സ്വാഗതം
WELCOME

News Update..

Saturday, March 9, 2013

പിള്ള അയഞ്ഞു ; വിധേയനായി ഗണേഷിനു തുടരാം Madhyamam News Feeds

പിള്ള അയഞ്ഞു ; വിധേയനായി ഗണേഷിനു തുടരാം Madhyamam News Feeds

Link to

പിള്ള അയഞ്ഞു ; വിധേയനായി ഗണേഷിനു തുടരാം

Posted: 09 Mar 2013 12:01 AM PST

Image: 

തിരുവനന്തപുരം : ഗണേഷ് പ്രശ്‌നത്തില്‍ ബാലകൃഷ്ണപിള്ള അയഞ്ഞു. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കാമെന്ന് പരസ്യമായി പറഞ്ഞാല്‍ ഗണേഷിനു മന്ത്രിയായി തുടരാമെന്നു കേരള കോണ്‍ഗ്രസ് ബിയുടെ ശനിയാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഗണേഷ് ഇതു പത്രസമ്മേളനം വിളിച്ചു പറയണം. അടുത്ത യു.ഡി.എഫ് യോഗം വരെ കാത്തിരിക്കാനാണു യോഗതീരുമാനം. ഗണേഷിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു മുന്നണിക്ക് നല്‍കിയ കത്ത് നിലവിലുണ്ട്. കീഴടങ്ങല്‍ പ്രഖ്യാപിച്ച ശേഷം അത് പിന്‍വലിക്കും.

വിധേയനാവുകയല്ലാതെ മറ്റൊരു മാര്‍ഗം ഗണേഷിനു മുന്നിലില്ല. ഒന്നുകില്‍ പാര്‍ട്ടിയുടെ മന്ത്രിയായി തുടരുക, അല്ലെങ്കില്‍ ഭാര്യയെ മര്‍ദിച്ചതിന് ഗാര്‍ഹിക പീഡന നിരോധ നിയമത്തില്‍ കുരുങ്ങി പോലീസും കോടതിയുമായി നടക്കുക. അഴിക്കാന്‍ പറ്റാത്ത കുരുക്കിലാണ് മന്ത്രി പെട്ടു പോയത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയ ചര്‍ച്ചയും ഷിബു ബേബിജോണിന്റെ സജീവ ഇടപെടലും ആണ് പിള്ള -ഗണേഷ് തര്‍ക്കത്തിലെ മഞ്ഞുരുക്കിയത്.

ഷിബു മുന്‍കൈയെടുത്ത് ഗണേഷിനെ പിള്ളയുടെ അടുക്കല്‍ വെള്ളിയാഴ്ച എത്തിച്ചിരുന്നു. അതോടെ തര്‍ക്കത്തിന് അറുതി ആയെന്ന പ്രതീതി പരന്നു. എന്നാല്‍ ഗണേഷ് മാറുക തന്നെ വേണമെന്ന കടുത്ത നിലപാട് പിള്ള രാത്രിയില്‍ ആവര്‍ത്തിച്ചു. ഒത്തുതീര്‍പ്പ് പൊട്ടി എന്ന പ്രതീതിയാണ് ഇതോടെ ഉണ്ടായത്. പക്ഷെ  ഗണേഷിനെ വഴിക്ക് കൊണ്ട് വരാമെന്ന ശുഭപ്രതീക്ഷയിലാണ് പാര്‍ട്ടി യോഗം പിരിഞ്ഞത്.

പിസി ജോര്‍ജിന്റെ വെളിപ്പെടുത്തലോടെ നിരായുധനായ ഗണേഷിനു പിടിച്ചു നില്‍ക്കാന്‍ കീഴടങ്ങല്‍ അല്ലാതെ മാര്‍ഗമില്ല. പന്ത് ഇപ്പോള്‍ പിള്ളയുടെ കോര്‍ട്ടിലാണ്. പിള്ളയെ ഉടനെ വീണ്ടും ഗണേഷ് കാണും. പാര്‍ട്ടിയുടെ മന്ത്രിയായി ഇരിക്കാമെന്ന് സന്നദ്ധത അറിയിക്കും. അതോടെ പ്രശ്‌ന പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

കൊള്ളക്കാരുടെ തോക്കിന് മുന്നില്‍ മരണ ഭീതിയോടെ ഒരു വര്‍ഷം

Posted: 08 Mar 2013 11:10 PM PST

Image: 

ദുബൈ: സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ മോചിപ്പിച്ച അഞ്ച് മലയാളി യുവാക്കള്‍ക്ക് ഇത് രണ്ടാം ജന്മം. ഏതു നിമിഷവും കൊള്ളക്കാരുടെ തോക്കില്‍നിന്ന് ഒരു വെടിയുണ്ട തങ്ങളുടെ നെഞ്ചിലേക്ക് ചീറിവരുമെന്ന ഭീതിയോടെ തള്ളിനീക്കിയ ഒരു വര്‍ഷം. കൃത്യമായി പറഞ്ഞാല്‍, 2012 മാര്‍ച്ച് രണ്ട് വെള്ളിയാഴ്ചയാണ് നിരവധി കുടുംബങ്ങളെ കണ്ണീരിലും കടുത്ത ആശങ്കയിലുമാക്കി ഇവരുള്‍പ്പെടെ 17 ഇന്ത്യക്കാര്‍ കൊള്ളക്കാരുടെ പിടിയിലായത്. മറ്റൊരു വെള്ളിയാഴ്ച, 2013 മാര്‍ച്ച് എട്ടിന് ഈ കുടുംബങ്ങളെ തേടി മോചനത്തിന്‍െറ സന്തോഷ വാര്‍ത്ത എത്തിയതോടെ ഇനി ഒരുനോക്ക് കാണാന്‍ ആകാംക്ഷ നിറഞ്ഞ മണിക്കൂറുകള്‍.
സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ 2012 മാര്‍ച്ച് രണ്ടിന് റാഞ്ചിയ എണ്ണ ടാങ്കര്‍ ‘എം.ടി. റോയല്‍ ഗ്രേസി’ല്‍ ഏഴ് മലയാളികളടക്കം 17 ഇന്ത്യക്കാരുണ്ടെന്നാണ് അറിഞ്ഞിരുന്നത്. എന്നാല്‍, മോചനം ലഭിച്ചതായി പറയുന്ന ഇരിങ്ങാലക്കുട മാപ്രാണം ചര്‍ച്ച് റോഡിലെ അരങ്ങത്ത് പറമ്പില്‍ ഡേവിസിന്‍െറ മകന്‍ ഡിബിന്‍ (22), ഇരിങ്ങാലക്കുട മാപ്രാണം തേലപ്പിള്ളി മുഞ്ഞക്കല്‍ വിന്‍സന്‍റിന്‍െറ മകന്‍ സ്റ്റാന്‍ലി (22), കൊല്ലം ചടയമംഗലം ‘മോനിഷാലയ’ത്തില്‍ മോഹനന്‍ പിള്ളയുടെ മകന്‍ മനേഷ് (22), തിരുവനന്തപുരം ജില്ലയിലെ മലയം ‘അഞ്ജന’ത്തില്‍ വിജയകുമാറിന്‍െറ മകന്‍ അര്‍ജുന്‍ (21), പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം കൊട്ടേക്കാട്ടുമ്മല്‍ ചന്ദ്രന്‍െറ മകന്‍ കെ.സി. മിഥുന്‍ (24) എന്നിവര്‍ക്ക് പുറമെ മറ്റു രണ്ടു മലയാളികളുടെ വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
ഇന്ത്യക്കാര്‍ക്ക് പുറമെ മൂന്ന് നൈജീരിയക്കാരും ഒരു പാകിസ്താനിയും ബംഗ്ളാദേശിയുമാണ്  കപ്പലിലുണ്ടായിരുന്നത്. ക്യാപ്റ്റന്‍ ഒറീസ സ്വദേശിയും ചീഫ് എന്‍ജിനീയര്‍ പാകിസ്താനിയുമാണ്. കൃത്യമായ ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ഇല്ലാതെ അങ്ങേയറ്റം ദുരിതം നിറഞ്ഞ ജീവിതത്തിനിടെ അസുഖം ബാധിച്ച ഒരു നൈജീരിയക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചു.
ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒയിസ്റ്റര്‍ കാര്‍ഗോ ആന്‍ഡ് ഷിപ്പിങ് കമ്പനിക്ക് വേണ്ടി സര്‍വീസ് നടത്തിയിരുന്ന ‘എം.ടി. റോയല്‍ ഗ്രേസ്’ സ്നോവൈറ്റ് എനര്‍ജി ലിമിറ്റഡിന്‍െറ ഉടമസ്ഥതയിലുള്ളതാണ്. നൈജീരിയക്കാരന്‍േറതാണ് ഈ കമ്പനി. ആദ്യ ഘട്ടത്തില്‍ കപ്പല്‍ കമ്പനിയില്‍നിന്ന് നിരുത്തരവാദപരമായ നിലപാടാണുണ്ടായത്. റാഞ്ചല്‍ വിവരം പുറത്തുവന്നിട്ടും ഉടമകള്‍ ജീവനക്കാരുടെ ബന്ധുക്കളെ അറിയിക്കുകയോ അവരുമായി സംസാരിക്കുകയോ ചെയ്തില്ല. കപ്പല്‍ റാഞ്ചിയതായി 2012 മാര്‍ച്ച് ആറിന് ‘ഗള്‍ഫ് മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെയാണ് ബന്ധുക്കളും മറ്റും വിവരമറിഞ്ഞത്.
20 ലക്ഷം യു.എസ് ഡോളര്‍ (73 ലക്ഷം ദിര്‍ഹം) മോചന ദ്രവ്യം വേണമെന്നാണ് കൊള്ളക്കാര്‍ ആവശ്യപ്പെട്ടത്. 2012 നവംബര്‍ 30നകം പണം നല്‍കിയില്ലെങ്കില്‍ ജീവനക്കാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. നിശ്ചിത സമയത്ത് പണം ലഭിക്കാത്ത സാഹചര്യത്തില്‍ പല ബന്ധുക്കള്‍ക്കും ഫോണിലൂടെ ഭീഷണിയുണ്ടായി. ഒരു മാസം മുമ്പ് നാട്ടിലേക്ക് വിളിക്കാന്‍ അവസരം ലഭിച്ച മലയാളികളില്‍ ചിലര്‍, തങ്ങള്‍ ഏതു നിമിഷവും കൊല്ലപ്പെടുമെന്ന അവസ്ഥയിലാണെന്ന് അറിയിച്ചു. 2012 നവംബര്‍ അവസാനം ന്യൂദല്‍ഹിയിലെ ഷിപ്പിങ് മന്ത്രാലയത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജീവനക്കാരുടെ ബന്ധുക്കള്‍ കൂട്ടമായെത്തി ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ബന്ധുക്കളുടെ കടുത്ത സമ്മര്‍ദത്തിനും പ്രതിഷേധത്തിനുമൊടുവില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ മോചന ശ്രമം തുടങ്ങിയത്. ഇതിന്‍െറ ഭാഗമായി കപ്പല്‍ ഉടമകളുമായി പല തവണ ചര്‍ച്ച നടത്തിയിരുന്നു.
ഷാര്‍ജയില്‍നിന്ന് നൈജീരിയയിലേക്ക് യാത്ര തിരിച്ച ഉടനെയാണ് കപ്പല്‍ കൊള്ളക്കാര്‍ തട്ടിയെടുത്ത്. ആയുധങ്ങളുമായി ഇരച്ചുകയറിയ ഇവര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി സോമാലിയന്‍ തീരത്തേക്ക് കപ്പല്‍ കൊണ്ടുപോകുകയായിരുന്നു. അതേസമയം, എം.ടി. റോയല്‍ ഗ്രേസിലെ 17 ഇന്ത്യക്കാരെയും കൊള്ളക്കാര്‍ വിട്ടയച്ചോ എന്ന് വ്യക്തമല്ല. ഇന്ത്യക്കാരുടെ മോചനം സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.

ആളുമാറി സിബിആര്‍

Posted: 08 Mar 2013 10:46 PM PST

Image: 

ക്രക്സും ലിബറോയുമൊക്കെയിറക്കി ഐസിയുവില്‍ കിടന്ന യമഹയെ ഇന്നത്തെ നിലയില്‍ ഉയര്‍ത്തെഴുന്നേല്‍പിച്ചത് നേക്കഡ് ബൈക്കുകളാണ്. ഫ്രേസര്‍ എന്ന മൂടിക്കെട്ടിയ രൂപത്തെക്കാള്‍ ആരാധകരുണ്ട് എഫ്സീയെന്ന അഴിഞ്ഞാട്ടക്കാരന്. ഒന്നും ഒളിച്ചുവച്ചിട്ടു കാര്യമില്ല എന്ന നയമാണ് ഇപ്പോള്‍ ഹോണ്ടക്കുമുള്ളത്. അവരും നേക്കഡ് ബൈക്കുകളുടെ പിന്നാലെ കൂടിയിരിക്കുകയാണ്. സിബിആര്‍ 150 നെ പിടിച്ച് തൊലിപൊളിച്ചു. സിബി 150 ആര്‍ എന്ന് പേരുമിട്ടു. മുന്‍ സസ്പെന്‍ഷനുമാണു 'സിബി 150 ആറിനും; പിന്നിലെ മോണോ ഷോക്കിനും മാറ്റമില്ല. നാലു സ്ട്രോക്ക്, 149.4 സി സി, ലിക്വിഡ് കൂള്‍ഡ്, ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിനും ആറു സ്പീഡ് ഗീയര്‍ ബോക്സുമുണ്ട്. 10,000 ആര്‍ പി എമ്മില്‍ 16.8 ബി എച്ച് പി കരുത്തും 8,000 ആര്‍ പി എമ്മില്‍ 1.33 കിലോഗ്രാം ടോര്‍ക്കും കിട്ടും. 150 സി സി ബൈക്കുകളാണ് വാങ്ങുന്നവനും വില്‍ക്കുന്നവനും ലാഭമെന്നാണ് പുതിയ കണ്ടുപിടുത്തം. വിപണിയില്‍ ഏറ്റവും കൂടുതല്‍ കടിപിടി നടക്കുന്നതും ഈ വിഭാഗത്തിലാണ്.

ഫലസ്തീനികളുടെ രക്ഷക്ക് അറബ് രാഷ്ട്രങ്ങള്‍ ഇടപെടണം: ഖറദാവി

Posted: 08 Mar 2013 10:39 PM PST

Image: 

ദോഹ: ഇസ്രായേല്‍ ജയിലുകളിലെ ഫലസ്തീന്‍ തടവുകാരരെ മോചിപ്പിക്കാനും ഫലസ്തീനില്‍ സമാധാനപൂര്‍ണമായ ജീവിതാന്തരീക്ഷം സൃഷ്ടിക്കാനും അറബ്, മുസ്ലിം രാഷ്ട്ര നേതാക്കള്‍ അടിയന്തിരയി ഇടപെടണമെന്ന് അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി.  ഇത് മതപരമായ ബാധ്യതയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മദീന ഖലീഫയിലെ ഉമര്‍ ബിന്‍ ഖത്താബ് പള്ളിയില്‍ ജുമുഅ പ്രഭാഷണം നടത്തുകയായിരുന്നു ഖറദാവി.
ഫലസ്തീന്‍ മുസ്ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം സുപ്രധാന വിഷയമാണ്. മുസ്ലിംകള്‍ ഒരു മാതാപിതാക്കളുടെ മക്കളാണ് . ലോകത്തിന്‍െറ ഏത് ഭാഗത്തുള്ള മുസ്ലിംകളുടെ പ്രശ്നവും അവരുടെ പ്രശ്നമായി മാറണം. ഇതില്‍ ഏറ്റവും പ്രഥമ പരിഗണന അര്‍ഹിക്കുന്ന വിഷയമാണ് ഫലസ്തീന്‍.
ഫലസ്തീനികളെ ആട്ടിയോടിച്ച് ശക്തിയും ആയുധവും ഉപയോഗിച്ച് സ്ഥാപിതമായ നിയമ സാധുത ഇല്ലാത്ത ഇസ്രായേല്‍ എന്ന അക്രമി രാഷ്ട്രത്തെ  അമേരിക്കയും റഷ്യയും ഫ്രാന്‍സും ഇറ്റലിയും അംഗീകരിക്കുകയാണുണ്ടായത്.
ഇന്നും ഫലസ്തീനില്‍ ഇസ്രായേല്‍ പുതിയ കുടിയേറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. പ്രവാചക അനുചരന്മാര്‍ മുതല്‍ സൂഫിവര്യന്‍മാര്‍ വരെ അന്ത്യ വിശ്രമം കൊള്ളുന്ന ഖുദ്സിനെ കൈയ്യേറ്റത്തിലൂടെ ഇസ്രായേല്‍ തോട്ടവും പാര്‍ക്കുമാക്കി മാറ്റുകയാണ്. ഇതിനെതിരെ ഒന്നിച്ച് ശബ്ദിക്കാന്‍ പോലും അറബ്, ഇസ്ലാമിക സമൂഹത്തിന് കഴിയാത്തത് ഖേദകരമാണ്.  സമുദായത്തിന്‍െറ പവിത്രത ശത്രുക്കള്‍ പിച്ചിച്ചീന്തുമ്പോള്‍ പോലും ഒന്നിച്ചു നില്‍കാന്‍ കഴിയാത്തത് നിരാശാ ജനകമാണെന്ന് ഖറദാവി ചൂണ്ടിക്കാട്ടി.
8000 ഫലസ്തീനികള്‍ ഇസ്രായേല്‍ തടവറകളില്‍ ക്രൂര പീഡനങ്ങള്‍ അനുഭവിക്കുന്നു. ഇറാഖിലെ മുസ്ലിം സമൂഹം നൂരി അല്‍ മാലിക്കിയില്‍ നിന്ന് നീതി ലഭിക്കാന്‍ പോരാട്ടത്തിലാണ്.
 സിറിയയില്‍ രണ്ടു വര്‍ഷമായി ഇസ്ലാമിക സമൂഹം ദുരിതം അനുഭവിക്കുന്നു. അറബ് ലീഗ് ഉച്ചകോടിക്ക് ശേഷവും ഒന്നും സംഭവിക്കുന്നില്ല എന്നത് ശുഭസൂചനയല്ലെന്നും ഖറദാവി കൂട്ടിച്ചേര്‍ത്തു.

നോര്‍ക്ക ഹെല്‍പ് സെന്‍റര്‍: ഉപദേശക സമിതി അംഗങ്ങളെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യും -മന്ത്രി കെ.സി. ജോസഫ്

Posted: 08 Mar 2013 10:07 PM PST

Image: 

മനാമ: നോര്‍ക്ക ഹെല്‍പ് സെന്‍ററുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും നിര്‍ദിഷ്ട ഉപദേശക സമിതിയിലേക്കുള്ള അംഗങ്ങളെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുമെന്നും പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ്. ജംബോ കമ്മിറ്റി ഉണ്ടാക്കാന്‍ ഉദ്ദേശ്യമില്ല. കേരളത്തിലെ പ്രാദേശിക പരിഗണനയും ഭൂരിപക്ഷങ്ങളുടെ പിന്തുണയുള്ള സംഘടനകളുടെ പ്രാതിനിധ്യവും കണക്കാക്കിയാകും അംഗങ്ങളെ തെരഞ്ഞെടുക്കുന്നതെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇതുസംബന്ധിച്ച് ഒ.ഐ.സി.സിയില്‍ ഭിന്നതയും പ്രശ്നങ്ങളുമുണ്ടെന്ന് അംഗീകരിച്ച മന്ത്രി ഇക്കാര്യങ്ങള്‍ കെ.പി.സി.സി നേതൃത്വത്തിന്‍െറ ശ്രദ്ധയില്‍പെടുത്തി പരിഹാരം കാണുമെന്ന് വ്യക്തമാക്കി.
വിവാദങ്ങള്‍ക്ക് കാരണമായി പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. ഉപദേശക സമിതി സംബന്ധിച്ച് ലിസ്റ്റൊന്നും തയ്യാറാക്കിയിട്ടില്ല. ബഹ്റൈന്‍ കേരളീയ സമാജം നേരത്തെതന്നെ സ്ഥലം വാഗ്ദാനം ചെയ്തിരുന്നു. ഇത് കണക്കിലെടുത്താണ് സമാജത്തില്‍ സെന്‍റര്‍ തുടങ്ങുന്നതെങ്കിലും ഇതിന്‍െറ പൂര്‍ണ നിയന്ത്രണം നോര്‍ക്ക റൂട്ട്സിനായിരിക്കും. സെന്‍ററില്‍ ഒരു നോഡല്‍ ഓഫീസര്‍ ഉണ്ടായിരിക്കും. കേരളീയ സമാജവുമായി സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ധാരണാ പത്രം ഉണ്ടാക്കിയിട്ടുണ്ട്്. സമാജം മലയാളികളുടെ പൊതു സംഘടനയാണെന്നാണ് താന്‍ മനസ്സിലാക്കിയിട്ടുള്ളത്. സമാജം കെട്ടിടത്തിലാണെങ്കിലും അത് നോര്‍ക്കയുടെ ഓഫീസാണ്. പ്രവര്‍ത്തി സമയത്ത് ആര്‍ക്കും ഇവിടേക്ക് കടന്നു വരുന്നതിന് തടസ്സമുണ്ടാകില്ല. ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായ ശേഷം മാത്രമേ സെന്‍ററിന്‍െറ പ്രവര്‍ത്തനം ആരംഭിക്കൂവെന്നും മന്ത്രി വ്യക്തമാക്കി. മറ്റു ജി.സി.സി രാജ്യങ്ങളിലും സെന്‍റര്‍ തുടങ്ങുന്നതിന് നടപടി സ്വീകരിക്കും. പ്രവാസികള്‍ക്കായുള്ള വിവിധ ക്ഷേമ പദ്ധതികളും ഇന്‍ഷൂറന്‍സ് സ്കീമും ഹെല്‍പ് സെന്‍ററിലൂടെ മുഴുവന്‍ പ്രവാസികള്‍ക്കും എത്തിക്കുകയാണ് ലക്ഷ്യം. നിലവില്‍ ഒന്നര ലക്ഷം പേര്‍ മാത്രമാണ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളത്. എല്ലാ രാജ്യങ്ങളിലും ഹെല്‍പ് സെന്‍ററുകളും ഉപദകേശക സമിതികളും നിലവില്‍ വരുന്നതോടെ സര്‍ക്കാരിന്‍െറ വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഫലം എല്ലാ പ്രവാസികള്‍ക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ എംബസിക്ക് കേരളീയരുടെ പ്രശ്നങ്ങള്‍ മാത്രമായി നോക്കാനാകില്ല. ഇന്ത്യന്‍ പ്രവാസികളുടെ മൊത്തത്തിലുള്ള പ്രശ്നങ്ങളാണ് എംബസിയുടെ മുന്നില്‍ വരുന്നത്. നോര്‍ക്ക ഹെല്‍പ് സെന്‍ററിലൂടെ കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളാണ് പ്രാവര്‍ത്തികമാവുക. പ്രവാസികളുടെ നാട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംവിധാനമുണ്ടാക്കുന്നുണ്ട്്. പല കേസുകളിലും പരിഹാരം നീളുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ആഭ്യന്തര മന്ത്രിയുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. പ്രവാസികളുടെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് സംസ്ഥാന തലത്തില്‍ ഐ.ജിയെയും ജില്ലാ തലങ്ങളില്‍ എസ്.പി മാരെയും പ്രത്യേകം ചുമതലപ്പെടുത്തുന്നത് പരിഗണനയിലുണ്ട്.
എയര്‍ കേരള ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിപ്പിച്ചിട്ടില്ല. കേരളം ആവശ്യപ്പെടുന്ന എല്ലാ ഇളവുകളും നല്‍കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍െറ നിലപാട്. രേഖാമൂലം അപേക്ഷിക്കാന്‍ 100 കോടി രൂപ കെട്ടിവെക്കണമെന്നതാണ് പ്രധാന തടസ്സം. ഇത് 50 കോടിയാക്കി ചുരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പണം കെട്ടിവെച്ച ശേഷം എയര്‍കേരള തുടങ്ങാനായില്ലെങ്കില്‍ അത് നഷ്ടമാകുമെന്ന് ആശങ്കയുണ്ട്. കേന്ദ്രത്തില്‍ കേരളത്തിന് ശക്തമായ സ്വാധീനമുള്ള സാഹചര്യത്തില്‍ ഇത്തരമൊരു ആശങ്കക്ക് വകയുണ്ടോയെന്ന ചോദ്യത്തിന് നിയമ നടപടികള്‍ ആര്‍ക്കും മറികടക്കാനാകില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ആഭ്യന്തര സര്‍വീസ് തുടങ്ങി വിജയിപ്പിക്കുകയെന്നത് അപ്രായോഗികമാണ്. എയര്‍ ഇന്ത്യ എക്സ്പ്രസിന് ഇക്കാര്യത്തില്‍ നല്‍കിയ ഇളവുകള്‍ എയര്‍ കേരളക്കും ലഭ്യമാകണമെന്നതാണ് സര്‍ക്കാരിന്‍െറ ആവശ്യം. രണ്ടാഴ്ചക്കകം ഇതിന്‍െറ വിശദ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം പൂര്‍ത്തിയാകുമ്പോള്‍ 2030 വരെയുള്ള വികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിടുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇതിന്‍െറ വിശദാംശങ്ങള്‍ ചര്‍ച്ചക്കായി നല്‍കും. ഇതിന് പുറമെ പൊതുജനങ്ങളുമായും ചര്‍ച്ച നടത്തിയാകും പദ്ധതികള്‍ നടപ്പാക്കുക. ഏത് സര്‍ക്കാര്‍ വന്നാലും വികസനത്തിന് തുടര്‍ച്ചയുണ്ടാകണം. ഇതിനുതകുന്ന വികസന നയം രൂപപ്പെടുത്താനാണ് ശ്രമം. സംസ്ഥാന ബജറ്റില്‍ പ്രവാസികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും. സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ശിപാര്‍ശ പൂര്‍ണമായും കേന്ദ്രം പരിഗണിച്ചില്ലെങ്കിലും നിലവിലുള്ളതിന്‍െറ അഞ്ചിരട്ടി വര്‍ധിപ്പിച്ചത് ആശ്വാസകരമാണ്. സ്വര്‍ണത്തിന്‍െറ വില അടിസ്ഥാനമാക്കുന്നതിന് പകരം അളവ് മാനദണ്ഡമാക്കണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍െറ ആവശ്യം. ഇത് പരിഗണിക്കുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ടെന്നാണ് കേന്ദ്രം പറയുന്നതതെന്നും മന്ത്രി വിശദീകരിച്ചു.

വാടക കെട്ടിടം ഉടമ തിരിച്ചെടുത്തു; ഇബ്ര ഇന്ത്യന്‍ സ്കൂള്‍ പ്രതിസന്ധിയില്‍

Posted: 08 Mar 2013 09:58 PM PST

Image: 

ഇബ്ര: ഇബ്ര ഇന്ത്യന്‍ സ്കൂളിന്‍െറ കെ.ജി. വിഭാഗം പ്രവര്‍ത്തിക്കുന്ന വാടക കെട്ടിടം ഉടമ തിരികെ ആവശ്യപ്പെട്ടതോടെ സ്കൂള്‍ സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്നു. പ്രതിസന്ധി ഒഴിവാക്കാന്‍ അടുത്തമാസം ആരംഭിക്കുന്ന പുതിയ അധ്യയനവര്‍ഷം മുതല്‍ കുട്ടികളെ ഉള്‍ക്കൊള്ളുന്നതിന് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ സ്കൂള്‍ പ്രവര്‍ത്തിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. രാവിലെയും വൈകുന്നേരവും രണ്ട് ഷിഫ്റ്റില്‍ സ്കൂള്‍ പ്രവര്‍ത്തിപ്പിക്കുന്നത് തങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ രംഗത്തെത്തി.
ഇന്ത്യക്കാര്‍ക്ക് പുറമെ പാകിസ്താന്‍, ശ്രീലങ്ക, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 750 ലേറെ പേര്‍ പഠിക്കുന്ന വിദ്യാലയമാണ് ഇബ്ര ഇന്ത്യന്‍ സ്കൂള്‍. സ്കൂളിന്‍െറ കെ.ജി.വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തിരികെ നല്‍കണമെന്ന് ഉടമ ആവശ്യപ്പെ
ട്ടത്.
രണ്ടുവര്‍ഷത്തിനിടെ പലവട്ടം ഉടമയില്‍ നിന്ന് സമയം നീട്ടി വാങ്ങിയെങ്കിലും അവസാന സമയപരിധി ഈ മാസം അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കെ.ജി. വിഭാഗം മുതല്‍ രണ്ടാം ക്ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അടുത്തമാസം മുതല്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തുമെന്ന് അറിയിച്ച് സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കള്‍ക്ക് സര്‍ക്കുലര്‍ അയച്ചത്. പുതിയ സ്ഥലവും കെട്ടിടവും കണ്ടെത്താന്‍ ആവത് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്ന് മാനേജ്മെന്‍റ് സര്‍ക്കുലറില്‍ പറയുന്നു.
കെ.ജി. മുതല്‍ രണ്ടാം ക്ളാസ് വരെയുള്ള കുട്ടികളില്‍ വൈകി ചേരുന്നവരെയും ഇബ്ര മേഖലയിലുള്ള കുട്ടികളെയും ഉച്ചക്ക് ഒന്ന് മുതല്‍ വൈകുന്നേരം അഞ്ചരവരെയുള്ള ഷിഫ്റ്റിലേക്ക് മാറ്റുമെന്നാണ് അറിയിപ്പില്‍ പറയുന്നത്. എല്‍.കെ.ജി-ബി, യു.കെ.ജി.-ബി, ഒന്ന് സി, രണ്ട് സി എന്നീ ക്ളാസുകളാണ് വൈകുന്നേരത്തെ ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കുക.
ഏറെ അകലെയുള്ള പട്ടണങ്ങളായ സിനാവ്, സമദ് അല്‍ ഷാന്‍, ബിദിയ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്ക് യാത്രാപ്രശ്നങ്ങളുള്ളതിനാല്‍ അവരെ രാവിലത്തെ ഷിഫ്റ്റില്‍ തന്നെ ഉള്‍ക്കൊള്ളിക്കുമെന്ന് സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ട് ഷിഫ്റ്റിലും കുട്ടികള്‍ പഠിക്കുന്ന കുടുംബങ്ങളെ തീരുമാനം ദോഷകരമായി ബാധിക്കുമെന്ന് രക്ഷിതാക്കള്‍ പറയുന്നു. തന്‍െറ മൂത്ത രണ്ട് പെണ്‍കുട്ടികളും രാവിലെ സ്കൂളിലേക്കും തങ്ങള്‍ ജോലിക്കും പോയാല്‍ വീട്ടില്‍ ഇളയമകള്‍ തനിച്ചാകും. തങ്ങള്‍ തിരിച്ചുവരുന്നതിന് മുമ്പേ ഇളയ മകള്‍ക്ക് സ്കൂളില്‍ പോകാന്‍ സമയമാകും. ഇത് മൊത്തം ജീവിതരീതിയെ തന്നെ തകിടം മറിക്കുമെന്ന് ഇബ്ര കോളജിലെ അധ്യാപക ദമ്പതികളായ ജോസ്കുട്ടിയും ഗോള്‍ഡയും ചൂണ്ടിക്കാട്ടുന്നു.
പൂര്‍ണമായും വാടക കെട്ടിടത്തിലാണ് സ്കൂള്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്കൂളിന് പുതിയ കെട്ടിടമോ പുതിയ കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമോ ലഭിച്ചില്ലെങ്കില്‍ വരും വര്‍ഷങ്ങളിലും സ്കൂള്‍ പ്രവര്‍ത്തനം അവതാളത്തിലാകും.
വിദേശ സ്കൂളുകള്‍ക്ക് സ്ഥലം വിട്ടുകൊടുക്കുന്നതിന് ഒമാന്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ക്ക് ലഭിച്ച വിവരം. പുതിയ വാടക കെട്ടിടത്തിനായി തെരച്ചില്‍ നടത്തിയെങ്കിലും ക്ളാസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മിനിമം സൗകര്യമുള്ള കെട്ടിടങ്ങള്‍ ലഭ്യമല്ല. സേവനസന്നദ്ധരായ ഏതെങ്കിലും ഒമാനി പൗരന്‍ കാര്യമായ സാമ്പത്തിക നേട്ടമുണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞ് സ്ഥലം ദീര്‍ഘകാല പാട്ടത്തിന് നല്‍കിയാല്‍ അവിടെ സ്കൂള്‍ കെട്ടിടം നിര്‍മിക്കാം.
സ്ഥലത്തിനും കെട്ടിടത്തിനും ഫണ്ട് കണ്ടെത്തേണ്ടി വരുമെന്ന് മാത്രം. ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടേഴ്സ് ബോര്‍ഡിന് മുന്നിലും എംബസി അധികൃതര്‍ക്ക് മുന്നിലും പ്രശ്നം പലവട്ടം അവതരിപ്പിക്കപ്പെട്ടുവെങ്കിലും ആശ്വാസം പകരുന്ന പരിഹാര നിര്‍ദേശം ഇനിയുമുണ്ടായിട്ടില്ലത്രെ.
സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദം ചെലുത്താന്‍ കഴിയുന്ന ഒമാനി പൗരന്‍മാരും ഇന്ത്യന്‍ സമൂഹവും കൈകോര്‍ത്താല്‍ മാത്രമേ സ്വന്തം സ്കൂള്‍ കെട്ടിടം എന്ന സ്വപ്നം ഇബ്രയിലെ പ്രവാസി സമൂഹത്തിന് സാക്ഷാത്കരിക്കാനാവൂ.

ഗണേഷിന്റെ രാജി: തീരുമാനം യു.ഡി.എഫ് യോഗത്തിന് മുമ്പെന്ന് മുഖ്യമന്ത്രി

Posted: 08 Mar 2013 09:45 PM PST

Image: 

കൊച്ചി: മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍.ബാലകൃഷ്ണപിള്ള നല്‍കിയ കത്തിന്റെ കാര്യത്തില്‍ അടുത്ത യു.ഡി.എഫ് യോഗത്തിന് മുമ്പ് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായും ബാലകൃഷ്ണപിള്ളയുമായും സംസാരിച്ചു.

പൊതുപ്രവര്‍ത്തകര്‍ മിതത്വം പാലിക്കണമെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്നും താന്‍ അങ്ങനെയാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
 

നിക്കൊളസ് മദൂറോ വെനിസ്വേലന്‍ പ്രസിഡന്‍്റായി സ്ഥാനമേറ്റു

Posted: 08 Mar 2013 09:30 PM PST

Image: 

കറാക്കസ്: നിക്കൊളാസ് മദൂറോ വെനിസ്വേലയുടെ പുതിയ പ്രസിഡന്‍്റായി സ്ഥാനമേറ്റു. അന്തരിച്ച പ്രസിഡന്‍്റ് ഊഗോ ചാവെസിന്റെകീഴില്‍ രാജ്യത്തിന്റെവൈസ് പ്രസിഡന്‍്റായി പ്രവര്‍ത്തിച്ച മദൂറോ നാഷനല്‍ അസംബ്ളി അധ്യക്ഷന്‍ ഡിയോസ്ദാദോ കാബെല്ലോക്ക് മുമ്പാകെ സത്യ പ്രതിജ്ഞ ചെയ്താണ് വെള്ളിയാഴ്ച അധികാരമേറ്റത്. എന്നാല്‍, സത്യ പ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു. മദൂറോക്ക് അധികാരം കൈമാറിയത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബഹിഷ്കരണം. അതേസമയം, ഇക്വഡോര്‍ പ്രസിഡന്‍്റും ചാവെസിന്റെസുഹൃത്തുമായ റാഫേല്‍ കൊറിയ ചടങ്ങില്‍ സംബന്ധിച്ചു.

മരണത്തിന് മുമ്പ് തന്നെ ചാവെസ് മദൂറോയെ തന്റെപിന്‍ഗാമിയായി പ്രഖ്യാപിച്ചിരുന്നു.
 

സ്വര്‍ണവില താഴ്ന്നു; പവന് 22,040 രൂപ

Posted: 08 Mar 2013 09:30 PM PST

Image: 

കോഴിക്കോട്: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില കുറഞ്ഞു. പവന് 40 രൂപ കുറഞ്ഞ് 22,040 രൂപയായി. ഗ്രാമിന് അഞ്ചു രൂപയാണ് കുറഞ്ഞത്. 2755 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയാണിത്. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. വെള്ളിയാഴ്ച പവന് 120 കുറഞ്ഞ് 22,080 രൂപയായിരുന്നു. 24,240 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.

 

കാര്‍ഷിക കടാശ്വാസത്തിന്‍െറ ദുര്‍ഗതി

Posted: 08 Mar 2013 09:18 PM PST

Image: 

കടക്കെണിയിലായ കര്‍ഷകരുടെ ആത്മഹത്യാ നിരക്ക് ഭയാനകമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ഒന്നാം യു.പി.എ സര്‍ക്കാര്‍ 2008ല്‍ നടപ്പാക്കിയ കടാശ്വാസ പദ്ധതിയില്‍ വ്യാപകമായ ക്രമക്കേടുകളും തിരിമറിയും അരങ്ങേറിയതായി കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയത് പാര്‍ലമെന്‍റില്‍ വലിയ ഒച്ചപ്പാടിന് വഴിവെച്ചു. അര്‍ഹര്‍ക്ക് ആശ്വാസം നിഷേധിക്കപ്പെടുകയും അനര്‍ഹര്‍ക്ക് ലഭിക്കുകയും ചെയ്തതിന്‍െറ ഒട്ടേറെ ഉദാഹരണങ്ങളാണ് സി.എ.ജി റിപ്പോര്‍ട്ട് അനാവരണം ചെയ്തത്. 52,000 കോടി രൂപ ചെറുകിട, ഇടത്തരം കൃഷിക്കാരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനാണ് സര്‍ക്കാര്‍ നീക്കിവെച്ചതെങ്കിലും വായ്പ ഒറ്റത്തവണയായി അടച്ചുതീര്‍ക്കാന്‍ തയാറായ വന്‍കിട കൃഷിക്കാര്‍ക്കാണ് 25 ശതമാനവും അനുവദിച്ചതെന്ന് സി.എ.ജി ചൂണ്ടിക്കാട്ടുന്നു. പരിശോധിച്ച 80,229 കേസുകളില്‍ 6822 വായ്പകള്‍ എഴുതിത്തള്ളിയതും അനര്‍ഹര്‍ക്കാണെന്ന് വ്യക്തമായി. ഇതിന്മേല്‍ കടിച്ചുതൂങ്ങിയാണ് സി.എ.ജി റിപ്പോര്‍ട്ട് സമഗ്രമല്ലെന്നും പരിശോധനാ വിധേയമായിട്ടില്ലാത്ത വായ്പാ സംഭവങ്ങളൊക്കെ നേരാംവണ്ണമാണെന്നും കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ വാദിക്കുന്നത്. എന്നാല്‍, പവാറിന്‍െറ കണക്കുപ്രകാരം 3.7 കോടി ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്. അവയൊക്കെയും സൂക്ഷ്മമായി പരിശോധിച്ചിട്ടില്ല എന്നതുകൊണ്ട് എല്ലാം അര്‍ഹര്‍ക്കും ക്രമാനുസൃതവുമായിരുന്നെന്ന് എങ്ങനെ അവകാശപ്പെടാനാവും? പരിശോധിച്ചതില്‍ ക്രമക്കേടിന്‍െറ അനുപാതം 22 ശതമാനമാണ് എന്നിരിക്കെ എല്ലാം ഓഡിറ്റിന് വിധേയമാക്കിയിരുന്നെങ്കില്‍ അതിഭീമമായ ദുര്‍വിനിയോഗത്തിന്‍െറ ചിത്രമാണ്  ലഭിക്കുകയെന്ന് വ്യക്തം. കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ ആനുകൂല്യം കാര്‍ഷികേതര വായ്പകള്‍ക്ക് നല്‍കല്‍, യോഗ്യരായ അപേക്ഷകര്‍ക്ക് സഹായം നിഷേധിക്കല്‍, ചിലര്‍ക്ക് അര്‍ഹിക്കുന്ന തുകയേക്കാള്‍ കൂടുതല്‍ അനുവദിക്കല്‍ തുടങ്ങിയ ക്രമക്കേടുകളാണ് വ്യാപകമായി പുറത്തുവന്നിരിക്കുന്നത്. ഇതൊന്നും ക്രമക്കേടല്ലെന്ന് സര്‍ക്കാര്‍ പറയുന്നുമില്ല. ലോക്സഭയില്‍ ഒച്ചപ്പാടായപ്പോള്‍ ക്രമക്കേട് തെളിഞ്ഞാല്‍ കര്‍ശന നടപടിയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉറപ്പുനല്‍കേണ്ടിവന്നുവെങ്കിലും അന്വേഷണത്തിനോ നടപടിക്കോ പാക്കേജ് ഒന്നും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. വന്‍ ക്രമക്കേടുകളില്‍ കേരളത്തിനും അര്‍ഹമായ പങ്ക് ലഭിച്ചിട്ടുണ്ടെന്ന് ന്യായമായും അഭിമാനിക്കാം! അര്‍ഹമായ തുകയേക്കാള്‍ 90 ലക്ഷം രൂപ വായ്പയെടുത്ത കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. കടം പൂര്‍ണമായി എഴുതിത്തള്ളിയ വകയില്‍ 1.17 കോടി രൂപ കേരളത്തില്‍ അധികം ചെലവഴിച്ചു. കാര്‍ഷികേതര വായ്പകള്‍ എഴുതിത്തള്ളാന്‍ 18 ലക്ഷം രൂപ നീക്കിവെച്ച സംഭവവുമുണ്ടായി.
ഭീമമായ ക്രമക്കേടും ദുര്‍വിനിയോഗവും അഴിമതിയും കൂടാതെ ഒരൊറ്റ പദ്ധതിയും രാജ്യത്ത് നടപ്പാക്കാനാവില്ല എന്നുറപ്പിക്കാന്‍ ഇനി ആരെയും കാത്തിരിക്കേണ്ടതില്ല. 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ളാറ്റ്, സിവില്‍ ഏവിയേഷന്‍, ഖനനം, ഒടുവില്‍  പ്രതിരോധം എന്നീ രംഗങ്ങളിലെല്ലാം ഭീകരമായ അഴിമതികള്‍ നടന്നതായി വെളിപ്പെട്ട പശ്ചാത്തലത്തില്‍ ജനമനസ്സുകള്‍ മരവിച്ചുകിടക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോ രാഷ്ട്രീയ പാര്‍ട്ടികളോ മുന്നണികളോ ആരും ഈ ചക്കരക്കുടത്തില്‍ കൈയിട്ട് വാരാത്തവരായില്ല എന്ന് ജനങ്ങള്‍ വിശ്വസിക്കാന്‍ നിര്‍ബന്ധിതരാണ്. അതിലേക്കാണ് ഇപ്പോള്‍ കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ വന്‍ ദുര്‍വിനിയോഗവും കടന്നുവന്നിരിക്കുന്നത്. കൃഷിനാശവും വിളകളുടെ വിലയിടിവും മൂലം കാര്‍ഷികോല്‍പാദനം കുറയുകയും ഭക്ഷ്യസുരക്ഷ അപകടപ്പെടുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്ത സന്ദര്‍ഭത്തിലാണ് തിരിച്ചടവ് സാധിക്കാതെ കടക്കെണിയില്‍ കര്‍ഷകരുടെ ജീവന്‍ ഹോമിക്കപ്പെടുന്ന ദുരന്തങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അവശേഷിക്കുന്ന കൃഷിക്കാരെയും അതുവഴി കാര്‍ഷിക വ്യവസ്ഥയെയും രക്ഷിക്കാനാണ് കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ ബാങ്കുകളെ പ്രാപ്തമാക്കുന്നതിന് 52,000 കോടി പൊതുഖജനാവില്‍നിന്ന് നീക്കിവെക്കാന്‍ സര്‍ക്കാര്‍ തയാറായത്; ലോക്സഭാ തെരഞ്ഞെടുപ്പുകൂടി മുന്നില്‍ കണ്ടുള്ള പരിപാടിയായിരുന്നു ഇതെന്ന് ദോഷൈകദൃക്കുകള്‍ക്ക് പറയാമെങ്കിലും.
ഇത്രയും ഭീമമായ തുക ആത്മഹത്യാ മുനമ്പില്‍ ചെന്നുനില്‍ക്കുന്ന കൃഷിക്കാരുടെ ആശ്വാസത്തിന് അനുവദിക്കുമ്പോള്‍ അതിന്‍െറ പ്രയോജനം അര്‍ഹര്‍ക്ക് മാത്രം ലഭിക്കുന്നു എന്നുറപ്പുവരുത്തേണ്ട ചുമതല സര്‍ക്കാറിനും ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും ബാങ്കുകള്‍ക്കുമുണ്ട്. അത് നേരാംവണ്ണം നിറവേറ്റപ്പെട്ടില്ലെന്നാണ് സി.എ.ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. വായ്പയെടുത്ത കര്‍ഷകരെന്ന് അവകാശപ്പെട്ട പലരും കൃഷിക്കാരേ ആയിരുന്നില്ല. കൃഷിക്കാരായി അറിയപ്പെട്ടവര്‍തന്നെ കൃഷിയാവശ്യങ്ങള്‍ക്കല്ല വായ്പയെടുത്തത്. കൃഷിക്കുവേണ്ടിയെടുത്ത വായ്പകള്‍പോലും ഉപയോഗിച്ചത് മറ്റാവശ്യങ്ങള്‍ക്കാണ്. ഇതിനൊക്കെ അധികൃതരും ബാങ്കുകളും കൂട്ടുനില്‍ക്കുകയോ ദുസ്വാധീനങ്ങള്‍ക്ക് വിധേയമാവുകയോ ക്രമരഹിതമാണെന്നറിഞ്ഞിട്ടും കണ്ണടക്കുകയോ ചെയ്തു. കാട്ടിലെ മരം, തേവരുടെ ആന... എന്ന മനോഭാവത്തോടെ പൊതുഖജനാവിലെ ചോര്‍ച്ചയുടെ നേരെ എല്ലാവരും കണ്ണടച്ചു. ഇതാണ് സംഭവിച്ചത്, എപ്പോഴും സംഭവിക്കുന്നതും. ശീഘ്രഗതിയില്‍ കുറ്റമറ്റ അന്വേഷണവും തുടര്‍നടപടികളും ഉണ്ടായാല്‍ ഇതാവര്‍ത്തിക്കാതിരിക്കാനെങ്കിലും വഴിതെളിയുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ അങ്ങനെ പ്രതീക്ഷിക്കാന്‍ വകയൊന്നുമില്ലെന്നതാണ് സങ്കടകരം.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP