സ്വാഗതം
WELCOME

News Update..

Sunday, March 31, 2013

ഷിബുവധം: എട്ട് പ്രതികള്‍ അറസ്റ്റില്‍; രണ്ടുപേര്‍ ഒളിവില്‍ Madhyamam News Feeds

ഷിബുവധം: എട്ട് പ്രതികള്‍ അറസ്റ്റില്‍; രണ്ടുപേര്‍ ഒളിവില്‍ Madhyamam News Feeds

Link to

ഷിബുവധം: എട്ട് പ്രതികള്‍ അറസ്റ്റില്‍; രണ്ടുപേര്‍ ഒളിവില്‍

Posted: 31 Mar 2013 12:06 AM PDT

വര്‍ക്കല: പാളയംകുന്നിന് സമീപം ജനതാ ജങ്ഷന്‍ ചരുവിള വീട്ടില്‍ ഷിബു (30)വിനെ വെട്ടിക്കൊന്ന കേസില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തതായി ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പ്രതാപന്‍നായര്‍ , വര്‍ക്കല സി.ഐ എസ്. ഷാജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രണ്ട് പ്രതികള്‍ ഒളിവിലാണ്. പിടിയിലായവരെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പാളയംകുന്ന് ജനതാജങ്ഷന്‍ പുത്തന്‍വിള കൊച്ചുവീട്ടില്‍ വലിയ തമ്പിയെന്ന ഷിജു (28), അനുജന്‍ കൊച്ചുതമ്പിയെന്ന ഷിജിന്‍ (25),  സുഹൃത്തുക്കളായ കോവൂര്‍ കുന്നുവിള വീട്ടില്‍ ഓട്ടോ ഡ്രൈവറായ തക്കുടു എന്ന മുനീര്‍  (24), കോവൂര്‍ കൊച്ചുപൊയ്ക വിളവീട്ടില്‍ അപ്പി എന്ന പ്രദീപ് (32), വണ്ടിപ്പുര ചരുവിള വീട്ടില്‍ അനീഷ് (23), ജനതാമുക്ക് വലിയപൊയ്കയില്‍ ചരുവിളവീട്ടില്‍ സിനു എന്ന സുനില്‍കുമാര്‍ (23), കുന്നുവിള കൊച്ചുപൊയ്ക വീട്ടില്‍ ഷിജു (23), കോവൂര്‍ കുന്നുവിള വീട്ടില്‍ അജിത്ത് (21) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി ഒമ്പതിനാണ് കൊലപാതകം നടന്നത്.തമ്പിമാരുടെ അകന്ന ബന്ധുവായ യുവതിയാണ് കൊല്ലപ്പെട്ട ഷിബുവിന്‍െറ ഭാര്യ. ഇവരെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. മദ്യപാനിയായ ഷിബു അടുത്തിടെ തമ്പിമാരുടെ വീട്ടിലെത്തി വഴക്കടിക്കുകയും കൊച്ചുതമ്പിയുടെ മൂന്ന് വയസ്സുള്ള മകളെ നിലത്തേക്കെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും മാതാവിനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.
 ഇതിന് തമ്പിമാര്‍  പ്രതികാരം വീട്ടാന്‍ ഒരുങ്ങുന്നെന്നറിഞ്ഞ ഷിബു കണ്ണൂരില്‍ ഒളിവില്‍ പോയി. 27ന് ജനതാജങ്ഷന് സമീപത്തെ കാങ്കുളം ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാനാണ് മടങ്ങിയെത്തിയത്. ഉത്സവ പരിപാടികള്‍ കണ്ട്  മടങ്ങിയെത്തിയ ഷിബു വീടിന്‍െറ ടെറസില്‍ ഉറങ്ങാന്‍ കിടന്നു. അനുജനും ഒപ്പമുണ്ടായിരുന്നു. ഈ വിവരം അറിഞ്ഞാണ് തമ്പിമാരും സുഹൃത്തുക്കളും മാരകായുധങ്ങളുമായി എത്തിയത്. ടെറസില്‍ വെച്ച് അടിപിടിയായി.
ഇതിനിടെ ഷിബു താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അക്രമികള്‍ ഇയാളെ പിന്തുടര്‍ന്ന് കമ്പി, വെട്ടുകത്തി, കുറുവടി എന്നിവകൊണ്ട്  ആക്രമിക്കുകയായിരുന്നു. തലക്ക് ആഴത്തില്‍ വെട്ടുകയും കരിങ്കല്ലുകൊണ്ട് തലക്കിടിച്ച് മരണം ഉറപ്പാക്കുകയുമായിരുന്നു.  ശരീരത്താകമാനം 25 ഓളം മുറിവുകളുണ്ടായിരുന്നു. സംഭവസ്ഥലത്ത് തന്നെ ഷിബു മരിച്ചു. കൊലക്കുപയോഗിച്ച ആയുധങ്ങളില്‍ ചിലത് കണ്ടെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്നും ഡിവൈ.എസ്.പി പറഞ്ഞു.
പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ അല്ല. കൊല്ലപ്പെട്ട ഷിബു  ക്രിമിനല്‍ പശ്ചാത്തലമുള്ളയാളായിരുന്നു . അയിരൂര്‍ എസ്.ഐമാരായ വി.എസ്.പ്രശാന്ത്, തിലകന്‍, കല്ലമ്പലം എസ്.ഐ പ്രവീണ്‍കുമാര്‍, വര്‍ക്കല എസ്.ഐ ടി.എസ്. ശിവപ്രകാശ്, എ.എസ്.ഐമാരായ ദറാജുദ്ദീന്‍, അനില്‍, ഉണ്ണി, മധുസൂദനക്കുറുപ്പ്, നവാസ്, ഹെഡ്കോണ്‍സ്റ്റബിള്‍മാരായ ഷംസ്, ബിജു, അനില്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
 

ഭൂരഹിത ദലിത് കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കണം -ചെന്നിത്തല

Posted: 31 Mar 2013 12:03 AM PDT

ശാസ്താംകോട്ട: സംസ്ഥാനത്തെ ഭൂരഹിതരായ മുഴുവന്‍ ദലിത് കുടുംബങ്ങള്‍ക്കും ഭൂമിയും വീടും നല്‍കാന്‍ സമഗ്രപദ്ധതി ആസൂത്രണംചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. സാമൂഹിക സുരക്ഷിതത്വത്തിന്‍െറ അടിസ്ഥാനഘടകം ഭൂമിയായിരിക്കെ ഭൂരഹിത ദലിത് കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന അരക്ഷിതാവസ്ഥ കണ്ടില്ലെന്ന് വെക്കാനാവില്ല. കുന്നത്തൂര്‍ താലൂക്കിലെ പോരുവഴി കുറുമ്പകര ദലിത് കോളനിയിലെ ‘ഗാന്ധിഗ്രാമം’ പരിപാടിക്ക് മുന്നോടിയായി ചേര്‍ന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. വിവിധ ആവശ്യങ്ങള്‍ക്കായി ദലിതര്‍ വാങ്ങിയ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  കോടിക്കണക്കിന് രൂപയാണ് ഇതിനകം ദലിത് ക്ഷേമത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ചെലവഴിച്ചത്.
പക്ഷേ ഇതിന്‍െറ പ്രയോജനം ഈ ജനതക്ക് ലഭിച്ചിട്ടില്ലെന്നത്  വ്യക്തമാണ്. സംസ്ഥാനത്തെ ദലിത് കോളനി അന്തേവാസികളുടെ ജീവിതാവസ്ഥ ഇതിനുള്ള ഏറ്റവും വലിയ തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  ഗാന്ധിഗ്രാമം സ്വാഗതസംഘം ചെയര്‍മാനും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ഡോ. ശൂരനാട് രാജശേഖരന്‍ അധ്യക്ഷതവഹിച്ചു. തെന്നല ബാലകൃഷ്ണപിള്ള, കെ.സി. രാജന്‍, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ഭാരതീപുരം ശശി, ജനറല്‍ സെക്രട്ടറി പത്മജാ വേണുഗോപാല്‍, ഡി.സി.സി പ്രസിഡന്‍റ് പ്രതാപവര്‍മതമ്പാന്‍, ഗാന്ധിഗ്രാമം സംസ്ഥാന കോഓഡിനേറ്റര്‍ ഡോ. എം.എ. കുട്ടപ്പന്‍, വി.പി. സജീന്ദ്രന്‍ എം.എല്‍.എ, എ. വിശാലാക്ഷ്മി, കെ.പി.സി.സി സെക്രട്ടറിമാരായ ജി. രതികുമാര്‍, മണക്കാട് സുരേഷ്, എം.എം. നസീര്‍, വഴകുളം മധു, ചാമക്കാല ജ്യോതികുമാര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു.
 

അടിമാലിയില്‍ നാലുപേര്‍ക്ക് കൂടി ഡെങ്കിപ്പനി; രോഗ ബാധിതര്‍ 20

Posted: 30 Mar 2013 11:59 PM PDT

അടിമാലി: അടിമാലിയില്‍ നാലുപേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 20 ആയി. അടിമാലി ടൗണില്‍ ചായക്കട നടത്തുന്ന രണ്ടുപേര്‍ക്കും വീട്ടമ്മക്കും ലബോറട്ടറി ജീവനക്കാരിക്കുമാണ് ശനിയാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ശനിയാഴ്ച അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി എത്തിയവരില്‍ 385 പേര്‍ക്കും പനിയായിരുന്നു. ഇവരില്‍ ചിലര്‍ക്ക് മഞ്ഞപ്പിത്തത്തിന്‍െറയും ചിക്കന്‍പോക്സിന്‍െറയും ലക്ഷണങ്ങള്‍ കണ്ടെത്തി. വെള്ളിയാഴ്ച താലൂക്കാശുപത്രിയില്‍ തുറന്ന ഡെങ്കിപ്പനി വാര്‍ഡില്‍ ഒമ്പത് രോഗികള്‍ ചികിത്സയിലുണ്ട്. മറ്റ് രോഗികളില്‍ ചിലര്‍ അടിമാലിയിലെ സ്വകാര്യ ആശുപത്രികളിലാണുള്ളത്.
താലൂക്കാശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പനി ഒ.പി തുടങ്ങുമെന്ന് ഡി.എം.ഒ പി.ജെ. അലോഷ്യസ് അറിയിച്ചത് ഇതുവരെ തുറന്നിട്ടില്ല. ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതും ഏറെ പ്രശ്നങ്ങള്‍ വിളിച്ചുവരുത്തുന്നുണ്ട്. പനിയുമായി എത്തുന്നവര്‍ ഡോക്ടറെ കാണാന്‍ മൂന്ന് മുതല്‍ നാലുമണിക്കൂര്‍ വരെ ഒ.പിയില്‍ ചെലവഴിക്കണം. പലരും തളര്‍ന്ന് വീഴുമ്പോള്‍ അത്യാഹിത വിഭാഗത്തിലുള്ള ഡോക്ടര്‍ എത്തിയാണ് പരിശോധിക്കുന്നത്. താലൂക്കാശുപത്രിയിലെ ഒ.പി കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ഇവിടെ എത്തുന്നവര്‍ ആവശ്യപ്പെടുന്നു.
ടൗണിലെ ഹോട്ടലുകളും മറ്റ് ആഹാര വിതരണ കേന്ദ്രങ്ങളും വൃത്തിഹീന സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ടൗണിലെ ഓടകളെല്ലാം മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധപൂരിതമാണ്. ഈച്ച-കൊതുക് മുതലായവയുടെ വ്യാപനമാണ് ഇപ്പോഴത്തെ പകര്‍ച്ചവ്യാധിക്ക് കാരണം.
 

മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് തമിഴ്നാട് വക ഉല്ലാസയാത്ര

Posted: 30 Mar 2013 11:59 PM PDT

കുമളി: വേനല്‍ അവധിയായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് അനധികൃത ഉല്ലാസ യാത്രകള്‍ പെരുകുന്നു. അണക്കെട്ടില്‍ ആളുകള്‍ അനധികൃതമായി എത്തുന്നത് തടയാന്‍ കേരള പൊലീസിനെ നീക്കി പകരം കേന്ദ്ര സേനയെ നിയോഗിക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ മുറവിളി കൂട്ടുന്നതിനിടെയാണ് ബന്ധുക്കളും സുഹൃത്തുക്കളുമായി ഉദ്യോഗസ്ഥരുടെ ഉല്ലാസ യാത്ര.
കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കടക്കം ഇപ്പോഴും നിയന്ത്രണങ്ങളും നിരോധവും നിലനില്‍ക്കെയാണ് അണക്കെട്ടിലേക്ക് തമിഴ്നാടിന്‍െറ രണ്ട് ബോട്ടുകള്‍ ഉപയോഗിച്ച് ഉല്ലാസ യാത്ര നടത്തുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒരോ ദിവസവും നിരവധി ആളുകളാണ് അണക്കെട്ടിലെത്തുന്നത്. ഇവരെ ആവശ്യമായ സുരക്ഷാ പരിശോധനകളൊന്നും കൂടാതെ തമിഴ്നാടിന്‍െറ നിര്‍ബന്ധത്തിന് വഴങ്ങി പൊലീസ് അണക്കെട്ടില്‍ പ്രവേശിക്കാന്‍ അനുവദിച്ചുവരുന്നു.
കേരളത്തില്‍നിന്നുള്ളവരെ അണക്കെട്ടിന്‍െറ പരിസരത്ത് പോലും അടുപ്പിക്കാതെയാണ് വനം-പൊലീസ് അധികൃതര്‍ വിലക്ക് നടപ്പാക്കുന്നത്. എന്നാല്‍, തമിഴ്നാട്ടില്‍നിന്ന് കുടുംബത്തോടെ ഉല്ലാസ യാത്ര നടത്തുന്നവരെ തടയാന്‍ വനം-പൊലീസ് അധികൃതര്‍ ഭയക്കുന്നത് അണക്കെട്ടിന്‍െറ സുരക്ഷക്ക് തന്നെയാണ് വെല്ലുവിളി ഉയര്‍ത്തുന്നത്.
അണക്കെട്ടില്‍ ഔദ്യാഗിക ആവശ്യങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ക്കും ഭരണാധികാരികള്‍ക്കും മാത്രമാണ് പ്രവേശിക്കാന്‍ അനുമതിയുള്ളത്. ശനിയാഴ്ച അണക്കെട്ടിലേക്ക് ഉല്ലാസ യാത്രക്കെത്തിയ തമിഴ്നാട് സംഘത്തെ ബോട്ട്ലാന്‍ഡിങ്ങില്‍ പൊലീസ് തടഞ്ഞെങ്കിലും പിന്നീട് വനപാലകര്‍  പോകാന്‍ അനുവദിക്കുകയായിരുന്നു.
 

തിരുവല്ലയില്‍ പാചകവാതക വിതരണം അവതാളത്തില്‍

Posted: 30 Mar 2013 11:56 PM PDT

തിരുവല്ല: തിരുവല്ലയിലെ ഗാര്‍ഹിക പാചകവാതക വിതരണം അവതാളത്തിലായി. ഏപ്രില്‍ ഒന്നുമുതല്‍ ജില്ലയില്‍  സബ്സിഡി പരിധയില്‍ ഒമ്പത് സിലിണ്ടറുകള്‍ മാത്രമേ ലഭിക്കൂ എന്നിരിക്കെ സാമ്പത്തിക വര്‍ഷാവസാനം തുടര്‍ച്ചയായി പൊതുഅവധി വന്നതാണ് ഉപഭോക്താക്കളെ വെട്ടിലാക്കിയത്.
മാര്‍ച്ച് 31 ഞായറാഴ്ച ആയതിനാല്‍ അവധി ദിനമായതും പെസഹ വ്യാഴവും ദു$ഖവെള്ളിയും സിലിണ്ടറുമായുള്ള ലോറികള്‍ എത്താഞ്ഞതും പ്രാദേശിക വിതരണത്തിന് തടസ്സമായി.ഗാര്‍ഹിക പാചകവാതകത്തിന് സിലിണ്ടര്‍ ഒന്നിന്  441 രൂപയാണ് ഇപ്പോള്‍ ഗ്യാസ് ഏജന്‍സികള്‍ ഈടാക്കുന്നത് . കൂടാതെ, വീടുകളില്‍ സിലിണ്ടറുകള്‍ എത്തിച്ചു തരുന്നതിന് വാഹന വാടകക്കൂലിയും അധികമായി ഈടാക്കുന്നുണ്ട്.
എന്നാല്‍, ഏപ്രില്‍ ഒന്നു മുതല്‍ ഒരു ഗാര്‍ഹിക പാചകവാതക ഉപഭോക്താവിന് ഒമ്പത് സബ്സിഡി ഗ്യാസ് സിലിണ്ടറുകളെ ലഭിക്കുകയുള്ളൂ.  ഒരു സിലിണ്ടറിന് 930 രൂപയും വാഹന വാടകക്കൂലിയും ഒരുമിച്ച് ഗ്യാസ് ഏജന്‍സിക്ക് നല്‍കണം. സബ്സിഡി തുക ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. എന്നാല്‍, ഗ്യാസ് സിലിണ്ടറിനായി ഉപഭോക്താക്കള്‍ രണ്ടുദിവസത്തെ അവധി കഴിഞ്ഞ് ശനിയാഴ്ച രാവിലെ മുതല്‍ നീണ്ട ക്യൂവില്‍ അകപ്പെട്ടിരിക്കുകയാണ്.
പ്ളാന്‍റില്‍നിന്ന് സിലിണ്ടറുമായി ലോറി എത്തുമെന്ന് ഗ്യാസ് ഏജന്‍സികള്‍ പറയുന്നെങ്കിലും വ്യക്തത ഇല്ലാത്തതിനാല്‍ ഉപഭോക്താക്കളും ഗ്യാസ് ഏജന്‍സി ജീവനക്കാരും തമ്മിലും ഉപഭോക്താക്കള്‍ പരസ്പരവും നിരവധി തവണ വാക്കേറ്റം ഉണ്ടായി.ഗ്യാസ് സിലിണ്ടറിന് ബുക് ചെയ്തിട്ടും മാസങ്ങള്‍ കഴിഞ്ഞും സിലിണ്ടറുകള്‍ ലഭിക്കാത്തത് ഏജന്‍സിയില്‍ വാക്കേറ്റത്തിനിടയായി. എന്നാല്‍, ബുക് ചെയ്ത സിലിണ്ടറുകളുമായി വീടുകളില്‍ എത്തിയപ്പോള്‍ ഉപഭോക്താവ് ഇല്ലാഞ്ഞതാണ് ഗ്യാസ് ലഭിക്കാതിരിക്കാന്‍ കാരണമെന്ന് ഏജന്‍സികള്‍ പറയുന്നു.
ഉപഭോക്താവില്ലാത്ത വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം നടന്നില്ലെങ്കില്‍ അപ്രകാരം രേഖപ്പെടുത്തേണ്ടതിനു പകരം ഗ്യാസ് സിലിണ്ടര്‍ മറിച്ചുവില്‍ക്കുകയാണ് പതിവെന്നും വ്യാപക ആക്ഷേപമുണ്ട്.
 

അറവുശാല മാലിന്യം മീനച്ചിലാറ്റിലേക്ക്

Posted: 30 Mar 2013 11:52 PM PDT

ഈരാറ്റുപേട്ട: പഞ്ചായത്തിന്‍െറ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ആധുനിക അറവുശാലയില്‍നിന്നുള്ള മാലിന്യം മീനച്ചിലാറ്റിലേക്ക്.
മാടുകളുടെ രക്തവും ചാണകവുമുള്‍പ്പെടെയാണ് പുഴയിലേക്കൊഴുക്കുന്നത്. നേരത്തേ കരാറുകാര്‍ക്ക് ലേലത്തില്‍ നല്‍കിയിരുന്ന അറവുശാലയുടെ പ്രവര്‍ത്തനം ഇപ്പോള്‍ പഞ്ചായത്ത് നേരിട്ടാണ് നടത്തുന്നത്. അറവുശാലയില്‍ നിന്നുള്ള മാലിന്യ പ്രശ്നത്തെത്തുടര്‍ന്ന് മുമ്പ് കലക്ടര്‍ ഇടപെട്ട് പ്രവര്‍ത്തനം  തടഞ്ഞിരുന്നു.
പഞ്ചായത്ത് അധികൃതര്‍ ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍ ചില നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി മാലിന്യപ്രശ്നം പരിഹരിച്ചുവെന്ന് അധികൃതരെ ധരിപ്പിച്ച് വീണ്ടും തുറക്കുകയായിരുന്നു.  കശാപ്പുചെയ്യുന്ന മാടുകളെ തലേദിവസം അറവുശാലയില്‍ ഹാജരാക്കി മൃഗഡോക്ടര്‍ സാക്ഷ്യപ്പെടുത്തി പിറ്റേദിവസം കശാപ്പ് ചെയ്ത ശേഷമെ മാംസം വില്‍ക്കാന്‍ പാടുള്ളുവെന്നാണ് നിയമം. എന്നാല്‍, ഡോക്ടറുടെ പരിശോധന നടക്കുന്നില്ല. ഈസ്റ്റര്‍ പ്രമാണിച്ച് കൂടുതല്‍ മാടുകളെ അറക്കാന്‍ ഇടയായതാണ് ഇപ്പോള്‍ രൂക്ഷമായ മാലിന്യ പ്രശ്നത്തിന് കാരണമായത്. മീനച്ചിലാറിന്‍െറ സംരക്ഷണത്തിന് പഞ്ചായത്ത് പദ്ധതികള്‍ തയാറാക്കുമ്പോള്‍ത്തന്നെ പഞ്ചായത്തിന്‍െറ മേല്‍നോട്ടത്തില്‍ മീനച്ചിലാറിന്‍െറ തീരത്ത് ഗുരുതര മാലിന്യപ്രശ്നം ഉണ്ടാകുന്നത് കടുത്ത ജനരോഷത്തിന് കാരണമാകുന്നുണ്ട്.

സമ്പൂര്‍ണ ശുചിത്വ വാര്‍ഡ് പ്രഖ്യാപനം ഏപ്രില്‍ 23ന്

Posted: 30 Mar 2013 11:43 PM PDT

ആലപ്പുഴ: നഗരസഭയിലെ സമ്പൂര്‍ണ ശുചിത്വ വാര്‍ഡുകളുടെ പ്രഖ്യാപനം ഏപ്രില്‍ 23ന് നഗരചത്വരത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തും. നഗരസഭയിലെ 12ഓളം വാര്‍ഡുകളാണ് സമ്പൂര്‍ണ ശുചിത്വ വാര്‍ഡുകളായി പ്രഖ്യാപിക്കുക. തോമസ് ഐസക് എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. ജൈവമാലിന്യ സംസ്കരണം അതത് വാര്‍ഡുകളില്‍ തന്നെ നിര്‍വഹിക്കുക, പ്ളാസ്റ്റിക് മാലിന്യം വേര്‍തിരിച്ച് നല്‍കുക, റോഡരികിലെ ചപ്പുചവറുകള്‍ നീക്കം ചെയ്യുക എന്നീ മൂന്ന് മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാര്‍ഡുകളെയാണ് ശുചിത്വ വാര്‍ഡുകളായി പ്രഖ്യാപിക്കുക. ഇതിന്‍െറ ഭാഗമായി ഓരോ വാര്‍ഡിലും 100 വീടുകളില്‍ ബയോഗ്യാസ് പ്ളാന്‍റും 300 വീടുകളില്‍ പൈപ്പ് കമ്പോസ്റ്റും നാല് കേന്ദ്രങ്ങളില്‍ എയറോബിക് കമ്പോസ്റ്റിങ് സംവിധാനവും ഏര്‍പ്പെടുത്തും. എയറോബിക് കമ്പോസ്റ്റിങ് കേന്ദ്രങ്ങളില്‍ പ്ളാസ്റ്റിക്കും ജൈവമാലിന്യവും വേര്‍തിരിക്കേണ്ടത് പരിശോധിക്കാനും ബോധ്യപ്പെടുത്താനും 24 മണിക്കൂറും ജീവനക്കാരെ നിയോഗിക്കും. ഏപ്രില്‍ 10 മുതല്‍  22വരെ 12 വാര്‍ഡുകളിലും കലാജാഥ നടത്തും. ഒരു വാര്‍ഡില്‍ ദിവസം മൂന്ന് കേന്ദ്രങ്ങളിലാണ് ജാഥ എത്തുക. 22ന് വാര്‍ഡുകളില്‍ പൊതുശുചീകരണം നടത്തും. ഉറവിടങ്ങളില്‍ തന്നെ മാലിന്യം സംസ്കരിക്കാത്ത ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ പറഞ്ഞു. ഹോട്ടലുകള്‍ ബയോ ഗ്യാസ് പ്ളാന്‍റ് നിര്‍മിച്ച് മാലിന്യം സംസ്കരിക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. ഹോട്ടലിനോട് അനുബന്ധിച്ച് പ്ളാന്‍റിന് സൗകര്യമില്ലാത്തവര്‍ വീടുകളില്‍ പ്ളാന്‍റ് സ്ഥാപിച്ച് മാലിന്യം സംസ്കരിക്കണമെന്നായിരുന്നു നിര്‍ദേശം. ഇതിന് സമയ പരിധിയും കൊടുത്തിരുന്നു. മിക്ക ഹോട്ടലുകളും ഈ നിര്‍ദേശം പാലിച്ചിട്ടുണ്ട്. എന്നാല്‍, പാലിക്കാത്ത ഹോട്ടലുകള്‍ അടച്ചുപൂട്ടുമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. ടൂറിസ്റ്റുകള്‍ക്ക് ഹോം സ്റ്റേ സൗകര്യം ഒരുക്കുന്ന കേന്ദ്രങ്ങള്‍ക്കും ഈ നിയമം ബാധകമാണെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ബി. അന്‍സാരി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.ജി. സതീദേവി, മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.ജി. വിഷ്ണു എന്നിവരും പങ്കെടുത്തു.
 

വിഭവ സമാഹരണം 12,507.81 കോടി കവിഞ്ഞു -കലക്ടര്‍

Posted: 30 Mar 2013 11:41 PM PDT

കാക്കനാട്: ജില്ലയിലെ വിഭവ സമാഹരണം ഇത്തവണ 12,507.81 കോടി കവിഞ്ഞതായി  കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് അറിയിച്ചു. 2011-12 വര്‍ഷം ജില്ലയിലെ വിഭവ സമാഹരണം 10,469.11 കോടിയായിരുന്നു. ഇത്തവണ വിവിധ ഇനങ്ങളിലായി 2035.70 കോടി  അധികം സമാഹരിച്ചതായും കലക്ടര്‍ പറഞ്ഞു.
നികുതി വകുപ്പാണ് കൂടുതല്‍ വിഭവ സമാഹരണം നടത്തിയത് .ഡെപ്യൂട്ടി കമീഷണര്‍ -കമേഴ്സ്യല്‍ ടാക്സ് എറണാകുളത്തിന്‍െറ പിരിവ് ഇത്തവണ 10,234 കോടിയാണ്. മട്ടാഞ്ചേരി സര്‍ക്കിള്‍-കമേഴ്സ്യല്‍ ടാക്സ് സമാഹരണം 965.41 കോടിയാണ്. നികുതി വകുപ്പ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1735.92 കോടി അധികം ഈ വര്‍ഷം സമാഹരിച്ചു.
രജിസ്ട്രേഷന്‍ വകുപ്പ് 2012-13 വര്‍ഷം 626.86 കോടിയും ലോട്ടറി വകുപ്പ് 250.22 കോടിയും മോട്ടോര്‍ വാഹന വകുപ്പ് എറണാകുളം 107.49 കോടിയും മൂവാറ്റുപുഴ ആര്‍.ടി.ഒ 80.07 കോടിയും എക്സൈസ് വകുപ്പ് 91.38 കോടിയും ഫോറസ്റ്റ് വകുപ്പ് 77 കോടിയും സമാഹരിച്ചു.
ജില്ലയിലെ റവന്യൂ റിക്കവറി പിരിവ് 61.6 കോടിയും എല്‍.ആര്‍ പിരിവ് 44.65 കോടിയുമാണ്.

വാഗ്ദാനം ചെയ്ത് ജോലി നല്‍കിയില്ല; എച്ച്.സി.എല്ലിനെതിരെ വിദ്യാര്‍ഥികള്‍ നിരാഹാര സമരം നടത്തി

Posted: 30 Mar 2013 11:37 PM PDT

Image: 

ബംഗളൂരു: രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനിയായ എച്ച്.സി.എല്‍ കാമ്പസ് റിക്രൂട്ട്മെന്‍്റിലൂടെ ജോലി വാഗ്ദാനം ചെയ്ത് ഒരു വര്‍ഷമായിട്ടും നിയമനം നടത്താത്തതില്‍ പ്രതിഷേധിച്ച് എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ നിരാഹാര സമരം നടത്തി. 50ലധികം വരുന്ന എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ ബംഗളൂരുവിലെ ഫ്രീഡം പാര്‍ക്കിലാണ് നിരാഹാരം സമരം നടത്തിയത്. ഇവര്‍ കഴിഞ്ഞ ആഴ്ചകളില്‍ നിരവധി പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു.  ചെന്നൈ, ഹൊസൂര്‍, ഹൈദരാബാദ്, അസ്സം, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുമെത്തിയ വിദ്യാര്‍ഥികളാണ് സമരത്തില്‍ പങ്കെടുത്തത്.

പഠനത്തിനിടക്ക് കാമ്പസ് റിക്രൂട്ട്മെന്‍്റിലുടെയാണ് ഇവര്‍ക്ക് എച്ച്.സി.എല്‍ ജോലി വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഒരു വര്‍ഷമാവാറായിട്ടും ഇവരെ നിയമിക്കാന്‍ തയാറായിട്ടില്ല. എന്നാല്‍, ജോലി വാഗ്ദാനം ചെയ്തവരെ നിയമന വിവരം ആഗസ്റ്റില്‍ അറിയിക്കുമെന്ന് എച്ച്.സി.എല്‍ അധികൃതര്‍ അറിയിച്ചിരുന്നു. 2012 ബാച്ചില്‍ നിന്നുള്ള 1000 പേരെ ഇതിനകം നിയമിച്ചതായി എച്ച്.സി.ആര്‍ കമ്പനി ഹ്യൂമന്‍ റിസോഴ്സസ് മേധാവി പ്രിഥി ഷേര്‍ഗില്‍ പറഞ്ഞിരുന്നു. ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്ത് മാത്രം കമ്പനിക്ക് 5000 അപേക്ഷകള്‍ ലഭിച്ചിരുന്നു. നിയമനത്തിനു വേണ്ടി ഇവരില്‍ നിന്ന് 100 പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും മറ്റു 100 പേരുടെ പട്ടിക അടുത്ത മാസത്തോടെ തായാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.  

കത്ത് ലഭിച്ചവര്‍ക്ക് കൂടുതല്‍ അവസരങ്ങളുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്ത് ജോലി ചൊയ്യാമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍, വളരെ കുറഞ്ഞ ശമ്പളമുള്ള ജോലികളാണ് ഈ രംഗത്ത് കമ്പനി നല്‍കുന്നത്.

ബാങ്ക് വായ്പ എടുത്ത് പഠിച്ച നിരവധി വിദ്യാര്‍ഥികളെയാണ് നിയമനം നടത്താത്ത നടപടി ഏറെ ബാധിച്ചത്. ഇവരില്‍ പലരും പാര്‍ട്ട് ടൈം ജോലി ചെയ്യുകയാണിപ്പോള്‍. അധിക യോഗ്യതയുള്ളതിനാല്‍ ഇവര്‍ക്ക് നിയമനം നല്‍കാന്‍ ബി.പി.ഒ കമ്പനികളും തയാറല്ല.   
 

മദ്യത്തിനെതിരെ ഒറ്റയാള്‍ നാടകവുമായി ബബില്‍ തൃശൂരില്‍

Posted: 30 Mar 2013 11:36 PM PDT

തൃശൂര്‍: വിലങ്ങിട്ട സ്വന്തം കൈകളിലെ മദ്യത്തിന് വേണ്ടിയുള്ള ഒരാളുടെ പരാക്രമം കണ്ട് കണ്ടുനിന്നവര്‍ ആദ്യം അമ്പരന്നു. കൂടി നില്‍ക്കുന്നവരുടെ അടുത്തേക്ക്  പിറുപിറുത്തും ലക്കുകെട്ടും കരഞ്ഞും വരുന്നയാളെ കണ്ട് സ്ത്രീകളും കൂടി നിന്നവരും ഒഴിഞ്ഞുമാറി. ഇതിനിടയില്‍ ഇയാള്‍ പറയുന്നു ‘മദ്യം വേണ്ട. ഇത് എന്നെ ചങ്ങലക്കിട്ടിരിക്കുന്നു. നിങ്ങളും പറയണം കുടിക്കുന്നവരോട് വേണ്ടെന്ന്’.
നടനും പൗരാവകാശ പ്രവര്‍ത്തകനുമായ ബബില്‍ പെരുന്നയുടെ മദ്യത്തിനെതിരായ ബോധവത്കരണ നാടക യാത്രയിലെ തൃശൂരിലെ അവതരണമായിരുന്നു ഇത്. മദ്യം മനുഷ്യന്‍െറ മനസ്സിനെയും ശരീരത്തെയും കൂച്ചുവിലങ്ങിടുന്ന  ദൈന്യത വരച്ചുകാട്ടി ബബിലിന്‍െറ 100ാം വേഷത്തിലെ 6000ത്തെ അവതരണമായിരുന്നു സാംസ്കാരിക നഗരിയില്‍ അരങ്ങേറിയത്.
വിലക്കയറ്റത്തിനെതിരെ ‘തീവില’ എന്ന ഒറ്റയാള്‍ നാടകം സെക്രട്ടേറിയറ്റിന് മുന്നില്‍ അവതരിപ്പിച്ചതിലൂടെയാണ് ബബില്‍ ജനശ്രദ്ധ നേടിയത്.  വേഷപ്പകര്‍ച്ചകളിലൂടെ തിന്മകള്‍ക്കും അഴിമതിക്കുമെതിരായ ഒറ്റയാള്‍ സമരത്തില്‍ ഇതിനകം 100 വേഷങ്ങളും പൂര്‍ത്തീകരിച്ചു.  പ്രസ്ക്ളബ് പരിസരത്തായിരുന്നു  മദ്യത്തിനെതിരായ ബോധവത്കരണവും  മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടങ്ങളോടുള്ള പ്രതിഷേധവും ആയി 20 മിനിറ്റുള്ള ഏകാംഗ നാടകം അരങ്ങേറിയത്. ജനകീയ പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയിലെത്തിക്കാന്‍ ഏകാഭിനയത്തിലൂടെ സമരമുഖം തീര്‍ക്കുകയാണ് ബബില്‍. അഴിമതി, വിലക്കയറ്റം, വര്‍ഗീയത,  മരുന്നുവിപണിയിലെ വിലക്കയറ്റവും ചൂഷണവും, ബ്ളേഡ് മാഫിയ, മയക്കുമരുന്ന്, വൈദ്യുതി ചാര്‍ജ് വര്‍ധന, കൊക്കകോള നാടുവിടുക, പരിസ്ഥിതി മലിനീകരണം, സ്ത്രീപീഡനം, ബാലവേല, എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക, എയ്ഡ്സ്, പ്രവാസികളുടെ കഷ്ടപ്പാടുകള്‍, കലാകാരന്മാരോടുള്ള അവഗണന തുടങ്ങിയ നിരവധി വിഷയങ്ങളുമായി ബബില്‍ വേഷമിട്ടുകഴിഞ്ഞു.  നാടകമത്സരങ്ങളില്‍ നല്ല നടന്‍, മികച്ച ഹാസ്യനടന്‍ എന്നീ പുരസ്കാരങ്ങളും നേടിയിട്ടുണ്ട് മിമിക്രി ആര്‍ടിസ്റ്റ് കൂടിയായ ബബില്‍. സ്വാതന്ത്ര്യ സമര സേനാനിയും ആദ്യകാല പത്രമായ രാഷ്ട്രപതിയുടെ പത്രാധിപരായിരുന്ന ഉലഹന്നാന്‍െറയും മറിയാമ്മയുടെയും മകനാണ്. ആകാശവാണി നാടകങ്ങള്‍ക്ക് ശബ്ദം നല്‍കി വരുന്നു. കുട്ടികള്‍ക്ക് അഭിനയം, മിമിക്രി, മോണോ ആക്ട്, നാടകം എന്നിവ പരിശീലിപ്പിക്കുന്നുണ്ട്. മേക്കപ്പ്മാനും കൂടിയാണ് ബബില്‍. കാസര്‍കോടുനിന്നും ആരംഭിച്ച് തിരുവനന്തപുരത്തേക്കാണ് ബബിലിന്‍െറ നാടക യാത്ര.
 

Saturday, March 30, 2013

വിദേശ വ്യാപാര കമ്മിയില്‍ വന്‍ വര്‍ധന Madhyamam News Feeds

വിദേശ വ്യാപാര കമ്മിയില്‍ വന്‍ വര്‍ധന Madhyamam News Feeds

Link to

വിദേശ വ്യാപാര കമ്മിയില്‍ വന്‍ വര്‍ധന

Posted: 30 Mar 2013 12:12 AM PDT

Image: 

ന്യൂദല്‍ഹി: സമ്പദ്‌വ്യവസ്ഥക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തി സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ വിദേശ വ്യാപാര കമ്മിയില്‍ ഭീമമായ വര്‍ധന. എണ്ണ, സ്വര്‍ണം ഇറക്കുമതിക്ക് വന്ന ചെലവ് വന്‍ തോതില്‍ ഉയര്‍ന്നതാണ് കമ്മി കുതിച്ചുയരാന്‍ കാരണമായത്. ഓഹരി വിപണിയില്‍ വിദേശ നിക്ഷേപ സ്ഥപനങ്ങളുടെ നിക്ഷേപത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായതാണ് കടുത്ത പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. കയറ്റുമതി വരുമാനവും ഇറക്കുമതി ചെലവും തമ്മിലെ വ്യതാസമാണ് വിദേശ വ്യാപാര വരുമാന അന്തരം.

സാമ്പന്മിക വര്‍ഷത്തിന്റെ ജൂലൈ-സെപ്തംബര്‍ പാദത്തിലെ വിദേശ വ്യാപാര കമ്മി ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്റെ 5.4 ശതമാനമായിരുന്നു. ഇതിന് തന്നെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് താങ്ങാന്‍ കഴിയുന്നതില്‍ ഏറെയാണെന്ന വിലയിരുത്തലിനിടെയാണ് ഇപ്പോള്‍ വീണ്ടും വര്‍ധിച്ചത്. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ഒക്ടോബര്‍-സെപ്തംബര്‍ പാദത്തിലെ വിദേശ വ്യാപാര കമ്മി 6.7 ശതമാനമാണ്. ഇത് സര്‍വകാല റെക്കോര്‍ഡുമാണ്.

മൂന്നാം പാദത്തില്‍ വിദേശ വ്യാപാര കമ്മി 5960 കോടി ഡോളറാണ്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 4860 കോടി ഡോളറും. കയറ്റുമതി 7.6 ശതമാനം മാത്രം വര്‍ധിച്ചപ്പോള്‍ ഇറക്കുമതി 9.4 ശതമാനമാണ് വര്‍ധിച്ചത്.
 

സൗദി സ്വദേശിവത്കരണം: ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി

Posted: 29 Mar 2013 11:52 PM PDT

Image: 

തിരുവനന്തപുരം: സൗദി സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്രസര്‍ക്കാരും സൗദിയിലെ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെട്ടതിന്റെഅടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സൗദിയില്‍ നിന്ന് വന്‍ തോതില്‍ ആളുകള്‍ മടങ്ങി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കും. പ്രശ്നത്തില്‍  ഇന്ത്യന്‍ എംബസി കാര്യമായി ഇടപെടുന്നുണ്ട്.
നിതാഖത് നിയമം നടപ്പിലാക്കുന്നതിന്റെ ഫലമായി ജോലി നഷ്ടപ്പെട്ട് മടങ്ങി വരുന്നവര്‍ക്ക് സഹായം നല്‍കുന്ന കാര്യം  സര്‍ക്കാര്‍ ആലോചിക്കും.സ്വദേശിവത്കരണം വഴി എത്ര മലയാളികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന കാര്യത്തില്‍ കൃത്യമായ കണക്കുകളില്ല. അതിനാല്‍ സര്‍ക്കാരുമായി പ്രവാസികള്‍ ബന്ധപ്പെടുന്നതനുസരിച്ച് മാത്രമേ നടപടി കൈക്കൊള്ളാനാകൂവെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പുതിയ നിയമം നടപ്പിലാക്കുന്നതിന് സൗദി സര്‍ക്കാര്‍ സമയപരിധി വെച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. സൗദി സര്‍ക്കാരുമായുള്ള നല്ല ബന്ധം ഉപയോഗിച്ച് ഇന്ത്യക്കാരുടെ താല്‍പര്യം സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി  പറഞ്ഞു.  നയതന്ത്ര-വാണിജ്യ മേഖലകളില്‍ സൗദിയുമായി നല്ല ബന്ധമാണ് ഇന്ത്യക്കുള്ളത്. അതുപയോഗിച്ച് പ്രശ്നം രമ്യമായി പരിഹരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
 

വിമാനത്താവളത്തിലെ മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് ഹബ് ചുവപ്പുനാടയില്‍

Posted: 29 Mar 2013 11:27 PM PDT

വലിയതുറ: തിരുവനന്തപുരം വിമാനത്താവളം മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് ഹബ് ആക്കണമെന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ആവശ്യത്തിന് കേന്ദ്ര സഹമന്ത്രി കെ.സി.വേണുഗോപാല്‍ പച്ചക്കൊടി കാണിച്ചെങ്കിലും എയര്‍പോര്‍ട്ട് അതോറിറ്റി സംസ്ഥാന സര്‍ക്കാറിന് നല്‍കിയ കത്ത് ചുവപ്പുനാടയില്‍. ടെര്‍മിനലിന്‍െറ കിഴക്കന്‍ അതിരായ പാര്‍വതീപുത്തനാര്‍ ശുചീകരിച്ച് ജലപാതയാക്കുക, സമീപത്തെ റെയില്‍-റോഡുകള്‍ ടെര്‍മിനലുമായി ബന്ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു പദ്ധതിയിലുണ്ടായിരുന്നത്. 2010ല്‍ വി.എന്‍. ചന്ദ്രന്‍ എയര്‍പോര്‍ട്ട് ഡയറക്ടറായിരുന്നപ്പോഴാണ് ഈ ആശയം സര്‍ക്കാറിന് സമര്‍പ്പിച്ചത്. മൂന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ യോഗം ചേര്‍ന്ന് രൂപരേഖ തയാറാക്കി. ഇതിനിടെ ഇദ്ദേഹം സ്ഥലം മാറിപ്പോയി. രണ്ടുവര്‍ഷത്തിനുശേഷം തിരികെ എത്തിയപ്പോഴാണ് ആശയത്തിന് വീണ്ടും ജീവന്‍ വെച്ചത്. സംസ്ഥാന- കേന്ദ്രമന്ത്രിമാരുടെ ശ്രദ്ധയില്‍ വിഷയം എത്തിക്കുകയും അനുകൂല തീരുമാനമുണ്ടാക്കുകയും ചെയ്തു.
സര്‍ക്കാറിന് രണ്ടാമത് നല്‍കിയ കത്തിലാണ് അറബിക്കടലിന്‍െറ സാന്നിധ്യവും ദേശീയപാത, റെയില്‍വേ എന്നിവയുടെ സമീപ്യവും പ്രയോജനപ്പെടുത്തി വിമാനത്താവളത്തില്‍ കുറഞ്ഞ ചെലവില്‍ വിപുലമായ വികസനം ഒരുക്കാമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്.
ഇതിന് സര്‍ക്കാറിന്‍െറ സഹകരണം അനിവാര്യമാണ്.

ഗാന്ധിഗ്രാമത്തിന്‍െറ മറവില്‍ റോഡ് പണിക്ക് നീക്കം; നാട്ടുകാര്‍ തടഞ്ഞു

Posted: 29 Mar 2013 11:23 PM PDT

ശാസ്താംകോട്ട: കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ഗാന്ധിഗ്രാമം പരിപാടിക്ക് എത്തുന്നതിന്‍െറ തലേന്നാള്‍ 13.5 ലക്ഷം രൂപ അടങ്കലുള്ള റോഡ് പുനര്‍നിര്‍മിച്ച് സ്ഥലം വിടാനുള്ള ഉദ്യോഗസ്ഥരുടെയും പഞ്ചായത്തിന്‍െറയും നീക്കം നാട്ടുകാര്‍ തടഞ്ഞു.
പോരുവഴി പഞ്ചായത്തിലെ ശാസ്താംനട- കുറുമ്പേലില്‍ റോഡാണ് വിവാദത്തില്‍പ്പെട്ടത്. മെറ്റല്‍ ഇളകി  കാല്‍നട പോലും ദുര്‍ഘടമായ റോഡ് ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കാനാണ് 13.5 ലക്ഷം രൂപ അടങ്കല്‍ നിശ്ചയിച്ച് കരാര്‍ നല്‍കിയത്. ഇതില്‍ മൂന്നുലക്ഷം രൂപ മുന്‍കൂറായി ഉദ്യോഗസ്ഥരും പഞ്ചായത്തിലെ ചിലരും കൈപ്പറ്റിയതായുള്ള ആരോപണം നിലനില്‍ക്കെയാണ് ഇന്നലെ രാവിലെ ഏതാനും ബാരല്‍ ടാറുമായി കരാറുകാരനും സംഘവുമെത്തിയത്. പൊതു അവധി ദിവസമായതിനാല്‍ ഉദ്യോഗസ്ഥരാരും എത്തിയിരുന്നില്ല.  ജോലി നടപ്പാക്കുന്ന രീതി മനസ്സിലായതോടെയാണ് ജനം പ്രതിഷേധവുമായി വന്നത്. ഇതോടെ ഓവര്‍സിയറെത്തി. കെ.പി.സി.സി പ്രസിഡന്‍റിനും സംഘത്തിനും പോകേണ്ട റോഡ് ആയതിനാല്‍ പൂര്‍ണമായും തടയുന്നതിന് നാട്ടുകാര്‍ തയാറായില്ല. ഒടുവില്‍ കുഴികള്‍ മാത്രം അടയ്ക്കാന്‍ ധാരണയായി.  നിര്‍മാണത്തിലെ അപാകതയില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ വിജിലന്‍സിന് പരാതി നല്‍കി.
എന്നാല്‍ ജനങ്ങളുടെ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും സന്ദര്‍ശനം കഴിഞ്ഞാലുടന്‍ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കുമെന്നും പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. രവി അറിയിച്ചു. ഈ ജോലി പൂര്‍ത്തിയാക്കുന്നതിന് ഏപ്രില്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലും പാര്‍ട്ട് ബില്‍ മാറാന്‍ അനുമതി നല്‍കില്ലെന്ന് ഓവര്‍സിയര്‍ മണികണ്ഠന്‍ പറയുന്നു.
 

വാഗമണ്ണിലെ ഭൂമി കൈയേറ്റം: അന്വേഷണം നിലച്ചു

Posted: 29 Mar 2013 11:17 PM PDT

പീരുമേട്: വാഗമണ്ണിലെ ഭൂമി കൈയേറ്റവും വ്യാജ പട്ടയവും അന്വേഷിക്കുന്ന സംഘത്തിന്‍െറ പ്രവര്‍ത്തനം നിലച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, താലൂക്ക് സര്‍വേയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച പരിശോധനയാണ് നിലച്ചത്. സര്‍ക്കാര്‍ രേഖകള്‍, സ്ഥലം കൈവശമുള്ളവരുടെ പക്കലുള്ള രേഖകള്‍ എന്നിവ ഒത്തുനോക്കിയാണ് പരിശോധന നടത്തിയിരുന്നത്. വ്യാജ രേഖകളുടെ മറവില്‍ വന്‍തോതില്‍ സര്‍ക്കാര്‍ സ്ഥലം കൈവശപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. കോലാഹലമേട്-കൊച്ചുകരിന്തരുവി റോഡ് സൈഡില്‍ റേഷന്‍കടയുടമ രണ്ടേക്കറോളം സര്‍ക്കാര്‍ ഭൂമി വ്യാജരേഖയില്‍ കൈവശം വെക്കുന്നതായി കണ്ടെത്തിയിരുന്നു. വന്‍കിടക്കാരുടെയും രാഷ്ട്രീയ സ്വാധീനമുള്ളവരുടെയും കൈയേറ്റം അന്വേഷണത്തില്‍ കണ്ടെത്തുമ്പോള്‍ പരിശോധന നിലക്കുകയാണ് പതിവ്.
കഴിഞ്ഞ 10വര്‍ഷത്തിനുള്ളില്‍ അഞ്ച് സംഘങ്ങളാണ് വാഗമണ്ണില്‍ പരിശോധനക്ക് വിവിധ ഘട്ടങ്ങളിലായി എത്തിയത്. ഇവയുടെ  എല്ലാം പ്രവര്‍ത്തനം പാതിവഴിയില്‍ അവസാനിക്കുകയായിരുന്നു. 2003 ഫെബ്രുവരിയിലാണ് ആദ്യ അന്വേഷണ സംഘം വാഗമണ്ണില്‍ എത്തിയത്. വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രുദ്ര ഗംഗാധരന്‍, ടൂറിസം സെക്രട്ടറി ടി. ബാലകൃഷ്ണന്‍, റവന്യൂ സെക്രട്ടറി സുന്ദരേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം അന്വേഷണമാരംഭിച്ചത്. വാഗമണ്ണിലെ നൂറില്‍പ്പരം പേരില്‍നിന്ന് തെളിവെടുത്ത് മൂന്നു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രഖ്യാപിച്ച് മടങ്ങിയ സംഘത്തിന്‍െറ പ്രവര്‍ത്തനം തുടര്‍ന്നുണ്ടായില്ല.
തുടര്‍ന്ന് പീരുമേട് താലൂക്കോഫിസില്‍ നിന്നുള്ള റീസര്‍വേ സംഘം പരിശോധനക്കെത്തി. ആളുകളുടെ കൈവശമുള്ള രേഖകള്‍, സര്‍ക്കാര്‍ രേഖകള്‍ എന്നിവ ഒത്തുനോക്കി സ്ഥലം അളന്ന് പരിശോധന ആരംഭിച്ചു. 3290 പട്ടയക്കേസുകളാണ് വാഗമണ്ണിലുള്ളത്. ഇതില്‍ 1600 എണ്ണം സ്ഥലം ഒത്തുനോക്കി പരിശോധിച്ചപ്പോള്‍ 1210 പട്ടയങ്ങളുടെ സര്‍വേ നമ്പറുകള്‍ തെറ്റാണെന്ന് കണ്ടെത്തി. എന്നാല്‍, അന്വേഷണം അട്ടിമറിച്ചു. ഇതിനിടെ, പ്രമുഖരായ 10 കൈയേറ്റക്കാരുടെ പേരുള്‍പ്പെടെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു.
വ്യാജ പട്ടയങ്ങളുടെ പരിശോധന വീണ്ടും 2007ല്‍ പുനരാരംഭിച്ചു. ലാന്‍ഡ് റവന്യൂ കമീഷണര്‍ ഗോപാലമേനോന്‍െറ നേതൃത്വത്തില്‍ ആധുനിക ഉപകരണങ്ങളുമായി വന്‍സംഘം വീണ്ടുമെത്തി. കോലാഹലമേട് മൊട്ടക്കുന്നിന് സമീപമുള്ള പാലാ സ്വദേശിയുടെ കൈയേറ്റ ഭൂമിയിലാണ് ആദ്യദിവസം പരിശോധന ആരംഭിച്ചത്. അന്നും വൈകുന്നേരം തന്നെ പ്രതികൂല കാലാവസ്ഥയില്‍ അന്വേഷണം സാധ്യമല്ലെന്ന് പ്രഖ്യാപിച്ച് സംഘം മടങ്ങി. തുടര്‍ന്ന് അഞ്ചുവര്‍ഷത്തോളം അന്വേഷണം തടസ്സപ്പെട്ടു. 2011 ജൂലൈയില്‍ പീരുമേട് താലൂക്കോഫിസിലെ രണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, താലൂക്ക് സര്‍വേയര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. വാഗമണ്ണിലെ വ്യാജ പട്ടയത്തിന് ഉപയോഗിച്ച സീല്‍ താലൂക്കോഫിസില്‍നിന്ന് മോഷണം പോയതിന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ടത് മൂലം സംഘത്തിന്‍െറ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. ഉദ്യോഗസ്ഥനെതിരെ നാട്ടുകാര്‍ കലക്ടര്‍ക്ക് പരാതി നല്‍കി. നാട്ടുകാരുടെ പട്ടയഭൂമിയില്‍ സര്‍ക്കാര്‍ വക സ്ഥലം എന്ന ബോര്‍ഡ് സംഘം സ്ഥാപിച്ചതും വിവാദമായി.
2012 ഒക്ടോബറില്‍ വാഗമണ്‍ വില്ലേജോഫിസില്‍ പട്ടയപരിശോധനക്ക് അദാലത്ത് നടത്തി. പരാതികള്‍ അന്വേഷിക്കാന്‍ താലൂക്ക് സര്‍വേയര്‍മാരുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയമിച്ചു. സംഘം നടത്തിയ പരിശോധനയിലും വ്യാജ രേഖകളുടെ മറവില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറിയത് കണ്ടെത്തിയിരുന്നു. എന്നാല്‍, സംഘത്തിന്‍െറ പ്രവര്‍ത്തനവും നിലച്ചു. വാഗമണ്ണിലെ വ്യാജപട്ടയം, കൈയേറ്റം എന്നിവ അന്വേഷിക്കാനെത്തുന്ന സംഘങ്ങള്‍ക്ക് പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തത് ഭൂമാഫിയക്ക് സഹായമാണ്.
 

ചെമ്പന്‍മുടിമലയില്‍ പാറമടലോബിയുടെ സ്വയംഭരണം

Posted: 29 Mar 2013 11:12 PM PDT

വടശേരിക്കര: ജില്ലയുടെ കിഴക്കന്‍ മേഖല പാറമട ലോബിയുടെ സ്വയംഭരണപ്രദേശം. നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന ചെമ്പന്‍മുടിമലയിലാണ് നിയമങ്ങളെ വെല്ലുവിളിച്ച് പാറമടലോബി വേലികെട്ടിത്തിരിച്ച സ്വയംഭരണപ്രദേശം.  നൂറുകണക്കിനേക്കര്‍ വ്യാപിച്ചുകിടക്കുന്ന മലമുകളില്‍ ക്രഷര്‍ യൂനിറ്റുകള്‍ സ്ഥാപിച്ച് 10 വര്‍ഷം മുമ്പാണ് ഇവര്‍ രംഗപ്രവേശം ചെയ്യുന്നത്.  ലോഡിന്   ചെല്ലുന്ന വാഹനജീവനക്കാരല്ലാതെ ആരും പാറമടക്കുള്ളില്‍ നടക്കുന്നതെന്തെന്ന് അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ ശക്തിപ്രാപിച്ച ജനകീയസമരത്തെത്തുടര്‍ന്നാണ് നാട്ടുകാര്‍ക്കും ജനപ്രതിനിധികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പാറമടകള്‍ക്കുള്ളിലേക്ക് കടക്കാന്‍കഴിഞ്ഞത്. ഞെട്ടിക്കുന്ന കാഴ്ചകളാണ് ഉള്ളില്‍ കാണാന്‍ കഴിഞ്ഞത്.

കാഞ്ഞിരപ്പള്ളി ടൗണില്‍ മാലിന്യപ്രശ്നം രൂക്ഷം

Posted: 29 Mar 2013 11:08 PM PDT

കാഞ്ഞിരപ്പള്ളി: പകര്‍ച്ചവ്യാധി പടരുമ്പോഴും കാഞ്ഞിരപ്പള്ളി ടൗണില്‍ മാലിന്യപ്രശ്നം രൂക്ഷം. പ്രശ്നം പരിഹരിക്കുന്നതിന് ബാധ്യതയുള്ള പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുന്നത് ചിറ്റാര്‍ പുഴയുടെ ഓരത്ത്.
പകര്‍ച്ചവ്യാധികള്‍ക്ക് മുഖ്യ കാരണം വലിച്ചെറിയുന്ന മാലിന്യങ്ങളാണെന്ന് ജനങ്ങളെ ബോധവത്കരിക്കുമ്പോഴും ടൗണിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ടൗണ്‍ ഹാള്‍ പരിസരത്താണ് നിക്ഷേപിക്കുന്നത്. മഴപെയ്യുന്നതോടെ  ഇവയില്‍ വലിയൊരു പങ്കും ചിറ്റാര്‍ പുഴയിലേക്ക് ഒഴുകിയിറങ്ങും.
പാറക്കടവില്‍ ഡെങ്കിപ്പനി പടരുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നതോടെ  കാളകെട്ടി പി.എച്ച്.സി, കാഞ്ഞിരപ്പള്ളി  പഞ്ചായത്ത്, മാനവ സൗഹൃദ പുരുഷ സ്വാശ്രയ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ളാസും നടത്തിയിരുന്നു. ചികിത്സ തേടിയെത്തിയ 74 പേരും പനി ബാധിതരായിരുന്നു. കടുത്ത പനി ബാധിതരായ 24 പേരുടെ രക്തം കൂടുതല്‍ പരിശോധനകള്‍ക്കായി ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിക്കുകയും ചെയ്തു. ഇത്രയേറെപ്പേര്‍ക്ക് പനി ബാധിക്കാന്‍ ഇടയാക്കിയത് റബര്‍ തോട്ടങ്ങളില്‍ വലിച്ചെറിയുന്ന മാലിന്യങ്ങളാണെന്നാണ് പ്രാഥമിക നിഗമനം.
മാലിന്യപ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് നിര്‍മിച്ച ജൈവ മാലിന്യസംസ്കരണ പ്ളാന്‍റ് ഉദ്ഘാടനം അനന്തമായി നീളുകയാണ്. ലക്ഷങ്ങള്‍ മുടക്കി വര്‍ഷങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കിയ ജൈവമാലിന്യ സംസ്കരണ പ്ളാന്‍റ് പ്രവര്‍ത്തനമാണ് അധികൃതരുടെ അനാസ്ഥമൂലം അനന്തമായി നീളുന്നത്. എല്ലാവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കുകയും വൈദ്യുതി കണക്ഷന്‍ ലഭിക്കുകയും ചെയ്തെങ്കിലും പ്രവര്‍ത്തനം തുടങ്ങാത്തതിന്‍െറ കാരണം വിശദീകരിക്കാന്‍  അധികൃതര്‍ തയാറല്ല.
സംസ്ഥാന സര്‍ക്കാറിന്‍െറ ചുമതലയിലുള്ള  കോട്ടയത്തെ സോഷ്യോ എക്കോണമിക് ഫൗണ്ടേഷനാണ് 30 ലക്ഷം രൂപക്ക്  ജൈവ മാലിന്യസംസ്കരണ പ്ളാന്‍റ് നിര്‍മിച്ചത്. കുരിശുകവലക്ക് സമീപം പഞ്ചായത്ത് ടൗണ്‍ ഹാളിനു മുന്‍വശത്തായി നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. മുന്‍ പഞ്ചായത്ത് ഭരണസമിതി 2010 മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യുന്നതിന് തീരുമാനിച്ചിരുന്ന പദ്ധതിയാണ് മൂന്നു വര്‍ഷത്തിനു ശേഷവും പ്രവര്‍ത്തനം ആരംഭിക്കാത്തത്. കാഞ്ഞിരപ്പള്ളി ടൗണിലെ മാലിന്യ പ്രശ്നത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ടൗണിന്‍െറ വിവിധഭാഗങ്ങളില്‍ നിന്നും സംഭരിക്കുന്ന മാലിന്യങ്ങള്‍ ടൗണ്‍ഹാള്‍ പരിസരത്താണ് വര്‍ഷങ്ങളായി നിക്ഷേപിക്കുന്നത്. ഇതിന് പരിഹാരമുണ്ടാക്കുന്നതിന് മുന്‍ പഞ്ചായത്ത് സമിതി വിഴിക്കിത്തോട്ടില്‍ ഖരമാലിന്യ സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി വിഴിക്കിത്തോട് തോട്ടം കവലയിലെ സ്വകാര്യ റബര്‍ എസ്റ്റേറ്റില്‍ നിന്ന് ഒന്നര ഏക്കറോളം സ്ഥലം ഏറ്റെടുക്കുന്നതിനും  നടപടി സ്വീകരിച്ചു. സ്ഥലത്തിന്‍െറ മതിപ്പുവിലയായി 20 ലക്ഷം ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് സ്ഥലം അളന്നു തിരിക്കുകയും ചെയ്തു. എന്നാല്‍, വിഴിക്കിത്തോട്ടില്‍ മാലിന്യ സംസ്കരണ പ്ളാന്‍റ് നിര്‍മിക്കുന്നതിനെതിരെ സമീപവാസികള്‍ കോണ്‍ഗ്രസ് -കേരള കോണ്‍ഗ്രസ് (എം) സംഘടനകളുടെ  നേതൃത്വത്തില്‍ സമരങ്ങള്‍ ആരംഭിച്ചു. സമര സമിതി  ആക്ഷന്‍ കാണ്‍സിലിന്‍െറ നേതൃത്വത്തില്‍ പ്ളാന്‍റിനെതിരെ ഹൈകോടതിയെ സമീപിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് താല്‍ക്കാലിക സ്റ്റേ വാങ്ങുകയും ചെയ്തു. ഇതോടെ  വിഴിക്കിത്തോട്ടിലെ മാലിന്യ സംസ്കരണ പ്ളാന്‍റ് നിര്‍മാണം അനിശ്ചിതത്വത്തിലായി. തുടര്‍ന്ന് അധികാരത്തിലെത്തിയ യു.ഡി.എഫ് ഭരണ സമിതി വിഴിക്കിത്തോട്ടിലെ പ്ളാന്‍റ് നിര്‍മാണം തന്നെ ഉപേക്ഷിച്ചു. മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന്  ഇപ്പോഴത്തെ ഏക പ്രതീക്ഷ ടൗണ്‍ ഹാളിന് മുന്‍വശത്ത് നിര്‍മിച്ചിട്ടുള്ള ജൈവ മാലിന്യസംസ്കരണ പ്ളാന്‍റാണ്.

കായല്‍ ദുരന്തം നാടിനെ നടുക്കി

Posted: 29 Mar 2013 11:03 PM PDT

പൂച്ചാക്കല്‍: വേമ്പനാട്ടുകായലില്‍ രണ്ടുകുട്ടികള്‍ മുങ്ങിമരിച്ച സംഭവം നാടിനെ നടുക്കി. പാണാവള്ളി അംബികാതുരുത്തിന് സമീപം കുളിക്കാനിറങ്ങിയ ആറംഗസംഘത്തിലെ രണ്ടുപേരുടെ മരണമാണ് നാടിനെ ദു$ഖത്തിലാഴ്ത്തിയത്. അംബികാതുരുത്തില്‍ സുരേഷിന്‍െറ മകന്‍ സ്വരാജ് (15), പുറക്കാട് കണിയാംപറമ്പില്‍ റാവുവിന്‍െറ മകന്‍ ദീപു (21) എന്നിവരുടെ മൃതദേഹങ്ങള്‍ വൈകുന്നേരം 5.30ഓടെയാണ് നേവിയിലെ മുങ്ങല്‍വിദഗ്ധര്‍ കണ്ടെത്തിയത്.
ദീപുവും സുഹൃത്ത് അജിത്തും ബന്ധുവീടായ അംബികാതുരുത്തിലെ സ്വരാജിന്‍െറ വീട്ടില്‍ വ്യാഴാഴ്ച എത്തിയതാണ്. എസ്.എസ്.എല്‍.സി പരീക്ഷ എഴുതിനില്‍ക്കുന്ന സ്വരാജിന്‍െറ വീട്ടില്‍ ഒഴിവുസമയം ചെലവഴിക്കാന്‍ വടുതല ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സഹപാഠികളായ മൂന്നുപേരും വെള്ളിയാഴ്ച രാവിലെ എത്തിയിരുന്നു.
സ്വരാജിന്‍െറ വീട് ദ്വീപിലായതിനാല്‍ കടത്തുവള്ളത്തിലാണ് സുഹൃത്തുക്കള്‍ അങ്ങോട്ട് പോയത്. 11 മണിയോടെ ആറംഗസംഘം സ്വരാജിന്‍െറ വീടിന്‍െറ സമീപത്ത് കുളിക്കാനിറങ്ങി. പെരുമ്പളം ദ്വീപിന്‍െറ തെക്കുഭാഗത്ത് നിരവധി ദ്വീപുകളുണ്ട്. കായലില്‍ ഒഴുക്ക് പലദിശയിലാണുള്ളത്. അപകടം നടന്ന സ്ഥലത്ത് പലപ്പോഴും ചുഴി ഉണ്ടാകാറുണ്ട്. ഈ ഭാഗത്ത് 15 മീറ്ററിലേറെ ആഴമുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
പന്ത് എറിഞ്ഞ് രസിക്കുന്നതിനിടെ അകലേക്ക് പോയ പന്തെടുക്കാനുള്ള ശ്രമമാണ് ദുരന്തത്തില്‍ കലാശിച്ചത്. നാലുപേര്‍ പന്തെടുക്കാന്‍ പോയതില്‍ രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. അവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചത്. ബഹളംകേട്ട് സമീപവാസികളായ കൊച്ചുകരിയില്‍ പുരുഷനും സിജിത്തും ഉടനെ അപകടസ്ഥലത്തേക്ക് ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ രണ്ടുപേരെ രക്ഷിക്കാന്‍ കഴിഞ്ഞു. നൂറുകണക്കിന് ആളുകളാണ് അപകടസ്ഥലത്തേക്ക് ഓടിയെത്തിയത്. ഫയര്‍ഫോഴ്സും പൊലീസും തുടക്കത്തില്‍ തിരച്ചിലില്‍ പങ്കെടുക്കാതിരുന്നത് ജനരോഷത്തിന് ഇടയാക്കി. ആറുപേരാണ് കായലില്‍ ഇറങ്ങിയതെങ്കിലും കാണാതായത് രണ്ടില്‍കൂടുതല്‍ പേരുണ്ടോയെന്ന സംശയം തുടക്കത്തില്‍ നാട്ടുകാര്‍ക്കുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളും നാട്ടുകാരും മുഴുനീളെ തിരച്ചിലില്‍ പങ്കെടുത്തെങ്കിലും കാണാതായവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് പാണാവള്ളി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എസ്. രാജേഷ് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്‍റണിയുമായി ബന്ധപ്പെട്ടു. മന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം വൈകുന്നേരം 3.30ഓടെ കൊച്ചിയില്‍ നിന്ന് നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ സ്ഥലത്തെത്തി. 5.30ഓടെ അവര്‍ ആഴമേറിയ കയത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. മുങ്ങല്‍വിദഗ്ധരായ രത്തന്‍, സന്ദീപ്, സി.എസ്. സിങ്, വിപിന്‍ ദഹല്‍, മന്‍വീത് എന്നിവരാണ് തിരച്ചില്‍ നടത്തിയത്.
 

എറണാകുളം നഗരത്തില്‍ പോക്കറ്റടി സംഘം വിലസുന്നു

Posted: 29 Mar 2013 11:01 PM PDT

കൊച്ചി: എറണാകുളം നഗരത്തില്‍ പോക്കറ്റടി സംഘം വിലസുന്നു. വിദഗ്ധ പരിശീലനം ലഭിച്ച സംഘങ്ങളാണ് ബസ്സ്റ്റാന്‍ഡുകളും ബസ്സ്റ്റോപ്പുകളും കേന്ദ്രീകരിച്ച് സജീവമായത്.
പൊലീസ് ഇടപെടലില്‍ കുറച്ചുകാലമായി നഗരം വിട്ട പോക്കറ്റടി സംഘമാണ് ഇപ്പോള്‍ പൂര്‍വാധികം ശക്തിയോടെ രംഗത്തുവന്നിരിക്കുന്നത്. എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്, വൈറ്റില മൊബിലിറ്റി ഹബ്, ഹൈകോടതി ജങ്ഷന്‍, മേനക ജങ്ഷന്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും സംഘങ്ങള്‍ കേന്ദ്രീകരിക്കുന്നത്. തിരക്കുള്ള സമയത്ത് സ്വകാര്യ-കെ.എസ്.ആര്‍.ടി.സി ബസുകളിലും പോക്കറ്റടി നടക്കുന്നുണ്ട്. സാമാന്യം തിരക്കുള്ള വേളകളില്‍ ബസ്സ്റ്റാന്‍ഡുകളില്‍ കൃത്രിമ തിരക്ക് കൂട്ടിയും പോക്കറ്റടി നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴോടെ എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ തിരുവനന്തപുരം സൂപ്പര്‍ എക്സ്പ്രസ് ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന്‍െറ പോക്കറ്റടിച്ചു. പാന്‍റ്സിന്‍െറ പിന്‍വശത്തെ പോക്കറ്റില്‍ ഇട്ടിരുന്ന പഴ്സില്‍ 2000 രൂപയോളം ഉണ്ടായിരുന്നു.  സ്ഥലത്തുണ്ടായിരുന്ന  പൊലീസുകാരോട് പരാതിപ്പെട്ടെങ്കിലും   പിന്‍പോക്കറ്റില്‍ പഴ്സ് ഇട്ടതിന് യുവാവിനെ ആക്ഷേപിച്ച് വിടുകയാണ് ചെയ്തത്. ചില പോക്കറ്റടി സംഘവുമായി പൊലീസുകാര്‍ക്കും ബന്ധമുള്ളതായി സൂചനയുണ്ട്. രാവിലെയും വൈകുന്നേരവും പശ്ചിമകൊച്ചിയില്‍ നിന്ന് എറണാകുളത്തേക്കും തിരിച്ചും തിരക്കേറിയ സമയത്ത് സ്വകാര്യ ബസുകളില്‍ പോക്കറ്റടി പതിവാണ്. പോക്കറ്റടിക്കൊപ്പം ഹെല്‍മറ്റ്, മൊബൈല്‍ ഫോണ്‍, സൈക്കിള്‍, വാഹനങ്ങളുടെ പാര്‍ട്ട് എന്നിവയുടെ മോഷണവും വര്‍ധിച്ചിട്ടുണ്ട്. പ്രായമായ സ്ത്രീകളുടെ സ്വര്‍ണമാല  പൊട്ടിക്കുന്ന സംഭവങ്ങളും വര്‍ധിക്കുന്നുണ്ട്.

200 ഏക്കര്‍ വടക്കേപ്പാടം നികത്തല്‍ : കളിമണ്‍- ഭൂമാഫിയ സംഘത്തിന് മൂക്കുകയര്‍

Posted: 29 Mar 2013 10:55 PM PDT

തൃശൂര്‍: മൂര്‍ക്കനിക്കരയില്‍ കളിമണ്‍ ഖനനത്തിന്‍െറ മറവില്‍ പാടശേഖരം അനധികൃതമായി  മണ്ണിട്ടുനികത്തിയ സംഭവ ത്തില്‍ കലക്ടറുടെ ഇടപെടലോടെ തുടര്‍നടപടിയുണ്ടാകുമെന്ന പ്രതീക്ഷയി ലാണ് കര്‍ഷകര്‍.
നടത്തറ പഞ്ചായത്തിലെ മൂര്‍ക്കനിക്കരയില്‍ 200 ഏക്കര്‍ വടക്കേപ്പാടമാണ് കളിമണ്‍-ഭൂമാഫിയ സംഘങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമം നടത്തിയത്. കൊഴുക്കള്ളി വില്ലേജിലെ കൃഷി ഭൂമിയില്‍ നടന്ന നിലം നികത്തല്‍ നേരില്‍ പരിശോധിച്ച കലക്ടര്‍ പി.എം. ഫ്രാന്‍സിസ്, സ്ഥലം പൂര്‍വസ്ഥിതിയിലാക്കാന്‍ തൃശൂര്‍ അഡീ. തഹസില്‍ദാറെ പ്രത്യേകം ചുമതലപ്പെടുത്തിഉത്തരവിട്ടിരിക്കുകയാണ്.
നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പുള്ള  പെര്‍മിറ്റിന്‍െറ അടിസ്ഥാനത്തില്‍ നടക്കുന്ന പ്രവര്‍ത്തനം നീതീകരിക്കാന്‍ കഴിയില്ലെന്ന് കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.
കര്‍ശന നിബന്ധനകളോടെ 15 ദിവസത്തിനകം 1000  മെട്രിക്ക് ടണ്‍ കളിമണ്ണ് ഖനനം ചെയ്യാന്‍ മൈനിങ്ങ് ആന്‍ഡ് ജിയോളജി വകുപ്പ് 2008ല്‍ നല്‍കിയ അനുമതിയുടെ മറവിലാണ് നാലുകൊല്ലം തുടര്‍ച്ചയായി തട്ടിപ്പ് അരങ്ങേറിയത്.  സ്വകാര്യവ്യക്തിയുടെ 1.64 ഏക്കറിലെ 25 സെന്‍റില്‍നിന്ന് കളിമണ്ണെടുക്കാനാണ് അനുമതി. എന്നാല്‍, പരിസരത്തെ ഇരട്ടിയോളം വരുന്ന ഭൂമിയില്‍നിന്ന് അനുവാദമുള്ളതിന്‍െറ പതിന്മടങ്ങ് കളിമണ്ണെടുത്തതായാണ് വിവരം. ചട്ടപ്രകാരം പാടത്തിന്‍െറ മൂന്നടിയെ താഴ്ത്താന്‍ പാടുള്ളൂ. എന്നാല്‍, 10 അടി വരെ താഴ്ചയില്‍ മണ്ണെടുത്തിരി ക്കുകയാണ്. കളിമണ്ണെടുത്ത പ്രദേശം അഗാധ ഗര്‍ത്തമായി. നികത്തിയ ഭൂമിയില്‍ നിയമവിരുദ്ധമായി റോഡും കുളവും മോട്ടോര്‍ ഷെഡും ഉള്‍പ്പെടെയുള്ള നിര്‍മാണങ്ങളും നടത്തിയിട്ടുണ്ട്.
അനുവദിച്ചതിനേക്കാര്‍ കൂടുതല്‍ കളിമണ്ണെടുത്തുവെന്ന് 2008ല്‍ തന്നെ അധികൃതര്‍ക്ക് ബോധ്യപ്പെടുകയും 25,000 രൂപ കുറ്റക്കാരില്‍നിന്ന് പിഴയായി ഈടാക്കുകയും ചെയ്തിരുന്നു. നെല്‍കര്‍ഷകരുടെ മനോവീര്യം തകര്‍ക്കുന്ന കുത്സിത പ്രവര്‍ത്തനങ്ങളാണ് 2008 മുതല്‍ അരങ്ങേറിയിരുന്നത്. ചീരക്കാവില്‍ ഭഗവതി ക്ഷേത്രത്തിന് തെക്കുകിഴക്കും മുളയം എസ്.ഒ.എസ് ഗ്രാമത്തിന് പടിഞ്ഞാറുമായുള്ള ഫലഭൂയിഷ്ഠവും പ്രകൃതി രമണീയവുമായ  200 ഏക്കര്‍ നെല്‍കൃഷി നടക്കുന്ന പാടശേഖരം റിയല്‍ എസറ്റേറ്റ് മാഫിയ തട്ടിയെക്കാനുള്ള ശ്രമമാരംഭിച്ചിട്ട് വര്‍ഷങ്ങളായി.നാട്ടുകാരുടേയും കര്‍ഷകരുടെയും ജാഗ്രത കൊണ്ടാണ് ഇത്രയും നാള്‍  ഇതുതടയാനായത്.
അനധികൃതമായി പാടത്തിട്ട മണ്ണുനീക്കാന്‍ കലക്ടറുടെ ഉത്തരവില്‍ മുമ്പ് നടപടി സ്വീകരിച്ചതാണ്. എന്നാല്‍, അധികൃതരുടെ കണ്ണില്‍ പൊടിയിടാന്‍ പേരിന് മൂന്നുലോഡ് മണ്ണുമാത്രം നീക്കുകയും ബാക്കി മണ്ണ് അവിടെത്തന്നെ നിരപ്പാക്കുകയുമായിരുന്നു. ഇതിനെതിരെ പരിസരവാസികള്‍ രംഗത്തുവരികയും ഫെബ്രുവരി 23ന് നടത്തറ കൃഷിഓഫിസര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
   നോട്ടീസ് ലഭിച്ച്  രണ്ടാഴ്ചക്കകം നിലം കൃഷിഓഫിസറുടെ നേതൃത്വത്തില്‍ പൂര്‍വസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട്  കലക്ടര്‍ മൂര്‍ക്കനിക്കര വടാശേരി പുഷ്ക്കരന്‍െറ ഭാര്യ കാര്‍ത്യായനിക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. കൃഷി ചെയ്യുന്നില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാന്‍ വില്ലേജോഫിസറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.നിലം നികത്താനുള്ള ചെലവ് റവന്യൂ റിക്കവറിയിലൂടെ സ്ഥലമുടമയില്‍നിന്ന് ഈടാക്കണമെന്നും വസ്തു ഉടമസ്ഥ കൃഷി ചെയ്യാത്ത പക്ഷം കൃഷി ചെയ്യിക്കാന്‍ കൃഷിഓഫിസര്‍ നടപടിയെടുക്കണമെന്നും കലക്ടറുടെ ഉത്തരവിലുണ്ട്.
പിടിച്ചെടുത്ത മണ്ണുമാന്തിയന്ത്രം മണ്ണ് നീക്കുന്ന മുറക്ക് വിട്ടുനല്‍കാനാണ് ഉത്തരവില്‍ പറയുന്നതെങ്കിലും വളരെ പെട്ടെന്ന് മണ്ണുത്തി പൊലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യ വ്യവസ്ഥയില്‍ വിട്ടുനല്‍കി. നടപടി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വാഹനം തിരിച്ചുപിടിക്കണമെന്ന് കലക്ടറുടെ ഉത്തരവിലുണ്ട്.
നടപടി അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയും കൃഷിക്കാര്‍ക്കുണ്ട്.

Friday, March 29, 2013

ഉത്തരകൊറിയ മിസൈല്‍ യൂണിറ്റുകള്‍ സജ്ജമാക്കി Madhyamam News Feeds

ഉത്തരകൊറിയ മിസൈല്‍ യൂണിറ്റുകള്‍ സജ്ജമാക്കി Madhyamam News Feeds

Link to

ഉത്തരകൊറിയ മിസൈല്‍ യൂണിറ്റുകള്‍ സജ്ജമാക്കി

Posted: 28 Mar 2013 10:38 PM PDT

Image: 

സോള്‍: അമേരിക്കയുടെ രണ്ട് സ്റ്റെല്‍ത്ത് (അദൃശ്യ) ബോംബര്‍ വിമാനങ്ങള്‍ ദക്ഷിണ കൊറിയയിലെത്തിയതിനെത്തുടര്‍ന്ന് ഉത്തരകൊറിയ തങ്ങളുടെ മിസൈല്‍ യൂണിറ്റുകള്‍ സജ്ജമാക്കി. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അടിയന്തര യോഗം ചേര്‍ന്നാണ് മിസൈല്‍ യൂണിറ്റുകള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയത്.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കാര്യത്തില്‍ തീര്‍പ്പു കല്‍പ്പിക്കേണ്ട സമയമായെന്ന് കിം ജോങ് ഉന്‍ ഉന്നത സൈനിക ജനറല്‍മാരോട് പറഞ്ഞതായി ഔദ്യാഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതത്തേുടര്‍ന്ന് ഏതു നിമിഷവും യുദ്ധത്തിന് തയാറാകാന്‍ ഉത്തര കൊറിയന്‍ അധികൃതര്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വ്യാഴാഴ്ചയാണ് ആണവാക്രമണ ശേഷിയുള്ള രണ്ട് ബോംബര്‍ വിമാനങ്ങള്‍ ദക്ഷിണ കൊറിയയിലെ സംയുക്ത സൈനികാഭ്യാസങ്ങളില്‍ പങ്കെടുത്തത്. ‘ബി-2’ ഇനത്തിലുള്ള യുദ്ധവിമാനങ്ങള്‍ അയച്ചുകൊണ്ട് ഉത്തര കൊറിയയിലെ നിര്‍ണിത ലക്ഷ്യങ്ങളില്‍ ഉന്നംപിഴക്കാത്ത ആക്രമണം നടത്താനാകുമെന്ന മുന്നറിയിപ്പാണ് അമേരിക്ക നല്‍കുന്നതെന്ന് യുദ്ധവിദഗ്ധര്‍ വിലയിരുത്തുന്നു.

ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി സൈനിക പരിശീലനം നടത്തിയതിലും യു.എന്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നും ഉത്തര കൊറിയ ദക്ഷിണ കൊറിയയുമായുള്ള സൈനിക ഹോട്ട്ലൈന്‍ ബന്ധം വിച്ഛദേിച്ചിരുന്നു.

പുതിയ സാധ്യതകള്‍ തുറന്ന് ന്യൂക്ളിയാര്‍ എന്‍ജിനീയറിങ്

Posted: 28 Mar 2013 10:22 PM PDT

Image: 

എന്‍ജിനീയറിങ് കോഴ്സുകളുടെ കാലം കഴിഞ്ഞുവെന്ന് കരുതുന്നവരാണ് പലരും. സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ പല സ്വകാര്യ സ്ഥാപനങ്ങളും റിക്രൂട്ട്മെന്‍റുകള്‍ നിര്‍ത്തിവെച്ചതാണ് പലരിലും ഈ ധാരണക്ക് കാരണമായത്. ഒരു പരിധിവരെ ഇക്കാര്യം ശരിയുമായിരുന്നു. എന്നാല്‍, ഇതിനപ്പുറത്തും ഈ ധാരണക്ക് കാരണങ്ങളുണ്ട്. പരമ്പരാഗത എന്‍ജിനീയറിങ് കോഴ്സുകള്‍മാത്രം തെരഞ്ഞെടുക്കുന്ന നമ്മുടെ പ്രവണതയാണ് ഇതില്‍ പ്രധാനം.  എന്‍ജിനീയറിങ് എന്നാല്‍, ‘സിവിലും മെക്കാനിക്കും’ മാത്രമേ ഉള്ളൂ എന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്‍ജിനീയറിങ് മേഖലയിലെ പുതിയതും വളര്‍ന്നുവരുന്നതുമായ ശാഖകളെ കണ്ടെത്തുന്നതിനും അവയുടെ സാധ്യത ആരായുന്നതിനും നാം മെനക്കെടാറില്ലെന്നതാണ് സത്യം.
സ്പെഷലൈസ്ഡ് എന്‍ജിനീയറിങ്ങിന്‍െറ കാലത്താണ് നാമുള്ളത്. എന്‍ജിനീയറിങ്ങില്‍തന്നെ ഏതെങ്കിലുമൊരു ശാഖയില്‍ സ്പെഷലൈസേഷനോടുകൂടിയ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ ഇന്ന് നമ്മുടെ രാജ്യത്തെ സര്‍വകലാശാലകളിലുണ്ട്. രാജ്യത്തെയും വിദേശത്തെയും കമ്പനികളും റിക്രൂട്ടിങ് ഏജന്‍സികളുമെല്ലാം തിരയുന്നതും ഇപ്പോള്‍ സ്പെഷലൈസ്ഡ് എന്‍ജിനീയര്‍മാരെയാണ്. മുന്‍കാലങ്ങളില്‍ ന്യൂക്ളിയാര്‍ പവര്‍ പ്ളാന്‍റുകളിലും മറ്റും നിയമിച്ചിരുന്നത് സാധാരണ എന്‍ജിനീയര്‍മാരെയായിരുന്നു. ഇന്നിപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ന്യൂക്ളിയാര്‍ എന്‍ജിനീയറിങ് എന്നൊരു ശാഖതന്നെ ഇന്ന് പഠിപ്പിക്കപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്‍റര്‍ പോലുള്ള സ്ഥാപനങ്ങളില്‍ ന്യൂക്ളിയാര്‍ എന്‍ജിനീയറിങ്ങില്‍തന്നെ വീണ്ടും സ്പെഷലൈസേഷനോടുകൂടിയ കോഴ്സുകള്‍ ഉണ്ട്. കൂടാതെ, ഒരു പ്രഫഷന്‍ എന്നതിനപ്പുറം, ഗവേഷണതലത്തിലേക്ക് കൂടി നമ്മുടെ കരിയര്‍ വ്യാപിപ്പിക്കണമെന്നുണ്ടെങ്കില്‍ അതിനേറ്റം ഉചിതം ഇത്തരം സ്പെഷലൈസ്ഡ് എന്‍ജിനീയറിങ് കോഴ്സുകളായിരിക്കും. ന്യൂക്ളിയാര്‍ എന്‍ജിനീയറിങ് എന്ന ശാഖയെ പരിചപ്പെടുത്തുകയാണ് ഈ ലക്കത്തില്‍.
അണു ഭൗതികത്തിന്‍െറ (ന്യൂക്ളിയര്‍ ഫിസിക്സ്) അപ്ളിക്കേഷനുകള്‍ ഉള്‍ക്കൊള്ളുന്ന എന്‍ജിനീയറിങ് ശാഖയെന്ന് ഇതിനെ സാമാന്യമായി വിശേഷിപ്പിക്കാം. ആണവ റിയാക്ടറുകളുടെ രൂപകല്‍പന, നിര്‍മാണം തുടങ്ങിയവയൊക്കെ ഉള്‍പ്പെടുന്നതാണിത്. റിയാക്ടറുകള്‍ മാത്രമല്ല, ന്യൂക്ളിയാര്‍ പവര്‍ പ്ളാന്‍റുകള്‍ തുടങ്ങി ആണവായുധങ്ങളുടെ നിര്‍മാണങ്ങളില്‍വരെ ഒരു ന്യൂക്ളിയാര്‍ എന്‍ജിനീയര്‍ക്ക് കാര്യമായ പങ്കുണ്ട്. ഇതുകൂടാതെ മെഡിക്കല്‍രംഗത്തും ന്യൂക്ളിയാര്‍ എന്‍ജിനീയര്‍മാര്‍ക്ക് സാധ്യതകളുണ്ട്. മെഡിക്കല്‍ ഫിസിക്സിന്‍െറ ലോകവും ന്യൂക്ളിയാര്‍ എന്‍ജിനീയര്‍മാരെ സംബന്ധിച്ചിടത്തോളം വിശാലമാണ്. റേഡിയോ ആക്ടീവ് പദാര്‍ഥങ്ങള്‍ ഉപയോഗിച്ചുള്ള ആധുനിക ചികിത്സാരീതിയായ ന്യൂക്ളിയാര്‍ മെഡിസിന്‍െറ മേഖലയാണ് മറ്റൊരു സാധ്യതയുള്ള മേഖല.
മിക്കവാറും ആളുകള്‍ പൊതുവെ അവഗണിക്കുന്ന ഒരു കോഴ്സാണ് ന്യൂക്ളിയാര്‍  എന്‍ജിനീയറിങ്. ആണവോര്‍ജ ഉല്‍പാദനവുമായും ആണവ സുരക്ഷയുമായും ബന്ധപ്പെട്ട്  നിരവധി ഗവേഷണ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ന്യൂക്ളിയാര്‍ എന്‍ജിനീയര്‍മാരെ റിക്രൂട്ട് ചെയ്യാറുണ്ട്. ആവശ്യത്തിന് ന്യൂക്ളിയാര്‍ എന്‍ജിനീയര്‍മാര്‍ രാജ്യത്തില്ല എന്നതാണ് യാഥാര്‍ഥ്യം. ന്യൂക്ളിയാര്‍ എന്‍ജിനീയറിങ്ങില്‍തന്നെ വീണ്ടും സ്പെഷലൈസേഷനുകള്‍ ഉണ്ട്. ന്യൂക്ളിയാര്‍ മെഡിക്കല്‍ എന്‍ജിനീയറിങ്, ന്യൂക്ളിയാര്‍ ഡിസൈനിങ് എന്‍ജിനീയറിങ് തുടങ്ങി മറ്റൊരു ലോകം തന്നെയുണ്ട്. ഗവേഷണരംഗത്ത് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒന്നായി ഈ എന്‍ജിനീയറിങ് ശാഖ മാറിയിരിക്കുന്നു.
മറ്റേതൊരു എന്‍ജിനീയറിങ് ശാഖ പോലെത്തന്നെ ന്യൂക്ളിയാര്‍ എന്‍ജിനീയറിങ് ബിരുദ കോഴ്സുകള്‍ നാലുവര്‍ഷവും ബിരുദാനന്തര ബിരുദ കോഴ്സുകള്‍ രണ്ട് വര്‍ഷവുമാണ്. പ്ളസ്ടുവിന് ശാസ്ത്ര വിഷയം പഠിച്ചവര്‍ക്കാണ് ബിരുദ കോഴ്സിന് യോഗ്യത. പ്രവേശ പരീക്ഷയും പാസായിരിക്കണം. ഭൗതിക ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളില്‍ സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഒരു കോഴ്സാണിത്.  
 

സര്‍ക്കാര്‍ കലാവധി തികക്കും -പ്രധാനമന്ത്രി

Posted: 28 Mar 2013 10:22 PM PDT

Image: 

ന്യൂദല്‍ഹി: നവംബറില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങിന്റെ പ്രസ്താവനയ്ക്കു പിന്നാലെ സര്‍ക്കാര്‍ കാലാവധി തികക്കുമെന്ന അവകാശവാദവുമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്തെത്തി. ഘടകക്ഷികളുടെ സമ്മര്‍ദ്ദം പരിഗണിക്കേണ്ടതാണെന്നും എന്നാല്‍ അത് സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന രീതിയിലാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ഇന്ത്യയിലേക്ക് മടങ്ങവെ എയര്‍ഇന്ത്യ വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പൂര്‍ണ്ണ സമര്‍പ്പണത്തോടെ താന്‍ ഈ രാജ്യത്തെ സേവിച്ചിട്ടുണ്ട്. ഭരണം വിജയമായിരുന്നോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡി.എം.കെ മന്ത്രിമാര്‍ രാജിവെക്കുകയും മുന്നണിക്കുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തതിനു പിന്നാലെ സമാജ് വാദി പാര്‍ട്ടിയും യു.പി.എ സര്‍ക്കാറില്‍ നിന്ന് വിട്ടു പോകുകയാണെന്ന അഭ്യൂഹം ശക്തമാക്കിക്കൊണ്ടാണ് കഴിഞ്ഞ ദിവസം മുലായം സിങിന്റെ പ്രസ്താവന ഉണ്ടായത്. കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശവും മുലായം അഴിച്ചുവിട്ടിരുന്നു. ലോക്സഭയില്‍ 21 അംഗങ്ങളുള്ള മുലായത്തിന്റെ പുറംപിന്തുണയുടെ കൂടി ബലത്തിലാണ് മന്‍മോഹന്‍ സിങ് സര്‍ക്കാറിന്റെ നിലനില്‍പ്.
 

ഗവേഷണ പഠനത്തിന് നെഹ്റു സ്കോളര്‍ഷിപ്പ്

Posted: 28 Mar 2013 10:20 PM PDT

ഇന്ത്യന്‍ യൂനിവേഴ്സിറ്റികളില്‍ ഗവേഷണപഠനം നടത്തുന്ന ഇന്ത്യയിലെയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെയും  വിദ്യാര്‍ഥികള്‍ക്ക് ജവഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍  ഫണ്ട് സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ഫിസിക്കല്‍ സയന്‍സ്, കെമിക്കല്‍ സയന്‍സ്, മാത്തമാറ്റിക്കല്‍ സയന്‍സ്, ബയോളജിക്കല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്,  എന്‍ജിനീയറിങ് സയന്‍സസ്, എന്‍വിറോണ്‍മെന്‍റല്‍ സയന്‍സ്, കംപാരറ്റീവ്  സ്റ്റഡീസ് ഇന്‍ റിലീജിയന്‍ ആന്‍ഡ് കള്‍ച്ചര്‍, ഇന്ത്യന്‍ ഹിസ്റ്ററി ആന്‍ഡ് സിവിലൈസേഷന്‍, സോഷ്യോളജി, എക്കണോമിക്സ്,  സ്റ്റഡീസ് ഓണ്‍ ജവഹര്‍ലാല്‍ നെഹ്റു-രംഗങ്ങളിലെ ഗവേഷണ പഠനത്തിനാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക.
അപേക്ഷകര്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും GATE/NET യോഗ്യതയും ഉള്ളവരാകണം.  അംഗീകൃത സ്ഥാപനത്തില്‍ പ്രവേശം നേടിയ 35 വയസ്സ് തികയാത്തവരാകണം. മുഴുസമയ ഗവേഷണത്തിന് മാത്രമേ സ്കോളര്‍ഷിപ്പ് ലഭിക്കൂ.  സ്കോളര്‍ഷിപ്പ് കാലാവധി രണ്ടു വര്‍ഷം. പ്രതിമാസം 12,000 രൂപയും കണ്ടിന്‍ജന്‍സി ഫണ്ടായി  15,000 രൂപയും ലഭിക്കും.
അപേക്ഷകള്‍ 2013 മേയ് 31നകം administrative  secretary, Jawaharlal Nehru Memorial Fund, Teen Murti House, New Delhi 11 എന്ന വിലാസത്തില്‍ ലഭിക്കണം.
അപേക്ഷയോടൊപ്പം  1500 വാക്കില്‍ കവിയാത്ത സിനോപ്സിസ്, റിസര്‍ച്ച് ഗൈഡിന്‍െറ സമ്മതപത്രം, 100 രൂപയുടെ ഡിമാന്‍റ് ഡ്രാഫ്റ്റ് എന്നിവകൂടി അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍  ഇന്‍റര്‍വ്യൂവിന് ഹാജരാകണം. അപേക്ഷ ഫോറവും വിശദവിവരങ്ങളും  www.jnmf.in വെബ്സൈറ്റില്‍ ലഭ്യമാണ്.
 

ചലച്ചിത്രനിര്‍മാതാവ് ചമഞ്ഞ് തട്ടിപ്പുനടത്തിയയാള്‍ അറസ്റ്റില്‍

Posted: 28 Mar 2013 09:51 PM PDT

പേരൂര്‍ക്കട: ചലച്ചിത്ര നിര്‍മാതാവാണെന്നു പറഞ്ഞ് വീടുകളില്‍ നിന്ന് പണം അപഹരിച്ച് മുങ്ങുന്നയാള്‍ അറസ്റ്റില്‍. എറണാകുളം കോതമംഗലം കീരംപാറ ചെങ്കര ചെങ്കരനിര്‍മന്‍ ധ്യാനകേന്ദ്രത്തിന് സമീപം കൊക്കയില്‍ വീട്ടില്‍ കൊക്കയില്‍ ഷാജിയെന്ന ഷാജിയാണ് (39) പിടിയിലായത്. പ്രശസ്ത ചലച്ചിത്ര നിര്‍മാതാക്കളുടെ സംരംഭങ്ങളില്‍ അഭിനയിക്കാന്‍ അവസരമുണ്ടെന്നു ഫോണ്‍ചെയ്ത് അറിയിച്ച് വീടുകളിലെത്തി ശ്രദ്ധതിരിച്ച് മോഷണം നടത്തുകയാണ് ഇയാളുടെ രീതി. പട്ടം മരപ്പാലം ഗാര്‍ഡന്‍സ് എം.ജി.ആര്‍.എ 86 ‘പ്രണവ’ത്തില്‍ എത്തിയ ഷാജി വീട്ടുകാരുമായി സംസാരിച്ചിരുന്നു. തുടര്‍ന്ന് 500 രൂപക്ക് ചില്ലറ ആവശ്യപ്പെട്ടു. വീട്ടുകാര്‍ ഇതെടുക്കാന്‍ പോകവെ അവിടെയുണ്ടായിരുന്ന 25,000 ഓളം രൂപയുമായി ഇയാള്‍ മുങ്ങുകയായിരുന്നു. എറണാകുളം തോപ്പുംപടി സ്റ്റേഷന്‍ പരിധിയിലും ഇയാള്‍ സമാനമായ മോഷണം നടത്തിയതായി വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കന്‍േറാണ്‍മെന്‍റ് എ.സി ഹരിദാസ്, തിരുവനന്തപുരം ക്രൈം ഡിറ്റാച്ച്മെന്‍റ് എ.സി കെ.ഇ ബൈജു, പേരൂര്‍ക്കട സി.ഐ കെ. പ്രദീപ്, എസ്.ഐ വി. നാഗപ്പന്‍, എ.എസ്.ഐ സുരേഷ്ബാബു, സിറ്റി ഷാഡോ ടീം അംഗങ്ങളായ അരുണ്‍കുമാര്‍, സാബു, ഹരിലാല്‍, വിനീഷ്, സുധീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
 

ഹെല്‍മറ്റ് പരിശോധനക്കിടെ ബൈക്കില്‍നിന്ന് സഹോദരന്മാരെ വലിച്ചിട്ടതായി പരാതി

Posted: 28 Mar 2013 09:48 PM PDT

കൊല്ലം:  ഹെല്‍മറ്റ് പരിശോധനക്കിടെ ഓടിക്കൊണ്ടിരുന്ന ബൈക്കില്‍നിന്ന് സഹോദരന്മാരെ പൊലീസ് വലിച്ചിട്ടതായി പരാതി. നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റു. ചിന്നക്കട ട്രാഫിക് റൗണ്ടിനു സമീപം വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. റോഡില്‍ വീണ് കാല്‍മുട്ടിന് പരിക്കേറ്റ മരുത്തടി ‘എമില്യ‘യില്‍ സാജി (21) നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം ചിന്നക്കടയില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ട്രാഫിക് പൊലീസുകാരുടെ ഭാഗത്തുനിന്ന് അതിക്രമം ഉണ്ടായിട്ടില്ലെന്നാണ് പൊലീസിന്‍െറ വിശദീകരണം. പൊലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോകാനൊരുങ്ങവെ ബൈക്ക് തെന്നിവീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സാജും അനുജന്‍ സിബിയും ചിന്നക്കടയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സാജാണ് ബൈക്ക് ഓടിച്ചത്. ട്രാഫിക് റൗണ്ടിന് സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരന്‍ കൈകാണിച്ചു. റോഡിന്‍െറ വശത്തേക്ക് മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പിന്നില്‍ വസ്ത്രങ്ങളടങ്ങിയ കവറുകളുമായി ഇരുന്ന സിബിയുടെ ഷര്‍ട്ടിന്‍െറ കോളറില്‍ പിടിച്ച് പൊലീസുകാരന്‍ വലിച്ച് നിലത്തിറക്കി. മറ്റൊരു പൊലീസുകാരന്‍ സാജിന്‍െറ കോളറില്‍ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. ഇതിനിടെ സാജിന്‍െറ  മാല പൊട്ടുകയും ചെയ്തു. നിയന്ത്രണം വിട്ട ബൈക്ക് ചരിഞ്ഞു വീഴുന്നതിനിടെ സാജിന്‍െറ കാല്‍മുട്ട് റോഡില്‍ ഇടിക്കുകയായിരുന്നു.
ബൈക്കിന്‍െറ മുന്‍ ചക്രത്തിനിടയില്‍ കാല്‍ കുരുങ്ങിക്കിടന്ന സാജിനെ എഴുന്നേല്‍പ്പിക്കാന്‍ പൊലീസുകാര്‍ തയാറായില്ലെന്നും പറയുന്നു. സംഭവം കണ്ട് വഴിയാത്രക്കാരും കച്ചവടക്കാരും എത്തിയതോടെ യുവാക്കളെ പറഞ്ഞുവിടാനായി പൊലീസുകാരുടെ ശ്രമം. ആര്‍.വൈ.എഫ് ജില്ലാ പ്രസിഡന്‍റ് ബിജുലക്ഷ്മീകാന്തന്‍െറ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ത്തി. സ്ഥലത്തുണ്ടായിരുന്നവര്‍ ഈസ്റ്റ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. എസ്.ഐ ഗോപകുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസ് എത്തി പരിക്കേറ്റ സാജിനെയും   സഹോദരനെയും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ലൈസന്‍സും ബൈക്കിന്‍െറ രേഖകളും  കൃത്യമായിരുന്നിട്ടും ഹെല്‍മറ്റ് പരിശോധനയുടെ പേരില്‍ കുറ്റവാളികളോടെന്ന പോലെ പെരുമാറിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രിസ്തുരാജ് എച്ച്.എസ്.എസ് അധ്യാപകന്‍ കൂടിയായ സാജിന്‍െറ പിതാവ് അലോഷ്യസ് സിറ്റി കമീഷണര്‍ക്ക് പരാതിനല്‍കി.

മൂന്നാറിലെ കൈയേറ്റക്കാര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ സംവിധാനം കീഴടങ്ങുന്നു

Posted: 28 Mar 2013 09:45 PM PDT

മൂന്നാര്‍: രാഷ്ട്രീയ സ്വാധീനവും സാമ്പത്തിക പിന്‍ബലവുമുള്ള കൈയേറ്റക്കാര്‍ക്ക് മുന്നില്‍ മൂന്നാറിലെ സര്‍ക്കാര്‍ സംവിധാനം കീഴടങ്ങുന്നു. കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി കൈയേറിയും അനുമതിയില്ലാതെ അനധികൃത കെട്ടിടങ്ങള്‍ നിര്‍മിച്ച് വില്‍പ്പന നടത്തിയുമാണ് കൈയേറ്റ ലോബി മൂന്നാറില്‍ പിടിമുറുക്കുന്നത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏക്കറുകണക്കിന് ഭൂമിയാണ് ടൗണിലും പരിസരത്തുമായി വന്‍കിടക്കാര്‍ കൈവശപ്പെടുത്തിയിരിക്കുന്നത്. കെ.ഡി.എച്ച്, പള്ളിവാസല്‍ വില്ലേജുകളിലാണ് വന്‍തോതില്‍ അനധികൃത നിര്‍മാണം നടക്കുന്നത്. മൂന്നാര്‍ ടൗണില്‍ നൂറിലധികം കെട്ടിടങ്ങളാണ്  അനുമതി കൂടാതെ ബഹുനിലയാക്കി മാറ്റിയിരിക്കുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചെറിയ ഷെഡുകള്‍ മുതല്‍ ചായക്കടകള്‍ വരെ ഇരുനിലയും മറ്റുമാക്കി മാറ്റിയിരിക്കുകയാണ്. ഗ്രാമപഞ്ചായത്തിന്‍െറ അനുമതിയോടെ മാത്രമേ ഇത്തരം നിര്‍മാണം നടത്താന്‍ പാടുള്ളൂയെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് അപേക്ഷ പോലും നല്‍കാതെ കടകള്‍ ബഹുനിലകളാക്കി മാറ്റിയിരിക്കുന്നത്. നികുതി വെട്ടിപ്പും സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചും നിര്‍മിക്കുന്ന ഇത്തരം കടകള്‍ക്കെതിരെ ഒരുനോട്ടീസ് നല്‍കാന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല. മൂന്നാര്‍ പഞ്ചായത്ത് ഭരണസമിതിയിലെ പ്രധാന അംഗത്തിന്‍െറ തന്നെ രണ്ടുകട  ഇത്തരത്തില്‍ നിയമം ലംഘിച്ച് ബഹുനിലയാക്കി കഴിഞ്ഞു. ടൗണില്‍ ഇരുമ്പ് തൂണുകളും ഷീറ്റുകളും കൊണ്ട് കെട്ടിടം ഇരട്ടിയാക്കിയവര്‍ നിര്‍മാണത്തിന് മുമ്പ് ഒരുഅപേക്ഷയും നല്‍കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥരും പറയുന്നു. കഴിഞ്ഞ ദിവസം രണ്ട് ചെറിയ കടകള്‍ക്കെതിരെ നടപടിയുമായി അധികൃതര്‍ എത്തിയത് ആക്ഷേപത്തിനിടയാക്കി. ദേവികുളം സ്റ്റാന്‍ഡിന് സമീപം വണ്ടിയില്‍ കഞ്ഞിക്കട നടത്തിയത് പഞ്ചായത്തിന്‍െറ പരാതിയെ തുടര്‍ന്ന് എടുത്തുമാറ്റി. ജി.എച്ച് റോഡിലെ ഒരു കടയും അനുമതിയില്ലാതെ വിപുലീകരിച്ചതായി ആരോപിച്ച് റവന്യൂ അധികൃതര്‍ നോട്ടീസ് നല്‍കി. തോട് പുറമ്പോക്കിലും സര്‍ക്കാര്‍ ഭൂമിയിലും കെട്ടിടങ്ങള്‍ നിര്‍മിക്കുകയും അനുമതിയില്ലാതെ കെട്ടിടം വിപുലീകരിക്കുകയും ചെയ്യുന്ന നൂറുകണക്കിനാളുകളെ കണ്ണടച്ച് ഒഴിവാക്കുന്ന അധികൃതര്‍ ചിലരെ മാത്രം ലക്ഷ്യം വെക്കുന്നതിന് പിന്നില്‍ അഴിമതിയാണെന്നാണ് ആരോപണം.
മൂന്നാറില്‍ നടക്കുന്ന അനധികൃത നിര്‍മാണം തടയാന്‍ ഗ്രാമപഞ്ചായത്തിന് അധികാരമുണ്ടെങ്കിലും ഒരു നോട്ടീസ് പോലും നല്‍കാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്. കോളനിക്കുള്ളില്‍ ഭൂരഹിതര്‍ക്ക് നല്‍കിയ ഭൂമി വാങ്ങി നിരവധി വന്‍കിട റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ ഒന്നും നിര്‍മാണ സമയത്തോ പിന്നീടോ ഒരു നടപടിക്കും റവന്യൂ-പഞ്ചായത്ത് അധികൃതര്‍ തുനിഞ്ഞിട്ടില്ല.
സര്‍ക്കാര്‍ ഭൂമി കൈയേറുന്നത് തടയാന്‍ പ്രത്യേകം നിയോഗിച്ച സ്പെഷല്‍ റവന്യൂ ഓഫിസിലെ തഹസില്‍ദാറും 12 ഓളം ഉദ്യോഗസ്ഥരും ആറ് ഓഫിസുകളും ഉണ്ടെങ്കിലും ഇതുവരെ ഒരുവലിയ കൈയേറ്റവും ഒഴിപ്പിച്ചിട്ടില്ല. പരിസ്ഥിതി ദുര്‍ബല പ്രദേശമായതിനാല്‍ നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണമുള്ള പള്ളിവാസല്‍ വില്ലേജില്‍ കൊച്ചിയിലുള്ളതിനെക്കാള്‍ കൂടുതല്‍ ബഹുനില റിസോര്‍ട്ടുകളാണ് പൂര്‍ത്തിയായി വരുന്നത്.

താലൂക്ക് ആസ്ഥാനം: തര്‍ക്കം മുറുകുന്നു

Posted: 28 Mar 2013 09:43 PM PDT

കോഴഞ്ചേരി:  താലൂക്ക് ആസ്ഥാനം കോഴഞ്ചേരിയില്‍ തന്നെ വേണമെന്ന് ആവശ്യമുന്നയിച്ച് സര്‍വകക്ഷിയോഗം നടന്നു.  ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് ആനി ജോസഫ് അധ്യക്ഷത വഹിച്ചു.  
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, ധനമന്ത്രി കെ.എം. മാണി, മന്ത്രി പി.ജെ. ജോസഫ് എന്നിവര്‍ക്ക് നിവേദനം നല്‍കിയതും മന്ത്രിമാരുടെ സമീപനവും തിരുമേനി നാട്ടുകാരെ അറിയിച്ചു. വാഗ്ദാനങ്ങള്‍ഏറെയുണ്ടെങ്കിലും ഈ പ്രദേശത്തെ ജനങ്ങള്‍ ഒന്നിച്ചൊന്നായി സഹകരിച്ച് സമാധാനപരമായ സമരമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്നും സമരം വിജയിപ്പിക്കാന്‍ ദൈവത്തോട് പ്രാര്‍ഥിക്കണമെന്നും തിരുമേനി പറഞ്ഞു.  കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്‍റ് വിക്ടര്‍.ടി.തോമസ്, സി.പി.എം ജില്ലാ കമ്മിറ്റിയംഗം ബാബു കോയിക്കലത്തേ്, കെ.പി. സി.സി അംഗം കെ.കെ റോയിസണ്‍, ബി. ജെ.പി മണ്ഡലം പ്രസിഡന്‍റ് അഡ്വ.ആര്‍.ബാലകൃഷ്ണന്‍ നായര്‍, മുന്‍ എം. എല്‍. എ മാലത്തേ് സരളാദേവി, എന്‍. സി. പി ജില്ലാ പ്രസിഡന്‍റ് മാത്യൂസ് ജോര്‍ജ്, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബിനു സഖറിയ എന്നിവര്‍ സംസാരിച്ചു.

പെണ്‍കുട്ടി മരിച്ച സംഭവം: ആശുപത്രിയില്‍ മൃതദേഹവുമായി പ്രതിഷേധം

Posted: 28 Mar 2013 09:42 PM PDT

പത്തനംതിട്ട: അനസ്തേഷ്യ നല്‍കിയതിലെ പിഴവുമൂലം പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തില്‍  പ്രതിഷേധം. ബന്ധുക്കളും നാട്ടുകാരും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മൃതദേഹവുമായി പ്രതിഷേധിച്ചു. അപ്പന്‍ഡിസൈറ്റിസ് ബാധിച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോട്ടമണ്‍പാറ മനോത്രയില്‍ വീട്ടില്‍ രവീന്ദ്രന്‍െറ മകള്‍ രശ്മിയാണ് (18) മരിച്ചത്. ആശുപത്രി പരിസരത്ത് ഒന്നര മണിക്കൂറോളം പ്രതിഷേധം നീണ്ടു. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് രശ്മിയുടെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിത വിഭാഗം വരാന്തയില്‍ മൃതദേഹം വെച്ചശേഷം പ്രതിഷേധിക്കുകയായിരുന്നു.
രശ്മിയുടെ ചികിത്സക്ക് രൂപവത്കരിച്ച സഹായ സമിതിയുടെ രക്ഷാധികാരി എം.എസ്. രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം കോമളം അനിരുദ്ധന്‍,ഡി.വൈ.എഫ്.ഐ നേതാവ് ബെഞ്ചമിന്‍ ജോസ് ജേക്കബ്,  സലീം  പി. ചാക്കോ, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. കലക്ടറുമായും എ.ഡി.എമ്മുമായും ഫോണില്‍ ചര്‍ച്ച നടത്തിയതിനൊടുവില്‍ സംഭവ സ്ഥലത്തെത്താന്‍ കോഴഞ്ചേരി തഹസില്‍ദാരെ ചുമതലപ്പെടുത്തി. തഹസില്‍ദാര്‍ സ്ഥലത്തെത്താന്‍ വൈകിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ടി.കെ റോഡ് ഉപരോധിച്ചു. ഏറെനേരം കഴിഞ്ഞാണ് തഹസില്‍ദാര്‍ എത്തിയത്.
ഫെബ്രുവരി 23 നാണ് രശ്മിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 26ന് ശസ്ത്രക്രിയ നടത്താമെന്ന് ഡോ.ടി.കെ. ഷാജിയുടെ നിര്‍ദേശ പ്രകാരം ഡോ.ഗോപകുമാര്‍ അനസ്തേഷ്യ നല്‍കി. പിന്നീട് രശ്മിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ വെന്‍റിലേറ്ററിലേക്ക് മാറ്റിയതാണ് രക്ഷിതാക്കള്‍ അറിയുന്നത്. അവസ്ഥ വഷളായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി നടപ്പാക്കും -കെ.സി ജോസഫ്

Posted: 28 Mar 2013 09:40 PM PDT

Image: 

തിരുവനന്തപുരം: സൗദി അറേബ്യയില്‍ സ്വദേശിവത്കരണം ഊര്‍ജിതപ്പെടുത്തിയതിനെത്തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതികള്‍ നടപ്പാക്കുമെന്ന് ഗ്രാമ വികസന മന്ത്രി കെ.സി ജോസഫ് അറിയിച്ചു.

ഇതിനായി ആസൂത്രണ ബോര്‍ഡുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നയതന്ത്ര തലത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
 

Thursday, March 28, 2013

പാചകവാതകം ചോര്‍ന്നെന്ന് അഭ്യൂഹം; തലശ്ശേരി നടുങ്ങി Madhyamam News Feeds

പാചകവാതകം ചോര്‍ന്നെന്ന് അഭ്യൂഹം; തലശ്ശേരി നടുങ്ങി Madhyamam News Feeds

Link to

പാചകവാതകം ചോര്‍ന്നെന്ന് അഭ്യൂഹം; തലശ്ശേരി നടുങ്ങി

Posted: 28 Mar 2013 12:26 AM PDT

തലശ്ശേരി: പാചകവാതക ലോറിയില്‍ നിന്ന് ഗ്യാസ് ചോര്‍ന്നെന്ന അഭ്യൂഹത്തെ തുടര്‍ന്ന് തലശ്ശേരി നഗരം നടുങ്ങി. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. നാരങ്ങാപ്പുറം ജങ്ഷന് സമീപത്തെ എ.വി.കെ നായര്‍ റോഡിലൂടെ  പാചകവാതക സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിയിലെ അഗ്നിശമന ഉപകരണം (ഫയര്‍ എക്സ്റ്റിങ്ക്യുഷര്‍)  തെറിച്ചുവീണതാണ് ഭീതിക്കിടയാക്കിയത്. തീയണക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം തകര്‍ന്ന് റോഡില്‍ തെറിച്ചു വീഴുകയായിരുന്നു. ഇതില്‍ നിന്നുള്ള രാസവസ്തു പുറത്തേക്ക് വമിച്ച് പുക ഉയര്‍ന്നതാണ് ഗ്യാസ് ചോര്‍ന്നെന്ന അഭ്യൂഹത്തിനിടയാക്കിയത്. ഒരു മണിക്കൂറിന് ശേഷമാണ് ഭീതി ഒഴിവായത്.
മംഗലാപുരത്തുനിന്ന് കോഴിക്കോട്ടേക്ക് ഫില്ലിങ്ങിനായി പാചകവാതക സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിയിലെ അഗ്നിശമന ഉപകരണമാണ് തെറിച്ചുവീണത്. ഗ്യാസ് ചോര്‍ന്നെന്ന് വ്യാപക പ്രചാരണമുണ്ടായതോടെ നഗരത്തിലേക്കുള്ള വാഹനങ്ങളുടെ വരവും നിലച്ചു. കണ്ണൂര്‍ ഭാഗത്തുനിന്ന് വരുകയായിരുന്ന വാഹനങ്ങള്‍ മീത്തലെപീടികയിലും ഇരിട്ടി ഭാഗത്തുനിന്ന് വരുകയായിരുന്ന വാഹനങ്ങള്‍ മൂന്നാം മൈലിലും നിര്‍ത്തിയിട്ടു. പുതിയ ബസ്സ്റ്റാന്‍ഡില്‍ നിന്നും പഴയ ബസ്സ്റ്റാന്‍ഡില്‍ നിന്നുമുള്ള ബസോട്ടം നിലച്ചതോടെ നഗരത്തിലെ ഗതാഗതം സ്തംഭിച്ചു.
പുതിയ സ്റ്റാന്‍ഡിലുള്ളവര്‍ ചിറക്കര ഭാഗത്തേക്കും ട്രെയിനിറങ്ങി പുതിയ സ്റ്റാന്‍ഡിലേക്ക് നടന്നവര്‍ മടങ്ങി സ്റ്റേഷനിലേക്കും തിരിച്ചോടി. നഗരപരിധിയിലെ വീട്ടുകാര്‍ മെയിന്‍ സ്വിച്ച് ഓഫാക്കി വാതിലും ജനലുകളും അടച്ച് വീടിനുള്ളില്‍ ഭീതിയോടെ കഴിഞ്ഞു. നഗരത്തിലുള്ളവര്‍ പല ഭാഗത്തേക്കും ചിതറിയോടി. പുതിയ ബസ്സ്റ്റാന്‍ഡ്, പഴയ ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളിലുണ്ടായിരുന്നവരും നഗരസഭ ഓഫിസ്, താലൂക്ക് ഓഫിസ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ ജീവനക്കാരും മറ്റും സമീപത്തുള്ള കടല്‍ക്കരയിലേക്കും മറ്റും ഓടിരക്ഷപ്പെട്ടു. നഗരത്തിലെ ഓഫിസുകളും കടകളും നിമിഷങ്ങള്‍ക്കകം അടച്ച് ജീവനക്കാര്‍ പല ഭാഗത്തേക്കും ഓടി.
ബസുകളടക്കമുള്ള വാഹനങ്ങള്‍ നടു റോഡില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍മാരും ജീവനക്കാരും യാത്രക്കാരും ഇറങ്ങിയോടി. ഇതിനിടെ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്കുള്ള വൈദ്യുതി ബന്ധവും അധികൃതര്‍ വിച്ഛേദിച്ചു. വാഹനങ്ങള്‍ നടുറോഡില്‍ നിര്‍ത്തിയിട്ടതുകാരണം അഗ്നിശമന ഉദ്യോഗസ്ഥര്‍ക്ക് അപകട സ്ഥലത്തെത്താന്‍ സാധിച്ചില്ല.
സബ് കലക്ടര്‍ ടി.വി. അനുപമ, തലശ്ശേരി തഹസില്‍ദാര്‍ കെ. സുബൈര്‍ എന്നിവരും എസ്.ഐ ബിജു ജോണ്‍ ലൂക്കോസിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. സംഭവം നടന്ന സ്ഥലത്ത് പൊലീസെത്തി അപകടമില്ലെന്ന വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ജനജീവിതം സാധാരണ നിലയിലായത്. പിന്നീട് സംഭവം നടന്ന നാരങ്ങാപ്പുറം ജങ്ഷനിലേക്ക് നൂറുകണക്കിന് ആളുകള്‍ ഒഴുകിയെത്തി.
 ഒരു മണിക്കൂറിന് ശേഷമാണ് വൈദ്യുതി ബന്ധവും  ഗതാഗതവും പുന$സ്ഥാപിച്ചത്. നടുറോഡില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് റോഡരികിലേക്ക് തള്ളിമാറ്റുകയായിരുന്നു.  പിന്നീട് പാചകവാതക ലോറി തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുക്കുകയും അലക്ഷ്യമായി വാഹനമോടിച്ചെന്ന കുറ്റത്തിന് ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
സംഭവം നടന്ന എ.വി.കെ നായര്‍ റോഡിന്‍െറ ശോച്യാവസ്ഥക്കെതിരെ വ്യാപാരികളടക്കമുള്ളവര്‍ പലതവണ പ്രതിഷേധമുയര്‍ത്തിയിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡില്‍ ബൈക്ക് യാത്രികരും മറ്റും പലതവണ അപകടത്തില്‍പ്പെട്ടിരുന്നു.
തകര്‍ന്ന റോഡിലൂടെയുള്ള യാത്ര കാരണമാണ് ലോറിയുടെ ഫയര്‍ എക്സിറ്റിങ്ക്യുഷര്‍ തകര്‍ന്ന് തെറിക്കാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടം നിത്യ സംഭവമായിട്ടും റോഡില്‍  അറ്റകുറ്റപ്പണി നടത്താന്‍ നഗരസഭ തയാറായിട്ടില്ല.

ത്സാര്‍ഖണ്ഡില്‍ 10 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Posted: 27 Mar 2013 11:30 PM PDT

Image: 

ന്യൂദല്‍ഹി: ത്സാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് വിമതവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍  10 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ത്സാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലാണ് മാവോയിസ്റ്റുകളും ത്രിദീയ പ്രസ്തുതി കമ്മറ്റിയും ( ടി.പി.സി) തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ പ്രമുഖ മാവോയിസ്റ്റ് നേതാവ് അരവിന്ദ് ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടതായി പൊലീസ്  അറിയിച്ചു.
കഴിഞ്ഞ ജനുവരിയില്‍  ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍മാരുടെ മൃതദേഹത്തില്‍ ശസ്ത്രക്രിയ നടത്തി ബോംബുകള്‍ നിക്ഷേപിച്ച സംഭവത്തിന്റെ സൂത്രധാരനാണ് അരവിന്ദ്. അന്നുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരു മലയാളി അടക്കം 11 സി.ആര്‍.പി.എഫ് ജവാന്‍മാര്‍   കൊല്ലപ്പെട്ടിരുന്നു. അരവിന്ദിന്റെവലംകൈയ്യായ ലാലേഷും നാലും സോണല്‍ കമാന്‍്റര്‍മാരും വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലില്‍ മരിച്ചതായാണ് വിവരം.

 

'നിയമത്തിനു മുന്നില്‍ കീഴടങ്ങും'; സഞ്ജയ് ദത്ത് പൊട്ടിക്കരഞ്ഞു

Posted: 27 Mar 2013 11:00 PM PDT

Image: 

മുംബൈ: 1993 മുംബൈ സ്ഫോടനക്കേസില്‍ അഞ്ചു വര്‍ഷത്തെ തടവു ശിക്ഷക്ക് വിധിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്ത് നിയമത്തിനു മുന്നില്‍ കീഴടങ്ങുമെന്ന് അറിയിച്ചു. സുപ്രീംകോടതിയുടെ തീരുമാനം അംഗീകരിക്കുന്നു. സുപ്രീംകോടതി അനുവദിച്ച കാലയളവ് കഴിയുന്നതിന് മുമ്പ് പൊലീസിന് മുന്നില്‍ കീഴടങ്ങും. നിയമത്തെയും സുപ്രീംകോടതിയെും ബഹുമാനിക്കുന്നു - സഞ്ജയ് ദത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സഹോദരിയോടൊപ്പം വ്യാഴാഴ്ച രാവിലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വികാരാധീനനായാണ് സഞ്ജയ് ദത്ത് സംസാരിച്ചത്. ഒരു തവണ അദ്ദേഹം പൊട്ടിക്കരയുകയും ചെയ്തു. ശിക്ഷയില്‍ ഇളവു ലഭിക്കാന്‍ മാപ്പപേക്ഷ നല്‍കിയിട്ടില്ല. കീഴടങ്ങുന്നതിനു മുമ്പ് ചെയ്യാനുള്ള പ്രൊജക്റ്റുകള്‍ പൂര്‍ത്തിയാക്കണമെന്നും ബാക്കിയുള്ള സമയം കുടുംബാംഗങ്ങളുമൊത്ത് ചിലവഴിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, മാപ്പുനല്‍കണമെന്ന് സഞ്ജയ് ദത്ത് ആവശ്യപ്പെട്ടാല്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി അശ്വനി കുമാര്‍ വ്യക്തമാക്കിയിരുന്നു. ദത്തിന് മാപ്പുനല്‍കുന്ന കാര്യം അധികൃതര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രി മനീഷ് തിവാരിയും അറിയിച്ചിരുന്നു. ആയുധനിയമപ്രകാരം ശിക്ഷിക്കപ്പെട്ട ദത്തിന്, ഭരണഘടനയുടെ 161ാം വകുപ്പ് പ്രകാരം മാപ്പ് നല്‍കാന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ തയാറാകണമെന്ന അഭ്യര്‍ത്ഥനയുമായി പ്രസ്കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍കണ്ഡേയ കട്ജുവും രംഗത്തെത്തിയിരുന്നു.

സഞ്ജയ് ദത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ ദൃശ്യം (കടപ്പാട്: എന്‍.ഡി.ടി.വി)

സ്വകാര്യമേഖലയെ ബാധിക്കുന്ന രീതിയില്‍ ധിറുതി പിടിച്ച സ്വദേശിവത്കരണമില്ല -സൗദി തൊഴില്‍ മന്ത്രി

Posted: 27 Mar 2013 10:43 PM PDT

Image: 

റിയാദ്: സ്വദേശിവത്കരണം നടപ്പാക്കുന്നതിന് മന്ത്രാലയം എടുക്കുന്ന തീരുമാനങ്ങള്‍ രാജ്യത്തെ സ്വകാര്യ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ധൃതിപ്പെട്ട് നടപ്പാക്കില്ലെന്ന് സൗദി തൊഴില്‍മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ് പറഞ്ഞു. എന്നാല്‍ വിദേശികള്‍ തങ്ങളുടെ ഇഖാമയിലുള്ളതല്ലാത്ത പ്രൊഫഷനില്‍ ജോലി ചെയ്യുന്നത് കുറ്റകരമാണെന്നും അത്തരം നിയമലംഘനം പരിശോധന സമയത്ത് ശ്രദ്ധയില്‍പെട്ടാല്‍ തൊഴിലാളികളെ പിടികൂടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ തൊഴില്‍മേഖല നിയമാനുസൃതമാക്കുകയും സ്വദേശികള്‍ക്ക് പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് മന്ത്രാലയത്തിന്‍െറ ലക്ഷ്യം. സ്വകാര്യമേഖലയിലെ ലാഭവിഹിതത്തെ മന്ത്രാലയ തീരുമാനങ്ങള്‍ ദോഷകരമായി ബാധിക്കണമെന്ന് തൊഴില്‍ മന്ത്രാലയം ഉദ്ദേശിക്കുന്നില്ല. അതേസമയം സ്വദേശികള്‍ക്ക് മന്ത്രാലയം നിശ്ചയിച്ച ചുരുങ്ങിയ വേതനം നല്‍കാന്‍ സ്വകാര്യ കമ്പനികളും തയാറാവണം. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായി അന്വേഷിച്ച ശേഷം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് സൗദി ഉന്നതസഭ തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. തൊഴിലുടമ, തൊഴിലാളി, സര്‍ക്കാര്‍ എന്നീ മൂന്ന് വിഭാഗത്തിന്‍െറ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നതാണ് മന്ത്രാലയത്തിന്‍െറ ലക്ഷ്യം. ഇത്തരത്തിലുള്ള തുറന്ന ചര്‍ച്ച അടുത്ത ആറാഴ്ചക്കുള്ളില്‍ രാജ്യത്തിന്‍െറ വിവിധ മേഖലകളില്‍ നടക്കുമെന്നും വകുപ്പുമന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ യോഗ്യതയും തൊഴിലെടുക്കാന്‍ സന്നദ്ധതയുമുള്ള സ്വദേശികളായ തൊഴില്‍രഹിതര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാനാണ് നിതാഖാത്ത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ രൂപപ്പെടുത്തിയത്.
സ്വദേശികള്‍ക്ക് മന്ത്രാലയം നിശ്ചയിച്ച ചുരുങ്ങിയ വേതനമനുസരിച്ചുള്ള വ്യവസ്ഥകള്‍ കഴിഞ്ഞ മൂന്ന് മാസത്തിനകം 180,000 സ്ഥാപനങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്നാണ് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ് (ഗോസി) കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തരം ശമ്പള പരിഷ്കരണം നടപ്പാക്കാതിരിക്കുന്നതും സ്ഥാപനം ചുവപ്പുഗണത്തില്‍ വരാന്‍ കാരണമാവുമെന്ന് തൊഴില്‍ മന്ത്രി വിശദീകരിച്ചു.
 

ബാങ്ക് മസ്കത്ത് ഫഞ്ച ശാഖയില്‍ കവര്‍ച്ചാ ശ്രമം

Posted: 27 Mar 2013 10:42 PM PDT

Image: 

മസ്കത്ത്: ബാങ്ക് മസ്കത്തിന്‍െറ ഫഞ്ച ശാഖയില്‍ തോക്കേന്തിയ യുവാവിന്‍െറ കവര്‍ച്ചാ ശ്രമം. ജീവനക്കാര്‍ സമചിത്തത പാലിച്ചതിനാല്‍ യുവാവ് കവര്‍ച്ചാ ശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
ബുധനാഴ്ച രാവിലെ 7.40ഓടെയാണ് സംഭവം. ബാങ്കില്‍ ജീവനക്കാരുടെ യോഗം നടക്കവെ തോക്കേന്തിയ യുവാവ് അകത്തുകടക്കുകയായിരുന്നു. രാവിലെ എട്ട് മുതലാണ് ബാങ്കിന്‍െറ പ്രവൃത്തി സമയം. ഏഴ് മണിയോടെ ജീവനക്കാരെത്തും. പ്രവൃത്തി സമയമാകാത്തതിനാല്‍ മുന്‍വശത്തെ വാതില്‍ പൂട്ടിയിരുന്നതുകൊണ്ട് പുറകിലെ വാതിലിലൂടെയാണ് ഇയാള്‍ അകത്തുകടന്നതെന്ന് ബ്രാഞ്ച് മാനേജര്‍ അംറ് ബിന്‍ സഈദ് ബിന്‍ സലിം അല്‍ സവായ് പറഞ്ഞു. തോക്കുചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ യുവാവ് പണം സൂക്ഷിച്ചിരിക്കുന്ന സേഫിന്‍െറ താക്കോല്‍ ആവശ്യപ്പെട്ടു. ജീവനക്കാര്‍ ഭയപ്പെടാതെ സമചിത്തതയോടെ യുവാവിനോട് സംസാരിക്കാന്‍ തുടങ്ങി. താക്കോല്‍ നല്‍കാമെന്ന് പറഞ്ഞ് ജീവനക്കാര്‍ സംഭാഷണം ദീര്‍ഘിപ്പിച്ചു. ഈ സമയമത്രയും യുവാവ് അസ്വസ്ഥനായിരുന്നു. പൊലീസിനെ വിവരമറിയിക്കാനുള്ള ശ്രമമാണെന്ന് സംശയിച്ച യുവാവ് കവര്‍ച്ചാ ശ്രമം ഉപേക്ഷിച്ച് പെട്ടെന്ന് പുറത്ത് കടന്ന് അപ്രത്യക്ഷനാവുകയായിരുന്നുവെന്ന് മാനേജര്‍ പറഞ്ഞു. സാധനങ്ങളൊന്നും കവരാതെയാണ് യുവാവ് രക്ഷപ്പെട്ടത്. ഒമാനി വസ്ത്രവും സൗദികളുടേത് പോലുള്ള തലപ്പാവും ധരിച്ചിരുന്ന യുവാവിന് 20 വയസ്സ് പ്രായം തോന്നിക്കും. ബാങ്ക് ശാഖയില്‍ കവര്‍ച്ചാശ്രമം നടന്നതായി റോയല്‍ ഒമാന്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് ബാങ്കിലെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുവരുന്നതായും പൊലീസ് അറിയിച്ചു.

ഡ്രൈവിങ് ലൈസന്‍സ്: നിയമത്തില്‍ ഭേദഗതി

Posted: 27 Mar 2013 10:40 PM PDT

Image: 

കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിനുള്ള നിബന്ധനകളില്‍ സര്‍ക്കാര്‍ മാറ്റംവരുത്തി.
ആഭ്യന്തര മന്ത്രി ശൈഖ് അഹ്മദ് അല്‍ ഹമൂദ് അസ്വബാഹാണ് റെഗുലേഷന്‍ എക്സിക്യൂട്ടീവ് ട്രാഫിക് ലോയില്‍ ഭേദഗതി വരുത്തിക്കൊണ്ട് 81/76 നമ്പര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ടു വര്‍ഷമെങ്കിലും നിയമപരമായി രാജ്യത്ത് താമസിച്ചവരായിരിക്കുക എന്നതയാണ് പ്രധാന നിബന്ധന. നേരത്തേയുള്ള നിബന്ധകളായ കുറഞ്ഞത് 400 ദീനാര്‍ വാര്‍ഷിക ശമ്പളമുണ്ടായിരിക്കുക, സര്‍വകലാശാലാ ബിരുദമുണ്ടായിരിക്കുക തുടങ്ങിയവ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
കൂടാതെ, ഡ്രൈവിങ് ടെസ്റ്റ്, പ്രായപരിധി, ശാരീരികക്ഷമത എന്നിവയുടെ കാര്യത്തിലും യാതൊരുവിധ വിട്ടുവീഴ്ചയും അനുവദിക്കരുതെന്നും പ്രത്യേക നിര്‍ദേശമുണ്ട്.
 

കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തതില്‍ അഭിമാനിക്കുന്നുവെന്ന് മുശര്‍റഫ്

Posted: 27 Mar 2013 09:55 PM PDT

Image: 

കറാച്ചി: കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തതില്‍ അഭിമാനിക്കുന്നുവെന്ന് പ്രവാസ ജീവിതത്തിനു ശേഷം പാകിസ്താനില്‍ തിരിച്ചെത്തിയ മുന്‍ പട്ടാള ജനറല്‍ പര്‍വേസ് മുശര്‍റഫ് പറഞ്ഞു. കാര്‍ഗിലില്‍ വിജയം കൈവിട്ടത് രാഷ്ട്രീയക്കാരുടെ പിടിപ്പു കേടുകൊണ്ടാണെന്നും മുശര്‍റഫ് കറാച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

തിരിച്ചുവരാന്‍ ആരുമായും കരാറുണ്ടാക്കിയിട്ടില്ലെന്നും ജനങ്ങളുടെയും താല്പര്യമനുസരിച്ചാണ് തിരിച്ചെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മേയില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടിയെ സജ്ജമാക്കുന്നതിനാണ് അഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം മുശര്‍റഫ് പാകിസ്താനില്‍ തിരിച്ചെത്തിയത്. സൈനികമേധാവിയായിരിക്കെ 1999ല്‍ രക്തരഹിത അട്ടിമറിയിലൂടെ നവാസ് ശരീഫ് സര്‍ക്കാറിനെ അട്ടിമറിച്ചാണ് മുശര്‍റഫ് ഭരണം പിടിച്ചത്. 1999 മെയ്-ജൂലൈ മാസങ്ങളിലായിരുന്നു കാര്‍ഗില്‍ യുദ്ധം. യുദ്ധത്തില്‍ പാകിസ്താന്റെ കമാന്‍ഡിങ് ലീഡറായിരുന്നു മുശര്‍റഫ്. ഇംപീച്ച്മെന്‍റ് ഭീഷണിയെ തുടര്‍ന്ന് 2008ലാണ് മുശര്‍റഫ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് രാജിവെച്ചത്.

ടാങ്കര്‍ ലോറി പണിമുടക്ക് തുടങ്ങി

Posted: 27 Mar 2013 09:30 PM PDT

Image: 

ഫറോക്ക്: സേവന-വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ഐ.ഒ.സി ഫറോക്ക്, ഹിന്ദുസ്ഥാന്‍ പെട്രോളിയം എലത്തൂര്‍ ഡിപ്പോകളിലെ ടാങ്കര്‍ ലോറി തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് മലബാര്‍ മേഖലയിലെ ഇന്ധനവിതരണത്തെ ബാധിക്കും.

പ്രശ്ന പരിഹാരത്തിന് ബുധനാഴ്ച റീജനല്‍ ജോയിന്‍റ് ലേബര്‍ കമീഷണര്‍ വിളിച്ച അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. 28 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് തൊഴിലാളി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ബുധനാഴ്ച 11.30നും 2.30നും ചര്‍ച്ച നടന്നത്.

സര്‍ക്കാര്‍ തീരുമാനപ്രകാരം വേതനം പരിഷ്കരിക്കണമെന്നും അധികജോലിക്ക് അധികവേതനം, ഒഴിവുദിനങ്ങളില്‍ ഇരട്ടിവേതനം, 20 ശതമാനം ബോണസ് തുടങ്ങിയവയാണ് തൊഴിലാളികളുടെ ആവശ്യം.  ഇപ്പോള്‍ എത്ര മണിക്കൂര്‍ ജോലി ചെയ്താലും ഒരേ വേതനമാണ് ലഭിക്കുന്നതെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഓടുന്ന കിലോമീറ്റര്‍ അടിസ്ഥാനമാക്കിയുള്ള വേതനം മാത്രമേ നല്‍കാനാകൂ എന്നാണ് ടാങ്കര്‍ ഉടമകളുടെ നിലപാട്.
സമരം നീണ്ടുനിന്നാല്‍ മലബാറിലെ അഞ്ച് ജില്ലകളില്‍ ഇന്ധനവിതരണം തടസ്സപ്പെടും. ഒന്നോ രണ്ടോ ദിവസത്തേക്കുള്ള സ്റ്റോക്കാണ് സാധാരണയായി പമ്പുകളില്‍ ഉണ്ടാവുക.
ഫറോക്കില്‍ 140ഉം എലത്തൂരില്‍ 60ഉം ടാങ്കറുകളാണുള്ളത്. ഇവയില്‍ 400ഓളം തൊഴിലാളികളാണ് പണിമുടക്കുന്നത്. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് യൂനിയനുകളാണ് ഏകോപന സമിതിയുണ്ടാക്കി സമരരംഗത്തുള്ളത്. ഇന്നലെ മേഖലാ ജോയിന്‍റ് ലേബര്‍ കമീഷണര്‍ മധ്യസ്ഥത വഹിച്ച ചര്‍ച്ചയില്‍ പത്മനാഭന്‍, ദേവരാജന്‍ (സി.ഐ.ടി.യു), ദിനേശന്‍, സഹദേവന്‍ (ഐ.എന്‍.ടി.യു.സി), ഷാലി, പരമേശ്വരന്‍ (ബി.എം.എസ്), ഐ.ഒ.സി സീനിയര്‍ ഡിപ്പോ മാനേജര്‍ സുധാകരന്‍, ഡിവിഷനല്‍ മാനേജര്‍ ബാലാജി, ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡിപ്പോ മാനേജര്‍ രാജന്‍, ട്രക് ഓണേഴ്സ് അസോസിയേഷന്‍ പ്രതിനിധികളായ ചാക്കോ, പ്രവീണ്‍കുമാര്‍, ശിവാനന്ദന്‍, രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

മന്ത് നിവാരണ യജ്ഞം പാളി

Posted: 27 Mar 2013 09:10 PM PDT

കോഴിക്കോട്: ആരോഗ്യവകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 12 മുതല്‍ രണ്ടാഴ്ചക്കാലം നടത്തിയ ദേശീയ മന്ത്രോഗ നിവാരണ സമൂഹ ചികിത്സാ പദ്ധതി പാളി. രോഗം തടയാന്‍ മന്ത് രോഗ നിവാരണ ഗുളികകളായ ഡി.ഇ.സിയും (ഡൈല്‍ ഇതൈല്‍ കാര്‍ബാമെസിന്‍) ആല്‍ബെന്‍ഡസോളും പൊതുജനങ്ങളെ നിര്‍ബന്ധിച്ച് കുടിപ്പിക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരുന്നത്. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരെയും കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍ എന്നിവരെയും ഇതിനുവേണ്ടി നിയോഗിച്ചിരുന്നു. ജില്ലയില്‍ പക്ഷേ, 50 ശതമാനം ആളുകളെക്കൊണ്ടുപോലും മരുന്ന് കഴിപ്പിക്കാനായില്ലെന്നാണ് അനൗദ്യോഗിക കണക്ക്. ധാരാളം പേര്‍ ഇനിയും മരുന്ന് കഴിച്ചിട്ടില്ല എന്ന് ബോധ്യപ്പെട്ടതിനാല്‍ ഏപ്രില്‍ ഒന്നു മുതല്‍ ഏഴുവരെ ഒരാഴ്ചകൂടി കഴിപ്പിക്കല്‍ യജ്ഞം നടത്താന്‍ തീരുമാനിച്ചതായി ജില്ലാ പൈലേറിയ ഓഫിസര്‍ ബിമല്‍രാജ് ‘മാധ്യമ’ത്തോടു പറഞ്ഞു.
75 ശതമാനം വരെ പേര്‍ മരുന്ന് കഴിച്ചുവെന്നാണ് ഔദ്യാഗിക കണക്കെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം, പരീക്ഷാ കാലമായതിനാലും വേണ്ടത്ര ബോധവത്കരണം ജനങ്ങളിലേക്കെത്താത്തതിനാലും പദ്ധതി പാളി എന്ന് ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ പറയുന്നു. 30 ശതമാനം പേര്‍ പോലും മരുന്ന് കഴിച്ചില്ലെന്നാണ് വിവരം. ചിലര്‍ മരുന്ന് വാങ്ങി വീട്ടില്‍വെച്ചു. പക്ഷേ, കഴിച്ചില്ല. സന്നദ്ധ സേവകര്‍ ജനങ്ങളെ നേരില്‍ കണ്ട് അവരുടെ മുന്നില്‍വെച്ച് ഗുളിക കഴിച്ചു എന്ന് ഉറപ്പുവരുത്തണമെന്നായിരുന്നു നിര്‍ദേശം. ആളുകളില്ലാത്ത വീട്ടില്‍ വീണ്ടും വീണ്ടും സന്ദര്‍ശനം നടത്തി നേരില്‍ കണ്ട് ഗുളിക കഴിപ്പിക്കാനും നിര്‍ദേശിച്ചിരുന്നു. 15 ദിവസത്തോളം ഇതിന്‍െറ പ്രവര്‍ത്തനങ്ങളുമായി നടക്കുന്നവര്‍ക്ക് ആരോഗ്യവകുപ്പ് പ്രതിഫലമായി നിശ്ചയിച്ചത് വെറും നൂറു രൂപയായിരുന്നു. അതുകൊണ്ടുതന്നെ, ഇതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആരും താല്‍പര്യം കാട്ടിയില്ലെന്നതാണ് വാസ്തവം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും മാര്‍ച്ചിലെ  തിരക്കുകള്‍ക്കിടയില്‍ മന്ത് നിവാരണ പദ്ധതി മറന്നു. പല വീടുകളിലും വളണ്ടിയര്‍മാര്‍ എത്തിയതുപോലുമില്ല.
കോര്‍പറേഷന്‍ മുനിസിപ്പാലിറ്റി തലത്തില്‍ ഉദ്യോഗസ്ഥരുടെ കുറവുള്ളത് പദ്ധതിയെ ബാധിച്ചതായി പൈലേറിയ ഓഫീസര്‍ പറഞ്ഞു. 1997 മുതല്‍ 2012 വരെ പല തവണ മന്ത് നിവാരണ പരിപാടി നടപ്പാക്കിയെങ്കിലും സംസ്ഥാനത്ത് 35 ശതമാനം ആളുകളേ ഗുളിക കഴിച്ചിരുന്നുള്ളൂ എന്നാണ് സര്‍ക്കാര്‍ കണക്ക്.
അന്യസംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്ത് ഏറി വരുകയും അവരില്‍നിന്ന് മന്ത്രോഗം പടരാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ തന്നെ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തവണ വിപുലമായ രീതിയില്‍ പദ്ധതി ആവിഷ്കരിച്ചത്. കഴിച്ചാല്‍ അസ്വസ്ഥതകളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് തന്നെ വ്യക്തമാക്കിയ ഗുളിക പരീക്ഷാ കാലത്ത് കുടിക്കാന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ധൈര്യമുണ്ടായിരുന്നില്ല.
കഴിഞ്ഞ നവംബറിലായിരുന്നു ആദ്യം പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. കമ്പനികള്‍ക്ക് യഥാസമയം മരുന്ന് വിതരണം ചെയ്യാന്‍ സാധിക്കാത്തതിനാലാണ് ഇത് വൈകിയത്.

വഖഫ് ബോര്‍ഡിന്‍െറ ഗ്രാന്‍റ് നഷ്ടപ്പെടുത്താന്‍ നീക്കം; ബജറ്റ് വിഹിതവും വെട്ടിക്കുറച്ചു

Posted: 27 Mar 2013 09:05 PM PDT

Image: 
Subtitle: 
അഡ്മിനിസ്ട്രേറ്റീവ് ഗ്രാന്‍റ് 35 ശതമാനം കുറച്ചു

 തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ വഖഫ് ബോര്‍ഡിനെ അവഗണിച്ചു; ഒപ്പം ഗ്രാന്‍റ് നഷ്ടപ്പെടുത്താന്‍ അണിയറയില്‍ ഗൂഢശ്രമവും. അഞ്ച് കോടി രൂപയാണ് ബജറ്റില്‍ വഖഫ്ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്. ഇത് പരിഗണിച്ചില്ലെന്ന് മാത്രമല്ല കഴിഞ്ഞവര്‍ഷം അനുവദിച്ച അഡ്മിനിസ്ട്രേറ്റീവ് ഗ്രാന്‍റ് തുകയുടെ 35 ശതമാനം വെട്ടിക്കുറക്കുകയും ചെയ്തു.  65 ലക്ഷം മാത്രമാണ് ഇത്തവണ ബജറ്റില്‍ അനുവദിച്ചത്.
വഖഫ് ബോര്‍ഡിന് വര്‍ഷംതോറും സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് അഡ്മിനിസ്ട്രേറ്റീവ് ഗ്രാന്‍റ് നല്‍കിവരുന്നത്. ഗഡുക്കളായാണ് ഈ തുക നല്‍കുന്നത്. നേരത്തെ 50 ലക്ഷം രൂപയായിരുന്ന ഗ്രാന്‍റ് കഴിഞ്ഞ സര്‍ക്കാറാണ് 201011ല്‍ ഒരു കോടി രൂപയാക്കിയത്. ഈ സര്‍ക്കാര്‍ വന്ന ശേഷം അഡ്മിനിസ്ട്രേറ്റീവ് ഗ്രാന്‍റ് കുറയ്ക്കാനുള്ള തീവ്രശ്രമം ധനവകുപ്പില്‍ നിന്നുണ്ടായി. കഴിഞ്ഞ വര്‍ഷം ഗ്രാന്‍റ് തുക 63 ലക്ഷം രൂപയായി വെട്ടിക്കുറച്ചു. ബോര്‍ഡ് ചെയര്‍മാനും അംഗങ്ങളും നിരന്തരം നിവേദനം നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ അത് ഒരു കോടി രൂപയായി പുന:സ്ഥാപിച്ചു.
201213 ബജറ്റില്‍ അനുവദിച്ച ഈ തുക നല്‍കാതിരിക്കാനുള്ള നീക്കത്തിന്‍െറ ഭാഗമായി 2012 ഡിസംബറില്‍ ധനവകുപ്പിന്‍െറ ഇന്‍സ്പെക്ഷന്‍ വിഭാഗത്തെ ഉപയോഗിച്ച് വഖഫ് ബോര്‍ഡിന്‍െറ കണക്കുകള്‍ പരിശോധിപ്പിച്ചു. ബാങ്കുകളില്‍ നാല് കോടി രൂപ സ്ഥിരം നിക്ഷേപമുള്ള വഖഫ് ബോര്‍ഡിന് സര്‍ക്കാര്‍ ഗ്രാന്‍റിന്‍െറ ആവശ്യമില്ലെന്നാണ് അവരുടെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ തുക നല്‍കാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
വഖഫ് റൂള്‍ അനുസരിച്ച് സര്‍ക്കാര്‍ അംഗീകരിച്ച ബോര്‍ഡിന്‍െറ ബജറ്റ് പ്രകാരം അഞ്ച് കോടി രൂപ കോഴിക്കോട് വഖഫ് ബോര്‍ഡ് കെട്ടിടത്തിന്‍െറ നിര്‍മാണത്തിന് ആവശ്യമാണെന്നിരിക്കെ ഇന്‍സ്പെക്ഷന്‍ വിഭാഗത്തിന്‍െറ കണ്ടെത്തല്‍ അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31നകം തുക ലഭ്യമാക്കിയില്ലെങ്കില്‍ ഗ്രാന്‍റ് ഇനത്തില്‍ ലഭിക്കേണ്ട 43.25 ലക്ഷം രൂപ ബോര്‍ഡിന് നഷ്ടപ്പെടും. തുക റിലീസ് ചെയ്യണമെന്നാവശ്യപ്പെട്ട്  കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് ബോര്‍ഡ് സര്‍ക്കാറിലേക്ക് എഴുതുകയും ബോര്‍ഡിന്‍െറ ലെയ്സണ്‍ ഓഫിസര്‍ മൂന്ന് മാസമായി സെക്രട്ടേറിയറ്റിലെത്തി ഇതിനുള്ള പരിശ്രമം നടത്തിയെങ്കിലും ധനകാര്യ ഇന്‍സ്പെക്ഷന്‍ വിഭാഗം ഗ്രാന്‍റിന്‍െറ ബാക്കി തുക നല്‍കുന്നതിനുള്ള ഫയല്‍ കഴിഞ്ഞ ജനുവരി അഞ്ച് മുതല്‍ ഈ മാര്‍ച്ച് 26 വരെ തടഞ്ഞുവെക്കുകയായിരുന്നു. അതിനുശേഷം ഫയല്‍ തടഞ്ഞതിന്‍െറ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഫയല്‍ ബുധനാഴ്ച ധനമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.
എന്നാല്‍  ബുധനാഴ്ച ഉച്ചകഴിഞ്ഞ് തലസ്ഥാനത്ത് പ്രാദേശിക അവധിയായതിനാല്‍ ഇതില്‍ നടപടിയൊന്നും ഉണ്ടായിട്ടുമില്ല.  ഈ സാമ്പത്തിക വര്‍ഷം ബാക്കിയുള്ള പ്രവൃത്തി ദിവസമായ ശനിയാഴ്ചക്കകം തുക പിന്‍വലിക്കാന്‍ സാധ്യമല്ല എന്നുറപ്പാക്കി  വഖഫ് ബോര്‍ഡിന്‍െറ ഗ്രാന്‍റ് തുക നഷ്ടപ്പെടുത്താനുള്ള നീക്കമാണിതിന് പിന്നിലെന്നും ആരോപണമുണ്ട്.  
പുതിയ ബജറ്റിലും ബോര്‍ഡിന്‍െറ ഗ്രാന്‍റ് 65 ലക്ഷം രൂപയായി വെട്ടിക്കുറച്ചിരിക്കുകയാണ്. ബജറ്റ് വിഹിതം രണ്ട് കോടി രൂപയാക്കാമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാനും അംഗങ്ങള്‍ക്കും ധനമന്ത്രി  ഉറപ്പ് നല്‍കിയിരുന്നതാണ്.
സര്‍ക്കാറില്‍ നിന്ന് രണ്ട് തരം ഗ്രാന്‍റാണ് ബോര്‍ഡിന് ലഭിച്ചുവരുന്നത്. ഭരണപരമായ കാര്യങ്ങള്‍ക്കുള്ളതും സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ളതും. അഞ്ച് കോടി രൂപ നല്‍കണമെന്നാണ് വഖഫ്ബോര്‍ഡ് ആവശ്യപ്പെട്ടത്. രണ്ടരക്കോടിയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ടായിരുന്നു.  
 

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP