സ്വാഗതം
WELCOME

News Update..

Wednesday, August 6, 2014

വര്‍ഗീയ സംഘര്‍ഷങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തില്ല; രാഹുല്‍ സഭയുടെ നടുത്തളത്തിലിറങ്ങി Madhyamam News Feeds

വര്‍ഗീയ സംഘര്‍ഷങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തില്ല; രാഹുല്‍ സഭയുടെ നടുത്തളത്തിലിറങ്ങി Madhyamam News Feeds

Link to

വര്‍ഗീയ സംഘര്‍ഷങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തില്ല; രാഹുല്‍ സഭയുടെ നടുത്തളത്തിലിറങ്ങി

Posted: 05 Aug 2014 11:50 PM PDT

Image: 

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ കൂടുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍െറ ആവശ്യം സ്പീക്കര്‍ നിരസിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്സഭയുടെ നടുത്തളത്തിലിറങ്ങി. ഉത്തര്‍പ്രദേശിലും രാജ്യത്തിന്‍െറ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടാകുന്ന വര്‍ഗീയ സംഘര്‍ഷങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാല്‍  സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഇത് നിരസിച്ചു.  പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു.

സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറുകയാണെന്നും മറ്റാരെയും സംസാരിക്കാന്‍ അനുവദിക്കുന്നില്ളെന്നും രാഹുല്‍ ഗാന്ധി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സഭയില്‍ ഒരാളുടെ ശബ്ദം മാത്രമേ കേള്‍ക്കുന്നുള്ളു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 

അടച്ച ബാറുകള്‍ തുറക്കേണ്ടതില്ളെന്ന നിലപാടില്‍ മാറ്റമില്ല -വി.എം സുധീരന്‍

Posted: 05 Aug 2014 11:10 PM PDT

Image: 

തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന 418 ബാറുകളും തുറക്കേണ്ടതില്ളെന്ന നിലപാടില്‍ മാറ്റമില്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. കെ.പി.സി.സി ജനറല്‍ ബോഡിയുടെ  തീരുമാനം മാറ്റേണ്ട സാഹചര്യമില്ല. തുറന്നിരിക്കുന്ന മോശം ബാറുകള്‍ പൂട്ടണമെന്നും അദ്ദേഹം പറഞ്ഞു.

 ഗ്രൂപ്പുയോഗങ്ങള്‍ വേണ്ടെന്ന നിലപാടിന് താഴേ തട്ടില്‍ നിന്ന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. നല്ല ലക്ഷ്യത്തോടെയുള്ള കെ.പി.സി.സി നിര്‍ദേശത്തിന് എല്ലാ ഭാഗത്ത് നിന്നും പിന്തുണ വേണം. പുന:സംഘടന തന്‍െറ വ്യക്തിപരമായ തീരുമാനമല്ളെന്നും സുധീരന്‍ പറഞ്ഞു.

നാല് വീട് തകര്‍ന്നു, രണ്ടിടത്ത് ദുരിതാശ്വാസ ക്യാമ്പ്

Posted: 05 Aug 2014 11:00 PM PDT

തൃശൂര്‍: കനത്തമഴയില്‍ ജില്ലയില്‍ ചൊവ്വാഴ്ചയും നാശനഷ്ടമുണ്ടായി. രണ്ട് വീടുകള്‍ പൂര്‍ണമായും രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു.
മുരിങ്ങൂര്‍ തെക്കുംമുറി കുറ്റിപ്പറമ്പില്‍ അരുണിന്‍െറ ഓടിട്ട വീട് പൂര്‍ണമായി തകര്‍ന്നു. അരുണിന്‍െറ ഒരു കുട്ടിക്ക് കാലില്‍ നിസ്സാര പരിക്കേറ്റു. ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കല്ലൂര്‍ വടക്കുമ്മുറിയില്‍ ചക്കാലക്കല്‍ ജോസഫിന്‍െറ വീട് ഭാഗികമായി തകര്‍ന്നു. 15,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. തിരുവില്വാമല ചോലക്കാട്ടില്‍ രാമനെഴുത്തച്ഛന്‍ മാലതിയുടെ വീട് ഭാഗികമായി തകര്‍ന്നു. 75,00 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കാറ്റിലും മഴയിലും കാഞ്ഞാണിയില്‍ വീട് തകര്‍ന്നു. വീട്ടുകാര്‍ പുറത്തേക്കോടിയതിനാല്‍ രക്ഷപ്പെട്ടു. ടാക്കീസിന് കിഴക്ക് വിദ്യാര്‍ഥി റോഡിന് സമീപം മാളിയേക്കല്‍ സണ്ണിയും കുടുംബവും താമസിക്കുന്ന വീടാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെ തകര്‍ന്നത്.
സണ്ണിയും ഭാര്യ സലീനയും മക്കളായ സെല്‍വനും സനുവും ഉറക്കത്തിലായിരുന്നു. ശബ്ദം കേട്ട് സെല്‍വന്‍ ഞെട്ടിയുണരുകയും എല്ലാവരും കൂട്ടി പുറത്തേക്ക് ഓടുകയുമായിരുന്നു. ഉടന്‍ മുറിയുടെ ഒരുഭാഗം തകര്‍ന്ന് വീണു. മണലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. വിനോദന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പത്മിനി സത്യന്‍ എന്നിവര്‍ വീട്ടിലത്തെി.
രണ്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മുകുന്ദപുരം താലൂക്കില്‍ പുല്ലൂര്‍ വില്ളേജിലെ 93ാം നമ്പര്‍ അങ്കണവാടി, മനവലശേരി ഐശ്വര്യ അങ്കണവാടി എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍. രണ്ട് അങ്കണവാടിയിലും ഓരോ കുടുംബത്തിനെ താമസിപ്പിച്ചിട്ടുണ്ട്.

ഇടുക്കിയില്‍ ഒരാഴ്ചക്കുള്ളില്‍ ജലനിരപ്പ് 13 അടി ഉയര്‍ന്നു

Posted: 05 Aug 2014 10:45 PM PDT

തൊടുപുഴ/ചെറുതോണി: കനത്ത മഴയത്തെുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ഒരാഴ്ചകൊണ്ട് കൂടിയത് 13 അടി ജലം. 2348.94 അടിയാണ് ഇപ്പോള്‍ ജലനിരപ്പ്. സംഭരണശേഷിയുടെ 44.97 ശതമാനമാണിത്. ഡാമിന്‍െറ വൃഷ്ടിപ്രദേശത്ത്് ചൊവ്വാഴ്ച 41 മില്ലിമീറ്റര്‍ മഴ ലഭിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച 2335.24 അടിയായിരുന്നു ജലനിരപ്പ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴ ശക്തിപ്പെട്ടതാണ് ജലനിരപ്പ് പെട്ടെന്ന് ഉയരാന്‍ കാരണമായത്.
വടക്കേപ്പുഴ, വഴിക്കടവ്, അഴുത, മൂടാര്‍, നാരകക്കാനം തുടങ്ങിയ ഡൈവേര്‍ഷന്‍ പദ്ധതികളില്‍നിന്ന് ഇടുക്കിയിലേക്ക് നീരൊഴുക്ക് കൂടിയിട്ടുണ്ട്. കല്ലാര്‍, ഇരട്ടയാര്‍ ടണലുകളിലൂടെയും ധാരാളം വെള്ളമത്തെുന്നുണ്ട്.
അതേസമയം, അണക്കെട്ടിലിപ്പോഴും കഴിഞ്ഞ വര്‍ഷം ഇതേസമയം ഉണ്ടായിരുന്നതിനെക്കാള്‍ 40 അടിയോളം ജലം കുറവാണ്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ചൊവ്വാഴ്ച മഴ പൊതുവേ കുറവായിരുന്നു.
തിങ്കളാഴ്ച 165 മില്ലിമീറ്റര്‍ മഴ ലഭിച്ച പീരുമേട്ടില്‍ ചൊവ്വാഴ്ച പെയ്തത് 28 മില്ലിമീറ്റര്‍ മാത്രമായിരുന്നു. ചൊവ്വാഴ്ച ഏറ്റവും കൂടുതല്‍ മഴ പെയ്തത് തൊടുപുഴയിലാണ്-83.5 മില്ലിമീറ്റര്‍. മൂന്നാര്‍-61, മൈലാടുംപാറ 15.8 എന്നിങ്ങനെയാണ് മറ്റ് പ്രധാന സ്ഥലങ്ങളിലെ മഴ.
മഴയുടെ ശക്തികുറവാണെങ്കിലും കഴിഞ്ഞ ദിവസങ്ങില്‍ നീരൊഴുക്ക് ശക്തിപ്പെട്ടതിനത്തെുടര്‍ന്ന് ഇടുക്കിക്ക് പുറമെ മുല്ലപ്പെരിയാര്‍, കല്ലാര്‍കുട്ടി, പാംബ്ള, പൊന്മുടി, മാട്ടുപ്പെട്ടി, ആനയിറങ്കല്‍, ചെങ്കുളം, കുണ്ടള ഡാമുകളിലും ജലനിരപ്പ് ഗണ്യമായി ഉയരുന്നുണ്ട്. ഇടുക്കിയിലേക്ക് കൂടുതല്‍ വെള്ളമത്തെിക്കാന്‍ ലക്ഷ്യമിട്ടുള്ള അഞ്ച് ഡൈവേര്‍ഷന്‍ പദ്ധതികളില്‍നിന്നും സമൃദ്ധമായി നീരൊഴുക്കുണ്ട്.
മറ്റ് ഡാമുകളില്‍നിന്നെല്ലാം വൈദ്യുതി ഉല്‍പാദിപ്പിച്ചുതുടങ്ങിയതോടെ ഇടുക്കിയില്‍നിന്നുള്ള ഉല്‍പാദനം ബുധനാഴ്ച മുതല്‍ പരമാവധി കുറക്കാനാണ് വൈദ്യുതി ബോര്‍ഡ് തീരുമാനം. മൂലമറ്റത്ത് ചൊവ്വാഴ്ച 7.305 ദശലക്ഷം യൂനിറ്റായിരുന്നു ഉല്‍പാദനം. 15.6 ദശലക്ഷം യൂനിറ്റ് ഉല്‍പാദിപ്പിക്കാനാവശ്യമായ വെള്ളം ഒറ്റദിവസംകൊണ്ട് ഇടുക്കിയില്‍ ഒഴുകിയത്തെി. ഇടുക്കി പദ്ധതിയില്‍നിന്നുള്ള ഉല്‍പാദനം ശരാശരി മൂന്ന് ദശലക്ഷം യൂനിറ്റില്‍ നിര്‍ത്താനാണ് ബോര്‍ഡ് തീരുമാനം.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്ത ദിവസം കൂടിയായിരുന്നു ആഗസ്റ്റ് അഞ്ച്. 22.3 സെ.മീറ്റര്‍ മഴ പെയ്ത അന്നാണ് ഇടുക്കി ഏറ്റവും കൂടുതല്‍ ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതും. ചീയപ്പാറ, കുഞ്ചിത്തണ്ണി, മലയിഞ്ചി, തടിയമ്പാട് എന്നിവിടങ്ങളില്‍ അടുത്തടുത്ത ദിവസങ്ങളിലുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലുമായി 13 പേരാണ് മരിച്ചത്. ഈവര്‍ഷം ഏറ്റവും കൂടുതല്‍ മഴ ജൂണ്‍ 21നായിരുന്നു-14 സെ.മീറ്റര്‍.

ഇടുക്കിയില്‍ മഴയെടുത്തത് 175 ഹെക്ടര്‍ കൃഷി

Posted: 05 Aug 2014 10:37 PM PDT

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ മഴ കൊണ്ടുപോയത് 757 കര്‍ഷകരുടെ പ്രതീക്ഷകള്‍. ജില്ലയില്‍ ചൊവ്വാഴ്ച വരെ 174.98 ഹെക്ടറില്‍ കൃഷിനാശം സംഭവിച്ചതായി റവന്യൂ വകുപ്പ് അധികൃതര്‍ അറിയിച്ചു. 1,75,74,710 രൂപയുടെ നഷ്ടമാണ് കൃഷി നാശത്തിലൂടെ ജില്ലക്കുണ്ടായത്. മഴ ശക്തിപ്പെട്ടിരിക്കെ വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളിലെ കൃഷി മഴയെടുക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വീട് തകര്‍ന്നുണ്ടായ നാശനഷ്ടത്തിന് പുറമെയാണിത്.
ഇടുക്കി മേഖലയിലാണ് കൃഷിനാശം കൂടുതല്‍. വാഴ, നെല്ല്, റബര്‍, തെങ്ങ്, ഏലം, കുരുമുളക്, മരച്ചീനി എന്നീ കൃഷികളെല്ലാം വ്യാപകമായി നശിച്ചിട്ടുണ്ട്. നിലവില്‍ ആദായം കിട്ടിക്കൊണ്ടിരിക്കുന്നതും വിളവെടുക്കാറായതുമായ കൃഷികളാണ് നശിച്ചവയില്‍ കൂടുതലും. വരള്‍ച്ച, കാട്ടുതീ, വെള്ളപ്പൊക്കം എന്നിവ മൂലം കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ജില്ലക്ക് ഈ വര്‍ഷം 3.25 കോടി അനുവദിച്ചിട്ടുണ്ട്. വരള്‍ച്ച ദുരിതാശ്വാസമായി 1.9 കോടി രൂപ വിവിധ ബ്ളോക്കുകള്‍ക്ക് കൈമാറുകയും ഇതില്‍നിന്ന് 47 ലക്ഷം രൂപ കര്‍ഷകര്‍ക്ക് വിതരണം നടത്തുകയും ചെയ്തു. വെള്ളപ്പൊക്ക ദുരിതാശ്വാസമായി 10 ലക്ഷം വിതരണം ചെയ്തിട്ടുണ്ട്.
നഷ്ടപരിഹാരം ലഭിക്കാന്‍ കാലതാമസം നേരിടുന്നതായി കര്‍ഷകര്‍ക്കിടയില്‍ പരാതി വ്യാപകമാണ്. അപേക്ഷകരുടെ എണ്ണം കൂടുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന കാലതാമസം മാത്രമാണിതെന്നാണ് അധികൃതരുടെ വിശദീകരണം. വ്യക്തികള്‍ക്ക് അരലക്ഷം രൂപ വരെയുള്ള നഷ്ട പരിഹാരമാണ് ജില്ലാതലത്തില്‍ അനുവദിക്കാന്‍ കഴിയുന്നത്. ഇതിനു മുകളിലുള്ളതില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത് തിരുവനന്തപുരത്തെ ഓഫിസാണ്. വന്‍തോതില്‍ കൃഷിനാശം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം വൈകാന്‍ ഇതും കാരണമാകുന്നുണ്ട്. നെടുങ്കണ്ടം, പാമ്പാടുംപാറ, മലയിഞ്ചി, പീരുമേട്, അടിമാലി, മത്തായിപ്പാറ എന്നിവിടങ്ങളിലും വ്യാപക കൃഷിനാശമുണ്ടായി. അതേസമയം, കഴിഞ്ഞ വര്‍ഷം വരള്‍ച്ചയും വെള്ളപ്പൊക്കവും മൂലം കൃഷിനാശം സംഭവിച്ചവര്‍ക്ക് ഇപ്പോഴും നഷ്ടപരിഹാരം പൂര്‍ണമായി ലഭിച്ചിട്ടില്ളെന്നും പരാതിയുണ്ട്. വിലയിടിവും രോഗങ്ങളും മൂലം പ്രതിസന്ധിയിലായ ജില്ലയിലെ കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണ് കാലവര്‍ഷം സമ്മാനിച്ചിരിക്കുന്നത്.
ജില്ലയില്‍ ഇത്തവണ മഴയില്‍ 25 വീടുകള്‍ പൂര്‍ണമായും 335 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പൂര്‍ണമായി തകര്‍ന്നവക്ക് 48 ലക്ഷവും ഭാഗികമായി തകര്‍ന്നവക്ക് 92.5 ലക്ഷവുമാണ് നഷ്ടപരിഹാരം കണക്കാക്കിയിരിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി ബസുകള്‍ തമ്മില്‍ മത്സര ഓട്ടം

Posted: 05 Aug 2014 10:37 PM PDT

കാസര്‍കോട്: മുക്കാല്‍ മണിക്കൂറോളം കാത്തുനിന്ന് കാല്‍ കഴച്ചപ്പോഴാണ് കാസര്‍കോട്ടേക്കൊരു കെ.എസ്. ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ ബസ് കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡിന് മുന്നില്‍ വന്നുനിന്നത്. യാത്രക്കാര്‍ ഇടിച്ചുകയറി ബസ് നിറഞ്ഞപ്പോഴേക്കും തൊട്ടുപിന്നിലതാ മറ്റൊരു കെ.എസ്.ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ ബസ് വന്ന് നിര്‍ത്തി. പിന്നെ രണ്ടും ഒന്നിനുപിന്നാലെ മറ്റൊന്നായി മത്സര ഓട്ടമായിരുന്നു. ബസുകള്‍ ആവശ്യത്തിനില്ലാത്തതിനാല്‍ യാത്രാദുരിതം നേരിടുമ്പോള്‍ മത്സര ഓട്ടം നടത്തി യാത്രക്കാരെ പരിഹസിക്കുകയാണ് കെ.എസ്.ആര്‍.ടി.സി.
കാഞ്ഞങ്ങാട്-കാസര്‍കോട് റൂട്ടില്‍ ദേശീയപാതയിലും ചന്ദ്രഗിരിപ്പാലം വഴിയുള്ള സംസ്ഥാന പാതയിലും ബസ് കിട്ടാന്‍ പലപ്പോഴും ഒരുമണിക്കൂറോളം കാത്തുനില്‍ക്കേണ്ട സ്ഥിതിയുണ്ട്. എന്നാല്‍, ഏറെ നേരത്തെ ഇടവേളക്കുശേഷം ബസുകള്‍ കൂട്ടത്തോടെ ഓടുന്നത് പതിവു കാഴ്ചയാണ്. മിക്കപ്പോഴും ഒന്നും രണ്ടും ബസുകള്‍ ഒരുമിച്ചാണ് വരവും പോക്കും. കഴിഞ്ഞദിവസം ഉച്ചക്ക് ദേശീയപാതയില്‍ രണ്ട് ടൗണ്‍ ടു ടൗണ്‍ ബസുകള്‍ കഷ്ടിച്ച് ഒരു മിനിറ്റിന്‍െറ വ്യത്യാസത്തിലാണ് സര്‍വീസ് നടത്തിയത്. ഏതാണ്ട് 40 മിനിറ്റോളം സ്റ്റോപ്പുകളില്‍ യാത്രക്കാര്‍ കാത്തുനിന്നശേഷമാണ് പയ്യന്നൂര്‍, കാസര്‍കോട് ഡിപ്പോകളില്‍നിന്നുള്ള ബസുകള്‍ ഒരുമിച്ചത്തെിയത്. ആദ്യ ബസ് 12.47ന് കാസര്‍കോട് ഡിപ്പോയിലത്തെിയപ്പോള്‍ രണ്ടാമത്തേത് 12.48ന് എത്തി. കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡില്‍ ബസുകളുടെ സമയം രേഖപ്പെടുത്തുന്ന ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ഉദ്യോഗസ്ഥന് പലപ്പോഴും ഒരുമിച്ച് ഓടുന്ന ബസുകളെ തടയേണ്ടിവരുന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലാ ഡിപ്പോകളിലെയും പയ്യന്നൂര്‍, കാഞ്ഞങ്ങാട് സബ് ഡിപ്പോകളിലെയും ബസുകള്‍ ജില്ലയില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇവയുടെ ഷെഡ്യൂള്‍ നിശ്ചയിക്കുന്നതിലെ അപാകതയാണ് ബസുകള്‍ ഒരുമിച്ച് ഓടാനും ചിലപ്പോള്‍ ഏറെ നേരം ബസ് ഇല്ലാതാകാനും കാരണമാകുന്നത്. വിവിധ ഡിപ്പോകളിലെ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം പരസ്പര ധാരണയില്ലാതെയാണ് ബസുകളുടെ സമയം ക്രമീകരിക്കുന്നതെന്ന ആക്ഷേപമുണ്ട്.
ജനങ്ങളുടെ ആവശ്യം പരിഗണിക്കാതെ ഷെഡ്യൂള്‍ ക്രമീകരിക്കുന്ന രീതി യാത്രാക്ളേശം പെരുപ്പിക്കുകയാണ്.

പ്ളസ്ടു അഴിമതി; എല്‍.ഡി.എഫ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി

Posted: 05 Aug 2014 10:31 PM PDT

കൊച്ചി: പ്ളസ്ടു അഴിമതി പുറത്തുവന്നിട്ടും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പ്രതികരിക്കാത്തത് ദുരൂഹമാണെന്ന് എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ. പ്ളസ്ടു അഴിമതിക്കെതിരെ എല്‍.ഡി.എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കനാട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതി നിര്‍ദേശം അവഗണിച്ച് പല സ്കൂളും ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.
ഇതിന്‍െറയെല്ലാം മാനദണ്ഡം പണം മാത്രമാണ്. പണം ഒഴുകിയ വഴികള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടും എം.ഇ.എസ് പോലുള്ള സംഘടനകള്‍ അഴിമതിക്കെതിരെ പരാതിപ്പെട്ടിട്ടും അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയാറാവാത്തത് അഴിമതിയുടെ വിഹിതം ലഭിച്ചതുകൊണ്ടാണെന്ന് ശശീന്ദ്രന്‍ ആരോപിച്ചു. കാക്കനാട് ജില്ലാബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റിന്‍െറ വടക്കെ കവാടത്തില്‍ പൊലീസ് തടഞ്ഞു.
പൊതുസമ്മേളനത്തില്‍ സി.പി.എം ജില്ലാസെക്രട്ടറി സി.എം. ദിനേശ്മണി അധ്യക്ഷത വഹിച്ചു. സി.പി.ഐ നേതാവ് പി. രാജു, ജനതാദള്‍ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. പ്രദീപ് കുമാര്‍, എല്‍.ഡി.എഫ് ജില്ലാകണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി, ജനതാദള്‍ എസ് ജില്ലാപ്രസിഡന്‍റ് സാബുജോര്‍ജ്, എന്‍.സി.പി ജില്ലാപ്രസിഡന്‍റ് ടി.പി. അബ്ദുല്‍ അസീസ്, കോണ്‍ഗ്രസ് എസ് സംസ്ഥാന ട്രഷറര്‍ ടി.വി. വര്‍ഗീസ്, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.ജെ. ബാബു, സ്റ്റീഫന്‍ പാനികുളങ്ങര, എം.പി. ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
മാര്‍ച്ചിന് ഇ.എ. കുമാരന്‍, സി.കെ. മണിശങ്കര്‍, സി.ബി. ദേവദര്‍ശനന്‍, എന്‍.യു. ജോണ്‍കുട്ടി, സി.കെ. പരീത്, അഡ്വ. എന്‍. സതീഷ്, അഡ്വ. വര്‍ഗീസ് മൂലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കുടുംബശ്രീ പ്രൊഡ്യൂസര്‍ കമ്പനി രൂപവത്കരിക്കുന്നു

Posted: 05 Aug 2014 10:29 PM PDT

കണ്ണൂര്‍: ജില്ലാ കുടുംബശ്രീ മിഷന്‍െറ ആടുഗ്രാമം പദ്ധതിയിലെ കര്‍ഷകരെ കോര്‍ത്തിണക്കി കുടുംബശ്രീ പ്രൊഡ്യൂസര്‍ കമ്പനി രൂപവത്കരിക്കുന്നു. കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഇത് യാഥാര്‍ഥ്യമാവുകയാണെങ്കില്‍ കുടുംബശ്രീ ഉല്‍പന്ന വിപണന മേഖലയിലെ പ്രഥമ കമ്പനിയായി ഇതു മാറും.
2008 മുതലാണ് കണ്ണൂര്‍ ജില്ലാ കുടുംബശ്രീ മിഷന്‍ സമഗ്ര ആടുവര്‍ളത്തല്‍ പദ്ധതി ആരംഭിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, നബാര്‍ഡ്, ജില്ലാ പഞ്ചായത്ത്, മൃഗ സംരക്ഷണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി തുടങ്ങിയത്. ആദ്യ കാലങ്ങളില്‍ യൂനിറ്റുകള്‍ മടിച്ചു നിന്നെങ്കിലും ആരംഭിച്ചവ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ ആടു ഗ്രാമം എന്ന സ്വപ്നം യാഥാര്‍ഥ്യമാവുകയായിരുന്നു. ആയിരം യൂനിറ്റുകള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയില്‍ നിലവില്‍ 959 യൂനിറ്റുകളും 4795 കര്‍ഷകരുമാണുള്ളത്. 2014-15 വര്‍ഷത്തില്‍ 1500 യൂനിറ്റുകളായി വിപുലീകരിക്കാനാണ് ലക്ഷ്യം. ജില്ലാ മിഷന്‍െറ നേതൃത്വത്തില്‍ രണ്ടോ മൂന്നോ പഞ്ചായത്തുകളിലെ യൂനിറ്റുകളെ കോര്‍ത്തിണക്കി ഒന്നിടവിട്ട മാസങ്ങളില്‍ ആടു ചന്തകള്‍ നടത്തിയായിരുന്നു വില്‍പന. തളിപ്പറമ്പിലെ തില്ലങ്കേരിയില്‍ അമ്പതു ആടുകളെ വളര്‍ത്തുന്ന പത്ത് അംഗങ്ങളുള്ള മലബാര്‍ ഗ്രേഡിങ് യൂനിറ്റ് പ്രവര്‍ത്തിക്കുന്നു.
കൂടാതെ ആട്ടിന്‍ കാഷ്ഠം പൊടിച്ചു വളമാക്കി അജശ്രീ സമ്പൂര്‍ണ ജൈവവളം എന്ന പേരില്‍ വില്‍ക്കുന്ന യൂനിറ്റുകളുമുണ്ട്.
മികച്ച വിപണി, ആട്ടിന്‍ തീറ്റ ഉല്‍പാദനവും സമാഹരണവും വെറ്ററിനറി സേവനങ്ങള്‍, ആടുകളുടെ ഇന്‍ഷുറന്‍സ്, ആട്ടിന്‍പാല്‍ വിപണനം, വളം, കര്‍ഷക ഇന്‍ഷുറന്‍സ്, കര്‍ഷകര്‍ക്കു പരിശീലനം എന്നിവയാണ് കമ്പനി രൂപവത്കരിക്കുന്നതിലൂടെ ലക്ഷ്യമിടുന്ന നേട്ടങ്ങള്‍.
കമ്പനി തുടങ്ങുന്നതിന്‍െറ ഭാഗമായി ജില്ലയിലെ ആടു കര്‍ഷകരുടെ സര്‍വേ നടത്തുകയും തളിപ്പറമ്പ്, ഇരിക്കൂര്‍, ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് അവബോധ ക്ളാസുകള്‍ നല്‍കുകയും ചെയ്തു.
അതതു പഞ്ചായത്തുകളില്‍ ക്ളസ്റ്ററുകള്‍ രൂപവത്കരിച്ചിട്ടുണ്ട്.15 മുതല്‍ 25 വരെയുള്ള അംഗങ്ങളുള്ള 42 ക്ളസ്റ്ററുകളാണ് ഇതിനായി രൂപവത്കരിച്ചത്. ഇതില്‍ നിന്ന് പത്തു പേരെ ഡയറക്ടര്‍ മെംബര്‍മാരായി കണ്ടത്തെുകയും ചെയ്തിട്ടുണ്ട്.

വെള്ളക്കെട്ട്: കുട്ടനാട് ഒറ്റപ്പെട്ടു

Posted: 05 Aug 2014 10:19 PM PDT

ആലപ്പുഴ: പ്രളയത്തില്‍ മുങ്ങിയ കുട്ടനാട്ടില്‍ കാല്‍ലക്ഷത്തോളം കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍. നൂറുകണക്കിന് ആളുകള്‍ ഇപ്പോഴും ക്യാമ്പുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കാര്‍ത്തികപ്പള്ളി -52, അമ്പലപ്പുഴ -35, ചേര്‍ത്തല -എട്ട്, ചെങ്ങന്നൂര്‍ -രണ്ട് എന്നിങ്ങനെയും ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. മടവീഴ്ചയുണ്ടായ പ്രദേശങ്ങളിലാണ് കൂടുതല്‍ വീടുകളിലും വെള്ളം കയറിയിരിക്കുന്നത്.
മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ജില്ലയിലെ മുഴുവന്‍ ദുരിതബാധിതര്‍ക്കും അടിയന്തരമായി സഹായം എത്തിക്കണമെന്ന് ഡി.സി.സി നേതൃയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഹരിപ്പാട്: കിഴക്കന്‍ വെള്ളത്തിന്‍െറ വരവ് ശക്തമാവുകയും മഴക്ക് ശമനമില്ലാതാവുകയും ചെയ്തതോടെ കുട്ടനാട്-അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു.
വീയപുരം, ചെറുതന, കരുവാറ്റ, പള്ളിപ്പാട്, എടത്വ, തലവടി തുടങ്ങിയ സ്ഥലങ്ങളിലായി നിരവധി ക്യാമ്പുകളും അരിവെപ്പുകേന്ദ്രങ്ങളും ആരംഭിച്ചതോടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇവിടേക്ക് എത്തുന്നത്. എന്നാല്‍, മുന്‍കാലങ്ങളെ അപേക്ഷിച്ച് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സമയബന്ധിതമായി ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ അധികൃതര്‍ക്ക് കഴിയാത്തതിനെതിരെ വില്ളേജ് ഓഫിസുകളില്‍ പ്രതിഷേധവും വ്യാപകമാകുന്നുണ്ട്.
വളര്‍ത്തുമൃഗങ്ങളുമായി ക്യാമ്പിലത്തൊന്‍ കഴിയാത്തതിനാല്‍ നിരവധി കുടുംബങ്ങള്‍ ഏറെ ത്യാഗംസഹിച്ച് വീടുകളില്‍തന്നെ കഴിയുന്നുണ്ട്. വീയപുരത്തെ രണ്ട് പാടശേഖരങ്ങള്‍ മടവീണ് തകര്‍ന്ന് കൃഷി നശിച്ചതിനുപുറമെ ചെറുതന കൃഷിഭവന്‍ പരിധിയിലെ പോച്ച പാടശേഖരത്തും മടവീണു.
അമ്പലപ്പുഴ: കിഴക്കന്‍വെള്ളത്തിന്‍െറ വരവ് കൂടിയതോടെ വെള്ളപ്പൊക്കം രൂക്ഷമായ അമ്പലപ്പുഴ, പുറക്കാട് മേഖലകളില്‍ 4500 ഏക്കര്‍ നെല്‍കൃഷി നാശത്തിന്‍െറ വക്കില്‍. പുറക്കാട് പഞ്ചായത്തിലെ കരിനിലകൃഷി പൂര്‍ണമായും വെള്ളത്തിലാണ്. 30 മുതല്‍ 65 ദിവസം വരെ പ്രായമുള്ള കൃഷിയാണ് വെള്ളത്തിലായത്. പാടശേഖരത്തിലെ ബണ്ടുകള്‍ തകര്‍ന്നാണ് വെള്ളം കയറുന്നത്.
തകഴി പഞ്ചായത്തിലെ മുക്കട കിഴക്ക്, വാരിക്കോട്ടുകരി, കുന്നുമ്മ എ ബ്ളോക്, കാവില്‍ തെക്കുപുറം, മുന്നൂറുംപാടം, പന്നക്കുളം, പുറക്കാട് പഞ്ചായത്തിലെ മലയില്‍തോട്, ഇല്ലിച്ചിറ വടക്ക് ഭാഗം, കൃഷിത്തോട്ടം, നാലുചിറ വടക്കുഭാഗം, നാലുചിറ വടക്കുപടിഞ്ഞാറ്, അപ്പാത്തിക്കരി, കൊച്ചുപുത്തന്‍കരി, ചാലുങ്കല്‍, മാന്തറ പാടശേഖരങ്ങളിലാണ് ബണ്ട് തകര്‍ന്ന് വെള്ളം കയറിക്കൊണ്ടിരിക്കുന്നത്. തകഴി കിഴക്ക് പാടശേഖരത്തിലെ മടവീഴ്ചയില്‍ 40 ദിവസം പ്രായമായ കൃഷിയാണ് നശിച്ചത്. 32 ചെറുകിട കര്‍ഷകരാണ് ഇവിടെയുള്ളത്. നിരവധി പാടശേഖരങ്ങള്‍ മടവീഴ്ചഭീഷണിയിലാണ്.
പുന്നപ്ര: പുന്നപ്ര ചള്ളി കടപ്പുറത്ത് കടല്‍ക്ഷോഭം ശക്തമായി. കടല്‍ക്ഷോഭത്തില്‍ രണ്ട് വൈദ്യുതി പോസ്റ്റുകള്‍ വീണു. പുന്നപ്രയിലെ ചാകര പ്രദേശത്ത് കടല്‍ക്ഷോഭം തുടരുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണ്.
കടപ്പുറത്തെ ഫിഷ്ലാന്‍ഡിങ് സെന്‍റര്‍ കടല്‍ക്ഷോഭം മൂലം തകര്‍ച്ചയുടെ വക്കിലാണ്. 20 മീറ്റര്‍ കൂടി കടല്‍ കിഴക്കോട്ട് നീങ്ങിയാല്‍ ഫിഷ്ലാന്‍ഡിങ് സെന്‍റര്‍ കടലിലാകും. പ്രദേശത്തെ പല വീടും തകര്‍ച്ചഭീഷണിയിലുമാണ്.

സുഭാഷിനെ കണ്ടത്തെിയില്ല; തിരച്ചില്‍ തുടരും

Posted: 05 Aug 2014 10:14 PM PDT

വെള്ളമുണ്ട: മീന്‍പിടിക്കുന്നതിനിടയില്‍ ബാണാസുര സാഗര്‍ ഡാമിനരികിലെ പുഴയില്‍ കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി.
മഴയും പുഴയിലെ കനത്ത അടിയൊഴുക്കും കാരണം തിരച്ചില്‍ നടത്താനുള്ള പ്രയാസം കാരണമാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തിരച്ചില്‍ നിര്‍ത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാനത്തെിയ പിണങ്ങോട് മുക്ക് നാട്ടിപ്പാറ സുഭാഷാണ് തിങ്കളാഴ്ച വൈകീട്ട് ഒഴുക്കില്‍പെട്ടത്. അതേസമയം, സുഭാഷിനെ കണ്ടത്തൊനുള്ള തിരച്ചില്‍ നടത്തുന്നതിന് ദേശീയ ദുരന്ത നിവാരണസേനയുടെ സഹായം തേടിയതായി പട്ടികവര്‍ഗക്ഷേമ യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു.
ആക്കോണത്തുനിന്നുള്ള ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ മലബാര്‍ മേഖലയിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി താമരശ്ശേരിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
ഫയര്‍ ഫോഴ്സും തുര്‍ക്കി ജീവന്‍ രക്ഷാ സംഘവും തിങ്കളാഴ്ച രാത്രിവരെ തിരച്ചില്‍ നടത്തുകയും ചൊവ്വാഴ്ച രാവിലെ വീണ്ടും ആരംഭിക്കുകയുമായിരുന്നു.
പുഴയുടെ ഏറെ താഴ്ന്ന ഭാഗത്തടക്കം തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടത്തൊനായില്ല.
തിരച്ചിലിന് സൗകര്യമൊരുക്കുന്നതിനായി അപകടം നടന്നയുടന്‍ ഡാമിന്‍െറ ഒരു ഷട്ടര്‍ അടക്കുകയും മറ്റൊരു ഷട്ടര്‍ 20 സെന്‍റീമീറ്ററായി ചുരുക്കുകയും ചെയ്തിരുന്നു. എന്നാല്‍, വൃഷ്ടിപ്രദേശത്തെ കനത്ത മഴ കാരണം ചൊവ്വാഴ്ച അടച്ച ഷട്ടര്‍ വീണ്ടും തുറന്നിട്ടുണ്ട്. ഇതാണ് പുഴയില്‍ നീരൊഴുക്ക് വര്‍ധിക്കാനിടയാക്കിയത്.
അപകട വാര്‍ത്തയറിഞ്ഞ് ചൊവ്വാഴ്ചയും നിരവധിയാളുകള്‍ പ്രദേശത്തത്തെി. ജില്ലാ ഭരണകൂടത്തിന്‍െറ ഉത്തരവ് കണക്കിലെടുത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയതിനാല്‍ മീന്‍പിടിത്തം ചൊവ്വാഴ്ച നടന്നില്ല.
ഡാമിലും പരിസര പ്രദേശങ്ങളിലും മീന്‍പിടിത്തം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP