സ്വാഗതം
WELCOME

News Update..

Tuesday, July 28, 2015

ജഡ്ജിമാരുടെ ഇടയില്‍ ഭിന്നത; മേമന്‍െറ അപേക്ഷ വിപുലമായ ബെഞ്ചിലേക്ക് Madhyamam News Feeds

ജഡ്ജിമാരുടെ ഇടയില്‍ ഭിന്നത; മേമന്‍െറ അപേക്ഷ വിപുലമായ ബെഞ്ചിലേക്ക് Madhyamam News Feeds

Link to

ജഡ്ജിമാരുടെ ഇടയില്‍ ഭിന്നത; മേമന്‍െറ അപേക്ഷ വിപുലമായ ബെഞ്ചിലേക്ക്

Posted: 28 Jul 2015 01:17 AM PDT

Image: 

ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്ഫോടനക്കേസില്‍ തനിക്കെതിരായ വധ ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് യാക്കൂബ് മേമന്‍ നല്‍കിയ ഹരജി വിപുലമായ ബെഞ്ചിന്‍െറ പരിഗണനക്ക് വിടാന്‍ സുപ്രീംകോടതി തീരുമാനിച്ചു. മേമന്‍െറ ഹരജി ഇന്ന് പരിഗണിച്ച രണ്ടംഗ ബെഞ്ച് വ്യത്യസ്ത അഭിപ്രയായം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് കേസ് വിപുലമായ ബെഞ്ചിന് വിട്ടത്.

രണ്ടംഗ ബെഞ്ചില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് വധശിക്ഷ സ്റ്റേ ചെയ്തപ്പോള്‍ ജസ്റ്റിസ് അനില്‍ ആര്‍.ദവേ മേമന്‍െറ ഹരജി തള്ളുകയായിരുന്നു. തനിക്കെതിരായ മരണ വാറണ്ട് നിയമവിരുദ്ധവും നടപടിക്രമം ലംഘിച്ചുള്ളതുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് യാക്കൂബ് മേമന്‍ വീണ്ടും സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.

മേമന്‍െറ വധശിക്ഷ പുന:പരിശോധിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മണിശങ്കര്‍ അയ്യര്‍, ബി.ജെ.പിയിലെ ശത്രുഘ്നന്‍ സിന്‍ഹ, നസിറുദ്ദീന്‍ ഷാ, പ്രശാന്ത് ഭൂഷണ്‍, മഹേഷ് ഭട്ട് എന്നിവര്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. മേമന്‍െറ ദയാഹരജി കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി തള്ളിയിരുന്നു.

യാക്കൂബ് മേമന്‍െറ തിരുത്തല്‍ ഹരജിയില്‍ ഈ മാസം 22ന് തീരുമാനമെടുക്കും മുമ്പ് മരണ വാറണ്ട് പുറപ്പെടുവിച്ചത് നടപടിക്രമങ്ങളുടെ ലംഘനമാണെന്ന് മേമന്‍ അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഏപ്രില്‍ 30ന് മരണ വാറണ്ട് തയ്യാറാക്കി രഹസ്യമാക്കി വെച്ച ശേഷം ജൂലെ 13നാണ് മേമനെ വിവരമറിയിച്ചതെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതിനിടയില്‍ അദ്ദേഹത്തിന്‍െറ തിരുത്തല്‍ ഹരജിയില്‍ തീരുമാനം എടുത്തിട്ടില്ലായിരുന്നു. നടപടിക്രമങ്ങളിലെ ഈ വീഴ്ചയാണ് കോടതി ഇന്ന് പരിഗണിച്ചത്. കേസ് വിപുലമായ ബെഞ്ചിന് വിട്ടതോടെ ജൂലൈ 30 ന് മേമന്‍ൈറ വധ ശിക്ഷ നടപ്പാക്കാനാവില്ല.
 

ഭീകരാക്രമണം: പഞ്ചാബ് മുഖ്യമന്ത്രി പാക് ഹൈകമ്മീഷണറുമായി നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കി

Posted: 28 Jul 2015 12:09 AM PDT

Image: 

ഗുര്‍ദാസ്പൂര്‍ : പഞ്ചാബിലെ ദിനഗറില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പാക് ഹൈകമ്മീഷണര്‍ അബ്ദുല്‍ ബാസിതുമായി നടത്താനിരുന്ന ചര്‍ച്ച പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ റദ്ദാക്കി. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ചാണ് ചര്‍ച്ചകള്‍ റദ്ദാക്കിയത്. ജൂലൈ 29 മുതല്‍ ആഗസ്റ്റ് ഒന്നുവരെയാണ് അബ്ദുല്‍ ബാസിതിന്‍െറ പഞ്ചാബ് സന്ദര്‍ശനം. ബുധനാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ചയാണ് റദ്ദാക്കിയത്.
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ നടുക്കി പഞ്ചാബില്‍ ഭീകരാക്രമണ പരമ്പര നടന്നത്. നാലു പൊലീസുകാരും മൂന്ന് ഭീകരരും അടക്കം 10 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗുര്‍ദാസ്പുര്‍ ജില്ലയിലെ ദിനനഗറില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5.45ഓടെയാണ് സൈനിക വേഷത്തിലത്തെിയ ഭീകരര്‍ വെടിയുതിര്‍ത്തത്. യാത്രക്കാരനില്‍നിന്ന് തട്ടിയെടുത്ത മാരുതി 800 കാറിലത്തെിയ ഭീകരര്‍ വഴിയാത്രക്കാരനു നേരെയാണ് ആദ്യം വെടിയുതിര്‍ത്തത്. പിന്നീട് പത്താന്‍കോട് ബസ്സ്റ്റാന്‍ഡില്‍നിന്ന് ജമ്മുവിലേക്ക് യാത്രക്കാരുമായി പുറപ്പെടുകയായിരുന്ന ബസിന് നേരെ സംഘം വെടിവെച്ചു. തുടര്‍ന്ന് ദിനനഗര്‍ പൊലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങിയ സംഘം തൊട്ടടുത്ത ആളൊഴിഞ്ഞ കെട്ടിടത്തില്‍നിന്ന് സ്റ്റേഷനു നേരേ കനത്ത ആക്രമണം അഴിച്ചുവിട്ടതായി പൊലീസ് പറഞ്ഞു.12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ എല്ലാ ഭീകരരെയും വധിച്ചതായി പൊലീസ് അറിയിച്ചു.
 

കരാര്‍ ഒപ്പിടാത്ത സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ അഫിലിയേഷന്‍ റദ്ദാക്കും –മന്ത്രി

Posted: 27 Jul 2015 11:28 PM PDT

തിരുവനന്തപുരം: സര്‍ക്കാറുമായി കരാറുണ്ടാക്കാത്ത സ്വാശ്രയ മെഡിക്കല്‍കോളജുകളുടെ അഫിലിയേഷന്‍ റദ്ദാക്കാന്‍ ആരോഗ്യസര്‍വകലാശാല തീരുമാനിച്ചതായി മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. സര്‍ക്കാറില്‍നിന്ന് ഈ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സഹായങ്ങളും അവസാനിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിയമസഭയില്‍ പി. ശ്രീരാമകൃഷ്ണന്‍െറ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. സ്വാശ്രയ മാനേജ്മെന്‍റുകളെ നിയന്ത്രിക്കാത്ത സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
കോളജുകള്‍ക്ക് പ്രൈമറി-കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകളുമായുള്ള ബന്ധം നിര്‍ത്തലാക്കും. ശസ്ത്രക്രിയക്കുള്ള സഹായവും നല്‍കില്ല. അടുത്തഘട്ട മെഡിക്കല്‍ അലോട്ട്മെന്‍റ് സെപ്റ്റംബര്‍ അഞ്ചിന് നടക്കും. അതിനകം എല്ലാ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ കഴിയും.16 സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പരിയാരവും ഇന്‍റര്‍ചര്‍ച്ചസ് കൗണ്‍സിലിന്‍െറ കീഴിലുള്ള നാലെണ്ണവും ഉള്‍പ്പെടെ അഞ്ചുകോളജുകളുമായി കരാര്‍ ആയി. ബാക്കിയുള്ളവയില്‍ നാലെണ്ണം കരാര്‍ ഒപ്പിടാന്‍ തയാറാണ്. ആറ് കോളജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സിലിന്‍െറ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. ഇതു കിട്ടുന്നമുറയ്ക്ക് അവരുമായും കരാര്‍ ഒപ്പിടാനാകും. സര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിച്ചതിനത്തെുടര്‍ന്ന് 300 സീറ്റ് അധികമുണ്ടായി. സര്‍ക്കാര്‍ കോളജുകള്‍ക്കെല്ലാം അംഗീകാരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കരുണ, കാരുണ്യ, എം.ഇ.എസ്, കെ.എം.സി.ടി.ഇ കോളജുകളാണ് കരാറില്‍ ഏര്‍പ്പെടാതിരുന്നത്. ഇതില്‍ എം.ഇ.എസും കെ.എം.സി.ടി.ഇയും ന്യൂനപക്ഷകോളജുകള്‍ എന്ന ആനുകൂല്യമാണ് ഉപയോഗിച്ചത്. കാരുണ്യ, കരുണ എന്നിവക്കെതിരെ നടപടികള്‍ ആരംഭിച്ചെങ്കിലും കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ക്രിസ്ത്യന്‍ മാനേജ്മെന്‍റ് കോളജുകള്‍ക്ക് നാല് ലക്ഷം രൂപയാണ് ഫീസ്. എന്നാല്‍, 40 ലക്ഷം രൂപ അവര്‍ സ്കോളര്‍ഷിപ് നല്‍കും. അഖിലേന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് കഴിഞ്ഞ ദിവസം മാത്രമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ പ്രോസ്പെക്ടസില്‍ പറഞ്ഞതില്‍ 700 സീറ്റുകള്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണെന്ന് പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇന്‍റര്‍ചര്‍ച്ചസ് കൗണ്‍സിലിന്‍െറ നാലുകോളജുകള്‍ കരാറില്‍ ഏര്‍പ്പെട്ടുവെന്ന് പറഞ്ഞിട്ട് ഒരു കോളജില്‍ മാത്രമാണ് അലോട്ട്മെന്‍റ് നടക്കുന്നത്. അവിടെ നാലുലക്ഷം ഫീസ് നിശ്ചയിച്ചതുകൊണ്ടാണ് മറ്റ് കോളജുകള്‍ കരാറില്‍ ഏര്‍പ്പെടാത്തത്. എം.ഇ.എസില്‍ ആറ് ലക്ഷം രൂപയാണ് ഇപ്പോള്‍ ഫീസ് നിശ്ചയിച്ചത്. കോളജുകള്‍ സ്വന്തം നിലയ്ക്ക് പ്രവേശം നടത്തുകയാണ്. ജയിംസ് കമ്മിറ്റി പ്രവേശ പരീക്ഷ നടത്താന്‍ തയാറാകുന്നില്ല. കഴിഞ്ഞ വര്‍ഷം സര്‍ക്കാറിന് സീറ്റ് തരാത്ത കോളജുകള്‍ക്കെതിരെ നടപടി എടുത്തില്ല. മെരിറ്റില്‍ വന്ന കുട്ടികള്‍ക്കുപോലും പ്രവേശം ലഭിക്കാത്ത സ്ഥിതിയാണ്. വന്‍ തുക കാപിറ്റേഷനും ഫീസും വാങ്ങിയാണ് പ്രവേശമെന്നും അദ്ദേഹം ആരോപിച്ചു. സ്വാശ്രയ മാനേജ്മെന്‍റുകള്‍ തോന്നിയ ഫീസ് വാങ്ങുന്നതായും സര്‍ക്കാറിന് ഒരു നിയന്ത്രണവുമില്ളെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. മാനേജ്മെന്‍റുകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ ഓച്ചാനിച്ച് നില്‍ക്കുകയാണ്. എ.കെ. ആന്‍റണി പറഞ്ഞത് രണ്ടു സ്വാശ്രയകോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്നായിരുന്നെങ്കില്‍ ഇന്ന് ഒരു സ്വാശ്രയകോളജ് ഒന്നര സ്വാശ്രയകോളജുകളായിട്ടുണ്ട്.സ്വാശ്രയകോളജുകളിലൂടെ തിരുമണ്ടന്മാര്‍ പോലും ലക്ഷങ്ങള്‍ കോഴകൊടുത്ത് ഡോക്ടര്‍മാരാകുകയാണെന്ന് വി.എസ് പറഞ്ഞു.

ഗുരുവായൂര്‍ ആനക്കോട്ടയില്‍ കൊമ്പന്‍മാര്‍ക്ക് മാലിന്യ ‘ചികിത്സ’

Posted: 27 Jul 2015 11:18 PM PDT

തൃശൂര്‍: ഗുരൂവായൂര്‍ ആനക്കോ
ട്ടയില്‍ 58 ആനകളെ മാലിന്യങ്ങള്‍ക്ക് നടുവില്‍ കെട്ടിയിട്ട് പീഡിപ്പിക്കുന്നതായി പരാതി. തൃശൂര്‍ ഹെറിറ്റേജ് അനിമല്‍ ടാസ്ക് ഫോഴ്സ് ആണ് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിനും പ്രധാനമന്ത്രിക്കും പരാതി അയച്ചത്. കരാറുകാരന്‍ മൂന്നാഴ്ചയായി ആനപ്പിണ്ടം ഉള്‍പ്പെടെ മാലിന്യം മാറ്റുന്നില്ളെന്നും ഗുരുവായൂര്‍ ദേവസ്വം ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നില്ളെന്നും പരാതിയില്‍ പറയുന്നു.
ഗുരുവായൂര്‍ ദേവസ്വത്തിലെ ആനപീഡനം ഇല്ലാതാക്കാന്‍ കൈക്കൊണ്ട നടപടികളെക്കുറിച്ച് കഴിഞ്ഞ 13ന് കേന്ദ്ര വനം അസി. ഡയറക്ടര്‍ ജനറല്‍ സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് അടിയന്തര വിശദീകരണം തേടിയിരുന്നു. കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് പ്രതിനിധികള്‍ ഒരുവര്‍ഷം മുമ്പ് ആനക്കോട്ട സന്ദര്‍ശിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ നടപ്പായിട്ടില്ല. ഇതിനെതിരെ സംസ്ഥാന വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ളെന്ന് കാണിച്ച് ബോര്‍ഡ് നല്‍കിയ നിവേദനത്തത്തെുടര്‍ന്നായിരുന്നു വനം മന്ത്രാലയത്തിന്‍െറ ഇടപെടല്‍.
നിയമം ലംഘിച്ച് കരാറില്‍ രണ്ട് നിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ചതാണ് മാലിന്യനീക്കം തടസ്സപ്പെടാന്‍ കാരണം. മാലിന്യം നീക്കാന്‍ മണ്ണുമാന്തി ഉപയോഗിക്കരുതെന്ന് കരാറിലുണ്ട്. മാത്രമല്ല, കേരളത്തിലെ മാലിന്യ സംസ്കരണ നിയമങ്ങള്‍ പ്രകാരം ഒരു സ്ഥലത്തെ മാലിന്യം മറ്റൊരു സ്ഥലത്ത് കൊണ്ടിടുന്നത് അനുവദനീയമല്ല. മാലിന്യ സംസ്കരണത്തിന് ഗുരുവായൂര്‍ ദേവസ്വത്തിന് കീഴില്‍ പല സ്ഥലങ്ങളുണ്ടെങ്കിലും അവിടെയൊന്നും ആനക്കോട്ടയിലെ മാലിന്യം സംസ്കരിക്കാന്‍ ശാസ്ത്രീയ സംവിധാനമില്ല. പകരം കരാറുകാരന്‍െറ ഇഷ്ടപ്രകാരം മറ്റ് സ്ഥലങ്ങളില്‍ തള്ളാന്‍ അവസരം നല്‍കുന്നതാണ് വ്യവസ്ഥയെന്ന് ടാസ്ക്ഫോഴ്സ് ആരോപിച്ചു. കരാറുകാരന്‍ മാലിന്യം കൈകൊണ്ട് നീക്കാന്‍ മടിക്കുകയാണ്.
എലൈറ്റ് നാരായണന്‍കുട്ടി എന്ന ആനയെ 2014 ജൂലൈ 25ന് മദപ്പാടൊലിക്കാന്‍ നാലുകാലും ബന്ധിച്ച് നിര്‍ത്തിയതാണ്. ഒരുവര്‍ഷമായിട്ടും ആനയെ ചങ്ങലയില്‍ നിന്ന് മാറ്റാന്‍ നടപടിയില്ല. ദിനേന ആരോഗ്യം കുറഞ്ഞ് ആന അവശനാണെന്നും കാലില്‍ മുറുകിയ ചങ്ങല എല്ലിനടക്കം ക്ഷതം ഏല്‍പിക്കുകയാണെന്നും പരാതിയിലുണ്ട്.

ശ്രീശാന്തിന്‍െറ വിലക്ക് നീക്കുന്നത് പരിഗണിക്കുമെന്ന് ബി.സി.സി.ഐ

Posted: 27 Jul 2015 11:09 PM PDT

Image: 

ന്യൂഡല്‍ഹി: ഐ.പി.എല്‍ കേസില്‍ കോടതി വെറുതെവിട്ട മലയാളിതാരം ശ്രീശാന്തിന്‍െറ വിലക്ക് നീക്കുന്നകാര്യം പരിഗണിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍. ആവശ്യമെങ്കില്‍ ഇതിനായി പ്രത്യേക പ്രവര്‍ത്തക സമിതി ചേരുമെന്നും അദ്ദേഹം പറഞ്ഞു.

ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ പാട്യാല ഹൗസ് കോടതി വിധി  ശ്രീശാന്തിന് അനുകൂലമാണെന്നും വിലക്ക് നീക്കണമെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ടി.സി മാത്യു ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. ശ്രീശാന്തിന്‍െറ വിലക്ക് നീക്കുന്നത് സംബന്ധിച്ച് തനിക്ക് ഇതുവരെ അപേക്ഷ ലഭിച്ചിട്ടില്ളെന്നും അപേക്ഷ ലഭിച്ചാല്‍ പരിഗണിക്കുമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.

കോടതി വെറുതെവിട്ടെങ്കിലും വിലക്ക് പിന്‍വലിക്കില്ളെന്നായിരുന്നു മുമ്പ് ബി.സി.സി.ഐ നിലപാട്. ക്രിമിനല്‍ കോടതി വെറുതെ വിടുന്നതും വിചാരണക്ക് ശേഷം കുറ്റമുക്തനാക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ക്രിമിനല്‍ നടപടികളില്‍ നിന്ന് ഒഴിവാക്കിയെങ്കിലും കുറ്റവാളിയെന്ന് പറയാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി മോഹികള്‍ തലനീട്ടിത്തുടങ്ങി

Posted: 27 Jul 2015 11:08 PM PDT

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ സ്ഥാനാര്‍ഥി മോഹികള്‍ രംഗത്തിറങ്ങിത്തുടങ്ങി. മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന വാര്‍ഡുകളില്‍ വോട്ടര്‍മാരില്‍ സ്വാധീനമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ആരംഭിച്ചത്. നിലവിലെ ജനപ്രതിനിധികളില്‍ നല്ളൊരു ശതമാനവും വീണ്ടും മത്സരിക്കാന്‍ താല്‍പര്യം കാണിക്കുന്നുണ്ട്. നിലവിലെ ജനറല്‍ വാര്‍ഡുകള്‍ വനിത, പട്ടികജാതി സംവരണ വാര്‍ഡുകള്‍ ആകുമോ എന്ന ആശങ്കയും ഇവര്‍ക്കുണ്ട്. ഇതോടെ തൊട്ടടുത്ത വാര്‍ഡുകളും ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍, നിലവിലെ മെംബര്‍മാരെ വീണ്ടും നിര്‍ത്തി പരീക്ഷിക്കുന്നതിനോട് മിക്ക പാര്‍ട്ടികള്‍ക്കും യോജിപ്പില്ല. പല വാര്‍ഡുകളിലും ഒരു വികസനപ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല. തെരുവുവിളക്കുകള്‍ കത്തിക്കുന്ന കാര്യത്തിലും അനാസ്ഥയായിരുന്നു. ബിനാമി പേരുകളില്‍ റോഡ്പണികളും മറ്റും ഏറ്റെടുത്ത് പണം സമ്പാദിക്കുന്ന കാര്യത്തിലായിരുന്നു മിക്ക മെംബര്‍മാര്‍ക്കും താല്‍പര്യം. ഇങ്ങനെ ലക്ഷങ്ങള്‍ സമ്പാദിച്ച നിരവധി മെംബര്‍മാരാണുള്ളത്. പല സ്ഥലങ്ങളിലും ജനങ്ങള്‍ ഇക്കാര്യങ്ങള്‍ ചോദ്യംചെയ്യുന്നുമുണ്ട്. സ്ത്രീകള്‍ വിജയിച്ച വാര്‍ഡുകളില്‍ ഇവരുടെ ഭര്‍ത്താക്കന്മാരും പാര്‍ട്ടി നേതാക്കളുമായിരുന്നു നിയന്ത്രണം.
സെപ്റ്റംബറില്‍ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പ്രമുഖ പാര്‍ട്ടികള്‍ കരുക്കള്‍ നീക്കുന്നത്. തെരഞ്ഞെടുപ്പിന്‍െറ മുന്നോടിയായി ഇക്കുറിയും സി.പി.എം തന്നെയാണ് പ്രവര്‍ത്തനങ്ങള്‍ ആദ്യം ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞതവണ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളും യു.ഡി.എഫ് നിയന്ത്രണത്തിലായിരുന്നു. ഇത്തവണ ഇതുണ്ടാകാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സി.പി.എം രൂപം കൊടുത്തിട്ടുള്ളത്. യു.ഡി.എഫും ഒട്ടും പുറകോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞതവണത്തെ ഗ്രാമപഞ്ചായത്ത് ഭരണം നിലനിര്‍ത്തുന്ന തരത്തിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ മിക്കയിടത്തും നടത്തിയിട്ടുണ്ടെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്.
ബി.ജെ.പി കൂടുതല്‍ സ്ഥലങ്ങളില്‍ സ്വാധീനമുറപ്പിക്കാനുള്ള ശ്രമങ്ങളിലാണ്. പ്രാദേശിക നേതാക്കള്‍ വീടുകളില്‍ സൗഹൃദ സന്ദര്‍ശനങ്ങളും ആരംഭിച്ചു. സി.പി.എം നിരന്തരം ബ്രാഞ്ച് യോഗങ്ങളും പാര്‍ട്ടി കമ്മിറ്റികളും കൂടുന്നുണ്ട്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്താനും പ്രമുഖ രാഷ്ട്രീയ കക്ഷിനേതാക്കളും പ്രാദേശികനേതാക്കളും രംഗത്തുണ്ട്.പുതിയ വോട്ടര്‍മാരെ കണ്ടത്തെി അവരുടെ പേരുകള്‍ ഓണ്‍ലൈന്‍ വഴി അപ്ലോഡ് ചെയ്യാനും നേതാക്കള്‍ ഓടിനടക്കുന്നുണ്ട്. വാര്‍ഡുകളില്‍ മത്സരിക്കാന്‍ കൂടുതല്‍ താല്‍പര്യമുള്ള പ്രാദേശിക നേതാക്കളാണ് ഇതിനൊക്കെ മുന്നിട്ടിറങ്ങുന്നത്. വോട്ടുകള്‍ തങ്ങള്‍ക്ക് കിട്ടില്ളെന്ന് ഉറപ്പുള്ളവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള ചില തന്ത്രങ്ങളും ചിലയിടങ്ങളില്‍ നടക്കുന്നുണ്ട്. സ്ഥാനാര്‍ഥി മോഹികളായി രംഗത്തുനില്‍ക്കുന്നവരെ ഏതുവിധേനയും ഒഴിവാക്കുന്നതിനുള്ള വിവിധ തന്ത്രങ്ങളും അണിയറയില്‍ ഒരു വിഭാഗം ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഇവരുടെ പേരില്‍ ഇല്ലാത്ത ആരോപണങ്ങള്‍ വരെ ഉന്നയിച്ച് മാറ്റിനിര്‍ത്തുക എന്ന തന്ത്രമാണ് പ്രയോഗിക്കുന്നത്. ഇതിനിടെ ചില വാര്‍ഡുകളില്‍ ഈര്‍ക്കില്‍ പാര്‍ട്ടി നേതാക്കളും സാന്നിധ്യമറിയിച്ച് തുടങ്ങിയിട്ടുണ്ട്. പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ക്ക് ഇവര്‍ ഒരു ഭീഷണിയുമാണ്. കഴിഞ്ഞതവണ യു.ഡി.എഫിലെയും എല്‍.ഡി.എഫിലെയും വിമതന്മാര്‍ കാരണം നിസ്സാര വോട്ടുകള്‍ക്ക് തോറ്റ വാര്‍ഡുകളും നിരവധിയാണ്.

ദേശസാത്കൃത റൂട്ടിലെ പിന്‍വാതില്‍ പെര്‍മിറ്റുകള്‍ സാധൂകരിക്കും

Posted: 27 Jul 2015 11:03 PM PDT

പീരുമേട്: സ്വകാര്യ സൂപ്പര്‍ക്ളാസ് ബസുകള്‍ക്ക് ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി പെര്‍മിറ്റ് നല്‍കാനുള്ള ഉത്തരവ് ദേശസാത്കൃത റൂട്ടുകളില്‍ പിന്‍വാതിലിലൂടെ ലഭിച്ച പെര്‍മിറ്റുകള്‍ സാധൂകരിക്കും. സ്വകാര്യ ബസ് ഉടമകള്‍, കെ.എസ്.ആര്‍.ടി.സി ആര്‍.ടി.എ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒത്തുകളിച്ച് രാഷ്ട്രീയ സ്വാധീനം ഉള്ളവര്‍ക്കായാണ് 104 വകുപ്പ് പ്രകാരം ദേശസാത്കൃത റൂട്ടുകളില്‍ പെര്‍മിറ്റ് ലഭിക്കുന്നത്.
ദേശസാത്കൃത റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കുറവായതിനാല്‍ യാത്രാക്ളേശം പരിഹരിക്കാന്‍ സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് അപേക്ഷ നല്‍കും. ഇതിന്‍മേല്‍ കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെടുമ്പോള്‍ പെര്‍മിറ്റ് കെ.എസ്.ആര്‍.ടി.സിക്ക് നല്‍കാമെന്ന നിബന്ധനയില്‍ 104 വകുപ്പ് പ്രകാരമാണ് സ്വകാര്യ ബസുകള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റ് നല്‍കുക. ആദ്യത്തെ 20 ദിവസം താല്‍ക്കാലിക പെര്‍മിറ്റും തുടര്‍ന്ന് രണ്ടുപ്രാവശ്യമായി നാലുമാസത്തെ താല്‍ക്കാലിക പെര്‍മിറ്റും ഇതിലൂടെ സമ്പാദിക്കുന്നു. കെ.എസ്.ആര്‍.ടി.സി പെര്‍മിറ്റ് ഏറ്റെടുക്കാത്തതിനാല്‍ അഞ്ചു വര്‍ഷത്തെ പക്കാ പെര്‍മിറ്റും വാങ്ങും. 104 വകുപ്പുപ്രകാരം നല്‍കിയ പെര്‍മിറ്റുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് എപ്പോള്‍ വേണമെങ്കിലും ഏറ്റെടുക്കാമെന്നിരിക്കെ അതിന് തയാറാകില്ല. ദേശസാത്കൃത റൂട്ടുകളില്‍ 104 വകുപ്പ് പ്രകാരം പെര്‍മിറ്റ് നല്‍കരുതെന്ന ഹൈകോടതി ഉത്തരവുണ്ട്. 1998ന് ശേഷം ദേശസാത്കൃത റൂട്ടുകളില്‍ നല്‍കിയ 104 വകുപ്പ് പെര്‍മിറ്റുകള്‍ ഇപ്പോഴും സര്‍വിസ് തുടരുകയാണ്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് മുന്നില്‍ ഇത്തരം ബസുകള്‍ സര്‍വിസ് നടത്തുന്നത് കോര്‍പറേഷന്‍െറ വരുമാനത്തെ ബാധിക്കുന്നു.

അഞ്ചാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല

Posted: 27 Jul 2015 10:43 PM PDT

Image: 

കൊച്ചി: അഞ്ചാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 19,000 രൂപയും ഗ്രാമിന് 2,375 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. പവന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണിത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം പവന് 1.32 ഡോളര്‍ താഴ്ന്ന് 1,095.19 ഡോളറിലെത്തി.

കുളമ്പുരോഗം: ജില്ലയിലും ജാഗ്രതാ നിര്‍ദേശം

Posted: 27 Jul 2015 10:35 PM PDT

തൊടുപുഴ: സംസ്ഥാനത്ത് നാലു ജില്ലകളില്‍ കാലികളില്‍ കുളമ്പുരോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇടുക്കിയിലും മൃഗ സംരക്ഷണവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. തിരുവനന്തപുരം, കോഴിക്കോട്, വയനാട്, തൃശൂര്‍ എന്നിവിടങ്ങളിലാണ് കുളമ്പുരോഗം കാലികളില്‍ കണ്ടത്തെിയത്. അതിര്‍ത്തി ചെക്പോസ്റ്റുകള്‍ വഴി പ്രതിരോധ കുത്തിവെപ്പെടുക്കാതെ ഇതരസംസ്ഥാനങ്ങളില്‍നിന്ന് കടത്തിയ കാലികളിലാണ് രോഗം കണ്ടത്തെിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജില്ലയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയത്. തമിഴ്നാട്ടില്‍നിന്ന് ലോറികളിലും ഊടുവഴികളിലൂടെയും അനധികൃതമായി അറവുമാടുകളെ നികുതി വെട്ടിച്ചുകടത്തുന്നത് വ്യാപകമായിട്ടും അധികൃതര്‍ നടപടി കൈക്കൊള്ളാത്തതാണ് കുളമ്പുരോഗം സംസ്ഥാനത്ത് വീണ്ടും പിടിമുറുക്കാന്‍ കാരണം. നികുതി വെട്ടിച്ച് കാലികളെ കടത്താന്‍ കുറുക്കുവഴികളുമായി വന്‍ ഇടനിലക്കാരാണ് രംഗത്തുള്ളത്.
ഇത്തരം കള്ളക്കടത്തിലൂടെ വിവിധ ചെക്പോസ്റ്റുകള്‍ വഴി ലഭിക്കേണ്ട വലിയ നികുതിയും സര്‍ക്കാറിന് നഷ്ടമാകുകയാണ്. ഏകദേശം അഞ്ചുകോടിയോളം രൂപയാണ് മാസന്തോറും ഖജനാവിലേക്ക് എത്തേണ്ടത്. എന്നാല്‍, ഇതിന്‍െറ നാലിലൊന്നുപോലും എത്താറില്ല. തമിഴ്നാട്ടില്‍നിന്നാണ് കാലികളെ കൂടുതലായി ഇടുക്കിയുടെ അതിര്‍ത്തി ചെക്പോസ്റ്റുകളിലൂടെ കടത്തിക്കൊണ്ടുവരുന്നത്. നികുതി വെട്ടിക്കാന്‍ പലതരത്തിലുള്ള ശ്രമങ്ങളാണ് കടത്തുകാര്‍ സ്വീകരിക്കുന്നത്.
ഒരു വലിയ വാഹനത്തില്‍ പരമാവധി കയറ്റാവുന്ന കാലികളുടെ എണ്ണം 19 മാത്രമാണ്. എന്നാല്‍, ഇത്തരം വാഹനങ്ങളില്‍ കയറിപ്പോകുന്നത് 25 മുതല്‍ 27വരെ കാലികളാണ്. ഇതിനെതിരെ നടപടി തുടങ്ങിയപ്പോഴാണ് കുറുക്കുവഴികളുമായി ഇടനിലക്കാര്‍ രംഗത്തത്തെിയത്. തമിഴ്നാട്ടിലെ കമ്പം, തേനി, പാളയം എന്നിവിടങ്ങളില്‍നിന്നാണ് കന്നുകാലികളെ പ്രധാനമായും കൊണ്ടുവരുന്നത്.
ഇവിടെ നിന്ന് കൂട്ടത്തോടെ വാഹനങ്ങളില്‍ കൊണ്ടുവരുമ്പോള്‍ കമ്പം ചെക്പോസ്റ്റില്‍ പരിശോധന ഉണ്ടാകാറില്ല. എന്നാല്‍, കേരളത്തില്‍ പരിശോധനയും ഒപ്പം നികുതി അടക്കലും വേണ്ടിവരുമെന്നറിയാവുന്ന ഇടനിലക്കാര്‍ കേരള-തമിഴ്നാട് ചെക്പോസ്റ്റിനിടയിലുള്ള കോവില്‍ വളവില്‍ കാലികളെ കൂട്ടത്തോടെ ഇറക്കി വാഹനം പറഞ്ഞുവിടും. തുടര്‍ന്ന് ഈ കാലികളെ നടത്തി കമ്പംമെട്ട് ചെക്പോസ്റ്റിലൂടെ കടത്തി വിടും.
പ്രധാന മാര്‍ക്കറ്റായ കൊടികുത്തിയിലേക്കാണ് ലേലത്തിനായി കാലികളെ എത്തിക്കുന്നത്. നടത്തിക്കൊണ്ടുപോകുന്ന കാലികള്‍ നിരവധി അപകടങ്ങളാണ് പീരുമേട്, കുട്ടിക്കാനം സ്ഥലങ്ങളില്‍ ഉണ്ടാക്കുന്നത്.
കാലികളെ നടത്തിക്കൊണ്ട് പോകുന്നവരില്‍നിന്ന് നികുതി വാങ്ങാന്‍ വകുപ്പില്ളെന്ന ഒറ്റ കാരണം മുതലെടുക്കുകയാണ് ഇവര്‍. ഇങ്ങനെ കാലികളെ നടത്തിക്കൊണ്ടുപോകുന്നത് മൂലം വാഹനത്തിന് ടാക്സ്, കാലികളുടെ ടാക്സ്, മൃഗങ്ങളെ കുത്തിനിറച്ചുകൊണ്ടുപോകുന്നതിനുള്ള കേസ് എന്നിവയില്‍നിന്നുമെല്ലാം രക്ഷ നേടാനാകും.
ഇത്തരത്തില്‍ ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ കടത്തുകാര്‍ക്ക് നല്‍കുന്ന സഹായം കണ്ടത്തെണമെന്നും വാഹനങ്ങളില്‍ കുത്തിനിറച്ച് അമിത വേഗത്തില്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

കേന്ദ്ര ഫണ്ട് വിനിയോഗം : മംഗല്‍പാടി പഞ്ചായത്തില്‍ വിജിലന്‍സ് റെയ്ഡ്

Posted: 27 Jul 2015 10:28 PM PDT

മഞ്ചേശ്വരം: കേന്ദ്രസര്‍ക്കാറിന്‍െറ ഫണ്ട് വിനിയോഗിക്കുന്നതില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് മംഗല്‍പാടി പഞ്ചായത്തില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തി.
കാസര്‍കോട് വിജിലന്‍സ് ഡിവൈ.എസ്.പി രഘുരാമന്‍െറ നേതൃത്വത്തില്‍ രാവിലെ 11ഓടെയാണ് പരിശോധന നടന്നത്. പരിശോധന ഉച്ച ഒരുമണിയോടെ അവസാനിച്ചു.
കേന്ദ്ര ഫണ്ട് വിനിയോഗിക്കുന്നതില്‍ കാലതാമസം നടക്കുന്നതായി പരിശോധനയില്‍ കണ്ടത്തെിയതായാണ് സൂചന. ഫണ്ടില്‍ ക്രമക്കേട് നടന്നതായും വിവരമുണ്ട്. എന്നാല്‍, കൂടുതല്‍ അന്വേഷണത്തിലെ ഇവ സ്ഥിരീകരിക്കാനാവൂവെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
ഫണ്ട് വിനിയോഗത്തിനു പുറമെ ഉദ്യോഗസ്ഥരുടെ ഹാജര്‍നില രേഖപ്പെടുത്തുന്നതിലും ക്രമക്കേട് കണ്ടത്തെിയിട്ടുണ്ട്. വിജിലന്‍സ് പരിശോധനാസമയത്ത് ഭൂരിഭാഗം ഉദ്യോഗസ്ഥരും ജോലിക്കത്തെിയിരുന്നില്ല.
ഇത്തരം ക്രമക്കേട് സ്ഥിരമായി നടക്കുന്നതായും ഡ്യൂട്ടിക്കത്തെുന്ന സമയം ഒന്നിച്ച് ഒപ്പിടുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.
സി.ഐ ഗോപിനാഥന്‍, അംഗങ്ങളായ ജയപ്രകാശ്, രാധാകൃഷ്ണന്‍, വിജയന്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

മണ്ണിടിഞ്ഞ് മരണം: ദുരന്തത്തില്‍ വിറങ്ങലിച്ച് പൊതുവാച്ചേരി

Posted: 27 Jul 2015 10:25 PM PDT

ചക്കരക്കല്ല്: രണ്ടു കുടുംബത്തിന്‍െറ അത്താണികളെ മണ്ണിടിച്ചിലില്‍ നഷ്ടമായതിന്‍െറ ഞെട്ടലിലാണ് പൊതുവാച്ചേരി നിവാസികള്‍. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. വീടിന്‍െറ സുരക്ഷ ഉറപ്പാക്കുന്നതിന് നിര്‍മാണപ്രവൃത്തി നടത്തുന്നതിനിടെയാണ് പാച്ചേരിക്കുന്നില്‍ നായര്‍ കോളനിയിലെ അഫ്നാ മന്‍സിലില്‍ സുബൈര്‍ (52), തൊഴിലാളിയായ പൊതുവാച്ചേരിയിലെ കൊല്ലന്‍െറ വളപ്പില്‍ ബാബുരാജ് (45), എന്നിവര്‍ മണ്ണിടിഞ്ഞുവീണ് മരിച്ചത്.
വീടിന് തൊട്ടുപിറകിലായി 25 മീറ്ററിലധികം ഉയരത്തിലുള്ള മണ്‍തിട്ട ഭീഷണിയായതിനെ തുടര്‍ന്ന് കുറെ നാളായി വീട്ടില്‍നിന്ന് താമസം മാറ്റിയതായിരുന്നു സുബൈര്‍. രണ്ടുദിവസം മുമ്പാണ് സുബൈറും കുടുംബവും വീണ്ടും താമസത്തിനായി ഇവിടെയത്തെിയത്. വീടിന് ഭീഷണിയായ മണ്ണ് നീക്കംചെയ്യാനുള്ള അനുമതിക്കായി അധികൃതരെ സുബൈറും കുടുംബവും സമീപിച്ചിരുന്നുവെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. വീടിന്‍െറ പിന്‍ഭാഗത്തെ മുറ്റംനിറയെ ചളിയും വെള്ളക്കെട്ടും കാരണം വീട്ടുകാര്‍ക്ക് ഏറെ പ്രയാസമുണ്ടായിരുന്നു. ഇതിന് പരിഹാരം കാണുന്നതിനും മണ്ണിടിച്ചില്‍ തടയാന്‍ നിലവിലുള്ള കല്ലുകള്‍ ഉപയോഗിച്ച് മതില്‍ നിര്‍മിക്കാനുള്ള പ്രാരംഭ ജോലിയുമായിരുന്നു സുബൈര്‍ നടത്തിക്കൊണ്ടിരുന്നത്. മലിനജലം ഒഴുക്കിവിടുന്നതിനുള്ള കുഴിയില്‍ ഇരുവരും നില്‍ക്കവെ ഉയരത്തില്‍നിന്നുള്ള മണ്ണ് ശക്തിയായി ദേഹത്ത് വീഴുകയായിരുന്നു. ഈ സമയത്ത് കനത്ത മഴയുമുണ്ടായിരുന്നു. ഇരുവരും മണ്ണിനടിയില്‍ അകപ്പെടുകയായിരുന്നു.
കണ്ണൂര്‍-കൂത്തുപറമ്പ് റൂട്ടിലെ സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്ന ബാബുരാജ്, ബസില്‍നിന്ന് ഇറങ്ങുന്ന ദിവസങ്ങളില്‍ കുടുംബം പുലര്‍ത്താന്‍വേണ്ടി നിര്‍മാണ പ്രവൃത്തികളടക്കമുള്ള ജോലികളില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു. ഡിവൈ.എസ്.പി മൊയ്തീന്‍കുട്ടി, സി.ഐമാരായ കെ. ഷാജി, എടക്കാട് പ്രിന്‍സിപ്പല്‍ എസ്.ഐ സത്യനാഥ്, എസ്.ഐമാരായ സുജിത്കുമാര്‍, ശിഹാബുദ്ദീന്‍, ചക്കരക്കല്ല് എസ്.ഐ പ്രദീഷ് തോട്ടത്തില്‍ നാട്ടുകാരായ മുസ്തഫ ഹാജി, കെ. അഷ്റഫ്, കെ.കെ. അയൂബ്, സകരിയ മാസ്റ്റര്‍ തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ എം.സി. മോഹനന്‍, പി.പി. നാരായണന്‍, മുസ്ലിം ലീഗ് നേതാക്കളായ വി.കെ. അബ്ദുല്‍ഖാദര്‍ മൗലവി, എം.പി. മുഹമ്മദലി, സി.എച്ച്. മുഹമ്മദലി ഹാജി, വി.പി. വമ്പന്‍, എന്‍.പി. താഹിര്‍ ഹാജി, എന്‍.കെ. റഫീഖ്, എം.കെ. മോഹനന്‍, കെ.കെ. ജയരാജന്‍, കെ.സി. മുഹമ്മദ് ഫൈസല്‍, സുധീഷ് മുണ്ടേരി, വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളായ എ. അഹമ്മദ്കുഞ്ഞി, കെ.ടി. അബ്ദുസലാം, കെ.കെ. അയൂബ്, പെരളശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് ടി. സവിത, സുബൈദ പുന്നക്കല്‍ എന്നിവര്‍ പരേതരുടെ വീടുകളിലത്തെി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ജഡ്ജിയെ ആക്ഷേപിച്ച മന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹരജി

Posted: 27 Jul 2015 10:14 PM PDT

കൊച്ചി: എ.ജി ഓഫിസിന്‍െറ കാര്യക്ഷമതയില്ലായ്മയെ പരാമര്‍ശിച്ച ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെ ഫേസ് ബുക്കിലൂടെ അധിക്ഷേപിച്ച സാംസ്കാരിക മന്ത്രി കെ.സി. ജോസഫിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈകോടതിക്ക് പരാതി.
നടപടി ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ലോയോഴ്സ് യൂനിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ബി. രാജേന്ദ്രന്‍ ചീഫ് ജസ്റ്റിസ് അശോക് ഭൂഷണിനും കോടിയലക്ഷ്യ ഹരജി നല്‍കാന്‍ അനുമതി തേടി ഹൈകോടതി അഭിഭാഷകനായ ജെ.എസ്. അജിത് കുമാര്‍ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിക്കുമാണ് അപേക്ഷ നല്‍കിയത്. ജൂലൈ 24ന് സാമൂഹിക മാധ്യമങ്ങളിലൂടെയും 25ന് മാധ്യമങ്ങളിലൂടെയും മന്ത്രി ജഡ്ജിക്കെതിരെ നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതികള്‍. അധിക്ഷേപിക്കുന്ന പ്രസ്താവനകളുടെ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും സംപ്രേക്ഷണം ചെയ്യുകയും ചെയ്ത മാധ്യമങ്ങള്‍ക്കെതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ലോയോഴ്സ് യൂനിയന്‍ നല്‍കിയ പരാതിയില്‍ ആവശ്യമുണ്ട്.
ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും ഹൈകോടതിയുടെ സത്യസന്ധതയെ ചോദ്യംചെയ്യുന്നതുമാണ് മന്ത്രിയുടെ പ്രസ്താവന. ജനങ്ങള്‍ക്കിടയില്‍ ജഡ്്ജിയെയും കോടതിയെയും അവഹേളിക്കുന്നതാണ് നടപടി.
സ്വതന്ത്ര നീതിനിര്‍വഹണത്തിലുള്ള ബോധപൂര്‍വമായ ഇടപെടലാണ് പരാമര്‍ശങ്ങളെന്നും ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമാണെന്ന് പരാതിയില്‍ പറയുന്നു.
മുമ്പ് സിറ്റിങ് ജഡ്ജിക്കെതിരെ പരാമര്‍ശം നടത്തിയതിന് മുന്‍ നിയമസഭാ സാമാജികനെ ഹൈകോടതി ശിക്ഷിച്ചതാണ്. മുമ്പ് ഇതേ മന്ത്രി ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിനും ജസ്റ്റിസ് എസ്.എസ്. സതീശചന്ദ്രനുമെതിരെ ജുഡീഷ്യല്‍ നടപടികളുമായി ബന്ധപ്പെട്ട് അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിന് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ആവര്‍ത്തിക്കില്ലായിരുന്നു.
പരാതിക്ക് ആസ്പദമായ കാര്യങ്ങള്‍ക്ക് തെളിവുകള്‍ ഹാജരാക്കാന്‍ തയാറാണ്. സംഭവത്തിനാസ്പദമായ വിഷയത്തില്‍ അഡ്വക്കറ്റ് ജനറല്‍ ഓഫിസിനും പങ്കാളിത്തമുള്ളതിനാല്‍ എ.ജിയില്‍നിന്ന് കോടതിയലക്ഷ്യ നടപടികള്‍ക്ക് അനുമതി ലഭിക്കാന്‍ സാധ്യതയില്ല. അതിനാലാണ് ചീഫ് ജസ്റ്റിസിന് നേരിട്ട് പരാതി നല്‍കുന്നതെന്ന് അഡ്വ. ബി. രാജേന്ദ്രന്‍െറ പരാതിയില്‍ പറയുന്നു.
അതേസമയം, മന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അനുമതി ആവശ്യപ്പെട്ട് അഡ്വ. അജിത് കുമാര്‍ അഡ്വക്കറ്റ് ജനറലിനാണ് അപേക്ഷ നല്‍കിയത്.
ഒൗദ്യോഗിക കൃത്യനിര്‍വഹണത്തിന്‍െറ ഭാഗമായി ന്യായാധിപന്‍ പുറപ്പെടുവിച്ച നിരീക്ഷണങ്ങളുടെ പേരില്‍ പൊതുസേവകനായ മന്ത്രി നടത്തിയ പ്രസ്താവന അന്തസ്സിന് യോജിക്കാത്തതും കോടതിയലക്ഷ്യത്തിന്‍െറ പരിധിയില്‍ വരുന്നതുമാണെന്നാണ് അപേക്ഷയില്‍ പറയുന്നത്.
ജഡ്്ജിപദവിയിലിരുന്ന് നീതിന്യായം വിലയിരുത്തലിന്‍െറ ഭാഗമായി പോലും സര്‍ക്കാറിനും സര്‍ക്കാറിന്‍െറ ഭാഗമായവര്‍ക്കുമെതിരെ പറയുന്നത് സൂക്ഷിച്ചുവേണമെന്ന മുന്നറിയിപ്പാണ് ഇത്തരം പ്രസ്താവനയിലൂടെ മന്ത്രി ലക്ഷ്യമിട്ടത്. ഈ സാഹചര്യത്തില്‍ എത്രയും വേഗം കോടതിയലക്ഷ്യ നപടിക്ക് അവസരമൊരുക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം.
അഡ്വക്കറ്റ് ജനറല്‍ ഓഫിസിനെതിരെ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് നിരീക്ഷണങ്ങള്‍ നടത്തിയതിനുപിന്നാലെ 'ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്‍ അറിയാതെ ഓരിയിട്ടാല്‍ കുറ്റം പറയാനാകില്ല' തുടങ്ങിയവ ഉള്‍പ്പെടെ അധിക്ഷേപകരമായ പരാമര്‍ശങ്ങളാണ് ജഡ്ജിക്കെതിരെ മന്ത്രി കെ.സി. ജോസഫ് തന്‍െറ ഫേസ് ബുക് പേജില്‍ പോസ്റ്റ് ചെയ്തത്.

കയര്‍ ഫെഡ് ജീവനക്കാരുടെ രാപ്പകല്‍ സമരം ഇന്ന് തുടങ്ങും

Posted: 27 Jul 2015 10:06 PM PDT

ആലപ്പുഴ: ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനും അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെ ജനാധിപത്യവിരുദ്ധ ഭരണത്തിനുമെതിരെ കയര്‍ ഫെഡ് എംപ്ളോയീസ് അസോസിയേഷന്‍ ആരംഭിക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ച് കയര്‍ ഫെഡ് ഹെഡ് ഓഫിസിനുമുന്നില്‍ രണ്ടുദിവസം രാപ്പകല്‍ സമരം നടത്തുമെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് കെ.വി. ദേവദാസ്, സെക്രട്ടറി അഡ്വ. കെ.ആര്‍. ഭഗീരഥന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് സമരം. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ഉദ്ഘാടനംചെയ്യും. കയര്‍ ഫെഡ് ജീവനക്കാര്‍ക്ക് 1996 മുതല്‍ സര്‍ക്കാര്‍ ഡി.എ കൊടുക്കണമെന്ന് ആര്‍ബിട്രേഷന്‍ കോടതിവിധിയുണ്ട്. 1996 മുതല്‍ നടപ്പാക്കാന്‍ കഴിയില്ളെന്ന മാനേജ്മെന്‍റിന്‍െറ ആവശ്യത്തിന്മേല്‍ ചര്‍ച്ചചെയ്ത് 2008 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാമെന്ന് 2015 മേയ് 30ന് കരാര്‍ ഉണ്ടാക്കി. ഇത് നടപ്പാക്കാത്ത സാഹചര്യത്തില്‍ വിഷയം മൂന്നുപ്രാവശ്യം ഹൈകോടതിയില്‍ മീഡിയേഷനില്‍ വെച്ചിട്ട് തീരുമാനം ആകാത്തതിനാല്‍ വീണ്ടും ഹൈകോടതിയില്‍ കേസ് നടക്കുകയും 1996 മുതല്‍ നടപ്പാക്കണമെന്ന് വിധിയുണ്ടാവുകയും ചെയ്തു. ഇത് നടപ്പാക്കാന്‍ മാനേജ്മെന്‍റ് തയാറാകുന്നില്ല. ശമ്പളപരിഷ്കരണ കാലാവധി അവസാനിച്ചിട്ട് രണ്ടുവര്‍ഷമാകുന്നെന്നും ഭാരവാഹികള്‍ പറഞ്ഞു.

തെരുവുനായ നിയന്ത്രണം : തീവ്ര വാക്സിനേഷന്‍ നിര്‍ബന്ധം; വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ്

Posted: 27 Jul 2015 10:02 PM PDT

പാലക്കാട്: ആഗസ്റ്റ് 14 മുതല്‍ 31 വരെ തീവ്ര വാക്സിനേഷന്‍ ജില്ലയില്‍ നിര്‍ബന്ധമായും നടപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി.
ജില്ലാകലക്ടറുടെ ചേംമ്പറില്‍ തെരുവു നായക്കളുടെ പ്രജനന നിയന്ത്രണ കോ ഓഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ജില്ലയിലെ എല്ലാ മൃഗാശുപത്രികളിലും വാക്സിനേഷനുള്ള മരുന്നുകള്‍ 10 രൂപ സബ്സിഡി നിരക്കില്‍ ലഭ്യമാക്കും. വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ് സമ്പ്രദായം നിര്‍ബന്ധമായും ഏര്‍പ്പെടുത്തണമെന്നും ലൈസന്‍സ് നല്‍കുന്നതില്‍ അതാത് ഗ്രാമപഞ്ചായത്തുകള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ ലൈസന്‍സില്ലാതെ നായ്ക്കളെ വളര്‍ത്തുന്ന ഉടമസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും.
ജില്ലയിലെ അഞ്ചു ബ്ളോക്കുകളില്‍ വാക്സിനേഷന്‍ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ.കെ.എസ്. തിലകന്‍ കലക്ടറെ അറിയിച്ചു.
പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം എന്നീ ബ്ളോക്കുകളിലെ എല്ലാ പഞ്ചായത്തുകളെയും പദ്ധതിയിലുള്‍പ്പെടുത്തിയാണ് തെരുവു നായ്ക്കളുടെ പ്രജനന നിയന്ത്രണം നടപ്പാക്കുക.
മൃഗസംരക്ഷണ വകുപ്പിന്‍െറയും പഞ്ചായത്തിന്‍െറയും സംയുക്താഭിമുഖ്യത്തില്‍ തെരുവു നായ്ക്കളിലെ 90 ശതമാനം പെണ്‍പട്ടികളെയും ശസ്ത്രക്രിയയിലൂടെ പ്രജനന നിയന്ത്രണം കൈവരുത്തുകയും പ്രതിരോധ കുത്തിവെപ്പ് നല്‍കുകയും ചെയ്യുന്നതാണ് പദ്ധതിയെന്ന് മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി.എന്‍. കണ്ടമുത്തന്‍ അധ്യക്ഷത വഹിച്ചു. ശസ്ത്രക്രിയ ചെയ്യുന്നതിന് ഡോക്ടര്‍മാര്‍ക്കുള്ള ചെലവുള്‍പ്പെടെ രണ്ടുകോടിയോളം വരുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനു വേണ്ട തുക ജില്ലാപഞ്ചായത്ത് 10 ലക്ഷവും നാലു നഗരസഭകള്‍ അഞ്ചു ലക്ഷവും ഓരോ ഗ്രാമപഞ്ചായത്തുകള്‍ മൂന്നര ലക്ഷവും നല്‍കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
ആഗസ്റ്റ് 10 നകം പഞ്ചായത്തും നഗരസഭയും ജില്ലാ ആസൂത്രണ സമിതിയില്‍ ഇതുസംബന്ധിച്ച പ്രോജക്ടുകള്‍ സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. പൊതു ജനങ്ങള്‍ക്കിടയില്‍ വളര്‍ത്തുനായ്ക്കളുടെ പ്രതിരോധ കുത്തിവെപ്പിലും തെരുവു നായ്ക്കളുടെ നിയന്ത്രണ മാര്‍ഗങ്ങളെ സംബന്ധിച്ചും ബോധവത്കരണ പരിപാടികള്‍ നടത്താനും ആഹാരാവശിഷ്ടങ്ങള്‍ ശാസ്ത്രീയ രീതിയില്‍ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മുരളീധരന്‍ , കെ.ജി.എ പ്രസിഡന്‍റ് സി.പി. റസാക്ക്, ഡി.പി.ഒ യു. ഗീത, മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂകമ്പം; റിക്ടര്‍ സ്കെയിലില്‍ 7 രേഖപ്പെടുത്തി

Posted: 27 Jul 2015 10:00 PM PDT

Image: 

ജകാര്‍ത്ത: ഇന്തോനേഷ്യയിലെ പാപുവ മേഖലയില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയതായി യു.എസ് ജിയോളജിക്കല്‍  സര്‍വെ അറിയിച്ചു. പാപുവ പ്രവിശ്യാ തലസ്നമായ ജയപുരയില്‍ നിന്ന് 250 കിലോമീറ്റര്‍ പടിഞ്ഞാറാണ് ഭൂകമ്പത്തിന്‍െറ പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാവിലെ 6.41 ഓടെയാണ് ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമിയുണ്ടാകാന്‍ സാധ്യതയില്ളെന്ന്  ശാസ്ത്രജ്ഞര്‍ അറിയിച്ചു.
ഭൂകമ്പത്തിന്‍െറ പ്രഭവകേന്ദ്രം മഴക്കാടുകളും ചെങ്കൂത്തായ മലനിരകളും ഉള്‍പ്പെടുന്ന പ്രദേശമാണ്. നാല് സെക്കന്‍ഡ് ശക്തമായ കുലുക്കം അനുഭവപ്പെട്ടു. ഭൂകമ്പം നടന്നത് എത്തിപ്പെടാന്‍ പ്രയാസമുള്ള വിദൂര മേഖലയിലായതിനാല്‍ അപകടത്തിന്‍െറ വ്യാപ്തി പുറത്തുവരാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ദുരന്ത നിവാരണ ഏജന്‍സി വക്താവ് പറഞ്ഞു.

പാണ്ടിക്കാട്ട് തെരുവുനായ ശല്യം രൂക്ഷം; രണ്ട് ആടുകളെ കൊന്നു

Posted: 27 Jul 2015 09:57 PM PDT

പാണ്ടിക്കാട്: ഗ്രാമപഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമായി. വളര്‍ത്തു മൃഗങ്ങളുടെയും മദ്റസ, സ്കൂള്‍ വിദ്യാര്‍ഥികള്‍, പത്രവിതരണക്കാര്‍ എന്നിവരുടെയും ജീവന് കൂട്ടം ചേര്‍ന്നുള്ള നായ്ക്കളുടെ ആക്രമണം ഭീഷണിയായിട്ടുണ്ട്.
തിങ്കളാഴ്ച സുല്‍ത്താനിയ ഒറവംപുറം ചുറുകുന്നില്‍ കണക്കംതൊടിക ഹസൈനാറുടെ വീട്ടില്‍ വളര്‍ത്തുന്ന രണ്ട് ആടുകളെ തെരുവുനായ്ക്കള്‍ കൊന്നു. ഒരെണ്ണത്തിന് പരിക്കേല്‍ക്കുകയും ചെയ്തു.
ആടുകളെ വീടിന് സമീപത്തെ പറമ്പില്‍ കെട്ടിയിട്ടതായിരുന്നു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വളര്‍ത്തു കോഴികളെ നായകള്‍ കൊല്ലുന്നതും പതിവാണ്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന ചെറിയ കുട്ടികളെയും നായകള്‍ ആക്രമിക്കുന്നുണ്ട്.
റമദാന്‍ സമയത്ത് തറിപ്പടിയിലെ കോഴിക്കട തകര്‍ത്ത തെരുവുനായ്ക്കള്‍ കോഴികളെ കൊന്നിരുന്നു. പാണ്ടിക്കാട് പൊലീസ് സ്റ്റേഷന്‍ വളപ്പിലെ നായ്ക്കള്‍ പൊലീസുകാര്‍ക്കും സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കും ഭീഷണിയാണ്.
അങ്ങാടിയിലെ ആള്‍പാര്‍പ്പില്ലാത്ത കെട്ടിടങ്ങളിലും വിജനമായ പറമ്പുകളിലും തമ്പടിച്ച ഇവ വൈകുന്നേരമായാല്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുകയാണ്.
അറവുശാലകളിലെ അവശിഷട്ങ്ങളും മാലിന്യവും ഭക്ഷിച്ചാണ് ഇവ പെരുകുന്നത്.
ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയാവുന്ന തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി എടുക്കണമെന്ന ആവശ്യം ശക്തമാണ്.

വയനാട്ടിലും ആനവേട്ട നടത്തിയതായി പ്രതിയുടെ വെളിപ്പെടുത്തല്‍

Posted: 27 Jul 2015 09:49 PM PDT

മാനന്തവാടി: സംസ്ഥാനത്തെ ഏറ്റവും വലിയ ആനവേട്ട കേസില്‍ വനം വകുപ്പ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതി വയനാട്ടിലും ആനവേട്ട നടത്തിയതായി മൊഴി. കേസിലെ മൂന്നാം പ്രതി കോതമംഗലം കുട്ടമ്പുഴ പുത്തന്‍പുരക്കല്‍ എല്‍ദോസ് ആണ് വെളിപ്പെടുത്തല്‍ നടത്തിയത്. രണ്ടാം പ്രതിയും ആത്മഹത്യ ചെയ്ത ഐക്കരമറ്റം വാസുവിനുമൊപ്പമാണത്രെ വയനാടന്‍ കാടുകളില്‍ വേട്ട നടത്തിയത്. നോര്‍ത് വയനാട് വനം ഡിവിഷനില്‍ രണ്ടു തവണയും മുത്തങ്ങയില്‍ ഒരു തവണയുമാണ് വേട്ട നടത്തിയത്. കൂടാതെ, കര്‍ണാടക വനമേഖലകളായ ബന്ദിപ്പൂര്‍, നാഗര്‍ഹോള വനമേഖലകളിലും ഇതേസംഘം വേട്ട നടത്തിയതായി എല്‍ദോസ് സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതോടെ ആനവേട്ട കേസിലെ പ്രതികള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്ന് സംശയം ബലപ്പെട്ടിരിക്കുകയാണ്. വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തില്‍ കസ്റ്റഡി കാലാവധി കഴിയുന്ന ജൂലൈ 29ന് ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ വയനാട് വന്യജീവി സങ്കേതം അധികൃതര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ആറുമാസം മുമ്പ് നോര്‍ത് വയനാട് വനം ഡിവിഷന് കീഴിലെ കാട്ടിക്കുളത്ത് ചെരിഞ്ഞ ആനയുടെ കൊമ്പ് വില്‍പന നടത്തുന്നതിനിടെ ആറംഗ സംഘം പിടിയിലായിരുന്നു. ആനക്കൊമ്പ് വാങ്ങാനത്തെിയത് എറണാകുളം, തൃശൂര്‍ സ്വദേശികളായിരുന്നു. ഇതില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ആനവേട്ട കേസില്‍ ഇതുവരെ 20 പേരാണ് പിടിയിലായത്. 37 കിലോ ആനക്കൊമ്പും 13 കിലോ ആനക്കൊമ്പു കൊണ്ടുണ്ടാക്കിയ ശില്‍പങ്ങളും അന്വേഷണ സംഘം കണ്ടത്തെിയിരുന്നു.

മടപ്പള്ളി ഗവ. കോളജില്‍ ഇന്‍ക്വിലാബ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനം

Posted: 27 Jul 2015 09:46 PM PDT

വടകര: മടപ്പള്ളി ഗവ. കോളജില്‍ എസ്.എഫ്.ഐ-ഇന്‍ക്വിലാബ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥികളുടെ പ്രവേശനോത്സവത്തോടനുബന്ധിച്ച് മിഠായി വിതരണം ചെയ്യുകയായിരുന്ന ഇന്‍ക്വിലാബ് പ്രവര്‍ത്തകയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചോദ്യംചെയ്യുകയും മര്‍ദിക്കുകയും ചെയ്തതിന്‍െറ തുടര്‍ച്ചയായാണ് അക്രമമെന്ന് പറയുന്നു.
പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയില്‍ കാണാനത്തെിയവരെയും മര്‍ദിച്ചു. കീഴല്‍ സ്വദേശി പി.ജി ഫിസിക്സ് വിദ്യാര്‍ഥി മുനീസ് (22), ബി.എ ഇംഗ്ളീഷ് അവസാനവര്‍ഷ വിദ്യാര്‍ഥി കൊയിലാണ്ടി വാണികണ്ടി സിദ്ദീഖ് റഷീദ് (21), ബന്ധുവായ കൊയിലാണ്ടി ആശാരിക്കണ്ടി കെ.കെ. മുനീബ് (23), മേമണ്ണില്‍ മീത്തല്‍ ഹബീബ്റഹ്മാന്‍ (21), പൈങ്ങോട്ടായി പാറച്ചാലില്‍ പി.സി. റയീദ (19), എസ്.ഐ.ഒ സംസ്ഥാന കാമ്പസ് സമിതി അംഗം അമീന്‍ റിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മടപ്പള്ളി കോളജില്‍ ഇന്‍ക്വിലാബ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ വിവരമറിഞ്ഞത്തെിയതായിരുന്നു എസ്.ഐ.ഒ സംസ്ഥാന കാമ്പസ് സമിതി അംഗം അമീന്‍ റിയാസ്, കൊയിലാണ്ടി ആശാരിക്കണ്ടി കെ.കെ. മുനീബ്, മുനീസ് എന്നിവര്‍. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയില്‍നിന്നും കണ്ട് പരാതി തയാറാക്കി പൊലീസ് സ്റ്റേഷനിലേക്ക് പോകവെയാണ് ഇവര്‍ക്ക് മര്‍ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ മുനീസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തോടനുബന്ധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരായ അഭിജിത്ത്, കെവിന്‍ സോമന്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇരുവരെയും വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലങ്ങളായി മടപ്പള്ളി കോളജില്‍ എസ്.എഫ്.ഐ മറ്റു സംഘടനകളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് എസ്.എഫ്.ഐ ഇതര സംഘടനകളുടെ നേതൃത്വത്തില്‍ ഇന്‍ക്വിലാബ് എന്ന പേരില്‍ വിദ്യാര്‍ഥി കൂട്ടായ്മ രൂപവത്കരിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ഇന്‍ക്വിലാബ് മത്സരിച്ചിരുന്നു. ഇതോടെ, ഒരുവര്‍ഷമായി കാമ്പസിനകത്തും പുറത്തും വലിയ ഭീഷണിയും അക്രമവും എസ്.എഫ്.ഐ സൃഷ്ടിക്കുന്നെന്നാണ് ആക്ഷേപം.
ഇക്കാര്യത്തില്‍ കോളജ് അധികൃതര്‍ കാണിക്കുന്ന നിസ്സംഗത പ്രതിഷേധാര്‍ഹമാണെന്ന് ഇന്‍ക്വിലാബ് പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍, ബോധപൂര്‍വം കാമ്പസിനകത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇന്‍ക്വിലാബ് പ്രവര്‍ത്തകര്‍ നടത്തുന്നതെന്ന് എസ്.എഫ്.ഐ ആരോപിച്ചു.

കലാമിന്‍െറ വിയോഗം: വേദനയോടെ ബഹ്റൈന്‍ പ്രവാസികള്‍

Posted: 27 Jul 2015 09:23 PM PDT

Image: 
മനാമ: ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ഇന്ത്യന്‍ മിസൈല്‍ സാങ്കേതിക വിദ്യയുടെ അമരക്കാരനുമായിരുന്ന ഡോ.എ.പി.ജെ അബ്ദുല്‍ കലാമിന്‍െറ പെട്ടെന്നുള്ള വിയോഗത്തില്‍ പകച്ചു നില്‍ക്കുകയാണ് ബഹ്റൈന്‍ പ്രവാസി സമൂഹം. ഈ വര്‍ഷം ഫെബ്രുവരി ആദ്യവാരത്തിലാണ് ദ്വിദിന സന്ദര്‍ശനത്തിനായി കലാം ബഹ്റൈനിലത്തെിത്. ഉയരങ്ങളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും അഗ്നിസ്ഥുലിംഗങ്ങളെറിയുന്ന കലാമിന്‍െറ പ്രഭാഷണത്തിന് കാതോര്‍ത്ത ഇന്ത്യന്‍ സമൂഹത്തിന് അദ്ദേഹത്തെ നേര്‍ക്കുനേര്‍ കാണാനുള്ള അവസരമായി അത് മാറുകയായിരുന്നു.  രണ്ടു ദിവസം നീളുന്ന പരിപാടിയില്‍ പ്രായം പോലും പരിഗണിക്കാതെയാണ് അദ്ദേഹം വിവിധ ഇടങ്ങളില്‍ വിദ്യാര്‍ഥികളും സാധാരണ ജനങ്ങളുമായി സംവദിച്ചത്. 
കലാമിന്‍െറ വിയോഗ വാര്‍ത്ത താങ്ങാവുന്നതിലധികമാണെന്ന് അദ്ദേഹത്തിന്‍െറ ബഹ്റൈന്‍ സന്ദര്‍ശത്തിന്‍െറ മുഖ്യസംഘാടകനായി പ്രവര്‍ത്തിച്ച കെ.സി.എ ജനറല്‍ സെക്രട്ടറി സോവിച്ചന്‍ ചെന്നാട്ടുശ്ശേരി പറഞ്ഞു. ഷില്ളോങില്‍ കലാം കുഴഞ്ഞുവീണെന്ന വാര്‍ത്ത അറിഞ്ഞ ഉടന്‍ സെക്രട്ടറിയെ വിളിച്ചിരുന്നെന്നും എന്നാല്‍ മരിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ളെന്നും സോവിച്ചന്‍ പറഞ്ഞു. അദ്ദേഹത്തിന്‍െറ കൂടെ നടന്ന രണ്ടു ദിവസം ഒരിക്കലും മറക്കാന്‍ പറ്റില്ല. പ്രായത്തിന്‍െറ യാതൊരു ക്ഷീണവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. വലിയ ആവേശഭരിതാനായാണ് ഏത് കാര്യത്തെക്കുറിച്ചും സംസാരിക്കുക. സംസാരം മുഴുവന്‍ പുതുതലമുറയെക്കുറിച്ചായിരുന്നു. വ്യക്തിപരമായി വലിയ അടുപ്പമാണ് അദ്ദേഹം കാണിച്ചത്. ഇത് ഇത്രയും ഉയര്‍ന്ന പദവികളില്‍ ഇരുന്ന ഒരാളില്‍ നിന്ന് സങ്കല്‍പ്പിക്കാവുന്ന കാര്യമല്ല.തിരിച്ചുപോകുമ്പോള്‍, പോക്കറ്റില്‍ നിന്ന് സ്നേഹപൂര്‍വം ഒരു ആയിരം രൂപയുടെ നോട്ടും അദ്ദേഹം എനിക്ക് തന്നു. അത് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സമ്മാനമാണെന്ന് സോവിച്ചന്‍ പറഞ്ഞു.സംസ്കാര ചടങ്ങുകളില്‍ സംബന്ധിക്കാനായി ഇന്ത്യയിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
പതിവുപോലെ, പ്രതിജ്ഞയും ജീവിതത്തെക്കുറിച്ച ഉള്‍ക്കാഴ്ച നല്‍കുന്ന പ്രസംഗങ്ങളുമായായിരുന്നു ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്‍െറ ആദ്യദിവസത്തെ ബഹ്റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയായത്. ഇന്ത്യന്‍ സ്കൂളിലും ഡി.ടി.ന്യൂസിന്‍െറ വാര്‍ഷികാഘോഷ ചടങ്ങിലും ഇന്ത്യന്‍ ക്ളബിലും കലാം നടത്തിയ പ്രസംഗങ്ങളില്‍ നിറഞ്ഞത് ജീവിത മൂല്യങ്ങളെയും സ്വപ്നങ്ങളെയും കുറിച്ചുള്ള  ചിന്തകളായിരുന്നു. എല്ലായിടത്തും പ്രസംഗത്തിനുശേഷം പതിവുപോലെ സദസ്സിന് ചോദ്യം ചോദിക്കാനുള്ള അവസരമുണ്ടായി. ചോദ്യവും ഉത്തരവും നിറഞ്ഞ കലാമിന്‍െറ ഇടപെടല്‍ പതിവ് വി.വി.ഐ.പി പ്രസംഗങ്ങള്‍ കേട്ടു തഴമ്പിച്ചവര്‍ക്ക് പുത്തന്‍ അനുഭവമായി മാറുകയായിരുന്നു. ഇന്ത്യന്‍ സ്കൂള്‍ ജഷന്‍മാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ സ്കൂളുകളില്‍ നിന്നുള്ള 1,500 കുട്ടികളാണ് അന്ന്  പ്രസംഗം കേള്‍ക്കാനത്തെിയത്. 
അന്ന് അദ്ദേഹം ചൊല്ലിക്കൊടുത്ത പ്രതിജ്ഞാ വാചകങ്ങള്‍ കുട്ടികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങുകയായിരുന്നു. ‘ഞാന്‍ എന്‍െറ മാതാവിനെ സന്തോഷിപ്പിക്കും. മാതാവ് സന്തോഷവതിയാവുമ്പോള്‍ ഭവനം സന്തോഷത്താല്‍ നിറയുന്നു. എല്ലാ ഭവനങ്ങളും സന്തോഷമുള്ളതാവുമ്പോള്‍ സമൂഹവും സന്തോഷമുള്ളതായിത്തീരുന്നു. സമൂഹത്തില്‍ സന്തോഷമുണ്ടാവുമ്പോള്‍ രാജ്യവും സന്തോഷമുള്ളതായിമാറുന്നു’ - എന്ന പ്രതിജ്ഞയാണ് അദ്ദേഹം ചൊല്ലിക്കൊടുത്തത്. എല്ലാ പ്രതിജ്ഞകളിലും പ്രതിഫലിച്ചത് നാടിനെക്കുറിച്ച സ്വപ്നങ്ങളായിരുന്നു. 
‘എന്‍െറ ഭവനം ശുചിയാക്കുമ്പോള്‍  നാടും രാജ്യവും ഞാന്‍ വസിക്കുന്ന ഗ്രഹവും വൃത്തിയുള്ളതായിത്തീരുമെന്നും’ അദ്ദേഹം കുട്ടികള്‍ക്കു ചൊല്ലിക്കൊടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്‍്റെ സന്ദേശം കൂടി ഉള്‍പ്പെട്ട പ്രതിജ്ഞാവാചകങ്ങള്‍ക്കു ശേഷം കുട്ടികള്‍ കലാമുമായി സംവദിക്കുകയും ചെയ്തു. ഏത് പ്രസംഗത്തിലും തന്‍െറ ഗുരുക്കന്‍മാരെ സ്മരിക്കാന്‍ അദ്ദേഹം ഓര്‍ത്തിരുന്നു. വിജയവും പരാജയവും തമ്മിലുള്ള വ്യത്യാസമെന്താണെന്ന ഒരു വിദ്യാര്‍ഥിനിയുടെ ചോദ്യത്തോട് പ്രതികരിക്കവെ, പരാജയപ്പെടുമ്പോള്‍ അതിന്‍െറ  ഉത്തരവാദിത്തം ഏറ്റെടുക്കുകയും പിന്നീട് വിജയത്തിലേക്ക് മുന്നേറാന്‍ തയ്യാറെടുക്കുകയും ചെയ്യുന്നിടത്താണ് പരാജയവും വിജയവും വേര്‍തിരിയുന്നതെന്ന് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം ആദ്യം പരാജയപ്പെട്ടപ്പോള്‍ ഡോ. സതീഷ് ധവാന്‍ പരാജയത്തിന്‍െറ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു. പിന്നീടത് വിജയിപ്പിക്കാന്‍ അദ്ദേഹത്തിന്‍്റെ ആത്മവിശ്വാസം കരുത്തായി. പരാജയത്തിലും ഉത്തരവാദിത്തം കൈയൊഴിയാതിരിക്കലാണ് നേതൃപാടവമെന്നും അതാണ് വിജയത്തിന്‍െറ വഴിയെന്നും അദ്ദേഹം വിശദീകരിച്ചു.പരീക്ഷണം വിജയിച്ച ഘട്ടത്തില്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ സതീഷ് ധവാന്‍ നേരിട്ടുപോയില്ല. ആ വിജയം സഹപ്രവര്‍ത്തര്‍ക്കിരിക്കട്ടെ എന്ന് അദ്ദേഹം കരുതി. മാധ്യമങ്ങള്‍ക്കു മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ തന്നോടാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും കലാം പറഞ്ഞു. പരാജയത്തിന്‍െറ ഉത്തരവാദിത്തമേല്‍ക്കുന്നവര്‍ വിജയത്തില്‍ അത് സഹപ്രവര്‍ത്തകര്‍ക്ക് പകുത്തു നല്‍കുകയെന്നത് അസാമാന്യമായ നേതൃത്വബോധമാണെന്നാണ് കലാം വ്യക്തമാക്കിയത്. ഇത് വിദ്യാര്‍ഥികള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. 
സംശുദ്ധമായ ജീവിതം കെട്ടിപ്പടുക്കുന്നതിലും  നന്മനിറഞ്ഞ സമൂഹത്തെ  വാര്‍ത്തെടുക്കുന്നതിലും  അധ്യാപകര്‍ക്കുള്ള പങ്കിനെക്കുറിച്ചും അന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ സ്കൂളില്‍ തന്നെ പഠിപ്പിച്ച അയ്യര്‍ എന്ന അധ്യാപകന്‍െറ മികവ് പിന്നീട് ജീവിതകാലം മുഴുവന്‍ ഒരു വലിയ സ്വാധീനമായി എങ്ങനെയാണ് തന്നില്‍ നിറഞ്ഞതെന്ന് പിന്നീടുള്ള പ്രസംഗത്തില്‍ അദ്ദേഹം അയവിറക്കുകയുണ്ടായി. 
യാതൊരു വിധ ആരോപണങ്ങളും നേരിടേണ്ടി വന്നിട്ടില്ലാത്ത വ്യക്തിയായിരുന്നു കലാം. ബഹ്റൈനില്‍ നടന്ന ഒരു ചടങ്ങില്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍, ‘സത്യസന്ധതയുടെയും ധാര്‍മ്മികതയുടെയും ലക്ഷ്മണരേഖ വരച്ച് അതിനുള്ളില്‍ നില്‍ക്കുന്നയാളെ ഒരു ശക്തിക്കും പുറത്തേക്ക് വലിച്ചിടാനാവില്ളെന്നായിരുന്നു’ അദ്ദേഹം പറഞ്ഞത്. 
ഇന്ത്യന്‍ ക്ളബ്ബിന്‍െറ സെന്‍റിനറി ആഘോഷങ്ങളുടെ ഉദ്ഘാടനമുള്‍പ്പെടെ നിരവധി പരിപാടികളിലാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ അദ്ദേഹം പങ്കെടുത്തത്. പെട്ടെന്നുണ്ടായ കലാമിന്‍െറ വിയോഗ വാര്‍ത്ത ബഹ്റൈനില്‍ ആര്‍ക്കും ഉള്‍ക്കൊള്ളാനാകുന്നില്ല. തങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് മുഖാമുഖം കാണുകയും നേര്‍ക്കുനേര്‍ സംസാരിക്കുകയും ചെയ്ത നിതാന്ത പ്രചോദനമായ ഈ മനുഷ്യന്‍ ഇനി ഭൂമുഖത്തില്ല എന്ന യാഥാര്‍ഥ്യം വിഷമത്തോടെയാണ് പലരും അംഗീകരിക്കുന്നത്. 
 

പരിഷ്കരിച്ച തൊഴില്‍ നിയമവും നിതാഖാത്ത് മൂന്നാം ഘട്ടവും പുതുവര്‍ഷത്തില്‍

Posted: 27 Jul 2015 09:07 PM PDT

Image: 
റിയാദ്: സൗദിയില്‍ പരിഷ്കരിച്ച തൊഴില്‍ നിയമവും നിതാഖാത്ത് മൂന്നാം ഘട്ടവും പുതിയ ഹിജ്റ വര്‍ഷത്തില്‍ (ഒക്ടോബര്‍ 14ന്) പ്രാബല്യത്തില്‍ വരും. സ്വദേശി വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതായിരിക്കും പുതിയ തൊഴില്‍ നിയമം. നിതാഖാത്ത് മൂന്നാം ഘട്ടത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണ അനുപാതം വര്‍ധിപ്പിക്കുമെന്നും മന്ത്രാലയം സ്പെഷല്‍ പ്രോഗ്രാം അണ്ടര്‍സെക്രട്ടറി അബ്ദുല്‍മുന്‍ഇം അശ്ശഹ്രി അറിയിച്ചു. വനിതകള്‍ക്ക് കൂടതുല്‍ തൊഴിലവസരം സൃഷ്ടിക്കുന്ന തൊഴില്‍ നിയമത്തിന്‍െറ മുന്നോടിയായി സ്വദേശി വനിതകള്‍ക്ക് പരിശീലനം നല്‍കാനുള്ള സംവിധാനവും മന്ത്രാലയം ഒരുക്കും. മാനവവിഭവശേഷി ഫണ്ടിന്‍െറ കീഴില്‍ പരിശീലനം നേടുന്ന സ്വദേശികളെ നിതാഖാത്ത് മൂന്നാം ഘട്ടത്തില്‍ തൊഴില്‍ മേഖലയില്‍ വിന്യസിക്കും. സൗദി തൊഴില്‍ വിപണി കൂടുതല്‍ വ്യവസ്ഥാപിതവും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരവും സൃഷ്ടിക്കുന്നതായിരിക്കും അടുത്ത ഹിജ്റ വര്‍ഷമെന്ന് അശ്ശഹ്രി കൂട്ടിച്ചേര്‍ത്തു.  തൊഴിലാളി, തൊഴിലുടമ, തൊഴില്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ അവകാശങ്ങള്‍ പൂര്‍ണമായും പാലിക്കപ്പെടുന്നു എന്ന് ഉറപ്പുന്ന തരത്തിലാണ് തൊഴില്‍ നിയമത്തില്‍ പരിഷ്കരണം വരുത്തിയിരിക്കുന്നത്. തൊഴില്‍ വിപണിയിലെ വിദഗ്ധരില്‍ നിന്നും വിവിധ തലങ്ങളില്‍ നിന്നും അഭിപ്രായം ശേഖരിച്ച ശേഷമാണിത്. ഉന്നതാധികാരസമിതിയുടെ കൂടി അംഗീകാരത്തോടെ നടപ്പില്‍ വരുന്ന പുതിയ തൊഴില്‍ നിയമം നിരവധി തൊഴില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവും.വനിതകളുടെ വസ്ത്രങ്ങളും സൗന്ദര്യവര്‍ധകവസ്തുക്കളും വില്‍പന നടത്തുന്ന കടകളിലും രാജ്യത്തെ പൊതുവിപണിയിലും സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന വനിതവത്കരണത്തിന്‍െറ നാലാം ഘട്ടമാണ് പുതുവര്‍ഷത്തില്‍ നടപ്പിലാക്കുന്നത്. വനിതാവത്കരണത്തോടെ 70,000 വനിത ജോലിക്കാരുണ്ടായിരുന്ന രാജ്യത്ത് ഇപ്പോള്‍ അത് 4,28,000 ആയി ഉയര്‍ന്നിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന്‍െറ കണക്ക്. സ്ത്രീതൊഴിലിനായി മാത്രം തൊഴില്‍ മന്ത്രാലയം 15 ഇന പരിപാടി നടപ്പാക്കുമെന്നും അശ്ശഹ്രി പറഞ്ഞു. 

കലാമിന്‍െറ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു

Posted: 27 Jul 2015 08:28 PM PDT

Image: 

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിന്‍െറ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഗുവാഹത്തിയില്‍ നിന്ന് ഭൗതിക ശരീരം ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ചത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ വിമാനത്താവളത്തില്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

മുന്‍സര്‍വ സൈന്യാധിപനായിരുന്ന കലാമിന് സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കര, നാവിക, വ്യോമ സേന മേധാവികള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. മൃതദേഹം ഡല്‍ഹി രാജാജി മാര്‍ഗിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം ജന്മസ്ഥലമായ രാമേശ്വരത്തേക്ക് കൊണ്ടുപോകും. ഖബറടക്കം ബുധനാഴ്ച.

പ്രധാനമന്ത്രി നരേന്ദ്രമോദി കലാമിന്‍െറ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

കലാമിന് സൈനിക മേധാവികള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു

കലാമിന്‍െറ ഭൗതികശരീരം കേരളത്തില്‍ പൊതുദര്‍ശനത്തിന് വെക്കണം: മുഖ്യമന്ത്രി

Posted: 27 Jul 2015 08:27 PM PDT

Image: 

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കേരളത്തിന് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. ആഭ്യന്തരമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്തിന്‍റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. മൃതദേഹം രാമേശ്വരത്തേക്കുള്ള വഴിമധ്യേ തിരുവനന്തപുരത്ത് ഹ്രസ്വനേരത്തേക്ക് വെക്കാന്‍ അവസരം നല്‍കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. തിരുവനന്തപുരവും കേരളവും ഡോ. കലാമിന്‍റെ കര്‍മഭൂമിയായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്‍റെ  ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
രാവിലെ പത്തുമണിക്ക് കേന്ദ്രമന്ത്രിസഭായോഗം ചേരുതിനു മുമ്പ് രാവിലെ ഒന്‍പതു മണിയോടെ ഡല്‍ഹി കേരള ഹൗസില്‍ നിന്ന് നേരിട്ടും ഫാക്സ് വഴിയുമാണ് കത്ത് എത്തിച്ചത്. ഇക്കാര്യത്തില്‍ ബന്ധുക്കളുമായി ആലോചിച്ച ശേഷം മറുപടി പറയാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കേരളാസര്‍ക്കാരിനെ അറിയിച്ചു.

 

കലാമിന്‍െറ മരിക്കാത്ത ഓര്‍മകളില്‍ മസ്കത്ത്

Posted: 27 Jul 2015 08:18 PM PDT

Image: 
മസ്കത്ത്: തിങ്കളാഴ്ച അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്‍െറ മരിക്കാത്ത ഓര്‍മകള്‍ അയവിറക്കുകയാണ് മസ്കത്തിലെ ഇന്ത്യക്കാര്‍. 2009 നവംബര്‍ 19ന് വൈകീട്ട് മസ്കത്തിലത്തെിയ അബ്ദുല്‍ കലാം മസ്കത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും തന്നെ സ്നേഹിക്കുന്നവരെ കാണാന്‍ അവസരം ഒരുക്കുകയും ചെയ്തിരുന്നു. 
 
ഖുറം ആംഫീ തിയറ്ററിലും ഇന്ത്യന്‍ എംബസിയിലും സംഘടിപ്പിച്ച പരിപാടികളില്‍ അദ്ദേഹം ആവേശം വിതറുന്ന പ്രഭാഷണങ്ങളാണ് നടത്തിയത്. തന്നെ കാണാന്‍വരുന്ന ഓരോരുത്തര്‍ക്കും കൈകൊടുക്കുകയും സ്നേഹത്തോടെ ചിരിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്തത് എല്ലാവരുടെയും മനസ്സില്‍ എക്കാലവും തങ്ങിനില്‍ക്കുന്നതാണ്. ചെറുപ്പ വലുപ്പമില്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറാന്‍ കഴിയുന്നത് കലാമിന്‍െറ മാത്രം പ്രത്യേകതയായി വിലയിരുത്തുന്നു. കുട്ടികളോടും വിദ്യാര്‍ഥികളോടും അദ്ദേഹം പ്രത്യേക വാത്സല്യം കാണിച്ചിരുന്നു. മസ്കത്തില്‍ അദ്ദേഹം പങ്കെടുത്ത പരിപാടിയില്‍ 4,000ത്തോളം വിദ്യാര്‍ഥികളും 500ഓളം അധ്യാപകരും പങ്കെടുത്തിരുന്നു. 
 
ഇന്ത്യന്‍ സോഷ്യല്‍ ക്ളബും ഇന്ത്യന്‍ എംബസിയും സംയുക്തമായി എംബസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലൂടെ അബ്ദുല്‍ കലാമിനെ ഏറെ അടുത്തറിയാന്‍ കഴിഞ്ഞതായി ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് സെക്രട്ടറി ബാബു രാജേന്ദ്രന്‍ പറയുന്നു. പരിപാടിയില്‍ നിരവധിപേര്‍ അബ്ദുല്‍ കലാമിനെ സന്ദര്‍ശിക്കാനത്തെിയിരുന്നു. ഇവരെ നിയന്ത്രിക്കാനുള്ള ചുമതലയുണ്ടായിരുന്നതിനാല്‍ മണിക്കൂറുകളോളം ആ അതുല്യപ്രതിഭക്ക് സമീപം നില്‍ക്കേണ്ടിവന്നു. ജീവിതത്തിലെ അമൂല്യ മുഹൂര്‍ത്തങ്ങളായാണത് കണക്കാക്കുന്നതെന്ന് ബാബു രാജേന്ദ്രന്‍ പറയുന്നു. ഓര്‍മച്ചെപ്പില്‍ എക്കാലവും സൂക്ഷിച്ചുവെക്കുന്ന അമൂല്യനിധികളായാണ് ഈ പരിപാടിയെ അദ്ദേഹം കാണുന്നത്. 
 
തന്നെ കാണാന്‍വരുന്ന ഓരോരുത്തരോടും ഒരേപോലെ പെരുമാറുന്ന അദ്ദേഹത്തിന്‍െറരീതി തന്നെ അദ്ഭുതപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ പരിചയപ്പെട്ട ഓരോരുത്തരും എക്കാലവും അദ്ദേഹത്തെ ഓര്‍ക്കുമെന്നും ബാബു പറയുന്നു. അബ്ദുല്‍ കലാമിന്‍െറ മസ്കത്തിലെ പ്രസംഗങ്ങര്‍ തീപ്പൊരികളായിരുന്നു. മനസ്സുകള്‍ക്ക് പ്രത്യേക ഊര്‍ജം പകര്‍ന്നുതരാനുള്ള എന്തോ മാസ്മരികശക്തി അദ്ദേഹത്തിന്‍െറ പ്രസംഗങ്ങള്‍ക്കുണ്ടായിരുന്നു. 
 
അദ്ദേഹത്തിന്‍െറ വാക്കുകളുടെ മാസ്മരികത കാരണം അവ എപ്പോഴും ഓര്‍മയില്‍ സൂക്ഷിക്കാന്‍ കഴിയുന്നതായും അദ്ദേഹം  പറയുന്നു. അദ്ദേഹത്തിന്‍െറ സംസാരങ്ങള്‍ പ്രത്യേക ശക്തി പകരുമായിരുന്നു. അബ്ദുല്‍ കലാമിന്‍െറ മരണം വന്‍ നഷ്ടമായാണ് രാജേന്ദ്രന്‍ അടക്കമുള്ള പലരും കാണുന്നത്. മസ്കത്തിലെ നിരവധി വിദ്യാര്‍ഥികള്‍ക്കും കലാമിനോടൊപ്പമുള്ള കൂടിക്കാഴ്ചയുടെ ഓര്‍മകളുണ്ട്. രണ്ടുദിവസത്തെ സന്ദര്‍ശനത്തില്‍ ഇന്ത്യന്‍ എംബസിയില്‍ പ്രവാസി സമൂഹവുമായും കലാം കൂടിക്കാഴ്ച നടത്തിയിരുന്നു. മസ്കത്തിലെ നിരവധി പേരോടൊപ്പം ഒരു വൈമനസ്യവും കൂടാതെ ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. 
 

പ്രധാനകാരണം എംബസികളുടെ നിസ്സഹകരണമെന്ന് ആഭ്യന്തര മന്ത്രാലയം

Posted: 27 Jul 2015 07:52 PM PDT

Image: 
Subtitle: 
ഇഖാമ നിയമലംഘകരെ നാടുകടത്തുന്നതിലെ താമസം
കുവൈത്ത് സിറ്റി: ഇഖാമ നിയമലംഘനത്തിന്‍െറ പേരില്‍ പിടിയിലായവരെ നാടുകടത്തുന്നത് വൈകുന്നതിനുള്ള പ്രധാനകാരണം എംബസികളുടെ നിസ്സഹകരണമാണെന്ന് ആഭ്യന്തര മന്ത്രാലയം. പാസ്പോര്‍ട്ട് കൈവശമില്ലാത്ത വിദേശികള്‍ക്ക് ആവശ്യമായ താല്‍ക്കാലിക ഒൗട്ട്പാസ് നല്‍കുന്ന കാര്യത്തില്‍ അതത് രാജ്യങ്ങളിലെ എംബസികള്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ളെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. സ്പോണ്‍സര്‍മാര്‍ ടിക്കറ്റ് എടുത്തുനല്‍കാതിരിക്കുന്നത് മറ്റൊരു കാരണമാണ്. പിടികൂടിയവരുടെ പേരില്‍ കേസുകളുണ്ടെങ്കില്‍ അവരെ പെട്ടെന്ന് നാടുകടത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന് കഴിയാത്തതാണ് മറ്റൊരുകാരണം. 
പൊലീസ് കസ്റ്റഡിയിലുള്ള തടവുകാരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റാന്‍ നിരവധി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പൊലീസ് സ്റ്റേഷനിലെ സുരക്ഷാ തലവന്മാര്‍ പിടിയിലായവരുടെ വിശദവിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറിക്ക് അയക്കണം. അണ്ടര്‍ സെക്രട്ടറിയുടെ പരിശോധനക്കുശേഷം  വീണ്ടും പൊലീസ് സ്റ്റേഷനിലെ സുരക്ഷാ തലവന് തിരിച്ചയക്കണം. ഇതോടെ മാത്രമേ പിടിയിലായവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റൂ. ഈ സാങ്കേതിക നടപടികള്‍ക്ക് കാലതാമസമെടുക്കുന്നതിനാല്‍ തടവിലുള്ളവരുടെ നാടുകടത്തലും നീണ്ടുപോകുന്നു. 
നിരന്തരമായുള്ള സുരക്ഷാ പരിശോധനകള്‍മൂലം തടവുകാരുടെ എണ്ണം ദിനേന വര്‍ധിച്ചുവരുകയാണ്. അതുകൊണ്ട് കസ്റ്റഡിയിലുള്ളവരെ വേഗത്തില്‍ നാടുകടത്താന്‍ സുരക്ഷാവിഭാഗം നിര്‍ബന്ധിതരാണ്. സമീപകാലത്ത് ഇഖാമ നിയമലംഘകര്‍ക്കുവേണ്ടി സുരക്ഷാവിഭാഗം നടത്തിയ പരിശോധനയില്‍ 1,314 വിദേശികളെയാണ് പിടികൂടിയത്. 763 പരിശോധനകളിലാണ് ഇവര്‍ പിടിയിലായതെന്നും ഇവരെ ഉടന്‍ നാടുകടത്തുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പിടിയിലായവരില്‍ 704 സ്ത്രീകളും 610 പുരുഷന്മാരുമാണ്. ഇവര്‍ നിലവില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. പിടിയിലായവരില്‍ അധികപേരും ഏഷ്യന്‍, ആഫ്രിക്കന്‍, അറബ് രാഷ്ട്രങ്ങളിലുള്ളവരാണ്. 160 വനിതാ തടവുകാരുള്‍പ്പെടെ 325 പേര്‍ കസ്റ്റഡിയിലുള്ള ഫര്‍വാനിയ ഗവര്‍ണറേറ്റിലെ പൊലീസ് സ്റ്റേഷനുകളിലാണ് കൂടുതല്‍ തടവുകാരുള്ളത്. 276 തടവകാരുള്ള അഹ്മദി ഗവര്‍ണറേറ്റാണ് രണ്ടാം സ്ഥാനത്ത്. ഇവരില്‍ 133 തടവുകാര്‍ സ്ത്രീകളാണ്. ഹവല്ലി ഗവര്‍ണറേറ്റിലെ പൊലീസ് സ്റ്റേഷനുകളിലായി 270 തടവുകാരാണുള്ളത്. ഇവരില്‍ 159 പേര്‍ വനിതകളാണ്. ജഹ്റ ഗവര്‍ണറേറ്റിലെ പൊലീസ് സ്റ്റേഷനുകളിലായി 143 സ്ത്രീകളടക്കം 217 തടവുകാരാണുള്ളത്. കാപിറ്റല്‍ ഗവര്‍ണറേറ്റിലെ പൊലീസ് സ്റ്റേഷനുകളിലായി  116 തടവുകാരുണ്ട്. ഇവരില്‍ 51 പേര്‍ വനിതകളാണ്. മുബാറകുല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ 58 സ്ത്രീകളുള്‍പ്പെടെ 110 തടവുകാരാണുള്ളത്.
 ആഭ്യന്തര മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ബ്രിഗേഡിയര്‍ അബ്ദുല്‍ ഫത്താഹ് അലി എല്ലാ തടവുകാരെയും എത്രയും പെട്ടെന്ന് നാടുകടത്തുന്നതിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ ഗവര്‍ണറേറ്റ് സുരക്ഷാ തലവന്മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് നിയമലംഘകര്‍ക്കുവേണ്ടിയുള്ള പരിശോധന തുടരുന്ന സാഹചര്യത്തില്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളവരെ ഉടന്‍ നാടുകടത്തേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മാധ്യമസുരക്ഷ ശക്തിപ്പെടുത്താന്‍

Posted: 27 Jul 2015 07:20 PM PDT

Image: 

മാധ്യമങ്ങളേയും സമൂഹ മാധ്യമങ്ങളേയും വിവരാവകാശ പ്രവര്‍ത്തകരേയും വിസില്‍ ബ്ളോവേഴ്സിനേയും ഉള്‍ക്കൊള്ളുംവിധം മാധ്യമ സ്വാതന്ത്ര്യത്തിന്‍െറ അതിരുകള്‍ പുനര്‍നിര്‍വചിക്കേണ്ട സമയമായിരിക്കുന്നു. ജനാധിപത്യത്തിന്‍െറ നാലാം തൂണ്‍ എന്ന പദവി മാധ്യമങ്ങള്‍ക്ക് കല്‍പിച്ചതും അവക്ക് നിയമപരമായ പരിരക്ഷക്ക് വ്യവസ്ഥയുണ്ടാക്കിയതും അച്ചടിമാധ്യമങ്ങള്‍ മാത്രം നിലവിലുണ്ടായിരുന്ന കാലത്തായിരുന്നു. അമേരിക്കയിലെ ഒന്നാം ഭരണഘടനാ ഭേദഗതി ഇക്കാര്യത്തില്‍ ജനായത്ത ലോകത്തിന് വഴികാട്ടിതന്നെയായി. ജനാധിപത്യത്തെ ശക്തിപ്പെടുത്തി അതിനെ അപഭ്രംശങ്ങളില്‍നിന്നും ദുര്‍ഭരണത്തില്‍നിന്നും സംരക്ഷിക്കുന്നതിന് ജനാധിപത്യത്തിന്‍െറ മറ്റു തൂണുകളെപ്പോലെ മാധ്യമങ്ങളും അത്യാവശ്യമാണെന്ന തിരിച്ചറിവാണ് പത്രങ്ങളേയും പത്രപ്രവര്‍ത്തകരേയും നിര്‍ഭയം പ്രവര്‍ത്തിക്കാനനുവദിക്കുന്ന നിയമപരിരക്ഷകള്‍ക്ക് നിമിത്തമായത്. അച്ചടിമാധ്യമങ്ങളില്‍നിന്ന് മാധ്യമലോകം പിന്നീട് വളര്‍ന്നു. ഇലക്ട്രോണിക് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും പിന്നീട് നവമാധ്യമങ്ങളും സമൂഹ മാധ്യമങ്ങളുമൊക്കെ വന്നു. പത്രങ്ങളേക്കാള്‍ കൂടുതലാണ് ഇവയുടെ ദുരുപയോഗ സാധ്യത എന്നതുപോലത്തെന്നെ, ജനായത്ത സംരക്ഷണത്തില്‍ പത്രങ്ങളേക്കാള്‍ കരുത്തുള്‍ക്കൊള്ളുന്നവയുമാണ് നവമാധ്യമങ്ങള്‍. ദുരുപയോഗ സാധ്യത നിലനില്‍ക്കത്തെന്നെ അവയും ജനായത്ത സംസ്കൃതിയില്‍ ശക്തമായ താങ്ങായിത്തീര്‍ന്നിട്ടുണ്ട്. പത്രങ്ങളും ചാനലുകളും പല കാരണങ്ങളാല്‍ തൊടാതെ വിടുന്ന ജനവിരുദ്ധ നീക്കങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തുറന്നുകാട്ടിയ സംഭവങ്ങള്‍ ധാരാളമുണ്ട്. തന്നെയുമല്ല ജനാധിപത്യപരമായ സംവാദങ്ങള്‍ക്ക് പാരമ്പര്യ മാധ്യമങ്ങളേക്കാള്‍ ജനകീയ വ്യാപ്തിയും പ്രാതിനിധ്യ സ്വഭാവവും അവക്കുണ്ട്. അവയുടെ ഈ വശം ജനാധിപത്യത്തിന്‍െറ സാര്‍ഥകമായ പുലര്‍ച്ചക്ക് പ്രയോജനപ്പെടുത്തുകയെന്നത് അഭിലഷണീയം മാത്രമല്ല അനിവാര്യവുമാണ്. അവയെപ്പോലെ മാധ്യമങ്ങളെന്ന മുദ്രയില്ളെങ്കിലും വേറെ രണ്ട് പുതുരീതികളും അതേ ജനായത്തധര്‍മം നിര്‍വഹിക്കുന്നുണ്ട് -വിവരാവകാശ പ്രസ്ഥാനങ്ങളും അഴിമതി വിളിച്ചുപറയുന്ന വിസില്‍ ബ്ളോവേഴ്സുമാണ് അവ. ഇവയുടെയെല്ലാം സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന വിധത്തില്‍ വിശാലമായ മാധ്യമാവകാശം സ്ഥാപിക്കേണ്ടത് ആവശ്യമായിരിക്കുന്നു. കാരണം, ജനായത്തത്തിന്‍െറ കാതലാണ് ഭരണസുതാര്യതയും വിവരസ്വാതന്ത്ര്യവും.
നിര്‍ഭാഗ്യവശാല്‍ മാധ്യമാവകാശം വിശാലമാകുന്നതിന് പകരം നിലവിലുള്ള സുരക്ഷപോലും നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. കേരളത്തിലടക്കം ഭരണവീഴ്ചകള്‍ പുറത്തുവിട്ട വിസില്‍ ബ്ളോവേഴ്സിനെ വേട്ടയാടുന്നു; പാരമ്പര്യ-സമൂഹ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ഭീഷണി ഉയരുന്നുണ്ട്. ഉത്തരവാദിത്തത്തിലും നേരിടുന്ന വെല്ലുവിളിയിലും ഇവരെല്ലാം ഒരുപോലെയാണ്. പ്രധാന കക്ഷികളിലെ നേതാക്കളെ വിമര്‍ശിക്കുന്ന സമൂഹ മാധ്യമപ്രവര്‍ത്തകരെ കേസിലകപ്പെടുത്തിയ സന്ദര്‍ഭങ്ങളുണ്ടായി. അതും കഴിഞ്ഞ് സുതാര്യതാ പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നിടത്തേക്ക് ഭീഷണി വ്യാപിച്ചുകഴിഞ്ഞു. അക്ഷയ് സിങ് എന്ന ചാനല്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് മധ്യപ്രദേശിലെ ‘വ്യാപം’ അഴിമതിയെപ്പറ്റി അന്വേഷിക്കുന്നതിനിടക്കായിരുന്നു. മധ്യപ്രദേശിലത്തെന്നെ സന്ദീപ് കോത്താരി എന്ന വിവരാവകാശ പ്രവര്‍ത്തകന്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവ് ശേഖരിക്കുകയും നിയമനടപടി തുടങ്ങിവെക്കുകയും ചെയ്ത ഘട്ടത്തിലാണ് ചുട്ടുകൊല്ലപ്പെട്ടത്. മദ്യശാലകള്‍ക്കെതിരെ നിലകൊണ്ടതിനാലാണ് മുംബൈയിലെ പ്രാദേശിക പത്രപ്രവര്‍ത്തകന്‍ രാഘവേന്ദ്ര ദുബേ കൊലക്കത്തിക്കിരയായത്. യു.പിയിലെ ഷാജഹാന്‍പൂരുകാരന്‍ ജഗേന്ദ്ര സിങ്ങും തീയിട്ടു കൊല്ലപ്പെട്ടു -ഒരു മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു അദ്ദേഹം. അക്രമത്തിനും മര്‍ദനത്തിനും അന്യായ തടങ്കലിനും ഇരയായ സുതാര്യതാ പ്രവര്‍ത്തകര്‍ (മാധ്യമപ്രവര്‍ത്തകര്‍, വിവരാവകാശ പ്രവര്‍ത്തകര്‍, വിസില്‍ ബ്ളോവേഴ്സ്) വേറെയുമുണ്ട്. ഇത്തരം വേട്ടയില്‍നിന്ന് അവരെ സംരക്ഷിക്കേണ്ടത് ജനാധിപത്യത്തിന്‍േറയും അതിന്‍െറ മര്‍മമായ സുതാര്യതയുടേയും താല്‍പര്യമാണ്. അതുകൊണ്ടുതന്നെ, സുതാര്യതാ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളെപ്പറ്റി വിവരങ്ങള്‍ ശേഖരിക്കാന്‍ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ തീരുമാനിച്ചത് ശരിയായ ദിശയിലുള്ള നീക്കമാണ്.
എന്നാല്‍, സുതാര്യതാ പ്രവര്‍ത്തനത്തെ സംരക്ഷിക്കുന്നതിന്, അതുകൂടി ഉള്‍ക്കൊള്ളുന്ന വിധത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന്‍െറ നിര്‍വചനം വിപുലപ്പെടുത്തേണ്ടതുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ എന്ന പേരുതന്നെ, പാരമ്പര്യ മാധ്യമങ്ങള്‍ക്കപ്പുറം സമൂഹമാധ്യമങ്ങളെ ഗൗരവത്തില്‍ ഉപയോഗപ്പെടുത്തുന്നവരെക്കൂടി ഉള്‍ക്കൊള്ളണം. ഇവര്‍ക്കും മറ്റു സുതാര്യതാ പ്രവര്‍ത്തകര്‍ക്കും ജനാധിപത്യപരമായ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പുവരുത്തണം. രജിസ്ട്രേഷന്‍, അക്രഡിറ്റേഷന്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ ആവശ്യമെങ്കില്‍ അത് എത്രയുംവേഗം വിശാലമായ ചര്‍ച്ചകള്‍ക്ക് വിഷയമാക്കണം. ഏതുനിലക്കും സുതാര്യതാ പ്രവര്‍ത്തനവും പ്രവര്‍ത്തകരും നിര്‍ഭയരും സ്വതന്ത്രരുമാകണം.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP