുന്നു. കൊച്ചി മെട്രോയില്‍ സര്‍ക്കാര്‍ നയത്തിനെതിരെ പ്രവര്‍ത്തിച്ചയാള്‍ക്കെതിരെ എന്ത് നടപടിയാണെടുത്തത്. ഭരിക്കുന്നവരുടെ ബന്ധുക്കളുടെ പേരിലാണ് ചിലര്‍ സര്‍ക്കാറിനെ ചൂഷണം ചെയ്യുന്നത്.
 ജാതിമത ശക്തികള്‍ സര്‍ക്കാറിന്‍െറ ദൈനംദിനകാര്യങ്ങളില്‍ ഇടപെടുകയും അവര്‍ വക്താക്കളാവുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ ഡോ. മൊണ്ടേക് സിങ് അഹ്ലുവാലിയ എണക്കമ്പനികളുടെയല്ല ജനങ്ങളുടെ വക്താവാണ് ആകേണ്ടത്. കേന്ദ്രസര്‍ക്കാറിനെയും ജനങ്ങളെയും തമ്മില്‍ അകറ്റാന്‍ പ്ളാനിങ് കമീഷനിലെ ചിലര്‍ ഗവേഷണം നടത്തുകയാണ്. വെള്ളം വില കൊടുത്ത് വാങ്ങാന്‍ പറയുന്ന നയം അംഗീകരിക്കാനാവില്ല.
സമരങ്ങള്‍ കൊണ്ട് കേരളത്തെ ശ്വാസംമുട്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അരിപ്പയില്‍ ഭൂമി അഞ്ച്കൊല്ലം മുമ്പും കേസിലാണുള്ളത്. ഇപ്പോഴും അങ്ങനെയാണ്.
 ഭൂമി നല്‍കാനുള്ള പ്രാഥമിക നടപടികളുമായി യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ട് നീങ്ങിയപ്പോഴാണ് സമരവുമായി രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് വര്‍ഷത്തിനിടെ കാസര്‍കോട്ട് ബന്ധുവിന് മാത്രം ഭൂമി കൊടുത്ത ഒരു സര്‍ക്കാറാണ്് ഇപ്പോള്‍ ഭൂരഹിതര്‍ക്ക് ഭൂമിനല്‍കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. സമരങ്ങളുടെ ഫലമായാണ് ടി.പി വധക്കേസും മണിയുടെ വിഷയവും തിരുവഞ്ചൂര്‍ പറയാതെ പോയതെന്നും ആര്യാടന്‍ പറഞ്ഞു.
 ഡോ. ജേക്കബ് എം. ടൈറ്റസ് , എം. സൈഫുദ്ദീന്‍, ഐ. എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍, ഡി.സി.സി പ്രസിഡന്‍റ് ഡോ. പ്രതാപവര്‍മ തമ്പാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മുദ്രപ്പത്രത്തിന് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വിലകൂടിയവ വിറ്റഴിക്കുന്നതായി പരാതി

Posted: 15 Jan 2013 12:25 AM PST

തിരുവല്ല: മുദ്രപ്പത്രങ്ങള്‍ക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വിലകൂടിയവ വിറ്റഴിക്കുന്നതായി പരാതി. 50 രൂപ മുദ്രപ്പത്രത്തിനാണ് വിപണിയില്‍ രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്നത്.
പാചക വാതക സിലിണ്ടര്‍ സംബന്ധിച്ച് ഉപഭോക്താക്കള്‍ കെ.വൈ.സി ഫോറം ഗ്യാസ് ഏജന്‍സികള്‍ക്ക് 50 രൂപ മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം അഭിഭാഷകര്‍ വഴി സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 31 ആയതിനാല്‍ ഉപഭോക്താക്കള്‍ 50നുപകരം 100 രൂപയുടെയും മറ്റും മുദ്രപ്പത്രങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ്.
തിരുവല്ലയിലെ മുദ്രപ്പത്ര വ്യാപാരിയുടെ കൈവശം 50 രൂപയുടെ മുദ്രപ്പത്രങ്ങള്‍ ഉണ്ടെങ്കിലും അവിടെ അപേക്ഷ ഡി.ടി.പി ചെയ്യുന്നവര്‍ക്കു മാത്രമേ ഇത് നല്‍കൂവെന്നും പറയപ്പെടുന്നു.  സമീപത്തുള്ള ഡി.ടി.പി സെന്‍ററുകളില്‍ നിന്നും രണ്ട് 20ന്‍െറയും ഒരു 10ന്‍െറയും ചിലപ്പോള്‍ 100 രൂപയുടെയും മുദ്രപ്പത്രങ്ങളാണ് നല്‍കാറ്.  കെ.വൈ.സി അപേക്ഷ  നല്‍കാന്‍ വൈകുന്നത് ഒറ്റ സിലിണ്ടറുള്ള ഉപഭോക്താക്കളെ കൂടുതലായി ബാധിക്കും. അപേക്ഷാ ഫോറം നല്‍കി ആഴ്ചകള്‍ പിന്നിട്ടെങ്കിലേ പുതിയ സിലിണ്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് എടുക്കാന്‍ കഴിയുകയുള്ളൂ.

സെക്രട്ടറിയില്ല; കോട്ടയം നഗരഭരണം പ്രതിസന്ധിയില്‍

Posted: 15 Jan 2013 12:22 AM PST

കോട്ടയം: കോട്ടയം നഗരസഭാ ഭരണം സെക്രട്ടറിയില്ലാതെ ഒരുമാസം പിന്നിടുന്നു. പദ്ധതിനിര്‍വഹണമടക്കം പലതും പ്രതിസന്ധിയില്‍. സെക്രട്ടറിയുടെ അഭാവം മൂലം നിരവധി പ്രധാനപ്പെട്ട തീരുമാനങ്ങളും പ്രോജക്ടുകളും അവതാളത്തിലായി.മാര്‍ച്ച് 31 നകം ഫണ്ട് ചെലവഴിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പദ്ധതികള്‍പോലും നഷ്ടപ്പെടുന്ന സ്ഥിതിയാണ്. കൗണ്‍സില്‍ എടുക്കുന്ന തീരുമാനങ്ങള്‍പോലും സെക്രട്ടറി ഒപ്പിട്ടില്ലെങ്കില്‍ ഫയലില്‍ ഉറങ്ങുകയേയുള്ളൂ. കഴിഞ്ഞ നവംബര്‍ 30 നാണ് സെക്രട്ടറി ഇന്ദ്രബാലന്‍ പിള്ള വിരമിച്ചത്. ഇപ്പോള്‍ സെക്രട്ടറിയുടെ അധികച്ചുമതല പി.എ ക്കാണ്. പി.എ ആണ് പൊതുഭരണത്തിന്‍െറ തലവന്‍.
 സെക്രട്ടറിയുടെ അധികച്ചുമതലകൂടി നിര്‍വഹിക്കേണ്ടിവരുമ്പോള്‍ ഭരണപരമായ കാര്യങ്ങള്‍ക്കെല്ലാം കാലതാമസം നേരിടുകയാണ്. നഗരസഭയുടെ ചരിത്രത്തിലെ ആദ്യപ്രതിസന്ധിയാണിതെന്ന് മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ പറയുന്നു. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമടക്കം നിരവധി മന്ത്രിമാരുള്ള കോട്ടയത്താണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷം പരിഹസിക്കുന്നു.  നഗരസഭാ ഭരണം കോണ്‍ഗ്രസിനായതിനാല്‍ സമ്മര്‍ദം ചെലുത്തി പുതിയ ആളെ നിയമിക്കാവുന്നതേയുള്ളൂവെന്ന് നഗരസഭ പ്രതിപക്ഷനേതാവ് എം.കെ. പ്രഭാകരന്‍ പറയുന്നു. ഇക്കാര്യത്തില്‍ ആത്മാര്‍ഥമായ ഒരുശ്രമവും നടക്കുന്നില്ല. മുന്‍ ചെയര്‍മാന്‍ സണ്ണി കല്ലൂര്‍ രാജിവെച്ചൊഴിഞ്ഞപ്പോഴും സമാന പ്രതിസന്ധി ഉടലെടുത്തിരുന്നു. തര്‍ക്ക വിതര്‍ക്കങ്ങള്‍ക്കുശേഷം ഒരു മാസം കഴിഞ്ഞാണ് പുതിയ ചെയര്‍മാനായി എം.പി.  സന്തോഷ് കുമാര്‍ എത്തിയത്. ഒരുമാസം ചെയര്‍മാനില്ലാതെ മുനിസിപ്പാലിറ്റിയുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകേണ്ടി വന്നു. സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ സെക്രട്ടറി ഉണ്ടായിരിക്കണം.
ഭരണനിര്‍വഹണ കാര്യങ്ങളില്‍ സെക്രട്ടറിയുടെ അഭാവത്തില്‍ കൂടുതല്‍ ശ്രദ്ധയാണ് ഞങ്ങള്‍ നല്‍കുന്നതെന്നും ഒരുവിധ ഭരണ പ്രതിസന്ധിയും നിലവിലില്ലെന്നും ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍ പറയുന്നു. സെക്രട്ടറിയുടെ ഒഴിവ് സംബന്ധിച്ച് തദ്ദേശസ്വയം ഭരണ മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ ഒഴിവ് നികത്തുമെന്നും അദ്ദേഹം അറിയിച്ചു.

അടുത്ത മഴയില്‍ ഞങ്ങള്‍ വെള്ളത്തിലാകും...

Posted: 14 Jan 2013 11:23 PM PST

ആലപ്പുഴ: ‘ഈ പോക്കുപോയാല്‍ അടുത്ത മഴക്ക് ഞങ്ങളുടെ വീടുകള്‍ വെള്ളത്തിനടിയിലാകുമെന്ന് ഉറപ്പ്. എല്ലാ തോടുകളും നികത്തിക്കൊണ്ടിരിക്കുകയാണ്. ആറ്റിലേക്ക് തുറക്കുന്ന വള്ളം പോകുന്ന തോടുകള്‍വരെ നികത്തി. ഈ തോന്ന്യാസങ്ങള്‍ തടയേണ്ടവര്‍ തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്...’
കൊല്ലം - കോട്ടപ്പുറം ദേശീയ ജലപാതക്കായി ആഴം കൂട്ടല്‍ ജോലി പുരോഗമിക്കുന്ന തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പുഴയോരത്ത് താമസിക്കുന്നവര്‍ കണ്ണില്‍ കാണുന്നവരോടൊക്കെ ഈ പരാതി ഉന്നയിക്കുന്നു.
ഡ്രഡ്ജിങ് കരാര്‍ എടുത്ത മംഗലാപുരത്തെ യോജക ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്  കമ്പനിയും ഗ്രാമപഞ്ചായത്തിലെ ചില അംഗങ്ങളും ചേര്‍ന്നാണ് ഈ നിയമലംഘനം.
കായംകുളം മുതല്‍ വടക്കോട്ട് ഡ്രഡ്ജിങ് നടന്ന പ്രദേശത്ത് തോടുകളും തണ്ണീര്‍ ത്തടങ്ങളും നികത്തുന്നതിനെതിരെ ഹൈകോടതി വരെ കേസ് നടത്തിയ ശേഷം കര്‍ശനമായ ഉപാധികളോടെയാണ് ഡ്രഡ്ജിങ് തുടരാന്‍ അനുമതി നല്‍കിയത്. കലക്ടര്‍ ചെയര്‍മാനും ഉള്‍നാടന്‍ ജലപാത അതോറിറ്റി ഡയറക്ടര്‍ കണ്‍വീനറും ജില്ലാ പൊലീസ് ചീഫ്, ആര്‍.ഡി.ഒ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, തഹസില്‍ദാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, പഞ്ചായത്ത് പ്രസിഡന്‍റ്/മുനിസിപ്പല്‍ ചെയര്‍മാന്‍ എന്നിവര്‍ അംഗങ്ങളുമായ കോ ഓഡിനേഷന്‍ കമ്മിറ്റി രൂപവത്കരിക്കണമെന്ന് 2003 ജൂണ്‍ മൂന്നിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നുണ്ട്. ഇതുപ്രകാരം 2010 ഫെബ്രുവരി 19ന് കലക്ടര്‍ പി. വേണുഗോപാലിന്‍െറ അധ്യക്ഷതയില്‍ കൂടിയ യോഗ ത്തില്‍ ആഴം കൂട്ടുന്നതിനെ സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം പുറപ്പെടുവിച്ചതാണ്.
പുഴയോട് ചേര്‍ന്ന തണ്ണീര്‍ത്തടങ്ങളും തോടുകളും നികത്താന്‍ പാടില്ലെന്നും, റവന്യൂ അധികൃതര്‍ കണ്ടെത്തുന്ന പ്രത്യേക സ്ഥലത്ത് തട കെട്ടി ആഴംകൂട്ടിയ മണ ല്‍ സംഭരിച്ച ശേഷം ആവശ്യക്കാര്‍ക്ക് ലേലം ചെയ്തുനല്‍കുകയും ആ തുക പുഴ സംരക്ഷണ ഫണ്ടില്‍ വകയിരുത്തുകയും വേണമെന്ന് കര്‍ശനമായ നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍, അതിനുപകരം സ്വകാര്യ വ്യക്തികള്‍ പറയുന്ന തോടുകളും തണ്ണീര്‍ത്തടങ്ങളും വന്‍തോതില്‍ നികത്തിക്കൊടുക്കുകയാണ് കമ്പനി.
തൃക്കുന്നപ്പുഴ പഞ്ചായത്തിലെ 16ാം വാര്‍ഡില്‍ പല്ലന കലവറ ജെട്ടിക്ക് സമീപം ഒരു പഞ്ചായത്തംഗത്തിന്‍െറ പേരിലുള്ള രണ്ടേക്കര്‍ സ്ഥലത്തെ തോടുകളാണ് ഇപ്പോള്‍ നികത്തുന്നത്. തോടിന്‍െറ പകുതി ഭാഗത്തുകൂടി റോഡ് നിര്‍മിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് നിയമം ലംഘിച്ച് നികത്തലെന്ന് നാട്ടുകാര്‍ പറയുന്നു.  പരിസ്ഥിതി നിയമവും നിയമസഭാ പാസാക്കിയ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമവും കാറ്റില്‍പ്പറത്തി ഡ്രഡ്ജിങ്ങിന്‍െറ മറവില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിനെതിരെ കലക്ടറോട് പരാതി പറഞ്ഞപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ പോയി പരാതിപ്പെടാന്‍ മറുപടി ലഭിച്ചതായി നാട്ടുകാര്‍ പറയുന്നു. രണ്ട് പോലീസുകാര്‍ വന്നുപോയതല്ലാതെ മറ്റ് നടപടികള്‍ ഉണ്ടായില്ലെന്നും അവര്‍ പറയുന്നു. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തിലൂടെ ഡ്രഡ്ജിങ് കടന്നുവരുന്ന ഭാഗങ്ങളിലെ ഇരുകരകളിലെയും മിക്ക തോടുകളും തണ്ണീര്‍ത്തടങ്ങളും സ്വകാര്യ വ്യക്തികളുടെ താല്‍പ്പര്യപ്രകാരം നികത്തിക്കഴിഞ്ഞു. ഡ്രഡ്ജിങ് വടക്കോട്ട് നീങ്ങുന്തോറും കൂടുതല്‍ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങള്‍ നികത്തുമെന്ന് വ്യക്തമായിരിക്കുകയാണ്.
ഡ്രഡ്ജിങ്ങില്‍ നിയമലംഘനം ഉണ്ടായാല്‍ കമ്പനിക്ക് സ്റ്റോപ് മെമ്മോ നല്‍കണമെന്ന ചട്ടം പാലിക്കാന്‍  പരാതി ഉയര്‍ന്നിട്ടും വില്ലേജോഫിസര്‍ തയാറാകാ ത്തതിനുപിന്നില്‍ ഭൂമാഫിയകളുമായുള്ള ഒത്തുകളിയാണെന്ന് നാട്ടുകാര്‍ പറയുന്നു.
 ജില്ലയിലെ ചില രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും ഈ കള്ളക്കളിയില്‍ പങ്കുണ്ടെന്ന് ആരോപണമുണ്ട്. ഡ്രഡ്ജിങ് നടത്തുന്ന മണല്‍ ലേലം ചെയ്യുമ്പോള്‍ റവന്യൂ വകുപ്പിന് കിട്ടേണ്ട കോടികളാണ് ഇതിലൂടെ പാഴാകുന്നത്. തോടുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതിലൂടെ പുഴയിലെ മത്സ്യസമ്പത്ത് നശിക്കാനും വരള്‍ച്ചയുണ്ടാകാനും കാരണമാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ മുന്നറിയിപ്പും കാറ്റില്‍പ്പറത്തി രാപകല്‍ ഭേദമില്ലാതെ നികത്തല്‍ പുരോഗമിക്കുകയാണ്.
 

മണല്‍ വാരല്‍; ഏലൂര്‍ പൊലീസിന്‍െറ സ്പീഡ് ബോട്ട് വെള്ളത്തില്‍ മുക്കി

Posted: 14 Jan 2013 11:14 PM PST

കളമശേരി: പെരിയാറിലെ മണല്‍ ഊറ്റുതടയാന്‍ ഏലൂര്‍ പൊലീസിന് നല്‍കിയ സ്പീഡ് ബോട്ട് മണല്‍ മാഫിയ വെള്ളത്തില്‍ മുക്കി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ബോട്ട് പൊക്കിയെടുത്തു. ഞായറാഴ്ചയാണ് സ്പീഡ് ബോട്ട് ഏലൂര്‍ ഫെറിക് സമീപത്തെ രാസമാലിന്യം ഒഴുക്കുന്ന കുഴിക്കണ്ടം തോട് എത്തിപ്പെടുന്ന ഭാഗത്ത് മുക്കിയ നിലയില്‍ കണ്ടത്. വൈകുന്നേരത്തോടെ നാട്ടുകാരുടെ സഹായത്തോടെ ബോട്ട് പൊലീസ് പൊക്കിയെടുക്കുകയായിരുന്നു. തകരാറിലായ ബോട്ട് രണ്ടുദിവസത്തിനകം പ്രവര്‍ത്തന സജ്ജമാകുമെന്ന് പൊലീസ് അറിയിച്ചു. പെരിയാറിലെ മണലൂറ്റ് തടയുന്നതിനായി ഏലൂര്‍ സ്റ്റേഷന് ലഭിച്ച ബോട്ട് മാസങ്ങളായി തകരാറിലായി ഏലൂര്‍ ഫെറിയില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ ഏലൂര്‍ എസ്.ഐ  എന്‍.എം. സുരേഷ് മുന്‍ കൈയെടുത്ത് നന്നാക്കിയെടുത്തു. എന്നാല്‍, നന്നാക്കിയ ബോട്ട് ഉപയോഗിക്കുന്നതിനുമുമ്പേ എസ്.ഐക്ക് മാറ്റം ലഭിച്ചു. മണല്‍ മാഫിയകളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് സ്ഥലം മാറ്റമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ രണ്ടുദിവസത്തിനകം എസ്.ഐയെ ഏലൂരിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇതിന്‍െറ തൊട്ടടുത്ത ദിവസം ആണ് സ്പീഡ് ബോട്ട് വെള്ളത്തില്‍ മുക്കിയ നിലയില്‍ കണ്ടെത്തിയത്.
 

മധുരയിലെ സ്വര്‍ണക്കവര്‍ച്ച: പ്രധാന പ്രതികളിലൊരാള്‍ പിടിയില്‍

Posted: 14 Jan 2013 11:10 PM PST

തൃശൂര്‍: തൃശൂര്‍ സ്വദേശികളെ മധുരയില്‍ ആക്രമിച്ച് നാലരക്കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രധാനപ്രതികളില്‍ ഒരാള്‍ കൂടി ക്രൈംബ്രാഞ്ച് പിടിയിലായി. പാവറട്ടി പാങ്ങ് കളപുരക്കല്‍ വീട്ടില്‍ വിഷ്ണു പ്രസാദിനെയാണ് (22) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് പാങ്ങിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ അഞ്ചിനാണ് എസ്.ഐ കെ.ജെ. ചാക്കോയും സംഘവും  പിടികൂടിയത്.
മധുരയിലെ ജ്വല്ലറികളില്‍ ആഭരണ മോഡലുകള്‍ കാണിച്ച് ഓര്‍ഡര്‍ വാങ്ങാന്‍ പോയ വിയ്യൂരിലെ ജോബി റാഫേല്‍ (41), മുളങ്കുന്നത്തുകാവ് സ്വദേശി വിനോദ് കുമാര്‍ ( 32) എന്നിവരെ ആക്രമിച്ചാണ് സ്വര്‍ണം കവര്‍ന്നത്.
കേസില്‍ ഒളരിക്കര ആമ്പക്കാടന്‍ വീട്ടില്‍ ജോണ്‍സന്‍ (42), നെല്ലായി കടമ്പക്കാട്ടില്‍ പ്രിസ്റ്റോ (22), ചാവക്കാട് ഇരട്ടപ്പുഴ പറയച്ചന്‍ വീട്ടില്‍ ബബീഷ് എന്ന തക്കുടു (18), ചാവക്കാട് മണത്തല നെരിയമ്പിള്ളി വീട്ടില്‍ റിബിന്‍ (23), തൈക്കാട് പാലുവായ് അപ്പനത്ത് വീട്ടില്‍ ശരത് (21), ചാവക്കാട് ഇരട്ടപ്പുഴ ചക്കര വീട്ടില്‍ വിജീഷ് (27) എന്നിവരെ 12ന് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ പിടിയിലായ വിവരം അറിഞ്ഞ വിഷ്ണുപ്രസാദ് എറണാകുളത്തെ സുഹൃത്തിന്‍െറ വീട്ടില്‍ ഒളിവിലായിരുന്നു. നാല്  മാസം മുമ്പ് വരെ വിദേശത്തായിരുന്ന വിഷ്ണുപ്രസാദ് വിദേശത്ത് പോകാന്‍ പണവും പാസ്പോര്‍ട്ടും രേഖകളും സംഘടിപ്പിക്കാന്‍ വീട്ടിലെത്തിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് എസ്.പി  പി.എന്‍.ഉണ്ണിരാജന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ്  അറസ്റ്റ്. സംഘത്തലവനായ മുഖ്യപ്രതി സജീവനെ പിടികൂടാനുണ്ട്.
കഴിഞ്ഞ എട്ടിന്  രാത്രി 10.45 ന് തൃശൂര്‍ ദിവാന്‍ജി മൂലയില്‍ നിന്ന് മധുരക്ക് പുറപ്പെടുന്ന ടൂറിസ്റ്റ് ബസില്‍ പോയ ജോബി റാഫേലിനെയും വിനോദ് കുമാറിനെയും പിന്തുടര്‍ന്നാണ് സംഘം കൊള്ളയടിച്ചത്.
വിഷ്ണു പ്രസാദും  സംഘവും പല തവണ തൃശൂരിലെ വിവിധ ആഭരണനിര്‍മാണശാലകളില്‍ നിന്ന് സംസ്ഥാനത്തിന്‍െറ അകത്തേക്കും പുറത്തേക്കും സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുപോകുന്നവരെ പിന്തുടര്‍ന്ന് കവര്‍ച്ചക്ക് ശ്രമിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. സംഘത്തലവന്‍ ചാവക്കാട് ഇരട്ടപ്പുഴയിലുള്ള സജീവനാണെന്നും സ്വര്‍ണം കൊണ്ടുപോകുന്ന വിവരം അയാള്‍ക്ക്  നല്‍കുന്നത് പിടിയിലായ ജോണ്‍സനാണെന്നും പൊലീസ് പറഞ്ഞു. വിവരം നല്‍കുന്ന ഓരോ തവണയും 10,000 രൂപ മൂന്‍കൂറായി നല്‍കും. കിട്ടുന്ന മുതലിന്‍െറ 10 ശതമാനം നല്‍കണമെന്ന വ്യവസ്ഥയിലാണ് ജോണ്‍സണ്‍ വിവരം നല്‍കിയിരുന്നത്. ഒമാനില്‍ ജോലി ചെയ്തിരുന്ന സജീവന്‍, ഒമാന്‍ സജീവന്‍ എന്നാണ് അറിയപ്പെടുന്നത്. ഇയാളുടെ ഗുരുവായൂരിലുള്ള രണ്ട് ഓട്ടോകള്‍ക്ക് ഒമാന്‍ എന്നാണ് പേര്. ഒമാന്‍ ടീം എന്ന പേരില്‍  സംഘം ഉണ്ടാക്കി കവര്‍ച്ച  സ്ഥിരമായി ചെയ്യാന്‍ ആസൂത്രണം ചെയ്തിരുന്നത്രേ. സംഘത്തിന് ഇന്നോവ കാര്‍ വാങ്ങാനും ആലോചിച്ചിരുന്നു.
ഡ്രൈവിങ് വിദഗ്ധനായ വിഷ്ണുപ്രസാദാണ് എല്ലാ തവണയും വാഹനം ഓടിച്ചിരുന്നത്. വാഹനം വാടകക്ക് കൊണ്ടുവരുന്ന സംഘത്തിന് വാടകക്ക് പുറമെ ഒരു ലക്ഷം അധികമായി നല്‍കാനും സംഘം തീരുമാനിച്ചിരുന്നു. അത് പ്രകാരം പ്രിസ്റ്റോയാണ് സംഘത്തിന് എല്ലാ തവണയും  വാഹനം വാടകക്ക് എടുത്ത് നല്‍കിയിരുന്നത്.
കവര്‍ച്ച ചെയ്യപ്പെട്ട മുഴുവന്‍ സ്വര്‍ണവും പൊലീസ്  കണ്ടെടുത്തിരുന്നു. നാല് കിലോ സ്വര്‍ണം കയ്പമംഗലം വഞ്ചിപുര താമസിക്കുന്ന സജീവന്‍െറ സഹോദരിയുടെ വീട്ടില്‍ നിന്നും അരകിലോ സുഹൃത്തായ തട്ടാന്‍െറ കൈയില്‍ നിന്നുമാണ് കണ്ടെടുത്തത്.
അത്യാവശ്യ ചെലവിനാണ്അരക്കിലോ വില്‍ക്കാന്‍ തീരുമാനിച്ചത്. ബാക്കി  നാല് കിലോ സ്വര്‍ണം സജീവന്‍െറ ഗള്‍ഫില്‍ ജോലിചെയ്തിരുന്ന കണ്ണൂരിലെ സുഹൃത്തുക്കള്‍  വഴി ഗള്‍ഫിലേക്ക് കടത്തി വില്‍പന നടത്താനായിരുന്നു പദ്ധതി.
ഇവരെ പിടികൂടിയ ക്രൈംബ്രാഞ്ച്  സംഘത്തില്‍ എസ.്സി. പി. ഒ ടി.ആര്‍.ഗ്ളാഡ്സ്റ്റണ്‍, സി.പി.ഒമാരായ കെ.സൂരജ്, ലിന്‍േറാ ദേവസി, സി.സി.സുഭാഷ്, കെ.സുബീര്‍ കുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്ന് മെഡിക്കല്‍ കോളജിന് ശിലയിട്ടു

Posted: 14 Jan 2013 11:04 PM PST

പാലക്കാട്: സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍ കോളജ് വേണമെന്ന പാലക്കാട്ടുകാരുടെ ആവശ്യം യാഥാര്‍ഥ്യമാക്കുന്നതിന് നാന്ദി കുറിച്ച് ശിലാസ്ഥാപനം നടന്നു. യാക്കരയില്‍ ദേശീയപാതയോട് ചേര്‍ന്ന 50 ഏക്കര്‍ ഭൂമിയില്‍ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്.
മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്ന പട്ടികജാതി വികസന വകുപ്പിന്‍െറ ചുമതലയുള്ള മന്ത്രി എ.പി. അനില്‍കുമാറിന്‍െറ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ഉത്സവഛായ പകര്‍ന്നു.
ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ തിരിച്ചെടുത്ത ഭൂമിയിലാണ് മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നത്.
വികസന പദ്ധതികള്‍ക്കായി കഞ്ചിക്കോട് ഐ.ടി.ഐ യൂനിറ്റിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ഏറ്റെടുത്ത് കൊടുത്ത ഭൂമി വ്യവസ്ഥയനുസരിച്ച് നിശ്ചിത സമയത്തിനകം വിനിയോഗിച്ചില്ലെന്ന കാരണത്താലാണ് സര്‍ക്കാര്‍ തിരിച്ചെടുത്തത്.
 മതിയായ ചികിത്സാ സൗകര്യമില്ലെന്ന കുറവ് പരിഹരിക്കാന്‍ പാലക്കാട്ട് മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ സര്‍ക്കാറും പ്രഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ പട്ടികജാതി വികസന വകുപ്പും തീരുമാനിച്ചപ്പോള്‍ ഈ രണ്ട് ആശയങ്ങളും പാലക്കാട് മെഡിക്കല്‍ കോളജിന് ഗുണകരമാവുകയായിരുന്നു.
കക്ഷി-രാഷ്ട്രീയ ഭേദമന്യേ പ്രാതിനിധ്യമുണ്ടായ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിനുപേരെത്തി. എം.പിമാരായ എം.ബി. രാജേഷ്, പി.കെ. ബിജു, എം.എല്‍.എമാരായ കെ. അച്യുതന്‍, സി.പി. മുഹമ്മദ്, വി. ചെന്താമരാക്ഷന്‍, കെ.വി. വിജയദാസ്, എന്‍. ഷംസുദ്ദീന്‍, വി.ടി. ബല്‍റാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നഗരസഭാ ചെയര്‍മാന്‍ അബ്ദുല്‍ ഖുദ്ദൂസ്, മെഡിക്കല്‍ കോളജ്് സ്പെഷല്‍ ഓഫിസര്‍ എസ്. സുബ്ബയ്യ, പാലക്കാട് കലക്ടര്‍ പി.എം. അലി അസ്ഗര്‍ പാഷ,  എ.ഡി.എം കെ.വി. വാസുദേവന്‍, പട്ടികജാതി-വര്‍ഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ശിവരാമന്‍, രാഷ്ട്രീയകക്ഷി പ്രതിനിധികളായ വി.എസ്. വിജയരാഘവന്‍, സി.വി. ബാലചന്ദ്രന്‍, പി.ജെ. പൗലോസ്, സി. ചന്ദ്രന്‍, വി.കെ. ശ്രീകണ്ഠന്‍, അഡ്വ. കെ.വി. മാണി, പി. വേണുഗോപാല്‍, പി.ടി. വേലായുധന്‍, മുരളി കെ. താരേക്കാട്, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്‍റ് കെ. അപ്പു, ഐ.ടി.എല്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. സിദ്ദീഖ് അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഷാഫി പറമ്പില്‍ എം.എല്‍.എ സ്വാഗതവും പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ നന്ദിയും പറഞ്ഞു.
ചടങ്ങിന് ഹരം പകരാന്‍ മൃദംഗ വിദ്വാന്‍ നേതൃത്വം നല്‍കിയ ഫ്യൂഷനും ബാന്‍ഡ് വാദ്യവും ഉണ്ടായിരുന്നു.
കേരള പൊലീസ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കുടിവെള്ളവിതരണത്തിന് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.
 

കൊച്ചിയില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

Posted: 14 Jan 2013 10:37 PM PST

Image: 

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ഒടുവില്‍ റിപോര്‍ട്ട് കിട്ടുമ്പോള്‍ ടീം 27 ഓവറില്‍ നാല് വിക്കറ്റിന് 121 റണ്‍സെന്ന നിലയിലാണ്. സുരേഷ് റെയ്‌നയും (27) എം.എസ് ധോണിയും (ഒന്ന്) ആണ് ക്രീസില്‍. അജിന്‍ക്യ രഹാനെ (നാല്), ഗൗതം ഗംഭീര്‍ (എട്ട്), വിരാട് കോഹ്‌ലി (37), യുവരാജ് സിങ് (32) എന്നിവര്‍ പുറത്തായി.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ അഞ്ച് ഓവറിനുള്ളിലാണ് ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായത്. എട്ടു റണ്ണെടുത്ത് ഗൗതം ഗംഭീറും നാലു റണ്ണെടുത്ത് രഹാനെയും ബൗള്‍ഡായി.

രാജ്‌കോട്ടില്‍ നടന്ന ആദ്യ ഏകദിനം തോറ്റ് പരമ്പരയില്‍ പിന്നിലായ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. രണ്ടു വര്‍ഷത്തിന് ശേഷം വിരുന്നെത്തിയ അന്താരാഷ്ട്ര മത്സരത്തെ കൊച്ചി വന്‍ ആവേശത്തോടെയാണ് വരവേറ്റത്. 12മണിക്ക് തുടങ്ങുന്ന മത്സരത്തിനായി രാവിലെ ഒമ്പത് മുതല്‍ കാണികളെ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. 11ഓടെ ഗാലറി നിറഞ്ഞുകവിഞ്ഞു.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP