സ്വാഗതം
WELCOME

News Update..

Monday, September 14, 2015

അമിതവണ്ണമുള്ള ജോലിക്കാരെ എയര്‍ ഇന്ത്യക്ക് വേണ്ട Madhyamam News Feeds

അമിതവണ്ണമുള്ള ജോലിക്കാരെ എയര്‍ ഇന്ത്യക്ക് വേണ്ട Madhyamam News Feeds

Link to a feed

അമിതവണ്ണമുള്ള ജോലിക്കാരെ എയര്‍ ഇന്ത്യക്ക് വേണ്ട

Posted: 14 Sep 2015 12:57 AM PDT

Image: 

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ അമിതഭാരമുള്ള ജീവനക്കാരെ ജോലിയില്‍ നിന്ന് ഒഴിവാക്കാനൊരുങ്ങുന്നു. ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്‍െറ മാനദണ്ഡങ്ങള്‍ പാലിക്കാത്ത എയര്‍ഹോസ്റ്റസുമാര്‍ ഉള്‍പ്പെടെയുള്ള125 കാബിന്‍ ക്രൂ ജീവനക്കാരെയാണ് ഒഴിവാക്കുക. ചിലര്‍ക്ക് വിമാനത്താവളത്തില്‍ ജോലി നല്‍കാനും ചിലരെ സ്വയം വിരമിക്കലിലൂടെ പിരിച്ചയക്കാനുമാണ് തീരുമാനം.
ഭാരം ലഘൂകരിക്കണമെന്ന് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും പാലിക്കാന്‍ തയ്യാറാകാത്തവരെയാണ് നീക്കാനൊരുങ്ങുന്നത്. അമിതവണ്ണമുള്ളവരെ കാബിന്‍ ക്രൂവായി പരിഗണിക്കാനാവില്ളെന്ന് ഏവിയേഷന്‍ അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
ശരീരഭാരം സംബന്ധിച്ച് പുരുഷന്‍മാര്‍ക്ക് 18 മുതല്‍ 25 വരെ ബി.എം.ഐയും സ്ത്രീകള്‍ക്ക് 18 മുതല്‍ 22 വരെ ബി.എം.ഐയുമാണ് ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡം.
പൊതുമേഖലാസ്ഥാപനമായ എയര്‍ ഇന്ത്യക്ക് 3,500 കാബിന്‍ ക്രൂ ജീവനക്കാരാണ് ഇപ്പോഴുള്ളത്. ഇതില്‍ 2,200 പേര്‍ കരാര്‍ ജോലിക്കാരാണ്.

ഒറ്റപ്പാലം താലൂക്കാശുപത്രി: സ്ഥലം തിരിച്ചുപിടിക്കാന്‍ നടപടിയില്ല

Posted: 14 Sep 2015 12:41 AM PDT

ഒറ്റപ്പാലം: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം ആവശ്യമാണെന്നിരിക്കെ ഒറ്റപ്പാലം താലൂക്കാശുപത്രിയുടെ 14 സെന്‍റ് തിരിച്ചുപിടിക്കാന്‍ നടപടി നീളുന്നു. അടുത്തകാലം വരെ സ്വകാര്യ വ്യക്തി വാടക നല്‍കി മാര്‍ബ്ള്‍ കച്ചവടം നടത്തിവന്ന സ്ഥലം വില്ളേജ് ഓഫിസില്‍നിന്ന് ലഭിച്ച വിവരാവകാശ രേഖകളിലാണ് ആശുപത്രിക്ക് അവകാശപ്പെട്ടതാണെന്ന് സ്ഥിരീകരണമുണ്ടായത്. ഇതേതുടര്‍ന്ന് നഗരസഭാ കൗണ്‍സില്‍ യോഗത്തിലും ഇക്കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിലും സ്ഥലം തിരിച്ചുപിടിക്കുന്നതിനെ സംബന്ധിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടന്നിരുന്നു.
ആരോഗ്യ രംഗത്ത് ആദ്യകാലത്ത് പ്രവര്‍ത്തിച്ചിരുന്ന സ്കിപ്പോ കൈവശം വെച്ചുപോന്ന സ്ഥലമായിരുന്നു ഇതെന്നാണ് വിവരം. 1952 മുതല്‍ സ്കിപ്പോയുടെ പ്രവര്‍ത്തനം ഇവിടെ ഉണ്ടായിരുന്നതായി നാട്ടുകാരും പറയുന്നു. 1973ല്‍ സ്കിപ്പോകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ഒറ്റപ്പാലത്തേതിനും താഴുവീണു. പിന്നീട് 75ല്‍ ഒറ്റപ്പാലം കോഓപറേറ്റിവ് ഗ്രൂപ് ഹോസ്പിറ്റല്‍ സൊസൈറ്റി സ്ഥലം ഏറ്റെടുത്തതായി പറയുന്നു. എന്നാല്‍, ഇതുസംബന്ധിച്ച രേഖകള്‍ റവന്യൂ വകുപ്പിന്‍െറ പക്കലില്ല. 1986ല്‍ ഭൂമി പതിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് സൊസൈറ്റി ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല.
1992ല്‍ താലൂക്കാശുപത്രിയുടെ ആവശ്യപ്രകാരം റവന്യൂ വകുപ്പ് നടത്തിയ സ്ഥലം ഒഴിപ്പിക്കല്‍ ഹൈകോടതിയിലത്തെി. സൊസൈറ്റി പ്രസിഡന്‍റായിരുന്ന ടി.കെ. സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച കോടതി പതിച്ചുനല്‍കാനുള്ള അപേക്ഷയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കാന്‍ വിധിച്ചു. എന്നാല്‍, പതിച്ചുനല്‍കാന്‍ സമര്‍പ്പിച്ച അപേക്ഷ ജില്ലാ കലക്ടര്‍ തള്ളനോ കൊള്ളാനോ ഇതുവരെ മുതിര്‍ന്നിട്ടില്ല. അപേക്ഷ തള്ളുന്ന പക്ഷം ആശുപത്രിക്ക് ഭൂമി വീണ്ടെടുക്കല്‍ എളുപ്പമാകും.
2013 മാര്‍ച്ചില്‍ സ്ഥലത്തെക്കുറിച്ചുള്ള രേഖകള്‍ ഹാജരാക്കാന്‍ ഒരവസരം കൂടി നല്‍കണമെന്ന് കലക്ടര്‍ തഹസില്‍ദാരോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ഒരുമാസത്തെ സമയം അനുവദിച്ചു. തഹസില്‍ദാര്‍ നല്‍കിയ കത്തിനും സൊസൈറ്റി മറുപടി നല്‍കിയില്ല. ഇക്കാര്യം തഹസില്‍ദാര്‍ കലക്ടറെ രേഖാമൂലം അറിയിച്ചിരുന്നതായും പറയുന്നു. ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കൈമാറ്റരേഖകളില്ലാതെ പതിച്ചുനല്‍കാനും റവന്യൂ വകുപ്പിന് കഴിയില്ളെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണ് തഹസില്‍ദാര്‍.
നിര്‍ദേശം ലഭിക്കുന്ന പക്ഷം തഹസില്‍ദാര്‍ കണ്‍വീനര്‍ കൂടിയായ താലൂക്ക് ലാന്‍ഡ് അസൈന്‍മെന്‍റ് കമ്മിറ്റിക്ക് ഇതുസംബന്ധിച്ച് തീരുമാനത്തിലത്തൊനാകും. സൊസൈറ്റിയുടെ പേരില്‍ സ്വകാര്യ വ്യക്തിയാണ് ഇതിന്‍െറ വാടക ഈടാക്കിയിരുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

മാഞ്ചിയുമായി ധാരണ; ബിഹാറില്‍ എന്‍.ഡി.എ സീറ്റ് വിഭജനം പൂര്‍ത്തിയായി

Posted: 14 Sep 2015 12:11 AM PDT

Image: 

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബി.ജെ.പിയും ജിതിന്‍ റാം മാഞ്ചിയും തമ്മില്‍ ധാരണയായി. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ അവസാനവട്ട ചര്‍ച്ചയിലാണ് ധാരണയായത്. ഇതുപ്രകാരം നേരത്തെ ആവശ്യപ്പെട്ട 20 സീറ്റ് തന്നെ മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (സെക്കുലര്‍)ന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സീറ്റ് വിഭജന ചര്‍ച്ചയുടെ തുടക്കത്തില്‍ 15 സീറ്റാണ് ബി.ജെ.പി വാഗ്ദാനം ചെയ്തത്. 20 സീറ്റില്‍ ഒന്നുപോലും കുറച്ച് സ്വീകരിക്കില്ളെന്ന ഉറച്ച നിലപാടിലായിരുന്നു മാഞ്ചി. പിന്നാലെ കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, ഉപേന്ദ്രയാദവ് എന്നിവരും മാഞ്ചിയെ കണ്ട് അനുനയശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് അമിത് ഷാ പ്രശ്നപരിഹാര ചര്‍ച്ചക്ക് നേതൃത്വം നല്‍കിയത്.

ബി.ജെ.പി 158 സീറ്റിലും രാംവിലാസ് പാസ്വാന്‍െറ എല്‍.ജെ.പി 40 സീറ്റിലും ഉപേന്ദ്ര കുശ്വഹ് നയിക്കുന്ന ആര്‍.എല്‍.സി.പി 25 സീറ്റിലുമാണ് മത്സരിക്കുക. ജെ.ഡി.യു, ആര്‍.ജെ.ഡി, കോണ്‍ഗ്രസ് സഖ്യത്തെയാണ് എന്‍.ഡി.എ നേരിടുന്നത്. ഇതിനെ പുറമെ അഖിലേന്ത്യ മജ് ലിസെ ഇത്തിഹാദുല്‍ മുസ് ലിമിനും സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നുണ്ട്.   

ബിഹാര്‍ നിയമസഭയിലെ 243 സീറ്റിലേക്ക് അഞ്ച് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ 37 സീറ്റ് പട്ടിക ജാതി വിഭാഗത്തിനും രണ്ട് സീറ്റ് പട്ടികവര്‍ഗ വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്.

2010ലെ തെരഞ്ഞെടുപ്പില്‍ നിതീഷ്കുമാര്‍ നയിക്കുന്ന ജനതാദള്‍^യു 115, ബി.ജെ.പി ^91, ലാലുപ്രസാദ് നയിക്കുന്ന ആര്‍.ജെ.ഡി ^22, കോണ്‍ഗ്രസ് ^4, രാംവിലാസ് പാസ്വാന്‍െറ ലോക്ജനശക്തി പാര്‍ട്ടി^ 3, സി.പി.ഐ, ജെ.എം.എം എന്നിവക്ക് ഓരോന്നു വീതം, സ്വതന്ത്രര്‍ ^6 എന്ന ക്രമത്തിലാണ് സീറ്റ് നേടിയത്.

ആവേശച്ചിറകിലേറി മൂന്നാറിലെ സ്ത്രീത്തൊഴിലാളികള്‍

Posted: 14 Sep 2015 12:11 AM PDT

Image: 

മൂന്നാര്‍: സമരം വിജയിച്ചതിന്‍െറ ആഹ്ളാദത്തിലും ആവേശത്തിലുമാണ് മൂന്നാറിലെ സ്ത്രീത്തൊഴിലാളികള്‍. കഴിഞ്ഞ ഒന്‍പത് ദിവസങ്ങളിലും പ്രകടിപ്പിച്ച അതേ സമരാവേശവുമായി ഇന്നും ആയിരക്കണക്കിന് സ്ത്രീകള്‍ മൂന്നാര്‍ ടൗണിലത്തെി. തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞതിന്‍െറ സന്തോഷം പടക്കം പൊട്ടിച്ചും പൊലീസുകാരിയെ എടുത്തുയര്‍ത്തിയമാണ് ഇവര്‍ പ്രകടിപ്പിച്ചത്. സമരമുഖത്ത് തങ്ങളെ സഹായിച്ച പൊലീസുകര്‍ക്കും ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സ്ത്രീകള്‍ നന്ദി പറഞ്ഞു.

സമരം വിജയിച്ചതിലുള്ള നന്ദിയും ആഹ്ളാദവും പ്രകടിപ്പിക്കാനായി മൂന്നാര്‍ ഡി.വൈ.എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്താനാണ് ഇവരുടെ തീരുമാനം. സമരത്തെ വിജയത്തിലത്തെിച്ച കൂട്ടായ്മ എന്നെന്നേക്കുമായി നിലനിറുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സമര നേതൃത്വം.

അതേസമയം, വനിതാകമ്മിഷന്‍ അംഗം ലിസി ജോസ് മൂന്നാറിലത്തെി തെളിവെടുപ്പ് നടത്തി. ലയങ്ങളിലും തൊഴിലിടത്തും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിന് കമ്പനി അധികൃതരോട് കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെടും.

തോട്ടം തൊഴിലാളി സമരം ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് എസ്.രാജേന്ദ്രന്‍ എം.എല്‍.എ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം.എം മണി നാരങ്ങാനീര് നല്‍കിയാണ് നിരാഹാരം അവസാനിപ്പിച്ചത്.

മലയോരം കേന്ദ്രീകരിച്ച് വ്യാജമദ്യനിര്‍മാണം

Posted: 14 Sep 2015 12:05 AM PDT

കാട്ടാക്കട: മലയോര ഗ്രാമപ്രദേശങ്ങളില്‍ വ്യാജമദ്യം നിര്‍മാണം സജീവമായി. വനമേഖലകളിലും അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നും വന്‍തോതില്‍ മദ്യം നിര്‍മിച്ച് കടത്തുന്നു. നെട്ടുകാല്‍ത്തേരി പ്രദേശത്തുനിന്ന് സ്പിരിറ്റ് നേര്‍പ്പിച്ച് നിര്‍മിക്കുന്ന വ്യാജ മദ്യം ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കാണ് എത്തിക്കുന്നത്. നെട്ടുകാല്‍ത്തേരി പ്രദേശത്ത് റബര്‍ തോട്ടങ്ങളിലാണ് സംഘം തമ്പടിക്കുന്നതത്രേ. ടാപ്പിങ് തൊഴിലാളികള്‍ മാത്രമാണ് സ്ഥിരമായി തോട്ടത്തിലത്തെുന്നത്. പലതോട്ടത്തിലും ഉടമകള്‍ വല്ലപ്പോഴുമേ എത്താറുള്ളൂ. ഇതാണ് വ്യാജമദ്യനിര്‍മാണ സംഘം മുതലെടുക്കുന്നത്. ഇതിന് പ്രദേശത്തെ ചിലരുടെ ഒത്താശയുള്ളതായും സംശയമുണ്ട്. തമിഴ്നാട്ടില്‍നിന്ന് രഹസ്യവഴികളിലൂടെ നെട്ടുകാല്‍ത്തേരി പ്രദേശത്ത് രാത്രിയില്‍ സ്പിരിറ്റ് നിറച്ച വാഹനങ്ങള്‍ വരുന്നതായി നാട്ടുകാര്‍ പല തവണ പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്. വിജനമായപ്രദേശമായതിനാല്‍ സംഭരണകേന്ദ്രങ്ങള്‍ കണ്ടത്തെുക പ്രയാസമാണ്.
നെയ്യാര്‍ഡാം, ആര്യനാട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ആളൊഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും വ്യാജമദ്യമാഫിയ തമ്പടിക്കുന്നുണ്ട്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് സ്പിരിറ്റ് നെയ്യാര്‍ഡാം പൊലീസ് സ്റ്റേഷനു മുന്നിലുള്ള റോഡിലൂടെയാണ് രാത്രി വൈകി വാഹനങ്ങളില്‍ എത്തിക്കുന്നത്.
രാത്രികാല പട്രോളിങ് ശക്തമല്ലാത്തതാണ് സ്പിരിറ്റ് മാഫിയ അതിര്‍ത്തി കേന്ദ്രങ്ങളായ നെട്ടുകാല്‍ത്തേരി പ്ളാന്‍േറഷന്‍ തെരഞ്ഞെടുക്കാന്‍ കാരണം. നെട്ടുകാല്‍ത്തേരി-മുക്കാട്ടുമല റബര്‍തോട്ടങ്ങളില്‍ വന്‍ തോതില്‍ സ്പിരിറ്റ് നിറച്ച കന്നാസുകള്‍ ഒളിപ്പിച്ചിട്ടുള്ളതായും നാട്ടുകാര്‍ പറയുന്നു. സ്പിരിറ്റ് നേര്‍പ്പിച്ച മദ്യത്തോടൊപ്പം വാറ്റ് ചാരായത്തിന്‍െറ മണം കിട്ടുന്ന ഫ്ളേവര്‍ ചേര്‍ത്താണത്രേ വില്‍പന. നെട്ടുകാല്‍ത്തേരി റബര്‍ പ്ളാന്‍േറഷനുകള്‍ക്കു സമീപമുള്ള തുറന്ന ജയില്‍ വളപ്പിലെ പ്ളാന്‍േറഷനുകളും സ്പിരിറ്റ് ലോബി കൈയടക്കിയിട്ടുണ്ടത്രേ.

നഷ്ടം കനത്തു; കാലിവളര്‍ത്തല്‍ നിലക്കുന്നു

Posted: 14 Sep 2015 12:00 AM PDT

നെടുങ്കണ്ടം: സര്‍ക്കാറിന്‍െറ കടുത്ത അവഗണനയില്‍ മനംനൊന്ത് ക്ഷീര കര്‍ഷകര്‍ കാലി വളര്‍ത്തലില്‍നിന്ന് പിന്മാറുന്നു. വര്‍ധിച്ച ഉല്‍പാദന ചെലവിന് ആനുപാതികമായി പാല്‍വില ലഭിക്കുന്നില്ല. ഒപ്പം സര്‍ക്കാറും മില്‍മയും മുമ്പ് നല്‍കിയിരുന്ന പരിമിതമായ ആനുകൂല്യം കൂടി ഇല്ലാതായി. ഇതോടെ ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയിലായി. പ്രതികൂല കാലാവസ്ഥയിലും നാണ്യവിളകളുടെ വിലത്തകര്‍ച്ചയും കൃഷിനാശവും മൂലമാണ് പലരും ഉപവരുമാന മാര്‍ഗമായി കാലിവളര്‍ത്തല്‍ തെരഞ്ഞെടുത്തത്.
എന്നാല്‍, കാലി വളര്‍ത്തലും ഏറെ നഷ്ട കച്ചവടമായി. ഇതിനു പിന്നാലെയാണ് സര്‍ക്കാറും മില്‍മയും ക്ഷീര കര്‍ഷകരെ കൈയൊഴിയുന്നത്. ഒരു ലിറ്റര്‍ പാലിന് മില്‍മ ഈടാക്കുന്നത് 38 രൂപ മുതല്‍ 42 രൂപ വരെയാണ്. എന്നാല്‍, കര്‍ഷകന് നല്‍കുന്നതാവട്ടെ 28 രൂപ മുതല്‍ 31രൂപ വരെ മാത്രവും. അതായത് 11 രൂപ വരെയാണ് മില്‍മ ലാഭം കൊയ്യുന്നത്. കാലിത്തീറ്റ വില ക്രമാതീതമായി വര്‍ധിച്ചു.
മില്‍മയുടെ കാലിത്തീറ്റക്കുപോലും സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റയുടെ വിലയാണ്. മില്‍മാ കാലിത്തീറ്റ 50 കിലോ ചാക്കിന് 861 രൂപയാണ്. ക്ഷീരോല്‍പാദക സംഘങ്ങള്‍ പത്തുരൂപ കമീഷന്‍ കുറച്ചുനല്‍ക്കുന്നതു മാത്രമാണ് ഏക ആശ്വാസം. മുമ്പ് കര്‍ഷകരില്‍നിന്ന് സംഘം ഈടാക്കിയിരുന്ന ക്ഷേമനിധി ആനുകൂല്യം പോലും ചില സംഘങ്ങള്‍ നല്‍കുന്നില്ല. ഒന്നാം യു.പി.എ സര്‍ക്കാര്‍ ക്ഷീര മേഖലക്ക് അനുവദിച്ച തുക വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാഞ്ഞതും കര്‍ഷകര്‍ക്ക് ദുരിതമായി.
മാത്രവുമല്ല പദ്ധതികള്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കാത്തതും തിരിച്ചടിയായി. ക്ഷീര കര്‍ഷക പെന്‍ഷന്‍ 300 രൂപയില്‍നിന്ന് 500 രൂപയായി വര്‍ധിപ്പിച്ചുവെങ്കിലും നാളിതുവരെയായിട്ടും ലഭിച്ചുതുടങ്ങിയില്ല. പശുക്കള്‍ക്ക് വില വര്‍ധിച്ചതും കര്‍ഷകര്‍ക്ക് വിനയായി. മുന്തിയ തരം പശുവിന് നിലവില്‍ 75,000 രൂപ വരെ വില നല്‍കണം. കൂടാതെ പശുക്കള്‍ക്ക് രോഗങ്ങളും സാധാരണമാണ്. അകിടുവീക്കം, വന്ധ്യത, കരളിനെ ബാധിക്കുന്ന കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് യഥാസമയം ചികിത്സ നല്‍കിയില്ളെങ്കില്‍ പശുക്കള്‍ നഷ്ടപ്പെടാറുണ്ട്. ഇങ്ങനെ പശുക്കള്‍ ചത്താല്‍ മതിയായ നഷ്ടപരിഹാര തുകയും ലഭിക്കാറില്ല. കര്‍ഷകര്‍ കാലികളെ ഇന്‍ഷ്വര്‍ ചെയ്യാത്തതും പ്രശ്നം സങ്കീര്‍ണമാക്കുന്നു. ഒരു പശുവിന് വിലയുടെ 2.4 ശതമാനം ഒരു വര്‍ഷത്തേക്കും 3.9 ശതമാനം രണ്ടുവര്‍ഷത്തേക്കും 5.4 ശതമാനം മൂന്നുവര്‍ഷത്തേക്കും ഇര്‍ഷ്വര്‍ ഗഡുക്കളായി അടയ്ക്കണം. ഇത് കര്‍ഷകര്‍ക്ക് താങ്ങാന്‍ കഴിയാത്തതാണ്. സംസ്ഥാന ക്ഷീര വികസന വകുപ്പില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും നിയമിക്കാത്തതും കര്‍ഷകരെ വലക്കുന്നു. കാര്‍ഷിക മേഖലയായ ഇടുക്കിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് ഇടുക്കി പാക്കേജ് കൊണ്ടുവന്നത്. ക്ഷീര കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ലഭിക്കേണ്ട പാക്കേജ് അട്ടിമറിച്ചതും കര്‍ഷകര്‍ക്ക് വിനയായി.
അനുവദിച്ച തുകയടെ ചെറിയൊരു അംശം പോലും ചെലവഴിക്കാനായില്ല. പദ്ധതികള്‍ ഫലപ്രദമാക്കി ക്ഷീര മേഖലയിലും മറ്റും ഉപയോഗിക്കാനായില്ല. കാലിത്തീറ്റ വിലയുടെ പകുതി സബ്സിഡി നല്‍കിയും ഇന്‍ഷ്വര്‍ പ്രീമിയം മില്‍മയോ സര്‍ക്കാറോ അടയ്ക്കുകയും ഒപ്പം കാത്സ്യവും മരുന്നുകളും ലഭ്യമാക്കുകയും ചെയ്താല്‍ ഒരു പരിധിവരെ ക്ഷീര മേഖലയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാനാകുമെന്നാണ് കര്‍ഷക അഭിപ്രായം.

വി.എസ് വീണ്ടും മൂന്നാര്‍ പിടിച്ചെടുത്തു

Posted: 14 Sep 2015 12:00 AM PDT

മൂന്നാര്‍: മുഖ്യമന്ത്രിയായിരിക്കെ 2007ല്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയത്തെിയ വി.എസ്. അച്യുതാനന്ദന്‍ മൂന്നാര്‍ 'പിടിച്ചെടുത്തി'രുന്നു.
എട്ടുവര്‍ഷത്തിനുശേഷം പ്രതിപക്ഷ നേതാവായും വി.എസ്. വീണ്ടും മൂന്നാറില്‍ അതാവര്‍ത്തിച്ചു. ട്രേഡ് യൂനിയനുകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും അകറ്റിനിര്‍ത്തി തോട്ടം തൊഴിലാളി സ്ത്രീകള്‍ നടത്തിവരുന്ന സമരവേദിയില്‍ ഐക്യദാര്‍ഢ്യവുമായി എത്തിയ വി.എസ് സമരം തീരുന്നതുവരെ താനും ഒപ്പം ഉണ്ടാകുമെന്നറിയിച്ചതോടെ തൊഴിലാളികള്‍ കൂടുതല്‍ ആവേശത്തിലായി.
പാര്‍ട്ടി എതിരായിരുന്നുവെങ്കിലും മുഖ്യമന്ത്രിയായിരിക്കെ വി.എസ് ടാറ്റയുടെതടക്കം ഹെക്ടര്‍ കണക്കിന് കൈയേറ്റ ഭൂമി തിരിച്ചുപിടിക്കുകയും കൈയേറ്റ ഭൂമിയിലെ ബഹുനില മന്ദിരങ്ങള്‍ ഇടിച്ചുനിരത്തുകയും ചെയ്തിരുന്നു.
ഇത്തവണ മൂന്നാറില്‍ തൊഴിലാളികളുടെ സമരമുഖത്തത്തെിയ വി.എസ് താന്‍ ജനങ്ങളോടൊപ്പമാണെന്ന സന്ദേശമാണ് നല്‍കിയത്.
തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്നും അത് അംഗീകരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടതോടെ ആരവത്തോടെ തൊഴിലാളികള്‍ അദ്ദേഹത്തിനുപിന്നില്‍ അണിനിരന്നു. ഒമ്പതുദിവസമായി നടത്തുന്ന സമരത്തില്‍നിന്ന് രാഷ്ട്രീയ നേതാക്കളെയും ട്രേഡ് യൂനിയന്‍ നേതാക്കളെയും തൊഴിലാളികള്‍ അകറ്റിനിര്‍ത്തുമ്പോഴാണ് വി.എസ് എത്തി സമരത്തിന്‍െറ നേതൃത്വം പിടിച്ചെടുത്തത്. സമരം അവസാനിച്ചതിനു ശേഷം തിരികെ പോകുമ്പോഴാണ് വി.എസ് എസ്.രാജേന്ദ്രന്‍ എം.എല്‍.എയുടെ നിരാഹാര പന്തല്‍ സന്ദര്‍ശിച്ചത്.

താഴത്തങ്ങാടി ജലോത്സവം: കാരിച്ചാല്‍ ജേതാക്കള്‍

Posted: 13 Sep 2015 11:57 PM PDT

കോട്ടയം: താഴത്തങ്ങാടി ജലോത്സവത്തില്‍ കുമരകം ടൗണ്‍ ബോട്ട് ക്ളബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ ജേതാക്കളായി.
ഫൈനലില്‍ ജവഹര്‍ തായങ്കരി ഫിനിഷിങ് ലൈന്‍ കടക്കാത്തതിനാല്‍ അവരെ അയോഗ്യരാക്കി. സജിത് കരുനാഗള്ളിയാണ് കാരിച്ചാലിന്‍െറ ക്യാപ്റ്റന്‍. ട്രാക്ക് മാറിയതിനെതുടര്‍ന്ന് വിജയിച്ചാലും അയോഗ്യത കല്‍പ്പിക്കപ്പെടുമെന്നുറപ്പായതോടെ തിരുവാര്‍പ്പ് വില്ളേജ് സ്പോര്‍ട്സ് ക്ളബ് തുഴഞ്ഞ ജവഹര്‍ തായങ്കരി പകുതിയിലധികം ദൂരം എത്തിച്ചശേഷം മടങ്ങുകയായിരുന്നു. ഇതോടെ ഫൈനലിന്‍െറ ശോഭ കെട്ടു. ഇവര്‍ക്കുള്ള ബോണസ് റദ്ദാക്കിയതായും സംഘാടകര്‍ അറിയിച്ചു.
ജവഹര്‍ തായങ്കരി താഴത്തങ്ങാടി പാലത്തിന് മുമ്പായി ട്രാക്ക് തെറ്റി കാരിച്ചാല്‍ ചുണ്ടനോട് ചേരുകയായിരുന്നു. ഇതോടെ വേഗം കുറയുകയും തായങ്കരിക്കാര്‍ തുഴച്ചില്‍ നിര്‍ത്തുകയും ചെയ്തു. ആര്‍ക്കും രണ്ടാം സ്ഥാനമില്ല.
ഫോട്ടോ ഫിനിഷിലേക്ക് നീണ്ട മത്സരത്തില്‍ ശ്രീഗണേശനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി നടുഭാഗം ചുണ്ടന്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി.
രണ്ടാം സ്ഥാനക്കാരെ അയോഗ്യരാക്കിയതിനാല്‍ തങ്ങള്‍ക്ക് രണ്ടാം സ്ഥാനം വേണമെന്ന് നടുഭാഗം ചുണ്ടന്‍ ആവശ്യപ്പെട്ടത് നേരിയ പ്രശ്നങ്ങള്‍ക്കിടയാക്കി.
വെപ്പ് രണ്ടാം ഗ്രേഡില്‍ കാരാപ്പുഴ ബോട്ട് ക്ളബ് തുഴഞ്ഞ പുന്നത്രപുരയ്ക്കല്‍ ഒന്നാമതത്തെി. കുമരകം ബ്രദേഴ്സ് ബോട്ട് ക്ളബ് തുഴഞ്ഞ പനയിക്കഴിപ്പ് രണ്ടാം സ്ഥാനം നേടി. കാഞ്ഞിരം ബോട്ട് ക്ളബ്് തുഴഞ്ഞ എബ്രഹാം മൂന്നുതൈയ്ക്കലിനാണ് മൂന്നാം സ്ഥാനം.
ഇരുട്ടുകുത്തി ഒന്നാംഗ്രേഡില്‍ പുതുപ്പള്ളി എറികാട് ബോട്ട് ക്ളബിന്‍െറ തുരുത്തിത്തറ ജേതാക്കളായി. കുമരകം ബോട്ട് ക്ളബിന്‍െറ പടക്കുതിര രണ്ടാം സ്ഥാനവും കുമരകം ഈസ്റ്റ് ബോട്ട് ക്ളബ് മാമൂടന്‍ മൂന്നാം സ്ഥാനവും നേടി.
ഇരുട്ടുകുത്തി രണ്ടാം ഗ്രേഡില്‍ കൊച്ചി കണ്ണമാലി സെന്‍റ് ഫ്രാന്‍സിസ് ബോട്ട് ക്ളബിന്‍െറ സെന്‍റ് ജോസഫാണ് വിജയികള്‍. ശരികല ബാബുവെന്ന വനിത ക്യാപ്റ്റന്‍ നയിച്ച ഡാനിയേല്‍ രണ്ടാം സ്ഥാനവും കാശിനാഥന്‍ മൂന്നാം സ്ഥാനവും നേടി.
ഫോട്ടോഫിനിഷിങ്ങിലേക്ക് നീങ്ങിയ ചുരുളന്‍ ഫൈനലില്‍ ഒളശ്ശ ഫ്രണ്ട്സ് ബോട്ട് ക്ളബ് തുഴഞ്ഞ വേലങ്ങാടന്‍ ജേതാക്കളായി. വരമ്പിനകം ഫ്രണ്ട്സ് ബോട്ട് ക്ളബിന്‍െറ കോടിമത രണ്ടാം സ്ഥാനവും സ്വന്തമാക്കി.
വെപ്പ് ഒന്നാം ഗ്രേഡില്‍ പരിപ്പുകാര്‍ തുഴഞ്ഞ അമ്പലക്കടവന്‍ വിജയികളായി. കോട്ടപ്പറമ്പനാണ് രണ്ടാം സ്ഥാനം. മീനച്ചിലാറില്‍ താഴത്തടി നെട്ടായത്തില്‍ കോട്ടയം വെസ്റ്റ് ക്ളബ് സംഘടിപ്പിച്ച മത്സരവള്ളംകളി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.
കളിവള്ളങ്ങളുടെ മാസ് ഡ്രില്ലിനും ഘോഷയാത്രക്കും ശേഷമായിരുന്നു മത്സരം.
കോട്ടയം ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോ സമ്മാനദാനം നിര്‍വഹിച്ചു. മീനച്ചിലാറിന്‍െറ തീരങ്ങളിലിരുവശത്തുമായി ആവേശം വിതറി നൂറുകണക്കിന് പേരാണ് മത്സരം കാണാന്‍ തടിച്ചുകൂടിയത്. ആറ് ചുണ്ടന്‍ വള്ളങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുത്തത്.

സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ് രണ്ടാംഘട്ടം: പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു

Posted: 13 Sep 2015 11:32 PM PDT

ആലുവ: സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡിന്‍െറ രണ്ടാംഘട്ടത്തില്‍ പെരിയാറിന് കുറുകെയുള്ള പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. പെരിയാറിനാല്‍ ചുറ്റപ്പെട്ട തുരുത്ത് ദ്വീപിന്‍െറ രണ്ട് അറ്റങ്ങളിലായി നിര്‍മിച്ചുകൊണ്ടിരിക്കുന്ന പാലങ്ങളുടെ പണി ദ്രുതഗതിയിലാണ് മുന്നോട്ടുപോകുന്നത്. ആലുവ മഹിളാലയം -തുരുത്ത് പാലത്തിന്‍െറ അവസാന ഗര്‍ഡര്‍ സ്ഥാപിച്ചുതുടങ്ങി. മഹിളാലയം ഭാഗത്തെ കരയോട് ചേര്‍ന്ന ഗര്‍ഡറാണ് സ്ഥാപിക്കുന്നത്. ഇതിനിടെ തുരുത്ത് ഭാഗത്തുനിന്ന് കോണ്‍ക്രീറ്റ് പണികളും ആരംഭിച്ചിട്ടുണ്ട്.
പെരിയാറിന് കുറുകെ 11 തൂണുകളിലായാണ് പാലം നിര്‍മിക്കുന്നത്. രണ്ട് തൂണുകള്‍ക്കിടയില്‍ നാല് കൂറ്റന്‍ കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ വീതമാണ് സ്ഥാപിച്ചിട്ടുള്ളത്. മൊത്തം 48 ഗര്‍ഡറുകളാണ് പാലത്തിനുണ്ടാകുക. അതിന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് പാലം പൂര്‍ണമാക്കും. 36 മീറ്റര്‍ നീളമുള്ളതാണ് ഗര്‍ഡര്‍.
ആലുവ തുരുത്ത് പാലത്തിന്‍െറയും അപ്രോച്ച് റോഡിന്‍െറയും ഭൂമി പൂര്‍ണമായും ഏറ്റെടുത്തുകഴിഞ്ഞു. മഹിളാലയം മുതല്‍ ചൊവ്വര ജങ്ഷന്‍ വരെ സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡിന്‍െറ നിര്‍മാണത്തില്‍ രണ്ട് പാലങ്ങളാണുണ്ടാകുക. പെരിയാറിനെയും, തൂമ്പാത്തോടിനെയും മുറിച്ചുകടക്കുന്ന വിധത്തിലാണ് പാലങ്ങള്‍. ഇതില്‍ പെരിയാറിന് കുറുകെയുള്ള പാലത്തിന് 26 കോടി രൂപയാണ് നിര്‍മാണച്ചെലവ്. തൂമ്പാത്തോടിന് കുറുകെ നിര്‍മിക്കുന്ന പാലത്തിന്‍െറ അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുക്കുന്നതിലാണ് പ്രശ്നം. പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും ഇവിടെയും പാലത്തിന്‍െറ പണിയില്‍ പുരോഗതിയുണ്ടെന്നും അന്‍വര്‍ സാദത്ത് എം.എല്‍.എ പറഞ്ഞു.
അതേസമയം, പാലം തുരുത്തുകാര്‍ക്ക് ഏറെ ആശ്വാസമാകും. തൊട്ടടുത്ത് ആലുവ നഗരം ഉണ്ടായിട്ടും കിലോമീറ്റര്‍ കറങ്ങി സഞ്ചരിച്ചാണ് തുരുത്ത് നിവാസികള്‍ നഗരത്തിലത്തെിയിരുന്നത്.
റെയില്‍വേ നടപ്പാലത്തിന് പുറമെ, ചെറുവാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയുന്ന വിധത്തിലുള്ള തൂമ്പാത്തോടിന് കുറുകെ ഒരു പാലവും ഒരു ഉരുക്കുപാലവുമാണ് ഉള്ളത്.
സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡിന്‍െറ രണ്ടാംഘട്ടത്തിന്‍െറ ഭാഗമായി കളമശ്ശേരി എച്ച്.എം.ടി ജങ്ഷനില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള 14 കിലോമീറ്റര്‍ ദൂരമാണ് റോഡിനായി വികസിപ്പിക്കുന്നത്. നിലവില്‍ കളമശ്ശേരി വരെ എത്തിനില്‍ക്കുകയാണ് ആദ്യഘട്ടം.
പാലത്തിന്‍െറയും അപ്രോച്ച് റോഡിന്‍െറയും സ്ഥലം ഏറ്റെടുക്കുന്ന മൂന്ന് വില്ളേജുകളുടെ സ്ഥലവില റിപ്പോര്‍ട്ട് നേരത്തേ സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. ആലുവ താലൂക്കിലെ മൂന്നുവില്ളേജുകളില്‍നിന്ന് 2.65 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ചെങ്ങമനാട് വില്ളേജില്‍നിന്ന് 1.85 ഹെക്ടര്‍, ആലുവ ഈസ്റ്റ് വില്ളേജില്‍നിന്ന് .35 ഹെക്ടര്‍, ചൊവ്വര വില്ളേജില്‍നിന്ന് .45 ഹെക്ടര്‍ സ്ഥലവുമാണ് എടുക്കുക. ചെങ്ങമനാട് വില്ളേജില്‍ സെന്‍റിന് 2.5 ലക്ഷവും ആലുവ ഈസ്റ്റ് വില്ളേജില്‍ സെന്‍റിന് 7.02 ലക്ഷവും ചൊവ്വര വില്ളേജില്‍ സെന്‍റിന് 4.5 ലക്ഷം രൂപയുമാണ് വില നിര്‍ണയിച്ചിരിക്കുന്നത്.

കണ്‍സ്യൂമര്‍ ഫെഡ്: അഴിമതി ആരോപണങ്ങള്‍ക്കു പിന്നില്‍ ഗ്രൂപ്പുകളിയെന്ന് ജോയ് തോമസ്

Posted: 13 Sep 2015 11:21 PM PDT

Image: 

കൊച്ചി:  അഴിമതി ആരോപണത്തിനു പിന്നില്‍ ഗ്രൂപ്പുകളിയാണെന്ന് കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്‍റ് ജോയ് തോമസ്. കണ്‍സ്യൂമര്‍ഫെഡില്‍ അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടി തച്ചങ്കരി നല്‍കിയ റിപ്പോര്‍ട്ട് കളവാണ്. ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല പ്രത്യേകം പറഞ്ഞതുകൊണ്ടാണ് താന്‍ ഈ സ്ഥാനം ഏറ്റെടുത്തത്. കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ രാജിവെക്കാന്‍ തയാറാണെന്നും ജോയ് തോമസ് പറഞ്ഞു.

കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതി  ചൂണ്ടിക്കാട്ടി മുന്‍. എം.ഡി തച്ചങ്കരി മുഖ്യമന്ത്രിക്ക്  റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ജായ് തോമസിനെ നീക്കണമെന്ന് ആവശ്യപ്പെട്ട്  കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ്  ജോയ് തോമസ് നിലപാട് വ്യക്തമാക്കിയത്.

തച്ചങ്കരിയുടെ ട്രാക്ക് റെക്കൊഡ് എല്ലാവര്‍ക്കും അറിയാം.  അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണം. ചട്ടം അനുസരിച്ചും സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചുമാണ് താന്‍ പ്രവര്‍ത്തിച്ചത്.  പ്രസിഡന്‍റ് സ്ഥാനത്ത് കടിച്ചു തൂങ്ങി കിടക്കാനില്ളെന്നും ജോയ് തോമസ് പറഞ്ഞു.
 

ജില്ലയിലും തോട്ടം തൊഴിലാളി മേഖലയില്‍ ചൂഷണം

Posted: 13 Sep 2015 11:18 PM PDT

കാളികാവ്: ജില്ലയുടെ മലയോര മേഖലയിലെ മിക്ക വന്‍കിട തോട്ടങ്ങളിലും തൊഴിലാളികളുടെ അവസ്ഥ ദയനീയം. ദുരിതമവസാനിപ്പിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ മോഡലില്‍ ജില്ലയിലെ തോട്ടങ്ങളിലും പ്രതിഷേധങ്ങളുയര്‍ന്നേക്കും. പല വന്‍കിട തോട്ടങ്ങളിലും തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ലയങ്ങള്‍ ജീര്‍ണാവസ്ഥയിലാണ്. തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കേണ്ടതിന്‍െറ കാലാവധി തീര്‍ന്നിട്ട് മാസങ്ങളായിട്ടും സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് പോലും തയാറായിട്ടില്ല. പ്ളാന്‍േറഷന്‍ ആകട് പ്രകാരം പ്രവര്‍ത്തിക്കുന്ന തോട്ടങ്ങളില്‍ ഉടമകളുടെ സംഘടനയും (എ.പി.കെ) തൊഴിലാളി യൂനിയനുകളും തൊഴില്‍ വകുപ്പും ചേര്‍ന്നാണ് (പി.എല്‍.സി) കൂലി നിശ്ചയിക്കുന്നത്.
150 ഓളം രൂപയാണ് അടിസ്ഥാന കൂലി. 167 ഓളം രൂപ ഡി.എ യും ചേര്‍ത്ത് 317 രൂപയാണ് തൊഴിലാളികളുടെ ഒരു ദിവസത്തെ കൂലി. ചില തോട്ടങ്ങളില്‍ പ്രാദേശികമായി ഉണ്ടാക്കിയ ചില കരാറുകളുടെ അടിസ്ഥാനത്തില്‍ മറ്റ് ചില ആനുകൂല്യങ്ങളുണ്ട്.
എന്നാല്‍, മിക്ക തോട്ടങ്ങളിലും തൊഴിലാളികള്‍ക്ക് പി.എല്‍.സി തീരുമാനപ്രകാരം മാത്രമാണ് കൂലിയും ആനുകൂല്യങ്ങളും നല്‍കുന്നത്. ഒന്നര പതിറ്റാണ്ടിലേറെയായി ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍തോതില്‍ വില കിട്ടിയ സാഹചര്യത്തില്‍ പോലും മറ്റ് തൊഴിലാളികളുടേത്പോലെ കൂലി കൂട്ടാന്‍ മാനേജ്മെന്‍േറാ സര്‍ക്കാറുകളോ തയാറായിട്ടില്ല.
ഇതിനെതിരെ ശക്തമായി രംഗത്തിറങ്ങാന്‍ തൊഴിലാളി യൂനിയനുകളും തയാറാകുന്നില്ളെന്ന് തൊഴിലാളികള്‍ പറയുന്നു.
യൂനിയന്‍ നേതാക്കളെ കൂട്ടുപിടിച്ചാണ് മാനേജ്മെന്‍റ് ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളില്‍ കുറവ് വരുത്തുന്നത് എന്ന് ചില സ്വതന്ത്ര തൊഴിലാളി യൂനിയനുകള്‍ ആരോപിക്കുന്നു. സംസ്ഥാന തലത്തിലെ പി.എല്‍.സി അംഗങ്ങളേയും തോട്ടംഉടമകള്‍ വിലക്കെടുക്കുന്നുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു.
സംഘടിത യൂനിയനുകളൊന്നുമില്ലാത്ത ചെറുകിട തോട്ടങ്ങളില്‍ 700 രൂപ വരെ കൂലി ഉയര്‍ന്നപ്പോഴും യൂനിയനുകള്‍ ശക്തമായ തോട്ടങ്ങളില്‍ 250 രൂപയായിരുന്നു കൂലി. മെഡിക്കല്‍ ആനുകൂല്യങ്ങളും താമസസൗകര്യവുമെല്ലാം വെട്ടിക്കുറച്ചാണ് തോട്ടം മേഖലയില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത്.

മുക്കം വിസ്മയ ഗോള്‍ഡ് കവര്‍ച്ച : സാഹസിക നീക്കത്തില്‍ മുഖ്യപ്രതി പിടിയില്‍

Posted: 13 Sep 2015 11:12 PM PDT

മുക്കം: മുക്കം അഭിലാഷ് ജങ്ഷനിലെ വിസ്മയ ഗോള്‍ഡ് കവര്‍ച്ചക്കേസിലെ പ്രതിയെ പൊലീസ് പിടികൂടിയത് അതിസാഹസികമായി. പശ്ചിമബംഗാളിലെ മാള്‍ഡയില്‍ കഴിയുന്നതിനിടെയാണ് പ്രധാന പ്രതികളിലൊരാളായ കൃഷ്ണയെ കഴിഞ്ഞ ദിവസം കൊടുവള്ളി സി.ഐ എ. പ്രേംജിത്തിന്‍െറ നേതൃത്വത്തിലുള്ള സംഘം വലയിലാക്കിയത്. പ്രതിയെ പിടികൂടാനായി പൊലീസ് സംഘമത്തെിയപ്പോള്‍ ഇയാള്‍ പുഴയിലേക്ക് എടുത്തുചാടി. പിന്നാലെ ചാടിയ പൊലീസ് പുഴയില്‍വെച്ച് കീഴ്പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പ്രതിയുമായി തിരിച്ചുവരാനിരുന്ന പൊലീസ് സംഘത്തെ പ്രദേശവാസികള്‍ തടഞ്ഞുവെക്കുകയും ചെയ്തു. ബംഗാളിലെ കലക്ടറായ മുന്‍ കോഴിക്കോട് കലക്ടര്‍ പി.ബി. സലീം ഉള്‍പ്പെടെയുള്ള മലയാളി ഉദ്യോഗസ്ഥരുടെ സഹായംകൊണ്ടാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാനായത്. പശ്ചിമബംഗാള്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ബംഗാളില്‍നിന്ന് തിരിച്ച സംഘം തിങ്കളാഴ്ച മുക്കത്തത്തെുമെന്നാണ് സൂചന.
കേസില്‍ മൊത്തം ഏഴു പ്രതികള്‍ ഉണ്ടെന്നാണ് അറിവ്. മറ്റൊരു പ്രധാന പ്രതിയായ ഝാര്‍ഖണ്ഡ് സ്വദേശിയെ പിടികൂടാനായിട്ടില്ല. ഇയാളാണ് മൂന്നു കിലോ സ്വര്‍ണവുമായി കടന്നുകളഞ്ഞതെന്ന് പിടിയിലായ കൃഷ്ണ മൊഴിനല്‍കിയിട്ടുണ്ട്. കഴിഞ്ഞ 12നാണ് മുക്കം അഭിലാഷ് ജങ്ഷനിലെ വിസ്മയ ഗോള്‍ഡില്‍ മോഷണം നടന്നത്. മൂന്നു കിലോ സ്വര്‍ണം, നാലു കിലോ വെള്ളി, നാലു ലക്ഷം രൂപ എന്നിവയടക്കം ഒരു കോടിയോളം രൂപയുടെ മോഷണമാണ് നടന്നത്. കൃത്യം നടന്ന് ഒരു മാസത്തിനു ശേഷമാണ് പ്രതി പിടിയിലായത്.
മോഷണത്തിനായി ഇയാള്‍ എത്തിയത് നെടുമ്പാശ്ശേരി വരെ വിമാനത്തിലും തുടര്‍ന്ന് മുക്കം വരെ കാറിലുമാണ്. സംഘത്തിലെ ബാക്കിയുള്ളവരെ 50,000 രൂപ നല്‍കി ഒഴിവാക്കിയെന്നാണ് പിടിയിലായ കൃഷ്ണ പൊലീസിനോട് പറഞ്ഞത്.

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 19,640 രൂപ

Posted: 13 Sep 2015 10:06 PM PDT

Image: 

കൊച്ചി: തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 2,455 രൂപയിലും പവന് 19,640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സെപ്റ്റംബര്‍ പത്തിനാണ് പവന്‍വില 19,800ല്‍ നിന്ന് 19,640 രൂപയിലേക്ക് താഴ്ന്നത്. തുടര്‍ന്ന് വില സ്ഥിരത കൈവരിക്കുകയായിരുന്നു.

ഈ മാസം സ്വര്‍ണത്തിന് വില സ്ഥിരത കൈവരിക്കുന്നത് മൂന്നാം തവണയാണ്. സെപ്റ്റംബര്‍ ഒന്നു മുതല്‍ മൂന്നു വരെ 20,080 രൂപയിലും നാല് മുതല്‍ എട്ടുവരെ 19,920 രൂപയുമായിരുന്നു വ്യാപാരം.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 4.45 ഡോളര്‍ കൂടി 1,107.97 ഡോളറിലെത്തി.

ജി.സി.സി പാര-അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി

Posted: 13 Sep 2015 09:40 PM PDT

Image: 
ദോഹ: ജി.സി.സി പാര അത് ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ദോഹയില്‍ തുടക്കമായി. ഖത്തര്‍ സ്പോര്‍ട്സ് ക്ളബില്‍ രണ്ട് പുതിയ ലോക റെക്കോര്‍ഡുകളോടെയാണ് ചാമ്പ്യന്‍ഷിപ്പിന്‍െറ ആദ്യദിവസം പിന്നിട്ടത്. ഖത്തറിന്‍െറ അബ്ദുറഹ്മാന്‍ അബ്ദുല്‍ ഖാദറും ശരീഫ അല്‍ ഹദ്ദാദും ഉള്‍പ്പെടെ ഒന്നാം ദിവസം 27 കായിക താരങ്ങള്‍ വിവിധയിനങ്ങളില്‍ ചാമ്പ്യന്‍മാരായി. ആദ്യ ഇനമായ പരുഷന്‍മാരുടെ ടി33/34 100 മീറ്ററില്‍  യു.എ.ഇയുടെ മുഹമ്മദ് അല്‍ ഹമ്മാദി സ്വര്‍ണം നേടി.  ഖത്തറിന്‍െറ മുഹമ്മദ് അല്‍ കുബൈസിക്ക് ഈയിനത്തില്‍ വെങ്കലം ലഭിച്ചു. 
കുവൈത്തിന്‍െറ അഹമ്മദ് അല്‍ മുതൈറി ടി33 100 മീറ്റില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 200 മീറ്ററില്‍  ഖത്തറിന്‍െറ ശരീഫ അല്‍ ഹദ്ദാദ് സ്വര്‍ണം നേടി. ലോക റെക്കോര്‍ഡോടെയാണ് ഖത്തറിന്‍െറ അബ്ദുറഹ്മാന്‍ അബ്ദുല്‍ഖാദര്‍ ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടിയത്. 10.68 മീറ്റര്‍ ദൂരമാണ് അദ്ദേഹം നേടിയത്. ദോഹയില്‍ തന്നെ ഒക്ടോബറില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ് അദ്ദേഹം. സൗദി അറേബ്യയുടെ ആദില്‍ ഹസന്‍ പുരുഷന്‍മാരുടെ 400 മീറ്റില്‍ സ്വര്‍ണം നേടിയത്. യു.എ.ഇയുടെ യഹ്യ അല്‍ ബലൗഷി വെള്ളിയും ബഹ്റൈന്‍െറ സക്കരിയ അബ്ദില്‍അലി വെങ്കലവും നേടി. സ്ത്രീകളുടെ ഡിസ്കസ് ത്രോയില്‍ യു.എ.ഇയുടെ മറിയം അല്‍ മത്രോഷ് സ്വര്‍ണം നേടി. ബഹ്റൈന്‍െറ സഹ്റ അല്‍ കാലിബ് വെള്ളിയും ലതീഫ അല്‍ ശമ്മാരി വെങ്കലവും നേടി. 
ആറ് ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള 200ഓളം താരങ്ങളാണ് പാര -അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നത്. മേഖലയിലെ വിഭിന്ന ശേഷിയുള്ള കായിക താരങ്ങള്‍ക്ക് പാരലമ്പിക്സ് പോലുള്ള ഉയര്‍ന്ന മത്സരങ്ങളിലേക്കുള്ള അനുഭവ സമ്പത്തുണ്ടാക്കുകയാണ് ചാമ്പ്യന്‍ഷിപ്പിന്‍െറ ലക്ഷ്യം. വര്‍ണശബളമായ ഉദ്ഘാടന ചടങ്ങില്‍ ജി.സി.സി പാര അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് അല്‍ മുഹന്നദി, ചാമ്പ്യന്‍ഷിപ്പ് സി.ഇ.ഒ അമീര്‍ അല്‍ മുല്ല തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.  
വിഭിന്ന ശേഷിയുള്ളവരുടെ ഏറ്റവും വലിയ കായികമേളകളിലൊന്നായ ഇന്‍റര്‍നാഷനല്‍ പാരലമ്പിക് കമ്മിറ്റി (ഐ.പി.സി), അത്ലറ്റിക് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 21 മുതല്‍ 31 വരെ  ഖത്തര്‍ സ്പോര്‍ട്സ് ക്ളബിലാണ് നടക്കുന്നത്. അതിന് മുന്നോടിയായാണ് ജി.സി.സി ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുന്നത്. 100 രാജ്യങ്ങളില്‍നിന്നായി 1400ഓളം കായികതാരങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ മുന്‍ ചാമ്പ്യന്മാരും, 11 മാസത്തിനുശേഷം റിയോയില്‍ നടക്കുന്ന 2016 പാരലമ്പിക് ഒളിമ്പിക്സിന് യോഗ്യത നേടാന്‍ മാറ്റുരക്കുന്നവരും അണിനിരക്കും. 
 

 

കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം ഖബറടക്കി

Posted: 13 Sep 2015 09:32 PM PDT

Image: 
അബൂദബി: കഴിഞ്ഞദിവസം രാജ്യത്തത്തെിച്ച യമനില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം ഖബറടക്കി. അജ്മാന്‍, റാസല്‍ഖൈമ, ദുബൈ, ഹത്ത എന്നിവിടങ്ങളില്‍ നടന്ന മയ്യിത്ത് നമസ്കാരത്തിലും ഖബറടക്ക ചടങ്ങിലും നൂറുകണക്കിന് പേര്‍ പങ്കെടുത്തു. 
രക്തസാക്ഷിത്വം വരിച്ച സൈനികന്‍ ഫഹദ് അലി മുഹമ്മദ് അല്‍ ബലൂശിയുടെ ഖബറടക്ക ചടങ്ങ് അജ്മാനിലാണ് നടന്നത്. സുലൈമാന്‍ ജാസിം അല്‍ ബലൂശി, അബ്ദുല്ല റാശിദ് അഹ്മദ് റാശിദ് അല്‍ ശുമൈലി, സുല്‍ത്താന്‍ സാലിഹ് അല്‍ ശീഹി, റാശിദ് അലി സഈദ് അല്‍ ശീഹി, സാലിം റാശിദ് ജദീദ് അല്‍ ശീഹി, സഊദ് മുഹമ്മദ് സാലിഹ് അല്‍ സഅദി, റാശിദ് മുഹമ്മദ് റാശിദ് അല്‍ ഖന്‍ബൂലി അല്‍ ശീഹി എന്നിവരുടെ ഖബറടക്കം റാസല്‍ഖൈമയില്‍ നടന്നു. അലി ഹുസൈന്‍ ഹസന്‍ താഹിര്‍ അല്‍ ബലൂശി, ഇസ്സ ഇബ്രാഹിം അല്‍ ബദ്വാദി, സഈദ് അഹ്മദ് ഉബൈദ് അല്‍ മര്‍റി എന്നിവരുടെ ഖബറടക്കം ദുബൈ, ഹത്ത എന്നിവിടങ്ങളിലായിരുന്നു. സൈനികരുടെ വീടുകളില്‍ ഭരണാധികാരികളുടെ സന്ദര്‍ശനം തുടരുകയാണ്. 

ജി.സി.സി അണ്ടര്‍ 19 ഫുട്ബാള്‍ കിരീടം ഒമാന്

Posted: 13 Sep 2015 09:19 PM PDT

Image: 
മസ്കത്ത്: കാല്‍പന്ത് കളിയിലെ മേഖലയിലെ യുവാക്കളുടെ ചാമ്പ്യന്മാര്‍ ആര് എന്ന ചോദ്യത്തിന് ഉത്തരമായി. ദോഹയില്‍ നടന്ന അണ്ടര്‍-19 ഗള്‍ഫ് കപ്പ് ഫുട്ബാളിന്‍െറ ഫൈനല്‍ മത്സരത്തില്‍ ബഹ്റൈനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ച് ഒമാന്‍ കിരീടമുയര്‍ത്തി. 
കളി മുഴുവന്‍ സമയവും അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിലായിരുന്നു. തുടര്‍ന്നാണ് ടൈബ്രേക്കറിലേക്ക് കളി നീണ്ടത്. ഇതില്‍  മൂന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് ബഹ്റൈനെ തോല്‍പിച്ചാണ് ജി.സി.സി കിരീടം ഒമാന്‍ ഉയര്‍ത്തിയത്. 
അണ്ടര്‍-17 കിരീടത്തിന്‍െറ തിളക്കം മങ്ങുംമുമ്പ് ഇരട്ടി മധുരമായാണ് പുതിയ കിരീടവും ഒമാനെ തേടിയത്തെിയത്. കിരീടമോഹവുമായി ഇറങ്ങിയ ഇരുടീമുകളും മികച്ച പ്രകടനമാണ് തുടക്കം മുതല്‍ പുറത്തെടുത്തത്. 
27ാം മിനിറ്റില്‍ ഖലീലൂടെ ബഹ്റൈനാണ് ആദ്യം വലകുലുക്കിയത്. ആദ്യഗോള്‍ വീണതോടെ പൊരുതിക്കളിച്ച ഒമാന്‍ സമനിലക്കായി ആക്രമിച്ചുകളിച്ചു. 
69ാം മിനിറ്റില്‍ തലാല്‍ ഖമീസിലൂടെയാണ് ഒമാന്‍ സമനില ഗോള്‍ നേടിയത്. തുടര്‍ന്ന്, വിജയഗോളിനായി ഇരുവിഭാഗവും കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 
ഒമാനുവേണ്ടി കിക്കെടുത്ത സലാഹ് സഈദ്, ബക്കീത്ത് സലാം, അഹമ്മദ് ജാമില്‍, തലാല്‍ ഖാമിസ്, ഒംറാന്‍ സഈദ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബഹ്റൈന്‍ നിരയില്‍ മുഹമ്മദ് യൂസുഫ്, അലി ഹസന്‍, സിയാദ് അലി എന്നിവരാണ് ലക്ഷ്യം കണ്ടത്. നേരത്തേ മൂന്നാം സ്ഥാനത്തിലേക്കായി നടന്ന മത്സരത്തില്‍ കുവൈത്ത് സൗദി അറേബ്യയെ ഒരു ഗോളിന് തോല്‍പിച്ചു. 
 

ഫെഡററെ തോല്‍പിച്ച് നൊവാക് ദ്യോകോവിച് യു.എസ് ഓപണ്‍ ചാമ്പ്യന്‍

Posted: 13 Sep 2015 08:30 PM PDT

Image: 

ന്യൂയോര്‍ക്: യു.എസ് ഓപണ്‍ ടെന്നിസ് പുരുഷ സിംഗ്ള്‍സ് കിരീടം നൊവാക് ദ്യോകോവിച്ചിന്. ഫൈനലില്‍ റോജര്‍ ഫെഡററെ 6-4, 5-7, 6-4, 6-4 ന് പരാജയപ്പെടുത്തിയാണ് ദ്യോകോവിച് കിരീടം സ്വന്തമാക്കിയത്. ഈ വര്‍ഷം ആസ്ത്രേലിയന്‍ ഓപണ്‍, വിംബ്ള്‍ഡണ്‍ കിരീടങ്ങള്‍ നേടിയ ദ്യോകോവിച്ചിന്‍െ റ ഗ്രാന്‍ഡ്സ്ളാം കിരീടമാണിത്.

മഴമൂലം മൂന്ന് മണിക്കൂര്‍ വൈകിയാണ്  ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ സ്വപ്ന ഫൈനല്‍ മത്സരം ആരംഭിച്ചത്. ആദ്യ സെറ്റ് ലോക ഒന്നാം നമ്പര്‍ താരമായ ദ്യോകോവിച്ച് നേടിയെങ്കിലും രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചുവന്ന ഫെഡറര്‍  സെറ്റ് സ്വന്തമാക്കി. മൂന്നും നാലും സെറ്റുകളില്‍  കടുത്ത പോരാട്ടത്തിനൊടുവില്‍ ഫെഡററെ കീഴടക്കിയാണ് ദ്യോകോവിച്ച് തന്‍െറ രണ്ടാം യു.എസ്് ഓപണ്‍ കിരീടം നേടിയത്.

സ്പിറ്റ്സ്നര്‍ ഇല്ല, ‘കൊറിയന്‍ മെസ്സി’ ഹ്യൂണ്‍ ബ്ലാസ്റ്റേഴ്സില്‍

Posted: 13 Sep 2015 08:30 PM PDT

Image: 
Subtitle: 
പരിക്കേറ്റ നിര്‍മല്‍ ഛേത്രിക്കുപകരം ഈസ്റ്റ് ബംഗാള്‍ താരം രാഹുല്‍ ബെക്കെ

കൊച്ചി: ബ്രസീലിയന്‍ ഡിഫന്‍ഡര്‍ എര്‍വിന്‍ സ്പിറ്റ്സ്നര്‍ ഇത്തവണ കേരള ബ്ളാസ്റ്റേഴ്സിനായി കളിച്ചേക്കില്ളെന്ന് സൂചന. ടീമിന്‍െറ പരിശീലനം തിരുവനന്തപുരത്ത് അവസാനഘട്ടത്തോടടുക്കുമ്പോഴും എര്‍വിന്‍ ടീമിനൊപ്പം എത്തിയിട്ടില്ല. സ്പിറ്റ്സ്നറിനുപകരം ദക്ഷിണ കൊറിയന്‍ താരം ദോ ദോങ് ഹ്യൂണ്‍ ബ്ളാസ്റ്റേഴ്സിലത്തെിയേക്കും. പരിശീലനത്തിനിടെ പരിക്കേറ്റ നിര്‍മല്‍ ഛേത്രിക്കു പകരം രാഹുല്‍ ബെക്കെയും മഞ്ഞക്കുപ്പായത്തിലത്തെും. ഈസ്റ്റ് ബംഗാള്‍ താരങ്ങളാണ് ഇരുവരും.

ദക്ഷിണ കൊറിയക്കുവേണ്ടി അണ്ടര്‍ 20 മത്സരം കളിച്ചിട്ടുള്ള ദോ ദോങ് ഹ്യൂണ്‍ കൊല്‍ക്കത്ത ലീഗില്‍ ഈസ്റ്റ് ബംഗാളിന് നടത്തിയ ഗോള്‍വേട്ടയാണ് ബ്ളാസ്റ്റേഴ്സിലേക്ക് വഴി തുറക്കുന്നത്. ഒമ്പത് കളികളില്‍നിന്ന് 12 ഗോള്‍ നേടിയ 21കാരന് ‘കൊറിയന്‍ മെസ്സി’യെന്നാണ് ഈസ്റ്റ് ബംഗാള്‍ ആരാധകര്‍ നല്‍കിയ വിശേഷണം. ഇടങ്കാലന്‍ ഷോട്ടുകളും എതിരാളിയെ കുഴപ്പിക്കുന്ന ഡ്രിബ്ളിങ്ങുമാണ് ഇത്തരം വിശേഷണത്തിന് കാരണം. കൊല്‍ക്കത്തയിലെ ഫുട്ബാള്‍ പ്രേമികളുടെ ആരാധനയില്‍ മനംമയങ്ങിയ താരം രണ്ടോ മൂന്നോ വര്‍ഷത്തേക്കുകൂടി കരാര്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

ആസ്ട്രേലിയന്‍ ലീഗിലും ഇന്ത്യന്‍ ലീഗിലുമൊക്കെ കളിച്ച അനുഭവസമ്പത്തും ദോ ദോങ് ഹ്യൂണിന് നേട്ടമാണ്. ഐ.എസ്.എല്‍ ആദ്യ സീസണില്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിന്‍െറ ഡ്രാഫ്റ്റ് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അവസരം ലഭിച്ചിരുന്നില്ല. സ്പിറ്റ്സ്നറിനുപകരമുള്ള വിദേശിയെന്ന നിലയിലാകും ദോ ദോങ് ഹ്യൂണ്‍ ടീമിലത്തെുക. കഴിഞ്ഞ സീസണിലും ടീമിലുണ്ടായിരുന്ന താരമാണ് സ്പിറ്റ്സ്നര്‍. ഫോസ് ഡോ ഇഗ്വാക്കുവേണ്ടി കളിക്കുന്ന താരം ലോണ്‍ അടിസ്ഥാനത്തില്‍ ഇത്തവണയും ബ്ളാസ്റ്റേഴ്സില്‍ എത്തിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

എയര്‍ ഇന്ത്യ, മുംബൈ ടൈഗേഴ്സ്, മുംബൈ, ഈസ്റ്റ് ബംഗാള്‍ ടീമുകള്‍ക്കായി ഐ ലീഗില്‍ കളിച്ച പരിചയം രാഹുല്‍ ബെക്കെക്ക് മുതല്‍ക്കൂട്ടാകും. കൊല്‍ക്കത്ത ഫുട്ബാള്‍ ലീഗ് ഫൈനലില്‍ മോഹന്‍ ബഗാനെതിരെ ദോ ദോങ് ഹ്യൂണിനൊപ്പം ഗോള്‍വല കുലുക്കിയ താരമാണ് രാഹുല്‍ ബെക്കെ. ഹ്യൂണ്‍ രണ്ട് ഗോളും രാഹുല്‍ ഒരുഗോളും നേടിയ മത്സരത്തില്‍ 4-0നാണ് ടീം ബഗാനെ തകര്‍ത്തത്. ഞായറാഴ്ച തിരുവനന്തപുരത്തത്തെിയ രാഹുല്‍ ടീമിനൊപ്പം പരിശീലനം നടത്തി.

ഈജിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 14 കുട്ടികളടക്കം 38 മരണം

Posted: 13 Sep 2015 08:28 PM PDT

Image: 

മ്യൂണിക്: അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് ഈജിയന്‍ കടലില്‍ മുങ്ങി 14 കുട്ടികള്‍ ഉള്‍പ്പെടെ 38 മരണം. 30 പേര്‍ നീന്തി രക്ഷപ്പെട്ടു. 68 പേരെ ഗ്രീസ് തീരസംരക്ഷണ സേന കരക്കെത്തിച്ചു.

തുര്‍ക്കിയില്‍ നിന്ന് ഗ്രിസീലേക്ക് പോയ തടി കൊണ്ട് നിര്‍മിച്ച മത്സ്യബന്ധന ബോട്ടാണ് ഈജിയന്‍ കടലില്‍ മുങ്ങിയത്. ഗ്രീസ് ദ്വീപായ ഫര്‍മാകോനിസിലായിരുന്നു സംഭവം. അപകട സമയത്ത് 130 അഭയാര്‍ഥികള്‍ ബോട്ടിലുണ്ടായിരുന്നു.

മരിച്ച 14 കുട്ടികളില്‍ നാല് പിഞ്ചുകുഞ്ഞുങ്ങളും അഞ്ച് വീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടുന്നതായി ഏതന്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അഭയാര്‍ഥി പ്രശ്നം ആരംഭിച്ച ശേഷം നടന്ന വലിയ ദുരന്തങ്ങളിലൊന്നാണിത്. ദുരന്തത്തില്‍ കാണാതയവര്‍ക്ക് വേണ്ടി തീരസംരക്ഷണ സേന തെരച്ചില്‍ നടത്തുന്നുണ്ട്.

അതേസമയം, അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനെ സംബന്ധിച്ച് ആശങ്ക തുടരുന്നതിനിടയിലും യൂറോപ്പിലേക്ക് അഭയം തേടിയെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. അഭയാര്‍ഥിപ്രവാഹം വര്‍ധിച്ചതോടെ ഓസ്ട്രിയയില്‍ നിന്നുള്ള തീവണ്ടി സര്‍വീസുകള്‍ ജര്‍മനി താല്‍കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

യൂറോപിലേക്കുള്ള പലായനത്തിനിടെ ഗ്രീസില്‍ അഞ്ച് കുഞ്ഞുങ്ങളടക്കം 28 അഭയാര്‍ഥികളെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.

മക്ക അപകടം: വിവരങ്ങള്‍ ജനങ്ങളെ അറിയിക്കും ^ സല്‍മാന്‍ രാജാവ്

Posted: 13 Sep 2015 07:52 PM PDT

Image: 
മക്ക: മക്കയിലെ ക്രെയിനപകടം സംബന്ധിച്ച് വസ്തുതാന്വേഷണം പൂര്‍ത്തിയാക്കി വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു. 
ഹറമിലെ അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്താണ് നടന്നതെന്ന് നേരിട്ടറിയാനും പ്രതിവിധി തേടാനുമാണ് ഇവിടെ വന്നത്. അപകടകാരണം അന്വേഷിക്കുകയും അതിന്‍െറ ഫലം ജനങ്ങളെ അറിയിക്കുകയും ചെയ്യും - രാജാവ് പറഞ്ഞു. ഈ രാജ്യം ഇരു ഹറമുകളുടെയും സേവനത്തിനു വേണ്ടി സ്വയം സമര്‍പ്പിച്ചതാണ്. രാഷ്ട്രസ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്‍െറ കാലം മുതല്‍ രാജാവ് ഹറമുകളുടെ സേവകനായാണ് അറിയപ്പെടുന്നത്. ലോകത്തെ മറ്റേത് ഇടങ്ങളേക്കാളും മക്കക്കും മദീനക്കുമാണ് മുന്തിയ പരിഗണന നല്‍കിപ്പോരുന്നതെന്ന് സല്‍മാന്‍ രാജാവ് ചൂണ്ടിക്കാട്ടി. അപകടത്തില്‍ മരണമടഞ്ഞവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ച അദ്ദേഹം ബന്ധുക്കളെ അനുശോചനമറിയിച്ചു. കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, ഡപ്യൂട്ടി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുടെ കൂടെ അദ്ദേഹം ഹറമില്‍ അപകടം നടന്ന സ്ഥലം ചുറ്റി നടന്നു കണ്ടു. മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍, ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അസ്സുദൈസ് എന്നിവര്‍ രാജാവിന് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു. പിന്നീട് മക്കയിലെ അന്നൂര്‍ സ്പെഷാലിറ്റി ആശുപത്രിയിലത്തെിയ സല്‍മാന്‍ രാജാവ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കണ്ട് ഹസ്തദാനം ചെയ്ത് രോഗശാന്തി ആശംസിച്ചു. ഡോക്ടര്‍മാരോട് സ്ഥിതിഗതികള്‍ ആരായുകയും ചികില്‍സയിലുള്ളവര്‍ക്ക് എല്ലാ സേവനങ്ങളും ലഭ്യമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
അതിനിടെ അന്വേഷണറിപ്പോര്‍ട്ട് നിയോഗിക്കപ്പെട്ട സമിതി ഞായറാഴ്ച ഗവര്‍ണര്‍ക്ക് കൈമാറി. അരാംകോയുടെയും സൗദി എന്‍ജിനീയേഴ്സ് കൗണ്‍സിലിന്‍െറയും സഹായം അന്വേഷണത്തിനുണ്ടായിരുന്നുവെന്ന് സമിതിക്ക് നേതൃത്വം നല്‍കിയ ഗവര്‍ണറുടെ ഉപദേഷ്ടാവ് ഡോ. ഹിശാം ഫാലിഹ് പറഞ്ഞു.  

ആന്ധ്രപ്രദേശില്‍ സിമന്‍റ് ലോറി മറിഞ്ഞ് 16 മരണം

Posted: 13 Sep 2015 07:27 PM PDT

Image: 

ഗണ്ടേപ്പള്ളി: ആന്ധ്രപ്രദേശിലെ ദേശീയപാത 214ല്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ 16 മരണം. വിജയവാഡയില്‍ നിന്ന് വിശാഖപട്ടണത്തേക്ക് സിമന്‍റ് കയറ്റി പോയ ലോറിയാണ് മറിഞ്ഞത്. പുലര്‍ച്ചെ രണ്ടു മണിക്ക് കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഗണ്ടേപ്പള്ളിയിലായിരുന്നു അപകടം.  

ഗുണ്ടൂരില്‍ നിന്ന് വിഴാഗിലേക്ക് പോവുകയായിരുന്നു ലോറി. പരിക്കേറ്റ 16 തൊഴിലാളികളെ രാജമുന്ദ്രി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിമന്‍റ് ചാക്കിന് അടിയില്‍ കുടുങ്ങിയാണ് കരാര്‍ തൊഴിലാളികള്‍ മരിച്ചത്. 

ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന് കിഴക്കന്‍ ഗോദാവരി എസ്.പി രവി പ്രകാശ് പറഞ്ഞു.

മലപ്പുറം വളാഞ്ചേരിയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു

Posted: 13 Sep 2015 06:52 PM PDT

Image: 

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിക്ക് സമീപം വട്ടപ്പാറ വളവില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു. രണ്ടു പേര്‍ക്ക് പരിക്ക്. മംഗലാപുരത്തു നിന്ന് കൊച്ചിയിലേക്ക് പോയ ടാങ്കറാണ് മറിഞ്ഞത്. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. വാതകചോര്‍ച്ചയില്ല.

ബൈപാസ് വഴി വാഹനങ്ങള്‍ തിരിച്ചു വിട്ടു പ്രദേശത്ത് പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ടാങ്കര്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

നിസാര പരിക്കേറ്റ ഡ്രൈവറെയും ക്ളീനറെയും വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹാര്‍ദിക് പട്ടേല്‍ എന്ന സൂചകം

Posted: 13 Sep 2015 06:34 PM PDT

Image: 

നരേന്ദ്ര മോദിയുടെ  വ്യക്തിപരവും രാഷ്ട്രീയവുമായ പ്രഭാവത്തെ അട്ടിമറിക്കാന്‍പോന്ന വ്യക്തിത്വമാണ് ഗുജറാത്തില്‍ പട്ടേല്‍ ജാതിയെ മുന്‍നിര്‍ത്തി മേല്‍ജാതി സംവരണത്തിനായി സമരം ചെയ്യുന്ന  22കാരനായ ഹാര്‍ദിക്  പട്ടേലെന്ന് പലരും കരുതുന്നു. എന്നാല്‍, മോദിക്കും ഹാര്‍ദിക് പട്ടേലിനും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഇതിലേറെ സങ്കീര്‍ണത  നിറഞ്ഞതാണ് എന്നാണ് ഗുജറാത്തിന്‍െറ ആധുനിക ചരിത്രം പറയുന്നത്.  ഇതിനുമുമ്പ് പട്ടേല്‍ സമുദായം ഇത്രമേല്‍  സംഘടിച്ച്  തെരുവിലിറങ്ങിയത് 1980കളിലായിരുന്നു . ഇന്നവര്‍ മേല്‍ജാതി സംവരണത്തിനായാണ്  സമരം ചെയ്യുന്നതെങ്കില്‍  അന്നവര്‍ സംവരണത്തിനുതന്നെ എതിരായുള്ള സമരവും അക്രമവുമാണ് നടത്തിയത്. അതുകൊണ്ടുതന്നെ മറ്റൊരു സവര്‍ണ രാഷ്ട്രീയ ഉന്മാദം എന്ന നിലക്ക് തള്ളിക്കളയാവുന്നതല്ല ഗുജറാത്തില്‍ നടക്കുന്ന കാര്യങ്ങള്‍.    

2002ല്‍ ഗുജറാത്തില്‍ നടന്ന വംശഹത്യയിലേക്ക് വഴിവെച്ച സാമൂഹികമാറ്റങ്ങള്‍ നടക്കുന്നത് 1980കളിലാണ്   എന്നാണ്  ഒര്‍നിത്  ഷാനി തന്‍െറ  Communalism, Caste and Hindu Nationalism: The Violence in Gujarat (Cambridge University Press, 2007) എന്ന  പഠനത്തില്‍ പറയുന്നത്. 70കളില്‍ ഇന്ത്യയില്‍ വ്യാപിച്ച സംവരണ നടപടികള്‍ കാരണം  മേല്‍ജാതികളും കീഴ്ജാതികളും തമ്മില്‍ ബിഹാറിലും ഉത്തര്‍പ്രദേശിലും ഗുജറാത്തിലുമൊക്കെ   വലിയ സംഘര്‍ഷങ്ങളുണ്ടാക്കിയിരുന്നു . അധികാരം, വിഭവം,  സമ്പത്ത് എന്നിവയുടെ തലത്തില്‍  സംഘടിപ്പിക്കപ്പെട്ട   ജാതിസംഘര്‍ഷങ്ങള്‍  പക്ഷേ, 80കളില്‍ ഇന്ത്യയുടെ  പല ഭാഗത്തും ഹിന്ദു, മുസ്ലിം എന്ന മതവ്യത്യാസത്തിലേക്ക് മാറിപ്പോകുന്നതാണ് നാം കാണുന്നത്. ഗുജറാത്തില്‍ ബി.ജെ.പി ശക്തിപ്രാപിക്കാന്‍ കാരണമായ 1985ലെ അഹ്മദാബാദ് കലാപത്തിന്‍െറ പ്രവര്‍ത്തനരീതികള്‍ പഠിക്കുമ്പോള്‍ ഈ വസ്തുത വ്യക്തമാകുന്നു. ഇന്ത്യയിലുണ്ടായിരുന്ന ജാതി സംഘര്‍ഷം  പതുക്കെ  ഹിന്ദു^മുസ്ലിം പ്രശ്നമായി മാറുന്നു എന്ന വസ്തുതയാണത്.

1972ല്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് സര്‍ക്കാറാണ് ഒ.ബി.സി വിഭാഗക്കാര്‍ക്ക് സംവരണം  നല്‍കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ബക്ഷി കമീഷനെ നിയോഗിക്കുന്നത്. ഗുജറാത്തിലെ കോണ്‍ഗ്രസ് പ്രസിഡന്‍റും ഒ.ബി.സി വിഭാഗക്കാരനുമായ ജിനഭായ് ദര്‍ജിയുടെ ഇടപെടല്‍ ബക്ഷി  കമീഷന്‍െറ രൂപവത്കരണത്തില്‍ ഏറെ പ്രധാനമായിരുന്നു.  മാത്രമല്ല, അദ്ദേഹം ദലിതുകള്‍, മുസ്ലിംകള്‍, ഒ.ബി.സികള്‍ തുടങ്ങിയവരെ അണിനിരത്തി സവര്‍ണ ഉള്ളടക്കമുള്ള കോണ്‍ഗ്രസിനെ പിന്നാക്ക രാഷ്ട്രീയചലനങ്ങളുമായി അടുപ്പിക്കാനും ശ്രമിച്ചിരുന്നു. ബക്ഷി കമീഷന്‍ 1976ല്‍  ഗുജറാത്തിലെ  കോണ്‍ഗ്രസ് ഗവണ്‍മെന്‍റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.  നാലു വര്‍ഷത്തിനുശേഷം, പിന്നാക്ക വിഭാഗങ്ങളുടെകൂടി പിന്തുണയോടെ അധികാരത്തില്‍വന്ന മാധവ് സിങ് സോളങ്കിയുടെ നേതൃത്വത്തിലുള്ള  കോണ്‍ഗ്രസ്  സര്‍ക്കാര്‍ ബക്ഷി കമീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കുകയും ഒ.ബി.സികള്‍ക്ക് 10 ശതമാനം  സംവരണം നല്‍കുകയും ചെയ്തു. എന്നാല്‍, 1982ല്‍ ആദ്യഘട്ട ഒ.ബി.സി ലിസ്റ്റില്‍  ഉള്‍പ്പെടാതെപോയ വിഭാഗക്കാര്‍ പ്രതിഷേധമുണ്ടാക്കുകയും അങ്ങനെ റാണെ  കമീഷന്‍ നിലവില്‍വരുകയും ചെയ്തു.  തൊട്ടടുത്ത വര്‍ഷംതന്നെ റാണെ കമീഷന്‍ തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഒ.ബി.സി സംവരണത്തിന്‍െറ  തോത് 18 ശതമാനമായി ഉയര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. 1985 ജനുവരിയില്‍  അന്നത്തെ  കോണ്‍ഗ്രസ് സര്‍ക്കാര്‍  റാണെ  കമീഷന്‍ റിപ്പോര്‍ട്ട് ചില തിരുത്തലോടെ നടപ്പാക്കി.

ഗുജറാത്തില്‍ ശ്രദ്ധേയമായ രീതിയില്‍ ഒ.ബി.സി സംവരണം നടപ്പായ  1976 മുതല്‍ 1986 വരെയുള്ള കാലഘട്ടം പരിശോധിച്ചാല്‍   മേല്‍ജാതി ഹിന്ദുക്കളുടെ, വിശിഷ്യ  പട്ടേല്‍ ജാതിക്കാരുടെ  നേതൃത്വത്തില്‍ പിന്നാക്ക ജാതികള്‍ക്കെതിരെ   ആയിരക്കണക്കിന് തെരുവുകലാപങ്ങള്‍  നടന്നതായി കാണാന്‍ കഴിയും. സാമൂഹിക പുരോഗതി നേടിക്കഴിഞ്ഞ ദലിതുകളായിരുന്നു ഇവരുടെ ആക്രമണങ്ങളുടെ മുഖ്യ ഇരകള്‍. എന്നാല്‍,  1985 ഫെബ്രുവരി ആകുമ്പോഴേക്കും  നേരത്തേ പറഞ്ഞ ദലിത് ബഹുജന്‍ വിരുദ്ധ സംഘര്‍ഷങ്ങളും അക്രമങ്ങളും   മുസ്ലിംവിരുദ്ധമായി മാറിക്കഴിഞ്ഞിരുന്നു. ബി.ജെ.പി കൊണ്ടുവന്ന പുത്തന്‍ രാഷ്ട്രീയ പദ്ധതിയുടെ ഫലമായിരുന്നു അത്. പട്ടേല്‍ വിഭാഗത്തിന്‍െറ കൂടെനിന്ന് സംവരണവിരുദ്ധ നിലപാട് എടുക്കുകയും അതേസമയം  മുസ്ലിം വിരുദ്ധ അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്ത ബി.ജെ.പി 1985ലെ ഫെബ്രുവരി മുതല്‍ ജൂലൈ വരെ നടത്തിയ 750ഓളം മുസ്ലിംവിരുദ്ധ അക്രമങ്ങളിലൂടെ ജാതിരാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഗതി മാറ്റിമറിച്ചു. ഇതിനായി  മേല്‍ജാതി പൊതുബോധത്തിലുള്ള സംവരണവിരുദ്ധതയും മുസ്ലിംവിരുദ്ധതയും  കൂട്ടി യോജിപ്പിച്ചും കീഴ്ജാതികള്‍ക്കിടയില്‍ മുസ്ലിംവിരുദ്ധത പ്രചരിപ്പിച്ചും  ബി.ജെ.പി രണ്ടുപക്ഷത്തും പ്രവര്‍ത്തിച്ചു.

എന്നാല്‍, എങ്ങനെയാണ് കീഴ്ജാതികളെ മുസ്ലിംവിരുദ്ധമായി സംഘടിപ്പിക്കാന്‍ ബി.ജെ.പിയുടെ സവര്‍ണ  രാഷ്ട്രീയത്തിന് സാധിച്ചത് എന്ന ചോദ്യം പ്രസക്തമാണ്.  അഹ്മദാബാദിലെ  തുണിമില്‍ മേഖലയില്‍  80കളിലുണ്ടായ തൊഴില്‍പ്രതിസന്ധികള്‍ കീഴ്ജാതികളെയും  മുസ്ലിംകളയും   മറ്റു തൊഴില്‍ മേഖലകള്‍ അന്വേഷിക്കാന്‍ പ്രേരിപ്പിച്ചിരുന്നു . എന്നാല്‍,   അസംഘടിത തൊഴില്‍ മേഖലയിലെ മത്സരങ്ങള്‍ അവരെ തമ്മില്‍ അകറ്റുകയാണ് ചെയ്തത്. ഈ അവസരം   മുതലെടുത്ത്   ബി.ജെ.പിയും വി.എച്ച്.പിയും നടത്തിയ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ കീഴ്ജാതി വിഭാഗക്കാരെ സ്വാധീനിക്കുകയും  അതുവഴി ‘മുസ്ലിം എന്നതാണ്   മുഖ്യ ഭീഷണി’ എന്ന പ്രചാരണത്തിന്  വ്യാപക പിന്തുണ  നിര്‍മിച്ചെടുക്കുകയും ചെയ്തു. വിശിഷ്യ,  ഹിന്ദു ഒ.ബി.സികള്‍ എന്ന് മുഖ്യധാരാ വിജ്ഞാനം വ്യവഹരിക്കുന്ന സാമൂഹികവിഭാഗത്തെ  ഗുജറാത്തില്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് അനുകൂലമാക്കി മാറ്റുന്ന പ്രക്രിയ നടന്നത് ഇങ്ങനെയുള്ള നിരവധി സൂക്ഷ്മ രാഷ്ട്രീയ ഇടപെടലുകളിലൂടെയാണ്.

അങ്ങനെ പിന്നാക്ക വിഭാഗക്കാര്‍ക്കിടയില്‍ പുതിയ ഹിന്ദു സ്വാഭിമാനം ഉയര്‍ത്തിക്കൊണ്ടുവരാനും അവരില്‍തന്നെ ഒ.ബി.സിക്കാരനായ നരേന്ദ്ര മോദിയില്‍  പുതിയൊരു  ഹിന്ദു ഹൃദയ സമ്രാട്ടിനെ പ്രതിഷ്ഠിക്കാനും  ബി.ജെ.പിക്കും സംഘ്പരിവാരത്തിനും  കഴിഞ്ഞു.  ഈ  മാറ്റത്തിലൂടെ സവര്‍ണരുടെ  ജാതി അധികാരം  ഒരു പരിക്കുംപറ്റാതെ നിലനിന്നെങ്കിലും, ഒരു പരിധിവരെ ദലിത് ബഹുജന്‍ വിഭാഗക്കാര്‍ ആദ്യമായി   ഗുജറാത്തില്‍ അധികാരമേഖലയിലത്തെിപ്പെട്ടുവെന്ന  വൈരുധ്യവും   കാണാതിരിക്കാന്‍ കഴിയില്ല.

അടിസ്ഥാനപരമായി  മേല്‍ജാതി അജണ്ടയുള്ള   സവര്‍ണരുടെ ഈ പുതിയ രാഷ്ട്രീയതന്ത്രം സാധ്യതകള്‍ മാത്രമല്ല, തീരാത്ത  ആന്തരിക വൈരുധ്യങ്ങളും അവര്‍ക്ക്  സമ്മാനിച്ചു. പല ദലിത് ബഹുജന്‍ ചിന്തകരും വാദിച്ചിരുന്നപോലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജാതി ഉണ്ടാക്കുന്ന പിളര്‍പ്പുകള്‍ സവര്‍ണ സ്വാംശീകരണത്തില്‍പെട്ട് താല്‍ക്കാലികമായി  തിരിച്ചടി നേരിട്ടെങ്കിലും  ജാതിയുടെ സംഘര്‍ഷം    ഏതുസമയത്തും പുറത്തുവരാന്‍ കഴിവുള്ള അടിസ്ഥാനപരമായ സാമൂഹിക, രാഷ്ട്രീയ  പ്രശ്നമാണ്. അതാണ് ഗുജറാത്തില്‍നിന്നുള്ള  ഹാര്‍ദിക്  പട്ടേല്‍ നല്‍കുന്ന സൂചനകള്‍.

വി.എസ് ആവര്‍ത്തിച്ചത് 1961ലെ എ.കെ.ജി യുടെ അമരാവതി സമരം

Posted: 13 Sep 2015 06:30 PM PDT

Image: 

തൊടുപുഴ:കുമളിക്കടുത്തെ അമരാവതിയെന്ന  ഗ്രാമത്തില്‍ 54 വര്‍ഷം മുമ്പ് അനിഷേധ്യനായ കമ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലന്‍ ഇടുക്കി അണക്കെട്ടിന്‍െറ വൃഷ്ടി പ്രദേശത്തുനിന്ന് കുടിയിറക്കുന്നവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് നടത്തിയ ചരിത്രപ്രധാന്യം നിറഞ്ഞ നിരാഹാര സമരത്തിന്‍െറ ഓര്‍മപുതുക്കലായി വി.എസ്. അച്യുതാനന്ദന്‍ ഞായറാഴ്ച മൂന്നാറില്‍ നടത്തിയത്.1800 കുടുംബങ്ങളെ കുടിയിറക്കിയ പട്ടം താണുപിള്ള സര്‍ക്കാറിന്‍െറ നടപടിക്കെതിരെ 1961മേയില്‍  എ.കെ.ജി നടത്തിയ ധീരമായ സമരം കേരള രാഷ്ട്രീയത്തിലെ അവിസ്മരണീയ അധ്യായമാണ്.

ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ എത്തിയ വി.എസ്. ഇടക്കൊരു പ്രാവശ്യം വെള്ളം കുടിച്ചതല്ലാതെ മറ്റൊരു ആഹാരവും കഴിച്ചില്ല. സമര വേദിയില്‍നിന്ന് കേവലം അരക്കിലോ മീറ്ററോളം അകലെ പാര്‍ട്ടി എം.എല്‍.എ. എസ്.രാജേന്ദ്രന്‍ ശനിയാഴ്ച ആരംഭിച്ച നിരാഹാര സത്യഗ്രഹം ഇതോടെ അപ്രസക്തമായി. രാജേന്ദ്രന്‍െറ നിരാഹാര സമരത്തിന് അഭിവാദ്യം അര്‍പ്പിക്കാനല്ല താന്‍ മൂന്നാറിലേക്ക് പോകുന്നതെന്ന് യാത്ര പുറപ്പെടും മുമ്പേ വി.എസ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

വി.എസ് സമരപ്പന്തലില്‍ വരില്ളെന്ന് നന്നായി അറിയാവുന്ന എസ്.രാജേന്ദ്രനാകട്ടെ ഒരുമുഴം മുമ്പേ എറിഞ്ഞ്  മുഖം രക്ഷിക്കച്ചു. വി.എസ് തൊഴിലാളികള്‍ നടത്തുന്ന സമരമുഖത്തേക്കാണ് പോകേണ്ടതെന്ന് പറഞ്ഞ് അദ്ദേഹം കൂടുതല്‍ വിനയാന്വിതനാവുകയും ചെയ്തു.  ഒരു ജനകീയ വിഷയത്തില്‍  സ്വീകരിക്കേണ്ട നിലപാടുകള്‍ എങ്ങനെയായിരിക്കണമെന്നതിന്‍െറ പാഠങ്ങളാണ്  കണ്ണന്‍ ദേവന്‍ വിഷയത്തില്‍ വി.എസ് സാധിച്ചെടുത്തത്.  പ്രശ്നം ഏറ്റെടുക്കുമെന്ന് വെള്ളിയാഴ്ച തന്നെ വി.എസ്  പ്രഖ്യാപിച്ചതാണ്. അന്നുതന്നെ അദ്ദേഹം മൂന്നാറിലത്തെുമെന്ന അഭ്യൂഹം പരന്നിരുന്നു. വി.എസിനെ കുറിച്ച് കാര്യമായ ധാരണയൊന്നുമില്ലാത്ത തോട്ടം തൊഴിലാളി സ്ത്രീകളെ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ അങ്ങേയറ്റത്തെ ആവേശം സൃഷ്ടിക്കുകയും ചെയ്തു.

മനുഷ്യജീവന്‍ കൊണ്ട് പന്താടുന്നവര്‍

Posted: 13 Sep 2015 06:28 PM PDT

Image: 

നിയമലംഘനത്തിനും അതിന് അരുനില്‍ക്കുന്ന ഒൗദ്യോഗിക സംവിധാനങ്ങളുടെ അരുതായ്മക്കും നല്‍കേണ്ടിവന്ന വിലയാണ് മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ പെറ്റ്ലവാഡ് ടൗണില്‍ ശനിയാഴ്ച നടന്ന സ്ഫോടനം. ജനത്തിരക്കുള്ള അങ്ങാടിയിലെ കെട്ടിടത്തില്‍ സൂക്ഷിച്ച ജലാറ്റിന്‍ സ്റ്റിക്കുകളുടെ ശേഖരം പൊട്ടിത്തെറിച്ചപ്പോള്‍ സമീപത്തെ റസ്റ്റാറന്‍റും പരിസരവും തകര്‍ത്ത് നൂറോളം ജീവനുകളാണ് പൊലിഞ്ഞത്. പരിക്കേറ്റ നൂറിലേറെ പേരില്‍ പലരും ജീവച്ഛവങ്ങളായിത്തീര്‍ന്നിട്ടുണ്ട്. റസ്റ്റാറന്‍റില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം എന്നായിരുന്നു ആദ്യ പ്രചാരണമെങ്കിലും നാട്ടുകാരാണ് സമീപത്തെ കെട്ടിട ഉടമ വന്‍തോതില്‍ സംഭരിച്ചുവെച്ചിരുന്ന സ്ഫോടകവസ്തു ശേഖരമാണ് പൊട്ടിത്തെറിച്ചതെന്ന് തിരിച്ചറിഞ്ഞത്. ഇത്ര വലിയൊരു ദുരന്തം നടന്നിട്ടും ലോക്കല്‍ പൊലീസ് മുതല്‍ സംസ്ഥാന ഗവണ്‍മെന്‍റ് വരെ വേണ്ടവണ്ണം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ളെന്ന് നാട്ടുകാര്‍ പറയുന്നു. അതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ പോയ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെയും മന്ത്രി അന്തര്‍സിങ് ആര്യയെയും അവര്‍ തടഞ്ഞുവെച്ചു.

ജാബുവ സ്ഫോടനം ആദ്യത്തേതല്ല. നിയമലംഘനത്തിന് ഒത്താശചെയ്യുന്ന ഒൗദ്യോഗിക സംവിധാനങ്ങള്‍ നിലനില്‍ക്കുവോളം അത് അവസാനത്തേതുമാകില്ല. ഉത്സവത്തിന്‍െറ പടക്കനിര്‍മാണവും വിപണനവും മുതല്‍ കിണര്‍, ക്വാറി പോലെയുള്ള പതിവ് ആവശ്യങ്ങള്‍ക്കുള്ള സ്ഫോടകവസ്തു ശേഖരണത്തിനും സംഭരണത്തിനും കൃത്യമായ നിയമങ്ങളുണ്ട്. എന്നാല്‍, അതൊക്കെയും ലംഘിക്കാനും വളഞ്ഞ വഴിയില്‍ സമ്പത്ത് തേടുന്ന കച്ചവടക്കാര്‍ക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും തരംപോലെ ഉപയോഗിക്കാനുമുള്ളതാണ്. അതിനുവേണ്ടി എത്ര പേര്‍ ബലിയായാലും ആര്‍ക്കും ഒരു പ്രശ്നമല്ല എന്നതിന് ഇപ്പോള്‍ മുന്നിലുള്ള ജാബുവ സംഭവംതന്നെ തെളിവ്. മാധ്യമങ്ങളില്‍ അതൊരു പതിവുവാര്‍ത്തയായി അവസാനിക്കും. ജനങ്ങളുടെ പ്രതിഷേധത്തിനൊടുവില്‍ സ്ഫോടകശേഖരം സൂക്ഷിച്ചയാളുടെ പേരില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. വ്യാപംപോലുള്ള വന്‍കുംഭകോണങ്ങളുടെ നാടായ മധ്യപ്രദേശില്‍ അതിന്‍െറ ഗതിയെന്താകും എന്നതിനെക്കുറിച്ച് നാട്ടുകാര്‍ക്ക് ഉത്തമബോധ്യമുള്ളതുകൊണ്ടാണ് അവര്‍ മുഖ്യമന്ത്രിയെ തടഞ്ഞുവെച്ചത്.

സ്ഫോടകവസ്തു കൈവശം വെക്കാനുള്ള ലൈസന്‍സ് തരപ്പെടുത്തിയശേഷം അതൊരു വന്‍ വ്യവസായമാക്കി മാറ്റുന്ന രീതി സര്‍വസാധാരണമായുണ്ട്. സുരക്ഷാക്രമീകരണങ്ങളുടെ പ്രാഥമിക മര്യാദപോലും അവിടെ ദീക്ഷിക്കപ്പെടാറില്ല. പടക്കക്കടകള്‍ക്കും ജലാറ്റിന്‍ സ്റ്റിക്കുപോലെ സാധാരണ ആവശ്യങ്ങള്‍ക്കുള്ള സ്ഫോടകവസ്തു സൂക്ഷിപ്പുസ്ഥലങ്ങള്‍ക്കും വിശദമായ ചട്ടങ്ങളും വ്യവസ്ഥകളുമുണ്ട്. അതെല്ലാം ഒന്നൊന്നായി ലംഘിക്കപ്പെട്ടതാണ് ബസ് സ്റ്റേഷനു സമീപം ഏറ്റവുമധികം ജനത്തിരക്കുള്ള കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജാബുവയിലെ സ്ഥാപനത്തിന്‍െറ ചരിത്രം. കാര്‍ഷികോല്‍പന്നങ്ങളുടെ കച്ചവടത്തിനെന്നു പറഞ്ഞാണ് കരാറുകാരനായ രാജേന്ദ്ര കസ്വ അഞ്ചു വര്‍ഷം മുമ്പ് കെട്ടിടം വാടകക്കെടുക്കുന്നത്. കിണര്‍, ക്വാറി ആവശ്യങ്ങള്‍ക്കായുള്ള സ്ഫോടകവസ്തു എന്ന നിലയില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ കൈവശം വെക്കാന്‍ ലൈസന്‍സുണ്ടെങ്കിലും അത് സൂക്ഷിക്കാനുള്ള അനുമതി കെട്ടിടത്തില്‍ വാങ്ങിയെടുത്തിരുന്നില്ല. പട്ടണനടുവില്‍ പൊട്ടിത്തെറിവസ്തുക്കള്‍ സൂക്ഷിക്കാന്‍ ഇയാള്‍ക്കായത് ഭരണകക്ഷിയുടെ പ്രാദേശിക നേതാവായതുകൊണ്ടാണ് എന്ന പ്രതിപക്ഷ ആരോപണം മുഖവിലക്കെടുക്കേണ്ടതാണ്.

ബി.ജെ.പിയുടെ ജില്ലാ വ്യാപാരമണ്ഡലം പ്രസിഡന്‍റ് പദവി ഉപയോഗിച്ചാണ് പച്ചയായ നിയമലംഘനത്തിന് ഇയാള്‍ ഒൗദ്യോഗിക അനുമതി നേടിയെടുത്തത്. ആപത്കരമായ ഈ കച്ചവടത്തിനെതിരെ പലവട്ടം നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും അധികൃതര്‍ അനങ്ങിയില്ല. ജില്ലാ മജിസ്ട്രേറ്റിനുവരെ പരാതി അയച്ചിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ സ്ഫോടനമുണ്ടായപ്പോള്‍പോലും അന്വേഷണത്തിന്‍െറ വഴി തിരിച്ചുവിട്ട് കുറ്റവാളിക്ക് സ്ഥലംവിടാന്‍ ഒൗദ്യോഗികകേന്ദ്രങ്ങള്‍ സുരക്ഷിതപാത ഒരുക്കിയെന്ന് ആരോപിച്ചാണ് ജനം മുഖ്യമന്ത്രിയെ തടഞ്ഞത്.
തീവ്രവാദ സംഘങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന സ്ഫോടനങ്ങളില്‍ മാധ്യമങ്ങളും അന്വേഷണ ഏജന്‍സികളും വര്‍ധിത ആവേശം കാണിക്കാറുണ്ട്. അവിടെയും ആവേശത്തിന്‍െറ ചൂടും പുകയും പ്രയോഗത്തില്‍ കാണാറില്ല. കള്ളന്മാര്‍ പിടിയിലാകാറില്ല എന്നതും നിരപരാധികളും കഥയറിയാത്തവരും നിരന്തരം വേട്ടയാടപ്പെടുന്നുണ്ടെന്നതും മറ്റൊരു നേര്. എന്നാല്‍, ജാബുവയില്‍ നടന്നതുപോലെ അപരാധികള്‍ വ്യക്തമായ സംഭവത്തില്‍ ഈ കോലാഹലങ്ങളൊന്നുമുണ്ടാകാറില്ല.

നാട്ടില്‍ തീവ്രവാദികളടക്കമുള്ള വിധ്വംസകശക്തികളുമായി ഇത്തരം സംഹാരായുധ കച്ചവടക്കാര്‍ക്കുള്ള അവിഹിത ബന്ധമൊന്നും ആരും വിഷയമാക്കാറില്ല. രണ്ടു നാളത്തെ വാര്‍ത്തകള്‍ക്കും അധികാരകേന്ദ്രങ്ങളുടെ നഷ്ടപരിഹാര, അന്വേഷണപ്രഖ്യാപനങ്ങള്‍ക്കും പിറകെ സംഭവം കെട്ടടങ്ങിപ്പോകും. കൊലയാളികള്‍ അടുത്ത ദുരന്തത്തിന് വഴിതേടുകയും ചെയ്യും. നൂറിലേറെ പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍പിക്കപ്പെടുകയും ചെയ്തിട്ടും എത്ര ലാഘവത്തോടെയാണ് അധികാരകേന്ദ്രങ്ങള്‍ ജാബുവ വിഷയം കൈകാര്യം ചെയ്യുന്നതെന്നും എല്ലാം ആഘോഷിക്കുന്ന മാധ്യമലോകം ഇടപെടുന്നതെന്നും ശ്രദ്ധിക്കുക. നിയമം മുഖംനോക്കാതെ അതിന്‍െറ വഴിക്കു നീങ്ങും എന്ന വിടുവായത്തമൊക്കെ ഇക്കാലത്ത് അധികാരരാഷ്ട്രീയക്കാര്‍ക്ക് അക്രമികളായ സ്വന്തക്കാരെ അവരുടെ പാട്ടിനുവിടാനുള്ള പഴുത് മാത്രമാണ്. അപ്പോള്‍പിന്നെ, പൊതുജനങ്ങളുടെ ജീവിതംകൊണ്ട് ഇങ്ങനെയൊക്കെ പന്താടാന്‍ ആര് ആരെ പേടിക്കണം!

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP