സ്വാഗതം
WELCOME

News Update..

Monday, November 26, 2012

സിറിയയില്‍ വ്യോമാക്രമണം; പത്ത് കുട്ടികള്‍ കൊല്ലപ്പെട്ടു Madhyamam News Feeds

സിറിയയില്‍ വ്യോമാക്രമണം; പത്ത് കുട്ടികള്‍ കൊല്ലപ്പെട്ടു Madhyamam News Feeds

Link to

സിറിയയില്‍ വ്യോമാക്രമണം; പത്ത് കുട്ടികള്‍ കൊല്ലപ്പെട്ടു

Posted: 25 Nov 2012 11:10 PM PST

Image: 

ഡമസ്കസ്: ഭരണകൂട വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി തുടരുന്ന സിറിയയില്‍ പ്രസിഡന്‍്റ് ബശ്ശാര്‍ അല്‍ അസദിന്റെസൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ പത്തു കുട്ടികള്‍ കൊല്ലപ്പെട്ടു. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ ഡമസ്കസിനു സമീപം വിമത സേനയുടെ നിയന്ത്രണത്തിലുള്ള ഗ്രാമത്തിലാണ് വ്യോമാക്രമണം നടന്നത്. വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് സേനയുടെ ആക്രമണത്തിനിരയായതെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

ഡമസ്കസില്‍ നിന്നു 12 കിലോമീറ്റര്‍ അകലെ ദാറുല്‍ അസഫിര്‍ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രം നിരീക്ഷക  സംഘം പുറത്തുവിട്ടു. കുട്ടികളുടെ മൃതദേഹം വഹിച്ചുകൊണ്ടു വിമതസംഘം പ്രതിഷേധറാലി നടത്തി. 15 വയസ്സിന് താഴെ പ്രായമുള്ളവരാണ് മരിച്ചതെന്ന് മനുഷ്യാവകാശ സംഘടനയായ സിറിയന്‍ ഒബ്സര്‍വേറ്ററി വൃത്തങ്ങള്‍ വാര്‍ത്താഏജന്‍സിയോട് വെളിപ്പെടുത്തി. മേഖലയില്‍ ക്ളസ്റ്റര്‍ ബോംബുകളാണ് സിറിയന്‍ സേന വര്‍ഷിച്ചതെന്നും ഇതില്‍ പൊട്ടാത്ത ചില ബോംബുകള്‍ കണ്ടെത്തിയതായും സിറിയന്‍ സേനയുടേത് ഏകപക്ഷീയ ആക്രമണമാണെന്നും പ്രാദേശിക സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു.

സംഭവത്തേക്കുറിച്ച് സിറിയന്‍ ഭരണകൂടം പ്രതികരിച്ചിട്ടില്ല. എന്നാല്‍ വിമതല്‍ പിടിച്ചടക്കിയിരിക്കുന്ന പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ സേന ശ്രമിക്കുകയാണെണ് ഔദ്യാഗിക വൃത്തങ്ങള്‍ പറഞ്ഞു.

പ്രസിഡന്‍്റ് ബശ്ശാര്‍ അല്‍ അസദിനെതിരെ കഴിഞ്ഞ ഇരുപതു മാസമായി തുടരുന്ന പ്രക്ഷോഭത്തിനിടെ അടുത്തുകാലത്തായി വിമതര്‍ക്കു നേരെ സൈന്യം ക്ളസ്റ്റര്‍ ബോംബുകള്‍ പ്രയോഗിക്കാന്‍ തുടങ്ങിട്ടുണ്ടെന്ന് യു.എന്‍ രാഷ്ട്രീയകാര്യ മേധാവി വെളിപ്പെടുത്തിയിരുന്നു.

2010ലെ യു.എന്‍ കരാര്‍ പ്രകാരം ക്ളസ്റ്റര്‍ ബോംബുകള്‍ നിരോധിച്ചിട്ടുള്ളതാണ്. ഇതില്‍ സിറിയ, ഇസ്രായേല്‍, റഷ്യ, യു.എസ് തുടങ്ങിയ രാജ്യങ്ങള്‍ ഒപ്പുവക്കുകയും ചെയ്തിട്ടുണ്ട്.
 

കാര്യവട്ടത്ത് സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; ഒമ്പത് വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍

Posted: 25 Nov 2012 11:09 PM PST

കഴക്കൂട്ടം: കാര്യവട്ടത്തെ സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; താമസക്കാരായ ഒമ്പത് വിദ്യാര്‍ഥിനികളെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗവേഷണ, ബിരുദാനന്തരബിരുദ വിഭാഗം വിദ്യാര്‍ഥികള്‍ക്കാണ് വിഷബാധയേറ്റത്. ഉച്ച ഭക്ഷണത്തില്‍നിന്നാണ് വിഷബാധയേറ്റതെന്ന സംശയത്തിലാണ് അധികൃതര്‍.
ഹോസ്റ്റലിലെ താമസക്കാരായ അലീന (22), ലക്ഷ്മി (23), നീതു (23), വൈശാഖി (23), പാര്‍വതി (23), തുളസി (20), ആതിര (21), സന്ധ്യ (22), ജ്യോതി (20) എന്നിവരാണ് ആശുപത്രിയിലായത്. ഞായറാഴ്ച ഉച്ചക്ക് ഇവര്‍ ഹോസ്റ്റലില്‍നിന്ന് ഭക്ഷണം കഴിച്ചിരുന്നു.
ഭക്ഷണം കഴിച്ച് കുറച്ചുനേരത്തിനകം തന്നെ നാല് വിദ്യാര്‍ഥിനികള്‍ക്ക് ഛര്‍ദിയും വയറുവേദനയും തലകറക്കവും അനുഭവപ്പെട്ടു.
ഒരുമണിക്കൂറിനുള്ളില്‍ തന്നെ ശേഷിച്ച അഞ്ചുപേരെയും അവശതയെ തുടര്‍ന്ന് ആശുപത്രയിലാക്കി. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഭക്ഷണത്തിലെ വൃത്തിഹീനതയെക്കുറിച്ച് ഹോസ്റ്റല്‍ അധികൃതരോട് ഇതിന് മുമ്പും പരാതിപ്പെട്ടിരുന്നതായി മറ്റ് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. അധികൃതര്‍ നടപടി കൈക്കൊണ്ടിട്ടില്ലെന്നും ആരോപണമുണ്ട്.
ഹോസ്റ്റല്‍ നടത്തിപ്പുകാര്‍ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഫുഡ് സേഫ്റ്റി ഓഫിസര്‍ ഗൗരീഷ്കുമാര്‍ ഹോസ്റ്റല്‍ സന്ദര്‍ശിച്ച് സാമ്പിള്‍ പരിശോധനക്കായി ശേഖരിച്ചു.
ഫുഡ് ആന്‍ഡ് സേഫ്റ്റിയുടെ ലൈസന്‍സില്ലാതെയാണ് ഇവിടെ ഭക്ഷണം പാകം ചെയ്ത് നല്‍കിയിരുന്നതെന്ന് അദ്ദേഹം അറിയിച്ചു. 60 ഓളം പേര്‍ 30 മുറികളിലായിട്ടാണ് ഇവിടെ താമസിച്ചിരുന്നത്.
പരിശോധനാഫലം അറിയുന്ന മുറക്ക് നടപടി സ്വീകരിക്കുമെന്ന് ശ്രീകാര്യം പൊലീസ് അറിയിച്ചു. ഫുഡ് ആന്‍ഡ് സേഫ്റ്റി അധികൃതര്‍ എത്താന്‍ വൈകുമെന്നറിഞ്ഞതോടെ ശ്രീകാര്യം എസ്.ഐ ഷൈജുനാഥിന്‍െറ നേതൃത്വത്തിലെത്തിയ പൊലീസ് ഭക്ഷണത്തിന്‍െറ സാമ്പിള്‍ ശേഖരിച്ചിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഹോസ്റ്റല്‍ അടച്ചുപൂട്ടണമെന്ന് വിവിധ രാഷ്ട്രീയ സംഘടനകള്‍ ആവശ്യപ്പെട്ടു. എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ഹോസ്റ്റല്‍ ഉപരോധിച്ചു. ശ്രീകാര്യം, തുമ്പ, കഴക്കൂട്ടം, മെഡിക്കല്‍ കോളജ് സ്റ്റേഷനുകളില്‍നിന്നായി വന്‍പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
 

കയര്‍ സഹകരണസംഘങ്ങള്‍ പുനരുജ്ജീവിപ്പിക്കണം -തോമസ് ഐസക്

Posted: 25 Nov 2012 11:00 PM PST

കൊല്ലം: പുതിയ കയര്‍ സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കാന്‍ ഒത്താശ ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ജീവമായ കയര്‍ സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് കയര്‍ വര്‍ക്കേഴ്സ് സെന്‍റര്‍ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്‍റ് ഡോ. ടി. എം. തോമസ് ഐസക് എം.എല്‍.എ. കയര്‍ തൊഴിലാളി യൂനിയനുകളുടെ സംയുക്ത കണ്‍വെന്‍ഷന്‍ ടി.എം. വര്‍ഗീസ് സ്മാരക ഹാളില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കയര്‍ വ്യവസായം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നു. പരമ്പരാഗത വ്യവസായ തൊഴിലാളികള്‍   തൊഴിലില്ലാതെ കൂലിവേലക്കിറങ്ങുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലായതോടെ കയര്‍ ഉല്‍പന്നങ്ങള്‍ക്കു പകരം ചകിരിയും ചകിരിച്ചോറുമാണ് ഇപ്പോള്‍ ഇവിടെനിന്ന് കയറ്റുമതിചെയ്യുന്നത്.
കയര്‍പിരി തൊഴിലാളികള്‍ക്ക് പണിയില്ലാതായി. തൊഴിലാളിക്ക് 350 രൂപ കൂലി ലഭ്യമാക്കണം. ക്ഷേമനിധി അംഗങ്ങളായ ജോലിയില്ലാത്ത കയര്‍ തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മ വേതനംനല്‍കണം. കയര്‍ മേഖലയെ സംരക്ഷിക്കാനുള്ള പ്രക്ഷോഭത്തില്‍ തൊഴിലാളികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ കയര്‍ മേഖലയോട് കടുത്ത അവഗണനയാണ് തുടരുന്നതെന്ന് കയര്‍ വര്‍ക്കേഴ്സ് സെന്‍റര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ കുറ്റപ്പെടുത്തി.
 

ഈവാരം നാലു മലയാളചിത്രങ്ങള്‍ റിലീസിന്

Posted: 25 Nov 2012 10:49 PM PST

Image: 

ഈവാരം കേരളത്തിലെ ബോക്സ് ഓഫീസ് പോരാട്ടത്തിന് നാലു മലയാളചിത്രങ്ങള്‍. ഷാഫി സംവിധാനം ചെയ്ത '101 വെഡ്ഡിങ്സ്', ഡോ. സന്തോഷ് സൌപര്‍ണികയുടെ 'അര്‍ധനാരി', ഷൈജു അന്തിക്കാടിന്റെ 'സീന്‍ ഒന്ന് നമ്മുടെ വീട്', കെ.എസ്. ബാവയുടെ 'ഇഡിയറ്റ്' എന്നിവയാണ് 23ന് എത്തുന്ന ചിത്രങ്ങള്‍. 

 
നര്‍മ പശ്ചാത്തലത്തില്‍ ഷാഫി ഒരുക്കിയ മള്‍ട്ടി സ്റ്റാര്‍ ചിത്രമായ '101 വെഡ്ഡിങ്സി'ല്‍ കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, ജയസൂര്യ, സംവൃത സുനില്‍, ഭാമ, സലീംകുമാര്‍, സുരാജ് തുടങ്ങി നീണ്ട നിര തന്നെയുണ്ട്. ദീപക് ദേവ് - റഫീക് അഹമ്മദ് ടീമിന്റേതാണ് ഗാനങ്ങള്‍. ചിത്രത്തിന് രചനയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് കലവൂര്‍ രവികുമാറാണ്. 65 ലേറെ തിയറ്ററുകളില്‍ ചിത്രം റിലീസാകുന്നുണ്ട്.
 
ഹിജഡകളുടെ ജീവിത പ്രതിസന്ധികളിലൂടെ കഥ പറയുന്ന ഡോ. സന്തോഷ് സൌപര്‍ണികയുടെ 'അര്‍ധനാരി'യാണ് ഈയാഴ്ച പുറത്തിറങ്ങുന്ന മറ്റൊരു ശ്രദ്ധേയ ചിത്രം. മനോജ് കെ. ജയന്‍, തിലകന്‍, മണിയന്‍ പിള്ള രാജു തുടങ്ങിയവരുടെ ഹിജഡ വേഷമാണ് ഹൈലൈറ്റ്. മഹാലക്ഷ്മിയാണ് നായിക. എം.ജി ശ്രീകുമാറാണ് സംഗീതമൊരുക്കുന്നത്. അദ്ദേഹം തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതും. 33 കേന്ദ്രങ്ങളിലാണ് റിലീസ്. 
 
വിവാഹശേഷം നവ്യ നായര്‍ വീണ്ടും സിനിമയിലെത്തുന്ന 'സീന്‍ ഒന്ന് നമ്മുടെ വീട്' സംവിധാനം ചെയ്തിരിക്കുന്നത് ഷൈജു അന്തിക്കാടാണ്. കുടുംബ സദസ്സുകളെ ഉദ്ദേശിച്ചുള്ള ചിത്രത്തില്‍ ലാലാണ് നായകന്‍. തിലകന്‍, ലാലു അലക്സ്, ഹരിശ്രീ അശോകന്‍, സുധീഷ്, മണിക്കുട്ടന്‍, ആസിഫ് അലി എന്നിവരുമുണ്ട്. രതീഷ് വേഗയുടെ ഈണങ്ങളില്‍ ഗാനങ്ങളെഴുതിയത് റഫീക് അഹമ്മദാണ്. 
 
യുവതാരങ്ങളെ അണിനിരത്തി കോമഡി പശ്ചാത്തലത്തില്‍ കെ.എസ്. ബാവ ഒരുക്കിയ 'ഇഡിയറ്റ്സ്' ആണ് മറ്റൊരു റിലീസ്. ആസിഫ് അലി, സനുഷ എന്നിവര്‍ നായികാ നായകന്‍മാരാകുന്നു. ബാബുരാജ്, വിജയരാഘവന്‍ തുടങ്ങിയ താരങ്ങളുടെ സാന്നിധ്യവുമുണ്ട്. 
 
മഹാനടന്‍ തിലകന്‍ അവസാനം അഭിനയിച്ച രണ്ടു ചിത്രങ്ങള്‍ ഒരുമിച്ച് തിയറ്ററുകളില്‍ എത്തുന്നെന്ന സവിശേഷതയും ഈ വാരത്തിനുണ്ട്. അര്‍ധനാരിയിലും സീന്‍ ഒന്ന് നമ്മുടെ വീടിലും ശ്രദ്ധേയവേഷങ്ങളില്‍ അദ്ദേഹമുണ്ട്. 
 
കഴിഞ്ഞ വാരം റിലീസ് ചെയ്ത ദുല്‍ഖര്‍ സല്‍മാന്റെ 'തീവ്രം' മികച്ച അഭിപ്രായത്തോടെ തിയറ്ററുകളിലുണ്ട്. സാമാന്യം നല്ല കലക്ഷനുമുണ്ട്. പഴയ റിലീസുകളില്‍ ദിലീപിന്റെ 'മൈ ബോസും', പൃഥ്വിരാജിന്റെ 'അയാളും ഞാനും തമ്മിലും ഇപ്പോഴും പ്രമുഖ കേന്ദ്രങ്ങളിലുണ്ട്. വിജയിന്റെ തമിഴ് ചിത്രം 'തുപ്പാക്കി' എല്ലാ മേഖലകളിലും പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. 
 
features: 
Facebook

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വാതകചോര്‍ച്ച; രോഗികളെ ഒഴിപ്പിച്ചു

Posted: 25 Nov 2012 10:37 PM PST

Image: 

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ജനറല്‍ ആശുപത്രിയിലെ നാലു നിലകളുള്ള, ഓപറേഷന്‍ തിയേറ്റര്‍ അടക്കം പ്രവര്‍ത്തിക്കുന്ന ബി, സി ബ്ലോക്കുകളില്‍ വാതകചോര്‍ച്ചയുണ്ടായത്.

രൂക്ഷമായ ഗന്ധവും കണ്ണിന് നീറ്റലും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കിടത്തി ചികിത്സയില്‍ കഴിഞ്ഞിരുന്നവരും കൂട്ടിരിപ്പുകാരും കെട്ടിടത്തിന് പുറത്തേക്ക് ഓടി. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരെ ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും ചേര്‍ന്ന് കെട്ടിടത്തിന് പുറത്തെത്തിച്ചു. കെട്ടിടത്തിനടുത്തേക്ക് ആര്‍ക്കും അടുക്കാനാവത്ത വിധം കണ്ണുനീറ്റല്‍ അനുഭവപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചു.

ആശുപത്രി ശുചീകരിക്കുന്നതിനും മൃതദേഹം അഴുകാതെ സൂക്ഷിക്കുന്നതിനുമുള്ള ഫോര്‍മാലിന്‍ ആണ് ചോര്‍ന്നതെന്നാണ് കരുതുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
 

സ്വാശ്രയ സംഘങ്ങളുടെ തട്ടിപ്പ്; കര്‍ഷകര്‍ ജപ്തി ഭീഷണിയില്‍

Posted: 25 Nov 2012 10:29 PM PST

അടിമാലി: സ്വാശ്രയ സംഘങ്ങളുടെ തട്ടിപ്പ് ഇടുക്കിയിലെ കര്‍ഷകരെ ജപ്തി ഭീഷണിയുടെ തീരാ ദുരിതത്തിലേക്ക് നയിക്കുന്നു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും വായ്പ തിരിച്ചടക്കാന്‍ സാവകാശം നല്‍കുമെന്നും ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ പറയുമ്പോഴും ജപ്തി നടപടികളുമായി ബാങ്കുകളും റവന്യൂ വകുപ്പും മുന്നോട്ടു പോകുകയാണ്.
ജില്ലയിലെ 54 വില്ലേജുകളിലും ഇപ്പോള്‍ ജപ്തി നടപടി  തുടരുകയാണ്. ഓരോ വില്ലേജിലും 400 മുതല്‍ 600 കര്‍ഷകര്‍ വരെ ജപ്തി ഭീഷണി നേരിടുന്നു. കലക്ടറുടെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തിലാണ് റവന്യൂ വകുപ്പ് ജപ്തി നടപടി കൈക്കൊള്ളുന്നത്.
ജപ്തി നടപടി നേരിടുന്ന കര്‍ഷകരില്‍ പകുതിപ്പേരും വായ്പ പൂര്‍ണമായി അടച്ചവരും ചിലര്‍ 80 ശതമാനം വരെ അടച്ചവരുമാണ്. ഇവര്‍ അടച്ച പണം സ്വാശ്രയ സംഘങ്ങള്‍ യഥാസമയം ബാങ്കുകളില്‍ എത്തിക്കാത്തതാണ് നടപടിക്ക് കാരണം.
ബാങ്കുകള്‍ കച്ചവട വികസനത്തിന്‍െറ ഭാഗമായി കര്‍ഷകര്‍ക്ക് വായ്പ കൊടുക്കല്‍ നടപടി തുടങ്ങിയത് ആറ് വര്‍ഷം മുമ്പാണ്. ഇതിനായി ജില്ലയിലെ സ്വാശ്രയ സംഘങ്ങളെയും മൈക്രോ ഫിനാന്‍സ് വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയാണ് കര്‍ഷകര്‍ക്ക് വായ്പ നല്‍കിയത്. സംഘങ്ങള്‍ വായ്പ എടുക്കുന്നതിന് മധ്യവര്‍ത്തിയായി പ്രവര്‍ത്തിച്ചെങ്കിലും തിരിച്ചടവിന്‍െറ പൂര്‍ണ ഉത്തരവാദിത്തം വായ്പക്കാരില്‍തന്നെ ബാങ്ക് നിക്ഷിപ്തമാക്കി. സ്വാശ്രയ സംഘങ്ങള്‍ വായ്പക്കാരില്‍നിന്ന് ദിനേന പണം പിരിക്കുകയും ആ തുക നേരിട്ട് ബാങ്കില്‍ അടക്കുമെന്നുമാണ് ഇവര്‍ വായ്പക്കാരെ അറിയിച്ചത്. ഇതിന് സംഘങ്ങള്‍ക്ക് ബാങ്ക് അനുവാദവും നല്‍കി. ഇത്തരത്തില്‍ സ്വാശ്രയ സംഘങ്ങള്‍ പിരിച്ചെടുത്ത പണം യഥാസമയം ബാങ്കില്‍ അടക്കാതെ വന്നതാണ് ജില്ലയിലെ ഭൂരിഭാഗം കര്‍ഷകര്‍ക്കും എതിരെ ജപ്തി നടപടിയുണ്ടാകാന്‍ കാരണം. ഇത്തരത്തില്‍ ചതിയില്‍പ്പെട്ട കര്‍ഷകരും ചെറുകിട വ്യാപാരികളും മൈക്രോ ഫൈനാന്‍സ് നടത്തിപ്പുകാരുടെ കെണിയില്‍പ്പെട്ട നൂറുകണക്കിന് സമുദായ അംഗങ്ങളും ദേവികുളം, ഉടുമ്പന്‍ ചോല താലൂക്കുകളിലുണ്ട്. അടിമാലി, വെള്ളത്തൂവല്‍, രാജാക്കാട്, മൂന്നാര്‍ പൊലീസ് സ്റ്റേഷനുകളില്‍ ഇവരുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ബാങ്ക്മാനേജര്‍മാര്‍ നിയമങ്ങള്‍ ലഘൂകരിച്ച് സംഘങ്ങള്‍ വഴി വായ്പ നല്‍കിയതും കര്‍ഷകര്‍ക്ക് വിനയായിട്ടുണ്ട്. നേരിട്ട് ബാങ്കില്‍ വായ്പക്ക് എത്തിയ കര്‍ഷകരെ അധികൃതര്‍ സ്വാശ്രയ സംഘങ്ങളിലേക്ക് തിരിച്ചയച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്.പണം സംഘങ്ങളില്‍ അടച്ച രസീത് കര്‍ഷകര്‍ ബാങ്ക് അധികൃതരെ കാട്ടിയെങ്കിലും ഫലമുണ്ടായില്ല. മാങ്കുളത്ത് ജപ്തിക്കെത്തിയ ഉദ്യോഗസ്ഥരുടെ നടപടിയില്‍ മനംനൊന്ത വിധവയായ വീട്ടമ്മ മാങ്കുളം ചീങ്കണ്ണിയില്‍ മേരി ശനിയാഴ്ച കുഴഞ്ഞുവീണ് മരിച്ചിരുന്നു. ജപ്തി നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് ജനപ്രതിനിധികള്‍ കര്‍ഷകര്‍ക്ക് വാക്കാല്‍ ഉറപ്പു നല്‍കുന്നുണ്ടെങ്കിലും ഇതൊന്നും നടക്കുന്നില്ല. ജപ്തി ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി വീട്ടുപകരണങ്ങളുടെ ലിസ്റ്റ് തയാറാക്കി പൊതുജന മധ്യത്തില്‍ അവഹേളിക്കുന്ന അവസ്ഥയാണുള്ളത്. ബാങ്കുകളുടെ ഇത്തരം നടപടികള്‍ക്കെതിരെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
 

സമരം വിജയിപ്പിക്കും -റേഷന്‍ വ്യാപാരികള്‍

Posted: 25 Nov 2012 10:26 PM PST

പത്തനംതിട്ട: സംസ്ഥാന സംയുക്ത സമര സമിതി നടത്തുന്ന സമരം വിജയിപ്പിക്കുമെന്ന്  ജില്ലയിലെ റീട്ടെയില്‍ റേഷന്‍ വ്യാപാരികള്‍ പറഞ്ഞു.  തിങ്കളാഴ്ച എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ധര്‍ണയും പൊതുയോഗവും നടക്കും. ഡിസംബര്‍ ഒന്ന് മുതല്‍ ഇന്‍ററ്റുകള്‍ ബഹിഷ്കരിക്കും.റേഷന്‍ വ്യാപാരികള്‍ക്ക് കമീഷന്‍ നിര്‍ത്തലാക്കി മിനിമം വേതനം നല്‍കുക, ഡോര്‍ ഡെലിവറി നടപ്പാക്കുക, കേരള റേഷനിങ് ഓര്‍ഡര്‍ പരിഷ്കരിക്കുക, സബ്സിഡി പണമായി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം നിര്‍ത്തിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ചു. തോമസ് വര്‍ഗീസ് അടൂര്, രാജഗോപാലന്‍ നായര്‍ തിരുവല്ല, മുരളീധരന്‍ മല്ലപ്പള്ളി, അജയകുമാര്‍ റാന്നി, ആര്‍. വിജയന്‍ നായര്‍ കോഴഞ്ചേരി, എം.ബി. സത്യന്‍, റഷീദ ബീവി, റോയി കുഴിക്കാംതടം, എ.ആര്‍. ബാലന്‍, ഷാജി ഫിലിപ്പ്, മുഹമ്മദ്ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

കൗണ്‍സിലര്‍മാര്‍ ബോധവത്കരണ ക്ളാസ് ബഹിഷ്കരിച്ചത് വിവാദമായി

Posted: 25 Nov 2012 10:18 PM PST

കായംകുളം: നഗരത്തിലെ മാലിന്യ നിര്‍മാര്‍ജന പദ്ധതിയുടെ ഗുണമേന്മ വിശദീകരിക്കാന്‍ ശുചിത്വമിഷന്‍ സംഘടിപ്പിച്ച ബോധവത്കരണ ക്ളാസ് ഭൂരിപക്ഷം കൗണ്‍സിലര്‍മാരും ബഹിഷ്കരിച്ചത് വിവാദമായി. നഗരം നേരിടുന്ന ഗുരുതര വിഷയത്തില്‍ കൗണ്‍സിലര്‍മാരുടെ നിസ്സംഗത  ചര്‍ച്ചക്കിടയാക്കി.
മാലിന്യ വിഷയത്തില്‍ ജനങ്ങള്‍ക്കും കൗണ്‍സിലര്‍മാര്‍ക്കുമുള്ള ആശങ്കയകറ്റാന്‍ ശനിയാഴ്ച വൈകുന്നേരമാണ് മാലിന്യകേന്ദ്രത്തിന് സമീപം ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചത്. ശുചിത്വമിഷന്‍ ഡയറക്ടര്‍ ദിലീപ്കുമാര്‍ ക്ളാസ് നയിക്കാന്‍ എത്തി. കേള്‍ക്കാനാകട്ടെ, നഗരഭരണ നേതൃത്വവും പ്രതിപക്ഷത്തുനിന്ന് സി.പി.ഐ കൗണ്‍സിലര്‍മാരും ഏതാനും ഉദ്യോഗസ്ഥരുമാണ് എത്തിയത്. മാലിന്യ കേന്ദ്രത്തിന് പരിസരത്തെ ഭരണകക്ഷി കൗണ്‍സിലര്‍മാര്‍ പരിപാടി ബഹിഷ്കരിക്കുകയും ചെയ്തു.
രണ്ടര കോടി രൂപയുടെ പദ്ധതി മുന്നില്‍വെച്ച് കാട്ടുന്ന പ്രഹസന നടപടികള്‍ക്ക് മുന്നില്‍ ജനമാണ് പകച്ചുനില്‍ക്കുന്നത്. നിലവിലെ മാലിന്യകേന്ദ്രത്തിലേക്ക് മാലിന്യം കയറ്റാന്‍ കഴിയാത്ത വിധം പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പോലും വ്യക്തമായ ദിശാബോധം കാട്ടാന്‍ കൗണ്‍സിലിന് കഴിഞ്ഞില്ലെന്ന വിമര്‍ശമാണ് ക്ളാസ് ബഹിഷ്കരണത്തിലൂടെ ഉയര്‍ന്നത്. മുരുക്കുംമൂട്ടിലെ മാലിന്യകേന്ദ്രത്തിന് ചുറ്റുമുള്ളവരുടെ ആവശ്യങ്ങള്‍ക്കുനേരെ ലാഘവസമീപനം സ്വീകരിക്കുന്നതാണ് നിലവില്‍ മാലിന്യനീക്കം തടസ്സപ്പെടാന്‍ കാരണം. മാലിന്യകേന്ദ്രത്തിന് സമീപത്തെ പാരിസ്ഥിതിക വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടതാണ് പരിസരവാസികളെ ചൊടിപ്പിച്ചത്. ഇതുസംബന്ധിച്ച് നിരവധി തവണ കൂടിയ സര്‍വകക്ഷി യോഗങ്ങളില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങളില്‍ മിക്കവയും നടപ്പായില്ല.
ഇതിനിടെ, മാലിന്യകേന്ദ്രത്തില്‍നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുക്കാന്‍ കെട്ടിയ ഓട നിര്‍മാണത്തിലെ അശാസ്ത്രീയത വിഷയം വഷളാകാന്‍ കാരണമായി. ഒരുമാസം മുമ്പ് മാലിന്യവണ്ടികള്‍ നാട്ടുകാര്‍ തടയുകയും ചെയ്തു. പിന്നീട് ഇതുവരെ ഇവിടേക്ക് മാലിന്യം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ നഗരത്തില്‍ കുന്നുകൂടുന്ന മാലിന്യം ജനവാസ മേഖലകളിലടക്കം തള്ളുകയാണ്. ഇത് വന്‍ പ്രതിഷേധത്തി നിടയാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് മാലിന്യകേന്ദ്രത്തിന് സമീപം തണ്ടാനുവയലില്‍ വാങ്ങിയ നാലര ഏക്കറില്‍ ആധുനിക പ്ളാന്‍റ് നിര്‍മാണം എന്ന പദ്ധതി നഗരസഭ മുന്നോട്ടുവച്ചത്. ഭരണപക്ഷത്തെ തര്‍ക്കങ്ങള്‍ കാരണം ഇവിടെ ചുറ്റുമതില്‍ പോലും കെട്ടാനായില്ല. 15 ടണ്‍ ശേഷിയുള്ള  നവീന വിന്‍ഡ്രോ കമ്പോസ്റ്റിങ് പ്ളാന്‍റും ഒരുടണ്‍ ശേഷിയുള്ള വെര്‍മി കമ്പോസ്റ്റിങ് പ്ളാന്‍റും നിര്‍മിക്കാനാണ് ലക്ഷ്യമിട്ടത്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഒഴിവാക്കാനായി ഗ്രീന്‍ബെല്‍റ്റ്, ഗാര്‍ഡനിങ് എന്നിവയും സ്ഥാപിക്കും. എന്നാല്‍, തണ്ടാനുവയലിനെയും മാലിന്യകേന്ദ്രമാക്കുമോയെന്ന ഭയമാണ് ജനങ്ങള്‍ക്കുള്ളത്. ഇതോടെയാണ് നേരിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ പോലും ഉണ്ടാകാത്ത സംസ്കരണശാലയാണ് സ്ഥാപിക്കുന്നതെന്ന ശാസ്ത്രീയ വാദം ജനങ്ങളില്‍ എത്തിക്കണമെന്ന തീരുമാനം ഉണ്ടായത്. ഇതിനായാണ് ശുചിത്വ മിഷന്‍ ഡയറക്ടര്‍ തന്നെ മാലിന്യകേന്ദ്രത്തില്‍ എത്തിയത്.
പ്രദേശവാസികളായ ജനങ്ങള്‍ ക്ളാസിന് എത്താതിരിക്കാന്‍ നടത്തിയ ബോധവത്കരണത്തിന്‍െറ ഒരംശം പോലും പദ്ധതി വ്യക്തമാക്കാന്‍ നടന്നിട്ടില്ലെന്നാണ് അറിയുന്നത്. മുരുക്കുംമൂട്ടിലെ മാലിന്യകേന്ദ്രത്തില്‍ വരാനിരുന്ന മാലിന്യസംസ്കരണ പദ്ധതി അട്ടിമറിഞ്ഞത് പോലെ ഇതും ഇല്ലാതാകുമോയെന്ന ആശങ്ക നഗരവാസികള്‍ക്കുണ്ട്.
ബോധവത്കരണ ക്ളാസില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ അമ്പിളി സുരേഷ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ അഡ്വ.യു. മുഹമ്മദ്,  സി.പി.ഐ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ അഡ്വ.എ. അജികുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജലീലാ സക്കീര്‍, കരുവില്‍ നിസാര്‍, ഭാമിനി സൗരഭന്‍, എ.പി. ഷാജഹാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കെ.എസ്.ആര്‍.ടി.സി റോഡ് വികസനം: തടസ്സം നീക്കുമെന്ന് മന്ത്രി

Posted: 25 Nov 2012 10:04 PM PST

 തൃശൂര്‍: കെ.എസ്.ആര്‍.ടി.സി പരിസരത്തെ കുപ്പിക്കഴുത്ത് പ്രശ്നത്തിന് ഉടന്‍ പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി.
ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ വകുപ്പ് മന്ത്രിയുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും നഗരഭരണ വകുപ്പിന് ചെയ്യാനാവുന്നത് അടിയന്തരമായി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. തൃശൂരില്‍ കോര്‍പറേഷന്‍െറ ഉറവിട സംസ്കരണ പദ്ധതിയുടെ സബ്സിഡി വിതരണത്തിന് എത്തിയ മന്ത്രി കെ.എസ്.ആര്‍.ടി.സി പ്രദേശം സന്ദര്‍ശിച്ചു. നഗരത്തില്‍ ഏറെ കുരുക്കുണ്ടാക്കുന്ന കെ.എസ്.ആര്‍.ടി.സി പരിസരത്തെ കുപ്പിക്കഴുത്ത് നിവര്‍ത്തുന്നതിന് തദ്ദേശഭരണവകുപ്പിന്‍െറ മറ്റ് സ്ഥലം അനുവദിക്കുന്നതിലുള്ള തടസ്സം പരിശോധിക്കുമെന്നും റോഡ് വികസനം ഉടന്‍ സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വൈകീട്ട് നാലോടെ എം.എല്‍.എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍. എം.പി. വിന്‍സന്‍റ്, മേയര്‍ ഐ.പി. പോള്‍, ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എസ്.ശ്രീനിവാസന്‍ എന്നിവരോടൊപ്പമാണ് മന്ത്രിയെത്തിയത്. തടസ്സപ്രദേശം പരിശോധിച്ച്, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലും മന്ത്രി സന്ദര്‍ശനം നടത്തി.
 

ചാവക്കാട് ബ്ളോക്കില്‍ അവിശ്വാസം നാളെ; ലീഗ് നിലപാടില്‍ മാറ്റമില്ല

Posted: 25 Nov 2012 09:59 PM PST

പുന്നയൂര്‍ക്കുളം: ബ്ളോക്ക് പഞ്ചായത്തില്‍ പ്രസിഡന്‍റ് പൊറ്റയില്‍ മുംതാസിന്‍െറ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ മുസ്ലിംലീഗ്  നല്‍കിയ അവിശ്വാസം ചൊവ്വാഴ്ച രാവിലെ പത്തിന് ചര്‍ച്ചക്കെടുക്കും.വടക്കേക്കാട് എസ്.ഐ സജിന്‍ ശശിയെ മാറ്റാന്‍ ശ്രമിച്ചതിനെതിരെ കോണ്‍ഗ്രസ് എ വിഭാഗം തടസ്സം നിന്നതാണ് ബ്ളോക്കിലെ പുതിയ സംഭവവികാസങ്ങള്‍ക്ക്  തുടക്കമായത്.
 ലീഗിന്‍െറ നാല് അംഗങ്ങള്‍ക്കൊപ്പം ഐ വിഭാഗത്തിലെ ഒരംഗവും അവിശ്വാസത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. മറ്റൊരു ഐ ഗ്രൂപ്പുകാരനും ഇവര്‍ക്കൊപ്പമുണ്ടെന്നറിയുന്നു.
അവിശ്വാസം പാസാവണമെങ്കില്‍ ആകെയുള്ള 13 അംഗങ്ങളില്‍ ഏഴുപേര്‍ അനുകൂലിച്ച് വോട്ട് ചെയ്യണം. കോണ്‍ഗ്രസ് ഐ വിഭാഗം ലീഗിനൊപ്പം നില്‍ക്കുമെന്നറിഞ്ഞതോടെ കോണ്‍ഗ്രസിനുള്ളിലും ഭിന്നതയേറിയിട്ടുണ്ട്. പ്രസിഡന്‍റ് മുംതാസിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ഡി.സി.സി പ്രസിഡന്‍റ് നല്‍കിയ വിപ്പ് ഐ ഗ്രൂപ്പുകാരായ രണ്ടംഗങ്ങള്‍ കൈപ്പറ്റിയിരുന്നില്ല. ഇതത്തേുടര്‍ന്ന് ഇവരുടെ വീട്ടിലെത്തി ചുമരില്‍ പതിച്ചാണ് വിപ്പ്  അറിയിച്ചത്.
എ വിഭാഗക്കാരായ കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്‍റ് കെ. അബൂബക്കര്‍, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് ഫസലുല്‍അലി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസിന്‍െറ അകമ്പടിയിലാണ് ബ്ളോക്ക് അംഗം വൈലേരി ഗോപാലകൃഷ്ണന്‍െറ വീടിന്‍െറ ചുമരില്‍ വിപ്പ് നോട്ടീസ് പതിച്ചത്.
അവിശ്വാസ പ്രമേയത്തെ സി.പി.എം അനുകൂലിക്കുമോ എന്നറിയാനാണ് ഇരുവിഭാഗം കാത്തുനില്‍ക്കുന്നത്. സി.പി.എം ലീഗിനെ അനുകൂലിച്ച് വോട്ട് ചെയ്യുകയാണെങ്കില്‍ അവരുടെ മൂന്നംഗത്തിലൊരാളെ അയോഗ്യരാക്കി ഭരണം തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ‘എ’ വിഭാഗം. ഇതിന്‍െറ സൂചനയായി 2011 ജനുവരി മുതല്‍ ജൂലൈ വരെയുള്ള ഏഴുമാസങ്ങളില്‍ സി.പി.എം അംഗം ഷാനിബ അഷറഫ് ആരോഗ്യസ്ഥിരം സമിതിയില്‍ ഹാജരാവാതെ ആനുകൂല്യം കൈപ്പറ്റിയെന്നാരോപിച്ച് അയോഗ്യയാക്കാന്‍ ശ്രമിച്ചിരുന്നു.
എ വിഭാഗത്തിലെ കുന്നംകാട്ടില്‍ അബൂബക്കര്‍ കഴിഞ്ഞ ഒമ്പതിനാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ഇതത്തേുടര്‍ന്ന് താന്‍ ഒരു യോഗത്തിലൊഴികെ മറ്റെല്ലാ യോഗത്തിലും പങ്കെടുത്തുവെന്ന് പറഞ്ഞ് ഷാനിബയും സി.പി.എം, ലീഗ് അംഗങ്ങളും  എതിര്‍പ്പുമായി എത്തിയിരുന്നു. ഇവരുടെ ആവശ്യമനുസരിച്ച് മിനുട്സ് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ലെന്നും മിനുട്സ് തിരുത്തിയിരിക്കുകയാണെന്നും  പറഞ്ഞതിനെത്തുടര്‍ന്ന് 12ാം തീയതി താല്‍ക്കാലികമായി പരാതി പിന്‍വലിക്കുകായയിരുന്നു. എന്നാല്‍, ഷാനിബ  യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്ന് തന്നെയാണ് എതിര്‍പക്ഷത്തിന്‍െറ വാദം. ഇതിനിടെ എസ്.ഐ സജിന്‍ ശശിയെ ചാവക്കാട് സ്റ്റേഷനിലേക്കും  അവിടുത്തെ എസ്.ഐയെ വടക്കേക്കാട് സ്റ്റേഷനിലേക്കും മാറ്റി. എസ്.ഐയെ മാറ്റണമെന്ന ആവശ്യമല്ല, അതിനെതിരെ നിന്ന എ വിഭാഗത്തിന്‍െറ നിലപാടും ദുര്‍ഭരണത്തിനുമെതിരെയാണ് അവിശ്വാസമെന്ന് ലീഗ് നിയോജകമണ്ഡലം ഭാരവാഹി  മന്ദലാംകുന്ന് മുഹമ്മദുണ്ണി പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP