സ്വാഗതം
WELCOME

News Update..

Thursday, October 1, 2015

ബംഗളുരു സ്ഫോടനകേസ്: ഒന്നിച്ച് വിചാരണ നടത്തിക്കൂടെയെന്ന് സുപ്രീംകോടതി Madhyamam News Feeds

ബംഗളുരു സ്ഫോടനകേസ്: ഒന്നിച്ച് വിചാരണ നടത്തിക്കൂടെയെന്ന് സുപ്രീംകോടതി Madhyamam News Feeds

Link to a feed

ബംഗളുരു സ്ഫോടനകേസ്: ഒന്നിച്ച് വിചാരണ നടത്തിക്കൂടെയെന്ന് സുപ്രീംകോടതി

Posted: 01 Oct 2015 12:12 AM PDT

Image: 

ന്യൂഡല്‍ഹി: ബംഗളുരു സ്ഫോടനക്കേസുകളില്‍ പ്രതികളും സാക്ഷികളും ഒന്നാണെങ്കില്‍ എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടത്തിക്കൂടേയെന്ന് സുപ്രീംകോടതി. ഒറ്റ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് കേസില്‍ പ്രതിയാക്കപ്പെട്ട പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനി സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി കര്‍ണാടക സര്‍ക്കാറിന്‍െറ വിശദീകരണം തേടിയത്. ഇക്കാര്യത്തില്‍ കര്‍ണാകട  ഒരാഴ്ചക്കകം മറുപടി നല്‍കണമെന്നും വിചാരണ എപ്പോള്‍ പൂര്‍ത്തിയാക്കാമെന്ന് അറിയക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഒമ്പത് കേസുകളില്‍ പ്രത്യേകം പ്രത്യേകം വിചാരണ നടത്തിയാല്‍ കാലതാമസം നേരിടുമെന്ന് മഅ്ദനിക്കായി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.

ബംഗളുരുവില്‍ നടന്ന വ്യത്യസ്ത സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഒന്‍പതു കേസുകളാണ് വെവ്വേറെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിലെ സാക്ഷികളും തെളിവുകളുമെല്ലാം ഒന്നുതന്നെയാണ്. ഈ സാഹചര്യത്തില്‍ ഒന്‍പതു കേസുകളും ഒന്നിച്ചാക്കി വിചാരണ നടത്തിയില്ളെങ്കില്‍ നടപടികക്രമങ്ങളില്‍ അനാവശ്യമായ കാലതാമസമുണ്ടാകുമെന്ന് അഡ്വ. ഹാരിസ് ബീരാന്‍ മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മഅ്ദനി ചൂണ്ടിക്കാട്ടിയിരുന്നു. ഒന്‍പതു കേസുകളിലായി 91 സാക്ഷികളെയാണ് ഇനി വിസ്തരിക്കാന്‍ ബാക്കിയുള്ളത്. ഇവരെ ഓരോരുത്തരെയും ഓരോ കേസിലും വെവ്വേറെ വിസ്തരിക്കുമ്പോള്‍ ആകെ 819 വിസ്താരങ്ങള്‍ ആവശ്യമായി വരും. വിചാരണ നടപടികള്‍ എത്രനാള്‍ കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാറും വിചാരണ കോടതിയും വ്യക്തമാക്കണമെന്ന ആവശ്യവും സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിരുന്നു. വിചാരണ നടപടി കൂടുതല്‍ നീണ്ടുപോയാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നും ഹരജയില്‍ ആവശ്യപ്പെട്ടിരുന്നു. ചികിത്സ ബംഗളുരുവില്‍ തന്നെ വേണമെന്ന നിബന്ധനയില്‍ ഇളവു നല്‍കണമെന്നാണ്  ആവശ്യപ്പെട്ടിരുന്നത്്.

ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നതായി ചെന്നിത്തല

Posted: 30 Sep 2015 11:41 PM PDT

Image: 

തിരുവനന്തപുരം: ഹര്‍ത്താലുകള്‍ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടു വരാന്‍ ആലോചിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തന്‍െറ ഫേസ്ബുക്ക് പേജിലൂടെയാണു ആഭ്യന്തരമന്ത്രി പുതിയ ആശയം മുന്നോട്ട് വെച്ചത്. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടേയും രാഷ്ട്രീയ^സാമൂഹിക^ സാംസ്കാരിക രംഗത്തു പ്രവര്‍ത്തിക്കുന്നവരുടേയും അഭിപ്രായം അറിയാന്‍ ആഗ്രഹിക്കുന്നുവെന്നും ചെന്നിത്തല പോസ്റ്റില്‍ വ്യക്തമാക്കി.

പുതിയ ബില്‍ നിയമമാവുന്നതോടെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് മാധ്യമങ്ങള്‍വഴി ഈ വിവരം ജനങ്ങളെ അറിയിച്ചിരിക്കണം, അക്രമ സാധ്യതയുണ്ടാകുമെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടാല്‍ ഹര്‍ത്താല്‍ തടയാനുള്ള വ്യവസ്ഥയും നിയമത്തില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്‍െറ പൂര്‍ണരൂപം

ഹര്‍ത്താലുകള്‍ ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ട് വരുന്നതിനെ കുറിച്ച് ആലോചിക്കുന്നു. ഇതിന് മുന്നോടിയായി പൊതുജനങ്ങളുടെയും രാഷ്ട്രീയ^സാമൂഹിക^സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും അഭിപ്രായം അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഹര്‍ത്താല്‍ മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നിരവധി പരാതികളും നിവേദനങ്ങളും സര്‍ക്കാരിന് ലഭിച്ചിരുന്നു. മാത്രമല്ല ഹര്‍ത്താല്‍ നിയന്ത്രിക്കേണ്ടതിന്‍്റെ ആവശ്യകതയെക്കുറിച്ച് ഹൈക്കോടതിയും അഭിപ്രായപ്പെട്ടിരുന്നു ഈ പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍ നിയന്ത്രണ ആക്റ്റ് എന്ന പേരിലുള്ള ബില്‍ തയ്യാറാക്കിയിരിക്കുന്നത്. ഹര്‍ത്താല്‍ നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുക എന്നതാണ് ബില്‍ കൊണ്ടുദ്ദേശിക്കുന്നത്.

പുതിയ ബില്‍ നിയമമാകുന്നതോടെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് മാധ്യമങ്ങള്‍ വഴി അറിയിച്ചിരിക്കണം. എന്നാല്‍ അക്രമ സാധ്യതയുണ്ടാകുമെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടാല്‍ ഹര്‍ത്താല്‍ തടയാനുള്ള വ്യവസ്ഥയും ഇതിലുള്‍പ്പെടുന്നു.  ബലം പ്രയോഗിച്ച് സ്ഥാപനങ്ങള്‍ അടക്കുന്നതും, പൗരന്‍മാരെ ഭീഷണിപ്പെടുത്തുന്നതും ഈ ആക്റ്റ് പ്രകാരം കുറ്റകരമായിരിക്കും. ഇതിന് ആറ് മാസം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ കുറ്റം തെളിയക്കപ്പെട്ടാല്‍ പ്രതികളായവര്‍ അനുഭവിക്കേണ്ടി വരും. അതോടൊപ്പം ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൗരന്‍മാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യമുള്‍പ്പെടെ ലഭ്യമാക്കുന്നതിന്‍്റെ ഉത്തരവാദിത്വവും പൊലീസില്‍ നിക്ഷിപ്തമായിരിക്കും, ഇതില്‍ വീഴ്ചവരുത്തിയാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇതുള്‍പ്പെടെ സുപ്രധാന നിര്‍ദേശങ്ങളടങ്ങിയതാണ് കരട് ബില്‍.

 

ഹര്‍ത്താലുകള്‍ ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ട് വരുന്നതിനെ കുറ...

Posted by Ramesh Chennithala on Wednesday, 30 September 2015

 

‘തല നരക്കുന്നതല്ലെന്‍െറ വാര്‍ധക്യം, തല നരക്കാത്തതല്ലെന്‍െറ യൗവനം’

Posted: 30 Sep 2015 11:23 PM PDT

Image: 
Subtitle: 
ഇന്ന് വയോജന ദിനം^ വിജയചരിത്രം രചിക്കാന്‍ പടയൊരുക്കി എം.ജി.എസ്

കോഴിക്കോട്: ചരിത്രകാരന്‍ എന്ന നിലയില്‍ ലോകമറിയുന്ന, മുറ്റയില്‍ ഗോവിന്ദമേനോന്‍ ശങ്കരനാരായണന്‍ എന്ന എം.ജി.എസ്. നാരായണന്‍ സമരയൗവനത്തിലാണ്.കോഴിക്കോട്ടെ തെരുവോരങ്ങളില്‍ എം.ജി.എസ്  മുഷ്ടി ഉയര്‍ത്തി മുദ്രാവാക്യം വിളിക്കുന്ന ചിത്രങ്ങള്‍ കാണാം. ഒരേസമയം ഉദ്യോഗസ്ഥ മേധാവിത്വത്തോടും രാഷ്ട്രീയക്കാരോടും ഏറ്റുമുട്ടുന്ന സമരമാണിത്. ഒരു റോഡിനുവേണ്ടി മുഖ്യമന്ത്രിയെ 12 തവണ കണ്ട് നിവേദനം നല്‍കി. പല തവണ മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ച് എം.ജി.എസ് മുന്നോട്ടുവെച്ച റോഡ് വിഷയം ചര്‍ച്ച ചെയ്തു. നാട്ടുകാരെയും മാധ്യമങ്ങളെയും കൂടെ നിര്‍ത്തി സമരമുഖത്ത് ജ്വലിച്ചു നില്‍ക്കുകയാണ് ഈ 83കാരന്‍.
നാടിന്‍െറ ചരിത്രം ചികഞ്ഞുനടന്ന ഈ മനുഷ്യന്‍ ഇന്ന് പടക്കളത്തിലാണ്. 83ന്‍െറ നിറവിലും 18ന്‍െറ ചുറുചുറുക്കോടെ സമരമുഖത്ത് മുന്നണിപ്പോരാളിയായി പടയോട്ടം നടത്തുകയാണ്, ദക്ഷിണേന്ത്യയില്‍ നിന്ന് ലോകത്തോളം വളര്‍ന്ന ചരിത്രകാരന്‍. ഓരോ നിമിഷവും തിരക്കിലലിഞ്ഞ പുതിയ കര്‍മമണ്ഡലവും ആസ്വദിച്ച് ജീവിക്കുകയാണ്, ഇന്ത്യയിലും വിദേശത്തും വിവിധ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുകയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച് അടക്കമുള്ള സംഘടനകളുടെ ഉന്നത സ്ഥാനങ്ങളിലിരിക്കുകയും ചെയ്തയാള്‍. 1992ല്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍നിന്ന് സോഷ്യല്‍ സയന്‍സ് ആന്‍ഡ് ഹ്യുമാനിറ്റീസിന്‍െറ ഫാക്കല്‍റ്റി ഡീനായി വിരമിച്ചശേഷം കോഴിക്കോട് മലാപ്പറമ്പില്‍ സ്ഥിരതാമസമാക്കിയ എം.ജി.എസ് മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനാണിപ്പോള്‍.
മൂന്നു വര്‍ഷമായി ഇദ്ദേഹം  വികസന പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്നു. മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് വികസനം, 52കോടിയുടെ വികസനം വാഗ്ദാനം ചെയ്ത് ഒന്നാം പരിഗണന നല്‍കിയ പദ്ധതിയായിരുന്നു. പിന്നീട് മൂന്നാമതായും ആറാമതായും ഒടുവില്‍ പരിഗണനയില്‍ പോലുമില്ലാതായതും അറിഞ്ഞ നാട്ടുകാരും റെസിഡന്‍റ്സ് അസോസിയേഷനും ചേര്‍ന്ന് റോഡ് വികസനത്തിനായി ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചപ്പോള്‍ അതിന്‍െറ ചെയര്‍മാനായത് എം.ജി.എസ്. ഇതിനുശേഷം റോഡ് വികസനത്തിനായി നിരന്തരം മീറ്റിങ്ങുകളും സമരങ്ങളും നയിക്കാനും മുഖ്യമന്ത്രി മുതലുള്ള മന്ത്രിമാരെ കണ്ട് ആവശ്യങ്ങളുന്നയിക്കാനും വികസനത്തിന് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെ പടവാളെടുക്കാനും എം.ജി.എസ് മുന്നിലുണ്ട്.
വികസനത്തിന് മുമ്പേ നടന്നയാളാണ് ഈ ചരിത്രകാരന്‍. 1994ല്‍ സംസ്ഥാനത്ത് കമ്പ്യൂട്ടര്‍ പ്രചാരത്തിലില്ലാത്തപ്പോള്‍ കോഴിക്കോട്ടേക്ക് കമ്പ്യൂട്ടര്‍ കൊണ്ടുവന്നു. ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനായി സംസ്ഥാനത്ത് കൊച്ചിയിലും പാലക്കാടും മാത്രമുള്ള ലോക്കല്‍ റൗട്ടര്‍ സംസ്ഥാന മന്ത്രിമാര്‍ വഴി കേന്ദ്രമന്ത്രിമാരെ കണ്ട് കോഴിക്കോട് ജില്ലയിലും സ്ഥാപിച്ചത് എം.ജി.എസാണ്.
നിരന്തര  സാധനയാണ് അദ്ദേഹത്തിന്‍െറ ജീവിതം. പുലര്‍ച്ചെ മൂന്നിന് എഴുന്നേറ്റ് വായനയും എഴുത്തും തുടങ്ങും. ആറരക്ക് പത്രങ്ങള്‍ വരുന്നതുവരെ അത് തുടരും. നാലുപത്രങ്ങള്‍ വായിക്കും. നാലു പത്രങ്ങള്‍ മറിച്ചുനോക്കും. കൗതുകമായി തോന്നിയ വാര്‍ത്തകളെല്ലാം വെട്ടിയെടുത്ത് സൂക്ഷിക്കും. പിന്നീട് ഉറക്കം. എട്ടരയാകുമ്പോള്‍ പ്രാതല്‍. ശേഷം തിരക്കുകളിലേക്ക്. സമരങ്ങള്‍, ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍, ഉദ്ഘാടനങ്ങള്‍, മീറ്റിങ്ങുകള്‍, സെമിനാറുകള്‍ ദിവസവും പരിപാടികള്‍. രാത്രി ഒമ്പതര മുതല്‍ എഴുത്തും വായനയും ഒരുമണി വരെ തുടരും. പിന്നീട് രണ്ടു മണിക്കൂര്‍ ഉറക്കം. രണ്ടു വര്‍ഷമായി ഊണ്‍ കഴിക്കാറില്ല. തടി കുറക്കാനാണ്. ചെമ്മീന്‍, മത്തി, നത്തെല്‍ ഒഴികെയുള്ള മത്സ്യങ്ങളും മാംസവും കഴിക്കാറില്ല. ജീവിതശൈലീരോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവയൊന്നുമില്ളെന്ന് എം.ജി.എസ് പറയുന്നു.

ചരിത്ര നേട്ടത്തില്‍ ക്രിസ്റ്റ്യാനോ

Posted: 30 Sep 2015 10:35 PM PDT

Image: 

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്‍െറ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചരിത്രനേട്ടത്തില്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് റൗണ്ടിലെ രണ്ടാം അങ്കത്തില്‍ സ്വീഡിഷ് ക്ളബ് മാല്‍മോക്കെതിരെ റോണോ ഇരട്ടഗോള്‍ നേടി. ഇതോടെ കരിയറില്‍ 500 ഗോള്‍ എന്ന ചരിത്രനേട്ടമാണ് റോണോയെ തേടിയെത്തിയത്. മത്സരത്തില്‍ റൊണാള്‍ഡോയുടെ മികവില്‍ റയല്‍ 2^0നു വിജയിച്ചു. 499 ഗോള്‍ എന്ന നേട്ടവുമായായി കളത്തിലിറങ്ങിയ റൊണാള്‍ഡോ 29, 90 മിനിറ്റുകളിലായിരുന്നു വല കുലുക്കിയത്.

500 ഗോളുകള്‍ എന്ന സ്വപ്ന നേട്ടത്തിലൂടെ പെലെ, ഫ്രാങ്ക് പുഷ്കാസ്, ഗെര്‍ഡ് മുള്ളര്‍, ആല്‍ഫ്രെഡോ ഡി സ്റ്റെഫാനോ എന്നീ ഇതിഹാസ താരങ്ങള്‍ക്കൊപ്പമാണ് ക്രിസ്റ്റ്യാനോ എത്തിച്ചേര്‍ന്നത്. ആദ്യ ക്ളബ്ബ് സ്പോര്‍ട്ടിങിനായി അഞ്ചു ഗോള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 118 ഗോളുകള്‍, പോര്‍ച്ചുഗലിനു വേണ്ടി 55, റയല്‍ മാഡ്രിഡിനായി 323 ഗോളുകള്‍, ഇങ്ങനെ പോകുന്നു റോണോയുടെ ഗോള്‍ സമ്പാദ്യം.

അതേസമയം, റയലിന്‍െറ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൗളിനൊപ്പമെ ത്തി. 741 മത്സരങ്ങളില്‍ നിന്ന് റൗള്‍ 323 ഗോളടിച്ചപ്പോള്‍, പോര്‍ചുഗീസ്താരം 308 മത്സരങ്ങളില്‍നിന്നാണ് 323 ഗോളിലെ ത്തിയത്. ഗ്രൂപ് റൗണ്ടിലെ ആദ്യമത്സരത്തില്‍ ഷാക്തര്‍ ഡൊണസ്ക്കിനെതിരെ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോക്ക് ശേഷിച്ച മൂന്നുമത്സരങ്ങളിലും ഗോള്‍വരള്‍ച്ചയായിരുന്നു. ലാ ലിഗയില്‍ റയല്‍ വിജയകുതിപ്പ് നടത്തിയപ്പോള്‍ ഗോള്‍വലകുലുക്കാന്‍ പോര്‍ചുഗല്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.

രണ്ടു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്‍റുമായി ഗ്രൂപ്പ് എയില്‍ റയല്‍ ഒന്നാം സ്ഥാനത്താണ്.
 

വിളപ്പില്‍ശാല: മധുരം വിളമ്പി, നൃത്തംവെച്ച് ഒരു ദേശത്തിന്‍െറ സന്തോഷപ്രകടനം

Posted: 30 Sep 2015 10:05 PM PDT

വിളപ്പില്‍ശാല: ഒരു ദേശത്തിന്‍െറ പോരാട്ടവീര്യത്തിനുമുന്നില്‍ ഭരണകൂടം പോലും ഒടുവില്‍ അടിയറവ് പറഞ്ഞു. ചവര്‍ ഫാക്ടറി അടച്ചുപൂട്ടാന്‍ ചെന്നൈ ഹരിത ട്രൈബ്യൂണല്‍ വിധിക്ക് പിന്നാലെ മധുരം വിളമ്പിയും വിജയാരവം മുഴക്കിയും വിളപ്പില്‍ശാല നിവാസികള്‍ ബുധനാഴ്ച ആഘോഷിച്ചു.
പ്രതീക്ഷയോടെ കാത്തിരുന്ന വിധി അനുകൂലമായതില്‍ മനം നിറഞ്ഞാണ് ജനം ഒത്തുകൂടിയത്. വരും തലമുറക്ക് നാടിനെ കാത്തുവെക്കാന്‍ ഊണും ഉറക്കവും വെടിഞ്ഞ് തെരുവില്‍ കഴിഞ്ഞിരുന്ന നാളുകള്‍ക്ക് ഒടുവില്‍ ശുഭപര്യവസാനമായി. വിജയാഘോഷത്തില്‍ പങ്കെടുത്തവരില്‍ പലരും പരസ്പരം പുണര്‍ന്നും തങ്ങളുടെ സന്തോഷം പങ്കുവെക്കുന്നുണ്ടായിരുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശോഭനകുമാരി, ജില്ലാ പഞ്ചായത്തംഗം എം.ആര്‍. ബൈജു, പഞ്ചായത്തംഗങ്ങളായ വള്ളിമംഗലം ചന്ദ്രന്‍, അസീസ്, ശോഭന എന്നിവര്‍ നടത്തിയ മരണം വരെ നിരാഹാരമെന്ന സമരമുറയാണ് വിളപ്പില്‍ശാല സമരത്തെ ദേശീയ ശ്രദ്ധയിലേക്കുയര്‍ത്തിയത്. സ്ത്രീകളും കുട്ടികളും വൃദ്ധരും തെരുവില്‍ ചെറുത്തുനില്‍പ് സമരവുമായി അണിനിരന്നതോടെ ജില്ലാ ഭരണകൂടത്തിനും പിന്നീട് സംസ്ഥാന സര്‍ക്കാറിനുപോലും അവര്‍ക്കുമുന്നില്‍ മുട്ടുമടക്കേണ്ടിവന്നതാണു വിളപ്പില്‍ശാലയിലെ ചരിത്രം.ബുധനാഴ്ച രാവിലെ 11ഓടെ ഹരിത കോടതി വിധി തങ്ങള്‍ക്ക് അനുകൂലമാണെന്നറിഞ്ഞതോടെ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളാണു വിളപ്പില്‍ശാല ക്ഷേത്രകവലയിലേക്ക് ഒഴുകിയത്. ലഡുവും പായസവും നല്‍കിയും പടക്കം പൊട്ടിച്ചും ജനം അങ്ങനെ ആവേശത്തിലായി. വൈകീട്ട് നാലോടെ സ്ഥലം എം.എല്‍.എ കൂടിയായ സ്പീക്കര്‍ എന്‍. ശക്തന്‍, ബി.ജെ.പി ജില്ലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, പേയാട് കാര്‍ത്തികേയന്‍ തുടങ്ങി നേതാക്കളുടെ ഒഴുക്കായിരുന്നു വിളപ്പില്‍ശാലയുടെ സമരഭൂമിയിലേക്ക്.
സംയുക്ത സമരസമിതി ചെയര്‍പേഴ്സണും പഞ്ചായത്ത് പ്രസിഡന്‍റുമായ സുനിതകുമാരി, ജനറല്‍ കണ്‍വീനര്‍ സി.എസ് അനില്‍, രക്ഷാധികാരി എം.പി ശ്രീധരന്‍, വിനോദ്രാജ്, വള്ളിമംഗലം ചന്ദ്രന്‍, പി. ബിജു, വന്ദന വിജയന്‍, ശെന്തില്‍കുമാര്‍, നേമം ബ്ളോക് പ്രസിഡന്‍റ് അഡ്വ. എം. മണികണ്ഠന്‍, കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് എ. ബാബുകുമാര്‍, സംയുക്ത സമരസമിതി ശിവ കൈലാസ് തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഈ വനിതാ പൊലീസ് സ്റ്റേഷനെ ഒന്നൂടെ സഹായിക്കണേ....

Posted: 30 Sep 2015 10:01 PM PDT

കൊല്ലം: ജില്ലയിലെ ആദ്യവനിതാ പൊലീസ് സ്റ്റേഷനെ ആഭ്യന്തര വകുപ്പ് ഒന്നുകൂടി സഹായിക്കണം. പട്രോളിങ്ങിന് പോകാനും മറ്റും ചോരാത്ത ഒരു വാഹനവും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും കൂടി നല്‍കിയാല്‍ സംസ്ഥാനത്തെ മികച്ച വനിതാ സ്റ്റേഷനായി മാറും കൊല്ലത്തേത്.
പുതിയ ജീപ്പ് അനുവദിച്ച് കിട്ടാത്തതിനാല്‍ പഴയതാണ് നല്‍കിയിരിക്കുന്നത്. അതാകട്ടെ ഇടക്ക് ചോര്‍ച്ചയുള്ളതും. ഒരു ഡ്രൈവറെയും കൂടി നല്‍കണം. നിലവില്‍ ഒരു ഡ്രൈവറുണ്ടെങ്കിലും ഷിഫ്റ്റ് മാറുമ്പോള്‍ ആളില്ലാത്ത അവസ്ഥയാണ്. ഒപ്പം മൂന്ന് എ.എസ്.ഐ മാരുള്‍പ്പെടെ 15 പൊലീസുകാരെയും കൂടി നല്‍കണം എന്നാല്‍ മാത്രമേ ജില്ലയിലെ സ്ത്രീകള്‍ക്കിടയില്‍ മാതൃകാപരമായി ഇടപെടാന്‍ ഈ സ്റ്റേഷന് കഴിയുകയുള്ളു. ഈസ്റ്റ് പൊലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള വനിതാ പൊലീസ് സ്റ്റേഷന്‍ മൂന്നു ദിവസംകൊണ്ടുതന്നെ ജില്ലയിലെ സ്ത്രീകളുടെ ആശ്രയകേന്ദ്രമായി മാറി. സ്ത്രീകളും കുട്ടികളും പരാതികളുമായി എത്തിത്തുടങ്ങി.
കേസുകള്‍ എടുത്ത് നടപടി എടുക്കുന്നതിന് പകരം, പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ഒത്തുതീര്‍പ്പിന്‍െറ പാതയിലത്തെിക്കുകയുമാണ് ആദ്യപടിയായി ചെയ്യുന്നത്. വനിതാ ഉദ്യോഗസ്ഥര്‍ മാത്രമുള്ള സ്റ്റേഷന്‍ ആയതിനാല്‍ ധൈര്യത്തോടെയാണ് സ്ത്രീകള്‍ കടന്നുവരുന്നത്. പരാതികളും പരിഭവങ്ങളും കാക്കിയെ പേടിക്കാതെ പറയുന്നുണ്ട് എല്ലാവരും. അമ്മ ഉപേക്ഷിച്ചുപോയ മകള്‍ വീണ്ടും അമ്മയുടെ അരികിലത്തെിക്കണമെന്ന പരാതിയുമായി ഒറ്റക്ക് വന്നതും, ആലപ്പുഴയില്‍നിന്ന് വീട് വിട്ടിറങ്ങിയ 15 കാരിയെ കൊല്ലത്തെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്ന് കണ്ടത്തെി തിരികെ രക്ഷാകര്‍ത്താക്കളുടെ അരികിലത്തെിച്ചതും വനിതാസ്റ്റേഷന്‍െറ ആദ്യദിവസങ്ങളിലെ മികവുതന്നെയാണ്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ എഫ്.ഐ.ആര്‍ തയാറാക്കി അന്വേഷണം നടത്തുന്ന ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ ഏഴാമത്തേതുമായ വനിതാ പൊലീസ് സ്റ്റേഷനാണ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യ്തത്.
സിറ്റി പൊലീസ് കമീഷണറുടെ പരിധിയിലാണ് സ്റ്റേഷനെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ പരാതി നല്‍കാനത്തെുന്നുണ്ട്. ചിലത് അതത് സ്റ്റേഷനുകളിലേക്ക് റഫര്‍ ചെയ്യാറുമുണ്ട്. എസ്.ഐ എസ്. അനിതയാണ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍, സീനിയര്‍ സിവില്‍ ഓഫീസര്‍, സിവില്‍ ഓഫിസര്‍, റൈറ്റര്‍, പാറാവ് എന്നിവരല്ളൊം വനിതാ ജീവനക്കാരാണ്. ലോക്കപ്പ്, വിശ്രമ മുറി,സ്റ്റോര്‍ റൂം എന്നിവയടക്കമുള്ള ആധുനിക സൗകര്യങ്ങള്‍ ഉള്ളതാണ് പുതിയ വനിതാ പൊലീസ് സ്റ്റേഷന്‍.
ഹെല്‍മറ്റ് ഉള്‍പ്പടെയുള്ള വാഹന പരിശോധന,പൂവാലന്മാര്‍ക്കും,സാമൂഹികവിരുദ്ധര്‍ക്കുമെതിരെ കര്‍ശന നടപടികളുമായി വനിതാ പൊലീസ് സംഘം രംഗത്തിറങ്ങിയിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ 30ഓളം പരാതികളാണ് ഇവടെ ലഭിച്ചത്.

പ്രതിപക്ഷ പ്രതിഷേധം; അജണ്ട പാസാക്കിയത് അഞ്ച് മിനിറ്റില്‍

Posted: 30 Sep 2015 09:58 PM PDT

ഗുരുവായൂര്‍: രാജീവ്ഗാന്ധി പ്രസംഗിച്ച വേദിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ലഭിച്ച കത്ത് അജണ്ടക്ക് മുമ്പായി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് കൗണ്‍സിലില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധം. രാജീവ്ഗാന്ധിയുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ചാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ എത്തിയത്. പ്രതിപക്ഷത്തു നിന്നും കെ.പി.എ. റഷീദാണ് കത്ത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. കത്ത് ലഭിച്ചിട്ടുണ്ടെന്നും അന്ന് തന്നെ മറുപടി നല്‍കിയെന്നും ചെയര്‍മാന്‍ പി.എസ്. ജയന്‍ പറഞ്ഞു. വിഷയം അജണ്ടക്ക് ശേഷം ചര്‍ച്ച ചെയ്യാമെന്നും അറിയിച്ചു. അജണ്ട വായിക്കാനാരംഭിച്ചതോടെ കെ.പി. ഉദയന്‍, ഒ.കെ.ആര്‍. മണികണ്ഠന്‍, മേരി ലോറന്‍സ് എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം തുടങ്ങി. അജണ്ട വായിക്കണമെന്നാവശ്യപ്പെട്ട് വൈസ് ചെയര്‍പേഴ്സണ്‍ മഹിമ രാജേഷ്, കെ.എ. ജേക്കബ്, കെ.പി. വിനോദ്, ടി.ടി. ശിവദാസന്‍ എന്നിവര്‍ എല്‍.ഡി.എഫിന്‍െറ ഭാഗത്തുനിന്നും എഴുന്നേറ്റു. ഇതിനിടെ കോണ്‍ഗ്രസ് അംഗങ്ങള്‍ കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി ചെയര്‍മാന്‍െറ വേദിക്ക് മുന്നില്‍ നിന്ന് പ്രതിഷേധിക്കാനായി നീങ്ങി. വേദിക്ക് മുന്നില്‍ എത്തുന്നതിന് മുമ്പേ അജണ്ടകള്‍ പാസായതായി പ്രഖ്യാപിച്ച് ചെയര്‍മാന്‍ കൗണ്‍സില്‍ പിരിച്ചു വിട്ടു. ഈ കൗണ്‍സിലിന്‍െറ അവസാന യോഗമെന്ന് പ്രതീക്ഷിക്കുന്ന കൗണ്‍സിലാണ് അഞ്ച് മിനിറ്റിനകം പിരിഞ്ഞത്. രാജീവ്ഗാന്ധി പ്രസംഗിച്ച വേദി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക യജ്ഞത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍ കെ.പി.എ. റഷീദ് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് നഗരസഭയിലേക്ക് കത്ത് വന്നത്. നവീകരണം നടക്കുന്നതിനാല്‍ രാജീവ്ഗാന്ധി പ്രസംഗിച്ച വേദി നിലനിര്‍ത്താന്‍ കഴിയില്ളെന്ന് മറുപടി നല്‍കിയതായി ചെയര്‍മാന്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഒറ്റപ്പാലം കൗണ്‍സില്‍ യോഗത്തില്‍ ബഹളം

Posted: 30 Sep 2015 09:55 PM PDT

ഒറ്റപ്പാലം: നഗരസഭാ ബസ്സ്റ്റാന്‍ഡ് വിപുലീകരണവുമായി ബന്ധപ്പെട്ട് കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിന് കെ.യു.ആര്‍.ഡി.എഫ്.സിയില്‍ നിന്ന് അനുവദിച്ച വായ്പ സംബന്ധിച്ച കണക്കിലെ വ്യത്യാസവും വായ്പ തിരിച്ചടക്കാന്‍ വീണ്ടും കടമെടുക്കുന്നതും ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷ ബഹളം.
12,83,40,000 രൂപയായിരുന്നു വായ്പ. ഇതില്‍ നഗരസഭക്ക് ലഭിച്ചത് 11,14,33,675 രൂപയും. എന്നാല്‍, അക്കൗണ്ടില്‍ ഉള്ളതാകട്ടെ 10,60,34,877 രൂപ മാത്രമാണ്. 53,98,798 രൂപയുടെ വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് ബഹളത്തിന് തുടക്കമിട്ടത്. ഇത്രയും തുക വിനിയോഗിച്ചതെന്തിനെന്ന ചോദ്യത്തിന് ചെയര്‍പേഴ്സണ്‍ പി. സുബൈദക്കും ബന്ധപ്പെട്ടവര്‍ക്കും മറുപടി നല്‍കാനായില്ല.
വായ്പ തിരിച്ചടക്കാന്‍ ഇതേ സ്ഥാപനത്തില്‍നിന്ന് മറ്റൊരു വായ്പക്ക് അപേക്ഷിക്കുന്നതിനുള്ള അജണ്ടയും പ്രതിഷേധത്തിനിടയാക്കി. 2,92,71,491 രൂപ നേരത്തേ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അനുവദിക്കാന്‍ കെ.യു.ആര്‍.ഡി.എഫ്.സി തയാറായിരുന്നു. ബസ്സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തിയാക്കി ലഭിക്കുന്ന വരുമാനം കൊണ്ട് വായ്പ അടക്കുന്നതിന് പകരം വീണ്ടും വായ്പയെടുത്ത് നഗരസഭയെ കടക്കെണിയിലാക്കുന്നത് അനുവദിക്കാനാവില്ളെന്ന് പ്രതിപക്ഷം പറഞ്ഞു. ഇതിനെ തുടര്‍ന്ന് അജന്‍ഡ മാറ്റിവെച്ചു.
നഗരസഭയില്‍ ഫയല്‍ അദാലത്ത് സംഘടിപ്പിച്ച് കെട്ടിക്കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പാക്കണമെന്ന ഉത്തരവ് കൗണ്‍സിലര്‍മാരെ യഥാസമയം അറിയിച്ചില്ളെന്ന ആക്ഷേപവും ഉയര്‍ന്നു. അദാലത്ത് നടത്തുന്നതിനുള്ള സാധ്യത ആരായുമെന്ന് ചെയര്‍പേഴ്സനും തുകയിലെ വൈരുദ്ധ്യം ബാങ്കുമായി ബന്ധപ്പെട്ട് പരിശോധിക്കുമെന്ന് വൈസ് ചെയര്‍മാന്‍ സി. ശ്രീകുമാരനും അറിയിച്ചു.

ഗെയില്‍ പൈപ്പ്ലൈന്‍: താക്കീതായി ഇരകളുടെ കലക്ടറേറ്റ് മാര്‍ച്ച്

Posted: 30 Sep 2015 09:52 PM PDT

മലപ്പുറം: ഗെയില്‍ വാതക പൈപ്പ്ലൈനെതിരെ ഗെയില്‍ പൈപ്പ്ലൈന്‍ വിക്ടിംസ് ആക്ഷന്‍ ഫോറത്തിന്‍െറ ആഭിമുഖ്യത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് താക്കീതായി. കക്ഷി, രാഷ്ട്രീയ ഭേദമന്യേ സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുത്ത റാലി ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള പൈപ്പ്ലൈന്‍ ജീവന്‍ കൊടുത്തും ചെറുക്കുമെന്ന് പ്രഖ്യാപിച്ചു. കുത്തകകളുടെ അച്ചാരം വാങ്ങി ജനങ്ങളെ ചൂഷണം ചെയ്യുന്ന ജിജി തോംസണ്‍മാര്‍ നാടിന്‍െറ ശാപമാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു. ഇദ്ദേഹമാണ് ഗെയില്‍ വാതക പൈപ്പ്ലൈന്‍ എന്തുവിലകൊടുത്തും സ്ഥാപിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ വെല്ലുവിളിക്കുന്നത്.
ജനങ്ങളുടെ ഭൂമി വില്‍ക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്ന് അദ്ദേഹം ചോദിച്ചു. വാതക പൈപ്പ്ലൈന്‍ പോകുന്ന സ്ഥലത്തുള്ളവരെ മാത്രമല്ല, ഇതിന്‍െറ ഒന്നര കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്കും ഇത് ഭീഷണി സൃഷ്ടിക്കും.
പ്രശ്നത്തിന്‍െറ ഗൗരവം അവഗണിച്ച് ജനകീയ സമരങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതാരാണെന്ന് അന്വേഷിക്കാനാണ് സര്‍ക്കാറിന് താല്‍പര്യം. മുത്തങ്ങയിലും ചെങ്ങറയിലും ഒടുവില്‍ മൂന്നാറിലും 'പിന്നില്‍' പ്രവര്‍ത്തിക്കുന്നവരെ തേടി അലയുകയാണ് അധികാരികള്‍. ഗെയില്‍ വിക്ടിംസ് ഫോറത്തിന്‍െറ പിന്നില്‍ ആരുമില്ളെന്നും ഉള്ളവരെല്ലാം മുന്നില്‍ നില്‍ക്കുന്ന ഇരകളാണെന്നും നീലകണ്ഠന്‍ വ്യക്തമാക്കി.
വിക്ടിംസ് ആക്ഷന്‍ ഫോറം ചെയര്‍മാന്‍ അഡ്വ. നാരായണന്‍ നമ്പീശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.വി. മനാഫ്, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എ. സലാം, കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് റൈഹാനത്ത് കുറുമാടന്‍, പൊന്മള പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. നഫീസ, മറിയം പൂന്തല (കൊണ്ടോട്ടി ബ്ളോക്ക് മെംബര്‍), വി. ശശികുമാര്‍ (സി.പി.എം), എം.ഐ. അബ്ദുല്‍ റഷീദ് (വെല്‍ഫെയര്‍ പാര്‍ട്ടി), അഡ്വ. സി. പ്രകാശ് (ബി.ജെ.പി), സിജി ഉണ്ണി (എസ്.ഡി.പി.ഐ), അഡ്വ. പി.ടി.എ. സഗീര്‍ (ആം ആദ്മി പാര്‍ട്ടി), വടശ്ശേരി ഹസന്‍ മുസ്ലിയാര്‍ (എസ്.വൈ.എസ്), ഉമ്മര്‍ വാഫി (എസ്.കെ.എസ്.എസ്.എഫ്), അലവിക്കുട്ടി കാവനൂര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഉബൈദ് കോവൂര്‍ സ്വാഗതവും അലി മാസ്റ്റര്‍ കാവനൂര്‍ നന്ദിയും പറഞ്ഞു.

1481 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു; 378 ഭൂരഹിത കുടുംബങ്ങള്‍ക്കും പട്ടയം

Posted: 30 Sep 2015 09:48 PM PDT

പത്തനംതിട്ട: കലക്ടറേറ്റ് അങ്കണത്തില്‍ നടന്ന പട്ടയമേളയില്‍ 1481 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു. 378 ഭൂരഹിത കുടുംബങ്ങള്‍ക്കും പട്ടയം ലഭിച്ചു. കോഴഞ്ചേരി താലൂക്കില്‍ 37, അടൂരില്‍ 107, തിരുവല്ലയില്‍ 223, റാന്നിയില്‍ 471, കോന്നിയില്‍ 638 പട്ടയങ്ങളും അഞ്ചു എല്‍.ടി പട്ടയങ്ങളുമാണ് വിതരണം ചെയ്തത്.
റാന്നി താലൂക്കില്‍ പഴവങ്ങാടി വില്ളേജിലെ ചൂരക്കുഴി 76 ഏക്കര്‍ പുരയിടത്തിലെ 224 കൈവശക്കാരില്‍ എല്ലാ പരിശോധനയും പൂര്‍ത്തിയാക്കിയ 175 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി. പമ്പാവാലി പ്രദേശത്തെ 207 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചു. കോന്നി താലൂക്കില്‍ താഴം വില്ളേജില്‍ നാടുകാണി കോളനിയില്‍ വര്‍ഷങ്ങളായി വീടുവെച്ച് താമസിക്കുന്നതും കൃഷി ചെയ്യുന്നവരുമായ 41 കര്‍ഷക തൊഴിലാളി കുടുംബങ്ങളുടെ പട്ടയപ്രശ്നത്തിനും പരിഹാരമായി.
കോന്നി താലൂക്കില്‍ ഒമ്പതു വില്ളേജുകളിലായി കഴിയുന്ന ലക്ഷംവീട് നിവാസികളായ 54 കുടുംബങ്ങള്‍ക്കും പട്ടയം വിതരണം ചെയ്തു. 13 വില്ളേജുകളില്‍ താമസിക്കുന്ന വിവിധ തൊഴിലാളി കുടുംബങ്ങളില്‍പെട്ട 71 പേര്‍ക്കും പട്ടയം നല്‍കി.
ചിറ്റാര്‍, പ്രമാടം, ഐരവണ്‍, കൂടല്‍ വില്ളേജുകളില്‍ പാറപുറമ്പോക്കില്‍ വര്‍ഷങ്ങളായി വീടുവെച്ചുകഴിയുന്ന 48 കുടുംബങ്ങള്‍ക്കും മറ്റ് പുറമ്പോക്കുകളില്‍പെട്ട 125 കുടുംബങ്ങള്‍ക്കും പട്ടയം ലഭിച്ചു. കലഞ്ഞൂര്‍, കൂടല്‍, വി. കോട്ടയം വില്ളേജുകളിലെ കനാല്‍ പുറമ്പോക്കുകളില്‍ കഴിഞ്ഞിരുന്ന 171 കുടുംബങ്ങള്‍ക്ക് പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍ പതിവ് ഉത്തരവ് നല്‍കി. 11 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വനാവകാശ കൈവശരേഖയും നല്‍കി.
കുറ്റപ്പുഴ വില്ളേജില്‍ ആറ്റുചിറ ഭാഗത്ത് 50 വര്‍ഷത്തിലേറെയായി പുറമ്പോക്കില്‍ വീടുവെച്ച് കഴിയുന്ന സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കാവസ്ഥയിലുള്ള 45 കുടുംബങ്ങള്‍ക്ക് പട്ടയമേള ആശ്വാസമായി.
തിരുവല്ല താലൂക്കില്‍ റവന്യൂ തരിശുഭൂമിയില്‍ വലിയകുളം കോളനിയില്‍ കഴിയുന്ന 12 കുടുംബങ്ങള്‍ക്കും കാവുംഭാഗം, തോട്ടപ്പുഴശേരി, കവിയൂര്‍, കടപ്ര വില്ളേജുകളിലെ അര്‍ഹരായ കൈവശക്കാര്‍ക്കും പട്ടയം ലഭിച്ചു. അടൂര്‍, കടമ്പനാട് വില്ളേജിലെ കലവറ കോളനി, കോളൂര്‍കുഴി എന്നിവിടങ്ങളിലെ കോളനി പട്ടയങ്ങളും ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലെ 63 പട്ടയങ്ങളും മറ്റുള്ള 11 പട്ടയങ്ങളും വിതരണം ചെയ്തു.
പത്തനംതിട്ട വില്ളേജിലെ ചുട്ടിപ്പാറയില്‍ എട്ടു കുടുംബങ്ങള്‍ക്കും ഇതിന് പുറമെ 37 കുടുംബങ്ങള്‍ക്കും പട്ടയം നല്‍കി. കേരള ഭൂപരിഷ്കരണ നിയമപ്രകാരമുള്ള അഞ്ചു കുടികിടപ്പ് പട്ടയങ്ങളും ഇതോടൊപ്പം വിതരണം ചെയ്തു.

രാജ്യത്തെ ആദ്യ ബാലസൗഹൃദ ജില്ലയാകാന്‍ കോട്ടയം ഒരുക്കം തുടങ്ങുന്നു

Posted: 30 Sep 2015 09:45 PM PDT

കോട്ടയം: രാജ്യത്തെ ആദ്യ 'ശിശുസൗഹൃദ ജില്ല'യായി കോട്ടയം മാറുന്നു. മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹിക തിന്മകളെ വിദ്യാലയങ്ങളില്‍നിന്ന് ഒഴിവാക്കുന്നതിന് ആധുനിക വിവരസാങ്കേതികവിദ്യയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസം ലക്ഷ്യമാക്കി ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന ഗുരുകുലം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് യുനിസെഫ് രാജ്യത്തെ ആദ്യ ബാലസൗഹൃദ ജില്ലയാക്കി കോട്ടയത്തെ മാറ്റുന്നതിന് ആവശ്യമായ മാനദണ്ഡങ്ങളും പുറത്തിറക്കിയത്. കേരളം, തമിഴ്നാട്, സംസ്ഥാനങ്ങളുടെ ചുമതലയുള്ള യുനിസെഫ് ചീഫ് ഓഫിസര്‍ ജോബ് സഖറിയ ഗുരുകുലം പദ്ധതിയുടെ കോഓഡിനേറ്റര്‍ അഡ്വ. ഫില്‍സണ്‍ മാത്യൂസിന് നല്‍കിയ ഒൗദ്യോഗിക അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗൃഹാന്തരീക്ഷം, ആരോഗ്യ-സാമൂഹിക മേഖലയിലെ സേവനം, വിദ്യാഭ്യാസം, കുട്ടികളുടെ സുരക്ഷിതത്വവും സംരക്ഷണവും കായികവും വിനോദവും സാമൂഹിക പങ്കാളിത്തം എന്നീ ആറ് മേഖലകളില്‍ യുനിസെഫിന്‍െറ സഹായം ലഭിക്കും. ഇതിനായി 40 ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്തി യുനിസെഫും കിലയും ചേര്‍ന്ന് ഇനി പൂര്‍ത്തിയാക്കേണ്ട കാര്യങ്ങളുടെ മാര്‍ഗനിര്‍ദേശം തയാറാക്കി നല്‍കിയിട്ടുണ്ട്. ബാലസൗഹൃദത്തിന് അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന 'ഗുരുകുലം'പദ്ധതിക്ക് ആവശ്യമായ എല്ലാ സാങ്കേതികസഹായവും നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
ജില്ലാ പൊലീസ് തുടങ്ങിവെച്ച ഓപറേഷന്‍ ഗുരുകുലം പദ്ധതിയുടെ ചുവടുപിടിച്ച് 2013ലാണ് ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് തുടക്കമിട്ടത്. ഇതിനൊപ്പം എക്സൈസ് വകുപ്പിന്‍െറ അതിജീവനം കൗണ്‍സലിങ്ങും സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ്ഡെസ്കുകളും ചൈല്‍ഡ്ലൈനിന്‍െറ നേതൃത്വത്തില്‍ കോള്‍ സെന്‍റര്‍ കൗണ്‍സലിങ്ങും നല്‍കിവരുന്നുണ്ട്. ഒന്ന് മുതല്‍ 12 ക്ളാസുകളിലെ കുട്ടികള്‍ക്ക് സമഗ്രവിദ്യാഭ്യാസം ലക്ഷ്യമിട്ട് ഇന്‍റര്‍നെറ്റില്‍ അധിഷ്ഠിതമായ 18 വിഭാഗങ്ങളിലായി തിരിച്ചാണ് പ്രവര്‍ത്തനം. അധ്യയനദിവസങ്ങളില്‍ ബാഹ്യപ്രേരണക്ക് വഴങ്ങി വീടുവിട്ട കുട്ടികള്‍ വിദ്യാലയങ്ങളില്‍ എത്തിയിട്ടില്ളെന്ന് മാതാപിതാക്കള്‍ക്കും ഇതര ഏജന്‍സികള്‍ക്കും എസ്.എം.എസ്, ഇ-മെയില്‍ സന്ദേശം അയക്കുന്ന അറ്റന്‍ഡന്‍സ് ട്രാക്കിങ്ങാണ് ഇതില്‍ പ്രധാനം.
കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വിദ്യാഭ്യാസ അന്തരീക്ഷവുമായി ബന്ധപ്പെട്ട് ഏത് പരാതിയും ഓണ്‍ലൈന്‍ മുഖേന നല്‍കാനും വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും കൗണ്‍സലിങ്, വഴിക്കണ്ണ്, ഗുരുകുലം ഡയറി, കരിയര്‍ ഗൈഡന്‍സ് എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിവരുന്നു. ഇതിന്‍െറ ഭാഗമായി ജില്ലയിലെ 231 സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ 1118 കൈയെഴുത്ത് മാസികകളും പ്രസിദ്ധീകരിച്ചിരുന്നു. യുനിസെഫിന്‍െറ സാങ്കേതിക സഹായം ലഭിക്കുമെന്നതിനാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി, ഗുരുകുലം പദ്ധതിയുടെ കോഓഡിനേറ്റര്‍ അഡ്വ. ഫില്‍സണ്‍ മാത്യൂസ് എന്നിവര്‍ പറഞ്ഞു.

മലയോരം വലിയൊരു കുപ്പത്തൊട്ടി

Posted: 30 Sep 2015 09:41 PM PDT

അടിമാലി: വിനോദസഞ്ചാരികള്‍ ഉപേക്ഷിക്കുന്ന മാലിന്യം വിനോദസഞ്ചാരമേഖല ഉള്‍പ്പെടുന്ന മലയോരത്തിന്‍െറ പരിസ്ഥിതിക്കും സൗന്ദര്യത്തിനും കനത്ത ഭീഷണിയായി. പ്രദേശവാസികളിലെ പ്ളാസ്റ്റിക് വിനിയോഗം ഒരുപരിധിവരെ ജില്ലാഭരണകൂടം നിയന്ത്രിച്ചെങ്കിലും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിറയുന്ന പ്ളാസ്റ്റിക് കൂമ്പാരത്തിന് പരിഹാരമില്ല. തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിറയുന്ന പ്ളാസ്റ്റിക് കുപ്പികള്‍, ക്യാരിബാഗ്, ഭക്ഷണപദാര്‍ഥങ്ങള്‍ പൊതിഞ്ഞത്തെുന്ന അലൂമിനിയം ഫോയിലുകള്‍ എന്നിവ നീക്കുക ഭാരിച്ച ഉത്തരവാദിത്തമായി മാറി.
മാനുകളും കാട്ടുപോത്തുകളും മറ്റും പ്ളാസ്റ്റിക് സാധനങ്ങള്‍ വയറ്റില്‍ചെന്ന് ചാവുന്നതും സാധാരണമായി. കാട്ടിലേക്കു വലിച്ചെറിയുന്ന മദ്യക്കുപ്പികളും മൃഗങ്ങളുടെ ജീവനു ഭീഷണിയാണ്. കാറുകള്‍, ആഡംബര വാഹനങ്ങള്‍, ബസുകള്‍, നൂറുകണക്കിന് മോട്ടോര്‍ സൈക്കിളുകള്‍ തുടങ്ങി ദിവസവും ജില്ലയിലത്തെുന്ന വാഹനനിരയുടെ എണ്ണം ഇടുക്കിക്ക് താങ്ങാവുന്നതിലധികമാണ്.
മൂന്നാര്‍, തേക്കടി പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജില്ലാ ഭരണകൂടം പ്ളാസ്റ്റിക് ക്യാരിബാഗ് ഉള്‍പ്പെടെ നിരോധിച്ചിട്ട് വര്‍ഷങ്ങളായി. ചിലയിടങ്ങളില്‍ നിരോധിത ബോര്‍ഡുകള്‍ ഉള്ളതല്ലാതെ നിയന്ത്രണങ്ങള്‍ ഒന്നുമില്ല. വ്യാപാര സ്ഥാപനങ്ങളില്‍ നിരോധിച്ച 40 മൈക്രോണിന് മുകളിലുള്ള ക്യാരിബാഗുകളാണ് വില്‍ക്കുന്നതേറെയും. നേരത്തേ ആരോഗ്യവകുപ്പ് ശക്തമായ പരിശോധനകള്‍ നടത്തിയെങ്കിലും ഇപ്പോള്‍ ഇതൊന്നുമില്ളെന്നാണ് അവസ്ഥ.
കൊച്ചി-മധുര ദേശീയപാത കടന്നുപോകുന്ന നേര്യമംഗലം വനമേഖല ഉള്‍പ്പെടെ കേരളത്തിന്‍െറ അതിര്‍ത്തിയായ ബോഡിമെട്ട് വരെ ഒരു നിയന്ത്രണവും ഇല്ലാതെയാണ് വനപ്രദേശങ്ങളിലും അല്ലാതെയും മാലിന്യം തള്ളുന്നത്. ആനയിറങ്കല്‍ ഡാം, മുതിരപ്പുഴ, ദേവിയാര്‍ പുഴകളില്‍ മാലിന്യം വര്‍ധിച്ചത് മത്സ്യ സമ്പത്തിനും വന്‍ ഭീഷണിയായി. പലയിടങ്ങളിലും റിസോര്‍ട്ടുകളില്‍നിന്നുള്ള മാലിന്യം പുഴയിലേക്കും ഡാമുകളിലേക്കും തിരിച്ചുവിടുന്നതായി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ല. ചീയപ്പാറ, വാളറ, ആറ്റുകാട് വെള്ളച്ചാട്ടങ്ങളുടെ സമീപത്ത് വന്‍തോതില്‍ മാലിന്യം തള്ളുന്നു. പൊലീസ്, വനം, പഞ്ചായത്ത്, ആരോഗ്യ, റവന്യൂ വകുപ്പുകള്‍ സംയുക്ത പരിശോധനകള്‍ നടത്തി കര്‍ശനമായ നടപടി വേണമെന്നാണ് പരിസ്ഥിതിവാദികള്‍ ആവശ്യപ്പെടുന്നത്.

തെരഞ്ഞെടുപ്പ്: നാട്ടിലെങ്ങും കഴിഞ്ഞ വോട്ടിന്‍െറ കണക്ക് കൂട്ടല്‍

Posted: 30 Sep 2015 09:37 PM PDT

കാസര്‍കോട്: തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് കാതോര്‍ക്കുമ്പോഴും നാട്ടിലെ ചര്‍ച്ചക്ക് ചുവട് പിടിപ്പിക്കുന്നത് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടിങ് കണക്കുകള്‍.
മുതിര്‍ന്ന പൗരന്മാരും രാഷ്ട്രീയ പ്രവര്‍ത്തകരും കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍െറ സ്ഥിതി വിവര കണക്കുകളുമായി ചര്‍ച്ചക്ക് ചുക്കാന്‍ പിടിക്കുമ്പോള്‍ 'ന്യൂജന്‍ ' തലമുറക്കും വോട്ടെടുപ്പ് അന്യമല്ല എന്ന് തെളിയിക്കുന്നതാണ് മുക്കിലും മൂലയിലും ആരംഭിച്ച പ്രചാരണ പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും.
റോഡരികിലെ സിമന്‍റ് തറയിരിക്കുന്നവരിലും ഇലക്ട്രിക് പോസ്റ്റുകളില്‍ വിശ്രമിക്കുന്നവരിലും ജയപരാജയങ്ങളെ കുറിച്ചുള്ള ഊഹാപോഹങ്ങളാണ് സംസാര വിഷയം. വനിത, പിന്നാക്ക സംവരണത്തിനുള്ള സ്ഥാനാര്‍ഥികള്‍ക്കായി പാര്‍ട്ടിക്കാര്‍ 'വടംവലി' തുടങ്ങിയതും നാട്ടുകാരില്‍ ചര്‍ച്ചയായിട്ടുണ്ട്. പുതുതായി ഗോദയിലിറങ്ങുന്ന സ്ഥാനാര്‍ഥികളെ കുറിച്ച അഭ്യൂഹങ്ങളും സ്ഥാനാര്‍ഥി കുപ്പായം തുന്നിയവര്‍ക്ക് തിരിച്ചടിയായി വാര്‍ഡ് സംവരണമായതുമെല്ലാം നാട്ടിന്‍പുറത്തെ ചായപ്പീടികയിലും സജീവ സംസാരമാണ്.
നാലാള്‍ കൂടുന്നിടത്തൊക്കെ വിവിധ നിറത്തില്‍, ബഹുവിധ കൂട്ടായ്മകള്‍ രൂപപ്പെട്ടു. വിരമിച്ച സൈനികര്‍, സായാഹ്ന സവാരിക്കാര്‍, യുവാക്കള്‍ തുടങ്ങി മിക്കയിടത്തും തദ്ദേശ തെരഞ്ഞെടുപ്പാണ് ചര്‍ച്ച. അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും സജീവമാവുമ്പോഴും രാഷ്ട്രീയ നിരീക്ഷകര്‍ നിരത്തുന്ന 2010ലെ പോളിങ് കണക്കുകളാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലായിരുന്നു എന്നതും അസാധു എന്ന സാധ്യത ഇല്ലാത്തതും ഇത്തവണ വോട്ടിങ് ശതമാനത്തില്‍ വര്‍ധനക്ക് കാരണമാകും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുപയോഗിച്ചുള്ള വോട്ടെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രതീക്ഷയുണ്ട്. വിവിധ മുന്നണികളിലെ ഘടകകക്ഷികളില്‍ വന്ന മാറ്റവും ഈ വര്‍ഷത്തെ ഫലത്തില്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്.
എല്‍.ഡി.എഫിലുണ്ടായിരുന്ന ആര്‍.എസ്.പിയില്‍ ഒരു വിഭാഗം യു.ഡി.എഫിലും മറു വിഭാഗം എല്‍.ഡി.എഫിലുമാണ് ഇത്തവണ.
ഐ.എന്‍.എലിനെ എല്‍.ഡി.എഫ് മുന്നണിയിലെടുത്താല്‍ ജില്ലയില്‍ അല്‍പം സ്വാധീനമുള്ള അവരുടെ വോട്ടുകള്‍ നിര്‍ണായകമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 5.51 ശതമാനം വോട്ട് നേടിയിട്ടുണ്ട് അവര്‍.
എസ്.ഡി.പി.ഐ രൂപവത്കരിച്ച വര്‍ഷം നടന്ന തെരഞ്ഞെടുപ്പായതിനാലാണ് അവര്‍ക്ക് വോട്ട് കുറഞ്ഞതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. അഞ്ച് വര്‍ഷത്തിനു ശേഷം കൂടുതല്‍ പ്രവര്‍ത്തന പരിചയവുമായാണ് അവര്‍ തെരഞ്ഞെടുപ്പ് നേരിടുന്നതും.
വെല്‍ഫെയര്‍ പാര്‍ട്ടി ജനകീയ വികസന മുന്നണി എന്ന പേരില്‍ സ്വതന്ത്രരായി മത്സര രംഗത്തുണ്ടായിരുന്നു. ബി.എസ്.പിക്ക് കാര്യമായ സ്വാധീനമില്ളെങ്കിലും 3000 ത്തിലധികം വോട്ടുള്ള പി.ഡി.പിയുടെ നിലപാടിനും പ്രസക്തിയുണ്ട്.

കോര്‍പറേഷന്‍ ഭരണം: വനിതകള്‍ക്കു പിന്നാലെ മുന്നണികള്‍

Posted: 30 Sep 2015 09:34 PM PDT

കണ്ണൂര്‍: സംവരണ വാര്‍ഡുകളുടെ ചിത്രം തെളിഞ്ഞതോടെ തെരഞ്ഞെടുപ്പു വിജ്ഞാപനത്തിനു മുമ്പു തന്നെ കണ്ണൂര്‍ കോര്‍പറേഷന്‍ പിടിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ചൂടേറിത്തുടങ്ങി. 28 വനിതാ സീറ്റുകളിലേക്കുള്ള പോരാട്ടം തന്നെയായിരിക്കും ഇത്തവണ കോര്‍പറേഷന്‍െറ ഭരണചക്രം എങ്ങോട്ടു തിരിക്കുമെന്ന് നിശ്ചയിക്കുന്നത്. പല പ്രമുഖരുടെയും സീറ്റുകള്‍ വനിതകള്‍ കൈയടക്കിയിട്ടുണ്ട്. ഇതിനു പുറമെ അപ്രതീക്ഷിതമായി ചില മണ്ഡലങ്ങള്‍ വനിതാ സംവരണമായതിന്‍െറ പ്രശ്നങ്ങളും മുന്നണികള്‍ക്കുണ്ട്. അതുകൊണ്ടു തന്നെ മികവു പുലര്‍ത്തുന്ന സ്ത്രീകളെ സ്ഥാനാര്‍ഥിയാക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികള്‍.
സിറ്റിങ് വാര്‍ഡ് നഷ്ടമായ ചില പുരുഷ സ്ഥാനാര്‍ഥികള്‍ വേറെ ഡിവിഷനില്‍ മത്സരിക്കുന്നതിനുള്ള അനുമതി കിട്ടാനുള്ള ശ്രമവും നടത്തുന്നുണ്ട്.
പ്രഥമ കണ്ണൂര്‍ കോര്‍പറേഷനിലെ മേയര്‍ വനിതയായിരിക്കുമെന്നതിനാല്‍ പ്രമുഖയായ വനിതയെ മുന്‍ നിര്‍ത്തിയുള്ള പ്രചാരണമാണ് മുന്നണികള്‍ ലക്ഷ്യമിടുന്നത്. സജീവ പാര്‍ട്ടി പ്രവര്‍ത്തകരായ വനിതകള്‍ക്കു പുറമെ പൊതുസമ്മതരായ വിവിധ മേഖലകളില്‍ തിളങ്ങുന്ന വനിതകളെയും മുന്നണികള്‍ സമീപിച്ചു തുടങ്ങിയിട്ടുണ്ട്. നിലവില്‍ കണ്ണൂര്‍ നഗരസഭ ഭരിക്കുന്നത് കോണ്‍ഗ്രസും ലീഗും പകുതി വീതം കാലയളവ് പങ്കുവെച്ചുകൊണ്ടാണ്.
കോര്‍പറേഷനില്‍ അല്‍പം മുന്‍തൂക്കമുണ്ടാകുമെന്ന് കരുതുന്ന കോണ്‍ഗ്രസ് മുഴുവന്‍ സമയ മേയര്‍ വേണമെന്ന നിലയില്‍ ശക്തരായ വനിതാ സ്ഥാനാര്‍ഥികളെ മുന്‍നിര്‍ത്തിയാണ് പോരാട്ടത്തിനൊരുങ്ങുന്നത്.
ലീഗും ഈ നിലപാടില്‍ നിന്നും പിറകോട്ടില്ല. എ.ഐ.സി.സി അംഗം സുമാ ബാലകൃഷ്ണന്‍, മുന്‍ മന്ത്രി എന്‍. രാമകൃഷ്ണന്‍െറ മകള്‍ അമൃത രാമകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് മേയര്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നവരില്‍ പ്രമുഖര്‍.
അഡ്വ. പി. ഇന്ദിര, നിലവിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ മീറ വത്സന്‍, മുന്‍ നഗരസഭാ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജ തുടങ്ങിയവരും ലിസ്റ്റിലുണ്ട്. കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച റോഷ്നി ഖാലിദിന് ലീഗ് മുന്‍തൂക്കം നല്‍കുന്നുണ്ട്. നഗരസഭാ ചെയര്‍പേഴ്സന്‍ സ്ഥാനത്തേക്ക് ആളെ തെരഞ്ഞെടുക്കുമ്പോള്‍ സി. സീനത്ത് സ്ഥാനാര്‍ഥിത്വം അവകാശപ്പെട്ടതു പോലെ വലിയ വെല്ലുവിളികള്‍ എന്തെങ്കിലും വരുന്നുണ്ടോയെന്നേ അറിയേണ്ടതുള്ളൂ. നഗരസഭ ഇതുവരെ കിട്ടിയില്ളെങ്കിലും പ്രഥമ കോര്‍പറേഷന്‍ പിടിച്ചെടുക്കാന്‍ ഒരുങ്ങുന്ന സി.പി.എം പാട്യം ഗോപാലന്‍െറ ഭാര്യ മൃദുല ടീച്ചറെ മേയര്‍ സ്ഥാനാര്‍ഥിത്വത്തിലേക്ക് കൊണ്ടുവരാനാണ് സാധ്യത.
എ.കെ.ജി ആശുപത്രി ഡയറക്ടര്‍ കൂടിയാണ് ഇവര്‍. രാഷ്ട്രീയ പരിചയവും ഏറെ.

ജില്ലയില്‍ വോട്ടര്‍മാര്‍ 23,62,893

Posted: 30 Sep 2015 09:30 PM PDT

കൊച്ചി: ഇക്കുറി ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 23,62,893 ആണ്. 12,02,082 വനിതകളും 11,60,793 പുരുഷന്മാരും. ഭിന്നലിംഗത്തില്‍പെട്ട 18 വോട്ടര്‍മാര്‍ കൂടിയുണ്ട്. സംസ്ഥാനത്ത് ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളതും ജില്ലയിലാണ്. വോട്ടര്‍പ്പട്ടികയില്‍ ഇനിയും ചില തിരുത്തലുകള്‍ വരാമെന്നതിനാല്‍ അന്തിമകണക്കില്‍ ചെറിയ മാറ്റമുണ്ടാകും.
അതേസമയം, 2010ല്‍ നടന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ ആകെ വോട്ടര്‍മാര്‍ 23,15,420. ഇതില്‍ 79.9 ശതമാനം, അതായത് 18,50,131 പേരാണ് വോട്ട് ചെയ്തത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ 978 ഗ്രാമപഞ്ചായത്തുകളിലായി 16,680 വാര്‍ഡുകളാണുണ്ടായിരുന്നത്. ഇക്കുറി ചില ഗ്രാമപഞ്ചായത്തുകള്‍ നഗരസഭകളായി. ഇതോടെ, ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 941 ആയി കുറഞ്ഞു. വാര്‍ഡുകളുടെ എണ്ണം 15,962 ആയും കുറഞ്ഞു.
കൊച്ചി നഗരസഭയില്‍ 74 ഡിവിഷനും ജില്ലാ പഞ്ചായത്തില്‍ 26 ഡിവിഷനുമാണുള്ളത്. ത്രിതല പഞ്ചായത്ത്തലത്തില്‍ ജില്ലയില്‍ 1549 വാര്‍ഡുകളാണുള്ളത്. നഗരസഭകളിലായി 429ഉം കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷനില്‍ 74ഉം ഉള്‍പ്പെടെ ജില്ലയില്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ആകെ വാര്‍ഡുകളുടെ എണ്ണം 2052 ആകും.
ജില്ലയില്‍ ഇക്കുറി 82 ഗ്രാമപഞ്ചായത്തുകളിലായി 1338 വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ തവണയിത് യഥാക്രമം 84ഉം 1369ഉം ആയിരുന്നു. ഗ്രാമപഞ്ചായത്തുകളായിരുന്ന പിറവം, കൂത്താട്ടുകുളം എന്നിവ പുനര്‍വിഭജനത്തോടെ നഗരസഭകളായതാണ് ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തില്‍ വന്ന കുറവിന് കാരണം.ജില്ലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 11 നഗരസഭകളുണ്ടായിരുന്നത് ഇക്കുറി 13 ആയി. കഴിഞ്ഞതവണ 369 വാര്‍ഡുകളാണുണ്ടായിരുന്നത്. ഇക്കുറിയത് 429 ആയി വര്‍ധിച്ചു. പുതുതായി രൂപവത്കരിച്ച കൂത്താട്ടുകുളം നഗരസഭയില്‍ 28ഉം പിറവത്ത് 32ഉം വാര്‍ഡുകളാണുള്ളത്.
നഗരസഭകളില്‍ ഏറ്റവും കൂടുതല്‍ വാര്‍ഡുള്ളത് തൃപ്പൂണിത്തുറയിലും (49) കുറവുള്ളത് ആലുവയിലുമാണ് (26). അങ്കമാലിയില്‍ 30 വാര്‍ഡുണ്ട്.
ഏലൂര്‍, കോതമംഗലം നഗരസഭകളില്‍ 31 വീതം വാര്‍ഡുകളാണുള്ളത്. കളമശ്ശേരിയില്‍ 42 വാര്‍ഡുകളുണ്ട്. മരട് 33ഉം, മൂവാറ്റുപുഴയില്‍ 28ഉം വടക്കന്‍ പറവൂരില്‍ 29ഉം പെരുമ്പാവൂരില്‍ 27ഉം തൃക്കാക്കരയില്‍ 43ഉം വാര്‍ഡുണ്ട്.കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിലേതുപോലെ ബ്ളോക് പഞ്ചായത്തുകളുടെയും വാര്‍ഡുകളുടെയും എണ്ണത്തില്‍ മാറ്റമില്ല. 14 ബ്ളോക് പഞ്ചായത്തുകളിലായി 185 വാര്‍ഡുകളാണുള്ളത്. ഏറ്റവും കൂടുതല്‍ വാര്‍ഡുള്ളത് വാഴക്കുളം ബ്ളോക് പഞ്ചായത്തിലാണ്.
ഇവിടെ 15 വാര്‍ഡുള്ളപ്പോള്‍ കോതമംഗലത്ത് 14 വാര്‍ഡുണ്ട്. മറ്റ് 12 ബ്ളോക്കുകളായ ആലങ്ങാട്, അങ്കമാലി, ഇടപ്പള്ളി, കൂവപ്പടി, മുളന്തുരുത്തി, മൂവാറ്റുപുഴ, പള്ളുരുത്തി, പാമ്പാക്കുട, പാറക്കടവ്, പറവൂര്‍, വടവുകോട്, വൈപ്പിന്‍ ബ്ളോക്കുകളിലെല്ലാം 13 വീതം വാര്‍ഡാണുള്ളത്.

കാണാതായ കുട്ടികളെ കണ്ടത്തൊന്‍ ‘ഓപറേഷന്‍ വാത്സല്യ’

Posted: 30 Sep 2015 09:26 PM PDT

ആലപ്പുഴ: കാണാതായ കുട്ടികളെ കണ്ടത്തെി പുനരധിവസിപ്പിക്കാന്‍ ജില്ലയില്‍ സാമൂഹികനീതി വകുപ്പ് വെള്ളിയാഴ്ച മുതല്‍ 30 വരെ തീവ്രയത്ന പരിപാടി 'ഓപറേഷന്‍ വാത്സല്യ' നടപ്പാക്കുമെന്ന് കലക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു.
കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
കാണാതാകുന്ന കുട്ടികള്‍ തമ്പടിക്കാന്‍ സാധ്യതയുള്ള റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ രാത്രി പരിശോധന നടത്തും.
അനാഥാലയങ്ങള്‍ സന്ദര്‍ശിച്ച് കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കും. കാണാതായ കുട്ടികളെ കണ്ടത്തെുന്നതിന് ആരംഭിച്ച http://trackthemissingchild.gov.in വെബ്സൈറ്റില്‍ കുട്ടികളുടെ വിവരങ്ങള്‍ നല്‍കും.
2011 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ജില്ലയില്‍നിന്ന് കാണാതായ കുട്ടികളില്‍ 24 പേരെ കണ്ടത്തൊനുള്ള ശ്രമത്തിലാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു.
2010-15 കാലയളവില്‍ 398 കുട്ടികളെ കാണാതായതില്‍ 374 പേരെ കണ്ടത്തെി.
കാണാതായവരില്‍ അധികവും അഞ്ചുവയസ്സിന് താഴെയുള്ളവരാണ്. യോഗത്തില്‍ ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ സാബു ജോസഫ്, ജില്ലാ സാമൂഹികനീതി ഓഫിസര്‍ എസ്. സാദിഖ്, ഫാ. സേവ്യര്‍ കുടിയാംശേരി, ഡി.സി.പി.ഒ എ.ജെ. സാബു ജോസഫ്, പ്രബേഷന്‍ ഓഫിസര്‍ മഹീദേവി, അഡ്വ. ലില്ലി, ഡി. ജോണ്‍സണ്‍, കെ.കെ. ജോസഫ്, ടി.സി. ശാന്തിലാല്‍, ബാലചന്ദ്രക്കുറുപ്പ്, അനു ജയിംസ് എന്നിവര്‍ പങ്കെടുത്തു.

ആര്‍.എം.എസ്.എ: എല്ലാ സ്കൂളിലും ദിവസവേതനക്കാരെ നിയമിക്കുമെന്ന് കലക്ടര്‍

Posted: 30 Sep 2015 09:22 PM PDT

കല്‍പറ്റ: ആര്‍.എം.എസ്.എ സ്കൂള്‍ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും വയനാട് കലക്ടറേറ്റ് പടിക്കല്‍ നടത്തിയ സമരം കലക്ടര്‍ നല്‍കിയ ഉറപ്പില്‍ അവസാനിപ്പിച്ചു.
ജില്ലയില്‍ 2009-10, 2010-11 അധ്യയനവര്‍ഷങ്ങളില്‍ അനുവദിച്ച 14 ആര്‍.എം.എസ്.എ വിദ്യാലയങ്ങളുടെയും പ്രവര്‍ത്തനം സുഗമമാക്കുന്നതിനു അടിയന്തര നടപടി ആവശ്യപ്പെട്ടായിരുന്നു സമരം.
രാവിലെ പതിനൊന്നരയോടെ ആരംഭിച്ച സമരം പ്രതിനിധികള്‍ ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് രണ്ട് മണിയോടെ അവസാനിപ്പിച്ചത്.
ഇത്തരത്തിലുള്ള മുഴുവന്‍ സ്കൂളുകളിലും ദിനവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുമെന്ന് ചര്‍ച്ചയില്‍ കലക്ടര്‍ ഉറപ്പുനല്‍കി. ക്ളര്‍ക്ക്, അറ്റന്‍ഡര്‍ തസ്തികകളിലുളളവര്‍ക്ക് ശമ്പളം ലഭ്യമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശവും നല്‍കി.
അധ്യാപക നിയമനത്തില്‍ കാലതാമസമുണ്ടായാല്‍ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്‍െറ അധികാരം ഉപയോഗിച്ച് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
സമിതി ഭാരവാഹികളായ ബെന്നി ആന്‍റണി, മമ്മുട്ടി, റഫീഖ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ.റഷീദ് പങ്കെടുത്തു.
അതിനിടെ, ആര്‍.എം.എസ്.എ അംഗീകാരവും അധ്യാപക നിയമനവും ആവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരി ബീനാച്ചി ഗവ.സ്കൂള്‍ വിദ്യാര്‍ഥികള്‍ ദേശീയപാതയോരത്ത് നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം പത്ത് ദിവസം പിന്നിട്ടു.

നാഗ്ജി വരുന്നു... പ്രതീക്ഷയുടെ ‘കളി’ത്തട്ടില്‍ കോഴിക്കോട്

Posted: 30 Sep 2015 09:16 PM PDT

കോഴിക്കോട്: 21വര്‍ഷത്തെ ഇടവേളക്കു ശേഷം നാഗ്ജി ഇന്‍റര്‍നാഷനല്‍ ക്ളബ് ഫുട്ബാളിന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം വേദിയാകുന്നു. കാല്‍പന്തുകളിയുടെ രാജാക്കന്മാരായ അര്‍ജന്‍റീന, ബ്രസീല്‍, ജര്‍മനി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ ക്ളബുകളാണ് കളിക്കളത്തിലിറങ്ങുക. മലബാറിന്‍െറ കളിയാവേശത്തിന് തിരികൊളുത്തുന്ന ടൂര്‍ണമെന്‍റ് ജനുവരി 22മുതല്‍ ഫെബ്രുവരി ഏഴുവരെയാണ്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ടീമുകളോടൊപ്പം രാജ്യാന്തര താരങ്ങള്‍ കൂടി ബൂട്ടണിയുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. വിവിധ കാരണങ്ങളാല്‍ മുടങ്ങിപ്പോയ നാഗ്ജി ഫുട്ബാള്‍ പുനരാരംഭിക്കുന്നത് കളിപ്രേമികളില്‍ പ്രതീക്ഷയുണര്‍ത്തുന്നുണ്ട്.
രാജ്യാന്തര താരങ്ങള്‍ പങ്കെടുക്കുന്ന മേള വിജയിപ്പിക്കുന്ന തിരക്കാണ് ഇനി കോഴിക്കോട്ടെ ഫുട്ബാള്‍ ആരാധകര്‍ക്ക്. മേളയുടെ നടത്തിപ്പിനും വിജയത്തിനുമായി വിവിധ പദ്ധതികളും രൂപരേഖകളും ഇതിനകം തയാറായി കഴിഞ്ഞു. ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍െറ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ രൂപരേഖ അവതരിപ്പിച്ചു.

അമ്മയും കാമുകിയും ഒന്നിച്ച് തീയില്‍ പെട്ടാല്‍ ആരെ രക്ഷിക്കും?

Posted: 30 Sep 2015 09:03 PM PDT

Image: 

ബെയ്ജിങ്: അമ്മയും കാമുകിയും ഒന്നിച്ച് തീയില്‍ പെട്ടാല്‍ നിങ്ങള്‍ ആരെ രക്ഷിക്കും? അതും ഒരാളെമാത്രം രക്ഷിക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍. അമ്മയെ രക്ഷിക്കുമോ... കാമുകിയെ രക്ഷിക്കുമോ..?
പ്രണയിനിയോടുള്ള ഇഷ്ടംമൂത്ത് കാമുകിയെ രക്ഷിക്കുമെന്നെങ്ങാനും ഉത്തരമെഴുതിയാല്‍ പണി കിട്ടിയതു തന്നെ. കാരണം, ചൈനീസ് നിയമമനുസരിച്ച് അമ്മയെ സംരക്ഷിക്കേണ്ട ബാധ്യതയേ മകനുള്ളൂ. കാമുകി നിയമപരമായ രക്ഷാപരിധിയില്‍ വരുന്നില്ല.
ചൈനയിലെ നാഷനല്‍ ജുഡീഷ്യല്‍ പരീക്ഷാ പേപ്പറിലാണ് കുഴക്കുന്ന ഈ ചോദ്യം. അമ്മയെ രക്ഷിക്കാമായിരുന്നിട്ടും അതിന് മുതിരാതെ കാമുകിയെ രക്ഷപ്പെടുത്തിയാല്‍ അയാള്‍ക്കെതിരെ അവസരോചിതമായി ഇടപെടാതിരുന്നതിന് ക്രിമിനല്‍കേസ് എടുക്കാമെന്ന് ഉത്തര സൂചിക വ്യക്തമാക്കുന്നു. പുതുതായി അഭിഭാഷക വൃത്തിയില്‍ പ്രവേശിക്കുന്നവര്‍ക്കും ജഡ്ജിമാര്‍ക്കുമായി നടത്തിയ പരീക്ഷയിലാണ് ഈ ചോദ്യം. വെള്ളത്തില്‍ മുങ്ങിത്താഴുന്ന കുഞ്ഞിനെ രക്ഷിക്കാത്ത ലൈഫ് ഗാര്‍ഡ്, വിവാഹമോചന നടപടി കാലയളവില്‍ ഭാര്യയെ രക്ഷിക്കാത്ത ഭര്‍ത്താവ്, വിഷം കഴിക്കുന്ന സുഹൃത്തിനെ തടയാത്തയാള്‍ എന്നിവര്‍ക്കെതിരായ നിയമ നടപടികളെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലും അമ്മ-കാമുകി സംവാദം ശക്തമായിരിക്കുകയാണ്. ‘ഞാനാണെങ്കില്‍ അമ്മയെ രക്ഷിക്കാനേ ശ്രമിക്കൂ. ചെറുപ്പക്കാരിയായ കാമുകിക്ക് വേണമെങ്കില്‍ സ്വന്തംനിലക്ക് രക്ഷപ്പെടാമല്ളോ..?’ എന്നാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ‘നിയമത്തിന്‍െറ മുന്നില്‍ എല്ലാവരും തുല്യരാണെന്നിരിക്കെ ഒരാളെ രക്ഷപ്പെടുത്താത്തത് മാത്രം എങ്ങനെയാണ് കുറ്റകരമല്ലാതാവുക’ എന്നാണ് മറ്റൊരാള്‍ ഉന്നയിക്കുന്ന സന്ദേഹം.

മിനാദുരന്തം: വിവരങ്ങള്‍ വൈകുന്നത് വിഷമം സൃഷ്ടിക്കുന്നു –മഹ്ബൂബ മുഫ്തി

Posted: 30 Sep 2015 08:56 PM PDT

Image: 
ജിദ്ദ: മിനാദുരന്തവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ തീര്‍ഥാടകരെ കുറിച്ച് വ്യക്തവും വിശദവുമായ വിവരങ്ങള്‍ ലഭ്യമാകാതിരിക്കുന്നത് ഏറെ വിഷമം സൃഷ്ടിക്കുന്നതായി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സൗഹാര്‍ദ പ്രതിനിധിയായി ഹജ്ജിനത്തെിയ പാര്‍ലമെന്‍റ് അംഗവും ജമ്മു - കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്‍റുമായ മഹ്ബൂബ മുഫ്തി. ഹജ്ജിനു മുമ്പുണ്ടായ ക്രെയിന്‍ അപകട സംഭവത്തില്‍ ഗവണ്‍മെന്‍റിന്‍െറ ഭാഗത്തു നിന്നു വളരെ പെട്ടെന്നു തന്നെ പ്രതികരണമുണ്ടാവുകയും ശക്തമായ നടപടികളെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൂടുതല്‍ വലിയ ദുരന്തമായി മിനായിലേത്. ഇതു വരെയുള്ള കണക്കു പ്രകാരം ഇന്ത്യക്കാരായ 50 ആളുകള്‍ മരിക്കുകയും 80 ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. അപകടം സംബന്ധിച്ച കൃത്യമായ വിവരത്തിനു ഇപ്പോഴും സമയമെടുക്കുകയാണ്.  സംഭവം നടന്നു ഒരാഴ്ച പിന്നിട്ടു കഴിഞ്ഞിട്ടും ഒരു വിവരവുമറിയാതെ നൂറുകണക്കിനു ഇന്ത്യന്‍ കുടുംബങ്ങള്‍ സങ്കടത്തിലാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 
വമ്പിച്ച ദുരന്തമായതിനാല്‍ സൗദി ഗവണ്‍മെന്‍റിന് അതിന്‍േറതായ പ്രയാസങ്ങളുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ മൃതശരീരങ്ങള്‍ തിരിച്ചറിഞ്ഞ് വിവരമറിയിക്കാനും അവ്യക്തതകള്‍ ദുരീകരിക്കാനും കുറേക്കൂടി ചടുലമായ സംവിധാനം ആകാമായിരുന്നു. ഇക്കാര്യം ബന്ധപ്പെട്ട അധികൃതകേന്ദ്രങ്ങളില്‍ അറിയിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. മുഅയ്സിമിലെ മോര്‍ച്ചറി പരിസരത്ത് ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കുകയും മെഡിക്കല്‍ ടീമിനെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ടെന്നും ഇവര്‍ ആരോഗ്യവകുപ്പ് അധികൃതരുമായും മറ്റും ബന്ധപ്പെട്ട് അപ്പപ്പോള്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും കോണ്‍സല്‍ ജനറല്‍ ബി.എസ് മുബാറക് അറിയിച്ചു. സൗദി ഗവണ്‍മെന്‍റിന്‍െറ ദുരന്തശേഷമുള്ള പ്രകടനം സ്തുത്യര്‍ഹമാണെന്നും പ്രത്യേകിച്ചും പരിക്കേറ്റവരുടെ പരിചരണം ഏറ്റവും മികച്ച രീതിയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മിനായിലും മറ്റും സേവനമനുഷ്ഠിച്ച വളണ്ടിയര്‍മാരെ മഹ്ബൂബ മുഫ്തി പ്രകീര്‍ത്തിച്ചു. ദുരന്തത്തില്‍ മരിച്ച രക്തസാക്ഷികള്‍ക്കും അവരുടെ സന്തപ്ത കുടുംബങ്ങള്‍ക്കും വേണ്ടി അവര്‍ പ്രാര്‍ഥിച്ചു. 
1995 ലെ ആദ്യവരവിലേതിനേക്കാള്‍ അടിസ്ഥാനസൗകര്യങ്ങളിലും മറ്റും വലിയ പുരോഗതിയാണുണ്ടായത്. മെട്രോ ട്രെയിന്‍ ഹജ്ജ് യാത്ര വളരെ ലളിതമാക്കിയിരിക്കുന്നു. ഓരോ ഇടത്തെയും മെച്ചപ്പെട്ട വികസനത്തിനു വേണ്ടി സൗദി ഗവണ്‍മെന്‍റ് സാധ്യമായതെല്ലാം ചെയ്തു വരുന്നു. മുസ്ലിംകള്‍  കൂടുതല്‍ അധിവസിക്കുന്ന, വംശ, ഭാഷാ വൈവിധ്യങ്ങളുള്ള ബഹുസ്വര രാജ്യമാണ് ഇന്ത്യ. സൗദി അറേബ്യയുമായി ഇന്ത്യ പുലര്‍ത്തിവരുന്ന സൗഹൃദം ഭാവിയില്‍ കൂടുതല്‍ ദൃഢതരമാക്കും. 30 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. രാജ്യത്തിന്‍െറ വമ്പിച്ചൊരു മാനവവിഭവ ശേഷിയാണ് സൗദിയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഈയൊരു ബന്ധം പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും സജീവമായ ഉഭയകക്ഷി ബന്ധവുമൊക്കെയായി കൂടുതല്‍ മെച്ചപ്പെടുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യ ഹജ്ജിന്‍െറ കാര്യത്തില്‍ വളരെ വലിയ പരിഷ്കരണങ്ങള്‍ക്കു തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. ഒരേ തരം ബാഗേജ് സമ്പ്രദായവും ഓണ്‍ലൈന്‍ പേമെന്‍റ് സംവിധാനവും പരീക്ഷിച്ചു വിജയിച്ചു. മേലിലും ഹജ്ജ് യാത്രയില്‍ കൂടുതല്‍ പരിഷ്കരണങ്ങള്‍ കൊണ്ടുവരുമെന്ന് അവര്‍ പറഞ്ഞു. ഇന്ത്യന്‍ ഹജ്ജ് മിഷന്‍െറ മക്കയിലെയും പുണ്യനഗരികളിലെയും സംവിധാനങ്ങള്‍ വിജയകരമായിരുന്നു. ഇക്കാര്യത്തില്‍ കോണ്‍സല്‍ ജനറല്‍ മുതല്‍ സന്നദ്ധസേവകര്‍ വരെയുള്ളവരെ മഹ്ബൂബ പ്രശംസിച്ചു.
ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ എഴുപതില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് യോഗ്യനായ സഹയാത്രികനുണ്ടായിരിക്കുക എന്ന ഉപാധി വെക്കുമോ എന്ന ചോദ്യത്തിന് അത്തരക്കാരുടെ വിഷമങ്ങള്‍ നേരില്‍തന്നെ കണ്ടു ബോധിച്ചതാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയാനാവില്ളെന്നും അവര്‍ പറഞ്ഞു. ഹാജിമാരുടെ ക്വോട്ട അടുത്ത വര്‍ഷം ഉയര്‍ത്തുന്നതിനെ കുറിച്ച് ഹജ്ജ് മന്ത്രിയുമായി ചര്‍ച്ച നടത്തിയതായി മഹ്ബൂബ അറിയിച്ചു. മധ്യപ്രദേശ് ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ അന്‍വര്‍ മുഹമ്മദ് ഖാന്‍, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. മഹ്ബൂബ മുഫ്തി ബുധനാഴ്ച രാത്രിയോടെ ഡല്‍ഹിക്കു മടങ്ങി. 

അഭയാര്‍ഥി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യോഗം: ഡോ. ഖാലിദ് അല്‍ അത്വിയ്യ പങ്കെടുത്തു

Posted: 30 Sep 2015 08:46 PM PDT

Image: 
ദോഹ: അഭയാര്‍ഥി പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി ജര്‍മന്‍ വിദേശകാര്യമന്ത്രി വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തില്‍ ഖത്തര്‍ വിദേശകാര്യമന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ പങ്കെടുത്തു. യോഗത്തില്‍ യൂറോപ്പ് നേരിടുന്ന അഭയാര്‍ഥി പ്രതിസന്ധിയാണ് പ്രധാനമായി വിശകലനം ചെയ്തത്. 
ഐക്യരാഷ്ട്രസഭയുടെ 70ാമത് ജനറല്‍ അസംബ്ളിയുടെ ഭാഗമായാണ് അഭയാര്‍ഥി പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് ഏഴ് വ്യാവസായിക രാഷ്ട്രങ്ങളുടെ യോഗം വിളിച്ചുചേര്‍ത്തത്. സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വിളിച്ചുചേര്‍ത്ത യോഗത്തിലും ഡോ. ഖാലിദ് അല്‍ അത്വിയ്യ പങ്കെടുത്തു. യോഗത്തില്‍ സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാനായി നിരവധി രാഷ്ട്രനേതാക്കളാണ് ഒരുമിച്ചുകൂടിയത്.  ഐക്യാരാഷ്ട്രസഭ പൊതുസമ്മേളനത്തിന്‍െറ ഭാഗമായി ജി.സി.സിയും യൂറോപ്യന്‍ യൂനിയനും ചേര്‍ന്ന സംയുക്ത യോഗത്തിന് ഖത്തര്‍ വിദേശകാര്യമന്ത്രി ഡോ. ഖാലിദ് അല്‍ അത്വിയ്യ നേതൃത്വം നല്‍കി. ഇരു യൂനിയനുകളും തമ്മിലുള്ള സഹകരണത്തെ കുറിച്ച് യോഗത്തില്‍ വിശകലനം ചെയ്യുകയും ചെയ്തു. കൂടാതെ ജി.സി.സി- ആസ്ട്രേലിയ കൂടിക്കാഴ്ചക്കും ഖത്തര്‍ വിദേശകാര്യമന്ത്രി നേതൃത്വം നല്‍കി.
 

വാഹനാപകട ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കരുതെന്ന് അബൂദബി പൊലീസ്

Posted: 30 Sep 2015 08:16 PM PDT

Image: 
അബൂദബി: വാഹനാപകടങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പൊലീസിന്‍െറ അനുമതിയില്ലാതെ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കരുതെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നല്‍കി. സമൂഹത്തില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാകുമെന്നതിനാലാണിതെന്ന് അബൂദബി പൊലീസിന് കീഴിലെ അല്‍ഐന്‍ ഗതാഗത വിഭാഗം മേധാവി ലഫ്. കേണല്‍ സലാഹ് അല്‍ ഹുമൈരി പറഞ്ഞു. 
അടുത്തിടെ അല്‍ഐനില്‍ നടന്ന വാഹനാപകടത്തിന്‍െറ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സ്കൂള്‍ ബസും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തിന്‍െറ കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. അമിതവേഗമോ ഗതാഗത നിയമങ്ങള്‍ പാലിക്കാത്തതോ ആകാം കാരണം. ഇതിനിടയിലാണ് അപകടത്തിന്‍െറ വിഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്നത്. കുട്ടികളും മറ്റും ചോരയൊലിപ്പിച്ച് കിടക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 
ആശയക്കുഴപ്പം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ആരോ പ്രചരിപ്പിച്ചതാണിത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയും പൊലീസിന്‍െറ അനുമതിയില്ലാതെയും ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് അദ്ദേഹം പറഞ്ഞു. 

ഐ.എസ് തകര്‍ത്ത സ്മാരകങ്ങളുടെ കണക്കെടുപ്പ്: പുരാവസ്തുശാസ്ത്രജ്ഞര്‍ക്ക് ബഹ്റൈനില്‍ പരിശീലനം

Posted: 30 Sep 2015 08:10 PM PDT

Image: 
മനാമ: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) തീവ്രവാദികള്‍ തകര്‍ത്ത ചരിത്രസ്മാരകങ്ങളുടെ കണക്കെടുപ്പിനും മറ്റും ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള 40ഓളം പുരാവസ്തുശാസ്ത്രജ്ഞര്‍ക്ക് ബഹ്റൈനിലെ വിദഗ്ധര്‍ പരിശീലനം നല്‍കി. ഇവിടുത്തെ ‘ദ അറബ് റീജ്യനല്‍ സെന്‍റര്‍ ഫോര്‍ വേള്‍ഡ് ഹെരിറ്റേജ്’ ആണ് പരിശീലനം ഒരുക്കുന്നത്. സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നു അറേബ്യന്‍ രാജ്യങ്ങളിലെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. പാല്‍മിറ, ആലപ്പോ തുടങ്ങിയ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ ഐ.എസ് തീവ്രവാദികള്‍ തകര്‍ക്കുകയും ഇവിടെയുള്ള പുരാവസ്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്ത ദൃശ്യങ്ങള്‍ പുറം ലോകം കണ്ടതോടെ, ഇതിനെതിരെ പ്രതിരോധം ഉയരണമെന്ന ആവശ്യമുയര്‍ന്നിരുന്നു. 
പോയ വര്‍ഷം സിറിയയില്‍ നിന്നുള്ള 22പേര്‍ക്ക് ഡോക്യുമെന്‍േറഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിശീലനം നല്‍കിയതായി അറബ് റീജ്യനല്‍ സെന്‍റര്‍  ഡയറക്ടര്‍ മൗനീര്‍ ബൗചനകി പ്രാദേശിക പത്രത്തിനോട് പറഞ്ഞു. പരിശീലനം നേടിയവര്‍ ദക്ഷിണ ഇറാഖില്‍ ഫീല്‍ഡ് വിസിറ്റും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തിന് സമീപമാണ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. സിറിയ, ഇറാഖി പൗരന്‍മാര്‍ക്കു പുറമെ, യമന്‍, ലിബിയ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും പരിശീലനം നല്‍കാന്‍ ആലോചനയുണ്ട്. സര്‍ക്കാറിന്‍െറ പൂര്‍ണ സഹകരണമുള്ളതു മൂലം ഇവര്‍ക്ക് വിസ ലഭിക്കാന്‍ യാതൊരു പ്രയാസവും നേരിട്ടിട്ടില്ളെന്ന് ഡയറക്ടര്‍ പറഞ്ഞു. 
ഇറാഖിലും സിറിയയിലും ഒരു സാംസ്കാരിക യുദ്ധം തന്നെ നടക്കുന്നുണ്ടെന്നും അറബ് മേഖലയിലെ 16 ലോക പൈതൃക പ്രദേശങ്ങള്‍ ഐ.എസിന്‍െറ ഭീഷണി നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാണുന്നതെല്ലാം തകര്‍ക്കുക എന്നതാണ് അവരുടെ രീതി. ഈ പ്രദേശങ്ങളിലെ അസ്ഥിരത മാറുകയും പൈതൃത കേന്ദ്രങ്ങളുടെ പുനര്‍നിര്‍മ്മാണം തുടങ്ങുകയുമാണെങ്കില്‍ അത് പൂര്‍ത്തീകരിക്കാന്‍ നീണ്ട കാലംതന്നെ വേണ്ടി വരും. ചില കെട്ടിടങ്ങള്‍ ഒരിക്കലും പുനര്‍നിര്‍മിക്കാന്‍ ആകാത്ത വിധം തകര്‍ത്തിട്ടുണ്ട്. ഇത് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച കല്ലുകള്‍ പോലും ബോംബ് വച്ച് തകര്‍ത്ത നിലയിലാണ്. അത് കൂട്ടിയോജിപ്പിക്കുക അസാധ്യമാണ്. 
പുരാവസ്തുക്കളുടെ വില്‍പന വഴി ഐ.എസ് കോടികളാണ് സ്വന്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ പലതും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളവയാണ്. ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന പുരാവസ്തു കള്ളക്കടത്തിന്‍െറ വലിയൊരു പങ്കും ഇപ്പോള്‍ ഐ.എസ് വഴിയാണെന്നാണ് യുനെസ്കോയുടെ അനുമാനം. സിറിയയില്‍ നിന്ന് തുര്‍ക്കിയിലേക്കും ലെബനാനിലേക്കും അനധികൃതമായി കടന്ന് പുരാവസ്തുക്കള്‍ കടത്തുകയാണ് ഐ.എസിന്‍െറ രീതിയെന്ന് മൗനീര്‍ ബൗചനകി പറഞ്ഞു. ഇവിടെ നിന്ന് പടിഞ്ഞാറന്‍ നാടുകളിലെ വില്‍പന കേന്ദ്രങ്ങളിലേക്ക് പുരാവസ്തുക്കള്‍ എത്തിക്കും. ജപ്പാന്‍, യു.എസ്, ഇസ്രായേല്‍, സ്വിറ്റ്സര്‍ലന്‍റ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കാര്യമായും ഇത് വാങ്ങിക്കൂട്ടുന്നത്. സിറിയന്‍ പുരാവസ്തു ശാസ്ത്രജ്ഞനായ ഖാലിദ് അല്‍ അസ്സദ് പാല്‍മിറയിലെ പുരാതന ലിഖിതങ്ങളുടെ കൃത്യമായ ഇടം വെളിപ്പെടുത്താന്‍ തയാറാകാതിരുന്നതിനാണ് ഐ.എസ് തീവ്രവാദികള്‍ അദ്ദേഹത്തിന്‍െറ തലയറുത്തത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹത്തെ കണ്ട് സംസാരിച്ച കാര്യം മൗനീര്‍ ബൗചനകി സ്മരിച്ചു. 
യമനില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട വേളയില്‍ അവിടുത്തെ പ്രമുഖ പുരാവസ്തുശാസ്ത്രജ്ഞനായ നബീല്‍ മുനാസിറിന് ബഹ്റൈന്‍ മൂന്ന് മാസത്തോളം അഭയം നല്‍കിയ കാര്യവും അദ്ദേഹം ഓര്‍ത്തു.  ബഹ്റൈനില്‍ ഒരു സെമിനാറില്‍ സംബന്ധിക്കാനത്തെിയതായിരുന്നു നബീല്‍. അപ്പോഴാണ് യമനില്‍ സംഘര്‍ഷം രൂക്ഷമായത്. തുടര്‍ന്ന് ഇദ്ദേഹം ബഹ്റൈന്‍െറ അതിഥിയായി തങ്ങുകയായിരുന്നു. ഇദ്ദേഹത്തിനും ബഹ്റൈന്‍ പുരാവസ്തുസംരക്ഷണ രംഗത്ത് പരിശീലനം നല്‍കുകയുണ്ടായി. 
യമനിലെ ചരിത്ര പ്രാധാന്യമുള്ള നഗരമായ സാബിദിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2013 മുതല്‍ ബഹ്റൈന്‍ സംഘത്തിന്‍െറ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
13ാം നൂറ്റാണ്ടില്‍ യമന്‍െറ തലസ്ഥാനമായിരുന്ന സാബിദിലെ ഇസ്ലാമിക് യൂനിവേഴ്സിറ്റി വളരെ പ്രശസ്തമാണ്. യുനെസ്കോയുടെ കണക്കനുസരിച്ച് ഇവിടുത്തെ പുരാതന ഭവനങ്ങള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് അതിവേഗം വഴിമാറുകയാണ്. 
 

അത്‌ലറ്റിക്കോക്ക് ബെന്‍ഫിക്കന്‍ ഷോക്ക്; മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് വിജയം

Posted: 30 Sep 2015 07:58 PM PDT

Image: 

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബാളില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ ബെന്‍ഫിക്ക അട്ടിമറിച്ചു. ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ 2^1നാണ് ബെന്‍ഫിക്ക അത്ലറ്റിക്കോയെ മലര്‍ത്തിയടിച്ചത്. സ്വന്തം ഗ്രൗണ്ടില്‍ 23ാം മിനിറ്റില്‍ എയ്ഞ്ചല്‍ കൊറെയയിലൂടെ ഒരു ഗോളിനു മുന്നിട്ടു നിന്ന അത്ലറ്റിക്കോ അപ്രതീക്ഷിതമായാണ് തോല്‍വി വഴങ്ങിയത്. നിക്കോളാസ് ഗയ്റ്റാന്‍ (36), ഗോണ്‍സാലോ ഗ്വിഡസ് (51) എന്നിവരാണ് ബെന്‍ഫിക്കയുടെ സ്കോറര്‍മാര്‍.

അതേ സമയം, ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ വിജയം കൈവരിച്ചു. ഗ്രൂപ്പ് ബിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2^1നു ജര്‍മന്‍ സൂപ്പര്‍കപ്പ് ജേതാക്കളായ വി.എഫ്.എല്‍ വൂള്‍ഫ്സ്ബര്‍ഗിനെ കീഴടക്കിയപ്പോള്‍ ഗ്രൂപ്പ് ഡിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി സമാന ഗോള്‍ വ്യത്യാസത്തില്‍ ബൊറൂസ്യ മോഷെന്‍ഗ്ളാദ്ബാഷിനെ പരാജയപ്പെടുത്തി. ആദ്യമത്സരത്തില്‍ പി.എസ്.വി ഐന്തോവനോട് 2^1ന് തോറ്റ യുനൈറ്റഡിന്‍െറ തിരിച്ചു വരവായി ഈ മത്സരം. പ്രീമിയര്‍ലീഗില്‍ മികച്ച ജയങ്ങളുമായി ടീം മുന്നിലാണുള്ളത്

ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരത്തില്‍ യുവന്‍റസ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സെവിയ്യ എഫ്.സിയെ മറികടന്നു. ഗ്രൂപ്പ് എയില്‍ പി.എസ്.ജി 3^0നു ഷാക്തര്‍ ഡൊണെറ്റ്സ്കിനെ കീഴടക്കി. ഗ്രൂപ് ‘ഡി’യിലെ ആദ്യമത്സരത്തില്‍ യുവന്‍റസിനോട് മാഞ്ചസ്റ്റര്‍ സിറ്റി തോറ്റിരുന്നു.
 

രഞ്ജി ട്രോഫി: കേരളത്തിന് ഫീല്‍ഡിങ്

Posted: 30 Sep 2015 07:57 PM PDT

Image: 

കൊച്ചി: രഞ്ജി ട്രോഫിയില്‍ ആദ്യ മത്സരത്തില്‍  ജമ്മു^കശ്മീരിനെതിരെ കേരളത്തിന് ഫീല്‍ഡിങ്. ടോസ് നേടിയ കശ്മീര്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. സഞ്ജു വി. സാംസണാണ് കേരളത്തെ നയിക്കുന്നത്. ഇതോടെ രഞ്ജിയില്‍ കേരളത്തെ നയിച്ച ഏറ്റവും പ്രായം കുറഞ്ഞ നായകനെന്ന റിക്കാര്‍ഡ് സഞ്ജുവിനു ലഭിച്ചു. അഹമ്മദ് ഫര്‍സീന്‍, ഫാബിദ് ഫാറൂഖ് അഹമ്മദ് എന്നീ പുതുമുഖങ്ങളും കേരളാ ടീമിലുണ്ട്.

വി.എ. ജഗദീഷ്, അക്ഷയ് കോടോത്ത്, രോഹന്‍ പ്രേം, സചിന്‍ ബേബി, റൈഫി വിന്‍സെന്‍റ് ഗോമസ്, മോനിഷ് എസ്.കെ, സന്ദീപ് വാര്യര്‍, നിദീഷ് എം.ഡി, നിയാസ് എന്‍, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, നിഖിലേഷ് സുരേന്ദ്രന്‍, അക്ഷയ് ചന്ദ്രന്‍ എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. കേരളത്തിന്‍െറ ഹോം മത്സരങ്ങള്‍ക്ക് പെരിന്തല്‍മണ്ണ സ്റ്റേഡിയമാണ് ഇത്തവണ വേദിയാകുന്നത്. ഒക്ടോബര്‍ 15ന് ഝാര്‍ഖണ്ഡിനെതിരെയാണ് രണ്ടാം മത്സരം. പി. ബാലചന്ദ്രനാണ് ടീം കോച്ച്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP