സ്വാഗതം
WELCOME

News Update..

Wednesday, March 20, 2013

കൊച്ചി കോര്‍പറേഷനെതിരെ മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍ Madhyamam News Feeds

കൊച്ചി കോര്‍പറേഷനെതിരെ മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍ Madhyamam News Feeds

Link to

കൊച്ചി കോര്‍പറേഷനെതിരെ മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍

Posted: 20 Mar 2013 01:17 AM PDT

കൊച്ചി: വൈറ്റിലയില്‍ പുതിയ മദ്യഷാപ്പുകള്‍ അനുവദിച്ച കൊച്ചി കോര്‍പറേഷനെതിരെ കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയും വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളും 21 ന് പ്രതിഷേധ റാലിയും   ഉപവാസ ധര്‍ണയും നടത്തും.  രാവിലെ 11 ന് ഗാന്ധി സ്ക്വയറില്‍നിന്ന് പ്രതിഷേധ റാലി ആരംഭിക്കും.
11.30 ന് കോര്‍പറേഷന് മുന്നില്‍  ധര്‍ണ കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍ ഉദ്ഘാടനം ചെയ്യും. കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്‍റ് ജേക്കബ് മണ്ണാറപ്രായില്‍ മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ടി.ജെ. ആന്‍റണി, മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ഫാ. വര്‍ഗീസ് മുഴുത്തേറ്റ്,  മധ്യമേഖലാ പ്രസിഡന്‍റ് വി.പി. ജോസ്, അഡ്വ.ചാര്‍ളിപോള്‍ തുടങ്ങിയവര്‍ സംസാരിക്കും.
വരാപ്പുഴ, എറണാകുളം- അങ്കമാലി, കൊച്ചി, കോതമംഗലം, ഇടുക്കി, മൂവാറ്റുപുഴ രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍  പങ്കെടുക്കും.
 ബാറിന് നല്‍കിയ അനുമതി പിന്‍വലിക്കുന്നതുവരെ സമര പരിപാടികളുമായി മദ്യവിരുദ്ധ സമിതി മുന്നോട്ടുപോകുമെന്നും പൂത്തോട്ടയില്‍ നടക്കുന്ന മദ്യവിരുദ്ധ സമരത്തിന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി പിന്തുണ പ്രഖ്യാപിച്ചുവെന്നും പ്രസിഡന്‍റ് വി.പി. ജോസ് അറിയിച്ചു.

ഡി.എം.കെ മന്ത്രിമാര്‍ രാജി വെച്ചു

Posted: 20 Mar 2013 12:07 AM PDT

Image: 

ന്യൂദല്‍ഹി: ശ്രീലങ്കന്‍ തമിഴ് പ്രശ്നത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) പിന്‍വലിച്ചതിനെ തുടര്‍ന്ന്   പാര്‍ട്ടിയുടെ  മന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് രാജിക്കത്ത് നല്‍കി.

എസ്.എസ് പളനി മാണിക്യം, എസ്.ജഗത് രക്ഷകന്‍, എസ് ഗാന്ധി ശെല്‍വന്‍ എന്നീ മൂന്നു സഹമന്ത്രിമാരാണ്  ബുധനാഴ്ച രാവിലെ പ്രധാനമന്ത്രിക്ക്  രാജി നല്‍കിയത്.  ഡി.എം.കെ നേതാവ് എം. കരുണാനിധിയുടെ മകനും രാസവള-രാസവസ്തു മന്ത്രിയുമായ എം.കെ അഴഗിരിയും സഹമന്ത്രി ഡി. നെപ്പോളിയന്‍ എന്നിവര്‍  ഉച്ചക്ക് ശേഷമാണ്  രാജിക്കത്ത് നല്‍കിയത്.

ശ്രീലങ്കന്‍ തമിഴ് വംശജരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതിനെതിരെ പാര്‍ലമെന്‍്റ് പ്രമേയം കൊണ്ടുവരിക, ജനീവയിലെ യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലിലെ യു.എസ് പ്രമേയത്തില്‍ ശ്രീലങ്കക്കെതിരെ ശക്തമായ ഭേദഗതികള്‍ നിര്‍ദേശിക്കുക എന്നീ ആവശ്യങ്ങളാണ് ഡി.എം.കെ കേന്ദ്ര സര്‍ക്കാറിനു മുന്നില്‍ വെച്ചിരുന്നത്. എന്നാല്‍ ഡി.എം.കെ യുടെ നിര്‍ദേശങ്ങള്‍ കേന്ദ്രം തഴഞ്ഞതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് ഡി.എം.കെ പിന്തുണ പിന്‍വലിച്ചുകൊണ്ടുള്ള കത്ത് രാഷ്ട്രപതിക്ക് നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഡി.എം.കെ മന്ത്രിമാരോട് പ്രധാനമന്ത്രിക്ക് രാജി കത്ത് നല്‍കാന്‍ നേതൃത്വം നിര്‍ദേശിച്ചിരുന്നു.
ഡി.എം.കെക്ക്  18 അംഗങ്ങളാണ് പാര്‍ലമെന്‍്റിലുള്ളത്.
 

കടല്‍ക്കൊല: ഇന്ത്യക്കെതിരെ വീണ്ടും യൂറോപ്യന്‍ യൂനിയന്‍; ഇടപെടാനില്ലെന്ന് യു.എസ്

Posted: 19 Mar 2013 11:35 PM PDT

Image: 

വിയന്ന: കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത നയതന്ത്ര പ്രശ്‌നത്തില്‍ യൂറോപ്യന്‍ യൂനിയന്‍ വീണ്ടും ഇടപെടുന്നു. ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസിഡര്‍ ദാനിയേല്‍ മാന്‍ജീനി രാജ്യം വിട്ടുപോകരുതെന്ന സുപ്രീംകോടതി വിധിക്കെതിരെ ഇന്നലെ യൂറോപ്യന്‍ യൂനിയന്‍ ഫോറിന്‍ പോളിസി മേധാവി കാതറിന്‍ ആശ്തനാണ് രംഗത്തെത്തിയത്. സുപ്രീംകോടതിയുടെ നടപടിയെ ഗൗരവമായാണ് സമീപിക്കുന്നത്. ഇത 1961ലെ ജനീവാ കരാറിന്റെലംഘനമാണ്. സ്ഥാപനപതിയുടെ നയതന്ത്ര പരിരക്ഷ അംഗീകരിക്കാന്‍ ഇന്ത്യ ബാധ്യസ്ഥരാണെന്നും അവര്‍ പറഞ്ഞു. സുപ്രീംകോടതി വിധി പുറത്തുവന്നയുടന്‍, ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയം അതിനെതിരെ പ്രസ്താവന ഇറക്കിയിരുന്നു.

അതിനിടെ, വിഷയത്തില്‍ ഇടപെടാനില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഇത് ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നമാണ്. ഇരു രാജ്യങ്ങളും ഇക്കാര്യത്തില്‍ തീര്‍പ്പിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വിക്ടോറിയ നൂലന്‍ഡ് പറഞ്ഞു.

കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ നിലപാടാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാക്കിയത്.
 

ലങ്കന്‍ പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിക്കുമെന്ന് ചിദംബരം

Posted: 19 Mar 2013 11:04 PM PDT

Image: 

ന്യൂദല്‍ഹി: ശ്രീലങ്കക്കെതിരെ അമേരിക്ക യു.എന്നില്‍ കൊണ്ടുവന്ന പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പി.ചിദംബരം. ന്യൂദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭേദഗതിക്കായുള്ള ചര്‍ച്ച നടന്നുവരികയാണ്. ലങ്കക്കെതിരായ പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വെള്ളം ചേര്‍ത്തുവെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.കെട്ടിച്ചമച്ച കഥയാണത്.  ശ്രീലങ്കക്കെതിരെ കുറ്റമറ്റതും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലങ്കന്‍ നിലപാടില്‍ പ്രതിഷേധിച്ച് യു.പി.എ വിട്ട ഡി.എം.കെയുടെ തീരുമാനം സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കില്ല. ലങ്കന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെനിലപാട് ഡി.എം.കെ നേതൃത്വത്തെ അറിയിച്ചിരുന്നതാണ്. എന്തുകൊണ്ടാണ് അവരുടെ മനസ് മാറിയതെന്നറിയില്ല. ഏതായാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാറിന് ഭീഷണിയില്ലെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തോടൊപ്പം പാര്‍ലമെന്ററി കാര്യ മന്ത്രി കമല്‍ നാഥും പങ്കെടുത്തു.

ചൊവ്വാഴ്ചയാണ് യു.പി.എ സര്‍ക്കാറില്‍നിന്നും പിന്‍വാങ്ങാന്‍ ഡി.എം.കെ തീരുമാനിച്ചത്. ശ്രീലങ്കക്കെതിരായ പ്രമേയത്തെ ഇന്ത്യ മയപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പ്രമുഖ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
 

അറബ് ഉച്ചകോടി: ഒരുക്കം തുടങ്ങി

Posted: 19 Mar 2013 10:44 PM PDT

Image: 

ദോഹ: ഈ മാസം 26, 27 തീയതികളില്‍ ദോഹയില്‍ നടക്കുന്ന  24ാമത് അറബ് ലീഗ് ഉച്ചകോടിക്ക് ഒരുക്കം തുടങ്ങി. കോര്‍ണിഷിലെ ദോഹ ഷെറാട്ടണ്‍ ഹോട്ടലാണ് ഉച്ചകോടിയുടെ പ്രധാന വേദി. ഇവിടെ അറബ് നേതാക്കളെ സ്വീകരിക്കാനും അറബ് ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും  ഐക്യത്തിനും അവര്‍ നല്‍കുന്ന സംഭാവനകള്‍ വിളിച്ചറിയിക്കാനും  ചിത്രങ്ങളും ബോര്‍ഡുകളും വിവിധ അടയാളങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
ഉച്ചകോടിയുടെ പ്രധാന വേദിയായ ഷെറാട്ടണ്‍ ഹോട്ടലും പരിസരവും സംഘാടക സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ച് സൗകര്യങ്ങളും ഒരുക്കങ്ങളും വിലയിരുത്തി. ഹോട്ടലിലേക്കുള്ള വഴികളില്‍ ബോര്‍ഡുകളും കൊടികളും സ്ഥാപിച്ചു കഴിഞ്ഞു. ഇതില്‍ ചില ബോര്‍ഡുകള്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീനിലെയും സിറിയയിലെയും ജനങ്ങളെ പിന്തുണക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ടുള്ളതാണ്. ‘ദോഹ ഉച്ചകോടി സത്യത്തിന്‍െറ ശബ്ദം, ‘ഫലസ്തീന്‍-സിറിയന്‍ ജനതക്ക് ഐക്യദാര്‍ഡ്യം’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഈ ബോര്‍ഡുകളില്‍ എഴുതിയിട്ടുണ്ട്.
സമ്മേളനത്തിന് മുന്നോടിയായി ഉദ്യോഗസ്ഥ, മന്ത്രിതല സമ്മേളനങ്ങള്‍ക്ക് നാളെ ഷെറാട്ടണ്‍ ഹോട്ടലില്‍ തുടക്കമാകും. അറബ് ലോകത്തെ വികസനം, പരിഷ്കരണം, ഫലസ്തീന്‍, സിറിയ എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. ഉച്ചകോടിയുടെ ഔചാരിക ഉദ്ഘാടനം 26ന് രാവിലെ നടക്കും.
 ഖത്തറിന് പുറമെ ഈജിപ്ത്, ജോര്‍ദാന്‍, യു.എ.ഇ, ബഹ്റൈന്‍, സൗദി അറേബ്യ, സോമാലിയ, ഇറാഖ്, സുഡാന്‍, അള്‍ജീരിയ, മൊറോക്കോ, കുവൈത്ത്, യെമന്‍, തുനീഷ്യ, കോമറോസ്, ജിബൂട്ടി, സിറിയ, ഒമാന്‍, ഫലസ്തീന്‍, ലിബിയ, മൗറിതാനിയ, ലബനാന്‍ എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

തല വെട്ടിമാറ്റിയ ദക്ഷിണേഷ്യക്കാരന്‍െറ മൃതദേഹം ജീര്‍ണിച്ച നിലയില്‍

Posted: 19 Mar 2013 10:12 PM PDT

Image: 

അബൂദബി: ദക്ഷിണേഷ്യന്‍ രാജ്യക്കാരനായ തൊഴിലാളിയുടെ ജീര്‍ണിച്ച മൃതദേഹം തല വെട്ടി മാറ്റിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരുദക്ഷിണേഷ്യന്‍ വംശജന്‍ പിടിയിലായി. ഇയാളുടെ രണ്ട് കൂട്ടാളികള്‍ കൊലപാതകത്തിന് ശേഷം രാജ്യം വിട്ടു. ഇവരെ പിടികൂടുന്നതിനായി ഇന്‍റര്‍പോളിന്‍െറ സഹായം തേടിയിട്ടുണ്ടെന്ന് അബൂദബി പൊലീസ് സി.ഐ. ഡി വിഭാഗം ഡയറക്ടര്‍ കേണല്‍ റാശിദ് മുഹമ്മദ് ബൂ റശീദ് പറഞ്ഞു.  ഈമാസം ഏഴിനാണ് അല്‍ സംഹ പ്രദേശത്ത് പൊലീസ് രേഖകളില്‍ കെ.എസ്. എന്ന് പേരുള്ള ദക്ഷിണേഷ്യന്‍ തൊഴിലാളിയുടെ തലയും ഉടലും രണ്ടിടങ്ങളില്‍ നിന്നായി കണ്ടെത്തിയത്.
ഇവിടുത്തെ ഭൂമി ശരിയാക്കുന്നതിനിടെ ഒരു ബുള്‍ഡോസര്‍ ഓപറേറ്ററാണ് തല കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസെത്തി പരിശോധന നടത്തിയപ്പോളാണ് ഒരു മരത്തിനടിയില്‍ കുഴിച്ചിട്ട നിലയില്‍ ഉടല്‍ കണ്ടെത്തുന്നത്. ഇയാളുടെ തിരച്ചറിയല്‍ രേഖകളും മൊബൈല്‍ ഫോണും ഇവിടെ നിന്ന് ലഭിച്ചു. 30 വയസ്സുള്ള കെ.എസ്. ബുള്‍ഡോസര്‍ ഓപറേറ്റര്‍ ആയിട്ടാണ് ജോലി ചെയ്തിരുന്നത്. 2012 സെപ്റ്റംബര്‍ പകുതിയോടെ ഇയാളെ കാണാനില്ലെന്ന് കാട്ടി സ്പോണ്‍സര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളില്‍ നിന്നാണ് പ്രതിയിലേക്കുള്ള വഴി തെളിഞ്ഞത്. രണ്ടുപേരുടെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. രണ്ടാമന്‍ അന്നു തന്നെയും മൂന്നാമന്‍ മൂന്നാം ദിവസവും രാജ്യം വിട്ടു. ഇവരില്‍ ഒരാള്‍ക്കുനേരെ കെ.എസ്. ലൈംഗിക അതിക്രമം കാട്ടിയതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കേണല്‍ റാശിദ് മുഹമ്മദ് ബൂ റശീദ് പറഞ്ഞു. മൂന്ന് തവണ കുത്തിയാണ് മരണം ഉറപ്പാക്കിയത്. പിന്നീട് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് തല അറുത്ത് മാറ്റുകയായിരുന്നു.

പ്രതീക്ഷയേകുന്ന ചരിത്ര സന്ദര്‍ശനം

Posted: 19 Mar 2013 09:50 PM PDT

Image: 

മനാമ: കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ കേരളാ സന്ദര്‍ശനം ബഹ്റൈനിലെ വ്യാപാരി, വ്യവസായികള്‍ക്കും മലയാളി പ്രവാസി സമൂഹത്തിനനും ഏറെ ഗുണം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ആദ്യമായാണ് ഒരു ബഹ്റൈന്‍ ഭരണാധികാരി കേരളം സന്ദര്‍ശിക്കുന്ന് എന്നതുകൊണ്ടുതന്നെ കിരീടാവകാശിയുടെ സന്ദര്‍ശനം ചരിത്ര സംഭവമായി മാറി. ഏറെ ചാരിതാര്‍ഥ്യത്തോടെയും സംതൃപ്തിയോടെയുമാണ് തന്‍െറ ദ്വിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി കിരീടാവകാശി ജപ്പാനിലേക്ക് മടങ്ങിയത്. കേരളത്തിന് പ്രതീക്ഷ നല്‍കുന്ന ഒട്ടേറെ പദ്ധതികള്‍ സന്ദര്‍ശന വേളയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ബഹ്റൈന്‍ എക്കണോമിക് ഡവലപ്മെന്‍റ് ബോര്‍ഡിന്‍െറ പ്രതിനിധികള്‍ കേരളാ സര്‍ക്കാരുമായും വ്യാപാര പ്രമുഖരുമായും നടത്തിയ ചര്‍ച്ചയില്‍ പരസ്പര സഹകരണത്തിന്‍െറ പുതിയ വാതയാനങ്ങള്‍ തുറക്കപ്പെട്ടതായി ചൂണ്ടിക്കാട്ടപ്പെടുന്നു. ബഹ്റൈന്‍െറ വികസനത്തിന് ഇന്ത്യക്കാര്‍, പ്രത്യേകിച്ച് കേരളീയര്‍ നടത്തുന്ന സേവനങ്ങള്‍ പ്രശംസനീയമാണെന്ന് ബിസിനസ് പ്രതിനിധി സംഘത്തെ അഭിമുഖീകരിച്ച് സംസാരിച്ച കിരീടാവകാശി പറഞ്ഞു. വജ്ര, ഓയില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ആരംഭിച്ചതാണ് ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാര ബന്ധം. കേരളീയരുടെ സേവനങ്ങള്‍ക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. രാജ്യത്തിന്‍െറ സാമ്പത്തിക അഭിവൃദ്ധി അദ്ദേഹം ചടങ്ങില്‍ വിശദീകരിച്ചു. മുഖ്യമന്ത്രി നല്‍കിയ വിരുന്നില്‍ രാജ്യത്തെ ആനുകാലിക സംഭവങ്ങള്‍ സ്പര്‍ശിക്കാനും കിരീടാവകാശി മറന്നില്ല. ദേശീയ സംവാദത്തെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും എല്ലാ വിഭാഗങ്ങളും രാജ്യ താല്‍പര്യത്തിനായി ഒരുമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി ഉള്‍പ്പെടെ സംസ്ഥാനത്തെ മന്ത്രിമാരും മറ്റു ജന പ്രതിനിധകളും പങ്കെടുത്ത പരിപാടികളില്‍ ബഹ്റൈനോടുള്ള കേരളത്തിന്‍െറ സ്നേഹാദരങ്ങളുടെ ഊഷ്മളത തൊട്ടറിഞ്ഞാണ് കിരീടാവകാശി യാത്ര തിരിച്ചത്. കേരളത്തിലെ നിരവധി പദ്ധതികള്‍ക്ക് ബഹ്റൈന്‍െറ സഹകരണം ഉറപ്പാക്കാനും സന്ദര്‍ശനത്തിനായി. ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം, ഐ.ടി മേഖലകളിലാണ് ബഹ്റൈനിലെ വ്യവസായികള്‍ നിക്ഷേപം ഇറക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. കൊച്ചി ഇടപ്പള്ളിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശനത്തിന് എത്തിയ കിരീടാവകാശി തന്നെ ഒരുനോക്ക് കാണാന്‍ അവിടെ തടിച്ചുകൂടിയ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങളുടെ സ്നേഹാദരത്തില്‍ ആശ്ചര്യം പ്രകടിപ്പിക്കുകയുണ്ടായി.
സന്ദര്‍ശന വേളയില്‍ പ്രശസ്ത ആശുപത്രി ഗ്രൂപ്പായ ബേബി മെമ്മോറിയല്‍ ആശുപത്രിയുമായി വി.കെ.എല്‍ ഗ്രൂപ്പ് സഹകരണത്തിന് കരാറായിട്ടുണ്ട്. ഇതുപ്രകാരം ബഹ്റൈനില്‍ രണ്ട് ആശുപത്രികളും ഒരു മെഡിക്കല്‍ സെന്‍ററും സ്ഥാപിക്കും. ഇന്ത്യക്കാരുടെ പാര്‍ട്ണര്‍ഷിപ്പില്‍ 2100 കമ്പനികള്‍ ബഹ്റൈനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണെന്നും ചടങ്ങില്‍ സംസാരിച്ച ഗതാഗത മന്ത്രിയും ഇ.ഡി.ബി ആക്ടിങ് ചീഫ് എക്സിക്യൂട്ടീവുമായ കമാല്‍ ബിന്‍ അഹ്മദ് പറഞ്ഞു. ഗള്‍ഫ് മാര്‍ക്കറ്റിലെ ശക്തമായ തൊഴില്‍ ശക്തിയും ചെലവ് കുറഞ്ഞ ബിസിനസിന് അനുയോജ്യമായ ബഹ്റൈനില്‍ ഇനിയും ധാരാളം ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ആല്‍ഖലീഫ, കിരീടാവകാശിയുടെ രാഷ്ട്രീയ, സാമ്പത്തിക ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഈസാ ആല്‍ഖലീഫ, ബഹ്റൈന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാന്‍ ഇബ്രാഹിം സൈനല്‍, അല്‍ഫനാര്‍ ഇന്‍വെസ്റ്റ്മെന്‍റ് ചെയര്‍മാന്‍ അബ്ദുല്‍ നബി ആല്‍ഷോലെ, ദാദാഭായ് ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് ദാദാഭായ്, ബി.ബി.കെ ചീഫ് എക്സി. ഓഫീസര്‍ അബ്ദുല്‍ കരീം എ ബുഷീരി, എം.കെ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലി, ആര്‍.പി ഗ്രൂപ്പ് കമ്പനി ചെയര്‍മാന്‍ ഡോ. രവിപിള്ള, ബഹ്റൈന്‍ ഫ്ളോര്‍മില്‍സ് കമ്പനി ചെയര്‍മാന്‍ യൂസുഫ് അല്‍സാലിഹ്, കാനൂ ട്രാവല്‍ ഡയറക്ടര്‍ നബീല്‍ കാനൂ, അലി റാഷിദ് അല്‍അമീന്‍ ആന്‍ഡ് സണ്‍സ് ഡയറക്ടര്‍ ഖാലിദ് അല്‍അമീന്‍, നരൈന ഹോള്‍ഡിങ് കമ്പനി ചെയയര്‍മാന്‍ മനോജ് ഭാട്യ, കെവല്‍റാം ആന്‍ഡ് സണ്‍സ് എം.ഡി കിഷോര്‍ കെവല്‍റാം, ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ അബ്രഹാം ജോണ്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് റിജിയനല്‍ ഡയറക്ടര്‍ ജൂസര്‍ രുപ്വാല, അല്‍നമല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വര്‍ഗീസ് കുര്യന്‍, അല്‍നൂര്‍ ഇന്‍റര്‍നാഷനല്‍ സ്കൂള്‍ ചെയര്‍മാന്‍ അലി ഹസന്‍, ന്യൂ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ ടി.ടി. തോമസ് എന്നിവരാണ് ബിസിനസ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.

ലഖ്‌നൗവില്‍ ചേരിയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ട് കുട്ടികള്‍ മരിച്ചു

Posted: 19 Mar 2013 09:42 PM PDT

Image: 

ലഖ്‌നൗ: ലഖ്‌നൗവില്‍ അമിതവേഗത്തിലെത്തിയ ട്രക്ക് ചേരിയിലേക്ക് പാഞ്ഞുകയറി അഞ്ച് സഹോദരിമാര്‍ ഉള്‍പ്പെടെ എട്ട് കുട്ടികള്‍ മരിച്ചു. യു.പി തലസ്ഥാനമായ ലഖ്‌നൗവിന് 335 കി.മീ അകലെ അലിഗഡ് ബൈപ്പാസിന് സമീപം നാഗ്‌ല പട്‌വാരിയിലുള്ള ചേരിയിലേക്കാണ് ട്രക്ക് ഇടിച്ചു കയറിയത്. ചൊവ്വാഴ്ച രാത്രിയാണ് അപകടം. ട്രക് ക്ഡ്രൈവറും ക്ലീനറും അടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.

ഇഷ്ടികയുമായി വരുകയായിരുന്ന ട്രക്ക് റോഡിലെ കുഴിയില്‍പ്പെട്ട് നിയന്ത്രണം വിടുകയായിരുന്നു. ചേരിയിലെ കുടിലുകളിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. അഞ്ചുമാസം പ്രായമുള്ള കുഞ്ഞും ദുരന്തത്തിന് ഇരയായി. കുട്ടികള്‍ പലരും ട്രക്കിന് അടിയില്‍പ്പെട്ട നിലയിലായിരുന്നു.

അതേസമയം, രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ രോഷാകുലരായ നാട്ടുകാര്‍ സ്ഥലത്തെത്തിയ ജില്ലാ അധികൃതരെ തടഞ്ഞുവച്ചു. ട്രക്കിനടിയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപെടുത്താന്‍ ക്രെയിന്‍ അടക്കമുള്ള സംവിധാനങ്ങള്‍ എത്തിക്കാന്‍ വൈകിയതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.
 

ചാള്‍സ് രാജകുമാരന്‍ മടങ്ങി

Posted: 19 Mar 2013 09:15 PM PDT

Image: 

മസ്കത്ത്: മൂന്ന് ദിവസത്തെ ഔദ്യാഗിക സന്ദര്‍ശനത്തിന് ഒമാനിലെത്തിയ ചാള്‍സ് രാജകുമാരനും പത്നി കാമിലയും ചൊവ്വാഴ്ച മടങ്ങി. രാജകുമാരനെയും പ്രതിനിധി സംഘത്തെയും യാത്രയയക്കാന്‍ ഹെറിറ്റേജ് ആന്‍ഡ് കള്‍ചറല്‍ മന്ത്രി സയ്യിദ് ഹൈതാം ബിന്‍ താരിഖ് അല്‍ സഈദിന്‍െറ നേതൃത്വത്തിലുള്ള ഉന്നതതല സംഘം റോയല്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സഊദ് ബിന്‍ ഹരീബ് അല്‍ ബുസൈദി, വിദേശ കാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല, വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ മസ്ഊദ് ബിന്‍ അലി അല്‍ സുനൈദി, വിദ്യാഭ്യാസ മന്ത്രി മദീഹ ബിന്‍ത് അഹമദ് ബിന്‍ നാസര്‍ അല്‍ ശൈബാനിയ്യ തുടങ്ങിയവര്‍ രാജകുമാരനെയും സംഘത്തെയും യാത്രയയച്ചു. ചൊവ്വാഴ്ച ബ്രിട്ടീഷ് സ്കൂളില്‍ നടന്ന 40ാം വാര്‍ഷികാഘോഷ ചടങ്ങില്‍ ചാള്‍സ് രാജകുമാരനും പത്നിയും പങ്കെടുത്തു. വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി നിര്‍മിക്കുന്ന പുതിയ സ്കൂള്‍ കെട്ടിടത്തിന്‍െറ ശിലാസ്ഥാപനവും രാജകുമാരന്‍ നിര്‍വഹിച്ചു. അല്‍ ഖുവൈറിലെ ശംസ് അല്‍ മഹാരിഫ് ബേസിക് സ്കൂള്‍ കാമില രാജകുമാരി സന്ദര്‍ശിച്ചു. വിദ്യാഭ്യാസ മന്ത്രി മദീഹ അല്‍ ശഹ്ബാനിയ്യ രാജകുമാരിയെ സ്വീകരിച്ചു.
 ഒമാന്‍ വിമന്‍സ് അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തിലും കാമില രാജകുമാരി പങ്കെടുത്തു. പബ്ളിക് എസ്റ്റാബ്ളിഷ്മെന്‍റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റും ചാള്‍സ് രാജകുമാരന്‍ സന്ദര്‍ശിച്ചു. വാണിജ്യ വ്യവസായ മന്ത്രി അലി അല്‍ സുനൈദി രാജകുമാരനെ സ്വീകരിച്ചു. സ്ഥാപനത്തിന്‍െറ വിവിധ പദ്ധതികള്‍ മന്ത്രി വിശദീകരിച്ചു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Posted: 19 Mar 2013 09:14 PM PDT

Image: 

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കൊന്ന കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന കണ്ണൂര്‍ സ്വദേശി മുഹമ്മദ് അശ്‌റഫിനെയാണ് ബുധനാഴ്ച പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തുവര്‍ഷമായി ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. മുഹമ്മദ് അശ്‌റഫ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ജയില്‍ അധികൃതര്‍ പറഞ്ഞു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP