സ്വാഗതം
WELCOME

News Update..

Saturday, September 5, 2015

ന്യൂമാന്‍ കോളേജ് അതിക്രമം: കെ.എസ്.യു പ്രസിഡന്‍റിന് സസ്പെന്‍ഷന്‍ Madhyamam News Feeds

ന്യൂമാന്‍ കോളേജ് അതിക്രമം: കെ.എസ്.യു പ്രസിഡന്‍റിന് സസ്പെന്‍ഷന്‍ Madhyamam News Feeds

Link to

ന്യൂമാന്‍ കോളേജ് അതിക്രമം: കെ.എസ്.യു പ്രസിഡന്‍റിന് സസ്പെന്‍ഷന്‍

Posted: 05 Sep 2015 12:25 AM PDT

Image: 

തൊടുപുഴ: വ്യാഴാഴ്ച തൊടുപുഴ ന്യൂമാന്‍ കോളേജിലുണ്ടായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കെ.എസ്.യു പ്രസിഡന്‍റിന് സസ്പെന്‍ഷന്‍. ഇടുക്കി ജില്ലാ പ്രസിഡന്‍റ് നിയാസ് കൂരാപ്പിളളിയെയാണ് സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് വി.എസ്.ജോയിയാണ് നടപടിയെടുത്തത്.
വെള്ളിയാഴ്ചയാണ് കെ.എസ്.യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. കാമ്പസ് അതിക്രമങ്ങള്‍ക്കെതിരെ ‘മാനിഷാദ’ എന്ന മുദ്രാവാക്യമുയര്‍ത്തി കെ.എസ്.യു സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിന്‍െറ ഭാഗമായാണ് നിയാസ് കൂരാപ്പിള്ളിയുടെ നേതൃത്വത്തില്‍ 30ഓളം പേര്‍ കോളജിലത്തെിയത്.
സമരത്തിനിടെ പ്രിന്‍സിപ്പലിനെ തടഞ്ഞുവെക്കുകയും പ്രവര്‍ത്തകരിലൊരാള്‍ അദ്ദേഹത്തിന്‍െറ ഷര്‍ട്ടില്‍ കുത്തിപ്പിടിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 11.30ഓടെ തുടങ്ങിയ സംഭവവികാസങ്ങള്‍ അരമണിക്കൂറിലേറെ കാമ്പസില്‍ പരിഭ്രാന്തിപരത്തി. സംഭവത്തില്‍ പത്തോളം പേരെ തൊടുപുഴ എസ്.ഐ, സി.ഐ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തലയോട്ടി ഷീനബോറയുടേത് തന്നെയെന്ന് ഫോറന്‍സിക് റിപോര്‍ട്ട്

Posted: 04 Sep 2015 10:53 PM PDT

Image: 

മുംബൈ: റായ്ഗഡിലെ വനത്തില്‍ നിന്ന് ലഭിച്ച തലയോട്ടി ഷീനബോറയുടേത് തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് റിപോര്‍ട്ട്  മുംബൈ പോലീസിന് ലഭിച്ചത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ അന്വേഷണസംഘം അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രറ്റിന് മുന്നില്‍ വൈകാതെ ഹാജരാക്കും.
ഷീനബോറ വധകേസില്‍ ഏറെ നിര്‍ണായകമായ തെളിവാണ് ഇതോടെ പൊലിസിന് ലഭിച്ചിരിക്കുന്നത്. ഷീനബോറയെ കഴുത്തുഞെരിച്ചുകൊന്നുവെന്ന് പ്രതികളിലൊരാളായ ഡ്രൈവര്‍ ശ്യാംവര്‍ റായ് പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഷീനയുടെ മാതാവും കേസിലെ പ്രധാന പ്രതിയുമായ ഇന്ദ്രാണി മുഖര്‍ജ ി മകള്‍ അമേരിക്കയില്‍ ജീവിച്ചിരിക്കുന്നുവെന്ന നിലപാടിലായിരുന്നു.
തലയോട്ടി പരിശോധനയിലൂടെ ഷീനബോറ തന്നെയാണ് വധിക്കപ്പെട്ടതെന്ന് തെളിഞ്ഞതോടെ അന്വേഷണം ശരിയായ ദിശയില്‍ തന്നെയെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഡി.എന്‍.എ ടെസ്റ്റിന്‍െറ ഫലം വരാനിരിക്കുകയാണ്. ഫലം പോസിറ്റീവ് ആകുകയാണെങ്കില്‍ പ്രതികള്‍ക്കെതിരെ കുറ്റമറ്റ ചാര്‍ജ് ഷീറ്റ് തയാറാക്കാനാകുമെന്നാണ് പൊലീസിന്‍െറ പ്രതീക്ഷ.
ഷീനബോറയുടെ വിഡിയോകളും ഫോട്ടോകളും ലഭിച്ച തലയോട്ടിയും തമ്മിലുള്ള സാമ്യങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കുകയാണ് സ്കള്‍-ഫോട്ടോ പരിശോധനയിലൂടെ ചെയ്യുന്നത്. തലയോട്ടിക്കു പുറമെ എല്ലുകളും പല്ലുകളും സംഭവസ്ഥലമായ റായ്ഗഡിലെ വനത്തില്‍ നിന്ന് വീണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നു.

30 ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും 90 ദിവസങ്ങള്‍ക്കുള്ളില്‍ ചാര്‍ജ് ഷീറ്റ് തയ്യാറാക്കുകയുമാണ് ഖര്‍ പൊലീസ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

അന്വേഷണത്തിനിടെ ഷീനയുടെ പേരിലുള്ള ഒരു വ്യാജ ഇമെയില്‍ അക്കൗണ്ട് ഇന്ദ്രാണി ഉപയോഗിച്ചുവന്നിരുന്നതായും തെളിഞ്ഞിട്ടുണ്ട്. ഇന്ദ്രാണിയുടെ ഓഫിസ് ജീവനക്കാരനാണ് ഈ അക്കൗണ്ട് നിര്‍മിക്കാനും ഷീനയുടെ വ്യാജ ഒപ്പ് ഇടാനും ഇന്ദ്രാണിയെ സഹായിച്ചിരുന്നത്. ഇയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
2012 മുതല്‍ 2014 വരെ ഈ അക്കൗണ്ടിലൂടെ ഇന്ദ്രാണി മുഖര്‍ജി ഷീനയെന്ന പേരില്‍ പീറ്റര്‍ മുഖര്‍ജി, മിഖായേല്‍, വിധി എന്നിവരുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

 

മനസ്സിനെന്നും കുളിരാണ് ആ ‘മാഷേ, ടീച്ചറേ’ വിളി

Posted: 04 Sep 2015 07:54 PM PDT

Image: 
Subtitle: 
മാഷന്മാരും ടീച്ചര്‍മാരുമായി സര്‍വിസില്‍ തുടരുന്ന 200ഓളം പേര്‍ നിലവില്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരാണ്

കോഴിക്കോട്: മാഷേ എന്ന വിളികേള്‍ക്കുമ്പോള്‍ ‘കില’ ഡയറക്ടര്‍ പി.പി. ബാലന്‍െറ മനസ്സ് മാടായി കോളജ് കാമ്പസിലേക്കോ ചെറുകുന്ന്, ശ്രീകണ്ഠാപുരം, നടുവില്‍ ഗവ. ഹൈസ്കൂള്‍ ക്ളാസുകളിലേക്കോ തെല്ലിട മടങ്ങും.
 പഞ്ചായത്ത് പ്രസിഡന്‍റായും തദ്ദേശസ്വയംഭരണ മാര്‍ഗനിര്‍ദേശം നല്‍കുന്ന ഗവേഷണ സ്ഥാപന അധിപനായി തൃശൂര്‍ മുളങ്കുന്നത്തുകാവിലും ചണ്ഡീഗഢിലും പ്രവര്‍ത്തിച്ച അനുഭവങ്ങളെക്കാള്‍ അനുഭൂതി അധ്യാപനകാലത്തെ ഓര്‍മകള്‍ക്കാണെന്ന് ബാലന്‍ മാഷ് പറയുന്നു.
കണ്ണൂരുകാര്‍ക്ക് ഇദ്ദേഹം ഇപ്പോഴും അവാര്‍ഡുകള്‍ വാരിക്കൂട്ടിയ 1995-2000 കാലത്തെ ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്‍റ് ബാലന്‍ മാഷാണ്.
പൊതുവിദ്യാലയ അധ്യാപകര്‍ക്ക് ജനപ്രതിനിധിയാവാന്‍ വിലക്കുള്ളതിനാല്‍ ഹൈസ്കൂള്‍ വിട്ട് സ്വകാര്യ കോളജിലേക്ക് മാറുകയായിരുന്നു. പിന്നീട് ചപ്പാരപ്പടവിന്‍െറ മാതൃകകള്‍ സംസ്ഥാനത്തിനാകെ പകരാനുള്ള നിയോഗവുമായി ഡെപ്യൂട്ടേഷനില്‍ സേവനമേഖല മാറി.
‘ടീച്ചറേ’എന്ന ആദരസ്വരമാണ് മേയറുടെ അധികാരനാമത്തെക്കാള്‍ തനിക്ക് ആനന്ദം പകരുന്നതെന്ന് പൊതുവേദികളില്‍ തുറന്നുപറയുന്നതില്‍ അഭിമാനം കൊള്ളുകയാണ് കോഴിക്കോട് കോര്‍പറേഷന്‍ പ്രഥമ വനിത പ്രഫ. എ.കെ. പ്രേമജം.
കറുത്ത മേലങ്കിയണിഞ്ഞ് മേയറുടെ കസേരയിലേക്കത്തെുമ്പോള്‍ സഭാംഗങ്ങള്‍ ഇരിപ്പിടങ്ങളില്‍നിന്ന് ഉപചാരപൂര്‍വം ഉയരുന്ന നിമിഷം കോഴിക്കോട് മീഞ്ചന്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ കുട്ടികള്‍ ആദരവോടെ എഴുന്നേറ്റുനിന്നകാലം മനസ്സില്‍ മിന്നിമറയും.
ജനാധിപത്യസംവിധാനം നല്‍കുന്ന സ്ഥാനപ്പേരുകള്‍ കാലാവധിയോടെ ഇല്ലാതാവും. എന്നാല്‍, അധ്യാപനത്തിന്‍െറ അടയാളത്തിന് മരണമില്ളെന്ന് സര്‍വിസില്‍നിന്ന് വിരമിച്ചശേഷം രണ്ടുതവണ വടകര എം.പിയായ പ്രേമജം ടീച്ചര്‍ പറയുന്നു.
മാഷന്മാരും ടീച്ചര്‍മാരുമായി സര്‍വിസില്‍ തുടരുന്ന 200ഓളം പേര്‍ നിലവില്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരാണ്. ഇതിന്‍െറ നാലിരട്ടിയാളുകള്‍ അംഗങ്ങളായും അതില്‍ നിരവധിപേര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നു.
സ്വകാര്യ സ്കൂള്‍ അധ്യാപകരുടെ ഈ ഏര്‍പ്പാട് അടുത്ത ഭരണസമിതികളില്‍ തുടരേണ്ടതുണ്ടോയെന്ന കാര്യം രാഷ്ട്രീയപാര്‍ട്ടികളുടെ അണിയറചര്‍ച്ചകളില്‍ സജീവമാണ്.
ഇരുമേഖലകളോടും നീതിപുലര്‍ത്താന്‍ കഴിയുന്നില്ളെന്ന ആക്ഷേപങ്ങളും ഇരട്ടവേതന ആരോപണങ്ങളും സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ഉയര്‍ന്ന പശ്ചാത്തലത്തിലാണിത്.
മുക്കാല്‍ ലക്ഷം രൂപ ശമ്പളം പറ്റുന്ന ഹയര്‍ സെക്കന്‍ഡറി അധ്യാപിക കഴിഞ്ഞദിവസം നാദാപുരത്തിനടുത്ത പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് വിരമിച്ചു. ശൂന്യവേതന അവധിയെടുത്തിരുന്നെങ്കില്‍ പഞ്ചായത്ത് പ്രസിഡന്‍റിന് സര്‍ക്കാര്‍ നല്‍കുന്ന 6600 രൂപ മാത്രമായിരുന്നു അവര്‍ക്ക് ലഭിക്കുക.
 

യമനില്‍ 45 യു.എ.ഇ സൈനികര്‍ കൊല്ലപ്പെട്ടു

Posted: 04 Sep 2015 07:14 PM PDT

Image: 
അബൂദബി: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യമനില്‍ സൈനിക നടപടിയില്‍ പങ്കെടുക്കുന്ന 45 യു.എ.ഇ സൈനികര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച സൈനികരെ ലക്ഷ്യമിട്ട് നടന്ന ഭൂതല മിസൈല്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് യു.എ.ഇയുടെ ഒൗദ്യോഗിക വാര്‍ത്താഏജന്‍സിയായ 'വാം' റിപ്പോര്‍ട്ട് ചെയ്തു. 33 യമന്‍ സൈനികരും ഇവര്‍ക്കൊപ്പം കൊല്ലപ്പെട്ടിട്ടുണ്ട്. ഇതോടെ യമനില്‍ കൊല്ലപ്പെട്ട യു.എ.ഇ സൈനികരുടെ ആകെ എണ്ണം 51 ആയി. 
 വെള്ളിയാഴ്ച ആയുധപ്പുരക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിലാണ്  45 യു.എ.ഇ സൈനികര്‍ കൊല്ലപ്പെട്ടത്. മആരിബ് പ്രവിശ്യയിലെ സഫര്‍ പ്രദേശത്ത് നടന്ന ആക്രമണത്തിലാണ് 45 പേരും മരിച്ചതെന്ന് യു.എ.ഇ സൈനിക അധികൃതര്‍ അറിയിച്ചു. 22 പേര്‍ തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ 23 പേര്‍ കൂടി മരിച്ചതായി രാത്രി വൈകി 'വാം' റിപ്പോര്‍ട്ട് ചെയ്തു. 
ആയുധപ്പുരക്ക് നേരെ വെള്ളിയാഴ്ച രാവിലെ ഭൂതല മിസൈല്‍ ആക്രമണമാണുണ്ടായതെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഗാശ് അറിയിച്ചു. വന്‍ സ്ഫോടനത്തോടെ ആയുധപ്പുര പൊട്ടിത്തെറിച്ചു. ഇവിടെയുണ്ടായിരുന്ന സൈനികരാണ് കൊല്ലപ്പെട്ടത്. ം ഇത്രയധികം സൈനികരുടെ ജീവന്‍ ഒന്നിച്ച് നഷ്ടപ്പെട്ടത് യു.എ.ഇയെ ഞെട്ടിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 
 

ഒൗറംഗസീബിനെ തിരിച്ചറിയാത്ത ചരിത്രത്തിന്‍െറ അടിമകള്‍

Posted: 04 Sep 2015 07:10 PM PDT

Image: 

‘സ്വന്തം ചരിത്രത്തെക്കുറിച്ച് ബോധമില്ലാത്ത ദേശത്തിന് ഭാവിയില്ല. അതുപോലെ സത്യമാണ്, സ്വന്തം ഭൂതത്തെക്കുറിച്ച് അവകാശപ്പെടാനുള്ള ശേഷി മാത്രമല്ല ഭാവി രൂപപ്പെടുത്തുന്നതില്‍ അത് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന അറിവ് വളര്‍ത്തുന്നതും. ഒരു ദേശം സ്വന്തം ചരിത്രത്തിന്‍െറ അധിപനായിരിക്കണം, അടിമയാവാന്‍ പാടില്ല. മുഹമ്മദീയരോടുള്ള വെറുപ്പിന്‍െറ വികാരം ശിവജിയുടെ കാലഘട്ടത്തില്‍ അനിവാര്യവും ന്യായവുമായിരിക്കാം. എന്നാല്‍, അന്ന് ഹിന്ദുക്കളുടെ വികാരം അതായിരുന്നുവെന്ന ഏക കാരണംകൊണ്ട് ഇന്നും അത്തരമൊരു വികാരം കൊണ്ടുനടക്കുന്നത് അനീതിയും വിഡ്ഢിത്തവുമാണ്’ -സംഘ്പരിവാര്‍ താത്ത്വികാചാര്യന്‍ വീര്‍ സവര്‍ക്കറുടെ വാക്കുകളാണിത്.
സവര്‍ക്കര്‍ ഓര്‍മയിലോടിയത്തെിയത് അദ്ദേഹത്തിന്‍െറ അനുയായികള്‍ ഇന്നും ചരിത്രത്തിന്‍െറ അടിമകളായി പെരുമാറുന്ന അശ്ളീല കാഴ്ച കണ്ടപ്പോഴാണ്. വികല ചരിത്രത്തെ ആയുധമാക്കി പോയകാലത്തോട് നിഴല്‍യുദ്ധം നടത്താന്‍ തുനിഞ്ഞിറങ്ങിയ അവിവേകമാണ് ഡല്‍ഹിയിലെ ഒൗറംഗസീബ് റോഡിനെ അബ്ദുല്‍ കലാം റോഡായി രൂപാന്തരപ്പെടുത്തിയത്. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആയിരം വര്‍ഷത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും പരസ്യമായി പരിദേവനംകൊണ്ട കാലസന്ധിയില്‍ ഇതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല.
ചരിത്രത്തിലെ വില്ലന്‍വേഷമാണ് സംഘ്പരിവാരം ഒൗറംഗസീബിനു നീക്കിവെച്ചിരിക്കുന്നത്. ഹിന്ദുക്കളെയും മുസ്ലിംകളെയും പരസ്പരം ഭിന്നിപ്പിച്ചു ഭരിക്കാന്‍ കുതന്ത്രങ്ങള്‍ മെനഞ്ഞ ബ്രിട്ടീഷ് ഭരണാധികാരികളും ചരിത്രകാരന്മാരും വിരിച്ച വലയില്‍ ഇക്കൂട്ടര്‍ ഇപ്പോഴും ഗാഢനിദ്രകൊള്ളുകയാണ്. ഒന്നര കി.മീറ്റര്‍ റോഡിന്‍െറ പേരില്‍നിന്ന് ഒൗറംഗസീബിനെ വെട്ടി അബ്ദുല്‍ കലാമിനെ പ്രതിഷ്ഠിച്ച നടപടി തെളിയിക്കുന്നത് മറ്റെന്താണ്? 19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ചരിത്രകാരന്‍ സര്‍ ഹെന്‍ട്രി എലിയട്ട് കോളനിവാഴ്ചക്കാരുടെ അധികാരതാല്‍പര്യങ്ങള്‍ മുന്നില്‍വെച്ച് എഴുതിയ കള്ളക്കഥകളില്‍ അന്ധമായി വിശ്വസിച്ചതാണ് ഇവര്‍ക്ക് പറ്റിയ അമളി. മുഗള്‍ കാലത്ത് ഹിന്ദുക്കള്‍ക്ക് വിശ്വാസസ്വാതന്ത്ര്യം അനുവദിച്ചില്ളെന്നും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയെന്നും ക്ഷേത്രങ്ങള്‍ തകര്‍ത്തെന്നും മതഘോഷയാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്നുമൊക്കെ എഴുതിവെച്ചത് അണ്ണാക്ക് തൊടാതെ വിഴുങ്ങി. മതസ്പര്‍ധ സൃഷ്ടിക്കുന്നതിന് ഇമ്മട്ടിലുള്ള ചരിത്രപഠനവും വിദ്യാഭ്യാസവും നമ്മുടെ നയമാണെന്ന് ഗവര്‍ണര്‍ ജനറലും വൈസ്രോയിയുമായിരുന്ന കഴ്സണ്‍ പ്രഭുവിന് ഇന്ത്യയിലെ സ്റ്റേറ്റ് സെക്രട്ടറി ജോര്‍ജ് ഫ്രാന്‍സിസ് ഹാമില്‍ട്ടണ്‍ എഴുതിയ കത്തുകള്‍ നമ്മുടെ മുന്നിലുണ്ട്. ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചാണ് നമ്മള്‍ ഇന്നാട്ടില്‍ അധികാരം സുഗമമായി നിലനിര്‍ത്തുന്നതെന്ന് മറ്റൊരു വൈസ്രോയി എല്‍ജിന്‍ പ്രഭുവിന് അയച്ച കത്തിലും വെളിപ്പെടുത്തുന്നുണ്ട്.
യഥാര്‍ഥത്തില്‍ ആരാണ് ഒൗറംഗസീബ്?  രാഷ്ട്രീയമായി ഭിന്ന ധ്രുവത്തില്‍ നില്‍ക്കുന്ന നരേന്ദ്ര മോദിയും അരവിന്ദ് കെജ്രിവാളും തെരുവില്‍നിന്ന് ആട്ടിയോടിക്കാന്‍ മാത്രം എന്തപരാധമാണ് അദ്ദേഹം ചെയ്തത്? ആറ് പ്രഗല്ഭ മുഗള്‍ ചക്രവര്‍ത്തിമാരില്‍ അവസാനത്തെയാളാണ് അരനൂറ്റാണ്ടുകാലം (1658-1707) ഡല്‍ഹി ഭരിച്ച ഒൗറംഗസീബ്. അഫ്ഗാന്‍ മുതല്‍ ഡെക്കാന്‍ വരെ നീണ്ടുപരന്നുകിടന്ന മുഗള്‍സാമ്രാജ്യം (ഇന്നത്തെ അഫ്ഗാനും പാകിസ്താനും ബംഗ്ളാദേശും ഉള്‍പ്പെടെ) അതിന്‍െറ ഉത്തുംഗത ദര്‍ശിച്ചത് ഇദ്ദേഹത്തിന്‍െറ കാലഘട്ടത്തിലാണ്. 1700ല്‍ ലോകജനസംഖ്യയുടെ 30 ശതമാനം (60 കോടിയില്‍ 18 കോടി) ഒൗറംഗസീബിന്‍െറ പ്രജകളായിരുന്നു. അന്ന് ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യം  ഹിന്ദുസ്ഥാന്‍തന്നെ. ലോക ആഭ്യന്തര ഉല്‍പാദനത്തിന്‍െറ ( ജി.ഡി.പി) 24.5 ശതമാനമാണ് ഇന്ത്യയുടെ പങ്ക്. ചൈനയിലെ മിങ് സാമ്രാജ്യം മാത്രമാണ് തൊട്ടടുത്ത് നില്‍ക്കുന്നത്. ബ്രിട്ടന്‍െറ മൊത്തം ഉല്‍പാദനം രണ്ടുശതമാനം വരില്ല. അന്നത്തെ ആഗ്ര, 7,00,000 പൗരന്മാരുമായി യൂറോപ്പിലെ എല്ലാ നഗരങ്ങള്‍ക്കും മുകളിലാണ്. ലണ്ടനും പാരിസും ലിസ്ബനും മഡ്രിഡും റോമും എല്ലാം ചേര്‍ത്തുവെച്ചാല്‍ ലാഹോറിനൊപ്പമത്തെില്ളെന്ന് പറയുന്നത് ചരിത്രകാരന്‍ വില്യം ഡാല്‍റിംപ്സാണ്. പിതാവടക്കമുള്ള തന്‍െറ മുന്‍ഗാമികളെപ്പോലെ ആഡംബര ജീവിതം നയിക്കാനോ രാജ്യസമ്പത്ത് ധൂര്‍ത്തടിക്കാനോ എളിമയാര്‍ന്ന ജീവിതം നയിച്ച, മതനിഷ്ഠയുള്ള ഒൗറംഗസീബ് തയാറായിരുന്നില്ല. തൊപ്പി തുന്നിയും ഖുര്‍ആന്‍ പകര്‍ത്തിയെഴുതിയും കിട്ടുന്ന ചില്ലറ തുട്ടുകള്‍കൊണ്ടാണത്രെ സ്വകാര്യാവശ്യങ്ങള്‍ നിറവേറ്റിയത്. താജ്മഹലും ചെങ്കോട്ടയും ഡല്‍ഹി ജുമാമസ്ജിദും കെട്ടിപ്പൊക്കിയ ഷാജഹാന്‍െറ പുത്രനാണ് ഈ ചക്രവര്‍ത്തിയെന്ന് ഓര്‍ക്കുമ്പോഴാണ് ആ ജീവിതത്തിന്‍െറ ലാളിത്യവും എളിമയും കണ്ട് നാം അമ്പരന്നുപോകുന്നത്.
സംഗീതത്തെ കുഴിച്ചുമൂടിയ മതാന്ധന്‍ എന്ന ആരോപണത്തെ ശരിവെക്കുന്ന ഒരു ചരിത്രരേഖയും ഇതുവരെ ആരും കണ്ടത്തെിയിട്ടില്ല. ഹിന്ദുത്വയും സംഗീതവും തമ്മിലെന്താണ് ബന്ധമെന്ന് ചോദിക്കരുത്. ഒൗറംഗസീബിന്‍െറ പേര് ചുരണ്ടിയെടുത്ത് അബ്ദുല്‍ കലാമിന്‍െറ പേര് ആലേഖനംചെയ്യുമ്പോള്‍ പലരും കലാമില്‍ കാണുന്ന പ്രകടമായ ഹൈന്ദവാഭിമുഖ്യം വീണ വായനയിലാണ്. എന്നാല്‍, ഇത്തരം വിതണ്ഡാവാദങ്ങള്‍ മുന്നോട്ടുവെക്കുന്നവര്‍ ഒരു പരമാര്‍ഥം അറിയാതെപോയി; മുസ്ലിം സൂഫിമാര്‍ പേര്‍ഷ്യയില്‍നിന്ന് കൊണ്ടുവന്ന സംഗീതോപകരണമാണ് വീണ.
മുഗള്‍ ചക്രവര്‍ത്തിമാരില്‍ ഹിന്ദുക്കള്‍ക്ക് ഏറ്റവുമധികം ഭരണപ്രാതിനിധ്യം ലഭിച്ചത് ഒൗറംഗസീബിന്‍െറ കാലത്തായിരുന്നു. അദ്ദേഹത്തിന്‍െറ ഭരണത്തില്‍ അത്യുന്നത പദവിയിലുള്ള രണ്ടു സൈനികമേധാവികളും ഹിന്ദുക്കളായിരുന്നു; ജസ്വന്ത് സിങ്ങും ജയ് സിങ്ങും. രാജാരാജ്രൂപ്, കബീര്‍ സിങ്, പ്രേംദേവ് സിങ്, ദിലീപ് റോയ്, ലസിക് ലാല്‍ ക്രോറി തുടങ്ങിയ ഹിന്ദുനേതാക്കള്‍ ഭരണത്തിന്‍െറ കുഞ്ചികസ്ഥാനങ്ങള്‍ അലങ്കരിച്ചു. മതമൈത്രിക്ക് കീര്‍ത്തികേട്ട അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ മൊത്തം ഉണ്ടായിരുന്നത് 14 ഹിന്ദു മന്‍സബ്ദാരികള്‍ (ഉയര്‍ന്ന സൈനികപദവി) ആണെങ്കില്‍ ഒൗറംഗസീബിന്‍െറ കാലത്ത് അത്  148 ആയിരുന്നുവെന്ന് ചരിത്രകാരനായ ശര്‍മ സാക്ഷ്യപ്പെടുത്തുന്നു. ഷാജഹാന്‍െറ കാലത്ത് ഹൈന്ദവ ഉദ്യോഗസ്ഥരുടെ അനുപാതം 24.5 ശതമാനമാണെങ്കില്‍ ഇദ്ദേഹത്തിന്‍െറ കീഴില്‍ 33 ശതമാനമാണ്. ഒൗറംഗസീബിനെക്കുറിച്ച് ഇവിടെ പ്രചാരത്തിലുള്ള അസത്യജടിലമായ അപവാദങ്ങള്‍ ദൂരീകരിക്കുന്നതിന് ആത്മാര്‍ഥശ്രമങ്ങള്‍ നടത്തിയ ചരിത്രകാരനാണ് ഗവര്‍ണര്‍കൂടിയായിരുന്ന ഡോ. ബി.എന്‍. പാണ്ഡെ. അലഹബാദ് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ രണ്ടു ക്ഷേത്രപൂജാരികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനിടയില്‍ ചില ഒൗദ്യോഗിക രേഖകള്‍ കാണാനിടയായ അനുഭവം ഡോ. പാണ്ഡെ പങ്കുവെക്കുന്നുണ്ട്. ക്ഷേത്രപരിപാലനത്തിന് പണത്തിനു പുറമെ ഏതാനും ഭൂമിയും ചക്രവര്‍ത്തി ദാനംചെയ്തതിന്‍െറ രാജകല്‍പന (ഫിര്‍മാന്‍) പൂജാരിമാരില്‍ ഒരാള്‍ ഹാജരാക്കിയപ്പോള്‍ അതിന്‍െറ ആധികാരികത പരിശോധിക്കാന്‍ പ്രഗല്ഭ അഭിഭാഷകനും അറബിക്, പേര്‍ഷ്യന്‍ ഭാഷകളില്‍ പണ്ഡിതനുമായ ഡോ. തേജ് ബഹാദൂര്‍ സപ്രുവിനെ ചുമതലപ്പെടുത്തിയത്രെ. ബ്രാഹ്മണനായ സപ്രുവിന്‍െറ സൂക്ഷ്മപരിശോധനയില്‍ ആ ഫിര്‍മാന്‍ ഒൗറംഗസീബിന്‍േറതാണെന്ന് തെളിഞ്ഞു. ഇതോടെ ഒൗറംഗസീബില്‍നിന്ന് ഭൂമി ദാനം കിട്ടിയ ക്ഷേത്രങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡോ. പാണ്ഡെ ശ്രമം തുടര്‍ന്നു. ഉജ്ജയിനിലെ മഹാകാലേശ്വര, ചിത്രകൂടത്തിലെ ബാലാജി ക്ഷേത്രം, ഗുവാഹതിയിലെ ഉമാനന്ദ് ക്ഷേത്രം തുടങ്ങി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ക്ക് ഉദാരമായി ഭൂമി നല്‍കിയതിന്‍െറ രേഖകളാണ് അദ്ദേഹത്തിന്‍െറ മുന്നിലുള്ളത്. വാരാണസിയിലെ ക്ഷേത്രങ്ങളുടെ പരിപാലനത്തില്‍ ഒൗറംഗസീബ് അതീവശ്രദ്ധാലുവായിരുന്നുവെന്നും ചരിത്രം പറയുന്നു. എന്നിട്ടും ഒൗറംഗസീബ് എങ്ങനെ ‘ക്ഷേത്രധ്വംസക’നായി എന്ന ചോദ്യത്തിനു മറുപടി തരുന്ന ഒരു സംഭവം ‘ആധികാരിക’ ചരിത്രപുസ്തകങ്ങളില്‍ ഇടംപിടിക്കാതെ പോയി. ബംഗാളിലേക്കുള്ള യാത്രാമധ്യേ വാരാണസിയിലത്തെിയപ്പോള്‍ ഒരുദിവസം അവിടെ വിശ്രമിക്കുകയാണെങ്കില്‍ വിശ്വനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും ഗംഗയില്‍ സ്നാനം നടത്താനും സ്ത്രീകള്‍ക്ക് അവസരം ലഭിക്കുമല്ളോ എന്ന് അകമ്പടിയിലുണ്ടായിരുന്ന രാജാക്കന്മാര്‍ ചക്രവര്‍ത്തിയെ ഓര്‍മപ്പെടുത്തിയത്രെ. ഒൗറംഗസീബ് സമ്മതം നല്‍കി. സ്നാനവും ദര്‍ശനവും കഴിഞ്ഞ് റാണിമാരെല്ലാം തിരിച്ചുവന്നിട്ടും കച്ചിലെ മഹാറാണിയെ മാത്രം കണ്ടില്ല. വിവരമറിഞ്ഞ ചക്രവര്‍ത്തി രോഷാകുലനായി. മഹാറാണിയെ അന്വേഷിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടു. തിരച്ചിലിനിടയില്‍, ചുമരിലെ ഗണേശവിഗ്രഹം നീക്കം ചെയ്യാവുന്നതാണെന്ന് കണ്ടത്തെി. വിഗ്രഹം നീക്കിയപ്പോള്‍ നിലവറയിലേക്കുള്ള നടകളാണ് കണ്ടത്. ആ വഴിയുള്ള അന്വേഷണത്തില്‍ മഹാറാണി ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ട് അവശയായി കിടക്കുന്ന ദാരുണ കാഴ്ചയാണ് കണ്ണില്‍ തടഞ്ഞത്. ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടിരുന്നു. അശുദ്ധമായ ആ സ്ഥലത്തുനിന്ന് ഗണേഷവിഗ്രഹം മാറ്റാനും ക്ഷേത്രം നീക്കം ചെയ്യാനും പൂജാരിയെ ശിക്ഷിക്കാനും കല്‍പിച്ചതാണ് ഒൗറംഗസീബിന് ക്ഷേത്രധ്വംസക പട്ടം ചാര്‍ത്തിക്കൊടുത്തത്.
ഒൗറംഗസീബിലൂടെ അക്ബറിലേക്കും ഹുമയൂണിലേക്കും ഷാജഹാനിലേക്കും ജഹാംഗീറിലേക്കും നീളുന്ന ചരിത്രാക്ഷേപം ഹിന്ദുത്വ എവിടെ കൊണ്ടാണവസാനിപ്പിക്കുക? കാറ്റാടി മരങ്ങളോട് യുദ്ധംചെയ്ത ഡോണ്‍ ക്വിക്സോട്ടിന്‍െറ കഥാപാത്രത്തെക്കാള്‍ പരിഹാസ്യരാവുകയേയുള്ളൂ ഇവര്‍. ചരിത്രത്തിന്‍െറ കുഞ്ഞേടുകളില്‍ തങ്കലിപികളില്‍ കുറിച്ചിടപ്പെട്ട സമ്മോഹനമായൊരു കാലഘട്ടത്തെ രോഗാതുരമായ മനസ്സുകൊണ്ട് മായ്ച്ചുകളയാന്‍ ശ്രമിക്കുന്നത് എന്തുമാത്രം പോഴത്തമാണ്! ഒൗറംഗസീബിനെ തള്ളിപ്പറയുമ്പോഴും അദ്ദേഹത്തിന്‍െറ പിതാവ് ഷാജഹാന്‍ കെട്ടിപ്പടുത്ത ചെങ്കോട്ടയില്‍നിന്നുകൊണ്ടാണ് സാക്ഷാല്‍ മോദി സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതെന്ന വിരോധാഭാസം നമുക്ക് കണ്ടില്ളെന്ന് നടിക്കാം.                                                           l

ആ മരണങ്ങള്‍ സര്‍ക്കാറിനെ പ്രതിയാക്കേണ്ട കൊലപാതകങ്ങളാണ്

Posted: 04 Sep 2015 07:06 PM PDT

Image: 

നമ്മുടെ  ആരോഗ്യസംവിധാനങ്ങളുടെ കെടുകാര്യസ്ഥതയുടെയും ആദിവാസി ജനതയോട്, പരിഷ്കൃതരെന്ന് നടിക്കുന്ന നാട്ടുവാസികളുടെ തിരുത്തപ്പെടേണ്ട മനോഘടനയുടെയും ഒടുവിലത്തെ ഉദാഹരണമാണ് വയനാട് ജില്ലയിലെ വാളാട് എടത്തന കോളനിയിലെ കൃഷ്ണന്‍െറ ഭാര്യ അനിതയനുഭവിച്ച സമാനതകളില്ലാത്ത ദുരന്തവും മരണമടഞ്ഞ മൂന്നു കുഞ്ഞുങ്ങളും. വിവാഹിതയായി ആറു വര്‍ഷത്തിനുശേഷമാണ്  അനിത ഗര്‍ഭിണിയായത്. മൂന്നു കുഞ്ഞുങ്ങളെയാണ് ഉദരത്തിലേറുന്നതെന്ന് നേരത്തേ നടത്തിയ പരിശോധനയിലൂടെ അനിതക്കും ആശുപത്രി അധികൃതര്‍ക്കുമറിയാം. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ തന്നെയാണവര്‍ പരിശോധനക്കത്തൊറുള്ളത്. ഓലമേഞ്ഞ ഒറ്റമുറിയില്‍നിന്ന് ഏഴാം മാസത്തില്‍ വേദനവന്ന് അരക്കിലോമീറ്ററോളം ആളുകള്‍ ചുമന്നും പിന്നെ ജീപ്പിലുമായി ആശുപത്രിയിലത്തെിയ ആ അമ്മയോട് കാണിക്കേണ്ട ഒരു ദാക്ഷിണ്യവും ജില്ലാ ആശുപത്രിയധികൃതരില്‍നിന്നുണ്ടായില്ല.  അടിയന്തര സാഹചര്യമായിരുന്നിട്ടും ഗൈനക്കോളജിസ്റ്റ് രോഗിയെ പരിശോധിക്കാന്‍ തയാറായില്ല. ട്രൈബല്‍ ആംബുലന്‍സില്‍ ഒരു ആശുപത്രി ജീവനക്കാരുപോലും കയറിയതുമില്ല.
കോഴിക്കോട് മെഡിക്കല്‍ കോളജ് ലക്ഷ്യംവെച്ചുള്ള ഓട്ടപ്പാച്ചലില്‍ പനമരം സാമൂഹികാരോഗ്യകേന്ദ്രത്തിലും ആംബുലന്‍സിലും കല്‍പറ്റ ജനറല്‍ ആശുപത്രിയിലുമായി മൂന്നു പൈതലുകള്‍ ഭൂമിയില്‍വന്ന് നെറികെട്ട മനുഷ്യരുടെ സ്വഭാവമറിഞ്ഞ് ദൈവസന്നിധിയിലേക്ക് വേഗം തന്നെ തിരിച്ചുപോയി. ഒരു ഗര്‍ഭിണി മൂന്നിടത്ത് പ്രസവിക്കേണ്ടി വന്ന ഈ ദുരവസ്ഥ കേരളത്തില്‍ ആദിവാസി യുവതികള്‍ക്കല്ലാതെ മറ്റാര്‍ക്കെങ്കിലുമാണുണ്ടാകുന്നതെങ്കില്‍ കേരളം ഇത്ര സംയമനത്തോടെ കാര്യങ്ങള്‍ നോക്കിക്കാണുമോ? മാധ്യമങ്ങളും സാമൂഹിക പ്രവര്‍ത്തകരും ഇത്ര അവധാനതയോടെയാകുമോ അപ്പോള്‍ കാര്യങ്ങള്‍ നോക്കിക്കാണുക? സംഭവത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും യുവജനസംഘങ്ങളുടെയും പ്രതിഷേധം വയനാട്ടില്‍ മാത്രമായി ചുരുങ്ങുകയും ചെയ്തു. നമ്മുടെ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ക്കും അനിതയുടെ ദുരന്തത്തില്‍ വലിയ കാര്യമുള്ളതായി തോന്നിയില്ല. വ്യാപകമായ പ്രതിഷേധ പോസ്റ്റുകളൊന്നും ഈ വിഷയത്തില്‍ കണ്ടില്ല.
യഥാര്‍ഥത്തില്‍ ആദിവാസികളോടുള്ള മലയാളി പൊതുബോധം എത്ര ബീഭത്സമാണെന്ന് തെളിയിക്കുകയാണ് ഈ സംഭവം. അതിരാവിലെ ഫോണ്‍ വന്നപ്പോള്‍ രോഗിയെ തിരിഞ്ഞുനോക്കാതെയിരുന്ന ഡോക്ടറും ആശുപത്രി അധികൃതരും പ്രതിനിധാനംചെയ്യുന്നത് നമ്മുടെയെല്ലാം  ഉള്ളില്‍ പതച്ചുകൊണ്ടിരിക്കുന്ന ദുഷിച്ച വംശീയ  മേല്‍ക്കോയ്മാ  പൊതുബോധത്തെതന്നെയാണ്. അതിനാലാണ് വയനാട്ടിലെ ആദിവാസി യുവതിയുടെ ദുരന്തം സാധാരണ സംഭവം മാത്രമായി നാം വിസ്മൃതിയുടെ കൊട്ടയിലേക്ക് വലിച്ചെറിയുന്നത്. അതിനെ ചോദ്യംചെയ്യാതെയും തിരുത്താതെയും ഈ മണ്ണില്‍ ആദിവാസി കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും ആത്മാഭിമാനത്തോടെ ജനിക്കാനും ജീവിക്കാനുമാകില്ല.
കേരളത്തിലെ ആദിവാസി ജനസംഖ്യയില്‍ 31 ശതമാനം വസിക്കുന്ന വയനാട്ടില്‍ ആരോഗ്യമേഖലയിലെ ശോച്യാവസ്ഥ പരിഹരിക്കുന്നതില്‍ പരാജയപ്പെടുന്ന ആരോഗ്യവകുപ്പാണ് ഈ ദുരന്തത്തിന്‍െറ ഒന്നാം പ്രതി. പ്രസവത്തത്തെുടര്‍ന്നുള്ള മാതൃ മരണങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് വയനാട്ടിലാണെന്ന് 2013ല്‍  സി.എ.ജി റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിരുന്നു. അതില്‍തന്നെ ഏറ്റവും കൂടുതല്‍  (51ല്‍ 32 പേരും) ആദിവാസി അമ്മമാരും. കേരളത്തിലെ ശിശുമരണനിരക്ക് പൊതുവില്‍ കുറയുമ്പോള്‍ വയനാട്ടില്‍ 7.72ല്‍നിന്ന് 9.67ലേക്ക് വര്‍ധിക്കുകയാണ് ചെയ്തിട്ടുള്ളത്. വംശനാശം ഭയപ്പെടുമാറത്ര ഭീതിജനകമാണ് ആദിവാസി മേഖലകളിലെ ശിശുമരണനിരക്കെന്ന് യൂനിസെഫ് പഠനവും വ്യക്തമാക്കുന്നു. ഇത്തരം പഠനങ്ങളെ ആധാരമാക്കിയുള്ള വസ്തുതകള്‍ എത്രയുണ്ടെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമല്ല. വയനാട് ജില്ലയില്‍ 12 ഗൈനക്കോളജിസ്റ്റ്  തസ്തികകള്‍ ഉണ്ടെങ്കിലും ഗര്‍ഭിണികളെ പരിശോധിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെയുള്ള ഡോക്ടര്‍മാര്‍ അഞ്ചുപേരാണ്. ഇതിലൊരാള്‍ ദീര്‍ഘാവധിയിലും. ഈ കെടുകാര്യസ്ഥതയുടെ ദുരന്തമാണ് അനിതക്കും കുഞ്ഞുങ്ങള്‍ക്കും അനുഭവിക്കേണ്ടിവന്നത്. ഗ്രാമീണമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും ലഭിക്കുന്നില്ളെന്ന സ്ഥിരം പല്ലവിമാത്രമായിരിക്കും ഇവിടെയും  സര്‍ക്കാറിന് പറയാനുണ്ടാവുക. അവരുടെ സേവനം ഉറപ്പുവരുത്താനുള്ള  നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് പലപ്പോഴും തയാറാകാത്തതാണ് യഥാര്‍ഥ പ്രശ്നം. പട്ടികവര്‍ഗവകുപ്പും ആരോഗ്യവകുപ്പും സംയോജിതമായി നിര്‍വഹിക്കേണ്ട കാര്യങ്ങളും ഉദാസീനമായി കൈകാര്യം ചെയ്യുന്നു. എല്ലാവര്‍ക്കും ഒരുപോലെ താല്‍പര്യമുള്ളതും കാര്യക്ഷമമായി നടത്തുന്നതും ആദിവാസിക്കുവേണ്ടി നീക്കിവെച്ചിരിക്കുന്ന ഫണ്ട് തിരിമറിനടത്തി സ്വന്തം പോക്കറ്റിലാക്കുന്നതില്‍ മാത്രം. നാട്ടുവാസികളായ ബ്യൂറോക്രാറ്റുകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും തടിച്ചുകൊഴുക്കാനുള്ള ഒരു ഉപകരണം മാത്രമാണ് പലപ്പോഴും ആദിവാസികള്‍. അവരുടെ ജീവിതവും ജീവനും തൃണവല്‍ഗണിക്കുന്ന സര്‍ക്കാറിനെ പ്രതിപ്പട്ടികയില്‍ നിര്‍ത്തി വിചാരണ ചെയ്യാതെ ഇത്തരം പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം അസാധ്യമാണ്.

അഞ്ച് ബഹ്റൈന്‍ സൈനികര്‍ സൗദി അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടു

Posted: 04 Sep 2015 06:50 PM PDT

Image: 
മനാമ: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള യമന്‍ സൈനിക നടപടിയില്‍ പങ്കെടുക്കുന്ന ബഹ്റൈന്‍ പ്രതിരോധ സേനയിലെ (ബി.ഡി.എഫ്) അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടു. സൗദിയുടെ കിഴക്കന്‍ അതിര്‍ത്തിയില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു ഇവര്‍.  ബി.ഡി.എഫ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്. 
സൗദി അതിര്‍ത്തി കാക്കുമ്പോഴാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്നാണ് ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തു വിട്ട വിവരം. 
ഫസ്റ്റ് സര്‍ജന്‍റ് മുഹമ്മദ് നബീല്‍ ഹമദ്,  സര്‍ജന്‍റുമാരായ മുഹമ്മദ് ഹാഫിദ് യൂനിസ്, അബ്ദുല്‍ ഖാദിര്‍ ഹസന്‍ അല്‍അലാസ്, ഹസന്‍ ഇക്ബാല്‍ മുഹമ്മദ്, കോര്‍പറല്‍ അബ്ദുല്‍ മൊനിം അലി ഹുസൈന്‍ എന്നിവരാണ് മരിച്ചത്. രക്ത സാക്ഷികളുടെ കുടുംബത്തെ അഗാധമായ ദു$ഖം അറിയിയിക്കുകയും അല്ലാഹു പരേതര്‍ക്ക് മേല്‍ കരുണ ചൊരിയട്ടെയെന്നും പ്രാര്‍ഥിക്കുകയും ചെയ്യുന്നതായി സൈനിക ആസ്ഥാനം അറിയിച്ചു. യമനില്‍ വിമതര്‍ക്കെതിരായി നടക്കുന്ന സൗദിയുടെ നേതൃത്വത്തിലുള്ള ആക്രമണങ്ങളിലെ പ്രധാന പങ്കാളിയാണ് ബഹ്റൈന്‍.

മഴ; വ്യാപകനാശം, രണ്ടു മരണം

Posted: 04 Sep 2015 06:38 PM PDT

Image: 
മസ്കത്ത്: ഗള്‍ഫ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ പാളിയെ തുടര്‍ന്ന് മസ്കത്ത് അടക്കം ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും. ഇടിമിന്നലിന്‍െറ അകമ്പടിയോടെയാണ് മഴയത്തെിയത്.  റുസ്താഖില്‍ മഴവെള്ളപാച്ചിലില്‍പെട്ട് രണ്ടുപേര്‍ മരിച്ചു. ഇവിടെ രണ്ടുപേരെയും മത്രയില്‍ ഒരാളെയും കാണാതായി. കാറ്റില്‍ പലയിടത്തും മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. വെള്ളപ്പാച്ചിലുകളെ തുടര്‍ന്ന് പലയിടത്തും മണിക്കൂറുകള്‍ ഗതാഗതം തടസ്സപ്പെട്ടു. വൈകുന്നേരത്തോടെയാണ് ഭൂരിപക്ഷം സ്ഥലങ്ങളിലും ഗതാഗതം സാധാരണ നിലയിലായത്. റുസ്താഖ് സുവൈഖ് റോഡില്‍ വാദി ഹുഖൈനിലാണ് വാദിയില്‍പെട്ട് രണ്ടുപേര്‍ മരിച്ചത്. ശക്തമായ വെള്ളപാച്ചില്‍ കണക്കിലെടുക്കാതെ വാഹനം ഇറക്കിയവരാണ് അപകടത്തില്‍പെട്ടതെന്നാണ് സൂചന. വാദി ഹുഖെയ്നില്‍  കാണാതായ രണ്ടുപേരില്‍ ഒരാളെ സന്ധ്യയോടെ കണ്ടെടുത്തു. ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെക്കൂടി കണ്ടത്തൊനുണ്ട്.    
ഹെലികോപ്ടറിന്‍െറ സഹായത്തോടെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെയും റോയല്‍ എയര്‍ഫോഴ്സ് അധികൃതരുടെയും നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. മത്ര കോര്‍ണിഷില്‍ സ്വദേശി യുവാവാണ് ഒഴുക്കില്‍പെട്ടത്. സൂഖില്‍നിന്ന് കുത്തിയൊലിച്ചുവന്ന വെള്ളത്തില്‍ നിലതെറ്റി ഇയാള്‍ കടലില്‍ വീഴുകയായിരുന്നു. മൂന്ന് കോസ്റ്റ് ഗാര്‍ഡ് വാഹനങ്ങള്‍ രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. മൂന്ന് പാകിസ്താന്‍ സ്വദേശികളും വെള്ളപ്പാച്ചിലില്‍ പെട്ടെങ്കിലും ചങ്ങലയില്‍പിടിച്ച് ഇവര്‍ രക്ഷപ്പെട്ടു.
വൈകുന്നേരം മൂന്നരയോടെയാണ് മസ്കത്തില്‍ മഴയത്തെിയത്. അതിന് മുന്നോടിയായി പലയിടത്തും ചെറിയ തോതില്‍ പൊടിക്കാറ്റും ഉണ്ടായിരുന്നു. കുത്തിയൊലിച്ചുവന്ന വെള്ളത്തില്‍ ഹമരിയ മേഖല മുങ്ങി. ഹമരിയ-റൂവി ഹൈസ്ട്രീറ്റ് റോഡില്‍  അഞ്ചോളം കാറുകള്‍ ഒലിച്ചുപോയി. പലതും കൂട്ടിയിടിച്ച് ചില്ലുകള്‍ പൊട്ടുകയും മറ്റു തകരാറുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഹമരിയ-ഇത്തി റോഡ് പൂര്‍ണമായും തകര്‍ന്നു.  അന്നഹ്ദ ആശുപത്രിയിലും വെള്ളം കയറിയെങ്കിലും വെള്ളക്കെട്ട് ഒഴിവാക്കാന്‍ ടണല്‍ നിര്‍മാണമടക്കം നടത്തിയതിനാല്‍ രോഗികളെ ഒഴിപ്പിക്കേണ്ടിവന്നില്ല. 
അല്‍ ഖുവൈറിലും ഗതാഗതം തടസ്സപ്പെട്ടു. മസ്കത്ത് ഗ്രാന്‍ഡ്മാളിന്‍െറ മേല്‍ക്കൂരയുടെ ചെറിയഭാഗം ഇടിഞ്ഞുവീണത് പരിഭ്രാന്തി പരത്തി. അമിറാത്തില്‍നിന്ന് ബോഷറിലേക്കുള്ള റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. അര കിലോമീറ്ററോളം ദൂരം മണ്ണിനൊപ്പം വലിയ കല്ലുകളും റോഡില്‍ വീണതാണ് ബോഷറിലേക്കുള്ള ഗതാഗതം തടസ്സപ്പെടാന്‍ കാരണമായത്. വെള്ളത്തിനൊപ്പം വലിയ കല്ലുകളും പലയിടത്തും റോഡിലേക്ക് വീഴുന്നുണ്ടായിരുന്നെന്ന് ഈ സമയം ഇതിലൂടെ സഞ്ചരിച്ച മലയാളിയായ സുജിത്ത് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കല്ലുകള്‍ വീണ് പല കാറുകള്‍ക്കും തകരാറുകള്‍ സംഭവിച്ചിട്ടുമുണ്ട്. 
മസ്കത്തിനുപുറമെ റുസ്താഖിലാണ് ശക്തമായ മഴയുണ്ടായത്. സഹം, സൊഹാര്‍, സുവൈഖ്, ഖദറ, മുസന്ദം, അല്‍ ഹജര്‍ പര്‍വതനിരകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ താരതമ്യേന ശക്തി കുറഞ്ഞ മഴയാണ് അനുഭവപ്പെട്ടത്. പലയിടത്തും ഉച്ചയോടെ ശക്തമായ കാറ്റുണ്ടായി.  ഖദറയില്‍ ചിലയിടങ്ങളില്‍ കാറ്റില്‍ കെട്ടിടങ്ങളുടെ ഭിത്തിയും മേല്‍ക്കൂരകളും തകര്‍ന്നിട്ടുണ്ട്. മറ്റിടങ്ങളിലെ നാശനഷ്ടങ്ങളുടെ വിവരം അറിവായിട്ടില്ല. ന്യൂനമര്‍ദത്തെ തുടര്‍ന്ന് വെള്ളി, ശനി ദിവസങ്ങളില്‍ മഴക്ക് സാധ്യത ഉണ്ടെന്നായിരുന്നു കാലാവസ്ഥാ പ്രവചനം. കനത്ത ചൂടിനിടയിലാണ് മഴ പെയ്തത്. മഴയുള്ള സമയങ്ങളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മഴവെള്ളപ്പാച്ചിലില്‍ വാഹനമിറക്കരുതെന്ന് സിവില്‍ ഡിഫന്‍സ് അധികൃതരും ആവശ്യപ്പെട്ടു. 
 

പുളിമാറാതെ ഓറഞ്ച്

Posted: 04 Sep 2015 12:33 PM PDT

Image: 
Subtitle: 
യൂറോ കപ്പ്: ഐസ്ലന്‍ഡിന് യോഗ്യത; നിലഭദ്രമാക്കി വെയ്ല്‍സും ബെല്‍ജിയവും നെതര്‍ലന്‍ഡ്സിന് പ്ളേഓഫ് വെല്ലുവിളി

ആംസ്റ്റര്‍ഡാം: പുതിയ കോച്ചും പുതിയ നായകനുമത്തെിയിട്ടും ഓറഞ്ചുപടയുടെ കഷ്ടകാലത്തിന് മാറ്റമില്ല. ചന്തമാര്‍ന്ന കളി കെട്ടഴിച്ചുവിട്ടിട്ടും ഒരു ഗോളിന് തോല്‍ക്കാന്‍ വിധിക്കപ്പെട്ട നെതര്‍ലന്‍ഡ്സിന്‍െറ യൂറോ യോഗ്യത കയ്യാലപ്പുറത്തായി. ഗ്രൂപ്പില്‍നിന്നുള്ള യോഗ്യതാ ടിക്കറ്റ് നഷ്ടമായ നെതര്‍ലന്‍ഡ്സിന് ഇനി പ്രതീക്ഷ പ്ളേഓഫിലൂടെ മാത്രം.

രണ്ടാംപകുതിയില്‍ പിറന്ന പെനാല്‍റ്റി ഗോളില്‍ തൂങ്ങി കരപറ്റിയ ഐസ്ലന്‍ഡ് ചരിത്രത്തിലാദ്യമായി യൂറോ കപ്പിന് യോഗ്യതയും ഉറപ്പിച്ചു. യൂറോയിലെ ആദ്യ മത്സരങ്ങളില്‍ ടീമിന്‍െറ മോശം പ്രകടനമായിരുന്നു കോച്ച് ഗസ് ഹിഡിങ്കിന്‍െറ സ്ഥാനം തെറിപ്പിച്ചത്. പകരക്കാരനായത്തെിയ ഡാനി ബ്ളിന്‍ഡിന്‍െറ രാജ്യാന്തര അരങ്ങേറ്റമായിരുന്നു ഐസ്ലന്‍ഡിനെതിരെ. എന്നാല്‍, മാറ്റമൊന്നും കളത്തില്‍ ഫലിച്ചില്ല. 31ാം മിനിറ്റില്‍ നായകന്‍ ആര്‍യന്‍ റോബന്‍ പരിക്കേറ്റ് പുറത്തായതോടെ തുടങ്ങി കഷ്ടകാലം. 33ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ബ്രൂണോ മാര്‍ട്ടിന്‍സ് ഇന്‍ഡി ചുവപ്പുകാര്‍ഡുമായി പുറത്താവുകകൂടി ചെയ്തതോടെ 10 പേരിലൊതുങ്ങി ഡച്ച് പട. അംഗസംഖ്യ കുറഞ്ഞിട്ടും ആക്രമണത്തിന് മൂര്‍ച്ചകുറയാതെ കാത്ത ഡച്ചുകാര്‍ ഗോളടിക്കുമെന്ന് പലപ്പോഴും തോന്നിപ്പിച്ചെങ്കിലും 51ാം മിനിറ്റില്‍ കളിയുടെ ഗതിമാറ്റി എതിരാളികള്‍ സ്കോര്‍ ചെയ്തു.

ആതിഥേയ ഡിഫന്‍ഡര്‍ വാന്‍ഡെര്‍ വെയ് ലിന്‍െറ അശ്രദ്ധയോടെയുള്ള ഫൗളിന് റഫറി പെനാല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടിയതോടെയാണ് വിധി തീര്‍പ്പാക്കിയ ഗോള്‍ പിറന്നത്. ജില്‍ഫി സിഗര്‍സന്‍െറ പെനാല്‍റ്റി ഷോട്ട് ഉന്നംതെറ്റാതെ വലകുലുക്കിയപ്പോള്‍ തിരിച്ചുവരാനാവാത്തവിധം പ്രതിരോധത്തിലായ ഡച്ചുകാര്‍ സ്വന്തം മണ്ണില്‍ തോല്‍വി ഉറപ്പിച്ചു.
ഇതോടെ, ഗ്രൂപ് ‘എ’യില്‍നിന്നും ഏഴില്‍ ആറും ജയിച്ച് 18 പോയന്‍േറാടെ ഐസ്ലന്‍ഡ് യൂറോ യോഗ്യത ഉറപ്പിച്ചു. രണ്ടാം മത്സരത്തില്‍ കസാഖ്സ്താനെ 2^1ന് തോല്‍പിച്ച് ചെക് റിപ്പബ്ളിക്കും സ്ഥാനം നിലനിര്‍ത്തി. മിലാന്‍ സ്കോഡയുടെ ഇരട്ട ഗോളുകളാണ് ചെക്കിന് വിജയമൊരുക്കിയത്. ഏഴുകളിയില്‍ അഞ്ചു ജയവുമായി 16 പോയന്‍റുള്ള ചെക് രണ്ടാംസ്ഥാനത്താണ്. ഏഴില്‍ മൂന്നു ജയം മാത്രമുള്ള നെതര്‍ലന്‍ഡ്സാവട്ടെ 10 പോയന്‍റുമായി മൂന്നാം സ്ഥാനത്തും.

ഗ്രൂപ് റൗണ്ടില്‍ ശേഷിക്കുന്ന മൂന്നു മത്സരങ്ങളും ജയിക്കുകയെന്നതാണ് നെതര്‍ലന്‍ഡ്സിന് മുന്നിലെ ഏക പോംവഴി. നാളെ തുര്‍ക്കിയും, 10ന് കസാഖ്സ്താന്‍, 13ന് ചെക് റിപ്പബ്ളിക് എന്നിവരാണ് നെതര്‍ലന്‍ഡ്സിന്‍െറ എതിരാളികള്‍. ഗ്രൂപ് ‘ബി’യില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ വെയ്ല്‍സും ബെല്‍ജിയവും ജയത്തോടെ നിലഭദ്രമാക്കി. ബെല്‍ജിയം 3^1ന് ബോസ്നിയയെ തോല്‍പിച്ചപ്പോള്‍ വെയ്ല്‍സ് എവേ മാച്ചില്‍ 1^0ന് സൈപ്രസിനെ വീഴ്ത്തി. റയല്‍ മഡ്രിഡിന്‍െറ സ്റ്റാര്‍സ്ട്രൈക്കര്‍ ഗാരെത് ബെയ്ലാണ് 82ാം മിനിറ്റില്‍ വെയ്ല്‍സിന്‍െറ വിജയ ഗോള്‍ നേടിയത്. ഗ്രൂപ്പില്‍ ഏഴില്‍ അഞ്ചു ജയവുമായി 17 പോയന്‍റുള്ള വെയ്ല്‍സ് ഒന്നാം സ്ഥാനത്താണ്. ബെല്‍ജിയത്തിനു വേണ്ടി മൗറെയ്ന്‍ ഫെല്ളെയ്നി, ഡി ബ്രൂയിന്‍, എഡന്‍ ഹസാഡ് എന്നിവരാണ് വലകുലുക്കിയത്. ബോസ്നിയയുടെ ആശ്വാസ ഗോള്‍ എഡന്‍ സെകോ കുറിച്ചു.

ഗ്രൂപ് ‘എച്ചി’ല്‍ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇറ്റലി 1^0ന് മാള്‍ട്ടയെ വീഴ്ത്തി. ഗ്രസിയാനോ പെല്ളെയുടെ ഹെഡര്‍ ഗോളാണ് ഇറ്റലിക്ക് ആശ്വാസജയം സമ്മാനിച്ചത്. മറ്റൊരു മത്സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള ക്രൊയേഷ്യയെ അസര്‍ബൈജാന്‍ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. ക്രൊയേഷ്യയും ഇറ്റലിയും 15 പോയന്‍റുമായി ഒന്നും രണ്ടും സ്ഥാനത്താണ്.
യൂറോ യോഗ്യതാ
മത്സരഫലങ്ങള്‍
അസര്‍ബൈജാന്‍ 0^ക്രൊയേഷ്യ 0
ബെല്‍ജിയം 3^ബോസ്നിയ 1
ബള്‍ഗേറിയ 0 ^ നോര്‍വേ 1
സൈപ്രസ് 0^വെയ്ല്‍സ് 1
ചെക് റി. 2^കാസഖ്സ്താന്‍ 1
ഇസ്രായേല്‍ 4 ^അന്‍ഡോറ 0
ഇറ്റലി 1^മാള്‍ട്ട 0
നെതര്‍ലന്‍ഡ്സ് 0^ഐസ്ലന്‍ഡ് 1
തുര്‍ക്കി 1 ^ലാത്വിയ 1

ഡോ. എം.എം. ബഷീറിനെതിരെ തീവ്രഹിന്ദുത്വവാദികളുടെ ഭീഷണി

Posted: 04 Sep 2015 12:19 PM PDT

Image: 
Subtitle: 
ശ്രീരാമനെ അപമാനിക്കുന്ന തരത്തില്‍ എഴുതിയെന്ന് ആരോപിച്ചാണ് പ്രതിഷേധം

കോഴിക്കോട്: പ്രമുഖ സാഹിത്യനിരൂപകനും കാലിക്കറ്റ് സര്‍വകലാശാലാ മലയാള പഠനവകുപ്പ് മുന്‍ മേധാവിയുമായ ഡോ. എം.എം. ബഷീറിനെതിരെ തീവ്രഹിന്ദുത്വവാദികളുടെ സംഘടിത നീക്കം. രാമായണ മാസാചരണ വേളയില്‍ ‘മാതൃഭൂമി’യില്‍ ശ്രീരാമനെ അപമാനിക്കുന്ന തരത്തില്‍ എഴുതിയെന്ന് ആരോപിച്ചാണ് ഒരുവിഭാഗം ഹിന്ദുത്വ പ്രവര്‍ത്തകരുടെ രംഗപ്രവേശം. സാമൂഹികമാധ്യമങ്ങളിലൂടെയും നേരിട്ടും തെറിവിളികളും പ്രതിഷേധവും ശക്തമായതോടെ മാതൃഭൂമിയിലെ കോളം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു. ‘രാമായണം ജീവിത സാരാമൃതം’ എന്ന കോളത്തില്‍ ആഗസ്റ്റ് മൂന്നുമുതല്‍ ഏഴുവരെയാണ് എം.എം. ബഷീറിന്‍െറ കോളം പ്രസിദ്ധീകരിച്ചത്. ആഗസ്റ്റ് മൂന്നിന് രാമന്‍െറ ക്രോധം എന്ന പേരില്‍ ആദ്യരചന വന്നതോടെയാണ് പ്രതിഷേധങ്ങളുടെ തുടക്കം.
രാമായണത്തെ കുറിച്ച് മുസ്ലിമായ ഒരാള്‍ മോശമായി എഴുതുന്നുവെന്നും ഹിന്ദു സമൂഹത്തെ അപമാനിക്കുന്ന പത്രം ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടുള്ള വാട്സ്ആപ് സന്ദേശങ്ങളാണ് പ്രചരിച്ചത്. ഇതോടെ, എഴുത്തുകാരന്‍െറയും പത്രത്തിന്‍െറയും ഓഫിസുകളിലേക്ക് ഫോണ്‍ വിളികള്‍ വന്നു. തെറിയും ഭീഷണിയുമൊക്കെയാണ് മിക്കതിന്‍െറയും ചുരുക്കം. അഗ്നിപരീക്ഷ, ഉടലെടുത്ത ദു$ഖം, അന്തര്‍ധാനം, പാപബോധം തുടങ്ങിയ തലക്കെട്ടുകളില്‍ തുടര്‍ന്നും കോളങ്ങള്‍ വന്നതോടെ പ്രതിഷേധം മറനീക്കി. ഹനുമാന്‍ സേനാ പ്രവര്‍ത്തകര്‍ മാതൃഭൂമി കോഴിക്കോട് ഓഫിസിനു മുന്നില്‍ പത്രം കത്തിച്ച് പ്രകടനവും നടത്തി. തെറിയും ഭീഷണിയുമെല്ലാം കൂടിയതോടെ കോളം പാതിവഴിയില്‍ നിര്‍ത്തുകയാണുണ്ടായത്. ഭീഷണി വര്‍ധിച്ചതോടെ ഡോ.എം.എം ബഷീറിനെ ഇപ്പോള്‍ ടെലിഫോണില്‍പോലും കിട്ടുന്നില്ല.
എഴുത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. രാമായണ മാസാചരണ വേളയില്‍ എല്ലാ വിഭാഗത്തിലെ എഴുത്തുകാരെയും ഉള്‍പ്പെടുത്തിയാണ് മാതൃഭൂമി കോളം തയാറാക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും ഇത്തരം രചനകള്‍ ഉള്‍പ്പെടുത്തിയെങ്കിലും എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. അതേസമയം ദേശീയ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയതോടെ വിഷയം വന്‍ ചര്‍ച്ചയായിട്ടുണ്ട്.

സഹായവുമായി ജര്‍മന്‍ ക്ളബുകള്‍, ഒളിമ്പിക്സ് കമ്മിറ്റി വക 20 ലക്ഷം ഡോളര്‍

Posted: 04 Sep 2015 12:15 PM PDT

Image: 

മ്യൂണിക്: ഐലന്‍ കുര്‍ദിയെന്ന പിഞ്ചുകുഞ്ഞിന്‍െറ ചേതനയറ്റ ഉടല്‍ തീരാനോവായി തുടരുമ്പോള്‍, സമാധാനജീവിതം തേടി പിറന്ന മണ്ണുപേക്ഷിച്ച് പലായനം ചെയ്തവര്‍ക്ക് കൈത്താങ്ങായി കായികലോകവും. സിറിയയിലെ സംഘര്‍ഷ ഭൂമിയില്‍നിന്നും അഭയംതേടി യൂറോപ്പിലത്തെിയ ലക്ഷങ്ങള്‍ക്ക് ഐക്യദാര്‍ഡ്യവും സഹായവുമായി ഫുട്ബാള്‍ ക്ളബുകളും താരങ്ങളും രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയും രംഗത്ത്.
ജര്‍മന്‍ ബുണ്ടസ് ലിഗ ചാമ്പ്യന്‍ ക്ളബ് ബയേണ്‍ മ്യൂണിക്കാണ് കൂട്ടപ്പലായനക്കാര്‍ക്ക് പിന്തുണയുമായി ആദ്യം രംഗത്തത്തെിയത്. അഭയാര്‍ഥികള്‍ക്കായുള്ള പദ്ധതികള്‍ക്ക് 10 ലക്ഷം യൂറോ വാഗ്ദാനം ചെയ്ത ക്ളബ് കുട്ടികള്‍ക്കായി പരിശീലന ക്യാംമ്പും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. അഭയാര്‍ഥികള്‍ക്ക് ഐക്യദാര്‍ഡ്യമറിയിച്ച് 12ന് മ്യൂണിക്കില്‍ നടക്കുന്ന ബുണ്ടസ് ലിഗ മത്സരത്തിന് മുന്നോടിയായി ‘സൗഹൃദ മനുഷ്യച്ചങ്ങല’യും തീര്‍ക്കും. ജര്‍മന്‍ കുട്ടികളും അഭയാര്‍ഥി കുട്ടികളും പരസ്പരം കൈകോര്‍ത്തുപിടിച്ചാവും സൗഹൃദ ചങ്ങല.
ബയേണ്‍ മ്യൂണിക്കിന്‍െറ മുഖ്യ വൈരികളായ ബൊറൂസിയ ഡോര്‍ട്മുണ്ടും വീടും നാടുമുപേക്ഷിച്ച് രാജ്യംവിട്ടവര്‍ക്ക് പിന്തുണയുമായത്തെി. വ്യാഴാഴ്ച നടന്ന യൂറോപ്പ ലീഗ് മത്സരത്തിന് അഭയാര്‍ഥികളായ 200 പേര്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്തു. ഗാലറിയില്‍ അവരെ സ്വാഗതംചെയ്ത് ബാനറുകളും പ്രദര്‍ശിപ്പിച്ചു. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ടീം ആസ്റ്റവില്ലയുടെ ആരാധകരും അഭയാര്‍ഥികള്‍ക്ക് സ്വാഗതമോതി രംഗത്തത്തെി. അഭയാര്‍ഥികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി 20 ലക്ഷം ഡോളര്‍ പ്രഖ്യാപിച്ചു. റയല്‍ മഡ്രിഡിന്‍െറ പോര്‍ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പിന്തുണയുമായത്തെി.

രണ്ടുലക്ഷം അഭയാര്‍ഥികളെ കൂടി യൂറോപ്പ് ഏറ്റെടുക്കണം: യു.എന്‍

Posted: 04 Sep 2015 11:44 AM PDT

Image: 

ജനീവ: രണ്ടുലക്ഷം വരെ അഭയാര്‍ഥികളെക്കൂടി യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങള്‍ ഏറ്റെടുക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനം. പുനരധിവാസത്തിന്‍െറ ഗുണം അഭയാര്‍ഥി സമൂഹത്തിന് ലഭിക്കാന്‍ എല്ലാ രാജ്യങ്ങളും പങ്കാളിത്തം ഉറപ്പാക്കണമെന്ന് യു.എന്‍ അഭയാര്‍ഥികാര്യ ഹൈകമീഷണര്‍ അന്‍േറാണിയോ ഗറ്ററസ് ആവശ്യപ്പെട്ടു. സിറിയന്‍ ബാലന്‍െറ മൃതദേഹം തുര്‍ക്കി തീരത്തടിഞ്ഞതിനെ തുടര്‍ന്നുണ്ടായ ആഗോള വിമര്‍ശത്തിന്‍െറ പശ്ചാത്തലത്തിലാണ് യു.എന്‍  ആഹ്വാനം. അഭയാര്‍ഥിപ്രശ്നം ഒരു രാഷ്ട്രത്തിനു മാത്രമായി കൈകാര്യം ചെയ്യാനാകില്ളെന്നും എന്നാല്‍, ആര്‍ക്കും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ളെന്നും ഗറ്ററസ് പറഞ്ഞു.

ഗ്രീസിന്‍െറയും ഇറ്റലിയുടെയും അഭയാര്‍ഥിഭാരം കുറക്കാനായി ഇതര യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തുവരണമെന്ന് ഫ്രാന്‍സും ജര്‍മനിയും ആവശ്യപ്പെട്ടിരിക്കെയാണ് സമാന ആവശ്യവുമായി യു.എന്നും മുന്നോട്ടുവെന്നിരിക്കുന്നത്. അതിനിടെ, ഹംഗറിയില്‍ തടഞ്ഞുവെച്ച സിറിയന്‍ വംശജരെ നിര്‍ബന്ധിച്ച് അഭയാര്‍ഥി കേന്ദ്രത്തിലേക്കു മാറ്റാനുള്ള ശ്രമം വിഫലമായി. തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ബിക്സ്കെ റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞിട്ട ട്രെയിനില്‍ കഴിയുന്നവരെയാണ് അഭയാര്‍ഥി കേന്ദ്രത്തിലേക്ക് മാറ്റാന്‍ അധികൃതര്‍ ശ്രമിച്ചത്. എന്നാല്‍, ഇവിടെ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതോടെ ജര്‍മനി, ഫ്രാന്‍സ് ഉള്‍പെടെ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വഴിമുടങ്ങുമെന്ന ആശങ്കയിലാണ് അഭയാര്‍ഥികള്‍ വിസമ്മതിച്ചത്. ഇവിടെ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് പേര്‍ ഓസ്ട്രിയന്‍ തലസ്ഥാനമായ വിയനയിലേക്ക് കാല്‍നടയായി പുറപ്പെടുമെന്ന് പ്രഖ്യാപിച്ചു. പലരും വിയനയിലേക്ക് യാത്ര തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുടിയേറ്റ പ്രതിസന്ധി നിയന്ത്രണാതീതമായതോടെ സെര്‍ബിയയുമായുള്ള അതിര്‍ത്തി ഹംഗറി അടച്ചിട്ടുണ്ട്.

4,000 സിറിയന്‍ അഭയാര്‍ഥികളെ ഏറ്റെടുക്കാന്‍ തയാറാണെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചു. നാട്ടില്‍ ജനകീയ പ്രക്ഷോഭം ശക്തമായതോടെയാണ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ അഭയാര്‍ഥികളെ ഏറ്റെടുക്കാനുള്ള സമ്മതമറിയിച്ചത്. എന്നാല്‍, നിലവില്‍ യൂറോപിലുള്ളവരെ ഏറ്റെടുക്കില്ളെന്നും സിറിയയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവരെയാകും ഏറ്റെടുക്കുകയെന്നും കാമറണ്‍ പറഞ്ഞു.

ഐ.ക്യൂവില്‍ ഐന്‍സ്റ്റീനെ തോല്‍പിച്ച് 12കാരി

Posted: 04 Sep 2015 11:28 AM PDT

Image: 

ലണ്ടന്‍: ബുദ്ധിക്ഷമതാപരീക്ഷയില്‍ ശാസ്ത്രപ്രതിഭകളായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും സ്റ്റീഫന്‍ ഹോക്കിങ്ങിനെയും പിറകിലാക്കി 12കാരിയുടെ പ്രകടനം. ബ്രിട്ടനിലെ ഈസ്റ്റ് ആംഗ്ളിയയില്‍നിന്നുള്ള ലിഡിയ സെബാസ്റ്റ്യന്‍ എന്ന പെണ്‍കൊടിയാണ് പ്രസിദ്ധമായ മെന്‍സ ഐ.ക്യൂ പരീക്ഷയില്‍ പരമാവധി മാര്‍ക്ക് നേടി റെക്കോഡിട്ടത്. ബുദ്ധിക്ഷമതയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും പഴക്കമുള്ള കൂട്ടായ്മയാണ് മെന്‍സ. ഗണിതത്തിലും ഭാഷയിലുമുള്ള മിടുക്കാണ് ലിഡിയക്ക് മികച്ച വിജയം സമ്മാനിച്ചത്. പിതാവ് അരുണ്‍ സെബാസ്റ്റ്യന്‍ കോള്‍ചെസ്റ്റര്‍ ജനറല്‍ ആശുപത്രിയില്‍ റേഡിയോളജിസ്റ്റാണ്. ഹാരിപോട്ടര്‍ പരമ്പരയിലെ എല്ലാ പുസ്തകങ്ങളും ഇതിനകം മൂന്നുതവണ വായിച്ചുതീര്‍ത്ത ലിഡിയ നാലാം വയസ്സ് മുതല്‍ വയലിന്‍ വായിക്കുന്നുണ്ട്. ആറാം മാസത്തില്‍തന്നെ ഇവള്‍ സംസാരിച്ചു തുടങ്ങിയിരുന്നതായും മാതാപിതാക്കള്‍ പറഞ്ഞു.
മുമ്പും മെന്‍സ പരീക്ഷയില്‍ കുരുന്നുപ്രതിഭകള്‍ പരമാവധി സ്കോര്‍ നേടി റെക്കോഡിട്ടിരുന്നു. ഈ വര്‍ഷം നിക്കോള്‍ ബാര്‍, ആഹില്‍ ജൗഹര്‍ എന്നിവരാണ് ലിഡിയയെ പോലെ സമ്പൂര്‍ണ വിജയം സ്വന്തമാക്കിയ മറ്റുള്ളവര്‍.

മികച്ച 100 നോവലുകളില്‍ 'ഗോഡ് ഓഫ് സ്മോള്‍ തിങ്സി'ന് രണ്ടാംസ്ഥാനം

Posted: 04 Sep 2015 11:22 AM PDT

Image: 

ലണ്ടന്‍: പ്രമുഖ ബ്രിട്ടീഷ് നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായ റോബര്‍ട്ട് മാക്രം, ഗാര്‍ഡിയന്‍ ദിനപത്രത്തിന്‍െറ വായനക്കാരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയില്‍ അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മോള്‍ തിങ്സ്’ മികച്ച രണ്ടാമത്തെ നോവലായി തെരഞ്ഞെടുക്കപ്പെട്ടു. ആംഗലേയത്തില്‍ രചിക്കപ്പെട്ട മികച്ച 100 നോവലുകള്‍ കണ്ടത്തൊനായിരുന്നു സര്‍വേ. ആഫ്രിക്കന്‍ എഴുത്തുകാരനായ ചിന്വ അചെബെയുടെ ‘തിങ്സ് ഫാള്‍ അപാര്‍ട്ടി’നാണ് ഒന്നാംസ്ഥാനം.
എഴുത്തുകാരിയും ധീരയായ സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതിയുടെ നോവല്‍ 1997ല്‍ ബുക്കര്‍ പുരസ്കാരം നേടിയതോടെ ലോക ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെടുകയുണ്ടായി. കേരളീയ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടുവെങ്കിലും ഏഷ്യന്‍ സംസ്കൃതിയുടെ പരിച്ഛേദമായാണ് വായനക്കാര്‍ നോവലിനെ വിലയിരുത്തുന്നത്. അരുന്ധതിയുടെ നോവല്‍ പ്രമേയപരമായും പാത്ര സൃഷ്ടിയിലും മികച്ചുനില്‍ക്കുന്നതായും ഗദ്യത്തില്‍ എഴുതിയ കവിതപോലെ അനുഭൂതിജനകമാണെന്നും വായനക്കാര്‍ അഭിപ്രായപ്പെട്ടു.
 

വധശിക്ഷകള്‍ രാഷ്ട്രീയപ്രേരിതമെന്ന് ജസ്റ്റിസ് എ.പി. ഷാ

Posted: 04 Sep 2015 08:08 AM PDT

Image: 
Subtitle: 
രാഷ്ട്രീയസാഹചര്യങ്ങള്‍ വിധിപറയുന്നതില്‍ ജഡ്ജിമാരെ സ്വാധീനിക്കാറുണ്ട്

ന്യൂഡല്‍ഹി: മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‍െറയും പാര്‍ലമെന്‍റ് ആക്രമണക്കേസ് പ്രതി അഫ്സല്‍ ഗുരുവിന്‍െറയും വധശിക്ഷ രാഷ്ട്രീയപ്രേരിതമായിരുന്നുവെന്ന് ഡല്‍ഹി ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസും നിയമ കമീഷന്‍ മുന്‍ ചെയര്‍മാനുമായ എ.പി. ഷാ. യാക്കൂബ് മേമന്‍െറ ദയാഹര്‍ജി പരിഗണിക്കാവുന്ന ഘടകങ്ങളുണ്ടായിരുന്നുവെന്ന് സി.എന്‍.എന്‍-ഐ.ബി.എന്നിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഏറെനാള്‍ ജയിലില്‍ കഴിഞ്ഞയാളെ വധശിക്ഷക്ക് വിധേയനാക്കുന്നതുകൊണ്ട് പ്രയോജനമില്ല. ദയാഹരജി തള്ളിയാല്‍ വധശിക്ഷ നടപ്പാക്കാന്‍ 14 ദിവസം നല്‍കണം. യാക്കൂബ് മേമന്‍െറ കാര്യത്തില്‍ ഇത്തരം നടപടിക്രമങ്ങള്‍ പാലിച്ചില്ല. കേസില്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്കിടയില്‍തന്നെ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. പരമോന്നതശിക്ഷ എന്ന നിലക്ക് നടപ്പാക്കിക്കഴിഞ്ഞാല്‍ വധശിക്ഷ തിരുത്താനാകില്ല. വധശിക്ഷ വിധിക്കുന്നതില്‍പോലും തെറ്റ് കടന്നുകൂടാമെന്നും ഷാ ഓര്‍മിപ്പിച്ചു.
അഫ്സല്‍ ഗുരുവിന്‍െറ കാര്യത്തില്‍ ഭരണകൂടമാണ് തീരുമാനമെടുത്തത്. ഏറെ നാളുകളായി പരിഗണിക്കാതെവെച്ചിരുന്ന ദയാഹരജി തള്ളിക്കളയാന്‍ പെട്ടെന്ന് തീരുമാനമെടുക്കുകയായിരുന്നു. ഇത്രപെട്ടെന്ന് തള്ളിക്കളഞ്ഞതിനുപിന്നില്‍ രാഷ്ട്രീയകാരണമാണ്.
വധശിക്ഷക്ക് ഭീകരപ്രവര്‍ത്തനത്തെ തടയാന്‍ കഴിയുമോയെന്നത് സംശയകരമാണ്. കുറ്റവാളികളുടെ ദയാഹരജി പരിഗണിക്കുമ്പോള്‍ സര്‍ക്കാറിന്‍െറ കാഴ്ചപ്പാട് മാത്രമല്ല, രാഷ്ട്രപതിയുടെയും ശിക്ഷവിധിക്കുന്ന ജഡ്ജിമാരുടെയും കാഴ്ചപ്പാടും സ്വാധീനിക്കുമെന്നും ഷാ പറഞ്ഞു. സമൂഹത്തിന്‍െറ രാഷ്ട്രീയസാഹചര്യങ്ങള്‍ വിധിപറയുന്നതില്‍ ജഡ്ജിമാരെ സ്വാധീനിക്കാറുണ്ട്. ഇക്കാര്യം നിയമകമീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെന്ന് ഷാ പറഞ്ഞു.
വധശിക്ഷ നിര്‍ത്തലാക്കണമെന്നും തല്‍ക്കാലത്തേക്ക് ഭീകരവാദക്കേസുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നുമുള്ള റിപ്പോര്‍ട്ട് ദേശീയ നിയമ കമീഷന്‍ കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു.

വനം കൈയേറ്റങ്ങള്‍ ഉടന്‍ ഒഴിപ്പിക്കണം ^ഹൈകോടതി

Posted: 04 Sep 2015 06:54 AM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് 1977 ജനുവരി ഒന്നിനുശേഷം നടന്ന മുഴുവന്‍ വനം കൈയേറ്റങ്ങളും സര്‍ക്കാര്‍ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് ഹൈകോടതി.
കൈയേറ്റക്കാരെ ഒരുവര്‍ഷത്തിനകം ഒഴിപ്പിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്.
ഭൂസംരക്ഷണ നിയമം, കേരള വനസംരക്ഷണ നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. വനം കൈയേറ്റക്കാര്‍ക്ക് നിയമപരമായ നോട്ടീസ് ആറുമാസത്തിനകം നല്‍കി സര്‍ക്കാര്‍ നടപടി ആരംഭിക്കണം. അടുത്ത ആറുമാസത്തിനകം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണം.
കൈയേറ്റത്തിന് സാധുത നല്‍കണമെങ്കില്‍ കേന്ദ്രസര്‍ക്കാറിന്‍െറ മുന്‍കൂര്‍ അനുമതി തേടണം. മതികെട്ടാനിലും മൂന്നാറിലുമുള്‍പ്പെടെ ഇടുക്കിയിലും മറ്റിടങ്ങളിലും വനം കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ രണ്ട് പൊതുതാല്‍പര്യ ഹരജി തീര്‍പ്പാക്കിയാണ് കോടതി ഉത്തരവ്. രാഷ്ട്രീയക്കാരുടെയും ഭൂമാഫിയയുടെയും താല്‍പര്യത്തിനനുസരിച്ച് കൈയേറ്റം കണ്ടില്ളെന്ന് നടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ആസ്ഥാനമായ വണ്‍ എര്‍ത്ത് വണ്‍ ലൈഫ്, തിരുവാങ്കുളം നേച്വര്‍ ലവേഴ്സ് എന്നീ സംഘടനകളാണ് ഹൈകോടതിയെ സമീപിച്ചത്.
1977 മുതല്‍ 7000 ഹെക്ടര്‍ വനഭൂമി കൈയേറിയതായി കാലാകാലങ്ങളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ സര്‍ക്കാര്‍തന്നെ വ്യക്തമാക്കിയതായി കോടതി ചൂണ്ടിക്കാട്ടി. കൈയേറ്റഭൂമി സംബന്ധിച്ച വിവരം മാത്രമല്ല, കൈയേറ്റക്കാരുടെ വിവരം വരെ സര്‍ക്കാര്‍ കോടതിക്ക് നല്‍കിയിട്ടുണ്ട്.
സത്യവാങ്മൂലങ്ങളില്‍ കൈയേറ്റത്തിന്‍െറ യഥാര്‍ഥചിത്രം വെളിവായിട്ടുണ്ട്. കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാനതല സമിതി ഇടക്കിടെ യോഗം ചേരുന്നതും നടപടികള്‍ ചര്‍ച്ച ചെയ്യുന്നതും സത്യവാങ്മൂലത്തില്‍ സൂചിപ്പിട്ടുണ്ട്. കൈയേറ്റക്കാര്‍ ആരൊക്കെയെന്ന് അറിഞ്ഞിട്ടും ഒഴിപ്പിക്കാന്‍ നടപടിയെടുത്തതായി സത്യവാങ്മൂലത്തില്‍ പറയുന്നില്ല. കൈയേറ്റ ഭൂമി ഒഴിപ്പിക്കുക എന്നത് സര്‍ക്കാറിന്‍െറ ബാധ്യതയാണ്. സമയബന്ധിതമായി ഒഴിപ്പിക്കാന്‍ അടിയന്തരനടപടി കൈക്കൊണ്ടേ പറ്റൂ.
വനഭൂമി കൈയേറ്റം സാധൂകരിച്ചുനല്‍കാന്‍ കേന്ദ്രസര്‍ക്കാറിന്‍െറ മുന്‍കൂര്‍ അനുമതി ലഭിക്കാത്തപക്ഷം കൈയേറ്റം നിയമപരമോ അല്ലയോ എന്ന് കണക്കാക്കാതെ ഒഴിപ്പിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.

ദുരന്തക്കാഴ്ചക്ക് പിന്നിലെ കണ്ണുകള്‍

Posted: 04 Sep 2015 05:08 AM PDT

Image: 

അങ്കാറ: ദുരന്തങ്ങള്‍ ലോകത്തോട് വിളിച്ച് പറഞ്ഞ നിരവധി ചിത്രങ്ങള്‍ ഉണ്ട്; പിന്നിപ്പോയ ഹൃദയത്തോടെയല്ലാതെ കാണാന്‍ കഴിയാത്തത്. പലായനത്തിന്‍െറ ഭീകരത പടര്‍ത്തി, തുര്‍ക്കി തീരത്തടിഞ്ഞ ഐലന്‍ കുര്‍ദി എന്ന കുഞ്ഞുടല്‍ ലോകത്തെയാകെ നീറിപ്പുകക്കുകയാണ്. യൂറോപ്പില്‍ അഭയം ആഗ്രഹിച്ച് പാതി തകര്‍ന്ന ബോട്ടുകളില്‍ യാത്രയാരംഭിക്കുകയും കടലില്‍ വീണടിയുകയും ശ്വാസംമുട്ടി മരിക്കുകയും ചെയ്ത് ഒരു ചിത്രത്തിലും ചരിത്രത്തിലും ചേര്‍ക്കാതെ പോയ പതിനായിരങ്ങള്‍. അതിനിടയില്‍ നിന്ന് ഐലാന്‍ കുര്‍ദി എന്ന പേര്  കണ്ണീരൊഴുക്കുന്നത് ആ നിമിഷത്തിന്‍െറ പകര്‍ത്തി വെയ്ക്കല്‍ കൊണ്ടാണ്. തുര്‍ക്കിയുടെ  ഡോഗന്‍ ന്യൂസ് ഏജന്‍സിയുടെ വനിത ഫോട്ടോഗ്രാഫര്‍ നിലൂഫെര്‍ ഡെമിറാണ് ഐലന്‍ കുര്‍ദിയുടെയും ഒപ്പം കുടിയേറ്റഭീകരതയുടെയും ചിത്രം ലോകത്തിന് കാട്ടിക്കൊടുത്തത്. സെപ്റ്റംബര്‍ രണ്ട് രാവിലെ ആറ് മണിക്ക് തുര്‍ക്കിയിലെ മുഗ് ല പ്രവിശ്യയിലെ അക്യര്‍ലറില്‍ നിന്നാണ് നിലൂഫെര്‍ ഐലാനെ പകര്‍ത്തിയത്.

ചുവന്ന ബനിയനും നീല നിക്കറും ധരിച്ച് മണലില്‍ മുഖം പൂണ്ട് കിടക്കുകയായിരുന്ന ഐലാനെ കണ്ടപ്പോള്‍ ഹൃദയം മരവിച്ച് പോയെന്ന് നിലുഫര്‍ പറയുന്നു. 'മരണമെടുക്കും മുമ്പ് അവനില്‍ നിന്നുയര്‍ന്ന നിലവിളിയൊച്ചകള്‍ ലോകത്തെ കേള്‍പ്പിക്കുക മാത്രമായിരുന്നു പിന്നീട് ചെയ്യാനുണ്ടായിരുന്നത്. ഐലാന്‍ ഉറങ്ങുന്നതിന് നൂറ് മീറ്റര്‍ അകലെ സഹോദരന്‍ ഗാലിബിന്‍െറ മൃതദേഹവുമുണ്ടായിരുന്നു. തീരത്ത് അടിയുന്ന ജീവനറ്റ അഭയാര്‍ഥി ശരീരങ്ങളില്‍ ഒരു ലൈഫ് ജാക്കറ്റ് പോലുമുണ്ടാകില്ല. രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ലാതെയാണ് അറ്റമില്ലാത്ത കടലിലേക്ക് ജീവിതത്തിന്‍െറ മറുകര തേടി പലരും വരുന്നത്.' നിലൂഫര്‍ പറഞ്ഞു. 15 വര്‍ഷത്തിലധികമായി അഭയാര്‍ഥി യാത്രകള്‍ ആരംഭിച്ചിട്ട്. 2003 മുതല്‍ ആ ചിത്രങ്ങള്‍ പകര്‍ത്തുന്നുണ്ട്. പക്ഷെ ഈ ഒറ്റ ചിത്രം കൊണ്ട് അഭയാര്‍ഥികളുടെ ജീവിതത്തില്‍ പുതിയ പ്രതീക്ഷകള്‍ മുളച്ചെങ്കിലെന്ന് അവര്‍ പ്രത്യാശിച്ചു.

മാതാവ് റെഹാന്‍, പിതാവ് അബ്ദുല്ല കുര്‍ദി, അഞ്ചുവയസ്സുകാരന്‍ സഹോദരന്‍ ഗാലിബ് എന്നിവര്‍ക്കൊപ്പം സിറിയയിലെ കൊബാനില്‍ നിന്ന് ഗ്രീസിലേക്കുള്ള യാത്രക്കിടയിലാണ് ഐലാന്‍ കടലില്‍ താണത്. അമ്മയും സഹോദരനും അടക്കം പത്ത് പേരെക്കൂടി കടലെടുത്തു.

അഭയാര്‍ഥികളുടെ ജീവതത്തില്‍ ചെറുചലനം സൃഷ്ടിക്കാന്‍, ജീവനും കൊണ്ടോടുന്നവരുടെ വേദന ഉള്‍ക്കൊള്ളാന്‍ ലോകം തയ്യാറായെങ്കില്‍; ഐലാന്‍െറ കുഞ്ഞുമരണം കൊണ്ട് അത് മാത്രമേ ഇനി ചെയ്യാനുള്ളു.

തോമസ് ഐസക്കിന്‍െറ ഫേസ്ബുക് പോസ്റ്റുകളെ പരിഹസിച്ച് വി.ടി ബല്‍റാം

Posted: 04 Sep 2015 04:59 AM PDT

Image: 

പാലക്കാട്: തൃത്താലയിലെ കൃഷി ഓഫീസറുടെ സ്ഥലമാറ്റത്തിനെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ച  തോമസ് ഐസകിനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍എ രംഗത്ത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും ആലപ്പുഴ എം.എല്‍.എയുമായ തോമസ് ഐസക് ഫേസ്ബുക്കില്‍ നടത്തുന്ന ഇടപെടലിനെ പരിഹസിച്ചും വിമര്‍ശിച്ചുമാണ് ബല്‍റാമിന്‍െറ പോസ്റ്റ്.

 ജൈവകൃഷിയെയും മാലിന്യ സംസ്ക്കരണത്തെക്കുറിച്ചുമൊക്കെ മാത്രം പോസ്റ്റിട്ട് എല്ലാവര്‍ക്കും, പ്രത്യേകിച്ചും മധ്യവര്‍ഗത്തിനു, സ്വീകാര്യനായ നല്ലപിള്ള ചമയലും അതുവഴി ‘സാറിലാണു ഭാവി കേരളത്തിന്‍്റെ വികസന പ്രതീക്ഷ’  എന്ന് പറയിപ്പിക്കലുമാണല്ളോ ഈയിടെയായി അദ്ദേഹത്തിന്‍്റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ ഒരു പൊതു ലൈന്‍ ഇങ്ങനെയാണ് വി.ടി ബല്‍റാമിന്‍െറ പരിഹാസം തുടങ്ങുന്നത്. വെട്ടും കുത്തും തൊഴിലാക്കിയ ചിരിക്കാനറിയാത്ത രൗദ്രമുഖങ്ങളുമായുള്ള താരതമ്യത്തില്‍ തന്‍െറ  പ്രതിച്ഛായ നിര്‍മിതികള്‍ക്കുള്ള പാര്‍ലമെന്‍ററി സാധ്യത അദ്ദേഹം കൃത്യമായി മനസ്സിലാക്കുന്നുണ്ട്. തുടര്‍ന്നും തോമസ് ഐസക്കിന്‍െറ ഫേസ്ബുക് ഇടപെടലുകളെയും  സി.പി.എമ്മിനെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.  ഉദ്യോഗസ്ഥരെ എങ്ങോട്ടെല്ലാം സ്ഥലം മാറ്റണമെന്ന കാര്യത്തില്‍ തല്‍ക്കാലം എ.കെ.ജി. സെന്‍ററില്‍ നിന്നോ പ്രാദേശിക സി പി എം ഓഫിസില്‍ നിന്നോ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ നിര്‍വാഹമില്ളെന്ന് സൂചിപ്പിച്ചാണ് ബല്‍റാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

തൃത്താല കൃഷിഭവനിലെ ഒരു കൃഷി ഓഫീസറുടെ സ്ഥലം മാറ്റമാണു ഇപ്പോൾ സി പി എം കേന്ദ്ര കമ്മിറ്റി അംഗവും ആലപ്പുഴ എം.എൽ.എ.യുമായ ഡോ. ...

Posted by VT Balram on Thursday, September 3, 2015

കൃഷി ഓഫിസറുടെ സ്ഥലം മാറ്റത്തിനു പിന്നില്‍ ചരടു വലിച്ചത് സ്ഥലം എം.എല്‍. എ ആണെന്ന തോമസ് ഐസകിന്‍െറ ആരോപണമാണ് ബല്‍റാമിനെ ചൊടിപ്പിച്ചത്. ഓഫിസറെ അകാരണമായി സ്ഥലം മാറ്റുന്നതിന് കൃഷി മന്ത്രി പോലും എതിരായിരുന്നു. ബല്‍റാമിന്‍െറ ശാഠ്യത്തിന് വഴങ്ങിയാണ് സ്ഥലംമാറ്റം. ഇത് ബല്‍റാമിന്‍്റെ മാന്യതക്ക് ചേരുന്ന ഒന്നല്ല. അധികാരത്തിന്‍്റെ ബലത്തില്‍ ഇത്തരം ക്രൂരതകള്‍ പാടില്ല . ഈ തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു -ഇതായിരുന്നു ഫേസ്ബുക് പോസ്റ്റിലെ തോമസ് ഐസകിന്‍െറ പ്രതികരണം.

 

സമ്പൂര്‍ണ ശുചിത്വത്തിന് പോര്‍ളുദഊരു പദ്ധതിക്ക് തുടക്കം

Posted: 04 Sep 2015 02:16 AM PDT

കാസര്‍കോട്: മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡില്‍ സമ്പൂര്‍ണ ശുചിത്വം ലക്ഷ്യമിട്ട് പോര്‍ളുദഊരു പദ്ധതിക്ക് തുടക്കമായി. വാര്‍ഡ് ആരോഗ്യ-ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി ആറുമാസംകൊണ്ട് സമ്പൂര്‍ണ ശുചിത്വം കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളും കുടുംബശ്രീ, അഡ്ക്ക ഫാമിലി വെല്‍ഫെയര്‍ സെന്‍റര്‍, കുബണൂര്‍ എസ്.ആര്‍.എ.യു.പി സ്കൂള്‍, ധര്‍മസ്ഥല സംഘങ്ങള്‍, ഓട്ടോറിക്ഷാ യൂനിയനുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടുകൂടിയാണ് ഈ ജനകീയ പദ്ധതി നടപ്പിലാക്കുന്നത്.
തുളു വാക്കായ പോര്‍ളുദഊരു എന്നാല്‍ നല്ലനാട് എന്നാണ് അര്‍ഥം. പദ്ധതിയുടെ ഭാഗമായി 18ാം വാര്‍ഡിലെ 650 വീടുകളെ 50 വീടുകള്‍ ഉള്‍ക്കൊള്ളുന്ന ക്ളസ്റ്ററുകളായി വിഭജിച്ച് ശുചിത്വ കാമ്പയിന്‍ നടത്തി. 50 വീടുകള്‍ ഉള്‍ക്കൊള്ളുന്ന ഓരോ ക്ളസ്റ്ററിനും രണ്ട് വളന്‍റിയര്‍മാര്‍ക്ക് ചുമതല നല്‍കി.
ഇവരുടെ മേല്‍നോട്ടത്തിലാണ് കാമ്പയിന്‍ നടത്തിയത്. കാമ്പയിനിന്‍െറ ഭാഗമായി ഡെങ്കിപ്പനിക്കെതിരെയുള്ള ബോധവത്കരണ ലഘുലേഖകള്‍ മുഴുവന്‍ വീടുകളിലും വിതരണം ചെയ്തു. സമീപകാലങ്ങളില്‍ ഈ വാര്‍ഡില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം കൂടുതലായിരുന്നു.
ഇത് കണക്കിലെടുത്താണ് ഡെങ്കിപ്പനിക്കെതിരെയുള്ള ജാഗ്രതയിലൂടെതന്നെ പദ്ധതി ആരംഭിച്ചത്.
എല്ലാ വീടുകളിലും ഒരു അടുക്കളത്തോട്ടം വികസിപ്പിച്ചെടുക്കുകയാണ് പദ്ധതിയുടെ അടുത്ത ലക്ഷ്യം. ഓരോ അടുക്കളത്തോട്ടത്തിലും ജീവക സമ്പൂര്‍ണമായ ചീര, വയല, മുരിങ്ങ, പപ്പായ, പച്ചമുളക് എന്നിവ നട്ടുപിടിപ്പിക്കും.
അടുക്കളത്തോട്ടം വികസിപ്പിക്കുന്നതിലൂടെ ജൈവകൃഷിയിലേക്ക് വാര്‍ഡിനെ കൈപിടിച്ചുയര്‍ത്തുക എന്നതാണ് ലക്ഷ്യം. പദ്ധതിയുമായി സഹകരിക്കുന്ന പരിയാരം മെഡിക്കല്‍ കോളജ് കമ്യൂണിറ്റി വിഭാഗത്തിന്‍െറ സഹകരണത്തോടെ സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങള്‍, ഭക്ഷണരീതി എന്നിവയെക്കുറിച്ച് സമഗ്രമായ ബോധവത്കരണ ക്ളാസ് സംഘടിപ്പിക്കും.
ക്ഷയരോഗം നിയന്ത്രിക്കുന്നതിന് കുബണൂര്‍ പട്ടികജാതി കോളനി കേന്ദ്രീകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പും കഫ പരിശോധനയും നടത്തും. കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കും. വീടുകളിലെ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനുള്ള സംവിധാനം മംഗല്‍പാടി പഞ്ചായത്തിന്‍െറ സഹകരണത്തോടെ ഒരുക്കും. വാര്‍ഡ് മെംബര്‍ ചെയര്‍മാനായ വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മിറ്റിയാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സാമൂഹികനീതി വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, കാസര്‍കോട് വനിതാ സെല്‍, പരിയാരം മെഡിക്കല്‍ കോളജ് കമ്യൂണിറ്റി വിഭാഗം എന്നിവയാണ് പദ്ധതിയുമായി സഹകരിക്കുന്നത്.

സ്ത്രീയെ ചാക്കില്‍കെട്ടി വഴിയില്‍ ഉപേക്ഷിച്ചു; യുവാവ് അറസ്റ്റില്‍

Posted: 04 Sep 2015 02:14 AM PDT

Image: 

കൊച്ചി:  നഗരത്തില്‍ സ്ത്രീയെ ചാക്കില്‍കെട്ടി വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെി. തമിഴ്നാട് തേനി ഈശ്വരന്‍െറ ഭാര്യ ലക്ഷ്മിയെയാണ് (45) വഴിയരികില്‍ ഉപേക്ഷിച്ചത്. മുഖത്തും ശരീരത്തും പരിക്കേറ്റ ഇവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ തമിഴ്നാട് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. കലൂര്‍ സെന്‍റ് ആന്‍റണീസ് പള്ളിക്ക് സമീപം ഉച്ചക്ക് ഒരു മണിക്കാണ്  സംഭവം. പരിസരവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. അബോധാവസ്ഥയിലായിരുന്ന ലക്ഷ്മിയെ സ്കാനിങ്ങിന് വിധേയയാക്കിയശേഷം വാര്‍ഡിലേക്ക് മാറ്റി. അതേസമയം, യുവാവിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരം ലഭിച്ചില്ല. താന്‍ ലക്ഷ്മിയെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ സ്ത്രീയും തയാറായില്ല. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രി സാധനങ്ങള്‍ പെറുക്കി വില്‍ക്കുന്ന ലക്ഷ്മിയെ മദ്യപിച്ച നിലയില്‍ ഇതിനുമുമ്പും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്ക് സാരമുള്ളതല്ളെന്ന് പൊലീസ് അറിയിച്ചു.

 

ആറളം ജലനിധി പദ്ധതി നാടിന് സമര്‍പ്പിച്ചു

Posted: 04 Sep 2015 02:12 AM PDT

ഇരിട്ടി: ആറളം ഫാം ഉള്‍പ്പെടെ 3500ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന ആറളം ജലനിധി ശുദ്ധജല വിതരണ പദ്ധതി ജലവിഭവ മന്ത്രി പി.ജെ. ജോസഫ് നാടിന് സമര്‍പ്പിച്ചു. പഞ്ചായത്തിലെ 32 ഗുണഭോക്തൃ സമിതിക്ക് കീഴില്‍ 26 ശുദ്ധജല വിതരണ പദ്ധതികളാണ് നടപ്പാക്കിയത്. 18 എണ്ണം ജനറല്‍ മേഖലയിലും എട്ടു പദ്ധതികള്‍ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലുമായാണ് നടപ്പാക്കിയത്. 15.56 കോടി രൂപ ചെലവില്‍ പൂര്‍ത്തിയായ പദ്ധതിയില്‍ ശുദ്ധജല വിതരണം, ഭൂഗര്‍ഭജല പരിപോഷണം, ശുചിത്വ പദ്ധതി, സ്ത്രീ ശാക്തീകരണം എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൊതുജന വിഭാഗത്തില്‍ 2070 കുടുംബങ്ങള്‍ക്കും ഫാം പുനരധിവാസ മേഖലയില്‍ 1447 എസ്.ടി കുടുംബങ്ങള്‍ക്കും കുടിവെള്ള പദ്ധതിയുടെ പ്രയോജനം ലഭിക്കും. വാട്ടര്‍ അതോറിറ്റി ഓഫിസ് ഇല്ലാത്ത ഇരിട്ടിയില്‍ പ്രത്യേക പരിഗണന നല്‍കി ഓഫിസ് അനുവദിക്കും. ശുദ്ധജലം നമ്മുടെ അവകാശമാണ്. അതുകൊണ്ടാണ് യു.ഡി.എഫ് സര്‍ക്കാര്‍ എല്ലാ പഞ്ചായത്തുകളിലും വെള്ളമത്തെിക്കാന്‍ ശ്രമിക്കുന്നത് -മന്ത്രി പറഞ്ഞു.
ചടങ്ങില്‍ അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, പഞ്ചായത്ത് പ്രസിഡന്‍റ് വി.ടി. തോമസ്, പി. റോസ, ഡെയ്സി മാണി, കെ.ജെ. ജോസഫ്, കെ. വേലായുധന്‍, മാര്‍ഗരറ്റ് ജോസ്, ജെയ്സണ്‍ ജീരകശ്ശേരി, റഹിയാനത്ത് സുബി, പി.വി. കുഞ്ഞിക്കണ്ണന്‍, ഫാ. ആന്‍ഡ്രൂസ് തെക്കേല്‍, അഡ്വ. മാത്യു കുന്നപ്പള്ളി, ബേബി ജോണ്‍ പൈനാപ്പള്ളി, കെ.ടി. ജോസ്, വി.കെ. ജോസഫ്, എന്‍. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. കൈരളി നാളികേര ഉല്‍പാദക ഫെഡറേഷന്‍ ഉദ്ഘാടന ചടങ്ങില്‍വെച്ച് മന്ത്രി നിര്‍വഹിച്ചു.
മുകുന്ദന്‍ മാസ്റ്റര്‍, ജോസഫ് തുരുത്തിപ്പള്ളി, കെ.എം. ബൗസ്ലി എന്നീ കര്‍ഷകരെ മന്ത്രി ആദരിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP