സ്വാഗതം
WELCOME

News Update..

Monday, March 4, 2013

കെ.എസ്.ആര്‍.ടി.സി: ഡീസല്‍ സബ്സിഡി പുന:സ്ഥാപിക്കാനാവില്ലെന്ന് കേന്ദ്രം Madhyamam News Feeds

കെ.എസ്.ആര്‍.ടി.സി: ഡീസല്‍ സബ്സിഡി പുന:സ്ഥാപിക്കാനാവില്ലെന്ന് കേന്ദ്രം Madhyamam News Feeds

Link to

കെ.എസ്.ആര്‍.ടി.സി: ഡീസല്‍ സബ്സിഡി പുന:സ്ഥാപിക്കാനാവില്ലെന്ന് കേന്ദ്രം

Posted: 03 Mar 2013 11:56 PM PST

Image: 

ന്യൂദല്‍ഹി: കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി പരിഹരിക്കാന്‍ ഡീസല്‍ സബ്സിഡി പുനസ്ഥാപിക്കാനാവില്ലെന്ന് പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി. ഡീസലിന് പകരം സി.എന്‍.ജി ഉപയോഗിക്കാനും മന്ത്രി നിര്‍ദേശിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിതല സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാരം അറിയിച്ചത്.

അതേസമയം, കെ.എസ്.ആര്‍.ടി.സിയുടെ ഇന്ധനപ്രതിസന്ധി പരിഹരിക്കാനായി കംപ്രസ്ഡ് നാച്യൂറല്‍ ഗ്യാസ് (സി.എന്‍.ജി) പ്ളാന്‍്റ് സ്ഥാപിക്കും. കൊച്ചിയില്‍ പ്ളാന്‍്റ് സ്ഥാപിക്കാനായി 100 കോടി രൂപ അനുവദിക്കുമെന്നും വീരപ്പമൊയ്ലി അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ വിഹിതം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് എന്നിവരുമായി സംഘം ചര്‍ച്ച നടത്തി. ദല്‍ഹിയില്‍ വിവിധ കേന്ദ്രമന്ത്രിമാരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നു കൂടിക്കാഴ്ച നടത്തുന്നുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായും റെയില്‍ മന്ത്രി പവന്‍കുമാര്‍ ബന്‍സലുമായും നാളെയാണ് കൂടിക്കാഴ്ച.

ഹൈദരാബാദ് ടെസ്റ്റ്: ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 400

Posted: 03 Mar 2013 10:41 PM PST

Image: 

ഹൈദരാബാദ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 400 റണ്‍സെന്ന നിലയിലാണ്. നാലു റണ്‍സുമായി കോഹ്ളിയും മൂന്ന് റണ്‍സുമായി തെണ്ടുല്‍ക്കറുമാണ് ക്രീസില്‍.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് എന്ന നിലയില്‍ കളിയാരംഭിച്ച ഇന്ത്യക്ക് മുരളി വിജയിയുടെയും ചേതേശ്വര്‍ പൂജാരയുടെയും വിക്കറ്റുക്കളാണ് നഷ്ടമായത്. ചേതേശ്വര്‍ പൂജാര ടെസ്റ്റിലെ തന്‍െറ രണ്ടാം ഇരട്ട സെഞ്ച്വറി (204) നേടി.

ഒന്നാം ഇന്നിങ്സിന്റെരണ്ടാം ദിവസം മുരളി വിജയിയും ചേതേശ്വര്‍ പൂജാരയുമാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്. ആറു റണ്‍സെടുത്ത വീരേന്ദ്ര സേവാഗിന്റെവിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടപ്പെട്ടത്.

നേരത്തെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ആസ്ട്രേലിയ 237 റണ്‍സെടുത്ത ശേഷം ഒന്നാം ഇന്നിങ്സ് ഡിക്ളയര്‍ ചെയ്തിരുന്നു. 91 റണ്‍സെടുത്ത ക്ളാര്‍ക്കിന്റെമികച്ച പ്രകടനമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ആസ്ട്രേലിയയെ രക്ഷിച്ചത്. 62 റണ്‍സ് എടുത്ത മാത്യൂ വെയ്ഡും ആസ്ട്രേലിയന്‍ നിരയില്‍ പിടിച്ചു നിന്നു.

ലൈംഗിക ചൂഷണം: കര്‍ദിനാള്‍ കീറ്റ് ഒബ്രിയന്‍ കുറ്റം സമ്മതിച്ചു

Posted: 03 Mar 2013 10:33 PM PST

Image: 

ലണ്ടന്‍: ആര്‍ച്ച് ബിഷപ് സ്ഥാനം രാജിവെച്ച ബ്രിട്ടനിലെ മുതിര്‍ന്ന റോമന്‍ കത്തോലിക്ക കര്‍ദിനാളായ കീറ്റ് ഒബ്രിയന്‍ കുറ്റം ഏറ്റുപറഞ്ഞു. റോമന്‍ കത്തോലിക്ക ചര്‍ച്ചിലെ തന്റെ കരിയറിലുടനീളം ലൈംഗിക ചൂഷണം നടത്തിയെന്ന് അദ്ദേഹം സമ്മതിച്ചു. നേരത്തെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അംഗീകരിക്കാന്‍ കീറ്റ് ഒബ്രിയന്‍ തയ്യാറായിരുന്നില്ല.

പല തവണ സംഭവിച്ച ലൈംഗിക പ്രവര്‍ത്തികള്‍ കര്‍ദിനാളും ആര്‍ച്ച് ബിഷപ്പും പുരോഹിതനുമായ തന്റെ നിലവാരത്തില്‍ നിന്നും താഴ്ന്നു പോയെന്ന് കീറ്റ് ഒബ്രിയന്‍ ഞായറാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

അടുത്തമാസം 75 വയസ്സ് തികയുന്ന സമയത്ത് രാജി വെക്കുന്നതിന് വത്തിക്കാന് കത്ത് നല്‍കിയിരുന്നുവെങ്കിലും ഫെബ്രുവരി 25ന് തന്നെ രാജി പ്രാബല്യത്തില്‍ വരുത്താന്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തീരുമാനിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞാഴ്ചയാണ് ഒബ്രിയന്‍ സ്ഥാനമാനങ്ങള്‍ രാജിവെച്ചത്.

സ്കോട്ടിഷ് കത്തോലിക്ക സഭയുടെ മേധാവിയായിരുന്നു ഒബ്രിയന്‍.

സൂര്യനെല്ലിക്കേസ്: പ്രതികളുടെ ജാമ്യഹരജി പരിഗണിക്കുന്നത് വീണ്ടും മാറ്റി

Posted: 03 Mar 2013 10:26 PM PST

Image: 

കൊച്ചി: സൂര്യനെല്ലിക്കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി വീണ്ടും മാറ്റി. കേസുമായി ബന്ധപ്പെട്ട പല പ്രധാന രേഖകളും സുപ്രീംകോടതിയില്‍ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ചൂണ്ടികാട്ടിയാണ് ഹരജി പരിഗണിക്കുന്നത് ഈ മാസം 15ലേക്ക് മാറ്റിയത്. 14 പ്രതികളാണ് ജാമ്യഹരജി നല്‍കിയിരിക്കുന്നത്.

കേസില്‍ ധര്‍മരാജനൊഴികെ 35 പ്രതികളെയും വെറുതെവിട്ട ഹൈകോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി മുഴുവന്‍ പ്രതികളോടും ഹൈകോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് പ്രതികള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

അതേസമയം, പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതികള്‍ ഹീനമായ കുറ്റകൃത്യമാണ് നടത്തിയതെന്നും പ്രതികള്‍ നിരപരാധികളാണെന്ന് കരുതാനാകില്ലെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയില്‍ അറിയിച്ചു. വിചാരണക്കോടതിയുടെ ശിക്ഷാവിധി നിലനില്‍ക്കുന്നതിനാല്‍ കോടതിയില്‍ കീഴടങ്ങിയശേഷം മാത്രമേ ജാമ്യം നേടാനാകൂ എന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു.

 

മെഡിക്കല്‍ കോളജ് ആശുപത്രിക്കായുള്ള കുടിവെള്ള പദ്ധതി കടലാസിലൊതുങ്ങി

Posted: 03 Mar 2013 10:20 PM PST

വടക്കാഞ്ചേരി: മെഡിക്കല്‍ കോളജ് ആശുപത്രിക്കായുള്ള കുടിവെള്ള പദ്ധതി കടലാസിലൊതുങ്ങുന്നു.
കുണ്ടുകാട് അയ്യംപാറ കരിങ്കല്‍ ക്വാറിയില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വെള്ളം കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത പദ്ധതിയാണ് നിര്‍മാണ നീക്കം നടക്കാതെ കടലാസിലൊതുങ്ങിയത്. ജലക്ഷാമം മൂലം വാര്‍ഡുകളിലെ കക്കൂസുകളും കുളിമുറികളും വൃത്തിഹീനമായിരിക്കെയാണ് പ്രതീക്ഷയായി ഉയര്‍ന്നുവന്ന   കുടിവെള്ള പദ്ധതിക്ക് അവഗണന.
കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയതായിരുന്നു പദ്ധതി. നിലവില്‍ പീച്ചിയില്‍ നിന്നുള്ള ജലവിതരണം  മതിയാകാത്തതിനെ തുടര്‍ന്നാണ് പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
 പുതിയ വാര്‍ഡുകള്‍ക്ക് വേണ്ടിയുള്ള കെട്ടിടം നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനത്തിന് സജ്ജമാക്കിയെങ്കിലും വെള്ളത്തിന്‍െറ കാര്യം സര്‍ക്കാര്‍ മറന്നു.  രോഗികള്‍ വര്‍ധിച്ചതോടെ പീച്ചിയില്‍ നിന്നുള്ള  പമ്പിങ്ങ് രാവിലെയും വൈകീട്ടും  അരമണിക്കൂര്‍  എന്നാക്കി പരിമിതപ്പെടുത്തി. ഇതോടെ നിരവധി വാര്‍ഡുകളിലെ കക്കൂസുകളും കുളിമുറികളും അടച്ചിടേണ്ടിവന്നു .  ശേഷിക്കുന്ന കക്കൂസുകളാകട്ടെ  വൃത്തിഹീനമായി.
വനഭൂമിയില്‍ ഒരു ഏക്കറിലധികം സ്ഥലത്ത് തടാകം പോലെ ശുദ്ധജലം കെട്ടിനില്‍ക്കുന്നതാണ് കുണ്ടുകാടിനടുത്ത അയ്യംപാറ കരിങ്കല്‍ക്വാറി. ഇതില്‍  വെള്ളം നിറഞ്ഞതോടെ ക്വാറി പ്രവര്‍ത്തനം ഉപേക്ഷിക്കേണ്ടിവന്നു. പമ്പ് ഹൗസും വന്‍കുതിരശക്തിയുമുള്ള മോട്ടോറും സ്ഥാപിച്ച് പൈപ്പ് വഴി വെള്ളം ഉയര്‍ന്നപ്രദേശങ്ങളിലൂടെ നേരിട്ട് ആശുപത്രി ടാങ്കുകളില്‍ എത്തിക്കുന്നതാണ്  പദ്ധതി.
 

എച്ച്.ഐ.വി ബാധയോടെ ജനിച്ച കുഞ്ഞിനെ ചികിത്സിച്ച് ഭേദമാക്കി

Posted: 03 Mar 2013 10:11 PM PST

Image: 

വാഷിങ്ടണ്‍: എച്ച്.ഐ.വിക്കതിരെ വൈദ്യശാസ്ത്രത്തിന്റെ വലിയൊരു മുന്നേറ്റവുമായി അമേരിക്കന്‍ ഗവേഷകര്‍. എച്ച്.ഐ.വി ബാധയോടെ ജനിച്ച കുഞ്ഞിനെ ചികിത്സിച്ച് ഭേദമാക്കിയതായി അമേരിക്കന്‍ ഗവേഷകര്‍ വെളിപ്പെടുത്തി. അറ്റ്ലാന്‍റയില്‍ നടക്കുന്ന ശാസ്ത്ര സമ്മേളനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം അറിയിച്ചത്.

കുഞ്ഞ് ജനിച്ച് ദിവസങ്ങള്‍ക്കകം പ്രോംറ്റ് ആന്‍റി വൈറല്‍ തെറാപ്പി ആരംഭിച്ച് എച്ച്.ഐ.വി ബാധ പൂര്‍ണ്ണമായി സുഖപ്പെടുത്താം എന്ന് ഗവേഷകര്‍ വ്യക്തമാക്കി.

മിസിസിപ്പിയിലെ ഗ്രാമത്തില്‍ എച്ച്.ഐ.വി ബാധയോടെ ജനിച്ച പെണ്‍കുഞ്ഞിനെയാണ് ഇത്തരത്തില്‍ ചികിത്സിച്ച് ഭേദപ്പെടുത്തിയത്. കുഞ്ഞിന് ഇപ്പോള്‍ രണ്ടര വയസ്സുണ്ട്. ഒരു വര്‍ഷമായി അസുഖത്തിന്റെ യാതൊരു ലക്ഷണവും കുഞ്ഞിനില്ല.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 2011ല്‍ മാത്രം 3.3 ലക്ഷം കുഞ്ഞുങ്ങള്‍ എച്ച്.ഐ.വി ബാധയോടെ ജനിച്ചിട്ടുണ്ട്.

ഓര്‍മകളുടെ കടല്‍പരപ്പില്‍....

Posted: 03 Mar 2013 10:03 PM PST

Image: 

എഴുപതുകളുടെ ആദ്യത്തില്‍ തൃശൂര്‍ ജില്ലയിലെ എടക്കഴിയൂരിലെ ഹൈസ്കൂളില്‍ അറബി അധ്യാപകനായി  ജോലിനോക്കുമ്പോഴും ഗള്‍ഫിലേക്ക് നാടുവിടണം എന്നതായിരുന്നു ലഷ്യം. 110 രൂപയില്‍ തുടങ്ങി 450 വരെയായിരുന്നു ശമ്പളം കിട്ടിയിരുന്നത്. വളരെ ക്ളേശം അനുഭവിച്ച് എന്നെ  പഠിപ്പിച്ച മാതാപിതാക്കള്‍ക്ക്  താങ്ങും തണലും ആവണമെന്ന് മാത്രമായിരുന്നു എന്‍െറ ഉദ്ദേശ്യം.10ാം ക്ളാസ് കഴിഞ്ഞ ഉടനെ പല സുഹൃത്തുക്കളും ബന്ധുക്കളും അവരില്‍ പലരും എന്നേക്കാള്‍ സാമ്പത്തികമായി ഉയര്‍ന്നവരായിട്ടും ദുബൈ, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്ക് പോയിരുന്നു. എന്നെപ്പോലെ ഉപരിപഠന സാഹസത്തിനു അവര്‍ മിനക്കെട്ടില്ല. നാല്  കാശുണ്ടാക്കണം എന്ന  പ്രായോഗിക  ചിന്തയാണ് അവര്‍ക്കുണ്ടായിരുന്നത്. കുടുംബത്തിന് ഭാരമായി അഞ്ചു കൊല്ലം ഫാറൂഖ്  കോളേജില്‍ പഠിച്ചത് ശരിയായില്ല എന്ന തോന്നല്‍ എന്നെ അലട്ടിയിരുനൂ. കാത്തിരിപ്പിനു ശേഷം  1976 ആദ്യത്തില്‍  ഒരു ദിവസം എടക്കഴിയൂര്‍  പള്ളിയില്‍ പോയി  തിരിച്ചു വരുമ്പോള്‍ ചായക്കട നടത്തിയിരുന്ന  പി.സി.അബ്ദുക്കയാണ് നിന്‍െറ വിസ കിട്ടിയിട്ടുണ്ട്  നാളെ വന്നു വാങ്ങിക്കോ എന്ന്  പറഞ്ഞത്. ഖത്തറില്‍ ബിസിനസ്് നടത്തിയിരുന്ന അഹമ്മദ് അളിയന്‍ മുഖേനയായിരുന്നു വിസ ഏര്‍പ്പാട് ചെയ്തത്. അന്നുമുതല്‍ തന്നെ ഒരു ‘പേര്‍ഷ്യക്കാരനായി’ നാട്ടുകാരില്‍ പലരും എന്നെ കാണാന്‍ തുടങ്ങി. ‘ഇയാള്‍ ഏതാനും ദിവസങ്ങള്‍ക്കകം നമ്മെ വിട്ടുപോകുകയാണ്’ എന്ന്  സീപിയോന്‍  എന്ന് വിളിച്ചിരുന്ന നരച്ച കൊമ്പന്‍ മീശക്കാരന്‍  സി.പി. മുഹമ്മദ്ക്ക എന്നെ കണ്ടപ്പോള്‍ പീടിക തിണ്ണയിലിരുന്നു  പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. മലേഷ്യയില്‍ ജോലി ചെയ്തിരുന്ന, ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ മാത്രം നാട്ടില്‍ വന്നിരുന്ന അദ്ദേഹം അത് പറയുമ്പോള്‍ ഒരു പിതാവിന്‍െറ വിരഹ  വേദന   വാക്കുകളില്‍ എവിടേയോ പ്രകടമായിരുന്നു.  എന്‍െറ ഉപ്പയുടെ പ്രായമുണ്ടായിരുന്ന അദ്ദേഹവുമായി വല്ലാതെ അടുപ്പമൊന്നുമില്ലാതിരുന്നിട്ടു പോലും ആ വാക്കുകള്‍ ഉള്ളിലുടക്കിയിരുന്നു.   
കിട്ടിയത് ജോലി സഹിതമുള്ള വിസ ആയിരുന്നില്ല. ഗള്‍ഫിലെത്തിയശേഷം ജോലി തേടിപ്പിടിക്കണം. ഇംഗ്ളീഷില്‍ എഴുതി സമ്പാദിച്ച അറബി ബിരുദം  ആണ്  കൈ മുതലായി ഉണ്ടായിരുന്നത് . ഗള്‍ഫില്‍  എത്തിയാല്‍ ഉന്നതരുമായി  ബന്ധം  സ്ഥാപിക്കാന്‍ അറബിഭാഷ എനിക്ക് സഹായകമാവുമെന്നു ചില സുഹൃത്തുക്കള്‍ പറഞ്ഞു. എനിക്ക് അതിനുള്ള സാമര്‍ഥ്യം  ഇല്ലായിരുന്നു എന്നത്    പോകട്ടെ  അറബി  ഭാഷയിലെ എന്‍െറ പരിജ്ഞാനം പരിമിതമായിരുന്നുവെന്നസത്യം അവര്‍ക്കറിയുമായിരുന്നുമില്ല .
1976 മെയിലാണ് തൃശൂര്‍ നിന്ന് ബോംബയിലേക്ക് ട്രെയിന്‍ കയറിയത്. കൂട്ടിനു ഖത്തര്‍ വിസ കിട്ടിയ നാട്ടുകാരനായ  ഒരു സുഹൃത്തുമുണ്ടായിരുന്നു. ബോംബെയില്‍  എത്തിയപ്പോള്‍  വല്ലാത്ത അമ്പരപ്പ് തോന്നി. അതൊരു മഹാനഗര സാഗരം തന്നെ. ഒരിക്കലും  കണ്ടില്ലാത്ത കാഴ്ചകള്‍  ഗ്രാമവാസിയായ  എന്നെ അത്ഭുതപ്പെടുത്തി. എനിക്ക് അവിടെനിന്നു കപ്പലിലാണ് യാത്ര ചെയ്യേണ്ടിയിരുന്നത്. സുഹൃത്ത് വിമാനടിക്കറ്റ് വാങ്ങി അടുത്ത  ദിവസം തന്നെ  ഖത്തറിലേക്ക് യാത്രയായി. കപ്പല്‍ കാത്തിരുന്നു വിലപ്പെട്ട സമയം കളയാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ദോഹയില്‍ നല്ല നിലയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്‍െറ അടുത്ത ബന്ധുക്കള്‍  കാത്തിരിപ്പുണ്ടായിരുന്നു  വടകര മൂസ ഹാജിയുടെ ലോഡ്ജില്‍ കപ്പല്‍ ടിക്കറ്റ് കാത്തു  കഴിയുമ്പോഴാണ് ഞാന്‍ ആദ്യമായി ടെലിവിഷന്‍ കാണുന്നത്. മൂസാ ഹാജിയുടെ ലോഡ്ജില്‍  ടിവി  ഇല്ലായിരുന്നു.  തൊട്ടടുത്ത മറാത്തിയുടെ  വീട്ടില്‍ ടിവി ഉണ്ടെന്ന് ആരോ പറഞ്ഞു. കിളി വാതിലിലൂടെ  എത്തി നോക്കിയപ്പോള്‍  ബ്ളാക്ക് ആന്‍ഡ് വൈറ്റ് ടിവിയുടെ സ്ക്രീനിന്‍െറ ചെറിയ ഒരു ഭാഗം  കണ്ടു. മറ്റൊന്നും കാണാന്‍ കഴിയുമായിരുന്നില്ല. എങ്കിലും ഞാനും ടി.വി. കണ്ടുവെന്ന് കൂട്ടുകാരുടെ മുന്നില്‍ അവകാശ വാദം ഉന്നയിച്ചു.

കാത്തിരിപ്പിനൊടുവില്‍ ടിക്കറ്റ് കിട്ടിയത് ‘ദ്വാരക’ എന്ന കപ്പലിനാണ്. മെയ് മൂന്നാം വാരമാണെന്ന് തോന്നുന്നു. കൃത്യമായി തീയതി ഓര്‍മ വരുന്നില്ല. ബോംബയില്‍ നിന്ന് പുറപ്പെട്ട കപ്പലില്‍ കാന്‍റീന്‍  ഉണ്ടായിരുന്നെങ്കിലും  പലര്‍ക്കും  ഛര്‍ദി കാരണം ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. കടലിന്‍െറ മണം പലര്‍ക്കും പിടിച്ചിരുന്നില്ല. മറ്റുള്ളവര്‍ ഛര്‍ദിക്കുന്നത് കാണുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ക്കും ഓക്കാനം വരും. കറാച്ചി തുറമുഖത്താണ് പിന്നീട് കപ്പല്‍  നിര്‍ത്തിയത്. അന്ന് കോട്ടുംസൂട്ടുമിട്ട ഇട്ട ഒരാള്‍  കപ്പലിനകത്തക്ക് കയറി  വന്നതോര്‍മ്മയുണ്ട്. അയാള്‍ യാത്രക്കാരനല്ലായിരുന്നു ‘മദ്യം എവിടെ കിട്ടും’ എന്നായിരുന്നു അയാള്‍ എന്നോട്  ചോദിച്ചത് . കേരളം വിട്ട് പുറത്തുപോയി താമസിച്ചിട്ടില്ലാത്ത, ലോക പരിചയം തീരെയില്ലാത്ത എന്നെ ആ ചോദ്യം  അമ്പരപ്പിച്ചത് തെല്ലൊന്നുമല്ല.  ഒരു മുസ്ലിമിന് എങ്ങനെ  ഇത്തരത്തില്‍ മറ്റുള്ളവരോട് പെരുമാറാന്‍ ധൈര്യം വന്നു  എന്നതായിരുന്നു എന്നെ അലട്ടിയ ചിന്ത..
 
കപ്പലിലെ ഒരു മുറിയില്‍ ഒരാളെ പൂട്ടിയിട്ടതായി കണ്ടു. ചോദിച്ചപ്പോള്‍  അത് ജയിലാണ്  എന്ന് മനസിലായി. തൊട്ടുമുമ്പത്തെ യാത്രയില്‍  കുവൈത്തില്‍ നിന്ന്  ഒരു രേഖയുമില്ലാതെ കപ്പലില്‍ കയറാന്‍   ശ്രമിച്ച ആളായിരുന്നത്രെ  അദ്ദേഹം. മുറിയില്‍ നിന്ന്പുറത്തു പോവാന്‍ സ്വതന്ത്ര്യം  ഇല്ലാതെ  തടിച്ചു കൊഴുത്തു കുടവയറന്‍  ആയി അയാള്‍ മാറിയിരുന്നു. എത്ര നാളായി അയാളെ ജയിലില്‍ അടച്ചിട്ടു  എന്ന് അറിഞ്ഞിരുന്നില്ല ...
 
കര കാണാത്ത  യാത്രയായിരുന്നു പിന്നീടങ്ങോട്ട്. അനന്തമായ  സമുദ്രം . മേലെ ആകാശം  താഴെ കടല്‍. ഇടക്കിടെ ചില വലിയ മീനുകള്‍ വായുവിലേക്ക് ചാടിക്കളിച്ചിരുന്നു. ഡോള്‍ഫിനുകള്‍ ആയിരുന്നു അതെന്നു പിന്നീടാണ് മനസിലാക്കിയത്.  ചില യാത്രക്കാര്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ ശ്രമിച്ചിരുന്നു. ഏതാണ്ട്  ആറുദിവസം  കഴിഞ്ഞപ്പോള്‍ കപ്പല്‍ ദുബൈ തുറമുഖത്തെത്തി. അപ്പോഴാണ് സ്വപ്ന ഭൂമി ആദ്യം നേരില്‍ കാണുന്നത്.തുറമുഖത്ത് ചെറിയ ബോട്ടുകളും കിടന്നിരുന്നു. അതില്‍ ഒന്നില്‍ നിന്ന് നൃത്തം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു ജോലിക്കാരന്‍െറ ചിത്രം ഇപ്പോഴും ഓര്‍ക്കുന്നു. അയാള്‍ ഇന്ത്യക്കാരനായിരുന്നില്ല. അയാള്‍ ചെയ്യുന്ന ജോലിയെങ്കിലും ഖത്തറില്‍ എത്തിയാല്‍ കിട്ടിയാല്‍ മതിയായിരുന്നു എന്നതായിരുന്നു അപ്പോഴത്തെ ചിന്ത.
ദുബൈയില്‍ ആളുകളെ ഇറക്കി  ഒരു ദിവസം കൂടി യാത്ര ചെയ്ത് കപ്പല്‍ ഖത്തറിലെത്തി.  1976 ജൂണ്‍ രണ്ടിന്.  കപ്പലിലേക്ക് കയറി വന്നാണ് വിസയൊക്കെ ഉദ്യോഗസ്ഥര്‍ അടിച്ചത്. പുറത്തിറങ്ങിയപ്പോള്‍  അളിയന്‍ കാത്തു നിന്നിരുന്നു. പൊള്ളുന്ന  വെയിലില്‍ ഭക്ഷണമൊന്നും കഴിക്കാതെ തീരെ പരവശനായിരുന്നു. അന്ന് അളിയനോടൊപ്പം  അഗ്മീറിയ ഹോട്ടലില്‍ കയറി കഴിച്ച ഉച്ചയൂണിനു  വല്ലാത്ത രുചി ആയിരുന്നു .പിന്നീടാണ് അറിഞ്ഞത് ആ കപ്പലിന്‍െറ  അവസാന യാത്രയിരുന്നു  അതെന്ന്. വളരെ പഴയതായിരുന്നു ആ കപ്പല്‍. യാത്രക്കിടയില്‍ കപ്പലിന് ചോര്‍ച്ചയുണ്ടായത് യാത്രക്കാരെ പരിഭ്രാന്തരാക്കിയിരുന്നു. പിന്നീട് ഇതുവരെ കപ്പല്‍ യാത്രക്ക് അവസരമുണ്ടായിട്ടില്ല. അവസരം ലഭിച്ചിരുന്നെങ്കില്‍ ആഗ്രഹിച്ചു പോയിട്ടുണ്ട്.  ആദ്യയാത്രയില്‍ മനസ് നിറയെ വേവലാതികള്‍ ആയിരുന്നു . അതിനാല്‍ ഒന്നും ആസ്വദിക്കാന്‍ കഴിഞ്ഞില്ല. ഇന്നാണെങ്കില്‍ കടലിന്‍െറ ശാന്തതയും ഇരമ്പലും  എല്ലാം ഒപ്പിയെടുക്കാന്‍ കഴിയുമായിരുന്നു. സംഭവിക്കാന്‍ സാധ്യത ഇല്ലെങ്കിലും മറ്റൊരു കപ്പല്‍ യാത്രക്കായി കാത്തിരിക്കുന്നത് രസകരമാണ്.
 
മൂന്നരപതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ഇന്നും ഈ നാടിന്‍െറ അതിഥിയായി കഴിയുകാണ്. ഖത്തറില്‍ ഒറ്റക്കല്ല എന്ന സമാധാനമുണ്ട്. നാട്ടില്‍ ലീവിന് ചെല്ലുമ്പോള്‍ ചിലര്‍ ആത്മാര്‍ഥമായി തന്നെ ‘തിരിച്ചു പോരാനായില്ലേ’  എന്ന് ചോദിക്കാറുണ്ട്. ‘സമയമായില്ല പോലും’ എന്നാണ് മറുപടി പറയാറ്. ‘സമ്പാദിച്ചത് മതിയായില്ലേ?’ എന്നാണ് മറ്റു ചിലര്‍ക്ക് അറിയേണ്ടത്. ഒരിക്കല്‍ ഹൃദയാഘാതം മൂലം മരിച്ച സുഹൃത്തിന്‍െറ സംസ്കാര ചടങ്ങുകള്‍ക്കിടയില്‍പരിചയാരിലൊരാള്‍ ‘യാത്ര നിറുത്തിയിട്ടില്ലേ’ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോള്‍  അടുത്തിരുന്ന ആളെ നോക്കി ‘ചിലര്‍ക്ക്  എത്ര സമ്പാദിച്ചാലും മതിവരില്ല, അത്യാഗ്രഹം തന്നെ’ എന്ന് പ്രതികരണം.
ഞാന്‍ പതിവു പോലെ  ഒന്നും മിണ്ടിയില്ല, ‘മൗനം  വിദ്വാനു  ഭൂഷണം’.
 

എന്‍ഡോസള്‍ഫാന്‍: നിരാഹാര സമരത്തിന് പിന്തുണയേറുന്നു

Posted: 03 Mar 2013 09:52 PM PST

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അടിസ്ഥാനാവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടാന്‍ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയേറുന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യുവജനനേതാക്കള്‍ സമരപ്പന്തലിലെത്തി. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ. രാജന്‍ ഞായറാഴ്ചത്തെ സമരം ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.കെ. ബഷീര്‍, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ളോക് സംസ്ഥാന സെക്രട്ടറി അഡ്വ. മനോജ്കുമാര്‍, സുനില്‍ മാടക്കല്‍, സാദിഖ് ഉളിയില്‍, അബ്ദുല്‍ലത്തീഫ്, കെ.കെ. ഇസ്മഈല്‍, അബ്ദുല്‍ഖാദര്‍, രാജേഷ് ബേഡൂര്‍, മുരളി മാസ്റ്റര്‍ കരിവെള്ളൂര്‍, കലാകൂടം രാജു, കെ.പി. സജി, രാജേഷ് വാര്യര്‍ പൂമംഗലം, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ടി. ചന്ദ്രന്‍, ബിജു ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു.
പി. കരുണാകരന്‍ എം.പി, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.പി. ശ്യാമളാദേവി എന്നിവരും സമരപ്പന്തലിലെത്തി. എസ്.യു.സി.ഐ സംസ്ഥാന കമ്മിറ്റിയംഗം എസ്. രാജീവന്‍ സമരവേദിയിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഇതിനിടെ നിരാഹാരസമരം നടത്തുന്ന ഡോ. ഡി. സുരേന്ദ്രനാഥിന്‍െറ ആരോഗ്യനില മോശമായി. ഞായറാഴ്ച  ഇദ്ദേഹത്തിന്‍െറ ആരോഗ്യനില ഡോക്ടര്‍ പരിശോധിച്ചു. സമരം വ്യാപിപ്പിക്കുന്നതിന്‍െറ ഭാഗമായി ചൊവ്വാഴ്ച സമരപ്പന്തലില്‍ യുവജനസംഘടന പ്രവര്‍ത്തകരുടെയും രാഷ്ട്രീയ സാമൂഹിക സംഘടന പ്രതിനിധികളുടെയും യോഗം നടക്കും.

മനുഷ്യത്വരഹിത
നിലപാടിനെതിരെ പ്രക്ഷോഭം -അഡ്വ. കെ. രാജന്‍
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുള്ള സര്‍ക്കാറിന്‍െറ മനുഷ്യത്വരഹിത നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ. രാജന്‍ പറഞ്ഞു. ഡോ. ഡി. സുരേന്ദ്രനാഥിനെ സന്ദര്‍ശിച്ച ശേഷം 14ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍ഡോസള്‍ഫാന്‍ കമ്പനിക്കനുകൂലമായി നടത്തിയ നിരവധി പ്രസ്താവനകളിലൂടെയും നിലപാടുകളിലൂടെയും  കേന്ദ്ര- കേരള സര്‍ക്കാറുകള്‍ എന്‍ഡോസള്‍ഫാന്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണെന്ന് തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.  
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകള്‍, കമ്പനിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഈ സര്‍ക്കാര്‍ ഇല്ലാതാക്കിയിരിക്കുകയാണ്.   എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പാക്കേജ് അഞ്ച് വര്‍ഷത്തേക്ക് പരിമിതപ്പെടുത്തിയ സര്‍ക്കാര്‍ നിലപാട് മനുഷ്യത്വ രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.   ജില്ല സെക്രട്ടറി സുനില്‍ മാടക്കല്‍, സംസ്ഥാന കമ്മിറ്റിയംഗം അനിതാരാജ്, ജില്ല കമ്മിറ്റിയംഗങ്ങളായ എം. ശ്രീജിത്ത്, രാജേഷ് ബേനൂര്‍, ബിജു ഉണ്ണിത്താന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

വാഗ്ദാനം പാലിക്കണം
-പി. കരുണാകരന്‍ എം.പി
കാസര്‍കോട്:  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാന്‍ തയാറായില്ലെങ്കില്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് പി. കരുണാകരന്‍ എം.പി പറഞ്ഞു. അനിശ്ചിതകാല നിരാഹാരമനുഷ്ഠിക്കുന്ന ഡോ. ഡി. സുരേന്ദ്രനാഥിനെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരാഹാരമനുഷ്ഠിക്കുന്നവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. മൂന്ന് മന്ത്രിമാര്‍ വിഷയവുമായി ബന്ധപ്പെട്ട് ജില്ല സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നുള്ള മന്ത്രിസഭായോഗത്തില്‍  തീരുമാനമുണ്ടാകുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, നിരവധി യോഗം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. സമരസ്ഥലം സന്ദര്‍ശിച്ച എം.എല്‍.എയും കലക്ടറും പറഞ്ഞത് സമരത്തോട് അനുഭാവമുണ്ടെന്നാണ്. എന്നാല്‍,  ഇക്കാര്യത്തില്‍ നടപടിയാണ് ആവശ്യം. മുഖ്യമന്ത്രി വാക്ക് പാലിക്കാന്‍ തയാറാകണമെന്നും എം.പി ആവശ്യപ്പെട്ടു.

മുണ്ടേരിക്കടവില്‍ വിലക്ക് ലംഘിച്ച് തണ്ണീര്‍ത്തടം നികത്തുന്നു

Posted: 03 Mar 2013 09:51 PM PST

കണ്ണൂര്‍: അധികൃതരുടെ വിലക്ക് ലംഘിച്ച് മുണ്ടേരിക്കടവില്‍ അവധിദിനത്തില്‍ തണ്ണീര്‍ത്തടം നികത്തല്‍ തുടരുന്നു.
പക്ഷിസങ്കേതമായി പ്രഖ്യാപിച്ച മുണ്ടേരിക്കടവിലെ പറക്കാട് അമ്പാട് ഭാഗത്താണ് ഞായറാഴ്ച റവന്യൂ അധികൃതരുടെയും പൊലീസിന്‍െറയും വിലക്ക് മറികടന്ന് നിര്‍മാണ പ്രവര്‍ത്തനം നടത്തിയത്. ഇവിടെ സ്വകാര്യ വ്യക്തി കണ്ടല്‍ക്കാട് നശിപ്പിച്ച് കരിങ്കല്‍ ഭിത്തി കെട്ടിയുയര്‍ത്തി നീര്‍ത്തടം മണ്ണിട്ട് നികത്തുന്നത് കഴിഞ്ഞദിവസം തഹസില്‍ദാറും പൊലീസും ഇടപെട്ട് തടഞ്ഞിരുന്നു. കൃഷിവകുപ്പും അനധികൃത നിര്‍മാണത്തെ എതിര്‍ത്തിരുന്നു. എന്നാല്‍, ഇത് വകവെക്കാതെയാണ് ഞായറാഴ്ച നിര്‍മാണം പുനരാരംഭിച്ചത്. പക്ഷിനിരീക്ഷണത്തിനെത്തിയ കോളജ് വിദ്യാര്‍ഥികളുടെ സംഘം ഇത് കണ്ടെത്തി കണ്ണൂര്‍ തഹസില്‍ദാറെ വിവരമറിയിക്കുകയായിരുന്നു. നികത്തിയ തണ്ണീര്‍ത്തടം പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. റവന്യൂ രേഖകളില്‍ ‘നഞ്ച’ വിഭാഗത്തില്‍ ഉള്‍പ്പെട്ട വെള്ളം കെട്ടിനില്‍ക്കുന്ന പുഴയോര ഭൂമി രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ‘തോട്ടം’ ആക്കി മാറ്റിയാണ് കൈയേറ്റവും നികത്തലും നടത്തുന്നതെന്ന് റവന്യൂ അധികൃതര്‍ പറയുന്നു.
 സ്ഥലം തണ്ണീര്‍ത്തടത്തില്‍ ഉള്‍പ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് പോക്കുവരവ് തടഞ്ഞിരുന്നു.  ഇവിടെ സര്‍വേ നമ്പര്‍ 35/1ല്‍പെട്ട ഭാഗത്ത് 4.5 ഏക്കറോളം നെല്‍വയല്‍ ഈവിധം രേഖകളില്‍ കൃത്രിമം കാട്ടി കരഭൂമിയാക്കി മാറ്റിയതായി പറയുന്നു. മുണ്ടേരിക്കടവ് നീര്‍ത്തടം സര്‍ക്കാര്‍ ഏറ്റെടുത്ത് പക്ഷിസങ്കേതമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് തണ്ണീര്‍ത്തടം കൈയേറ്റം രൂക്ഷമായത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മുണ്ടേരി കൈപ്പാട് മേഖലയില്‍ നടത്തിയ ഭൂമി ഇടപാടുകളെക്കുറിച്ചും നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകള്‍ ജില്ലാകലക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള, വൈസ് പ്രസിഡന്‍റ് പി. ചന്ദ്രന്‍, കൃഷി ഓഫിസര്‍ ജീവരാജ്, വില്ലേജ് ഓഫിസര്‍ സമീര്‍ എന്നിവര്‍ കൈയേറ്റം നടന്ന സ്ഥലം സന്ദര്‍ശിച്ചു.
 

ബി.ഒ.ടി പാലത്തിലെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ നീക്കം

Posted: 03 Mar 2013 09:41 PM PST

കൊച്ചി: കരാറുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കി മട്ടാഞ്ചേരി ബി.ഒ.ടി പാലത്തിലെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തര നീക്കം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ രണ്ടാഴ്ച മുമ്പ് തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തത്ത്വത്തില്‍ തീരുമാനമായത്.
കരാറുകരായ ഗാമണ്‍ ഇന്ത്യക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുക സംബന്ധിച്ച് തീരുമാനിക്കാന്‍ സര്‍ക്കാര്‍ സെക്രട്ടിമാര്‍ ഉള്‍പ്പെടുന്ന സമിതിക്കും സര്‍ക്കാര്‍ രൂപം നല്‍കി. ടോള്‍ തുക സംബന്ധിച്ച ആര്‍ബിട്രേഷന്‍ നടപടികള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കേ അതിലെ തീരുമാനത്തിന് മുമ്പ് സര്‍ക്കാര്‍ തലത്തില്‍ പ്രശ്നപരിഹാരമുണ്ടാക്കണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
 2014 ഏപ്രില്‍ 26നാണ്  കരാര്‍ അവസാനിക്കുന്നത്.ഈ സാഹചര്യത്തിലാണ് നഷ്ട പരിഹാരം നല്‍കി നേരത്തേ തന്നെ ടോള്‍ പിരിവിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. അമിത ടോള്‍ നിരക്കിന്‍െറ പേരില്‍ വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് ഒറ്റത്തവണ പണമടച്ച് പല തവണ യാത്ര അനുവദിക്കുന്ന മള്‍ട്ടിപ്പിള്‍ പാസ് സമ്പ്രദായം സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഇതു മൂലമുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ ടോള്‍ പിരിവ് കാലാവധി നീട്ടി നല്‍കാനും ഒന്നര കോടി വീതം വര്‍ഷന്തോറും അനുവദിക്കാനും 2004ല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍, ഈ നടപടി ഹൈകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരിക്കുകയാണ്. അതേ സമയം വിഷയത്തില്‍ കരാറുകാര്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് വിഷയം ആര്‍ബിട്രേഷന്‍െറ പരിഗണനയിലുമാണ്്.
കാലാവധി കഴിഞ്ഞും ടോള്‍ പിരിക്കാന്‍ അനുവദിക്കുന്നത് സംഘര്‍ഷാവസ്ഥക്ക് കാരണമാകുമെന്ന തിരിച്ചറിവാണ് സര്‍ക്കാറിനെ നഷ്ടപരിഹാരമെന്ന മുന്‍ തീരുമാനത്തിലേക്ക് തിരിച്ചെത്തിച്ചിരിക്കുന്നത്. ടോള്‍ വിഷയം വീണ്ടും പശ്ചിമകൊച്ചിയുടെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാലിന്‍െറ ഇടപെടലിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ അടിയന്തര യോഗം വിളിച്ചുകൂട്ടി നഷ്ടപരിഹാരം നല്‍കി കരാര്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് യോഗം നടന്നത്.
 മന്ത്രിമാരായ കെ. ബാബു, മഞ്ഞളാംകുഴി അലി, വി.കെ. ഇബ്രാഹിംകുഞ്ഞ്, എം.എല്‍.എമാരായ ഹൈബി ഈഡന്‍, ഡൊമിനിക് പ്രസന്‍േറഷന്‍, ജില്ലയിലെ മറ്റ് എം.എല്‍.എമാര്‍, അഡീ.അഡ്വക്കറ്റ് ജനറല്‍ കെ. എ. ജലീല്‍, ചീഫ് സെക്രട്ടറി സിറിയക് ജോസഫ്, വകുപ്പ് സെക്രട്ടറിമാര്‍, ഗാമണ്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്. ടോള്‍ പിരിവ് കൂടുതല്‍ കാലം തുടരാന്‍ അനുവദിച്ചില്ലെങ്കില്‍ കോടികളുടെ നഷ്ടം നേരിടേണ്ടിവരുമെന്ന് ഗാമണ്‍ ഇന്ത്യ യോഗത്തെ അറിയിച്ചു. എന്നാല്‍, പിരിവ് തുടരാന്‍ അനുവദിക്കാനാവില്ലെന്ന് ജി.സി.ഡി.എ ചെയര്‍മാനും അറിയിച്ചു.
കാലാവധി നീട്ടി നല്‍കിയില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കണമെന്ന വാദം കരാറുകാര്‍ തുടര്‍ന്നു. നഷ്ടപരിഹാരം നല്‍കാന്‍ തയാറല്ലെന്ന നിലപാട് ജി.സി. ഡി. എയും സ്വീകരിച്ചു. മള്‍ട്ടിപ്പിള്‍ പാസ് ഏര്‍പ്പെടുത്തിയതു മുതലുള്ള നഷ്ടം അടക്കം 40 കോടിയോളം രൂപയുടെ നഷ്ടപരിഹാരമാണ് കമ്പനി ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്നാണ് നഷ്ടപരിഹാരത്തുക തിട്ടപ്പെടുത്താന്‍ ചീഫ് സെക്രട്ടറി, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, നിയമം, ധനകാര്യ സെക്രട്ടറിമാര്‍, ജി.സി.ഡി.എ സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയെ നിയമിച്ചത്. സമിതി ഈ മാസം ആറിനകം യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. ഇതേ തുടര്‍ന്ന് മാത്രമേ ടോള്‍ പിരിവ് സംബന്ധിച്ച് സര്‍ക്കാറിന്‍െറ ഔദ്യാഗിക തീരുമാനമുണ്ടാവുകയുള്ളൂ.
വാര്‍ഷിക നഷ്ടപരിഹാരം നല്‍കാമെന്ന സര്‍ക്കാര്‍ തീരുമാനം പാലിക്കാത്തതിനെതിരെ കമ്പനി നല്‍കിയ ഹരജിയിന്‍മേലാണ് ആര്‍ബിട്രേഷന്‍ നടക്കുന്നത്. സുപ്രീം കോടതി ജഡ്ജിമാരായിരുന്ന മൂന്നംഗ സമിതി തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈമാസം  17,18,19 തീയതികളില്‍ എറണാകുളത്തെ ഹോട്ടലില്‍ വെച്ച് വാദം കേള്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. ആര്‍ബിട്രേഷന്‍െറ ഉത്തരവിന് മുമ്പേ തീരുമാനമെടുത്ത് പ്രശ്നപരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP