സ്വാഗതം
WELCOME

News Update..

Saturday, December 15, 2012

അരിവില: വയനാട്ടില്‍ പത്തിടത്ത് റെയ്ഡ് Madhyamam News Feeds

അരിവില: വയനാട്ടില്‍ പത്തിടത്ത് റെയ്ഡ് Madhyamam News Feeds

Link to

അരിവില: വയനാട്ടില്‍ പത്തിടത്ത് റെയ്ഡ്

Posted: 14 Dec 2012 11:24 PM PST

കല്‍പറ്റ: അരിവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പൂഴ്ത്തിവെപ്പ് തടയുന്നതിന്‍െറ ഭാഗമായി പൊലീസ് വയനാട്ടില്‍ പത്തിടത്ത് പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവി എ.വി. ജോര്‍ജിന്‍െറ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി, പൊലീസ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മാനന്തവാടിയില്‍നിന്ന് ഒമ്പതു ചാക്ക് അരി പിടികൂടിയതായി പൊലീസ് അറിയിച്ചു. അവശ്യസാധന നിയമ പ്രകാരം കേസെടുത്തു. ബത്തേരിയില്‍ കണക്കില്‍പെടാതെ അരി ശേഖരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സിവില്‍ സപൈ്ളസ് അധികൃതരെ വിവരമറിയിച്ചു. വ്യാപാരികളുടെ അരി ഗോഡൗണിലായിരുന്നു പരിശോധന.
വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് കല്‍പറ്റ നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ജെ. സന്തോഷ്കുമാര്‍, മാനന്തവാടി സി.ഐ പി.എല്‍. ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ മാനന്തവാടി ടൗണിലെ ഗോഡൗണുകളില്‍ റെയ്ഡ് നടത്തിയത്. കല്‍പറ്റ, ബത്തേരി തുടങ്ങിയ കേന്ദ്രങ്ങളിലും റെയ്ഡുണ്ടായി.
മാനന്തവാടിയില്‍നിന്ന് 209 ചാക്ക് അരി പിടിച്ചെടുക്കുകയുണ്ടായി. കണക്കില്‍പ്പെടാത്ത ഒമ്പത് ചാക്ക് ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. റെയ്ഡ് തുടരുമെന്ന് പൊലീസ് മേധാവി എ.വി. ജോര്‍ജ് അറിയിച്ചു.

അന്യ സംസ്ഥാന തൊഴിലാളികളില്‍നിന്ന് രോഗ ഭീഷണി

Posted: 14 Dec 2012 11:06 PM PST

കോഴിക്കോട്: അടിസ്ഥാന സൗകര്യങ്ങളുള്ള സ്ഥലത്തേക്ക് അന്യ സംസ്ഥാന തൊഴിലാളികളെ മാറ്റിത്താമസിപ്പിക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം വെള്ളിമാട്കുന്ന് മേഖലയിലെ കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. താല്‍ക്കാലിക ഷെഡുകളിലും ഇടുങ്ങിയ മുറികളിലും അടിസ്ഥാന സൗകര്യങ്ങളില്ലാതെ തൊഴിലാളികളെ കുത്തിനിറച്ച് താമസിപ്പിച്ചവര്‍ക്കാണ് നോട്ടീസ്. ഒരാഴ്ചക്കകം തൊഴിലാളികളെ മാറ്റിയില്ലെങ്കില്‍ പൊലീസ് സഹായത്തോടെ ഇത്തരം കേന്ദ്രങ്ങളില്‍ നടപടി സ്വീകരിക്കുമെന്ന് കോര്‍പറേഷന്‍ ആരോഗ്യവിഭാഗം അധികൃതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
എല്ലാവിധ അടിസ്ഥാന സൗകര്യവുമുള്ളിടത്തേ തൊഴിലാളികളെ താമസിപ്പിക്കാന്‍ അനുവദിക്കൂ. വെള്ളിമാട്കുന്ന് മേഖലയില്‍ പകര്‍ച്ചവ്യാധി സാധ്യതയുണ്ടെന്ന സംസ്ഥാന ആരോഗ്യ വകുപ്പിന്‍െറ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മന്ത്, മലേറിയ തുടങ്ങിയ രോഗവാഹകര്‍ അന്യ സംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തില്‍ ഏറെയുണ്ടെന്നാണ് ആരോഗ്യവിഭാഗത്തിന്‍െറ സര്‍വേയില്‍ കണ്ടെത്തിയത്. ജില്ലയില്‍ ഏറ്റവും വൃത്തിഹീനമായ സാഹചര്യത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത് വെള്ളിമാട്കുന്ന് മേഖലയിലാണ്. കന്നുകാലിത്തൊഴുത്തുകളെക്കാള്‍ മോശമാണ് പല ലേബര്‍ ക്യാമ്പുകളും.

ആഗോള തീവ്രവാദം ചെറുക്കാന്‍ അബൂദബിയില്‍ ‘ഹിദായാ സെന്‍റര്‍’

Posted: 14 Dec 2012 10:52 PM PST

Image: 

അബൂദബി: ആഗോള തീവ്രവാദത്തെ ചെറുക്കാനുള്ള മികവിന്‍െറ കേന്ദ്രം എന്ന നിലക്ക് അബൂദബിയില്‍ ഹിദായാ സെന്‍ററിന് തുടക്കമായി. ഇതേ ലക്ഷ്യത്തോടെ രൂപവത്കരിക്കാനിരുന്ന ‘ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫൊര്‍ എക്സലന്‍സ് ഇന്‍ കൗണ്ടറിങ് വയലന്‍റ് എക്സ്ട്രിമിസ’ത്തിന്‍െറ പുതിയ പേരാണ് ഹിദായാ. വിദേശകാര്യ മന്ത്രാലയത്തിന്‍െറ ആഭിമുഖ്യത്തില്‍ അബൂദബിയില്‍ നടക്കുന്ന ഗ്ളോബല്‍ കൗണ്ടര്‍ ടെററിസം ഫോറത്തിന്‍െറ (ജി.സി.ടി.എഫ്) മന്ത്രിതല സമ്മേളനത്തില്‍ യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ആണ് ഹിദായാ സെന്‍ററിനെ കുറിച്ച് പ്രഖ്യാപിച്ചത്. യു.എ.ഇയുടെ സഹിഷ്ണുതാ തത്വത്തില്‍ ഉറച്ചുനിന്ന് അക്രമ തീവ്രവാദത്തിനെതിരെ ഈ കേന്ദ്രം പ്രവര്‍ത്തിക്കുമെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു. തീവ്രവാദത്തിനെതിരെ അന്താരാഷ്ട്ര സമൂഹം നടത്തുന്ന ശ്രമങ്ങളെ ഹിദായ സെന്‍റര്‍ ഏകോപിപ്പിക്കും. തീവ്രവാദത്തെ നേരിടലും അതുയര്‍ത്തുന്ന പ്രശ്നങ്ങളെ മറികടക്കലും അന്താരാഷ്ട്ര സഹകരണത്തോടെയേ സാധ്യമാകൂ. ഇതിനുള്ള ശ്രമങ്ങള്‍ സെന്‍റര്‍ നടത്തും. ഇതിനായി തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വൈദഗ്ധ്യം നേടിയവരെ ഉള്‍പ്പെടുത്തി പ്രഫഷണല്‍ ശൃംഖലയുണ്ടാക്കും. സമാനമായ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള 20ഓളം തലസ്ഥാന നഗരങ്ങളുമായി ബന്ധപ്പെട്ട് അടുത്ത ഒരുവര്‍ഷത്തേക്കുള്ള സമയബന്ധിതമായ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ശൈഖ് അബ്ദുല്ല പറഞ്ഞു.
പരിശീലനം, ചര്‍ച്ചകള്‍, ഗവേഷണം എന്നീ മൂന്ന് മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും ഹിദായാ സെന്‍റര്‍ പ്രവര്‍ത്തിക്കുക. ഇതിന്‍െറ ഭാഗമായി കായിക-സാംസ്കാരിക നയതന്ത്രം, തീവ്രവാദത്തിനെതിരായ ബോധവത്കരണം, തീവ്രവാദ പ്രവൃത്തികളുടെ ഇരകളെ സഹായിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തും. യു.എന്‍. കൗണ്ടര്‍ ടെററിസം ഇംപ്ളിമെന്‍േറഷന്‍ ടാസ്ക് ഫോഴ്സ്, യു.എന്‍. ഓഫിസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം, യു.എന്‍. ഇന്‍റര്‍ റീജ്യണല്‍ ക്രൈം ആന്‍ഡ് ജസ്റ്റിസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ജനീവ സെന്‍റര്‍ ഫൊര്‍ സെക്യൂരിറ്റി പോളിസി, ജക്കാര്‍ത്ത സെന്‍റര്‍ ഫൊര്‍ ലോ എന്‍ഫോഴ്സ്മെന്‍റ് കോ-ഓപറേഷന്‍, അബൂദബിയിലെ ജംപ് സ്പോര്‍ട്സ് അക്കാദമി, സൗദി അറേബ്യയിലെ മുഹമ്മദ് ബിന്‍ നായിഫ് കൗണ്‍സലിങ് ആന്‍ഡ് കെയര്‍ സെന്‍റര്‍, യൂറോപ്പിലെ ഓര്‍ഗനൈസേഷന്‍ ഫൊര്‍ സെക്യൂരിറ്റി ആന്‍ഡ് കോ-ഓപറേഷന്‍, വിമന്‍ വിത്തൗട്ട് ബോര്‍ഡേഴ്സ് എന്നിവയെല്ലാമായി ഹിദായാ സെന്‍റര്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു.
ഹിദായാ സെന്‍റര്‍ സ്ഥാപിക്കാനുള്ള യു.എ.ഇയുടെ ശ്രമത്തെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി അലിസ്റ്റര്‍ ബര്‍ട്ട്, ഡെന്‍മാര്‍ക്ക് വിദേശകാര്യ മന്ത്രി വില്ലി സോവ്ണ്ടാല്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.  ഗ്ളോബല്‍ കൗണ്ടര്‍ ടെററിസം ഫോറത്തില്‍ അംഗങ്ങളായ 30 രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍ അബൂദബി സമ്മേളനത്തില്‍ പങ്കെടുത്തു.
   

 

സീസണിലെ ഉംറ തീര്‍ഥാടനത്തിന് ഇന്നു തുടക്കം

Posted: 14 Dec 2012 10:10 PM PST

Image: 

ജിദ്ദ: പുതുവര്‍ഷത്തിലെ ഉംറ സീസണ് തുടക്കമായി. ആദ്യമായി വിവിധ അറബ്, ഇസ്ലാമിക് രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് മക്കയിലെത്തുക. വിവിധ രാജ്യങ്ങളില്‍ ഉംറ വിസ നടപടികള്‍  ആരംഭിച്ചുകഴിഞ്ഞതിനാല്‍ ഈ ആഴ്ചയോടെ തീര്‍ഥാടകരുടെ വരവ് തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തവണയും 50 ലക്ഷത്തിലധികം തീര്‍ഥാടകരെത്തുമെന്നാണ് ഉംറ രംഗത്തുള്ളവരുടെ വിലയിരുത്തല്‍. തീര്‍ഥാടകരെ സ്വീകരിക്കാനാവശ്യമായ ഒരുക്കങ്ങള്‍ വിവിധ ഉംറ സേവന സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും കീഴില്‍ പൂര്‍ത്തിയായിട്ടുണ്ട്്. ലൈസന്‍സ് നല്‍കിയ ഓരോ സ്ഥാപനത്തിന്‍െറയും സേവനങ്ങളും ഒരുക്കങ്ങളും ആവശ്യമായ തൊഴിലാളികള്‍ നിയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഹജ്ജ് മന്ത്രാലയം പരിശോധിച്ചു ഉറപ്പുവരുത്തിയിട്ടുണ്ട്.
സഫര്‍ ഒന്നു മുതല്‍ ഉംറ സീസണ്‍ ആരംഭിക്കുമെന്നും ആവശ്യമായ ഒരുക്കങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഹജ്ജ് മന്ത്രി ഡോ. ബന്ദര്‍ ഹിജാര്‍ പറഞ്ഞു. മക്ക, മദീന,ജിദ്ദ എന്നിവിടങ്ങളില്‍ ഉംറ സേവന രംഗത്തെ കമ്പനികള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രാലയം ഉറപ്പുവരുത്തിയിട്ടുണ്ട്. ഉംറ വിസ അപേക്ഷകള്‍ സ്വീകരിക്കുന്നതിന്  ഇലക്ട്രോണിക് ട്രാക്ക് ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രോണിക് സംവിധാനം വഴിയും ഉദ്യോഗസ്ഥരെ നിയോഗിച്ചും തീര്‍ഥാടകരെത്തുന്ന മുഴുവന്‍ സ്ഥലങ്ങളും നിരീക്ഷിക്കും. ഇവര്‍ക്കാവശ്യമായ വാഹനങ്ങള്‍, മോട്ടോര്‍ സൈക്കിളുകള്‍, വയര്‍ലസ് ഫോണുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് കരാറില്‍ പറഞ്ഞതു പോലുള്ള സേവനങ്ങള്‍ സേവനങ്ങള്‍ നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കും. പരാതികളും അഭിപ്രായങ്ങളും സ്വീകരിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏകദേശം 55 ലക്ഷത്തോളം ഉംറ തീര്‍ഥാടകര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയിരുന്നതായി ഹജ്ജ് മന്ത്രി  പറഞ്ഞു.
ഉംറ തീര്‍ഥാടകരുടെ വരവ് അടുത്തതോടെ ഇത്തവണയും തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങളാണ് ഇരുഹറമുകളിലും നടത്തിയിരിക്കുന്നത്. മക്ക ഹറമിലെ വികസന പ്രവര്‍ത്തനങ്ങള്‍ തീര്‍ഥാടകര്‍ക്ക് പ്രയാസമുണ്ടാക്കാതിരിക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കീഴില്‍ സ്വീകരിച്ചിട്ടുണ്ട്. മത്വാഫ് വികസനം പുരോഗമിക്കുകയാണ്. കിഴക്ക് ഭാഗത്തെ അബ്ബാസിയ താഴികക്കുടങ്ങള്‍ പൊളിച്ചു നീക്കുന്ന ജോലി കഴിഞ്ഞ ദിവസം ആരംഭിച്ചു. ത്വവാഫ് ചെയ്യുന്നവര്‍ക്കും നമസ്കരിക്കാനെത്തുന്നവര്‍ക്കും പ്രയാസമുണ്ടാക്കാത്ത വിധത്തിലാണ് ഈ ജോലികള്‍ നടക്കുന്നത്. നിര്‍മാണം നടക്കുന്ന ഭാഗങ്ങളെ പ്രത്യേകം വേര്‍തിരിച്ചിട്ടുണ്ട്.
നിശ്ചിത പ്ളാനനുസരിച്ച് മത്വാഫ് വികസനം നടന്നുവരികയാണെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അസ്സുദൈസ് പറഞ്ഞു. ഒന്നാം ഘട്ട ജോലികള്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കുന്നതിന് കമ്പനി മുഴുസമയം രംഗത്തുണ്ട്. പഴയ ഹറം നിലനിറുത്തികൊണ്ടാണ് മത്വാഫ് വികസനം നടത്തുന്നതെന്ന് മക്ക ഹറം കാര്യാലയ ഉപമേധാവി ഡോ. മുഹമ്മദ് ബിന്‍ നാസിര്‍ ഖുസൈം പറഞ്ഞു. പഴയ ഹറമിന്‍െറ മുഴുവന്‍ ഭാഗങ്ങളും പൂര്‍ണമായും പൊളിച്ചുമാറ്റാതെ ത്വവാഫിന് സൗകര്യമാകുന്ന വിധത്തില്‍ സ്ഥലത്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക മാത്രമാണ് ചെയ്യുന്നത്. താഴെ നിലയിലുള്ളവര്‍ക്ക് പ്രയാസമുണ്ടാകാത്തവിധം പുറത്തെ മുറ്റങ്ങളെയും മത്വാഫിനേയും ബന്ധിപ്പിക്കും. വികസനം പൂര്‍ത്തിയാകുന്നതോടെ ഒന്നര ലക്ഷം പേര്‍ക്ക് മണിക്കൂറില്‍ ത്വവാഫ് ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.

 

ഈജിപ്ഷ്യന്‍ ജനത വൈരം മറന്ന് ഒന്നിക്കണം: ഖറദാവി

Posted: 14 Dec 2012 09:55 PM PST

Image: 

ദോഹ: ഈജിപ്തില്‍ നടക്കുന്ന ഭരണഘടനാ ഹിതപരിശോധനയില്‍ അഭിപ്രായം രേഖപ്പെടുത്തല്‍ ഓരോ ഈജിപ്ഷ്യന്‍ പൗരന്‍െറയും കടമയാണെന്നും ഈജിപ്ഷ്യന്‍ ജനത വൈരം മറന്ന് ഒന്നിക്കണമെന്നും അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി പറഞ്ഞു. മദീന ഖലീഫയിലെ ഉമര്‍ ബിന്‍ ഖത്താബ് പള്ളിയില്‍ ഖുതുബ നിര്‍വ്വഹിക്കുകയായിരുന്നു ഡോ. ഖറദാവി.
ഹിതപരിശോധനയില്‍ പ്രതികൂലമായും അനുകൂലമായും ആര്‍ക്കും അഭിപ്രായം രേഖപ്പെടുത്താം. എന്നാല്‍ ആരും ഇതില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്ന് പറഞ്ഞ അദ്ദേഹം താന്‍ ഭരണഘടനക്ക് അനുകൂലമായി അഭിപ്രായം രേഖപെടുത്തുന്നതായും പ്രഖ്യാപിച്ചു.
 ഈജിപ്ഷ്യന്‍ ജനതയും ഭരണ കൂടവും ദൈവത്തെ ഭയപ്പെടണമെന്നും എല്ലാവരും നീതിപൂര്‍വ്വം വര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
താന്‍  മുര്‍സിയെയോ ഇഖ്വാനിനെയോ ഫ്രീഡം ആന്‍റ് ജസ്റ്റിസ് പാര്‍ട്ടിയെയോ അല്ല പരിഗണിക്കുന്നത്. മറിച്ച്  ഇസ്ലാമിക പൈതൃകങ്ങള്‍ ഉറങ്ങിക്കിടക്കുന്ന മഹത്തായ അറബ് രാഷ്ട്രമായ  ഈജിപ്താണ് തന്‍െറ പരിഗണനാ വിഷയം. ഈജിപ്ഷ്യന്‍ നാണയം മൂല്യശോഷണം നേരിടുകയാണ്.
വികസന പുനര്‍നിര്‍മാണ മേഖല സതംഭിച്ചിരിക്കുന്നു. ഇത്തരം അവസ്ഥയില്‍ ഭരണഘടനക്കെതിരായ അഭിപ്രായപ്രകടനം രാജ്യത്തെ മഹാ നാശത്തില്‍ കൊണ്ടെത്തിക്കുമെന്നും ഖറദാവി പറഞ്ഞു.
 

ചൈനയില്‍ 22 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു

Posted: 14 Dec 2012 09:19 PM PST

Image: 

ബെയ്ജിങ്: യു.എസിന് പിന്നാലെ ചൈനയിലും സ്‌കൂള്‍ കുട്ടികള്‍ക്കുനേരെ ആക്രമണം. മധ്യ ചൈനയിലെ പ്രൈമറി സ്‌കൂളില്‍ കത്തിയുമായി അതിക്രമിച്ച് കയറിയ അഞ്ജാതന്‍ 22 കുട്ടികളെ ക്രൂരമായി കുത്തിപരിക്കേല്‍പ്പിച്ചു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഹെനന്‍ പ്രവിശ്യയിലെ ചെന്‍പെങ് ഗ്രാമത്തിലുള്ള പ്രൈമറി സ്‌കൂളിലാണ് സംഭവം. ആറിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ 36 കാരനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

രാവിലെ സ്‌കൂള്‍ ഗെയിറ്റില്‍ കാത്തുനിന്ന അക്രമി സ്‌കൂളിലേക്ക് വരികയായിരുന്ന വിദ്യാര്‍ഥികളെയാണ് കുത്തിയത്. ആദ്യം ഒരു മുതിര്‍ന്ന സ്ത്രീയെ കുത്തിപ്പരിക്കേല്‍പ്പിച്ച അക്രമി പിന്നീടാണ് വിദ്യാര്‍ഥികള്‍ക്കു നേരെ തിരിഞ്ഞത്. സ്‌കൂളിലെ സുരക്ഷാഉദ്യോഗസ്ഥര്‍ എത്തിയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്- വാര്‍ത്താഏജന്‍സി റിപോര്‍ട്ട് ചെയ്തു.

ഏതാനും നാളുകള്‍ക്ക് മുന്‍പ് ചൈനയിലുണ്ടായ ഇത്തരം സമാന സംഭവങ്ങളില്‍ 20 കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്‌കൂളുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കിയിരുന്നു.
 

യു.ഡി.എഫ് സര്‍ക്കാറിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു -വി.എസ്

Posted: 14 Dec 2012 09:03 PM PST

Image: 

തൃശൂര്‍: സംസ്ഥാനത്ത് യു.ഡി.എഫ് സര്‍ക്കാറിന്റെനാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തൃശൂര്‍ രാമനിലയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരേ സ്വഭാവമുള്ള കേസുകളില്‍ സര്‍ക്കാര്‍ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് എം.എല്‍.എ പി.കെ ബഷീറിനെതിരെ കേസുണ്ടായിട്ടും നടപടി സ്വീകരിക്കുന്നില്ല. അദ്ദേഹം ഇപ്പോഴും നിയമസഭയില്‍ വന്നുകൊണ്ടിരിക്കുന്നു. കെ. സുധാകരന്‍ എം.പിക്കെതിരെ ഡ്രൈവര്‍ പ്രശാന്ത് ബാബു വെളിപ്പെടുത്തല്‍ നടത്തിയിട്ടും നടപടിയില്ല. ആഭ്യന്തര മന്ത്രിയെ 24 മണിക്കൂറും സുധാകരന്‍ തെറിവിളിച്ചു നടക്കുകയാണ്. ജുഡീഷ്യറിക്കെതിരായ സുധാകരന്റെപരാമര്‍ശവും സര്‍ക്കാര്‍ കേട്ടില്ലെന്നു നടിച്ചുവെന്നും വി.എസ് കുറ്റപ്പെടുത്തി.
ഭൂമിദാന കേസ് അന്വേഷിക്കുന്ന സംഘം കഴിവുകെട്ടവരാണെന്ന് പറഞ്ഞത് കോടതിയാണ്. എന്നിട്ടും സര്‍ക്കാര്‍ നാണമില്ലാതെ അധികാരത്തില്‍ തുടരുകയാണെന്നും ഈ സര്‍ക്കാറിന് ഇനി അധികം ഭാവിയില്ലെന്നും വി.എസ് പറഞ്ഞു.

 

features: 
Facebook

വന്യമൃഗങ്ങളോടും സ്നേഹമാകാം; പക്ഷേ, അതിരു വിടരുത്

Posted: 14 Dec 2012 07:51 PM PST

Image: 

വയനാടിനെ വിറപ്പിച്ച കടുവയെ വെടിവെച്ചു കൊന്നു. ജഡം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പറമ്പിക്കുളത്തെ കടുവാസങ്കതത്തേില്‍ എത്തിച്ചു. മറ്റു ജില്ലകളില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നും എത്തിയ കടുവ വേട്ടസംഘം മടങ്ങിപ്പോയി. കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടതും കേട്ടതുമായ ഒരു വാര്‍ത്തയായിരുന്നു ഈ കടുവ വേട്ട. ദേശീയ മൃഗമെന്ന ‘തങ്കപ്പതക്കം’ ചാര്‍ത്തിക്കോടുത്ത കടുവയെന്ന വന്യമൃഗത്തെ കൊല്ലാന്‍ നിയമമില്ളെന്ന വാദം ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ ഇത്തരം വിവാദങ്ങളിലൊന്നും യാതൊരു കഴമ്പുമില്ളെന്നും നാടിനെ വിറപ്പിച്ച കടുവയെ കൊല്ലാന്‍ നിയമത്തിന്‍്റെ അംഗീകാരമുണ്ടെന്നും വനംവകുപ്പിന്‍്റെ കുറിമാനം പറയുന്നു. റോയല്‍ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ് പ്രതിനിധി അയച്ച പരാതിയത്തെുടര്‍ന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അമ്മയെ തല്ലിയാലും രണ്ടുണ്ട് ചേരി എന്നു പറയുന്നതുപോലെ കടുവയെ കൊന്നത് ന്യായീകരിച്ചുകൊണ്ട് ഒരു കൂട്ടരും മനുഷ്യജീവന് ഭീഷണി പരത്തിയ വന്യമൃഗത്തെ കൊന്നതിനെതിരെ പ്രകൃതിസ്നേഹികളും പരിസ്ഥിതിവാദികളും നിയമയുദ്ധത്തിന് തയാറായിരിക്കുന്നു. വയനാടിന്‍്റെ വനമേഖലയില്‍ വസിക്കുന്ന ദുരിതബാധിതര്‍ക്കാണെങ്കിലോ, വലിയ ആശ്വാസവും. ഇവയൊക്കെ ഒന്നു തരംതിരിച്ചു നോക്കിയാല്‍ മനുഷ്യനും മൃഗവും തമ്മിലെന്തു വ്യത്യാസം എന്നുവരെ തോന്നിപ്പോവുക സ്വാഭാവികം.
സംസ്കാരം സിദ്ധിച്ച് സാമൂഹ്യജീവിതം പുലര്‍ത്തുന്ന മനുഷ്യന്‍ അവന്‍്റെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കിയെടുക്കുന്നതിനാണ് നിയമങ്ങള്‍ ചമച്ചിരിക്കുന്നത്. തെരുവുനായ്ക്കളെ കൊല്ലരുതെന്ന് നിയമമുണ്ടാക്കിയ മൃഗസ്നേഹിയായ ഒരു മന്ത്രിയെ നമുക്കറിയാം. മാരകമായ പേ വിഷബാധയുമായി അലഞ്ഞുനടന്ന് ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കുന്ന തെരുവു നായ്ക്കളെ കൊല്ലാനുള്ള തദ്ദശേ സ്വയംഭരണസ്ഥാപനങ്ങളുടെ അധികാരം റദ്ദാക്കിയശേഷമുള്ള അനുഭവം നമുക്കിന്നും പേക്കിനാവായി തുടരുന്നു. വന്‍വനഗരങ്ങളിലും ഗ്രാമീണമേഖലയില്‍പ്പോലും സ്കൂള്‍കുട്ടി
കള്‍ക്കും രാത്രിയിലെ ടൂവീലര്‍ സഞ്ചാരികള്‍ക്കും ഇപ്പോഴും അതൊരു ഭീഷണിയായി നിലനില്‍ക്കുന്നു. പലപ്പോഴും അപ്രായോഗികമായ നിയമവ്യവസ്ഥിതി മനുഷ്യജീവിതത്തിനു ദുരിതങ്ങളാണ് സമ്മാനിക്കുക എന്ന യാഥാര്‍ഥ്യം നാം വിസ്മരിച്ചുകൂടാ. മനുഷ്യന്‍്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് നിയമസംഹിതയുടെ അടിസ്ഥാന പ്രമാണം.
ഇവിടെ മനുഷ്യനും മൃഗവും എന്ന ആവാസവ്യവസ്ഥക്ക് രുപഭേദങ്ങളുണ്ട്: വളര്‍ത്തുമൃഗങ്ങളും വന്യമൃഗങ്ങളും. ശാന്തസ്വഭാവമുള്ള വളര്‍ത്തുമൃഗങ്ങള്‍ മനുഷ്യരോടൊപ്പം കഴിയുമ്പോള്‍ ക്രൂരസ്വഭാവമുള്ള മൃഗങ്ങള്‍ മനുഷ്യരില്‍ നിന്നും വളരെ അകന്ന് കാട്ടില്‍ കഴിയുന്നു. ഭൂമിയിലെ ഏറ്റവും ഉല്‍കൃഷ്ട ജീവി മനുഷ്യനാണെന്നാണ് നമ്മുടെ അറിവ്. മറ്റു ജീവികളെ കൊല്ലാനും തിന്നാനും അവനധികാരമുണ്ടെന്നാണ് നമ്മുടെ വിശ്വാസം. കാട്ടിലെ മൃഗങ്ങള്‍ക്കും അത്തരമൊരു പ്രകൃതി നിയമമുണ്ടെന്ന കാര്യം സൗകര്യപൂര്‍വം നാം വിസ്മരിക്കുന്നു. വനാന്തരങ്ങളില്‍ സൈ്വര്യവിഹാരം നടത്തുന്ന ഹൃംസജന്തുക്കള്‍ വിശക്കുമ്പോള്‍ മാത്രമെ മറ്റൊരു ജീവിയെ കൊന്നു ഭക്ഷിക്കാറുള്ളു. കൊന്നാല്‍ പാപം തിന്നാല്‍ തീരും എന്നു പറയാന്‍ മനുഷ്യന്‍ പഠിച്ചത് അതില്‍ നിന്നാകാം. എന്നാല്‍ മനുഷ്യനോ, വിനോദത്തിനുവേണ്ടിയും ശല്യം ഒഴിവാക്കാനായും കാട്ടില്‍ കയറി മൃഗങ്ങളെ വേട്ടയാടി നശിപ്പിക്കുന്നു. പണ്ടുകാലത്തെ രാജാക്കന്മാരുടെ മൃഗയാവിനോദത്തിനും ആധുനികകാലത്തെ  രാജകുമാരന്മാരും ഇത്തരം ക്രൂരവിനോദം കൊണ്ടാടുന്നത് നമുക്കറിയാം. ഇത് മനുഷ്യനും പ്രകൃതിയും എന്ന ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നു.
വനം കയ്യേറുന്ന മനുഷ്യര്‍ പ്രകൃതിയുടെ അന്തകരായി മാറുന്നതറിയുന്നില്ല. അഥവാ, അറിഞ്ഞാലും അതിനെ മാനിക്കാനുള്ള സാമാന്യബോധം നമുക്കില്ല. കാടിന്‍്റെയും നാടിന്‍്റെയും സ്വഛതയെ കാത്തുരക്ഷിക്കേണ്ടത് സൃഷ്ടിയുടെ സുമനസ്സറിയാവുന്ന മനുഷ്യന്‍്റെ മാത്രം ഉത്തരവാദിത്തമാണ്. പ്രകൃതിയില്‍ സംഭവിക്കുന്ന മാറ്റത്തിനനുസരണം മനുഷ്യന്‍്റെ ചിന്താധാരയിലും മാറ്റമുണ്ടാകണം. കാലത്തിനൊത്ത ധര്‍മം പുലര്‍ത്തണമെന്നു ജ്ഞാനികള്‍ ഉദ്ഘോഷിച്ചിരിക്കുന്നത് അതുകൊണ്ടാണ്. പണ്ട് മനുഷ്യനും എല്ലാത്തരം മൃഗങ്ങളും സ്വച്ഛതയോടെ കാട്ടില്‍ ഒരുമിച്ചു കഴിഞ്ഞിരുന്ന ദൃഷ്ടാന്തങ്ങള്‍ നമുക്കറിയാം. ഭാരതത്തിലെ ഋഷിമാരും മുനികളും വനാന്തരങ്ങളില്‍ ജീവിച്ച കഥകള്‍ എത്രയോ ഉണ്ട്. ശ്രീബുദ്ധനും സ്വാമി അയ്യപ്പനും ശ്രീനാരായണഗുരുവും ചട്ടമ്പിസ്വമികളും വന്യമൃഗങ്ങളോടൊപ്പം കഴിഞ്ഞിരുന്നു. ഇന്നും പല രാജ്യങ്ങളില്‍ നിന്നും അത്തരം വാര്‍ത്തകള്‍ അപൂര്‍വ്വമെങ്കിലും നാം കേള്‍ക്കാറുണ്ട്.
പ്രകൃതിയെപ്പറ്റിയും അവിടെ വസിക്കുന്ന ജീവികളെ പ്പറ്റിയും കൂടുതല്‍ അറിയാനും ഓരോന്നിന്‍്റേയും ജീവിതരീതിയും സ്വഭാവരീതിയും കണ്ടുപഠിക്കാനും ശാസ്ത്രീയമായിത്തന്നെ നമുക്കു സംവിധാനങ്ങളുണ്ട്. അനിമല്‍ പ്ളാനെറ്റ്, ഡിസ്കവറി ചാനല്‍, നാഷനല്‍ ജ്യോഗ്രഫി തുടങ്ങിയ ദൃശ്യമാധ്യമങ്ങളൊക്കെ അതിനു പ്രത്യക്ഷ തെളിവുകളായും നമുക്കുണ്ട്. എന്നാല്‍, ഇത്രയൊക്കെ സാങ്കേതിക പുരോഗതി കൈവരിച്ചിട്ടും മനുഷ്യന് മൃഗങ്ങളോടുള്ള ക്രൂരതക്കോട്ടും കുറവുവന്നിട്ടില്ല എന്നതാണ് ഏറ്റവും ഖേദകരം.
സൃഷ്ടിയുടെ മാഹാത്മ്യം അറിയുമ്പോള്‍ ഓരോ ജീവിക്കും അതതിന്‍്റെ മാഹാത്മ്യത്തിനൊത്തു ജീവിക്കാനുള്ള അര്‍ഹതയാണ് മനുഷ്യന്‍ നിര്‍മിക്കുന്ന നിയമങ്ങള്‍ക്കാധാരമാകേണ്ടത്. അത്തരത്തിലൊരു സമാന്തരമായ ഉത്തരവാദിത്തം സകലജീവികളോടും കാണിക്കേണ്ട ഒരു പ്രതിബദ്ധത മനുഷ്യന്‍ക്കുമാത്രമേ ചെയ്യന്‍ സാധിക്കുകയുള്ളു. നമുക്ക് നമ്മുടെ സമൂഹത്തെ സ്വസ്ഥതയോടെ നിലനിര്‍ത്താനുള്ള ആവേശംപോലെ നമ്മോടൊപ്പം ഈ ഭൂമിയില്‍ വസിക്കുന്ന സകലതിന്‍്റെയും സ്വച്ഛന്തമായ ജീവിതപാത ക്രമീകരിക്കേണ്ട ചുമതലകൂടിയുണ്ടെന്ന കാര്യം വിസ്മരിക്കുത്. കാട്ടിലെ മിണ്ടാപ്രാണികളെ കൊന്നൊടുക്കിയും അവയുടെ ജീവിതസാഹചര്യങ്ങള്‍ തകര്‍ത്തെറിഞ്ഞും നാം മുന്നേറുമ്പോള്‍ അവ മനുഷ്യനെ ആക്രമിച്ചാല്‍ നമുക്കെന്തു ചെയ്യന്‍ സാധിക്കും? മനുഷ്യന്‍ സാമൂഹ്യസാഹചര്യങ്ങളെ നീതിബോധമില്ലാതെ ഉല്ലംഘിച്ചാല്‍ അവ നിലനില്‍പ്പിനായി സൃഷ്ടിക്കുന്ന പ്രത്യാക്രമണങ്ങളെ നേരിടാന്‍ എന്തു ചെയ്യാന്‍ സാധിക്കും? അവയെ നിയമം പഠിപ്പിക്കാനോ അനുസരിപ്പിക്കാനോ ശിക്ഷിക്കാനോ കഴിയുമോ?
പുരോഗമനാശയങ്ങളില്‍ മുന്നേറുന്ന നമുക്ക് ആകെ ചെയ്യാന്‍ പറ്റുന്നത് ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാവുന്ന പാവപ്പെട്ട കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും നഷ്ടപരിഹാരം നല്‍കി ആശ്വസിപ്പിക്കാം എന്നതു മാത്രമാണ്. ഇന്ത്യയില്‍ മഹാരാഷ്ട്ര സര്‍ക്കാരാണ് 10 ലക്ഷം രൂപയുടെ ധനസഹായത്തിനു നിയമനിര്‍മാണം നടത്തിയ ആദ്യത്തെ സംസ്ഥാനം. അത്തരം സഹായധനംകൊണ്ടു മാത്രം ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാം എന്നു കരുതുന്നതും മൌഢ്യമാണ്. എന്താണ് സംഭവിക്കുന്നതെന്ന് അനുഭവംകാണ്ടു മനസ്സിലാക്കി കാലാനുസൃതമായി പ്രകൃതിക്കനുയോജ്യമായ ഒരു പരിഹാരമാണുണ്ടാവേണ്ടത്.
ഇതൊരു വലിയ വിഷയമാണ്. മനുഷ്യരാശിയോളം പഴക്കവും ഇതിനുണ്ട്. ഇതിനെ കാലത്തിനനുയോജ്യമായ വിധത്തില്‍ വിവേകപൂര്‍വം കൈകാര്യം ചെയ്യല്‍ അതീവ പ്രധാന്യമര്‍ഹിക്കുന്ന ഒരു സംഗതിയാണെന്ന കാര്യവും വിസ്മരിക്കരുത്. വിദേശരാജ്യങ്ങളിലാണെങ്കില്‍ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനിമല്‍ സ്ക്വാഡുകള്‍ തന്നെയുണ്ട്. മനുഷ്യനെ ശുശ്രൂഷിക്കുന്നതുപോലെ ആത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികളും വനാന്തരങ്ങളില്‍ അവയെ നീരിക്ഷിക്കാന്‍ പരിചയസമ്പന്നരായ ശാസ്ത്രലോകവും ജാഗരൂകരാണ്. നമ്മുടെ സ്ഥിതിയോ? പരിതാപകരം എന്നല്ലാതെ എന്തുപറയാന്‍. വേണ്ടത്ര പ്രതിഭാശാലികളായ ശാസ്ത്രജ്ഞരോ ഡോക്ടര്‍മാരോ അത്യാധുനിക ഉപരണങ്ങളോ നമുക്കില്ല. പകരം കാക്കിധാരികളായ, കാടിനെപ്പറ്റിയോ കാട്ടുമൃഗങ്ങളെപ്പറ്റിയോ ഒരു ചുക്കുമറിയാത്ത കുറെ കാവല്‍ക്കാര്‍ മാത്രം. ഇവരും നാട്ടുകാരും ഒത്തുകളിച്ച് കാട്ടിലെ ആവാസവ്യവസ്ഥ തകര്‍ത്തെറിയുമ്പോള്‍ പരിഭ്രാന്തിയോടെ വെള്ളത്തിനും ആഹാരത്തിനും വലഞ്ഞ് നാട്ടിലത്തെുന്ന വന്യമൃങ്ങള്‍ക്ക് ഭീതിയിലാകുന്ന ജനക്കൂട്ടം എങ്ങനെയവറ്റകളെ കൊന്നു കളയാം എന്നു മാത്രമേ ചിന്തിക്കാന്‍ സാധിക്കുന്നുള്ളു എന്നതാണ് പരിതാപകരം. കാടിനെ സംരക്ഷിക്കുന്നതുപോലെ അതിന്‍്റെ പ്രകൃതിജന്യമായ അവകാശികളായ മൃഗങ്ങളുടെ പരിപാലനവും എങ്ങനെ നിര്‍വഹിക്കാമെന്നു നിരന്തരം ഗവേഷണപഠനങ്ങള്‍ നടത്തുകയും അതിനനുസരിച്ചുള്ള
സംരക്ഷണോപാധികള്‍ സൃഷ്ടിക്കുകയും ചെയ്യന്ന നൂതനവ്യവസ്ഥിതിയാണ് ഇനി നമുക്കുണ്ടാകേണ്ടത്.

 ‘ഗോവിനു ഗോവത്വം പോലെ മനുഷ്യനു മനുഷത്വം‘ എന്നു ശ്രീനാരായണഗുരു ചൊല്ലിത്തന്നതെത്ര സത്യം. മൃഗങ്ങള്‍ക്ക് മൃഗസ്വഭാവം മാത്രമേ കാണിക്കാന്‍ പറ്റൂ. അങ്ങനെയാണെങ്കില്‍ മനുഷ്യനു മനുഷത്വമാണുണരേണ്ടത്. അതെങ്ങനെ അറിയും? ആരില്‍ നിന്നറിയും? ഇവിടെയാണ് ആത്മജ്ഞാനികളുടെ പ്രസക്തി. മനുഷ്യന്‍്റെ കര്‍മ-ധര്‍മങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിച്ചു വരുമ്പോള്‍ വന്യത സ്വഭാവമായിരിക്കുന്ന ക്രൂരജന്തുക്കളോട് അകാരണവും അനാവശ്യവുമായ ലാളന കാണിക്കേണ്ടതുണ്ടാകും. എന്നാല്‍ അവയുടെ ജീവിതാന്തരീക്ഷം മലിനീകരിക്കാനും പാടില്ല. ഓരോ ജീവിയേയും കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. വനങ്ങളുടെ പ്രാന്തപ്രദേശങ്ങളില്‍ വല്ലപ്പോഴും സംഭവിക്കുന്ന ഇത്തരം ആക്രമണങ്ങളെ ഒറ്റപ്പെട്ടതായിത്തന്നെ കാണുകയും ജനങ്ങളുടെ ജീവനും അവന്‍്റെ ജീവനോപാധികള്‍ക്കും ശല്യമായിത്തീരുമ്പോള്‍ അതിനെ മറികടക്കാനുള്ള ഉപായങ്ങള്‍ വിവേകപൂര്‍വം സംവിധാനം ചെയ്ത് ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്യുന്ന ഇച്ഛാശക്തിയുള്ള ഭരണകൂടവും അതിനൊത്ത നയവുമാണ് നമുക്കിന്നാവശ്യം.

ചുരുക്കിപ്പറഞ്ഞാല്‍, ആത്മീയബോധമില്ലായ്മയാണ് ഇതിന്‍്റെയൊക്കെ മൂലകാരണമെന്നു പറയാതെ വയ്യ. നമുക്കു നമ്മോടും നാം വസിക്കുന്ന പ്രകൃതിയോടും പ്രകൃതിയില്‍ നിലനില്‍ക്കുന്ന സകലമാന സൃഷ്ടിജാലങ്ങളോടും പ്രതിബന്ധതയില്ലാതാകുന്നത് അതുകൊണ്ടാണ്. ആത്മബോധം അഥവാ അറിവ് കുറയുമ്പോള്‍ അപരിഷ്കൃതമായ കാര്യങ്ങളിലേക്ക് നാം സ്വയം വലിച്ചറെിയപ്പടുകയാണ്. കാലം നമ്മളില്‍ പരിവര്‍ത്തനം ചെയ്യുന്നതുപോലെ താനും തന്‍്റെ വീടും നാടും ലോകവുമെന്ന ബോധം കൂടുകയാണ് വേണ്ടത്. പക്ഷേ, ഇന്നത്തെ ലോകത്ത് ഭൗതികബോധം അധികരിച്ചു നില്‍ക്കുന്നതിനാല്‍ അത്മബോധം പാടെ അപ്രത്യക്ഷമായിരിക്കുന്നു എന്നതാണ് ഏറെ ഖേദകരമായ വസ്തുത. ഇത് വിവേകത്തോടെയുള്ള പെരുമാറ്റത്തെ ഇല്ലായ്മ ചെയ്യന്നു. കാലത്തിന്‍്റെ വൈഭവം മനസ്സിലാക്കി അറിവിന്‍്റെ പാതയില്‍ എത്തിയാല്‍ മാത്രമേ ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും സ്വസ്തി എന്ന ജ്ഞാന പൈതൃകം ഉരുത്തിരിയുകയുള്ളു. നമുക്ക് നമ്മുടെ സമൂഹത്തോടുപോലും കാണിക്കാന്‍ പറ്റാത്ത സ്നേഹം മൃഗങ്ങളോടു കാണിക്കുന്നതെങ്ങനെ. അറിവിന്‍്റെ കുറവുതന്നെയാണിതിനു കാരണം.
ഇതിനേറ്റവും വലിയൊരുദാഹരണമാണ് രണ്ടു പതിറ്റാണ്ടു മുമ്പ് നെയ്യാര്‍ ഡാമില്‍ കാട്ടിക്കുട്ടിയ വന്യ ജീവിസ്നേഹം. കൊടുംവനത്തിലെ ജലാശയത്തില്‍ സ്വഛന്തവിഹാരം ചെയ്തു കഴിഞ്ഞുപോയ മുതലകളെ നെയ്യാര്‍ ഡാമില്‍ നിര്‍മിച്ച ഹാച്ചറികളിലത്തെിച്ച് പ്രജജനത്തിനവസരമുണ്ടാക്കി നൂറു കണക്കിനു മുതലക്കുഞ്ഞുങ്ങളെ സൃഷ്ടിച്ച് വളര്‍ത്തി വലുതാക്കി നെയ്യാര്‍ ഡാമില്‍ തുറന്നുവിട്ടതിന്‍്റെ പരിണിത ഫലം നാമിന്നനുഭവിക്കുന്നു. വന്യമൃഗസ്നേഹികള്‍ സൃഷ്ടിച്ച സാമൂഹ്യവിപത്തിന്‍്റെ വ്യാപ്തി അറിയണമെങ്കില്‍ നെയ്യാറിന്‍്റെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ക്കും അവരുടെ വളര്‍ത്തുമൃങ്ങള്‍ക്കുമുണ്ടായിക്കൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ ഒന്നു നേരില്‍ കണ്ടന്വേഷിച്ചാല്‍ മാത്രം മതി.

എല്ലാ ജീവജാലങ്ങള്‍ക്കും ഈ ഭൂമിയില്‍ വസിക്കാന്‍ അവകാശമുണ്ട്. എന്നിരുന്നാലും ഓരോന്നിന്‍്റെയും വര്‍ഗ ഗുണവും സ്വഭാവവും അറിഞ്ഞ് അതതിന്‍്റെ ആവാസവ്യവസ്ഥക്കനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതു മാത്രമാണ് കരണീയം. അനാവശ്യമായ വന്യമൃഗസ്നേഹം നന്മയെക്കാള്‍ അപകടങ്ങളാണ് സൃഷ്ടിക്കുന്നത്. മനുഷ്യന്‍ എന്ന ഉത്കൃഷ്ടജീവിയാണ് അതിനു വേമാര്‍ഗ്ഗനിര്‍ദ്ദശേം സൃഷ്ടിച്ചടെുക്കേണ്ടത്. അല്ലാതെ ക്രൂരജന്തുക്കളെ സ്നേഹിക്കുന്നു എന്നു പട്ടണത്തിലെ ശീതികരിച്ച മുറിയിലിരുന്നു മുതലക്കണ്ണീരൊഴുക്കിയിട്ടു കാര്യമില്ല.

 (ലേഖകന്‍ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറിയാണ്)
 

 

അധിക വൈദ്യുതിക്ക് ഇരട്ടിവില: തീരുമാനത്തില്‍ മാറ്റമില്ല -മന്ത്രി

Posted: 14 Dec 2012 07:43 PM PST

Image: 

 തിരുവനന്തപുരം: മാസം 300 യൂനിറ്റിന് മേല്‍ ഉപയോഗിക്കുന്ന വീടുകളിലെ വൈദ്യുതിക്ക് അടക്കം ഏര്‍പ്പെടുത്തിയ ഇരട്ടി വിലയില്‍ മാറ്റം വരുത്തില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.
82 ലക്ഷം ഉപഭോക്താക്കള്‍ക്ക് അധിക നിരക്ക് ഒഴിവാക്കാന്‍ സമ്പന്നരില്‍നിന്ന് അധിക നിരക്ക് വാങ്ങി പ്രതിസന്ധി ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. വൈദ്യുതി നിയന്ത്രണവും അധിക ഉപയോഗത്തിന് ഇരട്ടി നിരക്കും ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് വാക്കൗട്ട് നടത്തി. മുന്‍ വൈദ്യുതി മന്ത്രി എ.കെ. ബാലനാണ് നോട്ടീസ് ഉന്നയിച്ചത്.കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഉപയോഗം കുറക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു. 83 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളില്‍ 300-500 യൂനിറ്റ് മാസം ഉപയോഗിക്കുന്നവര്‍ 95,000 പേരാണ്. 500 യൂനിറ്റിന് മേല്‍ ഉപയോഗിക്കുന്നത് 12000ഓളവും.
ഇവരില്‍നിന്ന് അധിക നിരക്ക് ഈടാക്കിയപ്പോള്‍ 82 ലക്ഷം പേരെ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കി. ബോര്‍ഡിന് മാസം ലഭിക്കുന്ന 700 കോടി വരുമാനം മുഴുവന്‍ വൈദ്യുതി വാങ്ങാന്‍ ഉപയോഗിക്കുന്നു.
 പിടിച്ചുനില്‍ക്കാന്‍ 200 കോടി വേറെയും വേണം. ഇക്കൊല്ലം 2400 കോടിയുടെ നഷ്ടമാണ് ബോര്‍ഡിനുണ്ടാകുന്നത്. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത് കെടുകാര്യസ്ഥത കൊണ്ടാണെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല. 2008ല്‍ എ.കെ. ബാലന്‍ മന്ത്രിയായിരിക്കെ ലോഡ്ഷെഡിങ്ങും 75 ശതമാനത്തില്‍ കൂടുതല്‍ വ്യവസായങ്ങള്‍ ഉപയോഗിച്ചാല്‍ അധിക നിരക്കും ഏര്‍പ്പെടുത്തിയിരുന്നു. 2003-04ലാണ് അണക്കെട്ടുകളില്‍ വെള്ളം ഏറ്റവും കുറവുണ്ടായിരുന്നത്. അതിനെക്കാള്‍ മോശമായ സ്ഥിതിയാണിപ്പോള്‍. 2008-09ല്‍ 4897 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം കിട്ടിയപ്പോള്‍ ഇക്കൊല്ലം 3426 ദശലക്ഷം യൂനിറ്റിനുള്ളതേ കിട്ടിയുളളൂ. എന്നിട്ടും അന്ന് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത് ശരിയും ഇപ്പോള്‍ കെടുകാര്യസ്ഥതയുമാകുന്നത് എങ്ങനെയെന്ന് ആര്യാടന്‍ ചോദിച്ചു.
വരവിന്‍െറ 103 ശതമാനം വൈദ്യുതി വാങ്ങാന്‍ ഉപയോഗിക്കുന്ന സ്ഥിതി മുമ്പുണ്ടായിട്ടില്ല. ഇന്ത്യയില്‍ ഊര്‍ജസംരക്ഷണത്തിന് രണ്ടാം സ്ഥാനം കേരളത്തിനാണ് ലഭിച്ചത്. കേന്ദ്രവിഹിതം 1400 മെഗാവാട്ട് ഒരുകാലത്തും കിട്ടിയിട്ടില്ല. ബാലന്‍െറ കാലത്ത് 1100 മെഗാവാട്ട് കിട്ടിയപ്പോള്‍ ഇപ്പോള്‍ 1269 മെഗാവാട്ട് കിട്ടുന്നു. 100 മെഗാവാട്ട് കൂടി നല്‍കാമെന്ന് ഉറപ്പ് ലഭിച്ചു. അണ്‍അലോക്കേറ്റഡ് വിഹിതം ഏറ്റവും കൂടുതല്‍ കേരളത്തിനാണ് കിട്ടുന്നത്.
കൂടങ്കുളം ലൈന്‍ നിര്‍മാണത്തില്‍ അഞ്ച് വര്‍ഷം ഇടത് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടിവന്നപ്പോള്‍ 120 യൂനിറ്റ് വരെ ഉള്ളവരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ പണം നല്‍കുകയാണ്.
ഒഡിഷയില്‍ കല്‍ക്കരിപ്പാടം നഷ്ടപ്പെട്ടത് ഇടത് സര്‍ക്കാര്‍ ഒന്നും ചെയ്യാത്തതുകൊണ്ടാണ്. ചീമേനിയില്‍ എല്‍.എന്‍.ജി അടിസ്ഥാനത്തില്‍ നിലയം സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
കെടുകാര്യസ്ഥത മൂലമാണ് ഇപ്പോഴത്തെ നിയന്ത്രണം ഉണ്ടായതെന്ന് എ.കെ. ബാലന്‍ പറഞ്ഞു. കേന്ദ്ര വിഹിതം ശരിയായി വാങ്ങാത്തതാണ് പ്രതിസന്ധിക്ക് കാരണം. സംസ്ഥാന സര്‍ക്കാര്‍ ബോര്‍ഡിന് 750 കോടി നല്‍കി നിയന്ത്രണം പിന്‍വലിക്കണം. ഇടത് സര്‍ക്കാറിന്‍െറ കാലത്ത് 21 കോടി ലാഭത്തിലായിരുന്ന ബോര്‍ഡാണ് ഇപ്പോള്‍ 2000 കോടിയുടെ നിരക്ക് വര്‍ധന നടത്തിയത്.
ആസൂത്രണമില്ലെന്നും ദീര്‍ഘകാല നടപടികളില്ലെന്നും റെഗുലേറ്ററി കമീഷന്‍തന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി വാങ്ങലില്‍ വലിയ വീഴ്ച വന്നു. പുതിയ പദ്ധതികള്‍ നടപ്പാക്കിയില്ല. കേന്ദ്ര വിഹിതത്തില്‍ 281 മെഗാവാട്ടിന്‍െറ കുറവ് വന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിരക്ക് വര്‍ധനയും നിയന്ത്രണവും അടിയന്തരമായി പിന്‍വലിക്കണമെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പെട്ടിക്കടക്കാര്‍ അടക്കം 18 ലക്ഷം പേരെ നിയന്ത്രണം ബാധിക്കും. വ്യവസായ മേഖല തകരും. 15 വര്‍ഷം മുമ്പുള്ള കേരളത്തിലെ സ്ഥിതിയിലേക്ക് വൈദ്യുതി രംഗം പോവുകയാണ്. ആഴ്ചതോറും ദല്‍ഹിയില്‍ പോയിട്ട് ഇതാണോ സ്ഥിതിയെന്നും കോടിയേരി ചോദിച്ചു.
നവംബര്‍ 29ന് ദല്‍ഹിയില്‍ പോയപ്പോള്‍ കേന്ദ്ര വൈദ്യുതി മന്ത്രിയെ കണ്ടുവെന്നും 100 മെഗാവാട്ട് അണ്‍ അലോക്കേറ്റഡ് വിഹിതം നേടിയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. കുടങ്കുളം വിഹിതം ഉറപ്പ് നല്‍കി. കല്‍ക്കരി പ്പാടം ലഭ്യമാക്കാന്‍ നടപടി എടുക്കുമെന്നും അറിയിച്ചു. സംസ്ഥാനതാല്‍പര്യം സംരക്ഷിക്കാന്‍ ശ്രമിച്ചില്ലെന്ന ആരോപണം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി. ദിവാകരന്‍, മാത്യൂ ടി. തോമസ്, എ.എ.അസീസ്, എ.കെ. ശശീന്ദ്രന്‍ എന്നിവരും പ്രസംഗിച്ചു.

പട്ടേലിനെ പരിഹസിച്ച മോഡിക്ക് പത്താനെ പിടിക്കാന്‍ നിയോഗം

Posted: 14 Dec 2012 07:38 PM PST

Image: 

ഹിന്ദുത്വവോട്ട് ബാങ്കിലെ ചോര്‍ച്ച തടയാന്‍ കഴിയാതെവന്ന ഘട്ടത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് എതിര്‍വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രമം. ‘ഫേസ്ബുക് ഫെയിം’ ശഹീന്‍ ദാദയെ കൂട്ടുപിടിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ശേഷമാണ് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനെ ഉപയോഗിച്ച്  മോഡി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നത്.
‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി അഹ്മദ് മിയാന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകു’മെന്ന് തെരഞ്ഞെടുപ്പിന് ഒരാഴ്ചമുമ്പ് പരിഹസിച്ച മോഡിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം  ഇര്‍ഫാന്‍ പത്താനെ ഉപയോഗിച്ച് രാഷ്ട്രീയതന്ത്രം പയറ്റുന്നത്. അഹ്മദ് പട്ടേല്‍ എന്ന് വിളിക്കുന്നതിനു പകരം മുസ്ലിംകള്‍ ആദരവോടെ ഉപയോഗിക്കാറുള്ള ‘മിയാന്‍’ പദം കൂട്ടി വിളിക്കുകയായിരുന്നു മോഡി.
ഗുജറാത്ത് വംശഹത്യയുടെ കാലത്തും അതിനുശേഷവും മുസ്ലിംകള്‍ നേരിട്ട പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഒരു സഹായവും ചെയ്യാതെ സമുദായത്തില്‍നിന്ന് ബോധപൂര്‍വം അകലം സൂക്ഷിക്കുന്നയാളാണ് അഹ്മദ് പട്ടേല്‍.
ഇതിനിടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, ഗുജറാത്തില്‍ ന്യൂനപക്ഷങ്ങള്‍ ഇപ്പോഴും സുരക്ഷിതരല്ലെന്ന പ്രസ്താവനയിറക്കിയത് പ്രധാനമന്ത്രിപദത്തിലേക്ക് കണ്ണുനട്ട മോഡിക്ക് കുറച്ചിലുമായി. ന്യൂനപക്ഷങ്ങള്‍ക്ക് താന്‍ അനഭിമതനല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ആദ്യം കൂട്ടുപിടിച്ചത് ശഹീന്‍ദാദയെ. ‘ഫേസ്ബുകി’ല്‍ അഭിപ്രായം പ്രകടിപ്പിച്ച് അറസ്റ്റിലായി രാജ്യത്തിന്‍െറ ശ്രദ്ധാകേന്ദ്രമായി മാറിയ മുംബൈ യുവതി ശഹീന്‍ ദാദ സംഭവത്തിനുശേഷം രാജ്കോട്ടിലുള്ള ബന്ധുവിനെ കാണാന്‍ വന്നപ്പോള്‍ ഗുജറാത്ത് സുരക്ഷിതമാണെന്ന് പറഞ്ഞുവെന്നായിരുന്നു മോഡി ആദ്യമിറക്കിയ നമ്പര്‍. ഇതാരും നിഷേധിക്കില്ലെന്ന പ്രതീക്ഷയിലാണ് മോഡി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഈ പ്രചാരണം നടത്തിയത്. എന്നാല്‍, മോഡിയുടെ അവകാശവാദം ചോദ്യം ചെയ്ത ശഹീന്‍ ദാദ അത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിതോടെ തന്ത്രം പാളി.തുടര്‍ന്നാണ് ഗുജറാത്ത് പൊലീസിന്‍െറ ക്രിമിനല്‍ കേസില്‍ കുരുങ്ങിയ ഇര്‍ഫാന്‍ പത്താന്‍െറ നിസ്സഹായത മുതലെടുക്കാന്‍ മോഡി തുനിഞ്ഞത്.
കുടുംബത്തിന്‍െറ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍നിന്ന് വാടകക്കാരിയെ ഒഴിപ്പിക്കാന്‍ തുനിഞ്ഞ് പുലിവാല് പിടിച്ചിരിക്കയാണ് പത്താന്‍.
സാധനസാമഗ്രികള്‍ നശിപ്പിച്ചതിനും ബലംപ്രയോഗിച്ച് ഇറക്കിവിടാന്‍ ശ്രമിച്ചതിനും പത്താനെതിരെ ഗുജറാത്ത് പൊലീസില്‍ വാടകക്കാരി നല്‍കിയ കേസ് മുന്നോട്ടുപോകുകയാണ്.
 പ്രതിച്ഛായ തകര്‍ത്ത ക്രിമിനല്‍ കേസ് നേരിടാന്‍ ഇര്‍ഫാന്‍ പത്താന്‍ ഉപായങ്ങള്‍ തേടുന്നതിനിടയിലാണ് സ്വന്തം പ്രതിച്ഛായ മിനുക്കാന്‍ മോഡി പത്താനെ വിളിച്ചത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP