സ്വാഗതം
WELCOME

News Update..

Sunday, March 24, 2013

യു.ഡി.എഫിലെ വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു Madhyamam News Feeds

യു.ഡി.എഫിലെ വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു Madhyamam News Feeds

Link to

യു.ഡി.എഫിലെ വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു

Posted: 24 Mar 2013 12:37 AM PDT

Image: 

തിരുവനന്തപുരം: യു.ഡി.എഫില്‍ അടുത്തിടെയുണ്ടായ വിവാദങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് കേന്ദ്രപ്രതിരേധമന്ത്രി എ.കെ ആന്റണി. കേരളത്തില്‍ നടന്ന വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമായിപ്പോയി. അനാവശ്യ വിവാദങ്ങള്‍ സംസ്ഥാനത്തിന്റെ പുരോഗതിക്ക് തടസമാകും. പല വിവാദങ്ങളും ഒഴിവാക്കാനാകുമായിരുന്നു. വിവാദങ്ങള്‍ ഒഴിവാക്കിയാല്‍ അത് യു.ഡി.എഫിനും സര്‍ക്കാരിനും കേരളത്തിനും ഗുണം ചെയ്യുമെന്നും ആന്റണി പറഞ്ഞു.

കടല്‍ക്കൊല കേസില്‍ സുപ്രീംകോടതി സ്വീകരിച്ച നിലപാടുകള്‍ ചരിത്രപരമാണെന്നും ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കെ.പി.സി.സി ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ആന്റണി.

നേരത്തെ, ആന്റണി നടന്‍ ജഗതിയെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിക്കുകയുണ്ടായി.
 

മുശര്‍റഫ് പാകിസ്താനിലെത്തി

Posted: 24 Mar 2013 12:30 AM PDT

Image: 
Subtitle: 
താലിബാന്‍െറ വധഭീഷണി മുശര്‍റഫ് തള്ളി

ഇസ്ലാമാബാദ്: മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുശര്‍റഫ് പാകിസ്താനിലെത്തി. അഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ദുബായില്‍ നിന്നും കറാച്ചി വിമാനത്താവളത്തിലിറങ്ങിയ മുശര്‍റഫിനെ സ്വീകരിക്കാന്‍ ആയിരണക്കണക്കിന് അനുയായികളാണ് എത്തിയത്. പാകിസ്താനില്‍ കാലു കുത്തിയാല്‍ വധിക്കുമെന്ന താലിബാന്റെഭീഷണി തള്ളിയാണ് മുശര്‍റഫിന്‍െറ വരവ്.

മുശര്‍റഫിനെ വധിക്കാനായി ചാവേറുകളുടെ പ്രത്യകേ സ്ക്വാഡിനെ ഒരുക്കിയിട്ടുണ്ടെന്ന് താലിബാന്‍ വക്താവ് ഇഹ്സാനുല്ല ഇഹ്സാന്‍ വാര്‍ത്താ ഏജന്‍സികളെ അറിയിച്ചിരുന്നു. ഇതത്തേുടര്‍ന്ന് പാകിസ്താനിലേക്ക് പോകുന്നത് അപകടമാണെന്ന് സൗദി അധികൃതര്‍ മുശര്‍റഫിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ യുദ്ധത്തില്‍ പങ്കാളിയായതിനാല്‍ താലിബാന്‍ മൂന്നു തവണ മുശര്‍റഫിനെ വധിക്കാന്‍ ശ്രമിച്ചിരുന്നു.

മേയില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടിയെ സജ്ജമാക്കുന്നതിനാണ് മുശര്‍റഫ് പാകിസ്താനില്‍ തിരിച്ചെത്തിയത്.1999ല്‍ പ്രസിഡന്‍റ് പദവി നഷ്ടപ്പെട്ട മുശര്‍റഫ് 2009ലാണ് പാകിസ്താന്‍ വിട്ടത്. തുടര്‍ന്ന് ലണ്ടനിലും ദുബൈയിലുമായി പ്രവാസജീവിതം നയിച്ചുവരുകയായിരുന്നു.

മുശര്‍റഫ് തിരിച്ചെത്തിയാല്‍ അദ്ദഹേത്തെ അറസ്റ്റ് ചെയ്യുമെന്ന് നേരത്തേ പി.പി.പി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ശര്‍റഫിനെതിരെയുള്ള നാലു കേസുകളില്‍ സിന്ധ് ഹൈകോടതി വെള്ളിയാഴ്ച മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.
 

എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം: മന്ത്രി ആര്യാടനെ കരിങ്കൊടികളുമായി ഉപരോധിച്ചു

Posted: 23 Mar 2013 10:41 PM PDT

Image: 

കാസര്‍കോട്: വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിനെ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടികളുമായി  ഉപരോധിച്ചു. എന്‍ഡോസള്‍ഫാന്‍ പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ഫലപ്രദമായ ശ്രമങ്ങള്‍ നടത്തുന്നില്ലെന്നും ദുരിതബാധിതര്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നില്ലെന്നും ആരോപിച്ചാണ് പ്രവര്‍ത്തകര്‍ മന്ത്രിയെ ഉപരോധിച്ചത്.

ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. രാവിലെ ഗസ്റ്റ്ഹൗസില്‍ നിന്ന് ഉദ്ഘാടന വേദിയിലേക്ക് പുറപ്പെടാനൊരുങ്ങുമ്പോഴാണ് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്റെ നേതൃത്വത്തിലുള്ള ഇരുപത്തിയഞ്ചോളം പ്രവര്‍ത്തകര്‍ കരിങ്കൊടികളുമായെത്തിയത്. ഗസ്റ്റ് ഹൗസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അല്‍പ്പസമയത്തിനകം കൂടുതല്‍ പൊലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കി.

 

രണ്ടാം ഇന്നിങ്സിലും ആസ്ട്രേലിയക്ക് ബാറ്റിങ് തകര്‍ച്ച

Posted: 23 Mar 2013 10:29 PM PDT

Image: 

ന്യൂദല്‍ഹി: നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെരണ്ടാം ഇന്നിങ്സിലും ആസ്ട്രേലിയക്ക് ബാറ്റിങ് തകര്‍ച്ച. അവസാന റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 53 റണ്‍സെടുമ്പോഴേക്കും സന്ദര്‍ശകരുടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. എട്ട് റണ്‍സ് വീതമെടുത്ത് ഡേവിഡ് വാര്‍ണറും ഗ്ളെന്‍ മാക്സ്വെല്‍, ആറ് റണ്‍സെടുത്ത് ഫിലിപ്പ് ഹ്യൂസ്, എഡ് കോവന്‍, ഷെയ്ന്‍ വാട്സണുമാണ് പുറത്തായത്. രവീന്ദ്ര ജഡേജ രണ്ടും രവീന്ദ്രന്‍ അശ്വിന്‍ ഒരു വിക്കറ്റുമാണ് വീഴ്ത്തിയത്.

നേരത്തെ, ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയുടെ ബാറ്റിങ് 272 റണ്‍സിനു പൂര്‍ത്തിയായി. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിവസം കളി ആരംഭിച്ച് പത്തു റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ബാക്കിയുള്ള വിക്കറ്റുകളും നഷ്ട്ടപ്പെട്ടു. ഇശാന്ത് ശര്‍മ്മയും പ്രഗ്യാന്‍ ഓജയുടെയും പവലിയനിലേക്ക് മടങ്ങിയതോടെയാണ് ഇന്ത്യന്‍ ബാറ്റിങ് അവസാനിച്ചത്. നതാന്‍ ലിയോണിന്റെസ്പിന്‍ മായാജാലമാണ് ചരിത്രം നേട്ടം മനസില്‍ കണ്ട് ക്രീസിലിറങ്ങിയ ഇന്ത്യയെ തകര്‍ത്തത്. വെറും 94 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകളാണ് ലിയോണ്‍ സ്വന്തമാക്കിയത്.  

ചേതേശ്വര്‍ പൂജാര(52) മുരളി വിജയ് (57) രവീന്ദ്ര ജഡേജ (43) എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്.

ആസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 262 റണ്‍സിന് പുറത്തായിരുന്നു. എട്ടിന് 231 എന്ന നിലയില്‍ രണ്ടാം ദിവസം കളിയാരംഭിച്ച സന്ദര്‍ശകര്‍ക്ക് കാര്യമായി ഒന്നും ചെയ്യായില്ല. സിഡിലും (51) പാറ്റിന്‍സനും (30) മാത്രമാണ് ആസ്ട്രേലിയക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഇന്ത്യക്ക് വേണ്ടി ആര്‍.അശ്വിന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.

 

ജില്ലയുടെ പുരോഗതിക്ക് കോര്‍പറേഷന്‍ രൂപവത്കരണം അനിവാര്യം -മന്ത്രി

Posted: 23 Mar 2013 09:40 PM PDT

മലപ്പുറം: ജില്ലയുടെ പുരോഗതിക്ക് പുതിയ കോര്‍പറേഷന്‍ രൂപവത്കരിക്കേണ്ടത് അനിവാര്യമാണെന്ന് നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി. നഗരസഭയുടെ വാര്‍ഷിക പദ്ധതി പൂര്‍ത്തീകരണവും വികലാംഗര്‍ക്കുള്ള ഉപകരണ വിതരണവും മലപ്പുറം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോര്‍പറേഷനുകള്‍  രൂപവത്കരിച്ചാല്‍ കേന്ദ്രസഹായം ലഭിക്കും. അത് ജില്ലയുടെ വികസനത്തിന് ആക്കം കൂട്ടും. ഇതിന് കക്ഷിഭേദമന്യേ എല്ലാവരുടെയും പിന്തുണ ആവശ്യമാണ്. മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി നഗരസഭകളെയും സമീപ പ്രദേശങ്ങളെയും കോര്‍ത്തിണക്കി ഒരു കോര്‍പറേഷനും തിരൂര്‍, താനൂര്‍, പൊന്നാനി മേഖലകളെ കോര്‍ത്തിണക്കി മറ്റൊരു കോര്‍പറേഷനും വേണമെന്നാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം നഗരസഭയുടെ ശിഹാബ് തങ്ങള്‍ ഭവനപദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കും.
ജില്ലയിലെ പല പഞ്ചായത്തുകളും നഗരസഭകളാക്കാനുള്ള ഒരുക്കത്തിലാണെന്നും മന്ത്രി പറഞ്ഞു. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു.
നഗരസഭാ പരിധിയിലെ 59 വികലാംഗര്‍ക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. സര്‍വേയും മെഡിക്കല്‍ ക്യാമ്പും നടത്തിയാണ് അര്‍ഹരെ കണ്ടെത്തിയത്. 6.40 ലക്ഷത്തിന്‍െറ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. നഗരസഭാ സെക്രട്ടറി ബിനു ഫ്രാന്‍സിസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ളബുകള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റ് വിതരണം ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്സന്‍ കെ.എം. ഗിരിജ, സ്ഥിരം സമിതി അധ്യക്ഷരായ പി. അബ്ദുല്‍ മജീദ്, സി.എച്ച്. ജമീല, പി.കെ. സക്കീര്‍ ഹുസൈന്‍, ഇരിയക്കളം ഹഫ്സത്ത്, എന്‍.കെ. അബ്ദുല്‍ മജീദ്, വാര്‍ഡ് കൗണ്‍സിലര്‍ വീക്ഷണം മുഹമ്മദ്, കൊന്നോല യൂസുഫ്, ഐ.സി.ഡി.എസ്  സൂപ്പര്‍വൈസര്‍ രമണി എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ സംഘാടനത്തെ സംബന്ധിച്ച് തങ്ങളോട് ആലോചിക്കുകയോ മറ്റ് ബന്ധപ്പെട്ട സമിതികളില്‍ തീരുമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.
 

ദേശീയ പാത ടാര്‍ ചെയ്ത് നവീകരിച്ചു: വാഹനങ്ങളുടെ മരണപ്പാച്ചില്‍ അപകടത്തിലേക്ക്

Posted: 23 Mar 2013 09:37 PM PDT

മീനങ്ങാടി: ബത്തേരി-കല്‍പറ്റ റോഡില്‍ ടാറിങ് പൂര്‍ത്തിയായതോടെ വാഹനങ്ങളുടെ മരണപ്പാച്ചില്‍ പതിവായി. അമിതവേഗത നിയന്ത്രിക്കാനുള്ള നടപടി വൈകുകയാണ്.
ബീനാച്ചി മുതല്‍ കല്‍പറ്റക്കടുത്ത് കൈനാട്ടിവരെയുള്ള ഭാഗത്ത് അപകടമേഖലകള്‍ നിരവധിയാണ്.  വേഗത നിയന്ത്രിക്കണമെന്ന ബോര്‍ഡ് എല്ലായിടത്തും ഉണ്ടെങ്കിലും ഡ്രൈവര്‍മാര്‍ ഗൗനിക്കാറില്ല. ബീനാച്ചിക്ക് ശേഷമുള്ള ഇറക്കം, കൊളഗപ്പാറ കവല, ഉജാല പരിസരം, പാതിരിപ്പാലം, 54 വളവ്, കുട്ടിരായന്‍ പാലം, വാര്യാട്, എടപ്പെട്ടി എന്നിവിടങ്ങളിലൊക്കെ നിരവധി അപകടങ്ങള്‍ നടന്നു. റോഡ് കുണ്ടുംകുഴിയുമായപ്പോള്‍ ഇഴഞ്ഞുനീങ്ങിയിരുന്ന വാഹനങ്ങള്‍ റോഡ് നന്നായതോടെ ചീറിപ്പായുകയാണ്.
ഏതാനും ദിവസം മുമ്പ് പാതിരപ്പാലത്ത് നടന്ന അപകടത്തില്‍ അമിത വേഗത്തില്‍ നിയന്ത്രണംവിട്ട കാര്‍ കാപ്പിത്തോട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാതിരിപ്പാലം ഇറക്കത്തിലും കയറ്റത്തിലും വാഹനങ്ങള്‍ സഡന്‍ ബ്രേക്കിട്ട് ഉരഞ്ഞ പാടുകള്‍ നിരവധിയാണ്.
ബത്തേരി ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ പാതിരിപ്പാലം ഇറക്കമിറങ്ങുന്നത് അമിത വേഗത്തിലാണ്.
വീതിയുള്ളതിനാല്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് അതേ വേഗത്തില്‍ സൈഡ് കൊടുക്കാനും കഴിയുന്നു. എന്നാല്‍, ഇറക്കത്തിന്‍െറ അവസാനമുള്ള പാലത്തിന് വീതി കുറവാണ്. എതിരെ വാഹനങ്ങള്‍ വന്നാല്‍ ചവിട്ടി നിര്‍ത്തണം.
വാഹനം നിന്നില്ലെങ്കില്‍ പാലത്തിന്‍െറ വശങ്ങളിലൂടെ എത്തുക പുഴയിലേക്കാണ്. അല്ലെങ്കില്‍ കൂട്ടിയിടിക്കും. മീനങ്ങാടിക്കും കാക്കവയലിനുമിടയില്‍ കുട്ടിരായന്‍പാലത്തിലും ഇതേ അവസ്ഥയാണ്.
കൊളഗപ്പാറ കവല, പാതിരിപ്പാലം ഇറക്കം, വാര്യാട് എന്നിവിടങ്ങളിലൊക്കെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ ‘സ്റ്റോപ് ആന്‍ഡ് പ്രൊസീഡ്’ സംവിധാനം ആവശ്യമാണ്. കൊളഗപ്പാറ കവല, മീനങ്ങാടി ബസ്സ്റ്റാന്‍ഡ്, മുട്ടില്‍ എന്നിവിടങ്ങളില്‍ ബസുകള്‍ വെറുതെ നിര്‍ത്തിയിടുന്നു. ഇങ്ങനെ പാഴാക്കുന്ന സമയം വീണ്ടെടുക്കാന്‍ പിന്നെ അമിത വേഗത്തില്‍ ഓടണം.
ഇത് മനസ്സിലാക്കിയ കൊളഗപ്പാറയിലെ ജനങ്ങള്‍ യാത്രക്കാര്‍ കയറിയാല്‍ ബസുകള്‍ ഉടന്‍ പുറപ്പെടണമെന്ന ബോര്‍ഡ് ബസ്സ്റ്റോപ്പില്‍ സ്ഥാപിച്ചിട്ടുണ്ട്.

നഗരസഭാ ബജറ്റ്; നടപ്പുപദ്ധതികള്‍ക്ക് മുന്‍തൂക്കം

Posted: 23 Mar 2013 09:33 PM PDT

കോഴിക്കോട്: പറയത്തക്ക പുതിയ പദ്ധതികളില്ലാതെ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി നിര്‍വഹണത്തിന് മുന്‍തൂക്കം നല്‍കി നഗരസഭയുടെ പുതിയ ബജറ്റ്. തുടര്‍ച്ചയായ 13ാം തവണ ഡെപ്യൂട്ടി മേയര്‍ പ്രഫ. പി.ടി. അബ്ദുല്‍ ലത്തീഫ്, മേയര്‍ എ. കെ. പ്രേമജത്തിന്‍െറ അധ്യക്ഷതയില്‍ അവതരിപ്പിച്ച ബജറ്റില്‍ 308.85 കോടി രൂപയുടെ വരവും 297.09 കോടിയുടെ ചെലവും 11.75 കോടിയുടെ നീക്കിയിരിപ്പും നിര്‍ദേശിക്കുന്നു. 2012-13 വര്‍ഷത്തെ നീക്കിയിരിപ്പായ 18.51 കോടി രൂപ ഉള്‍പ്പെടെ മൊത്തം 308.85 കോടി രൂപ വരവ് പ്രതീക്ഷിക്കുന്ന ബജറ്റില്‍ മൂലധനം വരവിനെ അപേക്ഷിച്ച് 15.48 കോടി രൂപയുടെ അധിക ചെലവ് വരും.
137.37 കോടി രൂപ മൂലധന വരവ് പ്രതീക്ഷിക്കുമ്പോള്‍ ഈയിനത്തിലെ ചെലവ് 152.86 കോടിയാണ്.23 കോടി രൂപ ചെലവ്  പ്രതീക്ഷിക്കുന്ന പുതിയ മള്‍ട്ടിലെവല്‍ പാര്‍ക്കിങ് കോംപ്ളക്സാണ് ബജറ്റിലെ എടുത്തുപറയാവുന്ന ഒരു പദ്ധതി. ഇതേ ഡെപ്യൂട്ടി മേയര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രഖ്യാപിച്ച റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡിലെ മള്‍ട്ടിലെവല്‍ പാര്‍ക്കിങ് കോംപ്ളക്സ് എങ്ങുമെത്താതെ കിടക്കുമ്പോഴാണ് പുതിയ പ്രഖ്യാപനം. മാവൂര്‍ റോഡിന് സമീപം ശ്രീകണ്ഠേശ്വര ക്ഷേത്രത്തിന് എതിര്‍വശത്തായുള്ള 40 സെന്‍റ് ഭൂമിയില്‍ ബേസ്മെന്‍റും ടെറസും ഉള്‍പ്പെടെ ഏഴ് നിലകളില്‍ പാര്‍ക്കിങ് കോംപ്ളക്സ് സ്ഥാപിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. 700 കാറുകള്‍ക്കും 200 ഇരുചക്ര വാഹനങ്ങള്‍ക്കും പാര്‍ക്കിങ് സംവിധാനം ഒരുക്കാന്‍ കഴിയുന്ന കോംപ്ളക്സിലെ ഒന്നാംനില വാണിജ്യ ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കും. നാല് ലിഫ്റ്റുകളും രണ്ടുവീതം പടിക്കെട്ടുകളും വാഹന ലിഫ്റ്റുകളും റാമ്പുകളും അടങ്ങുന്ന കോംപ്ളക്സ് ബജറ്റ് വര്‍ഷത്തില്‍തന്നെ പ്രാവര്‍ത്തികമാക്കാന്‍ നടപടി സ്വീകരിച്ചതായി ഡെപ്യൂട്ടി മേയറുടെ ബജറ്റ് പ്രസംഗത്തില്‍ എടുത്തു പറയുന്നു.

യു.എ.ഇയില്‍ പൊതുമാപ്പിന് ശേഷം പിടിയിലായത് 385 അനധികൃത താമസക്കാര്‍

Posted: 23 Mar 2013 09:16 PM PDT

Image: 

അബൂദബി: പൊതുമാപ്പ് കാലയളവിന് ശേഷം രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ രാജ്യത്ത് ഇതുവരെ 385 അനധികൃത താമസക്കാര്‍ പിടിയിലായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അബൂദബിയില്‍ 125, അല്‍ഐനില്‍ 100, ഷാര്‍ജയില്‍ 81, ഫുജൈറയില്‍ 79, റാസല്‍ഖൈമ 40 എന്നിങ്ങനെയാണ് ഓരോ എമിറേറ്റില്‍ നിന്നും പിടിയിലായവരുടെ എണ്ണം. താമസ-കുടിയേറ്റ നിയമം ലംഘിച്ചവര്‍ക്ക് പിഴയോ തടവോ കൂടാതെ രാജ്യം വിടാന്‍ ഡിസംബര്‍ നാല് മുതല്‍ ഫെബ്രുവരി നാല് വരെയാണ് പൊതുമാപ്പ് അനുവദിച്ചിരുന്നത്. ഈ അവസരം വിനിയോഗിക്കണമെന്ന സന്ദേശവുമായി ‘നോ ടു വയ്ലേറ്റേഴ്സ്’ എന്ന കാമ്പയിനും നടത്തിയിരുന്നു. ഇത് പ്രയോജനപ്പെടുത്താതെ രാജ്യത്ത് തങ്ങുന്ന അനധികൃത താമസക്കാരെ കണ്ടുപിടിക്കാന്‍ പൊതുമാപ്പ് ഫോളോഅപ്പ് വിഭാഗം പരിശോധന കര്‍ശനമാക്കിയിരുന്നു. അബൂദബിയില്‍ മുസഫയിലും ടൂറലിസ്റ്റ് ക്ളബ് ഏരിയയിലുമാണ് പ്രധാനമായും പരിശോധന നടന്നത്. 79 പുരുഷന്മാരും 46 സ്ത്രീകളുമാണ് പിടിയിലായത്. ഇവരിലധികവും ഏഷ്യന്‍ വംജരാണ്. സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവരാണ് സ്ത്രീകളില്‍ അധികവും.
അല്‍ഐനില്‍ ആറിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ വിവിധ രാജ്യക്കാരായ 100 പേര്‍ കുടുങ്ങി. ഇന്‍ഡസ്ട്രിയല്‍ ഏരിയ, അല്‍ സൂഖ് ഏരിയ, അല്‍ ഹിലി, അല്‍ ഹായര്‍, അല്‍ വാഗന്‍, അല്‍ ജീമി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. 87 പുരുഷന്മാരും 13 സ്ത്രീകളുമാണ് പിടിയിലായത്. ഷാര്‍ജയില്‍ താമസ-കുടിയേറ്റ ജനറല്‍ ഡയറക്ടറേറ്റിന്‍െറ കൂടി സഹകരണത്തോടെ നടന്ന പരിശോധനയില്‍ 81 നിയമലംഘകള്‍ കുടുങ്ങി. ഫുജൈറയില്‍ ഫുജൈറ പൊലീസ് ജനറല്‍ ഹെഡ്ക്വാട്ടേഴ്സുമായി സഹകരിച്ചായിരുന്നു പരിശോധന. അല്‍ ഖാരിയയില്‍ നടന്ന പരിശോധനയില്‍ ഏഷ്യന്‍ വംശജരായ 79 പേര്‍ പിടിയിലായി. റാസല്‍ഖൈമയില്‍ 40 നിയമലംഘകരാണ് കുടുങ്ങിയത്.
അനധികൃത താമസക്കാരെ ഒഴിവാക്കി രാജ്യത്ത് സുരക്ഷിതമായ ജീവിത സാഹചര്യമൊരുക്കുന്നതിനുള്ള നടപടികളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ഫോളോഅപ്പ് വിഭാഗം മേധാവി കേണല്‍ അലി ഇബ്രാഹിം അല്‍ തുനൈജി പറഞ്ഞു. ഇത്തരക്കാരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ 80080 എന്ന ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

തീവ്രവാദക്കേസുകളില്‍ മുസ്ലിം യുവാക്കള്‍ക്ക് പ്രത്യേക കോടതി

Posted: 23 Mar 2013 09:15 PM PDT

Image: 

ന്യൂദല്‍ഹി: തീവ്രവാദക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട മുസ്ലിം യുവാക്കളുടെ വിചാരണക്ക് പ്രത്യേക കോടതി സ്ഥാപിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കെ. റഹ്മാന്‍ ഖാന്‍. രാജ്യത്ത് തീവ്രവാദക്കേസുകളില്‍ നിരവധി മുസ്ലിം യുവാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരായ കേസുകള്‍ പുനപരിശോധിക്കണമെന്നു ഫെബ്രുവരിയില്‍ ആഭ്യന്തര മന്ത്രാലയത്തോട്  ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം യുവാക്കള്‍ക്കെതിരായ കേസുകളില്‍ അതിവേഗം തീര്‍പ്പുകല്‍പ്പിക്കാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതില്‍ അനുകൂല നിലപാട് അറിയിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് ശനിയാഴ്ച ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി നിരപരാധികളായ മുസ്ലിം യുവാക്കളെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രാലയത്തിനു അറിയാം. തീവ്രവാദ കേസുകളില്‍ നിരപരാധികളെ ജയിലിലടച്ചതിനു ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും റഹ്മാന്‍ ഖാന്‍ പറഞ്ഞു.

 

കുടുംബ വിസ നിയമത്തില്‍ മാറ്റമില്ലെന്ന് അധികൃതര്‍

Posted: 23 Mar 2013 09:12 PM PDT

Image: 

മസ്കത്ത്: കുടുംബ വിസ നിയമത്തില്‍ അടുത്തിടെ പരിഷ്കരണങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും നിലവിലുള്ള നിയമങ്ങള്‍ തന്നെയാണ് പ്രാബല്യത്തിലുള്ളതെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്പോര്‍ട്ട് ആന്‍ഡ് റസിഡന്‍സ് അധികൃതര്‍ അറിയിച്ചു. ഒമാനിലേക്ക് കുടുംബ വിസ എടുക്കുന്നതിന് കെട്ടിടത്തിന്‍െറ ഉടമയുമായി താമസയിടത്തിന്‍െറ കരാര്‍ ഉണ്ടാക്കിയിരിക്കണമെന്ന് അടുത്തിടെ ചില പത്രങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം നിയമങ്ങളൊന്നും ഡയറക്ടറേറ്റ് പുതുതായി ഉണ്ടാക്കിയിട്ടില്ലെന്നും ഇങ്ങനെ ഒരു ആവശ്യം മന്ത്രാലയം ആരോടും ഉയര്‍ത്തിയിട്ടില്ലെന്നും ഡയറക്ടറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പ്രമുഖ ഇംഗ്ളീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കുടുംബ വിസ നല്‍കുന്ന വിഷയത്തില്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ മുമ്പോട്ട് വന്നിട്ടുണ്ടെന്നും ഒരു പരിഷ്കരണവും ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, വിസ, റസിഡന്‍റ് കാര്‍ഡ് നിയമങ്ങളില്‍ വല്ല മാറ്റവുമുണ്ടാവുമ്പോള്‍ യഥാസമയം പൊതുജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള നിയമമനുസരിച്ച് കുടുംബ സ്റ്റാറ്റസിന് കമ്പനിയുമായുള്ള കരാറില്‍ വ്യവസ്ഥയുള്ളവര്‍ക്കും 300 റിയാലില്‍ കൂടുതല്‍ ശമ്പളമുള്ളവര്‍ക്കും ഒമാനില്‍ കുടുംബത്തെ കൊണ്ടുവരാനാവും. സ്വന്തമായി ബിസിനസ് നടത്തുന്ന, കുടുംബത്തെ പുലര്‍ത്താന്‍ വരുമാനമുള്ളവര്‍ക്കും ഫമിമി ജോയിനിങ് വിസ ലഭിക്കും.
ഇണകളെ കൊണ്ടുവരുമ്പോള്‍ വിവിധ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തിയ വിവാഹ സര്‍ട്ടിഫിക്കറ്റ്, മക്കളെ കൊണ്ടുവരാന്‍ വിവിധ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തിയ ജനന സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്‍െറ ആറു മാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്പോര്‍ട്ട് കോപ്പി, വിസ പേജ് കോപ്പി, റസിഡന്‍റ് കാര്‍ഡ് കോപ്പി, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, കൊണ്ടുവരുന്ന കുടുംബത്തിന്‍െറ പാസ്പോര്‍ട്ട് കോപ്പി, ഫോട്ടോ, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളാണ് സമര്‍പ്പിക്കേണ്ടത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP