സ്വാഗതം
WELCOME

News Update..

Friday, March 29, 2013

ഉത്തരകൊറിയ മിസൈല്‍ യൂണിറ്റുകള്‍ സജ്ജമാക്കി Madhyamam News Feeds

ഉത്തരകൊറിയ മിസൈല്‍ യൂണിറ്റുകള്‍ സജ്ജമാക്കി Madhyamam News Feeds

Link to

ഉത്തരകൊറിയ മിസൈല്‍ യൂണിറ്റുകള്‍ സജ്ജമാക്കി

Posted: 28 Mar 2013 10:38 PM PDT

Image: 

സോള്‍: അമേരിക്കയുടെ രണ്ട് സ്റ്റെല്‍ത്ത് (അദൃശ്യ) ബോംബര്‍ വിമാനങ്ങള്‍ ദക്ഷിണ കൊറിയയിലെത്തിയതിനെത്തുടര്‍ന്ന് ഉത്തരകൊറിയ തങ്ങളുടെ മിസൈല്‍ യൂണിറ്റുകള്‍ സജ്ജമാക്കി. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അടിയന്തര യോഗം ചേര്‍ന്നാണ് മിസൈല്‍ യൂണിറ്റുകള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയത്.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കാര്യത്തില്‍ തീര്‍പ്പു കല്‍പ്പിക്കേണ്ട സമയമായെന്ന് കിം ജോങ് ഉന്‍ ഉന്നത സൈനിക ജനറല്‍മാരോട് പറഞ്ഞതായി ഔദ്യാഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതത്തേുടര്‍ന്ന് ഏതു നിമിഷവും യുദ്ധത്തിന് തയാറാകാന്‍ ഉത്തര കൊറിയന്‍ അധികൃതര്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വ്യാഴാഴ്ചയാണ് ആണവാക്രമണ ശേഷിയുള്ള രണ്ട് ബോംബര്‍ വിമാനങ്ങള്‍ ദക്ഷിണ കൊറിയയിലെ സംയുക്ത സൈനികാഭ്യാസങ്ങളില്‍ പങ്കെടുത്തത്. ‘ബി-2’ ഇനത്തിലുള്ള യുദ്ധവിമാനങ്ങള്‍ അയച്ചുകൊണ്ട് ഉത്തര കൊറിയയിലെ നിര്‍ണിത ലക്ഷ്യങ്ങളില്‍ ഉന്നംപിഴക്കാത്ത ആക്രമണം നടത്താനാകുമെന്ന മുന്നറിയിപ്പാണ് അമേരിക്ക നല്‍കുന്നതെന്ന് യുദ്ധവിദഗ്ധര്‍ വിലയിരുത്തുന്നു.

ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി സൈനിക പരിശീലനം നടത്തിയതിലും യു.എന്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നും ഉത്തര കൊറിയ ദക്ഷിണ കൊറിയയുമായുള്ള സൈനിക ഹോട്ട്ലൈന്‍ ബന്ധം വിച്ഛദേിച്ചിരുന്നു.

പുതിയ സാധ്യതകള്‍ തുറന്ന് ന്യൂക്ളിയാര്‍ എന്‍ജിനീയറിങ്

Posted: 28 Mar 2013 10:22 PM PDT

Image: 

എന്‍ജിനീയറിങ് കോഴ്സുകളുടെ കാലം കഴിഞ്ഞുവെന്ന് കരുതുന്നവരാണ് പലരും. സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ പല സ്വകാര്യ സ്ഥാപനങ്ങളും റിക്രൂട്ട്മെന്‍റുകള്‍ നിര്‍ത്തിവെച്ചതാണ് പലരിലും ഈ ധാരണക്ക് കാരണമായത്. ഒരു പരിധിവരെ ഇക്കാര്യം ശരിയുമായിരുന്നു. എന്നാല്‍, ഇതിനപ്പുറത്തും ഈ ധാരണക്ക് കാരണങ്ങളുണ്ട്. പരമ്പരാഗത എന്‍ജിനീയറിങ് കോഴ്സുകള്‍മാത്രം തെരഞ്ഞെടുക്കുന്ന നമ്മുടെ പ്രവണതയാണ് ഇതില്‍ പ്രധാനം.  എന്‍ജിനീയറിങ് എന്നാല്‍, ‘സിവിലും മെക്കാനിക്കും’ മാത്രമേ ഉള്ളൂ എന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്‍ജിനീയറിങ് മേഖലയിലെ പുതിയതും വളര്‍ന്നുവരുന്നതുമായ ശാഖകളെ കണ്ടെത്തുന്നതിനും അവയുടെ സാധ്യത ആരായുന്നതിനും നാം മെനക്കെടാറില്ലെന്നതാണ് സത്യം.
സ്പെഷലൈസ്ഡ് എന്‍ജിനീയറിങ്ങിന്‍െറ കാലത്താണ് നാമുള്ളത്. എന്‍ജിനീയറിങ്ങില്‍തന്നെ ഏതെങ്കിലുമൊരു ശാഖയില്‍ സ്പെഷലൈസേഷനോടുകൂടിയ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ ഇന്ന് നമ്മുടെ രാജ്യത്തെ സര്‍വകലാശാലകളിലുണ്ട്. രാജ്യത്തെയും വിദേശത്തെയും കമ്പനികളും റിക്രൂട്ടിങ് ഏജന്‍സികളുമെല്ലാം തിരയുന്നതും ഇപ്പോള്‍ സ്പെഷലൈസ്ഡ് എന്‍ജിനീയര്‍മാരെയാണ്. മുന്‍കാലങ്ങളില്‍ ന്യൂക്ളിയാര്‍ പവര്‍ പ്ളാന്‍റുകളിലും മറ്റും നിയമിച്ചിരുന്നത് സാധാരണ എന്‍ജിനീയര്‍മാരെയായിരുന്നു. ഇന്നിപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ന്യൂക്ളിയാര്‍ എന്‍ജിനീയറിങ് എന്നൊരു ശാഖതന്നെ ഇന്ന് പഠിപ്പിക്കപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്‍റര്‍ പോലുള്ള സ്ഥാപനങ്ങളില്‍ ന്യൂക്ളിയാര്‍ എന്‍ജിനീയറിങ്ങില്‍തന്നെ വീണ്ടും സ്പെഷലൈസേഷനോടുകൂടിയ കോഴ്സുകള്‍ ഉണ്ട്. കൂടാതെ, ഒരു പ്രഫഷന്‍ എന്നതിനപ്പുറം, ഗവേഷണതലത്തിലേക്ക് കൂടി നമ്മുടെ കരിയര്‍ വ്യാപിപ്പിക്കണമെന്നുണ്ടെങ്കില്‍ അതിനേറ്റം ഉചിതം ഇത്തരം സ്പെഷലൈസ്ഡ് എന്‍ജിനീയറിങ് കോഴ്സുകളായിരിക്കും. ന്യൂക്ളിയാര്‍ എന്‍ജിനീയറിങ് എന്ന ശാഖയെ പരിചപ്പെടുത്തുകയാണ് ഈ ലക്കത്തില്‍.
അണു ഭൗതികത്തിന്‍െറ (ന്യൂക്ളിയര്‍ ഫിസിക്സ്) അപ്ളിക്കേഷനുകള്‍ ഉള്‍ക്കൊള്ളുന്ന എന്‍ജിനീയറിങ് ശാഖയെന്ന് ഇതിനെ സാമാന്യമായി വിശേഷിപ്പിക്കാം. ആണവ റിയാക്ടറുകളുടെ രൂപകല്‍പന, നിര്‍മാണം തുടങ്ങിയവയൊക്കെ ഉള്‍പ്പെടുന്നതാണിത്. റിയാക്ടറുകള്‍ മാത്രമല്ല, ന്യൂക്ളിയാര്‍ പവര്‍ പ്ളാന്‍റുകള്‍ തുടങ്ങി ആണവായുധങ്ങളുടെ നിര്‍മാണങ്ങളില്‍വരെ ഒരു ന്യൂക്ളിയാര്‍ എന്‍ജിനീയര്‍ക്ക് കാര്യമായ പങ്കുണ്ട്. ഇതുകൂടാതെ മെഡിക്കല്‍രംഗത്തും ന്യൂക്ളിയാര്‍ എന്‍ജിനീയര്‍മാര്‍ക്ക് സാധ്യതകളുണ്ട്. മെഡിക്കല്‍ ഫിസിക്സിന്‍െറ ലോകവും ന്യൂക്ളിയാര്‍ എന്‍ജിനീയര്‍മാരെ സംബന്ധിച്ചിടത്തോളം വിശാലമാണ്. റേഡിയോ ആക്ടീവ് പദാര്‍ഥങ്ങള്‍ ഉപയോഗിച്ചുള്ള ആധുനിക ചികിത്സാരീതിയായ ന്യൂക്ളിയാര്‍ മെഡിസിന്‍െറ മേഖലയാണ് മറ്റൊരു സാധ്യതയുള്ള മേഖല.
മിക്കവാറും ആളുകള്‍ പൊതുവെ അവഗണിക്കുന്ന ഒരു കോഴ്സാണ് ന്യൂക്ളിയാര്‍  എന്‍ജിനീയറിങ്. ആണവോര്‍ജ ഉല്‍പാദനവുമായും ആണവ സുരക്ഷയുമായും ബന്ധപ്പെട്ട്  നിരവധി ഗവേഷണ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ന്യൂക്ളിയാര്‍ എന്‍ജിനീയര്‍മാരെ റിക്രൂട്ട് ചെയ്യാറുണ്ട്. ആവശ്യത്തിന് ന്യൂക്ളിയാര്‍ എന്‍ജിനീയര്‍മാര്‍ രാജ്യത്തില്ല എന്നതാണ് യാഥാര്‍ഥ്യം. ന്യൂക്ളിയാര്‍ എന്‍ജിനീയറിങ്ങില്‍തന്നെ വീണ്ടും സ്പെഷലൈസേഷനുകള്‍ ഉണ്ട്. ന്യൂക്ളിയാര്‍ മെഡിക്കല്‍ എന്‍ജിനീയറിങ്, ന്യൂക്ളിയാര്‍ ഡിസൈനിങ് എന്‍ജിനീയറിങ് തുടങ്ങി മറ്റൊരു ലോകം തന്നെയുണ്ട്. ഗവേഷണരംഗത്ത് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒന്നായി ഈ എന്‍ജിനീയറിങ് ശാഖ മാറിയിരിക്കുന്നു.
മറ്റേതൊരു എന്‍ജിനീയറിങ് ശാഖ പോലെത്തന്നെ ന്യൂക്ളിയാര്‍ എന്‍ജിനീയറിങ് ബിരുദ കോഴ്സുകള്‍ നാലുവര്‍ഷവും ബിരുദാനന്തര ബിരുദ കോഴ്സുകള്‍ രണ്ട് വര്‍ഷവുമാണ്. പ്ളസ്ടുവിന് ശാസ്ത്ര വിഷയം പഠിച്ചവര്‍ക്കാണ് ബിരുദ കോഴ്സിന് യോഗ്യത. പ്രവേശ പരീക്ഷയും പാസായിരിക്കണം. ഭൗതിക ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളില്‍ സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഒരു കോഴ്സാണിത്.  
 

സര്‍ക്കാര്‍ കലാവധി തികക്കും -പ്രധാനമന്ത്രി

Posted: 28 Mar 2013 10:22 PM PDT

Image: 

ന്യൂദല്‍ഹി: നവംബറില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങിന്റെ പ്രസ്താവനയ്ക്കു പിന്നാലെ സര്‍ക്കാര്‍ കാലാവധി തികക്കുമെന്ന അവകാശവാദവുമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്തെത്തി. ഘടകക്ഷികളുടെ സമ്മര്‍ദ്ദം പരിഗണിക്കേണ്ടതാണെന്നും എന്നാല്‍ അത് സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന രീതിയിലാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ഇന്ത്യയിലേക്ക് മടങ്ങവെ എയര്‍ഇന്ത്യ വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പൂര്‍ണ്ണ സമര്‍പ്പണത്തോടെ താന്‍ ഈ രാജ്യത്തെ സേവിച്ചിട്ടുണ്ട്. ഭരണം വിജയമായിരുന്നോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡി.എം.കെ മന്ത്രിമാര്‍ രാജിവെക്കുകയും മുന്നണിക്കുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തതിനു പിന്നാലെ സമാജ് വാദി പാര്‍ട്ടിയും യു.പി.എ സര്‍ക്കാറില്‍ നിന്ന് വിട്ടു പോകുകയാണെന്ന അഭ്യൂഹം ശക്തമാക്കിക്കൊണ്ടാണ് കഴിഞ്ഞ ദിവസം മുലായം സിങിന്റെ പ്രസ്താവന ഉണ്ടായത്. കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശവും മുലായം അഴിച്ചുവിട്ടിരുന്നു. ലോക്സഭയില്‍ 21 അംഗങ്ങളുള്ള മുലായത്തിന്റെ പുറംപിന്തുണയുടെ കൂടി ബലത്തിലാണ് മന്‍മോഹന്‍ സിങ് സര്‍ക്കാറിന്റെ നിലനില്‍പ്.
 

ഗവേഷണ പഠനത്തിന് നെഹ്റു സ്കോളര്‍ഷിപ്പ്

Posted: 28 Mar 2013 10:20 PM PDT

ഇന്ത്യന്‍ യൂനിവേഴ്സിറ്റികളില്‍ ഗവേഷണപഠനം നടത്തുന്ന ഇന്ത്യയിലെയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെയും  വിദ്യാര്‍ഥികള്‍ക്ക് ജവഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍  ഫണ്ട് സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ഫിസിക്കല്‍ സയന്‍സ്, കെമിക്കല്‍ സയന്‍സ്, മാത്തമാറ്റിക്കല്‍ സയന്‍സ്, ബയോളജിക്കല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്,  എന്‍ജിനീയറിങ് സയന്‍സസ്, എന്‍വിറോണ്‍മെന്‍റല്‍ സയന്‍സ്, കംപാരറ്റീവ്  സ്റ്റഡീസ് ഇന്‍ റിലീജിയന്‍ ആന്‍ഡ് കള്‍ച്ചര്‍, ഇന്ത്യന്‍ ഹിസ്റ്ററി ആന്‍ഡ് സിവിലൈസേഷന്‍, സോഷ്യോളജി, എക്കണോമിക്സ്,  സ്റ്റഡീസ് ഓണ്‍ ജവഹര്‍ലാല്‍ നെഹ്റു-രംഗങ്ങളിലെ ഗവേഷണ പഠനത്തിനാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക.
അപേക്ഷകര്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും GATE/NET യോഗ്യതയും ഉള്ളവരാകണം.  അംഗീകൃത സ്ഥാപനത്തില്‍ പ്രവേശം നേടിയ 35 വയസ്സ് തികയാത്തവരാകണം. മുഴുസമയ ഗവേഷണത്തിന് മാത്രമേ സ്കോളര്‍ഷിപ്പ് ലഭിക്കൂ.  സ്കോളര്‍ഷിപ്പ് കാലാവധി രണ്ടു വര്‍ഷം. പ്രതിമാസം 12,000 രൂപയും കണ്ടിന്‍ജന്‍സി ഫണ്ടായി  15,000 രൂപയും ലഭിക്കും.
അപേക്ഷകള്‍ 2013 മേയ് 31നകം administrative  secretary, Jawaharlal Nehru Memorial Fund, Teen Murti House, New Delhi 11 എന്ന വിലാസത്തില്‍ ലഭിക്കണം.
അപേക്ഷയോടൊപ്പം  1500 വാക്കില്‍ കവിയാത്ത സിനോപ്സിസ്, റിസര്‍ച്ച് ഗൈഡിന്‍െറ സമ്മതപത്രം, 100 രൂപയുടെ ഡിമാന്‍റ് ഡ്രാഫ്റ്റ് എന്നിവകൂടി അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍  ഇന്‍റര്‍വ്യൂവിന് ഹാജരാകണം. അപേക്ഷ ഫോറവും വിശദവിവരങ്ങളും  www.jnmf.in വെബ്സൈറ്റില്‍ ലഭ്യമാണ്.
 

ചലച്ചിത്രനിര്‍മാതാവ് ചമഞ്ഞ് തട്ടിപ്പുനടത്തിയയാള്‍ അറസ്റ്റില്‍

Posted: 28 Mar 2013 09:51 PM PDT

പേരൂര്‍ക്കട: ചലച്ചിത്ര നിര്‍മാതാവാണെന്നു പറഞ്ഞ് വീടുകളില്‍ നിന്ന് പണം അപഹരിച്ച് മുങ്ങുന്നയാള്‍ അറസ്റ്റില്‍. എറണാകുളം കോതമംഗലം കീരംപാറ ചെങ്കര ചെങ്കരനിര്‍മന്‍ ധ്യാനകേന്ദ്രത്തിന് സമീപം കൊക്കയില്‍ വീട്ടില്‍ കൊക്കയില്‍ ഷാജിയെന്ന ഷാജിയാണ് (39) പിടിയിലായത്. പ്രശസ്ത ചലച്ചിത്ര നിര്‍മാതാക്കളുടെ സംരംഭങ്ങളില്‍ അഭിനയിക്കാന്‍ അവസരമുണ്ടെന്നു ഫോണ്‍ചെയ്ത് അറിയിച്ച് വീടുകളിലെത്തി ശ്രദ്ധതിരിച്ച് മോഷണം നടത്തുകയാണ് ഇയാളുടെ രീതി. പട്ടം മരപ്പാലം ഗാര്‍ഡന്‍സ് എം.ജി.ആര്‍.എ 86 ‘പ്രണവ’ത്തില്‍ എത്തിയ ഷാജി വീട്ടുകാരുമായി സംസാരിച്ചിരുന്നു. തുടര്‍ന്ന് 500 രൂപക്ക് ചില്ലറ ആവശ്യപ്പെട്ടു. വീട്ടുകാര്‍ ഇതെടുക്കാന്‍ പോകവെ അവിടെയുണ്ടായിരുന്ന 25,000 ഓളം രൂപയുമായി ഇയാള്‍ മുങ്ങുകയായിരുന്നു. എറണാകുളം തോപ്പുംപടി സ്റ്റേഷന്‍ പരിധിയിലും ഇയാള്‍ സമാനമായ മോഷണം നടത്തിയതായി വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കന്‍േറാണ്‍മെന്‍റ് എ.സി ഹരിദാസ്, തിരുവനന്തപുരം ക്രൈം ഡിറ്റാച്ച്മെന്‍റ് എ.സി കെ.ഇ ബൈജു, പേരൂര്‍ക്കട സി.ഐ കെ. പ്രദീപ്, എസ്.ഐ വി. നാഗപ്പന്‍, എ.എസ്.ഐ സുരേഷ്ബാബു, സിറ്റി ഷാഡോ ടീം അംഗങ്ങളായ അരുണ്‍കുമാര്‍, സാബു, ഹരിലാല്‍, വിനീഷ്, സുധീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
 

ഹെല്‍മറ്റ് പരിശോധനക്കിടെ ബൈക്കില്‍നിന്ന് സഹോദരന്മാരെ വലിച്ചിട്ടതായി പരാതി

Posted: 28 Mar 2013 09:48 PM PDT

കൊല്ലം:  ഹെല്‍മറ്റ് പരിശോധനക്കിടെ ഓടിക്കൊണ്ടിരുന്ന ബൈക്കില്‍നിന്ന് സഹോദരന്മാരെ പൊലീസ് വലിച്ചിട്ടതായി പരാതി. നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റു. ചിന്നക്കട ട്രാഫിക് റൗണ്ടിനു സമീപം വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. റോഡില്‍ വീണ് കാല്‍മുട്ടിന് പരിക്കേറ്റ മരുത്തടി ‘എമില്യ‘യില്‍ സാജി (21) നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം ചിന്നക്കടയില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ട്രാഫിക് പൊലീസുകാരുടെ ഭാഗത്തുനിന്ന് അതിക്രമം ഉണ്ടായിട്ടില്ലെന്നാണ് പൊലീസിന്‍െറ വിശദീകരണം. പൊലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോകാനൊരുങ്ങവെ ബൈക്ക് തെന്നിവീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സാജും അനുജന്‍ സിബിയും ചിന്നക്കടയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സാജാണ് ബൈക്ക് ഓടിച്ചത്. ട്രാഫിക് റൗണ്ടിന് സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരന്‍ കൈകാണിച്ചു. റോഡിന്‍െറ വശത്തേക്ക് മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പിന്നില്‍ വസ്ത്രങ്ങളടങ്ങിയ കവറുകളുമായി ഇരുന്ന സിബിയുടെ ഷര്‍ട്ടിന്‍െറ കോളറില്‍ പിടിച്ച് പൊലീസുകാരന്‍ വലിച്ച് നിലത്തിറക്കി. മറ്റൊരു പൊലീസുകാരന്‍ സാജിന്‍െറ കോളറില്‍ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. ഇതിനിടെ സാജിന്‍െറ  മാല പൊട്ടുകയും ചെയ്തു. നിയന്ത്രണം വിട്ട ബൈക്ക് ചരിഞ്ഞു വീഴുന്നതിനിടെ സാജിന്‍െറ കാല്‍മുട്ട് റോഡില്‍ ഇടിക്കുകയായിരുന്നു.
ബൈക്കിന്‍െറ മുന്‍ ചക്രത്തിനിടയില്‍ കാല്‍ കുരുങ്ങിക്കിടന്ന സാജിനെ എഴുന്നേല്‍പ്പിക്കാന്‍ പൊലീസുകാര്‍ തയാറായില്ലെന്നും പറയുന്നു. സംഭവം കണ്ട് വഴിയാത്രക്കാരും കച്ചവടക്കാരും എത്തിയതോടെ യുവാക്കളെ പറഞ്ഞുവിടാനായി പൊലീസുകാരുടെ ശ്രമം. ആര്‍.വൈ.എഫ് ജില്ലാ പ്രസിഡന്‍റ് ബിജുലക്ഷ്മീകാന്തന്‍െറ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ത്തി. സ്ഥലത്തുണ്ടായിരുന്നവര്‍ ഈസ്റ്റ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. എസ്.ഐ ഗോപകുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസ് എത്തി പരിക്കേറ്റ സാജിനെയും   സഹോദരനെയും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ലൈസന്‍സും ബൈക്കിന്‍െറ രേഖകളും  കൃത്യമായിരുന്നിട്ടും ഹെല്‍മറ്റ് പരിശോധനയുടെ പേരില്‍ കുറ്റവാളികളോടെന്ന പോലെ പെരുമാറിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രിസ്തുരാജ് എച്ച്.എസ്.എസ് അധ്യാപകന്‍ കൂടിയായ സാജിന്‍െറ പിതാവ് അലോഷ്യസ് സിറ്റി കമീഷണര്‍ക്ക് പരാതിനല്‍കി.

മൂന്നാറിലെ കൈയേറ്റക്കാര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ സംവിധാനം കീഴടങ്ങുന്നു

Posted: 28 Mar 2013 09:45 PM PDT

മൂന്നാര്‍: രാഷ്ട്രീയ സ്വാധീനവും സാമ്പത്തിക പിന്‍ബലവുമുള്ള കൈയേറ്റക്കാര്‍ക്ക് മുന്നില്‍ മൂന്നാറിലെ സര്‍ക്കാര്‍ സംവിധാനം കീഴടങ്ങുന്നു. കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി കൈയേറിയും അനുമതിയില്ലാതെ അനധികൃത കെട്ടിടങ്ങള്‍ നിര്‍മിച്ച് വില്‍പ്പന നടത്തിയുമാണ് കൈയേറ്റ ലോബി മൂന്നാറില്‍ പിടിമുറുക്കുന്നത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏക്കറുകണക്കിന് ഭൂമിയാണ് ടൗണിലും പരിസരത്തുമായി വന്‍കിടക്കാര്‍ കൈവശപ്പെടുത്തിയിരിക്കുന്നത്. കെ.ഡി.എച്ച്, പള്ളിവാസല്‍ വില്ലേജുകളിലാണ് വന്‍തോതില്‍ അനധികൃത നിര്‍മാണം നടക്കുന്നത്. മൂന്നാര്‍ ടൗണില്‍ നൂറിലധികം കെട്ടിടങ്ങളാണ്  അനുമതി കൂടാതെ ബഹുനിലയാക്കി മാറ്റിയിരിക്കുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചെറിയ ഷെഡുകള്‍ മുതല്‍ ചായക്കടകള്‍ വരെ ഇരുനിലയും മറ്റുമാക്കി മാറ്റിയിരിക്കുകയാണ്. ഗ്രാമപഞ്ചായത്തിന്‍െറ അനുമതിയോടെ മാത്രമേ ഇത്തരം നിര്‍മാണം നടത്താന്‍ പാടുള്ളൂയെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് അപേക്ഷ പോലും നല്‍കാതെ കടകള്‍ ബഹുനിലകളാക്കി മാറ്റിയിരിക്കുന്നത്. നികുതി വെട്ടിപ്പും സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചും നിര്‍മിക്കുന്ന ഇത്തരം കടകള്‍ക്കെതിരെ ഒരുനോട്ടീസ് നല്‍കാന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല. മൂന്നാര്‍ പഞ്ചായത്ത് ഭരണസമിതിയിലെ പ്രധാന അംഗത്തിന്‍െറ തന്നെ രണ്ടുകട  ഇത്തരത്തില്‍ നിയമം ലംഘിച്ച് ബഹുനിലയാക്കി കഴിഞ്ഞു. ടൗണില്‍ ഇരുമ്പ് തൂണുകളും ഷീറ്റുകളും കൊണ്ട് കെട്ടിടം ഇരട്ടിയാക്കിയവര്‍ നിര്‍മാണത്തിന് മുമ്പ് ഒരുഅപേക്ഷയും നല്‍കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥരും പറയുന്നു. കഴിഞ്ഞ ദിവസം രണ്ട് ചെറിയ കടകള്‍ക്കെതിരെ നടപടിയുമായി അധികൃതര്‍ എത്തിയത് ആക്ഷേപത്തിനിടയാക്കി. ദേവികുളം സ്റ്റാന്‍ഡിന് സമീപം വണ്ടിയില്‍ കഞ്ഞിക്കട നടത്തിയത് പഞ്ചായത്തിന്‍െറ പരാതിയെ തുടര്‍ന്ന് എടുത്തുമാറ്റി. ജി.എച്ച് റോഡിലെ ഒരു കടയും അനുമതിയില്ലാതെ വിപുലീകരിച്ചതായി ആരോപിച്ച് റവന്യൂ അധികൃതര്‍ നോട്ടീസ് നല്‍കി. തോട് പുറമ്പോക്കിലും സര്‍ക്കാര്‍ ഭൂമിയിലും കെട്ടിടങ്ങള്‍ നിര്‍മിക്കുകയും അനുമതിയില്ലാതെ കെട്ടിടം വിപുലീകരിക്കുകയും ചെയ്യുന്ന നൂറുകണക്കിനാളുകളെ കണ്ണടച്ച് ഒഴിവാക്കുന്ന അധികൃതര്‍ ചിലരെ മാത്രം ലക്ഷ്യം വെക്കുന്നതിന് പിന്നില്‍ അഴിമതിയാണെന്നാണ് ആരോപണം.
മൂന്നാറില്‍ നടക്കുന്ന അനധികൃത നിര്‍മാണം തടയാന്‍ ഗ്രാമപഞ്ചായത്തിന് അധികാരമുണ്ടെങ്കിലും ഒരു നോട്ടീസ് പോലും നല്‍കാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്. കോളനിക്കുള്ളില്‍ ഭൂരഹിതര്‍ക്ക് നല്‍കിയ ഭൂമി വാങ്ങി നിരവധി വന്‍കിട റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ ഒന്നും നിര്‍മാണ സമയത്തോ പിന്നീടോ ഒരു നടപടിക്കും റവന്യൂ-പഞ്ചായത്ത് അധികൃതര്‍ തുനിഞ്ഞിട്ടില്ല.
സര്‍ക്കാര്‍ ഭൂമി കൈയേറുന്നത് തടയാന്‍ പ്രത്യേകം നിയോഗിച്ച സ്പെഷല്‍ റവന്യൂ ഓഫിസിലെ തഹസില്‍ദാറും 12 ഓളം ഉദ്യോഗസ്ഥരും ആറ് ഓഫിസുകളും ഉണ്ടെങ്കിലും ഇതുവരെ ഒരുവലിയ കൈയേറ്റവും ഒഴിപ്പിച്ചിട്ടില്ല. പരിസ്ഥിതി ദുര്‍ബല പ്രദേശമായതിനാല്‍ നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണമുള്ള പള്ളിവാസല്‍ വില്ലേജില്‍ കൊച്ചിയിലുള്ളതിനെക്കാള്‍ കൂടുതല്‍ ബഹുനില റിസോര്‍ട്ടുകളാണ് പൂര്‍ത്തിയായി വരുന്നത്.

താലൂക്ക് ആസ്ഥാനം: തര്‍ക്കം മുറുകുന്നു

Posted: 28 Mar 2013 09:43 PM PDT

കോഴഞ്ചേരി:  താലൂക്ക് ആസ്ഥാനം കോഴഞ്ചേരിയില്‍ തന്നെ വേണമെന്ന് ആവശ്യമുന്നയിച്ച് സര്‍വകക്ഷിയോഗം നടന്നു.  ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് ആനി ജോസഫ് അധ്യക്ഷത വഹിച്ചു.  
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, ധനമന്ത്രി കെ.എം. മാണി, മന്ത്രി പി.ജെ. ജോസഫ് എന്നിവര്‍ക്ക് നിവേദനം നല്‍കിയതും മന്ത്രിമാരുടെ സമീപനവും തിരുമേനി നാട്ടുകാരെ അറിയിച്ചു. വാഗ്ദാനങ്ങള്‍ഏറെയുണ്ടെങ്കിലും ഈ പ്രദേശത്തെ ജനങ്ങള്‍ ഒന്നിച്ചൊന്നായി സഹകരിച്ച് സമാധാനപരമായ സമരമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്നും സമരം വിജയിപ്പിക്കാന്‍ ദൈവത്തോട് പ്രാര്‍ഥിക്കണമെന്നും തിരുമേനി പറഞ്ഞു.  കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്‍റ് വിക്ടര്‍.ടി.തോമസ്, സി.പി.എം ജില്ലാ കമ്മിറ്റിയംഗം ബാബു കോയിക്കലത്തേ്, കെ.പി. സി.സി അംഗം കെ.കെ റോയിസണ്‍, ബി. ജെ.പി മണ്ഡലം പ്രസിഡന്‍റ് അഡ്വ.ആര്‍.ബാലകൃഷ്ണന്‍ നായര്‍, മുന്‍ എം. എല്‍. എ മാലത്തേ് സരളാദേവി, എന്‍. സി. പി ജില്ലാ പ്രസിഡന്‍റ് മാത്യൂസ് ജോര്‍ജ്, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബിനു സഖറിയ എന്നിവര്‍ സംസാരിച്ചു.

പെണ്‍കുട്ടി മരിച്ച സംഭവം: ആശുപത്രിയില്‍ മൃതദേഹവുമായി പ്രതിഷേധം

Posted: 28 Mar 2013 09:42 PM PDT

പത്തനംതിട്ട: അനസ്തേഷ്യ നല്‍കിയതിലെ പിഴവുമൂലം പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തില്‍  പ്രതിഷേധം. ബന്ധുക്കളും നാട്ടുകാരും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മൃതദേഹവുമായി പ്രതിഷേധിച്ചു. അപ്പന്‍ഡിസൈറ്റിസ് ബാധിച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോട്ടമണ്‍പാറ മനോത്രയില്‍ വീട്ടില്‍ രവീന്ദ്രന്‍െറ മകള്‍ രശ്മിയാണ് (18) മരിച്ചത്. ആശുപത്രി പരിസരത്ത് ഒന്നര മണിക്കൂറോളം പ്രതിഷേധം നീണ്ടു. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് രശ്മിയുടെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിത വിഭാഗം വരാന്തയില്‍ മൃതദേഹം വെച്ചശേഷം പ്രതിഷേധിക്കുകയായിരുന്നു.
രശ്മിയുടെ ചികിത്സക്ക് രൂപവത്കരിച്ച സഹായ സമിതിയുടെ രക്ഷാധികാരി എം.എസ്. രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം കോമളം അനിരുദ്ധന്‍,ഡി.വൈ.എഫ്.ഐ നേതാവ് ബെഞ്ചമിന്‍ ജോസ് ജേക്കബ്,  സലീം  പി. ചാക്കോ, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. കലക്ടറുമായും എ.ഡി.എമ്മുമായും ഫോണില്‍ ചര്‍ച്ച നടത്തിയതിനൊടുവില്‍ സംഭവ സ്ഥലത്തെത്താന്‍ കോഴഞ്ചേരി തഹസില്‍ദാരെ ചുമതലപ്പെടുത്തി. തഹസില്‍ദാര്‍ സ്ഥലത്തെത്താന്‍ വൈകിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ടി.കെ റോഡ് ഉപരോധിച്ചു. ഏറെനേരം കഴിഞ്ഞാണ് തഹസില്‍ദാര്‍ എത്തിയത്.
ഫെബ്രുവരി 23 നാണ് രശ്മിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 26ന് ശസ്ത്രക്രിയ നടത്താമെന്ന് ഡോ.ടി.കെ. ഷാജിയുടെ നിര്‍ദേശ പ്രകാരം ഡോ.ഗോപകുമാര്‍ അനസ്തേഷ്യ നല്‍കി. പിന്നീട് രശ്മിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ വെന്‍റിലേറ്ററിലേക്ക് മാറ്റിയതാണ് രക്ഷിതാക്കള്‍ അറിയുന്നത്. അവസ്ഥ വഷളായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി നടപ്പാക്കും -കെ.സി ജോസഫ്

Posted: 28 Mar 2013 09:40 PM PDT

Image: 

തിരുവനന്തപുരം: സൗദി അറേബ്യയില്‍ സ്വദേശിവത്കരണം ഊര്‍ജിതപ്പെടുത്തിയതിനെത്തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതികള്‍ നടപ്പാക്കുമെന്ന് ഗ്രാമ വികസന മന്ത്രി കെ.സി ജോസഫ് അറിയിച്ചു.

ഇതിനായി ആസൂത്രണ ബോര്‍ഡുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നയതന്ത്ര തലത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP