സ്വാഗതം
WELCOME

News Update..

Monday, July 20, 2015

സുഷമയും വസുന്ധരയും രാജിവെക്കണമെന്ന് പ്രതിപക്ഷം Madhyamam News Feeds

സുഷമയും വസുന്ധരയും രാജിവെക്കണമെന്ന് പ്രതിപക്ഷം Madhyamam News Feeds

Link to

സുഷമയും വസുന്ധരയും രാജിവെക്കണമെന്ന് പ്രതിപക്ഷം

Posted: 20 Jul 2015 12:41 AM PDT

Image: 

ന്യൂഡല്‍ഹി: ഇന്ത്യ തേടുന്ന സാമ്പത്തിക കുറ്റവാളി ലളിത് മോദിയെ വഴിവിട്ട് സഹായിച്ചതായി ആരോപണം നേരിടുന്ന കേന്ദ്ര മന്ത്രി സുഷമ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാജെ എന്നിവര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ കക്ഷികള്‍ സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. ആരോപണ വിധേയരായ മന്ത്രിമാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സ്മൃതി ഇറാനി വ്യാജ സത്യവാങ്മൂലം നലകിയത് ഉള്‍പ്പെടെയുള്ളവയില്‍ ചര്‍ച്ച വേണമെന്നും കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടു.

എന്നാല്‍ മന്ത്രിമാര്‍ രാജിവെക്കുന്ന പ്രശ്നമില്ളെന്നും അധാര്‍മികമായോ നിയമ വിരുദ്ധമായോ അവര്‍ പ്രവര്‍ത്തിച്ചിട്ടില്ളെന്നും പാര്‍ലമെന്‍്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു യോഗത്തില്‍ വ്യക്തമാക്കി. ലളിത് മോദി വിഷയത്തില്‍ സുഷമ സ്വരാജ് പാര്‍ലമെന്‍്റില്‍ പ്രസ്താവന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിവാദമായ ഭൂമി ഏറ്റെടുക്കല്‍ ബില്‍ പാസാക്കുന്നതിന് സര്‍ക്കാര്‍ പ്രതിപക്ഷത്തിന്‍െറ സഹായം തേടി. എന്നാല്‍, ബില്‍ പിന്‍വലിക്കാതെയുള്ള ഒത്തുതീര്‍പ്പിന് തയ്യാറല്ളെന്ന് പ്രതിപക്ഷം അറിയിച്ചു. പാര്‍ലമെന്‍്റിന്‍െറ 21 ദിവസം നീളുന്ന വര്‍ഷകാല സമ്മേളനത്തിന്‍െറ മുന്നോടിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്. നാളെയാണ് സമ്മേളനം ആരംഭിക്കുന്നത്.

കുളിരണിഞ്ഞ് ചെറിയ പെരുന്നാള്‍

Posted: 20 Jul 2015 12:21 AM PDT

മലപ്പുറം: റമദാനിലൂടെ നേടിയെടുത്ത ആത്മചൈതന്യത്തിന്‍െറ വിശുദ്ധിയുമായി വിശ്വാസിസമൂഹം ഈദുല്‍ ഫിത്ര്‍ ആഘോഷിച്ചു. കര്‍ക്കടകത്തില്‍ തിമിര്‍ത്ത് പെയ്ത മഴ വകവെക്കാതെ രാവിലെ മുതല്‍ വിശ്വാസികള്‍ പെരുന്നാള്‍ നമസ്കാരത്തിനായി പള്ളികളിലത്തെിയിരുന്നു.
മഴ കനത്തതിനാല്‍ ഈദ്ഗാഹുകള്‍ പലയിടങ്ങളിലും ഉപേക്ഷിച്ചു. പള്ളികളിലും ഹാളുകളിലുമായിരുന്നു ജില്ലയുടെ വിവിധയിടങ്ങളില്‍ പെരുന്നാള്‍ നമസ്കാരം നടന്നത്. ഈദ്ഗാഹുകള്‍ നടത്തുന്നതിന് സൗകര്യം ഒരുക്കിയിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ പള്ളികളില്‍ തന്നെയായിരുന്നു നമസ്കാരം. റമദാനില്‍ നേടിയെടുത്ത ചൈതന്യം തുടര്‍ന്നും കാത്തുസൂക്ഷിക്കണമെന്നും വിശ്വാസദാര്‍ഢ്യം ജീവിതത്തിന്‍െറ മുഖമുദ്രയാകണമെന്നും ഖതീബുബാര്‍ ഉണര്‍ത്തി. വ്രതവിശുദ്ധിയുടെ നാളുകള്‍ക്ക് പരിസമാപ്തിയായി എത്തിയ പെരുന്നാള്‍ ദിനത്തില്‍ പുതുവസ്ത്രമണിഞ്ഞത്തെിയ വിശ്വാസിസമൂഹം പരസ്പരം ആശംസകള്‍ കൈമാറി.
പള്ളികളില്‍ നിന്നിറങ്ങിയശേഷം ബന്ധുവീടുകളിലും സൃഹൃത്തുകള്‍ക്കുമൊപ്പം പലരും പെരുന്നാള്‍ ആഘോഷിച്ചു. കനത്ത മഴമൂലം പലരും പുറത്തിറങ്ങാന്‍ മടിച്ചെങ്കിലും വൈകുന്നേരമായതോടെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം തിരക്കായിരുന്നു. കോട്ടക്കുന്നില്‍ പെരുന്നാള്‍ പ്രമാണിച്ച് മൂന്ന് ലേസര്‍ ഷോകളായിരുന്നു ഒരുക്കിയത്.
വൈകുന്നേരം മഴ അല്‍പം കുറഞ്ഞ സമയത്തായിരുന്നു വിവിധയിടങ്ങളിലേക്ക് ആളുകളത്തെിയത്.
കോട്ടക്കുന്നിന് പുറമെ പടിഞ്ഞാറെക്കര ബീച്ചിലും പെരുന്നാള്‍ ആഘോഷിക്കാന്‍ കുടുംബങ്ങളത്തെിയിരുന്നു. ഞായറാഴ്ച ഉച്ചവരെ കനത്ത മഴയായിരുന്നെങ്കിലും ഉച്ചക്കുശേഷം മഴ മാറിനിന്നപ്പോള്‍ നിരവധി പേര്‍ കുടുംബാംഗങ്ങളുമൊത്ത് മലപ്പുറം കോട്ടക്കുന്നിലത്തെിയിരുന്നു.

ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ ചര്‍ച്ചക്ക് തയാറെന്ന് പ്രധാനമന്ത്രി

Posted: 19 Jul 2015 11:45 PM PDT

Image: 

ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബില്ലില്‍ പ്രതിപക്ഷവുമായി ചര്‍ച്ചക്ക് തയാറാണെന്നും മോദി സര്‍വ്വകക്ഷി യോഗത്തില്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ പ്രതിപക്ഷത്തിന്‍റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ലോക്സഭയില്‍ ചട്ടങ്ങള്‍ക്കനുസരിച്ച് ഏതു വിഷയത്തിലും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണ്. പാര്‍ലമെന്‍റിന് അതിന്‍റേതായ പ്രാധാന്യമുണ്ട്. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ അവിടം പ്രയോജനപ്പെടുത്തും. പാര്‍ലമെന്‍റില്‍ വേണ്ടത് കൂട്ടായ പ്രവര്‍ത്തനമാണെന്നും മോദി ചൂണ്ടിക്കാട്ടി.
പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനത്തില്‍ നിലവിലുള്ള വിഷയങ്ങള്‍  ചര്‍ച്ച ചെയ്യാമെന്നും വിശദീകരണം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചതായി ബി.ജെ.പി വക്താവ് രാജീവ് പ്രതാപ് റൂഡി വ്യക്തമാക്കിയിരുന്നു.
ലളിത് മോദി വിവാദ വിഷയത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും ലോക്സഭയില്‍ വിശദീകരണം നല്‍കും.
 

ആളോഹരി ഊര്‍ജോപയോഗത്തില്‍ ഏറ്റവും മുമ്പില്‍ ഖത്തര്‍

Posted: 19 Jul 2015 10:00 PM PDT

Image: 
ദോഹ: ലോകത്ത് ആളോഹരി ഊര്‍ജോപയോഗത്തില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന രാജ്യം ഖത്തര്‍. ഊര്‍ജ സബ്സിഡി സംബന്ധിച്ച ഇന്‍റര്‍നാഷണല്‍ മോണിറ്ററിങ് ഫണ്ട് (ഐ.എം.എഫ്) പുറത്തുവിട്ട കണക്ക് പ്രകാരമാണി ഈ വിവരങ്ങള്‍. ഈ വര്‍ഷം ഖത്തറിന്‍െറ ഊര്‍ജ സബ്സിഡി 14.47 കോടി ഡോളറില്‍ എത്തുമെന്നാണ് ഐ.എം.എഫ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. ഇതില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കുളള സബ്സിഡി 6.78 കോടി ഡോളറാണ്. പ്രകൃതി വാതകത്തിന് 5.17 കോടിയും വൈദ്യുതിക്ക് 2.51 കോടിയുമാണ് സബ്സിഡി. പ്രതിശീര്‍ഷ ഊര്‍ജ സബ്സിഡി 2015ല്‍ 5,995.25 ഡോളറാകും. ഊര്‍ജോല്‍പന്നങ്ങളില്‍ ഏറ്റവും കൂടുതല്‍ സബ്സിഡി ലഭിക്കുന്നത് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കാണ്. ഇതിനായി 2,810.29 ഡോളറാണ് ഓരോ വ്യക്തിക്കുമായി സബ്സിഡി നല്‍കുന്നത്. പ്രകൃതി വാതകത്തിന് 2,143.83 ഡോളറും വൈദ്യുതിക്ക് 1,041.12 ഡോളറുമാണ് സബ്സിഡി.ഈ വര്‍ഷം ഖത്തറിന്‍െറ ഊര്‍ജ സബ്സിഡി ജി.ഡി.പിയുടെ  6.37 ശതമാനമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്രോളിയം സബ്സിഡിക്കായി ജി.ഡി.പി യുടെ 2.99 ശതമാനവും പ്രകൃതി വാതകത്തിനായി 2.28 ശതമാനവും വൈദ്യുതിക്കായി 1.11 ശതമാനവം ചെലവിടുന്നുണ്ട്. ഖത്തറിന് പിന്നാലെ 3,429.95 ഡോളര്‍ സബ്സിഡി നല്‍കുന്ന കുവൈത്തും 3,395.03 ഡോളര്‍ നല്‍കുന്ന സൗദി അറേബ്യയുമാണ് പ്രതിശീര്‍ഷ സബ്സിഡി വിതരണത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍.ജി.ഡി.പിയുടെ 13.23 ശതമാനം സബ്സിഡിയായി നല്‍കുന്ന ഖത്തറും 8.90 ശതമാനം നല്‍കുന്ന കുവൈത്തും 7.79 ശതമാനം സബ്സിഡിയായി നല്‍കുന്ന സൗദി അറേബ്യയുമാണ് മേഖലയിലെ ഏറ്റവും കൂടുതല്‍ സബ്സിഡി നല്‍കുന്ന രാജ്യങ്ങള്‍. 106.56 കോടി ഡോളര്‍ സബ്സിഡിയായി നല്‍കുന്ന സൗദി ഡോളര്‍ അടിസ്ഥാനത്തില്‍ പോസ്റ്റ് ടാക്സ് എനര്‍ജി സബ്സിഡി നല്‍കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ്. 2015ല്‍ ആഗോള തലത്തിലെ ഊര്‍ജ സബ്സിഡി 5.3 ട്രില്യണ്‍ ഡോളറിലത്തെുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് ജി.ഡി.പിയുടെ  6.5 ശതമാനം വരും. അമിത ഊര്‍ജോപഭോഗം പരിസ്ഥിതിക്ക് വരുത്തുന്ന കോട്ടങ്ങള്‍ പോലും പരിഗണിക്കാതെ ഊര്‍ജ നികുതി ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളാണ് ഇതില്‍ പ്രധാന പങ്കുവഹിക്കുന്നത്. കണക്കു കൂട്ടലുകള്‍ക്കപ്പുറത്താണ് ഊര്‍ജ സബ്സിഡി. അന്താരാഷ്ട്ര വിപണിയില്‍ ഊര്‍ജ വില കുറഞ്ഞെങ്കിലും ഊര്‍ജ സബ്സിഡിയില്‍ കാര്യമായ കുറവു വന്നിട്ടില്ല. 
കല്‍ക്കരി അടക്കമുളള ഊര്‍ജോപയോഗത്തിലെ വര്‍ധനവ്, നാണ്യപ്പെരുപ്പം, വരുമാന വര്‍ധനവ്, പരിസ്ഥിതി ചെലവുകള്‍ എന്നിവ ഇതിനുളള പ്രധാന കാരണങ്ങളാണ്.
ഡോളര്‍ അടിസ്ഥാനമാക്കി നോക്കുമ്പോള്‍ ചൈനയും ജി.ഡി.പി അടിസ്ഥാനമാക്കി നോക്കുമ്പോള്‍ ഉക്രൈനുമാണ് ഐ.എം.എഫ് പുറത്തു വിട്ട കണക്കില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍. 
കാര്യക്ഷമതയില്‍ ഒന്നാമത്; ഏറ്റവും ധനാഢ്യ രാജ്യം
ദോഹ: ലോക സാമ്പത്തികഫോറത്തിന്‍െറ കഴിഞ്ഞവര്‍ഷത്തെ ആഗോള മല്‍സരക്ഷമത റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്‍െറ കാര്യശേഷിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് ഖത്തര്‍. 144 ലോക രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍ പ്രഥമ സ്ഥാനത്തത്തെിയത്. സിംഗപ്പൂര്‍, ഫിന്‍ലന്‍ഡ്, ഹോങ്കോങ്, യു.എ.ഇ, ന്യൂസിലന്‍ഡ്, റുവാന്‍ഡ, മലേഷ്യ, സ്വിറ്റ്സര്‍ലന്‍ഡ്, ലക്സംബര്‍ഗ് എന്നീ രാജ്യങ്ങളാണ് ആഗോള പട്ടികയില്‍ രണ്ടു മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളിലുള്ളത്. ഏറ്റവും മോശം സര്‍ക്കാരുകളുടെ പട്ടികയില്‍ വെനസ്വേലയാണ് ഒന്നാമത്. ഇറ്റലി, അര്‍ജന്‍റീന, ലെബനന്‍, ലിബിയ, ക്രൊയേഷ്യ, അംഗോള, ചാഡ്, മൗറിട്ടാന, സെര്ബിയ എന്നിവയാണ് മോശം പട്ടികയിലെ ആദ്യ പത്ത് സ്ഥാനക്കാര്‍.
ആഗോള മല്‍സര ക്ഷമത പട്ടികയില്‍ സ്വിറ്റ്സര്‍ലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. സിംഗപ്പൂര്‍, യു.എസ്, ഫിന്‍ലന്‍ഡ്, ജര്‍മനി, ഏറ്റവും കാര്യക്ഷമമായ സര്‍ക്കാര്‍ ഖത്തറിലേതെന്ന വേള്‍ഡ് ഇക്കണോമിക് ഫോറം റിപ്പോര്‍ട്ട് പുറത്തുവന്നതിന്‍െറ പിറ്റേന്ന് തന്നെ ഖത്തറിനെ ലോകത്തിലെ ഏറ്റവും ധനാഢ്യ രാജ്യമായി തിരഞ്ഞെടുത്തുള്ള ഗ്ളോബല്‍ ഫിനാന്‍സ് മാഗസിന്‍െറ റിപ്പോര്‍ട്ടും പുറത്തുവന്നു. ഖത്തര്‍, ലക്സംബര്‍ഗ്, സിങ്കപ്പൂര്‍ എന്നീ ചെറിയ രാജ്യങ്ങളാണ് ധനശേഷിയില്‍ ലോകത്ത് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഗ്ളോബല്‍ ഫിനാന്‍സ് മാഗസിന്‍്റെ പുതിയ ലക്കത്തിലാണ്  റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 
ഗ്ളോബല്‍ ഫിനാന്‍സ് റിപ്പോര്‍ട്ട് പ്രകാരം ഖത്തറിന്‍െറ പ്രതിശീര്‍ഷ വരുമാനം 1,05,091.42 യു.എസ് ഡോളറിനു തുല്യമാണ്. 184 രാജ്യങ്ങളില്‍  ഏറ്റവും ദരിദ്രമെന്നു റിപ്പോര്‍ട്ടില്‍ വിലയിരുത്തപ്പെട്ട  ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയുടെ പ്രതിശീര്‍ഷ വരുമാനം 400 ഡോളറാണ്. റിപ്പോര്‍ട്ടില്‍ ആദ്യപത്തില്‍ ജി.സി.സി രാജ്യമായ യു.എ.ഇയും  ഇടംപിടിച്ചിട്ടുണ്ട്.
നോര്‍വെ, ബ്രൂണേ, ഹോങ്കോങ്, അമേരിക്ക, യു.എ.ഇ, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രേലിയ എന്നിവയാണ് നാല് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളിലത്തെിയിരിക്കുന്നത്. പ്രതിശീര്‍ഷ വരുമാനം തീരെ കുറഞ്ഞ രാജ്യങ്ങളുടെ വിഭാഗത്തിലാണ് റിപ്പോര്‍ട്ടില്‍ ഇന്ത്യക്ക് സ്ഥാനം. 130ാമതുള്ള ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 4,060.22 ഡോളര്‍. എന്നാല്‍ ചൈന 90ാം സ്ഥാനത്താണുള്ളത്. ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഗ്രീസിന് റിപ്പോര്‍ട്ടില്‍ 42ാം സ്ഥാനമാണെന്നതും ശ്രദ്ധേയമാണ്. 23,930.22 ആണ് ഗ്രീസിന്‍െറ പ്രതിശീര്‍ഷ വരുമാനമായി റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. ഓരോ രാജ്യത്തിന്‍െറയും ആഭ്യന്തരമൊത്ത ഉല്‍പാദനവും പ്രതിശീര്‍ഷ വരുമാനവും സംബന്ധിച്ച് രാജ്യാന്തര നാണയ നിധിയുടെ(ഐഎംഎഫ്) കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ഗ്ളോബല്‍ ഫിനാന്‍സ് മാഗസിന്‍ ധനികരാജ്യങ്ങളേയും ദരിദ്രരാജ്യങ്ങളേയും നിശ്ചയിച്ചിരിക്കുന്നത്. ഖത്തറിനെ ലോകത്തിലെ ധനാഢ്യരാജ്യമായി തിരഞ്ഞെടുത്തത് 2009 മുതല്‍ 20013 വരെയുള്ള അഞ്ച് വര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ 2010-13ലെ കണക്കുകള്‍ പ്രകാരമാണ് ദ് ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയെ ഏറ്റവും ദരിദ്ര രാജ്യമായി പരിഗണിച്ചിരിക്കുന്നത്.
 
 

മാവൂര്‍ ഗ്രാസിം മുന്‍ എക്സി. വൈസ് പ്രസിഡന്‍റ് ആര്‍.എന്‍ സാബു അന്തരിച്ചു

Posted: 19 Jul 2015 09:35 PM PDT

Image: 

കോഴിക്കോട്: മാവൂര്‍ ഗ്രാസിം ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്‍റായിരുന്ന ആര്‍.എന്‍ സാബു (84) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രാജസ്ഥാനിലെ പിലാനി സ്വദേശിയാണ് സാബു. 1951ല്‍ ഗ്വാളിയോറിലെ ജിയാജി റാവു കോട്ടണ്‍ മില്ലില്‍ ജോലിയില്‍ പ്രവേശിച്ചു. 1961 ജനുവരിയില്‍ കോഴിക്കോട്ട് എത്തി മാവൂര്‍ ഗ്രാസിമിന്‍െറ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതലയേല്‍ക്കുകയായിരുന്നു. എക്സിക്യൂട്ടിവ് മാനേജറായി ജോലി ആരംഭിച്ച സാബു,  40 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഗ്രാസിമില്‍ നിന്ന് വിരമിച്ചത്. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സിന്‍െറ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ ചികിത്സാ കേന്ദ്രത്തിനായി കെട്ടിടം നിര്‍മിച്ചു നല്‍കി. ഭാര്യ സാവിത്രി ദേവിയുടെ പേരാണ് കെട്ടിടത്തിന് നല്‍കിയത്. 1982ല്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പൂവാട്ടുപറമ്പിനടുത്ത് ക േല്ലരിയില്‍ സ്ഥാപിച്ച ഇംഗ്ളീഷ് മീഡിയം സ്കൂള്‍ പിന്നീട് വിമന്‍സ് കോളജായി ഉയര്‍ത്തി.

പരേതനായ അജയ് സാബു, അലോക് സാബു, സംഗീത് സാബു, മീന സാബു, രാജീവ് സാബു എന്നിവര്‍ മക്കളാണ്.

അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്; സൈന്യം തിരിച്ചടിച്ചു

Posted: 19 Jul 2015 09:34 PM PDT

Image: 

ജമ്മു: അതിര്‍ത്തിയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലാണ് പാകിസ്താന്‍ റേഞ്ചേഴ്സിന്‍െറ വെടിവെപ്പുണ്ടായത്. ആക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

ഷാപൂര്‍ സെക്ടറില്‍ പ്രകോപനമില്ലാതെ പാകിസ്താന്‍ സേന വെടിവെക്കുകയായിരുന്നു എന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു. ചെറിയ ആയുധങ്ങളും മോട്ടോര്‍ ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും മന്ത്രാലയം വ്യക്തമാക്കി.  

സമാധാനത്തിനായുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് പാകിസ്താന്‍െറ ഭാഗത്തുനിന്നും പ്രകോപനമുണ്ടായത്. കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തില്‍ ഗ്രാമീണര്‍ക്കടക്കം പരിക്കേറ്റിരുന്നു.
 

സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു; പവന് 19,280

Posted: 19 Jul 2015 09:30 PM PDT

Image: 

കൊച്ചി: സ്വര്‍ണവിലയില്‍ കുറവ്. പവന് 240 രൂപ കുറഞ്ഞ് 19,280 ആണ് ഇന്നത്തെ വില. ഗ്രാം സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 2,410 രൂപയായി. പവന് 19,600 രൂപയായിരുന്ന സ്വര്‍ണത്തിന് കഴിഞ്ഞ വ്യാഴാഴ്ചയാണ് വില കുറഞ്ഞ് 19,520ല്‍ എത്തിയത്. കഴിഞ്ഞ നാലു ദിവസമായി ഈ വില തന്നെ തുടരുകയായിരുന്നു.
 

പെരുന്നാള്‍ ചൂട്

Posted: 19 Jul 2015 09:24 PM PDT

Image: 
ദുബൈ: കനത്ത ചൂടിലും പെരുന്നാള്‍ ആഘോഷം പൊടിപൊടിച്ചു. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളില്‍ വിവിധ എമിറേറ്റുകളില്‍ മാളുകളിലും ആഘോഷവേദികളിലും ജനത്തിരക്കിനാല്‍ വീര്‍പ്പുമുട്ടി. ഈര്‍പ്പം നിറഞ്ഞ ചൂട് കാരണം രാത്രിയില്‍ പോലും പുറത്ത് വിയര്‍ത്തൊലിച്ചപ്പോള്‍  ആഘോഷത്തിനായി ജനം മാളുകളിലെയും സൂഖുകളിലെയും കച്ചവട കേന്ദ്രങ്ങളിലെയും തണിപ്പിലേക്ക് ചേക്കേറുകയായിരുന്നു. വിവിധ എമിറേറ്റുകളില്‍ നിന്നുള്ളവര്‍ ദുബൈയില്‍ ഉല്ലസിക്കാന്‍ എത്തിയപ്പോള്‍ ദുബൈയിലെ ചൂടില്‍ നിന്ന് രക്ഷതേടി പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൂട്ടമായി റാസല്‍ഖൈമയിലേക്കും ഖോര്‍ഫക്കാനിലേക്കും അല്‍ഐനിലേക്കും വണ്ടിവിട്ടു. 
ട്രേഡ് സെന്‍ററില്‍ നടക്കുന്ന ഉല്ലാസ വിനോദ മേളയായ മുദ്ഹിശ് വേള്‍ഡ് തന്നെയായിരുന്നു ദുബൈയിലെ പ്രധാന ആകര്‍ഷണം. 
മറ്റു ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ വലിയ തോതിലാണ് ഇവിടേക്ക് സന്ദര്‍ശകര്‍ ഒഴുകിയത്. എ.സിയുടെ കുളിര്‍മയില്‍ വൈവിധ്യമാര്‍ന്ന റെയ്ഡുകളും  ഫണ്‍ ഗെയിമുകളും ആസ്വദിക്കാന്‍ കുട്ടികള്‍ തിരക്ക്കൂട്ടി. സ്റ്റേജ് ഷോയുമുണ്ടായിരുന്നു. ശനിയാഴ്ച മാത്രം ഇവിടെ 10,000 സന്ദര്‍ശകരത്തെിയെന്നാണ് കണക്ക്. 
ഹോട്ടലുകളും റസ്റ്റോറന്‍റുകളിലും തിയറ്ററുകളിലും തിരക്കോട് തിരക്കുതന്നെയായിരുന്നു. മെട്രോ, ബസ്,ടാക്സി സര്‍വീസുകള്‍ തിരക്ക് മുന്‍കൂട്ടി കണ്ട് കൂടുതല്‍ സര്‍വീസുകള്‍ നടത്തി. എങ്കിലും ഇവയെല്ലാം നിറഞ്ഞുതന്നെ ഓടി.സൂര്യന്‍ ഒന്ന് താഴ്ന്നതോടെ പാര്‍ക്കുകളിലും തിരക്കായി. 
സന്ദര്‍ശകര്‍ക്ക് വര്‍ണ്ണകാഴ്ചകളൊരുക്കി വിവിധ മാളുകള്‍ ഈദാഘോഷത്തിന് പൊലിമകൂട്ടി. പ്രമുഖ മാളുകളിലെല്ലാം നിരവധി കലാ-സാംസ്കാരിക വിനോദ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധനവുണ്ടായതായാണ് ഒൗദ്യോഗിക കണക്ക്.
ജൂമൈറ ബീച്ച് റസിഡന്‍സിലെ ‘ദ ബീച്ചില്‍‘ ആകാശം വര്‍ണത്തില്‍ മുക്കി വെടിക്കെട്ട് നടന്നു. ഇത് കാണാനും കാമറയില്‍ പകര്‍ത്താനും ആയിരങ്ങളാണ് ഇവിടെയത്തെിയത്.
ഷാര്‍ജ: ഷാര്‍ജയിലെ ഖാലിദ് തടാക കരയിലെ വിവിധ ഉദ്യാനങ്ങളിലും ഖസബയിലും നടന്ന ആഘോഷ പരിപാടികള്‍ കാണാനും വന്‍ തിരക്ക് അനുഭവപ്പെട്ടു. ഇവിടെ വിനോദ പരിപാടികള്‍ക്ക് പുറമെ വെടിക്കെട്ടും ഉള്‍പെടുത്തിയിരുന്നു. രാത്രിയുടെ താളില്‍ കരിമരുന്നെഴുതിയ വര്‍ണ ചിത്രങ്ങള്‍ കാണാന്‍ നൂറികണക്കിന് പേരാണ് എത്തിയത്. ഖാലിദ് തടാകത്തിലൂടെ ഒഴുകി നടന്ന ഉല്ലാസ നൗകകളില്‍ നിന്ന് സംഗീതവും സന്തോഷവും തിരത്തേക്ക് ഒഴുകി. വടക്കോട്ടും കിഴക്കോട്ടും സര്‍ക്കീട്ട് പോയവരെ അത്ഭൂതപ്പെടുത്തിയത് കൂറ്റന്‍ മലകളും അണക്കെട്ടുകളും കാര്‍ഷിക സമൃദ്ധിയും കന്ന് കാലികളും നാട്ട് ചന്തകളുമായിരുന്നു. മാനം മുട്ടെ നില്‍ക്കുന്ന മലകളും അവയുടെ താഴ്വാരങ്ങളിലൂടെ മേഞ്ഞ് നടക്കുന്ന ആട്ടിന്‍ പറ്റവും അവയോട് ചേര്‍ന്ന് നില്‍ക്കുന്ന കാര്‍ഷിക ഭൂമികളും വാഹന തിരക്ക് മാത്രം കണ്ട് ശീലിച്ചവര്‍ക്ക് പുത്തന്‍ അനുഭവമായിരുന്നു. കല്‍ബയിലെ തടാകവും കടലിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഉദ്യാനവും സന്ദര്‍ശകരെ സന്തോഷിപ്പിച്ചു.   കല്‍ബ-ഷാര്‍ജ റോഡിലൂള്ള കയറ്റവും ഇറക്കവും ചെകുത്തായ വളവുകളും തിരിവുകളും പലര്‍ക്കും പൂതിയ കാഴ്ച്ചയായിരുന്നു. 
മലകള്‍ കടലിലിറങ്ങി നീരാടുന്ന ഖോര്‍ഫക്കാനില്‍ സന്ദര്‍ശകരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കടലോരത്ത് സഞ്ചാരികള്‍ക്കായി ഏര്‍പ്പെടുത്തിയ പാരസൈക്കിളിംങില്‍ കയറാനും വന്‍തിരക്കായിരുന്നു. കടലോരത്ത് ഭക്ഷണം പാചകം ചെയ്യുന്നവരേയും അവ വട്ടം വളഞ്ഞിരുന്ന് തിന്നുന്നവരേയും ഇഷ്ടം പോലെ കണ്ടു. ഫുജൈറയിലെ കടലോരത്തും വന്‍ ജനക്കൂട്ടമാണ് എത്തിയത്. ഫുജൈറയിലെ ചരിത്ര പ്രസിദ്ധമായ കോട്ട കാണാനും  തിരക്കുണ്ടായിരുന്നു. കുട്ടികളെ സന്തോഷിപ്പിക്കാനായ നിരവധി വിനോദ പരിപാടികളാണ് ഫുജൈറ തീരത്ത് ഒരുക്കിയത്. ഒട്ടകത്തിന്‍റയും കുതിരയുടേയും പുറത്തേറി കുട്ടികള്‍ സന്തോഷിച്ചു. ദുബൈയുടെ കാര്‍ഷിക ഗ്രാമമായ ഹത്തയിലും സഞ്ചാരികളത്തെി. ഹത്ത കണ്ട് പലരും ഒമാനിലേക്ക് വെച്ച് പിടിച്ചു. ഞായറാഴ്ച്ച ജോലിയുള്ളതകാര്യം മറന്ന് പലരും കണ്ടും സൊറ പറഞ്ഞും കറങ്ങി നടക്കുകയായിരുന്നു. ഇതിനിടയില്‍ ചൂടും അന്തരീക്ഷ ഈര്‍പ്പവും വില്ലനായി കടന്ന് വന്നെങ്കിലും പെരുന്നാള്‍ സന്തോഷത്തിന് മുന്നില്‍ തോറ്റ് തുന്നം പാടി.

അശ്കറിന്‍െറ മരണം: ഒടുവില്‍ എട്ടു തൊഴിലാളികള്‍ നാട്ടിലേക്ക് പറന്നു

Posted: 19 Jul 2015 09:05 PM PDT

Image: 
മനാമ: തൊഴില്‍ സ്ഥലത്തെ മര്‍ദനം ഭയന്ന് ഓടുന്നതിനിടെ തൃശൂര്‍ സ്വദേശി അശ്കര്‍ വാഹനമിടിച്ചു മരിച്ച സംഭവത്തെ തുടര്‍ന്ന് ക്യാമ്പുവിട്ട 13 തൊഴിലാളികളില്‍ എട്ടുപേര്‍ ഇന്നലെ നാട്ടിലേക്ക് തിരിച്ചു. ഇന്നലെ രാത്രി ബഹ്റൈനില്‍ നിന്ന് മുബൈ വഴി കേരളത്തിലേക്ക് പോകുന്ന ജെറ്റ് എയര്‍വെയ്സ് വിമാനത്തിലാണ് ഇവര്‍ പോയത്. ഇതില്‍ ജിജോ ഫെര്‍ണാണ്ടസ് എന്നയാള്‍ തിരുവനന്തപുരത്തേക്കും ബാക്കിയുള്ള എ.ഷിതിന്‍, രഞ്ജിത്ത് പുതിയപുരക്കല്‍, ഇ.കെ.ഗംഗാധരന്‍, ദാമോദരന്‍ ഈരോളി, പ്രവീത്, രാജു, മോഹനന്‍ എന്നിവര്‍ കോഴിക്കോട്ടേക്കുമാണ് പോകുന്നത്. നേരത്തെ ഇവിടെ തുടരാന്‍ താല്‍പര്യപ്പെട്ടിരുന്ന രഞ്ജിത്ത് അവസാനം തിരിച്ചുപോകാന്‍ തീരുമാനിക്കുകയായിരുന്നു. തൊഴിലാളികള്‍ക്ക് മടക്കയാത്രക്കുള്ള ടിക്കറ്റും വഴിച്ചെലവായി 1500 രൂപയും എംബസി നല്‍കി. സാമൂഹിക പ്രവര്‍ത്തകരായ സുബൈര്‍ കണ്ണൂര്‍, സിറാജ് കൊട്ടാരക്കര, ബഷീര്‍ അമ്പലായി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശേഖരിച്ച പണവും ഇവര്‍ക്ക് കൈമാറി. ഒരാള്‍ക്ക് 40 ദിനാര്‍ വച്ചാണ് ഇവര്‍ നല്‍കിയത്. പുറമെ ‘പ്രേരണ’യും ഓരോരുത്തര്‍ക്കും 10 ദിനാറും വീട്ടിലേക്കുള്ള മിഠായിയും മറ്റും നല്‍കി. സാമൂഹിക പ്രവര്‍ത്തകരും എംബസി ഉദ്യോഗസ്ഥനും തൊഴിലാളികളെ യാത്രയയക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. 
 പാസ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയ ഒരുമാസമായുള്ള ഇടപെടല്‍ കഴിഞ്ഞ ദിവസമാണ് വിജയം കണ്ടത്.  നിരന്തര ചര്‍ച്ചകള്‍ക്കൊടുവില്‍ സ്പോണ്‍സര്‍ കഴിഞ്ഞ ദിവസമാണ്  12 തൊഴിലാളികളുടെ പാസ്പോര്‍ട്ട് ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചത്.ഇതോടെയാണ് ഒരു മാസം മുമ്പ് അശ്കര്‍ എന്ന ചെറുപ്പക്കാരന്‍െറ മരണത്തോടെ തുടങ്ങിയ പ്രശ്നങ്ങള്‍ താല്‍ക്കാലികമായെങ്കിലും അവസാനിച്ചത്.  ഇവിടെ നില്‍ക്കുന്ന തൊഴിലാളികള്‍ക്ക് ‘ടുസ്റ്റാര്‍’ എന്ന ക്ളീനിങ് കമ്പനി ഇതിനകം ഓഫര്‍ ലെറ്റര്‍ നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് ബഹ്റൈനില്‍ ജോലി ചെയ്യുന്നതിന് തടസമില്ല.കഴിഞ്ഞ ദിവസം എംബസിയില്‍ നടന്ന ചര്‍ച്ചയില്‍ പാസ്പോര്‍ട്ട് വിഷയത്തില്‍ തീരുമാനമായിരുന്നെങ്കിലും പെരുന്നാള്‍ തിരക്കു മൂലം വിമാനങ്ങളില്‍ നാട്ടിലേക്കുള്ള ടിക്കറ്റ് ലഭ്യമല്ലാതിരുന്നത് മൂലമാണ് യാത്ര നീണ്ടത്. 
ശമ്പളക്കുടിശ്ശികയുടെ കാര്യത്തില്‍ ഒടുക്കം നടന്ന ചര്‍ച്ചയിലും സ്പോണ്‍സര്‍ ഉറപ്പ്  നല്‍കാതിരുന്നതില്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്കും തൊഴിലാളികള്‍ക്കും ഒരേ പോലെ നിരാശയുണ്ട്.  ഇന്ത്യന്‍ എംബസി അഭിഭാഷകക്ക് തൊഴിലാളികള്‍ പവര്‍ഓഫ് അറ്റോണി നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ ശമ്പള കുടിശ്ശിക, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവക്കായി നല്‍കിയ കേസിനെ ആശ്രയിച്ചാകും ഇക്കാര്യങ്ങളുടെ തീര്‍പ്പ്.
സാമൂഹിക പ്രവര്‍ത്തകര്‍ രണ്ടുചേരികളിലായി നിന്ന് നടത്തിയ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഒരു മാസക്കാലം ഈ തൊഴിലാളികള്‍ക്ക് തുണയായത്. ഐ.സി.ആര്‍.എഫ് അംഗവും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായി സുബൈര്‍ കണ്ണൂര്‍, ബഷീര്‍ അമ്പലായി, സിറാജ് കൊട്ടാരക്ക എന്നിവര്‍ ഒരു വശത്തും ‘പ്രേരണ’ പ്രവര്‍ത്തകരും വി.എസ്.തമ്പിയും മറുവശത്തുമായി നിലയുറപ്പിച്ചാണ് കാര്യങ്ങള്‍ നടത്തിയത്. ഇതേ തുടര്‍ന്ന് പല ഘടങ്ങളിലും ഇവര്‍ തമ്മില്‍ അഭിപ്രായ വിത്യാസങ്ങളും ഉണ്ടായിരുന്നു.  ‘പ്രേരണ’ പ്രവര്‍ത്തരും സാമൂഹിക പ്രവര്‍ത്തകന്‍ വി.എസ് തമ്പിയും പൊലീസ് സ്റ്റേഷന്‍, എല്‍.എം.ആര്‍.എ എന്നിവ വഴി നിയമപരമായ നീക്കങ്ങള്‍ ശക്തമാക്കിയപ്പോള്‍ സുബൈര്‍ കണ്ണൂരിന്‍െറ നേതൃത്വത്തില്‍ എംബസി വഴിയുള്ള  ചര്‍ച്ചക്കാണ് പ്രാമുഖ്യം നല്‍കിയത്.രണ്ടു നീക്കങ്ങളുടെയും ഫലമായാണ് തൊഴിലുടമ വഴങ്ങിയത്. പാസ്പോര്‍ട്ട് വിമാനത്താവളത്തില്‍ എത്തിക്കാമെന്നും പാസ്പോര്‍ട്ട് ലഭിച്ചാല്‍ തൊഴിലാളികള്‍ ബഹ്റൈനില്‍ തങ്ങാന്‍ പാടില്ളെന്നുമായിരുന്നു തൊഴിലുടമ ആദ്യം സ്വീകരിച്ച നിലപാട്. ഇത് അംഗീകരിച്ച് തൊഴിലാളികളെ നാട്ടിലേക്ക് അയച്ച ശേഷം പവര്‍ ഓഫ് അറ്റോണിയുടെ ബലത്തില്‍ കേസ് നടത്തണമെന്ന്  ഒരു വിഭാഗവും തൊഴിലാളികളെ ആനുകൂല്യം ലഭ്യമാക്കാതെ നാട്ടിലേക്കയക്കാന്‍ അനുവദിക്കില്ളെന്ന്  മറുവിഭാഗവും നിലപാടു സ്വീകരിച്ചതോടെയാണ് സാമൂഹിക പ്രവര്‍ത്തകര്‍ക്കിടയില്‍ കനത്ത ചേരിപ്പോര് ഉടലെടുത്തത്. 
 

ആസ്ട്രേലിയന്‍ സര്‍ഫിങ് താരം സ്രാവിന്‍റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു

Posted: 19 Jul 2015 09:01 PM PDT

Image: 

ജൊഹന്നാസ് ബര്‍ഗ്: ആസ്ട്രേലിയന്‍ സര്‍ഫിങ് താരം മിക്ക് ഫാനിങ് സ്രാവിന്‍റെ ആക്രമണത്തില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ടു. മൂന്ന് തവണ ലോകചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ 34 കാരനായ താരം സര്‍ഫിങില്‍ മാത്രമല്ല, സ്രാവിനോട് എതിരിടുന്നതിലും മുമ്പനാണെന്ന് കഴിഞ്ഞ ദിവസം തെളിയിച്ചു. ലോക സര്‍ഫിങ് ലീഗിന്‍റെ ജെ ബേ ഓപണ്‍ ഫൈനലിന്‍െറ പരിശീലനത്തിനിടെയാണ് സംഭവമുണ്ടായത്.

ദക്ഷിണാഫ്രിക്കയിലെ ജഫ്രീക്കാ കടല്‍തീരത്ത് പരിശീലനം നടത്തുകയായിരുന്നു മിക്ക് ഫാനിങ്. സര്‍ഫിങിന് പറ്റിയ തിര കാത്ത് കടലില്‍ നില്‍ക്കുമ്പോഴാണ് അടിയിലൂടെ ആരോ തന്‍െറ കാലില്‍ പിടിച്ചു വലിക്കുന്നതായി ഫാനിങ്ങിന് അനുഭവപ്പെട്ടത്. സ്രാവാണ് കാലില്‍ പിടികൂടിയിരിക്കുന്നത് എന്നറിഞ്ഞപ്പോഴും ഫാനിങ് ആത്മവിശ്വാസം കൈവിട്ടില്ല. സര്‍ഫിങ് ബോര്‍ഡ് കൊണ്ട് സ്രാവിനെ എതിരിട്ടു. രക്ഷാബോട്ടുകള്‍ എത്തിയാണ് ഫാനിങിനെ സ്രാവിന്‍െറ പിടിയില്‍ നിന്നും രക്ഷപ്പെടുത്തിയത്. സ്രാവിനോട് പൊരുതിനില്‍ക്കാന്‍ ഫാനിങ് കാണിച്ച ധീരതയാണ് ഇദ്ദത്തേിന്‍െറ ജീവന്‍ രക്ഷിച്ചത്.

ഫാനിങിന് അപകടം പറ്റിയതിനെ തുടര്‍ന്ന് ഞായറാഴ്ച നടക്കേണ്ടിയിരുന്ന ജെ ബേ ഓപണ്‍ ഫൈനല്‍ മാറ്റി വച്ചു. ദക്ഷിണാഫ്രിക്കയുടെ തീരപ്രദേശങ്ങളിലാണ് ഉപദ്രവകാരികളായ സ്രാവുകള്‍ ഏറ്റവും കൂടുതലുള്ളത്.
 

ചാവേര്‍ സ്ഫോടനം പൊലിമ കുറഞ്ഞ് ഈദാഘോഷം

Posted: 19 Jul 2015 08:48 PM PDT

Image: 
കുവൈത്ത് സിറ്റി: രാജ്യചരിത്രത്തില്‍ കറുത്ത ഏടായി പതിഞ്ഞ ചാവേര്‍ സ്ഫോടനത്തിന്‍െറ പശ്ചാത്തലത്തില്‍ ഇത്തവണ ഈദുല്‍ ഫിത്ര്‍ ആഘോഷങ്ങള്‍ക്ക് പൊലിമ കുറഞ്ഞു. പതിവിനുവിപരീതമായി അവധി രണ്ടുദിവസം (വെള്ളി, ശനി അടക്കം നാലു ദിവസം) മാത്രമാക്കി കുറച്ച സര്‍ക്കാര്‍, ഒൗദ്യോഗിക ആഘോഷപരിപാടികളും നടത്തിയില്ല. കഴിഞ്ഞമാസം 26നാണ് രാജ്യത്തെ നടുക്കിയ സവാബിറിലെ ഇമാം സാദിഖ് ശിയ മസ്ജിദില്‍ ചാവേര്‍ സ്ഫോടനമുണ്ടായത്. 27 പേരുടെ മരണത്തിനും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കാനുമിടയാക്കിയ ആക്രമണം രാജ്യത്തിനേല്‍പിച്ച മുറിവ് ഏറെ വലുതായിരുന്നു. എന്നാല്‍, അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ നേതൃത്വത്തില്‍ അവസരത്തിനൊത്തുയര്‍ന്ന ഭരണകൂടം രാജ്യത്തിന്‍െറ ഐക്യവും വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലെ പരസ്പര സ്നേഹവും തകരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചപ്പോള്‍ രാജ്യം ആശ്വസിച്ചു.
 രാജ്യത്തെ ഏറ്റവും വലിയ സുന്നി പള്ളിയായ മസ്ജിദുല്‍ കബീറില്‍ ശിയ വിഭാഗത്തെകൂടി പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ജുമുഅ നമസ്കാരം രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടാണെന്നതിന്‍െറ വിളംബരമായിരുന്നു.  സ്ഫോടനമുണ്ടായി മൂന്നാഴ്ചക്കുശേഷം അതുപോലൊരു വെള്ളിയാഴ്ച വിരുന്നത്തെിയ ഈദുല്‍ ഫിത്റും സാഹോദര്യത്തിന്‍െറയും ഐക്യത്തിന്‍െറയും വെള്ളിവെളിച്ചം പകരാനാണ് ഭരണകൂടവും നേതൃനിരയിലെ പ്രമുഖരും ചെലവഴിച്ചത്. പെരുന്നാളിനോടനുബന്ധിച്ച് അമീറിനെ സന്ദര്‍ശിച്ച് ആശംസ കൈമാറുന്ന ചടങ്ങിലേക്ക് ശിയ നേതൃനിരയിലെ മിക്കവരുമത്തെി. സ്ഫോടനത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രത്യേകമായി ആശംസകൈമാറാനും അമീര്‍ മറന്നില്ല.

സി.പി.എമ്മിന് പ്രായശ്ചിത്തം; ഗൗരിയമ്മക്ക് രാഷ്ട്രീയ ആശ്വാസം

Posted: 19 Jul 2015 07:45 PM PDT

Image: 

ആലപ്പുഴ: ഉപാധികളില്ലാതെ കെ.ആര്‍. ഗൗരിയമ്മയെ സി.പി.എമ്മില്‍ ചേര്‍ക്കാനുള്ള തീരുമാനം പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രായശ്ചിത്തമായി. പാര്‍ട്ടി സംഘടനാതത്ത്വങ്ങള്‍ എല്ലാം മാറ്റിവെച്ച് മുതിര്‍ന്ന പഴയ നേതാവിനെ എല്ലാ ആദരവോടും കൂടി സ്വീകരിക്കണം എന്നതാണ് സി.പി.എമ്മിന്‍െറ തീരുമാനം. ഗൗരിയമ്മക്കാകട്ടെ 1994ല്‍ ജെ.എസ്.എസ് രൂപവത്കരിച്ച് രണ്ട് പതിറ്റാണ്ടിനുശേഷം ഉണ്ടായ രാഷ്ട്രീയ തിക്താനുഭവങ്ങളാണ് മാതൃസംഘടനയിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത്.
സി.പി.എമ്മിന്‍െറ ചരിത്രത്തില്‍ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി സംസ്ഥാനനേതൃത്വം പുറത്താക്കിയ നേതാവിനെ ഉപാധികളില്ലാതെ തിരിച്ചെടുക്കുന്നത് ഇതാദ്യമാണ്. ടി.കെ. രാമകൃഷ്ണന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തെ പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ സി.പി.എം മറക്കാന്‍ ശ്രമിക്കുകയാണ്. ഗൗരിയമ്മയില്‍ ഇ.എം.എസും ഇ.കെ. നായനാരും ആരോപിച്ച തന്‍പ്രമാണിത്വവും അച്ചടക്കരാഹിത്യവും സംഘടനാബോധമില്ലായ്മയും ഇന്ന് പാര്‍ട്ടി നേതൃത്വത്തിന് പഴങ്കഥയായി. ’90കളില്‍ നേതൃത്വവുമായി ഗൗരിയമ്മ തുടങ്ങിയ ‘രാഷ്ട്രീയയുദ്ധ’ത്തിന്‍െറ പരിസമാപ്തിയായിരുന്നു പുറത്താക്കല്‍.
ആലപ്പുഴ വികസനത്തിന്‍െറ പേരില്‍ കെ. കരുണാകരനും എം.വി. രാഘവനും തീര്‍ത്ത കെണിയില്‍ ഗൗരിയമ്മ കുടുങ്ങിയെന്നായിരുന്നു അക്കാലത്ത് ഇ.എം.എസിന്‍െറ വിലയിരുത്തല്‍. പിന്നീട് ഓരോ പരിപാടിയിലും ഗൗരിയമ്മക്കെതിരെ ശക്തമായി അച്ചടക്കത്തിന്‍െറ വാളോങ്ങിയിരുന്നു. പൂര്‍ണ താല്‍പര്യത്തോടെ അല്ലായിരുന്നെങ്കിലും ഇ.എം.എസ് ഉള്‍പ്പെടെ നേതൃത്വത്തിന്‍െറ നിലപാടിനെതിരെ വി.എസ് രംഗത്തുവന്നെങ്കിലും ഫലമുണ്ടായില്ല. അവസാനം ഗൗരിയമ്മയെ ഒപ്പംകൂട്ടാന്‍ പൊതുസമ്മേളനങ്ങള്‍ നടത്തി വി.എസ് ഒരുശ്രമം നടത്തിയിരുന്നു. ‘ജ്യേഷ്ഠസഹോദരി വിരുദ്ധശക്തികളുടെ കോടാലികൈയായി മാറരുത്’ എന്ന വിഖ്യാതമായ ഉപദേശം വി.എസ് അന്ന് ഗൗരിയമ്മക്ക് നല്‍കിയിരുന്നു.

പിന്നാക്ക വിഭാഗങ്ങളിലെ ചോര്‍ച്ചയും വി.എസിന്‍െറ വിമര്‍ശഭീഷണിയും അതിജീവിക്കാന്‍ ഗൗരിയമ്മയുടെ സാന്നിധ്യം ഗുണംചെയ്യുമെന്നാണ് സി.പി.എമ്മിന്‍െറ വിലയിരുത്തല്‍. അതിനാല്‍ ഒരു അപേക്ഷയോ ആവശ്യമോ കൂടാതെയാണ് അവരെ സ്വീകരിക്കുന്നത്. എല്‍.ഡി.എഫില്‍ ഘടകകക്ഷി ആക്കണമെന്നാണ് ഗൗരിയമ്മ കത്തിലൂടെ ആവശ്യപ്പെട്ടത്. പാര്‍ട്ടിയിലേക്ക് മടങ്ങണമെന്ന് അവര്‍ രഹസ്യമായി വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഗൗരിയമ്മക്കൊപ്പം നിന്ന് സ്ഥാനങ്ങള്‍ നേടാന്‍ ശ്രമിക്കുന്നവരുടെ കൂട്ടമായി ജെ.എസ്.എസ് മാറിയെന്ന തോന്നല്‍ അവര്‍ക്ക് ഉണ്ടായതാണ് അതിന്‍െറ പ്രധാന കാരണം. സ്ഥാനം നഷ്ടപ്പെടുമെന്ന് തോന്നുന്നവര്‍ അവര്‍ക്കുചുറ്റും വിമതസഖ്യമുണ്ടാക്കി. ഗൗരിയമ്മയുടെ അഭിപ്രായത്തിന് വിലയില്ലാത്ത അവസ്ഥയും ഉണ്ടായി.

ഗൗരിയമ്മയെ മതി എന്ന നിലയിലാണ് ലയനമെങ്കിലും ജെ.എസ്.എസില്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ക്ക് ഗൗരിയമ്മ നല്‍കുന്ന ലിസ്റ്റിന്‍െറ അടിസ്ഥാനത്തില്‍ സി.പി.എമ്മില്‍ സ്ഥാനം നല്‍കുന്നത് ആലോചനയിലുണ്ട്. ജെ.എസ്.എസിന്‍െറ ഓഫിസ് കെട്ടിടങ്ങളുടെ മാറ്റം സംബന്ധിച്ചും തീരുമാനമായില്ല. തിങ്കളാഴ്ച ചേരുന്ന ജെ.എസ്.എസ് സംസ്ഥാന സെന്‍റര്‍ യോഗം ഇതേക്കുറിച്ച് തീരുമാനിക്കും. ഡോ. തോമസ് ഐസക്, എം.എ. ബേബി എന്നിവരാണ് ഗൗരിയമ്മയുമായി ചര്‍ച്ച നടത്തി തീരുമാനത്തിന് അന്തിമരൂപം നല്‍കുക.

മുഖ്യപ്രതി ഭരണകൂടംതന്നെ

Posted: 19 Jul 2015 07:37 PM PDT

Image: 

ദുരന്തങ്ങളുടെ കണക്കെടുപ്പുകള്‍ക്ക് ഇപ്പോള്‍ വലിയ വാര്‍ത്താപ്രാധാന്യമില്ളെങ്കിലും നാട് എങ്ങോട്ടു നീങ്ങുന്നു എന്നു കാണിക്കുന്ന നാഴികക്കല്ലുകളാണവ. രാജ്യം നേരിടുന്ന യഥാര്‍ഥ ഭീഷണികളും അതിനെ കൈകാര്യംചെയ്യാന്‍ ബാധ്യസ്ഥമായ ഭരണകൂട സംവിധാനങ്ങളുടെ പ്രതികരണവും കണക്കുകള്‍ ഉറക്കെ വിളിച്ചുപറയുന്നു. ഈ ഗണത്തില്‍ പെടുന്ന ചില കണക്കുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. നാടാകെ ആശങ്ക ആഘോഷിച്ചുപോരുന്ന കര്‍ഷക ആത്മഹത്യയുടെ ഏറ്റവും പുതിയ കണക്കുകള്‍. കര്‍ഷകക്ഷേമം, കാര്‍ഷികവികസനം തുടങ്ങിയ വാചാടോപങ്ങളും പാക്കേജ് പ്രഖ്യാപനങ്ങളുമൊക്കെ വീറോടെ നടന്നുകൊണ്ടിരിക്കുമ്പോഴും കണക്കുകള്‍ ഇപ്പോഴും തിരിഞ്ഞ് കൊഞ്ഞനംകുത്തുകയാണെന്ന് പറയുന്നു ഗ്രാഫ് മേലോട്ടുയര്‍ന്നുകൊണ്ടേയിരിക്കുന്ന കര്‍ഷക ആത്മഹത്യ നിരക്ക്. ജനസംഖ്യയുടെ 48.5 ശതമാനം കൃഷിയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന രാജ്യത്ത് അഞ്ചു ശതമാനത്തിലേറെ പേര്‍ കഴിഞ്ഞൊരു വര്‍ഷത്തില്‍ ജീവനൊടുക്കിയിട്ടുണ്ട്.  

നാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് മഹാരാഷ്ട്രയില്‍ കഴിഞ്ഞ വര്‍ഷം 2568 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരിക്കുന്നു. ബ്യൂറോയുടെ കണക്കെടുപ്പ് രീതിയനുസരിച്ച്, സ്വന്തം ഭൂമിയില്‍ കൃഷിയിറക്കുന്നവരും കാര്‍ഷികവൃത്തിക്ക് ആളുകളെ ഇറക്കുന്നവരുമാണ് കര്‍ഷകരില്‍ ഉള്‍പ്പെടുക. കര്‍ഷകത്തൊഴിലാളികള്‍ ഇതില്‍നിന്നൊഴിവാണ് എന്നതാണ് കൗതുകം. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട് കണക്കു ചികഞ്ഞാല്‍ ആകെ 4004 പേര്‍ മറാത്തനാട്ടില്‍ ജീവിതം അവസാനിപ്പിച്ചിട്ടുണ്ടെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോ പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്നത് മഹാരാഷ്ട്രയിലാണ്. പാക്കേജുകള്‍ നിരവധി ലഭിച്ച വിദര്‍ഭ മേഖലയില്‍നിന്നാണ് ഇതില്‍ 800 പേരും എന്നത് ഒൗദ്യോഗികപ്രഖ്യാപനങ്ങളുടെ ഫലപ്രാപ്തി വട്ടപ്പൂജ്യമാണെന്നു തെളിച്ചുപറയുന്നു.

898 പേര്‍ തെലങ്കാനയിലും 826 പേര്‍ മധ്യപ്രദേശിലും 443 പേര്‍ ഛത്തിസ്ഗഢിലും 321 പേര്‍ കര്‍ണാടകയിലും ജീവനൊടുക്കി ദുരന്തത്തില്‍ മുന്നിലത്തെി. ആത്മഹത്യയുടെ കാരണംതേടി പാഴൂര്‍ പടി പോകേണ്ട കാര്യമൊന്നുമില്ല. സാമ്പത്തികപരാധീനതതന്നെ വില്ലന്‍. അത് ഗവണ്‍മെന്‍റിനറിയാം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും പരിഹാരക്രിയകളുടെ കണക്കുകള്‍ നിരത്തുന്നുണ്ട്. അതില്‍ ശരിയുമുണ്ട്. എന്നാല്‍, ഇതും സംഭവയാഥാര്‍ഥ്യങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നില്ല എന്നതാണ് കൂടുതല്‍ വലിയ ശരി. കര്‍ണാടകയിലെ വര്‍ധിത ആത്മഹത്യ കണ്ട് അസ്വസ്ഥനായ മുഖ്യമന്ത്രി, ചിട്ടി വട്ടിപ്പലിശക്കാരെയാണ് പ്രതി ചേര്‍ക്കുന്നത്. പതിനാലും പതിനാറും ശതമാനം പലിശ വാങ്ങാന്‍ അനുവദിച്ചിട്ടും അതില്‍ കൂടുതല്‍ തുക അവര്‍ വാങ്ങുന്നുണ്ടത്രേ. ഇത്തരം അതിക്രമങ്ങള്‍ തടയേണ്ട ഭരണകൂടം അതിനു മിനക്കെടാതെ പലിശക്കൊള്ളക്കാരെ പഴിച്ചും രാഷ്ട്രീയനഷ്ടം പേടിച്ചും തടിരക്ഷപ്പെടുത്തുകയാണ്. നിലവില്‍ രാജ്യത്ത് പൗരന്മാര്‍ നേരിടുന്ന ഏതു പ്രശ്നത്തിന്‍െറയും പൊതുസ്വഭാവമാണിത്. അവരുടെ ആധിയും ആശങ്കയും ആവര്‍ത്തിച്ചുരുവിടുന്നതിലും ഉറപ്പിക്കുന്നതിലും അവസാനിപ്പിക്കുകയാണ് ഭരണാധികാരികള്‍. എന്നാലോ, കാര്‍ഷികരാജ്യമായ നാടിന്‍െറ സമ്പദ്ഘടനയുടെ സ്വഭാവം അട്ടിമറിക്കുന്ന പ്രവര്‍ത്തനരീതികള്‍ കൈക്കൊള്ളുന്നതിന് അവര്‍ അമാന്തിക്കുന്നുമില്ല.

ഇന്ത്യയുടെ നട്ടെല്ലായ കൃഷി തകരുകയും കര്‍ഷകര്‍ കൂട്ടനാശമടയുകയും ചെയ്യുമ്പോഴും അതിനെ രക്ഷപ്പെടുത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ക്കു പകരം ആത്മഹത്യാപരമായ നീക്കത്തിന് ഗതിവേഗം കൂട്ടുകയാണ് ഗവണ്‍മെന്‍റ്. ദുരന്തത്തിന്‍െറ കണക്കുകള്‍ അപ്ഡേറ്റ് ചെയ്യപ്പെടുന്നതിനൊപ്പം കര്‍ഷകവിരുദ്ധ നീക്കങ്ങളും പുരോഗമിക്കുകയാണ്. ഏറ്റവുമൊടുവില്‍ രാജ്യത്തെ കാര്‍ഷികവൃത്തിയെയും അതിനെ ആശ്രയിച്ചുള്ള ദശലക്ഷക്കണക്കിനു ജീവിതങ്ങളെയും തൃണവദ്ഗണിച്ച് നരേന്ദ്ര മോദിയുടെ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ നിയമം നടപ്പാക്കുന്നതിന് കാണിക്കുന്ന വീറും വാശിയും അതാണ് തെളിയിക്കുന്നത്. കൃഷിക്കും കര്‍ഷകനും പുല്ലുവില നല്‍കാതെ, സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ത്ത് രാജ്യത്തെ വമ്പിച്ച ഉപഭോക്തൃ വിപണിയാക്കി മാറ്റിയെടുക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന മോദി സര്‍ക്കാര്‍ ഏതുവിധേനയും ഭൂമി ഏറ്റെടുക്കല്‍ നിയമം പാസാക്കിയേ അടങ്ങൂ എന്ന ദൃഢനിശ്ചയത്തിലാണ്. വിവാദ ബില്‍ പാസാക്കുന്നതിനുള്ള സമവായത്തിലത്തൊന്‍ സാധിക്കാതെവന്നതിനാല്‍ നാളെ ആരംഭിച്ച് ആഗസ്റ്റ് മൂന്നിന് അവസാനിക്കുന്ന പാര്‍ലമെന്‍റിന്‍െറ മണ്‍സൂണ്‍ സമ്മേളനത്തില്‍ ബില്‍ അവതരണം വീണ്ടുമൊരിക്കല്‍കൂടി നടത്താനുള്ള സാവകാശം തേടുകയാണ് ഭരണകൂടം. പാര്‍ലമെന്‍റില്‍ മൂന്നുതവണ അവതരിപ്പിച്ചിട്ടും അംഗീകാരം നേടിയെടുക്കാത്തത് പിന്നെയും പുനരവതരിപ്പിക്കാനുള്ള സാവകാശമുണ്ടാക്കുന്നു.

കര്‍ഷകവിരുദ്ധമെന്ന നിലയില്‍ എതിര്‍ക്കപ്പെടുന്ന ബില്ലില്‍ മൗലികമായ മാറ്റങ്ങള്‍ വരുത്തുന്നതിനു പകരം ചില്ലറ നീക്കുപോക്കുകള്‍ക്കാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അഥവാ, കര്‍ഷകരുടെ താല്‍പര്യങ്ങളേക്കാള്‍ രാജ്യത്തെ സ്വന്തം വിപണിയാക്കാന്‍ തത്രപ്പെടുന്ന കോര്‍പറേറ്റുകളാണ് ഭരണകൂടത്തിനു പഥ്യം എന്നു സാരം. ഭരണകൂടത്തിന്‍െറ പരിഗണനയുടെയും അവഗണനയുടെയും മാനദണ്ഡങ്ങള്‍ വന്‍കിടക്കാരായ കുത്തകകളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് മാറിമറിയുകയാണ്. ഇതിന്‍െറയെല്ലാം ദുരന്തം കെട്ടിയേല്‍പിക്കപ്പെടുന്ന അടിത്തട്ടിലുള്ളവര്‍ രക്ഷപ്പെടാന്‍ കണ്ടത്തെുന്ന എളുപ്പവിദ്യയാണ് ആത്മഹത്യ എന്നു വരുകില്‍ ഗവണ്‍മെന്‍റ്തന്നെയാണ് ഇതിലെ ഒന്നാം പ്രതി. അവരാണ് കുറ്റമേല്‍ക്കേണ്ടതും തെറ്റ് തിരുത്തേണ്ടതും.

കൊട്ടിയുടെ മേശയില്‍നിന്ന് ‘ഇ^കാസ്റ്റി’ലേക്ക്

Posted: 19 Jul 2015 07:33 PM PDT

Image: 

‘പള്ളിയോടുപള്ളി നിരന്നിങ്ങുവന്നിട്ടും
വ്യത്യാസം മാറി ഞാന്‍ കാണുന്നതില്ല
അപ്പനൊരു പള്ളി, മകനൊരു പള്ളി
വീട്ടുകാര്‍ക്കൊക്കെയും വെവ്വേറെ പള്ളി
തമ്പുരാനൊരു പള്ളി അടിയാനൊരു പള്ളി
അക്കൂറ്റും ഇക്കൂറ്റും വെവ്വേറെ പള്ളി
തെക്കൊരു പള്ളി, വടക്കൊരു പള്ളി
കിഴക്കൊരുപള്ളി പടിഞ്ഞാറൊരുപള്ളി
പുലയന്‍െറ പള്ളി പറയന്‍െറ പള്ളി
മീന്‍പിടുത്തക്കാരന്‍ മരയ്ക്കാന്‍െറ പള്ളി’
                            (പൊയ്കയില്‍ അപ്പച്ചന്‍)

‘എം.കെ. സാനു എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനായി വന്നകാലം. സ്റ്റാഫ് റൂമില്‍ അദ്ദേഹത്തിന് മേശയും കസേരയും കൊടുത്തു. ഒരു ദിവസം ക്ളാസില്‍നിന്ന് തിരിച്ചുവന്നപ്പോള്‍ അദ്ദേഹത്തിന്‍െറ മേശമേല്‍ ഒരു ലിഖിതം. തനി വര്‍ഗീയമാണ്. ‘കൊട്ടിയുടെ മേശ’.
ഒരുപ്രാവശ്യം സാനുമാഷ്ക്ക് അറ്റാക്ക് വന്നു. എം. അച്യുതന്‍ മാഷിന്‍െറ പക്കല്‍ എപ്പോഴും ഒരു കാറ് കാണും. ചോദിച്ചപ്പോള്‍, അയാളെ കൊണ്ടുപോകാനാണെങ്കില്‍ വണ്ടി വേറെ പിടിച്ചോളാന്‍ പറഞ്ഞു’’.
ദലിതനായിപ്പോയി എന്ന ഒരൊറ്റ കാരണംകൊണ്ട് സവര്‍ണമലയാളി ഭാവുകത്വം ക്രൂരഹിംസ ചെയ്ത സി. അയ്യപ്പന്‍ എന്ന എഴുത്തുകാരന്‍, കേരളീയ സാംസ്കാരികജീവിതത്തിന്‍െറ അടയാളമായി ഘോഷിക്കപ്പെടുന്ന മഹാരാജാസ് കോളജില്‍ അധ്യാപകനായി ജോലി ചെയ്യുമ്പോഴുണ്ടായ മറ്റൊരനുഭവം കൂടി തുറന്നുപറഞ്ഞിട്ടുണ്ട്, 2006ല്‍ എം.ബി. മനോജുമായി നടത്തിയ ഒരഭിമുഖത്തില്‍: ‘‘പഠിപ്പിക്കുന്ന സമയത്ത് മൂന്ന് മാഷന്മാരാണ് ഞങ്ങളൊന്നിച്ച് ഊണുകഴിക്കുന്നത്. ഈ രണ്ട് മാഷന്മാര്‍ അങ്ങോട്ടുമിങ്ങോട്ടും കറി വാരിത്തിന്നും. എന്‍െറ കറി ഈ രണ്ടുപേരും എടുക്കില്ല. അതുകൊണ്ടുതന്നെ ഞാന്‍ അവരുടെ കറി എടുക്കാറില്ല. അതിനവരെ പ്രേരിപ്പിക്കാത്ത ഒരാളായി ഞാന്‍ ഇരിക്കുന്നു. അത് ഞാന്‍ മനസ്സിലാക്കുകയും ചെയ്യുന്നു. ഞാന്‍ വേറൊരു വിഭാഗമാണെന്ന് അവരെ തോന്നിപ്പിച്ച, അവരത് അടയാളപ്പെടുത്തിയ ആ സമയം...ഞാന്‍ അനുഭവിക്കുന്ന സംഘര്‍ഷം...അങ്ങനെ ചില സമയങ്ങളുണ്ട്...’’.

പറയക്കുട്ടികളെ പടിക്കുപുറത്തിരുത്തുന്ന കോഴിക്കോട് പേരാമ്പ്രയിലെ സ്കൂളും ജാതിയുടെയും തറവാടിന്‍െറയും പേര് എല്‍.കെ.ജി കുട്ടികളുടെ പേരിനൊപ്പം രേഖപ്പെടുത്തുന്ന  എറണാകുളത്തെ ഹിന്ദു മാനേജ്മെന്‍റ് സ്കൂളും സി. അയ്യപ്പന്‍െറ കാലത്തെ മഹാരാജാസിന്‍െറ മഹിതപാരമ്പര്യത്തിന്‍െറ നേരവകാശികളാണ്. ഈ ജാത്യാഭിമാനം ഐ.ടിയും കടന്ന് ക്ഷുഭിത ന്യൂജെന്നിന്‍െറ ടിയാന്‍മെന്‍ സ്ക്വയറായ സോഷ്യല്‍ മീഡിയയും പങ്കിടുന്നു എന്നത് അടിസ്ഥാനപരമായി ആധിപത്യസവര്‍ണബോധത്താല്‍ രൂപവത്കരിക്കപ്പെട്ട കേരളീയ പൊതുജീവിതത്തെ സംബന്ധിച്ച് തികച്ചും സ്വാഭാവികപരിണാമം മാത്രമാണ്.

കോര്‍പറേറ്റിസത്തിന്‍െറയും സാങ്കേതികതയുടെയും പുതുയുഗം പരമ്പരാഗത ജാതിയെ ‘ഇ^ കാസ്റ്റ്’ ആയി വിപുലപ്പെടുത്തുന്നുണ്ട്. വൈദിക ചാതുര്‍വര്‍ണ്യത്തിന് വെര്‍ച്വല്‍ ഐഡന്‍റിറ്റി കൂടി. നാഗരികത ജാതി ഒളിപ്പിച്ചുവെക്കാനുള്ള പ്രവണത കാട്ടിയിരുന്നെങ്കില്‍ അതിന്‍െറ ഒരുപകരണമായ സോഷ്യല്‍ മീഡിയ ജാതി ലജ്ജയില്ലാതെ തുറന്നുകാട്ടാനുള്ള അവസരമാണ് തുറന്നത്. സോഷ്യല്‍ മീഡിയയിലെ കണ്ണുപൊത്തിക്കളിയില്‍ ഇന്ന് ഏറ്റവും സമര്‍ഥമായി ഉപയോഗിക്കപ്പെടുന്ന ‘അസ്തിത്വം’ സവര്‍ണതയാണ്. ജാതിവാലുള്ള പേരില്‍ തുടങ്ങി തറവാടിത്തത്തിന്‍െറയും ഫ്യൂഡലിസത്തിന്‍െറയും ആഘോഷം. സോഷ്യല്‍ മീഡിയയില്‍ സവര്‍ണ ജാതിഗ്രൂപ്പുകള്‍ വര്‍ധിച്ചുവരികയാണെന്ന് ഇതുസംബന്ധിച്ച പഠനങ്ങളെല്ലാം പറയുന്നു; പ്രത്യേകിച്ച് വിദ്യാസമ്പന്നരായ നാഗരിക ജനസംഖ്യയില്‍. വിദ്യാഭ്യാസസ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും നേരിട്ട് ഇടപഴകുമ്പോള്‍ സവര്‍ണതയുടെ പ്രതിനിധികളാകാന്‍ മടിക്കുന്നവര്‍ പോലും സോഷ്യല്‍ മീഡിയയില്‍ പച്ചക്ക് സവര്‍ണത പ്രതീകങ്ങളാകുന്നു. അയാള്‍ക്ക് അവിടെ ഒരു ദലിതനെ അഭിമുഖീകരിക്കേണ്ടതില്ല. അയാളുമായി ഒരിടം പങ്കിടേണ്ടതില്ല. അയാളുടെ സവര്‍ണതക്ക് പൊതുസമൂഹത്തില്‍ ലഭിക്കുന്നതിലുമുപരിയായ ‘എക്സ്ക്ളൂസീവ്നെസ്’ ഇവിടെ ലഭിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ആധിപത്യം ചെലുത്തുകയും അതിനെ നയിക്കുകയും ചെയ്യുന്ന ഉപരിവര്‍ഗഘടനയും അരാഷ്ട്രീയബോധവും ഈ  ‘എക്സ്ക്ളൂസീവ്നെസി’നെ ആധികാരികമാക്കുകയും ചെയ്യുന്നു.

ഫേസ്ബുക്കില്‍ നൂറുകണക്കിന് സവര്‍ണ കമ്യൂണിറ്റികള്‍ സജീവമാണ്. ഇവയിലെല്ലാം വേണ്ടത്ര അംഗങ്ങളുമുണ്ട്. ജനാധിപത്യഇടമെന്ന് പുറമേക്ക് വിശേഷിപ്പിക്കപ്പെടുന്ന സോഷ്യല്‍ മീഡിയയാണ് സംവരണത്തെ ഒരു സാമൂഹിക വിപത്തായി സ്ഥാപിക്കുന്നതെന്നോര്‍ക്കുക. സംവരണം മാത്രമല്ല, സാമൂഹികനീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളെ ‘കൊട്ടിയുടെ മേശ’ എന്ന് അപമാനിക്കുകയും ഭരണകൂടവും ജുഡീഷ്യറിയും മീഡിയയും അടക്കമുള്ള സിവില്‍സംവിധാനങ്ങളുടെ സവര്‍ണോന്മുഖതയെ ആഘോഷിക്കുകയുമല്ളേ സോഷ്യല്‍ മീഡിയ ചെയ്യുന്നത്? ഇന്ത്യയില്‍ തീവ്രദേശീയത നിര്‍ണായകസ്വാധീനം നേടിയ സമീപവര്‍ഷങ്ങളില്‍ ഇതിനോട് സോഷ്യല്‍ മീഡിയ എങ്ങനെ പ്രതികരിച്ചു എന്ന പരിശോധന മേല്‍സൂചിപ്പിച്ച വസ്തുതയെ ഉറപ്പിക്കുന്നതായിരിക്കും.

മലയാളിക്കും ഒരു നവോത്ഥാനകാലമുണ്ടായിരുന്നു എന്നത് നമ്മുടെ പൊങ്ങച്ചം പറച്ചില്‍മാത്രമാണ്. സ്വതന്ത്രബുദ്ധിയുടെ ഇടപെടല്‍ ഓരോകാലത്തും പുരോഗമനപരമായ അടയാളങ്ങള്‍ ബാക്കിവെച്ചു എന്നതിനപ്പുറം സാമൂഹികജീവിതത്തെ വരിഞ്ഞുമുറുക്കിയ ജാതിപ്പൂണൂല്‍ നിശ്ശേഷം കത്തിച്ചുകളയാന്‍ തക്ക ഊര്‍ജമുള്ള ഇന്ധനമാകാന്‍ ശ്രീനാരായണഗുരുവിന്‍േറതടക്കമുള്ള ഒരു മുന്നേറ്റത്തിനും കഴിഞ്ഞിട്ടില്ല. പലഘട്ടങ്ങളിലും സവര്‍ണതയുമായും മതവുമായും ഒത്തുതീര്‍പ്പ് നടത്തുന്നുണ്ടെങ്കിലും ശ്രീനാരായണഗുരു നയിച്ച നവീകരണ പ്രസ്ഥാനമാണ് കേരളത്തിലെ ഒരുവലിയ സമൂഹത്തെ ആധുനികമായ യുക്തിബോധത്തോടെ ആദ്യമായി സംബോധന ചെയ്തത്. തുടര്‍ന്നുള്ള കേരളീയ കാലങ്ങള്‍ ഇതിന്‍െറ പ്രതിഫലനങ്ങളാല്‍ സമ്പന്നമായിരുന്നു. ‘ദേവന്‍െറ മേല്‍ ചാര്‍ത്തിക്കഴിഞ്ഞ പട്ടുതിരുവുടയാട അര്‍ധനഗ്ധരായ പാവങ്ങളുടെ അര മറയ്ക്കാന്‍ ചീന്തിക്കൊടുക്കണമെന്നും പുകഞ്ഞുതുടങ്ങിയ ധൂപംകൊണ്ട് അമ്പലത്തിലുള്ള പെരുച്ചാഴികളെ ^നമ്പൂതിരി, പട്ടര്‍ തുടങ്ങിയ വര്‍ഗങ്ങളെ പുറത്തോടിക്കണമെന്നും അനാചാരങ്ങളെ കെട്ടുകെട്ടായി നശിപ്പിച്ചുകളയാന്‍ അമ്പലങ്ങള്‍ക്ക് തീവെക്കണമെന്നും ആഹ്വാനംചെയ്തു വി.ടി. ഭട്ടതിരിപ്പാട്.

ഹിന്ദു സാമുദായിക പ്രസ്ഥാനങ്ങള്‍ക്കകത്തുമാത്രമല്ല ഇസ്ലാം,ക്രിസ്ത്യന്‍ പ്രസ്ഥാനങ്ങളിലും യാഥാസ്ഥിതികത്വവും ആധുനികതയും തമ്മിലുള്ള വിച്ഛേദവും തല്‍ഫലമായുണ്ടായ സംഘര്‍ഷവും പ്രകടമായിരുന്നു. എല്ലാനിലക്കും പാകമായ ഒരു മണ്ണ്. ഇതിന്‍െറ തുടര്‍ച്ചയായി പലമട്ടില്‍ പ്രസ്ഥാനമെന്നനിലക്കും പ്രത്യയശാസ്ത്രബോധം എന്ന നിലക്കും രൂപപ്പെട്ട ഇടതുപക്ഷം ഈ സാമൂഹിക രൂപവത്കരണത്തിന്‍െറ തുടര്‍ച്ച ഏറ്റെടുക്കുന്നു. ഗുരുവിന്‍െറ ഒറ്റയാള്‍ ഇടപെടലിനുണ്ടായിരുന്ന സകല ദൗര്‍ബല്യങ്ങളെയും കുടഞ്ഞെറിയാന്‍ കഴിയുമായിരുന്ന ഈ തുടര്‍ച്ച പക്ഷേ, ഇടതുപക്ഷം അധികാര- ഭരണകൂട രാഷ്ട്രീയത്തിന്‍െറ രുചിയേറിയ ചേരുവയായതോടെ റദ്ദാക്കപ്പെട്ടു. ഇന്ന് ദലിത് എന്ന സമുദായ രൂപവത്കരണത്തിനും അധികാരപ്രവേശത്തിനും ഏറ്റവുംവലിയ തടസ്സം ഇടതുപക്ഷമാണെന്ന് കൃത്യമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അത്രത്തോളം ഇടതുപക്ഷം ഇന്ന് ദലിത് വിരുദ്ധമായിക്കഴിഞ്ഞിരിക്കുന്നു. എന്നുമാത്രമല്ല, സവര്‍ണതയുടെയും ജാതീയതയുടെയും പ്രതിനിധാനങ്ങള്‍ ഇന്ന് ഇടതുപക്ഷത്താല്‍ ജ്ഞാനസ്നാനം ചെയ്യപ്പെടുന്ന അവസ്ഥവരെയത്തെിയിരിക്കുന്നു. അധികാര വാഞ്ഛയിലൂന്നിയുള്ള സോഷ്യല്‍ ഡെമോക്രാറ്റിസം ആധുനീകരിക്കപ്പെടാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയെ എങ്ങനെയൊക്കെ അധ$പതിപ്പിക്കും എന്നതിന് സമകാലിക കേരളം തികഞ്ഞ മാതൃകയാണ്. അപ്പോള്‍, ‘ചെവിയില്‍ പൂട’യുള്ള നമ്മുടെ സമുദായസംഘടനകളുടെ കാര്യം പറയേണ്ടല്ളോ.

ആധിപത്യസവര്‍ണതയും ജാതീയതയും തിരിച്ചുവരുന്നു എന്നുമാത്രമല്ല, അത് പുരോഗമനപരം കൂടിയാണെന്ന് ന്യായീകരിക്കപ്പെടുന്ന വസ്തുനിഷ്ഠസാഹചര്യം ഇന്നുണ്ട്. നവലിബറലിസവും അതിന്‍െറ സഖ്യകക്ഷിയുമായ ഹിന്ദുത്വപ്രത്യയശാസ്ത്രവും തമ്മിലുള്ള ചങ്ങാത്തമാണ് ഈ പ്രതിലോമകതക്ക് പ്ളാറ്റ്ഫോം ഒരുക്കുന്നത്. ഹിംസാത്മക ദേശീയതയും അതിന്‍െറ രാഷ്ട്രീയവും സമൂഹത്തിലും ഭരണകൂടസ്ഥാപനങ്ങളിലും സമീപകാലത്ത് നേടിയെടുത്തുകൊണ്ടിരിക്കുന്ന ഭയാനകമുന്‍കൈ സൃഷ്ടിക്കുന്ന ഹൈന്ദവത സമം ഹിന്ദുത്വ എന്ന രീതിയിലുള്ള ദാര്‍ശനികപ്രക്ഷാളനമാണ് ജാതിവിഭജനത്തിനും വിവേചനത്തിനും വളമേകുന്നത്. ജാതിയുടെ ഉറവിടം മതമാണെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോള്‍തന്നെ മതത്തിന്‍െറ സത്ത ഉയര്‍ത്തിപ്പിടിച്ചുതന്നെ ജാതിക്കതീതമായി മാനവികതയെ പ്രതിഷ്ഠിക്കാനുള്ള ഇടപെടലുകള്‍ ക്രിയാത്മകമായി പരീക്ഷിക്കപ്പെട്ട നാടാണ് കേരളം. എന്നാല്‍, ഇന്ന് മതത്തിന്‍െറ ഇത്തരം ജാലകങ്ങള്‍ കൊട്ടിയടക്കപ്പെടുകയാണ്. മതത്തിന്‍െറ ജാതീയ പുന$സംഘാടനം എന്നത് ആഗോളീകരണത്തിന്‍െറ വംശീയഅജണ്ടയുടെ ഭാഗമാണ്. സവര്‍ണത ഹൈന്ദവതയും ബ്രാഹ്മണ്യവും വൈദികമതബോധവുമെല്ലാം ആധിപത്യം ചെലുത്തുന്ന ഇന്ത്യന്‍ അവസ്ഥ ഈ അജണ്ടയുടെ പ്രയോഗത്തിനുള്ള വളക്കൂറുള്ള മണ്ണാണ്. പൊതുബോധത്തിന്‍െറ ഇത്തരം സ്ഖലനങ്ങളെ പ്രതിരോധിക്കാന്‍ ബാധ്യസ്ഥമായ ഇടതുപക്ഷം കേരളത്തിലെങ്കിലും പ്രതിക്കൂട്ടിലാകുന്നത് ഈ സാഹചര്യത്തിലാണ്.

(അവസാനിച്ചു)
 

ഐക്കരമറ്റം വാസു മരിച്ചത് മലയാളിയുടെ ഫാം ഹൗസില്‍

Posted: 19 Jul 2015 06:43 PM PDT

Image: 

മുംബൈ: ആനവേട്ടക്കേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത് മലയാളിയുടെ ഫാം ഹൗസില്‍. മഹാരാഷ്ട്രയിലെ ഡോഡാമാര്‍ഗിലെ മൂവാറ്റുപുഴ സ്വദേശിയുടെ ഫാം ഹൗസിലാണ് ശനിയാഴ്ച രാത്രി വാസുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാസുവിന്‍െറ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. തന്‍െറ കുടുംബാംഗങ്ങള്‍ നിരപരാധിയാണ് എന്ന് കത്തില്‍ പറയുന്നുണ്ട്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് വാസുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂവാറ്റുപുഴ സ്വദേശിയായ ഫാം ഹൗസ് ഉടമ മനോജ് ലുക്കൗട്ട് നോട്ടീസ് കണ്ട് തിരിച്ചറിഞ്ഞതോടെ വാസു ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് അറിയുന്നത്. ഉടമ വാസുവിന് പണം നല്‍കി പറഞ്ഞുവിട്ടിരുന്നു. നാട്ടിലേക്ക് പോവുകയാണ് എന്നാണ് ഇയാള്‍ ഫാമുടമയോട് പറഞ്ഞത്. വാസു മരിച്ചതായി ഞായറാഴ്ച വൈകീട്ടാണ് നാട്ടില്‍ വിവരം ലഭിച്ചത്.

കുട്ടമ്പുഴ കൂവപ്പുഴ സ്വദേശിയായ വാസു ഇരുപതോളം ആനകളെ കാട്ടില്‍ കയറി വെടിവെച്ചതായി വിവരം ലഭിച്ചിരുന്നു. ഇയാള്‍ക്കുവേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വാസുവിന്‍െറ സഹോദരി അംബിക (50), ഭര്‍ത്താവ് അഴീക്കാപറമ്പില്‍ ലക്ഷ്മണന്‍ (57), ബന്ധുവായ പുന്നക്കല്‍ സാജുവിന്‍െറ ഭാര്യ ഷൈലജ എന്നിവരെ കുട്ടമ്പുഴ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ആനവേട്ടക്കേസില്‍ തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍ നിന്നുമായി മൊത്തം 16 പേരാണ് ഇതുവരെ അറസ്റ്റിലായത്.

 

ഒമാനില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ അടക്കം ഏഴ് ഇന്ത്യക്കാര്‍ മരിച്ചു

Posted: 19 Jul 2015 12:43 PM PDT

Image: 

മസ്കത്ത് (ഒമാന്‍): ചെറിയ പെരുന്നാള്‍ ദിനത്തില്‍ പുലര്‍ച്ചെ മസ്കത്ത്- സലാല റൂട്ടിലെ ഹൈമയിലുണ്ടായ അപകടത്തില്‍  രണ്ട് മലയാളികള്‍ അടക്കം ഏഴ് ഇന്ത്യക്കാര്‍ മരിച്ചു.  തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് കളത്തിപ്പറമ്പില്‍ ജബ്ബാറിന്‍െറ മകനും ലുലു ബൗഷര്‍ വെയര്‍ ഹൗസില്‍ സ്റ്റോര്‍ കീപ്പറുമായ ജിന്‍ഷാദ്, വലപ്പാട് ചൂലൂര്‍ സ്വദേശി ഫിറോസിന്‍െറ മകള്‍ ഷിഫ ഫാത്തിമ (മൂന്ന്) എന്നിവരാണ് മരിച്ച മലയാളികള്‍. മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച അര്‍ധരാത്രിയുള്ള ഒമാന്‍ എയര്‍വേസ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ മരിച്ച അഞ്ച് തമിഴ്നാട് സ്വദേശികളുടെ മൃതദേഹങ്ങള്‍ ഹൈമ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏഴ് പേര്‍ മരിച്ച അപകടത്തില്‍  38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ മസ്കത്തിലെയും നിസ്വയിലെയും ആശുപത്രികളില്‍ ചികിത്സയിലാണ്. ബസ് ഡ്രൈവര്‍മാരായ മൂന്ന് പാകിസ്താനികള്‍ ഹൈമ ആശുപത്രിയിലുമുണ്ട്. ബാക്കിയുള്ളവരെയെല്ലാം ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ലുലു ജീവനക്കാരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഞ്ചരിച്ച ബസും തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച കാറും നേര്‍ക്ക് നേര്‍ കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് വര്‍ഷമായി ലുലുവില്‍ ജോലി ചെയ്യുന്ന ജിന്‍ഷാദിന്‍െറ കുടുംബത്തിന് അടിയന്തര സഹായമായി പത്ത് ലക്ഷം രൂപ നല്‍കുമെന്ന് ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം.എ. യൂസുഫലി അറിയിച്ചു.

ഭൂമി ഏറ്റെടുക്കല്‍ ബില്ലിന് വീണ്ടും പിന്‍വാതില്‍

Posted: 19 Jul 2015 12:25 PM PDT

Image: 
Subtitle: 
ഓര്‍ഡിനന്‍സില്‍ റെക്കോഡിടാന്‍ മോദി, പാര്‍ലമെന്‍റ് സമ്മേളനം കാത്ത് 35 ബില്ലുകള്‍, ഒമ്പതും രാജ്യസഭയില്‍ കെട്ടിക്കിടക്കുന്നവ

ന്യൂഡല്‍ഹി: എന്‍.ഡി.എയിലെ ഘടകകക്ഷികള്‍കൂടി എതിര്‍പ്പുമായി വന്ന സാഹചര്യത്തില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാതെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിന് നാലാമത്തെ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പാര്‍ലമെന്‍റ് അംഗീകരിക്കാത്ത ഒരു ബില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം ഓര്‍ഡിനന്‍സാക്കി ഇറക്കിയതിന്‍െറ റെക്കോഡ് ഇതോടെ മോദി സര്‍ക്കാറിന് സ്വന്തമാകും.
ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ പ്രതിപക്ഷത്ത് ഭിന്നതയുണ്ടാക്കുകയെന്ന സര്‍ക്കാര്‍ തന്ത്രം പരാജയപ്പെട്ടുവെന്ന് മാത്രമല്ല, മോദി സര്‍ക്കാറുമായി സഹകരിച്ച ജയലളിതയുടെ അണ്ണാ ഡി.എം.കെയും പ്രകാശ് സിങ് ബാദലിന്‍െറ അകാലിദളും മറുകണ്ടം ചാടുകയും ചെയ്തു. ഓര്‍ഡിനന്‍സ് നീട്ടിക്കൊണ്ടുപോയി കൂടുതല്‍ കക്ഷികളെ സമ്മര്‍ദത്തിലാക്കി വഴിക്കുകൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം. ബില്‍ ഇപ്പോള്‍ ബി.ജെ.പി നേതാവ് എസ്.എസ്. അഹ്ലുവാലിയ അധ്യക്ഷനായ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ പരിഗണനയിലാണ്.
സമിതി ഈ മാസാവസാനം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതായിരുന്നെങ്കിലും അന്തിമ റിപ്പോര്‍ട്ടിനായി ആഗസ്റ്റ് മൂന്നുവരെ സമയം നീട്ടിനല്‍കിയിട്ടുണ്ട്. എന്നാല്‍, സമിതിയില്‍ ഉടലെടുത്ത രൂക്ഷമായ അഭിപ്രായഭിന്നത മൂലം നീട്ടിനല്‍കിയ സമയത്തിനും റിപ്പോര്‍ട്ട് പുറത്തിറക്കാന്‍ കഴിയില്ളെന്ന അഭിപ്രായം സര്‍ക്കാറിനുണ്ട്. കേവലം ഒരു വര്‍ഷം മാത്രം പ്രായമായ സര്‍ക്കാര്‍ സംയുക്ത പാര്‍ലമെന്‍റ് സമ്മേളനം വിളിച്ച് ബില്‍ പാസാക്കിയാല്‍ നിയമം അടിച്ചേല്‍പിച്ചുവെന്ന വിമര്‍ശം വരുമെന്ന ആശങ്കയിലാണ് മോദി. ഈ കാരണങ്ങളാല്‍ നാലാമത്തെ ഓര്‍ഡിനന്‍സിറക്കിയെങ്കിലും നിയമം നിലനിര്‍ത്തിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ നോക്കുന്നത്.
ഇതോടെ പാര്‍ലമെന്‍റിനെ മറികടക്കുന്ന അനഭിലഷണീയമായ ഈ കീഴ്വഴക്കത്തില്‍ മൂന്ന് ഓര്‍ഡിനന്‍സുകള്‍ ഇറക്കിയ യു.പി.എ രണ്ടാം സര്‍ക്കാറിന്‍െറ ചരിത്രം ഭേദിക്കുന്ന റെക്കോഡ് മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാറിന് സ്വന്തമാകും.
ലോക്സഭയില്‍ മൃഗീയ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ ന്യൂനപക്ഷമായി തുടരുന്നതാണ് സര്‍ക്കാറിനുള്ള പ്രതിസന്ധി. വര്‍ഷകാല സമ്മേളനത്തിലേക്ക് 35 നിയമനിര്‍മാണങ്ങള്‍ കണ്ടുവെച്ചിട്ടുള്ളതില്‍ ഒമ്പതും രാജ്യസഭയില്‍ കെട്ടിക്കിടക്കുന്നതാണ്. നാല് ബില്ലുകള്‍ ലോക്സഭയിലും കെട്ടിക്കിടക്കുന്നുണ്ട്. 11 പുതിയ ബില്ലുകള്‍ പുതുതായി കൊണ്ടുവരുന്നതാണ്. ചരക്കുസേവന നികുതി നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍, പട്ടികജാതി-പട്ടികവര്‍ഗ പ്രാതിനിധ്യ ഭേദഗതി ബില്‍ എന്നിവ രാജ്യസഭയില്‍ കിടക്കുന്ന ബില്ലുകളില്‍ പ്രധാനപ്പെട്ടതാണ്.
ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ കാതലായ ഭേദഗതികള്‍ നിര്‍ദേശിക്കുന്ന ഉപഭോക്തൃ സംരക്ഷണ നിയമം 2015 ആണ് പുതുതായി വരുന്നവയില്‍ പ്രധാനപ്പെട്ട ബില്‍. വാണിജ്യ തര്‍ക്കങ്ങള്‍ കോടതിക്കു പുറത്ത് തീര്‍ക്കാനുള്ള ബില്‍, സുപ്രീംകോടതി, ഹൈകോടതി ജഡ്ജിമാര്‍ക്ക് ഒരു റാങ്ക് ഒരു പെന്‍ഷന്‍ നല്‍കാനുള്ള ബില്‍, ദേശീയ വനിതാ കമീഷന്‍ ബില്‍ തുടങ്ങിയവയും വര്‍ഷകാല സമ്മേളനത്തിന്‍െറ അജണ്ടയിലുണ്ട്.
 

‘ഉന്നത് ഭാരത് അഭിയാന്‍’: സാങ്കേതിക വിദഗ്ധനായി ബാബാ രാംദേവ്

Posted: 19 Jul 2015 12:15 PM PDT

Image: 

ന്യൂഡല്‍ഹി: രാജ്യത്തെ ഐ.ഐ.ടികളെ ഗ്രാമീണ ഇന്ത്യയുമായി ബന്ധിപ്പിക്കാനെന്ന പേരില്‍ കോടികള്‍ ചെലവിട്ട് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ‘ഉന്നത് ഭാരത് അഭിയാന്‍’  സംഘ്പരിവാറിന്‍െറ ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ മാത്രമുള്ള പദ്ധതിയെന്ന് വെളിപ്പെടുത്തല്‍. ഡല്‍ഹി ഐ.ഐ.ടിയില്‍ നടത്തിയ പദ്ധതിയുടെ കൂടിയാലോചനയില്‍ സാങ്കേതിക വിദഗ്ധരെന്ന നിലയില്‍ പങ്കെടുത്തത് ബാബാ രാംദേവും ചില ആര്‍.എസ്.എസ് നേതാക്കളുമായിരുന്നെന്ന് തെളിയിക്കുന്ന രേഖകള്‍ എന്‍.ഡി.ടി.വി പുറത്തുവിട്ടു.
ഈ വര്‍ഷം ജനുവരിയില്‍ ഡല്‍ഹി ഐ.ഐ.ടിയില്‍ ചേര്‍ന്ന ‘ഉന്നത് ഭാരത് അഭിയാന്‍െറ’ പ്രഥമ കൂടിയാലോചനാ യോഗത്തിലാണ് മുഖ്യാതിഥിയായി ബാബാ രാംദേവ് പങ്കെടുത്തതെന്ന് മിനുട്സ് വ്യക്തമാക്കുന്നു. രാജിവെച്ച ഐ.ഐ.ടി ഡയറക്ടര്‍ പ്രഫ. ശിവ്ഗോങ്കറാണ് രാംദേവിനെ യോഗത്തില്‍ സ്വാഗതം ചെയ്തത്. ഗ്രാമീണ ഇന്ത്യയുടെ വികാസത്തിന് പ്രാപ്തമാകുംവിധം ഐ.ഐ.ടികളുടെ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള വിപുല പദ്ധതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയും ചേര്‍ന്ന് ആവിഷ്കരിച്ച ഉന്നത് ഭാരത് അഭിയാന്‍. എന്നാല്‍, ഉന്നത് ഭാരത് തന്‍െറയും ഐ.ഐ.ടി പ്രഫസറായ രാജേന്ദ്ര പ്രസാദിന്‍െറയും ബുദ്ധിയിലുദിച്ച ആശയമാണെന്നാണ് ഡല്‍ഹി ഐ.ഐ.ഐടിയിലെ സെന്‍റര്‍ ഫോര്‍ റൂറല്‍ ഡെവലപ്മെന്‍റ് ആന്‍ഡ് ടെക്നോളജി തലവന്‍ പ്രഫ. വി.കെ. വിജയ് പറയുന്നത്.
ഗ്രാമീണ ഇന്ത്യക്കുവേണ്ടി എന്ത് ചെയ്യാന്‍ കഴിയും എന്നറിയാനാണ് ബാബാ രാംദേവിനെ യോഗത്തില്‍ കൊണ്ടുവന്നതെന്ന് വിജയ് പറയുന്നു. രാംദേവിന് സാങ്കേതികജ്ഞാനം ഇല്ളെങ്കിലും ഗ്രാമീണ ഇന്ത്യയെക്കുറിച്ച് നല്ല ധാരണയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം ന്യായീകരിച്ചു. എന്നാല്‍, ആര്‍.എസ്.എസിന്‍െറ ആദിവാസി സംഘടനയായ വനവാസി കല്യാണ്‍ ആശ്രമിലെ പ്രഫ. പി.എം.വി. സുബ്ബറാവുവിനെ സാങ്കേതികവിദ്യ കൈമാറ്റത്തിന്‍െറ ചര്‍ച്ചക്ക് വിളിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രഫസര്‍ക്ക് മറുപടിയൊന്നുമില്ലായിരുന്നു.
യോഗത്തില്‍ വിജയ് ഭട്കര്‍ നടത്തിയ സംസാരവും മിനുട്സിലുണ്ട്. പശുവായിരിക്കണം ഗ്രാമീണ ഇന്ത്യയുടെ വികാസത്തിനുള്ള അടിസ്ഥാനമെന്നും പശുകേന്ദ്രീകൃത കൃഷി വിപ്ളവം സാധ്യമാക്കുമെന്നും വിജയ് ഭട്കര്‍ വിശദീകരിച്ചു. സംഘ്പരിവാര്‍ ബന്ധമുള്ള ഗ്രൂപ്പായ ഗായത്രി പരിവാറിന്‍െറ ആളാണ് വിജയ് ഭട്കര്‍.  അദ്ദേഹത്തോടൊപ്പം പദ്ധതിക്കു പിന്നില്‍ നില്‍ക്കുന്ന പ്രഫ. വി.കെ. വിജയ് ബാബാ രാംദേവിന്‍െറ പതഞ്ജലിപീഠുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ 16 ഐ.ഐ.ടികളും 20 ലക്ഷം രൂപ തോതില്‍ പദ്ധതിക്കായി നീക്കി വെക്കണമെന്ന് സ്മൃതി ഇറാനി നേരത്തേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാംദേവ് 200 കോടി രൂപ പദ്ധതിക്ക് സംഭാവന നല്‍കിയിട്ടുണ്ട്.  
 

ആദായനികുതി റിട്ടേണ്‍ വെരിഫിക്കേഷന്‍ ഇനി പുലിവാലല്ല

Posted: 19 Jul 2015 12:02 PM PDT

Image: 
Subtitle: 
റിട്ടേണ്‍ സമര്‍പ്പണം ലളിതമാക്കി 'ഇ-വെരിഫിക്കേഷന്‍'
‘നോണ്‍ റെസിപ്റ്റ് ഓഫ് ഐ.ടി.ആര്‍.വി’ എന്നു തുടങ്ങുന്ന മെസേജ് കണ്ട് അസ്വസ്ഥതപെട്ടിരുന്നവര്‍ക്ക് ഇനി ആശ്വസിക്കാം. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചുകഴിഞ്ഞ് ഐ.ടി.ആര്‍.വി (ആദായനികുതി റിട്ടേണ്‍ വെരിഫിക്കേഷന്‍ ഫോറം) പ്രിന്‍െറടുത്ത് ഒപ്പിട്ട് ബംഗളൂരുവിലെ കേന്ദ്രീകൃത പ്രോസസിങ് കേന്ദ്രത്തിലേക്ക് അയക്കുകയെന്നത് ഇനിയൊരു പുലിവാലല്ല. അയച്ചിട്ടും എത്താത്തതും അയക്കാന്‍ മറക്കുന്നതും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി ആദായനികുതി വകുപ്പ് റിട്ടേണ്‍ സമര്‍പ്പണ വെബ്സൈറ്റില്‍തന്നെ ഒരുക്കിയിരിക്കുന്ന ‘ഇ-വെരിഫിക്കേഷന്‍’ സൗകര്യമാണ് റിട്ടേണ്‍ സമര്‍പ്പണം ലളിതമാക്കിയിരിക്കുന്നത്. 
സാധാരണപോലെ റിട്ടേണ്‍ അപ്ലോഡ് ചെയ്യുന്നതിനൊപ്പം ഇ-വെരിഫിക്കേഷന് മൂന്ന് പുതിയമാര്‍ഗങ്ങള്‍ കൂടിയാണ് ഒരുക്കിയത്. 1. ഇലക്ട്രോണിക് വെരിഫിക്കേഷന്‍ കോഡ് (ഇ.വി.സി) ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍. 2. ആധാര്‍ വണ്‍ ടൈം പാസ്വേഡ് (എ.ടി.പി) ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍. 3. നെറ്റ് ബാങ്കിങ് അക്കൗണ്ട് ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍. ഇതിനുപുറമേ മുമ്പത്തെപോലെ ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ചും പ്രിന്‍െറടുത്ത് ബംഗളൂരുവിലേക്കയച്ചും വെരിഫിക്കേഷന്‍ നടത്താം. 
1. ഇ.വി.സി ഉപയോഗിച്ച്
ഇക്കൊല്ലം ആദായനികുതി വകുപ്പ് ഏര്‍പ്പെടുത്തിയ സംവിധാനങ്ങളിലൊന്നാണിത്. 72 മണിക്കൂര്‍മാത്രം കാലാവധിയുള്ള 10 അക്ക ആല്‍ഫാന്യൂമറിക് കോഡാണിത്. ഐ.ടി.ആര്‍ 6 ഒഴികെ എല്ലാ ഫോറങ്ങളിലും വെരിഫിക്കേഷന് ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഒരു പാന്‍ നമ്പറിന് ഒരു സവിശേഷ നമ്പറാണ് അനുവദിക്കുന്നത്. ഒരു അസസ്മെന്‍റ് വര്‍ഷത്തിന് മാത്രമാണ് ഒരു ഇ.വി.സി ഉപയോഗിക്കാനാവുക. 
72 മണിക്കൂറിനകം പ്രയോജനപ്പെടുത്താനായില്ളെങ്കിലും റിട്ടേണ്‍ പുതുക്കണമെങ്കിലും വീണ്ടും പുതിയ ഇ.വി.സി പ്രയോജനപ്പെടുത്തണം. റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോഴോ അതിനുമുമ്പോ ഈ നമ്പര്‍ ലഭ്യമാക്കാം. ഇതിനായി  incometaxindiaefiling.gov.in എന്ന വെബ്സൈറ്റില്‍ യൂസര്‍ ഐ.ഡി, പാസ്വേഡ്, ജനനതീയതി എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. തുടര്‍ന്ന് ഇ-ഫയല്‍ എന്നതിലും ജെനറേറ്റ് ഇ.വി.സി എന്നതിലും ക്ളിക്ക് ചെയ്യണം. ഇ.വി.സിയുടെ വിശദാംശം ആദായനികുതി വകുപ്പ്, രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ വിലാസത്തിലേക്കും മൊബൈല്‍ നമ്പറിലേക്കും അയച്ചുതരും. റിട്ടേണ്‍ വിവരങ്ങള്‍ നല്‍കിയശേഷം മെയിന്‍ ടാബിലെ ‘ഇ-ഫയല്‍’ ക്ളിക്ക് ചെയ്യുക. ‘ഇ- വെരിഫൈ റിട്ടേണ്‍’ ക്ളിക്ക് ചെയ്യുക. പുതുതായി ഇ.വി.സി രൂപപ്പെടുത്താനുള്‍പ്പെടെ നാല് ഓപ്ഷന്‍ ലഭിക്കും. ഇതില്‍ ആദ്യ ഓപ്ഷന്‍ -‘ഐ. ആള്‍ റെഡി ഹാവ് ആന്‍ ഇ.വി.സി ആന്‍ഡ് ഐ വുഡ് ലൈക് ടു സബ്മിറ്റ്’ ക്ളിക്ക് ചെയ്യുക. അനുവദിക്കപ്പെട്ട ടെക്സ്റ്റ് ബോക്സില്‍ മൊബൈലില്‍ കിട്ടിയ ഇ.വി.സി നല്‍കി സബ്മിറ്റ് ക്ളിക്ക് ചെയ്യുക. അക്നോളജ്മെന്‍റ്  ഡോക്യുമെന്‍റ് ഡൗണ്‍ലോഡ് ചെയ്യാം. നടപടിപൂര്‍ണം. 
2. ആധാര്‍ ഒറ്റത്തവണ പാസ്വേര്‍ഡ്
ഇതുപയോഗിച്ച് വെരിഫിക്കേഷന്‍ നടത്തണമെങ്കില്‍ incometaxindiaefiling.gov.in ലെ അക്കൗണ്ട് ആധാര്‍നമ്പറുമായി ബന്ധിപ്പിക്കണം. ഇ-ഫയലിങ് വെബ്സൈറ്റ് വഴി ഇത് ലിങ്ക് ചെയ്യാം. ഇതിനയി പോപ് അപ് ഒരുക്കിയിട്ടുണ്ട്. പാന്‍ വിശദാംശങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷം ആധാര്‍ നമ്പര്‍ നല്‍കി സേവില്‍ ക്ളിക്ക് ചെയ്യുക. സ്ഥിരീകരണത്തിനുശേഷം ഇവ ലിങ്ക് ചെയ്യും. ഇതേതുടര്‍ന്ന് ആധാറില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി) അയച്ചുതരും. 10 മിനിറ്റ് നേരത്തേക്ക് മാത്രമാണിതിന് കലാവധിയുള്ളതെന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇത് സബ്മിറ്റ് ചെയ്ത് അക്നോളജ്മെന്‍റ് ഡോക്യുമെന്‍റ് ഡൗണ്‍ലോഡ് ചെയ്യാം. 
3. നെറ്റ് ബാങ്കിങ് അക്കൗണ്ട് വഴി
ഇ-ഫയലിങ്ങിനായി ആദായനികുതി വകുപ്പുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബാങ്കുകളുടെ നിലവിലെ ഇന്‍ര്‍ര്‍നെറ്റ് ബാങ്കിങ് വെബ്സൈറ്റില്‍നിന്ന് ഇ-ഫയലിങ് വെബ്സൈറ്റിലേക്ക് ലിങ്ക് ഉണ്ടാവും. കെ.വൈ.സിയുടെ ഭാഗമായി പാന്‍ നമ്പര്‍ നല്‍കിയവര്‍ക്കായിരിക്കും.  ഇത് പ്രയോജനപ്പെടുത്താനാവുക. സ്വന്തം യൂസര്‍ ഐ.ഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. ഐ.ടി റിട്ടേണ്‍ ഇ-ഫയലിങ് ഓപ്ഷന്‍ പ്രയോജനപ്പെടുത്തി ആദായനികുതി വകുപ്പിന്‍െറ വെബ്സൈറ്റിലത്തെി റിട്ടേണ്‍ അപ്ലോഡ് ചെയ്ത് സബ്മിറ്റ് ചെയ്യാം. ഇ-വെരിഫൈ മൈ റിട്ടേണ്‍ നൗ ഓപ്ഷന്‍ തെരഞ്ഞെടുത്ത് കണ്ടിന്യൂ ക്ളിക്ക് ചെയ്യാം. അക്നോളജ്മെന്‍റ് ഡോക്യുമെന്‍റ് ഡൗണ്‍ലോഡ് ചെയ്യാന്‍ മറക്കേണ്ട. 
ഇനി ഇതെല്ലാം പാടാണെന്ന് തോന്നുന്നവര്‍ക്ക് പഴയപടി ഐ.ടി.ആര്‍.വി പ്രിന്‍െറടുത്ത് ഒപ്പിട്ട് സി.പി.സിയിലേക്ക് അയക്കാം. രജിസ്റ്റര്‍ചെയ്ത ഡിജിറ്റല്‍ ഒപ്പുള്ളവര്‍ക്കും പഴയപടി സമര്‍പ്പിക്കാം.  
വിശദാംശങ്ങള്‍ക്ക് ആദായനികുതി വകുപ്പിന്‍െറ https://incometaxindiaefiling.gov.in/eFiling/Portal/StaticPDF/eVerificat... ല്‍ സന്ദര്‍ശിക്കാം.

ബ്രിട്ടനെ പിടിച്ചുകുലുക്കി സല്യൂട്ട് വിവാദം

Posted: 19 Jul 2015 12:01 PM PDT

Image: 
Subtitle: 
ബ്രിട്ടീഷ് രാജ്ഞി കുട്ടിയായിരിക്കെ നാസി സല്യൂട്ട് നല്‍കുന്ന വിഡിയോ ടാബ്ളോയ്ഡ് പുറത്തുവിട്ടിരുന്നു

ലണ്ടന്‍: എലിസബത്ത് രാജ്ഞിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ടാബ്ളോയ്ഡ് പുറത്തുവിട്ട വിഡിയോയെച്ചൊല്ലി ബ്രിട്ടനില്‍ വിവാദം പുകയുന്നു. ഏഴുവയസ്സുകാരിയായിരിക്കെ മാതാവിനും സഹോദരിക്കും അമ്മാവനുമൊപ്പം ബാല്‍മൊറല്‍ കൊട്ടാരത്തില്‍വെച്ച് എലിസബത്ത് രാജകുമാരി നാസി സല്യൂട്ട് നല്‍കുന്ന വിഡിയോയാണ് കഴിഞ്ഞ ദിവസം സണ്‍ പത്രം പുറത്തുവിട്ടത്.
ഹിറ്റ്ലര്‍ പരമാധികാരത്തോടെ ജര്‍മനിയില്‍ സിംഹാസനമേറിയ 1933ല്‍ എടുത്ത വിഡിയോ എങ്ങനെ പുറത്തുവന്നുവെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഡിയോ സ്ഥിരീകരിച്ച ബക്കിങ്ഹാം കൊട്ടാരം ഇത് പുറത്തുവിട്ടതില്‍ നിരാശ അറിയിച്ചു.
നാസി ജര്‍മനിയോട് അനുഭാവം പുലര്‍ത്തിയിരുന്ന എഡ്വേഡ് രാജകുമാരന്‍ (1936ല്‍ രാജാവായി) എലിസബത്ത് രാജകുമാരിയെയും മൂന്നു വയസ്സുമാത്രമുള്ള ഇളയ സഹോദരി മാര്‍ഗരറ്റിനെയും നാസി സല്യൂട്ട് നല്‍കാന്‍ പഠിപ്പിക്കുന്നതാണ് വിഡിയോയിലുള്ളത്. മാര്‍ഗരറ്റ് ആദ്യം സല്യൂട്ട് നല്‍കുമ്പോള്‍ എലിസബത്ത് രാജകുമാരിയും അമ്മയും  അതിനു പിറകെ എഡ്വേഡും ഒന്നിലേറെ തവണ സല്യൂട്ട് നല്‍കുന്നുണ്ട്. എലിസബത്തിന്‍െറ പിതാവ് ജോര്‍ജ് ആറാമനാണ് വിഡിയോ പിടിച്ചതെന്ന് സംശയമുണ്ട്.
രാജ്ഞിയുടെ സ്വകാര്യ ശേഖരം സൂക്ഷിച്ചുവെച്ച വിന്‍ഡ്സര്‍ കൊട്ടാരത്തില്‍വെച്ചാണ് 20 സെക്കന്‍ഡ് മാത്രമുള്ള വിഡിയോ പുറത്തത്തെിയതെന്നു സൂചനയുണ്ട്. യഥാര്‍ഥ വിഡിയോ ഇപ്പോഴും ഭദ്രമായി സൂക്ഷിച്ചുവെച്ച നിലയില്‍തന്നെയുണ്ടെന്നും പകര്‍പ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്തതാണെന്നും ടാബ്ളോയ്ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എഡ്വേഡ് രാജകുമാരന് നാസി ജര്‍മനിയോട് അനുഭാവമുണ്ടായിരുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹിറ്റ്ലര്‍ ബ്രിട്ടന്‍ പിടിക്കുന്നപക്ഷം പാവ രാജാവായി എഡ്വേഡിനെ വെക്കുമെന്ന അഭ്യൂഹവുമുണ്ടായിരുന്നു.
ഹിറ്റ്ലറെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം നാസി സല്യൂട്ട് നല്‍കിയതും വിവാദമായി. ഇതിനു പിന്നാലെയാണ് എലിസബത്ത് രാജകുമാരിയെ ഉള്‍പ്പെടെ നാസി സല്യൂട്ട് പഠിപ്പിക്കാന്‍ ശ്രമിച്ചിരുന്നതിനും തെളിവ് പുറത്തുവരുന്നത്.

22 വര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്തി ഡിബാബ

Posted: 19 Jul 2015 11:53 AM PDT

Image: 

മൊണാകോ: 1500 മീറ്റര്‍ വനിതകളുടെ ഓട്ടത്തില്‍ 22 വര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്തിയെഴുതി ഇത്യോപ്യയുടെ ജെന്‍സെബെ ഡിബാബ. മൊണാകോ ഡയമണ്ട് ലീഗില്‍ മൂന്ന് മിനിറ്റ് 50.07 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഡിബാബ പുതിയ സമയം കുറിച്ചത്. ചൈനയുടെ ക്യൂ യുനിഷ 1993 സെപ്റ്റംബറില്‍ കുറിച്ച 3:50.46 എന്ന സമയമാണ് ഡിബാബ തിരുത്തിയത്. മൂന്നു തവണ ഒളിമ്പിക്സ് സ്വര്‍ണമണിഞ്ഞ തിരുനേഷ് ഡിബാബയുടെ സഹോദരികൂടിയാണ് ജെന്‍സെബ. സീസണില്‍ ആഫ്രിക്കന്‍ റെക്കോഡ് സ്വന്തം പേരില്‍ ചേര്‍ത്തുകൊണ്ടായിരുന്നു ഇവര്‍ മൊണാകോയിലത്തെിയത്.

ആശങ്കയൊഴിയാതെ കൊച്ചി തുറമുഖം

Posted: 19 Jul 2015 11:41 AM PDT

Image: 
Subtitle: 
കപ്പല്‍ച്ചാലിന്‍െറ ആഴം മുതല്‍ നിരക്കുവരെ വെല്ലുവിളി
കേരളം വിഴിഞ്ഞത്തെപ്പറ്റി സജീവമായി ചര്‍ച്ചചെയ്യുമ്പോഴുംസംസ്ഥാനത്തിന്‍െറ വരുമാന സ്രോതസായി മാറേണ്ട കൊച്ചി തുറമുഖം ആശങ്കയിലാണ്. വന്‍ കപ്പലുകള്‍ കൊച്ചി ഒഴിവാക്കി കൊളംബോ തുറമുഖത്തേക്ക് പോകുന്നതാണ് കാരണം. വലിയ കപ്പലുകളില്‍ ചരക്കത്തെിക്കുന്ന ഫീഡര്‍ കപ്പലുകള്‍ (ചെറുകപ്പലുകള്‍) മാത്രമാണ് കൊച്ചിയിലത്തെുന്നത്. ദുബൈ പോര്‍ട്ട് വേള്‍ഡിന്‍െറ സഹായത്തോടെ വല്ലാര്‍പാടത്ത് അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനല്‍ വരുന്നതോടെ പ്രശ്നങ്ങളൊക്കെ ഒഴിയുമെന്ന് കരുതിയിരുന്നെങ്കിലും കാര്യങ്ങള്‍ പഴപടിയെന്ന് തുറമുഖവൃത്തങ്ങള്‍ സൂചന നല്‍കുന്നു. 
വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായാല്‍ കൊച്ചിക്ക് തിരിച്ചടിയാകുമെന്ന് നേരത്തെ ആശങ്ക ഉയര്‍ന്നിരുന്നു. വലിയ കപ്പലുകള്‍ക്ക് വേഗത്തിലടുക്കാന്‍ കഴിയുന്ന വിധത്തിലാണ് വിഴിഞ്ഞത്തിന്‍െറ കിടപ്പ്. അതുകൊണ്ടുതന്നെ, മദര്‍ഷിപ് എന്നറിയപ്പെടുന്ന വലിയ കപ്പലുകള്‍ വിഴിഞ്ഞത്തേക്ക് പോകുമെന്നാണ്ആശങ്ക.
നിലവില്‍ വലിയ കപ്പലുകള്‍ ദുബൈ, കൊളംബോ, സിംഗപ്പൂര്‍ തുറമുഖങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. അവിടെനിന്ന് ചരക്ക് ഇടത്തരം കപ്പലുകളിലാക്കിയശേഷം അവയാണ് കൊച്ചിയിലത്തെിക്കുന്നത്. കപ്പല്‍ച്ചാലിന്‍െറ ആഴമാണ് വലിയ കപ്പലുകള്‍ അടുക്കുന്നതിന് തടസ്സമായി പറഞ്ഞിരുന്നത്. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് പദ്ധതി തയാറാക്കുമ്പോള്‍ കൊളംബോ തുറമുഖത്തെ കപ്പല്‍ച്ചാലിന്‍െറ ആഴം 12 മീറ്ററായിരുന്നു. വല്ലാര്‍പാടം തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന ആശങ്കയില്‍ അവര്‍ ചാലിന്‍െറ ആഴം 17.5 മീറ്ററാക്കി. വല്ലാര്‍പാടത്ത് അന്താരാഷ്ട്ര ടെര്‍മിനല്‍ വന്നപ്പോള്‍ കൊച്ചി തുറമുഖത്തെ കപ്പല്‍ച്ചാലിന്‍െറ ആഴം 14.5 മീറ്ററായി വര്‍ധിപ്പിക്കുകയും ചെയ്തു. കപ്പല്‍ച്ചാലിന്‍െറ ആഴ പ്രശ്നം ഏറെക്കുറെ പരിഹരിച്ച് കഴിഞ്ഞപ്പോള്‍ കബോട്ടാഷ് നിയമമായി പ്രശ്നം. ഒടുവില്‍ കേന്ദ്ര ഗവണ്‍മെന്‍റ് കബോട്ടാഷ് നിയമത്തിലും ഇളവുനല്‍കി. അപ്പോഴാണ് പുതിയ പ്രശ്നം. തുറമുഖത്ത് കപ്പലടുപ്പിക്കുന്നതിനുള്ള നിരക്ക് കൊളംബോയെ അപേക്ഷിച്ച് കൊച്ചിയില്‍ പലമടങ്ങ് അധികമാണ്. ഒരു കപ്പല്‍ അടുക്കുന്നതിനുള്ള കൈകാര്യ ഫീസ് കൊച്ചിയില്‍ 80,000 ഡോളറിനടുത്ത് വരുമ്പോള്‍ കൊളംബോയില്‍ 15,000 ഡോളറില്‍ താഴെയേവരൂ. അഞ്ചിരട്ടിയിലധികം കൊടുത്ത് കൊച്ചിയില്‍ കപ്പലടുപ്പിക്കാന്‍ ചരക്കുകടത്ത് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് താല്‍പര്യമില്ല. 
വല്ലാര്‍പാടം ടെര്‍മിനല്‍ വരുന്നതോടെ ആദ്യവര്‍ഷങ്ങളില്‍ ഏഴുലക്ഷം കണ്ടെയ്നറുകളും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 10 ലക്ഷംവരെ കണ്ടെയ്നറുകളും ഇവിടെ കൈകാര്യം ചെയ്യുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, പദ്ധതി നിലവില്‍ വന്ന് നാലുവര്‍ഷമായിട്ടും പ്രതീക്ഷിച്ച ശേഷിയുടെ 34 ശതമാനം മുതല്‍ 40 ശതമാനംവരെയാണ് ഇവിടെ കൈകാര്യം ചെയ്യാനാവുന്നത്. കബോട്ടാഷ് ഇളവിന്‍െറ പരിധി അടുത്തവര്‍ഷത്തോടെ അവസാനിക്കുകയും ചെയ്യും. വിഴിഞ്ഞം പദ്ധതി വരുന്നത് തങ്ങളെ ബാധിക്കില്ളെന്ന് വല്ലാര്‍പാടം നടത്തിപ്പുകാരായ ദുബൈ പോര്‍ട്ട് വേള്‍ഡ്പറയുന്നുണ്ടെങ്കിലും ആശങ്ക ബാക്കിയാണ്. ഇതത്തേുടര്‍ന്ന്, വല്ലാര്‍പാടത്തേക്ക് കൂടുതല്‍ മദര്‍ഷിപ്പുകള്‍ എത്തിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.  ഡി.പി വേള്‍ഡും എമിറേറ്റ്സ് ഷിപ്പിങ് ലൈനും ചേര്‍ന്ന് ചരക്ക് ഗതാഗതം കൈകാര്യം ചെയ്യുന്ന ഇ.എസ്.എല്‍, കെ.എം.ടി.സി, ആര്‍.സി.എല്‍, ഹാന്‍ജിന്‍ എന്നീ കമ്പനികളുടെ സഹകരണത്തോടെ ഗാലെക്സ് (ജി.എല്‍.എക്സ്) എന്ന ചരക്ക് കപ്പല്‍ സര്‍വിസ് കഴിഞ്ഞയാഴ്ച ആരംഭിച്ചിട്ടുണ്ട്. ഗാലക്സിന്‍െറ ആദ്യ കപ്പല്‍ ഞായറാഴ്ച കൊച്ചിയില്‍ നങ്കൂരമിടുകയും ചെയ്തു. ഇനി തിങ്കളാഴ്ചതോറും 6500 കണ്ടെയ്നര്‍ ശേഷിയുള്ള കപ്പല്‍, വല്ലാര്‍പാടത്ത് എത്തുമെന്നാണ് പറയുന്നത്. 6500 ടി.ഇ.യു ശേഷിയുള്ള ഏഴ് കപ്പലുകളാണ് ഈ സര്‍വിസില്‍ പങ്കെടുക്കുക. 
ഇതൊക്കെയാണെങ്കിലും വന്‍കിട കപ്പലുകളെ കൊച്ചിയിലേക്ക് ആകര്‍ഷിക്കുന്നതിന് ഇനിയും ഇളവുകള്‍ ആവശ്യമാണെന്ന് ദുബൈ പോര്‍ട്ട് വേള്‍ഡ് പറയുന്നു. ചാലിന്‍െറ ആഴം 17.5 മീറ്ററാക്കുക, കബോട്ടാഷില്‍ 10 വര്‍ഷത്തേക്ക് ഇളവനുവദിക്കുക, തുറമുഖനിരക്ക് കുറക്കുക എന്നിവയാണ് മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍. 
 
വിശദീകരണവുമായി തുറമുഖ ട്രസ്റ്റ്
കപ്പലുകള്‍ വല്ലാര്‍പാടത്ത് അടുക്കാതെ കൊളംബോയിലേക്ക് പോകുന്നതിന് കാരണം ഉയര്‍ന്ന തുറമുഖ നിരക്കാണെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് കൊച്ചി തുറമുഖ ട്രസ്റ്റ്. കൂടുതല്‍ ചരക്കുമായി കൊച്ചി തുറമുഖത്തത്തെുന്ന കപ്പലുകള്‍ക്ക് തുറമുഖനിരക്കില്‍ 85 ശതമാനംവരെ ഇളവ് അനുവദിക്കുന്നുണ്ടെന്നാണ് തുറമുഖ ട്രസ്റ്റിന്‍െറ വിശദീകരണം. ജൂലൈ ഒന്നുമുതലാണ് നിരക്കിളവ് പ്രാബല്യത്തില്‍ വന്നത്. കൊളംബോ തുറമുഖവുമായി മത്സരിക്കുന്നതിനാണിത്. 
കപ്പല്‍ച്ചാലിന് 14.5 മീറ്റര്‍ ആവശ്യമായ എം.വി പെട്രോഹ്യൂ എന്ന വന്‍കിട ചരക്കുകപ്പല്‍ കഴിഞ്ഞദിവസം കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടതോടെ കൊച്ചി തുറമുഖവും ആഴമുള്ള കപ്പല്‍ച്ചാലുള്ള തുറമുഖങ്ങളുടെ ക്ളബില്‍ അംഗമായെന്നും പോര്‍ട്ട് ട്രസ്റ്റ് അവകാശപ്പെടുന്നു. 
 

യുനൈറ്റഡിന് ജയം, റയലിന് തോല്‍വി

Posted: 19 Jul 2015 11:40 AM PDT

Image: 

വാഷിങ്ടണ്‍: ഇന്‍റര്‍നാഷനല്‍ ചാമ്പ്യന്‍സ് കപ്പില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം. ക്ളബ് അമേരിക്കയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് യുനൈറ്റഡ് തോല്‍പിച്ചത്. സീസണിലെ പുതുതാരങ്ങളായ മെംഫിസ് ഡിപെ, ബാസ്റ്റ്യന്‍ ഷൈന്‍സ്റ്റൈഗര്‍, മാറ്റ്യോ ഡാര്‍മിയന്‍ എന്നിവര്‍ അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ ഷ്നീഡര്‍ലിന്‍െറ അഞ്ചാം മിനിറ്റ് ഗോളിലൂടെയായിരുന്നു യുനൈറ്റഡിന്‍െറ ജയം.
മറ്റൊരു മത്സരത്തില്‍ റയല്‍ മഡ്രിഡിനെ എ.എസ് റോമയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ചു. ഗോള്‍രഹിതമായ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോള്‍ 7^6നായിരുന്നു റോമയുടെ ജയം.
 

റോബോട്ടുകള്‍ക്കായി ലോക ഫുട്ബാള്‍ മാമാങ്കം

Posted: 19 Jul 2015 11:39 AM PDT

Image: 

ബെയ്ജിങ്: മൈതാനമധ്യത്തില്‍ പന്തിനു മുന്നില്‍ ജാഗ്രതയോടെ രണ്ടുപേര്‍. വിസില്‍ മുഴങ്ങുന്നതോടെ കൃത്യമായി കണക്കുകൂട്ടിയെന്നപോലെ ആദ്യ നീക്കം. ഇരുവശങ്ങളിലെയും ഗോള്‍മുഖം ലക്ഷ്യമിട്ട് പന്തുമായി കുതിക്കുന്ന താരങ്ങള്‍. ഇടക്ക് മന:പൂര്‍വമെന്ന് തോന്നിക്കുന്ന ഫൗളുകളും വീഴ്ചകളും... പതിവു മത്സരങ്ങളിലെ ആവേശം തെല്ലും ചോരാതെ, എന്നാല്‍, മനുഷ്യര്‍ക്കു പകരം യന്ത്രമനുഷ്യരെ അണിനിരത്തി ലോക ഫുട്ബാള്‍ മാമാങ്കം ചൈനയിലെ ഹെഫൈ യൂനിവേഴ്സിറ്റിയില്‍ തുടങ്ങി.
 മുന്‍നിര സാങ്കേതിക സ്ഥാപനങ്ങളുടെയും യൂനിവേഴ്സിറ്റികളുടെയും പേരില്‍ ഇറങ്ങുന്ന നാലു റോബോട്ടുകള്‍ വീതമുള്ള ടീമുകളാണ് ഇരുവശങ്ങളിലുമായി അങ്കംകുറിക്കുക. 1997ല്‍ ആരംഭിച്ച റോബോകപ്പിന്‍െറ കഴിഞ്ഞ പാദ മത്സരം ബ്രസീലിലായിരുന്നു. 11 രാജ്യങ്ങളിലെ 38 ടീമുകളുമായി തുടക്കമിട്ട ടൂര്‍ണമെന്‍റില്‍ ഇത്തവണ 45 രാജ്യങ്ങളിലെ 500ഓളം ടീമുകള്‍ മാറ്റുരക്കാനുണ്ട്. യഥാര്‍ഥ ലോകകപ്പ് ഫുട്ബാളിനെ അപേക്ഷിച്ച് കാണികള്‍ കുറവാകുമെങ്കിലും അത്ര മോശമൊന്നുമല്ളെന്ന് സംഘാടകര്‍ പറയുന്നു.
കൃത്രിമ ബുദ്ധിയുടെ വികാസം ലക്ഷ്യമിട്ടാണ് മത്സരങ്ങള്‍ ആരംഭിച്ചതെങ്കിലും 2050ഓടെ മനുഷ്യരെ തോല്‍പിക്കുന്ന പ്രകടനമാവും റോബോട്ടുകളെന്നാണ് സംഘാടകരുടെ അവകാശവാദം. നിലവിലെ പ്രകടനം കണ്ടാല്‍ പക്ഷേ, അങ്ങനെയൊരു അദ്ഭുതംകൂടി നടക്കുമോ എന്ന ആകാംക്ഷ സ്വാഭാവികം.

കവി യേറ്റ്സിന്‍െറ ഭൗതികാവശിഷ്ടം എവിടെ?

Posted: 19 Jul 2015 11:34 AM PDT

Image: 
Subtitle: 
പുതിയ വെളിപ്പെടുത്തലുമായി ഫ്രഞ്ച് രേഖ

ലണ്ടന്‍: അയര്‍ലന്‍ഡ് നഗരമായ കോസ്ളിഗോയിലെ ഡ്രംക്ളിഫ് സെമിത്തേരിയില്‍ ബ്രിട്ടീഷ് കവി ഡബ്ള്യു ബി. യേറ്റ്സിന്‍േറതെന്ന് അടയാളപ്പെടുത്തിയ കുഴിമാടത്തില്‍ സത്യത്തില്‍ ആരുടെ ഭൗതികാവശിഷ്ടമാണുള്ളത്? കഴിഞ്ഞ മാസം അയര്‍ലന്‍ഡിലത്തെിയ ചാള്‍സ് രാജകുമാരന്‍ സന്ദര്‍ശനം നടത്തിയ കോ സ്ളിഗോയിലുള്ളത് കവിയുടെ ഭൗതികാവശിഷ്ടം തന്നെയെന്ന് ഉറപ്പിക്കാനാവില്ളെന്ന് തെളിയിക്കുന്ന രേഖയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. 1939ല്‍ ഫ്രാന്‍സില്‍വെച്ചാണ് കവി മരണപ്പെടുന്നത്. തന്‍െറ കവിതകളെ പ്രചോദിപ്പിച്ച നഗരത്തില്‍ തന്നെ സംസ്കരിക്കണമെന്നായിരുന്നു കവിയുടെ മോഹം. രണ്ടാം ലോക യുദ്ധത്തെ തുടര്‍ന്ന് ഭൗതികാവശിഷ്ടം അയര്‍ലന്‍ഡിലത്തെിക്കാന്‍ 1948 വരെ കാത്തിരിക്കേണ്ടിവന്നു. അന്ന് കവിയുടേതെന്ന പേരില്‍ പുറത്തെടുത്ത ഭൗതികാവശിഷ്ടം മാറിപ്പോയിട്ടുണ്ടാകാമെന്നാണ് വെളിപ്പെടുത്തല്‍.  ഇതുസംബന്ധിച്ച് രേഖ ഫ്രഞ്ച് സര്‍ക്കാര്‍ അയര്‍ലന്‍ഡിന് കൈമാറി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP