സ്വാഗതം
WELCOME

News Update..

Sunday, June 28, 2015

ദുരിതപേമാരി Madhyamam News Feeds

ദുരിതപേമാരി Madhyamam News Feeds

Link to

ദുരിതപേമാരി

Posted: 27 Jun 2015 09:46 PM PDT

കൊല്ലം: ദുരിതംവിതച്ച് മഴ. ശക്തമായ മഴക്കൊപ്പം വീശിയടിക്കുന്ന കാറ്റ് നാശത്തിന്‍െറ വ്യാപ്തി വര്‍ധിപ്പിക്കുന്നു. താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മരങ്ങള്‍ പിഴുതുവീണതോടെ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും വൈദ്യുതിബന്ധം താറുമാറായി. രണ്ട്ദിവസംകൊണ്ട് 366 പോസ്റ്റുകളാണ് ഒടിഞ്ഞത്. വൈദ്യുതിമേഖലയില്‍ 41ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമികകണക്കുകള്‍. കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിളിന്‍െറ കീഴില്‍ ഒരു ദിവസത്തെ നഷ്ടം 12ലക്ഷം രൂപയാണ്. ഇവിടെ 214 പോസ്റ്റുകള്‍ ഒടിഞ്ഞപ്പോള്‍ 577സ്ഥലങ്ങളില്‍ ഭാഗികമായി നാശമുണ്ടായി. മരംവീണ് 377സ്ഥലത്ത് വൈദ്യുതികമ്പികള്‍ പൊട്ടിവീണു. ഓച്ചിറയില്‍ ട്രാന്‍സ്ഫോര്‍മര്‍ നശിച്ചു. പരവൂര്‍, കരുനാഗപ്പള്ളി ഭാഗങ്ങളിലാണ് കൂടുതല്‍ നാശം. കിഴക്കന്‍മേഖല ഉള്‍പ്പെടുന്ന കൊട്ടാരക്കര സര്‍ക്കിളില്‍ 151പോസ്റ്റുകളാണ് ഒടിഞ്ഞത്. 315എണ്ണം ചരിഞ്ഞുവീണു. 346സ്ഥലത്ത് കമ്പികള്‍ പൊട്ടിവീണു. 29ലക്ഷം രൂപയുടെ നാശമാണ് ഇതുവരെ കണക്കായിരിക്കുന്നത്. 11കെ.വി ലൈന്‍ പൊട്ടവീണാല്‍ ലൈന്‍ ഓഫാകുമെന്നതിനാല്‍ മറ്റ് അപകടങ്ങളുണ്ടാവില്ല. ഗാര്‍ഹികലൈനുകള്‍ പൊട്ടിവീഴാന്‍ സാധ്യതയുള്ളത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. പല പ്രദേശങ്ങളിലും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ജില്ലയില്‍ മിക്കയിടത്തും മരങ്ങള്‍ പിഴുതുവീഴുന്നതിനാല്‍ ജാഗ്രതപുലര്‍ത്തണമെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോതമംഗലത്ത് സ്കൂള്‍ ബസിന് മുകളില്‍ മരം വീണ് അഞ്ച് കുഞ്ഞുങ്ങള്‍ മരിച്ച പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ വേണമെന്നാണ് അഗ്നിശമനസേന അറിയിച്ചത്.
കഴിഞ്ഞദിവസം ജില്ലയില്‍ നിരവധി സ്ഥലങ്ങളിലാണ് മരങ്ങള്‍ കടപുഴകിയത്. പരവൂരില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. അപകടകരമായ അവസ്ഥയില്‍ പ്രധാനറോഡുവക്കുകളില്‍ പലയിടത്തും മരങ്ങള്‍ നില്‍ക്കുന്നത് ഫയര്‍ഫോഴ്സ് ചൂണ്ടിക്കാട്ടുന്നു. ചില്ലകളെങ്കിലും വെട്ടിമാറ്റിയില്ളെങ്കില്‍ അപകടസാധ്യത ഏറെയാണ്. കൊല്ലം ഡി.സി.സി ഓഫിസിന് സമീപം തെങ്ങുവീണ് വൈദ്യുതിലൈന്‍പൊട്ടി ഗതാഗതവും വൈദ്യുതിയും മുടങ്ങി. സെന്‍റ് അലോഷ്യസ് സ്കൂളിന് സമീപം വേപ്പ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വിഷ്ണത്തുകാവ്-തിരുമുല്ലവാരം റോഡില്‍ തെങ്ങ് വീണ് 11 കെ.വി ലൈന്‍ പൊട്ടി ട്രാന്‍സ്ഫോര്‍മറും കേടായി. ഇതുവഴി ഗതാഗതവും തടസ്സപ്പെട്ടു. മുണ്ടയ്ക്കല്‍ അമ്പിയത്ത്കാവിന് സമീപം മരം വീണ് വൈദ്യുതി ലൈന്‍പൊട്ടി. ഗതാഗതവും മുടങ്ങി. ജില്ലാആശുപത്രിക്ക് സമീപം മരം റോഡിന് കുറുകെ വീണു. ചിന്നക്കട കുമാര്‍ തിയറ്ററിന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു വീണത് നീക്കി.ശനിയാഴ്ച ഉച്ചക്കും ജില്ലാ ആശുപത്രിക്കടുത്ത് മരം വീണു. കൂട്ടിക്കടയില്‍ വെള്ളിയാഴ്ച വൈകീട്ട് മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടി.ഗതാഗതവും മുടങ്ങി.പുതിയകാവ് ക്ഷേത്രത്തിനടുത്തും ചിന്നക്കടയിലും മരങ്ങള്‍ വീണു. തുമ്പറ ക്ഷേത്രത്തിനടുത്ത് മരം റോഡിലേക്ക് വീണു. കടപ്പാക്കട മക്കാനിപ്പള്ളിവളപ്പിലെ മരം വൈദ്യുതി ലൈനില്‍ വീണു.ഈ സ്ഥലങ്ങളില്‍ കടപ്പാക്കട ഫയര്‍ഫോഴ്സിലെ സ്റ്റേഷന്‍ ഓഫിസര്‍ കെ. ഹരികുമാറിന്‍െറ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

മഴ തിമിര്‍ത്തു; നഗരം വെള്ളത്തില്‍

Posted: 27 Jun 2015 09:42 PM PDT

തിരുവനന്തപുരം: തിമിര്‍ത്ത് പെയ്ത മഴയില്‍ നഗരം മുങ്ങി. ശനിയാഴ്ച രാവിലെ തുടങ്ങിയ മഴയുടെ ശക്തി കുറഞ്ഞത് വൈകീട്ടോടെ. നഗരം വെള്ളത്തില്‍ മുങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടു. കടല്‍ക്ഷോഭവും രൂക്ഷമാണ്. പുലര്‍ച്ചെ തുടങ്ങിയ മഴ പതിനൊന്നോടെ ശക്തമായി. തമ്പാനൂര്‍, കിഴക്കേകോട്ട, കരിമഠം കോളനിക്ക് സമീപമുള്ള റോഡ്, കരമന, പൂജപ്പുര, പഴവങ്ങാടി ക്ഷേത്രത്തിന് സമീപം, എസ്.എസ് കോവില്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറി. വലിയതുറയില്‍ പാലത്തിന് മുകളിലേക്ക് കൂറ്റന്‍ തിരമാലകള്‍ അടിച്ചുകയറി. ഭൂരിപക്ഷം പ്രദേശങ്ങളിലും മരംവീണ് ഗതാഗതം താറുമാറായി. കടല്‍തീരത്തെ 100ഓളം വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. തമ്പാനൂര്‍ റോഡില്‍ ചില ഭാഗങ്ങളില്‍ രണ്ട് മണിക്കൂറോളം വെള്ളം കെട്ടിനിന്നു. ഓപറേഷന്‍ അനന്ത കഴിഞ്ഞിട്ടും എസ്.എസ് കോവില്‍ റോഡില്‍ വെള്ളക്കെട്ട് വീണ്ടും ഉണ്ടായി. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് സമീപം വെള്ളവും ചളിയും കെട്ടി കാല്‍ നടയാത്ര ദുസ്സഹമായി. മണക്കാട്, ചെങ്കല്‍ചൂള തുടങ്ങിയിടങ്ങളും വെള്ളത്തിലായി. തമ്പാനൂര്‍ സെന്‍ട്രല്‍ സ്റ്റേഷനും വെള്ളത്തിലായി. എന്നാല്‍ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചില്ല. ആറ്റുകാല്‍ ബണ്ട് റോഡ്, പി.റ്റി.പി ജങ്ഷന്‍, കോട്ടണ്‍ഹില്‍ സ്കൂളിന് ഗേറ്റിന് മുന്നില്‍, പാളയം യുദ്ധസ്മാരകം, കവടിയാര്‍ ഗോള്‍ഫ് ക്ളബിന് മുന്നില്‍ എന്നിവിടങ്ങളില്‍ മരം വീണു. ഒന്നരമണിക്കൂറോളം എടുത്താണ്ചില ഭാഗങ്ങളില്‍ മരം മുറിച്ചുമാറ്റിയത്. മരം വീണതോടെ ഗതാഗതം തടസ്സപ്പെട്ടു. വെള്ളക്കെട്ടില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ കിള്ളിപ്പാലത്ത് റോഡ് ഉപരോധിച്ചു.
വിഴിഞ്ഞം: ശക്തമായ കാറ്റിലും മഴയിലും തീരദേശത്ത് പലയിടത്തും മരങ്ങള്‍ കടപുഴകി. നിരവധി വീടുകള്‍ തകര്‍ന്നു. താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറി. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കുണ്ട്. തുടര്‍ച്ചയായി പെയ്ത മഴയില്‍ മുല്ലൂര്‍തോട്ടം ആര്‍.എല്‍ ഭവനില്‍ ഷിബുവിന്‍െറ ഷീറ്റ് മേഞ്ഞ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. വീട്ടുകാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഹാര്‍ബര്‍ റോഡില്‍ മരങ്ങള്‍ വീടുകള്‍ക്കും വൈദ്യുതി ലൈനിനും മുകളില്‍ വീണു. പൂവാറില്‍ വിഴിഞ്ഞം റോഡില്‍ കരുംകുളം, കൊച്ചുതുറ ഭാഗങ്ങളില്‍ വെള്ളക്കെട്ടുണ്ട്. വരവിളതോപ്പില്‍ രാത്രിയില്‍ മരം വീണ് ഗതാഗതതടസ്സമുണ്ടായി. പലയിടത്തും മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് വിഴിഞ്ഞം തീരദേശ പൊലീസ് ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍നിന്ന് അറിയിച്ചു.
കഴക്കൂട്ടം: ശനിയാഴ്ച രാവിലെ മുതല്‍ കനത്ത കാലവര്‍ഷത്തില്‍ വ്യാപകനാശം. താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മംഗലപുരം മുള്ളന്‍കോളനിയില്‍ അബ്ദുല്‍ അസീസിന്‍െറ വീട് തകര്‍ന്നു. ഉച്ചക്ക് മൂന്നിനായിരുന്നു സംഭവം. മുള്ളന്‍കോളനിയില്‍ കൃഷ്ണന്‍കുട്ടിയുടെ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. ചെമ്പകമംഗലത്തുനിര്‍ത്തിയിട്ടിരുന്ന പിക്-അപ് വാനിന് മുകളില്‍ മരം വീണു. വാഹനത്തിന് നാശമുണ്ടായെങ്കിലും ആളപായമില്ല. കുളത്തൂര്‍, മുക്കോലക്കല്‍, കാട്ടായിക്കോണം, പള്ളിപ്പുറം, മംഗലപുരം, കഴക്കൂട്ടം തുടങ്ങിയസ്ഥലങ്ങളില്‍ വന്മരങ്ങള്‍ കടപുഴകി. വൈദ്യുതിബന്ധം താറുമാറായി. തീരദേശത്ത് ശക്തമായ കടല്‍ക്ഷോഭമുണ്ട്.

തീക്കാറ്റ് അപൂര്‍വ പ്രതിഭാസം; മനുഷ്യന് ഭീഷണിയില്ല –പഠനസംഘം

Posted: 27 Jun 2015 09:36 PM PDT

തൃശൂര്‍: സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ഇലകള്‍ കരിഞ്ഞുണങ്ങിയ നിലയില്‍ കണ്ടത് 'താപ വിസ്ഫോടനം' (ഹീറ്റ് ബേഴ്സ്റ്റ്) എന്ന പ്രതിഭാസം മൂലമാണെന്ന് കേരള വനം ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രഞ്ജര്‍. ഇടിവെട്ടി മഴ പെയ്യാന്‍ സഹായിക്കുന്ന മേഘങ്ങള്‍ കുറയുമ്പോള്‍ താഴെ നിന്ന് ചൂടുള്ള വായു മുകളിലേക്കുയരും. അതിലേക്ക് അവശേഷിക്കുന്ന മഴത്തുള്ളികള്‍ പതിക്കുമ്പോള്‍ താഴേക്കു വരും. ഏത് വസ്തു താഴേക്ക് വരുമ്പോഴും ചൂട് കൂടും.
കാറ്റിന്‍െറ ദിശക്കൊത്ത് ഈ ചൂട് നീങ്ങുകയും അന്തരീക്ഷോഷ്മാവ് കൂടുകയും ചെയ്യും. ഈ കാറ്റ് ഇലകള്‍ക്കു മുകളില്‍ പതിക്കുമ്പോള്‍ അതിലെ ജലാംശം പെട്ടെന്ന് ബാഷ്പീകരിക്കപ്പെടുന്നതാണ് കരിഞ്ഞ നിലയിലാവാന്‍ കാരണമെന്ന് കെ.എഫ്.ആര്‍.ഐ സംഘാംഗം ഡോ. എസ്. സന്ദീപ് പറഞ്ഞു.
ചുരുങ്ങിയ നേരത്തേക്ക് മാത്രമേ ഈ ചൂട് നിലനില്‍ക്കൂ. കരിഞ്ഞ ഇലയില്‍ മഴ പതിച്ചാല്‍ വൈകാതെ പച്ചപ്പ് തിരിച്ചു കിട്ടും. അതുകൊണ്ടു തന്നെ ഇതിനു മുമ്പും ഇത്തരത്തില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ആരും ശ്രദ്ധിച്ചിരിക്കാന്‍ വഴിയില്ല. ഇത്തവണ തീരപ്രദേശത്താകെ ഈ പ്രതിഭാസം ഉണ്ടാവുകയും മാധ്യമ ശ്രദ്ധ പതിയുകയും ചെയ്തപ്പോഴാണ് ചര്‍ച്ചയായതെന്ന് ഡോ. സന്ദീപ് അഭിപ്രായപ്പെട്ടു.കേരളത്തില്‍ വായു ചൂടു പിടിക്കുന്നത് തീരപ്രദേശത്താണ്. മണല്‍പ്പരപ്പാണ് അതിന് കാരണം. അവിടെ പച്ചപ്പ് കുറവായിരിക്കും. അതുകൊണ്ടാണ് തീരമേഖലയില്‍ മാത്രം ചൂടുകാറ്റുണ്ടായത്. മനുഷ്യനെയും വലിയ മൃഗങ്ങളെയും ഈ കാറ്റ് ബാധിക്കില്ല. പരമാവധി നിര്‍ജലീകരണമാണ് സംഭവിക്കുക. ഈ കാറ്റിന് വേഗം കൂടുതലായിരിക്കും. അതുകൊണ്ടു തന്നെ കടല്‍വെള്ളത്തിലെ ഉപ്പിന്‍െറ അംശംകൂടി കാറ്റിനൊപ്പം ചേരാനും ഇടയുണ്ട്. ഏതായാലും ഇത് ആശങ്കക്ക് ഇടയാക്കുന്ന പ്രതിഭാസമേയല്ളെന്ന് അദ്ദേഹം പറഞ്ഞു.ആലപ്പുഴയിലെ പുറക്കാട്, തൃശൂരിലെ ചാവക്കാട് കടലോരങ്ങളാണ് സംഘം സന്ദര്‍ശിച്ചത്. ശനിയാഴ്ച സി.ഡബ്ള്യു.ആര്‍.ഡി.എമ്മിലെ ഡോ. ഹരികുമാറിന്‍െറ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറം സന്ദര്‍ശിച്ചിട്ടുണ്ട്. ചെടി, വെള്ളം, മണ്ണ് എന്നിവയുടെ സാമ്പിള്‍ ശേഖരിച്ചു. ഇവയുടെ പരിശോധനക്കുശേഷം കുറെക്കൂടി വ്യക്തത കൈവരും. ഡോ. സന്ദീപിന് പുറമെ കെ.എഫ്.ആര്‍.ഐയിലെ ഡോ. കെ.എ. ശ്രീജിത്തും ഡോ. വി. അനിതയുമാണ് കടപ്പുറം സന്ദര്‍ശിച്ചത്.

അപകടഭീഷണി ഉയര്‍ത്തി ദേശീയപാതയോരത്ത് കൂറ്റന്‍ മരങ്ങള്‍

Posted: 27 Jun 2015 09:30 PM PDT

തച്ചനാട്ടുകര: ദേശീയപാതയോരത്ത് അപകടഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നടപടിയായില്ല. നിരന്തരം വാര്‍ത്തകള്‍ വന്നതിനെതുടര്‍ന്ന് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് മടങ്ങിയെന്നല്ലാതെ തുടര്‍നടപടികളുണ്ടായില്ല. വെള്ളിയാഴ്ച പുലര്‍ച്ചെ ദേശീയപാതയിലെ തൊടൂകാപ്പില്‍ ലോറിക്ക് മുകളില്‍ മരം വീണെങ്കിലും ജീവനക്കാര്‍ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.
ഏതാനും വര്‍ഷം മുമ്പ് അമ്പത്തിമൂന്നാം മൈലില്‍ ഓട്ടോക്ക് മുകളില്‍ മരംവീണ് ഒരാള്‍ മരിച്ചിരുന്നു.
തുടര്‍ന്ന് നാട്ടുകല്ലിലും കരിങ്കല്ലത്താണിക്കുമിടയില്‍ വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീണ് ആറുപേര്‍ക്ക് പരിക്കേറ്റ സംഭവവുമുണ്ടായി.
ഒന്നരവര്‍ഷം മുമ്പ് മണലുംപുറത്ത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കുട്ടികളടക്കമുള്ള നാലംഗ കുടുംബത്തിനുമേല്‍ മരം വീണെങ്കിലും നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഭീഷണിയുയര്‍ത്തി പത്തിലധികം മരങ്ങളാണ് ഈ പരിസരത്ത് ഇപ്പോഴുമുള്ളത്.
തോടൂകാപ്പ് പാലത്തിന് സമീപം കൂറ്റന്‍ മരത്തിന്‍െറ കൊമ്പ് അടിഭാഗം ദ്രവിച്ച് റോഡിന് കുറുകെ വീഴാന്‍ പാകത്തില്‍ നില്‍പ്പ് തുടങ്ങിയിട്ട് മാസങ്ങളായി. അമ്പത്തി മൂന്നാംമൈല്‍ പാറപ്പുറം പള്ളിക്ക് മുന്‍വശത്തെ മരം പൂര്‍ണമായും ഉണങ്ങി നില്‍ക്കുകയാണ്. നാട്ടുകല്‍ ആശുപത്രിപ്പടിയില്‍ സ്കൂളിനും ജനങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തിനില്‍ക്കുന്ന ആറ് മരങ്ങളുണ്ട്. കാറ്റിലും മഴയിലും ഭയപ്പാടോടെയാണ് കഴിയുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ആശുപത്രിപ്പടിയില്‍ തന്നെയുള്ള മറ്റൊരു മരത്തിന്‍െറ കൊമ്പുകള്‍ ഇടയ്ക്കിടെ പൊട്ടിവീഴാറുണ്ട്. കൃഷിഭവന് സമീപവും അപകടഭീതി ഉയര്‍ത്തി മരങ്ങളുണ്ട്.

ജില്ലയില്‍ മഴ 21 ശതമാനം കുറവ്; കൃഷിനാശം 5.40 കോടി

Posted: 27 Jun 2015 09:26 PM PDT

മലപ്പുറം: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജില്ലയില്‍ ഇത്തവണ മഴയില്‍ 21 ശതമാനം കുറവ് രേഖപ്പെടുത്തി. 2014 ജൂണ്‍ 27 രാവിലെ വരെ ജില്ലയില്‍ ലഭിച്ചത് 506.81 മി. മീറ്റര്‍ മഴയാണ്. ഈ വര്‍ഷം ശനിയാഴ്ച വരെ ലഭിച്ചത് 398.46 മി. മീറ്റര്‍ മഴ മാത്രമാണ്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ ആദ്യവാരം മുതല്‍ കാലവര്‍ഷം ശക്തമായിരുന്നെങ്കില്‍ ഇത്തവണ ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് മഴ ശക്തി പ്രാപിച്ചത്. കാലവര്‍ഷത്തില്‍ ജില്ലയില്‍ 8.21 കോടിയുടെ നാശനഷ്ടമാണ് ഒൗദ്യോഗികകണക്കുകള്‍ പ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 5.40 കോടിയുടെ നഷ്ടവും സംഭവിച്ചിരിക്കുന്നത് കാര്‍ഷികമേഖലയിലാണ്. 1328 കര്‍ഷകരെയാണ് ജില്ലയില്‍ കൃഷിവകുപ്പിന്‍െറ കണക്കുപ്രകാരം കാലവര്‍ഷം ബാധിച്ചത്. 552 വീടുകള്‍ ഭാഗികമായും അഞ്ച് എണ്ണം പൂര്‍ണമായും തകര്‍ന്നു. 2.80 കോടിയുടെ നഷ്ടമാണ് വീടുകള്‍ തകര്‍ന്നതിലൂടെ ഉണ്ടായത്. ശനിയാഴ്ച 18 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ജില്ലക്ക് 55,60,000 രൂപ അനുവദിച്ചു. ജില്ലയിലെ ഏഴ് താലൂക്കുകളിലെയും തഹസില്‍ദാര്‍മാര്‍ക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. പൂര്‍ണമായും വീടുകള്‍ തകര്‍ന്നവര്‍ക്ക് പരമാവധി 95,100 രൂപയും ഭാഗികമായി തകര്‍ന്നവര്‍ക്ക് പരമാവധി 5200 രൂപയും ലഭിക്കും. നാശനഷ്ടം സംഭവിച്ചവര്‍ വില്ളേജ് ഓഫിസര്‍മാര്‍ക്ക് പരാതി നല്‍കണം. പൊന്നാനി, തിരൂരങ്ങാടി താലൂക്കുകളിലാണ് രൂക്ഷമായ കടല്‍ക്ഷോഭം. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് പരപ്പനങ്ങാടിയില്‍ ടിപ്പു സുല്‍ത്താന്‍ റോഡ്, ചാപ്പപ്പടി റോഡ്, ഫിഷ്ലാന്‍ഡിങ് സെന്‍റര്‍ എന്നിവ തകര്‍ന്നു. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് പരപ്പനങ്ങാടി ടിപ്പു സുല്‍ത്താന്‍ റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു. പൊന്നാനിയില്‍ പെരുമ്പടപ്പ് വില്ളേജ്, പൊന്നാനി, പാലപ്പെട്ടി അജ്മീര്‍ നഗര്‍ എന്നിവിടങ്ങളിലാണ് കടല്‍ക്ഷോഭം. പൊന്നാനി താലൂക്കില്‍ നിന്ന് മൂന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

തെരുവുനായ പ്രശ്നം പരിഹാര നിര്‍ദേശത്തില്‍ വ്യക്തത വേണം –ജില്ലാ വികസന സമിതി

Posted: 27 Jun 2015 09:21 PM PDT

പത്തനംതിട്ട: തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിനുള്ള നിര്‍ദേശത്തില്‍ വ്യക്തത വരുത്തണമെന്ന് കലക്ടര്‍ എസ്. ഹരികിഷോറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം സംസ്ഥാന സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ അടിയന്തരമായ നടപടിയുണ്ടാകണമെന്ന് എം.എല്‍.എമാരായ അഡ്വ.കെ. ശിവദാസന്‍ നായരും മാത്യു ടി. തോമസും ആവശ്യപ്പെട്ടു. അവ്യക്തത നിലനില്‍ക്കുന്നതുമൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തെരുവുനായ പ്രശ്നത്തില്‍ നടപടിയെടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടെന്ന് എം.എല്‍.എമാര്‍ പറഞ്ഞു. പേ വിഷബാധക്കുള്ള മരുന്ന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണെന്നും പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഇമ്യൂണോഗ്ളോബിന്‍ ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍(ആരോഗ്യം) ഡോ. ഗ്രേസി ഇത്താക്ക് അറിയിച്ചു. ജില്ലയിലെ പൊതുമരാമത്ത് നിരത്തു വിഭാഗം റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്ന് രാജു എബ്രഹാം എം.എല്‍.എ ആവശ്യപ്പെട്ടു. അടൂര്‍ ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് ഉന്നയിച്ചിട്ടുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. അപ്പര്‍കുട്ടനാട്ടിലെ നെല്‍കൃഷിക്ക് ദോഷകരമാകാതെ മാത്രമേ തണ്ണീര്‍മുക്കം ബണ്ട് തുറക്കാവൂയെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും യോഗം അഭ്യര്‍ഥിച്ചു.
ജില്ലയില്‍ പ്രീമണ്‍സൂണ്‍ റോഡ് അറ്റകുറ്റപ്പണിക്ക് അനുവദിച്ചിരിക്കുന്ന ഒരു കോടി രൂപ അപര്യാപ്തമാണെന്നും ഇതു വര്‍ധിപ്പിച്ചു നല്‍കണമെന്നും മാത്യു ടി. തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. വാര്‍ഡുതല ശുചീകരണത്തിനാവശ്യമായ ഫണ്ട് ഉടന്‍ ലഭ്യമാക്കണം. സ്കൂള്‍ കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ചു കൊണ്ടുപോകുന്നത് തടയണം. കുളമ്പുരോഗം മൂലം നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്കുള്ള ധനസഹായം വിതരണം ചെയ്യണം. തിരുവല്ലയില്‍ നടപ്പാക്കിയ ഗതാഗത പരിഷ്കാരം ഫലപ്രദമാക്കുന്നതിന് നടപടി സ്വീകരിക്കണം.
തിരുവല്ല-ചങ്ങനാശേരി റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മാണപ്രവര്‍ത്തനത്തെ തുടര്‍ന്നുണ്ടായിരിക്കുന്ന കുഴികള്‍ മൂടണം. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് പാറ്റേണ്‍ പ്രകാരമുള്ള ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണമെന്നും മാത്യു ടി. തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. തിരുവല്ല ബിവണ്‍ റോഡില്‍ പാര്‍ക്കിങ് സൗകര്യമൊരുക്കുന്നതും റവന്യൂ ടവര്‍, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് എം.എല്‍.എയുടെ ആസ്ഥി വികസന ഫണ്ടില്‍നിന്ന് 45 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ സഹായം നല്‍കുന്നതും തിരുവല്ല നഗരസഭ പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
തുമ്പമണ്‍ അമ്പലക്കടവ് പാലത്തിനു താഴെ തോണിക്കടവില്‍ അച്ചന്‍കോവിലാറിന്‍െറ തീരം സംരക്ഷണമില്ലാതെ ഇടിഞ്ഞു താഴുന്നതിന് പരിഹാരം കാണണമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. മണ്ണടി കല്ലുവെട്ടി കോളനി, തുവിയൂര്‍ രാജീവ് ഗാന്ധി കോളനി എന്നിവിടങ്ങളിലെ വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിന് ഹൗസിങ് ബോര്‍ഡ് എസ്റ്റിമേറ്റ് എടുത്ത് നടപടി സ്വീകരിക്കണം.
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ ചേന്നംപുത്തൂര്‍ കോളനിയില്‍ വീടുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് പട്ടയം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കണം. അടൂര്‍ ഫയര്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള തടസ്സം നീക്കുന്നതിന് റവന്യൂ, വനം, മണ്ണ് സംരക്ഷണ വകുപ്പുകളുടെ സംയുക്ത യോഗം വിളിക്കണം. തട്ട-പത്തനംതിട്ട റോഡില്‍ മങ്കുഴി എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം കാടു കയറിക്കിടക്കുന്നതു വാഹനാപകട സാധ്യത സൃഷ്ടിച്ചിട്ടുള്ളതിനാല്‍ ഇതു നീക്കം ചെയ്യണം. അടൂര്‍ ജനറല്‍ ആശുപത്രി വളപ്പില്‍ ഇന്‍റര്‍ലോക് ഇളകി കിടക്കുന്നതിനു പരിഹാരം കാണണം. പെരിങ്ങനാട് വീട് അപകടാവസ്ഥയിലുള്ള സരോജിനിക്ക് പരമാവധി സഹായം ലഭ്യമാക്കണം.
ഇവരുടെ വീട് പൂര്‍ണമായും അപകടാവസ്ഥയിലാണ്.
അടൂര്‍ ടൗണിലെ കൈയേറ്റങ്ങള്‍ അളന്നു തിട്ടപ്പെടുത്തുകയും ഒഴിപ്പിക്കുകയും ചെയ്യണം. അടൂരിലെ തുവിയൂരില്‍ കെ.ഐ.പി കനാല്‍ പ്രദേശത്ത് കൃഷി ചെയ്യുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടി നിര്‍ത്തിവെക്കണം.
പള്ളിക്കല്‍ പഞ്ചായത്തിലെ തോട്ടംമുക്കില്‍ റോഡിന്‍െറ സൈഡ് ഇടിഞ്ഞു പോകുന്നതിനു പരിഹാരം കാണണം. അടൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് അറ്റകുറ്റപ്പണി നടത്തണം. കെ.പി റോഡില്‍ ചേന്നംപള്ളി ജങ്ഷനില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണമെന്നും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
അട്ടത്തോട് ട്രൈബല്‍ എല്‍.പി സ്കൂളിന് നിലയ്ക്കല്‍ ക്ഷേത്രത്തിനു മുന്നിലുള്ള സ്ഥലം ലഭ്യമാക്കുന്നതിന് നടപടി പൂര്‍ത്തിയാക്കണമെന്ന് രാജു എബ്രഹാം എം.എല്‍.എ ആവശ്യപ്പെട്ടു. വടശേരിക്കര ജങ്ഷനു സമീപം റോഡിലെ വളവുള്ള ഭാഗത്ത് അതിര് നിര്‍ണയിച്ച് കല്ലിടുന്നതിന് നടപടിയെടുക്കണം.
വടശേരിക്കര ഫോറസ്റ്റ് സ്റ്റേഷനു സമീപമുള്ള സ്ഥലത്ത് താമസിക്കുന്നയാള്‍ പട്ടയത്തിനു നല്‍കിയിരിക്കുന്ന അപേക്ഷ നിയമപരമായി പരിഗണിക്കണം. കൊറ്റനാട് പുള്ളോലി കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കണം.
റാന്നി ഫയര്‍ സ്റ്റേഷനില്‍ കേടായ രണ്ടു വാഹനങ്ങള്‍ക്കും പകരം പുതിയ വാഹനങ്ങളും ആംബുലന്‍സും അനുവദിക്കണം. മുണ്ടപ്പുഴ ചെക്ഡാം റിവര്‍മാനേജ്മെന്‍റ് ഫണ്ട് പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി ചെയ്യണം. റാന്നി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും സെക്യൂരിറ്റി ഗാര്‍ഡിന്‍െറയും ഒഴിവ് നികത്തണം.
തുലാപ്പള്ളി സ്വദേശി രാധാകൃഷ്ണന്‍നായര്‍, ഉഷാകുമാരി എന്നിവരുടെ സ്ഥലത്തിന് പട്ടയം നല്‍കിയതിലുള്ള അപാകത പരിഹരിക്കണമെന്നും രാജു എബ്രഹാം എം.എല്‍.എ ആവശ്യപ്പെട്ടു. അട്ടത്തോട് ട്രൈബല്‍ എല്‍.പി സ്കൂളില്‍ കുട്ടികള്‍ക്ക് മൂന്നു നേരവും ഭക്ഷണം നല്‍കുന്നതിന് നടപടിയായെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ പ്രതിനിധി അറിയിച്ചു.

മീനച്ചില്‍ താലൂക്കില്‍ ഒന്നരകോടിയിലേറെ രൂപയുടെ നാശനഷ്ടം

Posted: 27 Jun 2015 09:18 PM PDT

പാലാ: മീനച്ചില്‍ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ വീശിയടിച്ച കാറ്റിലും പേമാരിയിലും ഒന്നരകോടിയിലേറെ രൂപയുടെ നാശനഷ്ടം. മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ മാത്രം 50 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയത്.
മരങ്ങാട്ടുപിള്ളിയില്‍ 10 വീടുകളും വള്ളിച്ചിറ വില്ളേജില്‍ അഞ്ചുവീടുകളും രാമപുരത്ത് എട്ടുവീടുകളും ഭാഗികമായി തകര്‍ന്നു. കുണിഞ്ഞി നെല്ലാപ്പാറ വെള്ളംനീക്കിപ്പാറ കല്ലംകുഴിയില്‍ രാജുവിന്‍െറ വീട് പൂര്‍ണമായും തകര്‍ന്നു. മീനച്ചില്‍ താലൂക്കില്‍ 34 വീടുകള്‍ ഭാഗികമായും ഒരുവീട് പൂര്‍ണമായും തകര്‍ന്നു.
ഇലക്കാട്-11, കുറിച്ചിത്താനം-മൂന്ന്, രാമപുരം-എട്ട്, കടനാട്-മൂന്ന് കുറവിലങ്ങാട്-ഒന്ന്, വള്ളിച്ചിറ-അഞ്ച്, തലനാട്-മൂന്ന്, മൂന്നിലവ്-ഒന്ന് വീടുകളാണ് തകര്‍ന്നത്.
മരക്കൊമ്പ് വീണ് മരിച്ച തൊഴിലാളി കുര്യനാട് മുണ്ടിയാനിപ്പുറം ജോയിയുടെ (57) കുടുംബാംഗങ്ങള്‍ക്ക് റവന്യൂ അധികൃതര്‍ 10,000 രൂപയുടെ അടിയന്തര ധനസഹായം നല്‍കി.
ശനിയാഴ്ച ഉച്ചക്ക് ഒന്നിന് പാലാ- രാമപുരം റോഡില്‍ മുണ്ടുപാലം ആയുര്‍വേദ ആശുപത്രിക്ക് സമീപം ഓട്ടോ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്കേറ്റു. കാറ്റില്‍ റോഡിലേക്ക് ഒടിഞ്ഞുവീണ മരക്കൊമ്പ് ഒഴിവാക്കി പോകാന്‍ ശ്രമിക്കവേ എതിര്‍വശത്തുനിന്ന് ലോറി വരുന്നതുകണ്ട് പിന്നിലേക്ക് എടുക്കുമ്പോള്‍ മറിയുകയായിരുന്നു. വീണുകിടന്ന ഓട്ടോയില്‍ ലോറി തട്ടിയെങ്കിലും ലോറി നിര്‍ത്താതെ പോയി. ഓട്ടോയാത്രക്കാരായ നെച്ചിപ്പുഴൂര്‍ കുറുമ്പനാട് മധുസൂദനന്‍ (50), ബന്ധു പുന്നയ്ക്കപ്പടവില്‍ രാജപ്പന്‍െറ ഭാര്യ ഗീത (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധുസൂദനന്‍െറ സഹോദരന്‍ ഓട്ടോ ഡ്രൈവര്‍ മോഹനന്‍, രാജപ്പന്‍ എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഈരാറ്റുപേട്ട കൊച്ചേംപറമ്പില്‍ ഷാജി, കുടക്കച്ചിറ-അംബികാ വിലാസം അനിതാകുമാരി, അംബികാവിലാസം പുരുഷോത്തമന്‍, വലവൂര്‍-അഴകണ്ണിക്കുന്നേല്‍ കുഞ്ഞുമോന്‍, മാപ്പലകയില്‍ തങ്കന്‍, മരങ്ങാട്ടുപിള്ളി- ഈന്തനാകുഴി ഏലമ്മ, വാളിയാങ്കല്‍ ശശി, മുഞ്ഞാട്ട് തോമസ്, എള്ളങ്കിയില്‍ തോമസ്, പാലത്താനത്ത് പടിക്കല്‍ ആന്‍റണി,കോവ കാക്കനാട്ടുപറമ്പില്‍ ശശി, പാലക്കാട്ടുമല പറക്കുന്നേല്‍ ഗോപി, കറ്റുവെട്ടിയേല്‍ അശോകന്‍,
കുരുവിച്ചാട് സോമന്‍, കറ്റുവട്ടിയേല്‍ ജനാര്‍ദനന്‍, തറയില്‍ കുട്ടപ്പന്‍, നെല്ലാപ്പാറ വെട്ടുകല്ളേല്‍ സെബാസ്റ്റ്യന്‍, വെള്ളംനീക്കിപ്പാറ മലയമുണ്ടയില്‍ തങ്കച്ചന്‍, നീലൂര്‍ പുളിക്കല്‍ ജോഷി, കടനാട് കാക്കിയാനിയില്‍ മേരി, തലനാട് മാട്ടയില്‍ നബീസ, മാട്ടയില്‍ സുബൈര്‍, പുത്തന്‍പള്ളിയില്‍ മിനി, ഭരണങ്ങാനം പൊട്ടന്‍പ്ളാക്കല്‍ ചെല്ലപ്പന്‍ എന്നിവരുടെ വീടുകള്‍ തകര്‍ന്നു. ഭരണങ്ങാനം പനച്ചിക്കല്‍ വേണു, മരങ്ങാട്ടുപിള്ളി കുന്നുംപുറത്ത് ദാമോദരന്‍, കയ്യൂര്‍ പനച്ചിക്കല്‍ വേണു എന്നിവരുടെ തൊഴുത്തുകള്‍ തകര്‍ന്നു.
മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ വിവിധപ്രദേശങ്ങളില്‍ വീശിയടിച്ച കാറ്റില്‍ കൃഷിനാശം വ്യാപകമാണ്. തേക്ക്, റബര്‍, ആഞ്ഞിലി, ജാതി,
മഹാഗണി, പ്ളാവ്, വാഴ, മരച്ചീനി, പച്ചക്കറി കൃഷികള്‍ക്കും നാശമുണ്ടായിട്ടുണ്ട്. പാലക്കാട്ടുമല പുളിക്കിയില്‍ ജോഷി, പുളിക്കിയില്‍ ജോര്‍ജ് തോമസ്, ഇല്ലിക്കല്‍ തൈക്കുടത്തില്‍ ബാബു, പാലക്കാട്ടുമല പുളിക്കിയില്‍ ബാബു, ആണ്ടൂര്‍ കാഞ്ഞിരത്തറപ്പേല്‍ സെബാസ്റ്റ്യന്‍, കേശവന്‍പിള്ള, മരങ്ങാട്ടുപിള്ളി പാറപ്പുറത്ത് ഒൗസേപ്പ്, ചെട്ടിയശേരി ബാബു, മുതിരക്കാലായില്‍ ബിജോയി,
കുന്നുംപുറത്ത് സുകുമാരന്‍, തൊണ്ടിക്കല്‍ ഷാജി, നെല്ലിക്കുന്നേല്‍ വിനോദ്, തൊണ്ടിക്കല്‍ മേരി, തറയില്‍ കുട്ടപ്പന്‍, മുഞ്ഞാട്ട് ഷാജി, ആണ്ടൂര്‍ വാളിയാങ്കല്‍ ശശികുമാര്‍, രാമച്ചനാട്ട് ജോസ്, ചെല്ലിപ്പറമ്പില്‍ ദാമോദരന്‍, ഇല്ലിക്കുടിയില്‍ കുര്യാച്ചന്‍, മരങ്ങാട്ടുപള്ളി തറപ്പില്‍ വിജയന്‍,
പാറപ്പനാല്‍ അനില്‍, എള്ളംങ്കിലിയില്‍ ടോമി, ഇലവനാക്കുടിയില്‍ വാസവന്‍, ഭരണങ്ങാനം നരിക്കാട്ട് ടോമി, കാവുങ്കല്‍ തോമിസ്, മുണ്ടമറ്റത്ത് ടോമി എന്നിവരുടെ കൃഷികളാണ് നശിച്ചത്.
മരങ്ങാട്ടുപിള്ളി മുതിരക്കാലായില്‍ ബിജോയിയുടെ പറമ്പില്‍ നിന്നിരുന്ന ആഞ്ഞിലി, തേക്ക്, ജാതി, പ്ളാവ് എന്നിവ കടപുഴകി. എള്ളംങ്കിയില്‍ ടോമിയുടെ ഒന്നരയേക്കര്‍ സ്ഥലത്തുനിന്നിരുന്ന റബര്‍, തേക്ക്, ആഞ്ഞിലി, മഹാഗണി എന്നിവ പൂര്‍ണമായും കടപുഴകി. കുന്നുംപുറത്ത് ദാമോദരന്‍ മരംവീണ് പൂര്‍ണമായും തകര്‍ന്നു. മോന്‍സ് ജോസഫ് എം.എല്‍.എ, ആര്‍.ഡി.ഒ സി.കെ. പ്രകാശ്, തഹസീല്‍ദാര്‍ ബാബു സേവ്യര്‍, മരങ്ങാട്ടുപള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ബെല്‍ജി എമ്മാനുവല്‍, ് എം.എം. തോമസ് മേല്‍വെട്ടം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിജു പുന്നത്താനം, കൃഷി ഓഫിസര്‍ റീനാ കുര്യന്‍, ജോണ്‍സണ്‍ പുളിക്കീല്‍, പഞ്ചായത്ത് അംഗങ്ങളായ സുധാമണി, തുളസീദാസ് എന്നിവരടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ചു.

ഹൈറേഞ്ചില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും

Posted: 27 Jun 2015 09:15 PM PDT

കട്ടപ്പന: ഹൈറേഞ്ചില്‍ കാലവര്‍ഷക്കെടുതി തുടരുന്നു. പശുപ്പാറയില്‍ ഉരുള്‍പൊട്ടി കൃഷിസ്ഥലം ഒലിച്ചുപോയി.
എഴുകുംവയലില്‍ മരംവീണ് വീടുതകര്‍ന്നു. കാലവര്‍ഷത്തോടൊപ്പമുണ്ടായ കാറ്റിലും മഴയിലുമാണ് മരം വീണും ഉരുള്‍പൊട്ടിയും ഹൈറേഞ്ചില്‍ കെടുതികള്‍ തുടരുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ കാറ്റിലും മഴയിലും എഴുകുംവയല്‍ തണ്ണിപ്പാറ ജോസിന്‍െറ വീടിന് മുകളിലേക്ക് മരം കടപുഴകി മേല്‍ക്കൂര നശിച്ചു.
അമ്പതടിയോളം അകലെ നിന്ന കാറ്റാടി മരമാണ് വീടിന് മുകളിലേക്ക് മറിഞ്ഞുവീണത്.
ഉപ്പുതറ പശുപ്പാറയില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് ഉരുള്‍പൊട്ടലുണ്ടായത്.
ആര്‍ത്തലച്ചുവന്ന മലവെള്ളപ്പാച്ചിലില്‍ നാലു കര്‍ഷകരുടെ കൃഷി ഭൂമിയിലെ കാര്‍ഷിക വിളകള്‍ നശിച്ചു.
തേയില കൃഷിക്കും നാശമുണ്ടായി. വൈദ്യുതി ലൈനില്‍ മരം വീണ് നിരവധി സ്ഥലങ്ങളില്‍ തകരാറുണ്ടായി.
മരം വെട്ടിമാറ്റി, ഒടിഞ്ഞ വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കും.
ഇത് ഹൈറേഞ്ചിന്‍െറ വിവിധ ഭാഗങ്ങളെ ഇരുട്ടിലാക്കിയിരിക്കുകയാണ്. കാഞ്ചിയാര്‍, കക്കാട്ടുകട, സ്വര്‍ണവിലാസം, വള്ളക്കടവ്, സുവര്‍ണഗിരി, ഇരട്ടയാര്‍, മേട്ടുക്കുഴി എന്നിവിടങ്ങളിലാണ് മരംവീണ് വൈദ്യുതി ബന്ധം തകരാറിലായത്. വിദ്യാര്‍ഥികളുടെ പഠനത്തെയടക്കം വൈദ്യുതി തടസ്സം ബാധിക്കുന്നുണ്ട്.

ബാര്‍ കോഴ ആരോപണം തിരക്കഥ പോലെയെന്ന് മാണി

Posted: 27 Jun 2015 09:12 PM PDT

Image: 

കോട്ടയം: ബാര്‍ കോഴ ആരോപണം തിരക്കഥ പോലെയായിരുന്നു എന്ന് ധനമന്ത്രി കെ.എം മാണി. ബാര്‍ കോഴ കേസില്‍ കുറ്റപത്രം നല്‍കേണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിച്ചതിന്‍െറ പശ്ചാത്തലത്തിലാണ് മാണിയുടെ പ്രതികരണം. കുറ്റം ചെയ്യാത്തതിനാല്‍ ആത്മവിശ്വാസമുണ്ടായിരുന്നു. കൃത്രിമമായ തെളിവുകളും വ്യാജ രേഖകളും തനിക്കെതിരെ ചമക്കപ്പെട്ടു. ഇതില്‍ അന്തിമതീരുമാനം വരെ കാത്തിരിക്കാം. സത്യം ആത്യന്തികമായി ജയിക്കുമെന്നും മാണി കോട്ടയത്ത് പറഞ്ഞു.

കേസില്‍ കുറ്റപത്രം നല്‍കേണ്ടതില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ കഴിഞ്ഞദിവസമാണ് തീരുമാനമെടുത്തത്. തീരുമാനം കോടതിയെ അറിയിക്കാന്‍ എസ്.പി ആര്‍. സുകേശന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശവും നല്‍കിയിരുന്നു. അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കി െല്ലന്ന മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശത്തെ തുടര്‍ന്നാണ് വിജിലന്‍സ് തീരുമാനം. വിഷയത്തില്‍ അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറലും നിയമോപദേശം നല്‍കിയിരുന്നില്ല. സുപ്രീംകോടതിയിലെ മറ്റ് മുതിര്‍ന്ന അഭിഭാഷകരോടും വിജിലന്‍സ് നിയമോപദേശം തേടിയിരുന്നു.

രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ബാറുടമയും പരാതിക്കാരനുമായ ബിജു രമേശ് പ്രതികരിച്ചിരുന്നു. വിജിലന്‍സിന്‍െറ തീരുമാനം പ്രതീക്ഷിച്ചതാണ്. ഇനി കോടതിയില്‍ മാത്രമാണ് പ്രതീക്ഷയുള്ളതെന്നും വിജിലന്‍സ് തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും ബിജു രമേശ് പറഞ്ഞു. വിജിലന്‍സ് നടപടിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് സി.പി.ഐ നേതാവ് വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എയും വ്യക്തമാക്കി.
 

ഡെങ്കിപ്പനി വ്യാപിക്കുന്നു; ആരോഗ്യ കേന്ദ്രങ്ങള്‍ നോക്കുകുത്തികളെന്ന് വിമര്‍ശം

Posted: 27 Jun 2015 09:10 PM PDT

കാസര്‍കോട്: ഡെങ്കിപ്പനിയടകമുള്ള പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുമ്പോള്‍ ഫലപ്രദമായ ചികിത്സ ലഭിക്കുന്നില്ളെന്നും ആരോഗ്യകേന്ദ്രങ്ങള്‍ നോക്കുകുത്തിയാവുകയാണെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശം. ഡെങ്കിപ്പനി ജില്ലയില്‍ രൂക്ഷമാണ്. ഡെങ്കിപ്പനി രോഗികള്‍ക്ക് രക്തത്തിലെ പ്ളേറ്റ്ലെറ്റുകള്‍ കുറയുന്നതാണ് നില വഷളാക്കുന്നത്. ജില്ലയിലെ ബ്ളഡ് ബാങ്കുകളില്‍ രക്തത്തിലെ ഘടകങ്ങള്‍ വേര്‍തിരിക്കാനുള്ള സംവിധാനമില്ല.
ഇതിനായി അന്യ ജില്ലകളെയും മംഗളൂരുവിനെയും ആശ്രയിക്കേണ്ട സാഹചര്യമാണ് . ജില്ലാ ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ഉപകരണങ്ങള്‍ സ്ഥാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനമാരംഭിക്കാത്തതും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ അനുവദിച്ച ബ്ളഡ് കംപോണന്‍റ് സെപ്പറേഷന്‍ യൂനിറ്റ് സ്ഥാപിക്കാത്തതും പോരായ്മയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ജില്ലയിലെ ആലോപ്പതി, ആയുര്‍വേദം, ഹോമിയോ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ഇല്ലാത്ത സാഹചര്യം നിലനില്‍ക്കുന്നു.
210 ഡോക്ടര്‍മാരുടെ തസ്തികകളില്‍ 60 എണ്ണം ഒഴിഞ്ഞുകിടക്കുന്നു. 63 സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് 39 പേര്‍ മാത്രമാണുള്ളത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നാല് ഡോക്ടര്‍മാര്‍ ആവശ്യമുള്ളിടത്ത് നാല് കേന്ദ്രങ്ങള്‍ക്ക് ഒരു ഡോക്ടര്‍ എന്ന അവസ്ഥയാണ്. കൊതുകുകളെ തുരത്താന്‍ എട്ട് ഫോഗിങ് യന്ത്രങ്ങളാണുള്ളത്. നീലേശ്വരം, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രികളില്‍ അത്യാഹിത വിഭാഗം ആരംഭിച്ചിട്ടില്ല. പെരുകുന്ന പകര്‍ച്ചപ്പനി നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചീമേനി-ഓടക്കൊല്ലി പൊതുമരാമത്ത് റോഡില്‍ അപകടാവസ്ഥയിലായ ഏണിച്ചാല്‍ പാലം ഉയരം കൂട്ടി പുനര്‍നിര്‍മിക്കണമെന്ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. മഞ്ചേശ്വരം മണ്ഡലത്തിലെ ശാന്തിനഗര്‍ പട്ടികജാതി കോളനി നവീകരണ പദ്ധതി ഊര്‍ജിതമാക്കാന്‍ പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ നിര്‍ദേശം നല്‍കി. ഉദുമ മണ്ഡലത്തില്‍ നിര്‍ദേശിച്ച നടപ്പാലങ്ങള്‍ക്ക് റിവര്‍ മാനേജ്മെന്‍റ് ഫണ്ട് ലഭ്യമാക്കണമെന്ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എയും പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ നീലേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ശ്യാമളാദേവി പറഞ്ഞു. നീലേശ്വരം ബസ്സ്റ്റാന്‍ഡിന് കാര്‍ഷിക സര്‍വകലാശാലയുടെ ഭൂമി അനുവദിക്കുമെന്ന് ജനസമ്പര്‍ക്ക വേദിയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍, സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ പകരം ഭൂമി ആവശ്യപ്പെടുന്നത് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് നഗരസഭാ ചെയര്‍പേഴ്സന്‍ വി. ഗൗരി പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു.

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കണം –ജില്ലാ പഞ്ചായത്ത്

Posted: 27 Jun 2015 09:02 PM PDT

കണ്ണൂര്‍: ജില്ലയില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ വ്യാപകമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. ജില്ലാ ആശുപത്രിയടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ ഡോക്ടര്‍മാരെയും അനുബന്ധ സ്റ്റാഫുകളെയും ഉടന്‍ നിയമിക്കണമെന്നും മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും യോഗം ഉന്നയിച്ചു. പേപ്പട്ടി ശല്യം രൂക്ഷമായ സാഹചര്യമാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍. പേവിഷബാധ തടയാന്‍ നടപടി വേണം. നായ്ക്കള്‍ക്ക് വന്ധീകരണം വ്യാപകമാക്കാനും നടപടി വേണം. നിരവധി പേരെയാണ് അടുത്ത ദിവസങ്ങളിലായി പേപ്പട്ടി കടിച്ചതെന്നും ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് സത്വര നടപടി ഉണ്ടാകുന്നില്ളെന്നും എം.പി. രാജീവന്‍ പറഞ്ഞു. സയന്‍സ് പാര്‍ക്ക് നവീകരണത്തിന് 24 ലക്ഷം രൂപ ചെലവഴിക്കുന്നത് വലിയ ഗുണം ചെയ്യില്ളെന്ന് പി.പി. മഹമൂദ് ചൂണ്ടിക്കാട്ടി. പ്രവര്‍ത്തനം നേരാംവണ്ണം നടക്കുന്നില്ല. അവിടെയത്തെുന്നവര്‍ക്ക് വാഹന പാര്‍ക്കിങ് ഏറെ പ്രയാസമാണ്. സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് സയന്‍സ് പാര്‍ക്ക് മാറ്റി സ്ഥാപിക്കണമെന്നും ഇക്കാര്യത്തില്‍ സഭ ഗൗരവ ചര്‍ച്ചക്ക് സാഹചര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിലെ സ്ഥലത്ത് നിന്ന് മാറ്റി സ്ഥാപിക്കാനാവില്ളെന്നും അനുയോജ്യമായ സ്ഥലം നഗരത്തിലില്ളെന്നും വൈസ് പ്രസിഡന്‍റ് ടി. കൃഷ്ണന്‍ പറഞ്ഞു.
സയന്‍സ് പാര്‍ക്ക് നവീകരണം കൊണ്ടുദ്ദേശിക്കുന്നത് കെട്ടിടമോടി മാത്രമല്ളെന്നും യുവശാസ്ത്രജ്ഞരെ കണ്ടത്തൊനുള്ള പദ്ധതി ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും പ്രസിഡന്‍റ് പ്രഫ. കെ.എ. സരള പറഞ്ഞു.
പൊന്തകോസ്ത് സഭയുടെ പ്രാര്‍ഥനക്ക് സയന്‍സ് പാര്‍ക്ക് കൊടുക്കുന്നത് ആരുടെ അനുവാദത്തോടെയാണെന്ന് പി.പി. മഹമൂദ് ചോദിച്ചു. സയന്‍സ് പാര്‍ക്ക് ഹാള്‍ അവര്‍ക്ക് വാടകക്ക് നല്‍കിയത് പഞ്ചായത്തിന്‍െറ അറിവോടെയല്ളെന്ന് വൈസ് പ്രസിഡന്‍റ് ടി. കൃഷ്ണന്‍ പറഞ്ഞു. തെറ്റായ കാര്യമാണിത്. അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ക്ക് എങ്ങനെ അനുമതി നല്‍കിയെന്ന് ഡയറക്ടറോട് വിശദീകരണം ആവശ്യപ്പെട്ടു -അദ്ദേഹം വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് സമര്‍പ്പിച്ച 130 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി പ്രസിഡന്‍റ് പറഞ്ഞു. വിട്ടുപോയ പദ്ധതികള്‍ ഉള്‍പ്പെടുത്തി ഭേദഗതി വെക്കാന്‍ തീരുമാനിച്ചു.റോഡ് പ്രവൃത്തികള്‍ക്ക് അംഗീകരിച്ച ലിസ്റ്റില്‍ നിന്നും 14 പദ്ധതികള്‍ നിരസിച്ചിട്ടുണ്ട്. എന്നാല്‍, ആവശ്യപ്പെട്ട റോഡുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദം ചെലുത്തും. അംഗങ്ങള്‍ അവരവര്‍ ആവശ്യപ്പെട്ട റോഡുകള്‍ക്ക് അംഗീകാരമുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രസിഡന്‍റ് പറഞ്ഞു. ചേലോറ ഗവ. എച്ച്.എസ്.എസ് കെട്ടിട നിര്‍മാണത്തിന് നടപടി വേണമെന്ന് പി. മാധവന്‍ ആവശ്യപ്പെട്ടു. ഭരണസമിതിയുടെ കാലാവധി അവസാനിക്കാന്‍ ഇനി മൂന്നുമാസമാണുള്ളത്. ഫണ്ട് മുഴുവനായും വിനിയോഗിക്കാന്‍ പദ്ധതി സമര്‍പ്പണവും നിര്‍വഹണവും ജാഗ്രതയോടെ നടത്തണമെന്ന് പ്രസിഡന്‍റ് നിര്‍ദേശിച്ചു.ജില്ലയിലെ പ്ളസ്ടു, ഹൈസ്കൂള്‍, പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിനുള്ള പരിപാടികള്‍ നടപ്പാക്കണമെന്ന സയന്‍സ് പാര്‍ക്ക് എക്സ്പേര്‍ട്ട് കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം ശാസ്ത്രമുകുളം എന്ന പേരില്‍ കിഡ്സ് സയന്‍റിസ്റ്റ് അറ്റ് കണ്ണൂര്‍, സയന്‍റിസ്റ്റ് അറ്റ് കണ്ണൂര്‍ എന്നീ പരിപാടികള്‍ നടത്തും. ജില്ലാ ഹോമിയോ ആശുപത്രിയില്‍ വന്ധ്യത നിവാരണ കേന്ദ്രം പണിയുന്നതിന് റവന്യൂ അദാലത്തില്‍ പ്രഖ്യാപിച്ച 14 സെന്‍റ് സ്ഥലം ലഭ്യമാക്കാന്‍ അധികൃതരെ ബന്ധപ്പെടാന്‍ തീരുമാനിച്ചു.
മഴമറ ഗ്രൂപ്പുകള്‍ക്ക് ധനസഹായം എന്ന പദ്ധതി ഒഴിവാക്കി വിദ്യാര്‍ഥികളില്‍ കാര്‍ഷികാവബോധം സൃഷ്ടിക്കുന്നതിന് സ്കൂളുകളില്‍ മഴക്കാല പച്ചക്കറി കൃഷി നടത്തുന്നതിന് പോളിഹൗസ് അനുവദിക്കാന്‍ സര്‍ക്കാറിനോടാവശ്യപ്പെടാന്‍ തീരുമാനിച്ചു.
സ്പില്‍ ഓവര്‍ പദ്ധതികള്‍ക്ക് തനത് ഫണ്ടില്‍ നിന്ന് തുക കണ്ടത്തെണമെന്ന സര്‍ക്കാര്‍ തീരുമാനം പുന$പരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്തിന്‍െറ 20 വര്‍ഷത്തെ വികസന ചരിത്രം ഡോക്യുമെന്‍േറഷന്‍ ചെയ്യുന്നതിന് പ്രസിഡന്‍റ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറുമായി കമ്മിറ്റി രൂപവത്കരിച്ചു. വേങ്ങാട് ഹൈസ്കൂളിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്‍റ് പ്രഫ. കെ.എ. സരള അധ്യക്ഷത വഹിച്ചു.

ഇനി വേണ്ട കൊലമരങ്ങള്‍...

Posted: 27 Jun 2015 08:51 PM PDT

കൊച്ചി: ജില്ലയില്‍ ജീവന് ഭീഷണി ഉയര്‍ത്തി നിലകൊള്ളുന്ന മരങ്ങള്‍ നീക്കം ചെയ്യുന്നതിന് ദുരന്തനിവാരണ നിയമം ബാധകമാക്കാന്‍ മന്ത്രി കെ. ബാബുവിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചു. മരങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള മറ്റുസങ്കീര്‍ണതകള്‍ ദുരന്തനിവാരണ നിയമത്തിന്‍െറ പരിധിയില്‍ വരുന്നതോടെ ഒഴിവാക്കാനാകും. നെല്ലിമറ്റം ദുരന്തം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള അടിയന്തര പ്രവര്‍ത്തനപദ്ധതിയുടെ ഭാഗമായാണിത്. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന മരങ്ങള്‍ മാത്രമാണ് നീക്കം ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് മന്ത്രി ബാബു പറഞ്ഞു.
നീക്കം ചെയ്യുന്ന ഓരോ മരത്തിനും പകരം 10 വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും. റോഡുകള്‍ക്ക് മുകളില്‍ പടര്‍ന്ന് പന്തലിച്ച് അപകടം സൃഷ്ടിക്കാത്ത രീതിയിലുള്ള മരങ്ങളാണ് വെച്ചുപിടിപ്പിക്കുക. പൊലീസ്, ഫയര്‍ ഫോഴ്സ്, റവന്യൂ, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ ഒത്തൊരുമിച്ച് ഇതിന് ടാസ്ക് ഫോഴ്സ് രൂപവത്കരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. അപകടകരമായ സാഹചര്യങ്ങളില്‍ നിലകൊള്ളുന്ന മരങ്ങള്‍ ദുരന്തനിവാരണ നിയമപ്രകാരം അടിയന്തരമായി നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ബാധ്യതയുണ്ടെന്ന് കലക്ടര്‍ എം.ജി. രാജമാണിക്യം പറഞ്ഞു. ഇതുസംബന്ധിച്ച് നേരത്തേ ലഭിച്ച പരാതികളില്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റുമാര്‍ 24 മണിക്കൂറിനകം ഉത്തരവിറക്കണം. ഉത്തരവ് നടപ്പാക്കാതെ അപകടമുണ്ടാകുന്ന പക്ഷം ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥര്‍ ദുരന്തനിവാരണ നിയമത്തിലെ 51ാം വകുപ്പ് പ്രകാരം രണ്ടുവര്‍ഷത്തെ തടവിന് അര്‍ഹരാണ്. നിശ്ചിത സമയത്തിനുള്ളില്‍ ഉത്തരവ് നടപ്പാക്കിയില്ളെങ്കില്‍ ഒരുവര്‍ഷത്തെ തടവാണ് ശിക്ഷയെന്നും കലക്ടര്‍ ചൂണ്ടിക്കാട്ടി.
ദേശീയപാത അടക്കമുള്ള റോഡുകളില്‍ അപകടസാധ്യതയുള്ള മരങ്ങള്‍ നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കും. മരങ്ങള്‍ വെട്ടുന്നതിനുമുമ്പ് വൈദ്യുതി ലൈനുകള്‍ ഓഫ് ചെയ്യാനും അഴിച്ചുമാറ്റാനും കെ.എസ്.ഇ.ബി സഹകരിക്കും. ഇതിനാവശ്യമായ ചെലവ് അതത് വകുപ്പുകളാണ് വഹിക്കേണ്ടത്. പഞ്ചായത്തുകളിലും നഗരസഭകളിലും അപകടസാധ്യതയുള്ള മരങ്ങളുടെ വിവരങ്ങള്‍ തിങ്കളാഴ്ച രാവിലെതന്നെ കലക്ടറേറ്റില്‍ ലഭിക്കണം. ദുരന്ത നിവാരണത്തിന് നടപടി സ്വീകരിക്കുന്നതിന് മറ്റ് നടപടിക്രമങ്ങളില്ല. നിയമംതന്നെയാണ് ഇതിനുള്ള ഭരണാനുമതിയെന്നും കലക്ടര്‍ വിശദീകരിച്ചു. ഫോര്‍ട്ട്കൊച്ചി സബ് കലക്ടര്‍ എസ്. സുഹാസ്, മൂവാറ്റുപുഴ ആര്‍.ഡി.ഒ കെ.വി. സന്തോഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

സമരഭൂമിയില്‍ ഇവര്‍ക്ക് കയ്പേറിയ ജീവിതം

Posted: 27 Jun 2015 08:45 PM PDT

പൊഴുതന: പഞ്ചായത്തിലെ ഹാരിസണ്‍ മലയാളം പ്ളാന്‍േറഷന്‍െറ കൈവശമുള്ള മിച്ചഭൂമിയില്‍ സി.പി.എം അനുകൂല സംഘടനയായ ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ കുടില്‍കെട്ടി സമരം നടത്തുന്ന കുടുംബങ്ങളുടെ ജീവിതം ദുരിതപൂര്‍ണം.
സമരത്തിനുനേരെ സര്‍ക്കാര്‍ കണ്ണടച്ചതോടെ ഭൂമിക്കായുള്ള കാത്തിരിപ്പ് നീളുന്നതിന്‍െറ നിരാശയിലാണ് നിരവധി കുടുംബങ്ങള്‍. കാലവര്‍ഷം ആരംഭിച്ചതോടെ യാതനകള്‍ തുടങ്ങി. കെട്ടിപ്പൊക്കിയ മിക്ക കുടിലുകളും ചോര്‍ന്നൊലിക്കുകയാണ്. കുടിവെള്ളക്ഷാമം രൂക്ഷം. പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യങ്ങളില്ല. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ കാര്യങ്ങള്‍ തിരക്കാന്‍ ആരും എത്താറില്ളെന്ന വിഷമവും ഇവിടെയുള്ളവര്‍ പങ്കുവെക്കുന്നു.
വര്‍ഷങ്ങളായി വേനലിലും കനത്ത മഴയിലും സമരഭൂമിയില്‍ ദുരിതമനുഭവിക്കുന്ന ഇവരുടെ പേരില്‍ കോടതിയില്‍ കേസുകളും നിലനില്‍ക്കുന്നുണ്ട്. സമരഭൂമിവിട്ട് ജോലിക്ക് പോവാന്‍ കഴിയാത്ത അവസ്ഥയിലാണ് പലകുടുംബങ്ങളും. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം അപേക്ഷ നല്‍കിയിട്ടും ഒരുതുണ്ട് ഭൂമിപോലും കിട്ടാത്തവര്‍ ഇവര്‍ക്കിടയിലുണ്ട്. 2012 ജനുവരി ഒന്നിനാണ് ആദിവാസി ക്ഷേമസമിതി, എ.കെ.എസ്, കെ.എസ.്കെ.ടി.യു എന്നിവയുടെ നേതൃത്വത്തില്‍ പൊഴുതന പഞ്ചായത്തിലെ ഹാരിസണ്‍ മലയാളം പ്ളാന്‍േറഷന്‍െറ കൈവശമുള്ള മിച്ചഭൂമിയില്‍ കുടില്‍ കെട്ടി സമരം ആരംഭിച്ചത്. പൊഴുതന പഞ്ചായത്തില്‍ പെരിങ്കോട, പാറക്കുന്ന് എന്നിവിടങ്ങളിലായി 30ഓളം കുടുംബങ്ങളാണ് കുടില്‍ കെട്ടി താമസിക്കുന്നത്. കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെങ്കിലും സമരാനുകൂലികളും പൊലീസും തമ്മിലുള്ള പ്രശ്നം മൂലം ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കുകയായിരുന്നു.

ജില്ലയില്‍ ഇന്നും ജൂലൈ അഞ്ചിനും ഡ്രൈ ഡേ

Posted: 27 Jun 2015 08:40 PM PDT

കോഴിക്കോട്: ജില്ലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൊതുകുകള്‍ പെരുകുന്നത് തടയാന്‍ ജില്ലയില്‍ ഞായറാഴ്ചയും ജൂലൈ അഞ്ചിനും ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനം.
മന്ത്രി ഡോ. എം.കെ. മുനീറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗമാണ് ജില്ലയിലെ മുഴുവന്‍ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കൊതുകുനിവാരണ പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചത്.
വീടുകള്‍, കടകള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയവക്കകത്തും കെട്ടിടങ്ങള്‍ക്കു മുകളിലും പരിസരത്തും കൊതുകിന്‍െറ പ്രജനനം സാധ്യമാവുന്ന പാത്രങ്ങള്‍, ചിരട്ടകള്‍, പഴത്തോടുകള്‍, ചെറുകുഴികള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാന്‍ മുഴുവനാളുകളും ഇന്ന് രംഗത്തിറങ്ങും. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് തടയാനാണിത്. പരിസരശുചിത്വം ഉറപ്പുവരുത്തും. ചികിത്സയേക്കാള്‍ പ്രധാനം പകര്‍ച്ചപ്പനി ഉണ്ടാവുന്ന സാഹചര്യങ്ങള്‍ തടയുകയാണെന്ന് യോഗം വിലയിരുത്തി.
പനിപടരുന്ന സാഹചര്യത്തില്‍ പ്രത്യേക സെല്‍ രൂപവത്കരിക്കാനും തീരുമാനമായി. 0495 2376063, 9946685381, 0495 2370540 എന്നിവയാണ് സ്പെഷല്‍ സെല്‍ നമ്പറുകള്‍. ഏതെങ്കിലും പ്രദേശങ്ങളില്‍ പകര്‍ച്ചപ്പനി പടരുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഇക്കാര്യം സെല്ലിനെ അറിയിക്കണം.
കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാലയങ്ങളിലെ എന്‍.എസ്.എസ് യൂനിറ്റുകള്‍, സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റുകള്‍ തുടങ്ങിയവരുടെ സേവനവും കൊതുകുനിവാരണ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭ്യമാക്കും.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇവര്‍ക്ക് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കാനും തീരുമാനമായി.
ജില്ലയിലെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ഒഴിവുകള്‍ നികത്താന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡോ. എം.കെ. മുനീര്‍ അറിയിച്ചു.
മഴക്കാലപൂര്‍വ ശുചീകരണമുള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുന്നതില്‍ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി യോഗം വിലയിരുത്തി. ലഭ്യമായ ഫണ്ടുപോലും ഉപയോഗിക്കാന്‍ ചില പഞ്ചായത്തുകള്‍ തയാറായിട്ടില്ല.
ഈ പശ്ചാത്തലത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം അടുത്തയാഴ്ച വിളിച്ചുചേര്‍ക്കാനും തീരുമാനമായി.
പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്ത ഫറോക്ക്, മുക്കം പ്രദേശങ്ങളില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് അത് നിയന്ത്രണാധീനമായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ. നാരായണ നായിക് അറിയിച്ചു.
എം.എല്‍.എമാരായ എ.കെ. ശശീന്ദ്രന്‍, പി.ടി.എ. റഹീം, സി.കെ. നാണു, പുരുഷന്‍ കടലുണ്ടി, എ. പ്രദീപ്കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.

ജിദ്ദയില്‍ ‘റമദാന്‍ കിദാ’ ആഘോഷത്തിന് തിരക്കേറുന്നു

Posted: 27 Jun 2015 08:31 PM PDT

Image: 
ജിദ്ദ: ‘ദന്‍ദനാ, ദന്‍ദനാ.......ഇന്‍ദനാ... മലയാളത്തിലെ തന തന പോലെ ഈരടി ചൊല്ലി വായ്ക്കുരവയിട്ട് സന്ദര്‍ശകരെ വിളിച്ചുകൊണ്ടു വരുന്ന കുട്ടികള്‍. സൂബിയയും ഗഹ്വയും ശുര്‍ബയും കൊച്ചു കപ്പുകളില്‍ വെച്ചു നീട്ടി ആളുകളെ സ്വീകരിക്കുന്ന കടക്കാര്‍. കുഞ്ഞുങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും വിവിധ പരിപാടികളുമായി റേഡിയോ ജോക്കികളും ലോക്കല്‍ സീരിയല്‍, ഫുട്ബാള്‍ താരങ്ങളും നടത്തുന്ന വിവിധ പരിപാടികളുമായി ജിദ്ദ ചരിത്രനഗരമായ ബലദിലെ റമദാന്‍ ആഘോഷം കെങ്കേമമാവുന്നു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വമ്പിച്ച തിരക്കാണ് പുലര്‍ച്ചെ രണ്ടു വരെ നീണ്ടു നില്‍ക്കുന്ന മേളയില്‍ അനുഭവപ്പെടുന്നത്. ‘റമദാന്‍ കിദാ’ (റമദാന്‍ ഇങ്ങനെയായിരുന്നു) എന്ന പേരില്‍ പഴയ ഹിജാസി സംസ്കാരത്തിന്‍െറ ശേഷിപ്പുകള്‍ നിലനിര്‍ത്താനുള്ള ശ്രമം ജനകീയ ഉത്സവമായി മാറിയതിനു തെളിവാണ് കഴിഞ്ഞ അവധിദിനങ്ങളില്‍ എത്തിച്ചേര്‍ന്ന വന്‍ ജനാവലി. കഴിഞ്ഞ രണ്ടു നാളുകളിലായി പ്രതിദിനം കാല്‍ലക്ഷത്തിനും മുപ്പത്തയ്യായിരത്തിനുമിടയില്‍ ആളുകളാണ് മേള കാണാനത്തെിയതെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പറഞ്ഞു. 
ഭക്ഷണം, വസ്ത്രം, വീടലങ്കാരം, കരകൗശലം, കലാപ്രകടനം, പഴയ നാട്ടുപാട്ടുകളുടെയും നാടന്‍കഥകളുടെയും സമാഹരണം എന്നിങ്ങനെ പല വിഭാഗങ്ങളിലായി സംഘടിപ്പിച്ച മേള പുരാതന ഹിജാസിയന്‍ സംസ്കാരശേഷിപ്പുകളുടെ പുനരാവിഷ്കാരമായി മാറുകയാണ്. മേള കാണാനായി നാട്ടുകാര്‍ക്കും പ്രവാസികള്‍ക്കും പുറമെ വിവിധ നാടുകളില്‍ നിന്നുള്ള സാംസ്കാരികസംഘങ്ങളുമത്തെുന്നുണ്ട്. കഴിഞ്ഞ ദിവസം ജപ്പാന്‍, ലബനാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സൗഹൃദസംഘങ്ങള്‍ സന്ദര്‍ശനത്തിനത്തെിയിരുന്നു. ജിദ്ദയിലെ വനിതകളുടെ കരവിരുതുശേഷി പ്രകടിപ്പിക്കുന്ന സ്റ്റാളുകള്‍ സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. എണ്ണച്ചായം, അക്രിലിക് എന്നിവയില്‍ തീര്‍ത്ത ചിത്രങ്ങള്‍, പെന്‍സില്‍ ഡ്രോയിങ്, കാലിഗ്രഫി മുതല്‍ തുണിയിലും ഈത്തപ്പനയോലയിലും മെടഞ്ഞും തുന്നല്‍പണികള്‍ ചെയ്തും ഉണ്ടാക്കിയ നിത്യോപയോഗ വസ്തുക്കള്‍, അലങ്കാരവസ്തുക്കള്‍ എന്നിവ വരെ ധാരാളമായി വിറ്റഴിക്കപ്പെടുന്നുണ്ട്. 
വീടുകളില്‍ നേരമ്പോക്കിനു ചെയ്തിരുന്ന കരവിരുതു വേലകള്‍ പുറത്തത്തെിക്കാനും അതിനു വിപണി കണ്ടത്തൊനും സൗദി സാമൂഹികകാര്യമന്ത്രാലയത്തിനു കീഴിലെ സോഷ്യല്‍ ഡവലപ്മെന്‍റ് സെന്‍ററുകളാണ് ശ്രദ്ധ വെക്കുന്നത്. ഇത്തവണ കൂടുതല്‍ വീട്ടമ്മമാരെ മേളയില്‍ പങ്കെടുപ്പിക്കാനായതായി ജിദ്ദ സാമൂഹിക മന്ത്രാലയ ഓഫിസിലെ വകുപ്പു മേധാവിയായ അഹ്മദ് അല്‍ ഖസാമി പറഞ്ഞു. മൈലാഞ്ചി, അത്തര്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ നാട്ടു രീതിയില്‍ തയാര്‍ ചെയ്തതും നാടന്‍ രുചികളിലുള്ള ഭക്ഷണങ്ങളും മുതല്‍ പട്ടില്‍ തുന്നിയ കൈവേല ചിത്രങ്ങള്‍, കുപ്പികളിലും ഗ്ളാസ് ബോര്‍ഡുകളിലും വലിയ കാന്‍വാസുകളിലും ചായക്കൂട്ടുകളും ഉപയോഗശൂന്യമായ വസ്തുക്കളും കൊണ്ട് തയാറാക്കിയ അലങ്കാരവസ്തുക്കള്‍ വരെ പ്രദര്‍ശനത്തിനും വില്‍പനക്കുമായി എത്തിച്ചിട്ടുണ്ട്. വിവിധയിനം കാരക്ക, മാമൂല്‍, ബലീല, സൂബിയ തുടങ്ങിയ ലഘുവിഭവങ്ങള്‍ മുതല്‍ രുചികളില്‍ ഗൃഹാതുരതയുണര്‍ത്തുന്ന പലതരം മാംസവിഭവങ്ങള്‍ വരെ മേളയില്‍ അണിനിരന്നിട്ടുണ്ട്. എല്ലാം ജിദ്ദയുടെ പഴയ പ്രതാപം അനുസ്മരിപ്പിക്കുന്ന രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്. തങ്ങളുടെ ജോലിക്ക് അര്‍ഹമായ പ്രതിഫലം കുഴപ്പമില്ലാത്ത വിലയായി ഈടാക്കാനാവുന്നതു കൊണ്ട് പ്രദര്‍ശനത്തിന് സ്റ്റാളുകളും ബസ്തകളും വെച്ചവരെല്ലാം സന്തോഷത്തിലാണ്.
ജിദ്ദ നഗരത്തിന്‍െറ മാത്രമല്ല, ഹിജാസിന്‍െറ തന്നെ ധന്യമായ പഴയ പ്രതാപം നിലനിര്‍ത്താനും അതുവഴി വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാനുമുള്ള ശ്രമം വര്‍ഷം തോറും കൂടുതല്‍ വിജയകരമായി മാറുകയാണെന്ന് സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ മേളയുടെയും ജിദ്ദ ചരിത്രനഗരത്തിന്‍െറയും പ്രചാരണത്തിനു രംഗത്തുള്ള ‘ഖല്‍ബു ജിദ്ദ’യുടെ അമരക്കാരി അബീര്‍ ജമീല്‍ അബൂസുലൈമാന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. നാലാം വര്‍ഷമത്തെുമ്പോഴേക്കും അഭൂതപൂര്‍വമായ ജനക്കൂട്ടമാണ് പ്രദര്‍ശനം കാണാനത്തെുന്നത്. ജിദ്ദയിലെ വനിതകള്‍ മേളയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അവരുടെ കഴിവുകള്‍ പ്രദര്‍ശനത്തിനു വെക്കാന്‍ കൂടുതല്‍ ഉത്സാഹം കാട്ടുന്നതായി അവര്‍ പറഞ്ഞു. അന്യനാടുകളില്‍ നിന്നു വരെ സംസ്കാരത്തെയും പാരമ്പര്യത്തെയും ശ്രദ്ധിക്കുന്ന പലരും പ്രദര്‍ശനം കാണാനത്തെുന്നത് ജിദ്ദയുടെ പാരമ്പര്യകീര്‍ത്തി പുറത്തേക്കത്തെിക്കാന്‍ കഴിഞ്ഞതിന്‍െറ ഫലമാണെന്ന് ഈയിടെ അമേരിക്കയില്‍ പര്യടനം നടത്തി തിരിച്ചത്തെിയ അബീര്‍ ചൂണ്ടിക്കാട്ടി.  

ഒമാനില്‍ ചരക്കു ഗതാഗതമേഖലക്ക് പ്രാധാന്യം നല്‍കാന്‍ പദ്ധതി

Posted: 27 Jun 2015 08:25 PM PDT

മസ്കത്ത്: രാജ്യത്തെ ചരക്കു ഗതാഗതത്തിന്‍െറ കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ട് പദ്ധതികള്‍ പുരോഗമിക്കുന്നു. രാജ്യത്തിന്‍െറ ഭൂമിശാസ്ത്ര ഘടനയും സുരക്ഷിതമായ രാഷ്ട്രീയ അന്തരീക്ഷവും ഉപയോഗപ്പെടുത്തി മേഖലയുടെയും ലോകത്തിന്‍െറതന്നെയും പ്രധാന ചരക്കു ഗതാഗത കേന്ദ്രമാക്കി മാറ്റാനാണ് അധികൃതരുടെ ശ്രമം. സൊഹാര്‍ തുറമുഖത്തിന്‍െറ അനന്തസാധ്യതകളും പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സജ്ജീകരണങ്ങളും ലോകത്തിന്‍െറ ചരക്കുഗതാഗത ഇടനാഴിയാക്കി ഒമാനെ മാറ്റാന്‍ സഹായകരമാണെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു. ഈ സാധ്യതകള്‍ കണക്കിലെടുത്ത് അടുത്ത കാലത്തായി ചരക്കു ഗതാഗത മേഖലക്ക് കൂടുതല്‍ പ്രാധാന്യം അധികൃതര്‍ നല്‍കുന്നുണ്ട്.
 ഒമാനിലെ കുറ്റമറ്റ റോഡുകളും ഈ മേഖലക്ക് മികച്ച സംഭാവനകള്‍ നല്‍കും. രാജ്യത്തെ  വിവിധ ഗവര്‍ണറേറ്റുകളെ ബന്ധിപ്പിച്ച് 32,600 കി.മീ. റോഡുകളാണുള്ളത്. ഇവയില്‍ പലതും ഇരട്ട പാതകളാണ്. വിവിധ ഗ്രാമങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിക്കുന്നതാണ് ഈ റോഡുകള്‍.
 2016 മുതല്‍ 2020 വരെയുള്ള പഞ്ചവത്സര പദ്ധതിയില്‍ ഈ മേഖലക്ക് വന്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ഇതിന്‍െറ ഭാഗമായി തെക്കന്‍ ബാത്തിനയില്‍ വന്‍ ചരക്ക് ഗതാഗത കേന്ദ്രം നിര്‍മിക്കും. വന്‍ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ സാധ്യതാ പഠനങ്ങളും മറ്റും നടത്തിക്കഴിഞ്ഞു. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളവുമായും സൊഹാര്‍ തുറമുഖവുമായും നേരിട്ട് ബന്ധപ്പെടാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. 
പ്രധാന വാണിജ്യ വ്യവസായ കേന്ദ്രവുമായും ചരക്ക് ഗതാഗതകേന്ദ്രത്തിന്  ബന്ധമുണ്ടായിരിക്കും. ഭാവിയില്‍ ഒമാന്‍ റെയില്‍വേ പ്രവര്‍ത്തനമാരംഭിക്കുമ്പോഴും  നേരിട്ട് ചരക്കുകള്‍ ഇറക്കാനും കയറ്റാനും കഴിയുന്ന രീതിയിലാണ് പദ്ധതി നിര്‍മിക്കുന്നത്. ഒമാന്‍ ലോജിസ്റ്റിക് കമ്പനി എന്ന പേരിലാണ് പദ്ധതി അറിയപ്പെടുന്നത്. 95 ചതുരശ്ര കി.മീ. പ്രദേശത്താണ് ഈ ബൃഹത് പദ്ധതി നിര്‍മിക്കുന്നത്. ചരക്ക് ഗതാഗതം, വാണിജ്യ കേന്ദ്രങ്ങള്‍, ചെറിയ വ്യവസായങ്ങള്‍, പൊതുസേവനങ്ങള്‍, മാനേജ്മെന്‍റ് ഓഫിസുകള്‍, താമസ സൗകര്യങ്ങള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍ എന്നിവ പദ്ധതിയിലുണ്ടാവും. അഞ്ച് ഘട്ടങ്ങളിലായാണ് ഈ പദ്ധതി നടപ്പാക്കുക. ഒന്നാംഘട്ടത്തിന്‍െറ ഒന്നാം ഭാഗം മൂന്ന് ചതുരശ്ര കി.മീ. പ്രദേശത്ത് നിര്‍മിക്കും. പ്രാദേശിക മാര്‍ക്കറ്റുകളിലേക്ക് ചരക്കുകള്‍ എത്തിക്കുന്നത് ഈ കേന്ദ്രംവഴിയായിരിക്കും. കയറ്റുമതി, ഇറക്കുമതി എന്നിവയും പദ്ധതിവഴി നിയന്ത്രിക്കും. ഒന്നാംഘട്ടത്തില്‍ സ്റ്റോറുകള്‍, വിതരണ യാര്‍ഡുകള്‍, ട്രക് സര്‍വീസ് കേന്ദ്രങ്ങള്‍, റസ്റ്റാറന്‍റുകള്‍, താമസ സൗകര്യങ്ങള്‍ എന്നിവ നിര്‍മിക്കും.
 രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും ചരക്കുകള്‍ സ്വീകരിക്കാനും കൈമാറാനും സൗകര്യമുള്ള ഈ പദ്ധതി രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ചക്ക് ഏറെ സഹായകമാവും. പദ്ധതിയുടെ പ്രാധാന്യം വിശദീകരിക്കാനും നിക്ഷേപകരെ ആകര്‍ഷിക്കാനുമായി നിരവധി യോഗങ്ങള്‍ അടുത്തിടെ അധികൃതര്‍ വിളിച്ചുചേര്‍ത്തിരുന്നു. നിരവധി തൊഴില്‍ സാധ്യതകളും മറ്റു രീതിയിലുള്ള പുരോഗതിയും നല്‍കുന്നതാണ് പദ്ധതി. രാജ്യത്തിന്‍െറ വ്യാപാര വാണിജ്യ മേഖലക്കും പദ്ധതി സഹായകമാവും. ഒമാനി ഉല്‍പന്നങ്ങള്‍ കുറഞ്ഞ ചെലവിലും സുരക്ഷിതമായും ഉപഭോക്താവിന് എത്തിക്കാനും പദ്ധതി സഹായിക്കുമെന്ന് കണക്കാക്കുന്നു. 
 

3000^5000 ത്തില്‍ അരുവിക്കര കടക്കാന്‍ എല്‍.ഡി.എഫ്

Posted: 27 Jun 2015 08:17 PM PDT

Image: 
Subtitle: 
യു.ഡി.എഫ്^എല്‍.ഡി.എഫ് വിരുദ്ധ വികാരത്തില്‍ എണ്ണി ബി.ജെ.പിയും

തിരുവനന്തപുരം: സര്‍ക്കാറിന്‍െറ അഴിമതിയും വിലക്കയറ്റവും വികസന തട്ടിപ്പും ചര്‍ച്ചയായ ഉപതെരഞ്ഞെടുപ്പില്‍ 3000 മുതല്‍ 5000 വോട്ട് ഭൂരിപക്ഷത്തില്‍ അരുവിക്കര കടക്കാമെന്ന പ്രതീക്ഷയില്‍ എല്‍.ഡി.എഫ്. അതേസമയം, സര്‍ക്കാറിലെ അഴിമതിയും പ്രതിപക്ഷത്തിന്‍െറ സമരപരാജയവും ഒരുപോലെ വിലയിരുത്തപ്പെട്ട തെരഞ്ഞെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

സര്‍ക്കാര്‍വിരുദ്ധ വികാരം മുതലാക്കിയതോടൊപ്പം സി.പി.എമ്മില്‍നിന്ന് ബി.ജെ.പിയിലേക്കുള്ള വോട്ടുചോര്‍ച്ചയുടെ പഴുതടച്ചും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ചെറിയ മേല്‍ക്കൈ സമ്മാനിക്കുന്നുവെന്ന കണക്കുകൂട്ടലിലാണ് എല്‍.ഡി.എഫ്. വോട്ടിങ് അവസാനിച്ചശേഷമുള്ള അന്തിമ വിലയിരുത്തലിലും വിജയ പ്രതീക്ഷ കൈവിടേണ്ടതില്ളെന്നാണ് നേതൃത്വത്തിന്‍െറ അഭിപ്രായം. ബൂത്തടിസ്ഥാനത്തിലുള്ള കണക്കെടുപ്പിലാണ് ഏറ്റവും കുറഞ്ഞത് 3000 വോട്ടിനെങ്കിലും വിജയിക്കുമെന്ന കണക്കുകൂട്ടല്‍. അതേസമയം, ഭൂരിപക്ഷം 5000 കടന്നാലും അദ്ഭുതപ്പെടേണ്ടതില്ളെന്ന അഭിപ്രായവുമുണ്ട്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തില്‍ മൂന്നെണ്ണത്തിലേ എല്‍.ഡി.എഫിന് ഭരണമുള്ളൂവെങ്കിലും രാഷ്ട്രീയ വിഷയങ്ങള്‍ വിധിനിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പില്‍ വിധി അനുകൂലമായിരിക്കുമെന്നും കണക്കുകൂട്ടുന്നുണ്ട്. വിതുര, ആര്യനാട്, ഉഴമലയ്ക്കല്‍, അരുവിക്കര പഞ്ചായത്തുകളില്‍ മുന്നിലത്തെുമെന്നാണ് എല്‍.ഡി.എഫ് അവകാശവാദം.

പൂവച്ചല്‍ പഞ്ചായത്തിലും ലീഡ് ചെയ്യുന്നതോടെ അഞ്ച് പഞ്ചായത്തുകളില്‍ മുന്നില്‍ എത്തി വിജയിക്കാനാവുമെന്നാണ് പ്രതീക്ഷ. യു.ഡി.എഫ് പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതും ബി.ജെ.പി, സി.പി.എം വോട്ടുബാങ്കായ സമുദായത്തില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതും മറികടക്കാനാവുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷ.

നിര്‍ണായക ഉപതെരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനത്തിലുണ്ടായ വര്‍ധനയിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ. രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടുവെച്ച മുദ്രാവാക്യവും ഭരണവിരുദ്ധ വികാരവും ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും എതിരായ വികാരം തങ്ങള്‍ക്ക് അനുകൂല വോട്ടായി മാറുമെന്നുതന്നെയാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. ഉഴമലയ്ക്കല്‍, വെള്ളനാട്, പൂവച്ചല്‍ പഞ്ചായത്തുകളില്‍ മികച്ച നേട്ടം കൊയ്യാമെന്നും സി.പി.എം നേതൃത്വത്തിന് എതിരായ പൊതുവികാരം നിര്‍ണായകമാവുമെന്നുമാണ് അവര്‍ കരുതുന്നത്.

കുറ്റവാളികളെ പിടികൂടുന്നതുവരെ വിശ്രമമില്ല -ആഭ്യന്തര മന്ത്രാലയം

Posted: 27 Jun 2015 08:15 PM PDT

Image: 
കുവൈത്ത് സിറ്റി: ഇമാം സാദിഖ് മസ്ജിദിലെ ചാവേര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജിതമായി നടക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഫോടനത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടുന്നതുവരെ വിശ്രമമില്ളെന്ന് ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അസ്സബാഹ് വ്യക്തമാക്കി. അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനുവേണ്ടി ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ ഫഹദുല്‍ ഫഹദും മറ്റ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ചാവേര്‍ സ്ഫോടനത്തില്‍ മരിച്ചവര്‍ക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. പരിശുദ്ധ റമദാന്‍ മാസത്തില്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനിടെ നടത്തിയ ചാവേര്‍ സ്ഫോടനം തീവ്രവാദികളുടെ കറുത്ത മുഖമാണ് വെളിവാക്കുന്നതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.
 ചാവേര്‍ സ്ഫോടനത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ കുറ്റവാളികളെയും എത്രയും പെട്ടെന്ന് നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ആവശ്യമായ നടപടികളെല്ലാം ചെയ്യണമെന്ന് ആഭ്യന്തരമന്ത്രി സുരക്ഷാ വിഭാഗത്തോട് ആവശ്യപ്പെട്ടു. സംഭവത്തിന്‍െറ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവരോട് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ചാവേര്‍ ആക്രമണത്തിന്‍െറ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടുന്നതിന് സുരക്ഷാ വിഭാഗം ഇതുവരെ സ്വീകരിച്ച നടപടികള്‍ ആഭ്യന്തര സെക്രട്ടറി സുലൈമാന്‍ ഫഹദുല്‍ ഫഹദ് യോഗത്തില്‍ വിശദീകരിച്ചു. രാജ്യത്തിന്‍െറ സുരക്ഷക്കും സമാധാനത്തിനുമെതിരെ പ്രവര്‍ത്തിക്കുന്നവരുടെ കരങ്ങള്‍ വിച്ഛേദിക്കുക തന്നെ ചെയ്യുമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയോടെയാണ് യോഗം അവസാനിച്ചത്. 
 

കാര്‍ഗോ കമ്പനികള്‍ സംഘടന രൂപവത്കരിച്ചു; പ്രതിസന്ധി തീര്‍ക്കാന്‍ ഇടപെടും

Posted: 27 Jun 2015 08:09 PM PDT

Image: 
അബൂദബി: കസ്റ്റംസ് ക്ളിയറന്‍സ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ഗള്‍ഫിലെ ഡോര്‍ ടു ഡോര്‍ കാര്‍ഗോ കമ്പനികള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍ നടത്തുകയെന്ന ലക്ഷ്യത്തോടെ സംഘടന രൂപവ ത്കരിച്ചു. ഓള്‍ ഇന്ത്യ ഡോര്‍ ടു ഡോര്‍ കാര്‍ഗോ അസോസിയേഷന്‍- ജി.സി.സി എന്ന പേരിലുള്ള സംഘടന തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളിലടക്കം കെട്ടിക്കിടക്കുന്ന സാധനങ്ങള്‍ എത്രയും വേഗം വിട്ടുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ഡോര്‍ ടു ഡോര്‍ സര്‍വീസിന് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്താനും സംഘടന തീരുമാനിച്ചു. 
സ്വര്‍ണ കള്ളക്കടത്തുകാരും മറ്റും കാര്‍ഗോ സംവിധാനം ദുരുപയോഗം ചെയ്തതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ ഭൂരിഭാഗം വിമാനത്താവളങ്ങളിലും കസ്റ്റംസ് ക്ളിയറന്‍സ് നിര്‍ത്തിവെച്ചത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഡല്‍ഹി, മുംബൈ, അഹ്മദാബാദ്, കൊല്‍ക്കത്ത, ബംഗളുരു, ചെന്നൈ എന്നീ വിമാനത്താവളങ്ങളിലാണ് ക്ളിയറന്‍സ് സംവിധാനം ഉണ്ടായിരുന്നത്്. എന്നാല്‍ കള്ളക്കടത്ത് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി, മുംബൈ ഒഴികെ എല്ലായിടത്തും ക്ളിയറന്‍സ് നിര്‍ത്തിവെക്കുകയായിരുന്നു. 
ഡല്‍ഹിയിലും മുംബൈയിലും ഭാഗികമായി മാത്രമേ ക്ളിയറന്‍സ് നടക്കുന്നുള്ളൂ. അതിനാല്‍ കേരളത്തിലേക്കയക്കുന്ന സാധനങ്ങളത്തൊന്‍ ഒരുമാസത്തോളം എടുക്കുന്നുണ്ട്. നേരത്തെ യു.എ.ഇയില്‍ നിന്ന് പ്രതിമാസം 30 ടണ്ണോളം സാധനങ്ങള്‍ എയര്‍ കാര്‍ഗോ വഴി പോയിരുന്നു. ഇപ്പോള്‍ അഞ്ച് ടണ്‍ മാത്രമാണ് പോകുന്നത്. നാട്ടിലേക്ക് സാധനങ്ങള്‍ അയക്കാന്‍ പ്രവാസികള്‍ക്ക് ഏറെ സഹായകമായിരുന്ന ഡോര്‍ ടു ഡോര്‍ കാര്‍ഗോ നേരിടുന്ന പ്രതിസന്ധി മലയാളികള്‍ അടക്കമുള്ളവരേയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. 
എല്ലാ ഗള്‍ഫ് രാജ്യങ്ങളിലുമായി 500ലധികം കാര്‍ഗോ കമ്പനികളാണ് ഡോര്‍ ടു ഡോര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്്. 25,000 ഓളം പേര്‍ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നു. തിരക്കേറിയ സീസണിലുണ്ടായ പ്രതിസന്ധി ഈ കമ്പനികളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിരിക്കുകയാണ്. ഇതോടെയാണ് സംഘടന രൂപവത്കരിച്ച് പ്രശ്നത്തിന് പരിഹാരം കാണാന്‍ കമ്പനി ഉടമകള്‍ തീരുമാനിച്ചത്. ജൂണ്‍ 23ന് അബൂദബിയില്‍ ചേര്‍ന്ന യോഗത്തില്‍ 14 കാര്‍ഗോ കമ്പനി പ്രതിനിധികള്‍ പങ്കെടുത്തു. യു.എ.ഇയിലെയും മറ്റ് ജി.സി.സി രാജ്യങ്ങളിലെയും ഡോര്‍ ടു ഡോര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ കാര്‍ഗോ കമ്പനികളെയും സംഘടനയില്‍ അംഗങ്ങളാക്കാന്‍ യോഗം തീരുമാനിച്ചു. 
മറ്റ് ജി.സി.സി രാജ്യങ്ങളില്‍ പ്രാദേശിക അടിസ്ഥാനത്തില്‍ സംഘടന രൂപവത്കരിക്കുകയും ചെയ്യും. ഇന്ത്യന്‍ എംബസി, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രി, എം.പിമാര്‍ എന്നിവരുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കും. 10,000 രൂപക്ക് തുല്യമായ സാധനങ്ങളാണ് ഇപ്പോള്‍ ഡോര്‍ ടു ഡോര്‍ ആയി അയക്കാന്‍ കഴിയുന്നത്. എന്നാല്‍ ഇലക്ട്രോണിക് സാധനങ്ങളുടെ മൂല്യം 2000 രൂപയില്‍ കവിയാന്‍ പാടില്ല. ഇത് യഥാക്രമം 50,000, 10,000 രൂപ ആക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും. മറ്റ് വിമാനത്താവളങ്ങളിലും ഉടന്‍ ക്ളിയറന്‍സ് സംവിധാനം ഏര്‍പ്പെടുത്തണം. കാര്‍ഗോ രംഗത്തെ പ്രവര്‍ത്തനം സുതാര്യമാക്കുകയും കള്ളക്കടത്ത് പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ തുറന്നുകാട്ടുകയും ചെയ്യും. ഇതിന് സി.ബി.ഐ, ഡി.ആര്‍.ഐ, കസ്റ്റംസ് അധികൃതരുമായും അതത് രാജ്യങ്ങളിലെ സാമ്പത്തിക വകുപ്പ്, നഗരസഭ, കസ്റ്റംസ്, എയര്‍ലൈന്‍ കമ്പനികള്‍, എമിറേറ്റ്സ് പോസ്റ്റ് എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. അയാട്ട, ഫിയാട്ട, നാഫല്‍ തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികളുമായും സഹകരണമുണ്ടാക്കും. കമ്പനികളുടെ പ്രവര്‍ത്തനം സുതാര്യമാക്കാന്‍ അതത് രാജ്യങ്ങളിലെ സാമൂഹിക സംഘടനകളുമായും അസോസിയേഷനുകളുമായും ചേര്‍ന്ന് മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കും. 14 അംഗ അഡ്ഹോക് കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. ഭാരവാഹികള്‍: ഫൈസല്‍ കാരാട്ട് (ചെയര്‍മാന്‍), സിയാദ് (പ്രസി.), ലാല്‍ജി മാത്യു (സെക്ര.), അബ്ദുല്ല (ജോ. സെക്ര.), റഈസ് (ട്രഷറര്‍), സലീം ചിറക്കല്‍ (പി.ആര്‍.ഒ), നിജാസ്, റഷീദ്, നവനീത്, ഫൈസല്‍, ജൈനുല്‍ ആബിദീന്‍, ലിജിനാസ്, രഞ്ജിത്ത്, മജീദ് (എക്സി. അംഗങ്ങള്‍). 

അണപൊട്ടുന്ന ഉള്‍പ്പോര്

Posted: 27 Jun 2015 07:55 PM PDT

Image: 

ഇരുപത് ഓവറുകളുടെയും അതിലേറെ മാദക മേനികളുടെയും പ്രദര്‍ശന മാമാങ്കമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങിവെച്ച് ക്രിക്കറ്റ് കളത്തില്‍ പുതിയ ലഹരിയും ചരിത്രവും ഉണ്ടാക്കിയ വിദ്വാനാണ് ലളിത് മോദി. ക്രിക്കറ്റ് കളവും രാഷ്ട്രീയ ബന്ധങ്ങളും സമര്‍ഥമായി ഉപയോഗിച്ച് അയ്യായിരം കോടി രൂപയില്‍ കുറയാത്ത ബിസിനസ് സാമ്രാജ്യം സൃഷ്ടിച്ച വിരുതന്‍. ഐ.പി.എല്‍ നിര്‍മാണം, ഒത്തുകളി, ചൂതാട്ടം എന്നിങ്ങനെ നീളുന്ന ക്രിക്കറ്റ് ക്രമക്കേട് പരമ്പരകളുടെ അകമ്പടിയോടെ രാജ്യം വിട്ട് പിടികൊടുക്കാപ്പുള്ളിയായി ലണ്ടനിലേക്ക് പറന്നതിനു മുമ്പ് ഈ ഛോട്ടാ മോദി അന്നത്തെ യു.പി.എ സര്‍ക്കാറിനെ എത്രത്തോളം വെള്ളം കുടിപ്പിച്ചെന്ന് ഐ.പി.എല്‍-സുനന്ദ വിവാദ നായകന്‍ ശശി തരൂരിന് വിശദമായി പറയാന്‍ സാധിക്കും. ഛോട്ടാ മോദി ഇന്നിപ്പോള്‍ ബഡാ മോദിയെയും ബി.ജെ.പിയെയും അക്ഷരാര്‍ഥത്തില്‍ വിയര്‍പ്പിക്കുകയാണ്.

‘അഴിമതിയോ, പൊടിപോലുമില്ല കണ്ടുപിടിക്കാന്‍’ എന്നാണ് ബി.ജെ.പി സര്‍ക്കാറിന്‍െറ ഒന്നാം വാര്‍ഷിക വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളംബരം ചെയ്തത്. പക്ഷേ, ലളിത് മോദി വിവാദം സര്‍ക്കാറിന്‍െറയും ബി.ജെ.പിയുടെയും ‘ക്ളീന്‍’ പരിവേഷം ഊരിയെറിഞ്ഞു. രാജാവ് നഗ്നനാണെന്ന് ജനത്തിന് ഒന്നുകൂടി ബോധ്യപ്പെട്ടു. പക്ഷേ, വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍െറയോ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെയോ കസേര തെറിക്കാനുള്ള സാധ്യത വിരളം. കോടതി നടപടികളില്‍ നിന്ന് തടിയൂരി നില്‍ക്കുന്ന ഒരാളെ രക്ഷപ്പെടുത്താന്‍ പദവി ദുരുപയോഗിച്ച് വക്കാലത്തുമായി മറ്റൊരു രാജ്യത്തെ സ്വാധീനിച്ചുവെന്ന ഗുരുതരമായ കുറ്റമാണ് സുഷമയും വസുന്ധരയും നേരിടുന്നത്. ഇരുവര്‍ക്കും ലളിത് മോദിയുമായി ആഴത്തിലുള്ള ബിസിനസ്-കുടുംബ ബന്ധങ്ങളുണ്ടെന്നും സ്പഷ്ടം. പാര്‍ട്ടിയിലും ഭരണത്തിലുമുള്ള അപ്രമാദിത്തം തുടരുന്നുവെങ്കിലും, കിട്ടിയ തക്കത്തിന് ഇരുവരുടെയും തലയരിയാന്‍ പറ്റാത്ത നിലയിലാണ് നരേന്ദ്ര മോദി ^അമിത്ഷാ^അരുണ്‍ ജെയ്റ്റ്ലി സഖ്യമെന്നതാണ് മറുപുറം.

ആര്‍.എസ്.എസിന്‍െറ ഇരുമ്പുലക്കയും സ്വന്തം തന്ത്രങ്ങളും പ്രയോഗിച്ച് ബി.ജെ.പിയിലും സര്‍ക്കാറിലും അടിയന്തരാവസ്ഥ നടപ്പാക്കി എതിര്‍ശബ്ദങ്ങള്‍ ഇല്ലാതാക്കി മുന്നോട്ടുപോയ ഒരാണ്ടല്ല, ഇനിയുള്ള നാളുകള്‍ എന്ന യാഥാര്‍ഥ്യം കൂടിയാണ് നരേന്ദ്ര മോദിയെ ഇപ്പോള്‍ തുറിച്ചുനോക്കുന്നത്. ബി.ജെ.പിയില്‍ അമര്‍ന്നു കിടന്ന ഉള്‍പ്പാരകള്‍ക്ക് വീണ്ടും ജീവന്‍ വെച്ചിരിക്കുന്നു. പ്രതിപക്ഷ സമ്മര്‍ദത്തിന്‍െറ പേരുപറഞ്ഞ് സുഷമ സ്വരാജിനെയോ വസുന്ധരയെയോ പുറത്താക്കി കൂടുതല്‍ ഏകാധിപത്യം നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതിന്‍െറ കെടുതി സ്വയം അനുഭവിക്കേണ്ടി വരുമെന്നതാണ് സ്ഥിതി. വിവാദത്തില്‍പെട്ട മന്ത്രി-മുഖ്യമന്ത്രിമാരെ കൈവിടാന്‍ പാടില്ളെന്ന സന്ദേശം ആര്‍.എസ്.എസില്‍ നിന്ന് മോദിക്കും സംഘത്തിനും കിട്ടിയിട്ടുമുണ്ട്. അതുകൊണ്ട് നിതിന്‍ ഗഡ്കരിയുടെ കാര്യത്തിലെന്നപോലെ, സുഷമ സ്വരാജിന്‍െറയും വസുന്ധരയുടെയും കുറ്റങ്ങള്‍ കണ്ടില്ളെന്നു നടിക്കാന്‍ മോദി നിര്‍ബന്ധിതനാണ്. അഴിമതിക്കെതിരെ വായ്ത്താരിയിട്ട് അധികാരത്തില്‍ വന്ന മോദിയുടെ ഭരണത്തില്‍ കുറ്റം ചെയ്തവര്‍ പിന്നെയും സംരക്ഷിക്കപ്പെടുന്നുവെന്നത് പൊതുജനം നേരിടുന്ന കെടുതി.

ലളിത് മോദിക്കു വേണ്ടി യു.കെ കോടതിയില്‍ ഹാജരാക്കാന്‍ പാകത്തില്‍ സാക്ഷ്യപ്പെടുത്തല്‍ കത്തെഴുതിയ വസുന്ധരയോ, ഭാര്യയുടെ ചികിത്സക്കെന്ന പേരില്‍ വിദേശയാത്ര അനുവദിക്കണമെന്ന് ബ്രിട്ടനോട് ആവശ്യപ്പെട്ട സുഷമ സ്വരാജോ മോദി-അമിത്ഷാ-ജെയ്റ്റ്ലി ത്രയങ്ങളുടെ ഇഷ്ടപാത്രങ്ങളല്ളെന്ന വിവരം പുതിയതൊന്നുമല്ല. സുഷമയുടെ ഭര്‍ത്താവിനും മകള്‍ക്കും ലളിത് മോദിയുമായി കോടതി വ്യവഹാര ബന്ധങ്ങളുണ്ട്. വസുന്ധരയുടെ മകന്‍ ദുഷ്യന്തിന് ലളിത് മോദിയുമായി ശക്തമായ ബിസിനസ് ബന്ധമുണ്ട്. ലണ്ടനില്‍ ഇരുവരും നടത്തിയ സമ്മര്‍ദങ്ങള്‍, വിശദീകരിക്കുന്നതു പോലെ മാനുഷിക പരിഗണനകള്‍ മുന്‍നിര്‍ത്തിയുമല്ല. അതിനപ്പുറത്തെ ആസൂത്രിത കരുനീക്കം അതില്‍ പ്രകടമാണ്.
എന്നാല്‍, അദ്വാനി-ജോഷിമാരെ മാര്‍ഗനിര്‍ദേശക മണ്ഡല്‍ ഉണ്ടാക്കി കുടിയിരുത്തിയതുപോലെയല്ല മോദിക്കു മുമ്പില്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍. മോദിക്കെതിരെ കിട്ടുന്ന അവസരം ഉപയോഗിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന അവരുടെ പിന്തുണ സുഷമക്കും വസുന്ധര രാജെക്കും കിട്ടുന്നത് വേണമെങ്കില്‍ അവഗണിക്കാം. എന്നാല്‍, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ മുഴുവന്‍ ലോക്സഭാ സീറ്റും ബി.ജെ.പി നേടിയതിനു പിന്നില്‍ വസുന്ധര രാജെയുണ്ട്. അവര്‍ക്കു പകരം മറ്റൊരാളെ രാജസ്ഥാനില്‍ പ്രതിഷ്ഠിച്ച് മുന്നോട്ടു പോകുന്നത് ബി.ജെ.പിക്ക് കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ വലിയ അപകടമുണ്ടാക്കും. രാജസ്ഥാനു പുറമെ മധ്യപ്രദേശിലും മറ്റും ബി.ജെ.പിക്ക് ശക്തിപകരുന്ന രാജകുടുംബത്തിലെ പ്രബല നേതാവു കൂടിയാണ് വസുന്ധര. രാജസ്ഥാനില്‍ ഏകാധിപതിയായി വാഴുന്ന വസുന്ധര, തനിക്കു പിന്നില്‍ പാര്‍ട്ടി എം.എല്‍.എമാരെ പൂര്‍ണമായും ഇതിനകം അണിനിരത്തുകയും ചെയ്തുകഴിഞ്ഞു.

പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിലേക്ക് ഉയരേണ്ടിയിരുന്ന, ഒടുവില്‍ വിദേശകാര്യമന്ത്രിയായി മോദിക്കു കീഴില്‍ ഒതുങ്ങേണ്ടി വന്ന സുഷമ സ്വരാജ്, പദവി ദുരുപയോഗിച്ചതിന്‍െറ പേരില്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും അപകീര്‍ത്തി നേടിയെങ്കിലും, അടങ്ങിക്കഴിയുന്ന മോദിവിരുദ്ധ പക്ഷത്തിന്‍െറ സജീവ പിന്തുണ അവര്‍ക്കുണ്ട്. സുഷമ തെറ്റൊന്നും ചെയ്തിട്ടില്ളെന്ന് വാദിക്കാന്‍ രാജ്നാഥ്സിങ്, നിതിന്‍ ഗഡ്കരി തുടങ്ങിയ പഴയ കുതിരകളും ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ്കുമാറും രംഗത്തിറങ്ങിയത് ശ്രദ്ധേയം. സ്വന്തം വകുപ്പിന്‍െറ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ച് അടങ്ങിയൊതുങ്ങി പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിച്ചതുകൊണ്ട് മോദി വിട്ടുവീഴ്ചയോടെ സുഷമയോട് പെരുമാറുന്നുവെന്ന മറുപുറവുമുണ്ട്. അമിത്ഷാക്കോ അരുണ്‍ ജെയ്റ്റ്ലിക്കോ സുഷമയോടുള്ള പകയെ ഇങ്ങനെയെല്ലാമാണ് സുഷമ അതിജീവിച്ചു നില്‍ക്കുന്നത്.

സുഷമ സ്വരാജ് ഉള്‍പ്പെട്ട വിവാദത്തില്‍ അരുണ്‍ജെയ്റ്റ്ലിക്കുള്ള സവിശേഷമായ പങ്കിനെക്കുറിച്ച് ബി.ജെ.പിയുടെ യുവനേതാക്കള്‍ പരസ്യമായിത്തന്നെ പറയുന്നുണ്ട്. ബിഹാറില്‍ നിന്നുള്ള കീര്‍ത്തി ആസാദ് തുറന്നടിച്ചത് ഇങ്ങനെയായിരുന്നു: ‘പ്രധാനമന്ത്രിക്ക് പ്രതിസന്ധിയുണ്ടാക്കുന്നത് ജെയ്റ്റ്ലിയാണ്. തനിക്കു തുല്യം മറ്റു നേതാക്കളില്‍ ആരുടെയെങ്കിലും തല പൊങ്ങുന്നുവെന്ന് തോന്നുന്ന മാത്രയില്‍ ജെയ്റ്റ്ലിക്ക് പേടി തുടങ്ങും. പാര പണിയും. ആദ്യം ഗഡ്കരിയായിരുന്നു ഇതിന് ഇരയായത്. പിന്നെ രാജ്നാഥ്സിങ്; ഇപ്പോള്‍ സുഷമ. പൂര്‍ത്തി ഇന്‍ഡസ്ട്രീസുമായി ബന്ധപ്പെട്ട് മന്ത്രി നിതിന്‍ ഗഡ്കരി നേരിട്ട വിവാദം, മകന്‍ പങ്കജിന്‍െറ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്ങിന് നരേന്ദ്ര മോദി താക്കീതു നല്‍കിയെന്ന റിപ്പോര്‍ട്ട് എന്നിവയിലേക്കാണ് കീര്‍ത്തി ആസാദ് വിരല്‍ ചൂണ്ടിയത്. ജെയ്റ്റ്ലിയുടെ ഐ.പി.എല്‍ താല്‍പര്യങ്ങളും പുതിയ വിവാദത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി കീര്‍ത്തി ആസാദ് ആരോപിക്കുന്നുണ്ട്.
വിവാദത്തില്‍പെട്ട മുഖ്യമന്ത്രി-കേന്ദ്രമന്ത്രിമാരില്‍ ഒരാള്‍ രാജിവെച്ചാലും പ്രതിപക്ഷം അടങ്ങില്ല. അടുത്ത മാസം മൂന്നാം വാരം ആരംഭിക്കുന്ന പാര്‍ലമെന്‍റിന്‍െറ വര്‍ഷകാല സമ്മേളനത്തില്‍ ലളിത്മോദി വിവാദം സര്‍ക്കാറിനെതിരെ പ്രധാന ആയുധമാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. രാജി കുറ്റസമ്മതമായി ചിത്രീകരിക്കപ്പെടുമെന്ന യാഥാര്‍ഥ്യവുമുണ്ട്.

ഇതിനെല്ലാമിടയില്‍, മൗനിയായിരുന്ന് വിവാദ നായികമാരെ പദവിയില്‍ തുടരാന്‍ അനുവദിക്കുന്ന അടവുനയവുമായി മോദി മുന്നോട്ടു നീങ്ങാനുള്ള സാധ്യതയാണ്, നിതിന്‍ ഗഡ്കരി ഉള്‍പ്പെട്ട അഴിമതി വിവാദത്തിലെന്നപോലെ ഇപ്പോഴും ഉരുത്തിരിഞ്ഞു വരുന്നത്. സര്‍ക്കാറിന്‍െറ പ്രവര്‍ത്തന മഹിമയെക്കുറിച്ച് നിര്‍ത്താതെ സംസാരിക്കുന്ന മോദി, വിവാദ വിഷയത്തില്‍ തികഞ്ഞ മൗനിയാവുന്നത് അതുകൊണ്ടാണ്. അതുകൊണ്ടു പക്ഷേ, സര്‍ക്കാറിനുണ്ടായ കോട്ടം മാറുന്നില്ല; ബി.ജെ.പിയിലെ ഉള്‍പ്പോരുകള്‍ ഇല്ലാതാവുന്നുമില്ല.
l

പെനല്‍റ്റിയില്‍ വീണ് ബ്രസീല്‍ പുറത്ത്

Posted: 27 Jun 2015 06:24 PM PDT

Image: 

സാന്‍ഡിയാഗോ: ബ്രസീലിന്‍െറ വേദന അവസാനിക്കുന്നില്ല. കഴിഞ്ഞ കോപയിലും ലോകകപ്പിലും നേരിട്ട ദുരന്തം ആവര്‍ത്തിച്ച് ബ്രസീല്‍ പരാഗ്വായോട് തോറ്റ് കോപ അമേരിക്കയില്‍ നിന്ന് പുറത്തായി. പെനല്‍റ്റി ഷൂട്ടൗട്ടില്‍ അതീവ സമ്മര്‍ദ്ദം നേരിട്ട ബ്രസീല്‍ 4^3നാണ് പരാഗ്വായ് വെല്ലുവിളിക്കുമുമ്പില്‍ കീഴടങ്ങിയത്. നിശ്ചിത സമയത്ത് ഓരോ ഗോളടിച്ച് സമനിലയില്‍ അവസാനിച്ച കളി പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. 15ാം മിനിറ്റില്‍ റോബിഞ്ഞോയിലൂടെ ബ്രസീല്‍ ആദ്യ ഗോളടിച്ചു. 72ാം മിനിറ്റില്‍ പെനല്‍റ്റി ബോക്സില്‍ തിയാഗോ സില്‍വ പന്ത് കൈകൊണ്ട് തൊട്ടതിന് ലഭിച്ച പെനല്‍റ്റി പരാഗ്വായുടെ ഡെര്‍ലിസ് ഗോണ്‍സാലസ് വലയിലാക്കി. 2011ലെ കോപ ക്വാര്‍ട്ടറിലും പരാഗ്വായോട് തോറ്റാണ് ബ്രസീല്‍ പുറത്തായത്. കഴിഞ്ഞ കോപയിലും ബ്രസീല്‍ പരാഗ്വായോട് തോറ്റത് പെനല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു. ഇതോടെ കോപ സെമിയില്‍ പെറു ചിലിയേയും അര്‍ജന്‍റീന പരാഗ്വായെയും നേരിടും.  

പെനല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീലിനേക്കാള്‍ ആത്മവിശ്വാസത്തോടെ പന്തടിച്ച പാരഗ്വായ് അര്‍ഹിച്ച ജയമാണ് നേടിയത്. മാര്‍ട്ടിനസ്, ഗോണ്‍സാലസ്, ബോബൊഡില്ല, വിക്ടര്‍ കാസറസ് എന്നിവര്‍ പരാഗ്വായ്ക്കായി പെനല്‍റ്റി ലക്ഷ്യത്തിലത്തെിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ റോക് സാന്താക്രൂസിന്‍െറ പെനല്‍റ്റി പാഴായി. ഫെര്‍ണാണ്ടിഞ്ഞോ, കുടിഞ്ഞോ, മിറാന്‍ഡ് എന്നിവര്‍ മഞ്ഞക്കുപ്പായക്കാര്‍ക്കായി ഗോള്‍ നേടിയപ്പോള്‍ റിബെയ് രോ, ഡഗ്ളസ് കോസ്റ്റ എന്നിവര്‍ കിക്ക് പാഴാക്കി. ഏറ്റവും അലസമായാണ് റിബെയ് രോ കിക്കെടുത്തത്.

കളിയുടെ തുടക്കത്തില്‍ മികച്ച നീക്കങ്ങളാണ് ബ്രസീല്‍ നടത്തിയത്. ബോക്സിന് പുറത്ത് വെച്ച് ലഭിച്ച പന്ത് കുടീഞ്ഞോ ഗോള്‍പോസ്റ്റിനെ ലക്ഷ്യമാക്കി തകര്‍പ്പന്‍ അടി അടിച്ചെങ്കിലും ഗോള്‍കീപ്പര്‍ തട്ടിയകറ്റുകയായിരുന്നു. പിന്നീട് ലഭിച്ച ഫ്രീകിക്ക് പുറത്തേക്ക് പോയി. റൊബിഞ്ഞോയായിരുന്നു കിക്കെടുത്തത്. 15ാം മിനിറ്റില്‍ മികച്ചൊരു ടീം വര്‍ക്കിലൂടെയാണ് ബ്രസീല്‍ ഗോള്‍ നേടിയത്. മികച്ച പാസുകളിലൂടെ പരാഗ്വായ് ഗോള്‍മുഖത്ത് പന്തത്തെിച്ച് ബോക്സിന് വലത് ഭാഗത്തുനിന്നും ഡാനി ആല്‍വസ് നല്‍കിയ ക്രോസ് റൊബീഞ്ഞോ പോസ്റ്റിലേക്ക് തട്ടിയിടുകയായിരുന്നു.

ഒരു ഗോള്‍ വീണതോടെ ബ്രസീല്‍ അലസരാവുകയും പരാഗ്വായ് കൂടുതല്‍ വാശിയോടെ കളിക്കുന്നതുമാണ് പിന്നീട് കണ്ടത്. ആക്രമണ മുന്നേറ്റങ്ങള്‍ ബ്രസീലിന്‍െറ ഭാഗത്തുനിന്നും അധികമുണ്ടായില്ല. പ്രതിരോധത്തില്‍ ഊന്നിയ ബ്രസീലിന്‍െറ കളി പലപ്പോഴും മൈതാനത്തിന്‍െറ പകുതിയില്‍ ഒതുങ്ങി. ഗോളിനായി പരാഗ്വായ് ശ്രമിച്ചെങ്കിലും മികച്ച അവസരങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല. ബ്രസീല്‍ നേടിയ ഒരു ഗോളിന്‍െറ ലീഡില്‍ ആദ്യ പകുതി അവസാനിച്ചു.

പിന്നീട് ബ്രസീലിന്‍െറ നിര്‍ഭാഗ്യം തിയാഗോ സില്‍വയുടെ ഹാന്‍ഡ്ബാളിലൂടെ ബ്രസീലിനെ തേടിയത്തെുകയായിരുന്നു. ബ്രസീല്‍ ബോക്സില്‍ വരുതിയിലാക്കാനുള്ള ശ്രമത്തില്‍ പ്രതിരോധ താരമായ സില്‍വ പന്ത് കൈകൊണ്ട് തൊടുകയായിരുന്നു. 72ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി പരാഗ്വായ്ക്ക് ഡെര്‍ലിസ് ഗോണ്‍സാലസ് ലക്ഷ്യത്തിലെ ത്തിച്ചു. സമനിലയായതോടെ ലീഡിനായി ഇരു ടീമുകളും ശ്രമിച്ചെങ്കിലും നിശ്ചിത സമയത്ത് ലീഡ് ഗോള്‍ നേടാനായില്ല. ബ്രസീല്‍ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പരാഗ്വായ് കോര്‍ണര്‍ വഴങ്ങി അതിനെ തടയിടുകയായിരുന്നു. പിന്നീട് നടന്ന ഷൂട്ടൗട്ടില്‍ ബ്രസീല്‍ പതനം പൂര്‍ണമായി. സെമിയില്‍ ഒരു അര്‍ജന്‍റീന-ബ്രസീല്‍ പോരാട്ടം പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് പരാഗ്വായ് സെമിയില്‍ എത്തി.

ജ്വാല^അശ്വിനി സഖ്യം സെമിയില്‍

Posted: 27 Jun 2015 12:46 PM PDT

Image: 

കല്‍ഗരി: കാനഡ ഓപണ്‍ ഗ്രാന്‍പ്രീ ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ ജ്വാല ഗുട്ട^അശ്വിനി പൊന്നപ്പ സഖ്യം വനിത ഡബ്ള്‍സ് സെമിഫൈനലില്‍ കടന്നു. ഹോങ്കോങ്ങിന്‍െറ ചാന്‍ കക^യുവെന്‍ സിന്‍ യിങ് ജോടിയെയാണ് ഇന്ത്യന്‍ കൂട്ടുകെട്ട് ക്വാര്‍ട്ടറില്‍ തോല്‍പിച്ചത്. സ്കോര്‍: 21^19, 21^13.

ദേശീയ സീനിയര്‍ അത്ലറ്റിക്സ്: കേരള ടീം പ്രഖ്യാപനം വൈകുന്നു

Posted: 27 Jun 2015 12:44 PM PDT

Image: 

കൊച്ചി: ദേശീയ സീനിയര്‍ അത്ലറ്റിക് മീറ്റിനുള്ള കേരള ടീം പ്രഖ്യാപനം വൈകുന്നു. ഈ മാസം 20ന് എറണാകുളം മഹാരാജാസ് കോളജില്‍ നടന്ന സെലക്ഷന്‍ ട്രയലിനത്തെുടര്‍ന്ന് ടീമിനെ പ്രഖ്യാപിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, ഒരാഴ്ച പിന്നിടുമ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ പോലും കേരള അത്ലറ്റിക് അസോസിയേഷന് കഴിയുന്നില്ല.
പട്ടിക പൂര്‍ത്തിയായെന്നും ഉടന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നുമാണ് വിവരം. ട്രയലിനൊപ്പം കൊച്ചിയില്‍ നടന്ന കേരള സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്, മംഗളൂരുവില്‍ നടന്ന ഫെഡറേഷന്‍ കപ്പ് അത്ലറ്റിക് മീറ്റ്, ചൈനയിലെ വുഹാനില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ് എന്നിവയിലെ പ്രകടനമികവും പരിഗണിച്ചാകും ടീമിനെ പ്രഖ്യാപിക്കുക. ജൂലൈ 10 മുതല്‍ 13വരെ ചെന്നൈയിലാണ് മീറ്റ്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുന്നത് മീറ്റില്‍നിന്നാണ്.
 

റൊമീറോ: അര്‍ജന്‍റീന വന്മതില്‍

Posted: 27 Jun 2015 12:42 PM PDT

Image: 

ഉയരക്കുറവാണ് സെര്‍ജിയോ റൊമീറോ എന്ന ആറടി മൂന്നര ഇഞ്ചുകാരനെ ഫുട്ബാള്‍ മൈതാനത്തെ ഗോള്‍വല കാവല്‍ക്കാരനാക്കിമാറ്റിയത്. ചേട്ടന്മാരെപ്പോലെ പൊക്കക്കാരനായെങ്കില്‍, ഏതെങ്കിലും ബാസ്കറ്റ്ബാള്‍ കോര്‍ട്ടിലെ താരമായേനെ. മൂന്നുപേരടങ്ങിയ കുടുംബത്തിലെ ‘കുള്ളനായ’ റൊമീറോയെ ഒഴിവാക്കി ചേട്ടന്മാര്‍ ബാസ്കറ്റ്ബാള്‍ കളിക്കാന്‍ പോയപ്പോള്‍ അവന്‍ ഫുട്ബാളിലേക്ക് തിരിഞ്ഞു. കുള്ളനെന്ന അര്‍ഥത്തില്‍ ‘ചിക്വിറ്റോ’ എന്നായിരുന്നു വീട്ടുകാര്‍ വിളിച്ചത്. പക്ഷേ, ബാസ്കറ്റ്ബാള്‍ കോര്‍ട്ടിലെ അയോഗ്യതക്ക് നന്ദിപറയുകയാണ് അര്‍ജന്‍റീനയിലെ ഫുട്ബാള്‍ ആരാധകര്‍. ലയണല്‍ മെസ്സിയും കാര്‍ലോസ് ടെവസുമൊന്നുമല്ല ഈ ഗോള്‍കീപ്പറാണ് ഇന്ന് അര്‍ജന്‍റീനയിലെ പുതുതലമുറ ഫുട്ബാള്‍ ആരാധകമനസ്സിലെ സൂപ്പര്‍താരം.
*** ***
ആരാധകരുടെ ഓര്‍മകളില്‍ മങ്ങാത്ത 2014 ലോകകപ്പ് സെമിഫൈനല്‍. ഗോള്‍രഹിതമായ നെതര്‍ലന്‍ഡ്സ്-അര്‍ജന്‍റീന മത്സരം വിധിനിര്‍ണയിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലത്തെി നില്‍ക്കുന്നു. കിക്കെടുക്കാന്‍ ഡച്ച് താരം റോണ്‍ വ്ളാറത്തെിയപ്പോള്‍ ട്രൗസറിന്‍െറ പോക്കറ്റില്‍നിന്ന് ഒരു തുണ്ട് പേപ്പര്‍ തപ്പിയെടുത്ത് കണ്ണോടിച്ച് തിരികെ വെക്കാനുള്ള തിടുക്കത്തിലായിരുന്നു സെര്‍ജിയോ റൊമീറോ. വ്ളാറിന്‍െറയും മൂന്നാം കിക്കെടുത്ത സ്നൈഡറെയും തടഞ്ഞിട്ട് സെര്‍ജിയോ അര്‍ജന്‍റീനക്ക് ഫൈനല്‍ ടിക്കറ്റ് സമ്മാനിച്ചപ്പോള്‍ കളിയാരാധകര്‍ ഓര്‍ത്തത് 2006 ലോകകപ്പിലെ അര്‍ജന്‍റീന-ജര്‍മനി ക്വാര്‍ട്ടര്‍ ഫൈനലിലെ പെനാല്‍റ്റി ഷൂട്ടൗട്ട്. അന്ന് മെസ്സിയടക്കമുള്ള ഏഴ് അര്‍ജന്‍റീന താരങ്ങളുടെ പെനാല്‍റ്റി കിക്ക് ശീലങ്ങള്‍ ഗൃഹപാഠം ചെയ്ത ചെറു കുറിപ്പായിരുന്നു ജര്‍മന്‍ ഗോള്‍കീപ്പര്‍ യെന്‍സ് ലെഹ്മാന്‍ ഒപ്പംകരുതിയത്. പിന്നീട് ഈ കുറിപ്പ് 10 ലക്ഷം യൂറോക്ക് ലേലം പോയെന്നത് മറ്റൊരു കൗതുകം. എന്നാല്‍, റൊമീറോയുടെ പേപ്പറില്‍ എന്തായിരുന്നുവെന്ന് ഇന്നും അജ്ഞാതം.
ബ്രസീല്‍ ലോകകപ്പിലെ അര്‍ജന്‍റീന താരത്തിന്‍െറ പ്രകടനം ഒരുദിവസത്തെ അദ്ഭുതമെന്ന് പറഞ്ഞ് റൊമീറോയെ എഴുതിത്തള്ളിയവരുണ്ടായിരുന്നു. എന്നാല്‍, ശനിയാഴ്ച കോപ അമേരിക്കയില്‍ അര്‍ജന്‍റീനക്ക് സെമി ടിക്കറ്റും നല്‍കിക്കൊണ്ട് ദോഷൈകദൃക്കുകളുടെ മുഴുവന്‍ സംശയവും തിരുത്തിയെഴുതിയിരിക്കുകയാണ് ഫ്രഞ്ച് ക്ളബ് മൊണാകോയുടെ താരം. നിശ്ചിത സമയം കഴിഞ്ഞകളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയതോടെ കണ്ണുകളെല്ലാം റൊമീറോയിലായിരുന്നു.
ഷൂട്ടൗട്ടും ടൈ ആയതോടെ ഏതൊരുതാരവും പതറുന്ന സഡന്‍ഡത്തെ്. എന്നാല്‍, റൊമീറോ ശാന്തനായിരുന്നു. കൊളംബിയന്‍ താരം കാമിലോ സുനിഗയെടുത്ത ആദ്യ കിക്ക് തന്നെ  തടുത്തിട്ടു. മത്സരത്തിലെ ഏക സേവും ഇതായിരുന്നു. ഷൂട്ടൗട്ടില്‍ ക്വഡ്രാഡോയുടെ കിക്ക് വലയിലേക്ക് പതിച്ചതും അര്‍ജന്‍റീന ഗോളിയുടെ കൈകളില്‍തട്ടി തലനാരിഴ വ്യത്യാസത്തില്‍.
ഗോള്‍ പോസ്റ്റിനു താഴെ നിലയുറപ്പിക്കുമ്പോള്‍ അസാധാരണ ഏകാഗ്രതയാണ് ഈ 28 കാരന്‍െറ വിജയരഹസ്യമെന്ന് എതിരാളികളും ശരിവെക്കുന്നു. കിക്കിനുമുന്നില്‍ പലപ്പോഴും പരാജയപ്പെടുന്നത് തലനാരിഴ വ്യത്യാസത്തില്‍.
2007ല്‍ അര്‍ജന്‍റീന അണ്ടര്‍ 20 ലോകചാമ്പ്യന്‍പട്ടമണിഞ്ഞപ്പോഴും 2008 ഒളിമ്പിക്സ് സ്വര്‍ണമണിഞ്ഞപ്പോഴും റൊമീറോ വലകാക്കാനുണ്ടായിരുന്നു. ഇറ്റാലിയന്‍ ക്ളബ് സാംദോറിയയുടെ താരം വായ്പയിലാണ് മൊണാകോയിലത്തെിയത്.

കണ്ണീര്‍മഴയില്‍ പിഞ്ചോമനകള്‍ക്ക് യാത്രാമൊഴി

Posted: 27 Jun 2015 12:00 PM PDT

Image: 
Subtitle: 
ഗൗരിയുടെ സംസ്കാരം ഇന്ന്

കോതമംഗലം: തോരാതെ പെയ്ത കണ്ണീര്‍മഴയില്‍ പിഞ്ചോമനകള്‍ക്ക് നാടിന്‍െറ യാത്രാമൊഴി. കോതമംഗലം നെല്ലിമറ്റം കോളനിപ്പടിയില്‍ സ്കൂള്‍ ബസിന് മുകളില്‍ മരം വീണുണ്ടായ അപകടത്തില്‍ മരിച്ച കറുകടം വിദ്യാവികാസ് സ്കൂളിലെ പിഞ്ചോമനകളില്‍ നാലുപേര്‍ക്കാണ് ശനിയാഴ്ച നാട് കണ്ണീരോടെ വിടചൊല്ലിയത്. കുടമുണ്ട കാരോത്തുകുഴി ജാബിറിന്‍െറ മകന്‍ അമീന്‍ (എട്ട്), വാരപ്പെട്ടി ഇഞ്ചൂര്‍  ആലങ്ങാമോളത്ത് അബീഷിന്‍െറ മകള്‍ കൃഷ്ണേന്ദു (അഞ്ച്), നെല്ലിമറ്റം ചിറ്റായത്ത് എല്‍ദോയുടെ മകള്‍ ഇസ സാറ (11), കുത്തുകുഴി മാരമംഗലം മത്തന്‍മുകളേല്‍ ജഗ്ഗിയുടെ മകന്‍ ജോഹന്‍ (13) എന്നിവരുടെ സംസ്കാരമാണ് ശനിയാഴ്ച നടന്നത്.  ഊന്നുകല്‍ പുന്നയ്ക്കല്‍ അനീഷിന്‍െറ മകള്‍ ഗൗരിയുടെ (10) സംസ്കാര ചടങ്ങുകള്‍ വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയശേഷം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍ നടക്കും.
അപകടത്തില്‍ മരിച്ച കുരുന്നുകളുടെ വീടുകളിലേക്ക് പ്രവഹിച്ച  നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. അമീന്‍ ജാബിറിന്‍െറ മൃതദേഹമാണ് രാവിലെ 11 ഓടെ ആദ്യം ഖബറടക്കിയത്. വീട്ടുമുറ്റത്ത് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം കാണാന്‍ കുടമുണ്ടയിലെ വീട്ടിലേക്ക് വിദ്യാവികാസ് സ്കൂളിലെ സഹപാഠികളും അധ്യാപകരുമത്തെിയതോടെ ദു$ഖം അണപ്പൊട്ടിയൊഴുകി.
മൃതദേഹത്തെ കെട്ടിപ്പിടിച്ച് സ്കൂള്‍ ആയ ഗ്രേസിയുടെ വിലാപം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കണ്ടുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഗള്‍ഫില്‍നിന്ന് പിതൃസഹോദരന്‍ എത്തിയശേഷമാണ് മൃതദേഹം അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കി പുലിക്കുന്നേപ്പടി ജുമാമസ്ജിദിലേക്ക് എടുത്തത്. മൃതദേഹം അവസാന നോക്കുകാണാന്‍ മാതാവ് ഷബ്നയെ അരികിലത്തെിച്ചതോടെ കൂട്ടക്കരച്ചില്‍ ഉയര്‍ന്നു. യമീന്‍ ജാബിര്‍ ഏക സഹോദരിയാണ്.
മരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ കൃഷ്ണേന്ദുവിന്‍െറ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഇഞ്ചൂര്‍ അമ്പലപ്പടിക്ക് സമീപത്തെ വീട്ടില്‍ കൃഷ്ണേന്ദുവിന്‍െറ മൃതദേഹം അവസാന നോക്ക് കാണാന്‍ മഴ അവഗണിച്ചും നൂറുകണക്കിന് ആളുകള്‍ എത്തി. വര്‍ഷയാണ് മാതാവ്. ഏക സഹോദരന്‍: കൃഷ്ണാനന്ദ് (ഒന്നര). പിതാവ് അബീഷ് വാരപ്പെട്ടി സഹകരണ സംഘം ജീവനക്കാരനാണ്. ഇസാ സാറയുടെ മൃതദേഹം വീട്ടിലെ അന്ത്യകര്‍മങ്ങള്‍ക്കുശേഷം നെല്ലിമറ്റം സെന്‍റ് ജോണ്‍സ് പള്ളിസെമിത്തേരിയില്‍ സംസ്കരിച്ചു. സംസ്കാരത്തിന് കത്തോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ പങ്കെടുത്തു. കോതമംഗലം ബസേലിയോസ് ആശുപത്രിയിലെ നഴ്സ് ജ്യോതിസാണ് മാതാവ്. ജോഹന്‍െറ മൃതദേഹം ശനിയാഴ്ച 2.30ഓടെ മാരമംഗലം ഗീവര്‍ഗീസ് പള്ളിയിലും നടന്നു. വീട്ടില്‍ നടന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് ആര്‍ച് ബിഷപ് മാര്‍ ആലഞ്ചേരി നേതൃത്വം നല്‍കി. മജ്ഞുവാണ് ജോഹന്‍െറ മാതാവ്. സഹോദരി ജുവല്‍. മന്ത്രി പി.ജെ. ജോസഫ്, എം.എല്‍.എമാരായ ടി.യു. കുരുവിള, ബെന്നി ബഹനാന്‍, ജോസഫ് വാഴക്കന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആദരസൂചകമായി കോതമംഗലം നെല്ലിമറ്റം ഊന്നുകല്‍ പ്രദേശങ്ങളില്‍ ശനിയാഴ്ച വ്യാപാര സ്ഥാപനങ്ങള്‍ ഉച്ചവരെ പ്രവര്‍ത്തിച്ചില്ല. ഗൗരിയുടെ പിതാവ് അനീഷ് തിരുവനന്തപുരം ആനാട് എസ്.എന്‍.ഡി. എച്ച്.എസ്.എസിലെ അധ്യാപകനാണ്. മാതാവ്: ഷീബ. സഹോദരങ്ങള്‍: ദേവ സാരംഗ്, കേശു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP