സ്വാഗതം
WELCOME

News Update..

Tuesday, March 26, 2013

ഗണേഷിനെ മാറ്റണമെന്ന ആവശ്യവുമായി വീണ്ടും പിള്ള Madhyamam News Feeds

ഗണേഷിനെ മാറ്റണമെന്ന ആവശ്യവുമായി വീണ്ടും പിള്ള Madhyamam News Feeds

Link to

ഗണേഷിനെ മാറ്റണമെന്ന ആവശ്യവുമായി വീണ്ടും പിള്ള

Posted: 26 Mar 2013 12:00 AM PDT

Image: 

തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തുനിന്നും മാറ്റണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള വീണ്ടും രംഗത്ത്. മന്ത്രി പാര്‍ട്ടിക്ക് ഇപ്പോഴും വഴങ്ങാത്ത സാഹചര്യത്തില്‍ ഗണേഷിനെ മാറ്റണമെന്ന് അദ്ദേഹം യു.ഡി.എഫിനോട് ആവശ്യപ്പെട്ടു. യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഏപ്രില്‍ രണ്ടിന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ മന്ത്രിയെ മാറ്റണമെന്ന തന്റെകത്ത് ചര്‍ച്ചക്കെടുക്കണമെന്നും പിള്ള ആവശ്യപ്പെട്ടു.

നേരത്തെ, പാര്‍ട്ടിക്ക് വിധേയനായാല്‍ ഗണേഷിന് മന്ത്രിയായി തുടരാമെന്ന് പിള്ള വാര്‍ത്താസമ്മേളനത്തില്‍ വ്യകതമാക്കിയിരുന്നു. ഇതിനോടനുകൂലമായാണ് അന്ന് ഗണേഷും പ്രതികരിച്ചത്. അതോടെ, പിള്ള-ഗണേഷ് പ്രശ്‌നം പരിഹരിക്കപ്പെടുന്നതായാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍, ചൊവ്വാഴ്ച വീണ്ടും പിള്ള ഗണേഷിനെതിരെ രംഗത്തു വരികയായിരുന്നു. മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫിലുള്ള ഏതാനും ആളുകളെ മാറ്റാനുളള പിള്ളയുടെ ആവശ്യം ഗണേഷ് അംഗീകരിക്കാത്തതാണ് ഇപ്പോള്‍ വീണ്ടും പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുന്നതെന്നാണ് സൂചന. ചലച്ചിത്ര അക്കാദമി ഉള്‍പ്പെടെ മന്ത്രിയുടെ വകുപ്പുകളിലേക്കുള്ള ഭരണസമിതിയിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ പരിഗണിക്കാതെ ഗണേഷ് സ്വന്തക്കാരെ കയറ്റുകയായിരുന്നുവെന്ന് പിള്ള നേരത്തെ ആരോപിച്ചിരുന്നു.
 

കല്ലമ്പലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് 18 പേര്‍ക്ക് പരിക്ക്

Posted: 25 Mar 2013 11:54 PM PDT

കല്ലമ്പലം: ദേശീയപാതയില്‍ കല്ലമ്പലം മണമ്പൂരില്‍ ബസും ജീപ്പും കൂട്ടിയിടിച്ച് 18 പേര്‍ക്ക് പരിക്ക്. ഇതില്‍ ജീപ്പ് യാത്രക്കാരായ ഏഴ് പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
സുല്‍ത്താന്‍ബത്തേരി സ്വദേശികളാണ് ജീപ്പിലുണ്ടായിരുന്നത്. ഗുരുതര പരിക്കേറ്റ രാഘവന്‍, തോമസ്, അശോകന്‍, സഹദേവന്‍, ചാക്കോച്ചന്‍, ഗിരീശന്‍, ജനാര്‍ദനന്‍ എന്നിവരെയും പരിക്കേറ്റ ജീപ്പ് യാത്രക്കാരായ ഷെര്‍ലി, മണികണ്ഠന്‍, മുരളീധരന്‍ തുടങ്ങി 10 പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജീപ്പ് ഡ്രൈവര്‍ ബത്തേരി സ്വദേശി അസീസ്, ബസ് യാത്രികരായ അശ്വിന്‍ കട്ടപ്പന, ശ്യാമള കാരേറ്റ്, ശിവ പ്രസാദ് തട്ടാമല, ശാന, ലിഖിയ ശ്രീകാര്യം, ശ്രീപാല്‍ എന്നിവരെ ചാത്തമ്പറ കെ.ടി. സി.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകുന്നേരം 5.45നായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പില്‍ മറ്റൊരു വാഹനം മറികടക്കാന്‍ ശ്രമിക്കവേ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ജീപ്പ് തകര്‍ന്നു. വാഹനങ്ങളില്‍ നിന്ന് നിലവിളിയുയര്‍ന്നതോടെ നാട്ടുകാരും മറ്റുവാഹനങ്ങളിലെ യാത്രക്കാരും രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തി. തുടര്‍ന്ന് കല്ലമ്പലം പൊലീസെത്തി കിട്ടിയ വാഹനങ്ങളില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
സംഭവ സമയം ചാറ്റല്‍ മഴയുണ്ടായിരുന്നു. ദേശീയപാതയില്‍ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പൊലീസ് വാഹനങ്ങള്‍ വഴി തിരിച്ച് വിട്ടും അപകടത്തില്‍പെട്ട വാഹനങ്ങള്‍ മാറ്റിയും ഗതാഗതം പുന$സ്ഥാപിച്ചു.

വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരണം; രണ്ടുപേര്‍ക്ക് സസ്പെന്‍ഷന്‍

Posted: 25 Mar 2013 11:50 PM PDT

കുമളി: വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണിക്കിടെ ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിക്കാനിടയായ സംഭവത്തില്‍ രണ്ട് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കുമളി സെക്ഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും വൈകാതെ നടപടിയുണ്ടാകുമെന്നാണ് വിവരം.
കുമളി സെക്ഷനിലെ ഓവര്‍സിയര്‍ എന്‍.ഡി. ബെന്നി, ലൈന്‍മാന്‍ ബിനോയി മാത്യു എന്നിവരാണ് സസ്പെന്‍ഷനിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 6.15ഓടെയാണ് വര്‍ക്കറായ മൂലമറ്റം സ്വദേശി ഷാജിമോന്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. ആനവിലാസം വള്ളിയാന്തടത്തില്‍ സ്വകാര്യ ഏലത്തോട്ടത്തില്‍ ലൈന്‍ കമ്പികള്‍ മാറ്റി സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. കാര്യമായ തകരാറുകള്‍ ഇല്ലാതിരുന്ന വൈദ്യുതി ലൈനുകള്‍ മാറ്റി സ്ഥാപിച്ചതിന് പിന്നിലുള്ള ജീവനക്കാരുടെ താല്‍പ്പര്യം സംബന്ധിച്ചും സംശയം ഉയര്‍ന്നിട്ടുണ്ട്.
വൈകുന്നേരം അഞ്ചോടെ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണി  പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം നിലനില്‍ക്കവെയാണ് ജീവനക്കാരില്‍ ചിലര്‍ അമിത താല്‍പ്പര്യം കാട്ടി സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തിലെ വൈദ്യുതി ലൈനില്‍ സമയം വൈകിയും പണി നടത്തിയത്.
ഇലക്ട്രിക് പോസ്റ്റിന് മുകളില്‍ ജീവനക്കാരനായ ഷാജിമോന്‍ ഇരിക്കുമ്പോഴാണ് ഒപ്പമുണ്ടായിരുന്നവര്‍ ഇത് ശ്രദ്ധിക്കാതെ വൈദ്യുതി ലൈന്‍ ചാര്‍ജ് ചെയ്തതെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്തിയവര്‍ ഒപ്പം ഉണ്ടെന്ന് ഉറപ്പാക്കുകയോ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ അവസരം ഉണ്ടായിട്ടും ഇതിന് തയാറാകാതെ ലൈന്‍ ചാര്‍ജ് ചെയ്തത് വലിയ വീഴ്ചക്കാണ് വഴിയൊരുക്കിയത്. ഷോക്കേറ്റ് ലൈന്‍ കമ്പനിയില്‍  മരിച്ച് കുടുങ്ങിക്കിടന്ന ഷാജിമോനെ വീണ്ടും ലൈന്‍ ഓഫാക്കിയാണ് താഴെ ഇറക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു.
ഇതിനിടെ ഒരു വര്‍ഷത്തിലധികമായി അസി. എന്‍ജിനീയറുടെ കസേര ഒഴിഞ്ഞുകിടക്കുന്ന കുമളി ഓഫിസിന്‍െറ പ്രവര്‍ത്തനം സംബന്ധിച്ചും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പത്തോളം ഹൈടെന്‍ഷന്‍ വൈദ്യുതി കണക്ഷനുകളുള്ള കുമളി സെക്ഷനില്‍ ഇവയുടെ റീഡിങ് ശേഖരിക്കാന്‍ ചുമതലയുള്ള അസി.എന്‍ജിനീയറുടെ കസേര ഒരു വര്‍ഷത്തിലധികമായി ഒഴിഞ്ഞുകിടന്നിട്ടും നടപടി ഉണ്ടാകാത്തത് ചിലരുടെ ഇടപെടലുകള്‍ മൂലമാണെന്ന് ആക്ഷേപം ശക്തമാണ്.
വിനോദ സഞ്ചാര കേന്ദ്രമായ തേക്കടി, കുമളി ഉള്‍പ്പെടെ പ്രദേശങ്ങളിലായി 12 ഓളം ട്രാന്‍സ്ഫോര്‍മറുകളും പതിനായിരത്തിലധിം ഉപഭോക്താക്കളുമാണ് കുമളി സെക്ഷനിലുള്ളത്. വന്‍കിട ഹോട്ടലുകളും റിസോര്‍ട്ടുകളും മറ്റ് നിരവധി സ്ഥാപനങ്ങളുമുള്ള കുമളി സെക്ഷനില്‍ നടക്കുന്ന വിവിധ ജോലികളില്‍ പലവിധത്തിലുള്ള ക്രമക്കേടുകള്‍ തുടരുന്നതായി നേരത്തേ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. അറ്റകുറ്റപ്പണിയുടെയും മറ്റ് ഇടപാടുകളുടെ ഭാഗമായി ലഭിക്കുന്ന വന്‍വരുമാനത്തിനെ തുടര്‍ന്ന് വര്‍ഷങ്ങളായി കുമളി ഓഫിസ് വിട്ടുപോകാന്‍ തയാറാകാതെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കുമളി ഓഫിസില്‍ തുടരുന്ന ചിലരുടെ അനാസ്ഥയും ജീവനക്കാരന്‍ മരിക്കാനിടയായ സംഭവത്തിലുണ്ടെന്ന് പ്രാഥമികാന്വേഷണത്തതില്‍ വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുറ്റക്കാരും ക്രമക്കേടിന് ഒത്താശ ചെയ്യുകയും ചെയ്യുന്ന ചിലര്‍ക്കെതിരെ വരും ദിവസങ്ങളില്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് സംഭവം സംബന്ധിച്ച് അന്വേഷിച്ചവര്‍ വ്യക്തമാക്കിയിട്ടുള്ളത്.

കോര്‍പറേഷന്‍ ബജറ്റ്: പുതിയ റോഡുകള്‍, കുടിവെള്ളം ഉറപ്പാക്കും

Posted: 25 Mar 2013 11:47 PM PDT

കൊല്ലം: എല്ലാ ഡിവിഷനുകളിലും പുതിയ റോഡ് നിര്‍മാണത്തിനും കുടിവെള്ളപ്രശ്ന പരിഹാരത്തിനും പദ്ധതികളുള്ള കൊല്ലം കോര്‍പറേഷന്‍ ബജറ്റില്‍ നഗരത്തിന്‍െറ കുടിവെള്ള സ്രോതസ്സായ ശാസ്താംകോട്ട തടാക സംരക്ഷണം നഗര അജണ്ടയാക്കുന്നു. വിദ്യാര്‍ഥികളുടെ സുരക്ഷക്കായി ‘കരുതല്‍’, സൗരോര്‍ജ പദ്ധതി, മഴ വെള്ള ച്ചാല്‍ നിര്‍മാണം, മാര്‍ക്കറ്റുകളുടെ നവീകരണം, അഷ്ടമുടിക്കായല്‍ സംരക്ഷണം, കണ്ടല്‍ സംരക്ഷണം എന്നിവക്കടക്കമുള്ള പദ്ധതികളും വിഭാവനം ചെയ്യുന്നു. സ്വപ്ന പദ്ധതിയായ ചിന്നക്കട അടിപ്പാത നിര്‍മാണം ഇക്കൊലത്തെയും പ്രതീക്ഷയാണ്. സര്‍ക്കാറിന്‍െറ ഭേദഗതിചട്ടങ്ങള്‍ അംഗീകരിക്കപ്പെടുന്നതോടെ കോര്‍പറേഷനിലും നികുതി പരിഷ്കരണം നടപ്പാക്കും. 397,78,51,596 രൂപ വരവും 396,25,81,641 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഡെപ്യൂട്ടി മേയര്‍ അഡ്വ. ജി. ലാലു അവതരിപ്പിച്ചത്.
കോര്‍പറേഷനിലെ 55 ഡിവിഷനുകളിലെയും പുതിയ റോഡുകള്‍ക്ക് 10 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഇത് 2.20 കോടി മാത്രമായിരുന്നു. കടപ്പാക്കട ഓവര്‍ ബ്രിഡ്ജില്‍ ഫുട്പാത്ത് നിര്‍മിക്കാന്‍ 1.27 കോടിയും ഓടകളുടെ സംരക്ഷണത്തിന് 30020421 രൂപയും തെരുവിളക്കുകള്‍ സ്ഥാപിക്കുന്നതിന് 50,0000 രൂപയും ഒമ്പത് സ്ഥലങ്ങളില്‍ ഓടനിര്‍മിക്കുന്നതിന് 8.12 കോടിയും വകയിരുത്തിയിട്ടുണ്ട്.
കന്‍േറാണ്‍മെന്‍റ് മൈതാനിയില്‍ നീന്തല്‍കുളത്തിന് 35 ലക്ഷവും ഹൈജംപ് ലോംഗ്ജംപ് പിറ്റ് നിര്‍മാണത്തിന് 30 ലക്ഷവും പോര്‍ട്ടിനടുത്ത് മിനി സ്റ്റേഡിയത്തിന് 25 ലക്ഷവും മങ്ങാട് ഹൈസ്കൂള്‍ സ്റ്റേഡിയം പൂര്‍ത്തിയാക്കാന്‍ 25 ലക്ഷവും വകയിരുത്തി.
പോളയത്തോട് മുതല്‍ ആനന്ദവല്ലീശ്വരം വരെ എലിവേറ്റര്‍ കോറിഡോര്‍ പദ്ധതിക്ക് അഞ്ച് കോടി. മേവറം-വെള്ളയിട്ടമ്പലം, പുന്തലത്താഴം -റെയില്‍സ്റ്റേഷന്‍, ചിന്നക്കട -കരിക്കോട്, കച്ചേരിമുക്ക് -പോര്‍ട്ട്, തങ്കശ്ശേരി ബസ്ബേ, ലക്ഷ്മിനട, ചിന്നക്കട നഗരത്തിലെ ഉള്‍റോഡുകള്‍, ബീച്ച് റോഡ് എന്നിവയുടെ ഇരുവശങ്ങളിലും ടൈല്‍സിട്ട് ഭംഗിയാക്കും. കടപ്പാക്കട, രാമന്‍കുളങ്ങര, ശക്തികുളങ്ങര ജങ്ഷനുകളുടെ വികസനവും താലൂക്ക് കച്ചേരി തുരങ്കപാതയും ഇരവിപുരം ഫൈ്ളഓവറും ഈ പദ്ധതിയില്‍വരും. വലിയകട മാര്‍ക്കറ്റ് നിര്‍മാണം, ആണ്ടാമുക്കം ബസ്സ്റ്റാന്‍ഡ് നവീകരണം എന്നിവയുടെ പണി പൂര്‍ത്തിയാക്കാന്‍ 54,37,5000 രൂപ വകകൊള്ളിച്ചു. മൂന്നാംകുറ്റി മാര്‍ക്കറ്റിന് 50 ലക്ഷവും ചന്ദനത്തോപ്പ് മാര്‍ക്കറ്റ് നവീകരണത്തിന് 15 ലക്ഷവും അയത്തില്‍, മങ്ങാട് മാര്‍ക്കറ്റുകള്‍ക്ക് 35000000 രൂപയും നീക്കിവെച്ചിട്ടുണ്ട്. ആണ്ടാമുക്കത്ത് ഷോപ്പിങ് കോംപ്ളക്സ് കം ഇന്‍റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ സ്ഥാപിക്കുന്നതിന് നാല് കോടിയും കന്‍േറാണ്‍മെന്‍റ് ലോറി കമ്യൂണിറ്റി ഹാളും ഷോപ്പിങ് കോംപ്ളക്സും നിര്‍മിക്കുന്നതിന് മൂന്ന് കോടിയും വകയിരുത്തി.
ചേരിനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി എസ്.എം.പി പാലസ് ചേരി പൈലറ്റ് പ്രോജക്ടായി എടുത്ത് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി. 25.5 കോടി രൂപയാണ് ഇതിന് വേണ്ടിവരുന്നത്. പുള്ളിക്കട നിവാസികള്‍ക്ക് പുതിയ ഭവന പദ്ധതി നടപ്പാക്കുന്നതിനും പുനരധിവാസ പദ്ധതികള്‍ക്കുമായി 26 കോടി രൂപ നീക്കിവെച്ചു. പട്ടികജാതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 16,59,20,836 രൂപ വകയിരുത്തി. പട്ടികജാതി ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്താന്‍ നിലവിലുള്ള ഉദ്യോഗസ്ഥസംവിധാനം മാറ്റും. പട്ടിണി രഹിത നഗരം പദ്ധതിയില്‍ നിലവിലുള്ള ഭക്ഷണത്തിന്‍െറ അളവും ഗുണവും ഉയര്‍ത്താന്‍ 50 ലക്ഷവും എല്ലാവര്‍ക്കും ഭൂമിയും വീടും പദ്ധതിക്കായി 12 കോടിയും വിനിയോഗിക്കും.
ശക്തികുളങ്ങര പബ്ളിക് സെന്‍ററിന് ഒരു കോടിയും ആരോഗ്യമേഖലയിലാകെ 15,25,3000 രൂപയും വിനിയോഗിക്കും. കൊല്ലം ബീച്ചിലും ബോട്ട്ജെട്ടിക്ക് സമീപത്തുള്ള കോര്‍പറേഷന്‍ സ്ഥലത്തും ഷെഡ്ക്ളബുകള്‍ സ്ഥാപിക്കാന്‍-50 ലക്ഷം, പി.എച്ച്.സികളില്‍ ലാബ് നിര്‍മാണത്തിന് -50 ലക്ഷം, വൃക്കരോഗികള്‍ക്ക് ആശ്വാസപദ്ധതി -50 ലക്ഷം, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ബയോഗ്യാസ് പ്ളാന്‍റ് നിര്‍മിക്കുന്നതിന് -32500000, അഷ്ടമുടിക്കായല്‍ സംരക്ഷണം -അഞ്ച് ലക്ഷം, കണ്ടല്‍ക്കാടുകളുടെ സംരക്ഷണം -20 ലക്ഷം, കേര, നെല്‍, വാഴ, കുരുമുളക് കൃഷി -3500000, മൃഗസംരക്ഷണം -5000000, സ്ളാട്ടര്‍ഹൗസ് -ഒരു കോടി, മത്സ്യഫെഡ് വഴി പദ്ധതികള്‍ -6840000, ഇടപ്പള്ളി, കാക്കനാട് സ്മാരകങ്ങള്‍ -4100000 എന്നിങ്ങനെയും തുക വകകൊള്ളിച്ചിട്ടുണ്ട്.
 

കര്‍ണാടകയിലെ ഹാസനില്‍ വാഹനാപകടം; രണ്ട് മലയാളികളുള്‍പ്പടെ അഞ്ച് മരണം

Posted: 25 Mar 2013 11:45 PM PDT

Image: 

മംഗലാപുരം: കര്‍ണാടകയിലെ ഹാസനില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാസര്‍കോട് നാട്ടക്കല്‍ സ്വദേശി സജികുമാര്‍ (എല്‍ദോസ് മാത്യു), ഭാര്യ ജെസ്സി(40), ആംബുലന്‍സ് െ്രെഡവര്‍മാരായ മൈസൂര്‍ കെ.ആര്‍ നഗറിലെ സുമന്‍, രവി, സകലേഷ്പൂരിലെ ശേഖര്‍ എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.

പുട്ടപര്‍ത്തിയിലെ ആശുപത്രിയില്‍ നിന്ന് മംഗലാപുരത്തേക്ക് രോഗിയായ ജെസ്സിയെയും കൊണ്ട് വരികയായിരുന്ന ആംബുലന്‍സാണ് ഹാസന്‍ ചെന്നരായപട്ടണ്ക്ക് സമീപം അപകടത്തില്‍പ്പെട്ടത്. യാത്രാമധ്യേ സകലേഷ്പൂരിലേക്ക് പോകാനായി ആംബുലന്‍സില്‍ കയറിയ ശേഖര്‍ എന്ന യുവാവും അപകടത്തില്‍ മരിച്ചു. മൃതദേഹങ്ങള്‍ ഹാസന്‍, ചെന്നരായപട്ടണ സര്‍ക്കാര്‍ ആശുപത്രികളിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. എസ്.പി. അമിത് സിങ്ങ്  സ്ഥലം സന്ദര്‍ശിച്ചു.

 

താലൂക്ക് വേണോ, വേണ്ടയോ? തര്‍ക്കങ്ങളും വിവാദങ്ങളും ചൂടുപിടിക്കുന്നു

Posted: 25 Mar 2013 11:43 PM PDT

പത്തനംതിട്ട: താലൂക്കിന്‍െറ പേരില്‍ തര്‍ക്കങ്ങളും അനിഷ്ടങ്ങളും പുറത്തുവന്നതോടെ  വിവാദങ്ങള്‍ ചൂടുപിടിക്കുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കോന്നി താലൂക്ക് അനുവദിച്ചതോടെയാണ് വിവാദങ്ങളും തുടങ്ങിയത്.
 നിര്‍ദിഷ്ട കോന്നി താലൂക്കില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ഏതാനും വില്ലേജുകാരും കോഴഞ്ചേരി കേന്ദ്രമാക്കി  താലൂക്ക് വേണമെന്ന് ആവശ്യപ്പെട്ട് അവിടുത്തുകാരും രംഗത്തുവന്നതോടെയാണ് താലൂക്കിന്‍െറ പേരിലുള്ള വിവാദങ്ങള്‍ കൊഴുത്തുതുടങ്ങിയത്. ഇതിനിടെ കഴിഞ്ഞ ദിവസം പത്തനംതിട്ട പൗരസമിതിയും  പത്തനംതിട്ട താലൂക്ക് പുന$സ്ഥാപിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നു. സമരങ്ങള്‍ക്കുള്ള തയാറെടുപ്പും നടക്കുന്നതായാണ് സൂചന.
ജില്ലാ രൂപവത്കരണം മുതലേ ഉയരുന്നതാണ് കോന്നി താലൂക്ക് വേണമെന്ന ആവശ്യം. താലൂക്ക് യാഥാര്‍ഥ്യമായപ്പോള്‍ ഇതേ ചൊല്ലി ബഹളങ്ങളും വിവിധ സ്ഥലങ്ങളില്‍ ആരംഭിച്ചു.
കോഴഞ്ചേരി,അടൂര്‍,റാന്നി താലൂക്കുകളില്‍ 12 വില്ലേജുകള്‍ ഉള്‍പ്പെടുത്തി കോന്നി താലൂക്ക് രൂപവത്കരിക്കാനാണ് ശ്രമം. നിര്‍ദിഷ്ട കോന്നി താലൂക്കില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട്  ഏനാദിമംഗലം വില്ലേജുകാരാണ് ആദ്യം രംഗത്തുവന്നത്.  മലയാലപ്പുഴ, മൈലപ്ര, വള്ളിക്കോട് വില്ലേജുകാരും ഇതേ ആവശ്യവുമായി എത്തി. ഇപ്പോള്‍ അടൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന ഏനാദിമംഗലത്തുകാര്‍ക്ക് കോന്നി താലൂക്ക് ആസ്ഥാനത്ത് എത്താന്‍  30 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യേണ്ടിവരും. നിലവിലുള്ള അടൂര്‍ താലൂക്ക് കേന്ദ്രത്തില്‍ എത്താന്‍ ഇവിടുത്തുകാര്‍ക്ക് 10 കിലോമീറ്റര്‍  സഞ്ചരിച്ചാല്‍ മതി.
മലയാലപ്പുഴ, മൈലപ്ര, വള്ളിക്കോട് നിവാസികളും കോഴഞ്ചേരി താലൂക്കില്‍ തുടരാനാണ് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ താലൂക്കോഫിസ് പ്രവര്‍ത്തിക്കുന്ന പത്തനംതിട്ടയില്‍ വേഗത്തില്‍ എത്താന്‍ കഴിയുമെന്നാണ് അവരും പറയുന്നത്.
അതേസമയം, കോഴഞ്ചേരി താലൂക്കിന്‍െറ ആസ്ഥാനം പത്തനംതിട്ടയില്‍ നിന്ന് കോഴഞ്ചേരിക്ക് കൊണ്ടുപോകാനുള്ള സമരങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ മലയാലപ്പുഴ, മൈലപ്ര, വള്ളിക്കോട് വില്ലേജുകളിലുള്ളവര്‍ കോഴഞ്ചേരിയില്‍ എത്താ ന്‍ വലയും.
കോഴഞ്ചേരിയുടെ പേരില്‍ താലൂക്ക് ഉണ്ടെങ്കിലും ആസ്ഥാനം പത്തനംതിട്ടയിലാണ്. ഇത് കോഴഞ്ചേരിക്ക് മാറ്റണമെന്ന് മൂന്ന് പതിറ്റാണ്ടിലേറെയായി അവിടുത്തുകാര്‍ ആവശ്യപ്പെടുന്നു.
ജില്ലാ രൂപവത്കരണവുമായി ബന്ധപ്പെട്ട് നിയമിച്ച മിനി മാത്യു കമീഷന്‍ കോഴഞ്ചേരി ആസ്ഥാനമായി താലൂക്ക് രൂപവത്കരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കോഴഞ്ചേരിയുടെ പേരില്‍ താലൂക്ക് വന്നപ്പോള്‍ ആസ്ഥാനം പത്തനംതിട്ടയായി. ഇതിന് കോഴഞ്ചേരിക്കാര്‍ പല സമരങ്ങളും നടത്തിയെങ്കിലും താലൂക്ക് ആസ്ഥാനം ലഭിച്ചില്ല.  കോഴഞ്ചേരിയില്‍ താലൂക്ക് ആസ്ഥാനം വരികയോ  കോഴഞ്ചേരിക്ക് സമീപത്തെ വില്ലേജുകള്‍ ഉള്‍പ്പെടുത്തി കോഴഞ്ചേരി കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപവത്കരിക്കുകയോ വേണമെന്നാണ് ഇവിടുത്തുകാരുടെ ഇപ്പോഴത്തെ ആവശ്യം.
ഇതിനായി  വെള്ളിയാഴ്ച ഹര്‍ത്താല്‍ നടത്തിയിരുന്നു. ആവശ്യവുമായി തിങ്കളാഴ്ച മാര്‍ത്തോമ സഭാ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്‍െറ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം മുഖ്യമന്ത്രിയെക്കണ്ട് നിവേദനവും നല്‍കി. സമര പരിപാടികള്‍ ശക്തമാക്കാനാണ് സര്‍വക്ഷി തീരുമാനം.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട പൗരസമിതി രംഗത്തുവന്നത്. പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന താലൂക്കിന് പത്തനംതിട്ട  താലൂക്ക് എന്ന് പേര് നല്‍കണമെന്നാണ് അവരുടെ ആവശ്യം.
1919ല്‍ അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് അനുവദിച്ച താലൂക്ക് പദവി കാലാന്തരത്തില്‍ നഷ്ടപ്പെടുകയായിരുന്നു. ജില്ലാ ആസ്ഥാനത്തുനിന്ന് പല ഓഫിസുകളും നഷ്ടപ്പെട്ട സാഹചര്യത്തില്‍ താലൂക്ക് ആസ്ഥാനം കൂടി നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നാണ് പൗരസമിതി അഭിപ്രായം.

കോട്ടയത്തെ സമ്പൂര്‍ണ പാര്‍പ്പിട ജില്ലയാക്കും

Posted: 25 Mar 2013 11:41 PM PDT

 കോട്ടയം: കോട്ടയത്തെ സമ്പൂര്‍ണ പാര്‍പ്പിട ജില്ലയാക്കാന്‍ ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ബജറ്റ്.
1,53,43,14,000 രൂപ വരവും 1,52,80,84,000 രൂപ ചെലവും 62,30,000 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ്് വൈസ് പ്രസിഡന്‍റ് കെ.എ. അപ്പച്ചന്‍ അവതരിപ്പിച്ചത്.
2013-14 സാമ്പത്തികവര്‍ഷം പാര്‍പ്പിട പദ്ധതികള്‍ക്ക് പുറമെ റോഡുവികസനം, വികലാംഗരുടെയും വൃദ്ധരുടെയും ക്ഷേമത്തിന് പ്രത്യേക പദ്ധതികള്‍, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
സമ്പൂര്‍ണ പാര്‍പ്പിട ജില്ല എന്ന ലക്ഷ്യത്തിന് ഗ്രാമ, ബ്ളോക് പഞ്ചായത്തുകളുടെ സഹകരണം തേടും.  ഐ.എ.വൈ ഭവനനിര്‍മാണ പദ്ധതിയില്‍പ്പെടുത്തിയാണ് ഇത് നടപ്പാക്കുക.  7,32,00,000 രൂപയാണ് ഇതിന് വകയിരുത്തിയത്.
പട്ടികജാതി/വര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് 22 കോടി 52 ലക്ഷം രൂപയാണ് വകയിരുത്തിയത്.
 ‘വികലാംഗര്‍ക്ക് മുച്ചക്രവാഹനം’ പദ്ധതി ഈ വര്‍ഷവും തുടരും. ഇതിന് 1,80,00,000 രൂപ നീക്കിവെച്ചു.
ഈ മേഖലയിലെ അങ്കണവാടി ഉള്‍പ്പെടെയുള്ള മൂലധനച്ചെലവുകള്‍ക്ക് 1,00,60,000 രൂപയും വകയിരുത്തി.
ജില്ലാ പഞ്ചായത്തിന് ലഭിച്ച റോഡുകളുടെയും പാലങ്ങളുടെയും പുനരുദ്ധാരണത്തിനും മറ്റുമായി 13.73 കോടി നീക്കിവെച്ചു. റോഡ് വികസനത്തിന് 3.53 കോടിയും വകയിരുത്തി.
മീനച്ചിലാറിന്‍െറ സംരക്ഷണത്തിന് മൂന്നരക്കോടി വകയിരുത്തി.
നദിയുടെ ഇരുകരയിലുമുള്ള തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മീനച്ചിലാര്‍ സംരക്ഷണ പദ്ധതി നടപ്പാക്കുക. നബാര്‍ഡ് സഹായത്തോടെ നിര്‍മിക്കുന്ന പാമ്പാടി മാര്‍ക്കറ്റ് കോംപ്ളക്സിന് രണ്ടുകോടിയും ഗോഡൗണുകള്‍ ആരംഭിക്കാന്‍ ഒന്നരക്കോടിയും വകയിരുത്തി.
ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലക്ക് 65 കോടി ലഭിക്കുമെന്ന പ്രതീക്ഷയോടെ അത്രയും തുകക്കുള്ള പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തി.
ജില്ലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍7 0 ലക്ഷം, പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടാന്‍ 10 ലക്ഷം, തെങ്ങുകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ആറു ലക്ഷം രൂപ, നെല്‍കൃഷി വികസനത്തിന് മൂന്നുലക്ഷം, ക്ഷീരവ്യവസായത്തിന് 26 ലക്ഷം, പട്ടികജാതി/വര്‍ഗ കോളനികളിലും സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാന്‍ 1.50 കോടി, ശബരിമല തീര്‍ഥാടകര്‍ക്കുള്ള ഹരിവരാസനം പദ്ധതി തുടരുന്നതിന് 50 ലക്ഷം രൂപ, വിദ്യാശ്രീ പദ്ധതിക്ക് ആറു ലക്ഷം രൂപ, സ്കൂളുകളുടെ അറ്റകുറ്റപ്പണിക്കും പുതിയവ നിര്‍മിക്കുന്നതിനുമായി 160 ലക്ഷം, പൊതുജനാരോഗ്യരംഗത്തിന് 125 ലക്ഷം രൂപ എന്നിവയാണ് മറ്റ് പ്രധാന ബജറ്റ് നിര്‍ദേശങ്ങള്‍.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാധാ വി. നായര്‍ അധ്യക്ഷത വഹിച്ചു.
അംഗങ്ങളായ ടി.കെ. സുരേഷ് കുമാര്‍, ബിജു തോമസ്, സജി മഞ്ഞക്കടമ്പില്‍, നിര്‍മല ജിമ്മി എന്നിവര്‍ സംസാരിച്ചു.
 

ജ്വല്ലറി കവര്‍ച്ച: അന്വേഷണം അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച്

Posted: 25 Mar 2013 11:37 PM PDT

അരൂര്‍: ജ്വല്ലറി കവര്‍ച്ചാ കേസില്‍ അന്വേഷണം അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ദേശീയപാതയില്‍ എസ്.ബി.ടി അരൂര്‍ ബ്രാഞ്ചിന് എതിര്‍വശമുള്ള ഹസ്ന ജ്വല്ലറിയില്‍ നിന്നും വെള്ളിയാഭരണങ്ങള്‍ മോഷ്ടിച്ച സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജ്വല്ലറിക്ക് സമീപമുള്ള വര്‍ക്ഷോപ്പിലെ ജീവനക്കാരനെ കത്തിമുനയില്‍ നിര്‍ത്തികട്ടിലില്‍ കെട്ടിയിട്ട് മോഷണം നടത്തിയ രീതിയും ഗ്യാസ് കട്ടര്‍ ഉള്‍പ്പെടെയുള്ള യന്ത്രസാമഗ്രികളുമായി മോഷണത്തിന് എത്തിയതുമാണ് പൊലീസിനെ ഗൗരവത്തിലുള്ള അന്വേഷണത്തിലേക്ക് തിരിച്ചുവിടുന്നത്.
വര്‍ക്ഷോപ്പ് ജീവനക്കാരന്‍ പാലക്കാട് സ്വദേശി ബിജിനെയാണ് കെട്ടിയിട്ടത്. മോഷ്ടാക്കള്‍ പരസ്പരം സംസാരിച്ചത് ഹിന്ദിയിലാണെന്ന് ബിജിന്‍ പറയുന്നു. ഇതാണ് അന്യസംസ്ഥാനക്കാരിലേക്ക് അന്വേഷണം തിരിച്ചുവിടാന്‍ കാരണം.
ക്രിമിനല്‍ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ മോചിതരായി എത്തിയവരെക്കുറിച്ചും അന്വേഷിക്കുന്നു. പ്രഫഷനല്‍ മോഷണസംഘത്തിന്‍െറ രീതികള്‍ മോഷണശ്രമത്തിന് ഉപയോഗിച്ച് ഉന്നത പൊലീസ് അധികാരികളെയും ജാഗരൂകരാക്കിയിട്ടുണ്ട്.
 

ജില്ലാ പഞ്ചായത്ത് ബജറ്റ്: ആരോഗ്യ, വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍

Posted: 25 Mar 2013 11:34 PM PDT

കാക്കനാട്: ആരോഗ്യ,വിദ്യാഭ്യാസ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ‘വിജയത്തിന്‍െറ താക്കോല്‍’ എന്ന പേരില്‍ ജില്ലാ പഞ്ചായത്ത് വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. 430.06 കോടി  വരവും 427.38 കോടി ചെലവും 2.68 കോടി നീക്കിയിരിപ്പുമാണ് വൈസ് പ്രസിഡന്‍റ് ബിന്ദു ജോര്‍ജ് അവതരിപ്പിച്ച ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. കൃഷിക്കും വിദ്യാഭ്യാസത്തിനുമാണ് കൂടുതല്‍ തുക നീക്കിവെച്ചത്.  
കൂടുതല്‍ തുക വിദ്യാഭ്യാസത്തിനാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 88.45 കോടിയാണ്  ജില്ലാ പഞ്ചായത്തിന് കീഴിലെ സ്കൂളുകളില്‍ വിവിധ പദ്ധതികള്‍ക്ക് ചെലവഴിക്കുക. ഇതില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാനും  ലാബുകളുടെ പ്രവര്‍ത്തനം നവീകരിക്കാനും ലക്ഷ്യമിട്ടുള്ള സ്കൂള്‍ ഇന്‍ഫ്രപദ്ധതിക്ക് 10കോടി ചെലവഴിക്കും. ജില്ലയില്‍ 50 സ്കൂളുകളില്‍ ഈ പദ്ധതി നടപ്പാക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.
പഠനത്തില്‍ പിന്നാക്കമുള്ള  സര്‍ക്കാര്‍ എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനവും ലഘുഭക്ഷണവും നല്‍കുന്ന വിജയദീപം പദ്ധതിക്ക് 75 ലക്ഷം ചെലവഴിക്കും. ഉച്ചഭക്ഷണ പദ്ധതിയായ സുഭിക്ഷക്ക് 10 ലക്ഷവും പട്ടികജാതി വിഭാഗ വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിന് 45 ലക്ഷവും  വകയിരുത്തിയിട്ടുണ്ട്.  52 സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ സെര്‍വര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ വിത്ത് സെക്യൂരിറ്റി ആന്‍ഡ് മോണിട്ടറിങ് സിസ്റ്റം നടപ്പാക്കാന്‍ രണ്ടുകോടി ചെലവഴിക്കും. സ്കൂളുകളില്‍ ഫര്‍ണിച്ചര്‍ വാങ്ങാന്‍ ഒരുകോടിയും സ്കൂള്‍ അറ്റകുറ്റപ്പണിക്ക് ഒരുകോടിയും ടെക്നിക്കല്‍ സ്ഥാപനങ്ങളുടെ നവീകരണത്തിന് 90 ലക്ഷവും സ്കൂളുകളില്‍ ലഹരി വിരുദ്ധ ക്ളബുകള്‍ വിപുലമാക്കാന്‍ 10 ലക്ഷവും ലൈംഗിക വിദ്യാഭ്യാസത്തിന് 10 ലക്ഷവും നാലാംതരം തുല്യതാ പരിപാടിക്ക് 10 ലക്ഷവും ശുചിത്വസന്ദേശം പരിപാടിക്ക് അഞ്ചുലക്ഷവും ചെലവഴിക്കും.
കാര്‍ഷിക മേഖലയില്‍ ആറ് കോടിയുടെ പദ്ധതി നടപ്പാക്കും. ജില്ലാ പഞ്ചായത്തിന്‍െറ രണ്ടുകോടിക്കൊപ്പം കേന്ദ്രവിഹിതമായ 2.15 കോടിയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ രണ്ടുകോടിയുമാണ് കാര്‍ഷിക മേഖലക്കായി വിനിയോഗിക്കുക.  കൊയ്ത്തുമെതിയന്ത്രം, ട്രാക്ടര്‍,ട്രില്ലര്‍, തെങ്ങുകയറ്റയന്ത്രം, ഞാറ് നടീല്‍ യന്ത്രം എന്നിവ വാങ്ങാന്‍ ഒരു കോടിയും ബജറ്റില്‍ നീക്കി വെച്ചിട്ടുണ്ട്. ഈ യന്ത്ര സാമഗ്രികള്‍ കര്‍ഷക സമിതികള്‍ക്ക് നല്‍കാനാണ് പദ്ധതി.  
ലിഫ്റ്റ് ഇറിഗേഷന് ഒരുകോടിയും ബയോ ഗ്യാസ് പ്ളാന്‍റുകള്‍ക്ക് 30 ലക്ഷവും പാടശേഖരങ്ങള്‍ നികത്തുന്നത് നിരീക്ഷിക്കാനുള്ള  ജാഗ്രതാസമിതികള്‍ രൂപവത്കരിക്കാന്‍ ഒരുലക്ഷവും നേര്യമംഗലം,വൈറ്റില,ഒക്കല്‍,ആലുവ കൃഷി ഫാമുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോടിയും ചെലവഴിക്കും.
ക്ഷീര,മത്സ്യകൃഷികളുടെ ഉന്നമന ത്തിനും ബജറ്റില്‍ പദ്ധതിയുണ്ട്.  കോതമംഗലം ഭൂതത്താന്‍കെട്ടില്‍ 6.60 കോടി ചെലവഴിച്ച്  മത്സ്യ വിത്തുല്‍പ്പാദനകേന്ദ്രം ആരംഭിക്കും. കാലിത്തീറ്റ സബ്സിഡിക്ക് 50 ലക്ഷവും ശുദ്ധ ഓരുജലാശയങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപിക്കാന്‍ 10 ലക്ഷവും ഫാമുകളുടെ പ്രവര്‍ത്തന വൈവിധ്യവത്കരണത്തിന് ഒരുകോടിയും ക്ഷീര സംഘങ്ങളെ ശക്തിപ്പെടുത്താന്‍  ആറുകോടിയും  ചെലവഴിക്കും. സമഗ്ര നെല്‍കൃഷി വികസന പദ്ധതിക്ക് 25 ലക്ഷവും സമഗ്ര പച്ചക്കറി വ്യാപന പദ്ധതിക്ക് 25 ലക്ഷവും ഗ്രാമീണ ഉല്‍പ്പന്ന വിപണന കേന്ദ്രത്തിന് 10ലക്ഷവും ലോട്ടസ് ആന്‍ഡ് വാട്ടര്‍ ലില്ലി പദ്ധതിക്ക് 50 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
ആലുവ ആശുപത്രിയില്‍ ഒരുകോടി  ചെലവഴിച്ച്  കെ. കരുണാകരന്‍ സ്മാരക ഒ.പി ബ്ളോക് നിര്‍മിക്കും.  ഹീമോഫീലിയ സെല്‍ സ്ഥാപിക്കാന്‍ ഒരുകോടിയും ആധുനിക മോര്‍ച്ചറി നിര്‍മിക്കാന്‍ 80 ലക്ഷവും സാനിട്ടേഷന്‍ സൗകര്യമൊരുക്കാന്‍ 50 ലക്ഷവും ഡയാലിസിസ് യൂനിറ്റിന് 25 ലക്ഷവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജീവിത ശൈലീരോഗ നിര്‍ണയത്തിന് അഞ്ചുലക്ഷവും ചെലവഴിക്കും. 50 ലക്ഷം രൂപ ചെലവഴിച്ച് കാക്കനാട് ജില്ലാ ഹോമിയോ ആശുപത്രി സ്ഥാപിക്കും.
റോഡ് അറ്റകുറ്റപ്പണിക്ക് 29.52 കോടി നീക്കിവെച്ചിട്ടുണ്ട്. പിറവത്ത് ഗ്യാസ് ക്രിമറ്റോറിയം നിര്‍മിക്കാന്‍ 60 ലക്ഷവും  വകയിരുത്തിയിട്ടുണ്ട്. അഞ്ച് കോടിയുടെ വനിത ശാക്തീകരണ പദ്ധതികള്‍ നടപ്പാക്കും. ദാരിദ്ര്യ രേഖക്ക് താഴെയുളള എസ്.സി വനിതകള്‍ക്ക് 1.80 കോടി ചെലവഴിച്ച് 180 കിയോസ്കുകള്‍ നല്‍കും. വനിതാ  വ്യവസായ വിപണന കേന്ദ്രങ്ങള്‍ക്ക് ഒരുകോടി, വികലാംഗ സ്ത്രീകള്‍ക്ക് മുച്ചക്രവാഹനം നല്‍കാന്‍ 50 ലക്ഷവും ജില്ലയില്‍ സ്ത്രീ സുരക്ഷക്കായി രൂപവത്കരിക്കുന്ന നിര്‍ഭയ കേന്ദ്രത്തിന് 60 ലക്ഷവും നെടുമ്പാശേരിയില്‍ മാതൃകാ വനിത  കംഫര്‍ട്ട് സ്റ്റേഷന് 25 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്.

ബജറ്റ്: ചാവക്കാട് നഗരസഭ സമുച്ചയത്തിന് പദ്ധതി

Posted: 25 Mar 2013 11:26 PM PDT

ചാവക്കാട്: 21,50,62,661 രൂപ വരവും 18,23,14,760 രൂപ ചെലവും 3,27,47,901 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2013-14ലേക്കുള്ള ചാവക്കാട് നഗരസഭാ ബജറ്റ് വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ് അവതരിപ്പിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ മൂന്നരക്കോടി ചെലവില്‍ നഗരസഭ ഓഫിസ് സമുച്ചയം നിര്‍മിക്കാന്‍ സംഖ്യ വകയിരുത്തി. രണ്ടുവര്‍ഷം കൊണ്ട് പണിപൂര്‍ത്തീകരിക്കും.
 റോഡ് ടാറിങ്, കാന തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എം.എല്‍.എ, എം.പി ഫണ്ട് ഉപയോഗപ്പെടുത്തി ഒന്നരക്കോടിയുടെ പദ്ധതികള്‍ നടപ്പാക്കും.  ഇ.എം.എസ് ഭവനപദ്ധതിയില്‍  ലിസ്റ്റില്‍ ഉള്ളവര്‍ക്കും വീടില്ലാത്ത മറ്റുള്ളവര്‍ക്കും ഘട്ടംഘട്ടമായി വീട് നിര്‍മിക്കും.
വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് ഇതിന് 64 ലക്ഷം രൂപ ചെലവഴിക്കും. മുട്ടില്‍ മത്തിക്കായല്‍ പ്രദേശത്ത് വെള്ളത്തിന്‍െറ ലഭ്യത ഉറപ്പുവരുത്താന്‍ ‘ഒരു നെല്ലും ഒരു മീനും’ പദ്ധതി നടപ്പാക്കും. ഇതിന് ഒമ്പതുലക്ഷം രൂപ ചെലവഴിക്കും.
പട്ടികജാതി വിഭാഗങ്ങള്‍ക്ക് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി നടപ്പാക്കാന്‍ ബാങ്കുകളുടെ സഹായത്തോടെ ഒന്നരക്കോടിയുടെ പദ്ധതി നടപ്പാക്കും. പച്ചക്കറി ഉല്‍പാദന രംഗത്ത് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഈ വര്‍ഷം മുതല്‍ വീണ്ടും നടപ്പാക്കും. ഇതിന് 35 ലക്ഷം വകയിരുത്തി.
വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ചാവക്കാട് ബീച്ചില്‍ പാര്‍ക്കിനോടനുബന്ധിച്ച് സ്ഥലം ഏറ്റെടുത്ത് ബീച്ച് സൗന്ദര്യവത്കരണം നടപ്പാക്കും. 1.90 കോടിയുടെ ചാവക്കാട് നഗരസഭാ കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കും. 25 വര്‍ഷത്തേക്കാണ്  പദ്ധതി.
മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്കരിക്കുന്നതിന്‍െറ ഭാഗമായി ബയോഗ്യാസ് പ്ളാന്‍റ്, പോട്ട് കമ്പോസ്റ്റ് സംവിധാനങ്ങള്‍ എല്ലാ വീടുകളിലും നടപ്പാക്കും.
ട്രഞ്ചിങ് ഗ്രൗണ്ടിന്‍െറ വികസനത്തിന് 15 ലക്ഷം വകയിരുത്തി. വനിതാ വര്‍ക്ഷെഡ്, വനിതാ വിശ്രമകേന്ദ്രം, വിപണന കേന്ദ്രം, വനിതാ കാന്‍റീന്‍, ടെയ്ലറിങ് യൂനിറ്റ് എന്നിവയും വിഭാവനം ചെയ്യുന്നു.
ചെയര്‍പേഴ്സന്‍ എ.കെ. സതീരത്നം അധ്യക്ഷത വഹിച്ചു. ബജറ്റ് ചര്‍ച്ച ചൊവ്വാഴ്ച രാവിലെ 11ന് നടക്കും.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP