സ്വാഗതം
WELCOME

News Update..

Saturday, September 26, 2015

അര്‍ബുദ രോഗികള്‍ക്ക് ചികിത്സാ സഹായം കണ്ടത്തൊന്‍ നാളെ മാന്ത്രികസന്ധ്യ Madhyamam News Feeds

അര്‍ബുദ രോഗികള്‍ക്ക് ചികിത്സാ സഹായം കണ്ടത്തൊന്‍ നാളെ മാന്ത്രികസന്ധ്യ Madhyamam News Feeds

Link to a feed

അര്‍ബുദ രോഗികള്‍ക്ക് ചികിത്സാ സഹായം കണ്ടത്തൊന്‍ നാളെ മാന്ത്രികസന്ധ്യ

Posted: 26 Sep 2015 12:07 AM PDT

മണ്ണഞ്ചേരി: ജില്ലയിലെ നിര്‍ധന അര്‍ബുദ രോഗികള്‍ക്ക് ചികിത്സക്കും തുടര്‍ചികിത്സക്കും പണം സമാഹരിക്കുന്നതിനായി ലയണ്‍സ് ക്ളബ് ഓഫ് ആലപ്പി സൗത്തിന്‍െറ നേതൃത്വത്തില്‍ ഞായറാഴ്ച പാതിരപ്പള്ളി കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ മജീഷ്യന്‍ സാമ്രാജിന്‍െറ മാന്ത്രികസന്ധ്യ ഒരുക്കും. തെരഞ്ഞെടുത്ത 25 അര്‍ബുദ രോഗികള്‍ക്ക് ചടങ്ങില്‍ ചികിത്സാസഹായം വിതരണം ചെയ്യും. സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, മരുന്ന് വിതരണം, കാഴ്ചവൈകല്യമുള്ള കുട്ടികള്‍ക്ക് സൗജന്യ കണ്ണട വിതരണം, പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിശീലന ക്ളാസുകള്‍ എന്നിവ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയിട്ടുണ്ട്. അംഗവൈകല്യമുള്ളവര്‍ക്ക് സ്കൂട്ടര്‍ വിതരണം, നിര്‍ധന വനിതകള്‍ക്ക് ഉപജീവനത്തിനായി ഷീ ഓട്ടോ പദ്ധതി എന്നിവ ഈ വര്‍ഷം നടപ്പാക്കുമെന്ന് പ്രസിഡന്‍റ് പ്രഫ. ടി.എന്‍. പ്രിയകുമാര്‍, ട്രഷറര്‍ വിജയരാജന്‍ എന്നിവര്‍ പറഞ്ഞു. വൈകുന്നേരം ആറിന് മാന്ത്രികസന്ധ്യ കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും. ഡോ. തോമസ് ഐസക് എം.എല്‍.എ, ലയണ്‍സ് ക്ളബ് ഇന്‍റര്‍നാഷനല്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. വി. അമര്‍നാഥ് എന്നിവര്‍ മുഖ്യാതിഥികളാകും.

നികുതി വെട്ടിപ്പ്: നെയ്മറിന്‍െറ സ്വത്ത് മരവിപ്പിച്ചു

Posted: 26 Sep 2015 12:03 AM PDT

Image: 

സാവോപോളോ: നികുതിവെട്ടിപ്പ് നടത്തിയതിന് ബാഴ്സലോണയുടെ ബ്രസീല്‍ താരം നെയ്മറിന്‍െറ സ്വത്ത് മരവിപ്പിച്ചു. 4.8 കോടി ഡോളറിന്‍െറ സ്വത്താണ് മരവിപ്പിച്ചത്. 16 മില്യണ്‍ ഡോളറിന്‍െറ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനാണ് ബ്രസീലിലെ സാവോപോളോ ഫെഡറല്‍ കോടതിയുടെ നടപടി.

2011നും 2013നും ഇടയിലാണ് നികുതി വെട്ടിച്ചതായി കണ്ടെത്തിയത്. 2013ലാണ് ബ്രസീലില്‍ നിന്ന് നെയ്മര്‍ സ്പെയിനിലേക്ക് കൂടുമാറിയത്. ബാഴ്സലോണയില്‍ ചേരാനാണ് താരം സ്പെയിനിലേക്ക് പോയത്. ഈ ട്രാന്‍സ്ഫറില്‍ നെയ്മറിന് ലഭിച്ച തുകയും നിരീക്ഷണത്തിലായിരുന്നു. ബാഴ്സലോണയില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും ലഭിച്ച തുക താരം വെളിപ്പെടുത്തിയില്ല എന്നും കോടതി പറഞ്ഞു.

അതേസമയം നെയ്മര്‍ ടാക്സ് വെട്ടിച്ചെന്ന കാര്യം അദ്ദേഹത്തിന്‍െറ മാതാപിതാക്കള്‍ നിഷേധിച്ചു. കാര്യങ്ങളിയാതെയാണ് ജഡ്ജിന്‍െറ നടപടിയെന്നും അവര്‍ വ്യക്തമാക്കി.

പിന്‍സീറ്റ് ഹെല്‍മറ്റ്: അഭിപ്രായ സര്‍വേയില്‍ 92 ശതമാനം പേര്‍ക്ക് എതിര്‍പ്പ്

Posted: 25 Sep 2015 11:58 PM PDT

കൊച്ചി: കേന്ദ്ര മോട്ടോര്‍ വാഹന ആക്ടിലെ പിന്‍സീറ്റ് ഹെല്‍മറ്റ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്നും തീരുമാനം പുന$പരിശോധിക്കണമെന്നും ബൈവീലേഴ്സ് അസോസിയേഷന്‍ ഓഫ് സൗത് ഇന്ത്യ അഭിപ്രായ സര്‍വേ. സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത 18268 പേരില്‍ 16898 (92.5 ശതമാനം) എതിര്‍പ്പ് രേഖപ്പെടുത്തി. സര്‍വേയില്‍ പങ്കെടുത്ത യുവാക്കളായ ഇരുചക്രവാഹന യാത്രക്കില്‍ നൂറ് ശതമാനവും നടപടി തെറ്റാണെന്ന് രേഖപ്പെടുത്തി. സര്‍വേയില്‍ പങ്കെടുത്ത പിന്‍സീറ്റ് ഹെല്‍മറ്റ് തീരുമാനം ശരിയെന്ന് രേഖപ്പെടുത്തിയ (7.5 ശതമാനം) 1370 പേരില്‍ 1137 പേരും സ്ത്രീകളായിരുന്നു (83 ശതമാനം പേര്‍). സര്‍വേയുടെ മുഴുവന്‍ രേഖകളും ഹൈകോടതിയില്‍ തെളിവിനായി സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രിക്കും ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ക്കും അഭിപ്രായ സര്‍വേയുടെ വിശദാംശം നല്‍കുമെന്നും അസോസിയേഷന്‍ പ്രസിഡന്‍റ് കുരുവിള മാത്യൂസ് അറിയിച്ചു.

കാവിന്‍െറ സ്ഥലത്തെച്ചൊല്ലി തര്‍ക്കം പൊലീസ് ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കി

Posted: 25 Sep 2015 10:50 PM PDT

മാവൂര്‍: കാവിന്‍െറ സ്ഥലത്തെച്ചൊല്ലി തെങ്ങിലക്കടവില്‍ തര്‍ക്കം. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ പൊലീസത്തെി സംഘര്‍ഷം ഒഴിവാക്കി. മാവൂര്‍ തെങ്ങിലക്കടവ് മുത്താച്ചിക്കാവിന്‍െറ ചുറ്റിലുമുള്ള സ്ഥലവുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. കാവിനുചുറ്റിലുമുള്ള സ്ഥലം കാവിന്‍െറതാണെന്നവകാശപ്പെട്ട് വെള്ളിയാഴ്ച രാവിലെ പത്തോടെ കേരള പുലയ മഹാസഭ പ്രവര്‍ത്തകരത്തെി ചുറ്റിലും കെട്ടിയ കമ്പിവേലി തകര്‍ക്കുകയായിരുന്നു. ഇതിനെ സ്ഥലമുടമയത്തെി എതിര്‍ത്തു. ഇവര്‍ക്ക് പിന്തുണയുമായി പരിസരവാസികളുമത്തെിയതോടെ കാര്യങ്ങള്‍ വാക്കേറ്റത്തിലും ഉന്തുംതള്ളിലേക്കും നീങ്ങി. അതിനിടെ, വിവരമറിഞ്ഞ് മാവൂര്‍ എസ്.ഐ ബിനീഷിന്‍െറ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തത്തെി. തുടര്‍ന്ന് എസ്.ഐ, സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ എം. രാമചന്ദ്രന്‍ തുടങ്ങിയവര്‍ ഇരുവിഭാഗങ്ങളുമായി സംസാരിച്ചു. അസി. കമീഷണര്‍ ജോസിചെറിയാനും സ്ഥലത്തത്തെി പ്രദേശത്ത് തടിച്ചുകൂടിയവരെ ഒഴിപ്പിച്ചു. തുടര്‍ന്ന് ഓരോ വിഭാഗങ്ങളെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. കെ.പി.എം.എസ് പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ കാവിന് 18 സെന്‍റ് സ്ഥലമുള്ളതായും എന്നാല്‍, നിലവില്‍ മൂന്നു സെന്‍റ് സ്ഥലം മാത്രമാണുള്ളതെന്നും വാദിച്ചു. സ്ഥലനികുതി അടക്കുന്ന രേഖകളും ഇവര്‍ ഹാജരാക്കി.
പരിസരവാസികളുമായുള്ള ചര്‍ച്ചയില്‍ സ്ഥലമുടമക്കനുകൂലമായി നേരത്തെയുണ്ടായ കോടതിവിധി പൊലീസിന് മുന്നില്‍ ഹാജരാക്കി. കാവിന്‍െറ ഉടമകള്‍ വിധിക്കെതിരെ നല്‍കിയ അപ്പീലും നേരത്തെതന്നെ തള്ളിയതായും ഒരു പ്രകാപനവുമില്ലാതെ തന്‍െറ കമ്പിവേലി തകര്‍ക്കുയാണ് ചെയ്തതെന്നും സ്ഥലമുടമ പൊലീസിനെ അറിയിച്ചു. കൂടാതെ, സ്ഥലം കാവിന്‍െറതാണെന്ന എന്തെങ്കിലും രേഖ ഹാജരാക്കുകയാണെങ്കില്‍ സ്ഥലം വിട്ടുനല്‍കാന്‍ തയാറാണെന്നും ഉടമ ഉറപ്പുനല്‍കി. വിഷയം പരിശോധിച്ച് മൂന്നു ദിവസത്തിനകം പരിഹാരം നിര്‍ദേശിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പൊലീസില്‍ ഹാജരാക്കാനും മാവൂര്‍ എസ്.ഐ ഇരുവിഭാഗങ്ങളോടും ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ ഇരുവിഭാഗങ്ങള്‍ക്കും പുറമേ പ്രദേശത്തെ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.
അതേസമയം, ഇരുവിഭാഗങ്ങള്‍ക്കുമെതിരെ മാവൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

താങ്ങാനാവുന്നതിനേക്കള്‍ വേതനം ആവശ്യപ്പെട്ടാല്‍ തോട്ടം മേഖല അടച്ചുപൂട്ടേണ്ടിവരും: മുഖ്യമന്ത്രി

Posted: 25 Sep 2015 10:48 PM PDT

Image: 

തിരുവനന്തപുരം: വ്യവസായത്തിന് താങ്ങാന്‍ പറ്റുന്ന വേതനത്തിനപ്പുറത്തേക്ക് പോയാല്‍ സ്ഥാപനം അടച്ചുപൂട്ടേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മലയാളത്തിലെ ദിനപ്പത്രങ്ങളില്‍ എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സേവനവും വേതനവും ലഭിക്കണമെങ്കില്‍ മുദ്രാവാക്യങ്ങളോ പ്രഖ്യാപനങ്ങളോ അല്ല, മാനേജ്മെന്‍്റും തൊഴിലാളികളും സര്‍ക്കാരും ചേര്‍ന്ന കൂട്ടായ്മയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തുന്നു.

സംസ്ഥാനത്തെ തോട്ടം മേഖലയില്‍ വ്യവസായത്തിന് താങ്ങാന്‍ പറ്റാവുന്ന പരമാവധി വേതനം തൊഴിലാളികള്‍ക്ക് ലഭ്യമാക്കണമെന്നാണ് തന്‍്റെ സമീപനം. തോട്ടം മേഖലയുടെ ഇന്നത്തെ അവസ്ഥയിലേക്കത്തെിച്ചതില്‍ എല്ലാ സര്‍ക്കാരുകള്‍ക്കും പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് കലക്ക വെള്ളത്തില്‍ മീന്‍പിടിക്കുകയാണെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ വ്യക്തമാക്കി. തീവവ്രവാദമോ വിഘടനവാദമോ മൂന്നാര്‍ സമരത്തിന്‍െറ പിന്നിലുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ യൂണിയനുകളും തോട്ടമുടമകളും തമ്മില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചക്ക് മുന്നോടിയായി  പ്രസിദ്ധീകരണത്തിന് നല്‍കിയ ലേഖനത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ത്യാഗ സന്ദേശമുണര്‍ത്തി പെരുന്നാള്‍ ആഘോഷം

Posted: 25 Sep 2015 10:24 PM PDT

മലപ്പുറം: ഇബ്രാഹിം നബിയുടെ ത്യാഗ സ്മരണ പുതുക്കി വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. മാനം തെളിഞ്ഞ അന്തരീക്ഷത്തില്‍ പള്ളികളിലും ഈദ് ഗാഹുകളിലും ഒത്തുകൂടി പ്രാര്‍ഥന നിര്‍വഹിച്ച ശേഷം പരസ്പരം ആശംസകള്‍ കൈമാറി. പ്രവാചക അധ്യാപനങ്ങള്‍ മുറുകെപ്പിടിച്ച് മാനുഷിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ദൈവ ഭയം ഉള്‍ക്കൊണ്ട് ജീവിക്കാനും ഖത്തീബുമാര്‍ പെരുന്നാള്‍ പ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു. പ്രധാന ചടങ്ങായ ബലികര്‍മം പെരുന്നാള്‍ ദിനത്തിലെന്ന പോലെ വെള്ളിയാഴ്ചയും തുടര്‍ന്നു. സംഘടനകളുടെയും ക്ളബുകളുടെയും ആഭിമുഖ്യത്തില്‍ സൗഹൃദ സംഗമങ്ങളും നടന്നു.
ചിലയിടങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളും ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. കോട്ടക്കുന്ന് ഉള്‍പ്പെടെയുള്ള ജില്ലയിലെ വിനോദ കേന്ദ്രങ്ങളില്‍ വന്‍ ജനത്തിരക്ക് അനുഭവപ്പെട്ടു. അവധിയായതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളിലും തിരക്ക് തുടരും. മലപ്പുറം കോട്ടപ്പടിയില്‍ നടന്ന ഈദ്ഗാഹിന് വി.എം. അബ്ദുല്‍ വാസിഫ് നേതൃത്വം നല്‍കി. വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദില്‍ മൗലവി ശഫീഖ് നദ്വിയും കുഴിപറമ്പ് മസ്ജിദ് റഹ്മാനില്‍ മൗലവി ടി. മുഹമ്മദ് ഷാഫിയും കിഴക്കേകുളമ്പ് മസ്ജിദ് ഫാറൂഖില്‍ യഹ്യ ഫൈസിയും നമസ്കാരത്തിന് നേതൃത്വം നല്‍കി.
പെരിന്തല്‍മണ്ണ: ആയിഷ കോംപ്ളക്സില്‍ മസ്ജിദുല്‍ഹുദയുടെ കീഴില്‍ നടത്തിയ പെരുന്നാള്‍ നമസ്കാരത്തിനും ഖുതുബക്കും ടി.പി. യൂനുസ് മൗലവി നേതൃത്വം നല്‍കി. പെരിന്തല്‍മണ്ണ ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ട് ഈദ്ഗാഹില്‍ ഹാരിസ് ബിന്‍ സലിം, അങ്ങാടിപ്പുറം മഹീന്ദ്ര മോട്ടേഴ്സിന് സമീപം ഈദ്ഗാഹില്‍ മുനീര്‍ ഉണ്യാല്‍, താഴെക്കോട് ഷാലിമാര്‍ ഗ്രൗണ്ടില്‍ ഷൗക്കത്തലി മൗലവി, പാറല്‍ സലഫി മസ്ജിദിന് സമീപം അബൂബക്കര്‍ മദനി എന്നിവര്‍ നമസ്കരത്തിന് നേതൃത്വം നല്‍കി. പെരിന്തല്‍മണ്ണ ടൗണ്‍ ജുമാമസ്ജിദില്‍ മുഹമ്മദ് ഫൈസി അമ്പലക്കടവ്, തിരൂര്‍ക്കാട് ടൗണ്‍ ജുമാമസ്ജിദില്‍ പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍, അങ്ങാടിപ്പുറം ടൗണ്‍ ജുമാമസ്ജിദില്‍ കുഞ്ഞുട്ടി മുസ്ലിയാര്‍, തട്ടാരക്കടവ് മസ്ജിദില്‍ യാസര്‍ ഫൈസി, അടങ്ങാടിപ്പുറം റെയില്‍വേ ഗേറ്റ് ജുമാമസ്ജിദില്‍ ഗഫൂര്‍ ഫൈസി തുടങ്ങിയവര്‍ പെരുന്നാള്‍ നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം വഹിച്ചു.
മേലാറ്റൂര്‍: വെള്ളിയഞ്ചേരി മസ്ജിദുല്‍ മനാര്‍ കമ്മിറ്റി എ.എസ്.എം എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഈദ്ഗാഹിന് റിയാസ് മുറിയക്കണ്ണി നേതൃത്വം നല്‍കി.
മേലാറ്റൂര്‍: ഇര്‍ഷാദ് ഇംഗ്ളീഷ് സ്കൂള്‍ അങ്കണത്തില്‍ നടന്ന ഈദ്ഗാഹില്‍ സി.എം. യഹ്യ കാഞ്ഞിരംപാറ നമസ്കാരത്തിന് നേതൃത്വം നല്‍കി.
ഏപ്പിക്കാട് എ.എം.എല്‍.പി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ്ഗാഹില്‍ സലാഹുദ്ദീന്‍ ഇബ്നു സലിം നേതൃത്വം നല്‍കി. ആഞ്ഞിലങ്ങാടി ജുമാമസ്ജിദില്‍ മുഹമ്മദലി ദാരിമി, മേലാറ്റൂര്‍ ഹൈസ്കൂള്‍പടി മസ്ജിദ് അബൂബക്കര്‍ സിദ്ദീഖില്‍ സുബൈര്‍ അന്‍വരി, കിഴക്കുംപാടം മസ്ജിദുല്‍ ഫലാഹില്‍ മുഹമ്മദലി ഫൈസി, ഒലിപ്പുഴ മസ്ജിദുല്‍ അന്‍സാറില്‍ ഖാലിദ് മൂര്‍ക്കനാട്, വെള്ളിയഞ്ചേരി പഴയ ജുമാമസ്ജിദില്‍ മുഹമ്മദ് റാഫി അഹ്സനി എന്നിവര്‍ നേതൃത്വം നല്‍കി.

സിറിയന്‍ വിമതര്‍ അല്‍ഖാഇദക്ക് ആയുധങ്ങള്‍ നല്‍കിയെന്ന് യു.എസ്

Posted: 25 Sep 2015 10:05 PM PDT

Image: 

ഡമസ്കസ്: സിറിയയില്‍ യു.എസ് പിന്തുണക്കുന്ന വിമതസൈന്യം അല്‍ഖാഇദക്ക് വെടിമരുന്നും ആയുധങ്ങളും നല്‍കിയെന്ന് യു.എസ് സ്ഥിരീകരിച്ചു. അല്‍ഖാഇദയുടെ സിറിയന്‍ വകഭേദമായ നുസ്‌റ ഫ്രണ്ടിനാണ് സിറിയന്‍ വിമതര്‍ ആയുധങ്ങള്‍ നല്‍കിയതെന്ന് പെന്‍റഗണ്‍ അറിയിച്ചു. തീവ്രവാദ സംഘടനകള്‍ക്ക് വിമതര്‍ ആയുധങ്ങള്‍ നല്‍കി എന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ യു.എസ് ഇത് നിഷേധിക്കുകയായിരുന്നു. സുരക്ഷയുടെ ഭാഗമായാണ് ഇത് ചെയ്തതെന്നാണ് വിമതര്‍ പറയുന്നത്.

ആറ് പിക്ക് അപ്പ് ട്രക്കിലാണ് വിമതര്‍ ആയുധങ്ങളും വെടിമരുന്നുകളും നുസ്‌റ ഫ്രണ്ടിന് നല്‍കിയതെന്ന് യു.എസ് മിലിറ്ററി വക്താവ് കേണല്‍ പാട്രിക് റൈഡര്‍ അറിയിച്ചു. സെപ്റ്റംബര്‍ 21നോ 22നോ നുസ്‌റ ഫ്രണ്ടിന്‍െറ മധ്യസ്ഥന്‍െറ കൈവശമാണ് ഇത് കൈമാറിയത്. ന്യൂ സിറിയന്‍ ഫോഴ്സിന്‍െറ (എന്‍.എസ്.എഫ്) നടപടി സിറിയയുമായി ഉണ്ടാക്കിയ ആയുധ^പരിശീലന പദ്ധതിയുടെ ലംഘനമാണെന്നും റൈഡര്‍ പറഞ്ഞു.

സിറിയയില്‍ ഇസ് ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടം എത്രത്തോളം ഫലം കാണും എന്ന് ആശങ്കയുണ്ടാക്കുന്നതാണ് പുതുതായി വന്ന വാര്‍ത്ത. കഴിഞ്ഞ നാലര വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ 250,000 പേര്‍ക്കാണ് സിറിയയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. 23 മില്യണ്‍ ജനങ്ങള്‍ക്ക് നാടുവിടേണ്ടിയും വന്നു. ആഭ്യന്തര യുദ്ധത്തിന് മുമ്പുള്ള സിറിയന്‍ ജനസംഖ്യയുടെ പകുതി അഭയാര്‍ഥികളായവരുടെ എണ്ണം.  

സിറിയയില്‍ റഷ്യ ഇടപെടുന്നതിനെ അനുകൂലിക്കുന്ന നിലപാടുമായി ലബനനിലെ ഹിസ്ബുല്ല രംഗത്തുവന്നതിന് പിന്നാലെയാണ് നുസ്‌റ ഫ്രണ്ടുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഐ.എസിനെതിരെയുള്ള യു.എസ് സേനയുടെ നീക്കം പരാജയപ്പെട്ടതിനാലാണ് റഷ്യയെ സ്വാഗതം ചെയ്യുന്നതെന്ന് ഹിസ്ബുല്ല പറയുന്നു.

50 കോടി ഡോളര്‍ ചെലവാക്കി 5000 പെര്‍ക്കാണ് സിറിയയില്‍ യു.എസ് പരിശീലനം നല്‍കുന്നത്. ഇസ് ലാമിക് സ്റ്റേറ്റിനെതിരെ പോരാടാനാണ് ഇത്തരമൊരു നീക്കത്തിന് തുക യു.എസ് കോണ്‍ഗ്രസ് അനുമതി നല്‍കിയത്.

മിനായുടെ കറുത്ത പെരുന്നാള്‍

Posted: 25 Sep 2015 07:10 PM PDT

Image: 

മിനാ വെള്ളിയാഴ്ച ശാന്തമായി കിടന്നു. സൗദി വ്യോമസേനയുടെ ഹെലികോപ്ടര്‍ മിനായിലെ ടെന്‍റുകള്‍ക്കു മീതെ വട്ടമിട്ടു പറക്കുമ്പോള്‍ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരെല്ലാവരും സൂക്ഷ്മമായി ശ്രദ്ധിച്ചത് സൂഖുല്‍ അറബിലെ സംഭവസ്ഥലമായിരുന്നു. അവിടവും അനുബന്ധസ്ഥലങ്ങളുമെല്ലാം ആളുകളുടെ ശാന്തമായ ചെറു അനക്കങ്ങള്‍ മാത്രം. കഴിഞ്ഞ ദിവസം സ്ഥലം നേരിട്ടു സന്ദര്‍ശിക്കുമ്പോഴും പ്രദേശത്ത തമ്പുകളിലുള്ളവരെ കര്‍ശന പരിശോധനക്കു ശേഷം സേന അകത്തേക്കു വിട്ടുകൊണ്ടിരുന്നത് കണ്ടിരുന്നു. ഹജ്ജിനിടയിലെ ജുമുഅ ദിവസമായിരുന്നതുകൊണ്ടും അതിനുശേഷം രണ്ടാം നാളിലെ കല്ളേറിന്‍െറ സമയം തുടങ്ങുന്നതു കൊണ്ടും എല്ലാം ഭദ്രമാക്കാനുള്ള തീവ്രശ്രമങ്ങളാണ് അധികൃതര്‍ വെള്ളിയാഴ്ച നടത്തിയത്. വിവിധ മുത്വവ്വിഫുമാരെ അതത് നാട്ടുകാര്‍ ജംറകളിലേക്ക് കല്ളേറിനിറങ്ങേണ്ട സമയം ആവര്‍ത്തിച്ചുറപ്പിച്ചിരുന്നു. പൊലീസുകാര്‍ വഴിയരികിലെല്ലാം ശക്തമായ സ്നേഹശാസനകളോടെ ഹാജിമാരെ നിയന്ത്രിക്കുന്നതില്‍ കാര്‍ക്കശ്യം പുലര്‍ത്തി. അതിനിടയിലും സുരക്ഷക്ക് മേല്‍നോട്ടം വഹിച്ച എല്ലാ സേനാമേധാവികളുടെയും സങ്കടം ഒന്നുതന്നെ - ചിട്ടയോടെ എല്ലാം ചെയ്തു വെച്ചിട്ടും ഹാജിമാരില്‍നിന്നു സംഭവിച്ച അശ്രദ്ധ എല്ലാം അസ്ഥാനത്താക്കിയല്ളോ എന്ന്. മിനായിലെ ഹജ്ജ് കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷണസംവിധാനങ്ങളുടെ പഴുതടച്ച പ്രവര്‍ത്തനം വിശദീകരിച്ച ഹാജിമാരുടെ നിരീക്ഷണ, നിയന്ത്രണവിഭാഗം ഉപമേധാവി ഇബ്രാഹീം മുഹമ്മദ് അല്‍ബുശരി ‘ഗള്‍ഫ് മാധ്യമ’ത്തിനു മുന്നില്‍ വിശദീകരിച്ചതും ഇതുതന്നെ. ഏഴായിരം കാമറകള്‍ വെച്ചുള്ള നിരീക്ഷണം, ഒരു ലക്ഷം സൈനികരുടെ സേവനം, വിവിധ ഭാഷകളിലുള്ള ബോധവത്കരണങ്ങള്‍...എല്ലാം ഒരു ചെറുവിഭാഗത്തിന്‍െറ അലംഭാവത്തില്‍ വൃഥാവിലായി.  
ഹൃദയഭേദകമായിരുന്നു മിനാ തമ്പു നഗരിയിലെ പെരുന്നാള്‍ കാഴ്ചകള്‍. സൂഖുല്‍ അറബ്, ജൗഹറ റോഡുകള്‍ കേന്ദ്രീകരിച്ച തമ്പുകളിലും വഴിയോരങ്ങളിലുമൊന്നും വ്യാഴാഴ്ച വൈകുന്നേരം പെരുന്നാള്‍ അവധിയുടെ ആഘോഷങ്ങളോ തീര്‍ഥാടകരുടെയും വളണ്ടിയര്‍മാരുടെയും ആവേശത്തിരക്കുകളോ കണ്ടില്ല. ആംബുലന്‍സുകളും വലിയ കണ്ടെയ്നറുകളും സംഭവസ്ഥലത്തേക്കും തിരിച്ചും തലങ്ങും വിലങ്ങും പാഞ്ഞു കൊണ്ടിരിക്കെ വിളര്‍ത്ത നോട്ടത്തോടെ എല്ലാവരും അടക്കം പറഞ്ഞു. ദുരന്തമുണ്ടായ തെരുവിലൂടെ സഞ്ചരിച്ച് ഹജ്ജ് കവര്‍ ചെയ്യാനത്തെിയ ഞങ്ങള്‍ വിദേശ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചുണ്ടില്‍ വിരല്‍വെച്ചു ഒന്നും പറയാനില്ളെന്ന വിസമ്മതത്തിലായിരുന്നു  അറബ് തീര്‍ഥാടകര്‍. സൗദി മാധ്യമങ്ങളും ആഭ്യന്തര സുരക്ഷാവകുപ്പുമൊക്കെ 717ല്‍ മരണനിരക്ക് കുറിക്കുമ്പോഴും രാവിലെ അപകടമുണ്ടായ സ്ഥലത്തുനിന്നു സന്ധ്യാസമയത്തും വലിയ കണ്ടെയ്നറുകളില്‍ മൃതശരീരങ്ങള്‍ മാറ്റിക്കൊണ്ടേയിരുന്നു. സംഭവസ്ഥലത്ത് സേവനത്തിനിറങ്ങിയ മലയാളി വളണ്ടിയര്‍മാര്‍ മൃതദേഹങ്ങള്‍ ചികഞ്ഞു ചുമന്നും മരവിച്ച നിലയിലുമായിരുന്നുവെന്ന് സേവനത്തിനുണ്ടായിരുന്ന കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ സെക്രട്ടറി സി.കെ. ശാക്കിര്‍, തനിമ ജിദ്ദ സൗത് സോണ്‍ സെക്രട്ടറി എ. നജ്മുദ്ദീന്‍ എന്നിവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.  
അറഫസംഗമത്തിനും മുസ്ദലിഫയിലേക്കും തിരിച്ചു മിനായിലേക്കുമുള്ള യാത്രക്കു ശേഷം തീര്‍ഥാടകര്‍ക്ക് ഒരൊറ്റ ജംറയില്‍ കല്ളെറിയാനുള്ള അനുഷ്ഠാനം മാത്രമേ ദുല്‍ഹജ്ജ് പത്തിന് അവശേഷിക്കുന്നുള്ളൂ. അതും കഴിഞ്ഞ് ഹറമില്‍ പോയി ത്വവാഫുല്‍ ഇഫാദയും കഴിച്ചാല്‍ മുടിയെടുത്തു ഇഹ്റാം വേഷത്തില്‍ നിന്നൊഴിവാകാം. യാത്രാക്ഷീണം മാറ്റി വൈകി ജംറയിലേക്കിറങ്ങുന്നവരും തിരക്കൊഴിവാക്കാന്‍ പ്രഭാതത്തില്‍ തന്നെ ചടങ്ങിനു പുറപ്പെടുന്നവരുമുണ്ട്. പ്രായമുള്ളവരും കുടുംബം കൂടെയുള്ളവരുമൊക്കെ ഈ നേരമാണ് തെരഞ്ഞെടുക്കാറ്. ഇങ്ങനെ പുറപ്പെട്ടവരാണ് ‘കറുത്ത’ പെരുന്നാള്‍ ദുരന്തത്തില്‍ പെട്ടവരിലേറെയും. കഴിഞ്ഞ ഏതാനും ദിനങ്ങളായി മക്കയില്‍ വെയില്‍ രാവിലെ തന്നെ ചുട്ടുപഴുക്കുന്നുണ്ട്. ജംറയിലേക്കു രാവിലെ യാത്ര പുറപ്പെട്ട വൃദ്ധരും സ്ത്രീകളുമെല്ലാം വഴിയരികില്‍ കിട്ടിയ തണല്‍ച്ചീന്തിനു താഴെ വിശ്രമിക്കുന്നതു കാണാമായിരുന്നു.
മിനായിലെ തമ്പുനഗരിയെ അറഫ, മുസ്ദലിഫ, കല്ളേറിനുള്ള ജംറകള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന നിരവധി റോഡുകള്‍ തലങ്ങും വിലങ്ങുമുണ്ട്. ഏതു വഴിയും ജംറകളിലാണ് അവസാനിക്കുന്നത്. ഇങ്ങനെ സൂഖുല്‍ അറബ് ഹൈവേയുടെ പ്രാന്തത്തിലുള്ള 204 ാം നമ്പര്‍ റോഡിലെ 219ാം ക്രോസിലുള്ളവരുടെ മിനാവഴിയിലേക്ക് 223ാം ക്രോസിലുള്ളവര്‍ കൂടി വന്നു ചേരുന്നിടത്താണ് വ്യാഴാഴ്ച വമ്പിച്ച ആള്‍നാശത്തിനിടയാക്കിയ തിരക്കുണ്ടായത്. ആളുകള്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ മാനിക്കാതെ വഴിയരികില്‍ കൂടിയിരിക്കുന്നതും കിടക്കുന്നതും പലപ്പോഴും തിരക്കിനിടയാക്കാറുണ്ടെന്നും ഇതുതന്നെയാണ് വ്യാഴാഴ്ച ദുരന്തത്തിനും കാരണമെന്നാണ് സുരക്ഷാവിഭാഗത്തിന്‍െറ വിലയിരുത്തല്‍. നീങ്ങിക്കൊണ്ടിരുന്ന ജനക്കൂട്ടത്തിന്‍െറ ചലനം പൊടുന്നനെ നിലക്കുകയും അതോടെ സ്ത്രീകളുടെ നിലവിളിയുയരുകയും ആളുകള്‍ പരക്കം പായുകയുമായിരുന്നെന്നും പരിക്കേറ്റ് ആശുപത്രിയിലുള്ള ചിലര്‍ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് മിനായില്‍ ആഭ്യന്തരമന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കിയും പറഞ്ഞത് അതുതന്നെ.
അറബ്നാടുകളില്‍ നിന്നുള്ള മുത്വവ്വിഫുമാര്‍ക്ക് കീഴിലുള്ള ഹാജിമാര്‍ താമസിക്കുന്ന തമ്പുകള്‍ക്കിടയിലായിരുന്നു ദുരന്തം. സുഡാന്‍, ഇറാന്‍, അല്‍ജീരിയ, ഇറാഖ്, തുര്‍ക്കി ഹാജിമാര്‍ കൂടുതല്‍ ദുരന്തത്തില്‍ പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പാസ്പോര്‍ട്ട് വിഭാഗം മരിച്ചവരുടെ രാജ്യം തിരിച്ചുള്ള പട്ടിക തയാറാക്കിയ ശേഷം മാത്രമേ ഇതിന്‍െറ ചിത്രം വ്യക്തമാവുകയുള്ളൂ. സൗദിയില്‍നിന്നു ഹജ്ജില്‍ പങ്കെടുക്കുന്നവരും ഈ മുത്വവ്വിഫിനു കീഴിലാണ് വരിക. അപകടത്തില്‍ മരിച്ചെന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മലയാളികള്‍ ഇങ്ങനെ എത്തിയവരാണ്. ന്യൂ മിനാ ആശുപത്രിയിലേക്കായിരുന്നു ആദ്യമാദ്യം മൃതദേഹങ്ങളത്തെിയത്. പകച്ചു പോയ ആശുപത്രി അധികൃതരെ സഹായിക്കാന്‍ വിവിധ മലയാളിസംഘടനകളുടെ വളണ്ടിയര്‍മാര്‍ സജീവമായി ഇവിടെ രംഗത്തിറങ്ങി. ഇന്ത്യന്‍ മിഷന്‍െറ താമസസ്ഥലത്തിന്‍െറ മറുറോഡിലുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരും മലയാളികളും കൂടുതല്‍ ഉള്‍പ്പെട്ടിരിക്കാമെന്ന ആശങ്കയുണ്ടായെങ്കിലും രണ്ട് മലയാളികള്‍, രണ്ടു തമിഴര്‍, ജമ്മു-കശ്മീര്‍, തെലങ്കാന എന്നിവിടങ്ങളില്‍നിന്ന് ഓരോരുത്തര്‍ വീതം എന്നിങ്ങനെയാണ് അപകടത്തില്‍പെട്ട ഇന്ത്യക്കാരുടെ കണക്ക്. ഇന്ത്യന്‍ ഹജ്ജ് മിഷനു കീഴിലുള്ളവരുടെ യാത്ര മശാഇര്‍ ട്രെയിന്‍ വഴിയായത് വലിയ അനുഗ്രഹമായി. മാത്രമല്ല, ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും  മലയാളി സന്നദ്ധപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ ബോധവത്കരണത്തിനും  ഇന്ത്യന്‍ ഹാജിമാരുടെ കൈപിടിക്കാനും സ്തുത്യര്‍ഹമായ സേവനമാണ് ചെയ്യുന്നത്.
ഹജ്ജിലെ ദുരന്തങ്ങള്‍ എന്നും ഒരേ കാരണംമൂലമാണ് ആവര്‍ത്തിക്കപ്പെടുന്നത്. രണ്ടു വര്‍ഷം മുമ്പ് മശാഇര്‍ ട്രെയിന്‍ യാത്രയില്‍ ചില്ലറ പ്രശ്നങ്ങളുണ്ടായി. അവിടെയും നിയമലംഘനമായിരുന്നു വില്ലന്‍. ആഭ്യന്തരഹാജിമാര്‍ക്ക് അനുമതി പത്രമില്ലാത്ത ഹജ്ജ് അധികൃതര്‍ അനുവദിക്കുന്നില്ല. ഇതു സംബന്ധിച്ച് പ്രവാസികള്‍ക്ക് കൃത്യമായ ബോധവത്കരണം നല്‍കുന്നുണ്ട്. അനുമതി വഴി വരുന്നവര്‍ക്കുള്ള ഹജ്ജിനുള്ള സൗകര്യങ്ങളാണ് അധികൃതര്‍ ഒരുക്കുന്നത്. അല്ലാതെ അധികൃതരുടെ കാര്‍ക്കശ്യത്തിനിടയിലും കണ്ണുവെട്ടിച്ചത്തെുന്നവര്‍ക്ക് തമ്പില്ലാത്തതിനാല്‍ വഴിയോരങ്ങള്‍ അവര്‍ കൈയടക്കുന്നു. ഇതുണ്ടാക്കുന്ന അപായസാധ്യതയൊന്നും ‘വല്ലതും കൊടുത്ത്’ ഹജ്ജിനത്തെുന്നവരെ അലട്ടാറില്ല. ഇത് ഏതു തരം ഹജ്ജാണെന്നും അവര്‍ക്കു തന്നെയും തിട്ടമില്ല. ഇവിടം തൊട്ടു തുടങ്ങുന്ന നിയമ, നിര്‍ദേശലംഘനങ്ങള്‍ മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നു. ഈ വര്‍ഷത്തെ ഹജ്ജ് തീരുന്നതിന്‍െറ തൊട്ടടുത്ത നാളുകളില്‍ തന്നെ സൗദി ഭരണകൂടം അടുത്ത വര്‍ഷത്തെ ഹജ്ജിന് ഒരുക്കം തുടങ്ങുന്നു. കിസ്വ ഫാക്ടറിയിലെ ജീവനക്കാര്‍ അടുത്ത കിസ്വയുടെ പണി എന്നേ തുടങ്ങിക്കഴിഞ്ഞു.
എന്നാല്‍, ഈ മുന്നൊരുക്കങ്ങളെല്ലാം തകര്‍ക്കാന്‍ ചെറിയൊരിട മതിയെന്ന് തെര്യപ്പെടുത്തുന്നു ഇത്തരം ദുരന്തങ്ങള്‍. ഹജ്ജിനു വരുന്നവരും ഹാജിമാരെ കൊണ്ടുവരുന്നവരും ഹജ്ജിന്‍െറ ചൈതന്യം അതിന്‍െറ കര്‍മങ്ങളില്‍കൂടി പകര്‍ത്തിയാല്‍ തീരാവുന്നതാണ് പ്രശ്നം. സമാധാനപൂര്‍ണമായ ഹജ്ജ് ഓരോ ഹാജിയുടെ കൂടി ഉത്തരവാദിത്തമാണ്. എന്നാല്‍, അത് ബോധ്യപ്പെടുത്തേണ്ടത് ദുരന്തങ്ങളാവാതിരിക്കട്ടെ എന്നു പ്രാര്‍ഥിക്കാം.
 

മിനാ ദുരന്തം: മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി

Posted: 25 Sep 2015 06:53 PM PDT

Image: 

മക്ക: വ്യാഴാഴ്ചത്തെ മിനാ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. മൂന്ന് പേരുടെ കൂടി മൃതദേഹം ശനിയാഴ്ച രാവിലെ തിരിച്ചറിഞ്ഞതോടെയാണ് മരണപ്പെട്ടവരുടെ എണ്ണം അഞ്ചായത്. കൊല്ലം ചിതറ സ്വദേശി സുല്‍ഫിക്കര്‍ (33), പുനലൂര്‍ സ്വദേശി സജീബ് ഹബീബ്, മലപ്പുറം സ്വദേശി ഷെമീര്‍ ചകിട്ടപ്പുറത്ത് എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ബന്ധുക്കള്‍ക്കാണ് ഇവര്‍ മരിച്ച വിവരം ലഭിച്ചത്. അതേസമയം സുല്‍ഫിക്കറിന്‍െറ കൂടെ കാണാതായ ഉമ്മ ലൈലാബിയെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

മലപ്പുറം ചേലേമ്പ്ര ചക്കുവളവ് ആശാരിത്തൊടി അബ്ദുറഹ്മാന്‍ (51), പാലക്കാട് വടക്കുഞ്ചേരി പുതുക്കോട് മൈതാക്കര്‍ വീട്ടില്‍ മൊയ്തീന്‍ അബ്ദുല്‍ ഖാദര്‍ (62) എന്നിവരാണ് മരിച്ച മറ്റ് മലയാളികള്‍.

നാലു മലയാളികളടക്കം 16 ഇന്ത്യക്കാര്‍ പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയിലാണ്. കാണാതായ 11 മലയാളികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിനായി സൗദി ആരോഗ്യ മന്ത്രാലയത്തിന്‍െറ ഹെല്‍പ് ലൈന്‍ നമ്പര്‍: 00966 112125552.

പെരുന്നാള്‍ ദിവസം മിനായില്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ 717 പേരാണ് മരിച്ചത്. 863 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഇറാനില്‍ നിന്നുള്ള തീര്‍ഥാടകരാണ് ഏറ്റവും കൂടുതല്‍ മരണപ്പെട്ടത്.

 

മൂന്നാര്‍ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണമെന്ന ആവശ്യവുമായി സ്ത്രീ തൊഴിലാളികള്‍

Posted: 25 Sep 2015 06:52 PM PDT

Image: 

മൂന്നാര്‍: മൂന്നാര്‍ തോട്ടം തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിനായുള്ള ചര്‍ച്ച തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്‍െറ ചേംബറില്‍ തുടങ്ങി. പ്ളാന്‍റഷന്‍ ലേബര്‍ കമ്മിറ്റി അംഗങ്ങള്‍, ലേബര്‍ കമ്മിഷണര്‍, പ്ളാന്‍റഷന്‍ അസോസിയേഷന്‍ എന്നിവരുമായാണ് മന്ത്രി ചര്‍ച്ച നടത്തുന്നത്. അംഗീകൃത ട്രേഡ് യൂണിയന്‍ അല്ലാത്തതിനാല്‍ മൂന്നാറിലെ സ്ത്രീ തൊഴിലാളികളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കില്ല. മൂന്നാറിലെ തൊഴിലാളിസമരം ഒത്തുതീര്‍ത്തപ്പോള്‍ ദിവസം 500 രൂപ കൂലി എന്ന തീരുമാനം പി.എല്‍.സി യോഗത്തില്‍ ചര്‍ച്ചചെയ്യാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കിയിരുന്നു.

അതേസമയം, തങ്ങളെക്കൂടി ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് മൂന്നാറിലെ സ്ത്രീതൊഴിലാളികളുടെ അഞ്ചു പ്രതിനിധികള്‍ തിരുവനന്തപുരത്തത്തെിയിട്ടുണ്ട്. രാവിലെ തൊഴില്‍ മന്ത്രി ഷിബു ബേബിജോണുമായി ഇവര്‍ ചര്‍ച്ച നടത്തി. തൊഴിമന്ത്രിയുമായുള്ള കൂടിക്കാഴ്ച തൃപ്തികരമായിരുന്നുവെന്നും ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും മൂന്നാര്‍ സമരത്തിന് നേതൃത്വം നല്‍കിയ ലിസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'പെമ്പിള ഒരുമൈ' അംഗീകൃത ട്രേഡ് യൂണിയനല്ലാത്തതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയില്ല എങ്കിലും തങ്ങള്‍ക്കനുകൂലമായ നിലപാടുണ്ടാകുന്നതുവരെ തിരുവനന്തപുരത്ത് തങ്ങാനാണ് ഇവരുടെ തീരുമാനം.

മൂന്നാറില്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കുമെന്ന ഉറപ്പിലാണ് ഇവര്‍ ഒന്‍പത് ദിവസം നീണ്ടുനിന്ന സമരം പിന്‍വലിച്ചത്.  എന്നാല്‍, വേതനവര്‍ധനവ് അംഗീകരിക്കാനാവില്ളെന്ന് പ്ളാന്‍റേഴ്സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ചര്‍ച്ചയില്‍ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് മൂന്നാറിലെ തൊഴിലാളികള്‍. അനുകൂല തീരുമാനം ഉണ്ടായില്ളെങ്കില്‍ വീണ്ടും സമരം ചെയ്യാനാണ് ഇവരുടെ തീരുമാനം.
 

ലോകത്തെ നടുക്കിയ മിനാ ദുരന്തം

Posted: 25 Sep 2015 06:46 PM PDT

Image: 

പഴുതുകളടച്ച, ശാസ്ത്രീയമായ എത്ര സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാലും അത് നടപ്പാക്കുന്ന കാര്യത്തില്‍ സംഭവിച്ചേക്കാവുന്ന ചെറിയൊരു പാളിച്ച അത്യാഹിതങ്ങള്‍ വിളിച്ചുവരുത്തുമെന്ന വലിയൊരു താക്കീതാണ് വ്യാഴാഴ്ച ഹജ്ജ് തീര്‍ഥാടനകര്‍മങ്ങളുടെ പ്രധാന വേദികളിലൊന്നായ മിനായിലുണ്ടായ വന്‍ ദുരന്തം കൈമാറുന്നത്. ജംറ സമുച്ചയത്തിലേക്കുള്ള വഴിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 16 ഇന്ത്യക്കാരടക്കം  717 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും എണ്ണൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  165ഓളം രാജ്യങ്ങളില്‍നിന്നുള്ള 20-25 ലക്ഷം ഹാജിമാര്‍ നാലഞ്ചുദിവസം സംഗമിക്കുന്ന വേളയില്‍ ഇമ്മട്ടിലൊരു അത്യാഹിതത്തിനുള്ള സാധ്യത കൂടുതലാണെങ്കിലും ബില്യണ്‍ കണക്കിന് റിയാല്‍ ചെലവിട്ട് സൗദി ഭരണകൂടം ഓരോ വര്‍ഷവും സജ്ജീകരിക്കുന്ന വിപുലമായ ഒരുക്കങ്ങളും സുരക്ഷാസംവിധാനങ്ങളും ഹജ്ജിനെ അത്യാഹിതമുക്തമാക്കേണ്ടതായിരുന്നു. എന്നാല്‍, അതാവര്‍ത്തിക്കപ്പെടുകയാണ്. അറഫാസംഗമവും മുസ്ദലിഫയിലെ രാപ്പാര്‍ക്കലും കഴിഞ്ഞ് മിനായിലേക്ക് തിരിച്ചത്തെിയ ഹാജിമാര്‍ വ്യാഴാഴ്ച രാവിലത്തെന്നെ പിശാചിന്‍െറ പ്രതീകമായ ജംറകള്‍ എറിയാന്‍ പുറപ്പെട്ടപ്പോഴാണ് ദുരന്തമുണ്ടായത്. യഥാര്‍ഥ കാരണമെന്താണെന്നും എങ്ങനെയാണ് തിക്കും തിരക്കും ഉണ്ടായതെന്നുമുള്ള വിഷയത്തില്‍ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. ജംറപാലത്തിന് അകലെ, 203, 204 നമ്പര്‍ റോഡുകള്‍ കൂട്ടിമുട്ടുന്നിടത്ത് കല്ളേറ് നിര്‍വഹിക്കാന്‍ കുതിക്കുന്ന സംഘവും കര്‍മം നിര്‍വഹിച്ച് മടങ്ങുന്ന സംഘവും കൂടിച്ചേര്‍ന്നപ്പോഴുണ്ടായ തിക്കും തിരക്കുമാണ് അത്യാഹിതത്തിലേക്ക് വഴിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇങ്ങനെ രണ്ടു മനുഷ്യപ്രവാഹങ്ങള്‍ ഇരുദിശകളില്‍നിന്ന് വന്ന് കൂടിക്കലരുന്നതും അവരെ നിയന്ത്രിക്കുന്നതില്‍ സുരക്ഷാസേന പരാജയപ്പെടുന്നതും സാധാരണഗതിയില്‍ അചിന്ത്യമാണ്. ഒരു കൂട്ടം തീര്‍ഥാടകര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ നീങ്ങിയതാണ് നാശംവരുത്തിവെച്ചതെന്ന് സൗദി ആരോഗ്യമന്ത്രി ഖാലിദ് അല്‍ ഫലീഹ് കുറ്റപ്പെടുത്തിയത് ആഫ്രിക്കയില്‍നിന്നുള്ള ഹാജിമാരെ ഉദ്ദേശിച്ചാണത്രെ. എന്നാല്‍, 44 ഡിഗ്രി കൊടുംചൂടും തലേദിവസത്തെ അറഫാസംഗമവും മുസ്ദലിഫയില്‍നിന്നുള്ള യാത്രയുമൊക്കെ പ്രായാധിക്യമുള്ള ഹാജിമാരെ വല്ലാതെ അവശരാക്കിയിരുന്നുവെന്നും കല്ളേറ് കഴിഞ്ഞ് മടങ്ങുന്നവഴിയില്‍ അവര്‍ വിശ്രമിക്കാനിരുന്നതാണ് മറുഭാഗത്തുനിന്ന് വന്ന തീര്‍ഥാടകപ്രവാഹത്തില്‍പ്പെടാന്‍ കാരണമായതെന്നും വിശദീകരിക്കപ്പെടുന്നുണ്ട്. എന്തുതന്നെയായാലും, ത്യാഗവും സഹനവും ആവശ്യപ്പെടുന്ന ആരാധനയായ ഹജ്ജ് ഇമ്മട്ടില്‍ ദുരന്തത്തിലേക്ക് വഴിമാറുമ്പോള്‍ പാപമുക്തമായ പുതിയൊരു ജീവിതം സ്വപ്നംകണ്ട് യാത്രതിരിച്ചവരെയും അവരുടെ കുടുംബമിത്രാദികളെയും അത് ആഴത്തില്‍ പിടിച്ചുലക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ആധുനിക സൗദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസിന്‍െറ കാലംതൊട്ടുതന്നെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കുന്ന വിഷയത്തില്‍ ഭരണകൂടം പ്രതിജ്ഞാബദ്ധരാണ്. എണ്ണയിലൂടെ സമ്പത്ത് കുമിഞ്ഞുകൂടാന്‍ തുടങ്ങിയതോടെ, ഫഹദ് രാജാവും പിന്‍ഗാമികളും പൂര്‍ത്തിയാക്കിയ വിപുലീകരണവും നവീകരണവും ഇരുഹറമുകള്‍ക്കും പുണ്യകേന്ദ്രങ്ങള്‍ക്കും എത്രയോ ലക്ഷങ്ങള്‍ വരുന്ന തീര്‍ഥാടകരെ ഉള്‍ക്കൊള്ളാനുള്ള ശേഷി നേടിക്കൊടുത്തു. ഇതിനുമുമ്പ് മിനായില്‍ രണ്ടുതരത്തിലാണ് ദുരന്തങ്ങള്‍ സംഭവിച്ചിരുന്നത്. തമ്പുകള്‍ കത്തിയും ജംറ ഏറിനിടയിലെ തിക്കും തിരക്കും കാരണവും. 1994ലും 98ലും 2001ലും 2003ലും2006ലും ജംറയിലെ തിക്കിലും തിരക്കിലുംപെട്ട് നൂറുകണക്കിന് തീര്‍ഥാടകര്‍ മരിച്ചത് ഈ കര്‍മം പൂര്‍ത്തിയാക്കുന്നതിന് മികച്ച സംവിധാനം അനിവാര്യമാണെന്ന് സൗദി അധികൃതരെ ബോധ്യപ്പെടുത്തി. അതിന്‍െറയടിസ്ഥാനത്തിലാണ് ബില്യണ്‍ റിയാല്‍ ചെലവഴിച്ച് അഞ്ചുനില ജംറ സമുച്ചയം പൂര്‍ത്തിയാക്കുന്നത്.  2008നുശേഷം പറയത്തക്ക അനര്‍ഥങ്ങളൊന്നുമില്ലാതെ ഹജ്ജ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത് ഇതുവഴിയാണ്. മിനായില്‍ പതിവായ അഗ്നിബാധ ഒഴിവാക്കാന്‍ തീപിടിക്കാത്ത ടെന്‍റുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതും ദുരന്തങ്ങള്‍ പഴങ്കഥയാക്കി. 1990ല്‍ 1426 പേരുടെ ജീവനെടുത്തത് മക്കയെ മിനായുമായി ബന്ധിപ്പിക്കുന്ന തുരങ്കത്തിലെ വെന്‍റിലേഷന്‍ സിസ്റ്റം തകരാറായതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലും ശ്വാസംമുട്ടിയാണ്. എന്നാല്‍, രണ്ടാഴ്ചമുമ്പ് മസ്ജിദുല്‍ ഹറാമില്‍ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്ന ഭാഗത്ത് രണ്ടുക്രെയിനുകള്‍ തകര്‍ന്ന്112 പേര്‍ മരിച്ചതിന്‍െറ ആഘാതത്തില്‍നിന്ന് മുക്തമാകുന്നതിനു മുമ്പാണ് ഇപ്പോഴത്തെ കൂട്ടമരണം.
മനുഷ്യന്‍ ഒരുക്കുന്ന സകലസംവിധാനങ്ങളെയും അപ്രസക്തമാക്കുംവിധം ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുമ്പോള്‍ പരസ്പരം പഴിചാരിയോ ആരോപണങ്ങള്‍ ഉന്നയിച്ചോ ദു$ഖസാന്ദ്രമായ അന്തരീക്ഷത്തെ രോഷപ്രകടനത്തിന് വിനിയോഗിക്കുന്നത് വിവേകത്തിന്‍െറ ലക്ഷണമല്ല. മിനായിലെ ഇപ്പോഴത്തെ ദുരന്തത്തിന് ഇറാന്‍ സൗദി ഭരണകൂടത്തെ കടുത്തഭാഷയില്‍ കുറ്റപ്പെടുത്തിയതിനു പിന്നില്‍ രാഷ്ട്രീയമാണ്്. ഹജ്ജിന് ആതിഥ്യമരുളുന്ന സൗദി സര്‍ക്കാര്‍ എത്രമാത്രം ഭൗതികസന്നാഹങ്ങള്‍ ഒരുക്കുന്നുണ്ടോ അതിനനുസൃതമായി ഹാജിമാര്‍ക്ക് അവരെ തീര്‍ഥാടനത്തിനു പറഞ്ഞയക്കുന്ന  രാജ്യങ്ങള്‍ അവബോധവും മുന്നറിയിപ്പുകളും വേണ്ടവിധം നല്‍കണമെന്നാണ് ഇപ്പോഴത്തെ ദുരന്തം ഓര്‍മപ്പെടുത്തുന്നത്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട സൗദി സര്‍ക്കാര്‍ സംഭവത്തിന്‍െറ യഥാര്‍ഥ കാരണം കണ്ടത്തെി വരുംവര്‍ഷങ്ങളില്‍ അതാവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്.

മതത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഭീകരരെ ഒറ്റപ്പെടുത്താന്‍ ആഹ്വാനം

Posted: 25 Sep 2015 06:02 PM PDT

Image: 
ദുബൈ: പരീക്ഷണങ്ങളുടെ മുമ്പില്‍ പകച്ചുപോകരുതെന്ന് ജീവിതത്തിലൂടെ ലോകത്തെ പഠിപ്പിച്ച ഇബ്റാഹീം പ്രവാചകന്‍െറ സന്ദേശം ഉള്‍കൊള്ളാന്‍ വിശ്വാസി സമൂഹം തയ്യാറാവണമെന്ന് ഐ.എസ്.എം സംസ്ഥാന പ്രസിഡന്‍റ് ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി ആഹ്വാനം ചെയ്തു. ദുബൈയില്‍ അല്‍മനാര്‍ ഈദ് ഗാഹിന് നേതൃത്വം നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
നിര്‍ഭയത്വത്തിനും നാഗരിക വികാസത്തിനും വേണ്ടി പ്രാര്‍ഥിച്ച ഇബ്രാഹിം നബിയെ വീണ്ടും വായിക്കാന്‍ മുസ്ലിംകള്‍ മുന്നോട്ടു വരണം. നാടിന്‍െറ നിര്‍ഭയത്വവും നാഗരികതകളും തകര്‍ത്ത് മതത്തിന്‍െറ മറവില്‍ അഴിഞ്ഞാടുന്ന ഭീകര സംഘങ്ങളെ തുരത്താന്‍ ലോകം കൈകോര്‍ക്കണം. സഹനം, സത്യസന്ധത, വിവേകം, ദൈവബോധം, സമര്‍പ്പണം എന്നീ സ്വഭാവങ്ങളുടെ അടയാളമായിരുന്നു ഇബ്റാഹീം നബിയും കുടുംബവും. കുറ്റമറ്റ വിശ്വാസം ശുദ്ധമായ സ്വഭാവ ഗുണങ്ങള്‍ നിരന്തരം ഉത്പാദിപ്പിക്കും. 
വിശ്വാസികളെന്ന് അഭിമാനിക്കുവരില്‍ ഇന്ന് കാണു സ്വഭാവ ദൂഷ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഇബ്റാഹീം നബിയുടെ പാത പിന്‍പറ്റുന്നവരെന്ന് കരുതുന്നവരില്‍ കാണുന്ന അപകടകരമായ സാംസ്കാരിക വ്യതിയാനം ഭയപ്പെടുത്തുന്നതാണ്. 
ഇബ്റാഹീം കുടുംബത്തിന്‍െറ പാദ സ്പര്‍ശമേറ്റ  മധ്യപൗരസ്ത്യദേശം അവിടത്തെ ജനതയുടെ ചുടുചോര കൊണ്ട് നനഞ്ഞിരിക്കുന്നു. സാമ്രാജ്യത്വ ശക്തികളും ഭീകരസംഘങ്ങളും ആ ജനതയെ ആട്ടിയോടിക്കുകയാണ്.  മസ്ജിദുല്‍ അഖ്സയും പരിസരങ്ങളും അധീനപ്പെടുത്തി പുതിയ അവകാശ വാദങ്ങള്‍ ഉയിക്കാന്‍ പുറപ്പെട്ട ജൂതപ്പടക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് നിന്നേ പറ്റു. വൈവിധ്യങ്ങള്‍ അംഗീകരിച്ച മതമാണ് ഇസ്ലാം. ബഹുസ്വരതയെ ഇല്ലാതാക്കാനാണ് ഭീകരസംഘങ്ങള്‍ ശ്രമിക്കുന്നത്. 
ജൂത-ക്രൈസ്തവ ഗോത്രങ്ങളോട് സന്ധിയിലേര്‍പ്പെട്ട് മദീനയില്‍ സമാധാന ജീവിതം ഉറപ്പ് വരുത്തിയ പ്രവാചകനെ അപമാനിക്കാനാണ് സായുധ സംഘങ്ങള്‍ ധാര്‍ഷ്ട്യം കാണിക്കുത്. 
നബി ജീവിതവും ചരിത്രവും വികലമാക്കി ഭീകര കൃത്യങ്ങള്‍ക്ക് ന്യായം ചമക്കുന്നവരെ ഒറ്റപ്പെടുത്തണം.  
മതത്തിന്‍െറ തെറ്റായ വായനയാണ് പൊതുസമൂഹത്തില്‍ തെറ്റുധാരണ പരത്തുന്നത്. മതത്തിന്‍െറ അകക്കാമ്പ് അവഗണിച്ച് അക്ഷരങ്ങളില്‍ അഭിരമിക്കുന്നത് ആശാസ്യമല്ല. നന്മകള്‍ പങ്കുവെക്കാന്‍ ആഘോഷവേളകളെ ഉപയോഗിക്കണം. 
നാടിന്‍െറ നിര്‍ഭയത്വം പ്രധാനമാണ്. താമസിക്കുന്ന നാടിനെ ഛിദ്ര ശക്തികളില്‍ നിന്നും വിദ്വേഷ പ്രചാരകരില്‍ നിന്നും രക്ഷിക്കേണ്ടത് ബാധ്യതയാണ്.-ഡോ. അബ്ദുല്‍ മജീദ് സ്വലാഹി ഉദ്ബോധിപ്പിച്ചു. 
കപട ആ്ത്മീയതയുടെ ഇരുണ്ട ഗുഹകളില്‍ അഭയം തേടുന്നത് ആധുനിക മനുഷ്യര്‍ക്ക് ചേര്‍തല്ല. സമൂഹത്തോടൊപ്പം ജീവിച്ച് നന്മകള്‍ പ്രസരിപ്പിച്ച് മതത്തിന്‍െറ സൗന്ദര്യവും സൗരഭ്യവും ആസ്വദിക്കാനുള്ള അവസരങ്ങള്‍ മറ്റുള്ളവര്‍ക്ക് സൃഷ്ടിക്കണമെും അദ്ദേഹം പറഞ്ഞു. വന്‍ ജനാവലി ഈദ് ഗാഹില്‍ പങ്കെടുത്തു.
ഷാര്‍ജ: തിന്മകള്‍ക്ക ്നമയുടെ പരിവേഷം നല്‍കിക്കൊണ്ട് ഇസ്ലാമിന്‍െറ പേരില്‍ ഖിലാഫത്തും ജിഹാദും പറഞ്ഞ് ഇസ്ലാമിക് സ്റ്റേറ്റുകള്‍പ്രഖ്യാപിക്കുന്ന ദു:ശ്ശക്തികളുടെ മുഖം മൂടികള്‍ വലിച്ചു കീറാന്‍ പ്രവാചകന്‍ ഇബ്രാഹിം നമുക്ക് പ്രചോദനമാവേണ്ടതുണ്ടെന്ന് ഹുസൈന്‍ സലഫി പറഞ്ഞു. 
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപമുള്ള ഫുട്ബാള്‍ മൈതാനിയില്‍ മലയാളികള്‍ക്കായി സംഘടിപ്പിച്ച ഈദ്ഗാഹില്‍ പെരുന്നാള്‍ നമസ്കാരത്തിന് നേതൃത്വം നല്‍കിയ ശേഷമുള്ള ഈദ് ഖുതുബയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അന്ധ വിശ്വാസങ്ങള്‍ക്കെതിരെയും ദുരാചാരങ്ങള്‍ക്കെതിരെയും ശക്തമായി പോരാടിയ പ്രവാചകന്‍ ഇബ്റാഹീമിന്‍െറ സ്മരണ ലോകത്ത് രക്ത ചൊരിച്ചിലിലൂടെയും അധാര്‍മികതകളിലൂടെയും സമാധാനം കെടുത്തുന്ന ദു:ശ്ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരത്ത ്പ്രചോദനമായിത്തീരണം.
ഇബ്രാഹിം നബി തിന്മക്കെതിരെ പ്രതികരിക്കാന്‍ തുടങ്ങിയപ്പോഴേക്കും സ്വപിതാവില്‍ നിന്നു തന്നെ ശക്തമായഎതിര്‍പ്പും ഭീഷണിയുമാണ്നേരിടേണ്ടിവന്നത്. ആ ഒറ്റയാള്‍ പോരാട്ടത്തിലും സഹനത്തോടെ തന്‍െറ ആദര്‍ശത്തിലടിയുറച്ചു നില്‍ക്കാന്‍ ഇബ്രാഹിം നബിക്ക് കരുത്ത്പകര്‍ന്നത് കറകളഞ്ഞ വിശ്വാസത്തിലധിഷ്ഠിതമായ നിശ്ചയദാര്‍ഡ്യതയായിരുന്നു. നാട്ടുകാര്‍ കനത്ത അഗ്നികുണ്ഠം ഒരുക്കി അതിലേക്കെറിഞ്ഞപ്പോഴും പ്രപഞ്ചനാഥന്‍ തന്നോടൊപ്പമുണ്ടെന്ന അര്‍പ്പണ മനോഭാവത്തില്‍ അദ്ദേഹം അടിയുറച്ചുനിന്നു.അതുകൊണ്ട്തന്നെ അഗ്നികുണ്ഠത്തെ അദ്ദേഹം അതിജയിച്ചു.
മാനവ രക്തവും ധനവും അഭിമാനവും വിശുദ്ധ മക്കയോളം പവിത്രമാണെന്ന് ലോകത്തെ പഠിപ്പിച്ച മുഹമ്മദ്നബിയിലൂടെ പൂര്‍ത്തിയാക്കപ്പെട്ടഇസ്ലാമിന്‍െറ പേരില്‍ ഇനിയും രക്തം ചിന്താന്‍ ദു:ശ്ശക്തികളെ അനുവദിച്ചുകൂടാ. 
പ്രമാണങ്ങളെ ശരിയായ അര്‍ഥത്തില്‍ പ്രബോധനംചെയ്യുന്നതിലൂടെ ഈ ദുര്‍വ്യാഖ്യാന ശക്തികളുടെ നട്ടെല്ളൊടിക്കാനാവും. 
സമാധാനം തകര്‍ത്തുകൊണ്ട് യമനിന്‍െറ മണ്ണിലും മറ്റും രക്തച്ചൊരിച്ചിലുകള്‍ നടത്തി ക്കൊണ്ടിരിക്കുന്ന അക്രമികള്‍ക്കെതിരെ, മര്‍ദ്ദിത ജനതയുടെ അവകാശ സംരക്ഷണത്തിനായി പോരാടുന്ന, അതില്‍എല്ലാം ത്യജിക്കേണ്ടിവന്ന സഖ്യസേനയുടെയും ഈനാടിന്‍െറ മക്കളുടെയും ഓര്‍മകള്‍ നമ്മിലെപ്പോഴുംനിലനില്‍ക്കണം.രക്തസാക്ഷികളായ യു.എ.ഇ സൈനികള്‍ക്ക് വേണിയും ഹറമിലെ ക്രെയിന്‍ ദുരന്തത്തില്‍പെട്ടവര്‍ക്കുവേണ്ടിയും ഹുസൈന്‍ സലഫി പ്രത്യേകംപ്രാര്‍ഥിച്ചു. 

 

ഹജ്ജ്ദുരന്തങ്ങള്‍ എന്നും മലയാളികളുടെ കണ്ണീര്‍

Posted: 25 Sep 2015 01:39 PM PDT

Image: 
Subtitle: 
1990ലെ ദുരന്തത്തില്‍ അഞ്ച് മലയാളികളാണ് മരിച്ചത്; 98ല്‍ ഏഴ് പേരും മരിച്ചു

ഓരോ  ഹജ്ജ് ദുരന്തവും കേരളത്തിലെ ഏതെങ്കിലും പ്രദേശത്തെയും  കുടുംബങ്ങളെയും കണ്ണീരണിയിപ്പിക്കാറുണ്ട്. ഈ വര്‍ഷം നടന്ന രണ്ട് ഹജ്ജ് ദുരന്തങ്ങളിലും മലയാളികള്‍ ഉള്‍പ്പെട്ടിരുന്നു. ഈ മാസം 11ന് മക്കയില്‍ മസ്ജിദുല്‍ ഹറാം വികസനജോലികള്‍ക്കായി ഉയര്‍ത്തിയിരുന്ന ക്രെയിനുകള്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ പാലക്കാട്ടെ കല്‍മണ്ഡപം മിനാനഗര്‍ കോളനിയിലെ മുഅ്മിന(29) മരണപ്പെട്ടിരുന്നു. ബലിപെരുന്നാള്‍ ദിനത്തില്‍  ഹജ്ജിനിടെ മിനായിലെ തിക്കിലും തിരക്കിലും പെട്ടും രണ്ട് മലയാളികള്‍ മരിച്ചുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.  
 ഹജ്ജിനോടനുബന്ധിച്ചുണ്ടായ ദുരന്തങ്ങളില്‍ ഏറ്റവും കൂടുതല്‍ ജീവന്‍ നഷ്ടമായത് 1990 ജൂലൈ രണ്ടിനുണ്ടായതിലാണ്.1426 പേര്‍ മരണപ്പെട്ടതില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെട്ടിരുന്നു.
കോഴിക്കോട്  ഫറോക്ക് കരുവന്‍തുരുത്തിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരും അവരുടെ ബന്ധുവുമാണ് മരിച്ചത്. കോതാര്‍തോട് പുതുക്കുടി കല്ലറക്കല്‍ വീട്ടില്‍ ബീഫാത്തുക്കുട്ടി ഹജ്ജുമ്മ, മക്കളായ അബ്ദു ഹാജി എന്ന അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ റഷീദ്, ഇവരുടെ ബന്ധുവായ വേങ്ങര പറപ്പൂര്‍ സ്വദേശി ഫാത്തിമക്കുട്ടി എന്നിവരും എളേറ്റില്‍ വട്ടോളി തോട്ടത്തില്‍ വീട്ടില്‍ ആദമുമാണ് മരിച്ച മലയാളികള്‍.
1998 ഏപ്രില്‍ ഒമ്പതിന് ജംറ പാലത്തിലുണ്ടായ അപകടത്തില്‍ 118 പേരാണ് തിക്കിലും തിരക്കിലുമായി മരിച്ചത്. ഇതില്‍ ഏഴ് മലയാളികളുടെ ജീവന്‍ നഷ്ടമായി.
 കാസര്‍കോട്  പടന്ന തെക്കേപ്പുറം സ്വദേശികളും ബന്ധുക്കളുമായ  ജെ.എസ്.അബ്ദുല്‍ ഖൂദ്ദൂസിന്‍െറ ഭാര്യ മറിയുമ്മ, ഖുദ്ദൂസിന്‍െറ സഹോദരി ബീഫാത്തിമ, ബീഫാത്തിമയുടെ മാതൃ സഹോദരിയുടെ പുത്രന്‍  അബ്ദുല്‍ ഗഫൂറിന്‍െറ ഭാര്യ എസ്.വി.ജമീല, മംഗലാപുരം രക്ഷക് സെക്യൂരിറ്റി സര്‍വീസ്് ഉടമ പി.അബ്ദുല്ല എന്നിവരും പള്ളിക്കലകത്ത് അബ്ദുള്‍ അഹ്മദ്, കല്‍പകഞ്ചേരി വൈപ്പിപ്പാടത്ത് സുബൈര്‍, കണ്ണൂരിലെ പാനൂര്‍ എലാങ്കോട് പാലോളത്തില്‍ സഫിയ എന്നിവരാണ് ദുരന്തത്തില്‍പ്പെട്ടവര്‍.
1994 മേയ് 23ന് ജംറകളില്‍ കല്ളെറിയുന്നതിനിടെ തിരക്കില്‍പെട്ട് 270 പേര്‍ മരിച്ചവരില്‍ കണ്ണൂരിലെ ഡോ.മുഹമ്മദലിയുടെ ഭാര്യ ബീഫാത്തിമ ഉള്‍പ്പട്ടിരുന്നു. 2006 ജനുവരി 12ന് ജംറകളില്‍ കല്ളെറിയുന്നതിനിടെ തിരക്കില്‍പെട്ട് 364 പേര്‍ മരിച്ചതിലും അഞ്ച് മലയാളികള്‍ ഉള്‍പ്പെട്ടു. കോഴിക്കോട് മുക്കം നീലേശ്വരം താഴേക്കുന്നത്ത് ടി.കെ.അബൂബക്കര്‍ മാസ്റ്റര്‍, പട്ടാമ്പിക്കു സമീപം ഓമല്ലൂര്‍ പാറപ്പുറം തീയാട്ടില്‍ മൊയ്തീന്‍കുട്ടി, ഭാര്യ ഉമ്മേരമ്മ, മലപ്പുറം മോങ്ങം ഒളമതില്‍ കോട്ടപ്പുറത്ത് മൂസയുടെ മകന്‍ സുലൈമാന്‍, വേങ്ങര മനാച്ചിപ്പറമ്പില്‍ കാമ്പകടവന്‍ ഹസന്‍ എന്നിവരാണ് മരിച്ചവര്‍.
1997 ഏപ്രില്‍ 15ന് മിനായില്‍ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് തീര്‍ഥാടകര്‍ തങ്ങിയ ടെന്‍റുകളില്‍ തീ പടര്‍ന്ന് 343 പേര്‍ മരിച്ചതിലും രണ്ട് മലയാളികള്‍ ഉള്‍പ്പെട്ടു.
കോഴിക്കോട് കിണാശ്ശേരി എം.ടി. മമ്മദ്കോയ,കോഴിക്കോട് ചെമ്മങ്ങാടെ മേല വീട്ടില്‍ ആയിശബി എന്നിവരാണ് മരിച്ചത്. തീപിടിത്തത്തില്‍ നിരവധി മലയാളികള്‍ക്ക് പരിക്കേറ്റിരുന്നു.

രക്ഷാസമിതി പരിഷ്കരണം അനിവാര്യം ^മോദി

Posted: 25 Sep 2015 01:16 PM PDT

Image: 

ന്യൂയോര്‍ക്: സമകാലിക ലോകയാഥാര്‍ഥ്യങ്ങളെ നേരിടാനും ജനങ്ങളില്‍ വിശ്വാസം പകരാനും യു.എന്‍ രക്ഷാസമിതി പരിഷ്കരണം അടിയന്തരമായി നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 70 വര്‍ഷംമുമ്പ് ഭീകരമായ രണ്ടാംലോക യുദ്ധം അവസാനിച്ചയുടന്‍ പ്രതീക്ഷ പകര്‍ന്നാണ് സംഘടന നിലവില്‍വന്നത്. ഇന്നിപ്പോള്‍ പുതിയദിശ തീരുമാനിക്കാനാണ് നാം സമ്മേളിച്ചിരിക്കുന്നത് -യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ മോദി പറഞ്ഞു. രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിന് ഇന്ത്യ ശ്രമങ്ങള്‍ ശക്തമാക്കിയതിനിടെയാണ് പരിഷ്കരണങ്ങള്‍ക്കായി മോദിയുടെ ശക്തമായ ആഹ്വാനം.
കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനംപോലുള്ള പുതിയ വെല്ലുവിളികള്‍ എല്ലാ രാജ്യങ്ങളുടെയും കൂട്ടുത്തരവാദിത്തമാണെന്നും വികസനം എല്ലാവരിലുമത്തൊന്‍ സമ്പന്നരാജ്യങ്ങള്‍ സാങ്കേതികതയും കണ്ടുപിടിത്തങ്ങളും മൂന്നാംലോകവുമായി പങ്കുവെക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ സാമ്പത്തികപരിഷ്കാരം വേഗത്തിലാക്കാന്‍ നടപടിയെടുക്കുമെന്ന് അമേരിക്കന്‍വ്യവസായികള്‍ക്ക് നേരത്തേ അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. ഭരണപരിഷ്കാരമാണ് തന്‍െറ മുഖ്യ അജണ്ടയെന്നും രാജ്യത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ക്കുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും മോദി പറഞ്ഞു.
സാമ്പത്തികപരിഷ്കരണം മുന്നോട്ടുകൊണ്ടുപോകാന്‍ ഇന്ത്യ കൂടുതല്‍ ചുവടുവെക്കണമെന്ന് സി.ഇ.ഒമാര്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 42 വന്‍കിട കമ്പനികളുടെ മേധാവികളാണ് മോദിയുമായി ചര്‍ച്ചനടത്തിയത്.  
ലോക്ഹീഡ് മാര്‍ട്ടിന്‍ ചെയര്‍മാനും സി.ഇ.ഒയുമായ മാരിലിന്‍ ഹ്യൂസന്‍, ഫോര്‍ഡ് പ്രസിഡന്‍റ് മാര്‍ക് ഫീല്‍ഡ്സ്, ഐ.ബി.എം ചെയര്‍മാന്‍ ഗിന്നി റോമെറ്റി, പെപ്സി കമ്പനി മേധാവി ഇന്ദ്ര നൂയി, ഡവ് കെമിക്കല്‍ ചെയര്‍മാന്‍ ആന്‍ഡ്രൂ ലിവെറിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

മിനാ ദുരന്തം: മരിച്ചവരില്‍ ഏറെയും ഇറാനികള്‍

Posted: 25 Sep 2015 12:50 PM PDT

Image: 
Subtitle: 
നടത്തുക ശാസ്ത്രീയ അന്വേഷണം

മിനാ: മിനാ ദുരന്തത്തിന്‍െറ കാരണം ശാസ്ത്രീയമായും കാര്യക്ഷമമായും അന്വേഷിച്ച് റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എന്‍ജിനീയര്‍ മന്‍സൂര്‍ അത്തുര്‍ക്കി. ആഭ്യന്തര-ഹജ്ജ്-ആരോഗ്യമന്ത്രാലയ പ്രതിനിധികള്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് അത്തുര്‍ക്കി ഇക്കാര്യം വ്യക്തമാക്കിയത്. മരിച്ചവരില്‍ 131 പേര്‍ ഇറാന്‍ തീര്‍ഥാടകരാണെന്ന് ഇറാന്‍ ഹജ്ജ് സംഘം മേധാവി സൗദ് ആഹാദി വ്യക്തമാക്കി.
സൗദി കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫാണ് വിശദമായ അന്വേഷണംനടത്തി രാജാവിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. രാജാവിന്‍െറ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ആരോഗ്യമന്ത്രി എന്‍ജി. ഖാലിദ് അല്‍ഫാലിഹും മക്കയിലെയും മിനായിലെയും ആശുപത്രികള്‍ സന്ദര്‍ശിച്ച് സജ്ജീകരണങ്ങള്‍ ഉറപ്പുവരുത്തി. മിനായുടെ വടക്കുഭാഗത്തുള്ള തമ്പുകളില്‍നിന്ന് 204ാം നമ്പര്‍ റോഡിലൂടെ തീര്‍ഥാടകര്‍ സംഘമായി ജംറയിലേക്ക് വരുന്ന വേളയില്‍ 223ാം നമ്പര്‍ റോഡുമായി സന്ധിക്കുന്ന പ്രദേശത്തുവെച്ചാണ് അപകടം സംഭവിച്ചത്. പാതയില്‍ ഉള്‍ക്കൊള്ളുന്നതിനേക്കാള്‍ കൂടുതല്‍ തീര്‍ഥാടകര്‍ ഒരേസമയം എത്തിയതും കല്ളെറിഞ്ഞ് മടങ്ങുന്നവര്‍ എതിര്‍ദിശയില്‍ വന്നതും തിരക്ക് കൂടാന്‍ കാരണമായി.
ഇതോടൊപ്പം, കടുത്ത ചൂടില്‍ ക്ഷീണിച്ച പ്രായമായവരും സ്ത്രീകളും വഴിയില്‍ വിശ്രമിച്ചതും മാര്‍ഗതടസ്സത്തിന് കാരണമായിട്ടുണ്ടാവുമെന്ന് കരുതുന്നു. ലബനാന്‍, ഇറാഖ്, ഇറാന്‍ തീര്‍ഥാടകരും ആഫ്രിക്കന്‍ രാജ്യക്കാരും താമസിക്കുന്ന ഈ പ്രദേശത്ത് ഒരേസമയത്ത് 4,000ത്തിലധികം പേര്‍ തിങ്ങിക്കൂടാന്‍ എന്താണ് കാരണമെന്ന് വിശദമായി അന്വേഷിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.
ചില വി.ഐ.പി സംഘങ്ങള്‍ അതിലൂടെ കടന്നുപോയപ്പോഴുണ്ടായ ഗതാഗതനിയന്ത്രണമാണ് അപകടത്തിലേക്ക് നയിച്ചതെന്ന ആരോപണം ആഭ്യന്തരമന്ത്രാലയ വക്താവ് നിഷേധിച്ചു. മിനായുടെ വടക്കുഭാഗത്താണ് അപകടം. രാജാവിന്‍െറ അതിഥികള്‍ ഉള്‍പ്പെടുന്ന ഉന്നതസംഘങ്ങള്‍ താമസിക്കുന്നത് തെക്കുഭാഗത്താണ്. അവര്‍ക്ക് കല്ളെറിയാന്‍ നിശ്ചയിച്ചത് ജംറ സമുച്ചയത്തിന്‍െറ അണ്ടര്‍ഗ്രൗണ്ട് നിലയിലാണ്. സാധാരണ തീര്‍ഥാടകര്‍ക്കാണ് മുകളിലെ നാലു നിലകളും മാറ്റിവെച്ചത്.
മിനായിലെയും മക്കയിലെയും ആശുപത്രികള്‍ പരിക്കേറ്റവരുടെ ചികിത്സക്ക് അപര്യാപ്തമാണെങ്കില്‍ ജിദ്ദ, ത്വാഇഫ് തുടങ്ങിയ സമീപനഗരങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ആരോഗ്യമന്ത്രാലയ പ്രതിനിധി പറഞ്ഞു. സൗദി റെഡ്ക്രസന്‍റ്, സിവില്‍ ഡിഫന്‍സ് തുടങ്ങിയ വകുപ്പുകളിലെ 4,000 പേര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. എയര്‍ ആംബുലന്‍സും പങ്കുചേര്‍ന്നു. പരിക്കേറ്റവരില്‍ 27 പേരെ 14 ഹെലികോപ്ടറുകളിലും ചെറുവിമാനങ്ങളിലുമായി അടുത്ത ആശുപത്രിയിലേക്ക് മാറ്റിയതായി സൗദി റഡ്ക്രസന്‍റ് വൃത്തങ്ങള്‍ അറിയിച്ചു.
സൗദി നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററുമായി സഹകരിച്ച് വിരലടയാളം ഉള്‍പ്പെടെ ജൈവ വിവരങ്ങള്‍, തീര്‍ഥാടകര്‍ കൈയിലണിഞ്ഞ തിരിച്ചറിയല്‍ വള തുടങ്ങിയവ ഉപയോഗിച്ച് മരിച്ചവരുടെ തിരിച്ചറിയല്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) മേധാവി ജനറല്‍ സുലൈമാന്‍ അല്‍യഹ്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട മുതവ്വിഫ് ഓഫിസ് വഴിയാണ് മരിച്ചവരുടെ രാജ്യത്തെ എംബസികളെയും കോണ്‍സുലേറ്റുകളെയും വിവരമറിയിക്കുക.
മിനായില്‍ ജംറ ബഹുനില സമുച്ചയത്തിന്‍െറ നിര്‍മാണം പൂര്‍ത്തീകരിച്ചതുമുതല്‍ അഞ്ചുവര്‍ഷമായി തീര്‍ഥാടകരെ വിവിധ സംഘങ്ങളാക്കി കല്ളേറിന് വിടുകയാണ് ചെയ്യുന്നത്. വിജയകരമായ ഈ നടപടിയില്‍ വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ല. ഇപ്പോള്‍ അപകടം സംഭവിച്ചത് ജംറയിലോ പാലത്തിലോ അല്ല.
കല്ളേറിനുപുറമെ അറഫ, മുസ്ദലിഫ, മിനാ യാത്രക്കുള്ള മെട്രോ സര്‍വിസിലും തിരക്കുള്ള ദുല്‍ഹജ്ജ് 10ലെ ത്വവാഫുല്‍ ഇഫാദക്കും അധികൃതര്‍ ഇതേരീതിയില്‍ സംഘംതിരിച്ച് സമയം നിശ്ചയിച്ചിട്ടുണ്ട്.
വിവിധ രാജ്യക്കാരായ ഹജ്ജ് സംഘങ്ങളെയും മുതവ്വിഫുമാരെയും പരിഗണിച്ചാണ് സമയം നിശ്ചയിക്കുന്നത്.
 

സുരക്ഷാവലയം ഭേദിച്ച് പോപ്പിനുമുന്നില്‍ അഞ്ചുവയസ്സുകാരി സോഫിയ

Posted: 25 Sep 2015 12:47 PM PDT

Image: 
Subtitle: 
സോഫിയ ക്രൂസിനെ സുരക്ഷാഭടന്മാര്‍ തടഞ്ഞതുകണ്ട് പോപ് അവളെ കൈവീശി മാടിവിളിക്കുകയായിരുന്നു

വാഷിങ്ടണ്‍: അഞ്ചുവയസ്സുകാരി സോഫിയക്ക് പോപ് ഫ്രാന്‍സിസിന്‍െറ വാത്സല്യചുംബനം. യു.എസ് തലസ്ഥാനനഗരിയില്‍ വെള്ളിയാഴ്ച പര്യടനം നടത്തിക്കൊണ്ടിരിക്കെ വന്‍ ജനാവലിക്ക് മുന്നില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരുക്കിയ വേലിക്കെട്ടുകള്‍ മറികടന്നാണ് ഈ ബാലിക പാപ്പയുടെ സന്നിധിയില്‍ പ്രത്യക്ഷപ്പെട്ടത്.
തന്‍െറ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാരെ യു.എസ് അധികൃതര്‍ തിരിച്ചയക്കുമെന്ന ആശങ്ക നിലനില്‍ക്കെയാണ് അവള്‍ ചെറിയ കുറിപ്പുമായി പാപ്പയെ കാണാനത്തെിയത്.
സോഫിയ ക്രൂസിനെ സുരക്ഷാഭടന്മാര്‍ തടഞ്ഞതുകണ്ട് പോപ് അവളെ കൈവീശി മാടിവിളിക്കുകയായിരുന്നു.
പോപ്പിന് കൈമാറിയ ചെറുകുറിപ്പില്‍ അവള്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു. ‘ഞങ്ങള്‍ കൂട്ടുകാര്‍ പരസ്പരം സ്നേഹിക്കുന്നു.  തൊലിയുടെ നിറംനോക്കാതെ’. തന്നെപ്പോലെ ക്ളേശം അനുഭവിക്കുന്ന 50 ലക്ഷത്തോളം കുട്ടികള്‍ അമേരിക്കയിലുണ്ടെന്നും അവര്‍ക്കുവേണ്ടി സംസാരിക്കുന്നതിനാണ് തന്‍െറ വരവെന്നും സോഫിയ അറിയിച്ചു. സ്വന്തമായി വരച്ച പോപ്പിന്‍െറ ചിത്രവും പാപ്പക്ക് കൈമാറി.

മലിനീകരണ തട്ടിപ്പ്: ഫോക്സ് വാഗണെ ഇനി മുള്ളര്‍ നയിക്കും

Posted: 25 Sep 2015 12:45 PM PDT

Image: 

ഫ്രാങ്ക്ഫൂര്‍ട്ട്: മലിനീകരണ പരിശോധനയില്‍നിന്ന് രക്ഷപ്പെടാന്‍ കാറുകളില്‍ പ്രത്യേക സോഫ്റ്റ്വെയര്‍ ഘടിപ്പിച്ചതായി കണ്ടത്തെിയതിനെ തുടര്‍ന്ന് വിഖ്യാത കാര്‍നിര്‍മാണ കമ്പനിയായ ഫോക്സ് വാഗണില്‍ നേതൃമാറ്റം. വിവാദത്തെ തുടര്‍ന്ന് ചീഫ് എക്സിക്യൂട്ടിവ് പദവിയില്‍നിന്ന് രാജിവെച്ച മാര്‍ട്ടിന്‍ വിന്‍റര്‍കോണിന്‍െറ പിന്‍ഗാമിയായി മത്യാസ് മുള്ളര്‍ നിയമിക്കപ്പെടും. വെള്ളിയാഴ്ച ചേര്‍ന്ന 20 അംഗ നിര്‍വാഹക സമിതിയാണ് 62കാരനായ മുള്ളറെ പുതിയ തലവനായി പ്രഖ്യാപിച്ചത്.
ഫോക്സ് വാഗണിന്‍െറ സ്പോര്‍ട്സ് കാര്‍ നിര്‍മാണ വിഭാഗമായ പോര്‍ഷെയുടെ അമരക്കാരനായി സേവനംചെയ്തുവരികയായിരുന്നു മുള്ളര്‍.
ലോകത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാണ കമ്പനിയായ ഫോക്സ് വാഗണ്‍ വിവിധ രാജ്യങ്ങളില്‍ വിറ്റഴിച്ച 1.1 കോടി കാറുകളിലാണ് പുകപരിശോധന നടത്തുമ്പോള്‍ മലിനീകരണം കുറവാണെന്ന് കാണിക്കുന്ന സോഫ്റ്റ്വെയര്‍ ഘടിപ്പിച്ചത്. അന്താരാഷ്ട്ര ക്ളീന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സമിതിയാണ് (ഐ.സി.സി.ടി) കമ്പനിയുടെ തട്ടിപ്പ് കണ്ടത്തെിയത്. ഇതേതുടര്‍ന്ന് കമ്പനി കുറ്റം സമ്മതിക്കുകയും മാര്‍ട്ടിന്‍ വിന്‍റര്‍കോണ്‍ സി.ഇ.ഒ പദവി രാജിവെക്കുകയും ചെയ്തു.
അമേരിക്കയിലായിരുന്നു കമ്പനിക്കെതിരെ ആദ്യ അന്വേഷണം നടന്നത്. പുതിയ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളും കമ്പനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. യൂറോപ്പില്‍ കമ്പനിയുടെ ഓഹരിവില മൂന്നിലൊന്നായി ഇടിഞ്ഞെങ്കിലും വെള്ളിയാഴ്ച നേരിയ വര്‍ധന രേഖപ്പെടുത്തി. ഫോക്സ് വാഗണ്‍ യൂറോപ്പിലും മലിനീകരണ പ്രതിരോധ തട്ടിപ്പ് നടത്തിയതായി ജര്‍മന്‍ ഗതാഗതമന്ത്രി അറിയിച്ചു. മലിനീകരണ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന കാര്‍നിര്‍മാതാക്കള്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടും നടപടികള്‍ക്ക് തയാറാകാത്ത സര്‍ക്കാറിനെതിരെ ബ്രിട്ടനിലെ ‘ക്ളയന്‍റ് എര്‍ത്ത്’ പരിസ്ഥിതി ഗ്രൂപ് പ്രതിഷേധം രേഖപ്പെടുത്തി.

ഹജ്ജ് പരിസമാപ്തിയിലേക്ക്

Posted: 25 Sep 2015 12:38 PM PDT

Image: 
Subtitle: 
ജംറകളിലേക്കുള്ള ഇന്ത്യന്‍ തീര്‍ഥാടകരുടെ പ്രയാണവും മടക്കയാത്രയും വളണ്ടിയര്‍മാരുടെയും മറ്റും സഹായത്തോടെ നിശ്ചിതസമയത്തിനകം നടന്നു

മിനാ: വ്യാഴാഴ്ചയുണ്ടായ മിനാദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ സൗദി അധികൃതര്‍ ഒരുക്കിയ കര്‍ക്കശ സുരക്ഷാക്രമീകരണങ്ങളോടെ ഹജ്ജ് അനുഷ്ഠാനത്തിന്‍െറ മൂന്നാംനാള്‍ പിന്നിട്ടു. വെള്ളിയാഴ്ച ഉച്ചക്കുശേഷം തുടങ്ങിയ ജംറയിലെ കല്ളേറിന് അര്‍ധരാത്രി പിന്നിടുംവരെ സുരക്ഷാസേനയുടെ നിരീക്ഷണവും നിയന്ത്രണവുമുണ്ടായിരുന്നു.
വിവിധ രാജ്യക്കാര്‍ അവര്‍ക്ക് നിശ്ചയിച്ച സമയത്തിനുമുമ്പ് പുറപ്പെടാതിരിക്കാനും മശാഇര്‍ ട്രെയിനിന്‍െറ മിനാ സ്റ്റേഷനുകളിലെ പോക്കുവരവുകള്‍ നിയന്ത്രിക്കാനും സേന പ്രത്യേകം ശ്രദ്ധിച്ചു. ഹജ്ജിനിടെ വന്ന ജുമുഅക്ക് ഹറമില്‍ ആഭ്യന്തരസന്ദര്‍ശകരുടെ തിരക്ക് നിയന്ത്രിക്കാനും അധികൃതര്‍ സംവിധാനമൊരുക്കി.
ജംറ ടവറുകളില്‍ കയറിനിന്നും ജംറകളിലേക്കുള്ള വഴികളില്‍ പലപ്പോഴും മനുഷ്യമതില്‍ പണിതും തീര്‍ഥാടകരെ കൃത്യമായി വഴിതിരിച്ചുവിടാന്‍ സേനാവിഭാഗം കഠിനാധ്വാനം ചെയ്തു. ഇതിനിടെ തളര്‍ന്ന ഹാജിമാരെ സഹായിക്കാനും അവര്‍ സമയംകണ്ടത്തെി.
ജംറകളിലേക്കുള്ള ഇന്ത്യന്‍ തീര്‍ഥാടകരുടെ പ്രയാണവും മടക്കയാത്രയും വളണ്ടിയര്‍മാരുടെയും മറ്റും സഹായത്തോടെ സമാധാനപൂര്‍വം നിശ്ചിതസമയത്തിനകം നടന്നതായി ഇന്ത്യന്‍ മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. കനത്ത ചൂടുകാരണമുള്ള ചില്ലറ പ്രയാസങ്ങള്‍ക്ക് ഹാജിമാര്‍ ക്ളിനിക്കിനെ സമീപിക്കുന്നതൊഴിച്ചാല്‍ ആര്‍ക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.  ശനിയാഴ്ച ജംറകളിലെ മൂന്ന് കല്ളേറും തുടര്‍ന്ന് ഹറമില്‍ ചെന്നുള്ള വിടവാങ്ങല്‍ ത്വവാഫും നിര്‍വഹിച്ചാല്‍ ഹജ്ജിന് അര്‍ധവിരാമമാകും.
സൗദിയില്‍നിന്ന് വന്നവരും ജി.സി.സി രാഷ്ട്രങ്ങളിലെ തീര്‍ഥാടകരും മിക്കവാറും ഇന്ന് മക്ക വിടും. മിനായില്‍ ഇന്നുകൂടി തങ്ങുന്നവര്‍ നാളത്തെ കല്ളേറും കഴിഞ്ഞാണ് മടങ്ങുക. അതോടെ ഹജ്ജിന് മക്കയില്‍ നേരിട്ടത്തെിയവര്‍ മദീന സന്ദര്‍ശനത്തിന് തിരിക്കും.

ടീസ്റ്റയെ കസ്റ്റഡിയില്‍ കിട്ടാന്‍ സി.ബി.ഐ സുപ്രീംകോടതിയില്‍

Posted: 25 Sep 2015 11:30 AM PDT

Image: 

ന്യൂഡല്‍ഹി: വിദേശസംഭാവന നിയന്ത്രണ നിയമലംഘനകേസില്‍ സാമൂഹികപ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിനെയും ഭര്‍ത്താവ് ജാവേദ് ആനന്ദിനെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചു. ടീസ്റ്റക്കും ഭര്‍ത്താവിനും മുന്‍കൂര്‍ജാമ്യമനുവദിച്ച ബോംബെ ഹൈകോടതി ഉത്തരവിനെതിരെയാണ് സി.ബി.ഐ നീക്കം. വിദേശഫണ്ടുകള്‍ ദുരുപയോഗം ചെയ്തതിലൂടെ നിയമലംഘനം നടത്തിയെന്നും മതസൗഹാര്‍ദത്തിന് ഭീഷണിയുയര്‍ത്തിയെന്നുമുള്ള കേസില്‍ അന്വേഷണത്തില്‍ സഹകരിക്കുന്നില്ളെന്ന് വാദിച്ചാണ് സി.ബി.ഐ ഇരുവരെയും കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. നിയമലംഘനം നടന്നെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടും മുന്‍കൂര്‍ജാമ്യമനുവദിക്കാനുള്ള ഹൈകോടതി നീക്കം തെറ്റായിപ്പോയെന്നാണ് സി.ബി.ഐ വാദം. ഇരുവരും അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഏജന്‍സിക്കെതിരായ പ്രതിഷേധപ്രകടനങ്ങള്‍ക്ക് പ്രേരിപ്പിക്കരുതെന്നും ഹൈകോടതി ഉത്തരവിട്ടിട്ടും സഹകരിക്കുന്നില്ളെന്നും ഫണ്ട് വിനിമയത്തിന്‍െറ വിവരങ്ങള്‍ കൈമാറാന്‍ സന്നദ്ധത കാണിക്കുന്നില്ളെന്നും ആരോപിച്ച സി.ബി.ഐ, ജാമ്യം അനുവദിച്ച ഹൈകോടതി ഉത്തരവ് അന്വേഷണത്തിന് ദോഷംചെയ്യുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. വിദേശസംഭാവന നിയന്ത്രണ നിയമം ലംഘിക്കപ്പെട്ടതായി പ്രഥമദൃഷ്ട്യാ കണ്ടത്തെിയെങ്കിലും അത് ദേശീയസുരക്ഷക്ക് ഭീഷണിയാകുന്നതെങ്ങനെയെന്ന് ചോദിച്ചാണ് ഹൈകോടതി ദമ്പതികളെ കസ്റ്റഡിയില്‍ വേണമെന്ന സി.ബി.ഐ ആവശ്യം തള്ളിയത്.
 

ബി.സി.സി.ഐ പ്രസിഡന്‍റ്: ചരടുവലി സജീവം

Posted: 25 Sep 2015 10:52 AM PDT

Image: 
Subtitle: 
സൗരവ് ഗാംഗുലി കാബ് പ്രസിഡന്‍റായി ചുമതലയേറ്റു

ന്യൂഡല്‍ഹി: പ്രത്യക്ഷ ശത്രുവായ എന്‍. ശ്രീനിവാസന് കൈാടുത്ത് ശരദ്പവാറും രാജീവ് ശുക്ളയെ ഇറക്കിക്കളിക്കാന്‍ അനുരാഗ് താക്കൂറും അമിതാഭ് ചൗധരിയെ ഉയര്‍ത്തിക്കാട്ടി കിഴക്കന്‍ മേഖലയും സജീവമാകുമ്പോള്‍ ബി.സി.സി.ഐ പ്രസിഡന്‍റ് പദവിക്കായുള്ള ചരടുവലികള്‍ ഇന്ത്യന്‍ ക്രിക്കറ്റ് അധികാരരംഗത്തെ ചൂടുപിടിപ്പിക്കുന്നു.

ബുധനാഴ്ച അര്‍ധരാത്രി നാഗ്പൂരില്‍ നടന്ന കൂടിക്കാഴ്ചയിലൂടെയാണ് ശരദ്പവാറും എന്‍. ശ്രീനിവാസനും കൈകോര്‍ത്തുനീങ്ങാനുള്ള ‘അദ്ഭുത’ തീരുമാനത്തില്‍ എത്തിയത്. മുന്‍ പ്രസിഡന്‍റുമാരുടെ ഈ ഒത്തുചേരല്‍ പുതിയൊരു ‘ട്വിസ്റ്റാണ്’ എതിരാളികള്‍ക്ക് സമ്മാനിച്ചത്.
അനുരാഗ് താക്കൂര്‍, ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ളക്കായി കളമൊരുക്കുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത സംഭവവികാസം വന്നത്തെിയത്.

അതേസമയം, ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാളിന്‍െറ(കാബ്) തലപ്പത്തേക്ക് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയത്തെി.  അസോസിയേഷന്‍ അംഗങ്ങളുടെ കൂട്ടായ തീരുമാനപ്രകാരം മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് സൗരവിനെ അസോസിയേഷന്‍ പ്രസിഡന്‍റായി പ്രഖ്യാപിച്ചത്. സൗരവ് വെള്ളിയാഴ്ച സ്ഥാനമേറ്റെടുത്തു.

നാണം കെട്ട് ബാഴ്സ

Posted: 25 Sep 2015 09:00 AM PDT

Image: 

ബാഴ്സലോണ: സ്പാനിഷ് ലീഗില്‍ ബാഴ്സലോണയുടെ കുതിപ്പിന് സെല്‍റ്റ വിഗ തടയിട്ടു. അഞ്ചാം മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ചാമ്പ്യന്‍ ബാഴ്സയെ സെല്‍റ്റ നാണം കെടുത്തി വിട്ടത്. ഒന്നാം പകുതിയില്‍ രണ്ട് ഗോളിന് പിന്നിട്ടു നില്‍ക്കുകയായിരുന്ന ബാഴ്സക്കായി എണ്‍പതാം മിനിറ്റില്‍ നെയ്മര്‍ ആശ്വാസഗോള്‍ നേടി. സമീപകാലത്തെ ബാഴ്സയുടെ ഏറ്റവും വലിയ തോല്‍വിയാണിത്.

ഈ ജയത്തോടെ സെല്‍റ്റ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും അതിന് അല്‍പ സമയമേ ആയുസ്സുണ്ടായിരുന്നുള്ളൂ. അത്ലറ്റിറ്റോ ബില്‍ബാവോയെ തകര്‍ത്ത് ബാഴ്സയുടെ ബദ്ധവൈരികളായ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു.

 

ആത്മവിശ്വാസത്തോടെ സഞ്ജു; ആവേശമാകാനൊരുങ്ങി രഞ്ജി

Posted: 25 Sep 2015 07:40 AM PDT

Image: 

മലപ്പുറം: രഞ്ജി ട്രോഫി 2015^16 സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേരള ടീം പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കഠിന പരിശീലനത്തില്‍. ഒരാഴ്ചയിലധികമായി പരിശീലകന്‍ പി. ബാലചന്ദ്രന്‍െറ നേതൃത്വത്തില്‍ താരങ്ങള്‍ ഇവിടെയുണ്ട്.
കഴിഞ്ഞദിവസം ക്യാപ്റ്റനും അന്താരാഷ്ട്ര താരവുമായ സഞ്ജു വി. സാംസണ്‍ കൂടി ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ പതിവിലും ആവേശത്തിലാണ് എല്ലാവരും. രഞ്ജി കിരീടമെന്ന കേരളത്തിന്‍െറ എക്കാലത്തെയും വലിയ സ്വപ്നം ഇത്തവണയെങ്കിലും കൈപ്പിടിയിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട് ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്. ഗ്രൂപ് സിയില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ നാലുവരെ ജമ്മു കശ്മീരിനെതിരെയാണ് ആതിഥേയരുടെ ആദ്യ മത്സരം. ശ്രീനഗറില്‍ നടക്കുന്ന മത്സരത്തിനായി രണ്ടു ദിവസത്തിനുള്ളില്‍ കേരള ടീം പുറപ്പെടും.

ആദ്യ ശ്രീനഗറില്‍ തീരുമാനിച്ച മത്സരം സാങ്കേതി കാരണങ്ങളാല്‍ പെരിന്തല്‍ മണ്ണയില നടത്തുമെന്നാണ് അറിയിച്ചത്. ഇതിനായി ജമ്മുകശ്മീര്‍ ടീം കേരളത്തിലേക്ക് വരാനിരിക്കെയാണ് മത്സരം ശ്രീനഗറില്‍ തന്നെ നടത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചത്.
ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരളത്തിന്‍െറ 15 അംഗ സംഘത്തെക്കൂടി പ്രഖ്യാപിച്ചതോടെ ബുധനാഴ്ച മുതല്‍ പരിശീലനം മുറുകി. ബലിപെരുന്നാള്‍ പ്രമാണിച്ച് ചില താരങ്ങള്‍ക്ക് വ്യാഴാഴ്ച അവധി നല്‍കിയിട്ടുണ്ട്. അടുത്തദിവസം പരിശീലനം പുനരാരംഭിക്കും. സെപ്റ്റംബര്‍ 29ന് ദക്ഷിണാഫ്രിക്ക എ ക്കെതിരായ ട്വന്‍റി 20 മത്സരത്തിനായി ഇടക്ക് ഡല്‍ഹിയില്‍ പോവുന്ന സഞ്ജു തുടര്‍ന്ന് വീണ്ടും ടീമിനൊപ്പം ചേരും.

ഇന്ത്യ എ^ബംഗ്ളാദേശ് എ പരമ്പരയില്‍ ബാറ്റിങ്ങില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച സഞ്ജു നല്ല ആത്മവിശ്വാസത്തിലാണ്. നായകന്‍െറ അധികചുമതലയും ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയുമെന്ന് 20കാരന്‍ കരുതുന്നു. ക്യാപ്റ്റനായി സഞ്ജുവിന്‍െറ രഞ്ജി ട്രോഫി അരങ്ങേറ്റം കൂടിയാണിത്. വി.എ. ജഗദീഷ്, അക്ഷയ് കോടോത്ത്, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, റൈഫി വിന്‍സെന്‍റ് ഗോമസ് തുടങ്ങിയവരുടെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യും. ഒക്ടോബര്‍ 15ന് ഝാര്‍ഖണ്ഡ്, നവംബര്‍ ഏഴിന് ത്രിപുര, 23ന് സൗരാഷ്ട്ര, ഡിസംബര്‍ ഒന്നിന് ഹിമാചല്‍ പ്രദേശ് എന്നിവര്‍ക്കെതിരായാണ് പെരിന്തല്‍മണ്ണയില്‍ കേരളത്തിന്‍െറ മറ്റ് മത്സരങ്ങള്‍. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ടീമിന്‍െറ ഹോം മത്സരങ്ങള്‍ക്ക് ഈ സ്റ്റേഡിയം വേദിയാകുന്നത്. 2012ല്‍ അസമിനും ഗോവക്കുമെതിരെ സമനില വഴങ്ങിയ ആതിഥേയര്‍ തുടര്‍ന്ന് ജമ്മു കശ്മീരിനോട് തോല്‍വി രുചിച്ചു. അവസാന കളിയില്‍ ഝാര്‍ഖണ്ഡിനെതിരെ ഇന്നിങ്സിന്‍െറയും 35 റണ്‍സിന്‍െറയും വിജയം ആഘോഷിച്ച കേരളം നിര്‍ത്തിയിടത്തുനിന്ന് തുടങ്ങാനുള്ള പുറപ്പാടിലാണ്.

 

ദുരന്തം വന്ന വഴി ; അവ്യക്തത തുടരുന്നു

Posted: 25 Sep 2015 03:45 AM PDT

Image: 

മക്ക: ഹജ്ജിനിടയില്‍ നടന്ന കാല്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തത്തിന്‍റെ കാരണം അവ്യക്തമായി തുടരുന്നു. ദുരന്തം വന്നത് ഏതു വഴിക്കാണെന്ന കാര്യത്തില്‍ പരസ്പര വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങളാണ് ഉണ്ടായിരിക്കുന്നത്.
1990ല്‍ 1426 പേര്‍ മരിച്ചതിനു ശേഷം ഇത്രയും വലിയ ജീവാപായം സംഭവിക്കുന്നത് ആദ്യമാണ്. സംഭവം അന്വേഷിക്കാന്‍ ഉത്തരവിട്ട സൗദി രാജാവ് ഹജ്ജ് സംഘാടനം പുന:പരിശോധിക്കാന്‍  തീരുമാനിച്ചിട്ടുണ്ട്.
തീര്‍ഥാടകരുടെ അച്ചടക്കം ഇല്ലായ്മയും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശം അവര്‍ അവഗണിച്ചതുമാണ് ദുരന്ത കാരണമെന്ന് സൗദി ആരോഗ്യമന്ത്രി ഖാലിദ് അല്‍ ഫാലിഹ് അഭിപ്രായപ്പെട്ടു. ജംറ പാലത്തിലേക്ക് നീങ്ങിയ തീര്‍ഥാടകര്‍ സ്ട്രീറ്റ് 204ല്‍ എത്തിയപ്പോള്‍ കല്ളേറു കര്‍മം കഴിഞ്ഞു അതേ റോഡില്‍ തിരിച്ചു വരുന്നവരുമായി കൂട്ടിമുട്ടിയെന്നും  അഭൂതപൂര്‍വമായ തിരക്കില്‍ എല്ലാം നിയന്ത്രണാതീതമായെന്നും സംഭവത്തെ· വ്യാഖ്യാനിക്കുന്നവരുണ്ട്. ടെന്‍റില്‍ നിന്ന് പാലത്തിലേക്കുള്ള വഴിയില്‍ അനുവാദമില്ലാതെ എത്തിയവരാണ് അപകടം വിളിച്ചു വരുത്തിയതെന്ന ആക്ഷേപവുമുണ്ട്. ഇവര്‍ക്ക് അനുവദിച്ച സമയത്തിനു മുമ്പാണത്രെ എത്തിയത്. മുന്നോട്ടു പോകരുതെന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശം അവര്‍ അവഗണിച്ചതായും പറയുന്നു.
45ഡിഗ്രി വരെ ചൂടുണ്ടായിരുന്നതിനാല്‍ ആളുകള്‍ ക്ഷീണിതരായിരുന്നുവെന്നും മാര്‍ഗ തടസ്സം ഉണ്ടാക്കി അവര്‍ റോഡില്‍ ഇരുന്നതാണ് തിക്കും തിരക്കും ഉണ്ടാകാന്‍ കാരണമെന്നും ചില കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ജംറ പാലത്തിലേക്കുള്ള റോഡുകള്‍ പൊലീസ് അടച്ച് ഒരെണ്ണം മാത്രം  തുറന്നതാണ് അപകടകാരണം എന്ന് വ്യാഖ്യാനിക്കുന്നവരും ഉണ്ട്.
ജനക്കൂട്ടത്തെ· നിയന്ത്രിക്കുന്നതില്‍ വീഴ്ച ഉണ്ടായെന്നാണ് മക്കയിലെ ഇസ് ലാമിക് ഹെരിറ്റേജ് റിസര്‍ച് ഫൌണ്ടേഷന്‍ സ്ഥാപകന്‍ ഇര്‍ഫാന്‍ അല്‍ അലവി അഭിപ്രായപ്പെട്ടത്. അപകടത്തില്‍ നടുക്കം രേഖപ്പെടുത്തിയ  ലോകരാഷ്ട്രങ്ങള്‍ സൗദി ഭരണകൂടത്തിനു എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. എന്നാല്‍ ഇറാന്‍ ഗവര്‍മെന്‍റ് സൗദിയെ വിമര്‍ശിച്ചു.
 

കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി സസ്പെന്‍റ് ചെയ്തു

Posted: 25 Sep 2015 03:16 AM PDT

Image: 

തിരുവനന്തപുരം: അഴിമതി ആരോപണത്തിന്‍െറ നിഴലിലായ കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതിക്ക് സസ്പെന്‍ഷന്‍. സഹകരണവകുപ്പ് രജിസ്ട്രാറാണ് സസ്പെന്‍ഷന്‍ ഉത്തരവിറക്കിയത്. അഴിമതി അന്വേഷണത്തിന്‍െറ ഭാഗമായാണ് നടപടി. സഹകരണ വകുപ്പ്  ജോയിന്‍റ് രജിസ്ട്രാര്‍ക്ക്(എറണാകുളം)താല്‍ക്കാലിക ഭരണച്ചുമതല നല്‍കിയിട്ടുണ്ട്. കണ്‍സ്യൂമര്‍ഫെഡ് അഴിമതി ആരോപണങ്ങളില്‍ സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്തത്.
ആരോപണങ്ങളെ തുടര്‍ന്ന് മാസങ്ങള്‍ക്കുമുമ്പ് റിജി ജി. നായരെ എം.ഡി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇതിനുശേഷവും  ഭരണസമിതിക്കെതിരായ ആരോപണങ്ങള്‍ തുടര്‍ന്നു. ഇത് ഭരണസമിതിയില്‍ ചേരിപ്പോരിന് വഴിവെച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും ഡയറക്ടര്‍ ബോര്‍ഡംഗവുമായ സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രസിഡന്‍റ് ജോയി തോമസിനെതിരെ രംഗത്തുവന്നു. സ്ഥാപനത്തില്‍ കോടികളുടെ അഴിമതി നടന്നതായി എം.ഡിയായിരുന്ന ടോമിന്‍ തച്ചങ്കരി നിയോഗിച്ച സമിതി കണ്ടത്തെിയതോടെ ഭരണസമിതിയിലെ ചേരിപ്പോര് മൂര്‍ച്ഛിച്ചു. തര്‍ക്കം പരിഹരിക്കാന്‍ കെ.പി.സി.സി നേതൃത്വം ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. മദ്യവില്‍പനയുടെ ഇന്‍സെന്‍റിവ് ഇനത്തില്‍ ലഭിച്ച 30 കോടി സ്ഥാപനത്തിന് ലഭിച്ചില്ളെന്നും 2013ല്‍ ഓണത്തിന് വാങ്ങിയ 600 ലോഡ് ജയ അരി ഗോഡൗണില്‍ എത്തിയില്ളെന്നതുമടക്കം നിരവധി ക്രമക്കേടുകളാണ് അന്വേഷണത്തില്‍ കണ്ടത്തെിയത്. തുടര്‍ന്ന് പ്രസിഡന്‍റും എം.ഡിയും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനൊടുവില്‍ ടോമിന്‍ തച്ചങ്കരിക്ക് സ്ഥാനം നഷ്ടമായി. ഇതിനിടെ ജോയ് തോമസിനെ നീക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ കത്തുനല്‍കിയ വിവരം പുറത്തുവന്നതോടെ പ്രശ്നത്തിന് രാഷ്ടീയമാനം കൈവന്നു. ജോയ് തോമസിനെ മാറ്റാനാകില്ളെന്ന് ഐ ഗ്രൂപ് കര്‍ശന നിലപാടെടുത്തതോടെ തെരഞ്ഞെടുക്കപ്പെട്ടയാളെ പദവിയില്‍നിന്ന് സര്‍ക്കാറിന് മാറ്റാനാകില്ളെന്ന വാദത്തോട് മുഖ്യമന്ത്രിക്കും യോജിക്കേണ്ടിവന്നു.
അതിനിടെ കണ്‍സ്യൂമര്‍ഫെഡിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് സതീശന്‍ പാച്ചേനി അധ്യക്ഷനായി മൂന്നംഗ സമിതിയെ നിയമിച്ചു. ചെയര്‍മാന്‍ ജോയ് തോമസിന്‍െറയും മുന്‍ എം.ഡി. റിജി.ജി. നായരുടെയും നേതൃത്വത്തില്‍ വന്‍ തട്ടിപ്പ് നടന്നതായാണ് കഴിഞ്ഞ ചൊവ്വാഴ്ച ഡയറക്ടര്‍ ബോര്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സതീശന്‍ പാച്ചേനി ചൂണ്ടിക്കാട്ടിയത്. കുറ്റക്കാരായ 15 ജീവനക്കാരുടെ പേരുവിവരങ്ങളോടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തച്ചങ്കരി നിയോഗിച്ച ആഭ്യന്തര അന്വേഷണസമിതി കണ്ടത്തെിയ ക്രമക്കേടുകള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് പാച്ചേനി അധ്യക്ഷനായ ഉപസമിതിയും തയാറാക്കിയത്. എന്നാല്‍, റിപ്പോര്‍ട്ട് ഭരണസമിതിയോഗം തള്ളിയതായി പ്രസിഡന്‍റ്  പ്രഖ്യാപിച്ചു. അതേസമയം കണ്‍സ്യൂമര്‍ഫെഡിനെതിരെ ഉയര്‍ന്ന മുഴുവന്‍ ആക്ഷേപങ്ങളും സഹകരണവകുപ്പ് അന്വേഷിച്ച് വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്ന ആവശ്യവും ജോയ് തോമസ് ഉന്നയിച്ചു. റിപ്പോര്‍ട്ട് ഭരണസമിതി പരിഗണിച്ച ദിവസം കൊച്ചിയിലെ കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത്  ജീവനക്കാര്‍ ചേരിതിരിഞ്ഞ് നടത്തിയ പോര്‍വിളി ലാത്തിച്ചാര്‍ജില്‍ കലാശിച്ചിരുന്നു.
ഈ സംഭവങ്ങള്‍ക്കൊടുവിലാണ് അഴിമതി ആരോപണങ്ങളില്‍ സമഗ്ര അന്വേഷണത്തിന് സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉത്തരവിട്ടത്. ഈ ഉത്തരവിന് പിന്നാലെയാണ് ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP