സ്വാഗതം
WELCOME

News Update..

Thursday, January 30, 2014

വാക്കേറ്റത്തിനിടെ റിട്ട. കേണല്‍ വെടിയുതിര്‍ത്തു, രണ്ടുപേര്‍ക്ക് പരിക്ക് Madhyamam News Feeds

വാക്കേറ്റത്തിനിടെ റിട്ട. കേണല്‍ വെടിയുതിര്‍ത്തു, രണ്ടുപേര്‍ക്ക് പരിക്ക് Madhyamam News Feeds

Link to

വാക്കേറ്റത്തിനിടെ റിട്ട. കേണല്‍ വെടിയുതിര്‍ത്തു, രണ്ടുപേര്‍ക്ക് പരിക്ക്

Posted: 30 Jan 2014 12:53 AM PST

തിരുവനന്തപുരം: കാറിന് സൈഡ് കൊടുക്കാത്തതില്‍ പ്രകോപിതനായ റിട്ട. കേണല്‍ നാട്ടുകാരായ രണ്ടുപേര്‍ക്കുനേരെ വെടിയുതിര്‍ത്തു. ഇവരില്‍ ഒരാളുടെ നിലഗുരുതരമാണ്.
വലിയവിള സ്വദേശികളായ വെങ്കിടേശ്വരറാവു (47), മനോജ് (35) എന്നിവര്‍ക്കാണ് വെടിയേറ്റത്. രണ്ടുപേരെയും മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണ് വെങ്കിടേശ്വര റാവു. അടിവയറിന് വെടിയേറ്റ  വെങ്കിടേശ്വര റാവുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. മനോജിന് തുടയ്ക്കാണ് വെടിയേറ്റത്.
തുടര്‍ച്ചയായി വെടിയുതിര്‍ത്ത വലിയവിള മൈത്രിനഗര്‍ അനുപമയില്‍ കേണല്‍ ബ്രെല്‍വിനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പൊലീസിന് കൈമാറി. നാട്ടുകാരുടെ മര്‍ദനത്തില്‍ ഇയാള്‍ക്ക് പരിക്കുണ്ട്. മദ്യലഹരിയിലാണ് ഇയാള്‍ വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു.
വലിയവിള ജംഗ്ഷനില്‍ ബുധനാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. വലിയവിളയില്‍നിന്ന് മൈത്രി നഗറിലേക്കുള്ള വഴിയിലൂടെ കാറിലെത്തിയ ബ്രെല്‍വിന് വഴിയില്‍ ഒരു ഓട്ടോയുണ്ടായിരുന്നതിനാല്‍ കടന്നുപോകാനായില്ല.
ഓട്ടോഡ്രൈവറോടും ഒപ്പമുണ്ടായിരുന്നവരോടും ഇയാള്‍ കയര്‍ത്തു. ഇതിനിടെ ഓട്ടോ മാറ്റിയതോടെ ബ്രെല്‍വിന്‍ കാറോടിച്ച് വീട്ടിലേക്ക് പോയി. അല്‍പസമയശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന റിവോള്‍വറും റൂള്‍തടിയുമായി തിരിച്ചെത്തി സ്ഥലത്തുണ്ടായിരുന്നവരോട് വഴക്കിട്ടു.
റൂള്‍തടി ഉപയോഗിച്ച് തല്ലാന്‍ ശ്രമിച്ചു. നാട്ടുകാരെ വിരട്ടുന്നതിനായി വെടി ഉതിര്‍ക്കുകയും ചെയ്തു. മനോജിന് വെടിയേറ്റതോടെ നാട്ടുകാര്‍ ഇയാളെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു.
 താഴെ വീണ ബ്രെല്‍വിന്‍ തുടര്‍ച്ചയായി വെടി ഉതിര്‍ക്കുന്നതിനിടെയാണ് വെങ്കിടേശ്വരറാവുവിന് വെടിയേറ്റത്. തുടര്‍ന്ന് നാട്ടുകാര്‍ റിവോള്‍വര്‍ കൈക്കലാക്കി.
തറയില്‍വീണ ബ്രെല്‍വിനെ നാട്ടുകാര്‍ പൊതിരെ തല്ലി. വലിച്ചിഴച്ച് റോഡിന് വശത്തേക്ക് മാറ്റി കൈയും കാലും കെട്ടിയിട്ടു. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ 108 ആംബുലന്‍സ് വിളിച്ചെങ്കിലും ലഭിച്ചില്ല.
 തുടര്‍ന്ന്  ഓട്ടോയിലും പിന്നീട് പൊലീസ് വാഹനത്തിലുമായി ഇവരെ  മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചു.
സ്ഥിരം ശല്യക്കാരനായ റിട്ടയേര്‍ഡ് കേണല്‍ മുമ്പും പലരെയും വെടിവെക്കാന്‍ ശ്രമിച്ചിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. വൈകുന്നേരങ്ങളില്‍ റോഡില്‍ നില്‍ക്കുന്ന കുട്ടികള്‍ക്കുനേരെ ഇയാള്‍ വെടിവെക്കാന്‍ ശ്രമിച്ചിട്ടുണ്ടത്രെ.
ഇയാള്‍ക്ക് തോക്ക് സൂക്ഷിക്കാനുള്ള അനുവാദം നല്‍കിയതില്‍ നാട്ടുകാരും സി.പി.എം പ്രവര്‍ത്തകരും വലിയവിളയില്‍ പ്രതിഷേധിച്ചു.
 ബ്രെല്‍വിന്‍െറ വീട്ടിന് നേരെ കല്ലേറും നടത്തി. പൊലീസ് നാട്ടുകാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ബ്രെല്‍വിനെ പൊലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നെന്നാരോപിച്ചാണ് പരിസരവാസികള്‍ സംഘടിച്ചത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബ്രെല്‍വിന്‍െറ വീട്ടില്‍ കൂടുതല്‍ ആയുധങ്ങള്‍ ഉള്ളതായി സംശയിച്ച് പൊലീസ് പരിശോധന നടത്തി.

വയനാട്ടിലെ അധ്യാപികമാരുടെ ശമ്പളം:15 ദിവസത്തിനകം തീരുമാനം -എ.ഡി.എം.ഒ

Posted: 29 Jan 2014 11:22 PM PST

Image: 

വയനാട്: ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് വയനാട് കലക്റ്ററേറ്റ് കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യക്കൊരുങ്ങിയ അധ്യാപികമാരുടെ കാര്യത്തില്‍ 15 ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍.

അതിനിടെ ആത്മഹത്യാ ഭീഷണി മുഴക്കിയ അധ്യാപികമാരില്‍ ഒരാള്‍  തലകറങ്ങി കെട്ടിടത്തില്‍ വീണു. ഇവരെ ആശുപത്രിയിലേക്ക്  മാറ്റി. മറ്റുള്ളവരും ഇവര്‍ക്കൊപ്പം ആശുപത്രിയില്‍ ഉണ്ട്. വയനാട് സ്വദേശികളായ ലിസി,പ്രതിഭ,സുജാത എന്നീ മൂന്നു പ്രി പ്രൈമറി ടീച്ചര്‍മാരാണ് ജീവനൊടുക്കാനായി കെട്ടിടത്തിന്‍്റെ മുകള്‍ നിലയില്‍ കയറിയത്.

 
2012 ആഗസ്റ്റ് മുതല്‍ ഇവര്‍ക്കുള്ള ശമ്പളം തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി അധ്യാപികമാര്‍ മാസങ്ങളായി സമരം നടത്തി വരികയാണ്. ഇതെ തുടര്‍ന്ന് ഇവര്‍ക്ക് പ്രതിമാസം 5000രൂപ ഓണറേറിയം നല്‍കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ശമ്പളക്കുടിശ്ശികയോ ഓണറേറിയമോ നല്‍കാത്തതിനെ തുടര്‍ന്നാണ് അധ്യാപികമാര്‍ കലക്റ്റേറ്റ് കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടാന്‍ തുനിഞ്ഞത്.

എ.ഡി.എം എം.ടി മാത്യുവിന്‍്റെ നേതൃത്വത്തില്‍ നടത്തിയ അനുനയ ചര്‍ച്ചയില്‍ ആണ്  ഇവരുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാവുമെന്ന് ഉറപ്പു നല്‍കിയത്. ഇന്നു തന്നെ ഇത്തരം അധ്യാപികമാരുടെ കാര്യം സര്‍ക്കാറിന്‍്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഹര്‍ത്താലിന് സമ്മിശ്ര പ്രതികരണം, ഹൈറേഞ്ചില്‍ പൂര്‍ണം

Posted: 29 Jan 2014 10:56 PM PST

Subtitle: 
വാഹനം തടയല്‍ ചിലയിടങ്ങളില്‍ അക്രമമായി, ഉദ്യോഗാര്‍ഥികളെ വലച്ചു

തൊടുപുഴ: പശ്ചിമഘട്ട സംരക്ഷണത്തിനായി വിജ്ഞാപനം ചെയ്ത പരിസ്ഥിതി ലോല മേഖലകള്‍ പുന$പരിശോധിക്കുമെന്ന നിലപാടില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നാക്കം പോയതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ജില്ലയില്‍ സമ്മിശ്ര പ്രതികരണം. ഹര്‍ത്താല്‍ ജില്ലയില്‍ സമാധാനപരമായിരുന്നെങ്കിലും ലോറേഞ്ചില്‍ ഹര്‍ത്താല്‍ കാര്യമായ ചലനം ഉണ്ടാക്കിയില്ല.
 കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. ജില്ലാ അതിര്‍ത്തിയായ അച്ചന്‍കവലയില്‍നിന്നാണ് ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസുകളടക്കം സര്‍വീസ് നടത്തിയത്. സ്വകാര്യവാഹനങ്ങളും ബൈക്കുകളും നിരത്തിലിറങ്ങി. ഗ്രാമങ്ങളില്‍ കടകമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചു.
കട്ടപ്പനയില്‍ പി.എസ്.സി പരീക്ഷക്കും മറ്റുമായി വന്ന വിദ്യാര്‍ഥികള്‍ ഗതാഗത സൗകര്യമില്ലാതെ വലഞ്ഞു. തേക്കടിയില്‍ ഹര്‍ത്താല്‍ കാര്യമായ ചലനം ഉണ്ടാക്കിയില്ല. വണ്ടിപ്പെരിയാര്‍, പീരുമേട് തോട്ടം മേഖലയില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ സ്തംഭിപ്പിച്ചു.
തൊടുപുഴയില്‍ ഇടതുമുന്നണി ആഭിമുഖ്യത്തില്‍ ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന പ്രതിഷേധ പ്രകടനം ഗാന്ധി സ്ക്വയറില്‍ നിന്നാരംഭിച്ച് ടൗണ്‍ ചുറ്റി മുനിസിപ്പല്‍ മൈതാനിയില്‍ സമാപിച്ചു. പ്രകടനം എല്‍.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ വി.വി. മത്തായി ഉദ്ഘാടനം ചെയ്തു. കെ. സലീംകുമാര്‍, പി.പി. ജോയി, ടി.ആര്‍. സോമന്‍, കെ.ആര്‍. ഷാജി, ആര്‍. പ്രശോഭ്, ടി.പി. കുഞ്ഞച്ചന്‍, വി.കെ. പുരുഷോത്തമന്‍നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 കട്ടപ്പന:  ഇടതുപക്ഷവും എസ്.എന്‍.ഡി.പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഹൈറേഞ്ചില്‍ പൂര്‍ണമായിരുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചതോടെ ബന്ദിന്‍െറ പ്രതീതിയാണ് ഹൈറേഞ്ചില്‍ അനുഭവപ്പെട്ടത്.
ഹൈറേഞ്ചിലെ പ്രധാന പട്ടണങ്ങളായ കട്ടപ്പന, കുമളി, നെടുങ്കണ്ടം, ഉപ്പുതറ, ചെറുതോണി, തങ്കമണി, അണക്കര തുടങ്ങിയ മേഖലകളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍-സ്വകാര്യസ്ഥാപനങ്ങളാന്നും പ്രവര്‍ത്തിച്ചില്ല. ഓഫിസുകളില്‍ ഹാജര്‍നില കുറവായിരുന്നു.
അത്യാവശ്യ സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളുമൊഴിച്ച് മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. തോട്ടം തൊഴിലാളികളും കര്‍ഷകരും പണിക്കിറങ്ങാതെ വിട്ടുനിന്നു.
ഹര്‍ത്താല്‍ അനുകൂലികള്‍ ഹൈറേഞ്ചിന്‍െറ വിവിധ മേഖലകളില്‍ പ്രതിഷേധ പ്രകടനം നടത്തി. കട്ടപ്പന, പുളിയന്മല, അണക്കര, നെടുങ്കണ്ടം മേഖലകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ രാവിലെ വാഹനങ്ങള്‍ തടഞ്ഞു.
കേന്ദ്രസര്‍ക്കാറിന്‍െറ നിലപാടില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാത്രി ഹൈറേഞ്ചിന്‍െറ വിവിധ മേഖലകളില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.
ബുധനാഴ്ച വൈകുന്നേരം മൂന്നിന് കട്ടപ്പന സെന്‍റ് ജോര്‍ജ് പാരിഷ് ഹാളില്‍ ചേര്‍ന്ന ഹൈറേഞ്ച് സംരക്ഷണ സമിതി കോര്‍ കമ്മിറ്റി യോഗം ശനിയാഴ്ച അഞ്ചിന് സമിതിയുടെ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് ഭാവി സമരപരിപാടികള്‍ ആലോചിക്കാന്‍ തീരുമാനിച്ചു.  സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ അധ്യക്ഷത വഹിച്ചു.
കട്ടപ്പന: ക്കും അഭിമുഖത്തിനുമെത്തിയ ഉദ്യോഗാര്‍ഥികള്‍ ഹര്‍ത്താലിനെ തുടര്‍ന്ന് ഭക്ഷണ-യാത്രാ സൗകര്യങ്ങളില്ലാതെ വലഞ്ഞു. റേഡിയോഗ്രാഫര്‍ തസ്തികയിലേക്കുള്ള ജില്ലാതല പരീക്ഷയും പ്രീപ്രൈമറി ടീച്ചര്‍ തസ്തികയിലേക്കുള്ള മുഖാമുഖവുമാണ് ഹര്‍ത്താല്‍ ദിനത്തില്‍ ജില്ലാ പി.എസ്.സി ഓഫിസില്‍ നടന്നത്. ഉദ്യോഗ കയറ്റത്തിനുള്ള  വകുപ്പുതല പരീക്ഷ (കെ.എസ്.ആര്‍ അക്കൗണ്ട് ടെസ്റ്റ്) ജില്ലയില്‍ അഞ്ചിടത്തും നടന്നു.
ഉദ്യോഗാര്‍ഥികള്‍ തലേദിവസം തന്നെ കട്ടപ്പനയിലും മറ്റിടങ്ങളിലും എത്തിയതിനാല്‍ റേഡിയോഗ്രാഫര്‍ പരീക്ഷയിലൊഴികെ ഹാജര്‍ നിലയില്‍ കാര്യമായ കുറവുണ്ടായില്ല.
വകുപ്പുതല പരീക്ഷ സെന്‍ററുകള്‍ തൊടുപുഴ, വാഴത്തോപ്പ്, കട്ടപ്പന, വെള്ളയാംകുടി, നെടുങ്കണ്ടം, പീരുമേട് എന്നിവിടങ്ങളിലാണ് നടന്നത്.
 തൊടുപുഴയിലും വാഴത്തോപ്പിലും ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലും കട്ടപ്പന, വെള്ളയാംകുടി സെന്‍റ് ജെറോംസ് സ്കൂളിലും നെടുങ്കണ്ടം ഗവ.വി.എച്ച്.എസ്.എസിലും പീരുമേട് ചിദംബരംപിള്ള മെമ്മോറിയല്‍ സ്കൂളിലുമായിരുന്നു പരീക്ഷ.റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് ജില്ലാതല പരീക്ഷയായിരുന്നുവെങ്കിലും സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പരീക്ഷയെഴുതാന്‍ എത്തിയിരുന്നു.
ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാല്‍ തലേദിവസം തന്നെ ഹാജര്‍ നില 36 ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പരീക്ഷക്കെത്തിയ ഉദ്യോഗാര്‍ഥികള്‍ യാത്രാസൗകര്യവും ഭക്ഷണവും കിട്ടാതെ വലഞ്ഞു.
കട്ടപ്പനയില്‍നിന്ന് സമീപ സ്ഥലങ്ങളിലേക്ക് എത്താന്‍ അതിരാവിലെ നടന്നുപോയവരാണ് ഏറെയും. സ്വകാര്യവാഹനങ്ങളെ ആശ്രയിച്ചവരും കുറവല്ല. കട്ടപ്പനയില്‍ പൊലീസ് കാന്‍റീനാണ് ഉദ്യോഗാര്‍ഥികള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം പകര്‍ന്നത്.
നെടുങ്കണ്ടം: ഹര്‍ത്താല്‍ നെടുങ്കണ്ടത്തും സമീപ പ്രദേശങ്ങളിലും പൂര്‍ണവും ശാന്തവുമായിരുന്നു. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ചുരുക്കം ചില ഇരുചക്ര വാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങളൊന്നും ഓടിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റിതര ഓഫിസുകളും പ്രവര്‍ത്തിച്ചില്ല. ഇടതുമുന്നണി രാവിലെ ടൗണില്‍ പ്രകടനം നടത്തി. ഹൈറേഞ്ചിലെ ജനങ്ങള്‍ക്ക് ആശങ്ക നിലനില്‍ക്കുന്ന കസ്തൂരിരംഗന്‍ വിഷയമായിരുന്നതിനാല്‍ എല്ലാ വിഭാഗം ജനങ്ങളും ഹര്‍ത്താലിനെ അനുകൂലിച്ചു. ചൊവ്വാഴ്ച രാത്രിയില്‍ വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി.
 

സുരക്ഷ ഉദ്യോഗസ്ഥര്‍ ‘മയക്ക’ത്തില്‍; അപകടങ്ങള്‍ തുടരുന്നു്.

Posted: 29 Jan 2014 10:43 PM PST

Subtitle: 
പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോ

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി  ഡിപ്പോയിലെ സുരക്ഷ ഉദ്യോഗസ്ഥരുടെ വീഴ്ചയെ തുടര്‍ന്നാണ് പത്തനംതിട്ട സ്റ്റാന്‍ഡില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്ന് ആക്ഷേപം.
ബുധനാഴ്ച രാവിലെ ഏഴോടെ അജ്ഞാതന്‍ ബസ് കയറി മരിച്ച ദാരുണ സംഭവം നടക്കുമ്പോഴും സുരക്ഷ ഉദ്യോഗസ്ഥര്‍ ഓഫിസില്‍ പാതിമയക്കത്തിലായിരുന്നു. ഡിപ്പോയില്‍ ആവശ്യത്തിന് സുരക്ഷ ജീവനക്കാരുണ്ട്. എട്ടോളം പേരുള്ള ഡിപ്പോയില്‍ ഒരേ സമയം രണ്ടുപേരെയാണ് ഡ്യൂട്ടിക്കിടുന്നത്. പകല്‍പോലും ഇവരെ പുറത്തുകാണാറില്ല. സ്റ്റാന്‍ഡിലെത്തുന്ന ബസുകള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാനും യാത്രക്കാരെ നിയന്ത്രിക്കേണ്ടതിന്‍െറയും ചുമതല ഇവര്‍ക്കാണ്.
സ്റ്റാന്‍ഡിലെ പൊടിശല്യത്തില്‍നിന്ന് രക്ഷതേടി ഇവര്‍ ഓഫിസില്‍ തന്നെ കഴിഞ്ഞുകൂടുകയാണ്.
പുതുക്കട ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യാനായി പിന്നിലേക്ക് എടുക്കവെയാണ് അജ്ഞാതന്‍ ബസ് തട്ടി താഴെ വീണ് ടയര്‍ ശരീരത്തിലൂടെ കയറിയത്.
 ഡ്രൈവര്‍ ബസ് പിന്നിലേക്ക് എടുക്കുമ്പോള്‍ അരിക് ശ്രദ്ധിക്കാന്‍ കണ്ടക്ടര്‍ ബസില്‍ ഇല്ലായിരുന്നു. ഇറക്കമായതിനാല്‍ ബസുകള്‍ അമിത വേഗത്തിലാണ് എത്തുന്നത്. ഡ്രൈവര്‍മാരുടെ അനാസ്ഥയെ യഥാസമയം നിയന്ത്രിച്ച് സുരക്ഷ ഉറപ്പു വരുത്തേണ്ടത് സുരക്ഷ ജീവനക്കാരാണ്.
രണ്ടുമാസത്തിനിടെ കാലിലൂടെ ബസ് കയറിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയെ പരിഗണിച്ച് ഇടക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ബസ് പാര്‍ക്കിങ് മാറ്റിയിരുന്നു.
 ഓഫിസിനോട് ചേര്‍ത്ത് ഏതാനും മണിക്കൂറുകള്‍ ബസ് നിര്‍ത്തിയിട്ടെങ്കിലും പിന്നീട് പഴയപടിയാക്കി.
സ്റ്റാന്‍ഡിലേക്കെത്തുന്ന ബസുകള്‍ പിന്നിലേക്ക് എടുക്കുന്ന സമയം യാത്രക്കാര്‍ ഓടിമാറുകയാണ് ചെയ്യുന്നത്. ഈ സമയം ഡ്രൈവര്‍ മാത്രമാകും ബസിലുണ്ടാകുന്നത്. ബസ് പുറപ്പെടാന്‍ നേരം മാത്രമാകും കണ്ടക്ടറും ബസില്‍ കയറുക.
സമീപത്തെ ബാറില്‍നിന്ന് എത്തുന്ന മദ്യപരുടെ അഴിഞ്ഞാട്ട കേന്ദ്രമായി  സ്റ്റാന്‍ഡ് മാറി. ഉടുതുണിപോലും ഇല്ലാതെയാണ് ഇവര്‍  സ്റ്റാന്‍ഡില്‍ കിടക്കുന്നത്. പൊലീസ് എത്തിയാണ്  പലപ്പോഴും  നീക്കം ചെയ്യുന്നത്.
 

ഷുമാക്കര്‍ ‘കോമ’ വിട്ടുണരാന്‍ തുടങ്ങിയെന്ന് ഫ്രഞ്ച് പത്രം

Posted: 29 Jan 2014 10:43 PM PST

Image: 

പാരിസ്: ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കിള്‍ ഷുമാക്കര്‍ കോമയില്‍ നിന്ന് ഉണരുമോ? ഫ്രഞ്ച് സ്പോര്‍ട്സ് ദിനപത്രമായ ‘എല്‍ എക്വിപ്’ ആണ് ഇതു സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്. ഷൂമാക്കര്‍ കോമയെ മറികടക്കുന്നതായും അദ്ദേഹത്തിനു നല്‍കി വരുന്ന അനസ്തേഷ്യയുടെ അളവ് ഡോക്ടര്‍മാര്‍ കുറക്കാന്‍ തുടങ്ങിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യത്തിന് സമ്പൂര്‍ണ സ്ഥിരീകരണം നല്‍കാന്‍ അദ്ദേഹത്തെ ചികില്‍സിക്കുന്ന ഗ്രനോബ്ള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തയ്യാറായിട്ടില്ല. കോമയില്‍ നിന്ന് ഉണരാന്‍ നിരവധി ദിവസങ്ങളോ ആഴ്ചകളോ എടുക്കുമെന്ന് ഡോക്ടര്‍ ഇമ്മാനുവല്‍ ഗേ പറഞ്ഞു.
ആല്‍പ്സ് മഞ്ഞുമലയില്‍ തെന്നിനീങ്ങുന്ന വിനോദത്തില്‍ ഏര്‍പ്പെട്ടിരിക്കെ പാറയില്‍ തലയിടിച്ച് വീണ ഷുമാക്കര്‍ ഒരു മാസമായി കോമ നിലയില്‍ ആണ്. തലക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ ഇനിയുള്ള കാലം കോമയില്‍ തുടര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍, വിദഗ്ധ സംഘത്തിന്‍്റെ മേല്‍നോട്ടത്തില്‍ ചികില്‍സ തുടരുകയാണ്. തലച്ചോറില്‍ കട്ടപിടിച്ച രക്തം നീക്കം ചെയ്യുന്നതിന്  അദ്ദേഹത്തെ ഇതിനകം രണ്ടു തവണ ശസ്ത്രക്രിയക്കു വിധേയനാക്കി.

ഏഴു തവണ ലോക ചാമ്പ്യനായ ഈ 45 കാരനുവേണ്ടി പ്രാര്‍ഥനയുമായി കാത്തിരിക്കുകയാണ് ആരാധക ലോകം. 16ഉം 14 ഉം വയസ്സുള്ള രണ്ടു മക്കളും ഭാര്യയും സദാ സമയം അദ്ദേഹത്തിന്‍്റെ കിടക്കക്കരികില്‍ തന്നെയുണ്ട്.

പരമ്പരാഗത കുടില്‍ വ്യവസായങ്ങള്‍ അപ്രത്യക്ഷമാകുന്നു

Posted: 29 Jan 2014 10:33 PM PST

Subtitle: 
ഒലിച്ചുപോകുന്നത് പ്രകൃതിയോടും ഗ്രാമീണതയോടും ബന്ധപ്പെട്ട ജീവിതസംസ്കാരം

കോട്ടയം: പരമ്പരാഗത കുടില്‍ വ്യവസായങ്ങള്‍ ജില്ലയില്‍ അപ്രത്യക്ഷമാകുന്നു. കളിമണ്‍പാത്ര നിര്‍മാണം, ഈറ്റയും പനയോലയും കൊണ്ടുള്ള ഗൃഹോപകരണ നിര്‍മാണം തുടങ്ങിയ കുടില്‍ വ്യവസായങ്ങളാണ് അധികൃതരുടെ അവഗണനയില്‍ എരിഞ്ഞമരുന്നത്.  
നിര്‍മാണത്തിനാവശ്യമായ അസംസ്കൃത സാധനങ്ങളുടെ ദൗര്‍ലഭ്യം, കുതിച്ചുയരുന്ന ഉല്‍പാദനച്ചെലവ്, ആനുപാതികമായി ഉല്‍പന്നത്തിന് വില കിട്ടാത്തത്, മധ്യവര്‍ത്തികളുടെ ചൂഷണം  എന്നിവയാണ് മേഖലയെ ഉലക്കുന്നത്. അലുമിനിയം, സ്റ്റെയിന്‍ലസ്, പ്ളാസ്റ്റിക് പാത്രങ്ങളുടെ തള്ളിക്കയറ്റത്തോടെയാണ് മണ്‍പാത്ര നിര്‍മാണ മേഖല തകര്‍ന്നത്. അതിലൂടെ അടഞ്ഞത് നൂറുകണക്കിനു കുടുംബങ്ങളുടെ വരുമാന മാര്‍ഗമാണ്.
ചങ്ങനാശേരി, കോട്ടയം ചന്തകളില്‍ ഒരു കാലത്ത് വിറ്റഴിക്കപ്പെട്ടിരുന്നത് ജില്ലയിലെ തന്നെ പരമ്പരാഗത തൊഴിലാളികളുടെ ഉല്‍പന്നങ്ങളായിരുന്നു. പരമ്പരാഗതമായി തൊഴില്‍ ചെയ്തിരുന്ന ചിലര്‍ പൂച്ചട്ടി നിര്‍മാണം മുഖ്യമാക്കിയാണ് തൊഴില്‍ മുന്നോട്ടു കൊണ്ടുപോകുന്നത്.
ഇതുകൊണ്ടും പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയായെന്നാണ് ഇവരുടെ വിലാപം. അടുക്കളയില്‍ ഒഴിച്ചുകൂടാനാകാത്ത ഉപകരണങ്ങളായിരുന്ന ഈറ്റ കൊണ്ടുള്ള കുട്ടകളും മുറങ്ങളും ഏറക്കുറെ പൂര്‍ണമായും അപ്രത്യക്ഷമായിരിക്കുകയാണ്. പ്ളാസ്റ്റിക്കിലും അലുമിനിയത്തിലും സ്റ്റീലിലും നിര്‍മിച്ച പകരക്കാരെത്തിയതോടെ ആ തൊഴിലും മുന്നോട്ടുകൊണ്ടുപോകാനാകാത്ത സ്ഥിയായി.
ഈറ്റയും പനയോലയും കൊണ്ട് പായ, മുറം, കുട്ട എന്നിവയുണ്ടാക്കി വില്‍പന നടത്തിയിരുന്ന സമൂഹവും തൊഴില്‍ പ്രതിസന്ധി നേരിടുകയാണ്. ഈ മേഖലകൊണ്ട് ഉപജീവനം കഴിച്ചിരുന്നവരുടെ പുതിയ തലമുറ മറ്റു തൊഴില്‍ തേടുകയാണ്. ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ നൂറു കണക്കിന് കുടുംബങ്ങളാണ് കരിപ്പെട്ടി നിര്‍മാണത്തിലേര്‍പ്പെട്ടിരുന്നത്.
പനകളില്‍നിന്ന് ലഭിച്ചിരുന്ന നീരയായിരുന്നു കരിപ്പെട്ടി നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തു.
പനകള്‍ തന്നെ ഇല്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കയറാന്‍ ആളെ കിട്ടാതെവന്നപ്പോള്‍ പനകള്‍ മുറിച്ചുമാറ്റാന്‍ വീട്ടുകാര്‍ നിര്‍ബന്ധിതരായി. പുറംതോട് കടഞ്ഞെടുത്താല്‍ ഈടും ബലവുമുള്ള ഗാര്‍ഹികോപകരണങ്ങള്‍ നിര്‍മിക്കാനാവുമെന്ന നില വന്നപ്പോള്‍ ഉള്ള പനകള്‍ വിറ്റു പോവുകയും ചെയ്തു. പുതുതലമുറ പനകയറ്റത്തിനും തയാറല്ല. കരിപ്പെട്ടിയുടെ പാകപ്പെടുത്തലിന് ആവശ്യമായ വിറകിന്‍െറ വില ഉയര്‍ന്നതും ഇന്ധനക്ഷാമവും ഉല്‍പാദനം തന്നെ അവസാനിപ്പിക്കേണ്ടി സ്ഥിതിയിലെത്തിച്ചു.
പരമ്പരാഗത തൊഴില്‍ മേഖലയെ രക്ഷിക്കുന്നതിന് നടപടി വേണമെന്ന് മുറവിളി ഉയരുന്നുണ്ടെങ്കിലും സര്‍ക്കാറുകള്‍ അവഗണിക്കുകയാണ്.
ആധുനിക സാഹചര്യങ്ങളുടെ തള്ളിക്കയറ്റത്തില്‍ ഒലിച്ചുപോകുന്നത് പ്രകൃതിയോടും ഗ്രാമീണതയോടും ബന്ധപ്പെട്ട ജീവിതസംസ്കാരമാണ്.

പണിമുടക്കും തൊഴില്‍ തര്‍ക്കവും; കൊച്ചി മെട്രോക്ക് നഷ്ടം 10 കോടി

Posted: 29 Jan 2014 10:26 PM PST

Subtitle: 
25 തൊഴില്‍ ദിനങ്ങള്‍ പൂര്‍ണതോതില്‍ നഷ്ടമായി

കൊച്ചി: പണിമുടക്കും തൊഴില്‍ തര്‍ക്കവും മൂലം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നഷ്ടപ്പെട്ട വകയില്‍ കൊച്ചി മെട്രോയുടെ നഷ്ടം 10 കോടി കവിഞ്ഞു. ആറുമാസത്തിനിടെ  25 തൊഴില്‍ ദിനങ്ങള്‍ പൂര്‍ണതോതില്‍ തടസ്സപ്പെട്ടതായാണ് ഡി.എം.ആര്‍.സിയുടെ കണക്ക്. ഒരുദിവസം നിര്‍മാണം തടസ്സപ്പെട്ടാല്‍ 40 ലക്ഷത്തിന്‍െറ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.  നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനകൂടി കണക്കിലെടുത്താല്‍ തുക  ഉയരും. നിര്‍മാണം തടസ്സപ്പെടുന്നത് ചെലവ് ഉയര്‍ത്തുന്നതിനൊപ്പം  നിശ്ചയിച്ച സമയത്ത്  പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയും വരും. വിവിധപ്രശ്നങ്ങളെ തുടര്‍ന്ന് ഒന്നരമാസം വൈകിയാണ് മെട്രോ ജോലികള്‍ ‘ഓടുന്നത്’.  ഇതിനിടെ കഴിഞ്ഞദിവസങ്ങളില്‍ വീണ്ടും പ്രാദേശിക തൊഴിലാളികളുടെ തര്‍ക്കത്തെ തുടര്‍ന്ന് പണി മുടങ്ങി.
ഓണക്കച്ചവടം നഷ്ടമാകുമെന്ന് കാട്ടി വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് എം.ജി റോഡിലെ നിര്‍മാണജോലികള്‍ ഒരുമാസത്തോളം വൈകിയാണ് ആരംഭിച്ചത്. ആദ്യഘട്ടങ്ങളില്‍സ്വീവേജ് പൈപ്പുകള്‍ സംബന്ധിച്ച് വ്യക്തതയില്ലാത്തതും പ്രശ്നം സൃഷ്ടിച്ചിരുന്നു. ഇതിനിടെ, മെല്ലെപ്പോക്കിനെ തുടര്‍ന്ന് വൈറ്റില  റീച്ചിലെ കരാറുകാരെ ഒഴിവാക്കുകയും ചെയ്തു. ഇതുമൂലം ഇവിടുത്തെ ജോലികള്‍ മുടങ്ങിയിരിക്കുകയാണ്. ഇത്തരം തടസ്സങ്ങള്‍ക്ക് പിന്നാലെയാണ് തൊഴില്‍ തര്‍ക്കങ്ങള്‍   ഉടലെടുക്കുന്നത്.  തടസ്സം പരിഹരിക്കാന്‍ കലക്ടര്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും താഴെ തട്ടിലുള്ള ജീവനക്കാരുടെ ഇടപെടല്‍ ഫലപ്രദമാകുന്നില്ലെന്ന് ഡി.എം.ആര്‍.സി അധികൃതര്‍ വ്യക്തമാക്കുന്നു. നിര്‍മാണത്തിന്‍െറ ഗൗരവം ഉള്‍ക്കൊള്ളാതെ ‘സര്‍ക്കാര്‍ രീതിയിലാണ്’ ഇവര്‍ കാര്യങ്ങള്‍ കൊണ്ടുപോകുന്നത്. സ്ഥലം ഏറ്റെടുക്കലിന്‍െറ കാര്യത്തിലും സമാനപ്രശ്നമുണ്ട്. ആദ്യ റീച്ചുകളില്‍ തൂണിന്‍െറ നിര്‍മാണം പൂര്‍ത്തിയായിട്ടും സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഇവര്‍ പറയുന്നു. സ്ഥലമേറ്റടുക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന്  പല തവണ ഡി.എം.ആര്‍.സി  ആവശ്യപ്പെട്ടെങ്കിലും ജില്ലാഭരണകൂടത്തിന്    കഴിഞ്ഞിട്ടില്ല. കഴിഞ്ഞവര്‍ഷം ജൂണ്‍ ഏഴിനാണ് മെട്രോ നിര്‍മാണം തുടങ്ങിയത്. മൂന്നുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ്  ഇ. ശ്രീധരന്‍ സംസ്ഥാന സര്‍ക്കാറിന് നല്‍കിയിരിക്കുന്ന ഉറപ്പ്. തര്‍ക്കങ്ങള്‍ തുടര്‍ന്നാല്‍  നിര്‍മാണം പറഞ്ഞ സമയത്ത് പൂര്‍ത്തിയാക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
 

പുനര്‍നിര്‍മാണ ടെന്‍ഡര്‍ വിളിച്ചശേഷമേ റോഡ് കുഴിക്കാവൂ –കലക്ടര്‍

Posted: 29 Jan 2014 10:20 PM PST

Subtitle: 
ആലപ്പുഴ കുടിവെള്ള പദ്ധതി

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലൂടെ കടന്നുപോകുന്ന റോഡിന്‍െറ പുനര്‍നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ വിളിച്ചശേഷമേ ആലപ്പുഴയുടെ കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിനായി റോഡ് കുഴിക്കാവൂവെന്ന് കലക്ടര്‍ എന്‍. പത്മകുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
 പറവൂര്‍ സ്കൂട്ടര്‍ ഫാക്ടറി മുതല്‍ പൂമീന്‍പൊഴിവരെയുള്ള നാല് കിലോമീറ്റര്‍ റോഡാണ് കുടിവെള്ള പൈപ് സ്ഥാപിക്കുന്നതിനായി കുഴിച്ചത്. ഏറെനാള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താത്തതിനെതുടര്‍ന്ന് പരാതിയുയര്‍ന്നതോടെയാണ് കലക്ടര്‍ യോഗം വിളിച്ചത്.
 പൂമീന്‍പൊഴി മുതല്‍ തെക്കോട്ടുള്ള 3.5 കിലോമീറ്റര്‍  റോഡാണ് പൈപ് സ്ഥാപിക്കുന്നതിനായി കുഴിക്കാനുള്ളത്.
 കുടിവെള്ള പൈപ് സ്ഥാപിക്കുന്നതോടൊപ്പംതന്നെ ജനങ്ങളുടെ സഞ്ചാരമാര്‍ഗം പരമാവധി നിലനിര്‍ത്താന്‍ ശ്രമിക്കണമെന്ന് കലക്ടര്‍ പറഞ്ഞു.  പൈപ്പിടല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ സ്കൂട്ടര്‍ ഫാക്ടറി മുതല്‍ പൂമീന്‍പൊഴി വരെയുള്ള റോഡിന്‍െറ മെറ്റലിങ് അതിവേഗം തീര്‍ക്കണമെന്നും മത്സ്യത്തൊഴിലാളികളുടെ ഏക യാത്രാമാര്‍ഗമായ റോഡെന്നതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പ്രത്യേകശ്രദ്ധവേണമെന്നും അദ്ദേഹം പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴയുടെ കുടിവെള്ള പദ്ധതി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് അടിയന്തര നടപടി സ്വീകരിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. അമ്പലപ്പുഴ നോര്‍ത്ത് പഞ്ചായത്ത് പ്രസിഡന്‍റ് വി. ധ്യാനസുതന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

ഫണ്ട് അനുവദിച്ചിട്ടും നൂറടി പാലത്തിന് ശാപമോക്ഷമില്ല

Posted: 29 Jan 2014 10:10 PM PST

Subtitle: 
ദുര്‍ബലാവസ്ഥയിലുള്ള പാലം പുതുക്കിപ്പണിയണമെന്ന് നിര്‍ദേശിച്ചിരുന്നു

നെല്ലിയാമ്പതി: അര നൂറ്റാണ്ടോളം പഴക്കമുള്ള നൂറടിപ്പാലം തകര്‍ന്നിട്ട് വര്‍ഷങ്ങളായെങ്കിലും നന്നാക്കാന്‍ നടപടികളൊന്നും ആയില്ല. മൂന്ന് മാസം മുമ്പ് നെന്മാറ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 1.23 കോടി രൂപ അനുവദിച്ചിരുന്നു. ടെന്‍ഡര്‍ സ്വീകരിച്ച് വരികയാണെന്ന് പൊതുമരാമത്ത് അധികൃതര്‍ പറയുന്നുണ്ടെങ്കിലും പണിയാരംഭിക്കാന്‍ ഇനിയും മാസങ്ങളാവുമെന്നാണ് സൂചന. 15 വര്‍ഷം മുമ്പാണ് പാലത്തില്‍ ചെറിയ വിള്ളല്‍ കണ്ടത്.  അന്ന് വിദഗ്ധര്‍ പരിശോധിച്ച് ദുര്‍ബലാവസ്ഥയിലുള്ള പാലം പുതുക്കിപ്പണിയണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതുവഴി വലിയ വാഹനങ്ങളുടെ സഞ്ചാരം പൂര്‍ണമായും നിരോധിച്ചു. പാടഗിരി, രാജാക്കാട്, പോത്തുപാറ, മീരാഫ്ളോര്‍ ഭാഗങ്ങളിലേക്ക് നേരത്തെയുണ്ടായിരുന്ന രണ്ട് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തി. നെല്ലിയാമ്പതി പാടഗിരി മേഖലയിലെ തോട്ടം തൊഴിലാളികളും ആദിവാസികളുമടങ്ങുന്ന ജനസമൂഹത്തിന്‍െറ യാത്രാ ദുരിതം ഇതോടെ ഇരട്ടിയായി. തകര്‍ന്ന പാലം നന്നാക്കാന്‍ നടപടി വേണമെന്ന് നാട്ടുകാരും രാഷ്ട്രീയ സംഘടനകളും ആവശ്യമുന്നയിച്ചിട്ടും പാലം നന്നാക്കാന്‍ അധികൃതര്‍ തുനിയുന്നില്ല. പൊലീസ് സ്റ്റേഷന്‍, വനം വകുപ്പ് ക്വാര്‍ട്ടേഴ്സ്, പോസ്റ്റ് ഓഫിസ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പാലത്തിനക്കരെയാണ് സ്ഥിതി ചെയ്യുന്നത്. ഇപ്പോള്‍ ഇരുചക്ര വാഹനങ്ങളും മറ്റ് ചെറുവാഹനങ്ങളും മാത്രമാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. നൂറടിപ്പാലം പുനര്‍നിര്‍മിച്ചാല്‍ മാത്രമേ ഗതാഗതം പഴയതുപോലെ പുനഃസ്ഥാപിക്കാന്‍ കഴിയൂ എന്നാണ് അധികൃതര്‍ പറയുന്നത്.
 

കുറ്റിപ്പാലയില്‍ പൊലീസ് അഴിഞ്ഞാടി; പത്തോളം പേര്‍ക്ക് പരിക്ക്

Posted: 29 Jan 2014 09:58 PM PST

എടപ്പാള്‍: കുറ്റിപ്പാലയില്‍ പൊലീസ് അതിക്രമത്തില്‍ പത്തോളം പേര്‍ക്ക് പരിക്ക്. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ഗുരുതര പരിക്കേറ്റ കുറ്റിപ്പാല സ്വദേശികളായ തോട്ടവളപ്പില്‍ അഷ്റഫ് (40), തറവട്ടത്ത് ബിജു (36) എന്നിവരെ എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ബുധനാഴ്ച ഉച്ചക്ക് 1.30ഓടെയാണ് വട്ടംകുളം ഗ്രാമപഞ്ചായത്തിലെ കുറ്റിപ്പാലയില്‍ പൊലീസ് നാട്ടുകാര്‍ക്കുനേരെ മുന്നറിയിപ്പില്ലാതെ ആക്രമണം അഴിച്ചുവിട്ടത്.
ഞായറാഴ്ച രാത്രി ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്ത കുറ്റിപ്പാല മാമ്പ്ര വളപ്പില്‍ മോഹനന്‍ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചിരുന്നു. കസ്റ്റഡിയില്‍ പൊലീസ് മര്‍ദിച്ചതിനെ തുടര്‍ന്നാണ് മോഹനന്‍ ഗുരുതരാവസ്ഥയിലായതെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് മോഹനന്‍ മരിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് കുറ്റിപ്പാല, എടപ്പാള്‍, നടുവട്ടം എന്നിവിടങ്ങളില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറി. രാത്രി 10ഓടെ നടുവട്ടത്ത് സംസ്ഥാനപാത ഉപരോധിച്ചവര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു.  മരണത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ചങ്ങരംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഹര്‍ത്താലിന്‍െറ ഭാഗമായി കുറ്റിപ്പാലയിലും വില്ലേജ് ഓഫിസിന് സമീപത്തും നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞെങ്കിലും മറ്റ് പ്രകോപനങ്ങളൊന്നുമുണ്ടായില്ല. മരിച്ച മോഹനന്‍െറ വീടിന് സമീപം നാട്ടുകാര്‍ കൂട്ടംകൂടി നില്‍ക്കുന്നതിനിടെയാണ് ബുധനാഴ്ച ഉച്ചക്ക് 1.30ഓടെ മൂന്ന് ജീപ്പുകളിലെത്തിയ പൊലീസ് സംഘം മുന്നറിയിപ്പില്ലാതെ ലാത്തിച്ചാര്‍ജ് നടത്തിയത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കൈയില്‍ കിട്ടിയവരെയെല്ലാം പൊലിസ് തല്ലിച്ചതച്ചു. പൊലീസ് നടപടിയിലുള്ള പ്രതിഷേധം, മോഹനന്‍ മരിച്ച കേസിന്‍െറ അന്വേഷണ ഭാഗമായി ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെത്തിയ  മധ്യമേഖല ഐ.ജി ഗോപിനാഥിനെ  രാഷ്ട്രീയ നേതാക്കള്‍ അറിയിച്ചു. ലാത്തിചാര്‍ജില്‍ ഗുരുതര പരിക്കേറ്റവരെ പി. ജ്യോതിഭാസ്, ടി. സത്യന്‍, ടി.പി. മുഹമ്മദ്, ഭാസ്കരന്‍ വട്ടംകുളം, ഇബ്രാഹിം മുതൂര്‍, എം. മുസ്തഫ, അഡ്വ. എം.ബി. ഫൈസല്‍, സി. രാഘവന്‍, കെ.വി. കുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഐ.ജിക്ക് മുന്നില്‍ ഹാജരാക്കി.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP