സ്വാഗതം
WELCOME

News Update..

Tuesday, March 19, 2013

വായ്പാ നയം: ഭവന, വാഹന വായ്പയുടെ പലിശ കുറഞ്ഞേക്കും Madhyamam News Feeds

വായ്പാ നയം: ഭവന, വാഹന വായ്പയുടെ പലിശ കുറഞ്ഞേക്കും Madhyamam News Feeds

Link to

വായ്പാ നയം: ഭവന, വാഹന വായ്പയുടെ പലിശ കുറഞ്ഞേക്കും

Posted: 19 Mar 2013 12:36 AM PDT

Image: 

മുംബൈ: വ്യാവസായ മേഖലയുടെ മുരടിപ്പ് പരിഗണിച്ച് റിസര്‍വ് ബാങ്ക് അടിസ്ഥന പലിശ നിരക്കുകള്‍ വീണ്ടും കുറച്ചതോടെ ഭവന, വാഹന വയ്പകളുടെ പലിശ നിരക്ക് കുറഞ്ഞേക്കും. അടിസ്ഥാന വായ്പാ നിരക്കുകളില്‍ വരുത്തിയ കുറവിന്‍െറ പ്രതിഫലനം ആദ്യം ഉണ്ടാകുന്നതും ഈ മേഖലയിലായിരിക്കും.
വാഹന വ്യവസായ മേഖലയിലെ വില്‍പ്പന വളര്‍ച്ച സമീപകാലത്ത് ആദ്യമായി പൂജ്യത്തിലും താഴെ എത്തിയിരുന്നു. അതുപോലെ നിര്‍മാണ മേഖലയും ഏറെക്കുറെ മുരടിപ്പിലാണ്. ഈ രണ്ട് മേഖലയിലും ചലനം കൊണ്ടുവരുന്നതോടെ സമ്പദ്വ്യവസ്ഥയില്‍ വീണ്ടും ഉണര്‍വ് പ്രകടമാകുമെന്നാണ് പ്രതീക്ഷ. ഇതു കൂടി മുന്നില്‍ കണ്ടാണ് പണപ്പെരുപ്പ നിരക്ക് ആശങ്കാജനകമായി തുടരുന്നതിനിടയിലും കേന്ദ്ര ബാങ്ക് ഹ്രസ്വകാല പലിശ നിരക്കുകളില്‍ വീണ്ടും കുറവ് വരുത്തിയത്.
റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ 0.25 ശതാമാനം കുറവാണ് വരുത്തിയത്. 2013ല്‍ ഇത് രണ്ടാം തവണയാണ് ആര്‍.ബി.ഐ അടിസ്ഥന പലിശ നിരക്ക് കുറയ്ക്കുന്നത്.
റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റിപ്പോ 7.75 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായാണ് കുറച്ചത്. അതേസമയം ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കുതല്‍ ധനാനുപാതത്തില്‍ (സി.ആര്‍.ആര്‍) മാറ്റമൊന്നും വരുത്തിയിട്ടില്ല.
പതിറ്റാണ്ടിനിടിയിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ച ഇടിഞ്ഞതോടെ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ റിസര്‍വ് ബാങ്കില്‍ ശക്തമായ സമ്മര്‍ദമുണ്ടായിരുന്നു.
റിപ്പോ നിരക്കില്‍ ആര്‍.ബി.ഐ കുറവ് വരുത്തിയതോടെ നിക്ഷേപ നിരക്കുകളില്‍ വാണിജ്യ ബാങ്കുകളും കുറവ് വരുത്തിയേക്കും. ഭവന, വാഹന വായ്പകളുടെ പലിശ നിരക്കില്‍ കുറവ് വരുത്തിയുള്ള പ്രഖ്യാപനങ്ങള്‍ക്കൊപ്പം നിക്ഷേപ നിരക്കും കുറയ്ക്കുന്നുവെന്ന പ്രഖ്യാപനം വൈകാതെ ബാങ്കുകളില്‍ നിന്നുണ്ടാവും.
 

സിറിയയില്‍ പ്രതിപക്ഷം വിമത പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തു

Posted: 19 Mar 2013 12:29 AM PDT

Image: 

ഡമസ്കസ്: സിറയിയില്‍ പ്രതിപക്ഷത്തിന്റെകൂട്ടായ്മയായ നാഷനല്‍ കൊയാലിഷന്‍  താല്‍ക്കാലിക പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തു. കൊയാലിഷന്റെവാര്‍ത്താവിനിമയ നിര്‍വാഹകസമിതി അംഗമായ ഗസ്സാന്‍ ഹിറ്റോയാണ് തെരഞ്ഞെടുക്കപ്പെട്ടത്.  ഇസ്തംബുളില്‍ കൊയിലേഷന്‍ ഗ്രൂപ്പ് നടത്തിയ തെരഞ്ഞെടുപ്പില്‍ 48ല്‍ 35 വോട്ടുകള്‍ നേടിയാണ് ഗസ്സാന്‍ തെരഞ്ഞെടുക്കപ്പെട്ടതെന്ന്  കൊയിലേഷന്‍ വക്താവ്  ഹിഷാം മര്‍വ മാധ്യമങ്ങളോട് പറഞ്ഞു.
63 കൊയിലേഷന്‍ അംഗങ്ങളാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. 14 മണിക്കൂറുകള്‍ക്ക് നീണ്ട കൂടിയാലോചനക്ക്  ശേഷമാണ് പൊതുസമ്മതപ്രകാരം നിന്ന പ്രതിനിധി ഗസ്സാന്‍ ഹിറ്റോയെ തെരഞ്ഞെടുത്തത്.  
വോട്ടുരേഖപ്പെടുത്തിയ അംഗങ്ങള്‍ ബാലറ്റ് പേപ്പര്‍ കോണ്‍ഫറന്‍സ് ഹാളിലെ സുതാര്യമായ ബോക്സില്‍ നിക്ഷേപിക്കുയാണ് ചെയ്തത്.  ഇത് സുതാര്യവും ജനാധിപത്യപരവുമായ വോട്ടെടുപ്പാണെന്ന് കൊയിലേഷന്‍ ലീഡര്‍ മുവാസ് അല്‍ കാതിബ് പറഞ്ഞു.

വര്‍ഷങ്ങളോളം അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്നു ഗസ്സാന്‍. ഒരു മാസത്തിനുള്ളില്‍ അദ്ദേഹം പുതിയ മന്ത്രിമാരെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

വായ്പാ നയം: ആര്‍.ബി.ഐ പലിശ നിരക്ക് കുറച്ചു

Posted: 18 Mar 2013 11:18 PM PDT

Image: 

മുംബൈ: പണപ്പെരുപ്പ നിരക്ക് ആശങ്കാജനകമായി തുടരുന്നതിനിടയിലും വ്യാവസായ മേഖലയുടെ മുരടിപ്പ് പരിഗണിച്ച് റിസര്‍വ് ബാങ്ക് അടിസ്ഥന പലിശ നിരക്കുകള്‍ വീണ്ടും കുറച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ 0.25 ശതാമാനം കുറവാണ് വരുത്തിയത്. 2013ല്‍ ഇത് രണ്ടാം തവണയാണ് ആര്‍.ബി.ഐ അടിസ്ഥന പലിശ നിരക്ക് കുറയ്ക്കുന്നത്.
റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റിപ്പോ 7.75 ശതമാന·ില്‍ നിന്ന് 7.5 ശതമാനമായാണ് കുറച്ചത്. അതേസമയം ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കുതല്‍ ധനാനുപാതത്തില്‍ (സി.ആര്‍.ആര്‍) മാറ്റമൊന്നും വരുത്തിയിട്ടില്ല.
പതിറ്റാണ്ടിനിടിയിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ച ഇടിഞ്ഞതോടെ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ റിസര്‍വ് ബാങ്കില്‍ ശക്തമായ സമ്മര്‍ദമുണ്ടായിരുന്നു.

 

ഡി.എം.കെ യു.പി.എ വിട്ടു

Posted: 18 Mar 2013 11:02 PM PDT

Image: 

ചെന്നൈ: ശ്രീലങ്കന്‍ തമിഴ് പ്രശ്‌നത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) പിന്‍വലിച്ചു. പിന്തുണ പിന്‍വലിക്കുന്ന കാര്യം പാര്‍ട്ടി അധ്യക്ഷന്‍ കെ.കരുണാനിധിയാണ് വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചത്. യു.പി.എക്ക് പുറത്തുനിന്ന് പിന്തുണ നല്‍കില്ലെന്നും കരുണാനിധി വ്യക്തമാക്കി.

ഡി.എം.കെയുടെ അഞ്ച് മന്ത്രിമാരും ഇന്ന് രാജിവെക്കും. എം.കെ അഴഗിരി ഉള്‍പ്പെടെ അഞ്ച് മന്ത്രിമാരാണ് ഡി.എം.കെക്ക് മന്ത്രിസഭയിലുള്ളത്. ഇവരോട് രാജിക്കത്ത് പ്രധാനമന്ത്രിക്ക് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ തുടരുകയാണെങ്കില്‍ അത് തമിഴ്ജനതയെ വഞ്ചിക്കുന്നതിന് തുല്യമായിരിക്കും. ഇനിയും അത് ചെയ്യാന്‍ തനിക്ക് കഴിയില്ല. തമിഴ്ജനതയുടെ പ്രശ്‌നങ്ങള്‍ക്കാണ് പാര്‍ട്ടി എന്നും മുന്‍ഗണന നല്‍കുന്നത്.

ശ്രീലങ്കന്‍ തമിഴരുടെ വികാരത്തെ ഇന്ത്യ മനസ്സിലാക്കുന്നില്ല. വിഷയത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ കടുത്ത നിലപാടെടുക്കണം. തമിഴരുടെ താത്പര്യം സംരക്ഷിക്കണമെന്നും കരുണാനിധി ആവശ്യപ്പെട്ടു. വിഷയത്തില്‍ അനുകൂല നടപടിയുണ്ടായാല്‍ തീരുമാനം പുനപരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ലോക്‌സഭയില്‍ 18 അംഗങ്ങളുളള ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ് മുന്നണി വിട്ടതോടെ യു.പി.എയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ്. ഡി.എം.കെ പിന്തുണ പിന്‍വലിക്കുന്നതോടെ യു.പി.എയുടെ അംഗബലം 232 ആയി ചുരുങ്ങി സര്‍ക്കാര്‍ ന്യൂനപക്ഷമാകും.

ശ്രീലങ്കന്‍ തമിഴരുടെ വിഷയത്തില്‍ ഡി.എം.കെ യു.പി.എ വിടുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കരുണാനിധിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രതിനിധിസംഘം തിങ്കളാഴ്ച ചെന്നൈയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കിലും പ്രതിസന്ധി അയയുന്നതായിട്ടായിരുന്നു വിവരം. എന്നാല്‍ ഇന്ന് രാവിലെ അപ്രതീക്ഷിതമായി തിടുക്കത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് കരുണാനിധി നിര്‍ണായക തീരുമാനം വെളിപ്പെടുത്തിയത്. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കക്കെതിരെ അമേരിക്ക കൊണ്ടുവന്ന പ്രമേയത്തില്‍ ഭേദഗതിക്ക് ഇന്ത്യന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കണമെന്ന പുതിയ ആവശ്യം കരുണാനിധി ഉന്നയിച്ച സാഹചര്യത്തിലാണ് ഇന്നലത്തെ ചര്‍ച്ച സമവായമാകാതെ പിരിഞ്ഞത്.

അമേരിക്കന്‍ പ്രമേയം ഭേദഗതി ചെയ്യണമെന്ന മുന്‍ നിലപാടില്‍നിന്ന് മാറിയ ഡി.എം.കെ അധ്യക്ഷന്‍ ഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയാല്‍ മതിയെന്ന ആവശ്യമാണ് ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചത്. കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി, ധനമന്ത്രി പി. ചിദംബരം, ആരോഗ്യമന്ത്രി ഗുലാം നബി ആസാദ് എന്നിവരാണ് ചെന്നൈയില്‍ കരുണാനിധിയുമായി ഇന്നലെ വൈകീട്ട് രണ്ടര മണിക്കൂറോളം ചര്‍ച്ച നടത്തിയത്.

ജനീവയില്‍ നടക്കുന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കക്കെതിരെ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തില്‍ ഭേദഗതി വരുത്തിയില്ലെങ്കില്‍ യു.പി.എ മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, സോണിയഗാന്ധി എന്നിവര്‍ക്ക് ശനിയാഴ്ച രാത്രി ഫാക്‌സ് സന്ദേശത്തില്‍ കരുണാനിധി മുന്നറിയിപ്പ് നല്‍കിയിരുന്നു. ശ്രീലങ്കന്‍ സര്‍ക്കാര്‍ ഈഴത്തമിഴര്‍ക്കെതിരെ നടത്തിയ അക്രമങ്ങളെ വംശീയ ഉന്മൂലനമെന്ന് വിശേഷിപ്പിക്കുക, ലങ്കയിലെ യുദ്ധക്കുറ്റവാളികളെ വിചാരണ ചെയ്യാന്‍ അന്താരാഷ്ട്ര കമീഷനെ നിയമിക്കുക എന്നീ ഭേദഗതികള്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു കരുണാനിധിയുടെ ആവശ്യം. ഇല്ലെങ്കില്‍ യു.പി.എ മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിക്കുമെന്നും ഡി.എം.കെ അധ്യക്ഷന്‍ വ്യക്തമാക്കിയിരുന്നു.

 

അപ്രാണി കൃഷ്ണകുമാര്‍ വധക്കേസ്: മൊഴിമാറ്റിയ സാക്ഷിയെ പ്രതിയാക്കി

Posted: 18 Mar 2013 10:05 PM PDT

തിരുവനന്തപുരം: അപ്രാണി കൃഷ്ണകുമാര്‍ വധക്കേസില്‍ മൊഴിമാറ്റിയ സാക്ഷിയെ കോടതി പ്രതി ചേര്‍ത്തു. ആറ്റിപ്ര കുളത്തൂര്‍ കരിമണല്‍ സുജാ ഭവനില്‍ പാറസുനി എന്ന ടി. സുനിലിനെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജ് കെ.പി. ഇന്ദിര ഉത്തരവിട്ടത്.
 79ാം സാക്ഷിയായിരുന്ന സുനിലിനോട് ഈ മാസം 20ന് കോടതിയില്‍ ഹാജരാകാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഗൂഢാലോചനയില്‍ സുനില്‍ പങ്കെടുത്തിട്ടുണ്ടെന്നും പ്രതിയെ ഒളിവില്‍ താമസിപ്പിച്ചെന്നും ഒമ്പതാം പ്രതി ഓംപ്രകാശിന് കൊലപാതക സമയം മൊബൈല്‍ ഫോണ്‍ നല്‍കിയതിന് തെളിവുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.  മറ്റ് പ്രതികളുമായി സുനില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചു.
താന്‍ അഭിഭാഷകനാണെന്ന് പൊലീസിന് മൊഴി നല്‍കിയതു കൊണ്ടാണ് സുനിലിനെ പൊലീസ് പ്രതിചേര്‍ക്കാതിരുന്നത്.
ജോലിയുടെ ഭാഗമായി നടത്തുന്ന സംഭാഷണങ്ങള്‍ക്ക് ക്രിമിനല്‍ നടപടി ക്രമം പ്രകാരം സംരക്ഷണം ലഭിക്കുമെന്നതിനാലായിരുന്നു ഒഴിവാക്കല്‍. എന്നാല്‍ കോടതിയില്‍ മൊഴി നല്‍കാനെത്തിയപ്പോള്‍ അഭിഭാഷകനാണെന്ന മുന്‍ മൊഴിയില്‍ നിന്ന് ഇയാള്‍ പിന്മാറി. നിയമബിരുദധാരിയാണെങ്കിലും അഭിഭാഷകനായി എന്‍റോള്‍ ചെയ്തില്ലെന്നും താന്‍ പാറമട ഉടമയാണെന്നും കോടതിയില്‍ മൊഴി നല്‍കിയതാണ് കേസില്‍ വഴിത്തിരിവായത്. കേസിലെ പ്രധാന പ്രതികളുമായി ബന്ധം പുലര്‍ത്തിയ ഇയാളെ സാക്ഷിയായി വിസ്തരിക്കാനാവില്ലെന്ന് സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ വട്ടപ്പാറ സാജന്‍ പ്രസാദ് കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി ഇയാളുടെ മൊഴി രേഖപ്പെടുത്തുന്നത് മാറ്റിവെച്ചു.
പിന്നീട് മൊഴി നല്‍കിയ സൂര്യ ടൂറിസ്റ്റ് ഹോം മാനേജര്‍ രാജേഷ് നല്‍കിയ മൊഴിയും സുനിലിന് വിനയായി. കേസിലെ പ്രധാന പ്രതി കരാട്ടേ സുരേഷിനെ ലോഡ്ജില്‍ പാര്‍പ്പിച്ചത് പാറ സുനിയാണെന്നാണ് രാജേഷ് കോടതിയില്‍ മൊഴി നല്‍കിയത്.
കൊലപാതകത്തിന് എട്ടു ദിവസം മുമ്പേ കരാട്ടേ സുരേഷിന് സുനില്‍ മുറി എടുത്തു നല്‍കിയെന്നും വ്യാജ മേല്‍വിലാസത്തിലും പേരിലുമാണ് അഭിഭാഷകനെന്ന് സ്വയം പരിചയപ്പെടുത്തി മുറി എടുത്തതെന്നും മൊഴി നല്‍കി. കൃഷ്ണകുമാര്‍ കൊല്ലപ്പെട്ട ദിവസം മുറിയില്‍ നിന്ന് പുറത്തേക്കു പോയ കരാട്ടേ സുരേഷ് മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് സുനിയുടെ മൊബൈലിലേക്ക് വിളിച്ചപ്പോള്‍ പണം താന്‍ നല്‍കാമെന്ന് അറിയിച്ചുവെന്നും സാക്ഷി കോടതിയില്‍ മൊഴി നല്‍കി.
 ഇതിന് പുറമെ സുനി ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പറുകളും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. കേസിന്‍െറ അന്വേഷണത്തിന്‍െറ ഭാഗമായി പൊലീസ് ടൂറിസ്റ്റ് ഹോമിലെ രജിസ്റ്റര്‍ പരിശോധിക്കാന്‍ വന്ന സമയം സുനിയും കൂടെ ഉണ്ടായിരുന്നെന്നും സാക്ഷി മൊഴി നല്‍കിയിരുന്നു.
 കേസിലെ പ്രതിഭാഗം വാദം തുടരുന്നതിനിടെയാണ് സാക്ഷിയെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തുകൊണ്ടുളള കോടതിയുടെ അപൂര്‍വ നടപടി.

യാമിനി തങ്കച്ചിയുടെ കത്ത്: നിയമസഭയില്‍ ഭരണ- പ്രതിപക്ഷ ബഹളം

Posted: 18 Mar 2013 09:59 PM PDT

Image: 

തിരുവനന്തപുരം: വനംമന്ത്രി കെ.ബി ഗണേഷ്കുമാറിനെതിരെ ഭാര്യ യാമിനി തങ്കച്ചി നല്‍കിയ പരാതിയോടുള്ള മുഖ്യമന്ത്രിയുടെ സമീപനത്തെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എ.പ്രദീപ്കുമാര്‍ എം.എല്‍.എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. യാമിനിയുടെ പരാതി മുഖ്യമന്ത്രി മുക്കിയെന്നും ഇതുവഴി അദ്ദേഹം  ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും പ്രദീപ്കുമാര്‍ ആരോപിച്ചു. എന്നാല്‍ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നും കുടുംബപ്രശ്നങ്ങള്‍ സഭയിലേക്ക് വലിച്ചിഴക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ അടിയന്തരപ്രമേയം ഉന്നയിക്കുന്നത് ഭൂഷണമാണോയെന്ന് എല്ലാവരും ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയനും വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ സമീപനം നീചമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മന്ത്രിക്കെതിരെ ഭാര്യ പരാതി നല്‍കിയിട്ടില്ലെങ്കില്‍ അത്തരം കാര്യങ്ങള്‍ ഉന്നയിച്ച ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ നടപടിയെടുക്കാത്തതെന്താണെന്നും വി.എസ് ചോദിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു.

മുരിക്കാശേരിയില്‍ കുടിവെള്ളത്തിനും റോഡിനുമായി 1.70 കോടി

Posted: 18 Mar 2013 09:55 PM PDT

ചെറുതോണി: ജില്ലാ പഞ്ചായത്ത് മുരിക്കാശേരി ഡിവിഷനില്‍ അടിസ്ഥാന വികസനത്തിനായി 2013-’14 പദ്ധതിയില്‍പെടുത്തി 1.70 കോടി രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്തംഗം ഷൈനി സജി അറിയിച്ചു.
മുന്‍ വര്‍ഷം ആരംഭിച്ച പല പദ്ധതികളും ഈ സാമ്പത്തിക വര്‍ഷവും അടുത്ത സാമ്പത്തിക വര്‍ഷവുമായി പൂര്‍ത്തീകരിക്കും. വാത്തിക്കുടി, കൊന്നത്തടി ഗ്രാമപഞ്ചായത്തുകളാണ് മുരിക്കാശേരി ഡിവിഷന്‍െറ പരിധിയിലുള്ളത്. ഏറ്റവും കൂടുതല്‍ തുക കുടിവെള്ള പദ്ധതികള്‍ക്കാണ് നീക്കിവെച്ചിട്ടുള്ളത്. അത് കഴിഞ്ഞാല്‍ റോഡുകള്‍ക്കാണ് മുന്‍ഗണന. പടമുഖം-കള്ളിപ്പാറ റോഡ് ഏഴ് ലക്ഷം, തേക്കിന്‍തണ്ട്-മാങ്കുത്ത് അഞ്ച് ലക്ഷം, വാത്തിക്കുടി-ആയുര്‍വേദാശുപത്രിപ്പടി മൂന്ന് ലക്ഷം, കനകക്കുന്ന്-കൊല്ലംകുളം നാലുലക്ഷം, ബഥേല്‍-ദൈവംമേട് മൂന്ന് ലക്ഷം, ചേംബ്ളാനിപ്പടി-കിളിയാര്‍വാലി 3.5 ലക്ഷം, കുരുട്ടുപറമ്പില്‍പടി-മുകളേല്‍പടി 2.5 ലക്ഷം, കനകക്കുന്ന്-മാളികപ്പടി അഞ്ച് ലക്ഷം, മൂണാപ്പാറ-കട്ടില്‍പടി മൂന്ന് ലക്ഷം, കോട്ടക്കല്ലിമല 3.5 ലക്ഷം, തോപ്രാംകുടി-മന്നാത്തറ മൂന്ന് ലക്ഷം, ആരാധനാമഠം-ആറടിക്കെട്ട് 3.5 ലക്ഷം, തേക്കിന്‍തണ്ട്-വെട്ടുകാട്ട് എട്ട് ലക്ഷം, തോപ്രാംകുടി-അങ്കണവാടി 3.5 ലക്ഷം, നിറപ്പേല്‍പടി-മരക്കാനം എട്ട് ലക്ഷം, മങ്കുവ-മാകുത്തുപാലം നാലുലക്ഷം, കമ്പിളികണ്ടം-നെടിയാനിത്തണ്ട് നാലുലക്ഷം, പാറത്തോട്-ഇരുമലക്കപ്പ് നാലുലക്ഷം, പണിക്കന്‍കുടി-ചിന്നാനിരപ്പ് അഞ്ച് ലക്ഷം, പൊന്മുടി-പള്ളിസിറ്റി ഒരുലക്ഷം, അഞ്ചാംമൈല്‍-കള്ളിപ്പാറ റോഡ്, മുതിരപ്പുഴ-കോയിക്കല്‍പടി മൂന്ന് ലക്ഷം, ശ്യാമപ്പടി-കണ്ണാടിപ്പാറ മൂന്ന് ലക്ഷം, പാറത്തോട്-പുല്ലുകണ്ടം നാലുലക്ഷം, കമ്പിളികണ്ടം-പരപ്പനങ്ങാടി റോഡ് നാലുലക്ഷം, പെരുമ്പിള്ളിച്ചിറ-ലച്ചിവിലാസം റോഡ് അഞ്ച് ലക്ഷം, ചേലക്കാപ്പടി-കാക്കാസിറ്റി അഞ്ചുലക്ഷം, മുക്കുടം-കോളനി അഞ്ച് ലക്ഷം, പണിക്കന്‍കുടി സ്കൂള്‍പടി റോഡ്- എട്ട് ലക്ഷം, തോപ്രാംകുടി-ഈന്തുമേട് കുടിവെള്ള പദ്ധതി 15 ലക്ഷം രൂപയും കോട്ടക്കല്ല് ആറുലക്ഷം, പെരിയാര്‍ വാലി 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മുരിക്കാശേരി കുടിവെള്ള പദ്ധതിക്ക് രണ്ടുലക്ഷം രൂപ നീക്കിവെച്ചു.
തോപ്രാംകുടി ഗവ. ഹൈസ്കൂളില്‍ കുടിവെള്ളമെത്തിക്കുന്നതിന് 3.6 ലക്ഷം രൂപയും പതിനാറാംകണ്ടം ഗവ. ഹൈസ്കൂളില്‍ വെള്ളമെത്തിക്കുന്നതിന് 3.6 ലക്ഷം രൂപയും മുക്കുടം ഐ.എച്ച്.ഡി.പി കോളനിക്ക് അഞ്ചുലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
 

തിരക്കേറിയ സ്ഥലങ്ങളിലെ ട്രാഫിക് പരിശോധന ഒഴിവാക്കും -ജില്ലാ പൊലീസ് ചീഫ്

Posted: 18 Mar 2013 09:52 PM PDT

പത്തനംതിട്ട: തിരക്കേറിയ സ്ഥലങ്ങളിലെ ട്രാഫിക് പരിശോധന ഒഴിവാക്കുമെന്ന് ജില്ലാ പൊലീസ് ചീഫ് പി.വിമലാദിത്യ പറഞ്ഞു. പ്രധാന ജങ്ഷനുകളിലെ വാഹനപരിശോധന ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. ഗതാഗത നിയമം ലംഘിച്ച്  വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി തുടരുമെന്നും പൊലീസ്  ചീഫ് വ്യക്തമാക്കി. പത്തനംതിട്ട പ്രസ് ക്ളബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  
ജനമൈത്രി പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. ബീറ്റ് ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. എട്ട് സ്റ്റേഷനുകള്‍ക്ക് പുറമെ പെരുനാട്, വെച്ചൂച്ചിറ, ചിറ്റാര്‍ സ്റ്റേഷനുകളില്‍ ജനമൈത്രി പൊലീസിന്‍െറ സേവനം തുടങ്ങി.
ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ പൊലീസിന് മാത്രമായി എടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്ന കരാറുകാരോട് വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവര ശേഖരണത്തിന് ജില്ലാ ലേബര്‍ വിഭാഗത്തിന്‍െറ സഹായം തേടിയിട്ടുണ്ട്. സ്വകാര്യബസുകളില്‍ പലതും പെര്‍മിറ്റില്ലാതെയും സമയനിഷ്ഠ പാലിക്കാതെ സഞ്ചരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എല്ലാ രേഖകളുമായി മാത്രമേ സര്‍വീസ് നടത്താവൂവെന്ന് ഇവരോട് നിര്‍ദേശിച്ചിട്ടുണ്ട്. മല്ലപ്പള്ളി ആനിക്കാട്ട് വീട്ടമ്മയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ അന്വേഷണം അസമിലേക്ക് വ്യാപിപ്പിക്കും. സര്‍ക്കാര്‍ സ്ഥാപനം പോലെ സുതാര്യമായി പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുമെന്നും വിമലാദിത്യ പറഞ്ഞു.

ഉദ്യോഗസ്ഥ ദമ്പതികളുടെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച

Posted: 18 Mar 2013 09:47 PM PDT

ചങ്ങനാശേരി: റവന്യൂവകുപ്പ് ഉദ്യോഗസ്ഥ ദമ്പതികളുടെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച. മൂന്നുപവന്‍െറ സ്വര്‍ണവും വീട്ടുപകരണങ്ങളും മോഷണംപോയി.
ചങ്ങനാശേരി താലൂക്ക് ഓഫിസ് ജീവനക്കാരന്‍ പി.കെ. പ്രമോദ്കുമാറിന്‍െറ തൃക്കൊടിത്താനം ഇരൂപ്പാക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
തിങ്കളാഴ്ച രാവിലെ 11.30നും ഉച്ചക്ക് രണ്ടിനും മധ്യേയാണ് സംഭവം. ചങ്ങനാശേി ലാന്‍ഡ് അക്വിസിഷന്‍ ഓഫിസ് ജീവനക്കാരിയായ പ്രമോദിന്‍െറ ഭാര്യ നിഷ പനിബാധിച്ച് അവധിയിലായിരുന്നു. രാവിലെ 11.30ന് ഒരുവയസ്സുള്ള കുഞ്ഞുമായി നഗരത്തില്‍ ഡോക്ടറെ കാണിക്കാന്‍പോയ സമയത്താണ് മോഷണം നടന്നത്. തിരികെ ഉച്ചക്ക് രണ്ടിന് വീട്ടിലെത്തിയപ്പോള്‍ അടുക്കളവാതില്‍ തുറന്നുകിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് മനസ്സിലായത്.
 കിടപ്പുമുറിയിലുണ്ടായിരുന്ന ബാഗുകളും വസ്ത്രങ്ങളും അലങ്കോലപ്പെട്ടിട്ടുണ്ട്. അലമാരയില്‍ സൂക്ഷിച്ചിരുന്ന മോതിരം,കമ്മല്‍,ലോക്കറ്റ് എന്നിവയാണ് നഷ്ടമായത്. അടുക്കളവാതിലിന്‍െറ ഓടാമ്പല്‍ തകര്‍ത്ത് അകത്തുകയറിയ കള്ളന്‍ വാക്കത്തിയും വീട്ടുപകരണങ്ങളും അപഹരിച്ചിട്ടുണ്ട്.
പന്തളം സ്വദേശിയായ ഇവര്‍ ഓഫിസില്‍ പോകാനുള്ള സൗകര്യത്തിന് ഒരുവര്‍ഷമായി ഇവിടെ വാടകക്ക് താമസിക്കുകയായിരുന്നു. തൃക്കൊടിത്താനം പൊലീസ് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ കടകളും വീടുകളും കേന്ദ്രീകരിച്ച് മോഷണം വര്‍ധിച്ചുവരികയാണ്. ചങ്ങനാശേരി പാലസ് റോഡിലെ നാലുകടകളിലും മോഷണം നടന്നു. മേല്‍ക്കൂരയിലെ ഓട് പൊളിച്ചു അകത്തുകടന്ന മോഷ്ടാവ് ഐഡിയല്‍ പ്ളാസ്റ്റിക്സിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 2000 രൂപ അപഹരിച്ചു. സമീപത്തെ റൈസിങ്സണ്‍ ബസ് ബുക്കിങ് ഓഫിസ്, എം.ആര്‍.എഫ് ഷോറൂം, പുളിക്കല്‍ എംബ്രോയിഡറി വര്‍ക്സ് എന്നിവിടങ്ങളിലെ സാധനസാമഗ്രികള്‍ അലങ്കോലപ്പെടുത്തി.
 കടകളില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഇരുമ്പ് ഏണി ഉപയോഗിച്ച് മേല്‍തട്ട് തകര്‍ത്താണ്് താഴെയിറങ്ങിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കഴിഞ്ഞദിവസം ചങ്ങനാശേരി ഫയര്‍സ്റ്റേഷന് സമീപം ചാഴികവീട്ടില്‍ മോഷണശ്രമം നടന്നു. വീട്ടുകാര്‍ ഉണര്‍ന്ന് ബഹളംവെച്ചതോടെ മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.
 വര്‍ധിച്ചുവരുന്ന മോഷണം തടയാന്‍ പൊലീസ് പട്രോളിങ് ഊര്‍ജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഡി.വൈ.എസ്.പി ഓഫിസ് അടക്കമുള്ള സംവിധാനം എത്തിയിട്ടും പെരുകുന്ന മോഷണം ഏറെ ഭീതിപരത്തുന്നുണ്ട്.

ചാലക്കുടിയില്‍ വെള്ളമില്ലാത്തതിനാല്‍ പോസ്റ്റ്മോര്‍ട്ടം വൈകി

Posted: 18 Mar 2013 09:40 PM PDT

ചാലക്കുടി: സര്‍ക്കാര്‍ ആശുപത്രിയില്‍ വെള്ളമില്ലാത്തതിനാല്‍ പോസ്റ്റ്മോര്‍ട്ടം വൈകി. ഡോക്ടര്‍മാരുടെ നിസ്സഹായാവസ്ഥ കണ്ട് മൃതദേഹം കൊണ്ട് വന്നവര്‍ വെള്ളം കോരിക്കൊടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. ചാലക്കുടി നഗരസഭയുടെ കീഴിലുള്ള താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലാണ് മൃതദേഹം കൊണ്ട് വന്നവര്‍ തന്നെ വെള്ളം കൊണ്ട് വന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ഏറ്റുവാങ്ങി പോയത്. ഞായറാഴ്ച വൈകീട്ട് മലക്കപ്പാറ പെരുമ്പാറ ആദിവാസി ഊരിലെ രാജന്‍ തൂങ്ങി മരിച്ചിരുന്നു. രാജന്‍െറ മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെയാണ് ചാലക്കുടിയിലെ ആശുപത്രിയില്‍ എത്തിച്ചത്. വെള്ളം ഇല്ലാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയില്ല. ഇതേ തുടര്‍ന്നാണ് ആശുപത്രി കിണറ്റില്‍ നിന്നും ആദിവാസികള്‍ തന്നെ വെള്ളം  കോരി നല്‍കിയത്. കഴിഞ്ഞ ദിവസവും വെള്ളം ഇല്ലാത്തതിനാല്‍ പോസ്റ്റ്മോര്‍ട്ടം വൈകിയിരുന്നു. ഇതേ തുടര്‍ന്ന് നഗരസഭാധികൃതര്‍ ലോറിയില്‍ വെള്ളം എത്തിച്ച ശേഷമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. എന്നാല്‍ ആദിവാസിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ വെള്ളം അവര്‍ തന്നെ കോരി കൊടുക്കേണ്ടതായി വന്നു. ചാലക്കുടിയില്‍ നിന്നും 75 കി.മീ. അകലെ ആനമല റോഡില്‍ ഉള്‍ക്കാട്ടിലാണ് പെരുമ്പാറ ആദിവാസി ഊര്. ് ഏറെ വൈകിയാണ് മൃതദേഹവുമായി ആദിവാസികള്‍ മടങ്ങിയത്.
 

1 comment:

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP