സ്വാഗതം
WELCOME

News Update..

Wednesday, June 17, 2015

ഷൊര്‍ണൂരില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ പൂട്ടിയത് യാത്രക്കാരെ വലക്കുന്നു Madhyamam News Feeds

ഷൊര്‍ണൂരില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ പൂട്ടിയത് യാത്രക്കാരെ വലക്കുന്നു Madhyamam News Feeds

Link to

ഷൊര്‍ണൂരില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ പൂട്ടിയത് യാത്രക്കാരെ വലക്കുന്നു

Posted: 17 Jun 2015 12:35 AM PDT

ഷൊര്‍ണൂര്‍: നഗരസഭാ ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ പൂട്ടിയത് ബസ്സ്റ്റാന്‍ഡിലത്തെുന്ന യാത്രക്കാരെയും സമീപത്തെ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരെയും വലക്കുന്നു. ഒരുമാസത്തിലധികമായി ഇത് പൂട്ടിയിട്ട്. ബസ്സ്റ്റാന്‍ഡില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ല. സ്റ്റാന്‍ഡിന് പിറകില്‍ മത്സ്യ-മാംസ-പച്ചക്കറി മാര്‍ക്കറ്റിനോടു ചേര്‍ന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ മാത്രമായിരുന്നു സ്റ്റാന്‍ഡിലത്തെുന്ന ആയിരക്കണക്കിന് യാത്രക്കാരുടെയും സമീപ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ആശ്രയം.
ഒരുമാസം മുമ്പ് സ്റ്റാന്‍ഡിന് പുറത്ത് റോഡരികിലുള്ള അഴുക്കുചാലില്‍ കക്കൂസ് മാലിന്യമടക്കം നിറഞ്ഞ് പുറത്തേക്കൊഴുകാന്‍ തുടങ്ങിയിരുന്നു. സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പ്രവേശിക്കുന്നിടത്താണ് മാലിന്യം പരന്നൊഴുകിയത്. ദുര്‍ഗന്ധം സഹിക്കാനാവാതെ നഗരസഭാംഗം ഷൊര്‍ണൂര്‍ വിജയന്‍െറ നേതൃത്വത്തില്‍ ഇതിനെതിരെ പ്രതിഷേധം നടന്നിരുന്നു. തുടര്‍ന്ന് നഗരസഭാധികൃതര്‍ ഇവിടെയുള്ള അഴുക്കുചാല്‍ പൊളിച്ചു. ഇതോടൊപ്പം കംഫര്‍ട്ട് സ്റ്റേഷന്‍ അടക്കുകയും ചെയ്തു. കക്കൂസ് മാലിന്യമല്ല റോഡിലൂടെ ഒഴുകിയതെന്ന് അധികൃതര്‍ വാദിച്ചിരുന്നു. എന്നാല്‍, പുതുക്കിപ്പണിയാനാരംഭിച്ച ദിവസംതന്നെ കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചതെന്തിനാണെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.
ബസ്സ്റ്റാന്‍ഡിലത്തെുന്ന യാത്രക്കാര്‍ പ്രാഥമിക കൃത്യം നിര്‍വഹിക്കാനാവാതെ വലയുകയാണിപ്പോള്‍. ടൗണിലുള്ള മിക്ക ഷോപ്പിങ് കോംപ്ളക്സുകളിലും കക്കൂസ് സൗകര്യമില്ല. ഉള്ളിടത്താകട്ടെ, ഉപയോഗശൂന്യവുമാണ്. ഇതുമൂലം വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീ ജീവനക്കാരടക്കം ദുരിതത്തിലാണ്. ടൗണിലെ മിക്ക ഹോട്ടലുകളിലും ഈ സൗകര്യം ലഭ്യമല്ല. മുന്തിയ ഹോട്ടലുകളിലാകട്ടെ പുറമെനിന്നുള്ളവരെ പ്രാഥമിക കൃത്യനിര്‍വഹണത്തിന് മാത്രം അനുവദിക്കുകയുമില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ അരകിലോമീറ്റര്‍ അകലെയുള്ള റെയില്‍വേ സ്റ്റേഷനിലെ കംഫര്‍ട്ട് സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. പൂട്ടിയ കംഫര്‍ട്ട് സ്റ്റേഷന്‍ ഉടന്‍ തുറക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

പുല്‍ക്കാടുകള്‍ നിറഞ്ഞു; ഒഴുകാന്‍ മടിച്ച് നിള

Posted: 17 Jun 2015 12:33 AM PDT

Image: 
ഒറ്റപ്പാലം: ഇടവപ്പാതിക്കുശേഷം ജലസമൃദ്ധമാകുന്ന നിള ഒര്‍മയാകുന്നു. കാലവര്‍ഷം തുടങ്ങി രണ്ടാഴ്ചയിലേറെ പിന്നിട്ടെങ്കിലും പുഴയില്‍ കാണുന്നത് പുല്‍ക്കാടുകളാണ്. വേനല്‍ മഴയില്‍ ഏതാനും ദിവസം മുമ്പ് ഇരുകരമൂടി പരന്നൊഴുകിയ നിളയാണ് വര്‍ഷക്കാലത്തും ഒഴുകാന്‍ മടിക്കുന്നത്. മഴയില്‍ നിറയുകയും മഴ മാറുന്നതോടെ വരളുകയും ചെയ്യുന്ന പുഴയുടെ ജലസംഭരണ ശേഷി അനിയന്ത്രിത മണലെടുപ്പിലൂടെ നഷ്ടമായി. ജലസംഭരണത്തിന് തടയണയില്ലാത്തത് ഒറ്റപ്പാലത്തെ മണലെടുപ്പിന് അനുഗ്രഹവുമായി.
വേനലില്‍ നിര്‍മിച്ച താല്‍ക്കാലിക തടയണ കുടിവെള്ള ക്ഷാമമകറ്റാന്‍ പര്യാപ്തമാണെന്ന് പരീക്ഷിച്ചറിഞ്ഞതിന്‍െറ അടിസ്ഥാനത്തില്‍ പതിറ്റാണ്ട് മുമ്പ് തീരുമാനിച്ചതാണ് ഒറ്റപ്പാലത്ത് സ്ഥിരം തടയണ. നദീതീര സംരക്ഷണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2007 മേയില്‍ ഒറ്റപ്പാലത്ത് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിര്‍വഹിച്ച വേദിയില്‍ ഒറ്റപ്പാലത്തെ സ്ഥിരം തടയണക്ക് ശിലയിട്ടിരുന്നു. സാങ്കേതിക പ്രശ്നങ്ങളിലും ഫണ്ടിന്‍െറ അഭാവത്തിലും പിന്നീട് ഒന്നുമുണ്ടായില്ല. നിളയില്‍ സ്ഥിരംതടയണ നിര്‍മിച്ച പ്രദേശങ്ങളിലെല്ലാം ജലക്ഷാമം വേനലിലും പടിക്കുപുറത്താണ്. ഒറ്റപ്പാലത്തോട് തൊട്ടുകിടക്കുന്ന ലക്കിടി പേരൂര്‍ പഞ്ചായത്തില്‍ വേനലില്‍ കൃഷിക്ക് ജലസേചനം പോലും സാധ്യമാക്കുന്നത് അവിടുത്തെ സ്ഥിരം തടയണയാണ്.
വേനലില്‍ സ്ഥിരമായി നിര്‍മിക്കുന്ന താല്‍ക്കാലിക തടയണയാണ് ഇപ്പോഴും ഒറ്റപ്പാലത്തിന് ശരണം. പലപ്പോഴും പുഴയില്‍ നീരൊഴുക്ക് നിലക്കുമ്പോഴായിരിക്കും താല്‍ക്കാലിക തടയണ നിര്‍മാണത്തിന് അധികൃതര്‍ പച്ചക്കൊടി കാട്ടുക. സംഭരിക്കാന്‍ വെള്ളമില്ലാതാകുന്ന സാഹചര്യത്തില്‍ മണ്ണുമാന്തി യന്ത്രമത്തെിച്ച് തടയണയില്‍ കുളം കുഴിക്കലും മലമ്പുഴ വെള്ളം തുറന്നുവിടാനുള്ള മുറവിളികളുമാണ് പിന്നീട് നടക്കുക.

ബജറ്റ് വാഗ്ദാനങ്ങള്‍ നിറവേറ്റാതെ മാവേലിക്കര നഗരസഭ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നു

Posted: 17 Jun 2015 12:12 AM PDT

മാവേലിക്കര: ബജറ്റ് വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാകാത്ത അഞ്ചുവര്‍ഷമാണ് മാവേലിക്കര നഗരസഭ മറികടക്കുന്നത്. നഗരസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നിരവധി പദ്ധതി പ്രഖ്യാപനങ്ങളാണ് പൂവണിയാതെ ബജറ്റ് രേഖകളില്‍ മാത്രം ഒതുങ്ങിയത്.
മൂന്നുമാസം മുമ്പ് എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ തുടര്‍ന്ന് അവര്‍ വിജയിക്കുകയും അധികാരത്തിലത്തെുകയും ചെയ്തു. അതിനുമുമ്പ് യു.ഡി.എഫ് ഭരണത്തിലായിരുന്നു നഗരസഭ. കോണ്‍ഗ്രസിലെ ചേരിപ്പോരുമൂലമാണ് അവര്‍ക്ക് ചെയര്‍മാന്‍ സ്ഥാനം നഷ്ടമായത്. നഗരസഭയില്‍ കൂടുതല്‍ കാലം യു.ഡി.എഫ് ഭരിച്ച് നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. ഇപ്പോള്‍ ഇടതുമുന്നണിയും പ്രഖ്യാപനത്തിന് കുറവുണ്ടാക്കിയില്ല. രണ്ടുകൂട്ടരും ഒരുപോലെ വികസനത്തിന്‍െറ കാര്യത്തില്‍ പിന്നാക്കമായി. നഗരസഭയുടെ പ്രാഥമിക രൂപമായിരുന്ന ടൗണ്‍ ഇംപ്രൂവ്മെന്‍റ് കമ്മിറ്റി രൂപംകൊണ്ടിട്ട് ഒരുനൂറ്റാണ്ട് കഴിയുമ്പോഴും വികസനത്തില്‍ സമീപ നഗരസഭകള്‍ക്ക് പിന്നിലാണിത്. സാമ്പത്തിക പ്രതിസന്ധി മൂലം പ്രൈവറ്റ്-പബ്ളിക് സഹകരണത്തോടെ ഷോപ്പിങ് കോംപ്ളക്സുകള്‍ നിര്‍മിക്കുമെന്ന് ബജറ്റില്‍ വാഗ്ദാനം ചെയ്തിരുന്നു. അതുണ്ടായില്ല.
സര്‍ക്കാര്‍ സ്കൂളുകളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടില്ല. ബോയ്സ്-ഗേള്‍സ് ഹൈസ്കൂളുകള്‍ ചോരുന്ന അവസ്ഥയാണ്. കോട്ടത്തോട് നവീകരണത്തിന് 10.5 കോടിയും സ്റ്റേഡിയം സ്ഥലമെടുപ്പിന് ടോക്കണ്‍ അഡ്വാന്‍സായി അഞ്ചുലക്ഷവും പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് കിഴക്ക് ഷോപ്പിങ് കോംപ്ളക്സിനും പുതിയകാവ് മാര്‍ക്കറ്റ് നവീകരണത്തിനും തഴക്കരയില്‍ ആധുനിക അറവുശാലക്കുമൊക്കെ പണം വകയിരുത്തിയിരുന്നതാണ്. നഗരസഭാ ലൈബ്രറിക്ക് പിറകില്‍ കടമുറികളും നഗരസഭാ സെക്രട്ടറിക്ക് ക്വാര്‍ട്ടേഴ്സിന് 12 ലക്ഷവും ക്രിമറ്റോറിയം പ്രവര്‍ത്തനത്തിന് ഒരുലക്ഷവും പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ഫലവൃക്ഷത്തൈകള്‍ വളര്‍ത്തുന്ന പദ്ധതിയും വാഗ്ദാനം ചെയ്തിരുന്നു. എ.ആര്‍ സ്മാരക റോഡിന് കുറുകെ കമാനം, പൊതുകുളങ്ങളുടെ സംരക്ഷണം, മാലിന്യ സംസ്കരണ പ്ളാന്‍റ് തുടങ്ങി നിരവധി പദ്ധതികള്‍ കടലാസിലൊതുങ്ങി.

പെരുമ്പാവൂരിലും സമീപ പ്രദേശങ്ങളിലും ഡെങ്കിപ്പനി പടരുന്നു

Posted: 16 Jun 2015 11:48 PM PDT

പെരുമ്പാവൂര്‍: പെരുമ്പാവൂരിലും സമീപ പ്രദേശങ്ങളിലും ഡെങ്കിപ്പനി പടരുന്നു. പനി ബാധിച്ച പലരും സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടിയിരിക്കുകയാണ്. കൂവപ്പടി, മുടക്കുഴ, രായമംഗലം, വേങ്ങൂര്‍, വെങ്ങോല, ഒക്കല്‍ എന്നീ പഞ്ചായത്തുകളില്‍ പനിബാധിതരുടെ എണ്ണം കൂടുന്നതായാണ് കണക്കുകള്‍. കീഴില്ലം, കാവുംപുറം, ഐമുറി, ചേരാനല്ലൂര്‍, വെങ്ങോല, വല്ലം, പുല്ലുവഴി, കൊമ്പനാട് എന്നിവിടങ്ങളിലാണ് രോഗം കൂടുതലായും കണ്ടത്തെിയിരിക്കുന്നത്. കൂവപ്പടി പഞ്ചായത്തില്‍ മാവേലിപ്പടി, പാപ്പന്‍പടി, കൊല്ലന്‍പടി, ആയത്തുപടി പ്രദേശങ്ങളില്‍ ഡെങ്കിപ്പനി സംശയത്തെ തുടര്‍ന്ന് ആളുകള്‍ ചികിത്സ തേടുന്നുണ്ട്. കൂവപ്പടിയിലെ അരിമില്ലുകളില്‍നിന്നുള്ള മാലിന്യം ജലസ്രോതസ്സുകളിലേക്ക് ഒഴുകിയത്തെുന്നത് പനിയും അനുബന്ധ രോഗങ്ങളും പടര്‍ന്നുപിടിക്കാന്‍ കാരണമാകുമെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. ഈ പ്രദേശങ്ങളില്‍ അഴുക്കുവെള്ളം റോഡില്‍ കെട്ടിക്കിടക്കുകയാണ്. പ്രധാന ജലസ്രോതസ്സുകളില്‍ ഒന്നായ അണക്കോലി തുറയില്‍ ഒഴുക്കില്ലാതെ വെള്ളം കെട്ടിക്കിടക്കുകയാണ്. മഴക്കാല ശുചീകരണം പലയിടത്തും പ്രഹസനമാണെന്ന് ആക്ഷേപമുണ്ട്. ഇതിനായി സര്‍ക്കാര്‍ ഓരോ വാര്‍ഡിനും അനുവദിച്ച തുക വേണ്ടത്ര രീതിയില്‍ ഉപയോഗിച്ചിട്ടില്ല. കഴിഞ്ഞ മാസം മഴ ശക്തമായിരുന്നതിനാല്‍ പല സ്ഥലങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. ആരോഗ്യ പ്രവര്‍ത്തകരും കുടുംബശ്രീ പ്രവര്‍ത്തകരും മഴക്കാല ബോധവത്കരണവുമായി വീടുകളിലത്തൊറുണ്ടെങ്കിലും ഇത് മിക്ക പഞ്ചായത്തുകളിലും കാര്യക്ഷമമായി നടന്നില്ളെന്നും പരാതിയുണ്ട്.

എന്‍ജിനീയറിങ് പ്രവേശപരീക്ഷ: അഷ്മില്‍ ജില്ലയില്‍ ഒന്നാമന്‍

Posted: 16 Jun 2015 11:39 PM PDT

സുല്‍ത്താന്‍ ബത്തേരി: എന്‍ജിനീയറിങ് പ്രവേശപരീക്ഷയില്‍ വയനാട് ജില്ലയില്‍ ഒന്നാം റാങ്ക് അഷ്മില്‍ സി. ഇബ്രാഹിമിന്. ബത്തേരി ചൂരിയന്‍ അബ്ദുല്‍ നാസറിന്‍െറയും നസീമ ഇളയിടത്തിന്‍െറയും മകനാണ്.
ബത്തേരി ഐഡിയല്‍ ഇംഗ്ളീഷ് സ്കൂളില്‍നിന്ന് സി.ബി.എസ്.ഇ 10ാം തരത്തില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസും ബത്തേരി സെന്‍റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് പ്ളസ് ടുവിന് 97% ശതമാനം മാര്‍ക്കും നേടിയിരുന്നു.
എന്‍ജിനീയറിങ് പ്രവേശപരീക്ഷയില്‍ സംസ്ഥാനതലത്തില്‍ 54ാം റാങ്ക് നേടിയ അഷ്മിലിന്‍െറ സ്കോര്‍ 547.15 ആണ്. കമ്പ്യൂട്ടര്‍ സയന്‍സിനോ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിനോ ചേരാനാണ് താല്‍പര്യം.
വ്യാഴാഴ്ച അഖിലേന്ത്യാ എന്‍ട്രന്‍സ് ഫലം വന്നശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് അഷ്മില്‍ പറഞ്ഞു. സഹോദരിമാര്‍: അഷ്ന സി. ഫാത്തിമ, ഫിദ സി. ഫാത്തിമ.

ലളിത് മോദിയുമായി വ്യക്തിഗത കൂടിക്കാഴ്ച നടത്തിയിട്ടില്ളെന്ന് സുഷമയുടെ ഓഫീസ്

Posted: 16 Jun 2015 11:39 PM PDT

Image: 

ന്യൂഡല്‍ഹി: ലണ്ടനില്‍ ഐ.പി.എല്‍ അഴിമതിക്കേസ് പ്രതി ലളിത് മോദിയുമായി വ്യക്തിഗത കൂടിക്കാഴ്ച നടത്തിയിട്ടില്ളെന്ന് വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്‍. വിദേശത്ത് വെച്ച് ലളിത് മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയിട്ടില്ല. 2014 ഒക്ടോബറില്‍ ലണ്ടനില്‍ നടന്ന മേഖലാ പ്രവാസി സമ്മേളനത്തില്‍ പങ്കെടുക്കാനത്തെിയപ്പോഴാണ് സുഷമയും മോദിയും കണ്ടത്. എന്നാലത് വ്യക്തിഗത കൂടിക്കാഴ്ച ആയിരുന്നില്ല.  പ്രമുഖ ഹോട്ടല്‍ വ്യാപാരി ജോഗിന്ദര്‍ സാന്‍ങ്കര്‍ നല്‍കിയ വിരുന്നില്‍ പങ്കെടുക്കവെയാണ് മോദിയെ കണ്ടത്. ബെന്‍്റ്ലി ഹോട്ടലില്‍ നടന്ന വിരുന്നില്‍ 15 വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തിരുന്നു. ആറേഴു തവണ ലളിത് മോദിയെ കാണുകയും മൂന്നോ നാലോ തവണ ഫോണ്‍ വഴി സംസാരിച്ചിരുന്നുവെന്നും സുഷമയുടെ ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. വിവാദ സംഭവത്തില്‍ സുഷമയുടെ ഭാഗത്തുനിന്നുളള ആദ്യ പ്രതികരണമാണിത്.

ലണ്ടന്‍ യാത്രയില്‍ മോദിയെ കൂടാതെ വ്യവസായി ഗോപി ഹിന്ദുജ, കെയ്ന്ത് വസ് എന്നിവരെയും കണ്ടിരുന്നുവെന്നും മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
 

പ്രമുഖ വാസ്തുശില്‍പി ചാള്‍സ് കൊറയ അന്തരിച്ചു.

Posted: 16 Jun 2015 11:16 PM PDT

Image: 

മുബൈ: പ്രമുഖ ഇന്ത്യന്‍ പ്രമുഖ വാസ്തുശില്‍പി ചാള്‍സ് കൊറയ (85)അന്തരിച്ചു. മുബൈയിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ലോകത്തെ പ്രമുഖ വാസ്തുശില്‍പികളിലൊരാളായിരുന്ന അദ്ദേഹം സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് പുതിയ മുഖം നല്‍കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. അഹമ്മദാബാദിലെ മഹാത്മ ഗാന്ധി മെമ്മോറിയല്‍, മധ്യപ്രദേശിലെ നിയമസഭാ മന്ദിരം എന്നിവ ഇദ്ദേഹത്തിന്‍െറ പ്രമുഖ നിര്‍മിതികളാണ്. 1972ല്‍ പത്മശ്രീയും 2006ല്‍ പത്മവിഭൂഷണും ലഭിച്ചിട്ടുണ്ട്. ശവസ്ംസ്കാരചങ്ങുകള്‍ നാളെ നടക്കുമെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു.

മാറാട് കൂട്ടക്കൊല: മൂന്നു സാക്ഷികള്‍ക്ക് അറസ്റ്റ് വാറന്‍റ്

Posted: 16 Jun 2015 11:04 PM PDT

കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസില്‍ ഒളിവില്‍ പോയ രണ്ട് പ്രതികള്‍ക്കെതിരായ സാക്ഷിവിസ്താരം മാറാട് കേസുകള്‍ക്കായുള്ള പ്രത്യേക കോടതി ജഡ്ജി എസ്. കൃഷ്ണകുമാര്‍ മുമ്പാകെ ആരംഭിച്ചു. സമന്‍സയച്ചിട്ടും ഹാജരാവാത്ത മൂന്നു സാക്ഷികള്‍ക്ക് വാറന്‍റ് അയക്കാനും കോടതി നിര്‍ദേശിച്ചു. ആദ്യത്തെ മൂന്ന് സാക്ഷികളായ മാറാട് ചോയിച്ചന്‍റകത്ത് സുഗുണന്‍, ബേപ്പൂര്‍ അരയച്ചന്‍റകത്ത് അംബുജാക്ഷന്‍, മാറാട് കോയന്‍റകത്ത് ജയാനന്ദന്‍ എന്നിവര്‍ക്കാണ് വാറന്‍റ്. സാക്ഷിവിസ്താരം തുടങ്ങാനിരുന്ന തിങ്കളാഴ്ച സാക്ഷികള്‍ അസുഖമെന്ന് കാണിച്ച് അഭിഭാഷകന്‍ മുഖേന ഹരജി നല്‍കിയപ്പോള്‍ ചൊവ്വാഴ്ച ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും എത്താത്തതിനെ തുടര്‍ന്നാണ് നടപടി. കൂട്ടക്കൊല കേസില്‍ നേരത്തേ ഹാജരായ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പി.കെ. ഹരിദാസിനത്തെന്നെ ഈ കേസിലും പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളിലൊരാള്‍ ആവശ്യപ്പെട്ടകാര്യം സാക്ഷികളുടെ അവധിയപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു. ഇത് കണക്കിലെടുത്ത് സാക്ഷി വിസ്താരം മാറ്റവെക്കണമെന്നും ആവശ്യമുന്നയിച്ചെങ്കിലും വിസ്താരം തുടങ്ങാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. കേസിലെ ആറാം സാക്ഷി ബേപ്പൂര്‍ കരിച്ചാലില്‍ ദേവരാജന്‍െറ വിസ്താരമാണ് ഇന്നലെ പൂര്‍ത്തിയായത്. ഗൂഢാലോചനയെപ്പറ്റി ദേവരാജന്‍ കോടതിയില്‍ മൊഴി നല്‍കി. ഇന്നലെ ഹാജരായ മറ്റ് രണ്ട് സാക്ഷികളുടെ വിസ്താരം പ്രോസിക്യൂഷന്‍ ഒഴിവാക്കുകയും ചെയതു. ആദ്യം നടന്ന വിസ്താരത്തിലും ഇവരെ ഒഴിവാക്കിയിരുന്നു. ജൂണ്‍ 25 വരെ തുടര്‍ച്ചയായി 30 സാക്ഷികളുടെ വിസ്താരം നടത്താനാണ് കോടതി നേരത്തെ തീരുമാനിച്ചത്. ഏഴുമുതല്‍ ഒമ്പതുവരെ സാക്ഷികളുടെ വിസ്താരമാണ് ബുധനാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
ഒമ്പതു പേര്‍ മരിച്ച കേസിലെ 95ാം പ്രതി കടലുണ്ടി നഗരം ആനങ്ങാടി കുട്ടിച്ചന്‍െറ പുരയില്‍ കോയമോന്‍ എന്ന ഹൈദ്രേസ് കുട്ടി (50), 148ാം പ്രതി മാറാട് കല്ലുവെച്ച വീട്ടില്‍ നിസാമുദ്ദീന്‍ (31) എന്നിവര്‍ക്കെതിരായ സാക്ഷി വിസ്താരമാണ് നടക്കുന്നത്. മൊത്തം 148 പ്രതികളുള്ള കേസില്‍ 63 പേരെ നേരത്തേ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു. 62 പേര്‍ക്ക് ജീവപര്യന്തവും ഒരാള്‍ക്ക് അഞ്ചു കൊല്ലം തടവുമായിരുന്നു ശിക്ഷ. 24 പ്രതികള്‍ക്കുകൂടി ഹൈകോടതി പിന്നീട് ജീവപര്യന്തം തടവ് വിധിച്ചു.
ഒളിവില്‍ പോയ രണ്ട് പ്രതികളും പിന്നീട് അറസ്റ്റിലാവുകയായിരുന്നു. മൊത്തം 300ലേറെ സാക്ഷികളുള്ള കേസില്‍ നേരത്തേ കോടതിയില്‍ വിസ്തരിച്ച 251സാക്ഷികളെയും വീണ്ടും വിസ്തരിക്കേണ്ടിവരും. 2003 മേയ് രണ്ടിന് അന്യായമായി സംഘം ചേര്‍ന്ന് കൊലനടത്തിയെന്നാണ് കേസ്.
കോയമോന്‍ നാടന്‍ ബോംബുണ്ടാക്കുന്നതിലും നിസാമുദ്ദീന്‍ കൊലയിലും പങ്കെടുത്തതായും ഇരുവരും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടതായുമാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി.ഡി. രവി, പ്രതികള്‍ക്കായി അഡ്വ. എം.പി. അബ്ദുല്‍ ലത്തീഫ്, അഡ്വ. രാജു പി. അഗസ്റ്റിന്‍ എന്നിവരാണ് ഹാജരാകുന്നത്.

ഷാര്‍ജയില്‍ ചരക്ക് കപ്പല്‍ കത്തി നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

Posted: 16 Jun 2015 09:35 PM PDT

Image: 
ഷാര്‍ജ: ഷാര്‍ജയിലെ ഖാലിദ് തുറമുഖത്ത് ചരക്ക് കപ്പല്‍ കത്തി നശിച്ചു. രാവിലെ ഏഴ് മണിക്ക് ശേഷമായിരുന്നു സംഭവം. ലക്ഷങ്ങളുടെ ചരക്കുകള്‍ ചാമ്പലായി. തീ പടരുന്നത് കണ്ട ഉടനെ ഇതിലുണ്ടായിരുന്ന തൊഴിലാളികള്‍ കടലില്‍ ചാടി രക്ഷപെടുകയായിരുന്നു. ആളപായമില്ല എന്നാണ് സൂചന. ചെറിയ പരിക്കുകള്‍ പറ്റിയവര്‍ക്ക് പാരമെഡിക്കല്‍ വിഭാഗം ചികിത്സ നല്‍കി. അപകട കാരണം അറിവായിട്ടില്ല. യു.എ.ഇയില്‍ നിന്ന് ഇറാനിലേക്ക് ചരക്ക് കയറ്റി പോകാന്‍ തയ്യാറായി നിന്ന കപ്പലാണ് കത്തിയത്.
 അപകട വിവരം അറിഞ്ഞ ഉടനെ തീര സംരക്ഷണ വിഭാഗങ്ങളും പൊലീസും ആംബുലന്‍സുകളും യുദ്ധകാലടിസ്ഥാനത്തില്‍ രക്ഷപ്രവര്‍ത്തനത്തിനത്തെി. സിവില്‍ ഡിഫന്‍സിന്‍െറ തീ അണക്കാന്‍ ഉപയോഗിക്കുന്ന നിരവധി ബോട്ടുകള്‍  കൂറ്റന്‍ ജല പൈപ്പുകള്‍ ഉപയോഗിച്ച്  കപ്പലിലേക്ക് വെള്ളം ചീറ്റിയതോടെയാണ് തീയുടെ സാന്ദ്രത കുറക്കാനായത്. തീപിടിച്ച കപ്പലിനെ തീരത്ത് നിന്ന് പെട്ടെന്ന് മാറ്റാന്‍ സിവില്‍ഡിഫന്‍സ് വിഭാഗത്തിന് സാധിച്ചതും തുണയായി. 
സംഭവ സമയം കത്തിയ കപ്പലിന് സമീപം മറ്റ് ചരക്ക് കപ്പലുകളും നങ്കുരമിട്ടിരുന്നു. തീപിടിച്ച കപ്പലിനെ തീരത്ത് നിന്ന് ദൂരത്തേക്ക് മാറ്റിയതോടെയാണ് തുറമുഖത്തുണ്ടായിരുന്ന മറ്റ് കപ്പലുകളിലെ തൊഴിലാളികളുടെ നെഞ്ചിലെ തീ അണഞ്ഞത്. ഏത് സാഹചര്യവും നേരിടാന്‍ തീരത്ത് വന്‍ പൊലീസ് പടയാണ് എത്തിയത്. 
ഫോറന്‍സിക് വിദഗ്ധര്‍ തെളിവെടുപ്പ് നടത്തി. സുരക്ഷ കണക്കിലെടുത്ത് അബറകള്‍ എന്നറിയപ്പെടുന്ന യന്ത്രവത്കൃത കടത്ത് വള്ളങ്ങളുടെ സേവനം പൊലീസ് അടിയന്തിരമായി നിറുത്തി വെച്ചു. കോടതികളിലേക്കും തുറമുഖത്തേക്കും പോകാന്‍ കാത്ത് മ്യുസിയം ഭാഗത്ത് കാത്ത് നിന്നിരുന്നവരെ ഇത് കാര്യമായി ബാധിച്ചു. രാവിലെ 11 മണിക്ക് ശേഷമാണ് തീ പൂര്‍ണമായും അണക്കാനായത്. കപ്പല്‍ കത്തിയതിനെ തുടര്‍ന്ന് പ്രദേശമാകെ പുകയാല്‍ മുടപ്പെട്ടിരുന്നു. 
 കപ്പലില്‍ നിന്ന് കത്തിയ വസ്തുക്കള്‍ പൊട്ടിത്തെറിച്ച് കടലില്‍ വീഴുന്നത് കാണാമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പും ഖാലിദ് തുറമുഖത്ത് കപ്പല്‍ കത്തിയിരുന്നു. യു.എ.ഇയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന തുറമുഖമാണിത്. 
നൂറ് കണക്കിന് ചരക്ക് കപ്പലുകളാണ് ഇവിടെ നിന്ന് ദിനംപ്രതി സേവനം നടത്തുന്നത്. ആയിരക്കണക്കിന് തൊഴിലാളികളും നൂറ് കണക്കിന് വന്‍കിട കമ്പനികളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 
ഇതിനെല്ലാം പുറമെ ഷാര്‍ജ കോടതിയും നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇവിടെയുണ്ട്. വന്‍ ദുരന്തം വഴിമാറിയ ആശ്വാസത്തിലാണ് അധികൃതരും ഇവിടെയുള്ളവരും.

പപ്പു യാദവ് എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറിയെന്ന് പരാതി

Posted: 16 Jun 2015 09:29 PM PDT

Image: 

പാട്ന: രാഷ്ട്രീയ ജനതാ ദളില്‍ നിന്നും പുറത്താക്കപ്പെട്ട ബിഹാര്‍ എം.പി പപ്പു യാദവ് വിമാനയാത്രക്കിടെ എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറിയെന്ന് പരാതി. പാട്നയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള ജെറ്റ് എയര്‍വേയസ് വിമാനത്തിലായിരുന്നു പരാതിക്കാസ്പദമായ സംഭവം നടന്നത്. ഭക്ഷണത്തിന്‍െറ അവശിഷ്ടങ്ങള്‍ അലക്ഷ്യമായി സീറ്റുകള്‍ക്കിടയില്‍ ഇടരുതെന്ന എയര്‍ഹോസ്റ്റസിന്‍റെ നിര്‍ദേശത്തില്‍ കുപിതനായ യാദവ് അവരോട് മോശം ഭാഷയില്‍ വഴക്കിടുകയായിരുന്നു.
കാബിന്‍ ക്രൂ അംഗങ്ങളോട് പപ്പു യാദവ് മോശമായി പെരുമാറിയെന്ന് എയര്‍വേയ്സ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. എന്നാല്‍ അത്തരത്തിലുള്ള സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ളെന്ന് പപ്പു യാദവ് പ്രതികരിച്ചു.
സംഭവത്തില്‍ കാബിന്‍ ക്രൂ അംഗങ്ങളോ എയര്‍വേയ്സ് അധികൃതരോ രേഖാമൂലം പരാതി നല്‍കിയിട്ടില്ല.

മ്യാന്‍മര്‍ ആക്രമണം: ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം

Posted: 16 Jun 2015 09:28 PM PDT

Image: 

ന്യൂഡല്‍ഹി: ഇന്ത്യന്‍സേന മ്യാന്‍മറില്‍ കലാപകാരികള്‍ക്കതിരെ നടത്തിയ ആക്രമണത്തിന്‍െറ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടില്ളെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍. തോക്കേന്തിയ ഇന്ത്യന്‍ പട്ടാളക്കാര്‍ ഫോട്ടോക്കു പോസ് ചെയ്തു നില്‍ക്കുന്ന മൂന്നു ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രാലയത്തിന്‍െറ വിശദീകരണം. ഇന്തോ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നടന്ന ഓപറേഷനുമായി ബന്ധപ്പെട്ട് ഒരു ചിത്രവും പ്രതിരോധ മന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ളെന്ന് പ്രതിരോധസേന വക്താവ് സുധാംശു കര്‍ ട്വിറ്ററിലാണ് വ്യക്തമാക്കിയത്.

20 പട്ടാളക്കാര്‍ ഒരു ആര്‍മി ഹെലികോപ്റ്ററിനു ചുറ്റുമിരുന്ന് വിജയചിഹ്നവുമായി കാമറക്കു പോസ് ചെയ്ത ചിത്രമാണ് പുറത്തുവന്നതിലൊന്ന്. രണ്ടു ദിനപത്രങ്ങളുടെ മുന്‍പേജുകളില്‍ ഈ ഫോട്ടോ അച്ചടിച്ചു വന്നിരുന്നു.
 

വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശം

Posted: 16 Jun 2015 09:06 PM PDT

Image: 
കുവൈത്ത് സിറ്റി: വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. എമിഗ്രേഷന്‍ വിഭാഗം മുന്‍ ഡയറക്ടര്‍കൂടിയായ എം.പി കാമില്‍ അല്‍അവദിയാണ് ഏറ്റവുമൊടുവില്‍ ഈ നിര്‍ദേശവുമായി രംഗത്തത്തെിയിരിക്കുന്നത്. വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് അഞ്ചു ശതമാനം നികുതിയേര്‍പ്പെടുത്തണമെന്നാണ് എം.പിയുടെ നിര്‍ദേശം. ഇതിനുവേണ്ടി സെന്‍ട്രല്‍ ബാങ്ക് നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
വിദേശികള്‍ പണമിടപാട് നടത്തുമ്പോള്‍ അഞ്ചു ശതമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് ഈടാക്കുന്നതിന് ബാങ്കുകള്‍ക്കും ധനവിനിമയ സ്ഥാപനങ്ങള്‍ക്കും അധികാരം നല്‍കുംവിധം നിയമഭേദഗതി വേണമെന്നാണ് എം.പിയുടെ നിര്‍ദേശം. നികുതി അടക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തണമെന്നും പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച നിര്‍ദേശത്തില്‍ പറയുന്നു. വിവിധ സേവനങ്ങള്‍ സബ്സിഡി നിരക്കില്‍ വിദേശികള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ അവര്‍ സ്വദേശത്തേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്‍െറ ന്യായമായ അവകാശമാണെന്ന് അല്‍അവദി പറഞ്ഞു. 
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും ഇന്ധന, ജല, വൈദ്യുതി രംഗങ്ങളിലും സ്വദേശികള്‍ സബ്സിഡിയുടെ ആനുകൂല്യം പറ്റുന്നതിനാല്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഈടാക്കുന്നതില്‍ തെറ്റില്ളെന്നാണ് എം.പിയുടെ വാദം. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് അഞ്ചു വര്‍ഷത്തിനിടെ കുവൈത്തില്‍നിന്ന് വിദേശികള്‍ തങ്ങളുടെ രാജ്യങ്ങളിലേക്ക് 2100 കോടി ദീനാറാണ് അയച്ചത്. അതായത്, പ്രതിവര്‍ഷം ശരാശരി 420 കോടി ദീനാര്‍. 
ഇതുകൊണ്ടുതന്നെ തന്‍െറ നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ വിദേശികള്‍ അയക്കുന്ന പണത്തിനുള്ള നികുതിവഴി 20 കോടിയിലേറെ ദീനാര്‍ പൊതുഖജനാവില്‍ എത്തുമെന്ന് അവാദി വ്യക്തമാക്കി. എം.പിയുടെ നിര്‍ദേശം അംഗീകരിക്കപ്പെടുകയാണെങ്കില്‍ വിദേശികള്‍ക്ക് വന്‍ തിരിച്ചടിയാവും അത് സമ്മാനിക്കുക. 
ഇന്ധനം, ജലം, വൈദ്യുതി എന്നിവയില്‍ സബ്സിഡി ആനുകൂല്യമുണ്ടെങ്കിലും അവ ഏതുസമയത്തും വര്‍ധിക്കുമെന്ന അവസ്ഥയാണ്. ആരോഗ്യ ഇന്‍ഷുറന്‍സായി ഇപ്പോള്‍ വര്‍ഷത്തില്‍ അടക്കേണ്ട 50 ദീനാര്‍ വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വിദ്യാഭ്യാസമേഖലയിലാവട്ടെ കാര്യമായ ആനുകൂല്യങ്ങളൊന്നും വിദേശികള്‍ക്ക് ലഭിക്കുന്നില്ല. എന്നുമാത്രമല്ല, അടിക്കടി ഫീസ് വര്‍ധിപ്പിക്കുകയുമാണ് സ്കൂളുകള്‍ ചെയ്യുന്നത്. താമസയിടങ്ങളുടെ വാടക നിയന്ത്രണമില്ലാതെ വര്‍ധിക്കുന്നതും വിദേശികളുടെ നട്ടെല്ളൊടിക്കുന്നു. ഇതിനെല്ലാമിടയിലത്തെുന്ന, നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം വിദേശികളുടെ നെഞ്ചിടിപ്പേറ്റുന്നതാണ്. 
 

അല്‍ ഗൂബ്രയിലെ പെട്രോള്‍ സ്റ്റേഷനില്‍ വന്‍ അഗ്നിബാധ

Posted: 16 Jun 2015 09:01 PM PDT

Image: 
മസ്കത്ത്: ഇന്ധനം നിറക്കവെ മിനി ബസിന് തീപിടിച്ചതിനെ തുടര്‍ന്ന് അല്‍ഗൂബ്രയിലെ പെട്രോള്‍ സ്റ്റേഷനില്‍ വന്‍ അഗ്നിബാധ. അല്‍ഗൂബ്ര ഇന്ത്യന്‍ സ്കൂളിന് സമീപമുള്ള  അല്‍മഹാ പെട്രോള്‍ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാവിലെ 11.30ഓടെയായിരുന്നു അപകടം. ബസില്‍നിന്ന് തീ പെട്രോള്‍ സ്റ്റേഷനിലേക്ക് പടരുകയായിരുന്നു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തത്തെി തീയണച്ചതിനെ തുടര്‍ന്നാണ് വന്‍ അപകടം ഒഴിവായത്. 
സംഭവത്തില്‍ പമ്പിലെ ജീവനക്കാരായ കോഴിക്കോട് സ്വദേശി അബ്ദുറഹ്മാനും കാസര്‍കോട് സ്വദേശി ഷാഫിക്കും പൊള്ളലേറ്റു. അബ്ദുറഹ്മാന്‍െറ മുഖത്തും മറ്റുമാണ് പൊള്ളലേറ്റത്. ഷാഫിക്ക് ചെറിയ പൊള്ളലാണുള്ളത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
ആളുകളുമായി വന്ന ബസിനാണ് തീപിടിച്ചത്. ബസിന്‍െറ മുന്‍വശത്ത് അടിഭാഗത്തുനിന്നാണ് തീപടര്‍ന്നത്. തീ കണ്ട് ബസിലുണ്ടായിരുന്നവരെ പുറത്തിറക്കി കെടുത്താന്‍ ശ്രമിക്കവേയാണ് ജീവനക്കാര്‍ക്ക് പൊള്ളലേറ്റതെന്ന് കരുതുന്നു.  എന്നാല്‍, അധികം വൈകാതെ തീ സ്റ്റേഷന്‍െറ ഫില്ലറിലേക്ക് പടര്‍ന്നതോടെ എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. അഗ്നിബാധയെ തുടര്‍ന്ന് ബസ് ഏതാണ്ട് പൂര്‍ണമായി കത്തിനശിച്ചു. കനത്ത പുകയാണുണ്ടായത്. 
ഇത് കിലോമീറ്ററുകള്‍ ദൂരെ കാണാമായിരുന്നു. സിവില്‍ ഡിഫന്‍സ് അധികൃതരത്തെി തീയണച്ചതിനെ തുടര്‍ന്നാണ് വന്‍ അപകടം ഒഴിവായത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടതിനാല്‍ കുറച്ച് സമയത്തിനുശേഷം മാത്രമാണ് രക്ഷാവാഹനങ്ങള്‍ക്ക് സ്ഥലത്തത്തൊന്‍ കഴിഞ്ഞത്. അഗ്നിബാധയില്‍ പെട്രോള്‍ സ്റ്റേഷനിലെ രണ്ട് ഫില്ലറുകള്‍ കത്തിനശിച്ചു. മേല്‍ക്കൂരയുടെ ഒരു ഭാഗത്തിനും നാശമുണ്ട്. സംഭവം സംബന്ധിച്ച് അന്വേഷണം നടന്നുവരുകയാണെന്നും തീപിടിത്തത്തിന്‍െറ കാരണം അതിനുശേഷമേ പറയാന്‍ കഴിയൂവെന്നും അല്‍മഹാ അധികൃതര്‍ അറിയിച്ചു. 
വേനല്‍ കടുത്തതോടെ തീപിടിത്തങ്ങള്‍ തുടര്‍ക്കഥയാണ്. ഈ മാസം രണ്ടാം തവണയാണ് പെട്രോള്‍ സ്റ്റേഷനില്‍ തീപിടിത്തമുണ്ടാകുന്നത്. ജൂണ്‍ മൂന്നിന് ബിദ്ബിദിലെ പെട്രോള്‍ സ്റ്റേഷനില്‍ എണ്ണ നിറക്കവേ കാറിന് തീപിടിച്ചിരുന്നു. വാഹനത്തില്‍നിന്ന് പൊടുന്നനെ പെട്രോള്‍ സ്റ്റേഷനിലേക്ക് തീ പടരുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് ഇവിടെയും വന്‍ ദുരന്തം ഒഴിവായത്.  
വാഹനങ്ങളില്‍ തീകെടുത്തല്‍ ഉപകരണങ്ങള്‍ സൂക്ഷിക്കണമെന്നത് ഒമാനില്‍ നിര്‍ബന്ധമാണ്. എന്നാല്‍, പലര്‍ക്കും ഇത് അവസരത്തില്‍ ഉപയോഗിക്കാന്‍ അറിയില്ല. ഇത് സംബന്ധമായ വ്യാപക ബേധവത്കരണം ആവശ്യമാണെന്ന് അധികൃതര്‍ പറയുന്നു. ഇവ യഥാസമയം ഉപയോഗിച്ചാല്‍ വന്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. ഇതോടൊപ്പം സ്റ്റേഷനുകളില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്തതും പ്രശ്നമാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. എണ്ണ നിറക്കുംമുമ്പ് എന്‍ജിന്‍ ഓഫ് ചെയ്യണമെന്ന നിര്‍ദേശം പാലിക്കാറില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗമാണ് മറ്റൊരു വില്ലന്‍. വാഹനത്തിലിരുന്ന് സിഗരറ്റ് വലിക്കുന്നതും തീപിടിത്തത്തിന് കാരണമാകാം. പെട്രോള്‍ സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും അപകടം ഒഴിവാക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും സിവില്‍ ഡിഫന്‍സ് അധികൃതര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. 

വിദ്യാഭ്യാസ, സാംസ്കാരിക, ശാസ്ത്ര മേഖലകള്‍ കാവിവത്കരിക്കുന്നു - ടീസ്റ്റ സെറ്റല്‍വാദ്

Posted: 16 Jun 2015 08:01 PM PDT

Image: 

കോഴിക്കോട്: നരേന്ദ്ര മോദി ഭരണത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ, സാംസ്കാരിക, ശാസ്ത്രീയ മേഖലകള്‍ അതിവേഗം കാവിവത്കരിക്കപ്പെടുകയും സാമ്പത്തിക രംഗം കോര്‍പറേറ്റുകള്‍ വിഴുങ്ങുകയും ചെയ്യുകയാണെന്ന് ‘സേവ് ഇന്ത്യ ഫോറം’ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ് സെമിനാര്‍ ഉദ്ഘാടനംചെയ്തു.  രാഷ്ട്രപിതാവിനു നേരെ നിറയൊഴിച്ചുവെന്നല്ലാതെ സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കാളിത്തവുമില്ലാത്ത ആര്‍.എസ്.എസിന്‍െറ ആധിപത്യത്തിലാണ് മോദിഭരണകൂടം എന്ന് ടീസ്റ്റ പറഞ്ഞു. രാജ്യത്തിന്‍െറ സാംസ്കാരിക ഭൂമിക തകര്‍ത്ത് ബഹുസ്വരതയുടെ കെട്ടുറപ്പ് ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് അധികാരത്തിലേറിയ നാള്‍ മുതല്‍ മോദി സര്‍ക്കാര്‍ നടത്തുന്നത്. വിദ്യാഭ്യാസ, സാംസ്കാരിക, ശാസ്ത്ര മേഖലകള്‍ അപകടകരമാംവിധം കാവിവത്കരിക്കുന്നു. നാഷനല്‍ ബുക് ട്രസ്റ്റ് തലപ്പത്ത് ആര്‍.എസ്.എസ് മുഖപത്രമായ പാഞ്ചജന്യ മുന്‍ പത്രാധിപര്‍ ബല്‍ദേവ് ശര്‍മയെ നിയമിക്കുന്നതിന് ആ പദവിയിലിരുന്ന മലയാളിയായ സേതുമാധവന്‍െറ ഒൗദ്യോഗിക കാലാവധി സര്‍ക്കാര്‍ വെട്ടിച്ചുരുക്കി.
സര്‍ക്കാര്‍, സര്‍ക്കാറിതര വിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങളിലേറെയും നാഷനല്‍ ബുക് ട്രസ്റ്റാണ് പ്രസിദ്ധീകരിക്കുന്നത്. ഫിലിം സെന്‍സര്‍ ബോര്‍ഡ് മുന്‍ അധ്യക്ഷ ലീലാ സാംസിങ്ങിനെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചതിനു പിന്നിലും ആര്‍.എസ്.എസ് അജണ്ട തന്നെ.
മുസ്ലിംകളും ക്രൈസ്തവരും രാഷ്ട്രത്തിന് നല്‍കിയ സംഭാവനകളും സാമൂഹിക പരിഷ്കര്‍ത്താവും ഭരണഘടനാ ശില്‍പിയുമായ ബി.ആര്‍. അംബേദ്കറും ചരിത്രത്തില്‍നിന്ന് തൂത്തെറിയപ്പെടുകയാണ്.  കോര്‍പറേറ്റ്വത്കരണം ഗ്രാമീണ മേഖലകളെയുള്‍പ്പെടെ ബാധിക്കുകയാണ്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നാമമാത്ര കൂലിപോലും അട്ടിമറിക്കുന്നു. സാമൂഹികക്ഷേമ മേഖലയിലെ ബജറ്റ് വിഹിതം വെട്ടിക്കുറക്കുന്നു. കാടും ഭൂമിയും വെള്ളവും വന്‍കിട കമ്പനികള്‍ക്ക് കൈമാറുന്നു. രാജ്യം വെല്ലുവിളികള്‍ നേരിടുമ്പോള്‍ ദൃശ്യമാധ്യമങ്ങള്‍ മോദിയുടെ സെല്‍ഫിയെ വാഴ്ത്താന്‍ മത്സരിക്കുകയാണ്. കേരളം പുലര്‍ത്തുന്ന ജാഗ്രത ശ്ളാഘനീയമാണെന്ന് ടീസ്റ്റ പറഞ്ഞു. ഗോപാല്‍ മേനോന്‍െറ ‘അവിശുദ്ധ യുദ്ധം ഭാഗം-2’ ഡോക്യുമെന്‍ററി  മനുഷ്യാവകാശ പ്രവര്‍ത്തകന്‍ റാം പുനിയാനിക്ക് നല്‍കി ടീസ്റ്റ പ്രകാശനംചെയ്തു. ആര്‍.എസ്.എസ് വോട്ടുകള്‍ പിടിച്ചും കോര്‍പറേറ്റുകള്‍ ദശലക്ഷക്കണക്കിന് നോട്ടും നല്‍കി അധികാരത്തിലേറ്റിയ മോദി സര്‍ക്കാര്‍ അവരുടെ താല്‍പര്യം സംരക്ഷിക്കുകയാണെന്ന് റാം പുനിയാനി പറഞ്ഞു.  ഐ.സി.എച്ച്.ആര്‍, എന്‍.സി.ഇ.ആര്‍.ടി തുടങ്ങിയവ നയിക്കുന്നത് നിര്‍ദിഷ്ട യോഗ്യതയില്‍ മികവ് പുലര്‍ത്തിയവര്‍ക്ക് പകരം ഭരിക്കുന്നവരുടെ ദര്‍ശനങ്ങളുമായി അടുപ്പം പുലര്‍ത്തുന്നവരാണ്. ചരിത്രം, വിദ്യാഭ്യാസം, പാഠ്യപദ്ധതി തുടങ്ങിയ സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട മിക്ക വിജ്ഞാന ശാഖകളും പ്രത്യേക ലക്ഷ്യത്തോടെ കൈകാര്യംചെയ്യുന്ന സംഘടനകളാണിത്. വിദ്വേഷപ്രചാരണം കൂടുതല്‍ ബലപ്രയോഗത്തിന്‍െറയും ഭീഷണിയുടെയും തലത്തിലേക്ക് മാറുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോണ്‍ ദയാല്‍ അഭിപ്രായപ്പെട്ടു. ഒരുഭാഗത്ത് സര്‍വകലാശാലകളിലേക്കും കോളജുകളിലേക്കും മറുഭാഗത്ത് ഗ്രാമങ്ങളിലേക്കും  അത് ഊര്‍ന്നിറങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രഫ.കെ.ഇ.എന്‍, ഡോ. ഫസല്‍ ഗഫൂര്‍, പ്രഫ. പി. കോയ എന്നിവര്‍ സംസാരിച്ചു. സേവ് ഇന്ത്യ ഫോറം പ്രസിഡന്‍റ് അഡ്വ. ഗോപാലമേനോന്‍ അധ്യക്ഷത വഹിച്ചു. പ്രദീപ് ഉഷസ് സ്വാഗതവും എ.എസ്. ജസ്റ്റിന്‍ നന്ദിയും പറഞ്ഞു.
 

‘ അറിയപ്പെടാത്ത സവര്‍ക്കര്‍’ക്ക് വേദികിട്ടാതെ അശോക് മോച്ചിയുടെ അലച്ചില്‍

Posted: 16 Jun 2015 07:45 PM PDT

Image: 

അഹ്മദാബാദ്: ഒരിക്കല്‍ അയാള്‍ കലാപത്തിന്‍െറ പേടിപ്പെടുത്തുന്ന മുഖമായിരുന്നു. അന്ന് ആവേശത്തോടെ അയാള്‍ സ്വീകരിക്കപ്പെട്ടു. പക്ഷേ, അതേ ജനങ്ങള്‍ക്കിടയില്‍ താന്‍ പരിഭാഷപ്പെടുത്തിയ പുസ്തകം ഒന്ന് പ്രകാശനം ചെയ്യാന്‍പോലും ഇടം കിട്ടാതെ നിസ്സഹായനായി നില്‍പാണിപ്പോള്‍.
നെറ്റിയില്‍ കാവിത്തുണി കെട്ടി വലംകൈയില്‍ വടിവാളും കണ്ണില്‍ തീക്കനലുമായി ഇരുകൈകളുമുയര്‍ത്തി ആക്രോശിക്കുന്ന അശോക് മോച്ചിയായിരുന്നു 2002ലെ ഗുജറാത്ത് കലാപത്തിന്‍െറ ക്രൂരമായ മുഖചിത്രം. മറുവശത്ത് കലാപത്തിന്‍െറ ദൈന്യ ചിത്രമായി കൈകൂപ്പി ദയക്ക് യാചിക്കുന്ന ഖുത്ബുദ്ദീന്‍ അന്‍സാരിയും.
അതേ അശോക് മോച്ചിയാണ് മറാഠിയില്‍നിന്ന് ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകത്തിന്‍െറ പ്രകാശനത്തിന് സ്ഥലമില്ലാതെ വട്ടംകറങ്ങുന്നത്. അതും ഹിന്ദു മഹാസഭയുടെ ആചാര്യന്‍ വി.ഡി. സവര്‍ക്കറെക്കുറിച്ച് എഴുതിയ പുസ്തകത്തിന്‍െറ പരിഭാഷ.
മദന്‍ പാട്ടീല്‍ മറാഠിയില്‍ എഴുതിയ ‘അകതിത് സവര്‍ക്കര്‍’ (അറിയപ്പെടാത്ത സവര്‍ക്കര്‍) എന്ന പുസ്തകം പരിഭാഷപ്പെടുത്തിയതാണ് അശോക് മോച്ചിയെ ഗുജറാത്തിലെ അധികാര കേന്ദ്രങ്ങള്‍ക്ക് ഇപ്പോള്‍ വെറുക്കപ്പെട്ടവനാക്കിയത്. എന്തുകൊണ്ട് ഈ പുസ്തകം പരിഭാഷപ്പെടുത്തി എന്നതിന് ദലിതനായ അശോകിന് കൃത്യമായ ഉത്തരമുണ്ട്.
‘ദലിതുകളെയും മറ്റ് ന്യൂനപക്ഷങ്ങളെയും എങ്ങനെയാണ് ബ്രാഹ്മണ മേധാവിത്വം അടിച്ചമര്‍ത്തിയിരുന്നതെന്ന് ഈ പുസ്തകം പറയുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഹിന്ദുമഹാ സഭ സ്വീകരിച്ച നിഷേധാത്മക നിലപാടും രാജ്യസ്നേഹിയായി വാഴ്ത്തപ്പെടുന്ന സവര്‍ക്കറുടെ യഥാര്‍ഥ മുഖവും ഈ പുസ്തകം വെളിപ്പെടുത്തുന്നു. യാഥാര്‍ഥ്യം എന്താണെന്ന് ജനം അറിയണം. അതിനാണ് ഞാനീ പുസ്തകം പരിഭാഷപ്പെടുത്തിയത്...’ അഹ്മദാബാദ് നഗരത്തിലെ ഷാഹ്പൂരില്‍ മോച്ചി (ചെരുപ്പുകുത്തി) ആയി ജോലിചെയ്യുന്ന അശോക് പറയുന്നു.
‘അന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ കഴിഞ്ഞ കാലത്ത് 1913 നവംബര്‍ 13ന് മാപ്പപേക്ഷിച്ചുകൊണ്ട് സവര്‍ക്കര്‍ ബ്രിട്ടീഷ് മേധാവികള്‍ക്ക് കത്തെഴുതിയിരുന്നു. താനൊരു മുടിയനായ പുത്രനായിരുന്നുവെന്നും സ്വദേശത്തേക്ക് മടങ്ങിപ്പോകണമെന്നുമായിരുന്നു കത്തില്‍ ക്ഷമാപണത്തോടെ സവര്‍ക്കര്‍ ആവശ്യപ്പെട്ടിരുന്നത്. പുസ്തകത്തില്‍ ഈ കാര്യം വസ്തുനിഷ്ഠമായി വ്യക്തമാക്കുന്നു’ എന്ന് അശോക് മോച്ചി.
ജൂണ്‍ ആറിന് പുസ്തകം പ്രകാശനം ചെയ്യാനായി മെഹന്ദി നവാസ് ജങ് ഹാള്‍ ബുക് ചെയ്യാനായി അപേക്ഷ നല്‍കിയെങ്കിലും അവര്‍ അനുവദിച്ചില്ളെന്നും  തുടര്‍ന്ന് ഗുജറാത്ത് സാഹിത്യ പരിഷത്തിനെ സമീപിച്ചെങ്കിലും അവരും കൈയൊഴിഞ്ഞെന്നും പ്രസാധകനായ കലീം സിദ്ദീഖി അശോകിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ന്ന് നിരവധി ഇടങ്ങളില്‍ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലത്രെ.
പുസ്തകത്തെ പിന്തുണച്ച് ഗുജറാത്തിലെ ചില എഴുത്തുകാര്‍ രംഗത്തുവന്നിട്ടുണ്ട്. പുസ്തകത്തില്‍ വിവാദപരമായി ഒന്നുമില്ളെന്നും സവര്‍ക്കറുടെ ജീവിതം തുറന്നുകാണിക്കുകയാണെന്നും ഗുജറാത്തിലെ എഴുത്തുകാരുടെ സംഘടനയായ ലേഖാ മണ്ഡല്‍ പ്രസിഡന്‍റ് മനീഷി ജെയിന്‍ അഭിപ്രായപ്പെട്ടു.
ദലിതുകളായ തങ്ങളെ കലാപത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്ന് ഖുത്ബുദ്ദീന്‍ അന്‍സാരിക്കൊപ്പം കേരളത്തില്‍ സി.പി.എം വേദികളില്‍ പങ്കെടുത്തുകൊണ്ട് അടുത്തിടെ അശോക് മോച്ചി തുറന്നുപറഞ്ഞിരുന്നു. ഈ തുറന്നുപറച്ചിലുകള്‍ക്കുശേഷം സംഘ്പരിവാര്‍ സംഘടനകള്‍ക്ക് അനഭിമതനാണ് അശോക് മോച്ചി.
 

‘ചിരിയന്‍’ വിപ്ളവകാരി

Posted: 16 Jun 2015 07:42 PM PDT

Image: 

ചിരിക്കാതിരുന്നാലേ സഖാവാകൂ എന്നൊരു ധാരണ പൊതുവേയുണ്ട്. പിണറായിക്കാരനായ വിജയന്‍ മുതല്‍ ആലപ്പുഴക്കാരനായ അച്യുതാനന്ദന്‍ വരെയുള്ളവരുടെ കാര്യത്തില്‍ ഇത് അച്ചട്ടായി അനുസരിക്കപ്പെടുന്നുമുണ്ട്. എന്നാല്‍, ഇതിന് അപവാദമാണ് തിരുവനന്തപുരത്തുകാരനായ വിജയകുമാര്‍. ആരെ എവിടെ വെച്ചു കണ്ടാലും ചിരിക്കാന്‍ ഒരു മടിയുമില്ല. കുബുദ്ധികള്‍ ചിലതൊക്കെ പറയുമെങ്കിലും സി.പി.എമ്മിന്‍െറ തലസ്ഥാനത്തെ ചിരി മുഖമാണ് അദ്ദേഹം. ചിരിക്കാതിരുന്നാലേ വിപ്ളവം വരൂ എന്ന തെറ്റിദ്ധാരണ ഇല്ലാത്തതിനാല്‍ കെ.ഇ. മാമന്‍ എന്ന ഗാന്ധിയന്‍ മുതല്‍ ആത്മീയ നേതാക്കള്‍ക്കുവരെ അദ്ദേഹത്തിന്‍െറ കൈപിടിക്കാന്‍ മടിയുമുണ്ടായിട്ടില്ല. എന്തിന്, നിരവധി തവണ ജയിലിലായപ്പോള്‍ ഈ ചിരിമരുന്നില്‍ പലര്‍ക്കും മാനസാന്തരം വന്നുവെന്നു പോലും ചിലര്‍ പറയുന്നുണ്ട്. കെ.പങ്കജാക്ഷന്‍െറ വിപ്ളവച്ചിരിയും കാര്‍ത്തികേയന്‍െറ ബൗദ്ധികച്ചിരിയും മാത്രം പരിചയമുള്ള അരുവിക്കരയില്‍ ഈ ചിരി വിലപ്പോവുമെന്ന പ്രതീക്ഷയിലുമാണ് അദ്ദേഹം.
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നിങ്ങനെ പടിപടിയായാണ് പാര്‍ട്ടിയില്‍ കയറിയത്. ജില്ലാ സെക്രട്ടറി മുതല്‍ അഖിലേന്ത്യ പ്രസിഡന്‍റ് വരെയുള്ള പദവികളും വഹിച്ചു. അന്നുവരെ കേരളത്തിന് അന്യമായിരുന്ന മനുഷ്യച്ചങ്ങല ഇവിടെയത്തെിക്കുന്നതിന്‍െറ ആശയം ഉദിച്ചതും മറ്റാരില്‍നിന്നുമല്ല.
‘എല്ലാവര്‍ക്കും തൊഴില്‍, എല്ലാവര്‍ക്കും വിദ്യാഭ്യാസം’ എന്ന വിജയകുമാറിന്‍െറ എന്നത്തേയും സ്വപ്നം സാക്ഷാത്കരിക്കാന്‍ നടത്തിയ പാര്‍ലമെന്‍റ് മാര്‍ച്ച് ഐതിഹാസികം തന്നെയായിരുന്നു. മറ്റു പലരേയും പോലെയല്ല, പറയുന്നത് പ്രവര്‍ത്തിക്കുകയും വേണമെന്ന ശാഠ്യക്കാരനുമാണ് അദ്ദേഹം. യഥാര്‍ഥത്തില്‍ അരുവിക്കരയില്‍ മത്സരത്തിനിറങ്ങിയതു പോലും അത്തരമൊരു സാഹചര്യത്തിലാണ്. സ്പീക്കറും മന്ത്രിയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുമൊക്കെ ആയി  ജോലി നോക്കിയെങ്കിലും ഇപ്പോള്‍ തൊഴില്‍രഹിതനാണ്. സംസ്ഥാന കമ്മിറ്റി അംഗത്വമൊക്കെയുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അതൊന്നും വലിയ പണിയല്ല.
അതുകൊണ്ടാണ് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് നിയമനം പോലെ പത്തു മാസത്തേക്കേയുള്ളൂവെങ്കിലും അരുവിക്കരയിലേക്ക് വണ്ടി കയറാന്‍ തീരുമാനിച്ചത്. അടുത്ത മേയ് മാസത്തിനു ശേഷമുള്ള സ്ഥിരം ജോലിക്ക് അപേക്ഷിക്കണമെങ്കില്‍ പോലും അരുവിക്കരയില്‍ ജയിക്കുകയോ തോല്‍ക്കുകയോ വേണം. മുമ്പ് അച്ഛനുമായി മത്സരിച്ചപ്പോള്‍ ജയമായിരുന്നു ഫലം. ഇപ്പോള്‍ മകനാണ് എതിരാളി.

മാധ്യമവിശ്വാസ്യതയുടെ അവസ്ഥ

Posted: 16 Jun 2015 07:33 PM PDT

Image: 
Subtitle: 
മാധ്യമപക്ഷം

ഈയിടെ നടന്ന ഒരു മാധ്യമ സെമിനാര്‍ പ്രത്യേകതരത്തില്‍ ശ്രദ്ധേയമായിരുന്നു. മാധ്യമവിശ്വാസ്യതയായിരുന്നു ചര്‍ച്ചാവിഷയം. ചര്‍ച്ചചെയ്യേണ്ട വിഷയമാണെന്നകാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ പേരുകള്‍ നോട്ടീസില്‍ കണ്ടപ്പോള്‍ ഒരു കാര്യമോര്‍ത്ത് ചിരിപൊട്ടി. പ്രാസംഗികര്‍ എല്ലാവരും രാഷ്ട്രീയനേതാക്കളായിരുന്നു. മാധ്യമപ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനവും തമ്മില്‍ ഒരു ബന്ധമുണ്ട്. ലോകത്തിന്‍െറ പലഭാഗങ്ങളില്‍, പലകാലത്ത് വ്യത്യസ്ത പ്രഫഷനുകളുടെ വിശ്വാസ്യതയെക്കുറിച്ച് നടന്ന സര്‍വേകളില്‍ എല്ലാറ്റിലും മാധ്യമപ്രവര്‍ത്തകര്‍ക്കുതാഴെ സ്ഥാനം ലഭിച്ച ഒരേയൊരു വിഭാഗമേയുള്ളൂ. അത് രാഷ്ട്രീയപ്രവര്‍ത്തകരാണ്. സെമിനാറിന്‍െറ തമാശ അതുമാത്രമാണ്-രണ്ടു കാലില്‍ മന്തുള്ളവനാണ് ഒറ്റക്കാലില്‍ മന്തുള്ളവനെ എപ്പോഴും പരിഹസിക്കുന്നത് !
രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, ഈ വിമര്‍ശം ബാധകമായിട്ടുള്ളത്. സര്‍വരെയും വിമര്‍ശിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും ഇത് ബാധകമാണ്. മാധ്യമങ്ങളില്‍ നടക്കുന്ന കാര്യങ്ങളെ സ്വയംവിമര്‍ശിക്കാനൊ അതിനെക്കുറിച്ച് ആരെങ്കിലും നടത്തുന്ന വിമര്‍ശം ശ്രദ്ധിക്കാനോ ഉള്ള ജനാധിപത്യബോധം മിക്കപ്പോഴും മാധ്യമങ്ങള്‍ പ്രകടിപ്പിക്കാറില്ല. മാധ്യമങ്ങളുടെ ചങ്കില്‍ തറക്കുന്ന വിമര്‍ശം ആരെങ്കിലും ഉയര്‍ത്തിയാല്‍ അത് ബ്ളാക്കൗട്ട് ചെയ്യാനും മടിക്കില്ല. ഭരണാധികാരികളെ സദാ വിമര്‍ശിക്കുകയും എന്ത് എങ്ങനെ ചെയ്യണമെന്ന് ഉപദേശിക്കുകയും  ചെയ്യുന്നവരാണ് മാധ്യമങ്ങളിലെ മുഖപ്രസംഗമെഴുത്തുകാര്‍. മുഖപ്രസംഗമെഴുത്തുകാരെ കുറിച്ച് ഒരു ഭരണാധികാരി ഒരിക്കല്‍ ചോദിച്ചത്രെ. ‘എങ്ങനെ ഭരിക്കണമെന്ന് എപ്പോഴും ഉപദേശിക്കുന്ന ഇവര്‍ക്കെന്നാല്‍ ഇവിടെവന്ന് ഭരിച്ചുകൂടേ’യെന്ന്. പിന്നെ ഒന്ന് നിര്‍ത്തി പറഞ്ഞു... ‘ഓ അത് പറ്റില്ലല്ളോ. പിന്നെയാര് മുഖപ്രസംഗമെഴുതും’!
രാഷ്ട്രീയ വിശ്വാസ്യതയുടെ റാങ്ക് പണ്ടും ഇപ്പോഴും ഏതാണ്ട് ഒരേനിലയിലാണ് എന്നെങ്കിലും പറയാം. മാധ്യമവിശ്വാസ്യതയുടേത് കാലം ചെല്ലുന്തോറും താഴോട്ടാണ്. ഒരു ദശകംമുമ്പ് ‘ഗ്രോപിങ് ഫോര്‍ എത്തിക്സ് ഇന്‍ ജേണലിസം’ എന്ന പുസ്തകത്തില്‍ പ്രഫ. റോണ്‍ എഫ് സ്മിത്ത് എഴുതിയത് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പനക്കാര്‍ക്ക് തുല്യമാണ് മാധ്യമപ്രവര്‍ത്തകന്‍െറ വിശ്വാസ്യത എന്നാണ്. 2005ല്‍ വാഷിങ്ടണില്‍ നടന്ന ഒരു സര്‍വേയില്‍ കണ്ടത് രാഷ്ട്രീയക്കാര്‍ക്കുമാത്രം മുകളിലാണ് മാധ്യമപ്രവര്‍ത്തകരുടെ വിശ്വാസ്യത എന്നാണ്. ഏറ്റവും വിശ്വാസ്യതയുള്ളവര്‍ പുരോഹിതരാണ്. 2008ല്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ സര്‍വേ കണ്ടത്തെിയത് 78 ശതമാനം പേരും മാധ്യമങ്ങളെ വിശ്വസിക്കുന്നില്ല എന്നായിരുന്നു. അധ്യാപകര്‍ക്കും ന്യായാധിപന്മാര്‍ക്കും പുരോഹിതര്‍ക്കും ഡോക്ടര്‍മാര്‍ക്കും താഴെയാണ് മാധ്യമപ്രവര്‍ത്തകര്‍.
അമേരിക്കയിലെ പ്യൂ റിസര്‍ച് സെന്‍റര്‍ 2002 മുതല്‍ നടത്തിവരുന്ന സര്‍വേകള്‍ ഏറ്റവും വിശ്വാസ്യതയും ആധികാരികതയുമുള്ളവയാണ്. സമൂഹത്തിലെ വ്യത്യസ്ത പ്രവണതകളെ കുറിച്ചാണ് അവര്‍ രാജ്യവ്യാപക സര്‍വേ നടത്താറുള്ളത്. മാധ്യമ വിശ്വാസ്യത സംബന്ധിച്ച ഒടുവിലത്തെ പഠനം 2012ലേതാണ്. ന്യൂയോര്‍ക് ടൈംസും യു.എസ്.എ ടുഡെയും എന്‍.പി.ആറും ഉള്‍പ്പെടെ 13 സ്ഥാപനങ്ങളുടെ വിശ്വാസ്യതയുടെ ശരാശരിയും ഓരോന്നിന്‍േറത് വെവ്വേറെയുമാണ് പരിശോധിച്ചത്. 2002ല്‍ 71 ശതമാനം ആളുകള്‍ക്ക് ഈ സ്ഥാപനങ്ങളെ കുറിച്ച് നല്ല വിശ്വാസമാണുണ്ടായിരുന്നത്. 2012 ആയപ്പോഴേക്ക് അത് 56 ആയി കുറഞ്ഞു. നമ്മുടെ നാട്ടിലെ പ്രവണതയില്‍നിന്ന് വ്യത്യസ്തമായി 65 ശതമാനത്തില്‍ കൂടുതല്‍ വിശ്യാസ്യതയുള്ള ഏക സ്ഥാപനം ദിനപത്രമല്ല, ടി.വി ചാനലാണ്, അതുതന്നെ പ്രാദേശിക ചാനലാണ്. ഒരു ദശാബ്ദത്തിനിടയില്‍ വിശ്വാസ്യതകൂടിയ ഒരു സ്ഥാപനംപോലുമില്ല. ന്യൂയോര്‍ക് ടൈംസ്, യു.എസ്.എ ടുഡെ എന്നിവയുടേത് ഒമ്പത് പോയന്‍റ് വീതം താഴേക്കു വീണു. വാള്‍ സ്ട്രീറ്റ്   ജേണലിന്‍േറത് മാത്രമാണ് വലിയ മാറ്റമില്ലാതെ നിന്നത്.  
ഇത് അമേരിക്കയിലൊ പാശ്ചാത്യരാജ്യങ്ങളിലോ മാത്രമുള്ള ഒരു പ്രവണതയല്ല. ഏറ്റവും ഒടുവിലത്തെ പഠന റിപ്പോര്‍ട്ട് ചൈനയിലെ പുതിയ പ്രവിശ്യയായ ഹോങ്കോങ്ങില്‍നിന്നാണ്. അവിടത്തെ ഏറ്റവും വിശ്വാസ്യതയുള്ള പത്രം ദ സൗത് ചൈന മോണിങ് പോസ്റ്റും ന്യൂസ് ചാനല്‍ ആര്‍.ടി.എച്ച്.കെയുമാണ്. 1997നുശേഷം ആറാംതവണയാണ് ചൈനാ സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ ഈ പഠനം നടത്തുന്നത്. സൗത് ചൈന മോണിങ് പോസ്റ്റാണ് എല്ലാ തവണയും മുന്നില്‍നിന്നത്. എന്നാല്‍, വിശ്വാസ്യതയുടെ റാങ്കിങ് ഏറ്റവും താഴെയത്തെിയത് ഇത്തവണയാണ് എന്നത് ശ്രദ്ധിക്കപ്പെട്ടു. ചൈനയിലെ മറ്റു പ്രവിശ്യകള്‍ക്കില്ലാത്ത ഒരു പ്രശ്നം ഇവിടെയുണ്ട്. കമ്യൂണിസ്റ്റ് ചൈനയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ട പൂര്‍ണ മുതലാളിത്ത പ്രവിശ്യയാണല്ളോ ഇത്. രാഷ്ട്രീയമായ കാരണങ്ങള്‍ ഇവിടെ മാധ്യമങ്ങള്‍ നടപ്പാക്കുന്ന സ്വയം സെന്‍സര്‍ഷിപ് ആണ് വിശ്വാസത്തകര്‍ച്ചയ്ക്ക് കാരണമെന്ന് പത്രപ്രവര്‍ത്തകര്‍ കരുതുന്നു. വിശ്വാസ്യത തകരാന്‍ അതൊന്നും വേണ്ടാ എന്ന് നമുക്കറിയാമല്ളോ.
നമ്മുടെ നാട്ടില്‍, കേരളത്തില്‍, ആധികാരികതയുള്ള ഏതെങ്കിലും സ്ഥാപനം ഇത്തരമൊരു പഠനം നടത്തിയതായി സൂചനയില്ല. എന്നാല്‍, ഗവേഷകനും മാധ്യമ അധ്യാപകനുമായ ഡോ. ഫ്രാന്‍സിസ് കാരക്കാട്ട് തന്‍െറ ഡോക്ടറല്‍ ഗവേഷണത്തിന്‍െറ ഭാഗമായി നടത്തിയ പഠനം വെളിവാക്കിയത് 13 തൊഴില്‍/ പ്രവര്‍ത്തന വിഭാഗങ്ങളുടെ കൂട്ടത്തില്‍ എട്ടാം സ്ഥാനമേ ഇവിടെ മാധ്യമപ്രവര്‍ത്തനത്തിനുള്ളൂ എന്നാണ്. അധ്യാപകരും പ്രഫസര്‍മാരും ഡോക്ടര്‍മാരും എഴുത്തുകാരും സാമൂഹികപ്രവര്‍ത്തകരും ജഡ്ജിമാരും എന്‍ജിനീയര്‍മാരും പത്രപ്രവര്‍ത്തകര്‍ക്ക് മുകളിലാണ്. താഴെ നില്‍ക്കുന്നത് ബ്യൂറോക്രാറ്റുകളും മതനേതാക്കളും അഭിഭാഷകരും ബിസിനസുകാരും രാഷ്ട്രീയനേതാക്കളുമാണ്. മുന്‍കാലവുമായി ഒരു താരതമ്യം സാധ്യമല്ല എന്നത് എത്ര ആശ്വാസപ്രദം!
പരമ്പരാഗത മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആശങ്കയുളവാക്കുന്ന മറ്റൊരുകാര്യം കൂടിയുണ്ട്. ജോര്‍ജ് വാഷിങ്ടണ്‍ യൂനിവേഴ്സിറ്റി ഗ്രാജ്വേറ്റ് സ്കൂള്‍ ഓഫ് പൊളിറ്റിക്കല്‍ മാനേജ്മെന്‍റിന്‍െറ പൊളിറ്റിക്കോ എന്ന സര്‍വേ കണ്ടത്തെിയത് പൊതുജനം ഫേസ്ബുക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങള്‍ക്ക്, പരമ്പരാഗത മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിനെക്കാള്‍ വിശ്വാസ്യത ഇപ്പോള്‍ കല്‍പിക്കുന്നുണ്ട് എന്നതാണ്. പത്രങ്ങളില്‍ വരുന്ന തെറ്റും ശരിയും തിരിച്ചറിയാന്‍ ഒരു വഴിയുമില്ല. സോഷ്യല്‍ മീഡിയയിലെ അബദ്ധങ്ങള്‍ നിമിഷങ്ങള്‍ക്കകം ആരെങ്കിലും തുറന്നുകാട്ടും. അതുകൊണ്ട് സോഷ്യല്‍മീഡിയ ആണ് ഭേദമെന്നവര്‍ കരുതുന്നു. കാലം മുന്നോട്ടുപോകുമ്പോള്‍ സോഷ്യല്‍ മീഡിയയുടെ വിശ്വാസ്യത വര്‍ധിക്കുകയാണ്, പരമ്പരാഗത മാധ്യമങ്ങളുടേത് കുറയുകയുമാണ്-ഇതാണ് ഏറ്റവും ഗൗരവത്തില്‍ കാണേണ്ട സംഗതിയെന്ന് നിരീക്ഷകര്‍ കരുതുന്നു.

(ഈ ലേഖനത്തിലുടനീളം മാധ്യമപ്രവര്‍ത്തകര്‍ എന്ന് പ്രയോഗിച്ചിരിക്കുന്നത് ജേണലിസ്റ്റുകളെ മാത്രം ഉദ്ദേശിച്ചല്ല, മാധ്യമനടത്തിപ്പുകാരെക്കൂടി ഉള്‍പ്പെടുത്തിയാണ്).

ഒരു കുറ്റവാളിയുടെ മുന്നില്‍ അടിയറവെച്ച രാജ്യതാല്‍പര്യം

Posted: 16 Jun 2015 07:28 PM PDT

Image: 

രാജ്യം തിരച്ചില്‍ നടത്തുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) മുന്‍ തലവന്‍ ലളിത് മോദിക്കുവേണ്ടി രഹസ്യമായി കരുനീക്കങ്ങള്‍ നടത്തിയതിന്‍െറ പേരില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍െറ കഴുത്തില്‍വീണ കുരുക്ക് മുറുകിവരുന്നത് വിഷയം അതീവ ഗൗരവമുള്ളതുകൊണ്ടാണ്. ഭരണകൂടവും അതിസമ്പന്നരായ സാമ്പത്തിക കുറ്റവാളികളും തമ്മിലുള്ള അവിഹിതബന്ധത്തിന്‍െറ ഏറ്റവും മ്ളേച്ഛ മുഖമാണ് ഈ സംഭവത്തോടെ മറനീക്കി പുറത്തുവന്നത്. മോദിക്ക് പോര്‍ചുഗലിലേക്കുള്ള യാത്രാരേഖകള്‍ അനുവദിച്ചുകിട്ടാന്‍ സുഷമ സ്വരാജ് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എം.പി കീത് വാസിന്‍െറമേല്‍ സമ്മര്‍ദം ചെലുത്തി എന്ന രഹസ്യം ബ്രിട്ടീഷ് മാധ്യമങ്ങളിലൂടെയാണ് ആദ്യം അനാവൃതമായത്. പോര്‍ചുഗലില്‍ അദ്ദേഹത്തിന്‍െറ ഭാര്യക്ക് അര്‍ബുദ ശസ്ത്രക്രിയക്ക് വിധേയയാവുന്നതിന് മോദിയുടെ സമ്മതപത്രം ആവശ്യമായിരുന്നുവെന്നും അതുകൊണ്ട് മാനുഷിക പരിഗണനവെച്ചാണ് ലണ്ടനില്‍നിന്ന് പുറത്തുകടക്കാന്‍ അനുമതി നല്‍കിയതെന്നുമാണ് സുഷമ നിരത്തുന്ന ന്യായം. എന്നാല്‍, അങ്ങനെയൊരു സമ്മതപത്രത്തിന്‍െറ ആവശ്യമേയില്ളെന്നും രാജ്യം ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ച ഒരാളെ മറ്റുപല കാരണങ്ങളാല്‍ നമ്മുടെ വിദേശകാര്യമന്ത്രി അവിഹിതമായി സഹായിക്കുകയായിരുന്നുവെന്നും അതുകൊണ്ടുതന്നെ രാജ്യതാല്‍പര്യം തൃണവത്ഗണിച്ച ഈ നടപടിയുടെ പേരില്‍ അവരെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നുമാണ് പ്രതിപക്ഷകക്ഷികള്‍ മുറവിളികൂട്ടുന്നത്.
 താന്‍ ചില്ലറക്കാരനല്ളെന്നും കുതന്ത്രങ്ങളുടെ ആശാനാണെന്നും ഇത$പര്യന്ത ചെയ്തികളിലൂടെ സ്വയം സമര്‍ഥിച്ച വിരുതനാണ് ലളിത് മോദി. ഐ.പി.എല്‍ ട്വന്‍റി20ക്കു രൂപംനല്‍കിയ അദ്ദേഹം മൂന്നുവര്‍ഷം അതിന്‍െറ തലപ്പത്തു വാണശേഷം ഒത്തുകളി, വാതുവെപ്പ് ഇടപാടുകളിലൂടെ കോടിക്കണക്കിനു രൂപയുടെ തിരിമറിനടത്തി. ആരോപണങ്ങള്‍ പാരമ്യതയിലത്തെിയപ്പോള്‍ 2010ല്‍ ലണ്ടനിലേക്ക് പറന്നു രക്ഷപ്പെട്ടു. അതിനുശേഷം അദ്ദേഹം തിരിച്ചുവന്നില്ല എന്നു മാത്രമല്ല, അദ്ദേഹത്തിന്‍െറ പാസ്പോര്‍ട്ട് ഇന്ത്യ കണ്ടുകെട്ടുകയും ചെയ്തു. 1700 കോടിയുടെ ഹവാല കേസിലെ പ്രതികൂടിയായ മോദിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് രണ്ടുതവണ ബ്രിട്ടീഷ് സര്‍ക്കാറിന് കത്തയച്ചിരുന്നു. അങ്ങനെ രാജ്യത്തെ വഞ്ചിച്ച് വിദേശത്ത് കഴിയുന്ന കരിമ്പണക്കാരനെ സഹായിക്കാന്‍ വിദേശകാര്യമന്ത്രി ആരോരുമറിയാതെ കരുക്കള്‍നീക്കി എന്നതാണ് ഇപ്പോഴുയര്‍ന്ന വിവാദത്തിന്‍െറ കാതല്‍. ലളിത് മോദിക്ക് വിസ നല്‍കുന്നത് ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തെ ബാധിച്ചേക്കുമെന്ന് ബ്രിട്ടീഷ് അധികൃതര്‍ ഓര്‍മപ്പെടുത്തിയപ്പോള്‍ സുഷമ അത്തരത്തില്‍ ഒരാശങ്ക വേണ്ടെന്ന അഭിപ്രായം പങ്കുവെച്ചതായാണ് റിപ്പോര്‍ട്ട്. തീര്‍ത്തും വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കു മുന്നിലാണ് രാജ്യതാല്‍പര്യം മാറ്റിവെച്ചതെന്ന് അനുമാനിക്കാന്‍ പ്രേരിപ്പിക്കുന്ന കുറെ വസ്തുതകള്‍ പുറത്തുവരുന്നുണ്ട്. ലളിത് മോദിയുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടിയ യു.പി.എ സര്‍ക്കാറിന്‍െറ നടപടി റദ്ദ് ചെയ്തുകിട്ടുന്നതിന് ഡല്‍ഹി ഹൈകോടതിയില്‍ ഹാജരായവരില്‍ സുഷമയുടെ മകള്‍ ബന്‍സൂരി സ്വരാജുമുണ്ടായിരുന്നു. മന്ത്രിയുടെ ഭര്‍ത്താവ് കൗശല്‍ സ്വരാജിന്‍െറ സ്ഥാപനവും ലളിത് മോദിയുടെ കമ്പനിയും തമ്മില്‍ ദീര്‍ഘകാലത്തെ ഇടപാട് ബന്ധമുണ്ടത്രെ. സുഷമയുടെ സഹോദരീപുത്രന് ബ്രിട്ടനിലെ സസക്സ് യൂനിവേഴ്സിറ്റിയില്‍ നിയമബിരുദത്തിനു പ്രവേശം വാങ്ങിക്കൊടുത്തതിനു പിന്നില്‍ ലളിത്മോദിയുടെ സ്വാധീനമുണ്ടായിരുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ വിവാദത്തോട് ഇതുവരെ പ്രതികരിച്ചില്ളെങ്കിലും ബി.ജെ.പിയും ആര്‍.എസ്.എസും സുഷമയുടെ പിന്നില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെന്നാണ് നേതാക്കളുടെ ഭാഷ്യങ്ങളില്‍നിന്ന് വ്യക്തമാവുന്നത്. എന്നാല്‍, ബി.ജെ.പി നേതാക്കള്‍ക്കിടയിലെ ഗ്രൂപ്പുവഴക്ക് സംഭവം ഈവിധം കത്തിയാളുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് സൂചന. മുതിര്‍ന്ന കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്ങും വെങ്കയ്യനായിഡുവും സുഷമയെ പിന്തുണച്ച് രംഗത്തുവന്നപ്പോള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ദീക്ഷിക്കുന്ന മൗനം സംശയത്തിന്‍െറ മുന അദ്ദേഹത്തിലേക്ക് തിരിച്ചുവിടുന്നു. സുഷമയെ പോലുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവ് ഇമ്മട്ടില്‍ കളങ്കിതയാവുകവഴി സ്വയം പ്രതിരോധത്തിലായത് മോദിസര്‍ക്കാറാണ്. രാജ്യതാല്‍പര്യ വിഷയത്തില്‍ ഹിന്ദുത്വയുടെ നിലപാടുതറ എത്ര ദുര്‍ബലമാണെന്ന് ഇത്തരം സംഭവങ്ങള്‍ കാണിച്ചുതരുന്നു. കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരുന്ന വിഷയത്തില്‍ സന്ധിയില്ലാസമരം പ്രഖ്യാപിച്ച നരേന്ദ്ര മോദിയെ മൂകസാക്ഷിയാക്കിയാണ് സുഷമ കൊടിയ സാമ്പത്തിക കുറ്റവാളിയെ തന്‍െറ മന്ത്രിപദവി ദുര്‍വിനിയോഗം ചെയ്ത് രക്ഷിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ഇവിടെ ‘മാനുഷിക പരിഗണന’യുടെ പ്രശ്നമേ ഉദിക്കുന്നില്ല. ചെയ്ത പാതകത്തിന്‍െറ ധാര്‍മിക ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് മന്ത്രിസ്ഥാനം രാജിവെക്കാന്‍ സുഷമ തയാറാവുകയാണ് വേണ്ടത്. അല്ളെങ്കില്‍, ദേശസ്നേഹത്തെ കുറിച്ചുള്ള ഹിന്ദുത്വയുടെ വാചാടോപങ്ങളെ രാജ്യം പുച്ഛത്തോടെ മാത്രമേ നോക്കിക്കാണൂ.

കോപ്പ അമേരിക്ക: പരാഗ്വയ്ക്ക് ജയം

Posted: 16 Jun 2015 07:23 PM PDT

Image: 

സാന്‍റിയാഗോ: കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ബി മല്‍സരത്തില്‍ ജമൈക്കക്കെിതിരെ പരഗ്വേക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പരഗ്വേയുടെ വിജയം. 36ാം മിനിറ്റില്‍ എഡ്ഗാര്‍ ബെനിറ്റസാണ് പരഗ്വേയുടെ വിജയഗോള്‍ നേടിയത്. പരഗ്വേ മുന്നേറ്റ നിരയിലേക്ക് നീട്ടിയടിച്ച ഒരു ലോങ് പാസ് ജമൈക്കന്‍ ഗോളി മുന്നോട്ടു കയറിവന്ന് തടഞ്ഞിട്ടത് നേരെ പോയത് ബെനിറ്റസിന്‍െറ കാലുകളിലേക്കായിരുന്നു. ഉടനെ ബെനിറ്റസ് പന്ത് പോസ്റ്റിലെത്തിച്ചു. മത്സരത്തില്‍ പരഗ്വേക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

ജയത്തോടെ പരഗ്വേക്കു രണ്ടു കളികളില്‍നിന്ന് നാലു പോയിന്‍റായി. ആദ്യ മല്‍സരത്തില്‍ പരഗ്വേ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ അര്‍ജന്‍റീനയെ സമനിലയില്‍ തളച്ചിരുന്നു. അതേസമയം കളിച്ച രണ്ടുകളിയും തോറ്റ ജമൈക്കയുടെ ടൂര്‍ണമെന്‍റ് മോഹങ്ങള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.

വിസ വിവാദം: പൊളിഞ്ഞത് മോദിയുടെ അഴിമതിരഹിത അവകാശവാദം

Posted: 16 Jun 2015 11:37 AM PDT

Image: 

ന്യൂഡല്‍ഹി: ഒന്നാം വാര്‍ഷികം ആഘോഷിച്ച നരേന്ദ്ര മോദി സര്‍ക്കാര്‍ എറ്റവും വലിയ നേട്ടമായി അവകാശപ്പെട്ട അഴിമതിരഹിത പ്രതിച്ഛായ വിസ വിവാദത്തിലൂടെ പൊളിയുന്നു.  
ഒരു വര്‍ഷം കൊണ്ട് അഴിമതി എന്ന വാക്ക് ഇന്ത്യന്‍ രാഷ്ട്രീയ നിഘണ്ടുവില്‍നിന്ന് അപ്രത്യക്ഷമായി എന്നാണ് ധനകാര്യമന്ത്രിയും സര്‍ക്കാറിന്‍െറ മുഖ്യവക്താവുമായ അരുണ്‍ ജെയ്റ്റ്ലി അവകാശപ്പെട്ടത്. 1700 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണസംഘത്തെ വെട്ടിച്ച് വിദേശത്ത് കഴിയുന്ന ലളിത് മോദിയെ വിദേശകാര്യ മന്ത്രി സഹായിച്ചത് മാനുഷിക പരിഗണനയാലാണെന്ന വിശദീകരണം നിലനില്‍ക്കില്ളെന്നു മാത്രമല്ല, വിവാദം ബി.ജെ.പിക്കുള്ളിലെ ഗ്രൂപ് വൈരം മറനീക്കിയിരിക്കുകയാണ്.
കഴിഞ്ഞ ലോക്സഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന സുഷമ സ്വരാജ്, നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ അദ്വാനിപക്ഷത്ത് ഉറച്ചുനിന്ന നേതാവാണ്. അതിനാല്‍, സുഷമയെ പ്രതിസന്ധിയിലാക്കുന്ന വിവരം പുറത്തുവന്നതിന് പിന്നില്‍ മോദി ക്യാമ്പ് ആണെന്ന് അദ്വാനിപക്ഷം വിശ്വസിക്കുന്നു. ഗൂഢാലോചനാ സംശയം ഉന്നയിച്ച് ബി.ജെ.പി എം.പി കീര്‍ത്തി ആസാദ് ട്വീറ്റ് ചെയ്തതും മറ്റൊരു ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ അത് ശരിവെക്കുന്ന രീതിയില്‍ പ്രതികരിച്ചതും ഇതിന്‍െറ സൂചനയാണ്.
ലളിത് മോദിക്കുവേണ്ടിയുള്ള സുഷമയുടെ ഇടപെടല്‍ ചോര്‍ന്നതിനു പിന്നില്‍ അരുണ്‍ ജെയ്റ്റ്ലി ആണെന്ന സംശയമാണ് പാര്‍ട്ടിയിലുള്ളത്. ഇതിന് മോദിയുടെ ഒത്താശയുണ്ടെന്നും സൂചനയുണ്ട്. രണ്ടു ദിവസം മൗനം പാലിച്ച ജെയ്റ്റ്ലി ചൊവ്വാഴ്ചയാണ് സുഷമയെ പിന്തുണച്ച് രംഗത്തുവന്നത്.  
അദ്വാനിപക്ഷത്തെ ദുര്‍ബലമാക്കുകയാണ് ജെയ്റ്റ്ലിയുടെ ലക്ഷ്യം. നേരത്തേ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍െറ മകനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കോഴ ആരോപണവും ഇത്തരത്തിലുള്ളതായിരുന്നു. അന്ന് ആര്‍.എസ്.എസ് ഇടപെട്ട് പ്രധാനമന്ത്രിയെക്കൊണ്ട് നിഷേധക്കുറിപ്പ് ഇറക്കിയാണ് രാജ്നാഥ് സിങ്ങിനെ തുണച്ചത്.
സുഷമയുടെ കാര്യത്തിലും ആര്‍.എസ്.എസ് ഇടപെട്ടാണ് രാജി വിലക്കിയത്. ആര്‍.എസ്.എസിന്‍െറ പിന്തുണ ഉറപ്പാക്കുന്നതിന്  രാജ്നാഥ് സിങ് സുഷമയെ സഹായിക്കുകയും ചെയ്തു. ചുരുക്കത്തില്‍, മോദിതരംഗത്തില്‍ അടങ്ങിപ്പോയ ബി.ജെ.പിയിലെ ഗ്രൂപ് വൈരം വീണ്ടും ഉണരുകയാണ്.
 

സുഷമക്കൊപ്പം വസുന്ധരയും വിവാദത്തില്‍

Posted: 16 Jun 2015 11:28 AM PDT

Image: 
Subtitle: 
വിസക്ക് വസുന്ധര രാജെയും സഹായിച്ചു, ലണ്ടനില്‍ സുഷമ ലളിത് മോദിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് വിവരം

ന്യൂഡല്‍ഹി: ഐ.പി.എല്‍ അഴിമതിക്കേസിലെ പ്രതി ലളിത് മോദിക്ക് വിസ ലഭിക്കാന്‍ അനധികൃതമായി ഇടപെട്ടതായി ആരോപണമുയര്‍ന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സുഷമ സ്വരാജ് ലണ്ടനില്‍ ലളിത് മോദിയുമായി കൂടിക്കാഴ്ച നടത്തിയതായി അറിവായി. സുഷമ മന്ത്രിസ്ഥാനം രാജിവെക്കാനൊരുങ്ങിയെന്നും ആര്‍.എസ്.എസ് ഇടപെട്ട് വിലക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.

ലളിത് മോദിക്കുവേണ്ടി സുഷമ കത്തെഴുതിയത് താന്‍ അറിഞ്ഞില്ളെന്ന് അന്നത്തെ വിദേശകാര്യ സെക്രട്ടറി സുജാത സിങ് വെളിപ്പെടുത്തുകകൂടി ചെയ്തത് പ്രശ്നം സങ്കീര്‍ണമാക്കി. അതേസമയം, ലളിത് മോദിക്കെതിരെ  ‘റെഡ് കോര്‍ണര്‍’ നോട്ടീസ് അയക്കാനുള്ള ഒരുക്കത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്.

2014 ഒക്ടോബറില്‍ ലണ്ടനില്‍ നടന്ന മേഖലാ പ്രവാസി സമ്മേളനത്തില്‍ പങ്കെടുക്കാനത്തെിയപ്പോഴാണ് മന്ത്രി സുഷമയയും ലളിത് മോദിയും കണ്ടത്. കോടികളുടെ ഐ.പി.എല്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അന്വേഷിക്കുന്ന പ്രതിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് സുഷമ പ്രതികരിച്ചിട്ടില്ല.    

അതിനിടെ, ലളിത് മോദിക്ക് വിസ ലഭിക്കാന്‍ ബി.ജെ.പി നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയും സഹായിച്ചതായി റിപ്പോര്‍ട്ട്. ലളിത് മോദി വിസ ചോദിച്ച് നല്‍കിയ അപേക്ഷ അനുവദിക്കാവുന്നതാണെന്ന് വസുന്ധര സാക്ഷ്യപ്പെടുത്തുന്ന രേഖ പുറത്തുവന്നു. 2011 ആഗസ്റ്റ് 18ന് തയാറാക്കിയ രേഖ ലളിത് മോദിയുടെ പി.ആര്‍ ഏജന്‍സിയാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഇന്ത്യന്‍ അധികാരികള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തരുതെന്നും രഹസ്യമായിരിക്കണമെന്നും  വസുന്ധര കത്തില്‍ പറയുന്നുണ്ട്. എന്നാല്‍, കത്തില്‍ വസുന്ധരയുടെ ഒപ്പില്ല. രാജസ്ഥാനില്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോഴാണ് വസുന്ധര കത്തെഴുതിയത്. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായിരുന്ന ലളിത് മോദി, വസുന്ധരയുമായി അടുപ്പമുള്ളയാളാണ്.

വിവാദം മാധ്യമങ്ങളില്‍ വരുന്നതിനുമുമ്പാണ് സുഷമ മന്ത്രിസ്ഥാനം രാജിവെക്കാനൊരുങ്ങിയത്. ലളിത് മോദിക്കുവേണ്ടി ബ്രിട്ടീഷ് അധികാരികളോട് സുഷമ നടത്തിയ ശിപാര്‍ശയുടെ വിവരം ലഭിച്ച ചാനല്‍ പ്രതികരണം തേടി സുഷമക്ക് ഇ-മെയില്‍ അയച്ചിരുന്നു. അപകടം മണത്ത സുഷമ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുകയും രാജിസന്നദ്ധത അറിയിക്കുകയും ചെയ്തുവെന്നാണ് വിവരം. തൊട്ടുപിന്നാലെ, പ്രധാനമന്ത്രി മുതിര്‍ന്ന ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളുടെ യോഗം വിളിച്ചു. സുഷമ രാജിവെക്കേണ്ടതില്ളെന്നും ആരോപണം നേരിടാനുമായിരുന്നു തീരുമാനം. ഇതിന്‍െറ അടിസ്ഥാനത്തിലാണ് വാര്‍ത്ത പുറത്തുവന്നപ്പോള്‍ സുഷമയെ ന്യായീകരിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍, മന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ രംഗത്തുവന്നത്.   

വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെക്കുറിച്ച് തനിക്കറിയില്ളെന്ന മുന്‍ വിദേശകാര്യ സെക്രട്ടറി സുജാത സിങ്ങിന്‍െറ വെളിപ്പെടുത്തല്‍ സുഷമക്ക് മറ്റൊരു തിരിച്ചടിയായി.  2014 ജൂലൈയിലാണ് ലളിത് മോദിക്ക് വിസ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ളെന്ന് അറിയിച്ച് മന്ത്രി സുഷമ ബ്രിട്ടീഷ് ഹൈകമീഷണര്‍ക്ക് കത്ത് നല്‍കിയത്. അക്കാലത്ത് വിദേശകാര്യ സെക്രട്ടറിയായിരുന്നു സുജാത സിങ്. സുഷമ അയച്ച കത്തിനെക്കുറിച്ച് വിദേശകാര്യ സെക്രട്ടറി അറിയാതിരിക്കില്ല. സെക്രട്ടറിയെ അറിയിക്കാതെ കത്തെഴുതിയത് മന്ത്രിക്ക് വിഷയത്തില്‍ പ്രത്യേക താല്‍പര്യമുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് ബലം പകരുന്നതാണ്.

1700 കോടി രൂപയുടെ ഐ.പി.എല്‍ സാമ്പത്തികക്രമക്കേടുമായി ബന്ധപ്പെട്ട് ലളിത് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ പറഞ്ഞു. പ്രതിയെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിക്കുന്നതാണ് റെഡ് കോര്‍ണര്‍ നോട്ടീസ്. 

അര്‍ജുന്‍െറ വിജയത്തിന് ഇരട്ടി മധുരം

Posted: 16 Jun 2015 11:12 AM PDT

Image: 

തിരുവനന്തപുരം: പ്രതീക്ഷിക്കാതെയത്തെിയ രണ്ടു റാങ്കുകളുടെ വിജയത്തിളക്കത്തിലാണ്  കവടിയാര്‍ ജവഹര്‍ നഗര്‍ -7എയില്‍ താമസക്കാരനായ അര്‍ജുന്‍. സി.ബി.എസ്.സി പന്ത്രണ്ടാം ക്ളാസ് പരീക്ഷയില്‍ ദേശീയതലത്തില്‍ രണ്ടാം റാങ്ക് നേടിയ അര്‍ജുന് കേരള എന്‍ജിനീയറിങ് പ്രവേശ പരീക്ഷയിലെ ഒന്നാം റാങ്ക് സമ്മാനിച്ചത് ഇരട്ടി മധുരം.
പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍നിന്ന് പന്ത്രണ്ടാം ക്ളാസ് പരീക്ഷയെഴുതിയ അര്‍ജുന്‍ മികച്ച എന്‍ജിനീയറാവണമെന്ന ദൃഢനിശ്ചയത്തോടെ തന്നെയാണ് പഠിച്ചതും പരീക്ഷയെഴുതിയതും. 578.4276 ആണ് എന്‍ട്രന്‍സ് പരീക്ഷയിലെ സ്കോര്‍. 495 മാര്‍ക്ക് നേടിയായിരുന്നു സി.ബി.എസ്.സി പരീക്ഷയില്‍ ദേശീയതലത്തില്‍ രണ്ടാമതത്തെിയത്. സയന്‍സ് വിഭാഗത്തില്‍ ദേശീയതലത്തിലെ ഒന്നാം റാങ്കും അര്‍ജുനായിരുന്നു.  എന്‍ട്രന്‍സ് പരീക്ഷക്ക് 960ല്‍ 911 മാര്‍ക്ക് ലഭിച്ചിരുന്നു. സി.ബി.എസ്.സി ബോര്‍ഡ് പരീക്ഷയിലെ ഉന്നത വിജയം കൂടിയായപ്പോള്‍ ആദ്യ അഞ്ചു റാങ്കുകളിലൊന്ന് പ്രതീക്ഷിച്ചിരുന്നെന്ന് അര്‍ജുന്‍ ‘മാധ്യമ’ ത്തോട് പറഞ്ഞു.
കമ്പ്യൂട്ടര്‍ സയന്‍സിലും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങിലുമാണ് താല്‍പര്യം. സംസ്ഥാന എന്‍ട്രന്‍സിന് ഒന്നാം റാങ്ക് ലഭിച്ചെങ്കിലും കേരളത്തില്‍ ബി.ടെക്കിന് ചേരാന്‍ പദ്ധതിയില്ല. ലക്ഷ്യം ഐ.ഐ.ടിയാണ്. ഇതിനുള്ള ജോയന്‍റ് എന്‍ട്രന്‍സ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്. സ്വപ്നം ഐ.ഐ.ടി ആണെങ്കിലും അത് ലഭിച്ചില്ളെങ്കില്‍ എന്‍.ഐ.ടി പോലുള്ള ദേശീയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പഠിക്കാനാണ് തീരുമാനം. നേവി മുന്‍ കമാന്‍ഡര്‍ ബാല്‍ ഗോവിന്ദ് കുഞ്ഞിരാമന്‍െറയും സിവില്‍ എന്‍ജിനീയറായ സുജാതയുടെയും മകനാണ്. എട്ടാം ക്ളാസുവരെ വിവിധ നേവി സ്കൂളുകളിലായിരുന്നു പഠനം. ഒമ്പതാം ക്ളാസില്‍ മുംബൈയിലെ കേന്ദ്രീയ വിദ്യാലയത്തിലത്തെി. അവിടെ പത്താം ക്ളാസ് പൂര്‍ത്തിയാക്കിയ ശേഷമാണ് പട്ടം കേന്ദ്രീയ വിദ്യാലയത്തിലത്തെുന്നത്. ചെന്നൈ എസ്.ആര്‍.എം യൂനിവേഴ്സിറ്റിയില്‍ നിന്നും ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് പൂര്‍ത്തീകരിച്ച ഗൗതം ബാല്‍ ഗോവിന്ദാണ് ഏക സഹോദരന്‍.

മുര്‍സിയുടെ വധശിക്ഷ ശരിവെച്ചു

Posted: 16 Jun 2015 11:10 AM PDT

Image: 
Subtitle: 
ചാരക്കേസില്‍ മുഹമ്മദ് മുര്‍സിക്ക് 25 വര്‍ഷം തടവ്

കൈറോ: മുന്‍ പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയുടെ വധശിക്ഷ ഈജിപ്ഷ്യന്‍ കോടതി ശരിവെച്ചു. 2011ലെ പ്രക്ഷോഭത്തിനിടെ ജയില്‍ഭേദനത്തിന് ഗൂഢാലോചന നടത്തുകയും പൊലീസിനു നേരെ ആക്രമണം നടത്തുകയും ചെയ്തെന്ന കേസിലാണ് മുര്‍സിക്കു പുറമെ മുസ്ലിം ബ്രദര്‍ഹുഡ് പരമോന്നത നേതാവ് മുഹമ്മദ് ബദീഅ്, മുതിര്‍ന്ന നേതാക്കളായ സഅദ് അല്‍ഖതാതനി, റശാദ് ബായൂമി, ഇസാം അല്‍ഇര്‍യാന്‍ തുടങ്ങി 99 പേര്‍ക്കെതിരായ ശിക്ഷ ശരിവെച്ചത്.

ആഗോള മുസ്ലിം പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവി ഉള്‍പ്പെടെ 93 പേര്‍ക്ക് അവരുടെ അസാന്നിധ്യത്തിലാണ് ശിക്ഷ വിധിച്ചത്. ഗ്രാന്‍ഡ് മുഫ്തിയുടെ അനുമതിയോടെയാണ് നടപടി. അപ്പീല്‍ കോടതിയെ സമീപിക്കാമെന്നും വിധിയില്‍ പറയുന്നു. ഹമാസിനും ഹിസ്ബുല്ലക്കും ഇറാനും വിവരങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ ഇതേ കോടതി രാവിലെ മുര്‍സിക്ക് ജീവപര്യന്തം തടവ് വിധിച്ചിരുന്നു.

മുസ് ലിം ബ്രദര്‍ഹുഡിന്‍െറ ജനറല്‍ ഗൈഡായ മുഹമ്മദ് ബദീഅിനും ചാരക്കേസില്‍ 25 വര്‍ഷം തടവ് വിധിച്ചിട്ടുണ്ട്. ബദീഅിനും മുര്‍സിക്കും അടക്കം 17 പേര്‍ക്കാണ് ഇന്ന് കോടതി ശിക്ഷ വിധിച്ചത്. അതേസമയം, ചാരകേസില്‍ ബ്രദര്‍ഹുഡ് നേതാവ് ഖൈറാത് അല്‍ ശാത്വിര്‍ ഉള്‍പ്പടെ മറ്റ് മൂന്ന് പേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.

ഈജിപ്തില്‍ മുസ് ലിം ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് നിരോധിച്ചിരിക്കുകയാണ്. 2012ല്‍ പ്രസിഡന്‍റിന്‍െറ കൊട്ടാരത്തിന് പുറത്ത് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതിന് ഏപ്രിലില്‍ മുര്‍സിയെയും 12 പേരെയും 20 വര്‍ഷം തടവിന് വിധിച്ചിരുന്നു.

നിയമം കൈയിലെടുത്ത് കോടതികള്‍; ഈജിപ്ത് ഭീതിയില്‍

Posted: 16 Jun 2015 11:02 AM PDT

Image: 

കൈറോ: കൂട്ട വധശിക്ഷ വിധിച്ച് പ്രതിഷേധം ഇല്ലാതാക്കുന്ന ജനാധിപത്യവുമായി ഈജിപ്ത് വീണ്ടും ലോകത്തെ ഞെട്ടിക്കുന്നു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുന്‍ പ്രസിഡന്‍റ് മുഹമ്മദ് മുര്‍സി, ആഗോള മുസ്ലിം പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവി, ബ്രദര്‍ഹുഡ് ആത്മീയാചാര്യന്‍ മുഹമ്മദ് ബദീഅ് ഉള്‍പ്പെടെ 99 പേര്‍ക്ക് വധശിക്ഷ ശരിവെച്ച ഈജിപ്ത് കോടതി തൊട്ടുമുമ്പ് മറ്റൊരു കേസില്‍ മൂന്നുപേര്‍ക്ക് വധശിക്ഷയും മുര്‍സി ഉള്‍പ്പെടെ നേതാക്കള്‍ക്ക് ജീവപര്യന്തവും വിധിച്ചിരുന്നു.

ലോക ചരിത്രത്തില്‍ തുടര്‍ച്ചയായി കൂട്ട വധശിക്ഷ വിധിക്കുന്ന നടപടി കേട്ടുകേള്‍വിയില്ലാത്തതാണെന്ന് യു.എന്‍ ഈയിടെ അഭിപ്രായപ്പെട്ടിരുന്നു. നൂറുകണക്കിന് പേരാണ് ഇതുവരെ രാജ്യത്ത് പരമമായ ശിക്ഷക്ക് വിധിക്കപ്പെട്ടത്. അപ്പീല്‍ കോടതികളും ശിക്ഷ ശരിവെച്ച് നിരവധി പേര്‍ ശിക്ഷ കാത്തുകഴിയുന്നുണ്ട്. ബാലിശമായ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് തങ്ങളുടെ വാദം ഉന്നയിക്കാന്‍ പോലും അവസരം ലഭിക്കുന്നില്ളെന്ന് ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി വക്താവ് നാദിര്‍ ഉമാന്‍ കുറ്റപ്പെടുത്തുന്നു.

വാദി നത്റൂന്‍ ജയില്‍ഭേദന കേസിലാണ് ഏറ്റവുമൊടുവില്‍ മുര്‍സിയും മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കളും ശിക്ഷ വിധിക്കപ്പെടുന്നത്. ഗസ്സയില്‍നിന്ന് നുഴഞ്ഞുകയറിയ 800ഓളം പേര്‍ റോക്കറ്റ്വേധ ഗ്രനേഡുകളുമായി ജയിലുകള്‍ കൈയേറി ബ്രദര്‍ഹുഡ്, ഹമാസ് അനുയായികളെയും കുറ്റവാളികളെയും മോചിപ്പിക്കാന്‍ മുര്‍സി ഗൂഢാലോചന നടത്തിയെന്നാണ് കേസ്. 130 പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരുന്നത്. ഇവരില്‍ 99 പേര്‍ക്ക് വധശിക്ഷ വിധിച്ചാണ് കോടതി ‘മിടുക്ക്’ കാട്ടിയത്. എല്ലാവരുടെയും ശിക്ഷ ശരിവെച്ച് അപ്പീല്‍ കോടതിയും സര്‍ക്കാര്‍ ദൗത്യം പൂര്‍ണമാക്കുകയായിരുന്നു.

ആണവായുധ ശേഖരം വര്‍ധിപ്പിക്കുമെന്ന് റഷ്യ

Posted: 16 Jun 2015 10:58 AM PDT

Image: 
Subtitle: 
40 പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ കൂടി നിര്‍മിക്കും

മോസ്കോ: പടിഞ്ഞാറന്‍ രാജ്യങ്ങളുമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തില്‍ പുതിയ വഴിത്തിരിവായി ഈ വര്‍ഷം 40 പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍കൂടി ചേര്‍ത്ത് ആണവായുധ ശേഖരണശേഷി വര്‍ധിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍. അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ലോകത്തെവിടെയും ആക്രമിക്കാന്‍ ശേഷിയുള്ള ആണവായുധങ്ങളാണ് ഇവയുടെ സവിശേഷതയെന്ന് മോസ്കോയില്‍ ആയുധ പ്രദര്‍ശനത്തിന് തുടക്കമിട്ട് സംസാരിക്കെ അദ്ദേഹം പറഞ്ഞു.

പാശ്ചാത്യ രാജ്യങ്ങളില്‍നിന്ന് ഉണ്ടായേക്കാവുന്ന ആക്രമണങ്ങളെ കുറിച്ച് അതിവേഗം മുന്നറിയിപ്പ് നല്‍കാനാവുന്ന പുതിയ ദീര്‍ഘദൂര റഡാറുകളുടെ പരീക്ഷണം സൈന്യം പൂര്‍ത്തിയാക്കിവരികയാണെന്നും പുടിന്‍ പറഞ്ഞു. റഷ്യന്‍ അതിര്‍ത്തിയിലുള്ള രാഷ്ട്രങ്ങള്‍ ആയുധ താവളമാക്കുമെന്ന അമേരിക്കന്‍ പ്രഖ്യാപനത്തെ കഴിഞ്ഞ ദിവസം റഷ്യ ശക്തമായി അപലപിച്ചിരുന്നു. ബാള്‍ട്ടിക് രാജ്യങ്ങള്‍ക്കു പുറമെ പോളണ്ട്, റുമേനിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലും അതിപ്രഹരശേഷിയുളള ആയുധങ്ങള്‍ വിന്യസിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് അമേരിക്ക അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ക്രീമിയ യുക്രെയ്നോട് കൂട്ടിച്ചേര്‍ക്കുകയും കിഴക്കന്‍ യുക്രെയ്നില്‍ റഷ്യന്‍ അനുകൂല വിമതര്‍ മുന്നേറ്റം നടത്തുകയും ചെയ്തതോടെ റഷ്യയും പാശ്ചാത്യ ശക്തികളും തമ്മില്‍ പോര്‍മുഖത്താണ്. പഴയ ആണവ മിസൈലുകള്‍ക്കു പകരം നിര്‍മിച്ചവയാണ് പുതിയതെന്നും ഏതുതരം മിസൈല്‍ പ്രതിരോധ സംവിധാനത്തെയും ഇവക്ക് മറികടക്കാനാവുമെന്നും സൂചനയുണ്ട്. കിഴക്കന്‍ യൂറോപ്പില്‍ അമേരിക്ക സൈന്യത്തെ വിന്യസിച്ചാല്‍ നോക്കിനില്‍ക്കില്ളെന്ന ഭീഷണിക്കിടെയാണ് റഷ്യയുടെ പുതിയ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP