സ്വാഗതം
WELCOME

News Update..

Sunday, December 16, 2012

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സി.പി.എം Madhyamam News Feeds

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സി.പി.എം Madhyamam News Feeds

Link to

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സി.പി.എം

Posted: 16 Dec 2012 01:13 AM PST

Image: 

തിരുവനന്തപുരം: പശ്ചിമഘട്ടസംരക്ഷണത്തിനായി സമര്‍പ്പിച്ച മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സി.പി.എം രംഗത്ത്. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് സംസ്ഥാനത്തു നടപ്പാക്കുന്നത് വമ്പിച്ച പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് സി.പി.എം സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. പശ്ചിമഘട്ടം സംരക്ഷിക്കുന്നതിനോടൊപ്പം ്സസംസ്ഥാനത്തെ സാമൂഹ്യ-ജനസംഖ്യാപരമായ സവിശേഷതകള്‍ കൂടി പരിഗണിച്ചുകൊണ്ടുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പത്രക്കുറുപ്പില്‍ പറയുന്നു.
പശ്ചിമഘട്ടത്തിന്‍െറ സംരക്ഷണം കുടിവെള്ളവും മറ്റുജീവിതോപാധികളും നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണെങ്കിലും കമ്മറ്റി മുന്നോട്ടുവെച്ച പല നിര്‍ദ്ദേശങ്ങളും അപ്രായോഗികമാണ്. ഇത് കേരളം പോലെ ജനസാന്ദ്രതയേറിയ സംസ്ഥാനത്ത് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശേഷിയുള്ളതാണ്.
കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയാല്‍ ഇടുക്കി, വയനാട് ജില്ലകളില്‍ ജനജീവിതം അസാധ്യമാകുമെന്നും കാര്‍ഷികവൃത്തിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അസാധ്യമാകുന്ന തരത്തില്‍ സ്ഥിതിഗതികള്‍ മാറുമെന്നും കുറുപ്പില്‍ പറയുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച് പുതുതായി ഡാമുകള്‍ നിര്‍മ്മിക്കാനാവില്ലെന്നു മാത്രമല്ല  ഉള്ളവ തന്നെ പൊളിച്ചു മാറ്റേണ്ട അവസ്ഥയാണുള്ളത്. ആശങ്കകള്‍ നിലനില്‍ക്കാത്തവിധം ജനപങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടുള്ള ശാസ്ത്രീയ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് കഴിയണമെന്നും സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.

പലായനം പ്രമേയമാക്കി സുബോധ് ഗുപ്ത ബിനാലെയില്‍

Posted: 16 Dec 2012 12:36 AM PST

മട്ടാഞ്ചേരി: പലായനത്തിന്‍െറ കഥ പ്രമേയത്തിലൂടെ അവതരിപ്പിക്കുകയാണ് സുബോധ് ഗുപ്ത എന്ന ബിഹാറുകാരന്‍. കൊച്ചി മുസ്രിസ് ബിനാലെയുടെ മുഖ്യ വേദിയായ ആസ്പിന്‍വാളില്‍ ഒരു  തോണിയും തോണിയില്‍ വീട്ടുപകരണങ്ങളും കാണുന്നവര്‍ കഥയറിയാതെ അടുത്ത സ്റ്റാളുകളിലേക്ക് നീങ്ങുമ്പോള്‍ മനുഷ്യ ജീവിതത്തിന്‍െറ ഹൃദയസ്പര്‍ശിയായ പ്രമേയം ഒളിഞ്ഞിരിക്കുന്നത് കാണുന്നില്ല. ഇന്ത്യയുടെ അറിയപ്പെടുന്ന ചേരികളില്‍ ഒന്നായ മട്ടാഞ്ചേരിയില്‍ സ്വന്തം വീടില്ലാത്തതിനാല്‍ 11 മാസം കൂടുമ്പോള്‍ ചട്ടിയും കലവും പെറുക്കി വീടുകള്‍ മാറി നടക്കുന്ന മട്ടാഞ്ചേരിക്കാരുടെ യാതനകള്‍ ഇതില്‍ ദൃശ്യമാണ്. പുതിയ ഒരു തീരം തേടിയുള്ള യാത്രയും പ്രമേയത്തില്‍ ദര്‍ശിക്കാം. വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ നടമാടുമ്പോഴും പലായനമല്ലാതെ മറ്റൊന്നും തന്നെ മനുഷ്യന് മുന്നിലില്ല.
വര്‍ഗീയ ലഹളകളും പ്രാദേശിക വാദങ്ങളും പലായനത്തിന് ഇടയാക്കുന്ന സംഭവങ്ങളാണെന്നാണ് കലാകാരന്‍ പറയുന്നത്. സ്വര്‍ണം തേടിയുള്ള യാത്രപോലെ ജീവിതത്തിലെ അഭിവൃദ്ധി കാംക്ഷിച്ച് കുടുംബസമേതം ഒരിടത്തുനിന്ന് (ഗ്രാമത്തില്‍) മറ്റൊരിടത്തേക്ക് (നഗരത്തില്‍) നീങ്ങുന്ന സംഭവങ്ങളും പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഭൂമിയുടെ മൂന്നിലൊന്നു ഭാഗം വെള്ളമായതിനാലാണ് പഴയ ജല വാഹനമായ തോണിക്ക് പ്രാധാന്യം നല്‍കിയത്. തോണിയില്‍ അടക്കം ചെയ്ത കട്ടില്‍, കിടക്ക, കസേര, റേഡിയോ, പാത്രങ്ങള്‍ എന്നിവ ജീവിത യാഥാര്‍ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.  
 

ഊരമനയിലെ ഹെപ്പറ്റൈറ്റിസ് ബാധ: വിദഗ്ധ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Posted: 16 Dec 2012 12:33 AM PST

കൊച്ചി: ഊരമനയിലെ ഹെപ്പറ്റൈറ്റിസ് ബാധയുമായി ബന്ധപ്പെട്ട് മണിപ്പാല്‍ സെന്‍റര്‍ ഫോര്‍ വൈറോളജി റിസര്‍ച്ചിലെ വിദഗ്ധ സംഘം ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഊരമന-രാമംഗലം മേഖലകളിലെ ഹെപ്പറ്റൈറ്റിസ് ബി ബാധ തടയാന്‍ നടപടി ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ്  തീരുമാനിച്ചു. രോഗബാധിതരെ ആറ് മാസം ഇടവിട്ട് വിദഗ്ധ സംഘം നിരീക്ഷിക്കുമെന്ന് മണിപ്പാല്‍ പഠനസംഘം മേധാവി ഡോ. ജി. അരുണ്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ട് മാസമായി നടത്തിയ പഠനത്തിന്‍െറ പൂര്‍ണ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.
ഊരമനയിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലും സമീപ പ്രദേശങ്ങളിലുമുള്ള 2017 പേരുടെ രക്ത സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ 348 പേര്‍ക്ക് രോഗബാധ നേരത്തേ സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ചവരില്‍ 50 ശതമാനം പേര്‍ക്കും പൂര്‍ണമായി ഭേദപ്പെട്ടു. 225 പേര്‍ക്ക് എട്ട് മാസം മുമ്പും ബാക്കിയുള്ളവര്‍ക്ക് രണ്ട് മുതല്‍ എട്ട് മാസത്തിനുള്ളിലുമാണ് രോഗം ബാധിച്ചതെന്നും ഡോ. അരുണ്‍ പറഞ്ഞു. ഹെപ്പറൈറ്റിസ് ബി പടര്‍ന്നുപിടിച്ച പ്രദേശങ്ങളിലെ ആളുകള്‍ക്ക് തുടര്‍ന്നും പ്രതിരോധ കുത്തിവെപ്പ് ആവശ്യമാണ്. ഇതിന്‍െറ ആദ്യ ഡോസ് നല്‍കി. രണ്ടും മൂന്നും ഡോസുകള്‍ ഉടന്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗിയുടെ രക്തം, ശരീരസ്രവം എന്നിവയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന സാഹചര്യത്തിലാണ് രോഗം വ്യാപകമായതെന്ന് പഠനത്തില്‍ കണ്ടെത്തി. ഇതിന്‍െറ ഭാഗമായി ശക്തമായ ബോധവത്കരണ പരിപാടികള്‍ നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്്. അഞ്ച് വയസിന് താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഹെപ്പറ്റൈറ്റിസ് ബി വാക്സിന്‍ നല്‍കുന്നുണ്ടെന്ന്് ഉറപ്പാക്കും. പ്രദേശത്തെ ബാര്‍ബര്‍ ഷോപ്പുകളില്‍ സംഘം പരിശോധന നടത്തി. ഇവിടെ ഉപയോഗിക്കുന്ന ആലം രോഗം പടരാന്‍ കാരണമായെന്ന് കണ്ടെത്തി. ഒരാള്‍ക്ക് ഉപയോഗിച്ചശേഷം ആലം, സോപ്പ്  എന്നിവ കഴുകി വൃത്തിയാക്കിയശേഷമേ അടുത്തയാള്‍ക്ക് ഉപയോഗിക്കാവൂവെന്ന്് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി. എട്ട് മാസം മുമ്പ് രോഗം ബാധിച്ചവരില്‍ പലരും ആശുപത്രികളില്‍നിന്നുള്ള കുത്തിവെപ്പ്, എന്‍ഡോസ്കോപ്പി എന്നിവക്ക് വിധേയരായവരും ഡെന്‍റല്‍ ക്ളിനിക്കുകളില്‍ ചികിത്സ തേടിയവരുമാണെന്ന്  തെളിഞ്ഞിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഇവിടങ്ങളില്‍ ശുചിത്വപാലനം ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തും. സ്വകാര്യ ലാബുകളിലും ആശുപത്രികളിലും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സന്ദര്‍ശനം നടത്തും. സ്വകാര്യ ലാബ് നടത്തിപ്പുകാരുടെ യോഗം ഞായറാഴ്ച ഡി.എം.ഒ ഓഫിസില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്.

പാലക്കാട് നഗരസഭയില്‍ അവിശ്വാസ പ്രമേയത്തിലൂടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പുറത്ത്

Posted: 16 Dec 2012 12:30 AM PST

പാലക്കാട്: നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ഭാസ്കരന്‍ എന്ന ഭാസിയെ കോണ്‍ഗ്രസ്-ലീഗ് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ ഒമ്പത് അംഗങ്ങളില്‍ സി.പി.എമ്മിന്‍െറ എം. സുജന ഉള്‍പ്പെടെ ഏഴ് അംഗങ്ങള്‍ അവിശ്വാസത്തെ അനുകൂലിച്ചു. കോണ്‍ഗ്രസിലെ തന്നെ പി. ശ്രീജ വൈകിവന്നതിനാല്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
എ ഗ്രൂപ്പിലെ എന്‍. ഭാസിയെ യു.ഡി.എഫ് ഭരണത്തിന്‍െറ പകുതി കാലം വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായാണ് നിയോഗിച്ചത്. കാലാവധി കഴിയുമ്പോള്‍ രാജി നല്‍കണമെന്ന് നിര്‍ദേശം ഭാസി ലംഘിക്കുകയായിരുന്നു. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് മൂന്നുതവണ ചര്‍ച്ച നടത്തിയെങ്കിലും ചെയര്‍മാന്‍ പദവി രാജിവെക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ഡി.സി.സിയുടെ അറിവോടെ യു.ഡി.എഫ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെതിരെ ലീഗും കോണ്‍ഗ്രസും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ പി.യു. സുലൈമാന്‍, മിനി ബാബു, പി.എം. ബഷീര്‍ അഹമ്മദ്, എ. നാസര്‍, കെ.കെ. കാജാ ഹുസൈന്‍, എം. സുനില്‍കുമാര്‍ എന്നിവര്‍ക്കൊപ്പം സി.പി.എമ്മിലെ എം. സുജനയും അവിശ്വാസ പ്രമേയത്തില്‍ ഒപ്പുവെച്ചിരുന്നു. വോട്ടെടുപ്പില്‍നിന്ന് ഭാസി വിട്ടുനിന്നു.
നഗരകാര്യ ജോയന്‍റ് ഡയറക്ടറേറ്റില്‍നിന്നുള്ള ഉദ്യോഗസ്ഥനാണ് റിട്ടേണിങ് ഓഫിസറായി എത്തിയത്. ഇദ്ദേഹത്തിന്‍െറ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ ശേഷം 15 ദിവസത്തിനുള്ളില്‍ പുതിയ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ അറിയിപ്പ് ലഭിക്കും. കോണ്‍ഗ്രസിലെതന്നെ എം. സുനില്‍ കുമാറിനെ വികസനകാര്യ ചെയര്‍മാനാക്കാനാണ് ഡി.സി.സി നേതൃത്വത്തിന്‍െറ ആലോചന.
 

റേഷന്‍ ഗോതമ്പ് കടത്തിന് പിന്നില്‍ വന്‍ മാഫിയ

Posted: 16 Dec 2012 12:28 AM PST

പെരിന്തല്‍മണ്ണ: ജില്ലയില്‍ റേഷന്‍ ഗോതമ്പ് കള്ളക്കടത്തിന് പിന്നില്‍ വന്‍ മാഫിയ. രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് ഗോതമ്പ് മറിച്ചുവില്‍പ്പന നിര്‍ബാധം തുടരുന്നത്. റേഷന്‍ ഗോതമ്പ് പൊടിച്ച് വില്‍ക്കാന്‍ മൊത്തവ്യാപാരികള്‍ ചേര്‍ന്ന് എടവണ്ണയില്‍ മില്‍ ഏറ്റെടുത്ത് നടത്തിയിട്ടും സിവില്‍ സപൈ്ളസ് വകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ്. സബ്സിഡി നിരക്കില്‍ കിലോക്ക് രണ്ട് രൂപക്ക് ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് നല്‍കുന്ന ടണ്‍ കണക്കിന്  ഗോതമ്പാണ് മൊത്തവ്യാപാരികള്‍ സ്വന്തമാക്കുന്നത്. ഇതുവഴി പ്രതിമാസം സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്. എഫ്.സി.ഐയിലും റീട്ടെയില്‍ വ്യാപാരികള്‍ക്കും സിവില്‍ സപൈ്ളസ് ഉദ്യോഗസ്ഥര്‍ക്കും വിഹിതം നല്‍കിയാണ് പകല്‍കൊള്ള. പരാതി ലഭിച്ചിട്ടും ജില്ലാ ഭരണകൂടവും വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയും നിഷ്ക്രിയമാണ്. അങ്ങാടിപ്പുറം എഫ്.സി.ഐയില്‍നിന്ന് എടുക്കുന്ന ഗോതമ്പില്‍ നല്ലൊരു ഭാഗം ഗോഡൗണുകളില്‍ എത്താതെ പാലക്കാട്ടേക്കാണ് പോകുന്നത്. പെരിന്തല്‍മണ്ണയിലും മലപ്പുറത്തുമുള്ള ഗോഡൗണുകളില്‍ സൂക്ഷിച്ച ഗോതമ്പ് കരിഞ്ചന്തയിലേക്ക് ഒഴുകുന്നതായി പരാതിയുണ്ട്. രാഷ്ട്രീയ പ്രമുഖന്‍െറ ബന്ധുവിന്‍െറ മക്കരപറമ്പിലെ ഗോഡൗണിലും തിരിമറി വ്യാപകമാണ്. മഞ്ചേരിയിലെ മൂന്ന് ഗോഡൗണുകള്‍ കേന്ദ്രീകരിച്ച് അരി, ഗോതമ്പ് തിരിമറി അരങ്ങേറുന്നുണ്ട്. പ്രമുഖ കരാറുകാന്‍െറ നിലമ്പൂരിലെ ഗോഡൗണില്‍നിന്ന് ഗോതമ്പ് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചിട്ടും സിവില്‍ സപൈ്ളസ് വകുപ്പ് അനങ്ങിയില്ലെന്ന് പരാതിയുണ്ട്.
അലോട്ട്മെന്‍റ് പൂര്‍ണമായും ലഭ്യമായിട്ടും ഗോതമ്പ് റേഷന്‍ കടകളില്‍ ലഭ്യമല്ല. ബി.പി.എല്‍ വിഭാഗത്തിന് എട്ട് കിലോ ഗോതമ്പ് നല്‍കേണ്ട സ്ഥാനത്ത് മൂന്നും നാലും കിലോ മാത്രമാണ് ലഭിക്കുന്നത്. മിക്കയിടത്തും എ.പി.എല്‍ കാര്‍ഡിന് ഗോതമ്പ് നല്‍കുന്നില്ല. ഗോതമ്പ് വന്നിട്ടില്ലെന്ന മറുപടിയാണ് ചില്ലറ വ്യാപാരികള്‍ നല്‍കുന്നത്. എഫ്.സി.ഐകളിലെ തൊഴിലാളി യൂനിയനുകള്‍ക്കും ഗോതമ്പ് കടത്തിന്‍െറ ആനുകൂല്യം ലഭിക്കുന്നതായാണ് സൂചന. ഇതിനാല്‍ കള്ളകടത്തിനെകുറിച്ച് യൂനിയന്‍ നേതാക്കള്‍ മൗനമവലംബിക്കുകയാണ്.  
 

ലോഡ്ജ് മാനേജരുടെ കൊല; പ്രതികള്‍ റിമാന്‍ഡില്‍

Posted: 16 Dec 2012 12:16 AM PST

കോട്ടയം: ലോഡ്ജ്മാനേജര്‍ ഗോപിനാഥന്‍നായരെ കുത്തിക്കൊന്ന കേസില്‍ ഉള്‍പ്പെട്ട നാലുപ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഒന്നാംപ്രതി കോട്ടയം കുമാരനല്ലൂര്‍ ഇല്ലിച്ചുവട്ടില്‍ സോണി എന്ന സോണിയപ്പന്‍ (33), രണ്ടാംപ്രതിയും സഹോദരിയുടെ മകനുമായ ആര്‍പ്പൂക്കര വില്ലൂന്നിക്കര പനമ്പായിക്കല്‍ വീട്ടില്‍ അലോട്ടി എന്ന ജെയിസ്മോന്‍ (19), മൂന്നാംപ്രതി അപ്പോളോ ബസ് ക്ളീനര്‍ കടുത്തുരുത്തി കല്ലറ വടക്കേവീട്ടില്‍ ബിലീഷ് (28), നാലാംപ്രതി കണ്ണൂര്‍ ഇരിട്ടി പടിയൂര്‍ക്കര കുഞ്ഞുവളപ്പില്‍ അനീഷ് (26) എന്നിവരെയാണ് കോട്ടയം ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് മൂന്നാംകോടതി റിമാന്‍ഡ് ചെയ്ത്. പൊലീസ് രണ്ടുദിവസത്തെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. അഞ്ചുദിവസത്തെ തിരോധാനത്തിനൊടുവില്‍ കൊലപാതകക്കേസിലെ പ്രതികളുമായി ബന്ധമുള്ള യുവതി കോട്ടയത്ത് എത്തി പൊലീസിന് മൊഴി നല്‍കി.
തേനിയില്‍ അധ്യാപികയായി ജോലിചെയ്യുന്ന യുവതി അഭിഭാഷകന്‍ മുഖേനയാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. തിരുനക്കര കണ്ടത്തില്‍ ഗെസ്റ്റ്ഹൗസില്‍ തിങ്കളാഴ്ച യുവതി എത്തിയിരുന്നതിനെച്ചൊല്ലി കൊല്ലപ്പെട്ട മാനേജര്‍ ഗോപിനാഥന്‍നായരും പ്രതികളുമായി വഴക്കിട്ടതായി യുവതി മൊഴിനല്‍കിയിട്ടുണ്ട്. വഴക്കിട്ട സംഭവത്തില്‍ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികള്‍ ചൊവ്വാഴ്ച സ്റ്റേഷനില്‍നിന്ന് ജാമ്യത്തിലിറങ്ങിയശേഷവും യുവതിയുമായി കണ്ടിരുന്നതായും പിന്നീട് തേനിയിലേക്ക് പോവുകയായിരുന്നുവെന്നും മൊഴി നല്‍കിയതായി അറിയുന്നു. നാലാംപ്രതി അനീഷിന്‍െറ കാമുകിയുടെ മൊഴി നിര്‍ണായകമാകുമെന്നതിനാല്‍ പൊലീസ് യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതായും സൂചനയുണ്ട്. കേസിലെ സാക്ഷികളായ കാരിത്താസ് സ്വദേശി മെബിന്‍െറയും ലോഡ്ജിലെ തൂപ്പുകാരന്‍ ശെല്‍വത്തിന്‍െറയും മൊഴി വെസ്റ്റ് സി.ഐ എ.ജെ.തോമസിന്‍െറ നേതൃത്വത്തില്‍ ശനിയാഴ്ച രേഖപെടുത്തി. ഫോറന്‍സിക് പരിശോധനയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പ്രതികള്‍ക്കെതിരേയുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്നും പൊലീസ് പറഞ്ഞു. തിരുനക്കര കണ്ടത്തില്‍ ഗെസ്റ്റ് ഹൗസ് മാനേജര്‍ വാഴൂര്‍ 17ാം മൈല്‍ തെക്കേമുറിയില്‍ ഗോപിനാഥന്‍നായര്‍ (62) ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് ഓഫിസ് മുറിയിലാണ് കൊല്ലപ്പെട്ടത്. ലോഡ്ജില്‍ മണിക്കൂറുകളോളം തങ്ങിയ യുവതിയെ ചോദ്യംചെയ്തതില്‍ പ്രകോപിതരായാണ് പ്രതികള്‍ ഓഫിസ്മുറിയില്‍ വിശ്രമിക്കുകയായിരുന്ന ഗോപിനാഥന്‍നായരെ കുത്തിക്കൊന്നത്.
കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കൊപ്പം ലോഡ്ജില്‍എത്തിയിരുന്ന യുവതി അപ്രത്യക്ഷമായത് ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. ലോഡ്ജ് മുറിയുടെ താക്കോല്‍ സൂക്ഷിച്ചിരുന്ന യുവതിയെ സാക്ഷികളില്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
 

പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്: മാതാപിതാക്കളടക്കം എട്ടു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

Posted: 16 Dec 2012 12:13 AM PST

Image: 

പറവൂര്‍: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത എട്ടു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അഞ്ചു പ്രതികള്‍ കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ അച്ഛന്‍ മരട് ചമ്പക്കര സ്വദേശിയായ  ബാലസുബ്രഹ്മണ്യന്‍ (55)ആണ് ഒന്നാം പ്രതി. രണ്ടാം പ്രതി അമ്മ ദീപ(44) , അമ്മയുടെ രണ്ടാം ഭര്‍ത്താവ് അലക്സ് (60) ആണ് മൂന്നാം പ്രതി.  
പെണ്‍കുട്ടിയെ ആദ്യം പീഡനത്തിനരയാക്കിയ പറവൂര്‍ മന്നം മാക്കായി സ്വദേശി സുധീഷ്,  രാജേഷ്, ഷിജു, ബൈജു, പെണ്‍കുട്ടിയുടെ കാമുകനായ തത്തപ്പിള്ളി രഞ്ജിത്ത് എന്നിവരാണ്  മറ്റു പ്രതികള്‍.  സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ രണ്ടുപേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.  പ്രതികളെ നാളെ പറവൂര്‍ കോടതിയില്‍ ഹാജരാക്കും.
 

അരി റെയ്ഡ്: വ്യാപാരികളുടെ ഹര്‍ത്താല്‍ പൂര്‍ണം

Posted: 16 Dec 2012 12:12 AM PST

കൊല്ലം: ജില്ലയില്‍ നാല് കേന്ദ്രങ്ങളില്‍ അരി മൊത്ത വ്യാപാര സ്ഥാപനങ്ങളുടെ ഗോഡൗണുകളില്‍ പൊലീസ് - സിവില്‍ സപൈ്ളസ് അധികൃതര്‍ നടത്തുന്ന റെയ്ഡില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. കൊല്ലം, കരുനാഗപ്പളളി, അഞ്ചല്‍, കൊട്ടാരക്കര എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച രാത്രി പരിശോധന നടത്തിയത്. അരി പൂഴ്ത്തിവെപ്പിനെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായായിരുന്നു ഇത്.
ഗോഡൗണിന്‍െറ താക്കോല്‍ പൊലീസ് ബലമായി വാങ്ങിയെന്നാരോപിച്ചാണ് ഹര്‍ത്താല്‍ നടന്നത്. കൊല്ലത്തും കരുനാഗപ്പള്ളിയിലും പൊലീസ് - സിവില്‍ സപൈ്ളസ് ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. കൊട്ടാരക്കരയിലും അഞ്ചലിലും പൊലീസിന്‍െറ നേതൃത്വത്തിലായിരുന്നു പരിശോധന. കൊല്ലം നഗരത്തില്‍ പായിക്കട , താമരക്കുളം എന്നിവിടങ്ങളിലെ നാല് ഗോഡൗണുകളില്‍ ഈസ്റ്റ് എസ്.ഐ ജി.ഗോപകുമാറിന്‍െറ നേതൃത്വത്തിലുള്ള പരിശോധന രാത്രി  വൈകിയും തുടര്‍ന്നു.
താമരക്കുളം അയ്യപ്പാ ട്രേഡേഴ്സ് ഗോഡൗണിന്‍െറ താക്കോല്‍ പരിശോധനക്കായി പൊലീസ് ബലമായി വാങ്ങിയെന്നാരോപിച്ച് വ്യാപാരികള്‍ റെയ്ഡിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് വ്യാപാരികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.നഗരത്തില്‍ വ്യാപാരികള്‍ പ്രകടനവും നടത്തി.
 

സര്‍ക്കാര്‍ മദ്യസംസ്കാരം വളര്‍ത്തുന്നു-സൂസൈപാക്യം

Posted: 16 Dec 2012 12:11 AM PST

തിരുവനന്തപുരം: സര്‍ക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും മദ്യസംസ്കാരം വളര്‍ത്തുകയാണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.എം. സൂസൈപാക്യം. കെ.സി.ബി.സി മദ്യവിരുദ്ധസമിതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഗാന്ധിപാര്‍ക്കില്‍ നടന്ന സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചാരായഷാപ്പുകളിലൂടെ മദ്യവില്‍പന നടന്നകാലത്ത് പുനലൂര്‍ വിഷമദ്യ ദുരന്തം ഉള്‍പ്പെടെയുണ്ടായപ്പോള്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശപ്രകാരം അബ്കാരികളെ നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ മദ്യവില്‍പന തുടങ്ങിയത്. കാലം കടന്നപ്പോള്‍ മറ്റൊരു വിധത്തിലും കിട്ടാത്ത വരുമാനമാണ് മദ്യവില്‍പനയിലൂടെ സര്‍ക്കാറിന് ലഭിക്കുന്നത്.  ഇപ്പോള്‍ ഏറ്റവും വലിയ അബ്കാരിയായി സര്‍ക്കാര്‍ മാറി.
ബിവറേജസ് കോര്‍പറേഷന്‍ പ്രതിവര്‍ഷം 5540 കോടി രൂപയുടെ  മദ്യം വില്‍ക്കുന്നു. ഇതിന്‍െറ എത്രയോ ഇരട്ടി രൂപക്ക് ബാറുകളിലൂടെ മദ്യം വില്‍ക്കുന്നു. മദ്യവില്‍പനയിലൂടെ 7500 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാറിന് ലഭിക്കുന്നത്. സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. മദ്യസംസ്കാരം വര്‍ധിപ്പിക്കാനുള്ള വകുപ്പുകളാണ് അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
പുതുതായി അനുവദിക്കുന്ന ബാറുകള്‍ക്കുമാത്രമേ തദ്ദേശസ്ഥാപനങ്ങളുടെ അധികാരം പ്രയോഗിക്കാനാകൂവെന്ന നിയമം ഉള്‍പ്പെടുത്തി കണ്ണില്‍പൊടിയിടുന്ന തന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയെപ്പോലെ നല്ലവരുണ്ടെങ്കിലും അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. മദ്യത്തിനെതിരായ ബോധവത്കരണത്തിന് ശ്രമിച്ചില്ലെങ്കില്‍ കേരളം മദ്യത്തില്‍ കുളിച്ചുനില്‍ക്കും.
ഭാവിതലമുറയെ രക്ഷിക്കാന്‍ ശക്തമായി മുന്നോട്ടുവരണം. ഇല്ലെങ്കില്‍ തിരിച്ചടികള്‍ ഭയാനകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം രൂപത വികാരി ജനറാള്‍ മോണ്‍. യൂജിന്‍പെരേര, ഫാ.പോള്‍ കാരാച്ചിറ, ഫാ. ലെനിന്‍രാജ്, മദ്യവിരുദ്ധ സമിതി സംസ്ഥാന വൈസ് പ്രസിഡന്‍റ് എഫ്.എം. ലാസര്‍ എന്നിവര്‍ സംസാരിച്ചു. മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി ഫാ.വി.ജെ. ആന്‍റണി സ്വാഗതവും വൈ.രാജു നന്ദിയും പറഞ്ഞു. രക്തസാക്ഷിമണ്ഡപത്തില്‍ നിന്നാരംഭിച്ച റാലിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാരുടെ ക്ഷാമം

Posted: 15 Dec 2012 10:50 PM PST

കോഴിക്കോട്:  മെഡിക്കല്‍ കോളജില്‍ ആവശ്യത്തിനു ജീവനക്കാരില്ല. 1961-62 കാലഘട്ടത്തിലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴുമുള്ളത്.  സ്റ്റാഫ് പാറ്റേണ്‍ കാലോചിതമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. 1961ല്‍  ആശുപത്രിയിലെത്തിയതിന്‍െറ ഇരട്ടിയിലധികം രോഗികള്‍ ഇപ്പോള്‍ വരുന്നുണ്ട്.  എന്നാല്‍, അക്കാലത്തെ കണക്കനുസരിച്ചുള്ള ജീവനക്കാര്‍ പോലും ആശുപത്രിയിലില്ല. ഗ്രേഡ് II ജീവനക്കാരുടെ  ഒഴിവാണ് കൂടുതല്‍.
181 തസ്തികകളില്‍ 57 പേരെ സ്ഥിര ജീവനക്കാരുള്ളൂ. ഒരാള്‍ അനുമതിയില്ലാതെ അവധിയിലാണ്. ബാക്കി 123 ഒഴിവുകളിലേക്ക് ദിവസവേതനക്കാരെയാണ് നിയമിക്കുന്നത്. മൂന്നു മാസത്തേക്കാണ് നിയമനം.  ഷിഫ്റ്റ് മാറുമ്പോഴെല്ലാം പ്രശ്നങ്ങളുണ്ടാകാറുണ്ട്. നാലു മണിക്ക്  ജോലി കഴിയുന്ന പലരും മൂന്നേമൂക്കാലിനുതന്നെ പോവുകയും നാലു മണിക്ക് ജോലിക്ക് കയറേണ്ട ചിലര്‍ 4.30നു വരുകയും  ചെയ്യുന്നത് പലപ്പോഴും ആശുപത്രിയുടെ നടത്തിപ്പിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഗ്രേഡ് -ഒന്ന് ജോലിക്ക് 81 സീറ്റുകളുള്ളതില്‍ 16 സ്ഥിര ജീവനക്കാരേയുള്ളൂ. നഴ്സിങ് അസിസ്റ്റന്‍റുമാരുടെ 209 സീറ്റില്‍  67 എണ്ണം ഒഴിവാണ്. അതിലേക്ക് എച്ച്.ഡി.എസ് ജീവനക്കാരെ നിയമിക്കുകയും വിരമിച്ചവരെ  പിടിച്ചുനിര്‍ത്തുകയുമാണ് ചെയ്യുന്നത്. ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍മാരുടെ നാലു ഒഴിവുകളുണ്ട്. 32 തസ്തികകളില്‍ 28 സ്ഥിര ജീവനക്കാര്‍ മാത്രമേയുള്ളൂ. 366 സ്റ്റാഫ് നഴ്സ് തസ്തികയില്‍ ഏഴു ഒഴിവുകളുണ്ട്. നഴ്സുമാരുടെ എണ്ണക്കുറവ് ആശുപത്രിയുടെ നടത്തിപ്പിനെ സാരമായി ബാധിക്കുന്നു. നഴ്സിങ് ഓഫിസര്‍ക്ക് ഒന്നും നഴ്സിങ് സൂപ്രണ്ട് ഗ്രേഡ് വണ്ണിന് രണ്ടും ഹെഡ് നഴ്സിന് രണ്ടും ഒഴിവുകളുണ്ട്. ഈ ഒഴിവുകളെല്ലാംതന്നെ 2012 ഡിസംബര്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയാണ്.
50 വര്‍ഷം കഴിഞ്ഞിട്ടും സ്റ്റാഫ് പാറ്റേണില്‍ മാറ്റമൊന്നും വരുത്താതെയാണ് ആശുപത്രി വിപുലീകരിച്ചത്. ഇപ്പോള്‍തന്നെ സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക്കും സില്‍വര്‍ ജൂബിലി ബ്ളോക്കുമെല്ലാം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സൂപ്പര്‍ സ്പെഷാലിറ്റിക്ക് പുതിയ തസ്തികകളൊന്നുംതന്നെ അനുവദിച്ചിട്ടില്ല. പ്രധാന ആശുപത്രിയിലെ ചില വിഭാഗങ്ങള്‍ എടുത്താണ് സൂപ്പര്‍സ്പെഷാലിറ്റി പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും ഡോക്ടര്‍മാരല്ലാത്ത ജീവനക്കാരെല്ലാം രണ്ടാശുപത്രികളിലുമായി വലയുകയാണ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP