സ്വാഗതം
WELCOME

News Update..

Thursday, November 22, 2012

ചാമ്പ്യന്‍സ് ലീഗ്: സിറ്റി പുറത്ത് Madhyamam News Feeds

ചാമ്പ്യന്‍സ് ലീഗ്: സിറ്റി പുറത്ത് Madhyamam News Feeds

Link to

ചാമ്പ്യന്‍സ് ലീഗ്: സിറ്റി പുറത്ത്

Posted: 21 Nov 2012 11:05 PM PST

Image: 

ലണ്ടന്‍: റയല്‍ മാഡ്രിഡുമായി വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗില്‍നിന്ന് പുറത്തായി.
സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായി നടന്ന മൂന്ന് മത്സരങ്ങളും സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്നാണ് റോബര്‍ട്ടോ മാന്‍സീനിയുടെ ടീം ഗ്രൂപ്പ് മത്സരങ്ങളില്‍നിന്നും പുറത്തായത്. ഇന്നലെ നടന്ന മത്സരത്തില്‍ കരീം ബെന്‍സേമയിലൂടെ റയലല്‍ മാഡ്രിഡാണ് മുന്നിലെത്തിയത്. സെന്‍റജിയോ അഗ്വേറോയുടെ പെനാല്‍റ്റി കിക്ക് സ്കോര്‍ 1 -1ല്‍ എത്തിച്ചെങ്കിലും റയലിന്‍െറ പോരാട്ടവീര്യത്തില്‍ രണ്ടാമതൊരു തവണ വല കുലുക്കാന്‍ സിറ്റി താരങ്ങള്‍ക്ക് കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍  റയലിന്‍െറ അര്‍ബെലോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായെങ്കിലും ആ അവസരവും മുതലാക്കാന്‍ സിറ്റിക്ക് സാധിച്ചില്ല.
 

കാലാവസ്ഥ സമ്മേളനം: ഗതാഗത പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ മുന്നൊരുക്കം

Posted: 21 Nov 2012 11:02 PM PST

Image: 

ദോഹ: 20,000ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന യു.എന്‍ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന്‍െറ (കോപ്-18) പശ്ചാത്തലത്തില്‍ ഈ മാസം 26 മുതല്‍ ദോഹയിലെയും പരിസരത്തെയും പ്രധാന റോഡുകളില്‍ ഉണ്ടാകാനിടയുള്ള ഗതാഗതപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ മുന്‍കരുതല്‍  എടുത്തതായി സംഘാടകര്‍ അറിയിച്ചു. സമ്മേളനത്തിനെത്തുന്നവരുടെ വാഹനങ്ങള്‍ ഗതാഗതത്തിന് തടസ്സമാകാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. സമ്മേളന ദിവസങ്ങളില്‍ ഡ്രൈവര്‍മാരും വാഹനയാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.
സമ്മേളനദിവസങ്ങളില്‍ രാവിലെ ആറര മുതല്‍ എട്ട് വരെയും ഉച്ചക്ക് 12.30 മുതല്‍ രണ്ട് മണിവരെയും വൈകിട്ട് നാല് മുതല്‍ ആറ് വരെയും റോഡുകളില്‍ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ നഗരത്തിലെ യാത്രക്ക് സാധാരണ ദിവസങ്ങളേക്കാള്‍ കുടുതല്‍ സമയം വേണ്ടിവരും.
194 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങളുടെ തലവന്‍മാര്‍ സഞ്ചരിക്കുന്ന 194 കാറുകള്‍ക്ക് മാത്രമാണ് ഈ ദിവസങ്ങളില്‍ സമ്മേളനവേദിയായ ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലേക്ക് (ക്യു.എന്‍.സി.സി) പ്രവേശനാനുമതി നല്‍കിയിട്ടുള്ളത്. മറ്റുള്ളവര്‍ക്ക് താമസസ്ഥലത്ത് നിന്ന് വേദിയിലേക്കും തിരിച്ചും സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തും. നഗരത്തിലെ 32 കേന്ദ്രങ്ങളില്‍ നിന്നാണ് ബസ് പുറപ്പെടുക. സമ്മേളനത്തിന്‍െറ ഭാഗമായി ദോഹയിലെ ഒരു റോഡിലും ഗതാഗതം നിരോധിക്കില്ല. എന്നാല്‍, ക്യു.എന്‍.സി.സിയോട് തൊട്ടുചേര്‍ന്നുള്ള റോഡുകള്‍ അടക്കും. ഇതിന് പുറമെ സമ്മേളനത്തിന്‍െറ ഉദ്ഘാടന ദിവസമായ ഈ മാസം 26ന് ക്യു.എന്‍.സി.സിയോട് ചേര്‍ന്നുള്ള വിദ്യാഭ്യാസ നഗരിയും അടച്ചിടും.
നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളിലൂടെയുള്ള യാത്ര ഈ ദിവസങ്ങളില്‍ കഴിവതും ഒഴിവാക്കുകയും സൗകര്യപ്രദമായ യാത്രാസമയം മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയും വേണമെന്ന് സംഘാടകര്‍ പറഞ്ഞു. ക്യു.എന്‍.സി.സി, ദോഹ എക്സിബിഷന്‍, സെന്‍റര്‍, കോര്‍ണിഷ് എന്നിവിടങ്ങളിലാണ് കൂടുതല്‍ തിരക്കുണ്ടാകാന്‍ സാധ്യത.
ട്രാഫിക് പ്രശ്നങ്ങള്‍ പരമാവധി കുറച്ച് ഗതാഗതം സുഗമമാക്കുന്നതിന് സംഘാടകര്‍ അശ്ഗാലിന്‍െറയും ട്രാഫിക് വകുപ്പിന്‍െറയും സഹകരണം തേടിയിട്ടുണ്ട്. എങ്കിലും സമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ ബാഹുല്യം ഗതാഗത പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ട്രാഫിക് വകുപ്പ് അധികൃതര്‍ അറിയിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

ദേശീയ ദിനം: നാടെങ്ങും ഒരുക്കങ്ങള്‍ തകൃതി

Posted: 21 Nov 2012 10:55 PM PST

Image: 

റാസല്‍ഖൈമ: രാജ്യം 41ാം ദേശീയ ദിനാഘോഷത്തിനൊരുങ്ങവെ നാടെങ്ങും ഉത്സവ പ്രതീതി ജനിപ്പിക്കുന്ന ഒരുക്കങ്ങള്‍ തകൃതിയായി.  എല്ലാ എമിറേറ്റുകളിലും അധികൃതരുടെ നേതൃത്വത്തില്‍ നടക്കുന്ന വിപുലമായ പരിപാടികള്‍ക്ക്് പുറമെ തദ്ദേശിയരും മലയാളികളടക്കമുള്ള വിദേശികളും ഒറ്റക്കും കൂട്ടായും ദേശീയദിനത്തിന് പൊലിമയേകാനുള്ള തയാറെടുപ്പുകളിലാണ്. പ്രധാന മന്ദിരങ്ങളെല്ലാം ദീപപ്രഭയില്‍ കുളിച്ചുനില്‍ക്കുകയാണ്. റാസല്‍ഖൈമയില്‍ ആഭ്യന്തര മന്ത്രാലയം നടത്തുന്ന ദേശീയ ദിനാഘോഷത്തില്‍ ഇന്ത്യന്‍ സംസ്കാരം പ്രതിഫലിപ്പിക്കുന്ന ടാബ്ളോയും സാംസ്കാരിക പരിപാടികളും റാക് ഇന്ത്യന്‍ അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുമെന്ന് പ്രസിഡന്‍റ് എസ്.എ. സലീം, ജന.സെക്രട്ടറി മധു എന്നിവര്‍ അറിയിച്ചു.
പഞ്ചവാദ്യം, മേളം, കാവടി, തെയ്യം, പുലികളി, പൊയ് ആന എന്നിവയുടെ അകമ്പടിയോടെ പൊതുനിരത്തിലൂടെ ഘോഷ യാത്ര നടത്തുമെന്ന് റാസല്‍ഖൈമ തൃശൂര്‍ അസോസിയേഷന്‍ (റാക്ട) ഭാരവാഹികള്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നാലിന് റാക് ഇന്ത്യന്‍ സ്കൂള്‍ പരിസരത്തുനിന്നാരംഭിച്ച് എമിഗ്രേഷന്‍ ഓഫീസ് പരിസരത്തുകൂടെ  ഇന്ത്യന്‍ അസോസിയേഷന്‍ വഴി ഇന്ത്യന്‍ സ്കൂളില്‍ അവസാനിക്കും വിധമാണ് ഘോഷയാത്ര ക്രമീകരിച്ചിരിക്കുന്നത്. ദേശീയ ദിനാഘോഷത്തിന്‍െറയും റാക്ടയുടെ ഒന്നാം വാര്‍ഷികത്തിന്‍െറയും ഭാഗമായി നടക്കുന്ന ഘോഷയാത്രക്ക് ശേഷം ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിന് റാക്ടയുടെ ‘മുല്ലനേഴി’ പുരസ്കാരം സമ്മാനിക്കും. അഫ്സല്‍ നയിക്കുന്ന ഗാനമേളയും വിവിധ കലാപരിപാടികളും നടക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് പ്രസിഡന്‍റ് അഡ്വ. ബാലകൃഷ്ണന്‍ ഗോപിനാഥും സെക്രട്ടറി രഘു മാഷും അറിയിച്ചു.
റാക് കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 28ന് റാക് ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന യു.എ.ഇ ദേശീയ ദിനാഘോഷ ചടങ്ങില്‍ മന്ത്രി മഞ്ഞളാംകുഴി അലി മുഖ്യാതിഥിയായിരിക്കുമെന്ന് സെക്രട്ടറി മൂസ കുനിയില്‍ അറിയിച്ചു.  
കലാപരിപാടികളും സ്കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് വിവിധ മത്സരങ്ങളും നടക്കും. റാക് ചേതന സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 055 8300654.
 

‘ഹാഫിസ്’ രണ്ടാം ഘട്ടത്തിലേക്ക്; അടുത്തത് ‘ജാഹിസ്’

Posted: 21 Nov 2012 10:46 PM PST

Image: 

റിയാദ്: സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനും വ്യാജനിയമനങ്ങള്‍ നിയന്ത്രിക്കുന്നതിനും മന്ത്രാലയത്തിന്‍െറ മേല്‍നോട്ടത്തില്‍ കമ്പനി രൂപവത്കരിക്കാന്‍ ആലോചിക്കുന്നതായി തൊഴില്‍വകുപ്പ് വികസനകാര്യ അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് അത്തുഖൈഫി വ്യക്തമാക്കി. മാനവവിഭവശേഷി വകുപ്പിന്‍െറ കീഴിലാണ് കമ്പനി പ്രവര്‍ത്തിക്കുക. തൊഴിലന്വേഷകരായ സ്വദേശി യുവതീയുവാക്കളുടെ വിവരം ശേഖരിച്ച് കമ്പനിയുടെ കീഴിലുള്ള ഇന്‍ഷൂറന്‍സ് രേഖകളില്‍ ചേര്‍ക്കുകയും തുടര്‍ന്ന് ആവശ്യമായ പരിശീലനം നല്‍കി അവരെ തൊഴിലിന് പ്രാപ്തരാക്കുകയും പിന്നീട് വിവിധ സ്ഥാപനങ്ങളില്‍ അനുയോജ്യമായ തസ്തികകളില്‍ നിയമനം നേടിക്കൊടുക്കുകയും ചെയ്യുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിച്ചു. തൊഴിലുടമയെയും തൊഴിലന്വേഷകനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏജന്‍സിയായിട്ടായിരിക്കും കമ്പനി പ്രവര്‍ത്തിക്കുക. എന്നാല്‍ കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണമായും സര്‍ക്കാറിന്‍െറ മേല്‍നോട്ടത്തിലായിരിക്കും.
നിതാഖാത്ത് വ്യവസ്ഥ നിര്‍ബന്ധമാക്കുകയും സ്വദേശികള്‍ക്ക് തൊഴില്‍മേഖലയില്‍ അനന്തസാധ്യതകള്‍ തുറക്കപ്പെടുകയും ചെയ്തതോടെ അവസരം ചൂഷണം ചെയ്യാന്‍ വ്യാജ റിക്രൂട്ടിങ് ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത് മന്ത്രാലയത്തിന്‍െറ ശ്രദ്ധയില്‍പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് തൊഴിലുറപ്പിന് കമ്പനി രൂപവത്കരിക്കാനുള്ള ആലോചനയുമായി മന്ത്രാലയം മുന്നോട്ടു വന്നത്. കൂടാതെ നിയമങ്ങള്‍ ആവിഷ്കരിച്ചതുകൊണ്ടുമാത്രം സ്വദേശിവത്കരണം ലക്ഷ്യം കാണില്ലെന്നും അവ നടപ്പാക്കുന്നതിന് പ്രായോഗികപദ്ധതികള്‍ക്കു കൂടി രൂപം നല്‍കണമെന്നുമുള്ള തൊഴില്‍മേഖലയില്‍ നിന്നുള്ള നിര്‍ദേശവും കമ്പനി രൂപവത്കരണത്തെക്കുറിച്ച് ആലോചിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ‘സ്വദേശിവത്കരണത്തില്‍ രാഷ്ട്ര പിന്തുണയുടെ പ്രതിഫലനങ്ങള്‍’ എന്ന വിഷയത്തില്‍ പ്രാദേശികപത്രം സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഡോ. അത്തുഖൈഫി.
അതേസമയം, ഹാഫിസ് തൊഴില്‍പ്രേരക പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് ഒരുവര്‍ഷം സാമ്പത്തിക സഹായം ലഭിച്ചവര്‍ക്ക് ഇതോടെ സഹായ വിതരണം അവസാനിച്ചതായും ഒരുവര്‍ഷം പൂര്‍ത്തീകരിക്കാത്തവര്‍ക്ക് ധനസഹായ വിതരണം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ മാസത്തോടെ ധനസഹായ വിതരണം പൂര്‍ത്തീകരിക്കപ്പെട്ടവരുടെ ഏണ്ണം ആറ് ലക്ഷം വരും. ഹാഫിസ് പദ്ധതിയില്‍ ഇതുവരെയായി രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരുടെ എണ്ണം പതിനൊന്ന് ദശലക്ഷം കവിയും.
ധനസഹായം നിര്‍ത്തല്‍ ചെയ്തവര്‍ക്ക് ഹാഫിസ് പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന നിലയില്‍ തൊഴില്‍ പരിശീലന കോഴ്സുകള്‍ തുടര്‍ന്നും നല്‍കുമെന്നും മാനവവിഭവശേഷി വകുപ്പ് മേധാവി ഇബ്രാഹീം അല്‍ മുഐഖില്‍ വ്യക്തമാക്കി. ഒരു സ്ഥിരവരുമാന മാര്‍ഗമായല്ല ഹാഫിസ് ധനസഹായം വിതരണം ചെയ്തതെന്നും തൊഴിലന്വേഷകര്‍ക്ക് പിന്തുണ നല്‍കുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍െറ ചെലവില്‍ പുറം രാജ്യങ്ങളില്‍നിന്ന് പഠനം പൂര്‍ത്തീകരിച്ച് യോഗ്യത നേടിയ 1,20,000 വരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് ‘ജാഹിസ്’ എന്ന പേരിലുള്ള പദ്ധതി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

സ്വര്‍ണ നിയന്ത്രണം പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തും -രമേശ് ചെന്നിത്തല

Posted: 21 Nov 2012 10:33 PM PST

Image: 

മനാമ: വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുപോകാവുന്ന സ്വര്‍ണത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ ശക്തമായ സമ്മര്‍ദം ചെലുത്തുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിദേശ രാജ്യങ്ങളിലെ, പ്രത്യേകിച്ച് ഗള്‍ഫിലെ പ്രവാസികള്‍ക്കുള്ള പ്രയാസങ്ങളും അവരുടെ കടുത്ത ആശങ്കയും പ്രധാനമന്ത്രിയെയും മറ്റും നേരിട്ട് ധരിപ്പിക്കും. ബഹ്റൈനിലെത്തിയ അദ്ദേഹം മുന്‍ മന്ത്രി എം.എം. ഹസനോടൊപ്പം ‘ഗള്‍ഫ് മാധ്യമം’ ഓഫിസ് സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഇതുസംബന്ധിച്ച് നേരത്തെ ‘ഗള്‍ഫ് മാധ്യമം’ പല തവണ വാര്‍ത്ത പ്രസിദ്ധീകരിച്ചതായി ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് കെ.പി.സി.സി ഇടപെടുമെന്ന് അറിയിച്ചത്.  
സ്വര്‍ണ നിയന്ത്രണം കാരണം ഗള്‍ഫിലെ പ്രവാസികള്‍ക്കുണ്ടായ പ്രയാസങ്ങള്‍ ഇപ്പോഴാണ് വ്യക്തമായി മനസ്സിലായത്. സ്വര്‍ണത്തിന് വളരെ കുറഞ്ഞ വിലയുണ്ടായിരുന്ന സമയത്ത് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം പവന് 23,000 രൂപയില്‍ കൂടുതലുള്ള ഇക്കാലത്ത് കര്‍ശനമായി നടപ്പാക്കുന്നത് ശരിയല്ല. സ്ത്രീക്ക് 20,000 രൂപയും പുരുഷന് 10,000 രൂപയും വിലയുള്ള സ്വര്‍ണമേ കൊണ്ടുപോകാന്‍ പാടുള്ളൂ എന്ന വ്യവസ്ഥ നിലവിലെ സാഹചര്യത്തില്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല-ചെന്നിത്തല പറഞ്ഞു.
ആഭരണം അണിഞ്ഞെത്തുന്ന സ്ത്രീകളെയും കൊച്ചുകുട്ടികളേയും പോലും മണിക്കൂറുകളോളം തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും നിശ്ചിത അളവില്‍ കൂടുതലുള്ള സ്വര്‍ണത്തിന് വന്‍ തുക തീരുവ ഈടാക്കുകയും ചെയ്യുന്ന നടപടി ഏറ്റവും കര്‍ശനമായി നടക്കുന്നത് നെടുമ്പാശേരി വിമാനത്താവളത്തിലാണെന്നതും ആശങ്കാജനകമാണ്. അതേസമയം, ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളില്‍, പ്രത്യേകിച്ച് മുംബൈയില്‍ ഇത്തരം നടപടിയില്ല എന്നത് പ്രശ്നത്തിന്‍െറ ഗൗരവം വര്‍ധിപ്പിക്കുന്നു.
അതിനാല്‍, ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്തും. നേരത്തെ കേരള സര്‍ക്കാര്‍ കേന്ദ്രത്തിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. എങ്കിലും പ്രവാസികളുടെ ആശങ്ക കണക്കിലെടുത്ത് കെ.പി.സി.സി ഇടപെടുമെന്ന്   രമേശ് ചെന്നിത്തല പറഞ്ഞു.
പ്രവാസികളുടെ യാത്രാ പ്രശ്നം പതിറ്റാണ്ടുകളായി തുടരുന്നതില്‍ കെ.പി.സി.സിക്ക് കടുത്ത പ്രതിഷേധമുണ്ട്. എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന രീതിയിലും ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നതിലും മാറ്റം വരണം. അവസാന നിമിഷങ്ങളില്‍ വിമാനം റദ്ദാക്കിയും വൈകിയും യാത്രക്കാരെ ദുരിതത്തിലാക്കുന്നത് ശരിയല്ല. അതുപോലെ, ഉല്‍സവ സീസണുകളില്‍ അന്യായ നിരക്ക് ടിക്കറ്റിന് ഈടാക്കുന്നതും പ്രതിഷേധാര്‍ഹമാണ്.
ഈ സാഹചര്യത്തില്‍, എയര്‍ കേരള എന്ന ആശയം സാക്ഷാത്കരിക്കാന്‍ ശ്രമിക്കും. നിലവിലെ ചില വ്യവസ്ഥകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് അനുവദിച്ചാല്‍ മാത്രമേ എയര്‍ കേരള യാഥാര്‍ഥ്യമാവുകയുള്ളൂ. ഇതിനു വേണ്ടി കേരള സര്‍ക്കാറിനൊപ്പം കെ.പി.സി.സിയും ശ്രമിക്കും.
വ്യോമയാന സഹമന്ത്രിയായി കെ.സി. വേണുഗോപാല്‍ സ്ഥാനമേറ്റത് പ്രതീക്ഷ നല്‍കുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ പ്രത്യേക ചുമതലയാണ് അദ്ദേഹത്തിനുള്ളത്. എക്സ്പ്രസിന്‍െറ ആസ്ഥാനം കൊച്ചിയിലേക്ക് മാറിയാല്‍ നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
 

നഴ്സുമാരെ തിരിച്ചെടുക്കുമെന്ന് മാനേജ്മെന്‍്റ് ഉറപ്പു നല്‍കിയെന്ന് വി.എസ്

Posted: 21 Nov 2012 10:31 PM PST

Image: 

തൃശൂര്‍: മദര്‍ ആശുപത്രിയില്‍ പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കുമെന്ന് മാനോജ്മെന്‍്റ് ഉറപ്പു നല്‍കിയതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മദര്‍ ആശുപത്രി മാനോജ്മെന്‍്റുമായി നടത്തിയ ചര്‍ച്ചക്കുശേഷമാണ് വി.എസ് ഇക്കാര്യം അറിയിച്ചത്. ഇതിനു പുറമെ ക്രമവിരുദ്ധമായ സ്ഥലം മാറ്റങ്ങള്‍ അവസാനിപ്പിക്കുമെന്നും നഴ്സുമാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കുമെന്നും മാനോജ്മെന്‍്റ് ഉറപ്പു നല്‍കിയതായി വി.എസ് അറിയിച്ചു.

ആശുപത്രി മാനേജ്മെന്‍്റുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം ആശുപത്രി പരിസരത്തെ സമരപ്പന്തലില്‍ വി.എസ്. എത്തിയെങ്കിലും മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കാനായില്ല. ഹൈകോടതി നിയോഗിച്ച മധ്യസ്ഥരുമായി നഴസിങ് അസോസിയേഷന്‍ ഇന്ന് വൈകിട്ട് അവസാനവട്ട ചര്‍ച്ച നടത്താനൊരുങ്ങവെയാണ് വി.എസിന്റെ സന്ദര്‍ശനം. സമരം അവസാനിപ്പിക്കുമോ എന്ന കാര്യത്തില്‍ ഈ ചര്‍ച്ചക്കുശേഷമേ തീരുമാനമാവൂ.

മസ്കത്ത് ഫെസ്റ്റിവെല്‍ ജനുവരിയില്‍

Posted: 21 Nov 2012 10:30 PM PST

Image: 

മസ്കത്ത്: ‘മസ്കത്ത് ഫെസ്റ്റിവല്‍ 2013’ ന് ജനുവരി അവസാന വാരം തിരശ്ശീല ഉയരും. ഫെസ്റ്റിവലിന്‍െറ മുഖ്യവേദി അല്‍ അമിറാത്ത് പബ്ളിക് പാര്‍ക്ക് ആയിരിക്കും.
മസ്കത്ത് ഫെസ്റ്റിവലിന്‍െറ മുന്നൊരുക്കങ്ങള്‍ക്കും ക്രമീകരണങ്ങള്‍ക്കുമായി അല്‍ അമിറാത്ത് പബ്ളിക് പാര്‍ക് ചൊവ്വാഴ്ച മുതല്‍ അടച്ചിട്ടു.
മസ്കത്ത് ഫെസ്റ്റിവല്‍ ആരംഭിച്ച കാലം മുതല്‍ പ്രധാന വേദിയായിരുന്ന ഖുറം നാച്വറല്‍ പാര്‍ക് ഈ വര്‍ഷം ഫെസ്റ്റവലിന്‍െറ വേദിയായിരിക്കില്ല. ഖുറം പാര്‍ക്കില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഇനങ്ങളെല്ലാം അല്‍ അമിറാത്ത്പാര്‍ക്കിലാണ് നടക്കുക.
ഹെറിട്ടേജ് ആന്‍റ് കള്‍ചറല്‍ വില്ലേജ്, ഷോപ്പിങ് സ്റ്റാളുകള്‍, തീയേറ്ററുകള്‍ , വിനോദ ഇനങ്ങള്‍ തുടങ്ങി നിരവധി പരിപാടികള്‍ അല്‍ അമിറാത്തില്‍ സജ്ജമാക്കുന്നുണ്ട്. ഇത്തരം സജ്ജീകരണങ്ങള്‍ക്കായാണ് അല്‍ അമിറാത്ത് പാര്‍ക്ക്് അടച്ചിടുന്നത്. കൂടാതെ മസ്കത്ത് ഫെസ്റ്റിവലിനെത്തുന്നവര്‍ക്കായി വിശാലമായ പാര്‍ക്കിങ് സൗകര്യവും ഒരുക്കുന്നുണ്ട്.
ഒരുമാസം നീളുന്ന ഫെസ്റ്റിവലിന്‍െറ പ്രവേശത്തിന് മുതിര്‍ന്നവര്‍ക്ക് 200 ബൈസയും കുട്ടികള്‍ക്ക് 100 ബൈസയും നിരക്ക് നിശ്ചയയിച്ചിട്ടുണ്ട്.
മറ്റൊരു വേദിയായ നസീം ഗാര്‍ഡനില്‍ കഴിഞ്ഞവര്‍ഷം നടന്ന അതേ ഇനങ്ങള്‍ തന്നെയാണുണ്ടാവുക. വിവിധ രാജ്യങ്ങളുടെ ഷോപ്പിങ് സ്റ്റാളുകളും വിദ്യാഭ്യാസ വില്ലേജും അമ്യൂസ്മെന്‍റ് ഇനങ്ങളും ഫണ്‍ ഐറ്റങ്ങളും ഇലക്ട്രോണിക് ഗെയിമുകളും കുട്ടികളുടെ ഷോകളും ഈ വര്‍ഷവും നസീംപാര്‍കിന്‍െറ ആകര്‍ഷക ഇനങ്ങളാവും.
മസ്കത്ത് ഫെസ്റ്റിവലിന്‍െറ ഭാഗമായി ഒമാനി ഫുഡ് ഫെസ്റ്റിവല്‍, മസ്കത്ത് ഫാഷന്‍ ഷോ, പരമ്പരാഗത വള്ളംകളി, ഒമാനി നാടക മത്സരം, കാര്‍ണിവല്‍, ഫാമിലി വില്ലേജ് തുടങ്ങിയ ഇനങ്ങള്‍ ഈ വര്‍ഷവും നടക്കും.
ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകള്‍ ഒഴുകിയെത്തുന്ന മസ്കത്ത് ഫെസ്റ്റിവലിന്‍െറ പ്രധാന വേദി അല്‍ അമിറാത്തിലേക്ക് മാറ്റിയത് മേഖലയുടെ വളര്‍ച്ചക്ക് വഴിയൊരുക്കും.
അല്‍അമിറാത്തിലേക്ക് വാദി അദായില്‍ നിന്നുള്ള നിര്‍മാണം പൂര്‍ത്തിയായത് തന്നെ മേഖലയുടെ വളര്‍ച്ചക്ക് കാരണമായിരുന്നു.

വര്‍ഗീസ് പുതുക്കുളങ്ങരയും ശറഫുദ്ദീന്‍ കണ്ണേത്തും പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍മാര്‍

Posted: 21 Nov 2012 10:21 PM PST

Image: 

കുവൈത്ത് സിറ്റി: കേരള സര്‍ക്കാറിന്‍െറ കീഴിലുള്ള പ്രവാസിക്ഷേമനിധി ബോര്‍ഡ് പുന:സംഘടിപ്പിച്ചു. പിഎം.എ സലാം ചെയര്‍മാനായ ബോര്‍ഡില്‍ പ്രവാസി പ്രതിനിധകളായ അഞ്ച് ഡയറക്ടര്‍മാരാണുള്ളത്. ഇതില്‍ രണ്ടുപേര്‍ കുവൈത്തില്‍നിന്നാണ്. ഒ.ഐ.സി.സി ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് പുതുക്കുളങ്ങര, കെ.എം.സി.സി പ്രസിഡന്‍റ് ശറഫുദ്ദീന്‍ കണ്ണേത്ത് എന്നിവര്‍. എം.ജി. പുഷ്പകരന്‍ (ദുബൈ), ജോപ്പച്ചന്‍ തെക്കേക്കൂറ്റ് (ഖത്തര്‍), എബ്രഹാം ജോണ്‍ (ജര്‍മനി) എന്നിവരാണ് മറ്റു ഡയറക്ടര്‍മാര്‍.
കുവൈത്തിലെ പ്രവാസി പ്രശ്നങ്ങളില്‍ ഇടപെടുന്നതിലും പരിഹരിക്കുന്നതിലും സജീവസാന്നിധ്യമായ ശറഫുദ്ദീന്‍ കണ്ണേത്ത് രണ്ടു തവണയായി കെ.എം.സി.സി പ്രസിഡന്‍റാണ്. മുന്നു തവണ ജനറല്‍ സെക്രട്ടറി സ്ഥാനവും വഹിച്ചിരുന്നു. കുവൈത്തിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്, സി.എം. സ്റ്റീഫന്‍ കള്‍ച്ചറല്‍ സെന്‍റര്‍, ഫ്രന്‍റ്സ് ഓഫ് കേരള എന്നീ സംഘടനകളുടെ പ്രസിഡന്‍റ് കൂടിയായ വര്‍ഗീസ് പുതുക്കുളങ്ങര നോര്‍ക അംഗം, കുവൈത്ത് കാറ്റാനം അസോസിയേഷന്‍ പ്രസിഡന്‍റ്, കെ.എസ്.യു മാവേലിക്കര താലൂക്ക് പ്രസിഡന്‍റ്, ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മഅ്ദനിയുടെ ജാമ്യാപേക്ഷ തള്ളി

Posted: 21 Nov 2012 10:08 PM PST

Image: 

ബംഗളൂരു: അബ്ദുന്നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈകോടതി തള്ളി. ചികില്‍സക്കായി ജാമ്യം അനുവദിക്കണമെന്ന് കാണിച്ചായിരുന്നു ഹരജി. എന്നാല്‍, പൊലീസ് സംരക്ഷണത്തോടു കൂടി മഅ്ദനിക്ക് സ്വന്തം ചെലവില്‍ ചികില്‍സ നടത്താമെന്നു പറഞ്ഞ കോടതി ചികില്‍സാ സമയത്ത് കുടുംബാംഗങ്ങളെ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
ബാഗ്ളൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് മഅ്ദനിയെ രണ്ടാമതും അറസ്റ്റു ചെയ്തത്. കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒമ്പതു വര്‍ഷത്തോളം വിചാരണ തടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ അദ്ദേഹത്തെ തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടെങ്കിലും ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ ബന്ധമാരോപിച്ച്  വീണ്ടും ജയിലിലടക്കുകയായിരുന്നു. കടുത്ത പ്രമേഹമടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ അന്നു തന്നെ അദ്ദേഹത്തെ അലട്ടിയിരുന്നു.  പൊലീസ് കസ്റ്റഡിയിലും ജയിലിലും മഅ്ദനി ബാംഗ്ളൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന് പ്രോസിക്യൂഷന്‍ ഇന്നും വാദിച്ചു.

രാഷ്ട്രപതിയുടെ തീര്‍പ്പുകാത്ത് 14 ദയാഹരജികള്‍

Posted: 21 Nov 2012 09:41 PM PST

Image: 

ന്യൂദല്‍ഹി: അജ് മല്‍ കസബിന്‍െറ വധശിക്ഷ നടപ്പാക്കിയതിനുശേഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ തീര്‍പ്പ്കാത്തുകിടക്കുന്നത് 14 ദയാഹരജികള്‍. പാര്‍ലമെന്‍റ് ആക്രമണ കേസിലെ പ്രതി അഫ് സല്‍ മുഹമ്മദ് ഗുരു, പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്‍െറ ഘാതകന്‍ ബല്‍വന്ത് സിങ് രജോന, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരാണ് ഇവരില്‍ പ്രമുഖര്‍. അതേസമയം, അഫ്സല്‍ ഗുരുവിന്‍േറത് ഉള്‍പ്പെടെ ഏഴു ദയാഹരജികള്‍ പുന$പരിശോധന ആവശ്യപ്പെട്ട് രാഷ്ട്രപതി ആഭ്യന്തരമന്ത്രാലയത്തിന് തിരിച്ചയച്ചു.
ദയാഹരജികള്‍ തള്ളണമെന്ന് നേരത്തേ അറിയിച്ച ശിപാര്‍ശയില്‍ ആഭ്യന്തരമന്ത്രാലയം ഉറച്ചുനില്‍ക്കുന്നുവോയെന്ന് അറിയുന്നതിനാണ് ഹരജി മടക്കിയയച്ചത്. ആഭ്യന്തരമന്ത്രിപദത്തില്‍ ചിദംബരം മാറി സുശീല്‍കുമാര്‍ ഷിന്‍ഡെ വന്ന സാഹചര്യത്തില്‍ കൂടിയാണ് രാഷ്ട്രപതിയുടെ നടപടി. കസബിന്‍െറ വിധി നടപ്പാക്കിയതോടെ അഫ്സല്‍ ഗുരുവിനെയും തൂക്കിലേറ്റണമെന്ന ആവശ്യം ശക്തമാണ്. ഈ നിലയില്‍ അഫ്സല്‍ ഗുരുവിന്‍െറ ദയാഹരജി വീണ്ടും സര്‍ക്കാറിന്‍െറ കോര്‍ട്ടില്‍ വന്നത് യു.പി.എക്കു മുന്നില്‍ പുതിയ കുരുക്കാണ്.പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായതിനുശേഷം ആദ്യം തീരുമാനമെടുത്ത ദയാഹരജിയാണ് അജ്മല്‍ കസബിന്‍േറത്. കസബിന്‍െറ ദയാഹരജി തള്ളാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍െറ ശിപാര്‍ശയില്‍ കേവലം 20 ദിവസം കൊണ്ടാണ് പ്രണബ് മുഖര്‍ജി തീരുമാനമെടുത്തത്.
വര്‍ഷങ്ങളായി തീര്‍പ്പ് കാത്തിരിക്കുന്ന ദയാഹരജികള്‍ മാറ്റിവെച്ചാണ് കസബിനെ തൂക്കിലേറ്റാന്‍ രാഷ്ട്രപതി വിധി നല്‍കിയത്. ദയാഹരജികളില്‍ തീരുമാനം സംബന്ധിച്ച പൂര്‍ണമായ സ്വാതന്ത്ര്യവും അധികാരവും രാഷ്ട്രപതിക്കാണ്. ഇത്രകാലത്തിനകം തീര്‍പ്പ് പറയണമെന്നോ മുന്‍ഗണനാക്രമം പാലിക്കണമെന്നോ നിയമം അനുശാസിക്കുന്നില്ല.
രാഷ്ട്രപതിക്കു മുന്നില്‍ ബാക്കിയുള്ള ദയാഹരജികളില്‍ ഏറ്റവും കൂടുതല്‍ കര്‍ണാടകയില്‍നിന്നാണ് -നാലെണ്ണം. അഫ്സല്‍ ഗുരു ഉള്‍പ്പെടെ രണ്ടെണ്ണം ദല്‍ഹിയില്‍നിന്നുള്ള ഹരജികളാണ്. ഹരിയാന, യു.പി എന്നിവിടങ്ങളില്‍നിന്നുള്ള ഓരോന്നുവീതം ഹരജികളുമുണ്ട്. പ്രണബിന്‍െറ മുന്‍ഗാമി പ്രതിഭ പാട്ടീല്‍ തന്‍െറ കാലയളവില്‍ 39 ദയാഹരജികളില്‍ തീര്‍പ്പു കല്‍പിച്ചു.
ഇവയില്‍ 34 എണ്ണവും ശിക്ഷ ജീവപര്യന്തമായി കുറക്കുകയായിരുന്നു.
അഞ്ചെണ്ണത്തില്‍ മാത്രമാണ് ഹരജി തള്ളി തൂക്കിലേറ്റാന്‍ നിര്‍ദേശിച്ചത്.  
രാജീവ് വധക്കേസിലെ പ്രതിയായ നളിനിയുടെ വധശിക്ഷ സോണിയ ഗാന്ധിയുടെ അഭ്യര്‍ഥന മാനിച്ച് രാഷ്ട്രപതി നേരത്തേ ജീവപര്യന്തമാക്കിയിരുന്നു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP