സ്വാഗതം
WELCOME

News Update..

Friday, November 23, 2012

കാക്കിക്കുള്ളിലെ കാരുണ്യമറിഞ്ഞ് നുസൈബയും കുഞ്ഞുങ്ങളും Madhyamam News Feeds

കാക്കിക്കുള്ളിലെ കാരുണ്യമറിഞ്ഞ് നുസൈബയും കുഞ്ഞുങ്ങളും Madhyamam News Feeds

Link to

കാക്കിക്കുള്ളിലെ കാരുണ്യമറിഞ്ഞ് നുസൈബയും കുഞ്ഞുങ്ങളും

Posted: 23 Nov 2012 01:08 AM PST

ആലപ്പുഴ: സ്വന്തം വീടിന്‍െറ ചുമരുകള്‍ക്കുള്ളില്‍ പോലും നുസൈബ എന്ന  തമിഴ് യുവതി ഇത്രയും സാന്ത്വനം അനുഭവിച്ചുകാണില്ല. ഭര്‍ത്താവിന്‍െറ പീഡനവും അവഹേളനവും സഹിക്കാതെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്നുകുഞ്ഞുങ്ങളെയും കൂട്ടി വീടുവിട്ടിറങ്ങുമ്പോള്‍ ഇങ്ങനെയൊരു ആശ്വാസ കേന്ദ്രം തങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ടെന്ന  പ്രതീക്ഷ പോലും ഉണ്ടായിരുന്നില്ല. അതും ഊരും പേരും അറിയാത്ത നാട്ടില്‍.
മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുമായി ആലപ്പുഴയുടെ മണ്ണില്‍ വന്നിറങ്ങിയ നുസൈബക്ക് തുണയായത് പൊലീസിന്‍െറ മനുഷ്യത്വത്തിന്‍െറ മുഖം. അതുകൊണ്ടായിരിക്കണം നുസൈബയുടെ കുട്ടികള്‍ക്ക് സ്വന്തം വീടിനെക്കാള്‍ ഇണക്കത്തോടെ സൗത് സ്റ്റേഷനിലെ പൊലീസുകാരുമായി ഇടപഴകാന്‍ കഴിഞ്ഞത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പട്രോളിങ്ങിനിടെയാണ് റെയില്‍വേ സ്റ്റേഷന് തെക്ക് വശത്തെ ഇ.എസ്.ഐ ആശുപത്രിയുടെ സമീപത്തെ കടത്തിണ്ണയില്‍ മൂന്ന് കുഞ്ഞുങ്ങളുമായി ചുരുണ്ടുകൂടിക്കിടന്ന നുസൈബയെ സൗത് പൊലീസ് കണ്ടെത്തിയത്. സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഇവര്‍ പറഞ്ഞ സങ്കടം കാക്കിക്കുള്ളിലെ മനുഷ്യഹൃദയങ്ങളെ അലിയിപ്പിക്കുന്നതായിരുന്നു.
ശീട്ടുകളി ഭ്രാന്ത് തലക്ക് പിടിച്ച ഭര്‍ത്താവ് ഹക്കീം വീട്ടിലുള്ളതെല്ലാം വിറ്റു തുലച്ച് കളിച്ചു. സ്വര്‍ണ ഉരുപ്പടികള്‍ ഒന്നും നുസൈബയുടെയും കുട്ടികളുടെയും ദേഹത്ത് അയാള്‍ ബാക്കിവെച്ചില്ല. ദിവസവും തല്ലും ചീത്തവിളിയും . കോയമ്പത്തൂര്‍ ഉക്കടത്തിന് സമീപം കുനിയമ്പത്തൂര്‍ സ്വദേശി ഹക്കീമിന് പാത്ര കച്ചവടമായിരുന്നു തൊഴില്‍. കച്ചവടവും ശീട്ടുകളി നശിപ്പിച്ചു. ഒക്ടോബറില്‍  നുസൈബയെയും കുട്ടികളെയും ഉപേക്ഷിച്ച് ഹക്കീം തന്‍െറ പാട്ടിനുപോയി.
മടങ്ങിപ്പോകാന്‍ ഒരു മാര്‍ഗവുമില്ലാതിരുന്ന നുസൈബക്ക് തോന്നിയ ബുദ്ധിയാണ് എഴും നാലും വയസ്സുള്ള ആണ്‍കുട്ടികളെയും അഞ്ചു വയസ്സുകാരി മകളെയും കൂട്ടി കേരളത്തിലേക്ക് വണ്ടി കയറ്റിയത്. മലയാളക്കരയിലെ എവിടെയെങ്കിലും വീട്ടുജോലി ചെയ്തിട്ടെങ്കിലും കുഞ്ഞുങ്ങളെ പോറ്റാം എന്നത് മാത്രമായിരുന്നു ആഗ്രഹമെന്ന് നുസൈബ പറയുന്നു. ആ മോഹമാണ് ആലപ്പുഴയിലേക്ക് അവരെ എത്തിച്ചത്.
വനിതാ പൊലീസിലെ കോണ്‍സ്റ്റബിള്‍ ജെസിയായിരുന്നു നുസൈബക്കും മക്കള്‍ക്കും കാവല്‍. ജെസിയുടെ കൈയില്‍ തൂങ്ങി നുസൈബയുടെ മക്കള്‍ അടുത്തുള്ള പൊലീസ് കാന്‍റീനില്‍നിന്ന് പാലും പലഹാരങ്ങളും കഴിച്ചു. ഇളയ കുഞ്ഞിനുള്ള പാല്‍ സ്റ്റേഷനകത്ത് പൊലീസുകാര്‍ കൊണ്ടുവന്നു കൊടുത്തു.
വിവരമറിഞ്ഞ് എത്തിയ കൊട്ടാരക്കരയിലെ ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റ്  പ്രവര്‍ത്തകര്‍ക്കൊപ്പം എല്ലാ നടപടിക്രമങ്ങളും പാലിച്ച് നുസൈബയെയും മക്കളെയും വാഹനത്തില്‍ കയറ്റി വിടുന്നതുവരെ പൊലീസുകാര്‍ അവര്‍ക്ക് തുണയായി നിന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയംഗം അഡ്വ.എം.കെ. അബ്ദുസമദിന്‍െറ മുന്നില്‍ ഹാജരാക്കിയ ശേഷമാണ് ആശ്രയയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അവരെ വിട്ടുകൊടുത്തത്. അമ്മയെയും കുഞ്ഞുങ്ങളെയും വേര്‍പിരിക്കാതിരിക്കാനാണ് എല്ലാവരെയും ഒന്നിച്ച് പാര്‍പ്പിക്കാന്‍ കഴിയുന്ന സ്ഥാപനത്തിലേക്ക് അയക്കുന്നതെന്ന് അബ്ദുസമദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ഒരു മാസത്തേക്ക് താല്‍ക്കാലികമായാണ് ആശ്രയയുടെ കലയപുരത്തുള്ള ആശ്രയയില്‍ ഇവരെ പാര്‍പ്പിക്കുക. ഇവരുടെ കാര്യങ്ങള്‍ വിലയിരുത്താന്‍ കൊല്ലം ജില്ലാ പ്രൊബേഷനല്‍ ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍െറ റിപ്പോര്‍ട്ട് അനുസരിച്ചാകും അന്തിമ തീരുമാനം എടുക്കുകയെന്നും അബ്ദു സമദ് പറഞ്ഞു.

കുടിവെള്ളം ഊറ്റല്‍: നടപടി തുടങ്ങി

Posted: 23 Nov 2012 01:05 AM PST

മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലേക്ക് പമ്പ് ചെയ്യുന്ന കുടിവെള്ളം മോട്ടോര്‍ ഉപയോഗിച്ച് ഊറ്റുന്ന ബാര്‍ ഹോട്ടലുകള്‍ക്കെതിരെ നടപടി തുടങ്ങി. വാട്ടര്‍ അതോറിറ്റി നോണ്‍ റവന്യൂ മാനേജ്മെന്‍റ് യൂനിറ്റ്  പടിഞ്ഞാറന്‍ കൊച്ചി മേഖലയില്‍ നടത്തിയ പരിശോധനയില്‍  തോപ്പുംപടി പ്രദേശത്തെ രണ്ട് ബാറുകളില്‍ ക്രമക്കേട് കണ്ടെത്തി.  ഇവര്‍ക്ക് ഒരുലക്ഷത്തോളം രൂപ പിഴയടക്കാന്‍ നോട്ടീസ് നല്‍കി.  മൂന്നു ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ കണക്ഷന്‍ റദ്ദാക്കുമെന്ന് പരിശോധക സംഘം ബാര്‍ ഉടമകളെ അറിയിച്ചു.  ഒരു ബാര്‍ ഹോട്ടല്‍ ഉടമ പിഴയടച്ച് പ്രശ്നം പരിഹരിച്ചതായി സ്പെഷല്‍ യൂനിറ്റ് അസി. എന്‍ജിനീയര്‍ സതീശന്‍ അറിയിച്ചു.
കൂടിയ മോട്ടോര്‍ ഉപയോഗിച്ച് രണ്ട് ബാര്‍ ഹോട്ടലുകളും  വലിയ തോതിലുള്ള ജലചൂഷണമാണ്  നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.  ബാര്‍ ഹോട്ടലുകള്‍ക്ക് പുറമെ പശ്ചിമകൊച്ചിയിലെ പല ഹോട്ടലുകളും ഇത്തരത്തില്‍ ജല ചൂഷണം നടത്തുന്നതായി ആക്ഷേപമുണ്ട്.
ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഊറ്റല്‍ കണ്ടെത്തിയചില ഹോട്ടലുകളുടെ കണക്ഷന്‍ റദ്ദാക്കിയതായും പരിശോധക സംഘം അറിയിച്ചു.

പുലിപ്പാറക്കുന്നില്‍ പേപ്പട്ടി; അഞ്ചുപേര്‍ക്ക് കടിയേറ്റു

Posted: 23 Nov 2012 12:28 AM PST

കൊടകര: പുലിപ്പാറക്കുന്നില്‍  അഞ്ചുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. പുലിപ്പാറക്കുന്ന് മലയാടന്‍ ഷാജുവിന്‍െറ മകന്‍ സിമിത്ത് (ഒമ്പത്), പള്ളിപ്പാംമഠത്തില്‍ ചന്ദ്രന്‍െറ മകള്‍ സാന്ദ്ര (16),  മുരിങ്ങനേടത്ത് ഗോപിയുടെ മകള്‍ ജിനീഷ (20), നിശാശേരി വീട്ടില്‍ ശാരദ (63), വഴിയാത്രക്കാരനായ ജോയ് (30)എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവര്‍ക്ക് തശൂര്‍  മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രതിരോധ കുത്തിവെപ്പ് നടത്തി. വീട്ടുമുറ്റത്തുനിന്ന  ഇവരെ പട്ടി ഓടിയെത്തി കടിക്കുകയായിരുന്നു. കണ്ണംകുന്നി ഈനാശുവിന്‍െറ പശുവിനും പേപ്പട്ടിയുടെ കടിയേറ്റു. പ്രദേശത്തെ വീടുകളിലെ വളര്‍ത്തുനായ്ക്കള്‍ക്കും പേപ്പട്ടിയുടെ കടിയേറ്റതായി സംശയിക്കുന്നു. ഇത് നാട്ടുകാരില്‍ ആശങ്കയുണര്‍ത്തിയിട്ടുണ്ട്്.  നാട്ടുകാര്‍ ചേര്‍ന്ന്  പിന്നീട് പട്ടിയെ കുടുക്കിട്ട് പിടിച്ച് പറമ്പില്‍ കെട്ടിയിട്ടു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് കൊടകര പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി  ചെയര്‍മാന്‍  കെ.ആര്‍.സോമന്‍, വാര്‍ഡംഗം പി.കെ. അയ്യപ്പന്‍ എന്നിവര്‍ സ്ഥലത്തെത്തി. കൊടകര  പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.കെ. സലീഷ് പ്രതിരോധ ബോധവത്കരണം നടത്തി.  കടിയേറ്റ പശുവിന് വെറ്ററിനറി സര്‍ജന്‍ എത്തി പ്രതിരോധ കുത്തിവെപ്പ് നടത്തി. ഈ പ്രദേശത്ത്് മാസങ്ങളായി തെരുവുനായ് ശല്യം കൂടുതലാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
 

വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Posted: 23 Nov 2012 12:15 AM PST

തൃശൂര്‍: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. യോഗം ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം വെള്ളാപ്പള്ളി നടേശന്‍ കോടിക്കണക്കിന് രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചു എന്ന് അരൂര്‍ സ്വദേശി ബാബു നല്‍കിയ പരാതിയിലാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി വി.ഭാസ്ക്കരന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. മധ്യമേഖല വിജിലന്‍സ് എസ്.പിക്കാണ് അന്വേഷണ ചുമതല. നാലുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനും
കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

കോട്ടായിയില്‍ രണ്ട് വീട്ടില്‍നിന്ന് എട്ടര പവന്‍ കവര്‍ന്നു

Posted: 23 Nov 2012 12:14 AM PST

കോട്ടായി: ബുധനാഴ്ച അര്‍ധരാത്രി 1.30നും 2.15നുമിടക്ക് കോട്ടായിയില്‍ പരക്കെ മോഷണവും മോഷണശ്രമവും. മുട്ടിക്കടവ് കൊറ്റമംഗലം അപ്പുക്കുട്ടന്‍െറ വീട്ടില്‍നിന്ന് അഞ്ചര പവന്‍െറ സ്വര്‍ണമാലകളും കീഴത്തൂര്‍ കരിയാട്ടുപറമ്പില്‍ യൂസഫിന്‍െറ വീട്ടില്‍നിന്ന് മൂന്ന് പവന്‍െറ മാലയും കവര്‍ന്നു. കൂളിമഠം പരമേശ്വരന്‍െറ വീട്ടിലെ മോപെഡ് തള്ളിക്കൊണ്ടുപോയെങ്കിലും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
അപ്പുക്കുട്ടന്‍െറ ഭാര്യ അംബുജത്തിന്‍െറ കഴുത്തിലെ മൂന്ന് പവന്‍െറയും മകള്‍ ശ്രുതിയുടെ രണ്ടര പവന്‍െറയും മാലയാണ് മോഷ്ടിച്ചത്. ഇരുവരും ഉറങ്ങുകയായിരുന്നു. മോഷ്ടാക്കളുടെ സാന്നിധ്യമറിഞ്ഞ് ഇവര്‍ ബഹളം വെച്ച് പൊലീസിനെ വിളിച്ചറിയിച്ചു.
കോട്ടായി പൊലീസിന് പുറമെ ആലത്തൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സ്ഥലത്തെത്തി പരിസരമാകെ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. സ്റ്റേഷനില്‍ തിരിച്ചെത്തിയപ്പോഴാണ് യൂസഫിന്‍െറ വീട്ടിലെ മോഷണവിവരം അറിഞ്ഞത്. യൂസഫിന്‍െറ ഉമ്മ സാറയുടെ മാലയാണ് കവര്‍ന്നത്. അവിടെയും പൊലീസിന് സൂചനകള്‍ ലഭിച്ചില്ല. വീടിന്‍െറ പിന്‍വശത്തെ ജനാലയുടെ അഴി മുറിച്ച് അതിനോട് ചേര്‍ന്ന വാതിലിന്‍െറ കുറ്റി നീക്കിയാണ് യൂസഫിന്‍െറ വീട്ടില്‍ മോഷ്ടാക്കള്‍ പ്രവേശിച്ചത്. വീടിന് പിന്നില്‍ നിന്ന് വടികളും സിഗരറ്റ് പാക്കറ്റും ലൈറ്ററും കണ്ടെത്തി.
കീഴത്തൂരിലെ ചില വീടുകളുടെ വാതിലില്‍ മോഷ്ടാക്കള്‍ മുട്ടിയതായി പറയുന്നു. ഒരു വീട്ടിലെ മോട്ടോര്‍ സൈക്കിളിന് കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. മോഷണം നടന്ന വീടുകളുടെ പരിസരങ്ങളിലെല്ലാം എസ്.ഐ ശിവദാസന്‍െറ നേതൃത്വത്തില്‍ പരിശോധിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ കോട്ടായിയില്‍നിന്ന് പുറപ്പെടുന്ന ബസുകളും പരിശോധിച്ചു. മോഷണ കേസുകളുടെ അന്വേഷണത്തില്‍ വിദഗ്ധനായ സിവില്‍ പൊലീസ് ഓഫീസര്‍ ജലീല്‍ പാലക്കാട്ട്നിന്ന് എത്തിയിരുന്നു. വീടുകളുടെ പിന്‍വശത്ത് ഉറപ്പുള്ള വാതിലുകള്‍ വേണമെന്നും രാത്രി നേരിയ വെളിച്ചമുള്ള ലൈറ്റുകള്‍ കത്തിച്ചിടണമെന്നും എസ്.ഐ പറഞ്ഞു.
 

പ്രതിപക്ഷ ബഹളം: ലോക്‌സഭ പിരിഞ്ഞു; രാജ്യസഭ 2.30വരെ നിര്‍ത്തിവെച്ചു

Posted: 22 Nov 2012 10:55 PM PST

Image: 

ന്യൂദല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടര്‍ച്ചയായ രണ്ടാംദിവസവും തടസ്സപ്പെട്ടു. ചില്ലറ മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഇരുസഭകളും ആദ്യം ഉച്ചവരെ നിര്‍ത്തിവെച്ചു. പിന്നീട് ചേര്‍ന്നെങ്കിലും ബഹളം തുടര്‍ന്നതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭ 2.30വരെ നിര്‍ത്തിവെച്ചു.

വിദേശനിക്ഷേപം അനുവദിച്ചത് സംബന്ധിച്ച വിഷയത്തില്‍ വോട്ടിങ്ങോടെയുള്ള ചര്‍ച്ച വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം. ഇത് അംഗീകരിക്കാതെ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ വോട്ടിങ്ങോടെയുള്ള ചര്‍ച്ച ആവശ്യമില്ലെന്ന നിലപാടില്‍ നിന്ന് പിന്നോട്ടുപോകാന്‍ സര്‍ക്കാരും തയ്യാറായിട്ടില്ല.

ഇതേവിഷയത്തില്‍ ശീതകാല സമ്മേളനത്തിന്റെ ആദ്യദിനമായ വ്യാഴാഴ്ചയും സഭ പ്രക്ഷുബ്ധമായിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വസപ്രമേയം കൊണ്ടുവരാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമം പരാജയപ്പെട്ടു.
 

ചേളാരി ഐ.ഒ.സി പ്ളാന്‍റിന്‍െറ ശേഷി വര്‍ധിപ്പിക്കല്‍ പുരോഗമിക്കുന്നു

Posted: 22 Nov 2012 10:54 PM PST

മലപ്പുറം: ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍െറ പാചക വാതക ബോട്ട്ലിങ് പ്ളാന്‍റിന്‍െറ ശേഷി വര്‍ധിപ്പിക്കല്‍ നീക്കം പരിശോധിക്കാനുള്ള സമിതിയുടെ സന്ദര്‍ശനം വൈകുന്നു. രണ്ട് മാസം മുമ്പ് ജില്ലാ കലക്ടര്‍ മുന്‍കൈയെടുത്ത് വിളിച്ച യോഗത്തിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആക്ഷന്‍ കമ്മിറ്റി പ്രതിനിധികളും ഉള്‍പ്പെട്ട സമിതി പ്ളാന്‍റ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. സംഘം സന്ദര്‍ശിച്ച ശേഷമേ പ്ളാന്‍റില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്നാണ് യോഗ തീരുമാനമെങ്കിലും ഐ.ഒ.സി പ്രവൃത്തി തുടരുകയാണ്. ആക്ഷന്‍ കമ്മിറ്റിയുടെ തലപ്പത്തുള്ളവര്‍ ഐ.ഒ.സി അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്. പ്ളാന്‍റ് സ്ഥിതി ചെയ്യുന്ന തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് ബോര്‍ഡ് യോഗം പ്ളാന്‍റിന്‍െറ ശേഷി വര്‍ധിപ്പിക്കല്‍ നീക്കത്തിന് അനുമതി നല്‍കാന്‍ നീക്കം നടത്തിയത് ഇതിന്‍െറ ഭാഗമാണെന്നാണ് ആരോപണം. ശേഷി വര്‍ധിപ്പിക്കുന്നതിനെതിരെ നാട്ടുകാര്‍ ചേര്‍ന്ന് രൂപവത്കരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്‍റാണ്.
ഐ.ഒ.സി അനുകൂല നിലപാട് സ്വീകരിച്ചെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രസിഡന്‍റിനെ വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗത്തിലേക്ക് വിളിപ്പിച്ചിരുന്നു. സ്ഥാപിത ശേഷിയായ 400 മെട്രിക് ടണില്‍ അധികമായി സംഭരണ ശേഷി വര്‍ധിപ്പിക്കാന്‍ പഞ്ചായത്ത് അനുമതി നല്‍കരുതെന്ന് യോഗത്തില്‍ പ്രസിഡന്‍റിന് നിര്‍ദേശം നല്‍കി. എന്നാല്‍, പഞ്ചായത്തിന്‍െറ അനുമതിയില്ലാതെ പ്ളാന്‍റില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് തടയാന്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. പ്ളാന്‍റിന്‍െറ അപേക്ഷയില്‍ അടുത്ത ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കള്ളിയില്‍ ഫിറോസ് പറഞ്ഞു.
നേരത്തെ 400 മെട്രിക് ടണ്‍ സംഭരണ ശേഷിയില്‍ സ്ഥാപിച്ച പ്ളാന്‍റിന്‍െറ ശേഷി രഹസ്യമായി 1800 മെട്രിക് ടണ്‍ ആയി ഉയര്‍ത്താനുള്ള പ്രവൃത്തി നടക്കുന്നത് സംബന്ധിച്ച് ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെയാണ് വിവാദമാകുന്നത്. പഞ്ചായത്തിന്‍െറ അനുമതിയില്ലാതെ നടത്തുന്ന പ്രവൃത്തിക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും വ്യക്തമായിരുന്നു.  ഇതോടെ പ്ളാന്‍റിലേക്ക് വിവിധ സംഘടനകള്‍ മാര്‍ച്ച് നടത്തുകയും സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി നിലവില്‍ വരികയും ചെയ്തു.
ഐ.ഒ.സിയുടെ നീക്കം വിവാദമായതോടെ കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഇടപെടുകയും ജില്ലാ കലക്ടര്‍ എം.സി മോഹന്‍ദാസ് മുന്‍കൈയെടുത്ത് ചര്‍ച്ച നടത്തുകയുമായിരുന്നു. പ്രശ്നത്തില്‍ മുന്‍ പഞ്ചായത്തംഗവും യൂത്ത്ലീഗ് ഭാരവാഹിയുമായ പി.എം. മുഹമ്മദലി ബാബു ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പഞ്ചായത്ത് നിലപാട് അറിയിക്കാത്തതിനാല്‍ വിധി വൈകുകയാണ്.  
 

ഈവാരം നാലു മലയാളചിത്രങ്ങള്‍ റിലീസിന്

Posted: 22 Nov 2012 10:49 PM PST

Image: 

ഈവാരം കേരളത്തിലെ ബോക്സ് ഓഫീസ് പോരാട്ടത്തിന് നാലു മലയാളചിത്രങ്ങള്‍. ഷാഫി സംവിധാനം ചെയ്ത '101 വെഡ്ഡിങ്സ്', ഡോ. സന്തോഷ് സൌപര്‍ണികയുടെ 'അര്‍ധനാരി', ഷൈജു അന്തിക്കാടിന്റെ 'സീന്‍ ഒന്ന് നമ്മുടെ വീട്', കെ.എസ്. ബാവയുടെ 'ഇഡിയറ്റ്' എന്നിവയാണ് 23ന് എത്തുന്ന ചിത്രങ്ങള്‍. 

 
നര്‍മ പശ്ചാത്തലത്തില്‍ ഷാഫി ഒരുക്കിയ മള്‍ട്ടി സ്റ്റാര്‍ ചിത്രമായ '101 വെഡ്ഡിങ്സി'ല്‍ കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, ജയസൂര്യ, സംവൃത സുനില്‍, ഭാമ, സലീംകുമാര്‍, സുരാജ് തുടങ്ങി നീണ്ട നിര തന്നെയുണ്ട്. ദീപക് ദേവ് - റഫീക് അഹമ്മദ് ടീമിന്റേതാണ് ഗാനങ്ങള്‍. ചിത്രത്തിന് രചനയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് കലവൂര്‍ രവികുമാറാണ്. 65 ലേറെ തിയറ്ററുകളില്‍ ചിത്രം റിലീസാകുന്നുണ്ട്.
 
ഹിജഡകളുടെ ജീവിത പ്രതിസന്ധികളിലൂടെ കഥ പറയുന്ന ഡോ. സന്തോഷ് സൌപര്‍ണികയുടെ 'അര്‍ധനാരി'യാണ് ഈയാഴ്ച പുറത്തിറങ്ങുന്ന മറ്റൊരു ശ്രദ്ധേയ ചിത്രം. മനോജ് കെ. ജയന്‍, തിലകന്‍, മണിയന്‍ പിള്ള രാജു തുടങ്ങിയവരുടെ ഹിജഡ വേഷമാണ് ഹൈലൈറ്റ്. മഹാലക്ഷ്മിയാണ് നായിക. എം.ജി ശ്രീകുമാറാണ് സംഗീതമൊരുക്കുന്നത്. അദ്ദേഹം തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതും. 33 കേന്ദ്രങ്ങളിലാണ് റിലീസ്. 
 
വിവാഹശേഷം നവ്യ നായര്‍ വീണ്ടും സിനിമയിലെത്തുന്ന 'സീന്‍ ഒന്ന് നമ്മുടെ വീട്' സംവിധാനം ചെയ്തിരിക്കുന്നത് ഷൈജു അന്തിക്കാടാണ്. കുടുംബ സദസ്സുകളെ ഉദ്ദേശിച്ചുള്ള ചിത്രത്തില്‍ ലാലാണ് നായകന്‍. തിലകന്‍, ലാലു അലക്സ്, ഹരിശ്രീ അശോകന്‍, സുധീഷ്, മണിക്കുട്ടന്‍, ആസിഫ് അലി എന്നിവരുമുണ്ട്. രതീഷ് വേഗയുടെ ഈണങ്ങളില്‍ ഗാനങ്ങളെഴുതിയത് റഫീക് അഹമ്മദാണ്. 
 
യുവതാരങ്ങളെ അണിനിരത്തി കോമഡി പശ്ചാത്തലത്തില്‍ കെ.എസ്. ബാവ ഒരുക്കിയ 'ഇഡിയറ്റ്സ്' ആണ് മറ്റൊരു റിലീസ്. ആസിഫ് അലി, സനുഷ എന്നിവര്‍ നായികാ നായകന്‍മാരാകുന്നു. ബാബുരാജ്, വിജയരാഘവന്‍ തുടങ്ങിയ താരങ്ങളുടെ സാന്നിധ്യവുമുണ്ട്. 
 
മഹാനടന്‍ തിലകന്‍ അവസാനം അഭിനയിച്ച രണ്ടു ചിത്രങ്ങള്‍ ഒരുമിച്ച് തിയറ്ററുകളില്‍ എത്തുന്നെന്ന സവിശേഷതയും ഈ വാരത്തിനുണ്ട്. അര്‍ധനാരിയിലും സീന്‍ ഒന്ന് നമ്മുടെ വീടിലും ശ്രദ്ധേയവേഷങ്ങളില്‍ അദ്ദേഹമുണ്ട്. 
 
കഴിഞ്ഞ വാരം റിലീസ് ചെയ്ത ദുല്‍ഖര്‍ സല്‍മാന്റെ 'തീവ്രം' മികച്ച അഭിപ്രായത്തോടെ തിയറ്ററുകളിലുണ്ട്. സാമാന്യം നല്ല കലക്ഷനുമുണ്ട്. പഴയ റിലീസുകളില്‍ ദിലീപിന്റെ 'മൈ ബോസും', പൃഥ്വിരാജിന്റെ 'അയാളും ഞാനും തമ്മിലും ഇപ്പോഴും പ്രമുഖ കേന്ദ്രങ്ങളിലുണ്ട്. വിജയിന്റെ തമിഴ് ചിത്രം 'തുപ്പാക്കി' എല്ലാ മേഖലകളിലും പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. 
 
features: 
Facebook

ഉത്തരേന്ത്യന്‍ ഗിനി കോഴികള്‍ വില്‍പനക്കായി കാസര്‍കോട്ട്

Posted: 22 Nov 2012 10:38 PM PST

കാസര്‍കോട്: പക്ഷിപ്പനി ഭീതിയില്‍ ഇറച്ചിക്കോഴികളുടെ വില്‍പനയില്‍ വന്‍ ഇടിവുണ്ടായതോടെ വിപണി ലക്ഷ്യമിട്ട് ഉത്തരേന്ത്യയില്‍നിന്ന് ഗിനി കോഴികള്‍ എത്തി. 100 രൂപ വരെയെത്തിയ ഇറച്ചിക്കോഴിയുടെ വില ഇപ്പോള്‍ 70ലും താഴെയായി.
ഇറച്ചി കച്ചവടക്കാരുടെ പ്രതിസന്ധി മുതലെടുക്കാനാണ് ഗിനി കോഴികളുമായി ഉത്തര്‍പ്രദേശുകാര്‍ കാസര്‍കോട്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ഇലാഹാബാദിലെ മെസാ ഗ്രാമത്തില്‍നിന്നാണ് അഞ്ചംഗസംഘം ആയിരത്തോളം കോഴികളുമായി കാസര്‍കോട്ടെത്തിയത്.
താറാവ് കൂട്ടങ്ങളുമായി അന്യസംസ്ഥാനങ്ങളില്‍നിന്ന് കര്‍ഷകര്‍ ജില്ലയില്‍ എത്താറുണ്ടെങ്കിലും ഗിനി കോഴികളുമായി എത്തുന്നത് ആദ്യമാണ്.  ജോടിക്ക് 400 രൂപയാണ് വില. 350 രൂപക്ക് വരെ നല്‍കുന്നുണ്ട്. അരി, ഗോതമ്പ്, തുടങ്ങിയ ധാന്യങ്ങളാണ് ഗിനി കോഴികള്‍ ഭക്ഷിക്കുന്നത്. ഗ്രാമത്തിലെ വീടുകളില്‍ വളര്‍ത്തുന്ന കോഴികളെ കൂട്ടമായി വാങ്ങിയാണ് ബനാറസ് സിങ്, റാംസിങ്, ശ്യാംബാബു, റാസി, സന്ദീപ് എന്നിവരടങ്ങുന്ന അഞ്ചംഗസംഘം കേരളത്തിലെത്തിയത്. കോഴികള്‍ക്ക് പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ ഏഴ് കിലോ വരെ തൂക്കം വരുമെന്ന് ഇവര്‍ പറയുന്നു.
പക്ഷിപ്പനിയും വിലയിടിവും വില്‍പന ഉദ്യോഗസ്ഥരുടെ നടപടികളും കാരണമാണ് കോഴിക്കച്ചവടം തകര്‍ന്നത്.
ഇറച്ചി കോഴികള്‍ മൊത്തമായി വാങ്ങി വില്‍പന നടത്തുന്നവര്‍ക്കാണ് വലിയ നഷ്ടം സംഭവിച്ചിരിക്കുന്നത്. ഇവ തമിഴ്നാട്ടില്‍നിന്ന് വളര്‍ച്ചയെത്തിയ കോഴികളായി ഇറക്കുമതി ചെയ്തവയാണ്. അതേസമയം, കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവന്ന് ഫാമുണ്ടാക്കി വളര്‍ത്തി വില്‍പന നടത്തുന്നവര്‍ക്ക് കച്ചവടത്തില്‍ വലിയ കുറവ് വന്നിട്ടില്ല. ഗ്രാമങ്ങളിലെ കോഴി ഫാമുകാര്‍ക്കാണ് ഈ ഗുണമുള്ളത്.
 

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണം: അഞ്ചുപേര്‍ പിടിയില്‍

Posted: 22 Nov 2012 09:00 PM PST

മട്ടന്നൂര്‍: മോഷ്ടിച്ച സീലുപയോഗിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കിയ സംഘത്തിലെ അഞ്ചുപേര്‍ പൊലീസ് പിടിയില്‍. മൂന്ന് പ്രധാനികളും രണ്ട് ഇടനിലക്കാരുമാണ് മട്ടന്നൂര്‍ പൊലീസിന്‍െറ പിടിയിലായത്.
ഒരുവര്‍ഷം മുമ്പ് എടയന്നൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍െറ സീല്‍ മോഷ്ടിച്ച്  വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച തെരൂര്‍ പാലയോട് തളയന്‍കണ്ടി പുതിയപുരയില്‍ മുഹമ്മദ് സയ്യിദ് എന്ന ടി.പി.ഷഹീര്‍ (26), വാരം കടാങ്കോട് പി.കെ.ഹൗസില്‍ പി.സി ഷിഹാബ് (30), മട്ടന്നൂര്‍ കീച്ചേരി കോറോംചാലില്‍ ഹൗസില്‍ കെ.സജീര്‍ (22), മുണ്ടേരി സീനത്ത് മന്‍സിലില്‍ എസ്.എം.റിയാസ് (20), ചാവശ്ശേരിപ്പറമ്പ് ലക്ഷംവീട് കോളനിയിലെ അയൂബ് (20) എന്നിവരെയാണ് സി.ഐ ടി.എന്‍.സജീവ്, എസ്.ഐ കെ.വി. പ്രമോദന്‍ എന്നിവര്‍ അറസ്റ്റ് ചെയ്തത്. സ്കൂള്‍ സീല്‍, നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, ഡ്രൈവിങ് ലൈസന്‍സുകള്‍, ബാഡ്ജ്, പാസ്പോര്‍ട്ട് അപേക്ഷ, വിവിധ സാങ്കേതിക സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍, മുദ്രപത്രങ്ങള്‍  എന്നിവ പൊലീസ് പിടികൂടിയിട്ടുണ്ട്.
 റിയാസിന്‍െറ ഡ്രൈവിങ് ലൈസന്‍സിന് ഹാജരാക്കിയ ഒമ്പതാംക്ളാസിലെ സര്‍ട്ടിഫിക്കറ്റ് കണ്ണൂര്‍ ആര്‍.ടി.ഒ ഓഫിസില്‍ നിന്ന് എടയന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെരിഫിക്കേഷനെത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. സ്കൂള്‍ അധികൃതരുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചതായി തെളിഞ്ഞു.   ഓട്ടോ ഡ്രൈവറായ ഷഹീര്‍, ഷിഹാബ്, സജീര്‍ എന്നിവരാണ് സംഘത്തിലെ പ്രധാനികള്‍. സ്കൂളില്‍ കുട്ടികളെ കൊണ്ടുവരാനും മറ്റും നിത്യസന്ദര്‍ശകനായിരുന്ന ഷഹീര്‍ ഒരുവര്‍ഷംമുമ്പ് ഓഫിസിന്‍െറയും പ്രിന്‍സിപ്പലിന്‍െറയും സീല്‍ മോഷ്ടിച്ചാണ് സര്‍ട്ടിഫിക്കറ്റ് നിര്‍മാണം തുടങ്ങിയത്. അഞ്ചാംക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള ഷഹീറാണ് മുദ്രപത്രത്തില്‍ സര്‍ട്ടിഫിക്കറ്റ് തയാറാക്കി പ്രിന്‍സിപ്പലിന്‍െറ ഒപ്പും സീലും പതിച്ച്  ആവശ്യക്കാര്‍ക്ക് കൈമാറിയത്. പിന്നീട് ഷിഹാബും സജീറും കൂടെചേരുകയായിരുന്നു. ഹെവി ബാഡ്ജിന് ഒമ്പതാം ക്ളാസ് വിദ്യാഭ്യാസം ആവശ്യമായതിനാല്‍ സ്കൂള്‍ വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് ഒമ്പതാംക്ളാസ് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കാന്‍ 8000 രൂപയാണ് ഈടാക്കിയത്.
 സര്‍ട്ടിഫിക്കറ്റിന് പണം നല്‍കാനെത്തിയ ഒരു യുവാവിനെ പണം സഹിതം പിടികൂടിയിട്ടുണ്ട്. നൂറോളം സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചതായി പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. മോഷണത്തിനും വ്യാജരേഖ ചമച്ചതിനുമാണ് കേസ്. കേസില്‍ നിരവധിപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ലൈസന്‍സ് നേടിയവര്‍ക്കെതിരെയും കേസെടുക്കും. എസ്.ഐ പി.കെ.ശശിധരന്‍, എ.എസ്.ഐ രമേശ്ബാബു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.രാജീവന്‍, പി.അഭിലാഷ്, കെ.മനോജ് കുമാര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.  കോടതിയില്‍ ഹാജരാക്കിയ  പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP