സ്വാഗതം
WELCOME

News Update..

Friday, May 15, 2015

ആള്‍ക്കൂട്ടത്തിനു മുന്നില്‍ യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി Madhyamam News Feeds

ആള്‍ക്കൂട്ടത്തിനു മുന്നില്‍ യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി Madhyamam News Feeds

Link to

ആള്‍ക്കൂട്ടത്തിനു മുന്നില്‍ യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി

Posted: 14 May 2015 11:36 PM PDT

Image: 

ന്യൂഡല്‍ഹി: ഭാര്യയെ യുവാവ് പൊതുജനമധ്യത്തില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. വ്യാഴാഴ്ച വൈകിട്ട് ഡല്‍ഹിയിലെ ഗാസിയാബാദിനടുത്ത് ജ്യോതി നഗറില്‍ ആണ് സംഭവം. 75 ശതമാനം പൊള്ളലേറ്റ റുബീന എന്ന യുവതിയെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ടു കുട്ടികളുടെ അമ്മയാണ് 25കാരിയായ റുബീന.

ലോണിയിലെ വീട്ടില്‍ നിന്നും ഭാര്യയെ ബലമായി  വലിച്ചിഴച്ചുകൊണ്ടു വന്ന ഭര്‍ത്താവ് റഈസ് ഖാന്‍ മണ്ണെണ്ണയൊഴിച്ചതിനുശേഷം തീകൊളുത്തുകയായിരുന്നുവെന്നും കണ്ടു നിന്നവര്‍ ഒരാളും തടയാന്‍ ചെന്നില്ളെന്നും പൊലീസ് പറഞ്ഞു. ഈ സമയം അവിടെയത്തെിയ പൊലീസ് കാണുന്നത് റുബീനയുടെ ശരീരത്തില്‍ നിന്ന് തീ കെടുത്താന്‍ ശ്രമിക്കുന്ന നാട്ടുകാരെയാണ്. അതിനകം തന്നെ യുവതിയുടെ ശരീരം മുക്കാല്‍ഭാഗം പൊള്ളിയിരുന്നു.

ആറു വര്‍ഷം പിന്നിട്ട ഇവരുടെ ദാമ്പത്യത്തില്‍ പ്രശ്നം ഉണ്ടായിരുന്നതായും ആറു മാസമായി ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു. സ്വന്തം വീട്ടില്‍ പോയി നിന്ന റുബീന റഈസിന്‍റെ നിര്‍ബന്ധം കാരണം ലോണിയിലെ വീട്ടിലേക്ക് മടങ്ങിയത്തെിയതായിരുന്നു. കയ്യില്‍ പ്ളാസ്റ്റിക് ബോട്ടിലുമായി ഭര്‍ത്താവ് തന്നെ കാത്തു നില്‍ക്കുന്നുവെന്ന് വൈകിട്ട് നാലു മണിയോടെ റുബീന ചിലരോട് പറയുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ അറിയിച്ചു. ഇവര്‍ പൊള്ളലേറ്റ് രക്ഷക്കായി അലറിക്കരയുന്നതിനിടെ റഈസ് ഓടി രക്ഷപ്പെടുകയും ചെയ്തു.  കേസ് എടുത്തതായും പ്രതിയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും ജ്യോതി നഗര്‍ പൊലീസ് പറഞ്ഞു.

മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി

Posted: 14 May 2015 10:47 PM PDT

Image: 

ന്യൂഡല്‍ഹി: ബംഗളൂരു സ്ഫോടനക്കേസില്‍ പി.ഡി.പി നേതാവ് അബ്ദുനാസര്‍ മഅ്ദനിയുടെ ജാമ്യ വ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് നല്‍കി. മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതിയുടെ അനുമതി ലഭിച്ചു. രോഗാവസ്ഥയിലുള്ള മാതാവിനെ സന്ദര്‍ശിക്കാനാണ് അഞ്ച് ദിവസം കേരളത്തില്‍ തങ്ങാന്‍ മഅ്ദനിക്ക് കോടതി അനുമതി നല്‍കിയത്. കേസില്‍ കര്‍ണാടകയിലെ ജയിലിലുള്ള മഅ്ദനിയെ ബംഗളൂരു വിടാന്‍ അനുവദിക്കരുതെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം, കേസിന്‍െറ വിചാരണ നീളുന്നതില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. വിചാരണ രണ്ട് വര്‍ഷം നീളുമെന്ന് കര്‍ണാടക കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. രണ്ട് വര്‍ഷം വിചാരണ നീണ്ടുപോകുന്നത് അംഗീകരിക്കാന്‍ സാധിക്കി െല്ലന്ന് സുപ്രീംകോടതി വ്യക്തമാക്കി. നാലു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന കോടതിയുടെ ഉത്തരവ് പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. കേസ് എന്‍.ഐ.എ കോടതിയിലേക്ക് മാറ്റിയത് എന്തിനാണെന്ന് കര്‍ണാടക സര്‍ക്കാര്‍ വിശദീകരണം നല്‍കണം. മുമ്പ് വിചാരണ നടന്നിരുന്ന പരപ്പന അഗ്രഹാര ജയിലിലെ കോടതിയിലേക്ക് തന്നെ കേസ് മാറ്റാന്‍ കഴിയുമോ എന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മഅ്ദനി കേരളത്തില്‍ തങ്ങുന്ന ദിവസങ്ങളില്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. അനുമതി ലഭിച്ചതോടെ നാളെ തന്നെ മഅ്ദനി കേരളത്തിലേക്ക് മടങ്ങുമെന്നാണ് അറിയുന്നത്.

കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷം വേണമെന്ന് ബംഗളൂരുവിലെ അഡീഷനല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി കര്‍ണാടക ഹൈകോടതി മുഖേനയാണ് സുപ്രീംകോടതിയെ അറിയിച്ചത്. മഅ്ദനിയുടെ വിചാരണ നാലുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് നവംബര്‍ 14ന് കര്‍ണാടക സുപ്രീംകോടതിക്ക് ഉറപ്പുനല്‍കിയിരുന്നു. മാര്‍ച്ച് 14ന് നാല് മാസം പൂര്‍ത്തിയായതോടെയാണ് കേസിന്‍െറ വിചാരണ നീളുമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.
 

കാബൂളിലെ ഭീകരാക്രമണം : ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരണം

Posted: 14 May 2015 10:46 PM PDT

Image: 

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ കാബൂളിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. കൊച്ചി കടവന്ത്ര സ്വദേശിയായ മാത്യു ജോര്‍ജിനു പുറമെ ഡല്‍ഹി മലയാളിയായ മാര്‍ത്ത ഫാരെലാണ് കൊല്ലപ്പെട്ടത്.  പാര്‍ട്ടിസിപ്പേറ്ററി റിസര്‍ച്ച് ഇന്‍ ഏഷ്യ (പിആര്‍ഐഎ) എന്ന സന്നദ്ധസംഘടനയുടെ ഡയറക്ടറായ മാര്‍ത്താ ഫാരെല്‍ കൊല്ലം സ്വദേശിയാണ്. ആഗാഖാന്‍ ട്രസ്റ്റ് നടത്തിയ പരിശീലനപരിപാടിയുടെ ട്രെയിനറായി മെയ് 9 മുതല്‍ ഇവര്‍ കാബൂളിലുണ്ടായിരുന്നു. ശനിയാഴ്ച മടങ്ങാനിരിക്കെയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രാജേഷ് ടണ്ഠന്‍ പി.ആര്‍.ഐ.എയുടെ പ്രസിഡന്‍റാണ്. പാരിക ടണ്ഠന്‍, സുഹൈല്‍ ടണ്ഠന്‍ എന്നിവരാണ് മക്കള്‍. വെള്ളിയാഴ്ച മൃതദേഹം ഡല്‍ഹിയിലത്തെിക്കും. ശനിയാഴ്ചയാണ് സംസ്ക്കാരം.

കൊല്ലപ്പെട്ട മാത്യൂ ജോര്‍ജിന്‍െറ മൃതദേഹം വെള്ളിയാഴ്ച രാവിലെ അഫ്ഗാനിസ്താനില്‍ നിന്ന് ഡല്‍ഹിയിലത്തെിക്കും. അവിടെനിന്ന് കൊച്ചിയിലത്തെിക്കുമെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുള്ളത്. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് എളംകുളം ലിറ്റില്‍ ഫ്ളവര്‍ പള്ളി സെമിത്തേരിയില്‍.

ബുധനാഴ്ചരാത്രി ഒമ്പതോടെയാണ് കാബൂളിലെ കൊലോല പുഷ്ത മേഖലയിലെ പാലസ് പാര്‍ക്ക് ഗസ്റ്റ്ഹൗസ് ലക്ഷ്യമാക്കി താലിബാന്‍ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തില്‍ നാല് ഇന്ത്യാക്കാരും ഒരു അമേരിക്കന്‍ പൗരനുമുള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു.

ഇന്ത്യയും ചൈനയും 24 കരാറുകളില്‍ ഒപ്പിട്ടു

Posted: 14 May 2015 10:09 PM PDT

Image: 

ന്യൂഡല്‍ഹി: പരസ്പര സഹകരണത്തിനുള്ള 24 കരാറുകളില്‍ ഇന്ത്യയും ചൈനയും ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനാ സന്ദര്‍ശനത്തിന്‍െറ ഭാഗമായാണ് കരാറിലേര്‍പ്പെട്ടത്. ഇന്ത്യയിലെ വിവിധ മേഖലകളില്‍ 10 ബില്യന്‍ ഡോളറിന്‍െറ നിക്ഷേപമാണ് ചൈന നടത്തുക.

തെക്കു പടിഞ്ഞാറ് ചൈനയിലെ ചെങ്ദുവില്‍ ഇന്ത്യയും തമിഴ്നാട്ടിലെ ചെന്നൈയില്‍ ചൈനയും കോണ്‍സുലേറ്റ് തുടങ്ങും. തൊഴില്‍ വിദ്യാഭ്യാസ സഹകരണത്തിന്‍െറ ഭാഗമായി ഇന്ത്യയില്‍ മഹാത്മ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്കില്‍ ഡെവലപ്പ്മെന്‍റ് സ്ഥാപിക്കും. വ്യാപാര സഹകരണത്തിന് കൂടിയാലോചനാ സംവിധാനം രൂപീകരിക്കാനും കരാറായി.

ധാതു^ഖനനം, ബഹിരാകാശം, റെയില്‍വേ, വിനോദ സഞ്ചാരം, നീതി അയോഗ്, വാര്‍ത്താവിനിമയം, ഭൂകമ്പ ശാസ്ത്രം, സമുദ്രശാസ്ത്രം, ഭൗമ ശാസ്ത്രം എന്നീ മേഖലകളില്‍ പരസ്പര സഹകരണം. ഇന്ത്യയിലെ നഗരസഭകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുമായി സഹകരിക്കാനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

പരസ്പര സഹകരണം ഇരുരാജ്യങ്ങളും വളര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സമാനമായ വെല്ലുവിളികളാണ് ഇരുരാജ്യങ്ങളും നേരിടുന്നത്. സഹകരണത്തോടെ മാത്രമേ ഇരുരാജ്യങ്ങള്‍ക്കും മുന്നേറാന്‍ സാധിക്കൂ. സര്‍ക്കാറിന്‍െറ ആദ്യ വര്‍ഷത്തില്‍ തന്നെ ചൈന സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ സഹകരണം ശക്തിപ്പെടുത്തുമെന്ന് ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ് പറഞ്ഞു. ഏഷ്യയുടെ വരും നൂറ്റാണ്ട് ഉദിച്ചുയരുന്നത് ഇരുരാജ്യങ്ങളെയും ആശ്രയിച്ചാണ്. ആശയവിനിമയത്തിലൂടെ പരസ്പര വിശ്വാസം ശക്തിപ്പെടുത്തണമെന്നും കെക്വിയാങ് വ്യക്തമാക്കി.
 
 

പിഞ്ചുകുഞ്ഞിന്‍െറ കൊലപാതകം; നടുക്കമൊഴിയാതെ നാട്ടുകാര്‍

Posted: 14 May 2015 10:08 PM PDT

ആറ്റിങ്ങല്‍: പിഞ്ചുകുഞ്ഞിന്‍െറ ദാരുണ കൊലപാതകം; നടുക്കമൊഴിയാതെ നാട്ടുകാര്‍. കീഴാറ്റിങ്ങല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം വാടകക്ക് താമസിച്ചിരുന്ന ചന്ദ്രപ്രഭ എട്ടു മാസം പ്രായമുള്ള മകള്‍ സുപ്രിയയെ കൊലപ്പെടുത്തിയ സംഭവം നാട്ടുകാര്‍ നടുക്കത്തോടെയാണ് ഓര്‍ക്കുന്നത്. രണ്ടു വര്‍ഷമായി ചന്ദ്രപ്രഭ കീഴാറ്റിങ്ങലിലാണ് താമസിക്കുന്നത്. അയല്‍വാസികളോട് അടുപ്പം കാണിക്കാതെ അകന്നുകഴിയാനാണ് ഇവര്‍ ശ്രമിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ കുഞ്ഞിനെയും എടുത്ത് വീട്ടുമുറ്റത്തിറങ്ങി നിലവിളിക്കുമ്പോഴും നാട്ടുകാര്‍ക്ക് ഒരു സംശയവും തോന്നിച്ചിരുന്നില്ല. സമീപകാലത്ത് മാനസികാസ്വാസ്ഥ്യം ഉള്ളതായി ഇവര്‍ മറ്റുള്ളവരുടെ മുന്നില്‍ പ്രകടിപ്പിച്ചിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ പൊലീസ് എത്തിയപ്പോള്‍ താന്‍ മാനസികാസ്വാസ്ഥ്യത്തിന് മരുന്ന് കഴിച്ച് ഉറങ്ങവേ കുഞ്ഞിന്‍െറ ദേഹത്തേക്ക് മറിഞ്ഞതായാണ് മൊഴി നല്‍കിയത്. വാടക വാങ്ങാനത്തെിയ കെട്ടിടം ഉടമയോടും മാനസികാസ്വാസ്ഥ്യമുള്ള രീതിയില്‍ ഇവര്‍ പെരുമാറിയിരുന്നു. പൊലീസിന്‍െറ ചോദ്യം ചെയ്യലിലും സമാന സ്വഭാവ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. ഇത് മന$പൂര്‍വമാണെന്നാണ് പൊലീസ് നിഗമനം. കൊലപാതകത്തിനും രണ്ടു ദിവസം മുമ്പ് സനലിനെതിരെ തന്നെ ചന്ദ്രപ്രഭ കടയ്ക്കാവൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്നെ പീഡിപ്പിക്കുന്നതായി ആരോപിച്ചാണ് പരാതി നല്‍കിയത്. ഇരുവരും സൗഹൃദത്തോടെ കഴിയവേ ഇത്തരമൊരു പരാതി നല്‍കിയതിന്‍െറ ലക്ഷ്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കൊല്ലം തുറമുഖത്ത് പാസഞ്ചര്‍ ടെര്‍മിനല്‍ ശിലാസ്ഥാപനം ഒരുമാസത്തിനകം –കെ. ബാബു

Posted: 14 May 2015 09:58 PM PDT

കൊല്ലം: തുറമുഖത്ത് പാസഞ്ചര്‍ ടെര്‍മിനലിന്‍െറ ശിലാസ്ഥാപനം ഒരുമാസത്തിനുള്ളില്‍ നടത്തുമെന്ന് മന്ത്രി കെ. ബാബു പറഞ്ഞു. 19.36 കോടി രൂപ വിനിയോഗിച്ച് പാസഞ്ചര്‍ ജെട്ടിയുടെ നിര്‍മാണമാണ് ഒന്നാംഘട്ടത്തില്‍ നടത്തുക. 101.5 മീറ്റര്‍ നീളത്തിലാണ് പാസഞ്ചര്‍ ടെര്‍മിനല്‍ നിര്‍മിക്കുകയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കൊല്ലം, വഴിഞ്ഞം തുറമുഖങ്ങളില്‍ കണ്ടെയ്നര്‍ നീക്കം വേഗത്തിലാക്കുന്നതിനായി അനുവദിച്ച കണ്ടെയ്നര്‍ റീച്ച് സ്റ്റാക്കറുകളുടെ ഉദ്ഘാടനം കൊല്ലം തുറമുഖത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഹൈഡ്രോളിക് സര്‍വേ വിഭാഗത്തിന്‍െറ സര്‍വേ ലോഞ്ച്-എം.എല്‍ ജലഗവേഷിണിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. പാസഞ്ചര്‍ ടെര്‍മിനല്‍ പൂര്‍ത്തിയാവുന്നതോടെ വലിയ യാത്രാകപ്പലുകള്‍ക്ക് കൊല്ലം തുറമുഖത്ത് അടുക്കാനാവും. പുറമേ തുറമുഖത്തിന്‍െറ കൂടുതല്‍ വികസന പദ്ധതികളും സര്‍ക്കാറിന്‍െറ പരിഗണനയിലുണ്ട്. കൊല്ലം-ലക്ഷദ്വീപ് സര്‍വിസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തൂത്തുക്കുടിയില്‍നിന്ന് തോട്ടണ്ടി കടല്‍മാര്‍ഗം എത്തിക്കുന്നതിനും നടപടി സ്വീകരിക്കും. ചരക്ക് നീക്കത്തിന്‍െറ നിശ്ചിത ശതമാനം ജലപാതയിലൂടെ നടത്തുന്നതിനാണ് കോസ്റ്റല്‍ ഷിപ്പിങ് ആവിഷ്കരിച്ചത്. 2013 നവംബര്‍ ഒന്നിന് ശേഷം കൊല്ലം തുറമുഖത്ത് 17328 മെട്രിക് ടണ്‍ ചരക്ക് വന്നു. തൂത്തുക്കുടി തുറമുഖവുമായി ബന്ധപ്പെടുത്തി കശുവണ്ടി കയറ്റിറക്ക് സജീവമാക്കുന്നതിനുള്ള പരിശ്രമവും നടന്നുവരികയാണ്. ഇതിനുവേണ്ടി കശുവണ്ടി വികസന ബോര്‍ഡിന്‍െറ ലാബ് സൗകര്യം താല്‍കാലികമായി ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊല്ലം ഡവലപ്മെന്‍റ് അതോറിറ്റി ചെയര്‍മാന്‍ എ.കെ. ഹഫീസ് അധ്യക്ഷത വഹിച്ചു. മേയര്‍ ഹണി ബഞ്ചമിന്‍, എച്ച്.ഇ.ഡി ചീഫ് എന്‍ജിനീയര്‍ എം. രാജീവ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ജോര്‍ജ് ഡി. കാട്ടില്‍, എന്‍. ടോമി, ആര്‍. റോബിന്‍, കെ.എസ്.എം.ഡി.സി മാനേജിങ് ഡയറക്ടര്‍ കെ. രാജേന്ദ്രന്‍, കസ്റ്റംസ് അസിസ്റ്റന്‍റ് കമീഷണര്‍ മഹീന്ദ്രവര്‍മ എന്നിവര്‍ സംസാരിച്ചു. ചീഫ് ഹൈഡ്രോഗ്രാഫര്‍ എ.ആര്‍. സുരേന്ദ്രലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുറമുഖ ഡയറക്ടര്‍ പി.ഐ. ഷേക്ക് പരീത് സ്വാഗതവും കൊല്ലം തുറമുഖ ഓഫിസര്‍ എബ്രഹാം വി. കുര്യാക്കോസ് നന്ദിയും പറഞ്ഞു.

സുനന്ദയുടെ മരണം: സാക്ഷികളുടെ നുണപരിശോധന വേണമെന്ന് പൊലീസ്

Posted: 14 May 2015 09:51 PM PDT

Image: 

ന്യൂഡല്‍ഹി: ശശി തരൂര്‍ എം.പിയുടെ ഭാര്യ സുനനന്ദ പുഷ്കറിന്‍െറ മരണവുമായി ബന്ധപ്പെട്ട് സാക്ഷികളെ നുണപരിശോധനക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് അപേക്ഷ നല്‍കി. തരൂരിന്‍െറ ഡ്രൈവര്‍ ബജ് രംഗി, കുടുംബ സുഹൃത്തായ സഞ്ജയ് ദിവാന്‍, സഹായി നരെയ്ന്‍ സിങ് എന്നിവരെ നുണപരിശോധനക്ക് വിധേയരാക്കണമെന്നാണ് പൊലീസിന്‍െറ ആവശ്യം. പട്യാലഹൗസ് കോടതിയിലാണ് പൊലീസ് അപേക്ഷ നല്‍കിയത്.

മൂന്നു പേരും തെറ്റായ മൊഴിയാണ് നല്‍കിയതെന്ന് പൊലീസിന് സംശയമുള്ളതിനാലാണ് അപേക്ഷ നല്‍കിയത്. ഈ സാക്ഷികള്‍ ചില കാര്യങ്ങളില്‍ മൗനം പാലിക്കുന്നു എന്ന് സംശയമുള്ളതായി അപേക്ഷയില്‍ പൊലീസ് ചൂണ്ടിക്കാട്ടി. മൂന്നുപേരോടും മെയ് 20ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

2014 മെയ് 17നാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ സുനന്ദയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. കേസുമായി ബന്ധപ്പെട്ട് ശശി തരൂരിനെ മൂന്ന് തവണ ഡല്‍ഹി പൊലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കോടതി വിളിച്ചുവരുത്തിയിട്ടുള്ള മൂന്ന് സാക്ഷികളെയും ഒന്നിലധികം തവണ ചോദ്യം ചെയ്തു. സുനന്ദ ആത്മഹത്യ ചെയ്തതാണെന്നും വിഷാദ രോഗത്തിനുള്ള മരുന്ന് അമിതമായി കഴിച്ചതിനാല്‍ മരണം സംഭവിച്ചതാണെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മരണം അസ്വാഭാവികമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരുന്നു.

സുനന്ദയുടെ കൊലപാതകവും ഇന്ത്യന്‍ പ്രീമിയര്‍ ലീഗും തമ്മിലുള്ള ബന്ധത്തെ പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഐ.പി.എല്‍ ടീമിന്‍െറ ഫ്രാഞ്ചൈസി തുടങ്ങിയതില്‍ തരൂരിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ആരോപണങ്ങളെ തുടര്‍ന്ന് തരൂര്‍ 2010ല്‍ കേന്ദ്ര മന്ത്രിസ്ഥാനം രാജിവെച്ചു.

യാത്രികരെ മാടിവിളിച്ച് ‘എക്സ്പ്ളോര്‍ പത്തനംതിട്ട’ക്ക് ഇന്ന് തുടക്കം

Posted: 14 May 2015 09:47 PM PDT

പത്തനംതിട്ട: ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ജില്ലയെ ശ്രദ്ധാകേന്ദ്രമാക്കുന്ന 'എക്സ്പ്ളോര്‍ പത്തനംതിട്ട'ക്ക് വെള്ളിയാഴ്ച തുടക്കമാവും. വിനോദസഞ്ചാര രംഗത്തെ ജില്ലയുടെ സാധ്യതകള്‍ അറിയിച്ച് ഒരുവര്‍ഷം നീളുന്ന ടൂറിസം പ്രചാരണം വിവിധ പരിപാടികളോടെ സംഘടിപ്പിക്കാന്‍ കലക്ടര്‍ എസ്. ഹരികിഷോറിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം തീരുമാനിച്ചു.
ജില്ലയുടെ വികസനത്തിന് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ച എട്ട് നൂതന പദ്ധതികളില്‍ ഒന്നാണ് 'എക്സ്പ്ളോര്‍ പത്തനംതിട്ട'.
ജില്ലയുടെ തനതായ സവിശേഷതകളും പൈതൃകവും വിനോദസഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കുന്ന പരിപാടികളായിരിക്കും ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുക. സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലൂടെ വിപുലമായ പ്രചാരണം നല്‍കും. ഇതിന്‍െറ ഭാഗമായി ജില്ലയിലെ വനമേഖലകളില്‍കൂടി തുറന്ന ജീപ്പില്‍ സാഹസിക യാത്ര, ആറന്മുള കണ്ണാടി സംബന്ധിച്ച് സെമിനാര്‍, പത്തനംതിട്ടയുടെ തനതു ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി ഭക്ഷ്യമേള, ബുള്ളറ്റ് റാലി, അടവി ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട് കുട്ടവഞ്ചി യാത്ര, പടയണി സെമിനാര്‍, വിദേശത്തെയും രാജ്യത്തെയും പ്രമുഖ ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് ജില്ലയുടെ സാധ്യതകള്‍ പരിചയപ്പെടുത്തല്‍, ആറന്മുള വാസ്തുവിദ്യാ ഗുരുകുലവുമായി ബന്ധപ്പെട്ട് ചുമര്‍ചിത്രകലക്ക് പ്രചാരണം, വിദ്യാര്‍ഥികള്‍ക്കായി ട്രക്കിങ്, ക്വിസ് മത്സരം, വഞ്ചിപ്പാട്ട് സെമിനാര്‍ തുടങ്ങിയ വിവിധ പരിപാടികള്‍ ഒരു വര്‍ഷത്തിനിടെ നടത്തും.
നിര്‍മാണം പൂര്‍ത്തിയായ അടൂര്‍ പുതിയകാവിന്‍ ചിറ, പെരുന്തേനരുവി ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം ഉടന്‍ നടത്തുന്നതിനും തീരുമാനമായി. ആറന്മുള ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്‍ററിന്‍െറ നിര്‍മാണം ജൂണ്‍ 30ഓടെ പൂര്‍ത്തിയാകും. അടവി ഇക്കോ ടൂറിസം പദ്ധതിക്കായി 75ലക്ഷം രൂപയും കോന്നിയില്‍ ആന മ്യൂസിയം സ്ഥാപിക്കുന്നതിന് 80ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. രണ്ടു പദ്ധതികളുടെയും നിര്‍മാണച്ചുമതല ഫോറസ്റ്റ് ഡെവലപ്മെന്‍റ് ഏജന്‍സിക്കാണ്. കടമ്മനിട്ട പടയണിഗ്രാമം രണ്ടാംഘട്ടത്തിന്‍െറ നിര്‍മാണത്തിനായി സര്‍ക്കാര്‍ 45 ലക്ഷം രൂപ അനുവദിച്ചിരുന്നു. പടയണി ഗ്രാമത്തിന്‍െറ നിര്‍മാണം വേഗമാക്കുന്നതിന് നടപടി സ്വീകരിക്കും. ഇതിന്‍െറ ഭാഗമായി കലക്ടറുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കാനും തീരുമാനമായി.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജി. സുരേഷ് കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി വര്‍ഗീസ് പുന്നന്‍, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, അഡ്വ. റോഷന്‍ നായര്‍, ആന്‍േറാ ആന്‍റണി എം.പിയുടെ പ്രതിനിധി റിങ്കു ചെറിയാന്‍, എസ്. ബിനു, അജി അലക്സ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

മുല്ലപ്പെരിയാര്‍: തമിഴ്നാട് ചീഫ് എന്‍ജിനീയര്‍ അണക്കെട്ട് സന്ദര്‍ശിച്ചു

Posted: 14 May 2015 09:41 PM PDT

കുമളി: തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ വെള്ളിയപ്പന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം വ്യാഴാഴ്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചു. തേക്കടിയിലത്തെിയ പുതിയ ചീഫ് എന്‍ജിനീയര്‍ തമിഴ്നാട് വക ബോട്ടിലാണ് അണക്കെട്ടിലേക്ക് പോയത്. തമിഴ്നാട് തേക്കടി കവാടത്തിലിറക്കിയ പുതിയ ബോട്ട് നിരീക്ഷിച്ചശേഷമാണ് അദ്ദേഹം അണക്കെട്ടിലേക്ക് പോയത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഉന്നതതല സമിതി ഈമാസം 18ന് അണക്കെട്ട് സന്ദര്‍ശിക്കും. ഇതിനു മുന്നോടിയാണ് ചീഫ് എന്‍ജിനീയറുടെ സന്ദര്‍ശനമെന്നാണ് വിവരം.
പ്രധാന അണക്കെട്ട്, ബേബിഡാം, സ്പില്‍വേ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ ചീഫ് എന്‍ജിനീയര്‍ അണക്കെട്ടിന്‍െറ ഗാലറിയും സന്ദര്‍ശിച്ചു. പുതിയ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളം നടത്തുന്ന പഠനങ്ങള്‍ സംബന്ധിച്ചും ഉദ്യോഗസ്ഥരുമായി ചീഫ് എന്‍ജിനീയര്‍ ചര്‍ച്ച നടത്തിയതായാണ് വിവരം.

ചിലപ്പതികാരം ഉത്സവത്തിന് മതിലകം ഇന്ന് ഉണരുന്നു

Posted: 14 May 2015 09:40 PM PDT

കൊടുങ്ങല്ലൂര്‍: ഉര്‍വശി ശാരദ തുടക്കവും ഒളിമ്പ്യന്‍ പി.ടി. ഉഷ സമാപനവും നിര്‍വഹിക്കുന്ന മതിലകം ചിലപ്പതികാരം ഉത്സവത്തിന് വെള്ളിയാഴ്ച തുടക്കം. ഇളങ്കോവടികളുടെ ചിലപ്പതികാരം രചന ഉള്‍പ്പെടെ മതിലകം ഗ്രാമം കടന്നുവന്ന ചരിത്രവഴികള്‍ കലകള്‍ക്കൊപ്പം അനാവരണം ചെയ്യുകയാണിവിടെ. 'ചിലപ്പതികാരം' എന്ന ഇതിഹാസ കാവ്യത്തിന്‍െറ അന്തസ്സത്തക്ക് അനുസൃതമായ സ്ത്രീ പ്രാമുഖ്യവും മലയാളത്തിന്‍െറയും തമിഴകത്തിന്‍െറയും പ്രാതിനിധ്യവുമാണ് പരിപാടികളുടെ സവിശേഷത.
കേരളത്തിലെയും തമിഴകത്തെയും കലാകാരന്‍മാരും കവികളും പുരാവസ്തു പണ്ഡിതരും ചരിത്രാന്വേഷകരും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകരും ജനപ്രതിനിധികളും 15 മുതല്‍ 17 വരെ നീളുന്ന ഉത്സവത്തില്‍ പങ്കാളികളാകും. കൊച്ചി മുസ്രിസ് ബിനാലെയുടെ ഒന്നാം പതിപ്പില്‍ പ്രാദേശിക ചരിത്രാന്വേഷണ പരമ്പരയുടെ ഭാഗമായി രണ്ടുവര്‍ഷം മുമ്പാണ് ചിലപ്പതികാരം ഉത്സവത്തിന് തുടക്കം കുറിച്ചത്. ഫോട്ടോഗ്രാഫര്‍ അബ്ദുല്‍ കലാം ആസാദ് കലാപ്രദര്‍ശനത്തിലെ പ്രധാനിയാണ്. ഒപ്പം ആസാദ് നേതൃത്വം നല്‍കുന്ന ഏകലോകം ട്രസ്റ്റ് ഫോര്‍ ഫോട്ടോഗ്രഫിയില്‍ അംഗങ്ങളുമുണ്ട്. മതിലകം പൈതൃക സംരക്ഷണ സമിതിയുടെ ഫോട്ടോ പ്രദര്‍ശനവുമുണ്ട്. അബ്ദുല്‍ കലാം ആസാദിന്‍െറ 'ബ്ളാക് മദര്‍' എന്ന സീരിസ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. ചിലപ്പതികാരത്തിന്‍െറ കഥാംശത്തില്‍നിന്ന് രൂപപ്പെടുത്തിയ ഹിസ് സ്റ്റോറി, ഹെര്‍ സ്റ്റോറി' എന്ന ഇന്‍സ്റ്റലേഷനാണ് ഡിബിന്‍ തിലകന്‍ ഒരുക്കുന്നത്. മതിലകത്തെ ജീവിതത്തില്‍ പിറന്നതാണ് അംജും, ഹിമ കൂട്ടുകെട്ടിന്‍െറ സൃഷ്ടികള്‍. മതിലകം ട്രാവലേഴ്സ് ബംഗ്ളാവാണ് മുഖ്യവേദി.

ശുചിത്വമില്ല; ജില്ലയില്‍ 223 സ്കൂളുകള്‍ക്ക് നോട്ടീസ്

Posted: 14 May 2015 09:34 PM PDT

തൊടുപുഴ: ജില്ലയില്‍ സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ 223 സ്കൂളുകള്‍ക്ക് നോട്ടീസ്.
ടോയ്ലറ്റും പാചകപ്പുരയും വൃത്തിഹീനമായി സൂക്ഷിക്കുക, പകര്‍ച്ചവ്യാധിയുള്ള തൊഴിലാളികളെ പാചകപ്പുരയില്‍ ജോലിക്കാരായി നിയമിക്കുക, കൊതുക് വളരുന്ന സാഹചര്യം സൃഷ്ടിക്കുക, സ്കൂളുകളില്‍ പുകയില വിരുദ്ധ ബോര്‍ഡുകള്‍ സ്ഥാപിക്കാതിരിക്കുക, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി മൂത്രപ്പുരകള്‍ ഇല്ലാതിരിക്കുക, ആരോഗ്യപരിപാലനം ഉറപ്പുവരുത്താതിരിക്കുക എന്നിവ ശ്രദ്ധയില്‍പ്പെട്ടതിനത്തെുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്‍െറ നടപടി. ജില്ലയിലെ 597 സ്കൂളുകളിലാണ് ഡി.എം.ഒ പി.ജെ. അലോഷ്യസിന്‍െറ നേതൃത്വത്തിലുള്ള 46 സ്ക്വാഡുകള്‍ പരിശോധന നടത്തിയത്.
ശുചിത്വമുറപ്പാക്കാത്തതിന് നോട്ടീസ് ലഭിച്ചവയില്‍ കൂടുതലും സ്വകാര്യ സ്കൂളുകളാണ്. ശുദ്ധജലവിതരണം കാര്യക്ഷമമാക്കാത്തതിന് 127 സ്വകാര്യ സ്കൂളുകള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 69 സര്‍ക്കാര്‍ സ്കൂളുകളില്‍ ശുദ്ധജലവിതരണത്തിന് വേണ്ടത്ര സൗകര്യങ്ങളില്ല. 60 സ്വകാര്യ സ്കൂളുകളില്‍ ശുചിമുറികള്‍ വൃത്തിഹീനമായതായി കണ്ടത്തെിയപ്പോള്‍ 42 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് മാത്രമേ ശുചിമുറികള്‍ വൃത്തിയാക്കാത്തതിന് നോട്ടീസ് കിട്ടിയുള്ളൂ.
സ്റ്റുഡന്‍റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കാത്ത സ്കൂളുകള്‍ക്കും പുകയിലനിരോധിത മേഖല ബോര്‍ഡുകള്‍ സ്ഥാപിക്കാത്ത സ്കൂളുകള്‍ക്കും നോട്ടീസ് നല്‍കി. 41സ്കൂളുകള്‍ സംരക്ഷണസമിതികള്‍ രൂപവത്കരിച്ചിട്ടില്ളെന്നും കണ്ടത്തെിയിട്ടുണ്ട്.
ഒരാഴ്ചക്കുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സ്കൂളുകള്‍ക്ക് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. സംസ്ഥാന സര്‍ക്കാറിന്‍െറ സേഫ് കേരള പദ്ധതിയുടെ ഭാഗമായിരുന്നു പരിശോധന. സ്കൂളുകളുടെ പരിസരശുചിത്വം, മേല്‍ക്കൂരകളുടെയും പാചകപ്പുരകളുടെയും ശുചിമുറികളുടെയും അവസ്ഥ, കൊതുകുജന്യരോഗങ്ങളെ തടയാനുള്ള നടപടി എന്നിവയെല്ലാം പരിശോധനാവിധേയമാക്കി. ഇതോടൊപ്പം ജില്ലയിലെ 20 റെസിഡന്‍ഷ്യല്‍ ഹോസ്റ്റലുകളും മെഡിക്കല്‍ സംഘം പരിശോധിച്ചു.
വൃത്തിഹീനമായ സാഹചര്യങ്ങള്‍ കണ്ടത്തെിയതിനത്തെുടര്‍ന്ന് 12 ഹോസ്റ്റലുകള്‍ക്കും നോട്ടീസ് നല്‍കി.
ഓരോ പഞ്ചായത്തിലും ആരോഗ്യവകുപ്പിന്‍െറ നേതൃത്വത്തില്‍ ഉറവിട മാലിന്യ സംസ്കരണം നടന്നുവരുന്നുണ്ട്. തൊടുപുഴ നഗരസഭയില്‍ ഡി.എം.ഒയുടെ നേതൃത്വത്തില്‍ മൂന്ന് ടീമിനെ മാലിന്യ നിര്‍മാര്‍ജനത്തിന് നിയോഗിച്ചിട്ടുണ്ട്.
വെള്ളക്കെട്ടുകള്‍, ഓടകള്‍ എന്നിവ ഇവര്‍ പരിശോധിക്കും. ബുധനാഴ്ച മുതല്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തുമെന്ന് ഇവര്‍ അറിയിച്ചു.
സേഫ് കേരള പദ്ധതിയുടെ ഭാഗമായി നടത്തുന്ന പരിശോധനയില്‍ മാലിന്യം നിറഞ്ഞ സ്കൂള്‍ പ്രദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ഇവര്‍ അറിയിച്ചു.

പാരിസ്ഥിതികാനുമതി ലഭിച്ചു:ജില്ലയില്‍ മണല്‍ ഖനനം തുടങ്ങി

Posted: 14 May 2015 09:22 PM PDT

കണ്ണൂര്‍: ജില്ലയിലെ പാരിസ്ഥിതികാനുമതി ലഭിച്ച കടവുകളില്‍ മണല്‍ ഖനനം തുടങ്ങി. പാരിസ്ഥിതികാനുമതിയില്ലാത്ത നദികളില്‍നിന്ന് മണല്‍ വാരാന്‍ പാടില്ളെന്ന ദേശീയ ഗ്രീന്‍ ട്രൈബ്യൂണലിന്‍െറ ഉത്തരവിനെ തുടര്‍ന്ന് കേരള എസ്.ഇ.ഐ.എ.എ (പാരിസ്ഥിതികാഘാത നിര്‍ണയ സമിതി) മുമ്പാകെ സമര്‍പ്പിച്ച അപേക്ഷയെ തുടര്‍ന്നാണ് അനുമതി നല്‍കിയത്. അനുമതിയില്ലാത്തതിനാല്‍ ജനറല്‍ വിഭാഗത്തില്‍ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 13 വരെ അനുവദിച്ച പാസുകള്‍ റദ്ദാക്കിയിരുന്നു. വേങ്ങാട്, പിണറായി, പാപ്പിനിശ്ശേരി, വളപട്ടണം, കൊളച്ചേരി, നാറാത്ത്, തളിപ്പറമ്പ് എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ 32 കടവുകളില്‍ അലോട് ചെയ്ത പാസുകളാണ് റദ്ദാക്കിയത്. ഈ പാസുകള്‍ റീഅലോട്മെന്‍റ് നടത്തുന്നതിന്‍െറ ഭാഗമായി മുഴുവന്‍ കൗണ്ടറുകളും മേയ് 19 മുതല്‍ 23 വരെ തുറന്ന് പ്രവര്‍ത്തിക്കും. പണമടച്ച അതത് കൗണ്ടറുകളില്‍ ഈ ദിവസങ്ങളില്‍ വൈകീട്ട് മൂന്നിന് മുമ്പായി എത്തി നിലവിലുള്ള കടവുകളിലേക്ക് പാസുകള്‍ മാറ്റിവെക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.ജില്ലയിലെ പ്രധാന നദികളില്‍ നടത്തിയ സാന്‍ഡ് ഓഡിറ്റിങ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് മണല്‍ വാരുന്നതിന് പാരിസ്ഥിതികാനുമതി നേടിയ ഏക ജില്ലയായി കണ്ണൂര്‍ മാറിയത്. സാന്‍ഡ് ഓഡിറ്റിങ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്ന അളവിന്‍െറ പകുതി മണല്‍ വാരാനാണ് അനുമതി. അതിനാലാണ് കടവുകളില്‍ മണലിന്‍െറ അളവ് പകുതിയായി കുറഞ്ഞത്. പൊതുജനാഭിപ്രായം തേടിയ ശേഷം എസ്.ഇ.ഐ.എ.എക്ക് മുമ്പാകെ സമര്‍പ്പിച്ചാല്‍ മാത്രമേ റിപ്പോര്‍ട്ടിലെ മുഴുവന്‍ അളവില്‍ മണല്‍ വാരാന്‍ അനുമതി ലഭിക്കൂ. തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊതുജനാഭിപ്രായം സ്വരൂപിക്കുന്നത്.

മഴ: 562 ഏക്കര്‍ നെല്‍കൃഷി നശിച്ചു; കോടികളുടെ നഷ്ടം

Posted: 14 May 2015 09:22 PM PDT

ചങ്ങരംകുളം/പെരുമ്പടപ്പ്: കോള്‍മേഖലയിലെ കര്‍ഷകരെ കണ്ണീരിലാഴ്ത്തി മഴ തുടരുന്നു. കഴിഞ്ഞദിവസങ്ങളിലെ കനത്ത മഴയെ തുടര്‍ന്ന് ഏക്കര്‍കണക്കിന് നെല്‍കൃഷി നശിച്ചു. 500 ഏക്കറിലധികം നെല്‍കൃഷി വെള്ളത്തിലായതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്.
നൂണക്കടവ്, കുമ്മിപ്പാലം കോള്‍പടവുകളില്‍ നെല്ല് കൊയ്യാനാകാതെ വെള്ളത്തിലാണ്. ഇവിടെ 350ല്‍പരം ഏക്കര്‍ കൃഷിയിടം പൂര്‍ണമായും നാശത്തിലേക്ക് നീങ്ങുകയാണ്. ഒരുഭാഗത്ത് വെള്ളം പമ്പിങ് നടത്തി വറ്റിക്കാന്‍ ശ്രമം നടത്തുമ്പോള്‍ തോടുകളിലൂടെ ഒഴുകിയത്തെുന്ന ജലവും ഇടവിട്ട് പെയ്യുന്ന മഴയും കര്‍ഷകരുടെ പരിശ്രമങ്ങളെ വിഫലമാക്കുകയാണ്. വൈദ്യുതി മുടക്കവും വിനയാകുന്നു. 212 ഏക്കര്‍ വരുന്ന നൂണക്കടവില്‍ തീരെ കൊയ്ത്ത് നടന്നിട്ടില്ല. ഭാഗികമായി കൊയ്ത്ത് നടത്തിയ കുമ്മിപ്പാലം കോള്‍പടവില്‍ നെല്ലുകള്‍ വീണ് മുളച്ച അവസ്ഥയാണ്. ഇതോടൊപ്പം ബുധന്‍ -വ്യാഴം ദിവസങ്ങളില്‍ രാപ്പകലില്ലാതെ പെയ്ത മഴയില്‍ പാടങ്ങളില്‍ വെള്ളം കൂടിയത് തിരിച്ചടിയായി.
പലയിടത്തും വെള്ളം വറ്റിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിരിക്കുകയാണ്. നരണിപ്പുഴ-കുമ്മിപ്പാലം കോള്‍പടവുകളില്‍ കൊയ്ത്തുയന്ത്രം ഇറക്കാന്‍ പറ്റാത്തതിനാല്‍ നെല്‍ച്ചെടികള്‍ മുളക്കാന്‍ തുടങ്ങി. പുതുക്കോള്‍, കമ്മാലി കോള്‍, മാറം കുഴി കോള്‍, ജന്മ കോള്‍ എന്നിവിടങ്ങളില്‍ കര്‍ഷകര്‍ തീര്‍ത്തും നിസ്സഹായാവസ്ഥയിലാണ്. പലരും നിലം പാട്ടത്തിനെടുത്തും പണം വായ്പയെടുത്തുമാണ് കൃഷിയിറക്കിയിട്ടുള്ളത്. വര്‍ഷങ്ങളായി ബണ്ടുതകര്‍ച്ചയിലും വേനല്‍ മഴയിലും ഏറെ നഷ്ടങ്ങളാണ് കോള്‍ കര്‍ഷകര്‍ക്കുണ്ടാകുന്നത്. എന്നാല്‍, സര്‍ക്കാറില്‍നിന്ന് കാര്യമായ ധനസഹായം ലഭിക്കാറില്ല. ഇതുമൂലം പലരും കൃഷിയില്‍നിന്ന് പിന്‍വാങ്ങിയ അവസ്ഥയാണ്. ഈ വര്‍ഷം വേനല്‍മഴ നേരത്തേയത്തെിയതും നിലക്കാതെ പെയ്തതും ഓര്‍ക്കാപ്പുറത്തുള്ള കെടുതിയായി.

മെട്രോ നിര്‍മാണം: പരസ്പരം പഴിചാരി ഏജന്‍സികള്‍

Posted: 14 May 2015 09:14 PM PDT

കൊച്ചി: കൊച്ചി മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് എജന്‍സികള്‍ തമ്മിലുള്ള തര്‍ക്കം വീണ്ടും പുകയുന്നു.
നിര്‍മാണ ചുമതല ഏറ്റെടുത്തിട്ടുള്ള ഡി.എം.ആര്‍.സിയും കൊച്ചി മെട്രോ കമ്പനിയായ കെ.എം.ആര്‍.എല്ലും തമ്മില്‍ തുടക്കം മുതലേയുള്ള ഭിന്നസ്വരം പദ്ധതി നിര്‍ണായഘട്ടത്തിലേക്ക് കടക്കുമ്പോഴും തുടരുകയാണ്. കൊച്ചി മെട്രോ പറഞ്ഞ വേഗത്തില്‍ പൂര്‍ത്തിയാകുമോയെന്ന് ഉറപ്പ് പറയാനാവാത്ത സാഹചര്യത്തിലാണ് ഇവര്‍ പരസ്പരം പഴിചാരല്‍ തുടരുന്നത്.
ഡി.എം.ആര്‍.സിക്ക് നിര്‍മാണ വേഗം പോരെന്നാണ് കെ.എം.ആര്‍.എല്‍ നേതൃത്വം ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാല്‍, സ്ഥലമെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ സമയനിഷ്ഠ പാലിക്കാന്‍ കഴിയാത്ത കെ.എം.ആര്‍.എല്‍തന്നെയാണ് മെല്ളെപ്പോക്കിന് ഉത്തരവാദിയെന്ന ആരോപണമാണ് ഡി.എം.ആര്‍.സി ഉന്നയിക്കുന്നത്. ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെയുള്ള 18 കിലോമീറ്റര്‍ ഭാഗം 2016 ജൂണില്‍ പൂര്‍ത്തിയാക്കുകയാണെങ്കില്‍ രാജ്യത്ത് ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ മെട്രോ പദ്ധതിയെന്ന ഖ്യാതി കൊച്ചിക്ക് സ്വന്തമാകുമെന്നും ഇക്കാര്യത്തില്‍ ഡി.എം.ആര്‍.സി ചൂണ്ടിക്കാട്ടുന്നു.
പദ്ധതിയുടെ ഇനി പൂര്‍ത്തിയാക്കാനുള്ള ജോലികൂടി കണക്കിലെടുത്താല്‍ ഡി.എം.ആര്‍.സി നടപ്പാക്കിയ ഏറ്റവും വേഗമേറിയ നിര്‍മാണമാണ് കൊച്ചിയില്‍ നടക്കുന്നതെന്നാണ് കെ.എം.ആര്‍.എല്‍ അടക്കമുള്ളവര്‍ക്കുള്ള മറുപടിയായി ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഒറ്റയടിക്ക് 18 കിലോമീറ്റര്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുക എന്നത് ഇന്ത്യയില്‍ മറ്റൊരു മെട്രോ പദ്ധതിയിലും നടപ്പാക്കിയിട്ടില്ല.
ഡല്‍ഹി മെട്രോയുടെ എട്ടു കിലോമീറ്റര്‍ നാലു വര്‍ഷവും രണ്ടു മാസവുമെടുത്താണ് പൂര്‍ത്തിയാക്കിയത്. ബംഗളൂരു മെട്രോ ആറ് കിലോമീറ്റര്‍ അഞ്ചുവര്‍ഷം കൊണ്ടും മുംബൈ മെട്രോ ആറു വര്‍ഷവും മൂന്നു മാസവും കൊണ്ടുമാണ് പൂര്‍ത്തിയാക്കിയത്. 2015 ജൂണില്‍ പൂര്‍ത്തിയാവുമെന്നു കരുതുന്ന ജയ്പൂര്‍ മെട്രോയുടെ ഒമ്പതു കിലോമീറ്റര്‍ 4.8 വര്‍ഷംകൊണ്ടും ചെന്നൈ മെട്രോ ഏഴു കിലോമീറ്റര്‍ ആറു വര്‍ഷംകൊണ്ടുമാണ് നിര്‍മിക്കപ്പെട്ടത്.
സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായിരുന്നെങ്കില്‍ ഇപ്പോള്‍ ജോലി പൂര്‍ത്തിയായ പ്രദേശങ്ങളില്‍ വയഡക്ടുകള്‍ സ്ഥാപിക്കുന്ന ജോലികള്‍വരെ പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നെന്നാണ് ഡി.എം.ആര്‍.സി അധികൃതര്‍ പറയുന്നത്.
പല പ്രദേശങ്ങളിലും സ്ഥലം ആവശ്യത്തിന് ലഭിക്കാത്തതിനാല്‍ മെട്രോ നിര്‍മാണത്തിന് ആവശ്യമായ യന്ത്രഭാഗങ്ങള്‍ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല.

നെഹ്റു ട്രോഫി വള്ളംകളി; സമയപരിധി ചുരുക്കുന്നത് ആലോചിക്കണം –കെ.സി. വേണുഗോപാല്‍ എം.പി.

Posted: 14 May 2015 09:04 PM PDT

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനെക്കുറിച്ച് വരും ദിവസങ്ങളില്‍ ഗൗരവമായി ചിന്തിക്കണമെന്ന് കെ.സി .വേണുഗോപാല്‍ എം.പി. പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അറുപത്തി രണ്ടാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്‍െറ സുവനീര്‍ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കലക്ടര്‍ എന്‍. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. സുവനീര്‍ ജില്ലാ കലക്ടര്‍ക്ക് എം.പി. കൈമാറി. ഇത്തവണത്തെ സുവനീറിനൊപ്പം വള്ളംകളിയുടെ പ്രധാന മത്സരങ്ങള്‍, സാംസ്കാരിക പരിപാടികള്‍, വള്ളംകളിയുടെ ചരിത്രം എന്നിവ ഉള്‍പ്പെടുത്തിയ സീഡിയും നല്‍കുന്നുണ്ട്. എ.എന്‍ പുരം ശിവകുമാര്‍ ചീഫ് എഡിറ്ററായ കമ്മിറ്റിയാണ് സുവനീര്‍ തയാറാക്കിയത്. നെഹ്റു ട്രോഫി വള്ളംകളി വൈകീട്ട് ഒന്നര മണിക്കൂറാക്കി ചുരുക്കുന്നകാര്യം എക്സിക്യൂട്ടിവ് കമ്മിറ്റി ചര്‍ച്ച ചെയ്യണമെന്ന് എം.പി നിര്‍ദേശിച്ചു. ചെറുവള്ളങ്ങളുടെ മത്സരം രാവിലെ നടത്തിയശേഷം ചുണ്ടന്‍ വള്ളങ്ങളുടെ മത്സരവും ചെറുവള്ളങ്ങളുടെ ഫൈനലും മാത്രമാക്കി വൈകീട്ടത്തെ മത്സരങ്ങള്‍ നടത്തുന്ന കാര്യവും കമ്മിറ്റി ചര്‍ച്ചചെയ്യും. അടുത്ത വള്ളംകളിക്ക് മുമ്പ് ഒരു സുവനീര്‍ കൂടി ഇറക്കുന്ന കാര്യം പരിഗണിക്കണമെന്ന് എം.പി. നിര്‍ദേശിച്ചു. വള്ളംകളി കൂടുതല്‍ ആകര്‍ഷകമാക്കാന്‍ കാണികള്‍ക്ക് പാക്കേജ് ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ പറഞ്ഞു. കഴിഞ്ഞ നെഹ്റു ട്രോഫിയുടെ വരവ്-ചെലവ് കണക്കുകള്‍ യോഗം അംഗീകരിച്ചു.

ജയലളിത മുഖ്യമന്ത്രിയാകും; എം.എല്‍.എമാരുടെ യോഗം 22ന്

Posted: 14 May 2015 08:58 PM PDT

Image: 

ചെന്നൈ: മുഖ്യമന്ത്രി പദത്തിലേക്കുള്ള തിരിച്ചു വരവിന് മുന്നോടിയായി അണ്ണാ ഡി.എം.കെ നേതാവ് ജെ. ജയലളിത പാര്‍ട്ടി എം.എല്‍.എമാരുടെ യോഗം വിളിച്ചു. മേയ് 22ന് രാവിലെ ഏഴു മണിക്ക് റോയാപേട്ടിലെ പാര്‍ട്ടി ആസ്ഥാനത്താണ് യോഗം നടക്കുന്നത്. മുഴുവന്‍ പാര്‍ട്ടി എം.എല്‍.എമാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജയലളിത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അനധികൃത സ്വത്തു സമ്പാദന കേസില്‍ കുറ്റവിമുക്തയായ ജയലളിതയുടെ പുതിയ നീക്കത്തിന് തമിഴക രാഷ്ട്രീയത്തില്‍ വലിയ  പ്രാധാന്യമാണുള്ളത്. എം.എല്‍.എമാരുടെ യോഗത്തില്‍ ജയയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തേക്കും. അതോടൊപ്പം മുഖ്യമന്ത്രി ഒ. പന്നീര്‍ശെല്‍വം രാജി പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

18 വര്‍ഷം നീണ്ട കേസില്‍ ജയലളിതയെ കുറ്റവിമുക്തയാക്കിയ വിധി മേയ് 11നാണ് കര്‍ണാടക ഹൈകോടതി പുറപ്പെടുവിച്ചത്. ജയലളിത മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുമെന്ന് ജയയുടെ ഉടമസ്ഥതയിലുള്ള ജയ ടിവി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മേയ് 30ന് തോട്ടം തൊഴിലാളി പണിമുടക്ക്

Posted: 14 May 2015 08:56 PM PDT

കല്‍പറ്റ: തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വയനാട് എസ്റ്റേറ്റ് ലേബര്‍ യൂനിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ മേയ് 30ന് ജില്ലയിലെ തോട്ടം തൊഴിലാളികള്‍ പണിമുടക്കും. കലക്ടറേറ്റ് ഉപരോധസമരവും നടത്തും. സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം വരുന്ന തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കേണ്ട കാലാവധി 2014 ഡിസംബറില്‍ കഴിഞ്ഞിരിക്കുകയാണ്. അഞ്ചുമാസം പിന്നിട്ടിട്ടും കൂലി പുതുക്കാനോ ചര്‍ച്ചകള്‍ നടത്താന്‍പോലുമോ സര്‍ക്കാറോ തൊഴില്‍ വകുപ്പോ തോട്ടം ഉടമകളോ തയാറാകുന്നില്ല. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ കൂലിക്ക് ജോലി ചെയ്യേണ്ടിവരുന്ന വിഭാഗമാണ് തോട്ടം തൊഴിലാളികള്‍. തേയിലത്തോട്ടത്തില്‍ 229 രൂപ 66 പൈസ മാത്രമാണ് ഒരു തൊഴിലാളിയുടെ ദിവസവേതനം. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ സാഹചര്യത്തില്‍ നിലവിലെ കൂലികൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. പാടികള്‍ അറ്റകുറ്റപ്പണി നടത്തി താമസയോഗ്യമാക്കുന്നില്ല. പ്ളാന്‍േറഷന്‍ ലേബര്‍ ആക്ടില്‍ പറഞ്ഞ ചികിത്സാ സൗകര്യംപോലും നല്‍കാന്‍ മാനേജ്മെന്‍റുകള്‍ തയാറാകുന്നില്ല. ശുദ്ധമായ കുടിവെള്ളം നല്‍കുന്നതിന് നടപടിയില്ല. തോട്ടംതൊഴിലാളികളുടെ പ്രത്യേക ഭവനപദ്ധതി നടപ്പാക്കുന്നില്ല. തോട്ടം തൊഴിലാളികളുടെ മാസവേതനം 15,000 രൂപ ആക്കണം. ഇക്കാര്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ജൂണ്‍ 12ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന തോട്ടം തൊഴിലാളികളുടെ രാപ്പകല്‍ സമരം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്‍റ് സി. ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. ഗഗാറിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.സി. പ്രസാദ്, കെ.ടി. ബാലകൃഷ്ണന്‍, പി. ആലി, സി.എച്ച്. മമ്മി, യു. കരുണന്‍, സബിത ശേഖര്‍, വി.വി. ബേബി, എസ്. രവി എന്നിവര്‍ സംസാരിച്ചു.

കടലില്‍ പ്ളാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നു

Posted: 14 May 2015 08:47 PM PDT

കോഴിക്കോട്: മത്സ്യങ്ങള്‍ക്ക് ഭീഷണിയായി കടലില്‍ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ വര്‍ധിക്കുന്നു. മത്സ്യങ്ങളെക്കാള്‍ നാലിരട്ടിയോളം പ്ളാസ്റ്റിക് മാലിന്യങ്ങളാണ് മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങുന്നത്.
ഇവ കടലിലെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നു. മീനുകളുടെ ഭക്ഷണമായ പ്ളവകങ്ങള്‍, കടല്‍ജീവികളായ കടല്‍ നക്ഷത്രങ്ങള്‍, കടല്‍വണ്ടുകള്‍ എന്നിവയുടെ നാശത്തിനും ഇത് കാരണാകുന്നു. ആവാസവ്യവസ്ഥയിലെ താളംതെറ്റലിനെ അതിജീവിക്കാനാകാതെ വംശനാശഭീഷണി നേരിടുകയാണ് മത്സ്യങ്ങള്‍.
ഇതോടൊപ്പം മീന്‍കുഞ്ഞുങ്ങളെ ഊറ്റിയെടുക്കുന്നതും വിനയായി. എല്ലാകാലത്തും സുലഭമായിരുന്ന മത്തി ഇന്ന് കേരളതീരത്ത് അപൂര്‍മാണ്.
ഇവ ഗതിമാറി മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറിയതാണ് ഇപ്പോഴത്തെ ക്ഷാമത്തിന് കാരണമെന്നാണ് സമുദ്ര ഗവേഷകര്‍ പറയുന്നത്. എന്നാല്‍, പരമ്പരാഗതമായി മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതിനോട് പൂര്‍ണമായും യോജിക്കുന്നില്ല.
കടല്‍ മലിനീകരണം, കുഞ്ഞുമീനുകളെ പിടികൂടല്‍ എന്നിവയാണ് മത്സ്യസമ്പത്ത് കുറയാന്‍ കാരണമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഓരോ വര്‍ഷം പിന്നിടുമ്പോഴും മത്സ്യബന്ധനത്തിന്‍െറ അളവ് കുറയുകയാണ്. കഴിഞ്ഞവര്‍ഷം 14 ശതമാനത്തിന്‍െറ കുറവാണ് അനുഭവപ്പെട്ടത്. ഇതിനനുസരിച്ച് മത്സ്യ കയറ്റുമതിയിലൂടെ ലഭിക്കുന്ന വിദേശനാണ്യത്തിലും കുറവ് അനുഭവപ്പെട്ടു.
മുന്‍കാലത്ത് ഏതാണ്ട് എല്ലാവിധ മീനുകളും കേരളത്തില്‍നിന്ന് കയറ്റിയയച്ചിരുന്നു.
എന്നാല്‍, ഇക്കാര്യത്തില്‍ കേരളം ഇപ്പോള്‍ തിരിച്ചുനടക്കുകയാണ്.
ഫലപ്രദമായ ഇടപെടലുകള്‍, ബോധവത്കരണം എന്നിവ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ളെങ്കില്‍ കേരളതീരം മീനില്ലാത്ത ഇടമായി മാറും.

അഭ്യൂഹങ്ങള്‍ക്കിടെ ബഗ്ദാദിയുടെ ശബ്ദരേഖ പുറത്ത്

Posted: 14 May 2015 08:31 PM PDT

Image: 

ഡമസ്ക്സ്: ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയുടെ തലവന്‍ അബൂബകര്‍ അല്‍ബഗ്ദാദിയുടേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖ പുറത്ത്. ബഗ്ദാദി മരിച്ചെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ശബ്ദരേഖ പുറത്തുവന്നിട്ടുള്ളത്. സിറിയയിലും ഇറാക്കിലും കുടിയേറ്റം നടത്തണമെന്ന് അനുയായികള്‍ക്ക് ആഹ്വാനം ചെയ്യുന്ന ശബ്ദരേഖയാണ് വിവിധ വെബ്സൈറ്റുകളില്‍ പ്രചരിക്കുന്നത്.

ഐ.എസിനൊപ്പം ചേരാന്‍ കഴിവുണ്ടായിട്ടും അതില്‍ ചേരാതിരിക്കുന്ന ഒരു മുസ് ലിമിനെയും ന്യായീകരിക്കാനാകില്ല. ലോകത്തെവിടെയായാലും ആയുധമേന്താന്‍ കഴിവുള്ളവന്‍ ദൈവത്തിന്‍െറ മാര്‍ഗത്തില്‍ ആയുധമെടുക്കണം. അവഗണിക്കപ്പെടുന്ന ജനത എന്ന നിലയില്‍ ദൈവ മാര്‍ഗത്തില്‍ ഒന്നിക്കണം. ഹൂതികള്‍ക്കെതിരായ ആക്രമണത്തെ വിമര്‍ശിച്ച ബഗ്ദാദി സൗദി അറേബ്യയുടെ അന്ത്യം അടുത്തെന്നും ശബ്ദരേഖയില്‍ പറയുന്നു. 30 മിനിറ്റ് നീണ്ട ശബ്ദരേഖ ബഗ്ദാദിയുടെ ശബ്ദത്തോട് സമാനതയുള്ളതാണെങ്കിലും ഇക്കാര്യം യു.എസ് സ്ഥിരീകരിച്ചിട്ടില്ല.

അതിനിടെ, ഐ.എസ് സേന യുനെസ്കോ പൈതൃക നഗരമായി അംഗീകരിച്ച പാല്‍മിറ ഉടന്‍ പിടിച്ചടുക്കുമെന്ന് സിറിയന്‍ ഭരണകൂടം സ്ഥിരീകരിച്ചു.

അല്‍ഖാഇദയുടെ ചെറിയ പ്രാദേശിക ബ്രാഞ്ചില്‍ നിന്ന് സായുധ സേനയായി ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയെ മാറ്റിയത് 2010ല്‍ തലവനായി ചുമതലയേറ്റ ബഗ്ദാദിയാണ്. മാര്‍ച്ചില്‍ യു.എസ് സേന നടത്തിയ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ബഗ്ദാദി ഏപ്രില്‍ 28ന് മരിച്ചെന്നാണ്  ഇറാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തത്.

തീപിടിത്തം: അട്ടിമറിയാണോയെന്ന് പറയാനാവില്ല ^മുഖ്യമന്ത്രി

Posted: 14 May 2015 08:14 PM PDT

Image: 

കാസര്‍കോട്: മിഠായിത്തെരുവ് തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയാണോയെന്ന് ഇപ്പോള്‍ പറയാനാവില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിശദ പരിശോധനക്ക് ശേഷമെ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

തീപിടിത്തത്തിന്‍െറ കാരണം കണ്ടെത്താന്‍ കൂട്ടായ ശ്രമമാണ് നടത്തുന്നത്. അപകടം ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ നടപടികളും മിഠായിത്തെരുവില്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ബുധനാഴ്ച രാത്രി 9.50ഓടെയാണ് കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടിത്തമുണ്ടായത്. കോയന്‍കോ ബസാറിനു സമീപത്തെ തുണിക്കടയിലാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് മറ്റു കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നു. 20ഓളം കടകള്‍ കത്തിനശിച്ച അപകടത്തില്‍ 7.5 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.

ദുരന്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ളെന്ന വൈദ്യുതി ബോര്‍ഡ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിശദ അന്വേഷണത്തിന് സിറ്റി പൊലീസ് കമീഷണര്‍ പി.എ. വത്സന്‍െറ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

ബുധനാഴ്ച രാത്രി 9.50ഓടെയാണ് കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടിത്തമുണ്ടായത്. കോയന്‍കോ ബസാറിനു സമീപത്തെ തുണിക്കടയിലാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് മറ്റു കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നു. 20ഓളം കടകള്‍ കത്തിനശിച്ച അപകടത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. - See more at: http://docs.madhyamam.com/news/353826/150514#sthash.d1iouBTY.dpuf

 

പൊന്നനുജത്തിക്ക് സല്‍മാന്‍ കരള്‍ പകുത്ത് നല്‍കും, പക്ഷേ...

Posted: 14 May 2015 08:01 PM PDT

Image: 

പേരാമ്പ്ര: പൊന്നനുജത്തിക്ക് കരള്‍ പകുത്തുനല്‍കാന്‍ സല്‍മാന്‍ കടല്‍കടന്ന് വന്നിട്ടുണ്ട്. എന്നാല്‍, ശസ്ത്രക്രിയക്കുവേണ്ട പണം എവിടെനിന്ന് സമ്പാദിക്കുമെന്ന് ഈ യുവാവിന് ഒരു നിശ്ചയവുമില്ല. ചക്കിട്ടപ്പാറയിലെ ചെറുവലത്ത് സല്‍മാന്‍െറ (22) സഹോദരിയും പ്ളസ് വണ്‍ വിദ്യാര്‍ഥിയുമായ സലീനക്ക് ഈമാസം 19നാണ് എറണാകുളം അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കരള്‍മാറ്റ ശസ്ത്രക്രിയ നിശ്ചയിച്ചത്. 40 ലക്ഷം രൂപയാണ് ചെലവ്. സല്‍മാനും കുടുംബവും മറ്റു സന്നദ്ധ സംഘടനകളെല്ലാം കൂടി 20 ലക്ഷത്തോളം രൂപ സമാഹരിച്ചിട്ടുണ്ട്. എന്നാല്‍, ശസ്ത്രക്രിയ പറഞ്ഞ തീയതിക്കകം തന്നെ നടക്കണമെങ്കില്‍ 20 ലക്ഷത്തിലധികം തുക ഇനിയും വേണം.

സല്‍മാന്‍െറ പിതാവ് ചെറുപ്രായത്തിലേ മരിച്ചതാണ്. സ്കൂളില്‍ പഠിക്കുന്ന കാലത്തേ ഉമ്മയും മൂന്ന് സഹോദരികളും അടങ്ങിയ കുടുംബം പുലര്‍ത്തിയിരുന്നത് സല്‍മാന്‍ ജോലിക്ക് പോയിട്ടായിരുന്നു. കൂടപ്പിറപ്പുകള്‍ക്ക് നല്ലജീവിതം ലഭ്യമാക്കാന്‍ ചെറുപ്രായത്തിലേ വിദേശത്തേക്ക് തിരിച്ച ഈ യുവാവിന് സഹോദരിയുടെ രോഗവിവരമറിഞ്ഞതോടെ പെട്ടെന്ന് തിരിക്കേണ്ടിവന്നു. മുക്കം ഓര്‍ഫനേജിലാണ് സലീന പഠിച്ചിരുന്നത്. ഓര്‍ഫനേജ് കമ്മിറ്റി തുക സമാഹരിക്കാന്‍ ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്.

കമ്മിറ്റി ഫെഡറല്‍ ബാങ്ക് പേരാമ്പ്ര ശാഖയില്‍ 14150100141362 നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. പേരാമ്പ്ര ‘ദയ’ പാലിയേറ്റിവ് സൊസൈറ്റിയും വാട്സ്ആപ് ഗ്രൂപ്പുകളും സലീനയുടെ സഹായത്തിനുവേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്. 15 പേരുടെയെങ്കിലും എ നെഗറ്റിവ് രക്തവും ശസ്ത്രക്രിയക്ക് വേണം. ഇതിനുള്ളശ്രമവും ബന്ധുക്കളും അഭ്യുദയകാംക്ഷികളും നടത്തിവരുന്നുണ്ട്.

വൈറ്റ്ഹൗസില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന് ഒബാമയുടെ ഊഷ്മള സ്വീകരണം

Posted: 14 May 2015 07:56 PM PDT

Image: 

അബൂദബി: അമേരിക്കയും ജി.സി.സി അംഗ രാജ്യങ്ങളും തമ്മില്‍ വ്യാഴാഴ്ച നടന്ന ക്യാമ്പ് ഡേവിഡ് സമ്മേളനത്തിനത്തെിയ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനും സംഘത്തിനും വാഷിങ്ടണില്‍ ഊഷ്മള സ്വീകരണം. സമ്മേളനത്തില്‍ പങ്കെടുക്കാനത്തെിയ യു.എ.ഇ സംഘത്തിന് വൈറ്റ് ഹൗസില്‍ അത്താഴ വിരുന്നൊരുക്കിയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമയും സംഘവും സ്വീകരിച്ചത്. ക്യാമ്പ് ഡേവിഡ് സമ്മേളനത്തിനത്തെിയ ശൈഖ് മുഹമ്മദ് ബിന്‍ സായിദിനും സംഘത്തിനും ഊഷ്മള സ്വീകരണമാണ് വൈറ്റ് ഹൗസില്‍ ലഭിച്ചത്. ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേശകന്‍ ശൈഖ് താനൂന്‍ ബിന്‍ സായിദ്, വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, അമേരിക്കയിലെ യു.എ.ഇ അംബാസഡര്‍ യൂസുഫ് അല്‍ ഉതൈബ തുടങ്ങിയവരും ശൈഖ് മുഹമ്മദിനെ അനുഗമിക്കുന്നുണ്ട്. അമേരിക്കയും യു.എ.ഇയും തമ്മിലെ പരസ്പര ബന്ധം സംബന്ധിച്ച് ശൈഖ് മുഹമ്മദും ബറാക്ക് ഒബാമയും ചര്‍ച്ച നടത്തുകയും ചെയ്തു.

കെഫാക് അന്തര്‍ജില്ലാ ഫുട്ബാള്‍: എറണാകുളത്തിനും കാസര്‍കോടിനും ജയം

Posted: 14 May 2015 07:39 PM PDT

Image: 

കുവൈത്ത് സിറ്റി: മൂന്നാമത് കെഫാക് അന്തര്‍ജില്ലാ ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ എറണാകുളത്തിനും കാസര്‍കോടിനും ജയം. മിശ്രിഫ് പബ്ളിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ എറണാകുളം പ്രിന്‍സ്, എബ്രഹാം എന്നിവരുടെ ഗോളുകളില്‍ 2-0ത്തിന് പാലക്കാടിനെ തോല്‍പിച്ചപ്പോള്‍ റഹീം, ജഗദീഷ്, ഫവാസ് മഹമൂദ് എന്നിവരുടെ ഗോളുകളുടെ ബലത്തില്‍ കാസര്‍കോട് 3-1ന് വയനാടിനെ പരാജയപ്പെടുത്തി.
മറ്റു മത്സരങ്ങളില്‍ തൃശൂര്‍-തിരുവനന്തപുരം, മലപ്പുറം-കാലിക്കറ്റ് ബോയ്സ് മത്സരങ്ങള്‍ ഗോള്‍രഹിതമായും കോഴിക്കോട്-ഫ്രന്‍ഡ്ലൈന്‍ മലപ്പുറം മത്സരം 1-1നും സമനിലയില്‍ പിരിഞ്ഞു.
 വെള്ളിയാഴ്ച ഫ്രന്‍ഡ്ലൈന്‍ മലപ്പുറം തൃശൂരുമായും കാലിക്കറ്റ് ബോയ്സ് കണ്ണൂരുമായും കോഴിക്കോട് കെ.ഡി.എന്‍.എ വയനാടുമായും കാസര്‍കോട് തിരുവനന്തപുരവുമായും ബഹര്‍ എഫ്.സി മലപ്പുറം പാലക്കാടുമായും ഏറ്റുമുട്ടും.
 

‘വിഭാഗീയ സെക്രട്ടറിയായി ഇരിക്കാനില്ല’ ^കോടിയേരി

Posted: 14 May 2015 07:28 PM PDT

Image: 
Subtitle: 
സി.പി.എം സംസ്ഥാന സമിതിയില്‍ തുറന്നടിച്ച് കോടിയേരി, നടപടി എടുക്കാന്‍ നേതൃത്വത്തിന് മറുപക്ഷത്തിന്‍െറ വെല്ലുവിളി

തിരുവനന്തപുരം: വിഭാഗീയ പാര്‍ട്ടി സെക്രട്ടറിയായി ഇരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രണ്ടു ദിവസത്തെ സംസ്ഥാന സമിതിയുടെ സമാപന ദിവസമായിരുന്നു കോടിയേരിയുടെ ഈ പ്രസ്താവന.
ഏപ്രില്‍ 25ലെ സംസ്ഥാന സെക്രട്ടേറിയറ്റ് രൂപവത്കരണവേളയില്‍ ഒൗദ്യോഗിക പാനലിനെതിരെ വോട്ട് ചെയ്ത എട്ടുപേര്‍ക്കെതിരെ ഒൗദ്യോഗിക വിഭാഗം കടുത്ത വിഭാഗീയ ആരോപണം ഉയര്‍ത്തിയിരുന്നു. അതിന് അക്കമിട്ട് മറുപടി പറഞ്ഞ മറുപക്ഷം നടപടി എടുക്കാന്‍ നേതൃത്വത്തെ വെല്ലുവിളിച്ചു. പിരിയാമെങ്കില്‍ പിരിയാമെന്ന് ഒരാള്‍ തുറന്നടിച്ചു. ഒടുവില്‍ രംഗം തണുപ്പിക്കാന്‍ മുന്‍കൈയെടുത്ത കോടിയേരി നടപടി സാധ്യത തള്ളുകയായിരുന്നു.  

90 അംഗ സംസ്ഥാന സമിതിയില്‍ ബുധനാഴ്ച സമാപിച്ച യോഗത്തില്‍ 33 പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കെ.പി. സഹദേവന്‍ (കണ്ണൂര്‍), കെ.പി. ഉദയഭാനു, കെ. അനന്തഗോപന്‍, കെ.പി. സതീഷ് ചന്ദ്രന്‍  എന്നിവര്‍ ഉള്‍പ്പെട്ട ഒരു വിഭാഗം ഒന്നിലും കക്ഷിചേര്‍ന്നില്ല.

ഒന്നിച്ചുപോകണമെന്ന് ഇവരില്‍ പലരും നിര്‍ദേശിച്ചു. കൊല്ലം, എറണാകുളം, കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ഒൗദ്യോഗിക പക്ഷമാണ് രൂക്ഷ വിമര്‍ശം ചൊരിഞ്ഞത്. പാര്‍ട്ടിക്കുള്ളില്‍ അസ്തമിച്ച വിഭാഗീയതയെ വീണ്ടും തിരിച്ചുകൊണ്ടുവരുന്നെന്നാണ് എസ്. ശര്‍മ, കെ. ചന്ദ്രന്‍പിള്ള, എം. ചന്ദ്രന്‍, പിരപ്പന്‍കോട് മുരളി, സി.കെ. സദാശിവന്‍, സി.എസ്. സുജാത, സി.കെ. ശശീന്ദ്രന്‍, ജെ. മേഴ്സിക്കുട്ടി അമ്മ എന്നിവര്‍ക്കെതിരായ ആരോപണം. കെ. വരദരാജന്‍, എസ്. രാജേന്ദ്രന്‍, സൂസന്‍കോടി (കൊല്ലം), പി. ജയരാജന്‍ (കണ്ണൂര്‍), സി.എം. ദിനേശ്മണി, സി.എന്‍. മോഹനന്‍ (എറണാകുളം), സജി ചെറിയാന്‍ (ആലപ്പുഴ), പി. മോഹനന്‍ (കോഴിക്കോട്), വി.പി. വാസുദേവന്‍ (മലപ്പുറം) എന്നിവരായിരുന്നു വിമര്‍ശത്തിന്‍െറ മുന്‍പന്തിയില്‍. വിഭാഗീയതക്ക് നടപടി എടുക്കണമെന്നും ആവശ്യമുയര്‍ന്നു. ഒരു പടികൂടി കടന്ന പി. ജയരാജനാകട്ടെ വി.എസ്. അച്യുതാനന്ദനാണ് ഇതിന്‍െറ കേന്ദ്രമെന്ന് ആരോപിച്ചു.

നിലപാട് എടുക്കാനുള്ള സാഹചര്യം വിശദീകരിച്ചാണ് എട്ടുപേരും മറുപടി പറഞ്ഞത്. തങ്ങള്‍ ആരും ഇന്നലെ പാര്‍ട്ടിയിലേക്ക് വന്നവരല്ളെന്നും അനുഭവ സമ്പത്തുള്ളവരാണെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ തങ്ങളെ തുടര്‍ച്ചയായി അവഗണിച്ച് ഇന്നലെ കടന്നുവന്നവര്‍ക്ക് അംഗീകാരം നല്‍കുകയാണ്. പറയാനുള്ളത് ഇനിയും പറയും. ഐ.എന്‍.എല്ലിനെ എല്‍.ഡി.എഫില്‍ എടുക്കുന്നത് സംബന്ധിച്ച വര്‍ഷങ്ങള്‍ക്കുമുമ്പത്തെ ചര്‍ച്ച ചൂണ്ടിക്കാട്ടിയ എം. ചന്ദ്രന്‍ ഭൂരിപക്ഷ അഭിപ്രായമല്ല പാര്‍ട്ടി നിലപാടായി പലപ്പോഴും സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തി. ‘സംസ്ഥാന സമിതിയില്‍ ഇ.എം.എസ് ഉള്‍പ്പെടെ 70 പേര്‍ ഐ.എന്‍.എല്ലിനെ എടുക്കുന്നതിനെ അനുകൂലിച്ചപ്പോള്‍ 13 പേര്‍ മാത്രമാണ് എതിര്‍ത്തത്. ഒടുവില്‍ കേന്ദ്ര കമ്മിറ്റി ഈ 13 പേരുടെ നിലപാടിനെയാണ് ശരിവെച്ചത്. 13 പേര്‍ വിഭാഗീയമായി പ്രവര്‍ത്തിച്ചെന്ന് അന്ന് ആരും പറഞ്ഞില്ല. ഭൂരിപക്ഷ തീരുമാനമാകില്ല എപ്പോഴും ശരിയാവുക’ -ചന്ദ്രന്‍ പറഞ്ഞു.

അച്ചടക്കനടപടി എടുത്തുകൊള്ളൂവെന്ന് ചന്ദ്രന്‍ ഒഴികെയുള്ളവര്‍ പറഞ്ഞു. ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയാലും പറയേണ്ടത് വിളിച്ചുപറയുമെന്ന് സി.എസ്. സുജാത കൂട്ടിച്ചേര്‍ത്തു. പിരിയാമെങ്കില്‍ പിരിയാമെന്നാണ് കെ. ചന്ദ്രന്‍ പിള്ള തുറന്നടിച്ചത്. ചര്‍ച്ചയുടെ ഈ ഘട്ടത്തില്‍ ഇടപെട്ട കോടിയേരി, അച്ചടക്കനടപടിയെക്കുറിച്ച് ഇവിടെ ആരും പറഞ്ഞില്ലല്ളോയെന്ന് ചൂണ്ടിക്കാട്ടിയാണ് വിഭാഗീയമായ സെക്രട്ടറിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ളെന്ന് വ്യക്തമാക്കിയത്. ‘ഇവിടെ ഇരിക്കുന്നവരെല്ലാം ജനസ്വാധീനവും അംഗീകാരവും ഉള്ളവരാണ്. അതാണ് പ്രശ്നം. അല്ലാത്തവര്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് അണികളെ സ്വാധീനിക്കില്ല.  ഇനി തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. എല്ലാവരും ഒന്നിച്ചുനില്‍ക്കണം. പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ചയെക്കുറിച്ച് തെറ്റായ രീതിയില്‍ വാര്‍ത്തകള്‍ വന്നു. ഇതില്‍ ജാഗ്രത കാട്ടണമെന്നും’ അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷാഭിപ്രായം മാനിച്ച് പ്രമേയം പാസാക്കണമെന്ന് അധ്യക്ഷനായിരുന്ന പിണറായി വിജയന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പഴയ വിഭാഗീയ സ്വഭാവം കൈവിടാതെ പ്രവര്‍ത്തിക്കുന്നതിനെ വിമര്‍ശിച്ചുള്ള പ്രമേയം അവതരിപ്പിച്ചു. ഇടഞ്ഞുനിന്ന എട്ടുപേരും സഹകരിച്ചതോടെ ഇത് ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു.

ആശയവിമര്‍ശം പൗരസ്വാതന്ത്ര്യം

Posted: 14 May 2015 06:35 PM PDT

Image: 

ഗാന്ധിയും ഗാന്ധിസവും വിമര്‍ശിക്കപ്പെടാനാവാത്തതാണെന്ന സമീപനം ഉയര്‍ത്തിപ്പിടിച്ച് അഭിപ്രായസ്വാതന്ത്ര്യത്തിന് പരിധിയുണ്ട് എന്ന നിലപാടിനെ ശരിയായിക്കാണാനാവില്ല. ഇന്ത്യന്‍ഭരണഘടനയുടെ അനുച്ഛേദം 19 (1) എ പ്രകാരം സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താന്‍ ആര്‍ക്കും അവകാശമുണ്ട്. അത് ആഭാസകരമോ അവഹേളിക്കലോ ആവാന്‍ പാടില്ളെന്നാണ് സാമാന്യതത്ത്വം. അഭിപ്രായസ്വാതന്ത്ര്യത്തിന് നിയമപരമായി ഊര്‍ജവും ബലവും നല്‍കുന്നതാണ് ഭരണഘടനയുടെ മേല്‍പറഞ്ഞ അനുച്ഛേദം.

കേസിനിടയാക്കിയ കവിത അതിന്‍െറ അര്‍ഥതലത്തില്‍ മനസ്സിലാക്കിയാലെ ഗാന്ധിജിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നതാണോ അതോ കേസില്‍ പറയുന്നപോലെ കേവലം പരിഹാസമെന്ന ഉദ്ദേശ്യത്തോടെ അവതരിപ്പിച്ചതാണോയെന്ന് മനസ്സിലാക്കാനാവൂ. കാര്‍ട്ടൂണ്‍ ആസ്വദിക്കുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന ചിരി അതിലെ കഥാപാത്രത്തെ അപഹസിക്കലോ വ്യക്തിപരമായി ആക്ഷേപിക്കലോ ആവുന്നില്ല. കാര്‍ട്ടൂണിസ്റ്റും ആക്ഷേപിക്കലാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് കരുതാനുമാവില്ല. ആസ്വദിക്കുന്നവന്‍െറ മാനസികാവസ്ഥയും വീക്ഷണവുമാണ് ഇക്കാര്യത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്.

രാഷ്ട്രപിതാവെന്ന നിലയില്‍ ഗാന്ധിജിയെ നാം മനസാ സ്വീകരിക്കുമ്പോള്‍തന്നെ അദ്ദേഹത്തിന്‍െറ ആശയഗതികളോട് വിമര്‍ശാത്മകമായി സമീപിക്കാനും പൗരന്മാര്‍ക്ക് അവകാശമുണ്ട്. ഇത്തരത്തിലുള്ള അവകാശത്തിലൂടെ ജനാധിപത്യത്തിന്‍െറ അന്തസ്സാണ് ഉയര്‍ത്തപ്പെടുന്നത്. കേസിനാസ്പദമായ വസ്തുതകള്‍ സുപ്രീംകോടതി പുതുതായൊന്ന് പറയുകയല്ല യഥാര്‍ഥത്തില്‍ ചെയ്തിരിക്കുന്നത്. ഭരണഘടനയുടെ സ്വാതന്ത്ര്യത്തിനുള്ളില്‍ നിന്നുകൊണ്ട് ഒരാള്‍ക്ക് ആശയം പ്രചരിപ്പിക്കാനും വിശദമാക്കാനുമുള്ള അവസരത്തെ വ്യാഖ്യാനിക്കുകയാണ് ചെയ്തത്. ഈ വ്യാഖ്യാനത്തെപോലും വിമര്‍ശിക്കാനുള്ള അവകാശം ഭരണഘടന അനുവദിച്ചുതന്നിട്ടുള്ളതാണ്.

ഗാന്ധിജി രാഷ്ട്രപിതാവാണ് എന്നതുകൊണ്ടും അദ്ദേഹത്തിന് പരിപാവനമായ സ്ഥാനം നല്‍കുന്നു എന്നതുകൊണ്ടും അദ്ദേഹത്തിന്‍െറ ആശയപരമായ സമീപനങ്ങളെ വിമര്‍ശിക്കരുത് എന്ന നിലപാട് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. ഗാന്ധിയും ഗാന്ധിസവും എല്ലാകാലത്തും വിമര്‍ശങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. സമീപകാലത്തുതന്നെ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിട്ടുള്ളതാണ്.
ജനാധിപത്യസംവിധാനത്തില്‍ ആശയപ്രചാരണം എന്നത് അവകാശംതന്നെയാണ്. അപഹസിക്കുകയോ നിന്ദിക്കുകയോ മന$പൂര്‍വം അവഹേളിക്കുകയോ ചെയ്താല്‍ അത് എതിര്‍ക്കപ്പെടേണ്ടതാണ്. കഴിഞ്ഞദിവസം സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കൊപ്പം  രാഷ്ട്രീയനേതാക്കളുടെ ചിത്രം നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന് സമാനമായ ഏകപക്ഷീയ നിലപാടാണ് ഗാന്ധിജിയെ സംബന്ധിച്ച കവിതയുമായി ബന്ധപ്പെട്ട വിധിയിലും നിഴലിക്കുന്നത്.

രാഷ്ട്രപതിയുടേയും പ്രധാനമന്ത്രിയുടെയും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍െറയും ചിത്രങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ നല്‍കുന്ന പരസ്യത്തില്‍ ആകാമെന്ന് മന്ത്രിമാരടക്കമുള്ള മറ്റുള്ളവര്‍ അതിനര്‍ഹരല്ളെന്നുമുള്ള ഏകപക്ഷീയ നിലപാടാണ് ആ വിധിയിലൂടെ പുറത്തുവന്നത്. രാഷ്ട്രപിതാവിന്‍െറ സിദ്ധാന്തങ്ങളെ ആശയപരമായി വിമര്‍ശാത്മകമായി സമീപിക്കുന്നത് തെറ്റെന്നനിലയില്‍ വ്യാഖ്യാനിച്ച് അഭിപ്രായസ്വാതന്ത്ര്യത്തിന് പരിധി നിശ്ചയിക്കുന്നതിലൂടെ ശരിയല്ലാത്ത നിലപാട് ആവര്‍ത്തിക്കപ്പെടുകയാണ് ചെയ്യുന്നത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP