സ്വാഗതം
WELCOME

News Update..

Friday, July 24, 2015

ഒടുവില്‍ ലമണ്‍ കോടതിയില്‍ ‘കീഴടങ്ങി’ Madhyamam News Feeds

ഒടുവില്‍ ലമണ്‍ കോടതിയില്‍ ‘കീഴടങ്ങി’ Madhyamam News Feeds

Link to

ഒടുവില്‍ ലമണ്‍ കോടതിയില്‍ ‘കീഴടങ്ങി’

Posted: 24 Jul 2015 01:40 AM PDT

Image: 
തിരുവനന്തപുരം: കൂടുവിട്ടിറങ്ങിയ ലമണ്‍ ഒടുവില്‍ കോടതിയില്‍ ‘കീഴടങ്ങി’. വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കൂടുവിട്ട വളര്‍ത്തുതത്ത ലമണ്‍ വഞ്ചിയൂര്‍ കോടതിവളപ്പിലെ മരത്തില്‍നിന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് പിടിയിലായത്. ടെക്നോപാര്‍ക്കിലെ ഉദ്യോഗസ്ഥരായ വഞ്ചിയൂര്‍ അംബാനഗര്‍ എ.ആര്‍.എ 111 പ്രശാന്തം വീട്ടില്‍ അരുണ്‍ സൂരജ്- സ്മിത ദമ്പതികളുടെ ഇണക്കിളികളില്‍ ഒരെണ്ണമാണ് ആറുദിവസം മുമ്പ് വീടുവിട്ടത്. വിദേശത്തുനിന്ന് കൊണ്ടുവന്ന തത്തകളില്‍ ഒരെണ്ണത്തെ കാണാതായതിന്‍െറ ദു$ഖത്തില്‍ കഴിയുകയായിരുന്നു വീട്ടുകാര്‍. കഴിഞ്ഞ ദിവസം രാത്രി വഞ്ചിയൂര്‍ കോടതിവളപ്പിലെ മരത്തില്‍ തത്തയിരിക്കുന്നത് കണ്ടു. തുടര്‍ന്ന് കോടതി അനുവാദത്തോടെ  ഫയര്‍ഫോഴ്സത്തെി കയറി പിടിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. ഇഷ്ട വിഭവങ്ങളായ പിസ്തയും പഴവും ഉടമ വെച്ചുനീട്ടിയെങ്കിലും അവന്‍ കുലുങ്ങിയില്ല. വിവരമറിഞ്ഞ് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ഷിര്‍സി, സി.ജെ.എം സുജിമോള്‍ കുരുവിള എന്നിവരും രാത്രി കോടതിയിലത്തെിയിരുന്നു. ബുധനാഴ്ച തത്തയെ കാണാനും പിടികൂടാനും നിരവധി പേരത്തെി. പഴങ്ങളും മറ്റും കാണിച്ച് ആകര്‍ഷിക്കാന്‍ ശ്രമിച്ചെങ്കിലും പറന്നു നടന്നതല്ലാതെ താഴേക്ക് വന്നില്ല. വ്യാഴാഴ്ച ഉച്ചയോടെ കോടതി വളപ്പില്‍ താഴ്ന്ന് പറക്കുന്നതിനിടെ തന്ത്രപരമായി പിടികൂടുകയായിരുന്നു. ആസ്ട്രേലിയ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ കണ്ടുവരുന്ന രണ്ട് തത്തകളെ ഒരു സ്വകാര്യ ഏജന്‍സിയില്‍നിന്നാണ് ഇവര്‍ വാങ്ങിയത്. ഒരെണ്ണത്തിന് 95,000 ത്തോളം രൂപ വിലവരുന്ന ഇവക്ക് സണ്‍ഡേ, ലമണ്‍ എന്നീ പേരുകള്‍ നല്‍കിയാണ് വളര്‍ത്തിയത്. സാധാരണ ലമണ്‍ ഇങ്ങനെ പറന്നുപോകാറുണ്ടെന്നും അതുപോലെ മടങ്ങി വരാറുണ്ടെന്നും വീട്ടുകാര്‍ പറയുന്നു. ലമണ്‍ പോയതിന്‍െറ സങ്കടം കൂട്ടില്‍ക്കിടന്ന് സണ്‍ഡേ പ്രകടപ്പിക്കുന്നതും പതിവാണ്.ദിവസങ്ങള്‍ക്ക് ശേഷം നഷ്ടപ്പെട്ടെന്ന് കരുതിയ പൊന്നോമനയെ തിരികെ കിട്ടിയ സന്തോഷത്തിലാണ് വീട്ടുകാര്‍. ഒറ്റപ്പെടല്‍ ഒഴിവായ ആശ്വാസത്തില്‍ സണ്‍ഡേയും.

കരിമണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്‍റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Posted: 24 Jul 2015 01:21 AM PDT

തൊടുപുഴ: കരിമണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബീന ജോളിയെ യു.ഡി.എഫ് അവിശ്വാസത്തിലൂടെ പുറത്താക്കി. 14 അംഗ ഭരണസമിതിയില്‍ പ്രസിഡന്‍റിനെ കൂടാതെ കോണ്‍ഗ്രസ് -ഏഴ്, കേരള കോണ്‍ഗ്രസ് -രണ്ട്, മുസ്ലിംലീഗ് -ഒന്ന്, എല്‍.ഡി.എഫ് -മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. വോട്ടെടുപ്പില്‍നിന്ന് എല്‍.ഡി.എഫ് വിട്ടുനിന്നതോടെ പ്രസിഡന്‍റ് ഒഴികെയുള്ള പത്തംഗങ്ങളുടെ പിന്തുണയോടെ അവിശ്വാസം പാസാകുകയായിരുന്നു.
പ്രസിഡന്‍റ് തന്നിഷ്ട പ്രകാരം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുവെന്നാരോപിച്ച് മേയ് 27ന് പ്രസിഡന്‍റ് ബീന ജോളിക്കെതിരെ യു.ഡി.എഫ് അംങ്ങള്‍ അവിശ്വാസം കൊണ്ടുവന്നിരുന്നു. ഇതിനെതിരെ പ്രസിഡന്‍റ് ഹൈകോടതിയില്‍നിന്ന് സ്റ്റേ വാങ്ങുകയും ജൂണ്‍ 21ന് ഇരുകക്ഷികളോടും ഹിയറിങ്ങിന് ഹാജരാകാനും കോടതി നിര്‍ദേശിച്ചിരുന്നു.
ഹിയറിങ്ങിനുശേഷം ജൂണ്‍ 26ന് കോടതി സ്റ്റേ നീക്കുകയും ചെയ്തു. അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ അനുവദിച്ചു കൊണ്ടുള്ള കോടതി ഉത്തരവ് കഴിഞ്ഞ 16ന് പഞ്ചായത്തില്‍ ലഭിച്ചതോടെ വ്യാഴാഴ്ച അവിശ്വാസം ചര്‍ച്ചക്കെടുക്കുകയായിരുന്നു. ഇതിനിടെ ബീന ജോളി ഹൈകോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചു. എന്നാല്‍, അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുന്നതില്‍ തടസ്സമില്ളെന്നും പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അടക്കുള്ള തുടര്‍നടപടി റിട്ട് ഹരജി തീര്‍പ്പാക്കിയ ശേഷം മാത്രമേ നടപ്പാക്കാവൂ എന്നും ഹൈകോടതി ഉത്തരവിടുകയായിരുന്നു. പാര്‍ട്ടിയുമായി ആലോചിക്കാതെ തീരുമാനങ്ങളെടുക്കുക, പഞ്ചായത്ത് കമ്മിറ്റിയിലെ കോണ്‍ഗ്രസ് അംഗങ്ങളെ മാനിക്കാതിരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പ്രസിഡന്‍റ് ചെയ്തുവരുന്നതെന്ന് ഒരുവിഭാഗം കോണ്‍ഗ്രസ് അംഗങ്ങള്‍ ഡി.സി.സി പ്രസിഡന്‍റിന് പരാതി നല്‍കിയിരുന്നു.
ഇതോടെ രാജിവെക്കാന്‍ ഡി.സി.സി നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഇതു കൂട്ടാക്കാതെ വൈസ് പ്രസിഡന്‍റിന് ചുമതല നല്‍കി ഇവര്‍ അവധിയില്‍ പ്രവേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരെ സസ്പെന്‍ഡ് ചെയ്യാന്‍ പാര്‍ട്ടി തീരുമാനിച്ചതും അവിശ്വാസ നടപടിയിലേക്ക് കടന്നതും.

സിവില്‍ സ്റ്റേഷനിലെ പഞ്ചിങ് സംവിധാനം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിസ്സഹകരണം

Posted: 24 Jul 2015 01:15 AM PDT

കാസര്‍കോട്: ഒരു വര്‍ഷംമുമ്പ് സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ച ജീവനക്കാര്‍ക്കുള്ള പഞ്ചിങ് സംവിധാനത്തോട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിസ്സഹകരണമെന്ന് ആക്ഷേപം.
ജീവനക്കാര്‍ കൃത്യസമയത്ത് എത്തുന്നതും മറ്റും കണ്ടത്തൊന്‍ തുടങ്ങിയ 'പഞ്ചിങ് ബയോമെട്രിക് അറ്റന്‍ഡന്‍സ് മാനേജ്മെന്‍റ് മോണിറ്ററിങ്' സംവിധാനമാണ് ഉന്നത ഉദ്യോഗസ്ഥരുടെ താല്‍പര്യക്കുറവുമൂലം നിഷ്പ്രയോജനമായത്. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് പഞ്ചിങ്ങിനോട് വിമുഖതയത്രെ. യു.ഡി, എല്‍.ഡി ക്ളര്‍ക്കുമാരും മറ്റ് കീഴ്ജീവനക്കാരും പഞ്ചിങ് സംവിധാനം പാലിക്കുമ്പോഴും ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് സമയനിഷ്ഠ പാലിക്കാന്‍ മടി. പഞ്ചിങ് കാര്യക്ഷമമാക്കാന്‍ ബുധനാഴ്ച കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രഹസനമായതും ഇവരുടെ നിസ്സഹകരണം മൂലമാണ്. കലക്ടര്‍ വിളിച്ച യോഗത്തില്‍ കീഴ്ജീവനക്കാരില്‍ മിക്കവരും പങ്കെടുത്തെങ്കിലും ഉന്നതര്‍ വന്നില്ല. ഇത് കലക്ടര്‍ ചോദ്യം ചെയ്തെങ്കിലും തുടര്‍ നടപടി ഒന്നും ഉണ്ടാകാത്തതിനാല്‍ പഞ്ചിങ് ഒൗപചാരികത മാത്രമായി. കീഴ്ജീവനക്കാരില്‍ ഇതുസംബന്ധിച്ച അസംതൃപ്തി ഉടലെടുത്തിട്ടുണ്ട്.
സിവില്‍ സ്റ്റേഷനില്‍ ജില്ലാ പഞ്ചായത്ത്, ഡി.പി.സി, ടൗണ്‍ പ്ളാനിങ്, പ്ളാനിങ്, ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഓഫിസുകളില്‍ മാത്രമാണ് പഞ്ചിങ് യന്ത്രമില്ലാത്തത്.
മറ്റെല്ലാ ഓഫിസുകളിലും യന്ത്രമുണ്ടെങ്കിലും ഇവയുടെ മോണിറ്ററിങ് സംവിധാനം കാര്യക്ഷമമല്ലാത്തതിനാല്‍ വൈകിവരുന്നവരെയും 'മുങ്ങുന്ന'വരെയും പിടിക്കാന്‍ സാധിക്കുന്നില്ല. കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്വര്‍ക്ക് എന്ന സംവിധാനത്തിലാണ് പഞ്ചിങ് മെഷീന്‍ പ്രവര്‍ത്തിക്കുന്നത്. പല ഓഫിസുകളിലും ഇതിന്‍െറ പ്രവര്‍ത്തനം മുടങ്ങിയിരിക്കുകയാണ്. അതിനാല്‍തന്നെ മൂന്ന് ദിവസം വൈകിയത്തെിയാല്‍ ഒരു കാഷ്വല്‍ ലീവ് രേഖപ്പെടുത്തണമെന്ന ചട്ടം ജലരേഖയായി. ഇത് ഉദ്യോഗസ്ഥര്‍ക്ക് അനുഗ്രഹമായി. പല ആവശ്യങ്ങള്‍ക്കും ഓഫിസുകളിലത്തെുന്ന സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങളൊന്നും ലഭിക്കാത്ത അവസ്ഥയാണുള്ളത്.
നേരത്തെ ഈ പ്രവണതക്കെതിരെ കടുത്ത ജനരോഷമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ജൂലൈ ഒന്ന് മുതല്‍ ട്രയല്‍ റണ്ണായി ആരംഭിച്ച പഞ്ചിങ് ആഗസ്റ്റ് 11 മുതല്‍ സ്ഥിരം സംവിധാനമാക്കിയത്. എന്നാല്‍, കൃത്യം ഒരു വര്‍ഷം കഴിയുമ്പോഴേക്ക് പദ്ധതി പ്രയോജന രഹിതമായതിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥരാണ്. സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ ജീവനക്കാരും പഞ്ചിങ് നടത്തണമെന്നാണ് നിയമം. രാവിലെ 10.15 മുതല്‍ വൈകീട്ട് 5.15 വരെയാണ് പഞ്ചിങ് സമയം ക്രമപ്പെടുത്തിയത്. രാവിലെ 10.25 വരെയും വൈകീട്ട് 5.05 മുതല്‍ 10 മിനിറ്റ് വരെയും ഗ്രേസ് സമയവും അനുവദിച്ചിട്ടുണ്ട്. ഇതെല്ലാം അവഗണിച്ച് പല ഉദ്യോഗസ്ഥരും തോന്നുമ്പോള്‍ വരുന്നതിനാല്‍ പല വകുപ്പുകളിലും ഫയലുകള്‍ കുന്നുകൂടിയിരിക്കുകയാണ്. മൂന്ന് ലേറ്റ് അറ്റന്‍ഡന്‍സ് ഒരു കാഷ്വല്‍ ലീവായി കണക്കാക്കും. പാര്‍ട്ട് ടൈം ജീവനക്കാരുടെ സമയം രാവിലെ 8.30 മുതല്‍ ഉച്ച 12 മണിവരെയായിരിക്കും. ഗ്രേസ് സമയം ഈ ജീവനക്കാര്‍ക്കും ബാധകമാണ്.
ഫീല്‍ഡ് സ്റ്റാഫ്, യൂനിഫോം സ്റ്റാഫ്, പാര്‍ട്ട്ടൈം സ്വീപ്പര്‍, നൈറ്റ് ഡ്യൂട്ടി സ്റ്റാഫ് ഉള്‍പ്പെടെ എല്ലാ ജീവനക്കാരും കൃത്യമായി പഞ്ച് ചെയ്യുന്നുണ്ടെന്ന് ജില്ലാ ഓഫിസര്‍മാര്‍ ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. റിപ്പോര്‍ട്ട് തൊട്ടടുത്ത മാസം അഞ്ചിനകം കലക്ടറേറ്റ് ഹുസൂര്‍ ശിരസ്തദാറിന് നല്‍കണം. ഓരോ ഓഫിസുകളുടെയും ഹാജര്‍ നില പരിശോധിക്കുന്നതിനുള്ള യൂസര്‍ ഐ.ഡി, പാസ്വേര്‍ഡ് എന്നിവ അതത് ഓഫിസുകളുടെ ജില്ലാ ഓഫിസര്‍മാര്‍ക്ക് പ്രത്യേകമായി നല്‍കിയിട്ടുണ്ട്. ഉച്ചക്കുശേഷം അവധിയില്‍ പോകുന്ന ജീവനക്കാര്‍ 1.15നു ശേഷവും ഉച്ചവരെ അവധി എടുക്കുന്നവര്‍ രണ്ടു മണിക്കകവും പഞ്ച് ചെയ്യണം. ജീവനക്കാര്‍ ടൂറിലോ ഫീല്‍ഡിലോ ആയിരിക്കുമ്പോള്‍ നിര്‍ബന്ധമായും മൂവ്മെന്‍റ് രജിസ്റ്ററില്‍ രേഖപ്പെടുത്തണം.
പാര്‍ട്ട്ടൈം ജീവനക്കാര്‍, നൈറ്റ് ഡ്യൂട്ടി ജീവനക്കാര്‍ ഒഴികെയുള്ള ജീവനക്കാരുടെ പഞ്ചിങ് സമയം രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 6.30 വരെയാണ്. പഞ്ചിങ് സംവിധാനങ്ങള്‍ക്കൊപ്പം മാന്വല്‍ അറ്റന്‍ഡന്‍സും തുടരുന്നുണ്ട്.

പുനരധിവാസ പദ്ധതി നടന്നില്ല; ജീവിതംവഴിമുട്ടി നൂല്‍പുഴ വനഗ്രാമങ്ങള്‍

Posted: 24 Jul 2015 01:12 AM PDT

സുല്‍ത്താന്‍ ബത്തേരി: പതിറ്റാണ്ടുകളായി കൊട്ടിഘോഷിക്കുന്ന പുനരധിവാസ പദ്ധതികള്‍ നടക്കാതായതോടെ നൂല്‍പുഴയിലെ വനഗ്രാമങ്ങള്‍ പ്രതിസന്ധിയില്‍.
പുനരധിവാസത്തിന്‍െറ പേരുപറഞ്ഞ് വികസന പ്രവൃത്തികള്‍ നിര്‍ത്തിയിട്ട് വര്‍ഷങ്ങളായി. വന്യജീവി ശല്യം മൂലം പട്ടാപ്പകല്‍പോലും പുറത്തിറങ്ങാനാവില്ല. പ്രദേശത്തെ യുവതികളുടെ വിവാഹങ്ങള്‍പോലും മുടങ്ങുന്നു.
സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി നടപ്പാക്കുന്ന വയനാട് വന്യജീവികേന്ദ്രത്തിലെ 14 ജനവാസ മേഖലകളില്‍ 12ഉം നൂല്‍പുഴ പഞ്ചായത്തിലാണ്. അമ്മവയല്‍, കോളൂര്‍, കൊട്ടങ്കര വനഗ്രാമങ്ങളില്‍ മാത്രമാണ് പദ്ധതി നടപ്പായത്. കുറിച്യാട്ട് പദ്ധതി ഭാഗികമായി നടപ്പാക്കി. 14 കുടുംബങ്ങള്‍ ഇപ്പോഴും കൊടും കാട്ടിനുള്ളില്‍ തുടരുകയാണ്. പുത്തൂര്‍, മണിമുണ്ട, പാമ്പുംകൊല്ലി, ചെട്ട്യാലത്തൂര്‍, കൊമ്മച്ചേരി തുടങ്ങി ഉള്‍വനത്തിലുള്ള ജനവാസകേന്ദ്രങ്ങള്‍ ഇപ്പോഴും പുനരധിവാസ പദ്ധതി പ്രതീക്ഷിച്ച് ജീവിതം തുലക്കുകയാണ്. മറ്റുവഴികളില്ളെന്നതുതന്നെ കാരണം.
നടക്കാത്ത പുനരധിവാസ പദ്ധതിയുടെ പേരില്‍ പഞ്ചായത്തടക്കം ഈ ഗ്രാമങ്ങളില്‍ എല്ലാവിധ വികസന പ്രവൃത്തികളും നിര്‍ത്തിവെച്ചു. ജനങ്ങളെ ഒഴിപ്പിക്കുന്ന പ്രദേശത്ത് എന്തിന് വികസനമെന്നാണ് ഭരണക്കാരുടെ ചോദ്യം. എന്നാല്‍, പദ്ധതി എപ്പോള്‍ നടപ്പാകുമെന്ന ചോദ്യത്തിന് അവര്‍ക്ക് മറുപടിയില്ല. പദ്ധതിയുടെ പേരില്‍ അരപ്പതിറ്റാണ്ടിലേറെയായി റോഡും വീടും കുടിവെള്ളവും വൈദ്യുതിയും ഇവര്‍ക്ക് നിഷേധിക്കപ്പെടുകയാണ്.
സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ മിനിമം ഒരു കുടുംബത്തിന് 10 ലക്ഷം രൂപയാണ് ലഭിക്കുക. കുടുംബത്തിലെ പ്രായപൂര്‍ത്തിയായ ഓരോ ആണിനും പെണ്ണിനും പുറമെ യോഗ്യതാ കുടുംബങ്ങളെന്ന നിലയില്‍ 10 ലക്ഷം രൂപ വീതം വേറെയും ലഭിക്കും. എന്നാല്‍, വിവാഹിതയായ പെണ്‍മക്കള്‍ക്ക് ഈ തുക ലഭിക്കാന്‍ അര്‍ഹതയില്ല. പെണ്‍മക്കളെ വിവാഹം ചെയ്ത് അയച്ചാല്‍ നഷ്ടപരിഹാരത്തുക നഷ്ടമാവുമെന്നതിനാല്‍ വിവാഹാലോചനകളും മുടങ്ങിക്കിടക്കുന്നു. വിവാഹവും ജീവിതവും പുനരധിവാസവും ഇല്ളെന്ന അവസ്ഥയിലാണ് ഇവിടത്തെ പെണ്‍കുട്ടികള്‍.
അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ട വനഗ്രാമങ്ങളില്‍ വന്യജീവി പ്രതിരോധ നടപടികള്‍ നടപ്പായിട്ടില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയില്ല. വനമേഖലയായതിനാല്‍ കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിക്കില്ല. ജീവനും സ്വത്തും അപകടത്തിലായിട്ടും ജനങ്ങള്‍ക്ക് പുറത്തുപോകാന്‍ നിവൃത്തിയില്ല. ഇവിടെ താമസിക്കുന്നവര്‍ക്ക് മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ.
ഏഴുപതിറ്റാണ്ടുമുമ്പ് തിരുവിതാംകൂറില്‍നിന്ന് കുടിയേറിയ 10 കുടുംബങ്ങളുടെ പിന്മുറക്കാരും നൂറോളം ആദിവാസി കുടുംബങ്ങളും ഏതാനും വയനാടന്‍ ചെട്ടി കുടുംബങ്ങളുമാണ് പുത്തൂര്‍, മണിമുണ്ട, പാമ്പുംകൊല്ലി വനഗ്രാമങ്ങളിലുള്ളത്.
ചെട്ട്യാലത്തൂരില്‍ മാത്രം 150ഓളം കുടുംബങ്ങളുണ്ട്. കൊമ്മച്ചേരി ഉള്‍വനത്തില്‍ ആറ് കാട്ടുനായ്ക്ക കുടുംബങ്ങളാണുള്ളത്.
പുത്തൂര്‍, മണിമുണ്ട, പാമ്പുംകൊല്ലി മേഖലകളിലായി 1960ല്‍ 40 ഏക്കര്‍ സ്ഥലത്ത് സര്‍ക്കാര്‍ പട്ടയം നല്‍കിയിരുന്നു. 1973ല്‍ വയനാട് വന്യജീവി കേന്ദ്രം നിലവില്‍ വന്നതോടെ ഈ പട്ടയഭൂമിയും
വന്യജീവി കേന്ദ്രത്തിനുള്ളിലായി. റോഡും വൈദ്യുതിയും ചികിത്സയും വിദ്യാഭ്യാസവുമൊക്കെ ഇവര്‍ക്ക് സ്വപ്നങ്ങള്‍ മാത്രമാണ്.

നെടുമ്പാശ്ശേരിയില്‍ ഇനി ക്ഷീരോത്സവ നാളുകള്‍

Posted: 24 Jul 2015 12:01 AM PDT

കൊച്ചി: സംസ്ഥാന ക്ഷീരവികസന വകുപ്പിന്‍െറയും പാറക്കടവ് ബ്ളോക് പഞ്ചായത്തിലെ ക്ഷീരവികസന സംഘങ്ങളുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്ഷീരസംഗമം വെള്ളിയാഴ്ചയും ശനിയാഴ്ചയും നടക്കും. പാറക്കടവ് ബ്ളോക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകള്‍, സഹകരണ സ്ഥാപനങ്ങള്‍, ആത്മ എന്നിവയുടെയും സഹകരണത്തോടെ നടക്കുന്ന പരിപാടിക്ക് നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്താണ് ആതിഥേയത്വം വഹിക്കുന്നത്.
രണ്ടുദിവസമായി നടക്കുന്ന പരിപാടിയുടെ ആദ്യദിവസത്തേത് പാറക്കടവ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എം.കെ. ഷാജി ഉദ്ഘാടനം ചെയ്യും. കന്നുകാലി പ്രദര്‍ശനം ഉള്‍പ്പെടെ കാലിവളര്‍ത്തലുമായി ബന്ധപ്പെട്ട വിവിധ പ്രദര്‍ശനങ്ങളും നെടുമ്പാശ്ശേരി പഞ്ചായത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് വിവിധയിനം ഉരുക്കളെ സ്ഥലത്തത്തെിച്ചു. രണ്ടാം ദിവസം അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. രണ്ടാംദിവസം ക്ഷീരവികസനത്തെ കുറിച്ച് ശില്‍പശാലകളും മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കല്‍, വിവിധ പരീക്ഷകളില്‍ വിജയികളായ ക്ഷീരകര്‍ഷകരുടെ മക്കള്‍ക്ക് അവാര്‍ഡ് വിതരണം, മികച്ച മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാതാക്കള്‍, ഏറ്റവും കൂടുതല്‍ പാല്‍ അളക്കുന്ന കര്‍ഷകരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ അരങ്ങേറും. ക്ഷീരസംഗമത്തില്‍ പങ്കെടുക്കുന്ന ഉരുക്കള്‍ക്ക് ഭക്ഷണവും ജലവും സൗജന്യമായി നല്‍കുമെന്ന് സംഘാടകസമിതി അറിയിച്ചു. വെള്ളിയാഴ്ച രാവിലെ നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തില്‍ പതാക ഉയര്‍ത്തലോടെ ക്ഷീരസംഗമം ആരംഭിക്കും. ഇതോടൊപ്പം മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വില്‍പനയും ഉണ്ടാകും.

ഭാരതമാതാ കോളജില്‍ സംഘര്‍ഷം

Posted: 24 Jul 2015 12:01 AM PDT

കൊച്ചി: കോളജ് കാമ്പസില്‍ വിദ്യാര്‍ഥികളും പുറത്തുനിന്നത്തെിയവരും തമ്മില്‍ കൂട്ടത്തല്ല്. തൃക്കാക്കര ഭാരതമാതാ കോളജിന് മുന്നിലായിരുന്നു സംഘട്ടനം.
കഞ്ചാവ് വില്‍പന തടഞ്ഞതില്‍ പ്രകോപിതരായ സംഘം തങ്ങളെ മര്‍ദിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
എന്നാല്‍, ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയെ കോളജിലെ മുതിര്‍ന്ന കുട്ടികള്‍ റാഗിങ് നടത്തിയത് സംബന്ധിച്ച് ചോദ്യംചെയ്താണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് എതിര്‍ വിഭാഗത്തിന്‍െറ ആരോപണം. വിവാഹിതയായ വിദ്യാര്‍ഥിനിയാണ് റാഗിങ്ങിനിരായതെന്നാണ് ആരോപണം. കോളജില്‍നിന്ന് കൂട്ടിക്കൊണ്ടുപോകാന്‍ കഴിഞ്ഞ ദിവസം കാമ്പസിലത്തെിയ ഭര്‍ത്താവിനോട് പെണ്‍കുട്ടി റാഗിങ് വിവരം പറഞ്ഞിരുന്നത്രേ.
റാഗിങ് നടത്തിയ സീനിയര്‍ വിദ്യാര്‍ഥികളെ പെണ്‍കുട്ടി ഭര്‍ത്താവിന് കാണിച്ചുകൊടുക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതിനത്തെുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ യുവാവിനെ കൈകാര്യം ചെയ്തു. ഇതില്‍ പ്രകോപിതരായി പുറത്തുനിന്നത്തെിയ സംഘം വ്യാഴാഴ്ച അക്രമം നടത്തുകയായിരുന്നു. എന്നാല്‍, കാമ്പസ് തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കമാണ് കൂട്ടത്തല്ലിന് കാരണമെന്ന് തൃക്കാക്കര പൊലീസ് വ്യക്തമാക്കി.
അതേസമയം, മാരാകായുധങ്ങളുമായി പുറത്ത് കാത്തുനിന്ന മാഫിയസംഘം കാമ്പസില്‍നിന്ന്് പുറത്തേക്ക് വന്ന വിദ്യാര്‍ഥികളെ മര്‍ദിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ബുധനാഴ്ച കാമ്പസിനകത്ത് കഞ്ചാവ് വില്‍പനക്കത്തെിയ നാലംഗ സംഘത്തെ തടഞ്ഞതാണ് പ്രകോപനത്തിനിടയാക്കിയതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. കഞ്ചാവ് വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട ജൂനിയര്‍ വിദ്യാര്‍ഥികളാണ് വിവരം സീനിയേഴ്സിനെ അറിയിച്ചത്.
തുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ഥികളാണ് സംഘത്തെ ബലം പ്രയോഗിച്ച് പുറത്താക്കിയത്. കഞ്ചാവ് സംഘത്തെ ഒറ്റുകൊടുത്ത ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്കുനേരെ ഭീഷണി മുഴുക്കി ബുധനാഴ്ച കാമ്പസില്‍നിന്ന്് പോയ സംഘം വ്യാഴാഴ്ച കൂടുതല്‍ പേരെ കൂട്ടി വീണ്ടും എത്തുകയായിരുന്നു. ആദ്യം കോളജ് കവാടത്തിന് പുറത്തേക്കിറങ്ങിയ ജൂനിയര്‍ വിദ്യാര്‍ഥിയാണ് സംഘത്തിന്‍െറ മര്‍ദനത്തിനിരയായത്.
മറ്റു വിദ്യാര്‍ഥികള്‍ ഓടിയത്തെിയതോടെ കഞ്ചാവ് സംഘം ഒപ്പം കൂട്ടിയിരുന്നവര്‍ തമ്മില്‍ കൂട്ടത്തല്ലാണ് കോളജിന് മുന്നിലെ റോഡില്‍ അരങ്ങേറിയത്.
വിവരമറിഞ്ഞ് തൃക്കാക്കര പൊലീസ് സ്ഥലത്തത്തെിയതോടെ കഞ്ചാവ് സംഘവും കൂട്ടാളികളും ഓടി രക്ഷപ്പെടുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

മൂപ്പന്‍ വീരന്‍ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി

Posted: 23 Jul 2015 11:45 PM PDT

പൂക്കോട്ടുംപാടം: അവകാശമായി കിട്ടിയ മണ്ണില്‍ ചോര്‍ന്നൊലിക്കാത്ത ഒരു കൂരയെന്ന സ്വപ്നം ബാക്കിയാക്കി ആദിവാസി മൂപ്പന്‍ യാത്രയായി. പാട്ടക്കരിമ്പ് ആദിവാസി കോളനിയിലെ മൂപ്പന്‍ വലിയ വീരനാണ് (67) വിടവാങ്ങിയത്. ന്യൂ അമരമ്പലം സംരക്ഷിത വനമേഖലയിലെ സായ്വിളയില്‍ അധിവസിച്ചിരുന്ന കാട്ടുനായ്ക്കരെ 1983ലാണ് പാട്ടക്കരിമ്പ് ജനവാസ മേഖലയോട് ചേര്‍ന്ന് പുനരധിവസിപ്പിച്ചത്.
അക്കാലത്തെ മൂപ്പനായിരുന്ന ചായപൊടി മാതനുശേഷം 20 വര്‍ഷം മുമ്പാണ് വീരന്‍ മൂപ്പന്‍ സ്ഥാനത്ത് എത്തുന്നത്.
പുനരധിവാസ കാലത്ത് അനുവദിച്ചുകിട്ടിയ ഭൂമിക്ക് പട്ടയം ലഭിക്കാനുള്ള നിരന്തര പരിശ്രമമായിരുന്നു പിന്നീട്. രണ്ട് വര്‍ഷം മുമ്പ് കൈവശരേഖ കിട്ടുകയും മാസങ്ങള്‍ക്ക് മുമ്പ് അതിര്‍ത്തി നിര്‍ണയിച്ച് നല്‍കുകയും ചെയ്തു.
വനം വകുപ്പിന്‍െറയും റവന്യു അധികൃതരുടെയും മെല്ളെപ്പോക്കിനെതിരെ നിരന്തരം പ്രവര്‍ത്തിച്ചിരുന്ന വീരനെ വാര്‍ധക്യത്തിന്‍െറ അവശതയും ബാധിച്ചിരുന്നു. കോളനിക്ക് സ്വന്തമായി കമ്യൂണിറ്റി ഹാള്‍, അങ്കണവാടി എന്നിവ നിര്‍മിക്കാനും ആവശ്യമുന്നയിച്ചത് വലിയ വീരനാണ്. പരമ്പരാഗത ഉപജീവന മാര്‍ഗമായ വനവിഭവ വില്‍പനയിലെ ചൂഷണം അവസാനിപ്പിക്കാന്‍ സംസ്കരണ കേന്ദ്രവും അനുബന്ധ ഉല്‍പന്നങ്ങളുടെ നിര്‍മാണവും കോളനിയില്‍ നടപ്പാക്കിയത് ഇക്കാലയളവിലാണ്. ആവശ്യങ്ങളെ നിര്‍ഭയം അധികാരികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിവുള്ള നേതാവിനെയാണ് കോളനിക്ക് നഷ്ടമായത്.

ഹൈകോടതി ജഡ്ജിക്കെതിരെ മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശം

Posted: 23 Jul 2015 11:44 PM PDT

Image: 

തിരുവനന്തപുരം: അഡ്വക്കറ്റ് ജനറലിന്‍െറ ഓഫീസിനെതിരെ വിമര്‍ശമുന്നയിച്ച ഹൈകോടതി ജഡ്ജിക്കെതിരെ മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശം. എത്തിപ്പെടുന്ന സ്ഥാനത്തിന്‍െറ ഉത്തരവാദിത്തവും മഹത്വവും വിസ്മരിക്കാതിരുന്നാല്‍ മാത്രമേ സമൂഹത്തിനു ഗുണകരമായി പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. മറിച്ച് പ്രവര്‍ത്തിച്ചാല്‍ ദോഷമുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഓരോരുത്തരും ഓരോ സ്ഥാനത്ത് എത്തിച്ചേരുന്നത് കഠിനാധ്വാനത്തിലൂടെയാണെന്നും അതിനാല്‍ വന്നവഴി മറക്കരുതെന്നും മുഖ്യമന്ത്രി ഉപദേശിച്ചു. അഡ്വക്കറ്റ് ജനറലിനെ സര്‍ക്കാരിനു വിശ്വാസമാണ്. പ്രധാനപ്പെട്ട കേസുകളില്‍ എ.ജി ഹാജരാകുകയും വിജയിക്കുകയും ചെയ്തതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എന്നാല്‍ ഹൈകോടതി വിമര്‍ശം മുഖ്യമന്ത്രിയുടെ ചെകിട്ടത്തു കിട്ടിയ അടിയാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
 

നഗരറോഡുകള്‍ രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും –മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്

Posted: 23 Jul 2015 11:37 PM PDT

കോഴിക്കോട്: നഗരറോഡ് വികസന പദ്ധതിയില്‍പെട്ട ആറു റോഡുകള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് അറിയിച്ചു.
ഇതിനുള്ള നിര്‍ദേശങ്ങള്‍ കേരള റോഡ് ഫണ്ട് ബോര്‍ഡിനും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കും നല്‍കിയതായി മന്ത്രി അറിയിച്ചു.
സെപ്റ്റംബറില്‍ നിര്‍മാണം തുടങ്ങുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തത്. ഇതിന്‍െറ ഭാഗമായി കേരള റോഡ് ഫണ്ട് ബോര്‍ഡും കാലിക്കറ്റ് സിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡുമായി കരാര്‍ ഒപ്പിട്ടു.
കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ പി.സി. ഹരികേഷ്, കാലിക്കറ്റ് സിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടര്‍ രമേശന്‍ പാലേരി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.
രണ്ടുവര്‍ഷത്തെ നിര്‍മാണവും അതിനുശേഷം 15വര്‍ഷത്തേക്ക് റോഡുകളുടെ പരിപാലനവുമാണ് കരാര്‍പ്രകാരം ഊരാളുങ്കല്‍ സൊസൈറ്റിയുടെ കമ്പനി നിര്‍വഹിക്കുക.
ഈ കാലയളവില്‍ ആറുമാസത്തിലൊരിക്കല്‍ 23 കോടി രൂപ വീതം 15 വര്‍ഷം സൊസൈറ്റിക്ക് കേരള റോഡ് ഫണ്ട് ബോര്‍ഡ് ആന്വിറ്റി നല്‍കുന്നതാണ്. നിര്‍മാണം തുടങ്ങുന്നതിനുമുമ്പ് പ്രസ്തുത കമ്പനി ഇതിന്‍െറ നിര്‍മാണത്തിന് ധനകാര്യ സ്ഥാപനങ്ങളുമായി സാമ്പത്തിക സഹായത്തിനുള്ള ധാരണയില്‍ എത്തേണ്ടതുണ്ട്.
ആറു റോഡുകളുടെ വികസനത്തിനാണ് ഇപ്പോള്‍ ഊരാളുങ്കലുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. പദ്ധതിയില്‍പെട്ട റോഡുകളിലെ യൂട്ട്ലിറ്റി സര്‍വിസുകള്‍
മാറ്റിസ്ഥാപിക്കുന്നതിനായി ഇലക്ട്രിസിറ്റി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, ബി.എസ്.എന്‍.എല്‍ എന്നീ ഏജന്‍സികള്‍ക്ക് 8.5 കോടിയോളം രൂപ
നല്‍കിക്കഴിഞ്ഞുവെന്ന് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് അറിയിച്ചു.

മനോജ് വധക്കേസ്: പി. ജയരാജന്‍െറ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Posted: 23 Jul 2015 10:56 PM PDT

Image: 

തലശ്ശേരി: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍െറ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. യു.എ.പി.എ നിലനില്‍ക്കുന്നതിനാലാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഹൈകോടതിയെ സമീപിക്കുമെന്ന് ജയരാജന്‍െറ അഭിഭാഷകന്‍ പറഞ്ഞു. നിയമവിദഗ്ധരുമായി ആലോചിച്ച് നിയമ പോരാട്ടം തുടരുമെന്ന് ഡി.വൈ.എഫ്.ഐ നേതാവ് അഡ്വ. എന്‍. ഷംസീര്‍ പ്രതികരിച്ചു.

യു.എ.പി.എ ചുമത്തപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ളെന്ന് കഴിഞ്ഞ ദിവസം സി.ബി.ഐ പി. ജയരാജന്‍െറ ജാമ്യാപേക്ഷ പരിഗണിക്കവേ  കോടതിയില്‍ വാദിച്ചിരുന്നു. ഈ വാദം കേസില്‍ ജൂലൈ ഒമ്പതിന് പ്രതിചേര്‍ക്കപ്പെട്ട സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ.  മധുസൂദനന്‍െറ വാദത്തിനിടയിലും സി.ബി.ഐ ആവര്‍ത്തിച്ചിരുന്നു. മധുസൂദനനെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ത്തതെന്നാണ് സി.ബി.ഐ വാദം.

നിരവധി ശാരീരിക അവശതകള്‍ അനുഭവിക്കുന്ന തന്നെ കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാനിടയുണ്ടെന്ന് കാണിച്ചാണ് ജയരാജന്‍ ജൂലൈ 10ന് ഹരജി സമര്‍പ്പിച്ചത്. ടി.ഐ. മധുസൂദനന്‍െറ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജൂലൈ 27നാണ് വിധി. വ്യാഴാഴ്ച ജില്ലാ സെഷന്‍സ് ജഡ്ജി ആര്‍. നാരായണ പിഷാരടി മുമ്പാകെ ഒരു മണിക്കൂറോളം നീണ്ട വാദത്തിനൊടുവിലാണ് 27ലേക്ക് വിധിപറയാന്‍ മാറ്റിവെച്ചത്.

വിധിയെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനാവില്ളെന്ന് പി. ജയരാജന്‍ പ്രതികരിച്ചു.

അമേരിക്കയിലെ തോക്ക് നിയമം: മാറ്റം കൊണ്ടുവരാനാവാത്തത് വലിയ പരാജയം ^ഒബാമ

Posted: 23 Jul 2015 10:33 PM PDT

Image: 

വാഷിങ്ടണ്‍: അമേരിക്കയിലെ തോക്ക് നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാവാത്തതാണ് പ്രസിഡന്‍െറന്ന നിലയില്‍ തന്‍െറ ഏറ്റവും വലിയ പരാജയമെന്ന് ബറാക് ഒബാമ. ആ നിയമം പരിഷ്കരിക്കാനാവാത്തതില്‍ നിരാശയുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

9/11 തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് നൂറിന് മുകളില്‍ ആളുകളാണെങ്കില്‍ തോക്കുപയോഗം മൂലം അമേരിക്കയില്‍ കൊല്ലപ്പെട്ടത് പതിനായിരത്തോളം പേരാണെന്നും ഒബാമ പറഞ്ഞു.

അഭിമുഖം നല്‍കി മണിക്കുറുകള്‍ക്ക് ശേഷം അമേരിക്കയില്‍ ഒരു തിയേറ്ററിലുണ്ടായ വെടിവെപ്പില്‍ മൂന്ന്പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഏഴ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

യു.കെ യുറോപ്യന്‍ യൂനിയനില്‍ തന്നെ തുടരണമെന്നും ഇറാന്‍ ആണവകരാറില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അഭിമുഖത്തില്‍ ഒബാമ വ്യക്തമാക്കി.

കൊലക്കേസില്‍ മലയാളിക്ക് വധശിക്ഷ; കരുണ തേടി കുടുംബം

Posted: 23 Jul 2015 10:03 PM PDT

Image: 
അബൂദബി: താമസ സ്ഥലത്തെ സംഘര്‍ഷത്തിനിടെ കോട്ടയം സ്വദേശി കൊല്ലപ്പെട്ട കേസില്‍ തിരുവനന്തപുരം സ്വദേശിക്ക് അബൂദബി കോടതി വധശിക്ഷ വിധിച്ചു. കോട്ടയം കറുകച്ചാല്‍ പുത്തന്‍പുരക്കല്‍ ചമ്പക്കര സുബിന്‍ കൊല്ലപ്പെട്ട കേസിലാണ് തിരുവനന്തപുരം ആറ്റിങ്ങല്‍ പുറമ്പച്ചാനി ഹൗസില്‍ സന്തോഷിന് വധശിക്ഷ ലഭിച്ചത്. കൊല്ലപ്പെട്ട സുബിന്‍െറ കുടുംബം മാപ്പുനല്‍കിയാല്‍ സന്തോഷിന് ശിക്ഷാ ഇളവ് ലഭിക്കും. മാപ്പുനല്‍കാന്‍ സുബിന്‍െറ കുടുംബം 50 ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്. ഇത് കണ്ടത്തൊനാവാതെ കുഴങ്ങുകയാണ് ഭാര്യയും കുട്ടിയുമടങ്ങുന്ന സന്തോഷിന്‍െറ നിര്‍ധന കുടുംബം. സുമനസ്സുകള്‍ സഹായിച്ചാല്‍ സന്തോഷിനെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണിവര്‍.
അബൂദബിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു സന്തോഷ്. 2011 ജൂലൈ 29ന് താമസ സ്ഥലത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. 
ജോലി കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ സുഹൃത്തുക്കള്‍ താമസിക്കുന്ന തൊട്ടടുത്ത മുറിയില്‍ നിന്ന് വഴക്ക് കേട്ടു. മുറി തുറന്ന് അകത്തുകടന്നപ്പോള്‍ മര്‍ദനമേറ്റു. തിരിച്ച് സ്വന്തം മുറിയിലത്തെിയപ്പോള്‍ അവര്‍ പിന്നാലെയത്തെി മര്‍ദനം തുടര്‍ന്നു. 
ഇതിനിടെ സുബിന് അബദ്ധത്തില്‍ കുത്തേല്‍ക്കുകയായിരുന്നുവെന്ന് പറയുന്നു. കേസില്‍ പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കോടതിയില്‍ അഭിഭാഷകനെ ഏര്‍പ്പെടുത്താന്‍ കഴിയാതിരുന്നതിനാല്‍ സന്തോഷിന്‍െറ നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞില്ളെന്ന് അബൂദബിയിലുള്ള സഹോദരന്‍ സതീഷ് പറഞ്ഞു. സുബിന്‍െറ മാതാപിതാക്കള്‍ മാപ്പുനല്‍കിയാല്‍ ശിക്ഷയില്‍ ഇളവ് നല്‍കാമെന്ന് കോടതി അറിയിച്ചു. തുടര്‍ന്ന് സന്തോഷിന്‍െറ ഭാര്യ റിയ സാമൂഹിക പ്രവര്‍ത്തകര്‍ മുഖേന സുബിന്‍െറ കുടുംബവുമായി ബന്ധപ്പെട്ടു. മുഖ്യമന്ത്രിക്കും കെ.എം.മാണി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കും പരാതി നല്‍കി. എന്നാല്‍ 50 ലക്ഷം രൂപ ലഭിക്കാതെ മാപ്പുനല്‍കില്ളെന്ന നിലപാടിലായിരുന്നു സുബിന്‍െറ കുടുംബം.
 മാപ്പുനല്‍കാന്‍ ഇവര്‍ തയാറാകാത്തതിനാല്‍ അബൂദബി കോടതി കഴിഞ്ഞയാഴ്ച സന്തോഷിന് വധശിക്ഷ വിധിക്കുകയായിരുന്നു. കുടുംബത്തിന്‍െറ ഏക അത്താണിയായിരുന്ന സന്തോഷ് ജയിലിലായതിന് ശേഷം ഭാര്യയുടെയും കുഞ്ഞിന്‍െറയും അവസ്ഥ പരിതാപകരമാണ്. ട്യൂഷന്‍ സെന്‍ററില്‍ പഠിപ്പിക്കാന്‍ പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. സ്വന്തമായി വീടും സ്ഥലവും പോലും ഇല്ല. 
ഗള്‍ഫില്‍ പോകുന്നതിനായി സന്തോഷ് എടുത്ത വായ്പാ കുടിശ്ശികയും കുടുംബത്തെ വേട്ടയാടുന്നു. സുബിന്‍െറ മാതാപിതാക്കള്‍ക്ക് നല്‍കാനാവശ്യമായ 50 ലക്ഷം കണ്ടത്തെുകയെന്നത് ഇവരെ സംബന്ധിച്ചിടത്തോളം അപ്രാപ്യമാണ്. 
എങ്ങനെയെങ്കിലും തുക കണ്ടത്തെി നല്‍കി മാപ്പുനല്‍കിയതായുള്ള വിവരം എത്രയും വേഗം കോടതിയിലത്തെിച്ചാല്‍ സന്തോഷിന്‍െറ ജീവന്‍ രക്ഷപ്പെടുത്താനാകുമെന്ന പ്രതീക്ഷയോടെയാണ് ഇവര്‍ കാത്തിരിക്കുന്നത്. 
 

റെയില്‍വേ പൊലീസ് തള്ളി: ഫെന്‍സിങ് ചാമ്പ്യന്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

Posted: 23 Jul 2015 09:51 PM PDT

Image: 

ന്യൂഡല്‍ഹി: റെയില്‍വേ പൊലീസ് ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട ദേശീയ ഫെന്‍സിങ് ചാമ്പ്യന്‍ മരിച്ചു. 2005ല്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ ജേതാവായ ഫെന്‍സിങ് ചാമ്പ്യന്‍ ഹോഷിയാര്‍ സിങാണ് മരിച്ചത്.

മഥുരയില്‍ നിന്നും കസ്ഗഞ്ചിലേക്ക് മാതാവിനും ഭാര്യയോടുമൊപ്പം വരുമ്പോഴായിരുന്നു സംഭവം. ഭാര്യയെയും മാതാവിനെയും സ്ത്രീകളുടെ കോച്ചില്‍ കയറ്റിയ ഹോഷിയാര്‍ സിങ് ജനറല്‍ കോച്ചിലാണ് കയറിയിരുന്നത്. എന്നാല്‍ സുഖമില്ലാത്ത ഭാര്യ ഫോണ്‍ ചെയ്തതിനാല്‍ സ്ത്രീകളുടെ കോച്ചിലേക്ക് വന്ന ഹോഷിയാര്‍ സിങിന് നേരെ റെയില്‍വേ പൊലീസ് തട്ടിക്കയറുകയായിരുന്നു. സ്ത്രീകളുടെ കോച്ചിലേക്ക് കയറിയതിന് 200 രൂപ പിഴയടക്കാനും പൊലീസ് ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ച ഹോഷിയാറിനെ പൊലീസ് ട്രെയിനില്‍ നിന്നും തള്ളുകയായിരുന്നു.

സംഭവത്തില്‍ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ വെള്ളം കുടിക്കാന്‍ പുറത്തിറങ്ങിയ ഹോഷിയാര്‍ സിങ് ട്രെയിന്‍ നീങ്ങിയപ്പോള്‍ തെന്നി വീഴുകയാണുണ്ടായതെന്നാണ് പൊലീസ് വിശദീകരണം.

സുല്‍ത്താന്‍െറ ബാല്യം മുതല്‍ ഇതുവരെയുള്ള ചിത്രങ്ങളുമായി മലയാളി

Posted: 23 Jul 2015 09:42 PM PDT

Image: 
മസ്കത്ത്: 45ാമത് നവോത്ഥാന ദിനത്തില്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്‍െറ ബാല്യം മുതല്‍ ഇതുവരെയുള്ള സുപ്രധാന സംഭവങ്ങളെല്ലാം കോര്‍ത്തിണക്കിയ ചിത്രങ്ങള്‍ വരച്ച് മലയാളിയുടെ സ്നേഹോപഹാരം. മൂന്നുമാസം മുതല്‍ കഴിഞ്ഞ ദേശീയദിനം വരെയുള്ള പ്രധാന സംഭവവികാസങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 21 ചിത്രങ്ങളാണ് തിരുവനന്തപുരം സ്വദേശിയായ സജീവ് മജീദ് തയാറാക്കിയിരിക്കുന്നത്. ഈ ചിത്രങ്ങളുടെ പ്രദര്‍ശനം അല്‍ ഖുവൈറിലെ അവന്യൂസ് മാളില്‍ ആരംഭിച്ചു. ‘ഒമാനിന്‍െറ ആത്മാവ്’ എന്ന പേരിലാണ് പ്രദര്‍ശനം ആരംഭിച്ചത്. മൂന്നുമാസം, ഒന്നര വയസ്സ്, നാലു വയസ്സ്, 16 വയസ്സ്, ബ്രിട്ടീഷ് പഠനകാലം, ഒമാനിലേക്ക് തിരിച്ചത്തെുന്നത്, റോയല്‍ ഒമാന്‍ പൊലീസ്- സൈനിക യൂനിഫോമുകളിലുള്ളത്, കഴിഞ്ഞ ദേശീയദിനത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതടക്കമുള്ള കാലഘട്ടങ്ങളിലെ ചിത്രങ്ങളാണ് ഒമാനിലെ അല്‍ വത്തന്‍ പത്രത്തില്‍ ആര്‍ട്ട് ഡയറക്ടറായ സജീവ് വരച്ചിരിക്കുന്നത്.

സുല്‍ത്താന്‍ ഖാബൂസിന്‍െറ ജീവിതത്തിലൂടെ കടന്നുപോകുന്നതിന് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും അവസരമൊരുക്കുന്നതാണ് ചിത്രങ്ങള്‍. മൂന്നുമാസം പ്രായമായപ്പോള്‍ മുതലുള്ള സുല്‍ത്താന്‍െറ ഫോട്ടോകള്‍ സമാഹരിച്ചാണ് ഏഴുവര്‍ഷത്തിലധികമായി ഒമാനിലുള്ള ഈ മലയാളി ചിത്രങ്ങള്‍ വരച്ചത്. നാലുവര്‍ഷത്തിലധികം സമയമെടുത്താണ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് സജീവ് മജീദ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഈ ചിത്രങ്ങള്‍ ആര്‍ക്കും വില്‍ക്കില്ല. വരുന്ന ദേശീയദിനത്തില്‍ സുല്‍ത്താന്‍ ഖാബൂസിന് സമര്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ കേരളത്തിലും മുംബൈയിലും ചിത്ര പ്രദര്‍ശനം നടത്തിയിട്ടുള്ള സജീവ് ഏഴുവര്‍ഷത്തിലധികമായി ഒമാനിലുണ്ട്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്തിട്ടുള്ള തനിക്ക് ഒമാനിലെ സമാധാനവും സുഖകരമായ ജീവിതവും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഭരണാധികാരിയുടെ പ്രവര്‍ത്തനങ്ങളും ഏറെ ഇഷ്ടപ്പെട്ടു. തുടര്‍ന്ന്, സുല്‍ത്താന്‍ ഖാബൂസിന്‍െറ ജീവിതത്തിലെ അപൂര്‍വനിമിഷങ്ങള്‍ കാന്‍വാസിലേക്ക് പകര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ജോലിസമയം കഴിഞ്ഞായിരുന്നു ചിത്രങ്ങളുടെ പണിപ്പുരയിലേക്ക് മാറിയിരുന്നത്. ഓയില്‍ പെയിന്‍റിങ്ങിലാണ് ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചുരുങ്ങിയത് 500 വര്‍ഷം ചിത്രം സൂക്ഷിച്ചുവെക്കാന്‍ ഓയില്‍ പെയിന്‍റിങ്ങില്‍ ചെയ്താല്‍ സാധിക്കുമെന്ന് സജീവ് പറഞ്ഞു. സുല്‍ത്താന്‍െറ ബാല്യകാലത്തെയും കുട്ടിക്കാലത്തെയും ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഏറെ പ്രയാസപ്പെട്ടത്. അപൂര്‍വ ഫോട്ടോകള്‍ ഫോട്ടോഷോപ്പില്‍ ചെയ്ത് കൃത്യത വരുത്തിയശേഷമാണ് ചിത്രരചനയിലേക്ക് കടന്നതെന്നും അദ്ദേഹം പറഞ്ഞു. സുല്‍ത്താന്‍ ഖാബൂസിന്‍െറ മൂന്നുമാസം മുതലുള്ള ചിത്രങ്ങള്‍ കാണുന്നതിന് നിരവധി പേരാണ് അവന്യൂസ് മാളിലത്തെുന്നത്. ഒമാനികളും പ്രവാസികളും ചിത്രങ്ങള്‍ക്കൊപ്പംനിന്ന് ഫോട്ടോ എടുക്കുന്നുണ്ട്. ജൂലൈ 30 വരെ ചിത്രപ്രദര്‍ശനം തുടരും. 

ലുലുവിന്‍െറയും അവന്യൂസ് മാളിന്‍െറയും സഹായത്തോടെയാണ് ചിത്രപ്രദര്‍ശനം നടത്താന്‍ സാധിച്ചത്. 45ാം നവോത്ഥാന ദിനത്തില്‍ അവസരം ഒരുക്കിത്തന്നതിന് ലുലു- അവന്യൂസ് മാള്‍ അധികൃതരോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. 

സ്വര്‍ണ വില വീണ്ടും കുറഞ്ഞു; പവന് 19000 രൂപ

Posted: 23 Jul 2015 09:31 PM PDT

Image: 

കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 19000 രൂപയായി. 2375 രൂപയാണ് ഗ്രാമിന്‍്റെ വില. 19080 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്‍്റെ വില.

ജൂലായ് മാസത്തില്‍മാത്രം പവന് 800 രൂപയാണ് വിലയിടിഞ്ഞത്. ആഗോള വിപണിയില്‍ തുടര്‍ച്ചയായി വിലയിടിഞ്ഞതിന്‍്റെ ഭാഗമായാണ് ആഭ്യന്തര വിപണിയിലും വില താഴ്ന്നത്.

2014 ജനുവരിയില്‍ 22,040 രൂപയായിരുന്നു പവന്‍ സ്വര്‍ണത്തിന്‍െറ വില. ഇതാണ് ഇപ്പോള്‍ 19,000 രൂപയില്‍ എത്തി നില്‍ക്കുന്നത്. നിക്ഷേപമായി സ്വര്‍ണം സൂക്ഷിച്ചവര്‍ക്കാണ് ഇത് ഏറെ തിരിച്ചടിയായിട്ടുള്ളത്. വിവിധ ധനകാര്യ സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുന്നുണ്ട്. വിലക്കുറവ് അവസരമായെടുത്ത് മുന്‍കൂര്‍ തുക സമാഹരിക്കാന്‍ ജ്വല്ലറികളും രംഗത്തുണ്ട്. രണ്ടുമാസം വരെയുള്ള ആവശ്യത്തിനുള്ള സ്വര്‍ണത്തിനുവരെ ഇപ്പോഴെ മുന്‍കൂര്‍ തുക വാങ്ങി ബുക്കിങ് സ്വീകരിക്കുകയാണ്. സ്വര്‍ണവിലയിലെ അനിശ്ചിതത്വം കാരണം രണ്ടുമാസത്തിനപ്പുറത്തേക്കുളള ബുക്കിങ് സ്വീകരിക്കുന്നുമില്ല.

 

ബോള്‍ട്ടിളകുമോ..ഇന്നറിയാം

Posted: 23 Jul 2015 09:30 PM PDT

Image: 

ലണ്ടന്‍: ജമൈക്കയുടെ ഇതിഹാസ സ്പ്രിന്‍്റര്‍ ഉസൈന്‍ ബോള്‍ട്ട് ട്രാക്കിലേക്ക് മടങ്ങിയത്തെുന്നു. ലണ്ടന്‍ ഡയമണ്ട് ലീഗില്‍ 100 മീറ്ററില്‍ ബോള്‍ട്ട് മത്സരിക്കാനിറങ്ങും. പരിക്കുമൂലം വിശ്രമത്തിലായിരുന്ന ബോള്‍ട്ടിന്‍െറ ഫിറ്റ്നസ്, ഫോം എന്നിവയില്‍ മികവ് പൂര്‍ണമായും പുറത്തെടുക്കാനായിട്ടില്ല. പരിക്കിനോടും ഫോമിനോടുമുള്ള മത്സരമായിരിക്കും ബോള്‍ട്ടിന് ഇന്നത്തേത്. നാലാഴ്ചക്കപ്പുറം ബെയ്ജിങ്ങില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനു മുമ്പായി കരുത്തു തെളിയിക്കാനുള്ള ഏക അവസരമാണ് ലണ്ടനിലേത്. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ ബോള്‍ട്ട് സുവര്‍ണ നേട്ടത്തിലേക്ക് ഓടിക്കയറിയ ട്രാക്കിലാണു ഇന്നത്തെ മല്‍സരം.

അമേരിക്കയില്‍ തിയേറ്ററില്‍ വെടിവെപ്പ്: മൂന്ന് മരണം

Posted: 23 Jul 2015 09:12 PM PDT

Image: 

വാഷിങ്ടണ്‍: അമേരിക്കയില്‍ തിരക്കേറിയ തിയേറ്ററില്‍ 58കാരന്‍ നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിനു ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചു. വ്യാഴാഴ്ച വൈകീട്ട് ലൂസിയാന സംസ്ഥാനത്തെ ലാഫിയേറ്റ തീയേറ്ററിലായിരുന്നു സംഭവം. സുരക്ഷാ അധികൃതര്‍ സംഭവ സ്ഥലത്തെ ത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. അന്വേഷണത്തിന്‍െറ തുടക്കഘട്ടത്തിലായതിനാല്‍ അക്രമിയെ സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

മയക്കുമരുന്ന്: ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

Posted: 23 Jul 2015 08:55 PM PDT

Image: 
കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൊണ്ടുവരുന്നതും കൈവശംവെക്കുന്നതും കുവൈത്ത് നിയമപ്രകാരം കുറ്റകരമായതിനാല്‍ ഇന്ത്യന്‍ പൗരന്മാര്‍ ഇക്കാര്യത്തില്‍ അതീവജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. സമീപകാലത്തായി ഇത്തരം കേസുകളില്‍ ഇന്ത്യക്കാര്‍ കൂടുതലായി പിടിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെടുന്നതിനാലാണ് വാര്‍ത്താക്കുറിപ്പ് ഇറക്കുന്നതെന്ന് എംബസി അറിയിച്ചു. 
നിലവില്‍ കുവൈത്തിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ 60 ശതമാനവും മയക്കുമരുന്ന് കേസില്‍ ശിക്ഷ ലഭിച്ചവരാണ്. രാജ്യത്തെ നിയമപ്രകാരം ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ് മയക്കുമരുന്ന് ഉപയോഗം, വില്‍പന, കൈവശംവെക്കല്‍, കടത്ത് തുടങ്ങിയവ. ഇത്തരം കേസുകളില്‍ അകപ്പെട്ടാല്‍ സഹായിക്കുന്നതിന് എംബസിക്ക് പരിമിതിയുണ്ടെന്നും അതുകൊണ്ടുതന്നെ പൗരന്മാര്‍ പരമാവധി ജാഗ്രത പാലിക്കുക മാത്രമാണ് പോംവഴിയെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി. മരിജുവാന, കൊക്കെയ്ന്‍, ഹെറോയിന്‍, മോര്‍ഫീന്‍, ഡ്രൈ ഐസ്, എല്‍.എസ്.ഡി, എം.ഡി.എം.എ (എക്സ്റ്റസി), ആംഫെറ്റമൈന്‍സ് (സപീഡ്) തുടങ്ങിയ നാര്‍കോട്ടിക് വിഭാഗത്തില്‍പ്പെടുന്നവ കൂടാതെ ആന്‍റിഡിപ്രസന്‍റ്സ്, ബാര്‍ബിച്വറേറ്റ്സ്, കാനബീസ്, ഡിപ്രസന്‍റ്സ്, ഹലൂസിനോജന്‍സ്, ഇന്‍ഹലന്‍റ്സ്, സ്റ്റെറോയിഡ്സ്, സ്റ്റിമുലന്‍റ്സ്, ടുബാകോ തുടങ്ങിയവയെല്ലാം നിരോധിത പട്ടികയില്‍പ്പെട്ടതാണ്. 
 
മറ്റുള്ളവര്‍ നല്‍കുന്ന പാക്കറ്റുകള്‍ കൊണ്ടുവരാതിരിക്കുക
അടുത്ത കാലത്തായി മറ്റുള്ളവര്‍ നല്‍കിയ പാക്കറ്റുകള്‍ കൊണ്ടുവന്ന് ഇന്ത്യക്കാര്‍ പിടിയിലായ പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊണ്ടുവരുന്നവര്‍ അറിയാതെ മയക്കുമരുന്നുകളും നിരോധിത മരുന്നുകളും ഇവയിലൂടെ കുവൈത്തിലേക്ക് കടത്തുന്ന വന്‍സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍, നാട്ടില്‍നിന്ന് സ്വന്തമല്ലാത്ത ഒരുവിധത്തിലുള്ള പാക്കറ്റുകളും കൊണ്ടുവരാതിരിക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ ശ്രദ്ധിക്കണം. ഇന്ത്യയില്‍നിന്നോ കുവൈത്തിലത്തെിയശേഷമോ മറ്റുള്ളവര്‍ ബാഗേജുകള്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ചാല്‍ ഏറ്റെടുക്കാതിരിക്കുക. ഉടമസ്ഥനില്ലാതെ ബാഗുകള്‍ മാത്രമായി എവിടെയെങ്കിലും എത്തിക്കാന്‍ ആവശ്യപ്പെട്ടാല്‍ ഏറ്റെടുക്കാതിരിക്കാന്‍ ടാക്സി ഡ്രൈവര്‍മാര്‍ ജാഗ്രത കാണിക്കണം. വാഹനത്തില്‍നിന്ന് ഇറങ്ങുമ്പോള്‍ യാത്രക്കാരന്‍ വല്ലതും ബോധപൂര്‍വം മറന്നുവെക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കുക. 
മരുന്നുകള്‍ 

കൊണ്ടുവരുമ്പോള്‍  പ്രിസ്ക്രിപ്ഷന്‍ നിര്‍ബന്ധമായും കരുതുക
ഇന്ത്യയില്‍ ലഭിക്കുന്ന പല പൊതുസ്വഭാവമുള്ള മരുന്നുകളും കുവൈത്തില്‍ പ്രിസ്ക്രൈബ്ഡ് മരുന്നുകളായതിനാല്‍ കൃത്യമായ രേഖകളില്ലാതെ നാട്ടില്‍നിന്ന് കൊണ്ടുവന്നാല്‍ ഇവിടെ പിടിക്കപ്പെടാം. അതിനാല്‍ ഡോക്ടറുടെ പ്രിസ്ക്രിപ്ഷനും മരുന്ന് വാങ്ങിയതിന്‍െറ ബില്ലും നിര്‍ബന്ധമായും കൂടെ കരുതുക. രണ്ടാഴ്ചക്ക് ആവശ്യമുള്ളതില്‍ കൂടുതല്‍ കൊണ്ടുവരാതിരിക്കുക. 
എണ്ണം കൂടിയാല്‍ സംശയിക്കപ്പെടാം. ആയുര്‍വേദ, ഹോമിയോ മരുന്നുകളില്‍ ആല്‍ക്കഹോളിന്‍െറ അംശമുണ്ടാവാന്‍ ഇടയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കുക. 
 

ഇറാനെ ആണവായുധമുക്തമാക്കുന്ന ഏത് കരാറും സ്വീകാര്യം - സൗദി

Posted: 23 Jul 2015 08:45 PM PDT

Image: 
ജിദ്ദ: മധ്യപൗരസ്ത്യ മേഖലക്ക് ഭീഷണി സൃഷ്ടിക്കാത്തതും ഇറാനെ ആണവായുധ മുക്തമാക്കുന്നതുമായ ഏത് കരാറും സൗദി സ്വാഗതം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. ഒൗദ്യോഗിക സന്ദര്‍ശനത്തിനത്തെിയ ഈജിപ്ത് വിദേശമന്ത്രി സാമിഹ് ശുക്രിയുമായി ജിദ്ദയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയില്‍ പ്രശ്നമുണ്ടാക്കുന്ന, തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യമാണ് ഇറാന്‍. അതിനാല്‍ തന്നെ ഇറാന്‍ ആണവായുധം കൈവശപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല. അതിനിട കൊടുക്കാത്ത ഏത് അന്താരാഷ്ട്ര കരാറും സൗദി സ്വാഗതം ചെയ്യുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഈജിപ്തുമായി സഹകരിച്ച് മേഖലയില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്താന്‍ സൗദി സന്നദ്ധമാണ്. ജനീവ കരാറിന്‍െറ അടിസ്ഥാനത്തില്‍ സിറിയയില്‍ സമാധാനം പുന$സ്ഥാപിക്കണമെന്നതാണ് സൗദിയുടെയും ഈജിപ്തിന്‍െറയും നിലപാട്. യമന്‍ വിഷയത്തില്‍ ഈജിപ്തില്‍ നടക്കുന്ന സമ്മേളനത്തെക്കുറിച്ചും സൗദിക്ക് നല്ല ബോധ്യമുണ്ട്. ഈജിപ്തിന്‍െറ ഏതെങ്കിലും നീക്കത്തെ സൗദി സംശയത്തോടെ കാണുന്നില്ല. യമനിലെ പ്രശ്നപരിഹാരത്തിന് രാഷ്ട്രീയവും സൈനികവുമായ നീക്കം നടത്തുന്നതില്‍ സൗദിയുടെ പങ്കാളിയാണ് ഈജിപ്ത്.
സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഏദനിലേക്ക് സൗദി അംബാസഡര്‍ തിരിച്ചുപോവുന്ന സമയം ഇപ്പോള്‍ പ്രഖ്യാപിക്കാനാവില്ളെന്ന് മന്ത്രി ചോദ്യത്തിനുത്തരമായി പറഞ്ഞു. 
 

കുടുംബസൗഹൃദ വേദിയുടെ കലാപുരസ്കാരം ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക്

Posted: 23 Jul 2015 07:51 PM PDT

Image: 
മനാമ: ബഹ്¥ൈറനിലെ പ്രമുഖ മലയാളി സംഘടനായ കുടുംബ സൗഹൃദ വേദിയുടെ പ്രഥമ കലാപുരസ്കാരം കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
അരലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് ആഗസ്റ്റ് 30ന് തലശ്ശേരി ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. 80 വര്‍ഷത്തോളമായി കഥകളി രംഗത്ത് സജീവമായ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ കേരളത്തിന്‍െറ ക്ളാസിക്കല്‍ കലാരൂപത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഈ അവാര്‍ഡ് നല്‍കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. 
പരിപാടിയുടെ വിജയത്തിനായി ഉടന്‍ തലശ്ശേരിയില്‍ യോഗം ചേരും. തലശ്ശേരി അഞ്ജലി കള്‍ചറല്‍ ഫോറവുമായി ചേര്‍ന്നാണ് പരിപാടി നടത്തുന്നത്. അവാര്‍ഡ് ദാന ചടങ്ങില്‍ സാംസ്കാരിക പരിപാടികളും അരങ്ങേറും.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ടി.വി ചന്ദ്രമോഹന്‍, സ്വാമി ജ്ഞാന തപസ്വി, കൃഷി മന്ത്രി കെ.പി മോഹനന്‍, സാറാജോസഫ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. എല്ലാ വര്‍ഷവും ഈ അവാര്‍ഡ് നല്‍കാന്‍ ഉദ്ദേശിക്കുന്നതായും സൗഹൃദവേദി അറിയിച്ചു.
ജനറല്‍ കണ്‍വീനര്‍ കെ.ആര്‍ നായര്‍,പ്രസിഡന്‍റ് കെ.എം.അജിത് കുമാര്‍, സെക്രട്ടറി ജേക്കബ് തേക്കുതോട്, ആര്‍.പവിത്രന്‍, മനോജ് മയ്യന്നൂര്‍, തോമസ് സൈമണ്‍, ചന്ദ്രബോസ്, ജോര്‍ജ്ജ് മാത്യു, വി.സി.ഗോപാലന്‍, സി.എസ്.രാജേഷ്, തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. 
 

ഹൈകോടതിക്ക് സോഷ്യല്‍ മീഡിയയുടെ ആയിരം ലൈക്

Posted: 23 Jul 2015 06:55 PM PDT

Image: 
Subtitle: 
അറ്റോണി ജനറലിനെതിരായ വിമര്‍ശം വൈറലായി

കൊച്ചി: വ്യാഴാഴ്ച ഹൈകോടതിയിലുണ്ടായ അസാധാരണ സംഭവത്തെ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു. എ.ജിക്കെതിരായ ഹൈകോടതി വിമര്‍ശം മണിക്കൂറുകള്‍കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. പതിവ് തമാശ കമന്‍റുകള്‍ക്കപ്പുറം ഹൈകോടതി വിമര്‍ശത്തിന്‍െറ ഗൗരവം ഉള്‍ക്കൊണ്ടുള്ള കമന്‍റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.
ചിലര്‍ ഹൈകോടതിക്ക് ‘നൂറു ലൈക്’ അടിച്ചപ്പോള്‍, മറ്റുചിലര്‍ ഹൈകോടതിയുടെ നിലപാട് ‘നൂറുശതമാനം ശരി’ എന്ന നിലപാടിലാണ് എത്തിയത്. ഇതിനിടെ സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ഭരണകക്ഷി അനുകൂലികള്‍ പരസ്പരം കൊമ്പുകോര്‍ക്കാനും സമയം കണ്ടത്തെി.
ഹൈകോടതി വിമര്‍ശത്തിന്‍െറ പശ്ചാത്തലത്തില്‍, ‘സര്‍ക്കാര്‍ വാദിയായ ചില കേസുകള്‍ തോല്‍ക്കുന്നത്’ അന്വേഷിക്കണമെന്നായിരുന്നു ഒരുവിഭാഗത്തിന്‍െറ ആവശ്യം.
അടുത്തകാലത്തായി സര്‍ക്കാര്‍ തോറ്റ കേസുകളുടെ പട്ടിക നിരത്താനും ചിലര്‍ ഉദ്യമിച്ചു. ബാര്‍ കോഴയടക്കം പല കേസുകളിലും സര്‍ക്കാര്‍ നിയമോപദേശം തേടുമ്പോള്‍ ‘തെളിവില്ല, തെളിവില്ല’ എന്ന മറുപടി ലഭിക്കുന്നതും കൂടി ഇതുമായി ചേര്‍ത്തുവായിക്കണമെന്നായിരുന്നു ചിലരുടെ ആവശ്യം.
ഗവണ്‍മെന്‍റിനെ പ്രതിനിധാനം ചെയ്യുന്ന അഭിഭാഷകരെ നിശ്ചയിക്കുന്ന രീതിയില്‍ മാറ്റം വരുത്തുന്നതിന് ഹൈകോടതി വിമര്‍ശം വഴിയൊരുക്കട്ടെ എന്ന അഭിപ്രായവും ഇതിനിടെ ഉയര്‍ന്നു. ‘120 സര്‍ക്കാര്‍ അഭിഭാഷകരില്‍ കഴിവുള്ളവര്‍ എത്ര പേര്‍? അതില്‍ ആത്മാര്‍ഥതയുള്ളവര്‍ എത്ര പേര്‍?’ എന്നാണ് മറ്റൊരാള്‍ക്ക് അറിയേണ്ടത്.
‘ന്യായാധിപന്‍ അപ്രിയസത്യം തുറന്നുപറയുകയാണ് ഉണ്ടായത്’ എന്ന് ഒരാള്‍ നിരീക്ഷിച്ചപ്പോള്‍, ‘മുഖ്യമന്ത്രിക്ക് അറ്റോണി ജനറലിനെ വിമര്‍ശിക്കാന്‍ എന്തധികാരം’ എന്ന ചോദ്യം പരോക്ഷമായി കേന്ദ്ര ഗവണ്‍മെന്‍റിന് തുണയായില്ളേ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഈ പരാമര്‍ശത്തില്‍ പിടിച്ചാണ് സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ഭരണകക്ഷി അനുകൂലികള്‍ തമ്മില്‍ കൊമ്പുകോര്‍ത്തത്. ‘അറ്റോണി ജനറലിനെ വിമര്‍ശിക്കാനുള്ള കോണ്‍ഗ്രസുകാരുടെ അവകാശം ഇതോടെ നഷ്ടമായി’ എന്ന വിമര്‍ശമാണ് കേന്ദ്രഭരണത്തെ അനുകൂലിക്കുന്നവര്‍ ഉന്നയിച്ചത്.
അതേസമയം, ജനങ്ങള്‍ക്കുവേണ്ടിയാണ് മുഖ്യമന്ത്രി അറ്റോണി ജനറലിനെ വിമര്‍ശിച്ചതെന്നും അതും ഹൈകോടതി വിമര്‍ശവും തമ്മില്‍ കൂട്ടിക്കുഴക്കരുത് എന്നുമായിരുന്നു സംസ്ഥാന ഭരണത്തെ അനുകൂലിക്കുന്നവരുടെ നിലപാട്.
കോടതിയലക്ഷ്യത്തെ പേടിച്ചിട്ടോ എന്തോ, സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ അടുത്തകാലത്തായി ഇടംപിടിച്ച വര്‍ഗീയതയുടെ അതിപ്രസരം ഈ ചര്‍ച്ചകളില്‍ കണ്ടില്ളെന്നതാണ് ആശ്വാസകരം.

പൗരന്മാരുടെ സ്വകാര്യത കവര്‍ന്നെടുക്കാമെന്നോ?

Posted: 23 Jul 2015 06:51 PM PDT

Image: 

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെ അനുകൂലിച്ചുകൊണ്ട് സുപ്രീംകോടതിയില്‍ കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാറിനു വേണ്ടി അറ്റോണി ജനറല്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ പൗരാവകാശങ്ങളുടെ വിഷയത്തില്‍ ഭരണകൂടം വെച്ചുപുലര്‍ത്തുന്ന അങ്ങേയറ്റം ആപത്കരവും ഫാഷിസത്തോട് അടുത്തുനില്‍ക്കുന്നതുമായ കാഴ്ചപ്പാടാണെന്ന് പറയാതിരിക്കാന്‍ വയ്യ. ഒരു വ്യക്തിയുടെ സ്വകാര്യത നമ്മുടെ ഭരണഘടന മൗലികാവകാശമായി അംഗീകരിക്കുന്നില്ളെന്നും ആധാര്‍ പദ്ധതി പ്രകാരം പൗരന്‍െറ സ്വകാര്യവിവരങ്ങള്‍ ശേഖരിച്ചുവെക്കുന്നത് ചോദ്യംചെയ്യാന്‍ അവകാശമില്ളെന്നുമാണ്  അറ്റോണി ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. സ്വകാര്യത എന്നത് മൂര്‍ത്തമായ ഒരാശയമല്ലത്രെ. 1962ല്‍ ഖറക് സിങ് കേസില്‍ സ്വകാര്യതക്കുള്ള അവകാശം മൗലികമല്ളെന്ന് സുപ്രീംകോടതിയുടെ എട്ടംഗ ബെഞ്ച് വിധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം പിന്നീടുണ്ടായ പല വിധികളിലും സ്വകാര്യത ഭരണഘടനയുടെ 21ാം അനുച്ഛേദം പ്രദാനംചെയ്യുന്ന മൗലികാവകാശത്തിന്‍െറ അവിഭാജ്യഘടകമാണെന്ന് ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും സമ്മതിക്കുന്നു. കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ പൗരസ്വാതന്ത്ര്യവും സ്വകാര്യതയും സംബന്ധിച്ച് ഇന്ത്യയിലും ആഗോളതലത്തിലും ഉരുത്തിരിഞ്ഞുവന്ന പുരോഗമന കാഴ്ചപ്പാടുകളെല്ലാം വിസ്മരിച്ചുകൊണ്ടാണ് അറുപിന്തിരിപ്പന്‍ വീക്ഷണഗതിയുമായി സര്‍ക്കാര്‍ പരമോന്നതനീതിപീഠത്തെ സമീപിച്ചിരിക്കുന്നത്. പ്രമാദമായ മേനക ഗാന്ധി കേസില്‍ വ്യക്തിയുടെ സ്വകാര്യതയിലേക്ക് ഭരണകൂടം നുഴഞ്ഞുകയറുന്നതിന്‍െറ ഭവിഷ്യത്തിനെക്കുറിച്ച് കോടതി മുന്നറിയിപ്പ് നല്‍കിയതാണ്. ആധാര്‍വിഷയം സുപ്രീംകോടതിയുടെ മുമ്പാകെ വന്നപ്പോഴെല്ലാം അത് ഒരു നിര്‍ബന്ധരേഖയായി കാണുന്നതിനെ അംഗീകരിച്ചിരുന്നില്ല. അത്തരമൊരു കാര്‍ഡ് ഇല്ലാത്തത് ന്യൂനതയായി കാണാന്‍ പാടില്ളെന്നും അത് ഇല്ലാത്തതിന്‍െറ പേരില്‍ എന്തെങ്കിലും ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും ന്യായാസനം ഓര്‍മപ്പെടുത്തിയതാണ്. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് കൊണ്ടുവന്ന ആധാര്‍ പദ്ധതിക്കെതിരെ അന്ന് ശക്തമായി നിലകൊണ്ട ബി.ജെ.പി ഇപ്പോള്‍ അത് നടപ്പാക്കാന്‍ അമിതാവേശം കാണിക്കുന്നുവെന്ന് മാത്രമല്ല, ആധാര്‍ കാര്‍ഡ് വ്യക്തിയുടെ സ്വകാര്യത കവര്‍ന്നെടുക്കാനുള്ള ഉപകരണമാണെന്ന തുടക്കത്തിലേയുള്ള ആരോപണത്തെ സാധൂകരിക്കുംവിധം  ജനാധിപത്യ-പൗരാവകാശ സങ്കല്‍പങ്ങള്‍ക്ക് പുതിയ വ്യാഖ്യാനം നല്‍കാന്‍ ശ്രമിക്കുകയുമാണ്. 70 കോടി ജനങ്ങളുടെ സബ്സിഡികളും ക്ഷേമപദ്ധതികളും ആധാറുമായി  ബന്ധിപ്പിച്ചാണ് കിടക്കുന്നതെന്നും 5000 കോടി രൂപ ചെലവിട്ട് നടപ്പാക്കുന്ന ഈ പദ്ധതിയില്‍നിന്ന് പിറകോട്ടു പോകുന്നത് ഖജനാവിന് ഭീമന്‍ നഷ്ടം വരുത്തിവെക്കുമെന്നൊക്കെയുള്ള വാദങ്ങള്‍ പൗരന്മാരുടെ മൗലികാവകാശത്തില്‍ കൈക്കടത്തുന്നതിന് ന്യായീകരണമാവുന്നില്ളെന്ന് എല്ലാവര്‍ക്കുമറിയാം.
നമ്മുടെ ഭരണഘടന 21ാം അനുച്ഛേദത്തിലൂടെ വിഭാവനംചെയ്യുന്ന ജീവിക്കാനുള്ള അവകാശത്തില്‍ സ്വകാര്യതക്കുള്ള അവകാശം അന്തര്‍ഭവിച്ചിട്ടുണ്ടെന്നാണ് നാമിതുവരെ വിശ്വസിച്ചുപോന്നത്. ആ വിശ്വാസത്തിന്‍െറ കടയ്ക്കു കത്തിവെക്കുന്ന വാദമാണ് കേന്ദ്രസര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. പൗരന്മാരുടെ സ്വകാര്യത സ്റ്റേറ്റിന് ആവശ്യമെങ്കില്‍ കവര്‍ന്നെടുക്കാമെന്ന കാഴ്ചപ്പാട് ജനായത്ത സംസ്കാരത്തിന്‍െറ മരണമണിയായിരിക്കും മുഴക്കുക. വ്യക്തിസ്വാതന്ത്ര്യത്തെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെയും സ്വകാര്യതയെയും ഹനിച്ചുകളയുന്ന സംവിധാനമാണ് ആധാര്‍ എന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക മുന്‍ ചീഫ് ജസ്റ്റിസ് പുട്ടുസ്വാമി പരമോന്നത നീതിപീഠത്തെ സമീപിച്ചതോടെയാണ് ആധാറിനു പിന്നിലെ രാഷ്ട്രീയ-കോര്‍പറേറ്റ് താല്‍പര്യങ്ങളും ഹിഡന്‍ അജണ്ടകളും ചര്‍ച്ചചെയ്യപ്പെടാന്‍ തുടങ്ങിയത്. ആധാര്‍ എന്നത് കേവലമൊരു കാര്‍ഡല്ല. വ്യക്തിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിച്ചുസൂക്ഷിക്കുന്ന 12 അക്കങ്ങളുള്ള നമ്പറാണ്.
പൗരന്മാരെ നിരീക്ഷിക്കുന്നതിന് ഭരണകൂടത്തിന്‍െറ കൈയിലെ ഉപകരണമായി ഈ നമ്പര്‍ മാറുന്നതോടെ സര്‍ക്കാറിനു മുന്നില്‍ നമ്മുടെ സ്വകാര്യതയാണ് അറിയാതെ അടിയറവെക്കപ്പെടുന്നത്. നിയമപരമായ പിന്‍ബലമില്ലാത്ത യൂനിക് ഐഡന്‍റിഫിക്കേഷന്‍ ഓഫ് ഇന്ത്യ എന്ന അധികാരസമിതിക്ക് പൗരന്മാരുടെ ബയോമെട്രിക് ഡാറ്റ ശേഖരിക്കാന്‍ എന്തവകാശം എന്ന കാതലായ ചോദ്യം ഉന്നയിക്കപ്പെട്ടതുതന്നെ വ്യക്തിയുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറാനുള്ള ഭരണകൂടത്തിന്‍െറ നീക്കത്തില്‍ ഫാഷിസ്റ്റ് പ്രവണത മണത്തറിഞ്ഞതുകൊണ്ടാണ്. നേത്രപടല സ്കാനിങ്ങും വിരലടയാളമെടുക്കലുമെല്ലാം  ആധാറിന്‍െറ ഭാഗമാണെങ്കിലും എവിടെയും ബയോമെട്രിക്സിനെക്കുറിച്ച് സൂചിപ്പിക്കുന്നേയില്ല എന്നതില്‍നിന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പറയാനാവും. തങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പരമരഹസ്യമായി സൂക്ഷിക്കുമെന്നോ സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറ്റം ചെയ്യപ്പെടില്ളെന്നോ ഉറപ്പുനല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവില്ളെന്നുറപ്പാണ്. സ്വകാര്യതക്ക് അവകാശം ഭരണഘടനാദത്തമല്ളെന്ന സര്‍ക്കാറിന്‍െറ പുതിയ വാദത്തോടെ പൂച്ച പുറത്തുചാടിയിരിക്കുകയാണ്. സുപ്രധാനമായ ഭരണഘടന ചോദ്യങ്ങള്‍ ഉയരുന്ന ഈ കേസ് വിപുലമായ ബെഞ്ച് ആഴത്തില്‍ പരിശോധിച്ച് വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് അധിനിവേശം നടത്താന്‍ ശ്രമിക്കുന്ന ഭരണകൂടത്തെ നിലക്കുനിര്‍ത്തിയില്ളെങ്കില്‍, എഴുത്തുകാരനായ ആനന്ദ് ഈയിടെ ഓര്‍മിപ്പിച്ചതുപോലെ ജനാധിപത്യത്തിന്‍െറ കാലം പെട്ടെന്ന് അസ്തമിക്കുന്നത് നമുക്ക് കാണേണ്ടിവരും.

ഇറാന്‍ ആണവകരാറും എണ്ണവിപണിയും

Posted: 23 Jul 2015 06:49 PM PDT

Image: 

ഒരു വിദൂര സ്വപ്നമെന്ന് കരുതിയിരുന്ന ഇറാന്‍ ആണവകരാര്‍ ഒടുവില്‍ യാഥാര്‍ഥ്യത്തിലേക്ക്. ഇസ്രായേല്‍ അടക്കമുള്ള പല രാജ്യങ്ങളുടെയും ശക്തമായ സമ്മര്‍ദം അതിജീവിച്ചാണ് ലോകം ഉറ്റു നോക്കുന്ന കരാര്‍ നടപ്പാക്കപ്പെടുന്നതെന്നതിനാല്‍ ഈ നടപടിക്ക് ലോകക്രമത്തില്‍ രാഷ്ട്രീയ പ്രാധാന്യം ഏറെയുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അതോടൊപ്പംതന്നെ ലോകത്തെ ഏറ്റവും അധികം അസംസ്കൃത എണ്ണശേഖരമുള്ള രാജ്യംകൂടിയാണ് ഇറാന്‍. ആണവ കരാറിനൊപ്പം ലോക എണ്ണവിപണിയില്‍ ഇറാന് കല്‍പിച്ചിട്ടുള്ള അയിത്തം അകലുന്നത് ലോക സാമ്പത്തികക്രമത്തിലും കാതലായ മാറ്റങ്ങള്‍ക്ക് കാരണമാകും. ഇന്ത്യയെപ്പോലെ അസംസ്കൃത എണ്ണ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഇറാന്‍െറ പുനരാഗമനം ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണെന്ന കാര്യത്തിലും സംശയമില്ല.
രാജ്യാന്തര എണ്ണ വിപണിയിലെ വില നിലവാരത്തെ ഇറാന്‍ കാര്യമായി സ്വാധീനിക്കും എന്ന് ഉറപ്പാണ്. ആണവ കരാര്‍ തീരുമാനം പുറത്തുവന്നതുമുതല്‍ രാജ്യാന്തര എണ്ണവിപണിയില്‍ അസംസ്കൃത എണ്ണ വില ഇടിയുന്ന പ്രവണത കാണിക്കുന്നതിന്‍െറ കാരണവും മറ്റൊന്നല്ല. എന്നാല്‍, ഉടന്‍ ഇറാനില്‍നിന്ന് എണ്ണ ലോകവിപണിയിലേക്ക് ഒഴുകിത്തുടങ്ങുമെന്നും കരുതാനാവില്ല. എങ്കിലും അടുത്ത ഒന്നു രണ്ട് വര്‍ഷത്തിനകംതന്നെ ആഗോള ഊര്‍ജ വിപണിയുടെ സമവാക്യങ്ങള്‍ പാടേ മാറ്റിമറിക്കാന്‍ ലോക എണ്ണവിപണിയിലെ ഇറാന്‍െറ രംഗപ്രവേശം വഴിയൊരുക്കും.
അതേസമയം, ലോകവിപണിയില്‍ എണ്ണവില ഇനിയും കുത്തനെ ഇടിയുന്നത് ഇറാന്‍ അടക്കമുള്ള എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ക്ക് താങ്ങാവുന്നതാണോയെന്ന സംശയം ഈ മേഖലയിലെ വിദഗ്ധര്‍ ഇപ്പോഴേ ഉയര്‍ത്തിയിട്ടുണ്ട്. തങ്ങളുടെ സമ്പദ്വ്യവസ്ഥക്ക് എണ്ണവില നിര്‍ണായകമാണെന്ന വസ്തുതകൂടി കണക്കിലെടുത്തേ ഇറാനും നീങ്ങൂവെന്നും ഉറപ്പാണ്. എങ്കിലും എണ്ണവില ഇപ്പോഴത്തെ നിലയില്‍നിന്ന് ഉയരാതെ പിടിച്ചുനിര്‍ത്താന്‍ ഇറാന്‍ ആണവകരാര്‍ വഴി കഴിയുമെന്നതാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് ആശ്വാസമാകുന്നത്.
നിലവില്‍ രാജ്യാന്തര വിപണിയില്‍ പ്രതിദിനം 20 ലക്ഷം വീപ്പ എണ്ണ ആവശ്യത്തിലും അധികം എത്തുന്നുണ്ടെന്നാണ് കണക്ക്. ഇതിനു പുറമെയാണ് ഇറാനില്‍നിന്നുകൂടി എണ്ണ എത്താന്‍ പോകുന്നത്. ഇത് ലോകത്തെ എണ്ണ ഉല്‍പാദക രാജ്യങ്ങളെ ആശങ്കയിലാക്കുന്നുമുണ്ട്. 15,800 കോടി ബാരല്‍ എണ്ണ ശേഖരം ഇറാനില്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ലോകത്ത് ഏറ്റവുമധികം എണ്ണശേഖരമുള്ള നാലാമത്തെ രാജ്യം. അതുകൊണ്ടുതന്നെ ഉപരോധം നീക്കംചെയ്യപ്പെടുന്നതോടെ എണ്ണ ഉല്‍പാദനം ഭീമമായി വര്‍ധിപ്പിക്കാന്‍ ഇറാന് കഴിയുമെന്നതാണ് ഒപെക് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള എണ്ണ ഉല്‍പാദകരെ ആശങ്കയിലാക്കുന്നത്.
എന്നാല്‍, 2016ന് മുമ്പ് അമേരിക്കയും യൂറോപ്യന്‍ യൂനിയനും എണ്ണ വില്‍പനക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കില്ല. ഈ സമയപരിധി കഴിയുന്നതോടെയേ ആണവകരാര്‍ മൂലം എണ്ണ വിപണിയില്‍ ഉണ്ടാകുന്ന പ്രത്യാഘാതം പ്രകടമാവുകയുള്ളൂ. ഉപരോധം നീങ്ങിയാലും നേരം ഇരുട്ടി വെളുക്കും മുമ്പ് ഇറാനില്‍നിന്ന് കാര്യമായ തോതില്‍ എണ്ണ വിപണിയില്‍ എത്തുകയുമില്ല. നിര്‍ത്തിവെക്കപ്പെട്ട എണ്ണ ഉല്‍പാദനം പുനരാരംഭിക്കാന്‍ സമയമെടുക്കും.
2010ല്‍ അമേരിക്കയാണ് ഇറാനെതിരെ സാമ്പത്തിക ഉപരോധം കൊണ്ടുവരുന്നത്. തുടര്‍ന്ന് 2012ല്‍ യൂറോപ്യന്‍ യൂനിയനും ഉപരോധം ഏര്‍പ്പെടുത്തി. ഇതിനുശേഷം ഇന്ത്യയും ചൈനയും മാത്രമാണ് ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. എണ്ണ ടാങ്കറുകള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതും ഇറക്കുമതി ചെയ്ത എണ്ണയുടെ പണം നല്‍കുന്നതും പ്രശ്നമായതോടെ ഈ ഇറക്കുമതിയും ഇല്ലാതാവുകയായിരുന്നു. കയറ്റുമതി ഏതാണ്ട് പൂര്‍ണമായി നിലച്ചതോടെ ഇറാനിലെ എണ്ണപ്പാടങ്ങള്‍ പ്രവര്‍ത്തനരഹിതമായി. ഉപരോധം തുടങ്ങുന്ന സമയത്ത് അവശേഷിച്ചിരുന്ന എണ്ണ കടലില്‍ നങ്കൂരമിട്ടിരിക്കുന്ന വമ്പന്‍ എണ്ണ ടാങ്കറുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏതാണ്ട് നാലു കോടി ബാരല്‍ അസംസ്കൃത എണ്ണയാണ് ഇങ്ങനെ ടാങ്കറുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. 2016ല്‍ ഉപരോധം പൂര്‍ണമായി നീങ്ങുന്നതോടെ ഈ എണ്ണ രാജ്യാന്തര വിപണിയില്‍ എത്തിക്കാന്‍ ഒരു പ്രയാസവും ഇറാനുണ്ടാവില്ല. എന്നാല്‍, പിന്നീട് ഉല്‍പാദനം ഉപരോധം തുടങ്ങുന്നതിനു മുമ്പുള്ള നിലയിലേക്ക് എത്തിക്കുന്നതിന് കാര്യമായി വിയര്‍പ്പും പണവും ഒഴുക്കേണ്ടിവരും. ഒരിക്കല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച എണ്ണക്കിണറുകള്‍ ഒരു സ്വിച്ചിട്ടാല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നവയല്ല.
ഇറാന്‍െറ രംഗപ്രവേശം എണ്ണ വിപണിയെ എങ്ങനെ ബാധിക്കും എന്ന് വ്യക്തമാക്കാന്‍ ലോക എണ്ണവിപണിയുടെ ചില കണക്കുകള്‍കൂടി അറിയണം. ലോകത്തെ എല്ലാ രാജ്യങ്ങളും ചേര്‍ന്ന് ഇന്ന് പ്രതിദിനം ഉപയോഗിക്കുന്നത് ഒമ്പത് കോടി വീപ്പ അസംസ്കൃത എണ്ണയാണ്. ആഗോളമാന്ദ്യംമൂലം ഉപഭോഗം കാര്യമായി വര്‍ധിക്കുന്നുമില്ല. ഇപ്പോള്‍തന്നെ രാജ്യാന്തര വിപണിയില്‍ പ്രതിദിനം 20 ലക്ഷം വീപ്പ എണ്ണ ആവശ്യത്തിലും അധികം എത്തുന്നുണ്ട്. 2015 മേയ് മാസത്തെ കണക്കു പ്രകാരം ഇറാന്‍െറ എണ്ണ ഉല്‍പാദനം പ്രതിദിനം 28 ലക്ഷം വീപ്പ എണ്ണ മാത്രമാണ്. എന്നാല്‍, 2008 ഉപരോധ നീക്കം തുടങ്ങുന്ന സമയത്ത് അവര്‍ പ്രതിദിനം 40 ലക്ഷം വീപ്പവരെ ഉല്‍പാദിപ്പിച്ചിരുന്നു. ഉപരോധം നീക്കി ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കകംതന്നെ 2008ലെ ഉല്‍പാദന നിലവാരത്തിലേക്ക് ഇറാന് എത്താന്‍ കഴിയും. ഇതോടെ വിപണിയില്‍ ലഭ്യമായ അധിക എണ്ണയുടെ അളവ് 30 ലക്ഷം വീപ്പയാവും. കൂടാതെ നിലവില്‍ ഇറാന്‍ ഉല്‍പാദിപ്പിക്കുന്ന 28 ലക്ഷം വീപ്പയില്‍ നല്ളൊരു പങ്കും ലോകവിപണിയില്‍ എത്താനും സാധ്യതയുണ്ട്. ഇതിനു പുറമെയാണ് ഉപരോധം നീക്കംചെയ്യപ്പെട്ടാല്‍ ഉടന്‍ ഇറാന് വിപണിയില്‍ എത്തിക്കാന്‍ കഴിയുന്ന ടാങ്കറുകളില്‍ സൂക്ഷിച്ചിരിക്കുന്ന നാല് കോടി വീപ്പ എണ്ണ.
ഉപരോധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് എണ്ണ ഉല്‍പാദനം എത്തിക്കാന്‍ ഇറാന് ആവശ്യമായിവരുക 5000 കോടി മുതല്‍ 10,000 കോടി വരെ ഡോളറാണ്. പ്രവര്‍ത്തനം നിലച്ച എണ്ണപ്പാടങ്ങള്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചുതുടങ്ങാന്‍ ആവശ്യമായ പണം കണ്ടത്തെുന്നതിന് ഈ എണ്ണ പെട്ടെന്നുതന്നെ ഇറാന്‍ വിറ്റഴിച്ചേക്കുമെന്ന ആശങ്കയും എണ്ണ ഉല്‍പാദകര്‍ക്കുണ്ട്. പ്രത്യേകിച്ച് ലോക വിപണിയില്‍ എണ്ണവില ഇടിഞ്ഞുനില്‍ക്കുന്നതിനാല്‍ ഇറാനിലെ എണ്ണപ്പാടങ്ങളില്‍ നിക്ഷേപം നടത്താന്‍ പൊടുന്നനെ വിദേശ എണ്ണക്കമ്പനികള്‍ താല്‍പര്യം കാണിച്ചേക്കില്ല. അതുകൊണ്ടുതന്നെ ഉല്‍പാദനം ഉപരോധത്തിന് മുമ്പുള്ള അവസ്ഥയില്‍ എത്തിക്കാന്‍ ആഭ്യന്തരമായിത്തന്നെ പണം കണ്ടെത്തേണ്ടിവരുമെന്നതിനാല്‍ കൈവശമുള്ള എണ്ണയുടെ വില്‍പന ഇറാന്‍ ത്വരിതഗതിയിലാക്കുകയും ചെയ്തേക്കും. ഇത് എണ്ണവിലയില്‍ വന്‍ പ്രത്യാഘാതങ്ങള്‍തന്നെ സൃഷ്ടിക്കാന്‍ പര്യാപ്തമാണ്.
ഇന്ത്യക്കും നേട്ടം
ഇറാന്‍ ആണവകരാര്‍ പ്രാവര്‍ത്തികമാകുന്നത് ഇന്ത്യക്കും ഏറെ നേട്ടമാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. ആവശ്യമുള്ള എണ്ണയുടെ ഭൂരിഭാഗവും ഇറക്കുമതിചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ലോകത്തെ ഏറ്റവും അധികം എണ്ണ നിക്ഷേപമുള്ള രാജ്യങ്ങളിലൊന്നായ ഇറാന്‍ ലോക എണ്ണവിപണിയില്‍ മടങ്ങിയത്തൊനുള്ള സാഹചര്യം ഒരുങ്ങിയതോടെ ഇറക്കുമതി ചെലവ് ഗണ്യമായി കുറക്കാന്‍ കഴിയുന്ന അവസ്ഥയിലാണ് ഇന്ത്യ. രൂപ നേരിടുന്ന കടുത്ത മൂല്യത്തകര്‍ച്ച പിടിച്ചുനിര്‍ത്താനും ഒരു പരിധി വരെ കഴിഞ്ഞേക്കും.
ഇറാനെതിരെ ഉപരോധം നിലനില്‍ക്കുമ്പോഴും ചൈന കഴിഞ്ഞാല്‍ ഇറാനില്‍നിന്ന് ഏറ്റവുമധികം അസംസ്കൃത എണ്ണ വാങ്ങിയിരുന്നത് ഇന്ത്യയായിരുന്നു. എന്നാല്‍, 2012ന് ശേഷം ഇതിന്‍െറ അളവില്‍ കാര്യമായ കുറവുണ്ടായി. ഇപ്പോള്‍ ലോകത്തിന്‍െറ പകുതി ദൂരം ചുറ്റി വെനിസ്വേലയില്‍നിന്നാണ് ഇന്ത്യ ആവശ്യമായ എണ്ണയില്‍ നല്ളൊരു പങ്ക് വാങ്ങുന്നത്.
ഇറാനുമായുള്ള ആണവകരാര്‍ സാധ്യമായതോടെ ഇനി തൊട്ടടുത്ത് കിടക്കുന്ന ഇറാനില്‍നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ക്ക് കഴിയും. ഇതോടെ എണ്ണ എത്തിക്കാന്‍ ആവശ്യമായ ചെലവ് ഭീമമായി കുറയും.
ഉപരോധം നീങ്ങുന്നതോടെ ഇറാനിലെ ഫര്‍സാദ് -ബി എണ്ണപ്പാടം വികസിപ്പിക്കുന്നതിന് ഇന്ത്യയിലെ പൊതുമേഖലാ കമ്പനിയായ ഒ.എന്‍.ജി.സിക്ക് ലഭിച്ചിട്ടുള്ള കരാര്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടത്തുനിന്ന് ലഭിക്കുന്നതിന്‍െറ മൂന്നിരട്ടി പ്രകൃതിവാതകം ഈ എണ്ണപ്പാടത്തുനിന്ന് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ വര്‍ഷങ്ങളായി പറഞ്ഞുകേള്‍ക്കുന്ന ഇറാന്‍-ഇന്ത്യ പ്രകൃതി വാതക പൈപ്പ്ലൈന്‍ പദ്ധതിയും പ്രാവര്‍ത്തികമാക്കാന്‍ പുതിയ സാഹചര്യത്തില്‍ കഴിയും.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വീപ്പക്ക് ഒരു ഡോളര്‍ കുറഞ്ഞാല്‍ അത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവില്‍ 90 കോടി ഡോളറിന്‍െറ കുറവ് വരുത്തുമെന്നാണ് കണക്കാക്കുന്നത്. ഇറാന്‍ രാജ്യാന്തര എണ്ണവിപണിയില്‍ വീണ്ടും എത്തുന്നതോടെ എണ്ണവില കൂടുതല്‍ കുറയാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. അതേസമയം, ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ലോകവിപണിയിലെ വിലക്കുറവിന്‍െറ നേട്ടം ലഭിക്കണമെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കനിയേണ്ട അവസ്ഥയാണ്. ലോകവിപണിയില്‍ അസംസ്കൃത എണ്ണക്ക് 115 ഡോളര്‍ വിലയുണ്ടായിരുന്നപ്പോള്‍ പെട്രോളിനും ഡീസലിനും നല്‍കിയിരുന്ന വിലതന്നെയാണ് ഇപ്പോള്‍ വില 53 ഡോളറായി കുറഞ്ഞപ്പോഴും ഇന്ത്യക്കാര്‍ നല്‍കുന്നത്. സര്‍ക്കാറുകളുടെ നിലപാട് മാറിയില്ളെങ്കില്‍ ഇത് തുടരുകയും ചെയ്യും.

നാസ ഭൂമിയുടെ ‘അപരനെ’ കണ്ടെത്തി

Posted: 23 Jul 2015 01:06 PM PDT

Image: 
Subtitle: 
പുതിയ ഗ്രഹം 1400 പ്രകാശവര്‍ഷം അകലെ

ന്യൂയോര്‍ക്: അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ ഭൂമിയുടേതിന് സമാനമായ പുതിയ ഗ്രഹം കണ്ടത്തെി. ഭൂമിയില്‍നിന്ന് 1400 പ്രകാശവര്‍ഷം അകലെയുള്ള ഗ്രഹത്തിന് കെപ്ളര്‍ 452 ബി എന്നാണ് പേരുനല്‍കിയിരിക്കുന്നത്. ഭൂമിയോളം വലിപ്പമുള്ള ഗ്രഹത്തില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
എന്നാല്‍, ഭൂമിയെപ്പോലെ തന്നെ ആവാസവ്യവസ്ഥ നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന വിശ്വാസത്തിലാണ് നാസ. കെപ്ളര്‍ ടെലിസ്കോപ്പാണ് ഗ്രഹത്തിന്‍െറ സ്ഥാനം കണ്ടത്തെിയത്. ഭൂമിയുടെ 60 ശതമാനത്തോളം വലിപ്പമുണ്ട്. ഭൂമി സൂര്യനെ ചുറ്റുന്നതുപോലെ പുതിയ ഗ്രഹം മറ്റൊരു നക്ഷത്രത്തെ വലംവെക്കുന്നുണ്ട്. സൂര്യനില്‍നിന്ന് ഭൂമിയിലേക്കുള്ള ദൂരത്തിന് സമാനമാണ് പുതിയ ഗ്രഹവും അതിന്‍െറ നക്ഷത്രവും തമ്മിലുള്ള ദൂരം. ഒരുവട്ടം നക്ഷത്രത്തെ വലംവെക്കാന്‍ 385 ദിവസം വേണം. 600 കോടി വര്‍ഷം പ്രായവും കണക്കാക്കുന്നുണ്ട്.
2009 മുതല്‍ സൗരയൂഥത്തിന് പുറത്ത് ഭൂമിയെപ്പോലുള്ള മറ്റൊരു ഗ്രഹത്തിനായുള്ള അന്വേഷണം നടക്കുകയായിരുന്നു.

ചിക്കമഗളൂരുവില്‍ സ്കൂളില്‍ പുള്ളിപ്പുലി

Posted: 23 Jul 2015 12:47 PM PDT

Image: 
Subtitle: 
വനംവകുപ്പ് ജീവനക്കാരന് കടിയേറ്റു

ബംഗളൂരു: ചിക്കമഗളൂരുവിലെ സ്വകാര്യ സ്കൂളില്‍ പുള്ളിപ്പുലി കയറിയത് പരിഭ്രാന്തി പരത്തി. ടി.എം.ടി സ്കൂളിലെ മുറിക്കുള്ളില്‍ ജീവനക്കാരനാണ് ആദ്യം പുലിയെ കണ്ടത്. ഉടന്‍തന്നെ മുറിയുടെ വാതിലടക്കുകയായിരുന്നു. പുലിയുടെ ആക്രമണത്തില്‍ വനംവകുപ്പ് ജീവനക്കാരന്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വനംവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ പിന്നീട് പുലിയെ പിടികൂടി സമീപത്തെ കാട്ടില്‍വിട്ടു.
വ്യാഴാഴ്ച രാവിലെ നഗരത്തിലെ കാഡൂര്‍ ക്ളബ് പരിസരത്താണ് ആദ്യം പുലിയെ കണ്ടത്. പുലിയുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് നിസ്സാര പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് സമീപത്തെ സ്കൂളിനകത്തേക്ക് പുലി കടന്നത്. ഈ സമയം സ്കൂളില്‍ ക്ളാസ് നടക്കുന്നുണ്ടായിരുന്നു. അധികൃതര്‍ ഉടന്‍ തന്നെ വനംവകുപ്പ് ജീവനക്കാരെ വിവരമറിച്ചു. സ്ഥലത്തത്തെിയ ജീവനക്കാര്‍ മുറിയുടെ വാതിലിനു മുന്നില്‍ കൂടൊരുക്കിയാണ് പുലിയെ പിടികൂടിയത്.   
പുലി കയറിയ മുറിയുടെ ജനവാതില്‍ അടക്കുന്നതിനിടെയാണ് വനംവകുപ്പ് ജീവനക്കാരന്‍െറ കൈക്ക് കടിയേറ്റത്. ഇയാളുടെ കൈയിലെ ഒരു വിരല്‍ പുലി കടിച്ചുമുറിച്ചു.
ഇതിനിടെ വിദ്യാര്‍ഥികളെ സ്കൂളില്‍നിന്ന് ഒഴിപ്പിച്ചിരുന്നു. പുലിയെ വനംവകുപ്പ് ജീവനക്കാര്‍ പിടികൂടികൊണ്ടുപോയതോടെയാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആശ്വാസമായത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP