സ്വാഗതം
WELCOME

News Update..

Tuesday, January 22, 2013

ഇസ്രായേല്‍ പാര്‍ലമെന്‍്റിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി Madhyamam News Feeds

ഇസ്രായേല്‍ പാര്‍ലമെന്‍്റിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി Madhyamam News Feeds

Link to

ഇസ്രായേല്‍ പാര്‍ലമെന്‍്റിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി

Posted: 22 Jan 2013 12:29 AM PST

Image: 

ജറൂസലേം: ഇസ്രായേല്‍ പാര്‍ലമെന്‍്റിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെവോട്ടെടുപ്പ് തുടങ്ങി.  കേവല ഭൂരിപത്തോടെ നിലവിലെ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു മൂന്നാം തവണയും അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് സൂചന. കനത്ത സുരക്ഷയിലാണ് വോട്ടൈടുപ്പ് നടക്കുന്നത്.
 20,000 ത്തില്‍ അധികം പൊലീസുകാരെയാണ് സുരക്ഷയ്ക്ക് വേണ്ടി വിന്യസിച്ചിരിക്കുന്നത്. യിസ്രായേല്‍ ബെയ്തെനു പാര്‍ട്ടിയുമായി  ചേര്‍ന്നാണ് നെതന്യാഹുവിന്റെലിക്വിഡ് പാര്‍ട്ടി  മത്സരിക്കുന്നത്. പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ജൂയിഷ് ഹോം പാര്‍ട്ടിയും മത്സര രംഗത്തുണ്ട്. 120 അംഗങ്ങളുള്ള പാര്‍ലമെന്‍്റില്‍ ഒരു പാര്‍ട്ടിക്കും ഇതുവരെ ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചിട്ടില്ല. ഫലസ്തീന്‍ വിഷയത്തില്‍ അന്താരാഷ്ര്ട സമൂഹത്തില്‍ നേരിടുന്ന ഒറ്റപ്പെടല്‍, സാമ്പത്തിക പ്രതിസന്ധി തുടങ്ങി നിരവധി വെല്ലുവിളികളാണ് അടുത്ത സര്‍ക്കാരിന് മുന്നിലുള്ളത്.
 

തലസ്ഥാനത്തെ കവര്‍ച്ച: മോഷ്ടാവ് ദല്‍ഹി സ്വദേശി ദേവീന്ദര്‍ സിങ്

Posted: 21 Jan 2013 11:45 PM PST

Image: 

തിരുവനന്തപുരം: മുട്ടട മരപ്പാലത്തെ  അത്യാധുനിക സംവിധാനങ്ങളുള്ള വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ വന്‍ കവര്‍ച്ച നടത്തിയത് ദല്‍ഹി സ്വദേശി ദേവീന്ദര്‍ സിങാണെന്ന് തിരിച്ചറിഞ്ഞു. ‘ബണ്ടിചോര്‍’ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്.
 വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തില്‍ നിന്നാണ് മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചത്. മോഷ്ടാവ് ദേവീന്ദര്‍ സിങ് തന്നെയാണെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന പൊലീസ് ദല്‍ഹി പൊലീസുമായി ബന്ധപ്പെട്ടു വരികയാണ്.

രാജ്യത്താകമാനം അഞ്ഞൂറിലേറെ മോഷണകേസുകളില്‍ പ്രതിയാണ്. ഹോളിവുഡ് സ്റ്റൈലില്‍ ആഢബര വാഹനങ്ങള്‍ മോഷ്ടിച്ച് പൊലീസിനെ വെട്ടിച്ചു മുങ്ങുന്നതില്‍ വിരുതനാണ് ബണ്ടിചോര്‍. പല തവണ പിടിയിലായെങ്കിലും ഇയാള്‍ പൊലീസിനെ കബളിപ്പിച്ച്  കടന്നു.
സ്വകാര്യ ഡിക്റ്റക്ടീവായിരുന്ന ബണ്ടിചോര്‍  ഇന്ത്യ ടി വി എന്ന ഹിന്ദി ചാനലില്‍ ഈയടുത്തു നടന്ന ‘ബിഗ് ബോസ്’ എന്ന ഡിക്റ്റക്ടീവ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരുന്നു. അഭയ് ഡിയോള്‍ നായകനായ ഒയേ ലക്കി ലക്കി ഒയേ എന്ന ബോളിവുഡ് ചിത്രം ബണ്ടിചോറിന്റെജീവിതകഥയെ ആസ്പദമാക്കിയാണ് ഒരുക്കിയത്.

വിദേശമലയാളിയായ കെ. വേണുഗോപാലന്‍ നായരുടെ വിഷ്ണുഭവന്‍ എന്ന വീട്ടില്‍ നിന്ന് ആഢബര വാഹനവും ലാപ്ടോപ്പും മൊബൈല്‍ ഫോണുകളുമടക്കം 30 ലക്ഷം രൂപയുടെ വസ്തുവകകള്‍ മോഷ്ടിച്ചിരുന്നു. കുറേ നാളായി ദേവീന്ദര്‍ സിങ് തിരുവനന്തപുരത്ത് തമ്പടിച്ച് മോഷണം ആസൂത്രണം ചെയ്തു വരികയായിരുന്നു.

വീട്ടിലെ ബുള്ളറ്റ് പ്രൂഫ് ജനാല അഴിച്ചുമാറ്റിയാണ് അകത്തുകടന്നത്. ജനലിന് അഴിയുണ്ടായിരുന്നില്ല. വീട്ടിനു മുന്നില്‍ സ്ഥാപിച്ചിരുന്ന സി.സി ക്യാമറയില്‍ ഒരെണ്ണം ഇയാള്‍ മോഷ്ടിച്ചു. മിത്സുബിഷി കമ്പനിയുടെ ലാന്‍്റസ് ക്രൂയിസ് കാറ് കടത്തിക്കൊണ്ടുപോയി. വേണുഗോപാലന്‍ നായര്‍,ഭാര്യ, മെഡിസിന്‍ വിദ്യര്‍ഥിയായ മകള്‍ എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. പുലര്‍ച്ചെ ഒരുമണിക്ക് ശേഷമാണ് മോഷണം നടന്നത്. കാറിന്റെതാക്കോലും ലാപ്ടോപ്പും മറ്റും സ്വീകരണ മുറിയില്‍ തന്നെ ഉണ്ടായിരുന്നു. ഇയാള്‍ സംസ്ഥാനം വിട്ട് പോയിട്ടുണ്ടാകുമെന്ന് പൊലീസ് കരുതുന്നു.  പേരൂര്‍ക്കട പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
 

നഗരത്തില്‍ മൂന്നിടങ്ങളില്‍കൂടി മാലിന്യസംസ്കരണ പ്ളാന്‍റുകള്‍

Posted: 21 Jan 2013 10:15 PM PST

തിരുവനന്തപുരം: നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് ചാലക്ക് പുറമെ   മൂന്നിടങ്ങളില്‍ കൂടി ആധുനിക രീതിയിലുള്ള  പ്ളാന്‍റുകള്‍ സ്ഥാപിക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. നഗരത്തില്‍  കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യുന്നതിന് ജനുവരി 23ന് ഉച്ചക്ക് രണ്ടിന് എം.എല്‍.എമാരുടെയും മറ്റ് ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ മന്ത്രിതല യോഗം ചേരും. മാലിന്യ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് തിങ്കളാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ ഉണ്ടായത്.
ചാലക്ക് പുറമെ നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലാണ് ആധുനിക മാലിന്യ പ്ളാന്‍റുകള്‍ സ്ഥാപിക്കുന്നത്. ചാലയിലെ പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുന്നത് സംബന്ധിച്ചും 23 ന് നടക്കുന്ന ചര്‍ച്ചയില്‍ ധാരണയുണ്ടാക്കും. ചാലക്കൊപ്പം പുതിയ പ്ളാന്‍റുകള്‍ സ്ഥാപിക്കുന്ന നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ സ്ഥലം കണ്ടെത്താനും ജനങ്ങളുടെ ആശങ്ക ഒഴിവാക്കാനും  ജനുവരി 31ന് പ്രത്യേകം യോഗം വിളിച്ചിട്ടുണ്ട്. നേമത്തേത്  31ന് വൈകുന്നേരം മൂന്നിനും വട്ടിയൂര്‍ക്കാവിലേത്  നാലുമണിക്കും കഴക്കൂട്ടത്തേത് അന്നേദിവസം അഞ്ചുമണിക്കും ചേരും.
ചാലയില്‍ സ്ഥാപിക്കുന്ന പ്ളാന്‍റില്‍ ചാല, മണക്കാട്  പ്രദേശത്തുള്ള മാലിന്യം മാത്രമേ സംസ്കരിക്കാവൂ  എന്ന ജനപ്രതിനിധികളുടെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ദിവസം 35 ടണ്‍ വീതം മാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ള പ്ളാന്‍റാണ് ഇവിടെ സ്ഥാപിക്കുക. ഇപ്പോള്‍ കെട്ടിക്കിടക്കുന്ന മാലിന്യം ജനങ്ങളുടെ സഹകരണത്തോടെ റെയില്‍വേ പ്ളാറ്റ്ഫോം പോലുള്ള പദ്ധതികള്‍ക്കായി പ്രയോജനപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. മുരുക്കുംപുഴയില്‍ വളരെ ശാസ്ത്രീയമായി പ്ളാറ്റ്ഫോം നിര്‍മാണം നടത്തിയിരിക്കുന്നത് ജനങ്ങളെ ആകര്‍ഷിച്ചിട്ടുണ്ട്. ഈ മാതൃക തുടരാനാണ് തീരുമാനം.
മൊബൈല്‍ ഇന്‍സിനറേറ്റര്‍ നഗരത്തിലെ മാലിന്യ പ്രശ്നത്തിന് സ്ഥായിയായ പരിഹാരമല്ല. അത്യാവശ്യ ഘട്ടങ്ങളിലായിരിക്കും ഇന്‍സിനറേറ്റര്‍  ഉപയോഗിക്കുക. ചെറിയ സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നത് പരിഹരിച്ച് ഏതാനും ദിവസങ്ങള്‍ക്കകം ഇന്‍സിനറേറ്ററിന്‍െറ പ്രവര്‍ത്തനം ആരംഭിക്കും. ശുചിത്വ മിഷന്‍ തന്നെയായിരിക്കും ഇതിന്‍െറ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക.
ദര്‍ബാര്‍ഹാളില്‍ നടന്ന യോഗത്തില്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍, നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി, എം.എല്‍.എമാരായ വി. ശിവന്‍കുട്ടി, എം.എ. വാഹിദ്, മേയര്‍ അഡ്വ. കെ. ചന്ദ്രിക, ട്രിഡ ചെയര്‍മാന്‍ പി.കെ. വേണുഗോപാല്‍, സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ജോണ്‍സണ്‍ ജോസഫ്, തമ്പാനൂര്‍ സതീഷ്, ചാരുപാറ രവി, കൊട്ടാരക്കര പൊന്നച്ചന്‍, കരമന ജയന്‍ തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
 

ദേശീയപാത കല്ലിടല്‍: പ്രതിഷേധം ശക്തം

Posted: 21 Jan 2013 10:11 PM PST

ചാത്തന്നൂര്‍: ദേശീയപാതക്ക് സ്ഥലം ഏറ്റെടുക്കുന്നതിന്‍െറ ഭാഗമായി  കല്ലിടാനെത്തിയ ഉദ്യോഗസ്ഥസംഘത്തിനെതിരെ വ്യാപക പ്രതിഷേധം. ചാത്തന്നൂര്‍ മുതല്‍ കല്ലുവാതുക്കല്‍ വരെയുള്ള ഭാഗത്താണ് പ്രതിഷേധമുണ്ടായത്. കല്ലിടല്‍ തടയാനെത്തിയ വനിതാ ഡോക്ടര്‍ അടക്കം 25 പേരെ വിവിധ ഭാഗങ്ങളില്‍നിന്നായി പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. സ്ഥലം ഏറ്റെടുക്കുന്നതിന് ഏതാനും മാസംമുമ്പ് കല്ലിട്ടതില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ സ്ഥലമെടുത്ത് പുതിയ കല്ലുകള്‍ സ്ഥാപിച്ചതാണ് പ്രതിഷേധത്തിന് കാരണമാക്കിയത്. തിങ്കളാഴ്ച രാവിലെ ചാത്തന്നൂര്‍ പൊലീസ് സ്്റ്റേഷനടുത്തുനിന്നാണ് കല്ലിടല്‍ ആരംഭിച്ചത്.  പ്രതിഷേധവുമായി ഹൈവേ ആക്ഷന്‍ ഫോറം നേതാവ് സുന്ദരേശന്‍പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം രംഗത്തുണ്ടായിരുന്നു. ഓരോ സ്ഥലത്ത് കല്ലിടുമ്പോഴും സ്ഥലം ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകള്‍ പ്രതിഷേധവുമായെത്തി. ചാത്തന്നൂര്‍ ഊറാംവിള ജെ.എസ്.എം ആശുപത്രി പരിസരത്ത് കല്ലിടാനെത്തിയപ്പോഴാണ് ആശുപത്രിയിലെ ഡോ. സുജയയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ അറസ്റ്റ് വരിച്ചത്. പല സ്ഥലത്തും മുമ്പ് സ്ഥാപിച്ച കല്ലുകള്‍ പിഴുതുമാറ്റിയശേഷം പുതിയവ സ്ഥാപിക്കുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് വന്‍ പൊലീസ് സംഘമാണ് ഉദ്യോഗസ്ഥരോടൊപ്പമുണ്ടായിരുന്നത്. കല്ലുവാതുക്കല്‍ കൊച്ചുപാരക്ക് സമീപം ഇമ്മാനുവല്‍ മാര്‍ത്തോമാചര്‍ച്ചില്‍ വികാരി ഫാ. മാത്യൂസ് എബ്രഹാമിന്‍െറ നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ പ്രതിഷേധവുമായി തടിച്ചുകൂടിയിരുന്നു. വൈകുന്നേരം നാലേകാലോടെ കല്ലിടാനുള്ള സംഘം കാരംകോട് എത്തിയപ്പോള്‍ പള്ളിയില്‍ കൂട്ടമണിയടിച്ച് ആളെ കൂട്ടുന്ന വിവരം അറിഞ്ഞ് പള്ളിയുടെ ഭാഗത്തുള്ള രണ്ട് കല്ലുകള്‍ ഒഴിച്ച് കിഴക്കോട്ടുള്ള പുരയിടത്തില്‍ കല്ലിടുകയായിരുന്നു. പള്ളിക്കടുത്ത് കല്ലിടുന്ന വഴിയില്‍ കാരംകോട് ശ്രീയേശുവിലാസത്തില്‍ തമ്പി ജോണ്‍ റോഡിന്കുറുകെ കിടന്ന് പ്രതിഷേധിച്ചു. കല്ലിടുന്നതിനെതിരെ നിരവധി വീട്ടമ്മമാരും പ്രതിഷേധവുമായി പള്ളിക്കടുത്തെത്തിയിരുന്നു.പള്ളിക്കടുത്ത് കല്ലിടാതെ പള്ളിക്ക് കിഴക്ക് കല്ലിടാനെത്തിയ ഉദ്യോഗസ്ഥസംഘത്തെ സുന്ദരേശന്‍പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. ഇത് സംഘര്‍ഷാവസ്ഥക്ക് കാരണമായതിനെതുടര്‍ന്ന് സുന്ദരേശന്‍പിള്ളയടക്കമുള്ള ഹൈവേ ആക്ഷന്‍ ഫോറം നേതാക്കളെയും സോളിഡാരിറ്റി ജില്ലാസെക്രട്ടറി ഷെഫീക്ക് ചോഴിയക്കോട് അടക്കമുള്ളവരെയും അറസ്റ്റ് ചെയ്തുനീക്കി. പാരിപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അറസ്റ്റ് നടന്നതെങ്കിലും പ്രതിഷേധക്കാരെ ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ഇവരെ പിന്നീട് പാരിപ്പള്ളി സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് പറഞ്ഞു.
മഞ്ജു, ബീനാറാണി, വിമലാദേവി, മുരളീധരന്‍, സുരേന്ദ്രന്‍, ഗ്രേസിജോണ്‍, ഷറഫുദ്ദീന്‍, സദാശിവന്‍, കെ.ജി ലൂക്ക്, സുനു സുകുമാരന്‍, ഡോ. സുജയ, സുജാത, മോഹനന്‍പിള്ള എന്നിവരെയാണ് ചാത്തന്നൂരിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയത്. ഹൈവേ ആക്ഷന്‍ ഫോറം നേതാവ് സുന്ദരേശന്‍പിള്ള, രാജന്‍കുറുപ്പ്, ഇന്ദിരയമ്മ, സുമംഗലയമ്മ, രാമചന്ദ്രന്‍നായര്‍, വിജയചന്ദ്രന്‍, ഷെഫീക്ക് ചോഴിയക്കോട് എന്നിവരാണ് കല്ലുവാതുക്കലിനുസമീപത്തുനിന്ന് അറസ്റ്റിലായത്. നാഷനല്‍ ഹൈവേ പ്രോജക്ട് ഡയറക്ടര്‍ വെങ്കിടകൃഷ്ണന്‍, സ്പെഷല്‍ തഹസില്‍ദാര്‍മാരായ ബാലകൃഷ്ണപിള്ള, ശിവദാസന്‍, സജീവ്, എന്‍.എച്ച്. കോംപിറ്റന്‍റ് അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ ആര്‍.പി. മഹാദേവകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കമറുദ്ദീന്‍, ചിത്രാംഗദന്‍ എന്നിവരാണ് ഉദ്യോഗസ്ഥസംഘത്തിലുണ്ടായിരുന്നത്. പരവൂര്‍ സി.ഐ ജവഹര്‍ ജനാര്‍ദ്, ചാത്തന്നൂര്‍ എസ്.ഐ  ജസ്റ്റിന്‍ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റിന് നേതൃത്വംനല്‍കി.

കടലോളം

Posted: 21 Jan 2013 09:57 PM PST

Image: 

 

‘കടല്‍’ സംഗീതത്തിനെന്നും പ്രചോദനമാണ്. കടലിന്‍െറ പശ്ചാത്തലത്തിലുള്ള മിക്ക സിനിമകളിലെയും ഗാനങ്ങള്‍ വമ്പന്‍ ഹിറ്റുകളാണ്. ഇതാ കടലിന്‍െറ പശ്ചാത്തലത്തില്‍ മറ്റൊരു മെഗാ ചിത്രം വരുന്നു; പ്രതീക്ഷകള്‍ കടലോളം. അങ്ങനെ പ്രതീക്ഷിക്കാന്‍ വേണ്ടുവോളമുണ്ട്. കാരണം സംഗീതമൊരുക്കുന്നത് എ.ആര്‍.റഹ്മാനാകുമ്പോള്‍. അതും മണിരത്നത്തിന്‍െറ സിനിമയില്‍. വൈരമുത്തുവിന്‍െറ വരികള്‍ കൂടിയാവുമ്പോള്‍ അതിന് സമ്പൂര്‍ണത കൈവരും. 
കഴിഞ്ഞ ഇരുപതു കൊല്ലമായി ഒട്ടേറെ ഹിറ്റുകള്‍ ഇന്ത്യന്‍ സിനിമക്ക് സംഭാവന ചെയ്തിട്ടുള്ള കരുത്തുറ്റ കൂട്ടുകെട്ടാണ് മണിരത്നം-റഹ്മാന്‍. മണിരത്നം ചിത്രത്തിനുവേണ്ടി റഹ്മാന്‍ 11ാം തവണയാണ് ഈണങ്ങളൊരുക്കുന്നത്. ചെറിയൊരിടവേളക്കു ശേഷം റഹ്മാന്‍ തിരിച്ചത്തെുന്നു എന്നത് ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്‍്റെ ആരാധകര്‍ക്ക് അങ്ങേയറ്റം  പ്രതീക്ഷ നല്‍കുന്നതാണ്. കടലിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഫെയ്സ്ബുക്കില്‍ ഒരുകോടി ആരാധകര്‍ വഴി സച്ചിനെ പിന്നിലാക്കി ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമായി മാറി എ.ആര്‍.റഹ്മാന്‍. പ്രത്യേകിച്ചും ഈ പശ്ചാത്തലത്തില്‍ റഹ്മാനിലുള്ള ഇന്‍ഡ്യന്‍ ആരാധകരുടെ പ്രതീക്ഷ വലുതാണ്. രാജ് കപൂര്‍- ശങ്കര്‍ ജയ്കിഷന്‍ പോലെ, ദേവാനന്ദ്- എസ്.ഡി. ബര്‍മന്‍ പോലെ എ.ആര്‍.റഹ്മാന്‍- മണിരത്നം ഹിറ്റുകളുടെ കൂട്ടുകെട്ടാണ്. മണിക്കുവേണ്ടിയാണ് റഹ്മാന്‍  അദ്ദേഹത്തിന്‍െറ ‘ബെസ്റ്റ്’ പുറത്തെടുക്കുന്നതെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.  
മറ്റൊരു പുതുമയും റഹ്മാന്‍ ഇതില്‍ കരുതിവെക്കുന്നു. പലതരം സംഗീതത്തിന്‍െറ പുതുമയാര്‍ന്ന കോംബിനേഷനാണ് എന്നും റഹ്മാന്‍െറ ഗനങ്ങള്‍. അതാണ് എന്നും അതിന്‍െറ പുതുമയും. ഇത്തവണ തികച്ചും പുതുമയാര്‍ന്ന കോംബിനേഷനാണ് ക്രിസ്ത്യന്‍ ഗോസ്പലും ബ്ളൂസും തെക്കേയിന്‍ഡ്യന്‍ നാടോടി സംഗീതവും ചേര്‍ന്നുള്ള കടലിലെ ഗാനങ്ങള്‍. ഓഡിയോ റിലീസിനുമുമ്പ് തന്നെ ചിത്രത്തിലെ ഗാനമായ ‘നെഞ്ചുക്കുള്ളേ’ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്യപ്പെടുകയും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തത് പുത്തന്‍ അനുഭവമായി. എം.ടി.വിയുടെ ‘അണ്‍പ്ളഗ്ഡ്’ എന്ന പരിപാടിയില്‍ റഹ്മാനും ഗായിക ശക്തിശ്രീ ഗോപാലനും ഗാനം അവതരിപ്പിക്കുകയായിരുന്നു. ഇതിന്‍്റെ വീഡിയോക്കാണ് വന്‍ സ്വീകാര്യത ലഭിച്ചത്. ഇതോടെ ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ക്കായുള്ള ആരാധകരുടെ പ്രതീക്ഷയും വാനോളമായി.
‘ചിത്തിരനിലാ..’ എന്ന മെലഡി ഗാനവും ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു. റഹ്മാന് എന്നും സ്വീകാര്യതയുള്ളത് മെലഡി ഗാനങ്ങള്‍ക്കാണ്. എന്നാല്‍ മെലഡിയാണ് എന്നും വെല്ലുവിളി. കാരണം ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് എല്ലാ ചിത്രങ്ങളിലും മെലഡിയുണ്ട്. അതും എത്ര കാലമായി. അതുകൊണ്ട് മെലഡിയില്‍ വ്യത്യസ്തത നിലനിര്‍ത്തുക എന്നതാണ് വെല്ലുവിളിയെന്നാണ്. എന്നാല്‍ രണ്ടു ദശാബ്ദത്തിലേറെയായിട്ടും പുതുമ സമ്മാനിക്കാന്‍  കഴിയുന്നു എന്നതാണ് റഹ്മാന്‍െറ പ്രത്യേകത. കടല്‍ തനിക്ക് ഈ സംഗീതത്തിന് വലിയ പ്രചോദനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പുതിയ ശബ്ദങ്ങളെ കണ്ടത്തെുന്നതില്‍ പ്രതിഭാധനനായ റഹ്മാന്‍ ഇതില്‍ ഒരു മുഖ്യ ഗാനം സിദ്ദ് ശ്രീറാമിനെകൊണ്ടാണ് പാടിച്ചിരിക്കുന്നത്. സംഗീതത്തിന് വലിയ പ്രാധാന്യം നല്‍കുന്ന മണിരത്നം സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 
പഴയകാല നായകന്‍ കാര്‍ത്തിക്കിന്‍്റെ മകന്‍ ഗൗതം കാര്‍ത്തിക്കും നടി രാധയുടെ മകള്‍ തുളസിയുമാണ് ചിത്രത്തില്‍ മുഖ്യവേഷത്തിലത്തെുന്നത്.
features: 
Facebook

തമിഴ്നാട്ടില്‍ നിന്ന് കടത്തിയ 500 കിലോ റേഷനരി പിടികൂടി

Posted: 21 Jan 2013 09:56 PM PST

കുമളി: തമിഴ്നാട്ടില്‍ സൗജന്യമായി നല്‍കുന്ന റേഷന്‍ അരി ബസില്‍ കയറ്റി കടത്താന്‍ ശ്രമിച്ചത് പൊലീസ് പിടികൂടി. തേങ്ങ നിറച്ച ചാക്കിനുള്ളില്‍ കുത്തി നിറച്ച 500 കിലോ റേഷനരിയാണ് തമിഴ്നാട് പൊലീസ് പിടികൂടിയത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റേഷനരി ബസില്‍ കയറ്റാന്‍ ജീവനക്കാര്‍ സമ്മതിക്കാത്തതിനാലാണ് അരി ചാക്ക് മറ്റൊരു വലിയ പ്ളാസ്റ്റിക് ചാക്കിനുള്ളിലിറക്കി വെച്ച് ഇതിന് ചുറ്റും തേങ്ങ നിറച്ചത്. സൗജന്യമായി ലഭിക്കുന്ന റേഷനരി 15-20 രൂപ വരെ നിരക്കിലാണ് കടകളിലെത്തിച്ച് വില്‍ക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ജില്ലയിലെ ഏലത്തോട്ടങ്ങളിലേക്ക് ജോലിക്ക് വരുന്ന തൊഴിലാളികളുടെ പക്കല്‍ നിന്ന് 350 കിലോ അരി പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച 500 കിലോ റേഷനരി അധികൃതര്‍ പിടിച്ചെടുത്തത്.
 

കെ.എസ്.ആര്‍.ടി.സി ജില്ലയില്‍ സര്‍വീസ് വെട്ടിക്കുറച്ചു

Posted: 21 Jan 2013 09:49 PM PST

പത്തനംതിട്ട: ഡീസല്‍ വില വര്‍ധനയെ തുടര്‍ന്ന് കെ.എസ്. ആര്‍.ടി.സി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചുതുടങ്ങി. ജില്ലയില്‍ പത്തനംതിട്ട, അടൂര്‍, തിരുവല്ല, പന്തളം, മല്ലപ്പള്ളി ഡിപ്പോകളിലെ വിവിധ ഷെഡ്യൂളുകളാണ് പിന്‍വലിച്ചത്.
പത്തനംതിട്ടയില്‍ നിന്നുള്ള ചെയിന്‍ സര്‍വീസുകളില്‍ മിക്കതും കഴിഞ്ഞ ദിവസം മുടങ്ങി. എടത്വ റൂട്ടിലെയും സര്‍വീസ് നിര്‍ത്തിവെച്ചു.
കലക്ഷന്‍ കുറവാണെന്ന കാരണം പറഞ്ഞ് കോന്നി, റാന്നി മലയോര മേഖലകളിലേക്കുള്ള ചില സര്‍വീസുകളും റദ്ദാക്കിയത് നൂറുകണക്കിന് യാത്രക്കാരെ വലച്ചു. ഇതോടെ മലയോര മേഖലയടക്കം വിവിധ പ്രദേശങ്ങളില്‍ യാത്രാക്ളേശം തുടങ്ങി.
തല്‍ക്കാലം ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ച് ലാഭകരമായ റൂട്ടില്‍ മാത്രം ബസുകള്‍ അയക്കാനാണ് ഡിപ്പോകളില്‍ ലഭിച്ച നിര്‍ദേശം. ഡീസല്‍ പ്രതിസന്ധിയെ തുടര്‍ന്ന് പമ്പാ സര്‍വീസിന് അയച്ച ഭൂരിഭാഗം ബസുകളും മാവേലിക്കര, തിരുവനന്തപുരം വര്‍ക്ക്ഷോപ്പുകളിലേക്ക് അയച്ചിരിക്കയാണ്.
കൂടാതെ അറ്റകുറ്റപ്പണിക്കെന്ന പേരില്‍ ജില്ലയിലെ വിവിധ ഡിപ്പോകളില്‍ കട്ടപ്പുറത്ത് കയറുന്ന ബസുകളുടെ എണ്ണവും വര്‍ധിച്ചുവരുന്നു. പത്തനംതിട്ട ഡിപ്പോയില്‍ മാത്രം പത്തോളം ബസുകള്‍ കട്ടപ്പുറത്താണ്.
ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്ന് 253 ഷെഡ്യൂളുകളാണ് ഓപറേറ്റ് ചെയ്യുന്നത്. ഇതിന് 16780 ഓളം ലിറ്റര്‍ ഡീസല്‍ ദിവസവും വേണ്ടിവരും. പുതുക്കിയ നിരക്കില്‍ രണ്ടുലക്ഷം രൂപ അധിക ചെലവും കണക്കാക്കുന്നു.
പത്തനംതിട്ട ഡിപ്പോയില്‍ 72 ഷെഡ്യൂളുകള്‍ 23500 കിലോമീറ്റര്‍ ഓടാന്‍ 6000 ലിറ്റര്‍ ഡീസല്‍ വേണ്ടിവരും. ഇപ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് ഡിപ്പോയില്‍ ഡീസല്‍ എത്തുന്നത്.
എം.എല്‍.എയുടെ താല്‍പ്പര്യപ്രകാരം ഗ്രാമീണ മേഖലകളില്‍ കൂടി ആരംഭിച്ച സര്‍വീസുകളും റദ്ദാക്കി തുടങ്ങി. ഇതില്‍ പലതിനും കലക്ഷന്‍ കുറവായിരുന്നു.
 

ചങ്ങനാശേരി താലൂക്കില്‍ ജലക്ഷാമം രൂക്ഷം, വിതരണം നാമമാത്രം

Posted: 21 Jan 2013 09:42 PM PST

ചങ്ങനാശേരി: താലൂക്കില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. കിണറുകളും വറ്റിത്തുടങ്ങിയതോടെയാണ് ജലദൗര്‍ലഭ്യം ഏറിയത്. ജല അതോറിറ്റിയെ മാത്രം ആശ്രയിക്കുന്ന ഉപഭോക്താക്കള്‍ മാസങ്ങളായി ബുദ്ധിമുട്ടിലാണ്. ആഴ്ചയില്‍ ഒരുദിവസം പോലും പഞ്ചായത്ത് പ്രദേശങ്ങളില്‍ വെള്ളം കിട്ടാറില്ല. നഗരസഭാ പ്രദേശത്ത് പോലും ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രമാണ് ജലവിതരണം.
കല്ലിശേരി, കറ്റോട് പദ്ധതിയില്‍നിന്നുള്ള വെള്ളമാണ് ചങ്ങനാശേരിയിലെ ടാങ്കില്‍ നിന്ന് വിതരണം ചെയ്യുന്നത്. ആവശ്യത്തിന് വെള്ളം പദ്ധതിയിലൂടെ കിട്ടാറില്ലെന്ന് ചങ്ങനാശേരി ജലഅതോറിറ്റി അധികൃതരും പരാതി പറയുന്ന സ്ഥിതിയാണ്. പദ്ധതിയില്‍ നിന്ന് ലഭ്യമാകുന്ന വെള്ളം കുറ്റമറ്റരീതിയില്‍ വിതരണം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയാത്ത സ്ഥിതിയാണ്. പലപ്രദേശത്തേക്കുമുള്ള വിതരണക്കുഴലുകള്‍ തകര്‍ന്നിട്ട് നാളുകളായി. തകരാറുണ്ടായ പ്രദേശത്തേക്ക് ആഴ്ചകളോളം വെള്ളം തുറന്നുവിടാത്തതാണ് പരാതി വര്‍ധിക്കാന്‍ കാരണം.
അതേസമയം, വെള്ളം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. പ്രധാന പൈപ്പില്‍നിന്നുപോലും അനധികൃത കണക്ഷനുകള്‍ എടുത്ത് വന്‍തോതില്‍ വെള്ളം ഉപയോഗിക്കുന്നെന്ന പരാതികളില്‍ പരിഹരിച്ചിട്ടില്ല.
കുറിച്ചി പ്രദേശത്തെ ചില സ്ഥലങ്ങളില്‍ ഇതുമൂലം വെള്ളമെത്തുന്നില്ലെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് പരാതിപ്പെട്ടിരുന്നു. സ്ഥാപനങ്ങളിലെയും വലിയ വീടുകളിലേയും അനധികൃത ഉപഭോഗം പരിശോധിച്ച് കണ്ടെത്തണമെന്ന ആവശ്യത്തിലും നടപടിയില്ല.
പൊതുടാപ്പുകളില്‍നിന്ന് വെള്ളം ദുരുപയോഗം ചെയ്യുന്നതായി പരാതിയുണ്ട്. നഗരത്തില്‍ ജല അതോറിറ്റിയെ മാത്രം ആശ്രയിക്കുന്ന വീടുകളിലേക്കുള്ള വിതരണം നിരന്തരം മുടങ്ങുകയാണ്. തൃക്കൊടിത്താനം, പായിപ്പാട്, കുറിച്ചി, മാടപ്പള്ളി, വാഴപ്പള്ളി പഞ്ചായത്തുകളിലെയും ജലവിതരണം കാര്യക്ഷമമല്ല.
പായിപ്പാട് പഞ്ചായത്തിലെ മച്ചിപ്പള്ളി, കോതചിറ, മുക്കാഞ്ഞിരം, ഓമണ്ണ് തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകള്‍ വറ്റിയതോടെ കുടിവെള്ളദൗര്‍ലഭ്യം ഏറി. പഞ്ചായത്തിന്‍െറ പടിഞ്ഞാറന്‍ മേഖലയായ പൂവം, നക്രാപുതുവല്‍, കോമങ്കേരിച്ചിറ, ആറ്റുവാക്കേരി, എ.സി കോളനി പ്രദേശങ്ങളില്‍ തോട്ടിലെ ജലമാണ് ഉപയോഗിക്കുന്നത്. വേനല്‍ കടുത്ത് ഒഴുക്ക് നിലച്ചതിനാല്‍ വെള്ളം കൂടുതല്‍ മലിനമാണ്. പ്രദേശത്ത്കിണറുകള്‍ ഇല്ലാത്തതിനാല്‍ വെള്ളം അരിച്ചെടുത്ത് ഉപയോഗിക്കുന്ന സ്ഥിതിയാണ്. ജല അതോറിറ്റിയുടെ പൈപ്പുകള്‍ പലയിടത്തും തകര്‍ന്നുകിടക്കുന്നതിനാല്‍ വെള്ളം കിട്ടാറില്ല.
കുറിച്ചി പഞ്ചായത്തില്‍ സചിവോത്തമപുരം കോളനി, ഇത്തിത്താനം മലകുന്നം പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായി. പഞ്ചായത്തുകളും നഗരസഭയും ഇതുവരെ കുടിവെള്ളം ടാങ്കര്‍ ലോറിയില്‍ എത്തിക്കുന്നതിനുള്ള നടപടി തുടങ്ങിയിട്ടില്ല. ലോറികളില്‍ വെള്ളം ശേഖരിച്ച് വിതരണം നടത്തുന്നതിനുള്ള ധനവിനിയോഗത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതര്‍ പറയുന്നത്. ജില്ലാ കലക്ടറുടെ യോഗത്തിനുശേഷമേ ഇത് സാധിക്കൂവെന്നാണ് അവരുടെ നിലപാട്.

മണ്ണഞ്ചേരിയില്‍ കുടിവെള്ളമില്ല

Posted: 21 Jan 2013 09:33 PM PST

മണ്ണഞ്ചേരി: പദ്ധതികളും പ്രഖ്യാപനങ്ങളും ജലരേഖയായി. മണ്ണഞ്ചേരിയില്‍ കുടിവെള്ളം കിട്ടാക്കനി. മണ്ണഞ്ചേരിയിലെ കായലോര വാര്‍ഡുകളിലും പടിഞ്ഞാറന്‍ പ്രദേശങ്ങളിലുമാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്. പരമ്പരാഗത ജലസ്രോതസ്സുകളായ കുളങ്ങളും കിണറുകളും വറ്റിയതോടെയാണ് വേനല്‍ കടുക്കുംമുമ്പേ പ്രദേശത്ത് കുടിവെള്ളം ഇല്ലാതായത്. പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ് വാര്‍ഡുകളിലെ പാണംതൈ, പുത്തന്‍പറമ്പ്, ഇലഞ്ഞിക്കാത്തറ, ചിറപ്പുറം, എച്ചിക്കുഴി, ഷണ്‍മുഖം, റോഡുമുക്ക്, കോമളപുരം, അമ്പലക്കടവ്, പൊന്നാട് പ്രദേശങ്ങളിലുള്ളവരാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്.
 കാലങ്ങളായി പ്രദേശവാസികള്‍ ഉപയോഗിച്ചിരുന്ന കുളങ്ങള്‍ പലതും വറ്റിവരളുകയും ചിലത് മാലിനപ്പെടുകയും ചെയ്തു. ഇലഞ്ഞിക്കാത്തറ ഭാഗത്തുള്ള പല വീട്ടുകാരും കോപ്പുഴ, പുതുവീട് വീടുകളിലെ കുഴല്‍ക്കിണറില്‍ നിന്ന് ടാങ്കില്‍ സംഭരിക്കുന്ന വെള്ളമാണ് എടുക്കുന്നത്. ഇതിനായി സ്ത്രീകളും കുട്ടികളും നേരം പുലരുന്നതിന് മുമ്പുതന്നെ എത്തണം.
 കിലോമീറ്ററുകള്‍ താണ്ടി പലരും തലച്ചുമടായാണ് വീടുകളില്‍ കുടിവെള്ളം എത്തിക്കുന്നത്. വേമ്പനാട്ടുകായലിന്‍െറ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന കക്കാ-മത്സ്യ-കര്‍ഷക തൊഴിലാളി കുടുംബങ്ങളാണ് കുടിവെള്ളത്തിനായി ഏറെ കഷ്ടപ്പെടുന്നത്. പ്രദേശത്ത് കൂടി വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണ് ശുദ്ധജലം എത്തുന്നത്. കായലിലെ മാലിന്യംകലര്‍ന്ന വെള്ളമാണ് തീരദേശവാര്‍ഡുകളിലെ ജനങ്ങള്‍ പ്രാഥമികാവശ്യങ്ങള്‍ക്കും കുളിക്കാനും അലക്കാനും മറ്റും ഉപയോഗിക്കുന്നത്. കാര്‍ഷികാവശ്യത്തിനുപോലും ഒരുതുള്ളി വെള്ളം ലഭിക്കാത്തതിനാല്‍ പച്ചക്കറി കൃഷി ഉള്‍പ്പെടെയുള്ളവ കരിഞ്ഞുണങ്ങുകയാണ്.
കായലോരത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ വലിയവീട് ക്ഷേത്രഭാരവാഹികള്‍ നല്‍കിയ സ്ഥലത്ത് ഒരുകോടി രൂപ മുടക്കി കുടിവെള്ള വിതരണ സംവിധാനം ആരംഭിച്ചെങ്കിലും ആസൂത്രണത്തിലെ പിഴവുമൂലം അത് പാളി. പഞ്ചായത്ത് ഭരണസമിതികള്‍ ഓരോവര്‍ഷവും കുടിവെള്ള വിതരണത്തിനായി ലക്ഷങ്ങള്‍ വകയിരുത്തുന്നുണ്ടെങ്കിലും അതിന്‍െറ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല.
 മുന്‍കാലങ്ങളില്‍ വരള്‍ച്ചയുടെ കാഠിന്യം കൂടുമ്പോള്‍ പഞ്ചായത്ത് വാഹനങ്ങളില്‍ വാര്‍ഡുകള്‍തോറും ശുദ്ധജലം എത്തിച്ചിരുന്നു. ഇത്തവണ കുടിവെള്ളക്ഷാമം ഏറെ രൂക്ഷമായിട്ടും വാഹനങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറായിട്ടില്ല. നഗരത്തില്‍ ആര്‍.ഒ പ്ളാന്‍റുകളെയെങ്കിലും സാധാരണക്കാരന് ആശ്രയിക്കാമെന്നിരിക്കെ അങ്ങനെയുള്ള സംവിധാനങ്ങളും മണ്ണഞ്ചേരിയിലെ ഗ്രാമപ്രദേശത്ത് അന്യമാണ്. കായലോര മേഖലയില്‍ ഉപ്പുരസമുള്ളതും ചളിനിറഞ്ഞതുമായ വെള്ളമാണ് എത്ര കുഴിച്ചാലും കിട്ടുന്നത്. കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

പെരിയാറിലെ വെള്ളത്തിലെ നിറംമാറ്റം: ഫയലുകള്‍ അപ്രത്യക്ഷമായെന്ന്

Posted: 21 Jan 2013 09:29 PM PST

കളമശേരി: പെരിയാറിലെ വെള്ളത്തിലെ നിറംമാറ്റവുമായി ബന്ധപ്പെട്ടുള്ള ഫയലുകള്‍ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസില്‍നിന്ന് അപ്രത്യക്ഷമായതായി ആക്ഷേപം. 2011-12 വര്‍ഷം പുഴ നിറംമാറി ഒഴുകിയതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 30 മുതല്‍ നവംബര്‍  18 വരെ എടയാറിലെ ഒരു പ്രമുഖ കമ്പനിക്ക്  നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് അടങ്ങിയ ഫയലുകളാണ് അപ്രത്യക്ഷമായിരിക്കുന്നത്. പെരിയാറിലെ മലിനീകരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ അടങ്ങിയ ഫയലുകള്‍ അപ്രത്യക്ഷമാകുന്നത് ഇത് രണ്ടാം തവണയാണ്.
2011 ജൂലൈ 20, 21 തീയതികളില്‍ പെരിയാര്‍ നിറംമാറി ഒഴുകിയതിന് കാരണക്കാരായ എടയാറിലെ കമ്പനിക്ക് നോട്ടീസ് നല്‍കിയിരുന്നു. വിവിധ ദിവസങ്ങളിലായി അന്തരീക്ഷ മലിനീകരണം നടന്നതിന്‍െറ പേരിലും ഈ കമ്പനിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെക്കുറിച്ച് പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് മലിനീകരണ ബോര്‍ഡ് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ട് അടങ്ങിയ ഫയലുകളും കാണാനില്ലെന്നാണ് ആക്ഷേപം. എന്നാല്‍, ഇത്തരമൊരു അന്വേഷണവും  നടത്തിയിട്ടില്ലെന്നാണ് ഏലൂര്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം പെരിയാറിലെ മലിനീകരണവുമായി ബന്ധപ്പെട്ട് കോടതി നിയോഗിച്ച അഭിഭാഷക കമീഷന്‍ വിവിധയിടങ്ങളില്‍നിന്ന് ശേഖരിച്ച 143 സാമ്പിളുകളുടെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ കാണാതായിരുന്നു. ഇതേതുടര്‍ന്ന് രണ്ട് എന്‍ജിനീയറിങ് ജീവനക്കാര്‍ക്കെതിരെ അധികൃതര്‍ നടപടിയെടുത്തിരുന്നു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP