സ്വാഗതം
WELCOME

News Update..

Monday, March 18, 2013

ഇറ്റാലിയന്‍ സ്ഥാനപതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; രാജ്യം വിടരുത് -സുപ്രീംകോടതി Madhyamam News Feeds

ഇറ്റാലിയന്‍ സ്ഥാനപതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; രാജ്യം വിടരുത് -സുപ്രീംകോടതി Madhyamam News Feeds

Link to

ഇറ്റാലിയന്‍ സ്ഥാനപതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; രാജ്യം വിടരുത് -സുപ്രീംകോടതി

Posted: 18 Mar 2013 12:11 AM PDT

Image: 

ന്യൂദല്‍ഹി: ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല്‍ മന്‍സീനിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് സുപ്രീംകോടതി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്ഥാനപതി രാജ്യം വിടരുതെന്നും ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ഇറ്റാലിയന്‍ സ്ഥാനപതിയുടെ രേഖാമൂലമുള്ള ഉറപ്പിനെത്തുടര്‍ന്നാണ് കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വേണ്ടി രാജ്യം വിടാന്‍ അനുവദിച്ചത്. പുതിയ നിലപാടിന്റെ പശ്ചാത്തലത്തില്‍ സ്ഥാനപതിയിലുള്ള വിശാസം നഷ്ടമായി. സ്ഥാനപതിയെ ഇനിയൊരിക്കലും വിശ്വസിക്കില്ല. ഇത്തരം പെരുമാറ്റം അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിച്ചതല്ലെന്നും കോടതി വ്യക്തമാക്കി.

സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷ വേണമെന്ന ഇറ്റാലിയന്‍ സര്‍ക്കാരിന്റെ വാദവും കോടതി അംഗീകരിച്ചില്ല. കേസില്‍ ഹരജിക്കാരനായാണ് ഇറ്റാലിയന്‍ സ്ഥാനപതി കോടതിയിലെത്തിയത്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു ആവശ്യം പരിഗണിക്കാനാവില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

കേസ് ഏപ്രില്‍ രണ്ടിന് വീണ്ടും പരിഗണിക്കും. മാര്‍ച്ച് 22നു മുമ്പ് ഇറ്റാലിയന്‍ നാവികരെ ഇന്ത്യയില്‍ തിരികെയത്തിക്കണമെന്നാണ് ജാമ്യം അനുവദിക്കുമ്പോള്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. ഇതുപ്രകാരം നാവികരെ തിരിച്ചെത്തിക്കാന്‍ ഇനിയും സമയമുണ്ടെന്നും കോടതി ചൂണ്ടികാണിച്ചു.

 

ലൈംഗികാതിക്രമ വിരുദ്ധബില്ല് നാളെ പാര്‍ലമെന്റില്‍

Posted: 17 Mar 2013 10:45 PM PDT

Image: 

ന്യൂദല്‍ഹി: ലൈംഗികാതിക്രമ വിരുദ്ധബില്ല് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ വെക്കും. ബില്ല് സംബന്ധിച്ച് സമവായമുണ്ടാക്കാന്‍ ദല്‍ഹിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. വിഷയത്തില്‍ സമവായം പ്രതീക്ഷിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചത്. എന്നാല്‍ ആദ്യഘട്ട ചര്‍ച്ചയില്‍ സമവായമുണ്ടായില്ല. ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി സംബന്ധിച്ച തര്‍ക്കമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ഇത് 18ല്‍നിന്ന് 16 ആക്കുന്നതിന് മന്ത്രിസഭാ ഉപസമിതി കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. ഒളിഞ്ഞുനോട്ടവും സ്ത്രീകളെ പിന്നാലെ നടന്ന് ശല്യം ചെയ്യലും ജാമ്യമില്ലാ കുറ്റമാക്കാനും സമിതി ശുപാര്‍ശ ചെയ്തിരുന്നു.

അതേസമയം, മുഴുവന്‍ പാര്‍ട്ടികളുമായും സമവായത്തിലെത്തിയ ശേഷം ശക്തമായ ബില്ലിന് രൂപം നല്‍കുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി കമല്‍നാഥ് പറഞ്ഞു.

ബില്ലിനെ പിന്തുണക്കില്ലെന്ന് സമാജ്‌വാദിപാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. തൃണമൂലും ബില്ലിലെ ചില വ്യവസ്ഥകള്‍ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ബി.ജെ.പി അടക്കമുള്ള പാര്‍ട്ടികളും സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറച്ചതിനെ എതിര്‍ക്കുന്നുണ്ട്.

വര്‍മ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊണ്ടുവന്ന സ്ത്രീ സുരക്ഷാ ഓര്‍ഡിനന്‍സിന്റെ കാലാവധി മാര്‍ച്ച് 22ന് അവസാനിക്കുകയാണ്. അതിനുമുമ്പ് പുതിയ നിയമം കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍.
 

തണ്ടര്‍ബോള്‍ട്ട് വീണ്ടും തിരുനെല്ലിയില്‍

Posted: 17 Mar 2013 10:44 PM PDT

മാനന്തവാടി: മാവോയിസ്റ്റ് വേട്ടക്കായി കഴിഞ്ഞ ഫെബ്രുവരി 14 മുതല്‍ കാടുകളില്‍ പരിശോധന നടത്തിയ തണ്ടര്‍ബോള്‍ട്ട് സംഘം വീണ്ടും തിരുനെല്ലിയിലെത്തി. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ 30 അംഗ സംഘമാണ് തിരുനെല്ലി പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം മുതല്‍ ക്യാമ്പ് ചെയ്യുന്നത്. ഇരിട്ടിയില്‍ മാവോയിസ്റ്റുകളെ കണ്ടതായുള്ള വിവരം പുറത്തുവന്ന സാഹചര്യത്തില്‍ ഇവര്‍ തിരുനെല്ലി കാടുകളില്‍ വീണ്ടും പരിശോധന നടത്തിയേക്കുമെന്ന് സൂചനയുണ്ട്. അതേസമയം, സംഘം ഞായറാഴ്ച മുത്തങ്ങ ക്കാടുകളില്‍ നിരീക്ഷണം നടത്തി. മാനന്തവാടി ഡിവൈ.എസ്.പിയുടെ നിര്‍ദേശ പ്രകാരമാണ് സംഘത്തിന്‍െറ നീക്കം. കഴിഞ്ഞ ഫെബ്രുവരി 14ന് എത്തിയ 60 അംഗ സംഘം അഞ്ചു ദിവസത്തോളം തിരുനെല്ലി, പക്ഷിപാതാളം, തോല്‍പെട്ടി, ദാസനഘട്ട, കര്‍ണാടക അതിര്‍ത്തി പ്രദേശമായ കൈമരം എന്നിവിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു.
വയനാട്ടില്‍ മാവോയിസ്റ്റുകള്‍ സാന്നിധ്യമുറപ്പിക്കാന്‍ ശ്രമിക്കുന്നതായി കേന്ദ്ര ഇന്‍റലിജന്‍സിന്‍െറ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അധികൃതര്‍ ഗൗരവമായാണ് കാണുന്നത്. വനത്തിനുള്ളിലെ ആദിവാസി കോളനികള്‍ പൊലീസിന്‍െറയും രഹസ്യാന്വേഷണ വിഭാഗത്തിന്‍െറയും നിരീക്ഷണത്തിലാണ്.
കര്‍ണാടക, കേരള, തമിഴ്നാട് സംസ്ഥാനങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന മുത്തങ്ങ ട്രൈ ജങ്ഷനില്‍ മൂന്ന് സംസ്ഥാനങ്ങളിലെയും സംയുക്ത സേനകളുടെ നിരീക്ഷണം ശക്തമാക്കാന്‍ നടപടി തുടങ്ങി. മാവോയിസ്റ്റ് ആക്രമണ ഭീഷണി നിലനില്‍ക്കുന്ന തലപ്പുഴ, തിരുനെല്ലി, പുല്‍പള്ളി പൊലീസ് സ്റ്റേഷനുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ തുടരുകയാണ്. ആയുധമേന്തിയ പൊലീസുകാരുടെ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മെസ്സി ഗോള്‍ തുടരുന്നു; സ്പാനിഷ് ലീഗില്‍ ബാഴ്സക്കു ജയം

Posted: 17 Mar 2013 10:43 PM PDT

Image: 

ബാഴ്സലോണ: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ജയത്തോടെ ബാഴ്സലോണ ഒന്നാം സ്ഥാനത്ത് തുടരുന്നു. റയോ വല്ലേയാനോക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സ ജയിച്ചത്. മത്സരത്തില്‍ ലയണല്‍ മെസ്സി രണ്ടും ഡേവിഡ് വിയ്യ ഒരു ഗോളും നേടി.

തുടര്‍ച്ചയായ 18ാം ലീഗ് മത്സരത്തിലും ഗോള്‍ നേടി മെസ്സി ഗോള്‍വേട്ട തുടരുകയാണ്. ഇതോടെ ഈ സീസണില്‍ മെസ്സി നേടുന്ന ഗോളുകളുടെ എണ്ണം 42 ആയി.

 

സ്വപ്നാടകന്‍െറ ഫ്ളാഷ്ബാക്

Posted: 17 Mar 2013 10:42 PM PDT

Image: 

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ കെ.ജി. ജോര്‍ജിന്‍െറ ഫ്ളാഷ്ബാക് മലയാള സിനിമയുടെ വസന്തകാലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 80കളുടെകൂടി ഫ്ളാഷ്ബാക്കാണ്.  സിനിമ എന്ന മാധ്യമത്തെക്കുറിച്ചും അതിന്‍െറ രാഷ്ട്രീയത്തെക്കുറിച്ചും ഏറെ ഉള്‍ക്കാഴ്ചകള്‍ തരുന്നു കെ.ജി. ജോര്‍ജിന്‍െറ ‘ഫ്ളാഷ്ബാക്, എന്‍െറയും സിനിമയുടെയും’ എന്ന ഓര്‍മപ്പുസ്തകം.
പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് കാലവും അവിടത്തെ കൂട്ടുകെട്ടുമാണ് ജോര്‍ജിലെ സിനിമാക്കാരനെ രൂപപ്പെടുത്തിയത്. 1956ല്‍ ഫ്രാന്‍സിസ് ഡി ലിയോണ്‍ സംവിധാനംചെയ്ത ‘ദി ഗ്രേറ്റ് ലോക്കോമോട്ടിവ് ചെയ്സ്’ എന്ന ചിത്രമാണ് തന്‍െറ പരമ്പരാഗത സിനിമാധാരണകളെ തിരുത്തിയതെന്ന് ജോര്‍ജ് സമ്മതിക്കുന്നു. അക്കാലങ്ങളില്‍ മലയാള സിനിമ ഉള്ളടക്കത്തിലും സമീപനത്തിലും പുലര്‍ത്തിയ സത്യസന്ധതയോട് യോജിക്കുമ്പോഴും ഹോളിവുഡ് സിനിമകളുടെ സാങ്കേതിക പൂര്‍ണതയിലേക്ക് മലയാള സിനിമ വളരാത്തതെന്ത് എന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്.  ഈ പടിഞ്ഞാറുനോട്ടത്തെ പലരും വിമര്‍ശിച്ചെങ്കിലും അതൊരു ബഹുമതിയായിക്കണ്ട്  ഉള്ളടക്കത്തിലും അവതരണത്തിലും അത്തരം സാങ്കേതികത്തികവ് കൊണ്ടുവരാനാണ് ജോര്‍ജ് തന്‍െറ സിനിമകളിലൂടെ ശ്രമിച്ചത്.
1971ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം പൂര്‍ത്തിയാക്കി സംവിധായകന്‍ രാമുകാര്യാട്ടിനൊപ്പം ചേര്‍ന്നു. ‘മായ’, ‘നെല്ല്’ എന്നീ രണ്ടു സിനിമകളില്‍ അദ്ദേഹത്തോടൊപ്പം സഹകരിച്ചു. സിനിമയെക്കുറിച്ച് പുതിയ ഒരു അവബോധവും പ്രതിഭകളുമായുള്ള സൗഹൃദവും കാര്യാട്ടുമായുള്ള കൂട്ടുകെട്ട് ജോര്‍ജിനുണ്ടാക്കിക്കൊടുത്തു. അതുകൊണ്ടു തന്നെ തന്‍െറ ഗുരുവായി അദ്ദേഹം കാണുന്നത് രാമു കാര്യാട്ടിനെയാണ്.
സ്വതന്ത്ര സംവിധായകനാകാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് സ്വപ്നാടനത്തിന്‍െറ ഓഫറുമായി മുഹമ്മദ് ബാപ്പു എന്ന നിര്‍മാതാവെത്തുന്നത്. അടുത്ത സുഹൃത്ത് ലത്തീഫ് വഴിയായിരുന്നു മുഹമ്മദ് ബാപ്പുവിന്‍െറ വരവ്. ആരുമായും എളുപ്പം സൗഹൃദമുണ്ടാക്കാനും അത് നിലനിര്‍ത്താനും അതിയായ കഴിവുള്ള രാരിച്ചന്‍ ലത്തീഫ് പുസ്തകത്തിലുടനീളം പ്രത്യക്ഷപ്പെടുന്നു.  ‘സ്വപ്നാടനം’ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയും ദേശീയ അവാര്‍ഡ് നേടുകയും ചെയ്തു. ആ അഹങ്കാരത്തിലാണ് അടുത്ത അഞ്ചു ചിത്രങ്ങളും ചെയ്തതെന്നും അതിനാല്‍ തന്നെ അവ പരാജയപ്പെട്ടെന്നും അദ്ദേഹം തുറന്നുസമ്മതിക്കുന്നു.  പരാജയം മറികടക്കാനായതും കരിയറില്‍ ബ്രേക് നല്‍കിയതും 78ല്‍ സംവിധാനംചെയ്ത ‘ഉള്‍ക്കടല്‍’ എന്ന ചിത്രമാണ്.  തുടര്‍ന്നാണ് തമ്പിലെ ജീവിതം പറഞ്ഞ ‘മേള’ എന്ന സിനിമ. മമ്മൂട്ടിക്ക് ആദ്യമായി ലഭിച്ച ശ്രദ്ധേയമായ വേഷമായിരുന്നു ‘മേള’യിലേതെന്ന് ജോര്‍ജ് ഓര്‍ക്കുന്നു. നാടകവും നാടകക്കാരുമായി കുട്ടിക്കാലം മുതലുള്ള ബന്ധത്തില്‍നിന്നാണ് ‘യവനിക’ എന്ന സിനിമ ഉണ്ടായത്. ലത്തീഫ്, തബലിസ്റ്റ് ഉസ്മാന്‍ എന്നൊരാളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവം പറഞ്ഞതിനെ തുടര്‍ന്നാണ് ഒരു ടൂറിങ് ടാക്കീസിന്‍െറ കഥ എന്നതിലുപരിയായി ‘യവനിക’യുടെ കഥ മാറുന്നത്.
സിനിമയെക്കുറിച്ച് സിനിമ എന്ന സങ്കല്‍പത്തില്‍നിന്ന് രൂപപ്പെടുത്തിയ ‘ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്’ ഏറെ വിവാദങ്ങള്‍ക്കിടയാക്കി. തെന്നിന്ത്യന്‍ സിനിമാ നഗരമായ കോടമ്പാക്കവും അവിടത്തെ ജീവിതവും തുറന്നുകാട്ടി ഈ സിനിമ. അടുത്ത കുടുംബ സുഹൃത്തും അഭിനേതാവുമായിരുന്ന ശോഭയുടെ ആത്മഹത്യയോട് ചേര്‍ത്തായിരുന്നു വിവാദം. അതുണ്ടാക്കിയ വ്യക്തിപരമായ പ്രശ്നങ്ങളെക്കുറിച്ച് വിശദമായി തന്നെ ജോര്‍ജ് പ്രതിപാദിക്കുന്നു.
അടിയന്തരാവസ്ഥയുടെ കെടുതികളെക്കുറിച്ചും അധികാരത്തെയും ഹിംസയെയും കുറിച്ചുള്ള ആലോചനകളില്‍നിന്നാണ് ‘ഇരകള്‍’ എന്ന സിനിമ പിറക്കുന്നത്. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമ ‘പഞ്ചവടിപ്പാല’ത്തെക്കുറിച്ചും പുസ്തകം ഓര്‍മിപ്പിക്കുന്നു.
ദ്രാവിഡ സൗന്ദര്യമുള്ള ശ്രീവിദ്യ, അഭിനയത്തികവിന്‍െറ ആള്‍രൂപമായ ഭരത്ഗോപി, പാടുന്ന പന്തമെന്ന് പി. ഭാസ്കരന്‍ വിശേഷിപ്പിച്ച സംഗീതജ്ഞന്‍ എം.ബി ശ്രീനിവാസന്‍, സ്വപ്നാടനത്തില്‍ വിസ്മയിപ്പിച്ച ഡോ. മോഹന്‍ദാസ് തുടങ്ങി മലയാള സിനിമയില്‍ തന്നെ അമ്പരപ്പിച്ചതും അടുപ്പവും ആരാധനയും തോന്നിച്ചവരുമായ പ്രതിഭകളെക്കുറിച്ചുള്ള കുറിപ്പുകളുണ്ട് ഫ്ളാഷ്ബാക്കില്‍.  ഒപ്പം ഭരതന്‍, പത്മരാജന്‍, അരവിന്ദന്‍, മുരളി, രതീഷ്, വേണു നാഗവള്ളി, ശോഭ, റാണിചന്ദ്ര എന്നീ വേര്‍പാടുകളെക്കുറിച്ചുള്ള ഓര്‍മകളും.   
മോഹന്‍ലാലിനെ നായകനാക്കി ആലോചിച്ച കാമമോഹിതം എന്ന പ്രോജക്ടും വിചാരിച്ചതു പോലെ വിഷ്വലൈസ് ചെയ്യാനാവാത്ത ‘ഇലവങ്കോട് ദേശം’, ‘മറ്റൊരാള്‍’ എന്നീ സിനിമകളും ചലച്ചിത്ര വികസന കോര്‍പറേഷന്‍െറ ചെയര്‍മാന്‍ വേഷം കെട്ടി ഒന്നും ചെയ്യാനാകാതിരുന്നതും വ്യാജ ചെക്കുകേസില്‍പ്പെട്ട് കോടതി കയറിയിറങ്ങിയതും നിരാശയും വേദനയുമായി അവശേഷിക്കുന്നു.  മാറുന്ന മലയാള സിനിമയുടെ ഭാഗധേയം നിര്‍ണയിക്കേണ്ടത് സാങ്കേതിക പ്രവര്‍ത്തകരാണെന്ന് തറപ്പിച്ചുപറയുന്ന കെ.ജി.ജോര്‍ജ്, പോയ നൂറ്റാണ്ടിലെ ശക്തിയേറിയ മാധ്യമമായ സിനിമ ഡിജിറ്റല്‍ വിപ്ളവത്തിന്‍െറ ഈ പരിണാമ ഘട്ടത്തില്‍ ഭാവന ചെയ്യാന്‍ കഴിയാത്തവിധം രൂപവും വ്യാപ്തിയുമാര്‍ജിക്കും എന്ന് ശുഭാപ്തി വിശ്വാസിയാകുന്നു. താരാധിപത്യത്തിന്‍െറയും നിലവാരം കുറഞ്ഞ മൂലധന താല്‍പര്യങ്ങളുടെയും കൂത്തരങ്ങായി അധ$പതനത്തിന്‍െറ പടുകുഴിയില്‍നിന്ന് മലയാള സിനിമ കരകയറുന്ന ഈ നാളുകളില്‍ ഈ പുസ്തകം സവിശേഷമായ വായന ആവശ്യപ്പെടുന്നു.

ഇറ്റാലിയന്‍ നാവികരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും -മുഖ്യമന്ത്രി

Posted: 17 Mar 2013 09:58 PM PDT

Image: 

തിരുവനന്തപുരം: കടല്‍ക്കൊലകേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നാവികര്‍ ഇറ്റലിയിലേക്ക് കടക്കുകയും ഇനി തിരിച്ചുവരില്ലെന്ന് വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തില്‍, സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തിരപ്രമേയത്തിന് മറുപടി പറയവെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. നയതന്ത്ര ബന്ധത്തിന്റെപേരില്‍ രാജ്യത്തെ വഞ്ചിക്കാന്‍ അനുവദിക്കില്ല. ഇക്കാര്യം പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. കടല്‍ക്കൊല കേസില്‍ കേന്ദ്ര സര്‍ക്കാറിന് തെറ്റുപറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

പ്രതിപക്ഷത്തു നിന്നും പി.കെ ഗുരുദാസനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഉദാസീനതയാണ് തുടരുന്നതെന്ന് ഗുരുദാസന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാവാത്ത പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

 

ഹമദ് വിമാനത്താവളത്തില്‍ നിന്ന് ആദ്യ സര്‍വീസിന് എയര്‍ ഇന്ത്യ എക്സ്പ്രസും

Posted: 17 Mar 2013 09:46 PM PDT

Image: 

ദോഹ: ഏപ്രില്‍ ഒന്നിന് ഒന്നാം ഘട്ട പ്രവര്‍ത്തനം ആരംഭിക്കുന്ന പുതിയ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തുടക്കത്തില്‍ സര്‍വീസ് നടത്തുന്ന പത്ത് വിമാനകമ്പനികളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസും. ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ പുതിയ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്ന പത്ത് കമ്പനികളുടെ പേരുകള്‍ ഖത്തര്‍ എയര്‍വെയ്സ് ഇന്നലെയാണ് പ്രഖ്യാപിച്ചത്.
എയര്‍ അറേബ്യ, ബിമന്‍ ബംഗ്ളാദേശ് എയര്‍ലൈന്‍സ്, ഫൈ്ള ദുബൈ, ഇറാന്‍ എയര്‍, നേപ്പാള്‍ എയര്‍ലൈന്‍സ്, പാകിസ്ഥാന്‍ ഇന്‍റര്‍നാഷനല്‍ എയര്‍ലൈന്‍സ്, റാക് എയര്‍വെയ്സ്, സിറിയന്‍ എയര്‍, യെമന്‍ എയര്‍വെയ്സ് എന്നിവയാണ് മറ്റ് ഒമ്പത് കമ്പനികള്‍. ഏപ്രില്‍ ഒന്ന് മുതല്‍ ഈ വിമാനക്കമ്പനികളുടെ പ്രവര്‍ത്തനം പൂര്‍ണമായും ഹമദ് വിമാനത്താവളത്തില്‍ നിന്ന് മാത്രമായിരിക്കും. പത്ത് കമ്പനികളില്‍ നിന്നായി പ്രതിദിനം 32 യാത്രാവിമാനങ്ങള്‍ വീതം ആഴ്ചയില്‍ 222 വിമാനങ്ങളായിരിക്കും തുടക്കത്തില്‍ ഹമദ് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. എന്നാല്‍, വര്‍ഷാവസാനത്തോടെ മാത്രമേ ഖത്തര്‍ എയര്‍വെയ്സിന്‍െറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പുതിയ വിമാനത്താവളത്തിലേക്ക് മാറ്റുകയുള്ളൂ എന്ന് കമ്പനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പത്ത് കമ്പനികളുടെ വിമാനങ്ങളിലെ യാത്രക്കാര്‍ക്കുള്ള ‘കോണ്‍കോഴ്സ് ബി’ ഏപ്രില്‍ ഒന്ന് മുതല്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായിരിക്കും. വിമാനത്താവളത്തിന്‍െറ കിഴക്ക് വശത്തെ കവാടത്തിലൂടെ പാസഞ്ചര്‍ ടെര്‍മിനല്‍ കോംപ്ളക്സില്‍ പ്രവേശിക്കുന്ന യാത്രക്കാര്‍ നേരെ ചെക്കിന്‍ കൗണ്ടറുകളിലേക്കായിരിക്കും പോകുക. ചെക്ക് ഇന്‍, ഇമിഗ്രേഷന്‍, സുരക്ഷാ പരിശോധന എന്നിവക്ക് ശേഷം യാത്രക്കാര്‍ കോണ്‍കോഴ്സ് ബിയില്‍ എത്തും. ടെര്‍മിനലിലേക്കുള്ള എയര്‍ ബ്രിഡ്ജ് വഴിയാണ് യാത്രക്കാര്‍ വിമാനങ്ങളിലേക്ക് പ്രവേശിക്കുകയും പുറത്തേക്ക് പോകുകയും ചെയ്യുന്നത്. ഏപ്രില്‍ ഒന്നിന് കോണ്‍കോഴ്സ് ബി തുറക്കുന്നതോടൊപ്പം വിമാനത്താവളത്തിലെ രണ്ട് റണ്‍വേകളില്‍ ഏറ്റവും വലുപ്പുമുള്ള ഈസ്റ്റേണ്‍ റണ്‍വേയും ചന്ദ്രക്കലയുടെ മാതൃകയില്‍ വ്യത്യസ്തമായി രൂപകല്‍പ്പന ചെയ്ത എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറും പ്രവര്‍ത്തനം ആരംഭിക്കും.
പാസഞ്ചര്‍ ടെര്‍മിനല്‍ കോംപ്ളക്സിന് മുന്നിലെ താല്‍ക്കാലിക കാര്‍ പാര്‍ക്കിന്‍െറ കിഴക്ക് വശത്തായിരിക്കും പാര്‍ക്കിങ് സൗകര്യം. കാര്‍പാര്‍ക്കില്‍ നിന്ന് യാത്രക്കാര്‍ക്ക് ഈസ്റ്റേണ്‍ ലിങ്ക് ബ്രിഡ്ജ് വഴി പാസഞ്ചര്‍ ടെര്‍മിനല്‍ കോംപ്ളക്സില്‍ പ്രവേശിക്കാം.
ഹമദ് വിമാനത്താവളത്തിലേക്കും തിരിച്ചും ഏപ്രില്‍ ഒന്ന് മുതല്‍ ടാക്സികളുടെയും ലിമോസിന്‍െറയും സേവനം ലഭ്യമായിരിക്കും. ടെര്‍മിനലില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ ഇടതുവശത്താണ് ടാക്സികള്‍ക്ക് യാത്രക്കാരെ കയറ്റാനുള്ള സ്ഥലം നിശ്ചയിച്ചിരിക്കുന്നത്. വലതുവശത്തായി ലിമോസിനുകളുടെ സേവനം ലഭ്യമായിരിക്കും. അറൈവല്‍ ടെര്‍മിനലുകളില്‍ നിന്നുള്ള റോഡിലുടനീളം സ്വകാര്യ കാറുകള്‍ക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നിലവിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലിലേക്കും തിരിച്ചും ഏപ്രില്‍ ഒന്ന് മുതല്‍ ഷട്ടില്‍ ബസ് സര്‍വീസുകളും ഉണ്ടായിരിക്കും.

‘ശംസ് 1’ ശൈഖ് ഖലീഫ രാജ്യത്തിന് സമര്‍പ്പിച്ചു

Posted: 17 Mar 2013 09:35 PM PDT

Image: 

അബൂദബി: ലോകത്തിലെ പ്രവര്‍ത്തനസജ്ജമായ ഏറ്റവും വലിയ കേന്ദ്രീകൃത സൗരോര്‍ജ വൈദ്യുതി പ്ളാന്‍റ് (സി.എസ്.പി) ‘ശംസ് 1’ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 100 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള ‘ശംസ് 1’ പശ്ചിമ മേഖലയിലെ മദീന സായിദിലാണ്. 600 മില്യന്‍ ഡോളര്‍ ചെലവഴിച്ചാണ് 2.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ സൗരോര്‍ജ പാടം നിര്‍മിച്ചിരിക്കുന്നത്. വൈദ്യുതി പ്രസരണ ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള പദ്ധതി മൂലം 20,000 വീടുകളില്‍ വൈദ്യുതി എത്തിക്കാന്‍ സാധിക്കും.
രാജ്യത്തിന്‍െറ സാമ്പത്തിക വൈവിധ്യവത്രണത്തില്‍ പുതിയ നാഴികക്കല്ലാണ് ‘ശംസ് 1’ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ശൈഖ് ഖലീഫ പറഞ്ഞു. ‘ദീര്‍ഘകാലാടിസ്ഥാനത്തിലെ ഊര്‍ജ സുരക്ഷ ലക്ഷ്യമിട്ടുള്ള പുത്തന്‍ ചുവടുവെപ്പ് ആണിത്. പാരമ്പര്യേതര ഊര്‍ജ സ്രോതസ്സ് മേഖലയില്‍ യു.എ.ഇയെ നേതൃനിരയിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയാണിത്. മുഖ്യ ഊര്‍ജദാതാവായി മാറാന്‍ രാജ്യത്തെ ഇത് സഹായിക്കും. രാജ്യത്തിന്‍െറ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക അഭിവൃദ്ധിയിലേക്കുള്ള തന്ത്രപ്രധാനമായ നിക്ഷേപമാണ് ഈ പദ്ധതി’- ശൈഖ് ഖലീഫ പറഞ്ഞു.
പദ്ധതി യാഥാര്‍ഥ്യമാക്കുന്നതില്‍ ഭാഗഭാക്കായ സ്വദേശി യുവാക്കളെ അദ്ദേഹം അഭിനന്ദിച്ചു. ഇതുപോലൊരു വന്‍ പദ്ധതിയില്‍ ലോകോത്തര വിദഗ്ധരുമായും അന്താരാഷ്ട്ര കമ്പനികളുമായും സഹകരിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്ക് ലഭിച്ച അനുഭവ സമ്പത്ത് രാജ്യത്തിന്‍െറ മാനവ വിഭവ ശേഷിക്ക് മുതല്‍ക്കൂട്ടാകുമെന്നും രാഷ്ട്ര വികസനത്തിന് ആക്കം കൂട്ടുമെന്നും ശൈഖ് ഖലീഫ ചൂണ്ടിക്കാട്ടി.  
വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരും മന്ത്രിമാരും പൗരപ്രമുഖരും സന്നിഹിതരായിരുന്നു.
മിഡിലീസ്റ്റിലെ തന്നെ പാരമ്പര്യേതര ഊര്‍ജ വികസനത്തില്‍ നാഴികക്കല്ലായിരിക്കും ‘ശംസ് 1’ എന്ന് സഹമന്ത്രിയും പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന മസ്ദറിന്‍െറ സി.ഇ.ഒയുമായ ഡോ. സുല്‍ത്താന്‍ അഹ്മദ് അല്‍ ജാബിര്‍ പറഞ്ഞു. സുസ്ഥിര വികസനത്തില്‍ യു.എ.ഇയെ നിര്‍ണായക ശക്തിയാക്കുന്നതിന് പദ്ധതി സഹായിക്കും.  2020ഓടെ വൈദ്യുതി ഉല്‍പാദനത്തിന്‍െറ ഏഴ് ശതമാനവും പാരമ്പര്യേതര ഊര്‍ജം ഉപയോഗിച്ചായിരിക്കണമെന്ന അബൂദബിയുടെ ലക്ഷ്യം നേടുന്നതിനും പദ്ധതി സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മസ്ദറിന് 60 ശതമാനം പങ്കാളത്തമുള്ള ശംസ് പവര്‍ കമ്പനിയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടക്കുന്നത്. ടോട്ടല്‍ (20 ശതമാനം), അബെന്‍ഗൊവ സോളാര്‍ (20 ശതമാനം) എന്നിവരാണ് മറ്റ് പങ്കാളികള്‍. പരിസ്ഥിതി സൗഹൃദമായ പദ്ധതി മൂലം പ്രതിവര്‍ഷം 1,75,000 ടണ്‍ കാര്‍ബണ്‍ പ്രസരണം ഒഴിവാക്കപ്പെടും. 15 ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനും 15,000 കാറുകള്‍ നിരത്തില്‍ നിന്ന് പിന്‍വലിക്കുന്നതിനും തുല്യമാണിത്.

ദേറില്‍ സ്ഫോടനം; ഏഷ്യക്കാരന് പരിക്ക്; ദിമിസ്താനില്‍ ഡീസല്‍ ടാങ്കര്‍ ആക്രമിച്ചു

Posted: 17 Mar 2013 09:22 PM PDT

Image: 

മനാമ: ദേറില്‍ ഇന്നലെ രാവിലെയുണ്ടായ സ്ഫോടനത്തില്‍ ഏഷ്യക്കാരന് സാരമായി പരിക്കേറ്റു. വീടുകളില്‍ നിര്‍മിച്ച ബോംബാണ് കഴിഞ്ഞ ദിവസം ദേറിലുള്ള ഗേള്‍സ് പ്രൈമറി സ്കൂള്‍ കവാടത്തിനടുത്ത് വെച്ച് പൊട്ടിത്തെറിച്ചത്. ഇതിനടുത്ത് കുട്ടികളുടെ സൈക്കിള്‍ റിപ്പയറിംഗ് കടയുമുണ്ട്. ഏഷ്യക്കാരനൊഴികെ മറ്റാര്‍ക്കും പരിക്കില്ലെന്ന് മുഹറഖ് ഗവര്‍ണേറ്റ് പോലീസ് മേധാവി അറിയിച്ചു. രാവിലെ 5.45നാണ് സ്ഫോടനം നടന്ന വിവരം മുഹറഖ് പോലീസ് സ്റ്റേഷനില്‍ എത്തിയത്. ഉടന്‍ സംഭവ സ്ഥലത്ത് കുതിച്ചെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിക്കേറ്റ് കിടന്നിരുന്ന ഏഷ്യക്കാരനെ കണ്ടെത്തുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇയാളുടെ കൈക്കും കാലിനുമാണ് സാരമായ പരിക്കുള്ളത്. പോലീസ്, സംഭവം പബ്ളിക് പ്രോസിക്യൂഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. സ്ഫോടനം നടന്നത് അതിരാവിലെയായതിനാലാണ് കൂടുതല്‍ അനിഷ്ഠ സംഭവങ്ങളില്ലാതായത്. കുറച്ചു സമയം കൂടി കഴിഞ്ഞിരുന്നെങ്കില്‍ വലിയ ദുരന്തം സംഭവിക്കുമായിരുന്നു. സംഭവത്തിന് പിന്നിലുള്ള അക്രമികളെ കണ്ടെത്താനുള്ള ഊര്‍ജിതമായ ശ്രമം ആരംഭിച്ചിട്ടുണ്ട്.
ദിമിസ്താനില്‍ ഇന്നലെ രാവിലെ അക്രമികള്‍ ഡീസല്‍ ടാങ്കര്‍ അക്രമിച്ചതായി നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. പെട്രോള്‍ ബോബ് ഉപയോഗിച്ചായിരുന്നു ആക്രമണം. സൈദ് ബിന്‍ ഉമൈറ റോഡിലായിരുന്നു സംഭവം. വിവരം ലഭിച്ച് മൂന്ന് മിനിറ്റിനകം സെക്യൂരിറ്റി പട്രോള്‍ വിഭാഗം സ്ഥലത്ത് കുതിച്ചെത്തി. ഡീസല്‍ കാര്‍ഗോയിലേക്ക് തീ പടരുന്നതിന് മുമ്പ് സിവില്‍ ഡിഫന്‍സ് തീയണച്ചതിനാല്‍ ദുരന്തം ഒഴിവായി.
കാരണം താസക്കാര്‍ തിങ്ങിനിറഞ്ഞ സ്ഥലത്തായിരുന്നു ടാങ്കര്‍ ഉണ്ടായിരുന്നത്. ഡ്രൈവറും കൂടെയുള്ള സഹായിയും ഓടി രക്ഷപ്പെട്ടു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 80008008 നമ്പറില്‍ അറിയിക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
 

ടിക്കറ്റ് ലഭിച്ചില്ല; കപ്പല്‍ ജീവനക്കാരുടെ യാത്ര ചൊവ്വാഴ്ചത്തേക്ക് മാറ്റി

Posted: 17 Mar 2013 09:03 PM PDT

Image: 

സലാല: സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ വിട്ടയച്ച ‘റോയല്‍ ഗ്രേസ്’ കപ്പലിലെ മലയാളി ജീവനക്കാരുടെ യാത്ര ചൊവ്വാഴ്ചത്തേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ സലാലയില്‍ നിന്ന് മസ്കത്ത് വഴി ഇവര്‍ തിരുവനന്തപുരത്തേക്ക് തിരിക്കും. ഉച്ചക്ക് രണ്ടരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വിമാന ടിക്കറ്റ് ലഭ്യമല്ലാത്തതിനെ തുടര്‍ന്നാണ് യാത്ര ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. തിരുവനന്തപുരത്തെത്തുന്ന ഇവര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങും. കപ്പലുടമയുമായി ശമ്പളക്കാര്യത്തിലുണ്ടായ തര്‍ക്കം തീര്‍ന്നതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് ജീവനക്കാര്‍ കപ്പലില്‍ നിന്ന് പുറത്തിറങ്ങിയത്. ആറുമാസത്തെ ശമ്പളം നല്‍കാമെന്നാണ് ചര്‍ച്ചയിലുണ്ടായ തീരുമാനം. സലാലയിലെ ഹോട്ടലിലാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്.
ഇവരെ നാട്ടിലെത്തിക്കുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ക്കായി മസ്കത്തിലെത്തിയ മുഖ്യമന്ത്രിയുടെ പ്രവാസികാര്യ സെക്രട്ടറിയും ജീവനക്കാര്‍ക്കൊപ്പം പോകും. അസുഖ ബാധിതനായ രാജസ്ഥാന്‍ സ്വദേശിയും മറ്റൊരു ഉത്തരേന്ത്യക്കാരനും ഞായറാഴ്ച നാട്ടിലേക്ക് മടങ്ങി. കപ്പല്‍ നിയന്ത്രിക്കാന്‍ പുതിയ ജീവനക്കാരുടെ സംഘം എത്തിയ ശേഷമെ ക്യാപ്റ്റനടക്കം അഞ്ചുപേര്‍ പുറത്തിറങ്ങൂ.
ഇരിങ്ങാലക്കുട മാപ്രാണം ചര്‍ച്ച് റോഡിലെ അരങ്ങത്ത് പറമ്പില്‍ ഡേവിസിന്‍െറ മകന്‍ ഡിബിന്‍ (22), ഇരിങ്ങാലക്കുട മാപ്രാണം തേലപ്പിള്ളി മുഞ്ഞക്കല്‍ വിന്‍സന്‍റിന്‍െറ മകന്‍ സ്റ്റാന്‍ലി (22), കൊല്ലം ചടയമംഗലം ‘മോനിഷാലയ’ത്തില്‍ മോഹനന്‍ പിള്ളയുടെ മകന്‍ മനേഷ് (22), തിരുവനന്തപുരം ജില്ലയിലെ മലയം ‘അഞ്ജന’ത്തില്‍ വിജയകുമാറിന്‍െറ മകന്‍ അര്‍ജുന്‍ (21), പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം കൊട്ടേക്കാട്ടുമ്മല്‍ ചന്ദ്രന്‍െറ മകന്‍ കെ.സി. മിഥുന്‍ (24) എന്നിവരാണ് കപ്പലിലെ മലയാളി ജീവനക്കാര്‍.

‘കടല്‍ക്കൊള്ളക്കാരില്‍ നിന്ന്
ഏല്‍ക്കേണ്ടിവന്നത് കൊടിയ പീഡനങ്ങള്‍’
സലാല: സോമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് കൊടിയ പീഡനങ്ങളാണ് ഏല്‍ക്കേണ്ടിവന്നത് ‘റോയല്‍ ഗ്രേസ് കപ്പലിലെ മലയാളി ജീവനക്കാര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കെട്ടിയിടുകയും ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും ചെയ്യാറുണ്ടായിരുന്നു. കെട്ടിയിട്ടതിന്‍െറ അടയാളങ്ങള്‍ ശരീരത്തില്‍ ഇപ്പോഴുമുണ്ട്. ഇന്ത്യക്കാരോട് കൊള്ളക്കാര്‍ക്ക് ദേഷ്യം കൂടുതലായിരുന്നു. ആദ്യമൊക്കെ ഭക്ഷണം നല്‍കിയിരുന്നുവെങ്കിലും പിന്നീട് പലപ്പോഴും പട്ടിണിക്കിട്ടു. പ്രതികരിച്ചാല്‍ വധിക്കുമെന്ന് ഭയന്നതിനാല്‍ എല്ലാം സഹിക്കുകയായിരുന്നു. ചോറ് മാത്രം കഴിച്ചാണ് വിശപ്പടക്കിയിരുന്നത്. ഉപ്പില്ലാത്ത ചോറാണ് നല്‍കിയിരുന്നത്. ഉപ്പിന്‍െറ രുചി ലഭിക്കാന്‍ കടല്‍ വെള്ളത്തില്‍ കുതിര്‍ത്ത് കഴിച്ച അവസരങ്ങളുമുണ്ടായിരുന്നു. കുടിവെള്ളം തീര്‍ന്നപ്പോള്‍ ഓയില്‍ വാട്ടര്‍ കുടിക്കേണ്ടിവന്നു. ഇത് പല അസുഖങ്ങള്‍ക്കും ഇടയാക്കി. നൈജീരിയക്കാരനായ സഹപ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം കണ്‍മുന്നില്‍ പിടഞ്ഞ് മരിക്കുന്നതിന് സാക്ഷിയാകേണ്ടിവന്നു. മൃതദേഹം കുറച്ചുദിവസം കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ചു. മൃതദേഹം പാകം ചെയ്ത് കഴിക്കേണ്ടിവരുമെന്ന് വരെ ഭീഷണിപ്പെടുത്തി. കപ്പലുടമയുമായി കൊള്ളക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പിന്നീട് മൃതദേഹം സംസ്കരിക്കുകയായിരുന്നു. തങ്ങളുടെ മോചനത്തിന് കപ്പലുടമ താല്‍പര്യമെടുത്തില്ലെന്ന് ജീവനക്കാര്‍ കുറ്റപ്പെടുത്തി. സര്‍വായുധ സജ്ജരായ സംഘമായിരുന്നു കടല്‍ക്കൊള്ളക്കാര്‍. ‘എം.വി സ്മിര്‍നി’ എന്ന കപ്പല്‍ ‘റോയല്‍ ഗ്രേസിന്’ ഒരു നോട്ടിക്കല്‍ മൈല്‍ അകലെയാണ് നിര്‍ത്തിയിട്ടിരുന്നത്. ‘റോയല്‍ ഗ്രേസില്‍’ വെള്ളം തീര്‍ന്നപ്പോള്‍ അവരാണ് സഹായിച്ചത്. മോചിപ്പിക്കാന്‍ പോകുന്ന കാര്യം പെട്ടെന്നാണറിഞ്ഞത്. മോചനത്തിന് സഹായിച്ച എല്ലാവര്‍ക്കും നന്ദിയുണ്ട്. പ്രത്യേകിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ജനപ്രതിനിധികള്‍ക്കും മാധ്യമങ്ങള്‍ക്കും. സലാലയിലെ മലയാളികളും അനുകമ്പയോടെയാണ് തങ്ങളോട് പെരുമാറിയത്. എത്രയും വേഗം നാട്ടിലെത്തി വീട്ടുകാരെ കാണണം. ഈ മേഖലയില്‍ തുടര്‍ന്നും ജോലി ചെയ്യാനാണ് ആഗ്രഹമെന്നും ജീവനക്കാര്‍ പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP