സ്വാഗതം
WELCOME

News Update..

Wednesday, July 1, 2015

പാഠപുസ്തക അച്ചടി വൈകുന്നതില്‍ അതൃപ്തി^ ഹൈകോടതി Madhyamam News Feeds

പാഠപുസ്തക അച്ചടി വൈകുന്നതില്‍ അതൃപ്തി^ ഹൈകോടതി Madhyamam News Feeds

Link to

പാഠപുസ്തക അച്ചടി വൈകുന്നതില്‍ അതൃപ്തി^ ഹൈകോടതി

Posted: 01 Jul 2015 12:06 AM PDT

Image: 

കൊച്ചി: സ്കൂള്‍ തുറന്ന് മാസം കഴിഞ്ഞിട്ടും സംസ്ഥാനത്തെ സ്കൂളുകളില്‍ പാഠപുസ്തകങ്ങള്‍ ലഭിക്കാത്തതില്‍ ഹൈകോടതി അതൃപ്തി പ്രകടിപ്പിച്ചു. പാഠപുസ്തക അച്ചടി വൈകുന്നത് ഗൗരവതരമാണ്. മിക്ക സ്കൂളുകളിലെ കുട്ടികള്‍ക്കും പാഠപുസ്തകങ്ങള്‍ ലഭിച്ചിട്ടില്ല. പാഠപുസ്തകങ്ങള്‍ വൈകുന്നത് ഒരു തരത്തിലും നീതികരിക്കാന്‍ കഴിയില്ളെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
അച്ചടി വൈകുന്നതില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെയെടുത്ത നടപടി ക്രമങ്ങള്‍ വ്യക്തമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രശ്നത്തിന്‍്റെ ഗൗരവം കണക്കിലെടുത്ത് കേസ് ഇന്ന് വീണ്ടും പരിഗണിക്കുമെന്നും കോടതി പഅറിയിച്ചു. പാഠപുസ്തക അച്ചടി വൈകുന്നത് ചൂണ്ടിക്കാട്ടി ചങ്ങനാശേരി സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.

വനിതാ ഡോക്ടറുടെ കോളര്‍ ശരിയാക്കി, മന്ത്രി വിവാദത്തില്‍

Posted: 30 Jun 2015 11:41 PM PDT

Image: 

ശ്രീനഗര്‍: വനിതാഡോക്ടറുടെ കോട്ടിന്‍െറ കോളര്‍ ശരിയാക്കിയാക്കി കൊടുത്ത കശ്മീര്‍ ആരോഗ്യമന്ത്രിയുടെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ആരോഗ്യമന്ത്രി ചൗധരിലാല്‍ സിങ്ങിന്‍െറ നടപടിയാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.
അമര്‍നാഥ് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ച് വിലയിരുത്താനായി സര്‍ക്കാര്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി. ആശുപത്രിയിലെ വനിതാഡോക്ടര്‍മാരുമായി സംസാരിക്കുന്നതിനിടയില്‍ ജൂനിയര്‍ ഡോക്ടറുടെ കോട്ടിന്‍െറ കോളര്‍ ശരിയാക്കി കൊടുക്കുകയായിരുന്നു. ഡോക്ടര്‍ ഇതിനോട് പ്രതികരിക്കുന്നില്ല. എന്നാല്‍ ഇതുകണ്ട് മറ്റൊരു വനിതാഡോക്ടര്‍ തന്‍െറ കോട്ടിന്‍െറ കോളര്‍ ശരിയാക്കിയിടുന്നതും ഫോട്ടോയിലുണ്ട്.

കശ്മീരിലെ പ്രമുഖ ബി.ജെ.പി. നേതാവായ മന്ത്രി ഒരു വനിതയെ അനാവശ്യമായി സ്പര്‍ശിച്ചത് ശരിയായില്ല എന്ന രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്. എന്നാല്‍ നിരവധി ആളുകള്‍ കൂടിനില്‍ക്കുന്ന സ്ഥലത്തുവച്ചുണ്ടായ മന്ത്രിയുടെ നടപടിയെ മോശപ്പെട്ടതായി ചിത്രീകരിക്കേണ്ടതില്ളെന്ന് അവിടെയുണ്ടായിരുന്ന മറ്റൊരു ഓഫീസര്‍ പ്രതികരിച്ചു.
 

വരുണ്‍ ഗാന്ധിക്കെതിരെ വെളിപ്പെടുത്തലുമായി ലളിത് മോദി

Posted: 30 Jun 2015 11:03 PM PDT

Image: 

ന്യൂദല്‍ഹി: ബി.ജെ.പി എം.പി വരുണ്‍ ഗാന്ധിക്കെതിരെ വെളിപ്പെടുത്തലുമായി ഐ.പി.എല്‍ കോഴ കേസ് പ്രതി ലളിത് മോദി രംഗത്ത്. 2014ല്‍ ലണ്ടനില്‍വെച്ച് വരുണ്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതായും ഐ.പി.എല്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സോണിയ ഗാന്ധി തന്നെ സഹായിക്കുമെന്ന് വരുണ്‍ വാഗ്ദാനം ചെയ്തതായും മോദി വെളിപ്പെടുത്തി. വരുണുമായി കൂടിക്കാഴ്ച നടത്തിയതിന് ലോക പ്രശസ്തനായ ജ്യോത്സ്യന്‍ സാക്ഷിയാണെന്നും മോദി ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഇറ്റലിയില്‍ താമസിക്കുന്ന സോണിയയുടെ സഹോദരിയെ കാണണമെന്ന് വരുണ്‍ നിര്‍ദേശിച്ചിരുന്നു. ഒരു സുഹൃത്ത് മുഖേനെ ഇവരെ കണ്ടുവെങ്കിലും നിയമപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 60 മില്യന്‍ ഡോളര്‍ പ്രതിഫലമായി ആവശ്യപ്പെട്ടു. എന്നാല്‍, പ്രതിഫലം നല്‍കാന്‍ താന്‍ തയാറായില്ളെന്നും മോദി വെളിപ്പെടുത്തുന്നു.

അതേസമയം, മൂന്നു വര്‍ഷം മുന്‍പ് ലണ്ടനില്‍വെച്ച് ലളിത് മോദിയുമായി കൂടിക്കാഴ്ച നടത്തിയതായി വരുണ്‍ ഗാന്ധി സ്ഥിരീകരിച്ചു. എന്നാല്‍, ഐ.പി.എല്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ സഹായിക്കാമെന്ന് മോദിക്ക് ഉറപ്പു നല്‍കിയില്ല. ലളിത് മോദിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. എല്ലാവരുടെയും പേരുകള്‍ വലിച്ചിട്ട് സംഭവത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മോദിയുടെ ശ്രമമെന്നും വരുണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണം: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Posted: 30 Jun 2015 10:29 PM PDT

Image: 

തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. അരുവിക്കരയില്‍ വോട്ടെടുപ്പിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയ്യേറ്റമുണ്ടായ വിഷയത്തില്‍ അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളുകയായിരുന്നു. യു.ഡി.എഫിനെതിരെ നിരന്തരം വാര്‍ത്തകൊടുത്തതിന്റെ പ്രതികാരമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അതിക്രമമെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

സംസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് പ്രമേയത്തിന് മറുപടിയായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കും.  തെറ്റായ വാര്‍ത്തകള്‍ വന്നാല്‍ ദൃശ്യ മാധ്യമങ്ങള്‍ പിന്നീടത് തിരുത്തുന്നില്ല. തെറ്റായ വാര്‍ത്തകള്‍  തിരുത്തി നല്‍കാനുള്ള സാമാന്യമര്യാദ മാധ്യമങ്ങള്‍ കാണിക്കണം. വാര്‍ത്ത കൊടുക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും ചെന്നിത്തല പറഞ്ഞു.

അരുവിക്കര വോട്ടെണ്ണലിന് ശേഷം റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം.വി നികേഷ്കുമാറിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നു.  വിഷയത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ളെന്നും നികേഷ് കുമാറിന്‍റെ മൊഴി എടുക്കാന്‍ തമ്പാനൂര്‍ എസ്.ഐ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.  അരുവിക്കരയില്‍ ജയിച്ചതുകൊണ്ട് എല്ലാം ഭദ്രമാണെന്ന് പറയുന്നില്ല. മുന്നണിയില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. വിജയത്തില്‍ അഹങ്കരിച്ച് ആക്രമണം നടത്തിയാല്‍ പ്രത്യാഘാതമുണ്ടാകുമെന്നും വി.എസ് പറഞ്ഞു.

ആഭ്യന്തരമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി.

കടക്കെണിയിലായ വികസിത രാജ്യങ്ങളില്‍ ഗ്രീസ് ഒന്നാംസ്ഥാനത്ത്

Posted: 30 Jun 2015 09:41 PM PDT

Image: 

ആതന്‍സ്: അന്താരാഷ്ര്ട നാണയനിധിയില്‍ (ഐ.എം.എഫ്) പണം തിരിച്ചടക്കാനുള്ള അവസാന കാലാവധിയും അവസാനിച്ചതോടെ ഗ്രീസ് ഐ.എം.എഫിന് പണമടക്കാനുള്ള പുരോഗമന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതത്തെി. 1.6 ബില്യന്‍ യൂറോയാണ് ഗ്രീസ് ഐ.എം.എഫില്‍ അടക്കേണ്ടത്. ഇന്നലെ ഇതിനുള്ള അവസാന ദിവസമായിരുന്നു. പണമടക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന ആവശ്യപ്പെട്ട് ഗ്രീസ് ഐ.എം.എഫിന് കത്തെഴുതിയിരുന്നു. എന്നാല്‍ കത്ത് ഐ.എം.എഫ് തള്ളിയിരിക്കുകയാണ്.

ഗ്രീസിന് കടത്തില്‍ നിന്ന് കരകയറാന്‍ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളാണ് യൂറോസോണ്‍ മുന്നോട്ടു വച്ചത്. എന്നാല്‍ ഇതിനു വഴങ്ങാതെ ജനഹിത പരിശോധനക്ക് വിഷയം വിടുകയായിരുന്നു ഗ്രീസ് പ്രധാനമന്ത്രിയായ അലക്സിസ് സിപ്രാസ്.  

യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവെച്ച കര്‍ശന അച്ചടക്കനടപടികള്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ഹിതപരിശോധനയില്‍ തള്ളിക്കളയണമെന്ന് ഗ്രീക് പ്രധാനമന്ത്രി അലക്സിസ് സിപ്രാസ് ജനതയോട് ആവശ്യപ്പെട്ടു.അച്ചടക്കനടപടികള്‍ അംഗീകരിക്കാത്തപക്ഷം പ്രതിസന്ധി പരിഹരിക്കാന്‍ മെച്ചപ്പെട്ട ഒത്തുതീര്‍പ്പുനടപടികള്‍ക്ക് സാധ്യത തെളിയുമെന്നും ഒൗദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞു. യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവെച്ച പാക്കേജും കൂടുതല്‍ സാമ്പത്തിക അച്ചടക്ക നടപടികളും തള്ളിക്കളയാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയറിയിക്കാന്‍ 20,000ത്തോളം അനുയായികളാണ് തിങ്കളാഴ്ച രാത്രി തലസ്ഥാനത്ത് പാര്‍ലമെന്‍റിന് മുന്നില്‍ തടിച്ചുകൂടിയത്. എതിര്‍പക്ഷം ചൊവ്വാഴ്ച പ്രതിഷേധമാര്‍ച്ച് നടത്തുകയും ചെയ്തു.

അഞ്ചുവര്‍ഷത്തിലേറെ നീണ്ട സാമ്പത്തികമാന്ദ്യത്തിനുശേഷം കൂടുതല്‍ അച്ചടക്കനടപടികള്‍ക്കുള്ള ആവശ്യം അംഗീകരിക്കാനാകില്ളെന്ന് സിപ്രാസ് പറഞ്ഞു. അന്താരാഷ്ര്ട നാണയനിധിക്ക് നല്‍കാനുള്ള 160 കോടി യൂറോ സമയപരിധി തീരുന്ന ജൂണ്‍ 30നകം തിരിച്ചുനല്‍കാനാകില്ളെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സമയപരിധി നീട്ടണമെന്ന ഗ്രീസിന്‍െറ അഭ്യര്‍ഥന യൂറോപ്യന്‍ യൂനിയനും ഐ.എം.എഫും തള്ളിയിരുന്നു. യൂറോപ്യന്‍ യൂനിയന്‍െറ അച്ചടക്ക നിര്‍ദേശം തള്ളുന്നുവെന്നത് ഗ്രീസിന് യൂറോസോണിന് പുറത്തേക്ക് വഴിതെളിയുന്നെന്ന സൂചനയാണ് നല്‍കുന്നത്;  ഗ്രീസ് യൂറോസോണില്‍ തുടരുമോ എന്നത് തീരുമാനിക്കുക ജൂലൈ അഞ്ചിന് നടക്കുന്ന ഹിതപരിശോധനയായിരിക്കും.
 

കെ.എസ്. ശബരീനാഥന്‍ സത്യപ്രതിജ്ഞ ചെയ്തു

Posted: 30 Jun 2015 09:25 PM PDT

Image: 

തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തില്‍ വിജയിച്ച കെ.എസ്. ശബരീനാഥന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30ന് നിയമസഭയുടെ നടുത്തളത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ശബരീനാഥന്‍ ദൈവനാമത്തില്‍ സത്യവാചകം ചൊല്ലി.

സത്യപ്രതിജ്ഞക്ക് മുന്‍പ് നടുത്തളത്തിന് വലംവെച്ച ശബരീനാഥന്‍ ഭരണ^പ്രതിപക്ഷ നേതാക്കളെ വണങ്ങി. സത്യപ്രതിജ്ഞ ചെയ്ത ശേഷം ഡയസിലെത്തിയ ശബരീനാഥനെ സ്പീക്കര്‍ എന്‍. ശക്തന്‍ അഭിനന്ദിച്ചു. തുടര്‍ന്ന് ശബരിയെ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. ഭരണപക്ഷ ബെഞ്ചില്‍ കൊടുവള്ളി എം.എല്‍.എ വി.എം ഉമ്മര്‍ മാസ്റ്ററുടെ സമീപത്താണ് ശബരീനാഥന്‍െറ ഇരിപ്പിടം.

മാതാവ് എം.ടി. സുലേഖക്കും സഹോദരന്‍ അനന്തപത്മനാഭനും ഒപ്പമാണ് ശബരി നിയമസഭയിലെത്തിയത്. മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍െറ ഇളയ മകനായ ശബരീനാഥന്‍ 10,128 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് അരുവിക്കരയില്‍ വിജയിച്ചത്.

തെരഞ്ഞെടുപ്പ് ഫലം വന്നത് നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് ശബരീനാഥന്‍െറ സത്യപ്രതിജ്ഞ ബുധനാഴ്ച നടത്തിയത്. ഇന്നു മുതല്‍ ശബരീനാഥന് സമ്മേളനത്തില്‍ പങ്കെടുക്കാനാകും. പതിനാലാം നിയമസഭയിലെ ബേബിയാകും 31കാരനായ ശബരീനാഥ്.

വേനലിലെ തൊഴില്‍ നിയന്ത്രണം ഇന്നു മുതല്‍

Posted: 30 Jun 2015 09:22 PM PDT

Image: 
മനാമ: ജൂലൈ, ആഗസ്റ്റ് മാസങ്ങളിലുള്ള ഉച്ച വിശ്രമ നിയമം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. നിയം കര്‍ശനമായി പാലിക്കുന്നതിന് സ്വകാര്യമേഖലയിലെ മുഴുവന്‍ കമ്പനികളും സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്ന് തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ നേരത്തെ അറിയിച്ചിരുന്നു.   സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ഉച്ചക്ക് 12 മുതല്‍ വൈകിട്ട് നാല് വരെ ഉച്ച വിശ്രമം അനുവദിക്കണമെന്നാണ് 2013ലെ മൂന്നാമത് മന്ത്രാലയ ഉത്തരവില്‍ പറയുന്നത്. സൂര്യതാപം, ഉഷ്ണ രോഗങ്ങള്‍, നിര്‍ജലീകരണം എന്നിവ തൊഴിലാളികളെ ബാധിക്കാതിരിക്കുന്നതിനാണ് ഈ നിയമം കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. തൊഴിലിടങ്ങളിലെ അപകടങ്ങള്‍ കുറക്കുന്നതിനും ഉല്‍പാദന ശേഷി വര്‍ധിപ്പിക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ഇത് സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൂര്യതാപമേറ്റുകഴിഞ്ഞാല്‍ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകളെക്കുറിച്ചും അത് തടയുന്നതിനുള്ള മാര്‍ഗങ്ങളെ സംബന്ധിച്ചും തൊഴിലാളികളെ ബോധവല്‍ക്കരിക്കണമെന്ന് കമ്പനികളോടും സ്ഥാപനങ്ങളോടും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജോലി നിയന്ത്രണം നിലവിലുള്ള രണ്ട് മാസങ്ങളില്‍ തൊഴിലിടങ്ങളില്‍ തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സംഘം പരിശോധന നടത്തുകയും നിയമ ലംഘനം നടക്കുന്നില്ളെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. 
ഉച്ച വിശ്രമം ജി.സി.സി-അറബ് രാജ്യങ്ങളില്‍ ആദ്യം ഏര്‍പ്പെടുത്തിയത് ബഹ്റൈനാണ്. പിന്നീടാണ് പല രാജ്യങ്ങളും ഇത് നടപ്പാക്കാന്‍ മുന്നോട്ട് വന്നത്. കഴിഞ്ഞ വര്‍ഷം 98ശതമാനം കമ്പനികളും നിയമം പാലിച്ചതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിയമം ലംഘിക്കുന്ന കമ്പനികളില്‍ നിന്ന് 500 ദിനാറില്‍ കുറയാത്ത പിഴ ഈടാക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
പല നിര്‍മാണക്കമ്പനികളും ഈ കാലയളവില്‍ രാവിലെ 4 മുതല്‍ ഉച്ചക്ക് 12 മണി വരെയോ അല്ളെങ്കില്‍ വൈകിട്ട് 4 മുതല്‍ രാത്രി 12 വരെയോ തൊഴില്‍സമയം ക്രമീകരിക്കുകയാണ് പതിവ്. ഏതെങ്കിലും കമ്പനികള്‍ തൊഴിലാളികളെക്കൊണ്ട് ഈ സമയം നിര്‍ബന്ധിച്ചു ജോലി ചെയ്യിക്കുന്നുണ്ടെങ്കില്‍ അക്കാര്യം അധികൃതരെ അറിയിക്കാനായി 17870176 എന്ന ഹോട്ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണം ജൂണിലേക്ക് കൂടി നീട്ടുന്നത് നന്നാകുമെന്ന് തൊഴിലാളികള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും അഭിപ്രായമുണ്ട്.
 

ബിഹാറില്‍ പ്രധാനാധ്യാപകനെ തല്ലിക്കൊന്ന സംഭവം: ആറു പേര്‍ അറസ്റ്റില്‍

Posted: 30 Jun 2015 09:00 PM PDT

Image: 

നളന്ദ: ബിഹാറിലെ നളന്ദയില്‍ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടത്തെിയതിനെ തുടര്‍ന്ന് പ്രധാനാധ്യാപകനെ തല്ലിക്കൊന്ന കേസില്‍ പ്രധാന പ്രതി ഉള്‍പ്പെടെ  മൂന്നു പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ സംഭവത്തില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം ആറായി. ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അറസ്റ്റ്.

 ഡല്‍ഹി പബ്ളിക് സ്കൂള്‍ പ്രധാനാധ്യാപകന്‍ ദേവേന്ദ്ര പ്രസാദിനെയാണ് ഞായറാഴ്ച ജനക്കൂട്ടം കൊല്ലപ്പെടുത്തിയത്. നിര്‍പൂര്‍ ഗ്രാമത്തിലെ സ്കൂളിന് സമീപമുള്ള അഴുക്കുചാലില്‍ ഏഴും എട്ടും വയസ്സുള്ള രവികുമാര്‍, സാഗര്‍കുമാര്‍ എന്നീ കുട്ടികളുടെ മൃതദേഹം കണ്ടത്തെുകയായിരുന്നു. മരണത്തിന് കാരണക്കാരന്‍ അധ്യാപകനാണെന്ന് ആരോപിച്ച് ക്ഷുഭിതരായ ജനക്കൂട്ടം മര്‍ദിക്കുകയായിരുന്നു. അവശനായ അദ്ദേഹത്തെ പാട്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ആതുരര്‍ക്ക് തണലൊരുക്കി ഒരു ഡോക്ടര്‍

Posted: 30 Jun 2015 08:25 PM PDT

Image: 
Subtitle: 
ഇന്ന് ഡോക്ടേഴ്സ് ദിനം

വടകര: ഇദ്രീസ് ഒരു ഡോക്ടര്‍ മാത്രമല്ല, ഒരുനാടിന്‍െറ കാരുണ്യമാണ്. നിത്യരോഗിയായി ദുരിതക്കയത്തില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനമാണ് ഈ മുപ്പത്തിയേഴുകാരന്‍. വീണ്ടുമൊരു ഡോക്ടേഴ്സ് ദിനം കടന്നുപോകുമ്പോള്‍ ഡോക്ടറുടെ സ്നേഹവും സാന്ത്വനവും ഓര്‍ക്കുന്ന നിരവധി പേരുണ്ടിവിടെ. വടകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തണല്‍ അഗതിമന്ദിരത്തിന്‍െറ ചെയര്‍മാനാണ് ഡോ. ഇദ്രീസ്. 2002ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയാണ് വടകരയിലെ ദയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്‍ററിലത്തെുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴുണ്ടായ ചില അനുഭവങ്ങളാണ് തണലിന് കാരണമായതെന്ന് ഡോക്ടര്‍ പറയുന്നു.

അന്ന് മെഡിക്കല്‍ കോളജില്‍ പാലക്കാടുനിന്ന് അജിത എന്ന പൂര്‍ണ ഗര്‍ഭിണിയത്തെി. ഇതെന്തിനാണ് കോഴിക്കോട്ടത്തെിയതെന്ന് ചോദിച്ചപ്പോഴാണ് അവരുടെ കാര്‍ഡ് കാണിക്കുന്നത്. അവര്‍ എയ്ഡ്സ് ബാധിതയാണ്. എനിക്കാകെ പരിഭ്രമമായി.  സീനിയേഴ്സിനെയും മറ്റും കണ്ട് ഇവരുടെ കാര്യങ്ങള്‍ ഏറ്റെടുക്കുമോ എന്നുതിരക്കി. ആരും തയാറായില്ല. പിന്നെ, മനസ്സില്ലാ മനസ്സോടെ ചികിത്സ തുടങ്ങി. കുത്തിവെപ്പിന് നടത്തിയ മുന്നൊരുക്കങ്ങള്‍ ഇന്ന് ആലോചിക്കുമ്പോള്‍ പ്രയാസംതോന്നും. എയ്ഡ്സ് പകരില്ളെന്നറിയാമെങ്കിലും ഭയം. കുത്തിവെച്ചപ്പോള്‍ അവരില്‍ ഒരു മാറ്റവും കണ്ടില്ല. വേദനയില്ളേയെന്ന് ചോദിച്ചപ്പോള്‍ ഇതിനേക്കാള്‍ വലുത് എന്തൊക്കെ സഹിച്ചെന്നായിരുന്നു മറുപടി. അജിത പ്രസവിച്ചു. കുട്ടി ഏഴാംനാള്‍ മരിച്ചവിവരം അവര്‍ അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍െറ മകളായിരുന്നു. മുംബൈയില്‍ ജോലി ചെയ്തിരുന്ന യുവാവിനെ കല്ല്യാണം കഴിച്ചതുവഴിയാണ് രോഗം പിടിപെട്ടത്. ഈ സംഭവം തന്‍െറ മനസ്സിനെ വല്ലാതെ ഉലച്ചതായി ഡോക്ടര്‍ പറയുന്നു.  

ദയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവില്‍ നിന്നാണ് ഭൂമിവാതുക്കലിലെ ചിരുതാമ്മയുടെ ദുരിതം അറിയുന്നത്. 75 വയസ്സുണ്ടായിരുന്ന അവര്‍ക്ക് കാന്‍സറായിരുന്നു. ചേച്ചി തളര്‍ന്നുകിടക്കുന്നു. ഒരുദിവസം വീട്ടില്‍ ചെന്നുകാണാന്‍ തീരുമാനിച്ചു. തീര്‍ത്തും ദുരിതപൂര്‍ണം. അടുപ്പ് പുകഞ്ഞിട്ട് ദിവസങ്ങളായിരുന്നു. അവിടേക്കാണ് ഭക്ഷണശേഷം കഴിക്കണമെന്ന കുറിപ്പോടെ മരുന്നുകൊടുത്തുവിടുന്നതെന്ന് നമ്മള്‍ അറിയുന്നില്ല. രോഗവും ശരീരവും മാത്രമല്ല, നമുക്ക് മുന്നിലിരിക്കുന്നത് ദു$ഖങ്ങളും ദുരിതങ്ങളുമുള്ള മനുഷ്യരാണ്. അവരെക്കുറിച്ച് അറിഞ്ഞാലേ ചികിത്സ പൂര്‍ണമാകൂ. അങ്ങനെയൊരാലോചനയുടെ പിറവിയാണ് തണല്‍. അതിന് നിമിത്തമായതും ഒരുരോഗി തന്നെ. കൊയിലാണ്ടിയിലെ മനോരോഗിയായ ഫാത്തിമ. ആരും ഏറ്റെടുക്കുന്നില്ല. ഇവര്‍ക്കൊരിടം ഒരുക്കണമെന്നുതോന്നി. അപ്പോഴാണ് സമാനചിന്താഗതിയുള്ള നിരവധിപേരുണ്ടെന്നറിയുന്നത്.

കൂട്ടായ്മയുടെ വിജയമാണിപ്പോള്‍ അനുഭവിക്കുന്നതെന്ന് ഡോക്ടര്‍ ഇദ്രിസ് പറയുന്നു. തണലില്‍ ജൂണ്‍ മുതല്‍ ഡയാലിസിസ് പൂര്‍ണ സൗജന്യമാക്കിയതാണ് കൂട്ടായ്മയുടെ ഏറ്റവും പുതിയ പ്രവര്‍ത്തനനേട്ടം. പെയിന്‍ ആന്‍ഡ് പാലിയേറ്റീവില്‍ 150 രോഗികളെയാണ് പരിചരിക്കുന്നത്. താലോലം എന്ന പേരില്‍ നടത്തുന്ന സ്പെഷല്‍ സ്കൂളില്‍ 50 കുട്ടികള്‍ സൗജന്യമായി പഠിക്കുന്നു. പുറമെ ഭിന്നശേഷിക്കാരായ  120 കുട്ടികള്‍ക്കുവേണ്ട പരിചരണവും ഒരുക്കുന്നു. മനോരോഗികള്‍ക്ക് സാന്ത്വനവും ചികിത്സയും ഇവിടെ നല്‍കുന്നുണ്ട്. ജീവിതത്തില്‍ പലകാരണങ്ങളാല്‍ ഒറ്റപ്പെട്ടുപോയ 175 പേര്‍ തണലിലെ സ്ഥിരം അന്തേവാസികളാണ്. വടകരയില്‍ സ്ത്രീകള്‍, കൊയിലാണ്ടിയില്‍ പുരുഷന്മാര്‍, കോഴിക്കോട്ട് എയ്ഡ്സ് രോഗികള്‍ എന്നിങ്ങനെയാണ് അധിവസിപ്പിച്ചിട്ടുള്ളത്.

വിശ്വാസ്യതയുടെ കര കടക്കാനാവാതെ ഇടതുപക്ഷം

Posted: 30 Jun 2015 08:04 PM PDT

Image: 

തിരുവനന്തപുരം: അരുവിക്കരയില്‍ രാഷ്ട്രീയ വിശ്വാസ്യതയുടെ പരീക്ഷയില്‍കൂടിയാണ് ഇടതുപക്ഷം പരാജയപ്പെട്ടത്. ഈ സര്‍ക്കാറിന്‍െറ കാലത്ത് നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലെയും ലോക്സഭാ തെരഞ്ഞെടുപ്പിലെയും പരാജയത്തിന് പിന്നാലെയാണ് വീണ്ടും എല്‍.ഡി.എഫിന് കാലിടറുന്നത്. എതിരാളികളുടെ വോട്ട് ബാങ്കില്‍ കടന്നുകയറാനാകാത്തതും കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോയതും തിരിച്ചറിഞ്ഞ് പകച്ചുനില്‍ക്കുകയാണ് അവര്‍. മുന്നണിക്ക് നേതൃത്വം നല്‍കുന്ന കക്ഷിയെന്ന നിലയില്‍ സി.പി.എമ്മിനെയാണ് ഇത് ഏറെ അലട്ടുക. തദ്ദേശ സ്ഥാപനങ്ങളിലേക്കും തുടര്‍ന്ന് നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വരുംനാളുകള്‍ മുന്നണിക്കും സി.പി.എമ്മിനും അഗ്നിപരീക്ഷയുടേതാവും.

പ്രധാന പ്രതിപക്ഷം എന്ന മേല്‍വിലാസംകൂടി ചോദ്യംചെയ്യപ്പെടുന്ന ഫലമാണ് എല്‍.ഡി.എഫിന് അരുവിക്കരയില്‍ ലഭിച്ചത്. ഭരണവിരുദ്ധ വികാരം പ്രകടിപ്പിക്കാന്‍ ജനം ബി.ജെ.പിയെകൂടി പരിഗണിക്കുന്നുവെന്നത് മുന്നണി സംവിധാനത്തിന്‍െറ അസ്തിത്വംതന്നെ ചോദ്യംചെയ്യുന്നതാണ്. കേരളത്തിന്‍േറത് ഇടതുപക്ഷ മനസ്സാണെന്ന വാദം പഴയതുപോലെ സി.പി.എമ്മിന് ആവര്‍ത്തിക്കാനാവില്ല. ന്യൂനപക്ഷങ്ങളും ഭൂരിപക്ഷ സമുദായവും ഒപ്പത്തിനൊപ്പമുള്ള മണ്ഡലത്തിലാണ് തിരിച്ചടിയേറ്റത്. മദ്യത്തിന്‍െറയും പണത്തിന്‍െറയും ഒഴുക്കാണ് കാരണമെന്ന ഭംഗിവാക്കിനപ്പുറമുള്ള ആത്മപരിശോധന വേണമെന്ന അഭിപ്രായം  നേതൃത്വത്തില്‍തന്നെ ഉയര്‍ന്നു.

മണ്ഡലത്തിലെ എട്ടില്‍ ഏഴ് പഞ്ചായത്തിലും എല്‍.ഡി.എഫ് പിന്നിലാണ്. 2011ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ എല്‍.ഡി.എഫിന് 197 വോട്ട് അധികം ലഭിച്ചെങ്കിലും മൊത്തം ശരാശരിയില്‍ ഏഴ് ശതമാനത്തിന്‍െറ കുറവാണുണ്ടായത്. അതേസമയം, ബി.ജെ.പിക്ക് 26451 വോട്ട് കൂടിയതിനൊപ്പം 18 ശതമാനം വര്‍ധനയുമുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ സി.പി.എം സ്ഥാനാര്‍ഥിക്ക് ലഭിച്ചതിനെക്കാള്‍ 5680 വോട്ടിന്‍െറ കുറവാണ് ഇപ്പോള്‍. സോളാര്‍ മുതല്‍ ബാര്‍കോഴവരെ ആയുധമാക്കിയിട്ടും പുതിയ വോട്ടര്‍മാരില്‍ വലിയൊരു പങ്ക് ഇടത് പാളയത്തിലേക്ക് വരാതെ ബി.ജെ.പിയിലേക്ക് പോയി.

ദേശീയതലത്തില്‍ സംഘ്പരിവാറിന്‍െറ വളര്‍ച്ചയും ആക്രമണോത്സുകതയും പ്രചാരണമാക്കിയിട്ടും ന്യൂനപക്ഷം എല്‍.ഡി.എഫില്‍ വിശ്വാസം അര്‍പ്പിക്കാന്‍ കൂട്ടാക്കിയില്ല. ബാര്‍ പൂട്ടലോടെ സ്ത്രീ വോട്ടര്‍മാരും വലത്തോട്ട് തിരിഞ്ഞു. ഇതിനൊപ്പമാണ് സി.പി.എമ്മിനൊപ്പം എന്നും നിലകൊണ്ട ഭൂരിപക്ഷ സമുദായത്തില്‍നിന്ന് ബി.ജെ.പി പാളയത്തിലേക്ക് കുത്തൊഴുക്കുണ്ടായത്. അതിനാല്‍ വര്‍ഷങ്ങളായി യു.ഡി.എഫ് ജയിക്കുന്ന മണ്ഡലമാണിതെന്ന വിശദീകരണവും ഉയര്‍ത്താനാവില്ല.

കേരളത്തിലെ ഏറ്റവും വലിയ ജനകീയ നേതാവും സംഘാടകനും നയിച്ച പോരാട്ടത്തിനേറ്റ തിരിച്ചടി വരും തെരഞ്ഞെടുപ്പുകളിലും സി.പി.എമ്മിനെ പിന്തുടരും. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം ഉണ്ടാകുന്ന വി.എസ്-പിണറായി ഐക്യമെന്ന ചെപ്പടിവിദ്യയെ കൂടിയാണ് സ്വന്തം അനുഭാവികള്‍ ഉള്‍പ്പെടെ തള്ളിയത്. ജനങ്ങളോട് നേരിട്ടിടപെടേണ്ട കീഴ്ഘടകത്തിലെ നേതാക്കള്‍ക്ക് ജനബന്ധം നഷ്ടപ്പെട്ടെന്നും തെളിഞ്ഞു. ജില്ലാ കമ്മിറ്റി അംഗം കൂറുമാറിയതിനെതുടര്‍ന്നുണ്ടായ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പോടെ ശക്തിപ്രാപിച്ച ചോര്‍ച്ചയാണ് മറച്ചുവെക്കാനാവാത്ത വിധം വെളിവായിരിക്കുന്നത്.

ഭൂസമരത്തിന്‍െറ പരാജയവും സെക്രട്ടേറിയറ്റ് ഉപരോധം ഉള്‍പ്പെടെ സമരങ്ങളില്‍ ഉയര്‍ന്ന ഒത്തുതീര്‍പ്പ് ആക്ഷേപവും തിരിച്ചടിക്ക് ആക്കംകൂട്ടി. അണികളോടും ജനങ്ങളോടും മുന്നണിയിലെ ഘടകകക്ഷികളോടും സി.പി.എം നേതൃത്വത്തില്‍നിന്നുണ്ടായ ധാര്‍ഷ്ട്യം, പാര്‍ട്ടിക്കുള്ളിലെ ഭിന്നാഭിപ്രായം അടിച്ചമര്‍ത്തിയത് തുടങ്ങിയവ ചര്‍ച്ചയായെങ്കിലും വലതുപക്ഷ മാധ്യമ സൃഷ്ടിയായി തള്ളുകയായിരുന്നു. തെറ്റുതിരുത്തല്‍ നടപടികളും പാലക്കാട് സംഘടനാ പ്ളീനവും വേണ്ടത്ര ഗുണംചെയ്തില്ളെന്ന നിരീക്ഷണത്തിനും അടിവരയിടുന്നതാണ് ഈ പരാജയം.

ഓര്‍മകള്‍ക്ക് കേരളത്തില്‍ എന്നും ഒരു വോട്ട്

Posted: 30 Jun 2015 08:01 PM PDT

Image: 
Subtitle: 
സിറ്റിങ് എം.എല്‍.എമാരുടെ മരണത്തെതുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ അടുത്ത ബന്ധുക്കളെ നിര്‍ത്തിയുള്ള പരീക്ഷണം എന്നും വിജയമായിരുന്നു

തിരുവനന്തപുരം: രാഷ്ട്രീയബോധത്തെക്കുറിച്ച് ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴും ഓര്‍മകള്‍ക്ക് കേരളത്തില്‍ എന്നും ഒരു വോട്ടുണ്ട്. സിറ്റിങ് എം.എല്‍.എമാരുടെ മരണത്തെതുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ അടുത്ത ബന്ധുക്കളെ നിര്‍ത്തിയുള്ള പരീക്ഷണം എന്നും വിജയമായിരുന്നു. ഒരു രാഷ്ട്രീയബന്ധവുമില്ലാത്ത ബന്ധുക്കളായിരുന്നു മത്സരിച്ചവരില്‍ ഏറെയും. യു.ഡി.എഫും എല്‍.ഡി.എഫും ഈ പരീക്ഷണം നടത്തിയിട്ടുണ്ട്. അരുവിക്കരയിലെ പരീക്ഷണത്തിലും യു.ഡി.എഫ് വിജയംകണ്ടു. ജി. കാര്‍ത്തികേയന്‍െറ ഭാര്യ ഡോ.എം.ടി. സുലേഖ വിസമ്മതിച്ചതിനത്തെുടര്‍ന്ന് സ്ഥാനാര്‍ഥിത്വം മകന്‍ ശബരീനാഥനിലത്തെുകയായിരുന്നു. ഒരുപക്ഷേ, ഭാര്യയെക്കാള്‍ സ്വീകാര്യത മകന്‍ നേടിയെന്നാണ് തെരഞ്ഞെടുപ്പുഫലം നല്‍കുന്ന സൂചനയും.

സമീപകാലചരിത്രത്തില്‍,1986ല്‍ റാന്നി മണ്ഡലത്തില്‍ കോണ്‍ഗ്രസ്-എസിലെ സണ്ണി പനവേലി മരിച്ച ഒഴിവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയത് ഭാര്യ റേച്ചല്‍ സണ്ണി പനവേലിയെയായിരുന്നു. മുന്‍ എം.എല്‍.എ കൂടിയായ കോണ്‍ഗ്രസിലെ എം.സി.ചെറിയാനെ 623 വോട്ടുകള്‍ക്കാണ് അവര്‍ പരാജയപ്പെടുത്തിയത്.1991ല്‍ എറ്റുമാനൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ബാബു ചാഴിക്കാടന്‍ പ്രചാരണത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചതിനത്തെുടര്‍ന്ന് സഹോദരന്‍ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കി. അദ്ദേഹം 886വോട്ടുകള്‍ക്ക് സി.പി.എമ്മിലെ വൈക്കം വിശ്വനെ തോല്‍പിച്ചു.

1996ല്‍ പുനലൂരില്‍ സി.പി.ഐയിലെ പി.കെ. ശ്രീനിവാസന്‍ വോട്ടെണ്ണുന്നതിനുമുമ്പ് മരിച്ചതിനത്തെുടര്‍ന്ന് മകന്‍ പി.എസ്. സുപാലിനെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ 21,333 വോട്ടിനാണ് വിജയിച്ചത്.ശ്രീനിവാസന് ഏഴായിരത്തോളം  വോട്ടുകളുടെ ഭൂരിപക്ഷമേ ഉണ്ടായിരുന്നുള്ളൂ.1995ല്‍ നോര്‍ത് വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ കെ.രാഘവന്‍ മാസ്റ്ററുടെ മരണത്തത്തെുടര്‍ന്ന് ഭാര്യ രാധാരാഘവനാണ് പതിനായിരത്തോളം വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.സി.പി.എമ്മിലെ കെ.സി.കുഞ്ഞുരാമനായിരുന്നു എതിരാളി.

2003ല്‍ തിരുവല്ലയില്‍ കേരള കോണ്‍ഗ്രസ്-എമ്മിലെ മാമ്മന്‍ മത്തായിയുടെ മരണത്തത്തെുടര്‍ന്ന് ഭാര്യ എലിസബത്ത് മാമ്മന്‍ മത്തായി വിജയിച്ചു. ഏറ്റവുമൊടുവില്‍, പിറവത്ത് മന്ത്രിയായിരുന്ന യു.ഡി.എഫിലെ ടി.എം. ജേക്കബിന്‍െറ നിര്യാണത്തത്തെുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മകന്‍ അനൂപ് ജേക്കബ് 12,070വോട്ടിനാണ് ജയിച്ചത്.ജേക്കബ് 157വോട്ടിന് ജയിച്ച സ്ഥാനത്തായിരുന്നു ഇത്.
 

തിരിച്ചടിയായത് പി.സി. ജോര്‍ജിനും ബാലകൃഷ്ണപിള്ളക്കും

Posted: 30 Jun 2015 08:00 PM PDT

Image: 

കോട്ടയം: അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പും പൂഞ്ഞാര്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജിനും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളക്കും മകന്‍ ഗണേഷ്കുമാറിനും കനത്ത തിരിച്ചടിയായി. യു.ഡി.എഫ് വോട്ടില്‍ വിള്ളല്‍ വീഴ്ത്തി മുന്നണി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ രംഗത്തിറക്കിയ അഴിമതിവിരുദ്ധ മുന്നണി സ്ഥാനാര്‍ഥിക്കുണ്ടായ ദയനീയ പരാജയമാണ് ജോര്‍ജിനെ വെട്ടിലാക്കിയത്. ജോര്‍ജിന്‍െറ സ്ഥാനാര്‍ഥി അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടുവെന്ന് മാത്രമല്ല കെട്ടിവെച്ച കാശും നഷ്ടപ്പെട്ടു. വോട്ടില്‍ നോട്ടയേക്കാള്‍ പിന്നിലുമായി.

എങ്ങനെയും യു.ഡി.എഫ് വോട്ട് ഭിന്നിപ്പിച്ച് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി ഇടതുമുന്നണിയില്‍ ചേക്കേറുകയായിരുന്നു ജോര്‍ജിന്‍െറയും പിള്ളയുടെയും മകന്‍െറയും ലക്ഷ്യം. എന്നാല്‍, ശബരീനാഥിന്‍െറ ഉജ്ജ്വല വിജയം മൂവരുടെയും രാഷ്ട്രീയ നിലനില്‍പ് പോലും ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തിച്ചു. അഴിമതിവിരുദ്ധ മുന്നണി സ്ഥാനാര്‍ഥിയുടെ ആദ്യ തെരഞ്ഞെടുപ്പ് പരാജയം സംഘടനയുടെ പ്രസക്തി തന്നെ ഇല്ലാതാക്കിയെന്ന ആക്ഷേപവും ജോര്‍ജിനെതിരെ ഉയര്‍ന്നു. യു.ഡി.എഫില്‍നിന്ന് പുറത്താക്കിയ ശേഷം നിലനില്‍പിനായി വീണുകിട്ടിയ അവസരമായി പിള്ളയും മകനും അരുവിക്കരയെ ഉപയോഗിച്ചെങ്കിലും ഇടതുമുന്നണിക്കുണ്ടായ പരാജയം ഇരുവര്‍ക്കും കനത്ത ആഘാതമാകും സൃഷ്ടിക്കുക. ഇനി ഇടതുമുന്നണിയുടെ നിലപാടാണ് മൂവര്‍ക്കും അറിയേണ്ടത്.

ഇരുപക്ഷത്തും ഇല്ലാത്ത അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ പോലും പിള്ളക്ക് കഴിയില്ല. ഇടതുമുന്നണി പ്രവേശം ഉറപ്പാക്കിയായിരുന്നു അച്ഛന്‍െയും മകന്‍െറയും മലക്കം മറിച്ചില്‍. ഇതിന് എന്‍.എസ്.എസ് നേതൃത്വത്തിന്‍െറ രഹസ്യ സഹായവും ലഭിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഇടതുമുന്നണി എന്ത് നിലപാടെടുക്കുമെന്നതാണ് ഇവര്‍ക്ക് ആശങ്ക. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍. ബാലകൃഷ്ണപിള്ളയെ അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന വി.എസിനൊപ്പം വേദി പങ്കിടാന്‍ അനുവദിച്ചതടക്കം നിരവധി വിഷയങ്ങളും വരുംദിവസങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടുന്നതോടെ പിള്ളയുടെ ഭാവിയും ചോദ്യം ചെയ്യപ്പെടും. സി.പി.എമ്മിനുണ്ടായ പരാജയം ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ പിള്ളയും മകനും മുഖ്യ പ്രതിസ്ഥാനത്തുണ്ടാവും.

അരുവിക്കരയില്‍ സഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ അഴിമതിവിരുദ്ധ മുന്നണി നടത്തിയ വോട്ടെടുപ്പില്‍ കിട്ടിയ വോട്ട് പോലും തെരഞ്ഞെടുപ്പില്‍ കിട്ടാതായതാണ് ജോര്‍ജിനെ പ്രതിസന്ധിയിലാക്കുന്നത്. സംഘടനയുടെ ഭാവി സംബന്ധിച്ച് രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്. ജോര്‍ജിനൊപ്പം ചേര്‍ന്ന എസ്.ഡി.പി.ഐക്കും പണികിട്ടിയെന്നതാണ് പ്രത്യേകത. മുമ്പ് ഇവര്‍ക്ക് കിട്ടിയിരുന്ന വോട്ടുപോലും ഇത്തവണ ലഭിച്ചില്ല. ഇത് പുതിയ കൂട്ടുകെട്ടിനും തിരിച്ചടിയായി.

എസ്.ഡി.പി.ഐയുടെ വോട്ട് എവിടെപ്പോയി എന്നത് ദുരൂഹമാണ്. വോട്ട് യു.ഡി.എഫിന് മറിച്ചെന്ന ആക്ഷേപം ശക്തമാണ്. ജോര്‍ജിനൊപ്പം നിന്നവരെല്ലം അവസാനം മുഖ്യമന്ത്രിയുടെ കുതന്ത്രങ്ങളില്‍ അകപ്പെട്ടെന്നാണ് പുതിയ ആരോപണം. ജോര്‍ജും ഇത് ശരിവെക്കുന്നു. അതിനിടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം ജോര്‍ജിനെതിരെ ശക്തമായ നടപടിക്ക് നീക്കം ആരംഭിച്ചു. ജോര്‍ജിനെ അയോഗ്യനാക്കാന്‍ സ്പീക്കര്‍ക്ക് അടുത്തദിവസം കത്ത് നല്‍കും.

തകര്‍പ്പന്‍ ജയത്തോടെ അര്‍ജന്‍റീന ഫൈനലില്‍

Posted: 30 Jun 2015 07:20 PM PDT

Image: 
Subtitle: 
പരാഗ്വെക്കതിരെ ആറു ഗോള്‍ വിജയം

സാന്‍റിയാഗോ: കാല്‍പനിക ഫുട്ബാളിന്‍െറ മുഴുവന്‍ സൗന്ദര്യവും കാഴ്ചവെച്ച കോപ അമേരിക്ക രണ്ടാംസെമിയില്‍ പരാഗ്വയെ തകര്‍ത്ത് അര്‍ജന്‍റീന ഫൈനലില്‍. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് രണ്ടാംസെമി ഫൈനലില്‍ അര്‍ജന്‍റീനയുടെ തകര്‍പ്പന്‍ വിജയം. ഒത്തിണക്കത്തോടെയും മികച്ച പാസുകളോടും കൂടിയ പ്രകടനമാണ് പാരഗ്വക്കെതിരെ ടീം അര്‍ജന്‍റീന പുറത്തെടുത്തത്. സ്റ്റാര്‍ട്ടിങ് വിസില്‍ മുതല്‍ താളം കണ്ടെത്തിയ ടീം നടത്തിയ നീക്കങ്ങള്‍ ഫലം കാണുകയായിരുന്നു.

അര്‍ജന്‍റീനക്കായി എയ്ഞ്ചല്‍ ഡി മരിയ ഇരട്ട ഗോള്‍ നേടി. മര്‍ക്കസ് റോജോ, പസ്റ്റോറെ, അഗ്യൂറോ, ഹിഗ്വെയ്ന്‍ ഓരോ തവണയും പരാഗ്വെ വല ചലിപ്പിച്ചു. എന്നാല്‍, ബാരിയോസിലൂടെ പരാഗ്വെ ആശ്വാസ ഗോള്‍ നേടി. കളിയുടെ 15ാം മിനിറ്റില്‍ തന്നെ അര്‍ജന്‍റീന ആദ്യ ഗോള്‍ നേടി. മെസിയുടെ ഫ്രീ ക്വിക്കില്‍ നിന്നാണ് മര്‍ക്കസ് റോജോയുടെ ആദ്യ ഗോള്‍. ഇതോടെ പ്രതിരോധത്തിലേക്ക് മാറിയ പരാഗ്വെക്ക് കനത്ത ക്ഷതം ഏല്‍പ്പിച്ച് 27ാം മിനിറ്റില്‍  പസ്റ്റോറെയിലൂടെ രണ്ടാം ഗോള്‍ പിറന്നു. കൗണ്ടര്‍ അറ്റാക്കിലൂടെയായിരുന്നു ഇത്. പരാഗ്വെയുടെ മുന്നേറ്റത്തില്‍ നിന്നു ലഭിച്ച പന്ത് മധ്യനിരയില്‍ നിന്നു കൊണ്ടുവന്നാണ് അര്‍ജന്‍റീന ഗോളാക്കിയത്.

43 മിനിറ്റില്‍ പരാഗ്വെയുടെ ആശ്വാസ ഗോള്‍ ബാരിയോസിലൂടെ പിറന്നു. ആദ്യ പകുതിയുടെ അവസാനത്തിലും രണ്ടാം പകുതിയുടെ തുടക്കത്തിലുമായിരുന്നു ഈ ഗോള്‍ നേട്ടം. ബാരിയോസിന്‍െറ ഗോള്‍ മാറ്റി നിര്‍ത്തിയാല്‍ കളിയുടെ 89 മിനിറ്റിലും അര്‍ജന്‍റീനിയന്‍ ആധിപത്യമായിരുന്നു.

47, 53 മിനിറ്റുകളില്‍ എയ്ഞ്ചല്‍ ഡി മരിയ ഇരട്ട ഗോളുകള്‍ നേടിയതോടെ പരാഗ്വെ വീണ്ടും തകന്നു. 47ാം മിനിറ്റില്‍ പസ്റ്റോറെയില്‍ നിന്നും 53ാം മിനിറ്റില്‍ മെസിയില്‍ നിന്നും ലഭിച്ച പാസുകളാണ് ഡി മരിയ ഗോളാക്കി മാറ്റിയത്. മധ്യനിരയില്‍ നിന്നും അപ്രതീക്ഷിത മുന്നേറ്റമാണ് മെസി നടത്തിയത്. 4^1 എന്ന ഗോള്‍ നിലയില്‍ വ്യക്തമായ ലീഡ് അര്‍ജന്‍റീന നേടിയതോടെ പരാഗ്വെ പ്രതിരോധത്തിലായി.

80ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോ ഗോള്‍ നേടി. ഇടതു വശത്തു നിന്നുള്ള ഡി മരിയയുടെ ക്രോസില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഇതിന് ശേഷം അഗ്യൂറോയുടെ പകരക്കാനായി ഹിഗ്വെയ്നെ അര്‍ജന്‍റീന കളത്തിലിറക്കി. ഹിഗ്വെയ്ന്‍ ഇറങ്ങി മൂന്നാം മിനിറ്റില്‍ (83ാം മിനിറ്റ്) ആറാം ഗോള്‍ നേടി. രണ്ടാം പകുതിയില്‍ രണ്ട് പ്രാവശ്യം പരാഗ്വെയുടെ പോസ്റ്റില്‍ പന്ത് എത്തിയത് മാറ്റിനിര്‍ത്തിയാല്‍ അര്‍ജന്‍റീനയുടെ ആധിപത്യമാണ് മൈതാനത്ത് കണ്ടത്. ഫൈനലില്‍ ചിലിയാണ് അര്‍ജന്‍റീനയുടെ എതിരാളികള്‍.

അരുവിക്കരയുടെ വിജയാഘാതങ്ങള്‍

Posted: 30 Jun 2015 06:42 PM PDT

Image: 

ഉമ്മന്‍ ചാണ്ടിക്ക് ഇനി ഒന്നും നോക്കേണ്ടതില്ല. പാര്‍ട്ടിക്കുള്ളില്‍ ഉരുത്തിരിഞ്ഞുവരാമായിരുന്ന എല്ലാ പ്രശ്നങ്ങളും അരുവിക്കര വിജയത്തോടെ ഉമ്മന്‍ ചാണ്ടി പരിഹരിച്ചു. തോറ്റാല്‍ നേതൃമാറ്റ കലാപത്തിന് തയാറെടുത്തിരുന്ന എതിര്‍ ഗ്രൂപ്പിന് ഇനി ഒരങ്കത്തിനും ബാല്യമില്ല. എന്തുംചെയ്യാനുള്ള കൈക്കരുത്താണ് ഒന്നിനും മടിക്കാത്ത ഉമ്മന്‍ ചാണ്ടിക്ക് അരുവിക്കരയില്‍നിന്ന് ലഭിച്ചത്. എങ്ങനെയും ജയിക്കാനുള്ള തയാറെടുപ്പ് ഉമ്മന്‍ ചാണ്ടി എടുത്തിരുന്നു എന്നതിന്‍െറ സൂചനയാണ്, ഈ തെരഞ്ഞെടുപ്പ് സര്‍ക്കാറിനെ വിലയിരുത്തുന്നതാകുമെന്ന് അദ്ദേഹം നേരത്തേ നടത്തിയ പ്രസ്താവന.

ഇടതുപക്ഷത്തിനാകട്ടെ, ഈ തെരഞ്ഞെടുപ്പ് തോല്‍വി താങ്ങാനാകുന്നതല്ല. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വഷളന്‍ സര്‍ക്കാറിന്‍െറ പ്രതിപക്ഷമാണ് ഇന്ന് ഇടതുപക്ഷം. അഴിമതിക്ക് ആറാട്ടുനടത്തുന്നതിനപ്പുറം പെണ്‍വാണിഭത്തിലേക്കുവരെ ആരോപണങ്ങള്‍ സര്‍ക്കാറിനുനേരെ തിരിഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഒരു ഉപതെരഞ്ഞെടുപ്പ് ജയിക്കാന്‍ പ്രതിപക്ഷത്തിനായില്ളെങ്കില്‍ അതിന് ന്യായീകരണമൊന്നും ഇല്ല. സര്‍ക്കാറിനെതിരായ ജനവികാരത്തെ തങ്ങള്‍ക്കനുകൂലമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ളെങ്കില്‍ അതിനുകാരണം മറ്റൊരിടത്തും അന്വേഷിക്കേണ്ടതില്ല. സി.പി.എം പണ്ടുമുതലേ പറഞ്ഞുവരുന്ന സ്വയം വിമര്‍ശം ഇപ്പോഴും പാര്‍ട്ടിക്കുള്ളിലുണ്ടെങ്കില്‍ സ്വയം കണ്ടത്തൊവുന്നതേയുള്ളൂ. ഒരു ഉപതെരഞ്ഞെടുപ്പിലും തോല്‍ക്കാറില്ലാതിരുന്ന ഇടതുപക്ഷം എന്തുകൊണ്ട് കഴിഞ്ഞ നാലഞ്ചുവര്‍ഷമായി തോറ്റുകൊണ്ടേയിരിക്കുന്നു? കേരളത്തിലെ കോണ്‍ഗ്രസിതര കക്ഷികളെല്ലാം ആഗ്രഹിച്ചിരുന്ന ഇടതുമുന്നണി ബന്ധം ഇപ്പോള്‍ ആത്മാഭിമാനമുള്ള ഒരു പാര്‍ട്ടിയും ആഗ്രഹിക്കാത്തതെന്ത്? ഇടതുപക്ഷത്തുനിന്ന് ഘടകകക്ഷികള്‍ എങ്ങനെ പൊഴിഞ്ഞു പോയി? പാര്‍ട്ടിക്കുള്ളില്‍ തന്നെ നേതൃത്വത്തോട് അവിശ്വാസം എന്തുകൊണ്ട് വളരുന്നു? ജനകീയ പ്രശ്നങ്ങളിലും സാമുദായിക സന്തുലനത്തിലും അഴിമതിവിരുദ്ധ സമരങ്ങളിലും കേരളത്തില്‍ ഒരത്താണിയായി എല്ലാവരും കരുതിയിരുന്ന ഇടതുപക്ഷത്തിന് ആ വിശ്വാസ്യത കൈമോശംവന്നുവോ? അതല്ലായിരുന്നെങ്കില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഇക്കുറി എങ്ങനെ കൈമോശംവന്നു? ഇത്രയുംകാര്യങ്ങള്‍ പരിശോധിക്കുന്നപക്ഷം മറ്റാരെയും കുറ്റപ്പെടുത്താതെതന്നെ സി.പി.എമ്മിന് കാരണംകണ്ടത്തൊം. ധാര്‍ഷ്ട്യമെന്ന ഇന്നത്തെ മുഖമുദ്ര സി.പി.എം മാറ്റിവെച്ചാല്‍ കാലിക രാഷ്ട്രീയ സാഹചര്യത്തില്‍ സി.പി.എം ശക്തമാണ്. അതല്ളെങ്കില്‍ ദുര്‍ബലവുമാണ്. 185216 വോട്ടര്‍മാരുള്ള അരുവിക്കരയില്‍ 142496 വോട്ടാണ് വീണത്. ഇതില്‍ 60000ത്തിലേറെ വോട്ടുകള്‍ കിട്ടുമെന്നാണ് സി.പി.എം പ്രതീക്ഷിച്ചിരുന്നത്. കിട്ടിയതാകട്ടെ 46320 (32.51 ശതമാനം). നാട്ടുകാരനായ വിജയകുമാറിന് സ്വന്തം പഞ്ചായത്തില്‍പോലും ലീഡ് കിട്ടിയില്ല.

ശബരീനാഥനെ മത്സരിപ്പിക്കുന്നതിന് പാര്‍ട്ടിക്കുള്ളില്‍ ആദ്യം എതിര്‍പ്പുകളുണ്ടായിരുന്നു. ജി. കാര്‍ത്തികേയന്‍െറ ഭാര്യ സുലേഖയായിരുന്നെങ്കില്‍ ജയിക്കുമെന്നുപറഞ്ഞവര്‍ പിന്നീട് മാറ്റിപ്പറഞ്ഞു. സ്ഥാനാര്‍ഥിയുടെ യുവത്വവും പ്രസരിപ്പും യു.ഡി.എഫിന് ഗുണംചെയ്യുമെന്ന് പിന്നീടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിലയിരുത്തിയത്. ഇടതുമുന്നണി പ്രതീക്ഷിച്ചതിനടുത്ത് വോട്ടുകളാണ് യു.ഡി.എഫ് നേടിയത് 56448 (39.61 ശതമാനം). അഴിമതിവിരുദ്ധമുന്നണിയുണ്ടാക്കി മത്സരിച്ച പി.സി. ജോര്‍ജ് ദുരന്തനായകനുമായി.

 യു.ഡി.എഫിന് എക്കാലവും ജയം മാത്രമാണ് ലക്ഷ്യം. അതില്‍ കുറേക്കാലമായി ധാര്‍മികമൂല്യങ്ങള്‍ക്ക് പ്രസക്തിയുണ്ടായിരുന്നില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ രീതി മറ്റൊന്നായിരുന്നു. ദുര്‍ബലവിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍ അവരുണ്ടായിരുന്നു. ഭൂരിപക്ഷ സമുദായം ജനാധിപത്യ മതേതര മൂല്യങ്ങളില്‍നിന്ന് അകലുന്ന പ്രവണതയെ പലതും വലിയ വിലകൊടുത്ത് തടയാന്‍ തയാറായിരുന്ന ത്യാഗമന$സ്ഥതി പലഘട്ടങ്ങളിലും പ്രകടിപ്പിച്ചതിനാലാണ് അതിന് സംസ്ഥാനത്ത് വേരുറപ്പിക്കാനായത്. ആപാര്‍ട്ടിക്ക് എന്തൊക്കെ പോരായ്മകളുണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് അതൊരു തിരുത്തല്‍ശക്തിയായിരുന്നു. ഭരണപക്ഷത്ത് അഴിമതിയുണ്ടായാല്‍ അതിനെ വെച്ചുപൊറുപ്പിക്കാതിരുന്ന സി.പി.എം സ്വന്തം മുന്നണിയിലെ ഘടകകക്ഷികളെയും തിരുത്തിവന്നു. സ്വന്തം പാര്‍ട്ടിയിലെ അനഭിലഷണനീയതകളെ നിഷ്കരുണം കണ്ടിരുന്ന പാര്‍ട്ടിയായിരുന്നു അത്. എന്നാല്‍ കുറേക്കാലമായി ഈവക ഗുണങ്ങള്‍ കുറഞ്ഞുവരുന്നതായാണ് കണ്ടുവന്നത്. സാമുദായിക ധ്രുവീകരണത്തെ ശക്തമായി എതിര്‍ത്തിരുന്ന പാര്‍ട്ടി പിന്നെ പലേടത്തും ആവക പരിപാടികള്‍ക്ക് ചൂട്ടുപിടിക്കുന്നതും കണ്ടു. അരുവിക്കരയില്‍ സി.പി.എം പ്രതീക്ഷിച്ചിരുന്ന നൂനപക്ഷ പിന്നാക്ക വോട്ടുകളും അഴിമതിവിരുദ്ധ വോട്ടുകളും ചോര്‍ന്നതിന് ഒരുകാരണം ഈ വിശ്വാസത്തകര്‍ച്ചയാണ്.

ബി.ജെ.പിക്കാകട്ടെ വലിയ വേരുകളൊന്നും ഇല്ലാത്ത മണ്ഡലമാണ് ആര്യനാട്. ജയപ്രതീക്ഷ അവര്‍ക്ക് ഉണ്ടായിട്ടില്ല. 25000 വോട്ടു പറഞ്ഞ് നടന്നപ്പോഴും ഇത്രയും അവര്‍ പ്രതീക്ഷിച്ചിരുന്നില്ളെന്നതാണ് വാസ്തവം. കിട്ടിയത്, 34000ത്തിലേറെ (23 ശതമാനം). ഇടതുപക്ഷത്തുനിന്ന് ചോര്‍ച്ചയുണ്ടായില്ളെങ്കില്‍ ഇത് ലഭിക്കുമായിരുന്നില്ല. അതിലുപരി സി.പി.എം ഇത്രയേറെ കരുതലോടെ നടത്തിയ മത്സരവും മറ്റൊന്നില്ല. മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തി. പിണറായി വിജയന്‍ നേരിട്ട് ഏറ്റെടുത്തുനടത്തിയ പ്രവര്‍ത്തനങ്ങളില്‍ പാകപ്പിഴകള്‍ സംഭവിക്കാതിരിക്കാന്‍ അദ്ദേഹത്തിന്‍റ ശ്രദ്ധയും കരുതലും കീഴ്ഘടകങ്ങള്‍ക്കുമേല്‍ വരെ എത്തിയിരുന്നു. 154 ബൂത്തുകളിലും അദ്ദേഹം രാവുംപകലുമില്ലാതെ ഓടിനടന്നു. വി.എസിനെ പ്രചാരണത്തിന്‍െറ മുന്നില്‍നിര്‍ത്തി. തുറുപ്പുശീട്ടുകള്‍ എല്ലാം ഇറക്കി. അതിനാല്‍ പിണറായിയുടെ പരാജയമായും പാര്‍ട്ടിയിലെ വിമര്‍ശകര്‍ ഇതിനെ വിലയിരുത്തുന്നുണ്ട്. പാര്‍ട്ടിക്കുള്ളില്‍ ഉരുത്തിരിയാന്‍ പോകുന്ന പുതിയ വിവാദങ്ങളുടെ സൂചനയാകാം അത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇനി എട്ട് മാസത്തിന്‍െറ അകലം മാത്രമേയുള്ളൂ എന്നിരിക്കെ പാര്‍ലമെന്‍ററി പ്രവര്‍ത്തനങ്ങളിലേക്ക് വിജയന്‍ ചുവടുമാറ്റുമെന്ന് പ്രതീക്ഷിച്ചിരിക്കെ അദ്ദേഹത്തിനുകിട്ടിയ ഒരു പ്രഹരമായി കാണുന്നവര്‍ പാര്‍ട്ടിക്ക് പുറത്തുണ്ട്. അതല്ല, പാര്‍ട്ടിയില്‍ വിവാദനായകനായ വി.എസിന്‍െറ പ്രചാരണനേതൃത്വത്തിനുമേല്‍ പഴിചാരുന്നവരും വേറെയുണ്ട്. അതിനാല്‍ പാര്‍ട്ടിക്കുള്ളില്‍ അരുവിക്കര ഇനിയും പുകഞ്ഞുനില്‍ക്കും.

യു.ഡി.എഫില്‍ ജയത്തിന്‍െറ അവകാശത്തര്‍ക്കമാണ് ഇനി നടക്കാനുള്ളത്. സ്ഥാനാര്‍ഥിയെ തെരഞ്ഞെടുത്തത് സുധീരനാണ്. രമേശ് ചെന്നിത്തല മണ്ഡലം മുഴുവന്‍ നിറഞ്ഞുനിന്നു. എല്ലാ മന്ത്രിമാരും കുടുംബയോഗങ്ങളില്‍ ഉണ്ടായിരുന്നു. ആളും അര്‍ഥവും വേണ്ടിടത്തൊക്കെ ഇറക്കി. എങ്കിലും വിജയകാരണമായി ഉമ്മന്‍ ചാണ്ടി പറയുന്നത്, ഭരണനേട്ടമാണ്. അതേസമയം ജയിക്കാനായിഎല്ലാവഴികളും അവര്‍ ഉപയോഗിച്ചു. മുന്നണിയിലെ എല്ലാ പാര്‍ട്ടികളെയും രംഗത്തിറക്കി. വോട്ടിങ് ദിനത്തില്‍ കെ.എം. മാണിയെ കുറ്റവിമുക്തനുമാക്കി. സോളാറും സരിതയും ബാര്‍ കോഴയുമൊക്കെ ഉണ്ടായിട്ടും മറികടക്കാന്‍ ഉമ്മന്‍ ചാണ്ടിക്കായി. അതിനാല്‍ ഉമ്മന്‍ ചാണ്ടിയുടെ അവകാശവാദത്തിനാണ് മുന്‍ഗണന ലഭിക്കുക. അടുത്ത എട്ടുമാസവും പിന്നീടും പാര്‍ട്ടിയിലും മുന്നണിയിലും അദ്ദേഹത്തിനുള്ള അപ്രമാദിത്തം തുടരാന്‍ ഈ വിജയം മാത്രംമതി. നിയമങ്ങളെയോ ജനത്തെയോ പ്രതിപക്ഷത്തെയോ ഭയക്കാത്ത ഒരു ഭരണസംവിധാനം തുടരുമെന്നത് സാധാരണ ജനവിഭാഗങ്ങള്‍ക്ക് വെല്ലുവിളിയാകും. അപ്പുറത്ത് സാമുദായിക സന്തുലനം തകര്‍ക്കുന്ന ശക്തികള്‍ കേരളത്തിലും ശക്തിപ്രാപിക്കുന്നുവോ എന്ന ഭയം സാമാന്യ ജനവിഭാഗങ്ങളെയും പിടികൂടാം.

അരുവിക്കരയിലെ യു.ഡി.എഫ് വിജയം

Posted: 30 Jun 2015 06:36 PM PDT

Image: 

കോണ്‍ഗ്രസിന്‍െറ സമുന്നത നേതാവും കേരള നിയമസഭാ സ്പീക്കറുമായിരുന്ന ജി. കാര്‍ത്തികേയന്‍െറ ദേഹവിയോഗത്തത്തെുടര്‍ന്ന് വേണ്ടിവന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ശബരീനാഥന്‍ പിതാവിന്‍െറ ഏകദേശം അതേ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഒറ്റനോട്ടത്തില്‍ ഈ സംഭവത്തില്‍ അസാധാരണമോ അമ്പരപ്പിക്കുന്നതോ ആയി ഒന്നുമില്ല. യു.ഡി.എഫ് സ്ഥിരമായി ജയിച്ചുവന്ന നിയോജകമണ്ഡലം ഇത്തവണയും മുന്നണി നിലനിര്‍ത്തുകയാണ് ചെയ്തിരിക്കുന്നത്. എന്നാല്‍, മറ്റ് പലഘടകങ്ങളും സാഹചര്യങ്ങളും ഒത്തുവന്നപ്പോള്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പ് അസാധാരണ പ്രാധാന്യം നേടുകയും ഇരു മുന്നണികള്‍ക്കും ജീവന്മരണ പോരാട്ടമായി മാറുകയും ആയിരുന്നു. ബാര്‍ കോഴക്കേസടക്കം ഗുരുതരമായ അഴിമതിയാരോപണങ്ങള്‍ കത്തിനില്‍ക്കുമ്പോള്‍, ഭരണം അവസാനിക്കാന്‍ എട്ടുമാസം മാത്രം ബാക്കിനില്‍ക്കെ യു.ഡി.എഫിലെ ചില ഘടകങ്ങളെങ്കിലും കളംമാറിച്ചവിട്ടാന്‍ ആലോചിക്കുന്നതായ സൂചനകള്‍ വന്നുകൊണ്ടിരുന്ന നേരത്ത്, തന്‍െറ സര്‍ക്കാറിന്‍െറ ജനകീയ വിലയിരുത്തലായിത്തന്നെ ഉപതെരഞ്ഞെടുപ്പിനെ കാണണമെന്ന് പ്രഖ്യാപിച്ച് തികഞ്ഞ ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ടുനയിച്ചതാണ് അരുവിക്കരയിലെ ബാലറ്റ് യുദ്ധം.

മറുവശത്ത്, അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഇടതുപക്ഷത്തിന്‍െറ പ്രസക്തിതന്നെ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പോടെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുകയായിരുന്നു. യു.ഡി.എഫ് പ്രചാരണത്തിന്‍െറ തലപ്പത്ത് കോണ്‍ഗ്രസ് ദേശീയ നേതാവായ എ.കെ. ആന്‍റണി രംഗപ്രവേശം ചെയ്തപ്പോള്‍ ഇടതുപക്ഷം വിഭാഗീയതയുടെ സകല ശേഷിപ്പുകളും അവഗണിച്ച് സാക്ഷാല്‍ വി.എസ്. അച്യുതാനന്ദനെയും ഗോദയിലിറക്കി. രണ്ടുമുന്നണികളേക്കാള്‍ ആസൂത്രിതമായും ദേശവ്യാപകമായി നേടിയെടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന്‍െറ പിന്‍ബലത്തിലും സംസ്ഥാനത്തെ ഏറ്റവും തലമുതിര്‍ന്ന നേതാവ് ഒ. രാജഗോപാലിനെ കളരിയിലിറക്കി ബി.ജെ.പിയും പൊടിപാറ്റി. ഒരു സ്ഥാനാര്‍ഥിയുടെയും വിജയം പ്രവചിക്കാന്‍ നിരീക്ഷകര്‍ക്കും മാധ്യമലേഖകര്‍ക്കും കഴിയാത്തത്ര ആശയക്കുഴപ്പമുണ്ടാക്കുന്നതായിരുന്നു ചിത്രം.

ആര് ജയിച്ചാലും ഭൂരിപക്ഷം നേരിയതായിരിക്കുമെന്നായിരുന്നു ഏതാണ്ടൊരുപോലെ സമ്മതിക്കപ്പെട്ട നിരീക്ഷണം. പക്ഷേ, 77 ശതമാനത്തിലധികം ഉയര്‍ന്ന പോളിങ്ങിനുശേഷം പുറത്തുവന്ന ഫലം യു.ഡി.എഫിന്, വിശിഷ്യ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് തികഞ്ഞ ആത്മവിശ്വാസവും ശുഭാപ്തിയും സമ്മാനിക്കുന്നതാണ്. വെറും രണ്ട് എം.എല്‍.എമാരുടെ ഭൂരിപക്ഷത്തോടെ ആരംഭിച്ച ഭരണം മൂക്കുകുത്തി വീഴാതെ നാലുവര്‍ഷം പിന്നിട്ടതോടൊപ്പം പ്രതിപക്ഷം ഉയര്‍ത്തിയ മുഴുവന്‍ അഴിമതി ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് തെളിയിച്ചുകൊണ്ട് ഭരണത്തിന്‍െറ തുടര്‍ച്ചക്കുള്ള ജനങ്ങളുടെ അംഗീകാരമാണ് അദ്ദേഹത്തിന്‍െറ ദൃഷ്ടിയില്‍ അരുവിക്കരയിലെ വിധി. ഇത് ആസന്നമായ പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നുവരുന്ന നിയമസഭാ ഇലക്ഷനിലും യു.ഡി.എഫിനെ ഭദ്രമായ നിലയിലത്തെിക്കുമെന്ന സൂചനയായി മുന്നണി നേതാക്കള്‍ വിലയിരുത്തുന്നു. മറുവശത്ത്, കണക്കുകൂട്ടലുകളും പ്രതീക്ഷകളുമെല്ലാം തകര്‍ത്തെറിഞ്ഞ അരുവിക്കരയിലെ ജനവിധി ജാതി, മത ശക്തികളുടെയും പണത്തിന്‍െറ കുത്തൊഴുക്കിന്‍െറയും സ്വാധീനഫലമാണെന്ന് കുറ്റപ്പെടുത്തുന്ന ഇടതുമുന്നണി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകളുടെ എണ്ണത്തില്‍ വലുതായ കുറവുണ്ടായില്ളെന്നതില്‍ ആശ്വസിക്കാന്‍ ശ്രമിക്കുന്നു.

എന്നാല്‍, ഉപതെരഞ്ഞെടുപ്പ് ഫലത്തിന്‍െറ ഏറ്റവും ശ്രദ്ധേയമായ വശം ബി.ജെ.പി കൈവരിച്ച അഭൂതപൂര്‍വമായ മുന്നേറ്റമാണ്. 2011ലെ നിയമസഭാ  തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകളേക്കാള്‍ ഒമ്പത് ശതമാനം കുറവാണ് ഇത്തവണ യു.ഡി.എഫിന്‍െറ വിഹിതം; എല്‍.ഡി.എഫിന്‍േറത് ഏഴ് ശതമാനവും. ബി.ജെ.പിയാകട്ടെ അഞ്ചിരട്ടിയാണ് കൂടുതല്‍ അടിച്ചെടുത്തത്. 34,000ത്തില്‍പരം വോട്ടുകളില്‍ ഒ. രാജഗോപാലിന്‍െറ വ്യക്തിത്വത്തിനുള്ള വിഹിതം മാറ്റിനിര്‍ത്തിയാലും നിഷേധിക്കാനാവാത്ത കരുത്ത് ബി.ജെ.പി തെളിയിച്ചിട്ടുണ്ട്. അതേറെയും ഇടതുമുന്നണിയുടെ, വിശിഷ്യ സി.പി.എമ്മിന്‍െറ ചെലവിലാണെന്നാണ് ഒരു വിലയിരുത്തല്‍. എന്തായാലും ജാതിസമവാക്യങ്ങള്‍ അട്ടിമറിഞ്ഞുകൊണ്ടിരിക്കുന്നെന്ന് വ്യക്തം. ബി.ജെ.പിക്ക് കടന്നുകയറാന്‍ കഴിയാതിരുന്ന പിന്നാക്ക വിഭാഗങ്ങളിലേക്ക് ഇത്തവണ പാര്‍ട്ടി കുതിപ്പുതന്നെ നടത്തിയിട്ടുണ്ട്. കേന്ദ്രഭരണത്തിന്‍െറ അനുകൂല സാഹചര്യം എന്നതിനേക്കാള്‍ കേരളത്തില്‍ നാളിതുവരെ മാറിമാറി അധികാരത്തിലിരുന്ന ഇരുമുന്നണികളുടെയും പ്രദര്‍ശനത്തില്‍ നിരാശരായ സമ്മതിദായകരില്‍ ഒരുവിഭാഗത്തെ ഒരു പുതിയ പരീക്ഷണത്തിന് സന്നദ്ധരാക്കാന്‍ കാവിപ്പടക്ക് കഴിഞ്ഞിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പൂര്‍വോപരി സ്ഥാനങ്ങളുറപ്പിക്കാനും നിയമനിര്‍മാണ സഭകളില്‍ അക്കൗണ്ട് തുറക്കാനും ഇത് ബി.ജെ.പിയെ പ്രാപ്തമാക്കുമെന്നവര്‍ കണക്കുകൂട്ടുന്നു. മതേതര വോട്ടുകള്‍ ഏകീകരിക്കപ്പെട്ടാല്‍ ഈ സ്വപ്നം പുലരാന്‍ സാധ്യത കുറവാണെങ്കിലും സി.പി.എമ്മും കോണ്‍ഗ്രസും പരസ്പരം മുഖ്യശത്രുക്കളായി കാണുന്ന സംസ്ഥാന രാഷ്ട്രീയ സാഹചര്യമാണ് ഹിന്ദുത്വ പാര്‍ട്ടിക്ക് പ്രത്യാശപകരുന്നത്.

മുഖ്യമന്ത്രിയും യു.ഡി.എഫ് നേതാക്കളും എത്രതന്നെ അവകാശപ്പെട്ടാലും അരുവിക്കരയിലേത് കേരളത്തിന്‍െറ സാമാന്യ ജനവിധിയല്ല. തീര്‍ത്തും മോശമായ ഭരണപ്രതിച്ഛായ പാടേ മാറ്റിമറിക്കാനോ കളങ്കിത മുഖങ്ങളെ വെള്ളപൂശാനോ ഈ സാമ്പ്രദായിക വിജയം പര്യാപ്തവുമല്ല. ഭരണത്തിനനുകൂലമായി 56,448 വോട്ടുകള്‍ വീണപ്പോള്‍ 80,465 വോട്ടുകളാണ് എതിരെ പോള്‍ ചെയ്യപ്പെട്ടതെന്നോര്‍ക്കണം. പ്രതിപക്ഷ വോട്ടുകളിലെ ശൈഥില്യത്തില്‍ മാത്രം വിശ്വാസമര്‍പ്പിച്ച് ഗിമ്മിക്കുകളിലൂടെ രക്ഷപ്പെടാനല്ല, തെറ്റുകള്‍ തിരുത്തിയും കളങ്കിതരെ മാറ്റിനിര്‍ത്തിയും ജനകീയപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടും ശിഷ്ടകാലം പ്രദര്‍ശനം മെച്ചപ്പെടുത്താനുമാണ് ജനാധിപത്യ സര്‍ക്കാര്‍ മനസ്സിരുത്തേണ്ടത്. കേരളവും ബംഗാളിന്‍െറ വഴിയേപോവാനുള്ള സാധ്യത സി.പി.എമ്മിനെയും ഇരുത്തിച്ചിന്തിപ്പിക്കണം.
 

രണ്ടുപേര്‍ കൊല്ലപ്പെട്ടു: മുസഫര്‍ നഗറില്‍ വര്‍ഗീയ സംഘര്‍ഷം പടരുന്നു

Posted: 30 Jun 2015 02:04 PM PDT

Image: 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍നിന്ന് പൊട്ടിപ്പുറപ്പെട്ട വര്‍ഗീയകലാപം കൂടുതല്‍ മേഖലകളിലേക്ക് പടര്‍ന്നതിനെ തുടര്‍ന്ന് രണ്ടുപേര്‍ വെടിയേറ്റുമരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. മുസഫര്‍ നഗറിലെ ഭൂമധ്യ ഗ്രാമത്തിലും സഹാറന്‍പൂര്‍ ജില്ലയിലെ റാംപൂര്‍ മണിഹരന്‍ പ്രദേശത്തുമാണ് രണ്ടുപേര്‍ വെടിയേറ്റുമരിച്ചത്.  പശുവിനെ അറുത്തെന്നാരോപിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ മുസഫര്‍ നഗറില്‍ മുസ്ലിം യുവാവിനെ ജനമധ്യത്തിലൂടെ മൃഗീയമായി മര്‍ദിച്ചുകൊണ്ടുപോകുന്നതിന്‍െറ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വീണ്ടും വര്‍ഗീയസംഘര്‍ഷമുണ്ടായത്
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടയില്‍ ബൈക്കിലത്തെിയ നാല് പേര്‍ മിര്‍നാപൂരിലെ ഭൂമധ്യ ഗ്രാമത്തിലെ 25കാരനെ വെടിവെച്ചുകൊന്നു. ഇതില്‍ പ്രതിഷേധിച്ച് ജനക്കൂട്ടം കല്ളേറ് നടത്തുകയും പൊലീസ് വാഹനം തകര്‍ക്കുകയും ചെയ്തു. ഈ സംഭവത്തിനുശേഷമാണ് സഹാറന്‍പൂരിലേക്കും സംഘര്‍ഷം പടര്‍ന്നത്. പെണ്‍കുട്ടിയെ യുവാക്കള്‍ അപമാനിച്ചെന്ന പ്രചാരണമാണ് സഹാറന്‍പൂരില്‍ വര്‍ഗീയസംഘര്‍ഷത്തിനിടയാക്കിയത്. ഇതിനെതുടര്‍ന്ന് സംഘടിച്ചത്തെിയ ഒരുവിഭാഗം യുവാക്കളെ ആക്രമിച്ചു. ഇതോടെ ഇരുവിഭാഗവും സംഘടിച്ചത്തെി പരസ്പരം വെടിവെപ്പ് നടത്തിയെന്നും എട്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റെന്നും പൊലീസ് പറഞ്ഞു. പിന്നീട് സ്ഥലത്തത്തെിയ പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ നടത്തിയ വെടിവെപ്പിലാണ് 25കാരന്‍ മരിച്ചതെന്നും പൊലീസ് അറിയിച്ചു.
തലയോട്ടിയില്‍ തുളച്ചുകയറിയ വെടിയുണ്ടയുമായി ഇദ്ദേഹത്തെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. രോഷാകുലരായ ജനം പൊലിസിനെ തിരിച്ച് വെടിവെച്ചതോടെ പരിക്കേറ്റ റാംപൂര്‍ മണിഹരന്‍ സ്റ്റേഷനിലെ ഹൗസ് ഓഫിസര്‍ പ്രേംവീര്‍ സിങ്ങിനെയും കോണ്‍സ്റ്റബ്ള്‍ സുനില്‍കുമാറിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ജനക്കൂട്ടത്തെ നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് ശ്രമിച്ചപ്പോഴാണ് ഒരാള്‍ മരിച്ചതെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പൊലീസ് സൂപ്രണ്ട് മഹേന്ദ്ര യാദവ് പറഞ്ഞു. കൊല്ലപ്പെട്ട വസീം അഖ്തറിന്‍െറ കുടുംബത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പൊലീസ് വെടിവെപ്പിനെക്കുറിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിനുത്തരവിട്ടെങ്കിലും ഇതില്‍ തൃപ്തരാകാതെ ജനം സഹാറന്‍പൂര്‍ റോഡ് ഉപരോധിച്ചു. വെടിവെപ്പിന് ഉത്തരവിട്ട പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. ഡി.ഐ.ജി എ.കെ. രാഘവ് സ്ഥലത്തത്തെി കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയ ശേഷമാണ് ജനം പിരിഞ്ഞുപോയത്. കുറ്റക്കാരായ പൊലീസുകാരെയും വെറുതെവിടില്ളെന്ന് സ്ഥലത്തത്തെിയ ഐ.ജി അലോക് ശര്‍മ പറഞ്ഞു. വെടിവെപ്പിനുത്തരവാദികളായ എസ്.എച്ച്.ഒ പ്രേംവീര്‍ റാണക്കും മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്തു.  അക്രമത്തിന് പ്രേരിപ്പിച്ചതിന് നഗരപാലിക ചെയര്‍മാന്‍ പ്രദീപ് ചൗധരിക്കെതിരെയും കേസെടുത്തിട്ടുണ്ട്. 2014ലെ കലാപത്തില്‍ സഹാറന്‍പൂരില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.
 

വിംബ്ള്‍ഡണ്‍ വമ്പന്മാര്‍ കുതിപ്പ് തുടങ്ങി

Posted: 30 Jun 2015 01:11 PM PDT

Image: 

ലണ്ടന്‍: വിംബ്ള്‍ഡണ്‍ ഗ്രാന്‍ഡ്സ്ളാം ടൂര്‍ണമെന്‍റില്‍ വനിതാ സിംഗ്ള്‍സ് നിലവിലെ ചാമ്പ്യന്‍ പെട്ര ക്വിറ്റോവ, മുന്‍ ചാമ്പ്യന്‍ വീനസ് വില്യംസ്, പുരുഷവിഭാഗം മുന്‍ ചാമ്പ്യന്മാരായ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവര്‍ അനായാസം ഒന്നാം റൗണ്ട് പിന്നിട്ടു. കടുത്തപോരാട്ടം അതിജീവിച്ച് ജോ വില്‍ഫ്രഡ് സോംഗയും രണ്ടാം റൗണ്ടില്‍ ഇടംപിടിച്ചു.
നെതര്‍ലന്‍ഡ്സിന്‍െറ കികി ബെര്‍തെന്‍സിനെ 6^1, 6^0 ത്തിനാണ് ചെക് താരം പെട്ര ക്വിറ്റോവ കെട്ടുകെട്ടിച്ചത്. അഞ്ചു തവണ വിംബ്ള്‍ഡണ്‍ കിരീടമുയര്‍ത്തിയ അമേരിക്കയുടെ വീനസ് വില്യംസിനു മുന്നില്‍ നാട്ടുകാരിയായ മാഡിസന്‍ ബ്രെന്‍ഗിളിന് ഒരു പോയന്‍റ് പോലും നേടാനായില്ല. നേരിട്ടുള്ള സെറ്റുകളില്‍ 6^0, 6^0 സ്കോറിന് ജയംപിടിച്ച് വീനസ് രണ്ടാം റൗണ്ടിലേക്ക് കുതിച്ചു.
ഏഴു വിംബ്ള്‍ഡണ്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ സ്വിസ് മാസ്റ്റര്‍ റോജര്‍ ഫെഡറര്‍ക്ക് മുന്നില്‍ ബോസ്നിയന്‍ യുവതാരം ദാമിന്‍ ഷൂമന്‍ എളുപ്പത്തില്‍ തോല്‍വിവഴങ്ങി. 6^1, 6-^3, 6^3ന് ഫെഡറര്‍ രണ്ടാം റൗണ്ട് പോരാട്ടം ഉറപ്പിച്ചു. ബ്രസീലിന്‍െറ തോമസ് ബെലൂച്ചിയാണ് സ്പാനിഷ് വമ്പര്‍ റാഫേല്‍ നദാലിന് ഇരയായത്. 10ാം സീഡായി കളിക്കുന്ന നദാല്‍ 6^4, 6-^2, 6^4ന് ജയം സ്വന്തമാക്കി.
ലക്സംബര്‍ഗിന്‍െറ ജില്ളെസ് മുള്ളര്‍ ഫ്രാന്‍സിന്‍െറ 13ാം സീഡ് ജോ വില്‍ഫ്രഡ് സോംഗക്ക് മുന്നില്‍ അഞ്ചു സെറ്റ് നീണ്ട പോരാട്ടം കാഴ്ചവെച്ചു. മൂന്നുമണിക്കൂറും 51 മിനിറ്റും നീണ്ട മത്സരത്തില്‍ 7-^6 (10-^8), 6^7 (3-^7), 6-^4, 3^6, 6^2 സ്കോറിനാണ് സോംഗ ജയം പിടിച്ചത്.
23ാം സീഡ് ക്രൊയേഷ്യന്‍ താരം ഇവോ കാര്‍ലോവിച്ചും രണ്ടാം റൗണ്ടില്‍ ഇടംനേടി. സ്വീഡിഷ് താരം ഏലിയാസ് മെറിനെ 7-^6 (7^2), 2^6, 4-^6, 6^7 (2^7) സ്കോറിനാണ് കാര്‍ലോവിച് മറികടന്നത്. സ്പെയിനിന്‍െറ 15ാം സീഡ് ഫെലിസിയാനോ ലോപസ് ബെല്‍ജിയം താരം സ്റ്റീവ് ഡാഴ്സിസിനെ 6^2, 7-^6 (7^4), 6^4ന് തോല്‍പിച്ചു. ഇറ്റലിയുടെ 25ാം സീഡ് ആന്ദ്രെസ് സിപ്പി, ബ്രിട്ടന്‍െറ ബ്രൈഡന്‍ ക്ളെയ്നെതിരെ 6^3, 6^2, 6-2ന് ജയിച്ചു. വനിതകളില്‍ 10ാം സീഡ് ജര്‍മന്‍ താരം എയ്ഞ്ചലിക് കെര്‍ബെര്‍ നാട്ടുകാരിയായ കരിന വിതോഫ്റ്റിനെ 6^0, 6^0ന് തകര്‍ത്തുവിട്ടപ്പോള്‍, ഫ്രാന്‍സിന്‍െറ 32ാം സീഡ് കരോളിന്‍ ഗാര്‍സ്യ സീഡ് ചെയ്യപ്പെടാത്ത ബ്രിട്ടീഷ് താരം ഹെതെര്‍ വാട്സന് മുന്നില്‍ തോറ്റമ്പി. ലോക റാങ്കിങ്ങില്‍ 59ാം റാങ്കുകാരിയായ വാട്സന്‍  1^6, 6^3, 8^6നാണ് ജയിച്ചത്.

നിഷേധവോട്ടില്‍ നേട്ടം കൊയ്ത് ബി.ജെ.പി

Posted: 30 Jun 2015 11:38 AM PDT

Image: 
Subtitle: 
സര്‍ക്കാര്‍-യു.ഡി.എഫ് വിരുദ്ധ വോട്ടിനൊപ്പം സി.പി.എമ്മിന് എതിരായ പാര്‍ട്ടി വോട്ടും ലഭിച്ചു

തിരുവനന്തപുരം: നിഷേധവോട്ടുകള്‍ സ്വന്തമാക്കുന്നതില്‍ കാണിച്ച ആര്‍ജവമാണ് ബി.ജെ.പിക്ക് അരുവിക്കരയില്‍ നേട്ടത്തിന് ഇടയാക്കിയത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ മുന്‍തൂക്കം എന്നതിനെക്കാള്‍ സംസ്ഥാനത്തിന്‍െറ കക്ഷിരാഷ്ട്രീയ ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമാണ് ഉപതെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് സമ്മാനിച്ചിരിക്കുന്നത്.

41000ത്തില്‍പരം വോട്ട് നേടുമെന്നാണ് പരസ്യമായി അവകാശപ്പെട്ടിരുന്നതെങ്കിലും 30000 - 35000 എന്ന കണക്കുകൂട്ടലിലായിരുന്നു നേതൃത്വം. ദേശീയ നേതൃത്വത്തിന്‍െറ കൈവശമുള്ള കണക്കിലും 33000 വോട്ടാണ് ഉണ്ടായിരുന്നത്. എന്നാല്‍ 34145 വോട്ട് നേടിയതോടെ സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വത്തിന് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാനായി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 7694 വോട്ടാണ് ലഭിച്ചത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ 26451 വോട്ടാണ് വര്‍ധിച്ചത്.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്നത്തെ ആര്യനാട് മണ്ഡലത്തില്‍ 1832ഉം 1996ല്‍ 6138 വോട്ടുമാണ് ലഭിച്ചത്.  1991ല്‍ 3149 വോട്ട് ലഭിച്ചുവെങ്കില്‍ 2001ല്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ഥിയേ ഇല്ലായിരുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അറിയപ്പെടാത്ത സ്ഥാനാര്‍ഥിയെ നിര്‍ത്തി ആറ്റിങ്ങല്‍ മണ്ഡലത്തിന്‍െറ ഭാഗമായിരുന്ന അരുവിക്കരയില്‍ 14890 വോട്ട് നേടിയ ബി.ജെ.പി ഉപതെരഞ്ഞെടുപ്പില്‍ 19255 വോട്ടാണ് അധികം നേടിയത്.

മണ്ഡലത്തില്‍ 2006ല്‍ നേടിയ 6.61 ശതമാനത്തില്‍നിന്ന് 24 ശതമാനമാണ് വോട്ട് വളര്‍ച്ചയുണ്ടായിരിക്കുന്നത്. ഒ. രാജഗോപാലിന് ലഭിച്ച വ്യക്തിഗത വോട്ടുകളും പങ്കുവഹിച്ചു. എന്നാല്‍, ഇതിനെക്കാളേറെ സി.പി.എമ്മിന്‍േറയും എല്‍.ഡി.എഫിന്‍േറയും വിശ്വാസ്യതയില്‍ ഉണ്ടായ തകര്‍ച്ചയാണ് ബി.ജെ.പിയെ സഹായിച്ചത്. സി.പി.എം അഴിമതി വിഷയമാക്കിയപ്പോള്‍ പ്രതിപക്ഷത്തിന്‍െറ ഒത്തുതീര്‍പ്പ് സമരം കൂടി എടുത്തുകാട്ടിയ ബി.ജെ.പിക്ക്  ഗുണം ലഭിച്ചു. സര്‍ക്കാര്‍- യു.ഡി.എഫ് വിരുദ്ധ വോട്ടിനൊപ്പം സി.പി.എമ്മിന് എതിരായ പാര്‍ട്ടി വോട്ടുമാണ് അവര്‍ക്ക് ലഭിച്ചത്. ഒപ്പം ഏത് തെരഞ്ഞെടുപ്പിലും വിധി നിര്‍ണയിക്കുന്ന ‘ചാഞ്ചാടുന്ന വോട്ടി’ല്‍ ഒരു പങ്കും അനുകൂലമായി തീര്‍ന്നു.

ന്യൂനപക്ഷവും ഭൂരിപക്ഷ സമുദായവും ശക്തമായ മണ്ഡലത്തില്‍ സി.പി.എമ്മിന്‍െറ ശക്തികേന്ദ്രങ്ങളും ഭൂരിപക്ഷ സമുദായത്തെയും കേന്ദ്രീകരിച്ചായിരുന്നു ബി.ജെ.പി പ്രവര്‍ത്തനം. വി.എസിന് എതിരായ സി.പി.എം സെക്രട്ടേറിയറ്റിന്‍െറ പ്രമേയം വീടുകളിലത്തെിച്ച അവര്‍ എക്കാലവും സി.പി.എമ്മിനൊപ്പം നിന്ന ഈഴവ സമുദായത്തില്‍ വിള്ളലുണ്ടാക്കി.

2000 മുതല്‍ രൂക്ഷമായ ജില്ലയിലെ സി.പി.എം വിഭാഗീയതയും ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സഹായകമായി. അരുവിക്കര മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ സി.പി.എമ്മിനെ പ്രതിനിധീകരിച്ച് പ്രസിഡന്‍റായും ഏരിയാ കമ്മിറ്റി അംഗങ്ങളായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചവരെ പാര്‍ട്ടിയിലേക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതും ഗുണകരമായി.  ഇങ്ങനെ മണ്ഡലത്തിന് പുറത്തുനിന്നടക്കം ബി.ജെ.പിയിലേക്ക് ചേര്‍ന്ന ഉഴമലക്കല്‍ ജയകുമാര്‍, ഏരുവത്തൂര്‍ ചന്ദ്രന്‍, വെള്ളനാട് കൃഷ്ണകുമാര്‍, ധാനശീലന്‍, ടി.എസ്. ഗിരിജാകുമാരി എന്നീ   നേതാക്കളുടെ നേതൃത്വത്തിലാണ് ബൂത്തുതല പ്രവര്‍ത്തങ്ങള്‍ നടത്തിയത്. ഇതിന്‍െറ പ്രതിഫലനം വോട്ട് വര്‍ധനയിലുണ്ടായെന്നാണ് വിലയിരുത്തല്‍. സി.പി.എം, സി.പി.ഐ, എല്‍.ഡി.എഫ് കേന്ദ്രങ്ങളില്‍ നിന്നുള്ള വോട്ടിന്‍െറ നിശ്ശബ്ദമായ നിറം മാറ്റമാണ് വഴിത്തിരിവായത്.

ഒപ്പം ന്യൂനപക്ഷപ്രീണനം ഉയര്‍ത്തി കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിച്ച ഭൂരിപക്ഷ സമുദായ വോട്ടില്‍ വിള്ളലുണ്ടാക്കാനും കഴിഞ്ഞു. വര്‍ഷങ്ങളായി സി.പി.എം കൈയൊഴിഞ്ഞ അടിസ്ഥാനവര്‍ഗത്തെയും അധ$സ്ഥിത സമുദായങ്ങളെയും കേന്ദ്രീകരിച്ച് ബി.ജെ.പി നടത്തിവന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ വോട്ടായി ഫലം കൊയ്യുന്നതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ശിവഗിരി മഠത്തിലും കെ.പി.എം.എസിന്‍െറ സമ്മേളനത്തിലും നരേന്ദ്ര മോദി പങ്കെടുത്തതും അരിപ്പ ഭൂസമരം മുതല്‍ ആറന്മുള വിമാനത്താവളം വരെയുള്ള സമരങ്ങളെ പിന്തുണച്ചതും ഇതിന്‍െറ ഭാഗമായിരുന്നു.

സംസ്ഥാനത്ത് വോട്ട് രാഷ്ട്രീയത്തില്‍ ഇടംകണ്ടത്തൊന്‍ ആദ്യം ദുര്‍ബലമാക്കേണ്ടത് ഭൂരിപക്ഷ സമുദായം അടിത്തറയാക്കിയ സി.പി.എമ്മിനെയാണെന്ന കൃത്യമായ നയപരിപാടിയാണ് ബി.ജെ.പി നടപ്പാക്കുന്നതും.

അപൂര്‍വതയില്‍ ശബരിയുടെ വിജയം

Posted: 30 Jun 2015 11:16 AM PDT

Image: 

തിരുവനന്തപുരം: അരുവിക്കരയിലെ ശബരീനാഥന്‍െറ വിജയത്തിന് ഒരു അപൂര്‍വത കൂടിയുണ്ട്. ഒരിക്കല്‍ അച്ഛനെ തോല്‍പ്പിച്ചയാളെ പരാജയപ്പെടുത്തി ആദ്യവിജയം നേടിയെന്നതാണത്. തിരുവനന്തപുരം നോര്‍ത് മണ്ഡലത്തില്‍ 1987ല്‍ ജി.കാര്‍ത്തികേയനെ പരാജയപ്പെടുത്തിയത് എം.വിജയകുമാറായിരുന്നു.  

രാജീവ് ഗാന്ധിയുടെ മരണത്തത്തെുടര്‍ന്നുള്ള സഹതാപ തരംഗത്തിലായിരുന്നു ആദ്യം കാര്‍ത്തികേയന്‍ പഴയ ആര്യനാട് മണ്ഡലത്തില്‍ ജയിച്ചത്. അതു പോലെ അച്ഛന്‍െറ ഓര്‍മയിലാണ് ശബരിയുടെ വിജയമെന്നത് മറ്റൊരു പ്രത്യേകത.

കോണ്‍ഗ്രസ്നേതാക്കള്‍ അവസാനംവരെ പറഞ്ഞിരുന്നത് കാര്‍ത്തികേയന്‍െറ ഭാര്യ ഡോ.എം.ടി. സുലേഖയായിരിക്കും പിന്‍ഗാമിയെന്നാണ്. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ശബരിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതുവരെ സുലേഖയായിരുന്നു മാധ്യമങ്ങളിലെയും സ്ഥാനാര്‍ഥി.  കാര്‍ത്തികേയന്‍െറ മരണശേഷം ശബരി മഹാരാഷ്ട്രയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

സുലേഖ സ്ഥാനാര്‍ഥിയാകാനില്ളെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നപ്പോള്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലായി. ഒരുവശത്ത് കാര്‍ത്തികേയന്‍െറ സ്മരണയില്‍ അരുവിക്കരയില്‍ വിജയിക്കണം. മറുവശത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കുപ്പായം തുന്നിയ നേതാക്കളെ നോവിക്കരുത്. ഇതിനിടയിലേക്കാണ് ശബരിയുടെ പേര് കടന്നുവരുന്നത്. അപ്പോഴേക്കും എല്‍.ഡി.എഫ് വിജയകുമാറിന്‍െറ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു കഴിഞ്ഞു. ശബരിയെ പരിഗണിക്കുമെന്ന് കേട്ട ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്് അച്ഛനെയും മകനെയും തോല്‍പ്പിച്ചെന്ന പദവി വിജയകുമാറിന് കിട്ടുമെന്നാണ്.  സ്ഥാനാര്‍ഥിയായശേഷം അദ്ദേഹത്തിന്‍െറ  സാമൂഹികാനുഭവത്തെ കോണ്‍ഗ്രസുകാര്‍ പോലും ആദ്യം അംഗീകരിച്ചില്ല. എല്‍.ഡി.എഫാകട്ടെ അരാഷ്ട്രീയവാദിയായ പയ്യന്‍െറ കുട്ടിക്കളിയായി കണ്ടു. ശബരിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ രാഷ്ട്രീയമായി എല്‍.ഡി.എഫ് വിജയിച്ചുകഴിഞ്ഞെന്നാണ് വിജയകുമാര്‍ പ്രഖ്യാപിച്ചതും.

അതേസമയം, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനാപ്രവര്‍ത്തനത്തിലൂടെ സി.പി.എമ്മിന്‍െറ അമരത്തത്തെിയ വിജയകുമാറിന്‍െറ ശക്തി ശബരി തിരിച്ചറിഞ്ഞു. ജനഹൃദയങ്ങളില്‍ ഇടംനേടാനുള്ള അടവുകളെല്ലാം മുന്‍വിധിയില്ലാതെ ശബരി പയറ്റി.

1983 സെപ്റ്റംബര്‍ അഞ്ചിന് ജനിച്ച ശബരിയുടെ പ്രാഥമികവിദ്യാഭ്യാസം തിരുവനന്തപുരം ലയോള സ്കൂളിലായിരുന്നു. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജില്‍നിന്ന് 2005ല്‍ ബി.ടെക് പാസായി. ക്യാറ്റ് പരീക്ഷയില്‍ 98.3ശതമാനം മാര്‍ക്കോടെ മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍(എം.ഡി.ഐ)പ്രവേശം നേടി. ഇവിടെ നിന്ന് എം.ബി.എ കരസ്ഥമാക്കി.
2008ല്‍ ടാറ്റാ സണ്‍സില്‍ മാനേജരായി. കോണ്‍ഗ്രസിനെ പിന്നില്‍നിന്ന് സഹായിക്കുന്ന ബുദ്ധിജീവിസംഘത്തോടൊപ്പം സഞ്ചരിക്കാനായിരുന്നു ശബരിയുടെ മോഹം. എന്നാല്‍, ജി. കാര്‍ത്തികേയന്‍െറ മരണം രാഷ്ട്രീയപ്രവേശത്തിനുള്ള നിമിത്തമായി.

അരുവിക്കരയില്‍ ജയിച്ചതാര്?

Posted: 30 Jun 2015 05:34 AM PDT

Image: 

അരുവിക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലത്തിന് മാനങ്ങള്‍ പലതാണ്. കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന ഒന്നാണത്. അത് അരുവിക്കരയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതുമല്ല. മൂന്നു  മാസത്തിനകം നടക്കാന്‍ പോകുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെയും അടുത്ത വര്‍ഷം മേയില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെയും സ്വാധീനിക്കാന്‍ പോന്നതാണ്. ഏറ്റവും പ്രതികൂലമായ രാഷ്ട്രീയ സാഹചര്യത്തിലും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞു എന്നിടത്താണ് കോണ്‍ഗ്രസ് ആശ്വാസം കൊള്ളുന്നത്. സ്വന്തം വോട്ടുബാങ്കില്‍ ഹിന്ദുത്വം ഉണ്ടാക്കുന്ന ചോര്‍ച്ചയിലാണ് സി.പി.എമ്മിന്റെ ആശങ്ക. കേരളത്തില്‍ വളര്‍ന്നു വരുന്ന ഹിന്ദു രാഷ്ട്രീയത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച്  ബി.ജെ.പിയും.

തെരഞ്ഞെടുപ്പു സ്റ്റാറ്റിസ്റ്റിക്‌സ് പരിശോധിക്കുമ്പോള്‍ 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജി.കാര്‍ത്തികേയന്‍ നേടിയ ഭൂരിപക്ഷത്തിനടുത്തു മകന്‍ ശബരിനാഥും എത്തിയിട്ടുണ്ട്. കാര്‍ത്തികേയന്‍ 10674 വോട്ടിനു ജയിച്ചപ്പോള്‍ ശബരിയുടെ ഭൂരിപക്ഷം 10128. അന്ന് കോണ്‍ഗ്രസ് നേടിയത് 56797 വോട്ടുകള്‍. ഇന്നു കിട്ടിയത് 56448 വോട്ടുകളും. കുറവ് വന്നത് 349 വോട്ടു മാത്രം.

ഇടതുപക്ഷത്തിന്റെ കാര്യം എടുത്താലോ, 2011ല്‍ ആര്‍.എസ്.പി സ്ഥാനാര്‍ഥി അമ്പലത്തറ ശ്രീധരന്‍ നായര്‍ നേടിയത് 46123 വോട്ടുകളാണ്. എം.വിജയകുമാര്‍ ഇത്തവണ നേടിയതാകട്ടെ, 46320 വോട്ടും. കൂടുതല്‍ കിട്ടിയത് 197.

ഇതു ഒറ്റ നോട്ടത്തില്‍ കാണുന്ന തെരഞ്ഞെടുപ്പു കണക്കാണ്. യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും സാധാരണ പ്രവര്‍ത്തകര്‍ക്ക് സ്വയം ആശ്വസിക്കാനും അണികളെ പിടിച്ചു നിര്‍ത്താനും ഇതു ഉപകരിച്ചേക്കാം. എന്നാല്‍ യഥാര്‍ഥ കണക്ക് ഇതൊന്നുമല്ല. 2011ല്‍ വോട്ടു ചെയ്തവരേക്കാള്‍ 36078 പേര്‍ ഇത്തവണ പോളിംഗ് ബൂത്തില്‍ കൂടുതലായി എത്തി. അവര്‍ ചെയ്ത വോട്ടുകള്‍ എവിടെപ്പോയി എന്നിടത്താണ് അരുവിക്കര ഫലത്തിന്റെ മര്‍മം ഒളിഞ്ഞിരിക്കുന്നത്.

2011ല്‍ 116418 പേര്‍ വോട്ടു രേഖപ്പെടുത്തിയ സ്ഥാനത്ത് ഇത്തവണ 152496 വോട്ടുകള്‍ പോള്‍ ചെയ്തു. കോണ്‍ഗ്രസ്സും സി.പി എമ്മും നാലു വര്‍ഷം പിന്നില്‍ നില്‍ക്കുമ്പോള്‍ വര്‍ധിത  വോട്ടുകളില്‍ ഗണ്യമായ പങ്ക് സ്വന്തമാക്കി കേരള രാഷ്ട്രീയത്തില്‍ ബി.ജെ പി ഒരു കുതിച്ചു ചാട്ടത്തിനു ഒരുങ്ങുകയാണ്. കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാര്‍ഥി നേടിയത് 7694 വോട്ടാണ്. ഒ. രാജഗോപാലിന് ഇപ്പോള്‍ കിട്ടിയതോ 34145 വോട്ടും. ഏതാണ്ട് നാലര ഇരട്ടി .

ഉമ്മന്‍ചാണ്ടിക്ക് വലിയൊരു ആശ്വാസം അരുവിക്കര നല്‍കുന്നുണ്ട് . മുഖ്യമന്ത്രിയും മന്ത്രിമാരും സ്റ്റാഫും ഒന്നടങ്കം അഴിമതിയാരോപണങ്ങളുടെയും അപവാദങ്ങളുടെയും നടുവില്‍ നിന്നാണ് തെരഞ്ഞെടുപ്പു നേരിട്ടത്. ഭരണത്തിന്റെ വിലയിരുത്തലായി അരുവിക്കരയെ വോട്ടെടുപ്പിന് മുന്‍പും പിന്‍പും വിശേഷിപ്പിക്കാനുള്ള ചങ്കൂറ്റം ഉമ്മന്‍ചാണ്ടി കാണിച്ചു. ശബരിനാഥിന്റെ സ്ഥാനാര്‍ഥിത്വം തന്നെ ഒരു വെല്ലുവിളി ആയിരുന്നു. പരിചയ സമ്പന്നരായ രണ്ടു നേതാക്കള്‍ക്കിടയിലേക്കാണ് രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യം ഒട്ടും അവകാശപ്പെടാനില്ലാത്ത ശബരിയെ ഇറക്കി വിട്ടത്. ഉമ്മന്‍ചാണ്ടിയുടെ കണക്കുകളൊന്നും പിഴച്ചില്ല. സി.പി.എമ്മിന്റെ ഹിന്ദു വോട്ടുകള്‍ ബി.ജെ.പി ചോര്‍ത്തിയെടുക്കുമെന്നും യു.ഡി.എഫിന്റെ ന്യൂനപക്ഷ  വോട്ടു ബാങ്കിന് ക്ഷതം സംഭവിക്കില്ലെന്നും അദ്ദേഹം കണക്കു കൂട്ടിക്കാണണം. അതു തന്നെ അരുവിക്കരയില്‍ സംഭവിക്കുകയും ചെയ്തു.

എന്തു വില കൊടുത്തും ജയിക്കണമെന്ന് ഉറപ്പിച്ചു ഗോദയിലിറങ്ങിയ സി.പി.എമ്മിനാണ് അരുവിക്കരയില്‍ പ്രഹരം ഏറ്റത്. കോണ്‍ഗ്രസ് പരാജയപ്പെടുന്നതോടെ ഉമ്മന്‍ചാണ്ടി ഭരണത്തിന് അറുതിയാകുമെന്നും സംസ്ഥാന ഭരണം പിടിച്ചെടുക്കാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു സി.പി.എം. അരങ്ങില്‍ വി.എസ്സും അണിയറയില്‍ പിണറായിയും അണി നിരന്നു ചിട്ടയായ പ്രചാരണമാണ് പാര്‍ട്ടി നടത്തിയത്. യു.ഡി.എഫിന്റെ സകല സന്നാഹങ്ങളും മന്ത്രിമാരും അവിടെ എത്തിയപ്പോള്‍ എല്‍. ഡി.എഫും ഒട്ടും കുറച്ചില്ല. സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു.
നേരെ മറിച്ച് ബി.ജെ.പി ആകട്ടെ, മണ്ഡലത്തില്‍ പണിയെടുക്കാന്‍ പ്രവര്‍ത്തകര്‍ ഇല്ലാത്തതിനാല്‍ മറ്റു മണ്ഡലങ്ങളില്‍ നിന്ന് ആളുകളെ ഇറക്കുമതി ചെയ്യുകയായിരുന്നു. കോണ്‍ഗ്രസിനും സി.പി.എമ്മിനും അരുവിക്കരയില്‍ ഉടനീളം പാര്‍ട്ടി കമ്മിറ്റികളും പ്രവര്‍ത്തകരും ഉണ്ടെങ്കില്‍ ബി.ജെ.പിക്ക് ചില പോക്കറ്റുകളില്‍ മാത്രമേ സംഘടനാ സംവിധാനം ഉള്ളൂ. കുടുംബ യോഗങ്ങളും ബൂത്ത് സന്ദര്‍ശനങ്ങളും നടത്തി ഉമ്മന്‍ചാണ്ടിയും പിണറായിയും താഴെ തട്ടില്‍ വോട്ടു പിടിച്ചപ്പോള്‍ ഉപരിതല പ്രവര്‍ത്തനത്തില്‍ ബി.ജെ.പി ഒതുങ്ങി നിന്നു. എന്നാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും ഞെട്ടിച്ചു കളഞ്ഞു ബി.ജെ.പി.  

2011 ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ വോട്ടിംഗ് ശതമാനത്തില്‍ ഗണ്യമായ കുറവാണു കോണ്‍ഗ്രസിനും സി.പി .എമ്മിനും കാണുന്നത്. കോണ്‍ഗ്രസ് 48 ശതമാനത്തില്‍ നിന്ന് 37 ലേക്കും സി.പി.എം 39 ശതമാനത്തില്‍ നിന്ന് 31 ലേക്കും പതിച്ചപ്പോള്‍ ബി.ജെ.പി 6.61 ശതമാനത്തില്‍ നിന്ന് 23 ശതമാനത്തിലേക്ക് ഉയര്‍ന്നു. യു.ഡി.എഫ് ഏഴു പാര്‍ട്ടികള്‍ ഉള്ള മുന്നണിയാണെങ്കില്‍ എല്‍.ഡി.എഫില്‍ ആറു പാര്‍ട്ടികളുണ്ട്. ഇരു മുന്നണികളെയും നേരിട്ടാണ് ഒറ്റ പാര്‍ട്ടിയായ ബി.ജെ.പി ഇത്രയും വോട്ടുകള്‍ നേടിയത്. സി.പി.എമ്മിന്റെ വോട്ടു ബാങ്കുകളില്‍ കടന്നു കയറാനാകുമെന്നാണ് ബി.ജെ.പി അരുവിക്കരയില്‍ കാണിച്ചു കൊടുത്തത്. സി.പി.എം നേരിടുന്ന വലിയ വെല്ലുവിളിയാണിത്. കാലിനടിയിലെ മണ്ണ് ചോരുന്നത് നേതാക്കള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ അധികം വൈകാതെ കേരളം ബംഗാളിന്റെ വഴിക്ക് നീങ്ങിയേക്കാം .

 

പെട്രോളിന് 31 പൈസയും ഡീസലിന് 71 പൈസയും കുറച്ചു

Posted: 30 Jun 2015 05:20 AM PDT

Image: 

മുംബൈ: പെട്രോള്‍ വില ലിറ്ററിന് 31 പൈസയും ഡീസല്‍ വില ലിറ്ററിന് 71 പൈസയും കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. ഈ മാസം 15ന് പെട്രോള്‍ വില ലിറ്ററിന് 64 പൈസ കൂട്ടുകയും ഡീസലിന് 1.35 രൂപ കുറക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ഇന്ധനവിലയില്‍ നേരിയ കുറവ് വരുത്താന്‍ കാരണമായി പറയുന്നത്. പെട്രോള്‍, ഡീസല്‍ വില എണ്ണ കമ്പനികള്‍ രണ്ടാഴ്ച കൂടുമ്പോള്‍ പുനര്‍നിശ്ചയിക്കും.

ഇന്തോനേഷ്യയില്‍ സൈനിക വിമാനം തകര്‍ന്നു; 113 മരണം

Posted: 30 Jun 2015 04:57 AM PDT

Image: 
Subtitle: 
മരിച്ചവരിലേറെയും സൈനികരുടെ ബന്ധുക്കള്‍

മേദന്‍: ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര ദ്വീപിലെ മേദനില്‍  സൈനിക വിമാനം തകര്‍ന്നു വീണ് 113 പേര്‍ മരിച്ചു. ചൊവ്വാഴ്ച 12 ജീവനക്കാരും 101 യാത്രക്കാരുമായി പറന്ന സി-130 ഹെര്‍കുലീസ്  വിമാനം മേദനിലെ ഒഴിഞ്ഞ കെട്ടിടത്തില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു.  സൈനികരെയും കുടുംബാംഗങ്ങളെയും വഹിച്ച് പറക്കാറുള്ള പ്രതിദിന വിമാനമായിരുന്നു ഇത്. മേദാനിലെ സൈനിക നിലയത്തില്‍നിന്ന് സുമാത്രയിലെതന്നെ താന്‍ജങ് പിനാന്‍ങ്ങിലേക്ക് പറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പുറപ്പെട്ട് രണ്ടു മിനിറ്റിനുള്ളില്‍ വിമാനത്തിന് തകരാറുള്ളതായി സംശയം തോന്നിയ പൈലറ്റ് തിരിച്ചുപറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് മേദന്‍ പൊലീസ് മേധാവി മര്‍ഡിയാസ് ദ്വിഹാന്‍റാന്‍േറാ പറഞ്ഞു.  വിമാനം അഞ്ച് കിലോമീറ്റര്‍ മാത്രമാണ് പറന്നതെന്ന് സൈനിക വക്താവ് ഫുആദ് ബാസിയ അറിയിച്ചു.

ജനനിബിഡമായ പ്രദേശത്താണ് അപകടം നടന്നത് എന്നതിനാല്‍ മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ചൊവ്വാഴ്ച രാത്രിവരെ 49 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. വിമാനം തകര്‍ന്ന് കെട്ടിടത്തിന് സമീപമുണ്ടായിരുന്ന മൂന്നു പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അപകടത്തിന്‍െറ കാരണം വ്യക്തമല്ല. പുറപ്പെടുന്നതിനു മുമ്പുതന്നെ വിമാനത്തിന് കേടുപാടുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 1964ല്‍ നിര്‍മിച്ച വിമാനമാണ് അപകടത്തില്‍പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഇന്തോനേഷ്യന്‍ സൈനിക തലവന്‍ ഉത്തരവിട്ടു.
2005ല്‍ ബോയിങ് 737 വിമാനം തകര്‍ന്നുവീണ് മേദനില്‍ 143 പേര്‍ കൊല്ലപ്പെട്ടിരുന്നു. തലസ്ഥാനമായ ജകാര്‍ത്തയും പ്രധാന നഗരമായ സുരഭയയും കഴിഞ്ഞാല്‍ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ പട്ടണമാണ് മേദന്‍. 34 ലക്ഷമാണ് ഇവിടത്തെ ജനസംഖ്യ.

 

റാസല്‍ഖൈമയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു

Posted: 30 Jun 2015 03:46 AM PDT

Image: 

റാസല്‍ഖൈമ (യു.എ.ഇ):  റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം വളാഞ്ചേരി കരിപോലെ നാരങ്ങാടന്‍ ഹംസ-ഇയ്യത്തുത്തുമ്മു ദമ്പതികളുടെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (43), പാലക്കാട് തിരുവില്വാമല വിനോദ് കുമാര്‍ (34) എന്നിവരാണ് മരിച്ചത്.  അല്‍ഗൈലില്‍ തിങ്കളാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തില്‍ ഒപ്പമുണ്ടായിരുന്ന പാല സ്വദേശി ഓസ്റ്റിന്‍ സ്കറിയ (വിപിന്‍ -26), കണ്ണൂര്‍ സ്വദേശി റിനീഷ് (28) എന്നിവര്‍ പരിക്കുകളോടെ റാസല്‍ഖൈമ സഖര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.ഗുരുതര പരിക്കേറ്റ റിനീഷ് തീവ്രപരിചരണ വിഭാഗത്തിലാണ്.

ഫുജൈറ കേന്ദ്രമായ അല്‍ ബസ്റ ഇലക്ട്രിക്കല്‍ ആന്‍റ് സാനിറ്ററി കോണ്‍ട്രാക്ടിങ് സ്ഥാപനത്തിലെ ജീവനക്കാരാണ് നാലുപേരും. റാസല്‍ഖൈമ ജസീറ അല്‍ഹംറയിലെ തൊഴില്‍ സ്ഥലത്ത് നിന്ന് ഫുജൈറയിലേക്ക് വരുമ്പോള്‍  സഞ്ചരിച്ച ടൊയോട്ട വാന്‍ അല്‍ഗൈലില്‍ വെച്ച് ട്രെയിലറിന് പിന്നില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
11 വര്‍ഷമായി യു.എ.ഇയിലുള്ള അബൂബക്കര്‍ സിദ്ദീഖ് അല്‍ബസ്റയില്‍ ഫോര്‍മാനായിരുന്നു. വാഹനം ഓടിച്ചിരുന്നതും ഇദ്ദേഹമായിരുന്നു. മറ്റ് മൂന്ന് പേരും ഇതേ സ്ഥാപനത്തില്‍ രണ്ട് വര്‍ഷമായി ജോലി ചെയ്ത് വരുന്നു. നാലുപേരും അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെയാണ് ദുരന്തത്തില്‍പ്പെട്ടതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
സിദ്ദീഖിന് ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്. മറ്റ് മൂന്ന് പേരും അവിവാഹിതരാണ്.
റാസല്‍ഖൈമ സെയ്ഫ് ഉബൈദുല്ലാഹ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ദുബൈയില്‍ നിന്ന് രാത്രി 12നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി.

 

മഴ ശക്തം; നഗര റോഡുകള്‍ വെള്ളത്തില്‍

Posted: 30 Jun 2015 02:23 AM PDT

കോഴിക്കോട്: തിങ്കളാഴ്ച തിമിര്‍ത്തുപെയ്ത മഴയില്‍ നഗരത്തിലെ ഒട്ടുമിക്ക റോഡുകളും വെള്ളത്തിനടിയിലായി.
മാവൂര്‍ റോഡ്, രാജാജി റോഡ്, ശ്രീകണ്ഠേശ്വരം റോഡ്, മിഠായിത്തെരുവ് തുടങ്ങി ഏതാണ്ടെല്ലാ റോഡുകളിലും മഴവെള്ളം പുഴപോലെയാണ് കുത്തിയൊഴുകുന്നത്.
രാജാജി റോഡില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനടുത്ത ബസ് സ്റ്റോപ് 'വെള്ളത്തിനടിയിലായ'തിനാല്‍ ബസുകള്‍ നടുറോഡില്‍ നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുന്നത്.
ഇതുമൂലം രാജാജി റോഡില്‍ ഗതാഗതക്കുരുക്കുണ്ടായി. വിദ്യാര്‍ഥികളും സ്ത്രീകളുമടക്കം യാത്രക്കാര്‍ റോഡില്‍ നിരന്നതോടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാതെയായി.
മിഠായിത്തെരുവില്‍ മഴവെള്ളം നിറഞ്ഞൊഴുകി. വെള്ളച്ചാലുകള്‍ താണ്ടിയാണ് കാല്‍നടക്കാര്‍ മുന്നോട്ടുനീങ്ങിയത്.
ശ്രീകണ്ഠേശ്വര ക്ഷേത്രം റോഡില്‍ മഴവെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയാണ്. ഓടകളിലെ വെള്ളം കലര്‍ന്ന് മലിനമായിരിക്കുകയാണ് നഗരത്തിലെ ഭൂരിഭാഗം റോഡുകളും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP