സ്വാഗതം
WELCOME

News Update..

Saturday, August 2, 2014

മഴയില്‍ മുങ്ങി മലപ്പുറം Madhyamam News Feeds

മഴയില്‍ മുങ്ങി മലപ്പുറം Madhyamam News Feeds

Link to

മഴയില്‍ മുങ്ങി മലപ്പുറം

Posted: 02 Aug 2014 12:23 AM PDT

മലപ്പുറം: ജില്ലയില്‍ കാലവര്‍ഷം ശക്തമായി തുടരുന്നു. വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം നമ്പര്‍ പ്ളാറ്റ്ഫോമിലെ പാളത്തില്‍ വെള്ളം കയറി മൂന്നു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തിരൂര്‍ മേഖലയില്‍ നൂറോളം വീടുകളില്‍ വെള്ളം കയറി. നിറമരുതൂര്‍, തൃക്കണ്ടിയൂര്‍ വില്ളേജുകളിലാണ് വീടുകള്‍ വെള്ളത്തിലായത്. കോട്ടക്കല്‍ മേഖലയില്‍ 20 വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. നിരവധി റോഡുകളും വെള്ളത്തിനടിയിലാണ്. വെള്ളം കയറിയതിനെ തുടര്‍ന്ന് തിരൂര്‍ കുടുംബ കോടതിയുടെയും സി.ഐ.സി ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍െറയും പ്രവര്‍ത്തനം തടസ്സപ്പെട്ടു. മഴയില്‍ പൊന്നാനിയിലെ പഴയ ഇരുനിലകെട്ടിടം തകര്‍ന്നു.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വളാഞ്ചേരി വൈക്കത്തൂര്‍ ക്ഷേത്രത്തിലും വെള്ളം കയറി. മഴ കനത്തതോടെ തീരദേശത്ത് കടലാക്രമണം രൂക്ഷമായെങ്കിലും ആരെയും ഒഴിപ്പിച്ചിട്ടില്ല. നിലമ്പൂര്‍ നാടുകാണി ചുരത്തില്‍ മരം വീണതിനെ തുടര്‍ന്ന് മൂന്നു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച രാത്രി 12 മുതല്‍ വെള്ളിയാഴ്ച രാവിലെ 10 വരെ 93.67 മില്ലീമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. വ്യാഴാഴ്ച 20 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ജില്ലയില്‍ കാലവര്‍ഷം ഇതുവരെ 2378 കുടുംബങ്ങളെ പ്രതികൂലമായി ബാധിച്ചു. ജൂണ്‍ ഏഴിനാരംഭിച്ച മഴയില്‍ 41 വീടുകള്‍ പൂര്‍ണമായും 424 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീട് തകര്‍ന്നതില്‍ മാത്രം 1.63 കോടിയുടെ നാശനഷ്ടം കണക്കാക്കുന്നു. 110.20 ഹെക്ടറിന്‍െറ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.

പ്ളസ്ടു: ക്രമക്കേടുണ്ടെങ്കില്‍ ഏതന്വേഷണവും നേരിടാന്‍ തയാര്‍ -മുഖ്യമന്ത്രി

Posted: 02 Aug 2014 12:19 AM PDT

Image: 

തൃശൂര്‍: പ്ളസ്ടു അധിക ബാച്ച് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെങ്കില്‍ ഏതന്വേഷണവും നേരിടാന്‍ തയാറെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്തം തനിക്കും മന്ത്രിസഭക്കുമാണ്. ബാച്ച് അനുവദിച്ചതില്‍ എന്താണ് പ്രശ്നമെന്ന് കൃത്യമായി ആരും ഇതുവരെ പറഞ്ഞിട്ടില്ളെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രപിതാവിനെ അവഹേളിച്ചത് ആരായാലും അംഗീകരിക്കാനാവില്ല. കാലവര്‍ഷക്കെടുതി നേരിടാന്‍ എല്ലാവിധ സഹായവും നല്‍കിയിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.

കയ്യൂരില്‍ ഉരുള്‍പൊട്ടല്‍; നിരവധി കുടുംബങ്ങള്‍ ഭീഷണിയില്‍

Posted: 02 Aug 2014 12:12 AM PDT

ചെറുവത്തൂര്‍: കയ്യൂരില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ അപകട ഭീഷണിയില്‍. കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ കയ്യൂര്‍ സെന്‍ട്രല്‍-താങ്കൈ റോഡിന് സമീപത്തെ മലയിലാണ് ഉരുള്‍പൊട്ടിയത്. ഇതേതുടര്‍ന്ന് ഭീമന്‍ കല്ലുകളും മണ്ണും മരങ്ങളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. സമീപത്തെ അരയാക്കടവത്ത് പാറുവിന്‍െറ വീട് അപകട ഭീഷണിയിലായി. മഴ ശക്തിയായി ഇനിയും തുടര്‍ന്നാല്‍ മലയിടിച്ചില്‍ രൂക്ഷമാകുമെന്ന ഭീതിയിലാണ് ഇവിടുത്തുകാര്‍. സമീപ പ്രദേശങ്ങളില്‍ കൂടുതല്‍ വീടുകള്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കയ്യൂരിലും പരിസരങ്ങളിലും ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി. തേജസ്വിനി പുഴ കരകവിഞ്ഞൊഴുകിയതുമൂലം സമീപ പ്രദേശങ്ങളായ കയ്യൂര്‍, കൂക്കോട്ട്, ചെറിയാക്കര, മയ്യില്‍, പൊതാവൂര്‍, പുലിയന്നൂര്‍, വെള്ളാട്ട്, ക്ളായിക്കോട്, കുണ്ട്യം, പെരിങ്ങാര, പാമ്പിരിങ്ങാര, വടക്കേ പുലിയന്നൂര്‍ മയ്യില്‍, കണിയാട, കിനാനൂര്‍, നീലായി, പാലായി, രാമഞ്ചിറ, ചാത്തമത്ത്, പൊടോത്തുരുത്തി, കാര്യങ്കോട് തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നൂറോളം വീടുകളില്‍ വെള്ളം കയറി. പത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. സമീപ പ്രദേശത്തുള്ള ഏക്കര്‍കണക്കിന് നെല്‍കൃഷി വെള്ളം കയറി നശിച്ചു. കയ്യൂരിലെ രത്നാകരന്‍, ചന്ദ്രശേഖരന്‍, ഹരിദാസ് എന്നിവരുടെ അഞ്ഞൂറോളം കുലച്ച നേന്ത്രവാഴകള്‍ കാറ്റില്‍ കടപുഴകി വെള്ളത്തിനടിയിലായി. കയ്യൂരിലെ ആല്‍കീഴില്‍ ഭഗവതി ക്ഷേത്രം വെള്ളത്തിനടിയിലാണ്. ചീമേനിയിലും പരിസര പ്രദേശങ്ങളിലും മഴ കനത്ത നാശനഷ്ടമുണ്ടാക്കി. പുല്ലാഞ്ഞിപ്പാറയിലെ കുര്യന്‍, ശശി എന്നിവരുടെ നൂറോളം റബര്‍മരങ്ങള്‍ പൊട്ടിവീണു. കാനത്തുംപൊയില്‍, അള്ളറാട്ട്, ചന്ദ്രവയല്‍ എന്നിവിടങ്ങളിലാണ് വന്‍ കൃഷിനാശം സംഭവിച്ചത്. ചെറുവത്തൂര്‍ പഞ്ചായത്തിന്‍െറ പടിഞ്ഞാറന്‍ പ്രദേശങ്ങളായ മയിച്ച, വെങ്ങാട്ട്, കാരിയില്‍, കിഴക്കേമുറി, മീന്‍കടവ്, കുറ്റിവയല്‍, ഓര്‍ക്കുളം, പതിക്കാല്‍ എരിഞ്ഞിക്കീല്‍, അച്ചാംതുരുത്തി എന്നിവിടങ്ങളിലെ വീടുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. ഈ പ്രദേശങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ്. പലരും ബന്ധുവീടുകളിലും മറ്റും അഭയം തേടി. പടന്ന പഞ്ചായത്തിലെ ഓരി, വടക്കേക്കാട്, തെക്കേക്കാട്, കാന്തിലോട്ട്, വടക്കുപുറം, കിഴക്കുപുറം, പുല്ലൂര്‍മാട് എന്നിവിടങ്ങളിലും വെള്ളം കയറി. വീരമലക്കുന്നില്‍നിന്ന് കഴിഞ്ഞദിവസം പുലര്‍ച്ചെ ഭീമന്‍ കല്ല് മയ്യിച്ച ദേശീയപാതയിലേക്ക് ഉരുണ്ട് വീണ് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തെ തുടര്‍ന്നാണ് കല്ല് നീക്കിയത്. ആലന്തട്ട തൊണ്ടനാടം-പലോം റോഡ് കള്‍വര്‍ട്ട് പാലം വെള്ളത്തിന്‍െറ കുത്തൊഴുകില്‍ പൂര്‍ണമായും തകര്‍ന്നു. ചീമേനി നാല്കുന്ന് കോളനിയിലെ കള്‍വര്‍ട്ട് നടപ്പാലം തകര്‍ന്നു. പതിക്കാലിലെ ബീച്ചന്‍െറവളപ്പ് കോണ്‍ക്രീറ്റ് നടപ്പാലവും തകര്‍ച്ചാ ഭീഷണിയിലാണ്. ഉരുള്‍പൊട്ടിയ പ്രദേശം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ശ്യാമളാദേവി, ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. ശാന്ത, പഞ്ചായത്ത് പ്രസിഡന്‍റ് എം. ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്‍റ് എം.പി.വി. ജാനകി, സി.പി.എം ഏരിയാ സെക്രട്ടറി കെ.പി. വത്സലന്‍, വില്ളേജ് ഓഫിസര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

തോരാമഴ

Posted: 02 Aug 2014 12:12 AM PDT

കാസര്‍കോട്: കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന പേമാരിയിലും വെള്ളപ്പൊക്കത്തിലും ജില്ലയിലെ നാല് താലൂക്കുകളിലായി 100ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. 25 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിയും പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ജില്ലയിലെ വിവിധ പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. പുഴയോരത്തുള്ള കുടുംബങ്ങളെ അധികൃതര്‍ മാറ്റി പാര്‍പ്പിച്ചുവരുകയാണ്. അപകടനിലയില്‍ ഒഴുകുന്ന പുഴകളുടെ കരയില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിപ്പോകാന്‍ ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. കാര്യങ്കോട് ക്ളായിക്കോട് വില്ളേജിലെ 10 കുടുംബങ്ങളെ അധികൃതര്‍ ബന്ധുവീടുകളില്‍ മാറ്റിപാര്‍പ്പിച്ചു. മടിക്കൈ പള്ളത്തുംവയല്‍ വെള്ളത്തില്‍ ഒറ്റപ്പെട്ടുപോയ ഏഴ് കുടുംബങ്ങളെ ഫൈബര്‍ ബോട്ടില്‍ രക്ഷപ്പെടുത്തി മാറ്റിപാര്‍പ്പിച്ചു. പുല്ലൂര്‍ വില്ളേജില്‍ 12 കുടുംബങ്ങളെയും മാറ്റിപാര്‍പ്പിച്ചു. അമ്പലത്തറ വില്ളേജില്‍ ഏച്ചിക്കാനം കോറവല്‍ വയനാട്ടു കുലവന്‍ ദൈവം ക്ഷേത്രം വീട്ടിലെ പാത്രങ്ങള്‍ വെള്ളത്തില്‍ ഒലിച്ചുപോയി. തറവാട്ട് വീട്ടില്‍ താമസക്കാരനായ കുഞ്ഞിരാമനെ തൊട്ടടുത്ത ബന്ധുവീട്ടില്‍ മാറ്റിപാര്‍പ്പിച്ചു. ഗതാഗതം പുന$സ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് അധികൃതര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. കരിച്ചേരിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നതു കാരണം കൊളത്തൂര്‍ വില്ളേജില്‍ കരിപ്പാടകം, പെര്‍ളടുക്കം ഭാഗങ്ങളിലെ ആറ് കുടുംബങ്ങളിലായി 40 പേരെ മാറ്റിപാര്‍പ്പിച്ചു. കുഞ്ഞിരാമന്‍, എ.കെ. നാരായണന്‍, സുകുമാരന്‍, മാധവി, തമ്പായി, എം. മാലിങ്കന്‍ എന്നിവരുടെ കുടുംബങ്ങളെയാണ് ബന്ധുവീടുകളിലേക്ക് മാറ്റിയത്. പ്രധാനമന്ത്രിയുടെ റോഡ് വികസന പദ്ധതി പ്രകാരം നിര്‍മിച്ച റോഡിന്‍െറ അരികിലെ കരിങ്കല്‍ ഭിത്തി തകര്‍ന്ന് ഒലിച്ചുപോയ കല്ലും മണ്ണും നിറഞ്ഞ് സമീപത്തെ കിണര്‍ മൂടി. ചന്ദ്രഗിരിപ്പുഴയുടെ സമീപത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. നിരവധി വീടുകളില്‍ വെള്ളം കയറി. കാസര്‍കോട് കൊറക്കോട് ഹരീഷിന്‍െറ വീട് ഭാഗികമായി തകര്‍ന്നു. കളനാട് കീഴൂര്‍ കടപ്പുറത്തെ കെ. കൃഷ്ണന്‍െറ വീട് ഭാഗികമായി തകര്‍ന്ന് 20000 രൂപയുടെ നഷ്ടം സംഭവിച്ചു. കളനാട് മരവയലിലെ ശൈലജ, ചന്ദ്രശേഖര എന്നിവരുടെ വീട്ടുപരിസരത്തെ മതില്‍ ഇടിഞ്ഞുവീണ് 85,000 രൂപയുടെ നഷ്ടമുണ്ടായി. നുള്ളിപ്പാടി ചെന്നിക്കരയിലെ രാമന്‍െറ വീടിന്‍െറ ചുറ്റുമതില്‍ ഇടിഞ്ഞ് കല്ലും മണ്ണും അയല്‍വാസിയായ മാധവന്‍െറ വീട്ടുമുറ്റത്ത് വീണു. മഞ്ചേശ്വരത്ത് ഇബ്രാഹിമിന്‍െറ വീട് ഭാഗികമായി തകര്‍ന്നു. കുറ്റിക്കോല്‍ വില്ളേജില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജില്ലയിലെ 85 വില്ളേജുകളില്‍ വ്യാപക നാശനഷ്ടമുണ്ടായെങ്കിലും മിക്ക വില്ളേജ് ഓഫിസര്‍മാരും ഇതുസംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയിട്ടില്ല.
അജാനൂര്‍: കനത്ത മഴയില്‍ അജാനൂര്‍ തീരപ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിലായി. 500ലേറെ വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വ്യാഴാഴ്ച വൈകീട്ട് ആരംഭിച്ച കനത്തമഴ വെള്ളിയാഴ്ച രാത്രി വരെ ഇടതടവില്ലാതെ തുടരുകയാണ്. വെള്ളമുയര്‍ന്നതിനെതുടര്‍ന്ന് ഇഖ്ബാല്‍ നഗര്‍-കൊളവയല്‍റോഡ് വെള്ളത്തിലായി. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. ഇട്ടമ്മല്‍-കൊളവയല്‍ പ്രദേശങ്ങളിലെ അഞ്ചോളം തോടുകള്‍ കവിഞ്ഞൊഴുകി. ഒഴുക്കിന്‍െറ സമ്മര്‍ദം മൂലം പലയിടങ്ങളിലും ചുഴികള്‍ പ്രത്യക്ഷപ്പെട്ടത് ജനങ്ങളെ ഭീതിയിലാക്കി. കൊളവയല്‍ പടിഞ്ഞാറ് ഭാഗത്ത് അബ്ദുറഹ്മാന്‍, മുസ്തഫ, മുഹമ്മദ്കുട്ടി മാട്ടുമ്മല്‍ എന്നിവരുടെ വീടുകളിലും സീനത്ത് ക്വാര്‍ട്ടേഴ്സിലും വെള്ളം കയറി. നൂറിലേറെ വീടുകളുടെ ചുറ്റും വെള്ളത്തിലായി. ഇഖ്ബാല്‍ ജങ്ഷനോട് ചേര്‍ന്ന ഭാഗങ്ങളില്‍ ഇല്യാസ്, ആയിഷക്കുഞ്ഞി, കുഞ്ഞായിശു, സി.പി. അബ്ദുറഹിമാന്‍, മജീദ് എന്നിവരുടെ വീടുകളിലേക്കും വെള്ളം കയറി. അതിഞ്ഞാല്‍ പൂത്താളിക്കുളം കരകവിഞ്ഞു. ഇതേതുടര്‍ന്ന് അതിഞ്ഞാല്‍-അജാനൂര്‍ മാപ്പിള ഗവ. എല്‍.പി സ്കൂള്‍ റോഡ് പൂര്‍ണമായും വെള്ളം കയറി. ഇട്ടമ്മലിലെ സഫ്രീന ക്വാര്‍ട്ടേഴ്സിലെ താഴ്ഭാഗം വെള്ളം കയറി പലരും താമസം ഒഴിഞ്ഞു.
കനത്ത മഴയെതുടര്‍ന്നുള്ള വെള്ളക്കെട്ടില്‍ റെയില്‍വേ സിഗ്നല്‍ സംവിധാനം അല്‍പനേരത്തേക്ക് തടസ്സപ്പെട്ടു. ഇതേതുടര്‍ന്ന് ഇഖ്ബാല്‍ ജങ്ഷന്‍ ഗേറ്റ്, കോട്ടച്ചേരി, കുശാല്‍നഗര്‍ എന്നീ ഭാഗങ്ങളിലേക്ക് ഗേറ്റ് അടച്ചിട്ടു. ട്രെയിനുകള്‍ പലതും വേഗത കുറച്ചാണ് കടന്നുപോയത്. രാവിലെ ആറുമുതല്‍ ഗേറ്റടച്ചതിനാല്‍ തീരദേശങ്ങളിലെ വാഹനഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഇഖ്ബാല്‍ നഗറില്‍ അബ്ദുറഹ്മാന്‍െറ വീട്ടുമുറ്റത്ത് തെങ്ങ് കാറ്റില്‍ കടപുഴകി. മാറി താമസിക്കാന്‍ അജാനൂര്‍ ഇഖ്ബാല്‍ ഹൈസ്കൂളില്‍ സംവിധാനമൊരുക്കിയതായി വില്ളേജ് ഓഫിസര്‍ പറഞ്ഞു.
ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂളിനടുത്ത മതില്‍ തകര്‍ന്നു. പുല്ലൂര്‍ സീസ് ഫാമിന്‍െറ മതില്‍ ഇടിഞ്ഞുവീണു. കാഞ്ഞങ്ങാട് സൗത്തിലെ പടിഞ്ഞാറ് ഭാഗത്ത് 25ഓളം വീടുകളില്‍ വെള്ളം കയറി. കിഴക്കേകര മണലില്‍ വെള്ളായി പാലം പ്രദേശങ്ങളിലെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി. അഞ്ച് വീട്ടുകാര്‍ ബന്ധുക്കളുടെ വീടുകളിലേക്ക് മാറി. ഗോപാലന്‍ നായര്‍, നാരായണന്‍ നായര്‍, അഡ്വ. ആലിസ് കൃഷ്ണന്‍, ബാലന്‍, മധു എന്നിവരാണ് വീടൊഴിഞ്ഞത്. അജാനൂരിലെ സരസ്വതിയുടെ വീട്ടിലെ ആട് വെള്ളത്തില്‍ മുങ്ങി ചത്തു.
ഹിറ മസ്ജിദിന്‍െറ പിറകുവശത്ത് പ്രദേശം വെള്ളത്തിലായി. പടന്നക്കാട് ലക്ഷംവീട് കോളനിയിലും വെള്ളം കയറി. വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങളും മറ്റും നശിച്ചു. കേശവന്‍െറ പ്ളാസ്റ്റിക് ഷീറ്റ് കൊണ്ട് നിര്‍മിച്ച വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മകളായ ആരതി, അശ്വതി, ആതിര എന്നീ വിദ്യാര്‍ഥികളുടെ പുസ്തകങ്ങളും നശിച്ചു. പടന്നക്കാട്ടെ ലക്ഷംവീട് കോളനികളില്‍ ഏഴ് കുടുംബങ്ങള്‍ വെള്ളക്കെടുതിയില്‍ ദുരിതമനുഭവിക്കുകയാണ്.
കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്ത് അമ്പതോളം വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഏത് നിമിഷവും ഒഴിയേണ്ട സ്ഥിതിയിലാണ്. ബല്ലാ കടപ്പുറം റഷീദ് മൗലവിയുടെ വീട് പൂര്‍ണമായി വെള്ളത്തിലായി. മടിക്കൈ അമ്പലത്തറ, ക്ളായിക്കോട്, പുല്ലൂര്‍-പെരിയ ഭാഗങ്ങളില്‍ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി. കല്യയോട് ബിരിക്കുളത്ത് ഉരുള്‍പൊട്ടി വ്യാപകമായി കൃഷിനാശമുണ്ടായി. ആളപായമൊന്നുമുണ്ടായില്ല. ഇട്ടമ്മലില്‍ 13 വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

കലി തുള്ളി കാലവര്‍ഷം

Posted: 02 Aug 2014 12:07 AM PDT

പയ്യന്നൂര്‍: രണ്ടു ദിവസമായി പെയ്യുന്ന മഴയില്‍ നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറി. പയ്യന്നൂരിലും പരിസരങ്ങളിലും നാട്ടുകാര്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
കാനായി തോട്ടംകടവ് പ്രദേശത്ത് 25ഓളം വീടുകളില്‍ വെള്ളം കയറിയത് മൂലം കുടുംബങ്ങളെ ഒഴിപ്പിച്ചു. തോട്ടംകടവ് അണക്കെട്ടു പ്രദേശത്തെ അക്കാളത്ത് ജാനകി, പുതിയ പുരയില്‍ കുഞ്ഞിരാമന്‍, ഇരുട്ടത്തി ജാനകി, ഇരുട്ടന്‍ ദാമോദരന്‍, ഗോവിന്ദന്‍, തുമ്പക്കുതിരുമ്മല്‍ കമല, ഓട്ടോ ഡ്രൈവര്‍ നാരായണന്‍, ടി.പി. കണ്ണന്‍, പുതിയപുരയില്‍ കുമാരന്‍, പുതിയപുരയില്‍ കണ്ണന്‍ കുഞ്ഞി, പി. സുരേഷ്, ദാമോദരന്‍,എ. വി കുഞ്ഞിക്കോരന്‍, പുഷ്പവല്ലി, പി. പി വിജയന്‍, രാജേഷ്, പി. പി കാര്‍ത്യായിനി തുടങ്ങിയവരുടെ വീടുകളിലാണ് വെള്ളം കയറിയത്. രാത്രി മഴ തുടര്‍ന്നാല്‍ ഈ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടി വരും. വണ്ണാത്തിപ്പുഴ മീങ്കുഴി അണക്കെട്ടിനു സമീപം കരകവിഞ്ഞൊഴുകിയതാണ് വെള്ളപ്പൊക്കത്തിനു കാരണമായത.് കുറേ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്രയും വെള്ളം കയറുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. നിരവധി കാര്‍ഷിക വിളകള്‍ നശിച്ചു. പ്രദേശം പയ്യന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി. ലളിത സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പയ്യന്നൂര്‍ നഗരസഭയില്‍ അന്നൂര്‍, പയ്യന്നൂര്‍ ടൗണ്‍, കണ്ടങ്കാളി, തായത്തുവയല്‍, ഉളിയത്തുകടവ്, കപ്പള്ളി എന്നിവിടങ്ങളില്‍ വെള്ളം കയറി. പല പോക്കറ്റ് റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. പെരുമ്പ പ്പുഴ കരകവിഞ്ഞൊഴുകുകയാണ്. പ്രദേശ വാസികള്‍ ഭീതിയിലാണ്. മാതമംഗലത്ത് മാത്തുവയല്‍ റോഡിലും കാനായി-മണിയറ റോഡിലും വെള്ളം കയറി. വണ്ണാത്തിപ്പുഴയും കരകവിഞ്ഞതിനെ തുടര്‍ന്ന് കടന്നപ്പള്ളി കൊക്കോട്ടുവയല്‍ വെള്ളത്തില്‍ മുങ്ങി. പലയിടത്തും വന്‍ കൃഷിനാശമുണ്ടായി. മലയോര മേഖലയിലും സ്ഥിതി മറ്റൊന്നല്ല.
ശ്രീകണ്ഠപുരം: കാലവര്‍ഷം കലിതുള്ളിയതോടെ മലയോരത്ത് കനത്ത കൃഷിനാശവും വെള്ളപ്പൊക്കവും. പുഴകളും തോടുകളും കരകവിഞ്ഞൊഴുകിയതോടെ റോഡുകളും വയലുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. ശ്രീകണ്ഠപുരം ടൗണില്‍ പലയിടത്തും കടകളിലടക്കം വെള്ളം കയറി. പൊടിക്കളം, മടമ്പം, തുമ്പേനി, പരിപ്പായി, ചെങ്ങളായി, മുങ്ങം, പെരിങ്കോന്ന് ഭാഗങ്ങളിലെല്ലാം റോഡുകളിലും വയലുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. ചെങ്ങളായി-മുങ്ങം-പെരിങ്കോന്ന് റോഡില്‍ ഗതാഗതം മുടങ്ങി. മലപ്പട്ടം, കൊളന്ത പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. മലയോര ഗ്രാമങ്ങളില്‍ കാറ്റിലും മഴയിലും വ്യാപക നഷ്ടമാണുണ്ടായത്. റബര്‍, കവുങ്ങ്, പച്ചക്കറി, നെല്ല്, വാഴ എന്നിവയെല്ലാം നശിച്ചവയില്‍ പെടും.
ശ്രീകണ്ഠപുരം, ചെങ്ങളായി, പയ്യാവൂര്‍, ഏരുവേശ്ശി, മലപ്പട്ടം, നടുവില്‍, ആലക്കോട്, ഉദയഗിരി, കുറുമാത്തൂര്‍, ഇരിക്കൂര്‍ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലും കൃഷിനാശം ഉണ്ടായിട്ടുണ്ട്. കുന്നിടിഞ്ഞും പാറക്കഷണങ്ങള്‍ വീണും മലയോരങ്ങളില്‍ ഗതാഗത സ്തംഭനവും ഉണ്ടായി. കാഞ്ഞിരക്കൊല്ലി, വൈതല്‍മല, മേഖലകളിലെല്ലാം കാറ്റ് കൃഷിനാശം വിതച്ചു. മലയോര മേഖലയിലെ പല ഗ്രാമങ്ങളും ഉരുള്‍പൊട്ടല്‍ ഭീതിയിലാണുള്ളത്.
ചെറുപുഴ: ചെറുപുഴ, പെരിങ്ങോം വയക്കര പഞ്ചായത്തുകളില്‍ റോഡുകളും തോടുകളും മഴവെള്ളം കയറി ജനജീവിതത്തെ ബാധിച്ചു. ചെറുപുഴ പഞ്ചായത്തിലെ തിരുമേനി കൊറാളി റോഡില്‍ പുതുതായി നിര്‍മിച്ച കലുങ്കിന്‍െറ പാര്‍ശ്വഭിത്തി മഴയില്‍ തകര്‍ന്നു. തിരുമേനി ചെറുപുഴ റോഡില്‍ പാക്കത്തിക്കാട് ഭാഗത്തും മുളപ്ര തടയണയുടെ മുകളിലും വെള്ളം കയറി. ഗതാഗതം ദുഷ്കരമായി. കാര്യങ്കോട് പുഴ കരകവിഞ്ഞെ് കോലുവള്ളി വയലായി ഭാഗങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. പെരിങ്ങോം വയക്കര പഞ്ചായത്തിലെ പൊന്നംവയല്‍ കൊട്രാടിയില്‍ തടത്തില്‍ ചന്ദ്രന്‍െറ വീടിനു പിന്നില്‍ മണ്ണിടിഞ്ഞ് മലവെള്ളം കുത്തിയൊഴുകി വീട്ടുകിണര്‍ നികന്നു. വീടിന്‍െറ അടുക്കളഭാഗം ചളി നിറഞ്ഞ നിലയിലാണ്. ഫയര്‍ഫോഴ്സ് എത്തി വീട്ടുകാരെ മാറ്റിപാര്‍പ്പിച്ചു. വയക്കരയിലെ പൂമംഗലത്ത് മുഹമ്മദലിയുടെ വീട്ടുകിണര്‍ മഴയില്‍ തകര്‍ന്നു. പാടിയോട്ടുചാല്‍ ടൗണില്‍ വെള്ളകെട്ട് രൂപപ്പെട്ട് താല്‍കാലികമായി നിര്‍മിച്ച ഓവുചാലില്‍ വീണ് വഴിയാത്രക്കാര്‍ക്ക് പരിക്കേറ്റു. അരവഞ്ചാല്‍ തോട് കരകവിഞ്ഞ് കണ്ണങ്കൈ, തവിടിശ്ശേരി ഭാഗങ്ങളില്‍ കൃഷിയിടങ്ങളില്‍ വെള്ളം കയറി.
മഴ നിര്‍ത്താതെ പെയ്യുന്നതിനാല്‍ ചെറുപുഴ പഞ്ചായത്തിലെ മലമ്പ്രദേശങ്ങളായ കൊട്ടത്തലച്ചി, ചട്ടിവയല്‍, മുതുവം പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങള്‍ മലവെള്ള പാച്ചില്‍ ഭീതിയിലാണ്. പെരിങ്ങോം തവിടിശ്ശേരിയില്‍ ഉന്നത്തില്‍ രാഘവന്‍െറ അഞ്ഞൂറോളം നേന്ത്രവാഴകള്‍ മഴവെള്ളത്തില്‍ നശിച്ചു. മാതമംഗലത്തിനടുത്ത് കുറ്റൂര്‍ കണ്ണങ്ങാട്ട് നിരവധി വീടുകളില്‍ വെള്ളം കയറി. സി.കെ. വിനു കുമാര്‍, കെ.പി. തമ്പാന്‍, എ. കണ്ണന്‍, പി.വി. ലക്ഷ്മണന്‍, സി.പി. ലക്ഷ്മിക്കുട്ടി, കെ.വി. രാഘവന്‍, എം.പി. രാമചന്ദ്രന്‍, പി.പി. രാഘവന്‍, പി.കെ. കണ്ണന്‍ നായര്‍ തുടങ്ങിയവരുടെ കുടുംബങ്ങളെ പയ്യന്നൂരില്‍ നിന്നത്തെിയ ഫയര്‍ഫോഴ്സിന്‍െറ നേതൃത്വത്തില്‍ മാറ്റി താമസിപ്പിച്ചു. കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്തിലെ ഹരിതീര്‍ഥക്കര വെള്ളച്ചാട്ടത്തിനു സമീപം മണ്ണിടിച്ചിലുണ്ടായി. കൂറ്റന്‍ മരം കടപുഴകി വെള്ളച്ചാട്ടത്തിലേക്ക് വീണ നിലയിലാണ്.
ആലക്കോട്: കനത്ത മഴയില്‍ പത്തടിയിലേറെ ഉയരമുള്ള മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. മണക്കടവ് കാരിക്കയത്തെ ഇളവക്കല്‍ സുരേന്ദ്രന്‍െറ വീടാണ് അപകടാവസ്ഥയിലായിരിക്കുന്നത്. വീടിന് മുറ്റത്തെ മതിലാണ് ഇടിഞ്ഞത്. തറനിരപ്പിനോട് ചേര്‍ന്ന് മണ്ണും ഇടിഞ്ഞതിനാല്‍ വീട്ടില്‍ താമസിക്കാന്‍ പാടില്ളെന്ന് റവന്യൂ അധികൃതര്‍ നിര്‍ദേശം നല്‍കി. രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
നടുവില്‍: കനത്ത മഴയില്‍ കരുവഞ്ചാലിന് സമീപം മുണ്ടച്ചാലില്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. വെള്ളം കയറി വീടിനുള്ളില്‍ കുടുങ്ങിപ്പോയ ദമ്പതികളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.
കല്ലമ്മാരക്കുന്നേല്‍ വര്‍ഗീസിനെയും ഭാര്യയെയുമാണ് ആലക്കോട് ഗ്രേഡ് എസ്.ഐയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തിയത്. വീടിനകത്ത് വെള്ളം കയറിയതിനെതുടര്‍ന്ന് രാത്രി മുഴുവന്‍ ദമ്പതികള്‍ വീടിനകത്ത് കുടുങ്ങി കിടക്കുകയായിരുന്നു. മുണ്ടച്ചാലിന് സമീപത്തെ നിരവധി വീടുകളിലും വെള്ളം കയറി. ആലക്കോട്, രയരോം, മണക്കടവ് പുഴകള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ പ്രദേശത്തെ മിക്ക കൃഷിയിടങ്ങളിലും വെള്ളം കയറി.

മഴ കനത്തു, മലയോരം ഭീതിയില്‍

Posted: 02 Aug 2014 12:02 AM PDT

ചിറ്റാര്‍: ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ മഴ കനത്തതോടെ മലയോരഗ്രാമം ഉരുള്‍പൊട്ടല്‍ ഭീഷണിയിലായി. ഇവിടെയുളള നദികളെല്ലാം കരകവിഞ്ഞു. ശബരിഗിരി പദ്ധതിയുടെ കക്കി ആനത്തോട്, പമ്പ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. പമ്പ, കക്കാട്ടാര്‍ അപകടമാം വിധം കരകവിഞ്ഞ് ഒഴുകുകയാണ്. മണിയാര്‍ ഡാമിന്‍െറ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിവെച്ചിരിക്കുകയാണ്. പമ്പയാര്‍ കരകവിഞ്ഞതുമൂലം പ്ളാപ്പളളി-കണമല കോസ്വേ മുങ്ങി. ഇതുമൂലം എരുമേലി-ചാലക്കയം റോഡിലൂടെ ഗതാഗതം തടസ്സപ്പെട്ടു.
രണ്ടുദിവസമായി പെയ്യുന്ന മഴയില്‍ കക്കി ആനത്തോട് ഡാമില്‍ 10 ശതമാനം വെളളം ഉയര്‍ന്നു. ഇപ്പോള്‍ സംഭരണശേഷിയുടെ 40 ശതമാനം വെള്ളമത്തെി. ചിറ്റാറിലെ കൊച്ചാര്‍ കരകവിഞ്ഞതിനാല്‍ മീന്‍കുഴി വടക്കേക്കര, കൊടിത്തോപ്പ്, കോതയാട്ടുപാറ എന്നി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടനിലയിലാണ്. വയ്യാറ്റുപുഴ തോട് കരകവിഞ്ഞതിനാല്‍ ആറാട്ടുകുടുക്ക ഗ്രാമവും ഒറ്റപ്പെട്ടു. സീതത്തോട് പഞ്ചായത്തിലെ പഞ്ഞിപ്പാറ, അള്ളുങ്കല്‍, തേവര്‍മല, 22ാം ബ്ളോക്, മുണ്ടന്‍പാറ, ഗുനാഥന്‍മണ്ണ്, മീന്‍കുഴി, മൂന്നുകല്ല്, കൂരാന്‍പാറ, തേറകത്തുംമണ്ണ് മണ്‍പിലാവ്, കൊടുമുടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലിന് സാധ്യത ഏറിയത്.
ഏഴുവര്‍ഷം മുമ്പ് ഉരുള്‍പൊട്ടി മൂന്നുപേരുടെ മരണത്തിന് കാരണമായ മൂന്നുകല്ല് തടം നിവാസികള്‍ ഭീതിയോടെയാണ് കഴിയുന്നത്. മീന്‍കുഴിയിലും 22ാം ബ്ളോക്കിലും, തേവര്‍മലയിലും ഉരുള്‍പൊട്ടലിന് മുന്നോടിയായ മൂളല്‍ ശബ്ദം കേള്‍ക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവിടങ്ങളിലുള്ളവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് കുടിയേറിത്തുടങ്ങി.

നാടും നഗരവും വെള്ളത്തില്‍

Posted: 01 Aug 2014 11:57 PM PDT

കോട്ടയം: ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ നാടും നഗരവും വെള്ളത്തിലായി. തോടും ആറും കരകവിഞ്ഞു. അനേകം വീടുകള്‍ വെള്ളത്തിലാണ്. റോഡുകളില്‍ വെള്ളം കയറി ഗതാഗതവും ദുസ്സഹമായി. വ്യാഴാഴ്ച ആരംഭിച്ച മഴയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകനാശം സംഭവിച്ചു. എം.സി റോഡില്‍ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.
ഒട്ടേറെ വീടുകളും ഏക്കര്‍ കണക്കിന് കൃഷിയും നശിച്ചു. രാപകല്‍ തുടരുന്ന മഴയില്‍ മലയോല മേഖലയിലെ ജനങ്ങള്‍ ഭീതിയിലാണ്. ശബരിമലയിലേക്കുള്ള പ്രധാന പാതകളിലൊന്നായ എരുമേലി കണ്ണമല ക്രോസ്വേ വെള്ളത്തിലായി. ഇതോടെ ഇതുവഴി ഗതാഗതം മുടങ്ങി. മഴ വെള്ളിയാഴ്ച പകലും തുടര്‍ന്നതോടെ തകര്‍ന്ന റോഡുകള്‍ വെള്ളക്കെട്ടില്‍ അകപ്പെട്ടു. ഇതോടെ കോട്ടയം നഗരത്തിലടക്കം വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
നാഗമ്പടം ചെമ്പരത്തിമൂട് റോഡില്‍ വെള്ളം നിറഞ്ഞു. പമ്പ, മീനച്ചിലാറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. കിഴക്കന്‍ വെള്ളത്തിന്‍െറ വരവ് ശക്തിപ്പെട്ടതോടെ ആറ്റുതീരങ്ങളില്‍ താമസിക്കുന്നവര്‍ ഭീതിയിലാണ്. കുറവിലങ്ങാട്, കടുത്തുരുത്തി മേഖലയില്‍ ഏക്കര്‍ കണക്കിനു സ്ഥലത്തെ കൃഷി നശിച്ചു. ഈരാറ്റുപേട്ട മേഖലയിലടക്കം മലയോര ജനങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീതിയിലാണ്. കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ ചെങ്കുത്തായ മലമ്പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പും ഇറക്കിയിട്ടുണ്ട്. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ ഇടുക്കി ജില്ലയിലേക്കുള്ള രാത്രി യാത്രകള്‍ ഒഴിവാക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു. ജില്ലയിലെ ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെ സ്കൂളുകള്‍ക്ക് ശനിയാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട, കോരുത്തോട് എന്നിവിടങ്ങളില്‍ വീടുകള്‍ തകര്‍ന്നു. കുറവിലങ്ങാട്, അതിരമ്പുഴ ഭാഗങ്ങളില്‍ വന്‍തോതില്‍ കൃഷിക്കും നാശം സംഭവിച്ചിട്ടുണ്ട്. എം.സി റോഡില്‍ വെമ്പള്ളി, കാളികാവ്, പകലോമറ്റം, കോഴ എന്നിവിടങ്ങളില്‍ വെള്ളം കയറി. ഏറ്റുമാനൂര്‍, അയ്മനം ഭാഗങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
ചങ്ങനാശേരി: മഴയില്‍ നഗരത്തിന്‍െറ പടിഞ്ഞാറന്‍ മേഖല വെള്ളപ്പൊക്ക ഭീഷണിയില്‍. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ എ.സി, എം.സി, വാഴൂര്‍ റോഡുകളുടെ ചില ഭാഗങ്ങളില്‍ വെള്ളക്കെട്ടില്‍ യാത്ര ദുര്‍ഘടമായി. റോഡുകളിലെ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നു. എ.സി റോഡില്‍ മനക്കച്ചിറ ആവണി ഭാഗത്തും, എ.സി കോളനി, എ.സി റോഡ്, പൂവം, നക്രാല്‍ പുതുവല്‍, കോമങ്കേരിച്ചിറ, പറാല്‍, വെട്ടിത്തുരുത്ത്, കുമരങ്കരി, കടമാന്‍ചിറ, പൊട്ടശേരി, മാലൂര്‍ക്കാവ് തുടങ്ങിയ പ്രദേശങ്ങിലാണ് വെള്ളപ്പൊക്കം. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കാല്‍നടയാത്ര പോലും ദുഷ്കരമാവുന്ന രീതിയിലാണ് വെള്ളക്കെട്ട്.
പാലാ: മീനച്ചില്‍ പഞ്ചായത്തില്‍ ചരള ഭാഗത്ത് വ്യാഴാഴ്ച കൊടുങ്കാറ്റില്‍ നൂറുകണക്കിന് റബര്‍ മരങ്ങളും മറ്റ് ഫലവൃക്ഷങ്ങളും കടപുഴകി. നിരവധി വീടുകള്‍ക്കും കേടുപാട് സംഭവിച്ചു. കാരായ്മയില്‍ മോഹനന്‍, പി.സി. ജോസഫ് പുല്ലാട്ട് തുടങ്ങിയവര്‍ക്കാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ് പ്രസാദ് കൊണ്ടൂപ്പറമ്പില്‍, മീനച്ചില്‍ തഹസില്‍ദാര്‍ ടി.ഡി. ഡേവിഡ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ്. ശ്രീജിത്, പഞ്ചായത്ത് അംഗങ്ങളായ ബിജോയ് തോമസ്, കെ.പി. സജീവ്, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സോണി ഓടചുവട്ടില്‍, കൃഷി ഓഫിസര്‍ എബ്രഹാം സെബാസ്റ്റ്യന്‍, അബ്ദുല്‍ സെയ്ദ് എന്നിവര്‍ പ്രദേശം സന്ദര്‍ശിച്ചു.
കടുത്തുരുത്തി: കനത്ത മഴയില്‍ എഴുമാംതുരുത്ത്, മുണ്ടാര്‍, പുലിത്തുരുത്ത്, മാന്നാര്‍, എരുമത്തുരുത്ത്, എത്തക്കുഴി, കല്ലുപുര തുടങ്ങിയ പ്രദേശവാസികള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. വിതച്ചുകൊണ്ടിരുന്ന പാടങ്ങളിലെ കര്‍ഷകര്‍ ആശങ്കയിലാണ്. കടുത്തുരുത്തി വലിയ തോടും ചുള്ളിത്തോടും കര കവിഞ്ഞു.
കോട്ടയം-എറണാകുളം റോഡില്‍ ആപ്പാഞ്ചിറ ഫയര്‍ സ്റ്റേഷന് സമീപം വെള്ളം കയറിയത് മൂലം ഗതാഗതം താറുമാറായി. കൈലാസപുരം അമ്പലത്തിന് മുന്‍വശത്തും ഞീഴൂര്‍ പാലത്തിന് സമീപമുള്ള റോഡിലും, പൊലീസ് സ്റ്റേഷന് സമീപമുള്ള റോഡിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
കോതനല്ലൂര്‍ കുഴിയഞ്ചാല്‍ തോട് കരകവിഞ്ഞൊഴുകി, മൂന്നോളം വീടുകളില്‍ വെള്ളം കയറി. നിരവധിയാളുകളുടെ കൃഷി നശിച്ചു. തടത്തില്‍ മോഹനന്‍, രാധാ വിജയകുമാര്‍, നാരായണന്‍ തുടങ്ങിയവരുടെ വീടുകളിലാണ് വെള്ളം കയറിയത്. നെല്ലിത്താനം രവി, ആനിക്കാട്ടില്‍ രാജു, വരകുകാല ത്രേസ്യാമ്മ, പ്ളാക്കുഴി ജയിംസ്, നെല്ലിത്താഴത്തുകാലാ സേവ്യര്‍, പുത്തന്‍പുര ജോസഫ് മൊയത്തില്‍ ശശി, മുകളേല്‍ സോമന്‍, ചാലുമുക്കില്‍ സണ്ണി, മുള്ളന്‍കുഴിയില്‍ സണ്ണി എന്നിവരുടെ പച്ചകറി കൃഷികളും, കപ്പയും വെള്ളം കയറി നശിച്ചു. കോതനല്ലൂര്‍-കുഴിയഞ്ചാല്‍-ഓണംതുരുത്ത് റോഡുകളിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്ന് വൈക്കം അഡീഷനല്‍ തഹസില്‍ദാര്‍ നാരായണന്‍ പറഞ്ഞു.

കലിതുള്ളി കാലവര്‍ഷം

Posted: 01 Aug 2014 11:54 PM PDT

തൊടുപുഴ: ഏതാനും ദിവസത്തെ ഇടവേളക്ക് ശേഷം ഇടുക്കി ജില്ലയില്‍ കാലവര്‍ഷം ശക്തിപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്ക് ശേഷം ആരംഭിച്ച മഴ വെള്ളിയാഴ്ചയും തുടരുകയാണ്. പലയിടത്തും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി. മാങ്കുളത്ത് 30 വീട് ഭാഗികമായി തകര്‍ന്നു. തൊടുപുഴക്ക് സമീപം മുതലക്കുടത്ത് വീടിന് പിന്നില്‍ വന്‍ മണ്ണിടിച്ചിലുണ്ടായി. ആളപായമോ കാര്യമായ നാശനഷ്ടമോ ഇല്ല. അടിമാലിയില്‍ മരം വീണ് സ്കൂളിന്‍െറ മേല്‍ക്കൂര തകര്‍ന്നു. കനത്ത മഴയയുടെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കി.
ജില്ലയില്‍ വെള്ളിയാഴ്ച 101.2 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ മഴ പീരുമേട്ടിലായിരുന്നു-108 മില്ലിമീറ്റര്‍. കുറവ് മൈലാടുംപാറയിലും-45.6. തൊടുപുഴയിലെയും പരിസരങ്ങളിലെയും താഴ്ന്ന റോഡുകള്‍ വെള്ളത്തിനടിയിലായി. മലങ്കര ഡാമിന്‍െറ ഷട്ടര്‍ തുറന്നതോടെ തൊടുപുഴയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നു. ജില്ലയുടെ പല ഭാഗങ്ങളും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. മഴ തുടര്‍ന്നാല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയും തള്ളിക്കളയാനാകില്ല. വ്യാഴാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ മുതലക്കുടം വടക്കേല്‍ മനോജിന്‍െറ വീടിന് പിന്‍ഭാഗത്തെ 15 അടിയോളം ഉയരുമുള്ള മണ്‍തിട്ടയിടിഞ്ഞു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് വന്‍ ശബ്ദത്തോടെ മണ്ണിടിഞ്ഞത്. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവര്‍ പുറത്തേക്കോടി. ആര്‍ക്കും പരിക്കില്ല. എന്നാല്‍, സമീപത്തെ സ്വകാര്യ ലോഡ്ജിന്‍െറ കുളിമുറി മണ്ണിടിച്ചിലില്‍ തകര്‍ന്നതിനത്തെുടര്‍ന്ന് രണ്ടുപേര്‍ക്ക് നിസ്സാര പരിക്കേറ്റു. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തത്തെി.
പീരുമേട് താലൂക്കിന്‍െറ വിവിധ മേഖലകളില്‍ കനത്ത മഴയാണ് പെയ്തത്. മഴയില്‍ നാലു വീടുകള്‍ പൂര്‍ണമായും 10 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പീരുമേട്ടില്‍ 11.2 സെന്‍റിമീറ്റര്‍ മഴ രേഖപ്പെടുത്തി. ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം എത്തിക്കുന്ന അഴുത ഡൈവേര്‍ഷന്‍ പദ്ധതിയുടെ ചെക് ഡാം വ്യാഴാഴ്ച രാത്രി മുതല്‍ ഒരടിയോളം ഉയരത്തില്‍ കവിഞ്ഞൊഴുകുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണ് ഒഴുകിപ്പോകുന്നത്. ഇടുക്കി അണക്കെട്ടിന്‍െറ വൃഷ്ടി പ്രദേശമായ ഏലപ്പാറ മേഖലയിലും കനത്ത മഴ പെയ്യുന്നതിനാല്‍ നീരൊഴുക്ക് വര്‍ധിച്ചു. ഇടുക്കിയില്‍ വെള്ളം എത്തിക്കുന്ന വാഗമണ്‍ കുട്ടിയാര്‍ ഡൈവേര്‍ഷന്‍ പദ്ധതിയില്‍നിന്ന് നീരൊഴുക്ക് ശക്തമാണ്. വാത്തിക്കുടി, കഞ്ഞിക്കുഴി, മരിയാപുരം, വാഴത്തോപ്പ് പഞ്ചായത്തുകളില്‍ തോരാതെ പെയ്ത മഴയില്‍ വ്യാപക കൃഷിനാശവും ഉണ്ടായി.
നെടുങ്കണ്ടത്ത് തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വന്‍ മരം കടപുഴകി ചെമ്മണ്ണാര്‍ പള്ളിയാടിയില്‍ തോമാച്ചന്‍െറ വീട് പൂര്‍ണമായി തകര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീടിന് സമീപത്ത് നിന്ന ഇരുമ്പെറുക്കി മരം കടപുഴകുകയായിരുന്നു. ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടിവീണ് വീട്ടിലുണ്ടായിരുന്ന തോമാച്ചന്‍െറ ഭാര്യ ഡെയ്സി, മക്കളായ ടിജോ, ടീന എന്നിവര്‍ക്ക് പരിക്കേറ്റു. വീട്ടുപകരണങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. ഉടുമ്പന്‍ചോല വില്ളേജ് അധികൃതര്‍ സ്ഥലത്തത്തെി നാശനഷ്ടം വിലയിരുത്തി.മാങ്കുളത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ 30 വീടുകള്‍ ഭാഗികമായി തകര്‍ന്നു. നാശനഷ്ടം റവന്യൂ അധികൃതര്‍ കണക്കാക്കിവരുന്നു. പഞ്ചായത്തിലെ ആദിവാസി കുടികളില്‍ നിന്ന് പനിയും മറ്റ് രോഗങ്ങളും മൂലം ചികിത്സ തേടി എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. മാങ്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ ഇല്ലാത്തതിനാല്‍ കടുത്ത രോഗം ബാധിച്ചവര്‍ അടിമാലിയിലും മറ്റുമുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.വണ്ടന്മേട്, കട്ടപ്പന, കാഞ്ചിയാര്‍, മേപ്പാറ, മേരികുളം, ഉപ്പുതറ, ഇരട്ടയാര്‍, ഈട്ടിത്തോപ്പ് മേഖലകളില്‍ കാറ്റും മഴയും കനത്ത നാശം വിതച്ചു. നിരവധി കര്‍ഷകരുടെ ഏത്തവാഴ, മരച്ചീനി കൃഷികള്‍ നശിച്ചു. മരംവീണ് പത്തോളം കര്‍ഷകരുടെ ഏല കൃഷിക്ക് നാശമുണ്ടായി. കട്ടപ്പനയാര്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. ആറിന്‍െറ ഇരു കരകളിലും താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറി. ഇടുക്കി ജലാശയത്തിലേക്ക് പെരിയാറില്‍ നിന്നുള്ള നീരൊഴുക്ക് ശക്തമാണ്. കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്ന് തുടങ്ങി.

കാറ്റിലും മഴയിലും വന്‍നാശം; മൂന്ന് വീടുകള്‍ തകര്‍ന്നു

Posted: 01 Aug 2014 11:50 PM PDT

വൈപ്പിന്‍: തീരദേശത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ മരം വീണ് മൂന്ന് വീടുകള്‍ തകര്‍ന്നു. നിരവധി വൃക്ഷങ്ങള്‍ കടപുഴകി. എടവനക്കാട്-നായരമ്പലം മേഖലയില്‍ വ്യാഴാഴ്ച രാത്രിയോടെ നിലച്ച വൈദ്യുതിബന്ധം വെള്ളിയാഴ്ച രാത്രിയോടെയാണ് പുന$സ്ഥാപിച്ചത്. മരം വൈദ്യുതി ലൈനില്‍ വീണതിനത്തെുടര്‍ന്നായിരുന്നു വൈദ്യുതി നിലച്ചത്.
എടവനക്കാട് പഴങ്ങാട് പടിഞ്ഞാറ് തിരുഹൃദയ ദേവാലയത്തിന്‍െറ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. എടവനക്കാട് പഴങ്ങാട് പോട്ടശ്ശേരി സദന്‍െറ വീടിന്‍െറ മേല്‍ക്കൂരയും കാറ്റില്‍ തകര്‍ന്നുവീണു. എ.ഇ.ഒ. ഓഫിസിനു സമീപം എരവുള്ളി രാജേന്ദ്രന്‍െറ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണിക്ക് കയറ്റിയിരുന്ന ഓട്ടോറിക്ഷ മരംവീണ് തകര്‍ന്നു. രാജേന്ദ്രന്‍െറ നിര്‍മാണത്തിലിരിക്കുന്ന വീടും മരംവീണ് തകര്‍ന്നു. എരവുള്ളി പ്രദീപിന്‍െറ വീടിനും കേടുപാടുണ്ടായി.
തോരാത്ത മഴയത്തെുടര്‍ന്ന് താഴ്ന്നപ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. സംസ്ഥാനപാതയില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ഉള്‍പ്രദേശങ്ങളില്‍ റോഡുകളും പറമ്പുവീടിനു ചുറ്റുമെല്ലാം മഴവെള്ളം നിറഞ്ഞുകിടക്കുകയാണ്. എടവനക്കാട്, നായരമ്പലം, ഞാറക്കല്‍, മുരുക്കുംപാടം, തെക്കന്‍മാലിപ്പുറം, പുതുവൈപ്പ്, വളപ്പ് തുടങ്ങി എല്ലായിടത്തും സംസ്ഥാനപാതയില്‍ വെള്ളക്കെട്ടുണ്ടായി. തോരാമഴയായതിനാല്‍ അതനുസരിച്ച് കാനകളിലൂടെ വെള്ളം ഒഴുകിപ്പോകുന്നില്ല. മഴക്കുമുമ്പ് കാനകള്‍ വൃത്തിയാക്കല്‍ പലയിടത്തും നടന്നിട്ടില്ല. കാനയിലെ തടസ്സങ്ങളാണ് വെള്ളം ഇത്രയധികം കെട്ടിക്കിടക്കാന്‍ ഇടയാക്കിയത്.
ട്രോളിങ് നിരോധം കഴിഞ്ഞ് വ്യാഴാഴ്ച അര്‍ധരാത്രി കടലില്‍പോയ ബോട്ടുകളില്‍ ചിലതെല്ലാം രാവിലെയോടെ തീരത്തത്തെി. കടലില്‍ അനുഭവപ്പെട്ട ശക്തമായ കാറ്റും അലയടിക്കുന്ന തിരമാലകളും മൂലം ചെറിയ മത്സ്യബന്ധ ബോട്ടുകളില്‍ പലതും തിരിച്ച് തീരത്തേക്കുപോന്നു. വെളുപ്പിനുപോയ വള്ളങ്ങളെല്ലാംതന്നെ തിരിച്ചുപോന്നു. എന്നാല്‍, വലിയ ബോട്ടുകള്‍ കടലില്‍ തങ്ങുകയാണ്.
പഞ്ചായത്തധികൃതരും വില്ളേജധികൃതരും സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി. തുടര്‍ച്ചയായി പെയ്യുന്ന മഴമൂലം വൈപ്പിന്‍കരയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിന്‍െറ പിടിയിലായി. ഇടറോഡുകളിലൂടെയുള്ള യാത്ര ദുസ്സഹമായി.

നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

Posted: 01 Aug 2014 11:41 PM PDT

ആലപ്പുഴ: ഒരിടവേളക്കശേഷം കടന്നുവന്ന കാലവര്‍ഷം ജില്ലയില്‍ ശക്തമായി. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ജനജീവിതം നിശ്ചലമായി. കനത്ത മഴയില്‍ ആലപ്പുഴ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ മിക്കവാറും വെള്ളത്തില്‍ മുങ്ങി. പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നത് നിരവധി വീടുകളിലെ താമസക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കി.
പുന്നമട, കിടങ്ങാംപറമ്പ്, കളര്‍കോട്, കാളാത്ത്, സക്കറിയ ബസാര്‍ തുടങ്ങിയ വാര്‍ഡുകളിലാണ് വെള്ളം കയറിയത്. നഗരത്തില്‍ പിച്ചു അയ്യര്‍ ജങ്ഷന്‍, സീറോ ജങ്ഷന്‍, മുല്ലക്കല്‍ എന്നിവിടങ്ങളിലൊക്കെ വെള്ളിയാഴ്ച രാവിലെ മുതല്‍ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. ജനറല്‍ ആശുപത്രി ജങ്ഷനില്‍ നിന്ന് കലക്ടറേറ്റിലേക്കുള്ള റോഡിലും വെള്ളം നിറഞ്ഞ് വഴിയാത്രക്കാരും, വാഹനയാത്രികരും ബുദ്ധിമുട്ടിലായി.
പല സ്ഥലത്തും കാനകള്‍ അടഞ്ഞ് വെള്ളമൊഴുക്ക് തടസ്സപ്പെട്ടതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. പൂന്തോപ്പ് വാര്‍ഡില്‍ പുതുവല്‍ കോളനി വെള്ളത്തില്‍ മുങ്ങി. എല്‍.കെ കമ്പി, കണ്ടത്തില്‍, കൊമ്മാടി, നിലംനികര്‍ത്തില്‍ എന്നിവിടങ്ങളിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. മഴയെ തുടര്‍ന്ന് വെള്ളം കെട്ടിനില്‍ക്കുന്നത് പകര്‍ച്ചവ്യാധി ഉണ്ടാക്കുമെന്ന ഭയപ്പാടിലാണ് ജനങ്ങള്‍. ആരോഗ്യവകുപ്പിന്‍െറ സത്വരശ്രദ്ധ അവര്‍ പ്രതീക്ഷിക്കുന്നുണ്ട്.
വ്യാഴാഴ്ച രാത്രിയോടെ ആരംഭിച്ച മഴ വെള്ളിയാഴ്ച കൂടുതല്‍ ശക്തി പ്രാപിക്കുകയായിരുന്നു. ജില്ലയിലെ നൂറുകണക്കിന് വീടുകള്‍ വെള്ളത്തിലാണ്. 26 വീടുകള്‍ ഭാഗികമായും മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
നീര്‍ക്കുന്നം മാധവമുക്കില്‍ കടലാക്രമണത്തില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ശക്തമായ കാറ്റിലും മഴയിലും മരം വീണാണ് ആര്യാട് തെക്ക്, കോമളപുരം, പുറക്കാട് വില്ളേജുകളിലെ ഓരോ വീടുകള്‍വീതം പൂര്‍ണമായും തകര്‍ന്നത്. അമ്പലപ്പുഴ താലൂക്കിലാണ് കനത്തമഴ കൂടുതല്‍ ദുരിതം വിതച്ചത്. ഇവിടെ 17 വീടുകള്‍ ഭാഗികമായി തകര്‍ന്നു. നിരവധി വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്. ശക്തമായ കടലാക്രമണവും ജനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്. ചേര്‍ത്തല താലൂക്കിലും മഴ ദുരിതം വിതച്ചു. ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. അരൂര്‍ പഞ്ചായത്തിലാണ് കൂടുതല്‍ വീടുകള്‍ തകര്‍ന്നത്. ചെങ്ങന്നൂര്‍ താലൂക്കിലെ പാണ്ടനാട് ഒരുവീടും കാര്‍ത്തികപ്പള്ളി താലൂക്കിലെ കീരിക്കാട് ഒരു വീടും കുട്ടനാട് താലൂക്കിലെ കാവാലത്ത് ഒരുവീടും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. മഴ തുടരുന്നതിനാല്‍ മത്സ്യബന്ധന വള്ളങ്ങള്‍ കടലിലിറക്കിയില്ല. നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. മരം വീണതിനാല്‍ നിരവധി തവണ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. കുട്ടനാട്ടില്‍ ഇവിടെ ഉടന്‍ തന്നെ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം ഊര്‍ജിതമാക്കി. ശക്തമായ മഴയില്‍ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമ്പലപ്പുഴ താലൂക്കിലെ നിരവധി പ്രദേശങ്ങള്‍ കടലാക്രമണ ഭീതിയിലാണ്. കടല്‍ഭിത്തി ഇല്ലാത്ത പ്രദേശങ്ങളില്‍ ഒട്ടേറെ വീടുകള്‍ തകര്‍ച്ചാഭീഷണി നേരിടുന്നുണ്ട്. അമ്പലപ്പുഴ, പുന്നപ്ര, പുറക്കാട്, തുമ്പോളി തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളിയാഴ്ച കടലാക്രമണവും ഉണ്ടായി.
അരൂര്‍: കനത്ത മഴ അരൂര്‍ മേഖലയില്‍ നാശംവിതച്ചു. അരൂര്‍, അരൂക്കുറ്റി, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട് പഞ്ചായത്തുകളില്‍ ആയിരത്തിനുമേല്‍ വീടുകളില്‍ വെള്ളംകയറി. പല സ്ഥലങ്ങളിലും ജനജീവിതം സ്തംഭിച്ചു. കാറ്റില്‍ മരങ്ങള്‍ വീണാണ് കൂടുതല്‍ നാശമുണ്ടായത്. ഇലക്ട്രിക് ലൈനുകള്‍ പൊട്ടിവീണു. ചേര്‍ത്തല തഹസില്‍ദാര്‍ സുന്ദരന്‍ ആചാരി അരൂര്‍, എഴുപുന്ന, അരൂക്കുറ്റി പ്രദേശങ്ങളില്‍ വില്ളേജ് ഓഫിസര്‍മാര്‍ക്കൊപ്പം നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. മഴ തുടര്‍ന്നാല്‍ ക്യാമ്പ് തുറക്കേണ്ടിവരുമെന്ന് കാട്ടി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അരൂര്‍ പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.അരൂര്‍ വില്ളേജ് ഓഫിസിന്‍െറ പടിഞ്ഞാറുഭാഗത്ത് പത്ത് വീടുകള്‍ പൂര്‍ണമായും വെള്ളത്തിലാണ്. അരൂരില്‍ ഒരുവീട് പൂര്‍ണമായും ആറ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ചന്തിരൂര്‍, ആറ്റുപുറം, ഇടവനത്തറ, വെളീപ്പറമ്പ്, കാട്ടുകണ്ടം, വെളുത്തുള്ളി, മുളക്കപ്പറമ്പ്, കുമ്പഞ്ഞി, ഇളയപാടം, വട്ടക്കേരി എന്നിവിടങ്ങള്‍ വെള്ളത്തിനടിയിലാണ്. എരമല്ലൂരില്‍ നീണ്ടകര, നരിയാണ്ടി, മുതുകോല്‍, എരമല്ലൂര്‍ കോലത്തുശേരി എന്നിവിടങ്ങളും വെള്ളക്കെട്ടിലാണ്. കോടംതുരുത്തില്‍ ദേശീയപാതയില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായി. ഏറെനേരമെടുത്താണ് ഗതാഗതം പുന$സ്ഥാപിച്ചത്. വൈദ്യുതി കമ്പികളില്‍ മരംവീണതുമൂലം വൈദ്യുതി ബന്ധം പലസ്ഥലങ്ങളിലും മണിക്കൂറുകളോളം വിച്ഛേദിക്കപ്പെട്ടു. ഇനിയും പല സ്ഥലങ്ങളിലും വൈദ്യുതി പുന$സ്ഥാപിക്കാനായിട്ടില്ല.
ചേര്‍ത്തല: കഴിഞ്ഞദിവസം തുടങ്ങിയ മഴ ശക്തിപ്പെട്ടതോടെ ചേര്‍ത്തല താലൂക്കിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഇതുവരെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടില്ല. വെള്ളത്തിന്‍െറ കുത്തൊഴുക്കിലും കാറ്റിലുമായി ഏഴു വീടുകള്‍ മരം വീണ് തകര്‍ന്നു. പെരുമ്പളത്ത് ഒരു വീടും അരൂര്‍, കോടംതുരുത്ത്, പട്ടണക്കാട് ഭാഗങ്ങളിലായി ആറു വീടുകളുമാണ് മരം വീണ് തകര്‍ന്നത്. ചേര്‍ത്തല ടൗണ്‍, ചേര്‍ത്തല തെക്ക് വില്ളേജ്, മുട്ടം ബസാറും അതിനോടനുബന്ധിച്ച വ്യാപാരസ്ഥാപനങ്ങളുടെ മുന്നിലും കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ്, സ്വകാര്യ ബസ് സ്റ്റാന്‍ഡ്, കിഴക്കേ നടക്കാവ്, ചേര്‍ത്തല ദേവീക്ഷേത്ര മൈതാനവും അതിന് പടിഞ്ഞാറുവശവും പൂര്‍ണമായും വെള്ളത്തിനടിയിലായി. പെരുമ്പളം, കോടംതുരുത്ത്, പട്ടണക്കാട്, കടക്കരപ്പള്ളി, വയലാര്‍ എന്നിവിടങ്ങളിലും വന്‍ വെള്ളക്കെട്ടുകളാണുള്ളത്.
മുട്ടം ബസാറിലും പരിസരത്തുമുള്ള ചെറിയ തോടുകളും കാനകളും നികത്തിയതാണ് ടൗണിലെ വെള്ളക്കെട്ടിന് കാരണം. വെള്ളം മോട്ടോര്‍ ഉപയോഗിച്ച് ഫയര്‍ഫോഴ്സിന് പോലും പമ്പുചെയ്ത് കളയാനുള്ള സാഹചര്യമില്ളെന്നും ചേര്‍ത്തല തഹസില്‍ദാര്‍ എന്‍. സുന്ദരനാചാരി പറഞ്ഞു. കോടംതുരുത്ത്-പട്ടണക്കാട് പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങണമെന്നാവശ്യപ്പെട്ട് മന്ത്രിക്കും വകുപ്പ് അധികാരികള്‍ക്കും അടിയന്തര സന്ദേശം അയച്ചിട്ടുണ്ട്. ചേര്‍ത്തല ഗവ. ബോയ്സ് ഹൈസ്കൂളില്‍ മുട്ടിനൊപ്പം വെള്ളക്കെട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ കലക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി. സ്വാശ്രയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പല സ്ഥലങ്ങളില്‍ കൃഷിചെയ്തിരുന്ന വാഴ, കപ്പ, മറ്റ് പച്ചക്കറികള്‍ എന്നിവ വെള്ളം കയറിയതോടെ നശിച്ചു. കഴിഞ്ഞ കുറേ കാലങ്ങളില്‍ ചേര്‍ത്തല നഗരസഭ കാന വൃത്തിയാക്കലോ വെള്ളക്കെട്ടിനുള്ള പരിഹാര മാര്‍ഗങ്ങളോ ചെയ്തിരുന്നില്ല. ഇതുമൂലമുണ്ടായ വെള്ളക്കെട്ടിന്‍െറ ഭാഗമായി പകര്‍ച്ചവ്യാധികള്‍ പകരാനും സാധ്യതയുണ്ടെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP