സ്വാഗതം
WELCOME

News Update..

Friday, December 21, 2012

ഗെയിംസ് അഴിമതി: കല്‍മാഡിയുള്‍പ്പെടെ 11 പേര്‍ക്കെതിരെ കുറ്റം ചുമത്തി Madhyamam News Feeds

ഗെയിംസ് അഴിമതി: കല്‍മാഡിയുള്‍പ്പെടെ 11 പേര്‍ക്കെതിരെ കുറ്റം ചുമത്തി Madhyamam News Feeds

Link to

ഗെയിംസ് അഴിമതി: കല്‍മാഡിയുള്‍പ്പെടെ 11 പേര്‍ക്കെതിരെ കുറ്റം ചുമത്തി

Posted: 20 Dec 2012 11:26 PM PST

Image: 

ന്യൂദല്‍ഹി: കേമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി കേസില്‍ സംഘാടക സമിതി മുന്‍  ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയുള്‍പ്പെടെ 11 പേര്‍ക്കെതിരെ ദല്‍ഹി കോടതി കുറ്റം ചുമത്തി. അഴിമതി , ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ദല്‍ഹിയിലെ പട്യാല ഹൗസ് കോടതി ജഡ്ജ് തല്‍വന്ത് സിങ് പ്രതികള്‍ക്കെതിരെ  ചുമത്തിയത്.
ഗെയിംസ് കമ്മിറ്റി മുന്‍  ജനറല്‍ സെക്രട്ടറി ലളിത് ബനോത്, ഓര്‍ഗനൈസിങ് കമ്മറ്റിയുടെ ഡയറക്ടര്‍ ജനറല്‍ വി.കെ വര്‍മ്മ,  നിര്‍വ്വഹണ കമ്മറ്റി ഡയറക്ടര്‍ സുര്‍ജിത് ലാല്‍, സ്പോട്സ് കമ്മറ്റി ജോയിന്‍്റ് ഡയറക്ടര്‍ എ.സ്.വി പ്രസാദ്, ട്രഷറര്‍ എം. ജയചന്ദ്രന്‍ എന്നിവരും നിര്‍മ്മാണ കമ്പനികളായ ജെം ഇന്‍്റര്‍നാഷ്ണല്‍, എ.കെ.ആര്‍ കണ്‍സ്ട്രക്ഷന്‍ എന്നിവയുടെ പ്രമോട്ടര്‍മാരുമാണ് കുറ്റം ചുമത്തപ്പെട്ട മറ്റു പ്രതികള്‍.
2010 കോമണ്‍ വെല്‍ത്ത് ഗെയിംസില്‍  മത്സര ഇനങ്ങളുടെ സമയം, സ്കോര്‍ എന്നിവ വ്യക്തമാക്കുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് കരാര്‍ നല്‍കിയതില്‍ 90 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തിയത്.

 

ദല്‍ഹി കൂട്ടമാനഭംഗം: രണ്ടു പേര്‍ കൂടി പിടിയില്‍

Posted: 20 Dec 2012 11:11 PM PST

Image: 

ന്യൂദല്‍ഹി: ദല്‍ഹി കൂട്ടമാനഭംഗക്കേസില്‍ രണ്ടുപേര്‍ കൂടി പൊലീസ് പിടിയിലായി. ഉത്തര്‍പ്രദേശില്‍ നിന്ന് ചൊവ്വാഴ്ച രാത്രി പിടികൂടിയ ഇവരില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. തിരിച്ചറിയല്‍ പരേഡ് അടക്കമുള്ള നടപടികളുള്ളതിനാല്‍ പിടിയിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ബസ് ഡ്രൈവര്‍ രാം സിങ്, ഇയാളുടെ സഹോദരന്‍ മുകേഷ്, ജിംനേഷ്യം ഇന്‍സ്ട്രക്ടര്‍ വിനയ് ശര്‍മ, പഴക്കച്ചവടക്കാരനായ പവന്‍, അക്ഷയ് താക്കൂര്‍ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

കേസിന്റെ അന്വേഷണ റിപോര്‍ട്ട് ദല്‍ഹി പൊലീസ് ഇന്ന് ദല്‍ഹി ഹൈകോടതിയില്‍ സമര്‍പ്പിക്കും. സംഭവത്തില്‍ സ്വമേധയാ ഇടപെട്ട ഹൈകോടതി പൊലീസിനോട് വിശദീകരണം തേടിയിരുന്നു.

അതേസമയം പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. എന്നാല്‍ അപകടനില തരണം ചെയ്‌തെന്ന് പറയാറായിട്ടില്ല. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. രക്തത്തിലും വയറിലുമുണ്ടായിരിക്കുന്ന അണുബാധയെ പെണ്‍കുട്ടിയുടെ ശരീരം എങ്ങനെ പ്രതിരോധിക്കും എന്നതിനെ ആശ്രയിച്ചാണ് പെണ്‍കുട്ടി ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതയെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതിനിടെ ബന്ധുക്കളോട് എഴുതി ആശയവിനിമയം നടത്തിയ പെണ്‍കുട്ടി 'പ്രതിയെ പിടിച്ചോ' എന്ന് അന്വേഷിച്ചു.

രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ ഇപ്പോഴും പ്രതിഷേധം ഇരമ്പുകയാണ്. രാഷ്ടപതി ഭവനിലേക്കും മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ വസതിയിലേക്കും വിവിധ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വൈകിട്ട് ജന്ദര്‍ മന്ദിറില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ടാണ് ദല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായത്. സിനിമ കണ്ട് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെയും സുഹൃത്തിനെയും ബസിലിട്ട് മര്‍ദ്ദിച്ച ശേഷം പെണ്‍കുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തുകയായിരുന്നു.

 

ടാറ്റാ ബൈ ബൈ

Posted: 20 Dec 2012 11:00 PM PST

Image: 

രണ്ടു പതിറ്റാണ്ടുനീണ്ട തിളക്കമാര്‍ന്ന നേതൃത്വത്തിനുശേഷം ടാറ്റ വ്യവസായ സാമ്രാജ്യത്തിന്‍െറ തലപ്പത്തുനിന്ന് രത്തന്‍ ടാറ്റ പടിയിറങ്ങുന്നു. 2012 ഡിസംബര്‍ 28ന് 75ാം പിറന്നാള്‍ ആഘോഷത്തിനൊപ്പം രത്തന്‍ ടാറ്റ തന്‍െറ കിരീടം അഴിച്ചുവെക്കും.
ചില ചുവടുവെപ്പുകള്‍ പിഴച്ചെങ്കിലും ഇന്ത്യയുടെ നാലതിരുകളില്‍ ഒതുങ്ങിനിന്ന ടാറ്റാ വ്യവസായ സാമ്രാജ്യത്തെ ആഗോളതലത്തില്‍ നിര്‍ണായക ശക്തിയാക്കിയ തലയെടുപ്പോടെയാണ് 21 വര്‍ഷം അലങ്കരിച്ച നേതൃസ്ഥാനം രത്തന്‍ ടാറ്റ അഴിച്ചുവെക്കുന്നത്.
1991ലാണ് ജെ.ആര്‍.ഡി ടാറ്റയുടെ പിന്‍തുടര്‍ച്ചക്കാരനായി രത്തന്‍ ടാറ്റ, ടാറ്റ വ്യവസായ സാമ്രാജ്യത്തിന്‍െറ തലപ്പത്ത് എത്തുന്നത്. റൂസിമോധി, അജിത് കേര്‍ക്കര്‍, ദര്‍ബാറി സത്തേ് തുടങ്ങിയവരെയെല്ലാം മറികടന്നായിരുന്നു രത്തന്‍ ടാറ്റയുടെ നിയമനം. എന്നാല്‍, ആ വിശ്വാസത്തോട് രത്തന്‍ ടാറ്റ നൂറു ശതമാനം നീതിപുലര്‍ത്തി. ഇന്ത്യയില്‍ സാമ്പത്തിക ഉദാരവത്കരണം ആരംഭിക്കുകയും ലൈസന്‍സ് രാജ് ഇല്ലാതാവുകയും ചെയ്ത നാളുകളിലായിരുന്നു രത്തന്‍ ടാറ്റയുടെ നിയമനം. അതിന്‍െറ സാധ്യതകള്‍ അദ്ദേഹം ശരിക്ക് വിനിയോഗിച്ചു.
2000ത്തില്‍ ബ്രിട്ടനിലെ തേയില കമ്പനിയായ ‘ടെറ്റ്ലി’ ഏറ്റെടുത്തുകൊണ്ടായിരുന്നു ടാറ്റ ഗ്രൂപ്പിനെ ബഹുരാഷ്ട്ര കമ്പനിയാക്കാനുള്ള പടപ്പുറപ്പാടിന് രത്തന്‍ തുടക്കമിട്ടത്. ബ്രിട്ടനിലെ ഏറ്റവും വലിയ തേയില കമ്പനിയായിരുന്നു ടെറ്റ്ലി. ഉല്‍പാദത്തിലും വിതരണത്തിലും ലോകത്തിലെ രണ്ടാം സ്ഥാനക്കാരും. നല്ലൊരു പങ്ക് ഇന്ത്യക്കാരുടെ പ്രഭാതങ്ങളെ പ്രസന്നമാക്കിയിരുന്ന ടാറ്റാ ടീ വൈകാതെ ടാറ്റാ ഗ്ളോബല്‍ ബെവ്റേജസ് ആയി.
ടാറ്റ സാമ്രാജ്യത്തിന്‍െറ പല പരമ്പരാഗത വ്യവസായങ്ങളും ആഗോളതലത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതിന്‍െറ തുടക്കമായിരുന്നു ഈ ഏറ്റെടുക്കല്‍.
ഇന്ത്യയില്‍ ട്രക്കുകളും ബസും മാത്രം ഉണ്ടാക്കിയിരുന്ന ടാറ്റ മോട്ടോഴ്സ് കാറുകളുടെ നിര്‍മാണ രംഗത്തേക്ക് കടന്നിരുന്നു. 1998ല്‍ ഈ രംഗത്ത് രത്തന്‍ ടാറ്റ നിര്‍ണായക ചുവടുവെച്ചു. അതായിരുന്നു ടാറ്റ ഇന്‍ഡിക്കയുടെ പിറവി. പൂര്‍ണമായും സ്വദേശിയെന്ന് വിളിക്കാവുന്ന ആദ്യ ഇന്ത്യന്‍ കാര്‍. രണ്ടു വര്‍ഷംകൊണ്ട് ഇന്ത്യയിലെ കാര്‍ വിപണിയില്‍ നിര്‍ണായക സ്ഥാനംനേടാന്‍ ഇന്‍ഡിക്കക്ക് കഴിഞ്ഞു.
വാഹന പ്രേമിയായ രത്തന്‍, ടാറ്റ മോട്ടോഴ്സിനെ ആഗോളതലത്തിലേക്ക് ഉയര്‍ത്തുന്നതാണ് പിന്നെ കണ്ടത്. 2008ല്‍ ഫോര്‍ഡ് മോട്ടോഴ്സിന് കീഴില്‍ നഷ്ടത്തില്‍ കഴിഞ്ഞിരുന്ന ജാഗ്യാര്‍, ലാന്‍ഡ് റോവര്‍ എന്നിവ ഏറ്റെടുത്ത ് ടാറ്റ ജാഗ്യാര്‍ ലാന്‍ഡ് റോവര്‍ എന്ന കമ്പനി രൂപവത്കരിച്ചു. വൈകാതെ ഈ കമ്പനി ലാഭത്തിലായി.
ദക്ഷിണ കൊറിയന്‍ കമ്പനിയായ ദേയ്വു മോട്ടോഴ്സിന്‍െറ വന്‍കിട ട്രക് ബിസിനസ് ഏറ്റെടുത്തതാണ് ഈ രംഗത്ത് മറ്റൊരു ബഹുരാഷ്ട്ര ചുവടുവെപ്പ്. എന്നാല്‍, രത്തന്‍ ടാറ്റയുടെ സൂപ്പര്‍സ്റ്റാര്‍ അപ്പോള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ലോകത്തെതന്നെ ഏറ്റവും വിലകുറഞ്ഞ കാര്‍ നിരത്തിലെത്തിച്ച് രത്തന്‍ ടാറ്റ ലോകശ്രദ്ധ നേടി. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഭാര്യ മിഷേല്‍ കാണാന്‍ ആഗ്രഹിച്ചത് ഈ കുഞ്ഞന്‍ കാറായിരുന്നു.
144 വര്‍ഷം മുമ്പ് ബിഹാറില്‍ സ്റ്റീല്‍ കമ്പനി സ്ഥാപിച്ചായിരുന്നു ടാറ്റ ഗ്രൂപ്പിന്‍െറ തുടക്കം. ബ്രിട്ടനെ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന് ഉടമകളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കോറസ് കമ്പനിക്കും രത്തന്‍ ടാറ്റയുടെ നേതൃത്വത്തില്‍ ടാറ്റ ഗ്രൂപ് വില പറഞ്ഞു. യൂറോപ്പിലെ  ഏറ്റവുംവലിയ  രണ്ടാമത്തെ സ്റ്റീല്‍ കമ്പനിയായ കോറസിന് ഏകദേശം 7500 കോടി രൂപ നല്‍കിയാണ് എസ്.എഫ്.ഐ സ്വന്തമാക്കിയത്. 2500കോടി രൂപയില്‍ തുടങ്ങിയ വിലപറച്ചില്‍ രൂക്ഷമായാണ് 7500 കോടി വരെ എത്തിയത്. 2007ലായിരുന്നു ഈ ഏറ്റെടുക്കല്‍.
2008ല്‍ തുടങ്ങിയ ആഗോള സാമ്പത്തിക പ്രതിസന്ധി ടാറ്റയെയും ബാധിച്ചു. വില്‍പന ഇടിഞ്ഞു.  കോറസ് ഏറ്റെടുക്കാന്‍ നല്‍കേണ്ടിവന്ന ഉയര്‍ന്ന വിലകൂടിയായതോടെ അത് ടാറ്റ സ്റ്റീലിനെ കാര്യമായി ബാധിച്ചു. എങ്കിലും ഈ ഏറ്റെടുക്കല്‍  ടാറ്റ സ്റ്റീലിന് ഭാവിയില്‍ ഏറെ ഗുണകരമായി മാറും.
1956ലെ ദേശസാത്കരണത്തെ തുടര്‍ന്ന് നഷ്ടമായ ഇന്‍ഷുറന്‍സ് ബിസിനസ് പുനരാരംഭിച്ചതാണ് രത്തന്‍ടാറ്റയുടെ മറ്റൊരു നേട്ടം. അമേരിക്കയിലെ എ.ഐ.ജിയുമായി ചേര്‍ന്നായിരുന്നു ഇത്. കൂടാതെ ടി.സി.എസ് എന്ന ഐ.ടി കമ്പനിയെ മുന്‍നിരയില്‍ എത്തിച്ചതും ടെലികോം രംഗത്തെ ചുവടുവെപ്പുകളുമാണ് മറ്റ് നേട്ടങ്ങള്‍.
രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച 2ജി കേസുമായി ബന്ധപ്പെട്ട നീര റാഡിയ ടേപ് വിവാദത്തില്‍ ടാറ്റ പെട്ടതാണ് രണ്ടു പതിറ്റാണ്ടിനിടെയുണ്ടായ ഏക വിവാദം.
1991ല്‍ ടാറ്റ ഗ്രൂ്പ് മേധാവിയായി സ്ഥാനം ഏറ്റെടുക്കുമ്പോള്‍ 55,000 കോടി രൂപ മാത്രമായിരുന്നു വിറ്റുവരവ്. 20  വര്‍ഷംകൊണ്ട് അത് 10 മടങ്ങ് കൂടി. ഇന്ന് ഏകദേശം 5.5 ലക്ഷം കോടി രൂപയാണ് ടാറ്റ ഗ്രൂപ്പിന്‍െറ വിറ്റുവരവ്. ഇതില്‍ 60 ശതമാനവും വിദേശത്തുനിന്നാണ്.
 100ഓളം കമ്പനികളുള്ള ടാറ്റ ഗ്രൂപ്പിന്‍െറ 66 ശതമാനം ഓഹരികള്‍ കൈവശമുള്ള ടാറ്റ ട്രസ്റ്റുകളുടെ ചെയര്‍മാനായി രത്തന്‍ ടാറ്റ തുടരും. പക്ഷേ, ഒരുവ്യത്യാസം മാത്രം. 2012 ഡിസംബര്‍ 28നു ശേഷം ടാറ്റ ഗ്രൂപ്പിനെ ചെയര്‍മാന്‍ എന്ന നിലക്കാവില്ല രത്തന്‍ ടാറ്റ നോക്കികാണുക. അദ്ദേഹത്തിന്‍െറ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ അത് ഒരു ഓഹരി ഉടമയുടെ കണ്ണുകൊണ്ടാവും.
 

യുവാവിന് വെട്ടേറ്റ സംഭവം; ഒരാള്‍ പിടിയില്‍

Posted: 20 Dec 2012 10:40 PM PST

പേരൂര്‍ക്കട: ദുരൂഹസാഹചര്യത്തില്‍ യുവാവിന് വെട്ടേറ്റ സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയിലായി. പേരൂര്‍ക്കട കുടപ്പനക്കുന്ന് യമുനാ കോളനിക്ക് സമീപം മരണം പ്രകാശ് എന്നറിയപ്പെടുന്ന ശിവപ്രകാശിനെയാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് കരകുളം മുല്ലശ്ശേരി സ്വദേശിയും ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ ഷൈജുവിന് വെട്ടേറ്റത്. ബുധനാഴ്ച രാത്രി ഷൈജുവും സുഹൃത്തായ മനുവും യമുനാ കോളനിയില്‍ ശിവപ്രകാശിന്‍െറ വീട്ടിലെത്തിയിരുന്നു. ഇവര്‍ തമ്മില്‍ നേരത്തെയുണ്ടായ തര്‍ക്കം പറഞ്ഞുതീര്‍ക്കാനാണ് ബൈജുവും മനുവും എത്തിയതെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇരുവരും ചേര്‍ന്ന് തന്നെ ആക്രമിക്കാന്‍ വരുന്നെന്ന് തെറ്റിദ്ധരിച്ച് വെട്ടുകത്തിയുപയോഗിച്ച് ശിവപ്രകാശ് ഷൈജുവിനെ വെട്ടിയതായാണ് സൂചന. ഇരുവരും മദ്യലഹരിയിലായതിനാല്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ് സംഭവത്തിനുപിന്നിലെന്നാണ് സൂചന. മുഖത്തും തലയിലും വെട്ടേറ്റ ഷൈജു പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പേരൂര്‍ക്കട പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
 

ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് ഒന്നരക്കോടി കവര്‍ന്ന തമിഴ്നാട് സ്വദേശി പിടിയില്‍

Posted: 20 Dec 2012 10:35 PM PST

കൊല്ലം: തെക്കേ ഇന്ത്യന്‍ സംസ്ഥാനത്തിലുടനീളം ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ച് ഒന്നരക്കോടിയിലധികം കവര്‍ന്ന കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. ചെന്നൈ കോറംപേട്ട് നടരാജപുരം രാമസ്വാമി അയ്യര്‍ സ്ട്രീറ്റില്‍ മുരുകനെ (43) ആണ് കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്റയുടെ നേതൃത്വത്തില്‍ കോയമ്പത്തൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്.
തെക്കേ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ തങ്ങുന്ന ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് കവര്‍ച്ച. ഇവിടങ്ങളില്‍ മുറിയെടുക്കുന്ന മുരുകന്‍ റൂമിന്‍െറ താക്കോല്‍ ഡ്യൂപ്ളിക്കേറ്റുണ്ടാക്കി ഒരാഴ്ച കഴിഞ്ഞ് അതേ ലോഡ്ജിലെത്തി റൂമിലുള്ള പണവും സ്വര്‍ണവും കവര്‍ച്ച ചെയ്യുകയാണ് പതിവ്.
കൊല്ലം ഈസ്റ്റ് മെയിന്‍ റോഡിലെ ശ്രീനിവാസ ടൂറിസ്റ്റ് ഹോമില്‍ താമസിച്ചിരുന്ന എറണാകുളം സ്വദേശി മുരുകേഷ് ഷേണായിയുടെ 2,25,000 രൂപ നവംബര്‍ 21ന് ഡ്യൂപ്ളിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറന്ന് കവര്‍ച്ച നടത്തിയിരുന്നു. ഗുജറാത്തിലെ സൂറത്ത് സ്വദേശി തരുണ്‍ പര്‍ദ എന്നയാളുടെ 1.75 ലക്ഷം രൂപ കൊല്ലം ചിന്നക്കട രോഹിണി ലോഡ്ജില്‍നിന്ന് ഈ രീതിയില്‍ കവര്‍ന്നു. രാജസ്ഥാന്‍ സ്വദേശി സതീഷ് ഗഹ്ളോട്ടിന്‍രെയുടെ  മൂന്ന് ലക്ഷം രൂപ ഉമാമഹേശ്വരി ലോഡ്ജില്‍നിന്ന് കവര്‍ന്നതും മുരുകനാണെന്ന് തെളിഞ്ഞു.
എറണാകുളം ബ്രോഡ്വേയിലെ മോഡേണ്‍ ലോഡ്ജില്‍നിന്ന് കര്‍ണാടക സ്വദേശിയുടെ 3,60,000 രൂപയും അപഹരിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലെ വിവിധ ലോഡ്ജുകളില്‍നിന്ന് 100ഓളം കവര്‍ച്ചകള്‍ നടത്തിയതായി മുരുകന്‍ സമ്മതിച്ചു.
സേലം, കോയമ്പത്തൂര്‍, മൈസൂര്‍, നെല്ലൂര്‍, ഈറോഡ്, ബംഗളൂരു, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ലോഡ്ജുകളില്‍ കവര്‍ച്ച നടത്തുന്ന ഇയാള്‍ ഇതിനകം ഒന്നരക്കോടിയിലധികം  കൈക്കലാക്കിയതായി ചേദ്യംചെയ്യലില്‍ വെളിവായി.
വ്യാജ വിസിറ്റിങ് കാര്‍ഡുണ്ടാക്കി രാജ്കുമാര്‍, ട്രങ്ക് റോഡ്, നെല്ലൂര്‍ എന്ന വ്യാജപേരിലാണ് ഇയാള്‍ റൂമുകളെടുക്കുന്നത്. രാജീവ്കുമാര്‍ ശുക്ള, അനില്‍ അഗര്‍വാള്‍ എന്നീ പേരുകളില്‍ ഫോട്ടോ പതിച്ച വ്യാജപാന്‍കാര്‍ഡുകളും കണ്ടെടുത്തിട്ടുണ്ട്. കവര്‍ന്നെടുക്കുന്ന പണം തിരുപ്പതിയിലും ഗുണ്ടൂരിലും മുംബൈയിലുമുള്ള ഭാര്യമാരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് പതിവ്.
പത്തോളം മൊബൈല്‍ കണക്ഷനുകളുള്ള ഇയാളുടെ ഏറ്റവും പുതിയ നമ്പര്‍ പിന്തുടര്‍ന്ന്  ആന്ധ്രാ സൈബര്‍ പൊലീസിന്‍െറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്തത്.
കൊല്ലം അസി. കമീഷണര്‍ ബി. കൃഷ്ണകുമാര്‍, ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.സുഗതന്‍, സബ് ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാര്‍, രാജീവ്, സീനിയര്‍ സി.പി.ഒ മാരായ പ്രസന്നകുമാര്‍, ജോസ് പ്രകാശ്, സി.പി.ഒ മാരായ അനന്‍ബാബു, സജിത്, ഹരിലാല്‍ സുനില്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.

അടിസ്ഥാന സൗകര്യമില്ല; ഹൈറേഞ്ച് വീര്‍പ്പുമുട്ടുന്നു

Posted: 20 Dec 2012 10:29 PM PST

നെടുങ്കണ്ടം: അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ഹൈറേഞ്ചിലെ പഞ്ചായത്തുകളില്‍ ജനജീവിതം ദുസ്സഹമാക്കുന്നു.  നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ, ഉടുമ്പന്‍ചോല, സേനാപതി, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ വെള്ളം, വെളിച്ചം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യം ഇപ്പോഴും അന്യമാണ്.
ജലക്ഷാമമാണ് പ്രദേശവാസികളെ അലട്ടുന്ന പ്രധാന പ്രശ്നം. വര്‍ഷകാലത്ത് മലഞ്ചെരുവുകളിലൂടെയുള്ള നീര്‍ച്ചാലുകള്‍ മാത്രമാണ് ഏക ആശ്രയം. ഗ്രാമീണ മേഖലയുടെ വികസനം ലക്ഷ്യമാക്കി ഗ്രാമപഞ്ചായത്തുകള്‍ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഗുണകരമല്ല.
വാഹനം എത്താന്‍ ഉതകുന്ന റോഡുകളില്ലാത്തതിനാല്‍ കുഴല്‍ക്കിണര്‍ കുഴിക്കലും അസാധ്യമാണ്. ഓട്ടോകള്‍ പോലും വരാന്‍ മടിക്കുന്ന കുത്തനെ കയറ്റമുള്ള മണ്‍ റോഡുകളാണധികവും. വേനല്‍ ആരംഭിക്കുന്നതോടെ പൊടി ശല്യവും വര്‍ധിക്കും. മഴ വന്നാല്‍ റോഡും തോടും തിരിച്ചറിയാനാകാത്ത സ്ഥിതിയാണ്. പ്രധാന റോഡുകളില്‍ മാത്രമാണ് ടാറിങ് നടക്കുന്നത്. മറ്റുള്ളവ പൊട്ടിപ്പൊളിഞ്ഞും ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടും തകര്‍ന്ന നിലയിലാണ്.
വെളിച്ചം കടന്നുചെല്ലാത്ത നിരവധി വീടുകളും വഴികളും ഇപ്പോഴും ഹൈറേഞ്ചിലുണ്ട്. മാറിവരുന്ന ഭരണകര്‍ത്താക്കള്‍ ഓരോ തവണയും പ്രഖ്യാപനം നടത്തുന്നതല്ലാതെ നടപ്പാക്കാറില്ല. വൈദ്യ സഹായമാണ് മറ്റൊരു പ്രശ്നം. തലവേദനക്ക് ഗുളിക വേണമെങ്കില്‍ പോലും കിലോമീറ്ററുകള്‍ താണ്ടി പട്ടണത്തിലെത്തേണ്ട സ്ഥിതിയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ പോലുമില്ലാത്ത ശ്രമം നിരവധിയാണ്.
 

സഹ.ബാങ്ക് അഴിമതി: സി.പി.എമ്മില്‍ പോര് മുറുകി

Posted: 20 Dec 2012 10:26 PM PST

വടശേരിക്കര: പെരുനാട് സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതി ആരോപണം ബാങ്ക് ഭരണകക്ഷിയായ സി.പി.എമ്മിനുള്ളിലെ പോരുമുറുകാന്‍ കാരണമാകുന്നു.
അഴിമതി,പണാപഹരണം,റിയല്‍ എസ്റ്റേറ്റ് ബിസിനസ് തുടങ്ങി നിരവധി ആരോപണം ഉന്നയിച്ചുകൊണ്ട് സഹകരണ അസി.രജിസ്ട്രാര്‍ക്ക് ലഭിച്ച ഊമക്കത്തിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ തലപൊക്കിയത്.ഊമക്കത്തിന്‍െറ ചുവടുപിടിച്ച്  അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയതോടെ വിവാദങ്ങള്‍ കൊഴുത്തു.
ബി.ജെ.പിയും കോണ്‍ഗ്രസും പ്രത്യക്ഷസമരവുമായി രംഗത്തുവന്നു.
എന്നാല്‍, ഈ സമയമൊക്കെ ബാങ്കിനെ തകര്‍ക്കാന്‍ ഭരണകക്ഷിയിലെ തന്നെ ഒരു ജില്ലാ നേതാവ് നീക്കം നടത്തുന്നതായി ബാങ്ക് ഭരിക്കുന്ന സി.പി.എം നേതൃത്വം മണത്തറിഞ്ഞിരുന്നു.ഇതേ തുടര്‍ന്ന് ബാങ്ക് സഹകാരികളുടെ  യോഗം പെരുനാട്ടില്‍ വിളിച്ചുചേര്‍ത്ത് വിശദീകരണം നല്‍കിയിരുന്നു.
ബാങ്ക് സെക്രട്ടറി കെ.സുരേഷ് കുമാറും പ്രസിഡന്‍റും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.എസ്. മോഹനനും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ബാങ്കിനെ പൊളിക്കാന്‍ ശ്രമിക്കുന്ന ചില സി.പി.എം നേതാക്കളെ കുറിച്ച് സൂചന നല്‍കുന്നത്. ബാങ്കിനെതിരായ ആരോപണം അടിസ്ഥാനരഹിതം എന്ന തലക്കെട്ടോടെ ഇറങ്ങിയ നോട്ടീസില്‍ ആരോപണങ്ങള്‍ക്കുള്ള മറുപടിയും ബാങ്കിന്‍െറ ധനസ്ഥിതി ,വസ്തു വാങ്ങിയതിന്‍െറ യാഥാര്‍ഥ്യം തുടങ്ങി വളം വില്‍പ്പനയുടെ കണക്കും ജീവനക്കാരുടെ നിയമനം സംബന്ധിച്ചുള്ള ആരോപണങ്ങള്‍ക്ക് വിശദീകരണവും നല്‍കിയ ശേഷം നേരുപറഞ്ഞാല്‍ എന്ന തലക്കെട്ടോടെ സൂചിപ്പിച്ചിരിക്കുന്ന ഭാഗത്താണ് പാര്‍ട്ടിക്കുളളിലെ പാരകളെക്കുറിച്ച് പരാമര്‍ശമുള്ളത്.

മുണ്ടക്കയത്ത് മണിചെയിന്‍ പൊടിപൊടിക്കുന്നു

Posted: 20 Dec 2012 10:23 PM PST

Subtitle: 
സോപ്പിനും ചികിത്സക്കും നെറ്റ്വര്‍ക്ക്

മുണ്ടക്കയം: മേഖലയില്‍ മണിചെയിന്‍ ഇടപാട് പൊടിപൊടിക്കുന്നു. നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് സര്‍ക്കാര്‍ നിരോധിച്ചിട്ടും മുണ്ടക്കയത്ത് വിവിധ കമ്പനികളുടെ നിരവധി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് ആക്ഷേപം.
വരിക്കാനി, വണ്ടന്‍പതാല്‍, കൂട്ടിക്കല്‍, കരനിലം,കൊക്കയാര്‍ എന്നിവിടങ്ങളിലാണ് സംഘങ്ങളുടെ പ്രവര്‍ത്തനം. സ്ത്രീകള്‍ അംഗങ്ങളായ സംഘത്തില്‍പെട്ടവര്‍ സ്ത്രീകളെ തന്നെയാണ് കൂടുതലും കേന്ദ്രീകരിക്കുന്നത്. വീട്ടമ്മമാരാണ് ഇതില്‍ കണ്ണികളാകുന്നത്. രോഗികളായ സ്ത്രീകളെ സമീപിച്ച് കുറഞ്ഞ ചെലവില്‍ ചികിത്സ വാഗ്ദാനം ചെയ്യുകയാണ് ഇവര്‍. ഏത് രോഗത്തിനും ശാശ്വത പരിഹാരം നല്‍കുമെന്ന് പറയുന്നു.
ചികത്സയുടെ ആദ്യഘട്ടമെന്ന നിലയില്‍ നല്‍കുന്ന ഗുളികകള്‍ക്ക് ആയിരത്തിലധികം രൂപ ഈടാക്കും. ഗുളിക കഴിക്കുമ്പോള്‍ രോഗം മൂര്‍ച്ഛിക്കാന്‍ ഇടയുണ്ടെന്നും പിന്നീട് പൂര്‍ണമായി കുറയുമെന്നും വിശ്വസിപ്പിക്കും. എന്നാല്‍, ഗുളിക കഴിച്ച് അസ്വസ്ഥത  പെരുകുമ്പോള്‍ ചികിത്സ തുടരാന്‍ പറഞ്ഞ് കൈയൊഴിയുകയാണ്. സോപ്പ്, പഴച്ചാറ് എന്നിവയടക്കം നിരവധി ഉല്‍പ്പന്നങ്ങള്‍ ഇവര്‍ വില്‍ക്കുന്നുണ്ട്. അംഗങ്ങളാകുന്നവര്‍ക്ക് ഒട്ടേറെ സാമ്പത്തിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ അംഗങ്ങള്‍ക്കുവേണ്ടി പ്രത്യേക പഠന ക്ളാസുകള്‍ മുണ്ടക്കയത്തിന്‍െറ വിവിധ മേഖലകളില്‍ സംഘടിപ്പിക്കുന്നുണ്ട്. തിരിച്ചറിയല്‍ കാര്‍ഡും  ഫോട്ടോയും മാത്രം മതിയെന്ന് പറഞ്ഞ് അംഗങ്ങളാക്കുന്നവരെ പിന്നീട് പണം വാങ്ങി കുടുക്കുന്നുവെന്നാണ് പരാതി.
 

ഇറ്റാലിയന്‍ നാവികര്‍ക്കായി പ്രത്യേക വിമാനമെത്തി

Posted: 20 Dec 2012 10:22 PM PST

Image: 

കൊച്ചി: കടല്‍ക്കൊലകേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടിലേക്ക് തിരിക്കുന്നു.നാവികരെ  നാട്ടിലെത്തിക്കാന്‍ ഇറ്റലി അയച്ച പ്രത്യേക വിമാനം നെടുമ്പാശ്ശേരിയിലെത്തി. കൊല്ലം കോടതിയില്‍ ഹാജരായി നടപടി ക്രമങ്ങള്‍  പൂര്‍ത്തിയാക്കിയ ശേഷം നാവികര്‍  ഇന്നു തന്നെ ഇറ്റലിയിലേക്ക് തിരിക്കുമെന്നാണ്  സൂചന.  അതിനു മുമ്പ് കേന്ദ്രസര്‍ക്കാര്‍ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.

കേന്ദ്രസര്‍ക്കാറിന്‍െറ അനുമതി  ലഭിച്ചാല്‍ ഉപാധികളോടെ നാട്ടില്‍ പോകാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജനുവരി 10 ന് കൊച്ചിയില്‍ തിരിച്ചെത്തണമെന്നും ആറ് കോടിയുടെ ബാങ്ക് ഗ്യാരന്‍്റി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന നാവികരുടെ ഹരജി പരിഗണിച്ചാണ്  കോടതി വിധി. രണ്ട് പ്രതികളെയും ഇന്ത്യയില്‍ തിരിച്ചുകൊണ്ടുവരാമെന്ന് ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസിഡറും കോണ്‍സുലേറ്റും ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
 

കന്നീസാക്കടവ് പാലം: എം.എല്‍.എയുടെ വെളിപ്പെടുത്തല്‍ വിവാദത്തില്‍

Posted: 20 Dec 2012 10:16 PM PST

കായംകുളം: കന്നീസാക്കടവ് പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള സി.കെ. സദാശിവന്‍ എം.എല്‍.എയുടെ വെളിപ്പെടുത്തല്‍ വിവാദത്തില്‍. ഉദ്യോഗസ്ഥര്‍ നിര്‍മാണ രീതി മാറ്റിമറിച്ചെന്നാണ് എം.എല്‍.എയുടെ ആരോപണം. മുട്ടം ബസാര്‍ പാലത്തിന് സമാനമായ തരത്തില്‍ പാലം വരണമെന്നാണ് വിഭാവനം ചെയ്തിരുന്നത്. പ്രതാംഗമൂട് ജങ്ഷനെ നഗരവുമായി ബന്ധപ്പെടുത്തുന്ന പാലം വരുന്നതോടെ മേടമുക്കിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും കരുതിയിരുന്നു. ഒരുകോടിയാണ് വകയിരുത്തിയത്. എന്നാല്‍, 60 ലക്ഷം ചെലവഴിച്ച് കഷ്ടിച്ച് ഓട്ടോറിക്ഷ കടന്നുപോകുന്ന തരത്തിലാണ് പാലം നിര്‍മിച്ചത്. അനുവദിച്ച തുക പോലും വിനിയോഗിക്കാതിരുന്നതില്‍ ദുരൂഹതയുണ്ട്. തന്‍െറ നിര്‍ദേശങ്ങള്‍ അട്ടിമറിച്ചാണ് ഉദ്യോഗസ്ഥര്‍ പാലം നിര്‍മിച്ചതെന്ന് എം.എല്‍.എ പൊതുവേദിയില്‍ തുറന്നടിച്ചു. ഉദ്യോഗസ്ഥരുടെ മോശമായ സമീപനം കാരണം താന്‍ പിന്നീട് ആ വഴിക്കുപോയിട്ടില്ലെന്നും എം.എല്‍.എ പറഞ്ഞു. കായംകുളം ഗവ. ആശുപത്രിയുടെ ബഹുനില മന്ദിര ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരെ സാക്ഷിയാക്കിയാണ് എം.എല്‍.എയുടെ കുറ്റപ്പെടുത്തല്‍. ഉദ്യോഗസ്ഥരുടെ നടപടി സംശയത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. പാലത്തിനുസമീപം സ്ഥലമുള്ള ചില സ്വകാര്യവ്യക്തികളുടെ താല്‍പ്പര്യത്തിന് ഉദ്യോഗസ്ഥര്‍ വഴങ്ങിയതാണ് പ്ളാനും എസ്റ്റിമേറ്റും അട്ടിമറിയാന്‍ കാരണമായതെന്നാണ് സംസാരം. ഉദ്യോഗസ്ഥരുടെ നടപടി അന്വേഷിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി അശാസ്ത്രീയമായ പാലം നിര്‍മാണത്തിന്‍െറ ഉത്തരവാദിത്തത്തില്‍ നിന്നും എം.എല്‍.എക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് കെ.പി.സി.സി മെംബര്‍ അഡ്വ. ഇ. സമീര്‍ പ്രസ്താവനയില്‍ പറഞ്ഞു. ബസുകള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന പാലമാണ് കന്നീസാക്കടവില്‍ നിര്‍മിക്കേണ്ടിയിരുന്നത്. എന്നാല്‍, ആംബുലന്‍സിന് പോലും കടന്നുപോകാനാവാത്ത തരത്തില്‍ നിര്‍മിച്ച പാലം നഗരത്തിലെ വികസന സാധ്യതയാണ് ഇല്ലാതാക്കിയത്. നിര്‍മാണത്തിന് നേതൃത്വം നല്‍കിയ എം.എല്‍.എ ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.കന്നീസാക്കടവില്‍ അശാസ്ത്രീയമായ പാലം നിര്‍മിച്ച എം.എല്‍.എയുടെ കുമ്പസാരം കഴിവുകേട് മറക്കാനുള്ള അടവ് മാത്രമാണെന്ന് കോണ്‍ഗ്രസ് ടൗണ്‍ നോര്‍ത്ത് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. പ്രസിഡന്‍റ് കടയില്‍ രാജന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി എ.ജെ. ഷാജഹാന്‍, എസ്. ഹസന്‍കനി, കെ. തങ്ങള്‍കുഞ്ഞ്, ആര്‍. ഭദ്രന്‍, എ.പി. ഷാജഹാന്‍ സംസാരിച്ചു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP