സ്വാഗതം
WELCOME

News Update..

Sunday, September 20, 2015

ജനാധിപത്യത്തില്‍ ജനങ്ങളുടെ ശക്തിക്കാണ് പ്രാധാന്യം ^മോദി Madhyamam News Feeds

ജനാധിപത്യത്തില്‍ ജനങ്ങളുടെ ശക്തിക്കാണ് പ്രാധാന്യം ^മോദി Madhyamam News Feeds

Link to a feed

ജനാധിപത്യത്തില്‍ ജനങ്ങളുടെ ശക്തിക്കാണ് പ്രാധാന്യം ^മോദി

Posted: 20 Sep 2015 12:49 AM PDT

Image: 

ന്യൂഡല്‍ഹി: ജനാധിപത്യത്തില്‍ ജനങ്ങളുടെ ശക്തി വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തി'ലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മന്‍ കി ബാത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. നിരവധി കാര്യങ്ങള്‍ ജനങ്ങളില്‍ നിന്നും പഠിക്കാന്‍ സാധിച്ചു. കത്തുകളിലൂടെയും മറ്റും നിരവധി ആളുകളുടെ അഭിപ്രായങ്ങള്‍ അറിഞ്ഞു. ഇതില്‍ പലതും പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായും മോദി പറഞ്ഞു.

നേതാജി സുഭാഷ് ചന്ദ്രബോസിന്‍െറ വിവിധ സ്ഥലങ്ങളിലുള്ള 50 കുടുംബാംഗങ്ങളുമായി ഒക്ടോബറില്‍ കൂടിക്കാഴ്ച നടത്തും. നേതാജിയുടെ ബന്ധുക്കളെ ഒൗദ്യോഗിക വസതിയിലേക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടിരുന്നുവെന്നും വളരെ സന്തോഷത്തോടെയാണ് ഇക്കാര്യം ജനങ്ങളുമായി പങ്കുവെക്കുന്നതെന്നും മന്‍ കി ബാത്തിലൂടെ മോദി അറിയിച്ചു.

പാവപ്പെട്ട നിരവധി കുടുംബങ്ങള്‍ ഗ്യാസ് സബ്സിഡി വേണ്ടെന്നു വച്ചു. ഇതും നിശബ്ദ വിപ്ളവമാണ്. ടെലിഫോണിലൂടെ ആളുകളെ ബന്ധപ്പെടുക വഴി വ്യത്യസ്തമായ കാര്യം ചെയ്യാനാണ് താന്‍ ശ്രമിച്ചത്. 55,000 ഫോണ്‍ കോളുകളാണ് ലഭിച്ചതെന്നും മോദി വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ വോട്ട് രേഖപ്പെടുത്തണമെന്നും സമൂഹത്തിലെ ജനങ്ങളുടെ ശക്തിയെയാണ് 'മന്‍ കി ബാത്' ചൂണ്ടിക്കാട്ടുന്നതെന്നും മോദി വ്യക്തമാക്കി.
 

സ്ലീപ്പര്‍, ഉയര്‍ന്ന ക്ലാസ്‌ ടിക്കറ്റുകള്‍ ഇനി സാധാരണ കൗണ്ടറുകളില്‍ ലഭിക്കില്ല

Posted: 19 Sep 2015 10:56 PM PDT

Image: 

പാലക്കാട്: സാധാരണ കൗണ്ടറുകളില്‍ നിന്നും സ്ളീപ്പര്‍, ഉയര്‍ന്ന ക്ളാസ് ടിക്കറ്റുകള്‍ നല്‍കുന്നത് റെയില്‍വേ പൂര്‍ണമായി നിര്‍ത്തി. റെയില്‍വേ ബോര്‍ഡ് 16നു പുറത്തിറക്കിയ സര്‍ക്കുലര്‍ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ ഇന്നലെ നടപ്പാക്കി തുടങ്ങി. ഇത്തരം കോച്ചുകളില്‍ സീറ്റ് ഒഴിവുണ്ടെങ്കില്‍ ടി.ടി.ഇയുടെ അനുവാദത്തോടെ കൂടുതല്‍ പണം നല്‍കി ഓര്‍ഡിനറി ടിക്കറ്റ് അപ്ഗ്രേഡ് ചെയ്തു യാത്രചെയ്യാം. അപ്ഗ്രേഡ് ചെയ്യുമ്പോള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവ് കൊടുക്കാന്‍ ടി.ടി.ഇമാര്‍ക്ക് അധികാരമില്ല. പരിശോധകന്‍െറ അനുവാദമില്ലാതെ ട്രെയിനില്‍ കയറിയാല്‍ പരിശോധന സ്ക്വാഡ് പിടികൂടി പിഴയും അധിക നിരക്കും ചുമത്തുകയും ചെയ്യും.

ഓര്‍ഡിനറി ടിക്കറ്റുകള്‍, പാസഞ്ചര്‍ ട്രെയിനുകളിലെ ഫസ്റ്റ് ക്ളാസ് ടിക്കറ്റുകള്‍ എന്നിവ മാത്രമാണ് ഇനി സാധാരണ കൗണ്ടറുകളില്‍ നിന്നും ലഭിക്കുക. മുന്‍കൂട്ടി ബുക്ക് ചെയ്ത് ഉയര്‍ന്ന ക്ളാസുകളില്‍ യാത്ര ചെയ്യാം. ഉയര്‍ന്ന ക്ളാസുകളില്‍ ബര്‍ത്ത് ലഭ്യമാണെങ്കില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ചില സ്റ്റേഷനുകളിലുണ്ട്.
 

വയോധികന്‍െറ ജീവിത മാര്‍ഗമായ ടൈപ്പ്റൈറ്റര്‍ തകര്‍ത്ത് പൊലീസ് ക്രൂരത

Posted: 19 Sep 2015 10:34 PM PDT

Image: 

ലക്നൊ: വയോധികനായ കൃഷ്ണകുമാര്‍ കഴിഞ്ഞ 35 വര്‍ഷമായി ലക്നൗ ജനറല്‍ പോസ്റ്റ് ഓഫീസിനു പുറത്തെ നടപ്പാതയിലിരുന്നാണ് ജീവിത മാര്‍ഗമുണ്ടാക്കുന്നത്. തന്‍െറ പഴയ ടൈപ്പ്റൈറ്ററില്‍ ഹിന്ദിയില്‍ അപേക്ഷകള്‍ തയ്യാറാക്കി  നല്‍കുന്നതാണ് ഈ 65കാരന്‍െറ ജോലി. കഷ്ടിച്ച് 50 രൂപയാണ് ദിവസ വരുമാനം. എന്നാല്‍, ശനിയാഴ്ച കാര്യങ്ങള്‍ മാറിമറിഞ്ഞു.

രാവിലെ കൃഷ്ണകുമാറിന്‍െറ അടുത്തത്തെിയ പ്രദീപ് കുമാര്‍ എന്നു പേരുള്ള സബ് ഇന്‍സ്പെക്ടര്‍ സ്ഥലം ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. താന്‍ വര്‍ഷങ്ങളായി ഈ സ്ഥലത്തിരുന്നാണ് തൊഴിലെടുക്കുന്നതെന്ന് കൃഷ്ണകുമാര്‍ മറുപടി നല്‍കി. മറുപടിയില്‍ കോപിഷ്ഠനായ എസ്.ഐ വയോധികനെ ആക്ഷേപിക്കുകയും ചെയ്തു. കൂടാതെ ജീവിതോപാധിയായ ടൈപ്പ്റൈറ്റര്‍ ചവിട്ടിത്തകര്‍ത്തു.

ഇതേ സമയം എസ്.ഐയുടെ ക്രൂരത പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍െറ ക്രൂരത വെളിവാക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തു. സംഭവമറിഞ്ഞ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വൈകീട്ട് സബ് ഇന്‍സ്പെക്ടറെ സസ്പെന്‍ഷന്‍ ചെയ്തതായി ഉത്തരവിടുകയായിരുന്നു. കൂടാതെ ജില്ലാ മജിസ്ട്രേറ്റിനോടും പോലീസ് സൂപ്രണ്ടിനോടും കൃഷ്ണകുമാറിനെ സന്ദര്‍ശിച്ച് പുതിയ രണ്ട് ടൈപ്പ്റൈറ്റര്‍ കൈമാറാനും നിര്‍ദേശിച്ചു.
 

വര്‍ക്കല ബൈപാസിന് ഭരണാനുമതി

Posted: 19 Sep 2015 10:24 PM PDT

വര്‍ക്കല: നാലുപതിറ്റാണ്ടിലധികമായി വര്‍ക്കലക്കാര്‍ മുറവിളി കൂട്ടിയ ബൈപാസിന് ഭരണാനുമതിയായി. 18 കോടി രൂപ ഇതിന് നീക്കിവെച്ചതായി വര്‍ക്കല കഹാര്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച ബൈപാസിനാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്.
വര്‍ക്കല ടൗണിലെ മട്ടിന്‍മൂട് ജങ്ഷനില്‍നിന്ന് ആരംഭിച്ച് കല്ലംകോണം വഴി കണ്ണംബയില്‍ എത്തിച്ചേരുന്നതാണ് നിര്‍ദിഷ്ട ബൈപാസ്. ഒന്നര കി.മീ ദൈര്‍ഘ്യമുണ്ട്.1998ല്‍തന്നെ ബൈപാസിനായി സ്ഥലം അളന്ന് സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചിരുന്നു. പദ്ധതി പ്രദേശത്തുള്‍പ്പെട്ട സ്ഥലങ്ങള്‍ ക്രയവിക്രയം ചെയ്യാനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും നഗരസഭ അനുമതിയും നല്‍കിയിരുന്നില്ല. റോഡ് യാഥാര്‍ഥ്യമാകുന്നതോടെ ടൗണിലും സമീപത്തും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാനാകും. ടൗണിനോട് ചേര്‍ന്ന മൂന്ന് റെയില്‍വേ ഗേറ്റുകളിലും വാഹനങ്ങള്‍ മണിക്കൂറുകള്‍ കാത്തുകിടക്കുന്നത് ഒഴിവാക്കാനുമാകും. കിഴക്കന്‍ മേഖലയില്‍ വികസന മുന്നേറ്റം സാധ്യമാകും. കര്‍ക്കടക വാവുബലിക്കും ശിവഗിരി തീര്‍ഥാടന നാളുകളിലും ഉണ്ടാവുന്ന ഗതാഗതക്കുരുക്കും പരിഹരിക്കപ്പെടും. വലിയ ചരക്കുവാഹനങ്ങള്‍ക്ക് ടൗണില്‍ പ്രവേശിക്കാതെ കടന്നുപോകാനാകും.
ഏഴു കോടി രൂപ റോഡ് നിര്‍മാണത്തിനും 11 കോടി രൂപ സ്ഥലം ഏറ്റെടുക്കുന്നതിനുമായാണ് വകയിരുത്തുക. അത്യാധുനിക നിലവാരത്തിലുള്ള ബി.എം ആന്‍ഡ് ബി.സി (ബിറ്റുമെന്‍ മക്കാഡം ആന്‍ഡ് ബിറ്റുമെന്‍ കോണ്‍ക്രീറ്റ്) റോഡാണ് നിര്‍മിക്കുക. ടെന്‍ഡര്‍ നടപടി പുരോഗമിക്കുകയാണ്. ടെന്‍ഡര്‍ പൂര്‍ത്തിയായാല്‍ ആറ് മാസത്തിനകം ബൈപാസ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. നഗരമധ്യത്തിലെ മുനിസിപ്പല്‍ പാര്‍ക്കും മിനി പാര്‍ക്കും നവീകരിച്ച് നഗരം മോടിപിടിപ്പിക്കുന്ന പദ്ധതിക്കായി ഒരു കോടി 30 ലക്ഷം രൂപ ചെലവിടും. ഇതിനുള്ള പ്രവൃത്തിയും തുടങ്ങിയിട്ടുണ്ട്. ഹാബിറ്റാറ്റിനാണ് പദ്ധതി നിര്‍വഹണച്ചുമതല. രണ്ടുഘട്ടങ്ങളിലായാണ് പണികള്‍ പൂര്‍ത്തിയാക്കുന്നത്.
നിലവിലെ പാര്‍ക്കില്‍ കോമ്പൗണ്ട് വാള്‍ നിര്‍മിക്കുകയും തറ ഒരടി പൊക്കത്തില്‍ മഴവെള്ളം ഉള്ളിലേക്ക് കടന്നുചെല്ലാത്ത വിധമാണ് ആര്‍ക്കിടെക്റ്റ് ശങ്കറിന്‍െറ നേതൃത്വത്തിലെ സംഘം പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്. കാസ്റ്റ് അയണില്‍ തീര്‍ത്ത ഇരിപ്പിടങ്ങളും തറയില്‍ ടൈലുകളും പാകും. പൂച്ചെടികളും പുല്‍ത്തകിടിയും ഒരുക്കും. കിഴക്കുഭാഗത്തായി ഓപണ്‍ സ്റ്റേജ് നിര്‍മിക്കും. കോമ്പൗണ്ട് വാളില്‍ വര്‍ക്കലയുടെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ മ്യൂറല്‍ പെയ്ന്‍റിങ്ങില്‍ സ്ഥാപിക്കും. മൈതാനത്തെ ഹൈമാസ്റ്റ് ലൈറ്റില്‍ 12 ലെഡ് ലൈറ്റ്നിങ് സംവിധാനം സ്ഥാപിക്കും.

‘ഈ പാന്‍റ് വേണ്ട്റ, ഈ പോക്ക് വേണ്ട്റ...’

Posted: 19 Sep 2015 10:19 PM PDT

കൊല്ലം: 'ഈ പാന്‍റ് വേണ്ട്റ, ഇത്തരം വേഷം വെണ്ട്റ, വേഷംകെട്ടുമായി ഇവിടെ വന്നാല്‍ അകത്താകുമെടാ...'യുവതലമുറയിലെ സ്റ്റൈലിഷ് ചെറുപ്പക്കാര്‍ക്ക് വഴികാട്ടിയായി ഇത്തരം പാരഡി പാട്ടുമായി പൊലീസ് പിന്നാലെയുണ്ട്. ഊരിപ്പോകുന്ന വിധം പാന്‍റ്സ് ധരിക്കുന്നവരെയും അടിവസ്ത്രം പുറത്തുകാണത്തക്ക വിധത്തില്‍ നടക്കുന്ന യുവാക്കള്‍ക്കെതിരെയും പൊലീസ് നടപടി തുടങ്ങി.
ഇത്തരക്കാരെ പിടികൂടി താക്കീത് ചെയ്ത് വിടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. 'യോയോ' സ്റ്റൈലിന്‍ ചത്തെ് ബൈക്കുകളില്‍ ചീറിപ്പായുന്ന 'ഫ്രീക്കന്‍' പിള്ളേരും ഇനി പൊലീസിനെ കണ്ടാല്‍ പേടിക്കണം. ബൈക്ക് നിര്‍ത്താതെ പോയാല്‍ വീട്ടില്‍ എത്തുന്നതിന് മുമ്പ് പൊലീസ് അവിടെയത്തെും. യുവതലമുറയുടെ അതിരുവിട്ട വസ്ത്രധാരണത്തെയും ചീറിപ്പായലിനെക്കുറിച്ചും നിരന്തര പരാതി ഉയര്‍ന്നതോടെയാണ് ഈസ്റ്റ് പൊലീസിന്‍െറ നേതൃത്വത്തില്‍ നടപടി തുടങ്ങിയത്.
പരിശോധനക്കിറങ്ങിയ ആദ്യദിനംതന്നെ നിരവധി സ്റ്റൈലുകാരാണ് വലയിലായത്. കോളജ്് ജങ്ഷന്‍, ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്ക് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് നിരീക്ഷണം. നേരെ ചൊവ്വെ വസ്ത്രം ധരിച്ച് നടക്കണമെന്ന് ഉപദേശിച്ച് പിടിയിലാവരെ വിട്ടയച്ചു. അതേസമയം, ആരുടെയും സ്വാതന്ത്യം ഹനിക്കുന്ന വിധത്തില്‍ നടപടിയുണ്ടാവില്ളെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ പരാതി പരിഗണിച്ചാണ് മാന്യമല്ലാത്ത വസ്ത്രധാരികളെ താക്കീത് ചെയ്യാന്‍ സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശ് ഈസ്റ്റ് പൊലീസിന് നിര്‍ദേശം കൊടുത്തത്. എ.സി.പി എം.എസ്. സന്തോഷ്, സി.ഐ എസ്. ഷെരീഫ്, എസ്.ഐ യു.പി വിന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫ്രീക്കന്‍മാര്‍ക്കെതിരെ നടപടി.
വിവിധ സ്ഥലങ്ങളില്‍ ഇതിനായി ഷാഡോ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. ഋഷിരാജ് സിങ് കമീഷണറായിരുന്നപ്പോള്‍ റേസിങ് ബൈക്കുകളില്‍ ഉള്‍പ്പെടെ ചീറിപ്പായുന്നവരെ മോട്ടോര്‍വാഹനവകുപ്പ് പിടികൂടിയിരുന്നു. സൈഡ് ഗ്ളാസ് അഴിച്ചുമാറ്റി ബൈക്കോടിക്കുന്നവരില്‍നിന്ന് പിഴയും ഈടാക്കി.
സ്പോര്‍ട്സ് മോഡല്‍ ബൈക്കുകള്‍ കര്‍ശന പരിശോധനക്കും വിധേയമാക്കിയിരുന്നു. എന്നാല്‍, തുടക്കത്തില്‍ ശക്തമായി തുടങ്ങിയ പരിശോധന പതുക്കെ തണുത്തു. ലൈസന്‍സില്ലാതെ അമിതവേഗ ബൈക്കുകളില്‍ ചീറിപ്പായുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നതായി പൊലീസും സമ്മതിക്കുന്നു.
മൂന്നു പേരെ ഇരുത്തി പൊലീസ് സ്റ്റേഷന് മുന്നില്‍ക്കൂടി പായുന്നവരുടെ എണ്ണവും കുറവല്ല. അപകടസാധ്യത കണക്കിലെടുത്ത് പിന്തുടര്‍ന്നുള്ള പരിശോധനക്ക് പൊലീസില്‍ തയാറല്ല. പകരം ബൈക്കുകളുടെ രജിസ്ട്രേഷന്‍ നമ്പര്‍ കുറിച്ചെടുത്ത് നടപടിയെടുക്കാനാണ് ഒരുങ്ങുന്നത്. ഇത്തരം സംഭവങ്ങളില്‍ ബോധവത്കരണം നടത്താനും പദ്ധതിയുണ്ട്.

കരുണാകരന്‍െറ പ്രതിമ സ്ഥാപിക്കല്‍: റോഡ് തടസ്സപ്പെടുത്തി പൊലീസ്

Posted: 19 Sep 2015 10:16 PM PDT

തൃശൂര്‍: മുഖ്യമന്ത്രിയത്തൊന്‍ വൈകി, മണിക്കൂറുകള്‍ റോഡ് തടസ്സപ്പെടുത്തി പൊലീസിന്‍െറ നിയന്ത്രണം. പടിഞ്ഞാറെകോട്ടയില്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍െറ പ്രതിമ സ്ഥാപിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയത്തെുന്നതിനാല്‍ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തകര്‍ന്ന റോഡുകളും, ഗുരുവായൂര്‍ -കുന്നംകുളം -കോഴിക്കോട്, അയ്യന്തോള്‍, കാഞ്ഞാണി, തൃപ്രയാര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകാനുള്ള ബസുകള്‍ ജങ്ഷനിലൂടെ കടന്നു പോവുകയും, വൈകുന്നേരങ്ങളില്‍ സാധാരണയായി തന്നെ കനത്ത തിരക്കുമുണ്ടാവുമെന്നിരിക്കെയാണ് തീരുമാനിച്ച സമയത്തിനേക്കാള്‍ മുഖ്യമന്ത്രിയത്തൊന്‍ മണിക്കൂറുകള്‍ വൈകുമെന്ന് അറിയിച്ചിട്ടും വാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും ബുദ്ധിമുട്ടിച്ച് പൊലീസ് ഗതാഗതം നിയന്ത്രിച്ചത്. രാത്രി ഏഴോടെയാണ് പിന്നീട് മുഖ്യമന്ത്രിയത്തെിയത്. ഇതോടെ കാമറയില്‍ മുഖം കാണിക്കാനും മുഖ്യമന്ത്രിക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാനുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തിക്കും തിരക്കുമായതോടെ പൊലീസിനും നിയന്ത്രിക്കാന്‍ കഴിയാതെയായി. ഇതിനിടെ ലീഡറുടെ പ്രതിമാ അനാച്ഛാദന ചടങ്ങിനത്തെിച്ച ശിലാഫലകത്തില്‍ പേര് ഉള്‍പ്പെടുത്തിയില്ളെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പരാതിയുമായത്തെി. വേദി നേതാക്കള്‍ കൈയടക്കിയതോടെ ജനപ്രതിനിധികള്‍ക്ക് ഇരിപ്പിടം കിട്ടിയില്ളെന്ന പരാതി വേറെയുമത്തെി.

ഡേവിസ് കപ്പില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി

Posted: 19 Sep 2015 10:12 PM PDT

Image: 

ന്യൂഡല്‍ഹി: ഡേവിസ്കപ്പില്‍ ചെക്ക് റിപ്പബ്ളിക്കിനോട് ഇന്ത്യക്ക് വീണ്ടും തിരിച്ചടി. നിര്‍ണായകമായ ആദ്യ റിവേഴ്സ് സിംഗിള്‍സില്‍ ഇന്ത്യയുടെ യുകിഭാംബ്രി ചെക് താരം യിരി വെസ്ളിയോട് പരാജയപ്പെടുകയായിരുന്നു. രണ്ടു മണിക്കൂര്‍ 12 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വെസ്ളിയുടെ വിജയം. സ്കോര്‍ 6^3, 7^5, 6^2

ഇതോടെ 3^1ന് മുന്നിലത്തെിയ ചെക് റിപ്പബ്ളിക്ക് ലോകഗ്രൂപ്പില്‍ ഇടംപിടിച്ചു.

 

ഗ്രാമങ്ങളില്‍ മൂന്നക്ക ലോട്ടറി വില്‍പന വ്യാപകം

Posted: 19 Sep 2015 10:12 PM PDT

കൂറ്റനാട്: ഗ്രാമങ്ങളില്‍ ഫലപ്രവചനത്തിലൂടെ നടത്തുന്ന മൂന്നക്ക ലോട്ടറി വില്‍പന വ്യാപകം. നേരത്തേ ചില സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം സജീവമായിരുന്നതെങ്കില്‍ ഇപ്പോള്‍ ചെറുകിട ഏജന്‍റുമാരാണ് രംഗത്തുള്ളത്. ലോട്ടറി വില്‍പനയേക്കാള്‍ ആദായം ലഭിക്കുമെന്നതാണ് ഏജന്‍റുമാരെ രംഗത്തേക്ക് വരാന്‍ പ്രേരിപ്പിക്കുന്ന പ്രധാനഘടകം. കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന നമ്പറിന്‍െറ അവസാനത്തെ മൂന്നക്കം നറുക്കെടുപ്പിനു മുമ്പ് പ്രവചിക്കുന്നവര്‍ക്കാണ് തുക ലഭിക്കുക. ഏജന്‍റുമാര്‍ ആവശ്യക്കാരില്‍നിന്ന് നമ്പര്‍ എഴുതി വാങ്ങിയ ശേഷം രഹസ്യമായി ഇത്തരം സ്ഥാപനങ്ങള്‍ക്കു നല്‍കും. ഇവര്‍ നമ്പര്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുകയും കൃത്യമായി പ്രവചിച്ചവര്‍ക്ക് തുക നല്‍കുകയും ചെയ്യും.
എടപ്പാള്‍ കേന്ദ്രീകരിച്ചാണ് ജില്ലയുടെ അതിര്‍ത്തി ഭാഗങ്ങളിലെ ചെറുകിട ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധനയില്ലാത്തത് ഇത്തരം വില്‍പനക്കാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

അണികള്‍ ആവശ്യപ്പെട്ടാല്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന് വെള്ളാപ്പള്ളി

Posted: 19 Sep 2015 10:11 PM PDT

Image: 

ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗത്തിന്‍െറ അണികള്‍ ആവശ്യപ്പെട്ടാല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം യോഗത്തിന്‍െറ പരമോന്നത സമിതിയാണ് എടുക്കേണ്ടത്. തീരുമാനമെടുത്താല്‍ അത് നടപ്പാക്കുന്ന ചുമതല മാത്രമാണ് തനിക്കുള്ളത്. അക്കാര്യത്തില്‍ യോഗം പിന്നോട്ടു പോകില്ളെന്നും ആരുടെ മുന്നിലും മുട്ടുകുത്തില്ളെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

എസ്.എന്‍.ഡി.പി യോഗം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്ന് പറയാന്‍ താന്‍ ആളല്ല. രാഷ്ട്രീയ പാര്‍ട്ടി വേണ്ട എന്നത് വ്യക്തിപരമായ അഭിപ്രായമാണ്. ഭാരവാഹി യോഗം തീരുമാനമെടുത്താല്‍ അതിനെ അംഗീകരിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകളും സംഘടനാ കാര്യങ്ങളും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഭൂരിപക്ഷ സമുദായത്തിന്‍െറ കൂട്ടായ്മക്ക് വേണ്ടി ജാഥ, സമ്മേളനം അടക്കമുള്ള എന്തും നടത്താന്‍ തയാറാണ്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യമാണ് എസ്.എന്‍.ഡി.പിയുടെ അജണ്ട. കേരളത്തിലെ അസംതൃപ്തരായ ഒരു വിഭാഗത്തിന്‍െറ മുന്നേറ്റമാണ് വേണ്ടത്. ഇതിനുള്ള എല്ലാവിധ പോരാട്ടങ്ങളും നടത്തി കൊണ്ടിരിക്കും. ഇപ്പോഴും ചിലര്‍ തങ്ങളെ അടിയാന്മാരായി കാണുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

എസ്.എന്‍.ഡി.പിക്കെതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉപജാപക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനായി എസ്.എന്‍.ഡി.പി യോഗം തള്ളികളഞ്ഞവരെ ഉപയോഗിക്കുന്നു. എസ്.എന്‍.ഡി.പിയെ തകര്‍ക്കാര്‍ പല രൂപത്തിലും ഭാവത്തിലും ഇടതു വലത് പാര്‍ട്ടികള്‍ ശ്രമം നടത്തുന്നുണ്ട്. അതിനെ അതിജീവിച്ചു പോകാനുള്ള കരുത്ത് സംഘടനക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മതനേതാക്കള്‍ക്ക് പാദസേവ ചെയ്യുകയാണ് സി.പി.എം അടക്കമുള്ള പാര്‍ട്ടികള്‍. ഇത്തരം അടവു തന്ത്രങ്ങള്‍ കാണിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ്. സമ്പത്ത് ഉണ്ടാക്കുക, അധികാരത്തില്‍ ഇരിക്കുക എന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യം. ഇരു മുന്നണികളും എസ്.എന്‍.ഡി.പിക്ക് ഒരു ഗുണവും ചെയ്തിട്ടില്ളെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

പടിഞ്ഞാറെക്കര–പൊന്നാനി ബോട്ട് സര്‍വിസ് നാളെ മുതല്‍

Posted: 19 Sep 2015 10:08 PM PDT

പുറത്തൂര്‍: കടത്തുതോണിയും ജങ്കാറുമില്ലാതിരുന്ന പടിഞ്ഞാറെക്കരയില്‍ ഒന്നര വര്‍ഷത്തിനുശേഷം ഗതാഗത സൗകര്യമൊരുങ്ങുന്നു. പൊന്നാനിയുമായി ബന്ധിപ്പിച്ച് അഴിമുഖത്ത് ബോട്ട് സര്‍വിസാണ് ആരംഭിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറയും പൊന്നാനി നഗരസഭയുടെയും അനുമതിയോടെ മംഗലം നിള കോഓപറേറ്റിവ് സൊസൈറ്റി ആരംഭിക്കുന്ന ബോട്ട് സര്‍വിസിന് തിങ്കളാഴ്ച തുടക്കമാകും.
പടിഞ്ഞാറെക്കര അഴിമുഖത്ത് സര്‍വിസ് നടത്തിയിരുന്ന ഭാരത് ജങ്കാര്‍ ഒഴുക്കില്‍പ്പെട്ട് കടലില്‍ പോയതിന് ശേഷം ഒന്നര വര്‍ഷമായി ഇവിടെ ജങ്കാറോ ബദല്‍ സംവിധാനമോ ഒരുക്കാന്‍ പൊന്നാനി നഗരസഭക്കായിരുന്നില്ല. ഇതുമൂലം പടിഞ്ഞാറക്കര-പൊന്നാനി യാത്രക്ക് വിദ്യാര്‍ഥികളടക്കമുള്ളവര്‍ ബസുകള്‍ കയറിയിറങ്ങി മണിക്കൂറുകള്‍ യാത്ര ചെയ്യേണ്ട അവസ്ഥയായിരുന്നു. തുടര്‍ന്ന് എം.എല്‍.എമാരായ ഡോ. കെ.ടി. ജലീല്‍, പി. ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ മുന്‍ ജില്ലാ കലക്ടറും ഡി.ടി.പി.സി ചെയര്‍മാനുമായിരുന്ന ബിജുവുമായി നടത്തിയ ചര്‍ച്ചയിലാണ് യാത്രാദുരിതം പരിഹരിക്കാനുള്ള വഴി തുറന്നത്.
വാഹനങ്ങള്‍ക്ക് കൂടി ഉപയോഗിക്കാവുന്ന ജങ്കാറാണ് തീരുമാനിച്ചിരുന്നതെങ്കിലും ജങ്കാര്‍ ലഭിക്കാതെ വന്നതോടെ യാത്രാബോട്ടിന് അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് നിള കോഓപറേറ്റിവ് സൊസൈറ്റി സര്‍വിസ് നടത്തിപ്പ് ഏറ്റെടുത്തത്. ഒരേ സമയം 35 പേര്‍ക്ക് യാത്ര ചെയ്യാം. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് സര്‍വിസ്. പടിഞ്ഞാറക്കരയില്‍ ജങ്കാര്‍ ജെട്ടിയിലും പൊന്നാനി ഭാഗത്ത് മത്സ്യബന്ധന തുറമുഖ ജെട്ടിയിലുമാണ് ബോട്ട് അടുപ്പിക്കുക. വൈ ഫൈയും സംഗീതവും ഒരുക്കിയ ബോട്ടില്‍ യാത്രാകൂലി 10 രൂപയാണ്. വിദ്യാര്‍ഥികള്‍ക്ക് രണ്ടുരൂപ മതി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ ബോട്ടില്‍ ഒരുക്കിയിട്ടുണ്ടെന്ന് നിള സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒൗദ്യോഗിക ഉദ്ഘാടനം പടിഞ്ഞാറക്കരയില്‍ തിങ്കളാഴ്ച രാവിലെ പത്തിന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ, പൊന്നാനി നഗരസഭാ ചെയര്‍പേഴ്സന്‍ പി. ബീവി, വൈസ് ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ പൊന്നാനി, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ സി.എം. പുരുഷോത്തമന്‍ മാസ്റ്റര്‍, നിള സൊസൈറ്റി ചെയര്‍മാന്‍ എം.എം. കബീര്‍, സെക്രട്ടറി കെ.ടി. ഖാദര്‍ ബാബു, പടിഞ്ഞാറെക്കര ബീച്ച് മാനേജര്‍ സലാം താണിക്കാട് എന്നിവര്‍ പങ്കെടുത്തു.

അക്ഷയ സേവനങ്ങളിലെ മികവിന് ജില്ലക്ക് പുരസ്കാരം

Posted: 19 Sep 2015 09:53 PM PDT

പത്തനംതിട്ട: മികച്ച അക്ഷയ സേവനങ്ങള്‍ക്ക് ജില്ലക്ക് പുരസ്കാരം ലഭിച്ചു. വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയില്‍നിന്ന് അക്ഷയ അസി. ജില്ലാ കോഓഡിനേറ്റര്‍ ജി. മുരുകന്‍ പുരസ്കാരം ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്തുത്യര്‍ഹസേവനം നല്‍കിയതിന് പുരസ്കാരം നേരത്തേ ലഭിച്ചിരുന്നു. ജില്ലയിലെ 86 അക്ഷയകേന്ദ്രങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് നല്‍കിയ വിവിധ സര്‍ക്കാര്‍, സര്‍ക്കാറിതര സേവനങ്ങള്‍ കൃത്യവും സമയ ബന്ധിതവുമായി ജനങ്ങളിലത്തെിക്കുക, നൂതന ആശയങ്ങളും പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കുക, ചിട്ടയായ ഓഫിസ് പ്രവര്‍ത്തനങ്ങള്‍, ഇന്‍ഷുറന്‍സ് വ്യാപനം, വിവിധ ബാങ്കുകളുടെ കിയോസ്കുകള്‍ എന്നിവ വിലയിരുത്തിയാണ് മികച്ച ജില്ലയായി പത്തനംതിട്ട തെരഞ്ഞെടുക്കപ്പെട്ടത്.
ജില്ലയുടെ നൂതന ആശയമായ സാര്‍വത്രിക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ന്യൂ ഇന്ത്യ അഷ്വറന്‍സുമായി ചേര്‍ന്ന് പൈലറ്റ് അടിസ്ഥാനത്തില്‍ ജില്ലയില്‍ ആരംഭിച്ചത് വിജയമായിരുന്നു. പിന്നീട് പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കി.
പ്രധാനമന്ത്രിയുടെ ഇന്‍ഷുറന്‍സ് പദ്ധതികളായ പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന എന്നിവ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിന് വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കി.
ഏറ്റവും കൂടുതല്‍ ആധാര്‍ എന്‍റോള്‍മെന്‍റ് നടത്തിയ സംസ്ഥാനത്തെ ആദ്യ ജില്ല എന്ന ബഹുമതിയും പത്തനംതിട്ടക്ക് ലഭിച്ചിരുന്നു. സമ്പൂര്‍ണ ആധാര്‍ എന്‍റോള്‍മെന്‍റ് പ്രഖ്യാപനം നടത്തിയ ജില്ലയും പത്തനംതിട്ടയാണ്. ജില്ലയിലെ ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സ്കീമിലൂടെ നടപ്പാക്കുന്നതിന്‍െറ ഭാഗമായി പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് അക്ഷയ ജില്ലാ ഓഫിസില്‍ പ്രത്യേക സെല്‍ രൂപവത്കരിച്ച് പ്രവര്‍ത്തിച്ചിരുന്നു.
ഫിനാന്‍ഷ്യല്‍ ഇന്‍ക്ളൂഷന്‍െറ (സാമ്പത്തിക ഉള്‍പ്പെടുത്തലുകളുടെ) ഭാഗമായി പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും പ്രത്യേക സെല്‍ രൂപവത്കരിച്ചിരുന്നു. 86 അക്ഷയകേന്ദ്രങ്ങളിലും ബാങ്കിങ് സേവനങ്ങള്‍ ലഭിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിവരുന്നു.
കാലതാമസമില്ലാതെ ഇ-സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിലും ജില്ല മുന്നിലാണ്. ദേശീയ ഇ-ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇ-ഗവേണന്‍സിനെ സംബന്ധിച്ചും അക്ഷയകേന്ദ്രങ്ങളിലൂടെ നല്‍കിവരുന്ന വിവിധ സേവനങ്ങളെ ആസ്പദമാക്കിയും ജില്ലയിലെ എല്ലാ ബ്ളോക്കിലും ബോധവത്കരണ ശില്‍പശാല സംഘടിപ്പിച്ച് പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നടത്തിയ ഏക ജില്ല എന്ന ബഹുമതിയും പത്തനംതിട്ടക്ക് ലഭിച്ചു. പൊതുജനങ്ങളുടെ സംശയ നിവാരണത്തിനും പ്രശ്നപരിഹാരങ്ങള്‍ക്കുമായി അക്ഷയ ജില്ലാ ഓഫിസില്‍ പ്രത്യേക സെല്‍ രൂപവത്കരിച്ച് സേവനം ഉറപ്പാക്കിയ ജില്ലയും പത്തനംതിട്ടയാണ്. പൊതുജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് 38 അക്ഷയകേന്ദ്രങ്ങള്‍ കൂടി തുടങ്ങുന്നതിന് ക്രമീകരണം പൂര്‍ത്തിയായി.

ഗവിയിലെ കെ.എഫ്.ഡി.സി തോട്ടം തൊഴിലാളികളും സമരത്തിനൊരുങ്ങുന്നു

Posted: 19 Sep 2015 09:49 PM PDT

ചിറ്റാര്‍: ഗവി ഏലം പ്ളാന്‍േറഷനിലെ തൊഴിലാളികളും സമരത്തിന് ഒരുങ്ങുന്നു. വേതന വര്‍ധന, പൊട്ടിപ്പൊളിഞ്ഞ ലയങ്ങളുടെ പുനരുദ്ധാരണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികള്‍ സമരത്തിന് ഒരുങ്ങുന്നത്. സംസ്ഥാന വനംവകുപ്പിന് കീഴിലുള്ള കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍െറ നിയന്ത്രണത്തിലാണ് ഏലം പ്ളാന്‍േറഷന്‍ പ്രവര്‍ത്തിക്കുന്നത്. നാലുവശവും ഘോരവനത്താല്‍ ചുറ്റപ്പെട്ട ഗവിയിലെ തൊഴിലാളികളുടെ ജീവിതം ദയനീയമാണ്.
'70കളില്‍ ശ്രീലങ്കയില്‍ തമിഴ്വംശീയ കലാപം നടന്നപ്പോള്‍ തമിഴ്വംശജരായുള്ള അറുനൂറോളം കുടുംബങ്ങളെയാണ് ഗവി, പച്ചക്കാനം, മീനാര്‍, മേഖലകളിലായി പാര്‍പ്പിച്ചത്. ഇവര്‍ക്ക് ജോലി ചെയ്തു ജീവിക്കാനായി കെ.എഫ്.ഡി.സി ഏലം പ്ളാന്‍േറഷനും ആരംഭിച്ചു. ഇപ്പോള്‍ ദുരിതപൂര്‍ണമായ ജീവിതമാണ് ഇവിടത്തുകാരുടേത്. 40 വര്‍ഷം മുമ്പ് നിര്‍മിച്ചു നല്‍കിയ ലയങ്ങളിലാണ് അറുനൂറോളം കുടുംബങ്ങള്‍ ഇപ്പോഴും കഴിഞ്ഞുകൂടുന്നത്.
ആദ്യകാലങ്ങളില്‍ ലയങ്ങളുടെ അറ്റകുറ്റപ്പണി കെ.എഫ്.ഡി.സി ചെയ്തുതീര്‍ക്കുമായിരുന്നു. പിന്നീട് അത് ഇല്ലാതായി. ഇപ്പോള്‍ മുറികള്‍ പൊട്ടിപ്പൊളിഞ്ഞിട്ടും ആര്‍ക്കും ഒരനക്കവുമില്ല. വെയിലുവന്നാലും മഴവന്നാലും ഈറ്റഇലകൊണ്ട് മേല്‍ക്കൂര മറച്ച് ഒരുവിധം ലയങ്ങളില്‍ കഴിച്ചുകൂട്ടുകയാണിവര്‍.
പൊട്ടിപ്പൊളിഞ്ഞ മേല്‍ക്കൂര ഏതുസമയത്തും താഴെ വീഴുന്ന അവസ്ഥയിലാണ്. ഏലം പ്ളാന്‍േറഷനില്‍ ഒരു ദിവസത്തെ വേതനം 232 രൂപ മാത്രമാണ് അത് കൂട്ടി നല്‍കണമെന്ന് തൊഴിലാളികള്‍ ബന്ധപ്പെട്ടവരോട് വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. യൂനിയന്‍ ഭാരവാഹികള്‍ കോര്‍പറേഷനുമായി ഒത്തുകളിച്ച് തൊഴിലാളികളുടെ ആവശ്യങ്ങള്‍ ഉന്നയിക്കാതെയും സമരം നടത്താന്‍ അനുവദിക്കാതെയും നാളുകള്‍ തള്ളിനീക്കുകയാണെന്ന് ഇവിടുത്തുകാരനായ രാജന്‍ പറയുന്നു. ഇപ്പോള്‍ കിട്ടുന്ന തുച്ഛമായ തുക ഇവര്‍ക്ക് നിത്യചെലവിനുപോലും തികയുന്നില്ല. ഒരു ദിവസത്തെ വേതനം കുറഞ്ഞത് 500 രൂപയെങ്കിലും ആക്കണം എന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇപ്പോള്‍ താമസിക്കുന്ന ലയങ്ങളുടെ അടിത്തറ പൂര്‍ണമായും ഇളകിയതിനാല്‍ തൊഴിലാളികള്‍ ചാണകം മെഴുകിയാണ് താമസിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ ലയങ്ങളില്‍ കഴിയുന്ന ഇവരുടെ നേരേ വന്യമൃഗങ്ങളുടെ ആക്രമണവും ഉണ്ടാകുന്നു.
മൂന്നു വര്‍ഷത്തിനു മുമ്പാണ് ഇവിടെ വൈദ്യുതി എത്തിയത്. അടുത്തയിടെ ബി.എസ്.എന്‍.എല്‍ ഗവിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിച്ചെങ്കിലും ഇതും ഇവര്‍ക്ക് പ്രയോജനമായില്ല. ഇവര്‍ ഇവിടെ സ്ഥിരതാമസമായിട്ട് നാലു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ഇവരുടെ ആവശ്യം എന്താണെന്ന് തിരക്കാന്‍ മന്ത്രിമാരോ ജനപ്രതിനിധികളോ കാടുതാണ്ടി എത്താറില്ളെന്നും പറയുന്നു.
ചക്ളിയ, സാംബവ, പള്ളര്‍, കള്ളര്‍ (തേവര്‍) വിഭാഗത്തില്‍പെട്ട താഴ്ന്ന ജാതിയില്‍പെട്ടവരാണ് ഇവിടെ താമസിക്കുന്നവരില്‍ ഭൂരിഭാഗവും. ആരെങ്കിലും മരണപ്പെട്ടാല്‍ പുറമ്പോക്ക് സ്ഥലത്തുവേണം അടക്കം ചെയ്യാന്‍. പകര്‍ച്ചവ്യാധിയും ഇവിടെ വ്യാപിക്കുന്നു. ക്ഷയരോഗ ബാധിതരായ രണ്ടു തൊഴിലാളികള്‍ മരണത്തോട് മല്ലിട്ടാണ് ഇവിടെ കഴിയുന്നത്. ഇവിടെ ആശുപത്രി സൗകര്യമില്ല. ഒരാള്‍ക്ക് ചെറിയ പനിവന്നാല്‍പോലും 28 കിലോമീറ്റര്‍ അകലെ വണ്ടിപ്പെരിയാറ്റില്‍ എത്തിവേണം ചികിത്സതേടാന്‍. ഇതിനായി വണ്ടിക്കൂലിതന്നെ 500 രൂപയില്‍ അധികമാകും. ഗവി,പച്ചക്കാനം നിവാസികള്‍ക്ക് ഇപ്പോള്‍ അവരുടെ പഞ്ചായത്ത് ആസ്ഥാനമായ സീതത്തോട്ടില്‍ എത്തണമെങ്കില്‍ 70 കിലോമീറ്ററാണ് സഞ്ചാരിക്കേണ്ടത്. അതിനാല്‍ പഞ്ചായത്തില്‍നിന്ന് ലഭിക്കുന്ന ഒരു ആനുകൂല്യവും ഇവര്‍ വാങ്ങാന്‍ പോകാറില്ല. കാടുതാണ്ടി കാര്യം സാധിച്ചുവരണമെങ്കില്‍ യാത്രയും ഭാഷയും ഇവര്‍ക്ക് തടസ്സമാണ്. അതിനാല്‍ ഇവരില്‍ പലരും സീതത്തോട് പഞ്ചായത്ത് കണ്ടിട്ടുപോലുമില്ല. വന്യമൃഗങ്ങളുടെ ആക്രമണം ഭയക്കാതെ തല ചായിക്കാന്‍ ലയങ്ങള്‍ താമസയോഗ്യമാക്കി നല്‍കണമെന്നും ജോലി ചെയ്യുന്നതിന് ന്യായമായ വേതനവുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

കിടങ്ങുകള്‍, ഗര്‍ത്തങ്ങള്‍, ചതുപ്പുകള്‍; നഗരസഞ്ചാരം അതിസാഹസികം

Posted: 19 Sep 2015 09:47 PM PDT

തൊടുപുഴ: മൂന്നാറിലോ തേക്കടിയിലോ വരുന്ന വിദേശി കറങ്ങിത്തിരിഞ്ഞ് തൊടുപുഴ ടൗണിലെങ്ങാന്‍ എത്തിയാല്‍ റോഡരികില്‍ വണ്ടിനിര്‍ത്തി ചോദിക്കും, 'ഇവിടെ ഭൂകമ്പമുണ്ടായോ' എന്ന്. ഒരു മുഴുവന്‍ റോഡിനെ മുക്കാല്‍ ഭാഗം വരുന്ന ഒരുപകുതിയും കാല്‍ ഭാഗം വരുന്ന മറുപകുതിയുമായി വേര്‍തിരിക്കുന്ന ഭീമന്‍ കിടങ്ങുകള്‍ കണ്ടാണ് ചോദ്യം. ഭൂകമ്പമുണ്ടാകുമ്പോള്‍ ഇങ്ങനെ റോഡ് പിളര്‍ന്ന് കിടങ്ങുകള്‍ ഉണ്ടാകുന്നത് മാത്രമേ സായിപ്പിന് അറിയൂ. ഭൂകമ്പമല്ളെന്നും കുടിവെള്ള പദ്ധതിക്ക് പൈപ്പ് ഇടാന്‍ വേണ്ടി റോഡില്‍ ചാലുകീറി ഉണ്ടായ കിടങ്ങുകളാണെന്നും സായിപ്പിനെ ബോധ്യപ്പെടുത്താന്‍ തൊടുപുഴക്കാര്‍ ഇത്തിരി കഷ്ടപ്പെടുക തന്നെ ചെയ്യും.
കുടിവെള്ള പദ്ധതിക്ക് പൈപ്പ് ഇടാന്‍ വേണ്ടി ടൗണില്‍ റോഡ് വെട്ടിപ്പൊളിച്ചത് വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ഒരുപോലെ ദുരിതം സമ്മാനിക്കുകയാണ്. പൈപ്പിട്ടതിനു ശേഷം ചാലുകള്‍ കൃത്യമായി മൂടാത്തത് കാരണമുള്ള ദുരിതങ്ങള്‍ പലതവണ വാര്‍ത്തയായതും അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയതുമാണ്. പലയിടത്തും റോഡ് നിരപ്പില്‍ നിന്ന് താഴെയായാണ് ചാലുകള്‍ മൂടിയിരിക്കുന്നത്. ചില സ്ഥലത്ത് ഗര്‍ത്തങ്ങള്‍, ചിലയിടത്ത് ഉഗ്രന്‍ ചതുപ്പുകള്‍, ചിലയിടത്ത് റോഡില്‍ നിറയെ ഉരുളന്‍ കല്ലുകള്‍ ആകെക്കൂടി പറഞ്ഞാല്‍ വാഹനത്തിലായാലും കാല്‍നടയായാലും നഗരത്തിലൂടെ സഞ്ചരിക്കുകയെന്നത് ഒരു സാഹസികമായി മാറിയിട്ടുണ്ട്. ഇടക്കിടക്ക് മഴ പെയ്യുന്നതോടെ സാഹചര്യം രൂക്ഷമാകും. വെള്ളം നിറഞ്ഞ കുഴികളുടെ വലുപ്പം പോലും കണക്കാക്കാനാകാതെ ഇരുചക്രവാഹനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കഷ്ടപ്പെടുകയാണ്.
മിനിസിവില്‍സ്റ്റേഷനില്‍നിന്ന് ഇറങ്ങുന്നിടത്ത് നിരവധി വന്‍കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. എന്നിട്ടും സിവില്‍ സ്റ്റേഷന് അകത്തിരിക്കുന്നവര്‍ക്ക് അനക്കമില്ല. ഇതിന്‍െറ വലതുവശത്തായി ചാലുകീറിയ ഇടത്ത് ചവിട്ടിയാല്‍ താഴ്ന്നുപോകുന്ന രീതിയില്‍ വലിയ ചതുപ്പുതന്നെ രൂപപ്പെട്ടിട്ടുണ്ട്. കുറച്ചുകൂടി മുന്നോട്ടുനടന്നാല്‍ അമ്പലം ജങ്ഷനിലും സ്ഥിതി പരിതാപകരമാണ്. ഇവിടെയും റോട്ടറി ജങ്ഷനിലും ചാലുകള്‍ മൂടാന്‍ കൊണ്ടിട്ട ഉരുളന്‍ കല്ലുകള്‍ റോഡ് നിറയെ ചിതറിക്കിടക്കുന്നതിനാല്‍ വാഹനങ്ങളുടെ ടയറിനടിയില്‍നിന്ന് തെറിക്കുന്ന കല്ല് ദേഹത്തുകൊണ്ട് ഏതുനിമിഷവും പരിക്കേല്‍ക്കാം എന്ന ഭീതിയോടെ വേണം നടക്കാന്‍. ഇവിടുത്തെ റോഡ് ചുരണ്ടിയെടുത്തപോലെയാണ് തകര്‍ന്നു കിടക്കുന്നത്. ശനിയാഴ്ച ഉള്‍പ്പെടെ മിക്ക ദിവസങ്ങളിലും ബൈക്ക് യാത്രികര്‍ക്ക് ഇവിടെ അപകടം സംഭവിക്കുന്നുണ്ട്. ഇടുക്കി റോഡില്‍ സ്ഥിരം ഗതാഗതക്കുരുക്കിന് കാരണമാകുകയാണ് റോഡിലെ കുഴികള്‍. ഇവിടെയുള്ള വന്‍ കുഴിയില്‍ കേബ്ളുകള്‍ പുറത്തുചാടിയ നിലയിലാണ്. കുഴി ഒഴിവാക്കിയുള്ള സ്ഥലത്തുകൂടെ ഒരു സമയം ഒരു വാഹനത്തിന് മാത്രമേ കടന്നുപോകാന്‍ സാധിക്കൂ. അതുകൊണ്ട് തന്നെ തിരക്കേറിയ ഈ റോഡില്‍ ഗതാഗതതടസ്സം പതിവാണ്. വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഇവിടെ.
മാര്‍ക്കറ്റ് റോഡ്, മൂവാറ്റുപുഴ റോഡ്, പാലാ റോഡ് എന്നിവയൊക്കെ ഒരുഭാഗം തകര്‍ന്നുകിടക്കുകയാണ്. റോഡിന്‍െറ ഈ പരിതാപകരമായ അവസ്ഥ ചിലര്‍ക്ക് ഉപകാരമാണ്. അനധികൃതമായി റോഡരികില്‍ വണ്ടി പാര്‍ക്ക് ചെയ്യുന്നവര്‍ക്കാണ് ഇപ്പോള്‍ നല്ല കാലം. മുക്കാല്‍ ഭാഗത്തുവെച്ച് വെട്ടിപ്പൊളിച്ചതു കാരണം റോഡിന്‍െറ ഒരു ഭാഗത്തുകൂടെ മാത്രമേ വാഹനങ്ങള്‍ പോകൂ. മറുപകുതിയില്‍ ആരുടെയും ശല്യമില്ലാതെ സുഖമായി വണ്ടി പാര്‍ക്ക് ചെയ്യാം. പിന്നെയുള്ളത്, ചില ജങ്ഷനുകളില്‍ കാല്‍നടക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളാണ്. നാലുപാടുനിന്ന് വരുന്ന വാഹനങ്ങള്‍ക്കിടയിലൂടെ കഷ്ടപ്പെട്ട് വേണമായിരുന്നു മുമ്പ് റോഡ് മുറിച്ചുകടക്കാന്‍. എന്നാല്‍, ഇപ്പൊ കുഴികളും കിടങ്ങുകളും കാരണം വാഹനങ്ങള്‍ സ്വതവേ പതുക്കെ പോകും. റോട്ടറി ജങ്ഷനില്‍ റോഡിന് കുറുകെ എടുത്ത ചാലില്‍പെടാതെ പോകാന്‍ കഷ്ടപ്പെടുകയാണ് ഡ്രൈവര്‍മാര്‍.

അനധികൃത മദ്യവില്‍പന സജീവം

Posted: 19 Sep 2015 09:43 PM PDT

കാഞ്ഞങ്ങാട്: മലയോര മേഖലയുള്‍പ്പെടെ ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ വിവിധ ഗ്രാമീണ മേഖലകളില്‍ സമാന്തര മദ്യവില്‍പന സജീവമാകുമ്പോഴും നടപടിയെടുക്കാനാകാതെ അധികൃതര്‍. ബീവറേജസ് കോര്‍പറേഷന്‍െറ മദ്യവില്‍പനശാലകളില്‍ അവധി വരുന്ന ദിവസങ്ങളിലാണ് സമാന്തര ബാറുകളില്‍ മദ്യവില്‍പന പൊടിപൊടിക്കുന്നത്. എല്ലാ മാസവും ഒന്നാം തീയതി മദ്യവില്‍പനശാലക്ക് അവധിയായതിനാല്‍ ഈ ദിവസത്തേക്കുള്ള ലിറ്റര്‍ കണക്കിന് മദ്യമാണ് ഗ്രാമീണ മേഖലകളിലേക്ക് ഒഴുകുന്നത്. ബീവറേജസ് കോര്‍പറേഷനില്‍ നിന്നും താഴ്ന്ന വിലക്കുള്ള മദ്യം ലിറ്റര്‍ കണക്കിന് വാങ്ങി വീട്ടുവളപ്പിലും ഒഴിഞ്ഞ പ്രദേശങ്ങളിലും ഒളിപ്പിച്ചുവെച്ചാണ് വില്‍പന നടത്തുന്നത്. കര്‍ണാടകയില്‍ നിന്നുള്ള വിദേശമദ്യവും ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വില്‍പന നടത്തുന്നുണ്ട്. കര്‍ണാടകയില്‍ നിന്നും ചെക്ക് പോസ്റ്റ് വെട്ടിച്ച് മദ്യം കടത്താനുള്ള പ്രത്യേക വഴികളും ഇവര്‍ തന്നെ കണ്ടത്തെിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് മൊബൈലില്‍ ബന്ധപ്പെട്ടാല്‍ മദ്യം എവിടെയാണോ എത്തിക്കേണ്ടത് അവിടെ എത്തിച്ചു നല്‍കുന്ന ഏജന്‍റുമാരുമുണ്ട്.
മലയോരമേഖലയില്‍ രാജപുരം, കള്ളാര്‍, കൊട്ടോടി, അമ്പലത്തറ, മടിക്കൈ തുടങ്ങിയ ഭാഗങ്ങളിലും ഹൊസ്ദുര്‍ഗ് താലൂക്കില്‍ കാഞ്ഞങ്ങാടിനടുത്ത വിവിധ പ്രദേശങ്ങങ്ങളിലും ഇത്തരത്തിലുള്ള മദ്യവില്‍പന സജീവമാണ്. എക്സൈസ് വകുപ്പിന് ആവശ്യമായത്ര ആള്‍ബലം ഇല്ലാത്തതും സമാന്തരബാര്‍ നടത്തിപ്പുകാര്‍ക്ക് ഗുണം ചെയ്യുന്നുണ്ട്. ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലായി രണ്ട് റേഞ്ച് ഓഫിസുകളും ഒരു സര്‍ക്കിള്‍ ഓഫിസും മാത്രമാണ് എക്സൈസിനുള്ളത്. നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ മൂന്ന് ഓഫിസുകളിലും കൂടി 35 ഗാര്‍ഡുമാരുടെയും മൂന്ന് ഇന്‍സ്പെക്ടര്‍മാരുടെയും ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെയും തസ്തികയാണുള്ളത്. ഇതില്‍ തന്നെ ഗാര്‍ഡുമാരുടെ ഒഴിവുകളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉള്ള ഉദ്യോഗസ്ഥര്‍ക്ക് തന്നെ ഇരു താലൂക്കുകളിലുംപെട്ട കിലോമീറ്ററുകള്‍ ദൈര്‍ഘ്യമുള്ള വിവിധ സ്ഥലങ്ങളിലേക്ക് എത്താനും സാധിക്കുന്നില്ല. നീലേശ്വരം റേഞ്ച് ഓഫിസിന് കീഴില്‍ വരുന്ന ചിറ്റാരിക്കാല്‍ കൊന്നക്കാട് പ്രദേശങ്ങളിലേക്ക് രാവിലെ പുറപ്പെട്ടാല്‍ വൈകീട്ട് മാത്രമേ എത്താന്‍ സാധിക്കുകയുള്ളൂ. അപ്പോഴേക്കും അനധികൃത മദ്യവില്‍പന സംഘം രക്ഷപ്പെടുകയും ചെയ്യും.
ജില്ലയുടെ വനാതിര്‍ത്തികളില്‍ കള്ളവാറ്റും കൂടി വരുന്നതായാണ് വിവരം. ഇതൊന്നും കൂടാതെ മംഗളൂരുവില്‍ നിന്നും പാണത്തൂരില്‍ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിലത്തെുന്ന സ്വകാര്യ ബസുകളിലും കര്‍ണാടക വിദേശമദ്യം എത്തിക്കുന്ന സംഘവും ജില്ലയില്‍ സജീവമാകുന്നതായും വിവരമുണ്ട്.

കെട്ടിടങ്ങളില്‍ അനധികൃത താമസക്കാര്‍: നഗരസഭ നടപടിക്ക്

Posted: 19 Sep 2015 09:39 PM PDT

കണ്ണൂര്‍: നഗരത്തിലെ കെട്ടിടങ്ങളില്‍ അനധികൃത താമസക്കാര്‍ കൂടുന്നതായി നഗരസഭാ യോഗത്തില്‍ വിമര്‍ശം. നഗരസഭയുടെ അനുമതിയില്ലാതെ ആളുകളെ താമസിപ്പിക്കുന്നതിനെതിരെ കടുത്ത നടപടിക്കും യോഗത്തില്‍ തീരുമാനമായി.
കെട്ടിടങ്ങളുടെ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട അജണ്ട ചര്‍ച്ചക്കു വന്നപ്പോഴാണ് നഗരസഭയുടെ കെട്ടിടങ്ങളില്‍ ഉള്‍പ്പെടെ അനധികൃത താമസക്കാര്‍ കുടിയേറിയത് സംബന്ധിച്ച വിവരങ്ങള്‍ കൗണ്‍സിലര്‍മാര്‍ ഉന്നയിച്ചത്. വൈസ് ചെയര്‍മാന്‍ അഡ്വ. ടി.ഒ. മോഹനനാണ് വിഷയത്തിന്‍െറ ഗൗരവം വെളിപ്പെടുത്തിയത്. ചെറിയ കച്ചവടത്തിനുള്ള അനുമതി മാത്രം നല്‍കിയ കടമുറികളിലും താല്‍കാലികമായി ബാത്റൂമും മറ്റും ഉണ്ടാക്കി അഞ്ചും പത്തും പേര്‍ താമസിക്കുകയാണ്.
മനുഷ്യവിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നഗരസഭയുടെ ഓടകളിലേക്കാണ് തുറന്ന് വിടുന്നത്. അടഞ്ഞു കിടക്കുന്ന ഓടകള്‍ കാരണം ഇവ പലപ്പോഴും റോഡുകളിലേക്ക് എത്തുന്നു. ഈ മാലിന്യങ്ങള്‍ തുറന്നിടുന്നതിനായി മഴവരുന്നത് കാത്തു നില്‍ക്കുന്നവരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭയുടെ കീഴിലുള്ള ജൂബിലി ഹാള്‍ നവീകരണം പൂര്‍ത്തിയാക്കുന്നതിന് വേള്‍ഡ് ബാങ്കിന്‍െറ പദ്ധതി ഫണ്ട് ഉപയോഗിക്കാനും ഇതിനായി അടിയന്തരമായി പദ്ധതി തയാറാക്കാനും യോഗം തീരുമാനിച്ചു.
കണ്ണൂര്‍ കോര്‍പറേഷനായി മാറുന്നതോടെ വേള്‍ഡ് ബാങ്ക് ഫണ്ട് ഉപയോഗിക്കാനാവില്ല.
നഗരസഭക്ക് ഉപയോഗിക്കുന്നതിനുള്ള ഫണ്ട് ഇപ്പോള്‍ നിലവിലുണ്ടെന്ന് നോഡല്‍ ഓഫിസര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പുതിയ പദ്ധതി സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്.
പുതുതായി ഇറങ്ങിയതും സര്‍വിസ് നടത്താന്‍ പെര്‍മിറ്റ് ഉള്ളതുമായ ഓട്ടോ ടാക്സികള്‍ക്ക് നഗരത്തില്‍ പാര്‍ക്ക് ചെയ്യുന്നതിനും സര്‍വിസ് നടത്തുന്നതിനുമുള്ള അനുമതി നല്‍കുന്നതു സംബന്ധിച്ചുള്ള തീരുമാനം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിക്ക് വിട്ടു. സ്വതന്ത്ര മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ സെക്രട്ടറിയാണ് അപേക്ഷ നല്‍കിയ്. പാര്‍ക്കിങ്ങിനുള്ള സ്ഥലം കണ്ടത്തെുന്നതു സംബന്ധിച്ച് അന്വേഷിക്കാന്‍ പി.ഡബ്ള്യു.ഡി കമ്മിറ്റിയെ ചുമതലപ്പെടുത്താനും തീരുമാനമായി. നഗരസഭാ അധ്യക്ഷ റോഷ്നി ഖാലിദ്, സി. സമീര്‍, ടി.സി. താഹ, മുഹമ്മദ്് ഷമീം, ടി.കെ. നൗഷാദ് എന്നിവര്‍ സംസാരിച്ചു.

ഒഡിഷയില്‍ മിനി ട്രക്ക് മറിഞ്ഞ് കബഡി താരങ്ങള്‍ മരിച്ചു

Posted: 19 Sep 2015 09:33 PM PDT

Image: 

ഭുവനേശ്വര്‍: ഒഡിഷയില്‍ മിനി ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒമ്പത് പ്രാദേശിക കബഡി താരങ്ങള്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. അഭിറാം ഖാലോ, ധരനീന്ദര്‍ നായക്, ചന്ദ്രശേഖര്‍ പ്രധാന്‍, ഗൗരി ചന്ദ്ര കിസാന്‍, ഉമേഷ് കിസാന്‍ എന്നിവര്‍ മരണപ്പെട്ടവരില്‍ ഉള്‍പ്പെടും. ശനിയാഴ്ച വൈകിട്ട് സുന്ദര്‍ഗാഹ് ജില്ലയിലെ സുരാപള്ളിക്ക് സമീപമായിരുന്നു അപകടം.

സമീപ പട്ടണമായ ദുണ്ടിഗോണിലെ കബഡി മത്സരത്തില്‍ പങ്കെടുക്കാന്‍ ബോനായി ബ്ളോക്കിലെ സന്ദാപുര്‍ ഗ്രാമത്തില്‍ നിന്നു പോവുകയായിരുന്നു സംഘം. ഇവര്‍ സഞ്ചരിച്ച മിനി ട്രക്ക് നിയന്ത്രംവിട്ട് പാലത്തിന് സമീപം മറിയുകയായിരുന്നു. അപകട സമയത്ത് ട്രക്കില്‍ 20 പേര്‍ ഉണ്ടായിരുന്നു.

മരണപ്പെട്ട താരങ്ങളുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസാഹയം മുഖ്യമന്ത്രി നവീന്‍ പട്നായിക് പ്രഖ്യാപിച്ചു.
 

മഹാരാജാസില്‍ ബിരുദ പ്രവേശത്തില്‍ വിവേചനമുണ്ടായിട്ടില്ല –പ്രിന്‍സിപ്പല്‍

Posted: 19 Sep 2015 09:30 PM PDT

കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ പ്രവേശത്തില്‍ ദലിത്-പിന്നാക്ക വിദ്യാര്‍ഥികളോട് വിവേചനമുണ്ടായിട്ടില്ളെന്ന് പ്രിന്‍സിപ്പല്‍. പ്ളസ് ടു പരീക്ഷ വിജയിച്ച 17-18 വയസ്സ് പൂര്‍ത്തിയായ വിദ്യാര്‍ഥികളെ ഉദ്ദേശിച്ചാണ് ബിരുദ പ്രവേശത്തിന് അപേക്ഷ ക്ഷണിക്കാറ്.
എന്നാല്‍, അഞ്ചുവര്‍ഷം മുമ്പ് പ്ളസ് ടു പഠനം പൂര്‍ത്തിയാക്കിയശേഷം പല സ്ഥാപനങ്ങളിലും അഡ്മിഷന്‍ നേടി പഠനം പാതിവഴി ഉപേക്ഷിക്കുകയോ പരാജയപ്പെടുകയോ ചെയ്തവരാണ് പ്രായംകൂടിയ അപേക്ഷകരില്‍ അധികവും. മഹാരാജാസ് ഉള്‍പ്പെടെ കേരളത്തിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ പ്രവേശം നേടുന്നതില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. നിശ്ചിത പ്രായപരിധി കഴിഞ്ഞ വിദ്യാര്‍ഥികളാണ് കോളജില്‍ നടക്കുന്ന മിക്ക അച്ചടക്ക പ്രശ്നങ്ങള്‍ക്കും കാരണമാകാറുള്ളത്. ഇവരെക്കാള്‍ കൂടുതല്‍ പ്രവേശത്തിന് മുന്‍ഗണന നല്‍കേണ്ടത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളിലെങ്കിലും പ്ളസ് ടു വിജയിച്ചവര്‍ക്കാണെന്ന വിദഗ്ധാഭിപ്രായത്തിന്‍െറ വെളിച്ചത്തിലാണ് ഇങ്ങനെയൊരു നിബന്ധന പ്രോസ്പെക്ടസില്‍ ഉള്‍പ്പെടുത്തിയത്.
പ്രായപരിധി നിശ്ചയിച്ചുള്ള തീരുമാനം പ്രവേശ നടപടി തുടങ്ങുംമുമ്പേ പ്രസിദ്ധീകരിച്ച പ്രോസ്പെക്ടസില്‍ ഉള്‍പ്പെടുത്തിയതാണ്. കോളജിലെ എല്ലാ വകുപ്പ് മേധാവികളും ഉള്‍ക്കൊള്ളുന്ന അക്കാദമിക് കൗണ്‍സിലും ഗവേണിങ് കൗണ്‍സിലും അവയില്‍ നിക്ഷിപ്തമായ അധികാര പ്രകാരമാണ് പ്രോസ്പെക്ടസിന് അംഗീകാരം നല്‍കിയത്. എന്നാല്‍, ദലിത് വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നിഷേധിച്ചെന്ന നിലക്കുള്ള പ്രചാരണം തെറ്റിദ്ധാരണാജനകമാണ്. പ്രായപരിധി കഴിഞ്ഞ എല്ലാ വിഭാഗത്തില്‍പെട്ട അപേക്ഷകര്‍ക്കും ഈ നിയമം ബാധകമാണ്. പല അപേക്ഷകരും ഇക്കാരണത്താല്‍ പ്രവേശം നേടാതെ പോയിട്ടുണ്ട്. ദലിത് വിഭാഗത്തിലെ ഒരു വിദ്യാര്‍ഥിക്ക് ഇക്കാരണത്താല്‍ പ്രവേശം നിഷേധിക്കപ്പെട്ടാല്‍ മറ്റൊരു ദലിത് വിദ്യാര്‍ഥിക്ക് മാത്രമേ ആ സീറ്റില്‍ പ്രവേശം അനുവദിക്കൂ. എസ്.സി/എസ്.ടി വിഭാഗത്തിന് അവകാശപ്പെട്ട ഒരു സീറ്റുപോലും പൊതുവിഭാഗത്തിലേക്ക് മാറ്റിയിട്ടില്ളെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഇത് കൂടാതെ നിശ്ചിത പ്രായപരിധി കഴിഞ്ഞ 13 വിദ്യാര്‍ഥികള്‍ വിവിധ പഠന വകുപ്പുകളില്‍ പ്രവേശം നേടിയതായി അവസാനഘട്ട സൂക്ഷ്മ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ബിരുദ പ്രവേശത്തിന്‍െറ ആദ്യഘട്ടത്തില്‍ നിരന്തര സമരങ്ങളും ഉപരോധങ്ങളും മറ്റും നിലനിന്ന സാഹചര്യത്തിലാണ് പ്രോസ്പെക്ടസിലെ പുതിയ നിര്‍ദേശം ശ്രദ്ധയില്‍പെടാതെ പോയത്. മാത്രമല്ല, സ്പോര്‍ട്സ്, ആര്‍ട്സ്, ലക്ഷദ്വീപ് വിഭാഗത്തില്‍ പ്രായപരിധിയില്‍ ഇളവ് നല്‍കുന്ന ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്ന വാദവും ഉയര്‍ന്നു.
ഈ വാദങ്ങളോ ഇവരുടെ പ്രവേശമോ നിയമപരമായി നിലനില്‍ക്കില്ളെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഇവരുടെയും പ്രവേശം റദ്ദ് ചെയ്യാന്‍ കോളജ് കൗണ്‍സിലും ഗവേണിങ് കൗണ്‍സിലും തീരുമാനിച്ചതെന്നും പ്രിന്‍സിപ്പല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കൂലി ഉറപ്പാക്കുന്ന തൊഴിലാളി സംഘടനക്കൊപ്പം നില്‍ക്കുമെന്ന് മൂന്നാര്‍ സമരക്കാര്‍

Posted: 19 Sep 2015 09:30 PM PDT

Image: 

മൂന്നാര്‍: അഞ്ഞൂറു രൂപ ദിവസക്കൂലി ഉറപ്പാക്കുന്ന തൊഴിലാളി സംഘടനക്കൊപ്പം നില്‍ക്കുമെന്ന് മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍. തൊഴിലാളി സംഘടനകളെയും കമ്പനി പ്രതിനിധികളെയും മാത്രം ഉള്‍പ്പെടുത്തി നടത്തുന്ന പി.എല്‍.സി ചര്‍ച്ച അംഗീകരിക്കില്ളെന്ന് സമര നേതാവ് ലിസി സണ്ണി പറഞ്ഞു. സ്ത്രീ തൊഴിലാളി പ്രതിനിധികളെ ഒഴിവാക്കിയുള്ള ചര്‍ച്ചയെയും തീരുമാനത്തെയും പിന്തുണക്കില്ല. സംസ്ഥാന സര്‍ക്കാര്‍ വാക്കു പാലിച്ചില്ളെങ്കില്‍ സമരം ശക്തമാക്കുമെന്നും അവര്‍ പറഞ്ഞു.

തോട്ടം തൊഴിലാളി സമരത്തിന് പുറത്തു നിന്നുള്ള ആരും നേതൃത്വം നല്‍കിയിട്ടില്ല. വര്‍ഷങ്ങളോളം കൂടെ നിന്നവരെ മാറ്റി നിര്‍ത്തിയാണ് സ്ത്രീ തൊഴിലാളികള്‍ മാത്രം സമരം നടത്തിയത്. സ്ത്രീ തൊഴിലാളികളുടെ പുതിയ സംഘടന രൂപീകരിക്കാനും ആലോചനയുണ്ടെന്ന് ലിസി സണ്ണി മാധ്യമങ്ങളോട് പറഞ്ഞു.
 

ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ നവീകരണത്തിന് സമഗ്രപദ്ധതി –എം.പി

Posted: 19 Sep 2015 09:20 PM PDT

ആലപ്പുഴ: ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍െറ നവീകരണത്തിന് സമഗ്രപദ്ധതി നടപ്പാക്കുമെന്ന് കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞു. ജില്ലയുടെ വിനോദസഞ്ചാരസാധ്യതകള്‍ പരിഗണിച്ച് ടൂറിസം വകുപ്പിന്‍െറ സഹകരണത്തോടെയാകും പദ്ധതി. എം.പിയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് തുക ചെലവഴിച്ച് നിര്‍മിക്കുന്ന പാസഞ്ചര്‍ അമിനിറ്റി സെന്‍ററിന്‍െറ ശിലാസ്ഥാപന ചടങ്ങിന്‍െറ സ്വാഗതസംഘം രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിനോദസഞ്ചാരികളുടെ ഗേറ്റ് വേ എന്ന നിലയില്‍ രാജ്യാന്തര നിലവാരത്തിലുള്ള ബസ് സ്റ്റേഷനാണ് വിഭാവനം ചെയ്തിട്ടുള്ളത്. ബസ് സ്റ്റേഷന്‍ വികസനത്തിന്‍െറ രൂപരേഖ തയാറാക്കുന്നതിന് ഈ രംഗത്തെ പരിചയസമ്പന്നരായ കണ്‍സള്‍ട്ടന്‍റുകളുടെ സഹായം തേടും. യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രം, ബസ് ലെയ്നുകള്‍, പാര്‍ക്കിങ്, ബേ ഗാരേജ്, ഓഫിസ്, ടോയ്ലറ്റുകള്‍, ഭക്ഷണശാല, വ്യാപാരസ്ഥാപനങ്ങള്‍, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഓട്ടോമേറ്റഡ് അനൗണ്‍സ്മെന്‍റ് സിസ്റ്റം, കണ്‍ട്രോള്‍ സ്റ്റേഷന്‍, ഹെല്‍പ് ഡെസ്ക് തുടങ്ങിയവ ഏറ്റവും ആധുനികമായി സമന്വയിപ്പിക്കുന്ന വിധത്തിലാകും വികസന പദ്ധതിയെന്ന് എം.പി അറിയിച്ചു.
ബസ് സ്റ്റേഷന്‍ നവീകരണത്തിന് ഒരുകോടി രൂപ അനുവദിച്ചിരുന്നു. 50 ലക്ഷം രൂപ കൈമാറി. അടുത്തഘട്ടമായി ബാക്കി 50 ലക്ഷം രൂപകൂടി നല്‍കും. അമിനിറ്റി സെന്‍ററിന്‍െറ ശിലാസ്ഥാപനം 27ന് വൈകുന്നേരം മൂന്നിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനിലെ കാന്‍റീന്‍, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി കണ്ടത്തെിയ സ്ഥലം എന്നിവിടങ്ങള്‍ എം.പി സന്ദര്‍ശിച്ചു.
യോഗത്തില്‍ കൗണ്‍സിലര്‍മാരായ എം.ജി. സതീദേവി, തോമസ് ജോസഫ്, ഡി.ടി.ഒ എസ്.കെ. സുരേഷ് കുമാര്‍, രവി പാലത്തുങ്കല്‍, വിവിധ ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ഒഴിവുനികത്താന്‍ ശിപാര്‍ശ

Posted: 19 Sep 2015 09:11 PM PDT

മാനന്തവാടി: ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒഴിവുനികത്താന്‍ സര്‍ക്കാറിനോട് ശിപാര്‍ശചെയ്യാന്‍ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മാനന്തവാടി താലൂക്ക് വികസനസമിതി യോഗം തീരുമാനിച്ചു. നിയമനംലഭിച്ച രണ്ട് ഗൈനക്കോളജിസ്റ്റുകള്‍ ചാര്‍ജെടുക്കാന്‍ തയാറാവാതിരിക്കുകയും 38 ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടലുണ്ടാകണമെന്ന ആവശ്യമുയര്‍ന്നത്. ജില്ലാ ആശുപത്രിയില്‍ രണ്ട് ആംബുലന്‍സുകള്‍ വാങ്ങാന്‍ യോഗത്തില്‍ തീരുമാനമായി. ആശുപത്രി വികസനത്തിനായി മൂന്നുകോടി രൂപ മന്ത്രി നേരത്തേ അനുവദിച്ചിരുന്നു. ഈ തുക പര്യാപ്തമായതിനാല്‍ 12 കോടി രൂപകൂടി അനുവദിക്കും. പഴയകെട്ടിടങ്ങള്‍ പൊളിച്ചുനീക്കി പുതിയകെട്ടിടം നിര്‍മിക്കാനാണ് ഈ തുക ഉപയോഗിക്കുക.
മഴമാറുന്ന മുറക്ക് റോഡുകള്‍ ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. നെല്‍വയല്‍ നികത്തലുമായി ബന്ധപ്പെട്ട പരാതികളില്‍ തീര്‍പ്പുണ്ടാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. തവിഞ്ഞാല്‍ പഞ്ചായത്തിലെ കര്‍ഷകരുടെ നികുതി സ്വീകരിക്കാത്ത പ്രശ്നത്തിന് പരിഹാരമായി നികുതിസ്വീകരിക്കാന്‍ തീരുമാനമായി. കാപ്പിക്കളത്തെ സ്വകാര്യഭൂമി രജിസ്റ്റര്‍ നടപടി സ്വീകരിക്കുന്നതിന് തടസ്സമില്ളെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വ്യക്തമാക്കി. ഗതാഗത ഉപദേശക സമിതി എല്ലാ മാസവും വിളിച്ചുചേര്‍ക്കാന്‍ സബ് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസുകള്‍ക്ക് കെട്ടിട സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ റവന്യൂവിന് അപേക്ഷ നല്‍കാന്‍ നിര്‍ദേശം നല്‍കി. ആദിവാസി കോളനികളില്‍ പോഷകാഹാരക്കുറവിനെ കുറിച്ച് പഠിക്കാന്‍ ഐ.സി.ഡി.എസിനെ ചുമതലപ്പെടുത്തി. യോഗത്തില്‍ സബ് കലക്ടര്‍ ശ്രീറാം സാംബശിവറാവു, തഹസില്‍ദാര്‍ ടി. സോമനാഥന്‍ തുടങ്ങിയ വിവിധ വകുപ്പ് തലവന്മാര്‍ പങ്കെടുത്തു. കഴിഞ്ഞ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ എത്താതിരുന്നതിനെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
അതുകൊണ്ടുതന്നെ ശനിയാഴ്ചത്തെ യോഗത്തില്‍ എല്ലാ വകുപ്പ് തലവന്മാര്‍ എത്തിയെങ്കിലും ജനപ്രതിനിധികളാരുംതന്നെ പങ്കെടുത്തില്ല.

മുക്കം ജ്വല്ലറി കവര്‍ച്ച: ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം തുടങ്ങി

Posted: 19 Sep 2015 09:04 PM PDT

മുക്കം: മുക്കത്തെ ജ്വല്ലറി കവര്‍ച്ചയുടെ പശ്ചാത്തലത്തിലും കുറ്റകൃത്യങ്ങള്‍ പെരുകിയ സാഹചര്യത്തിലും മേഖലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി. താമരശ്ശേരി ഡിവൈ.എസ്.പി കെ. ശ്രീകുമാര്‍, കൊടുവള്ളി സി.ഐ എ. പ്രേംജിത് എന്നിവരുടെ നിര്‍ദേശപ്രകാരമാണ് നടപടി. മുക്കം എസ്.ഐ എം.പി. രാജേഷിന്‍െറ നേതൃത്വത്തില്‍ കെട്ടിടം ഉടമകളുടെ യോഗം വിളിച്ചു. ഇതര സംസ്ഥാനത്തൊഴിലാളികളുടെയും വിശദവിവരങ്ങള്‍ ശേഖരിച്ച് പൊലീസ് സ്റ്റേഷനിലും കെട്ടിടം ഉടമകളുടെ പക്കലും സൂക്ഷിക്കും.കെട്ടിട ഉടമകള്‍, ലേബര്‍ ഏജന്‍റുമാര്‍, കരാറുകാര്‍, എന്‍ജിനീയര്‍മാര്‍, പൊതുജനങ്ങള്‍ മുതലായവരുടെ സഹകരണത്തോടെ വിവരശേഖരണം സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കാനാണ് പദ്ധതി. കെട്ടിട ഉടമകള്‍ അവരുടെ കെട്ടിടത്തില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് കെട്ടിടം ഉടമാ കമ്മിറ്റികളെയോ പൊലീസ് സ്റ്റേഷനിലോ നല്‍കണം. സംസ്ഥാനത്തുതന്നെ ശ്രദ്ധിക്കപ്പെട്ട മുക്കത്തെ ജ്വല്ലറി കവര്‍ച്ചക്കേസിലെ പ്രതികളെ പിടികൂടുന്നതില്‍ മികവ് തെളിയിച്ച സി.ഐ പ്രേംജിത്ത്, എസ്.ഐ രാജേഷ് എന്നിവരെ യോഗം അഭിനന്ദിച്ചു. ബില്‍ഡിങ് ഓണേഴ്സ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്‍റ് ചന്ദ്രന്‍ മണാശ്ശേരി അധ്യക്ഷത വഹിച്ചു. എസ്.ഐ എം.ബി. രാജേഷ്, ജി. അബ്ദുല്‍ അക്ബര്‍, സി.ടി. കഞ്ഞോയി, സത്താര്‍ കൊളക്കാടന്‍, വി.കെ. പ്രകാശന്‍, ഭാസ്കരന്‍ മുക്കം പി.കെ.സി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. വിവരകൈമാറ്റത്തിന് കാരശ്ശേരി പഞ്ചായത്തില്‍ 8086364690, കൊടിയത്തൂര്‍ 9946871376, മുക്കം 9946205558 നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് പൊലീസ് അറിയിച്ചു.

ഹജ്ജ് അരികെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Posted: 19 Sep 2015 08:49 PM PDT

Image: 
മക്ക: ഹജ്ജ് വിളിപ്പാടകലെ നില്‍ക്കെ, സൗദി ഭരണകൂടത്തിന്‍െറ വിവിധ വകുപ്പുകള്‍ മക്കയിലെയും ഹജ്ജ് ചടങ്ങുകള്‍ നടക്കുന്ന പുണ്യസ്ഥലങ്ങളിലെയും അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ചൊവ്വാഴ്ച തമ്പുകളുടെ നഗരിയായ മക്കയില്‍ തീര്‍ഥാടകപ്രവാഹം തുടങ്ങുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജിന് തുടക്കമാകും. നാളെ രാത്രിയോടെ തന്നെ തിരക്കൊഴിവാക്കാനുള്ള തിടുക്കത്തില്‍ വിവിധ ഹജ്ജ് മിഷനുകള്‍ ഹാജിമാരുടെ യാത്ര ക്രമീകരിച്ചു തുടങ്ങും. അതിനുള്ള എല്ലാ ഒരുക്കങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പൂര്‍ത്തിയാക്കി. അടിയന്തരഘട്ടങ്ങളെ മനുഷ്യസാധ്യമായ എല്ലാ സജ്ജീകരണങ്ങളോടെയും നേരിടുമെന്ന് വിവിധ സേനാ വിഭാഗങ്ങളെ ഏകോപിപ്പിച്ച് സുരക്ഷാവകുപ്പും സിവില്‍ ഡിഫന്‍സും ആരോഗ്യമന്ത്രാലയവും അന്തിമപ്രഖ്യാപനം നടത്തി. നിയമവിരുദ്ധ തീര്‍ഥാടകര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പ് സുരക്ഷാവിഭാഗം ആവര്‍ത്തിച്ചു. അനുമതി പത്രമില്ലാത്ത ഹജ്ജും പുണ്യസ്ഥലങ്ങളിലേക്കുള്ള അനധികൃത നുഴഞ്ഞുകയറ്റവും നിര്‍ദാക്ഷിണ്യം നേരിടുമെന്ന് സുരക്ഷാവൃത്തങ്ങള്‍ വീണ്ടും താക്കീത് നല്‍കി. ഈ മുന്നറിയിപ്പ് സന്ദേശങ്ങള്‍ എസ്.എം.എസ് സന്ദേശമായി വ്യാപകമായി പ്രചരിപ്പിച്ചു വരികയാണ്. തീര്‍ഥാടകരുടെ താമസസ്ഥലങ്ങളിലും സഞ്ചാരപഥങ്ങളിലും സേവനനിരതരായ മുഴുവന്‍ വിഭാഗങ്ങളും സുരക്ഷാക്രമീകരണങ്ങള്‍ അക്ഷരം പ്രതി പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് മേധാവി സുലൈമാന്‍ ബിന്‍ അബ്ദുല്ലാ അല്‍ അംറ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിയമലംഘനങ്ങളെ ശക്തമായി നേരിടാനും ഏതു വിപത്ഘട്ടത്തെയും തീര്‍ഥാടനത്തെ ബാധിക്കാത്ത വിധം വ്യവസ്ഥാപിതമായ സംവിധാനങ്ങളോടെ മറികടക്കാനും പുണ്യസ്ഥലങ്ങളുടെ വിവിധ മേഖലകളില്‍ നിയോഗിക്കപ്പെട്ട ടീം ലീഡര്‍മാര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. 
അതിനിടെ, ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ തീര്‍ഥാടകരും മക്കയിലത്തെി. റാഞ്ചിയില്‍ നിന്നുള്ള അവസാന ഹജ്ജ് വിമാനം ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് ജിദ്ദയിലത്തെി. ഇതോടെ ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ 99,792 തീര്‍ഥാടകരും സ്വകാര്യ ഗ്രൂപ്പില്‍ എത്തിയ 36,000 പേരും പുണ്യഭൂമിയിലുണ്ട്. കഴിഞ്ഞ മാസം 16 നാണ് ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ യാത്രക്ക് തുടക്കം കുറിച്ചത്.  വിവിധ സംസ്ഥാനങ്ങളിലെ  21 വിമാനത്താവളങ്ങളില്‍ നിന്നായി  സൗദി എയര്‍ലൈന്‍സ്, നാസ് എയര്‍, എയര്‍ ഇന്ത്യ എന്നീ വിമാന കമ്പനികള്‍ 338 സര്‍വീസുകള്‍ നടത്തിയാണ് ഈ വര്‍ഷം ഇന്ത്യന്‍ തീര്‍ഥാടകരെ സൗദിയിലത്തെിച്ചത്. മദീന വിമാനത്താവളം വഴിയാണ് കൂടുതല്‍ തീര്‍ഥാടകരും എത്തിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കാര്യമായ പരാതികള്‍ ഇല്ലാതെയാണ് ഹജ്ജ് വിമാന സര്‍വീസുകളുടെ ഒന്നാം ഘട്ടം  അവസാനിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത്. ഈ വര്‍ഷത്തെ ഹാജിമാരില്‍ 13,000 ത്തോളം പേര്‍ 70 വയസ്സിനു മുകളിലുള്ളവരാണ്. ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നടക്കം 6,670 പേരാണ് കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍. 
ക്രെയിന്‍ ദുരന്തത്തില്‍പ്പെട്ട 12 പേരടക്കം 69 പേര്‍ പുണ്യഭൂമിയില്‍ വെച്ച് മരിച്ചു. ഇന്ത്യന്‍ ഹാജിമാര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ഹജ്ജ് നിര്‍വഹിക്കുന്നതിനാവശ്യമായ അവസാന വട്ട ഒരുക്കത്തിലാണ് ഹജ്ജ് മിഷന്‍. മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങിലേക്കുള്ള മശാഇര്‍ ട്രെയിന്‍ ടിക്കറ്റുകളുടെയും ബലികര്‍മം നടത്തുന്നതിനുള്ള കൂപ്പണുകളുടെയും വിതരണം നടന്നുവരുന്നു.  ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഈ മാസം 21 ന് രാത്രി ഹാജിമാര്‍ മിനായിലേക്ക് നീങ്ങിത്തുടങ്ങും.
പ്രധാനമന്ത്രിയുടെ ഹജ്ജ് സൗഹൃദ സംഘത്തിന്‍െറ ഭാഗമായി എത്തിയ പാര്‍ലമെന്‍റ് അംഗം മഹ്ബൂബ മുഫ്തി, മധ്യപ്രദേശില്‍ നിന്നുള്ള അന്‍വര്‍ മുഹമ്മദ് ഖാന്‍ എന്നിവര്‍ ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ നടക്കുന്ന മക്കയിലെ പ്രധാന ആശുപത്രികളിലും ഹാജിമാരുടെ താമസ സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തി.  കോണ്‍സല്‍ ജനറല്‍ ബി. എസ്. മുബാറക്, ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ്, മക്ക ഹജ്ജ് മിഷന്‍ ഇന്‍ ചാര്‍ജ് അബ്ദുസ്സലാം എന്നിവരും സംഘത്തിലുണ്ടായിരുന്നു. ചികിത്സയില്‍ കഴിയുന്ന രോഗികളോടും ചികിത്സിക്കുന്ന ഡോക്ടര്‍മാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സംഘം ആശുപത്രിയില്‍ ഒരുക്കിയ സൗകര്യങ്ങള്‍ വിലയിരുത്തുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.  
 
 

ഫ്രാന്‍സിസ് മാര്‍പാപ്പ ക്യൂബയില്‍

Posted: 19 Sep 2015 08:15 PM PDT

Image: 

ഹവാന: യു.എസ് സന്ദര്‍ശനത്തിന് മുന്നോടിയായി ഫ്രാന്‍സിസ് മാര്‍പാപ്പ ക്യൂബയിലെത്തി. ഹവാനയിലെ ജോസ് മാര്‍തി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മാര്‍പാപ്പയെ ക്യൂബന്‍ പ്രസിഡന്‍റ് റൗള്‍ കാസ്ട്രോ സ്വീകരിച്ചു. ക്യൂബന്‍ ജനതയുടെ പ്രശ്നങ്ങളും ദുഃഖങ്ങളും പരിഹരിക്കാന്‍ കത്തോലിക്ക സഭ എന്നും ഒപ്പമുണ്ടാകുമെന്ന് റൗള്‍ കാസ്ട്രോയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ അമേരിക്കയോടും ക്യൂബയോടും മാര്‍പാപ്പ ആവശ്യപ്പെട്ടു. നാല് ദിവസത്തെ സന്ദര്‍ശനത്തിനെ ത്തിയ മാര്‍പാപ്പ മുന്‍ പ്രസിഡന്‍റ് ഫിദല്‍ കാസ്ട്രോയുമായി കൂടിക്കാഴ്ച നടത്തും. ക്യൂബയില്‍ നിന്ന് സെപ്റ്റംബര്‍ 22ന് അമേരിക്കയിലേക്ക് പോകുന്ന മാര്‍പാപ്പ യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും.

1998ല്‍ ജോണ്‍ പോള്‍ രണ്ടാമനാണ് ക്യൂബയിലെ ത്തിയ ആദ്യ മാര്‍പാപ്പ. ഇതിന് ശേഷമാണ് ഫിദല്‍ കാസ്ട്രോ രാജ്യത്ത് ക്രിസ്തുമസിന് പൊതുഅവധി പ്രഖ്യാപിക്കുകയും നിരീശ്വര രാഷ്ട്രം എന്ന പ്രയോഗം ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തത്. ഫ്രാന്‍സിസ് മാര്‍പാപ്പക്ക് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സന്ദര്‍ശനത്തിന് മുന്നോടിയായി ക്യൂബ വ്യക്തമാക്കിയിരുന്നു.

അരനൂറ്റാണ്ടിന് ശേഷം യു.എസ്^ക്യൂബ ബന്ധം പുനഃസ്ഥാപിക്കുന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. സെപ്റ്റംബര്‍ 27ന് മാര്‍പാപ്പ റോമിലേക്ക് മടങ്ങും.

സിറിയന്‍ അഭയാര്‍ഥികള്‍ക്കായി അല്‍ റയ്യാന്‍ നഗരം

Posted: 19 Sep 2015 08:12 PM PDT

Image: 
ദോഹ: ആഭ്യന്തര യുദ്ധത്തില്‍ കടുത്ത ദുരിതത്തിലായ സിറിയന്‍ അഭയാര്‍ഥികള്‍ക്കായി ഖത്തര്‍ ചാരിറ്റി സിറിയന്‍ തുര്‍ക്കി അതിര്‍ത്തിയില്‍ റയ്യാന്‍ നഗരം പണിയുന്നു. തുര്‍ക്കിയിലെ മനുഷ്യാവകാശ -ദുരിതാശ്വാസ സംഘടനകളുമായി സഹകരിച്ച് സിറിയന്‍ അഭയാര്‍ഥികള്‍ക്കായി നിര്‍മിക്കുന്ന റെസിഡന്‍ഷ്യന്‍ നഗരത്തിന്‍െറ നിര്‍മാണം 70 ശതമാനം പൂര്‍ത്തിയായതായി ഖത്തര്‍ ചാരിറ്റി വ്യക്തമാക്കി. വരുന്ന നവംബറില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ഖത്തര്‍ ചാരിറ്റി ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 
ആയിരത്തോളം താമസ യൂനിറ്റുകള്‍ ഉള്‍ക്കൊള്ളുന്ന റയ്യാന്‍ നഗരത്തിന് 40 ദശലക്ഷം റിയാലാണ് ചെലവ് കണക്കാക്കുന്നത്. അതിര്‍ത്തിയില്‍ വരുന്ന നഗരത്തിന് 7,000 ആളുകളെ സ്വീകരിക്കാനുള്ള വിസ്തൃതിയുണ്ട്. പദ്ധതി പ്രദേശം ഖത്തര്‍ ചാരിറ്റി പ്രതിനിധികളും തുര്‍ക്കി മനുഷ്യാവകാശ-സ്വാതന്ത്ര്യ പ്രവര്‍ത്തകരും സന്ദര്‍ശിച്ചു. പദ്ധതിയുടെ നിര്‍മാണ ചുമതലയുള്ള കമ്പനിയുമായി സംഘടന പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി. പദ്ധതിയുടെ നിര്‍മാണ പൂര്‍ത്തീകരണം എത്രയും പെട്ടെന്ന് നടത്തേണ്ടതിന്‍െറ ആവശ്യകത കമ്പനിയെ ബോധ്യപ്പെടുത്തിയതായി അവര്‍ വ്യക്തമാക്കി.  ആയിരങ്ങള്‍ക്ക് തണലേകാന്‍ കഴിയുന്ന ഖത്തര്‍ ചാരിറ്റി പദ്ധതിയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഈ സന്ദര്‍ശനത്തിലൂടെ ലഭിച്ചതായി ഖത്തര്‍ ചാരിറ്റിക്ക് വേണ്ടി അന്താരാഷ്ട്ര വികസന അതോറിറ്റി ഡയറക്ടര്‍ ഇബ്രാഹിം സനീല്‍ പറഞ്ഞു. ഈ മാതൃക നഗരത്തില്‍ പത്ത് ഗ്രാമങ്ങളാണ് ഉള്‍ക്കൊള്ളുന്നത്. ഓരോ ഗ്രാമത്തിലും നൂറ് താമസ യൂനിറ്റുകള്‍ ഉണ്ടാകും. ഒരു ഗ്രാമത്തിനാവശ്യമുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണവും റയ്യാന്‍ നഗരത്തില്‍ അഭയാര്‍ഥികള്‍ക്കായി ഒരുക്കും. ഖത്തര്‍ ചാരിറ്റി മാത്രം പദ്ധതിക്കായി 33 ദശലക്ഷം റിയാലാണ്  ചെലവഴിച്ചിരിക്കുന്നത്.
 

ശൈഖ് റാശിദിന് യാത്രാമൊഴി

Posted: 19 Sep 2015 07:54 PM PDT

Image: 
ദുബൈ: ശനിയാഴ്ച രാവിലെ അന്തരിച്ച ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ഖബറടക്കം വൈകിട്ട് മഗ്രിബ് നമസ്കാരത്തിന് ശേഷം അല്‍ ഫഹീദിയിലെ ഉമ്മുഹുറൈര്‍ ഖബര്‍സ്ഥാനില്‍ നടന്നു. സഅബീല്‍ പള്ളിയില്‍ മയ്യിത്ത് നമസ്കാരത്തിന് ശേഷമാണ് ഖബറടക്കത്തിനായി മൃതദേഹം അല്‍ ഫഹീദിയിലേക്ക് കൊണ്ടുപോയത്. മയ്യിത്ത് നമസ്കാരത്തില്‍ പിതാവ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ്്, അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് എന്നിവര്‍ക്ക് പുറമെ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും പങ്കെടുത്തു. 
നമസ്കാരത്തിന് ശേഷം സഹോദരങ്ങളായ ശൈഖ് ഹംദാനും ശൈഖ് മക്തൂമും ചേര്‍ന്നാണ് മൃതദേഹം പള്ളിയില്‍ നിന്ന് പുറത്തേക്കെടുത്തത്. തുടര്‍ന്ന് ആംബുലന്‍സില്‍ അല്‍ ഫഹീദി ഖബര്‍സ്ഥാനില്‍ എത്തിക്കുകയായിരുന്നു. പ്രമുഖ വ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ഖബറടക്കം. 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP