സ്വാഗതം
WELCOME

News Update..

Wednesday, December 5, 2012

ഫിലിപ്പീന്‍സില്‍ ശക്തമായ ചുഴലിക്കാറ്റ്: മരണം 200കവിഞ്ഞു Madhyamam News Feeds

ഫിലിപ്പീന്‍സില്‍ ശക്തമായ ചുഴലിക്കാറ്റ്: മരണം 200കവിഞ്ഞു Madhyamam News Feeds

Link to

ഫിലിപ്പീന്‍സില്‍ ശക്തമായ ചുഴലിക്കാറ്റ്: മരണം 200കവിഞ്ഞു

Posted: 04 Dec 2012 11:43 PM PST

Image: 

മനില: തെക്കന്‍ ഫിലിപ്പീന്‍സിലെ തീരപ്രദേശങ്ങളില്‍ ആഞ്ഞു വീശുന്ന ബോഭ ചുഴലിക്കാറ്റിലും പേമാരിയിലും പെട്ട് മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. ഫിലിപ്പീന്‍സ് സര്‍ക്കാര്‍ തന്നെയാണ് ദുരന്തത്തിന്‍െറ വ്യാപ്തി വ്യക്തമാക്കിയത്.

ആയിരക്കണക്കിന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ന്യൂബറ്റാണ്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ മരണം നടന്നത്. കൊടുങ്കാറ്റു മൂലമുണ്ടായ വെള്ളപ്പൊക്കത്തിലും  മണ്ണിടിച്ചിലിലും വൈദ്യൂതി വിഛേദിക്കപ്പെടുകയും  ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മണിക്കൂറില്‍ 210 കിലോ മീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്.
തീരപ്രദേശങ്ങളില്‍ നിന്ന് 41,000 ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ദക്ഷിണ സുരിഗാവോ ഡെല്‍ സുര്‍, ദാവോ ഓറിയന്‍റല്‍ എന്നീ മേഖലകളിലെ എട്ടു മുനിസിപ്പാലിറ്റികളില്‍ വൈദ്യൂതി പൂര്‍ണമായും വിഛേദിക്കപ്പെട്ടു. ആഭ്യന്തര സര്‍വീസ് നടത്തുന്ന 80 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്‍െറ ഭാഗമായി തുടരുന്ന  മഴയില്‍ അഗുസാന്‍ ഡെല്‍ സുര്‍ പ്രവിശ്യയിലെ ചില ഭാഗങ്ങളും വെള്ളത്തിനടിയിലായതായി സിവില്‍ ഡിഫന്‍സ് മേധാവി ബെനിറ്റോ റാമോസ് അറിയിച്ചു.
പ്രസിഡന്‍റ് ബെനിഗ്നോ അക്വിനോ തിങ്കളാഴ്ച ദേശീയ ടി.വി ചാനല്‍ വഴി ബോഭ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ള ഭാഗങ്ങളിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പും  സുരക്ഷാ നിര്‍ദ്ദശേങ്ങളും നല്‍കിയിരുന്നു.

ഭൂമിദാനക്കേസ് സര്‍ക്കാരിന്റെ പ്രതികാര നടപടിയെന്ന് വി.എസ്

Posted: 04 Dec 2012 10:44 PM PST

Image: 

തിരുവനന്തപുരം: ഭൂമിദാനക്കേസില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനം സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പോരാട്ടം നടത്തുന്നതിന്റെ പ്രതികാരമാണിതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇത്തരം ഘട്ടങ്ങളെ മുമ്പും അതിജീവിച്ചിട്ടുള്ള ആളാണ് താന്‍. ഇത്തരം തട്ടിപ്പ് തന്ത്രങ്ങളെ നേരിട്ടുകൊണ്ടാണ് താന്‍ അഴിമതിക്കെതിരെ സമരം നടത്തിവന്നത്. അത് ഇനിയും തുടരുമെന്നും വി.എസ് വ്യക്തമാക്കി.

കേസില്‍ വി.എസിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവര്‍ണറുടെ അനുമതി തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതിനിടെയാണ് വി.എസ്സിന്റെ പ്രതികരണം.
 

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: സാങ്മയുടെ ഹരജി സുപ്രീംകോടതി തള്ളി

Posted: 04 Dec 2012 10:15 PM PST

Image: 

ന്യൂദല്‍ഹി: പ്രണബ് മുഖര്‍ജ്ജിയുടെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് സുപ്രീംകോടതി അംഗീകരിച്ചു. പ്രണബിന്‍െറ തെരഞ്ഞെടുപ്പിനെതിരെ എന്‍.സി.പി നേതാവും എതിര്‍സ്ഥാനാര്‍ഥിയുമായിരുന്ന പി.എ സാങ്മ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതി പ്രണബിന്‍െറ തെരഞ്ഞെടുപ്പ് അംഗീകരിച്ചത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരുടെ അഞ്ചംഗ ബെഞ്ചെിന്‍െറതാണ് തീരുമാനം. ഇതില്‍ 3:2 എന്ന അനുപാതതിലാണ് പ്രണബിന് അനുകൂലമായി വിധിവന്നത്.

ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍, ജഡ്ജിമാരായ പി.സദാശിവം, ജസ്റ്റിസ് എസ്.എ. നിജാര്‍ എന്നിവരാണ് സാങ്മയുടെ ഹരജിയില്‍ കഴിമ്പില്ലെന്നും ഇത് പരിഗണിക്കേണ്ടതില്ലെന്നും കണ്ടെത്തി ഹരജി തള്ളി ഉത്തരവിട്ടത്. അതേസമയം, ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗഗോയ് എന്നിവര്‍ ഹരജി പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടു. ഹരജിയില്‍ ഉന്നയിച്ചകാര്യങ്ങള്‍ വാദിക്കാനും തെളിയിക്കാനും അവസരം നല്‍കണമെന്ന് രഞ്ജന്‍ ഗഗോയ് പറഞ്ഞു.

ജുലൈ 22ന് നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തോറ്റ സാങ്മ പ്രണബിനെതിരെ ഹരജി കൊടുക്കുകയായിരുന്നു. രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ശമ്പളം കൈപറ്റുന്ന രണ്ട് പദവികള്‍ പ്രണബ് ഒരേസമയം വഹിക്കുന്നുണ്ടെന്നും ഇത് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍െറ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നുമായിരുന്നു സാങ്മയുടെ ഹരജി. കൊല്‍ക്കത്തയില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ലോക്സഭാ നേതാവ് എന്നീ പദവികള്‍ പ്രണബ് ഒരുമിച്ച് വഹിക്കുന്നുണ്ടെന്നാണ് ഹരജിയില്‍ വ്യക്തമാക്കിയത്. എന്നാല്‍, സാങ്മയുടെ വാദങ്ങള്‍ പ്രണബ് നിരസിച്ചിരുന്നു. രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ധനകാര്യ മന്ത്രി സ്ഥാനം രാജിവെച്ചതിനൊപ്പം തന്നെ മറ്റ് രണ്ട് പദവികള്‍കൂടി രാജിവെച്ചിരുന്നെന്ന് പ്രണബിന്‍െറ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

ബാബരി ദിനം: പൊലീസ് സുരക്ഷ ശക്തമാക്കി

Posted: 04 Dec 2012 10:13 PM PST

കണ്ണൂര്‍:  ബാബരി ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ കനത്ത പൊലീസ് സുരക്ഷ.  കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. റെയില്‍വേ സ്റ്റേഷനില്‍ വീഡിയോ കാമറ സ്ഥാപിച്ചതിനു പുറമെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍  ക്ളോസ്ഡ് സര്‍ക്യൂട്ട് കാമറയും സ്ഥാപിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ വരുന്ന എല്ലാ ട്രെയിനുകളും വിശദമായി പരിശോധിക്കും. ഡോഗ് സ്ക്വാഡിനെയും ബോംബ് സ്ക്വാഡിനെയും  പരിശോധനക്ക് ഉപയോഗിക്കും.  
രാത്രികാല വാഹനങ്ങള്‍ കര്‍ശന പരിശോധനക്കുശേഷം മാത്രമേ കടത്തിവിടൂ.  ഇന്നു മുതല്‍ രണ്ട് ദിവസത്തേക്കാണ്  പൊലീസ് സുരക്ഷ കര്‍ശനമാക്കിയത്.  കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി ജോസ് ജോര്‍ജിന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ് സുരക്ഷാ നടപടികള്‍. ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍ പരിശോധനക്ക് മേല്‍നോട്ടം വഹിക്കും.
ടൗണ്‍ സി.ഐ വിനോദ് കുമാറിന്‍െറ നേതൃത്വത്തില്‍ രണ്ട് സ്ക്വാഡുകളായാണ്  നഗരത്തില്‍ പരിശോധന നടക്കുക. മഫ്തിയില്‍ പുരുഷ പൊലീസിനു പുറമെ വനിതാ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.
അന്യസംസ്ഥാന തൊഴിലാളികളെ പ്രത്യേകം നിരീക്ഷിക്കും. അസാധാരണ സാഹചര്യത്തില്‍ വ്യക്തികളെയോ ബാഗുകളോ ബോക്സുകളോ കണ്ടാല്‍ വിവരമറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
 

സ്‌കൂള്‍ കായികമേള: പാലക്കാട് കുതിക്കുന്നു; ചിത്രക്ക് ഇരട്ടസ്വര്‍ണം

Posted: 04 Dec 2012 09:50 PM PST

Image: 

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 65 പോയിന്റുമായി പാലക്കാട് ജില്ല കുതിക്കുന്നു. എട്ടു സ്വര്‍ണവും 12 വെള്ളിയും ഒരു വെങ്കലവുമാണ് പാലക്കാട് നേടിയത്.  

നാല് സ്വര്‍ണം ഉള്‍പ്പെടെ 29 പോയിന്റ് നേടി നിലവിലെ ചാംപ്യന്‍മാരായ എറണാകുളം രണ്ടാം സ്ഥാനത്തുണ്ട്. 11 പോയിന്റുമായി ആതിഥേയര്‍ മൂന്നാം സ്ഥാനത്തും 10 പോയിന്റുമായി കോഴിക്കോട് നാലാം സ്ഥാനത്തുമാണുള്ളത്. സ്‌കൂളുകളുടെ പോരാട്ടത്തില്‍ അഞ്ച് സ്വര്‍ണം നേടി പറളി എ്ച്ച്.എസ് ആണ് മുന്നില്‍.

രണ്ടാംദിനം മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ആദ്യ സ്വര്‍ണം കോഴിക്കോട് നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ കോഴിക്കോടിന്റെ എ.എം. ബിന്‍സിയാണ് സ്വര്‍ണം നേടിയത്.

സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ എറണാകുളത്തിന്റെ സമ്പൂര്‍ണ ആധിപത്യം. മൂന്ന് മെഡലുകളും എറണാകുളം സ്വന്തമാക്കി. കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ ജോസഫ് ആന്റണിക്കാണ് സ്വര്‍ണം.
 
പാലക്കാട് മുണ്ടൂര്‍ എച്ച്.എസിലെ പി.യു ചിത്ര മേളയിലെ ആദ്യ ഇരട്ടസ്വര്‍ണം സ്വന്തമാക്കി. ഇന്ന് രാവിലെ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ സ്വര്‍ണം നേടിയതോടെയാണ് ചിത്ര ഇരട്ടനേട്ടം കൊയ്തത്. ചൊവ്വാഴ്ച സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലും ചിത്ര സ്വര്‍ണം നേടിയിരുന്നു.

 

കടുവക്കുശേഷം കാട്ടാന

Posted: 04 Dec 2012 09:45 PM PST

സുല്‍ത്താന്‍ ബത്തേരി: കാട്ടാനയുടെ ആക്രമണത്തില്‍ വെള്ളക്കോട് കോളനിയിലെ വിജേഷ് (27) കൊല്ലപ്പെട്ട സംഭവം മൂലങ്കാവ്, നായ്ക്കട്ടി വനാതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളെ ഞെട്ടിച്ചു. രണ്ടാഴ്ചയായി കടുവാഭീതിയില്‍ വിറങ്ങലിച്ചുനിന്ന ഗ്രാമം ചൊവ്വാഴ്ച രാവിലെ അപ്രതീക്ഷിതമായാണ് കാട്ടാനയുടെ ആക്രമണ വാര്‍ത്തയെത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് നായ്ക്കട്ടി തേലമ്പറ്റയില്‍ അക്രമണകാരിയായ കടുവയെ വനംവകുപ്പ് സംഘം വെടിവെച്ചുകൊന്നത്.
തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് പോകുന്ന വഴി വിഷ്ണുഗിരി ക്ഷേത്രത്തിന് സമീപമാണ് വിജേഷിനെ കാട്ടാന ആക്രമിച്ചത്. ആനയുടെ ചവിട്ടേറ്റ് ചതഞ്ഞ നിലയിലായിരുന്നു ജഡം. ചൊവ്വാഴ്ച രാവിലെ എട്ടുമണിയാവുമ്പോഴേക്കും വിവിധ സ്ഥലങ്ങളില്‍ നിന്ന് ജനങ്ങള്‍ സംഭവസ്ഥലത്തെത്തി.
സ്ഥലത്തെത്തിയ വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റോയ് തോമസ് അടക്കമുള്ളവരെ എതിരേറ്റത് രോഷാകുലരായ ജനക്കൂട്ടമാണ്. കുടുംബത്തിന് 10ലക്ഷം രൂപ നഷ്ടപരിഹാരവും പ്രദേശത്ത് ഫലപ്രദമായ വന്യജീവി പ്രതിരോധ നടപടികളും ഉറപ്പുതന്നാല്‍ മാത്രമേ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ അനുവദിക്കൂവെന്ന് ജനം ശഠിച്ചു.
ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ പി. കൃഷ്ണപ്രസാദ് എന്നിവര്‍ ഇടപെട്ടു. പിന്നീട് നടന്ന ചര്‍ച്ചയില്‍ ഒരു ലക്ഷത്തിന്‍െറ ഇന്‍ഷുറന്‍സ് തുകയടക്കം നാലു ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കാന്‍ ധാരണയായി. വിജേഷിന്‍െറ അച്ഛന്‍ സോമന്‍ 12 വര്‍ഷം മുമ്പ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. മണിമുണ്ട കോളനി നിവാസിയായ യുവാവ് അഞ്ചു വര്‍ഷം മുമ്പ് ഇതേ പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചിട്ടുണ്ട്.
വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരത്തുകയായി നിര്‍ണയിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കുമെന്ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. പി. കൃഷ്ണപ്രസാദ്, പി.എം. ജോയി, കെ.ടി. കുര്യാക്കോസ്, ആവത്തോന്‍ സുരേന്ദ്രന്‍, എ.കെ. കുമാരന്‍, പി.സി. മോഹനന്‍ മാസ്റ്റര്‍ എന്നിവരും സ്ഥലത്തെത്തി.

പരിസ്ഥിതി സന്തുലനം നിലനിര്‍ത്തി പശ്ചിമഘട്ട വികസനം

Posted: 04 Dec 2012 09:32 PM PST

കോഴിക്കോട്: മണ്ണും ജലവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന് പ്രാധാന്യംനല്‍കുന്ന സുസ്ഥിര വികസനമാണ് പശ്ചിമഘട്ട വികസന പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന്  നളന്ദ ഓഡിറ്റോറിയത്തില്‍ പശ്ചിമഘട്ട വികസന പദ്ധതി പരിശീലനത്തില്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ച ഉദ്യോഗസ്ഥര്‍.  
 പദ്ധതി ജില്ലയിലെ 16 ഗ്രാമപഞ്ചായത്തുകളില്‍ 22 നീര്‍ത്തടങ്ങളില്‍ നടപ്പാക്കുന്നതിന് 6.16 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി ജില്ലാ പ്ളാനിങ് ഓഫിസര്‍ എ.എം. രമേഷ്കുമാര്‍ പറഞ്ഞു.  നീര്‍ത്തട വികസനം- പശ്ചിമഘട്ടവികസന പദ്ധതി പ്രവര്‍ത്തന മാര്‍ഗരേഖ പശ്ചിമഘട്ട സെല്‍ ജോയിന്‍റ് ഡയറക്ടര്‍ എം. ദിവാകരന്‍ അവതരിപ്പിച്ചു.  അടിസ്ഥാന വികസനം, പദ്ധതി രൂപവത്കരണവും നടത്തിപ്പും എന്നീ വിഷയങ്ങളില്‍ വയനാട് ജില്ലാ മണ്ണുസംരക്ഷണ ഓഫിസര്‍ പി.യു. ദാസ്, കോഴിക്കോട് ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ ഡി. ആനന്ദബോസ് എന്നിവര്‍ ക്ളാസെടുത്തു.
  ശില്‍പശാല ജില്ലാ പ്രസിഡന്‍റ് കാനത്തില്‍ ജമീല  ഉദ്ഘാടനംചെയ്തു.   പദ്ധതി പരിസ്ഥിതി സന്തുലനത്തിന് പ്രാധാന്യം നല്‍കി ജനങ്ങളുടെ ഉപജീവനത്തിന് ഉപകരിക്കുന്ന വിധം കാര്യക്ഷമമായി നടപ്പാക്കണമെന്നും  22 നീര്‍ത്തടങ്ങളിലും പദ്ധതി ഊര്‍ജിതമാക്കണമെന്നും അവര്‍ പറഞ്ഞു.  ജില്ലാ പ്ളാനിങ് ഓഫിസര്‍ എ.എം. രമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.പി. വിനോദന്‍ ജില്ലാ മണ്ണു സംരക്ഷണ ഓഫിസര്‍ ഡി. ആനന്ദ ബോസ് ഡെപ്യൂട്ടി ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ.എം. സുരേഷ് എന്നിവര്‍ സംസാരിച്ചു.

കാലാവസ്ഥാ വ്യതിയാനം: വികസിത രാജ്യങ്ങള്‍ ഉത്തരവാദിത്തം നിറവേറ്റണം- അമീര്‍

Posted: 04 Dec 2012 08:54 PM PST

Image: 

ദോഹ: ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നത് ഗണ്യമായി കുറച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനത്തിന്‍െറ വെല്ലുവിളികള്‍ നേരിടുന്നതില്‍ വികസിത രാജ്യങ്ങള്‍ ഉത്തരവാദിത്തം നിറവേറ്റണമെന്നും വികസ്വരരാജ്യങ്ങള്‍ക്ക് സഹായകമായ നിലപാട് സ്വീകരിക്കണമെന്നും അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി. 18ാമത് യു.എന്‍ കാലാവസ്ഥാ വ്യതിയാനസമ്മേളനത്തോടനുബന്ധിച്ച് ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഇന്നലെ ബുധനാഴ്ച നടന്ന ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു അമീര്‍.
കാലാവസ്ഥാ വ്യതിയാനത്തിന്‍െറ പ്രത്യാഘാതങ്ങളെ ചെറുക്കാന്‍ സമഗ്രമായ നടപടികള്‍ സമ്മേളനത്തില്‍ ഉണ്ടാകണമെന്ന് അമീര്‍ അഭിപ്രായപ്പെട്ടു. ഇന്നത്തെ വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ നാളെയേക്കുറിച്ച് കൂടി ചിന്തിക്കണം. രാജ്യങ്ങളുടെ ഊര്‍ജാവശ്യങ്ങളും ആഗോളതാപനം കുറക്കേണ്ടതിന്‍െറ ആവശ്യകതയും കൂടി പൊരുത്തപ്പെടുന്ന പരിഹാരമാണ് ഉണ്ടാകേണ്ടത്.
കാലാവസ്ഥാ വ്യതിയാനത്തിന്‍െറ വെല്ലുവിളികള്‍ നേരിടാന്‍ രാഷ്ട്രീയമായ ഇഛാശക്തി അനിവാര്യമാണ്. ഏറെ പുരോഗതി കൈവരിക്കാനായെങ്കിലും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നത് കുറക്കാനും ഖത്തര്‍ മുന്തിയ പരിഗണന നല്‍കുന്നുണ്ട്. പരിസ്ഥിതി വികസനവും സാമ്പത്തിക വികസനവും രണ്ട് മൗലിക ലക്ഷ്യങ്ങളാണെന്നും എന്നാല്‍, ഇതിലൊന്ന് ത്യജിക്കാതെ മറ്റൊന്ന് നേടാനാവില്ലെന്നും അമീര്‍ ചൂണ്ടിക്കാട്ടി.  കാലാവസ്ഥാ വ്യതിയാനത്തിന്‍െറ വെല്ലുവിളികള്‍ നേരിടുന്നതില്‍ സഹകരിക്കാന്‍ അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തെ ആഹ്വാനം ചെയ്തു. ഇക്കാര്യത്തില്‍ പ്രായോഗികമായ ഒരു കരാറില്‍ എത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണന്നും അദ്ദേഹം പറഞ്ഞു.
ശൈഖ മൗസ ബിന്‍ത് നാസര്‍, കിരീടാവകാശി ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, അമീറിന്‍െറ പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് ആല്‍ഥാനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി, സമ്മേളന അധ്യക്ഷന്‍ അബ്ദുല്ല ബിന്‍ ഹമദ് അല്‍ അതിയ്യ, ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ മുഹമ്മദ് ബിന്‍ മുബാറക് അല്‍ ഖുലൈഫി, കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹ്, യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, യു.എന്‍ ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

യു.എ.ഇ പൊതുമാപ്പ്: നടപടികള്‍ തുടങ്ങി

Posted: 04 Dec 2012 08:46 PM PST

Image: 

ദുബൈ: യു.എ.ഇയില്‍ നാലാമത്തെ പൊതുമാപ്പ് പ്രാബല്യത്തില്‍ വന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍, അനധികൃത താമസക്കാര്‍ക്ക് പിഴയോ ജയില്‍ ശിക്ഷയോ ഇല്ലാതെ രാജ്യം വിടാന്‍ അവസരം നല്‍കുന്നതിന് നടപടികള്‍ തുടങ്ങി. വ്യത്യസ്ത രാജ്യക്കാരായ നിരവധി പേര്‍ ആദ്യ ദിവസം വിവിധ എമിറേറ്റുകളിലെ കേന്ദ്രങ്ങളില്‍ ഹാജരായി.   
യു.എ.ഇയുടെ 41ാം ദേശീയ ദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്ന പൊതുമാപ്പിന്‍െറ കാലാവധി ഫെബ്രുവരി നാല് വരെയാണ്.  രണ്ടു മാസത്തിനകം അനധികൃത താമസക്കാര്‍ രാജ്യം വിടണമെന്നാണ് നിര്‍ദേശം. ചൊവ്വാഴ്ച നടപടികള്‍ക്കായി എത്തിയവരുടെ കൃത്യമായ എണ്ണം ഔദ്യാഗികമായി പുറത്തുവിട്ടില്ല. എങ്കിലും നിരവധി പേര്‍ വിവിധ സ്ഥലങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിലെ താമസ-കുടിയേറ്റ വകുപ്പിന് കീഴിലുള്ള നിര്‍ദിഷ്ട ഓഫിസുകളിലെത്തി. ഇതില്‍ നല്ലൊരു ശതമാനം ബംഗ്ളാദേശ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായിരുന്നു. ഇന്ത്യക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. പ്രത്യേകിച്ച്, മലയാളികള്‍ നാമമാത്രമായാണ് എത്തിയത്. അബൂദബി മുസഫയിലെ എമിറേറ്റ്സ് ഐ.ഡി രജിസ്ട്രേഷന്‍ ഓഫിസിനോടനുബന്ധിച്ച കേന്ദ്രത്തിലാണ് ചൊവ്വാഴ്ച ഏറ്റവും തിരക്കനുഭവപ്പെട്ടത്.
സ്വമേധയാ ഹാജരായ വ്യക്തികളുടെ കണ്ണ്, വിരല്‍ അടയാളങ്ങള്‍ എല്ലാ കേന്ദ്രങ്ങളിലും എടുത്തു. ഇതിനുവേണ്ടി പ്രത്യേക ബയോമെട്രിക് സംവിധാനങ്ങളാണ് താമസ-കുടിയേറ്റ വകുപ്പിന് കീഴിലുള്ള നിര്‍ദിഷ്ട ഓഫിസുകളില്‍ ഒരുക്കിയത്. കണ്ണ്, വിരല്‍ അടയാളങ്ങള്‍ എടുക്കുന്നതിലൂടെ അനധികൃത താമസക്കാര്‍ ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണോയെന്ന് വ്യക്തമാകും. ഇത്തരം കേസുകളില്‍ ആവശ്യമായ നിയമ നടപടിയുണ്ടാകുമെന്നാണ് സൂചന. എന്നാല്‍, കേസില്‍ പ്രതികളല്ലാത്തവര്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് ലഭിച്ചാല്‍ ഉടന്‍ നാട്ടിലേക്ക് പോകാം.
അനധികൃത താമസക്കാരില്‍ പാസ്പോര്‍ട്ടില്ലാത്തവര്‍ പൊതുമാപ്പ് ആനുകൂല്യം നേടി നാട്ടില്‍ പോകാന്‍ ഔ്പാസ് (എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്) വാങ്ങണം. ഇന്ത്യക്കാരായ അനധികൃത താമസക്കാര്‍ക്ക് ഔ്പാസിന് അപേക്ഷിക്കാന്‍ 14 കേന്ദ്രങ്ങളുണ്ട്. അതുപോലെ, എല്ലാ രാജ്യക്കാര്‍ക്കും എക്സിറ്റ് പെര്‍മിറ്റ് ലഭിക്കുന്ന 10 കേന്ദ്രങ്ങളുമുണ്ട്. 24 കേന്ദ്രങ്ങളുടെയും ലിസ്റ്റ് ചൊവ്വാഴ്ച  ‘ഗള്‍ഫ് മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു.
ബി.എല്‍.എസ് കേന്ദ്രങ്ങള്‍ മുഖേന ഔ്പാസ് വാങ്ങിയാണ് ഇന്ത്യക്കാര്‍ എക്സിറ്റ് പെര്‍മിറ്റ് ലഭിക്കുന്ന കേന്ദ്രങ്ങളില്‍ ഹാജരാകേണ്ടത്. ലളിതമായ നടപടികള്‍ക്ക് ശേഷം എക്സിറ്റ് പെര്‍മിറ്റ് ലഭിക്കും.  എക്സിറ്റ് പെര്‍മിറ്റ് ലഭിക്കാന്‍ എല്ലാ രാജ്യക്കാരും നിര്‍ദിഷ്ട കേന്ദ്രങ്ങളില്‍ തന്നെ ഹാജരാകണം. ഇതിനുപകരം സാധാരണ പുതിയ വിസ അനുവദിക്കല്‍, പുതുക്കല്‍ എന്നീ നടപടികള്‍ നടത്തുന്ന എമിഗ്രേഷന്‍ ഓഫിസുകളില്‍ പോകരുത്. രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് സമയം. നിയമപ്രകാരം ജോലി ചെയ്യേണ്ട സ്പോണ്‍സറുടെ കീഴില്‍നിന്ന് ഒളിച്ചോടിയെന്ന കേസില്‍ കുടുങ്ങുകയും പാസ്പോര്‍ട്ട് താമസ-കുടിയേറ്റ വകുപ്പ് കസ്റ്റഡിയില്‍ വെക്കുകയും ചെയ്ത വ്യക്തികള്‍ക്ക് പാസ്പോര്‍ട്ട് തിരിച്ചുനല്‍കും.     
യു.എ.ഇ നിയമ പ്രകാരം അനധികൃത താമസക്കാര്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കുന്നതെങ്കിലും ഇത്തരം വ്യക്തികള്‍ എത്ര വര്‍ഷം രാജ്യത്ത് അനധികൃതമായി താമസിച്ചവരായാലും പിഴയോ ജയില്‍ ശിക്ഷയോ ഇല്ലാതെ സ്വന്തം നിലയില്‍ നാട്ടിലേക്ക് മടങ്ങാനുള്ള സുവര്‍ണാവസരമാണ് പൊതുമാപ്പിലൂടെ ലഭിക്കുന്നത്. എന്നാല്‍, പൊതുമാപ്പ് കാലാവധിക്ക് ശേഷം രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. അതേസമയം, യു.എ.ഇയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ നിയമാനുസൃത പിഴ അടച്ച് ഫെബ്രുവരി നാലിന് മുമ്പ് താമസ രേഖകള്‍ ശരിയാക്കണം. റസിഡന്‍സ്/സന്ദര്‍ശക വിസ കാലാവധി തീര്‍ന്നിട്ടും ഇവിടെ താമസിക്കുന്നവര്‍ക്കാണ് പ്രധാനമായും പൊതുമാപ്പ് ലഭിക്കുക.
രണ്ടുമാസത്തെ പൊതുമാപ്പ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ അബൂദബിയില്‍ കോള്‍ സെന്‍ററുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലെ താമസ-കുടിയേറ്റ വകുപ്പിന് കീഴിലുള്ള ഈ സെന്‍ററില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്  8005111 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കണം.
2002, 2007 വര്‍ഷങ്ങളിലെ പൊതുമാപ്പിലും നാട്ടില്‍ പോകാത്ത നിരവധി പേരുണ്ട്.  ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്ന നാലാമത്തെ പൊതുമാപ്പിന്‍െറ ആനുകൂല്യം പരമാവധി പേര്‍ക്ക് ലഭ്യമാക്കാനും പരമാവധി അനധികൃത താമസക്കാരെ എത്രയും വേഗം നാട്ടിലേക്ക് അയക്കാനും ആഭ്യന്തര മന്ത്രാലയത്തിലെ താമസ-കുടിയേറ്റ വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യു.എ.ഇയിലെ അനധികൃത താമസക്കാരില്‍ ബഹുഭൂരിഭാഗവും ദക്ഷിണേഷ്യന്‍ രാജ്യക്കാരാണ്. പ്രധാനമായും ബംഗ്ളാദേശ്, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇക്കൂട്ടത്തിലുള്ളത്. ഇത്യോപ്യ ഉള്‍പ്പെടെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട്.

വിലക്കിന്റെ വില

Posted: 04 Dec 2012 08:27 PM PST

Image: 

ന്യൂദല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ (ഐ.ഒ.എ) അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) സസ്പെന്‍റ് ചെയ്തതിലൂടെ രാജ്യത്തെ കായികരംഗത്തിനുണ്ടാവുന്നത് നാണക്കേടിലുപരി നഷ്ടം. ഒളിമ്പിക് ചട്ടലംഘനം ചൂണ്ടിക്കാട്ടി ഐ.ഒ.സിയുടെ വിലക്കുവന്നത് കായികതാരങ്ങള്‍ക്ക് ഏറെ ദോഷം ചെയ്യാന്‍ പോവുകയാണ്. സസ്പെന്‍ഷന്‍ തുടര്‍ന്നാല്‍ 2014ലെ ഏഷ്യന്‍ ഗെയിംസ്, 2016ലെ ഒളിമ്പികസ് അടക്കമുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ രാജ്യത്തെ താരങ്ങള്‍ക്ക് പങ്കെടുക്കാനാവില്ല.
ഐ.ഒ.എ തെരഞ്ഞെടുപ്പിന്‍െറ പേരില്‍ അന്താരാഷ്ട്ര കമ്മിറ്റി സ്വീകരിച്ചിരിക്കുന്ന ശിക്ഷാ നടപടി വരുംദിനങ്ങളില്‍ നിയമ, പ്രസ്താവന യുദ്ധങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍, അത് അത്ലറ്റുകളുടെ ഭാവിയെ എത്രത്തോളം ബാധിക്കുമെന്നതിനപ്പുറം രാഷ്ട്രീയത്തില്‍ അധിഷ്ഠിതമായ അഭിപ്രായ പ്രകടനങ്ങളാണ് എല്ലാ കോണുകളില്‍നിന്നുമുയരുന്നത്. കായികരംഗത്തിന്‍െറ വികസനത്തിന് ഐ.ഒ.എ നല്‍കിവരുന്ന ഫണ്ട് സസ്പെന്‍ഷനോടെ നിര്‍ത്തലാക്കുകയാണ്. അന്താരാഷ്ട്ര മേളകള്‍ക്ക് ആതിഥ്യം വഹിക്കാനും ഇന്ത്യക്ക് കഴിയില്ല. സ്വതന്ത്ര മത്സരാര്‍ഥികളായി വേണമെങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പങ്കെടുക്കാം. ത്രിവര്‍ണ പതാക വിട്ട് ഒളിമ്പിക്സ് അടക്കമുള്ള മത്സരങ്ങളില്‍ ലോകത്തെ പ്രമുഖ രാജ്യത്തുനിന്നുള്ളവര്‍ അണിനിരിക്കുന്നത് സാമൂഹിക പ്രശ്നങ്ങള്‍ക്കുകൂടി വഴിവെക്കും.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രത്തില്‍ ഏറ്റവും മികച്ച പ്രകടനമാണ് ലണ്ടന്‍ ഒളിമ്പിക്സില്‍ പുറത്തെടുക്കാനായത്. രണ്ട് വെള്ളിയും നാല് വെങ്കലവുമായി ആറ് മെഡല്‍ ഇക്കുറി സ്വന്തമാക്കാനായി. 2020ലെ ഒളിമ്പിക്സില്‍ ഇന്ത്യക്ക് 25 മെഡല്‍ നേടാനാവുമെന്ന് കായിക മന്ത്രിയായിരുന്ന അജയ് മാക്കന്‍ പറഞ്ഞുവെച്ചു. 120 കോടിയിലേറെ ജനങ്ങളുള്ള രാജ്യത്തിന് ഇത് അസംഭവ്യവുമല്ല. എന്നാല്‍, എല്ലാ പ്രതീക്ഷകളും തകിടം മറിക്കുന്നതും താരങ്ങളുടെ മനോവീര്യം ചോര്‍ത്തുന്നതുമാണ് പുതിയ സംഭവവികാസങ്ങള്‍.
താരങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ കായിക സംഘടനകള്‍ വന്‍പരാജയമാണെന്ന ആരോപണം മുമ്പേയുണ്ട്. രണ്ട് ഒളിമ്പിക്സില്‍ മെഡല്‍ നേടി രാജ്യത്തിന്‍െറ അഭിമാനമായ സുശീല്‍ കുമാര്‍ അടങ്ങിയ ഗുസ്തി താരങ്ങള്‍ക്ക് ലണ്ടനില്‍ പോവുന്നതിന് മുന്നോടിയായി ഒരുക്കിയ പരിശീലന ക്യാമ്പില്‍ നല്‍കിയിരുന്നത് പഴകിയ ഭക്ഷണമാണ്. സന്നദ്ധ സംഘടനകളുടെയും പരിശീലകരുടെയും കാരുണ്യത്തിലാണ് പല താരങ്ങള്‍ക്കും കായിക ഉപകരണങ്ങള്‍ ലഭിച്ചത്. കേന്ദ്ര സര്‍ക്കാരാവട്ടെ ഒളിമ്പിക്സ് ഒരുക്കങ്ങള്‍ക്ക് വന്‍ തുക ചെലവിട്ടതായും അവകാശപ്പെടുന്നു. ഈ പണം എവിടെപ്പോയി എന്ന കാര്യം അജ്ഞാതമാണ്.
 അഴിമതിയില്‍ മുങ്ങിക്കുളിച്ച രാഷ്ട്രീയക്കാര്‍ കായിക സംഘടനകളുടെ ഭരണം കൈയാളുന്ന നാടാണ് ഇന്ത്യ. ബാറ്റെടുക്കാന്‍ അറിയാത്തവര്‍ ക്രിക്കറ്റ് ബോര്‍ഡിലും പന്ത് കൈകൊണ്ടുപോലും തൊടാത്തവര്‍ ഫുട്ബാള്‍ അസോസിയേഷനിലുമൊക്കെ വാഴാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ ഇക്കാര്യത്തില്‍ ഒന്നിക്കുന്നവര്‍ക്ക് കായിക സംഘടനകള്‍ പൊന്‍മുട്ടയിടുന്ന താറാവാണ്. താരങ്ങളെ ഇതിന്‍െറ ഏഴയലത്തേക്ക് പോലും അടുപ്പിക്കാറില്ല. പുതിയ വാര്‍ത്തകളുടെ അവസാനം ഏത് തരത്തിലായാലും അതുണ്ടാക്കുന്ന നാണക്കേടും നഷ്ടവും ആത്യന്തികമായി ബാധിക്കുക കായികരംഗത്തെ മാത്രമായിരിക്കും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP