സ്വാഗതം
WELCOME

Sunday, May 3, 2015

യു.ഡി.എഫ് രക്ഷപെടണമെങ്കില്‍ ഉമ്മന്‍ചാണ്ടിയെ മാറ്റണമെന്ന് പി.സി ജോര്‍ജ് Madhyamam News Feeds

യു.ഡി.എഫ് രക്ഷപെടണമെങ്കില്‍ ഉമ്മന്‍ചാണ്ടിയെ മാറ്റണമെന്ന് പി.സി ജോര്‍ജ് Madhyamam News Feeds

Link to

യു.ഡി.എഫ് രക്ഷപെടണമെങ്കില്‍ ഉമ്മന്‍ചാണ്ടിയെ മാറ്റണമെന്ന് പി.സി ജോര്‍ജ്

Posted: 03 May 2015 12:45 AM PDT

Image: 

കോഴിക്കോട്: യു.ഡി.എഫ് രക്ഷപെടണമെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മാറ്റി മറ്റൊരാളെ കൊണ്ട് വരണമെന്ന് പി.സി ജോര്‍ജ്.  പ്രതിച്ഛായ നഷ്ടപ്പെട്ട ഉമ്മാണ്ടിയെ മാറ്റാന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.  കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി വിരുദ്ധ സമരത്തിന്  പിന്തുണ തേടി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍, എസ്.ഡി.പി.ഐ നേതാവ് നാസറുദ്ദീന്‍ എളമരം എന്നിവരുമായി പി.സി ജോര്‍ജ് ചര്‍ച്ച നടത്തി.

എല്ലാ അഴിമതികളിലും മുഖ്യമന്ത്രിക്ക് പരോക്ഷ പങ്കുണ്ടെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. ഉമ്മന്‍ചാണ്ടി രാജഭരണം പോലെയാണ് പി.സി ജോര്‍ജ് ജനസമ്പര്‍ക്ക പരിപാടി നടത്തുന്നത്. തന്നെ മുഖം കാണിക്കാനത്തെുന്നവര്‍ക്ക് രാജാവ് പണം നല്‍കുന്നത്പോലെയാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി സഹായം നല്‍കുന്നത്. ഇതിന് ഉമ്മന്‍ചാണ്ടിക്ക് എന്ത് അധികാരമാണുള്ളതെന്നും പി.സി ജോര്‍ജ് ചോദിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ജോസ് കെ. മാണിക്കെതിരെയും  പി.സി. ജോര്‍ജ് അഴിമതി ആരോണപണമുന്നയിച്ചു. സമൂഹ വിവാഹത്തിന്‍്റെ പേരില്‍ ജോസ് കെ. മാണി കോടികള്‍ വെട്ടിച്ചു.  കേരള കോണ്‍ഗ്രസിന്‍െറ അമ്പതാം വാര്‍ഷികം മകനെ അവരോധിക്കാനുള്ള വേദിയാക്കി മാണി മാറ്റിയെന്നും ജോര്‍ജ് പറഞ്ഞു.

അനധികൃത യമന്‍ പൗരന്മാര്‍ക്ക് ആറ് മാസത്തെ ഇളവുകാലം

Posted: 03 May 2015 12:20 AM PDT

Image: 

റിയാദ്: സൗദിയില്‍ യമന്‍ പൗരന്മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനും രേഖകളില്ലാതെയും അനധികൃതമായും രാജ്യത്ത് തങ്ങുന്നവര്‍ക്ക് രേഖകള്‍ ശരിപ്പെടുത്താന്‍ ആറ്  മാസത്തെ ഇളവുകാലം അനുവദിക്കാനും സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു. ആഭ്യന്തര മന്ത്രി കൂടിയായ കിരീടാവകാശി അമീര്‍ മുഹമ്മദ് നായിഫിനോട് ആവശ്യമായ നടപടി സ്വീകരിക്കാന്‍ രാജാവ് നിര്‍ദേശിച്ചിട്ടുണ്ട്. ഏപ്രില്‍ ഒമ്പതിന് മുമ്പ് സൗദിയിലത്തെിയ യമനികള്‍ക്കാണ് രാജകാരുണ്യത്തിന്‍െറ ആനുകൂല്യം ലഭിക്കുക. രേഖകളില്ലാത്തവര്‍ക്ക് തല്‍ക്കാലത്തേക്ക് ആറ് മാസത്തെ സന്ദര്‍ശന വിസ നല്‍കാനും കാലാവധി തീരുന്ന മുറക്ക് പുതുക്കാനും ഇളവു നല്‍കണമെന്ന് രാജാവിന്‍െറ നിര്‍ദേശത്തില്‍ പറയുന്നു.
സൗദി തലസ്ഥാനത്ത് രാഷ്ട്രീയ അഭയത്തില്‍ കഴിയുന്ന യമന്‍ പ്രസിഡന്‍റ് അബ്ദുറബ്ബ് ഹാദി മന്‍സൂറിന്‍െറ അഭ്യര്‍ഥന മാനിച്ചും യമന്‍ പൗരന്മാരുടെ സ്വദേശത്തേക്ക് തിരിച്ചുപോകാനുള്ള പ്രയാസം മനസ്സിലാക്കിയുമാണ് രാജാവിന്‍െറ പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്. രേഖകള്‍ താല്‍ക്കാലികമായി ശരിപ്പെടുത്തിയവര്‍ക്ക് പ്രത്യേക ഇളവില്‍ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാനും ഇളവ് അനുവദിക്കണമെന്ന് സല്‍മാന്‍ രാജാവ് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് രണ്ട് മാസത്തേക്കാണ് താല്‍ക്കാലിക തൊഴില്‍ അനുവദിക്കുക.രാജകാരുണ്യത്തിന്‍െറ പ്രായോഗിക നടപടികളുമായി ബന്ധപ്പെട്ട് കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ നായിഫിന്‍െറ പ്രസ്താവന ഉടന്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതനുസരിച്ച് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫിസുകളില്‍ രേഖകള്‍ ശരിപ്പെടുത്താനും ജോലിയില്‍ പ്രവേശിക്കുന്നതിന് തൊഴില്‍ മന്ത്രാലത്തിന് കീഴിലെ ഓഫിസുകളിലും നടപടികള്‍ ആരംഭിക്കും.
 

ഇന്ത്യഅഫ്ഗാന്‍ റോഡ് ലിങ്ക് തുറക്കാന്‍ വിസമ്മതിച്ച് പാകിസ്താന്‍

Posted: 02 May 2015 10:22 PM PDT

Image: 

ന്യൂഡല്‍ഹി:ഇന്ത്യയെയും അഫ്ഗാനിസ്താനെയും കരമാര്‍ഗം ബന്ധിപ്പിക്കുന്ന റോഡ് തുറക്കാന്‍ പാകിസ്താന്‍ വിസമ്മതിച്ചു. കറാച്ചി വിമാനത്താവളം വഴി ഇന്ത്യക്ക് അഫ്ഗാനുമായി വ്യാപാരം നടത്താവുന്നതാണെന്നും പാകിസ്താന്‍ അറിയിച്ചു.
ഇന്ത്യയും അഫ്ഗാനും തമ്മില്‍ കരമാര്‍ഗം യോജിക്കാനുള്ള റോഡ് തുറക്കണമെന്ന മോട്ടോര്‍ വെഹിക്കിള്‍ ഉടമ്പടിയില്‍ ഒപ്പിടാന്‍ പാകിസ്താന്‍ തയാറായില്ല. ഇന്ത്യയുമായുള്ള കരമാര്‍ഗ വാണിജ്യത്തിന് തടസം സൃഷ്ടിച്ചാല്‍  അഫ്ഗാനിലൂടെ മധ്യ ഏഷ്യയിലേക്ക് പ്രവേശിക്കാന്‍ പാകിസ്താന് നല്‍കിയ അനുമതി റദ്ദാക്കുമെന്ന് പ്രസിഡന്‍്റ് അശറഫ് ഗിലാനി അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
പാകിസ്താന് മധ്യ ഏഷ്യയിലേക്കുള്ള പ്രവേശം ആവശ്യമാണ്.അതിനാല്‍ ഇന്ത്യയുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കുമെന്നാണ് സൂചന.

 

ഇനി പൊതുമാപ്പ് കാലം; നടപടിക്രമങ്ങള്‍ക്ക് ഇന്ന് തുടക്കം

Posted: 02 May 2015 10:15 PM PDT

Image: 

മസ്കത്ത്: അഞ്ചുവര്‍ഷത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് വീണ്ടുമൊരു പൊതുമാപ്പ്കാലം. മൂന്നുമാസം നീളുന്ന പൊതുമാപ്പിന്‍െറ ഒൗദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.
താമസ-കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്ക് പിഴകൂടാതെ നാടണയാനുള്ള അവസരമാണ് പൊതുമാപ്പിലൂടെ ഒമാന്‍ ഒരുക്കിയിരിക്കുന്നത്. ഇതിനകം ഏകദേശം 2000ത്തിലധികം ഇന്ത്യക്കാര്‍ പൊതുമാപ്പിന് രജിസ്റ്റര്‍ ചെയ്തതായാണ് സൂചന. ആദ്യ ദിനം ഞായറാഴ്ചയായതിനാല്‍ മുന്‍ നിശ്ചയപ്രകാരം ഇന്ത്യക്കാര്‍ക്കാണ് നടപടി ക്രമങ്ങള്‍ക്ക് വിധേയമാകാന്‍ അവസരം ലഭിക്കുക.
ഒരുദിവസം 500ഓളം പേരുടെ രേഖകള്‍ പരിശോധിക്കുന്നതിനും മറ്റുമാണ് റൂവി ബദര്‍ അല്‍സമക്ക് പിന്‍വശത്തെ ലേബര്‍ ഓഫിസിലും സീബിലെ ഫിംഗര്‍പ്രിന്‍റ് ഓഫിസിലും സൗകര്യമുള്ളത്. രണ്ടിടത്തും ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതായി അറിയുന്നു. ഇതിനായി അധിക ജീവനക്കാരെയും മറ്റും എടുത്തിട്ടുണ്ട്.
മസ്കത്തിന് പുറമെ സലാല, മുസന്തം, ബുറൈമി എന്നിവിടങ്ങളിലും നടപടിക്രമങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ആദ്യ സംഘത്തിന് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി നാട്ടിലേക്ക് കയറിപ്പോകുന്നതിന് രണ്ടാഴ്ചയെങ്കിലും സമയമെടുക്കുമെന്നാണ് സൂചന. എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ലഭിക്കുന്ന നീലനിറത്തിലുള്ള കാര്‍ഡ് അറബിയില്‍ ടൈപ് ചെയ്ത് നാല് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും പാസ്പോര്‍ട്ട്, ലേബര്‍ കാര്‍ഡ് പകര്‍പ്പുകളുമായാണ് റൂവിയിലെ ലേബര്‍ ഓഫിസില്‍ എത്തേണ്ടത്.
രാവിലെ എട്ട് മണി മുതല്‍ ഒരു മണിവരെയാണ് ഇവിടത്തെ രജിസ്ട്രേഷന്‍. ഇവിടെനിന്ന് കിട്ടുന്ന രശീതുമായി അന്നുതന്നെ സീബില്‍ വിമാനത്താവളത്തിന് എതിര്‍വശത്തെ റോയല്‍ ഒമാന്‍ പൊലീസ് ഓഫിസില്‍ എത്തണം. ഉച്ചക്ക് രണ്ടിനും രാത്രി എട്ടിനുമിടയിലാണ് ഇവിടെയെത്തേണ്ടത്. ഇവിടെ വിരലടയാളം എടുക്കും. ഒരാഴ്ചക്ക് ശേഷം കൈയില്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ പൊലീസ് നിര്‍ദേശിക്കുന്ന ദിവസം വിമാനടിക്കറ്റുമായി എത്തണം. പാസ്പോര്‍ട്ട് ഇല്ലാത്തവരുടെ ഒൗട്ട്പാസ് എംബസി ലേബര്‍ ഓഫിസിന് കൈമാറും.
 

മുംബൈയില്‍ സീനിയര്‍ ഉദ്യോഗസ്ഥനെ വെടിവെച്ച് പൊലീസുകാരന്‍ മരിച്ചു

Posted: 02 May 2015 09:40 PM PDT

Image: 

മുംബൈ: മുംബൈയില്‍ പൊലീസ് സ്റ്റേഷനുള്ളില്‍  സീനിയര്‍ ഉദ്യോഗസ്ഥനെ വെടിവെച്ച് പരിക്കേല്‍പിച്ച് അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ആത്മഹത്യ ചെയ്തു. വകോല പൊലീസ് സ്റ്റേഷനിലാണ് സംഭവം. അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ദിലീപ് ഷിര്‍കെയാണ്  സീനിയര്‍ ഇന്‍സ്പെക്ടര്‍ വിലാസ് ജോഷിയെ വെടിവെച്ച ശേഷം സ്വയം നിറയൊഴിച്ച് മരിച്ചത്.
സ്റ്റേഷന്‍ ഡയറിയില്‍ പ്രവൃത്തി ദിവസത്തില്‍ തന്‍റെ ഹാജര്‍ രേഖപ്പെടുത്താത്തതിനെതിരെ ഷിര്‍കെയും  വിലാസ് ജോഷിയും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. വഴക്കിനു ശേഷം ജോഷി സ്റ്റേഷില്‍ നിന്നും പുറത്തുകടക്കുമ്പോള്‍ ഷിര്‍കെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് രണ്ടു തവണ നിറയൊഴിക്കുകയായിരുന്നു. ജോഷിയുടെ പുറകിലും തുടയിലുമാണ് വെടിയേറ്റത്.
വെടിയേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷിര്‍കെയെ രക്ഷിക്കാനായില്ല. പരിക്കേറ്റ സീനിയര്‍ ഇന്‍സ്പെക്ടര്‍ വിലാസ് ജോഷി ഗുരുതരാവസ്ഥയിലാണ്

കരിപ്പൂര്‍ റണ്‍വേ നവീകരണം അനിവാര്യം –പി.വി. അബ്ദുല്‍ വഹാബ് എം.പി

Posted: 02 May 2015 09:33 PM PDT

Image: 

ദുബൈ: കോഴിക്കോട് വിമാനത്താവളത്തിന്‍െറ റണ്‍വേ ബലപ്പെടുത്തേണ്ടത് അത്യാവശ്യമായ സംഗതി തന്നെയാണെന്നും എന്നാല്‍ ഒരു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കണമെന്നും പി.വി.അബ്ദുല്‍ വഹാബ് എം.പി. കേന്ദ്ര സര്‍ക്കാറിന് ഏറ്റവുംകൂടുതല്‍ വരുമാനം ലഭിക്കുന്ന കോഴിക്കോട് വിമാനത്താവളം ഇല്ലാതാകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.
രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി യു.എ.ഇയിലത്തെിയ അദ്ദേഹം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക കൂട്ടായ്മയുടെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
കോഴിക്കോട് വിമാനത്താവളം ഒരു ജനതയുടെ വികാരമാണ്. നീണ്ട പരിശ്രമങ്ങള്‍ക്കു ശേഷമാണ് വിമാനത്താവളവും അന്താരാഷ്ട്ര പദവിയും  യാഥാര്‍ഥ്യമായത്. അന്ന് വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുസൃതമായല്ല വിമാനത്താവളം ഉണ്ടാക്കിയത്. എല്ലാ ക്രമങ്ങളും പാലിച്ചായിരുന്നില്ല നിര്‍മാണം. ഇപ്പോള്‍ റണ്‍വേയില്‍ വിള്ളലുകള്‍ വരികയും അതില്‍ വെള്ളമിറങ്ങി സൂരക്ഷക്ക് ഭീഷണിക്ക് സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. ഇതിന് അടിയന്തര പരിഹാരം ആവശ്യമുണ്ട്. ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതെ ദുരന്തമുണ്ടായാല്‍ ആര്‍ക്കും മാപ്പുണ്ടാകില്ല. ഇപ്പോള്‍ വിമാനത്താവളം അടച്ചിടുന്നതിനെ വിമര്‍ശിക്കുന്നവരൊന്നും അപ്പോള്‍ രംഗത്തുണ്ടാവില്ല. സുരക്ഷ ഏറെ പ്രധാനമാണ്. എന്നാല്‍ ഇതിനായി ഒന്നരവര്‍ഷത്തോളം ഭാഗികമായി അടച്ചിടുന്നത് ഒഴിവാക്കണം. ഒന്നര വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാകുമെന്ന് കേരളത്തിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഉറപ്പിച്ചു പറയാനുമാകില്ല.  ഒരു വര്‍ഷംകൊണ്ടെങ്കിലും പണി തീര്‍ക്കണമെന്നാണ് തന്‍െറ അഭിപ്രായം. കരാര്‍ ഇതുവരെ നല്‍കിയിട്ടില്ല. ഈ മാസം അത് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.
കരിപ്പൂരില്‍ നല്ളൊരു ആഗമന ഹാളും അത്യാവശ്യമാണ്. അതിന് പണവും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനുള്ള സ്ഥലമെടുപ്പ് വലിയ കീറാമുട്ടിയാണ്. നിരവധി പേരുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയമാണിത്. ഇതിന് പരിസരവാസികളുടെ സഹകരണം ആവശ്യമാണ്. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാകണം. അവരുടെ വിഷമങ്ങള്‍ പരിഹരിക്കാനാകണം. സി.പി.എമ്മിന് സിംഗൂരില്‍ സംഭവിച്ചത് പാഠമാണ്. ഭൂമി കിട്ടിയാല്‍ മാത്രമേ കോഴിക്കോട് വിമാനത്താവളത്തിന്‍െറ വികസനം യാഥാര്‍ഥ്യമാകൂ. 200 ഏക്കര്‍ ഭൂമിയാണ് റണ്‍വേ വികസനത്തിനുള്‍പ്പെടെ വേണ്ടത്. പുതിയ വിമാനത്താവളം പ്രായോഗികമല്ല.  ഇപ്പോള്‍ നിര്‍ണായകമായ ഘട്ടത്തിലാണ് കരിപ്പൂര്‍. കൊച്ചി വിമാനത്താവളം വളര്‍ന്നുകൊണ്ടിരിക്കുന്നു. കണ്ണൂരില്‍ പുതിയത് വരുന്നു. ഈ സാഹചര്യത്തില്‍ കരിപ്പൂരിന്‍െറ പ്രസക്തിയെന്ത് എന്ന് എല്ലാവര്‍ക്കും ആശങ്കയുണ്ട്. എന്നാല്‍ കോഴിക്കോടിന്‍െറ ഭാവിയെക്കുറിച്ച് തനിക്ക് ആശങ്കയില്ല.
രാജ്യസഭാംഗമായി കഴിഞ്ഞ തവണത്തേക്കാള്‍  നല്ല നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് പി.വി. അബ്ദുല്‍ വഹാബ് പറഞ്ഞു. ആദ്യതവണയിലെ വീഴ്ചകളും പോരായ്മകളും പരിഹരിക്കും. മുഴുവന്‍ സമയ പാര്‍ലമെന്‍േററിയനാകാനാണ് ശ്രമിക്കുന്നത്. പ്രവാസികളുടെ പ്രശ്നങ്ങള്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. കഴിഞ്ഞ തവണ പല നല്ലകാര്യങ്ങളും ചെയ്യാന്‍ സാധിച്ചിട്ടുണ്ടെങ്കിലും മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും മുന്നിലത്തെിക്കാന്‍ പറ്റിയില്ല. ജന ശിക്ഷ സംസ്ഥാന്‍ മലപ്പുറത്ത് കൊണ്ടുവരാന്‍ സാധിച്ചത് തന്‍െറ വലിയ നേട്ടമാണ്. നൈപുണ്യ വികസന പദ്ധതിയില്‍ രാജ്യത്തെ തന്നെ മികച്ച എന്‍.ജി.ഒ ആയി അത് തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്‍റ് എന്ന നിലയില്‍ താനാണ് രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചത്. ഇത്തവണ കൂടുതല്‍ പരിപാടികളും പദ്ധതികളും സംസ്ഥാനത്ത് കൊണ്ടുവരാന്‍ ശ്രമിക്കും.
കോഴിക്കോടിന്‍െറയോ മലപ്പുറത്തിന്‍െറയോ മാത്രം എം.പിയായിരിക്കില്ല താന്‍. സംസ്ഥാനത്തിന്‍െറ മൊത്തം വികസനത്തിനായി പ്രവര്‍ത്തിക്കും. മുസ്ലിം ലീഗ് അംഗം എന്ന നിലയില്‍ പാര്‍ട്ടി നയത്തിനനുസരിച്ച് മുസ്ലിം ന്യൂനപക്ഷം നേരിടുന്ന പ്രശ്നങ്ങളില്‍ ഇടപെടും. മതേതരത്വം വെല്ലുവിളി നേരിടുന്ന സമയത്ത് ഉത്തരവാദിത്തം ഏറെയാണ്. പ്രതിപക്ഷത്തായതിനാല്‍ കൂടുതല്‍ സ്വാതന്ത്യത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.എം.അബ്ബാസ്, എം.സി.എ.നാസര്‍, റോണി മാത്തന്‍ പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.

ഡി.ജി.പി നിയമനത്തില്‍ തര്‍ക്കങ്ങളില്ല^ ചെന്നിത്തല

Posted: 02 May 2015 07:40 PM PDT

Image: 

തിരുവനന്തപുരം: ഡി.ജി.പി നിയമനവുമായി ബന്ധപ്പെട്ടു യാതൊരുവിധ തര്‍ക്കങ്ങളുമില്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും തമ്മില്‍ അഭിപ്രായവ്യത്യാസമൊന്നുമില്ല. അതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. മെയ് 30 ന് ഡി.ജി.പി സ്ഥാനത്തുണ്ടാകുമെന്നും ചെന്നിത്തല പ്രതികരിച്ചു.
നഴ്സ് റിക്രൂട്ട്മെന്‍റ് തട്ടിപ്പ് സംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ടെന്നും അതു സംബന്ധിച്ച അന്വേഷണമുണ്ടാകുമെന്നും ചെന്നിത്തല അറിയിച്ചു.

കോഴാരോപിതന്‍

Posted: 02 May 2015 07:27 PM PDT

Image: 

പണ്ട് നാട്ടുരാജാക്കന്മാരുടെ കൈയില്‍ പണമില്ലാതാവുമ്പോള്‍ സാമന്തന്മാരില്‍നിന്ന് നിര്‍ബന്ധിതമായി പിരിച്ചെടുത്തിരുന്ന നികുതിക്കാണ് കോഴ എന്നു പറഞ്ഞിരുന്നത്. (അനര്‍ഹമായ സേവനത്തിനും അഴിമതിക്കുമുള്ള കൈക്കൂലി എന്ന് പുതിയ കാലത്ത് ഈ പദത്തിന് അര്‍ഥഭേദം വന്നിരിക്കുന്നു.) നാട്ടുരാജ്യങ്ങളിലെ പ്രഭുക്കന്മാരാണ് സാമന്തന്മാര്‍. രാജാവിനു നല്‍കുന്ന സേവനത്തിനു പകരം അവര്‍ക്കു കിട്ടിയത് സ്വന്തം പ്രദേശത്ത് നികുതി പിരിക്കാനുള്ള അധികാരമാണ്. കാലം മാറി. രാജഭരണത്തിനു പകരം ജനാധിപത്യമായി. പക്ഷേ പറഞ്ഞിട്ടെന്താ, കാര്യങ്ങള്‍ ഇപ്പോഴും 70 കൊല്ലം മുമ്പത്തെ അവസ്ഥയിലാണ്. ജനാധിപത്യത്തിലെ തമ്പുരാക്കന്മാര്‍ ഇപ്പോഴും സാമന്തന്മാരില്‍നിന്ന് കപ്പം വാങ്ങുന്നു. ബാറുടമകളാണല്ളോ ജനാധിപത്യകേരളത്തിലെ അഭിനവ സാമന്തന്മാര്‍. രാജാവ് പോയെങ്കിലും മന്ത്രിയുണ്ട്. അങ്ങനെയൊരു മന്ത്രി കപ്പം വാങ്ങിയെന്നാണ് പുതിയ കേള്‍വി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അതുകേട്ട് കേരളത്തിലെ പ്രജകള്‍ ചോദിക്കുന്നു; ‘ങ്ങളെന്താന്നിത് ബാബ്വേട്ടാ, ങ്ങളെന്താന്നിത്?’ ചാനല്‍ കോമഡിയിലെ ഹിറ്റ് ഡയലോഗ് എക്സൈസ് മന്ത്രി കെ. ബാബുവിനു നേരെയാണ്. ബാബുവേട്ടന്‍െറ ബാര്‍ബര്‍ ഷോപ്പില്‍ കറങ്ങിത്തിരിഞ്ഞ് അലമ്പാക്കുന്ന ശശിയെപ്പോലെയല്ല പ്രജകളുടെ ചോദ്യം. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് വിജിലന്‍സ് നാളെ മുതല്‍ അന്വേഷിക്കുന്നത്.
30 ലക്ഷം രൂപയാണ് ബാര്‍ ലൈസന്‍സ് ഫീയായി ഈടാക്കാന്‍ പ്രി-ബജറ്റില്‍ നിശ്ചയിച്ചിരുന്നത്. അവസാനം 23 ലക്ഷമായി അത് കുറച്ചുനല്‍കി. അപ്പോള്‍ ഏഴു ലക്ഷം രൂപ ഒരു ബാറിന് ലാഭിക്കാം. ഏതാണ്ട് എഴുനൂറോളം ബാറുകളാണ് അന്നുണ്ടായിരുന്നത്. അങ്ങനെ നോക്കുമ്പോള്‍ ബാറുടമകള്‍ക്ക് കിട്ടിയത് അമ്പതുകോടിയോളം രൂപയുടെ ലാഭം. അതില്‍ സഹകരിച്ച ബാബുവേട്ടന് പത്തോ പതിനഞ്ചോ കോടി കൊടുത്താല്‍ സാമന്തന്മാര്‍ക്ക് ഒരു നഷ്ടവുമില്ല. ഇത്രയും എന്തിനു കുറച്ചുകൊടുത്തു എന്ന ചോദ്യത്തിന് പ്രജകള്‍ക്കിനിയും കൃത്യമായ ഒരുത്തരം കിട്ടിയിട്ടില്ല. ലൈസന്‍സ് തുക 22ല്‍ നിന്ന് 25 ആക്കാന്‍ എക്സൈസ് കമീഷണര്‍ ശിപാര്‍ശ ചെയ്തുവെന്ന് ബാബുവേട്ടന്‍ വിശദീകരിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍പോലും സാമന്തന്മാര്‍ക്ക് ബാബുവേട്ടന്‍ ഇളവുകൊടുത്തതായി കാണാം. മൂന്നു ലക്ഷം കൂട്ടാന്‍ ശിപാര്‍ശ ചെയ്തതില്‍ ഒരു ലക്ഷം മാത്രമാണ് കൂട്ടിയത്. അപ്പോഴും രണ്ടു ലക്ഷം സാമന്തപ്രഭുക്കള്‍ക്ക് ലാഭം. ബാര്‍ ഹോട്ടല്‍ അസോസിയേഷന് 600 അംഗങ്ങളുണ്ടെങ്കില്‍ രണ്ടു ലക്ഷം രൂപ കുറച്ചുകൊടുത്താല്‍ സാമന്തന്മാര്‍ക്ക് 12 കോടിയാണ് ലാഭം. അതില്‍ ബാബുവേട്ടന് പത്തുകോടി കൊടുത്തുവെന്നാണ് പറയപ്പെടുന്നത്. അതില്‍ അവിശ്വസനീയതയില്ളേ എന്നാണ് ബാബുവേട്ടന്‍െറ ചോദ്യം. ങ്ങളെന്താന്നിത് ബാബ്വേട്ടാ, ങ്ങളെന്താന്നിത് ഇങ്ങനെയൊക്കെ പറയുന്നത്? ആറേഴു കൊല്ലമായി ബാര്‍ ലൈസന്‍സ് ഫീ വര്‍ധിപ്പിച്ചിട്ടില്ല. അപ്പോഴാണ് ഏഴു ലക്ഷം കൂട്ടാന്‍ പ്രീ-ബജറ്റ് നിശ്ചയിച്ചിരിക്കെ ഒരു ലക്ഷം മാത്രം കൂട്ടിയത്. ഇത്രയും കുറച്ചുകൊടുക്കാന്‍ എന്താണ് ബാബുവേട്ടാ പ്രകോപനം? ങ്ങളൊന്ന് മറുപടി പറയ് ന്‍െറ ബാബ്വേട്ടാ...
മാണിസാര്‍ ഉള്‍പ്പെട്ട ബാര്‍ കോഴക്കേസിന്‍െറ ഭാഗമായി ബാറുടമ ബിജു രമേശ് മജിസ്ട്രേറ്റിനു മുന്നില്‍ കൊടുത്ത മൊഴിയിലുള്ളത് ബാബുവേട്ടന്‍െറ പേരു മാത്രം. ചെന്നിത്തല, ശിവകുമാര്‍, ബാബു എന്നിവരുടെ പേരാണ് നേരത്തേ ബിജു രമേശ് പറഞ്ഞിരുന്നത്. മൊഴിയില്‍ ഐ ഗ്രൂപ്പുകാരായ രണ്ടുപേരുകള്‍ വിട്ടുകളഞ്ഞിരിക്കുന്നു. എ ഗ്രൂപ്പുകാരനായ ബാബുവേട്ടനെതിരെ ഐ ഗ്രൂപ്പിന്‍െറ പടയൊരുക്കമായി ഇതിനെ കാണുന്നവരുണ്ട്. കോഴാരോപിതനായതില്‍ ഗ്രൂപ്പുകളിയുടെയും ഉള്‍പ്പോരിന്‍െറയും രാഷ്ട്രീയമുണ്ടോ ബാബുവേട്ടാ, ഉണ്ടെങ്കില്‍ അത് പ്രജകള്‍ക്കു മുന്നില്‍ വിശദീകരിച്ച് ഈ പുകമറ മാറ്റിക്കൂടേ? സാമന്തന്മാരോടുള്ള ഈ വിനീതവിധേയത്വം അവസാനിപ്പിച്ചുകൂടേ? ബാറുടമകളുടെ ലെയ്സന്‍ ഓഫിസറായി ബാബുവേട്ടന്‍ പ്രവര്‍ത്തിക്കുന്നു എന്നൊരു ആരോപണം അനന്തപുരിയിലുണ്ട്. ഹജൂര്‍ കച്ചേരിയുടെ പടിക്കല്‍ ബാറുടമകളെ കാത്തിരിക്കും, ഭരണനേതാക്കളുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കിക്കൊടുക്കും എന്നൊക്കെയാണ് അസൂയാലുക്കള്‍ പറയുന്നത്. ഇതൊക്കെ ശരിയാണോ ബാബുവേട്ടാ? ങ്ങളെന്താന്നിത് ബാബ്വേട്ടാ, ങ്ങളെന്താന്നിത്? ഇതിനൊക്കെ ഒരു സമാധാനം പറയ് ന്‍െറ ബാബ്വേട്ടാ...
മൂന്നു വര്‍ഷംകൊണ്ട് ഒമ്പത് സ്റ്റാര്‍ ഹോട്ടലുകളുടെ ഉടമയായ ബിനോയിയുമായി ബാബുവേട്ടന് ബന്ധമുണ്ടെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. എലിഗന്‍സ് ഹോട്ടല്‍ ഉടമ ബിനോയ് വഴിയാണ് 40 ലക്ഷം കോഴവാങ്ങിയത് എന്നാണ് ബിജു രമേശ് മജിസ്ട്രേറ്റിനു കൊടുത്ത മൊഴിയിലെ ആരോപണം. രാജന്‍ പി. ദേവ് എന്ന പ്രശസ്തനടന്‍െറ മരുമകനാണ് ബിനോയ്. നടനുമായുള്ള ബന്ധംകൊണ്ട് ബിനോയിയെ ബാബുവേട്ടന് അറിയാം. അറിയുന്നത് ഒരു തെറ്റല്ല. ശരിക്കും അത്രയേ ഉള്ളോ ബാബ്വേട്ടാ?   എക്സൈസ് മന്ത്രിയായ ബാബുവേട്ടന്‍ ബിജു രമേശിന്‍െറ വീട്ടില്‍ പോയി ഫ്രൈഡ് റൈസ് കഴിച്ചു എന്നാണ് ദുഷ്ടലാക്കോടെയുള്ള മറ്റൊരു ആരോപണം. അത് ഫ്രൈഡ് റൈസ് തിന്നാന്‍ കൊതിമൂത്തിട്ടും അതിനു കഴിയാതിരുന്നവരുടെ കൊതിക്കെറുവ് ആയി കണ്ടാല്‍ മതി. കാരണം, ബാബുവേട്ടന്‍ ബിജു രമേശിന്‍െറ അച്ഛന്‍ മരിച്ചിട്ടുപോലും ആ വീട്ടില്‍ പോയിട്ടില്ല. മറ്റൊരു വാസ്തവവിരുദ്ധത കൂടി അതിലുണ്ട്. ബാബുവേട്ടന്‍ ഫ്രൈഡ് റൈസ് കഴിക്കുന്ന ഒരാളല്ല. രാത്രി രണ്ട് ചപ്പാത്തി കഴിക്കുന്ന ആളാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയോടൊപ്പമുള്ള പരിപാടിക്കുശേഷം വിശക്കുന്നു മോനേ ബിജു രമേശേ എന്നു പറഞ്ഞ് ആ ചൈനീസ് വിഭവം അകത്താക്കാന്‍ പോയി എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. ചുവന്ന ചൈനയോട് പ്രതിപത്തി പണ്ടേ ഇല്ല. തന്‍െറ ഭാര്യയുടെ ബന്ധുവാണ് ബാബുവേട്ടനെന്നാണ് ബിജു രമേശിന്‍െറ വാദം. പക്ഷേ, ബാബുവേട്ടന് അങ്ങനെയൊരു ബന്ധുത്വം അറിയില്ല. ബിജു രമേശിന് വക്കീല്‍ നോട്ടീസയക്കാന്‍ അയാളുടെ വിലാസം തന്‍െറ ഗണ്‍മാനെ അയച്ച് എടുപ്പിക്കേണ്ടിവന്നു. അത്രയും അകല്‍ച്ച ഇരുവരും തമ്മിലുണ്ട്.
അങ്കമാലി നഗരസഭയുടെ ആദ്യ ചെയര്‍മാനില്‍ തുടങ്ങി കോണ്‍ഗ്രസ് നിയമസഭാകക്ഷി വിപ്പും മന്ത്രിയുമൊക്കെ ആയ ആളാണ്. 20 കൊല്ലത്തോളം നിയമസഭാംഗമായിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍നിന്ന് അഞ്ചുവട്ടം വിജയിച്ചു. പണ്ട് ഫുട്ബാള്‍ കളിക്കാരനായിരുന്നു. ഈ കോഴക്കളിയില്‍ പന്ത് കാലില്‍നിന്ന് വഴുതിപ്പോയോ എന്ന് സംശയം. 10 കോടി കോഴ വാങ്ങി ക്വിക്കോഫ് നടത്തിയോ എന്ന് ഏതായാലും 45 ദിവസത്തിനുള്ളില്‍ അറിയാം. അന്നു തീരുമല്ളോ ദ്രുതപരിശോധന അഥവാ ക്വിക് വെരിഫിക്കേഷന്‍.

പത്രസ്വാതന്ത്ര്യം മരിക്കുന്നു

Posted: 02 May 2015 07:26 PM PDT

Image: 
Subtitle: 
ഇന്ന് അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര്യ ദിനം

•10 വര്‍ഷത്തിനിടെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് ഏറ്റവും വലിയ ഭീഷണി ഉയര്‍ന്ന വര്‍ഷമായിരുന്നു 2014 എന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്: സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്‍െറ കാലംകഴിഞ്ഞുവോ? ഇത്തരമൊരു ആശങ്കയെ ശരിവെക്കുന്നതാണ് അമേരിക്കയിലെ എന്‍.ജി.ഒ ആയ ഫ്രീഡം ഹൗസ് കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. പത്രസ്വാതന്ത്ര്യത്തിന് ഏറ്റവും കൂടുതല്‍ ഭീഷണിയുയര്‍ന്ന വര്‍ഷമായിരുന്നു 2014 എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ 10 വര്‍ഷകാലത്തെ  മാധ്യമലോകത്തെ നിരീക്ഷിച്ചാണ് ഫ്രീഡം ഹൗസിന്‍െറ റിപ്പോര്‍ട്ട്. ലോകത്തെ ഏഴിലൊന്ന് ആളുകള്‍ക്ക് മാത്രമേ പത്രസ്വാതന്ത്ര്യത്തിന്‍െറ ഗുണഫലങ്ങള്‍ ലഭിക്കുന്നുള്ളൂവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മികച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിങ്, മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ, മാധ്യമപ്രവര്‍ത്തനത്തില്‍ രാഷ്ട്രത്തിന്‍െറ നിയന്ത്രണം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് സംഘടന മാധ്യമ സ്വാതന്ത്യത്തിന്‍െറ മാനദണ്ഡങ്ങള്‍ നിര്‍വചിച്ചത്.
മാധ്യമസ്വാതന്ത്ര്യം ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ പട്ടിക ഇങ്ങനെയാണ്: ബെലറൂസ്, ക്രീമിയ, ക്യൂബ, ഗിനിയ, എറിത്രിയ, ഇറാന്‍, ഉ. കൊറിയ, സിറിയ, തുര്‍ക്മെനിസ്താന്‍, ഉസ്ബകിസ്താന്‍. 199 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് മോശം മാധ്യമ പ്രവര്‍ത്തനം നടത്തുന്ന ലോകത്തിന്‍െറ ഭാഗങ്ങള്‍ ഫ്രീഡം ഹൗസ് നിര്‍ണയിച്ചത്. ഏറ്റവും മികച്ച ആദ്യ മൂന്ന് രാജ്യങ്ങള്‍ നോര്‍വേയും സ്വീഡനും ബെല്‍ജിയവുമാണ്. ഇക്കൂട്ടത്തില്‍ അമേരിക്കയുടെ സ്ഥാനം 34 ആണ്. പട്ടികയില്‍ ഇന്ത്യ 82ാം സ ്ഥാനത്താണ്. ചൈന 185ാം സ്ഥാനത്താണുള്ളത്.
റഷ്യ, ചൈന, മെക്സികോ തുടങ്ങിയ രാജ്യങ്ങളില്‍ ബ്ളോഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും അമേരിക്കയില്‍ രാഷ്ട്രീയ പ്രസംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണവും ഇന്‍റര്‍നെറ്റ് പരിഷ്കരണവുമെല്ലാം റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സിറിയയിലും നൈജീരിയയിലുമാണ്.
മാധ്യമ സ്വാതന്ത്ര്യത്തിന് ഭീഷണിയാകുന്ന മൂന്ന് കാര്യങ്ങള്‍ ഫ്രീഡം ഹൗസ് പ്രൊജക്റ്റ് മാനേജര്‍ ജെന്നിഫര്‍ ഡന്‍ഹാം ചൂണ്ടിക്കാട്ടുന്നുണ്ട്. വിമതസ്വരങ്ങളെ ഭരണകൂടങ്ങള്‍ തീവ്രവാദ വിരുദ്ധ നിയമങ്ങളും രാജ്യ രക്ഷാ നിയമങ്ങളും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതാണ് ഒന്നാമത്തേത്. തീവ്രവാദ ഗ്രൂപ്പുകളും മാഫിയകളും മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ നടത്തുന്ന കൈയേറ്റമാണ് രണ്ടാമത്തെ ഭീഷണി. കച്ചവട, രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി മാധ്യമ മുതലാളിമാര്‍ കൃത്രിമ വാര്‍ത്തകള്‍ ചമക്കുന്നതും വാര്‍ത്തകളെ വളച്ചൊടിക്കുന്നതുമാണ് മൂന്നാമത്തേത്.

സി.പി.എമ്മില്‍ അരുവിക്കരക്ക് കണ്ണുവെച്ച് നാലു പേര്‍

Posted: 02 May 2015 01:22 PM PDT

Image: 
Subtitle: 
നേതൃത്വത്തിന്‍െറ താല്‍പര്യം പുതുമുഖങ്ങള്‍ക്ക്•സംസ്ഥാന സെക്രട്ടേറിയറ്റ് ഈമാസം അഞ്ച്, ആറ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ അരുവിക്കരയില്‍ പിടിമുറുക്കാന്‍ സി.പി.എം തയാറെടുക്കുന്നു. സ്ഥാനാര്‍ഥിയായി ജില്ലാതലത്തില്‍ നാലോളം പേരുകള്‍ സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തിന്‍െറ കണ്ണ് പുതുമുഖങ്ങളിലേക്ക് തിരിയാനും സാധ്യതയുണ്ട്.

സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് സംസ്ഥാന നേതൃത്വം ഒൗദ്യോഗികമായി കടന്നിട്ടില്ളെങ്കിലും അരുവിക്കര  മണ്ഡലത്തിന്‍െറ പൊതുസ്ഥിതി അടക്കമുള്ള വിഷയങ്ങള്‍ പരിഗണിക്കാന്‍ ഈമാസം  അഞ്ചിനും ആറിനും പുതിയ സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുകയാണ്. ഈമാസം 12നും 13നും സംസ്ഥാന സമിതിയും ചേരുന്നുണ്ട്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈമാസം  മധ്യത്തോടെ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് എല്‍.ഡി.എഫും സി.പി.എമ്മും. സംസ്ഥാന സമിതിയംഗം എം. വിജയകുമാര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ. മധു, ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ കെ.എസ്. സുനില്‍ കുമാര്‍, സി.ഐ.ടി.യു നേതാവ് കാട്ടാക്കട ശശി എന്നിവരുടെ പേരുകളാണ് ആദ്യം മുതല്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. അതേസമയം, ജാതി-മത സമവാക്യങ്ങള്‍ക്ക് അപ്പുറം കടന്ന് മണ്ഡലം പിടിച്ചെടുക്കാനുള്ള വഴിയാണ് സംസ്ഥാന നേതൃത്വം ആരായുന്നത്. അതുകൊണ്ട് തന്നെ അന്വേഷണം പുതുമുഖത്തില്‍ എത്താനാണ് സാധ്യത.

ബാര്‍ കോഴ ആരോപണത്തില്‍ രണ്ടു മന്ത്രിമാര്‍ക്ക് എതിരായ അന്വേഷണവും അഴിമതി ആരോപണങ്ങളില്‍ സര്‍ക്കാറിന്‍െറ പ്രതിച്ഛായ കളങ്കപ്പെട്ടതും മുമ്പെങ്ങുമില്ലാത്ത അനുകൂല അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. അഭ്യന്തര പ്രശ്നത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എമ്മിലും  യു.ഡി.എഫിലും ബഹിഷ്കൃതനായ പി.സി. ജോര്‍ജ് വി.എസ്.ഡി.പിയുമായി ഒത്തുചേര്‍ന്ന് ആരംഭിച്ച അഴിമതി വിരുദ്ധ പ്രസ്ഥാനം അരുവിക്കര മണ്ഡലത്തില്‍ കേന്ദ്രീകരിക്കുന്നതാണ് ഇതിലൊന്ന്. മണ്ഡലത്തിലെ പ്രബലമായ നാടാര്‍ വിഭാഗത്തില്‍ കണ്ണുവെക്കാന്‍ ഇത് പ്രതീക്ഷ നല്‍കുമ്പോള്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി) വഴി നായര്‍ സമുദായത്തിലും അനുകൂല ചലനം ഉണ്ടാക്കാനാകുമെന്നും അവര്‍ കണക്ക് കൂട്ടുന്നു.

പാലം, സര്‍ക്കാര്‍ സ്കൂളുകള്‍ അടക്കമുള്ളവക്കായി പ്രഖ്യാപിച്ച് പാതിവഴിയില്‍ മുടങ്ങിയ വിവിധ പദ്ധതികളുടെ കണക്ക് സി.പി.എം നേതൃത്വം എടുത്തുകഴിഞ്ഞു.  മണ്ഡലത്തില്‍ ബൂത്ത് കമ്മിറ്റികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ച സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് പ്രാരംഭ ചുമതല നല്‍കി കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ചുമതലയിലേക്ക് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി മാറും.

ഹുബ്ബള്ളി ഗൂഢാലോചന കേസ്: യഹ്യ കമ്മുക്കുട്ടി ജയില്‍വിട്ടു

Posted: 02 May 2015 12:38 PM PDT

Image: 
Subtitle: 
ഹുബ്ബള്ളി സ്വദേശിയും പുറത്തിറങ്ങി

ബംഗളൂരു: ഏഴു വര്‍ഷത്തെ കാരാഗൃഹവാസത്തിനൊടുവില്‍ ഹുബ്ബള്ളി ഗൂഢാലോചനക്കേസില്‍ വിചാരണ കോടതി വെറുതെവിട്ട മുക്കം സ്വദേശി യഹ്യ കമ്മുക്കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ ശനിയാഴ്ച ജയില്‍വിട്ടു. ഹുബ്ബള്ളിക്കു സമീപത്തെ ധര്‍വാദ് ജയിലില്‍നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി വൈകീട്ട് 7.30ഓടെയാണ് ഇവര്‍ പുറത്തിറങ്ങിയത്. ഹുബ്ബള്ളി സ്വദേശി അല്ലാ ഭക്ഷാണ് (30) പുറത്തിറങ്ങിയ മറ്റൊരാള്‍.
ഹുബ്ബള്ളി ജില്ലാ സെഷന്‍ കോടതി വ്യാഴാഴ്ചയാണ് കേസില്‍ വിധി പറഞ്ഞത്. ജഡ്ജി ഗോപാലകൃഷ്ണ കൊള്ളി കേസിലെ 17 പ്രതികളെയും തെളിവുകളുടെ അഭാവത്തില്‍ നിരുപാധികം വെറുതെവിടുകയായിരുന്നു. ഈരാറ്റുപേട്ട സ്വദേശി ശിബിലി, സഹോദരന്‍ ഷാദുലി, ആലുവ സ്വദേശി മുഹമ്മദ് അന്‍സാര്‍ നദ്വി എന്നിവരായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്ന മറ്റു മലയാളികള്‍. കേസിലെ ആറുപേരാണ് ധര്‍വാദ് ജയിലിലുണ്ടായിരുന്നത്. ഹുബ്ബള്ളി സ്വദേശി സാദിഖ് സമീറിന് 2011ല്‍ ജാമ്യം ലഭിച്ചിരുന്നു. ബാക്കിയുള്ള മൂന്നുപേര്‍ക്കെതിരെ വേറെയും കേസുകളുള്ളതിനാല്‍ പുറത്തിറങ്ങാനായില്ല.
പിതാവ് വീരാന്‍കുട്ടി, ബന്ധു ഷമീര്‍, ഏതാനും സുഹൃത്തുക്കള്‍ എന്നിവര്‍ യഹ്യയെ സ്വീകരിക്കാനായി ജയിലിലത്തെിയിരുന്നു. തുടര്‍ന്ന് ഹുബ്ബള്ളിയില്‍നിന്ന് റോഡുമാര്‍ഗം സ്വദേശമായ മുക്കത്തേക്കു പോയി. പാനായിക്കുളം കേസിന്‍െറ വിചാരണക്കായി അന്‍സാറും ശാദുലിയും ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്; അഹ്മദാബാദ് സ്ഫോടന കേസില്‍ ശിബിലി ഉള്‍പ്പെടെയുള്ള ബാക്കി പ്രതികള്‍ ഗുജറാത്തിലെ സബര്‍മതി ജയിലിലും. നിരോധിത സംഘടനയായ ‘സിമി’യില്‍ പ്രവര്‍ത്തിച്ചു, സ്ഫോടനങ്ങള്‍ സംഘടിപ്പിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഗൂഢാലോചന നടത്തി, അതിനുവേണ്ട ആയുധങ്ങള്‍ ശേഖരിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കശ്മീരില്‍ പ്രവേശ പരീക്ഷക്ക് പശുവിനും അഡ്മിറ്റ് കാര്‍ഡ്

Posted: 02 May 2015 12:36 PM PDT

Image: 

ശ്രീനഗര്‍: മഴയത്ത് സ്കൂള്‍ വരാന്തയില്‍ കയറിനിന്ന പശുവും ആടുമൊക്കെ മികച്ച ഗ്രേഡോടെ എസ്.എസ്.എല്‍.സി പാസായി എന്നത് വെറും ഫേസ്ബുക് തമാശ. കശ്മീരില്‍ ഇക്കാര്യം അക്ഷരംപ്രതി ശരിയായിരിക്കുന്നു. കശ്മീരിലെ ബോര്‍ഡ് ഓഫ് പ്രഫഷനല്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍സ് (ബി.ഒ.പി.ഇ.ഇ) പോളിടെക്നിക് ഡിപ്ളോമ കോഴ്സ് പ്രവേശ പരീക്ഷക്ക് ഇവിടെ ഒരു പശുവിനും ലഭിച്ചിരിക്കുന്നു ഹാള്‍ ടിക്കറ്റ്. മേയ് 10ന് രാവിലെ 9.55ന് മുമ്പായി ഹാളില്‍ ഹാജരാകാനാണ് നിര്‍ദേശം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വിഷയം രാഷ്ട്രീയ വിവാദങ്ങള്‍ക്കും തിരികൊളുത്തി.
ബി.ഒ.പി.ഇ.ഇയുടെ കാര്യക്ഷമത പരീക്ഷിക്കാന്‍ ബദ്ഗാം ജില്ലക്കാരന്‍  അബ്ദുല്‍ റഷീദ ഒപ്പിച്ച വേലയാണ് സര്‍ക്കാറിന് പുലിവാലായത്. തവിട്ടു നിറമുള്ള പശു എന്നര്‍ഥം വരുന്ന കാച്ചില്‍ ഗാവ് എന്നപേരില്‍ റഷീദ് അപേക്ഷ അയച്ചു. 1997 ജനുവരി ഒന്ന് എന്നാണ് ജനനത്തീയതി നല്‍കിയത്. കാച്ചില്‍ ഗാവിന്‍െറ പിതാവായി അപേക്ഷയില്‍ കാളയുടെ പേരും നല്‍കി. സാങ്കേതിക അപാകതകളൊന്നും കാണാത്ത അധികൃതര്‍ അപേക്ഷ സ്വീകരിക്കുകയും കാര്‍ഡ് അയക്കുകയുമായിരുന്നു.
കശ്മീര്‍ പ്രതിപക്ഷകക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സിന്‍െറ വക്താവ് ജുനൈദ് ആസിം അഡ്മിറ്റ് കാര്‍ഡിന്‍െറ കോപ്പി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ സര്‍ക്കാറിനെയും ബി.ഒ.പി.ഇ.ഇ അധികൃതരെയും വിമര്‍ശിച്ച് രംഗത്തത്തെി. അതേസമയം, സംഭവത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ളെന്ന് ബി.ഒ.പി.ഇ.ഇ വൃത്തങ്ങള്‍ പ്രതികരിച്ചു. പരീക്ഷാര്‍ഥി ഓണ്‍ലൈന്‍വഴി സമര്‍പ്പിച്ച വിവരങ്ങള്‍ സൂക്ഷ്മപരിശോധന നടത്താനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്കല്ളെന്നും അപ്ലോഡ് ചെയ്ത ചിത്രം പശുവിന്‍േറതാണോ എന്നോ മറ്റോ നോക്കാന്‍ മാര്‍ഗമില്ളെന്നും ബി.ഒ.പി.ഇ.ഇ പരീക്ഷ കണ്‍ട്രോളര്‍ ഫാറൂഖ് അഹമ്മദ് മിര്‍ പറഞ്ഞു.

മാണിയെ മറയാക്കി ബാബുവിനെ രക്ഷിക്കാന്‍ എ വിഭാഗം

Posted: 02 May 2015 12:29 PM PDT

Image: 

കൊച്ചി: ബാബുവിനെതിരെ ത്വരിത പരിശോധനക്ക് വിജിലന്‍സ് അന്വേഷണസംഘം തീരുമാനിച്ചതോടെ കോണ്‍ഗ്രസ് എ വിഭാഗം പ്രതിരോധത്തിലായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വലംകൈയായ മന്ത്രി ബാബുവിനെതിരെ ഐ വിഭാഗം നേതാവും ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല കരുനീക്കം നടത്തുകയാണെന്ന് ആരോപിക്കുമ്പോഴും ഈ ഊരാക്കുടുക്കില്‍നിന്ന് തടിയൂരുന്നതിനുള്ള വഴി തേടുകയാണവര്‍. ധനമന്ത്രി  കെ.എം. മാണിയെ മറയാക്കിയാണ് ഇതിന് നീക്കം നടക്കുന്നത്.
ബാര്‍ കോഴ കേസില്‍ മാണിക്കെതിരായ ആരോപണത്തെ തുടര്‍ന്ന് ത്വരിത പരിശോധന നടന്നിരുന്നു. എന്നാല്‍, വ്യക്തമായ തെളിവില്ളെന്ന നിഗമനത്തിലാണ് വിജിലന്‍സ്. മാണിക്ക് നേരിട്ട് പണം കൈമാറിയതായി ആരും മൊഴി നല്‍കിയിട്ടില്ല. കൈക്കൂലി നല്‍കിയതായി ബിജു രമേശ് ആരോപണം ഉന്നയിച്ചെങ്കിലും ബാര്‍ ഉടമകള്‍ ഇക്കാര്യം നിഷേധിച്ചു. മാണിക്ക് പെട്ടി കൈമാറുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയത് ബിജു രമേശിന്‍െറ ഡ്രൈവറാണ്. ആരോപണം ഉന്നയിച്ചയാളുടെ ശമ്പളക്കാരന്‍െറ മൊഴി എന്ന നിലക്ക് ഇതിന് പ്രാധാന്യം നല്‍കേണ്ടതില്ളെന്ന നിലപാടിലാണ് വിജിലന്‍സ്. അതേസമയം, മന്ത്രി ബാബുവിന് താന്‍ നേരിട്ട് 50 ലക്ഷം രൂപ കൈമാറിയെന്നാണ് ബിജു രമേശ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. ബാര്‍ ലൈസന്‍സ് പുതുക്കുന്നതിന്‍െറ ഫീസ് കുറച്ച് നല്‍കാന്‍ ബാറുടമകളില്‍നിന്ന് സമാഹരിച്ച പത്ത്കോടി രൂപ മന്ത്രിക്ക് നല്‍കിയെന്നും ഇതേതുടര്‍ന്ന് 30 ലക്ഷം രൂപയായിരുന്ന ഫീസ് 23 ലക്ഷമായി കുറച്ചുവെന്നുമാണ് മൊഴി. അന്വേഷണം മുന്നോട്ടുപോയാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ സാങ്കേതികതയുടെ പേരില്‍ പിടിച്ചുനില്‍ക്കില്ളെന്നും രാജിവെക്കുമെന്നും മന്ത്രി ബാബു നേരത്തെ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതെല്ലാം എ വിഭാഗത്തിന് വ്യക്തമായ ഊരാക്കുടുക്കാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ മന്ത്രി കെ.എം. മാണിക്കെതിരെ തെളിവില്ളെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് എത്രയും വേഗം പുറത്തുവരുക എന്നതാണ് എ വിഭാഗത്തിന് മുന്നിലുള്ള ഏക രക്ഷാമാര്‍ഗം. അങ്ങനെയാണെങ്കില്‍, ബിജു ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നുപറഞ്ഞ് പിടിച്ചുനില്‍ക്കാനാവും.
അതേസമയം, കെ. ബാബുവിന് എതിരായ ക്വിക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ മാണിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് വൈകിപ്പിക്കാനുള്ള നീക്കം മറുവശത്തും നടക്കുന്നുണ്ട്.
 

ഫെഡറേഷന്‍ കപ്പ് അത് ലറ്റിക്സ്: ടിന്‍റുവിനും അനുവിനും സ്വര്‍ണം

Posted: 02 May 2015 11:42 AM PDT

Image: 
Subtitle: 
രണ്ട് റെക്കോഡ് •തിരിച്ചുവരവ് ഗംഭീരമാക്കി മയൂഖ ജോണി •ഇന്ദ്രജിത് സിങ്ങിന് റിയോ ഒളിമ്പിക്സിന് യോഗ്യത

മംഗളൂരു: മേടച്ചൂടില്‍ ഉരുകിയൊലിച്ച മംഗള സ്റ്റേഡിയത്തില്‍ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ലറ്റിക് മീറ്റിന്‍െറ രണ്ടാംദിനം കേരളത്തിന് രണ്ട് സ്വര്‍ണം. 800 മീറ്ററില്‍ ടിന്‍റു ലൂക്കയും 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ആര്‍. അനുവുമാണ് മലയാളനാടിന്‍െറ ഖ്യാതി അറിയിച്ചത്. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും നേടിയ കേരളം 40 പോയന്‍റുമായി മൂന്നാം സ്ഥാനത്താണ്. 63 പോയന്‍റുള്ള ആതിഥേയരായ കര്‍ണാടകയാണ് മുന്നില്‍. രണ്ടാമതുള്ള ആര്‍മിക്ക് 46 പോയന്‍റുണ്ട്. രണ്ടാംദിനം രണ്ട് റെക്കോഡുകള്‍ പിറന്നു. പുരുഷന്മാരുടെ ജാവലിന്‍ത്രോയില്‍ ആര്‍മിയുടെ ദേവാന്ദര്‍ സിങ്ങും ഷോട്ട്പുട്ടില്‍ ലോക യൂനിവേഴ്സിറ്റി മീറ്റിലെ വെള്ളി മെഡല്‍ ജേതാവ് കൂടിയായ ഹരിയാനയുടെ ഇന്ദ്രജിത് സിങ്ങുമാണ് പുതിയദൂരം താണ്ടിയത്. ഇന്ദ്രജിത് സിങ്ങ് അടുത്ത വര്‍ഷം നടക്കുന്ന റിയോ ഒളിമ്പിക്സിന് യോഗ്യത നേടി. കൂടാതെ, ഇരുവരും വുഹാനില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക് മീറ്റിന് യോഗ്യതനേടി.

മീറ്റിലെ വേഗമേറിയ താരപദവി ഒഡിഷയിലേക്കുപോയി. പുരുഷന്മാരില്‍ അമിയ കുമാര്‍ മലികും (10.56 സെ.) വനിതകളില്‍ ശ്രബാനി നന്ദയുമാണ് (11.59 സെ.) 100 മീറ്ററില്‍ ട്രാക്ക് വാണത്. ദേശീയ ഗെയിംസിലെ വേഗറാണിയായിരുന്ന ഒഡിഷയുടെ ദ്യുതി ചന്ദ് വെള്ളി നേടി. ഡെക്കാത്തലണില്‍ ഗുജറാത്തിന്‍െറ മലയാളി താരം വി.വി. റനീഷിന് വെളളിയുണ്ട്. ആര്‍. അനുവും ജിന്‍സണ്‍ ജോണ്‍സനും പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ദുര്‍ഗേഷ് കുമാര്‍ പാലും ഏഷ്യന്‍ മീറ്റിലേക്ക് ടിക്കറ്റുറപ്പിച്ചു. ദേശീയ ഗെയിംസിലെ മികവ് ആവര്‍ത്തിച്ചാണ് ആര്‍. അനു വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ സ്വര്‍ണം ഓടിയെടുത്തത്. 59.13 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അനു ഏഷ്യന്‍ അത്ലറ്റിക് മീറ്റിനുള്ള യോഗ്യത ഉറപ്പാക്കിയത്. 59.72 സെക്കന്‍ഡാണ് ഏഷ്യന്‍ മീറ്റിനുള്ള യോഗ്യതാസമയം. കേരളത്തിന്‍െറ വി.വി. ജിഷ നാലാമതായി. പുതിയ സീസണ്‍ സ്വര്‍ണത്തോടെ തുടങ്ങാനായതില്‍ സന്തോഷമുണ്ടെന്ന് അനു പറഞ്ഞു. ദേശീയ ഗെയിംസിലെ മികച്ചപ്രകടനത്തിന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഗസറ്റഡ് ജോലിക്കായി കാത്തിരിക്കുകയാണ് ഈ ആലത്തൂര്‍കാരി. ജോലി സംബന്ധിച്ച് ഒരറിയിപ്പും ഇതുവരെ കിട്ടിയിട്ടില്ളെന്നും അനു പറഞ്ഞു.

വനിതകളുടെ 800 മീറ്ററില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ടിന്‍റു സ്വര്‍ണത്തിലത്തെിയത്. രണ്ട് മിനിറ്റ് 04.14 സെക്കന്‍ഡിലാണ് ടിന്‍റു ജേത്രിയായത്. സ്ഥിരമായി പ്രാക്ടീസ് ചെയ്യുന്ന മംഗള സ്റ്റേഡിയത്തില്‍ നിറഞ്ഞ കാണികളുടെ കൈയ്യടിയോടെയാണ് ടിന്‍റു ഫിനിഷിങ് ലൈനിലത്തെിയത്. ബെയ്ജിങ്ങില്‍ നടക്കുന്ന ലോക അത്ലറ്റിക് മീറ്റിനും വുഹാനിലെ എഷ്യന്‍ മീറ്റിനും ടിന്‍റു നേരത്തേ യോഗ്യത ഉറപ്പിച്ചിരുന്നു.
പുരുഷന്മാരുടെ 800 മീറ്ററില്‍ കോഴിക്കോട് ചക്കിട്ടപാറ സ്വദേശി ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണം നേടി. ആര്‍മിയുടെ താരമായ ജിന്‍സണ്‍ ഒരു മിനിറ്റ് 47.58 സെക്കന്‍ഡിലാണ് കുതിച്ചത്. ചക്കിട്ടപാറ കുളച്ചല്‍ ജോണ്‍സന്‍െറയും ശൈലജയുടെയും മകനായ ജിന്‍സണ്‍ പുണെ ആര്‍മി സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശീലിക്കുന്നത്. കണ്ണൂര്‍ സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് പരിശീലകന്‍. കഴിഞ്ഞവര്‍ഷം പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെങ്കലവുമുണ്ടായിരുന്നു. മൂന്നാംദിനമായ ഞായറാഴ്ച എട്ട് ഫൈനലുകള്‍ നടക്കും.

ആദ്യദിനം മയൂഖമയം

മീറ്റിന്‍െറ ആദ്യദിനമായ വെള്ളിയാഴ്ച കേരളം ഒരു വെള്ളിയും രണ്ട് വെങ്കലവുമാണ് നേടിയത്. വനിതകളുടെ 5000 മീറ്ററില്‍ പി.യു. ചിത്രയാണ് രജതപതക്കമണിഞ്ഞത്. നേരിയ വ്യത്യാസത്തിനാണ് ചിത്രയില്‍നിന്ന് തമിഴ്നാടിന്‍െറ എല്‍. സൂര്യ സ്വര്‍ണം തട്ടിയെടുത്തത്. 16 മിനിറ്റ് 55.90 സെക്കന്‍ഡിലായിരുന്നു സൂര്യയുടെ ഫിനിഷിങ്. 16 മിനിറ്റ് 56.29 ആണ് ചിത്രയുടെ സമയം. ലോങ്ജംപില്‍ ദേശീയ ഗെയിംസ് ജേത്രിയായ വി. നീനയും ഹൈജംപില്‍ സ്റ്റെനി ¥ൈമക്കിളുമാണ് ഒന്നാംദിനത്തില്‍ കേരളത്തിന്‍െറ വെങ്കല ജേതാക്കള്‍.

ഒ.എന്‍.ജി.സിയെ പ്രതിനിധീകരിച്ചത്തെിയ മലയാളി താരം മയൂഖ ജോണി പരിക്കില്‍നിന്ന് മോചിതയായ ശേഷമുള്ള ആദ്യമീറ്റില്‍ തന്നെ സ്വര്‍ണം ചാടിയെടുത്തു. 6.34 മീറ്റര്‍ ചാടിയ മയൂഖ ഏഷ്യന്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പിനും യോഗ്യതനേടി. തിരിച്ചുവരവില്‍ സ്വര്‍ണം സ്വന്തമാക്കാനായതില്‍ സന്തോഷമുണ്ടെന്ന് മയൂഖ പറഞ്ഞു. വെങ്കലമണിഞ്ഞ കേരളത്തിന്‍െറ വി. നീന 6.12 മീറ്ററാണ് പിന്നിട്ടത്. ഹൈജംപില്‍ ഒളിമ്പ്യന്‍ സഹന കുമാരിക്ക് വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നില്‍ സ്വര്‍ണം നേടാനായെങ്കിലും 1.76 മീറ്റര്‍ മാത്രമാണ് കര്‍ണാടകതാരം താണ്ടിയത്. ഏഷ്യന്‍ മീറ്റിന് യോഗ്യത നേടാനാവാത്തതിന്‍െറ സങ്കടവും പേറിയാണ് ഫെഡറേഷന്‍ കപ്പിലെ എട്ടാം സ്വര്‍ണവുമായി സഹന ഹൈജംപ് പിറ്റ് വിട്ടത്. ഈയിനത്തില്‍ സ്റ്റെനി മൈക്കിള്‍ 1.70 മീറ്ററോടെയാണ് വെങ്കലം നേടിയത്.

പുരുഷന്മാരുടെ 5000 മീറ്ററില്‍ ആര്‍മിയെ പ്രതിനിധീകരിച്ച കോഴിക്കോട്ടുകാരന്‍ ജി. ഗോപിക്കാണ് വെള്ളി. തമിഴ്നാടിന്‍െറ ജി. ലക്ഷ്മണനാണ് സ്വര്‍ണം.

ബാര്‍കോഴ: അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന്എം.എം ഹസന്‍

Posted: 02 May 2015 11:18 AM PDT

Image: 

കൊച്ചി: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മന്ത്രി ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി കണ്ടെത്തല്‍ ഉടന്‍ പുറത്തുവിടണമെന്ന് എം.എം. ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബിജു രമേശിന്‍െറ പുതിയ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജു രമേശ് സി.പി.എമ്മിന്‍െറയും പ്രതിപക്ഷത്തിന്‍െറയും ചട്ടുകമായി. ആരോപണം രാഷ്ട്രീയ പ്രശ്നമാക്കി വളര്‍ത്തി തദ്ദേശ തെരഞ്ഞെടുപ്പുവരെ നീട്ടിക്കൊണ്ടുപോകാനാണ് സി.പി.എമ്മിന്‍െറയും പ്രതിപക്ഷത്തിന്‍െറയും ശ്രമം. ഇതുവരെ തെളിവുനല്‍കാന്‍ ബിജുവിന് കഴിഞ്ഞിട്ടില്ല.
 നേരത്തെ വിജിലന്‍സിന് അഞ്ചു പ്രാവശ്യം മൊഴി കൊടുത്തപ്പോള്‍ ബാബുവിനെതിരെ ഒന്നും പറയാതിരുന്ന ബിജുവാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്. ബാറുകള്‍ പൂട്ടിയതിന്‍െറ പ്രതികാരമാണീ ആരോപണം.

 

ചലഞ്ചേഴ്സ് കുതിപ്പ്

Posted: 02 May 2015 07:15 AM PDT

Image: 

ബംഗളൂരു: മഴ പെയ്തൊഴിഞ്ഞ ഗ്രൗണ്ടില്‍ റണ്ണൊഴുക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഉരുളക്ക് ഉപ്പേരിയായി മറുപടി നല്‍കിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂരിന് ഏഴു വിക്കറ്റ് ജയം. ശനിയാഴ്ച വൈകീട്ട് നാലിന് തുടങ്ങേണ്ടിയിരുന്ന മത്സരം രണ്ടേ മുക്കാല്‍ മണിക്കൂര്‍ വൈകിയതോടെ 10 ഓവര്‍ വീതമാണ് കളി നടന്നത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 10 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 111 റണ്‍സിലേക്ക് കുതിച്ചു. 17 പന്തില്‍ 45 റണ്‍സ് അടിച്ചെടുത്ത ആന്ദ്രെ റസലിന്‍െറ നേതൃത്വത്തിലായിരുന്നു കൊല്‍ക്കത്ത നിരയുടെ തകര്‍ക്കല്‍ അരങ്ങേറിയത്. മറുപടി ബാറ്റിങ്ങില്‍, മന്‍ദീപ് സിങ് അരങ്ങുവാണതോടെ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രണ്ടുപന്ത് ശേഷിക്കെ ബാംഗ്ളൂര്‍ ലക്ഷ്യം പിടിച്ചു.

പുറത്താകാതെനിന്ന മന്‍ദീപ് 18 പന്തില്‍ 45 റണ്‍സ് സ്വന്തമാക്കി. നാലു ഫോറും മൂന്നു സിക്സും താരം അടിച്ചെടുത്തു. ക്യാപ്റ്റന്‍ വിരാട് കോഹ്ലി 34 റണ്‍സെടുത്ത് ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചപ്പോള്‍, ക്രിസ് ഗെയ്ല്‍ ഒമ്പത് പന്തില്‍ 21 റണ്‍സെടുത്ത് പുറത്തായി. എ.ബി. ഡിവില്ലിയേഴ്സ് രണ്ട് റണ്‍സെടുത്ത് ക്ഷണത്തില്‍ തിരിച്ചുകയറി. മന്‍ദീപാണ് കളിയിലെ താരം. മന്‍ദീപിനൊപ്പം, വീസും (9) പുറത്താകാതെനിന്നു.

ടോസ് നേടിയ ബാംഗ്ളൂര്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഗൗതം ഗംഭീറിനെ (12)ഉും റോബിന്‍ ഉത്തപ്പയെയും (23) വീസും ചഹലും പുറത്താക്കിയശേഷം റസലാണ് സ്കോര്‍ 100ലേക്ക് അടിപ്പിച്ചത്. അഞ്ചു ഫോറും മൂന്നു സിക്സും റസലിന്‍െറ ബാറ്റില്‍ നിന്ന് പറന്നു. ഒമ്പതാം ഓവറില്‍ താരം റണ്ണൗട്ടായില്ലായിരുന്നെങ്കില്‍ കൊല്‍ക്കത്ത സ്കോര്‍ വീണ്ടും ഉയരുമായിരുന്നു.

റയാന്‍ ടെന്‍ ദൊസ്ചെറ്റ് 12 റണ്‍സെടുത്ത് പുറത്തായി. റണ്‍സൊന്നുമെടുക്കാതെ സൂര്യകുമാര്‍ യാദവും യൂസഫ് പത്താനും (11) പുറത്താകാതെ നിന്നു.

ഇവിടെ പഴക്കം കൂടുന്തോറും വിലകൂടും

Posted: 02 May 2015 06:41 AM PDT

Image: 
Subtitle: 
പഴയകാല കരവിരുതിന്‍െറ പ്രതാപം അറിയണമെങ്കില്‍ വടകര താഴെഅങ്ങാടിയിലേക്ക് വരണം

വടകര: പ്രൗഢി നഷ്ടപ്പെടാത്ത പൗരാണികതയുടെ ശേഷിപ്പുകളുണ്ട്, വടകര താഴെഅങ്ങാടിയില്‍. ഇവ, കാണാനും സ്വന്തമാക്കാനുമായി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നും വിദേശങ്ങളില്‍ നിന്നുമായി എത്തുന്നവര്‍ നിരവധിയാണ്. ഒരു പക്ഷെ, ഇത്തരം കരവിരുതുകളെ സ്വന്തമാക്കാനാഗ്രഹിക്കുന്നവരുടെ തീര്‍ഥാടനകേന്ദ്രമായി താഴെഅങ്ങാടി മാറി. ഒരുകാലത്ത് പാണ്ടികശാലകളുടെ പേരിലായിരുന്നെങ്കില്‍ ഇന്ന് പഴമയുടെ പെരുമപേറുന്ന വസ്തുക്കളുടെ വില്‍പനകേന്ദ്രമെന്ന നിലയിലാണ് ഇവിടം അറിയപ്പെടുന്നത്. അങ്ങനെ, ചുരുങ്ങിയ കാലം കൊണ്ടുതന്നെ കേരളവും ഇന്ത്യയും കടന്ന് ഈ നാടിന്‍െറ പെരുമ വിദേശരാജ്യങ്ങളിലുമത്തെി. പ്രാദേശികമായും ആവശ്യക്കാര്‍ വന്നുതുടങ്ങിയതോടെ, ആന്‍റിക് ഷോപ്പുകളുടെ പ്രചാരമേറി.

താഴെഅങ്ങാടിയിലെ പഴയവസ്തുക്കളുടെ വില്‍പനക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മുമ്പ് ചില വ്യക്തികള്‍ കേന്ദ്രീകരിച്ചായിരുന്നു വില്‍പന. അവ കേന്ദ്രീകൃതമായ വില്‍പന സമ്പ്രദായത്തിലേക്ക് മാറിയത് 20 വര്‍ഷത്തിനിടെയാണ്. പഴയ ഫര്‍ണിചര്‍, അലങ്കാരവസ്തുക്കള്‍, വിളക്കുകള്‍, പാത്രങ്ങള്‍ തുടങ്ങിയവയാണ് പ്രധാന വില്‍പന വസ്തുക്കള്‍. നാലുകെട്ടുകളും പഴയതറവാടുകളും പൊളിക്കുമ്പോഴുള്ള ഫര്‍ണിചറുകള്‍ക്കാണ് ആവശ്യക്കാരേറെ. ഇവ താഴെഅങ്ങാടിയിലത്തെിക്കാന്‍ കേരളത്തിന്‍െറ വിവിധഭാഗങ്ങളില്‍ ഏജന്‍റുമാരുണ്ട്. കട്ടിലുകള്‍, അലമാരകള്‍, മേശ, പത്തായം, സോഫാസെറ്റുകള്‍, ഡ്രസ്സിങ് ടേബ്ള്‍, കസേരകള്‍, നിലക്കണ്ണാടികള്‍, വിവിധ തരം സ്റ്റാന്‍ഡുകള്‍ എന്നിവ പൗരാണിക വാസ്തുകലയുടെ വൈദഗ്ധ്യം വിളിച്ചറിയിക്കുന്നവയാണ്. ഫര്‍ണിചറുകളുടെ കമനീയശേഖരം തന്നെ ഇവിടെയുണ്ട്. പലതും 100ഉം 150ഉം വര്‍ഷം പഴക്കമുള്ളവ. തേക്ക്, വീട്ടി മരങ്ങളില്‍ തീര്‍ത്തവയാണ് ഫര്‍ണിചറുകളില്‍ ഏറെയും. എല്ലാം കൈകൊത്തുപണിയില്‍ മനോഹരമാക്കിയവ. പഴയ സാധനങ്ങള്‍ അറ്റകുറ്റപ്പണി നടത്തി മിനുക്കിയാണ് വില്‍പന. പഴക്കം കൂടുന്തോറും വില കൂടും. പഴയമാതൃകയില്‍ പുതിയമരം കൊണ്ട് ഫര്‍ണിചറുകള്‍ തീര്‍ക്കുന്നവരുമുണ്ടിവിടെ.

ഫര്‍ണിചറുകള്‍ മാത്രമല്ല, പഴയ നാണയങ്ങള്‍, സ്റ്റാമ്പുകള്‍, ഗ്രാമഫോണുകള്‍, ചെല്ലപ്പെട്ടികള്‍ എന്നിവയുടെയും കേന്ദ്രമാണിവിടം. പുതിയ വീടെടുക്കുന്നവര്‍ ഈടുറ്റ പഴയസാധനങ്ങള്‍ തേടുന്ന പ്രവണത നമ്മുടെ നാട്ടില്‍തന്നെ വര്‍ധിച്ചിരിക്കുകയാണ്. യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഇവിടെനിന്ന് സാധനങ്ങള്‍ കൊണ്ടുപോവുക പതിവാണ്. വിദേശികള്‍ കാഴ്ചക്കാരായി എത്തുന്ന സാഹചര്യവുമുണ്ട്. കിട്ടാവുന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം ഇവിടെ കച്ചവടക്കാര്‍ സാധനങ്ങള്‍ എത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ ഫര്‍ണിചര്‍ നിരക്കുമായി തട്ടിക്കുമ്പോള്‍ വലിയ വില ഇവിടെയില്ളെന്നാണ് കച്ചവടക്കാരുടെ പക്ഷം. അതേസമയം ചില അപൂര്‍വ ഇനങ്ങള്‍ക്ക് നല്ലവിലയുണ്ട്. ഒന്നരലക്ഷം വിലവരുന്ന അലമാരയുണ്ടിവിടെ. ഇത്തരം ശേഖരത്തിനൊപ്പം വലിയൊരു തൊഴില്‍മേഖലയായും ഈ കേന്ദ്രംമാറി. ഫര്‍ണിചറുകളുടെ അറ്റകുറ്റപ്പണി, പോളിഷ്, വില്‍പന എന്നീമേഖലകളില്‍ 100 ലേറെപ്പേര്‍ ജോലി ചെയ്യുന്നു. പലരും പാരമ്പര്യമായാണ് ഈ കച്ചവടമേഖലയിലത്തെുന്നത്.
 പിതാവ് അബ്ദുറഹിമാന്‍ ഹാജിയുടെ പിന്‍മുറക്കാരനായി ഈ മേഖലയിലത്തെിയ കച്ചവടക്കാരിലൊരാളായ എന്‍.വി.പി. സുനീര്‍ പറയുന്നു. ‘സിനിമാതാരങ്ങളുള്‍പ്പെടെ ഇവിടെയത്തെുന്നവര്‍ നിരവധിയാണെന്ന്. മലേഷ്യ, മുംബൈ, കൊല്‍ക്കത്ത, ഗുജറാത്ത് എന്നിവിടങ്ങളിലും ഇത്തരം കേന്ദ്രങ്ങളുണ്ട്. അവിടെ നിന്നൊക്കെ കേരളത്തനിമയുള്ളവക്കായി ആളുകള്‍ ഇവിടെയത്തൊറുണ്ട്’.

ലോറിക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ എസ്.ഐക്കും സി.പി.ഒക്കും സസ്പെന്‍ഷന്‍

Posted: 02 May 2015 02:25 AM PDT

Image: 

കൊച്ചി: ലോറിക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി കമ്മീഷണര്‍ നേരിട്ട് പിടികൂടിയ എസ്.ഐക്കും സിവില്‍ പൊലീസ് ഓഫീസര്‍ക്കും (സി.പി.ഒ) സസ്പെന്‍ഷന്‍. പനങ്ങാട് എസ്.ഐ എന്‍.ബി ശ്രീകുമാര്‍, സീനിയര്‍ സി.പി.ഒ ബിജു എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. ഡി.സി.പി എ. ഹരിശങ്കര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണറാണ് നടപടി സ്വീകരിച്ചത്.  

തമിഴ്നാട്ടുകാരായ ലോറിജീവനക്കാരെ കൂട്ടിയായിരുന്നു ഡെപ്യൂട്ടി കമ്മിഷണര്‍ ഹരിശങ്കറിന്‍െറ പരിശോധന. പൊലീസുകാരുടെ കൈയില്‍ നിന്ന് കണക്കില്‍പെടാത്ത 9,000 രൂപയും കണ്ടെടുത്തു. രാത്രിസമയത്ത് ദേശീയപാതയില്‍ പൊലീസുകാരുടെ പണപ്പിരിവ് പതിവാണ് എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഡി.സി.പിയും സംഘവും കയറിയ ലോറിക്ക് പനങ്ങാട് പൊലീസ് കൈകാണിക്കുകയായിരുന്നു.

നിയമസഭയിലെ കയ്യാങ്കളി: ജമീല പ്രകാശത്തിന്‍റെ പരാതിയില്‍ കോടതി നേരിട്ട് തെളിവെടുക്കും

Posted: 01 May 2015 09:10 PM PDT

Image: 

തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധത്തിനിടെയുണ്ടായ സംഭവങ്ങള്‍ സംബന്ധിച്ച് ജമീല പ്രകാശം എം.എല്‍.എ നല്‍കിയ പരാതിയില്‍ കോടതി നേരിട്ടു തെളിവെടുക്കും. തിരുവനന്തപുരം ജുഡീഷല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ്  മെയ് മാസം 30 ന് നേരിട്ടു തെളിവെടുപ്പു നടത്തുക.
ബജറ്റവതരണത്തെ തുടര്‍ന്നു നിയമസഭയിലുണ്ടായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ കോണ്‍ഗ്രസ് എം.എല്‍.എമാരായ കെ. ശിവദാസന്‍നായരും ഡൊമിനിക് പ്രസന്‍റേഷനും തന്‍റെ സ്ത്രീത്വത്തെ അപമാനിച്ചെന്നായിരുന്നു ജമീലയുടെ പരാതി. രണ്ട് എം.എല്‍.എമാര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു പരാതിയിലെ ആവശ്യം.
തെളിവായി നിയമസഭയിലെ പ്രതിഷേധ സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ജമീല കോടതിയില്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതു രണ്ടാംതരം തെളിവു മാത്രമാണെന്നു പറഞ്ഞ കോടതി നേരിട്ടു തെളിവെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP