സ്വാഗതം
WELCOME

News Update..

Tuesday, September 15, 2015

മസ്ജിദുല്‍ അഖ്സയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം Madhyamam News Feeds

മസ്ജിദുല്‍ അഖ്സയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം Madhyamam News Feeds

Link to a feed

മസ്ജിദുല്‍ അഖ്സയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം

Posted: 15 Sep 2015 12:45 AM PDT

Image: 

ജറൂസലേം: സംഘര്‍ഷാവസ്ഥ തുടരുന്ന മസ്ജിദുല്‍ അഖ്സക്ക് സമീപം മൂന്നാം ദിവസവും ഫലസ്തീനികളും ഇസ്രായേല്‍ പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പള്ളിയുടെ മുകളില്‍ ഇസ്രായേല്‍ പൊലീസ് കയറിയതാണ് സംഘര്‍ഷത്തിന് കാരണം. സംഘര്‍ഷത്തില്‍ 17 ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഇസ്രായേല്‍ പൊലീസ് ഫലസ്തീനികള്‍ക്ക് നേരെ റബ്ബര്‍ ബുളളറ്റുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഫലസ്തീനികള്‍ പൊലിസിന് നേരെ കല്ളെറിഞ്ഞു.

കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ പള്ളിക്കകത്ത് ടിയര്‍ ഗ്യാസും ഗ്രനേഡും പ്രയോഗിക്കുകയും പള്ളിക്ക് കേടുപാടുകളുണ്ടാക്കുകയും ചെയ്തിരുന്നു. സംഘര്‍ഷങ്ങളുടെ പേരില്‍ വിശുദ്ധ ഗേഹത്തിലേക്കുള്ള പ്രവേശം തടയാനുള്ള ഇസ്രായേലിന്‍െറ പദ്ധതിയുണ്ടെന്ന് കരുതപ്പെടുന്നു. തീവ്ര ജൂത വിഭാഗങ്ങള്‍ പള്ളിയില്‍ പ്രവേശത്തിനും ജൂതപ്രാര്‍ഥനാ കേന്ദ്രത്തിനും വേണ്ടി ദീര്‍ഘകാലമായി മുറവിളികൂട്ടുന്നുണ്ട്.

ലോക പട്ടികയില്‍ ഇന്ത്യയിലെ രണ്ട് വിദ്യാഭാസ സ്ഥാപനങ്ങളും

Posted: 15 Sep 2015 12:33 AM PDT

Image: 

ലണ്ടന്‍: ഇന്ത്യയിലെ രണ്ട് ഉന്നത വിദ്യാഭാസ സ്ഥാപനങ്ങള്‍ ലോകത്തിലെ മികച്ച സര്‍വകലാശാലകളുടെ പട്ടിക (ടോപ്പ് 200 ലിസ്റ്റ്)യില്‍ ആദ്യമായി ഇടംനേടി. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയാണ് ഈ വര്‍ഷത്തെ ടോപ്പ് 200 ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. 147ഉം 179ഉം റാങ്കുകളാണ് യഥാക്രമം സ്ഥാപനങ്ങള്‍ക്ക് ലഭിച്ചത്.

എന്നാല്‍, ഡല്‍ഹി, മുംബൈ സര്‍വകലാശാലകള്‍ പട്ടികയില്‍ നിന്ന് പുറത്തായി. 2015ലെ ക്യു.എസ് വേള്‍ഡ് യൂനിവേഴ്സിറ്റി റാങ്കിങ്ങില്‍ ഇന്ത്യയിലെ 14 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഉള്‍പ്പെട്ടത്.

മാസാച്യുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്കാണ് പട്ടികയില്‍ ഒന്നാം സ്ഥാനം. കേംബ്രിഡ്ജ്, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലകളാണ് തൊട്ട് പിന്നില്‍. ആദ്യ 50 സ്ഥാപനങ്ങളുടെ പട്ടികയില്‍ ലണ്ടന്‍ നഗരത്തിലെ നാല് സര്‍വകലാശാലകള്‍ ഇടംപിടിച്ചു. ഈ പദവി ലഭിക്കുന്ന ലോകത്തിലെ ഏക നഗരമാണ് ലണ്ടന്‍.

ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് 40 അംഗ പട്ടികയില്‍ ആദ്യമായി സ്ഥാനം നേടി. 34 രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ടോപ്പ് 200 ലിസ്റ്റില്‍ ഉള്‍പ്പെട്ടത്.  
 

ബിഹാര്‍: എന്‍.ഡി.എ സീറ്റ് വിഭജനം ഞെട്ടിച്ചെന്ന് ചിരാഗ് പാസ്വാന്‍

Posted: 15 Sep 2015 12:22 AM PDT

Image: 

പട്ന: സീറ്റ് വിഭജനം പൂര്‍ത്തിയായ ബിഹാറിലെ എന്‍.ഡി.എ സഖ്യത്തില്‍ വീണ്ടും കല്ലുകടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജിച്ച ബി.ജെ.പിയുടെ രീതിക്കെതിരെയാണ് ലോക് ജനശക്തി പാര്‍ട്ടി രംഗത്തുവന്നത്. എന്‍.ഡി.എ സീറ്റ് വിഭജനം ഞെട്ടിച്ചെന്ന് എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന്‍ പറഞ്ഞു.

കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കണമെന്ന് മുന്നണിക്ക് നേതൃത്വം നല്‍കുന്ന ബി.ജെ.പിയേട് എല്‍.ജെ.പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ ആവശ്യം നിരാകരിച്ചു. ഉപേന്ദ്ര കുശ്വാഹ, ജിതന്‍ റാം മാഞ്ചി എന്നിവര്‍ വളരെ ബഹുമാനം നല്‍കുന്ന ഘടകകക്ഷി നേതാക്കളാണ്. പ്രതീക്ഷിച്ച സീറ്റുകള്‍ ലഭിച്ചില്ളെങ്കിലും എന്‍.ഡി.എ സഖ്യത്തിനൊപ്പം നില്‍ക്കുമെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു.

സീറ്റ് വിഭജന ചര്‍ച്ചയില്‍ 41^42 സീറ്റുകള്‍ റാം വിലാസ് പാസ്വാന്‍ ആവശ്യപ്പെട്ടെങ്കിലും 40 സീറ്റുകളാണ് ബി.ജെ.പി നല്‍കിയത്.  

ബിഹാര്‍ നിയമസഭയിലെ 243 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 160 സീറ്റുകളില്‍ ബി.ജെ.പി മത്സരിക്കും. പാസ്വാന്‍ നേതൃത്വം നല്‍കുന്ന എല്‍.ജെ.പിക്ക് 40ഉം ഉപേന്ദ്ര കുശ്വാഹയുടെ ആര്‍.എസ്.എല്‍.പിക്ക് 23ഉം ജിതന്‍ റാം മാഞ്ചിയുടെ എച്ച്.എ.എമ്മിന് 20ഉം സീറ്റുകള്‍ നല്‍കി.

 

ഒറ്റപ്പാലം താലൂക്ക് റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി: നിക്ഷേപകര്‍ പണം തിരികെ കിട്ടാന്‍ ഓഫിസുകള്‍ കയറിയിറങ്ങുന്നു

Posted: 15 Sep 2015 12:03 AM PDT

ശ്രീകൃഷ്ണപുരം: കോട്ടപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒറ്റപ്പാലം താലൂക്ക് റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവര്‍ ദുരിതത്തില്‍. സൊസൈറ്റി തകര്‍ന്നതോടെ പണം തിരികെ കിട്ടാതെ നിക്ഷേപകര്‍ കോടതിയും സഹകരണ അസി. രജിസ്ട്രാറുടെ ഓഫിസുകളും കയറിയിറങ്ങുന്നു. നൂറുകണക്കിനാളുകള്‍ ചെറുതും വലുതുമായ തുകകള്‍ സൊസൈറ്റിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. 12 ലക്ഷം രൂപവരെ നിക്ഷേപിച്ചവരും കൂട്ടത്തിലുണ്ട്. രണ്ട് കോടിയിലധികം രൂപ നഷ്ടപ്പെട്ടതായാണ് വിവരം.
സംയുക്തമായും ചിലര്‍ സ്വന്തമായും കേസ് നടത്തിവരുന്നു. സംഘം ഇപ്പോള്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ്.
ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയതാണ് സംഘത്തിന്‍െറ തകര്‍ച്ചക്ക് പ്രധാന കാരണമായതെന്ന് നിക്ഷേപകര്‍ കുറ്റപ്പെടുത്തുന്നു. സംഘത്തിന്‍െറ സ്റ്റോക്കില്‍ ഓഡിറ്റ് വിഭാഗം കുറവ് കണ്ടത്തെിയിരുന്നു.
ഇതിനെ തുടര്‍ന്ന് സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥനില്‍നിന്ന് 1,13,00,000 രൂപ റവന്യൂ റിക്കവറി നടത്താന്‍ രജിസ്ട്രാര്‍ ഓഫിസില്‍നിന്ന് റവന്യൂ വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍, റവന്യൂ റിക്കവറി നടപടി നിര്‍ത്തിവെച്ചിരിക്കുകയാണ്. കുറ്റക്കാരനായ ഉദ്യോഗസ്ഥന്‍ ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ജപ്തി നടപടി നിര്‍ത്തിവെച്ചത്.
റവന്യൂ റിക്കവറി നടത്തി പണം നിക്ഷേപകര്‍ക്ക് നല്‍കണമെന്ന് നിക്ഷേപകരുടെ സംഘടനാ പ്രസിഡന്‍റ് എം.ടി. വിജയന്‍, സെക്രട്ടറി എ. നാരായണന്‍കുട്ടി, നാരായണന്‍ നമ്പൂതിരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ടാങ്കര്‍ മാറ്റിയത് 15 മണിക്കൂറിന് ശേഷം; പ്രതിഷേധവുമായി നാട്ടുകാര്‍

Posted: 14 Sep 2015 11:51 PM PDT

വളാഞ്ചേരി: ദേശീയപാതയിലെ വട്ടപ്പാറയില്‍ മറിഞ്ഞ പാചകവാതക ടാങ്കര്‍ലോറി അപകടസ്ഥലത്തുനിന്ന് മാറ്റിയത് 15 മണിക്കൂറിന് ശേഷം. തിങ്കളാഴ്ച പുലര്‍ച്ചെ ടാങ്കര്‍ അപകടത്തില്‍പെട്ടെങ്കിലും രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കാതിരുന്നത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കി.
35 ടണ്ണിലധികം ഭാരമുള്ള ടാങ്കര്‍ ഉയര്‍ത്താന്‍ തിരൂരില്‍നിന്ന് കൊണ്ടുവന്നത് കുറഞ്ഞ ഭാരമുയര്‍ത്താന്‍ ശേഷിയുള്ള ക്രെയിനുകളായിരുന്നു. ഇതുപയോഗിച്ച് ഒരു മണിക്കൂര്‍ പരിശ്രമിച്ചിട്ടും ഉയര്‍ത്താന്‍ സാധിച്ചില്ല.
കൂടുതല്‍ ശേഷിയുള്ള ക്രെയിന്‍ കൊണ്ടുവരാമെന്ന് തിരൂരില്‍നിന്നുള്ള സംഘം അറിയിച്ചെങ്കിലും അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് രാമനാട്ടുകരയില്‍നിന്ന് മറ്റൊരു കമ്പനിയുടെ ക്രെയിന്‍ കൊണ്ടുവരാന്‍ തീരുമാനിച്ചു. ഇവിടെനിന്ന് ഉച്ചക്ക് ഒന്നോടെയത്തെിയ ക്രെയിനിനും ടാങ്കര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. പിന്നീട് അതേ കമ്പനിയുടെ തന്നെ 50 ടണ്‍ ഭാരം ഉയര്‍ത്താന്‍ ശേഷിയുള്ള ക്രെയിന്‍ വൈകീട്ട് 5.30ഓടെ എത്തിച്ചാണ് ടാങ്കര്‍ ഉയര്‍ത്തിയത്. പാചകവാതക ചോര്‍ച്ചയില്ലാതിരുന്നിട്ടും പ്രദേശത്തെ വൈദ്യുതിബന്ധം രാവിലെ മുതല്‍ വിച്ഛേദിച്ചിരുന്നു. ഇത് കാവുംപുറം, മുരിങ്ങത്താഴം, വട്ടപ്പാറ, വടക്കേകുളമ്പ് പ്രദേശങ്ങളിലെ ജനജീവിതത്തെ കാര്യമായി ബാധിച്ചു. ഭക്ഷണം പാകംചെയ്യാനും പലരും ഭയപ്പെട്ടു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വൈകീട്ട് കുറച്ചുനേരം വൈദ്യുതിബന്ധം പുന$സ്ഥാപിച്ചു. ഗതാഗതം തടസ്സപ്പെട്ടത് യാത്രക്കാരെയും വലച്ചു.
കോഴിക്കോട് ഭാഗത്തുനിന്ന് വന്ന വാഹനങ്ങള്‍ കഞ്ഞിപ്പുര-മൂടാല്‍ ബൈപാസ് വഴിയും വളാഞ്ചേരി ഭാഗത്തുനിന്ന് വന്ന വാഹനങ്ങള്‍ താണിയപ്പന്‍കുന്ന് കാടാമ്പുഴ വഴിയുമാണ് തിരിച്ചുവിട്ടത്. ദീര്‍ഘദൂര വാഹനങ്ങള്‍ ഭൂരിഭാഗവും വളാഞ്ചേരി ടൗണിലത്തൊതിരുന്നത് പ്രയാസകരമായി.
പ്രദേശത്തെ സ്കൂളുകളില്‍ പരീക്ഷക്ക് എത്താന്‍ വിദ്യാര്‍ഥികള്‍ ഏറെ പ്രയാസപ്പെട്ടു.
ചേളാരി ഐ.ഒ.സി ഓഫിസ് മാനേജര്‍ കെ. ലക്ഷ്മിപതി, അസി. മാനേജര്‍ എം. നവീന്‍, ഡെപ്യൂട്ടി കലക്ടര്‍ സി. അബ്ദുല്‍ റഷീദ്, ആര്‍.ഡി.ഒ ഡോ. ജെ.ഒ. അരുണ്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.പി. ഗോവിന്ദന്‍കുട്ടി, ഡിവൈ.എസ്.പി പി. വേണുഗോപാല്‍, വളാഞ്ചേരി സി.ഐ കെ.ജി. സുരേഷ്, വളാഞ്ചേരി എസ്.ഐ പി.എം. ഷമീര്‍, കാടാമ്പുഴ എസ്.ഐ കെ.ആര്‍. രഞ്ജിത്, ജില്ലാ ഫയര്‍ഫോഴ്സ് ഓഫിസര്‍ അഷ്റഫലി, പൊന്നാനി സ്റ്റേഷന്‍ ഓഫിസര്‍ സാബു ജോസഫ്, ലീഡിങ് ഫയര്‍മാന്‍ വിനു ജസ്റ്റിന്‍, തിരൂര്‍ ലീഡിങ് ഫയര്‍മാന്‍ കെ.എം. ഷാജഹാന്‍, ഫയര്‍മാന്‍ അബ്ദുല്‍ ജലീല്‍, ജോയന്‍റ് ആര്‍.ടി.ഒ എം.പി. സുഭാഷ് ബാബു, എ.എം.വി.ഐമാരായ അഷ്റഫ് സൂര്‍പ്പില്‍, രാജേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ, വളാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

ധനവകുപ്പ് പണം നല്‍കുന്നില്ല: ഓയില്‍പാം നെല്ല് സംഭരണം നിര്‍ത്തി

Posted: 14 Sep 2015 11:48 PM PDT

കോട്ടയം: ധനവകുപ്പിന്‍െറ കടുംപിടിത്തത്തെ തുടര്‍ന്ന് ഓയില്‍പാം ഇന്ത്യ ലിമിറ്റഡ് നെല്ല് സംഭരണം നിര്‍ത്തി. 2011 മുതല്‍ നെല്ല് സംഭരിച്ച വകയില്‍ സബ്സിഡി ഇനത്തില്‍ സര്‍ക്കാര്‍ നല്‍കാനുള്ള 7.5 കോടി നല്‍കാത്ത സാഹചര്യത്തിലാണ് തീരുമാനം. ഓയില്‍പാം സംഭരിക്കുന്ന നെല്ലിനും സപൈ്ളകോക്ക് നല്‍കുന്ന അതേ സബ്സിഡി നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, 43ലക്ഷം മാത്രമാണ് ഇതുവരെ അനുവദിച്ചത്. പുതിയ സീസണിലേക്കുള്ള സംഭരണനടപടികളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്.
സര്‍ക്കാര്‍ സമ്മര്‍ദത്തെതുടര്‍ന്നാണ് ഓയില്‍പാം നെല്ല് സംഭരണം തുടങ്ങിയതെന്ന് ചെയര്‍മാന്‍ ഷെയ്ഖ് പി. ഹാരിസ് പറഞ്ഞു. 10 കോടി ചെലവിട്ടാണ് വൈക്കം വെച്ചൂരില്‍ മോഡേണ്‍ റൈസ് മില്‍ സ്ഥാപിച്ചത്. ഇതിനൊപ്പം നെല്ല് സംഭരണത്തിനായി 10 കോടിയും ചെലവഴിച്ചു. എണ്ണപ്പന കൃഷിയില്‍നിന്നുള്ള വരുമാനമാണ് ഇതിനായി ചെലവഴിച്ചത്. എന്നാല്‍, സബ്സിഡി തുക ലഭിക്കാത്തതിനാല്‍ കോര്‍പറേഷന്‍ വന്‍ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നെല്ളെടുക്കുന്നത് അവസാനിപ്പിക്കുന്നത്.
സപൈ്ളകോയെ അപേക്ഷിച്ച് വേഗത്തില്‍ തുക ലഭിക്കുന്നതിനാല്‍ ഓയില്‍പാമിന് നെല്ല് നല്‍കാനായിരുന്നു കര്‍ഷകര്‍ക്ക് താല്‍പര്യം. സ്വകാര്യ മില്ലുകാരുടെ ചൂഷണത്തിനിടെ ഇത് കര്‍ഷകര്‍ക്ക് ആശ്വാസവുമായിരുന്നു. ഓയില്‍പാമിന്‍െറ വരവോടെ കടുത്ത നിബന്ധനകളില്‍ ഉളവ് വരുത്താന്‍ സ്വകാര്യ മില്ലുകാര്‍ നിര്‍ബന്ധിതരുമായിരുന്നു. കുട്ടനാട്ടില്‍ നിന്നും പാലക്കാട്ടുനിന്നുമായിരുന്നു ഓയില്‍പാം നെല്ളെടുത്തിരുന്നത്. ഇത് വെച്ചൂരിലെ ഓയില്‍പാം മില്ലില്‍ എത്തിച്ച് ഇവിടെനിന്ന് കുട്ടനാട് റൈസ് എന്ന ബ്രാന്‍ഡില്‍ കലര്‍പ്പില്ലാത്ത കുട്ടനാടന്‍ അരി വിപണിയിലിറക്കുകയായിരുന്നു. 2011 മുതല്‍ '14 വരെ ഓയില്‍ പാം ഇന്ത്യാ ലിമിറ്റഡ് 8924ടണ്‍ നെല്ലാണ് സംഭരിച്ചത്.
തുടക്കത്തില്‍ വന്‍ മുതല്‍മുടക്കുണ്ടായിരുന്നതിനാല്‍ അരി വിറ്റ് പിടിച്ചുനില്‍ക്കാനാകില്ളെന്നാണ് ഓയില്‍പാം അധികൃതര്‍ പറയുന്നു. സര്‍ക്കാര്‍ താങ്ങുവിലയായ 19 രൂപക്കാണ് കമ്പനി നെല്ല് എടുക്കുന്നത്. പുറത്തുനിന്ന് 13-14 രൂപക്ക് നെല്ല് ലഭിക്കുന്ന സാഹചര്യമുണ്ടെന്നും ഇങ്ങനെ നെല്ളെടുത്ത് അരിയാക്കിയാല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കാനാകുമെന്നും അവര്‍ പറഞ്ഞു. 25 വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഓയില്‍പാം ഇന്ത്യ ലിമിറ്റഡിന് പിടിച്ചുനില്‍ക്കാനാകാത്ത സ്ഥിതിയാണുള്ളത്. പാമോയിലിന്‍െറ വില കുറഞ്ഞുവരുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി നെല്ല് സംഭരണത്തിനുള്ള സൈലോ നിര്‍മിക്കാന്‍ ഓയില്‍പാമിന് 10കോടി അനുവദിച്ചിരുന്നു. ഇതിന്‍െറ നിര്‍മാണം ഒക്ടോബറില്‍ പകുതിയോടെ പൂര്‍ത്തിയാകും.
വര്‍ഷം 11,000 മെട്രിക്ക് ടണ്‍ നെല്ല് സംഭരിക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. ഇതിനിടെയാണ് സര്‍ക്കാര്‍ തുക നല്‍കാത്തതുമൂലം സംഭരണത്തില്‍നിന്നുതന്നെ ഓയില്‍പാം പിന്മാറുന്നത്.

500 രൂപ കൂലി നടപ്പാക്കിയാല്‍ തോട്ടം മേഖല സ്തംഭിക്കും ^ഷിബു ബേബി ജോണ്‍

Posted: 14 Sep 2015 11:47 PM PDT

Image: 

കോഴിക്കോട്:  മൂന്നാറിലെ തേയില തൊഴിലാളികള്‍ ആവശ്യപ്പെട്ടതുപോലെ 500 രൂപ കൂലി നല്‍കിയാല്‍ തോട്ടം മേഖല സ്തംഭിക്കുമെന്ന്  തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. ട്രേഡ് യൂണിയനുകള്‍ക്കുനേരെയുള്ള വിമര്‍ശനങ്ങള്‍ക്കെതിരെയും മന്ത്രി മുന്നറിയിപ്പ് നല്‍കി. ട്രേഡ് യൂണിയനുകളെ അടച്ചാക്ഷേപിക്കുന്നത് അരാജകത്വം വര്‍ധിപ്പിക്കും. പ്രതിപക്ഷ നേതാവാണെന്ന് കരുതി വി.എസ് എന്തും പറയരുതെന്നും കയ്യടിക്കുവേണ്ടി 500 രൂപ നടപ്പാക്കിയാല്‍ തൊഴിലാളികള്‍ പിന്നീട് കഷ്ടപ്പെടുമെന്നും മന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കേരളത്തില്‍ ഉല്‍പാദനം കുറവും വില കൂടുതലുമാണ്. എന്നാല്‍, കേരളത്തിന്‍റെ തേയിലക്ക് വിലക്കുറവാണ്. ഈ സാഹചര്യത്തില്‍ എല്ലാവരും ഗൗരവത്തോടെ വിഷയത്തെ സമീപിക്കണം. എങ്കിലേ, ഈ മേഖല നിലില്‍ക്കൂ. ഇക്കാര്യത്തില്‍ ഏറെ ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞു.

ട്രേഡ് യൂണിയനുകളെ മൊത്തത്തില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല. എല്ലാവരും കള്ളന്‍മാരാണെന്ന് പറയാനാവില്ല. ട്രേഡ് യൂണിയന്‍ നേതാക്കളില്‍ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഉണ്ടെങ്കില്‍ അവരെ മാറ്റി പുതിയ നേതൃത്വത്തെ ഏല്‍പിക്കുകയാണ് വേണ്ടത്.
താന്‍ മന്ത്രിക്കസേരയില്‍ ഇരിക്കണമോയെന്ന് തൊഴിലാളികള്‍ തീരുമാനിക്കും. തൊഴിലാളികള്‍ക്ക് താല്‍പര്യമില്ളെങ്കില്‍  മന്ത്രക്കസേര ഒഴിയുമെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ വകുപ്പിന് കീഴില്‍ ഉള്ള കൗശല്‍ കേന്ദ്രയുടെ ഉദ്ഘാടനത്തിനായി കോഴിക്കോട് എത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.

എന്നാല്‍, തൊഴില്‍ മന്ത്രിയുടെ പ്രസ്താവനക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. എല്ലാം ഉറപ്പു നല്‍കിയതിനുശേഷം നയം മാറ്റുന്നത് കടുത്ത വിശ്വാസ വഞ്ചനയാണെന്നും ഇതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ബിജിമോള്‍ എം.എല്‍.എ പ്രതികരിച്ചു.

ഷിബുവിന്‍െറ പ്രസ്താവന കൂലി വര്‍ദ്ധന അട്ടിമറിക്കാനെന്ന് വി. എസ്

Posted: 14 Sep 2015 11:46 PM PDT

Image: 

തിരുവനന്തപുരം: തൊഴിലാളികളുടെ ദിവസക്കൂലി അഞ്ഞൂറ് രൂപയാക്കിയാല്‍ തോട്ടം മേഖല നിശ്ചലമാകുമെന്ന മന്ത്രി ഷിബു ബേബി ജോണിന്‍െറ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യതാനന്ദന്‍. കൂലി വര്‍ധന അട്ടിമറിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണ് ഷിബുവിന്‍െറ പ്രസ്താവനയെന്ന് വി.എസ് പറഞ്ഞു. മൂന്നാറിലെ കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്‍േറഷന്‍സ് (കെ.ഡി.എച്ച്.പി) കമ്പനിക്കുവേണ്ടി വാദിക്കുന്ന ഷിബു, മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ യോഗ്യന െല്ലന്നും വി.എസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

തൊഴില്‍ മന്ത്രി എന്ന നിലയില്‍ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനും തൊഴിലാളികള്‍ക്ക് ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കാനും ബാധ്യതയുള്ളയാളാണ് ഷിബു ബേബിജോണ്‍. എന്നാല്‍ തുടക്കം മുതല്‍ അദ്ദേഹം മുതലാളിമാരുടെ പക്ഷം ചേര്‍ന്നാണ് സംസാരിക്കുന്നത്. ജനങ്ങളോടും തൊഴിലാളികളോടും ബാധ്യതയുള്ള ഭരണാധികാരിയുടെ സ്വരമല്ല മറിച്ച്, ഒരു ബിസിനസുകാരന്‍റെ സ്വരമാണ് ഷിബു ബേബിജോണിന്‍റെ വാക്കുകളിലൂടെ പുറത്തുചാടുന്നത്.

കഴിഞ്ഞ ദിവസമുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകളനുസരിച്ച് ദിവസക്കൂലി അഞ്ഞൂറ് രൂപയായി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.  ഇത് 26ന് ചേരുന്ന പ്ളാന്‍റേഷന്‍ ലേബര്‍ കമ്മിറ്റി (പി.എല്‍.സി) ചര്‍ച്ച ചെയ്യാനിരിക്കുകയാണ്. ഈ ഘട്ടത്തില്‍ തൊഴില്‍ മന്ത്രിതന്നെ കൂലി വര്‍ദ്ധിപ്പിക്കുന്നത് അപകടകരമാണെന്ന പ്രസ്താവന നടത്തുന്നത് കമ്മിറ്റിയുടെ തീരുമാനം കമ്പനി മാനേജ്മെന്‍റിന് അനുകൂലമാക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ചര്‍ച്ചയില്‍ കൈക്കൊണ്ട തീരുമാനം അട്ടിമറിക്കാനുമാണെന്നും വി.എസ് പറഞ്ഞു.

ഈ സാഹചര്യത്തില്‍ 26ന് ചേരുന്ന പി.എല്‍.സി യോഗത്തില്‍ ഷിബു ബേബിജോണ്‍ പങ്കെടുക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. അതുകൊണ്ട് യോഗത്തില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കണമെന്നും തൊഴിലാളികള്‍ക്ക് നല്‍കിയ വാക്കുപാലിക്കാന്‍ നടപടിയുണ്ടാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

അഭയാര്‍ഥി നിയമം കടുപ്പിച്ച് ഹംഗറിയും

Posted: 14 Sep 2015 11:00 PM PDT

Image: 

ബുഡാപെസ്റ്റ്: പശ്ചിമേഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും യൂറോപ്പിലേക്ക് അഭയാര്‍ഥി പ്രവാഹം തുടരുന്നതിനിടെ കടുത്ത നിയമ നടപടിയുമായി
ഹംഗറി രംഗത്ത്. അനുമതിയില്ലാതെ രാജ്യത്തേക്ക് കടക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്നതടക്കമുള്ള നിയമം ഹംഗറി നടപ്പാക്കി.

ആഫ്രിക്കയില്‍ നിന്നും പശ്ചിമേഷ്യയില്‍ നിന്നും യൂറോപ്പിലേക്ക് കടക്കുന്ന അഭയാര്‍ഥികളുടെ പ്രധാന പാതയാണ് ഹംഗറി. ജര്‍മനി ലക്ഷ്യം വെച്ചാണ് അഭയാര്‍ഥികള്‍ ഹംഗറിയില്‍ പ്രവേശിക്കുന്നത്. തിങ്കളാഴ്ചയാണ് ഹംഗറി അതിര്‍ത്തി അടച്ചത്. അഭയാര്‍ത്ഥികളെ തുരത്താന്‍ അതിര്‍ത്തിയില്‍ ഉടനീളം മുള്‍വേലികള്‍ തീര്‍ത്തിരുന്നു.  സെര്‍ബിയയില്‍ നിന്നും അഭയാര്‍ഥി ക്യാമ്പുകളിലേക്കുള്ള യാത്രയും  നിരോധിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

തിങ്കളാഴ്ച രാത്രി മുതലാണ് നിയമം നിലവില്‍ വന്നത്. രാജ്യത്തേക്ക് അനുമതിയില്ലാതെ പ്രവേശിക്കുന്നത് ക്രിമിനല്‍ നടപടിയായാണ് കണക്കാക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ,നാടുകടത്തല്‍ എന്നിവയായിരിക്കും ലഭിക്കുക.

ജര്‍മനിയും കഴിഞ്ഞ ദിവസം അതിര്‍ത്തികള്‍ അടച്ചിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായി ഓസ്ട്രിയയില്‍നിന്ന് ജര്‍മനിയിലേക്കുണ്ടായിരുന്ന ട്രെയിന്‍ സര്‍വീസ് ഞായറാഴ്ച 12 മണിക്കൂര്‍ അടച്ചിട്ടു. അതിര്‍ത്തികള്‍ അടച്ചതോടെ, ഇതുവരെ സൗജന്യമായി രാജ്യത്തത്തൊമായിരുന്ന അഭയാര്‍ഥികള്‍ക്ക് ഇനി യാത്രാ രേഖകള്‍ തരപ്പെടുത്തേണ്ടിവരും. ഗ്രീസ്, ഹംഗറി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.

മൂഴിയാറില്‍ ആദിവാസികള്‍ കൊടും പട്ടിണിയില്‍

Posted: 14 Sep 2015 11:00 PM PDT

പത്തനംതിട്ട: മൂഴിയാര്‍ സായിപ്പുംകുഴി ആദിവാസി കോളനിയില്‍ പനി പടരുന്നു. നവജാത ശിശുക്കളടക്കം കോളനിവാസികളില്‍ വലിയൊരു വിഭാഗം പനിബാധിച്ച് ഉഴലുന്നു.
മൂഴിയാര്‍ നാല്‍പതേക്കര്‍, പേപ്പാറ, വേലുത്തോട് വനാന്തര്‍ ഭാഗങ്ങളിലാണ് രോഗം പടരുന്നത്. ഓണം കഴിഞ്ഞതോടെ ട്രൈബല്‍ വകുപ്പില്‍നിന്ന് കിട്ടുന്ന നാമമാത്ര ഭക്ഷ്യസാധനങ്ങളുടെ വരവ് നിലച്ചതിനാല്‍ ആദിവാസി ഊരുകളില്‍ മിക്ക കുടുംബങ്ങളും പട്ടിണിയിലുമാണ്. വനവിഭവങ്ങളുടെ ശേഖരണം നിലച്ചതോടെ വരുമാനമില്ലാത്ത അവസ്ഥയാണ്. വനത്തിലെ കിഴങ്ങുകള്‍ കഴിച്ചാണ് പലരും താല്‍ക്കാലികമായി പട്ടിണി അകറ്റുന്നത്.
അതിനിടെ പനിബാധകൂടി വന്നതിനാല്‍ പലരും ജീവന്‍ നിലനിര്‍ത്താന്‍ പെടാപ്പാടുപെടുന്ന അവസ്ഥയാണ്. സ്ഥിതി ഇത്ര ഗുരുതരമായിട്ടും അധികൃതര്‍ ആരും സഹായവുമായി ഊരുകളില്‍ എത്തിയിട്ടില്ല.
പനിപിടിപെട്ടവരില്‍ പലരും ഇനിയും ചികിത്സ തേടിയിട്ടില്ല. പനിബാധിച്ചവരില്‍ മിക്കവര്‍ക്കും ഛര്‍ദിയും വയറിളക്കവുമുണ്ട്. ഇതാണ് സ്ഥിതി ഗുരുതരമാക്കിയത്.
കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ രണ്ടു കുട്ടികളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലത്തെിച്ചു. മൂഴിയാര്‍ പവര്‍ ഹൗസിന് സമീപം താമസിക്കുന്ന ഓമന, രഘു ദമ്പതികളുടെ രണ്ടു മാസം പ്രായമുള്ള മകള്‍ രഞ്ജിനിയും രണ്ടു വയസ്സുള്ള മകന്‍ രജിത്തിനെയുമാണ് ട്രൈബര്‍ പ്രമോട്ടര്‍മാര്‍ ഇടപ്പെട്ട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലത്തെിച്ചത്. രണ്ടാമത്തെ മകള്‍ അഞ്ചാം ക്ളാസ് വിദ്യാര്‍ഥിനി ശ്രുതിയാണ് ഇവര്‍ക്ക് കൂട്ടിരിക്കുന്നത്.
ആശുപത്രിയിലും ഇവര്‍ക്കാവശ്യമായ സഹായം ലഭിക്കുന്നില്ളെന്ന് പരാതിയുണ്ട്. രോഗിക്കും കൂട്ടിരിക്കുന്നവര്‍ക്കും യഥാക്രമം 150, 200 രൂപയെന്ന നിരക്കില്‍ അനുവദിക്കുന്നുണ്ടെന്ന് ട്രൈബല്‍വകുപ്പും ജില്ലാ ഭരണകൂടവും പറയുന്നു.
ആശുപത്രിയില്‍ സന്നദ്ധ സംഘടന നല്‍കുന്ന ഭക്ഷണമാണ് ഇവരെ പട്ടിണിയില്ലാതെ കഴിയാന്‍ സഹായിക്കുന്നത്. സമീപത്തെ ഹോട്ടലില്‍നിന്ന് ഭക്ഷണം വാങ്ങി കഴിക്കണമെന്നാണ് എസ്.സി പ്രമോട്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. പട്ടിണിയിരുന്നാലും വേണ്ടില്ല, തിരക്കേറിയ റോഡിലൂടെ മകളെ ഹോട്ടലിലേക്ക് വിടാന്‍ കഴിയില്ളെന്ന് ഓമന പറയുന്നു.
ആദിവാസികളുടെ ക്ഷേമത്തിനായി സംസ്ഥാന ആരോഗ്യവകുപ്പും എന്‍.ആര്‍.എച്ച്.എമ്മും ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോള്‍ ഊരില്‍ ഒരു ദിവസമത്തെുന്ന ക്യാമ്പുകള്‍ മാത്രമാണ് ആദിവാസികള്‍ക്ക് ആകെ ലഭിക്കുന്ന സഹായം.
ഇവരുടെ ആരോഗ്യപരിപാലനത്തിനായി മൊബൈല്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതിന്‍െറ സേവനം യഥാസമയം ലഭിക്കാറില്ല. സീതത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ വിന്‍സെന്‍റ് സേവ്യറുടെ സാന്നിധ്യമാണ് പലപ്പോഴും ആദിവാസി ഊരുകളില്‍ ആശ്വാസമാകുന്നത്.

മുല്ലക്കാനത്ത് ആദ്യമായി മുഖ്യമന്ത്രിയത്തെി; റോഡും വൈദ്യുതിയും ബോട്ടും യാഥാര്‍ഥ്യമായി

Posted: 14 Sep 2015 10:48 PM PDT

മൂലമറ്റം: ജനപ്രതിനിധികള്‍ തിരിഞ്ഞുനോക്കാന്‍ മടിച്ചിരുന്ന ഒറ്റപ്പെട്ട ഗ്രാമത്തില്‍ ആദ്യമായി എത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കാനായി ഗ്രാമവാസികള്‍ ഒഴുകിയത്തെി.
ചക്കിമാലി, മുല്ലക്കാനം, ഉറുമ്പള്ള് പ്രദേശത്തെ ഗ്രാമങ്ങളില്‍നിന്ന് നൂറുകണക്കിനാളുകളാണ് മുല്ലക്കാനത്തത്തെിയത്. പ്രദേശത്തെ വൈദ്യുതീകരണത്തിന്‍െറ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ഒറ്റപ്പെട്ട ഗ്രാമങ്ങളായ മുല്ലക്കാനം, ചക്കിമാലി, ഉറുമ്പള്ള്്, കപ്പക്കാനം തുടങ്ങിയ ഇടങ്ങളില്‍ താമസിക്കുന്നവരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായ ഉളുപ്പൂണി കുളമാവ് റോഡ്, മൂലമറ്റം കോട്ടമല റോഡ് എന്നിവ യാഥാര്‍ഥ്യമാക്കാനും എന്‍ജിന്‍ തകരാറുമൂലം കരയിലായ ബോട്ടിന്‍െറ തകരാറുകള്‍ മാറ്റി ബോട്ട് സര്‍വിസ് പുനരാരംഭിക്കാനും നടപടിയായി.
ഉളുപ്പൂണി കവലയില്‍ ആറ് കിലോമീറ്റര്‍ കാട്ടുറോഡിലൂടെ ഏറെ കഷ്ടപ്പെട്ട് യാത്രചെയ്താണ് മുഖ്യമന്ത്രി ഉദ്ഘാടന വേദിയില്‍ എത്തിയത്.
'വികസനം തീരെയത്തെിയിട്ടില്ലാത്ത ഈ പ്രദേശത്തത്തെി ഇവിടെയുള്ളവരുടെ ദുരിതം നേരില്‍ക്കാണാന്‍ കഴിഞ്ഞതിലും ഇവിടെയുള്ളവരെ സഹായിക്കുന്നതിനും ഏറെ സന്തോഷമുണ്ട്. മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പ്രത്യേക താല്‍പര്യം എടുത്താണ് ഇവിടെ വൈദ്യുതി എത്തിച്ചത്. പണി പൂര്‍ത്തിയായപ്പോള്‍ പ്രതിഭാ പാട്ടീല്‍ തന്നോട് ഇതിന്‍െറ ഉദ്ഘാടനം നടത്തണമെന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് ഇവിടെ എത്തിയത് -മുഖ്യമന്ത്രി പറഞ്ഞു.
ഉളുപ്പൂണി കുളമാവ് റോഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ, കപ്പക്കാനം ഊരുമൂപ്പന്‍ പി.കെ. മോഹനന്‍, സന്തോഷ് കുളമാവ് എന്നിവര്‍ മുഖ്യവനപാലകനായ ഡോ. ബി.എസ്. കോറിയുമായി ചര്‍ച്ചനടത്തിയിരുന്നു. തുടര്‍ന്ന് റോഡ് അനുവദിക്കുന്നതിന് കോട്ടയം ഡി.എഫ്.ഒക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന്‍െറ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റവും വേഗത്തിലാക്കാന്‍ വേണ്ട നടപടി എടുക്കുമെന്നും കപ്പക്കാനംകാരുടെ ഏത് ആവശ്യങ്ങള്‍ക്കും തന്നെ സമീപിക്കാമെന്നും ഇതിന് മുന്‍ഗണന നല്‍കുമെന്നും റോഷി അഗസ്റ്റ്യന്‍ എം.എല്‍.എയോട് മുഖ്യമന്ത്രി പറഞ്ഞു.
റോഷി അഗസ്റ്റ്യന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. തോമസ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉസ്മാന്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ബ്രിജിത് സിറിയക്, ചിത്ര എം. രാജന്‍, ബിന്ദു ഷാജി, ഡി.സി.സി പ്രസിഡന്‍റ് റോയി കെ. പൗലോസ്, ശശി കടപ്ളാക്കല്‍, ഉഷ ഗോപിനാഥ്, ഫാ. രാജന്‍, കെ.എസ്.ഇ ബോര്‍ഡ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പി.കെ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

എടക്കാട് ബീച്ചില്‍ സാമൂഹിക ദ്രോഹികളുടെ വിളയാട്ടം : പൊലീസ് എയ്ഡ് പോസ്റ്റ് എറിഞ്ഞു തകര്‍ത്തു

Posted: 14 Sep 2015 10:34 PM PDT

എടക്കാട്: എടക്കാട് ബീച്ചും ചില്‍ഡ്രന്‍സ് പാര്‍ക്കും രാത്രികാലങ്ങളില്‍ സാമൂഹിക ദ്രോഹികള്‍ കൈയടക്കുന്നു. ഇവിടെ ഉണ്ടായിരുന്ന പൊലീസ് എയ്ഡ് പോസ്റ്റ് ഞായറാഴ്ച രാത്രിസാമൂഹിക ദ്രോഹികള്‍ എറിഞ്ഞുതകര്‍ത്തു. നാലുഭാഗത്തുമുള്ള മുഴുവന്‍ ഗ്ളാസുകളും തകര്‍ക്കപ്പെട്ട നിലയിലാണ്.
ഇതു സംബന്ധിച്ച് നാട്ടുകാര്‍ എടക്കാട് പൊലീസില്‍ വിളിച്ചറിയിച്ചെങ്കിലും അക്രമം നടന്ന പ്രദേശം പൊലീസ് തിരിഞ്ഞുനോക്കിയില്ളെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ചില്‍ഡ്രന്‍റ് പാര്‍ക്കിന് മുന്‍വശം ഐസ്ക്രീം ഷോപ്പിന്‍െറ ചില്ലുകള്‍ തകര്‍ത്തിരുന്നു. തൊട്ടടുത്ത പാര്‍ക്കില്‍ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച അക്വേറിയം ഹാള്‍ പൂര്‍ണമായും സാമൂഹികദ്രോഹികളുടെ പിടിയിലാണ്. ഇതിനടുത്ത് നിറയെ മയക്കുമരുന്ന് സിറിഞ്ചുകളും ശീട്ടുകളുമാണ്.
മത്സ്യകൃഷിക്കുവേണ്ടി സ്ഥാപിച്ച ഈ കെട്ടിടത്തിന്‍െറ ചില്ലുകള്‍ പൂര്‍ണമായും ഇളക്കി വാതിലുകള്‍ തുറന്നിട്ട നിലയിലാണ്. പരിസരത്തെ മത്സ്യത്തൊഴിലാളികളുടെ വലയും മറ്റു സാമഗ്രികളും സൂക്ഷിക്കാന്‍ ഈ കെട്ടിടത്തില്‍ സൗകര്യം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

ജ്യോതി 2015 ക്യാമ്പ്: കാരുണ്യം തേടിയത്തെിയത് ആയിരങ്ങള്‍

Posted: 14 Sep 2015 10:18 PM PDT

കൊച്ചി: ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി നടത്തിയ സഹായ ക്യാമ്പില്‍ സംഘാടകരുടെ പ്രതീക്ഷകളെ തെറ്റിച്ച് കലക്ടറേറ്റ് അങ്കണത്തിലെ വിശാലമായ പന്തല്‍ നിറഞ്ഞുകവിഞ്ഞ് കുട്ടികളും മാതാപിതാക്കളും നിരന്നു. വിവിധ സ്പെഷല്‍ സ്കൂളുകളില്‍നിന്നായി ആയിരത്തോളം കുട്ടികളെയാണ് പ്രതീക്ഷിച്ചതെങ്കിലും രണ്ടായിരത്തോളം പേര്‍ എത്തി. വിവിധ സ്പെഷല്‍ സ്കൂളുകളില്‍നിന്ന് കുട്ടികളുമായി കന്യാസ്ത്രീകളുടെ വലിയ നിരതന്നെ ഉണ്ടായിരുന്നു.
വിവിധ ആനുകൂല്യങ്ങളുടെ വിതരണവും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണവുമാണ് പ്രധാനമായി നടന്നത്. പരിപാടിക്ക് നേതൃത്വം നല്‍കിയ കലക്ടര്‍ എം.ജി. രാജമാണിക്യവും പരിപാടിയുമായി സഹകരിച്ച സന്നദ്ധ ഏജന്‍സി സെന്‍റര്‍ ഫോര്‍ എംപവര്‍മെന്‍റ് ആന്‍ഡ് എന്‍റിച്ച്മെന്‍റ് ചെയര്‍പേഴ്സണ്‍ ഡോ. മേരി അനിതയും ഓരോരുത്തരുടെയും അപേക്ഷ കേള്‍ക്കാന്‍ അവസരം നല്‍കി. റെയില്‍വേ യാത്രാ ആനുകൂല്യം, റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കി നല്‍കല്‍ തുടങ്ങിയ ഇവരെ ബാധിക്കുന്ന ഒട്ടേറെ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ക്യാമ്പ് സഹായകമായി.
തൃപ്പൂണിത്തുറയിലെ പുതിയകാവ് ആദര്‍ശ് സ്പെഷല്‍ സ്കൂളില്‍നിന്ന് 150ഓളം വിദ്യാര്‍ഥികളാണ് അപേക്ഷ നല്‍കാനത്തെിയത്. ചികിത്സാസഹായം, ബസ് കണ്‍സെഷന്‍, റെയില്‍വേ കണ്‍സെഷന്‍ തുടങ്ങി വിവിധ ആവശ്യങ്ങളാണ് ആദര്‍ശ് സ്കൂളിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആവശ്യം. ആറു മുതല്‍ 22 വയസ്സുവരെയുള്ള 230 കുട്ടികളാണ് ആദര്‍ശ് വിദ്യാലയത്തില്‍ പഠിക്കുന്നത്. എറണാകുളം കാരിക്കാമുറി ആശാ കേന്ദ്രം സ്പെഷല്‍ സ്കൂളില്‍നിന്ന് 20 ഭിന്നശേഷിക്കാരായ കുട്ടികളാണ് ക്യാമ്പില്‍ കാരുണ്യവും കരുതലും തേടിയത്തെിയത്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സ്കൂള്‍ ബസ് വാങ്ങുന്നതിനും ധനസഹായം തേടിയത്തെിയ അധ്യാപകരുടെയും കുട്ടികളുടെയും ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി.
കാലടി സ്നേഹസദന്‍ സ്പെഷല്‍ സ്കൂളിലെ 40 വിദ്യാര്‍ഥികള്‍ എത്തിയത് ചികിത്സാ ധനസഹായത്തിനും വികലാംഗ ഉപകരണങ്ങള്‍ക്കുമുള്ള അപേക്ഷയുമായാണ്. അഞ്ച് മുതല്‍ 30 വയസ്സുവരെയുള്ള 130 വിദ്യാര്‍ഥികളാണ് സ്നേഹസദനിലുള്ളത്. നാലാംമൈല്‍ കാത്തലിക് കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ബൈ്ളന്‍ഡിലെ 19 അന്തേവാസികള്‍ ചേര്‍ന്നാണ് ജ്യോതി 2015ല്‍ അപേക്ഷ സമര്‍പ്പിച്ചത്. ചികിത്സാ ധനസഹായത്തിനും യാത്രാ ആനുകൂല്യത്തിനുമുള്ള അപേക്ഷ നല്‍കാനാണ് ഇവര്‍ പരിപാടിയില്‍ എത്തിയത്. മധ്യവയസ്കരായ സ്ത്രീകള്‍ മാത്രമാണ് കാത്തലിക് കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ബൈ്ളന്‍ഡിലെ അന്തേവാസികള്‍. ആകെ 21 പേരാണ് ഇവിടെ താമസിക്കുന്നത്.സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച കോതമംഗലം നെല്ലിക്കുഴി സ്വദേശി സ്റ്റാന്‍ലിയുടെ മകന്‍ എവര്‍ലിന്‍ സ്റ്റാന്‍ലിക്ക് ചികിത്സാ ധനസഹായവും എ.പി.എല്‍ റേഷന്‍ കാര്‍ഡ് ബി.പി.എല്‍ കാര്‍ഡുമാക്കി നല്‍കി. സെറിബ്രല്‍ പാള്‍സി രോഗബാധിതനാണ് ഫിനീഷ്യ-ബെന്നി ദമ്പതികളുടെ മകന്‍ ഒമ്പത് വയസ്സുകാരനായ ഫെബിന്‍. ഈ കുട്ടി ഇന്നേവരെ സ്വയം നടന്നിട്ടില്ല. വാക്കര്‍ ആവശ്യപ്പെട്ട ഫെബിന് കലക്ടര്‍ വാക്കര്‍ അനുവദിച്ചു.

കെട്ടിട നിര്‍മാണ നിയന്ത്രണം: മന്ത്രിസഭാ ഉപസമിതി യോഗം നാളെ

Posted: 14 Sep 2015 10:04 PM PDT

കല്‍പറ്റ: വയനാട് ജില്ലയില്‍ വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണം നിയന്ത്രിക്കുന്നത് സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ഉന്നതതല യോഗം നടക്കും. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. 2015 ജൂണ്‍ ആറിനാണ് 2014/21178/12/എച്ച് 3 നമ്പറായി ജില്ലാ ദുരന്തനിവാരണ ചെയര്‍മാന്‍ എന്ന നിലയില്‍ വയനാട് ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെട്ടിട നിര്‍മാതാക്കളടക്കമുള്ള ചിലര്‍ സര്‍ക്കാറിന് പരാതി നല്‍കിയിരുന്നു. ഇവ മന്ത്രിസഭ ചര്‍ച്ച ചെയ്ത് ഉപസമിതിയെ നിയോഗിച്ചു.
ഈ ഉപസമിതിയിലെ അംഗങ്ങളും ഉദ്യോഗസ്ഥരും വയനാട് ജില്ലാ കലക്ടറും നാളത്തെ യോഗത്തില്‍ പങ്കെടുക്കും. കെട്ടിടനിര്‍മാണ നിയന്ത്രണം സംബന്ധിച്ച് നേരത്തേ കലക്ടര്‍ കേശവേന്ദ്രകുമാര്‍ മുഖ്യമന്ത്രിയെ വിശദീകരണം അറിയിച്ചിരുന്നു.
സമുദ്രനിരപ്പില്‍നിന്ന് 2000 അടി മുതല്‍ 6000 അടിവരെ ഉയര്‍ന്നുനില്‍ക്കുന്ന ഭൂപ്രദേശമെന്ന നിലയില്‍ മുന്‍കാലങ്ങളില്‍ വിവിധ മണ്ണിടിച്ചിലുകളിലും ദുരന്തങ്ങളിലും ജീവഹാനിയും നാശനഷ്ടങ്ങളും ഉണ്ടായതിന്‍െറ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ സ്വീകരിച്ചതെന്നും സമീപകാലത്തുണ്ടായ ഭൂകമ്പങ്ങളില്‍ ബഹുനില കെട്ടിടങ്ങളുടെ ഉയരം വന്‍ ദുരന്തങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും കലക്ടര്‍ വിശദീകരിച്ചു. രണ്ടുതവണ ജില്ലാതല ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ചചെയ്തിരുന്നുവെന്നും കൂടുതല്‍ ബഹുനില കെട്ടിടങ്ങള്‍ വയനാടിന്‍െറ പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവുമായ വിനാശത്തിന് വഴിവെക്കുമെന്നും വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
വയനാടിന്‍െറ സന്തുലിതമായ നിലനില്‍പിനും ജനങ്ങളുടെ സുരക്ഷക്കും അനിവാര്യമായ നിലയില്‍ സദുദേശ്യപരമായാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പറയുന്ന കലക്ടര്‍ പൊതു ആവശ്യങ്ങള്‍ക്കുള്ള നിര്‍മാണ പ്രവൃത്തികള്‍ക്ക് ഉചിതമായ വിധത്തില്‍ ആവശ്യമായ ഇളവുകള്‍ അനുവദിക്കുന്നതിന് ഉത്തരവില്‍ വ്യവസ്ഥയുണ്ടെന്നും വിശദീകരിക്കുന്നു. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മന്ത്രിസഭാ ഉപസമിതി ചര്‍ച്ചചെയ്ത് സമര്‍പ്പിക്കുന്ന ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ മാത്രമേ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കൂ.
മന്ത്രിമാരായ മഞ്ഞളാംകുഴി അലി, പി.കെ. ജയലക്ഷ്മി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

കഅ്ബയുടെ കിസ്വ കൈമാറ്റം ഇന്ന്

Posted: 14 Sep 2015 10:00 PM PDT

Image: 
Subtitle: 
വൈകിട്ട് നടക്കുന്ന ചടങ്ങില്‍ ഇരുഹറം കാര്യാലയ മേധാവി ഡോ. ശൈഖ് അബ്ദുറഹ്മാന്‍ അസ്സുദൈസ് കിസ്വ ഏറ്റുവാങ്ങും

മക്ക: കഅ്ബയുടെ മൂടുപടമായ കിസ്വയുടെ ഈ വര്‍ഷത്തെ കൈമാറ്റം ഇന്ന് നടക്കും. ചൊവ്വാഴ്ച വൈകിട്ട് മക്കയിലെ പഴയ ജിദ്ദ റോഡില്‍ ഉമ്മുല്‍ ജൂദിലെ കിസ്വ ഫാക്ടറി അങ്കണത്തിലാണ് ചടങ്ങ്. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി കിസ്വ നിര്‍മാണ ഫാക്ടറി ജനറല്‍ മാനേജര്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല ബാജൗദ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.

കഅ്ബയുടെ ഉള്‍ഭാഗത്തെ ചുമരുകള്‍ മൂടുന്ന പച്ചപ്പട്ടിന്‍െറയും പുറംവശത്തെ ചുമരുകള്‍ക്ക് ആവരണം തീര്‍ക്കുന്ന കറുത്ത പട്ടിന്‍െറയും കിസ്വ നിര്‍മാണം ഒരുവര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. ചൊവ്വാഴ്ച വൈകിട്ട് നടക്കുന്ന ചടങ്ങില്‍ ഇരുഹറം കാര്യാലയ മേധാവി ഡോ. ശൈഖ് അബ്ദുറഹ്മാന്‍ അസ്സുദൈസ് കിസ്വ ഏറ്റുവാങ്ങുമെന്ന് ഡോ. ബാജൗദ അറിയിച്ചു.

കഅ്ബയുടെയും കിസ്വയുടെയും മഹത്വത്തിനു ചേര്‍ന്ന വിധത്തില്‍ ആകര്‍ഷകവും പ്രൗഢവുമായ പരിപാടിയാണ് ഇന്ന് നടക്കുക. വര്‍ഷംതോറും ദുല്‍ഹജ്ജ് ഒന്നിനാണ് ചടങ്ങ് നടന്നുവരുന്നത്. ഏറ്റുവാങ്ങുന്ന കിസ്വ ദുല്‍ഹജ്ജ് ഒമ്പതിന് അറഫാസംഗമ ദിവസം കഅ്ബ അങ്കണത്തില്‍ ആള്‍ത്തിരക്കില്ലാത്ത അവസരത്തില്‍ കഅ്ബയെ പുതപ്പിക്കും. പഴയ കിസ്വ മാറ്റി പുതിയത് അണിയിക്കുന്ന പ്രവൃത്തി വൈകിട്ട് അസ്ര്‍ നമസ്കാരത്തോടെയാണ് അവസാനിക്കുക. പഴയ കിസ്വ ഇതോടെ ഫാക്ടറിയുടെ ഗോഡൗണിലേക്ക് മാറ്റും.

ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉല്ളേഖനം ചെയ്യുന്ന കൈവേല, നെയ്ത്ത്, ഛായംപൂശല്‍, വിശുദ്ധ വാക്യങ്ങളുടെ പ്രിന്‍റിങ്, കൈകൊണ്ടും യന്ത്രംകൊണ്ടുമുള്ള തുന്നല്‍പണികള്‍, ഓരോ മീറ്ററില്‍ നിര്‍മിച്ചെടുത്ത കഷ്ണങ്ങള്‍ ചേര്‍ത്തുവെച്ചുള്ള കിസ്വ സംയോജനം എന്നീ ഘട്ടങ്ങളിലൂടെയാണ് കിസ്വ നിര്‍മാണം. 240 ജീവനക്കാരാണ് പണിയെടുക്കുന്നത്. 16 മീറ്റര്‍ നീളമുള്ള, ലോകത്തെ ഏറ്റവും വലിയ നെയ്ത്തുമെഷീനാണ് ഇവിടെ ഉപയോഗിക്കുന്നത്. 700 കിലോഗ്രാം അസംസ്കൃതപട്ടിന് ഫാക്ടറിക്കകത്തുവെച്ച് കറുത്തഛായം പൂശുന്നു. 120 കിലോഗ്രാം സ്വര്‍ണത്തിന്‍െറയും വെള്ളിയുടെയും നേര്‍ത്ത നൂല്‍ക്കമ്പികളും ഉപയോഗിക്കുന്നു.

കഅ്ബയുടെ അകത്തേക്ക് പച്ചപ്പട്ടാണ് ഉപയോഗിക്കുന്നത്. ഇത് ദീര്‍ഘകാലം കൂടുമ്പോഴാണ് മാറ്റുന്നത്.  അടുത്തവര്‍ഷത്തേക്കുള്ള കിസ്വയുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഇതിന്‍െറ പ്രവര്‍ത്തനങ്ങള്‍ കിസ്വ ഫാക്ടറി ജീവനക്കാര്‍ ഫാക്ടറി സന്ദര്‍ശിക്കാനത്തെിയ വിദേശ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു.
 

പാളയം കെ.വി കോംപ്ളക്സില്‍ തീപിടിത്തം

Posted: 14 Sep 2015 09:57 PM PDT

കോഴിക്കോട്: പാളയം കെ.വി കോംപ്ളക്സിലെ റെഡിമെയ്ഡ് കടയില്‍ അഗ്നിബാധ. തിങ്കളാഴ്ച രാത്രി 8.50ഓടെയാണ് വ്യാപാരസമുച്ചയത്തിലെ അഞ്ചാംനിലയില്‍ പ്രവര്‍ത്തിക്കുന്ന സീസണ്‍സ് ചുരിദാര്‍ കടക്കകത്ത് തീപടര്‍ന്നത്. ഇവിടെ സൂക്ഷിച്ച തുണിത്തരങ്ങള്‍ 50 ശതമാനത്തോളം കത്തിനശിച്ചു. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും സാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ തീ അരമണിക്കൂറിനുള്ളില്‍ നിയന്ത്രണവിധേയമാക്കാനായി. ഷോര്‍ട്സര്‍ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്ന് കരുതുന്നു. രാത്രി കട അടച്ചുപോയ ഉടനെയായിരുന്നു സംഭവം. പാളയം പച്ചക്കറി മാര്‍ക്കറ്റ് ഭാഗത്തുനിന്ന തൊഴിലാളികളാണ് കെട്ടിടത്തിനകത്തുനിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. ഉടനെ ഫയര്‍ഫോഴ്സിനും സിറ്റി പൊലീസ് കമീഷണര്‍ക്കും ഫോണ്‍വിളിയത്തെി. ബീച്ച്, വെള്ളിമാടുകുന്ന് മീഞ്ചന്ത സ്റ്റേഷനുകളില്‍നിന്നായി ആറു യൂനിറ്റ് അഗ്നിശമനസേന കുതിച്ചത്തെി. വന്‍ പൊലീസ് സേനയും സ്ഥിതിഗതികള്‍ നിയന്ത്രിക്കാനുണ്ടായിരുന്നു. തീ കണ്ട ഉടന്‍ കെട്ടിടത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. അഞ്ചാം നിലയിലായതിനാല്‍ രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമായി. പൂര്‍ണമായും ഇരുട്ടിലായിരുന്നു രക്ഷാപ്രവര്‍ത്തനം. മാങ്കാവ് കുറ്റിയില്‍താഴം വിജയകുമാറിന്‍െറ ഉടമസ്ഥതയിലുള്ളതാണ് കട. മൊത്തക്കച്ചവടകേന്ദ്രമായതിനാല്‍ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ സ്റ്റോക്കുണ്ടായിരുന്നു. എത്ര രൂപയുടെ നഷ്ടമാണെന്ന് കണക്കാക്കാനായിട്ടില്ല. അഗ്നിബാധയില്‍ നശിച്ചതിനെക്കാളധികം തുണിത്തരങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ നശിച്ചിട്ടുണ്ട്്. കെട്ടിടത്തിന്‍െറ വരാന്തകളിലും ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ സുക്ഷിച്ചിരുന്നു. സാധ്യമായ എല്ലാ ഭാഗത്തുനിന്നും ഫയര്‍ഫോഴ്സ് വെള്ളം ചീറ്റിയതിനാല്‍ ഈ ചരക്കുകളും ഭാഗികമായി നശിച്ചു. ധാരാളം തുണിക്കടകളുള്ള വ്യാപാരസമുച്ചയത്തില്‍ തീപടര്‍ന്നത് നഗരത്തില്‍ ഭീതി പരത്തി. മിഠായിത്തെരുവിലും പരിസരങ്ങളിലും വന്‍ അഗ്നിബാധകള്‍ ആവര്‍ത്തിക്കാറുള്ളതിനാല്‍ സമാനമായ ദുരന്തമൊഴിവാക്കാന്‍ അധികൃതരും നാട്ടുകാരും കഠിനപരിശ്രമമാണ് നടത്തിയത്.
എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡി, സിറ്റിപൊലിസ് കമീഷണര്‍ എ. വത്സന്‍, അസി. കമീഷണര്‍മാരായ ജോസി ചെറിയാന്‍, എ.ജെ. ബാബു എന്നിവര്‍ സ്ഥലത്തത്തെി. ഫയര്‍ഫോഴ്സ് ഡിവിഷനല്‍ ഓഫിസര്‍ അരുണ്‍ഭാസ്കര്‍, അസി. സ്റ്റേഷന്‍ ഓഫിസര്‍ വി.കെ. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗതം വഴിതിരിച്ചുവിട്ടു.

ആറാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല

Posted: 14 Sep 2015 09:38 PM PDT

Image: 

കൊച്ചി: തുടര്‍ച്ചയായ ആറാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 2,455 രൂപയിലും പവന് 19,640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സെപ്റ്റംബര്‍ പത്തിനാണ് പവന്‍വില 19,800ല്‍ നിന്ന് 19,640 രൂപയിലേക്ക് താഴ്ന്നത്. തുടര്‍ന്ന് വില സ്ഥിരത കൈവരിക്കുകയായിരുന്നു.

ഈ മാസം സ്വര്‍ണത്തിന് വില സ്ഥിരത കൈവരിക്കുന്നത് മൂന്നാം തവണയാണ്. സെപ്റ്റംബര്‍ ഒന്നു മുതല്‍ മൂന്നു വരെ 20,080 രൂപയിലും നാല് മുതല്‍ എട്ടുവരെ 19,920 രൂപയുമായിരുന്നു വ്യാപാരം.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.08 ഡോളര്‍ കൂടി 1,107.78 ഡോളറിലെത്തി.

 

ഗള്‍ഫിലെ 10 ശ്രേഷ്ഠ വിദ്യാര്‍ഥികള്‍ക്ക് ഫെല്ളോഷിപ്പ് നല്‍കും

Posted: 14 Sep 2015 09:25 PM PDT

Image: 
Subtitle: 
പി.എം ഫൗണ്ടേഷന്‍ ടാലന്‍റ് സര്‍ച്ച് പരീക്ഷ: അപേക്ഷ തീയതി 20 വരെ നീട്ടി
ദുബൈ: ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷക്ക് മുഴുവന്‍ വിഷയത്തിലും എ പ്ളസ്/എ വണ്‍ നേടിയ വിദ്യാര്‍ഥികള്‍ക്കായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.എം ഫൗണ്ടേഷന്‍ ‘ഗള്‍ഫ് മാധ്യമ’വുമായി ചേര്‍ന്ന് നടത്തുന്ന ടാലന്‍റ് സര്‍ച്ച് പരീക്ഷ ഒക്ടോബര്‍ രണ്ടിന് കേരളത്തോടൊപ്പം വിവിധ ഗള്‍ഫ് രാജ്യങ്ങളിലും നടക്കും. ഇതിന് അപേക്ഷിക്കേണ്ട അവസാന തീയതി ഗള്‍ഫില്‍ ഈ മാസം 20 വരെ നീട്ടിയതായി  പി.എം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ് അറിയിച്ചു.  ജി.സി.സി രാജ്യങ്ങളിലെ  10 ശ്രേഷ്ഠ വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് ആദരിക്കുന്ന പഠന പ്രോത്സാഹന പദ്ധതിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ഈ പരീക്ഷ ഗള്‍ഫില്‍ നടത്തുന്നത്. www.pmfonline.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
പി.എം ഫെല്ളോഷിപ്പ് പരിപാടിയുടെ ഭാഗമായി കേരളത്തിലും ഗള്‍ഫിലും 10 ഫെല്ളോകളെ വീതം തെരഞ്ഞെടുക്കുന്നതിന്‍െറ ആദ്യ പടിയാണ് ടാലന്‍റ് സര്‍ച്ച് പരീക്ഷ. ഗള്‍ഫില്‍ കേരള, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളില്‍ പഠിച്ച് പത്താം തരത്തില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ്/എ വണ്‍ നേടിയവര്‍ക്ക് പരീക്ഷ എഴുതാം. എല്ലാ ജി.സി.സി രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. ഇതില്‍ നിശ്ചിത മാര്‍ക്ക് നേടുന്ന കുട്ടികള്‍ക്കെല്ലാം ‘അവാര്‍ഡ് ഓഫ് എക്സലന്‍സ്’ സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്‍കും. ഇവരില്‍ മികവ് കാട്ടിയവര്‍ക്ക് അഭിമുഖത്തിന് അവസരം ലഭിക്കും. ഇതില്‍ നിന്നാണ് പത്തുപേരെ തെരഞ്ഞെടുത്ത് ദുബൈയില്‍ നടക്കുന്ന പ്രൗഢമായ ചടങ്ങില്‍ ഫെല്ളോഷിപ്പ് നല്‍കി ആദരിക്കുക. ട്രോഫി,മെമന്‍േറാ,പുസ്തകങ്ങള്‍,പഠന സഹായികള്‍ തുടങ്ങിയവയും ഇവര്‍ക്ക് സമ്മാനിക്കും. മാത്രമല്ല പരമാവധി അഞ്ചുവര്‍ഷമോ പഠനം തുടരുന്നതുവരെയോ  സാമ്പത്തിക സഹായവും മറ്റു അക്കാദമിക് സഹായവും പി.എം.ഫൗണ്ടേഷന്‍ നല്‍കും. ഇത്തരം ഫെല്ളോകളുടെ കൂട്ടായ്മയുണ്ടാക്കി അവര്‍ക്ക് സമയാസമയം ആവശ്യമായ പരിശീലനവും നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. 
2003ല്‍ തുടങ്ങിയ ഈ പദ്ധതി വഴി സഹായം ലഭിച്ച നിരവധി പേര്‍ മികച്ച തൊഴില്‍മേഖലകളിലെ ഉന്നത സ്ഥാനങ്ങളിലത്തെിയതായി മുഹമ്മദ് ഹനീഷ് പറഞ്ഞു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും  ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞന്മാരും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരും മാനേജ്മെന്‍റ് വിദഗ്ധരും ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ പുതുതായി വരുന്ന ഫെല്ളോകളെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്.
ഐ.ഐ.ടി, ഐ.ഐ.എം, എയിംസ്, ടിസ്സ് ഉള്‍പ്പെടെ ഇന്ത്യയിലെ 40 മികച്ച സ്ഥാപനങ്ങളില്‍ പഠിക്കുന്ന മിടുക്കര്‍ക്ക് വിദ്യഭ്യാസ സഹായം നല്‍കുന്ന സെന്‍റര്‍ ഓഫ് എക്സലന്‍സ് പദ്ധതിയും പി.എം ഫൗണ്ടേഷന്‍െറ കീഴില്‍ നടക്കുന്നുണ്ടെന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു. ഇവിടങ്ങളില്‍ പഠിക്കാന്‍ ബാങ്ക് വായ്പ ലഭിക്കുമെങ്കിലും താമസത്തിനും ഭക്ഷണത്തിനും വലിയ ചെലവ് വരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു പദ്ധതിക്ക് പി.എം.ഫൗണ്ടേഷന്‍ തുടക്കം കുറിച്ചത്. 75,000 രൂപയാണ് വര്‍ഷം നല്‍കുന്നത്. ഈ വര്‍ഷം 42 വിദ്യാര്‍ഥികളാണ് ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ 100 ലേറെ വിദ്യാര്‍ഥികള്‍ സെന്‍റര്‍ ഓഫ് എക്സലന്‍സ് പദ്ധതിയില്‍ ഇന്ത്യയിലെ ശ്രേഷ്ഠ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. 
പ്രമുഖ പ്രവാസി വ്യവസായിയായ ഗള്‍ഫാര്‍ മുഹമ്മദലി കാല്‍ നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച പി.എം ഫൗണ്ടേഷന്‍െറ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഫാറൂഖ് കോളജില്‍ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടും മട്ടാഞ്ചേരിയില്‍ പാവപ്പെട്ട കുട്ടികള്‍ക്കായി പ്രവേശ പരീക്ഷാ പരിശീലന കേന്ദ്രവും കൊച്ചിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് പരിശീലന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ ദേശീയ, അന്തര്‍ദേശീയ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വാര്‍ഷിക പ്രഭാഷണ പരിപാടിയും നടത്തുന്നു. ജസ്റ്റിസ് വി.ഖാലിദ്, ജസ്റ്റിസ് കെ.എ.അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ഫൗണ്ടേഷന്‍െറ മുന്‍ ചെയര്‍മാന്‍മാരാണ്.

എണ്ണ വിലയിടിവ്: ഒമാന്‍, ബഹ്റൈന്‍ സമ്പദ്വ്യവസ്ഥയെ ബാധിച്ചെന്ന്

Posted: 14 Sep 2015 08:46 PM PDT

Image: 
മസ്കത്ത്: എണ്ണവിലയിലെ റെക്കോഡ് ഇടിവ് ഒമാന്‍, ബഹ്റൈന്‍ സമ്പദ് വ്യവസ്ഥകളെയാണ് ഏറ്റവുമധികം ബാധിച്ചതെന്ന് നിരീക്ഷണം. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തര്‍ എന്നീ ജി.സി.സി അംഗരാഷ്ട്രങ്ങളെ കുറഞ്ഞ അളവില്‍ മാത്രമാണ് വിലയിടിവ് ബാധിച്ചതെന്നും ക്രെഡിറ്റ് ഇന്‍ഷുറന്‍സ് രംഗത്തെ മുന്‍നിര സ്ഥാപനമായ കോഫേസിന്‍െറ റിപ്പോര്‍ട്ട്. 
കൂടുതല്‍ എണ്ണയിതര വരുമാനം, മികച്ച സാമ്പത്തിക അടിത്തറ, ആഗോള വ്യാപാര ബന്ധങ്ങള്‍ എന്നിവയാണ് ഒമാനും ബഹ്റൈനും ഒഴിച്ചുള്ള രാഷ്ട്രങ്ങള്‍ക്ക് തുണയാകുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ രാജ്യങ്ങളിലെ ഉല്‍പന്ന, സേവന മേഖലകളെല്ലാം വികസനം പ്രാപിച്ചത് എണ്ണയോടുള്ള ആശ്രിതത്വം കുറക്കുന്നു. ലോകത്തിലെ 30 ശതമാനം എണ്ണശേഖരവും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാഷ്ട്രങ്ങളിലാണെന്നാണ് കണക്കുകള്‍. 15.7 ശതമാനം കൈവശംവെക്കുന്ന സൗദി അറേബ്യയിലാണ് ഇതില്‍ അധികവും. കുവൈത്തില്‍ ആറു ശതമാനവും യു.എ.ഇയില്‍ 5.8 ശതമാനവും എണ്ണ ശേഖരമുണ്ട്. 
കഴിഞ്ഞവര്‍ഷം ജി.സി.സി രാഷ്ട്രങ്ങള്‍ മുഴുവനായി ഉല്‍പാദിപ്പിച്ചത് പ്രതിദിനം 2.86 കോടി ബാരല്‍ എന്ന തോതിലാണ്. ആഗോള ഉല്‍പാദനത്തിന്‍െറ 32.3 ശതമാനമാണിത്. എണ്ണവിലയിടിവിലും ജി.സി.സി രാഷ്ട്രങ്ങള്‍ ഈ വര്‍ഷം 3.4 ശതമാനവും അടുത്ത വര്‍ഷം 3.7 ശതമാനവും വളര്‍ച്ച നേടുമെന്നാണ് പഠനം. വളര്‍ന്നുവരുന്ന മറ്റു സമ്പദ്ഘടനകളെ അപേക്ഷിച്ച് ഇത് ഉയര്‍ന്ന നിരക്കാണെങ്കിലും ജി.സി.സി രാഷ്ട്രങ്ങളുടെ 2000 മുതല്‍ 2011കാലഘട്ടത്തിലെ ഏകദേശ വളര്‍ച്ചനിരക്കായ 5.8 ശതമാനത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് പകുതിയിലും കുറവാണ്. ബാരലിന് 110 ഡോളറെന്ന നിലയില്‍നിന്ന് 50 ഡോളറിലും താഴേക്കാണ് എണ്ണവില കൂപ്പുകുത്തിയത്. വിലയിലെ കുറവിനൊപ്പം ഉയരുന്ന പൊതുചെലവുകളാണ് ജി.സി.സി സമ്പദ്ഘടനയെ താളം തെറ്റിച്ചത്.
ഓരോ രാഷ്ട്രങ്ങളുടെ സമ്പദ് വ്യവസ്ഥകളും വ്യത്യസ്ത രീതിയിലാകും വിലയിടിവിനോട് പ്രതികരിക്കുക. സമ്പദ്ഘടനക്ക് സമാനതകളുണ്ടെങ്കിലും ജനസംഖ്യയിലെ വര്‍ധന, എണ്ണയിതര വരുമാനത്തിന്‍െറ ലഭ്യത തുടങ്ങി നിരവധി വിഷയങ്ങള്‍ വിലയിടിവുണ്ടാകുന്ന ആഘാതത്തെ ബാധിക്കും. നിലവില്‍ പ്രധാന വരുമാനം എണ്ണയില്‍നിന്നുള്ളതാണെങ്കിലും ജി.സി.സി രാഷ്ട്രങ്ങളെല്ലാം തന്നെ മറ്റു മേഖലകളില്‍നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. സൗദി അറേബ്യയും യു.എ.ഇയും ഖത്തറുമാണ് സമ്പദ്ഘടനയെ എണ്ണയിതര മേഖലയിലേക്ക് തിരിച്ചുവിടുന്നതില്‍ വിജയിച്ച രാഷ്ട്രങ്ങളെന്ന് റിപ്പോര്‍ട്ട് പറയുന്നു. ദീര്‍ഘകാല പദ്ധതികളുടെ ഭാഗമായി ഗള്‍ഫ് രാഷ്ട്രങ്ങളുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ എണ്ണയിതര മേഖലക്കുള്ള പങ്ക് പ്രതിവര്‍ഷം വര്‍ധിച്ചുവരുകയാണ്. 2000-2013 കാലയളവില്‍ 12 ശതമാനത്തില്‍നിന്ന് 70 ശതമാനമായാണ് ഇത് വര്‍ധിച്ചത്. 
 

അമേരിക്ക എണ്ണ കയറ്റുമതിക്ക് ഒരുങ്ങുന്നു; വില വീണ്ടും കുറയുമെന്ന് ആശങ്ക

Posted: 14 Sep 2015 08:36 PM PDT

Image: 
കുവൈത്ത് സിറ്റി: അമേരിക്ക എണ്ണ കയറ്റുമതിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അന്താരാഷ്ട്ര എണ്ണ വിപണിയില്‍ ആശങ്ക ശക്തമാവുന്നു. അസംസ്കൃത എണ്ണയുടെ വിലയില്‍ വീണ്ടും വന്‍ ഇടിവ് ഉണ്ടാകുമെന്ന സൂചനകള്‍ എണ്ണ വിപണിയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഒന്നര വര്‍ഷത്തിലധികമായി അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുന്ന പ്രവണതയാണുള്ളത്. അമേരിക്കയിലും കാനഡയിലും ഷേല്‍ ഇന്ധനത്തിന്‍െറ ഉല്‍പാദനവും ചൈനയിലെ സാമ്പത്തിക വളര്‍ച്ചയിലെ കുറവും യൂറോപ്പിലെ പ്രതിസന്ധിയും കാരണത്താല്‍ 110 ഡോളര്‍ വിലയുണ്ടായിരുന്ന ഒരു വീപ്പ അസംസ്കൃത എണ്ണക്ക് ഇപ്പോള്‍ 40- 47 ഡോളറാണുള്ളത്. എണ്ണ വിലയിലെ വന്‍ കുറവുമൂലം പല ഉല്‍പാദകരാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കുവൈത്ത് അടക്കമുള്ള അറബ് രാജ്യങ്ങള്‍ മിച്ച ബജറ്റില്‍നിന്ന് കമ്മിയിലേക്ക് നീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. വരുമാനം വര്‍ധിപ്പിക്കുന്നതിന് നികുതി ഏര്‍പ്പെടുത്തലും സബ്സിഡി ഒഴിവാക്കലും അടക്കം കര്‍ക്കശ നടപടികളെക്കുറിച്ച് കുവൈത്തും ഗള്‍ഫ് രാജ്യങ്ങളും ആലോചിക്കുന്നതിനിടയിലാണ് അമേരിക്ക എണ്ണ കയറ്റുമതി ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 
ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വീണ്ടും കുറയുകയും ഉല്‍പാദകരാജ്യങ്ങളിലെ പ്രതിസന്ധി രൂക്ഷമാകുകയും ചെയ്യും. 
വടക്കേ അമേരിക്കയില്‍ ഷേല്‍ ഇന്ധനം വ്യാപകമായത് ലോക എണ്ണ വിപണിയില്‍ പരിമിതവും താങ്ങാവുന്നതുമായ ആഘാതം മാത്രമാണ് ഏല്‍പിച്ചത്. എന്നാല്‍, 40 വര്‍ഷത്തെ നിരോധത്തിന് ശേഷം അമേരിക്ക എണ്ണ കയറ്റുമതി പുനരാരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ എണ്ണ വിപണിയെ പിടിച്ചുലയ്ക്കുമെന്ന് ഡിപ്ളോമാറ്റിക് സെന്‍റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് പറയുന്നു. 
ഒപെക്കിന്‍െറ എണ്ണ കയറ്റുമതിയില്‍ സുപ്രധാന സ്ഥാനം വഹിക്കുന്ന ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലെ വിപണി ലക്ഷ്യമിട്ടാണ് അമേരിക്കയിലെ ഷേല്‍ ഇന്ധന കമ്പനികള്‍ കയറ്റുമതിക്ക് ഒരുങ്ങുന്നത്. നിലവിലെ സാഹചര്യത്തില്‍ യൂറോപ്പിലേക്കും ഏഷ്യയിലേക്കും അമേരിക്കയുടെ എണ്ണകൂടി എത്തുന്നതോടെ വില 40 ഡോളറില്‍ താഴെ പോകാനും സാധ്യതയുണ്ട്. 
40 വര്‍ഷമായി നിലനിന്നിരുന്ന എണ്ണ കയറ്റുമതി നിരോധം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ഡിപ്ളോമാറ്റിക് സെന്‍റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിനെ ഉദ്ധരിച്ച് കുവൈത്ത് വാര്‍ത്താ ഏജന്‍സിയായ ‘കുന’ റിപ്പോര്‍ട്ട് ചെയ്തു. 
ഈ വര്‍ഷം ഒരു വീപ്പ അസംസ്കൃത എണ്ണയുടെ വില 45നും 55നും ഇടയില്‍ ഡോളര്‍ ആയിരിക്കുമെന്നായിരുന്നു ഉല്‍പാദക രാജ്യങ്ങളും വിപണിയിലെ വിദഗ്ധരും കണക്കുകൂട്ടിയിരുന്നത്. 
അടുത്ത വര്‍ഷം പകുതിയോടുകൂടി മാത്രമേ എണ്ണവില 60 ഡോളറിന് മുകളിലത്തെൂവെന്നും എണ്ണമേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. 
എന്നാല്‍, അമേരിക്ക കയറ്റുമതിക്ക് ഒരുങ്ങുകയും ആണവപ്രശ്നത്തെ തുടര്‍ന്നുള്ള വിലക്ക് നീക്കിയതോടെ ഇറാനില്‍നിന്നുള്ള എണ്ണ വിപണിയിലേക്കത്തെുന്നതും വിലക്കുറവിന് കാരണമാകുമെന്നാണ് കണക്കുകൂട്ടുന്നത്. 

കോണ്‍ഗ്രസില്‍ പടയൊരുക്കം

Posted: 14 Sep 2015 07:55 PM PDT

Image: 
Subtitle: 
സുധീരന്‍ ഒരുവശത്തും രമേശ് ചെന്നിത്തല മറുഭാഗത്തുമായി നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് കളം ഒരുങ്ങിയത്

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെതിരെ ‘ഐ’ വിഭാഗം പടനീക്കം ആരംഭിച്ചതോടെ ഇടവേളക്കുശേഷം സംസ്ഥാന കോണ്‍ഗ്രസ് വീണ്ടും പൊട്ടിത്തെറിയിലേക്ക്. തര്‍ക്കവിഷയങ്ങള്‍ ഹൈകമാന്‍ഡിന് മുന്നില്‍ എത്തിച്ചതോടെ സുധീരന്‍ ഒരുവശത്തും മന്ത്രി രമേശ് ചെന്നിത്തല മറുഭാഗത്തുമായി നിന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് കളം ഒരുങ്ങിയിരിക്കുന്നത്.

പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉത്തരവാദപ്പെട്ട കെ.പി.സി.സി പ്രസിഡന്‍റ് വിഷയങ്ങള്‍ കുത്തിപ്പൊക്കാനും വഷളാക്കാനും ശ്രമിക്കുന്നെന്ന് ‘ഐ’ പക്ഷം ആരോപിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് പ്രശ്നങ്ങള്‍ പരിഹരിച്ച് കൂടുതല്‍ കരുത്തോടെ ജനങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള ശ്രമമാണ് കെ.പി.സി.സി പ്രസിഡന്‍റിന്‍െറ ഭാഗത്തുനിന്നുള്ളതെന്നും അഴിമതിക്കാരെ ഗ്രൂപ്കവചം നല്‍കി രക്ഷിക്കാനുള്ള ശ്രമം വിജയിക്കില്ളെന്നും അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിയും തൃശൂര്‍ ജില്ലാ കോണ്‍ഗ്രസിലെ പ്രശ്നങ്ങളും മറയാക്കിയാണ് സുധീരനും ‘ഐ’ പക്ഷവും കൊമ്പുകോര്‍ക്കുന്നതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യവും ഇരുകൂട്ടരും ഉന്നംവെക്കുന്നുണ്ട്.

തിങ്കളാഴ്ച ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷ സോണിയഗാന്ധിയെ സന്ദര്‍ശിച്ച ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റിന്‍െറ പ്രവര്‍ത്തനങ്ങളില്‍ സ്വന്തം ഗ്രൂപ്പിനുള്ള അതൃപ്തി തുറന്നുപറഞ്ഞു. കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്‍റിനെതിരായ പരസ്യ പ്രസ്താവനയും തൃശൂര്‍ ഡി.സി.സിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ സ്വീകരിച്ച ഏകപക്ഷീയ നിലപാടുകളും ആണ് സുധീരനെതിരെ ‘ഐ’ പക്ഷം ആയുധമാക്കിയിരിക്കുന്നത്.

ചാവക്കാട്ട് പാര്‍ട്ടി പ്രവര്‍ത്തകന്‍ ഹനീഫയുടെ കൊലപാതകത്തിന് പിന്നില്‍ ‘ഐ’ പക്ഷം ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ കെ.പി.സി.സി പ്രസിഡന്‍റ് ശ്രമിച്ചെന്നാണ് ‘ഐ’ വിഭാഗത്തിന്‍െറ ആക്ഷേപം. സംഭവത്തിന്‍െറ പേരില്‍ കെ.പി.സി.സി സ്വീകരിച്ച അച്ചടക്കനടപടി തങ്ങളെ ബോധപൂര്‍വം പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ആയിരുന്നെന്നാണ് ‘ഐ’ പക്ഷം കുറ്റപ്പെടുത്തുന്നത്. സംഭവത്തിന്‍െറ പേരില്‍ മുതിര്‍ന്ന പാര്‍ട്ടിനേതാവും മന്ത്രിയുമായ സി.എന്‍. ബാലകൃഷ്ണനെതിരെ എതിര്‍പക്ഷം ആരോപണം ഉന്നയിച്ചപ്പോള്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വമോ കെ.പി.സി.സി നേതൃത്വമോ പ്രതിരോധിക്കാന്‍ തയാറായില്ല. പാര്‍ട്ടി മന്ത്രിക്കെതിരെ നിലപാടെടുത്തിരിക്കുന്ന തൃശൂര്‍ ഡി.സി.സി നേതൃത്വത്തെ പിന്തുണക്കുന്ന സമീപനമാണ് കെ.പി.സി.സി പ്രസിഡന്‍റ് സ്വീകരിച്ചിരിക്കുന്നത്.

കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്‍റിനെതിരെ സുധീരന്‍ സ്വീകരിച്ചിരിക്കുന്ന പരസ്യനിലപാടില്‍ ‘ഐ’ പക്ഷത്തിനുള്ള കടുത്ത അതൃപ്തിയും ചെന്നിത്തല സോണിയയെ ധരിപ്പിച്ചു. ജോയി തോമസിനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയ കെ.പി.സി.സി പ്രസിഡന്‍റ് അക്കാര്യം പരസ്യമായി പറഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് ‘ഐ’ പക്ഷത്തിന്‍െറ പരാതി. ഇരിക്കുന്ന പദവിക്ക് യോജിക്കാത്ത നടപടിയാണ് കെ.പി.സി.സി പ്രസിഡന്‍റില്‍നിന്ന് ഉണ്ടായതെന്നും ഏകപക്ഷീയ നിലപാടുകള്‍ സ്വീകരിച്ച് തങ്ങളെ ദുര്‍ബലപ്പെടുത്താനാണ് അദ്ദേഹത്തിന്‍െറ നീക്കമെന്നും പാര്‍ട്ടി അധ്യക്ഷയെ ചെന്നിത്തല അറിയിച്ചെന്നാണ് സൂചന.  

സംസ്ഥാന കോണ്‍ഗ്രസിലെ രണ്ട് പ്രബല ഗ്രൂപ്പുകളുടെയും താല്‍പര്യം അംഗീകരിക്കാതെയാണ് കെ.പി.സി.സി പ്രസിഡന്‍റുസ്ഥാനത്തേക്ക് സുധീരനെ ഹൈകമാന്‍ഡ് നിയോഗിച്ചത്. മുമ്പ് ‘എ’ ഗ്രൂപ്പിന്‍െറ അമരത്ത് ഉണ്ടായിരുന്ന അദ്ദേഹം സമീപകാലത്ത് ഗ്രൂപ്പുകളില്‍നിന്നെല്ലാം ഒഴിഞ്ഞുനില്‍ക്കുകയാണ്. കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് അദ്ദേഹം പരിഗണിക്കപ്പെടാന്‍ പ്രധാന കാരണവും അതുതന്നെയാണ്. എന്നാല്‍, കെ.പി.സി.സി പ്രസിഡന്‍റുസ്ഥാനത്തത്തെിയ അദ്ദേഹം സ്വന്തം ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന സംശയം പ്രബല ഗ്രൂപ്പുകള്‍ക്കുണ്ട്. കെ.പി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെടെ ഇരുഗ്രൂപ്പിലും നിലയുറപ്പിച്ചിരുന്ന പലരും ഇപ്പോള്‍ സുധീരനൊപ്പമാണ്. ചിലര്‍ പരസ്യമായി മാറിയിട്ടില്ളെങ്കിലും പഴയപടി ഗ്രൂപ് താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പൂര്‍ണമായി നില്‍ക്കുന്നുമില്ല. കളംമാറി സുധീരനൊപ്പം ചേര്‍ന്നവരില്‍ ഏറിയകൂറും നേരത്തേ ‘ഐ’ പക്ഷത്ത് ഉണ്ടായിരുന്നവരാണ്.

സ്വന്തം നിലയില്‍ ശക്തിപ്പെടാന്‍ ശ്രമിക്കുന്ന സുധീരന്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഉന്നമിടുന്നെന്ന സംശയം ഗ്രൂപ്പുകള്‍ക്ക് ഉണ്ട്. ഇടതുമുന്നണിയിലെയും സി.പി.എമ്മിലെയും പ്രശ്നങ്ങള്‍ സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച നേടിത്തരുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഈ ആത്മവിശ്വാസവും ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പിന്നിലുണ്ട്. ഇപ്പോള്‍ മുഖ്യമന്ത്രിസ്ഥാനം ഉമ്മന്‍ ചാണ്ടിക്കാണെങ്കിലും ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ നേതൃത്വം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നവരില്‍ ചെന്നിത്തലയും സുധീരനും ഉണ്ട്.  ഉമ്മന്‍ ചാണ്ടി കഴിഞ്ഞാല്‍ ചെന്നിത്തലയുടെ പേര് മാത്രമാണ് ഇത്രയുംകാലം ഉണ്ടായിരുന്നത്. ഇപ്പോള്‍ അതിന് മാറ്റം വന്നിട്ടുണ്ട്. ബാര്‍ വിഷയത്തില്‍ ഉള്‍പ്പെടെ സ്വീകരിച്ച ശക്തമായ ഇടപെടലും ക്ളീന്‍ ഇമേജും പൊതുസമൂഹത്തില്‍ സുധീരന് മുഖ്യ ഇടം നേടിക്കൊടുത്തിട്ടുണ്ട്. ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ നേതൃത്വം നല്‍കാന്‍ പുതിയ മുഖം വേണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍നിന്ന് ഉയര്‍ന്നേക്കാം. ഇത് മുന്നില്‍ക്കണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉള്‍പ്പെടെ സുധീരന്‍െറ ഇടപെടല്‍ ഉണ്ടാകുമെന്ന് ഇരുഗ്രൂപ്പുകളും ഭയപ്പെടുന്നു. അതിനാല്‍ ഇപ്പോള്‍തന്നെ അദ്ദേഹത്തെ മെരുക്കി നിര്‍ത്തേണ്ടത് ഗ്രൂപ്പുകള്‍ക്ക് ആവശ്യമാണ്.അതുകൂടി മുന്നില്‍ക്കണ്ടാണ് ‘ഐ’ പക്ഷം പരസ്യമായിത്തന്നെ സുധീരനെതിരെ ഇപ്പോള്‍ രംഗത്തത്തെിയിട്ടുള്ളത്.

സംസ്ഥാന കോണ്‍ഗ്രസില്‍ കുറച്ചുകാലമായി നിര്‍ജീവമായിരുന്ന ഗ്രൂപ്പുപോര് പുതിയ രീതിയില്‍ പുറത്തുവരുകയാണെന്നാണ് പുതിയ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. എ, ഐ ഗ്രൂപ്പുകള്‍ തമ്മിലായിരുന്നു മുന്‍കാലങ്ങളില്‍ ഏറ്റുമുട്ടിയിരുന്നതെങ്കില്‍ ഇത്തവണ അതിന് മാറ്റം വന്നിട്ടുണ്ട്. ഇപ്പോഴത്തെ തര്‍ക്കവിഷയങ്ങില്‍ ‘എ’ പക്ഷം കക്ഷിയാണെങ്കിലും തന്ത്രപരമായ നിഷ്പക്ഷതയാണ് അവരുടെ നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. പകരം അഴിമതിയുടെയും അക്രമത്തിന്‍െറയും കാര്യത്തില്‍ അവരുടെ വാദങ്ങളിലെ നീതി ചൂണ്ടിക്കാട്ടി അതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത് സുധീരന്‍ ആണ്. എന്തായാലും സംസ്ഥാന കോണ്‍ഗ്രസില്‍ ഇനി ശാന്തതയുടെ നാളുകള്‍ ആയിരിക്കില്ളെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചനകള്‍.
സുധീരനെതിരെ ‘ഐ’ ഗ്രൂപ് ഹൈകമാന്‍ഡില്‍
കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെതിരെ പരാതിയുമായി ‘ഐ’ വിഭാഗം കോണ്‍ഗ്രസ് ഹൈകമാന്‍ഡില്‍. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട സംഘം, സുധീരനെതിരെ പരാതി നിരത്തി.

ഐ ഗ്രൂപ്പിനെതിരെ സുധീരന്‍ നീങ്ങുന്നു, പ്രതിപക്ഷംപോലും ഉന്നയിക്കാത്ത ആക്ഷേപങ്ങള്‍ ഉയര്‍ത്തുന്നു എന്നിങ്ങനെയുള്ള പരാതികള്‍ക്കൊപ്പം പാര്‍ട്ടി പുന$സംഘടന വൈകിമാത്രം നടത്തിയാല്‍ മതിയെന്ന നിലപാടും അറിയിച്ചിട്ടുണ്ട്. എന്നാല്‍, സഹകരണമേഖലയിലെ പ്രശ്നങ്ങള്‍ പറയാനാണ് സോണിയയെ കണ്ടതെന്നാണ് ചെന്നിത്തല പിന്നീട് വാര്‍ത്താലേഖകരോട് വിശദീകരിച്ചത്. സഹകരണമേഖലയിലെ വിഷയങ്ങള്‍ പാര്‍ലമെന്‍റില്‍ പാര്‍ട്ടി എം.പിമാരെക്കൊണ്ട് ഉന്നയിപ്പിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ ഉറപ്പുനല്‍കിയെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍, ഈ ആവശ്യത്തിനുമാത്രമായി കേരളത്തില്‍നിന്ന് രണ്ടു മന്ത്രിമാരും മറ്റ് ഏതാനും ഐ ഗ്രൂപ്പുകാരും പറന്നത്തെില്ളെന്ന് പാര്‍ട്ടിക്കാര്‍തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.

ദേശീയതലത്തില്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തേക്ക് വൈകിപ്പിച്ചിരിക്കേ, കേരളത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പും പാര്‍ട്ടി പുന$സംഘടനയും കൂട്ടിക്കലര്‍ത്തരുതെന്നും അവര്‍ പറഞ്ഞു. പതിവില്‍നിന്ന് ഭിന്നമായി വാര്‍ത്താസമ്മേളനം ഒഴിവാക്കിയാണ് ചെന്നിത്തലയും സി.എന്‍. ബാലകൃഷ്ണനും നാട്ടിലേക്ക് വൈകീട്ടുതന്നെ മടങ്ങിയത്.

തിരുവനന്തപുരത്ത് എമിറേറ്റ്സ് വിമാനം വൈകി; പ്രതിഷേധം

Posted: 14 Sep 2015 07:04 PM PDT

Image: 

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട എമിറേറ്റ്സ് വിമാനം വൈകിയതില്‍ യാത്രക്കാര്‍ക്ക് പ്രതിഷേധം. വിമാനത്താവള അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച യാത്രക്കാര്‍ എമിറേറ്റ്സിന്‍െറ തന്നെ മറ്റൊരു സര്‍വീസ് തടസപ്പെടുത്തി. രാവിലെ 4.35ന്‍െറ തിരുവനന്തപുരം ^ദുബൈ എമിറേറ്റ്സ് വിമാനത്തിന്‍െറ യാത്രയാണ് അനിശ്ചിതമായി വൈകുന്നത്.

ദുബൈ വിമാനത്തില്‍ പോകാനുള്ള യാത്രക്കാര്‍ രാവിലെ നാലു മണിക്കാണ് രാജ്യാന്തര ടെര്‍മിനലിനുള്ളില്‍ പ്രവേശിച്ചത്. തുടര്‍ന്ന് സാങ്കേതിക തകരാറാണെന്ന് അറിയിച്ച അധികൃതര്‍ 10.30നുള്ള എമിറേറ്റ്സ് വിമാനത്തില്‍ യാത്ര തരപ്പെടുത്താമെന്ന് പറഞ്ഞു. എന്നാല്‍, ഈ വിമാനത്തിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് പ്രതിഷേധമുണ്ടായത്.

എമിറ്റേറ്റ്സ് വിമാനത്തിലെ യാത്രക്കാരുടെ ദുബൈയില്‍ നിന്നുള്ള കണക്ഷന്‍ ഫൈ്ളറ്റും ഇതോടെ മുടങ്ങിയിട്ടുണ്ട്. യാത്ര തടസപ്പെട്ടവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ അധികൃതര്‍ തയാറായില്ളെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.

സര്‍ക്കാര്‍ ആശുപത്രിയിലും ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ

Posted: 14 Sep 2015 07:04 PM PDT

Image: 

കോട്ടയം: അവയവദാനത്തില്‍ പുതു ചരിത്രമെഴുതി കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലും ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ പത്തനംതിട്ട ചിറ്റാര്‍ സ്വദേശി വി.കെ പൊടിമോന്‍െറ ഹൃദയമാണ് മാറ്റിവെച്ചത്. ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടര്‍മാര്‍ മാധ്യമങ്ങളെ അറിയിച്ചു.

മസ്തിഷ്ക മരണം സംഭവിച്ച കൊച്ചി ഏലൂര്‍ പടിഞ്ഞാറേ കടുങ്ങല്ലൂര്‍ തെക്കുംമുട്ടത്ത് വിനയകുമാറിന്‍െറ ഹൃദയമാണ് ആരോഗ്യ വകുപ്പിന്‍െറ മൃതസഞ്ജീവനി പദ്ധതി പ്രകാരം പൊടിമോന് നല്‍കിയത്. കൂടാതെ വിനയകുമാറിന്‍െറ കരളും വൃക്കകളും നേത്രപടലങ്ങളും ദാനം ചെയ്തിട്ടുണ്ട്. കൊച്ചി ഫാക്ടിലെ കരാര്‍ തൊഴിലാളിയായിരുന്ന വിനയകുമാര്‍ ഏലൂരിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്.

കൊച്ചി ലൂര്‍ദ് ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി എട്ടു മണിക്ക് ആരംഭിച്ച ശസ്ത്രക്രിയയിലാണ് വിനയകുമാറിന്‍െറ ശരീരത്തില്‍ നിന്ന് ഹൃദയവും മറ്റ് അവയവങ്ങളും വേര്‍പ്പെടുത്തിയത്. പുലര്‍ച്ചെ 3.15ഓടെ പ്രത്യേക ആംബുലന്‍സില്‍ റോഡ് മാര്‍ഗം 4.30ന് ഹൃദയം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിന്‍െറ നേതൃത്വത്തില്‍ ശസ്ത്രക്രിയ ആരംഭിച്ചു.

എട്ടു മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ഹൃദയം സ്വീകര്‍ത്താവിന്‍െറ ശരീരത്തില്‍ സ്പന്ദിച്ചു തുടങ്ങിയതായി ഡോ. ടി.കെ. ജയകുമാര്‍ അറിയിച്ചു.

ജൂലൈ ഏഴിന് എയര്‍ ആംബുലന്‍സ് ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ശസ്ത്രക്രിയ കൊച്ചിയില്‍ നടന്നിരുന്നു. തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച, പാറശാല ലളിതയില്‍ അഭിഭാഷകനായ നീലകണ്ഠശര്‍മയുടെ ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ ചാലക്കുടി സ്വദേശി മാത്യു ആന്‍റണിയുടെ ശരീരത്തില്‍ മാറ്റിവെച്ചത്.

ആഗസ്റ്റ് എട്ടിന് സംസ്ഥാനത്തിന് പുറത്തേക്ക് ആദ്യമായി അവയവദാനം നടന്നു. ആലപ്പുഴ കായംകുളം സ്വദേശി കോട്ടോളില്‍ എച്ച്. പ്രണവിന്‍െറ ഹൃദയവും ശ്വാസകോശവും ചെന്നൈ ഫോര്‍ട്ടിസ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലാണ് മറ്റൊരാളില്‍ വെച്ചുപിടിപ്പിച്ചത്.
 

മൂന്നാറിലെ സ്ത്രീസമരം വായിക്കുമ്പോള്‍

Posted: 14 Sep 2015 06:57 PM PDT

Image: 

മൂന്നാറിലെ സ്ത്രീത്തൊഴിലാളികള്‍ നടത്തിയ ധീരമായ സമരം കേരളചരിത്രത്തിലെ അതിപ്രധാനമായ ഒരു മുഹൂര്‍ത്തത്തെയാണ് കുറിക്കുന്നത് എന്നതില്‍ സംശയമില്ല. അത് കേരളത്തിലെ തൊഴില്‍മേഖലയില്‍ ദശാബ്ദങ്ങളായി നിലനിന്ന  കെട്ടുനാറുന്ന ചില നിശ്ചലതകളെ അഭൂതപൂര്‍വമായ സ്വത്വവര്‍ഗ ശക്തികൊണ്ട് ഭേദിക്കുന്ന സമരമായി മാറുകയായിരുന്നു എന്നകാര്യവും അടിവരയിട്ടുതന്നെ പറയേണ്ടതുണ്ട്. തൊഴിലാളി യൂനിയനുകളുടെ പ്രത്യക്ഷവിമര്‍ശം, രാഷ്ട്രീയപാര്‍ട്ടികളോടുള്ള പരോക്ഷമായ പ്രതിഷേധം, ഭരണകൂടസമീപനത്തോടുള്ള രൂക്ഷമായ എതിര്‍പ്പ്, തൊഴിലുടമയുടെ തീരാത്ത ചതിപ്രയോഗങ്ങളോടുള്ള അടങ്ങാത്ത അമര്‍ഷം എന്നിവയെല്ലാം ഈ സമരത്തില്‍ വായിച്ചെടുക്കാവുന്നതാണ്.
എന്നാല്‍, ഈ വിജയത്തിന്‍െറ സാഹചര്യമുയര്‍ത്തുന്ന മറ്റുചില പ്രശ്നങ്ങളുണ്ട്. ട്രേഡ്യൂനിയന്‍ വിമര്‍ശത്തിന്‍െറ സാധ്യതകളും പരിമിതികളും എന്തൊക്കെയാണ്? ട്രേഡ്യൂനിയന്‍ നേതാക്കളുടെ അഴിമതിയും തൊഴിലുടമകളുമായുള്ള ഒത്തുകളികളും മാത്രമാണോ ഇതില്‍ അന്തര്‍ഭവിച്ചിട്ടുള്ള പ്രധാന പ്രശ്നം? ഈ സമരം മാത്രമല്ല, ട്രേഡ് യൂനിയന്‍ സംവിധാനത്തിന് പുറത്തുനടക്കുന്ന ഏതു സമരവും ചില അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ ഉണ്ടാവാറുള്ളൂ എന്ന കാര്യം കേവലമൊരു സ്ഥിതിവിവരമല്ല. അതുകൊണ്ടുതന്നെ, തൊഴില്‍മേഖലകളില്‍ പൊതുവില്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളുമായി താരതമ്യം ചെയ്യാതെ വികാരപരമായി മാത്രം ഈ സമരത്തെ വിലയിരുത്തുന്നതില്‍ അര്‍ഥമില്ല.

തുടക്കത്തില്‍ ഈ സമരത്തിന്‍െറ വിജയം അനിശ്ചിതമായിരുന്നു എന്നതാണ് സത്യം. എന്തായാലും, പതിവിനു വിപരീതമായി പൊലീസും സര്‍ക്കാറും സംയമനം കാണിച്ചിരുന്നു. ജനകീയസമരങ്ങളുടെ കാര്യത്തില്‍ മുന്നണിഭേദമില്ലാതെ സാധാരണ കാണാറുള്ളതുപോലെ തൊഴിലുടമക്കനുകൂലമായ പൊലീസ് തേര്‍വാഴ്ച അവിടെയുണ്ടായില്ല. എന്നാല്‍, പൊതുസമൂഹത്തിനു മുന്നില്‍ സമരത്തിന്‍െറ നൈതികശക്തി വെളിപ്പെടുത്തിയത് എസ്. രാജേന്ദ്രന്‍ എം.എല്‍.എ സമരമേഖലയിലേക്ക് ചെല്ലുമ്പോള്‍ തൊഴിലാളിസ്ത്രീകള്‍ കാണിച്ച രോഷമായിരുന്നു. ആയിരക്കണക്കിന് സ്ത്രീത്തൊഴിലാളികളുടെ രോഷത്തെ പുച്ഛിക്കാനോ പരിഹസിച്ചുതള്ളാനോ കഴിയുമായിരുന്നില്ല. സമരത്തോടുള്ള ഭരണകൂടത്തിന്‍െറ സമീപനത്തില്‍ മാറ്റംവരുത്തിയത് കേരളത്തിലെ ഏറ്റവുംവലിയ രാഷ്ട്രീയപ്രസ്ഥാനത്തിന്‍െറ എം.എല്‍.എയുടെ നേരേപോലും ചെരിപ്പുയര്‍ത്തിയ സ്ത്രീശക്തിയുടെ ഈ വിദ്യുത്പ്രകാശമായിരുന്നു. എസ്. രാജേന്ദ്രനും തുടര്‍ന്നത്തെിയ പല രാഷ്ട്രീയനേതാക്കളും അപമാനിക്കപ്പെട്ടെങ്കിലും ഈ സമരത്തെ ഉമ്മന്‍ ചാണ്ടിയും വി.എസ്. അച്യുതാനന്ദനും ഉള്‍പ്പെടെ പലരുടെയും ‘അടിയന്തര അജണ്ട’യാക്കി മാറ്റുന്നതിന് നിമിത്തമായത് ആ സന്ദര്‍ശനമാണ്. നിരാഹാരമൊക്കെ സ്വാഭാവികമായും അവഗണിക്കപ്പെട്ടെങ്കിലും.

എന്നാല്‍, അതിനെല്ലാമുപരി വ്യവസ്ഥാപിത യൂനിയനുകളുടെ ആജ്ഞകളെ ധിക്കരിക്കാന്‍ കഴിവില്ലാതെ അവര്‍ക്കടിമകളായി തൊഴിലാളികള്‍ നിന്നകാലം കഴിഞ്ഞിരിക്കുന്നു എന്ന സന്ദേശം കൂടുതല്‍ ശക്തമായി ഈ സമരം നല്‍കുന്നു എന്നതാണ് പ്രധാനം. ഇന്ന് നിലനില്‍ക്കുന്ന നിയമമനുസരിച്ച് തൊഴിലാളി യൂനിയനുകളുമായി എത്തിച്ചേരുന്ന ഒത്തുതീര്‍പ്പ് എന്തുതന്നെയായാലും അതനുസരിക്കാന്‍ തൊഴിലാളികള്‍ ബാധ്യസ്ഥരാണ്. ഇന്ത്യയില്‍ തൊഴില്‍പ്രശ്നങ്ങളില്‍ വ്യവസ്ഥാപിതമായി ഇടപെടുന്ന ത്രികക്ഷിസമ്പ്രദായം (തൊഴില്‍യൂനിയന്‍, തൊഴില്‍ വകുപ്പധികൃതര്‍, തൊഴില്‍ ഉടമ) നിലവില്‍വന്നത് മുതല്‍ക്കാണ് സംഘടിതമേഖലയില്‍ തൊഴില്‍പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തൊഴിലാളിക്കള്‍ക്കനുകൂലമായ വലിയ മുന്നേറ്റങ്ങളുണ്ടായത്.

എന്നാല്‍, യൂനിയന്‍ നേതൃത്വങ്ങളെ പൂര്‍ണവിശ്വാസത്തിലെടുക്കാന്‍ തൊഴിലാളികളെ നിര്‍ബന്ധിക്കുന്ന ഒരു വ്യവസ്ഥയാണിത്. അവര്‍ക്ക് മറ്റു മാര്‍ഗമില്ല. പരസ്പരമത്സരം ഒഴിവാക്കുന്ന ഒരു കൂട്ടമായി (കാര്‍ട്ടെല്‍) പ്രവര്‍ത്തിച്ചാല്‍ വ്യക്തിപരമായ നേട്ടങ്ങള്‍ ഉണ്ടാവുമെന്ന് മനസ്സിലാക്കിയ നേതൃത്വങ്ങളും അവരുടെ ദൗര്‍ബല്യങ്ങളെ മുതലെടുക്കുന്ന തൊഴിലുടമകളും ചേര്‍ന്ന്  തൊഴിലാളികളെ വഞ്ചിക്കുന്നത്, നിത്യസംഭവം എന്നുപറയാന്‍ കഴിയില്ളെങ്കിലും, ഈ വ്യവസ്ഥയെ ദ്രവിപ്പിക്കുന്ന ഒരു പ്രതിഭാസമായി വളര്‍ന്നത് വളരെ പെട്ടെന്നായിരുന്നു.

കെ.ആര്‍. ഗൗരിയമ്മ സി.പി.എമ്മില്‍നിന്ന് പുറത്തുപോകുന്ന സന്ദര്‍ഭത്തില്‍ സി. ഐ.ടി.യു നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളും വിമര്‍ശങ്ങളും  ഉന്നയിച്ചതോടെയാണ് എഴുപതുകളിലെ നക്സല്‍ബാരി പ്രസ്ഥാനത്തിനുശേഷം യാഥാസ്ഥിതിക കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ട്രേഡ്യൂനിയന്‍ പ്രവര്‍ത്തനത്തിന്‍െറ ജീര്‍ണണതക്കെതിരെ വീണ്ടും ശക്തമായ ശബ്ദം കേരളത്തില്‍ ഉയര്‍ന്നുകേട്ടത് (കമ്യൂണിസ്റ്റ് ട്രേഡ്യൂനിയന്‍ ജീര്‍ണതയെ തുറന്നുകാട്ടുന്ന മിലോവാന്‍ ജിലാസിന്‍െറ ‘ദ ന്യൂ ക്ളാസ്’ കേരളത്തിലും വായിക്കപ്പെട്ടു). ഇതിന്‍െറ അലയൊലി ആദ്യകാല അച്യുതാനന്ദന്‍-പിണറായി കൂട്ടുകെട്ടിന്‍െറ സി.ഐ.ടി.യു വെട്ടിനിരത്തല്‍-ശുദ്ധീകരണപ്രക്രിയയില്‍ ഉണ്ടായിരുന്നു, പിന്നീടവര്‍ വഴിപിരിഞ്ഞെങ്കിലും. ആ വിഭാഗത്തിന് അതുകൊണ്ടുതന്നെ ഗൗരിയമ്മ ഇപ്പോഴും സ്വീകാര്യയാണ്. മറ്റു ട്രേഡ്യൂനിയനുകള്‍ ചില വ്യവസായങ്ങളിലൊഴികെ പ്രായേണ ദുര്‍ബലരായിട്ടുള്ള കേരളത്തില്‍ സ്വാഭാവികമായും ഇത്തരം ചര്‍ച്ചകള്‍ സി.ഐ.ടി.യുവിനെ കേന്ദ്രീകരിച്ചുതന്നെയാണ് നടന്നിട്ടുള്ളത്.

അസംഘടിത മേഖലകളിലെ സര്‍ഗാത്മകമായ സമരങ്ങളെ ഇതുമായി കൂട്ടിച്ചേര്‍ത്തുകാണാന്‍ കഴിയില്ല. ഭൂമിക്കായുള്ള ദലിത് സമരങ്ങളും ആദിവാസി നില്‍പുസമരവും ടെക്സ്റ്റൈല്‍ മേഖലയിലെ ഇരിപ്പുസമരവും അടക്കമുള്ള സമരങ്ങള്‍ അസംഘടിത മേഖലയിലെ സമരങ്ങളാണ്. അവിടെ ട്രേഡ്യൂനിയന്‍ സാന്നിധ്യംതന്നെയില്ല. സിവില്‍സമൂഹത്തിന്‍െറ തലത്തില്‍ നിന്നുകൊണ്ട് രാഷ്ട്രീയസമൂഹത്തിന്‍െറ പൊതുതീര്‍പ്പുകളെ ചോദ്യംചെയ്യുന്ന സഹനസമരങ്ങളാണ് അവയെല്ലാം. അത്തരം സമരങ്ങള്‍ സാമൂഹികമായ നിശ്ചലതകളെ വെട്ടിമുറിക്കുന്ന പുത്തന്‍ ആശയസംവേദനങ്ങള്‍ കൂടിയാണ്. അവയുടെ സന്ദേശങ്ങള്‍ സാന്ദര്‍ഭികമായ മുദ്രാവാക്യങ്ങളില്‍ ഒതുങ്ങുന്നില്ല. അവ ഒരു ജഡസമൂഹത്തിന്‍െറ പൂര്‍വസമ്മതികളെ വെല്ലുവിളിക്കുന്നവയാണ്. പുതിയ രാഷ്ട്രീയംകൊണ്ട് അവ സാമൂഹിക ശരീരത്തെ നവീകരിക്കുന്നു.

തോട്ടങ്ങളും വ്യവസായികമേഖലയും അതുപോലെയല്ല. വ്യവസ്ഥാപിത രീതിയില്‍ അല്ലാതെ അവിടെ സമരം സാധ്യമല്ല. നിയമാനുസൃതമായ മുന്‍കൂര്‍ നോട്ടീസ് കൊടുക്കാതെ സമരം തുടങ്ങാന്‍പോലും പറ്റില്ല. ഇത് പാലിക്കാന്‍ തൊഴിലാളിനേതൃത്വം നിയമപരമായി ബാധ്യസ്ഥരാണ്. വ്യവസായികമേഖലയില്‍ ഇതിനു സമാനമായ പല സന്ദര്‍ഭങ്ങളും മുമ്പുമുണ്ടായിട്ടുണ്ട്. മാവൂര്‍സമരം അതുപോലെ ഒന്നായിരുന്നു. അതിന്‍െറ രൂപപരിണാമങ്ങള്‍ കേരളസമൂഹം മറന്നുകഴിഞ്ഞു. വ്യവസ്ഥാപിത ട്രേഡ്യൂനിയന്‍ വ്യവസ്ഥയെതന്നെ വെല്ലുവിളിച്ചുകൊണ്ട് ഗ്രോ എന്ന തൊഴിലാളിയൂനിയന്‍ ഉയര്‍ന്നുവന്നതും അത് മാവൂര്‍ സമരത്തിന്‍െറ ദിശതന്നെ മാറ്റിയതും അങ്ങനെ മറന്നുകളയേണ്ടതല്ല.  

എന്നാല്‍, അത്തരം സമരങ്ങള്‍ക്ക് ഒരു പരിധിവരെ മാത്രമേ വ്യവസ്ഥാപിതമായ ത്രികക്ഷിസമ്പ്രദായത്തെ ചോദ്യംചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ. അങ്ങനെ ചോദ്യംചെയ്യുക എന്നുപറയുന്നത് അത്ര എളുപ്പമല്ല താനും. ഒറ്റയൊറ്റ വ്യക്തികളായൊ കൂട്ടായോ തൊഴിലാളികള്‍ക്ക് നേതൃത്വത്തിന്‍െറ തീരുമാനങ്ങളെ ധിക്കരിക്കാനാവില്ല. അങ്ങനെവന്നാല്‍ അവര്‍ക്ക് യൂനിയനില്‍നിന്ന് പുറത്തുപോവേണ്ടിവരും. എല്ലാ സംരക്ഷണങ്ങള്‍ക്കും പുറത്തേക്ക് അവര്‍ വലിച്ചെറിയപ്പെടും. ചിലരൊക്കെ ആത്മാഭിമാനത്തോടെ അത് ചെയ്തിട്ടുണ്ടെങ്കിലും പൊതുവില്‍ അത്തരം ഒറ്റപ്പെട്ട വെല്ലുവിളികള്‍ യൂനിയന്‍ നേതൃത്വത്തെയൊ തൊഴിലുടമയെയൊ ഭയപ്പെടുത്താറില്ല. ആ പാരമ്പര്യത്തിനാണ് മൂന്നാറിലെ സ്ത്രീത്തൊഴിലാളികള്‍ ഇപ്പോള്‍ സാരമായ പരിക്കേല്‍പിച്ചിരിക്കുന്നത്. ത്രികക്ഷിസമ്പ്രദായത്തിന്‍െറ തീര്‍പ്പുകളെ തൊഴിലാളികള്‍ക്ക് യൂനിയന് പുറത്തുള്ള സംഘടിതസമരത്തിലൂടെ തള്ളിക്കളയാമെന്നും പുതിയ ഒത്തുതീര്‍പ്പിന് അപ്പോള്‍ ഉടമയും ഭരണകൂടവും തയാറാവേണ്ടിവരുമെന്നുമുള്ളത് നിസ്സാരമായ കാര്യമല്ല.

എന്നാല്‍, ഇതിന്‍െറ നൈസര്‍ഗികതയെ ഭാവിയിലേക്കായി സ്വാംശീകരിക്കുക എളുപ്പമല്ല. ഇപ്പോഴത്തെ ത്രികക്ഷിക്കരാര്‍ സംവിധാനത്തിനുപകരം കൂടുതല്‍ ജനാധിപത്യപരമായ തൊഴില്‍ബന്ധ സമീപനത്തിന് എങ്ങനെ രൂപംകൊടുക്കാമെന്നും ഇപ്പോഴത്തെ ത്രികക്ഷിസമ്പ്രദായത്തെ മാറ്റേണ്ടത് ഏതുരീതിയില്‍ എന്നുമുള്ള ചോദ്യങ്ങള്‍കൂടി ഈ സമരം ഉയര്‍ത്തുന്നുണ്ട് എന്നത് കണാതിരുന്നുകൂട. ഇത് ചരിത്രപരമായി കേരളത്തിലെയും ഇന്ത്യയിലെയും തൊഴില്‍ബന്ധങ്ങളെ നിര്‍വചിക്കുന്നതില്‍ പ്രധാനപ്പെട്ട ഒരു പ്രശ്നമായി മാറാന്‍ പോവുകയാണ്.

എന്നാല്‍, ഇതിനോടൊപ്പം ഓര്‍മിക്കേണ്ടത്, നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കനുസൃതമായി സമൂലമായ മാറ്റങ്ങള്‍ തൊഴില്‍നിയമങ്ങളില്‍ കൊണ്ടുവരാന്‍ ഇന്ത്യന്‍ഭരണകൂടം ശ്രമിക്കുന്ന കാലമാണിത് എന്നതാണ്. പുതിയ തൊഴില്‍ നിയമങ്ങള്‍ക്കെതിരെയുള്ള സമരത്തിന്‍െറ സന്ദര്‍ഭം വിസ്മരിച്ചുകൂടാ. ആ സമരത്തെ ദുര്‍ബലപ്പെടുത്തുന്ന ദിശയിലേക്ക് ചര്‍ച്ചകള്‍ പോകാതെ സൂക്ഷിക്കാന്‍ സിവില്‍സമൂഹത്തിന് ബാധ്യതയുണ്ട്.

പ്രതിരാഷ്ട്രീയത്തിന്‍െറ വിപ്ലവനാമ്പുകള്‍

Posted: 14 Sep 2015 06:54 PM PDT

Image: 

ചരിത്രം രചിക്കുന്നത് സേനാധിപരോ ചക്രവര്‍ത്തിമാരോ അല്ല, വെറും സാധാരണക്കാരായ മനുഷ്യരാണ്; അവരുടെ ലക്ഷ്യബോധവും ഇച്ഛാശക്തിയുമാണ്. മൂന്നാറിലെ സ്ത്രീത്തൊഴിലാളികള്‍ അത് തെളിയിച്ചു: രാഷ്ട്രീയക്കാരെയും ട്രേഡ് യൂനിയന്‍ നേതാക്കളെയും തീണ്ടാപ്പാടകലെ നിര്‍ത്തി സ്വന്തം പ്രതിരാഷ്ട്രീയം കെട്ടിപ്പടുത്തുകൊണ്ട്. ജീവിക്കാനുള്ള അവകാശം അവര്‍ സ്ഥാപിച്ചെടുത്തത്, പതിവു നിസ്സംഗതയോടെ ഉറക്കംനടിച്ച ഭരണകൂടത്തെ ചര്‍ച്ചയിലേക്ക് വലിച്ചിറക്കിക്കൊണ്ടുവന്നും മുതലാളിമാരുടെ അച്ചാരം വാങ്ങി തൊഴിലാളികളുടെ വിശ്വാസത്തെ വഞ്ചിച്ചുവന്ന സംഘടനാ നേതാക്കളെ പ്രകടമായ നിന്ദയാല്‍ പ്രഹരിച്ചുമാണ്. ഭരണപക്ഷ-പ്രതിപക്ഷ ഭേദമില്ലാതെ മുഖ്യധാരാ രാഷ്ട്രീയത്തിന്‍െറ കപടനാട്യങ്ങളെ അവര്‍ തള്ളി. അതിന് ബദലായി, ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ നയിക്കപ്പെടുന്ന പുതിയ ജനപക്ഷ രാഷ്ട്രീയത്തെ രൂപപ്പെടുത്തി. ഇതാകട്ടെ രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് ഇപ്പോള്‍ അലയടിക്കുന്ന പുതിയൊരു ജനപക്ഷ ആക്ടിവിസത്തിന്‍െറ തുടര്‍ച്ചയുമായി.

ഇതേസമയത്തുതന്നെയാണല്ളോ ബ്രിട്ടനില്‍ പാരമ്പര്യ രാഷ്ട്രീയത്തൊഴിലുകാരെ അമ്പരപ്പിച്ചുകൊണ്ട് പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയുടെ അമരത്ത് ജെറമി കോര്‍ബിന്‍ വന്‍ ജനപിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നാര്‍ പ്രക്ഷോഭം പ്രത്യേക വ്യക്തിയെ കേന്ദ്രീകരിച്ചായിരുന്നില്ല; ജെറമി  കോര്‍ബിന്‍േറത് വ്യക്തിഗത നിലപാടുകളുടെകൂടി വിജയമാണ്. ഒന്ന് തെരുവില്‍നിന്ന് പിടിച്ചെടുത്ത നേട്ടം; മറ്റേത് ബാലറ്റിലൂടെ സാധിച്ചത്. മൂന്നാര്‍ സമരക്കാര്‍ എന്തെങ്കിലും സിദ്ധാന്തത്തിന് ചുറ്റുമല്ല തങ്ങളുടെ പ്രക്ഷോഭത്തെ വാര്‍ത്തെടുത്തത്. ജറമി കോര്‍ബിനാകട്ടെ സാധാരണക്കാരന്‍െറ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചത് യുദ്ധവിരുദ്ധത, സ്ഥിതിസമത്വം, സാമൂഹിക നീതി തുടങ്ങിയ മൂല്യങ്ങള്‍ക്ക് പുറത്താണ്. ഇത്തരം വ്യത്യാസങ്ങളുണ്ടെങ്കിലും കേരളത്തിലെയും ബ്രിട്ടനിലെയും വിജയങ്ങള്‍ അതിജീവനത്തിനുവേണ്ടി സാധാരണക്കാര്‍ നേടിയതാണ്; രണ്ടും പാരമ്പര്യ രാഷ്ട്രീയക്കാരെ ഞെട്ടിക്കുന്നതാണ്; രണ്ടും രാജ്യാന്തരതലത്തില്‍ അങ്ങിങ്ങുമാത്രമായിട്ടാണെങ്കിലും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ജനപക്ഷ അടിയൊഴുക്കിനോട് ചേര്‍ന്നുനില്‍ക്കുന്നവയാണ്.

ജനകീയ പ്രശ്നങ്ങളില്‍നിന്ന് വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികളും സംഘടനകളും അകലുന്നതിലുള്ള അതൃപ്തി മൂന്നാര്‍ എല്ലാവരും കേള്‍ക്കെ പ്രഖ്യാപിച്ചുകഴിഞ്ഞു. നിസ്സഹായതയില്‍ കുരുക്കപ്പെട്ട തൊഴിലാളികളുടെ ഒത്തൊരുമക്ക് പിന്നില്‍ തീവ്രവാദികളെ കണ്ടത്തൊന്‍ ഇപ്പോള്‍ അധ്വാനിക്കുന്ന രാഷ്ട്രീയത്തൊഴിലുകാര്‍ ആദ്യം ചെയ്യേണ്ടത് ആ പാവങ്ങളുടെ പ്രശ്നം അറിയുന്നതിലും ഏറ്റെടുക്കുന്നതിലും തങ്ങള്‍ പരാജയപ്പെട്ടുവെന്ന് തുറന്നുസമ്മതിക്കുകയാണ്. തെരഞ്ഞെടുപ്പ് വരുമ്പോള്‍മാത്രം ജനങ്ങളെ കാണുന്നവരെ ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. ബ്രിട്ടനില്‍ ഇടതുപക്ഷമെന്ന് പറയുന്ന ലേബര്‍ പാര്‍ട്ടി സാധാരണക്കാരുടെ കാര്യം പറഞ്ഞ് ഭരണം നേടിക്കഴിഞ്ഞാല്‍ പിന്നെ ചെയ്യുക യാഥാസ്ഥിതിക കക്ഷിയെ തോല്‍പിക്കുന്ന മുതലാളിത്ത മനോഭാവം പുറത്തെടുക്കുകയാണ്. ടോണി ബ്ളെയറെപ്പോലുള്ള യുദ്ധഭ്രാന്തന്മാര്‍ ലേബറിന്‍െറ വിലാസത്തിലാണ് ഭരണംപിടിച്ചത്. ഇപ്പോള്‍ ജെറമി കോര്‍ബിന്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ പിന്തുണയോടെ പ്രതിപക്ഷ പാര്‍ട്ടി നേതൃത്വത്തിലത്തെുന്നത് അത്തരം നയങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടാണ്. അഭയാര്‍ഥികള്‍ക്കായി നാടും വീടും മനസ്സും തുറന്നുവെക്കണമെന്നാണ് അദ്ദേഹത്തിന്‍െറ ആഹ്വാനം. യുദ്ധമല്ല, സമാധാനപരമായ ചര്‍ച്ചയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമെന്നും അദ്ദേഹം പറയുന്നു.

വിജയിച്ച മുല്ലപ്പൂ വിപ്ളവങ്ങള്‍ താമസിയാതെ ഹൈജാക് ചെയ്യപ്പെടുന്നതും നാം കാണുന്നു. ജനപക്ഷ രാഷ്ട്രീയത്തിന്‍െറ വിജയമായി ആഘോഷിക്കപ്പെട്ട ഡല്‍ഹി സംസ്ഥാനത്ത് കെജ്രിവാള്‍ സര്‍ക്കാര്‍ അതിവേഗം പാരമ്പര്യ രാഷ്ട്രീയത്തിന്‍െറ പകര്‍പ്പായി മാറുന്നതും, അങ്ങ് ഗ്രീസില്‍ ജനമുന്നേറ്റത്തിന്‍െറ തരംഗത്തിലേറി അധികാരത്തിലത്തെിയ സിപ്രാസ് ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിലേക്ക് പതിച്ചതും നാം കാണുന്നു. പക്ഷേ, പ്രായോഗികതയുടെപേരില്‍ ഇതൊക്കെ സംഭവിക്കുമ്പോഴും ജനങ്ങള്‍ അങ്ങിങ്ങായി കൊച്ചു കൊച്ചു വിജയങ്ങള്‍ നേടുന്നുണ്ട്. ഈ വിജയങ്ങള്‍ വര്‍ഗീയതയെയും വിഭാഗീയതയെയും മറികടന്ന് നേടിയവയാണ്. അക്രമം വെടിഞ്ഞ്, ചോരയൊഴുക്കാതെ നേടിയ ജനായത്ത വിജയങ്ങളാണവ. പാരമ്പര്യ രാഷ്ട്രീയക്കാര്‍ക്ക് ഇതില്‍ പാഠമുണ്ട്. വിഭാഗീയത ഉയര്‍ത്തിക്കാട്ടി വോട്ട് തട്ടുന്നതിലെയും മുദ്രാവാക്യങ്ങള്‍കൊണ്ട് അധികാരത്തിലേക്ക് വഴിവെട്ടുന്നതിലെയും സ്വാര്‍ഥത ജനങ്ങള്‍ അറിയുന്നുണ്ട്. സാമ്പത്തിക അസമത്വത്തിനും മനുഷ്യാവകാശലംഘനങ്ങള്‍ക്കും അനീതിക്കുമെതിരെ സംഘടിക്കാന്‍ ജനങ്ങള്‍ പാരമ്പര്യ രാഷ്ട്രീയക്കാരെ കാത്തുനില്‍ക്കുന്ന കാലം കഴിയുകയാണ്. തങ്ങളുടെ കഷ്ടപ്പാടുകള്‍ക്ക് പരിഹാരം കാണുന്ന ജോലി യൂനിയനുകളെ ഏല്‍പിക്കുന്ന കാര്യത്തില്‍ തൊഴിലാളികള്‍ വീണ്ടുവിചാരം നടത്തുന്നുണ്ട്. ജീവിതഭാരമകറ്റാന്‍ കുടുംബിനികള്‍ പുരുഷന്മാരെ കാത്തുകെട്ടിക്കിടക്കുന്ന രീതിയും മാറുകയാണ്. പ്രതിരാഷ്ട്രീയം ലോകത്ത് പുതിയ വരവറിയിക്കുകയാണ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP