സ്വാഗതം
WELCOME

News Update..

Saturday, March 16, 2013

പൂജയുടെ പേരില്‍ 30 ലക്ഷത്തിന്‍െറ തട്ടിപ്പ്; വീട്ടുവേലക്കാരി അറസ്റ്റില്‍ Madhyamam News Feeds

പൂജയുടെ പേരില്‍ 30 ലക്ഷത്തിന്‍െറ തട്ടിപ്പ്; വീട്ടുവേലക്കാരി അറസ്റ്റില്‍ Madhyamam News Feeds

Link to

പൂജയുടെ പേരില്‍ 30 ലക്ഷത്തിന്‍െറ തട്ടിപ്പ്; വീട്ടുവേലക്കാരി അറസ്റ്റില്‍

Posted: 16 Mar 2013 12:29 AM PDT

തിരുവനന്തപുരം: ദോഷങ്ങള്‍ മാറ്റാന്‍ പൂജയും മന്ത്രവാദവും നടത്താനെന്ന വ്യാജേന റിട്ട. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവുമടക്കം 30 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയ വീട്ടുജോലിക്കാരി അറസ്റ്റില്‍.  പേട്ട എസ്.എന്‍ നഗര്‍ മൂന്നാം മനയ്ക്കല്‍ ക്ഷേത്രത്തിന് സമീപം ചീലോട്ടുവീട്ടില്‍ നിന്ന് കോവളം മുട്ടയ്ക്കാട് ചിറയില്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന ഇന്ദിര (56)യെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളജ് കൊച്ചുള്ളൂരിന് സമീപം ഒറ്റക്ക് താമസിക്കുന്ന റിട്ട. ഡി.എം.ഇ ഡോ. ശാന്തകുമാരിയെയാണ് വീട്ടുജോലിക്കാരിയും ഭര്‍ത്താവും ചേര്‍ന്ന് കബളിപ്പിച്ച് ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങളും വന്‍തുകയും തട്ടിയെടുത്തത്.
കൊച്ചുള്ളൂരിന് സമീപത്തെ വീട്ടില്‍ ഒറ്റക്ക് താമസിച്ചുവരികയാണ് ഡോ. ശാന്തകുമാരി. ഒരു ഹോം നഴ്സിങ് സ്ഥാപനം മുഖേനയാണ് ഇന്ദിര ഹോംനഴ്സായി ഇവിടെ ജോലിക്കെത്തിയത്. ഡോ. ശാന്തകുമാരിക്ക് വളരെയേറെ  ദോഷങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വൈകാതെ മരിക്കുമെന്നും ദോഷങ്ങള്‍ മാറ്റാന്‍ പൂജയും മന്ത്രവാദവും നടത്തണമെന്നും ഇവര്‍ പറഞ്ഞത്രെ. ഇത് വിശ്വസിച്ച ഡോക്ടറില്‍ നിന്ന് ദോഷപരിഹാരങ്ങള്‍ക്കായി പൂജകളും മന്ത്രവാദങ്ങളും നടത്താന്‍ ബാങ്ക് ചെക്കുകള്‍ ഒപ്പിട്ടുവാങ്ങിയ ഇന്ദിര പലപ്പോഴായി ബാങ്കില്‍ നിന്ന് 15 ലക്ഷത്തോളം പിന്‍വലിച്ചു. കൂടാതെ മയങ്ങാനുള്ള മരുന്നുകളും ഗുളികകളും ആഹാരത്തിലും പാനീയങ്ങളിലും കലര്‍ത്തി ഡോക്ടര്‍ക്ക് നല്‍കി ഇവരെ മയക്കിക്കിടത്തിയശേഷം  അലമാരയില്‍ സൂക്ഷിച്ചിരുന്ന 60 പവനോളം സ്വര്‍ണാഭരണങ്ങള്‍ ഇന്ദിരയും ഭര്‍ത്താവ് മണിയനും ചേര്‍ന്ന് കവര്‍ന്ന് ആര്‍ഭാട ജീവിതം നയിച്ചുവരികയായിരുന്നു.  ഇവരെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് സി.ഐ എസ്. നാസറുദ്ദീന്‍, എസ്.ഐ ഷാജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇന്ദിര പിടിയിലായത്. എന്നാല്‍ ഇവരുടെ ഭര്‍ത്താവ് മണിയനെ പിടിക്കാനായില്ല. ഇയാള്‍ ഒളിവിലാണ്. കഴിഞ്ഞ ഒന്നരവര്‍ഷമായി ഈ വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു ഇന്ദിര.
മെഡിക്കല്‍ കോളജ് ക്രൈം എസ്.ഐ ജയന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സുരേഷ്കുമാര്‍, സി.പി.ഒമാരായ പ്രദീപ്, വിനോദ്, രഞ്ജിത്, വനിതാ സി.പി.ഒ എലിസബത്ത് എന്നിവരടങ്ങിയ  പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഉദ്ദേശം 30 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ്  നിഗമനം. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതീക്ഷ ബാക്കിവെച്ച് ബജറ്റ് പ്രഖ്യാപനങ്ങള്‍

Posted: 16 Mar 2013 12:26 AM PDT

കൊല്ലം: പ്രതീക്ഷക്കനുസരിച്ച് പദ്ധതികളുണ്ടായില്ലെങ്കിലും സംസ്ഥാനബജറ്റ് കൊല്ലത്തെ പൂര്‍ണമായും  നിരാശപ്പെടുത്തിയില്ല. കശുവണ്ടിമേഖലക്ക് 71 കോടി അനുവദിച്ചതും കയര്‍ത്തൊഴിലാളി, കര്‍ഷകത്തൊഴിലാളി പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചതും ജില്ലയിലെ പരമ്പരാഗത വ്യവസായ- കാര്‍ഷികമേഖലകളില്‍ ആശ്വാസം പകര്‍ന്നു. കൊല്ലം, ആലപ്പുഴ ബൈപാസുകള്‍ക്കായി 50 കോടി നീക്കിവെച്ചത് ഗതാഗതമേഖലയില്‍ പ്രതീക്ഷ പകരുന്നതായി.
മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി നീണ്ടകരയില്‍ മറൈന്‍ ആംബുലന്‍സ് സര്‍വീസ് ആരംഭിക്കുന്നത് തീരമേഖലയില്‍ ആഹ്ളാദം പകര്‍ന്നു. നീണ്ടകര കേന്ദ്രമാക്കി ഐസ് കോള്‍ഡ്  സ്റ്റോറേജ് പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പുതുതായി 50 ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ തുടങ്ങുമെന്ന ബജറ്റ് പ്രഖ്യാപനത്തിലും തീരദേശം പ്രതീക്ഷയര്‍പ്പിക്കുന്നു. കൊല്ലം-കോട്ടപ്പുറം ജലപാത ഉടന്‍ പൂര്‍ത്തിയാക്കുമെന്ന ബജറ്റ് വാഗ്ദാനവും ജില്ലയുടെ വികസനത്തിന് ഗുണകരമായതാണ്. മാലിന്യം നിറഞ്ഞ് സംരക്ഷണമില്ലാതെ നശിക്കുന്ന കൊല്ലംതോടിനും വര്‍ക്കല തുരപ്പിനുമായി 21 കോടിയുടെ പദ്ധതി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
 ജില്ലാ ആശുപത്രി ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന ആവശ്യം അവഗണിക്കപ്പെട്ടു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയും തൈക്കാട് ആശുപത്രിയും സംയോജിപ്പിച്ച് പുതിയ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ ബജറ്റ് നിര്‍ദേശമുണ്ടായപ്പോള്‍ കൊല്ലത്തിന് ഇത്തരത്തില്‍ പദ്ധതികളൊന്നുമില്ല. അതേസമയം ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് പ്രത്യേക പാക്കേജ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലം തുറമുഖത്തിന് 14 കോടി അനുവദിച്ചത് തുറമുഖവികസനത്തിന് മികച്ച സാധ്യത തുറക്കുന്നതാണ്.
വരള്‍ച്ചയും കുടിവെള്ളക്ഷാമവും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പുതിയ കുടിവെള്ള പദ്ധതികള്‍ക്കും നിര്‍ദേശമില്ല.  കാര്‍ഷിക വിളകളുടെ സംരക്ഷണത്തിനോ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്കു മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാനോ ബജറ്റ് നിര്‍ദേശമില്ല. പൊതുമേഖലാ വ്യവസായങ്ങളായ ചവറ കെ.എം.എം.എല്‍, കൊല്ലം മീറ്റര്‍ കമ്പനി, കുണ്ടറ സിറാമിക്സ് തുടങ്ങിയവയുടെ വൈവിധ്യവത്കരണത്തിനു പദ്ധതികള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചില്ല. കയര്‍ സഹകരണസംഘങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനോ അവയ്ക്കു പ്രവര്‍ത്തനമൂലധനം ഉറപ്പാക്കുന്നതിനോ പദ്ധതി നിര്‍ദേശമില്ല.   
കശുവണ്ടി വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനും വ്യവസായത്തിന്‍െറ വൈവിധ്യത്തിനുള്ള പദ്ധതികള്‍ക്കും നിര്‍ദേശമില്ല. റോഡുകള്‍, ആശുപത്രികളുടെ നവീകരണം തുടങ്ങി അടിസ്ഥാനമേഖലയുടെ വികസനത്തിനും മതിയായ തുകയില്ല. കൊല്ലം, ആലപ്പുഴ ബൈപാസുകള്‍ക്കു തുക വകയിരുത്തിയെങ്കിലും ഇതില്‍ എത്ര കോടി  കിട്ടുമെന്നു ഇനിയും വ്യക്തമായിട്ടില്ല.
 

കേരള ബജറ്റ് ഗള്‍ഫ് പ്രവാസികളെ അപമാനിച്ചു

Posted: 16 Mar 2013 12:15 AM PDT

Image: 

ജിദ്ദ: ഗള്‍ഫിലെത്തിയാല്‍ പ്രവാസിസംഘടനകളുടെയും സ്ഥാപനങ്ങളുടെയും തുടരത്തുടരെയുള്ള സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പ്രവാസിക്ഷേമം പ്രസംഗിച്ചു നടക്കുന്ന രാഷ്ട്രീയനേതൃത്വത്തിന്‍െറ സ്ഥിരം കബളിപ്പിക്കല്‍ നയം ആവര്‍ത്തിച്ചുറപ്പിക്കുന്നതായി കേരള ധനമന്ത്രി കെ.എം. മാണി വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ്. ഗള്‍ഫ് രാജ്യങ്ങളിലെ 30 ലക്ഷം പ്രവാസികളുടെ ക്ഷേമത്തിനായി ഒരു കോടി രൂപ നീക്കിവെച്ചാണ് കേരള ഗവണ്‍മെന്‍റ് പ്രവാസി’ക്ഷേമതാല്‍പര്യം’ പ്രകടിപ്പിച്ചത്! പ്രവാസലോകത്ത് അനിശ്ചിതത്വത്തിന്‍െറയും തിരിച്ചുപോക്കിന്‍െറയും കാറും കോളും നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷത്തില്‍ അവതരിപ്പിച്ച ഈ വര്‍ഷത്തെ ബജറ്റ് പ്രവാസലോകത്തെ മൊത്തം അപമാനിക്കുന്നതായി. കേന്ദ്രബജറ്റില്‍ ചില്ലറ ലേപനവിദ്യകളെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പ്രവാസത്തിന്‍െറ വേവറിയുന്ന കേരളം ക്രൂരമായ പരിഹാസമാണ് പ്രവാസികളോട് കൈക്കൊണ്ടിരിക്കുന്നത്. ഒരു കോടി സഹായത്തിനൊപ്പം ഇമ്മിണി ബല്യ തമാശകള്‍ കൂടി കെ.എം. മാണി അവതരിപ്പിച്ച ബജറ്റിലുണ്ട്. പ്രവാസിക്ഷേമത്തിനു മുന്തിയ പരിഗണന എന്ന പതിവു പ്രസ്താവനയാണൊന്ന്. മറ്റു സംസ്ഥാനങ്ങളില്‍ കൂടി നോര്‍ക്ക ഓഫിസുകള്‍ തുറക്കാനുള്ള പദ്ധതിയാണ് മറ്റൊന്ന്. ഗള്‍ഫ് പ്രവാസികളും ഇതും തമ്മില്‍ എന്തു ബന്ധം എന്നു വ്യക്തമായിട്ടില്ല. നോര്‍ക്ക ബിസിനസ് സഹായകേന്ദ്രങ്ങളുടെ പ്രോത്സാഹനത്തിന് ഒരു കോടി രൂപയാണ് ആകെ വകയിരുത്തിയിട്ടുള്ളത്. വിലക്കയറ്റത്തില്‍ എരിപിരി കൊള്ളുന്ന കേരളത്തില്‍ ഈ ഒരു കോടി കൊണ്ട് കാണിക്കാന്‍ പോകുന്ന മഹാല്‍ഭുതങ്ങള്‍ക്കായി ഗള്‍ഫ്പ്രവാസികള്‍ക്കു കാത്തിരിക്കാം. ഗള്‍ഫിലെ കൊച്ചു പ്രവാസികൂട്ടായ്മകള്‍ ചെയ്യുന്നത്ര പോലും അവരുടെ ക്ഷേമത്തിനു ചെയ്യാന്‍ സംസ്ഥാന ഭരണകൂടത്തിനു താല്‍പര്യമില്ലെന്നതിന്‍െറ മുന്തിയ തെളിവാണ് കേരളത്തിന്‍െറ പുതിയ ബജറ്റ്.
വിദേശ മലയാളികള്‍ 50,000 കോടി രൂപയാണ് സംസ്ഥാനത്തിന്‍െറ വരുമാനത്തിലേക്കു മുതല്‍ക്കൂട്ടുന്നതെന്ന് സാമ്പത്തികസ്ഥിതി അനാവരണം ചെയ്തുകൊണ്ട് ബജറ്റിനു മുമ്പ് ധനമന്ത്രി പ്രസ്താവിച്ചിരുന്നു. കൃഷിയില്‍നിന്നും അനുബന്ധ വ്യവസായങ്ങളില്‍ നിന്നും കിട്ടുന്ന വരുമാനം ക്ഷയിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രവാസികളുടെ സ്വദേശത്തേക്കുള്ള പണമൊഴുക്കില്‍ പതിനായിരത്തോളം കോടിയുടെ വര്‍ധന അടുത്ത കാലത്തുണ്ടായതായും മന്ത്രി പറഞ്ഞു. ഇങ്ങനെ വരുമാനത്തിന് പ്രവാസലോകത്തെ ആശ്രയിക്കുമ്പോഴും അവര്‍ക്കു നിക്ഷേപസംരംഭമൊരുക്കാന്‍ രണ്ടു കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. പണ്ടു കപ്പലില്‍ തുടങ്ങി പിന്നീട് എയര്‍കേരളയില്‍ അവസാനിച്ച യാത്രാ പ്രതിസന്ധി രംഗത്തെ പരിഹാരം മുതല്‍ പ്രവാസികളുടെ മുതല്‍മുടക്കില്‍ തുടങ്ങാവുന്ന സ്വപ്നപദ്ധതികളെക്കുറിച്ചു വരെ ഗള്‍ഫ് സന്ദര്‍ശനങ്ങളിലൊക്കെ വാചാലരാകാറുള്ള രാഷ്ട്രീയനേതൃത്വം വാസ്തവത്തില്‍ പ്രവാസിമലയാളികളെ എത്ര പുച്ഛത്തോടെയാണ് കാണുന്നത് എന്നതിന്‍െറ നാണം കെടുത്തുന്ന ഉദാഹരണമായി മാത്രമേ പ്രവാസലോകം ഈ കേരള ബജറ്റിനെ വിലയിരുത്തുകയുള്ളൂ. ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ മലയാളികളുള്ള സൗദി അറേബ്യയില്‍ പുതിയ തദ്ദേശീയ നിയമങ്ങളും പരിഷ്കരണങ്ങളും പ്രവാസികളെ പ്രതിസന്ധിയിലാഴ്ത്തിയ സന്ദര്‍ഭമാണിത്. തിരിച്ചുപോക്കിനും പ്രവാസിക്ഷേമ പദ്ധതികളുടെ പരിഗണന ഉറപ്പിക്കുന്നതിനുമുള്ള നെട്ടോട്ടം അവര്‍ ആരംഭിച്ചുകഴിഞ്ഞിരിക്കെ മടങ്ങിച്ചെല്ലുന്നവര്‍ക്കു സംസ്ഥാന സര്‍ക്കാര്‍ വെച്ചുനീട്ടിയ ഈ കോടി സഹായം അതിക്രൂരമായ ഫലിതമായിപ്പോയി എന്നാണ് സൗദിയിലെ പ്രവാസിലോകത്തിന്‍െറ പൊതു അഭിപ്രായം.

രോഗം പടര്‍ത്തി പൊതു ശൗചാലയങ്ങള്‍

Posted: 16 Mar 2013 12:11 AM PDT

അടിമാലി: വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഹൈറേഞ്ചിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്ന പൊതു ശൗചാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായി.
ശൗചാലയങ്ങള്‍ രോഗം പടര്‍ത്തുന്ന കേന്ദ്രങ്ങളായി മാറുന്നുണ്ടെങ്കിലും ആരോഗ്യ വകുപ്പോ തദ്ദേശ സ്ഥാപനങ്ങളോ നടപടി സ്വീകരിക്കുന്നില്ല. ചിലയിടങ്ങളില്‍ കക്കൂസ് മാലിന്യങ്ങള്‍ തോടുകളിലേക്ക് ഒഴുക്കുന്ന അവസ്ഥയിലാണ്. അടിമാലി, മൂന്നാര്‍, രാജാക്കാട്, വെള്ളത്തൂവല്‍, കല്ലാര്‍കുട്ടി, മറയൂര്‍, കട്ടപ്പന, ചെറുതോണി, നെടുങ്കണ്ടം, രാജകുമാരി, പൂപ്പാറ ടൗണുകളില്‍ പൊതു ശൗചാലയങ്ങള്‍ ഉണ്ടെങ്കിലും വൃത്തിഹീനമാണ്.അടിമാലി ബസ് സ്റ്റാന്‍ഡിലുള്ള ശൗചാലയത്തില്‍ നിന്ന് ഹോസ് വഴി മാലിന്യം ദേവിയാര്‍ പുഴയിലേക്കാണ് ഒഴുക്കുന്നത്. തുറസ്സായ ഓടയിലൂടെ മാലിന്യം ഒഴുക്കുന്നത് ബസ് സ്റ്റാന്‍ഡില്‍ ദുര്‍ഗന്ധം പടരാനും പകര്‍ച്ചരോഗങ്ങള്‍ പിടിക്കാനും കാരണമായിട്ടുണ്ട്. പരാതി വ്യാപകമായതോടെ ബസ് സ്റ്റാന്‍ഡിലെ ദുര്‍ഗന്ധം പരിഹരിക്കാന്‍ ഓടയിലേക്ക് വീഴുന്ന മാലിന്യം പൈപ്പ് മാര്‍ഗം ദൂരേക്ക് ഒഴുക്കാന്‍ ശ്രമിച്ചെങ്കിലും സമീപത്തെ ഭൂവുടമ പഞ്ചായത്തിനെതിരെ പരാതി നല്‍കിയെന്ന കാരണം ചൂണ്ടിക്കാട്ടി പഞ്ചായത്ത് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. വേനല്‍ രൂക്ഷമായതിനാല്‍ പതിനായിരങ്ങള്‍ കുടിക്കാനും കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന പുഴയില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ മാലിന്യം എത്തുന്നത് മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ചിക്കന്‍പോക്സ് മുതലായ രോഗങ്ങള്‍ ഇവിടെ പടര്‍ന്നുപിടിക്കാന്‍ ഇത് കാരണമായിട്ടുണ്ട്. നാട്ടുകാര്‍ ആര്‍. ഡി.ഒ, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ആരോഗ്യ മന്ത്രി എന്നിവര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയെങ്കിലും പരിഹാരമൊന്നും ഉണ്ടായിട്ടില്ല. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാര്‍ പട്ടണത്തില്‍ രണ്ട് പൊതു ശൗചാലയമാണുള്ളത്. സ്വദേശ-വിദേശ വിനോദ സഞ്ചാരികള്‍ അടക്കമുള്ളവര്‍ ഉപയോഗിക്കുന്ന ഈ ശൗചാലയത്തില്‍ മൂക്ക് പൊത്താതെ കയറാന്‍ സാധിക്കില്ല. പരാതി ഉണ്ടാകുമ്പോള്‍ മാത്രമാണ് വൃത്തിയാക്കാന്‍ കരാറുകാരന്‍ തയാറാകുന്നത്.
പള്ളിവാസല്‍ രണ്ടാംമൈലില്‍ പ്രവര്‍ത്തിക്കുന്ന ശൗചാലയവും ഏറെ ദുര്‍ഗന്ധപൂരിതമാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് കല്ലാര്‍കുട്ടിയില്‍ ജനങ്ങള്‍ മുന്‍കൈയെടുത്ത് നിര്‍മിച്ച ശൗചാലയവും തകര്‍ന്ന് കിടക്കുകയാണ്. അതുപോലെ പൂപ്പാറയില്‍ ചില ഹോട്ടലുകളുടെ വരെ ശൗചാലയങ്ങള്‍ തോട്ടിലേക്ക് തുറന്നു വെച്ചിരിക്കുകയാണ്.
 

സംവരണത്തിന്റെ പരിധി ആറു ലക്ഷമാക്കിയത് പ്രതിഷേധാര്‍ഹം -വെള്ളാപ്പള്ളി

Posted: 16 Mar 2013 12:03 AM PDT

Image: 

ആലപ്പുഴ: പിന്നാക്ക സംവരണത്തിനുള്ള മേല്‍ത്തട്ട് വരുമാനപരിധി ആറുലക്ഷമാക്കി നിജപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആറുലക്ഷമെന്ന പരിധി തീരെ കുറവാണെന്നും പിന്നാക്കവിഭാഗക്കാരോട് എന്തു ചെയ്താലും പ്രശ്‌നമില്ലെന്ന നിലപാടാണെന്നും അദ്ദേഹം  പറഞ്ഞു.

പിന്നാക്ക സമുദായ കമ്മീഷനെ അവഹേളിക്കുന്നതാണ് നടപടി. ഇത്തരമൊരു തീരുമാനമെടുക്കാന്‍ കമ്മീഷനെ നിയോഗിക്കേണ്ടതില്ലായിരുന്നു. കമ്മീഷനെ വെച്ചതും തെളിവെടുപ്പ് നടത്തിയതും പ്രഹസനമായിരുന്നുവെന്നും കമ്മീഷന്റെ നിര്‍ദേശം തള്ളിയതോടെ മന്ത്രിസഭാ ഉപസമിതി അതിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്തുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

മണ്ണെടുപ്പ് സംഘത്തിന് നേരെ ഡി.വൈ.എഫ്.ഐ അക്രമം

Posted: 15 Mar 2013 11:58 PM PDT

അടൂര്‍: മണ്ണെടുപ്പ് സംഘത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ തെങ്ങമം കൊല്ലായിക്കല്‍ പൂമൂട് മല പാറമട നിര്‍മിക്കാനായി ഇടിച്ചു നിരത്തുന്നുവെന്ന് ആരോപിച്ചാണ് പതിനഞ്ചിലേറെ വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് ജെ.സി.ബിക്കും ടിപ്പറുകള്‍ക്കും നേരെ കല്ലെറിഞ്ഞത്.
  മൂന്ന് ടിപ്പറുകളുടെയും ജെ.സി.ബിയുടെയും ചില്ലുകള്‍ തകര്‍ന്നു. ഇവയിലെ ജീവനക്കാരെയും മര്‍ദിച്ചതായും പറയുന്നു. പ്രാണരക്ഷാര്‍ഥം ജീവനക്കാര്‍ വാഹനങ്ങളോടിച്ച് സ്ഥലം വിടുകയായിരുന്നു. വിവരമറിഞ്ഞ് അടൂര്‍ എസ്.ഐ പി. ശ്രീകുമാറിന്‍െറ നേതൃത്വത്തില്‍ രണ്ടു മണിയോടെ പൊലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ സ്ഥലംവിട്ടു. ജിയോളജി വകുപ്പിന്‍െറയും ഹൈകോടതിയുടെയും  അനുമതിയോടെ  തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പാതകളുടെ പണികള്‍ക്കായാണ് ഇവിടെ നിന്ന് മണ്ണ് മാറ്റാന്‍ അനുമതി നല്‍കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. മണപ്പള്ളി സ്വദേശിയാണ് സ്ഥലം പാട്ടത്തിനെടുത്തിരിക്കുന്നത്. ഇതേസമയം മണ്ണ് മാഫിയ സംഘം സമരക്കാരെ വാഹനങ്ങളുപയോഗിച്ച് ഇടിച്ചുകൊല്ലാന്‍ ശ്രമിച്ചതായും കുറ്റവാളികള്‍ക്കെതിരെ കേസെടുക്കണമെന്നും ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറി എ.ആര്‍ അജീഷ് കുമാര്‍, പ്രസിഡന്‍റ് ബി. നിസാം, ഏരിയ കമ്മിറ്റിയംഗം റിജോ കെ. ബാബു എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പാലായുടെ വികസനത്തിന് വേഗം നല്‍കാന്‍ പദ്ധതികള്‍

Posted: 15 Mar 2013 11:53 PM PDT

പാലാ: നിയോജകമണ്ഡലത്തിന്‍െറ സമഗ്ര വികസനത്തിന് വേഗം നല്‍കുന്ന പദ്ധതികള്‍ക്കാണ് മന്ത്രി കെ.എം. മാണി ബജറ്റിലൂടെ അംഗീകാരം നല്‍കിയത്.
നാളുകളായി തദ്ദേശ സ്ഥാപനങ്ങളും സാമൂഹികപ്രവര്‍ത്തകരും മുന്നോട്ടു വെക്കുന്ന പദ്ധതികളാണ് സക്ഷാത്കരിക്കുന്നത്. പദ്ധതികളുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചത്.
പാലാക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതികളില്‍ പ്രാധനപ്പെട്ടവ:
മേലുകാവ് പ്രൈമറി ഹെല്‍ത്ത് സെന്‍ററിന് പുതിയ കെട്ടിടം, ഭരണങ്ങാനം പഞ്ചായത്തിലെ ഉള്ളനാട് കമ്യൂണിറ്റി ആശുപത്രിക്ക് പുതിയ കെട്ടിടം, പാലാ സബ് രജിസ്ട്രാര്‍ ഓഫിസിന് പുതിയ കെട്ടിടം, രാമപുരം പഞ്ചായത്തിലെ ഇടക്കോലി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ഒന്നാം നില നിര്‍മാണം, കടനാട് സര്‍ക്കാര്‍ എല്‍.പി.എസിന് പുതിയ കെട്ടിടം, തലയോലപ്പറമ്പ് എ.ജെ.ജോണ്‍ മെമ്മോറിയല്‍ ഗോള്‍സ് സ്കൂളിന് ഓഡിറ്റോറിയം ഉള്‍പ്പെടെ കെട്ടിടസമുച്ചയം, മുത്തോലി ഹെല്‍ത്ത് സെന്‍ററിന് പുതിയ കെട്ടിടം, പാലാ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ വികസനത്തിന് പേ വാര്‍ഡ് ഉള്‍പ്പെടെ പുതിയ കെട്ടിട നിര്‍മാണം, മീനച്ചില്‍ പഞ്ചായത്ത് കിഴപറയാര്‍ പ്രൈമറി ഹെല്‍ത്ത് സെന്‍ററിന് പുതിയ കെട്ടിടം, തലനാട് പ്രാഥമികാരോഗ്യകേന്ദ്രം പുതിയ കെട്ടിടം, രാമപുരത്ത് സബ് രജിസ്ട്രാര്‍ ഓഫിസിന് പുതിയ കെട്ടിടം, പാലായില്‍ പുതിയ ജോയന്‍റ് ആര്‍.ടി ഓഫിസ്, പാലാ ജുഡീഷ്യല്‍ കോംപ്ളക്സിന് നഗരസഭ വക സ്ഥലത്ത് ഓഫിസും വ്യാപാരസമുച്ചയവും, പൈക സര്‍ക്കാര്‍ ആശുപത്രിക്ക് പുതിയ ബില്‍ഡിങ്, മരങ്ങാട്ടുപിള്ളി ആണ്ടൂരില്‍ സ്പിന്നിങ് മില്ലിന്‍െറ സ്ഥാനത്ത് റെഡിമേഡ് ഗാര്‍മെന്‍റ് ഫാക്ടറിക്ക് കെട്ടിടവും അനുബന്ധ പ്രവൃത്തികളും കരൂരില്‍ സര്‍ക്കാര്‍ ഐ.ടി.ഐ കെട്ടിടവും അനുബന്ധപ്രവര്‍ത്തനങ്ങളും, ഭരണങ്ങാനം പഞ്ചായത്തില്‍ ജില്ലാപഞ്ചായത്ത് വക രണ്ട് ഏക്കര്‍ സ്ഥലത്ത് നീന്തല്‍ക്കുളവും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളും മൂന്നിലവ് പഞ്ചായത്തില്‍ ആയുര്‍വേദ ഡിസ്പെന്‍സറിക്ക് കെട്ടിടവും അനുബന്ധ ഉപകരണങ്ങളും, പാലാ മീനച്ചില്‍ സഹകരണ യൂനിയന് റിസര്‍ച്ച് ആന്‍ഡ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടം, ഇല്ലിക്കകല്ല്- വാഗമണ്‍ ടൂറിസം വികസനത്തിന്‍െറ ഭാഗമായി പുള്ളിക്കാനം-പേഴക്കല്ല്-പഴുക്കാക്കാനം-കാവന കവല വഴി ഉമ്മിക്കുന്നിലേക്ക് റോപ് വേയും അനുബന്ധ ഉപകരണങ്ങളും.
പാലാ-കോഴ റോഡില്‍ കുറിച്ചിത്താനം ജങ്ഷന് സ്ഥലം ഏറ്റെടുക്കലും വികസനവും കൊഴുവനാല്‍ പഞ്ചായത്തില്‍ മേവിട- കിഴക്കേക്കര റോഡ് പുനരുദ്ധാരണം, ഏറ്റുമാനൂര്‍ ടൗണ്‍ ബൈപാസ്-തുമ്പശേരിപ്പടി- കച്ചേരിപ്പടി-സിയോണ്‍ ജങ്ഷന്‍- കാട്ടാത്തി- മാലിയേപ്പടി വഴി പട്ടിത്താനം കവല, ഇഞ്ചുകാവ്- നീലൂര്‍- മുട്ട റോഡ് ഒമ്പത് കി.മി. ദൂരം ബി.എം.ബി.സി ടാറിങ്, കൊല്ലപ്പള്ളി-പ്രവിത്താനം ജങ്ഷനുകളുടെ വികസനം, കൊഴുവനാല്‍ ടൗണ്‍ വികസനം, കോട്ടയം എറണാകുളം ജില്ലകളിലൂടെ കടന്നുപോകുന്ന കുമരകം- നെടുമ്പാശേരി ഹൈവേ, മുണ്ടുപാലം, ചെത്തിമറ്റം, മംഗലത്തുതാഴം ജങ്ഷനുകളുടെ വികസനം, നെല്ലിയാനി- പേണ്ടാനം വയല്‍ റോഡുകളുടെ വളവു നിവര്‍ത്തല്‍, ചേര്‍പ്പുങ്കല്‍- കെഴുവന്‍കുളം- കൊഴുവനാല്‍ റോഡ് 5.6 കി.മി ദൂരം ബി.എം.ബി.സി ടാറിങ്, മുത്തോലി -പൂവരണി റോഡ് 4.4 കി.മി. ദൂരം ബി.എം.ബി.സി ടാറിങ്, അമ്പാറ- മങ്കൊമ്പ് റോഡ്, പ്ളാശനാല്‍-പ്രവിത്താനം റോഡ്, വലവര്‍- ഇല്ലിക്കല്‍ റോഡ്, നെച്ചിപ്പുഴൂര്‍-ഫാത്തിമാപുരം- ആമേറ്റുപള്ളി റോഡ്, പ്രവിത്താനം-ഉള്ളനാട് റോഡ്, കയ്യൂര്‍-കുറുമണ്ണ് റോഡ് എന്നിവ ടാറിങ് നടത്തുന്നതിനും തുക.
പാലാ ടൗണ്‍ റിങ് റോഡ് ഭൂമി ഏറ്റെടുക്കല്‍, മുത്തോലി-കടപ്പാട്ടൂര്‍- പാലാ- പാറപ്പള്ളി- വിലങ്ങുപാറ- ഭരണങ്ങാനം റോഡ് ഭൂമി ഏറ്റെടുക്കല്‍, പാലാ പാരലല്‍ റോഡ് രണ്ടാം ഘട്ടം ഭൂമി ഏറ്റെടുക്കല്‍, കോടിമത- ചേര്‍ത്തല ടൂറിസ്റ്റ് ഹൈവേ ഭൂമി ഏറ്റെടുക്കല്‍, വൈക്കം ഉദയനാപുരത്ത് അക്കരപാടം പാലം, മങ്കൊമ്പ്- കടപുഴ റോഡ് വികസനം, അയ്യംമ്പാറ-കുറിഞ്ഞിപ്ളാവ്- കൂട്ടക്കല്ല് റോഡ് നവീകരണം, നെല്ലാപ്പാറ-പഴുക്കാക്കാനം- കുമ്പംകാനം റോഡ്, ഇഞ്ചിക്കാവ്- നീലൂര്‍-മുട്ടം റോഡ്, ഈരാറ്റുപേട്ട- മുട്ടം റോഡുകളുടെ വികസനം, മൂവാറ്റുപുഴ- മാറിക- രാമപുരം- മുണ്ടുപാലം- ചേര്‍പ്പുങ്കല്‍-മറ്റക്കര- മണര്‍കാട്- പുതുപ്പള്ളി- തെങ്ങണ- തിരുവല്ല ലിങ്ക് റോഡ് സംസ്ഥാന പാതയാക്കി ഉയര്‍ത്തല്‍, രാമപുരം ജങ്ഷനില്‍ ഇലക്ട്രിക് ട്രാഫിക് സിഗ്നല്‍ സംവിധാനം, കോട്ടയം ഹൈവേയില്‍നിന്ന് പുലിയന്നൂര്‍-പാറേക്കണ്ടം ബൈപാസ്, പാലാ ടൗമില്‍ സബ്വേ നിര്‍മാണം, കടനാട് ടൗണ്‍ വികസനം, കൊല്ലപ്പള്ളി ടൗണിന് റിങ് റോഡ്, പാലാ ടൗണിന് ചുറ്റുമുള്ള സബര്‍ബന്‍ റോഡുകളുടെ ബി.എം.ബി.സി ടാറിങ്, പൂവരണിയില്‍ പി.എച്ച്.സി സബ് സെന്‍ററിന് കെട്ടിടം എന്നിവയാണ് പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍.
ടൂറിസം വികസനത്തിന്‍െറ ഭാഗമായി ഇലവീഴാപൂഞ്ചിറയില്‍ ഇരുമലകളെയും ബന്ധിപ്പിച്ച് റോപ്വേയും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്താനും അനുമതി നല്‍കി.

ആലപ്പുഴക്ക് ആശയില്ലാ ബജറ്റ്

Posted: 15 Mar 2013 11:45 PM PDT

ആലപ്പുഴ: ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന സംസ്ഥാന ബജറ്റ് ആലപ്പുഴയെ നിരാശപ്പെടുത്തി. ശ്രദ്ധേയമായ ഒരു പ്രഖ്യാപനങ്ങളും ജില്ലയുമായി ബന്ധപ്പെട്ട് ഉണ്ടായില്ല. അടിസ്ഥാന മേഖലയിലും വ്യവസായിക രംഗത്തും കടുത്ത അവഗണനയാണ് ഉണ്ടായത്. ആലപ്പുഴ ബൈപാസിന് 25 കോടി, മങ്കൊമ്പ് പാലത്തിന് അഞ്ചുകോടി, കയര്‍ പാര്‍ക്ക്, മെഗാ ടൂറിസം സര്‍ക്യൂട്ട്, കുട്ടനാട് പാക്കേജിന് ആവശ്യമായ വിഹിതം തുടങ്ങിയവ ഒഴിച്ചാല്‍ ജില്ലയില്‍ നിലനില്‍ക്കുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ബജറ്റില്‍ നിര്‍ദേശിക്കപ്പെട്ടില്ല. മത്സ്യമേഖലക്കും കാര്യമായ അവഗണനയാണ് ഉണ്ടായത്. കാര്‍ഷികമേഖലയിലെ കുതിപ്പിന് സഹായമാകുന്ന പാക്കേജിന്‍െറ കാര്യത്തില്‍ അവ്യക്തതയും നിലനില്‍ക്കുന്നു. ആലപ്പുഴ ബൈപാസിന്‍െറ കാര്യത്തില്‍ പ്രഖ്യാപിക്കപ്പെട്ട തുക സംസ്ഥാന വിഹിതത്തിന്‍െറ മൊത്തം കണക്കുനോക്കുമ്പോള്‍ നാമമാത്രമാണ്. അതോടൊപ്പം കെ.എസ്.ഡി.പി, കേരളാ സ്പിന്നേഴ്സ് തുടങ്ങിയ പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ കാര്യത്തിലും ബജറ്റ് മൗനംപാലിക്കുന്നു. മെഡിക്കല്‍ കോളജില്‍ ട്രോമോകെയര്‍ യൂനിറ്റിന് ചില പദ്ധതികള്‍ മാത്രമെ കാര്യമായുള്ളു.
 

ബജറ്റ്: വ്യാപാര-വ്യവസായ മേഖലക്ക് സമ്മിശ്ര പ്രതികരണം

Posted: 15 Mar 2013 11:41 PM PDT

കൊച്ചി: സംസ്ഥാന ബജറ്റില്‍ വ്യാപാര-വ്യവസായ - വാണിജ്യ മേഖലക്ക് സമ്മിശ്ര പ്രതികരണം.  സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയാണ്് ലക്ഷ്യമിടുന്നതെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ച തുക പരിമിതമാണെന്നും കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച  അത്രപോലും ഇത്തവണ നല്‍കിയിട്ടില്ലെന്നും വ്യാപാര സമൂഹം ചൂണ്ടിക്കാട്ടുന്നു.  
കടുത്ത പ്രതിസന്ധി നേരിടുന്ന വ്യവസായ മേഖലയുടെ പുനരുദ്ധാരണത്തിനും നവീകരണത്തിനും പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കാത്തത് ഉചിതമായില്ലെന്നും   കേന്ദ്ര ബജറ്റിനുപിന്നാലെ സംസ്ഥാന ബജറ്റിലും ഇതേ നയം തുടര്‍ന്നത് ഈ മേഖലയോടുള്ള അവഗണനയാണെന്നും വ്യവസായ പ്രമുഖര്‍ കുറ്റപ്പെടുത്തി.പ്രവാസി ക്ഷേമത്തിനും കാര്യമായ പദ്ധതികളില്ല. വിദേശ മലയാളികളുടെ ക്ഷേമത്തിന് പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്ന പരാതിയും പ്രവാസി സംഘടനകള്‍ക്കുണ്ട്.
  കേരളത്തിന്‍െറ വ്യവസായ തലസ്ഥാനമായ കൊച്ചിയില്‍ വ്യവസായ വികസനത്തിനുതകുന്ന പദ്ധതികളൊന്നും  പ്രഖ്യാപിച്ചിട്ടില്ല. കാര്‍ഷിക, ക്ഷേമ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയും ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുകയും ചെയ്ത ബജറ്റ് നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണെങ്കിലും ഇവ പലതും പൊടിക്കൈ മാത്രമാണെന്ന ആക്ഷേപവുമുണ്ട്. കാര്‍ഷിക മേഖലക്ക് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും  ഇനിയും നടപ്പാക്കിയിട്ടില്ല. എന്നാല്‍, ചില പഴയ പദ്ധതികള്‍ പൊടിതട്ടിയെടുത്ത് അവ പരിഷ്കരിച്ച രൂപത്തില്‍ അവതരിപ്പിച്ചത് ഉചിതമല്ലെന്നാണ് പൊതു അഭിപ്രായം.
 ബജറ്റ് ഏകോപിത വികസനത്തിന് ഊന്നല്‍ നല്‍കുന്നതും സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്നതുമാണെന്ന് കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി അഭിപ്രായപ്പെട്ടു. വിവിധ മേഖലകള്‍ക്കും വികസനപദ്ധതികള്‍ക്കും വകയിരുത്തുന്ന തുക സമയബന്ധിതമായും ശരിയായ രീതിയിലും ചെലവഴിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആവിഷ്കരിച്ച സംവിധാനം പ്രശംസ അര്‍ഹിക്കുന്നതായി ചേംബര്‍ ചെയര്‍മാന്‍ കെ.എന്‍. മര്‍സൂഖ് പറഞ്ഞു. പ്രധാന നഗരങ്ങളിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസനം മുന്‍നിര്‍ത്തി 855 കോടി നീക്കിവെച്ചതും പ്രധാന കേന്ദ്രങ്ങളില്‍  ഇന്‍റഗ്രേറ്റഡ് ചെക്പോസ്റ്റുകള്‍ ഏര്‍പ്പെടുത്തുന്നതും ഇ-ഫയലിങ് പ്രോത്സാഹിപ്പിക്കുന്നതും വ്യവസായ വാണിജ്യ മേഖലക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.
യുവ സംരംഭകര്‍ക്ക് വ്യവസായങ്ങള്‍ ആരംഭിക്കാന്‍ 20 കോടി  അനുവദിച്ചതും പേറ്റന്‍റ് നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം നല്‍കാനുള്ള തീരുമാനവും സ്വാഗതാര്‍ഹമാണെന്ന് കളമശേരിയിലെ സ്റ്റാര്‍ട്ട് അപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
 അടിസ്ഥാന സൗകര്യ വികസനം, ക്ഷേമ പദ്ധതികള്‍, വിദ്യാഭ്യാസം, ആരോഗ്യം, മാലിന്യ സംസ്കരണം എന്നിവക്ക് മുന്‍ഗണന നല്‍കുന്ന ബജറ്റ് സ്വാഗതാര്‍ഹമാണെന്ന് കേരള സ്റ്റീല്‍ ട്രേഡേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. സപൈ്ളകോക്ക് 100 കോടി അനുവദിച്ചതും ചെറുകിട കര്‍ഷകര്‍ക്ക് 33 കോടിയുടെ പലിശ രഹിത പദ്ധതി പ്രഖ്യാപിച്ചതും സ്വാഗതാര്‍ഹമാണെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് സയ്യിദ് മസൂദും ജനറല്‍ സെക്രട്ടറി കെ.എം. മുഹമ്മദ് സഹീറും പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേന്ദ്രം അവതരിപ്പിച്ച ബജറ്റിന്‍െറ തുടര്‍ച്ചയാണ് സംസ്ഥാന ബജറ്റെന്നും സി.പി.ഐ-എം.എല്‍ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.  കോര്‍പറേറ്റുകളുടെ ബജറ്റാണിത്. പെന്‍ഷന്‍ പ്രായം 60 ആക്കിയത് 47 ലക്ഷം തൊഴില്‍ രഹിതര്‍ക്ക് കനത്ത പ്രഹരമാണെന്നും സംഘടന അഭിപ്രായപ്പെട്ടു. മത്സ്യമേഖലക്ക് നിരാശ നല്‍കുന്നതാണ് ബജറ്റെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി കുറ്റപ്പെടുത്തി. വര്‍ഷന്തോറും 10000 കോടിയിലധികം ആഭ്യന്തര വിപണിക്കും 2988 കോടി കയറ്റുമതിയിലൂടെയും സംഭാവന ചെയ്യുന്ന മത്സ്യമേഖലക്ക് ബജറ്റില്‍ 157.8 കോടി മാത്രമാണ് നീക്കിവെച്ചിരിക്കുന്നത്. 11 ലക്ഷം വരുന്ന മത്സ്യത്തൊഴിലാളി മേഖലയുടെ നവീകരണത്തിനും ശക്തിപ്പെടുത്തലിനും ബജറ്റില്‍ കാര്യമായിട്ടൊന്നും ചെയ്യാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ചാള്‍സ് ജോര്‍ജ് കുറ്റപ്പെടുത്തി.ബജറ്റിന്‍െറ തൊഴിലാളി വിരുദ്ധ നിര്‍ദേശങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക നയത്തില്‍ ഊന്നിയുള്ളതല്ല ബജറ്റെന്ന് എറണാകുളം മര്‍ച്ചന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് ലിയോപോള്‍ കുറ്റപ്പെടുത്തി. വാറ്റ് പരിധിയുടെ കീഴില്‍ കൂടുതല്‍ വ്യാപാരികളെ കൊണ്ടുവന്ന് ജനങ്ങളില്‍ നിന്ന് നികുതി പിരിച്ചെടുക്കാനുള്ള തന്ത്രമാണ് മന്ത്രി നടത്തിയിരിക്കുന്നതെന്നും മെട്രോ പദ്ധതിയുടെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ പുനരധിവാസത്തെക്കുറിച്ച് ബജറ്റില്‍ ഒന്നും പറയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
 ബജറ്റ് യുവജനങ്ങളുടെ പ്രശ്നങ്ങള്‍ പൂര്‍ണമായി അവഗണിച്ചെന്ന് യുവജനപക്ഷം കുറ്റപ്പെടുത്തി. ബി.ജെ.പി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ബജറ്റിനെതിരെ രൂക്ഷ വിമര്‍ശമാണ് നടത്തിയിട്ടുള്ളത്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി യുവജനങ്ങളോടുള്ള വഞ്ചനയാണെന്ന് യുവമോര്‍ച്ച അഭിപ്രായപ്പെട്ടു. ചെറുകിട വ്യവസായ മേഖലക്ക് ബജറ്റില്‍ കാര്യമായ നിര്‍ദേശങ്ങളൊന്നുമില്ലെന്ന് ചെറുകിട വ്യവസായ അസോസിയേഷന്‍ ആരോപിച്ചു.  അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ബജറ്റില്‍ ക്ഷേമ പദ്ധതി ഏര്‍പ്പെടുത്തിയത് സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിക്ക് 100 കോടി അനുവദിച്ചത് താല്‍ക്കാലിക ആശ്വാസമാണെന്ന് ജീവനക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടി.

ശ്രീലങ്കന്‍ വിഷയം: കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ഡി.എം.കെ

Posted: 15 Mar 2013 11:20 PM PDT

Image: 

ചെന്നൈ: ശ്രീലങ്കന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ഡി.എം.കെ രംഗത്ത്. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കക്കെതിരെ അമേരിക്ക കൊണ്ടുവന്ന യുദ്ധക്കുറ്റ പ്രമേയത്തെ അനുകൂലിച്ചില്ലെങ്കില്‍ യു.പി.എ സര്‍ക്കാരില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിക്കുമെന്നാണ് ഡി.എം.കെയുടെ മുന്നറിയിപ്പ്. വെള്ളിയാഴ്ച രാത്രി വൈകി ചേര്‍ന്ന് പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.

തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കരുണാനിധി പ്രസ്താവനയിലൂടെ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരില്‍ 18 എം.പിമാരുള്ള ഡി.എം.കെയാണ് രണ്ടാമത്തെ വലിയ കക്ഷി.

ലങ്കയിലെ ആഭ്യന്തരയുദ്ധ സമയത്ത് സൈന്യം എല്‍.ടി.ടി.ഇക്കെതിരെ നടത്തിയ മനുഷ്യവകാശ ലംഘനങ്ങള്‍ക്കെതിരെയാണ് യു.എസ് പ്രമേയം അവതരിപ്പിച്ചത്.

ലങ്കയില്‍ തമിഴ് വംശജര്‍ക്കെതിരായ അതിക്രമങ്ങളില്‍ സ്വതന്ത്രാന്വേഷണം, ലങ്കയില്‍ കൂട്ടക്കുരുതി നടത്തിയവര്‍ക്കെതിരെ നടപടി, കുറ്റവാളികളായ സൈനികര്‍ക്കു രാജ്യാന്തര കോടതിയില്‍ വിചാരണ എന്നീ കാര്യങ്ങള്‍ കൂടി പ്രമേയത്തില്‍ ഉള്‍പ്പെടുത്തി ഭേദഗതി നടത്തണമെന്നും കരുണാനിധി ആവശ്യപ്പെട്ടു.

എല്‍.ടി.ടി.ഇ നേതാവ് പ്രഭാകരന്റെമകന്‍ ബാലചന്ദ്രനെ സൈന്യം കസ്റ്റഡിയിലെടുത്തശേഷം വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നത് ഏറെ വിവാദമായിരുന്നു.  ബ്രിട്ടന്‍ ആസ്ഥാനമായുള്ള ചാനല്‍ ഫോര്‍ ടെലിവിഷനാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

 

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP