സ്വാഗതം
WELCOME

News Update..

Sunday, March 10, 2013

കാര്‍ട്ടൂണുകളുടെ അല്‍പായുസ്സ് Madhyamam News Feeds

കാര്‍ട്ടൂണുകളുടെ അല്‍പായുസ്സ് Madhyamam News Feeds

Link to

കാര്‍ട്ടൂണുകളുടെ അല്‍പായുസ്സ്

Posted: 10 Mar 2013 12:31 AM PST

Image: 

രാഷ്ട്രീയ സ്വാതന്ത്ര്യം ഇന്ത്യയില്‍ യാഥാര്‍ഥ്യമായിത്തീരുന്നത് 1947ല്‍ ആണെങ്കിലും അതിനും വര്‍ഷങ്ങള്‍ക്കുമുമ്പേ ഇന്ത്യന്‍ കാര്‍ട്ടൂണ്‍ രംഗം പൂര്‍ണവളര്‍ച്ച കൈവരിച്ചിട്ടുണ്ട്. അതില്‍ മലയാളി കാര്‍ട്ടൂണിസ്റ്റുകളുടെ സംഭാവന എടുത്തുപറയേണ്ടതാണ്. പത്രപ്രവര്‍ത്തനംതന്നെ ഒരു കരിയറാകാന്‍ ബുദ്ധിമുട്ടുള്ള കാലത്ത് പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ വര ഒരു സമ്പൂര്‍ണ തൊഴിലായി സ്വീകരിക്കാനുള്ള ആര്‍ജവം കേരളത്തില്‍നിന്ന് ദല്‍ഹിയിലേക്കും ബോംബെയിലേക്കും മദ്രാസിലേക്കും ചേക്കേറിയ കാര്‍ട്ടൂണിസ്റ്റുകള്‍ കാണിച്ചിട്ടുണ്ട്. ആ തലമുറയിലെ പ്രമുഖനായിരുന്ന കെ.പി.എസ്. കുട്ടി എന്ന കുട്ടി ഒരിക്കല്‍ പറഞ്ഞത് കേരളത്തില്‍ ‘കാര്‍ട്ടൂണിസ്റ്റുകളുടെ പ്രതിശീര്‍ഷ ഉല്‍പാദനം അല്‍പം കൂടുതലാണ്’ എന്നാണ്. നര്‍മവും പരിഹാസവും പരമ്പരാഗതമായിത്തന്നെ സമ്പൂര്‍ണ കലാരൂപങ്ങളായി വളര്‍ന്ന ഒരു പ്രദേശം എന്ന നിലക്ക് കേരളത്തില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ കൂടുതലുണ്ടാകുന്നു എന്നതില്‍ അതിശയോക്തിയില്ല.
മേല്‍ സൂചിപ്പിച്ച കുട്ടി ഏതാണ്ട് അര നൂറ്റാണ്ടുകാലം കാര്‍ട്ടൂണ്‍ വരച്ച വ്യക്തിയാണ്.  അദ്ദേഹത്തിന്‍െറ ആത്മകഥയുടെ പേര് ‘ചിരിയുടെ വര്‍ഷങ്ങള്‍’ എന്നാണ്. തൊഴിലിന്‍െറ മര്‍മപ്രവൃത്തി ജീവിതത്തിന്‍െറ അടയാളമുദ്രയാക്കി സ്വീകരിക്കുന്ന ഒരു പരിണാമ യുക്തി ഈ പേരിനുണ്ട്. ചിരിയില്ലാതെ കാര്‍ട്ടൂണ്‍ ഉണ്ടോ? ഇല്ല. ചിന്തപോലെത്തന്നെ പ്രധാനമാണ് കാര്‍ട്ടൂണിലെ ചിരി. ചിരിയും ചിന്തയും വരയില്‍ സന്നിവേശിപ്പിക്കുമ്പോഴാണ് മികച്ച കാര്‍ട്ടൂണുകളുണ്ടാവുന്നത് എന്ന് വ്യക്തമാക്കുന്നതാണ് വേറിട്ട കാര്‍ട്ടൂണുകളെല്ലാം.
സുധീര്‍നാഥ് എഡിറ്റ് ചെയ്ത്, ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘വര-വരി-വി.എസ്’. ഏതാണ്ട് 100ലധികം പേജുകളില്‍ കേരള രാഷ്ട്രീയത്തിലെ ഏറ്റവും തലമുതിര്‍ന്ന നേതാവായ വി.എസ്. അച്യുതാനന്ദനെ വ്യത്യസ്ത കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ചതിന്‍െറ സമാഹാരമാണിത്.
1923ല്‍ ജനിച്ച വി.എസ് 20 വയസ്സ് തികയും മുമ്പേ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ആളാണ്. കടുത്ത ജീവിത സാഹചര്യങ്ങള്‍ അദ്ദേഹത്തെ നന്നേ ചെറുപ്പത്തിലേ തൊഴില്‍ശാലയിലേക്കയച്ചെങ്കിലും നാടിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള പി. കൃഷ്ണപിള്ളയുടെ ഉപദേശം അദ്ദേഹം സ്വീകരിക്കുകയായിരുന്നു. ആദ്യകമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വരുമ്പോള്‍ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് വി.എസ്. അന്നേ നേതാവാണെന്നര്‍ഥം. പിന്നീട് എം.എല്‍.എ ആയി. എണ്ണമറ്റ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജയിലിലടക്കപ്പെട്ടു. 1964ല്‍ സി.പി.ഐ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന് മറ്റ് പ്രമുഖര്‍ക്കൊപ്പം സി.പി.എം രൂപവത്കരിച്ചു. വര്‍ഷങ്ങളോളം ആ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായി.
ഇക്കാലയളവിലൊന്നും കിട്ടാത്ത ഒരു രാഷ്ട്രീയ ഇമേജ് ആണ് വി.എസിന് പിന്നീട് കിട്ടുന്നത്. ’90കളുടെ അവസാനത്തോടെ കേരളത്തില്‍ ഒരു ‘വി.എസ് ഫാക്ടര്‍’ തന്നെ രൂപപ്പെട്ടു എന്നു പറയാനാകും. അന്നുമുതലാണ് യഥാര്‍ഥത്തില്‍ വി.എസ് കാര്‍ട്ടൂണിസ്റ്റുകളുടെ പ്രിയങ്കരനാവുന്നത്. കേരളത്തിന്‍െറ വികസനം, ഭരണം, നീതി വ്യവസ്ഥ തുടങ്ങിയ കാര്യങ്ങളിലെല്ലാം വി.എസ് എന്ത് നിലപാട് സ്വീകരിക്കുന്നു എന്നത് ഒരു പ്രധാന കാര്യമായി മാറി. മുമ്പ് ഇത്തരം ഒരു നിലപാടിനായി മലയാളികള്‍ ചെവിയോര്‍ത്തിരുന്നത് ഇ.എം.എസിലേക്കാണ്. പക്ഷേ, അത് മറ്റൊരു തലത്തിലായിരുന്നു. ഇ.എം.എസിന്‍െറ വാക്കുകള്‍ സന്ദേഹങ്ങള്‍ പരിഹരിക്കാനുള്ള സൂചകം എന്ന നിലക്കായിരുന്നു കേരളത്തിന്‍െറ പൊതുസമൂഹം സ്വീകരിച്ചിരുന്നത്. എന്നാല്‍, വി.എസ് ഒരു ജനകീയ നേതാവെന്ന നിലയില്‍ ഉയരുന്നത് ഒരു രാഷ്ട്രീയ നേതൃത്വ ശൂന്യതയുടെ അഗാധഗര്‍ത്തത്തില്‍നിന്നാണ്. ജനം പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന പ്രസ്ഥാനങ്ങളും നേതാക്കളുമെല്ലാം അനുരഞ്ജന രാഷ്ട്രീയത്തിന്‍െറ പൊയ്ക്കാഴ്ചയായിത്തീര്‍ന്ന ഒരു കാലത്താണ് വി.എസ് ‘പെണ്‍വാണിഭക്കാരെ കൈയാമംവെച്ച് നടത്തും’, ‘മാഫിയകളില്‍നിന്ന് ഭൂമി തിരിച്ചുപിടിക്കും’, ‘നെല്‍വയല്‍ സംരക്ഷിക്കും’ തുടങ്ങിയ പ്രസ്താവനകളുമായി കാടും മലയും കയറുന്നത്. ഒരു ജനതക്ക് പ്രതീക്ഷയര്‍പ്പിക്കാന്‍ അത്ലറ്റിക് ബോഡിയുള്ള നേതൃത്വം വേണമെന്നില്ല. അത് ഗാന്ധിജിതന്നെ തെളിയിച്ചതാണ്. വേണ്ടത് കലര്‍പ്പില്ലാത്ത വാക്കുകളാണ്. അതാണ് വി.എസിനെ രണ്ടു പതിറ്റാണ്ടുകാലത്തെ കേരള രാഷ്ട്രീയത്തിലെ ശുഭപ്രതീക്ഷയാക്കിയത്.
പിണറായി വിജയനാണ് ഈ പുസ്തകത്തിന്‍െറ അവതാരിക എഴുതിയത്. പിണറായി-വി.എസ് ഏറ്റുമുട്ടലുകള്‍ പരസ്യമായപ്പോള്‍പോലും പിണറായി പൊതുസമൂഹത്തിനുമുന്നില്‍ വി.എസിനെക്കുറിച്ച് സംസാരിക്കാന്‍ സ്വീകരിച്ച ഒരു ജെന്‍റില്‍മാന്‍ ശൈലിയുണ്ട്. ആ ശൈലിതന്നെയാണ് ഈ അവതാരികയും പ്രകടമാക്കുന്നത്.
കാര്‍ട്ടൂണുകള്‍ക്കൊപ്പം ഉമ്മന്‍ചാണ്ടി, എം.എ. ബേബി മുതല്‍ വി.ടി. ബല്‍റാം എം.എല്‍.എയുടെ വരെ കുറിപ്പുകളും ചെമ്മനം ചാക്കോയുടെ കവിതയും പുസ്തകത്തിലുണ്ട്. പലതും ആത്മാംശമുള്ള കുറിപ്പുകള്‍. ഇത് ‘കാര്‍ട്ടൂണ്‍ കാഴ്ച’ക്ക് കൃത്യമായ ഇടവേളകള്‍ നല്‍കാന്‍ സഹായിക്കുന്നു. ഒപ്പം, ഡി. വിജയമോഹന്‍െറ ‘വി.എസും അദ്ദേഹത്തിന്‍െറ ഭാഷയും’ എന്ന ചിന്തോദീപ്തമായ ലേഖനവുമുണ്ട്.
പുസ്തകത്തില്‍ ഗോപീകൃഷ്ണന്‍ മുതല്‍ വേണുവരെയുള്ള പ്രമുഖരുടെയും വലിയ പേരില്ലാത്ത ഒട്ടുമിക്ക കാര്‍ട്ടൂണിസ്റ്റുകളുടെയും സൃഷ്ടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പലതും ഒരു ദിവസത്തെ മുഴുവന്‍ ചിരിക്ക് വകനല്‍കും. സുജിത്തിന്‍െറ ‘എന്‍െറ ആരോഗ്യരഹസ്യം യോഗ’ എന്ന കാര്‍ട്ടൂണ്‍ അത്തരത്തിലൊന്നാണ്. ‘പരസ്യശാസന’ എന്നെഴുതിയ കടലാസുമായി (നഗ്നരായി) വരുന്ന പിണറായിയോടും കാരാട്ടിനോടും ‘രാമനോ തോര്‍ത്തില്ല... ലക്ഷ്മണനോ മുണ്ടില്ലാാാ...’ എന്ന് പാടുന്ന വി.എസിനെ വരച്ച ഗോപീകൃഷ്ണന്‍െറ കാര്‍ട്ടൂണ്‍, വരവഴക്കംകൊണ്ട് ഉന്നത നിലവാരം പുലര്‍ത്തുന്ന പി.വി. കൃഷ്ണന്‍െറ കാര്‍ട്ടൂണുകള്‍, വി.ആര്‍. രാഗേഷിന്‍െറ ഒഞ്ചിയം പശ്ചാത്തലത്തിലുള്ള വര്‍ക്കുകള്‍ തുടങ്ങിയവ ശ്രദ്ധേയമാണ്.
പുസ്തകത്തിന്‍െറ ഒടുക്കം ‘വി.എസിനെ വരക്കാന്‍ പഠിക്കാം’ എന്ന തലക്കെട്ടില്‍ പി.വി. കൃഷ്ണന്‍ വി.എസിനെ കാര്‍ട്ടൂണിന് അനുസരിച്ച് വരക്കേണ്ടതെങ്ങനെ എന്ന് ഘട്ടംഘട്ടമായി വിവരിക്കുന്നത് ഈ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടും. താന്‍ ഏറ്റവും ഭയക്കുന്നത് ‘ഐഡിയ’വിളിച്ചുപറയുന്നവരെയാണെന്ന് കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാര്‍ട്ടൂണിസ്റ്റുകളെ സംബന്ധിച്ച് ഇതൊരു പ്രതിസന്ധിതന്നെയാണ്. മലയാളത്തിലെ ഒട്ടുമിക്ക കാര്‍ട്ടൂണിസ്റ്റുകളും എഡിറ്റോറിയല്‍ ജീവനക്കാരുടെ ‘ഐഡിയ’കള്‍കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയിലാണെന്നതാണ് വാസ്തവം. അതത് ദിവസത്തെ രാഷ്ട്രീയ വാര്‍ത്തക്ക് ചിത്രംചമക്കുന്ന ഏര്‍പ്പാടായി കാര്‍ട്ടൂണ്‍ മാറാനുള്ള ഒരു കാരണവും ഇതുതന്നെയാണ്. കാര്‍ട്ടൂണിന്‍െറ സ്വതന്ത്രാസ്തിത്വത്തെ അംഗീകരിക്കാനുള്ള മനസ്സ് പത്രസ്ഥാപനങ്ങള്‍ക്കുണ്ടായില്ലെങ്കില്‍ എഡിറ്റോറിയല്‍ വിഭാഗത്തിന്‍െറ ധൃതരാഷ്ട്രാലിംഗനത്തില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ തരിപ്പണമായിത്തീരാനാണ് സാധ്യത.
ഈ പുസ്തകത്തിലെ കാര്‍ട്ടൂണുകളെല്ലാം അതത് കാലവുമായി, അതത് ദിവസത്തെ രാഷ്ട്രീയ സംഭവവികാസവുമായി ബന്ധപ്പെട്ട് രൂപംകൊണ്ടവയാണ്. അതിലേക്ക് പേരുകള്‍ ചെറുതായി മാറ്റിയും ജനപ്രിയ ഗാനങ്ങളും മറ്റും ഉപയോഗിച്ചും അമിട്ട് പൊട്ടിക്കുന്ന രീതിയാണ് പൊതുവെ സ്വീകരിച്ചുകാണുന്നത്. അതുകൊണ്ടുതന്നെ, വാര്‍ത്തകളുടെ അല്‍പായുസ്സ് ഈ കാര്‍ട്ടൂണുകളില്‍ പലതിനെയും ബാധിക്കുന്നുണ്ട്. പിറവം ഉപതെരഞ്ഞെടുപ്പ് കാമ്പയിന്‍ അതിന്‍െറ ഉച്ഛസ്ഥായിയില്‍ നില്‍ക്കുമ്പോള്‍ വരച്ച കാര്‍ട്ടൂണിന്‍െറ ചൂട് ഇപ്പോള്‍ അനുഭവപ്പെടുന്നില്ല.
ഈ പരിമിതിയെ അതിജീവിച്ചവരാണ് ഇതിഹാസകാരന്മാരായിത്തീര്‍ന്ന നമ്മുടെ കാര്‍ട്ടൂണിസ്റ്റുകള്‍. അബു എബ്രഹാമിന്‍െറ അടിയന്തരാവസ്ഥ കാര്‍ട്ടൂണുകളുടെയോ ശങ്കറിന്‍െറ നെഹ്റു കാര്‍ട്ടൂണുകളുടെയോ ചരിത്രപരതയും ചൂടും ചോര്‍ന്നുപോകാത്തതെന്തുകൊണ്ട് എന്ന് നമ്മുടെ കാര്‍ട്ടൂണിസ്റ്റുകള്‍ ചിന്തിക്കണം. അതോടൊപ്പം മനുഷ്യരാശിയെ എക്കാലവും പിടിച്ചുലച്ച പ്രശ്നങ്ങളായ യുദ്ധം, അതിര്‍ത്തി തര്‍ക്കം, പലായനം തുടങ്ങിയ വിഷയങ്ങളില്‍ വരകൊണ്ട് മനസ്സിളക്കുന്ന രചനകള്‍ നടത്താനും എന്തുകൊണ്ട് മലയാളത്തിലെ കാര്‍ട്ടൂണിസ്റ്റുകള്‍ക്കാവുന്നില്ല എന്ന് ചിന്ത ഉയരുകയും വേണം. ചാപ്ളിന്‍ സിനിമകളുടെ കോമഡി ഗൗരവചിന്തകളുയര്‍ത്തിയ സിനിമകളേക്കാള്‍ ഗൗരവകരമായിത്തീര്‍ന്നത് അത് തീവ്രവ്യഥകളുടെ ഓര്‍മ പുതുക്കലുകളായതുകൊണ്ടാണ്. ഹാസ്യം, സ്വതന്ത്രാസ്തിത്വമുള്ള ഒരു രംഗമല്ല. അത് രാഷ്ട്രീയേതരവുമല്ല. കേവല ഹാസ്യത്തിന്‍െറ അല്‍പായുസ്സില്‍നിന്ന് കാര്‍ട്ടൂണിനെ ഇരുതല മൂര്‍ച്ചയുള്ള ഖഡ്ഗമാക്കി മാറ്റണമെങ്കില്‍ ഈയൊരു രാഷ്ട്രീയബോധം നമ്മുടെ കാര്‍ട്ടൂണിസ്റ്റുകള്‍ പ്രകടിപ്പിക്കേണ്ടിവരും. വരയുടെ അല്‍പായുസ്സിന്‍െറ പരിമിതി ബോധ്യപ്പെടാന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് കൊണ്ടുനടക്കാവുന്ന കൈപ്പുസ്തകം കൂടിയാണ് ‘വര-വരി-വി.എസ്’

 

മഅ്ദനി മകളുടെ വിവാഹവേദിയില്‍

Posted: 09 Mar 2013 11:29 PM PST

Image: 

കൊല്ലം: കേരളത്തിലെത്തിയ പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി  മകളുടെ വിവാഹത്തില്‍ പങ്കെടുത്തു. ഇടജാമ്യത്തില്‍ കേരളത്തിലെത്തിയ മഅ്ദനി കനത്ത സുരക്ഷ സന്നാഹത്തോടെയാണ് കൊട്ടിയത്തെ വിവാഹ വേദിയിലെത്തിയത്. മഅ്ദനിയെ സ്വീകരിക്കാന്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ കൊട്ടിയത്ത് എത്തിയിരുന്നു.
നീതിയുടെ കിരണം അകലെ നിന്നു പോലും കാണാനാകാത്ത ദുരവസ്ഥയിലാണ് താനെന്ന് മഅ്ദനി പറഞ്ഞു. വലതു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടമായി. ഇടതു കണ്ണിലെ നേരിയ കാഴ്ചയിലാണ് കാണാന്‍ കഴിയുന്നത്. എങ്കിലും തന്റെദുരവസ്ഥയില്‍ നിരാശനോ ദു:ഖിതനോ അല്ല. വേദനയുടെ ഘട്ടത്തില്‍ കേരളമൊന്നടങ്കം നീതിക്കുവേണ്ടി തന്നോടൊപ്പം നില്‍ക്കുന്നില്‍  സന്തോഷമുണ്ടെന്നും അതാണ് ആവേശം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തില്‍ തന്നെ പോലെ നിരവധി നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. താന്‍ മാത്രമല്ല തടവറയില്‍ കഴിയുന്നത്. മുന്‍കാലങ്ങളില്‍ തന്റെ ഭാഗത്തു നിന്നുണ്ടായ പരുഷമായ വാക്കുകള്‍ക്ക് കേരളത്തോട് മാപ്പു ചോദിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.  കര്‍ണാടയില്‍ നീതിയുടെ പുതിയ സൂര്യോദയം ഉണ്ടായതുകൊണ്ടല്ല മകളുടെ വിവാഹ വേദിയില്‍ എത്താന്‍ കഴിഞ്ഞത്. സാഹചര്യങ്ങള്‍ ഒത്തു വന്നതുകൊണ്ടും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടമാണ് മകള്‍ ഷമീറ ജൗഹറിന്റെ വിവാഹത്തിനെത്താന്‍ കഴിഞ്ഞത്. ഇതില്‍ സന്തോഷമുണ്ടെന്നും മഅ്ദനി പറഞ്ഞു.  

വിവാഹ പന്തലില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരോട് തന്റെ വാക്കുകളോടുള്ള  പ്രതികരണം ഹൃദയത്തിലൊതുക്കാന്‍ മഅ്ദനി ആവശ്യപ്പെട്ടു. നിങ്ങള്‍ കാണിക്കുന്ന അമിതാവേശം മൂലം താന്‍ നിങ്ങളിലേക്ക് എത്തുന്നത് വൈകാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
 മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമുള്‍പ്പെടെ തനിക്ക് നീതി ലഭ്യമാകാന്‍  പ്രവര്‍ത്തിച്ചവരുടെ പേരെടുത്ത് പറഞ്ഞ് മഅ്ദനി നന്ദി അറിയിച്ചു.  ജാമ്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ഉപാധിയുണ്ടായിരുന്നതിനാല്‍ മകളുടെ വിവാഹചടങ്ങിന്റെ ഭാഗമായി നടക്കുന്ന ഖുത്തുബ എന്നരീതിയിലാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്.

കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷ് , സി.പി.എം സംസ്ഥാന സെക്രട്ടറി  പിണറായി വിജയന്‍, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, എം.എ ഷാനവാസ് എം.പി,  പീതാംബരക്കുറുപ്പ്, സി. ദിവാകരന്‍, തോമസ് ഐസക്, പി.കെ ഗുരുദാസന്‍, കോവൂര്‍ കുഞ്ഞുമോന്‍, ജമാഅത്തെ ഇസ്ലാമി അമീര്‍ ടി.ആരിഫലി എന്നിങ്ങനെ രാഷ്ട്രീയ, സാംസ്കാരിക  രംഗത്തെ പ്രമുഖര്‍ വിവാഹചടങ്ങില്‍ സന്നിഹിതരായിരുന്നു.

വിവാഹചടങ്ങുകള്‍ക്ക് ശേഷം  മഅ്ദനിയെ വീണ്ടും അസീസിയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും.  അഞ്ചു ദിവസത്തെ ഇടക്കാല ജാമ്യം ലഭിച്ച മഅ്ദനി ശനിയാഴ്ച  രാത്രി പത്തേകാലോടെയാണ് തിരുവനന്തപുരത്ത്  വന്നിറങ്ങിയത്. രണ്ടര വര്‍ഷത്തിനുശേഷം കേരളത്തിലെത്തിയ മഅ്ദനിയെ കാണാന്‍ നുറുകണക്കിന് പ്രവര്‍ത്തകരാണ് രാവിലെ മുതല്‍ വിമാനത്താവളത്തില്‍ കാത്തുനിന്നിരുന്നത്.
 

ഡ്രൈവറെ മര്‍ദിച്ച സ്ത്രീക്കെതിരെ നടപടിയില്ല; സ്വകാര്യ ബസുകള്‍ പണിമുടക്കി

Posted: 09 Mar 2013 11:20 PM PST

തിരുവനന്തപുരം: ബസ് ഡ്രൈവറെ മര്‍ദിച്ച സ്ത്രീക്കെതിരെ നടപടിയെടുത്തില്ലെന്നാരോപിച്ച് നഗരത്തില്‍ സ്വകാര്യ ബസുകള്‍ ശനിയാഴ്ച പണിമുടക്കി.
തിരുവനന്തപുരം വി.ജെ.ടി ഹാളിന് സമീപം വെള്ളിയാഴ്ച വൈകുന്നേരം സ്വകാര്യ ബസില്‍ കാര്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് സ്വകാര്യ ബസുകളുടെ പണിമുടക്കില്‍ കലാശിച്ചത്. കാര്‍ പിറകോട്ടെടുക്കുന്നതിനിടെ  ബസില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ ഡ്രൈവറായ ദല്‍ഹി സ്വദേശിനി ശോഭന ബസ് ഡ്രൈവറെ മര്‍ദിച്ചു. സംഭവത്തെക്കുറിച്ച് ഇരുവിഭാഗവും പരാതി നല്‍കിയെങ്കിലും കന്‍േറാണ്‍മെന്‍റ് പൊലീസ് ഡ്രൈവറെ പ്രതിയാക്കി മാത്രം കേസെടുത്തതാണ് ശക്തമായ പ്രതിഷേധത്തിനിടയാക്കിയത്. മൊഴി രേഖപ്പെടുത്തിയശേഷം മിനിറ്റുകള്‍ക്കകം കാര്‍ ഡ്രൈവറായ യുവതിയേയും കൂടെയുണ്ടായിരുന്ന മൂന്ന് പുരുഷന്മാരെയും വിട്ടയച്ചതും ബസ് ജീവനക്കാരുടെ പ്രതിഷേധം ശക്തമാകാന്‍ ഇടയാക്കി. ബസ് ഉടമകളും ജീവനക്കാരും യൂനിയന്‍ നേതാക്കളും രാത്രിയില്‍ ഏറെ നേരം സ്ത്രീക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടും പൊലീസ് പക്ഷപാതപരമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തിലെ പണിമുടക്ക്.
പണിമുടക്കിയ ജീവനക്കാര്‍ രാവിലെ കന്‍േറാണ്‍മെന്‍റ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് ധര്‍ണ നടത്തി. തിങ്കളാഴ്ചക്കകം സംഭവത്തില്‍ നടപടിയെടുക്കാമെന്ന കന്‍േറാണ്‍മെന്‍റ് എ.സിയുടെ ഉറപ്പിനെതുടര്‍ന്നാണ് ധര്‍ണ അവസാനിപ്പിച്ചത്. ഐ.എന്‍.ടി.യു.സി വര്‍ക്കിങ് പ്രസിഡന്‍റ് കുര്യാത്തി ഷാജി, സെക്രട്ടറി രവി, ബാബു, സന്തോഷ് എന്നിവര്‍ മാര്‍ച്ചിനും ധര്‍ണക്കും നേതൃത്വം നല്‍കി. ഡ്രൈവര്‍ക്കെതിരെ അമിതവേഗമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും സ്ത്രീക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരം ഉണ്ടാകുമെന്നും നേതാക്കള്‍ അറിയിച്ചു. മര്‍ദനത്തില്‍ നെഞ്ചില്‍ സാരമായി പരിക്കേറ്റ ഡ്രൈവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രകടനം നടത്തിയതിന് ജീവനക്കാര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

മത്സ്യത്തൊഴിലാളി സുരക്ഷക്ക് 18 നിര്‍ദേശങ്ങള്‍

Posted: 09 Mar 2013 11:17 PM PST

കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിന്‍െറ 18 നിര്‍ദേശങ്ങള്‍. മത്സ്യബന്ധനത്തിനിടെ പാലിക്കേണ്ട നിയമങ്ങളും അടിയന്തരഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകളും ഉള്‍പ്പെടുത്തി പൊലീസ് തയാറാക്കിയ കൈപ്പുസ്തകത്തില്‍ 18 കാര്യങ്ങള്‍ കടലില്‍ ശ്രദ്ധിക്കണമെന്ന് ഓര്‍മപ്പെടുത്തുന്നത്.
1. ബോട്ടുകളില്‍ ലൈഫ് ജാക്കറ്റും ലൈഫ് ബാഗുകളും നിര്‍ബന്ധമായി ഉണ്ടാവണം. 2. ബോട്ടില്‍ എല്ലാ ജീവനക്കാരുടെയും തിരിച്ചറിയല്‍ കാര്‍ഡിന്‍െറ കോപ്പി കരുതണം. 3. ബോട്ടുകളില്‍ രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ് എന്നിവയുടെ കോപ്പികള്‍ നിര്‍ബന്ധമായും സൂക്ഷിക്കണം. 4. കപ്പലുകളില്‍ ആയുധധാരികളായ സുരക്ഷാഗാര്‍ഡുകളുള്ളതിനാല്‍ ബോട്ടുകളും വള്ളങ്ങളും കപ്പലിന് സമീപത്തേക്ക് പോകുകയോ അവരുടെ യാത്രക്ക് തടസ്സമുണ്ടാക്കുകയോ ചെയ്യരുത്. 5. രാത്രികാലങ്ങളില്‍ കടലില്‍ ബോട്ട് നങ്കൂരമിടുമ്പോള്‍ രണ്ട് പേരെങ്കിലും ഉണര്‍ന്നിരിക്കണം. 6. രാത്രിയില്‍ ബോട്ടുകളിലെ ലൈറ്റ് ഓഫാക്കാതിരിക്കണം. 7. 18 വയസ്സിന് താഴെയുള്ള കുട്ടികളെ കടലില്‍ കൊണ്ടുപോകരുത്. 8. നിറംനോക്കി ചരക്കുകപ്പലാണോ യാത്ര കപ്പലാണോ എന്ന് മനസ്സിലാക്കണം.  9. ബോട്ടുകളില്‍ കൊടിമരം ലൈറ്റും ടേണ്‍ ലൈറ്റും നിര്‍ബന്ധമായി ഉണ്ടാകണം.  10. ബോട്ടുകളിലെ രേഖകള്‍ പ്രകാരമുള്ള എണ്ണം തൊഴിലാളികളേ ബോട്ടില്‍ പാടുള്ളൂ. 11. വയര്‍ലസും ജി.പി.എസും ബോട്ടില്‍ നിര്‍ബന്ധമായും കരുതണം.  12. ബോട്ടുകള്‍ നിര്‍ത്താന്‍ കപ്പലില്‍ നിന്ന് നിര്‍ദേശിക്കുമ്പോള്‍ നിര്‍ത്തുകയും ബോട്ടില്‍ നിന്ന് വെള്ളക്കൊടി കാണിക്കുകയുംവേണം. 13. അപകടകരമായേക്കാവുന്ന വസ്തുക്കളൊന്നും ബോട്ടില്‍ സൂക്ഷിക്കരുത്. 14. ബോട്ടുകള്‍ കെട്ടിവലിക്കുമ്പോള്‍ മഞ്ഞ ലൈറ്റാണ് ഉപയോഗിക്കേണ്ടത്. 15. ഏത് രാജ്യത്തിന്‍െറ കപ്പലാണെന്ന് തിരിച്ചറിയാന്‍ കപ്പലില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള നമ്പര്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം 16. ബോട്ടിന്‍െറ രജിസ്ട്രേഷന്‍ നമ്പര്‍ നിശ്ചിതവലിപ്പത്തില്‍ രേഖപ്പെടുത്തണം. 17. രാത്രി സമയങ്ങളില്‍ കപ്പലിന്‍െറ പച്ച, ചുവപ്പ്, വെള്ള എന്നീ ലൈറ്റുകള്‍ ചേര്‍ന്ന് കണ്ടാല്‍ ആ കപ്പല്‍ ബോട്ടിന് നേരെ വരികയാണെന്ന് മനസ്സിലാക്കി സുരക്ഷിതസ്ഥാനത്തേക്ക് ഓടിച്ചുമാറ്റണം.  18. പച്ച, ചുവപ്പ് ലൈറ്റുകളില്‍ ഒന്ന് മാത്രമാണ് കപ്പലില്‍  കാണുന്നതെങ്കില്‍ കപ്പല്‍ ബോട്ടിന് സമീപത്ത് കൂടിയാണ് പോകുന്നതെന്ന് മനസ്സിലാക്കി സുരക്ഷിതദൂരത്തിലേക്ക് മാറ്റണം.
അടിയന്തരഘട്ടങ്ങളില്‍ സഹായത്തിന് ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് 0476-2685200 (കോസ്റ്റല്‍ പൊലീസ്), 1093 (ടോള്‍ ഫ്രീ), 0474-2742042, 9497980198 (പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന്‍), 1554 (ടോള്‍ ഫ്രീ-കോസ്റ്റ്ഗാര്‍ഡ് , 0484-2218969,2217889 (കോസ്റ്റ് ഗാര്‍ഡ്), 0484-2872353/54 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

ഡാം സുരക്ഷാ അതോറിറ്റി സംഘം മടങ്ങി; ആശങ്കകളും സംശയങ്ങളും ബാക്കി

Posted: 09 Mar 2013 11:07 PM PST

ചെറുതോണി: ഡാം സുരക്ഷാ അതോറിറ്റി സംഘം ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിച്ച് മടങ്ങി. ഡാമിന്‍െറ ചലന വ്യതിയാനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് വിലയിരുത്തുന്നതിനാണ് സംഘമെത്തിയത്. അതേസമയം, സംഘത്തിന്‍െറ പരിശോധന വെറും ചടങ്ങായതായി ആരോപണമുയര്‍ന്നു. 1976 ഫെബ്രുവരി 16നാണ് ഇടുക്കി പദ്ധതി കമീഷന്‍ ചെയ്യുന്നത്. അതിന് ശേഷം കാലാകാലങ്ങളില്‍ നടത്തേണ്ട അറ്റകുറ്റപ്പണി കൃത്യമായി നടത്താറില്ലെന്ന് ബോര്‍ഡിലെ ഒരു വിഭാഗം ജീവനക്കാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ചെറുതോണി അണക്കെട്ട് അടിത്തട്ടിലെ ഗേറ്റ് വഴി വെള്ളം ചോരുന്നത് വിവാദമായതോടെ കഴിഞ്ഞ 24 ന് വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലെ സംഘം അണക്കെട്ട് സന്ദര്‍ശിച്ചിരുന്നു. ഡാമിന്‍െറ ഷട്ടറുകളില്‍ ചളി അടിഞ്ഞുകൂടിയതാണ് ചോര്‍ച്ചക്ക് കാരണമെന്നായിരുന്നു ചീഫ് എന്‍ജിനീയര്‍ പറഞ്ഞത്. അതേസമയം, ചെറുതോണി അണക്കെട്ടിലെ അടിത്തട്ടിലുള്ള വെര്‍ട്ടിക്കല്‍ ഗേറ്റ് വഴി മാസങ്ങളായി വെള്ളം ചോരുന്നുണ്ടായിരുന്നു. ഡാമില്‍നിന്ന് തുരങ്കത്തിലേക്ക് വെള്ളമൊഴുകുന്ന ഭാഗത്തെ ചളി പുറന്തള്ളുന്നതിന് സ്ഥാപിച്ച ഹോളോജറ്റ് വാല്‍വ് സ്ഥാപിച്ച ശേഷം കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രമാണ് പരിശോധന നടത്തിയത്. ടണലില്‍നിന്ന് ഭൂമിക്കടിയില്‍ സ്ഥാപിച്ചിരിക്കുന്ന പെന്‍സ്റ്റോക് പൈപ്പിലേക്ക് വെള്ളം കടത്തിവിടുന്നത് കുളമാവ് പൊലീസ് സ്റ്റേഷന് സമീപമാണ്. ഇവിടെയാണ് ഇന്‍ടേക്ക് ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്. പെന്‍സ്റ്റോക് പൈപ്പുകള്‍ക്കോ ഭൂഗര്‍ഭ വൈദ്യുതി നിലയത്തിനോ തകരാര്‍ സംഭവിച്ചാല്‍ ഡാമില്‍ നിന്നുള്ള വെള്ളമൊഴുക്ക് നിര്‍ത്തണമെങ്കില്‍ ഈ ഗേറ്റ് പൂര്‍ണമായും അടക്കണം. കഴിഞ്ഞ 25 വര്‍ഷമായി ഗേറ്റ് ഒരിക്കല്‍ പോലും പ്രവര്‍ത്തിച്ചിട്ടില്ല. ഇത് ഗൗരവമായി ബോര്‍ഡ് കാണുന്നില്ലെന്നാണ് ആരോപണം. നാടുകാണിയില്‍ സ്ഥാപിച്ചിരിക്കുന്ന ബട്ടര്‍ഫൈ്ള വാല്‍വും പ്രവര്‍ത്തിപ്പിച്ച് നോക്കാറില്ല. വര്‍ഷങ്ങളായി പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍ അണക്കെട്ടിന്‍െറ ഈ രണ്ട് സുരക്ഷാ ഗേറ്റുകളും പ്രവര്‍ത്തനരഹിതമാണ്. കാലവര്‍ഷത്തിന് മുന്നോടിയായി അണക്കെട്ടിലെ വാര്‍ഷിക അറ്റകുറ്റപ്പണി ഇനിയും ആരംഭിച്ചിട്ടില്ല. 50 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള അണക്കെട്ടുകളിലാണ് നിര്‍ബന്ധമായും അറ്റകുറ്റപ്പണി ചെയ്യേണ്ടതെന്നാണ് ബോര്‍ഡിലെ വിദഗ്ധരുടെ അഭിപ്രായം. അണക്കെട്ടിലെ ഗാലറികളിലെ സീപേജ് സംവിധാനത്തിന് തകരാറൊന്നുമില്ലെന്ന് അതോറിറ്റി സംഘം വ്യക്തമാക്കി. മഴക്കാലത്ത് ഷട്ടറുകള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കാറില്ലെന്ന് അതോറിറ്റി സംഘം വിലയിരുത്തി.
പെരിയാറിന് സമാന്തരമായി അണക്കെട്ടിന്‍െറ അടിത്തട്ടിലുള്ള രണ്ട് ഷട്ടറുകളും പ്രവര്‍ത്തിപ്പിക്കാറില്ലാത്തതും പ്രശ്നമാണ്. 2010 ഫെബ്രുവരിയിലാണ് അവസാനമായി ഡാം അതോറിറ്റി സംഘം ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ പരിശോധിച്ചത്. ജില്ലയിലെ എല്ലാ അണക്കെട്ടുകളുമായി ബന്ധപ്പെട്ട് ഇടുക്കിയില്‍ അക്കൗണ്ട് റന്‍ഡിങ് യൂനിറ്റ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും  നടപ്പായില്ല.
 

നഗരസഭ പ്രദേശത്ത് ടാങ്കറില്‍ കുടിവെള്ളമെത്തിക്കാന്‍ നടപടി

Posted: 09 Mar 2013 11:03 PM PST

പത്തനംതിട്ട: ജനകീയ പ്രതിഷേധം വിജയം കണ്ടതോടെ തിങ്കളാഴ്ച മുതല്‍ നഗരസഭ പ്രദേശങ്ങളില്‍ ടാങ്കറില്‍ കുടിവെള്ളമെത്തിക്കും. മാസങ്ങളായി കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന പ്രദേശങ്ങളില്‍ ടാങ്കറില്‍ വെള്ളമെത്തുന്നത് ആശ്വാസമാകും.
നഗരസഭയുടെ ഭാഗത്തുണ്ടായ വീഴ്ച മൂലമാണ് കുടിവെള്ളമെത്തിക്കാന്‍ വൈകിയത്. ടെന്‍ഡര്‍ നടപടി ഇഴഞ്ഞുനീങ്ങിയത് മൂലം ടാങ്കറുകള്‍ നഗരസഭ പ്രദേശത്തുനിന്ന് അകന്നു നിന്നു. രണ്ടാഴ്ച മുമ്പ് കൂടിയ കൗണ്‍സില്‍ യോഗം കുടിവെള്ളം വിതരണം ചെയ്യാന്‍ തീരുമാനിച്ചെങ്കിലും വേഗത്തില്‍ നടപ്പാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. അഞ്ചക്കാല, പെരിങ്ങമല, വഞ്ചിപ്പൊയ്ക, വെട്ടിപ്പുറം, ശാരദാമഠം, മുണ്ടുകോട്ടക്കല്‍, പൂവന്‍പാറ, തൈക്കാവ്, പേട്ട, കൈരളീപുരം, കുലശേഖരപതി, കുമ്പഴ, മൈലാടുംപാറ, പ്ളാവേലി, ചുട്ടിപ്പാറ, കരിമ്പനാക്കുഴി, ചുരളിക്കോട് തുടങ്ങിയ ഭൂരിഭാഗം വാര്‍ഡുകളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്.
അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് കുറഞ്ഞതോടെ ശുദ്ധജല പദ്ധതിയുടെ ജലവിതരണം തടസ്സപ്പെട്ട നിലയിലാണ്. രണ്ടും മൂന്നും ദിവസം കൂടുമ്പോഴാണ് പൈപ്പ് ലൈന്‍ വഴി ജലം ലഭിക്കുന്നത്. നാട്ടുകാര്‍ ദൂരെ സ്ഥലങ്ങളില്‍ വാഹനങ്ങളില്‍ പോയാണ് കുടിവെള്ളം ശേഖരിക്കുന്നത്. പലരും വന്‍തുകയാണ് ഇതിന് ചെലവാക്കുന്നത്.
 

പടിഞ്ഞാറന്‍ മേഖലയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു

Posted: 09 Mar 2013 10:45 PM PST

ഗാന്ധിനഗര്‍: ആര്‍പ്പൂക്കര ,അയ്മനം പഞ്ചായത്തുകളുടെ പടിഞ്ഞാറന്‍ മേഖലകളില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. ശുദ്ധജലക്ഷാമമാണ് രോഗവ്യാപനത്തിന് കാരണം. മെഡിക്കല്‍ കോളജ് ആശുപത്രിയുടെയും സമീപപ്രദേശങ്ങളിലെയും ഹോട്ടല്‍മാലിന്യങ്ങള്‍  ഒഴുക്കുന്ന തോടിന്‍െറ സമീപത്ത് താമസിക്കുന്നവര്‍ക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. മണിയാപറമ്പ്, മഞ്ചാടിക്കരി, കരീമഠം, അയ്മനം മേഖലകളിലാണ് രോഗബാധിതര്‍ കൂടുതല്‍. പ്രാഥമികകൃത്യത്തിന് പോലും വെള്ളമില്ല. 100 ലിറ്റര്‍ വെള്ളത്തിന് 40 രൂപ ക്രമത്തില്‍ കച്ചവടക്കാരും സജീവമായിട്ടുണ്ട്. വിലയ്ക്ക്വാങ്ങാന്‍ കഴിയാത്തവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.
മെഡിക്കല്‍ കോളജിലെയും സമീപത്തെ ഹോട്ടല്‍,വ്യാപാര സ്ഥാപനങ്ങളിലെയും കക്കൂസ് മാലിന്യമടക്കമുള്ളവ തോട്ടിലൂടെയാണ് ഒഴുക്കുന്നത്. കുട്ടോമ്പുറം, പിണ്ണര്‍തോട്, കൈപ്പുഴയാര്‍ എന്നിവിടങ്ങളിലൂടെ ഒഴുകുന്ന മലിനജലം മീനച്ചിലാറിന്‍െറ പടിഞ്ഞാറന്‍ മേഖലയില്‍ പതിക്കുകയാണ്. ഈജലം ഉപയോഗിക്കുന്നവര്‍ക്ക് മഞ്ഞപ്പിത്തം കൂടാതെ കാന്‍സര്‍ പോലുള്ള രോഗങ്ങളും കണ്ടുവരുന്നതായി പറയുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാലിന്യസംസ്കരണ പ്ളാന്‍റ് സ്ഥാപിക്കാത്തതാണ് മലിനജലം തോട്ടിലൂടെ ഒഴുക്കാന്‍ കാരണം. സുവര്‍ണജൂബിലി പിന്നിട്ടിട്ടും മാലിന്യസംസ്കരണത്തിന് സംവിധാനമില്ലാത്തത് ജനങ്ങളെ ആശങ്കപ്പെടുത്തുകയാണ്.

ഇടിമിന്നല്‍: അരൂരില്‍ വ്യാപക നാശം

Posted: 09 Mar 2013 10:41 PM PST

അരൂര്‍: കഴിഞ്ഞ രാത്രി മഴക്കൊപ്പമുണ്ടായ ഇടിമിന്നലില്‍ അരൂര്‍ മേഖലയുടെ പലഭാഗത്തും നാശനഷ്ടം. അരൂര്‍ വൈദ്യുതി സെക്ഷന്‍െറ കീഴിലുള്ള പല പ്രദേശത്തും മണിക്കൂറുകള്‍ വൈദ്യുതി നിലച്ചു.
ചന്തിരൂര്‍ കൊച്ചുതുരുത്തേല്‍ ഫ്രാന്‍സിസിന്‍െറ കോണ്‍ക്രീറ്റ് വീടിന്‍െറ ഒരുഭാഗം തകര്‍ന്നു. മിന്നലേറ്റ ഭാഗത്തെ ഭിത്തിയുമായി ബന്ധപ്പെട്ട് ഘടിപ്പിച്ചിരുന്ന  അഞ്ച് ഫാനുകളും ടി.വിയും കത്തിനശിച്ചു.  വീടിന്‍െറ ഭിത്തികള്‍ക്കും വിള്ളലുണ്ടായി. സമീപത്തെ സോളമന്‍െറ വീട്ടിലെ രണ്ട് ഫാനുകള്‍ കത്തിനശിച്ചു. എഴുപുന്ന പ്രദേശത്തെ ആറ് വീടുകളുടെ ഭിത്തികള്‍ക്ക് വിള്ളലുണ്ടായി. അരൂര്‍ പറത്തറ സോമന്‍െറ വീട്ടിലെ വൈദ്യുതി മീറ്റര്‍ പൂര്‍ണമായും കത്തി. സോമന്‍, ഭാര്യ സുധ, മക്കളായ സോനു, ധനസ് എന്നിവര്‍ക്ക് വൈദ്യുതാഘാതമേറ്റു. ഭിത്തിക്ക് വിള്ളലുണ്ടായതിനെ തുടര്‍ന്ന് കഷ്ണങ്ങള്‍ തെറിച്ച് ഇവരുടെ ദേഹത്തേക്ക് വീണു. ബഹളംകേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അരൂര്‍ കാട്ടിത്തറ സ്വദേശി നടരാജന്‍, ചെല്ലപ്പന്‍, രാജമ്മ എന്നിവരുടെ വീടുകള്‍ക്കും വിള്ളലുണ്ടായി. സമീപത്തെ തെങ്ങ് ഇടിമിന്നലേറ്റ് കത്തി. ചേര്‍ത്തലയില്‍ നിന്ന് അഗ്നിശമന സേന എത്തുന്നതിന് മുമ്പുതന്നെ മഴയില്‍ തീ അണഞ്ഞു. അരൂര്‍ വൈദ്യുതി സെക്ഷന്‍െറ കീഴില്‍ വെള്ളിയാഴ്ച രാത്രി നിലച്ച വൈദ്യുതി വിതരണം ശനിയാഴ്ച ഉച്ചയോടെയാണ് പുന$സ്ഥാപിച്ചത്.

'ഇന്ത്യ ഒന്നാമത്' എന്നാണ് മതേതരത്വത്തിന്റെ അര്‍ഥം- മോഡി

Posted: 09 Mar 2013 10:38 PM PST

Image: 

വാഷിങ്ടണ്‍: 'ഇന്ത്യ ഒന്നാമത്' എന്നാണ് തന്റെ കാഴ്ചപ്പാടില്‍ മതേതരത്വത്തിന്റെ നിര്‍വചനമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. യു.എസിലെ എഡിസണ്‍, ന്യൂജഴ്സി, ചിക്കാഗോ, ഇല്ലിനോയ്സ് എന്നീ സംസ്ഥാനങ്ങളിലെ ഇന്ത്യന്‍ വംശജരോട് വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസാരിക്കുകയായിരുന്നു മോഡി. നിങ്ങള്‍ എവിടെ എന്ത് ജോലി ചെയ്താലും ഇന്ത്യയായിരിക്കണം നിങ്ങളുടെ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മതങ്ങള്‍ക്കും ആശയങ്ങള്‍ക്കും മേലയാണ് രാജ്യം. ഗുജറാത്ത് വികസനത്തിന്റെചിഹ്നമായി മാറിയിരിക്കുകയാണ്.  വിദേശത്ത് കഴിയുന്ന ഇന്ത്യക്കാര്‍ മടങ്ങിവന്ന് രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നത് സ്വാഗതാര്‍ഹമാണ്. പത്തൊമ്പതാം നൂറ്റാണ്ട് യൂറോപ്യന്‍മാരുടെതായിരുന്നു. ഇരുപതാം നൂറ്റാണ്ട് അമേരിക്കയുടേതും. എന്നാല്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യക്കാരുടെതാണ്. വികസനമുണ്ടെങ്കില്‍ മാത്രമെ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കഴിയൂ. ഇന്ത്യ ലോക നേതാവാകുന്നതിനെ ആര്‍ക്കും തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

2000ലെ ഗുജറാത്ത് കലാപം തടയാന്‍ ശ്രമിച്ചില്ലെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മോഡിക്ക് യു.എസ് വിസ നിഷേധിച്ചിരുന്നു. പെനിസില്‍വാനിയ യൂനിവേഴ്സിറ്റിയിലെ വാര്‍ട്ടന്‍ ബിസിനസ് സ്കൂള്‍ മോഡിയുടെ പ്രഭാഷണം കഴിഞ്ഞാഴ്ച റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും മോഡി പ്രഭാഷണത്തില്‍ സൂചിപ്പിച്ചില്ല.
 

കൊച്ചി മെട്രോ : എട്ട് സ്റ്റേഷനുകള്‍ക്ക് ഒരു മാസത്തിനകം സ്ഥലം കൈമാറും

Posted: 09 Mar 2013 10:37 PM PST

കൊച്ചി: മെട്രോ റെയിലിന്‍െറ എട്ട് സ്റ്റേഷനുകള്‍ക്കുള്ള സ്ഥലം ഒരു മാസത്തിനകം ഡി.എം.ആര്‍.സിക്ക് കൈമാറുമെന്ന്  കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത്. കൊച്ചി സര്‍വകലാശാല, മുട്ടം, അമ്പാട്ടുകാവ്, ഇടപ്പള്ളി ഹൈസ്കൂള്‍, കലൂര്‍, എളംകുളം, തൈക്കൂടം, പേട്ട സ്റ്റേഷനുകള്‍ നിര്‍മിക്കുന്നതിനുള്ള സ്ഥലമാണ് കൈമാറുക.
പത്തടിപ്പാലം, ആലുവ ബൈപാസ്, കമ്പനിപ്പടി, അപ്പോളോ ടയേഴ്സ്, ഇടപ്പള്ളി കവല, പുളിഞ്ചോട്, പാലാരിവട്ടം, കലൂര്‍ സ്റ്റേഡിയം, മാധവ ഫാര്‍മസി, മഹാരാജാസ് കോളജ് സ്റ്റേഷനുകള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഭരണാനുമതിക്ക് സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്. നാല് മാസത്തിനകം ഈ സ്റ്റേഷനുകള്‍ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. നാല് മെട്രോ സ്റ്റേഷനുകള്‍ക്കായി കണ്ടെത്തിയത് സര്‍ക്കാര്‍ ഭൂമിയാണ്. കലൂര്‍ ബസ് സ്റ്റാന്‍ഡ് സ്റ്റേഷന്‍െറ സ്ഥലം കൊച്ചി കോര്‍പറേഷന്‍െറയും പൊതുമരാമത്ത് വകുപ്പിന്‍െറയും കൈവശമാണ്.
ജി.സി. ഡി.എയുടെയും ഹൗസിങ് ബോര്‍ഡിന്‍െറയും ഉടമസ്ഥതയിലുള്ള സ്ഥലമാണ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനായി കണ്ടെത്തിയിരിക്കുന്നത്.
സൗത് റെയില്‍വേ സ്റ്റേഷന്‍ മെട്രോ സ്റ്റേഷന്‍െറ സ്ഥലം റെയില്‍വേയുടെ കൈവശമാണ്. ഇവ ഏറ്റെടുത്ത് സ്റ്റേഷന്‍ നിര്‍മാണത്തിനായി ഡി.എം.ആര്‍.സിക്ക് കൈമാറാനും സര്‍ക്കാറിന്‍െറ ഭരണാനുമതി വേണം. മെട്രോ റെയില്‍ പദ്ധതിയുടെ മുന്നൊരുക്കങ്ങള്‍ക്കായി കൊച്ചി നഗരത്തില്‍ റോഡ് വികസനത്തിനും റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്കും ഭൂമി ഏറ്റെടുത്ത് നല്‍കിയ ശേഷമാണ് സ്റ്റേഷനുകള്‍, യാര്‍ഡുകള്‍ തുടങ്ങിയവക്കാവശ്യമായ ഭൂമി ഏറ്റെടുക്കലിലേക്ക് ജില്ലാ ഭരണകൂടം കടന്നിരിക്കുന്നത്.
ഇതോടൊപ്പം മുട്ടം മെട്രോ വില്ലേജ്, കാക്കനാട് മെട്രോ ബിസിനസ് ഡിസ്ട്രിക്ട് എന്നിവക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടു കഴിഞ്ഞു.
മെട്രോ റെയില്‍ പദ്ധതി തീരുമാനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്‍െറ  അംഗീകാരം നേടിയെടുക്കുന്നതിന് പ്രത്യേക മെട്രോ സ്ഥലമെടുപ്പ് യൂനിറ്റ് കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP