സ്വാഗതം
WELCOME

News Update..

Sunday, November 4, 2012

നഗരത്തിലെ ഗതാഗതലംഘനം: ഒരുമാസത്തിനകം കുടുങ്ങിയത് 10000 പേര്‍ Madhyamam News Feeds

നഗരത്തിലെ ഗതാഗതലംഘനം: ഒരുമാസത്തിനകം കുടുങ്ങിയത് 10000 പേര്‍ Madhyamam News Feeds

Link to

നഗരത്തിലെ ഗതാഗതലംഘനം: ഒരുമാസത്തിനകം കുടുങ്ങിയത് 10000 പേര്‍

Posted: 03 Nov 2012 11:44 PM PDT

തിരുവനന്തപുരം: അമിതവേഗം ഉള്‍പ്പെടെ ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവരെയും പിടിച്ചുപറിക്കാരെയും പിടികൂടാന്‍ കൂടുതല്‍ കാമറകള്‍ നിരത്തി സജ്ജമായിരിക്കുകയാണ് ട്രാഫിക് പൊലീസ്.
നിലവിലുള്ള 223 കാമറകള്‍ക്ക് പുറമെ 200 ഓളം കാമറകള്‍ കൂടി സ്ഥാപിച്ചതോടെ പ്രതിദിനം പിടിയിലാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഒക്ടോബറില്‍ മാത്രം 10000ത്തിലേറെ പേര്‍ ഇത്തരത്തില്‍ കാമറക്കു മുന്നില്‍ കുടുങ്ങിക്കഴിഞ്ഞു. പ്രതിദിനം മുന്നൂറിലധികം പേര്‍ക്കാണ് പിഴ ചുമത്തിയുള്ള നോട്ടീസ് അയക്കുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ രണ്ട് മാസങ്ങളിലും ഒരു ലക്ഷം രൂപയിലധികം നേരിട്ട് പിഴയായി അടച്ചിട്ടുണ്ട്.
ഏറ്റവുമധികം വാഹന അപകട നിരക്ക് കണ്ടെത്തിയതിനെത്തുടര്‍ന്ന് ആറ് റോഡുകളില്‍ ഓട്ടോമാറ്റിക് ഓവര്‍ സ്പീഡ് ഡിറ്റക്ഷന്‍ സിസ്റ്റം സ്ഥാപിക്കും. കോവളം -കഴക്കൂട്ടം ബൈപ്പാസിലാണ് ഇതിന്‍െറ ആദ്യസംവിധാനമൊരുക്കുന്നത്. ഈ റോഡില്‍ 70 കിലോമീറ്ററിനപ്പുറം വേഗത്തില്‍ പാഞ്ഞാല്‍ പിടിവീഴും. വീഡിയോ, സ്റ്റില്‍ കാമറകളും ഇതിനായി ഉപയോഗിക്കും. ഹൈസ്പീഡ് റഡാര്‍ സെന്‍സര്‍ സംവിധാനങ്ങളോടെ തയാറാക്കിയിരിക്കുന്ന ഡിറ്റക്ഷന്‍ സിസ്റ്റം ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി ശേഖരിക്കും. നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ നമ്പര്‍ കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെടുത്തി നിമിഷങ്ങള്‍ക്കകം മേല്‍വിലാസം കണ്ടെത്തും. വിശദവിവരങ്ങളുടെ പ്രിന്‍റൗട്ടാകും ഇങ്ങനെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുക. പൊലീസ് ട്രെയ്നിങ് കോളജിലാണ് ഇതിനായുള്ള കണ്‍ട്രോള്‍ തുറക്കുക. 41 കോടി ചെലവില്‍ ആറിടങ്ങളിലാണ് സിസ്റ്റം സ്ഥാപിക്കാനുദ്ദേശിക്കുന്നത്. കോവളം- കൊട്ടിയം, വെഞ്ഞാറമൂട്- ചെങ്ങന്നൂര്‍, ശക്തികുളങ്ങര- അമ്പലപ്പുഴ, ആലപ്പുഴ- ചങ്ങനാശ്ശേരി, തൃശൂര്‍- കുറ്റിപ്പുറം, പാലക്കാട്-മലപ്പുറം എന്നിവിടങ്ങളില്‍ സിസ്റ്റം സ്ഥാപിക്കുന്നത് സംബന്ധിച്ച് ഉത്തരവ് കെല്‍ട്രോണിന് കൈമാറിക്കഴിഞ്ഞു.
നഗരത്തിലെ പ്രധാന ജങ്ഷനുകളെല്ലാം ഇപ്പോള്‍ കാമറ നിരീക്ഷണത്തിലേക്ക് വരികയാണ്. മണക്കാട്, കരമന, ശാസ്തമംഗലം, പേരൂര്‍ക്കട, കേശവദാസപുരം വരെയുള്ള നഗരപ്രദേശം പൂര്‍ണമായും ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ചാക്ക ബൈപ്പാസ്, ആനയറ, വെണ്‍പാലവട്ടം, പനവിള, സ്പെന്‍സര്‍ ജങ്ഷന്‍, അരിസ്റ്റോ ജങ്ഷന്‍ എന്നിവിടങ്ങളില്‍ പുതിയ കാമറകള്‍ പ്രവര്‍ത്തനം തുടങ്ങി.
കോവളം ബൈപ്പാസിലെ വാഴമുട്ടം, കാര്യവട്ടം എന്നിവിടങ്ങളില്‍ സ്പീഡ് റഡാറുകളും സ്ഥാപിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂമിലെ അത്യാധുനിക മോണിറ്ററിങ് സംവിധാനത്തിലെ നൂറോളം മോണിറ്ററുകളിലൂടെയാണ് കാമറാ ദൃശ്യങ്ങള്‍ പൊലീസ് നിരീക്ഷിക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി 15 ലധികം പൊലീസുകാരെയാണ് 24 മണിക്കൂര്‍ നിരീക്ഷണത്തിന് സജ്ജമാക്കിയിരിക്കുന്നത്.
അതേസമയം മദ്യപിച്ച് വാഹനമോടിക്കുന്നവരെ കുടുക്കാന്‍ ശക്തമായ നിയമനടപടികളാണ് പൊലീസ് സ്വീകരിക്കാന്‍ പോകുന്നത്. പുതിയ ഡി.ജി.പി എസ്.പി. ബാലസുബ്രഹ്മണ്യം ഇതിനായി പുതിയ നിബന്ധനകള്‍ തന്നെ പുറത്തിറക്കിയിട്ടുണ്ട്. പിഴയീടാക്കുന്നതിനൊപ്പം ലൈസന്‍സ് പിടിച്ചെടുക്കാനാണ് പുതിയ നിര്‍ദേശം. ആല്‍ക്കോ മീറ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തി നടപടി വേഗത്തിലാക്കാനും നിര്‍ദേശമുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റ് നിബന്ധനകള്‍ അനുസരിച്ച് മദ്യപിച്ച് വാഹനം ഓടിച്ചതിന് ലൈസന്‍സ് പിടിച്ചെടുക്കപ്പെട്ടാല്‍ പിന്നീട് പുതിയ ലൈസന്‍സ് നല്‍കാന്‍ കഴിയില്ല.
കാമറകള്‍ നിരീക്ഷണം ശക്തമാക്കുകയും കൂടുതല്‍ പേര്‍ കുടുങ്ങുകയും ചെയ്തതോടെ വാഹനം വിറ്റവരും സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങിയവരും നെട്ടോട്ടത്തിലാണ്. ആര്‍.സി ബുക്കില്‍ പേര് മാറാത്തതിനാല്‍ പലപ്പോഴും ആദ്യ ഉടമ തന്നെ പിഴ അടയ്ക്കേണ്ട ഗതികേടിലാണ്.
ഇത്തരത്തില്‍ നിരവധി പരാതികളും കണ്‍ട്രോള്‍ റൂമില്‍ എത്തുന്നുണ്ട്. ഇതോടൊപ്പം ചില സ്ഥലങ്ങളില്‍ കാമറകള്‍ ഇല്ലെന്ന പരാതിയും സിഗ്നല്‍ ലൈറ്റുകളെക്കുറിച്ചുള്ള പരാതികളും കുറവല്ല്.ചാല, പാളയം മാര്‍ക്കറ്റുകള്‍, ശംഖുംമുഖം-ഓള്‍സെയിന്‍റ്സ്, പ്രധാന പാര്‍ക്കിങ് കേന്ദ്രങ്ങള്‍, പൂവാല ശല്യം രൂക്ഷമായ ചില വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, ബൈക്ക്, കാര്‍ മത്സരയോട്ടം നടക്കുന്ന റോഡുകള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ കാമറകള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പല ജങ്ഷനുകളിലും ട്രാഫിക് ലൈറ്റുകള്‍ക്ക് ടൈമര്‍ ഇല്ലാത്തതും ചിലയിടത്ത് മഞ്ഞ ലൈറ്റില്ലാത്തതും യാത്രക്കാര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്.

ശാസ്താംകോട്ട തടാകത്തില്‍നിന്ന് ഇഷ്ടംപോലെ വെള്ളമെടുക്കാന്‍ അനുവദിക്കില്ല- സംരക്ഷണസമിതി

Posted: 03 Nov 2012 11:39 PM PDT

കൊല്ലം: ശാസ്താംകോട്ട തടാകത്തില്‍നിന്ന് ഇഷ്ടംപോലെ വെള്ളമെടുക്കാന്‍ അനുവദിക്കില്ലെന്നും കൊല്ലം നഗരത്തിലടക്കം കുടിവെള്ളം മുട്ടാതിരിക്കാന്‍ ബദല്‍പദ്ധതി തയാറാക്കണമെന്നും ശാസ്താംകോട്ട തടാകസംരക്ഷണ ആക്ഷന്‍ കൗണ്‍സില്‍.
2010 ലെ കടുത്ത വരള്‍ച്ചക്കും വെള്ളം ഉള്‍വലിയലിനുംശേഷം രണ്ട് വര്‍ഷം കഴിഞ്ഞിട്ടും തടാകം പൂര്‍വസ്ഥിതിയിലായിട്ടില്ല. 2012 ല്‍ വീണ്ടും കടുത്ത ജലക്ഷാമം നേരിട്ട്, കൂടുതല്‍ ഭൂഭാഗം വറ്റി ചതുപ്പുകളാവുകയും തടാകം കൂടുതല്‍ ഉള്ളിലേക്ക് വലിയുകയും ചെയ്തു. ഇങ്ങനെ പോയാല്‍ ഏതാനും വര്‍ഷത്തിനുശേഷം തടാകം പൂര്‍ണമായും ഇല്ലാതാകും. സംരക്ഷണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാതെ തടാകത്തിലെ വെള്ളത്തിന്‍െറ അളവ് സംബന്ധിച്ച് യാതൊരു പഠനവും നടത്താതെ ക്രമാതീതമായി വാട്ടര്‍ അതോറിറ്റി വെള്ളമൂറ്റുകയാണ്. ഇത് ഇനി അനുവദിക്കാന്‍ കഴിയില്ല. ഇതെല്ലാം ഉയര്‍ത്തി നവംബര്‍ ആറിന് ശാസ്താംകോട്ട പമ്പ് ഹൗസിനുമുന്നില്‍ ഏകദിന സത്യഗ്രഹസമരം നടക്കും. തുടര്‍ന്ന് പമ്പ്ഹൗസ് ഉപരോധിച്ചുള്ള സമരം നടത്താനാണ് ഉദ്ദേശിക്കുന്നത്.
ഇങ്ങനെ പോയാല്‍ തടാകത്തില്‍നിന്നുള്ള പമ്പിങ് ഏതാനും ദിവസം കൂടി മാത്രമേ തുടരാന്‍ കഴിയുകയുള്ളൂ എന്ന് കഴിഞ്ഞ ജൂലൈ 25 ന് തടാകസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കാന്‍ മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലും തുടര്‍ന്ന് കലക്ടര്‍ വിളിച്ച യോഗത്തിലും വാട്ടര്‍ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നതാണ്. ഈ സമയത്ത് കിണറുകളിലേക്ക് അധികമായി 20-30 എച്ച്.പി മോട്ടോര്‍ ഉപയോഗിച്ചും ചെറിയ തോടുകള്‍ നിര്‍മിച്ചും ഉള്‍ഭാഗത്തുനിന്ന് വെള്ളം എത്തിച്ച് വിതരണം ചെയ്യുകയായിരുന്നു അവര്‍.
ശാസ്താംകോട്ട തടാകത്തില്‍നിന്ന് ഇനിയും വെള്ളമൂറ്റുന്നതിന് കര്‍ശന നിയന്ത്രണം വേണം. തടാകത്തില്‍ വന്നുചേരുന്ന വെള്ളത്തിന് ആനുപാതികമായി മാത്രമേ പമ്പിങ് പാടുള്ളൂ. അവശേഷിക്കുന്ന ജലശേഖരം വീണ്ടും കുറയാന്‍ അനുവദിക്കുകയില്ല. ഇങ്ങനെ പമ്പ് ചെയ്യുന്ന വെള്ളത്തിന് ശാസ്താംകോട്ടക്കാര്‍ക്കും സമീപവാസികള്‍ക്കും മുന്‍ഗണന നല്‍കണം. കൂടുതല്‍ വെള്ളം എടുക്കാന്‍ കഴിയുമെങ്കില്‍ മാത്രമേ മറ്റ് പ്രദേശങ്ങളിലേക്കും കൊല്ലം നഗരത്തിലേക്കും വെള്ളം അനുവദിക്കുകയുള്ളൂ. ഇതിന് വാട്ടര്‍ ബാലന്‍സ് സ്റ്റഡി ഉടന്‍ നടത്തണം. CWRDM നെ 2012 ലെ കരാറില്‍ ഇതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലേക്കുള്ള കുടിവെള്ളത്തിന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണം. അതുവരെ കുടിവെള്ളം മാത്രം നല്‍കി ക്രമേണ വിതരണം പൂര്‍ണമായി നിര്‍ത്തലാക്കണം. തടാകസംരക്ഷണത്തിന് അംഗീകരിക്കപ്പെട്ട മാനേജ്മെന്‍റ് ആക്ഷന്‍ പ്ളാന്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണം. ഇതിന് സ്റ്റാറ്റ്യൂട്ടറി അതോറിറ്റി രൂപവത്കരിക്കണം എന്നീ ആവശ്യങ്ങള്‍ സമിതി ഉന്നയിച്ചു.

നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം ഡിസംബര്‍ മുതല്‍

Posted: 03 Nov 2012 11:35 PM PDT

നെടുങ്കണ്ടം: കാത്തിരിപ്പിന് വിരാമം. നെടുങ്കണ്ടത്ത് മിനി സിവില്‍ സ്റ്റേഷന്‍ ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങി. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ടൗണിന്‍െറ വിവിധ ഭാഗങ്ങളിലെ സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു കുടക്കീഴില്‍ അണിനിരക്കും. അഞ്ച് കോടി ചെലവിലാണ് സിവില്‍ സ്റ്റേഷന്‍ പൂര്‍ത്തിയാകുന്നത്.
താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്ത് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കണമെന്ന വര്‍ഷങ്ങളായുള്ള മുറവിളിക്ക് വിരാമമാവുകയാണ്. താലൂക്ക് രൂപവത്കരണ സമയത്ത് നിര്‍മിച്ച പഴയ കെട്ടിടങ്ങളില്‍ അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയാണ് ഭൂരിഭാഗം ഓഫിസുകളും പ്രവര്‍ത്തിക്കുന്നത്. വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ ശോച്യാവസ്ഥയിലാണ്. ഓഫിസുകള്‍ ഒരു കെട്ടിടത്തിലാകുന്നതോടെ പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും സഹായകമാകും.
മിനി സിവില്‍ സ്റ്റേഷനില്‍ എല്ലാവിധ സൗകര്യവും ലഭ്യമാകും. താഴത്തെ നിലയില്‍ താലൂക്കോഫിസും സപൈ്ള ഓഫിസും ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും. ഒന്നാം നിലയില്‍ അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ഓഫിസും സര്‍വേ സൂപ്രണ്ട് ഓഫിസും പ്രവര്‍ത്തിക്കും. രണ്ടാം നിലയില്‍ ഓഡിറ്റ്, ഐ.സി.ഡി.പി പ്രോജക്ട് ഓഫിസുകളും മറ്റ് സ്ഥാപനങ്ങളും ആരംഭിക്കും. ജീവനക്കാര്‍ക്ക് കാന്‍റീന്‍, വാഹന പാര്‍ക്കിങ്, ടോയ്ലെറ്റുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുമാണ് ഒരുക്കുന്നത്. നിലവിലെ താലൂക്കോഫിസിന് സമീപത്തെ സര്‍ക്കാര്‍ ഭൂമിയിലാണ് സിവില്‍ സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. 2010 സെപ്റ്റംബര്‍ 13 ന് അന്നത്തെ മന്ത്രി കെ. പി. രാജേന്ദ്രനാണ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്.

ഗതാഗത നിയന്ത്രണ സംവിധാനം ഇല്ല; അഴൂര്‍ ജങ്ഷന്‍ അപകടക്കെണി

Posted: 03 Nov 2012 11:30 PM PDT

പത്തനംതിട്ട: ഗതാഗത നിയന്ത്രണ സംവിധാനമില്ലാത്തതിനാല്‍ റിങ് റോഡില്‍ അഴൂരിലേക്ക് തിരിയുന്ന ജങ്ഷന്‍ അപകടക്കെണിയാവുന്നു. ശനിയാഴ്ച സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചതാണ് ഇവിടെ നടന്ന ഒടുവിലത്തെ അപകടം. ബൈക്ക് ഓടിച്ചിരുന്ന ഓമല്ലൂര്‍ പറയനാലി പാലക്കല്‍ സജിയാണ് (31) മരിച്ചത്. ഗുരുതരപരിക്കേറ്റ സഹോദരന്‍ ബാബു (39) പത്തനംതിട്ടയില്‍ ചികിത്സയിലാണ്.
അടൂരില്‍നിന്ന് അഴൂര്‍ റോഡ് വഴി പത്തനംതിട്ടക്ക് വന്ന സൊസൈറ്റി സ്വകാര്യബസ് പെട്രോള്‍ പമ്പിന് സമീപം റിങ് റോഡിലേക്ക് പ്രവേശിക്കവേ രാവിലെ 11.30നാണ് അപകടം നടന്നത്. യുവാക്കള്‍ മുത്തൂറ്റ് ആശുപത്രി ഭാഗത്തുനിന്ന് റിങ് റോഡുവഴി വരികയായിരുന്നു. ഇടിയെത്തുടര്‍ന്ന് ബസിന്‍െറ അടിയിലേക്ക് വീണ് ഇരുവര്‍ക്കും ഗുരുതരപരിക്കേല്‍ക്കുകയായിരുന്നു.
അപകടം നടന്ന അഴൂര്‍ ജങ്ഷനിലെ ട്രാഫിക് ഐലന്‍ഡ് റോഡ് നവീകരണത്തിന്‍െറ ഭാഗമായി ആഴ്ചകള്‍ക്ക് മുമ്പ് പിഴുതുമാറ്റിയിരുന്നു. ഇത് റിങ് റോഡരികില്‍ കാടുമൂടി കിടപ്പുണ്ട്. ഇവിടെ ട്രാഫിക് ഐലന്‍ഡ് പുന$സ്ഥാപിച്ച് ട്രാഫിക് പൊലീസിനെ നിയോഗിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു. ഇപ്പോള്‍ ഓമല്ലൂര്‍ റോഡില്‍ പണി നടക്കുന്നതിനാല്‍ വാഹനങ്ങള്‍ എല്ലാം റിങ് റോഡ് വഴി അഴൂര്‍ ജങ്ഷനില്‍ തിരിഞ്ഞ് കൊടുന്തറ, വാഴമുട്ടം സ്ഥലങ്ങളിലൂടെയാണ് പോകുന്നത്. ഇതോടെ അഴൂര്‍ ജങ്ഷനില്‍ വാഹനക്കുരുക്കും അപകടവും പതിവായിട്ടുണ്ട്.
ട്രാഫിക് ഐലന്‍ഡ് ഇളക്കി മാറ്റിയതോടെ ഇവിടെ ട്രാഫിക് പൊലീസ് സേവനം ലഭ്യമല്ലാത്ത അവസ്ഥയാണ്. ചില സമയങ്ങളില്‍ ട്രാഫിക് പൊലീസിനെ കാണാമെങ്കിലും വഴിയരികില്‍ നോക്കിനില്‍ക്കുക മാത്രമാണ് ചെയ്യാറത്രേ.
ഒരു നിയന്ത്രണവുമില്ലാതെയാണ് അഴൂര്‍ ജങ്ഷനിലേക്ക് വാഹനങ്ങള്‍ കടന്നുവരുന്നത്. സ്റ്റേഡിയം ജങ്ഷനിലെ ട്രാഫിക് ഐലന്‍ഡാകട്ടെ പലവട്ടം വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ഒരു ലോറി ഇടിച്ച് ഐലന്‍ഡ് തകര്‍ത്തിരുന്നു. തുടര്‍ന്ന് ഏതാനും ദിവസം മുമ്പാണ് പുന$സ്ഥാപിച്ചത്. എന്നാല്‍, ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ വേണ്ടി വീണ്ടും പൊളിച്ചു മാറ്റി. ഇപ്പോള്‍ സിമന്‍റിട്ട് ഉറപ്പിക്കാതെ റോഡിന് നടുവിലായി ഐലന്‍ഡ് ചാരി നിര്‍ത്തിയിരിക്കുകയാണ്.
ട്രാഫിക് സംവിധാനത്തിലെ അപാകത മൂലം ഗതാഗതക്കുരുക്കും അപകടവും വര്‍ധിക്കുമ്പോഴും അധികൃതരുടെ അനാസ്ഥ തുടരുകയാണ്. വണ്‍വേ പോലും തെറ്റിച്ചാണ് നഗരത്തിലൂടെ വാഹനങ്ങള്‍ ചീറിപ്പായുന്നത്.
നഗരത്തില്‍ തോന്നിയവിധത്തിലാണ് പാര്‍ക്കിങ്. പ്രധാന റോഡുകള്‍ കൈയേറിയാണ് വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നത്. നഗരത്തിലെ ഇടുങ്ങിയ റോഡുകള്‍ വാഹനപാര്‍ക്കിങ്ങിനും കൂടി ഉപയോഗിക്കുമ്പോള്‍ വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാനോ കാല്‍നടക്കാര്‍ക്ക് പോകാനോ കഴിയാതെ വിഷമിക്കുന്നത് പതിവുകാഴ്ചയാണ്.

ബസ്സ്റ്റാന്‍ഡ് നിര്‍മാണം തടഞ്ഞു

Posted: 03 Nov 2012 11:21 PM PDT

തലയോലപ്പറമ്പ്: ബി.ഒ.ടി വ്യവസ്ഥയില്‍ തലയോലപ്പറമ്പ് പഞ്ചായത്തില്‍ നിര്‍മാണം ആരംഭിച്ച ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ളക്സിന്‍െറ നിര്‍മാണം കലക്ടര്‍ തടഞ്ഞു. ഇതുസംബന്ധിച്ച് കലക്ടറുടെ ഉത്തരവ് വൈക്കം തഹസില്‍ദാര്‍ കെ.ആര്‍.കെ. പ്രസാദ് വഴി ശനിയാഴ്ച വൈകുന്നേരം നാലിന് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചു.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി.
ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുന്ന സ്ഥലം തലയോലപ്പറമ്പ് ഗവ.യു.പിസ്കൂള്‍ വകയായിരുന്നു. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചായത്തിന് കൈമാറിയപ്പോള്‍ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് തയാറാക്കിയ കരാര്‍ പഞ്ചായത്ത് പാലിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്കൂള്‍ സ്ഥലം കൈയേറി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് തലയോലപ്പറമ്പ് പഞ്ചായത്തംഗം ജോസ് വേലിക്കകം ഹൈകോടതിയില്‍ പരാതി നല്‍കിയിരുന്നു.
ഹൈകോടതി നിര്‍ദേശാനുസരണം വിദ്യാഭ്യാസ വകുപ്പാണ് അന്വേഷണം നടത്തിയത്. കഴിഞ്ഞപഞ്ചായത്ത് ഭരണസമിതിയാണ് ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് 2009ല്‍ ശിലാസ്ഥാപനം നടത്തി. എട്ടുമാസം മുമ്പ് നിലവിലെ ബസ് സ്റ്റാന്‍ഡ് പഞ്ചായത്ത് അടച്ചുകെട്ടി. തുടര്‍ന്ന് സ്റ്റാന്‍ഡ് നിര്‍മിക്കാനുള്ള ഭാഗം മണ്ണടിച്ച് ഉയര്‍ത്തി. മറ്റുപ്രവര്‍ത്തനം നടന്നു വരുമ്പോഴാണ് നിര്‍മാണം നിര്‍ത്താനുള്ള കലക്ടറുടെ ഉത്തരവ് വന്നത്. നിര്‍മാണം സംബന്ധിച്ച് രാഷ്ട്രീയകക്ഷികള്‍ വാദപ്രതിവാദങ്ങള്‍ തുടരുകയാണ്.സി. പി.എമ്മും കോണ്‍ഗ്രസും അനുകൂലിക്കുമ്പോള്‍ സി.പി.ഐയും കേരള കോണ്‍ഗ്രസും അനുകൂലമല്ല. സ്ഥലം സംബന്ധിച്ച വസ്തുതകണ്ടെത്തുന്നതിന് കലക്ടര്‍ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, പാലാ ആര്‍.ഡി.ഒ, വൈക്കം തഹസില്‍ദാര്‍ എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍. 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഇവരെ അറിയിച്ചിരിക്കുന്നത്.

പദയാത്രക്കിടെ മാല മോഷണം; യുവാവ് പിടിയില്‍

Posted: 03 Nov 2012 11:13 PM PDT

മാന്നാര്‍: പദയാത്ര സംഘത്തിലെ അംഗമായ കുട്ടിയുടെ മാല അപഹരിച്ച ഭിക്ഷാടനസംഘത്തിലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് യുവാവിന്‍െറ ബന്ധുക്കള്‍ നടുറോഡില്‍ കുത്തിയിരുന്നു.
പരുമല പെരുന്നാളിനോടനുബന്ധിച്ച് കാല്‍നടയായി എത്തിയ തീര്‍ഥാടക സംഘത്തിലെ അംഗമായിരുന്ന കടപ്ര വളഞ്ഞവട്ടം കണ്ടത്തില്‍ സനല്‍ വില്ലയില്‍ ഗീവര്‍ഗീസ് ചാക്കോയുടെ പേരക്കുട്ടിയായ സബിന്‍െറ കഴുത്തിലുണ്ടായിരുന്ന ഒരുപവന്‍െറ സ്വര്‍ണമാലയും കുരിശുമാണ് മോഷ്ടിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് കോയമ്പത്തൂര്‍ പൊള്ളാച്ചി കുഞ്ചുപാല തെരുവില്‍ നിന്ന് തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള പുറമ്പോക്കില്‍ വന്നുതാമസിക്കുന്ന ശക്തിയെയാണ് (20) മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വെറുതെവിടണമെന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കള്‍ പോസ്റ്റോഫിസ് ജങ്ഷനില്‍ റോഡില്‍ കുത്തിയിരുന്നത്.
ശനിയാഴ്ച രാവിലെ 11 നാണ് തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ ഗതാഗതത്തിരക്കേറിയ കവലയില്‍ പ്രതിയുടെ അമ്മയുള്‍പ്പെടെ അഞ്ചോളംപേര്‍ ഗതാഗത തടസ്സം സൃഷ്ടിച്ചത്. വിവരമറിഞ്ഞ് പൊലീസെത്തി ഇവരെ വിരട്ടിയോടിച്ചു. ശക്തിയെ പിന്നീട് പൊലീസ് മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഭിക്ഷാടനം എന്ന വ്യാജേന എത്തിയ സംഘത്തിലെ അംഗമാണ് ശക്തിയെന്നും നിരവധി കേസില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന

Posted: 03 Nov 2012 11:05 PM PDT

കൊച്ചി: കൊച്ചി നഗരത്തിലും സമീപത്തും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന നടത്തി. സംസ്ഥാനത്ത് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത് സജീവമാണെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ആന്‍റിനര്‍ക്കോട്ടിക് സെല്‍ അധികൃതര്‍ പരിശോധന കര്‍ശനമാക്കിയത്. നിരവധി കടകളിലും മാര്‍ക്കറ്റ് റോഡ്,വൈറ്റില എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൊത്തവിതരണ കേന്ദ്രത്തിലും ശനിയാഴ്ച നടത്തിയ പരിശോധനയില്‍ നിരോധിത വസ്തുക്കളുടെ വന്‍ശേഖരം പിടികൂടിയതായാണ് സൂചന. ടിന്നുകളിലും കവറുകളിലുമാക്കി വില്‍ക്കുന്ന പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. വെറ്റിലക്കൊപ്പം നല്‍കുന്ന ചുണ്ണാമ്പില്‍ മയക്കുമരുന്ന് ചേര്‍ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മയക്കു മരുന്നിന്‍െറ അംശം അടങ്ങിയിട്ടുണ്ടോ എന്നറിയാന്‍ പിടിച്ചെടുത്ത ഉല്‍പ്പനങ്ങള്‍ കാക്കനാട് റീജനല്‍ അനലെറ്റിക്കല്‍ ലാബിലേക്ക് മാറ്റി. റിപ്പോര്‍ട്ട് വരുംവരെ ഇവ പിടിച്ചെടുത്ത കടകള്‍ പ്രവര്‍ത്തിക്കുന്നത് വിലക്കിയിട്ടുണ്ട്. തിങ്കളാഴ്ച പരിശോധന ഫലം പുറത്തുവിടുമെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍ഡ് ആന്‍റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ പറഞ്ഞു.
ചെറുകടകള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് നഗരത്തിലെ തന്നെ മൊത്തവ്യാപാരികളാണെന്ന് സമ്മതിച്ചിരുന്നു. തുടര്‍ന്ന് രണ്ടു വലിയ കടകളിലേക്കും റെയ്ഡ് വ്യാപിപ്പിച്ചു. ബാംഗ്ളൂരില്‍നിന്നാണ് പുകയില ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്തേക്കെത്തുന്നതെന്നാണ് കണ്ടെത്തിയത്.

പൊലീസ് ഊരിലിറങ്ങി, കാടിന്‍െറ മക്കള്‍ പരാതിക്കെട്ടഴിച്ചു

Posted: 03 Nov 2012 10:58 PM PDT

ചാലക്കുടി: കാടും, മലയും ഇറങ്ങി നിയമപാലകര്‍ ആദിവാസി ഊരിലെത്തിയപ്പോള്‍ കാടിന്‍െറ മക്കള്‍ക്ക് അതിശയം അടക്കാനായില്ല. ‘പുതിയ ശാറ്മാരെ’ കണ്ടപ്പോള്‍ മലക്കപ്പാറ -പെരുമ്പാറ ആദിവാസി ഊരിലെ ഉരുമൂപ്പന്‍ മൈലാമണിയും ഗമയില്‍ കുറച്ചില്ല.
റവന്യൂ ഉദ്യോഗസ്ഥര്‍, വനപാലകര്‍, പട്ടിക വര്‍ഗ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരുമായി മാത്രം ഉറ്റ ബന്ധമുള്ള ആദിവാസികള്‍ ഇത്രയും പൊലീസിനെ ഒരുമിച്ച് ഊരില്‍ കണ്ടപ്പോള്‍ അന്തം വിട്ടുനിന്നു.
ജില്ലാ റൂറല്‍ പൊലീസ് മേധാവി പി.എച്ച്. അഷറഫിന്‍െറ പട്ടികവര്‍ഗ കോളനി സന്ദര്‍ശനം-ജനസമ്പര്‍ക്ക പരിപാടി എന്നിവയുടെ ഭാഗമായാണ് ചാലക്കുടി -ആനമല റോട്ടിലെ പെരുമ്പാറ ആദിവാസി ഊരില്‍ പൊലീസെത്തിയത്.
ആദിവാസി വിഭാഗങ്ങളെ പൊലീസുമായി അടുപ്പിക്കുക, ക്ഷേമകാര്യങ്ങള്‍ വിലയിരുത്തുക, വയോധികര്‍, കുട്ടികള്‍, യുവതി -യുവാക്കള്‍ എന്നിവരുടെ കഴിവ് പ്രോത്സാഹിപ്പിക്കുക, തീര്‍പ്പാകാത്ത കേസുകള്‍ പരിഹരിക്കുക, പരാതികള്‍ തീര്‍പ്പാക്കുക എന്നിവയായിരുന്നു പൊലീസ് മേധാവിയുടെ സന്ദര്‍ശനോദ്ദേശ്യം.
പൊലീസിന് മുന്നില്‍ ആദിവാസികള്‍ പരാതികളുടെ ഭാണ്ഡമഴിച്ചു. റേഷനില്ല, മണ്ണെണ്ണയില്ല, കുടിവെള്ളമില്ല, പനിയും ഛര്‍ദിയും വയറിളക്കവും വന്നാല്‍ തിരിഞ്ഞുനോക്കാനാളില്ല, പണിയില്ല, കുടിയില്‍ പട്ടിണിയാണ്... എന്നൊക്കെയായിരുന്നു അവരുടെ പരാതികള്‍. എസ്റ്റേറ്റ് ഉടമകളുടെ ചൂഷണവും ഉദ്യോഗസ്ഥര്‍ക്കു മുന്നിലെത്തി. പരാതി കേട്ട പൊലീസ് സംഘം ഊരുമക്കള്‍ക്ക് അരിയും പല വ്യഞ്ജനങ്ങളും വിതരണം ചെയ്തു. കലാ -കായിക മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ഉപഹാരവും നല്‍കി.
ഊര് നിവാസികളുടെ പരാതി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് മേധാവി ഉറപ്പു നല്‍കി. വനിതകളുടെ ഉന്നമനത്തിന് വനിതാ ക്ളബ് രൂപവത്കരിക്കാനും ഊര് നിവാസികളുടെ മദ്യ ഉപഭോഗം തടയാനും കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് മേധാവി അറിയിച്ചു.
ജനപ്രതിനിധികളുടെ സഹകരണത്തോടെ ജനമൈത്രി പദ്ധതി നടപ്പാക്കും. ടാറ്റാ ടി കമ്പനിയുടെ ഭാഗത്തുനിന്ന് ഊര് നിവാസികള്‍ക്കുണ്ടാകുന്ന കുറവുകള്‍ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
പെരുംമ്പാറ ഊരില്‍ ജനസമ്പര്‍ക്ക പരിപാടി ജില്ലാ പൊലീസ് മേധാവി പി.എച്ച്. അഷറഫ് ഉദ്ഘാടനം ചെയ്തു.
അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ദേവി സത്യന്‍ അധ്യക്ഷത വഹിച്ചു. ചാലക്കുടി ഡി.വൈ.എസ്.പി ടി.കെ. തോമസ്, സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.ബി. രാജീവ്, ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സാജന്‍ കോയിക്കല്‍, മാള സി.ഐ സന്തോഷ്കുമാര്‍, ഫോറസ്റ്റ് ഡെ. റേഞ്ചര്‍ മോഹന്‍ദാസ്, ടാറ്റാ ടീ മാനേജര്‍ പി.ബി. ആച്ചയ്യ, പഞ്ചായത്ത് അംഗങ്ങളായ സതീഷ്കുമാര്‍, സുധാമണി, സിസിലി ആന്‍േറാ, സന്ധ്യ ഉണ്ണികൃഷ്ണന്‍, നാഗലപ്പന്‍, ആദിവാസി ഊര് മൂപ്പന്‍ മൈലാമണി, മലക്കപ്പാറ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പി.എസ്. മുസ്തഫ എന്നിവര്‍ സംസാരിച്ചു.

പക്ഷിപ്പനി: ഹോട്ടലുകളില്‍ ഇറച്ചി, മുട്ട വില്‍പന നിര്‍ത്താന്‍ നിര്‍ദേശം

Posted: 03 Nov 2012 10:40 PM PDT

പാലക്കാട്: അയല്‍ സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ച പക്ഷിപ്പനി രോഗം മനുഷ്യരിലേക്ക് വളരെ വേഗം പകരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
മുന്‍കരുതല്‍ എന്ന നിലയില്‍ കോഴിയിറച്ചി, കോഴി മുട്ട, എന്നിവ ഭക്ഷിക്കരുതെന്നും ഹോട്ടലുകള്‍, മാംസാഹാരം വില്‍ക്കുന്ന മറ്റ് കടകള്‍ എന്നിവ താല്‍ക്കാലികമായി വില്‍പ്പന നിര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
അസാധാരണമായി പക്ഷികള്‍ ചത്തൊടുങ്ങുക, ഫാമുകളില്‍ കോഴി ചാവുക തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം.
ഫോണ്‍: 2505209, 2505309, 2505566.
ചെക്ക്പോസ്റ്റ് വഴി കോഴി, കോഴിമുട്ടകള്‍ എന്നിവ കടത്തുന്നതിനെതിരെ പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചു.
പക്ഷിപ്പനിക്കെതിരെയുള്ള മരുന്നുകള്‍ പ്രാഥമികാരോഗ്യകേന്ദ്രം വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും എത്തിച്ചിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.

മരുതയിലും പൂളക്കപ്പാറയിലും കാട്ടാനകളിറങ്ങി; വ്യാപക കൃഷിനാശം

Posted: 03 Nov 2012 10:31 PM PDT

എടക്കര: മരുതയിലും പൂളക്കപ്പാറയിലും കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി വിളകള്‍ നശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഏഴരയോടെ ഓടപ്പൊട്ടിയിലെ മാളിയേക്കല്‍ തടത്തില്‍ ഫിലിപ്പോസിന്‍െറ കൃഷിയിടത്തിലിറങ്ങിയ ആനകള്‍ പതിനഞ്ചോളം കമുകുകള്‍ നശിപ്പിച്ചു. രണ്ടാഴ്ചക്കിടെ ഈ തോട്ടത്തില്‍ 60 കമുകുകളും അഞ്ച് തെങ്ങുകളുമാണ് ആനകള്‍ നശിപ്പിച്ചത്. വിവരമറിഞ്ഞ് മരുത വനം ഒ.പിയില്‍നിന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ശ്രീധരന്‍െറ നേതൃത്വത്തില്‍ വനപാലകരെത്തി. നാട്ടുകാരുടെ ശ്രമഫലമായി രാത്രി പത്തോടെയാണ് ആനക്കൂട്ടം കാടുകയറിയത്.
നെല്ലിക്കുത്ത് പൂളക്കപ്പാറയില്‍ വിശാരിയില്‍ ഹംസയുടെ തോട്ടത്തിലെ 50 കുലച്ച വാഴകള്‍, പി.എം.എച്ച് മാനുഹാജിയുടെ അഞ്ച് റബര്‍, മുണ്ടയില്‍ ഉമ്മറിന്‍െറ റബര്‍, പൂളക്കപ്പാറ കോളനിയിലെ തങ്ക പാട്ടഭൂമിയില്‍ കൃഷിചെയ്യുന്ന 40 വാഴ എന്നിവയും ആനക്കൂട്ടം നശിപ്പിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP