സ്വാഗതം
WELCOME

News Update..

Monday, December 31, 2012

മഅ്ദനിയുടെ ആരോഗ്യനില: കര്‍ണാടകയോട് പുതിയ മെഡിക്കല്‍ റിപോര്‍ട്ട് ആവശ്യപ്പെടും Madhyamam News Feeds

മഅ്ദനിയുടെ ആരോഗ്യനില: കര്‍ണാടകയോട് പുതിയ മെഡിക്കല്‍ റിപോര്‍ട്ട് ആവശ്യപ്പെടും Madhyamam News Feeds

Link to

മഅ്ദനിയുടെ ആരോഗ്യനില: കര്‍ണാടകയോട് പുതിയ മെഡിക്കല്‍ റിപോര്‍ട്ട് ആവശ്യപ്പെടും

Posted: 30 Dec 2012 10:27 PM PST

Image: 

തിരുവനന്തപുരം: പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനില സംബന്ധിച്ച് കര്‍ണാടക സര്‍ക്കാരിനോട് പുതിയ മെഡിക്കല്‍ റിപോര്‍ട്ട് ആവശ്യപ്പെടും. മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മഅ്ദനിക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗത്തില്‍ ധാരണയായി. മുഖ്യമന്ത്രിക്ക് പുറമെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ സംബന്ധിച്ചു.

മഅ്ദനിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ഇല്ലെങ്കില്‍ കേരളത്തിലെ ജയിലിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത പി.ഡി.പി നേതാവ് പൂന്തുറ സിറാജ് ആവശ്യപ്പെട്ടു.

മഅ്ദനിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. നിരവധി സംഘടനകള്‍ നിവേദനവുമായി സര്‍ക്കാറിനെ സമീപിച്ചു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാന്‍ തുടങ്ങുന്നത്. ജനുവരി മൂന്നിന് കര്‍ണാടക മുഖ്യമന്ത്രിയുമായി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മഅ്ദനിയുടെ ജാമ്യം, ചികിത്സ തുടങ്ങിയവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും.
 

ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഇറങ്ങിപ്പോകണം- വി.എസ്‌

Posted: 30 Dec 2012 09:43 PM PST

Image: 

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ നയങ്ങളാണ് വിലക്കയറ്റത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. വിലക്കയറ്റത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ എല്‍.ഡി.എഫ് നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇറങ്ങിപോകുകയാണ് വേണ്ടതെന്നും വി.എസ് പറഞ്ഞു.

തമ്മില്‍ തല്ലുന്ന കോണ്‍ഗ്രസിന് വിലക്കയറ്റം നിയന്ത്രിക്കാന്‍ സമയമില്ല. കേരളത്തിന് ആവശ്യമായ റേഷന്‍ സാധനങ്ങള്‍ വീഴ്ച കൂടാതെ എത്തിക്കാമെന്ന് ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ കാലത്തു തന്നെ കേന്ദ്രം ഉറപ്പു നല്‍കിയതാണ്. കാലാകാലങ്ങളില്‍ സംസ്ഥാനം ഇത് കണക്കുപറഞ്ഞ് വാങ്ങാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്നും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ നിസംഗത പുലര്‍ത്തുകയാണ്. വിലക്കയറ്റം തടഞ്ഞില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.  

രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് ഉപവാസം. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, സി. ദിവാകരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, മാത്യു ടി.തോമസ്, പി.സി.തോമസ്, എന്‍.കെ പ്രേമചന്ദ്രന്‍,  തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
              

 

സ്ഥാനാരോഹണത്തിന്‍െറ ഏഴാം വാര്‍ഷികം: ശൈഖ് മുഹമ്മദ് തൊഴിലാളികള്‍ക്കൊപ്പം

Posted: 30 Dec 2012 09:26 PM PST

Image: 

ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ദുബൈയുടെ ഭരണാധികാരം ഏറ്റെടുത്തതിന്‍െറ ഏഴാം വാര്‍ഷികം തൊഴിലാളികള്‍ക്കൊപ്പം ചെലവഴിക്കുന്നു. എല്ലാ മേഖലകളിലും യു.എ.ഇയുടെ, പ്രത്യേകിച്ച് ദുബൈയുടെ പുരോഗതിക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കുകയും തികഞ്ഞ ആത്മാര്‍ഥതയോടെ രാജ്യത്തെ സേവിക്കുകയും ചെയ്ത തൊഴിലാളികള്‍ക്കൊപ്പമാണ് താനെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ആഘോഷ ചടങ്ങുകള്‍ നടത്തരുതെന്ന് നിര്‍ദേശിച്ച അദ്ദേഹം, ഇതിനുപകരം ദുബൈയിലെ എല്ലാ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും മറ്റും സ്ഥാനാരോഹണ ദിനമായ ജനുവരി നാലിന് തൊഴിലാളികള്‍ക്ക് പരമാവധി ആനുകൂല്യങ്ങളും സഹായങ്ങളും സമ്മാനങ്ങളും നല്‍കണമെന്ന് നിര്‍ദേശിച്ചു. ട്വിറ്ററിലൂടെയാണ് ശൈഖ് മുഹമ്മദ് ഈ സന്ദേശം നല്‍കിയത്. കഴിഞ്ഞ വര്‍ഷം അദ്ദേഹം അനാഥര്‍ക്കൊപ്പമായിരുന്നു.
‘വീട്ടുവേലക്കാര്‍, സെക്യൂരിറ്റി ജീവനക്കാര്‍, പൊതു ഗതാഗത ഡ്രൈവര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, പൂന്തോട്ട ജോലിക്കാര്‍, നിര്‍മാണത്തൊഴിലാളികള്‍, ഓഫിസുകളില്‍ സഹായികളായി ജോലി ചെയ്യുന്നവര്‍, മറ്റു വിവിധ വിഭാഗങ്ങളിലെ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ഞാന്‍ ഈ വര്‍ഷത്തെ സ്ഥാനാരോഹണ ദിനം സമര്‍പ്പിക്കുന്നു. ഇങ്ങനെ ചെയ്യാന്‍ എല്ലാവരോടും ആവശ്യപ്പെടുന്നു’-അദ്ദേഹം പറഞ്ഞു.
‘തൊഴിലാളികളില്‍ പലരും നീണ്ട വര്‍ഷങ്ങളായി ഇവിടെ ജീവിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്നു. വീട്ടുവേലക്കാരും സെക്യൂരിറ്റി ജീവനക്കാരും നിര്‍മാണത്തൊഴിലാളികളും ഉള്‍പ്പെടുന്നവര്‍ നമ്മുടെ സമൂഹത്തില്‍ സജീവ സാന്നിധ്യമാണ്. അതിനാല്‍, ഈ അവസരത്തില്‍ അവര്‍ പ്രത്യേക നന്ദിയും അനുമോദനവും അര്‍ഹിക്കുന്നു. നമ്മുടെ ഈ വര്‍ഷത്തെ ആഘോഷം അവര്‍ക്കൊപ്പമാകണം. നമ്മുടെ ജീവിതം ഏറെ മെച്ചപ്പെട്ട രീതിയില്‍ എത്തിച്ചതിന് അവര്‍ ഏറെ ബഹുമാനം അര്‍ഹിക്കുന്നു’-ട്വിറ്റര്‍ സന്ദേശത്തില്‍ ശൈഖ് മുഹമ്മദ് പറഞ്ഞു.
‘തൊഴിലാളികളോട് നല്ല രീതിയില്‍ പെരുമാറുക, ദയയും സ്നേഹവും കാണിക്കുക തുടങ്ങിയ കാര്യങ്ങള്‍ നമ്മുടെ സമൂഹത്തിന്‍െറ ഉയര്‍ന്ന മൂല്യങ്ങളെ മാത്രമല്ല പ്രതിഫലിപ്പിക്കുന്നത്. അവര്‍ നല്‍കുന്ന മികച്ച സേവനങ്ങളെ അംഗീകരിക്കുകയെന്ന ഇസ്ലാമിക തത്ത്വങ്ങളുടെ പ്രതിഫലനം കൂടിയാണ്’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥാനാരോഹണത്തിന്‍െറ ഏഴാം വാര്‍ഷികത്തില്‍ എല്ലാവരും തൊഴിലാളികളെ ആദരിക്കുകയും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ഇതിന്‍െറ ഫോട്ടോകള്‍ ട്വിറ്ററിലും മറ്റു സോഷ്യല്‍ മീഡിയകളിലും പോസ്റ്റ് ചെയ്യാനും തന്‍െറ അക്കൗണ്ടില്‍ (@HHShkMohd) ഷെയര്‍ ചെയ്ത് നമ്മുടെ സമൂഹത്തിന്‍െറ ദയ, കാരുണ്യം, സ്നേഹം തുടങ്ങിയ ഗുണങ്ങള്‍ പ്രചരിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
 

ചാവെസിന്റെ ആരോഗ്യനില 'കൂടുതല്‍ സങ്കീര്‍ണ'മായതായി വൈസ് പ്രസിഡന്റ്

Posted: 30 Dec 2012 09:20 PM PST

Image: 

കാറക്കസ്: ക്യൂബയില്‍ അര്‍ബുദ ചികിത്സയില്‍ കഴിയുന്ന വെനസ്വേലന്‍ പ്രസിഡന്റ് ഊഗോ ചാവെസിന്റെ നില കൂടുതല്‍ സങ്കീര്‍ണമായതായി വൈസ് പ്രസിഡന്റ് നിക്കോളസ് മദുരോ അറിയിച്ചു. അര്‍ബുദ രോഗത്തിന് നടത്തിയ നാലാമത്തെ ശസ്ത്രക്രിയക്കു ശേഷമാണ് ചാവെസിന്റെ നില കൂടുതല്‍ വഷളായതെന്ന് അദ്ദേഹം പറഞ്ഞു. ടെലിവിഷനിലൂടെയാണ് മദുരോ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ചാവെസിന്റെ നാലാം ശസ്ത്രക്രിയ ഡിസംബര്‍ 11നാണ് ക്യൂബയില്‍ നടന്നത്. ഇതിനു ശേഷം ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ മദുരോ തയ്യാറായില്ല.

2011 ജൂണിലാണ് ചാവേസിന് അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്. 1999 മുതല്‍ വെനസ്വേലയിലെ ഭരണാധിപനായ ചാവെസ് ഒക്‌ടോബറില്‍ നടന്ന തെരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു.
 

ജാബിര്‍ സ്റ്റേഡിയം പൂര്‍ണസജ്ജം; ഉദ്ഘാടനം ഫെബ്രുവരിയില്‍

Posted: 30 Dec 2012 09:09 PM PST

Image: 

കുവൈത്ത് സിറ്റി: ഗള്‍ഫ് മേഖലയിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നായ ജാബിര്‍ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിന്‍െറ ഉദ്ഘാടനം അടുത്ത ഫെബ്രുവരിയില്‍ അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്വബാഹ് നിര്‍വഹിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍, യുവജനകാര്യമന്ത്രി ശൈഖ് സല്‍മാന്‍ സ്വബാഹ് സാലിം അല്‍ ഹമൂദ് അസ്വബാഹ് അറിയിച്ചു. വിവിധ മന്ത്രിമാരൊടൊപ്പം സ്റ്റേഡിയം ചുറ്റിക്കണ്ട ശേഷം കുവൈത്ത് ന്യൂസ് ഏജന്‍സിയോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പ്രാദേശിക മത്സരങ്ങള്‍ക്ക് പുറമെ രാജ്യാന്തര നിലവാരത്തിലുള്ള മല്‍സരങ്ങള്‍ നടത്തുന്നതിനും ഇപ്പോള്‍ സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. രാജ്യത്തിന് അഭിമാനമായ നിലയില്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതില്‍ അശ്രാന്ത പരിശ്രമം നടത്തിയ തദ്ദേശീയരും അല്ലാത്തവരുമായ എഞ്ചിനീയര്‍മാരെയും ഉദ്യേഗസ്ഥരെയും തൊഴിലാളികളെയും മന്ത്രി അഭിനന്ദിച്ചു.  ഈ വര്‍ഷാവസാനത്തോടെ തന്നെ സ്റ്റേഡിയം പദ്ധതി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
2005ല്‍ അര്‍ദിയയില്‍ നിര്‍മാണമാരംഭിച്ച ശൈഖ് ജാബിര്‍ സ്റ്റേഡിയ നിര്‍മാണം 2009ല്‍ ഏറക്കുറെ പൂര്‍ത്തിയായിരുന്നു. അതോടെ സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും അനുബന്ധ ജോലികള്‍ പലതും പൂര്‍ത്തീകരിക്കാനുള്ളതുകൊണ്ടാണ് ഔദ്യാഗിക ഉദ്ഘാടനം നീണ്ടത്. നാലു തട്ടുകളായി നിര്‍മിച്ചിരിക്കുന്ന സ്റ്റേഡിയത്തിലെ ഗാലറിയില്‍ 68,000 പേര്‍ക്കിരിക്കാം.
54 കോര്‍പറേറ്റ് ബോക്സുകളുമുള്ള സ്റ്റേഡിയത്തോടനുബന്ധിച്ച് 6,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ധനകാര്യമന്ത്രി മുസ്തഫ അല്‍ ശിമാലി, മുനിസിപ്പല്‍ കാര്യമന്ത്രി മുഹമ്മദ് അല്‍ അബ്ദുല്ല അല്‍ മുബാറക് അസ്വബാഹ്, പാര്‍ലമെന്‍ററികാര്യമന്ത്രി റോള ദശ്തി, ആരോഗ്യമന്ത്രി ഡോ. മുഹമ്മദ് ബര്‍റാക് അല്‍ ഹൈഫി എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റു മന്ത്രിമാര്‍.
 

മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു

Posted: 30 Dec 2012 09:05 PM PST

Image: 

മസ്കത്ത്: രാജ്യത്തെ വിവിധ മുനിസിപ്പാലിറ്റി കൗണ്‍സിലുകളുടെയും ചെയര്‍മാന്‍മാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മസ്കത്ത്, ദോഫാര്‍ മുനിസിപ്പാലിറ്റികളുടെ നിലവിലെ ചെയര്‍മാന്‍മാരും മറ്റിടങ്ങളില്‍ ഗവര്‍ണറര്‍മാരുമാണ് മുനിസിപ്പാലിറ്റി കൗണ്‍സില്‍ ചെയര്‍മാനായി ചുമതലേറ്റത്. മസ്കത്തില്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എഞ്ചിനീയര്‍ സുല്‍ത്താന്‍ ബിന്‍ ഹംദൂന്‍ ബിന്‍ സെയ്ഫ് ആല്‍ഹാര്‍ത്തി ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ സൗദ് ആല്‍ബുസൈദിക്ക് മുന്നില്‍ പ്രതിജ്ഞ ചൊല്ലി. മുനിസിപ്പല്‍ മേധാവി ശൈഖ് സലിം ബിന്‍ ഉഫൈത് അല്‍ഷന്‍ഫാരി ദോഫാര്‍ ഗവര്‍ണറും സ്റ്റേറ്റ് മന്ത്രിയുമായ സയ്യിദ് മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ ആല്‍ബുസൈദിക്ക് മുന്നിലാണ് പ്രതിജ്ഞയെടുത്തത്.  
മറ്റു ഗവര്‍ണര്‍മാര്‍ ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ബുസൈദിക്ക് മുന്നിലാണ് പ്രതിഞ്ജ ചൊല്ലിയത്. വടക്കന്‍ ശര്‍ഖിയ ഗവര്‍ണര്‍ ശൈഖ് യഹ്യ ബിന്‍ ഹമൂദ് ബിന്‍ ഹമദ് അല്‍മഅ്മറി, മുസന്തം ഗവര്‍ണര്‍ സയ്യിദ് ഖലീഫ ബിന്‍ അല്‍ മുര്‍ദാസ് ബിന്‍ അഹമ്മദ് ആല്‍ബുസൈദി, ബുറൈമി ഗവര്‍ണര്‍ സയ്യിദ് ഇബ്രാഹിം ബിന്‍ സഈദ് ബിന്‍ ഇബ്രാഹിം ആല്‍ബുസൈദി, ദാഖിലിയ ഗവര്‍ണര്‍ ശൈഖ് ഡോ. ഖലീഫ ബിന്‍ ഹമദ് ബിന്‍ ഹിലാല്‍ ആല്‍സഅ്ദി, വടക്കന്‍ ബാതിന ഗവര്‍ണര്‍ ശൈഖ് മുഹാന ബിന്‍ സൈഫ് ബിന്‍ സലിം അല്‍ലംകി, തെക്കന്‍ ബാതിന ഗവര്‍ണര്‍ ശൈഖ് ഹിലാല്‍ ബിന്‍ സഈദ് ബിന്‍ ഹംദാന്‍ അല്‍ഹജ്രി, തെക്കന്‍ ശര്‍ഖിയ ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ മുസ്തഹൈല്‍ ബിന്‍ സലിം ശമ്മാസ്, ദാഹിറ ഗവര്‍ണര്‍ ശൈഖ് സൈഫ് ബിന്‍ ഹാമിയര്‍ ബിന്‍ മുഹമ്മദ് അല്‍ശൂഹി, വുസ്ത ഗവര്‍ണര്‍ ശൈഖ് മുതഹിദ് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ യഅ്ഖൂബി എന്നിവരും സത്യപ്രതിഞ്ജ ചെയ്തു. മുഴുവന്‍ കൗണ്‍സിലുകളും രൂപവത്കരിച്ച ശേഷം ഡെപ്യൂട്ടി ചെയര്‍മാന്‍മാരെ തെരഞ്ഞെടുക്കും.

സൗദി നയതന്ത്ര ഉദ്യോഗസ്ഥനെ വധിച്ച ബംഗ്ളാദേശികള്‍ക്ക് വധശിക്ഷ

Posted: 30 Dec 2012 09:01 PM PST

Image: 

റിയാദ്: ബംഗ്ളാദേശിലെ സൗദി എംബസി അണ്ടര്‍ സെക്രട്ടറിയായിരുന്ന ഖലഫ് അല്‍അലിയെ വധിച്ച കേസിലെ അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് ബംഗ്ളാദേശ് കോടതി ഉത്തരവായി. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് 45 കാരനായ ഖലഫിനെ ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയിലെ നയതന്ത്രകാര്യാലയങ്ങളുടെ സമീപം വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യമായി നടന്ന നയതന്ത്ര പ്രതിനിധിയുടെ വധം നാടിനെ ഞെട്ടിച്ചിരുന്നു. കൊള്ളയടിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് ഖലഫിനെ സംഘം കൊലപ്പെടുത്തിയതെന്ന് ജഡ്ജി മുഹമ്മദ് മുത്വഹിര്‍ ഹുസൈന്‍ കുറ്റപത്രത്തില്‍ വായിച്ചു. കൊലപ്പെടുത്തിയ സംഘത്തില്‍ ആറു പേരുണ്ടായിരുന്നു. ഒരാളെ ഇനിയും പിടികിട്ടാനുണ്ട്.
നയതന്ത്ര പ്രതിനിധിയുടെ ഘാതകര്‍ക്ക് വധശിക്ഷ നല്‍കിയതിലൂടെ ബംഗ്ളാദേശ് കോടതിയില്‍നിന്ന് നീതി ലഭിച്ചതില്‍ സൗദി വിദേശകാര്യ സഹമന്ത്രി അമീര്‍ ഖാലിദ് ബിന്‍ സുഊദ് സംതൃപ്തി രേഖപ്പെടുത്തി. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷിബന്ധം ഇതിലൂടെ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കാലവിളംബം കൂടാതെ ഖലഫിന്‍െറ ഘാതകരെ പിടികൂടാനും ശിക്ഷ വിധിക്കാനും നടത്തിയ ശ്രമങ്ങള്‍ക്ക് ശക്തി പകര്‍ന്ന ബംഗ്ളാദേശിലെ സൗദി നയതന്ത്ര പ്രതിനിധികളെ അദ്ദേഹം അനുമോദിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ശക്തമായ ഉഭയകക്ഷി ബന്ധമാണ് നിലനിന്നിരുന്നത്. അടുത്തകാലം വരെ ബംഗ്ളാദേശ് തൊഴിലാളികളുടെ കുത്തൊഴുക്കുണ്ടായിരുന്ന സൗദി തൊഴില്‍മേഖലയില്‍ സുരക്ഷാസംബന്ധമായ കാരണങ്ങളാല്‍ പിന്നീട് പുതിയ വിസകള്‍ ഇഷ്യുചെയ്യുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം ഇപ്പോഴും തുടരുകയാണ്.
 

ജി.സി.സി ഉച്ചകോടി തീരുമാനങ്ങള്‍ സ്വാഗതം ചെയ്തു

Posted: 30 Dec 2012 08:57 PM PST

Image: 

മനാമ: 33ാമത് ജി.സി.സി ഉച്ചകോടി തീരുമാനങ്ങള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം സ്വാഗതം ചെയ്തു. ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ അധ്യക്ഷത വഹിച്ചു. ബഹ്റൈനില്‍ സംഘടിപ്പിച്ച  ഉച്ചകോടി അതിന്‍െറ മുഴുവന്‍ അര്‍ഥത്തിലും വിജയകരമായതായി മന്ത്രിസഭ വിലയിരുത്തി. ഉച്ചകോടിക്ക് സമാപനം കുറിച്ചുകൊണ്ടുള്ള സഖീര്‍ പ്രഖ്യാപനം ജി.സി.സി രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ സുദൃഢമായ സഹകരണത്തിനും ബന്ധത്തിനും ആഹ്വാനം നല്‍കുന്നതായിരുന്നു. സംയുക്ത സുരക്ഷാ കരാര്‍ ഇതില്‍ വളരെ പ്രധാനമായിരുന്നു. സംയുക്ത സൈനിക നേതൃത്വം, സാമ്പത്തിക രംഗത്തെ ഗുണകരമായ നടപടികള്‍ എന്നിവ സ്വാഗതാര്‍ഹമായ തീരുമാനങ്ങളാണെന്ന് മന്ത്രിസഭ വിലയിരുത്തി.
രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സുരക്ഷാ രംഗത്തെ മാറിവരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുവാനും കൂട്ടായ തീരുമാനങ്ങളെടുക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ ജി.സി.സി നേതൃത്വത്തിലുള്ള ഭരണാധികാരി കിംഗ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ കാഴ്ച്ചപ്പാടുകളും ശക്തമായ ഇഛാശക്തിയും ഉച്ചകോടിയെ വിജയത്തിലെത്തിച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പുതിയ വര്‍ഷത്തേക്ക് പ്രവേശിക്കുന്ന സാഹചര്യത്തില്‍ എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍ നേരുകയും നന്മയുടെയും സമാധാനത്തിന്‍െറയും പാതയിലൂടെ ലോകത്തിന് പുതിയ മുന്നേറ്റം നടത്താന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ജി.സി.സി വികസന സഹായ പദ്ധതിയുടെ ഭാഗമായി സൗദിയുടെ പ്രത്യേക സഹായം ബഹ്റൈനിലെ ആറ് പദ്ധതികള്‍ക്ക് ലഭ്യമാകുന്നതിനെ കാബിനറ്റ് സ്വാഗതം യെ്തു. പദ്ധതികളുടെ കരാറിലൊപ്പിടാനും എത്രയും വേഗം നടപ്പിലാക്കാനും സാധിക്കട്ടെയെന്ന് ആശംസിച്ചു. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ ദയാവായ്പും ബഹ്റൈന് നല്‍കിക്കൊണ്ടിരിക്കുന്ന പ്രത്യേക പരിഗണനയും അങ്ങേയറ്റം നന്ദിയോടെ സ്മരിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
മാര്‍ക്കറ്റുകളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പരമ്പരാഗത മാര്‍ക്കറ്റുകളില്‍ സുരക്ഷാ കാമറകള്‍ സ്ഥാപിക്കാനും അവിടെയെത്തുന്നവര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താനും സാധിക്കണം. സിവില്‍ ഡിഫന്‍സ് വിഭാഗവുമായി സഹകരിച്ച് സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിര്‍ദേശിച്ചു. ഈസ ടൗണിലെ പരമ്പരാഗത മാര്‍ക്കറ്റ് കത്തി നശിച്ച പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വെച്ച നിര്‍ദേശം പരിഗണിച്ചാണ് പ്രധാനമന്ത്രി ഇതിന് നിര്‍ദേശം നല്‍കിയത്. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് ലേബര്‍ ക്യാമ്പുകള്‍ പരിശോധിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. മുനിസിപ്പാലിറ്റികളില്‍ നിന്നുള്ള പ്രത്യേക കമ്മിറ്റിയായിരിക്കും ലേബര്‍ ക്യാമ്പുകള്‍ പരിശോധിച്ച് സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. അപകടകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിക്കുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പവരുത്തലുമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇത് നടപ്പാക്കുന്നതായിനായി ആഭ്യന്തര മന്ത്രിക്ക് കീഴില്‍ പ്രത്യേക ഉപസമിതി രൂപവത്കരിക്കും. മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവയില്‍ നിന്നുള്ള പ്രതിനിധികളും കമ്മിറ്റിയിലുണ്ടാവും.
തൊഴിലാളികളെ താമസിപ്പിച്ചിട്ടുള്ള ഇടങ്ങള്‍ അതിനായി ഒരുക്കിയിട്ടുള്ളതാണോയെന്നും നിര്‍ണിത സ്ഥലങ്ങളില്‍ തന്നെയാണോ ഉള്ളതെന്നും സുരക്ഷാ നിയമങ്ങള്‍ കെട്ടിടങ്ങള്‍ പാലിച്ചിട്ടുണ്ടോ തുടങ്ങിയുള്ള കാര്യങ്ങളായിരിക്കും പരിശോധിക്കുക. അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഉറപ്പുവരുത്താനും പത്രങ്ങളും വാര്‍ത്താ മാധ്യമങ്ങളും നിര്‍ണയിക്കപ്പെട്ടിട്ടുള്ള നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും മന്ത്രിസഭ തീരുമാനിച്ചു. മാധ്യമ പ്രവര്‍ത്തന മേഖലയില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളും രാജ്യത്തിന്‍െറ നിയമങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിന് തുരങ്കം വെക്കാതിരിക്കുക, വിഭാഗീയത ഇല്ലാതാക്കുക, മതങ്ങളെ ആദരിക്കുക, സംസ്കാര ചിത്തതയോടെ പ്രതികരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഭരണഘടനാ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഏവരെയും സന്നദ്ധരാക്കും.
സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് ഏകീകൃത സാങ്കേതിക, എഞ്ചിനീയറിംഗ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്‍െറ സാധ്യത മന്ത്രിസഭ ചര്‍ച്ച ചെയ്തു. പൊതുമുതലുകള്‍ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ രാജ്യത്തിന്‍െറ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിനുമാണ് ഈ നിര്‍ദേശങ്ങള്‍. അറബ് ടൂറിസത്തിന്‍െറ തലസ്ഥാനമായി ബഹ്റൈനെ മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും കാബിനറ്റ് തീരുമാനിച്ചു. സാംസ്കാരിക മന്ത്രാലയം വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് ഇതിന്‍െറ സാധ്യതകള്‍ ആരായുകയും നടപ്പാക്കുകയും ചെയ്യും.

പച്ചയുടെ മാനങ്ങള്‍

Posted: 30 Dec 2012 08:10 PM PST

Image: 

കേരളത്തെ പച്ചനിറമാക്കി മാറ്റുന്നു എന്ന വിവാദം കത്തിനിന്ന സമയം. ഞാന്‍ പഠിച്ച സ്കൂളിലും മാസങ്ങള്‍ക്കു മുന്‍പ് സമാനസ്വഭാവത്തിലുളള ഒരു സംഭവമുണ്ടായി.

ചേര്‍ത്തലയിലെ കടക്കരപ്പളളി യു.പി.ജി.എസ് നൂറു വര്‍ഷത്തിലേറെ പഴക്കമുളള സ്കൂളാണ്. സാധാരണക്കാരായ ഒരുപാട് പേരുടെ മക്കള്‍ പഠിക്കുന്ന സ്കൂള്‍. സ്കൂളിന്റെശോചനീയാവസ്ഥ കണ്ട് സര്‍വ ശിക്ഷാ അഭിയാനില്‍ നിന്നും കിട്ടിയ തുക ചിലവഴിച്ച് ചെറിയ അറ്റകുറ്റപ്പണികളും പെയിന്‍്റിങ്ങും നടത്തി പഴയ സ്കൂളിനെ ഒന്നു പുതുക്കാന്‍ തീരുമാനിച്ചു. പി.ടി.എ പ്രസിഡന്‍്റായ ഡോ. പ്രേം കുമാര്‍ നാട്ടി പ്രസിദ്ധനായ ഹോമിയോ ഡോക്ടറാണ്. മക്കളെ ഗവണ്‍മെന്‍്റ് സ്കൂളില്‍ തന്നെ പഠിപ്പിക്കണമെന്ന് നിര്‍ബന്ധബുദ്ധിയുളള ആളും!

ഒരു ദിവസം എല്ലാവരും ചേര്‍ന്ന് മേല്‍ക്കൂരയിലെ പഴയ ഓടുകള്‍ താഴെയിറക്കി കഴുകി വൃത്തിയാക്കി വെച്ചു. ദ്രവിച്ച പട്ടികകള്‍ മാറ്റി. പുതിയ പെയിന്‍്റടിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഹെഡ്മിസ്ട്രസ് കുട്ടികളോട് അഭിപ്രായം ആരാഞ്ഞു. സ്കൂളിന്റെകിഴക്കുവശത്തെ കെട്ടിടത്തിനു നീലയും തെക്കുവശത്തെ കെട്ടിടത്തിന്റെഓടുകള്‍ക്ക് പച്ചയും കൊടുക്കുവാന്‍ കുട്ടികള്‍ ഒന്നടങ്കം ആഗ്രഹം പ്രകടിപ്പിച്ചു. പ്രകൃതിയോട് കൂടുതല്‍ അടുപ്പമുളള പച്ചനിറം -ഹരിതവര്‍ണ്ണം- പച്ച പെയിന്‍്റ് വാങ്ങുവാന്‍ അധികൃതര്‍ തീരുമാനിച്ചു. ചേര്‍ത്തല ടൗണിലുളള കടയില്‍ നിന്നും നീല പെയിന്‍്റും പച്ച പെയിന്‍്റും വാങ്ങി. പെയിന്‍്റ് കടക്കാരനും സന്തോഷമായി. കാരണം പച്ചക്കളര്‍ വിറ്റുപോകാന്‍ വളരെ പാടാണ്. അതിനാല്‍ പ്രത്യേക ഡിസ്കൗണ്ടും നല്കി.

ചുളുവിലയില്‍ പെയിന്‍്റ് കിട്ടിയ സന്തോഷത്തോടെ ചുമതലക്കാര്‍ സ്കൂളിലെത്തി. കിഴക്കുവശത്തെ കെട്ടിടത്തിന് നീല പെയിന്‍്റടിച്ചു പണിപൂര്‍ത്തീകരിച്ചു. സ്കൂളിന്റെതെക്കുവശത്തുളള കെട്ടിടത്തിന്റെനിലത്തിറക്കി വെച്ചിരുന്ന പഴയ ഓടിന് ഓരോന്നിനും പച്ചക്കളര്‍ അടിച്ച് മേല്‍ക്കൂരയില്‍ കയറ്റി. ഏകദേശം മുക്കാല്‍ ഭാഗത്തോളം പണി പൂര്‍ത്തീകരിച്ചു. പുതിയ കളര്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും
ഒരുപോലെ ഇഷ്ടമായി. എന്നാല്‍ സന്തോഷം അധിക സമയം നീണ്ടില്ല. പണി തീരാന്‍ രണ്ടു ദിവസം ബാക്കിയുളളപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ക്ക് പച്ചക്കളര്‍ അടിച്ചതിന്റെഅകംപൊരുളിനെ കുറിച്ച് സംശയം തോന്നി. പരക്കെ തെറ്റിദ്ധാരണ പടര്‍ന്നു. വിദ്യാഭ്യാസമന്ത്രിയുടെ പ്രത്യേകനിര്‍ദ്ദേശപ്രകാരമാണ് പച്ചനിറം അടിച്ചതെന്ന് പ്രചരിപ്പിച്ചു. കേരളത്തെ പച്ചനിറത്തില്‍ മുക്കുക എന്ന അജണ്ടയാണ് ഇതിനു പിന്നിലത്രെ.

പച്ച ബ്ളൗസ് വിവാദം നടന്നതിന് രണ്ടാഴ്ചയ്് ശേഷമാണ് ഈ സംഭവം. പച്ചയുടെ നിറംപിടിപ്പിച്ച പല കഥകളും പുറത്തിറങ്ങി. സംഭവത്തിന് വര്‍ഗീയനിറം ലഭിച്ചു. തിരിച്ചു പ്രതികരിക്കാന്‍ ആളില്ലായിരുന്നു. വിഷയം ചൂടുളള ചര്‍ച്ചയ്ക്ക് വഴി വച്ചു. പത്രങ്ങളില്‍ നിറംപിടിപ്പിച്ച വാര്‍ത്തയായി. പി.ടി.എ ചുമതലക്കാരും ഹെഡ് മിസ്ട്രസും സ്റ്റാഫും വിഷമ വൃത്തത്തിലായി.

പച്ചനിറത്തിന്റെരാഷ്ട്രീയമാനങ്ങളെക്കുറിച്ച് എല്ലാവരും ചിന്തിച്ചുതുടങ്ങി. പാവം നാട്ടുകാര്‍ ഒരു എത്തും പിടിയും കിട്ടാതെ നിസഹായരായി നോക്കി നിന്നു. പ്രശ്നം ഗുരുതരമായതോടെ പച്ചയോടുകള്‍ വളരെ പണിപ്പെട്ട് താഴെയിറക്കി. മേല്‍ക്കൂര ദ്രവിച്ചിരിക്കുന്നതുകൊണ്ട് അത് വളരെ ശ്രമകരമായ ജോലിയായിരുന്നു. ഇങ്ങനെ സംഭവം പുലിവാലായതോടെ ഓടിന് സ്വാഭാവികമായ പഴയ നിറം തന്നെ പൂശാന്‍ തീരുമാനിച്ചു. ഇരട്ടി അധ്വാനവും വേണ്ടിവന്നു. ഒടുവില്‍ ഓടുകള്‍ക്ക് സ്വാഭാവിക നിറത്തോടെ മുകളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. പരക്കെയുണ്ടായ തെറ്റിദ്ധാരണകള്‍ക്കും ഭരണകൂടത്തിന്റെകുത്സിതശ്രമം എന്ന വ്യാഖ്യാനത്തിനും അങ്ങനെ വിരാമമായി. വിവാദത്തോടൊപ്പം അധികം ആരും അറിയാതിരുന്ന എന്റെസ്കൂള്‍ പക്ഷെ പ്രശസ്തമായി.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് നടന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ യോഗത്തില്‍ ഈ വിഷയം അല്പം തമാശ കലര്‍ത്തി മന്ത്രിയുടെ സന്നിധ്യത്തില്‍ പ്രസംഗമധ്യേ ഞാന്‍ അവതരിപ്പിച്ചു. ഒന്നുമറിയാതെ പഴികേള്‍ക്കേണ്ടി വന്നത് പാവം വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ്! അപ്പോഴാണ് അദ്ദേഹം ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയുന്നത്. പ്രസംഗം
കഴിഞ്ഞപ്പോള്‍ മന്ത്രിയില്‍ നിന്നും ഒരു സത്യം ഞാന്‍ അറിഞ്ഞു. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന് ചേര്‍ത്തലയിലുളള മൂന്നു പേരെ മാത്രമെ അടുത്തറിയൂ: എ.കെ ആന്‍്റണി, വയലാര്‍ രവി, വെളളാപ്പള്ളി നടേശന്‍ എന്നിവരെ മാത്രം!

(ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറിയാണ് ലേഖകന്‍)
ഇ മെയില്‍: os@santhigiriashram.org

ഈ രക്തസാക്ഷ്യം വെറുതെയാവില്ല

Posted: 30 Dec 2012 07:38 PM PST

Image: 

മാനവികതയുടെ മുന്നില്‍ മാനം കെട്ട് ഇന്ത്യ തലകുനിച്ചു നില്‍ക്കെ, പൈശാചികത തല്ലിക്കെടുത്തിയ ആ താരുണ്യം നാടിന്‍െറ രക്തസാക്ഷ്യചരിത്രത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ അധ്യായം രചിച്ച് ഞായറാഴ്ച സ്വന്തം ചിതയിലമര്‍ന്നു. എന്നാല്‍, ആ പേരറിയാ പെണ്‍മകളുടെ ബലിദാനമുയര്‍ത്തിയ നൊമ്പരത്തീക്കാറ്റ് അത്ര പെട്ടെന്നു കെട്ടടങ്ങാനിടയില്ല; അങ്ങനെ കെട്ടടങ്ങിക്കൂടാ. സ്വതന്ത്ര ഇന്ത്യയില്‍ പിച്ചിച്ചീന്തിയെറിയപ്പെട്ട പെണ്‍ജീവിതങ്ങളുടെ അനേകായിരം അണയാക്കനലുകള്‍ ആളിക്കത്തിച്ചാണ് ദല്‍ഹിയിലെ 23കാരിയുടെ ജീവത്യാഗം. പൊന്നുമോള്‍ നഷ്ടമായെങ്കിലും അവളുടെ മരണം ഇന്ത്യയെ പെണ്‍സുരക്ഷിത രാജ്യമാക്കട്ടെ എന്ന ആ കുടുംബത്തിന്‍െറ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനയില്‍ നമുക്കും പങ്കുചേരാം, നിസ്സഹായമായ ആ പ്രാര്‍ഥനയെ ഫലവത്താക്കി മാറ്റാനുള്ള പ്രതിജ്ഞയോടെ. ഇന്ത്യയുടെ മഹിമയും ഗരിമയും സംബന്ധിച്ച് കെട്ടിയുയര്‍ത്തിയ എല്ലാ ഊറ്റത്തിന്‍െറയും കാറ്റഴിച്ചുവിട്ട ദിനങ്ങളാണ് കടന്നുപോയത്. അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശം പൗരന്മാര്‍ക്ക് ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ഇനിയും ഇന്ത്യക്ക് വിജയിക്കാനായില്ലെന്നു മാലോകരെ ബോധ്യപ്പെടുത്തുന്നതായിരുന്നു തലസ്ഥാനനഗരിയില്‍ നടന്ന അധമസംഭവം. ഒറ്റപ്പെട്ടതല്ല, ഒരായിരം സംഭവങ്ങളുടെ തുടര്‍ച്ച മാത്രമായിരുന്നു അത്. അതുകൊണ്ടുതന്നെ പഴയ വീഴ്ചകളെ ചൂണ്ടുന്നതോടൊപ്പം, അളമുട്ടിയപ്പോള്‍ കെട്ടുപൊട്ടി വന്ന ഇപ്പോഴത്തെ പ്രതിഷേധത്തെ അംഗീകരിച്ചേ മതിയാവൂ. അമേരിക്കയില്‍ ചായകുടി പോലെ എന്ന പഴയ നായനാര്‍ഫലിതത്തിന്‍െറ ദുരന്താവര്‍ത്തനമായി ഇന്ത്യയില്‍ പെണ്‍വേട്ട മാറിക്കഴിഞ്ഞിരിക്കെ പെണ്‍മയുടെ പരിരക്ഷക്കു വേണ്ടി ഒരു രാഷ്ട്രത്തെ ഒന്നിച്ചുറക്കെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് അധികാരത്തിന്‍െറ അരക്കില്ലങ്ങളെ ഭേദിച്ച ഈ പ്രതിഷേധമാണല്ലോ. ആ വികാരത്തിനു വേലി കെട്ടാന്‍ ലോകത്തെ ഏറ്റവും വലിയ സൈനികശക്തികളിലൊന്നിന് വലിയ അധ്വാനമൊന്നും വേണ്ടിവന്നില്ല. എന്നാല്‍, സ്വന്തം മൂക്കിനു താഴെ പെണ്‍മക്കള്‍ക്ക് സുരക്ഷിതത്വം തീര്‍ക്കാന്‍ ഉപയുക്തമാകാത്ത ഈ കരുത്ത് ജനകീയപ്രതികരണങ്ങള്‍ക്ക് ചിറകെട്ടാന്‍ ജാഗരൂകമായത് സൈനികജണ്ടയും ജനാധിപത്യഭരണവും തമ്മിലെന്തു വ്യത്യാസം എന്ന ലോകത്തിന്‍െറ പരിഹാസത്തിനിടയാക്കി. രാജ്യത്തിന്‍െറ നാലുപാടു നിന്നുമുയരുന്ന പൗരന്മാരുടെ പ്രതിശബ്ദങ്ങളെ അടക്കിപ്പിടിച്ചു നിറുത്തുന്നതെങ്ങനെ എന്നും അതുവഴി ഇന്ത്യ ലോകത്തിനു കാണിച്ചുകൊടുത്തു. നിരപരാധരായ പൗരന്മാരെ സംശയത്തിന്‍െറ പേരില്‍ വേട്ടയാടാന്‍ രാജ്യരക്ഷാസംവിധാനങ്ങളുടെ ഭീമഭാഗം ചെലവിടുന്ന ഒരു രാജ്യത്ത് പെണ്ണുങ്ങള്‍ക്ക് നടുറോഡിലിറങ്ങിയോ വാഹനത്തില്‍ കയറിയോ യാത്രചെയ്യാനുള്ള സുരക്ഷാമാര്‍ഗം ഒരുക്കാന്‍ കഴിയാതെ പോകുന്നതെന്തുകൊണ്ട് എന്നു നാം ലോകത്തെ മൂക്കത്തു വിരല്‍വെപ്പിച്ചു.  ഈ രക്തസാക്ഷിത്വവും അതുയര്‍ത്തിയ പ്രതികരണക്കൊടുങ്കാറ്റും പാഴാവില്ലെന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുമൊക്കെ പറഞ്ഞുകഴിഞ്ഞു. അവരും അവരെ തുടര്‍ന്നു രംഗത്തുവന്ന ഇതര രാഷ്ട്ര, രാഷ്ട്രീയനേതാക്കന്മാരുമൊക്കെ സ്വന്തം പെണ്‍മക്കളെ പിടിച്ച് ആണയിട്ടാണിത് പറഞ്ഞത്. രാഷ്ട്രീയക്കാരുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കാനാവില്ലെന്ന മുന്നനുഭവങ്ങളില്‍ നിന്നാണ് ജനം രാജ്പഥിലേക്കും വിജയ് ചൗക്കിലേക്കുമൊക്കെ ഇരച്ചുകയറിയതെന്ന വസ്തുത അവര്‍ വിസ്മരിക്കില്ലെന്നു കരുതുക.
കേന്ദ്രഭരണത്തിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ പുതിയ ബില്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണത്രെ. സോണിയ ഗാന്ധിയുടെ താല്‍പര്യത്തില്‍ തയാറാകുന്ന നിര്‍ദിഷ്ട ബില്ലില്‍ ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് 30 വര്‍ഷത്തെ തടവുശിക്ഷയും നിര്‍ബന്ധ ഷണ്ഡീകരണവും വരെ ശിപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍, നിയമം ഇല്ലാത്തതല്ല, അതു നടപ്പാക്കേണ്ട രാഷ്ട്രീയ, ഭരണനേതൃത്വങ്ങള്‍ക്കു ബാധിച്ച ഷണ്ഡത്വത്തിന് ആര് ആരെ ചികിത്സിക്കും? ദല്‍ഹിയില്‍ മാത്രം 2012ല്‍ 635 മാനഭംഗക്കേസുകളില്‍ ഒരാള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് തന്നെ പറയുന്നു. ബാക്കിയുള്ളതില്‍ പകുതിയുടെ അന്വേഷണം നടന്നുവരുന്നേയുള്ളൂ. ഇത് സാധാരണ കേസുകളുടെ ഗതി. മാനഭംഗം കലാപങ്ങളില്‍ ഉപാധിയാക്കുന്നതിനും സംഘര്‍ഷപ്രദേശങ്ങളില്‍ ജനങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആയുധമാക്കുന്നതിനുമെതിരെ നടപടിയെടുക്കാന്‍ രാഷ്ട്രീയനേതൃത്വത്തിനാവുമോ? ഛത്തിസ്ഗഢില്‍ സോണി സോറിയെ പൊലീസിന്‍െറ കാമവെറിക്കെറിഞ്ഞു കൊടുത്ത അങ്കിത് ഗാര്‍ഗ് എന്ന എസ്.പിക്ക് പൊലീസ് മെഡല്‍ നല്‍കിയ, കശ്മീരില്‍ കൂട്ടമാനഭംഗക്കേസില്‍ നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയ ഡിവൈ.എസ്.പി അല്‍താഫ് ഖാന് രാഷ്ട്രപതിയുടെ മെഡലണിയിച്ച അധികാരികള്‍ക്ക് അതിന് ത്രാണിയുണ്ടാവുമോ? സായുധസേന പ്രത്യേകാധികാര നിയമം പോലെ ഭാരതസ്ത്രീകളുടെ മേല്‍ പാഞ്ഞുകയറാന്‍ സൈനികര്‍ക്കു സ്വാതന്ത്ര്യം നല്‍കുന്ന കാടന്‍നിയമങ്ങളില്‍ വല്ല പരിഷ്കരണവും വരുത്തുമോ? അത് സൈന്യത്തിന്‍െറ മനോവീര്യം കെടുത്തുമെന്നു പറഞ്ഞ സേനാനായകന്‍ വി.കെ. സിങ് റിട്ടയര്‍ ചെയ്തപ്പോള്‍ മുഖം മിനുക്കി ദല്‍ഹിയിലെ പ്രതിഷേധറാലിയില്‍ അണിനിരന്നതു കണ്ടുകൂടിയാവണം സൈനികരുടെ പെണ്‍വേട്ടയില്‍ പ്രതിഷേധിക്കാത്തവര്‍ക്കെതിരെ അരുന്ധതിറോയ് ആഞ്ഞടിച്ചത്. ഇങ്ങനെ ഒരു മെഴുകുതിരിയും തെളിയാത്ത ഇരുണ്ട മൂലകള്‍ ഇന്ത്യയില്‍ ഇനിയുമുണ്ട്. എങ്കിലും ആ രോഷങ്ങളെല്ലാം ഇപ്പോള്‍ ആളിക്കത്തിയ  പ്രതിഷേധത്തിന് ആവാഹിക്കാനാവും. ശബ്നം ഹാശ്മി പറഞ്ഞതുപോലെ ഭരണകൂടത്തെ കൊണ്ട് ചിലതു ചെയ്യിക്കാനാവും എന്നു വരുത്തിയ ഈ  പുതിയ തെരുവുവസന്തത്തിന്‍െറ ഇടിമുഴക്കം നിലനിറുത്താനായാല്‍ ഈ രക്തസാക്ഷിത്വം വെറുതെയാവില്ല. സാമൂഹികസുരക്ഷിതത്വത്തിന് നിയമം പരമപ്രധാനമാണ്. അതു ഏട്ടില്‍ പോരാ, നാട്ടില്‍ പുലരുക തന്നെ വേണം. പൊതുബോധത്തെ സ്വാധീനിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നിയമസംവിധാനങ്ങള്‍ക്കു കഴിയും എന്നതിനു ലോകം തന്നെ സാക്ഷി. സ്ത്രീകള്‍ക്കു സമൂഹത്തിലും അതിനെ നിയന്ത്രിക്കുന്ന അധികാരശ്രേണിയിലും ലഭിക്കുന്ന പങ്കാളിത്തവും പ്രധാനഘടകമാണ്. സ്ത്രീസംവരണത്തില്‍ ഇനിയും ഒളിച്ചുകളി തുടരുകയാണ് രാഷ്ട്രീയക്കാര്‍.
ലിംഗപരമായ വേര്‍തിരിവുകളെ വിവേചനത്തിനുള്ള ആയുധമാക്കി മാറ്റുന്ന പ്രവണതക്ക് തടയിടാന്‍ വ്യക്തിതല ശാക്തീകരണവും കൂടിയേ തീരൂ. പുതിയ കാലത്തെയും ലോകത്തെയും ഔിത്യപൂര്‍വം അഭിമുഖീകരിക്കാനും സാഹചര്യങ്ങളെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ നിശ്ചയദാര്‍ഢ്യത്തോടെ നേരിടാനുമുള്ള കരുത്ത് തലമുറക്ക് പകര്‍ന്നുകൊടുക്കണം. പിച്ചയൂന്നിയ മണ്ണില്‍ പുലരാന്‍ പടച്ചതമ്പുരാന്‍ നല്‍കിയ ജന്മാവകാശം മറ്റാര്‍ക്കും വിട്ടുകൊടുക്കാതിരിക്കാനും മറ്റാരുടേതും കവരാതിരിക്കാനുമുള്ള വീറും വിവേകവും ചെറുപ്പം തൊട്ടേ ശീലമാക്കണം. അതിനുതകുന്ന മാനവസൗഹൃദാന്തരീക്ഷം വെര്‍ച്വല്‍ മീഡിയപ്രതലങ്ങള്‍ക്കു വിട്ടുകൊടുക്കാതെ, മാതാപിതാക്കളുടെയും മക്കളുടെയും മുന്‍കൈയില്‍ വീടകങ്ങളില്‍ തന്നെ പണിതുയര്‍ത്തണം. അങ്ങനെ ഓരോരുത്തരും സ്വന്തം കാവലാളായി മാറുമ്പോള്‍ അപരന്‍ കൂടി രക്ഷപ്പെടും. മക്കളും മാതാപിതാക്കളും സഹോദരങ്ങളും ദമ്പതികളുമായി ഓരോരുത്തരും മനുഷ്യത്വം പ്രാപിക്കുമ്പോള്‍ മാത്രമേ മൃഗീയതകളില്‍നിന്ന് എല്ലാവര്‍ക്കും രക്ഷ നേടാനാവൂ.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP